ശാസ്ത്രം വെളിച്ചമാകുന്നു

Monday 22 April 2013

64. സ്ഥലം കാലിയാക്കാത്ത കന്യകമാര്‍

കുട്ടിക്ക് വലിയ അസ്വസ്ഥതയും ശമനമില്ലാത്ത രോഗങ്ങളും. ചികിത്സിച്ച് മടുത്ത് ജ്യോതിഷിയെ കാണാനെത്തി. ഇനി വല്ല ഗ്രഹങ്ങളുടെ ആക്രമണമെങ്ങാനുമാണെങ്കിലോ! കുടുംബത്തില്‍ പണ്ട് ഒരു കുട്ടി ആ വീട്ടില്‍ മരിച്ചിരിക്കുന്നു-ആ കുട്ടിയുടെ ആത്മാവാണ് ഈ കുട്ടിയെ ആക്രമിക്കുന്നത്-കര്‍മ്മം ചെയ്യണം. ജ്യോതിഷിയെ കണ്ട് മാതാപിതാക്കള്‍ വീട്ടില്‍ വന്ന് വിശദമായി കാര്യമന്വേഷിച്ചപ്പോള്‍ പഴയ തലമുറയില്‍ ഒരു കുട്ടി പ്രസവിച്ച് രണ്ടാംമാസം മരിച്ചിട്ടുണ്ട്. കണ്ണടിച്ചുപോകുന്ന പ്രവചനം! കിറുകൃത്യം! ജ്യോതിഷി എങ്ങനെയിതറിഞ്ഞ? 

അമ്പരന്നുപോയ മാതാപിതാക്കള്‍ പിന്നീട് ജ്യോതിഷിയുടെ 'പാണരാ'യെന്ന് പറഞ്ഞാല്‍ മതിയല്ലോ. കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് 'ബാലശാപം'എന്നടിച്ചു വിടുകയെന്നത് ഒരു സ്ഥിരം'നമ്പരാ'ണ്. യുവതിയാണെങ്കില്‍ 'കന്യാശാപം'ആയിരിക്കും. കിട്ടിയാല്‍ കിട്ടി അല്ലെങ്കിലും തെറ്റാണെന്ന് തെളിയിക്കാന്‍ ആര്‍ക്കുമാവില്ല. വൃദ്ധശാപം അധികം കേട്ടിട്ടില്ല!

പണ്ടൊക്കെ കുട്ടികള്‍ അകാലത്തില്‍ മരിക്കുക സാധാരണയായിരുന്നു. അല്ലെങ്കില്‍തന്നെ കുട്ടികള്‍ മരിക്കുന്നത് എപ്പോഴും അകാലത്തിലായിരിക്കുമല്ലോ. ഒരു കുട്ടിയെങ്കിലും ബാല്യത്തില്‍ വിടപറഞ്ഞിട്ടില്ലാത്ത വീടുകള്‍ പണ്ട് അപൂര്‍വമായിരുന്നു. നല്ലൊരു ശതമാനവും ബാലാരിഷ്ടത, രോഗം, ദാരിദ്ര്യം തുടങ്ങിയവ മൂലമാണ് മരണപ്പെട്ടിട്ടുള്ളത്. വൈദ്യശാസ്ത്രം വന്‍ കുതിച്ചുചാട്ടം നടത്തിയ കഴിഞ്ഞ അര നൂറ്റാണ്ടില്‍ ശിശുമരണനിരക്ക് വന്‍തോതില്‍ കുറയുകയുണ്ടായി. സര്‍വസാധാരണമായ ശിശുമരണം കണ്ട് പണ്ടേ ജ്യോതിഷികള്‍ എത്തിച്ചേര്‍ന്ന ഒരു അനുമാനമാണ് ബാലശാപം. 

ചിലരുടെ കാര്യത്തില്‍ ഇത് "കണ്ണടിച്ചുപോകുന്ന" സത്യപ്രസ്താവനയായി തീരും. മറ്റു പലരുടേയും കാര്യത്തില്‍ ഭാഗികമായെങ്കിലും ശരിയാകും. പലരും ഇതിനെക്കുറിച്ചൊന്നും അന്വേഷിക്കാനേ പോകില്ല. ഏതു രീതിയില്‍ നോക്കിയാലും നയാപൈസ മുതല്‍ മുടക്കില്ലാതെ ജ്യോതിഷി ഹിറ്റാവും. പ്രവചനം പ്രത്യക്ഷത്തില്‍ ശരിയല്ലെന്ന് വന്നാലും പൂര്‍ണ്ണമായും തെറ്റാണെന്നും തെളിയിക്കാനാവില്ല. അതിന് ഗവേഷണം ഏറെ നടത്തേണ്ടിവരും. നാം ചവുട്ടി നില്‍ക്കുന്ന ഭൂമിയില്‍ നമുക്ക് മുമ്പ് ഒരുപാട് പേരെ സംസ്‌ക്കരിച്ചിട്ടുണ്ടാവാം. അവയില്‍ പലതും ദുര്‍മരണമാവാം. അതില്‍ ശിശുക്കളുണ്ടാവാം-ശിശുക്കള്‍ മാത്രമല്ല യുവതികളും യുവാക്കളും വയസ്സരുമുണ്ടാവാം. 'മോക്ഷം കിട്ടാതെ അലഞ്ഞുതിരിയുന്ന ഒരാത്മാവനെ' കണ്ടെത്താന്‍ വലിയ പ്രയാസമൊന്നുമില്ലെന്ന് സാരം.

ഇതേ ജ്യോതിഷി കന്യാശാപം പറഞ്ഞ് ഒരല്‍പ്പം യുക്തിബോധമൊക്കെയുണ്ടായിരുന്ന ഒരു കമ്മ്യൂണിസ്റ്റ് ഭക്തനെ കുപ്പിയിലിറക്കിയ കഥ കേട്ടുകൊള്ളു. നേരിട്ടറിയാവുന്ന സംഭവമാണ്:

കമ്മ്യൂണിസ്റ്റ് ഭക്തന്റെ മൂത്തമകള്‍ക്ക് പഠനസംബന്ധമായും ആരോഗ്യപരമായും ചില പ്രശ്‌നങ്ങള്‍. ചികിത്സകളൊക്കെ ചെയ്തുനോക്കിയിട്ടും വലിയ മാറ്റമില്ല. ജാതകത്തില്‍ കുഴപ്പമില്ലെങ്കിലും വിവാഹപരമായും പലതരം തടസ്സങ്ങള്‍ പൊന്തിവന്നു. അങ്ങനെ ഭക്തന്‍ ഭാര്യയുടെ നിര്‍ബന്ധപ്രകാരം ജ്യോതിഷിയെ കാണുന്നു. ജ്യോതിഷി പലതും പറഞ്ഞു, കൂട്ടത്തില്‍ കന്യാശാപമാണ് പ്രധാന വിഷയമെന്ന് അടിച്ചുവിട്ടു-പരിഹാരച്ചാര്‍ത്തും തയ്യാറാക്കി നല്‍കി. കുടുംബത്തില്‍ ഒരു കന്യകയുടെ ശാപം കിട്ടാത്ത ആത്മാവ് അലയുന്നുണ്ടത്രെ. അങ്ങനെയൊരു ദുര്‍മരണം കുടുംബത്തിലുണ്ടായിട്ടില്ലെന്ന് ഭക്തന്‍ പറഞ്ഞു.

 ''ഉണ്ടാവും,വിശദമായി അന്വേഷിച്ചു നോക്കൂ'' എന്നായി ജ്യോതിഷി. എത്രയൊക്കെ അന്വേഷിച്ചിട്ടും അങ്ങനെയൊരു കന്യാകമരണം കണ്ടെത്താന്‍ ഭക്തനായില്ല. പിന്നെ അയാള്‍ ജ്യോതിഷിയെ വര്‍ജ്ജിച്ചു. പക്ഷെ വിഷയം അങ്ങനെ അവസാനിച്ചില്ല. ഭക്തന്‍ ഇക്കാര്യം പലരോടും പറഞ്ഞ് കളിയാക്കിയത് ജ്യോതിഷിക്ക് അത്രക്കങ്ങ് പിടിച്ചില്ല. നാട്ടില്‍ സംസാരവിഷയമായപ്പോള്‍ കച്ചവടത്തെ ബാധിക്കുന്ന കേസായതിനാല്‍ ജ്യോതിഷി എതിര്‍പ്രചരണം നടത്തി പറഞ്ഞതില്‍ ഉറച്ചുനിന്നു. പണ്ടത്തെ തലമുറയില്‍പ്പെട്ട ഒരു കന്യക പ്രണയപരാജയം കാരണം ആത്മഹത്യ ചെയ്തിട്ടുണ്ട് എന്ന് കട്ടായം പറഞ്ഞു.

ഭക്തന് ഇതിനെ കുറിച്ച് അറിയാനാവാത്തത് തന്റെ കുറ്റമല്ല. കുടുംബചരിത്രം അറിയാവുന്നവരൊക്കെ എതിരഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ കുടുംബത്തിന് പുറത്തുള്ള ആളാകാനും മതിയെന്നായി ജ്യോതിഷി. വീട് നില്‍ക്കുന്ന സ്ഥലത്ത് ദുര്‍മരണം സംഭവിച്ച ഒരു യുവതിയെ അടക്കിയിട്ടുണ്ട്. അവളുടെ ആത്മാവ് ഇപ്പോഴും അലഞ്ഞുതിരിയുകയാണ്. ഈ വിശദീകരണം കഴിഞ്ഞ് കുറെ ദിവസം കഴിഞ്ഞപ്പോഴും ഒന്നും പൊരുത്തപ്പെടാത്തതിനാല്‍ എല്ലാവരും ഇതൊക്കെ മറന്നു. പക്ഷെ ആകെ വളിച്ചുപോയ ജ്യോതിഷി വിട്ടില്ല. വീട് നില്‍ക്കുന്ന സ്ഥലത്ത്(സ്ഥല വിസ്തൃതി ഇത്രയെന്ന് ഒന്നുമില്ല) പണ്ട് കുളമോ തടാകമോ വല്ലതും ഉണ്ടായിരുന്നിരിക്കണം എന്ന പുതിയ നമ്പരിറക്കി. അങ്ങനെയില്ലെന്നും വേനലില്‍ കിണര്‍ വറ്റുന്ന പ്രദേശത്താണ് തന്റെ വീടെന്നും ഭക്തന്‍ തിരിച്ചടിച്ചു. 

പക്ഷെ ജ്യോതിഷി ചിലത് കേട്ടറിഞ്ഞ് തന്നെയാണ് ഈ സാധ്യത പ്രവചിച്ചത്. പറഞ്ഞുവരുമ്പോള്‍ ഭക്തന്റെ വീടിന് ഏതാണ്ട് 350 മീറ്റര്‍ അകലെ പണ്ട് ഒരു കുളമുണ്ടായിരുന്നു. ഇപ്പോള്‍ വീട് നില്‍ക്കുന്നിടത്ത് നിന്ന് മൂന്ന് വീടുകള്‍ കഴിഞ്ഞ് ഒരു കൃസ്ത്യന്‍ കുടുംബം കഴിഞ്ഞ 40 വര്‍ഷമായി താമിസിക്കുന്നുണ്ട്. അവരുടെ തൊടിയിലായിരുന്നു ഈ കുളം. അതില്‍ പതിനഞ്ച് വര്‍ഷം മുമ്പ് വെള്ളം കുറഞ്ഞു, അവസാനം മണ്ണിട്ട് മൂടിയ കുളം നിന്ന സ്ഥലം ഇപ്പഴൊരു വാഴത്തോട്ടമാണ്. അതായത് ഭക്തനും ഈ കുളവുമായി യാതൊരു ബന്ധവുമില്ല. പക്ഷെ അത് ഭക്തന്റെ കുടുംബക്കാരുടെ ഭൂമിയാണെന്നും മൂന്ന് തലമുറ മുമ്പേ വിറ്റുപോയതാണെന്നും ജ്യോതിഷി വാദിച്ചു. ഇതോടെ ഭക്തന്‍ അയഞ്ഞു, ജ്യോതിഷി പിടി മുറുക്കി. വിറ്റതാണെങ്കിലും കുടുംബസ്വത്ത് കുടംബസ്വത്തല്ലാതാകുമോ?! ആ കുളത്തില്‍ വീണ് ഒരു കന്യകക്ക് അപമൃത്യു സംഭവിച്ചിട്ടുണ്ടെന്നായി ജ്യോതിഷി.

പറഞ്ഞുവന്നപ്പോള്‍ ഏതാണ്ട് അങ്ങനെ തോന്നിപ്പിക്കുന്ന ഒരു സംഭവമുണ്ട്. 40 വര്‍ഷത്തിന് മുമ്പാണത്. അന്നും ക്രിസ്ത്യന്‍ കുടംബത്തിന്റെ വകയാണ് കുളം. വൈകിട്ട് പണി കഴിഞ്ഞുവന്ന ഒരു സത്രീ കുളത്തിന്റെ പടവില്‍ മേല്‍ കഴുകാനിറങ്ങി. കൂടെയുണ്ടായിരുന്ന നാല് വയസ്സുകാരി കരയിലിരുന്നു. ഇതിനിടെ എപ്പോഴോ പണ്‍കുട്ടി കാല്‍തെറ്റി കുളത്തില്‍ വീണു. രക്ഷിക്കാനായി നിലവിളിച്ചുകൊണ്ട് മാതാവ് കൂടെച്ചാടി. വലിയ ആഴം ഉണ്ടായിരുന്നില്ലെങ്കിലും ഇരുവരും അപകടത്തിലായി. നിലവിളി കേട്ട് ഓടിക്കൂടിയവര്‍ അവരെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച്. ഇരുവരും മരിച്ചിരുന്നില്ല. മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് തോളില്‍ ചുമന്ന് വൈദ്യന്റെ സമീപം എത്തിക്കുന്നതിന് തൊട്ടുമുമ്പ് കുട്ടി മരണമടഞ്ഞു. വെള്ളംകുടിച്ച് ന്യൂമോണിയ പിടിച്ച മാതാവാകട്ടെ ഒരാഴ്ച ദീനമായി കിടന്ന ശേഷം മരിച്ചു. ഇരുവരുടേയും മൃതദേഹം ഈ കുളത്തിന് രണ്ടര കിലോമീറ്റര്‍ അകലെയുള്ള അവരുടെ സ്വന്തം വീട്ടുവളപ്പിലാണ് അടക്കിയത്. 

ഇത് വളച്ചൊടിച്ചാണ് ജ്യോതിഷി കന്യകയുടെ കറങ്ങി നടക്കുന്ന ആത്മാവിനെ സൃഷ്ടിച്ചത്. സ്ത്രീക്ക് പ്രായം 48-50 നടുത്ത്;കുട്ടിയാകട്ടെ കേവലം നാലു വയസ്സുകാരിയും! രണ്ടുപേരും മരിച്ചത് കുളക്കരയില്‍ വെച്ചല്ല, അവരെ സംസ്‌ക്കരിച്ചതും അവിടെയല്ല. ഇപ്പോള്‍ കുളം നില്‍ക്കുന്ന സ്ഥലത്ത് താമസിക്കുന്ന കുടുംബത്തില്‍ നിന്നും നിരവധി കന്യകകള്‍ വിവാഹിതരായിട്ടുണ്ട്. അതിനപ്പുറവും ഇപ്പുറവുമുള്ള ഹൈന്ദവഭവനങ്ങളിലെ കന്യകമാര്‍ക്കും ഉപദ്രവം ഉണ്ടായിട്ടില്ല. സംഭവസ്ഥലത്തുനിന്നും മൂന്ന് വീട് കഴിഞ്ഞ് വരുന്ന ഭക്തന്റെ വീട്ടിലാണ് 'കന്യക'ശാപം വിതച്ചത്.

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഒറ്റനോട്ടത്തില്‍ തട്ടിപ്പാണെന്ന് ആര്‍ക്കും ബോധ്യപ്പെടുന്ന ഈ കഥ ജ്യോതിഷിയുടെ മിടുക്കാണെന്ന് പ്രചരിപ്പിക്കുന്ന വിശ്വാസികള്‍ ഇപ്പോഴും നാട്ടിലുണ്ട്. നാലു വയസ്സുകാരിയില്‍ കന്യകയെ കണ്ടെത്തി ജ്യോതിഷി ദിവ്യജ്ഞാനിയായി മാറി. കാരണം വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ പൊതുവില്‍ ആര്‍ക്കും താല്‍പര്യമുണ്ടാവില്ലല്ലോ. താന്‍ കന്യാശാപം കൃത്യമായി പ്രവചിച്ചുവെന്ന് ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിച്ചു കച്ചവടം നടത്തുകയാണ് ജ്യോതിഷിയിപ്പോള്‍. ബാലശാപം, കന്യാശാപം തുടങ്ങിയ ഏത് ശാപം പ്രവചിച്ചാലും അത് തെറ്റാണെന്ന് തെളിയിക്കാനാവില്ലെന്നും എങ്ങനെവേണമെങ്കിലും കാര്യങ്ങള്‍ വളച്ചൊടിക്കാനാവുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം. 

 ജ്യോതിഷപ്രവചനങ്ങളുടെ പൊതു സ്വഭാവമാണിത്. അപ്പോഴും ഒരു ചോദ്യം മാത്രം ഇപ്പോഴും ബാക്കിയാവുന്നു: ഇവിടെ മരിച്ച കന്യക ആരാണ്? നാല് വയസ്സുള്ള കുട്ടിയോ അതോ നാല്‍പത്തിയെട്ടുകാരിയായ മാതാവോ??