ശാസ്ത്രം വെളിച്ചമാകുന്നു

Wednesday 27 July 2011

7. ഇറാനിലെ നിലവിളികള്‍

ശ്രീ.എന്‍.എം ഹുസൈന്‍  "വേഷം കെട്ടി ദഹിക്കുന്നവര്‍" എന്ന പോസ്റ്റിന് ഇട്ട മറുപടിയോടുള്ള പ്രതികരണം

പ്രിയപ്പെട്ട കെ.പി,
ഒരു വട്ടം കൂടി മാപ്പാക്കുക.
Iranian supreme leader
Ali Khamenei

Dear Sir,
(1) നൗഷാദ്: നൗഷാദ് പണം കൊടുത്താണ് ശിക്ഷയില്‍ നിന്ന് ഒഴിവായതെന്ന് ഞാന്‍ എഴുതിയില്ലല്ലോ 
മാന്യസുഹൃത്തേ. നൗഷാദിന്റെ പ്രാര്‍ത്ഥനയുടെ കാര്യത്തെ പരാമര്‍ശിച്ച് ഞാനാണെങ്കില്‍ ആ നാടിനെ സ്തുതിക്കും, കാരണം അവിടെ പണം കൊടുത്താല്‍ ശിക്ഷ ഒഴിവായിക്കിട്ടും എന്നല്ലേ എഴുതിയത്. തോന്നിയപോലെ വായിക്കുകയും സ്വന്തം നിലയില്‍ അര്‍ത്ഥം കല്‍പ്പിക്കുകയും ചെയ്യുന്നതിന് ഞാനെന്തു പിഴച്ചു?

(2) നൗഷാദിന് വേണ്ടി പണം കൊടുത്തോ എന്നത്: അത് വേറെ വിഷയമാണ്. പണം പിരിക്കാനുള്ള ഏര്‍പ്പാട് ഇന്നാട്ടില്‍ നടന്നതൊന്നും താങ്കള്‍ അറിഞ്ഞിട്ടുണ്ടാവില്ല. എന്തുവിലകൊടുത്തും ആ കണ്ണ് രക്ഷിച്ചെടുക്കാന്‍ മനുഷ്യസ്‌നേഹികളായ നാട്ടുകാരും പൊതുസമൂഹവും തീരുമാനിച്ചത് ഇസ്‌ളാമികശിക്ഷാരീതിയുടെ കടുത്ത ആരാധകനായ താങ്കളുടെ കരള് കലക്കിയിട്ടുണ്ടാവാം. പക്ഷെ വസ്തുതകള്‍ നിരാകരിക്കുന്നതിന് അതൊരു ന്യായീകരണമില്ല. ലോകം മുഴുവന്‍ അറിയുകയും രാഷ്ട്രത്തിന് തന്നെ മാനക്കേടാകുകയും ചെയ്തപ്പോഴാണ് അതില്‍ നിന്ന് ഊരണമെന്ന് സൗദി സര്‍ക്കാരും തീരുമാനിച്ചത്. അവസാനം അന്തരാഷ്ട്രസമ്മര്‍ദ്ദവും ഗതികേടും കൊണ്ട് മാപ്പ് കൊടുത്തെങ്കിലും അതിന്റെ പിന്നില്‍ പണം കൃത്യമായും കൈമറിഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നമ്മുടെ സര്‍ക്കാരും അതിലൊരു വേഷം ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രി അന്ന് കുറെ ഉരുണ്ടുകളിച്ചത് ഓര്‍മ്മയില്ലേ. അതുവരെ മാപ്പ് കൊടുക്കില്ലെന്ന് കട്ടായം പറഞ്ഞ് നിന്നവര്‍ പെട്ടെന്ന് തലയില്‍ തേങ്ങ വീണെന്ന പോലെ ദയാലുക്കളായതിന്റെ രഹസ്യമെന്തായിരിക്കും? മതാന്ധതമൂലം താങ്കള്‍ക്ക് എന്തും വിശ്വസിക്കാം. ആയിക്കൊള്ളു, പക്ഷെ  ഇതൊക്കെ വെട്ടിവിഴുങ്ങി കണ്ണുവീര്‍പ്പിച്ച് കാണിച്ചാല്‍ മറ്റുള്ളവര്‍ പേടിച്ചുകൊള്ളണമെന്ന ശാഠ്യം വേണ്ട. മതസമൂഹത്തില്‍ 'ദയ' എന്നുപറയുന്ന സാധനം വലിയ ചെലവുള്ള കാര്യമാണ് ചങ്ങാതി. 


മാപ്പ് കൊടുക്കില്ലെന്ന് അവസാനനിമിഷം വരെ ശാഠ്യം പിടിക്കുന്നത് നിരക്കുവര്‍ദ്ധന കൊതിച്ചാണെന്ന പ്രാഥമികപാഠം വിട്ടുകളയരുത്. നൗഷാദിന്റെ കണ്ണ് ചൂഴ്‌ന്നെടുത്താല്‍ തങ്ങള്‍ സകുടുംബം ആത്മഹത്യ ചെയ്യുമെന്നാണ് അന്ന് ഭാര്യ സുലേഖ പരസ്യമായി പ്രസ്താവിച്ചത്. നൗഷാദ് ജയിയിലായതിന് ശേഷം 3 വര്‍ഷമായി സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് ജീവിക്കുന്നതെന്നും എതിര്‍കക്ഷി ഒരു കാരണവശാലും മാപ്പ് തരില്ലെന്ന വാശിയിലാണെന്നും അവര്‍ പറഞ്ഞു. (http://www.jihadwatch.org/2005/12/kerala-man-may-lose-eye-under-saudi-arabian-law.html). 


മാപ്പൊന്നും താങ്കള്‍ കിനാവുകാണുന്നതുപോലെ അത്ര എളുപ്പം കിട്ടില്ല. തലേന്നുവരെ ഒരു കാരണവാശാലും വിട്ടുവീഴ്ചയില്ലെന്ന് വാശി പിടിച്ചിരുന്ന (പണവും വേണ്ട-മാപ്പുമില്ല എന്ന കടുത്ത നിലപാട്)എതിര്‍കക്ഷി 'എന്തുകണ്ടിട്ടാണ്' സര്‍വ അവകാശവാദവും അവസാനം ഉപേക്ഷിച്ചെന്നാണ് താങ്കള്‍ കരുതുന്നത്? പണംനല്‍കി മോചിപ്പിച്ചു എന്ന് ലോകമറിഞ്ഞാല്‍ ഉണ്ടാകാവുന്ന അപഖ്യാതി ഭയന്ന് തിരശ്ശീലയ്ക്ക് പുറത്ത് ഡീല്‍ ഉറപ്പിച്ചതിനെ തെറ്റുപറയാനാവില്ല. അതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുന്നത് മന:പൂര്‍വം ഒഴിവാക്കുന്നു. 


എന്തായാലും ആ പാവം രക്ഷപെട്ടില്ലേ, അതുമതി. മാത്രമല്ല ഭാവിയില്‍ സമാനമായ പരിസ്ഥിതികളില്‍ കുടുങ്ങാനിടയുള്ളവര്‍ക്കും ഇത്തരം ഇടനിലകളും ഇടപെടലുകളും,  ഒരാശ്വാസമാണ്;ഈ നിയമം മാറാതിരിക്കുന്നിടത്തോളം കാലം. 'ചോരപ്പണം '(Blood money)സൗദിയില്‍ പലര്‍ക്കും വലിയ ചാകരയാണ്. അത് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവന്നതും അതിന്റെ ദുരുപയോഗം എത്രമാത്രം രൂക്ഷമാണെന്ന് തെളിയിക്കുന്നുണ്ട്. സഹായകരമായ ചില ലിങ്കുകള്‍: (1) സൗദിയിലെ ചോരപ്പണത്തിന്റെ നിരക്കുകള്‍: http://en.wikipedia.org/wiki/Diyya(2) സൗദിയില്‍ ചോരപ്പണത്തിന്റെ കുതിച്ചുയരുന്ന നിരക്കും പിന്നണയിലെ സാമ്പത്തിക കൊള്ളയും. വായിക്കുക, 2008 ജൂലെ 27 ലെ വാഷിംഗ്ടണ്‍പോസ്റ്റ്: http://www.washingtonpost.com/wp-dyn/content/article/2008/07/26/AR2008072601785.html)


(3) ടൈപ്പിംഗ് പിഴവ്-താങ്കള്‍ പിന്നീട് തിരുത്തി അല്ലേ? നല്ല കാര്യം. ഞാനത് കണ്ടില്ല. അതിന് മുമ്പ് തന്നെ മറുപടി എഴുതിയിരുന്നു. എന്തായാലും ഞാന്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് താങ്കള്‍ തന്നെ തെളിയിച്ചതിന് നന്ദി. ആദ്യം താങ്കള്‍ 'ശതമാനം' എന്നുതന്നെയാണ് എഴുതി പോസ്റ്റ് ചെയ്തത്. താങ്കള്‍ പോസ്റ്റിട്ട് ലിങ്ക് തന്നയുടനെതന്നെ ഞാനത് വായിച്ചിരുന്നു. എനിക്കത് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഒരുപക്ഷെ ടൈപ്പിംഗ് പഴിവായിരിക്കും എന്നുകരുതി. താങ്കളെപ്പോലൊരു പണ്ഡിതനെ അത് പൊക്കിപിടിച്ച് വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് തോന്നി. അതുകൊണ്ടാണ് 'ശതമാനം എന്തെന്നറിയാത്തവന്‍'എന്ന മാതൃകയില്‍ താങ്കള്‍ നടത്തുന്നതുപോലെ ഒരു വ്യക്തിഹത്യക്ക് മുതിരാതിരുന്നത്. പിഴവ് ആര്‍ക്കും പറ്റും. അത് തിരുത്തുന്നത് കൂടുതല്‍ സന്തോഷകരം. പക്ഷെ താങ്കള്‍ തെറ്റുവരുത്തിയിട്ട് പിഴവായിരിക്കും എന്നുമാത്രം പറഞ്ഞ എന്നോട് അരിശപ്പെടുന്നതെന്തിന്? താങ്കള്‍ക്ക് പിഴവ് പറ്റിയത് ഞാന്‍ വിട്ടുകളയുകയാണ് ചെയ്തത്. എന്തായാലും ഞാന്‍ മറുപടി എഴുതിയ സമയത്ത് താങ്കള്‍ തിരുത്തിയിട്ടില്ല. ആ ദിവസം രാത്രി മുഴുവന്‍ വൈദ്യുതി ഇല്ലാതിരുന്നതുകൊണ്ട് അടുത്ത ദിവസമായിരുന്നു പോസ്റ്റ് ചെയതതെന്ന് മാത്രം. 


ഇത്രയുമായ നിലയ്ക്ക് താങ്കള്‍ തിരുത്തിയതിനെപ്പറ്റി ഒരുവാക്ക്: താങ്കളത് സ്വയം ചെയ്തതല്ലെന്ന് പിന്നീട് താങ്കളുടെ ബ്‌ളോഗിന്റെ കമന്റ്‌ബോക്‌സ് വായിച്ചപ്പോള്‍ മനസ്സിലായി. ഒരു ബ്‌ളോഗര്‍ (വിപിന്‍)കണക്കറ്റ് പരിഹസിച്ചപ്പോഴാണത് തിരുത്തിയത്. ഇപ്പോഴെങ്ങനെയുണ്ട്? ഞാന്‍ പരിഹാസം ഒഴിവാക്കി, പിഴവ് ആഘോഷിച്ചില്ല. വിപിന്‍ എടുത്തിട്ട് അലക്കിതേച്ചപ്പോള്‍ താങ്കളത് വാങ്ങിക്കൂട്ടി, തിരുത്തി. എന്നിട്ട് കമന്റ് ഇട്ടയാളെ തിരിച്ചു പരിഹസിച്ചു! താങ്കള്‍ക്ക് മനസ്സിലാകുന്ന ഏക ഭാഷ ഇതുമാത്രമാണോ സര്‍?


Princess-basma-bint
സൗദി രാജകുമാരിയായ ബസ്മ (Princess-basma-bint-saud-bin)തന്നെ പറയുന്നത് സൗദിയിലെ സ്ത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ 'അടിമ'കളാണെ('slaves')ന്നാണ്. ശിക്ഷളൊക്കെ എല്ലാവര്‍ക്കും ബാധകമായിരിക്കാം; പക്ഷെ ഫലത്തില്‍ ആത്യന്തികമായി സ്ത്രീകള്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്''-എന്നാണവര്‍ തുറന്നടിച്ചത്. എന്നാല്‍ അതൊന്നും ശരി-അത്തില്‍ ഇല്ലാത്ത കാര്യങ്ങളാണെന്നും അവര്‍ പറയുന്നുണ്ട്. അക്കണക്കിന് ശരി-അത്തിലുള്ള അസ്സല്‍ ശിക്ഷകള്‍ സഹിക്കാന്‍ സ്ത്രീകള്‍ ബാധ്യസ്ഥമാണെന്ന് പകല്‍പോലെ വ്യക്തമാണ്; മാനഭംഗം തെളിയിക്കാന്‍ നാല് പുരുഷ 'സാക്ഷി'കള്‍ വേണമെന്നതുള്‍പ്പെടെ. അതൊന്നും താങ്കള്‍ തേച്ചുമായ്ച്ചാല്‍ പോകില്ല.


“Punishments Should Be the Same For Men And Women…. [But] the Woman Is Always Punished… Within a System of Laws. That Do Not, In Fact, Exist In Our Shari’a“ (http://nmen.org/saudi-columnist-princess-basma-bint-saud-bin-abd-al-aziz-aal-saud-describes)

സൗദി രാജകുമാരി വരെ തന്റെ രാജ്യത്തെ സ്ത്രീകള്‍ അടിമകളെപ്പോലെ ജീവിക്കുന്നുവെന്ന് പറയുമ്പോഴും ആ രാജ്യം ഡെന്മാര്‍ക്കിനേക്കാള്‍ ഭേദമാണെന്ന് മറ്റുചിലര്‍ വാദിക്കുന്നു! എന്താ പറയുക!!??


(4) ബലാല്‍സംഗം പല ശിക്ഷ: ഞാനെഴുതിയത് നൂറ് ശതമാനം ശരിയാണല്ലോ. ഒരേ കുറ്റത്തിന് പല ശിക്ഷയില്ല. ആളുംതരവുമനുസരിച്ച് ശിക്ഷ മാറ്റുന്നത് വിവേചനമാണ്. ഒരു കുറ്റത്തില്‍ ഒരാള്‍ വഹിച്ച പങ്കിനെ/ തോതിനെ ആധാരമാക്കി ശിക്ഷ ഏറിയും കുറഞ്ഞുമൊക്കെയിരിക്കും. ചിലരെ വെറുതെ വിടുകയും ചെയ്യും-അതൊക്കെ സാധാരണമാണ്. എന്നാല്‍ അതൊന്നും ഇവിടെ പ്രസക്തമല്ല. കുറ്റം ബലാല്‍സംഗമാണ്(rape). ബലാല്‍സംഗം നടന്നുവെന്ന് 'തെളിഞ്ഞതു'കൊണ്ടാണ് ശിക്ഷിച്ചത്. അതായത് മാനഭംഗം എന്ന കുറ്റം നടന്നുവെന്ന് മതകോടതിയില്‍ തെളിയിക്കപ്പെട്ടു. എന്താണതിന്റെ ശിക്ഷ എന്നാണിനി നോക്കേണ്ടത്. തല വെട്ടലാണോ? ശരി, 'നീതി' നടപ്പാകട്ടെ! ഒമ്പതു വര്‍ഷം തടവാണോ ശിക്ഷ, എന്നാലത് ചെയ്യൂ. ഇവിടെയെന്താണ് സംഭവിച്ചത്? ഒരു കൂട്ടര്‍ക്ക് 2 മുതല്‍ 9 വര്‍ഷം വരെ ശിക്ഷ. ഇതേ കുറ്റത്തിന് മറ്റൊരുകൂട്ടര്‍ക്ക് കൂട്ടതലവെട്ടലും. ആദ്യവിഭാഗത്തില്‍ ആരുടേയും തലവെട്ടിയില്ല! രണ്ടാമത്തെ വിഭാഗത്തില്‍ ആര്‍ക്കും തടവുശിക്ഷയുമില്ല! രണ്ടും നടന്നത് ഒരേ നാട്ടില്‍, തെളിയിക്കപ്പെട്ട സമാനമായ കുറ്റത്തിന്. ഇത് നിയമം നടപ്പാക്കുന്നതിലെ വിവേചനമാണെന്ന് മനസ്സിലാക്കാന്‍ ഐന്‍സ്റ്റീന്റെ ബുദ്ധിയൊന്നും വേണ്ട. തലവെട്ടലിന് പകരം 2 മുതല്‍ 9 വര്‍ഷം വരെ ശിക്ഷ കൊടുത്തത് ഒരുപക്ഷെ മാനഭംഗം പൂര്‍ണ്ണമായും പൂര്‍ത്തിയാകത്തതുകൊണ്ടെന്നാണോ വാദം? 'അര ബലാല്‍സംഗം' (half rape) എന്നൊക്കെയുള്ള കുറ്റങ്ങളുണ്ടോ? 2 വര്‍ഷം ശിക്ഷ കിട്ടിയവന്‍ 20% കുറ്റം ചെയ്തിട്ടുണ്ടാവാം! ആഗ്രഹം പൂര്‍ണ്ണമായും നിറവേറാതെ കാരഗൃഹത്തിലടയ്ക്കപ്പെട്ട ആ ദൗര്‍ഭാഗ്യവാന്റെ കാര്യം ഒന്നാലോചിച്ചുനോക്കൂ. സ്വീഡനിലൊക്കെ കുറേനേരം കാമതുരമായി തുറിച്ചുനോക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുന്നതുവരെ ബലാല്‍സംഗശ്രമത്തിന്റെ പരിധിയില്‍ വരുമെന്ന് വായിച്ചിട്ടുണ്ട്. ഇനി അതു വല്ലതുമാണോ എന്തോ?!

(5) മാനഭംഗം എന്നൊരു വകുപ്പില്ലെന്ന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് താങ്കള്‍ സൂചിപ്പിച്ച ഈ 2-9 വര്‍ഷം(റിപ്പോര്‍ട്ടുകളില്‍ 10 വര്‍ഷമെന്നും കാണുന്നുണ്ട്). ശിക്ഷ വ്യക്തമാക്കുന്നു. ഈ കേസില്‍ കൂട്ടബലാല്‍സംഗത്തിന് വിധേയയായ പെണ്‍കുട്ടിക്ക് കിട്ടിയതെന്താ? 'പരപുരുഷബന്ധ'ത്തിന്റെ പേരില്‍ എത്ര ചാട്ടവാറടിയാണ്  
ശിക്ഷ കിട്ടിയതെന്ന് ഓര്‍മ്മയുണ്ടോ സാറിന്? മാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് പരസ്യമായ 90 ചാട്ടവാറടികള്‍! അപ്പീല്‍ പോയപ്പോള്‍ ശിക്ഷ ഉയര്‍ത്തി 6 മാസം ജയിശിക്ഷയും 200 ചാട്ടവാറടിയും! ഇതാണോ സര്‍ 'മാനഭംഗ'ത്തിന് സൗദിയിലെ ശിക്ഷ! എത്ര മനോഹരം! 'മാനഭംഗം' എന്ന കുറ്റം കൃത്യമായി നിര്‍വചിച്ചിരുന്നുവെങ്കില്‍ ബന്ധുവല്ലാത്ത പുരുഷനൊപ്പം കാറിലിരുന്നു, പുരുഷനെ നോക്കി എന്നൊക്കെ പറഞ്ഞ് പരപുരുഷബന്ധത്തിന് ആ സ്ത്രീയെ ശിക്ഷിക്കുമായിരുന്നോ? കൂട്ട ബലാല്‍ക്കാരത്തിന് ഇരയാക്കപ്പെട്ടാലും കേസ് ജയിക്കണമെങ്കില്‍ ഇര എന്തെല്ലാം വ്യവസ്ഥകള്‍ പാലിച്ചിരിക്കണം?! പുരുഷന്‍മൊരൊന്നും അടുത്തുവരാതെ മാനഭംഗം നടക്കുന്നതെങ്ങനെ? ഇതെന്തു നിയമം!? ഇനി ആരെങ്കിലും സൗദിയില്‍ ഈ പരാതിയുമായി രംഗത്തുവരുമോ? കുറഞ്ഞപക്ഷം 'അക്രമം-ശരീരോപദ്രവം' തുടങ്ങിയ വകുപ്പ് പരിഗണിച്ച് ശിക്ഷിച്ചിരുന്നുവെങ്കില്‍പോലും ഇരയ്ക്ക് ഇത്ര ക്രൂരമായ ശിക്ഷ ലഭിക്കില്ലായിരുന്നു. വീണ്ടും പറയട്ടെ, കടലാസില്‍ എന്തൊക്കെയായാലും, ഇസ്‌ളാമികനിയമം അടിസ്ഥാനപരമായി 'മാനഭംഗം'അംഗീകരിക്കുന്നില്ല. അതൊക്കെ പരപുരുഷബന്ധമാക്കി അവരതിന് അവസാനം ഇരയായ സത്രീയേയും കൂട്ടുനിന്നുവെന്ന വാദമുന്നയിച്ച് പുരുഷനേയും കേസുവാദിച്ച വക്കീലിനെ വരെയും ശിക്ഷിക്കും. അതാണ് സൗദിയില്‍ യാഥാര്‍ത്ഥത്തില്‍ നടക്കുന്നത്. സത്യത്തില്‍ ഈ കേസ് താങ്കള്‍ ചൂണ്ടിക്കാട്ടിയതിന് നന്ദിയുണ്ട്.

(6) ഹമുറാബി കോഡ്- നഷ്ടപ്പെട്ട അവയവത്തിന് പകരം ആ അവയവം, കൊലയ്ക്ക് മറുകൊല, കുറ്റം ചെയ്യുന്ന അവയവം വെട്ടുക എന്നൊക്കെയാണ് അതില്‍ പറയുന്നത്. 'കണ്ണിന് കണ്ണ് പല്ലിന് പല്ല്' എന്ന വാക്യത്തിന്റെ അര്‍ത്ഥമതാണ്.

‘a life for a life, and an eye for an eye, and a nose for a nose, and an ear for an ear, and a tooth for a tooth, and for wounds retaliation;’ but whoso remits it, it is an expiation for him, but he whoso will not judge by what God has revealed, these be the unjust'(Qur'an 5:45)http://en.wikipedia.org/wiki/Diyya

ബലാല്‍സംഗം നടത്തിയാല്‍ അവിടെ എന്താണ് ഛേദിക്കേണ്ടതെന്ന് ഊഹിച്ചുനോക്കൂ. ബലാല്‍സംഗം നടത്തിയാല്‍ പകരം ബലാല്‍സംഗം നടത്താന്‍ 'ബലാല്‍സംഗം'എന്നത് ഒരു അവയവമാണോ സര്‍? അപാരബുദ്ധി തന്നെ! ഇത്രയും പറഞ്ഞതുകൊണ്ട് ഒരു കാര്യംകൂടി, കൊലയ്ക്ക് മറുകൊലയാണ് ഹമുറാബി കോഡ്. അടിമയെ കൊന്നെങ്കിലും പ്രശ്‌നം പരിഹരിക്കാം. മാനഭംഗം ഒരു കുറ്റമായി നിര്‍വചിച്ചിരുന്നുവെങ്കില്‍ തിരിച്ച് കുറ്റവാളിയുടെ ഭാര്യയേയോ സഹോദരിയേയോ അടിമയേയോ മാനഭംഗം ചെയ്തു തന്നെ 'നീതി' നടപ്പിലാക്കുമായിരുന്നു. പാകിസ്ഥാനിലൊക്കെ 'പ്രതികാരം വീട്ടാന്‍ മാനഭംഗം'(Revenge Rape) എന്ന മൃഗയാവിനോദം നിലവിലുണ്ടെന്നറിയുക.

(7) ആത്മഹത്യയുടെ കണക്ക്: ആത്മഹത്യ ചെയ്യാത്തവരൊക്കെ സന്തോഷത്തോടെ ജീവിക്കുകയാണെന്ന് കരുതിയാവണം ഇത്തരം ചപലവാദങ്ങള്‍ നിരന്തരം ഉന്നയിക്കുന്നത്. യു.എന്‍ ഇന്‍ഡെക്‌സിലും മറ്റും 
ആത്മഹത്യാനിരക്ക്‌ ഒരു രാജ്യത്തിലെ ജീവിതനിലവാരം, ശാന്തി, സമാധാനം, സമത്വം, സുഭിക്ഷത, സംഘര്‍ഷം എന്നിവ നിര്‍ണ്ണയിക്കാനുള്ള നൂറുകണക്കിന് മാനദണ്ഡങ്ങളില്‍ ഒന്നു മാത്രമാണ്. ആത്മഹത്യയ്ക്ക് നിരവധി കാരണങ്ങളുണ്ട്. അതിലൊന്നു മാത്രമാണ് സാമൂഹികമായ പരിസ്ഥിതി. ആത്മഹത്യയും മാനഭംഗവുമൊന്നും റിപ്പോര്‍ട്ടു ചെയ്യാത്ത ഒരു രാജ്യത്ത് ആത്മഹത്യ കുറവാണെന്ന് വാദിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?! ഭൗമനരകങ്ങളായ ബംഗ്‌ളാദേശിലും സോമാലിയയിലും ആത്മഹത്യ കുറച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് കരുതി അവിടുത്തെ ജനങ്ങളൊക്കെ സന്തോഷത്തിലാണെന്ന് കണ്ടെത്തുന്നത് വിചിത്രം തന്നെ. ബംഗ്ലാദേശിലൊക്കെ കൂട്ടമരണവും കെടുതിയും നിത്യസംഭവങ്ങളാണ്. അതൊന്നും ഇനം തിരിച്ച് റിപ്പോര്‍ട്ട് ചെയ്യാനൊന്നും അവിടെ വ്യവസ്ഥയില്ല. എന്നാല്‍ വികസിതരാജ്യങ്ങളുടെ കാര്യമതല്ല. അവിടെ കൃത്യമായ ഡേറ്റയുണ്ട്. അവരത് അന്ത്ര്‍ദേശീയ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യും. മതപരമായ പാപബോധമാണ് ആത്മഹത്യാകേസുകള്‍ പുറത്തറിയിക്കാതിരിക്കാന്‍ പ്രധാന കാരണം. മറ്റൊന്ന് വികസിതമായ ഒരു നിയമ-നീതിന്യാവ്യവസ്ഥയുടെ അഭാവവും. ജയില്‍ പുള്ളികള്‍ക്ക് അടിവസ്ത്രം പോലും നിഷേധിച്ചിട്ട് കസ്റ്റഡി ആത്മഹത്യ ഒഴിവാക്കിയേ എന്നു വീമ്പിളക്കുന്ന പോലീസുകാരനെപ്പോലെയാണ് ചില രാജ്യങ്ങളില്‍ ആത്മഹത്യാനിരക്ക് കുറവാണെന്ന വാദം. ആത്മഹത്യ ചെയ്യാന്‍ പോലും അനുവാദമില്ലാത്ത ഒരു ജനതയുടെ നിലവിളികള്‍ എന്നാണ് ഈ പണ്ഡിതകോവിദതന്‍മാര്‍ തിരിച്ചറിയുക?

(8) സൗദിയെക്കുറിച്ച് എഴുതാന്‍ ഉദ്ദേശമില്ലാതിരുന്നു. ഇറാനെക്കുറിച്ചെഴുതാനും ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ എന്തെങ്കിലും രണ്ടുവരി കുത്തികുറിക്കണമെന്ന ശാഠ്യം താങ്കള്‍ക്കുണ്ടെന്ന് മനസ്സിലാകുന്നു. അങ്ങനെയെങ്കില്‍ അങ്ങനെ.

ഇറാനെ ആക്രമിക്കണമെന്ന് അമേരിക്കയെ ഉപദേശിച്ച ഏക മുസ്‌ളീം രാഷ്ട്രമാണ് സൗദി അറേബ്യ. ഇറാന്‍ സൗദിയേക്കാള്‍ ഭേദമാണെന്ന് സുന്നികള്‍ സമ്മതിക്കില്ല. അയത്തൊള്ള ഖൊമെനി എഴുപതുകളുടെ അവസാനം ഇറാനെ ഒരു ഇസ്‌ളാമിക റിപബ്‌ളിക്കാക്കി മാറ്റുകയുണ്ടായി. ഷിയകള്‍ക്ക് ഭൂരിപക്ഷമുള്ള ലോകത്തെ ഏറ്റവും വലിയ ഈ മുസ്‌ളീം രാജ്യത്തില്‍ ജനാധിപത്യമൊക്കെ 'വായുവില്‍ എഴുതി കൂട്ടിയതു'പോലെയാണ്. ഇറാനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജനാധിപത്യം എന്ന പദം പോലും ഇസ്‌ളാമികവിരുദ്ധമാണ്. പണ്ട് സദാം ഹുസൈനും ഹോസ്‌നി മുബാരക്കുമൊക്കെ തെരഞ്ഞെടുപ്പിന് നിന്നാല്‍ 98 ശതമാനം വോട്ടൊക്കെയാണ് ലഭിക്കുന്നത്. അള്ളാഹു വന്ന് തെരഞ്ഞെടുപ്പിന് നിന്നാല്‍ ഇത്രയും വോട്ട് ലഭിക്കുമോയെന്ന് സംശയമുണ്ട്. ഇറാനിലും തെരഞ്ഞെടുപ്പും വോട്ടിംഗുമൊക്കെയുണ്ട്. പക്ഷെ മതനേതൃത്വം തീരുമാനിക്കുന്നവരേ രാജ്യം ഭരിക്കൂ.

പരമോന്നതി നേതാവായ അലി ഖൊമൈനിയാണ് (Supreme Leader Ali Khamenei) സര്‍വസൈന്യാധിപന്‍. യുദ്ധം പ്രഖ്യാപിക്കാനും രാഷ്ട്രീയസംവിധാനം നിയന്ത്രിക്കാനുമുള്ള അധികാരവും അദ്ദേഹത്തിനാണ്. മിലിട്ടറി ഇന്റലിജന്‍സ്, സെക്യൂരിറ്റി ഓപ്പറേഷനുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതും അദ്ദേഹമാണ്. ജൂഡീഷ്യറി തലന്‍മാരെ നിയമിക്കുക, സ്റ്റേറ്റ് ടെലിവിഷന്‍ റേഡിയോ എന്നിവയുടെ തലവന്‍മാരെ നിയമിക്കുക, പരമോന്നതി മതഭരണസമിതിയായ ഗാര്‍ഡിയന്‍ കൗണ്‍സിലെ 12 അംഗങ്ങളില്‍ 6 പേരെ നിയമിക്കുക തുടങ്ങിയ തന്ത്രപ്രധാനമായ എല്ലാ അധികാരവും പരമോന്നത നേതാവിനാണ്. ഗാര്‍ഡിയന്‍ കൗണ്‍സില്‍ അനുമതി നല്‍കിയാലേ ഇവിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാള്‍ക്ക് മത്സരിക്കാനാവൂ. അതായത് 1979 ല്‍ നിലവില്‍ വന്ന പുതിയ ഭരണഘടനയനുസരിച്ച് ഇറാനില്‍ ഏതാണ്ട് സമ്പൂര്‍ണ്ണമായ മതാധിപത്യമാണെന്ന് പറയാം. അതിന് കീഴിലാണ് ദുര്‍ബലമായ ജനാധിപത്യവും പ്രസിഡന്റും വരുന്നത്.

നിലവിലുള്ള പ്രസിഡന്റും വലിയ തമാശക്കാരനും മതവെറിയനുമായ അഹമ്മദി നെജാദ്(ഇദ്ദേഹം ഹോക്‌സര്‍മാരുടെ ഇഷ്ടഭാജനം കൂടിയാണ്. നെജാദിന് മലയാളമറിയാമായിരുന്നെങ്കില്‍...)മനുഷ്യാവകാശധ്വംസനം, ജനാധിപത്യവിരുദ്ധ അടിച്ചമര്‍ത്തലുകള്‍ എന്നിവയുടെ കാര്യത്തില്‍ കുപ്രസിദ്ധനാണ്. മതപാദസേവയാണ് അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ ദിവസം രണ്ടുനേരം 'പാലസ്തീന്‍ പാലസ്തീന്‍' എന്നു ജപിക്കും. പിന്നെ മണിക്കൂര്‍ ഇടവിട്ട് ഇസ്രേയേല്‍ വിരുദ്ധ പുല്യഭവുവും ഡിന്നറിന് അമേരിക്ക വറുത്തതും. ഭരിച്ചുപോകാന്‍ അവിടെ അതൊക്കെ തന്നെ ധാരാളം. ബാക്കിയൊക്കെ മതനേതൃത്വവും ആത്മീയനേതാവും നോക്കിക്കൊള്ളും.

(9) സ്ത്രീകളുടെ വിഷയത്തിലേക്ക് മാത്രം വരാം. 1963 ലേ വോട്ടവകാശം ലഭിച്ച, 
സ്ത്രീകളെ പാരാമിലിട്ടറിയില്‍ ചേരാന്‍ അനുവദിക്കുന്ന, അവര്‍ക്ക്‌ വിദ്യാഭ്യാസാവകാശം അനുവദിക്കുന്ന ഇറാന്‍ ഇക്കാര്യങ്ങളിലൊക്കെ സൗദിയേക്കാള്‍ എന്തുകൊണ്ടും മുമ്പിലാണ്. എന്നാല്‍ വിവാഹം, വിമോഹമോചനം, കുട്ടിയുടെ സംരക്ഷണം, സ്വത്തവാകാശം എന്നിങ്ങനെയുള്ള അവകാശങ്ങളുടെ കാര്യത്തില്‍ ഇറാനില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശമില്ല. കോടതിയില്‍ അവരുടെ സാക്ഷി 'അരസാക്ഷി'മാത്രമാണ്. 13 വയസ്സിന് താഴെയുള്ള ഒരു പെണ്‍കുട്ടിയെ അവളെക്കാള്‍ വളരെ കൂടുതല്‍ പ്രായമുള്ള പുരഷന് വിവാഹം കഴിച്ചുകൊടുക്കാന്‍ പിതാവിന് നിര്‍ബന്ധിക്കാം; ഒരു കോടതിയിലും അതൊന്നും ചോദ്യം ചെയ്യാനാവില്ല.

സ്ത്രീ സാക്ഷരത 
വര്‍ദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളും മറ്റും സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിനെതിരെ രംഗത്തുവരുന്നുണ്ട്. പക്ഷെ ഭരണകൂടം അങ്ങേയറ്റം ദയാരഹിതമായാണ് ഇവരുടെ പ്രവര്‍ത്തനം അടിച്ചമര്‍ത്തുന്നത്. കഴിഞ്ഞ ആറേഴു വര്‍ഷമായി യൂണിവേഴ്‌സിറ്റി തലത്തില്‍ നടക്കുന്ന കാംപെയിനുകളുടെ വെബ്‌സൈറ്റ് നിരോധിക്കുകയും അതിന്റെ നേതാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. കാംപെയിന് വേണ്ടി ഒപ്പുശേഖരണം നടത്തിയതിന് നസിം സാരബന്ദി, ഫാത്തിമ ദെഷ്ദാസ്തി എന്നിവരാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ വനിതകള്‍. 24 മണിക്കൂര്‍ തടങ്കലായിരുന്നു ശിക്ഷ. സ്ത്രീകളുടെ ആവശ്യങ്ങളുന്നയിക്കുന്നത് 'ദേശവിരുദ്ധവും വ്യവസ്ഥാവിരുദ്ധ'വുമാണെന്നാണ് ഇറാനിയിന്‍ ഭരണകൂടം പച്ചയായി പ്രഖ്യാപിക്കുന്നത്(“acting against state security by propaganda against the system”.). കുറഞ്ഞത് 40 സ്രതീകളെങ്കിലും വിമോചനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലുവര്‍ഷമായി തടങ്കലിലായിട്ടുണ്ട്. നല്ലൊരു പങ്ക് നേതാക്കള്‍ വിദേശരാജ്യങ്ങളില്‍ അഭയം തേടിയിട്ടുണ്ട്.

(10) ഇറാനിലെ സ്ത്രീവിമോചന സമരത്തിലെ മുന്നണി പോരാളികളായ റൊണാക് സഫര്‍സേദും ഹാന്‍ അബ്ദിയും(Ronak Safarzadeh and Hana Abdi )കഴിഞ്ഞ 4 വര്‍ഷമായി തടങ്കലിലാണ്. 2007 ഒക്‌ടോബറില്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിനെതിരെ സമാധാനപൂര്‍വം ഒരു റാലി നടത്തിയതിനാണ് ഈ യുവതികള്‍ക്ക് നാലു വര്‍ഷമായി വെളിച്ചം നിഷേധിച്ചിരിക്കുന്നത്. നോബേല്‍ സമ്മാന ജേതാവായ ഷെറിന്‍ ഇബാദിയുള്‍പ്പെടുള്ളവരുടെ പിന്തുണ ഈ പ്രതിരോധത്തിനുണ്ടെങ്കിലും ഇറാനിലെ മതഭരണകൂടം ഇതൊക്കെ പുല്ലുപോലെ കണ്ടാണ് മുന്നോട്ടുപോകുന്നത്(http://www.amnesty.org/en/news-and-updates/report/women-act-against-repression-and-intimidation-iran)

സമ്പൂര്‍ണ്ണ മതാധിപത്യം ഇറാനിയന്‍ സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്ന ജീവിതസാഹചര്യങ്ങളും വിശിഷ്യാ വനിതകളുടെ അവകാശത്തെ അതെങ്ങനെ നിര്‍വചിക്കുന്നു എന്നൊക്കെ ഗൗരവമായി പഠിക്കേണ്ടതുണ്ട്. അതിനായി ചില ലളിതമായ സൂചനകള്‍ നല്‍കി ഈ കുറിപ്പ് അവസാനിപ്പിക്കാം.


(11) ''2008 സെപ്റ്റംബറില്‍ ടൊറണ്ടോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച 'സ്റ്റോണിംഗ് ഓഫ് സൊരയാ എം' (Stoning of Soraya M) എന്ന വിവാദചലച്ചിത്രം ഇന്നും ലോകമെമ്പാടും നിലനില്‍ക്കുന്ന മതശിക്ഷകളുടെ നേര്‍കാഴ്ചയാണ്. അമേരിക്കയില്‍ വസിക്കുന്ന ഇറാന്‍കാരനായ സൈറസ് നൗരാസ്ച് (Cyrus Nowrastch) ആണ് ചിത്രത്തിന്റെ‚സംവിധായകന്‍. ഇറാനില്‍ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി ഇറാനിയന്‍ വംശജനായ ഫ്രഞ്ച് എഴുത്തുകാരനായ ഫ്രീഡണ്‍ സാഹ്ജന്‍ (Freidoune Sahejan) 1990-ല്‍ എഴുതിയ പുസ്തകമാണ് സിനിമയ്ക്ക് പ്രചോദനം. 20 വര്‍ഷം മുമ്പാണ് സംഭവം നടന്നത്. നായിക സൊരയ ഒമ്പത് കുട്ടികളുടെ മാതാവായ ഒരു 'യുവതി'യാണ്. കുറേക്കൂടി പ്രായംകുറഞ്ഞ ഒരു പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ അവസരം കൈവന്നപ്പോള്‍ ഭര്‍ത്താവായ അലി അവളില്‍ സ്വഭാവദൂഷ്യം (Adultery) ആരോപിച്ചു. ഭാര്യ മരിച്ചുപോയ ഒരു കുടുംബസുഹൃത്തിനുവേണ്ടി ആഹാരം പാചകം ചെയ്തുകൊടുത്തതാണ് സൊരയാ ചെയ്ത ലൈംഗികകുറ്റം. ഇസ്‌ളാമികകോടതി അവളെ കല്ലെറിഞ്ഞുകൊല്ലാന്‍ വിധിച്ചു. വളരെ ആചാരപൂര്‍വമാണ് കല്ലെറിഞ്ഞുകൊല്ലല്‍ ചടങ്ങ് നടക്കുന്നത്. ഇത് 'വഴിതെറ്റിയ' ജിഹാദോ താലിബാന്‍ ഭീകരതയോ അല്ല. മറിച്ച് ഇന്നും ആഘോഷപൂര്‍വം കൊണ്ടാടുന്ന പരമ്പരാഗതമായ ഒരു മതാനുഷ്ഠാനമാണ്.



'പിശാച് ബാധിച്ച' സൊരയയെ ആദ്യം ആചാരപൂര്‍വം കുളിപ്പിച്ച് ശുഭ്രവസ്ത്രം ധരിപ്പിച്ചശേഷം ഇരുകൈകളും പിറകോട്ട് വെച്ചുകെട്ടി ആഘോഷപൂര്‍വം ഒരു വലിയ മൈതാനത്ത് എത്തിക്കുന്നു. ഒരു വലിയ കുഴിയെടുത്ത് അവളെ കഴുത്തോളം മണ്ണിട്ട് മൂടിയശേഷം കല്ലുകള്‍ തെരഞ്ഞെടുക്കുന്നു. ഇത് വളരെ വിശേഷപ്പെട്ട ഒരു ചടങ്ങാണ്. തീരെ ചെറിയകല്ലുകള്‍ മാറ്റിവെക്കണം. വലിയകല്ലുകളാകട്ടെ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടും. ഒറ്റ ഏറുകൊണ്ട് കുറ്റവാളി പെട്ടെന്ന് മരിച്ചാല്‍ ചടങ്ങിന്റെ ആവേശം കുറയുമല്ലോ! എറിയാന്‍ ആളെകിട്ടുമോ എന്ന സംശയം അസ്ഥാനസ്ഥാണ്. 'പിശാച് ബാധിച്ച' സ്ത്രീയെ എറിഞ്ഞുകൊന്നാല്‍ സ്വര്‍ഗ്ഗത്ത് ചെല്ലുമ്പോള്‍ പ്രത്യേക പ്രതിഫലമുണ്ട്. വന്‍ജനക്കൂട്ടമാണ് ഇത്തരം ശിക്ഷാവിധികള്‍ നടപ്പാക്കുന്നിടത്ത് തടിച്ചുകൂടുന്നത്. 'അല്ലാഹുഅക്ബര്‍' വിളിയോടെ സഹജീവിയുടെ ദുര്യോഗംകണ്ട് ആര്‍ത്തുവിളിക്കുന്ന ഈ ജനക്കൂട്ടത്തിന്റെ മനഃശാസ്ത്രം വിചിത്രമാണ്.

സൊരയയുടെ രണ്ട് ആണ്‍മക്കളെകൊണ്ട് നിര്‍ബന്ധപൂര്‍വം അവളെ തള്ളിപ്പറയിച്ചു. മാതാവിനെ ആദ്യം കല്ലെറിയേണ്ട ദുര്യോഗവും ആ കുട്ടികള്‍ക്കുണ്ടായി. സ്വമാതാവിന്റെ‚ തല തകര്‍ത്ത് അവരും മതസ്വര്‍ഗ്ഗത്തേക്കുള്ള പാസ്സ് സ്വന്തമാക്കി. ഈ ചലച്ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരില്‍ പലരും മതപീഡനം ഭയന്ന് ഇറാനില്‍നിന്നും രക്ഷപ്പെട്ട് അമേരിക്കയില്‍ അഭയം തേടിയവരായിരുന്നു. ഇതൊക്കെ വെറും സിനിമാക്കഥയായി തള്ളാന്‍വരട്ടെ. കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് ഇറാനിലെ അയത്തൊള്ള  മൊഹ്മദ് ഹഷേമി-ഷാറൗദി കല്ലെറിഞ്ഞ് കൊല്ലുന്നത് വിലക്കികൊണ്ട് 2002-ല്‍ ഔദ്യോഗിക മോറോട്ടോറിയം പ്രഖ്യാപിച്ചിരുന്നതാണ്. എന്നിട്ടും അതിനുശേഷം നിരവധിപേരെ ഇറാനില്‍ ഈ ശിക്ഷയ്ക്ക് വിധേയമായിട്ടുണ്ടെന്നാണ് വസ്തുത. മിക്കതും പുറംലോകം അറിയാറില്ല. 2006 മേയില്‍ അബ്ബാസ് എച്ച് (Abbas H), മഹ്ബൂബ് എ (Mahbubeh. A) എന്നിവരെ വടക്കുകിഴക്ക് ഇറാനിലെ മസാദില്‍ (Mashhad) വെച്ച് കല്ലെറിഞ്ഞുകൊന്നിരുന്നു. 2007 ജൂലൈയില്‍ കിഴക്ക് വടക്ക് ഇറാനിലെ ജാഫര്‍ കിയാനിയെന്ന (Jafar Kiani) യുവാവിനെ കല്ലറിഞ്ഞുകൊന്നപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

2007-ല്‍ ഇറാനിലെ സുപ്രീംകോടതി ഇത്തരത്തിലുള്ള˜ നിരവധി വധശിക്ഷകള്‍ക്ക് അന്തിമ അംഗീകാരം നല്കുകയുണ്ടായി. പരസ്യമായി കല്ലറിഞ്ഞുകൊല്ലുന്നത് നിരോധിക്കണമെന്ന 2008 ല്‍ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ‚ പൊതു അഭ്യര്‍ത്ഥനയുമുണ്ടായി. തുടര്‍ന്ന് ഇറാനില്‍ മരണം കാത്ത് ജയിലില്‍ കിടന്ന ഒമ്പത് പേരുടെ ശിക്ഷ മാറ്റവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അവരൊക്കെ രക്ഷപെട്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. നാഷണണ്‍ റസിസ്റ്റന്‍സ് ഓഫ് ഇറാന്‍ എന്ന സംഘടനയും മറ്റ് ചില മനുഷ്യാവകാശ സംഘടനകളും ഇത്തരത്തിലുള്ള മറ്റൊരു സംഭവം അടുത്തിടെ റിപ്പോര്‍ട്ട് ചൈയ്തിരുന്നു. മധ്യ ഇറാനിലെ ഇസ്ഫഹാന്‍ (Isfahan) ജയിലില്‍ 30 വയസ്സുകാരിയായ ജിലാന്‍ മൊഹ്മാദിയും (Gilan Mohammadi) അഫ്ഗാന്‍ പൗരനായ ഗോലാമലി ഇസ്‌കാന്‍ഡാരിയും (Gholamali Eskandari) കല്ലറിഞ്ഞുകൊല്ലല്‍ ശിക്ഷ കാത്ത് നാളുകളെണ്ണി നീക്കുകകയാണത്രെ.

ഇസ്‌ളാമിക നിയമനുസരിച്ച് ഒരു കന്യകയെ ഇത്തരത്തില്‍ വധിക്കാനാവില്ല. അവള്‍ മതമേധാവിമാരുടെ കണ്‍മുന്നില്‍വെച്ച് മരണശിക്ഷ കിട്ടേണ്ട കടുത്ത കുറ്റം (ഉദാ- ബുര്‍ഖ ഉയര്‍ത്തി സ്വന്തം തലമുടി അന്യപുരുഷനെ കാണിക്കുക!) ചെയ്‌തെന്നിരിക്കട്ടെ. എന്നാലും അവളെ കൊല്ലാനാവില്ല. പക്ഷേ, ഈ തടസ്സം നിസ്സാരമായി പരിഹരിക്കാവുന്നതേയുള്ളു. എങ്ങനെ? കന്യകയെ ഇസ്‌ളാമിക് സെക്യൂരിറ്റി ഗാര്‍ഡുകളെകൊണ്ട് ബലാല്‍സംഗം ചെയ്താല്‍ പ്രശ്‌നം തീര്‍ന്നു. പിന്നെയവള്‍ കന്യകയല്ലല്ലോ! വധിക്കാന്‍ നിയമതടസ്സവുമില്ല! ഇത്തരം ശിക്ഷാരീതികള്‍ ഇസ്‌ളാമികരാജ്യങ്ങളില്‍ അത്ഭുതമല്ല. ഇതൊക്കൈ കണ്ട് മറ്റുള്ളവര്‍ അത്ഭുതപ്പെടുന്നതിലേ അവര്‍ക്കത്ഭുതമുള്ളു. 'ആഭ്യന്തരപീഡനവും ബാഹ്യഭീകരത'യുമാണ് (Torture within and Terror without ) ഇസ്‌ളാം അനുവര്‍ത്തിക്കുന്നതെന്ന നിരീക്ഷണത്തിന് മുന നല്കുന്ന സാഹചര്യമാണിത്.'' (നാസ്തികനായ ദൈവം, ഡി.സി ബുക്‌സ് കോട്ടയം, പേജ് 458-461)

A scene from 'Stoning of Soraya M'
(12) സെക്യൂരിറ്റി ഗാര്‍ഡുകള്‍ കുറ്റവാളികളായ കന്യകകളെ മാനംഭഗപ്പെടുത്തി പങ്കിലകളാക്കി നരകത്തിലയക്കുന്നത് ഇറാനില്‍ ഒരു കൗതുക വാര്‍ത്തയേ അല്ല. ഈയിടെ ഇറാനില്‍ നടന്ന ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അറസ്റ്റിലായ നിരവധി വിദ്യാര്‍ത്ഥിനികളെ ജയില്‍ ഗാര്‍ഡുകള്‍ (paramilitary Basiji militia) കൂട്ടത്തോടെ മാനഭംഗപ്പെടുത്തുകയായിരുന്നു. അവര്‍ സ്വര്‍ഗ്ഗത്ത് പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയാണത്രെ ഗാര്‍ഡുകള്‍ ഈ പുണ്യകര്‍മ്മം ചെയ്യുന്നത്! വിശദാംശങ്ങളും അനുബന്ധ വിവരങ്ങള്‍ക്കും നൂറ്ക്കണക്കിന് ലിങ്കുകള്‍ ലഭ്യമാണ്. രണ്ടുമൂന്നെണ്ണം ഇവിടെ കൊടുക്കുന്നു: http://www.mererhetoric.com/2009/07/19/figures-iranian-prison-guards-rape-female-prisoners-before-execution-lest-they-go-to-paradise/(2) www.facebook.com/video/video.php?v=101968506480866 (3)ww.iran-bulletin.org/women/RAPE.html 

ആത്മീയ നേതാവ് അയത്തൊള്ള അലി ഖൊമൈനിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇറാനിയന്‍ ജയിലുകളില്‍ കന്യകയായ യുവതികള്‍ ഇത്തരത്തില്‍ നിര്‍ദ്ദയം പീഡിപ്പിക്കപ്പെടുന്നത്. വധശിക്ഷയ്ക്ക് തലേന്നാണ് 'കന്യകയായ കുറ്റത്തിന്' ഈ കഠിനശിക്ഷ. വധശിക്ഷയേക്കാള്‍ ഈ ബലാല്‍സംഗമാണ് പെണ്‍കുട്ടികളെ സംബന്ധിച്ച് വലിയ പേടിസ്വപ്നം. ഇതു ഭയന്ന് തങ്ങള്‍ കന്യകകളല്ലെന്ന് തെളിയിക്കാന്‍ ഇരകള്‍ പല സൂത്രപ്പണികളും ഒപ്പിക്കാറുണ്ട്. പക്ഷെ അതാകട്ടെ ഗാര്‍ഡുകള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് ചെയ്യുന്നത്. കാരണം കന്യകയാണെങ്കില്‍ ചില 'ഫോര്‍മാലിറ്റി'കളൊക്കെയുണ്ട്. ഗാര്‍ഡുമാര്‍ക്കിടയില്‍ നറുക്കിട്ടെടുത്ത് വേണം അന്ത്യരാത്രിയില്‍ വിവാഹം നടത്താന്‍. ശേഷം ജയിലില്‍ വെച്ച് വിവാഹസര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ച് സീലടിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കണം. കുറ്റം പറയരുതല്ലോ, ഒപ്പം വിവാഹസമ്മാനമായി ഒരു പെട്ടി നിറയെ മിട്ടായികളും വീട്ടിലെത്തിക്കും. വിവാഹശേഷം 'വരന്‍' ആദ്യരാത്രി ആഘോഷിക്കുന്നു.'വധു'വിന് പിന്നൊരു രാത്രിയില്ല! ഇതുപോലൊരു ഒരു ആദ്യരാത്രി ആഘോഷത്തിന് സാക്ഷിയായ ഒരു സെക്യൂരിറ്റി ഗാര്‍ഡ് പറയുന്നതിനെ പറ്റി താഴെ വായിക്കുക:

In the Islamic Republic it is illegal to execute a young woman, regardless of her crime, if she is a virgin, he explained. Therefore a “wedding” ceremony is conducted the night before the execution: The young girl is forced to have sexual intercourse with a prison guard – essentially raped by her “husband.”…

“I could tell that the girls were more afraid of their ‘wedding’ night than of the execution that awaited them in the morning. And they would always fight back, so we would have to put sleeping pills in their food. By morning the girls would have an empty expression; it seemed like they were ready or wanted to die. I remember hearing them cry and scream after [the rape] was over,” he said. “I will never forget how this one girl clawed at her own face and neck with her finger nails afterwards. She had deep scratches all over her.”

1. ('http://thedaleygator.wordpress.com/2011/06/25)

2. www.facebook.com/video/video.php?v=1,www.youtube.com/watch?v=KQTod8Q_R10,
3. www.foxnews.com/story/0,2933,534116,00.html, rdfi.org/index.php?...iran...guards...rape-virgins...

Basiji militia in Iran


പിറ്റേന്നു പുലര്‍ച്ചയുള്ള വധശിക്ഷയേക്കാള്‍ തലേന്നുള്ള ആദ്യരാത്രി ഭയന്നു കഴിയുകയായിരുന്നു ഈ പെണ്‍കുട്ടി. അതിന് മുമ്പ് എങ്ങനെയെങ്കിലും മരിച്ചിരുന്നെങ്കില്‍ എന്നുപോലും അവള്‍ ആഗ്രഹിച്ചു. ''സ്വന്തം നഖങ്ങള്‍കൊണ്ട് കഴുത്തും മുഖവും മാന്തിക്കീറിയ ഒരു പെണ്‍കുട്ടിയുടെ മുഖം ഞാനിന്നും മറന്നിട്ടില്ല. അവളുടെ ശരീരം നിറയെ പാടുകളുണ്ടായിരുന്നു'' എന്നാണ് ആ സെക്യൂരിറ്റി ഗാര്‍ഡ് പറഞ്ഞത്. 

ഇനി സെക്യൂരിറ്റി ഗാര്‍ഡുകള്‍ 'നിയമം പാലിക്കാനായി' ചെയ്യുന്ന ഒരു വിശുദ്ധകര്‍മ്മമായി ഇതിന ലഘൂകരിക്കരുത്. 2009 ല്‍ നെജാദിനെതിരെയുള്ള ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രോക്ഷോഭണത്തില്‍ ജയിലിലായ നൂറ് കണക്കിന് കന്യകകളെ മാനഭംഗം ചെയ്യാന്‍ അതേ ജയിലിലുള്ള അക്രമാസക്തരായ അന്തേവാസികളെ പ്രേരിപ്പിക്കുകയും അതിനായവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുകയും ചെയതതും ഇതേ സെക്യൂരിറ്റി സേനയാണ്.('Iranian Prison Guards Allegedly Give Inmates Condoms To ‘Mass Rape’ Opposition Activists, 
thedaleygator.wordpress.com/.../iranian-prison-guards-allegedly-giv.)


ഇറാന്റെ ജയിലുകളില്‍ നിന്നുയരുന്ന ഈ നിലവിളികകള്‍ പ്രിയ വായനക്കാരാ, നിങ്ങള്‍ക്ക് കേള്‍ക്കാമോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണിത് അരങ്ങേറുന്നതെന്നോര്‍ക്കുക. ഇതാണ് സൗദി കഴിഞ്ഞാല്‍ സ്ത്രീകളുടെ അടുത്ത സ്വര്‍ഗ്ഗം? ഡെന്‍മാര്‍ക്കും സ്വീഡനും നോര്‍വയുമൊക്കെ എവിടെ കിടക്കുന്നു!!

ശ്രീ.ഹുസൈന്‍, താങ്കള്‍ എ.ബി.സി ഇങ്ങോട്ടുതന്നപ്പോള്‍ ഞാനൊരു ചെറിയ ബി.ബി.സി അങ്ങോട്ടു തന്നിരുന്നു. കുത്തും കോമയുമൊക്കെ അരിച്ച് പെറുക്കിയ കൂട്ടത്തില്‍ അതിനോടൊന്നും പ്രതികരിച്ചു കണ്ടില്ല. ഏത് ലാറയാണെന്നും ചോദിച്ചിരുന്നു....അങ്ങനെ പലതും ഭവാന്‍ വിട്ടുകളഞ്ഞതായിരിക്കും. നിസ്സാരമായത് പരതി നടക്കുമ്പോള്‍ സാരമായ പലതും (ബോധപൂര്‍വം) അവഗണിക്കപ്പെടും.

(13) താങ്കള്‍ നടത്തുന്ന വ്യക്തിഹത്യയെക്കുറിച്ച്-ഓരോ പാരഗ്രാഫിലും താങ്കള്‍ എന്നെ പരിഹസിക്കുന്നുണ്ട്. സത്യത്തില്‍ ഇപ്പോഴും താങ്കള്‍ക്ക് ഇതൊക്കെയേ സാധിക്കുന്നുള്ളു എന്നത് ഖേദകരമാണ്. രണ്ടായാലും ഞാനതിനൊന്നും മറുപടി പറയുന്നില്ല. പിന്നെ, ഈ കഥയില്ലാത്ത ആവേശവും പൊട്ടിത്തെറിയുമൊന്നും ഒന്നിനും പരിഹാരമല്ല സര്‍. കാര്യങ്ങള്‍ നേരാവണ്ണം പറഞ്ഞാല്‍ മതിയല്ലോ. താങ്കളുടെ പരാക്രമവും പതഞ്ഞുചീറ്റലുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ആട്ടുകല്ലിന് കാറ്റ് പിടിക്കുന്നതുപോലയെ ഉള്ളുവെന്നറിയുക. ഇതൊക്കെ ആവര്‍ത്തനത്തിലൂടെ വായനക്കാര്‍ക്കും വല്ലാതെ ബോറായി തുടങ്ങിയെന്ന് അവരും പറയുന്നു. അതുകൊണ്ട്, ദയവായി വസ്തുനിഷ്ഠമായ കാര്യങ്ങള്‍ പറഞ്ഞാലും. രവിചന്ദ്രനും ഹുസൈനുമൊന്നും അവിടെ വരേണ്ടതില്ല. പുലിയാണെന്ന് മതവിശ്വാസികളെ ധരിപ്പിക്കാനാണോ ഈ പുലഭ്യധാര? കാര്യങ്ങള്‍ താങ്കള്‍ വ്‌സതുനിഷ്ഠമായി അവതരിപ്പിക്കൂ, അവര്‍ക്കും മനസ്സിലാകും.

(14) അമേരിക്കയെ നോക്കി കണ്ണുരുട്ടുന്നവര്‍, എത്ര അമേരിക്കന്‍ സ്ത്രീകള്‍ അമേരിക്ക സഹിക്കാനാവാതെ ഇറാനില്‍ അഭയം തേടി?, തിരിച്ചെത്ര ഇറാനിയന്‍ സ്ത്രീകള്‍ അമേരിക്കയില്‍ അഭയം തേടി എന്ന് വെറുതെ ഒന്നന്വേഷിക്കണം. ചുറ്റുവട്ടത്ത് ആദ്യംകാണുന്ന പത്ത് മുസ്‌ളീം യുവതികള്‍ക്ക് താങ്കള്‍ ഇപ്രകാരം ഒരു വാഗ്ദാനം നല്‍കിനോക്കുക:''സകുടുംബം അഫ്ഗാനിസ്ഥാനില്‍/പാകിസ്ഥാനില്‍/സൗദിയില്‍ പോയിജീവിക്കുക, എല്ലാ ജീവിതസാഹചര്യങ്ങളും ഏര്‍പ്പാടാക്കാം. കൃഷിസ്ഥലവും ഭവനവും ജോലിയുമൊക്കെയുണ്ടാവും. ഒന്നിനും ഒരു ബുദ്ധിമുട്ടുണ്ടാകില്ല. കൂടെ നല്ലൊരുതുകയും സമ്മാനവുമുണ്ട്. ശുദ്ധമായ ഇസ്‌ളാമിക ശരി-അത്ത് ജീവിതം നയിച്ച് പെട്ടെന്ന് സ്വര്‍ഗ്ഗത്തിലെത്താം.'' ജനാധിപത്യ-മതേതര സമൂഹമായ കേരളത്തിലെ വിദ്യാഭ്യാസമുള്ള, പത്രം വായിക്കുന്ന പത്ത് സ്ത്രീകള്‍ക്ക് മുന്നില്‍ ഈ വാഗ്ദാനം വെച്ചാല്‍ അതിലൊരാളെങ്കിലും സമ്മതം പ്രകടിപ്പിക്കുന്നുവെങ്കില്‍ താങ്കള്‍ പറയുന്നതില്‍ കുറച്ചെങ്കിലും കാര്യമുണ്ടെന്ന് സമ്മതിക്കാം.

(15) വെറുതെ 'പൊതുബോധ'ത്തെ കുറ്റംപറയുകയും മറ്റുള്ളവരുടെ ചിന്താശേഷിയെ പരിഹസിക്കുകയും ചെയ്തുകൊണ്ട് കാര്യമില്ല. അതൊക്കെ പോകട്ടെ, സര്‍, താങ്കള്‍ പോകുമോ? ഇപ്പോഴുള്ളതിലും ഇരട്ടി സമ്പത്തും സൗകര്യങ്ങളും Hoax Reserach തുടരാനുള്ള സര്‍വസന്നാഹങ്ങളും ഒരുക്കി സകുടുംബം പൗരത്വമടക്കം വിളിച്ചാല്‍ പാകിസ്ഥാനിലേക്ക് /അപ്ഗാനിസ്ഥാനിലേക്ക് പോകുമോ? അങ്ങനെ ചിന്തിക്കുമ്പോള്‍ തന്നെ താങ്കളുടെ ദേഹം വിറയ്ക്കുന്നില്ലേ? എഴുതി പതപ്പിക്കാനൊക്കെ എളുപ്പമാണ്. സൗദിയും ഇറാനുമൊക്കെ മഹത്തരമാണെന്ന് ഇവിടിരുന്നുകൊണ്ട് ലിങ്കിയും ക്വോട്ടിയും വീമ്പിളക്കുന്നതില്‍ കാര്യമില്ല. പാശ്ചാത്യലോകം മോശമാണെന്നും വിളിച്ചുകൂവാം. ആരും ശ്രദ്ധിക്കില്ല. പക്ഷെ ബുദ്ധിയും പ്രതിഭയുമുള്ള മുസ്‌ളീങ്ങള്‍ പാശ്ചാത്യലോകത്തേക്കാണ് വെച്ചുപിടിക്കുന്നത്. പാശ്ചാത്യലോകത്തെ മുസ്‌ളീങ്ങളാരും യാഥാര്‍ത്ഥ ശരി-അത്തിന്റെ ദേശങ്ങളിലേക്ക് പോയി വസിക്കാന്‍ ഇഷ്ടപ്പെടുന്നുമില്ല. താങ്കളുടെ ഹോക്‌സ്‌കഥകള്‍ വായിച്ച് ബുദ്ധിയും പ്രതിഭയുമുള്ള ഏതെങ്കിലും മലയാളി മുസ്‌ളീം പാശ്ചാത്യലോകത്ത് പോകാനുള്ള അവസരം വേണ്ടെന്നു വെക്കുമോ? ജമീമാ ഗോള്‍ഡ് സ്മിത്ത് വിവാഹത്തിന് മുമ്പ് ഇമ്രാന്‍ഖാനുമായുണ്ടാക്കിയ വ്യക്തിഗത കരാറിലെ പ്രധാനയിനം ഇതായിരുന്നു: തനിക്ക് 
ആവശ്യമുള്ളപ്പോള്‍ ആ നിമിഷം പാകിസ്ഥാന്‍ വിട്ടുപോരാനുള്ള അധികാരം! സാര്‍, ഓര്‍ത്താലും, യാഥാര്‍ത്ഥ്യം ആഗ്രഹിച്ച് ഇല്ലാതാക്കാനാവില്ല;വസ്തുതകളെ സ്വപ്നം കണ്ട് ആട്ടിപ്പായിക്കാനും.

Monday 25 July 2011

6. മത്സ്യകന്യകയുടെ പാട്ട്

രണ്ടാംക്‌ളാസ്സിലെ പഴയ കേരളപാഠാവലിയിലെ ഒരു കഥ ആരും അത്രപെട്ടെന്ന് മറക്കാനിടയില്ല. ഒരിടത്ത് ആഡംബരപ്രിയനും ധൂര്‍ത്തനും ഭക്തകേസരിയുമായ ഒരു രാജാവുണ്ടായിരുന്നു എന്നുപറഞ്ഞുതന്നെ തുടങ്ങട്ടെ. അദ്ദേഹത്തെ കൗശലക്കാരായ രണ്ട് നെയ്ത്തുകാര്‍ രാജകീയമായി കബളിപ്പിച്ചതാണ് കഥയുടെ പ്രമേയം. രാജാവിന് ആഡംബര വസ്ത്രങ്ങളോട് വലിയ കമ്പമാണെന്ന് മനസ്സിലാക്കിയ നെയ്ത്തുകാര്‍ ലോകത്തെ ഏറ്റവും സവിശേഷമായ വസ്ത്രം നെയ്തുകൊടുക്കാമെന്ന വാഗ്ദാനവുമായി അദ്ദേഹത്തെ സമീപിച്ചു. ഒരൊറ്റ വ്യവസ്ഥ മാത്രം: ഉന്നതബുദ്ധിയും വിവേകവും ഉള്ളവര്‍ക്ക് മാത്രമേ സ്വര്‍ണ്ണനൂലില്‍ നെയ്‌തെടുക്കുന്ന ആ തിരുവസ്ത്രം കാണാനാവൂ. കേട്ടപ്പോള്‍ ആദ്യം പന്തികേട് തോന്നിയെങ്കിലും വിവരണം കേട്ട് രാജാവ് മോഹവിവശനായി.

എന്തുവന്നാലും ആ വസ്ത്രം തനിക്കുവേണം. വൈകിയില്ല, പിറ്റേന്നുമുതല്‍ പണിതുടങ്ങാന്‍ കല്‍പ്പനയായി. മാത്രമല്ല, ഇക്കാര്യം മാലോകരെല്ലാം അറിയാനായി വിളംബരവും ഏര്‍പ്പാടാക്കി. നെയ്ത്തുകാര്‍ സ്വര്‍ണ്ണനൂലും രാജകീയസമ്മാനങ്ങളും വാങ്ങി കരാറുറപ്പിച്ചു. ദിവസവും പണിശാലയിലെത്തിഎന്തൊക്കെയോ ചെയ്യുന്നതായി അഭിനയിച്ചുവെങ്കിലും രാജകീയ സുഖസൗകര്യങ്ങള്‍ ആസ്വദിച്ച് നടന്നനെയ്ത്തുകാര്‍ പണിയൊന്നുമെടുത്തിരുന്നില്ല. ആരെങ്കിലും പരിശോധിക്കാന്‍ ചെന്നാല്‍ ഇടയ്ക്കിടെ നൂല് വലിക്കുന്നതായും ഇഴചേര്‍ക്കുന്നതായും അഭിനയിക്കും. രാജാവില്‍ ഒരേസമയം സംശയവും അക്ഷമയും കുറുകി. വസ്ത്രം നെയ്യുന്നുണ്ടോ എന്നതു തന്നെയായിരുന്നു മുഖ്യ സംശയം. പണി പൂര്‍ത്തിയാക്കാനായി പലതവണ ആവശ്യപ്പെട്ടിട്ടും കുറേക്കൂടി ബാക്കിയുണ്ടെന്നായിരുന്നു നെയ്ത്തുകാരുടെ സ്ഥിരം മറുപടി.


സഹികെട്ട് ഒരുദിവസം രാജാവും മന്ത്രിമാരും നെയ്ത്തിന്റെ 'പുരോഗതി'വിലയിരുത്താനായി പണിശാലയിലെത്തി. അവിടെ വസ്ത്രമൊന്നും കാണാനായില്ലെങ്കിലും അങ്ങനെ പരസ്യമായി സമ്മതിക്കാന്‍ രാജാവിന് നാണക്കേട് തോന്നി. കൂടെയുണ്ടായിരുന്ന മന്ത്രിമാരും സഭാംഗങ്ങളും 'മോശക്കാരാ'വാന്‍ തയ്യാറായിരുന്നില്ല. ആത്മവഞ്ചന നടത്തികൊണ്ടുതന്നെ നെയ്ത്തുകാരുടെ വാദം അവരും പിന്താങ്ങി. അതോടെ കൂടുതല്‍ ഫണ്ട് അനുവദിപ്പിക്കുന്ന കാര്യത്തിലും നെയ്ത്തുകാര്‍ വിജയംകണ്ടു. ആറാട്ടിന് തലേദിവസം വസ്ത്രം പൂര്‍ത്തിയാക്കിയാക്കണമെന്ന് അന്ത്യശാസനം നല്‍കിയാണ് രാജാവ് തിരിച്ചുപോയത്.

ആറാട്ടിന് തലേദിവസംതന്നെ വസ്ത്രം പൂര്‍ത്തിയായതായി നെയ്ത്തുകാര്‍ അറിയിച്ചു. രാജാവ്‌ പരിവാരസമേതം പണിശാലയിലെത്തി 'വസ്ത്രം'കണ്ട് ഇളിഭ്യരായി. വിശിഷ്ടമായ എന്തോ സാധനം എടുത്തുകൊടുക്കുന്ന രീതിയില്‍ നെയ്ത്തുകാര്‍ അഭിനയിച്ചു. തെല്ലൊന്ന് അമ്പരെന്നെങ്കിലും അമൂല്യനിധി ഏറ്റുവാങ്ങുന്ന ആദരവോടെ രാജാവ് വായുവില്‍നിന്നും ആ 'വസ്ത്രം' ഏറ്റുവാങ്ങി. നെയ്ത്തുകാര്‍ വിട്ടില്ല. അവര്‍ ധൈര്യസമേതം 'വസ്ത്ര'ത്തെ പുകഴ്ത്താന്‍ തുടങ്ങി. ഗതികെട്ട രാജാവിന്റെ മന്ത്രിമാരും പരിവാരവും ഒപ്പംകൂടി. അതോടെ അസാധാരണമായ ഒരു അപേക്ഷ നെയ്ത്തുകാര്‍ രാജാവിന്റെ മുന്നില്‍വെച്ചു. ''പ്രഭോ ഞങ്ങള്‍ ഇത്രയും കഷ്ടപ്പെട്ട് നെയ്ത ഈ വിശിഷ്ടവസ്ത്രം ധരിച്ചുവേണം അങ്ങ് നാളെ ആറാട്ട് ഘോഷയാത്ര നയിക്കാന്‍. അങ്ങയുടെ വസ്ത്രമഹിമ കണ്ട് അയല്‍ രാജാക്കന്‍മാര്‍ അസൂയപ്പെടട്ടെ''.


അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ രാജാവ് ദയനീയമായി മന്ത്രിമാരുടെ മുഖത്തുനോക്കി. നെയ്ത്തുകാര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നായി അവരും. പിറ്റേന്ന് സമയത്തുതന്നെ ആറാട്ട് തുടങ്ങി. രാജാവ് ആബാലവൃന്ദം ജനവും നോക്കിനില്‍ക്കെ ഈ സവിശേഷവസ്ത്രവും ധരിച്ച് ഉടവാളുമായി ഘോഷയാത്രയ്ക്ക് മുന്നില്‍! പൊന്നുതമ്പുരാനെ തൃക്കണ്‍ പാര്‍ത്ത പ്രജകള്‍ സ്തബദ്ധരായിപ്പോയി. പക്ഷെ ആരുമൊന്നും പറഞ്ഞില്ല. ചിലരാകട്ടെ ചിരിയടക്കാന്‍ പാടുപെട്ടു. മറ്റുചിലര്‍ വസ്ത്രത്തിന്റെ സവിശേഷതകള്‍ വര്‍ണ്ണിച്ച് തങ്ങളുടെ കേമത്തരം മറ്റുള്ളവരെ ബോധ്യപ്പെടുത്തി. കുറേക്കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ കുഴപ്പമില്ലെന്ന് രാജാവിനും തോന്നി. പക്ഷെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന ഒരു ബാലന് മാത്രം സംഗതിയുടെ ഗൗരവവും 'വസ്ത്ര'ത്തിന്റെ ഗരിമയും പിടികിട്ടിയില്ല. ''അയ്യേ രാജാവിതാ ഉടുതുണിയില്ലാതെ പോകുന്നേ''എന്നവന്‍ വിളിച്ചുകൂവി.


സ്വയംവഞ്ചിച്ചും അന്യരെ കബളിപ്പിച്ചും വിചിത്രമായ ഗ്രഹണശേഷി അവകാശപ്പെട്ടും ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം അവന്റെ നേരെ തിരിഞ്ഞു.. അന്ന് ആ വിശിഷ്ടജനത്തിന്റെ ഭര്‍ത്സനം ഏറ്റുവാങ്ങി പലായനം ചെയ്യേണ്ടിവന്ന ബാലനാണ് എല്ലാ നാസ്തികരുടേയും കുലപിതാവ്. രാജാവിനെ കബളിപ്പിച്ച നെയ്ത്തുകാര്‍ മതപുരോഹിതരുടെ മുന്‍ഗാമികളും. ആദ്യത്തെ വിഡ്ഢിയെ കണ്ടുമുട്ടിയ ആദ്യത്തെ ചതിയനാണ് മതം തുടങ്ങിവെച്ചതെന്ന സത്യം സരളമായി പ്രതിപാദിക്കുന്ന കഥയാണിത്.

നമ്മുടെ ബുദ്ധിക്കും യുക്തിക്കുമപ്പുറം കാര്യങ്ങളില്ലേ? എല്ലാം പരിമിതമായ യുക്തിക്കും ബുദ്ധിക്കും വഴങ്ങണമെന്ന വാദം അഹങ്കാരമല്ലേ? മതവിശ്വാസത്തെ സാധൂകരിക്കാന്‍ ഉപയോഗിക്കുന്ന ഒരു പഴഞ്ചന്‍ ചോദ്യമാണിത്. ''യുക്തിക്കപ്പുറം കാര്യങ്ങളുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അത് നിങ്ങള്‍ക്കെങ്ങനെയറിയാം?'' ചിന്തിച്ചുനോക്കുമ്പോള്‍ സാധ്യതയുണ്ട് എന്നാണ് ഉത്തരമെങ്കില്‍ സ്വന്തം യുക്തിയുപയോഗിച്ചാണ് നിങ്ങള്‍ ആ നിഗമനത്തിലെത്തുന്നത്. ആ നിലയ്ക്ക് ആ അനുമാനംപോലും യുക്ത്യാതീതമല്ല.


''ആകട്ടെ അങ്ങനെയൊന്നുണ്ടെന്ന് വെറുതെ സങ്കല്‍പ്പിക്കുക. നിങ്ങള്‍ക്ക് അതെങ്ങനെയറിയാം?''
'യുക്തിക്ക് അതീതമായി കാര്യങ്ങളുണ്ടാകാമെന്നും അതുകൊണ്ട് അത്തരം സാധ്യതകള്‍ കണ്ണുമടച്ച് നിരാകരിക്കരുതെന്നുമാണ് എന്റെ അഭിപ്രായം'
''ശരി, ജീവിതത്തില്‍ ഏതെങ്കിലും കാര്യങ്ങളില്‍ യുക്ത്യാതീതമായ കാര്യങ്ങളെ ആധാരമാക്കി തീരുമാനമെടുക്കുന്നത് സ്വീകാര്യമാണോ?''
'അല്ല'
''പിന്നെന്തുകൊണ്ട് മതവിശ്വാസത്തിന്റെ കാര്യത്തില്‍ അതാവശ്യപ്പെടുന്നു?''
'കാരണം ലളിതം. അതല്ലാതെ പറ്റില്ല. ദൈവം യുക്തിക്ക് അതീതനാണെന്ന് പറഞ്ഞാല്‍ പിന്നെ യുക്തിപരമായി ന്യായീകരിക്കുകയോ തെളിവ് ഹാജരാക്കുകയോ ചെയ്യേണ്ടതില്ലല്ലോ. യുക്ത്യാതീതവാദം ദൈവത്തിന്റെ രക്ഷാമാര്‍ഗ്ഗമാണ്.'

യുക്ത്യാതീതവാദത്തിലൂടെ (beyond the reason argument) ദൈവത്തെ മാത്രമല്ല 'എന്തിനേയും' തെളിവുകളില്ലാതെ രക്ഷപെടുത്താം. യുക്തിസഹമല്ലാത്തവ സാധൂകരിക്കാനായി ആദ്യം യുക്ത്യാതീതമായ കാര്യങ്ങളുണ്ടെന്ന വികലയുക്തി ആദ്യം അവതരിപ്പിക്കുന്നു. തുടര്‍ന്ന് ഈ വികലയുക്തി ദൈവത്തിന് അനുകൂലമാണെന്ന് വാദിക്കുന്നു. അങ്ങനെ ദൈവമുണ്ടെന്ന് സമര്‍ത്ഥിക്കുന്നു! ഇല്ലാത്ത ദൈവത്തെ സാധൂകരിക്കാനായി ഇല്ലാത്ത യുക്ത്യാതീതജ്ജാനം തുണ. ഒരു നുണ രക്ഷിക്കാന്‍ മറ്റൊരു നുണ. ഇനി, ആലോചിച്ചുനോക്കുക, ദൈവംപോലും ഒരു 'മതയുക്തി'യാണ്. യുക്ത്യാതീതമായ കാര്യങ്ങളുണ്ടെങ്കില്‍ അതെങ്ങനെ ദൈവം ഉണ്ടെന്നുള്ളതിന്റെ തെളിവാകും? അത് ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവായിക്കൂടേ?! ഉണ്ടെന്നോ ഇല്ലെന്നോ സ്ഥിരീകരിക്കാത്ത തികച്ചും അപ്രസക്തമായ തെളിവായിക്കൂടേ?! യുക്തിക്കപ്പുറമുള്ള 'തെളിവു'കളെപ്പറ്റി വിശ്വാസി വാചാലനാകുന്നത് തനിക്കുള്‍പ്പെടെ ആര്‍ക്കുമത് അറിയാനാവില്ലെന്ന് ആശ്വസിച്ചാണ്. മരണശേഷം സ്വര്‍ഗ്ഗം ലഭിക്കുമെന്ന വാഗ്ദാനം പോലെയാണത്. മരണശേഷം തീയതിവെച്ച ഒരു വാഗ്ദാനവും ലംഘിക്കപ്പെടില്ല. എന്തെന്നാല്‍'കരാര്‍ലംഘനം'പരാതിപ്പെടാന്‍ ആരുമെത്തില്ല.

മതവിശ്വാസം ഒരു പടുകൂറ്റന്‍ അവകാശവാദമാണ്. അമാനുഷികവും അത്ഭുതാവഹവുമായ ശേഷിയുണ്ടെങ്കിലേ മത'സത്യ'ങ്ങള്‍ ഗ്രഹിക്കാനാവൂ. എന്നാല്‍, വിനയം കൊണ്ടാവണം, അത്തരം കഴിവുകളെന്തെങ്കിലും ഉള്ളവനാണ് താനെന്ന നേരീയ സൂചനപോലും നിത്യജീവിതത്തില്‍ മതവിശ്വാസി നല്‍കാറില്ല. നിരക്ഷരനായ സാധാരണക്കാരനും ചക്കയും മാങ്ങയും തമ്മില്‍ തിരിച്ചറിയാത്ത മന്ദബുദ്ധിയും അതിതീവ്രമതവിശ്വാസിയാണ്! ബൗദ്ധികശേഷി കുറയുന്നതിനനുസരിച്ച് ദൈവപ്രേത വിശ്വാസങ്ങള്‍ക്ക് കനംകൂടും. പട്ടാപ്പകല്‍ ഒരു കൊമ്പനാന മുന്നില്‍ വന്നുനിന്നാലും ഒന്നും കാണുന്നില്ലെന്ന് പരാതിപ്പെടുന്നവരും വെടിവെച്ചശേഷം വരുന്ന പുകയുടെ കാരണമന്വേഷിക്കുന്നവരും അത്രീന്ദ്രിയം, ബ്രഹ്മജ്ജാനം, നെഗറ്റീവ് എനര്‍ജി, സ്വര്‍ഗ്ഗീയവിരുന്ന് എന്നൊക്കെ കേള്‍ക്കുമ്പോള്‍ പ്രേതത്തെ കണ്ട നായയെപ്പോലെ ചാടിയേഴുന്നേറ്റ് ബഹളമുണ്ടാക്കുന്നു! ചലച്ചിത്രതാരം ബാലചന്ദ്രമേനോന്‍ പറയുന്നതുപോലെ 'അവര്‍ക്കെല്ലാം മനസ്സിലായി'!

ഇന്ദ്രിയങ്ങളുടെ കണക്കെടുത്താല്‍ മതവാദിക്ക് കുറഞ്ഞത് ഒരെണ്ണമെങ്കിലും കൂടുതലാണ്. ഇന്ദ്രിയതീതമായി സഞ്ചരിച്ചും യുക്തിക്കതീതമായി മനനം ചെയ്തും പ്രപഞ്ചസത്യങ്ങളുടെ കുരുക്കഴിച്ച് കളിക്കുകയാണ് മതവാദികളുടെ ഇഷ്ടവിനോദം.

'ദൈവം'പൊതുവില്‍ രണ്ടുതരം-ദാര്‍ശനികദൈവവും (Philosopher's god) മതദൈവവും(Religious god). ശരാശരി മതവിശ്വാസിയുടെ പ്‌ളക്കാര്‍ഡാണ് മതദൈവം. ഒരു എഡിഷന്‍ മാത്രമുള്ള പുസ്തകം പ്രസിദ്ധീകരിക്കുകയും ചില തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ മനുഷ്യരുടെ ദൈനംദിനകാര്യങ്ങള്‍ വരെ അതിസൂക്ഷ്മം നിരീക്ഷിച്ച് മരുന്നുകുറിക്കുകയും ചെയ്ത ഒരു ആകാശപൗരനാണ് ഈ ദൈവം. 99 ശതമാനം വിശ്വാസികളും ഈ പൗരന്റെ പിന്നാലെയാണ്. 'ദാര്‍ശനികദൈവം'കേവലമായ ഒരു ബൗദ്ധികവ്യായാമം മാത്രം(അധരവ്യായാമം എന്ന പദമാണ് കൂടുതല്‍ ഉചിതം). പക്ഷെ മതദൈവത്തെ രക്ഷിക്കാനായി ഈ കാര്‍ഡിറക്കുന്നവര്‍ ധാരാളം. 'മതാതീത ആത്മീയവാദി'കളൊക്കെ ഉയര്‍ത്തിക്കാട്ടുന്ന ഒന്നും ബാധകമല്ലാത്ത, എല്ലാത്തിനും ഉപരിയായ (beyond laws, beyond all)'ശക്തിയും' മറ്റും ഈ വകുപ്പില്‍ പെടും. മതാതീത ആത്മീയത (Irreligious spirituality) സത്യത്തില്‍ 'മതാതീത'മോ 'ആത്മീയ'മോ അല്ല. നൂറ് ശതമാനം മതപരവും ഭൗതികവുമാണത്. എല്ലാ 'മതാതീതആത്മീയവാദി'കളും പരാജയപ്പെട്ട മതദൈവവാദികളാണ്. നിരാശക്കടിപ്പെട്ട മതാതീതആത്മീയവാദി അവസാനം നിഗൂഡതാവാദിയായും പരിണമിക്കുന്നു. Spiritualist is a defeated believer; and a frustrated spiritualist becomes a mystic.


മതദൈവം വിലക്ഷണവും അപ്രതിരോധ്യവുമെന്ന് മനസ്സിലാക്കുന്ന മിടുക്കരൊക്കെ 'ദാര്‍ശനികദൈവ'ത്തെ പരിചയാക്കും. മതദൈവത്തിന് വേണ്ടിയുള്ള രക്ഷാശ്രമമായിതിനെ കാണാം. ആംബുലന്‍സില്‍ മയക്കുമരുന്ന് കടത്തുന്നതിന് സമാനമാണിത്. 'ദാര്‍ശനികദൈവം'നൂറ് ശതമാനം മതവിരുദ്ധമാണ്. പക്ഷെ അത്തരത്തിലൊന്ന് ദാര്‍ശനിക തലത്തിലെങ്കിലും സാധുവാണോ എന്നത് വേറെ ചോദ്യമാണ്. ഈ സവിശേഷ ദൈവത്തിന് ഈ പ്രപഞ്ചമോ ഇവിടുത്തെ നിയമങ്ങളോ ബാധകമല്ലെന്നുകൂടി അവകാശപ്പെടുന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. ഒരു നിര്‍വചനം കൊടുത്താല്‍ ഈ സൂപ്പര്‍ദൈവത്തിന്റെ വെടി അതോടെ തീരും. വാസ്തവത്തില്‍ ഈ സൂപ്പര്‍ദൈവവുമായി നടക്കുന്ന മിക്കവരുടേയും കീശയിലും സ്വമതത്തിന്റെ പഴഞ്ചന്‍ കുട്ടിദൈവമുണ്ടായിരിക്കും. ശുദ്ധമതവിശ്വസികളെക്കാള്‍ ബൗദ്ധിക കാപട്യമുള്ളവരാണ് ഇക്കൂട്ടര്‍. തന്റെ മതദൈവവും വേദപുസ്തകവും അവര്‍ ചര്‍ച്ചകളില്‍ നിന്നും ബോധപൂര്‍വം ഒഴിവാക്കും. 'ദാര്‍ശനികദൈവം' ഉണ്ടെന്നുവന്നാലും ഇല്ലെന്നുവന്നാലും അത് മതദൈവവിരുദ്ധമാണെന്ന സത്യം ഇക്കൂട്ടര്‍ സൗകര്യപൂര്‍വം അവഗണിക്കും.

എന്താണ് യാഥാര്‍ത്ഥ്യം? നമുക്ക് സങ്കല്‍പ്പത്തിലൂടെയും അനുഭവത്തിലൂടെയും നിലവില്‍വരുത്താവുന്ന നിരവധി കാര്യങ്ങളുണ്ട്. നാം സങ്കല്‍പ്പിക്കുന്നത് നിറുത്തിയാലും തുടരുന്നതെന്തോ അതാണ് യാഥാര്‍ത്ഥ്യം(Reality is something that continues to exist even when we cease to believe). ഉദാഹരണമായി നമുക്ക് സങ്കല്‍പ്പത്തിലൂടെ ഒരു അതീതശക്തിയെ നിലവില്‍ വരുത്താനാവും. സങ്കല്‍പ്പം റദ്ദാക്കപ്പെടുമ്പോള്‍ ആ 'ശക്തിയും' ഇല്ലാതാകുന്നു. ദൈവ-പ്രേത-പിശാചാദികള്‍ അത്തരം സങ്കല്‍പ്പങ്ങളാണ്. അവ യാഥാര്‍ത്ഥ്യവിരുദ്ധമെന്ന് സാരം. ദൈവം ഉണ്ടാകണമെങ്കില്‍ ദൈവമുണ്ടെന്ന് ആരെങ്കിലും സദാ സങ്കല്‍പ്പിച്ചുകൊണ്ടിരിക്കണം. പ്രസ്തുത സങ്കല്‍പ്പത്തെ ആധാരമാക്കി സ്വാനുഭവങ്ങളെ വക്രീകരിക്കുകയും വേണം. വിശ്വാസി സങ്കല്‍പ്പിക്കുന്നത് നിറുത്തുമ്പോള്‍ ദൈവം മരിക്കുന്നു.

മൂര്‍ത്തം (concrete) അമൂര്‍ത്തം (abstract) എന്നൊക്കെ നാം സാധാരണ വ്യവഹാരഭാഷയില്‍ പരാമര്‍ശിക്കാറുണ്ട്. വാസ്തവത്തില്‍ മൂര്‍ത്തതയും അമൂര്‍ത്തതയും ദ്രവ്യജന്യമായ ഗുണവിശേഷങ്ങളാണ്. ദ്രവ്യപ്രപഞ്ചമാണ് രണ്ടിന്റേയും അടിസ്ഥാനം. രണ്ടും പ്രപഞ്ചപരവും അനുഭവവേദ്യവുമാണ്. പ്രപഞ്ചബാഹ്യവും ദ്രവ്യാതീതവുമായ യാതൊന്നും രണ്ടിലുമില്ല. ഗുണത്തിലും തോതിലും മാത്രമാണിവിടെ ഭിന്നതയുള്ളത്. അമൂര്‍ത്തം എന്നാല്‍ ഇന്ദ്രിയാതീതമാണെന്ന് വാദിക്കുന്നവര്‍ ഇന്ദ്രിയം എന്തെന്ന് ഗ്രഹിക്കാത്തവരാണ്. ഇന്ദ്രിയങ്ങളെ പ്രാഥമികം, ദ്വിതീയം എന്നിങ്ങനെ രണ്ടായി തിരിക്കാം. രണ്ടും തത്വത്തില്‍ ഒന്നുതന്നെ. ഇന്ദ്രിയകേന്ദ്രമായ മസ്തിഷ്‌ക്കമാണ് പ്രഥമം. അതായത് മസ്തിഷ്‌ക്കമാണ് പരമേന്ദ്രിയം. പഞ്ചേന്ദ്രിയങ്ങള്‍ ദ്വിതീയമാണ്.

ഒരു പഴം തോട്ടി കൊണ്ട് അടര്‍ത്തിയിടുമ്പോള്‍ തോട്ടി നമ്മുടെ കൈയാവുകയാണ്. കൈയാകട്ടെ പരമേന്ദ്രിയമായ മസ്തിഷ്‌ക്കവും. ഫലത്തില്‍ പഴം അടര്‍ത്തിയെടുക്കുന്നത് മസ്തിഷ്‌ക്കമാണ്. മസ്തിഷ്‌ക്കമില്ലാതെ പഞ്ചേന്ദ്രിയങ്ങളില്ല. പഞ്ചേന്ദ്രിയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ അവയവങ്ങളും മസ്തിഷ്‌ക്കത്തിന്റെ മൂര്‍ത്തരൂപങ്ങളാകുന്നു (All organs are the extension and gross manifestations of brain). എല്ലാ അവയവവും മസ്തിഷ്‌ക്കം പരിണമിച്ചുണ്ടായതാകുന്നു. മസ്തിഷ്‌ക്കം നശിക്കുമ്പോള്‍ അവയവങ്ങള്‍ നിലയ്ക്കുന്നു. നേത്രം കാഴ്ചയെ സഹായിക്കുന്നുണ്ട്. എന്നാല്‍ കാഴ്ചയും കേഴ്‌വിയും മസ്തിഷ്‌ക്കപ്രവര്‍ത്തനങ്ങളാണ്. ഗോളീയവിപഥനം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ഒഴിവാക്കി ബാഹ്യലോകത്തെ പ്രകാശം ശേഖരിച്ച് തലച്ചോറിലെ പ്രകാശസംവേദിനികളില്‍ എത്തിക്കുന്ന അവയവവ്യവസ്ഥയാണ് നേത്രങ്ങള്‍. നേത്രം കാഴ്ച സൗകര്യപ്പെടുത്തുന്ന മസ്തിഷ്‌ക്കത്തിന്റെ ബാഹ്യരൂപമാകുന്നു. എത്ര മികവുറ്റ നേത്രങ്ങളുണ്ടെങ്കിലും മസ്തിഷ്‌ക്കം കാഴ്ച നിര്‍മ്മിച്ചില്ലെങ്കില്‍ നാം കാണില്ല. മസ്തിഷ്‌ക്കം പ്രവര്‍ത്തനക്ഷമമെങ്കില്‍ നേത്രം മാറ്റിവെച്ചാലും വിരോധമില്ല. എല്ലാ അനുഭവങ്ങളും മസ്തിഷ്‌ക്കത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളാകുന്നു.


 കല്ല് മൂര്‍ത്തമായ വസ്തുവാകുന്നത് അത് പഞ്ചേന്ദ്രിയങ്ങള്‍ക്ക് വഴങ്ങുന്നതുകൊണ്ടാണ്. കാരണം അതിന് 'ദ്രവ്യപരത' എന്ന ഗുണം കൂടുതലാണ്. നമുക്കത് കണ്ടറിയാം,തൊട്ടറിയാം. സുഗന്ധത്തിന് 'ദ്രവ്യപരത'കുറവാണെങ്കിലും അത് മൂര്‍ത്തമാണ്, കാരണം നമുക്കത് മണത്തറിയാം. പക്ഷെ ഇവിടെ തൊടുന്നതും മണക്കുന്നതും മസ്തിഷ്‌ക്കമാണ്. അസൂയയും പ്രണയവും അമൂര്‍ത്തമാണെന്ന് നാം പറയും. പഞ്ചേന്ദ്രിയശേഷിക്ക് പ്രത്യക്ഷത്തില്‍ അതീതമാണത്. പക്ഷെ പരമാര്‍ത്ഥത്തില്‍ പഞ്ചേന്ദ്രിയങ്ങള്‍ തന്നെയാണ് അത് പരമേന്ദ്രിയത്തില്‍ രേഖപ്പെടുത്തുന്നത്. സൗന്ദര്യം അമൂര്‍ത്തമാണെങ്കിലും മൂര്‍ത്തമായ വസ്തുക്കളാണ് അത് സൃഷ്ടിക്കുന്നത്. അമൂര്‍ത്തം എന്നാല്‍ കുറഞ്ഞ ദ്രവ്യപരതയുള്ള എന്നുകണ്ടാല്‍മതി-അതായത് നമുക്ക് പെട്ടെന്നു തിരിച്ചറിയാവുന്ന ദ്രവ്യരൂപമില്ലാത്തവ. പഞ്ചേന്ദ്രിയങ്ങളെ കുറഞ്ഞയളവില്‍ ആശ്രയിച്ചാണ് പരമേന്ദ്രിയം അത് രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ അവയുടെ ബാഹ്യതെളിവുകള്‍ നമ്മെ സംബ്ധിച്ചിടത്തോളം പരോക്ഷ(indirect)മായിരിക്കും. അമൂര്‍ത്തമെന്നാല്‍ പ്രപഞ്ചബാഹ്യവും ദ്രവ്യാതീതവും തെളിവ് ഹാജരാക്കാന്‍ ബാധ്യതയില്ലാത്ത എന്തോ ആണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്.  

അസൂയയും പ്രണയവും തെളിയക്കപ്പെടുന്നത് അതിനടിപ്പെടുന്ന വ്യക്തിയുടെ വാക്കും പ്രവര്‍ത്തിയും ആധാരമാക്കിയാണ്. അസൂയക്കാരനാണ് അസൂയയുടെ തെളിവ്; കാമുകനാണ് പ്രണയത്തിന്റെ തെളിവ്. ഭക്തന്‍ ഭക്തിയുടേയും ഭക്തി ഭക്തന്റേയും തെളിവാകുന്നു. വിശ്വാസവും അവിശ്വാസവും അഭിനയിക്കാനാവും. പക്ഷെ ശരിയായ പരീക്ഷണങ്ങള്‍ അതിജീവിക്കാന്‍ അത്തരം വ്യാജനിലപാടുകള്‍ക്കാവില്ല. പ്രണയവും ഭക്തിയുമൊക്കെ വളരെ കൃത്യമായി അളക്കപ്പെടുന്നുണ്ട്. യാതൊരു പരിശീലനവുമില്ലാതെ സദാ നാമത് ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാം അളക്കാന്‍ സ്‌കെയിലും ത്രാസും വേണമെന്ന ശാഠ്യം യുക്തിഹീനമാണ്.'വിവാഹശേഷം നിങ്ങള്‍ക്കെന്നോട് പണ്ടത്തെപ്പോലെ സ്‌നേഹമില്ലെ'ന്ന് പരാതിപ്പെടുന്ന ഭാര്യ വിവാഹദിവസമുതല്‍ സ്‌നേഹത്തിന്റെ പരിണാമവും പരിമാണവും അതിസൂക്ഷ്മമായി അളക്കുകയായിരുന്നുവെന്ന് വ്യക്തം.

പ്രപഞ്ചം ഒരു കിനാവല്ല, അതൊരു യാഥാര്‍ത്ഥ്യമാണ്. പ്രപഞ്ചം ഒന്നായാലും പലതായാലും പ്രപഞ്ചബാഹ്യം എന്നൊന്നില്ല. പ്രപഞ്ചം അകത്തേക്കും പുറത്തേക്കും പ്രപഞ്ചത്തിലേക്ക് തുറന്നിരിക്കുന്നു. അതിന് അകവും പറുവുമില്ല. പ്രപഞ്ചബാഹ്യം, പ്രപഞ്ചാതീതം എന്നൊക്കെയുള്ള ഭാവനാവ്യായാമങ്ങള്‍ പ്രപഞ്ചത്തിന്റെ അസ്തിത്വം നമ്മില്‍ സൃഷ്ടിക്കുന്ന വ്യാജപ്രതീതികളാണ്. പ്രപഞ്ചാതീതം എന്ന കല്‍പ്പനപോലും പ്രപഞ്ചത്തെ ആധാരമാക്കിയുള്ളതാണ്. ദ്രവ്യപ്രപഞ്ചവും അത് സൃഷ്ടിക്കുന്ന ബോധപ്രപഞ്ചവും വാസ്തവത്തില്‍ ഈ പ്രപഞ്ചത്തിന്റെ തെളിവ് മാത്രമാണ്. പ്രപഞ്ചത്തിന്റെ തെളിവ് പ്രപഞ്ചം തന്നെ. എല്ലാത്തരം ബൗദ്ധികവ്യായാമങ്ങളും ഈ പ്രപഞ്ചത്തിന്റെ തെളിവാകുന്നു. തീതുപ്പുന്ന ചൈനീസ് വ്യാളിയെ കിനാവ് കാണുന്നയാള്‍ തെളിയിക്കുന്നത് അയാളുണ്ടെന്നും അയാളുടെ മസ്തിഷ്‌ക്കത്തില്‍ അതനുസരിച്ചുള്ള ഒരു വ്യാജവിവരം(false data) രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ്. അതല്ലാതെ തീതുപ്പുന്ന വ്യാളി യാഥാര്‍ത്ഥ്യമാണന്നല്ല. അയാള്‍ കൈവിട്ടാല്‍ പിന്നെ ആ വ്യാളി ഒരുനിമിഷം ജീവിക്കില്ല.


അമൂര്‍ത്തം, മൂര്‍ത്തം എന്നീ വ്യാവഹാരിക സംജ്ഞകള്‍ പരാമര്‍ശിക്കപ്പെട്ടുകഴിഞ്ഞു. ഇനിയുള്ളത് അമൂര്‍ത്തമായ തെളിവ്(abstract evidence), മൂര്‍ത്തമായ തെളിവ് (concrete evidence)എന്നിവയുടെ നിര്‍വചനമാണ്. ഈ സങ്കേതങ്ങള്‍ താത്വികമായി തന്നെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. തെളിവും(evidence)കല്‍പ്പനയും(fancy) വ്യത്യസ്തമാണ്. അമൂര്‍ത്തമായ കല്‍പ്പനയും(abstract fancy) അമൂര്‍ത്തമായ തെളിവും (abstract evidence)സമാനമല്ല. 'അമൂര്‍ത്തമായ തെളിവ്' യഥാര്‍ത്ഥത്തില്‍ മൂര്‍ത്തമായ ഭാവനയാണ്(concrete fancy). ഏതൊന്നും 'അമൂര്‍ത്ത തെളിവാ'യി സ്വീകരിക്കപ്പെടണമെങ്കില്‍ ആയത് നിര്‍ബന്ധമായും മൂര്‍ത്തമായി സാധൂകരിക്കപ്പെടണം. അല്ലാത്തിടത്തോളം അത് കേവലം അമൂര്‍ത്ത കല്‍പ്പന മാത്രം. ഒരുദാഹരണം നോക്കാം:ശില്പിയുടെ മസ്തിഷ്‌ക്കത്തില്‍ ശില്‍പ്പമുണ്ട്. ഇത് അമൂര്‍ത്ത കല്‍പ്പനയാണ്. ശില്പി അത് മണലും സിമന്റും കുഴച്ച് ഒരു ശില്‍പ്പമാക്കുമ്പോള്‍ അത് അമൂര്‍ത്തമായ തെളിവായി(abstract evidence)എന്ന് സോപാധികമായി അവകാശപ്പെടാം. സിമന്റ് ശില്‍പ്പം ഒരു മൂര്‍ത്തമായ തെളിവല്ലേ? തീര്‍ച്ചയായും അത് മൂര്‍ത്തമായ തെളിവില്‍ പെട്ടതാണ്. പക്ഷെ എന്തിന്റെ? സിമിന്റ് പ്രതിമ സിമന്റിന്റേയും മണലിന്റേയും മൂര്‍ത്തമായ തെളിവാകുന്നു. അതേസമയം അത് ശില്‍പ്പിയുടെ മസ്തിഷ്‌ക്കത്തിലെ അമൂര്‍ത്തഭാവനയുടെ അമൂര്‍ത്ത തെളിവായി അവതരിപ്പിക്കാം. പക്ഷെ അങ്ങനെ അംഗീകരിക്കപ്പെടണമെങ്കില്‍ അതിന് മൂര്‍ത്തീകരണം(materialization)ആവശ്യമാണ്.


'മത്സ്യകന്യക'യുടെ സിമന്റ് ശില്‍പ്പം പരിഗണിക്കുക. 'മത്സ്യകന്യക'എന്ന അമൂര്‍ത്ത ഭാവനയുടെ അമൂര്‍ത്ത തെളിവായി ആ ശില്‍പ്പം ഒരാള്‍ അവതരിപ്പിക്കുന്നു എന്നിരിക്കട്ടെ. ആയത് അംഗീകരിക്കപ്പെടണമെങ്കില്‍ മുമ്പു സൂചിപ്പിച്ചതുപോലെ അത് മൂര്‍ത്തമായി സാധൂകരിക്കപ്പെടണം. എന്താണതിന്റെ മൂര്‍ത്തമായ തെളിവ്? തീര്‍ച്ചയായും അതൊരു അസ്സല്‍'മത്സ്യകന്യക'യായിരിക്കും. എന്നാല്‍ അങ്ങനെയൊന്നില്ല. അതിനാല്‍ 'മത്സ്യകന്യക'യുടെ അമൂര്‍ത്തമായ തെളിവ് കേവലം അമൂര്‍ത്തമായ ഭാവനയായി പരിമിതപ്പെടുന്നു. 'മത്സ്യകന്യക' എന്ന ശില്‍പ്പം കേവലം മൂര്‍ത്ത ഭാവനയാണ്. മൂര്‍ത്തമാണെങ്കിലും 'മത്സ്യകന്യക'യുടെ മൂര്‍ത്തമായ തെളിവ് അതല്ലല്ലോ.ആയതിനാല്‍ 'മത്സ്യകന്യക'യ്ക്ക് മൂര്‍ത്തമോ അമൂര്‍ത്തമോ ആയ തെളിവില്ല. ഇവിടെ മത്സ്യകന്യകയ്ക്ക് പകരം ഒരു കുതിരയുടെ ശില്‍പ്പമാണെങ്കിലോ? കുതിരയെ സംബന്ധിച്ച അമൂര്‍ത്തഭാവനയില്‍ പ്രേചോദിതതനായി ഒരാള്‍ കുതിരയുടെ ഒരു ശില്‍പ്പം നിര്‍മ്മിക്കുന്നുവെന്നിരിക്കട്ടെ. ആ ശില്‍പ്പം കുതിരയുടെ അമൂര്‍ത്തമായ തെളിവായി സോപാധികമായി അവതരിപ്പിക്കാം; ഒപ്പം നിര്‍മ്മാണവസ്തുവിന്റെ മൂര്‍ത്തമായ തെളിവുമാണത്. കുതിരയുടെ മൂര്‍ത്തമായ തെളിവ് ജീവനുള്ള ഒരു കുതിര തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുണ്ട്. അതിനാല്‍ കുതിരയ്ക്ക് മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളുണ്ട്. 'മത്സ്യകന്യക'യ്ക്കതില്ല, ദൈവത്തിനുമില്ല. അവ കേവലം അമൂര്‍ത്ത ഭാവനകള്‍ (abstract fancy)മാത്രമാണ്.



തോന്നലുകള്‍ തെളിവുകളല്ല;തെളിവിലേക്കുള്ള സൂചകങ്ങളായേക്കാമെങ്കിലും. ഭൂമി പരന്നതാണെന്ന തോന്നലും സൂര്യന്‍ ഉദിക്കുന്നുവെന്ന തോന്നലും വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല.  പ്രപഞ്ചാതീതമായവ പ്രാപഞ്ചികമായവയുടെ(നമ്മുടെ ബോധമുള്‍പ്പടെ)തെളിവാകില്ല. പ്രപഞ്ചാതീതവും ദ്രവ്യാതീതവുമായ ഒന്നിനെ കുറിച്ചുള്ള ചര്‍ച്ചപോലും ആദ്യഘട്ടത്തില്‍ റദ്ദാക്കപ്പെടും. കാരണം ആ ചര്‍ച്ചപോലും പ്രപഞ്ചപരമാണ്. പ്രപഞ്ചാതീതദൈവം ആരുടേയും ദൈവമല്ല. കാരണം അത് പ്രപഞ്ചാതീതമാണല്ലോ! കഴുത്തറുക്കുന്നതും കൈവെട്ടുന്നതും ആ ദൈവത്തിന് ഇഷ്ടമാകുമെന്ന ചിന്ത വികലമാണ്. ഒന്നുകില്‍ ദൈവത്തെ പ്രാപഞ്ചികമാക്കണം അല്ലെങ്കില്‍ പ്രപഞ്ചാതീതം. ആദ്യത്തെ സാഹചര്യത്തില്‍ തീര്‍ച്ചയായും അതിന് മൂര്‍ത്തമോ അമൂര്‍ത്തമോ ആയ തെളിവില്ല. രണ്ടാമത്തെ സാഹചര്യത്തില്‍ അത് ചര്‍ച്ചചെയ്യാനാവാത്ത വിധം അപ്രസ്‌കതവുമാണ്. ദ്രവ്യാതീതവും പ്രപഞ്ചാതീതവുമായ തെളിവ് 'അമൂര്‍ത്തമായ തെളിവ'ല്ല-അത് കേവലം തെളിവില്ലായ്മയാണ്. നമ്മുടെ പ്രപഞ്ചത്തില്‍ അങ്ങിനെയൊന്നിന് യാതൊരു പ്രസക്തിയുമില്ല. അത് ശരിയല്ലെന്ന് മാത്രമല്ല, തെറ്റുപോലുമല്ല. നിങ്ങള്‍ മത്സ്യകന്യകയുടെ പാട്ട് ശ്രദ്ധിച്ചിട്ടുണ്ടോ? ക്ഷമിക്കണം ശബ്ദരഹിതമാണത്,നിങ്ങള്‍ക്കത് ശ്രവിക്കാന്‍ നേത്രങ്ങളുമില്ല!


പ്രപഞ്ചത്തിന് ഏകകാരണമില്ല. അങ്ങനെയൊന്ന് സങ്കല്‍പ്പിക്കാന്‍ കൂടി അസാധ്യമാണ്. എല്ലാം മറ്റൊന്നിന്റെ കാരണമാണ്. പ്രപഞ്ചം കാര്യകാരണങ്ങളുടെ സംഘനൃത്തമാകുന്നു. 'ഏകകാരണം'പ്രപഞ്ചവിരുദ്ധമാണ്. പ്രപഞ്ചവിരുദ്ധമായ ഒന്ന് പ്രപഞ്ചകാരണമാകില്ല. ദൈവമില്ലെന്നും ഉണ്ടെന്നും വാദിക്കാനാവുന്നത് ദൈവം ഇല്ലാത്തതുകൊണ്ടാണ്. ദൈവമുണ്ടെങ്കില്‍ ദൈവമില്ലെന്ന് വാദിക്കാനാവില്ല. എന്നാല്‍ ദൈവമില്ലെങ്കിലും ഉണ്ടെന്ന് അവകാശപ്പെടാം. കാരണം ദൈവം ഇല്ല എന്നാര്‍ക്കും തെളിയിക്കാനാവില്ല. ഇല്ലാത്തത് 'ഇല്ലെ'ന്ന് തെളിയിക്കുക അസാധ്യമാണ്. ദൈവം മാത്രമല്ല പ്രേതവും പിശാചും 'KLറ&*' യോ 'വ&ജെN'യുമൊന്നും ഇല്ലെന്ന് തെളിയിക്കാന്‍ ആര്‍ക്കുമാവില്ല. അതൊക്കെ ദൈവംപോലെ അജ്ഞേയമായ മനോജന്യസങ്കല്‍പ്പങ്ങളാകുന്നു. ദൈവസങ്കല്‍പ്പം പേറുന്ന മസ്തിഷ്‌ക്കം നശിച്ചാല്‍ ദൈവം നശിക്കും. ഘോരഭക്തന് തലയ്ക്ക പ്രഹരമേല്‍ക്കുമ്പോള്‍ അവന്റെ ഭക്തി മരിക്കുന്നത് അതുകൊണ്ടാണ്. മതം അര്‍ത്ഥമറിയാതെ ആലപിക്കുന്ന ഒരു സംഘഗാനമാകുന്നു. മതമുള്ളതാണ് ദൈവം ഇല്ലാത്തതിന്റെ ഏറ്റവും വലിയ തെളിവ്. മതമുണ്ടെങ്കില്‍ ദൈവമില്ല; ദൈവമുണ്ടെങ്കില്‍ മതമില്ല, മതമുണ്ട്, അതുകൊണ്ടുതന്നെ ദൈവമില്ല.***

Wednesday 20 July 2011

5. വേഷംകെട്ടി ദഹിക്കുന്നവര്‍



ശ്രീ. എന്‍.എം. ഹുസൈന്‍ 'സൗദിപാഠങ്ങള്‍' എന്ന പോസ്റ്റിന് നല്‍കിയ മറുപടിയോടുള്ള പ്രതികരണം താഴെക്കൊടുക്കുന്നു. പ്രസക്തമായ വാദങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്.

Dear sir,
Public flogging in a Saudi roadside
(1) 'ശതമാന'ക്കണക്ക് വസ്തുതാപരമായി ശരിയല്ലെന്ന് പറഞ്ഞാല്‍ 'ശരി' അല്ലെന്നുതന്നെയാണ് അര്‍ത്ഥം. താങ്കള്‍ക്ക് ടൈപ്പിംഗ് പിഴവ് വന്നതാകാനിടയുണ്ടെന്നും അത് ആഘോഷിക്കുന്നത് ശരിയല്ലെന്നും ഞാന്‍ കരുതി. 'ഒരു ലക്ഷത്തിന് ഇത്രപേര്‍' എന്ന കണക്ക് 'ഇത്ര ശതമാനം' എന്ന അവതരിപ്പിക്കുകയും അതിന്റെ കൂടെ 'ലക്ഷത്തിന് ഒന്ന്' വീണ്ടുമെഴുതുകയും ചെയ്തപ്പോള്‍ ടൈപ്പിംഗ് പിഴവ് ആയേക്കാമെന്ന് തോന്നി. 'ശതമാനം' എന്നാല്‍ 'നൂറില്‍ ഇത്ര' എന്നാണ് ഞാന്‍ പഠിച്ചിരിക്കുന്നത്. അത് ലളിതമായ ഭാഷയില്‍ സൂചിപ്പിച്ചു. അത്രതന്നെ. അതങ്ങനെയല്ലെന്നാണ് വാദമെങ്കില്‍ മാത്രം തുടര്‍വാദം.

(2) സൗദിയിലെ ഡേറ്റ വിശ്വസനീയമല്ലെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം വിശ്വസനീയമല്ലെന്ന് തന്നെയാണ്. അതിന്റെ കാരണങ്ങളൊക്കെ കൃത്യമായി നിരത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതലെത്തിക്കാം. ഇറാന്റെ വിശേഷങ്ങള്‍ക്കും നല്ലൊരു വകുപ്പ് വേറെയുണ്ട്. വേണമെങ്കില്‍ അതുമാകാം. മറിച്ചുള്ള വാദങ്ങളുന്നയിച്ച് സാധൂകരിക്കാനാണ് ശ്രമിക്കേണ്ടത്. വൈകാരികമായ പൊട്ടിത്തെറികള്‍ കൊണ്ട് ശബ്ദവും പുകയും മാത്രം മിച്ചം.

(3) നേരിട്ടിറങ്ങി പൊതുസമൂഹത്തില്‍നിന്നും ഡേറ്റാ സ്വീകരിക്കുന്നതും ബന്ധപ്പെട്ട അധികൃതര്‍ പടച്ചുവെച്ച റിപ്പോര്‍ട്ടുകളുടേയും അയച്ചുകൊടുക്കുന്ന 
സ്റ്റേറ്റ്-സ്‌പോണ്‍സേര്‍ഡ് ഡേറ്റയുടേയും അടിസ്ഥാനത്തില്‍ നിഗമനങ്ങള്‍ സ്വരൂപിക്കുന്നതും തമ്മില്‍ ഗുണപരമായ വ്യത്യാസമുണ്ട്. ശരിയാണ്, വ്യക്തിഗത അഭിമുഖങ്ങളില്‍ വ്യക്തിഗത നിലപാടുകള്‍ പ്രതിഫലിക്കും. അതങ്ങനെതന്നെ വേണംതാനും. പക്ഷെ അതൊക്കെ ശേഖരിച്ച് മൊത്തമായി വസ്തുനിഷ്ഠമായി അവലോകനം ചെയ്ത് നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളുടേയും ടൂളുകളുടേയും(criteria& research tools) അടിസ്ഥാനത്തില്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ക്ക് തന്നെയാണ് 'ഇറക്കുമതി'ചെയ്യുന്ന ഡേറ്റകളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളെക്കാള്‍ വിശ്വാസ്യതയും ആധികാരികതയും സുതാര്യതയും. ഡൗണ്‍ലോഡ് ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും മെച്ചമാണ് 14 മാസം ബന്ധപ്പെട്ട സ്ഥലങ്ങളില്‍ താമസിച്ച്, സഞ്ചരിച്ച്, ആളുകളുമായി ഇടപഴകി നടത്തുന്ന പഠനവും തത്ഫലമായുള്ള റിപ്പോര്‍ട്ടും. വിന്‍സ്‌ളോയുടെ റിപ്പോര്‍ട്ട് ചെമ്പാണെങ്കില്‍ സുക്കര്‍മാന്റേത് സ്വര്‍ണ്ണമാണ്. സ്വര്‍ണ്ണത്തിലും ചെമ്പുണ്ടാവാം, പക്ഷെ അതൊരിക്കലും ചെമ്പിലെ ചെമ്പോളം വരില്ല.  
                                                                                                                                                        റോബര്‍ട്ട് വിന്‍സ്‌ളോയുടെ റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ ഫില്‍ സുക്കര്‍മാന്റെ റിപ്പോര്‍ട്ടും അങ്ങനെ തന്നെ. വാദത്തിന് വേണ്ടി ഇരുവര്‍ക്കും തുല്യ ആധികാരികത തന്നെ കല്‍പ്പിച്ചുകൊള്ളു. അപ്പോള്‍പ്പിന്നെ നോക്കേണ്ടത് നിഷ്പക്ഷ ഏജന്‍സികളുടെ കണക്കുകളും യു.എന്‍ റിപ്പോര്‍ട്ടുകളുമാണ്. പിന്നെ നോക്കാനുള്ളത് ഇതു സംബന്ധിച്ച പൊതുബോധവും കണ്‍മുമ്പിലെ യാഥാര്‍ത്ഥ്യങ്ങളുമാണ്. ആ വിഭാഗങ്ങളില്ലാം സൗദി അറേബ്യ കുഴഞ്ഞുവീഴുകയാണ്. അത്രയേ ഞാന്‍ പറഞ്ഞുള്ളു. അല്ലെങ്കില്‍ തെളിയിക്കുക.


(4) പൊതു അവസ്ഥയാണ് സൂചിപ്പിച്ചത്. സൗദി അ റേബ്യയില്‍ മാനഭംഗത്തിന് ആരേയും ശിക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞില്ല. അപൂര്‍വമായി അങ്ങനെയും സംഭവിച്ചിട്ടുണ്ടാകും. മദയാന ചവിട്ടിയാലും ചാകാത്തവരില്ലേ!? ഇനി അത്യപൂര്‍വമായിട്ടെങ്കിലും ശിക്ഷിക്കപ്പെടണമെങ്കില്‍ ഇര ധനികപുത്രിയോ പുരോഹിതബന്ധുവോ ആയാല്‍ മാത്രം പോരാ. പ്രതി ദരിദ്രനും സാമൂഹികമായി താണനിലയില്‍ ഉള്ളവനും മതനേതൃത്വത്തിന്റെ പിന്തുണയില്ലാത്തവനുമായിരിക്കണം. സൗദിയിലെ ശിക്ഷയുടെ ഒരു പ്രത്യേകതയെന്തെന്നാല്‍ അവിടെ ഉപരിവര്‍ഗ്ഗത്തിനും അമേരിക്കന്‍-ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും നിയമവ്യവസ്ഥയുടെ "ശല്യ'മില്ലെന്നതാണ്. ഏഷ്യക്കാരനും കറുത്തവനും എളുപ്പം അയവങ്ങള്‍ നഷ്ടപ്പെടുന്നു. നൗഷാദുമാര്‍ പിറക്കുന്നത് അങ്ങനെയാണ്. നൗഷാദ് എന്റെ ജില്ലക്കാരനാണ്. രണ്ടുവര്‍ഷത്തിന് മുമ്പ് നൗഷാദിന്റെ കണ്ണ് ചൂഴ്‌ന്നെടുക്കാതിരുന്നതിന് അദ്ദേഹം നന്ദി പറഞ്ഞത് മുസ്‌ളീം മതദൈവത്തോടാണ്. ഞാന്‍ നന്ദി പറയുക ആ രാജ്യത്തോടാണ്. കാരണം അവര്‍ പണം കൊടുത്താല്‍ ശിക്ഷ മായിച്ചുകളഞ്ഞ് കണ്ണു തെളിയിക്കും. വേറെവിടെയുണ്ട് ഈ സൗകര്യം?! അപ്പോള്‍ പണമില്ലെങ്കിലോ? ചോദ്യമിതാണ്: സൗദി അറേബ്യയില്‍ എത്ര അമേരിക്കന്‍ പൗരന്‍മാരുടെ തല വെട്ടിയിട്ടുണ്ട്? എത്രപേര്‍ കാരഗ്രഹത്തില്‍ കിടക്കുന്നു?ഉത്തരം ആലോചിച്ച് പറഞ്ഞാല്‍ മതി.അമേരിക്കക്കാരെ പോലെ ഇത്രയും ഉന്നതമായ ധാര്‍മ്മിക-സദാചാരശീലമുള്ള ജനത വേറെയുണ്ടോ? ഡേറ്റ താരതമ്യം ചെയ്ത് ഖണ്ഡിക്കുക.

(5) എ.ബി. സി ന്യൂസ് എപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തു? ലിങ്ക് ദയവായി തന്നാലും. 
മറ്റൊന്നുമല്ല, ആ റിപ്പോര്‍ട്ട് വളരെ രസകരമായി തോന്നുന്നു. ലാറ റിപ്പോര്‍ട്ട് ചെയ്തുവത്രെ? ഏതു ലാറ? ബ്രയാന്‍ ലാറയൊന്നുമല്ലെന്ന് കരുതട്ടെ. ബലാല്‍സംഗത്തിന് ഏഴുപേര്‍ക്ക് 2 മുതല്‍ 7 വര്‍ഷത്തെ തടവോ? എന്താണതിന്റെ മതയുക്തി? 

(6)സൗദി മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പ് തരക്കേടില്ലാത്ത തമാശ തന്നെയെന്ന് സമ്മതിക്കണം. 'വളേരേ' വിശ്വസനീയമായ ഒന്ന്!! ബലാല്‍സംഗം ചെയ്തുകഴിഞ്ഞ ഉടനെ തന്നെ 
സംഭവസ്ഥലത്തുവെച്ച് തല വെട്ടുകയായിരുന്നുവോ സര്‍? അതോ പിന്നീടാണോ ആ 'നീതി' നടപ്പിലാക്കിയത്? പ്രതികള്‍ ബലാല്‍സംഗം ചെയ്തതാണെന്ന് തെളിയച്ചതെങ്ങനെയെന്നും റപ്പോര്‍ട്ടിലുണ്ടെന്ന് ആശിക്കട്ടെ. In Saudi Arabia marriage very often proves to be an institution for constitutionlized rape. Because the wife can't complain against 'marital sexual abuse'. You may kindly enquire.


സ്ത്രീകള്‍ക്കെതിരെയുള്ള ഭീകരതയില്‍ ലോകറിക്കാഡിട്ട സൗദി മന്ത്രാലയം(ഏത് മന്ത്രാലയമാണാവോ? വിനോദ-ടൂറിസം വകുപ്പല്ലെന്ന് കരുതട്ടെ) ഇങ്ങനെ മുഖംമിനുക്കാന്‍ കെട്ടിയെഴുന്നെള്ളിക്കുന്ന 'രസഗുളകള്‍' ഇവിടെ ഉദ്ധരിച്ചത് മോശമായിപ്പോയി. ഇതേ കിട്ടിയുള്ളോ!? പിന്നെ ഒരു എ.ബി.സി ന്യൂസും. അങ്ങനെ കാര്യം തീര്‍പ്പായി. സൗദിയില്‍ ഇതുവരെ മാനഭംഗത്തിന് രണ്ടുപേരെ തലവെട്ടുകയും ഏഴുപേരെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിട്ടുണ്ട്. സൗദി നിലവില്‍ വന്നതിന് ശേഷമുള്ള മൊത്തം കണക്കാണോ ഇത്? അപ്പോള്‍ ബാക്കി മാനഭംഗങ്ങളുടെയൊക്കെ കാര്യം എന്തായി സര്‍?മാനഭംഗപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടോ? ചെയ്യുമ്പോഴൊക്കെ ഇതേ ശിക്ഷ ഉണ്ടാകാറുണ്ടോ?

(7) വാര്‍ത്തകള്‍ തപ്പിയെടുത്ത് ഹാജരാക്കുമ്പോള്‍ അതിന് അല്‍പ്പം ആനച്ചന്തമൊക്കെ നാം പ്രതീക്ഷിക്കും. പക്ഷെ അതിവിടെ കാണാനില്ല.ബലാല്‍സംഗം ചെയ്തതിന് ഒരു കൂട്ടര്‍ക്ക് രണ്ടുമുതല്‍ ഏഴുവര്‍ഷം തടവു കൊടുക്കുകയും മറ്റൊരു കൂട്ടരുടെ തല വെട്ടുകയുമോ? ഇതെന്തു നീതിന്യായം? സൗദി നിയമത്തില്‍ നിലനില്‍ക്കുന്ന നഗ്നമായ വിവേചനമല്ലേ സര്‍ ഈ കാണുന്നത്? അങ്ങയെപ്പോലെ ധര്‍മ്മിഷ്ഠനായ ഒരാള്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതാണ്. ഹമുറാബി നിയമങ്ങള്‍ (Hamurabi code) ആധാരമാക്കി രൂപം കൊണ്ട ഒരു നിയമവ്യവസ്ഥയില്‍ 'കണ്ണിന് കണ്ണ്, പല്ലിന് പല്ല്' എന്നതാണ് കണക്ക്. ആ നിലയ്ക്ക് ബലാല്‍സംഗത്തിന് ശിക്ഷയെന്തെന്ന് ഊഹിക്കാവുന്നതേയുള്ളു. പക്ഷെ ഇവിടെ സൂചിപ്പിക്കുന്ന രണ്ടെണ്ണവും ആ ഗണത്തില്‍ പെടുന്നില്ല.എന്താവാം ശിക്ഷാരഹസ്യം??!! ഈ രണ്ടു റിപ്പോര്‍ട്ടുകളും താങ്കളെ ഒട്ടു സഹായിക്കുന്നില്ലല്ലോ ശ്രീ.എന്‍.എം.ഹുസൈന്‍.

(8) ബലാല്‍സംഗം നാലാള്‍ കാണ്‍കെ ചെയ്യുകയെന്നത് വലിയ വിഷമം പിടിച്ച പണി തന്നെയാണ്. ഞാന്‍ പറഞ്ഞതും മറ്റൊന്നല്ല. പക്ഷെ ഇസ് ളാമിക നിയമമനുസരിച്ച്‌ മാനഭംഗത്തിന് ശിക്ഷിക്കണമെങ്കില്‍ നാല് പുരുഷ 'സാക്ഷി'കള്‍ വേണം. അല്ലെങ്കില്‍ മറിച്ച് തെളിയിക്കുക. ഇത്തരം വിചിത്ര ഉപാധികളുള്ളതുകൊണ്ടാണ് അവിടെ ബലാല്‍സംഗങ്ങളൊക്കെ ആത്മഹത്യയിലും honour killing ലും കലാശിക്കുന്നത്. ഇസ് ളാം പുലിംഗ ഏകവചനമാണ്. അങ്ങ് ഒരു റിപ്പോര്‍ട്ട് ഉദ്ധരിക്കാന്‍ ദയ കാട്ടിയതുകൊണ്ട് ഒരെണ്ണം അങ്ങയുടെ ശ്രദ്ധയിലും പെടുത്തികൊള്ളട്ടെ. ബി.ബി.സി ന്യൂസ് 2002 മാര്‍ച്ച് 15 ന് 12.19 GMT ല്‍ റിപ്പോര്‍ട്ട് ചെയ്ത 
വാര്‍ത്തയാണിത്‌. സൗദിയിലെ ഒരു പെണ്‍കുട്ടികളുടെ പബ് ളിക്ക്‌ സ്‌ക്കൂളിലുണ്ടായ തീപിടുത്തമുണ്ടായപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം നാലുപാടും ചിതറിയോടുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ സ്‌ക്കൂളിന് പുറത്തു കടക്കുന്നതില്‍ നിന്നും സൗദി അറേബ്യയിലെ മുത്തവീന്‍ ('mutaween) സദാചാരപോലീസ് തടഞ്ഞു. കറുത്ത മേല്‍ വസ്ത്രവും ശിരോവസ്ത്രവും നേരെ ധരിച്ചില്ലെന്നതായിരുന്നു കുറ്റം. ക് ളാസ്സ് മുറിയില്‍ തിരികെപ്പോയി ശിരോവസ്ത്രം എടുത്ത് ധരിച്ചെങ്കിലേ പ്രാണനുമായി പുറത്തിറങ്ങാന്‍ അനുവദിക്കൂ എന്ന് സദാചാരപോലീസ് ശാഠ്യംപിടിച്ചു. കുട്ടികള്‍ താണുവീണു കരഞ്ഞിട്ടും മതബോധം അന്ധരാക്കിയ അവരുടെ മനസ്സലിഞ്ഞില്ല. ഗതികെട്ട് കുറച്ചുപേര്‍ ക് ളാസ്സ് മുറിയില്‍ കയറി ശിരോവസ്ത്രം സമ്പാദിച്ച് തിരിച്ചുവന്നെങ്കിലും 15 നിര്‍ഭാഗ്യവതികള്‍ക്ക് അത് സാധിച്ചില്ല. ആളിപ്പടര്‍ന്ന തീനാളങ്ങള്‍ ആ കുരുന്നുകളെ ജീവനോടെ ദഹിപ്പിച്ചു. സ്വതവേ രാജപക്ഷപാതികളും ഔദ്യോഗിക ഗസറ്റിന്റെ സ്വഭാവവുമുള്ള സൗദി മാധ്യമങ്ങള്‍പോലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തത്. അപൂര്‍വമായേ സൗദിയില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ പുറത്ത് പോകാറുള്ളു. ഇതൊരു തീപിടുത്തമായതുകൊണ്ട് ആര്‍ക്കും കണ്ണടച്ചിരുട്ടാക്കാനും സാധിക്കാതെ വന്നു. താങ്കള്‍ ഒരു എ.ബി.സി പൊക്കിയെടുത്തുകൊണ്ടുവന്നതുകൊണ്ട് ഞാനൊരു ബി.ബി.സി ചൂണ്ടിക്കാട്ടിയെന്നു മാത്രം. 
Saudi prince Nayef at the site after the mishap
"Sudi Arabia's religious police stopped schoolgirls from leaving a blazing building for they were not observing the right Islamic dress code while fleeing the building, according to Saudi newspapers. In a rare criticism of the kingdom's powerful 'mutaween' police, the Saudi media has accused them of hindering attempts to save 15 girls who died in the fire on Monday. (BBC News dt Friday, 15 March, 2002, 12:19 GMT) 


"Saudi newspapers have accused the powerful "mutaween" police of hindering attempts to save 15 girls who died in the fire on Monday because they were not wearing correct Islamic dress.
One witness described police beating the girls back because they were not wearing the abayas (black robes) and headscarves required under the kingdom's strict interpretation of Islam.


The mutaween - or Commission for the Promotion of Virtue and Prevention of Vice - are widely feared in Saudi Arabia. They roam the streets enforcing dress codes and sex segregation, and ensuring prayers are performed on time.

Earlier the director of the religious police, Sheik Jaber al-Hakmi, denied his officers had prevented rescuers from entering the school.                                                       But the head of Mecca's police, Mohammed al-Harthy, said that when he arrived at the fire he found a member of the religious police "trying to interfere".





"He was fighting with a police officer, trying to prevent him from entering the school," Mr al-Harthy said.(Ref-http://news.bbc.co.uk/2/hi/middle_east/1879132.stm)
ഹാപ്പിനസ്സ് ഇന്‍ഡെക്‌സും ഡെവലെപ്പ്‌മെന്റ് ഇന്‍ഡക്‌സുമൊക്കെ നമുക്ക് തല്‍ക്കാലം മാറ്റിവെക്കാം. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ ഇതാണ്, ഇതാണ്, ഇതുമാത്രമാണ്!!

(10) അമേരിക്ക, അമേരിക്ക, ...അമേരിക്കാാാ!!!!!! പശുവിനെകുറിച്ച് അഞ്ചു വാചകമെഴുതാന്‍ പറയുമ്പോള്‍ പശുവിനെ പിടിച്ച് തെങ്ങില്‍ കെട്ടിയിട്ട് തെങ്ങിനെ കുറിച്ച് പത്ത് വാചകമെഴുതുന്നത് കണ്ടുനില്‍ക്കാന്‍ രസമുണ്ട്. പക്ഷെ അതുകൊണ്ടൊന്നും കാര്യങ്ങള്‍ക്കൊരു പരിഹാരമാകുന്നില്ലല്ലോ. 
നാം പറഞ്ഞുവരുന്നത് സൗദിയെക്കുറിച്ച് സൗദി...സൗദി..സൗദി... Please note the point.


ഞാന്‍ ഡെന്മാര്‍ക്കിനെപ്പറ്റി പറഞ്ഞപ്പോള്‍ താങ്കള്‍ സൗദി എടുത്തിട്ടു. സൗദിയെക്കുറിച്ച് പറഞ്ഞപ്പോള്‍ അമേരിക്ക എടുത്തിട്ടു. ഇനി ഞാന്‍ അമേരിക്കയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ താങ്കള്‍ എങ്ങോട്ടു കടക്കും? 


Please do not practice 'hit and run 'policy. Kindly stay your ground. I am here. Now at SAUDI
വേണമെങ്കില്‍, മുമ്പ് ഓര്‍ഡര്‍ ചെയ്ത നിലയ്ക്ക്‌, ഒന്നു രണ്ടു ടീസ്പൂണ്‍ 'ഇറാനാ'കാം. വിരോധമില്ല.

11) പൊട്ടിത്തെറികള്‍,സവര്‍ണ്ണയുക്തിവാദം, തൊഗാഡിയമാര്‍- 
സ്ഥിരം പടക്കങ്ങള്‍. ഗാലറിക്ക് വേണ്ടി കളിക്കുന്നവരെ നിരാശരാക്കരുതെന്ന് പ്രമാണം. മറുപടിയില്ല. ജയ്‌ഹോ!


(12) പ്രാരംഭഫലിതം:സൗദിയില്‍ കുറ്റകൃത്യങ്ങള്‍ ഇല്ലെന്നല്ലല്ലോ താങ്കള്‍പോലും പറഞ്ഞത്. ഉണ്ടെന്നും ഡെന്മാര്‍ക്കിനെ അപേക്ഷിച്ച് താരതമ്യേന 'കുറവാണെ'ന്നുമല്ലേ താങ്കളുടെ വാദം? ഇല്ലാത്തതും കുറവാകുന്നതും രണ്ടല്ലേ? കുറവാണെങ്കില്‍ അത് യാഥാര്‍ത്ഥ്യവിരുദ്ധമാണെന്നും സൗദി ഡേറ്റ വിശ്വസനീയമായി കാണാനാവില്ലെന്നും ഞാന്‍ പറഞ്ഞു. ആ നിലയ്ക്ക് തുടക്കത്തിലെ തമാശ വളരെ നന്നായി! ഒന്നാന്തരം ആഗ്രഹപ്രകടനം! കുറ്റം പറയരുതല്ലോ. വിഷയവുമായി പുലബന്ധം പോലുമില്ലാത്തതിനാല്‍ ആ വകുപ്പിലും നര്‍മ്മപ്രദാനം ഉറപ്പാക്കപ്പെടുന്നു. It has an added advantage of being farcical apart from being awfully out of place and exorbitant. 

(13) മരപ്പട്ടി, ഇനാംപേച്ചി, യുക്തിവാദി ബഫൂണുകള്‍,അക്കാദമിക് നട്ടെല്ലില്ലായ്മ...... ഒക്കെ
കൂടി കെട്ടിപൊതിഞ്ഞ് സ്‌നേഹപൂര്‍വം അടുത്ത തപാലില്‍ അങ്ങേയ്ക്ക് തിരിച്ചയയ്ക്കുന്നു. സ്റ്റാമ്പൊട്ടിക്കുന്നുണ്ട്. താങ്കള്‍ക്ക് അതുമൂലം ഇനിയൊരു വിഷമം ഉണ്ടാകരുതല്ലോ.
പ്രതികരിച്ചതിന് വളരെ നന്ദി

Saturday 16 July 2011

4. സൗദിപാഠങ്ങള്‍

സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെക്കുറിച്ച് ഫില്‍ സുക്കര്‍മാന്‍ രചിച്ച 'ദൈവരഹിതസമൂഹം' എന്ന പുസ്തകത്തെ കുറിച്ചുള്ള ലേഖനത്തിന്റെ അകക്കാമ്പായ വാക്യങ്ങള്‍ ഇവയായിരുന്നു: "വിശ്വാസികളിലും അവിശ്വാസികളിലും നല്ലതും ചീത്തയുമായ മനുഷ്യരുണ്ടെന്ന് ഏവര്‍ക്കുമറിയാം. ദൈവരഹിതസമൂഹം നരകീയമായിരിക്കുമെന്ന മതപ്രചരണത്തിന് വസ്തുതകളുടെ പിന്‍ബലമില്ലെന്നേ പറയാവൂ. നിരീശ്വരവാദവും മതേതരത്വവും ആരോഗ്യപൂര്‍ണ്ണമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ അനിവാര്യമാണെന്നല്ല മറിച്ച് മതരാഹിത്യം ക്ഷേമരാഷ്ട്രനിര്‍മ്മിതിക്ക് തടസ്സമല്ലെന്ന വാദമാണ് സുക്കര്‍മാന്‍ ഉയര്‍ത്തുന്നത്." 


സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ ഉയര്‍ന്ന ജീവതനിലവാരവും സാമൂഹിക ഭദ്രതയും അനുഭവിക്കുന്നുവെന്ന് പറയുന്നത് ഏതെങ്കിലും വ്യക്തികള്‍ നടത്തിയ ഒറ്റപ്പെട്ട നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലല്ല. ലോകം മുഴുവന്‍ അംഗീകരിക്കുന്ന വസ്തുതയാണത്. സാമൂഹ്യപരമായ വിശദാംശങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ ചില ഇനങ്ങളില്‍ പല രാജ്യങ്ങള്‍ക്കും ഒറ്റപ്പെട്ട മുന്‍തൂക്കങ്ങള്‍ ലഭിക്കുക സാധാരണമാണ്. പക്ഷെ പൊതു ജീവിതനിലവാരം എടുത്താല്‍ അത്തരം മുന്‍തൂക്കങ്ങള്‍ പ്രസക്തമാകണമെന്നില്ല. കേരളത്തിന്റെ സാക്ഷരതാ നിരക്ക് പല യൂറോപ്യന്‍ രാജ്യങ്ങളെക്കാളും മികച്ചതാണ്. നമ്മുടെ മറ്റു പല സോഷ്യല്‍ ഇന്‍ഡെക്‌സുകളുടെ കാര്യവും സമാനമായി വരാം. എന്നു കരുതി നമ്മുടെ ജീവിതനിലവാരവും ഭൗതികസൗകര്യങ്ങളും അവരെക്കാള്‍ മെച്ചമാണെന്ന് അര്‍ത്ഥമില്ല. ശ്രീ.ഹുസൈന്‍ ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടിലെ ശതമാനക്കണക്ക് വസ്തുതാപരമായി ശരിയാവാന്‍ യാതൊരു സാധ്യതയുമില്ല. അത് മിക്കവാറും ടൈപ്പിംഗ് പിഴവാകാനേ തരമുള്ളു. 2006 ലാണ് സുക്കര്‍മാന്‍ പഠനം നടത്തിയത്. അതിന് ശേഷം 2007-08, 09,2010 എന്നീവര്‍ഷങ്ങളിലെ ഹ്യൂമന്‍ ഡെവലെപ്പ്‌മെന്റ് ഇന്‍ഡക്‌സില്‍ (Human Development Index) ആദ്യത്തെ 20 സ്ഥാനങ്ങളില്‍ സ്ഥിരമായി നോര്‍വെ, ഐസ് ലാന്‍ഡ്, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ തുടരുകയാണ്. വളരെ കണിശമായ കണക്കുകളും സുതാര്യമായ മെത്തഡോളജിയുമാണ് യു.എന്‍ ഏജന്‍സികള്‍ ഇതിനായി പിന്തുടരുന്നത്. ഈ കണക്കിലെങ്ങും വികസിതരാജ്യങ്ങളുടെ പട്ടികയില്‍പോലും സൗദി അറേബ്യയില്ല. തുര്‍ക്കിയുടേയും ഇറാന്റെയും കാര്യം പറയുകയും വേണ്ട. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതാണ് വികസിതരാജ്യങ്ങളില്‍ ഉയര്‍ന്ന ക്രൈംനിരക്ക് കാണിക്കുന്നതിന്റെ ഒരു പ്രധാനകാരണം. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടേയും ബീഹാറിലെ കേസുകളുടേയും എണ്ണം താരതമ്യപ്പെടുത്തിയാല്‍ അതു മനസ്സിലാകും.


"ഹാപ്പി പ് ളാനറ്റ് ഇന്‍ഡെക്‌സിലും"( Happy Planet Index -Life satisfaction, Life expectancy, Footprint , HPI Index) ലോകത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് സ്‌കാന്‍ഡിനേവിയയിലുള്ളത്. ജീവിതസമൃദ്ധി കണക്കിലെടുക്കുന്ന Global Prosperity Index ല്‍ 2006 മുതല്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ തുടരുന്നവയാണവ. In 2010, the Index, which is a measure of both economic wealth and citizens happiness, ranks Norway as top in the world, Denmark second, occupying the same position as last year. Finland and Sweden sit at third and sixth place respectively. 


ലോകത്തെ NGO കളും യു.എന്‍.ഏജന്‍സികളും എടുക്കുന്ന ഏതു നിഷ്പക്ഷ കണക്ക് പരിശോധിച്ചാലും സമൃദ്ധിയും സമാധാനവും കളിയാടുന്ന രാജ്യങ്ങളായാണ്  ഈ ശീതരാഷ്ട്രങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. ദിവസം 5 നേരം നിസ്‌ക്കരിക്കുകയും പത്തു പ്രാവശ്യം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ചില ഇസ് ളാമികരാജ്യങ്ങളുമായി യാതൊരു താരതമ്യവും ഇവിടെയില്ല. മന:പൂര്‍വമുള്ള നരഹത്യ സംബന്ധിച്ച ജനീവ പ്രഖ്യാപനം (GDAV)ഏര്‍പ്പെടുത്തിയിരിക്കുന്ന കഴിഞ്ഞ 10 വര്‍ഷത്തെ ലിസ്റ്റ് പരിശോധിക്കു. ഈ ലിസ്റ്റില്‍ ഏറ്റവും താഴെയാണ് ഡെന്‍മാര്‍ക്കടക്കമുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍; ഏറ്റവും മുകളില്‍ ആഫ്രിക്കന്‍ മുസ്‌ളീം രാജ്യങ്ങളും. ഇത് ഏറെക്കുറെ സ്ഥിരമായി തുടരുകയുമാണ്‌.


ഇക്കാര്യത്തില്‍ സൗദി പോലുള്ള മതാധിപത്യരാജ്യങ്ങളിലെ ഡേറ്റ വളരെ അവിശ്വസനീയമാണ്. 'State sponsored data'ആയിട്ടേ അവ പരിഗണിക്കാനാവൂ. സ്വന്തന്ത്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കാന്‍ അത്ര എളുപ്പവുമല്ല. ഇസ് ളാമിക നിയമം നിലനില്‍ക്കുന്ന സൗദിയില്‍ "മാനഭംഗം" എന്നൊരു ഏര്‍പ്പാടില്ല! There is only 'adultery' in Islam and no such thing as 'rape'. പിന്നെയെങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത്?! കേസെടുത്തിട്ട് വേണ്ടേ അറിയാന്‍! ഈ സ്ഥിതിവിശേഷത്തിന്റെ സൂത്രവാക്യം കണ്ടെത്താന്‍ ഇതാ ചില സാമ്പിളുകള്‍:



Qur'an (2:282) - Establishes that a woman's testimony is worth only half that of a man's in court (there is no 'he said/she said' gridlock in Islam).

Qur'an (24:4) - 'And those who accuse free women then do not bring four witnesses (to adultery), flog them...'


Qur'an (24:13) - 'Why did they not bring four witnesses of it? But as they have not brought witnesses they are liars before Allah.'


Qur'an (2:223) - 'Your wives are as a tilth unto you; so approach your tilth when or how ye will...' There is no such thing as rape in marriage, as a man is permitted unrestricted sexual access to his wives.

മാനഭംഗത്തിനിരിയാകുന്ന പെണ്‍കുട്ടി  ഇസ് ളാമിക നിയമമനുസരിച്ച് തനിക്കനുകൂലമായി 4 പുരുഷന്‍മാരെയോ 8 സ്ത്രീകളെയോ സാക്ഷി ഹാജരാക്കണം. ഒരു സ്ത്രീയെ മാനഭംഗം ചെയ്യുന്നത് 4 പുരുഷന്‍മാര്‍ കണ്ടുനില്‍ക്കുകയാണെങ്കില്‍ ആ മഹാന്‍മാരെ കുറിച്ച് നാമെന്താണ് ധരിക്കേണ്ടത്? 8 സ്ത്രീകള്‍ അത് കണ്ടുനില്‍ക്കുമെന്നും പ്രതീക്ഷിക്കാനാവില്ല. സ്വഭാവികമായും ആരോപണമുന്നയിച്ച സ്ത്രീയുടെ പേരില്‍ പരപുരുഷബന്ധം ആരോപിക്കപ്പെടും. ഭാഗ്യമുണ്ടെങ്കില്‍ ചാട്ടവാറടി അല്ലെങ്കില്‍ കല്ലെറിഞ്ഞ് കൊല്ലല്‍ സമ്മാനം. ഈ ഇര പിന്നീട് ഒന്നുകില്‍ ആത്മഹത്യ ചെയ്യും-അല്ലെങ്കില്‍ സ്വന്തം വീട്ടുകാര്‍ മാനം രക്ഷിക്കാന്‍ അവളെ വധിക്കും(honour killing). ഇതിന്റെ കണക്കൊന്നും ആത്മഹത്യയായോ കൊലപാതകമായോ സൗദി സര്‍ക്കാര്‍ പുറത്തുവിടാറില്ലെന്ന് ഊഹിക്കാന്‍ ഐന്‍സ്റ്റീന്റെ ബുദ്ധിയൊന്നും വേണ്ട. കുടുംബത്തിനുള്ളിലെ പീഡനം, വിവാഹബന്ധത്തിനുള്ളിലെ പീഡനം എന്നിവയില്‍ സൗദി അറേബ്യയ്ക്ക് ലോക റെക്കോഡാണ്. എണ്ണപ്പണവും സമ്പത്തും ഉള്ളതാണെങ്കിലും സൗദി വികസിത സമൂഹമാണെന്ന്‌ സൗദിക്കാര്‍ പോലും പറയില്ല. സ്ത്രീകളെ വാഹനമോടിക്കാന്‍ പോലും അനുവദിക്കാത്ത ഈ രാജ്യത്തെക്കുറിച്ച് എത്ര കുറച്ചുപറയുന്നോ അത്രയും നന്ന്. ഇറാനില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്ന ജനാധിപത്യപ്രക്ഷോഭങ്ങളേയും മനുഷ്യാവകാശ ധ്വംസനങ്ങളേയും കുറിച്ചൊന്നും ഇവിടെ എഴുതി നിറയ്ക്കുന്നില്ല. മനുഷ്യന്റെ അടിസഥാനപരമായ സ്വാതന്ത്ര്യവും പൗരാവാകാശങ്ങളും നിഷേധിച്ചിട്ട് എണ്ണപണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ സ്വന്തം ജനത്തെ അടിമകളാക്കി വാഴുന്ന ഭരണകൂടങ്ങളെ ആധുനികലോകത്തെ ജനായത്ത സര്‍ക്കാരുകളുമായി താരതമ്യമപ്പെടുത്താന്‍ പോലും സാധിക്കില്ല. 

Poverty is a side of Saudi Arabia
 the government never used to discuss


ഡെന്മാര്‍ക്കിലും സ്വീഡനിലുമൊക്കെ കുറ്റകൃത്യങ്ങളുണ്ട്, കേസുകളുമുണ്ട്. പക്ഷെ അത് ലോകത്തെതന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളാണ്. ഒക്കെ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യും. മതനിരാസമുണ്ടായിട്ടും ആ രാജ്യങ്ങള്‍ സസന്തോഷം സുഭിക്ഷമായി മുന്നോട്ടു കുതിക്കുന്നുവെന്നത് വസ്തുതയാണ്. അതിന് ലോകോത്തര ഏജന്‍സികളുടെ നിരന്തരമായ പഠനത്തിന്റെയും അവലോകനത്തിന്റെയും പിന്‍ബലമുണ്ട്. അവരെല്ലാം മണ്ടന്‍മാരും ഒരു വ്യക്തി തയ്യാറാക്കിയ റിപ്പോര്‍ട്ട്, അതും വിശ്വസനീയമായ ഡേറ്റകള്‍പോലും ലഭ്യമല്ലാത്ത അപരിഷ്‌കൃത സമ്പന്ന രാജ്യങ്ങളുടെ ഏതെങ്കിലും ഒരു വര്‍ഷത്തെ ഒന്നുരണ്ട് പ്രത്യേക ഇനങ്ങളിലെ മാത്രം കണക്കുകളുമായി താരതമ്യം ചെയ്യുന്നത് തന്നെ ശരിയല്ല. ഹ്യൂമന്‍ റെറ്റ്‌സ് വാച്ചിന്റെ ലോകറിപ്പോര്‍ട്ടനുസരിച്ച് (World report 2011 by Human rights watch)അനുസരിച്ച് സൗദിയിലെ മനുഷ്യാവകാശ സാഹചര്യങ്ങള്‍ ശോചനീയമാണ്, വിശേഷിച്ചും അവിടുത്തെ സ്ത്രീകള്‍, കുട്ടികള്‍, വിദേശതൊഴിലാളികള്‍, ഷിയാക്കള്‍ എന്നിവരുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ അബ്ദുള്ള രാജാവിന്റെ പ്രകടനം ദയനീയമെന്നാണ്‌ കമ്മീഷന്‍ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. സൗദിയില്‍ രാഷ്ട്രീയപാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ജനാധിപത്യവുമില്ല-തെരഞ്ഞെടുപ്പുമില്ല. രാജാവിനെ ഉപദേശിക്കലാണ് രാഷ്ട്രീയനേതാക്കളുടെ പ്രധാന ദൗത്യം. ഉപദേശിക്കലെന്നു പറയുമ്പോള്‍ രാജാവിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പണി പോകും;ചിലപ്പോള്‍ ജീവനും. 'സൗദിയിലെ പൗരാവകാശങ്ങള്‍' എന്ന് ഇന്റര്‍ നെറ്റില്‍ ടൈപ്പ് ചെയ്തുകൊടുത്താല്‍ സൗദിമനുഷ്യര്‍ അനുഭവിക്കുന്ന 'അവകാശങ്ങളേയും മന:സ്സമാധാനത്തേയും സന്തോഷത്തേയും' കുറിച്ചുള്ള സ്‌തോഭജനകമായ റിപ്പോര്‍ട്ടുകളുടെ നിലയ്ക്കാത്ത പ്രവാഹമുണ്ടാകും. ഈ ലോകത്ത് തന്നെയാണോ ഈ രാജ്യം എന്നുപോലും നാം അതിശയിച്ചുപോകുംഎണ്ണപ്പണം സൃഷ്ടിച്ച വിലക്ഷണസമൃദ്ധിയുണ്ടെങ്കിലും സാമൂഹികമായി ഇന്നും ഒരു പ്രാകൃതരാജ്യമാണ് സൗദി അറേബ്യ. എണ്ണയുണ്ടെങ്കില്‍ എത്ര മോശം മതമായാലും പിടിച്ചു നില്‍ക്കാമെന്നതിന്റെ തെളിവുകൂടിയാണിത്. എണ്ണയില്ലാത്ത മുസ്‌ളീം രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വസ്തുത കുറേക്കൂടി വ്യക്തമാകും. ഒരു വശത്ത് സമ്പത്ത് കുമിഞ്ഞുകൂടുമ്പോഴും സമ്പത്തിന്റെ വിതരണം നീതിപൂര്‍വമല്ല.സര്‍ക്കാരിന് ശ്രദ്ധിക്കാന്‍പോലും താല്‍പര്യമില്ലാത്ത ഒരു വലിയ ദ്രരിദ്രസമൂഹം സൗദിയിലുണ്ട്. ആഫ്രിക്കന്‍ അറബുകളും യെമനികളും ഈ വിവേചനപരമായ സാമ്പത്തികവിതരണത്തിന്റെ മോശം ഫലങ്ങള്‍ അനുഭവിക്കുന്നവരാണ്. ഇതിനൊക്കെ പുറമെ ലോകമെങ്ങും ചാവേര്‍ ഫാക്ടറികള്‍ക്കും ബോംബുസ്‌ഫോടനങ്ങള്‍ക്കും അവശ്യംവേണ്ട സോഫ് റ്റ് വെയറും ഹാര്‍ഡുവെയറും ഒരുക്കി നല്‍കുന്ന തീവ്ര ഇസ്‌ളാമിക ധാരയായ വഹാബിസത്തിന്റെ പിള്ളത്തൊട്ടിലും പ്രഭവസ്രോതസ്സും ഈ രാജ്യമാകുന്നു.


90 വയസ്സുള്ള സ്ത്രീയും ഇന്നവിടെ നിയമപരമായി മൈനറാണ്(legal minor). സ്വതന്ത്രമായി സഞ്ചരിക്കാനോ ഡ്രൈവിംഗ് ലൈസന്‍സിനുള്ള അവകാശമോ ഇല്ലാത്ത രണ്ടാം കിട പൗരകളാണവര്‍. തൊഴില്‍, വിവാഹം, പഠനം, യാത്ര, ചില വൈദ്യസഹായങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ അവര്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ പോലും അവകാശമില്ല. Guardianship system.അവസാനിപ്പിക്കുന്നത് സംബന്ധിച്ച് 2009 ല്‍ UNHR കൗണ്‍സിലിനോട് നടത്തിയ പ്രതിജ്ജ പാലിക്കാന്‍ ഇതുവരെ സൗദി തയ്യാറായിട്ടില്ല. പുരുഷമേല്‍നോട്ടക്കാരന്‍ അംഗീകരിക്കാത്തതിനാല്‍ വിധവയായ ഒരു കാര്‍ഡിയോളജിസ്റ്റിന് 2009 മുതല്‍ പാസ്‌പോര്‍ട്ട് നിഷേധിച്ചു വരുന്ന ലോകം ശ്രദ്ധിച്ച സംഭവം ഒറ്റപ്പെട്ടതല്ല. 

സൗദിയിലെ മനുഷ്യാവകാശ കമ്മീഷന്‍ സമാനമായ കേസുകളില്‍ ലോക മനുഷ്യാവകാശകമ്മീഷന്റെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കാന്‍ പോലും കൂട്ടാക്കാറില്ല. പിന്നല്ലേ നിര്‍ദ്ദേശം നടപ്പിലാക്കുന്നത്! രാജ്യത്തെ മൊത്തം തൊഴില്‍ ശക്തിയില്‍ (work force) 5 ശതമാനം മാത്രമാണ് സ്ത്രീകള്‍. അതും അപ്രധാനമായ ഗാര്‍ഹിക സ്വഭാവമുള്ള തൊഴിലുകള്‍. ലോകത്തെ ഏറ്റവും കുറഞ്ഞ സ്ത്രീതൊഴില്‍ നിരക്കാണിത്. സ്ത്രികള്‍ക്ക് ജഡ്ജിയോ പ്രോസിക്യൂട്ടറോ ആകാന്‍ അനുവാദമില്ല. 10-12 വയസ്സിലുള്ള പെണ്‍കുട്ടികളുടെ വിവാഹം ഒരു വിഷയേമയല്ല. കുട്ടികളടക്കമുള്ള ജാമ്യതടവുകാര്‍ക്ക് നീതിപൂര്‍വമായ വിസ്താരം ലഭിക്കാറില്ലെന്നും അവരുടെ അറസ്റ്റുകള്‍ ഒട്ടു മിക്കപ്പോഴും സ്വേച്ഛാതിപത്യപരവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്കപ്പോഴും കുറ്റവാളികള്‍ക്ക് ആയിരക്കണക്കിന് ചാട്ടവാറടികളാണ് ശിക്ഷയായി നല്‍കുന്നത്. ആണ്‍കുട്ടികളുടെ വയസ്സൊന്നും പ്രശ്‌നമല്ല, ശാരീരികമായി (ലൈംഗികമായി) പ്രായപൂര്‍ത്തിയായതായി കണ്ടാല്‍ മുതിര്‍ന്ന പൗരന്റെ ശിക്ഷ തന്നെ അവര്‍ക്കും ലഭിക്കും. ടെലിവിഷനും മാധ്യമങ്ങളും കടുത്ത സെന്‍സര്‍ഷിപ്പിന് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗനിയന്ത്രണം ചൈനയേക്കാള്‍ കടുത്തതാണ്. സൗദിയാലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ബ്‌ളോഗ് ഞാനെഴുതാനോ നിങ്ങള്‍ വായിക്കാനോ സാധ്യതയില്ല. വിദേശതൊഴിലാളികളുടെ ശോച്യാവസ്ഥയും കരാര്‍പാലനത്തിലുള്ള വന്‍വീഴ്ചകളും നാസ് എന്ന ബ്‌ളോഗര്‍ ഇവിടെ വിശദമാക്കിയത് നാം വായിച്ചതാണ്. മതസ്വാതന്ത്ര്യം തീരെ അനുവദിക്കാത്ത രാജ്യമാണ് സൗദി. ഇസ്‌ളാമൊഴികെ മറ്റൊരു മതത്തിനും അവിടെ പ്രചരണം നടത്താന്‍ അവകാശമില്ല. അമുസ്‌ളീംങ്ങളെ സൗദി മണ്ണില്‍ സംസ്‌ക്കരിക്കാനും അവര്‍ സമ്മതിക്കില്ല. 


1990 വരെ എയിഡ്‌സ് രോഗികളെ സംബന്ധിച്ച വിവരം സൗദി സര്‍ക്കാര്‍ പുറത്തുവിടുമായിരുന്നില്ല. പുറംലോകം അറിഞ്ഞാല്‍ ഇസ് ളാമിക സംസ്‌ക്കാരത്തിന് നാണക്കേടാകുമെന്ന് നിനച്ചാണിത്. എന്നാലിപ്പോള്‍ തീരെ ഒളിക്കാന്‍ വയ്യാത്ത അവസ്ഥയായിട്ടുണ്ട്‌. മനുഷ്യാവകാശസമിതികള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്രമോ ലൈസന്‍സോ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള രാജ്യമാണതെന്നും അറിയുക. ശരി-അത്ത് നിയമം നിലവിലിരിക്കുന്ന സൗദിയില്‍ കൈകാല്‍ വെട്ടല്‍, മൂക്ക് ചെത്തല്‍, ചെവിയരിയല്‍, കഴുത്തറുക്കല്‍ എന്നിവയാണ് പ്രധാന ശിക്ഷാവിധികള്‍. പണം വാങ്ങി ശിക്ഷ ഉപേക്ഷിക്കുന്ന "ചോരപ്പണം" (Blood money) എന്ന പ്രാകൃത ഏര്‍പ്പാടും ഇവിടെയുണ്ട്. ഈ നിയമം പണം തട്ടാനുള്ള ഒരുപാധിയായി അധ:പതിച്ചതോടെ ചോരപ്പണത്തിന് പരിധി ഏര്‍പ്പെടുത്തിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളു. കല്ലെറിഞ്ഞുകൊല്ലലാണ് (Stoning) മറ്റൊരു ജനകീയ വിനോദം. വന്‍ ജനക്കൂട്ടമാണ് "അല്ലാഹു അക്ബര്‍" വിളികളുമായി ഇതിന് സാക്ഷ്യം വഹിക്കുന്നതും ഉന്മാദം കൊള്ളുന്നതും. ഇരയെ എറിയുന്ന കല്ലിന്റെ എണ്ണമനുസരിച്ച് സ്വര്‍ഗ്ഗത്ത് സമ്മാനം കൂടുമെന്ന പ്രതീക്ഷയിലാണ് ഈ ആള്‍ക്കൂട്ടവും എറിയാനുള്ള ആവേശവും. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറച്ചു കാട്ടാന്‍ സൗദി സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുന്നതായി അന്താരാഷ്ട്ര ഏജന്‍സികള്‍ നിരന്തരം വിലയിരുത്തുന്നുണ്ട്. സൗദിയില്‍ മിക്ക കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. പകരം "മതപരമായി" അവ കൈകാര്യം ചെയ്യപ്പെടും. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവയില്‍ പലതും ഡോക്കുമെന്റ് ചെയ്യപ്പെടാറില്ലെന്ന ന്യൂനതയുമുണ്ട്. Committee for the Promotion of Virtue and the Prevention of Vice കൈകാര്യം ചെയ്യുന്ന സദാചാരനിയമങ്ങളെ സംബന്ധിച്ച കേസുകളാണ് കുറ്റകൃത്യങ്ങളില്‍ നല്ലൊരുപങ്കും. പാശ്ചാത്യ സുഖഭോഗ വസ്തുക്കളും വാഹനങ്ങളും യഥേഷ്ടം ആസ്വദിച്ച് ജീവിക്കുന്ന സൗദി പൗരന്‍മാര്‍ പോര്‍ണോഗ്രാഫിയുടെ (Pornography) ലോകത്തെ തന്നെ ഏറ്റവും മുന്തിയ ഉപഭോക്താക്കളുമാണ്. സൗദി എന്ന മതതടവറയെക്കുറിച്ച് ഏറെ നീട്ടുന്നില്ല. ശത്രുക്കളേയും അമ്മായി അമ്മമാരെയും പറഞ്ഞുവിടാന്‍ പറ്റിയ സ്ഥലമാണ് പാകിസ്ഥാനെന്ന്‌ പറഞ്ഞതിനാണ് പണ്ട് ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്‍ അലന്‍ലാംബിനും 
ഇയാന്‍ ബോതത്തിനുമെതിരെ കേസ് കൊടുത്തത്. ഒരുപക്ഷെ സൗദിയെക്കുറിച്ച് അവരങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഇമ്രാന്‍ ഇത്ര കാര്‍ക്കശ്യം കാണിക്കില്ലായിരുന്നു. 
Imran Khan


ഡെന്മാര്‍ക്കിലെ ജനങ്ങള്‍ എത്രമാത്രം സന്തോഷവാന്‍മാരണെന്നറിയാന്‍ ഇന്റര്‍നെറ്റ് പരതിയാല്‍ മതിയാകും. 'Haapy Dane' എന്ന പദം തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് (ahttp://news.bbc.co.uk/2/hi/6563639.stm?lsm). സര്‍വെ റിപ്പോര്‍ട്ടുകളും പഠനറിപ്പോര്‍ട്ടുകളും ഉദ്ധരിച്ച്‌ വെറുതെ വായനക്കാരുടെ സമയം മെനക്കെടുത്തുന്നില്ല. ഡെന്‍മാര്‍ക്കിനെതിരെ ഉറഞ്ഞുതുള്ളുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്. 2006 ലെ മുഹമ്മദ് കാര്‍ട്ടൂണ്‍ വിവാദത്തിന് ശേഷമാണ്  ഇസ് ളാമിസ്റ്റുകള്‍ ഡെന്‍മാര്‍ക്കിനെതിരെ തിരിഞ്ഞത്. അവിടുത്തെ മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യമൂല്യങ്ങളുമൊന്നും സ്വപ്‌നംപോലും കാണാനാവാത്ത മതാധിഷ്ഠിത രാജ്യത്തെ പൗരന്‍മാരാണ് ഈ പ്രചരണം അഴിച്ചുവിടുന്നതെന്നോര്‍ക്കണം. 2010 ല്‍ സുക്കര്‍മാന്റെ പുസ്തകത്തെ കുറിച്ചുള്ള ഈ ലേഖനം "സമകാലിക മലയാളം" വാരികയില്‍ പ്രസിദ്ധീകരിച്ച വേളയിലും ശ്രീ.എന്‍.എം. ഹുസൈന്‍ ഇതേ മാതൃകയിലുള്ള ഒരു മെയില്‍ എനിക്കയച്ചതോര്‍ക്കുന്നു. ഒരു കാര്യം തുറന്നുപറയട്ടെ, എണ്ണപ്പണം പ്രദാനം ചെയ്യുന്ന സാമ്പത്തിക അഭിവൃദ്ധിയ്ക്കിടയിലും ഗോത്രനിയമങ്ങളും ജനാധിപത്യ ധ്വസംനങ്ങളും പൂത്തുലയുന്ന, അതീവ നിരാശാജനകമായ സ്ത്രീ-വിരുദ്ധ നിലപാടുകളുമായി ലോകത്തെ പൊതു ഏജന്‍സികള്‍ക്ക് കണക്കുപോലും കൊടുക്കാതെ നിലകൊള്ളുന്ന സൗദിപോലെയുള്ള രാജ്യങ്ങളെക്കാള്‍ എന്തുകൊണ്ടും ഭേദം തന്നെയാണ് സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. സൗദിയിലേക്ക് ജോലിതേടി പോകുന്നവരുണ്ട്. പക്ഷെ അവിടേക്ക് വിനോദയാത്ര നടത്തണമെന്ന് എത്രപേര്‍ ആഗ്രഹിക്കുന്നുണ്ടാവും?! സ്‌ക്കാന്‍ഡിനേവിയയിലേക്ക് പോകണമെന്ന് ഏവരും പറയുന്നു. സന്തോഷമുള്ള ജനങ്ങളെ സ്വാതന്ത്ര്യത്തിന്റേയും സമാധാനത്തിന്റെയും അന്തരീക്ഷത്തില്‍ കാണാനും ആസ്വദിക്കാനും ലോകമെമ്പാടും ജനം  ആഗ്രഹിക്കുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥം പുസ്തകങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും ഉപരി അവിടം ആകര്‍ഷണീയമാണെന്ന് തന്നെയാണ്. വികസന-ആനന്ദ മാനദണ്ഡങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ  രാജ്യങ്ങളിലും മതനിരാസം വര്‍ദ്ധിച്ചു വരുന്നുവെന്നതും മതരഹിതസമൂഹങ്ങളില്‍ മനുഷ്യരുടെ ധാര്‍മ്മികതയോ ഉല്ലാസബോധമോ കുറയില്ലെന്നതിന്റെ ഉദാഹരണമാണ്. 


Many Saudi women escaped from stoning
to death only because of  international
pressure. But there are many
still left in jail waiting for this crude ordeal
മതാധിഷ്ഠിത രാജ്യങ്ങളിലെ ജനങ്ങളില്‍ ആത്മഹത്യ പാപബോധവും അപകീര്‍ത്തിയും ഉളവാക്കുമെന്നതിനാല്‍ ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കള്‍ അത് തേച്ചുമാച്ച് കളഞ്ഞ് സ്വഭാവിക മരണമാക്കാന്‍ ശ്രമിക്കുക സാധാരണമാണ്. സര്‍ക്കാരുകളാകട്ടെ പുറത്തറിയിക്കാനും താല്‍പര്യപ്പെടാറില്ല-വിശേഷിച്ചും ഇസ് ളാമികരാഷ്ട്രങ്ങള്‍.ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട ആത്മഹത്യ (oficially recorded suicide) മാത്രമേ ഏജന്‍സികള്‍ക്ക് ലഭിക്കാറുള്ളു. ലോകരാജ്യങ്ങളിലെ ആത്മഹത്യാനിരക്ക് സംബന്ധിച്ച പട്ടികയില്‍ ആദ്യത്തെ പത്തില്‍ നാലു സ്ഥാനക്കാര്‍ ശ്രീലങ്ക പോലെ പ്രബലമായ മതപരതയുള്ള രാജ്യങ്ങളാണ്. 'നാസ്തികനായി ദൈവത്തില്‍' ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. മാനസികരോഗങ്ങളുടെ കാര്യമാണ് അതിലും വിചിത്രം. പരിഷ്‌കൃതലോകത്ത് പരിചിതമായ സൈക്കോളജിക് ചികിത്സാ സംവിധാനങ്ങളോ കേസുകളോ മതാധിഷ്ടിത രാജ്യങ്ങളില്‍ ആ വിധത്തില്‍ പ്രവര്‍ത്തിക്കുന്നത് അപൂര്‍വമാണ്. അവിടെ മാനസിക പ്രശ്‌നങ്ങള്‍ മിക്കതും 'മതപര'മായാണ് പരിഹരിക്കപ്പെടുന്നത്. ജിന്നും മാരണവും ചാത്തനും പിശാചുമൊക്കെയാണ് അവിടെ മാനസികചികിത്സാപദ്ധതിയിലെ സൂപ്പര്‍താരങ്ങള്‍! വികസിതരാജ്യങ്ങളിലാകട്ടെ, പ്രശ്‌നമുള്ളവര്‍ ക് ളിനിക്കുകളില്‍ പോയി ചികിത്സിക്കുന്നു. അവര്‍ ആ കണക്ക് ഉത്തരവാദിത്വപ്പെട്ട അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് വേണ്ടപ്പോള്‍ കൈമാറുന്നു. സ്വഭാവികമായും മതാധിഷ്ഠിത രാഷ്ട്രങ്ങളില്‍ മാനസികരോഗങ്ങള്‍ പൂജ്യമാണ്! അവിടെ പിശാച്-ചാത്തന്‍-ജിന്ന് എന്നിവ ബാധിച്ച സ്ത്രീ-പുരുഷന്‍മാര്‍ മാത്രമേയുള്ളു!അതൊക്കെ മാനസികപ്രശ്‌നങ്ങളാണെന്നു സമ്മതിക്കാന്‍ തീരുമാനിച്ചാല്‍ അതിനെയൊക്കെ വെല്ലുന്ന കെട്ടുകഥകളില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന രാഷ്ട്രസംവിധാനംതന്നെ വല്ലാതെ വിയര്‍ത്തൊലിക്കും.