ശാസ്ത്രം വെളിച്ചമാകുന്നു

Thursday, 5 September 2013

68. സോപ്പു വില്‍ക്കുന്ന കടകള്‍

ഇക്കഴിഞ്ഞ ഞായറാഴ്ച(23.6.13) പാലക്കാട്ട് കെ.എസ്.ടി.എ ഹോളില്‍ വെച്ച് നടന്ന മതേതര കുടുംബസംഗമത്തില്‍ വെച്ച് യുക്തിവാദിസംഘം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീ മുഹമ്മദ് പാറക്കല്‍ ഒരു ശ്രദ്ധേയമായ നിരീക്ഷണം നടത്തുകയുണ്ടായി. പരാമര്‍ശത്തിന് ആധാരമായ സംഭവം നടന്നത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മലപ്പുറം ടൗണിലെ ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ഓഫീസിന് മുന്നില്‍ പര്‍ദ്ദയിട്ട സ്ത്രീകളുടെ വമ്പന്‍ തിരക്ക്. പലര്‍ക്കും അറിയേണ്ടത് സോപ്പ് കിട്ടുന്ന കടയെവിടെ എന്നാണ്! പരിഷത്ത് കുറഞ്ഞ ചെലവില്‍ സോപ്പും അടുപ്പും നിര്‍മ്മിച്ച് നല്‍കുന്നതാണ് ഈ മഹിളകളെ അങ്ങോട്ടാകര്‍ഷിച്ചത്. പരിഷത്തിന്റെ ഓഫീസാണോ ഉദ്ദേശിച്ചതെന്ന് ചോദിച്ചവരോട് ഏയ് അല്ല ആ സോപ്പും അടുപ്പുമൊക്കെ കുറഞ്ഞ വിലയ്ക്ക് കൊടുക്കുന്ന കട എവിടെയാണെന്ന് മാത്രമാണ് തങ്ങള്‍ക്കറിയേണ്ടത് എന്നാണ് ആ വനിതകള്‍ തീര്‍ത്തുപറഞ്ഞത്! വിലക്കുറവും ഗുണമേന്മയും തിരിച്ചറിഞ്ഞ് പരിഷത്തിന്റെ അടുപ്പും സോപ്പും വാങ്ങിപ്പോയവരാരും പരിഷത്തിന്റെ ആശയങ്ങള്‍ വാങ്ങിയില്ല, ദൗത്യം തിരിച്ചറിഞ്ഞതുമില്ല. 

സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടുന്നവര്‍ മിക്കപ്പോഴും ഓര്‍ക്കുന്നത് സമ്മാനങ്ങള്‍ മാത്രമായിരിക്കും. നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടാവില്ല. തങ്ങളുടെ വൈകാരികസത്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന എന്തിനോടും അന്ധമായി സമരംചെയ്യാന്‍ ബാല്യത്തിലേ പരിശീലനം കിട്ടിയവരാണ് മതവിശ്വാസികള്‍. അവരെ സമ്മാനംകൊടുത്ത് ആകര്‍ഷിക്കാനായേക്കും; പക്ഷെ അതേ മാതൃകയില്‍ നവീകരിക്കാം എന്നത് അമിതപ്രതീക്ഷയാണ്. സമ്മാനത്തിനന്റെ ചൂരടങ്ങുമ്പോള്‍ തനിക്കൊണം പുറത്തുവരുമെന്ന് തന്നെ പ്രതീക്ഷിക്കണം. കേരളസമൂഹത്തില്‍ ശാസ്ത്രജ്ഞാനവും യുക്തിബോധവും വളര്‍ത്തുന്നതില്‍ വലിയ സംഭാവന ചെയ്യുന്ന പ്രസ്ഥാനമാണ് പരിഷത്ത്. സോപ്പും അടുപ്പും നിര്‍മ്മിച്ച് ജനത്തെ മാറ്റിചിന്തിപ്പിക്കാമെന്ന എന്ന വ്യാമോഹവും അവര്‍ക്കുണ്ടാകാനിടയില്ല. എങ്കിലും മേല്‍പ്പറഞ്ഞ സംഭവം കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങള്‍ നേരിടുന്ന ഒരു പൊതു പ്രതിസന്ധിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. കാരണം ഇതേ പ്രശ്‌നം യുക്തിവാദി-സ്വതന്ത്രചിന്ത പ്രസ്ഥാനങ്ങളും അഭിമുഖീകരിക്കുന്നു.


ഭൗതികവാദികള്‍ ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ജനകീയരും സ്വീകാര്യരുമാകാന്‍ ശ്രമിക്കേണ്ടേ?-യുക്തിവാദികളുടേയും പരിഷത്തുകാരുടേയും സമ്മേളനങ്ങളില്‍ പലപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന ഒരു സന്ദേഹമാണിത്. 2013 മേയ് 5 ന് പന്തളത്ത് നടന്ന കെ.വൈ.എസിന്റെ പത്തനംതിട്ട ജില്ലാ പഠനക്യാമ്പില്‍ ഒരു കോളേജ് അദ്ധ്യാപകന്‍ ഏതാണ്ട് 25 മിനിറ്റ് നീണ്ട അതിദീര്‍ഘമായ ഒരു ചോദ്യം ഇത് സംബന്ധിച്ച് ഉന്നയിക്കുകയുണ്ടായി. പ്‌ളാച്ചിമടയിലും കൂടുംകുളത്തും വിളപ്പില്‍ശാലയിലും പോയി യുക്തിവാദികള്‍ സമരം ചെയ്ത് ജനശ്രദ്ധ ആകര്‍ഷിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ രത്‌നചുരുക്കം. രക്തദാനം, മാലിന്യനിര്‍മ്മാര്‍ജ്ജനം, സാമ്ര്യാജ്യത്വവിരുദ്ധസമരം, ജീവകാരുണ്യപ്രവര്‍ത്തനം തുടങ്ങിയവയും യുക്തിവാദികള്‍ ഏറ്റെടുക്കണം-അദ്ദേഹം നിര്‍ദ്ദേശിച്ചു. സാമാന്യം പഴക്കമുള്ള ആശയമാണ്. യുക്തിവാദികള്‍ എന്തു ചെയ്യണം എന്ന് പറയാന്‍ തീര്‍ച്ചയായും ഞാനാളല്ല. എങ്കിലും ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. 

ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരും ചെയ്യാത്തവരും എന്നതിനെക്കാളുപരി കൂടുതല്‍ ചെയ്യുന്നതാര് എന്നതാണ് ഇന്ന് സമൂഹത്തിന്റെ ഉപരിമണ്ഡലത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന ചോദ്യം. കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ മുതല്‍ സിനിമാ ഫാന്‍സ് അസ്സോസിയേഷനുകള്‍ വരെ ഈ രംഗത്ത് സജീവമാണ്. അധോലോക നായകനായ ഹാജി മസ്താനെ അറസ്റ്റ് ചെയ്താല്‍ മുംബൈ തെരുവുകളില്‍ ജനകീയലഹള പൊട്ടിപ്പുറപ്പെടുമെന്ന് മുംബൈ പോലീസ് ഭയന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു തെരുവിന്റെ മുഴുവന്‍ ക്ഷേമ-വിദ്യാഭ്യാസകാര്യങ്ങള്‍ കൊള്ളപ്പണം കൊണ്ട് സമര്‍ത്ഥമായി നിര്‍വഹിച്ചാണ് മസ്താന്‍ ഈ സ്ഥിതിവിശേഷം സംജാതമാക്കിയത്. തൊണ്ണൂറുകളില്‍ കേരളത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചന്ദ്രദാസ്(മണിച്ചന്‍) എന്ന സ്പിരിറ്റ് കടത്തുകാരന്‍ ചിറയിന്‍കീഴ് താലൂക്കില്‍ ചെയ്ത ക്ഷേമപ്രവര്‍ത്തനങ്ങള്‍ അയാളെ തദ്ദേശശിയരുടെ കണ്ണിലുണ്ണിയാക്കി മാറ്റി. രക്തദാനം മുതല്‍ ആനയെ നടയ്ക്കിരുത്തല്‍വരെ നടത്തി ജനപ്രിയനായകനായി വിളങ്ങിയ മണിച്ചനെ നിയമം കുരുക്കിയപ്പോള്‍ സ്വദേശം വിങ്ങിപ്പോയെന്നാണ് കഥ. ഈയിടെ കുപ്രസിദ്ധരായി തീര്‍ന്ന സോളാര്‍ തട്ടിപ്പുക്കാരും ചാരിറ്റിക്ക് പണം ചെലവഴിച്ചിരുന്നുവെന്നതില്‍ പിശുക്ക് കാട്ടിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നീട്ടിപ്പിടിക്കുന്ന കൈകളിലേക്ക് ചൂഷണസമ്പത്തില്‍ നിന്നും തുട്ടുകള്‍ വലിച്ചെറിഞ്ഞ് കോടികള്‍ തിരിച്ചാവാഹിക്കുന്ന ആള്‍ദൈവങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളുടെ ബ്രഹ്മാണ്ട സാധ്യതകള്‍ തിരിച്ചറിഞ്ഞവരാണ്. എതിരെയുള്ള എല്ലാത്തരം പരാതികളും തന്ത്രപൂര്‍വം റദ്ദാക്കാനും ജനദൃഷ്ടിയില്‍ നിന്നും തങ്ങളുടെ വികൃതമുഖം മറച്ചുവെക്കാനും സഹായിക്കുന്ന പ്രതിരോധതന്ത്രമായി അവരതിനെ പ്രയോജനപ്പെടുത്തുന്നു.

ചാരിറ്റി പലരും ദുരുപയോഗം ചെയ്യുന്നുവെന്നത് അതിനെ തിരസ്‌ക്കരിക്കാന്‍ പര്യാപ്തമായ വാദമല്ല. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന എല്ലാവരും ഇത്തരം ഹീന ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകുന്നവരല്ല. സഹജീവി സ്‌നേഹത്താല്‍ പ്രചോദിതരായി അന്യരെ സഹായിക്കാന്‍ ഉദ്യമിക്കുന്ന നിരവധി മനുഷ്യസ്‌നേഹികള്‍ നമുക്ക് ചുറ്റുമുണ്ട്. ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയാതിരിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയുള്ളവരാണവര്‍. സ്വര്‍ഗ്ഗസമ്മാനവും ഹൂറികളെയും പ്രതീക്ഷിച്ച് കാല്‍ക്കുലേറ്ററില്‍ ശതമാനം കൂട്ടി തുട്ടുകളെറിയുന്ന മാനസിക ജീര്‍ണ്ണതയും അവരെ ബാധിക്കുന്നില്ല. പരക്ഷേമത്തിനായി ശിഷ്ട വരുമാനം നീക്കിവെക്കുന്നവര്‍ പൊതുവെ മൂന്ന് വിഭാഗത്തില്‍പ്പെടുന്നു: മാനവിക മൂല്യങ്ങളാല്‍ പ്രചോദിതരായി പരസ്യരഹിതമായി ഈ ദൗത്യം സ്തുത്യര്‍ഹമായി നിര്‍വഹിക്കുന്നവരാണ് ആദ്യ വിഭാഗത്തില്‍. അവരത് ചെയ്യുന്നത് മിക്കപ്പോഴും സ്വകുടുംബം പോലും അറിയാറില്ല. വ്യക്തിഗത മുഖംമിനുക്ക് ലക്ഷ്യമിട്ട് പെരുമ്പറയടിച്ച് ഇതേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് രണ്ടാമത്തെ വിഭാഗം. പെരുമ്പറയടിച്ച് സ്വയം പരസ്യപ്പെടുത്തുന്നതിലും പ്രധാനമായി മറ്റുള്ളവരൊന്നും ക്ഷേമകാര്യങ്ങള്‍ ശ്രദ്ധിക്കില്ലെന്ന് സ്ഥാപിച്ച് സ്വയം മഹത്വപ്പെടുത്താനായി സദാ ആയാസപ്പെടുന്ന ജന്മങ്ങളാണ് മൂന്നാമത്തെ വിഭാഗത്തില്‍. ആദ്യത്തെ നിലപാട് ശ്‌ളാഘനീയവും രണ്ടാമത്തേത് സഹനീയവുമാണെങ്കില്‍ മൂന്നാമത്തേത് തികച്ചും ശോചനീയമായ ഒരുതരം മനോവൈകല്യമാണന്നേ പറയാവൂ.

മതം സമ്പത്തിന്റെ മഹാപര്‍വതങ്ങളാകുന്നു. ഭക്തജനത്തെ മോഹിപ്പിച്ചും പേടിപ്പിച്ചും അദ്ധ്വാനരഹിതമായി വാരിക്കൂട്ടുന്നചൂഷണസമ്പത്തില്‍ ഒരു പങ്ക് ചെലവിട്ട് ക്ഷമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ബുദ്ധിപരമായിരിക്കുമെന്ന് മതം തിരിച്ചറിഞ്ഞിട്ട് ഒരു നൂറ്റാണ്ടിലേറെയായി. മതത്തെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങളുടേയും ദിവ്യ ഇടപെടലുകളുടേയും കാലം കഴിഞ്ഞുവെന്ന പരസ്യപ്രഖ്യാപനം കൂടിയായിരുന്നുവത്. ഭൗതികമായ ഇടപെടലുകള്‍ മാത്രമാണ് ഫലദായകമെന്ന് അവസാനം മതവും സ്ഥിരീകരിക്കുകയായിരുന്നു. എങ്കിലും അതുവഴി മതസംസ്ഥാപനത്തിന് ശക്തമായ ഭൗതികഅടിത്തറ പടുത്തുയര്‍ത്താന്‍ അവര്‍ക്കായി. അരിയും തുണിയും ഔഷധവും നല്‍കുന്നത് പ്രാര്‍ത്ഥിപ്പിച്ച് ശ്വാസംമുട്ടിക്കുന്നതിലും ഫലപ്രദമാണെന്ന് മതതമ്പുരാക്കന്‍മാര്‍ക്ക് ബോധ്യപ്പെട്ടു. വിശ്വസിക്കാനും മതംമാറാനും അപരവിശ്വാസിയുടെ കഴുത്തറുക്കാനും സമ്മാനങ്ങള്‍ ഇരമ്പിനിന്നു. ശുദ്ധമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലൂടെ അധികാരകേന്ദ്രങ്ങളെ നിഷ്പ്രഭമാക്കാനും കൂടുതല്‍ അധികാരത്തിനായി വിലപേശാനും മതശക്തികള്‍ക്കായി. ഒന്നാംകിട സാമ്പത്തികപ്രവര്‍ത്തനമായി മാറിയതിലൂടെ മതം അതിന്റെ ശക്തിയും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കുന്നതിന് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടം സാക്ഷ്യംവഹിച്ചു. ആത്മീയത അതിഭൗതികതയായി, ദൈവസഹായം ഭൗതികപിന്തുണയായി.

ആര്‍ട്ടിക്കിള്‍ 51 എ(എച്ച്) വിഭാവനം ചെയ്യുന്ന ഭരണഘടനാ ദൗത്യം നിര്‍വഹിക്കാന്‍ ഉദ്യമിക്കുന്നവരാണ് സ്വതന്ത്രചിന്തകരും ശാസ്ത്രപ്രചാരകരും യുക്തിവാദികളുമൊക്കെ. ഫലേച്ഛയില്ലാതെ തികഞ്ഞ അര്‍പ്പണബോധത്തോടെയാണ് മിക്കവരും ഈ ദൗത്യം നിര്‍വഹിക്കുന്നത്. ഈ സവിശേഷമായ ഈ ആശയസമരം നിറവേറ്റാന്‍ വേറാരും തയ്യാറല്ലെന്നതാണ് ഇക്കൂട്ടരുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. സ്വതന്ത്രചിന്തകര്‍ക്ക് എല്ലാത്തരം സാമൂഹിക-ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്താനാവും. സ്വന്തം നിലയ്ക്കും ബന്ധപ്പെട്ട കൂട്ടായ്മകളുമായി സഹകരിച്ചും അവര്‍ക്കത് വിജയകരമായി നിര്‍വഹിക്കാം. പക്ഷെ സ്വതന്ത്രചിന്താപ്രസ്ഥാനങ്ങള്‍ മുഖ്യദൗത്യം പാര്‍ശ്വപ്പെടുത്തി മുഖംമിനുക്കലിനും തൊട്ടുതേക്കലിനും ഉദ്യമിച്ചാല്‍ അത് കുറേക്കൂടി വെളിച്ചത്തിന് അര്‍ഹതപ്പെട്ട ഭാവിതലമുറയോട് ചെയ്യുന്ന അന്യായമായിരിക്കും. ശാസ്ത്രവും സ്വതന്ത്രചിന്തയും പ്രചരിപ്പിക്കുന്നത് മതാധിഷ്ഠിത സമൂഹങ്ങളില്‍ വലിയൊരു വെല്ലുവിളി തന്നെയാണ്. ഭൂരിപക്ഷത്തിന്റെ പിന്തുണ അതിനുണ്ടാവില്ലെന്ന് മാത്രമല്ല ഒറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും പരിഹാസങ്ങളും ആദ്യാവസാനം കത്തിക്കാളുകയും ചെയ്യും. പക്ഷെ സ്വതന്ത്രചിന്തകര്‍ക്ക് യുക്തിരാഹിത്യത്തിന്റെയും ചൂഷണത്തിന്റെയും സൂപ്പര്‍മാര്‍ക്കറ്റായ മതത്തിനെതിരെ വിമര്‍ശനാത്മകമായ നിലപാട് സ്വീകരിക്കേണ്ടി വരും. ക്ഷിപ്രവിജയം അസാധ്യമെന്നുറപ്പുള്ളപ്പോഴും കയ്യൊഴിയാനാവാത്ത ഒരു പോരാട്ടമാണത്.

ജനകീയവിഷയങ്ങളില്‍ ഇടപെട്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വളര്‍ന്നതും ജമാ-അത്ത് ഇസ്‌ളാമി പോലുള്ള മതവെറിയന്‍മാര്‍ പരിസ്ഥിതിവാദവും സാമ്ര്യാജ്യത്വവിരുദ്ധ പ്രതിരോധവും കൂട്ടിക്കുഴച്ച് പൊതുജനമധ്യേ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന കാര്യവും പലരും താരതമ്യത്തിനായി ചൂണ്ടിക്കാണിക്കാറുണ്ട്. സ്വതന്ത്രചിന്തകര്‍ക്കും നാസ്തികര്‍ക്കും സ്വീകരിക്കാവുന്ന മാര്‍ഗ്ഗമാണോയിത്? മതമൗലികവാദത്തിന്റെ അസ്സല്‍ മുഖം മറച്ചുപിടിച്ച് ജനത്തെ കബളിപ്പിക്കാനാണ് മതസംഘടനകള്‍ ശരീരമാസകലം പുരോഗമാനാഭിമുഖ്യം വാരിപ്പൂശുന്നത്. നാസ്തികതയും മതവിമര്‍ശനവും കിറുകൃത്യമായി ഒഴിവാക്കിയും അനഭിലഷണീയമായ തോതില്‍ മതപ്രീണനം നടത്തിയുമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വേരൂന്നിയത്. ജനങ്ങള്‍ക്ക് ഹിതകരമായത് മാത്രം ചെയ്തും പറഞ്ഞും ജനകീയത വര്‍ദ്ധിപ്പിക്കാന്‍ പ്രയാസമില്ല. പോകുന്ന വഴിയേ അടിക്കുക എന്ന നിലപാട് സുഖകരവും സൗകര്യപ്രദവുമായേക്കാം. സമൂഹത്തെ സ്വാധീനിക്കാനാവാതെ വരികയും നിങ്ങള്‍ നിരന്തരം ഭൂരിപക്ഷഭീകരതയാല്‍ നിഷ്പ്രഭമാക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയാണവിടെ സംജാതമാകുന്നത്. 

സദസ്സറിഞ്ഞ് പ്രസംഗിക്കുന്നത് ബുദ്ധി മാത്രമല്ല ഗതികേടും ഭീരുത്വവും കൂടിയാണ്. ചിന്താപരമായി സമൂഹത്തെ കൂടുതല്‍ ജഡവല്‍ക്കരിക്കാന്‍ മാത്രമേ അത്തരം നിലപാടുകള്‍ സഹായകരമാവൂ. പലരും ചെയ്യാന്‍ ഭയപ്പെടുന്നതാണ് പലപ്പോഴും സ്വതന്ത്രചിന്തകര്‍ക്ക് ചെയ്യേണ്ടി വരുന്നത്. അഴിമതി വിരുദ്ധ സമരമോ സാമ്രാജ്യത്വവിരുദ്ധ റാലിയോ പരിസ്ഥിതി മാര്‍ച്ചോ നടത്തുന്നതു പോലെ അനായാസമായിരിക്കില്ല മതവിമര്‍ശനദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത്. കാരണം മതം നിര്‍ദ്ദയമായി നിങ്ങളെ വേട്ടയാടും. ജനകീയതയും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കുന്നതിനല്ല മറിച്ച് പറയേണ്ട കാര്യങ്ങള്‍ സത്യസന്ധമായി തുറന്ന് പറയുന്നതിനാണ് സ്വതന്ത്രചിന്ത പ്രസ്ഥാനങ്ങള്‍ പ്രാധാന്യം കൊടുക്കേണ്ടത്. ഒരേസമയം മതത്തെ വിമര്‍ശിക്കുകയും പൊതുസ്വീകാര്യത നിലനിറുത്തുകയും ചെയ്യുകയെന്നത് മതാധിഷ്ഠിത സമൂഹത്തില്‍ തികച്ചും ദുഷ്‌ക്കരമായിരിക്കും. പക്ഷെ തൊട്ടുതേക്കലുകളും മുഖംമിനിക്കലുകളും വഴി യുക്തിചിന്ത പടര്‍ത്താമെന്ന് ചിന്തിക്കുന്നവര്‍ മതത്തെക്കുറിച്ച് കുറച്ച് കൂടി മനസ്സിലാക്കേണ്ടി വരും. 


തങ്ങള്‍ ആടലോടകമായി നെഞ്ചേറ്റുന്ന ഒന്ന് വെറും ആട്ടിന്‍ക്കാട്ടമാണെന്ന് തുറന്നടിക്കുന്നവരെ വിശ്വാസി സമൂഹത്തിന് ഉള്‍ക്കൊള്ളനാവില്ല. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ ആ കൊച്ചുകുട്ടിയുടെ ഗതിയാണ് ഓരോ നാസ്തികനേയും കാത്തിരിക്കുന്നത്. വെറുതെ മതത്തെ എതിര്‍ത്ത് സമയം കളയാതെ കുറച്ച് കാശ് പിരിച്ച് ക്ഷേമപ്രവര്‍ത്തനം നടത്തി കയ്യടി നേടിക്കൂടേ എന്ന് ഉദാരമൂര്‍ത്തികളായ മതവാദികള്‍ അവരെ നോക്കി പരിഹസിച്ചേക്കും. നാസ്തികര്‍ക്ക് തൊഴിലുണ്ടാക്കി കൊടുക്കുന്നതില്‍ ആനന്ദിക്കുന്നവരാണ് ഈ അവതാരങ്ങള്‍. എല്ലാവരും ചെയ്യുന്നതു തന്നെ സ്വതന്ത്രചിന്തകരും ചെയ്യണമെന്ന മതശാഠ്യം പലതും പറയാതെ പറയുന്നുണ്ട്. മതവിമര്‍ശകരുടെ അജണ്ട അട്ടിമറിച്ചും ദിശാബോധം നഷ്ടപ്പെടുത്തിയും മതസംരക്ഷണം ഉറപ്പുവരുത്താമെന്നും ഈ ശക്തികള്‍ കണക്കുകൂട്ടുന്നു. മതവിമര്‍ശനമുന്നയിരിക്കുന്ന അവസാനത്തെ നാവിലും പട്ടി ബിസ്‌ക്കറ്റ് വെച്ചു കൊടുത്ത് മയക്കിയിടാനുള്ള മതശക്തികളുടെ ശ്രമം തിരിച്ചറിയപ്പെടണം. അവയവദാനം പോലുള്ള സത്കര്‍മ്മങ്ങള്‍ വഴി സമൂഹത്തിന് ആകെ മാതൃകയാകുന്നവരാണ് യുക്തിവാദികള്‍. സ്വയം മഹത്വപ്പെടുത്തലിനുപരിയായി വിഷംതീനികളായി നിലകൊള്ളേണ്ട ദൗത്യമാണ് ഓരോ സ്വതന്ത്രചിന്തകനുമുള്ളത്. വെകാരികത ഉദ്ദീപിച്ച് അവര്‍ക്ക് വിജയം വരിക്കാനാവില്ല. ചിന്തപരമായ മാറ്റങ്ങളാണ് അവര്‍ ലക്ഷ്യമിടേണ്ടത്. ജനകീയത കൊഴുപ്പിക്കാന്‍ സെന്റും പൗഡറുമിട്ട് പ്രത്യക്ഷപ്പെടേണ്ട ബാധ്യത അവര്‍ക്കില്ല. എന്തെന്നാല്‍ സുഗന്ധം പരത്തുന്ന ആശയങ്ങളാണ് അവര്‍ വിതരണം ചെയ്യുന്നത്.

പരിഷത്തും യുക്തിവാദി സംഘടനകളുമൊക്കെ കേരളസമൂഹത്തില്‍ ചെയ്യുന്ന സേവനം മഹത്തരമാണ്. പര്‍ദയിട്ട സ്ത്രീകള്‍ സോപ്പ് കിട്ടുന്ന കടയെവിടെ എന്ന് ചോദിക്കുമ്പോള്‍ അവിടെ ഉദ്ദേശിക്കപ്പെടുന്ന കുത്തകകള്‍ക്കും സാമ്ര്യാജ്യത്വത്തിനും എതിരെയുള്ള പോരാട്ടം ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. കുറഞ്ഞ വിലയ്ക്ക് ഉത്പ്പന്നം സ്വന്തമാക്കാനുള്ള വാണിഭബുദ്ധിയാണ് ഇവിടെ ഉപഭോക്തക്കളായ വനിതകള്‍ പ്രയോഗിക്കപ്പെടുന്നത്. അതിനവരെ തെറ്റു പറയാനുമാവില്ല. പരിഷത്തോ അമേരിക്കയോ അണ്ണാ ഡി.എം.കെ യോ മെച്ചപ്പെട്ട സോപ്പ് കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കിയാലും അതൊക്കെ വാങ്ങാന്‍ ഇതേ ചോദ്യവുമായി അവരെത്തും. ആര് കൊടുക്കുന്നു-എന്തിന് കൊടുക്കുന്നു എന്നതല്ല മറിച്ച് ഉത്പന്നം ലാഭകരമാണോ എന്നതാണ് അവരെ അലട്ടുന്ന വിഷയം. മതത്തില്‍ തൊട്ടു കളിക്കാതെയുള്ള ജനകീയ-വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ താരതമ്യേന എളുപ്പമാണ്. അതനപ്പുറം പോകാന്‍ ശ്രമിക്കുമ്പോഴാണ് യഥാര്‍ത്ഥ വെല്ലുവിളി. പരിഷത്തും യുക്തിവാദികളും പരാജയപ്പെടുന്നത് അവരുടെ എന്തെങ്കിലും ന്യൂനതയോ പാളിച്ചയോ കൊണ്ടാണെന്ന് കരുതാനാവില്ല. രോഗഗ്രസ്തമായ മതമന:സാക്ഷിയാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ തിരിസ്‌ക്കരിക്കപ്പെടാന്‍ പ്രധാന കാരണം. 

മതസംഘടനകള്‍ ചെയ്യുന്നു എന്നത് കൊണ്ടു മാത്രം ഒരു കാര്യം ശരിയോ തെറ്റോ ആകുന്നില്ല. മതത്തില്‍ നിറയെ തെറ്റുകള്‍ മാത്രമാണെന്ന് വിഭാവനം ചെയ്യുന്നതും യുക്തിഹീനമാണ്. മതവിശ്വാസികളും അവിശ്വാസികളും 99 ശതമാനം കാര്യങ്ങള്‍ ഏതാണ്ട് ഒരുപോലെ നിര്‍വഹിക്കുന്ന മനുഷ്യരാണ്. ആശയതലത്തില്‍ മാത്രമാണ് അവര്‍ അന്തരപ്പെടുന്നത്. ഗോത്രം ചെയ്യുന്നത് മതം ചെയ്യുന്നതോ മതം ചെയ്യുന്നത് യുക്തിവാദികള്‍ ചെയ്യുന്നതോ വിഷയമല്ല. ഇവിടെ വിഷയം മതം ഉള്‍പ്പെടെയുള്ള സാമ്പത്തികഭീമന്‍മാര്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ സമാനമായ തോതില്‍ ചെയ്യാനുള്ള സ്വതന്ത്രചിന്തകരുടെ പരിമിതികള്‍ ചൂണ്ടിക്കാണിക്കുകയാണ്. ഒരു സാമൂഹിക ഉത്പ്പന്നമെന്ന നിലയില്‍ മതത്തിന് പൂര്‍ണ്ണമായും തിന്മയാവുക അസാധ്യമാണ്. മനുഷ്യനില്‍ നന്മയും തിന്മയുമുണ്ട്. മനുഷ്യന്‍ നിര്‍മ്മിക്കുന്ന സാമൂഹിക ഉത്പ്പന്നങ്ങളിലും അവ ആനുപാതികമായി പ്രകടമാകും. മതം എതിര്‍ക്കപ്പെടുന്നത് അതില്‍ നന്മയുടെ അംശം കുറവും തിന്മയും ചൂഷണവും കൂടുതലുമാണ് എന്നത് കൊണ്ടാണ്. അഴിമതിയും അയിത്തവും അടിമത്തവും എതിര്‍ക്കപ്പെടുന്നതും അക്കാരണത്താലാണ്. അതല്ലാതെ അവയിലെങ്ങും യാതൊരു നന്മയുമില്ല എന്നതുകൊണ്ടല്ല. യുക്തിവാദം സംഘടനാതലത്തില്‍ സുവിശേഷവേലയാക്കി സ്വീകാര്യത വര്‍ദ്ധിപ്പിക്കാമെന്ന ചിന്താഗതിയോട് യോജിപ്പില്ലെന്നാണ് പറഞ്ഞുവരുന്നത്.

അതേസമയം പ്രായോഗികമായി വിജയകരമായി ചെയ്യാവുന്ന സേവനമാണ് ബില്‍ ഗേറ്റ്‌സിനെപ്പോലെയുള്ള അവിശ്വാസികളായ സമ്പന്നര്‍ ചെയ്യുന്നത്. വിശ്വാസിക്കും അവിശ്വാസിക്കും അത്തരം സേവനങ്ങള്‍ നിര്‍വഹിക്കാനാവും. ചെയ്യാന്‍ കഴിയുന്നവ ചെയ്യുകയും വേണം. യുക്തിവാദികള്‍ ചാരിറ്റി ചെയ്യുന്നതിനോട് എതിരഭിപ്രായമില്ല. വ്യക്തിഗത തലത്തിലും സംഘടനകളോട് ചേര്‍ന്നും അത് നിര്‍വഹിക്കുന്നവര്‍ ഏറെയുണ്ട്. പെരുമ്പറയിസം പിന്തുടരാത്തവരെല്ലാം ഒന്നും ചെയ്യാത്തവരാണെന്ന നിഗമനം ലളിതചിന്തയാണ്. ദാനം കൊടുക്കുന്ന ഞാന്‍ മെച്ചമാണ് എന്ന് സ്വയം കരുതുന്നതിലും മറ്റുള്ളവര്‍ അത്ര പോര എന്ന് പ്രചരിപ്പിക്കുന്നതിലും ഗുണപരമായ വ്യത്യാസമുണ്ട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സ്വതന്ത്രചിന്ത പ്രസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. സമ്പന്നര്‍, ക്രിമിനലുകള്‍, മതക്കാര്‍, കള്ളക്കടത്തുകാര്‍, കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ള വിഭാഗങ്ങള്‍ നിഷ്പ്രയാസം വന്‍തോതില്‍ പണമെറിഞ്ഞ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും അതുവഴി ജനപ്രീതി നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനാല്‍ സ്വതന്ത്രചിന്താ പ്രസ്ഥാനങ്ങളും ആ വഴിക്ക് പരിശ്രമിക്കണമെന്നതാണ് ആ നിര്‍ദ്ദേശം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെല്ലാം ചൂഷണസമ്പത്ത് പ്രദാനം ചെയ്യുന്ന കനത്ത സാമ്പത്തിക സ്രോതസ്സുകളുള്ളതിനാല്‍ പണമെറിഞ്ഞ് കളിക്കാന്‍ വിഷമമില്ലെന്നതാണ് വാസ്തവം. മാത്രമല്ല തങ്ങളുടെ വികൃതമുഖം ജനസാമാന്യത്തില്‍ നിന്ന് മറച്ചുവെക്കാന്‍ അത്തരം തൊട്ടുതേപ്പുകള്‍ സഹായകരമായിരുന്നു. 

പക്ഷെ ഒരു സംഘടിതവിഭാഗമെന്ന നിലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നതോടെ സ്വതന്ത്രചിന്തകര്‍ അവരുടെ മുഖ്യ അജണ്ടയില്‍ നിന്നും വ്യതിയാനപ്പെടുമെന്ന ആശങ്ക അസ്ഥാനത്തല്ല. അത് നിര്‍വഹിക്കാന്‍ മറ്റാരും തയ്യാറല്ലതാനും. വിഭവശേഷിയും പ്രഹരശേഷിയും പരിഗണിക്കുമ്പോള്‍ തുടങ്ങിവെച്ചാലും പിന്തള്ളപ്പെടുമെന്ന് ഉറപ്പുള്ള ഒരു മേഖലയ്ക്ക് മുന്‍ഗണന കൊടുക്കുന്നത് അഭികാമ്യമല്ല. കരുണയാണെന്ന ഫലിതപ്രസ്താവനയ്ക്ക് തുല്യം വെക്കാന്‍ ഇസ്‌ളാം സമാധാനമാണ് എന്ന അതിഘോര മതഫലിതത്തിന് പോലും സാധിക്കുമോ എന്നറിയില്ല. ചുട്ടുപൊള്ളിച്ച ശേഷം പൊട്ടിയടരുന്നിടത്ത് പച്ചവെള്ളം ഒഴിച്ച് കൊടുത്തിട്ട് ആളു കളിക്കുന്നത് മതജീര്‍ണ്ണതയുടെ മാത്രം അടയാളമാണ്. മതവും കരുണയുമായി യാതൊരു ബന്ധവുമില്ല-ഇല്ലാത്ത ഒന്ന് ഉണ്ടാക്കിയെടുക്കാനാണ് അവര്‍ ആയാസപ്പെടുന്നത്. മാനവികവാദികളെ സംബന്ധിച്ചിടത്തോളം അത്തരം തൊട്ടുതേപ്പുകളും ഒട്ടിച്ചുവെക്കലുകളും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മുഖ്യദൗത്യത്തെ പാര്‍ശ്വപ്പെടുത്തി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുന്നത് പരിമിതമായ വിഭവശേഷിയുള്ള വിഭാഗങ്ങള്‍ക്ക് ഗുണകരമാവില്ല തന്നെ. നിറവേറ്റാനുള്ള ദൗത്യം കൃത്യമായി വിജയിപ്പിച്ചിട്ടാണോ പുറംപണി സ്വീകരിക്കുന്നതെന്ന ലളിതമായ ചോദ്യം യുക്തിസമ്പന്നര്‍ക്ക് മുന്നിലുണ്ടാവുമെന്നറിയുക.

ജനിതക നന്മകള്‍
ഹിന്ദുമതത്തിലെ കര്‍മ്മസിദ്ധാന്തമനുസരിച്ച് ഭിക്ഷ കൊടുക്കുന്നതും അഗതിയെ സഹായിക്കുന്നതും സൈദ്ധാന്തികമായി കൊടിയ തെറ്റാണ്. മുജ്ജന്മത്തിന്റെ പാപഫലമായാണ് ഈ ജന്മത്തില്‍ പലരും ഭിക്ഷക്കാരും അഗതികളും രോഗികളുമായി തീരുന്നത്. കര്‍മ്മഫലം അനുഭവിച്ചേ മതിയാകൂ. കര്‍മ്മത്തിന്റെ കണക്കുപുസ്തകത്തില്‍ ജന്മജന്മാന്തരങ്ങളായി ഓരോ ജീവിതാനുഭവവും രേഖപ്പെടുത്തപ്പെടും. വിധിവിഹിതമനുസരിച്ച് അനുഭവിക്കേണ്ടത് അനുഭവിക്കേണ്ടതുപോലെ അനുഭവിച്ച് ഒക്കെ ഈ ജന്മത്തില്‍ തീര്‍പ്പാക്കിയാല്‍ പ്രസ്തുത ജീവാത്മാവിന് പുനര്‍ജന്മവും നരകയാതനകളുമില്ലാതെ പരമാത്മാവില്‍ വിലയം പ്രാപിക്കാം. പക്ഷെ നാമവരെ സഹായിച്ച് അവരുടെ യാതനകളും വേദനകളും കെടുതികളും നേര്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഈ ജന്മത്തില്‍ നിര്‍ദ്ദിഷ്ട പാപഫലം പൂര്‍ണ്ണമായും അനുഭവിച്ച് തീര്‍ക്കാനാവില്ല. അവര്‍ വീണ്ടും ഭൂമിയില്‍ ജനിക്കാന്‍ ഇത് കാരണമായിത്തീരും. നായയായോ കൂറയായോ അവര്‍ വീണ്ടും നരകിക്കേണ്ടി വരും. മനുഷ്യ ജന്മമാണെങ്കില്‍ പാപയോനിയില്‍ പിറന്ന് ദുരന്തമായി എരിഞ്ഞടങ്ങും. ഈ ജന്മത്തില്‍ നരകിക്കുന്നവന് വീണ്ടുമൊരു കെടുതി കൂടി സമ്മാനിക്കുന്നത് മനുഷ്യത്വമാണോ? അതൊഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആത്മാവിലും പുനര്‍ജന്മത്തിലും കര്‍മ്മസിദ്ധാന്തത്തിലുമൊക്കെ വിശ്വസിക്കുന്നുവെങ്കില്‍ നാമവരുടെ ദുരിതങ്ങളില്‍ ഇടപെട്ട് അവ ലഘൂകരിക്കാന്‍ തുനിയരുത്-ഭിക്ഷ കൊടുക്കരുത്, ധനസഹായം ചെയ്യരുത്.....ഹിന്ദുക്കളില്‍ ഭൂരിപക്ഷവും ഈ മതതത്വം തള്ളി തങ്ങളുടെ ജന്തുസഹജമായ ചോദനകളെ അടിസ്ഥാനമാക്കി ജീവിക്കുന്നവരായിരിക്കും. മതമനുസരിച്ച് ജീവിക്കുന്ന മതജീവികള്‍ ഈ ഭൂലോകത്തില്‍ നിന്നും അപ്രത്യക്ഷമായതിന്റെ ഒരു കാരണം മതബോധത്തിന് നശിപ്പിക്കാനാവാത്ത മനുഷ്യനിലെ ജനിതകനന്മയാണ്.

പരസഹായം ചെയ്യുക എന്നത് മനുഷ്യനുള്‍പ്പെടെ നിരവധി സ്പീഷിസുകളടുടെ ജൈവികചോദനയുടെ ഭാഗമാണ്. അതിജീവനത്തിന് സഹായകരമായ ഒരു നിലപാടെന്ന നിലയിലാണ് പരിണാമചരിത്രത്തില്‍ അതിന് അനുകൂലനം സിദ്ധിച്ചത്. സഹജീവിസ്‌നേഹം പ്രകടിപ്പിക്കാത്ത ജീവികള്‍ പ്രകൃതിയില്‍ അപൂര്‍വമാണ്. ഒരു ജീവിയുടെ അതിജീവനം അതുള്‍ക്കൊള്ളുന്ന ജീനുകളുടെ അതിജീവനത്തെ സഹായിക്കും. ബന്ധുക്കള്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്ന ജീന്‍ മിക്ക ജീവികളിലുമുണ്ട്. ഈ ജീന്‍ അതിന്റെ അനേകം പതിപ്പുകളുണ്ടാക്കി എണ്ണം വര്‍ദ്ധിപ്പിച്ചാല്‍ രക്തബന്ധുക്കളോടുള്ള ഉപകാരത്വര (Kin altruism) ജീവികളില്‍ ഒരു നിയമമാകും. സാഹചര്യങ്ങളുടെ സൃഷ്ടിയാണിത്. അതല്ലാതെ ജീനുകള്‍ സ്വാര്‍ത്ഥതകൊണ്ട് പരോപകാരപ്രദമായി പെരുമാറാന്‍ ജീവികളെ പ്രേരിപ്പിക്കുകയല്ല. പരോപകാരപ്രവണതയും രക്തബന്ധുക്കളോടുള്ള മൃദുലവികാരങ്ങളും പ്രകടമാക്കുന്ന ഏക ജീവിവര്‍ഗ്ഗം മനുഷ്യനാണോ? ഒരിക്കലുമല്ല. ഇത്തരം വികാരങ്ങളും പെരുമാറ്റരീതിയും മിക്കവാറും എല്ലാ ജീവിവര്‍ഗ്ഗങ്ങളിലുമുണ്ട്. മാതൃസ്‌നേഹം, ശിശുപരിപാലനം, മുലയൂട്ടല്‍, അപായസൂചനകള്‍, കൂട്ടത്തോടെയുള്ള പ്രതിരോധവും ആക്രമണവും, ആഹാരസമ്പാദനത്തിലെ പരസ്പരസഹകരണം...തുടങ്ങിയ സ്വഭാവസവിശേഷതകള്‍ ജീവിവര്‍ഗ്ഗങ്ങളില്‍ പൊതുവായി കാണപ്പെടുന്നവയാണ്. 

മനുഷ്യനുമാത്രം സ്വന്തമെന്ന് നാം തെറ്റിദ്ധരിക്കുന്ന മൃദുലവികാരങ്ങളും ബന്ധുജനസംരക്ഷണത്വരയും ക്രൂരമൃഗങ്ങള്‍ക്കിടയില്‍പോലുമുണ്ട്- ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍. പരസ്പരസഹായത്വര (Reciprocal altruism) അതിജീവനത്തിന്റെ കാര്യത്തില്‍ നിര്‍ണ്ണായകമാണ്. 'നീയെന്റെ പുറം ചൊറിയുക, ഞാന്‍ നിന്റെ പുറം ചൊറിയാം' (`You scratch my back and I scratch your back') എന്ന നിലപാടാണിത്. പരസ്പരസഹായത്വര ഭിന്നവര്‍ഗ്ഗങ്ങള്‍ക്കിടയിലും സാധ്യമാണ്. വേട്ടക്കാരന് കുന്തം വേണം, കൊല്ലന് വെടിയിറച്ചിയും. സ്വാഭാവികമായും പരസ്പരം സഹായിക്കുന്നത് ഇരുകൂട്ടര്‍ക്കും ഗുണകരമാണ്. ശലഭത്തിന് തേന്‍ ലഭിക്കുമ്പോള്‍ പൂവില്‍ പരാഗണം നടക്കുന്നു.

ഒരു വമ്പന്‍ പാറയ്ക്ക് അടിയില്‍ ഇരിക്കുന്ന ഭക്ഷണം പാറ ഇളക്കിമാറ്റി എടുക്കാന്‍ ഒരാള്‍ക്ക് മാത്രമായി സാധിക്കില്ല. അതിനാല്‍ അയാള്‍ കൂട്ടരെ സഹായത്തിന് വിളിക്കുന്നു. ഭക്ഷണം പങ്കുവെക്കാന്‍ അയാള്‍ക്ക് മടിയില്ല. കാരണം അപ്പോഴും അയാള്‍ക്ക് ലാഭമാണ്. പരസ്പരസഹകരണമില്ലെങ്കില്‍ ആര്‍ക്കും ഒന്നും കിട്ടില്ലല്ലോ. വേട്ടമൃഗങ്ങള്‍ ഈ സിദ്ധാന്തം അക്ഷരംപ്രതി പാലിക്കും. ഇരയെ കടിച്ചു കീറി തിന്നുമ്പോഴും ഒരു വിശുദ്ധനിയമത്തിന് അടിപ്പെട്ടതുപോലെയുള്ള ഒരു പരസ്പരധാരണ അവര്‍ക്കിടയില്‍ ദൃശ്യമാകും. ജീവികളെ സംബന്ധിച്ചിടത്തോളം ഭക്ഷണം എന്നത് വിട്ടുവീഴ്ച അസാധ്യമാക്കുന്ന ഒരു മേഖലയാണ്. അവിടെയാണ് ഹിംസ്രജീവികള്‍ക്കിടയില്‍പ്പോലും കൃത്യമായ പങ്കുവെക്കല്‍ ധാരണകളുണ്ടാക്കുന്നത്. പരസ്പരസഹായത്വര ഉണ്ടാകാന്‍ പ്രധാന കാരണങ്ങളിലൊന്ന് ജീവജാലങ്ങളുടെ വ്യക്തിപരമായ ശേഷിക്കുറവും അവരുടെ ആവശ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ്. ഒരു ജീവിക്കില്ലാത്ത കഴിവ് മറ്റൊന്നിനുണ്ടെന്ന് വരുമ്പോള്‍ തമ്മിലുള്ള പരസ്പരസഹായം ഗുണകരവും അനിവാര്യവുമാകുന്നു. ചുരുക്കത്തില്‍ ആവശ്യം, ശേഷി എന്നിവ തമ്മിലുള്ള അസമതയാണ് (Asymmetry) പരസ്പരസഹായത്വരയുടെ കാതല്‍. അസമത വര്‍ദ്ധിക്കുന്നതനുസരിച്ച് സഹായത്വരയും വര്‍ദ്ധിക്കുന്നു. 

രക്തം ശേഖരിച്ച് വെച്ച് പിന്നീട് കുഞ്ഞുങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ഛര്‍ദ്ദിച്ച് (Regurgitate) കൈമാറുന്ന അമേരിക്കയിലെ രക്തരക്ഷസ്സു(Vampire Bat)പോലുള്ള വാവലുകള്‍ പരസ്പരസ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും മകുടോദാഹരണങ്ങളാണ്. ആര്‍ക്കൊക്കെ രക്തം കടം കൊടുത്താല്‍ തിരിച്ച് കിട്ടും, ആര്‍ക്കൊക്കെ കൊടുത്താല്‍ ചതിക്കപ്പെടും എന്നകാര്യത്തില്‍ ഇവയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് ജീവശാസ്ത്രജ്ഞര്‍ പറയുന്നു. പ്രകൃതിനിര്‍ധാരണം ഏതൊക്കെ ജീവിയെ സഹായിക്കാം, സഹായിച്ചുകൂടാ എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അതാത് ജീനുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പരസ്പരസഹായത്വര ചതിയന്‍മാര്‍ക്കെതിരെയുള്ള ഒരു പ്രതിരോധതന്ത്രം കൂടിയാണ്. അജ്ഞാതമായ ഒരു സാഹചര്യത്തില്‍ തനിക്കുണ്ടാകാന്‍ ഇടയുള്ള നഷ്ടസാധ്യത ഒഴിവാക്കാന്‍ പരസ്പരസഹായവ്യവസ്ഥ രൂപീകരിക്കുന്നതിലൂടെ ജീവികള്‍ക്ക് സാധിക്കും. ഒരിക്കല്‍ ഈ വ്യവസ്ഥ രൂപീകരിച്ച് കഴിഞ്ഞാല്‍ അത് നിലനിറുത്തികൊണ്ട് പോകാന്‍ ജീനുകള്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. ലക്ഷക്കണക്കിന് വര്‍ഷം മുമ്പുള്ള ശലഭങ്ങള്‍ പൂവില്‍നിന്ന് തേന്‍ ശേഖരിച്ച പോലെയാണ് ഇന്നും ശലഭങ്ങള്‍ തേന്‍ ശേഖരിക്കുന്നത്. പ്രയോഗത്തിലൂടെ വിജയകരമാണെന്ന് കണ്ടെത്തിയ ഒരു വ്യവസ്ഥ ശലഭത്തിന്റെ മസ്തിഷ്‌ക്കത്തില്‍ ഒരു തള്ളവിരല്‍ നിയമമായി മാറുകയാണ്. 

നോര്‍വീജിയന്‍ സാമ്പത്തികശാസ്ത്രജ്ഞനായ തോര്‍സ്റ്റണ്‍ വെബ്ലന്‍ (Thorstein Veblen) ആധിപത്യഭാവം (Superiority) പ്രകടിപ്പിക്കുന്നതിനുള്ള ഒരുപാധിയായി ജന്തുലോകത്ത് പരോപകാര പ്രവണത ഉപയോഗിക്കപ്പെടുന്നുണ്ടെന്ന അഭിപ്രായമുള്ളയാളാണ്. ഇസ്രേലി ജീവശാസ്ത്രജ്ഞനായ അമോട്‌സ് ഷഹാബിയും (Amots Shahavi) സമാനമായ നിഗമനത്തിലെത്തി ചേര്‍ന്നിട്ടുണ്ട്. നരവംശശാസ്ത്രജ്ഞര്‍ 'പോട്‌ലാച്ച് പ്രഭാവം' (Potlatch Effect) എന്നറിയപ്പെടുന്ന ഗോത്രവര്‍ഗ്ഗവിരുന്നുകള്‍ ഇതേരീതിയിലാണ് വിശകലനം ചെയ്യാം. തങ്ങളുടെ വമ്പും പ്രതാപവും എതിര്‍ഗോത്രത്തെ ബോധ്യപ്പെടുത്താനായി അവരെ ക്ഷണിച്ച് വരുത്തി കൂറ്റന്‍വിരുന്നുകള്‍ കൊടുക്കുന്ന രീതി വടക്ക്പടിഞ്ഞാറ് പെസഫിക്‌മേഖലയിലെ ദ്വീപുകളില്‍ നിലവിലുണ്ട്. എതിര്‍ഗോത്രം തിരിച്ചും ഇപ്രകാരം പ്രവര്‍ത്തിക്കും. വിരുന്ന് കൊടുത്തുകൊടുത്ത് അവസാനം ഏതെങ്കിലും ഒരു ഗോത്രം കുത്തുപാളയെടുക്കുന്നു. അതോടെ പരാജിതര്‍ വിജയികളുടെ ആധിപത്യം അംഗീകരിക്കുന്നു. അതേസമയം 'വിരുന്ന് യുദ്ധ'ത്തില്‍ വിജയിക്കുന്ന ഗോത്രവും ക്ഷീണിച്ച് അവശരായിരിക്കുമെന്നതില്‍ സംശയമില്ല. വീട്ടില്‍ മൂന്ന് നേരം ആഹാരം കഴിക്കാനില്ലാത്തവനും ചാക്ക് കണക്കിന് അരി സപ്താഹത്തിന് സംഭാവന ചെയ്യുന്നത് കണ്ടിട്ടില്ലേ. വീട്ടില്‍ തീ പുകയാത്തപ്പോഴും പൂരം കെങ്കേമമാക്കണമെന്ന് ശാഠ്യം പിടിക്കുന്ന ആഡ്യപ്രഭുക്കളും ഈ വിശദീകരണത്തിന്റെ പരിധിയില്‍ വരും. ആധിപത്യത്തിനായി പരോപകാരവും ദാനശീലവും (Altruism and Charity) ഉപയോഗിക്കുന്നുവെന്ന വാദത്തിന് മനഃശാസ്ത്രപരമായ പിന്തുണയുമുണ്ട്. 

അറേബ്യന്‍ ബാബ്‌ളേഴ്‌സ് (Arabian Babblers) എന്നറിയപ്പെടുന്ന ചെറിയപക്ഷികള്‍ പരസ്പരസഹകരണത്തിന്റെ കാര്യത്തില്‍ അനന്യമായ സവിശേഷത കാണിക്കുന്നവയാണെന്ന് അമോട്‌സ് ഷഹാബി കണ്ടെത്തുകയുണ്ടായി. സാധാരണപക്ഷികളെപ്പോലെ തന്നെ അപായസൂചന നല്കുന്നതിലും ഭക്ഷണം പങ്കുവെക്കുന്നതിലും വലിയ താല്പര്യം കാണിക്കുന്ന കൂട്ടരാണിവ. ദാനംചെയ്യുന്ന ആഹാരം ഭാവിയില്‍ തിരികെകിട്ടുമെന്ന് കരുതിയാണോ ഈ ഉദാരത? അതോ സ്വന്തം രക്തബന്ധുക്കള്‍ നിലനിന്ന് കാണാനുള്ള വ്യഗ്രതയോ? പ്രബലരായ പക്ഷികള്‍ മറ്റംഗങ്ങള്‍ക്ക് ആഹാരം നല്കുന്നത് പക്ഷിക്കൂട്ടത്തില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനാണെന്ന് ഷഹാബി പറയുന്നു. ഭക്ഷണം കടംകൊള്ളുന്നവരൊക്കെ ഭാവിയില്‍ തന്നോട് വിധേയത്വം കാണിക്കുമെന്ന പ്രതീക്ഷ ഈ സഹായത്തിന് പിന്നിലുണ്ടത്രെ. ശക്തരായ പക്ഷികള്‍ തന്റെ കീഴില്‍ വരാന്‍ തയ്യാറാകുന്നവര്‍ക്ക് മാത്രമാണ് ഭക്ഷണം നല്കുന്നതെന്ന് ഷഹാബി സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്തി. ദാനശീലവും ധൂര്‍ത്തും മനുഷ്യസമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രഭാവത്തെക്കുറിച്ച് നമുക്കറിയാം. കൊടുക്കുന്നവന് ഉണ്ടാകുന്ന പരോക്ഷമായ ആധിപത്യബോധവും ഉന്നതിയും വാങ്ങുന്നവന് അനുഭവപ്പെടുന്ന ആത്മനിന്ദയും നാം ചര്‍ച്ച ചെയ്യാറുണ്ട്. മിക്കപ്പോഴും നാം സഹായിക്കുന്നത് നമുക്ക് വിധേയരാകുന്നവരെ മാത്രമാണ്. വെല്ലുവിളിക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്നവരെ സഹായിക്കുന്നത് സ്വന്തം അസ്തിത്വത്തിന് ഭീഷണിയായി കാണാനാവും ജീവികള്‍ പൊതുവെ തയ്യാറാവുക. പക്ഷേ, സമാനമായിത്തന്നെ കാര്യങ്ങള്‍ ജന്തുലോകത്തെവിടെയും നടക്കുന്നുവെന്നാണ് കാണേണ്ടത്.

ഡാര്‍വിനിസമനുസരിച്ച് പരോപകാരം, ദാനം, കാരുണ്യഭാവം തുടങ്ങിയവയ്ക്ക് നാല് പ്രധാന കാരണങ്ങളെങ്കിലും ചൂണ്ടിക്കാട്ടാനാവും. ജനിതകമായ രക്തബന്ധം സുദൃഢമാക്കല്‍ തന്നെയാണ് ആദ്യകാരണം. അപകടത്തില്‍പ്പെട്ട ഒരു കാട്ടുപോത്തിനെ രക്ഷിക്കുന്നതിലും താല്‍പര്യം നാം അപകടത്തിന് ഇരയായ മനുഷ്യന്റെ കാര്യത്തില്‍ പ്രകടിപ്പിക്കും. കാട്ടുപോത്തുകള്‍ സിംഹങ്ങളെ തുരത്തിയും തിരിച്ചാക്രമിച്ചും തങ്ങളിലെ ദുര്‍ബലരെ സംരക്ഷിക്കുന്നതിലും ജീന്‍പൂളിന്റെ സംരക്ഷണമാണ് ഉറപ്പ് വരുത്തുന്നത്. തിരിച്ചടിക്കാനും തിരിച്ചുകൊടുക്കാനുമുള്ള നൈസര്‍ഗ്ഗികമായ പ്രവണതയാണ് രണ്ടാമത്തേത്. ദാനംകിട്ടുന്നത് തിരിച്ച് നല്കണമെന്ന ചോദനയും ദാനം ചെയ്താല്‍ തിരികെ കിട്ടുമെന്ന പ്രതീക്ഷയും നിര്‍ണ്ണായകമാണ്. ദാനവും പരോപകാരവും ലഭ്യമാക്കുന്ന അന്തസ്സും യശസ്സും മൂന്നാമത്തെ കാരണമാണ്. സഹജീവികളെ സഹായിക്കുന്നതിലൂടെ ജീവിസമൂഹത്തില്‍ പ്രാമുഖ്യം നേടാനാവുമെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍. ഷഹാബി പറയുന്നതുപോലെ സ്വന്തം മേധാവിത്വം ഉദ്‌ഘോഷിക്കുന്ന പരസ്യപ്പലകയായി ദാനവും പരോപകാരവും മാറുമെന്ന കണ്ടെത്തലാണ് നാലാമത്തെ കാരണം. ചുരുക്കത്തിലെ മനുഷ്യനിലെ നന്മകള്‍ അവനെ വിജയകരമായി അതിജീവിപ്പിച്ച ജൈവചോദനകളുടെ പരിഷ്‌കൃതരൂപമാകുന്നു. അതവനില്‍ സഹജമാണ്. ഒട്ടിച്ചുവെപ്പും കുത്തിയിളക്കലും അസാധ്യമാണവിടെ. 

സോറി മദര്‍
ഭിക്ഷ കൊടുക്കാതിരിക്കാന്‍ നമുക്ക് ആയിരം ന്യായീകരണങ്ങളുണ്ട്. മിക്ക പൊതുസ്ഥലങ്ങളിലും ഭിക്ഷാടനം നിരോധിച്ചിരിക്കുന്നു. കൈ നീട്ടുന്നവരില്‍ തട്ടിപ്പുകാരും വേറെ ഗതിയില്ലാത്തവരുമുണ്ടാകും. ഒരാള്‍ക്ക് കൊടുക്കുമ്പോള്‍ ഒമ്പത് കൈകള്‍ നീണ്ടുവരും. ഭിക്ഷ കൊടുത്ത് ഭിക്ഷാടനം ഇല്ലാതാക്കാനാവില്ലെന്ന ഗുണപാഠം പൊതുസമൂഹം സ്വീകരിക്കുന്നത് അങ്ങനെയാണ്. നിരന്തരമായി സഹായിച്ച് സഹായമാവശ്യപ്പെടുന്ന സാഹചര്യവും നീക്കം ചെയ്യാനാവില്ല. രോഗത്തെ ചികിത്സിക്കാതെ രോഗലക്ഷണങ്ങളെ നീക്കിയതുകൊണ്ട് പ്രയോജനമില്ലല്ലോ. ഭിക്ഷയെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ പെട്ടുപോകുന്നവരാണ് പലപ്പോഴും ജീവകാരുണ്യത്തിന്റെ പരിധിയില്‍ വരിക. അവിടെയും സമാനമായ പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെടും. ഒന്നോ രണ്ടോ അര്‍ബുദരോഗികളെ കഴിയുന്ന രീതിയില്‍ സഹായിച്ച് കഴിയുമ്പോഴേക്കും ഉയര്‍ന്നുവരുന്ന നൂറ് കണക്കിന് സമാനമായ ആവശ്യങ്ങള്‍ നിങ്ങളെ മാനസികമായി തളര്‍ത്തിയേക്കും. കഴിയുന്നത്ര ചെയ്യാനേ ആര്‍ക്കും സാധിക്കൂ. ചെയ്യാനാവാത്തതിനെ കുറിച്ചുള്ള നീറ്റല്‍ ചെയ്തത് ലഭ്യമാക്കിയ സന്തോഷവും ആനന്ദവും റദ്ദാക്കുന്ന അവസ്ഥയുണ്ടാക്കാറുണ്ട്. വ്യക്തികള്‍ക്ക് പരിമിതികളുണ്ട്-സമ്പത്തില്ലാത്തവന് വിശേഷിച്ചും. സഹായിച്ചാല്‍ ആശ്വാസവും സന്തോഷവും ലഭിക്കുമെങ്കില്‍ അതിന് സാധിക്കാതെ വരുമ്പോള്‍ നിസ്സഹായതയും നിരാശയും ഉറപ്പാണ്. 

പൊതുസഹായ വ്യവസ്ഥകള്‍ ഉരുത്തിരിയേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍-പ്രാദേശിക അധികാരകേന്ദ്രങ്ങള്‍-സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ നിയമപരമായി തന്നെ ഈ ദൗത്യം ഏറ്റെടുക്കണം. ഓരോ വിഭാഗങ്ങളും തങ്ങളുടെ മതത്തിലെയോ ജാതിയിലെയോ അംഗങ്ങളെ മാത്രം സഹായിക്കുന്നത് പൊതുവെ മതപ്രചരണവും മതസംരക്ഷണവും ലക്ഷ്യമിട്ടായിരിക്കും. ജാതി-മത വ്യത്യാസമില്ലാതെ, വിശ്വാസി-അവിശ്വാസി വേര്‍തിരിവില്ലാതെ അടിയന്തര സഹായം ലഭ്യമാക്കാന്‍ പൊതുവ്യവസ്ഥകള്‍ സഹായിക്കും. എല്ലാ മേഖലകളിലും ഇന്‍ഷ്വറന്‍സ് പരിരക്ഷ സമഗ്രമായി നടപ്പിലാക്കുക എന്നത് ഇപ്പോള്‍ നടപ്പിലാക്കി വരുന്ന ഒരു പോംവഴിയാണ്. സമഗ്രവും വ്യാപകവുമായ തോതില്‍ അത് നടപ്പിലാക്കപ്പെടണം. 

ഉദാഹരണമായി റോഡപകടങ്ങളില്‍ പെടുന്ന ഏതൊരാള്‍ക്കും അടിയന്തരചികിത്സയും ധനസഹായവും ഇന്‍ഷ്വറന്‍സും നല്‍കുന്ന ഒരു സാമ്പത്തിക പരിരക്ഷ സര്‍ക്കാര്‍തലത്തിലും പഞ്ചായത്ത് തലത്തിലും ആസൂത്രണംചെയ്താല്‍ അത്തരം ദുരനുഭവങ്ങള്‍ കൂടുതല്‍ സഹനീയമായിത്തീരും. റോഡ് ടാക്‌സിലോ ഇന്ധനവിലയിലോ നാമമാത്രമായ വര്‍ദ്ധനവ് നടത്തി പരോക്ഷമായി ഇതിനാവശ്യമായ ഫണ്ട് സ്വരൂപിക്കാം. പരസ്പരം സഹായിക്കുന്ന മൈക്രോഫൈനാന്‍സിംഗ് പദ്ധതികളും കാരുണ്യം പറ്റി ജീവിക്കേണ്ടി വരുന്നതിലെ വല്ലായ്മ ആവശ്യക്കാരില്‍ നിന്നും നീക്കംചെയ്യും. മഹാരോഗങ്ങളുടെ കാര്യത്തിലും ഈ നയം അനുവര്‍ത്തിക്കാം. അങ്ങനെ വരുമ്പോള്‍ എല്ലാവര്‍ക്കും സഹായിച്ചുവെന്ന സന്തോഷവും ആശ്വാസവുമുണ്ടാകുമെന്ന് മാത്രമല്ല സമ്പത്തുള്ളവന്‍ സഹായിക്കുമ്പോള്‍ അതിന് കഴിയാതെ വരുന്ന ദരിദ്രനായ മനുഷ്യസ്‌നേഹിയുടെ നീറ്റലും അപമാനബോധവും ഇല്ലാതാകുകയും ചെയ്യും;കര്‍ണ്ണന്‍ സമ്പന്നായിരിക്കണമെന്ന അലിഖിത നിയമമാണ് അവിടെ കടപുഴക്കപ്പെടുന്നത്.


ദാനകര്‍മ്മത്തിലൂടെ സമൂഹത്തിന്റെ ഘടനാപരമായ ന്യൂനതകളും അസമത്വവും പരിഹരിക്കാനാവില്ലെന്ന് മാത്രമല്ല അത്തരം പരിതോവസ്ഥകളെ ശക്തിപ്പെടുത്താനും സ്ഥിരീകരിക്കാനും അത് കാരണമായിത്തീരാം. നിയാമകവും വ്യവസ്ഥാപിതവുമായ മാറ്റങ്ങള്‍ സമൂഹത്തിലുണ്ടാക്കുക മാത്രമാണ് അതിനുള്ള പരിഹാരം. ചാരിറ്റിയില്‍ നിന്ന് സമത്വമോ വികസനമോ മുളയ്ക്കില്ലെന്നതിന് ഏറ്റവും വലിയ തെളിവ് വന്‍തോതില്‍ ദാനം ഏറ്റുവാങ്ങി പരാജയപ്പെടുന്ന ആഫ്രിക്കന്‍ പട്ടിണി രാജ്യങ്ങളാണ്. ദാനത്തിന് മതപരവും രാഷ്ട്രീയവുമായ സുവ്യക്തമായ ലക്ഷ്യങ്ങളുണ്ട്. എക്കാലത്തും കൈ നീട്ടി നില്‍ക്കുന്ന ഒരു ജനതയെ കീഴ്‌പ്പെടുത്താനും നിയന്ത്രിക്കാനും എളുപ്പമാണ്. ദാനം സ്വീകരിച്ച് ഇതിനകം ഒരു പരുവമായിത്തീര്‍ന്ന ആഫ്രിക്കന്‍ പട്ടിണിരാജ്യങ്ങള്‍ ഇപ്പാള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം No Aid but Trade എന്നാണ്. കൈ കഴുകി കാന്‍സര്‍ ഇല്ലാതാക്കാനാവില്ലെന്ന് അവരും തിരിച്ചറിഞ്ഞിരിക്കുന്നു. ചാരിറ്റി അടിസ്ഥാനപരമായി ഒരു തരം തൊട്ടുതേപ്പാണ്. കേവലം ബാഹ്യശരീരത്തിലെ സൗന്ദര്യചികിത്സയാണതെന്ന് ചരിത്രം നമ്മോട് പറയുന്നു.

Charity, at best, is a cosmetic therapy. ലോകത്തെങ്ങും ദാരിദ്രനിര്‍മാര്‍ജ്ജനത്തിനോ തൊഴില്‍ ലഭ്യതയ്‌ക്കോ ചാരിറ്റി ഉതകിയിട്ടില്ല. ഒറ്റപ്പെട്ട സഹായങ്ങള്‍ അവിടെയുമിവിടെയും എത്തിക്കാനായേക്കാമെങ്കിലും അതുകൊണ്ട് മാത്രം അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലല്ലോ. ദുരിതം മികച്ച തോതില്‍ പരസ്യപ്പെടുത്തുന്നവര്‍ക്ക് മാത്രമെ സഹാനുഭൂതി പിടിച്ച് പറ്റാനാവൂ. സഹായം ആവശ്യമുള്ളവരെ അങ്ങോട്ടുചെന്ന് കണ്ടെത്താന്‍ ശ്രമിക്കുന്ന സമൂഹത്തില്‍ ഇത്തരമൊരു അവസ്ഥയുണ്ടാകില്ല. സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം സ്വീകരിക്കുന്നതും അയല്‍ക്കാരുടെയോ സഹപ്രവര്‍ത്തകരുടേയോ കരുണ പിടിച്ചു പറ്റുന്നതും തമ്മില്‍ ഗുണപരമായ വ്യത്യാസമുണ്ട്. ചുറ്റുമുള്ളവരുടെ സഹാനുഭൂതി ഭക്ഷിച്ച് ജീവിക്കുന്നവനില്‍ ആത്മനിന്ദ നിന്നു പുകയും. ജീവിതം ഒരു ഭിക്ഷയാകുമ്പോള്‍ തല താനെ കുനിഞ്ഞുപോകും. സഹായിച്ചതിനെക്കുറിച്ച് പ്രത്യക്ഷമായോ പരോക്ഷമായോ ഓര്‍മ്മിപ്പിക്കാതിരിക്കാന്‍ സഹായം ചെയ്തവര്‍ക്കാവില്ല. ഇത്തരം കാര്യങ്ങളില്‍ പൊതുവെ നിശബ്ദത പാലിക്കുന്നവര്‍പോലും വൈകാരികമായി പ്രകോപിപ്പിക്കപ്പെട്ടാല്‍ എല്ലാം പരസ്യമായി വിളിച്ചു പറയുന്നത് കാണാം. 


പൊതുവ്യവസ്ഥകളും ഘടനാപരമായ മാറ്റവും ഉരുത്തിരിയുന്നവരെ ആരെയും സഹായിക്കരുതെന്ന് വാദിക്കുന്നത് യുക്തിഹീനം തന്നെ. ഒരു റോഡപകടം സംഭവിച്ചാല്‍, മാരകരോഗത്തിന് അടിപ്പെട്ടാല്‍, കൈത്താങ്ങ് കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. സാമ്പത്തികശേഷി കുറഞ്ഞവരാണെങ്കില്‍ ചികിത്സച്ചെലവ് പ്രാണനെടുത്തുകളയും. അത്തരം സന്ദര്‍ഭങ്ങളില്‍ ഒഴുകിയെത്തുന്ന സഹായം ദുരിതബാധിതര്‍ക്ക് അമൂല്യമായി തോന്നും. ഇന്നലെ വരെ ദാനകര്‍മ്മങ്ങളോട് മുഖംതിരിഞ്ഞുനില്‍ക്കുന്നവരും സ്വന്തം കാര്യം വരുമ്പോള്‍ സഹായം സ്വീകരിക്കാന്‍ മടിക്കാറില്ല. കൊടുക്കുന്ന അത്ര പ്രയാസം വാങ്ങുന്നതിനില്ല എന്നതു തന്നെ കാരണം. അവയവദാനത്തെ മതപരമായ കാരണത്താല്‍ എതിര്‍ക്കുന്നവര്‍ അവയവങ്ങള്‍ക്കായി ക്യൂ നില്‍ക്കുന്നത് പോലെയാണിത്. ആരെങ്കിലും കൊടുത്താലേ തങ്ങള്‍ക്ക് വാങ്ങാനാവൂ എന്ന സാമാന്യതത്വമാണവര്‍ സൗകര്യപൂര്‍വം മറക്കുന്നത്. എന്നാല്‍ ദാനം ചെയ്യാതെ അവയവം ലഭ്യമാക്കാന്‍ ശാസ്ത്രത്തിനായാല്‍ ഇവിടെ പരിഹാരം ഉരുത്തിരിയും. അതാണ് ഈ പരിതോവസ്ഥയ്ക്കുള്ള സ്ഥായിയായ പരിഹാരവും. ശിഷ്ടവരുമാനമുണ്ടെങ്കിലേ ദാനം സാധ്യമാകൂ. രക്തദാനം, ചാരിറ്റി തുടങ്ങിയവ തങ്ങളുടെ ആരോഗ്യത്തെയും അതിജീവനശേഷിയേയും സാരമായി ബാധിക്കുമെന്ന ആശങ്കയും ദാനശീലംപോലെ മനുഷ്യസഹജമാണ്. ഒറ്റപ്പെട്ട സംഭവങ്ങളില്‍ വിജയകരമാകുന്ന ചാരിറ്റി പൊതുഫലമുണ്ടാക്കുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഒരു കാരണമിതാണ്.

ക്ഷേമപ്രവര്‍ത്തനം അതിജീവനതന്ത്രമായി ഉപയോഗിക്കുന്ന പ്രവണത ഇന്ന് ശക്തമായി വരികയാണ്. അന്യരെ സഹായിക്കുന്നതിലൂടെ സ്വയം സഹായിക്കുക എന്നതാണ് ആ മുദ്രാവാക്യം. മതവും ആള്‍ദൈവങ്ങളും ക്രിമിനലുകളും അക്കാര്യത്തില്‍ അതിവേഗം ബഹുദൂരം മുന്നേറിയിട്ടുണ്ട്. ഒരു തിരിച്ചുപോക്ക് അസാദ്ധ്യമാംവിധം കോര്‍പ്പറേറ്റ് അജണ്ടയിലെ മുഖ്യയിനമായി ക്ഷേമപ്രവര്‍ത്തനം മാറിക്കഴിഞ്ഞു. ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാനായി വാങ്ങുന്നവന്റെ ദാനശീലവും സഹാനുഭൂതിയും കൂടി ചൂഷണം ചെയ്യാമെന്ന് തല്‍പ്പരകക്ഷികള്‍ തിരിച്ചറിയുന്നു. കറിപൗഡറുകളും അനുബന്ധ ഉത്പ്പന്നങ്ങളും വാങ്ങുമ്പോള്‍ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ കൂടി നിങ്ങള്‍ പങ്കാളിയാകുകയാണ് എന്ന് പരസ്യം ചെയ്യുന്നവര്‍ വാസ്തവത്തില്‍ ഉപഭോക്താവിന്റെ ചെലവില്‍ നിര്‍ലജ്ജം കര്‍ണ്ണന്‍ കളിക്കുകയാണ്; ഒപ്പം സ്വന്തം കച്ചവടസാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും. ഞങ്ങളുടെ ഉത്പ്പന്നം വാങ്ങിയാല്‍ അതനുസരിച്ച് കൂടുതല്‍പ്പേര്‍ക്ക് കാരുണ്യസഹായം ലഭിക്കും, മറ്റ് കമ്പനിക്കാരന്റെ ഉത്പ്പന്നങ്ങള്‍ വാങ്ങിയാല്‍ അതുണ്ടാവില്ല എന്നാണ് ഇവിടെ കൈമാറപ്പെടുന്ന പരോക്ഷസന്ദേശം. 


കേരള സര്‍ക്കാര്‍ ലോട്ടറി വില്‍ക്കാന്‍ ഇതേ തന്ത്രം പയറ്റുന്നത് കാണുക. ലോട്ടറി വില്‍ക്കുകയല്ല രോഗികളെ സഹായിക്കുകയാണ് എന്നാണ് പരസ്യവാചകം. പൊരിച്ച മീന്‍ തിന്നുന്നത് പൂച്ചയ്ക്ക് മുള്ളു കൊടുക്കാനെണെന്ന് മേളം മസാലക്കാരും കാരുണ്യ ലോട്ടറിക്കാരും വാദിക്കുന്നത്. ചൂതാട്ടം തെറ്റായിരിക്കാം, പക്ഷെ ലാഭവിഹിതം ജീവകാരുണ്യത്തിനായി നീക്കിവെച്ചാല്‍ അത് സമൂഹത്തില്‍ നന്മ പ്രസരിപ്പിക്കില്ലേ?! മണിച്ചനും ഹാജിമസ്താനും ഇതേ ചോദ്യമാണ് നമ്മോട് ചോദിച്ചത്. ഭാവിയില്‍ മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെ ഏത് ഉത്പ്പന്നവും വില്‍ക്കാന്‍ ജീവകാരുണ്യപ്രവര്‍ത്തനം വാഗ്ദാനം ചെയ്യപ്പെട്ടുകൂടെന്നില്ല. ദരിദ്രരായ കരള്‍രോഗികളെ സഹായിക്കാന്‍ ചികിത്സാഫണ്ട് വാഗ്ദാനം ചെയ്യുന്ന മദ്യരാജാക്കന്‍മാരെ പ്രതീക്ഷിക്കേണ്ടിവരുമെന്ന് സാരം. നിയമാനുസരണമുള്ള ബിസിനസ്സ് മാത്രം ചെയ്യുന്നവരുടെ ഉറക്കം കെടുത്താന്‍ പര്യാപ്തമാണ് ഇത്തരം കാരുണ്യതന്ത്രങ്ങള്‍. കുറ്റകൃത്യങ്ങള്‍ മറയ്ക്കാനും കള്ളപ്പണം വെളുപ്പിക്കാനും സമ്പന്നര്‍ ദാനകര്‍മ്മങ്ങള്‍ മറയ്ക്കാമ്പോള്‍ ദരിദ്രകര്‍ണ്ണന്‍മാര്‍ സ്വയം ശപിച്ച് പോകുന്നു. 

ചാരിറ്റി ക്യൂന്‍ എന്നറിയപ്പെടുന്ന മദര്‍ തെരേസയെ പോലുള്ളവര്‍ ദാനകര്‍മ്മങ്ങളിലൂടെ മതപ്രചരണരംഗത്ത് കണ്ണഞ്ചിക്കുന്ന നേട്ടം കൊയ്തവരാണ്. ദരിദ്രരെക്കാള്‍ ദാരിദ്രത്തെ സ്‌നേഹിച്ചുവെന്ന വ്യാപകമായ ആരോപണം അവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങളെല്ലാം സ്ഥിരീകരിക്കുന്ന പ്രസ്താവനകള്‍ അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ക്രിസ്തുകൃപയാല്‍ ദാരിദ്ര്യം തങ്ങളുടെ വിധിയായി സ്വീകരിച്ച് ജീവിക്കുകയെന്നത് ദരിദ്രരെ സംബന്ധിച്ചിടത്തോളം അതിമനോഹരമായ ഒരു കാര്യമാണെന്നും നിസ്വരുടെ യാതനകള്‍ മൂലം ലോകത്തിന് വലിയ നേട്ടമുണ്ടാകുന്നുമെന്നാണ് 1981 ല്‍ അവര്‍ ഒരു പത്രസമ്മേളനത്തില്‍ സ്‌നേഹമസൃണമായി തട്ടിവിട്ടത്('I think it is very beautiful for the poor to accept their lot, to share it with the passion of Christ. I think the world is being much helped by the suffering of the poor people.'). തരംതാണ ചികിത്സയിലൂടെ രോഗങ്ങളെ മന:പൂര്‍വം മൂര്‍ച്ഛിപ്പിച്ച് കാട്ടി ലോകശ്രദ്ധയും പണവും പിടിച്ച് പറ്റാന്‍ ശ്രമിച്ചതിന് അനുഭവസാക്ഷ്യങ്ങളുണ്ട്. അവരുടെ ജന്മദേശമായ പഴയ യൂഗോസ്‌ളാവിയ ദരിദ്രരെ കൊണ്ട് അതിസമ്പന്നമായിരുന്നിട്ടും ഇന്ത്യയിലേക്ക് ചേക്കേറിയതിന്റെ പിന്നില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം മാത്രമല്ല ലക്ഷ്യമെന്ന് വ്യക്തമാണല്ലോ. 

ശതകോടികളുടെ സംഭാവന സ്വീകരിച്ചിരുന്ന മദര്‍ തെരേസ ഈ പണത്തിന് കൃത്യമായ രേഖകള്‍ സൂക്ഷിക്കുകയോ അക്കൗണ്ടിംഗിന് വിധേയമാക്കുകയോ ചെയ്തിട്ടില്ലെന്ന് ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് എഴുതുന്നുണ്ട്. 1991 ല്‍ ജര്‍മ്മന്‍ മാഗസിനായ സ്റ്റേണ്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ മദറിന്റെ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടന സ്വീകരിച്ച ഫണ്ടില്‍ കേവലം ഏഴ് ശതമാനം മാത്രമാണ് ചാരിറ്റിക്കായി ചെലവഴിച്ചതെന്ന് കണ്ടെത്തുകയുണ്ടായി. ഹെയ്തി സ്വച്ഛാതിപധി ഡ്യൂവലിയ(Jean-Claude 'Baby Doc' Duvalier) സ്വന്തം ജനതയെ നിഷ്ഠൂരമായി ചൂഷണംചെയ്തുണ്ടാക്കിയ സമ്പത്തില്‍ നിന്ന് സംഭാവന സ്വീകരിക്കാന്‍ മടിക്കാതിരുന്ന മദര്‍ തെരേസ സ്ഥാനഭ്രഷ്ടനായ ഡുവാലിയ രാജ്യത്തെ കൊള്ളയടിച്ച കാര്യമറിഞ്ഞപ്പോള്‍ സംഭാവന ആര് തന്നാലും സ്വീകാര്യമാണെന്ന നിലപാടാണെടുത്തത്. 


1990 കളില്‍ ചാള്‍സ് കീറ്റിംഗ്(Charles Keating) എന്ന കുപ്രസിദ്ധ അമേരിക്കന്‍ ബാങ്കറില്‍ നിന്നും മദര്‍ തെരേസ 75 ലക്ഷം രൂപ സംഭാവന വാങ്ങിയിരുന്നു. കീറ്റിംഗ് സാമ്പത്തിക കുറ്റവാളിയായാണെന്ന് പിന്നീട് കോടതി കണ്ടെത്തിയപ്പോള്‍ പണം തിരിച്ച് കൊടുക്കാന്‍ വ്യാപകമായ സമ്മര്‍ദ്ദമുണ്ടായിട്ടും അവര്‍ നിശബ്ദത പാലിച്ചുവെന്ന് മാത്രമല്ല തനിക്ക് സംഭാവന നല്‍കിയ കീറ്റിംഗിനെ കുറ്റവിമുക്തനാക്കാന്‍ കോടതിയോട് അപേക്ഷിക്കുകയാണ് ചെയ്തത്. തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് 450 ദശലക്ഷം പൗണ്ട് കൊള്ളയടിച്ച റോബര്‍ട്ട് മാക്‌സ് വെല്‍(Robert Max well) എന്ന ബ്രിട്ടീഷ് പ്രസാധകനില്‍ നിന്ന് വാങ്ങിയ കൂറ്റന്‍ സംഭാവനയും മദര്‍ തിരിച്ച് നല്‍കിയില്ല. അല്‍ബേനിയയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന എന്‍വര്‍ ഓജയുടെ മനുഷ്യാവകാശ ലംഘനവും മതത്തിനെതിരെയുള്ള അടിച്ചമര്‍ത്തലും വിമര്‍ശിക്കാന്‍ അവര്‍ തയ്യാറാകാതിരുന്നതും ഇതേ കാരണത്താലാണെന്ന നിരീക്ഷണമുണ്ട്. മിഷനറീസ് ഓഫ് ചാരിറ്റിക്ക് സംഭാവന നല്‍കിയവര്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ മദര്‍ തെരേസയ്ക്ക് നേരിട്ട് പങ്കില്ലായിരുന്നുവെങ്കിലും അത്തരം കുറ്റകൃത്യങ്ങളെ വിമര്‍ശിക്കാനോ സംഭാവന തിരിച്ച് നല്‍കാന്‍ തയ്യാറാകാതെ സംഭാവന ചെയ്തതിന്റെ പേരില്‍ ഇവരെ വെറുതെ വിടണമെന്ന വിചിത്രവാദമാണ് മദര്‍ തെരേസ ഉന്നയിച്ചത്. പണം വരുന്ന വഴി അവര്‍ക്ക് പ്രശ്‌നമായിരുന്നില്ല. 

ദാനശീലം എക്കാലത്തും രാഷ്ട്രീയശരി(political correctness) ആയി നിലകൊള്ളും. ജനത്തെ വൈകാരികമായി ചലിപ്പിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകരമാണ്. ദാനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതും വൈകാരികമായും സാമൂഹികപരമായും നമുക്ക് ഗുണകരമായി ഭവിച്ചേക്കും. അതിനെ വിമര്‍ശനാത്മകമായി വിശകലനം ചെയ്താല്‍ വില്ലനാക്കപ്പെടാനും സാധ്യതയേറെയാണ്. ദാനം ചെയ്യുന്നവന്‍ അതിനനുസരണമായ യശസ്സും കൃതജ്ഞതയും തിരിച്ച് പ്രതീക്ഷിക്കുന്നതില്‍ തെറ്റ് കണ്ടെത്താനാവില്ല. വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും സമൂഹത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുകയെന്നത് മനുഷ്യസഹജമാണ്. നിഷ്‌ക്കാമകര്‍മ്മം കേവലമായ മതഫലിതം മാത്രമാണ്. പരോപകാരവും സഹാനുഭൂതിയും പരസ്പരം വര്‍ഷിക്കുന്നത് ഫലത്തില്‍ ഒരു ജാലികപ്രവര്‍ത്തനമായി മാറാറുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കു പോലും പ്രതിഫലസാധ്യത ഏറെയാണ്. ദാനംചെയ്യാന്‍ ദാനബോധം ഉണ്ടാകേണ്ട കാര്യമില്ലെന്നും പ്രായോഗികബുദ്ധി പലപ്പോഴും നിങ്ങളെ അവിടെ എത്തിക്കും എന്നുമാണ് അപ്പറഞ്ഞതിന്റെ അര്‍ത്ഥം. 

പക്ഷെ ദാനകര്‍മ്മങ്ങള്‍ ഒരിക്കലും ക്ഷേമരാഷ്ട്രം നിര്‍മ്മിക്കുകയില്ല. കൊടുത്തും വാങ്ങിച്ചും മുമ്പോട്ടുപോകുമ്പോള്‍ അസമത്വങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടും. ദാനത്തിലൂടെ വികസിച്ച ഒരു സമൂഹത്തെയോ ജനവിഭാഗത്തെയോ ചൂണ്ടിക്കാണിക്കാനാവില്ല. ദാനം വിജയിയേയും പരാജിതനേയും ഉത്പ്പാദിപ്പിക്കുമെന്നറിയണം. കൊടുക്കുന്നവന് ഹര്‍ഷവും ഉന്നതിയുമുണ്ടാകുമ്പോള്‍ വാങ്ങുന്നവനും കൊടുക്കാനാവാത്തവനും ആത്മനിന്ദാബോധത്തിന് അടിപ്പെടുന്നു. കര്‍ണ്ണന്‍ കവചകുണ്ഡലങ്ങള്‍ ദാനമായി അറുത്തുനല്‍കി,ദ്രോണരാകട്ടെ പെരുവിരല്‍ വാങ്ങിയെടുത്തു. ദാനത്തിലൂടെ നിലവിലുള്ള അവസ്ഥകള്‍ നിലനിര്‍ത്തപ്പെട്ടു. പൊളിച്ചെഴുത്തിന്റെ സാധ്യതകള്‍ അട്ടിമറിക്കപ്പെട്ടു. കര്‍ണ്ണന്റെ ദാനശീലം അദ്ദേഹത്തെ കീര്‍ത്തിമാനാക്കി-പക്ഷെ നേട്ടം അതിലൊതുങ്ങി. എല്ലാവരും വിജയിക്കുന്ന, ആരും തോല്‍ക്കാത്ത പൊതു സാഹചര്യങ്ങളും അവസരങ്ങളും നിര്‍മ്മിച്ചാണ് ക്ഷേമരാഷ്ട്രം പടുത്തുയര്‍ത്തേണ്ടത്. അതിനാവശ്യമായ സാമൂഹിക ആസൂത്രണമുണ്ടാകണം. ആതുരതകള്‍ക്ക് സ്ഥായിയായ പരിഹാരം വരുന്നത് അപ്പോള്‍ മാത്രമാണ്. പണം കൊടുത്ത് സാമൂഹികരോഗങ്ങള്‍ ചികിത്സിക്കാമെന്ന് കരുതുന്നത് അബദ്ധമാണ്. ബാക്കിവരുന്ന മത്സ്യം ദാനമായി കൊടുക്കുകയല്ല മറിച്ച് മീന്‍ പിടിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടത്-അതിനുള്ള വലയും വള്ളവുമൊരുക്കണം.(This article was published in Yukthiyugam July, 2013)


No comments: