ശാസ്ത്രം വെളിച്ചമാകുന്നു

Sunday, 25 December 2011

25. ദൈവ വാണിഭക്കാര്‍

വസ്തുനിഷ്ഠമായി നോക്കിയാല്‍ മതപണ്ഡിതനും മലയിലെണ്ണ വില്‍പ്പനക്കാരനുമായി കാര്യമായ വ്യത്യാസമില്ലെങ്കിലും അങ്ങനെയൊരു പ്രസ്താവന നടത്തുന്നത് പൂര്‍ണ്ണമായും ശരിയായിരിക്കില്ല. എന്തെന്നാല്‍ മയിലെണ്ണക്കാരന്‍ പറയുന്നത് എപ്പോഴും നൂറ് ശതമാനം കളവായിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ല!


'മള്ളിയൂര്‍' പേരില്‍ അറിയപ്പെടുന്ന ഒരു ബ്രാഹ്മണ പുരോഹിതന്‍ അന്തരിച്ചപ്പോള്‍ മഹദ് പുരുഷനും 'ധന്യജീവിത'വുമായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രസ്താവനകളുടെ ഒരു മലവെളളപ്പാച്ചില്‍ തന്നെയുണ്ടായി. രാഷ്ട്രീയ നേതാക്കളും സാംസ്‌ക്കാരികനായകരും അദ്ദേഹത്തിന്റെ ദേഹവിയോഗത്തെക്കുറിച്ചോര്‍ത്ത് നിറുത്താതെ കണ്ണുനീര്‍ വാര്‍ത്തു. ടിയാന്റെ മരണം സമൂഹത്തിന് വലിയൊരു നഷ്ടമാണെന്നും ആ വിടവ് ഉടനടി നികത്തപ്പെടില്ലെന്നുമായിരന്നു വിലാപങ്ങളുടെ രത്‌നചുരുക്കം. എന്തായിരുന്നു സമൂഹത്തിന് വേണ്ടി ശ്രീമാന്‍ മള്ളിയൂര്‍ ചെയ്ത മഹത്തായ സേവനം? മഹാഭാഗവതം എന്നറിയപ്പെടുന്ന ഹിന്ദുമതഗ്രന്ഥം അദ്ദേഹം പലകുറി വായിച്ചിട്ടുണ്ടത്രെ. വായിക്കുക മാത്രമല്ല ശേഷം മറ്റുള്ളവരെ വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു-വര്‍ഷങ്ങളോളം. ലൗഡ് സ്പീക്കറിലൂടെ അത് ഭക്തകര്‍ണ്ണങ്ങളില്‍ അമൃതധാരയായി പെയ്തിറങ്ങി! ഒന്നാലോചിക്കുക, ഭാഗവതം വായിക്കുന്നതും വായിച്ച് കേള്‍ക്കുന്നതും കടുത്ത പുണ്യപ്രവര്‍ത്തിയാകുന്നു. അപ്പോള്‍ ഈ സമൂഹത്തെ ഇത്രയധികം പുണ്യവല്‍ക്കരിച്ച മറ്റൊരു വ്യക്തി വേെയുണ്ടാകുമോ? പുണ്യം! അത് കിട്ടാതെ വേറെന്ത് കിട്ടിയിട്ടും വല്ല പുണ്യവുമുണ്ടോ?!

'മതപണ്ഡിതന്‍' 'മതനേതാവ്'എന്നീ ജനുസ്സില്‍ പെട്ടവര്‍ ബ്രഹ്മജ്ഞാനികളായി മാറുന്നത് പെട്ടെന്നാണ്. പണ്ട് മതനേതാക്കള്‍ ഇത്രയധികം പൂജിക്കപ്പെട്ടത് ഒരുപക്ഷെ മധ്യകാലത്തെ ഇരുണ്ട യുഗത്തിലാണ്. അന്നവര്‍ ജ്ഞാനത്തിന്റെ ഉത്ഭവകേന്ദ്രമായി വാഴ്ത്തപ്പെട്ടു. വാസ്തവത്തില്‍ ഇത്രയും ബഹുമാനവും ആദരവും ആവശ്യപ്പെടാന്‍ തക്ക എന്തെങ്കിലും ഇവരുടെ പക്കലുണ്ടോ? എല്ലാത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മറയായി മതമുദ്രകള്‍ ഉപയോഗിക്കുന്നത് വ്യാപകമായി വരികയാണ്. തമിഴ്‌നാട്ടിലെ ജയേന്ദ്ര സരസ്വതിയെപ്പോലെ അത്യപൂര്‍വം വ്യക്തികളേ നിയമത്തിന്റെ പിടിയില്‍ അമര്‍ന്നിട്ടുള്ളു. മതനേതാക്കള്‍ക്കെതിരെ വിമര്‍ശനം പാടില്ലെന്ന് മാത്രമല്ല അവരെ വന്ദിക്കാതെ വഴിനടക്കാനും പാടില്ലെന്ന അവസ്ഥ വരികയാണ്. 

ആള്‍ദൈവം സ്വന്തം ആശുപത്രിയിലെ തൊഴിലാളികളെ പീഡിപ്പിക്കുന്നതില്‍ പുതുമയില്ല. കാരണം പണ്ടും ഇതുതന്നെയായിരുന്ന 'സിലബസ്സ്'. അറിയാവുന്നവര്‍ക്കൊക്കെ അറിയാം. ഇടക്കാലത്തുണ്ടായ ഒരു ചെറിയ 'ഇടവേള'യാണ് ചിലരെയെങ്കിലും അതിശയിപ്പിച്ചത്. വന്ന വഴി നാട്ടുകാര്‍ മറന്നാലും ആള്‍ദൈവങ്ങള്‍ക്കത് സാധ്യമല്ലല്ലോ. ചിലപ്പോള്‍ അവര്‍ അറിയാതെ കൂവിപ്പോകും. അപ്പോഴൊക്കെ 'തനിക്കൊണം' തിരശ്ശീല നീക്കി പുറത്തുവരും. കലര്‍പ്പില്ലാത്ത അക്രമവും ബലപ്രയോഗവും മറയില്ലാതെ പ്രയോഗിക്കാന്‍ മതനേതൃത്വം തയ്യാറാകുന്നതാണ് 1990 കള്‍ക്ക് ശേഷം നാം കേരളത്തില്‍ കാണുന്നത്. കൊല്ലിനും കൊലയ്ക്കും അധികാരമുള്ളവരാണ് തങ്ങളെന്ന രീതിയിലുള്ള പെരുമാറ്റം അവരുടെ ഭാഗത്ത് നിന്ന് വര്‍ദ്ധിതമായി ഉണ്ടാകുമ്പോഴും പൊതുസമൂഹം വല്ലാത്തൊരു മരവിപ്പിന്റെ പിടിയിലാണ്. മതവിമര്‍ശനം പാടില്ലെന്ന് മാത്രമല്ല മതപരമായ എന്തിനേയും ഏവരും വിശുദ്ധമായി കണ്ട് ആദരിക്കണമെന്ന നിര്‍ബന്ധം പരസ്യമായി ഉന്നയിക്കപ്പെടുകയാണ്. കോടതികള്‍വരെ ആ നിലയില്‍ സമ്മര്‍ദ്ദത്തിലാഴ്ത്തപ്പെടുന്നു. 


മതത്തെ വിമര്‍ശിക്കാനേ പാടില്ലെന്ന ഉത്തരവുകള്‍ ഭ്രൂണാവസ്ഥയിലാണെന്ന് കേള്‍ക്കുന്നു. 
Pinarayi Vijayan
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ ഒരു ബിഷപ്പിനെ പരോക്ഷമായി 'നികൃഷ്ടജീവി'എന്നു വിളിച്ചതിനെച്ചൊല്ലി ചില മതശക്തികള്‍ കേരളമെടുത്ത് തലകീഴായി വെക്കാന്‍ ശ്രമിച്ചതോര്‍ക്കുക. പിണറായിയുടെ എതിരാളികളില്‍പോലും അദ്ദേഹത്തെക്കുറിച്ച് തികഞ്ഞ മതിപ്പുണ്ടാക്കിയ പ്രസ്താവനയായിരുന്നുവത്. മതവിശ്വാസികളില്‍തന്നെ നല്ലൊരു വിഭാഗത്തിനും അത് നന്നെ രസിച്ചുവെന്നും വ്യക്തമായിരുന്നു. 'ഇത് പണ്ടേ പറയേണ്ടതായിരുന്നു'എന്ന് സ്വകാര്യമായി നിരീക്ഷിച്ച അല്‍മായക്കാര്‍ നിരവധി. ഒരുപക്ഷെ കേരളത്തിലെ രാഷ്ട്രീയനേതാക്കക്കിടയില്‍ നിന്ന് അപൂര്‍വമായി കാണുന്ന ആര്‍ജ്ജവും മന:സ്ഥൈര്യവും ബൗദ്ധിക സത്യസന്ധതയുമാണ് ആ പ്രസ്താവനയില്‍ നിഴലിച്ചത്. 


മുമ്പ് മുഖ്യമന്ത്രിയായിരുന്ന ശ്രീ. എ.കെ ആന്റണിയാണ് ഇതുപോലെ മറ്റൊരു നഗ്നസത്യം തുറന്നടിച്ചത്. കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ സവിശേഷമായ അവസ്ഥയെക്കുറിച്ചായിരുന്നു ആന്റണി സത്യസന്ധമായി പ്രതികരിച്ചത്. കഴിഞ്ഞ ദശകത്തില്‍ കേരളം ശ്രവിച്ച ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നിരീക്ഷണങ്ങളായിരുന്നു രണ്ടും. വന്‍ പ്രതിഷേധവും പ്രതികരണപ്പുകയുമൊക്കെ ഉണ്ടാക്കി മതം തെരുവിലിറങ്ങിയിട്ടും അവിശ്വാസികളായ ഈ നേതാക്കള്‍ തങ്ങളുടെ പ്രസ്താവനകള്‍ പിന്‍വലിച്ചില്ല. 
A.K Antony
ആന്റണി കാര്യം പറഞ്ഞു, മൃദുവായ ഭാഷയില്‍. പിണറായി പറഞ്ഞതും കാര്യം തന്നെ. പക്ഷെ ഭാഷ പിഴച്ചു. പൊതുവില്‍ ഒരു മനുഷ്യനേയും 'നികൃഷ്ട ജീവി' എന്ന് സംബോധന ചെയ്യാന്‍ പാടില്ലാത്തതാകുന്നു. മാനവികവിരുദ്ധമാണത്. പക്ഷെ ബിഷപ്പ് മുഖ്യകഥാപാത്രമായി പ്രത്യക്ഷപ്പെട്ടതുകൊണ്ട് മാത്രമാണ് ഇവിടെ അപലപന തൊഴിലാളികള്‍ ഓവര്‍ടൈം പണിയെടുത്തത്. അംബാനിയോ ടാറ്റയോ ആയിരുന്നു എതിര്‍വശത്തെങ്കില്‍ ആരുമിത് ശ്രദ്ധിക്കുക പോലുമില്ല. എന്താണ് ഒരു മതനേതാവിന് മാത്രം ഇത്രയധികം പ്രത്യേകത? ആദരണീയമായ എന്ത് സവിശേഷതയാണ് അവരുടെ വ്യക്തിത്വങ്ങള്‍ക്കുള്ളത്? ചില പഴഞ്ചന്‍ പുസ്തകങ്ങളില്‍ നിന്ന് കെട്ടുകഥളും ഗോത്രഭാവനകളും സദാ ഉദ്ധരിച്ച് നടക്കുന്നതാണോ? അതോ പുരോഗമനസ്വഭാവമുള്ള എന്തിനേയും എതിര്‍ത്ത് സമൂഹത്തില്‍ ഇരട്ടുപരത്തുന്നതിന്റെ പേരിലോ? 


Mathai Chaco EX M.LA
മുന്‍ തിരുവമ്പാടി എം.എല്‍.എ. സഖാവ് മത്തായി ചാക്കോ മരണക്കിടക്കയില്‍ വെച്ച് അബോധാവസ്ഥയില്‍ രോഗീലേപനശുശ്രൂഷ കൈക്കൊണ്ടെന്ന വാദവുമായി ചില വൈദികര്‍ മുന്നോട്ടുവന്നതായിരുന്നു പിണറായിയെ ചൊടിപ്പിച്ചത്. അബോധാവസ്ഥയില്‍ കിടന്ന മത്തായി ചാക്കോയുടെ രോഗശയ്യക്ക് അരികിലെത്തി എന്തൊക്കൊയോ കാട്ടിക്കൂട്ടിയിട്ട് പിന്നീട് മരണശേഷം അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു ആരോപിതനായ പുരോഹിതന്‍. ഒരാളെ കെണിയിട്ട് വിശ്വാസിയാക്കുന്ന കുതന്ത്രം മതം ഇന്നുമിന്നലെയും തുടങ്ങിയതല്ല. ഡേവിഡ് ഐ കേര്‍ട്‌സര്‍ എഴുതിയ 'ദി കിഡ്‌നാപ്പിങ് ഓഫ് എഡ്ഗാര്‍ഡോ മോര്‍ട്ടാറ' (The Kidnapping of Edgardo Mortara by David I Kertezer) എന്ന കൃതിയില്‍ പ്രതിപാദിക്കുന്നത് അക്കാലത്ത് വിവാദമായ ഒരു ജ്ഞാനസ്‌നാനത്തിന്റെ കഥയാണ്. 1858-ല്‍ ഒരു ദിവസം രാവിലെ എഡ്ഗാര്‍ഡോ മോര്‍ട്ടാറ എന്നപേരുള്ള ആറുവയസ്സുകാരനായ ജൂതക്കുട്ടിയെ അവന്റെ ഭവനത്തിലേക്ക് ഇരച്ചുകയറിയ വത്തിക്കാന്‍ പോലീസ് ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയി. മാതാപിതാക്കളും ബന്ധുക്കളും വലിയ വായില്‍ അലമുറയിട്ടിട്ടും പ്രയോജനമുണ്ടായില്ല. മുസ്‌ളീങ്ങളെയും ജൂതരെയും മതംമാറ്റുന്ന സ്ഥലത്തേക്കാണ് (Catechumens) അവരവനെ കൊണ്ടുപോയത്. പിന്നീടവിടെ റോമന്‍ കത്തോലിക്കനായി ആ കുട്ടി വളര്‍ന്നു. അതിനുശേഷം സ്വന്തം കുടുംബക്കാര്‍ അവനെയധികം കണ്ടിട്ടില്ല. 


ഇന്ന് ഒരുപക്ഷേ, അവിശ്വസനീയമായി തോന്നുമെങ്കിലും എഡ്ഗാറിന്റെ കഥ അന്നത്തെ ഇറ്റലിയില്‍ അസാധാരണ സംഭവമായിരുന്നില്ല. എഡ്ഗാര്‍ഡോയുടെ കാര്യം വിചിത്രമാണ്. ചെറിയകുട്ടിയായിരിക്കുമ്പോള്‍ എഡ്ഗാര്‍ഡോയെ പരിപാലിക്കാനായി ഹോം നഴ്‌സായി അന്നാ മോറിസി (Anna Morisi ) എന്നൊരു യുവതിയെ അവന്റെ വീട്ടുകാര്‍ നിയമിച്ചിരുന്നു. വലിയ പഠിപ്പും വിവരവുമൊന്നുമില്ലാത്ത ഒരു കത്തോലിക്കാ യുവതിയായിരുന്നു അന്നാമോറിസി. ഒരുദിവസം വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് കുഞ്ഞ് എഡ്ഗാറിന് പനിയും വിറയലും കലശലായി. കുട്ടി മരിച്ചുപോകുമെന്ന് അന്ന ഭയന്നു. പരിഭ്രാന്തയായി നിലവിളിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് അവള്‍ ഒരുകാര്യം ഓര്‍ത്തത്. കുഞ്ഞിനെ ഇതുവരെ ജ്ഞാനസ്‌നാനം ചെയ്യിച്ചിട്ടില്ല! ജ്ഞാനസ്‌നാനം ചെയ്യാതെ മരിച്ചുചെന്നാല്‍ അവന്‍ നരകത്തില്‍ കിടന്നനുഭവിക്കേണ്ടിവരും!

അന്നയ്ക്ക് സഹിക്കാനായില്ല. അവളുടനെ അയല്‍പക്കത്തെ കത്തോലിക്കരുടെ വീട്ടിലേക്കോടി. അവിടെചെന്ന് മാമോദീസ മുക്കുന്നതെങ്ങനെയെന്ന് പറഞ്ഞുതരാന്‍ ആവശ്യപ്പെട്ടു. അവര്‍ പറഞ്ഞുകൊടുത്തത് അതേപടി പഠിച്ച് തിരിച്ചുവന്ന അന്ന കുറെ വെള്ളമെടുത്ത് ആചാരപൂര്‍വം എഡ്ഗാര്‍ഡോയുടെ തലയിലൊഴിച്ചു. ശേഷം ''പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയുംപേരില്‍ നിന്നെ ഞാന്‍ ജ്ഞാനസ്‌നാനപ്പെടുത്തിയിരിക്കുന്നു'' എന്നുരുവിട്ടു. എന്നാല്‍ പിന്നീട് കുട്ടി രോഗാവസ്ഥ തരണം ചെയ്തു. അന്ന ഇക്കാര്യം മറന്നില്ലെങ്കിലും ഭയം കൊണ്ട് വീട്ടുകാരോട് പറഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം 6 വയസ്സുള്ളപ്പോഴാണ് എഡ്ഗാര്‍ഡോയെ തിരക്കി വത്തിക്കാന്‍ പോലീസെത്തിയത്. തെളിവാകട്ടെ അന്നാ മോറിസിയുടെ വാക്കുകള്‍! ഈ അതിക്രമത്തിനെതിരെ രാജ്യാന്തരതലത്തില്‍ വലിയ പ്രതിഷേധവും വിമര്‍ശനവുമുണ്ടായി. ധനികരായ ജൂതവംശം പണക്കൊഴുപ്പ് കൊണ്ട് സൃഷ്ടിച്ച അനാവശ്യവിവാദമായി വത്തിക്കാന്‍ പത്രമായ സിവിലിറ്റ കത്തോലിക്ക (Civilita Catholica) സംഭവങ്ങള്‍ തള്ളിക്കളഞ്ഞു. 



വത്തിക്കാനില്‍ ഭൂരിഭാഗം ജൂതകുടുംബങ്ങളും കാത്തോലിക്കാ യുവതികളെയാണ് വീട്ടുജോലിക്ക് നിറുത്തിയിരുന്നത്. ഇതുകേള്‍ക്കുന്ന ഒരാള്‍ക്ക് ന്യായമായും തോന്നാവുന്ന ഒരു സംശയമുണ്ട്. ഇത്ര വലിയ അപകടം പതിയിരിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ജൂതകുടുംബങ്ങള്‍ കാത്തോലിക്കാ സ്ത്രീകളെ തന്നെ വീട്ടുജോലിക്കാരായി നിറുത്തുന്നു? ഉത്തരം ലളിതം; ജൂതസ്ത്രീയെ ജോലിക്ക് നിറുത്തിയാല്‍ സബാത്ത് ദിവസം അവളൊന്നുംചെയ്യില്ല. കുടുംബത്തിലുള്ളവരും ഒന്നുംചെയ്യില്ല. അന്ന് തുണിയലക്കാനോ നിലം തുടയ്ക്കാനോ പാചകം ചെയ്യാനോ ജൂതജോലിക്കാരിയോട് പറയാനാവില്ല. അതേസമയം ഇതൊക്കെ നടക്കുകയും വേണം. കാത്തോലിക്കരാകുമ്പോള്‍ ആ പ്രശ്‌നമില്ല. കടുത്ത മതവിശ്വാസികള്‍പോലും കാണിക്കുന്ന ഏറ്റവും മിതമായ പ്രായോഗികയുക്തിയാണ് വത്തിക്കാനിലെ ജൂതകുടുംബങ്ങളും കാണിച്ചുപോന്നത്.

വത്തിക്കാന്‍ റോമന്‍കത്തോലിക്കരുടെ ലോക തലസ്ഥാനമാണ്. അവിടെയുളള ജൂത-മുസ്‌ളീം കുടുംബങ്ങള്‍ സദാ മതംമാറ്റ ഭീഷണിയിലായിരുന്നു. ജ്ഞാനസ്‌നാനം നടത്തപ്പെട്ട ആരും ക്രിസ്ത്യാനിയാകുമെന്ന സങ്കല്‍പ്പമാണ് പ്രശ്‌നമുണ്ടാക്കിയത്. ആര്‍ക്കും ആരേയും എപ്പോള്‍ വേണമെങ്കിലും ജ്ഞാനസ്‌നാനപ്പെടുത്താം. രഹസ്യമായോ പരസ്യമായോ അത് ചെയ്യാം. സാക്ഷികളുടെ സാന്നിധ്യത്തിലോ രഹസ്യമായോ ആവാം. തിരിച്ചറിവില്ലാത്ത കുഞ്ഞിനെയോ ബോധം നഷ്ടപ്പെട്ട് കിടക്കുന്ന വൃദ്ധനെയോ ജ്ഞാനസ്‌നാനപ്പെടുത്താം. ഒരിക്കല്‍ മാമോദീസാവെള്ളം ഒഴിച്ചാല്‍, അല്ലെങ്കില്‍ അങ്ങനെ അവകാശപ്പെട്ടാല്‍ ആരും ക്രിസ്ത്യാനിയായി മാറിക്കഴിഞ്ഞു. ഉറങ്ങിക്കിടക്കുമ്പോള്‍ വെള്ളമൊഴിച്ച് ക്രിസ്ത്യാനിയാക്കിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റോമന്‍കത്തോലിക്കരുടെ പരമ്പരാഗത വിശ്വാസമനുസരിച്ച് ഒരു കുട്ടിയെ എന്നെങ്കിലും മാമോദീസാ മുക്കിയെങ്കില്‍ അവന്‍ റോമന്‍കത്തോലിക്കനായിതന്നെ വളരണം.


കുട്ടിക്കാലത്ത് തന്നെ നല്ല കാത്തോലിക്കാ അമ്മമാരാകാന്‍ പെണ്‍കുട്ടികള്‍ക്ക് മതപരിശീലനം ലഭിക്കുന്നുണ്ട്. ശൈശവത്തിലേയും ബാല്യത്തിലേയും കളികളില്‍ പ്രധാനം പാവകളെ ജ്ഞാനസ്‌നാനം ചെയ്യിക്കുന്നതാണ്. സ്‌കൂളില്‍ ചെല്ലുമ്പോഴും ഈ കളി പലതരത്തിലും രൂപത്തിലും തമാശയായും കാര്യമായും തുടരും. കണ്ണില്‍ കാണുന്നതിനെയൊക്കെ മാമോദീസാ മുക്കുന്ന ഏര്‍പ്പാട് വിദ്യാഭ്യാസമില്ലാത്ത അന്നയില്‍ വെറുതെ മുളച്ച് പൊന്തിയതല്ല. പനിപിടിച്ച് തിളയ്ക്കുന്ന കുട്ടിയെ രക്ഷിക്കാന്‍ ഡോക്ടറുടെ അടുത്തേക്കോടാതെ ജ്ഞാനസ്‌നാനം ചെയ്യിക്കാന്‍ ഒരുമ്പെട്ട ആ യുവതിയില്‍ ബാല്യത്തില്‍ നിക്ഷേപിക്കപ്പെട്ട മതശാസനം എത്ര വികലമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കൂ. മരിക്കാന്‍ കിടക്കുന്ന ഒരാളെ ശുശ്രൂഷിക്കാതെ ആദ്യം ശവപ്പെട്ടിക്ക് ആളെവിടുന്ന പണിക്ക് തുല്യമാണിത്. താന്‍ പരിപാലിക്കുന്നത് ഒരു ജൂതക്കുട്ടിയാണെന്ന യാഥാര്‍ത്ഥ്യം പോലും പരിഗണിക്കാതെയാണ് അന്ന ഈ മതഭ്രാന്ത് കാട്ടുന്നതും പിന്നീട് വത്തിക്കാനില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കൃത്യമായി ഈ രഹസ്യം(?) എത്തിക്കുന്നതും. നാം അന്നയുടെ കഥയില്‍ കണ്ടത് വത്തിക്കാന്റെ ധാര്‍ഷ്ട്യവും മതമനസ്സിന്റെ പൈശാചികഭാവവുമാണ്. തളിക്കാന്‍ കുറച്ച് വെള്ളവും ഉരുവിടാന്‍ ഏതാനും വാക്കുകളുമുണ്ടെങ്കില്‍ ഒരു കുട്ടിയുടെ ജീവിതംതന്നെ മാറ്റിമറിക്കാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നവര്‍ കരുതുന്നു. കുട്ടിയുടെ സന്തോഷമോ മാതാപിതാക്കളുടെയോ സമ്മതമോ വിഷയമേയല്ല. 

എഡ്ഗാര്‍ഡോയോട് തങ്ങളെന്താണ് കാണിച്ചതെന്ന് വത്തിക്കാനിലെ കാര്‍ദ്ദിനാള്‍മാര്‍ക്കും ബിഷപ്പുമാര്‍ക്കും മനസ്സിലായിട്ടുണ്ടാവില്ല. കുടുംബബന്ധങ്ങളുടെ വിലയും അതിന്റെ മാഹാത്മ്യവും തിരിച്ചറിയാന്‍ മതരോഗമെന്ന വൈകല്യത്തിനടിപ്പെട്ട തിരുമനസ്സുകള്‍ക്ക് കഴിയണമെന്നില്ല. ആറ് വയസ്സുള്ള ഒരു കുട്ടിയെ പെട്ടെന്നൊരു ദിവസം അവന്റ മാതാപിതാക്കള്‍ക്കിടയില്‍നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ക്രിസ്ത്യാനിയായി വളര്‍ത്തുന്നതിലൂടെ തങ്ങളവനോട് വലിയ ഔദാര്യം കാട്ടിയെന്നാവും അവര്‍ കരുതിയത്. അമേരിക്കയിലെ ഒരു കത്തോലിക്കാപത്രം വത്തിക്കാന്റെ ഈ പ്രവര്‍ത്തിയെ ശക്തമായി ന്യായീകരിക്കുകയുണ്ടായി. തിരുമേനിമാര്‍ അവരുടെ മതദൗത്യമാണ് നിറവേറ്റിയതെന്ന് പത്രം വിലയിരുത്തി. ഒരു ക്രിസ്ത്യന്‍കുട്ടി (വീട്ടുവേലക്കാരി തലയില്‍ വെള്ളം തളിച്ചതുമൂലം ക്രിസ്ത്യാനിയായ ജൂതക്കുട്ടി!) ജൂതകുടുംബത്തില്‍ വളരുന്നത് കണ്ടിട്ടും നടപടിയെടുക്കാതെ വിട്ടാല്‍ മരണശേഷം കുട്ടി നരകത്തില്‍ പതിക്കുകയും തിരുമേനിമാരെ ദൈവം കുറ്റംപറയുകയും ചെയ്യും. 

സ്വര്‍ഗ്ഗവും നരകവും നിര്‍മ്മിച്ചിട്ടുള്ളത് ക്രിസ്തുമതത്തില്‍ മാത്രമല്ല. ക്രിസ്ത്യാനികള്‍ സ്വര്‍ഗ്ഗ-നരകങ്ങള്‍ പണിഞ്ഞ് തുടങ്ങിയത് തന്നെ ജൂതന്മാര്‍ പണിഞ്ഞ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കത്തോലിക്കാതിരുമേനിമാര്‍ ജൂത-മുസ്‌ളീം സങ്കല്‍പ്പമനുസരിച്ച് ഒന്നാന്തരം അവിശ്വാസികളോ കാഫിറുകളോ ആണ്. മരിച്ചുകഴിഞ്ഞാല്‍ ജൂതരുടേയും മുസ്ലീങ്ങളുടേയും നരകത്തിലെ ഒന്നാംസ്ഥാനക്കാരാവേണ്ടവരാണ് തങ്ങളെന്ന കാര്യം ഈ വിശുദ്ധതിരുമേനിമാര്‍ ഓര്‍ക്കുന്നുമില്ല! വത്തിക്കാനിലായതുകൊണ്ടാണ് ഈ അധികാരപ്രമത്തതയും ധാര്‍ഷ്ട്യവും കാണിക്കാന്‍ അവര്‍ക്കായത്. എന്നാല്‍ അവരവരുടെ സ്വാധീനമേഖലകളില്‍ മുസ്‌ളീം-ജൂതവിഭാഗക്കാര്‍ ഇതിലും കിരാതമായി തങ്ങളോട് പെരുമാറുമെന്ന് കത്തോലിക്കര്‍ മറുവാദമുയര്‍ത്തും. 

മതവിശ്വാസം ഫലത്തില്‍ ഒരു 'സ്ഥലവിശ്വാസ'മാണ്. ഒരാള്‍ ജനിക്കുമ്പോള്‍തന്നെ അയാളുടെ വിശ്വാസം നിര്‍വ്വചിക്കപ്പെടുന്നു. മതപഠനം വിശ്വാസത്തെ ഊട്ടിയുറപ്പിക്കല്‍ മാത്രമാകുന്നു. ഒരുപക്ഷേ, മാമോദീസമുക്കി ക്രിസ്ത്യാനികളാകാമെന്ന് സ്വയം സമ്മതിച്ചിരുന്നെങ്കില്‍ മോര്‍ട്ടാറകള്‍ക്ക് കുഞ്ഞിനെ തിരിച്ച് ലഭിച്ചേനെ. റിഡ്‌ലി, ലാറ്റിമോര്‍, ക്രാമര്‍ തുടങ്ങിയ പ്രൊട്ടസ്റ്റന്റുകളെ ജീവനോടെ ദഹിപ്പിച്ച കുപ്രസിദ്ധ സംഭവം ബ്രിട്ടീഷ്ചരിത്രത്തിലുണ്ട്. ജീവനോടെ ദഹിപ്പിക്കുന്നതിനുമുമ്പ് പ്രൊട്ടസ്റ്റന്റിസത്തില്‍ നിന്നും കത്തോലിക്കാവിശ്വാസത്തിലേക്ക് മാറിയിരുന്നെങ്കില്‍ ആ രക്തസാക്ഷികള്‍ക്ക് ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് പറയാറുണ്ട്. പ്രൊട്ടസ്റ്റന്റ്-കാത്തോലിക് വ്യത്യാസം! എന്താണത്? ഒരുമുട്ടയുടെ ഏതുവശമാണ് ഉടയ്‌ക്കേണ്ടെതെന്ന തര്‍ക്കംപോലെ ബാലിശമാണത്. ഇരുകൂട്ടരും ക്രിസ്ത്യാനികളാണ്. ഇരുവര്‍ക്കും ഒരേ സ്വര്‍ഗ്ഗവും നരകവുമാണുള്ളത്. പ്രൊട്ടസ്റ്റന്റായ ഒരാള്‍ കത്തോലിക്കനാകുമ്പോള്‍ എന്തുമാറ്റമാണ് അയാളുടെ മരണാന്തരജീവിതത്തില്‍ സംഭവിക്കുക എന്ന് നാം അമ്പരക്കും. പക്ഷേ, മതമനസ്സിന് ഇതൊന്നുമത്ര നിസ്സാരമല്ല. പ്രൊട്ടസ്റ്റന്റോ കാത്തോലിക്കനോ ആയാല്‍ മാത്രം പോരാ. അതിലെ ഉപ-അവാന്തരവിഭാഗങ്ങള്‍വരെ പരിഗണിച്ചാണ് മതമനസ്സുകള്‍ സഹജീവിയോടുള്ള നിലപാടും പെരുമാറ്റച്ചട്ടവും രൂപീകരിക്കുന്നത്.

കുട്ടികള്‍ക്ക് വേണ്ടത് മാതാപിതാക്കളുടെ പരിലാളനയും സ്‌നേഹവുമാണ്. പുരോഹിതര്‍ക്ക് അത് നല്കാനാവില്ല. ഉറങ്ങിക്കിടക്കുന്ന ഒരു കുട്ടിയെ അവന്റെ അനുവാദമോ താല്പര്യമോ പരിഗണിക്കാതെ കുറച്ചു വെള്ളവും ഏതാനും അര്‍ത്ഥശൂന്യപദങ്ങളും ഉപയോഗിച്ച് മതംമാറ്റത്തിന് വിധേയമാക്കുന്നത് സത്യത്തില്‍ ബാലപീഡനമാണ്. ഒരു മനുഷ്യജീവി കന്നുകാലിയെപോലെ കൈമാറ്റം ചെയ്യപ്പെടുകയാണിവിടെ. ജനിക്കുമ്പോഴേ കുട്ടികളെ ഏതെങ്കിലും മതത്തില്‍ ബലാല്‍ക്കാരമായി അംഗമാക്കുന്നതും സമാനമായ പ്രവര്‍ത്തിയാണ്. വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള രൂക്ഷമായ കടന്നുകയറ്റമാണത്. മതത്തെക്കുറിച്ച് ചിന്തിക്കാനോ മനസ്സിലാക്കാനോ തീരുമാനങ്ങളെടുക്കാനോ ശേഷിയില്ലാത്തപ്പോഴാണ് കുട്ടികള്‍ മതവല്‍ക്കരിക്കപ്പെടുന്നത്. മതക്കുരിശ് ആജീവനാന്തം ചുമക്കാന്‍ കുട്ടി ബാധ്യസ്ഥനുമാണ്. 

മതം ഉപേക്ഷിക്കുന്നവരെ വധിക്കണമെന്നാണ് ഇസ്‌ളാമിലെ ശാസനം. ഒരിക്കല്‍ മതത്തില്‍ 'വന്നിട്ട്' അത് ഉപേക്ഷിക്കുന്നത് വഞ്ചനയാണെന്നാണ് അതിന് കാരണമായി പറയുന്നത്. പക്ഷേ, എങ്ങനെയാണ് ഒരാള്‍ ഇസ്‌ളാമാകുന്നത് എന്നാലോചിച്ച് നോക്കിയാല്‍ കിരാതമായ ഈ അനുശാസനത്തിന്റെ പൂച്ച് പുറത്താകും. ആരും 'വരുന്നില്ല', പിടിച്ചിടുകയാണ്. കുട്ടിക്കുവേണ്ടി തീരുമാനമെടുക്കുന്നത് മറ്റുള്ളവരാണ്. മുലകുടിയാരംഭിക്കുന്നതിന് മുമ്പാണ് ഈ'ചേരല്‍' നടക്കുന്നത്! സ്വര്‍ണ്ണസൂചിയായാലും കുത്തിയാല്‍ മുറിയുമെന്നതിനാല്‍ ഈ 'മറ്റുള്ളവര്‍' മാതാപിതാക്കളായതുകൊണ്ട് 
കുട്ടിക്ക്‌ വിശേഷിച്ച് നേട്ടമൊന്നുമില്ല. കുട്ടിക്ക് കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ശേഷി ഉണ്ടാകുന്നതുവരെ കാത്തിരുന്നാല്‍ മതത്തിന്റെ സ്ഥിതി പരുങ്ങിലിലാകും. ചിറക് വളരാന്‍ അനുവദിക്കാതെ ആരംഭത്തിലേ മുറിച്ചുമാറ്റുകയാണ് മതം ചെയ്യുന്നത്. 

ഭിക്ഷക്കാര്‍ വ്യവസായം കൊഴുക്കാന്‍ കുട്ടികളെ അന്ധരാക്കുന്നതുപോലെ ഇത്തരത്തില്‍ ഭാവി തലമുറകളുടെ കണ്ണ് കുത്തിപ്പൊട്ടിക്കുന്ന പൗരോഹിത്യം എങ്ങനെയാണ് 'ധന്യ'മാകുന്നത്? മതവിശ്വാസികളെ ചൂഷണം ചെയ്ത് സമ്പത്ത് കുന്നുകൂട്ടുന്നതിന്റെ പേരിലോ? അതോ അദ്ധ്വാനിക്കാതെ ഉദരപൂരണം നടത്തി പരാദജീവിതം നയിക്കുന്നതിന്റെ പേരിലോ? മതപണ്ഡിതന്‍ എന്നു പറഞ്ഞാല്‍ സത്യത്തില്‍ എന്തിന്റെ പണ്ഡിതനാണ് എന്ന ചോദ്യം പണ്ടേയുള്ളതാണ്. ശരിയാണ്, ജ്ഞാനസമ്പാദനം ഗൗരവത്തോടെ കാണുന്ന പലരും വൈദികനേതൃത്വത്തിലുണ്ട്. പല വൈദികരും ഏറെ ബിരുദങ്ങളുള്ളവരുമാണ്. പക്ഷെ അത്തരക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുണ്ട്. പൗരോഹിത്യത്തിന്റെ ഭൂരിഭാഗവും പൊതുജ്ഞാനത്തിന്റെയും ശാസ്ത്രബോധത്തിന്റെയും കാര്യത്തില്‍ ശോചനീയമായ നിലവാരം പുലര്‍ത്തുന്നവരാണ്. 



എന്നാല്‍ തങ്ങള്‍ക്ക് എന്തൊക്കെയോ അറിയാമെന്ന് സമൂഹം അംഗീകരിക്കണമെന്ന ദുര്‍വാശിയും അവര്‍ക്കുണ്ട്. ശാസ്ത്രത്തിന് പോകാനാവാത്ത മേഖലകളിലാണ് തങ്ങള്‍ മുങ്ങാംകുഴിയിടുന്നതെന്ന് ഈ കേമന്‍മാര്‍ നമ്മെ ഉണര്‍ത്തിക്കും. 
Dan Barker
ഏറ്റവും മഹാനായ പുരോഹിതന്‍ പോലും ചൂഷകനാണ്. കാരണം സ്വയം വഞ്ചിച്ച് മറ്റുള്ളവരെ കബളിപ്പിക്കാതെ അയാള്‍ക്ക് പുരോഹിതനായി ഒരു നിമിഷം തുടരാനാവില്ല. ലോകമെമ്പാടും വളരെയധികം യാത്രചെയ്ത് മതപ്രചരണത്തിലൂടെ നല്ല വരുമാനമുണ്ടാക്കിയ സുവിശേഷകനായിരുന്നു ഡാന്‍ ബാര്‍ക്കര്‍(Dan Barker). അദ്ദേഹം രചിച്ച `Losing Faith in Faith: From Preacher to Atheist' എന്ന ഗ്രന്ഥം തികച്ചും മതമൗലികവാദിയായിരുന്ന ഒരാള്‍ നിരീശ്വരവാദിയായിമാറിയ കഥ വിവരിക്കുന്നു.


 പ്രശസ്തിയും സമ്പത്തും നിറഞ്ഞുതുളുമ്പിയ സുഭിക്ഷജീവിതം. സമൂഹത്തില്‍ മാന്യത, ഉയര്‍ന്ന വരുമാനം, പ്രശസ്തി... എന്നിട്ടും ചിന്താപരമായ പ്രതിസന്ധികള്‍ ബാര്‍ക്കറെ പിടികൂടി. താന്‍ കാട്ടിക്കൂട്ടുന്നതൊക്കെ തികഞ്ഞ ആത്മവഞ്ചനയാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ അസ്വസ്ഥനാക്കി. മതത്തിന്റെ കാപട്യം പൂര്‍ണ്ണമായും തിരിച്ചറിഞ്ഞിട്ടും കുറെക്കാലംകൂടി അദ്ദേഹം മതപ്രചാരകനായി തുടര്‍ന്നു. സാമൂഹികമായി പല കടമകളും ബാധ്യതകളും നിര്‍വ്വഹിക്കാനായി ബാക്കിയുണ്ടായിരുന്നു. 


നിരവധി പുരോഹിതര്‍ ഇത്തരം ബൗദ്ധികപ്രതിസന്ധി അനുഭവിക്കുന്നുണ്ട്. എന്നാലും അവരെല്ലാം പുരോഹിതരായി തുടരുകയാണ്. സ്വന്തം കുടുംബത്തോടോ അടുത്ത സുഹൃത്തുക്കളോടു പോലുമോ അവരത് വെളിപ്പെടുത്തില്ല. വേറൊരു ഉപജീവനമാര്‍ഗ്ഗം അറിയില്ല. തിരിച്ചടി കനത്തതായിരിക്കും; ഏല്ലാം നഷ്ടപ്പെടുമ്പോള്‍ ഒന്നും തിരിച്ച് ലഭിക്കില്ല. ഏറ്റവുംകൂടുതല്‍ അവിശ്വാസികളുള്ളത് ശാസ്ത്രജ്ഞരുടെയൊ ബുദ്ധിജീവികളുടേയോ ഇടയിലല്ല മറിച്ച് പുരോഹിതവര്‍ഗ്ഗത്തില്‍ തന്നെയാണ്. ഇസ്‌ളാമിലും ഇത്തരക്കാര്‍ ഏറെയുണ്ട്(കേരളത്തില്‍ തീര്‍ച്ചയായും). പക്ഷെ പുറത്തുവരുന്നവര്‍ക്ക് 'എട്ടിന്റെ പണി'ഉറപ്പായതിനാല്‍ അത്തരക്കാരെയൊന്നും പുറത്തുകാണാനിവില്ലെന്ന് മാത്രം!
സത്യസന്ധനായ ഒരാള്‍ക്ക് യാഥാര്‍ത്ഥ്യത്തോട് അധികകാലം പുറംതിരിഞ്ഞ് നില്‍ക്കാനാവില്ല. ബാര്‍ക്കര്‍ തന്റെ ചിന്താസ്വാതന്ത്ര്യം പരസ്യമായി പ്രഖ്യാപിച്ചു. വളരെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കൃതിയിലൂടെ കാര്യങ്ങള്‍ തുറന്നടിച്ചു. പ്രതീക്ഷിച്ചതുപോലെ പലതും നഷ്ടപ്പെട്ടു; പക്ഷേ, മാനസികസ്വസ്ഥതയും സ്വാതന്ത്ര്യവും തിരിച്ചുകിട്ടി. 



ബാര്‍ക്കറിന്റെ കഥയ്ക്ക് ശുഭപര്യവസാനവുമുണ്ടായി. അദ്ദേഹത്തിന്റെ ചിന്താപരമായ വ്യതിയാനത്തെക്കുറിച്ചറിഞ്ഞ മാതാപിതാക്കള്‍ സ്വാഭാവികമായും അമ്പരന്നു, എതിര്‍ത്തു, അവസാനം ബാര്‍ക്കര്‍ അവരെ കാര്യങ്ങള്‍ കൃത്യമായി പറഞ്ഞുമനസ്സിലാക്കി. സാധാരണ മതവിശ്വാസികള്‍ മതവിമര്‍ശനാത്മകമായ ഒന്നും കേള്‍ക്കാന്‍പോലും ക്ഷമ കാണിക്കാറില്ല. പക്ഷേ, ഇവിടെ സംവാദവും ചര്‍ച്ചയും നടന്നു. അങ്ങനെ അവസാനം അവരും നാസ്തികരായി. ആലപ്പുഴയില്‍ 'ജനജാഗൃതി ഭവന്‍' എന്ന സംഘടന നടത്തിവരുന്ന മുന്‍ വൈദികനായ ശ്രീ. അലോഷ്യസ് ഡി ഫെര്‍ണാണ്ടസ് ബാര്‍ക്കറൊക്കെ അമേരിക്കയില്‍ ചെയ്ത കാര്യം വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ നിര്‍വഹിച്ച വ്യക്തിയാണ്. അദ്ദേഹം എഡിറ്റ് ചെയ്ത് പുറത്തിറക്കുന്ന 'ഓറ' എന്ന മാസികയ്ക്ക് ഇപ്പോള്‍ വയസ്സ് മുപ്പതായി.

ദാമ്പത്യബന്ധങ്ങളെക്കുറിച്ചുള്ള ഒരു ടെലിവിഷന്‍ ചര്‍ച്ച നടക്കുന്നുവെന്നിരിക്കട്ടെ. അവിടെ ക്ഷണിക്കപ്പെടുന്ന അതിഥികളില്‍ ഒരാള്‍ വിവാഹവിരുദ്ധനായ ഒരു പുരോഹിതനാവാന്‍ സാധ്യതയുണ്ട്. തന്റെ മതനേതാവിനെപ്പോലെ ദാമ്പത്യത്തേയും കുടുംബബന്ധങ്ങളെയും തള്ളിപ്പറയുന്ന, അത്തരം കാര്യങ്ങളെക്കുറിച്ച് നേരിട്ടറിവില്ലാത്ത ഈ പുരോഹിതന്‍ കുടുംബത്തില്‍ ശാന്തിയും സമാധാനവും കൊണ്ടുവരാനുള്ള മാര്‍ഗ്ഗങ്ങളെ പറ്റി ഘോരഘോരം സംസാരിക്കും. ഈ വിഷയത്തില്‍ പുരോഹിതര്‍ക്ക് സംസാരിച്ചുകൂടാ എന്ന് പറയാനാവില്ല. പക്ഷെ എന്തുകൊണ്ട് ഇക്കാര്യത്തില്‍ കൂടുതല്‍ അനുഭവജ്ഞാനവും പരിചയവുമുള്ള ഒരു ഓട്ടോ ഡ്രൈവറേയോ വാര്‍ക്കപ്പണിക്കാരനെയോ ഇതേ ചര്‍ച്ചയക്ക് വിളിക്കുന്നില്ല? അവര്‍ക്കൊന്നുമില്ലാത്ത എന്തു മികവാണ് മേല്‍പ്പറഞ്ഞ പുരോഹിതനുള്ളത്?! 

''കുടുംബ-ലൈംഗിക കാര്യങ്ങളെ പറ്റിയുള്ള കാര്യങ്ങള്‍ ദയവായി പുരോഹിതരോട് ചോദിക്കരുത്, കാരണം അതിന്റെ മേന്മയറിയാമായിരുന്നെങ്കില്‍ അവരാരും പുരോഹിതപ്പണിക്ക് പോകില്ലായിരുന്നു'' എന്ന് പറഞ്ഞത് ഇംഗ്‌ളീഷ് നാടകകൃത്തായ ബര്‍നാഡ് ഷായാണ്. നാളെ റോക്കറ്റ് വിക്ഷേണത്തിനെക്കുറിച്ചുള്ള ചര്‍ച്ചാപാനലിലും ഒരു മതനേതാവിനെ കണ്ടാല്‍ ഞെട്ടരുത്.പുരോഹിതന് ഏറ്റവും നല്ല ആഹാരം വേണം, വസിക്കാന്‍ ഏറ്റവും മികച്ച പാര്‍പ്പിടം വേണം, ധരിക്കാന്‍ മുന്തിയ വസ്ത്രങ്ങള്‍ വേണം. എന്നാല്‍ അവന്‍ ഇതൊന്നുമുണ്ടാക്കുന്നില്ല. ഇതൊക്കെ ഉണ്ടാക്കുന്നവരൊക്കെ അവന്റെ അടിമയും. അദ്ധ്വാനിക്കുന്നവന്റെ കീശയില്‍ കയ്യിട്ട് അവന്റെ വിയര്‍പ്പിന്റെ പങ്കുപറ്റി പരാദത്തെപ്പോലെ ജീവിക്കുന്ന വിശുദ്ധജീവിയാണ് മതപുരോഹിതന്‍. പേരിലും വേഷവിധാനത്തിലും വ്യാജവിശുദ്ധി സ്വയം ആരോപിക്കുന്നവനാണവന്‍. പൊതുസമൂഹത്തെ ബ്‌ളാക്ക്‌മെയില്‍ ചെയ്ത് അനര്‍ഹമായ ആദരവിനായി മുറവിളി കൂട്ടുമ്പോഴും മറ്റ് ചൂഷകര്‍ക്കൊന്നും ഈ സവിശേഷപരിഗണന പാടില്ലെന്ന് മുറവിളി കൂട്ടാനും അയാള്‍ മടിക്കുന്നില്ല. 

ദൈവം 'സര്‍വവ്യാപി'യാണെന്ന് വീമ്പിളക്കുന്നവന് ഗ്രാമത്തിലെ കൃഷ്ണന്റെ അമ്പലത്തില്‍ പൂജിക്കാനുള്ള ജോലിയേല്‍പ്പിച്ചാല്‍ ഉത്സാഹമില്ല. പക്ഷെ ഗുരുവായൂരെ കൃഷ്ണവിഗ്രഹത്തില്‍ പൂവെറിയാനുള്ള നറുക്ക് വീണാല്‍ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാതെ വിങ്ങിപ്പൊട്ടും. ഗുരുവായൂര്‍ കൃഷ്ണന്റെ 'സാമ്പത്തികസ്ഥിതി'യാണ് ടി.വിദ്വാന്റെ മനം മയക്കുന്നത്. ഇത്തരക്കാര്‍ക്ക് നാടുനീളെ സ്വീകരണം കൊടുക്കലാണ് കേരളത്തിലെ ഏറ്റവും പുതിയ മതകലാപരിപാടി. 1969 ലെ ആദ്യത്തെ ചാന്ദ്രയാത്രികര്‍ പോലും ഇത്രയധികം എഴുന്നെള്ളിക്കപ്പെട്ടിട്ടുണ്ടാവില്ല!

പൗരോഹിത്യം പുരുഷന്റെ കുലത്തൊഴിലാണ്. 'പുരോഹിത' എന്ന പദം ഇനിയും പൂര്‍ണ്ണവികാസം പ്രാപിച്ചിട്ടില്ലാത്ത ഒന്നാകുന്നു.''ഏതു ഗ്രാമത്തില്‍ ചെന്നാലും അവിടെ പ്രകാശം പരത്തുന്ന ഒരാളുണ്ടായിരിക്കും-അദ്ധ്യാപകനാണയാള്‍. പക്ഷെ അവിടെ ആ പ്രകാശം തല്ലിക്കെടുത്താന്‍ തയ്യാറെടുത്തു നില്‍ക്കുന്ന മറ്റൊരു വ്യക്തിയുമുണ്ടായിരിക്കും. പുരോഹിതന്‍ എന്നാണയാളുടെ നാമം''-വോള്‍ട്ടയര്‍ പറഞ്ഞു. 'വെള്ളയടിച്ച കുഴിമാട'ങ്ങളെന്ന് പൗരോഹിത്യത്തെ യേശു വിശേഷിപ്പിച്ചതായി സുവിശേഷങ്ങളും ആണയിടുന്നു. കാര്യം പകല്‍പോലെ വ്യക്തമാണ് പുരോഹിതന്‍ ചൂഷകനാണെന്ന് എക്കാലത്തും ജനം കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. എങ്കിലും മതഭയം കാരണം അവന് ചുറ്റും ജനം വിശുദ്ധവൃത്തം തീര്‍ക്കുകയായിരുന്നു. സത്രീയും കര്‍ഷകനും തൊഴിലാളിയും അദ്ധ്യാപകനും മാനിക്കപ്പെടാത്തിടത്ത് അവന്‍ പതഞ്ഞൊഴുകി. കാരണം അവന്‍ വില്‍പ്പനയ്ക്ക് വെച്ചത് ദൈവത്തെ ആയിരുന്നു*** 

(This is the last post of the year. I wish a happy new year to all my readers. Next year, my blogging will be on 'SAFE MODE'. Thanks to all.

Sunday, 18 December 2011

24. റാവുത്തര്‍ !

'വിയറ്റ്‌നാം കോളനി' എന്ന മലയാള ചലച്ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കൃഷ്ണസ്വാമി എന്ന കഥാപാത്രം ഒരു ഓട്ടോ ഡ്രൈവറുമായി യാത്രക്കൂലിയുടെ പേരില്‍ തര്‍ക്കിക്കുന്ന ഒരു രംഗമുണ്ട്. തര്‍ക്കം മൂത്ത് ഇരുവരും പരസ്പരം ആക്രോശിച്ച് നില്‍ക്കുമ്പോള്‍ പെട്ടെന്ന് അപ്രതീക്ഷിതമായി ഓട്ടോക്കാരന്‍ ഭയചകിതനായി പിന്നോട്ടടിക്കുന്നു. ഉത്തരം മുട്ടിയതാണെന്ന് ധരിച്ച് കൃഷ്ണസ്വാമി വിജയഭാവത്തില്‍ മുന്നേറുന്നു. എന്നാല്‍ അവിടെ സംഭവിച്ചത് മറ്റൊന്നാണ്. ഓട്ടോക്കാരന്‍ കൂലിക്ക് തര്‍ക്കുന്നത് ആ കോളനിയിലെ അറിയപ്പെടുന്ന സാമൂഹ്യവിരുദ്ധനും ഗുണ്ടയുമായ റാവുത്തര്‍ കാണുന്നുണ്ടായിരുന്നു. കൃഷ്ണസ്വാമിയുടെ പിറകിലാണ് റാവുത്തര്‍. അതുകൊണ്ടുതന്നെ അയാള്‍ക്ക് കാണാനാവില്ല. പക്ഷെ ഓട്ടോ ഡ്രൈവര്‍ക്ക് കാണാം. അതിനാലാണ് അയാള്‍ യാത്രാക്കൂലി തര്‍ക്കമുപക്ഷിച്ച് സ്ഥലം കാലിയാക്കാന്‍ വെമ്പിയത്. കാരണം റാവുത്തര്‍ എല്ലാവരുടേയും മനസ്സില്‍ ഭീതി ജനിപ്പിക്കുന്നു. എല്ലായിടത്തും കണക്കുപറയുകയും യുക്തി ഉപയോഗിക്കുകയും അനീതിക്കെതിരെ ശബ്ദിക്കുകയും ചെയ്യുന്ന പരാക്രമികള്‍ ഇത്തരം മാഫിയകളുടെ മുന്നില്‍ 'നല്ല പിള്ള' കളിക്കുന്നു. മതം ലോകം കണ്ട ഏറ്റവും വലിയ റാവുത്തരാണ്. വിയറ്റ്‌നാം കോളനി മതധാര്‍ഷ്ട്യത്തിന് ഇരയാകുന്ന ഏതൊരു മനുഷ്യസമൂഹവും.
Kapil Sibal
കേന്ദ്ര നിയമകാര്യമന്ത്രി കബില്‍ സിബല്‍ ഫേസ്ബുക്കടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെതിരെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയത് രണ്ടു കാര്യങ്ങളാണ്. ഒന്ന് ചില പരാമര്‍ശങ്ങളും പോസ്റ്റുകളും രാജ്യത്തെ രാഷ്ട്രീയനേതൃത്വത്തെ അകാരണമായി പരിഹസിക്കുന്നു. രണ്ട്, മതവികാരങ്ങള്‍ വ്രണപ്പെടുത്തപ്പെടുന്നു. രാഷ്ട്രീയനേതൃത്വം വിമര്‍ശിക്കപ്പെടാന്‍ പാടില്ലെന്നാണോ വാദമെന്ന ചോദ്യം വന്നപ്പോള്‍ സിബലിന്റെ പൂച്ച് പുറത്തായി. രാഷ്ട്രീയനേതൃത്വത്തെ വിമര്‍ശിക്കാം, പക്ഷെ 'ജനവികാരം' മുറിവേല്‍ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതികരണം. ജനവികാരം എന്നാല്‍ അര്‍ത്ഥം 'മതവികാരം'എന്നുതന്നെ. അതായത് ഒരുപിടി അമ്മൂമ്മക്കഥകള്‍ ചൂണ്ടിക്കാട്ടി സമൂഹത്തെ നിര്‍ദ്ദയം ചൂഷണം ചെയ്യുകയും മനുഷ്യപുരോഗതി പിന്നോട്ടടിക്കുകയും ചെയ്യുന്ന മതമെന്ന ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ ആരുമൊന്ന് പറയരുത്. ഭരണക്കാര്‍ക്കെതിരെ വരുന്ന ആരോപണങ്ങളുടെ മുനയൊടിക്കാനും സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് മൂക്ക് കയറിടാനുമായി മതത്തെ ഉപയോഗിക്കുകയാണ് സിബലിന്റെയും ഉദ്ദേശ്യം. ഇത് തന്നെയല്ലേ എം.കെ ഗാന്ധി ഉള്‍പ്പെടെയുളള രാഷ്ട്രീയക്കാര്‍ ചെയ്തിട്ടുള്ളത്?!

മതതാല്‍പര്യം ഉള്‍പ്പെട്ടിട്ടുണ്ടെന്നറിഞ്ഞാല്‍ സര്‍വ പ്രതികരണ തൊഴിലാളികളും പടം മടക്കും. അമേരിക്കന്‍ സാമ്രാജ്യത്തിനെതിരെ കരുണയില്ലാതെ അലറി വിളിക്കുന്നവര്‍ മുതല്‍ വീട്ടുമുറ്റത്തെ രണ്ട് വാഴത്തൈ വെട്ടിയാല്‍ പ്രതിഷേധിക്കുന്ന പരിസ്ഥിതിതീവ്രവാദികള്‍ വരെ മതം എന്ന എന്ന 'റാവുത്തരെ'കാണുമ്പോള്‍ നിഷ്പ്രഭമാകുന്നു! എളുപ്പമുള്ള കാര്യങ്ങളൊക്കെ ചെയ്യാന്‍ വലിയ മത്സരമാണ്. പക്ഷെ മതത്തെ വിമര്‍ശിക്കുക?! ഹോ ഹോ! വേണമെങ്കില്‍ ദൈവത്തെ വിമര്‍ശിക്കാം, പുള്ളിക്കാരന്‍ നിസ്സഹായനാണ്.'പടച്ചോനെ പേടിക്കേണ്ട, പക്ഷെ പടപ്പുകളുകൊണ്ട് രക്ഷയില്ല' എന്ന ലൈന്‍!

മതത്തെ വിമര്‍ശിക്കാനായി ഒന്നുമില്ലാത്തതുകൊണ്ടാണോ ഈ ബുദ്ധിരാക്ഷസര്‍ മതവിമര്‍ശനം പ്രതികരണമെനുവില്‍ നിന്ന് നീക്കംചെയ്യുന്നത്? ഒരിക്കലുമല്ല. തികഞ്ഞ ബൗദ്ധികഭീരുത്വവും ഇരട്ടത്താപ്പുമാണതിന് പിന്നില്‍. ഇക്കൂട്ടരുടെ സ്വകാര്യസംഭാഷണത്തിലെ വില്ലന്‍ മിക്കപ്പോഴും മതമായിരിക്കും. പൗരോഹിത്യത്തെ അവര്‍ നിറുത്തപ്പൊരിക്കും. അന്ധവിശ്വാസത്തിന്റെ ദൂഷ്യഫലങ്ങള്‍ ആവേശത്തോടെ ചൂണ്ടിക്കാട്ടും. പണ്ട് ബ്രിട്ടീഷുകാരോട് ഭൂരിഭാഗം ഇന്ത്യാക്കാരും അനുവര്‍ത്തിച്ച നയവും ഇതുതന്നെയായിരുന്നു. 'കവാത്ത് മറക്കുക' എന്നാണ് നാമതിനെ വിളിച്ചിരുന്നത്. മാഫിയകള്‍ അഴിഞ്ഞാടുന്ന ഒരു തെരുവില്‍ ജനം അവര്‍ക്കെതിരെ വീടുകളിലിരുന്ന് ഘോരഘോരം സംസാരിച്ച് സ്വന്തം കുടുംബത്തിന് മുന്നില്‍ ശൂരത്വം വിളമ്പും. പുറത്തിറങ്ങുമ്പോള്‍ മാഫിയയുടെ നല്ല വശങ്ങള്‍ ചൂണ്ടിക്കാട്ടി പ്രബന്ധമെഴുതി അവരെ സുഖിപ്പിക്കും. മാഫിയാപ്രവര്‍ത്തനം പലര്‍ക്കും 'ആശ്വാസം'നല്‍കുന്നെങ്കില്‍ നാമായിട്ട് എതിര്‍ക്കണമോ എന്നൊക്കെയുള്ള ചപലവാദമുന്നയിച്ച് സ്വയം പരിഹാസ്യരാകും. കോഴിക്കോട് ഒരു മുസ്‌ളീം വിഭാഗം മുടിപ്പള്ളി സ്ഥാപിക്കുന്നതിനെതിരെ ആ സമുദായത്തില്‍ പെട്ടവര്‍ തന്നെ വിമര്‍ശനമുന്നയിക്കുന്നു. ഇന്നുവരെ ഒരു രാഷ്ട്രീയപാര്‍ട്ടി അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, പറയാനും സാധ്യതയില്ല.

പക്ഷെ ഇവരോടൊക്കെ സ്വകാര്യമായി സംസാരിച്ചു നോക്കൂ, പള്ളിനിര്‍മ്മാണത്തിന്റെ കണക്കുകള്‍ നിരത്തി അവര്‍ നമ്മെ സ്തബ്ധരാക്കി കളയും. 'രോമപൂജ'യിലെ വിലക്ഷണതയെപ്പറ്റി നമ്മെ ബോധവത്ക്കരിച്ച് കൊലവിളിക്കും. മുടിപ്പള്ളിക്കെതിരെ ആ മതവിഭാഗത്തില്‍ പെട്ടവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് അഭിപ്രായസ്വാതന്ത്ര്യമാണ്. ഏതെങ്കിലും മതേതരപ്രസ്ഥാനം അതിനെ വിമര്‍ശിച്ചാല്‍ ''മുടിപ്പള്ളിക്ക് വേണ്ടി ജീവന്‍ കളയുന്ന പ്രസ്ഥാനമാണ് ഞങ്ങളുടേത്'' എന്ന മുഷിഞ്ഞ പ്രസ്താവനയുമായി പാര്‍ട്ടിനേതൃത്വങ്ങള്‍ ചാടിവീഴുന്നു. രാജ്യം യുദ്ധം ചെയ്യുമ്പോള്‍ പോലും ഈ അര്‍പ്പണബോധം അവരില്‍ പ്രതീക്ഷിക്കരുത്. യുദ്ധം ചെയ്യുന്നതിലെ തെറ്റുകുറ്റങ്ങളും ന്യൂനതകളും സൂക്ഷ്മമായി വിലയിരുത്തി 'വിമര്‍ശനശര'മുയര്‍ത്തുന്ന ഘോരസിംഹങ്ങളും മതം എന്ന 'അലമ്പ് കേസില്‍' ഇടപെട്ട് സ്വന്തം സാധ്യത നശിപ്പിക്കാന്‍ തയ്യാറാവില്ല. മതഭയത്തിന് 'താത്വികന്യായീകരണം'നടത്തുന്നതാണ് അതിലും അസഹനീയം. കുറ്റം പറയരുതല്ലോ മറ്റൊരു തിന്മയും ന്യായീകരിക്കാന്‍ അവരുടെ 'നീതിബോധം'അനുവദിക്കില്ല.

സാമ്രാജ്യത്വ-മൂലധനശക്തികളുമായി പോരടിക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ സ്വാതന്ത്ര്യബോധമുള്ളവര്‍ക്ക് സാധിക്കില്ല. അമേരിക്കന്‍ സാമ്രാജ്യത്വവും മുതലാളിത്തവും എതിര്‍ക്കപ്പെടേണ്ടതുണ്ട്. രണ്ടുമണിക്കൂര്‍ ഒരു മൈക്കും കയ്യില്‍പ്പിടിച്ച് അമേരിക്കയെ തെറിവിളിച്ച് പട്ടണം വിറപ്പിക്കാന്‍ ആര്‍ക്കും സാധിക്കും. പറയുന്നവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ അമേരിക്കയ്‌ക്കോ നീരസമുണ്ടാകില്ല. അമേരിക്കയ്ക്കിവിടെ വോട്ടില്ലാത്തതുകൊണ്ട് ദീര്‍ഘകാല പ്രശ്‌നങ്ങളുമില്ല. നമുക്ക് അഴിമതിക്കെതിരെ സംസാരിക്കാം, അമേരിക്കയ്‌ക്കെതിരെ സംസാരിക്കാം, ആഗോളതാപനത്തിനെതിരെ സംസാരിക്കാം. എല്ലാവരും കൈയ്യടിക്കുകയും ചെയ്യും, കാരണം ആര്‍ക്കും പരാതിയില്ല.
 ഇതൊക്കെ അവശ്യം ചെയ്യേണ്ട കാര്യങ്ങളാണെന്നതിലും ആര്‍ക്കും സംശയമില്ല. 

എല്ലാവരും അനുകൂലിക്കുന്ന, ആര്‍ക്കും എതിരഭിപ്രായമില്ലാത്ത കാര്യമാണ് അഴിമതിവിരുദ്ധനിലപാട്. എന്നാല്‍ സര്‍വമാന ജനവും അനുകൂലിച്ചിട്ടും അതിന് യാഥാര്‍ത്ഥ്യതലത്തില്‍ യാതൊരു പിന്തുണയുമില്ലെന്ന് ശ്രദ്ധിക്കണം. അന്യന്‍ അഴിമതി നടത്തുമ്പോഴാണ് നമ്മുടെ അസൂയഗ്രന്ഥികള്‍ പൊട്ടിയൊലിക്കുകയും ധാര്‍മ്മികരോഷം തിളച്ചുമറിയുകയും ചെയ്യുന്നത്. സ്വയമത് ചെയ്യാന്‍ അവസരമില്ല, അതുകൊണ്ട് തന്നെ അതിന്റെ ഗുണഫലം ലഭിക്കുന്നില്ല. എന്നാല്‍പ്പിന്നെ മറ്റൊരാള്‍ക്കത് ലഭിക്കരുത്-മിക്കവരുടേയും അഴിമതിവിരുദ്ധ പേച്ചുകളുടെ വ്യാകരണവ്യവസ്ഥ ഇപ്രകാരം ചുരുക്കിയെഴുതാം. ജനം മുഴുവന്‍ അഴിമതിക്കെതിരെണെങ്കില്‍ എങ്ങനെയാണത് നിര്‍ബാധം തഴച്ചുവളരുന്നത്? ലോകം മുഴുവന്‍ സാമ്രാജ്യത്തിന് എതിരാണെങ്കില്‍(ഗലപ്പ് പോള്‍ പ്രകാരം അമേരിക്കക്കാരില്‍ 42 ശതമാനം സാമ്രാജ്യത്വ വിരുദ്ധരാണ്! എന്തുകൊണ്ടത് കാട്ടുതീ പോലെ ആളിപ്പടരുന്നു?! എല്ലാവരും എതിര്‍ക്കുന്ന ഒന്ന് ഒരുകാലത്തും മുന്നേറില്ലതന്നെ.

കപടനിലപാടുകളെ സുതാര്യമാകുന്ന ഇത്തരം നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടാക്കാട്ടാനാവും. അടിത്തട്ട് യാഥാര്‍ത്ഥ്യം തണുത്തതും നിരാശാജനകവുമാണ്. ഭൂരിപക്ഷം ജനങ്ങളും അഴിമതിക്കാരാണ്, അവര്‍ക്കതിനോട് പ്രചരിപ്പിക്കപ്പെടുന്ന വെറുപ്പുമില്ല. നീതിബോധമല്ല മറിച്ച് അന്യന് ഗുണഫലം ലഭിക്കുന്നതിലെ വിമ്മിഷ്ടമാണ് അവരെ അഴിമതിരുദ്ധരാക്കുന്നത്. സാമ്രാജ്യത്വത്തിന്റെ കാര്യവും ഭിന്നമല്ല. പരസ്യമായി കുരച്ചു ചാടുമ്പോഴും അമേരിക്ക എന്നൊക്കെ കേള്‍ക്കുമ്പോഴേ പലരില്‍ നിന്നും ബഹുമാനവും ആരാധനയും ഒലിച്ചിറങ്ങുന്നു. ഗൂഗിളിനെ തെറിവിളിച്ചുകൊണ്ട് ഗൂഗിളിന്റെ മടിയില്‍ തല ചായ്ക്കുന്നു. പെപ്‌സി കുടിച്ചുകൊണ്ട് പ്‌ളാച്ചിമടയില്‍ കസര്‍ത്തു കാട്ടുന്നു.

തമിഴ്‌നാട്ടിലെ മുല്ലപ്പെരിയാര്‍ പീഡനത്തില്‍ നിന്ന് രക്ഷനേടാനായി മലയാളികള്‍ അഭയാര്‍ത്ഥികള്‍ 'തീര്‍ത്ഥാടകരായി'വേഷംകെട്ടുന്നു. കേരളത്തിലെ തമിഴരും ഇതേ പാത പിന്തുടരുന്നു. ഏത് വാഹനം തടഞ്ഞാലും തീര്‍ത്ഥാടകവാഹനം തടയാതിരിക്കുക, എത്ര ഹര്‍ത്താലും നടത്തിയാലും ഉത്സവം ഒഴിവാക്കുക, രാജ്യത്ത് എത്ര വിഷയങ്ങളുണ്ടായാലും 
മതസുരക്ഷയ്ക്ക് നേരീയ പോറല്‍ പോലും ഏല്‍പ്പിക്കാതിരിക്കുക...!!! മുട്ടിലിഴയുന്ന രാഷ്ട്രീയനേതൃത്വം മതപ്രീണനത്തിന്റെ ബ്രോക്കര്‍മാര്‍ മാത്രമാണ് തങ്ങളെന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള തിരക്കിലാണ്. മതം നേരിട്ട് രാഷ്ട്രീയത്തിലിറങ്ങിയാല്‍ തങ്ങളുടെ കഞ്ഞികുടി എന്നെന്നേക്കുമായി മുട്ടിപ്പോകില്ലേ എന്ന ആശങ്ക മിക്ക രാഷ്ട്രീനേതൃത്വങ്ങള്‍ക്കുമുണ്ട്. അവരത് തുറന്നു പറയുന്നില്ലെന്നേയുള്ളു. മനുഷ്യന്റെ ആര്‍ത്തിയും ആസക്തിയും ചൂഷണം ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന് തങ്ങളേക്കാള്‍ മെച്ചമായ രീതിയില്‍ സമൂഹത്തെ സ്വാധീനിക്കാനാവുമെന്നും (purchase)അവര്‍ ഭയപ്പെടുത്തുന്നു. ജനം കൂടെ വരണമെങ്കില്‍ അവരുടെ ഭൗതികാസക്തിയെ ഉദ്ദീപിപ്പിക്കുന്ന വാഗ്ദാനങ്ങളുണ്ടാകണം. അത് രാഷ്ട്രീയപാര്‍ട്ടിയായാലും മതമായാലും മാഞ്ചിയമായാലും അടിസ്ഥാനസമവാക്യത്തില്‍ മാറ്റമില്ല. ജനസമ്പര്‍ക്ക പരിപാടി നടത്തുന്നവന്‍ പണപ്പെട്ടി കൂടെ കരുതണമെന്ന് സാരം.

മതത്തെ അകത്തുള്ളവരും പുറത്തുള്ളവരും ഭയക്കുന്നു. അകത്തുള്ള പലരേയും സംബന്ധിച്ച് അതൊരു പുലിപ്പുറത്തെ യാത്രയാണ്. Religion is like riding a tiger. നില്‍ക്കാനും വയ്യ, ഇറാങ്ങാനും വയ്യ!! പുലിപ്പാല്‍ കാന്‍സര്‍ ഭേദമാക്കുമെന്ന് ഛന്ദസ്സൊപ്പിച്ച് കവിതയെഴുതുകയേ പിന്നെ രക്ഷയുള്ളു. ''വിശ്വസിക്കുന്നതാണ് ആദായകകരം''എന്ന മതയുക്തിവാദം രൂപപ്പെടുന്നത് അങ്ങനെയാണ്. ചില മിടുക്കന്‍മാര്‍ മതത്തിലെ 'ശാസ്ത്രീയത' വിറ്റഴിച്ച് കീശ വീര്‍പ്പിക്കും. മതം പരാജയപ്പെട്ട ശാസ്ത്രമാകുന്നു(Religion is failed science). പരാജിത ശാസ്ത്രം ശാസ്ത്രവിരുദ്ധമാണ്. അതുകൊണ്ടുതന്നെ മതം ശാസ്ത്രത്തിന്റെ വിപരീതമായി എണ്ണപ്പെടും. എന്തുകൊണ്ട് മതം എല്ലാവരേയും ഭയപ്പെടുത്തുന്നു? ഹീമാനും ടാര്‍സനും ജംയിസ് ബോണ്ടും എന്തുകൊണ്ട് മതമെന്ന് കേള്‍ക്കുമ്പോള്‍ മാത്രം ഞെട്ടിവിറയ്ക്കുന്നു? ഉത്തരമിതാണ്-മതം കലര്‍പ്പില്ലാത്ത നുണകളെ ആധാരമാക്കിയ സാമ്പത്തിക സ്ഥാപനമാണ്. ഒരുപക്ഷെ എല്ലാ തട്ടിപ്പുകളുടേയും മാതാവ്! കെട്ടുകഥകള്‍ കൊണ്ട് പണിതുണ്ടാക്കിയ മോഹക്കൂമ്പാരത്തിന് ചെറു കാറ്റിനെപ്പോലും അതിജീവിക്കാനാവില്ല. അങ്ങനെവരുമ്പോള്‍ കാറ്റ് തന്നെ നിരോധിക്കേണ്ടിവരുന്നു! 



'മതവികാരം' വ്രണപ്പെടുമെന്ന വാദം പരമ്പരാഗതതന്ത്രമാണ് മതത്തിന്റെ തുറുപ്പ് ചീട്ട്. അതിന്റെ പേരില്‍ എന്ത് അക്രമം അഴിച്ചുവിടാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് മതവിശ്വാസികള്‍ ശഠിക്കുന്നു. തെരുവ് കത്തിക്കാനും കഴുത്തുവെട്ടാനും കത്തിക്കരിക്കാനും രാഷ്ട്രീയക്കാരെ അടിമകളാക്കാനും തങ്ങള്‍ക്ക് വിശിഷ്ട അധികാരമുണ്ടെന്നവര്‍ ഭാവിക്കുന്നു. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും വിഷയമില്ല പക്ഷെ മതവികാരത്തിന് ഒന്ന് സംഭവിക്കരുത്! വെണ്ണത്തലയന് സൂര്യനെന്ന പോലെയാണ് മതവിശ്വാസിക്ക് വിമര്‍ശനം. മതം സത്യത്തില്‍ ഒരു വ്രണം തന്നെയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മനുഷ്യമസ്തിഷ്‌ക്കത്തിലേക്ക് സംഭവിച്ച ആഴത്തിലുള്ള ഒരു മുറിവ്; പൊറുക്കാതെ അതിന്നും പൊട്ടിയൊലിച്ചുകൊണ്ടിരിക്കുന്നു. വ്രണപ്പെടുക എന്നത് മതത്തെ സംഭവിച്ച് സഹജമായി തീരുന്നത് അങ്ങനെയാവാം. 


മതവിശ്വാസികള്‍ക്ക് ആരെയും വിമര്‍ശിക്കാം, എന്തിനെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്താം, അവിശ്വാസികളെ പരിഹസിക്കാം...പക്ഷേ, മതത്തെക്കുറിച്ച് ഏവരും നല്ലത് മാത്രമേ പറയാന്‍ പാടുള്ളു - അത് നിര്‍ബന്ധമാണ്. മതത്തിന് സ്വാതന്ത്ര്യം ഓക്‌സിജനാണ്. പക്ഷെ മതം അനുവവദിക്കുന്ന സ്വാതന്ത്ര്യം ഒന്നേയുള്ളു-അതിനെ പുക്‌ഴ്ത്താനുള്ള സ്വാതന്ത്യം! സത്യത്തില്‍ മതസ്വാതന്ത്യം എന്നാല്‍ മതത്തിനുള്ള സ്വതന്ത്ര്യം മാത്രമല്ല മതത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം കൂടിയാണെന്നറിയണം(Religious freedom denotes freedom for religion, but it also means the freedom from Religion)


കോണ്‍ഗ്രസ്സ് പാര്‍ട്ടിയേയോ സി.പി.ഐ യേയോ വിമര്‍ശിക്കാം; മിക്ക രാഷ്ട്രീയകക്ഷികളേയും
'തൊലിയുരിച്ച്' കാണിക്കാം; നികുതി വര്‍ദ്ധിപ്പിക്കുന്നതിനെ അപലപിക്കാം; രാജ്യത്തിന്റെ വിദേശനയത്തേയും യുദ്ധനിലപാടുകളേയും പറ്റി സ്വന്തം അഭിപ്രായം തുറന്നുപറയാം, കാശ്മീര്‍ ഇന്ത്യയ്ക്ക് വേണ്ടെന്ന് പോലും പറയാം!... ജീവിതത്തിന്റെ സമസ്തമേഖലകളിലും പൗരന് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് സംക്ഷിക്കാന്‍ മതവിശ്വാസി ഒരുപക്ഷെ മുന്നണിയിലുണ്ടാവും. പക്ഷേ, മതത്തെ തൊട്ടുകളിക്കരുത്. തങ്ങള്‍ക്ക് മാത്രം പ്രത്യേകസംരക്ഷണവും ബഹുമാനവും നല്‍കിക്കൊള്ളണം. അവിശ്വാസിയായാലും മതത്തെ മാനിക്കണം. വ്യാജ മാന്യതയുടെ ഒരു കൃത്രിമമതില്‍ മനഃപൂര്‍വ്വം കെട്ടിപ്പൊക്കി ആമയെപ്പോലെ മതം സ്വയം സംരക്ഷിക്കുന്നു. 
രാജ്യം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നിരിക്കട്ടെ. നിര്‍ബന്ധിത യുദ്ധസേവനത്തില്‍നിന്ന് നിങ്ങള്‍ക്ക് ഒഴിഞ്ഞുമാറണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ ഏറ്റവും ലളിതമായ മാര്‍ഗ്ഗം 'മതപരമായ കാരണങ്ങള്‍' (Religious reasons) ഉന്നയിക്കുകയാണ്. മറ്റൊരു കാരണവും വിലപ്പോകാത്ത ഇക്കാര്യത്തില്‍ മതത്തിന് പ്രത്യേകപരിഗണന ലഭിക്കും. 


ഇന്ന് മദ്യപര്‍ക്കും പുകവലിക്കാര്‍ക്കുമെതിരെ അപലപനക്രിയ നടത്തി പേരെടെക്കുന്നവരെ നിശബ്ദരാക്കാന്‍ മദ്യപാനത്തിനും പുകവലിക്കും മതപരമായ ഒരു കാരണം അവതരിപ്പിച്ചാല്‍ മതി. മദ്യവിരുദ്ധപ്രവര്‍ത്തനത്തിന്റെയും പുകവലിവിരുദ്ധപ്രചാരണത്തിന്റെയും വെടി അതോടെ തീര്‍ന്നു!! കേവലം അതിശയോക്തിയായി ഇതിനെ തള്ളരുത്. മതപിന്തുണയുണ്ടെങ്കില്‍ ഉണ്ണൂണ്ണിമാര്‍ അതിനെ 'വ്രണ'പ്പെടുത്തുന്നതിനെപ്പറ്റി ചിന്തിക്കുകയേയില്ല. മദ്യപാനികള്‍ മതവിശ്വാസികളെപ്പോലെ വ്രണപ്പെടല്‍ കാര്‍ഡ് കളിച്ചാല്‍ അവരെ വിമര്‍ശിക്കാന്‍ സാക്ഷാല്‍ വനിതാകമ്മീഷന്‍ പോലും വിസമ്മതിക്കും. മതത്തോട് ശക്തമായ എതിര്‍പ്പുള്ളവര്‍പോലും നിഷ്പക്ഷതയുടെ മൂടുപടമണിഞ്ഞ് ഒളിച്ചിരിക്കുമ്പോള്‍ മലയാളിയുടെ നിസംഗതയുടെ മുകളിലൂടെ മതഭീകരതയുടെ കരിഞ്ചേര ഇഴഞ്ഞു കയറുന്നത് നാം കാണുന്നു. ഫലത്തില്‍ മതത്തിനെതിരെ ആരുമില്ല, മതമേവജയതേ!
മതത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് രാജ്യസേവനത്തില്‍നിന്ന് ഒളിച്ചോടാം; ദേശീയഗാനം പാടാതിരിക്കാം; പാര്‍ലമെന്റ് ആക്രമിക്കാം; നിഷ്ഠൂരമായ ഭീകരകൃത്യങ്ങള്‍ ചെയ്യാം; റെയിവേ സ്റ്റേഷനില്‍ ബോംബ് വെക്കാം, പൈപ്പ് വെള്ളത്തില്‍ വിഷം കലര്‍ത്താം, പൊതുനിയമങ്ങള്‍ അവഗണിക്കാം... എന്നിട്ട് 'ഇതൊന്നും മതമല്ലെന്നും'' സത്യത്തില്‍ മതം വളരെ സ്വര്‍ഗ്ഗീയമായ ഒരു സാധനമാണെന്നും പ്രസ്താവനയിറക്കി പത്രത്താളുകളിലേക്ക് ഒഴുകിയിറങ്ങാം.
 വേറെ ഏതു കാര്യത്തിലുണ്ട് ഇത്ര വിശാലമായ 'പാര്‍ക്കിംഗ് സൗകര്യം'?!

അനര്‍ഹമായ ബഹുമാനവും പരിഗണനയും മതത്തിന് നല്കണമെന്ന് ഭരണഘടനകളില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. പട്ടിണി മാറ്റാന്‍ കഴിയാത്ത ഭരണകൂടം തീര്‍ത്ഥാടനങ്ങള്‍ക്ക് സബ്‌സിഡി കൊടുത്ത് മതത്തെ പ്രീണിപ്പിക്കും. ഭൂരഹിതരായ ആദിവാസികള്‍ക്ക് പോലും നിഷേധിക്കപ്പെടുന്ന വനഭൂമി മതത്തിന് സമ്മാനായി ലഭിക്കും.

കേരളത്തിലെവിടെ ജലവൈദ്യുത പദ്ധതി തുടങ്ങിയാലും പരിസ്ഥിതിപ്രതിരോധം ഉറപ്പാണ്. നൂറുക്കണക്കിന് ഏക്കര്‍ വനഭൂമി അയപ്പവ്യവസായത്തിന് തീറെഴുതിയപ്പോള്‍ പരിസ്ഥിതിവാദികള്‍ മൗനസരോവരത്തില്‍ മുങ്ങിയൊളിക്കുകയായിരുന്നു. അതേസമയം ശബരിമലയില്‍ ഒരു ദിവസം വൈദ്യുതിക്ഷാമം നേരിട്ടാല്‍ സര്‍വ മിടുക്കന്‍മാരും കെ.എസ്.ഇ.ബി ക്കെതിരെ കരളലിയിക്കുന്ന പ്രസാതാവനകളിറക്കും! വര്‍ണ്ണവിവേചനവാദികള്‍ അല്പം ബുദ്ധി ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ക്ക് എളുപ്പത്തില്‍ പറയാവുന്ന ഒരു കാര്യമുണ്ട്. അതായത് വര്‍ണ്ണവിവേചനം (Apartheid) മതം അനുവദിക്കുന്നുണ്ട്. ഇങ്ങനെ വാദിച്ചാല്‍ വര്‍ണ്ണവിവേചനത്തിനെതിരെയുള്ള എതിര്‍പ്പ് ഏറെക്കുറെ നിര്‍വീര്യമാക്കാം. 



അയിത്തവും സതിയും ശൈശവവിവാഹവും ഇന്നും നിലനിന്നിരുന്നെങ്കില്‍ അവ നിര്‍മ്മാര്‍ജ്ജനം ചെയ്യുക അസാധ്യമായി തീരുമായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നീക്കം ചെയ്യുന്നതിനെക്കുറിച്ച് നാമിനി തല പുണ്ണാക്കേണ്ടതില്ല. അങ്ങനെയൊന്നും ഇനി സാധ്യമല്ലെന്ന അവസ്ഥ വരികയാണ്. ചെയ്തതൊക്കെ ചെയ്തുവെന്ന് കണ്ടാല്‍ മതി. മതഭയം കാരണം ആരും അത്തരം വിഷയങ്ങളെ കുറിച്ച് ഇനി ശബ്ദിക്കില്ല.
രാഷ്ട്രീയക്കാര്‍ അത്തരം വിഷയങ്ങള്‍ തൊടാന്‍ മടിക്കും. നിലവിലുള്ള അന്ധവിശ്വാസങ്ങള്‍ മാറ്റാനാവില്ലെന്ന് മാത്രമല്ല അക്ഷരത്രിദീയയും മുടിപ്പള്ളിയും പോലുള്ള നവീനയിനങ്ങള്‍ ചുവടുറപ്പിക്കുന്നത് തടയാനുമാവില്ല. ഗുഹാസംസ്‌ക്കാരത്തിലേക്ക് പിന്തിരിഞ്ഞോടുന്ന ഒരു സമൂഹം നിങ്ങള്‍ കാണുന്നില്ലേ? ഇരുട്ടു കനക്കുന്ന ഒരു സമൂഹത്തില്‍ അന്ധത ആഘോഷമാക്കപ്പെടുകയാണ്.

വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയിലുണ്ടാകുന്ന പോരാട്ടങ്ങള്‍ക്ക് മതത്തെ തീര്‍ത്തും കുറ്റവിമുക്തമാക്കുന്ന രീതിയിലുള്ള ഓമനപ്പേരുകളാണ് നല്കപ്പെടുന്നത്. 'മതഭീകരത'യുടെ മാതാവ് മതമാണെന്ന് അറിയാത്തവരില്ല; പക്ഷേ, അങ്ങനെ പരസ്യമായി പറയുന്നതിന് വിലക്കുണ്ട്. വടക്കന്‍ അയര്‍ലന്‍ഡില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും രക്തരൂഷിതമായ മതയുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ 'നാഷണലിസ്റ്റുകളും' (Nationalists) 'ലോയലിസ്റ്റുകളും' (Loyalists) തമ്മില്‍ ഏറ്റുമുട്ടുന്നുവെന്നാണ് വിശേഷണം വരിക. 2003-ലെ അമേരിക്കന്‍ അധിനിവേശത്തിനുശേഷം ഇറാഖില്‍ ഇസ്‌ളാമിലെ സുന്നി-ഷിയാ ഗ്രൂപ്പുകള്‍ തമ്മില്‍ നടക്കുന്ന വിരാമമില്ലാത്ത രക്തച്ചൊരിച്ചിലിന്റെ വിളിപ്പേര് വംശീയപോരാട്ടം (Ethnic Conflict) എന്നാകുന്നു. യൂഗോസ്‌ളാവ്യയില്‍ വംശീയശുദ്ധീകരണംനടന്നെന്നാണ് (Ethnic Cleansing) നാം വായിക്കുന്നത്. എന്നാല്‍ സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സുകള്‍, ക്രോയേഷ്യന്‍ കാത്തോലിക്കര്‍, ബോസ്‌നിയന്‍ മുസ്‌ളീങ്ങള്‍ എന്നിവര്‍ക്കിടയിലുള്ള രൂക്ഷമായ മതസംഘര്‍ഷം (Religious Conflict) തന്നെയായിരുന്നു അവിടെയും യഥാര്‍ത്ഥ വിഷയം. പക്ഷേ, ഇവിടെയെല്ലാം 'മതം' എന്ന പദം ആസൂത്രിതമായി ഒഴിവാക്കപ്പട്ടു. പകരം വംശം, സമുദായം, രാഷ്ട്രീയം തുടങ്ങിയ മറുപേരുകള്‍ എടുത്തിടപ്പെട്ടു. ട്ടു', 'രാഷ്ട്രീയവികാരം മുറിപ്പെട്ടു' എന്നൊന്നും പറഞ്ഞ് ആരും കൊലക്കത്തി എടുക്കില്ലല്ലോ. മതം ഭീകരത പ്രവര്‍ത്തിച്ചാല്‍ അത് ഭീകരരുടെ കുഴപ്പമാണ്. മതം വല്ല നല്ല കാര്യവും ചെയ്താല്‍ അത് മതത്തിന്റെ നേട്ടമാകുന്നു!

2006 ഫെബ്രുവരി 21-ാം തീയതി അമേരിക്കന്‍ സുപ്രീംകോടതി എല്ലാ പൗരന്‍മാരും പാലിക്കേണ്ട ഒരു പൊതുനിയമം ന്യൂമെക്‌സിക്കോ ചര്‍ച്ചിന് മാത്രം ബാധകമല്ലെന്ന് വിധിച്ചു. വിഭ്രമജന്യമായ ലഹരി ഔഷധങ്ങള്‍ (Illegal hallucinogenic drugs) ഉപയോഗിക്കുന്നത് സംബന്ധിച്ച് അമേരിക്കയിലെ കര്‍ശനമായ പൊതുനിയമമാണത്. ന്യൂമെക്‌സിക്കോചര്‍ച്ചിലെ (Centro Espirita Beneficiente Uniao do Vegetal) സത്യവിശ്വാസികള്‍ക്ക് ഈ നിയമം അത്ര സ്വീകാര്യമായി തോന്നിയില്ല. ദൈവത്തെ ശരിക്കും മനസ്സിലാക്കാന്‍ നിയമവിരുദ്ധ വിഭ്രമജന്യ ഔഷധമായ ഡീമീതൈല്‍ട്രെപ്റ്റാമൈന്‍ (Demethy-ltreptamine) അടങ്ങിയ ഹോസ്‌ക ടീ (hoasca tea) പോലുള്ള ചില ലഹരിമരുന്നുകള്‍ കഴിച്ചെങ്കിലേ സാധിക്കൂ എന്നവര്‍ കണ്ടെത്തി. അതാണവരുടെ അനുഭവമത്രെ. ദൈവത്തെ കാണുന്നതിലും വലുതല്ലല്ലോ മനുഷ്യനുണ്ടാക്കുന്ന നിയമങ്ങള്‍! അവകാശവാദം സാധൂകരിക്കാന്‍ അവര്‍ക്ക് വസ്തുനിഷ്ഠമായ യാതൊരു തെളിവും ഹാജരാക്കേണ്ടിവന്നില്ല. അമേരിക്കന്‍ സുപ്രീംകോടതിയാകട്ടെ കടുത്ത ലഹരിമരുന്നുകള്‍ ഉപയോഗിക്കാന്‍ വിശ്വാസികള്‍ക്ക് പൂര്‍ണ്ണഅവകാശമുണ്ടെന്ന് വിധി പുറപ്പെടുവിച്ച് കയ്യില്‍ക്കൊടുത്തു. 


അതേസമയം കന്നാബിസ് എന്ന ലഹരിവസ്തു അര്‍ബുദരോഗികളില്‍ കീമോതെറാപ്പിയോടനുബന്ധിച്ചുണ്ടാകുന്ന ഓക്കാനവും മറ്റ് അസ്വസ്ഥതകളും കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എങ്കിലും അര്‍ബുദചികിത്സയില്‍ നിയന്ത്രണവിധേയമായി കന്നാബിസ് ഉപയോഗിക്കാന്‍ അനുവാദം തേടിയുള്ള ഹര്‍ജി അമേരിക്കന്‍ സുപ്രീംകോടതി 2005-ല്‍ നിഷ്‌ക്കരുണം തള്ളുകയുണ്ടായി. അര്‍ബുദചികിത്സയില്‍ കന്നാബിസ് ഉപയോഗിക്കുന്നവരും അതിന് പ്രേരിപ്പിക്കുന്നവരും അഴിയെണ്ണേണ്ടിവരുമെന്നാണ് അന്ന് കോടതി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്. സര്‍റിയലിസ്റ്റ് പെയിന്റര്‍മാരും ഇംപ്രഷനിസ്റ്റിക് കലാകാരന്‍മാരും തങ്ങള്‍ക്ക് 'പ്രചോദനം' കിട്ടാന്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നഭ്യര്‍ത്ഥിച്ച് കോടതിയെ സമീപിച്ചാല്‍ എന്തായിരിക്കും ഫലമെന്ന് ഊഹിക്കാവുന്നതേയുള്ളു. പക്ഷേ, നിയമവിരുദ്ധമായ ഏത് കാര്യവും മതത്തിന്റെ പേരിലാണെങ്കില്‍ അനുവദിക്കുമെന്ന അവസ്ഥയാണ് ഇന്ന് അമേരിക്കയിലുള്ളത്.

മതവിശ്വാസി യുക്തിസഹമായി കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിനാല്‍ മതത്തെ പുകഴ്ത്തുന്നവര്‍ക്കും മതത്തോട് കൃത്രിമസഹതാപവും അനുഭാവവും കാട്ടുന്നവര്‍ക്കും മാത്രമേ അയാളോട് ആശയവിനിമയം സാധ്യമാകൂ. മതവാദി മതത്തെപ്പറ്റി സംസാരിക്കില്ലെന്നല്ല. മിക്കപ്പോഴും അയാള്‍ സംസാരിക്കുന്നത് തന്റെ മതത്തെക്കുറിച്ച് മാത്രമായിരിക്കും. തനിക്ക് ലഭിച്ച മതബോധനം മാത്രമായിരിക്കും അയാള്‍ പുറത്തുവിടുന്നത്. ആദരവോടെ കേട്ടുകൊണ്ടിരുന്നാല്‍ മതവാദി തികഞ്ഞ ആവേശത്തിലായിരിക്കും. മറുചോദ്യങ്ങളുയര്‍ത്തുകയോ വിമര്‍ശിക്കുകയോ ചെയ്താല്‍ തനിനിറം കാണേണ്ടിവരും. മുഖം ചുവക്കും, ഞരമ്പുകള്‍ വലിഞ്ഞുമുറുകും, സംസാരം ഉച്ചത്തിലാകും... അസ്വസ്ഥതകള്‍ ഒളിക്കാന്‍ അയാള്‍ ദയനീയമായി പരാജയപ്പെടും. ഒരുവേള സമാധാനപരമായി പറഞ്ഞുപിരിയാന്‍ സാധിച്ചേക്കാം. പക്ഷേ, പിന്നീടയാള്‍ നിങ്ങളെ കൃത്യമായും ഒഴിവാക്കിയിരിക്കും. സംവാദത്തില്‍നിന്ന് ഏത് നിമിഷവും വികാരം കോരിയൊഴിച്ച് ഇറങ്ങിപ്പോകാന്‍ മതവിശ്വാസി ശ്രമിക്കും. പ്രകോപിതനാകാനും വൈകാരികമായി പരിക്കേറ്റു (Emotionally hurt or offended) എന്നവകാശപ്പെടാനും തനിക്ക് പ്രത്യേകമായ അവകാശമുണ്ടെന്ന് മതവാദി കരുതുന്നു.

മതവാദി സൂര്യന് കീഴിലുള്ള സര്‍വതിനേയും കുറിച്ച് യുക്തിസഹമായി സംസാരിക്കും, വിമര്‍ശിക്കും, പരിഹസിക്കും. എന്നാല്‍ സ്വമതത്തെക്കുറിച്ച് ആരും അത്തരം സമീപനം സ്വീകരിക്കുന്നത് അയാള്‍ സഹിക്കില്ല. സ്വമതമൊഴികയുള്ള ഏതെങ്കിലും വിഷയത്തില്‍ മതവിശ്വാസിയോട് യുക്തിഹീനമായി സംസാരിച്ചുനോക്കൂ. അയാളത് നിഷ്‌കരുണം തള്ളും. സ്വന്തം മതത്തിന്റെ കാര്യത്തില്‍ മാത്രമാണ് യുക്തിബോധവും സാമാന്യബുദ്ധിയും അസ്വീകാര്യമാകുന്നത്. മതകാര്യങ്ങളില്‍ മതവാദി യുക്തിബോധം കയ്യൊഴിയുന്നത് സത്യത്തില്‍ ബുദ്ധിപരമായ തന്ത്രം തന്നെയാണ്.

പൊള്ളത്തരം പുറത്താകുന്നതില്‍നിന്ന് മതത്തെ സംരക്ഷിക്കാനുള്ള ഏറ്റവും യുക്തിസഹമായ മാര്‍ഗ്ഗമാണ് വ്രണപ്പെടല്‍ സിദ്ധാന്തവും (The 'Hurt' Hypothesis) യുക്തി കയ്യൊഴിയലും (Abnegation of Reason). നൂറ്റാണ്ടുകളായി മതം ഫലപ്രദമായി ഉപയോഗിക്കുന്ന പ്രതിരോധതന്ത്രമാണത്. വാസ്തവത്തില്‍ മതവാദി യുക്തിബോധം ഒരിക്കലും ഉപേക്ഷിക്കുന്നില്ല. സ്വയം പ്രചരിപ്പിക്കുന്ന 99% കാര്യങ്ങളിലും അയാള്‍ വിശ്വസിക്കുന്നില്ലെന്നതിന് അയാളുടെ ജീവിതം തന്നെയാണ് തെളിവ്. അന്യമതദൈവസങ്കല്‍പ്പങ്ങളോട് അയാള്‍ കാട്ടുന്ന ഗൂഢമായ പുച്ഛവും സംശയവും മതവിഷയത്തില്‍പോലും യുക്തിബോധം വിട്ടുകളിക്കാന്‍ മതവിശ്വാസി തയ്യാറല്ലെന്ന് തെളിയിക്കുന്നു. വ്രണപ്പെടുന്നുവെന്ന പരാതി ശരിക്കും വ്യാജമാണെന്ന് മതവിശ്വാസിക്കറിയാം. 



ഇറാഖിത്തടവുകാരെകൊണ്ട് ഗ്വണ്ടാനാമോ ജയിലില്‍ വെച്ച് കുര്‍-ആന്റെ പേജുകള്‍ ഉപയോഗിച്ച് കക്കൂസ് വൃത്തിയാക്കിയെന്ന ആരോപണങ്ങളുയര്‍ന്നിരുന്നു. കുര്‍-ആന്‍ ടോയ്‌ലറ്റില്‍ കിടക്കുന്ന ചിത്രമെടുത്ത് ഇന്റര്‍നെറ്റില്‍ കൊടുക്കാനും വ്രണപ്പെടല്‍ വാദികള്‍ക്ക് മന:സാക്ഷിക്കുത്തില്ല. ബൈബിളിനേയും കുര്‍-ആനേയും അപകീര്‍ത്തിപ്പെടുത്തുന്ന നൂറ് കണക്കിന് ചിത്രങ്ങള്‍ ഇന്റര്‍ നെറ്റില്‍ പ്രചരിപ്പിച്ചാണ് ഇരു വിഭാഗങ്ങളും 'വ്രണപ്പെടാതെ' പരസ്പരം സ്‌നേഹിക്കുന്നത്.
  സ്വന്തം മതത്തെ വിമര്‍ശിക്കുമ്പോഴേ മുറിപ്പെടുമെന്ന വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ കുറഞ്ഞപക്ഷം അന്യര്‍ക്കെതിരെ അത്തരം പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കാന്‍ മതവിശ്വാസി തയ്യാറാവണം. സ്വന്തം മതഗ്രന്ഥം അപമാനിക്കുമ്പോള്‍ വേദന തോന്നുന്നവന്‍ അന്യന്റെ മതഗ്രന്ഥത്തെ അപമാനിക്കുമോ?! കാര്‍ട്ടൂണ്‍ വരയ്ക്കുമ്പോള്‍ ലോകം മുഴുവന്‍ കത്തിക്കുന്നവര്‍ അന്യരെക്കുറിച്ച് അപമാനകരമായ കാര്‍ട്ടൂണ്‍ വരയ്ക്കുമോ?!


അറബ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ജൂതവിരുദ്ധ കാര്‍ട്ടൂണുകള്‍ പരിഹാസത്തിന്റെ കൊടുമുടികള്‍ താണ്ടുന്നവയാണ്. ഇത്തരം കാര്‍ട്ടൂണുകളില്‍ ജൂതരും അവരുടെ നേതാക്കളും നായ, കാള, കഴുത, പിശാച്, തുടങ്ങിയ വിശുദ്ധരൂപങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നതെന്നും മറക്കാതിരിക്കുക. എന്തിനേറെ, ജൂതവിരുദ്ധ കാര്‍ട്ടൂണുകള്‍ക്ക് വേണ്ടി ഒരു മത്സരംപോലും ചില അറബ് മാധ്യമങ്ങള്‍ സംഘടിപ്പിച്ചു കളഞ്ഞു. ഇതൊക്കെ വ്യക്തമാക്കുന്നത് വ്രണപ്പെടല്‍വാദം വെറും ഉമ്മാക്കിയാണെന്ന് മതവിശ്വാസിക്കറിയാമെന്ന് തന്നെയാണ്. പൊതുസമൂഹത്തെ ബ്‌ളാക്ക് മെയില്‍ ചെയ്യാനുള്ള ഒരടവായാണത് ഉപയോഗിക്കുന്നത്. കളവുമുതലുമായി പിടികൂടപ്പെടുമ്പോള്‍ ദേഹമാസകലം വിസര്‍ജ്ജ്യം പൂശി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരും ഇതേ തന്ത്രമാണ് നടപ്പിലാക്കുന്നത്.****

Saturday, 10 December 2011

23. സൂപ്പര്‍ ഹിറ്റ് തിരക്കഥകള്‍!

ഞാനൊരു പ്രപഞ്ചശക്തിയില്‍ വിശ്വസിക്കുന്നു. സര്‍വ പ്രപഞ്ചത്തിന്റെ നിയാമകശക്തിയാണത്. എന്റെ പ്രഭു എന്റെ അനുഭവമാണ്. അതെനിക്ക് കൃത്യമായി വിശദീകരിക്കാനാവില്ല, അനുഭവിച്ച് തന്നെ അറിയണം. ആപത്തില്‍ ഉഴറുമ്പോഴൊക്കെ പ്രഭു തുണയ്‌ക്കെത്തിയിട്ടുണ്ട്. ഹൃദയത്തില്‍ തട്ടി വിളിക്കണമെന്നുമാത്രം. ഇന്നുവരെയുള്ള സര്‍വ ഐശ്വര്യത്തിനും നേട്ടങ്ങള്‍ക്കും കാരണം അവനാണെന്ന് തുറന്നുപറയാന്‍ മടിയില്ല. ജീവിതത്തില്‍ മരണത്തെ മുഖാമുഖം കണ്ട സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ ഇന്നും അവന്റെ കൃപയാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നു. അറിയുക, ഈ ദൃശ്യപ്രപഞ്ചം പ്രഭുവിന്റെ ഇച്ഛയാണ്; അതിന്റെ രൂപം അവന്റെ ശരീരവും. അവന്റെ ശ്വാസമാണ് പ്രപഞ്ചചേതന. പ്രാണന്‍ അവന്റെ ഭാവനയാകുന്നു. പ്രപഞ്ചം അവനിലേക്കും അവന്‍ പ്രപഞ്ചത്തിലേക്കും വളരുന്നു. അവനെ എങ്ങനെ വേണമെങ്കിലും നിരൂപിക്കാം. എല്ലാ രൂപവും അവന് സ്വന്തം. സര്‍വരൂപിയായ അവന്‍ അരൂപി കൂടിയാണെന്നറിയുക. ആരെണെന്റെ ദൈവമെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണും. അതെ, നിങ്ങള്‍ക്ക് തെറ്റിയിട്ടില്ല, സര്‍വപ്രപഞ്ചത്തിന്റെയും നാഥനായ തമ്പുരാന്‍ ഡിങ്കണ്‍ തന്നെ! പ്രഭുവിന്റെ ശക്തിയും സ്‌നേഹവും കരുണയും തിരിച്ചറിയാന്‍ വി.ബാലമംഗളം മനസ്സിരുത്തി വായിക്കുക.

സദാ സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുന്നവനും നീതിമാനും വിളിച്ചാല്‍ വിളിപ്പുറത്ത് എത്തുന്നവനുമായ ആ പരംപൊരുള്‍ എനിക്ക് നല്‍കുന്ന ആശ്വാസം അനിര്‍വചനീയമാണ്. ഇതിനൊക്കെ തെളിവ് നല്‍കാന്‍ ഞാനശക്തനാണ്, പക്ഷെ അങ്ങനെയൊന്നുണ്ട്. ഈ പ്രപഞ്ചത്തില്‍ സംഭവിക്കുന്നതൊക്കെ അവന്റെ കല്‍പ്പനയാണെന്ന് തിരിച്ചറിയുന്ന നിമിഷ ഭക്തനും മൂര്‍ത്തിയും ഒന്നായിത്തീരും. ഈ പറയുന്നത് തമാശയായി കണ്ട് എന്റെ 'മതവികാരം' വ്രണപ്പെടുത്തരുതെന്ന് അപേക്ഷയുണ്ട്. ചോദിക്കട്ടെ, എന്തു ന്യൂനതയാണ് നിങ്ങളെന്റെ പ്രഭുവില്‍ കാണുന്നത്? പ്രപഞ്ചനാഥന്‍ എലിയുടെ രൂപത്തില്‍ കാണപ്പെടുന്നുവെന്നതാണോ? കഷ്ടം! പ്രഭുപാദങ്ങളില്‍ സ്വയം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ സര്‍വരൂപവും വിശ്വരൂപവും അന്തരംഗത്തില്‍ തെളിയും. അവന് സമാനരില്ല. എതിരാളികള്‍ക്ക് അവനൊരു പോരാളിയായിരിക്കാം. പക്ഷെ അവന്‍ ആഗ്രഹിച്ചാലല്ലാതെ എതിരാളിയുടെ എതിര്‍പ്പ് മാറില്ല. അവനെ അറിയുന്നവര്‍ സ്വയം അറിയുന്നു. മൃഗരൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന മൂര്‍ത്തികളെ ആരാധിക്കുന്നവരും ഒരുപക്ഷെ ഡിങ്കണെ കുറിച്ച് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കും. സ്വന്തം മൂര്‍ത്തിയും ഡിങ്കണുമായുള്ള വ്യത്യാസമെന്തെന്ന് പറയാന്‍ അവര്‍ക്കാവില്ല. എങ്കിലും അതവര്‍ തള്ളും. കാരണം അതെന്റെ വിശ്വാസത്തിന്റെ തിരക്കഥയാകുന്നു.

സിനിമയുടെ വിജയത്തിന്റെ നിര്‍ണ്ണായകഘടകമായി കരുതപ്പെടുന്നത് അതിന്റെ തിരക്കഥയാണ്. പടം സൂപ്പര്‍ഹിറ്റായാല്‍ തിരിക്കഥയും ഹിറ്റാകും. അങ്ങനെ നോക്കിയാല്‍ ലോകം കണ്ട ചില സൂപ്പര്‍ഹിറ്റ് തിരക്കഥകളാണ് മതനിര്‍മ്മാണരഹസ്യങ്ങളില്‍ പ്രധാനം. ഭാവനയെ ഉത്തേജിപ്പിക്കുന്ന കഥകള്‍ക്ക് മനുഷ്യരെ വൈകാരികമായി ഏറെ സ്വാധീനിക്കാനാവും. ബ്രിട്ടീഷ് കുറ്റാന്വേഷണ നോവലിസ്റ്റായ സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ ഒരു നോവലിലിന്റെ അവസാനം ഷെര്‍ലക് ഹോംസ് എന്ന വിശുത കഥാപാത്രം കൊല്ലപ്പെടുന്നതായി ചിത്രീകരിച്ചത് അദ്ദേഹത്തിന്റെ വായനക്കാര്‍ക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു. സഹൃദയരുടെ നിര്‍ബന്ധം മൂലം ഷെര്‍ലക് ഹോംസിന് പുന:ര്‍ജീവന്‍ കൊടുക്കാന്‍ സര്‍ ഡോയല്‍ നിര്‍ബന്ധിതനായി. ഇക്കാലത്ത് മായാവിക്കും ഡിങ്കനും ഹാരിപോട്ടര്‍ക്കും ആരാധാകരുള്ളത് കുട്ടികളുടെ ഇടയില്‍ മാത്രമല്ലെന്ന് നമുക്കറിയാം.

മതം മുന്നോട്ട് വെക്കുന്ന അമ്മൂമ്മക്കഥകളും അക്ഷരാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള ഡിങ്കണ്‍-മായിവിക്കഥകള്‍ തന്നെയാണ്. മതകഥകളും ഡിങ്കണ്‍ കഥകളുമായുള്ള ഏക വ്യത്യാസം ഡിങ്കണ്‍കഥകള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്ന് അതിന്റെ നിര്‍മ്മിതാക്കള്‍ അവകാശപ്പെടുന്നില്ലെന്നത് മാത്രമാണ്. കെട്ടുകഥകള്‍ യാഥാര്‍ത്ഥ്യമാണെന്ന് പ്രഖ്യാപിക്കുന്ന ഏര്‍പ്പാടിനെയാണ് പൊതുവെ മതവിശ്വാസം എന്നുവിളിക്കുന്നത്. മതവിശ്വാസി സ്വമതത്തിന്റെ  കഥകള്‍ ഒഴിച്ച് ബാക്കിയുള്ളവയൊക്കെ 'കെട്ടുകഥ'കളാണെന്ന് വിശ്വസിക്കുന്നു. നാസ്തികന്‍ എല്ലാ മതകഥകളും കെട്ടുകഥകളാണെന്ന് തിരിച്ചറിയുന്നു. കെട്ടുകഥകളെ കെട്ടുകഥകളായിത്തന്നെ കാണുന്നതില്‍ മതവിശ്വാസി 99 ശതമാനം വിജയിക്കുമ്പോള്‍ നാസ്തികന്‍ അതില്‍ സമ്പൂര്‍ണ്ണവിജയം നേടുന്നുവെന്ന് സാരം.

വാസ്തവത്തില്‍ മതങ്ങള്‍ പരിണമിച്ചിട്ടുണ്ടാകുന്നതിന് ദീര്‍ഘകാലമൊന്നും ആവശ്യമില്ല. യേശുവിന്റെ കഥകള്‍ ക്രിസ്ത്യന്‍മതരൂപീകരണത്തിന്റെ പ്രാരംഭഘട്ടത്തില്‍ വളരെ പെട്ടെന്നാണ് പ്രചരിച്ചത്. യേശുവിന്റെ കാലഘട്ടത്തിന് മുമ്പുതന്നെ സമാനമായ കുരിശുമരണ കഥകള്‍ പ്രചാരത്തിലുണ്ടായിരുന്നു. വളരെ പ്രാചീനമായതിനാല്‍ നമുക്കവ അവ്യക്തമാണ്. എന്നാല്‍ ആധുനിക കാലത്തും മതങ്ങള്‍ ദ്രുതഗതിയില്‍ പരിണമിച്ചുണ്ടാകുന്നുണ്ട്. പെസഫിക്‌മെലനേഷ്യയിലും ന്യൂഗിനിയിലും നമ്മുടെ കണ്‍മുമ്പില്‍വെച്ച് തന്നെ മതങ്ങള്‍ ജനിച്ച് വികസിക്കുന്നത് അനുഭവിച്ചറിയാന്‍ സാധിക്കും. ഇവയെ പൊതുവെ 'കാര്‍ഗോ'കള്‍ട്ടുകള്‍ (Cargo Cults) എന്നാണ് വിളിക്കുന്നത്.

ഈ വിശ്വാസങ്ങളിലെല്ലാം വലിയ കാര്‍ഗോകളുടെ(സമ്മാനപ്പെട്ടി) വരവും പ്രതീക്ഷിച്ചിരിക്കുന്ന ഭക്തരാണുള്ളത്. വിശ്വാസികളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായാണ് കള്‍ട്ട് ദൈവം ഈ കൂറ്റന്‍ സമ്മാനപേടകങ്ങള്‍ എത്തിക്കുന്നത്. ഒറ്റപ്പെട്ട ദ്വീപുകളില്‍ എത്തിച്ചേരുന്ന വെള്ളക്കാരുടെ പക്കല്‍ നിരവധി ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയുമുണ്ടാവും. അതൊക്കെകണ്ട് വിദ്യാഹീനരും അപരിഷ്‌കൃതരുമായ തദ്ദേശീയര്‍ അമ്പരക്കുന്നു. ഈ ഉപകരണങ്ങള്‍ കേടുവന്നാല്‍ വെള്ളക്കാര്‍ അവയൊക്കെ പുറത്ത് കൊണ്ടുപോയേ നന്നാക്കൂ.


ആസൂത്രിതമായി ദ്വീപിന്റെ നിയന്ത്രണം കൈക്കലാക്കുന്ന വെള്ളക്കാര്‍ തങ്ങളുടെ സ്വാധീനം നിലനിറുത്താനാണ് കാര്‍ഗോകള്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നത്. അന്ധവിശ്വാസത്തിനടിമപ്പെടുത്തിയാല്‍ ഒരു ജനതയെ മുഴുവന്‍ നിസ്സാരമായി മെരുക്കാമെന്ന തത്വമാണവര്‍ പ്രയോഗിക്കുന്നത്. അദ്ധ്വാനമുള്ള ജോലിയൊക്കെ തദ്ദേശീയരെകൊണ്ട് ചെയ്യിക്കും. ആധുനികമായതൊന്നും ദ്വീപില്‍വെച്ച് ഉത്പാദിപ്പിക്കില്ല. പുതിയ ഉപകരണങ്ങളും ചരക്കുകളും പുറത്തുനിന്ന് കാര്‍ഗോകളായി എത്തുമ്പോള്‍ അത് ദൈവസമക്ഷത്തുനിന്നുള്ള സമ്മാനമായി ദ്വീപുവാസികള്‍ ആഘോഷിക്കും. അജ്ഞാതമായ പുറംലോകം അവര്‍ക്ക് ദേവലോകമാണ്. 


കാര്‍ഗോ കള്‍ട്ട് മതങ്ങളുടെ പൊതുസ്വഭാവം എല്ലായിടത്തും ഏതാണ്ടിതുതന്നെ.
അഭീഷ്ടസിദ്ധിയും ആഗ്രഹനിവര്‍ത്തിയും വാഗ്ദാനം ചെയ്യുന്നതില്‍ പരമ്പരാഗത മതങ്ങളേക്കാള്‍ ഒരുപടി മുന്നിലാണ് കാര്‍ഗോ കള്‍ട്ടുകള്‍. പുറത്തുനിന്ന് എത്തിച്ചേരുന്ന കാര്‍ഗോകളാണ് അവര്‍ക്ക് മോഹസാക്ഷാത്കാരമാകുന്നത്. അത് ലഭ്യമാക്കാനായി പരമ്പരാഗത മതവിശ്വാസികളെപ്പോലെയുള്ള ഒട്ടനവധി ആചാരാനുഷ്ഠാനങ്ങള്‍ അവര്‍ക്കുമുണ്ട്. ഒരേതരം വേഷഭൂഷാദികള്‍ അണിഞ്ഞുള്ള മാര്‍ച്ചുകളും ആഘോഷങ്ങളും പതിവാണ്. അനുഷ്ഠാനമൂര്‍ച്ഛയില്‍ പലര്‍ക്കും ദൈവസാന്നിദ്ധ്യം അനുഭവപ്പെടും. അപ്പോഴവര്‍ റേഡിയോയിലൂടെ വരുന്ന അജ്ഞാതശബ്ദത്തിന് ചെവിയോര്‍ക്കുന്നു. റേഡിയോശബ്ദം കള്‍ട്ട് ദൈവത്തിന്റേതാണ്.



സാങ്കേതികജ്ഞാനം പരസ്യമായതിനാല്‍ പരിഷ്‌കൃതലോകത്ത് റേഡിയോയും ടെലിവിഷനും അടിസ്ഥാനമാക്കി മതമുണ്ടാക്കാനാവില്ല. എന്നാല്‍ നാഗരികത എത്തിനോക്കിയിട്ടില്ലാത്ത ഒറ്റപ്പെട്ടപ്രദേശങ്ങളില്‍ നിഗൂഢമതങ്ങള്‍ക്കും കള്‍ട്ടുകള്‍ക്കും അവയൊക്കെ വളരെ പ്രയോജനപ്രദമാണ്. സാങ്കേതികമായ അജ്ഞത മുതലെടുക്കുന്ന കള്‍ട്ടുകള്‍ക്ക് പരിഷ്‌കൃതലോകത്ത് വലിയപ്രഭാവം ഉണ്ടാക്കാനാവില്ലെങ്കിലും മറ്റുവിധത്തില്‍ നാഗരികലോകത്ത് കള്‍ട്ടുകള്‍ സാധ്യമാണ്; ധാരാളമുണ്ടുതാനും. കാര്‍ഗോകള്‍ട്ടുകള്‍ പരമ്പരാഗതമതങ്ങളെക്കാള്‍ മോശമാണെന്ന് പറയാനാവില്ല. ഇന്നത്തെ ആഗോളമതങ്ങളെല്ലാം തന്നെ ഒന്നോ അതിലധികമോ പ്രാചീന കള്‍ട്ടുകളുടെ വികസിതരൂപങ്ങളാണ്. പരമ്പരാഗതമതങ്ങളും കള്‍ട്ടുകളും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമൊന്നുമില്ലെന്നാണ് മനസ്സിലാക്കേണ്ടത്.


ന്യൂ കാലിഡോണിയ, സോളമന്‍ ദ്വീപുകള്‍, ഫിജി, ന്യൂഹെബ്രിഡാസ്, ന്യൂഗിനി തുടങ്ങിയ ദ്വീപസമൂഹങ്ങളിലെ നൂറുകണക്കിന് ഒറ്റപ്പെട്ട തുരുത്തുകളില്‍ സജീവമായ കാര്‍ഗോകള്‍ട്ടുകളുണ്ട്. ന്യൂഗിനിയില്‍മാത്രം അമ്പതിലേറെ ദ്വീപുകളില്‍ അവയുടെ പ്രഭാവമുണ്ട്. ഇവിടെയുള്ള പ്രധാനമതങ്ങള്‍ മുന്നോട്ടുവെക്കുന്ന വാഗ്ദാനം സമാനമാണ്: അന്ത്യവിധിയുടെ സമയത്ത് രക്ഷകനായി ഒരാള്‍ അല്ലെങ്കില്‍ മിശിഹാ ഒരു വലിയ സമ്മാനപേടകവുമായെത്തും! ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ കള്‍ട്ടുകള്‍ക്കിടയില്‍ ഭിന്നതയുണ്ടെങ്കിലും താത്വികമായി അവ സമാനമാണെന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ മാനസികവ്യാപാരങ്ങള്‍ ഒന്നുതന്നെയെന്ന് സ്ഥിരീകരിക്കുന്നു. 


ന്യൂഹെബ്രിഡാസിലെ 'താന' ദ്വീപിന്റെ പേര് 1980 മുതല്‍ 'വനാറ്റുവ'എന്നുമാറ്റിയിട്ടുണ്ട്. അവിടെയിപ്പോഴും സജീവമായ ഒരു കള്‍ട്ടുണ്ട്. മിശിഹായായ ജോണ്‍ഫ്രം എന്ന ദിവ്യനാണ് അതിന്റെ ചാലകശക്തി. ഈ വിവരം 1940 മുതലുള്ള ദ്വീപ് സര്‍ക്കാരിന്റെ രേഖകളിലുണ്ട്. ഇദ്ദേഹം ജീവിച്ചിരുന്നയാളാണോ അതോ ഭാവനാസൃഷ്ടിയാണോ എന്നകാര്യം വ്യക്തമല്ല. ഫ്രമ്മിനെപ്പറ്റിയുള്ള കഥകളും മിത്തുകളും ദ്വീപില്‍ സുലഭം. ഒരുകഥയില്‍ അയാള്‍ ഒരു കുറിയമനുഷ്യനാണ്, വലിയശബ്ദവും പാറിപ്പറക്കുന്ന മുടിയുമുള്ള ഒരാള്‍. ഫ്രം തിളങ്ങുന്ന ബട്ടണുകളുള്ള കോട്ട് ധരിക്കുമായിരുന്നുവത്രെ.


ജോണ്‍ ഫ്രം ഒട്ടനവധി പ്രവചനങ്ങള്‍ നടത്തിയിട്ടുള്ളതായി കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. അയാള്‍ ക്രിസ്ത്യന്‍ മിഷനറികള്‍ക്കെതിരെ തിരിയാന്‍ ദ്വീപുനിവാസികളെ പ്രചോദിപ്പിച്ചുവത്രെ. ജീവിതാവസാനം ഫ്രം തന്റെ മുന്‍ഗാമികളുടെ'തറവാട്ടി'ലേക്ക് മടങ്ങിപ്പോയി. പക്ഷേ, തിരികെവരുമെന്ന് പ്രവചിച്ചിട്ടാണ് പുള്ളി മടങ്ങിയത്. രണ്ടാംവരവില്‍ എല്ലാവരുടേയും ആഗ്രഹങ്ങള്‍ നിറവേറ്റുന്ന ഒരു വലിയ സമ്മാനപേടകവുമായിട്ടാവും താനെത്തുകയെന്ന് ഫ്രം വ്യക്തമാക്കിയിട്ടുണ്ട്. അവസാനനാളുകളെകുറിച്ചും ഫ്രം പ്രവചിച്ചിട്ടുണ്ട്. അന്ന് പര്‍വ്വതങ്ങള്‍ ഇടിഞ്ഞിറങ്ങി സമതലമാകും! ജനം അവരുടെ നഷ്ടപ്പെട്ട യൗവനം വീണ്ടെടുക്കും! രോഗങ്ങള്‍ അപ്രത്യക്ഷമാകും! വെള്ളക്കാര്‍ എന്നെന്നേക്കുമായി ദ്വീപില്‍നിന്ന് ആട്ടിയോടിക്കപ്പെടും! എത്തിച്ചേരുന്ന സമ്മാനപേടകത്തില്‍ എല്ലാവരുടേയും ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള സമ്മാനങ്ങള്‍ ഉണ്ടായിരിക്കും!...ഇങ്ങനെപോകുന്നു പ്രവചനഘോഷയാത്ര. 


രണ്ടാംവരവില്‍ ഒരു പുതിയകറന്‍സിയും നാളികേരത്തിന്റെ ചിത്രമുള്ള സ്റ്റാമ്പും താന്‍ കൊണ്ടുവരുമെന്നുമായിരുന്നു അയാളുടെ മറ്റൊരു വാഗ്ദാനം. എന്നാല്‍ ഈ പ്രവചനം തദ്ദേശീയ സര്‍ക്കാരിനെ അലോസരപ്പെടുത്തി. 1940 ആയപ്പോഴേക്കും ജനം തങ്ങളുടെ പക്കലുള്ള കറന്‍സി ധൂര്‍ത്തടിച്ച് തീര്‍ക്കാന്‍ തുടങ്ങി. പണിയെടുക്കാന്‍ താല്പര്യം കുറഞ്ഞു, സമ്പദ്‌വ്യവസ്ഥ തകിടംമറിഞ്ഞു. കള്‍ട്ട് നേതാക്കളെ അറസ്റ്റ്‌ചെയ്തും എതിര്‍പ്രചരണം നടത്തിയും അവരുടെ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് വിഫലമായി. ക്രിസ്ത്യന്‍പള്ളികളും സ്‌കൂളുകളും വിജനമായി.
ഇതിനിടെ ജോണ്‍ഫ്രം അമേരിക്കക്കാരനാണെന്ന പുതിയ സിദ്ധാന്തവും പ്രചരിച്ചു. ആയിടയ്ക്കാണ് രാഷ്ട്രീയ കാരണങ്ങളാല്‍ അമേരിക്കന്‍പട്ടാളം ന്യൂഹെബ്രിഡാസില്‍ എത്തിച്ചേര്‍ന്നത്. 



അമേരിക്കന്‍ സൈനികരില്‍ ധാരാളം കറുത്തവര്‍ഗ്ഗക്കാരുമുണ്ടായിരുന്നു. പക്ഷേ, അവര്‍ ദ്വീപുകാരെപോലെ അപരിഷ്‌കൃതരും ദരിദ്രരുമായിരുന്നില്ല. നല്ല വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ ധരിച്ച നാഗരികരായ കറുത്തസൈനികരെ കണ്ട് ദ്വീപ്‌വാസികള്‍ അത്ഭുതം കൂറി. ഈ കറുത്ത സൈനികരെ കണ്ടതോടെ ഫ്രമ്മിന്റെ കഥകളില്‍ പറയുന്നതുപോലെ അന്ത്യനാളുകള്‍ സമാഗതമായതായി ദ്വീപ്‌വാസികള്‍ ഉറപ്പിച്ചു. ജോണ്‍ ഫ്രം ഉടനെ അമേരിക്കയില്‍നിന്നും ഒരു വിമാനത്തില്‍ ദ്വീപിലെത്തുമെന്നും പ്രചരിപ്പിക്കപ്പെട്ടു. ഫ്രമ്മിന്റെ വിമാനത്തിനിറങ്ങാനായി കാട്ടിലെ നിരപ്പായ സ്ഥലത്ത് നിരവധി ഏക്കര്‍ ഭാഗത്തെ കുറ്റിച്ചെടികളും വൃക്ഷങ്ങളും വെട്ടിമാറ്റി അവര്‍ വിമാനത്താവളമുണ്ടാക്കി. ഈ വിമാനത്താവളത്തെ നിയന്ത്രിക്കാനായി മുളകള്‍ കൊണ്ടുണ്ടാക്കിയ ഒരു 'കണ്‍ട്രോള്‍റൂമും'തുറന്നു. തുടര്‍ന്ന് തടികൊണ്ടുണ്ടാക്കിയ വയര്‍ലെസ്‌സെറ്റുകള്‍ ഉപയോഗിച്ച് അനുയായികള്‍ പരസ്പരം ബന്ധപ്പെടുകയായി. വിമാനത്താവളമാണെന്ന് കാണിക്കാനും മിശിഹയായ ഫ്രമ്മിന് വഴിതെറ്റാതിരിക്കാനുമായി റണ്‍വേയില്‍ നിരവധി 'ഡമ്മിവിമാനങ്ങളും' അവര്‍ കൊണ്ടുചെന്നിട്ടു.

1950-ല്‍ ഡേവിഡ് അറ്റന്‍ബറോ (David Attenborough) ജോഫ്രി മുള്ളിഗാന്‍ എന്നപേരുള്ള ഒരു ക്യാമറാമാനേയും കൂട്ടി ജോണ്‍ഫ്രമ്മിന്റെ മതത്തിന്റെ അവസ്ഥ പഠിക്കാനായി താനയിലെത്തി. അതിന്റെ പല അവശിഷ്ടങ്ങളും സൂചനകളും അവര്‍ക്ക് ലഭിച്ചു. കള്‍ട്ടിന്റെ മുഖ്യപുരോഹിതനായിരുന്ന നാമ്പാസ് എന്നയാളെ കണ്ടുമുട്ടി. തന്റെ മിശിഹയായ ജോണ്‍ ഒരു റേഡിയോയിലൂടെ ദിനവും തന്നോട് ധാരാളം സംസാരിക്കാറുണ്ടെന്ന് നാമ്പസ് ആവേശത്തോടെ അവരോട് പറഞ്ഞു.

ഈ റേഡിയോ ഒരു സ്ത്രീയുടെ അരയില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രിക് വയറാണ്. ഈ സ്ത്രീ ധ്യാനത്തില്‍ മുഴുകുകയും ധ്യാനമൂര്‍ച്ചയില്‍ അവ്യക്തമായി പലതും പിറുപിറുക്കുകയും ചെയ്യും. ചിലപ്പോള്‍ ദുരൂഹമായ സീല്‍ക്കാരശബ്ദങ്ങളായിരിക്കും പുറത്തുവരിക. നാമ്പാസാകട്ടെ ഈ ശബ്ദങ്ങളൊക്കെ ജോണ്‍ ഫ്രമ്മിന്റെ നാമത്തില്‍ വ്യാഖ്യാനിക്കും. ജോണ്‍ റേഡിയോയിലൂടെ മുന്നറിയിപ്പ് തന്നിരുന്നതിനാല്‍ അറ്റന്‍ബറോ വരുന്നകാര്യം തനിക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും നാമ്പാസ് പറഞ്ഞു. ആ റേഡിയോ ഒന്നുകാണണമെന്ന് അറ്റന്‍ബറോ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കപ്പെട്ടില്ല.

അറ്റന്‍ബറോ വിഷയം മാറ്റി. എപ്പോഴെങ്കിലും ജോണ്‍ഫ്രമ്മിനെ നേരിട്ട് കണ്ടിട്ടുണ്ടോ എന്നായി ചോദ്യം. പലതവണ കണ്ടിട്ടുണ്ടെന്നായിരുന്നു നമ്പാസിന്റെ ആവേശത്തില്‍ കുതിര്‍ന്ന മറുപടി. ഫ്രമ്മിന് വെളുത്തനിറവും നല്ല ഉയരവുമുണ്ടെന്നും കണ്ടാല്‍ അറ്റന്‍ബറോയെപ്പോലിരിക്കുമെന്നും സംശയലേശമെന്യേ അയാള്‍ പ്രസ്താവിച്ചു. ഫ്രം കുറിയ മനുഷ്യനാണെന്ന മറ്റൊരുകഥ നിലവിലുണ്ടെന്നതോര്‍ക്കുമ്പോള്‍ മതകഥകളിലും മിത്തുകളിലും കാലാന്തരത്തിലുണ്ടാകുന്ന പരിണാമം മനസ്സിലാകും. ജോണ്‍ ഫ്രം തിരിച്ചെത്തുന്നത് ഏത് വര്‍ഷമാണെന്ന് ഉറപ്പില്ലെങ്കിലും അതൊരു ഫ്രെബ്രുവരി 15-നായിരിക്കുമെന്ന കാര്യത്തില്‍ ദ്വീപ്‌വാസികള്‍ക്ക് സംശയമില്ല. അതിനാല്‍ ഏല്ലാ വര്‍ഷവും ഫെബ്രുവരി 15-ന് ആരാധകര്‍ ഒരുസ്ഥലത്ത് ഒത്തുകൂടി വിവിധ അനുഷ്ഠാനങ്ങള്‍ നടത്താറുണ്ട്.

ഇതുവരെ ഫ്രം വന്നിട്ടില്ല; പക്ഷേ, അനുയായികള്‍ ഒട്ടും നിരാശരല്ല. അറ്റന്‍ബറോ ഫ്രമ്മിന്റെ മറ്റൊരനുയായിയായ സാം എന്ന ചെറുപ്പക്കാരനോട് ചോദിച്ചു: ''പക്ഷേ, സാം! സമ്മാനപേടകം വരുമെന്ന് ജോണ്‍ പറഞ്ഞിട്ട് ഇന്നേക്ക് പത്തൊമ്പത് വര്‍ഷമാകുന്നു. ഇന്നും വാഗ്ദാനം വാഗ്ദാനമായി മാത്രം നിലനില്‍ക്കുന്നു. പത്തൊമ്പത് വര്‍ഷമെന്നത് ഒരു ദീര്‍ഘമായ കാലയളവല്ലേ?''. സാം ഉടനടി തലയുയര്‍ത്തി അറ്റന്‍ബറോയെ തറപ്പിച്ചൊന്നുനോക്കി. എന്നിട്ട് പറഞ്ഞുവത്രെ: ''യേശുക്രിസ്തുവിനുവേണ്ടി നിങ്ങള്‍ 2000 വര്‍ഷമായി കാത്തിരിക്കുന്നു; പക്ഷേ, വരുന്നില്ല. അപ്പോള്‍പ്പിന്നെ ജോണിന് വേണ്ടി പത്തൊമ്പത് വര്‍ഷത്തിലധികം കാത്തിരിക്കാന്‍ എനിക്കും കഴിയും''. വടികൊടുത്ത് അടി വാങ്ങുന്നെങ്കില്‍ ഇങ്ങനെതന്നെ വേണം!

റോബര്‍ട്ട് ബക്ക്മാനിന്റെ (Robert Buckman) `Can We Be without God' എന്ന കൃതിയിലും സാം നടത്തുന്ന ഇതേ പരാമര്‍ശം വള്ളി പുള്ളി തെറ്റാതെ വരുന്നുണ്ട്. പക്ഷേ, അവിടെ സാം ഈ പ്രസ്താവന നടത്തുന്നത് അറ്റന്‍ബറോയുടെ സന്ദര്‍ശനത്തിന് 40 വര്‍ഷങ്ങള്‍ക്ക് ശേഷം ദ്വീപിലെത്തുന്ന ഒരു കനേഡിയന്‍ പത്രലേഖകനോടാണെന്ന് മാത്രം. 1974-ല്‍ ബ്രിട്ടീഷ് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നു. കിന്നരിവെച്ച ഹെല്‍മറ്റും നേവല്‍ യൂണിഫോമുമായി രാജകീയപ്രൗഢിയില്‍ വെട്ടിത്തിളങ്ങിയ സുമുഖനായ ഫിലിപ്പ് രാജകുമാരനെ ദൈവത്തെപ്പോലെയാണ് ദ്വീപുവാസികള്‍ സ്വീകരിച്ചത്. ജോണ്‍ ഫ്രമ്മിനെപ്പോലെ ഒരു ദിവ്യനായി ഫിലിപ്പ് അവരുടെ കണ്ണില്‍ രൂപം മാറി. പക്ഷേ, കൂടെയുണ്ടായിരുന്ന രാജ്ഞി സര്‍വ രാജകീയചിഹ്നങ്ങളും അണിഞ്ഞിരുന്നുവെങ്കിലും അവരുടെ ശ്രദ്ധയാകര്‍ഷിച്ചില്ല.

വിശ്വാസമനുസരിച്ച് ഒരു സ്ത്രീയെ ദേവതയാക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. തെക്കന്‍ പെസഫിക്കുകളിലുള്ള കള്‍ട്ട് വിശ്വാസങ്ങള്‍ ആധുനികമതങ്ങളുടെ വികാസപരിണാമത്തെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ കൊണ്ടുവരുന്നുണ്ട്. അതിലൊന്ന് അത്ഭുതവും വിശ്വാസവും സംബന്ധിച്ച കഥകള്‍ കാട്ടുതീ പോലെ പടരുന്നുവെന്നുള്ളതാണ്. അതിന്റെ പരിണാമവും ദ്രുതഗതിയില്‍ നടക്കുന്നു. ജോണ്‍ഫ്രം ജീവിച്ചിരുന്നോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല. പക്ഷേ, സ്വന്തം ജീവിതകാലത്തിനുള്ളിലാണ് അയാള്‍ വന്‍തോതില്‍ അനുയായികളെ സൃഷ്ടിച്ചത്. ആധുനികകാലത്തെ പല ആള്‍ദൈവങ്ങള്‍ക്കും ഇത്രയും സമയംപോലും വേണ്ടിവരുന്നില്ല. മെച്ചപ്പെട്ട മാനേജ്‌മെന്റ് തന്ത്രങ്ങളും ആധുനികസാങ്കേതികവിദ്യയും അവരുടെ ജോലി കുറേക്കൂടി എളുപ്പമാക്കുന്നുണ്ട്.

ഒരു വിശ്വാസം ഏതെങ്കിലും നാട്ടില്‍ വേരുറപ്പിച്ചുകഴിഞ്ഞാല്‍ അതുതന്നെയോ അല്ലെങ്കില്‍ അതിന് സമാനമായതോ ആയ വിശ്വാസം മറ്റ് പലയിടത്തും പ്രചരിപ്പിക്കപ്പെടുന്നു എന്നതാണ് മറ്റൊരു സൂചന. താനദ്വീപില്‍നിന്ന് രക്ഷപ്പെട്ട് മറ്റൊരു ദ്വീപിലെത്തുന്ന ഒരാള്‍ അവിടെയും ജോണ്‍ഫ്രമ്മിന്റെ മതം വിജയകരമായി പ്രചരിപ്പിക്കാനിടയുണ്ട്. അന്ധവിശ്വാസത്തിന് മുന്നില്‍ അടിപതറുന്ന മനസ്സാണ് മനുഷ്യന് പൊതുവെയുള്ളതെന്നാണിത് വ്യക്തമാക്കുന്നത്. കാര്‍ഗോ കള്‍ട്ടുകള്‍ തമ്മില്‍ സാമ്യമുണ്ടെന്ന് മാത്രമല്ല അവയ്ക്ക് പരമ്പരാഗതമതങ്ങളുമായി വിസ്മയാവഹമായ സമാനതയുമുണ്ട്. ക്രിസ്തുമതം ഉള്‍പ്പെടെയുള്ള ആഗോളമതങ്ങള്‍ ആരംഭത്തില്‍ 'ഫ്രം മത'ത്തെപോലെ പ്രാദേശികകള്‍ട്ടുകളായി രൂപംകൊണ്ടതാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അടിസ്ഥാനപരമായി എല്ലാ മതവും പ്രാദേശികമാണ്. ആയുധവും സമ്പത്തും ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന മതങ്ങള്‍ മാത്രം വളരുന്നു. അല്ലാത്തവ കാലക്രമേണ ദുര്‍ബലപ്പെട്ട് അപ്രത്യക്ഷാമകുന്നു.

ഇതൊക്കെ പറയുമ്പോഴും മതകഥകളൊക്കെ വിജയിക്കുന്നുവെന്നര്‍ത്ഥമില്ല. മിക്കവയും അവഗണിക്കപ്പെടുകയോ വിസ്മൃതമാവുകയോ ചെയ്യുന്നു. പല കഥകളുള്ളതില്‍ ഒരെണ്ണം കൂടുതല്‍ സ്വീകരിക്കപ്പെടുന്നതായും കാണപ്പെടാറുണ്ട്. ഉദാഹരണമായി ഹിന്ദുദൈവമായ ഗണപതിയുടെ ഉത്പത്തി സംബന്ധിച്ച് ശിവപുരാണമുള്‍പ്പെടെയുള്ള മതസാഹിത്യം പരതിയാല്‍ കുറഞ്ഞത് അമ്പതില്‍പ്പരം കഥകള്‍ ലഭിക്കും. ഇതില്‍ ചിലവ ഘോരഭക്തര്‍ പോലും കേട്ടിട്ടില്ലാത്തവയാണ്. മിക്കതിലും ഗണപതിക്ക് ആനത്തലയും മുറിഞ്ഞ കൊമ്പും വെച്ചുകൊടുക്കാനായി ഭിന്നവഴികളിലൂടെയാണ് കഥാകൃത്തുക്കള്‍ സഞ്ചരിക്കുന്നത്. ഇന്നത്തെ പ്രബലമതങ്ങള്‍ മുന്നോട്ടുവെക്കുന്ന കഥകള്‍ അതിജീവിക്കാന്‍ കാരണം അതാത് മതങ്ങളുടെ സ്വാധീനശക്തിയാണ്. തിരിച്ച് മതത്തിന്റെ സ്വാധീനശക്തി നിര്‍ണ്ണയിക്കുന്നതില്‍ കഥകള്‍ ഒരു പങ്ക് വഹിക്കുകയും ചെയ്യുന്നു.



മിക്ക മതകഥകളും അടിസ്ഥാനപരമായി ഒരു മൂലകഥയുടെ വികസിതരൂപങ്ങളാകുന്നു. കഥയുണ്ടാക്കുന്ന ആളുടെ മനോഗതവും ഭാവനയും വ്യത്യസ്തത പ്രദാനം ചെയ്യുമെങ്കിലും കഥകളെല്ലാം ഫലത്തില്‍ ഒരു തുടര്‍ച്ചയാണ്. മേരിയെക്കുറിച്ചുള്ള ക്രിസ്തുമത കഥകളൊക്കെ മതസ്ഥാപനത്തിനുശേഷം രൂപംകൊണ്ടവയാണ്. ഗ്രീക്ക്-റോമന്‍ സാഹിത്യത്തില്‍ 'കന്യകാമാതാവ്' എന്ന സങ്കല്‍പ്പം നിലവിലുണ്ടായിരുന്നു. സൗന്ദര്യദേവതയായ വീനസും മറ്റും 'സന്താനവതികളായ കന്യക'മാരായിരുന്നു. യേശുമാതാവായ മറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണം യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ്. ഇന്തോ-ആര്യന്‍ സമൂഹത്തിലെ മൂലഗോത്രം സഞ്ചരിച്ച വഴികളിലൊക്കെ ഇത്തരം സ്വര്‍ഗ്ഗാരോഹണ കഥകളുണ്ട്. ഉദാഹരണമായി-ശ്രീകൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണം. ബുദ്ധന്റെ സ്വര്‍ഗ്ഗാരോഹണത്തെപ്പറ്റിയും കഥകളുണ്ട്.

അവസാനം നായകനെ കൊല്ലാന്‍ വിസമ്മതിക്കുന്ന ആര്‍തര്‍ കോനന്‍ഡോയലിനെ നമുക്കിവിടെ കാണാം. നായകന്‍ സാധാരണക്കാരെ പോലെ മരിക്കുന്നത് അഭിമാനകരമല്ലല്ലോ! ഇലിയഡും ഒഡിസ്സിയും രാമായണവും മഹാഭാരതവുമായി അസംഖ്യം സമാനതകള്‍ വെച്ചുപുലര്‍ത്തുന്നുണ്ടെന്ന് നമുക്കറിയാം.'അന്യന്റെ ഭാര്യയെ മോഷ്ടിക്കുക, യുദ്ധത്തിലൂടെ വീണ്ടെടുക്കുക'എന്ന കഥതന്തുവാണ് ഇലിയഡിലും രാമായണത്തിലും ഇതിവൃത്തം വികസിതമാകുന്നത്. കഥകളൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഏതാണ്ട് സമാനമായ കഥാതന്തുവിനെ ആധാരമാക്കിയുള്ള പ്രാദേശികവകഭേദങ്ങളാണെന്ന് തിരിച്ചറിയാനാവും.

മിക്ക മതസാഹിത്യത്തിലും ദൈവം ആകാശത്ത് സ്ഥിതിചെയ്യുന്നു. അവന്‍ മുകളിലിരുന്ന് താഴേക്ക് നോക്കി മനുഷ്യരെ വിളിക്കുന്നു-വിരട്ടുന്നു; പ്രീണിപ്പിക്കുന്നു-പീഡിപ്പിക്കുന്നു. തിരിച്ച് ഭക്തന്‍ താഴെനിന്നും മുകളിലോട്ട് നോക്കുന്നു. തിരിച്ച് ദൈവത്തെ വിളിക്കുന്നു, പുകഴ്ത്തി മെരുക്കിയെടുക്കാന്‍ ശ്രമിക്കുന്നു. കള്ളും ചോരയും പ്രശംസയും കൊടുത്ത് ദൈവത്തെ മെരുക്കാമെന്ന വിശ്വാസം മതതിരക്കഥകളുടെ ജീവനാഡിയാണ്. ഇന്തോ-ആര്യന്‍ മൂലഗോത്രത്തിന്റെ മതസങ്കല്‍പ്പങ്ങള്‍ അടിസ്ഥാനപരമായി ഒന്നുതന്നെ. പറഞ്ഞുവരുമ്പോള്‍ പ്രവാചകന്‍മാരും അവതാരങ്ങളുമൊക്കെ ഫലത്തില്‍ സമാനമാണെന്ന് കാണാം. ആള്‍ദൈവങ്ങളേയും മതനേതാക്കളേയും മൂര്‍ത്തിപദവിയോടെ കുടിയിരുത്താനാണ് ഈ തന്ത്രം ഉപയോഗിക്കുന്നത്.

എല്ലാ സംസ്‌ക്കാരവും ഒരു സംസ്‌ക്കാരമാണെന്നും എല്ലാ യുദ്ധവും ഒരു യുദ്ധമാണെന്നും പറഞ്ഞത് നോബല്‍ ജേതാവായ ഇംഗ്‌ളീഷ് കവി റ്റി.എസ് എലിയറ്റാണ്. മതകഥകളെ സംബന്ധിച്ചും സ്ഥിതിയതുതന്നെ. എല്ലാ മതകഥകളും ഫലത്തില്‍ ഒന്നാകുന്നു. ജന്യഭാവങ്ങളും (derivations) പ്രാദേശികഭിന്നതകളുമാണ് വ്യതിരിക്തതയുണ്ടാക്കുന്നത്. ജൂതമതജന്യമായ ഇസ്‌ളാമില്‍ പുതിയ കഥകള്‍ക്ക് ക്ഷാമമുണ്ടെങ്കിലും ചില റീമേക്കുകള്‍ അവരും അവതരിപ്പിക്കുന്നുണ്ട്. കഥാപത്രത്തിന്റെ പേര് മാറ്റുക, കഥയില്‍ ചെറിയ വഴിത്തിരിവുകളുണ്ടാക്കുക എന്നീ കലാപരിപാടികള്‍ നമുക്കവിടെ കാണാം. മതനേതാവായ മുഹമ്മദിന്റെ ഓര്‍മ്മക്കുറവും തെറ്റിദ്ധാരണകളുമായിരുന്നു പല കഥകളിലും ഭേദഗതി വരുത്തിയത്. പുറമെ, പ്രാദേശികമായ സാംസ്‌ക്കാരികപരിസരവും നാടോടി കഥകളും സംസം പോലുള്ള ജന്യകഥകളും ഇസ്‌ളാമിക മതസാഹിത്യത്തില്‍ ഇടം നേടിയിട്ടുണ്ട്. മരൂഭൂമിയില്‍ ജലധാര പൊട്ടിവിടരുന്നത് ദൈവം നേരിട്ട് പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് അടുത്തു വരുന്ന ഒരത്ഭുതപ്രവര്‍ത്തിയായതിനാല്‍ എല്ലാം ഏറെക്കുറെ പൊരുത്തപ്പെട്ട് പോവുകയും ചെയ്യുന്നു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജൂതശാസ്ത്ര പ്രൊഫസറായി ജെസാ വെമസിനെ- (Geza Vermes) പോലുള്ളവരുടെ അഭിപ്രായത്തില്‍ യേശു അക്കാലത്ത് പലസ്തീനില്‍ നിലവിലുണ്ടായിരുന്ന നിരവധി കരിഷ്മാറ്റിക് ദിവ്യന്‍മാരില്‍ ഒരാള്‍ മാത്രമായിരുന്നു. യേശു 'ഒറ്റയ്ക്കായിരുന്നില്ല' എന്ന് സാരം. മറ്റുള്ളവരെപ്പറ്റിയുള്ള മിത്തുകള്‍ കാലാന്തരത്തില്‍ അപ്രത്യക്ഷമാകുകയായിരുന്നു. അതിജീവിച്ച ഒന്ന് യേശുകഥയായി ഇന്ന് നമ്മുടെ മുന്നിലുണ്ട്. യേശുകഥയ്ക്ക് തന്നെ പില്‍ക്കാലത്ത് ധാരാളം മീംവ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആധുനികയുഗത്തില്‍ പ്രിന്‍സസ്സ് ഡയാന, ഹെയ്ല്‍ സെലാസ്സി, എല്‍വിസ് പ്രെസ്ലി, രജനീഷ് തുടങ്ങിയവരുടെ കള്‍ട്ടുകള്‍ നമുക്കേറെ പരിചിതമാണ്. നിലവിലുള്ള പ്രബലമതങ്ങളുടെ മിത്തുകളും കഥകളും അവതരിപ്പിക്കപ്പെട്ടത് ഇന്നായിരുന്നുവെങ്കില്‍ സ്വീകരിക്കപ്പെടാനിടയില്ല. ഈ ശാസ്ത്രയുഗത്തിലും കള്‍ട്ടുകള്‍ ദിനംപ്രതി ജനിക്കുന്നുണ്ട്. മനുഷ്യന്റെ സഹജമായ അന്ധവിശ്വാസത്വരയാണിതിന്റെ പ്രചോദനം. എങ്കിലും മനുഷ്യന്‍ അന്ധവിശ്വാസിയാണ് എന്ന ഒറ്റക്കാരണത്താല്‍ അന്ധവിശ്വാസം മഹത്തായ ഒരു ഗുണമാണെന്ന നിഗമനത്തിലെത്താനാവില്ലല്ലോ.

വ്യക്തിഗത കള്‍ട്ടുകളുടെ അഭാവത്തില്‍ മതവളര്‍ച്ച മന്ദീഭവിക്കാനിടയുണ്ട്. ഹിന്ദുമതത്തിലെ പരബ്രഹ്മ സങ്കല്‍പ്പമൊന്നും വിറ്റുപോകുന്ന ഒന്നല്ല. മറിച്ച് ശ്രീകൃഷ്ണന്‍ പോലുള്ള വ്യക്തിഗത കള്‍ട്ട് സങ്കല്‍പ്പങ്ങള്‍ ഭക്തരെ പെട്ടെന്ന് വശീകരിക്കും. മൂര്‍ത്തികളെ ബിനാമികളാക്കിയാണ് വ്യക്തിഗത കള്‍ട്ടുകള്‍ എക്കാലത്തും വളര്‍ച്ച നേടിയത്. ഇസ്‌ളാമിലെ അസ്സല്‍ദൈവമായി മുഹമ്മദ് മാറിയതും യേശു യഹോവയെക്കാള്‍ വലിയ സൂപ്പര്‍ദൈവമായതും അങ്ങനെയാണ്. മതകഥകള്‍ക്ക് കൊടുക്കുന്ന പരിഗണന ഡിങ്കണും മായാവിക്കും കൊടുത്താല്‍ തീര്‍ച്ചയായും പ്രപഞ്ചസാരഥികളാവാന്‍ അവര്‍ക്കും സാധിക്കും. സിനിമാതാരങ്ങള്‍ക്ക് കോവിലുയര്‍ത്തുന്നവരെ കുറിച്ച് കേള്‍ക്കുമ്പോള്‍ ചിറി കോട്ടുന്നവരുണ്ട്. ആള്‍ദൈവങ്ങളെ പൂജിക്കുന്നവരെ അപഹസിക്കുന്നവരുമുണ്ട്. സ്വന്തം മുതുകിലിരിക്കുന്ന കുരങ്ങിന്റെ മുഖം 
തങ്ങള്‍ക്ക് കാണാനാവാത്തതിനാല്‍ തങ്ങളുടെ ഇരട്ടത്താപ്പ് മറ്റാരും തിരിച്ചറിയില്ലെന്ന് ഇക്കൂട്ടര്‍ ആശ്വസിക്കുന്നു. മതകഥകള്‍ കഥകളല്ലെന്നും മതമൂര്‍ത്തികള്‍ ഡിങ്കണ്‍മാരല്ലെന്നും അവര്‍ വ്യാമോഹിക്കുന്നു. വ്യാമോഹങ്ങളുടെ പട്ടികയില്‍ എണ്ണം കൂടുന്നതനുസരിച്ച് അന്ധവിശ്വാസത്തിന്റെ ഇരുട്ട് കനക്കുന്നു. ***

Saturday, 3 December 2011

22. ദൈവത്തിന് കത്തയക്കുന്നവര്‍!!

ദൈവത്തിന് ആരെങ്കിലും കത്തയക്കുമോ? കേള്‍ക്കുമ്പോള്‍ തമാശയായിട്ട് തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക. 'പ്രാര്‍ത്ഥന' ദൈവത്തിനയക്കുന്ന കത്തുകളാണെന്ന് നാം ആലങ്കാരികമായി പറയാറുണ്ട്. എന്നാല്‍ പ്രായോഗികമായി തന്നെ കടലാസില്‍ പേന വെച്ചെഴുതി ദൈവത്തിന് കത്തയക്കുന്ന ഭക്തരെ കാണാന്‍ ജറുസലേമിലെ ''വിലാപമതിലിന്'' ('Wailing Wall') സമീപം ചെന്നാല്‍ മതി.


 Kotel HaMaaravi എന്നാണ് മതിലിന്റെ ഹീബ്രുനാമം. വിശ്രുതമായ ടെമ്പിള്‍ മൗണ്ടിന്റെ (Temple Mount)അടിവാരത്തിലെ പടിഞ്ഞാറെ മതിലാണിത്. ശരിക്കും കടലാസിനുള്ളില്‍ തങ്ങളുടെ പ്രാര്‍ത്ഥന എഴുതി പോസ്റ്റു ചെയ്യുന്ന വിശ്വാസികളെ കാണാനായി അവിടം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുമുണ്ട്. ഭിത്തിയില്‍ ചേര്‍ന്നുനിന്നോ തല മുട്ടിച്ചോ പരാതി ഉന്നയിച്ചാല്‍ ദൈവം പെട്ടെന്ന് പ്രസാദിക്കുമെന്നാണ് വിശ്വാസം. അങ്ങനെ ഭക്തര്‍ വന്ന് വിലപിക്കുന്നതിനാലാണ് ഈ മതിലിന് വിലാപമതിലെന്ന് പേര് വീണതെന്ന് പറയാം. അത്തരത്തില്‍ നോക്കിയാല്‍ മതിലുള്ള ഏതൊരു മതകേന്ദ്രവും വിലാപസ്ഥലം തന്നെയല്ലേ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. ചരിത്രത്തില്‍ നിരവധി യുദ്ധങ്ങള്‍ക്കും യാതനകള്‍ക്കും കാരണഭൂതമായ സ്ഥലമെന്ന നിലയിലും ഈ പേര് അന്വര്‍ത്ഥമാണ്.

ലോകത്തെമ്പാടുമുള്ള ജൂതരും ക്രിസ്ത്യാനികളും ഇവിടെ പ്രാര്‍ത്ഥനയ്ക്കായി എത്താറുണ്ട്. നേരിട്ട് വരാനാകാത്തവര്‍ക്ക് പ്രാര്‍ത്ഥന കത്തിലാക്കി കൊടുത്തുവിടാം. ദൈവത്തിനുള്ള ഈ കത്തുകള്‍ ചുരുട്ടി മതിലിനിടയ്ക്കുള്ള ദ്വാരങ്ങളിലും വിടവുകളിലും (tzetzels)തിരുകിവെക്കുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്. ദ്വാരങ്ങളും വിടവും നിലനിര്‍ത്താനായി വേണ്ടി മാത്രം ഈ മതില്‍ സിമിന്റ് പൂശാതെ ഇന്നും നിലനിര്‍ത്തുന്നു. വിടവുകള്‍ നിറയെ കത്തുകള്‍ നിറയുമ്പോള്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ വന്ന് അവ നീക്കംചെയ്ത് ചാക്കുകെട്ടുകളില്‍ സൂക്ഷിക്കും. ചെറിയൊരു ഫീസും ഇതിലേക്കായി ഈടാക്കാറുണ്ട്. ചാക്കിന്റെ എണ്ണം കൂടുമ്പോള്‍ കത്തിച്ചുകളയും-അല്ലാതെന്തു ചെയ്യാന്‍?!

വിലാപമതിലില്‍ കത്ത് കൊണ്ടുവെക്കുന്നതിന് കാരണം അവിടെ നിന്നും ദൈവത്തിലെത്താന്‍ കുറുക്കുവഴിയുണ്ടെന്ന വിശ്വാസമാണ്. ദൈവത്തോട് വളരെ അടുത്താണ് മതില്‍ നില്‍ക്കുന്നത്. ഭൂമിയില്‍ ദൈവം വസിക്കുന്ന സ്ഥലം അതാണെന്നും മതില്‍ ദൈവത്തിന്റെ ചെവിയാണെന്നും (“ear of god”) സങ്കല്‍പ്പമുണ്ട്.
എന്തുകൊണ്ടോ ദൈവത്തിന്റെ ബാക്കി അവയവങ്ങളെപ്പറ്റി മതകഥാകൃത്തുകള്‍ നിശബ്ദമാണ്! 'മതിലിന് അപ്പുറമുള്ള' ദൈവം കേള്‍ക്കാനാണ് മതിലിന് അടുത്തുചെന്ന് വിശ്വാസി പിറുപിറുക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റുമാര്‍, പോപ്പുമാര്‍ തുടങ്ങിയ വി.ഐ.പി ഭക്തര്‍ മുതല്‍ ഭിക്ഷക്കാര്‍ വരെ ദൈവത്തിന്റെ ചെവിയില്‍ ഇങ്ങനെ നേരിട്ട് കാര്യം പറയുകയോ കത്ത് പോസ്റ്റു ചെയ്യുകയോ ചെയ്തിട്ടുണ്ട്. സങ്കടവിഷയം മതിലിന് സമീപം എത്തിച്ചാല്‍ ബാക്കിയൊക്കെ ദൈവം നോക്കിക്കൊള്ളും. പ്രാര്‍ത്ഥന ദൈവത്തിലെത്തിക്കാന്‍ നിര്‍ജീവമായ മതിലിന് കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ 'ദൈവത്തില്‍ പ്രിയങ്കരായ മനുഷ്യരോട്'  എങ്ങനെയാവും പ്രതികരിക്കുക?! 

''ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം''എന്നാരെങ്കിലും പറഞ്ഞാല്‍ മനസ്സിലാക്കുക അതൊരു വണ്ടിച്ചെക്കാണ്. ആത്മാര്‍ത്ഥത പൂജ്യത്തോടടുക്കുമ്പോഴാണ് ഇത്തരം വാഗ്ദാനങ്ങള്‍ നിര്‍ബാധം പൊഴിഞ്ഞുവീഴുന്നത്. ചെയ്യുന്നാള്‍ക്ക് ചെലവില്ലാത്തതും ലഭിക്കുന്ന ആള്‍ക്ക് പ്രയോജനമില്ലാത്തതുമായ ഒന്ന് കൈമാറാമെന്നാണ് അവിടെ വാഗ്ദാനം ചെയ്യപ്പെടുന്നത്. പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകുമെങ്കില്‍ ആരെങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കരാറെടുക്കുമോ?! ആ നേരം കൊണ്ട് സ്വന്തംനിലയില്‍ പ്രാര്‍ത്ഥിക്കാനല്ലേ നോക്കൂ?! മതത്തിലേക്ക് ആളെ ക്ഷണിക്കുന്നതുപോലെയാണ് പ്രാര്‍ത്ഥനയുടെ കാര്യവും. തനിക്ക് ഗുണപ്രദവും നേട്ടമുണ്ടാക്കുന്നതുമായ ഒന്ന് വിട്ടുകളയാനോ പങ്കുവെക്കാനോ സാധാരണഗതിയില്‍ മനുഷ്യര്‍ തയ്യാറാവില്ല. മതം നിറയെ സാധാരണ ജനങ്ങളാണുള്ളത്; നേര്‍പ്പിക്കപ്പെടാത്ത ഭൗതികാസക്തിയാണ് അവരുടെ വിശ്വാസത്തിന്റെ മൂലാധാരവും.

മതത്തിലേക്ക് വരുന്നവര്‍ക്ക് നേട്ടമുണ്ടാകുമെന്ന് മതനേതൃത്വം ശരിക്കും വിശ്വസിച്ചു തുടങ്ങിയാല്‍ മതത്തിലേക്കുള്ള പുതിയ റിക്രൂട്ട്‌മെന്റ് നിലയ്ക്കും. നഷ്ടവും കോട്ടവും പങ്കുവെക്കാന്‍ ആളെ ക്ഷണിക്കാനുള്ള ചോദന ശക്തമായിരിക്കും. നേട്ടം പങ്കുവെക്കാന്‍ ആരാണിഷ്ടപ്പെടുക? ഭൗതികാസക്തി മൂലം നട്ടംതിരിയുന്ന മതവിശ്വാസിക്ക് എന്തായാലും അതിനാവില്ല. മതവണ്ടിയിലേക്ക് പുറത്തുനിന്നും ആളെ വിളിച്ചുകയറ്റുന്നത് മതം കഥയില്ലാത്തതും പ്രയോജനരഹിതവുമാണെന്ന് മതനേതൃത്വത്തിന് കൃത്യമായ ബോധ്യമുള്ളതിനാലാണ്. ഓര്‍ക്കുക, പോളിറ്റ് ബ്യൂറോയിലേക്കോ മന്ത്രിസഭയിലേക്കോ ആരും ആരേയും വിളിച്ചു കയറ്റുന്നില്ല! മതത്തിലാകട്ടെ, നേതാവായാല്‍ നേട്ടമുണ്ട്, പുരോഹിതനായാല്‍ നേട്ടമുണ്ട്, പ്രാര്‍ത്ഥനാതൊഴിലാളിയായാല്‍ നേട്ടമുണ്ട്. അതുകൊണ്ടുതന്നെ കയറിക്കൂടാന്‍ മത്സരവും കുതികാല്‍വെട്ടും പാരവെപ്പും പ്രതീക്ഷിക്കാം. പക്ഷെ സാധാരണവിശ്വാസിയായാല്‍ വിശേഷമില്ല. അവിടെ കയറിക്കൂടാന്‍ മത്സരമില്ല; സമ്മാനത്തിനും വാഗ്ദാനത്തിനും പഞ്ഞവും.

യഥാര്‍ത്ഥ്യപരമായി സഹായിക്കാനുള്ള വിമുഖതയും താല്‍പര്യക്കുറവുമാണ് 'നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം' എന്ന ഉദാരമായ വാഗ്ദാനത്തിന് പിന്നിലുള്ളത്. 'നിങ്ങളെ സഹായിക്കാനാവില്ല' എന്നു പറയാതെ പറയുകയാണവിടെ. മറ്റൊരു സഹായവാഗ്ദാനവും ഇത്രയധികം വാരിച്ചൊരിയപ്പെടാറില്ല. അന്യരോട് ഇത്രയധികം ഔദാര്യം കാണിക്കുന്ന മറ്റേതെങ്കിലും മേഖലയുണ്ടോ? ഇരന്ന് നില്‍ക്കുന്ന ഭിക്ഷക്കാരന് നയാപൈസ കൊടുക്കാതെ ''നിനക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാം'' എന്ന് തട്ടിവിടുന്നവരെ നാമെന്ത് വിളിക്കും?! 



പ്രാര്‍ത്ഥന ശരിക്കും ദൈവത്തെപ്പോലെയാണ്. വാഗ്ദാനം നടത്തിയാള്‍ പ്രാര്‍ത്ഥിച്ചോ ഇല്ലയോ എന്ന് അറിയാനാവില്ല. പക്ഷെ ആര്‍ക്കുമവിടെ തെളിവ് ഹാജരാക്കേണ്ടി വരുന്നില്ല. പ്രാര്‍ത്ഥിച്ചതായി നിങ്ങള്‍ 'സങ്കല്‍പ്പിച്ചാല്‍' സംഗതി ക്‌ളിക്കായി. ശേഷം നല്ല വിശേഷം വല്ലതുമുണ്ടായാല്‍ ഇതേ പ്രാര്‍ത്ഥനാതൊഴിലാളി വന്ന് ക്‌ളെയിം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കാം. ദുര്‍ഗതിയാണ് ഉണ്ടാകുന്നതെങ്കില്‍ അയാളുടെ പൊടിപോലുമുണ്ടാവില്ല കണ്ടുപിടിക്കാന്‍.

ഇതൊക്കെ പറയുമ്പോഴും പ്രാര്‍ത്ഥന മതവ്യവസായത്തിലെ ഒരു മുന്തിയ തൊഴിലാണ്. അന്യരുടെ പ്രാര്‍ത്ഥനയ്ക്ക് ഭക്തരില്‍ പലരും വലിയ പ്രാധാന്യം കൊടുക്കാറുണ്ട്. താന്‍ പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് നടക്കാത്തതെന്നും കുറേക്കൂടി സ്വീകാര്യരായവരുടെ വാക്ക് ദൈവം കേള്‍ക്കുമെന്നും സങ്കല്‍പ്പിക്കാന്‍ ചില വിശ്വാസികള്‍ക്ക് യാതൊരു ലജ്ഞയുമില്ല. എങ്ങനെയെങ്കിലും കാര്യം നടക്കണം; സ്വന്തം നിലയ്‌ക്കോ ആളെയിറക്കിയോ-അതിനപ്പുറം ചിന്തിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല. വിശ്വാസിയുടെ ലോകത്ത് 'മധ്യസ്ഥപ്രാര്‍ത്ഥന' ഒരു വന്‍ വ്യവസായമാകുന്നത് അങ്ങനെയാണ്. പ്രാര്‍ത്ഥന വില്‍ക്കുക, പ്രാര്‍ത്ഥനാഫലം ക്രയവിക്രയം ചെയ്യുക, തീര്‍ത്ഥാടനഫലം വില്‍ക്കുക, പുണ്യജലം വില്‍ക്കുക...തുടങ്ങിയ കൗതുകമുണര്‍ത്തുന്ന ക്രയവിക്രയങ്ങള്‍ക്ക് മതഭരണഘടനയില്‍ അലിഖിതമായ ആധികാരികതയാണുള്ളത്.

ഗംഗാജലവും സംസംജലവും വിറ്റഴിച്ച് ഭക്തജനങ്ങളെ രക്ഷിക്കുന്നവരുണ്ട്. ശവവും മലവും ഒഴുകി നടക്കുന്ന നദികളിലെ ജലം അണ്ണാക്കിലൊഴിച്ചാലേ ചില മൂത്ത ഭക്തകേസരികള്‍ക്ക് സായൂജ്യം ലഭ്യമാകൂ. മിനറല്‍ വാട്ടറോ ഡിസ്റ്റില്‍ഡ് വാട്ടറോ കൊടുത്താല്‍ അവന്‍ വലിച്ച് ദൂരെയെറിയും. കുപ്പിക്ക് മുകളില്‍ ഗംഗ, പമ്പ, സംസം എന്നൊക്കെ എഴുതിവെച്ചാല്‍ അവന്റെ പിടലിവേദന അതോടെ തീര്‍ന്നു! വര്‍ദ്ധിച്ച ആവശ്യം പരിഗണിച്ച് പില്‍ക്കാലത്ത് 'സംസം'വെള്ളത്തിന്റെ ഉത്പ്പാദനം അപ്പവും അരവണയും വര്‍ദ്ധിപ്പിക്കുന്നതുപോലെ വര്‍ദ്ധിപ്പിക്കുകയുണ്ടായി. 
ഒരു മാസം
 ഇരുപത്തിയഞ്ച് ലക്ഷം പേര്‍ക്ക് ഒരു കിണറ്റില്‍ നിന്നുള്ള വെള്ളം മതിയെങ്കില്‍ ആ കിണര്‍ ''സംസം'' തന്നെയാണെന്നതില്‍ സംശയമില്ല. 


Aftermath of Hajj stampede
'ചെകുത്താനെ' കല്ലെറിയുമ്പോള്‍ ഹാജിമാര്‍ പരസ്പരം ചവിട്ടികൊല്ലുന്ന കലാപരിപാടി എന്തായാലും ഈയിടെയായി ദുര്‍ബലപ്പെട്ടിട്ടുണ്ട്. 2005 ല്‍ Dhoka എന്ന ജര്‍മ്മന്‍ കമ്പനി കരാര്‍ ഏറ്റെടുത്താണ് ഈ പ്രശ്‌നം പരിഹരിച്ചത്. അവര്‍ എല്ലാവര്‍ക്കും കല്ലെറിയാന്‍ പാകത്തിന് 'ചെകുത്താനെ' എന്‍ലാര്‍ജ് ചെയ്ത് വലുതാക്കി കൊടുത്തു!!  സമാനമായ ഒരു കരാര്‍വികസനം 'മകരജ്യോതി'യുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തിയാല്‍ ഭക്തരെ ഭൂമിയില്‍നിന്നും 'ചവിട്ടി പുറത്താക്കി നേരെ സ്വര്‍ഗ്ഗത്തിലേക്ക് വിടുന്ന'സുകുമാരകല അവിടെയും നിയന്ത്രിക്കാനായേക്കും. 

കല്ലെറിയലിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റു പല മേഖലകളിലും 'മാന്യമായ ഒത്തുതീര്‍പ്പു'കള്‍ക്ക് മതം തയ്യാറാകാറുണ്ട്. ഭക്തന്റെ ബുദ്ധിമുട്ടുകള്‍ കരുണയോടെ കണ്ട് ഇളവനുദിക്കാതിരിക്കാന്‍ മനുഷ്യസ്‌നേഹത്തിന്റെ ജനറേറ്ററായ മതം തയ്യാറാവാതിരിക്കുന്നതെങ്ങനെ?! നേരിട്ട് നടത്താന്‍ പ്രയാസമുള്ളവര്‍ക്ക് ഹജ്ജ് വിലയ്ക്ക് വാങ്ങാനാവും. കഴിവുള്ളവര്‍ക്ക് മാത്രം നിര്‍ബന്ധമെന്ന നിലയില്‍ ഇസ്‌ളാമികശാസനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഹജ്ജ് ഇല്ലാത്ത കഴിവ് ഉണ്ടാക്കി നടത്തണമെന്ന് നിര്‍ബന്ധമുള്ള വിശ്വാസികളാണ് ഇവിടെ ഉപഭോക്താക്കള്‍. ഒന്നിലധികം ഹജ്ജ് നടത്തിയവര്‍ അത്യാവശ്യമുള്ള ഒന്ന് സൂക്ഷിച്ചിട്ട് ബാക്കിയുള്ളവ വില്‍ക്കും. വാങ്ങാനാളുണ്ടെങ്കില്‍ കൊടുക്കുന്നെങ്കില്‍ തെറ്റില്ലല്ലോ! രണ്ട് ഹജ്ജ് ചെയ്ത പലരും ഇരുപതെണ്ണം വില്‍ക്കും. വാങ്ങുന്നവനും കൊടുക്കുന്നവനും സംതൃപ്തി! പിന്നെ ആര്‍ക്ക് പരാതി?!

ഭിക്ഷയെടുത്ത് സമ്പാദിച്ചായാലും ഹജ്ജ് ചെയ്യണമെന്ന വികലധാരണ പല വിശ്വാസികള്‍ക്കുമുണ്ടെന്ന് ചില മുസ്‌ളീം മതപണ്ഡിതര്‍ തുറന്ന് സമ്മതിക്കാറുണ്ട്. സര്‍ക്കാര്‍ സബ്‌സിഡി പോലുള്ള പരസഹായം സ്വീകരിച്ച് ഹജ്ജനുഷ്ഠിക്കുന്നത് ഹറാമാണെന്നും അവര്‍ പറയും. അത്തരത്തില്‍ ഏതു വിധേനയും മുണ്ടുമുറുക്കിയുടുത്ത് ഹജ്ജ് അനുഷ്ഠിക്കാന്‍ വെമ്പുന്ന അന്ധവിശ്വാസിയായ ഒരു വൃദ്ധന്റെ കഥ പറയുന്ന സിനിമയാണ് 'ആദാമിന്റെ മകന്‍ അബു''. മലയാളത്തില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ വെച്ച് ഇത്രയും പ്രതിലോമകരവും നിരാശാജനകവുമായ സന്ദേശം കൈമാറുന്ന മറ്റൊരു ചിത്രം വേറെയുണ്ടോ എന്ന് സംശയമാണ്. സര്‍ക്കാര്‍ പുരസ്‌ക്കാരം ലഭിച്ചതോടെ ഇത്തരം വൃദ്ധകഥാപാത്രങ്ങള്‍ക്ക് വീരപരിവേഷം കല്‍പ്പിക്കപ്പെട്ടു.  മുമ്പ് 'ദേശാടനം' (1997) എന്ന പിന്തിരിപ്പന്‍ ചിത്രം ഇതുപോലെ സമ്മാനിതമാകുകയുണ്ടായി. 'മതമാനിയ' ആളിക്കത്തിക്കാനായി പടച്ചുണ്ടാക്കുന്ന ഇത്തരം കലാരൂപങ്ങള്‍ ആഘോഷിക്കപ്പെടുന്നതിന് രണ്ടര്‍ത്ഥമില്ല.

ഭരണഘടനാപ്രകാരം വഞ്ചിക്കപ്പെടാന്‍ ആര്‍ക്കും അവകാശമുണ്ട്. ടെലിവിഷന്‍ ചാനലില്‍ 'സാമ്പത്തിക അനുഗ്രഹങ്ങള്‍' വേണമെങ്കില്‍ സംഭാവന അയക്കാന്‍ നിര്‍ദ്ദേശിക്കുന്ന പരിപാടികളുണ്ട്. സംഭവനയ്ക്കായി ചാനലില്‍ പൊട്ടിക്കരയുകയും ഉറഞ്ഞുതുള്ളുകയും ചെയ്യുന്ന സുവിശേഷകജന്മങ്ങള്‍ പ്രാര്‍ത്ഥന തൊഴിലായി സ്വീകരിക്കുന്നതിലെ അനന്തസാധ്യതകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. പലപ്പോഴും പ്രാര്‍ത്ഥനാതൊഴിലാളി സ്വപ്നം കാണുന്നതിലും അധികം തുകയായിരിക്കും അത്യാഗ്രഹവും ദുരയും മൂത്ത ഭക്തജനം അയച്ചുകൊടുക്കുക. ഒന്നുവെച്ച് രണ്ടു വാങ്ങാമെന്ന ഈ അത്യഗ്രഹമാണ് ഇവിടെ ഭക്തമാനസത്തെ ഉത്തേജിപ്പിക്കുന്നത്. ശരിക്കും നോട്ടിരട്ടിപ്പ് സംഘത്തില്‍ ചേരുന്നവന്റെ മാനസികാവസ്ഥ.

ക്രൈസ്തവവിശ്വാസമനുസരിച്ച് പരലോകത്ത് 'പര്‍ഗേറ്ററി' (Purgatory) എന്നൊരു ഇടമുണ്ട്. തികച്ചും സവിശേഷമായ ഒരു സാങ്കല്‍പ്പകസ്ഥലമാണത്. പര്‍ഗേറ്ററി സ്വര്‍ഗ്ഗ-നരകങ്ങള്‍ക്കിടയിലുള്ള ഒരിടത്താവളമാകുന്നു. അതേസമയം അത് സ്വര്‍ഗ്ഗത്തിന്റെ ഒരു ഭാഗവുമാണ്. സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരു 'വെയിറ്റിങ് റൂമെന്ന്' പറയുന്നതാവും കൂടുതല്‍ ശരി. ഭൂമിയില്‍നിന്ന് ചെല്ലുന്ന ഒരാത്മാവ് നരകത്തില്‍ പോകാന്‍ തക്ക കൊടിയപാപം ചെയ്യാതിരിക്കുകയും എന്നാല്‍ നേരിട്ട് സ്വര്‍ഗ്ഗം പൂകാന്‍ കഴിയാത്തവിധം മൃദുവായ പാപം ചെയ്തിട്ടുമുണ്ടെങ്കില്‍ പര്‍ഗേറ്ററിയെന്ന ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ കുടുങ്ങും. അതായത് വണ്ടി വാളയാര്‍ ചെക്ക്‌പോസ്റ്റില്‍! 



ഗള്‍ഫിലേക്ക് പോകുന്ന മലയാളികള്‍ മുംബൈയിലിറങ്ങി തൊഴില്‍വിസ ലഭിക്കുന്നതുവരെ അവിടെ തങ്ങുമെന്നൊക്കെ കേട്ടിട്ടില്ലേ.-അതുപോലെ. ഇത്തരം 'ആത്മാക്കള്‍ക്ക്' പര്‍ഗേറ്ററിയിലെ പാപത്തിന്റെ മെറ്റല്‍ ഡിറ്റെക്റ്ററിലൂടെ കടന്നുപോകണം. അവിടെവെച്ച് മിതപാപി-ആത്മാക്കള്‍ കഠിനമായി വിസ്തരിക്കപ്പെടും. കുറ്റത്തിനനുസരിച്ചുള്ള ശിക്ഷ നല്‍കി അവറ്റകളെ പര്‍ഗേറ്ററിയിലിട്ട് 'ശുദ്ധീകരിക്കും'. ശേഷം സ്വര്‍ഗ്ഗത്തിലെ 'പാപവിമുക്തമേഖല'യിലേക്ക് (Sin free-zone) പോകാം.
ക്രിസ്ത്യാനികള്‍ക്കെല്ലാം ക്രൈസ്തവസ്വര്‍ഗ്ഗത്ത് പോകാമെന്നാണ് പൊതുനിയമം. പക്ഷേ, പ്രൊട്ടസ്റ്റന്റുകാര്‍ മുഴുവന്‍ നരകത്തില്‍ പോകുമെന്ന് കത്തോലിക്കരും കത്തോലിക്കരെല്ലാം നരകത്തില്‍ പോകുമെന്ന് പ്രൊട്ടസ്റ്റന്റുകാരും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു! മറ്റ് ക്രിസ്ത്യന്‍വിഭാഗങ്ങളുടെ പരസ്പരമുള്ള നിലപാടും ഭിന്നമല്ല. യഥാര്‍ത്ഥ വിസ്താരം നടക്കുന്നത് പര്‍ഗേറ്ററിയിലാണ്. 



മധ്യകാലത്ത് കത്തോലിക്കാസഭ 'പാപപരിഹാരം' വിറ്റിരുന്നു. ചെറിയ പാപങ്ങളൊക്കെ പണം വാങ്ങി ഭൂമിയില്‍വെച്ചുതന്നെ പുരോഹിതര്‍ പരിഹരിച്ചുകൊടുക്കും. വീണ്ടും പറയട്ടെ, എത്ര മനോഹരമായ ആചാരങ്ങള്‍!!! എന്നാല്‍ കൊടുംപാപത്തിന്റെ കാര്യത്തില്‍ പുരോഹിതര്‍ക്ക് ഒന്നും ചെയ്യാനാവില്ല. Sale of Indulgences എന്നാണിത് ചരിത്രത്തിലറിയപ്പെടുന്നത്. കൊടുംഭീകരന്‍മാരുടെ കാര്യത്തില്‍ ലോക്കല്‍ പോലീസുപോലെ അവര്‍ നിസ്സഹായരായിപ്പോകും. പര്‍ഗേറ്ററിയിലെ ശിക്ഷ പൂര്‍ണ്ണമായും റദ്ദാക്കാന്‍ പണം പിടുങ്ങുന്ന പാവം പുരോഹിതശ്രേഷ്ഠര്‍ക്ക് സാധിക്കുമെന്ന് കരുതരുത്. അവര്‍ ആകെ ചെയ്യുന്നത് ദൈവവുമായി ബന്ധപ്പെട്ട് പര്‍ഗേറ്ററിയില്‍ കിടക്കേണ്ട ദിവസത്തിന്റെ എണ്ണം അല്‍പ്പം കുറച്ചുകൊടുക്കുക എന്നതു മാത്രമാണ്.

' ശിക്ഷ ഇത്രദിവസം ഇളവ് ചെയ്യുന്നു' എന്ന് കൃത്യമായി രേഖപ്പെടുത്തിയ 'സര്‍ട്ടിഫിക്കേറ്റുകള്‍' റോമന്‍ കത്തോലിക്കാപുരോഹിതര്‍ അക്കാലത്ത് വിതരണം ചെയ്തിരുന്നു. ഈ സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ മിതപാപികള്‍ മുതല്‍ മഹാപാപികള്‍ വരെ പള്ളിമേടകളില്‍ ക്യൂ നിന്നു. സര്‍ട്ടിഫിക്കറ്റ് വില്‍ക്കുന്ന കാര്യത്തില്‍ പുരോഹിതര്‍ക്കിടയില്‍ തര്‍ക്കവും ലഹളയുമുണ്ടായിട്ടുണ്ട്. കത്തോലിക്കാമതം കയ്യടക്കിയ ഭീമന്‍സമ്പത്ത് `ill gotten wealth' എന്ന ഇംഗ്ലീഷ്പദം അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുന്നതാണ്. പാപപരിഹാരം വിറ്റ് കത്തോലിക്കമതം നേടിയ സമ്പത്ത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പായി നിലനില്‍ക്കുന്നു.

ഇതൊക്കെ പണ്ടെങ്ങോ നടന്ന ഒരു തമാശയായി തള്ളരുത്. 1930-ല്‍ പോപ്പ് പയസ്സ് പത്താമന്‍ പുരോഹിതശ്രേണിയില്‍പ്പെട്ട ഓരോരുത്തര്‍ക്കും പര്‍ഗേറ്ററിവാസം എത്രദിവസം കുറച്ച് കൊടുക്കാമെന്നത് സംബന്ധിച്ച ഒരു പട്ടിക തയ്യാറാക്കിയിരുന്നു. റാങ്കും ഗ്രേഡുമനുസരിച്ചാണ് പട്ടികയില്‍ ശ്രേണിക്രമം നിര്‍വചിച്ചിരുന്നത്. കാര്‍ഡിനല്‍മാര്‍-200 ദിവസം, ആര്‍ച്ച്ബിഷപ്പുമാര്‍-100 ദിവസം, ബിഷപ്പുമാര്‍-50 ദിവസം എന്നിങ്ങനെ പോകുന്നു പോപ്പിന്റെ പട്ടിക. സര്‍ക്കാര്‍ജീവനക്കാരുടെ ശമ്പളസ്‌കെയിലുകള്‍ക്ക് സമാനമായ ഈ അധികാരവിതരണത്തിന്റെ മാനദണ്ഡം സാമ്പത്തികമായിരുന്നു. ഇന്ന് പണം ഈടാക്കി പാപമോചനം നല്കാറില്ല. എന്നാല്‍ മധ്യയുഗത്തിലും പണം മാത്രമായിരുന്നില്ല സര്‍ട്ടിഫിക്കറ്റിന് ഫീസായി വാങ്ങിയിരുന്നത്. 'പ്രാര്‍ത്ഥന'യായും ഫീസടയ്ക്കാമായിരുന്നു!! നിങ്ങള്‍ക്ക് വേണ്ടി മരണശേഷം മറ്റുള്ളവര്‍ പ്രാര്‍ത്ഥിച്ചാലും കണക്ക് ശരിയാകും. പ്രാര്‍ത്ഥന പണം കൊടുത്തുവാങ്ങുന്നതിലും വിരോധമില്ല.



University of Oxford
ഓക്‌സ്‌ഫോഡ് കോളേജ് 1379-ല്‍ സ്ഥാപിച്ചത് അന്നത്തെ ഒരു വലിയമനുഷ്യസ്‌നേഹിയായി അറിയപ്പെട്ടിരുന്ന വിന്‍ചെസ്റ്ററിലെ ബിഷപ്പായിരുന്ന വിക്കന്‍ഹാമിലെ വില്യമായിരുന്നു(William of Wykeham, the Bishop of Winchester). പുതിയ കോളേജായതിനാല്‍ അന്നത് ന്യൂ കോളേജെന്നും (New college) അറിയപ്പെട്ടിരുന്നു. മധ്യകാലത്ത് 'ബിഷപ്പ്' എന്നുപറഞ്ഞാല്‍ കുറഞ്ഞ പുള്ളിയൊന്നുമല്ല! അന്നത്തെ ഒരു ബില്‍ഗേറ്റ്‌സാണദ്ദേഹം. 
ദൈവത്തിലേക്കുള്ള ഇന്‍ഫര്‍മേഷന്‍ ഹൈവേ നിയന്ത്രിക്കുകയും പാപപരിഹാര സോഫ്റ്റ്‌വെയര്‍ പേറ്റന്റ് വ്യവസ്ഥയില്‍ വില്‍ക്കുകയും ചെയ്തിരുന്നവരാണ് അന്നത്തെ പുരോഹിതര്‍.


 വിന്‍ചസ്റ്റര്‍ ബിഷപ്പിന്റെ രൂപതയും വളരെ സമ്പന്നമായിരുന്നു. തന്റെ സമ്പത്തുപയോഗിച്ച് രണ്ട് വലിയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. ഒന്ന് വിന്‍ചെസ്റ്ററിലും മറ്റൊന്ന് ഓക്‌ഫോഡിലും. വിദ്യാഭ്യാസത്തെ പ്രാധാന്യത്തോടെ കണ്ടിരുന്ന ആളായിരുന്നു വിന്‍ചെസ്റ്റര്‍. മറ്റ് പുരോഹിതന്‍മാര്‍ ചെയ്യാന്‍ മടിച്ച കാര്യം തന്നെയാണദ്ദേഹം ചെയ്തത്. പക്ഷേ, കോളേജ് സ്ഥാപിച്ചതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം 1979-ല്‍ ആറാം ശതാബ്ദി ആഘോഷിച്ച വേളയില്‍ പുറത്തുവന്നു. വിന്‍ചെസ്റ്ററിന്റെ ആത്മാവിന്റെ രക്ഷയ്ക്കായി കൂട്ടപ്രാര്‍ത്ഥന നടത്തുന്ന ഒരു പ്രാര്‍ത്ഥനാലയമായി നിലനില്‍ക്കാനാണ് വിന്‍ചെസ്റ്റര്‍ ബിഷപ്പ് ഈ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചത്!

പത്ത് വികാരിമാര്‍, 3 ഗുമസ്തന്‍മാര്‍, 16 സംഗീതജ്ഞര്‍ തുടങ്ങിയവരെ കോളേജിന്റെ ഭാഗമായി എന്നെന്നും നിലനിറുത്തണമെന്നും കോളേജ് അടച്ചുപൂട്ടേണ്ടിവന്നാല്‍പോലും അവരുടെ ശമ്പളത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ പാടില്ലെന്നും ബിഷപ്പ് വ്യക്തമായി നിര്‍ദ്ദേശിച്ചിരുന്നു. സ്വയം തെരഞ്ഞെടുക്കുന്ന'ഫെല്ലോഷിപ്പ്' (Fellowship) എന്ന അംഗീകൃതഭരണസഭയാണ് കോളേജിന്റെ ഭരണം കഴിഞ്ഞ 600 വര്‍ഷമായി നടത്തിവരുന്നത്. വിഖ്യാത പരിണാമശാസ്ത്രജ്ഞനായ റിച്ചാഡ് ഡോക്കിന്‍സും ഈ ഫെല്ലോഷിപ്പില്‍ അംഗമാണ്. നൂറ്റാണ്ടുകളായി ഫെല്ലോഷിപ്പ് അംഗങ്ങള്‍ വിന്‍ചെസ്റ്റര്‍ ബിഷപ്പിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നാണ് സങ്കല്‍പ്പം.

ഇന്ന് കോളേജിന് ആകെ ഒരു വികാരി മാത്രമേയുള്ളു; അതൊരു സ്ത്രീയാണ്. ഗുമസ്തന്‍മാര്‍ ആരുമില്ല. സംഗീതജ്ഞര്‍ക്ക് മാത്രം പഞ്ഞമില്ല. ഒന്നോര്‍ത്താല്‍ ഇതൊരു ചതിയാണ്. ബിഷപ്പിന്റെ ആത്മാവ് ഇപ്പോഴും പര്‍ഗേറ്ററിയില്‍ കിടന്ന് നരകിക്കുകയാണോ എന്നറിയില്ല. എന്തായാലും പ്രാര്‍ത്ഥന പഴയരീതിയില്‍ നടക്കുന്നില്ല. 
600 വര്‍ഷത്തെ പ്രാര്‍ത്ഥന കൊണ്ട് ബിഷപ്പിന്റെ ആത്മാവ് ഇതിനകം സ്വര്‍ഗ്ഗത്ത് കടന്നുകൂടിയിട്ടുണ്ടെങ്കില്‍ വിഷമിക്കാനില്ല. ഇനിയും കരകയറിയിട്ടില്ലെങ്കില്‍ ഒന്നുകില്‍ ഭൂമിയില്‍നിന്ന് പ്രാര്‍ത്ഥന കയറ്റുമതി ചെയ്യുന്നത് അര്‍ത്ഥശൂന്യമാണ്, അല്ലെങ്കില്‍ എത്ര പ്രാര്‍ത്ഥിച്ചാലും ബിഷപ്പ് രക്ഷപെടാന്‍ സാധ്യതയില്ല.

കൂലിപ്പണി ചെയ്യുന്നപോലെ പ്രാര്‍ത്ഥിച്ച് മറ്റൊരാളെ രക്ഷിക്കാമെങ്കില്‍, പ്രാര്‍ത്ഥന വിറ്റും ദാനംചെയ്തും ആളുകളെ നന്നാക്കാമെങ്കില്‍ മതവിശ്വാസം നല്ലൊരു കമ്പോളവ്യവസ്ഥ തന്നെയാണെന്ന് സമ്മതിക്കുന്നതില്‍ തെറ്റില്ല. ഈ കമ്പോളത്തിന്റെ നിയന്ത്രണാധികാരം കൈകാര്യം ചെയ്യുന്ന അതിശക്തിക്ക് ഡേറ്റാ എന്‍ട്രിക്കും ടാബുലേഷനുമായി വന്‍ച്ചെലവ് തന്നെ വേണ്ടിവരുമെന്നതില്‍ സംശയമില്ല. ദൈവത്തിന് കത്തയക്കുമ്പോള്‍ സ്റ്റാമ്പൊട്ടിക്കാത്തവരുണ്ടാകുമോ?! തിരുപ്പതിക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ ദിനവും നിക്ഷേപിക്കപ്പെടുന്ന 
കള്ളനോട്ടുകള്‍
 ലക്ഷങ്ങളുണ്ടാവുമെന്നാണ് കണക്ക്.  മനുഷ്യരെ പറ്റിച്ചാല്‍ വിവരമറിയും. സര്‍വതും സൃഷ്ടിച്ച ദൈവത്തിനാകട്ടെ 'സൃഷ്ടി'കളായ നോട്ടുകള്‍ക്കിടയില്‍ വേര്‍തിരിവില്ല. അവന്റെ മുന്നില്‍ സര്‍വതും സമം!!***