ശാസ്ത്രം വെളിച്ചമാകുന്നു

Digital clock

Thursday, 24 September 2015

88. അന്ധവിശ്വാസത്തിന്റെ അനോഫിലസ് കൊതുകുകള്‍

കേരളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ അവതരിപ്പിക്കുന്ന ടോക്ക് ഷോകളുടെയും സംവാദങ്ങളും മിക്കപ്പോഴും സമൂഹത്തില്‍ അവേശേഷിക്കുന്ന ശാസ്ത്രചിന്തയും യുക്തിബോധവുംകൂടി നേര്‍പ്പിക്കുന്നതില്‍ കലാശിക്കുന്നു.കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ടര്‍ ചാനല്‍ കുറെയധികം തട്ടിപ്പുവിദ്യകളുടെ പിന്നാമ്പുറങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോയ ഒരു പരിപാടി ചെയ്തിരുന്നു. അതൊഴിച്ചു നിറുത്തിയാല്‍ കൊപേകള്‍ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായി വിശകലനം ചെയ്യുന്ന ഒരു പരിപാടികള്‍ അപൂര്‍വമാണ്.
കൊപേക്കാര്‍ അവതരിപ്പിക്കുന്ന സ്‌പോണ്‍സേഡ് പരിപാടികള്‍ പൊതുപരിപാടികളില്‍ നിന്നും വ്യത്യസ്തമാണ്. ടെലി ബ്രാന്‍ഡ് പരസ്യങ്ങള്‍, ടെലി ഷോപ്പിംഗ് തുടങ്ങിയ കൈവിട്ട കളികളുടെ കാര്യം തല്‍ക്കാലം വിട്ടുകളയുക. കൊപേക്കാര്‍ അങ്ങോട്ടു പണം കൊടുത്തു സമയംവാങ്ങി നടത്തുന്ന സ്‌പോണ്‍സേഡ് പരിപാടികളിലൂടെയാണ് ഇന്നത്തെ അറിയപ്പെടുന്ന കൊപേ വിദ്വാന്‍മാരില്‍ പലരും ഉദിച്ചുയര്‍ന്നത്.

ഒരുപക്ഷെ വിപ്ലവചാനല്‍ മുതല്‍ ഗാന്ധിചാനല്‍ വരെ ഒരുമിക്കുന്ന ഏകമേഖല ഇതാണെന്നു തോന്നുന്നു. പല ക്രിമിനലുകളും തങ്ങളുടെ തട്ടിപ്പു തുടങ്ങിയത് ടെലിവിഷന്‍ പരസ്യങ്ങളിലൂടെയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശന്‍ സ്വകാര്യചാനലുകളെ നാണിപ്പിക്കുന്ന വൈഭവമാണ് ഇക്കാര്യത്തില്‍ പ്രകടിപ്പിക്കുന്നത്. വിറ്റുപോകുന്നു, സ്‌പോണ്‍സര്‍മാരെ കിട്ടാന്‍ എളുപ്പമാണ്, കാണാന്‍ ആളുണ്ട്....തുടങ്ങിയ സാമ്പത്തിക മാനദണ്ഡങ്ങള്‍പ്പുറം ചിന്തിക്കാനുള്ള ബാധ്യത തങ്ങള്‍ക്കില്ലെന്ന ശാഠ്യം അവിടെ പ്രകടമാണ്.

ഡോ. നരേന്ദ്ര ധബോല്‍ക്കറുടെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം എഡിറ്റോറിയല്‍ എഴുതിയിരുന്നു. ധബോല്‍ക്കര്‍ ആജീവനാന്തം എതിര്‍ത്തുപോന്ന കൊടിയ അന്ധവിശ്വാസങ്ങളുടെയും ചൂഷണങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങള്‍ കരകവിഞ്ഞൊഴുകിയ പത്രത്തിലാണ് വായനക്കാര്‍ക്ക് എഡിറ്റോറിയലും വായിക്കേണ്ടി വന്നത്! ഒരുവശത്തു പുരോഗമാനാഭിമുഖ്യം കൊണ്ടു ശ്വാസംമുട്ടുന്ന 'സാമൂഹികപ്രതിബദ്ധത നിറഞ്ഞുതുളുമ്പുന്ന എഡിറ്റോറിയല്‍'! മറുവശത്ത് പത്രംനിറയെ ചാത്തന്‍സേവ മുതല്‍ മന്ത്രവാദം വരെ അണിനിരക്കുന്ന കമനീയ പരസ്യങ്ങള്‍! രണ്ടു ജോലിയും ഒരേ പത്രം തന്നെ ചെയ്യുമ്പോള്‍ സമൂഹം പകച്ചുപോവുക സ്വഭാവികം!
ഇതു 'ബാലന്‍സ് കെ നായര്‍ തന്ത്ര'മായി കാണരുതേ.കാരണം ബാക്കി 364 ദിവസങ്ങളില്‍ പരസ്യങ്ങള്‍ മാത്രമേയുള്ളൂ!

കേരളത്തെ നടുക്കിയ ചില മന്ത്രവാദമരണങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ദൂരദര്‍ശന്‍ സംഘടിപ്പിച്ച ഒരു ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അവസാനം, പ്രതീക്ഷിച്ചപോലെ ''നല്ല മന്ത്രവാദം മോശമല്ല, മോശം മന്ത്രവാദം നല്ലതല്ല''എന്നൊക്കെ കുഴച്ചുരുട്ടി ആവണക്കെണ്ണ രൂപത്തില്‍ അവതാരകന്‍ ചര്‍ച്ച സംഗ്രഹിച്ചു. കൗതുകകരമായി തോന്നിയ കാര്യം മറ്റൊന്നായിരുന്നു. ഷൂട്ടിംഗിനു മുമ്പ് കേന്ദ്രം ഡയറക്ടര്‍ എന്നു സ്വയം പരിചയപ്പെടുത്തിയ ഒരു മാന്യവ്യക്തി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ മുന്നില്‍ വന്നു ഒരു ലഘുപ്രബോധനം നടത്തി. ''നമ്മുടെ ചാനല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരാണ്, അതുകൊണ്ട് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെല്ലാം കഴിവതും അന്ധവിശ്വാസങ്ങളെ അതിരൂക്ഷമായി വിമര്‍ശിക്കണം, നമുക്ക് ഇത്തരം കൊള്ളരുതായ്മകള്‍ അവസാനിപ്പിക്കണം.....''-ടിയാന്‍ ആവേശംകൊണ്ട് കിതയ്ക്കുന്നുണ്ടായിരുന്നു.

ചര്‍ച്ച എങ്ങനെ വേണം, എന്തുപറയണം എന്നൊക്കെ പങ്കെടുക്കുന്നവരോട് നിര്‍ദ്ദേശിക്കുന്നത് കാണുന്നത് ആദ്യമായിട്ടായിരുന്നു. കയ്യുംകലാശവും കാട്ടി വാതോരാതെ സംസാരിച്ചു കൊണ്ടിരുന്ന ഡയറക്ടറുടെ കൈകളിലേക്ക് അറിയാതെ നോക്കിപ്പോയി. ഇരു കൈകളിലും ജപിച്ചു കെട്ടിയ വര്‍ണ്ണാഭമായ നിരവധി മന്ത്രച്ചരടുകള്‍! ടിയാനു ഒരൊറ്റ നിര്‍ബന്ധമേയുള്ളൂ: അവിടിരിക്കുന്നവരെല്ലാം അന്ധവിശ്വാസങ്ങളെ അതിരൂക്ഷമായി എതിര്‍ക്കണം!!

2007 ല്‍ ഏഷ്യാനെറ്റ് ചാനലിലെ നമ്മള്‍ തമ്മില്‍ ടോക്ക് ഷോ യില്‍ വാസ്തുശാസ്ത്രത്തെ കുറിച്ച് ഒരു സംവാദം സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുത്ത ശാസ്ത്രപ്രചാരകനായ ഒരു സുഹൃത്തു പറഞ്ഞ കാര്യം ഇവിടെ പരാമര്‍ശിക്കാതെ വയ്യ. പരിപാടിയില്‍ കേരളത്തിലെ ഒരു പ്രമുഖ വാസ്തുകുലപതിയെ വിചാരണ ചെയ്തുകൊണ്ടും യുക്തിസഹമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും ബഹളക്കാരനായ അവതാരകന്‍ തന്റെ പുരോഗമന ദ്രംഷ്ടകള്‍ പുറത്തുകാട്ടി പ്രേക്ഷകരെ ഞെട്ടിച്ചു. പക്ഷെ ഷൂട്ടിംഗ് തീര്‍ന്നതും ടിയാന്‍ വാസ്തുകുലപതിക്കു സമീപംചെന്നു:''വീട്ടിലെ മുറികളുടെ സ്ഥാനം ഒന്നു നോക്കണം, ഓര്‍ഡിനറി ടീമുകളെ വിളിച്ചാല്‍ ശരിയാവുകയില്ല. തിരുമേനിക്ക് എപ്പാഴാണ് സമയംകിട്ടുന്നത്, വന്നു കൂട്ടിക്കൊണ്ട് പൊയ്‌ക്കൊള്ളാം''! പുരോഗമപ്രഭുവായി അഭിനയിച്ചുകൊണ്ടിരുന്ന അവതാരകന്റെ വായില്‍ നിന്നും ഉതിര്‍ന്നുവീണ ഈ വാക്കുകള്‍ അടുത്തു നിന്നു കേട്ട സംവാദകരായ വിശ്വാസികള്‍ക്കുപോലും അവിശ്വസനീയമായി തോന്നി!

അമൃതാ ചാനലില്‍ ഈ വര്‍ഷം
നടന്ന ഒരു ടോക്ക് ഷോയില്‍ പങ്കെടുത്ത മറ്റൊരു സുഹൃത്തിനോടു അവതാരകനായ ചലച്ചിത്രതാരം മണിയന്‍പിള്ള രാജൂ ചോദിച്ച ചോദ്യം ഞെട്ടിപ്പിക്കുന്നതായിരുന്നു: ''അന്തരിച്ച നടി മോനിഷയെ ഞാന്‍ പലപ്പോഴും കാണാറുണ്ട്, അതിന്റെ കാരണം വിശദീകരിക്കാനാവുന്നില്ലെങ്കില്‍ ഇതൊക്കെ മിഥ്യയാണെന്നു എങ്ങനെ പറയും?!'' സ്വന്തം ഭ്രമങ്ങളും മനോകല്‍പ്പനകളും മറ്റൊരാള്‍ക്ക് വിശദീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു വാസ്തവമല്ലെന്നു എങ്ങനെ പറയും എന്നാണ് രാജുവിന്റെ സംശയം! പണ്ടു ഇങ്ങനെ ''പലതും കാണുകയും കേള്‍ക്കുകയും'' ചെയ്ത മിടുക്കന്‍മാരുടെ മനോവിഭ്രാന്തികള്‍ ചോദ്യംചെയ്യാതെ വെട്ടിവിഴുങ്ങിയതിനുള്ള ശിക്ഷയാണ് ഇന്നും മനുഷ്യരാശി അനുഭവിക്കുന്നതെന്ന് അദ്ദേഹത്തിനു ആരു പറഞ്ഞുകൊടുക്കും?

പ്രശ്‌നം സാമ്പത്തികം മാത്രമാണോ? ചാനലധികാരികളുടെയും ജീവനക്കാരുടെയും അന്ധവിശ്വാസ പ്രവണതകള്‍അവിടെ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. വാസ്തുപ്രകാരം തയ്യാറാക്കിയ ചാനല്‍ സ്റ്റുഡിയോയില്‍ ഇരുന്നു വാസ്തുവിനെതിരെ സംസാരിച്ചാല്‍ അതിന്റെ സാധ്യതയെന്തായിരിക്കും?! ജ്യോതിഷികളുടെ/വാസ്തുക്കാരായ സ്ഥിരം കസ്റ്റമര്‍മാരായ അവതാരകര്‍ക്ക് എത്ര നിക്ഷപക്ഷവും വിശകലനാത്മവുമായി ചര്‍ച്ച നയിക്കാനാവും?

മിക്കപ്പോഴും ചര്‍ച്ചയുടെ അന്തിമനിഗമനം മുന്‍കൂട്ടി കാണാതെ പഠിച്ചായിരിക്കും അവതാരകര്‍ എത്തുക. ചര്‍ച്ചയില്‍ നിന്നുരുത്തിരിയുന്ന നിഗമനങ്ങളല്ല മറിച്ച് തങ്ങള്‍ കാലേക്കൂട്ടി കാണാതെ പഠിച്ചുവെച്ച വരികളായിരിക്കും ആരംഭത്തിലും അവസാനവും അവര്‍ കാമറ നോക്കി ഉരുവിടുക. 'ബാലന്‍സിംഗ്'ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതുണ്ട് എന്നാണവരുടെ വാദം. രാഷ്ട്രീയ വിഷയങ്ങളിലൊക്കെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാം. പക്ഷെ അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ നടത്തുന്ന സമതതുലനം അന്ധവിശ്വാസങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്തിനു സമതുലനം എന്നു ചോദിച്ചാല്‍ പ്രേക്ഷകര്‍ കൂടുതലും അന്ധവിശ്വാസികളാണ്, സ്‌പോണ്‍സര്‍മാര്‍ കോപിക്കും, കൊപേക്കാര്‍ മുകളിലേക്ക് വിളിച്ചു പരാതി പറയും.....തുടങ്ങിയ പ്രതീക്ഷിത വിശദീകരണങ്ങള്‍ കേള്‍ക്കാം. ഒപ്പം അവതാരകര്‍ ഒന്നുകൂടി പറയാതെ പറയും: തങ്ങളുടെ നിലപാടും മറ്റൊന്നല്ല!

പ്രതികൂല സാഹചര്യങ്ങള്‍ ഏറെയുണ്ടെങ്കിലും ഇത്തരം പരിപാടികളില്‍ പങ്കെടുത്തു ആശയപ്രചരണം നടത്താനുള്ള ബാധ്യത ശാസ്ത്രപ്രചാരകര്‍ക്കുണ്ട്.വൈക്കോല്‍ കെട്ടാനുള്ള കയറു ഉണ്ടാക്കുന്നത് വൈക്കോലില്‍ നിന്നും തന്നെയാണ്. സര്‍ക്കാരും പോലീസും ചാനല്‍ ജീവനക്കാരുമൊക്കെ വരുന്നത് ഈ സമൂഹത്തില്‍ നിന്നാണെന്നറിയണം. എല്ലാ സാമൂഹികരോഗങ്ങളും ജീര്‍ണ്ണതകളും വ്യക്തിയില്‍ ഏറിയുംകുറഞ്ഞും പ്രതിഫലിക്കും. കച്ചവട-സിനിമാരംഗങ്ങള്‍ പൊതുവെ അന്ധവിശ്വാസങ്ങളുടെ പൂരപ്പറമ്പുകളാണ്. റേറ്റിംഗ് ലക്ഷ്യമിട്ടു താരങ്ങളെക്കൊണ്ട് ചര്‍ച്ചകളും അഭിമുഖങ്ങളും സംഘടിപ്പിച്ചാല്‍ മിക്കപ്പോഴും അവര്‍ തങ്ങളുടെ അന്ധവിശ്വാസങ്ങളും ചപലധാരണകളും സമൂഹത്തിലേക്ക് ഒഴുക്കിവിടും. ജനത്തിനു ആവശ്യമുള്ളതു ലഭ്യമാക്കാനേ ചാനലുകള്‍ക്കു സാധിക്കൂ. സമൂഹത്തെ തിരുത്തിയും പരിഷ്‌ക്കരിച്ചു പിടിച്ചുനില്‍ക്കാനുള്ള സാമ്പത്തികഭദ്രത പലര്‍ക്കുമില്ല, അതിനുള്ള താല്‍പര്യവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Sunday, 30 November 2014

87. A Happy Message from Down Under

A Happy Message from Down Under :)

 (My FB post dated 29.11.14)ബഹുമാനപ്പെട്ട രവിചന്ദ്രന്‍ സര്‍,
ഇന്നലെ Melbourne Convention and Exhibition സെന്റർ വച്ച് റിച്ചാർഡ്‌ ഡോക്കി ൻസ്ന്റെ An Appetite for Wonder എന്നാ പരിപാടിക്കിടയില്‍
വിണ് കിട്ടിയ കുറച്ചു നിമിഷങ്ങൾ കൊണ്ട് സാറിന്റെ 'നാസ്തികനായ ദൈവവും' , 'ഭുമിയിലെ മഹത്തായ ദ്രശ്യ വിസ്മയവും' ഞാൻ അദേഹത്തിന് പരിചയപെടുത്തുകയുണ്ടായി. ആവേശത്തോടെ പേജുകൾ മറിച്ച് നോക്കുകയും പുസ്തകത്തെയും രവിചന്ദ്രൻ സാറിന്റെ മറ്റു പ്രവർത്തനങ്ങളെയും, ആത്മാർഥമയി അഭിനന്ദികുകയും ചെയ്തു. Courtesy: Joy Lawrence
Friday, 31 October 2014

86. ആറാമത്തെ പുസ്തകം


'ബുദ്ധനെ എറിഞ്ഞ കല്ല് '

(Published by DC Books, Kottayam on November 16, 2014 @Tvpm, Pages-560)


From the Blurb of the book:
''കൃഷ്ണന്റെ സ്ഥാനത്ത് ബുദ്ധനായിരുന്നു അര്‍ജ്ജുനന്റെ സാരഥിയെങ്കില്‍?! ഒരു പക്ഷെ കുരുക്ഷേത്രയുദ്ധം തന്നെ റദ്ദാക്കപ്പെടുമായിരുന്നു. ഗീതയെക്കുറിച്ച് ബുദ്ധനും ബുദ്ധനെക്കുറിച്ച് ഗീതയും നിശബ്ദമെങ്കിലും ഗീതയുടെ ആശയപരിസരം ബൗദ്ധവിരുദ്ധമാണെന്ന് രവിചന്ദ്രന്‍ സമര്‍ത്ഥിക്കുന്നു. ഗീതയിലെ ഹിംസാത്മകതയും ബുദ്ധന്റെ അഹിംസയും പരസ്പരം തള്ളിക്കളയും. താത്വികതലത്തില്‍'ബുദ്ധനെ എറിഞ്ഞ കല്ല്'ആയി ഭഗവദ്ഗീത വേഷംമാറുന്നത് അങ്ങനെയാണ്. എല്ലാ മതസ്ഥരും അവരവരുടെ മതസാഹിത്യം വായിച്ച് ഹരംകൊണ്ടാല്‍ പരിശോധിക്കപ്പെടേണ്ടത് ഗ്രന്ഥമല്ല മറിച്ച് അവനവന്റെ മസ്തിഷ്‌ക്ക നിലപാടുകളാണ്. എന്തെന്നാല്‍ എല്ലാ ലഹരികളും അതാത് ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുകയും ആവര്‍ത്തിച്ചുള്ള ഉപഭോഗം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്-ഗീതാഭക്തിയുടെ കാര്യവും ഭിന്നമല്ല.

മൂന്ന് ഭാഗങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ ആദ്യ ഭാഗമായ 'ഗീതയും മായയും' ഗീതാകേന്ദ്രീകൃതമായ സാഹിതീവിമര്‍ശനമാണ്. 'വ്യാഖ്യാനഫാക്ടറി'യിലൂടെ വീര്‍പ്പിച്ചെടുത്ത മതബലൂണാണ് ഭഗവദ്ഗീതയെന്നും ഗീതാഭക്തിയും കൂടോത്രവും തമ്മിലുള്ള വ്യത്യാസം പൂജ്യമാണെന്നും ഗ്രന്ഥകാരന്‍ വാദിക്കുന്നു. രണ്ടാംഭാഗം, 'വേദാന്തം എന്ന യക്ഷിക്കഥ' ഉപനിഷത്തുകളിലെ വേദാന്തദര്‍ശനത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. 'ബോധം'(Consciousness) സംബന്ധിച്ച മതവാദങ്ങള്‍ സയന്‍സിന്റെ ജ്ഞാനതലം പശ്ചാത്തലമാക്കി അവസാനഭാഗമായ 'ബോധത്തിന്റെ രസതന്ത്ര'ത്തില്‍ പരിശോധിക്കപ്പെടുന്നു.'നാസ്തികനായ ദൈവ'വും(2009) 'പകിട പതിമൂന്നും'(2013) നിറുത്തിയ ഇടത്ത് നിന്നാണ് 'ബുദ്ധനെ എറിഞ്ഞ കല്ല്'പ്രയാണമാരംഭിക്കുന്നത്. നര്‍മ്മകഥകളും അഭിമുഖങ്ങളും കോര്‍ത്തിണക്കിയ ലളിതമായ രചനാശൈലി ഇവിടെയും ശ്രദ്ധേയമാകുന്നു. മതവാദങ്ങളുടെ മഹത്വം പരിശോധിക്കപ്പെടേണ്ടത് മറുവാദങ്ങളുടെ ഉരകല്ലിലാണെന്നതില്‍ തര്‍ക്കമില്ല. തെളിവിനും സാമാന്യയുക്തിക്കും വില കല്‍പ്പിക്കാത്ത മതദര്‍ശനങ്ങള്‍ അനര്‍ഹമായ ആദരവിനായി മുറവിളി കൂട്ടുമ്പോള്‍ നിര്‍മലമായ പ്രതിഷേധവുമായി ഗ്രന്ഥകാരന്‍.'' From the Preface by the authour:
''..................2013 ഡിസമ്പറില്‍ 'ഭഗവത്ഗീത മാനവികമോ?'എന്ന വിഷയത്തില്‍ സ്വാമി സന്ദീപാനന്ദഗിരിയുമായി നടന്ന 'നിര്‍മുക്ത' സംവാദമാണ് ഈ പുസ്തകരചനയുടെ പ്രേരണകളിലൊന്ന്. എന്റെ ബ്‌ളോഗിലും (nasthikanayadaivam.blogspot.com) ഫേസ്ബുക്ക് പേജിലും ഇതു സംബന്ധിച്ച് തുടര്‍ സംവാദങ്ങളുണ്ടായി. ''പകിട 13'' പോലെ തന്നെ ഗൗരവമേറിയ ഫേസ് ബുക്ക് സംവാദങ്ങളില്‍ നിന്നാണ് 'ബുദ്ധനെ എറിഞ്ഞ കല്ല്'പിറന്നത് അഭിപ്രായസ്വാതന്ത്ര്യവും സ്വതന്ത്രചിന്തയും കനത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലത്താണ് ഈ പുസ്തകമിറങ്ങുന്നത്. ഫേസ്ബുക്കില്‍ ഒരു ലക്ഷത്തിലധികം അംഗങ്ങളുള്ള സ്വതന്ത്രചിന്താഗ്രൂപ്പായ ഫ്രീതിങ്കേഴ്‌സിനെ (https://www.facebook.com/groups/ftkerala5/) ഒരു വര്‍ഷത്തിനുള്ളില്‍ നാലു തവണ സംഘടിതമായി തകര്‍ത്ത മത-പ്രതിലോമശക്തികള്‍ സൈബര്‍ലോകത്തും സ്വതന്ത്രചിന്തയെ മുക്കികൊല്ലാനുള്ള ശ്രമത്തിലാണ്.
'ബുദ്ധനെ എറിഞ്ഞ കല്ല്'നിങ്ങളുടെ കയ്യിലെത്തുമ്പോള്‍ നന്ദി പറയേണ്ടവരുടെ പട്ടിക സാമാന്യം വലുതാണ്. നിര്‍മ്മിതി വേളയില്‍ തന്നെ രചനയോട് താല്‍പര്യം പ്രകടിപ്പിക്കുകയും കുറഞ്ഞ സമയത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ഡി.സി ബുക്‌സിനോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ. വിശേഷിച്ചും രവി.ഡി.സി, രതീമ ഡി.സി, പബ്‌ളിക്കേഷന്‍ മാനേജര്‍ എ.വി.ശ്രീകുമാര്‍, പച്ചക്കുതിര എഡിറ്റര്‍ കെ.വി. ജയദേവ്, സീനിയര്‍ എഡിറ്റര്‍മാരായ അനൂപ്, രാംദാസ് എന്നിവരുടെ പിന്തുണ വിലമതിക്കാനാവാത്തതാണ്. രചനയ്ക്ക് സഹായകരമായ പല ഗ്രന്ഥങ്ങളും തേടിപ്പിടിച്ച് എനിക്കെത്തിച്ച് തന്നത് പ്രിയമിത്രം ബന്‍ശ്രീയാണ്. ബന്‍ശ്രീയുടെയും റെന്‍സന്റെ സഹായത്തോടെയാണ് ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുള്ള അഭിമുഖങ്ങളില്‍ പലതും നിര്‍വഹിച്ചിട്ടുള്ളത്. ഊര്‍ജ്ജതന്ത്ര ഗവേഷണവിദ്യാര്‍ത്ഥികളായ രോഹിന്‍.ടി. നാരായണന്‍(ഹെയ്ഡല്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി, ജര്‍മ്മനി), വി.എസ് ശ്യാം(സസക്‌സ് യൂണിവേഴ്‌സിറ്റി, ഇംഗ്‌ളണ്ട്), കൗശിക്ക് ബാലസുബ്രമണ്യന്‍(ബ്രാന്‍ഡീസ് യൂണിവേഴ്‌സിറ്റി മസാച്ചുസെറ്റ്‌സ്) എന്നിവരുടെ പിന്തുണ സ്മരണീയമാണ്. 'ബോധത്തിന്റെ രസതന്ത്രം' എന്ന ഈ പുസ്തകത്തിന്റെ മൂന്നാം ഭാഗത്തന്റെ പ്രചോദനമായി വര്‍ത്തിച്ചത് അമേരിക്കയിലെ അലബാമയില്‍ ജോലി ചെയ്യുന്ന ഓങ്കോളജിസ്റ്റ് കൂടിയായ ഡോ. ഖലീല്‍ അഷ്‌റഫ് ആണ്.
ശ്രീ.സി.കെ.ബാബു, ഡോ.വിശ്വനാഥന്‍ ചാത്തോത്ത് തുടങ്ങിയവരുടെ രചനകളും സഹായകരമായി. അഭിമുഖസംവാദവുമായി സഹകരിച്ച സര്‍വശ്രീ. സി.രാധാകൃഷ്ണന്‍, പി. കേശവന്‍ നായര്‍, ടി.ആര്‍. സോമശേഖരന്‍, സ്വാമി സന്ദീപാനന്ദഗിരി, എം. കൃഷ്ണന്‍ നായര്‍, കെ.കുഞ്ഞനന്തന്‍ നായര്‍ എന്നിവരുടെ സഹകരണമനോഭാവത്തെ നന്ദിപൂര്‍വം സ്മരിക്കട്ടെ. സുഹൃത്തുക്കളായ അഭിനന്ദ് മുരളീധരന്‍, അനു.ജി.പ്രേം, സജീവന്‍ അന്തിക്കാട് എന്നിവരുടെ പിന്തുണയും മറക്കാനാവാത്തതാണ്. എന്റെ സഹപ്രവര്‍ത്തകരായ ഡോ.ആനന്ദ് ദിലീപ് രാജ്, ഡോ.ദീപ, ഡോ.ഭദ്ര, ഡോ. ഗിരീഷ് ജയരാജന്‍, ടി.ജി.ഹരികുമാര്‍, അനു, നിഷ എന്നിവരുടെ സഹായവും പിന്തുണയും മറക്കാവുന്നതല്ല. ഈ വിഷയം സംബന്ധിച്ച് എന്റെ ഫേസ്ബുക്ക് പേജിലും ബ്‌ളോഗിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ നൂറുകണക്കിന് സുഹൃത്തുകള്‍ ഈ പുസ്തകരചനയില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ഭഗവത്ഗീതയെ കുറിച്ച് ആഘോഷഭാവത്തിലും വ്യാഖ്യാനരൂപത്തിലും നൂറ് കണക്കിന് ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. മലയാളത്തിലും അത്തരം പുസ്തകങ്ങള്‍ക്ക് പഞ്ഞമില്ല. പ്രപഞ്ചഹേതുവും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തിന് ആരുടെയും വ്യാഖ്യാനമില്ലാതെ എല്ലാ മനുഷ്യര്‍ക്കു് മനസ്സിലാക്കാന്‍ കഴിയുന്നവിധത്തില്‍ ഉപദേശം നടത്താനാവാതെ പോയതുകൊണ്ടാവാം ഇത്രയധികം വ്യാഖ്യാനങ്ങളെന്ന് കരുതരുത്. ഗീതാഭക്തരെ സംബന്ധിച്ചിടത്തോളം ഗീത വ്യാഖ്യാനിക്കല്‍ മുകളില്‍ ചെന്നാല്‍ കൂലി കിട്ടുന്ന സുന്നത്താണ്. ഗീത മനുഷ്യജീവിതത്തിന്റെ കൈപ്പുസ്തകമാണെന്നൊക്കെ അവരവകാശപ്പെടും; ഗീതയെപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാതെ ജീവിച്ചവരും ജീവിക്കുന്നവരുമായ ഈ ദുനിയാവിലെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും അത് ബാധകമല്ലെങ്കിലും.
ഗീതയുടെ തത്വാചിന്താപരവും സാമൂഹികപരവുമായ മാനങ്ങളാണ് ഈ പുസ്തകത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ആത്മാവ്, ബോധം, പുനര്‍ജന്മം, ബ്രഹ്മസങ്കല്‍പ്പം തുടങ്ങിയ വിഷയങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്. ഈ പുസ്തകം വായിക്കുന്ന ഗീതാഭക്തരെല്ലാം ഉടനടി ഗീതാഭക്തിയും അനുബന്ധ അന്ധവിശ്വാസങ്ങളും മടക്കിക്കെട്ടുമെന്ന അവകാശവാദമൊന്നുമില്ല. തീര്‍ച്ചയായും മറുന്യായീകരണങ്ങള്‍ കണ്ടെത്താന്‍ അവര്‍ ആവേശപൂര്‍വം പരിശ്രമിക്കാതിരിക്കില്ല. മതഭക്തിയുടെ പൊതുസ്വഭാവമാണത്. അപ്പോഴും. യാഥാര്‍ത്ഥ്യവുമായി ഹസ്തദാനം നടത്താന്‍ കുറെപ്പേരെങ്കിലും മുന്നോട്ടുവരുമെന്ന ശുഭാപ്തിവിശ്വാസം അസ്തമിക്കുന്നില്ല.''
                                         

                                                  രവിചന്ദ്രന്‍ സി
Loading...