ശാസ്ത്രം വെളിച്ചമാകുന്നു

Sunday 25 September 2011

15.സംഘഗാനാലാപനം

ആദ്യമായാണ് രാജാവ് ഗ്രാമത്തിലെത്തിയത്. സ്വീകരിക്കാനായി തങ്ങള്‍ വിളയിച്ച കാര്‍ഷികവിളകള്‍ സമ്മാനവുമായി ഗ്രാമീണര്‍ നിരനിരയായി രാവിലെ മുതല്‍ കാത്തുനില്‍ക്കുന്നും. രാജാവ് ആധുനികയുഗത്തിലെ 'മന്ത്രിക്ക് പഠിക്കുന്ന' ആളാണെന്ന് തോന്നുന്നു; നേരമേറെയായിട്ടും സ്ഥലത്തെത്തിയിട്ടില്ല! ജനം അക്ഷമരായി. ഇരുന്നു-നിന്നു-കിടന്നു. അവസാനം ഏറെ വൈകി രാജാവെത്തി. രാജാവിനെ സ്വീകരിക്കുന്നവരുടെ നിരയില്‍ ഗ്രാമപ്രമുഖര്‍ക്കും പ്രമാണികള്‍ക്കുമാണ് സ്ഥാനം. സ്വീകരണപരിപാടി ആരംഭിച്ചു. നിരയുടെ മുന്നില്‍നിന്ന നാടുവാഴി ഒരു നേന്ത്രക്കുലയുമായി രാജാവിനെ വന്ദിക്കാനായി മുന്നോട്ടടുത്തു. സന്തോഷചിത്തനായി രാജാവും.

വിധിവൈപരീത്യമെന്നേ പറയാവൂ, ആ സമയം ക്ഷണിക്കപ്പെടാത്ത അതിഥിയെപോലെ ഒരു കൊതുക് നാടുവാഴിയുടെ ആസനത്തില്‍ ആഞ്ഞുകുത്തി. കുത്തേറ്റതും നാടുവാഴി അറിയാതെ നിലവിളിച്ചുപോയി. പക്ഷെ രാജഭയം കൊണ്ടാവണം ശബ്ദം പുറത്തുവന്നില്ല. എങ്കിലും അദ്ദേഹം അറിയാതെ നേന്ത്രക്കുല താഴെവെച്ച് സ്വന്തം ആസനത്തിലടിച്ച് കൊതുകിനെ കൊന്നു. എന്നിട്ട് കുല വീണ്ടും കയ്യിലിടെത്ത് ഭയഭവ്യതയോടെ രാജാവിന് സമ്മാനിച്ചു. സത്യത്തില്‍ അടിയുടെ ശബ്ദവും കുല തറയില്‍ വെച്ചതുമൊക്കെ കണ്ട് രാജാവ് അമ്പരന്നു. നാട്ടുനടപ്പെന്ന് കരുതി അദ്ദേഹം സമാധാനിച്ചു.

'സാംസ്‌ക്കാരികവൈവിധ്യം' അഥവാ Cultural diversity എന്ന പദമായിരിക്കും അദ്ദേഹത്തിനപ്പോള്‍ ഓര്‍മ്മവന്നത്. ഒരുപക്ഷെ ഈ നാട്ടില്‍ ഇങ്ങനെയായിരിക്കാം. നാടുവാഴി സമ്മാനം സമര്‍പ്പിച്ച രീതി പിന്നില്‍ നിന്നവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരാരും മുമ്പ് രാജാവിന് സമ്മാനം കൊടുത്ത് പരിചയമുള്ളവരല്ല. സ്വഭാവികമായും നാടുവാഴി കാട്ടികൂട്ടിയതൊക്കെ അവരും അക്ഷരംപ്രതി പാലിക്കാന്‍ തുടങ്ങി. പിന്നെയെത്തിയ ആളുടെ കയ്യില്‍ ഒരു ചക്കയായിരുന്നു. രാജാവിന്റെ മുന്നിലെത്തിയതും ചക്ക തറയില്‍ വെച്ച് അയാള്‍ തിരിഞ്ഞു നിന്ന് സ്വന്തം ആസനമര്‍ദ്ദനം നടത്തി. എന്നിട്ട് ഒന്നും സംഭവിക്കാത്തുപോലെ ചക്കയെടുത്ത് രാജാവിന് സമ്മാനിച്ചു. പിറകെ വന്നവരെല്ലാം ഇതേ രീതി പിന്തുടര്‍ന്നു. എല്ലാവരും ആസനതാഡനം നടത്തിയശേഷമാണ് സമ്മാനദാനം നിര്‍വഹിച്ചത്. പിന്നീടങ്ങോട്ട് വിശിഷ്ടവ്യക്തികളെ ആദരിക്കുമ്പോഴൊക്കെ ആ ഗ്രാമത്തില്‍ ഇതൊരു ചടങ്ങായിത്തീര്‍ന്നു. ഏതാണീ ഗ്രാമം? ഏതു ഗ്രാമവുമാകാം. ഏതാണീ ആചാരം? ഏതാചാരവുമാകാം.

പക്ഷെ നാമിവിടെ നേരില്‍ക്കാണുന്നത് മതവിശ്വാസത്തിന്റെ അടിസ്ഥാനവ്യാകരണമാണ്.
മതം അര്‍ത്ഥമറിയാതെ ആലപിക്കപ്പെടുന്ന ഒരു സംഘഗാനമാകുന്നു. അത് കൈമാറിക്കിട്ടുന്ന ഒരു പകര്‍ച്ചവ്യാധിയാണ്. പക്ഷെ കൈമറിഞ്ഞു കയ്യിലെത്തുമ്പോള്‍ പരിശോധിക്കാനാവില്ലെന്നതാണ് മതത്തിന്റെ സ്ഥാപനരഹസ്യങ്ങളിലൊന്ന്. വാര്‍ക്കപണിയില്‍ കോണ്‍ക്രീറ്റു കൂട്ടി ചട്ടിയില്‍ കൈമാറുന്നതുപോലെയാണ് മതം തലമുറകളിലേക്ക് പകരുന്നത്. മുതുമുത്തച്ഛന്‍ ചട്ടിയെടുത്ത് മുത്തച്ഛന് കൈമാറുന്നു, മുത്തച്ഛനത് അപ്പടി അച്ഛന് കൊടുക്കുന്നു, അച്ഛന്‍ മകന് കൈമാറുന്നു, വാശിയോടെ മകനത് പേരക്കുട്ടിയുടെ തലയില്‍ കയറ്റിവെക്കുന്നു. ഏവരും ജീവിതാന്ത്യംവരെ അത് ചുമക്കുന്നു;ചുമക്കുന്നതില്‍ അഭിമാനിക്കുന്നു. പക്ഷെ ചട്ടിയിലെന്തെന്ന് മാത്രം ആരും നോക്കുന്നില്ല; അതിനവര്‍ക്ക് അവകാശമില്ല. എന്നാല്‍ വൈകിയെങ്കിലും ചിലരത് പരിശോധിക്കുന്നു. സത്യം തിരിച്ചറിയുന്നവര്‍ ക്രമേണ ചട്ടി കയ്യൊഴിയും. അതിന് ബുദ്ധിമുട്ടുള്ളവര്‍ 'വ്യാഖ്യാനഫാക്ടറി'യുടെ യൂണിറ്റുകള്‍ തുറന്ന് ഉപജീവനം നടത്തുന്നു. മറ്റ് ചിലരാകട്ടെ, ചട്ടിയില്‍ കോണ്‍ക്രീറ്റല്ല തനിതങ്കമാണെന്ന് വാശിപിടിക്കുന്നു-മതഭീകരവാദം ജനിക്കുന്നു.

പ്രകൃതി എന്ന അത്ഭുതം

പ്രകൃതിയില്‍ നിറയെ അത്ഭുതങ്ങളാണെന്നും അതിന്റെ ക്രെഡിറ്റ് മതദൈവത്തിനാണെന്നുമാണ് മതപ്രചരണം. അജ്ഞത മതദൈവത്തിന്റെ ഇഷ്ടാഹാരമാണ്. 'ദൈവത്തിന്റെ അടയാളമായ' മഴവില്ല് ഒരിക്കല്‍ മഹാത്ഭുതമായിരുന്നു. പിന്നീട് ശാസ്ത്രമതിനെ അത്ഭുതമല്ലാതാക്കി. മഴവില്ല് എന്താണെന്ന് വിശദീകരിച്ചതിലൂടെ ന്യൂട്ടണ്‍ അതിന്റെ കാല്‍പ്പനിക സൗന്ദര്യവും കമനീയതയും നഷ്ടപ്പെടുത്തിയെന്നായിരുന്നു ജോണ്‍ കീറ്റ്‌സിന്റെ പരാതി! പ്രപഞ്ചത്തെപ്പറ്റി മുഴുവന്‍ മനസ്സിലാക്കാന്‍ ഇന്നും ശാസ്ത്രത്തിനായിട്ടില്ല. ശാസ്ത്രത്തിന്റെ ന്യൂനതകള്‍ മതം സ്വന്തം കരുത്തായെടുക്കും. ശാസ്ത്രത്തിന് ഉത്തരമില്ലാത്തതാണ് മതദൈവത്തിന്റെ കരുത്തെന്ന വികലമായ സമവാക്യം മതം ഉയര്‍ത്തിപ്പിടിക്കും. മതദൈവത്തിന് എല്ലാമറിയാം;പക്ഷെ ഒന്നും പറയില്ല. ശാസ്ത്രം നാളെ അറിയുന്നത് മതദൈവത്തിന് പണ്ടേ അറിയാം. അറിയാവുന്ന കാര്യം മുന്‍കൂട്ടി പറയുന്ന ശീലം ഈ ആകാശപൗരനില്ല. സംഭവിച്ചു കഴിഞ്ഞ് അറിഞ്ഞുകൊള്ളണം-എന്നതാണ് ലോകമെമ്പാടും മതദൈവങ്ങള്‍ പൊതുവില്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട്.

''മതദൈവത്തിന് എല്ലാമറിയാമെന്ന് പറഞ്ഞുകഴിഞ്ഞു,എന്തൊക്കെയെന്ന് കണ്ടെത്തേണ്ടത് ശാസ്ത്രത്തിന്റെ ജോലിയാണ്''-മതം മൊഴിയും. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം ഒന്നും അത്ഭുതമല്ല. നിസ്സാരമോ ഉദാത്തമോ സുന്ദരമോ വിരൂപമായോ ആയി യാതൊന്നുമില്ല. ഒക്കെ 'മധ്യലോക'ത്ത് വസിക്കുന്ന മനുഷ്യന്റെ ഭ്രമകല്‍പ്പനകളാണ്. എല്ലാം ദ്രവ്യത്തിന്റെ വിഭിന്ന ഊര്‍ജ്ജനിലകള്‍ മാത്രം. അത്ഭുതാവസ്ഥ ആപേക്ഷികമാകുന്നു. ഇന്നത്തെ അത്ഭുതം നാളത്തെ യാഥാര്‍ത്ഥ്യമാകും. പ്രകൃതിയുടെ ഭാവവും പ്രതികരണവും മനുഷ്യമനസ്സിന്റെ വൈകാരികഭാവന മാത്രം. ഒരേസമയം നമ്മുടെ വിവാഹവസ്ത്രവും ശവക്കച്ചയുമായി പ്രകൃതി മാറുമെന്ന് ആംഗലേയകവി കോളറിഡ്ജ് പാടുന്നു:
O Lady,!we receieve but what we give,
And in our life alone does Nature live:
Ours is her wedding garment, ours her shroud!
(Dejection:An Ode)
പ്രകൃതി നിസ്സംഗമാണ്;പ്രകൃതിയിലെ അത്ഭുതങ്ങള്‍ മനുഷ്യഭാവനയുടെ പരിമിതിയും. ആ പരിമിതിയാണ് ദൈവവും പ്രേതവും പോലുള്ള കഥാപത്രങ്ങളെ സൃഷ്ടിച്ചത്.

ഭൗമാന്തര്‍ഭാഗത്ത് ഉരുത്തിരിഞ്ഞുവരുന്ന അധിക ഊര്‍ജ്ജം(Excess Energy) പുറത്തുവിടാന്‍ ഭൂമി ശ്രമിക്കുമ്പോഴാണ് ഭൂകമ്പവും അഗ്നിപര്‍വ്വതസ്‌ഫോടനവും സുനാമിയുമൊക്കെ ഉണ്ടാകുന്നത്. ഈ അധിക ഊര്‍ജ്ജം പ്രകമ്പനങ്ങളായും പദാര്‍ത്ഥങ്ങളായും പുറത്തുവിട്ടില്ലെങ്കില്‍ അത് ഭൂമിയുടെ ഘടനാപരമായ നിലനില്‍പ്പിനെ ബാധിക്കും. ഭൂമി ചെറുതായൊന്ന് 'ഇളകിയിരിക്കുമ്പോള്‍' നമുക്കത് ലോകാവസാനമായി തോന്നും. ദ്രവ്യവും ഊര്‍ജ്ജവുമായി പ്രപഞ്ചം നടത്തുന്ന ഒളിച്ചുകളിയാണ് ഭൗതിക യാഥാര്‍ത്ഥ്യം. ഘനീഭവിച്ച ഊര്‍ജ്ജമാണല്ലോ ദ്രവ്യം. ഒരു ദ്രവ്യകേന്ദ്രമായ ഭൂമി സ്വയം ക്രമീകരിച്ചില്ലെങ്കില്‍ അത് നമ്മെയും ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ആ നിലയ്ക്ക് സുനാമിയേയും ഭൂകമ്പത്തേയും നല്ല കാര്യങ്ങളായും കാണാം. ഭൂകമ്പങ്ങളുടെ 95 ശതമാനത്തിലധികവും നടക്കുന്നത് കടലിന്നടിയിലാണ്. നമുക്കതില്‍ വേവലാതിയില്ല. മനുഷ്യന് ഇഷ്ടമല്ലാത്തതുകൊണ്ട് മാത്രം ഒന്നും മോശമാകുന്നില്ല. അവനജ്ഞാതമായതുകൊണ്ട് ഒന്നും അത്ഭുതവുമാകുന്നില്ല. അത്ഭുതങ്ങള്‍ സംഭവ്യതയുടെ അതിര്‍ത്തിക്കുള്ളില്‍ നില്‍ക്കുന്ന സംഭവങ്ങളാകുന്നു. മനുഷ്യജീവിതത്തില്‍ തീര്‍ച്ചയായും അത്ഭുതങ്ങളുണ്ട്. അത് നമ്മുടെ സ്വകാര്യവിഷയം മാത്രം;പ്രപഞ്ചപദ്ധതിയുടെ ഭാഗമായതിനെ കാണാനാവില്ല.

ദൈവം സത്യം അസത്യം അദൈവം
അറിവും ചിന്തയും വൈയക്തികവും ആത്മനിഷ്ഠമാകുന്നു. വിശ്വാസിയുടെ കാര്യത്തിലിത് കൂടുതല്‍ രൂക്ഷമാകും. മതദൈവങ്ങളെല്ലാം മനുഷ്യരെയും ഭൂമിയേയും കേന്ദ്രീകരിച്ചുള്ളവയാണ്. നിലവിലുണ്ടായിരുന്ന ജ്ഞാനസങ്കല്‍പ്പവുമായി പൊരുത്തപ്പെട്ടിരുന്നതിനാല്‍ അത്തരം പ്രപഞ്ചവീക്ഷണം ഒരുകാലത്ത് സാധുവായിരുന്നു. പ്രപഞ്ചസങ്കല്‍പ്പം മാറിയിട്ടും മതദൈവങ്ങളുടെ രൂപവും ഭാവവും മാറിയില്ല,അവരുടെ ജ്ഞാനതലം വികസിച്ചതുമില്ല. ആഗ്രഹത്തിനും സൗകര്യത്തിനുമനുസരിച്ച് പ്രപഞ്ചത്തെ നിര്‍വ്വചിക്കാനാണ് മതവിശ്വാസിക്ക് താല്പര്യം. ഞാന്‍ അനുഭവിച്ചതാണ്,വിശദീകരിക്കാനാവില്ല-എന്നൊക്കെ വിശ്വാസി പറഞ്ഞുതുടങ്ങിയാല്‍ ചര്‍ച്ച അവിടെ സംസ്‌കരിക്കണം. ഉദാത്തമായതെല്ലാം വിശ്വാസിക്ക് ദൈവമാണ്. വികൃതവും ദുഷിച്ചതുമായവ അദൈവവും. സംഗീതം ദൈവമാണ്, ജ്ഞാനം ദൈവമാണ്, സത്യം, സൗന്ദര്യം, സ്‌നേഹം...ഒക്കെ ദൈവമാണ്. ഇതൊക്കെ മരണംവരെ ആവര്‍ത്തിക്കാന്‍ മതവിശ്വാസി ശ്രദ്ധിക്കും. തെളിവ്? അങ്ങനെയൊന്നുമില്ല;പണ്ടേ പറയുന്നു,പറഞ്ഞുപോകാന്‍ രസമുണ്ട്.

സംഗീതമല്ലാത്തതായി(Non-Musical) എന്തെങ്കിലും പ്രപഞ്ചത്തിലുണ്ടോ എന്നയാള്‍ അന്വേഷിക്കുന്നില്ല. അഥവാ ഉണ്ടെങ്കില്‍ അതാരുടെ സൃഷ്ടിയാണെന്ന് ആരായുകയുമില്ല. സത്യവും സൗന്ദര്യവും ദൈവമാണെങ്കില്‍ അസത്യത്തിനും വൈരൂപ്യത്തിനും മറ്റൊരു കാരണമുണ്ടായിക്കൂടാ. എല്ലാത്തിന്റേയും കാരണം അവനാണ്, എല്ലാം അവന്റേതാണ്. ഉണ്മ അവന്റേതെങ്കില്‍ അഭാവവും അവന് സ്വന്തം. അവനറിയാതെ ഒന്നുമുണ്ടാകുന്നില്ല. ശ്രുതിയും അപശ്രുതിയും ദൈവം തന്നെയാകുന്നു. സത്യവും അസത്യവും അവന്റെ യോഗ്യതകളാകുന്നു.

ഒരു പിഞ്ചുകുഞ്ഞിനെ കുഴല്‍ക്കിണര്‍ കുഴിയിലേക്ക് തള്ളിയിടുന്നത് ആരെന്നറിയില്ല. എന്നാല്‍ രക്ഷിക്കുന്നത് പ്രാര്‍ത്ഥന സ്വീകരിക്കുന്ന മതദൈവങ്ങളായിരിക്കും!! പാവം പണ്‍കുട്ടികളെ കൂട്ട ബലാല്‍ക്കാരം നടത്തുന്നത് ആരുടെ അനുഗ്രഹാശ്ശിസുകളോടെയാണെന്ന് വിശ്വാസിക്കറിയില്ല. പക്ഷെ രക്ഷപെട്ടാല്‍ അത് 'ദൈവലീല'യാകും. പ്രാര്‍ത്ഥന കേള്‍ക്കാന്‍വേണ്ടി മാത്രമായി മതദൈവം ആസൂത്രണംചെയ്ത ക്രൂരതകളാണോ അത്? കാരുണ്യവാനായ ദൈവത്തിന് ഇവയെല്ലാം വേണമെങ്കില്‍ തടയാവുന്നതാണ്. ജനം തീ തിന്നുന്നത് കാണാനുള്ള കൗതുകം ദൈവത്തിനുണ്ടെന്ന് ആരോപിക്കാനാവില്ല. പിടികിട്ടാപ്പുള്ളി അറസ്റ്റിലായാല്‍ പിടിച്ചത് ദൈവമാണെന്ന് വാദിക്കുന്നവര്‍ കുറ്റം ചെയ്യിച്ചതും ഭദ്രമായി ഒളിപ്പിച്ചതും അവനല്ലെന്ന് പറയുമോ? സത്യം തെളിയിക്കുന്നത് ദൈവമാണെങ്കില്‍ തെളിയാത്ത കേസുകളും രക്ഷപെടുന്ന കുറ്റവാളികളും നല്‍കുന്ന സന്ദേശംകൂടി തിരിച്ചറിയേണ്ടേ?! അപകടത്തില്‍നിന്ന് രക്ഷപെടുന്ന വിശ്വാസി മതപരിശീലനമനുസരിച്ച് 'ദൈവാനുഗ്രഹ'മെന്ന് വിലയിരുത്തും. മരിച്ചാല്‍ 'ദൈവം വിളിച്ചു' എന്ന് ടിയാന്റെ വിശ്വാസികളായി ബന്ധുക്കള്‍ ആശ്വസിക്കും. അതല്ലാതെ മറ്റ് വഴിയില്ല. ദൈവം സ്‌നേഹിച്ചിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാക്കപ്പെട്ടേനെ.

അപകടത്തില്‍പ്പെട്ടവര്‍ക്കെല്ലാം 'ദൈവശിക്ഷ'കിട്ടിയെന്ന് വാദിച്ചാല്‍ കണ്ടുനിന്നവരും രക്ഷപെട്ടവരും കേമന്‍മാരാകും. ഒന്നും ചോദിക്കുകയല്ല മറിച്ച് തന്നതിന് ദൈവത്തോട് 'നന്ദി'പറഞ്ഞ് തളരുകയാണെന്നാണ് ഭക്തന്റെ മറ്റൊരു വാദം. പിഞ്ചുകുട്ടികള്‍ക്ക് അകാലദുരന്തമുണ്ടാകുമ്പോള്‍ ദൈവം നേരത്തേ വിളിച്ചെന്ന് മതം ഫലിതം പറയും. എന്നാല്‍ സ്വര്‍ഗ്ഗത്തെത്തി ദൈവത്തിനൊപ്പം വസിക്കാന്‍ അവസരമുണ്ടാകുന്നവരെയോര്‍ത്ത് ആനന്ദിക്കാതെ കരള് പിളര്‍ക്കുന്ന ഭൗതികദു:ഖവുമായി ആത്മീയവാദികള്‍ വിതുമ്പും. രോഗം അയക്കുന്ന ദൈവത്തിന്റെ തീരുമാനം മതവിശ്വാസി ആശുപത്രിയിലെത്തി ഔഷധത്തിലൂടെ പ്രതിരോധിക്കും;ചികിത്സയിലൂടെ അട്ടിമറിക്കും. ദൈവം തരുന്ന രോഗം വേണ്ടെന്നാണ് വിശ്വാസി വാശിപിടിക്കുന്നത്. എല്ലാ ആശുപത്രികളും നിരീശ്വരവാദത്തിന്റെ അമ്പലങ്ങളാണ്. ദൈവതീരുമാനം അവിടെ ചികിത്സയിലൂടെ അട്ടിമറിക്കപ്പെടുകയാണ്. ഭക്തനാണെന്നോ ആത്മീയവാദിയാണെന്നോ ഒരാള്‍ക്ക് സ്വയം സങ്കല്‍പ്പിക്കാം. പക്ഷെ ഭൗതികവാദിയാവാതെ ആരും ഒരു നിമിഷംപോലും ജീവിക്കുന്നില്ല.

ഓരോ അണുവിലും നിറഞ്ഞുനില്‍ക്കുന്നവനെ ഭിത്തി കെട്ടി പൂജാമുറിയില്‍ തളയ്ക്കുമ്പോള്‍ അടുക്കളയിലും കിടപ്പറയിലും തുടിക്കുന്ന ചൈതന്യം അവഗണിക്കപ്പെടുന്നു. മന്ത്രംചൊല്ലി ശിലയിലേക്ക് ചൈതന്യമാവാഹിച്ച് വിഗ്രഹമുണ്ടാക്കുമ്പോള്‍ വിഗ്രഹവല്‍ക്കരിക്കുന്നതിനുമുമ്പ് ശിലയില്‍ എന്താണുണ്ടായിരുന്നതെന്ന ചോദ്യമുയരും. ദൈവചൈതന്യം തേടിയാണ് ക്ഷേത്രദര്‍ശനം. സര്‍വ്വവ്യാപിയെ 'തേടി'പോകുന്നത് സര്‍വ്വജ്ഞന് ക്‌ളാസ്സെടുക്കുന്നതു പോലെയാണ്. കേരളത്തില്‍ പണ്ട് വസ്ത്രധാരണം ധാര്‍ഷ്ട്യവും താന്‍പോരിമയുമായി പരിഗണിക്കപ്പെട്ടിരുന്നു. വസ്ത്രം അഴിക്കുന്നതിലായിരുന്നു വിനയവും വിധേയത്വവും. മാറുമറയ്ക്കുന്നത് അഹങ്കാരമായി കണ്ട സമൂഹമാണിത്. ക്ഷേത്രത്തിനുള്ളില്‍ വസ്ത്രമഴിക്കുന്ന ആചാരം ഈ സാമൂഹികവൈകൃതത്തിന്റെ പിന്‍തുടര്‍ച്ചയാണെന്ന് കാണാം. എന്നാല്‍ 'ചൈതന്യസിദ്ധാന്ത'മനുസരിച്ച് ക്ഷേത്രത്തില്‍ മാത്രമാണ് ദേവചൈതന്യത്തിന് പൂര്‍ണ്ണപ്രഭാവമുള്ളത്! ഷര്‍ട്ടൂരിയാല്‍ പരമാവധി 'ചൈതന്യം' ശരീരത്തിലേക്കാവാഹിക്കാം. ദേവചൈതന്യം നേര്‍ത്തതുണിക്ക് തടയാനാകുമോ?! ഷര്‍ട്ടൂരുമ്പോള്‍ കിട്ടുന്നതില്‍ എത്രയോ അധികമായിരിക്കും കുറേക്കൂടി ഉദാരമായി വസ്ത്രധാരണം ചെയ്താല്‍ ലഭിക്കുക?! അങ്ങനെയെങ്കില്‍ ശ്രീകോവിലിനുള്ളില്‍ പൂജാരി വസ്ത്രത്തിന്റെ കാര്യത്തില്‍ നൂറ് ശതമാനം പിശുക്ക് കാണിച്ചാലും അത്ഭുതപ്പെടാനാവില്ല. സമ്പന്നരും പ്രബലരുമായ ഭക്തകേസരികള്‍ 'മുഴുവന്‍ ചൈതന്യ'വും സ്വന്തമാക്കാന്‍ രാത്രികാലത്ത് 'വിശേഷപൂജ'യ്ക്ക് തുനിയാത്തതിന്റെ കാരണവും പഠിക്കേണ്ടതുണ്ട്.

ഭക്തന്റെ പാട്ടിന്റെ സ്വരസ്ഥാനം നിശ്ചയിക്കുന്നതുവരെ മതദൈവമാണ്. ഭൗതികനേട്ടമുണ്ടാകുമ്പോള്‍ 'ദൈവകൃപ', 'ഈശ്വാനുഗ്രഹം' എന്നീ വാചകങ്ങള്‍ മതവാദി നിര്‍ബന്ധമായും ഉരുവിടണം. ഭൗതികനേട്ടമില്ലാത്തവര്‍ക്ക് ദൈവകൃപ ഇല്ലെന്നര്‍ത്ഥം. ഒന്നും തന്റെ മിടുക്കല്ല;മതദൈവം തന്നെക്കൊണ്ട് ചെയ്യിക്കുന്നതാണ്. ഈ പ്രസ്താവന തന്റെ വിനയവും ദൈവത്തിന്റെ മഹത്വവും തെളിയിക്കുമെന്നാണ് മതവിശ്വാസിയുടെ പക്ഷം. ''വലിയ വിശപ്പായിരുന്നു, എങ്ങനെയെന്നറിയില്ല, കുറച്ച് ആഹാരം കഴിച്ചപ്പോള്‍ ദൈവാനുഗ്രഹം കൊണ്ട് അതങ്ങ് മാറിക്കിട്ടി'-മതത്വങ്ങള്‍ ഈ മാതൃകയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

ഭൗതികനേട്ടം ദൈവാനുഗ്രഹമാണെങ്കില്‍ ആ നേട്ടമില്ലാത്ത മഹാഭൂരിപക്ഷത്തിനുമത് നിഷേധിച്ചതും ദൈവംതന്നെ. അന്ധരും വികലാംഗരും മാറാരോഗികളും ദരിദ്രരുമായ ജനകോടികളെ ദൈവം തഴഞ്ഞെന്ന് വികലമായ ഈ മതയുക്തി വിളമ്പരം ചെയ്യുന്നു.

മതയുക്തിയനുസരിച്ച് വിശ്വാസികളെ മാത്രമല്ല നാസ്തികരേയും സൃഷ്ടിച്ച് സംരക്ഷിക്കുന്നത് ദൈവമാണ്! ദൈവം തന്നതിലും തരുന്നതിലും പൂര്‍ണ്ണ തൃപ്തിയുള്ളതിനാല്‍ നാസ്തികര്‍ ദൈവത്തെ പ്രാര്‍ത്ഥിച്ച് പീഡിപ്പിക്കാറുമില്ല! അത്തരത്തില്‍ ദൈവഹിതമറിഞ്ഞ് അതനുസരിച്ച് പരാതികളില്ലാതെ ജീവിക്കുന്ന ഈ ലോകത്തെ ഏക ജനവിഭാഗമാണ് നാസ്തികര്‍!! നാസ്തികനായ ദൈവത്തിന്റെ ഏറ്റവുമടുത്ത സഖാക്കള്‍!! ദൈവം ഇച്ഛിക്കുന്നില്ലെങ്കില്‍ ദൈവനിഷേധം പോലും അസാധ്യമായിരിക്കും. സര്‍വജ്ഞനെ കാര്യങ്ങള്‍ 'അറിയിക്കുന്നത്' അഹങ്കാരമായതിനാലാണ്
നാസ്തികന്‍ പ്രാര്‍ത്ഥിക്കാത്തതെന്നറിയണം.

സര്‍വ്വസ്രഷ്ടാവിന്റെ സ്വത്ത് കാണിക്കയായി അവന് തന്നെ സമര്‍പ്പിച്ച് പ്രീണിപ്പിക്കുന്നത് വഞ്ചനയായതിനാല്‍ അനുഷ്ഠാനങ്ങളും ഒഴിവാക്കപ്പെടുന്നു. സ്വയം ആരാധിക്കാതിരിക്കുകയും അന്യദൈവങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്ന ദൈവം തന്നെയാണ് നാസ്തികന് മാതൃക. ഒരു പിഞ്ചുബാലികയെ ഒരു മുട്ടാളന്‍ പിച്ചിചീന്തുന്നത് ആദ്യന്തം വീക്ഷിച്ചുകൊണ്ട് നില്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ഒരു കുഞ്ഞിനെ കുഴല്‍ക്കിണറിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് തള്ളിയിടാന്‍ നിങ്ങള്‍ക്ക് കഴിയുമോ? പക്ഷെ മതവിശ്വാസി പറയുന്നു-ദൈവം എല്ലാം അറിയുകയും കാണുകയം തീരുമാനിക്കുകയും ചെയ്യുന്നുവെന്ന്!! ശരിക്കും ഒരു ദൈവമുണ്ടെങ്കില്‍ നിരീശ്വരവാദത്തെ മതത്തേക്കാളും ചെറിയ അപമാനമായിട്ടേ അവന്‍ കാണുകയുള്ളുവെന്ന് പറഞ്ഞത് എഡ്മണ്ട് ഡി കോണ്‍കോട്ടാണ്.

അനാഥമാകുന്ന തിന്മ

ക്യാന്‍സര്‍വാര്‍ഡില്‍ കുട്ടികളുമായി കാത്തിരിക്കുന്ന അമ്മമാരെ കണ്ടിട്ട് തങ്ങളെ ഭാഗ്യമുള്ളവരായി ജനിപ്പിച്ചതിന് ദൈവത്തോട് നന്ദിപറയുന്ന ഭക്തകേസരികളുണ്ട്. സ്വയം ഞെളിയുമ്പോഴും ദൈവമാണ് വില്ലന്‍! നന്മയുടെ മുഴുവന്‍ ക്രെഡിറ്റും അവകാശപ്പെടുന്ന ദൈവത്തിന് തിന്മ കയ്യൊഴിയാനാവുന്നതെങ്ങനെ? ക്രൂരനും നീതിബോധമില്ലാത്തവനുമായി ചിത്രീകരിച്ച് ദൈവത്തെ പരിഹസിക്കുകയാണ് മതം ചെയ്യുന്നതെന്ന് തൂക്കുകയര്‍ കാത്തുകിടക്കവേ ധീരരക്തസാക്ഷി ഭഗത്‌സിംഗ് എഴുതിയിട്ടുണ്ട്. തിന്മയ്ക്കായി പ്രത്യേക വകുപ്പും മന്ത്രിയും ഉണ്ടാക്കിയത് മതമാണ്. പിശാചിന് സ്വന്തമായി മതവും വെബ്‌സൈറ്റുമില്ലാത്തതിനാല്‍ നിജസ്ഥിതി അറിയാന്‍ മാര്‍ഗ്ഗമില്ല. പിശാചിന്റെ മുന്നില്‍ പതറുകയും അതിനെ നിയന്ത്രിക്കാനാവാതെ കഷ്ടപ്പെടുകയും ചെയ്യുന്ന ദൈവം മനുഷ്യന് പ്രയോജനരഹിതമാണ്.

ദൈവത്തെ എതിരിട്ടതിലൂടെ കേവലം അനുയായിയെന്ന നിലയില്‍നിന്നും ദൈവതുല്യമായ പ്രതിദൈവമായി പിശാച് വളര്‍ന്നുവത്രെ. പിശാച് എവിടെയെന്ന ചോദ്യത്തിന് 'മനസ്സിലുണ്ട്' എന്നാണ് വിശ്വാസി പറയുക. സത്യം! തെളിയിക്കാനാവാത്തതെല്ലാം മനസ്സിലാണുള്ളത്. ദൈവം,പ്രേതം,പിശാച്,സ്വര്‍ഗ്ഗം,നരകം....ഒക്കെ മനുഷ്യമനസ്സില്‍ വസിക്കുന്നു. ഈ മതയുക്തി നാസ്തികര്‍ അംഗീകരിക്കും. മതസങ്കല്‍പ്പങ്ങള്‍ മനസ്സില്‍ രൂപംകൊള്ളുന്നവയാണ്. ദൈവവും പ്രേതവും മുതല്‍ സുരസുന്ദരിമാര്‍ വരെ മനസ്സിലുണ്ട്-അവിടെ മാത്രം.

ഭക്തന്‍ ഒരു വിനയന്‍

മതവിശ്വാസം തങ്ങളെ 'ശുദ്ധീകരിക്കുമെന്ന്' മതവാദി പറയും;ഭക്തന്റെ വിനയം കപടവും ഉപരിതലസ്പര്‍ശിയുമാണെന്ന് നാസ്തികരും. മതഭക്തി ഒരാളെ കൂടുതല്‍ അന്ധനും സ്വാര്‍ത്ഥനുമാക്കാം. സമചിത്തതയും ആത്മനിയന്ത്രണവുമുള്ള മതവിശ്വാസി മരുഭൂമിയിലെ ജലാശയം പോലെ അത്യപൂര്‍വ്വമാണെന്ന് ഇംഗര്‍സോള്‍ നിരീക്ഷിക്കുന്നുണ്ട്.'ദൈവത്തിന് കീഴടങ്ങുന്നു', 'ദൈവത്തെ അനുസരിക്കുന്നു'- എന്നൊക്കെ മതവാദി അവകാശപ്പെടാറുണ്ടല്ലോ. ഇരമ്പിയാര്‍ത്തുവരുന്ന തീവണ്ടിയുടെ മുന്നില്‍നിന്ന് 'പൊയ്‌ക്കോട്ടെന്ന് കരുതി ഞാനങ്ങ് മാറിക്കൊടുത്തു'-എന്നുപറയുന്നതില്‍ അഭംഗിയുണ്ട്. 'എന്റെ മരണം ഞാന്‍ അനുവദിച്ചുകൊടുത്തിട്ടുണ്ട്' എന്നൊരു 'വിനയന്‍' പറഞ്ഞാല്‍ അയാളുടെ മാനസികനിലയോര്‍ത്ത് മറ്റുള്ളവര്‍ ദു:ഖിക്കും.

മതം അവകാശപ്പെടുന്നതിന്റെ ലക്ഷത്തിലൊന്ന് പ്രഭാവമുളളതാണ് മതദൈവമെങ്കില്‍പ്പോലും കീഴടങ്ങി അനുസരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. വിശ്വാസിയായാലും അവിശ്വാസിയായാലും മറിച്ചൊരു നിലപാട് അചിന്ത്യവും അസാധ്യവുമാണ്. അനിവാര്യമായത് ഔദാര്യമാകുന്നതെങ്ങനെ? അതല്ലെങ്കില്‍ മതം അവകാശപ്പെടുന്ന മഹത്വം മതദൈവത്തിനില്ല.

മതഭക്തന്റെ 'അനുസരണ'പ്രതിഫലം കാംക്ഷിച്ചുള്ള പ്രീണനഭാവമാണ്.ശരിക്കും പ്രതിഫലം കാംക്ഷിക്കുന്ന വാണിഭയുക്തിയാണയാളെ നയിക്കുന്നത്. വിനയവും അനുസരണയുമൊക്കെ മനുഷ്യര്‍ക്കിടയില്‍ മാത്രം പ്രസക്തമാകുന്ന പെരുമാറ്റരീതികളാണ്. സഹജീവിയോടുള്ള പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണവ. കല്‍പ്പിതശക്തിയോട് വിധേയത്വം കാണിക്കുന്നതുകൊണ്ട് സമൂഹത്തിനോ സഹജീവികള്‍ക്കോ പ്രയോജനമില്ല. മനോജന്യ കഥാപാത്രത്തോട് വിനയം കാണിക്കുന്നതുകൊണ്ട് സമൂഹത്തിനും നേട്ടമില്ല. അത് സ്വകാര്യമായ ഒരു ഗൂഢവികാരമാണ്.

ഇന്ദ്രസദസ്സിലെ സുരസുന്ദരിയെ പ്രണയിച്ചതുകൊണ്ട് ഒരാള്‍ കാമുകനാവില്ല. നെറ്റിപ്പട്ടം കെട്ടിയ കൊമ്പന്‍ നല്ലകുട്ടിയാണെന്നും ദൈവചൈതന്യം ഉള്ളവനാണെന്നുമൊക്കെ സങ്കല്‍പ്പിക്കാം. പക്ഷെ ഭക്തരെ കൊമ്പില്‍ കോര്‍ക്കുന്നതുവരെയേ ആ ആഗ്രഹം പാടുള്ളൂ. ശിക്ഷ ഭയന്നും പ്രതിഫലം പ്രതീക്ഷിച്ചും വിനീതനാകുന്നതില്‍ ശ്രേഷ്ഠമായൊന്നുമില്ല. നന്മ ഒട്ടിച്ചുവെക്കാനാവില്ല;അത് സഹജമായുണ്ടാവണം-ദൈവമുണ്ടായാലും ഇല്ലെങ്കിലും. സാങ്കല്‍പ്പിക മേലധികാരിയെ(Imaginary Boss)മാത്രം മാനിച്ച് സഹജീവികളോട് മ്‌ളേച്ഛമായി പെരുമാറുന്നത് അഭിമാനകരമല്ല. ചില പ്രത്യേക ജനുസ്സിലുള്ള ഡോബര്‍മാന്‍നായ്ക്കള്‍ ഒരു യജമാനനെ മാത്രമേ അനുസരിക്കുകയുള്ളു;അന്യരെ നിര്‍ദാക്ഷിണ്യം കടിച്ച് കീറും. ദൈവത്തെ മാത്രമേ പേടിയുള്ളു എന്ന വാചകം സഹജീവികളെ ഭയപ്പെടുത്തും. സത്യത്തില്‍ ഇതൊന്നും വിനയമല്ല മറിച്ച് ഒരിനം ഭീഷണിയാണ്.

ദൈവചിന്തയുണ്ടെങ്കില്‍ 'ഞാന്‍ എന്ന ഭാവം'മാറുമെന്നും അഹങ്കാരം കുറയുമെന്നുമൊക്കെ മതപ്രചരണമുണ്ട്. മതദൈവം കൂടെയുണ്ടെന്ന പാഴ്ചിന്ത മനുഷ്യന്റെ അഹങ്കാരവും ആക്രമാസക്തിയും വര്‍ദ്ധിപ്പിക്കുമെന്നത് അനുഭവയാഥാര്‍ത്ഥ്യം. ഭക്തി ചോദിച്ച് വാങ്ങലല്ല നന്ദി പറയലാണെന്ന മതഫലിതവും നിലവിലുണ്ട്. അങ്ങനെയെങ്കില്‍ ദൈവം നന്ദി ഭക്ഷിച്ച് ജീവിക്കുന്ന ഒരു ജീവിയാകുന്നു;കിട്ടുന്തോറും കൂടുതല്‍ വേണമെന്ന ആര്‍ത്തിക്കാരനും. ബലാല്‍സംഗവീരനും കൊലപാതകിയും ചതിയനും ആരോട് നന്ദി പറയണം? നന്ദിയും അഭിനന്ദനവും കൊതിക്കുന്ന ദൈവം ഒരു ശരാശരി മനുഷ്യനില്‍നിന്ന് എത്രയോ താഴെയാണെന്നാണ് ഷാഹിദ് ഭഗത്‌സിംഗ് അത്ഭുതപ്പെട്ടത്.

ദൈവം ശിക്ഷിക്കുന്നതെങ്ങനെ?

ദൈവശിക്ഷ എന്ന ആശയം നിലവാരമില്ലാത്ത മതയുക്തിയാണ്. ന്യൂനതകളുമായി മനുഷ്യരെ സൃഷ്ടിച്ചിട്ട് ആ ന്യൂനതകളുടെ പേരില്‍ അവരെ ശിക്ഷിക്കുന്നത് മഹത്തരമല്ല. പ്രകൃതിദുരന്തങ്ങള്‍ ഒരു പ്രദേശത്തെ മുഴുവന്‍ നശിപ്പിക്കും. യുദ്ധങ്ങള്‍ ,വെള്ളപ്പൊക്കം,യാത്രാദുരന്തം,പട്ടിണി,പകര്‍ച്ചവ്യാധി-ഒക്കെ എല്ലാവരും ഒരുമിച്ചേറ്റുവാങ്ങുന്നു. വാസ്തവത്തില്‍ ദൈവത്തിന് ഒരാളെയായി ശിക്ഷിക്കാനോ രക്ഷിക്കാനോ സാധ്യമല്ല. അങ്ങനെ സംഭവിക്കുന്നുമില്ല. മരണം ഒരു ശിക്ഷയായി അംഗീകരിക്കാന്‍ ആധുനികസമൂഹം വിസമ്മതിക്കും. നിയമം തൂക്കുകയര്‍ വിധിച്ചാല്‍ വിധിയുടെ സമ്മര്‍ദ്ദം കുറ്റവാളിക്ക് ശിക്ഷയായി ഭവിക്കാം. എന്നാല്‍ മുന്നറിവില്ലാതെ മൃതിയടഞ്ഞാല്‍ ശിക്ഷ സാക്ഷാത്കരിക്കപ്പെടില്ല. മരിച്ചവരുടെ അഭാവം പ്രതികൂലമായി ബാധിക്കുന്നത് ആരെയാണോ അവരാണ് ശിക്ഷിക്കപ്പെടുന്നത്. യാത്രയ്ക്കിടെ ഡ്രൈവര്‍ക്ക് ഹൃദായാഘാതം സമ്മാനിക്കുന്ന ദൈവലക്ഷ്യം വ്യക്തമാണ്. രാത്രിയില്‍ കുടുംബാംഗങ്ങളോടൊപ്പം കിടന്നുറങ്ങിയ കുടുബനാഥന്‍ മുറിയുടെ ഭിത്തിപിളര്‍ന്ന് മിന്നലേറ്റ് മരിക്കുന്നു. കൂടെക്കിടന്ന ഭാര്യയും കുട്ടികളും പ്രഭാതത്തില്‍ കാര്യമറിയുന്നു! ദൈവശിക്ഷയുടെ കൃത്യതയാണിതെന്ന് മതവാദി പറയും. ആരാണിവിടെ ശിക്ഷിക്കപ്പെട്ടത്? രണ്ടായാലും മരിച്ചയാളല്ല. അയാള്‍ പോയി;അനുഭവിക്കേണ്ടത് പരേതന്റെ കുടുംബമാണ്. അപ്പോള്‍ ശിക്ഷിച്ചത് കുടുംബത്തെ. കുടുംബത്തെ ശിക്ഷിക്കാനായിരുന്നെങ്കില്‍ കുടുംബനാഥനെ കൊന്നത് നീതിയല്ല. മതദൈവത്തിന്റെ ശിക്ഷ മതദൈവത്തേക്കാള്‍ യുക്തിഹീനമാണ്.

വിശ്വാസിയുടെ ആത്മനിഷ്ഠമായ പ്രപഞ്ചവീക്ഷണം ഇത്തരം ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കില്ല. മതതീര്‍ത്ഥാടകര്‍ ദുരന്തത്തിനടിപ്പെടാം;സുരക്ഷിതമായി തിരിച്ചെത്താം. തിരിച്ചെത്തിയാല്‍ മതദൈവം വാഴ്ത്തപ്പെടും. ഒരു നടന്‍ അവസരവും അംഗീകാരവുമില്ലാതെ പരാജിതനാകുന്നതിന്റെ കാരണം അജ്ഞാതം. എന്നാല്‍ താരമാകുന്നതോടെ ഏതെങ്കിലും മതദൈവവും താരമാകുന്നു. വിജയിയുടെ പിന്നില്‍ ദൈവമുണ്ടെന്ന് മതം പറയും. സര്‍വ്വവ്യാപിയായ മതദൈവം എല്ലാവരുടേയും പിറകിലുണ്ടാകേണ്ടതാണ്. കൊലപാതകിയും മാനഭംഗവീരനും സദാ ദൈവത്താല്‍ നിരീക്ഷിക്കപ്പെടുന്നു,നിയന്ത്രിക്കപ്പെടുന്നു. ദൈവം ഊര്‍ജ്ജം പകരാതെ അവരുടെ കൈ പൊങ്ങില്ല;ദൈവാനുവാദമില്ലാതെ കൃത്യം നടത്താനുമാവില്ല. നിന്ദിതനും പീഡിതനും പരാജിതനും വിജയിയും വിശ്വാസിയും അവിശ്വാസിയും ആ സാന്നിധ്യം അനുഭവിക്കേണ്ടതാണ്. പക്ഷെ വിജയികള്‍ പറയുന്നത് ദൈവം തങ്ങളുടെ കൂടെയാണെന്നാണ്. കൂടെയില്ലെന്ന് പരാജിതര്‍ വിലപിക്കുന്നു. 'സര്‍വവ്യാപി'യായ അവനെവിടെപ്പോയി?


നല്ലവശസിദ്ധാന്തം
മതം തിന്മയാണെന്ന് രഹസ്യമായി സമ്മതിക്കുന്നവര്‍ ഏറെയാണ്. എങ്കിലും മതത്തില്‍ ഒരുപാട് നല്ല വശങ്ങളുണ്ടെന്ന് പറയുന്നവരെ തട്ടി നടക്കാനാവാത്ത അവസ്ഥ മതാധിഷ്ഠിത സമൂഹങ്ങളില്‍ നിലവിലുണ്ട്. 'വിശ്വാസിയല്ലെങ്കിലും നന്മ കാണാന്‍ കഴിയാത്തവനല്ല' താനെന്ന് വീമ്പു പറയുന്നവരും ധാരാളം. '
മതം തിന്മയാവാം, എന്നാലും അതിന് ചില നല്ല വശങ്ങളുമുണ്ട്, അതിനാല്‍ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല'- എന്നതാണ് ഈ നിലപാട്. കേള്‍ക്കുമ്പോള്‍ പക്വതയും ഉദാരതയും കൊണ്ട് ശ്വാസം മുട്ടുന്ന വ്യക്തിത്വങ്ങളാണിവര്‍ എന്നുതോന്നാം. പക്ഷെ ഇത് മതത്തോടു മാത്രമുള്ള ഒരനുഭാവപ്രകടനമാണെന്നതാണ് രസകരം. ഇഷ്ടം കൊണ്ടല്ല മറിച്ച് ഗതികേടുകൊണ്ടാണിത് സംഭവിക്കുന്നത്.

ശരിയാണ്, മനുഷ്യനുണ്ടാക്കിയതായതിനാല്‍ മതം സമ്പൂര്‍ണ്ണമായും മോശമാകാന്‍ യാതൊരു സാധ്യതയുമില്ല. അനിവാര്യമായും അതിന് ചില നല്ല വശങ്ങളുണ്ടാകും;ഉണ്ടായേതീരൂ. പക്ഷെ ഒന്നാലോചിക്കുക, നല്ല വശങ്ങളുള്ളത് മതത്തിന് മാത്രമാണോ? ലോകത്തെ സകല തിന്മകള്‍ക്കും അധമസങ്കല്‍പ്പങ്ങള്‍ക്കും ഒരുപിടി നല്ല വശങ്ങളുണ്ടെന്നതാണ് വാസ്തവം. ഒരര്‍ത്ഥത്തില്‍ യുദ്ധത്തിനും സ്ത്രീധനത്തിനും അഴിമതിക്കും ശൈശവ വിവാഹത്തിനും ചില നല്ല വശങ്ങളുണ്ട്. കുറഞ്ഞപക്ഷം പ്രായോഗികമൂല്യമെങ്കിലും അവയ്ക്കുണ്ട്. രാഷ്ട്രനിര്‍മ്മാണത്തിനും സാമൂഹികമാറ്റത്തിനും നാസിസവും ഫാസിസവും വളരെ സഹായകരമായിരുന്നു. ഇത്രയും പ്രഹരശേഷിയുള്ള രാഷ്ട്രനിര്‍മ്മാണസിദ്ധാന്തങ്ങള്‍ വേറെയുണ്ടോ എന്നുകൂടി സംശയിക്കണം.

പല നാസി ആശയങ്ങളും കടലാസിലെങ്കിലും തികച്ചും ഉദാത്തങ്ങളായിരുന്നു. പക്ഷെ നാസിസത്തെ തിരസ്‌ക്കരിക്കുമ്പോള്‍ കൂടെ നാമിതൊന്നും വാഴ്ത്തിപ്പാടാറില്ല. എന്തുകൊണ്ട് നല്ലവശവാദികള്‍ മേല്‍പ്പറഞ്ഞവയിലെ നന്മ കണ്ടെത്താന്‍ മെനക്കെടുന്നില്ല? നന്മ കുറവും തിന്മ കൂടുതലുമായതിനാലാണ് നാം അവയക്കെതിരായ നിലപാട് സ്വീകരിക്കുന്നത്. എന്തുകൊണ്ട് മതത്തിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ കൃത്യമായ ഒരു നിലപാട് അവര്‍ സ്വീകരിക്കുന്നില്ല. മതവിഷയത്തില്‍ മാത്രം എന്തുകൊണ്ട് ഹൃദയവിശാലത പ്രകടമാകുന്നു? മതവിശ്വാസികള്‍ മതത്തിന്റെ 'നല്ലവശങ്ങള്‍' മാത്രം കാണുന്നത് മതാന്ധതയാണെന്ന് കൂട്ടിക്കോളൂ. എന്നാല്‍ വിശ്വാസികളല്ലാത്തവര്‍ പ്രദര്‍ശിപ്പിക്കുന്ന ഈ ഉദാരത മതഭയം മൂലമാകുന്നു. നാസിസം പത്തിവിരിച്ചാടിയ കാലത്ത് പലരും ഇതുപോലെ നാസിസത്തിന്റെ നല്ലവശങ്ങള്‍ വാഴ്ത്തിപ്പാടി തങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിച്ചിരുന്നു. നാസിസം നിഷ്‌ക്കാസിതമായപ്പോള്‍ അതിനില്ലാത്ത കുറവുകളില്ലെന്നായി! ഇന്ന് മനുഷ്യന്‍ ലോകത്തേറ്റവും ഭയക്കുന്നത് മതത്തേയാണ്; ഒരുപക്ഷെ അണുവായുധത്തേക്കാളുമേറെ. അമേരിക്കന്‍ സാമ്രാജ്യത്വത്തെ വരെ നാഴികയ്ക്ക് നാല്‍പ്പതു വട്ടം തെരുവില്‍ നിസ്സാരമായി വെല്ലുവിളിച്ച് വിറപ്പിക്കുന്നവര്‍വരെ മതമെന്ന് കേള്‍ക്കുമ്പോള്‍ കുഞ്ഞാടിനേപ്പോലെ ചൂളിപ്പോകുന്നു. മതം നിര്‍ദ്ദയമാണെന്ന് തിരിച്ചറിയുന്നവന്‍ മതത്തോട് പരമാവധി ദയാലുവായി മാറുന്നു; അടിക്കുന്നവനെ തൊഴുന്നു, തൊഴുന്നവനെ അടിക്കുന്നു.

Thursday 15 September 2011

14.ചിന്തിക്കുന്നതിനെപ്പറ്റിയുള്ള ചിന്തകള്‍

സ്വന്തം അസ്തിത്വത്തെ കുറിച്ച് ചിന്തിക്കുന്ന ഏക അവയവമാണല്ലോ നമ്മുടെ 
Prof.Vilayanur S Ramachandran
മസ്തിഷ്‌ക്കം(Brain). മനുഷ്യസ്വഭാവത്തെ ആകമാനം നിയന്ത്രിക്കുന്ന മസ്തിഷ്‌ക്കത്തിലെ നാഡീസങ്കേതങ്ങളെക്കുറിച്ച് ഗൗരവപൂര്‍വം പഠിക്കുന്ന ശാസ്ത്രജ്ഞനാണ് ഇന്ത്യന്‍  വംശജനായ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി പ്രൊഫസര്‍ ഡോ. വിളയനൂര്‍ എസ് രാമചന്ദ്രന്‍(Prof. Vilayanur S Ramachandran). ഒരുപക്ഷെ നാം ഏറ്റവും കുറച്ച് മാത്രം മനസ്സിലാക്കിയിട്ടുള്ള ഒരു അവയവമാണ് മസ്തിഷ്‌ക്കം. എല്ലാം അറിയാനുപയോഗിക്കുന്ന അതേ മസ്തിഷ്‌ക്കത്തെ തന്നെയാണ് മസ്തിഷ്‌ക്കത്തെ കുറിച്ച് അറിയാനായും നമുക്ക് ആശ്രയിക്കേണ്ടി വരുന്നത്! രാമചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകമായ 'The Tell-Tale Brain':A Neuroscientist's Quest for What Makes Us Human(2010) ഇതിനകംതന്നെ ന്യൂറോസയന്‍സിലെ മോഡേണ്‍ ക്‌ളാസ്സിക്കായാണ് അറിയപ്പെടുന്നത്. നാം കാണുന്നതും സംസാരിക്കുന്നതും സൗന്ദര്യമാസ്വദിക്കുന്നതും എങ്ങനെയെന്നും അപ്പോള്‍ മസ്തിഷ്‌ക്കത്തില്‍ സംഭവിക്കുന്നതെന്തെന്നും മാനസികചികിത്സാ സംബന്ധിയായ ചില കേസുകള്‍ വിശദീകരിച്ച് നിര്‍വചിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം ഈ കൃതിയിലും ചെയ്യുന്നത്. മനുഷ്യമസ്തിഷ്‌ക്കത്തിന്റെ ഉള്ളറകളിലേക്ക് പ്രൊഫ.രാമചന്ദ്രനെപ്പോലെ സഞ്ചരിച്ച ശാസ്ത്രജ്ഞര്‍ ഏറെയുണ്ടാവില്ല. 


The Tell Tale Brain
(2010)
മസ്തിഷ്‌ക്കം സ്വയംഭരണാധികാരമുള്ള വ്യത്യസ്ത കംമ്പാര്‍ട്ടുമെന്റുകളായാണ് (independant autonomous modules) പ്രവര്‍ത്തിക്കുന്ന വാദം പണ്ടേ ന്യൂറേ സയന്‍സില്‍ നിലവിലുള്ളതാണ്. ഭാഷയ്ക്കും കാഴ്ചയ്ക്കുമൊക്കെ നിദാനമായി നിലകൊള്ളുന്ന നിലയില്‍ കൃത്യമായി വേര്‍തിരിക്കാവുന്ന ഭാഗങ്ങള്‍ മസ്തിഷ്‌ക്കത്തിലുള്ളത് ഇതിനുദാഹരണമാണ്. എന്നാല്‍ ഭിന്നഘടകങ്ങള്‍ പര്‌സപരം ബന്ധപ്പെട്ട് (interact)നടത്തുന്ന സംഘനൃത്തമാണ് മസ്തിഷ്‌ക്കപ്രവര്‍ത്തനമെന്ന വാദവും നിലവിലുണ്ട്. മസ്തിഷ്‌ക്കത്തിലെ രൂപഘടന നിരന്തരം നവീകരിക്കപ്പെടുകയും കാലാനുസാരിയായി സക്രിയമായ ഒരു സമതുലാവസ്ഥയാലേക്ക്(dynamic equilibrium)അത് നീങ്ങുകയും ചെയ്യുന്നുണ്ടെന്ന നിലപാടാണ് രാമചന്ദ്രനുള്ളത്. 'മസ്തിഷ്‌ക്കത്തിന്റെ പ്‌ളാസ്റ്റികത'('plasticity of brain')എന്ന പദമാണ് മസ്തിക്കപരിഷ്‌ക്കരണ പ്രതിഭാസത്തെ വിശേഷിപ്പിക്കാനായി അദ്ദേഹം ഉപയോഗിക്കുന്നത്.
പ്രൊഫസര്‍. രാമചന്ദ്രനെകുറിച്ച് കേള്‍ക്കുമ്പോള്‍ നാം ആദ്യം ഓര്‍ക്കുന്നത് 'മായിക കരചരണങ്ങള്‍' അഥവാ 'ഫാന്റം ലിമ്പു'കളെ പറ്റി (phantom limbs) അദ്ദേഹം നടത്തിയ ഗവേഷണവും തത്ഫലമായി രൂപപ്പെടുത്തിയ നവീന ചികിത്സാരീതിയുമാണ്. അവിചാരിതമായ കാരണങ്ങളാല്‍ കൈകാലുകള്‍ നീക്കം ചെയ്യേണ്ടിവരുന്ന (amputated) രോഗികളില്‍ കാണപ്പെടുന്ന കടുത്ത മാനസിക-ശാരീരിക വിഷമതകളാണ് മായിക കരചരണ വിഭ്രാന്തിയായി അറിയപ്പെടുന്നത്. മുറിച്ചുകളഞ്ഞ അവയവം തനിക്കിപ്പോഴും ഉണ്ടെന്ന് രോഗി കരുതുമെന്ന് മാത്രമല്ല അതില്‍ കലശലായ വേദനയും അയാള്‍ക്ക് അനുഭവപ്പെടുന്നു. ഇത് കേവലം സുഖകരമായ ഒരു ഭാവനാവ്യായാമമല്ല, മറിച്ച് അസ്സല്‍ അനുഭവം തന്നെയാണ്. ഇതിനടിപ്പെടുന്ന രോഗി വിരാമമില്ലാത്ത വേദനയിലും അസ്വസ്ഥതയിലും പുളയുന്നതു കാണാം. കൈകാലുകളില്‍ വേദന വരുന്നതുതന്നെ നമ്മില്‍ പലര്‍ക്കും താങ്ങാനാവില്ല. അത്തരം വേദന എങ്ങനെയെങ്കിലും പരിഹരിക്കാനാവും. പക്ഷെ ഇല്ലാത്ത കൈകാലുകളില്‍ വേദന വന്നാല്‍ എന്തുചെയ്യും?! അവിടെ യാതൊരു ചികിത്സാപരിഹാരവും സാധുവല്ല. കൈകാലുകള്‍ മുറിച്ചുമാറ്റിയ രോഗികളില്‍ മൂന്നില്‍ രണ്ടു വിഭാഗവും ഇത്തരത്തില്‍ മായികകരചരണ വിഭ്രാന്തി മൂലമുള്ള കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നുണ്ട്. വേദന സഹിക്കാനാവാതെ ആത്മഹത്യയ്ക്ക് തുനിയുന്നവരുടെ എണ്ണവും ഇക്കൂട്ടരില്‍ കുറവല്ല. അത്ര ദുസ്സഹമാണവരുടെ അവസ്ഥ.

The Emerging Mind
(2003)
കൈകൈലുകള്‍ മുറിച്ചുമാറ്റിയ ശരീരഭാഗത്തിന് സമീപമുള്ള നാഡീകോശങ്ങളാണ് വേദനയ്ക്ക് കാരണമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ മായികകരചരണത്തിലെ വേദനയുടെ കാരണം മസ്തിഷ്‌ക്കത്തിലുണ്ടാകുന്ന മാറ്റങ്ങളാണെന്ന് പ്രൊഫ.രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ''ശരീരോപരിതലത്തിന്റെ പൂര്‍ണ്ണമായ ഒരു രൂപരേഖ (map) മസ്തിഷ്‌ക്കത്തിന്റെ ഉപരിതലത്തിലും രേഖപ്പെടുത്തിയിട്ടുണ്ടെന്ന ആശയത്തെ ആധാരമാക്കിയാണ് ഈ നിഗമനം രൂപംകൊള്ളുന്നത്. ഈ ആശയം ന്യൂറോ സയന്‍സില്‍ ഉരുത്തിരിഞ്ഞിട്ട് അര നൂറ്റാണ്ടിലേറെയായി. അതായത് ശരീരത്തിന്റെ ഉപരിഭാഗത്തുള്ള ഓരോ ബിന്ദുവിനും ആനുപാതികമായ ബിന്ദുക്കള്‍ മസ്തിഷ്‌ക്കത്തിലുമുണ്ട്. പക്ഷെ ഇവിടെ കൗതുകകരമായ കാര്യമെന്തെന്നാല്‍ ഈ രൂപരേഖയില്‍ വരുന്ന ബിന്ദുക്കള്‍ക്ക് പൊതുവില്‍ ക്രമമായ തുടര്‍ച്ചയാണുള്ളതെങ്കിലും മുഖവുമായി ബന്ധപ്പെട്ട മസ്തിഷ്‌ക്ക ഭാഗം നാം പ്രതീക്ഷിക്കുന്നപോലെ കഴുത്തിന്റെ ഭാഗത്തിന് അടുത്തല്ല മറിച്ച് കൈ നിയന്ത്രിക്കുന്ന മസ്തിഷ്‌ക്കഭാഗത്തിന് സമീപമായിട്ടാണ് സ്ഥിതിചെയ്യുന്നത്.''-പ്രൊഫ.രാമചന്ദ്രന്‍ പറയുന്നു. (See-http://www.wbur.org/npr/133026897/v-s-ramachandrans-tales-of-the-tell-tale-brain in interview with Fresh Air's Dave Davies)
Phantoms n the Brain
(1998)
ഒരു കൈ മുറിച്ച് മാറ്റുന്നതുകൊണ്ടു മാത്രം ആ കയ്യോട് അനുബന്ധിച്ചുള്ള മസ്തിഷ്‌ക്ക രൂപരേഖയിലെ (brain map) ബന്ധപ്പെട്ട ഭാഗങ്ങള്‍ നശിക്കുന്നല്ല. അവ സംവേദന ചോദനകള്‍ക്കായി (sensory inputs) സദാ വിശന്ന് വെമ്പിനില്‍ക്കും. കാമുകന്‍ വേറെ വിവാഹം ചെയ്താലും നിത്യകന്യകയായി അയാള്‍ക്കുവേണ്ടി കാത്തിരിക്കുന്ന കാമുകിയെപ്പോലെയാണ് മസ്തിഷ്‌ക്കം ഇവിടെ പെരുമാറുന്നത്. മസ്തിഷ്‌ക്കത്തെ സംബന്ധിച്ചിടത്തോളം അതിന് ക്രമപ്രകാരം ലഭിക്കേണ്ട സിഗ്നലുകളാണ് അതാവശ്യപ്പെടുന്നത്. പക്ഷെ അത് നല്‍കാന്‍ ബന്ധപ്പെട്ട കൈ നിലവിലില്ല. പക്ഷെ അതുകൊണ്ടുമാത്രം കൈ നിലനിന്ന ഭാഗത്തേക്ക് സിഗ്നലുകള്‍ അയയ്ക്കുന്നതില്‍ നിന്ന് മസ്തിഷ്‌ക്കത്തിന് മാറിനില്‍ക്കാനാവില്ല. മസ്തിഷ്‌ക്കം അയക്കുന്ന സിഗ്നലുകള്‍ക്ക് മറുപടിയുണ്ടാകാതെ വരുമ്പോള്‍ കൈ നേരെ പ്രവര്‍ത്തിക്കുന്നില്ലെന്ന ധാരണയാണ് മസ്തിഷ്‌ക്കത്തിന് കൈവരുന്നത്. അതായത് കൈ മടങ്ങിയിരിക്കുന്നു അല്ലെങ്കില്‍ തളര്‍ന്ന് ഒടിഞ്ഞുകൂടിയിരിക്കുന്നു, മരവിച്ചിരിക്കുന്നു...തുടങ്ങിയ നിഗമനങ്ങളില്‍ മസ്തിഷ്‌ക്കം എത്തിച്ചേരുന്നു. കൈ ഏറെനേരം മടങ്ങിയിരുന്നാല്‍ വേദന ഉണ്ടാക്കി അത് നിവര്‍ത്തിയെടുക്കാനായി ശരീരത്തെ പ്രേരിപ്പിക്കാനാണ് മസ്തിഷ്‌ക്കം ശ്രമിക്കേണ്ടത്. വേദന കൈ സംരക്ഷിച്ചെടുക്കാനുള്ള മസ്തിഷ്‌ക്ക മുന്നറിയിപ്പാണല്ലോ. പ്രതികൂല അവസ്ഥകളില്‍നിന്ന് ശരീരത്തെ രക്ഷിച്ചെടുക്കുന്ന മുന്നറിയിപ്പ് വ്യവസ്ഥയാണ് (warning system)വേദന. ചെയ്യുന്നതെന്തോ അതുടനെ നിറുത്തിവെക്കുക എന്നതാണ് വേദനയിലൂടെ മസ്തിഷ്‌ക്കം കൈമാറുന്ന ലളിതമായ സന്ദേശം. സ്വഭാവികമായും ഇവിടെയും മസ്തിഷ്‌ക്കം വേദനനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. രോഗി വേദനിയില്‍ കിടന്ന് പുളയുന്നു. ഇല്ലാത്ത കയ്യില്‍ അനുഭവപ്പെടുന്ന ഈ വേദന ചികിത്സിക്കാനാവാതെ രോഗി കഷ്ടപ്പെടും. നിലവിലുള്ള കയ്യാണെങ്കില്‍ ഒരു ലോക്കല്‍ അനസ്‌തേഷ്യ വഴി അതില്‍ നിന്നും സിഗ്നലുകള്‍ മസ്തിഷ്‌ക്കത്തിലേക്ക് പോകാതെ തടഞ്ഞ് വേദന ഇല്ലാതാക്കാം. ഇവിടെ സിഗ്നലുകള്‍ ഇല്ലാതെതന്നെ മസ്തിഷ്‌ക്കം കാണിക്കുന്ന 'തിരിച്ചറിവും'നിഗമനവുമാണ് രോഗിയെ കഷ്ടത്തിലാക്കുന്നത്. ശരിക്കും വണ്‍വേ ട്രാഫിക്ക് പ്രണയം!


ഇത്തരം രോഗികളില്‍ പ്രൊഫ.രാമചന്ദ്രന്റെ കണ്ടുപിടുത്തം സഹാകരമാകുന്നത് എങ്ങനെയെന്ന് നോക്കുക-മുഖവുമായി ബന്ധപ്പെട്ടിരിക്കുന്ന മസ്തിഷ്‌ക്ക ഭാഗം(face area of the brain) കൈ നിയന്ത്രിക്കുന്ന ഭാഗവുമായി(hand area of the brain) അടുത്തും ഇടകലര്‍ന്നുമാണിരിക്കുന്നതെങ്കില്‍ കൈ നിയന്ത്രിക്കാന്‍ മുഖത്തിന്റെ ആ ഭാഗത്ത് സ്പര്‍ശിച്ചാല്‍ മതിയാകും. അതായത് മുഖത്തിന്റെ ബന്ധപ്പെട്ട ഭാഗത്ത് (ഇടതു കൈ എങ്കില്‍ ഇടതുഭാഗമെന്ന് പ്രൊഫ. രാമചന്ദ്രന്‍) തൊടുമ്പോള്‍ മസ്തിഷ്‌ക്ക രൂപഘടനയിലെ കൈയുടെ ഭാഗം സക്രിയമാക്കപ്പെടുകയും ശരിക്കും നഷ്ടപ്പെട്ട കയ്യില്‍ തൊടുന്നതായി രോഗിക്ക് അനുഭവപ്പെടുകയും ചെയ്യും. ഇടത് കവിളില്‍ തൊടുമ്പോള്‍ ''അയ്യോ, ഡോക്ടര്‍ താങ്കളെന്റെ മായാകരത്തിന്റെ കൈപ്പത്തിയാലാണ് തൊട്ടത്'' എന്നും ഇടതുവശത്തെ മൂക്കിന് കീഴില്‍ തൊടുമ്പോള്‍ ''ഡോക്ടര്‍ താങ്കള്‍ എന്റെ മായാകരത്തിന്റെ കുഞ്ഞുവിരലിലാണ് തൊട്ടത്'' എന്നുമൊക്കെ രോഗി വിളിച്ചുപറഞ്ഞ അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അതായത് ഇടതുകൈയുടെ സമ്പൂര്‍ണ്ണമായ രൂപരേഖ മുഖത്തിന്റെരെ ഇടതുഭാഗത്ത് അടയാളപ്പെടുത്തിയിരിക്കുന്നു.

നമ്മുടെ തലച്ചോര്‍ നിരന്തരം പരിണമിക്കുകയും നവീനഭാവങ്ങള്‍ ആര്‍ജ്ജിക്കുകയും ചെയ്യുന്നുണ്ടെന്ന സവിശേഷമായ കണ്ടെത്തലാണ് പ്രൊഫ.രാമചന്ദ്രന്‍ നടത്തിയത്. ഒരിക്കല്‍ മസ്തിഷ്‌ക്കത്തിന്റെ അടിസ്ഥാനഘടന രൂപീകൃതമായി കഴിഞ്ഞാല്‍ അതില്‍ പരിഷ്‌ക്കാരമോ അഴിച്ചുപണിയോ ഉണ്ടാവില്ലെന്ന പരമ്പരാഗത ധാരണയാണവിടെ അട്ടിമറിക്കപ്പെട്ടത്. രാമചന്ദ്രന്‍ പറയുന്നു: ''ഭ്രൂണമസ്തിഷ്‌ക്കത്തിലെ ബന്ധങ്ങളും ധര്‍മ്മങ്ങളും ഭ്രൂണാവസ്ഥയുടെ പ്രാരംഭഘട്ടത്തില്‍ നിശ്ചയിക്കപ്പെടുകയും അത് പിന്നീട് സ്ഥായിയായ രൂപത്തില്‍ ദൃഡീകരിക്കപ്പെടുകയുമാണ് സംഭവിക്കുന്നതെന്നാണ് ഒന്നുരണ്ട് ദശാബ്ദത്തിനുമുമ്പ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെന്ന നിലയില്‍ നമ്മെയെല്ലാം പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് സത്യമല്ലെന്ന് കണ്ടെത്തപ്പെട്ടു''('What we were all taught as medical students a decade or two ago is that connections in the fetal brain are fixed during infancy or fetal life by genes, and then as you grow into adulthood, the maps crystallize and are there permanently.But we are finding that this is not true'')

മസ്തിഷ്‌ക്കത്തിന്റെ അടിസ്ഥാനപരമായ സംവേദനരൂപഘടനപോലും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുന:ക്രമീകരിക്കപ്പെടുന്നുണ്ട്. മസ്തിഷ്‌ക്കത്തില്‍ പുതിയ ഘടനകളോ രൂപക്രമങ്ങളോ പില്‍ക്കാലത്ത് ഉരുത്തിരിയില്ലെന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുകൊണ്ടിരുന്ന രീതിയെ ഇത് വെല്ലുവിളിക്കുകയാണ്. പത്തുപതിനഞ്ച് വര്‍ഷത്തിന് മുമ്പ് ഇതൊക്കെ വലിയ വാര്‍ത്തയായിരുന്നു. പക്ഷെ ഇന്നിത് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു''-രാമചന്ദ്രന്‍ പറയുന്നു.('Even the basic sensory map in the brain gets completely reorganized in a matter of weeks. This challenges the dogma that all medical students are raised with that no new connections or pathways can emerge in the adult brain. That was news 10 or 15 years ago. Now it's widely accepted.') മായിക കരചരണങ്ങളുടെ മസ്തിഷ്‌ക്കബന്ധം മനസ്സിലാക്കിയതോടെ മസ്തിഷ്‌ക്കത്തെ കബളിപ്പിച്ച് മായാകരത്തെക്കുറിച്ചുള്ള അറിവ് എങ്ങനെ ഇല്ലാതാക്കാമെന്ന് ('unlearn') രാമചന്ദ്രന്‍ ചിന്തിച്ചു.


തലച്ചോറിനെ സംബന്ധിച്ചിടത്തോളം അതിന്റെ അറിവാണ് പരമപ്രധാനം. കൈ ഉണ്ടോ ഇല്ലയോ എന്നത് അവിടെ വിഷയമേയല്ല. ഉണ്ടായാലും ഇല്ലെങ്കിലും കൈ തട്ടുന്നതായും മടങ്ങിയിരിക്കുന്നതായും മസ്തിഷ്‌ക്കം അറിഞ്ഞതാല്‍ അതിനാനുപാതികമായി 'അനുഭവ'ങ്ങളുണ്ടാവും. തലച്ചോര്‍ അറിഞ്ഞില്ലെങ്കില്‍ എത്ര കൈ ഉണ്ടായിട്ടും കഥയില്ലതാനും. വാസ്തവത്തില്‍ മായികകരചരണങ്ങള്‍ ഉണ്ടായിരിക്കുന്നത് മസ്തിഷ്‌ക്കത്തിലാണ്. ഇതൊഴിവാക്കാനായി മസ്തിഷ്‌ക്കത്തിന്റെ രൂപഘടന പരിഷ്‌ക്കരിച്ചുകൂടേ? രാമചന്ദ്രന്റെ കണ്ടുപിടുത്തമനുസരിച്ച് അത് സാധ്യമാണ്. തലച്ചോറിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ളത് അറിഞ്ഞുവെച്ചത് മൂലമുളള വേദനയാണ്. അതിന് ബാഹ്യാനുഭവവുമായി ബന്ധമില്ല. മുമ്പ് സൂചിപ്പിച്ചതുപോലെ അത് വണ്‍വേ-ട്രാഫിക്കാണ്. അറിഞ്ഞുവെച്ച ഈ വേദന മറക്കാന്‍ മസ്തിഷ്‌ക്കത്തെ പ്രേരിപ്പിച്ചാല്‍ മായികകരചരണം സാബന്ധിച്ച പ്രശ്‌നം മാറിക്കിട്ടും. എന്നാല്‍ എങ്ങനെയാണ് ഇല്ലാത്ത കരത്തിലേക്ക് മസ്തിഷ്‌ക്ക സിഗ്നലുകള്‍ അയച്ച് അതിന്റെ വേദനയോ മരവിപ്പോ നീക്കം ചെയ്യുന്നത്?

പ്രശ്‌നം വ്യക്തമല്ലേ?-രോഗിക്ക് കൈ ഇല്ല. ഇല്ലാത്ത കൈയുടെ വേദനയോ മരവിപ്പോ ആണ് മാറ്റേണ്ടത്. കേവലം 5 ഡോളര്‍ ചെലവുള്ള ഒരു ദര്‍പ്പണമായിരുന്നു ('mirror box') രാമചന്ദ്രന് ഇതിനുള്ള മറുപടി. രോഗിയുടെ മൂക്കിന് സമാന്തരമായി ഒരു വലിയ മേശ വെച്ചിട്ട് അതിന് മുകളില്‍ ഒരു ദര്‍പ്പണം സ്ഥാപിക്കുന്നു. ദര്‍പ്പണമെന്നാല്‍ നാം ശരിക്കും മുഖം നോക്കുന്ന കണ്ണാടി തന്നെ. ദര്‍പ്പണത്തിന്റെ ഒരുവശത്ത് മാത്രമേ പ്രകാശം പ്രതിഫലിച്ച് രൂപങ്ങള്‍ ഉണ്ടാക്കുകയുള്ളു. മറുവശത്ത് വരുന്ന വസ്തുക്കള്‍ക്ക് രൂപമില്ല-അതായത് നമ്മുടെ നിലകണ്ണാടിപോലെ. രോഗിയോട് തന്റെ കൈകള്‍ ദര്‍പ്പണത്തിന്റെ ഇരുവശത്തുമായി നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. മായിക കരം ദര്‍പ്പണത്തിന്റെ പ്രതിഫലനമില്ലാത്ത പിറകുവശത്താണ് (nonreflecting side of the mirror )വെക്കേണ്ടത്. നിലവിലുള്ള അസ്സല്‍ കൈ ദൃശ്യപ്രതിഫലനമുള്ള മുന്‍വശത്തും. സ്വഭാവികമായും മായികകരത്തിന്റെ രൂപം ദര്‍പ്പണത്തില്‍ വീഴില്ല, മുന്നിലിരിക്കുന്ന അസ്സല്‍ കരത്തിന്റെ രൂപം വീഴുകയും ചെയ്യും. 

The 'mirror box'treatment
രോഗിയോട് ദര്‍പ്പണത്തിലേക്ക് നോക്കാന്‍ ആവശ്യപ്പെട്ടാല്‍ മായികകരം തിരിച്ചുവന്നതായി ദര്‍പ്പണത്തില്‍ അയാള്‍ക്ക് കാണാനാവും. ഇവിടെ യഥാര്‍ത്ഥത്തില്‍ നിലവിലുള്ള കയ്യുടെ ഇമേജ് തന്നെയാണ് രോഗി മായികകരമായി തിരിച്ചറിയുന്നത്. രോഗി കൈ ചലിപ്പിക്കുമ്പോള്‍ അല്ലെങ്കില്‍ ഗുഡ് ബൈ പറയുന്നതുപോലെ ആട്ടുമ്പോള്‍, മടക്കുമ്പോള്‍, കയ്യടിക്കുമ്പോള്‍ ദര്‍പ്പണത്തില്‍ അസ്സല്‍കരത്തിന് മുകളില്‍ മായികകരം സന്നിവേശിപ്പിക്കപ്പെട്ട് (superposed) കടന്നുവരുന്നതായി അയാള്‍ക്ക് അനുഭവപ്പെടും. തന്റെ മായികകരത്തിന് മസ്തിഷ്‌ക്ക നിര്‍ദ്ദേശമനുസരിച്ചുള്ള ചലനമുണ്ടാകുന്നുവെന്ന ദൃശ്യപ്രതീതി രോഗിക്കുണ്ടാകുന്നു. ബൗദ്ധികമായി (intellectually) നോക്കുമ്പോള്‍ തന്റെ മായികകരങ്ങള്‍ തിരിച്ചുവന്നിട്ടില്ലെന്ന് രോഗിക്കറിയാം. പക്ഷെ സ്വന്തം മസ്തിഷ്‌ക്കത്തെ കബളിപ്പിക്കുന്ന കാര്യത്തില്‍ അയാള്‍ വിജയിക്കുന്നു. അതായത് മസ്തിഷ്‌ക്കം മസ്തിഷ്‌ക്കത്തിനെതിരെ തിരിയുന്ന കാഴ്ചയാണ് നാമിവിടെ കാണുന്നത്.

''അത്(മായികകരം) അവിടെയുള്ളതായി കാണുക മാത്രമല്ല ഉള്ളതായി തോന്നുകയും ചെയ്യുന്നുവെന്ന് രോഗികള്‍ പറയാറുണ്ട്''-പ്രൊഫസര്‍ രാമചന്ദ്രന്‍ പറയുന്നു. തന്റെ രോഗികളില്‍ ചിലരുടെ അനുഭവത്തെപ്പറ്റി അദ്ദേഹം പറയുന്നത് ഇപ്രകാരം:''ഞാന്‍ എന്റെ അസ്സല്‍ കൈ ചലിപ്പിക്കുമ്പോള്‍ മായികകരവും ചലിക്കുന്നതായി കാണപ്പെടുന്നു. ഞാനെന്റെ അസ്സല്‍ കൈയിലെ മടക്ക് നിവര്‍ത്തുമ്പോള്‍, മാസങ്ങളായി നിവര്‍ത്താന്‍ കഷ്ടപ്പെട്ടിരുന്ന മായികകരത്തിന്റെ മുഷ്ടിയും ദൃശ്യചോദന അവലംബിച്ച് പെട്ടെന്ന് നിവര്‍ക്കപ്പെടുകയാണ്. അങ്ങനെ മാസങ്ങളായി മടങ്ങി മരവിച്ചിരുന്നതു മൂലമുണ്ടായ കടുത്ത വേദനയും അപ്രത്യക്ഷമാകുന്നു''('It not only looks like it's there, it feels like it's there,' says Ramachandran. 'Patients say, 'When I move my normal hand, the phantom arm looks like it's moving. When I open the normal fist, the phantom hand — whose fist I could not open for months — suddenly feels as if it is opening as a result of the visual feedback, and the painful cramp goes away.' This is a striking example of modulation of pain signals by vision. ദൃശ്യചോദനകള്‍ വഴി വേദന നിയന്ത്രിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.

നമ്മുടെ മസ്തിഷ്‌ക്കത്തെ കുറിച്ച് വളരെ കുറച്ച് കാര്യങ്ങളേ നമുക്കറിയാവൂ എന്ന് പ്രൊഫസര്‍ രാമചന്ദ്രന്‍ പറയുന്നു. മനുഷ്യ മസ്തിഷ്‌ക്കം ആള്‍ക്കുരങ്ങിന്റെയും (Apes) മനുഷ്യന്റേയും സ്വഭാവസവിശേഷതകള്‍ പങ്കിടുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ശരിക്കും പറഞ്ഞാല്‍ മൃഗത്തിനും മാലാഖയ്ക്കും ഇടയ്ക്കാണ് നമ്മുടെ മസ്തിഷ്‌ക്കശേഷി. മൃഗമായിരിക്കെ തന്നെ എങ്ങനെയൊക്കെയോ സവിശേഷമാണെന്ന തോന്നലിലാണ് നാം ജീവിക്കുന്നത്. മനുഷ്യന്റെ ഏറ്റവും വലിയ വൈകാരിക പ്രതിസന്ധിയാണിത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായുള്ള പരിണാമത്തിന് വിധേയമായ ഒരു തലച്ചോറാണ് മനുഷ്യന്‍ സ്വന്തമാക്കിയിട്ടുള്ളത്. അതില്‍ മതവിശ്വാസത്തേയും നിരീശ്വവാദത്തേയും പോഷിപ്പിക്കുന്ന ഭാഗങ്ങളുണ്ട്. അതായത് ഒരു മതവിശ്വാസിയില്‍ നിരീശ്വരവാദം പ്രേരിപ്പിക്കുന്ന മസ്തിഷ്‌ക്ക ഭാഗവും(atheist part) നിരീശ്വരവാദിയില്‍ വിശ്വാസിക്കാന്‍ പ്രേരിപ്പിക്കുന്ന (theist part)മസ്തിഷ്‌ക്ക ഭാഗവുമുണ്ട്. ഇതിലൊന്നിന് സമൂഹികക്രമത്തില്‍ പ്രാമുഖ്യം ലഭിക്കുന്നതനുസരിച്ചാണ് വ്യക്തിനിലപാടുകള്‍ രൂപംകൊള്ളുന്നത്. മരിച്ച് പരലോകത്ത് ചെല്ലുമ്പോള്‍ മസ്തിഷ്‌ക്കത്തിന്റെ നാസ്തികഭാഗത്തിന് അവിടെ പ്രവേശനമുണ്ടാകുമോ എന്നും ഫലിതരൂപേണ അദ്ദേഹം ചോദിക്കുന്നുണ്ട്.

കേസ് സ്റ്റഡികളാലും അനുഭവസാക്ഷ്യങ്ങളാലും സമ്പുഷ്ടമാണ് 'The Tell-Tale Brain'. സാന്‍ ഫ്രാന്‍സിസ്‌ക്കോയിലെ ഒരു വിഷാദരോഗി രോഗാവസ്ഥയില്‍ മനോഹരമായ പെയിന്റിംഗുകള്‍ രചിക്കാന്‍ തുടങ്ങിയതിനെപ്പറ്റിയുള്ള ഒരു കേസ് സ്റ്റഡിയുണ്ട്. മസ്തിഷ്‌ക്കത്തിനുണ്ടായ ഒരു ന്യൂനത ഈ രോഗിയില്‍ ഉറങ്ങിക്കിടന്ന സവിശേഷ സര്‍ഗ്ഗശേഷി ഉണര്‍ത്തുകയാണോ ചെയ്തത്!? ഷേര്‍ലി എന്ന വനിതയ്ക്കാകട്ടെ, എപ്പോഴൊക്കെ സംഖ്യകള്‍ (numbers) കാണുന്നുവോ അപ്പോഴൊക്കെ നിറങ്ങളാണ് (colours)ഓര്‍മ്മവരുന്നത്! ഷെര്‍ളിക്ക് 5 ചുവപ്പും 2 പച്ചയുമാണ്. സൈനസ്‌തേഷ്യ (synesthesia)എന്നറിയപ്പെടുന്ന ഈ അവസ്ഥ കലാകാരന്‍മാര്‍, കവികള്‍, ചിത്രകാരന്‍മാര്‍ എന്നിവര്‍ക്കിടയില്‍ സാധാരണക്കാരെ അപേക്ഷിച്ച് എട്ടിരിട്ടി വരെ സാധാരണമാണെന്ന് രാമചന്ദ്രന്‍ നിരീക്ഷിക്കുന്നു. മനുഷ്യമസ്തിഷ്‌ക്കത്തിന്റെ ഉള്ളറകളിലേക്ക് നമ്മെ കൂട്ടികൊണ്ടു പോകുന്ന ലോകപ്രശ്‌സതനായ ഈ ശാസ്ത്രജ്ഞന്റെ സമുജ്ജ്വലമായ രചനാശൈലിയും പ്രത്യേകം അഭനന്ദിക്കപ്പെടേണ്ടതാണ്. ഒന്നാന്തരം വാഗ്മി കൂടിയായ അദ്ദേഹത്തിന്റെ സ്‌തോഭജനകമായ കണ്ടെത്തലുകള്‍ സാധാരണ വായനക്കാരെപ്പോലും ചിന്തയുടെ അപാരതീരങ്ങളിലേക്ക് വലിച്ചെറിയാന്‍ പ്രേരിപ്പിക്കുന്നവയാണ്.

1951 ല്‍ തമിഴ്‌നാട്ടിലെ വിളയനൂര്‍ ഗ്രാമത്തിലാണ് രാമചന്ദ്രന്‍ ജനിച്ചത്. പ്രമുഖ നിയമജ്ഞനും ഇന്ത്യയിലെ ഭരണഘടനാ നിര്‍മ്മാണ കമ്മറ്റി അംഗവുമായിരുന്ന അലാഡി കൃഷ്ണസ്വാമി അയ്യരുടെ പൗത്രനായ രാമചന്ദ്രന്റെ പിതാവ് ഒരു യു.എന്‍ നയതന്ത്രജ്ഞനായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളിലായിട്ടാണ് സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മദ്രാസിലെ സ്റ്റാന്‍ലി കോളേജില്‍ നിന്നും എം.ബി.ബി.എസ്സ് 
പാസ്സായ ശേഷം കേബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ട്രിനിറ്റി കോളേജില്‍ നിന്നാണ് ഗവേഷണബിരുദം നേടിയത്. ഭാര്യ വഴി മുന്‍ മുഖ്യമന്ത്രി പി.കെ.വി യുടെ ബന്ധു കൂടിയായ ഇദ്ദേഹം കേരളത്തില്‍ പലകുറി വന്നിട്ടുണ്ട്. കാലിഫോര്‍ണിയയിലെ സെന്റര്‍ ഫോര്‍ ബ്രെയിന്‍ ആന്‍ഡ് കോഗ്‌നിഷന്റെ(Centre fror Brain and Cognition) ഡയറക്ടറായ ഇദ്ദേഹം കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി വകുപ്പിലും അവിടെ തന്നെയുള്ള ന്യൂറോ സയന്‍സ് ഗ്രോഡുവേറ്റ് പ്രോഗ്രാമിന്റെയും പ്രൊഫസറായി ജോലിനോക്കിവരുന്നു. ബിഹേവിയറല്‍ ന്യൂറോളജിയിലെ പരീക്ഷണങ്ങളുടെ പേരിലാണ് ഇന്നദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്

'ന്യൂറോ സയന്‍സിന്റെ മാര്‍ക്കോപോളോ'(“The Marco Polo of neuroscience”) ആയാണ് പ്രൊഫസര്‍. റിച്ചാഡ് ഡോക്കിന്‍സ് രാമചന്ദ്രനെ കാണുന്നത്.  നൊബേല്‍ പുരസ്‌ക്കാരജേതാവായ എറിക് കാന്‍ഡലാകട്ടെ (Eric Kandel)b വിഖ്യാത ഫ്രഞ്ച് ന്യൂറോളജിസ്റ്റായ പോള്‍ ബ്രാക്കയെ അനുസ്മരിച്ചുകൊണ്ട് 'ആധുനിക പോള്‍ബ്രൊക്ക'( 'the modern Paul Broca') എന്നാണദ്ദേഹത്തെ വിളിച്ചത്. അതേസമയം ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ അലന്‍ സ്‌നൈഡര്‍ (Alan Snyder FRS) 'ന്യൂറോകോഗ്നിഷന്റെ ഗലീലിയോ' ('The Galileo of neurocognition')എന്ന പട്ടമാണ് പ്രൊഫസര്‍ രാമചന്ദ്രന് ചാര്‍ത്തി കൊടുക്കുന്നത്. 1997 ല്‍ ന്യൂസ് വീക്ക് മാഗസിന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ശ്രദ്ധിക്കേണ്ട നൂറ് പ്രധാന വ്യക്തികളിലൊരാളായി ('hundred most prominent people to watch' in the 21st century') പ്രൊഫ.രാമചന്ദ്രനെ തെരഞ്ഞെടുത്തിരുന്നു. ഈ പ്രവചനം സാര്‍ത്ഥകമാക്കികൊണ്ട് 2011 ല്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച നൂറ് വ്യക്തികളുടെ പട്ടികയിലുള്‍പ്പെടുത്തി('the 100 most influential people in the world') അമേരിക്കയിലെ ടൈം മാഗസിന്‍ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

'മായിക കരചരണങ്ങള്‍'(phantom limbs), ബോഡി ഇന്‍ന്റഗ്രിറ്റി ഐഡന്റ്റിറ്റി ഡിസോഡര്‍ (body integrity identity disorder) കാപഗ്ര ഡിസോഡര്‍ (Capgras delusion)തുടങ്ങിയ വിഷയങ്ങളിലെ തനതു സംഭാവകളാണ് അദ്ദേഹത്തെ അക്കാദമിക് രംഗത്തെ അതികായനാക്കിയത്. മുമ്പ് പരാമര്‍ശിച്ച സൈനസ്‌തേഷ്യയെപ്പറ്റി (synesthesia) കൂടുതല്‍ മനസ്സിലാക്കുന്നതിന് വളരെയധികം സംഭാവനകള്‍ ചെയ്യുന്നതായിരുന്നു 
രാമചന്ദ്രന്റെ ഗവേഷണപഠനം. മായിക കരചരണങ്ങളുടെ ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന നവീന ന്യൂറോളജിക്കല്‍ ചികിത്സാ സങ്കേതമായ 'mirror box' ന്റെ ഉപജ്ജാതാവും അദ്ദേഹം തന്നെ. ചാനല്‍ ഫോറിലും (Channel 4 ) പി.ബി.എസിലും ( PBS) ചില ഡോക്കുമെന്ററികളില്‍ പ്രൊഫ. രാമചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബി.ബി.സി, ദി സയന്‍സ് ചാനല്‍, ന്യൂസ് വീക്ക് മാഗസിന്‍, ദിസ് അമേരിക്കന്‍ ലൈഫ്('This American Life'), 'ടെഡ്'പ്രഭാഷണ പരമ്പര (TED Talks) എന്നിവിടങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.


A Brief Tour of
Human consciousness
(2005)
ദര്‍പ്പണ നാഡീകോശങ്ങള്‍ (mirror neurons), ഓട്ടിസം (autism) എന്നിവയെക്കുറിച്ചുള്ള പഠനത്തിലാണ് അടുത്തിടെയായി അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധ ശാസ്ത്രജേര്‍ണലുകളിലായി 180 പേപ്പറുകള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഇരുപതെണ്ണം 'നേച്ചറി'ലാണ് (Nature) വന്നിട്ടുള്ളത്. Science, Nature Neuroscience, Perception and Vision Research എന്നീ വിശ്വോത്തര പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 'Medical Hypotheses' ('Elsevier') ന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ അംഗമായ അദ്ദേഹം അതിലും നിരവധി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാമചന്ദ്രന്റെ 'Phantoms in the Brain(1998) എന്ന വിശ്രുതകൃതി രണ്ടു ഭാഗങ്ങളിലായി ഒരു ഡോക്കുമന്ററിയിലൂടെ ബി.ബി.സി യില്‍ (BBC Channel 4 TV) അവതരിപ്പിക്കപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് അമേരിക്കയിലെ പി.ബി.എസ് ചാനല്‍ ഒരു മണിക്കൂര്‍ നീണ്ട ഒരു പരിപാടിയും ചെയ്തിട്ടുണ്ട്. ബി.ബി.സി വേള്‍ഡിലെ ജനപ്രിയ പരിപാടിയായ സ്റ്റീഫന്‍ സുക്കറിറെ ഹാര്‍ഡ് ടോക്കില്‍ (Hard talk) അദ്ദേഹം ടെലികോണ്‍ഫറന്‍സിംഗിലൂടെ മുഖേന സംസാരിക്കുന്നത് ഈ ലിങ്കില്‍ കാണാം (http://www.youtube.com/watch?v=XAVRZ1ykVm8)

2002 ല്‍ 'എന്‍സൈക്‌ളോപീഡിയ ഓഫ് ഹ്യമൂന്‍ ബ്രെയിന്റെ 'എഡിറ്ററായിരുന്ന രാമചന്ദ്രന്‍ 'സയന്റിഫിക് അമേരിക്കന്‍ മൈന്‍ഡി'ല്‍ (Scientific American Mind)പ്രസിദ്ധപ്പെടുത്തുന്ന ഇല്യൂഷന്‍സ് ('Illusions') എന്ന കോളത്തിന്റെ സഹരചയിതാവ് കൂടിയാണ്. റോയല്‍ നെതര്‍ലന്‍ഡ്‌സ് അക്കാദമി ഓഫ് സയന്‍സിന്റെ (Royal Netherlands Academy of Sciences) 'ഏരിയന്‍സ് കാപ്പേഴ്‌സ് മെഡല്‍' (Ariens Kappers Medal), 2005 ലെ 'ഹെന്റി ഡെയില്‍' ( 'Henry Dale Prize' by Royal Institution of Great Britain) പുരസ്‌ക്കാരത്തിന്റെ സംയുക്തജേതാവ്, അന്തര്‍ദേശീയ ന്യൂറോ സൈക്ക്യാട്രി സൊസൈറ്റി നല്‍കുന്ന 'റമോണ്‍ വൈ കജല്‍' അവാര്‍ഡ്(Ramon y Cajal award (2004), ഇന്ത്യന്‍ രാഷട്രപതിയില്‍ നിന്നും പത്മവിഭൂഷന്‍ എന്നീ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള അദ്ദേഹം ഓക്‌സോഫോഡിലെ ഓള്‍ സോള്‍സ് കോളേജിലെ (All Souls College, Oxford) വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Encyclopedia of
the Human Brain
പാലിയന്റോളജിയില്‍ വലിയ കമ്പമുള്ള പ്രൊഫസര്‍ രാമചന്ദ്രന്‍ 2009 ല്‍ ചൈനയിലെ ഗോബി മരുഭൂമിയില്‍ നിന്നും കണ്ടെത്തിയ ഒരു ദിനോസര്‍ ഫോസില്‍ വിലയ്ക്കു വാങ്ങുകയുണ്ടായി. 'Minotaurasaurus ramachandrani'എന്നാണ് ഈ ഫോസില്‍ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. രാമചന്ദ്രന്‍ ഒരു ജപ്പാന്‍കാരനില്‍ നിന്നാണ് അരിസോണയില്‍ വെച്ചിത് വാങ്ങിയത്. എന്നാല്‍ പിന്നീട് ഈ ഫോസില്‍ ചൈനീസ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ കടത്തികൊണ്ടു വന്ന ഒന്നാണെന്ന ആരോപണമുയര്‍ന്നിരുന്നു. അനധികൃതമായി കടത്തികൊണ്ടു വന്നതാണെന്ന് തെളിയിക്കപ്പെട്ടാല്‍ ഫോസില്‍ യാഥാര്‍ത്ഥ ഉടമയ്ക്ക് കൈമാറാന്‍ തനിക്ക് സന്തോഷമേയുള്ളുവെന്നാണ് ഇക്കാര്യത്തില്‍ പ്രൊഫസര്‍ രാമചന്ദ്രന്റെ നിലപാട്.
താഴെപ്പറയുന്നവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍

(1) Phantoms in the Brain : Probing the Mysteries of the Human Mind, coauthor Sandra Blakeslee, 1998.
(2) The Encyclopedia of the Human Brain (editor-in-chief)
(3) The Emerging Mind, 2003.
(4) A Brief Tour of Human Consciousness: From Impostor Poodles to Purple Numbers, 2005.
(5) The Tell-Tale Brain: A Neuroscientist's Quest for What Makes Us Human, 2010.

അവിശ്വാസിയായ രാമചന്ദ്രന്‍ സ്വയം അജ്ഞേയവാദിയായാണ് വിശേഷിപ്പിക്കുന്നത്. സ്പിനോസയുടെ ദൈവത്തെപ്പറ്റിയോ ഒരു 'പ്രപഞ്ചശക്തി'യെക്കുറിച്ചോ (cosmic power) സംസാരിക്കുന്നവരോടോ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നു പറയുന്ന അദ്ദേഹം ആകാശത്തിരുന്ന് മനുഷ്യരുടേയും പ്രകൃതിയുടേയും കാര്യങ്ങള്‍ സദാ നിയന്ത്രിക്കുന്ന വ്യക്തിദൈവം തനിക്ക് തീര്‍ത്തും അസ്വീകാര്യമാണെന്നു പറയുന്നുണ്ട്. 'ദൈവകേന്ദ്രം' ('god centre')സംബന്ധിച്ച തന്റെ പ്രസ്താവനകള്‍ പില്‍ക്കാലത്ത് അതിശയോക്തി കലര്‍ത്തി വളച്ചൊടിക്കുകയായിരുന്നുവെന്നും ദൈവചിന്ത സഹജമായ മസ്തിഷ്‌ക്കശേഷിയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും 
രാമചന്ദ്രന്‍  വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കകാരിയായ ഡയാന റോജേഴ്‌സാണ് ഭാര്യ രണ്ടു കുട്ടികള്‍: മണി, ജയ. പ്രൊഫസര്‍.രാമചന്ദ്രനെപ്പറ്റി പ്രിയ സുഹൃത്ത് ഡോ. മനോജ്(ബ്രൈറ്റ്) തന്റെ ബ്‌ളോഗില്‍ പലകുറി പരാമര്‍ശിച്ചിട്ടുണ്ടെന്നത് മലയാള ബൂലോകം ഇതിനുമുമ്പ് തന്നെ ഇദ്ദേഹത്തെ ശ്രദ്ധിച്ചുവെന്നതിന്റെ തെളിവാകുന്നു. ഭാവിയില്‍ തീര്‍ച്ചയായും നൊബേല്‍ സമ്മാനം ലഭിക്കുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്ന ഈ അപൂര്‍വ പ്രതിഭയുടെ ഏറ്റവും പുതിയ രചനയായ 'The Tell-Tale Brain'(2010) മലായാളത്തിലേക്ക് തര്‍ജമ ചെയ്യാന്‍ തീരുമാനിച്ച ഡി.സി ബുക്‌സും അഭിനന്ദനമര്‍ഹിക്കുന്നു. ചിന്തിക്കുന്നതിന് പേരുകേട്ട മലയാളിക്ക് അവസാനം ചിന്തിക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍ ഒരു കൈപ്പുസ്തകം വീണുകിട്ടുകയാണ്.****

Reference:
(1)'http://www.guardian.co.uk/books/2011/feb/20/tell-tale-brain-ramachandran-review
(2)http://www.amazon.com/Tell-Tale-Brain-Neuroscientists-Quest-Makes/dp/0393077829
(3)http://en.wikipedia.org/wiki/Vilayanur_S._Ramachandran
(4)http://www.telegraph.co.uk/culture/books/bookreviews/8243355/The-Tell-Tale-Brain-Unlocking-the-Mystery-ofHuman-Nature
(5)http://www.coinjoos.com/books/The-Tell-Tale-Brain-by-V-S-Ramachandran-book-8184001193
(6)http://blog.everythingdinosaur.co.uk/blog/_archives/2009/1/18/4061255.html
(7) http://www.youtube.com/watch?v=XAVRZ1ykVm8
Tuesday 6 September 2011

13.ഇല്ലായ്മയുടെ ഇതിഹാസം

അനശ്വര 'യാഥാര്‍ത്ഥ്യ'ത്തെ കുറിച്ചും പ്രപഞ്ചം എന്ന 'നിസ്സാര അനുഭവ'ത്തേക്കുറിച്ചും തലയറഞ്ഞ് പ്രസംഗിക്കുന്ന മായാവാദിയായ പ്രാഭാഷകന്‍.
''കൂട്ടരേ നാമെല്ലാം ഇല്ലാത്തതിന്റെ പിറകെയാണ്, ഉള്ളത് ആരും അറിയുന്നില്ല. ഈ പ്രപഞ്ചം കേവലം പുറംമോടി മാത്രം. യഥാര്‍ത്ഥ ഉണ്‍മ ദ്രവ്യസംബന്ധിയായ വ്യവഹാരികതയ്ക്ക് ഉപരിയാണെന്ന് അല്‍പ്പബുദ്ധികള്‍ അറിയുന്നില്ല. കാണുന്നതും കേള്‍ക്കുന്നതുമാണ് ശരിയെന്ന് നിനച്ച് സത്യത്തെ ഞെക്കികൊല്ലുന്ന മന്ദബുദ്ധികളേ, ഉപരിയായതിനെ അറിയുക, മായ തിരിസ്‌ക്കരിക്കുക, മിഥ്യ തള്ളിക്കളയുക''-പ്രഭാഷകന്‍ ആവേശംകൊണ്ട് പനി പിടിക്കുന്ന അവസ്ഥയിലായി.
''....എല്ലാവരും കാണാനാവാത്തതിനേയും കേള്‍ക്കാനാവാത്തതിനേയും നിസ്സാരവല്‍ക്കരിക്കുന്നു...ഇല്ലാത്തതിന്റെ പിന്നാലെ പായുന്നു....''
മീന്‍ വെട്ടുന്നിടത്ത് ചെന്നിരിക്കുന്ന പൂച്ചയെപോലെ പ്രപഞ്ചരഹസ്യത്തിന് കാതോര്‍ത്തിരുന്ന ഭക്തസദസ്സ് മലയാളസിനിമയില്‍ ഇംഗ്‌ളീഷ് ഡയലോഗ് കേള്‍ക്കുമ്പോള്‍ ഉന്മാദം കൊള്ളുന്ന നിരക്ഷരെ പോലെ ആടിയുലഞ്ഞു.
പ്രഭാഷണം പുരോഗമിക്കവെ, പെട്ടെന്ന്, എവിടെനിന്നോ ഒരു കൂറ്റന്‍ കാള കൊമ്പും കുലുക്കി സമ്മേളനവേദിയിലേക്ക് പാഞ്ഞടുത്തു. വേദിയാകെ കുത്തിമറിച്ച് ചവിട്ടിക്കുലുക്കി അത് എമ്പാടും മണ്ടി നടന്നു. പ്രഭാഷകനുള്‍പ്പെടെ എല്ലാവരും കാളയെ പേടിച്ച് 'സമ്മേളനസ്ഥലബാഹ്യമായാണ്' നിലയുറപ്പിച്ചത്. ഏതാണ്ട് അരമണിക്കൂര്‍ 
കഴിഞ്ഞ്‌ കാള ബന്ധിക്കപ്പെട്ടു. അതോടെ സദസ്സ് പുന:സംഘടിപ്പിക്കപ്പെടുകയും പ്രഭാഷകന്‍ പഴയപടി തുടരുകയും ചെയ്തു.
''...ഇല്ലാത്തതിനെക്കുറിച്ചുള്ള വേവലാതിയാണ് എല്ലാത്തിനും പിന്നില്‍..''


ദേ, വീണ്ടും ഒരു സംശയക്കാരന്‍! തെല്ലു സങ്കോചത്തോടെ അവന്‍ എഴുന്നേറ്റുനിന്നു. പ്രഭാഷകന്‍ തലയുയര്‍ത്തി ചോദിച്ചു:
''എന്താ മകനെ?''
''അല്ല സ്വാമി, ഇക്കാണുന്നതൊന്നും യാഥാര്‍ത്ഥമ
മല്ലെന്നും എല്ലാം നമ്മുടെ തോന്നലാണെന്നുമല്ലേ അങ്ങ് പറഞ്ഞുവരുന്നത്?''

''തീര്‍ച്ചയായും ആത്യന്തികസത്യം ഇതിനെല്ലാം അതീതമാണ്. ഇക്കാണുന്നതെല്ലാം വെറും മിഥ്യ''
''സ്വാമി അങ്ങനെയെങ്കില്‍....?''
''അങ്ങനെയെങ്കില്‍....?''
''തൊട്ടുമുമ്പ് ഇവിടൊരു കാള വന്ന് എല്ലാവരേയും ആക്രമിച്ചല്ലോ?''
''അതെ, ആക്രമിച്ചു, അതിനെന്താ?''
''അല്ല, അപ്പോള്‍ സ്വാമിയടക്കം എല്ലാവരും എഴുന്നേറ്റ് ഓടിയില്ലേ?''
''അതെ ഓടി അതിനെന്താ മകനേ? കാള കുത്താന്‍ വരുമ്പോള്‍ പിന്നെ ഭജനയും പാടി ഇരിക്കണോ?-പ്രഭാഷകന്റെ തമാശ സദസ്സില്‍ പരിഹാസച്ചിരി പടര്‍ത്തി.
''അതല്ല സ്വാമി....''
''ഏതല്ലെന്ന്...?''
''അല്ല സ്വാമി, എല്ലാം മിഥ്യയാണെങ്കില്‍ ആ കാളയും മിഥ്യയാണല്ലോ. മിഥ്യയായ കാള വന്നപ്പോള്‍ നാമെല്ലാവരും ഓടേണ്ട കാര്യമില്ലല്ലോ. അത് ഇല്ലാത്തതല്ലേ?''
''ഓ, അതാണോ കാര്യം?! ..മണ്ടച്ചാരെ! നീ പറഞ്ഞതു ശരി തന്നെ. എല്ലാം മിഥ്യ തന്നെ, ഒക്കെ നമ്മുടെ തോന്നലുകള്‍. കാള ഇവിടെ വന്നെന്നും എല്ലാവരും എഴുന്നേറ്റ് 
ഓടിയെന്നുമൊക്കെ നിനക്കുണ്ടായ തോന്നലുകളാണ് . വാസ്തവത്തില്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല...ഇത്തരം തോന്നലുകളുള്ളതുകൊണ്ടാണ് നമുക്ക് പരമാര്‍ത്ഥജ്ഞാനം ലഭിക്കാതെ പോകുന്നത്. മനസ്സിലായോ?''

പ്രഭാഷകന്റെ മറുപടി കേട്ടപ്പോള്‍ ചിരിക്കുന്ന കാര്യത്തില്‍ ചോദ്യകര്‍ത്താവും സദസ്സിനൊപ്പം കൂടി.

മതം നികുതിയില്ലാത്ത വിനോദമാകുന്നു. Religion is taxless fun. പ്രപഞ്ചത്തിന്റെ ഏകകാരണം എന്ന 'പരമാര്‍ത്ഥജ്ഞാനം' പ്രാരംഭത്തില്‍ തന്നെ കണ്ടെത്തിയ മതം ബാക്കി ജ്ഞാനങ്ങളെ അതിന് കീഴിലാണ് പ്രതിഷ്ഠിക്കുന്നത്. 'വിധി ആദ്യം വിസ്താരം പിന്നീട്' എന്നതാണ് മതചിന്തയിലെ അടിത്തട്ട് യുക്തി. 'ഉള്‍വിളികളും വിഭ്രാന്തികളും വെളിപാടുകളും' കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ജ്ഞാനത്തേക്കാള്‍ മഹത്തരമാകുന്നു! ഏകകാരണം പ്രപഞ്ചവിരുദ്ധമായതിനാലും പ്രപഞ്ചം ബഹുകാരണസംബന്ധിയായതിനാലും ബഹുദൈവങ്ങള്‍ കൂടുതല്‍ യുക്തിസഹമാണെന്ന് വാദിക്കുന്നവരുണ്ട്. പ്രപഞ്ചകാരണങ്ങള്‍ ബഹുതലമായതിനാല്‍ ഏകദൈവവും ബഹുദൈവവും ഒരുപോല അസാധുവാണ്. എന്തെന്നാല്‍ ബഹുതലദൈവങ്ങള്‍ ഏകദൈവത്തിന്റെ മൂര്‍ത്തീരൂപങ്ങളായിട്ടാണ്(various manifestations) പൊതുവെ അവതരിപ്പിക്കപ്പെടുന്നത്.അതായത് ഒരുതരം അധികാരവികേന്ദ്രീകരണം. ഫലത്തില്‍ ബഹുദൈവവും ഏകദൈവം തന്നെയാകുന്നു എന്നാണതിനര്‍ത്ഥം. ദൈവം ഒന്നോ ഒന്നിലധികമോ എന്ന ചോദ്യം കാളപ്രസവത്തിലെ കുട്ടികള്‍ എത്രയെന്ന ചോദ്യം അനുസ്മരിപ്പിക്കും.
ടോട്ടമിസം(Totemism)-അനിമിസം(Animism)-പാഗനിസം(Paganism)-പാന്‍തീയിസം(Pantheism)-തീയിസം(theism)-ബഹുദൈവവിശ്വാസം (Polytheism) എന്നരീതിയില്‍ ഭിന്നരൂപങ്ങളില്‍ വികസിതമായ അഭൗതികശക്തിവിശ്വാസം അവസാനം എത്തിയിസം(atheism) എന്ന മതവിശ്വാസനിരാസത്തില്‍ സമാപിക്കുന്നു. മേല്‍പ്പറഞ്ഞ എല്ലാ വിശ്വാസരൂപങ്ങളും ഇന്നും ലോകത്ത് നിലനില്‍ക്കുന്നുണ്ട്. 'ടോട്ടം'(Totem) സംരക്ഷകന്‍, അടുത്ത ബന്ധു, ചങ്ങാതി, കുലദൈവം എന്നൊക്കെയുള്ള രൂപത്തിലാണ് വരുന്നത്. അനിമിസത്തില്‍ ജീവനുള്ള വസ്തുക്കള്‍ക്കെല്ലാം ആത്മാവും ദൈവപ്രഭാവവും ആരോപിക്കപ്പെടുന്നു. പാന്‍തിയസം പ്രകൃതിദൈവസങ്കല്‍പ്പമാണ്. പ്രകൃതിതന്നെ ദൈവമാകുന്ന ഇവിടെ ഭക്തിയെക്കാള്‍ ആരാധനയ്ക്കാണ് മുന്‍തൂക്കം. നേരീയ ഭേദഗതിക്ക് വിധേയമായാല്‍ ഇത് നിരീശ്വരവാദമായി 
പരിണമിക്കും.


പേഗനിസത്തില്‍ പ്രകൃതിവസ്തുക്കളും മനുഷ്യരും അതീതശക്തികളുമൊക്കെ മൂര്‍ത്തികളായി ആരാധിക്കപ്പെടുമെങ്കിലും ഏകദൈവസങ്കല്‍പ്പത്തിലേതുപോലെ സര്‍വതിനേയും നിയന്ത്രിക്കുന്ന അധിദൈവം അവിടെയുമുണ്ട്. കാടും പുഴയും തീയും മലയുമൊക്കെ അവിടെ മൂര്‍ത്തികളാണ്. തീയിസം(Theism) മതപരമായ ആരാധനയാണ്. മതദൈവസങ്കല്‍പ്പത്തില്‍ വാസ്തവത്തില്‍ പുതുതായി ഒന്നുമില്ല. മേല്‍പ്പറഞ്ഞ എല്ലാ ആരാധനരീതികളും ഏറിയും കുറഞ്ഞും അവിടെ കടന്നുവരും. പുസ്തകവിശ്വാസമൊക്കെ സാമൂഹികപുരോഗതിക്കനുസരിച്ച് കടന്നുവന്നു എന്നു കണ്ടാല്‍മതി. മിക്ക മതദൈവങ്ങളും പ്രകൃതിശക്തികളോ (pagan deities) ആകാശപൗരന്‍മാരോ(sky god) ആയ ആണ്‍ദൈവങ്ങളാണ്. ചില മതങ്ങള്‍ ഏകദൈവമാതൃകയും(ജൂതമതം) മറ്റുചിലവ ബഹുദൈവക്രമവും(ഹിന്ദുമതം) പിന്തുടരുന്നുവെങ്കിലും ഫലത്തില്‍ ദൈവം എന്ന ആകാശപൗരന്‍ ഒരാളാണെന്ന് ഇരുകൂട്ടരും വാദിക്കുന്നു. ആരാധനയ്ക്കായി എല്ലാവരും മുകളിലോട്ട് നോക്കി പരിശീലിക്കുന്നു.

മതം ദൈവം ആളുംതരവും നോക്കി ഇടപെടുന്ന വ്യക്തിയാണ്. ഒരു 'വെടിക്കെട്ടുകാരനെ'പോലെ പ്രപഞ്ചത്തില്‍നിന്ന് ദൂരെ മാറിനിന്ന് 'മഹാവിഭേദന'മൊക്കെ(The Big Bang) നടത്തി തളര്‍ന്നിരിക്കുന്ന ഈ ആകാശപൗരന്റെ പ്രധാന താല്‍പര്യം ഭൂമിയിലെ താരതമ്യേന ആധുനിക ജീവികളിലൊന്നായ മനുഷ്യന്റെ ചെയ്തികളും കര്‍മ്മങ്ങളുമാണ്. മനുഷ്യന്‍ ചെയ്യേണ്ടതും ചെയ്തുകൂടാന്‍ പാടില്ലാത്തതുമായി ഒരു പിടി കാര്യങ്ങളുടെ നീണ്ട പട്ടികയും കീശയുടെ പോക്കറ്റിലിട്ടാണ് അദ്ദേഹം സദാ പ്രപഞ്ചത്തെ പണിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു പുതിയ ഗാലക്‌സി ഉണ്ടാക്കുന്ന അതേ സമയത്ത് അദ്ദേഹം ഭൂമിയില്‍ നടക്കുന്ന ഒരു 'മതനിന്ദ'യും ശ്രദ്ധിക്കും. പിന്നെ തന്നെത്താന്‍ ശ്രദ്ധിക്കും. ബോറടിക്കുമ്പോള്‍ തന്നെയാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കും, പിന്നെ തനിക്ക് ശ്രദ്ധ തെറ്റുന്നുണ്ടോയെന്ന് ശ്രദ്ധിക്കും.... ഇത്തരം അവിരാമമായ വിനോദത്തില്‍ അഭിരമിക്കുന്ന ജൂതമതമാതൃകയിലുള്ള ഏകദൈവസങ്കല്‍പ്പം പ്രാചീനമായ പ്രകൃതിദൈവത്തിന്റെ അനുകരണമാണ്. ടോട്ടമിസത്തിന്റെ കറിക്കൂട്ടുകളാണവിടെയും രുചി നിശ്ചയിക്കുന്നത്. മതദൈവങ്ങളെല്ലാം 'ഒന്നാ'ണെന്നത് വിശ്വാസികള്‍ നുണ പറഞ്ഞേക്കും. ഒന്നായി കഴിഞ്ഞാല്‍ സംഗതി യുക്തിസഹമായി എന്നാണവരുടെ വികലധാരണ. കുടുംബാസൂത്രണം വഴി സന്താനങ്ങളെ കുറച്ചാല്‍ മാത്രംമതി നല്ല മാതാപിതാക്കളായി പേരെടുക്കാം എന്ന ധാരണ പോലെയാണിത്. വാക്കില്‍ ഒന്നായിട്ട് കാര്യമില്ല. ഒന്നാകുകയെന്നത് ദൈവങ്ങളുടെ പേക്കിനാവാണ്. 'അന്യദൈവഭയ'മാണ് എല്ലാ മതദൈവളുടേയും ആത്യന്തികപ്രശ്‌നം. ഈ ഫോബിയ സദാ അവരുടെ ഉള്ള് നീറ്റുന്നു.

മനുഷ്യന്‍ എഴുത്തും വായനയും സാഹിത്യവുമൊക്കെ തുടങ്ങിയതിന് ശേഷമാണ് പല മതദൈവങ്ങള്‍ക്കും പുസ്തകപ്രസാധകരംഗത്ത് താല്‍പര്യമുദിച്ചത്. ദൈവാരാധനയുടെ പരിണാമചരിത്രം പരിശോധിച്ചാല്‍ മുമ്പ് നിലവിലിരുന്ന വ്യവസ്ഥകളെ അപേക്ഷിച്ച് പറയത്തക്ക പുരോഗതിയൊന്നും ആധുനിക മതവിശ്വാസത്തിനില്ല. ആരാധനാക്രമങ്ങള്‍ പരുവപ്പെട്ടത് അതാത് ഘട്ടത്തില്‍ നിലവിലിരുന്ന ജ്ഞാനതലത്തെയും പ്രകൃതിവീക്ഷണത്തേയും ആധാരമാക്കിയാണ്. അങ്ങനെനോക്കുമ്പോള്‍ പ്രാചീന ആരാധനക്രമങ്ങള്‍ അന്നത്തെ ജ്ഞാനതലവുമായും പ്രപഞ്ചവിജ്ഞാനവുമായി ഏറെക്കുറെ പൊരുത്തപ്പെട്ടു പോകുന്നതായി കാണാം. ആകാശം എന്തെന്നറിയാത്ത ജനത്തിന് ആകാശത്തിന് മുകളിലുളള 'സ്വര്‍ഗ്ഗം' കമനീയമായി തോന്നും. പക്ഷെ ഈ ഗോത്രസങ്കല്‍പ്പങ്ങള്‍ ചുമലിലേറ്റുന്ന 'ആധുനികമത'ങ്ങള്‍ ഞെട്ടിപ്പിക്കുന്ന ഫലിതമായി തുടരുന്നു. പ്രാകൃതമായ ഉപാസനാസങ്കല്‍പ്പങ്ങള്‍ക്ക് കാലികപ്രസക്തിയുണ്ടായിരുന്നു. ഇന്നത്തെ മതങ്ങള്‍ക്കതില്ല. പ്രാചീനമതങ്ങള്‍ അന്നിന്റെ നേട്ടവും ഇന്നിന്റെ ബാധ്യതയുമാണ്. മനുഷ്യന്‍ പുലിയെപ്പോലെ ചീറിപ്പായുമ്പോള്‍ മതം മലിനജലം പോലെ തളംകെട്ടിക്കിടക്കുന്നു.

ദൈവത്തിന് തെളിവില്ലെന്ന തികഞ്ഞ ബോധ്യമുള്ളതിനാല്‍ മതം ആധുനിക കാലത്ത് ചില അടുവുനയങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. കടം വീട്ടാനുള്ള ബാധ്യത ഒഴിവാക്കാനായി ഒരാള്‍ സ്വയം പാപ്പരായി പ്രഖ്യാപിക്കുന്ന കുബുദ്ധിയിവിടെ കാണാം. പണ്ട് സ്വപ്നദര്‍ശനവും വെളിപാടും അത്ഭുതങ്ങളുമൊക്കെയായി പരന്നൊഴുകിയിരുന്ന ദൈവങ്ങളൊക്കെ ആ മടപ്പണി നിറുത്തിയിട്ട് കാലം കുറെയായി. എന്താണെന്നറിയില്ല, ദൈവം അപ്രതീക്ഷിതമായി അലസനായി മാറി. പ്രത്യക്ഷപ്പെടലും അശരീരികളും തീരെയില്ലാതായി. അവസാനകാലത്ത് ചിലരെ നേരില്‍ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തുവത്രെ. അതിനുശേഷം കടയടച്ച് ഷട്ടറിട്ടു. കാണാനാവില്ല, കേള്‍ക്കാനാവില്ല, അറിയാനാവില്ല.... തുടങ്ങി മനുഷ്യന് പരിചിതമായ മിക്ക 'ഇല്ല'കളും ദൈവരക്ഷയ്ക്കായി ഉപയോഗിക്കാന്‍ മതം ബാദ്ധ്യസ്ഥമായി. എല്ലാ 'ഇല്ല'കളും ചേര്‍ന്നവനാണ് ദൈവമെങ്കിലും, വിചിത്രമെന്ന് പറയട്ടെ, ആ ദൈവം 'ഉണ്ട്' എന്ന് മതം ആണയിടുന്നു.ദൈവം ഉണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍വ 'ഇല്ല'കളും അടിച്ചേല്‍പ്പിക്കുന്നത്. തെളിവ് തേടി ആരെങ്കിലും ശല്യപ്പെടുത്തുമെന്ന ആശങ്ക മൂത്ത് ചില മതങ്ങള്‍ ദൈവത്തെ ഈ പ്രപഞ്ചത്തില്‍ നിന്നുതന്നെ ആട്ടിപ്പായിച്ചു. ഈ പുറത്താക്കപ്പെട്ടവനെ കുറിച്ച് ആരെങ്കിലും നിയമമോ വ്യവസ്ഥയോ ഉന്നയിച്ച് തര്‍ക്കിക്കുമെന്ന ഭയം മൂലം അറിയപ്പെടുന്ന എല്ലാ നിയമങ്ങളും അവന് ബാധകമല്ലാതാക്കി. ഇക്കാലത്താരും ദൈവത്തിന് 'തെളിവ്' ചോദിക്കാറില്ല. ദൈവത്തിന് തെളിവില്ലാത്തതല്ല മറിച്ച് ചോദിക്കന്നവന് വെളിവില്ലാത്തതാണ് പ്രശ്‌നമെന്ന് മതം പ്രഖ്യാപിച്ചിട്ടുണ്ട്. ആ പറയുന്നതില്‍ കാര്യമില്ലാതില്ല. തെളിവില്ലാത്ത ഒന്നിന്റെ തെളിവെവിടെ എന്നു ചോദിക്കുന്നതിലും വിചിത്രമായി എന്താണുള്ളത്?! ദൈവത്ത കുറിച്ച് കാര്യമായൊന്നും അറിയാനാവില്ലെന്നാണ് മതപ്രചരണമെങ്കിലും ഇനി കാര്യമായിട്ടൊന്നും അറിയാന്‍ ബാക്കിയില്ലെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം! ദൈവത്തെ കുറിച്ച് മതം എന്തൊക്കെയാണ് പറയാന്‍ പോകുന്നതെന്ന് ദൈവത്തിനുപോലും അറിയാനാവാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. തെളിവില്ലാത്തതിനാല്‍ മതം 'അറിഞ്ഞ'തൊക്കെ സത്യമാണോ എന്നറിയാനും വകുപ്പില്ല. അതായത് ദൈവത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തും പറയാം. ഒന്നുമറിയാനാവാത്ത ദൈവത്തെ പറ്റി എന്തും പറയാനുള്ള അവകാശാധികാരങ്ങള്‍ മതവിശ്വാസിക്ക് സ്വന്തം.

എല്ലാത്തിനും കാരണമുണ്ട്, ദൈവത്തിനത് വേണ്ട, എല്ലാത്തിനേയും ചലിപ്പിക്കാന്‍ ആരെങ്കിലും വേണം, ദൈവം സ്വയം തുള്ളിക്കൊള്ളും -ഈ മാതൃകയിലുള്ള അക്വിനാസ് നിയമങ്ങള്‍ തന്നെ ഉദാഹരണം. പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ച് പരിപാലിച്ച് ഭക്തന്റെ തലയില്‍ കയറി വിക്രിയകള്‍ കാട്ടിക്കൂട്ടുകയും ബലിമൃഗത്തില്‍ രക്തം കാണുമ്പോള്‍ അര്‍മാദിക്കുകയും ചെയ്യുന്ന ദൈവത്തെയാണ് എടുത്ത് പ്രപഞ്ചത്തിന് അപ്പുറമായ എങ്ങോട്ടോ(?) വലിച്ചെറിഞ്ഞത്. ഇനി ആ വകുപ്പില്‍ ആരും തെളിവ് ചോദിക്കില്ലല്ലോ! ദൈവത്തിന്റെ സര്‍വരേഖകളും ആധാരവും ഫാന്‍സ് ക്‌ളബ്ബുകളും ഉള്ളത് പ്രപഞ്ചത്തിലാണ്. പക്ഷെ പുള്ളി പ്രപഞ്ചത്തിനുള്ളില്‍ കാലുകുത്തില്ല- അസ്സല്‍ 'വെടിക്കെട്ടുകാരന്‍ ദൈവം'! പ്രപഞ്ചത്തിന് ബാഹ്യമായ എവിടെ എന്നുചോദിച്ചാല്‍ പ്രപഞ്ചത്തിലിരുന്ന് പ്രപഞ്ചബാഹ്യം എവിടെയെന്ന് ചോദിക്കുന്നോ, കയറെടാ റാസ്‌ക്കല്‍ വണ്ടിയില്‍''-എന്നായിരിക്കും മതമറുപടി.

പിന്നെ ഒരു തലവേദന പ്രപഞ്ചനിയമവും ഭൗതികനിയമങ്ങളുമായിരുന്നു. അവയൊന്നും ദൈവത്തിന് സൂചി കുത്താന്‍ ഇടം നല്‍കില്ലെന്ന വാശിയിലാണ്. ആ വിഷയങ്ങളിലും ദൈവത്തിന് പൂജ്യം മാര്‍ക്കാണെന്ന് മനസ്സിലാക്കിയ മതം ദൈവത്തെ അത്തരം നിയമങ്ങള്‍ക്കെല്ലാം അതീതമായി പ്രതിഷ്ഠിച്ച് കാര്യങ്ങള്‍ എളുപ്പമാക്കി. ഉണ്ടാക്കിയവന് നിയമം ഉണ്ടാക്കാന്‍ ആരും വളര്‍ന്നിട്ടെല്ലെന്ന് തീട്ടൂരവുമിറക്കി. ഇടയ്ക്കിടെ മഹാവിഭേദനം, താപഗതികം, ക്വാണ്ടം സിദ്ധാന്തം എന്നിവ പോലുള്ള പ്രാപഞ്ചിക പരികല്‍പ്പനകളും നിയമങ്ങളുമൊക്കെ ഉദ്ധരിച്ച് 'പ്രാപഞ്ചികനിയമങ്ങള്‍ക്ക് അതീതമായ', പ്രപഞ്ചത്തിലേയില്ലാത്ത ദൈവത്തെ തെളിയിക്കുന്ന ഒടിയന്‍മാരും രംഗത്തുണ്ട്. പ്രാപഞ്ചികനിയമങ്ങള്‍, ഭൗതികസമവാക്യങ്ങള്‍ ഇതൊക്കെ നിങ്ങള്‍ പ്രപഞ്ചാതീതന്റെ കാര്യത്തില്‍ ഉന്നയിക്കുന്നത് ശരിയാണോ എന്നൊക്കെ ചോദിച്ചാല്‍ ഒടിയന്‍മാര്‍ നിലവിടും. എന്തുകൊണ്ടായിക്കൂടാ? ദൈവത്തിന് അജ്ഞതയിലേ ഒളിക്കാനാവൂ. അജ്ഞതയും സംശയവും ഏതൊക്കെ മേഖലകളിലുണ്ടോ അവിടെയൊക്കെ ദൈവത്തെ ഒളിപ്പിക്കാം. അതിനി ബിഗ് ബാംഗായാലും തമോഗര്‍ത്തമായാലും വേണ്ടില്ല. ഒളിത്താവളമെവിടെയുണ്ടോ അവിടെയാണ് ദൈവം പൂത്തുലയുന്നത്. ആധുനികമായ ശാസ്ത്ര പരികല്‍പ്പനകളും സങ്കീര്‍ണ്ണനിയമങ്ങളും സാധാരണക്കാരുടെ ജ്ഞേയ-ജ്ഞാന പരിധിക്ക് പുറത്താണ്. ഇത്തരം സങ്കീര്‍ണ്ണമായ ആശയങ്ങളുടെ പുകമറയില്‍ കുറച്ചുനേരം ദൈവത്തെ സംരംക്ഷിക്കാം.

മഴവില്ലിലും ചിക്കന്‍പോക്‌സിലും ഇരുട്ടറകളിലും ഒളിച്ചിരുന്ന ദൈവം ഇപ്പോള്‍ ക്വണ്ടം അലകള്‍ക്കുള്ളില്‍ അട്ടയെപോലെ ചുരുണ്ടുകയറാന്‍ ശ്രമിക്കുകയാണ്. ഭാവിയിലെ ദൈവത്തിന്റെ ഒളിയിടങ്ങള്‍ ശാസ്ത്രം നാളെ എന്തൊക്കെ കണ്ടുപിടിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ശാസ്ത്രത്തിന്റെ വെളിച്ചമെത്തുന്ന മേഖലകളില്‍ നിന്നും അജ്ജതയുടെ കുറ്റിക്കാട്ടിലേക്ക് ദൈവത്തെ മാറ്റിപ്രതിഷ്ഠിക്കലാണ് മതവ്യാഖ്യാനഫാക്ടറിക്കാരുടെ കുലത്തൊഴില്‍. കാടും പടലും പിടിച്ചു കിടക്കുന്ന ഒളിസ്ഥലം വെട്ടിവെളിപ്പിക്കുമ്പോള്‍ ഇഴജന്തുക്കല്‍ തൊട്ടടുത്ത മറവിലേക്ക് ഓടി മറയുന്നതുപോലെ ശാസ്ത്രത്തിന്റെ വെളിച്ചമെത്തുന്നിടത്തു നിന്നൊക്കെ ദൈവം പ്രാണരക്ഷാര്‍ത്ഥം അജ്ഞതയുടെ തമസ്സിലേക്ക് പലായനം ചെയ്യുന്നു.

ഒഴിവാക്കാനുണ്ടായിരുന്ന മറ്റൊന്ന് 'ഭൗതികത' അഥവാ 'ദ്രവ്യപരത'യായിരുന്നു. തെളിവ് ഏറെ ആരായപ്പെടുന്ന ഒരു മേഖലയാണിത്. ഇവിടെയും ദൈവത്തിന് നിലനില്‍പ്പില്ലെന്ന് വന്നതോടെയാണ് സഹികെട്ട് 'ദൈവം ദ്രവ്യമല്ല'എന്ന ദയനീയമായ പ്രഖ്യാപനം മതം നടത്തിയത്! ദൈവങ്ങള്‍ പോലും അറിഞ്ഞിട്ടില്ലാത്ത കാര്യമാണിതൊക്കെ. മതസാഹിത്യമനുസരിച്ച് ദൈവങ്ങള്‍ ഈ പ്രപഞ്ചം വിട്ട് കളിക്കുന്നില്ല. പക്ഷെ ഇന്ന് ദൈവം പ്രപഞ്ചത്തിന് പുറത്താണ്. പുറത്തെവിടെ? 
ഉത്തരം മലയാള അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരം! താന്‍ ദ്രവ്യമല്ലെന്നും ദൈവം ഒരുകാലത്തും പറഞ്ഞിട്ടില്ല. സത്യംപറഞ്ഞാല്‍ ദ്രവ്യം, ഊര്‍ജ്ജം എന്നൊക്കെ പറഞ്ഞാല്‍ എന്തെന്നുപോലും അവനറിയില്ല. പിന്നയല്ലേ തെര്‍മോ ഡൈനാമിക്‌സും പ്‌ളാങ്ക് കോണ്‍സ്റ്റന്റുമൊക്കെ.


ദ്രവ്യമല്ലാതെ മറ്റെന്താണുള്ളത്? ഭൗതികവാദിക്കറിയില്ല. അതാണവന്‍ ഭൗതികവാദിയായി നിലനില്‍ക്കുന്നത്. ദ്രവ്യത്തിന് ഉപരിയായ എന്തെങ്കിലും നിനക്കറിയുമോ വിശ്വാസി? ദ്രവ്യാതീതമായത് എന്തെന്ന് പറയാനുള്ള ഭൂതദയ ഇന്നേവരെ ഒരു മതവിശ്വാസിയും കാട്ടിയിട്ടില്ല. ഈ പ്രപഞ്ചത്തിന്റെ ഭൂതവും ഭാവിയും അട്ടിമറിക്കാന്‍ ശേഷിയുള്ള ഈ നിര്‍ണ്ണായക വെളിപ്പെടുത്തലിന് ഇന്നുവരെ ആരും തയ്യാറാകാത്തതിന്റെ കാരണം വ്യക്തമാണ്. ദ്രവ്യത്തിനുപരിയായി വല്ലതും അറിയാമോ? തീര്‍ച്ചയായും അറിയില്ല, പക്ഷെ എന്തെങ്കിലും ഉണ്ടായിക്കൂടില്ല എന്നുണ്ടോ!? ശരിയാണ്, എന്താണ് ഉണ്ടായികൂടാന്‍ പാടില്ലാത്തത്?! ള്ളതല്ലേ നമുക്കറിയൂ, ഇല്ലാത്തത് ഉണ്ടാകില്ലെന്ന് എങ്ങനെ തറപ്പിച്ച് പറയും?! അപ്പോള്‍ ദൈവത്തിന്റെ കാര്യവും സമാനമല്ലേ? അതായത് ഉണ്ടായികൂടില്ല എന്ന് പറയാനാവില്ല. അത്രയല്ലേ ഉള്ളൂ കാര്യങ്ങള്‍? ഏയ്! അങ്ങനെയൊരു സന്ദേഹം സാധ്യമല്ല. ദൈവം ഉണ്ട്, ഉണ്ട്, ഉണ്ട്!!! അത് 'ഉണ്ടാക്കാനാ'ണല്ലോ നാം ഈ ബദ്ധപ്പാടൊക്കെ സഹിക്കുന്നത്!? സര്‍വതിനും അതീതനായ ദൈവത്തിന്റെ തെളിവായി ചില മതവാദികള്‍ അവതരിപ്പിക്കുന്നത് നിസ്സാരമായ ദ്രവ്യവസ്തുക്കളായ പര്‍വതം, സൂര്യചന്ദ്രന്‍മാര്‍, പ്രപഞ്ചം ആദിയായവയൊക്കെയാണ്! അവിടെ മാത്രം അയിത്തമില്ല!!!

പദാര്‍ത്ഥമല്ലാത്തതിനാല്‍ സര്‍വശക്തനായ ദൈവത്തിന് 'രൂപ'വുമില്ലെന്ന അടുത്ത ഒഴികഴിവും രൂപംകൊണ്ടു. രൂപമുണ്ടെങ്കിലല്ലേ ചൂണ്ടിക്കാട്ടേണ്ടതുള്ളു. ഇല്ലാത്ത ഒന്നിന് ഏറ്റവും സുരക്ഷിതമായ രൂപം 'രൂപമില്ലായ്മ' തന്നെയാണല്ലോ! ഒരു വെടിക്ക് 
രണ്ടു പക്ഷി!! അതില്‍പ്പിന്നെ എവിടെ? എന്ന ചോദ്യം ഒരുത്തനും ഉന്നയിക്കില്ലല്ലോ. ദൈവത്തിനെ ഒരോന്നില്‍ നിന്നും പുറത്താക്കുന്ന മതതന്ത്രം അപ്രതിരോധ്യമായ രീതിയില്‍ വിജയകരമാണോ? ഒരിക്കലുമല്ല. പരമ ശോചനീയകരമാണതിന്റെ പരിണതി. ഈ 'രക്ഷാപ്രവര്‍ത്തനത്തി'ന്റെ പാര്‍ശ്വഫലങ്ങള്‍ മതവാദങ്ങളുടെ നട്ടെല്ലൊടിക്കും. ഒരു നുണ സാധൂകരിക്കാന്‍ നൂറ് നുണ വേണ്ടിവരുമെന്ന പോലെ. മതത്തിന്റെ ദൈവപ്രതിരോധം കോഴികുഞ്ഞുങ്ങളെ പിടിച്ച് ഒറ്റാലിലാക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. ഒന്ന് അകത്താകുമ്പോള്‍ മറ്റൊന്നു പുറത്തുചാടുന്നു. രക്ഷാപ്രവര്‍ത്തനമെന്ന കീടനാശിനിയേറ്റ് സര്‍വതും നഷ്ടപ്പെട്ട ദൈവം മുമ്പത്തേക്കാള്‍ അസംബന്ധമായി മാറുന്നത് നോക്കൂ:


(1) പദാര്‍ത്ഥമാകാന്‍ സാധിക്കാത്ത ദൈവം സര്‍വശക്തനല്ല. സര്‍വശക്തന് എന്തുമാകാന്‍ കഴിയണം; എന്തുചെയ്യാനും. പദാര്‍ത്ഥമാകാതിരിക്കാനും പദാര്‍ത്ഥമാകാനും കഴിയണം. പക്ഷെ പദാര്‍ത്ഥമല്ലാതെ ഒന്നുമില്ലെന്നത് അംഗീകരിക്കാത്തവന് പോലും പദാര്‍ത്ഥം ഉണ്ടെന്ന് സമ്മതിക്കേണ്ടിവരും. അതിനാല്‍ ദൈവത്തിന് പദാര്‍ത്ഥമാകാണ്ടേതുണ്ട്. എപ്പോഴും വേണമെന്നില്ല, ചിലപ്പോഴെങ്കിലും. ഒരിക്കലും പദാര്‍ത്ഥമാകാന്‍ സാധിക്കാത്ത ദൈവം 'സര്‍വ'ശക്തനല്ല. എന്തുകൊണ്ട് ദൈവം പദാര്‍ത്ഥമാകുന്നില്ല? സര്‍വശക്തന് ആ കഴിവ് എന്തുകൊണ്ട് കൈവരിക്കാനായില്ല? മതസാഹിത്യത്തിലാകട്ടെ ദൈവം അടിമുടി പദാര്‍ത്ഥമാണ്.
(2) ദ്രവ്യമല്ലാത്തതിനാല്‍ രൂപമില്ലെന്ന വാദം യുക്തിരഹിതം. രൂപം ദ്രവ്യഗുണമാണ്, അല്ലെങ്കില്‍ ദ്രവ്യജന്യഗുണമാണ്. ദ്രവ്യം എല്ലായ്‌പ്പോഴും 'രൂപ'ഗുണം പ്രകടമാക്കണമെന്നില്ല. സ്ഥലം, സമയം, ഗുരുത്വം ഇത്യാദി അടിസ്ഥാന ദ്രവ്യഗുണങ്ങള്‍ ഇല്ലാത്ത അവസ്ഥയിലും ദ്രവ്യം സ്ഥിതി ചെയ്യാമെന്ന് ആധുനികശാസ്ത്രം പറയുന്നു. 'രൂപമാറ്റം' ഉണ്ടാകുന്നതിനും രൂപഗുണമുണ്ടാകേണ്ടതുണ്ട്. രൂപം എന്നാല്‍ പരിപ്പുവടയുടേയും നെയ്യപ്പത്തിന്റെയും ആകൃതിപോലെ എന്തോ ആണെന്ന ധാരണ പാടില്ല. നിയതമായ രൂപമൊന്നുമില്ലാത്ത ദ്രവ്യമാണ് പ്രപഞ്ചത്തില്‍ മഹാഭൂരിപക്ഷവും. ഇലക്‌ട്രോണിന്റെ രൂപമെന്താണ്?! പരമാണുകണങ്ങളെല്ലാം രൂപരഹിതമാണ്;അല്ലെങ്കില്‍ അസ്ഥിരരൂപികളാണ്. രൂപരാഹിത്യം മേന്മയാണെന്ന് വാദിക്കുന്നവര്‍ രൂപം എന്ന ഗുണം അല്ലെങ്കില്‍ ശേഷി അപ്രാപ്യമായ ദൈവത്തിന്റെ 'സര്‍വശക്തി' നിര്‍ദ്ദയമായി റദ്ദാക്കപ്പെടുകയാണെന്നറിയണം. ദൈവം സര്‍വശക്തനാണെങ്കില്‍ അവന് ഒന്നും 'ഇല്ലാതെ' വരാന്‍ പാടില്ല. ഒന്നും ആകാതിരിക്കാനും പാടില്ല. അതുകൊണ്ടുതന്നെ രൂപരഹിതനായ സര്‍വശക്തന്‍ അസംബന്ധമാണ്.
(3) പ്രപഞ്ചബാഹ്യമായ 'വെടിക്കെട്ടുകാരന്‍ ദൈവം' തീരെ ദുര്‍ബലമായ ഒരു മതസങ്കല്‍പ്പമാണ്. പ്രപഞ്ചബാഹ്യമായ ദൈവം 'സര്‍വ'വ്യാപിയല്ല. രണ്ടായാലും ആ ദൈവം പ്രപഞ്ചത്തിലില്ല. എന്നാല്‍ പ്രപഞ്ചം ഉണ്ട്. പ്രപഞ്ചമേ ഉള്ളൂ എന്ന് വാദിക്കുന്ന ഭൗതികവാദിക്ക് അനുകൂലമാണ് ഇവിടെ നൂറുശതമാനം തെളിവുകളും. പ്രപഞ്ചത്തിലില്ലാത്ത ഒന്ന് 'സര്‍വവ്യാപി'യാണെന്ന് പറയുന്നത് നിലനില്‍ക്കില്ല. സര്‍വവ്യാപി പ്രപഞ്ചത്തിന് പുറത്തു പൊയ്‌ക്കൊള്ളട്ടെ, പക്ഷെ പ്രപഞ്ചത്തിനുള്ളിലേക്കും വരണം. പ്രപഞ്ചത്തിനുള്ളില്‍ നിലനില്‍ക്കണമെങ്കില്‍ ആരായാലും പ്രാപഞ്ചികനിയമങ്ങള്‍ അനുസരിക്കേണ്ടിവരും. ദൈവവും ഭക്തനും താഴോട്ട് ചാടിയാല്‍ ഇരുവരും താഴെ വീഴും.(4) സര്‍വവ്യാപി അല്ലാത്ത ഒരാള്‍ക്ക് സര്‍വജ്ഞാനിയാകാനാവില്ല. എന്തെന്നാല്‍ 'സര്‍വവ്യാപിയായാല്‍ എങ്ങനെയുണ്ടാവും' എന്ന അനുഭജ്ഞാനം അയാള്‍ക്കില്ല. സര്‍വജ്ഞാനിക്ക് എല്ലാത്തരം അറിവുമുണ്ടായിരിക്കണമല്ലോ. കേട്ടറിവു മാത്രം മതിയാകില്ല. അനുഭവജ്ഞാനവും പ്രധാനമാണ്. സര്‍വവ്യാപിയല്ലാത്തതുകൊണ്ട് സര്‍വജ്ഞാനിയാകാനാവാത്ത ദൈവം ആ കാരണങ്ങള്‍ കൊണ്ടുകൂടി സര്‍വശക്തനാവാതെയും പോകുന്നു.
(5) സര്‍വജ്ഞാനിയും സര്‍വശക്തനും സര്‍വവ്യാപിയുമല്ലാത്ത ഒന്ന് പ്രപഞ്ചാതീതവുമാകില്ല. കാരണം പ്രപഞ്ചത്തിലുള്ള യാതൊന്നിനും ഈ കഴിവുകളില്ല. അതായത് പ്രചരിക്കപ്പെട്ട ശേഷികളും ആടയാഭരണങ്ങളും നഷ്ടപ്പെട്ട ദൈവം പ്രപഞ്ചത്തിലൊതുങ്ങേണ്ടി വരുന്നു. എന്നാല്‍ പ്രപഞ്ചത്തില്‍ അങ്ങനെയൊന്നില്ലെന്ന് മതം തന്നെ സമ്മതിക്കുന്നു-അപ്പോള്‍പ്പിന്നെ കൂടുതല്‍ പറയാനില്ല. ചുരുക്കത്തില്‍ ദൈവത്തിന് പ്രാപഞ്ചികമായോ പ്രാപഞ്ചാതീതമായോ നിലനില്‍പ്പില്ലെന്ന് മതം കിറുകൃത്യമായി തെളിയിക്കുന്നു.

(6) ഒരേസമയം പ്രാപഞ്ചികവും പ്രപഞ്ചാതീതവുമാകുന്ന ദൈവം പ്രപഞ്ചബാഹ്യമായി മാത്രം നിലകൊള്ളുന്ന ദൈവത്തേക്കാള്‍ പൂര്‍ണ്ണതയുള്ള സങ്കല്‍പ്പമാണ്. പരിപൂര്‍ണ്ണനെക്കാള്‍ കൂടുതല്‍ പൂര്‍ണ്ണതയുള്ള ഒന്നുണ്ടാവാന്‍ പാടില്ല. ദൈവത്തേക്കാള്‍ മികച്ചതൊന്നും സങ്കല്‍പ്പിക്കാനും സാധ്യമല്ലെന്നാണ് മതവാദം. പക്ഷെ ഇവിടെ ദൈവം പ്രപഞ്ചാതീതനാണെങ്കില്‍ ആ ദൈവത്തെക്കാള്‍ മികച്ച നിരവധി സങ്കല്‍പ്പങ്ങള്‍ സാധ്യമാണ്. സാങ്കല്‍പ്പികമായെങ്കിലും അതിശയിക്കപ്പട്ടാല്‍ ദൈവം അദൈവമാകും.
ദൈവത്തിന് തെളിവ് നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ഉപായമെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്ന രൂപരഹിതദൈവം, പ്രപഞ്ചാതീതദൈവം, ദ്രവ്യാതീതദൈവം തുടങ്ങിയ വികലഭാവനകള്‍ ദൈവത്തിന്റെ അസ്തിത്വം തന്നെ റദ്ദാക്കുന്നതാണ് നാം കണ്ടത്. സത്യത്തില്‍ ഒരു നിറംകെട്ട മതഫലിതങ്ങളാണിവ. 'വെളുക്കാന്‍ തേച്ചത് പാണ്ടായത്' മതത്തെ അലോരസപ്പെടുത്താതിരിക്കുമോ? ഇല്ലാത്തദൈവം 'രൂപരഹിത'മാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായെന്നു മാത്രം! പക്ഷെ അവിടെയും കാര്യങ്ങള്‍ അത്ര പന്തിയല്ല. കൂരിരുട്ടിലെ കറുത്തപൂച്ചയെ തെരയുന്നവനെ അന്ധനാക്കുമ്പോള്‍ കിട്ടുന്ന സുഖമാണത്. പക്ഷെ 'രൂപരാഹിത്യം' എന്നു വെറുതെ പറഞ്ഞതുകൊണ്ടായോ? താത്വികമായി അതിന്റെ സാധുതയും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ദൈവം പദാര്‍ത്ഥാതീതമാണെങ്കില്‍ 'പദാര്‍ത്ഥമൊഴികയുള്ളത്' എന്ന രൂപം സിദ്ധിക്കും-വെള്ളമൊഴിയുന്ന ഭാഗം കരയാകുന്നതുപോലെ. ദൈവം പ്രപഞ്ചബാഹ്യമായാല്‍ 'പ്രപഞ്ചം' ദൈവത്തിന്റെ രൂപം നിര്‍ണ്ണയിക്കും. ഏതൊന്നിനും രൂപരഹിതനാവാനുള്ള ഏക പോംവഴി പ്രപഞ്ചം നിറയുക എന്നതാണ്. അവിടെയും പ്രപഞ്ചത്തിന്റെ രൂപം ദൈവത്തിന് സിദ്ധിക്കുമെങ്കിലും 'വ്യതിരിക്തരൂപം' ഉണ്ടാവില്ല. പക്ഷെ സൃഷ്ടി-സ്രഷ്ടാവ് ദ്വന്ദം വരുന്നിടത്ത് രണ്ടും പ്രപഞ്ചത്തിനുള്ളിലായാലും ഇരുവര്‍ക്കും രൂപഗുണം സിദ്ധിക്കും. എന്തെന്നാല്‍ വ്യതിരിക്തത അവിടെ കടന്നുവരുകയാണ്. സൃഷ്ടിക്ക് എന്തായാലും രൂപമുണ്ട്. ബാക്കി വരുന്നത് സ്രഷ്ടാവാണ്. സൃഷ്ടിയുടെ രൂപം സ്രഷ്ടാവിനും രൂപം സമ്മാനിക്കുമെന്നര്‍ത്ഥം.

ദൈവത്തെ പ്രപഞ്ചത്തിനുള്ളിലാക്കിയാല്‍ തെളിവ് ചോദിക്കപ്പെടും. പ്രപഞ്ചത്തിന് പുറത്താക്കിയാല്‍ അവന് സര്‍വതും നഷ്ടപ്പെടും. അങ്ങനെ താത്വികമായി ദൈവത്തിന് പ്രപഞ്ചത്തിനകത്തും പുറത്തും സ്ഥിതിചെയ്യാനാവാതെ വരുന്നു. ഇരിക്കപ്പൊറുതിയില്ലാത്ത ദൈവം!! ഇല്ലാത്ത ഒന്നിനെ സംബന്ധിച്ചിടത്തോളം ഇതൊന്നും പ്രശ്‌നമല്ല. അതുകൊണ്ടുതന്നെ ദൈവത്തിന് അന്നുമിന്നും ഇതൊരു പ്രശ്‌നമല്ല. നൂറ് ശതമാനം 'രൂപരഹിതവിഭ്രാന്തി'കളായ ചില മതദൈവങ്ങള്‍ വെള്ളത്തിന് മുകളില്‍ ചെന്നിരുന്ന് വെയില്‍ കായും! അതും പ്രപഞ്ചമൊക്കെ ഉണ്ടാകുന്നതിനും മുമ്പ്!! അതായത് വെള്ളത്തിനുള്ളില്‍ സര്‍വവ്യാപിയായ ദൈവമില്ല! വെള്ളത്തിന് രൂപമുള്ളതിനാല്‍ വെള്ളത്തിന് മുകളിലുള്ളതിനും രൂപമായി. ചില മതദൈവങ്ങള്‍ക്ക് മനുഷ്യനുമായി ഗുസ്തി പിടിക്കുന്നതിലാണ് താല്‍പര്യമെങ്കില്‍ മറ്റുചില പ്രപഞ്ചബാഹ്യദൈവങ്ങള്‍ രാത്രിയില്‍ ഭൗമാകാശത്തുനിന്ന് താഴോട്ട് 
ഇറങ്ങിയും മുകളിലോട്ട് കയറിയും കളിമാശ് കളിക്കും! രാത്രിയായതുകൊണ്ട് ഈ പ്രപഞ്ചബാഹ്യനെ ആരും കാണില്ലല്ലോ. ഇതേ രൂപരഹിതദൈവം ചിലപ്പോള്‍ സംസാരിക്കും -കേള്‍ക്കും-നോക്കും-പ്രണയിക്കും-യുദ്ധം ചെയ്യും! എന്നാല്‍ മനുഷ്യന് ചെയ്യാത്ത കാര്യങ്ങളൊന്നും അവനൊരിക്കലും ചെയ്യുകയുമില്ല. പ്രപഞ്ചബാഹ്യമായ ദൈവം പറയുന്നത് മനുഷ്യന്‍ കേള്‍ക്കണമെങ്കില്‍ ദൈവത്തിന് ദ്രവ്യമാകേണ്ടതുണ്ട്. അന്തരീക്ഷ വായുവില്‍ ശബ്ദതരംഗങ്ങള്‍ നിര്‍മ്മിച്ചാലേ ഇത് സാധ്യാമകൂ. പ്രാപഞ്ചികബലവും മര്‍ദ്ദവും ഇതിനാവശ്യമുണ്ട്. ചുരുക്കത്തില്‍ ദൈവത്തെ രൂപരഹിതമാക്കുന്നതും പദാര്‍ത്ഥരഹിതമാക്കുന്നതും ദൈവം ഇല്ലെന്നതിന്റെ ഏറ്റവും തൃപ്തികരമായ സത്യപ്രസ്താവനയാകുന്നു. എല്ലാ മതവും നാസ്തികതയില്‍ അവസാനിക്കുമെന്ന പഴമൊഴി സാര്‍ത്ഥകമാകുകയാണിവിടെ.


ദൈവം ഈ പ്രപഞ്ചത്തിലില്ല, ദ്രവ്യപരമായി അങ്ങനെയൊന്നില്ല, പ്രപാഞ്ചികനിയമപ്രകാരം അങ്ങനെയൊന്നില്ല, രൂപപരമായി അങ്ങനെയൊന്നില്ല....മതവാദി ഇപ്പറയുന്നതിനോടെല്ലാം നാസ്തികന്‍ പൂര്‍ണ്ണമായും യോജിക്കും. 'ഇല്ലാത്ത ഒന്ന്' ഈ തലങ്ങളിലെങ്ങും കാണില്ലല്ലോ; ഇല്ലാത്തതിന് രൂപവുമില്ല, അസ്തിത്വവുമില്ല, നിയമവുമില്ല. സത്യത്തില്‍ നാസ്തികര്‍ എക്കാലത്തും പറഞ്ഞിട്ടുള്ളതും ഇതൊക്കെ തന്നെ. പ്രപഞ്ചബാഹ്യം, നിയമാതീതം, ദ്രവ്യതീതം, രൂപരഹിതം..ഇത്യാദി ന്യൂനതകളൊക്കെ ഇല്ലാത്തവയുടെ മാത്രം 'ഗുണഗണ'ങ്ങളാണ്! നൂറില്‍ നൂറു പൊരുത്തമാണിവിടെ. ദൈവത്തിനെന്നല്ല, ഇല്ലാത്ത ഏതൊന്നിനും ഈ 'ഗുണഗണങ്ങള്‍'ഉണ്ടായിരിക്കും! ഡിങ്കന്റെയോ 2+%െര3/ഴ'-യുടേയോ കാര്യം പരിഗണിച്ചാലും ഇത് അക്ഷരംപ്രതി ശരിയാവും.

എന്നാല്‍ ഇതിനപ്പുറമുളള ഏതോ 'ഒളികേന്ദ്ര'ത്തില്‍ അതുണ്ടെന്ന് തീര്‍ച്ചപ്പെടുത്തുന്ന മതശാഠ്യമാണ് അസ്വീകാര്യമാകുന്നത്. മതംപ്രാചീനമായ ഒരു നുണയാണ്. നവനുണകള്‍ വെളിവാക്കപ്പെട്ട പരമ്പരാഗത നുണകളെ സാധൂകരിക്കില്ല. അടിച്ചോടിക്കപ്പെട്ട ദൈവം, സര്‍വതും നഷ്ടപ്പെട്ട അഭയാര്‍ത്ഥിയായ ദൈവം, 'വെടിക്കെട്ടുകാരനായ'ദൈവം..ഇതൊന്നും മതരക്ഷ കൊണ്ടുവരില്ല. ഭാവിയിലെ സാമ്പത്തികച്ചെലവോര്‍ത്ത് പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചമൂടുന്ന അപരിഷ്‌കൃത ജനതയെപ്പോലെ തെളിവ് ഹാജരക്കേണ്ടി വരുമെന്ന ബാധ്യത മുന്നില്‍ കണ്ട് ഒരിക്കല്‍ ഈ ലോകത്തെ പരമാധികാരിയായി കടലാസിലെങ്കിലും വിലസിയിരുന്ന ഒരുവനെ ദ്രവ്യരഹിതനാക്കി,നിയമവിരുദ്ധനാക്കി,കോലംനശിപ്പിച്ച്, ഉടുപ്പും വലിച്ചുകീറി പ്രപഞ്ചത്തിന്റെ ഇല്ലാപുറങ്ങളിലെവിടേക്കോ മതം നിര്‍ദാക്ഷിണ്യം വലിച്ചെറിഞ്ഞിരിക്കുന്നു. ഇനി അവന് വേണ്ടി വാദിക്കാന്‍ ആരുണ്ട്? അവന്റെ വിങ്ങലുകള്‍, അവന്റെ തേങ്ങലുകള്‍...എന്തേ നിങ്ങളും മുഖം തിരിക്കുകയാണോ?*****