ശാസ്ത്രം വെളിച്ചമാകുന്നു

Friday 17 August 2012

34. ബ്രൂണോയ്ക്കും ഗലീലിയോയ്ക്കും മധ്യേ...

മതഭയം ചിന്തിക്കുന്ന മനുഷ്യന്റെ വലിയ ആശങ്ക തന്നെയാണ്. മതം സംബന്ധിച്ച മധ്യവര്‍ത്തി നിലപാടുകളുടെ അടിസ്ഥാന കാരണം മറ്റൊന്നല്ല. അവിശ്വാസികളായ പലരും അവസാനം ആത്മവിശ്വാസം നഷ്ടപ്പെട്ട് സ്വന്തം കൂട്ടരേയും നാസ്തിക സംഘടകളേയും വിമര്‍ശിച്ച് കാലം കഴിക്കുന്ന കാഴ്ച സാധാരണയാണ്. രണ്ടായാലും മതത്തിനെതിരെ യാതൊരു സാധ്യതയുമില്ല, എന്നാല്‍പ്പിന്നെ സ്വയം കേമനാണെന്ന് വരുത്താനായി നാസ്തികതയക്ക് വേണ്ടി നിലകൊള്ളുന്നവരെ തോണ്ടി ആളാകാം എന്ന് ചിന്തിക്കുന്ന ചപലബുദ്ധികള്‍ അവികിസിത സമൂഹങ്ങളില്‍ പതിവ് കാഴ്ചയാണ്. ഇവരാരും മതവിശ്വാസികളായിരിക്കില്ല. തങ്ങള്‍ മതത്തിനും മതവിരുദ്ധതയ്ക്ക് ഉപരിയായി ഒഴുകുന്ന 'മഹാസംഭവ'ങ്ങളായി വിലയിരുത്തപ്പെടണമെന്ന അതിമോഹമാണ് ഇക്കൂട്ടരെ നയിക്കുന്നത്. ഭൗതികവാദി, മാനവികവാദി, സ്‌ക്കെപ്റ്റിക്ക്, ഹ്യൂമനിസ്റ്റ്, സത്യാന്വേഷി,... തുടങ്ങിയ മൃദു ലേബലുകളുടെ പശ്ചാത്തലത്തില്‍ സ്വയം അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന അവിശ്വാസികളും ഉള്ളു കൊണ്ട് തങ്ങള്‍ മതത്തെ ഭയക്കുന്നുവെന്ന കാര്യം പരസ്യമാക്കുന്നുണ്ട്. 'താനൊരു നാസ്തികനാണ്' എന്ന് തുറന്നടിക്കുമ്പോഴുണ്ടാകുന്ന മതകോപം ലഘൂകരിക്കാന്‍ ഇത്തരം മൃദു ലേബലുകള്‍ക്ക് സാധിക്കുമെന്ന പ്രത്യാശയിലാണിവര്‍. മതസമ്മര്‍ദ്ദം അവിശ്വാസികളില്‍ സൃഷ്ടിക്കുന്ന പരോക്ഷസ്വാധീനം തന്നെയാണ് മേല്‍ സൂചിപ്പിച്ച രണ്ടു നിലപാടുകള്‍ക്കും ഹേതുവായി തീരുന്നത്. മതത്തിനെതിരെ പോരാടിയാല്‍ അത് വന്യമായി തന്നെ ശിക്ഷിക്കും. എന്നാല്‍ മതവിശ്വാസം എന്ന മസ്തിഷ്‌ക്കമാലിന്യം പേറാന്‍ തയ്യാറുമല്ല- ഈ രണ്ട് അവസ്ഥകളില്‍ ഇക്കൂട്ടര്‍ ഞെരുങ്ങുന്നു, സ്വയം പരിമിതപ്പെടുന്നു. 

സൗദി അറേബ്യ പോലുള്ള മുസ്‌ളീം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് അവിശ്വാസികള്‍ പുറത്തുവരാത്തത് നാസ്തികതയുടെ ദൗര്‍ബല്യമല്ലെന്ന് വ്യക്തം. 12 ലക്ഷം കമ്മ്യൂണിസ്റ്റുകാരെ സുഹാര്‍ത്തോ വധിച്ച രാജ്യമാണ് ഇന്തോനേഷ്യ. ഇറാനിയന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ലക്ഷക്കണക്കിന് അനുഭാവികള്‍ക്കാണ് 1977 ലെ ഇസ്‌ളാമിക വിപ്‌ളവകാലത്ത് ജീവന്‍ നഷ്ടപ്പെട്ടത്. ഇറാഖിലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിക്ക് അന്ത്യകൂദാശ നടത്തിയത് സദാം ഹുസൈനായിരുന്നു. സ്വഭാവികമായും സദാം വധിക്കപ്പെപ്പോള്‍ ഏറ്റവുമധികം ആഹ്‌ളാദിച്ചതും ആഘോഷിച്ചതും അവിടുത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളാണ്. അവിടെയെല്ലാം അവിശ്വാസികള്‍ അസംഖ്യമുണ്ടെന്നത് അനിഷേധ്യമായ വസ്തുതയാണെങ്കിലും ഇത്തരം രാജ്യങ്ങളില്‍ ഒരു വിശ്വാസസര്‍വെ നടത്തിയാല്‍ മിക്കപ്പോഴും അവിശ്വാസികളുടെ എണ്ണം 'പൂജ്യം ശതമാനം' എന്നാണ് കിട്ടുക. എങ്ങനെയാണിത് പൂജ്യമാവുക?! നാസ്തികനാണ് എന്ന് പരസ്യമായി സമ്മതിക്കാന്‍ ആരും തയ്യാറാവുന്നില്ല എന്നതല്ലേ ഇതിന്റെ അര്‍ത്ഥം? ഇത് നാസ്തികതയുടെ ദൗര്‍ബല്യമാണോ അതോ അവിടങ്ങളിലെ മതത്തിന്റെ ആത്മവിശ്വാസമില്ലായ്മയാണോ? ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ പാസ്‌പോര്‍ട്ടിലും വീസയിലും മതം നിര്‍ബന്ധമായും കാണിക്കേണ്ടതുണ്ട്. അതായത് 'നാസ്തികന്‍' ('atheist')എന്നെഴുതിയാല്‍ അത് ശിക്ഷാര്‍ഹമാണ്. അവിശ്വാസിയെ സ്വന്തം വിശ്വാസപ്രകാരം ജീവിക്കാന്‍ അനുവദിക്കാത്ത മതനേതൃത്വങ്ങള്‍ വിശ്വാസ സ്വാതന്ത്ര്യത്തെക്കുറിച്ചും അന്യദേശങ്ങളിലെ മതസ്വാതന്ത്ര്യത്തെ കുറിച്ചും വാ തോരാതെ സംസാരിക്കുകയും ചെയ്യും. നാസ്തകന്‍ അത്ഭുതസിദ്ധികളില്ലാത്ത കേവലനായ മനുഷ്യനാണെന്നിരിക്കെ ഇത്തരം വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ വിലയിരുത്തി മുന്നോട്ടുപോകാന്‍ അവന്‍ തീരുമാനിച്ചാല്‍ അതെങ്ങനെ നാസ്തികതയുടെ ന്യൂനതയാവും?!

Galelio
കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയനിലെ നിരവധി ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പാര്‍ട്ടിയിലും പുറത്തും 'നാസ്തികവേഷം' കെട്ടി ജീവിച്ചു. ചൈനയില്‍ ഇപ്പോള്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. അതിജീവനം വെല്ലുവിളിക്കുമ്പോള്‍ നിലപാടുകള്‍ മയപ്പെടുത്തുന്നത് ആദര്‍ശപരമായ വിട്ടുവീഴ്ചയായി വ്യാഖ്യാനിക്കാം. പക്ഷെ സാധാരണ മനുഷ്യര്‍ക്ക് ദൗര്‍ബല്യങ്ങളും പരിമിതികളുമുണ്ട്. മതസമ്മര്‍ദ്ദത്തിന് അടിപ്പെട്ട് അവിശ്വാസി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നതും ഇത്തരത്തില്‍ തന്നെയാണ് കാണേണ്ടത്. സമാനമായ സമ്മര്‍ദ്ദങ്ങള്‍ മതവിശ്വാസിയുടെ മേല്‍ പ്രയോഗിച്ചാല്‍ അവനും എളുപ്പത്തില്‍ കീഴടങ്ങും. സത്യത്തില്‍ ജീവിതസമ്മര്‍ദ്ദം താങ്ങാനാവാത്ത മാനസികദൗര്‍ബല്യം മൂര്‍ച്ഛിക്കുമ്പോഴാണ് ഒരാള്‍ ഭക്തി, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരികളിലേക്ക് കൂപ്പുകുത്തുന്നത് തന്നെ. വിശ്വാസിക്കും അവിശ്വാസിക്കും വ്യക്തിപരമായി ഇത്തരം ന്യൂനതയുണ്ടാവാം. സത്യം അറിയുന്നതുകൊണ്ട് മാത്രം ഒരാള്‍ ധൈര്യശാലി ആയിക്കൊള്ളണമെന്നില്ല. സത്യം അറിയുന്നതിനൊപ്പം അത് അനുഷ്ഠിക്കാനുള്ള സാഹചര്യം കൂടി നിലനില്‍ക്കേണ്ടതുണ്ട്. 

ചുറ്റും നരകയാതനയില്‍ നീറിപ്പുകയുന്ന വിശ്വാസികളായ സഹജീവകളുടെ മേല്‍ മതഭക്തന്റെ കണ്ണു പതിയില്ല. തീര്‍ത്ഥാടനവും ചോറൂണും അന്ത്യയാത്രയായി പരിണമിക്കുന്നതും അവനെ അലട്ടില്ല. ലോകത്തെ ദരിദ്രരില്‍ സിംഹഭാഗവും വിശ്വാസികളാണെന്നെതോ അഴിമതിക്കാരിലും ക്രിമനിനലുകളിലും ബലാല്‍സംഗവീരന്‍മാരിലും ഭൂരിപക്ഷം അവര്‍ക്കാണെന്നതോ അവന് ശ്രദ്ധിക്കാനാവില്ല. വികലാംഗത്വവും ദുരന്തവും രോഗവും അപകടവും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ലോകമെമ്പാടുമ്പുള്ള മതവിശ്വാസികളാണെന്നതും മതവിശ്വാസിക്ക് പ്രശ്‌നമല്ല. കുടുംബപ്രശ്‌നങ്ങള്‍, ആത്മഹത്യ, ആത്മവിശ്വാസമില്ലായ്മ, അവിഹിതബന്ധങ്ങള്‍, ചതി, വഞ്ചന, സ്വാര്‍ത്ഥത, ഉപജാപം... തുടങ്ങിയ ഇനങ്ങളിലൊക്കെ ലക്ഷണമൊത്ത വിശ്വാസി സമാനതകളില്ലാത്തവിധം കണ്ണഞ്ചിക്കുന്ന പ്രകടനം കാഴ്ചവെക്കുമെന്നതും അവന്‍ പരിഗണിക്കില്ല. സത്യത്തില്‍ ഇതൊക്കെ അവന്റെ സ്വാനുഭവം തന്നെയാണ്. എങ്കിലും അവന്‍ സദാ ഉറ്റുനോക്കുന്നത് അവിശ്വാസിയുടെ ജീവിതത്തിലേക്കാണ്. അവിശ്വാസിയുടെ ലഘുവായ തെറ്റുകുറ്റങ്ങളും ചെറിയ വീഴ്ചകളും അവനെ ഉന്മാദിയിക്കും; അവന്റെ രോഗവും ദുരന്തവും വമ്പന്‍ ആഘോഷമാക്കും. 

എന്തുകൊണ്ട് അവന് എന്നെപ്പോലെ മതകോപ്രായങ്ങളും അഭ്യാസങ്ങളും കാട്ടിക്കൂട്ടി ജീവിച്ചുകൂടാ? എന്തുകൊണ്ടവന് എന്നെപ്പോലെ മതാശാസനങ്ങള്‍ അന്ധമായി വെട്ടിവിഴുങ്ങിക്കൂടാ? ഭൂരിപക്ഷത്തെ നിരാകരിക്കുന്ന അവനതുതന്നെ വേണം- മതവിശ്വാസി പൊതുവെ ഇത്തരത്തിലാണ് ചിന്തിക്കുക. പരസ്യമായ ആഹ്‌ളാദപ്രകടനം മുതല്‍ മുന വെച്ച സംസാരം വരെ മതവിശ്വാസിയില്‍ നിന്ന് പുറത്തുചാടും. അപരന്റെ ദുരിതത്തില്‍ ആനന്ദിക്കാനുള്ള ജീര്‍ണ്ണമനസ്സ് മതവിശ്വാസിയുടെ പൊതുസ്വത്താണ്. അപൂര്‍വം വിശ്വാസികളേ ഈ ജീര്‍ണ്ണതയില്‍ നിന്നും മോചിതരായിട്ടുള്ളു. സ്വയം സമാധാനപ്പെടുത്തുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് ഈ നാണംകെട്ട പരിപാടിക്ക് വിശ്വാസി തുനിയുന്നത്. 

സ്വന്തം ദുരിതങ്ങള്‍ വിചിത്രമായി വ്യഖ്യാനിച്ച് സ്വയം അപഹസിക്കുന്നതിലും വിശ്വാസിക്കൂട്ടം അദ്വിതീയരാണ്. പട്ടിണി കാരണം മണ്‍ ബിസ്‌ക്കറ്റും ഉണങ്ങിയ പശുവിന്‍ ചാണകവും ഭക്ഷിക്കുന്ന സോമാലിയന്‍ വിശ്വാസികളും അന്ധതയും ബധിരതയും വികലാംഗത്വവും കൊണ്ട് 'ശപിക്കപ്പെട്ടവരും' സ്വന്തം മതദൈവത്തിന്റെ അനുഗ്രഹത്തെ വാഴ്ത്തിപ്പാടി ശ്രോതാക്കളെ ഞെട്ടിക്കും. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ലഘുവായ 'ജീവിതനേട്ടങ്ങള്‍'പോലും പ്രീണനത്താല്‍ വിവശനായ മതദൈവം പ്രഖ്യാപിക്കുന്ന 'ലോട്ടറി'കളാണ്. ദുരിതമോ ദുരന്തമോ സംഭവിച്ചില്ലെങ്കില്‍ അത് മതദൈവത്തിന്റെ അനുഗ്രഹം. ചൂണ്ടിക്കാണിക്കാന്‍ വിശേഷിച്ച് ദൃഷ്ടാന്തമൊന്നും കിട്ടിയില്ലെങ്കില്‍ 'ഭയങ്കര വിശപ്പായിരുന്നു, ഡിങ്കകൃപയാല്‍ കുറച്ച് പൊറോട്ടയും കോഴിക്കറിയും കഴിച്ചപ്പോള്‍ ഒക്കെ മാറി', 'സഹിക്കാനാവാത്ത ദാഹമായിരുന്നു ഡിങ്കന്റെ അനുഗ്രഹം കൊണ്ട് രണ്ട് ലിറ്റര്‍ വെള്ളം കുടിച്ചപ്പോള്‍ അല്‍പ്പം ആശ്വാസം കിട്ടി' തുടങ്ങിയ തലത്തിലേക്ക് വരെ ഈ ദൈവസ്തുതി പടര്‍ന്നുകയറും. മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം സംഭവിക്കുന്നതെല്ലാം മതദൈവത്തിന്റെ കളിയാണ്. കയ്യിലിരിക്കുന്നത് ചുറ്റികയായതിനാല്‍ കണ്ണില്‍ കാണുന്നതൊക്കെ ആണികളായി തോന്നുന്നത് അവന്റെ കുറ്റമല്ലല്ലോ!? 

അപകടത്തില്‍ നിസ്സാര പരിക്കെങ്കില്‍ മതവിശ്വാസിക്ക് അത് മതദൈവത്തിന്റെ 'ഇടപെടലാ'യി! ഇടപെട്ട് ശരിയാക്കാനാണെങ്കില്‍ അപകടം തന്നെ ഒഴിവാക്കിക്കൂടേ എന്ന് ചോദിച്ചാല്‍ സര്‍വശക്തനും സര്‍വജ്ഞാനിയുമായ ദൈവം കീടമായ മനുഷ്യനെ 'പരീക്ഷിക്കുകയാണെന്ന് നിര്‍ലജ്ജം തട്ടിവിടും. അജ്ഞതയും സംശയവും ദുരീകരിക്കാന്‍ പരീക്ഷിക്കുന്നത് അല്‍പ്പബുദ്ധിയായ മനുഷ്യനാണ്. പക്ഷെ ഇത് രണ്ടും ഇല്ലാത്ത ദു:ഖം മൂലമാണ് സര്‍വജ്ഞാനിയായ മതദൈവം പരീക്ഷണങ്ങള്‍ നടത്തി കഷ്ടപ്പെടുന്നത്! വിശ്വാസിക്ക് ഒരു കാല്‍ നഷ്ടപ്പെട്ടാല്‍, അത് മതദൈവകൃപയാകുന്നു. കാരണം ഒരു കാലല്ലേ നഷ്ടപ്പെട്ടുള്ളു-രണ്ടും പോകാമായിരുന്നില്ലേ? ഒരു കാല്‍ ഒഴികെ ബാക്കിയെല്ലാം ദൈവം കാത്തുരക്ഷിച്ചെന്ന് സാരം. എന്നാല്‍ ഇതേ കാല്‍ നഷ്ടപ്പെടുന്നത് അവിശ്വാസിക്കാണെങ്കില്‍ അത് നല്ല ഒന്നാന്തരം 'ദൈവശിക്ഷ'തന്നെ. അല്ലെങ്കില്‍ അപകടം ഉണ്ടാകേണ്ട വല്ല കാര്യവുമുണ്ടോ?! വിശ്വാസിക്ക് രണ്ടു കാലും നഷ്ടപ്പെട്ടാല്‍ അതും ദൈവാനുഗ്രഹം. കാരണം കാലുകളല്ലേ നഷ്ടമായൂള്ളു! ഇരു കൈകാലുകളും നഷ്ടപ്പെട്ടിട്ടും ദൈവം ജീവന്‍ നിലനിറുത്തി തന്നില്ലേ?-എന്നാവും പിന്നത്തെ ചോദ്യം. ഇനി ജീവന്‍ തന്നെ നഷ്ടപ്പെട്ടാലോ? 'ഇഷ്ടപ്പെട്ടവരെ' ദൈവം നേരത്തെ വിളിക്കുമെന്ന് വ്യഖ്യാനിച്ച് ജീവിച്ചിരിക്കുന്നവരെ മുഴുവന്‍ അപഹസിക്കാനും മതവിശ്വാസി മടിക്കില്ല. 

പരമതത്തിന് പ്രാമുഖ്യമുള്ളിടത്ത് ഭൂകമ്പവും ദാരിദ്ര്യവും സുനാമിയും വിരുന്നിനെത്തുമ്പോള്‍ അവയൊക്കെ തന്റെ മതദൈവത്തിന്റെ 'ലീല'യായി വ്യാഖ്യാനിക്കുന്ന മതവിശ്വാസി ഇതേ സംഭവങ്ങള്‍ സ്വദേശത്തുണ്ടാകുമ്പോള്‍ അവിടെയുള്ള അവിശ്വാസികളേയും അല്‍പ്പ വിശ്വാസികളേയും അന്യമതവിശ്വാസികളേയും തന്റെ ദൈവം ശിക്ഷിച്ചതാണെന്ന് പ്രസ്താവനയിറക്കും. വിശ്വാസം 'ദൃഡ'മല്ലാത്തതുകൊണ്ടാണ് ഭൂമി കുലുങ്ങിയത് എന്നൊക്കെയുള്ള ഫത്‌വകള്‍ പുറത്തിറങ്ങും. അര്‍ബുദം അയച്ചുകൊടുക്കുന്ന ദൈവത്തെ മതവിശ്വാസിക്കറിയില്ല. പക്ഷെ ചികിത്സിച്ച് ഭേദമാക്കുന്ന ഓങ്കോളജിസ്റ്റ് എപ്പോഴും മതദൈവമായിരിക്കും!! ഔഷധങ്ങളാകട്ടെ അവന്റെ വരദാനവും. കാലം പുരോഗമിക്കുന്തോറും ദൈവം പുതിയ ഔഷധങ്ങളും ചികിത്സാരീതികളും അവതരിപ്പിക്കുന്നുവെന്ന് വിശ്വസിക്കുന്ന മതവിശ്വാസി പണ്ടത്തെ ദൈവങ്ങള്‍ക്ക് അതിന് സാധിക്കാതിരുന്നത് 'മനുഷ്യസഹായം' ഇല്ലാതിരുന്നത് കൊണ്ടാണെന്ന് സമ്മതിക്കുന്നത് നാണക്കേടായി കരുതുകയും ചെയ്യുന്നു. അവിശ്വാസിക്ക് അര്‍ബുദം വന്നാല്‍ ആഹ്‌ളാദം ഉള്ളിലൊതുക്കാന്‍ മിക്ക വിശ്വാസികളും പണിപ്പെടും. ചില നദികളില്‍ ഇറങ്ങി നനഞ്ഞ് 'പാപം കഴുകിക്കളയുന്ന'സാങ്കേതികവിദ്യ കണ്ടുപിടിച്ച പല വിശ്വാസികളും അറിയാതെ നദിയുടെ ഒഴുക്കില്‍ പെട്ടുപോയിട്ടുണ്ട്. പുണ്യനദിയില്‍ മുങ്ങിമരിച്ചയാളെ ശുദ്ധീകരിച്ച് മതദൈവം സ്വീകരിച്ചതായി വിളംബരം ചെയ്യുന്ന ബന്ധുക്കള്‍ തന്നെ ദുര്‍മരണം ആരോപിച്ച് വാവിട്ട് നിലവിളിക്കും.

ജീവികള്‍ പൊതുവെ രണ്ടു രീതിയിലാണ് മരിക്കുന്നു: പ്രാര്‍ത്ഥിച്ചും പ്രാര്‍ത്ഥിക്കാതെയും. രണ്ടു രീതിയിലും സുനിശ്ചിതമായ ഫലത്തിലേക്ക് ക്രമേണ നടന്നുനീങ്ങുകയാണ്. മഹാഭൂരിപക്ഷം ജീവികളും മതരഹിതമായി മരിക്കുമ്പോള്‍ മതജീവികള്‍ മാത്രം പ്രാര്‍ത്ഥിച്ചും വിലപിച്ചും എരിഞ്ഞടങ്ങുന്നു. ആതുരാലയങ്ങളില്‍ തൊഴുകൈകളോടെ അസ്തമിക്കുന്ന കോടിക്കണക്കിന് വിശ്വാസികളെ മതവിശ്വാസി കാണില്ല. തനിക്ക് ചുറ്റും വിശ്വാസികളായ സഹജീവികള്‍ പീഡനപര്‍വതങ്ങളായി നീറിപ്പുകയുമ്പോഴും വിദൂരങ്ങളില്‍ ഏതെങ്കിലും അവിശ്വാസി നരകിക്കുന്നുവോ എന്നന്വേഷിക്കാനായിരിക്കും അവന്റെ വെമ്പല്‍. അതായത് പൂര്‍ണ്ണമായും അന്ധനാവുക എന്നതല്ല മറിച്ച് തെരഞ്ഞുപിടിച്ച അന്ധത (selective blindness) ആഘോഷിക്കലാണ് മതവിശ്വാസം. 

പൊതുസദസ്സില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ എഴുന്നേറ്റുനിന്നാല്‍ വലിയ 'ആദര്‍ശം പറയുന്നവന്‍'എന്തിനാണ് പ്രാര്‍ത്ഥനയ്ക്ക് എഴുന്നേറ്റത് എന്ന മതപരിഹാസം വരും. എഴുന്നേറ്റ് നില്‍ക്കാതിരുന്നാല്‍ എല്ലാവരും എഴുന്നേല്‍ക്കുമ്പോള്‍ ഇരിക്കുന്നത് അഹങ്കാരവും സംസ്‌ക്കാരശൂന്യതയുമാണ്, മതവികാരത്തെ വ്രണപ്പെടുത്തലാണ്, ഭൂരിപക്ഷത്തെ അപമാനിച്ച് കേമത്തരം നടക്കരുത്...എന്നൊക്കെയുള്ള മതവിലാപങ്ങള്‍ അണപൊട്ടിയൊഴുകും. സദസ്സില്‍ വിശ്വാസികളും അര്‍ദ്ധവിശ്വാസികളും മതേതരരും നാസ്തികരും ഉണ്ടാകാനിടയുണ്ടെന്നും ഒരു മതാനുഷ്ഠാനത്തിന്റെ പേരില്‍ എല്ലാവരേയും നിര്‍ബന്ധപൂര്‍വം എഴുന്നേറ്റ് നിറുത്തിക്കുന്നത് ഫാസിസമാണെന്നുമുള്ള വസ്തുത മതവിശ്വാസി മന:പൂര്‍വം മൂടിവെക്കും.''ഞാന്‍ മതം അനുഷ്ഠിക്കുന്നു, നീയും കൂടെക്കൂടൂ'' എന്ന പരസ്യശാസനമാണിവിടെ പ്രകടമാകുന്നത്. നൊയമ്പുകാലത്ത് ഭക്ഷണശാലകള്‍ അടച്ചിടുന്നതും വ്രതമനുഷ്ഠിക്കുന്നവന്റെ മുന്നില്‍ വെച്ച് ഒന്നും കഴിക്കരുതെന്ന് ശാഠ്യം പിടിക്കുന്നതും ഫാസിസം തന്നെ. ''ഏവരും മതത്തെ ആദരിച്ചുകൊള്ളണം പക്ഷെ മതം ആരേയും ആദരിക്കില്ല'' എന്നതാണിവിടെ കൈമാറപ്പെടുന്ന ലളിതസന്ദേശം. 

മതഭക്തി സ്വകാര്യമായി കാണുന്ന ആര്‍ക്കും പൊതുസ്ഥലങ്ങളിലെ മതാനുഷ്ഠാനങ്ങള്‍ ന്യായീകരിക്കാനാവില്ല, വിശേഷിച്ചും ഇന്ത്യ പോലൊരു മതേതരരാജ്യത്ത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ (എച്ച്) അനുസരിച്ച് അന്വേഷണബുദ്ധി (spirit of enquiry), ശാസ്ത്രബോധം (scientific temper), മാനവികത(humanism), പരിഷ്‌ക്കരണത്വര(reform) എന്നിവ പ്രോത്സാഹപ്പിക്കേണ്ടത് ഏതൊരു പൗരന്റേയും കടമയാകുന്നു. എന്തു ചെയ്യുമ്പോഴും തുടക്കത്തില്‍ മൂര്‍ത്തിയെ പ്രീതിപ്പെടുണമെന്ന മതവാശി ഭരണഘടനാ വിരുദ്ധമാണെന്നര്‍ത്ഥം. മതം ചെയ്യുന്ന ഈ തെറ്റിനെതിരെ പ്രതികരിക്കുന്നതാണ് നാസ്തികന് 'അഹങ്കാരി' എന്ന ഓമനപ്പേര് സമ്മാനിക്കുന്നത്. ഇവിടെ മതം ഒരു അതിക്രമം നടത്തുന്നു, എതിര്‍പ്പുയര്‍ത്തുന്നവനെ അധിക്ഷേപിക്കുന്നു. ഒരു നാസ്തികപുസ്തകം വായിക്കാനോ നാസ്തികപ്രഭാഷണം ശ്രദ്ധിക്കാനോ ഒരു മതവിശ്വാസിയോട് കല്‍പ്പിച്ചാല്‍ അവനെന്താവും ചെയ്യുക? പ്രതിഷേധിക്കുമോ അതോ അനുസരിക്കുമോ? തനിക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒന്ന് മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടായിരിക്കുമെന്ന് ചിന്തിക്കുന്നതല്ലേ സാമാന്യമര്യാദ? അതോ എണ്ണത്തില്‍ കുറവുള്ളവരുടെ വികാരം ചവട്ടിയരയ്ക്കുന്നതില്‍ തെറ്റില്ലെന്ന് വരുമോ? 

ഇതേ പ്രതിഭകള്‍ തന്നെയല്ലേ 'ന്യൂനപക്ഷ'വകാശത്തിന് വേണ്ടി വിരാമമില്ലാതെ പെരുമ്പറയടിക്കുന്നത്?! 'ന്യൂനപക്ഷാവകാശങ്ങള്‍ക്ക്' വേണ്ടി സ്വജീവന്‍ ബലി കൊടുക്കാനും തയ്യാറാണെന്ന് പ്രചരിപ്പിക്കുന്ന പ്രതികരണത്തൊഴിലാളികള്‍ ഇപ്പറയുന്ന 'ന്യൂനപക്ഷം' മതനിഷേധികളാണെങ്കില്‍ മുഖം തിരിക്കും. അവിശ്വാസിക്ക് ന്യൂനപക്ഷമായാലും പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് സാരം. മതന്യൂനപക്ഷത്തിന് ദേശീയഗാനം പാടിതിരിക്കാനും വന്ദേമാതരം ആലപിക്കാതിരിക്കാനുംവരെ അവകാശമുണ്ടെന്ന് വാദിക്കുന്ന ബുദ്ധിജീവികളും ന്യായാധിപന്‍മാരും എന്തിന് നാസ്തികരോട് പൊതു സ്ഥലങ്ങളിലെ പ്രാര്‍ത്ഥനവേളയില്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് ശഠിക്കുന്നു? അവിശ്വാസിക്കും സ്വന്തം ദര്‍ശനമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകേണ്ടതല്ലേ? മതേതരജീവിതം അങ്ങേയറ്റം ദുഷ്‌ക്കരമാക്കി തീര്‍ക്കാന്‍ മതം ബദ്ധശ്രദ്ധമാണെന്നാണ് ഇത് തെളിയിക്കുന്നത്. 

ബഹുമതസ്ഥര്‍ പങ്കെടുക്കുന്ന സദസ്സില്‍ 'പൊതുദൈവ'ത്തെ അവതരിപ്പിച്ചാണ് പ്രാര്‍ത്ഥന നടത്തുന്നുവെന്നൊരു വാദമുണ്ട്. 'പൊതുദൈവ'മായാല്‍ തമ്മിലടി ഒഴിവാകുമെന്ന മതവ്യാമോഹമാണ് ഇവിടെ പ്രകടമാകുന്നത്. സത്യത്തില്‍ 'പൊതുദൈവം'എന്നൊന്നില്ല. അങ്ങനെയൊന്ന് ഒരു മതവും അംഗീകരിക്കുന്നില്ല. ദൈവം വിഭാഗീയവും പ്രാദേശികവും ഭിന്നവുമാണ്. ഒരു പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് അവകാശപ്പെട്ട് പ്രാദേശികഭാഷ സംസാരിച്ചുകൊണ്ടാണ് എല്ലാ ദൈവങ്ങളും രംഗപ്രവേശം ചെയ്തിട്ടുള്ളത്. ഈ പരിമിതജ്ഞാനം വെച്ചാണ് മതം അവതരിപ്പിക്കുന്ന പഞ്ചായത്തുദൈവങ്ങള്‍ പ്രപഞ്ചരഹസ്യങ്ങള്‍ നിര്‍ധാരണം ചെയ്യുക. ദൈവങ്ങളുടെ കാര്യത്തില്‍ മാത്രമല്ല പൊതുദൈവങ്ങളുടെ കാര്യത്തിലും മതങ്ങള്‍ക്കിടയില്‍ ഐക്യമില്ല. 'ദൈവം ഒന്നേയുള്ളു' എന്ന് ചില മതവാദികള്‍ പറയുന്നത് അക്ഷരംപ്രതി ശരിയാണ്. ഒന്നേയുള്ളു, അത് തന്നെയാണ് പ്രശ്‌നവും. ഒരു ദൈവവും പല മതങ്ങളും! ദൈവം ഒന്നേയുള്ളു എങ്കില്‍ മതം എങ്ങനെ പലതുവന്നു? ഓരോ മതദൈവവും അന്യദൈവങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കാന്‍ കാരണമെന്താവും? മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മതങ്ങള്‍ അവതരിപ്പിക്കുന്ന ദൈവം 'ഒന്നു'തന്നെ. മനുഷ്യനെ അന്ധവിശ്വാസത്തിനും ഭയത്തിനും പാപബോധത്തിനും ഇരയാക്കി, അവന്റെ ചിന്താസ്വാതന്ത്ര്യം തടഞ്ഞ് ജീവിതാന്ത്യം വരെ സാമ്പത്തികമായും വൈകാരികവുമായും ചൂഷണം ചെയ്യാനായി പടച്ചുണ്ടാക്കപ്പെട്ട ഗോത്രഭാവനകളാണ് എല്ലാ മതങ്ങളും മുന്നോട്ടു വെക്കുന്ന ദൈവം-അതായത് ഫലത്തില്‍ എല്ലാം 'ഒന്നു'തന്നെ!

സൃഷ്ടിയും സ്രഷ്ടാവും രണ്ടാണെന്ന് വാദിക്കുന്ന സെമറ്റിക്ക് മതക്കാരനും അവ രണ്ടും ഒന്നാണെന്ന് വാദിക്കുന്ന സനാതനധര്‍മ്മക്കാരനും ഏത് പൊതുദൈവത്തെയാണ് വാഴ്ത്തുന്നത്?! ചന്തമേറിയ പൂവിലും ശബളാഹമാം ശലഭത്തിലും വാഴുന്ന, തൂണിലും തുരുമ്പിലും ഒളിച്ചിരിക്കുന്ന 'ശക്തി'യെ ഒരു കൂട്ടര്‍ വാഴ്ത്തുമ്പോള്‍ പ്രപഞ്ചസൃഷ്ടി നടത്തി പ്രപഞ്ചത്തില്‍നിന്നും വ്യതിരിക്തമായി നിലകൊള്ളുന്ന പഞ്ചായത്തുദൈവത്തെ ഉപാസിക്കുന്നവര്‍ക്ക് എങ്ങനെ കൈ കൂപ്പാനാവും?! ഏത് പ്രാര്‍ത്ഥനഗാനമെടുത്താലും ഇതേ പ്രശ്‌നമുണ്ടാവും. ''എല്ലാവരും പറയുന്നത് ഒരു ദൈവത്തെ കുറിച്ചാണ്''എന്ന ചക്കരവാദം ഗതികേട് കൊണ്ട് എഴുന്നെള്ളിക്കേണ്ടി വരുന്ന മതഫലിതം മാത്രം.

ഭക്തര്‍ നിര്‍ബന്ധം പിടിച്ചാലും ഒരുദൈവവാദം മതദൈവങ്ങള്‍ അംഗീകരിക്കില്ലെന്ന് മതസാഹിത്യങ്ങള്‍ സാക്ഷ്യപ്പെടുത്തും. 'എന്നെയല്ലാതെ വേറെ ദൈവത്തെ ആരാധിക്കരുത്' എന്ന് ഭക്തരോട് ആക്രോശിക്കുന്ന എല്ലാ മതദൈവങ്ങളും പറഞ്ഞുവെക്കുന്നത് മറ്റ് ദൈവങ്ങള്‍ നിലവിലുണ്ടെന്ന് തന്നെയാണ്. മതലഹള ഒഴിവാക്കാനായി മതം കണ്ടുപിടിച്ച ഒരു സവിശേഷ സോഫ്റ്റ്‌വെയറായി മാത്രമേ പൊതുവായ ഈശ്വരപ്രാര്‍ത്ഥനയേയും കാണാനാവൂ. അങ്ങനെയൊരു ഒത്തുതീര്‍പ്പില്ലെങ്കില്‍ തമ്മിലടി കാരണം ഒരുപക്ഷെ പരസ്യപ്രാര്‍ത്ഥന തന്നെ റദ്ദാവും! മതം അര്‍ത്ഥമറിയാതെ ആലപിക്കുന്ന ഒരു സംഘഗാനമാകുന്നു; പൊതുവായ ഈശ്വരപ്രാര്‍ത്ഥനെയുടെ കാര്യവും അങ്ങനെതന്നെ. ഒരു ഭാഷാശീലമെന്ന നിലയില്‍ മലയാളികള്‍ പൊതുവെ 'അയ്യോ!' എന്ന് വിളിക്കാറുണ്ടല്ലോ(അയ്യന്‍ എന്നാല്‍ ബുദ്ധന്‍. വിഷ്ണു എന്നും അര്‍ത്ഥമുണ്ട്). ഒരു അമുസ്‌ളീം ദൈവത്തെ വിളിച്ച് സഹായമപേക്ഷിക്കുന്ന അനുഷ്ഠാനത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കി ''അയ്യോ!'' വിളി അവസാനിപ്പിക്കാന്‍ പണിപ്പെട്ട് ദയനീയമായി പരാജയപ്പെട്ട ഒരു പെണ്‍കുട്ടിയെ പരിചയമുണ്ട്. പൊതുപ്രാര്‍ത്ഥനയിലെ ദൈവസങ്കല്‍പ്പം കൂടി അവള്‍ ഇതുപോലെ സൂക്ഷ്മപഠനത്തിന് വിധേയമാക്കിയാല്‍ എന്താവും സ്ഥിതി?! ഒരുപക്ഷെ ചിലരൊക്കെ ഇങ്ങനെ 'പഠിക്കാന്‍' ശ്രമിച്ചതിന്റെ പരിണിതഫലമായാണ് വന്ദേമാതരം കയ്യൊഴിയാനുള്ള അതിബുദ്ധി കാണിച്ചത്. 

അവിശ്വാസിക്ക് ദൈവം,പ്രേതം ഇത്യാദി കഥാപാത്രങ്ങളെകൊണ്ട് യാതൊരു ഉപദ്രവവുമില്ല. അവയൊക്കെ നിസ്സഹായവും ജഡപരവുമാണെന്ന് അവനറിയുന്നുണ്ട്. പക്ഷെ മതവിശ്വാസികളുടെ കാര്യം അങ്ങനെയല്ലല്ലോ?! കോടിക്കണക്കിന് ദൈവങ്ങളെ പുറംകാലു കൊണ്ട് തൊഴിച്ചെറിയുന്നവനും ഒരൊറ്റ മതവിശ്വാസിയെ പേടിച്ചേ മതിയാകൂ. ദൈവം മിഥ്യയെങ്കിലും ദൈവവിശ്വാസി സത്യമാണ്! ഉറ്റവരുടെ മരണവേളയില്‍ തളര്‍ന്നിരിക്കുന്ന യുക്തിവാദിക്ക് മതരഹിതസംസ്‌ക്കാരം ഉറപ്പുവരുത്താനായി ബന്ധുക്കളോടും മറ്റും മല്ലടിക്കേണ്ടി വരുന്നത് ദുസ്സഹം തന്നെ. അവിടെ അവിശ്വാസി വിട്ടുവീഴ്ച ചെയ്താല്‍ മതത്തെ അംഗീകരിച്ചുവെന്നും എതിര്‍ത്താല്‍ 'മതവികാരം' വ്രണപ്പെടുത്തിയെന്നും ആരോപണം വരും. മുന്‍കൂട്ടി കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചാലും ആ വേളയില്‍ പ്രശ്‌നമുണ്ടാക്കാതിരിക്കാന്‍ മതശക്തികള്‍ക്ക് കഴിയാറില്ല. 

2012 മാര്‍ച്ചില്‍ കേരള യുക്തിവാദി സംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീ. ബേബിജോണിന്റെ മകന്‍ ദല്‍ഹിയില്‍ വെച്ചുണ്ടായ ഒരു റോഡപകടത്തില്‍ അകാലമൃത്യുവിനിരയായി. ശവശരീരം വീട്ടിലെത്തിച്ച് മതരഹിതമായി വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. സംസ്‌ക്കാര ചടങ്ങില്‍ നല്ല ജനപങ്കാളിത്തവുമുണ്ടായിരുന്നു. പക്ഷെ ശേഷം ശ്രീ.ബേബിജോണിനോട് വിടപറഞ്ഞ് പുറത്തിറങ്ങിയ സഹപ്രവര്‍ത്തകരായ ചില യുക്തിവാദികളെ തൊട്ടടുത്ത കവലയില്‍ വെച്ച് പുരോഗമനപ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ട തദ്ദേശീയരായ ഒരു കൂട്ടം യുവാക്കള്‍ തടഞ്ഞുനിറുത്തി 'കുറ്റവിചാരണ' നടത്തി. ചിലരുടെ കാര്‍ ആക്രമിക്കുകയും മറ്റുചിലരെ അസഭ്യവര്‍ഷത്തോടെ പിടിച്ചുതള്ളുകയും കവിളത്തടിക്കുകയും ചെയ്തു. തങ്ങളുടെ പള്ളിക്ക് സമീപം വസിക്കുന്ന ഒരു ചെറുപ്പക്കാരനെ മതപരമായി സംസ്‌ക്കരിക്കാത്തതിലുള്ള അരിശം പ്രകടപ്പിക്കുകയായിരുന്നു ആ മതവിപ്‌ളവകാരികള്‍. നോക്കൂ, ഇവിടെ മരിച്ച ആള്‍ അവിശ്വാസി, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അവിശ്വാസികള്‍, കുടംബം ഒന്നടങ്കം അവിശ്വാസികള്‍. ആരുടെ ഭാഗത്തുനിന്നും തടസ്സവാദമില്ല. പക്ഷെ , അറിയുക എങ്ങനെ സംസ്‌ക്കരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മതം ആര്‍ക്കും അടയറ വെച്ചിട്ടില്ല! സാംസ്‌ക്കാരികകേരളത്തിനും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും അപമാനകരമായി തീര്‍ന്ന ഈ സംഭവത്തെ കുറിച്ച് കൂടുതല്‍ വിസ്തരിക്കുന്നില്ല. പക്ഷെ ഇതൊക്കെ ഇവിടെ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ നടക്കുന്നുവെന്നറിയണം. 

എല്ലായിടത്തും ഇതൊന്നും സംഭവിക്കില്ലെന്ന് വാദിക്കാം. പക്ഷെ ഇതേ നിലപാട് തന്നെ മതം എവിടെയും കൈക്കൊള്ളും. അതെപ്പോഴും അക്രമത്തിലേക്കും കയ്യേറ്റത്തിലേക്കും നീങ്ങണമെന്നില്ലെന്ന് മാത്രം. ശവത്തിന് മുകളില്‍, നവജാതശിശുവിന് മുകളില്‍, വധുവരന്‍മാര്‍ക്ക് മുകളില്‍ തങ്ങള്‍ക്ക് അപ്രതിരോധ്യമായ അധികാരമുണ്ടെന്ന് മതം ശഠിക്കുന്നു. വേണമെങ്കില്‍ മതകോപം ഏറ്റുവാങ്ങി നാസ്തികത അനുഷ്ഠിച്ചുകൊള്ളണമെന്ന ആത്മവിശ്വാസമില്ലായ്മയാണ് മതത്തിന്റെ അടയാളം. സമ്പത്തുകൊണ്ട് തൊണ്ണൂറ് ശതമാനം മനുഷ്യരേയും മയപ്പെടുത്താം. ഭയപ്പെടുത്തി തൊണ്ണൂറ്റിയൊമ്പത് ശതമാനത്തേയും കീഴടക്കുകയും ചെയ്യാം. പക്ഷെ വിത്തുംവാളും ഉപയോഗിച്ച് നേടുന്ന വിജയം ദര്‍ശനത്തിന്റെ മാഹാത്മ്യമല്ല. അത് ഭീരുത്വവും ആത്മിവിശ്വാസമില്ലായ്മയുമാണ്. മതാനുഷ്ഠാനങ്ങള്‍ ഇഷ്ടാനുസരണം തള്ളാനും കൊള്ളാനുമുള്ള അനുവാദം വിശ്വാസികള്‍ക്ക് കൊടുത്തുനോക്കൂ, മതം ഉപ്പുവെച്ച കലമായിത്തീരും. 

ഈയിടെ മതരഹിതമായി വിവാഹിതനായ ഒരു നാസ്തികസുഹൃത്ത് സ്വന്തം അനുഭവം വിവരിക്കുകയുണ്ടായി. എല്ലാ മതാചാരങ്ങളും ശ്രദ്ധാപൂര്‍വം ഒഴിവാക്കി വിവാഹിതനായ ആ യുവാവിനെ ഗൃഹപ്രവേശത്തിന് തൊട്ടുമുമ്പ് സ്വമാതാവ് സമര്‍ത്ഥമായി കബളിപ്പിച്ചു. വധുവരന്‍മാരുടെ ഗൃഹപ്രവേശവേളയില്‍ അവര്‍ നിലവിളക്കുമായി വന്ന് ഇരുവരേയും എതിരേറ്റു. വായുവില്‍ ഉഴിഞ്ഞ് വധുവിന് തിലകക്കുറി തൊടുകയും വലതുകാല്‍ വെച്ച് കയറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വിവാഹദിവസം മുഴുവന്‍ ചടങ്ങുകളില്‍ മതംതീണ്ടാതെ സൂക്ഷിച്ച സുഹൃത്തിനെ സംബന്ധിച്ചിടത്തോളം ഈ അന്ത്യഘട്ടത്തിലെ തിരിച്ചടി തികച്ചും അപ്രതീക്ഷമായിരുന്നു. പ്രതിഷേധിക്കാന്‍ ഒരുങ്ങിയെങ്കിലും മാതാവിനെ പരസ്യമായി അപമാനിച്ച് ഒരു രംഗം സൃഷ്ടിക്കെണ്ടെന്ന് കരുതി അയാള്‍ നിശബ്ദനായി. പക്ഷെ ഈ സംഭവത്തിന്റെ പേരില്‍ പിന്നീട് മതസുഹൃത്തുക്കള്‍ അയാളെ പരിഹസിച്ചു. മാതാവിനെതിരെ പ്രതികരിച്ചിരുന്നെങ്കില്‍ ''പെറ്റത്തള്ളയുടെ നിസ്സാരമായ ഒരു ആഗ്രഹത്തെ തള്ളി അവരെ പരസ്യമായി അപമാനിച്ച സംസ്‌ക്കാരശൂന്യന്‍'' എന്ന പരിവേഷം ലഭിക്കുമായിരുന്നു. മറിച്ചായതുകൊണ്ട് മതപരമായി വിട്ടുവീഴ്ച ചെയ്‌തെന്ന മതപരിഹാസം കേള്‍ക്കേണ്ടി വന്നു! 

യുവസുഹൃത്ത് മുന്‍കൂട്ടിതന്നെ സ്വമാതാവിനെ കാര്യങ്ങളൊക്കെ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നതാണ്. എങ്കിലും അവസാനം വരെ പിടിച്ച് നില്‍ക്കാന്‍ ആ മഹതിക്ക് സാധിച്ചില്ല. ഒരു മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം മതവൈറസില്‍ നിന്നുള്ള സമ്പൂര്‍ണ്ണമോചനം ഏറെക്കുറെ അസാധ്യമാണെന്നാണിത് തെളിയിക്കുന്നത്. ഗത്യന്തരമില്ലാതെ മതരഹിതവിവാഹത്തിന് സമ്മതിച്ച ശേഷം അവസാനനിമിഷം ഒരു 'താലി' എങ്കിലും കെട്ടാന്‍ അനുവദിക്കണമെന്ന അപേക്ഷ വളരെ സെന്റിമെന്റലായി ഉന്നയിച്ച് ഭാര്യാപിതാവിനെ അപമാനിച്ച വരന്റെ വീട്ടുകാരേയും പരിചയമുണ്ട്. നേരിട്ട് പങ്കെടുത്ത വിവാഹമായിരുന്നവത്. എങ്ങനെയെങ്കിലും മതാചാരങ്ങളില്‍ മറ്റുള്ളവരേയും കൊണ്ടുചെന്ന് കെട്ടണമെന്ന അദ്യമ്യമായ മതവാശിയാണിതൊക്കെ. മതം പുലര്‍ന്നുകാണാന്‍ മതം കൊതിക്കുന്നു, അതിനായി എന്തു ചെയ്യാനുമത് മടിക്കുന്നില്ല.

അവിശ്വാസിയുടെ ഭാര്യയായി വരുന്ന പെണ്‍കുട്ടി മിക്കവാറും മതപ്രസരണമേറ്റ് കരുവാളിച്ച അവസ്ഥയിലായിരിക്കും. വിവാഹശേഷം യുക്തിബോധം പകരാന്‍ ശ്രമിച്ചാല്‍ പരിശീലനം സിദ്ധിച്ച വിശ്വാസിയാണെങ്കില്‍ ചെവി പൊത്തിക്കളയും! മറ്റുചിലര്‍ സൗമ്യമായി ഒഴിഞ്ഞുമാറും. ആക്രമണോത്സുകമായി പ്രതികരിക്കാനും മതകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും മറ്റൊരു വിഭാഗം തയ്യാറാവും. ഇതില്‍ മൂന്നാമത്തെ വിഭാഗത്തിനാണ് മാറ്റമുണ്ടാകാന്‍ ഏറ്റവുമധികം സാധ്യത. ഭാര്യയുടെ വ്യക്തിസ്വാതന്ത്രം മാനിച്ച് വിശ്വാസകാര്യത്തില്‍ ഇടപെടാതിരുന്നാല്‍ ''ഭാര്യയെപ്പോലും ബോധ്യപ്പെടുത്താന്‍ കഴിയാതെ'' മറ്റുള്ളവരോട് നാസ്തികത പ്രസംഗിക്കുന്നവനെന്നും ഭാര്യ യുക്തിബോധം ഉപയോഗിക്കാന്‍ ശീലിച്ചാല്‍ നാസ്തികത അടിച്ചേല്‍പ്പിച്ചവനെന്നും പഴി കേള്‍ക്കേണ്ടി വരും. പ്രചരിപ്പിക്കാനും അടിച്ചേല്‍പ്പിക്കാനും മതത്തിന് മാത്രമേ അവകാശമുള്ളല്ലോ!

കുട്ടികളെ മതരഹിതമായി വളര്‍ത്തിയാല്‍ അവരില്‍ നാസ്തികത അടിച്ചേല്‍പ്പിക്കപ്പെട്ടു. മതങ്ങളെക്കുറിച്ചൊക്കെ സ്വന്തം കുട്ടികളെ പഠിപ്പിക്കാന്‍ നാസ്തികന്‍ തയ്യാറാവണമെന്നാണ് മതനിലപാട്. മതത്തെ പരിചയപ്പെടുത്തി കൊടുക്കുന്നത് നാസ്തികന് കാര്യങ്ങള്‍ എളുപ്പമാക്കുമെങ്കിലും തിരിച്ച് സന്തം കുട്ടികള്‍ക്ക് നാസ്തികത പരിചയപ്പെടുത്തി കൊടുക്കാന്‍ മതവിശ്വാസി തയ്യാറാവില്ല. ഭാര്യയുടേയോ ബന്ധുക്കളുടേയോ നിര്‍ബന്ധംമൂലം കുട്ടികള്‍ മതവിശ്വാസികളായി വളര്‍ന്നാല്‍ സ്വന്തം കുട്ടികളെപ്പോലും ബോധ്യപ്പെടുത്താനാവാത്തവന്‍ നാസ്തികത പ്രസംഗക്കുന്നുവെന്ന് മതം പരിഹസിക്കും; മറിച്ചാണെങ്കില്‍ മതസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയെന്നും. മതവിശ്വാസിയെ സംബന്ധിച്ച് ഇത്തരം പൊല്ലാപ്പുകളൊന്നുമില്ല. അവിശ്വാസി സ്വജീവിതത്തില്‍ എന്തുചെയ്താലും അതിലെല്ലാം ന്യൂനത കണ്ടെത്തി അധിക്ഷേപിക്കാനുള്ള ജന്മാവകാശം തനിക്കുണ്ടെന്ന് മതവിശ്വാസി കരുതുന്നു. വിശുദ്ധവസ്തുവായി താന്‍ ചുമക്കുന്ന വിഡ്ഢിത്തങ്ങള്‍ മാനിക്കാതെ മിടുക്കനാകാന്‍ അവിശ്വാസി ശ്രമിക്കുന്നതിലെ അസഹിഷ്ണതയും നീറ്റലുമാണ് ഈ നിലപാടെടുക്കാന്‍ മതവിശ്വാസിയെ പ്രേരപ്പിക്കുന്നത്.

നാസ്തികനെ പീഡിപ്പിക്കുന്ന മതഫാസിസത്തിന്റെ ലക്ഷ്യവും മതേതര-നാസ്തിക സംസ്‌ക്കാരത്തിന്റെ വ്യാപനം തടയുക തന്നെയാണ്. പൊള്ളയായ മതമാഹാത്മ്യം കുത്തിനിറച്ച പാഠപുസ്തകളില്‍ മതരഹിതജീവിതത്തെ പരാമര്‍ശിക്കുന്ന ഒരു വരി പോലും കടന്നുകൂടാന്‍ പാടില്ലെന്ന് മതം ശാഠ്യം പിടിക്കും. സ്വജീവതത്തില്‍ മതവുമായി സന്ധി ചെയ്യുന്ന അവിശ്വാസി സത്യത്തില്‍ ദുസ്സഹമായ മതഭീഷണിക്ക് വിധേയമായല്ലേ അത് ചെയ്യുന്നത്? ആശയപരമായി നാസ്തികത നൂറ് ശതമാനം ശരിയാണെങ്കിലും മതസമ്മര്‍ദ്ദവും ഭീഷണിയും യാഥാര്‍ത്ഥ്യമാണ്. മതം ഇത്തരം ശാഠ്യങ്ങള്‍ കാട്ടാത്ത വികസിതസമൂഹങ്ങളില്‍ (ഉദാ-യൂറോപ്പും സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളും) മതം മരിക്കുകയും മതേതരജീവിതം തഴയ്ക്കുകയും ചെയ്യുന്നു. അതേസമയം മതം ഒരു കൊലവിളിയായി പ്രതിധ്വനിക്കുന്ന അവികിസിതസമൂഹങ്ങളില്‍ മതേതരജീവിതം ദുസ്സഹമാകുന്നു.

ഒരു വ്യക്തിയെന്ന നിലയില്‍ സമൂഹത്തിന്റെ പൊതുബോധത്തിനെതിരെ പോരടിച്ച് നില്‍ക്കാനുള്ള ശേഷി മിക്കവര്‍ക്കുമില്ല. അതിന് സാധിക്കാത്തതു കൊണ്ടാണ് മഹാഭൂരിപക്ഷവും ഒക്കെ കണ്ടില്ലെന്ന് നടിക്കുന്നത്. അതല്ലാതെ എതിര്‍പ്പുകളോ വിരുദ്ധ അഭിപ്രായങ്ങളോ ഇല്ലാത്തതുകൊണ്ടല്ല. മതസമൂഹത്തിനെയും മതഫാസിസത്തേയും എതിര്‍ത്ത് നാസ്തികരെല്ലാം കരുത്ത് തെളിയിക്കണമെന്ന വാദത്തില്‍ കഴമ്പില്ല. തീര്‍ച്ചയായും പലര്‍ക്കുമത് സാധിക്കുന്നുണ്ട്. പക്ഷെ ആ ജീവിതങ്ങളൊക്കെ നിലയ്ക്കാത്ത പോരാട്ടത്തിന്റെ തുടര്‍ക്കഥയാണ് പറയുന്നത്. ദര്‍ശനവൈശിഷ്ട്യം പരീക്ഷിക്കാനാണെങ്കില്‍ സമവും സംതുലിതവുമായ മത്സരസാഹചര്യം നിലനില്‍ക്കണം. മതാധിഷ്ഠിത സമൂഹത്തില്‍ അങ്ങനെയൊന്ന് കാണാനാവില്ല. അവിടങ്ങളില്‍ നാസ്തികന് നേരിടേണ്ടി വരുന്ന ജീവിതവൈഷമ്യങ്ങള്‍ മതസൃഷ്ടിയാണ്. 

പണ്ട് ഭൂമി ഉരുണ്ടതാണെന്നും അത് സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്നുവെന്നും പറഞ്ഞവരെ മതം ചുട്ടുകരിച്ചു. പക്ഷെ അതുകൊണ്ട് മാത്രം പ്രാണരക്ഷാര്‍ത്ഥം ഭൂമി പരന്നതാണെന്ന മതവാശി സമ്മതിച്ച് കൊടുക്കാന്‍ ഗലീലിയോ ഉള്‍പ്പെടെ ഏവരും തയ്യാറായി. ഭൂമി ചലിക്കുന്നില്ലെന്ന മതവാശി പരസ്യമായി അംഗീകരിച്ചു കൊടുത്താണ് ഗലീലിയോ തല രക്ഷിച്ചത്. പക്ഷെ ''എങ്കിലും അത് ചലിക്കുന്നുണ്ട്''(''Neverthless it moves'') മതകോടതിയില്‍ നിന്നും പുറത്തിറങ്ങവെ ഗലീലിയോ ആത്മഗതം നടത്തിയത്രെ. അതിന് ശേഷം ദൂരദര്‍ശിനി നിര്‍മ്മിച്ച് വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെ കണ്ടുപിടിക്കാന്‍ അദ്ദേഹത്തിനായി. ഗലീലിയോ മതഭ്രമത്തെ വെല്ലുവിളിച്ച് ബ്രൂണോയെപ്പോലെ രക്തസാക്ഷിയാകണമായിരുന്നോ? ധീരനായിരുന്ന ബ്രൂണോ ഗലീലിയോയുടെ പ്രായോഗികബുദ്ധി പ്രകടപ്പിച്ചില്ല. പലപ്പോഴും മുന്നണിപ്പോരാളികള്‍ പൊടുന്നനെ അപ്രത്യക്ഷമാകുമ്പോള്‍ വിളക്കുമരം പോലെ അവരെ ആശ്രയിച്ച് പിന്നാലെ തുഴയുന്നവര്‍ വല്ലാതെ ഇരുട്ടില്‍ പെട്ടുപോകുന്നുണ്ട്. സ്വരക്ഷ വെല്ലുവിളിക്കപ്പെടുമ്പോള്‍ ചിലര്‍ ഗലീലിയോ ആയി മാറുന്നു, മറ്റുചിലര്‍ അപ്പോഴും ബ്രൂണോ ആയി നിലകൊള്ളുന്നു. മതനിഷേധികളില്‍ ബ്രൂണോമാരും ഗലീലിയോമാരുമുണ്ടാകാം. വ്യക്തിപരമായ വ്യതിരിക്തതയാണത്.

മതപരമായ വിമര്‍ശനങ്ങള്‍ വിശ്വാസി പൊതുവെ അസഹിഷണുതയോടെയാവും സ്വീകരിക്കുക. അതുകൊണ്ടുതന്നെ അത്തരം വിഷയങ്ങള്‍ അവരുമായുള്ള ഇടപെടലുകളില്‍ നിന്ന് ഒഴിവാക്കി യോജിക്കാവുന്ന മറ്റ് മേഖലകള്‍ കണ്ടെത്തി മുന്നോട്ടുപോവുകയെന്ന സാധാരണയുക്തിയാണ് അവിശ്വാസികള്‍ മിക്കപ്പോഴും സ്വീകരിക്കുക. ഇതുമൂലം വിശ്വാസപ്രമാണങ്ങളിലേക്ക് യുക്തിയുടെ വെളിച്ചം കടത്തിവിടാന്‍ അയാള്‍ക്ക് ഒരിക്കലും സാധിക്കില്ല. കൃത്രിമ ആദരവ് മതത്തിന് നല്‍കാന്‍ ഇതുമൂലം അവിശ്വാസിയും ശീലിച്ചുതുടങ്ങുന്നു. മതത്തോട് മൃദുസമീപനം സ്വീകരിക്കുന്ന ബുദ്ധിജീവികളില്‍ ഒട്ടുമുക്കാലും സ്വന്തം നിലയില്‍ മതവിശ്വാസികളല്ലെന്നതാണ് ശ്രദ്ധേയം. ശ്രദ്ധിക്കുക-പഠിക്കുക-സ്വന്തംനിലയില്‍ ചിന്തിക്കുക...ഇതൊക്കെ മറ്റേതു മേഖലയിലും നിസ്സാരമായി നിര്‍വഹിക്കാന്‍ മതവാദിക്ക് സാധിച്ചേക്കും. പക്ഷെ മതകാര്യത്തില്‍ ഇത് ഏറെക്കുറെ അസാധ്യമായിരിക്കും. ഭയപ്പെടുത്തിയും സമ്മര്‍ദ്ദം പ്രയോഗിച്ചും വ്യക്തിയെ കീഴടക്കുക എന്ന മതതന്ത്രം ഒരിക്കലും മഹത്തരമല്ല. ബ്രൂണോമാരും ഗലീലിയോമാരും ഭിന്നരീതികളില്‍ മതത്തിന് അസഹഷ്ണുതയുണ്ടാക്കും. ഓരോ അവിശ്വാസിയും സ്വജീവിതത്തിലുടനീളം ബ്രൂണോയ്ക്കും ഗലീലിയോയ്ക്കും ഇടയിലൂടെ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴും, എല്ലായ്‌പ്പോഴും അവനൊരു ബ്രൂണോയോ ഗലീലിയോയോ ആയി നിലകൊള്ളുന്നു.***************

Friday 10 August 2012

33. മതപ്പാടിന്റെ സാമാന്യലക്ഷണങ്ങള്‍

തിരുവിതാംകൂറിലെ വിഖ്യാതമായ ചാന്നാര്‍ ലഹളക്കാലത്ത് ആദ്യമായി മാറു മറച്ച് പ്രത്യക്ഷപ്പെട്ട നാലു ചാന്നാര്‍ യുവതികളുടെ ദുരനുഭവത്തെ കുറിച്ചുള്ള ഒരു സംഭവകഥ നിങ്ങള്‍ കേട്ടിരിക്കും. സംഭവകഥയായി പരിഗണിക്കാതെ കേവലം ഒരു കഥയായി എടുത്താലും വിരോധമില്ല. ചാന്നാര്‍ സമുദായക്കാര്‍ക്കിടയില്‍ ആദ്യമായി മാറ് മറച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാന്‍ തന്റേടം പ്രകടപ്പിച്ചവരായിരുന്നു ഈ നാല് യുവതികള്‍. മാറുമറച്ച് അഭിമാനപൂര്‍വം നടന്നുനീങ്ങിയ ഈ സ്ത്രീകള്‍ സ്വസമുദായക്കാരായ സ്ത്രീകളുടെ രൂക്ഷമായ പരിഹാസം ഏറ്റുവാങ്ങി. അഹങ്കാരികളും ധിക്കാരികളുമായി അവര്‍ മുദ്ര കുത്തപ്പെട്ടു. എല്ലാവരും ആഘോഷപൂര്‍വം ആചരിക്കുന്ന ഒരു നാട്ടുനടപ്പ് ധിക്കരിക്കുന്നതിലുള്ള ഭൂരിപക്ഷത്തിന്റെ ദഹനക്കേടായിരുന്നു അവിടെ പ്രകടമായത്. ആദ്യമൊക്കെ പ്രതിരോധിക്കുകയും സ്വയം ന്യായീകരിക്കുകയും ചെയ്ത യുവതികള്‍ ക്രമേണ ഒറ്റപ്പെട്ടു. ശമനമില്ലാത്ത പരിഹാസം അവരുടെ ആത്മവിശ്വാസം ഉടച്ചുകളഞ്ഞു. തങ്ങള്‍ കാണിച്ചത് എടുത്തുചാട്ടമാണോ എന്ന് ഒരു വേള അവരാശങ്കപ്പെട്ടു. മറ്റ് ചാന്നാര്‍ സ്ത്രീകള്‍ നഗ്നമാറിടവുമായി പിറകെ നടന്ന് കൊട്ടിപ്പാടി ആര്‍ത്ത് വിളിച്ചപ്പോള്‍, അവസാനം, ഗതികെട്ട് യുവതികള്‍ അവരുടെ മുലക്കച്ച ഊരിയെറിഞ്ഞ് ഭൂരിപക്ഷത്തോടൊപ്പം ചേര്‍ന്നുവത്രെ. അങ്ങനെ അവരും സമൂഹത്തിന്റെ മുന്നില്‍ പൂജ്യരായി മാറി. ഇത്തരത്തില്‍ ഭൂരിപക്ഷത്തിന്റെ തണലില്‍ ആഘോഷിക്കപ്പെടുന്ന വികലമായ ഒരു സമൂഹികനഗ്നതയാണ് മതവിശ്വാസം.

തുടക്കത്തില്‍ ദൈവമായിരുന്നു മതം; പിന്നീട് മതം തന്നെ ദൈവമായി. ചെയ്യുന്നത് ശരിയോ തെറ്റോ ആകട്ടെ, എല്ലാവരും ചെയ്യുന്നത് അപ്പടി അനുവര്‍ത്തിക്കുക, കൂട്ടത്തില്‍ പാടുക-വെള്ളത്തില്‍ പൂട്ടുക. മറിച്ചെങ്കില്‍ ഒറ്റപ്പെടുത്തലിനും കുറ്റപ്പെടുത്തലിത്തിനും വിധേയമാവുക-ഇതാണ് മതമനസ്സുകള്‍ വിളച്ചുപറയുന്നത്. മുകളില്‍ പരാമര്‍ശിക്കപ്പെട്ട നാല് യുവതികളുടെ പിറകെ നടന്ന് കൂക്കിവിളിച്ച സ്ത്രീകളെല്ലാം മാറുമറയ്ക്കുന്നത് ഇഷ്ടപ്പെടാത്തവരാണോ? അങ്ങനെയാകണമെന്നില്ല. എങ്കിലും മാമൂല്‍ലംഘനത്തെ അവരും പ്രതിരോധിക്കും. ഒപ്പം കൂടിയാല്‍ ഒറ്റപ്പെടാതിരിക്കാം എന്ന മനുഷ്യനിലെ ജന്തുസഹജമായ ചോദനയാണിവിടെ പ്രസക്തം. ഭൂരിപക്ഷപ്രേമം പലപ്പോഴും ഭയത്തില്‍നിന്നും ആത്മവിശ്വാസമില്ലായ്മയില്‍ നിന്നും ഉയരുന്നതാണ്.കാട്ടിക്കൂട്ടുന്നത് വിഡ്ഡിത്തമായാലും വിമര്‍ശനം ഉയരാത്തിടത്തോളം അതും ആത്മവിശ്വാസം പ്രദാനം ചെയ്യും. മതം അര്‍ത്ഥശൂന്യമായ ഒരു ഭൂരിപക്ഷഭീകരതയാകുന്നു. എതിര്‍ക്കുന്നവരെപോലും'നിക്ഷ്പക്ഷരും''അനുഭാവി'കളുമാക്കാനുമുള്ള പ്രഹരശേഷിയും അതിനുണ്ട്. 

മതത്തിന്റെ കരുത്തും മഹത്വവും നിലകൊള്ളുന്നത് അത് യുക്തിപരമായ വിശദീകരണത്തെ ആശ്രയിക്കുന്നില്ല എന്നതിലാണ്. മറ്റെല്ലാ മുന്‍വിധികളും നിലപാടുകളും നമുക്ക് യുക്തിസഹമായി വിശദീകരിക്കേണ്ടിവരുന്നുണ്ട്. ഒന്നുമുതല്‍ തൊണ്ണൂറ്റൊമ്പത് വരെയുള്ള കാര്യങ്ങളില്‍ ഇത് നിര്‍ബന്ധമാണ്. ഭാഗ്യം! മതത്തിന് മാത്രം ആ ബദ്ധപ്പാടില്ല! ഒരു മതവിശ്വാസിയോട് വിശ്വാസം യുക്തിസഹമായി ന്യായീകരിക്കാന്‍ ആവശ്യപ്പെട്ടുനോക്കൂ. നിമിഷങ്ങള്‍ക്കുള്ളില്‍ അയാളുടെ 'മതവികാരം വ്രണപ്പെടും.' വെണ്ണത്തലയന്‍ വെയിലിനെ വെറുക്കും. സമാനമായാണ് വ്രണപ്പെടല്‍ നാട്യം വികസിക്കുന്നത്. മതവിശ്വാസി യുക്തിസഹമായി കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിനാല്‍ മതത്തെ പുകഴ്ത്തുന്നവര്‍ക്കും മതത്തോട് കൃത്രിമസഹതാപവും അനുഭാവവും കാട്ടുന്നവര്‍ക്കും മാത്രമേ അയാളോട് ആശയവിനിമയം സാധ്യമാകൂ. കുറഞ്ഞപക്ഷം നിഷ്പക്ഷത പാലിച്ച് നിശബ്ദമായിരിക്കാനെങ്കിലും മറ്റുള്ളവര്‍ക്ക് ബാധ്യതയുണ്ട്.

മതവാദി മതത്തെപ്പറ്റി സംസാരിക്കില്ലെന്നല്ല. മിക്കപ്പോഴും അയാള്‍ സംസാരിക്കുന്നത് സ്വമതത്തെക്കുറിച്ച് മാത്രമായിരിക്കും. തനിക്ക് ലഭിച്ച മതബോധനം മാത്രമായിരിക്കും അയാള്‍ പ്രസരിപ്പിക്കുന്നത്. ആദരവോടെ കേട്ടുകൊണ്ടിരുന്നാല്‍ തികഞ്ഞ ആവേശത്തിലായിരിക്കും. മറുചോദ്യങ്ങളുയര്‍ത്തുകയോ വിമര്‍ശിക്കുകയോ ചെയ്താല്‍ തനിനിറം കാണേണ്ടിവരും. മുഖം ചുവക്കും, ഞരമ്പുകള്‍ വലിഞ്ഞുമുറുകും, ശ്വാസം കുറുകും, സംസാരം ഉച്ചത്തിലാകും... അസ്വസ്ഥതകള്‍ ഒളിക്കാന്‍ അയാള്‍ ദയനീയമായി പരാജയപ്പെടും. ഒരുവേള സമാധാനപരമായി പറഞ്ഞുപിരിയാന്‍ സാധിച്ചേക്കാം. പക്ഷേ, പിന്നീടയാള്‍ നിങ്ങളെ കൃത്യമായും ഒഴിവാക്കിയിരിക്കും. സംവാദത്തില്‍നിന്ന് ഏത് നിമിഷവും വികാരം കോരിയൊഴിച്ച് ഇറങ്ങിപ്പോകാന്‍ മതവിശ്വാസി ശ്രമിക്കും. പ്രകോപിതനാകാനും വൈകാരികമായി പരിക്കേറ്റു (Emotionally hurt or offended) എന്നവകാശപ്പെടാനും തനിക്ക് സവിശേഷമായ അവകാശമുണ്ടെന്ന് അയാള്‍ കരുതുന്നു. 
മതവാദി സൂര്യന് കീഴിലുള്ള സര്‍വതിനേയും കുറിച്ച് യുക്തിസഹമായി സംസാരിക്കും, വിമര്‍ശിക്കും, പരിഹസിക്കും. എന്നാല്‍ സ്വമതത്തെക്കുറിച്ച് ആരും അത്തരം സമീപനം സ്വീകരിക്കുന്നത് അയാള്‍ക്ക് അസഹനീയമാണ്. സ്വമതമൊഴികയുള്ള ഏതെങ്കിലും വിഷയത്തില്‍ മതവിശ്വാസിയോട് യുക്തിഹീനമായി സംസാരിച്ചുനോക്കൂ. അയാളത് നിഷ്‌കരുണം തള്ളും. സ്വന്തം മതത്തിന്റെ കാര്യത്തില്‍ മാത്രമാണ് യുക്തിബോധവും സാമാന്യബുദ്ധിയും അസ്വീകാര്യമാകുന്നത്. മതകാര്യങ്ങളില്‍ മതവാദി യുക്തിബോധം കയ്യൊഴിയുന്നത് സത്യത്തില്‍ ബുദ്ധിപരമായ തന്ത്രം തന്നെയാണ്. പൊള്ളത്തരം പുറത്താകുന്നതില്‍നിന്ന് മതത്തെ സംരക്ഷിക്കാനുള്ള ഏറ്റവും യുക്തിസഹമായ മാര്‍ഗ്ഗമാണ് വ്രണപ്പെടല്‍ സിദ്ധാന്തവും (The 'Hurt' Hypothesis) യുക്തി കയ്യൊഴിയലും (Abnegation of Reason). നൂറ്റാണ്ടുകളായി മതം ഫലപ്രദമായി ഉപയോഗിക്കുന്ന പ്രതിരോധതന്ത്രമാണത്. വാസ്തവത്തില്‍ മതവാദി യുക്തിബോധം ഒരിക്കലും ഉപേക്ഷിക്കുന്നില്ല. സ്വയം പ്രചരിപ്പിക്കുന്ന 99% കാര്യങ്ങളിലും അയാള്‍ വിശ്വസിക്കുന്നില്ലെന്നതിന് അയാളുടെ ജീവിതം തന്നെയാണ് തെളിവ്. അന്യമതദൈവസങ്കല്‍പ്പങ്ങളോട് അയാള്‍ കാട്ടുന്ന ഗൂഢമായ പുച്ഛവും സംശയവും മതവിഷയത്തില്‍പോലും യുക്തിബോധം വിട്ടുകളിക്കാന്‍ മതവിശ്വാസി തയ്യാറല്ലെന്ന് തെളിയിക്കുന്നു. 

മതാധിപത്യമുള്ള സമൂഹങ്ങളില്‍ നാസ്തികജീവിതം എളുപ്പമല്ല. മതം നിര്‍ദ്ദയനായ ചുങ്കപ്പിരിവുകാരനാണ്. ജനനം, വിവാഹം, മരണം തുടങ്ങിയ നിര്‍ണ്ണായകവേളകളിലെല്ലാം മതം വിശ്വാസിയോട് കൈ നീട്ടും. അവന്റെ അദ്ധ്വാനത്തിന്റെ പങ്കുപറ്റാനാണ് മതം ലോകമെമ്പാടും തോര്‍ത്ത് വിരിച്ചിട്ടുള്ളത്. കൊടുത്തില്ലെങ്കില്‍ ചാന്നാര്‍ സ്ത്രീകളെപോലെ പിറകെനടന്ന് കൊട്ടിപ്പാടും, പീഡനപര്‍വം ചമയ്ക്കും. മതം ഒരു ഫലിതമാണെന്ന് തിരിച്ചറിയുന്നവനാണ് നാസ്തികന്‍. മതം ചൂഷണവ്യവസ്ഥയും സാമൂഹ്യതിന്മയുമാണെന്ന് ബോധ്യപ്പെടുന്നതുകൊണ്ട് മാത്രമായില്ല. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യം മോഹിച്ചിരുന്ന മഹാഭൂരിപക്ഷവും സ്വാതന്ത്ര്യസമരത്തില്‍ കൈമുക്കാന്‍ ഭയപ്പെട്ടിരുന്നു. അവരെല്ലാം വിദേശഭരണത്തെ ഇഷ്‌പെട്ടിരുന്നില്ല;അക്കാര്യം പുറത്തുപറയാനും. ഭൂരിപക്ഷഭീകരതയുടെ തണലില്‍ സത്യം മാനഭംഗപ്പെട്ടതിന്റെ നേര്‍ക്കാഴ്ച മനുഷ്യചരിത്രത്തില്‍ സമൃദ്ധമാണ്.

മതാചാരപ്രകാരം വിവാഹം കഴിക്കാന്‍ അവിശ്വാസിക്ക് മേല്‍ മതസമ്മര്‍ദ്ദമുണ്ടാവും. പ്രത്യക്ഷമായും പരോക്ഷമായും അതവന്റെ മുന്നില്‍ വിരിഞ്ഞാടും. ജാതകനിഷേധിക്ക് സമാനനിലപാടുളള വധുവിനെ മാത്രമേ ലഭിക്കാനിടയുള്ളു. ജാതകവിശ്വാസം സാധുവായതല്ല മറിച്ച് അത് പ്രധാനമാണെന്ന ഭൂരിപക്ഷ നിലപാടാണ് അവിശ്വാസിക്ക് പ്രയാസമുണ്ടാക്കുന്നത്. എന്നാല്‍ വിശ്വാസി ഇത് ജാതകവിശ്വാസത്തിന്റെ മഹത്വമായി പ്രചരിപ്പിക്കും! ആചാരരഹിതവിവാഹം നടത്തിയാല്‍ അതിഥികള്‍ കോപിക്കുമെന്ന ചിന്ത അതിലൊന്നും താല്‍പര്യമില്ലാത്തവരെ പോലും വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിക്കുന്നത് സാധാരണയാണ്. 'വിളിച്ചുവരുത്തി അപമാനിച്ചോ?'-എന്ന ചോദ്യം മതപ്രമാണിമാര്‍ ഉയര്‍ത്തുമത്രെ. സ്വയം ആചരിക്കുക മാത്രമല്ല മറ്റുള്ളവരെകൊണ്ട് കൂടി ആചരിപ്പിക്കണമെന്ന ദുശാഠ്യം മതവിശ്വാസിയുടെ കൂടെപ്പിറപ്പാണ്. അപൂര്‍വം ചിലരേ അതില്‍ നിന്ന് മോചിതരായിട്ടുള്ളു. ആചാരസഹിതവിവാഹം നടത്തണമെന്നും ''വെറുതെ ഒന്നു നിന്നുകൊടുത്താല്‍'' മതിയെന്നും മാതാപിതാക്കളും അടുത്തബന്ധുക്കളും നിരന്തരം കെഞ്ചുമ്പോള്‍ അവിശ്വാസി അതിനോട് മുഖംതിരിച്ചാല്‍ അഹങ്കാരം, സ്വാര്‍ത്ഥത, ഭൂരിപക്ഷത്തോടുള്ള അസഹിഷ്ണുത തുടങ്ങിയ ഉദാരമായ വിശകലനങ്ങള്‍ പെയ്തിറങ്ങും. സമ്മര്‍ദ്ദം താങ്ങാനാവാതെ മതത്തിനൊപ്പം നീങ്ങിയാല്‍ അതവന്റെ അവിശ്വാസത്തിന്റെ ദൗര്‍ബല്യമാണെന്ന് വിളിച്ചുകൂവുകയും ചെയ്യും. 

വൈകാരികമായും സാമൂഹകമായും ബഹുതലസമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗിക്കുന്ന മതം ഇവിടെ സ്ഥിരീകരിക്കുന്നത് മതവിശ്വാസത്തിന്റെ സഹജമായ ന്യൂനതയും ദൗര്‍ബല്യവും മാത്രമാകുന്നു. മാനഭംഗം പ്രണയലീലയാക്കുന്ന മാനസികജീര്‍ണ്ണതയാണ് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ഭീഷണിപ്പെടുത്തുന്ന മതമോ ഭീഷണിക്ക് വഴങ്ങുന്ന അവിശ്വാസിയോ കുറ്റക്കാര്‍? ആരാണ് മാനസിക ദൗര്‍ബല്യം കാണിക്കുന്നത്? വിശ്വാസിക്കും അവിശ്വാസിക്കും തുല്യ അവസരങ്ങളുള്ള സമൂഹത്തില്‍ അവിശ്വാസി മതപരമായ വിട്ടുവീഴ്ചകള്‍ ചെയ്താല്‍ അതയാളുടെ വ്യക്തിഗത അപചയമാണ്. പക്ഷെ അത്തരം അവസരം മതപ്രാമുഖ്യമുള്ള സമൂഹങ്ങളിലെങ്ങും നിലവിലില്ല. പല പാശ്ചാത്യസമൂഹങ്ങളിലും വിശ്വാസികള്‍ പോലും മതേതരവും മതരഹിതവുമായ ചടങ്ങുകളോട് ആഭിമുഖ്യം കാണിക്കുന്നത് അത്തരം അവസരസമത്വം നിലനില്‍ക്കുന്നതുകൊണ്ടാണ്. മതത്തിനും മതരാഹിത്യത്തിനും അവസരസമത്വം നല്‍കപ്പെട്ടാല്‍ മതം കുഴഞ്ഞുവീഴും. 

മതേതരമായ എന്തിനേയും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന മതാതിപ്രസരമുള്ള ഒരു സമൂഹത്തില്‍ അവിശ്വാസിക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നത് നാസ്തികതയുടെ ന്യൂനതയല്ല മറിച്ച് മതഭീഷണിയും സമ്മര്‍ദ്ദവും താങ്ങാനാവാത്തതുകൊണ്ടാണ്. മതസമ്മര്‍ദ്ദം ഉജ്ജ്വലമായി അതിജീവിക്കാനുള്ള കരുത്ത് പകര്‍ന്നേകാന്‍ നാസ്തികതയ്ക്കാവും. എങ്കിലും എല്ലാവരിലും അത് തുല്യപ്രഭാവത്തോടെ പ്രാവര്‍ത്തികമായിക്കൊള്ളണമെന്നില്ല. ''സ്വന്തം ഇഷ്ടമനുസരിച്ച് വിവാഹം കഴിച്ചുകൊള്ളു, ഞങ്ങള്‍ പ്രശ്‌നമുണ്ടാക്കില്ല''എന്ന നിലപാട് മതം സ്വീകരിക്കട്ടെ, അവിശ്വാസികള്‍ മുഴുവന്‍ മതരഹിതമായി വിവാഹിതരാകും. മാത്രമല്ല വിശ്വാസികളില്‍ തന്നെ മല്ലൊരു പങ്ക് ആ വഴി സ്വീകരിക്കാനുമിടയുണ്ട്. പക്ഷെ ഒരിക്കലും അതനുവദിക്കപ്പെടില്ല. മതം അവിശ്വാസിയുടെ വഴിത്താരയില്‍ കുപ്പിച്ചില്ലുകള്‍ വാരിവിതറും;കാരമുള്ളും മാലിന്യവും വലിച്ചെറിയും. പരിക്കേല്‍ക്കാതിരിക്കാന്‍ അവന്‍ പാദുകമണിഞ്ഞാല്‍ അത് നാസ്തികതയുടെ ദൗര്‍ബല്യമായി! മതദൈവം ഉണ്ടെന്നതിന്റെ തെളിവായി! അന്യന്റെ കുടിവെള്ളത്തില്‍ കാര്‍ക്കിച്ച് തുപ്പിയിട്ട് അവനത് ഉപേക്ഷിക്കുമ്പോള്‍ സ്വയം വിജയിയായി പ്രഖ്യാപിക്കുന്ന വ്യക്തിമാഹാത്മ്യം ലക്ഷണമൊത്ത മതവിശ്വാസിയുടെ കൊടിയടയാളമാകുന്നു.

ഇത്തരം സമൂഹങ്ങളില്‍ മതാചരണത്തിന് പറയത്തക്ക വെല്ലുവിളികളില്ല. മതവിശ്വാസിക്ക് സ്വയം തീരുമാനങ്ങളെടുക്കുകയോ നടപ്പിലാക്കുകയോ ചെയ്യേണ്ടതില്ല. മാമൂലുകള്‍ പിന്തുടരുക, സ്വന്തം അടിമത്വം ആഘോഷിക്കുക തുടങ്ങിയ സുകുമാരകലകളാണ് അയാളുടെ മുഖ്യ വിനോദോപാധി. ജീവനുള്ളവ മാത്രമേ ഒഴുക്കിനെതിരെ നീന്തുകയുള്ളു. മതവിശ്വാസി ഒഴുക്കില്‍ പെടുന്നതില്‍ ആനന്ദിക്കുന്നവനാണ്. ചിന്തിക്കാന്‍ ഭയപ്പെടുമ്പോള്‍ അടിമത്വം ആഭരണമായി തീരുന്നു. ആട്ടിത്തെളിക്കപ്പെടുന്നവന്‍ അര്‍മാദിക്കുന്നത് സ്വന്തം വിലക്ഷണത മറച്ചുവെക്കാന്‍ കൂടിയാണ്. മതേതരമായ സര്‍വതിലും മതം തടസ്സവാദങ്ങള്‍ ഉന്നയിക്കും. പര്‍ദ ഇട്ടതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടാറില്ല; തിരിച്ചായാല്‍ മതത്തിന്റെ ഗോത്രശൈലി പൂത്തുലയും. മതപ്രചരണത്തിന്റെ പേരില്‍ വിശ്വാസി നേരിടുന്ന ഭീഷണി പ്രധാനമായും അന്യമതങ്ങളില്‍ നിന്നാണ്. 
മതം മതത്തെ വെറുക്കുകയും വേട്ടയാടുകയും ചെയ്യുന്നു; ഒപ്പം മറ്റുള്ളവരെയും. 
Plutarco Elías Calles

മതജീവിതം ദുഷ്‌ക്കരമാണെങ്കില്‍ മതവിശ്വാസിയും വാലു മടക്കും. ഇന്നത്തെ പ്രബല മതത്തിന്റെ വിശ്വാസികളെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അങ്ങനെ ചെയ്തിട്ടുണ്ട്. 1967 ല്‍ എന്‍വര്‍ ഓജയുടെ (Enver Hoxha(16 October 1908–11 April 1985)അല്‍ബേനിയ ലോകത്തെ ആദ്യത്തെ നാസ്തികരാജ്യമായപ്പോള്‍ അവിടെ മതജീവിതം തന്നെ അപ്രത്യക്ഷമായി.1924 മുതല്‍ 1941 വരെയുള്ള ജനറല്‍ പ്‌ളൂട്ടാര്‍ക്കോ കാലസിന്റെ (Plutarco Elías Calles /25.9.1877–19.10.1945) ആധിപത്യ കാലഘട്ടത്തില്‍ മെക്‌സിക്കോയില്‍ മതം ഔദ്യോഗികമായി തന്നെ അപമാനിക്കപ്പെട്ടു. പിന്നീട് സോവിയറ്റ് യൂണിയനിലും സമാനമായ സാഹചര്യമുണ്ടായി, ഇന്നും ചൈനയില്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. അവിടെ മുസ്‌ളീം പ്രവിശ്യകളില്‍ റമദാന്‍ നൊയമ്പ് എടുക്കുന്നതിന് വരെ നിയന്ത്രണമുണ്ട്. ഓര്‍ക്കുക, കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിലെ ഒരൊറ്റ സോവിയറ്റ് നേതാവിനും മതജീവിതം നയിക്കാനായില്ല. പരസ്യമായ നാസ്തികജീവിതം നയിച്ച അവരില്‍ പലരും വിശ്വാസികള്‍ ആയിരുന്നിരിക്കാം. 

കമ്മ്യൂണിസം വഴിമാറിയപ്പോള്‍ ജനം തങ്ങളുടെ മതവിശ്വാസം പരസ്യമായി ആഘോഷിക്കാന്‍ തുടങ്ങിയതിന്റെ കാരണവും മറ്റൊന്നാകാനിടയില്ല. സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും പ്രത്യക്ഷവും പരോക്ഷവുമായ വെല്ലുവിളികള്‍ നേരിടാന്‍ മിക്ക വിശ്വാസികളും തയ്യാറല്ല. തത്ഫലമായി അവരുടെയൊക്കെ മതജീവിതം ഒത്തുതീര്‍പ്പുകളും വിട്ടുവീഴ്ചകളും കൊണ്ട് സമ്പന്നമാകുന്നു. ഇതിനെ മതവാദിയുടെ വിശ്വാസത്തിന്റെ ന്യൂനതയായി വ്യാഖ്യാനിക്കുന്നത് ശരിയായ നിരീക്ഷണമല്ല. കാണം ആചരിക്കപ്പെടുന്ന മതവിശ്വാസവും ഒളിച്ചുവെക്കുന്ന മതവിശ്വാസവും ഒരിനത്തില്‍ പെട്ടതാകുന്നു. ഒന്ന് ശരിയെങ്കില്‍ മറ്റേതും ശരി; തെറ്റെങ്കില്‍ രണ്ടും തെറ്റ്. വെല്ലുവിളികള്‍ക്ക് മുന്നില്‍ പതറുന്ന മനുഷ്യന്റെ സഹജവാസനയാണ് ഇവിടെയെല്ലാം വെളിവാകുന്നത്. അതിജീവനത്തെ വെല്ലുവിളിക്കുന്ന എന്തില്‍നിന്നും വഴിമാറി നടക്കുകയെന്നത് പൊതുവില്‍ വിശ്വാസിക്കും അവിശ്വാസിക്കും ബാധകമായ കാര്യമാണ്. മതമായാലും മതനിരാസമായാലും അനുഷ്ഠാനസ്വാതന്ത്ര്യം ഉണ്ടാകേണ്ടതുണ്ട്. അല്ലെന്നാകില്‍ ഇരുകൂട്ടരും സ്വന്തം സുരക്ഷയ്ക്കും അതിജീവനത്തിനും മുന്‍ഗണന കൊടുക്കും. പാശ്ചാത്യരാജ്യങ്ങളില്‍ മതനിരാസം എളുപ്പമാണ്, വികസ്വര-അവികിസിത രാജ്യങ്ങളില്‍ പ്രായേണ ദുഷ്‌ക്കരവും. ഈ യാഥാര്‍ത്ഥ്യത്തോട് കണ്ണടച്ചിട്ട് കാര്യമില്ല. 

മതം ഒരു തുറന്ന ജയിലാകുന്നു. സ്വാതന്ത്രേ്യച്ഛയില്ലാത്ത തടവുകാരന് അടിമത്വവും തടവും ചക്കരപായസം. പുറത്ത് പോകാനാഗ്രഹിക്കുന്നവര്‍ നിരവധിയുണ്ടാവുമെങ്കിലും ഫലത്തില്‍ എല്ലാവരും അന്തേവാസികളായി തുടരുന്നു. സാമൂഹികജീവിതം ദുഷ്‌ക്കരമാകുമെന്ന ഭീതിയും സാധ്യതകള്‍ റദ്ദാക്കപ്പെടുമെന്ന ആശങ്കയും പുറത്തുചാടലില്‍ നിന്നും അവരെ വിലക്കുന്നു. മതം പറയുന്ന പലതിനോടും പലപ്പോഴും വിശ്വാസിക്ക് മമതയുണ്ടായെന്ന് വരില്ല. പലതിനോടും കടുത്ത വിയോജിപ്പുമുണ്ടാകാം. എങ്കിലും എപ്പോഴും ആള്‍ക്കൂട്ടത്തിന്റെ ഓരംപറ്റി നീങ്ങുന്നതിനെക്കുറിച്ച് മാത്രമേ അവന്‍ ചിന്തിക്കൂ. നാസ്തികന്‍ സ്വന്തംനിലയില്‍ ചിന്തിക്കുന്നതും അഭിപ്രായപ്രകടനം നടത്തുന്നതും അവന് നീറ്റലുണ്ടാക്കും. മതവിധേയത്വം തന്റെ ഗതികേടല്ല മറിച്ച് ലാവണ്യനിബിഡമായ ഒരനുഭവമാണതെന്ന് അയാള്‍ വീമ്പിളക്കും. സ്വയം സമാശ്വസിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണത്. താന്‍ കാട്ടിക്കൂട്ടുന്നതൊക്കെ നാസ്തികനും നിര്‍വഹിക്കേണ്ടി വന്നാല്‍ അത് മതവാദിക്ക് ആശ്വാസം കൊണ്ടുവരും. 

അസഹിഷ്ണുത മതത്തിന്റെ പോറ്റമ്മയും സ്ഥായിയായ അതിജീവനതന്ത്രവുമാകുന്നു. മതജീവിതത്തിന് പിന്തുണയായി ധനസഹായങ്ങളും നികുതിയിളവുകളും സബ്‌സിഡികളും മതാധിപത്യമുള്ള സമൂഹങ്ങളില്‍ സുലഭമായിരിക്കും. വേണ്ടിവന്നാല്‍ മതവിമര്‍ശനം തന്നെ റദ്ദാക്കി വൈകാരികസംരംക്ഷണവും ഭരണകൂടം ഉറപ്പിക്കും. തിരിച്ച് അവിശ്വാസിയോട് സമാനമായ സഹിഷ്ണുത കാട്ടുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും വിശ്വാസിക്കാവില്ല. അവിശ്വാസിയെ ഒറ്റപ്പെടുത്താനും അവന്റെ വികാരം മുറിപ്പെടുത്താനും മിക്കപ്പോഴും മതവാദിക്ക് യാതൊരു മനപ്രയാസവുമുണ്ടാവില്ല. പ്രത്യക്ഷമായും പരോക്ഷമായും മുന്നറിയിപ്പുകള്‍ വാരിച്ചൊരിഞ്ഞും 'ഉപദേശിച്ചും' അവിശ്വാസിയെ രക്ഷപെടുത്താനും അവന്‍ സാഹസപ്പെടും. ഇതിന്റെ ആരംഭം മിക്കപ്പോഴും അടുക്കളയില്‍ നിന്നായിരിക്കും. മതം ഉള്‍പ്പെടെയുള്ള മാമൂലുകളുടെ ഏറ്റവും വലിയ സംരക്ഷകര്‍ സ്ത്രീകളാണ്. 

മതത്തെ ഭയക്കാത്തവരുണ്ടോ?! മതം ഭൗതികസമ്പത്തിന്റെ മഹാപര്‍വതങ്ങളാകുന്നു. സമ്പത്താണ് എക്കാലത്തും മതം വിരിയിക്കുന്ന മഹാത്ഭുതം. കണ്ണായ സ്ഥലങ്ങളും പുടകൂറ്റന്‍ സ്ഥാപനങ്ങളും സ്വന്തമാക്കിയാല്‍ മതം പറയുന്ന അമ്മൂമ്മക്കഥകള്‍ ഭൗതികാസക്തി കൊണ്ട് ശ്വാസംമുട്ടുന്ന ഭക്തര്‍ക്കും നിഷ്പക്ഷതയെന്ന വ്യാജ ലേബലൊട്ടിച്ച് സ്വന്തം പക്ഷം ആഘോഷിക്കുന്ന സ്വാര്‍ത്ഥബുദ്ധികള്‍ക്കും പാല്‍പ്പായസമാവും. മതം ഉന്നയിക്കുന്നത് കെട്ടുകഥകളും വിഡ്ഢിത്തങ്ങളുമാവാം, പക്ഷെ അതിന്റെ ദ്രവ്യസമ്പത്ത് ഒരു യാഥാര്‍ത്ഥ്യമാണ്! മത്തിന് സ്വാധീനമുണ്ട്, അതിന് അനുഗ്രഹിക്കാനും ഭസ്മീകരിക്കാനുമാവും. നാമതിനെ മാനിക്കണം! -മുഴുത്ത ഫിലോസഫി തന്നെ ഇക്കൂട്ടര്‍ തട്ടിവിടും. ഭൗതികലോകത്ത് മതം തനിക്ക് തൊഴിലുംകൂലിയും സംരക്ഷണവും നല്‍കുമെന്ന് വിശ്വാസി മനസ്സിലാക്കുന്നു. ഇല്ലാത്ത സമ്മാനത്തിനായി ഉഴറി നടക്കുന്ന മതഭക്തന് ഇവിടെവെച്ച് തന്നെ സമ്മാനം കിട്ടുമെന്ന് വന്നാല്‍ വിശ്വാസം മൂര്‍ച്ഛിച്ച് കുഴഞ്ഞുവീഴുന്നതില്‍ അത്ഭുതമില്ലല്ലോ. 

സ്ഥാപനവല്‍കൃതമായ സാധ്യതകളില്ലാത്തതിനാല്‍ അവിശ്വാസം കമ്പോളശക്തികള്‍ക്കും അനാകര്‍ഷകമായിരിക്കും. നാസ്തികത നഷ്ടക്കച്ചവടമായി മാറുമ്പോള്‍ അവിശ്വാസി മതവിമര്‍ശനം പരിമിതപ്പെടുത്തിയാല്‍ അത് അതിജീവന സമവാക്യമായി കാണണം. അവസരസമത്വമില്ലാത്തിടത്ത് നാസ്തികത മലകയറ്റം പോലെ ദുഷ്‌ക്കരമാകും. യുക്തിരാഹിത്യം യുക്തിസഹമായി ആഘോഷിക്കപ്പെടുന്നിടത്ത് യുക്തിബോധം യുക്തിഹീനമായി മാറുന്നു(It is irrational to be rational when the rational is irrational). അവികിസിത സമൂഹങ്ങളില്‍ മതജീവിതം കൊക്കയിലേക്കുള്ള ഇടിഞ്ഞിറങ്ങലാണ്. വെറുതെ നിന്നുകൊടുത്താല്‍ മതഗുരുത്വം ബാക്കി പണി ചെയ്തുകൊള്ളും; നാസ്തികതയാകട്ടെ ഗര്‍ത്തത്തില്‍ നിന്നുള്ള ശ്രമകരമായ വീണ്ടെടുപ്പും. 

മതവെല്ലുവിളികള്‍ സധൈര്യം നേരിട്ടുകൊണ്ട് മതത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നേറുന്നവരാണ് അവിശ്വാസികളില്‍ ഭൂരിപക്ഷവുമെന്ന വസ്തുത അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ, മതാതിപ്രസരമുള്ള സമൂഹങ്ങളില്‍ വിശ്വാസിക്കും മതനിഷേധിക്കും സമാനമായ ജീവിതസാഹചര്യമല്ലുള്ളത്. പ്രത്യക്ഷവും പരോക്ഷവുമായ അസഹിഷ്ണത നേര്‍പ്പിക്കപ്പെട്ടാല്‍ ക്രമേണ മതത്തിന്റെ കൊടിയിറങ്ങും. കത്തി കാട്ടിയാല്‍ വിരട്ടിയാല്‍ പലരും അമൂല്യരത്‌നങ്ങള്‍ ഇട്ടെറിഞ്ഞെന്നുവരാം. പക്ഷെ അത് രത്‌നത്തിന്റെ മൂല്യരാഹിത്യം മൂലമല്ലെന്നറിയണം. മണലില്‍ ഓടേണ്ടിവന്നാല്‍ ഉസൈന്‍ ബോള്‍ട്ടിനും ആയാസകരമായിരിക്കും. 

മതം അവിശ്വാസിയുടെ പാതയില്‍ ചതിക്കുഴികള്‍ തീര്‍ക്കുമ്പോള്‍ പലപ്പോഴും അയാള്‍ ഒത്തുതീര്‍പ്പുകള്‍ക്ക് നിര്‍ബന്ധിതനായെന്ന് വരാം. മിക്കപ്പോഴും അവിശ്വാസി മതത്തില്‍ നിന്നും പുറത്തുവന്നവനാണ്. സമൂഹജീവിയായ കേവലനായ ഒരു മനുഷ്യനാണയാള്‍. തീയില്‍ച്ചാടി തീ കെടുത്തിയിട്ട് കാര്യമില്ലെന്നവന്‍ തീരുമാനിച്ചാല്‍ ആയത് ദൈവമുണ്ടെന്നതിന്റെ തെളിവോ നാസ്തികതയുടെ കരുത്തില്ലായ്മയോ അല്ല. മതവിശ്വാസിയുടെ മഹിമയുമല്ലത്. മതമനസ്സുകള്‍ 'പണിക്കുറവി'ന് തയ്യാറല്ലെന്ന നഗ്നസത്യമാണിവിടെ തിരിച്ചറിയേണ്ടത്. മാറ്റമില്ലാത്തതെന്തോ അതാണ് മതം; മറക്കാനും പൊറുക്കാനും കഴിയാത്ത ഒന്ന്.(To be continued)