ശാസ്ത്രം വെളിച്ചമാകുന്നു

Monday 14 January 2013

59. കരിങ്കൊടിക്കണക്കുകള്‍

Dying is an art?! Pix-Virginia Wolf,
the famous English novelist
committed suicide in 1941,March 28

ആത്മഹത്യ ചെയ്യുന്ന ഏക ജീവി എന്ന പദവി ഇന്നും മനുഷ്യന് സ്വന്തം. താല്‍ക്കാലിക പ്രതിസന്ധി മറികടക്കാന്‍ സ്വീകരിക്കപ്പെടുന്ന സ്ഥിരപരിഹാരം എന്നൊരു നിര്‍വചനം ആത്മഹത്യയ്ക്കുണ്ട്(suicide is a permanent solution to a temporary problem).പ്രതിസന്ധി ഒഴിഞ്ഞാലും തീരുമാനം റദ്ദാക്കാനാവില്ലെന്നതാണ് ആത്മഹത്യയെ ദുരന്തമാക്കുന്നത്. ലോകാരോഗ്യസംഘടനയുടെ സ്ഥിതിവിവരക്കണക്കനുസരിച്ച് ഒരോ 40 സെന്‍ക്കന്‍ഡിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. ആത്മഹത്യയെപ്പറ്റി ആധുനിക കാലത്ത് ഏറ്റവും ശ്രദ്ധേയമായ സിദ്ധാന്തങ്ങള്‍ മുന്നോട്ടു വെച്ചത് ഫ്രഞ്ചുചിന്തകനായ എമിലി ദര്‍ഖാമാണ്. വ്യക്തി, പരിസ്ഥിതി, സമൂഹഘടന, കുടുംബഘടന, സാമ്പത്തികം, വംശീയം തുടങ്ങി നിരവധി ഘടകങ്ങള്‍ ആത്മഹത്യയുടെ കാര്യത്തില്‍ നിര്‍ണ്ണായകമാണ്. മതവിശ്വാസം ആത്മഹത്യയെ തടയുന്നുണ്ടോ? അങ്ങനെയൊരു ചോദ്യം ചിലപ്പോഴൊക്കെ ഉന്നയിക്കപ്പെടാറുണ്ട്. ചില മതങ്ങള്‍ സ്വയംഹത്യയെ പാപമായി കാണുന്നതിനാല്‍ അത്തരം മതങ്ങളിലെ വിശ്വാസികളില്‍ ആത്മഹത്യാപ്രവണത കുറയുമത്രെ. 'കൊല്ലരുത്' ('thou shall not kill') എന്ന മതശാസനമുള്ളതിനാല്‍ ക്രൈസ്തവരുടേയും ജൂതരുടേയും ഇടയില്‍ കൊലപാതകനിരക്ക് കുറവായിരിക്കുമെന്ന് വിലയിരുത്താമോ? മതം തിന്മയായി മുദ്രകുത്തുന്ന കാര്യങ്ങള്‍ മതാധിഷ്ഠിത സമൂഹങ്ങളില്‍ തീരെക്കുറവായിരിക്കുമെന്ന് പ്രത്യാശിക്കുന്നതിന് സമാനമായ ഒന്നാണ് നാമിവിടെ താലോലിക്കാന്‍ ശ്രമിക്കുന്നത്.

സൈദ്ധാന്തികതലത്തില്‍ സെമറ്റിക്മതങ്ങള്‍ പൊതുവില്‍ ആത്മഹത്യയെ മതവിരുദ്ധമായി പരിഗണിക്കുന്നുണ്ട്. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നത് ജൂതമതമനുസരിച്ച് തെറ്റാണ്(Leviticus 19:14). എങ്കിലും ചില കൊടുംപാപങ്ങള്‍ (cardinal sins)ചെയ്യുന്നത് ഒഴിവാക്കാനായി മതപരമായ അനിവാര്യത എന്ന നിലയില്‍ ആത്മഹത്യയാകാം(acceptable alternative if the alternative is the commission of certain cardinal sins). അതായത് മതത്തിന് വേണ്ടി ആത്മഹത്യയാവാം- പക്ഷെ മറ്റു കാരണങ്ങള്‍ ആധാരമാക്കിയുള്ള സ്വയംഹത്യ സ്വീകാര്യമല്ല. ആത്മഹത്യ 'ദുര്‍മരണ'മാണ്. ജൂത സെമിത്തേരിയില്‍ ആത്മഹത്യചെയ്യുന്നവരെ വേറിട്ടാണ് സംസ്‌ക്കരിക്കുക. മതപരമായ വിലാപചടങ്ങുകളും അത്തരക്കാര്‍ക്ക് നിഷേധിക്കപ്പെടും. പക്ഷെ പ്രായോഗികതലത്തില്‍ ജൂതമതം ആത്മഹത്യകളോട് ഉദാരമായ സമീപനമാണ് സ്വീകരിക്കുന്നത്. ആത്മഹത്യവേളയില്‍ മരിച്ചയാളുടെ മാനസികനില തകരാറിലായിരുന്നുവെന്നോ മരിക്കുന്നതിന് തൊട്ടുമുമ്പ് അയാള്‍ തന്റെ കൊടിയ തെറ്റില്‍ പശ്ചാത്തപിച്ചിട്ടുണ്ടാകാമെന്നോ വാദിച്ച് സാധാരണ സംസ്‌ക്കാരംതന്നെ 'ദുര്‍മരണ'ങ്ങള്‍ക്കും അനുവദിക്കുക പതിവാണ്.

മറ്റ് പോംവഴി ഇല്ലാതെ വരുമ്പോള്‍ ആത്മഹത്യ മാത്രമാണ് ശരണമെന്ന് സ്ഥാപിക്കുന്ന 'കൂട്ട ആത്മഹത്യ'കളുടെ (mass suicides) കഥകളും ജൂതചരിത്രത്തിലുണ്ട്. ഹെരോദ് രാജാവ് ബി.സി.ഇ 37-31 കാലഘട്ടത്തില്‍ അരങ്ങേറിയ പ്രക്ഷോഭത്തെ തുടര്‍ന്ന് മസദ ഉപരോധിച്ചെന്ന് ഒന്നാം നൂറ്റാണ്ടിലെ റോമന്‍ ചരിത്രകാരനായ ജോസഫസിന്‍ എഴുതുന്നുണ്ട്. സി.ഇ.66 ല്‍ ആദ്യ ജൂത-റോമന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ സിക്കാരി (Sicarii)എന്നറിയപ്പെടുന്ന ഒരു തീവ്ര ജൂതവിഭാഗം റോമന്‍ ഉപരോധം അതിജീവിച്ച് മസദ പട്ടണത്തില്‍ നിന്ന് പുറത്തുവരികയുണ്ടായി. സി.ഇ 70 ല്‍ രണ്ടാം ആരാധനാലയത്തിന്റെ നശീകരണത്തിന് ശേഷം കൂടുതല്‍ ജൂതകുടുംബങ്ങള്‍ ഉപരോധം ഭേദിച്ച് പുറത്തുവരികയും അടുത്തുള്ള ഒരു പര്‍വതശിഖരത്തില്‍ അഭയം തേടുകയും ചെയ്തു. അവിടെനിന്ന് സംഘംചേര്‍ന്ന് അവര്‍ റോമാക്കാര്‍ക്കെതിരെയുള്ള പോരാട്ടം തുടര്‍ന്നു.

പക്ഷെ നിരാശാജനകമായ ഫലങ്ങളാണ് തുടര്‍ന്നും ജൂതരെ കാത്തിരുന്നത്. റോമാക്കാര്‍ക്കെതിരെ ഏറെക്കാലം പിടിച്ചുനില്‍ക്കാനാവില്ലെന്ന് മനസ്സിലാക്കിയ 960 സിക്കാരി ജൂതന്‍മാര്‍ അടിമകളാകുന്നതിലും ഭേദം മരണമാണെന്ന നിലപാട് സ്വീകരിച്ചു. എ.ഡി 73 ല്‍ അവര്‍ പര്‍വതപ്രദേശത്ത് വെച്ച് അവര്‍ കൂട്ട ആത്മഹത്യ ചെയ്യുകയായിരുന്നു. ഓരോരുത്തരും ആദ്യം തങ്ങളുടെ ഭാര്യമാരേയും കുട്ടികളേയും കൊന്നു. ശേഷം നറുക്കെടുത്ത് അവര്‍ ഓരോരുത്തരായി പരസ്പരം വെട്ടിക്കൊന്നു. അവസാന അംഗം അവശേഷിക്കുന്നതു വരെ ഇത് തുടര്‍ന്നു. അവസാനത്തെ ആള്‍ കയറില്‍ തൂങ്ങി ആത്മഹത്യ ചെയ്തു. അചിന്ത്യമായ ആ കൃത്യം അവിശ്വനീയമായ അച്ചടക്കത്തോടെ നിര്‍വഹിക്കാന്‍ അവര്‍ക്ക് തുണയായത് അന്ധമായ മതബോധം മാത്രമായിരുന്നു. മതലഹരിയുടെ സഹായമില്ലെങ്കില്‍ ആയിരത്തോളം പേര്‍ക്ക് ഒരുമിച്ചുകൂടി മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഇതുപോലൊരു ഘോരകൃത്യം ചെയ്യാനാവുമായിരുന്നുവോ എന്ന് സംശയമാണ്.

റോമന്‍ കത്തോലിക്കര്‍ വലിയ പാപമായിട്ടാണ് ആത്മഹത്യയെ കാണുന്നത്. ബൈബിള്‍ കഥയനുസരിച്ച് ആത്മഹത്യ ചെയ്ത ജൂദാസ് ശപിക്കപ്പെട്ടവനായി. സ്വയംഹത്യ മറ്റൊരാളെ കൊല്ലുന്നതിന് സമമാണെന്ന നിലപാട് പല പ്രോട്ടസ്റ്റന്റ് സഭകളും പങ്കുവെക്കുന്നുണ്ട്. അതേസമയം ആത്മഹത്യയോട് കൂടുതല്‍ പ്രായോഗികമായ സമീപനം കൈക്കൊള്ളുന്ന ന്യൂചര്‍ച്ച്(The New Church)പോലുകളുള്ള സഭകളുമുണ്ട്. ഇതൊക്കെയെങ്കിലും ക്രിസ്തുമതത്തിന് ആത്മഹൂതികളുടെ ഞെട്ടിപ്പിക്കുന്ന പല കഥകളും പറയാനുണ്ട്. 17-18 നൂറ്റാണ്ടുകളില്‍ റഷ്യയിലെ പതിനായിരക്കണക്കിന് പഴയവിശ്വാസികളാണ്(“Old Believers')മതബോധനത്താല്‍ പ്രചോദിതരായി സ്വയം എരിഞ്ഞടങ്ങിയത്(self-immolation). മിക്കവരും ആശ്രമങ്ങളില്‍വെച്ച് കൂട്ടത്തോടെ സ്വയം തീകൊളുത്തുകയായിരുന്നു. തങ്ങള്‍ ജീവിച്ചിരുന്ന സമൂഹത്തിലെ മൂല്യരാഹിത്യം മൂലം ഈ വിശ്വാസികള്‍ കനത്തജീവിതസമ്മര്‍ദ്ദം അനുഭവിച്ചു വരികയായിരുന്നുവത്രെ. അത്തരം സാഹചര്യങ്ങളില്‍ പൈശാചികശക്തികള്‍ക്ക് ഉണ്ടാകാനിടയുള്ള വിജയവും സ്വന്തം വിശ്വാസമനുസരിച്ച് ജീവിതത്തില്‍ നിന്ന് വിടവാങ്ങണമെന്ന ആഴത്തിലുള്ള മോഹവുമൊക്കെയാണ് ഇക്കൂട്ടരെ ആത്മബലിയിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.(http://socrel.oxfordjournals.org/content/47/1/1.short)


മാതൃമതങ്ങളെപ്പോലെ തന്നെ ഇസ്‌ളാമും ആത്മഹത്യ കൊടിയ പാപമായി എണ്ണുന്നു. ''സ്വയം കൊല്ലരുത്; തീര്‍ച്ചയായും ദൈവം നിങ്ങളോട് ഏറെ കരുണയുള്ളവനാണ്''('And do not kill yourselves, surely God is most Merciful to you.'— Qur'an, Sura 4(An-Nisa)എന്ന വാചകം കുര്‍-ആനിലുണ്ട്. പല ഇസ്‌ളാമികപണ്ഡിതരും ആത്മഹത്യപോലെ തന്നെ 'ഫിദയാന്‍ ' ആക്രമണങ്ങളും ബോംബിംഗും(suicide bombing) പാപമായി വിലയിരുത്താറുണ്ട്. ബുഖാരിയുടെ ഹദീസുകളിലും മറ്റും സ്വയംഹത്യയിലൂടെ സഹജീവികളെ കൊല്ലുന്നതിനെതിരെ പരാമര്‍ശങ്ങളുണ്ട്. ആത്മഹത്യചെയ്യുന്നവന്‍ എങ്ങനെയാണോ സ്വയം നശിപ്പിച്ചത് അതേരീതിയില്‍ നരകത്തീയില്‍ കിടന്ന് സ്വയം പീഡിപ്പിക്കുമെന്ന് മുഹമ്മദ് പറഞ്ഞതായി അബു ഹുറൈറയെ ഉദ്ധരിച്ച് ബുഖാരി എഴുതിയിട്ടുണ്ട്. വിഷം കുടിച്ചുമരിച്ചവന്‍ നരകത്തില്‍ക്കിടന്ന് സദാ വിഷം കുടിക്കും, കുത്തിമരിച്ചവന്‍ സദാ തന്നെത്താന്‍ കുത്തിപ്പിളര്‍ക്കും, കഴുത്തു ഞെരിച്ച് മരിച്ചവന്‍ നരകത്തിലും അതു തന്നെ ചെയ്തുകൊണ്ടിരിക്കും('He who commits suicide by throttling shall keep on throttling himself in the Hell Fire (forever) and he who commits suicide by stabbing himself shall keep on stabbing himself in the Hell-Fire.'—Sahih al-Bukhari, 2:23:446).

ഹത്യയെ എന്നപോലെ സ്വയംഹത്യയേയും ഹിന്ദുമതം തള്ളുന്നത് അഹിംസ ആധാരമാക്കിയാണ്. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ആത്മഹത്യ 'ദുര്‍മരണ'മാണ്. ദുര്‍മരണം സംഭവിച്ച ആത്മാക്കള്‍ പ്രേതങ്ങളായി അലഞ്ഞുതിരിയും. ആത്മഹത്യ ചെയ്യാതിരുന്നെങ്കില്‍ എത്ര കാലംകൂടി ഭൂമിയില്‍ ജീവിച്ചിരിക്കുമായിരുന്നുവോ ആ കാലയളവിലാണ് പരേതാത്മാവ് ഇങ്ങനെ അലഞ്ഞു നടക്കുന്നത്. ഇതൊക്കെയാണെങ്കിലും ഒരാള്‍ക്ക് സ്വജീവിതം അവസാനിപ്പിക്കാനുള്ള അര്‍ഹതയുണ്ടെന്ന വാദം ഹിന്ദുമതം തള്ളുന്നില്ല. മരണംവരെയുള്ള ഈ നിരാഹാരത്തിന്(fasting to death) പേര് 'പ്രായോപവേശം'(Prayopavesa) എന്നാണ്. പക്ഷെ ഈ കര്‍മ്മം അനുഷ്ഠിക്കുന്ന ആള്‍ക്ക് ജീവിതത്തില്‍ മറ്റ് ആശകളോ അഭിലാഷങ്ങളോ(desire or ambition) ബാക്കിയുണ്ടാവാന്‍ പാടില്ലെന്ന നിബന്ധനയുണ്ട്.

പില്‍ക്കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമംമൂലം നിരോധിച്ചെങ്കിലും 'സതി'എന്ന ആത്മഹൂതിക്കും ഹിന്ദുമതത്തിന്റെ സൈദ്ധാന്തിക പിന്തുണയുണ്ടായിരുന്നു. ജൈനമതവും മരണംവരെയുള്ള നിരാഹാരം അംഗീകരിക്കുന്നുണ്ട്. മുനിമാര്‍ക്ക് മാത്രമായി ക്‌ളിപ്തപ്പെടുത്തിയ ഈ മാര്‍ഗ്ഗത്തിന്റെ പേര് 'സന്താര'(Santhara)എന്നാകുന്നു. അക്രമാസക്തവും രക്തരൂക്ഷിതവുമായ മറ്റു ആത്മഹത്യാ മാര്‍ഗ്ഗങ്ങളൊന്നും ജൈനമതം പിന്തുണയ്ക്കുന്നില്ല. അഹിംസയിലും കര്‍മ്മസിദ്ധാന്തത്തിലും വിശ്വസിക്കുന്ന ബൗദ്ധര്‍ സ്വയംഹത്യയെ ജ്ഞാനോദയത്തിന്(enlightenment) തടസ്സമായി കണ്ടു. ആത്മഹത്യ ചെയ്യുന്നവന്‍ അന്ത്യനിമിഷത്തെ പാപചിന്ത കാരണം വീണ്ടും ജന്മമെടുക്കേണ്ടി വരും. എങ്കിലും ബുദ്ധമതം സെമറ്റിക്ക് മതങ്ങളെപ്പോലെ ആത്മഹത്യയെ കൊടിയ പാപമായി ഗണിക്കുന്നില്ലെന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്.

മതചിന്തയില്‍ നിന്ന് നാസ്തികതയിലേക്ക് വന്നാല്‍ ചിത്രം കുറേക്കൂടി തിളക്കമാര്‍ന്നതാണ്. നാസ്തികത ജീവിതത്തിന്റെ പരമമായ ആഘോഷമാകുന്നു. ജീവിതത്തെ അങ്ങേയറ്റം സ്‌നേഹിക്കുകയും പരോമോന്നതസ്ഥാനം നല്‍കി അതിനെ ആദരിക്കുകയും ചെയ്യുന്നവനാണ് നാസ്തികന്‍. രണ്ടാമത് മറ്റൊരു അവസരം ഇല്ലെന്നതാണ് ജീവിതമെന്ന സമാനതകളില്ലാത്ത അത്ഭുതത്തെ ഉദാത്തമാക്കുന്നത്. പരലോകത്തും സ്വര്‍ഗ്ഗനരകങ്ങളിലും വിശ്വസിക്കാത്ത നാസ്തികനെ സംബന്ധിച്ചിടത്തോളം ലഭ്യമായ ഓരോ നിമിഷവും അമൂല്യമാണ്. അവനെ സംബന്ധിച്ചിത്തോളം ജീവിതം കേവലമായ ഒരു തയ്യാറെടുപ്പോ കാത്തിരിപ്പോ അല്ല. ഏറ്റവും അനുപമമായ ആത്യന്തിക യാഥാര്‍ത്ഥ്യമാണത്. മറ്റെന്തിനെങ്കിലും വേണ്ടി കൈമാറ്റം ചെയ്യാനാവുന്ന
ഒന്നല്ല ജീവിതം. അതിലും മെച്ചപ്പെട്ടത് കിട്ടാനില്ല;പകരംവെയ്ക്കാനും. മതവിശ്വാസിയെ കൊതിപ്പിക്കുന്ന സ്വര്‍ഗ്ഗസുഖങ്ങള്‍ നാസ്തികന് സംബന്ധിച്ചിടത്തോളം അചിന്ത്യവും വികലവുമാണ്. മതം മതത്തിന് വേണ്ടിയുള്ള ആത്മഹത്യയെങ്കിലും ന്യായീകരിച്ചേക്കാം. അതേസമയം ജീവിതത്തിന് എതിരെയുള്ള എല്ലാത്തരം ആക്രമണവും നാസ്തികന് പൂര്‍ണ്ണമായും അസ്വീകാര്യമായിരിക്കും.

പക്ഷെ ഇതൊക്കെ സൈദ്ധാന്തികമായ വിശകലനങ്ങള്‍ മാത്രം. പ്രയോഗികതലത്തിലെത്തിയാല്‍ ലോകമെമ്പാടും വിശ്വാസികളും അവിശ്വാസികളും ആത്മഹത്യ ചെയ്യുന്നു. കേരളത്തിലും ആത്മഹത്യാനിരക്ക് വളരെ നിരാശാജനകമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന ശരാശരി 3 വിദ്യാര്‍ത്ഥികള്‍(ഏറിയവരും പെണ്‍കുട്ടികള്‍ )വര്‍ഷംതോറും ആത്മഹത്യ ചെയ്യുന്നതായാണ് കഴിഞ്ഞ 6 വര്‍ഷമായുള്ള അനുഭവം. ഇതില്‍ എല്ലാ മതവിഭാഗങ്ങളിലും പെട്ട പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്നു. ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്നവരില്‍ ''എന്റെ മതം അനുശാസിക്കുന്നതുകൊണ്ടു മാത്രം ഞാന്‍ ആത്മഹത്യ ചെയ്യുന്നില്ല'' എന്ന തീരുമാനവുമായി പിന്‍മാറുന്നവര്‍ കുറവാണ്. എങ്കിലും മതവിശ്വാസം ആത്മഹത്യാനിരക്കിനെ കുറയ്ക്കുമെന്ന വാദം ഉന്നയിക്കപ്പെടാറുണ്ട്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ആത്മഹത്യ സംബന്ധിച്ച സ്ഥിതിവിവരക്കണക്കാണ് ഇതുമായി ബന്ധപ്പെട്ട് പൊതുവെ ഉദ്ധരിക്കപ്പെടുന്നത്.

ഒരു ലക്ഷം ജനങ്ങളില്‍ എത്രപേര്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് ആത്മഹത്യാനിരക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രസ്തുത ലിസ്റ്റ് ഇപ്രകാരം ആത്മഹത്യാനിരക്ക് ഏറ്റവുമധികമുള്ള 12 രാജ്യങ്ങള്‍ താഴെപ്പറയുന്നവയാണ്(ബ്രാക്കറ്റിലെ സംഖ്യകള്‍ സൂചിപ്പിക്കുന്നത്. പുരുഷനിരക്കും(1)-വനിതാനിരക്കും(2)ശരാശരി നിരക്കുമാണ്(3) ക്രമത്തില്‍ കാണിച്ചിട്ടുള്ളത്. പല രാജ്യങ്ങളിലും പുരുഷ-സ്ത്രീ അനുപാതം 1:1 അല്ലാത്തതിനാല്‍ മൊത്തം ജനസംഖ്യയെ ആത്മഹത്യ ചെയ്തവരുടെ എണ്ണംകൊണ്ട് ഹരിച്ചാണ് ശരാശരി നിശ്ചയിച്ചിരിക്കുന്നത്. റാങ്ക് നിശ്ചയിക്കുന്ന കാര്യത്തില്‍ പുരുഷ ആത്മഹത്യയുടെ നിരക്കുള്‍പ്പെടെയുള്ള ഘടകങ്ങള്‍ പ്രത്യേകം പരിഗണിച്ചിരിക്കുന്നതായി കാണാം.

ചില രാജ്യങ്ങളുടെ കാര്യത്തില്‍ ശരാശരി നിരക്ക് മാത്രമേ ലഭ്യമായിട്ടുള്ളു. പട്ടിക ഇപ്രകാരമാണ്: 1. ലിത്വാനിയ-54.6-11.6-31.2(2011) 2. ദക്ഷിണകൊറിയ-41.4-21.0-31.2(2010) 3. ഗയാന-39.0-26.4-26.4(2006) 4. കസാഖിസ്ഥാന്‍-43.0-25.6-25.6(2008) 5. ബൈലോറഷ്യ-25.3(2010) 6. ഹംഗറി-37.4-21.7-21.7(2009) 7. ജപ്പാന്‍-33.5-14.6-23.8(2011) 8. ലാറ്റ്‌വിയ-33.8-4.0-17.5(2009) 9. ചൈന- 22.23 10. സ്‌ളോവേനിയ-29.3, 3.0-17.2) 11. ശ്രീലങ്ക-21.6 (1996) 12. റഷ്യ-21.4(2011). (Ref-http://en.wikipedia.org/wiki/List_of_countries_by_suicide_rate)

ആദ്യ പന്ത്രണ്ട് സ്ഥാനക്കാരില്‍ മിക്കതും പഴയ സോവിയറ്റ് റിപബ്‌ളിക്കുകളാണ്. കമ്മ്യൂണിസം വിട്ടൊഴിഞ്ഞശേഷം ആ രാജ്യങ്ങളിലുണ്ടായ കടുത്ത നിരാശാബോധവും തൊഴിലില്ലായ്മയും അരാജകത്വവും പ്രശ്‌നമായി തുടരുകയാണ്. ഇവിടങ്ങളില്‍ മദ്യത്തിന്റെ ഉപഭോഗം വന്‍തോതില്‍ വര്‍ദ്ധിച്ചു. അരക്ഷിതാവസ്ഥയും അഴിമതിയും വ്യാപകമായി. 'സോവിയറ്റ് പ്രശ്‌നം' എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. സമാനമായ സ്ഥിതിവിശേഷം നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ അത് മതപരമായാലും മതേതരമായാലും സ്വയംനശീകരണ പ്രവണത വര്‍ദ്ധിക്കുന്നതായി കാണാം. കഴിഞ്ഞ രണ്ടു വര്‍ഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും തൊഴിലില്ലായ്മയിലും പെട്ട് ഉഴലുന്ന ഗ്രീസില്‍ ആത്മഹത്യാനിരക്ക് നാല്‍പ്പതിന് അപ്പുറത്തേക്ക് കുതിക്കുകയാണ്. യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ മതനിരാസപ്രവണത കാണിക്കുന്ന സമൂഹങ്ങളിലൊന്നാണ് ഗ്രീസിലുള്ളത്. ജീവിതം വഴിമുട്ടുമ്പോള്‍ മതകഥകളും താത്ത്വിക നിലപാടുമൊന്നും വിഷയമല്ലെന്ന് സാരം. പട്ടിണിയും തൊഴിലില്ലായ്മയും ആര്‍ത്തിരമ്പുമ്പോള്‍ മതം എന്ന പഴമുറംകൊണ്ട് തടുക്കാനാവുമെന്ന് ആരും പറയില്ലല്ലോ.

സോവിയറ്റ് റിപ്പബ്‌ളിക്കുകളില്‍ മതം പടര്‍ന്നാല്‍ അവിടെ ആത്മഹത്യാനിരക്ക് കുറയുമെന്ന വാദിക്കാനാവുമോ? തീര്‍ച്ചയായും വികലവും ബാലിശവുമായ ഒരു വാദമായിരിക്കുമത്. പഴ യു.എസ്.എസ്.ആറിലെ തന്നെ താരതമ്യേന മെച്ചപ്പെട്ട സാമ്പത്തിക-സാമൂഹിക ഭദ്രതയുള്ള റിപ്പബ്‌ളിക്കുകളില്‍ ആത്മഹത്യനിരക്ക് കുറവാണ്. അതേസമയം മതത്തിന് ശക്തമായ വേരുകളുള്ള അരക്ഷിതറിപ്പബ്‌ളിക്കുകളില്‍ ആത്മഹത്യാനിരക്കും ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. 1991 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഈ റിപ്പബ്‌ളിക്കുകളെല്ലാം ഒറ്റ മതരഹിതരാജ്യമായി നിലകൊണ്ടപ്പോള്‍ ആത്മഹത്യാനിരക്ക് തീരെ കുറവായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം. ഇതില്‍നിന്നു നിരീശ്വരതത്വശാസ്ത്രം ആത്മഹത്യ കുറയ്ക്കുമെന്ന് എഴുതിപ്പിടിപ്പിക്കാനാകുമോ?! സോവിയറ്റ് സര്‍ക്കാര്‍ ആത്മഹത്യ സംബന്ധിച്ച ശരിയായ കണക്ക് അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് നല്‍കിയിരുന്നില്ലെന്ന് ചിന്തിക്കുന്നതാവും കുറേക്കൂടി യുക്തിസഹമെന്ന് തോന്നുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ ആത്മഹത്യ പെരുകുന്നതായി കാണിക്കാന്‍ അവര്‍ താല്‍പര്യപ്പെടില്ലല്ലോ.

മതപരമായി നോക്കിയാല്‍ കസാഖിസ്ഥാന്‍ ഒരു മുസ്‌ളീം (70.2%)ഭൂരിപക്ഷരാജ്യമാണ്. ലിസ്റ്റിലുള്ള ഗയാനയും(മതനിരാസം നാല് ശതമാനം മാത്രമെന്ന് വികിപീഡിയ) ശ്രീലങ്കയും(2008 ലെ ഗാലപ്പ് പോള്‍ സര്‍വെ പ്രകാരം കേവലം ഒരു ശതമാനമാണ് ശ്രീലങ്കയിലെ മതനിരാസം) ലോകത്തെ തന്നെ ഏറ്റവും വര്‍ദ്ധിച്ച മതപരതയുള്ള രാജ്യങ്ങളാണ്. 1978 നവമ്പര്‍ 18 ന് ജിം ജോണ്‍സ് (Jim Jones)എന്ന കുപ്രസിദ്ധ കള്‍ട്ട് ഗുരു തന്റെ 918 അനുയായികളുമായി സയനൈഡ് ഭക്ഷിച്ച് കൂട്ട ആത്മഹത്യ ചെയ്ത രാജ്യം കൂടിയാണ് ഗയാന. ഇന്ത്യ 10.5 എന്ന നിരക്കുമായി ഈ പട്ടികയില്‍ 43-ാം സ്ഥാനത്താണ്. നാസ്തികതയും മതനിരാസവും പ്രബലമായ സ്വീഡന്‍ മുപ്പതാം സ്ഥാനത്തും(12.3) ഡെന്‍മാര്‍ക്ക് (11.9) മുപ്പത്തിയഞ്ചാം സ്ഥാനത്തും നില്‍ക്കുമ്പോള്‍ മുസ്‌ളീം ഭൂരിപക്ഷമുള്ള ബള്‍ഗേറിയയും കത്തോലിക്ക ഭൂരിപക്ഷമുള്ള റൊമാനിയയ്ക്കും സ്ഥാനം ഇവര്‍ക്കിടയിലാണ്.

പാകിസ്ഥാന്റെ(0.88) സ്ഥാനം 97 ഉം കുവൈറ്റിന്റേത്(1.8) 92 ഉം ആണ്. എന്നാല്‍ 48, 49 സ്ഥാനങ്ങളിലുള്ള മുസ്‌ളീം ഭൂരിപക്ഷ രാജ്യങ്ങളായ കിര്‍ഗിസ്ഥാനിലും(8.9) തര്‍ക്ക്‌മെനിസ്ഥാനിലും(8.6) ആത്മഹത്യാനിരക്ക് താരതമ്യേന കൂടുതലാണ്. സാമൂഹികസംഘര്‍ഷം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന, വര്‍ഷംതോറും നൂറുകണക്കിന് ഫിദയാന്‍ ആക്രമണങ്ങള്‍ നടക്കുന്ന പാകിസ്ഥാനില്‍ ലക്ഷത്തില്‍ ഒരാള്‍പോലും ആത്മഹത്യ ചെയ്യുന്നില്ലെന്ന കണക്ക് വിചിത്രവും അവിശ്വസനീയവുമാണ്. അഫ്ഗാനിസ്ഥാനാകട്ടെ ആദ്യ നൂറില്‍ പോലും വരുന്നില്ല! സുഭിക്ഷ മുസ്‌ളീംരാജ്യമായ കുവൈറ്റിലും സമാനമായ നിരക്ക് (1.8) വരുന്നതായി കാണാം.

മൂന്നാംലോകത്തെ മിക്ക ഇസ്‌ളാമികരാജ്യങ്ങളും ആത്മഹത്യകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് ഇവിടെ വ്യക്തമാകുന്നണ്. ആത്മഹത്യകള്‍ അപകടമരണമോ സ്വഭാവികമരണമോ ആയി ഭേദഗതിചെയ്ത് റിപ്പോര്‍ട്ട് ചെയ്യാനുള്ള പ്രവണത ഈ രാജ്യങ്ങളില്‍ പ്രബലമാണ്. പ്രാദേശിക ഏജന്‍സികള്‍ നല്‍കുന്ന ആത്മഹത്യാ നിരക്ക് രാജ്യസര്‍ക്കാരുകള്‍ വെട്ടിച്ചുരുക്കിയാണ് അന്തര്‍ദ്ദേശീയ ഏജന്‍സികള്‍ക്ക് കൈമാറുന്നു. ഇവിടങ്ങളില്‍ ആത്മഹത്യ അപമാനകരവും (stigmatic) പാപവുമായതിനാലാണിത്. കുടുംബത്തിന്റെ അന്തസ്സ് നിലനിറുത്താനായി നടത്തുന്ന കൊലകളും(honour killing) ഈ രാജ്യങ്ങളില്‍ വളരെ കൂടുതലാണ്. മതബോധത്തത്തിനെക്കാള്‍ ഉപരിയായി ഗോത്ര-കുല വിശുദ്ധി സംബന്ധിച്ച ധാരണകളാണ് ഇവിടെ കൂടുതല്‍ നിര്‍ണ്ണായകമാകുന്നത്. 20, 21, 22, 23, 24 ,25 സ്ഥാനങ്ങളില്‍ മൊള്‍ഡോവ(17.4), ഫ്രാന്‍സ്, (15)ഉറുഗ്വേ (15.8), ദക്ഷിണഫ്രിക്ക(15.4), ഓസ്ട്രിയ(12.2), പോളണ്ട് (15.4) തുടങ്ങിയവയുണ്ട്. ഇവര്‍ക്കിടയില്‍ മതനിരാസവും മതപരതയും കൂടുതല്‍ കാണിക്കുന്ന രാജ്യങ്ങള്‍ ഇടവിട്ട് കടന്നുവരുന്നു. രാജ്യങ്ങളിലെ ഗവണ്‍മെന്റ് സമ്മര്‍പ്പിച്ച സ്ഥിതിവിവരക്കക്കിനെ ആധാരമാക്കിയാണ് WHO റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്വതന്ത്ര അന്വേഷണമോ ഒത്തുനോക്കലോ ഇവിടെ നടക്കാനിടയില്ല.

മതം ആത്മഹത്യയെ നിരുത്സാഹപ്പെടുത്തുന്നു എന്ന വാദം പ്രത്യക്ഷത്തില്‍ ശരിയാണെന്ന് തോന്നാമെങ്കിലും അടിത്തട്ട് വസ്തുത ഭിന്നമാണ്. സ്വര്‍ഗ്ഗീയസുഖവും ഹൂറിമാരേയും കൊതിച്ച് സ്വയം പൊട്ടിത്തെറിക്കുന്ന വിശ്വാസി മതം ഇല്ലെങ്കില്‍ ദീര്‍ഘകാലം ജീവിക്കേണ്ടയാളാണ്. ആറ് വയസ്സുപോലും തികയാത്ത കുട്ടികളുടെ അരയില്‍ ബോംബു വെച്ചുകെട്ടി വിട്ട് ബട്ടണമര്‍ത്തിയാല്‍ ചോക്കലേറ്റ് കിട്ടുമെന്ന് അവരെ പഠിപ്പിക്കുന്ന ശാസനവും മതനിര്‍മ്മിതമാണ്. ജയിച്ചാല്‍ രാജ്യം-കൊല്ലപ്പെട്ടാല്‍ സ്വര്‍ഗ്ഗം എന്ന മതവാഗ്ദാനം മുന്നോട്ടുവെക്കുന്ന ഗീതപോലുള്ള പടപ്പാട്ടുകളും കുര്‍-ആന്‍ പോലുള്ള മതഗ്രന്ഥങ്ങളും മതത്തിന് വേണ്ടിയുള്ള ബലിയെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. ഏതു രീതിയില്‍ നോക്കിയാലും ഭക്തന് നേട്ടവും ലാഭവും വാഗ്ദാനം ചെയ്യുന്ന 'വാണിഭയുക്തി'അവതരിപ്പിച്ചാണ് ഇവിടെ മതം വല വിരിയ്ക്കുന്നത്. സെമറ്റിക്ക് മതസാഹിത്യം പൊതുവെ വിശ്വാസത്തിന് വേണ്ടിയുള്ള മരണവും ആത്മത്യാഗവും മഹത്തരമായി വാഴ്ത്തുന്നു. ഇസ്‌ളാം ശരിക്കും ആത്മഹത്യയെ വിലക്കുന്നുവെങ്കില്‍ സ്വര്‍ഗ്ഗം തേടി സ്വയം പൊട്ടിത്തെറിക്കുന്ന ജിഹാദികള്‍ക്ക് ആ മതത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല.

ഫിദയന്‍ ബലി അനുഷ്ഠിക്കുന്നവരുടെ കുടുംബങ്ങളെ തുടര്‍ന്നങ്ങോട്ട് സാമ്പത്തികമായി പരിരക്ഷിക്കാന്‍ വരെ ഇസ്‌ളാം തയ്യാറാകുന്നത് ഇത്തരം ആത്മത്യാഗങ്ങള്‍ക്ക് അവര്‍ നല്‍കുന്ന പ്രാധാന്യത്തിന് അടിവരയിടുന്നു. പാലസ്തീനിലൊക്കെ ഇത്തരം നൂറുകണക്കിന് കുടുംബങ്ങളുണ്ട്. അംഗസംഖ്യ കുറയുന്നത് ഒരു മതവും ഇഷ്ടപ്പെടുന്നില്ല. ''മതത്തിന് വേണ്ടി മരിച്ചോളൂ, മറിച്ചുള്ള ആത്മഹത്യ പാടില്ല''എന്ന ഉത്‌ബോധനം സ്വാര്‍ത്ഥവും ലാവണ്യരഹിതവുമാണ്. മതബലി അനുഷ്ഠിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗീയനേട്ടവും ജീവിതം വഴിമുട്ടി ആത്മഹത്യ ചെയ്യുന്നവര്‍ക്ക് നരകയാതനയും വാഗ്ദാനം ചെയ്യുന്നിടത്ത് മതം മതത്തെ മാത്രം സ്‌നേഹിക്കുന്നുവെന്ന സത്യം സ്ഥിരീകരിക്കപ്പെടുന്നു. ആത്മഹത്യയ്‌ക്കെതിരെയുള്ള നിലപാട് കേവലം മതസംഖ്യ സംരക്ഷിക്കാനുള്ള അടവുനയമായി മാത്രമായി പരിമിതപ്പെട്ടാല്‍ അത് അശ്‌ളീലമാണ്.

മതം കഴിച്ച് ആത്മഹത്യചെയ്യുന്നവരാണ് ഫിദയാന്‍ ആക്രമണകാരികള്‍. ''ദൈവമേ അങ്ങയുടെ സവിധത്തിലേക്ക് ഞാനിതാ വരുന്നു...''എന്ന വിശ്വാസമാണ് മതത്തിന് വേണ്ടി രക്തസാക്ഷിത്വം വരിക്കുന്ന ഓരോരുത്തരും മുറുകെപിടിക്കുന്നത്. 2001 നവംബര്‍ 19-ാം തീയതിയിലെ ന്യൂയോര്‍ക്ക് ടൈംസില്‍ നര്‍സാ ഹസ്സന്‍ എന്ന പരാജയപ്പെട്ട ചാവേറുമായുള്ള അഭിമുഖമുണ്ട്. സ്വര്‍ഗ്ഗം തങ്ങളെ മുകളിലേക്ക് ക്ഷണിക്കുമ്പോള്‍ ഭൗതികതാല്പര്യങ്ങള്‍ സദാ താഴോട്ട് തള്ളുകയാണെന്നാണ് ഹസ്സനെ മതാദ്ധ്യാപകന്‍ പഠിപ്പിച്ചത്. രക്തസാക്ഷിത്വം വരിക്കണമെന്ന് തീരുമാനിച്ചുറച്ച ഒരാള്‍ക്ക് ഭൗതികമോഹങ്ങള്‍ പ്രാധാന്യമുള്ളതല്ല. ഇനി അഥവാ ജിഹാദി ഓപ്പറേഷന്‍ പരാജയപ്പെട്ടാല്‍പോലും ചാവേര്‍ സ്വര്‍ഗ്ഗത്ത് പ്രവാചകനൊപ്പം ചേരും.

ഹസ്സന്‍ തങ്ങളുടെ ദൗത്യത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ സംഗ്രഹിക്കാം: ഞങ്ങള്‍ നീന്തിയും പറന്നും ഉല്ലാസകരമായി കാലം കഴിച്ചുകൂട്ടി. അനശ്വരതയിലേക്ക് പ്രവേശിക്കുന്നതിന്റെ ആവേശത്തിന്റെ കൊടിയേറ്റം മനസ്സില്‍. ദൈവത്തെ സാക്ഷിനിര്‍ത്തി ഖുര്‍-ആനില്‍ തൊട്ട് ചെയ്യുന്ന ഒരു പ്രതിജ്ഞ പാലിക്കപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലായിരുന്നു. ഫിദയാന്‍ പ്രതിജ്ഞയെടുത്തുകഴിഞ്ഞാല്‍ പിന്നാക്കം പോകാനാവില്ല. അപ്പോഴേക്കും അള്ളായുടെ ഉദ്യാനത്തില്‍ നിങ്ങള്‍ക്കായി സ്ഥലം ഒരുങ്ങിയിട്ടുണ്ടാവും. ജിഹാദനുഷ്ഠിക്കാന്‍ മറ്റ് പല വഴികളുമുണ്ടെന്ന് അറിയാമായിരുന്നു. പക്ഷേ, ഫിദയാന്‍ ബലിയായിരുന്നു ഏറ്റവും മധുരതരം. എല്ലാ ഫിദയാന്‍ ഓപ്പറേഷനുകളും അള്ളായുടെപേരില്‍ ചെയ്യുകയാണെങ്കില്‍ ഒരുറുമ്പ് കടിക്കുന്ന വേദന പോലുമുണ്ടാകില്ല. മതാദ്ധ്യാപകന്‍ അവസാനഘട്ടത്തില്‍ ചെയ്യേണ്ട കാര്യങ്ങളുടെ ഒരു വീഡിയോ പ്രദര്‍ശിപ്പിച്ച് കാട്ടിത്തന്നു. പ്രസ്തുത വീഡിയോയില്‍ അദ്ദേഹവും രണ്ട് ചെറുപ്പക്കാരായ മതവിദ്യാര്‍ത്ഥികളും തമ്മില്‍ രക്തസാക്ഷിത്വത്തിന്റെ മഹത്വത്തെക്കുറിച്ച് നടത്തുന്ന സംഭാഷണമുണ്ടായിരുന്നു. മതാദ്ധ്യാപകനും ചെറുപ്പക്കാരായ മതവിദ്യാര്‍ത്ഥികളും മുട്ടുകുത്തി നമസ്‌കരിച്ചശേഷം അവരുടെ കൈകള്‍ ഖുര്‍-ആനിന്റെ മുകളില്‍വെക്കുന്ന രംഗമതിലുണ്ട്. അപ്പോള്‍ മതാദ്ധ്യാപകന്‍ ചോദിച്ചു: ''നിങ്ങള്‍ തയ്യാറല്ലേ? നാളെ ഈ സമയം നിങ്ങള്‍ സ്വര്‍ഗ്ഗത്തായിരിക്കും''. മതലഹരി മൂത്ത് ആത്മഹത്യ ചെയ്യുന്നതിന്റെ നേര്‍സാക്ഷ്യമാണ്. മതലഹരിയില്ലെങ്കില്‍ നര്‍സ ഹുസൈനെപ്പോലുളളവര്‍ ഏറെക്കാലം ജീവിക്കേണ്ടതാണ്. ഫിദയാന്‍ ബലികളുടെ ചരിത്രം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ഓര്‍ക്കണം. മതവിശ്വാസിയായ ഒരാള്‍ക്ക് മാത്രമേ ഇത്തരത്തില്‍ സ്വയം നശിപ്പിക്കാനാവൂ.

ഇസ്‌ളാമികരാജ്യങ്ങളില്‍ മിക്കതിലും വേണ്ടത്ര ജനാധിപത്യമോ ഭരണസുതാര്യതയോ ഇല്ലെന്നത് ഒരു വസ്തുതയാണ്. കുടുംബത്തിന്റെ അന്തസ്സ് നിലനിര്‍ത്താനുള്ള അരുംകൊലകള്‍ ഈ രാജ്യങ്ങളില്‍ വ്യാപകമാണ്. പലതിനും കാരണം അടുത്ത ബന്ധുക്കളാല്‍ മാനഭംഗത്തിന് ഇരയായതായിരിക്കും. പക്ഷെ ഇവയൊന്നും അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. കെട്ടിത്തൂങ്ങുന്നവരും വിഷം കഴിച്ചവരും രേഖകളില്‍ സ്വഭാവികമരണം വരിച്ചവരായിരിക്കും. അവസാനം അന്താരാഷ്ട്ര ഏജന്‍സികള്‍ കണക്കെടുക്കുമ്പോള്‍ രാജ്യത്ത് ബലാല്‍സംഗവും ആത്മഹത്യയും പൂജ്യം! മതാധിഷ്ഠിത രാജ്യങ്ങളില്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുകയോ സ്വഭാവികമമരണമായ രജിസ്റ്റര്‍ ചെയ്യപ്പെടുകയോ ചെയ്യുന്നുവെന്ന് മതം ഉറപ്പുവരുത്തുക സാധാരണയാണ്. അതല്ലാതെ ആത്മഹത്യ തടയുന്ന മാജിക്കൊന്നും മതത്തിന്റെ പക്കലില്ല. നേരെമറിച്ച് മതബലികളെ പ്രോത്സാഹിപ്പിക്കുന്ന മതസാഹിത്യം ലഭ്യമാക്കുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഔദ്യോഗിക കണക്കനുസരിച്ച് വളരെ കുറച്ച് പേര്‍ മാത്രമേ സോവിയറ്റ് യൂണിയനിലും മറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ആത്മഹത്യ ചെയ്തിരുന്നുള്ളുവെന്ന് സൂചിപ്പിച്ചല്ലോ. എന്നാല്‍ 1991 ന് ശേഷം കഥ മാറി. ഇന്ന് പൂജ്യം ആത്മഹത്യാനിരക്ക് കാണിക്കുന്ന ഇസ്‌ളാമികരാജ്യങ്ങളുടെ കാര്യവും മറ്റൊന്നാവാനിടയില്ല.

മതങ്ങള്‍ക്ക് ഗണ്യമായ സ്വാധീനമുള്ള ഇന്ത്യ പോലുള്ള ജനാധിപത്യരാജ്യങ്ങളില്‍ ആത്മഹത്യാനിരക്ക് വലുതാണ്. ആത്മഹത്യ ചെയ്യുന്നവരില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികളുമാണ്. ആത്മഹത്യ സംബന്ധിച്ച സ്ഥിതിവിവരകണക്ക് വലിയ പരിക്കേല്‍ക്കാതെ പുറത്തുവരുന്നുവെന്നതാണ് ജനാധിപത്യരാജ്യങ്ങളും മതാധിഷ്ഠിത-സ്വാച്ഛാധിപത്യ രാജ്യങ്ങളും തമ്മിലുള്ള പ്രകടമായ വ്യത്യാസം. ആത്മഹത്യയെ ഒരു വിശ്വാസപ്രശ്‌നമായി കാണുന്നത് അപക്വമായ സമീപനമാണ്. വിശ്വാസിയും അവിശ്വാസിയും ധനികനും ദരിദ്രനുമൊക്കെ ലോകമെമ്പാടും ആത്മഹത്യ ചെയ്യുന്നുണ്ട്. ഏതെങ്കിലും വിശ്വാസികള്‍ മതം മുന്നോട്ടുവെക്കുന്ന സ്വര്‍ഗ്ഗകഥകളും മോഹപദ്ധതികളും വായിച്ച് ആത്മഹത്യയില്‍നിന്ന് പിന്‍മാറിയിട്ടുണ്ടെങ്കില്‍ അതിലേറെ വിശ്വാസികള്‍ ഇതേ കഥകള്‍ വായിച്ച് മതബലി അനുഷ്ഠിച്ചിട്ടിക്കുകയോ മതത്തിന് വേണ്ടിയുള്ള യുദ്ധത്തില്‍ ജീവന്‍ ഹോമിക്കുകയോ ചെയ്തിട്ടുണ്ട്. എല്ലാ മതലഹളകളും കുരിശുയുദ്ധങ്ങളും വാസ്തവത്തില്‍ മതത്തിനു വേണ്ടിയുള്ള സ്വയംനശീകരണമാണ്. മതം ഇല്ലായിരുന്നുവെങ്കില്‍ വീട്ടിലിരിക്കേണ്ടവരാണ് സ്വര്‍ഗ്ഗസുഭിക്ഷത കാംഷിച്ച് പടക്കളങ്ങളില്‍ പൊലിഞ്ഞവരെല്ലാം. മതം ആത്മഹത്യാനിരക്ക് കുറയ്ക്കുമെന്ന വാദം വിളറിവെളുക്കുന്നത് ഇത്തരം വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുടെ മുന്നിലാണ്.

വര്‍ഷംതോറും കോടിക്കണക്കിന് മതവിശ്വാസികള്‍ ലോകമെമ്പാടും ആത്മഹത്യ ചെയ്യുന്നുണ്ട്. കണക്കെഴുതി നനച്ചുകളയാന്‍ കഴിയാത്ത തണുത്ത യാഥാര്‍ത്ഥ്യമാണത്. കടവും പട്ടിണിയും സഹിക്കാനാവാതെ വിദര്‍ഭയിലും വയനാട്ടിലും ആന്ധ്രയിലും ആത്മഹത്യ ചെയ്ത ദരിദ്രകര്‍ഷകരുടെ ദുരന്തകഥകള്‍ ഇപ്പോഴും നമ്മെ വേട്ടയാടുകയാണ്. ആത്മഹത്യ അടിസ്ഥാനപരമായി ഒരു സാമൂഹിക ഉത്പന്നം തന്നെയാണ്. സാമ്പത്തികം, രോഗം, അപകടം, മോഹഭംഗം, വ്യക്തിഗത പ്രത്യേകതകള്‍ എന്നിവയൊക്കെ അവിടെ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്. മതബോധനവും ലഘുവായ തോതില്‍ പ്രഭാവം ചെലുത്തുന്നുണ്ടാവാം-പക്ഷെ അത് ഫലത്തില്‍ ഗുണകരമായും ദോഷകരമായും ഭവിക്കാം എന്നാണ് കാണേണ്ടത്. കൃത്യമായും മതം ഭക്ഷിച്ച് ജീവിക്കുന്ന മതവിശ്വാസികള്‍ ഒരു ന്യൂനപക്ഷം മാത്രമാണ്. ആത്മഹത്യാനിരക്കിനെ മതപ്രചരണോപാധിയാക്കാന്‍ സഹായിക്കുന്ന വസ്തുനിഷ്ഠ സാഹചര്യം ലോകത്തെങ്ങും നിലവിലില്ലെന്നാണ് ഇവിടെ തിരിച്ചറിയേണ്ടത്;കരിങ്കൊടികളുടെ എണ്ണമെടുത്ത് കറുപ്പ് പടര്‍ത്തരുതെന്നും. *****(Published in 'Yukthiyugam' Magazine Jan,2013)

Sunday 6 January 2013

57. എങ്ങാനും ശരിയായിരുന്നെങ്കില്‍ ......!!

India becomes free:
              1947 Aug 15, 00:00:00
          

ജ്യോതിഷികള്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ ചിരിക്കാതിരുന്ന് കാണുന്നവര്‍ക്ക് എത്ര വലിയ സമ്മാനം കൊടുക്കാമെന്ന് പറഞ്ഞാലും പണം കമ്പനിക്കായിരിക്കും. 2012 സെപ്റ്റംമ്പര്‍ 15ന് ല്‍ മഴവില്‍ മനോരമ ചാനലിലെ 'സമദൂരം' പരിപാടിയില്‍ ചില ജ്യോതിഷപ്രവചനങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു ആളെക്കൂട്ടിയത് (http://www.youtube.com/watch?v=wrGJw-wQpfA). ജ്യോതിഷമല്ല എന്തു അന്ധവിശ്വാസമായാലും ജനം വിശ്വസിക്കുന്നെങ്കില്‍ ഞങ്ങളത് വിറ്റു കാശാക്കും എന്ന സമീപനമാണ് കേരളത്തിലെ ചാനലുകള്‍ പൊതുവെ സ്വീകരിക്കാറുള്ളത്. കേരള ജ്യോതിശാസ്ത്രപരിഷത്ത് എന്ന മഹാസംഘടനയുടെ പേരില്‍ പ്രസിഡന്റ് മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ എന്ന ദിവ്യപുരുഷനാണ് പരസ്യപ്രവചനം നടത്തിയത്. ഇദ്ദേഹത്തിന്റെ പ്രകടനം കണ്ടാല്‍ ജഗതിയൊക്കെ അഭിനയരംഗത്തേക്ക് തിരിച്ചുവരേണ്ട വല്ല കാര്യവുമുണ്ടോ എന്ന് ആര്‍ക്കും തോന്നിപ്പോകും. സാമാന്യബുദ്ധിയുള്ള ആരെങ്കിലും പൊതുജനസമക്ഷം വന്ന് ഇങ്ങനെ വിഡ്ഢിവേഷം കെട്ടുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

ബര്‍നം പ്രസ്താവനകള്‍ , മഴവില്‍ കുതന്ത്രം തുടങ്ങിയവ ഇടകലര്‍ത്തി, രക്ഷപെടാനുള്ള മുഴുവന്‍ പഴുതുകളും തുറന്നിട്ടു കൊണ്ടുള്ള പരമ്പരാഗത പ്രവചനമായിരുന്നു ശ്രീ പണിക്കര്‍ നടത്തിയത്. 2012 ഡിസമ്പര്‍ മാസം കേരളത്തില്‍ ആലപ്പുഴ, പൊന്നാനി, കന്യാകുമാരി തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ സുനാമി ഉണ്ടാകുമെന്ന് ശ്രീ.പണിക്കര്‍ പത്രസമ്മേളനം നടത്തി പ്രവചിച്ച കാര്യമാണ് പരിപാടിയുടെ തുടക്കത്തില്‍ അവതാരകന്‍ ചൂണ്ടിക്കാട്ടിയത്.

ജ്യോതിഷപരിഷത്ത് ഈ പ്രവചനം ഒന്നിലധികം പത്രസമ്മേളനങ്ങളില്‍ നടത്തിയെന്ന് സ്ഥിരീകരിച്ച ശ്രീ.പണിക്കര്‍ പക്ഷെ സുനാമിക്ക് പകരം കടല്‍ക്ഷോഭം എന്നവാക്കാണ് താന്‍ ഉപയോഗിച്ചതെന്ന് തിരുത്തിപ്പറഞ്ഞു. (ജപ്പാനീസ് പദമായി അറിയപ്പെടുന്ന)'സുനാമി' ഗ്രീക്ക് ആയതുകൊണ്ടാണത്രെ അത് മാറ്റി കടല്‍ക്ഷോഭം എന്നാക്കിയതെന്നും ടിയാന്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് വന്‍ കടല്‍ക്ഷോഭം ഉണ്ടാകുന്ന ജില്ലകളുടെ കൂട്ടത്തില്‍ കടല്‍ത്തീരമില്ലാത്ത പത്തനംതിട്ട ജില്ലയും ഉള്‍പ്പെടുത്തിഈ ദിവ്യന്‍ സദസ്സിനെ ഞെട്ടിക്കുകയും ചെയ്തു. കേരളത്തിലെ ഒരു സംഘം പ്രൊഫഷണല്‍ ജ്യോതിഷികള്‍ ഉള്‍പ്പെട്ട സംഘടനയുടെ കൂട്ടപ്രവചനമായിരുന്നുവത്രെ ഇത്.

'ഒരു ജ്യോതിഷിക്ക് തെറ്റുപറ്റി എന്നതുകൊണ്ട് എല്ലാവരെയും അടച്ചാക്ഷേപിക്കാമോ?' എന്ന സ്ഥിരം നമ്പര്‍ ഇക്കാര്യത്തില്‍ ചെലവാകില്ലെന്ന് സാരം. മാത്രമല്ല പ്രവചനം ശരിയാണെന്ന് പരിപാടിയില്‍ പങ്കെടുത്ത മറ്റ് ജ്യോതിഷികളും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ജ്യോതിഷത്തില്‍ ഗവേഷണം നടത്തുന്നുവെന്ന് അവകാശപ്പെട്ട ദേവപുരം രാജേന്ദ്രന്‍ എന്നൊരു കോമഡി ആര്‍ട്ടിസ്റ്റായിരുന്നു അതില്‍ പ്രധാനി. രണ്ടായാലും പ്രവചനം പതിവുപോലെ ചാപ്പിള്ളയായി.

കടല്‍വിക്ഷോഭത്തിന് ആധാരമായ പ്രകമ്പനം റിക്റ്റര്‍ സ്‌കെയിലില്‍ എത്ര എന്നു അവതാരകന്‍ ചോദിച്ചപ്പോള്‍ റിക്‌റററും കിടുപിടിയുമൊന്നും നമുക്കറിയില്ല എന്നായിരുന്നു അന്ന് പണിക്കരുടെ മറുപടി. പ്രവചനം കൃത്യമായാല്‍ (specific and up to the point)ഏത് ജ്യോതിഷിയും കുഴപ്പത്തിലാകും. അറിയാതെയെങ്ങാനും ഒരു പ്രവചനം അല്‍പ്പം കൃത്യമായിപ്പോയാല്‍ അത് പിന്നെ 'പരത്തിപരത്തി'തടിതപ്പുകയേ മാര്‍ഗ്ഗമുള്ളു. അല്ലെങ്കില്‍ അന്ധവിശ്വാസികളുടെ കൈ കൊണ്ട് തന്നെ പലതും സംഭവിക്കും. സ്വഭാവികമായും ഡിസമ്പര്‍മാസം എന്ന് പഞ്ഞപോയ പണിക്കരും സാമ്പാറില്‍ വെള്ളമൊഴിച്ചു.

''കടുത്ത ഭകമ്പമായിരിക്കുമോ?'എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ 'അതെ കുറച്ച് ഗൗരവുമുള്ളതായിരിക്കും'(ജനം മരിക്കാം മരിക്കാതിരിക്കാം....)എന്ന ബര്‍നംപ്രസ്താവം മറുപടിയായി. പ്രവചനത്തെ ന്യായീകരിച്ച രാജേന്ദ്രനാണ് കൂടുതല്‍ ചിരിപ്പിച്ചത്. ശനിഗ്രഹം മൂലം ഇപ്പോള്‍ ഇന്ത്യക്ക് ആകെ പ്രശ്‌നമാണെന്നും ഇന്ത്യ 'ജനിച്ചത്' പൂയം നക്ഷത്രത്തിലായതിനാല്‍ ജലം മൂലമുള്ള കടലാക്രമണം, പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ വിപത്തുകളൊക്കെ വരുമെന്ന് ടിയാന്‍ കട്ടായം പറഞ്ഞു. എന്നാല്‍ ഇതൊക്കെ ഡിസമ്പറില്‍ തന്നെ നടക്കണമെന്ന് പുള്ളിക്കാരന് നിര്‍ബന്ധമില്ല-2012 സെപ്തമ്പര്‍ മുതല്‍ ഡിസമ്പര്‍വരെ സാവകാശമുണ്ട്! സുനാമി 2004 ലെ സുനാമിയില്‍ 142 പേര്‍ കേരളത്തില്‍ മരിച്ചപ്പോള്‍ അത് ഒരു ജ്യോതിഷിയും പ്രവചിച്ചില്ലെന്ന് 'വളരെ ആദരവോടെ' പരാതിപ്പെട്ട ഒരു പഞ്ചായത്ത് പ്രസിഡന്റും പരിപാടിയില്‍ പങ്കെടുത്തിരുന്നു!

ഇന്ത്യക്ക് ജനനമോ?! അത്ഭുതപ്പെടേണ്ടതില്ല,ജീവനില്ലാത്ത വസ്തുക്കള്‍ക്കും ജനിക്കാമല്ലോ! തല പുറത്തു കാണുന്നതാണോ ബീജസങ്കലനം നടക്കുന്നതാണോ ജനനസമയം എന്നൊക്കെയുള്ള തര്‍ക്കവും വേണ്ടിവരില്ല! രാജ്യത്തിന്റെയോ പാറക്കല്ലിന്റെയോ ചെളിക്കുണ്ടിന്റെയോ ചാണകക്കൂനയുടേയോ ജന്മനക്ഷത്രം നിശ്ചയിച്ച് ജീവിതമാര്‍ഗ്ഗം തേടാന്‍ നിയമം അനുവദിക്കുന്നുണ്ടല്ലോ. 'ഇന്ത്യ ജനിച്ചതായി സങ്കല്‍പ്പിച്ചാല്‍ '... എന്നാണ് രാജേന്ദ്രന്‍ മൊഴിഞ്ഞത്. അതായത് സങ്കല്‍പ്പിച്ചില്ലെങ്കില്‍ കുഴപ്പമില്ല!! ജനത്തിന് ജീവനുണ്ട്, രാജ്യം ജനത്തിന്റെ കൂട്ടായ്മയാണ്, അതുകൊണ്ടുതന്നെ രാജ്യത്തിന് ജീവനുണ്ട്! അപ്പോള്‍പ്പിന്നെ രാജ്യത്തിന് ജാതകമെഴുതുമ്പോള്‍ ക്ഷമിക്കുക !

രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം വ്യത്യസ്തമായ ജാതകവും ജന്മനക്ഷത്രവുമുണ്ടെങ്കില്‍ രാജ്യത്തിന് എങ്ങനെ ഒരു പൊതുജാതകം ഉണ്ടാകും? സൗമ്യയ്ക്കും ഗോവിന്ദച്ചാമിക്കും ഈ പൊതുജാതകം എങ്ങനെ ബാധകമാവും? ധനികര്‍ക്കും പട്ടിണിക്കാര്‍ക്കും ഇത് ഒരുപോലെ ആയിരിക്കുമോ?! പഞ്ചാബിനും ഹരിയാനയ്ക്കും ഒരേ ജാതകമായിരിക്കുമോ?! രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം ഭിന്ന ജാതകവും ജീവിതവിധിയും ആണെന്നിരിക്കെ രാജ്യത്തിന് ഏത് ഗ്രഹനില വന്നിട്ടും കാര്യമുണ്ടോ? കൂടുതല്‍പേര്‍ക്ക് ബാധകമായ ശരാശരി ജാതകഫലമാണോ രാജ്യത്തിന് ബാധകമാവുക? അതോ, രാജ്യത്തിന്റെ പ്രസിഡന്റ്, പ്രധാനമന്തി എന്നിവരുടെ ജാതകം പരിശോധിച്ചാല്‍ മതിയാകുമോ? ജ്യോതിഷകോമഡിയില്‍ ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും സ്ഥാനമില്ല.

പക്ഷെ ഇന്ത്യയുടെ ജന്മനക്ഷത്രം പൂയ്യമാണെന്ന് രാജേന്ദ്രന്‍ .
ഇതേ പരിപാടിയില്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ഒരാള്‍ ചോദിച്ചപ്പോള്‍ 'അകലം എന്നുപറയുമ്പോള്‍ ഉപരിതലത്തില്‍ നിന്നുള്ള അകലം വേണോ അതോ കുറച്ചുകൂടി താഴെ നിന്നുള്ള അകലം വേണോ' എന്നൊക്കെ ഒച്ചവെച്ച് അജ്ഞത മറച്ചുവെക്കാന്‍ പിടച്ചടിച്ചവനാണ് ഈ ഗവേഷണപടു! അപ്പോള്‍ പാകിസ്താന്റെ നക്ഷത്രവും പൂയ്യം തന്നെ. കാരണം ഒരു സ്വാതന്ത്ര്യകരാര്‍ പ്രകാരമാണ് ഇരു രാജ്യങ്ങളും റിപബ്‌ളിക്കായത്. പക്ഷെ പാകിസ്താന്‍ ഓഗസ്റ്റ് 14 നാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ജനനസമയം തിരുത്തിയാലും ജാതകവിധിയില്‍ നിന്നും രക്ഷനേടാനാവില്ലല്ലോ? ആ നിലയ്ക്ക് രാഷ്ട്രമെന്ന നിലയില്‍ പാകിസ്താനും ഇന്ത്യയ്ക്കും ഒരേ നിലയിലുള്ള ജീവിതം ഉണ്ടാകണം. സ്വതന്ത്യം കിട്ടിയിട്ട് ഇന്നുവരെ സ്വസ്ഥതയെന്തെന്നറിയാത്ത, ജനാധിപത്യമില്ലാത്ത പരാജയപ്പെട്ട ഒരു പട്ടിണിരാജ്യമാണ് പാകിസ്താന്‍ . താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ നില തുലോം മെച്ചമാണ്.

പാകിസ്താന്‍ ഉള്‍പ്പെട്ടെ കാശ്മീര്‍ നീചരാശിയിലാണ് -രാജേന്ദ്രന്‍ പറയുന്നത് കേട്ടു. കാശ്മീര്‍ മാത്രമല്ല, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ അയല്‍ സ്ഥലങ്ങളും പാകിസ്താനിലുണ്ട്. ഈ ഇന്ത്യന്‍ പ്രദേശങ്ങളിലുള്ള ജീവിത-സാമൂഹിക പുരോഗതി പാകിസ്താനില്‍ കാണാനില്ല. മാത്രമല്ല സ്വാതന്ത്ര്യാനന്തര പാകിസ്ഥാനില്‍ കിഴക്കന്‍ ബംഗാളും (ഇന്നത്തെ ബംഗ്‌ളാദേശ്)ഉള്‍പ്പെട്ടിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ വടക്കും ഗുജറാത്ത് പടിഞ്ഞാറും ബംഗ്‌ളാദേശ് കിഴക്കുമാണ്. അപ്പോള്‍ രാശി പറയുന്നതിലൊന്നും യാതൊരു കഥയുമില്ല.

ഇന്ത്യ ഒരു പൗരാണികരാജ്യമാണെന്നാണ്
പൈതൃകവാദികള്‍  പറയുക. ബ്രിട്ടണ്‍ ഉണ്ടാകുന്നതിന് മുമ്പ് ഇന്ത്യയുണ്ട്. ബ്രിട്ടണുമായി സ്വാതന്ത്ര്യകരാര്‍ ഉണ്ടായതിന് ശേഷമാണ് ഇന്ത്യ ഉണ്ടായതെന്ന് പറയുന്നത് ഒരിക്കല്‍ ജനിച്ച കുട്ടിക്ക് രണ്ടാമത് ജാതകം എഴുതുന്നതിന് തുല്യമല്ലേ? രോഗവസ്ഥ കഴിഞ്ഞ് ഒരാള്‍ ആശുപത്രി വിട്ടു കഴിഞ്ഞ് വീണ്ടും ജനിച്ചതായി കാണുമോ? വിദേശ അടിമത്തത്തില്‍ നിന്ന് മോചനം നേടുന്ന രാഷ്ട്രം വീണ്ടും ജനിച്ചതായി കാണുന്നതിലും സമാനമായ പരിഹാസ്യതയില്ലേ? ഭാരതം പണ്ടേ ഉണ്ട്, അത് കീഴടിക്കിയാണ് വിദേശരാജ്യങ്ങള്‍ ആധിപത്യം സ്ഥാപിച്ചത്. ഉള്ള ഒന്നിനെ വീണ്ടും ജനിപ്പിക്കേണ്ട കാര്യമെന്ത്? ഭാവിയില്‍ ഒരു പട്ടാളഭരണം വന്നാല്‍ വീണ്ടും നമ്മുടെ ജനനത്തീയതി മാറ്റേണ്ടി വരുമോ?

ഇന്ത്യ ഒരു ശിശുവല്ല. അതിന് ഒരു ശിശുവിനെപ്പോലെ ഒരു സമയം ജനിക്കാനോ ഉറങ്ങാനോ ഉണരാനോ സാധ്യമല്ല. ഔദ്യോഗിക കണക്കനുസരിച്ച് ഇന്ത്യ സ്വതന്ത്ര റിപബ്‌ളിക്കായത് നേടിയത് ഓഗസ്റ്റ് 14 രാത്രി അര്‍ദ്ധരാത്രിയിലാണ്. അതായത് ഓഗസ്റ്റ് 15, 00:00:00 ആണ് സമയം. ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് സമയമാണ് ഇവിടെ പിന്തുടരുന്നത്. ആ സമയത്ത് ഇന്ത്യയുടെ കിഴക്കെ അറ്റത്ത് ഓഗസ്റ്റ് 15 രാവിലെ ഒരു മണിയും പടിഞ്ഞാറെ അറ്റത്ത് ഓഗസറ്റ് 14 രാത്രി 11 മണിയുമാണ്. അതായത് നാം പറയുന്ന സമയത്ത് മുമ്പും പിമ്പുമാണ് ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും റിപബ്‌ളിക്കായത്- പകുതി സ്ഥലങ്ങളില്‍ ദിവസം തന്നെ മാറിയിരിക്കുന്നു. ഇന്ത്യയിലെല്ലായിടത്തും ഒരു സമയമാണ്( ie; Indian Standard Time or IST). പക്ഷെ ജ്യോതിഷപരമായി സമയം കൃത്യമായിരിക്കണം. അരുണാചല്‍ പ്രദേശില്‍ രാവിലെ 5.30 ന് സൂര്യനുദിക്കുന്ന നേരത്ത് ഗുജറാത്തുകാര്‍ക്ക് 3.30 മാത്രം. ദിവസവും മണിക്കൂറും മിനിറ്റും സെക്കന്‍ഡും തെറ്റാതെ ജനനസമയം വേണമെന്ന് വാശിപ്പിടിക്കുന്ന ജ്യോതിഷികള്‍ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്?

ശ്രീ. പണിക്കര്‍ പറഞ്ഞ മറ്റൊരു കാര്യം വളരെ ശ്രദ്ധേയമായി. പണ്ട് ഇന്ദിരാഗാന്ധി ചിക്കമംഗലൂരില്‍ ജയിക്കുമെന്നതും ഇപ്രാവശ്യം കേരളത്തില്‍ യു.ഡി. എഫ് ജയിക്കുമെന്നും അവര്‍ ശരിയായി പ്രവചിച്ചിരുന്നുവത്രെ. എന്താ കഴിവ്!! ഇന്ദിരാഗാന്ധി മുഖ്യ എതിരാളിയുമായി ഏറ്റുമുട്ടുമ്പോള്‍ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്തി അതില്‍ ഒരാള്‍ വിജയിക്കുമെന്ന് പറയുന്നതിന് പ്രത്യേകിച്ച് കഴിവിന്റെ ആവശ്യമൊന്നുമില്ല. ഇന്തോ-പാക് ക്രിക്കറ്റ് മത്സരത്തില്‍ അവരില്‍ ആരരെങ്കിലുമല്ലേ ജയിക്കൂ!? തെരഞ്ഞെടുപ്പാകുമ്പോള്‍ മത്സരിക്കുന്നവര്‍ വേറെയുമുണ്ടാകാം. അവരില്‍ പലരുടേയും ജാതകനില വിജയത്തിന് കൂടുതല്‍ അനുകൂലമായിരിക്കാനും സാധ്യതയുണ്ട്. പക്ഷെ ജ്യോതിഷികള്‍ അതൊന്നും പരിഗണിക്കില്ല. പകരം പത്രം വായിച്ച് ജയിക്കാന്‍ സാധ്യതയുള്ള പ്രബലരായ രണ്ടു സ്ഥാനാര്‍ത്ഥികളില്‍ ഒരാളെ വിജയിയായി പ്രഖ്യാപിക്കും.

കഴിഞ്ഞ 32 വര്‍ഷമായി കേരളത്തില്‍ എല്‍.ഡി.എഫും യുഡി.എഫും ജയിക്കന്നത് സംബന്ധിച്ച് സംസ്ഥാനത്തെ മഹാഭൂരിപക്ഷം ജനങ്ങളും വളരെ കൃത്യമായി പ്രവചിക്കുന്നു. സാധാരണജനവും മാധ്യമങ്ങളും ഇക്കാര്യത്തില്‍ വന്‍വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. അവിടെപ്പിന്നെ ജ്യോതിഷികള്‍ വെറുതെ ചാടിവീഴേണ്ട കാര്യമെന്ത്?! പണ്ട് തൃശൂര്‍ പാര്‍ലമെന്ററി മണ്ഡലത്തില്‍ സി.പി.ഐ യിലെ സ.വി.വി രാഘവന്‍ മുന്‍ മുഖ്യമന്ത്രി ശ്രീ.കെ കരുണാകരനെ തോല്‍പ്പിച്ചത് പ്രവചിച്ചതിലേ തനിക്ക് തെറ്റിയുള്ളു എന്ന് ശ്രീ പണിക്കര്‍ പറഞ്ഞത് അതിലും വലിയ തമാശയായി. ഇന്നുവരെ നടത്തിയിട്ടുള്ള പ്രവചനങ്ങളില്‍ നല്ലൊരു പങ്കും പരിഹാസ്യമായ രീതിയില്‍ തെറ്റിപ്പോയിട്ടുണ്ടെന്ന് ഏതൊരു ജ്യോതിഷിക്കും അറിയാം. ജനം ഓര്‍ത്തില്ലെങ്കിലും ശ്രീ പണിക്കര്‍ അതൊന്നും മറക്കാനിടയില്ല. വി.വി രാഘവന്‍ കരുണാകരനെ തോല്‍പ്പിക്കുമെന്ന് അന്ന് അത്രകണ്ട് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. പത്രം വായിച്ച പണിക്കര്‍ക്കും അങ്ങനെ തോന്നിയിട്ടുണ്ടാവില്ല. പൊതുവായ ഓളത്തിന് ഒപ്പിച്ച് അദ്ദേഹവും പോയി. ഫലം വന്നപ്പോള്‍ തെറ്റിപ്പോയി.

രണ്ടുപേരില്‍ ആരു ജയിക്കും, കുട്ടി ആണോ പെണ്ണോ എന്നതൊക്കെ സംബന്ധിച്ച് ആര് പ്രവചിച്ചാലും കുറഞ്ഞത് 50 ശതമാനവും ശരാശരി 65 ശതമാനവും വിജയസാധ്യതയുണ്ടെന്നിരിക്കെ ഇത്തരം പ്രവചനങ്ങള്‍ മഹാഭൂരിപക്ഷവും ശരിയാക്കാന്‍ കഴിയില്ലെങ്കില്‍ അതിനെ പ്രവചനം എന്നെങ്ങനെ വിളിക്കും? കവടി നിരത്താത്ത സാധാരണക്കാരും ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത്?! 


സത്യത്തില്‍ എല്ലാ ജ്യോതിഷികളും ആളെ പറ്റിക്കുന്ന ദുഷ്ടബുദ്ധികളാണോ? അല്ല എന്നാണ് തോന്നിയിട്ടുള്ളത്. നാം ജ്യോതിഷികളായി കണ്ടുമുട്ടുന്ന പലരും ശരിക്കും മന്ദബുദ്ധികളോ ഗ്രഹണശേഷി കുറഞ്ഞവരോ ആണ്. പലരും നിഷ്‌ക്കളങ്കമായ സ്വഭാവമുള്ളവര്‍. അവര്‍ പ്രവചനം നടത്തുന്നതും കട്ടായം പറയുന്നതുമൊക്കെ ആരെയെങ്കിലും പറ്റിക്കണമെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാവണമെന്നില്ല. വിശ്വാസികളാണ് അവരുടെ വിജയരഹസ്യം. തങ്ങള്‍ പുസ്തകം നോക്കിപറയുന്ന പല കാര്യങ്ങളും പ്രവചനാര്‍ത്ഥികള്‍ ശരിയാണെന്ന് കണ്ടെത്തുമ്പോഴാണ് പറയുന്നതിലൊക്കെ എന്തോ ദിവ്യത്വം ഉണ്ടെന്ന് അവരും സംശയിച്ചു തുടങ്ങുന്നത്.

സ്വന്തം കാര്യത്തിലും വ്യക്തിഗത സാധൂകരണം വഴി അവര്‍ നിരവധി ഫലങ്ങള്‍ ശരിയാക്കും. അതില്‍പ്പിന്നെ 'ഞാന്‍ ആള് മോശമല്ല'എന്ന് ഇക്കൂട്ടര്‍ അറിയാതെ ചിന്തിച്ചുപോകുന്നു. എന്നാല്‍ ഭൂരിഭാഗം ജ്യോതിഷികള്‍ക്കും ഹസ്തരേഖാവിദഗ്ധര്‍ക്കും തങ്ങള്‍ ജനത്തെ പറ്റിക്കുകയാണെന്ന് കൃത്യമായ ബോധ്യമുള്ളവരാണ്. അവര്‍ ഇക്കാര്യം പുറത്തുപറഞ്ഞ് പരസ്പരം തമാശകള്‍ പങ്കിടാറുമുണ്ട്. പല സവിശേഷബന്ധങ്ങളും ജ്യോതിഷം മുഖേന ഉണ്ടാക്കാം. പല വീടുകളിലേക്കും പ്രവേശനത്തിനുള്ള പാസ്‌പോര്‍ട്ട് പോലും 'അരമുക്കാല്‍ ജ്യോതിഷ'മാണത്രെ. സ്ത്രീ വശീകരണത്തിനും ജ്യോതിഷം ഉത്തമം എന്ന് പഴമക്കാര്‍ . വിശ്വാസികളായ സത്രീകളുടെ ശ്രദ്ധയും ആദരവും നേടാന്‍ ഇതിലും നല്ല മാര്‍ഗ്ഗമില്ലെന്ന നാടന്‍ ഫലിതം തന്നെ നിലവിലുണ്ട്. ജ്യോതിഷം തട്ടിപ്പാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നവരെ വിശ്വാസികളായ സ്ത്രീകള്‍ പൊതുവെ ദൂരെപായിക്കും. അതേസമയം കൈനോട്ടക്കാരേയും ജ്യോതിഷികളേയും സ്വീകരിച്ചിരുത്തുകയും ചെയ്യും. ഇത് സ്ത്രീകളുടെ മാത്രമല്ല പുരുഷന്‍മാരുടെ കാര്യത്തിലും ശരിയാണ്. ജീവിതാനുഭവവും ലോകപരിചയവും കുറഞ്ഞവര്‍ക്കിടയിലാണിത് രൂക്ഷം.

ശ്രീ.പണിക്കര്‍ പറഞ്ഞപോലെ വല്ലതും കേരളത്തില്‍ എവിടെയെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? പറയണോ പുകില്‍ !? ഭാഗികവിജയം പോലും ഉന്മാദപൂര്‍വം ആഘോഷിക്കപ്പെടുമായിരുന്നു. കടലായാല്‍ വിക്ഷോഭം പതിവാണ്. ഡിസമ്പര്‍ മാസം ഏതെങ്കിലും ചെറുകിട കടല്‍വിക്ഷോഭം കേരളത്തില്‍ എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പണിക്കര്‍ക്ക് കര കയറാമായിരുന്നു. സാധാരണനിലയില്‍പ്പോലും അതിന് നല്ല സാധ്യതയുണ്ടായിരുന്നു. പക്ഷെ പണിക്കരുടെ നിര്‍ഭാഗ്യത്തിന് അങ്ങനെയൊന്നും സംഭവിച്ചില്ല. പക്ഷെ അങ്ങനെയെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലും അത് ജ്യോതിഷം ശരിയാണെന്നതിന്റെ തെളിവാകുമായിരുന്നില്ല. ജ്യോതിഷത്തില്‍ അവതരിപ്പിക്കപ്പെടുന്ന പ്രവചനങ്ങളില്‍ നല്ലൊരു ശതമാനവും വ്യാഖ്യാനിച്ച് സാധൂകരിക്കാവുന്ന സാമാന്യപ്രസ്താവനകളാണ്. ജ്യോതിഷം തട്ടിപ്പാണെന്നതിന്റെ കൃത്യമായ തെളിവാണ് ഈ പ്രസ്താവനകള്‍ .

നേരെമറിച്ച് ദിവസവും സമയവും സ്ഥലവും പറഞ്ഞ് കേരളത്തില്‍ ഒരു കടല്‍വിക്ഷോഭമോ സുനാമിയോ പ്രവചിക്കുകയും അത്തരം പ്രവചനത്തിന് അസത്യവല്‍ക്കരണക്ഷമത(Falsifiability), പ്രാപഞ്ചികത്വം(Universality), ആവര്‍ത്തനക്ഷമത (Repeatability) തുടങ്ങിയ ഗുണങ്ങള്‍ ഉണ്ടെന്ന് വരികയും ചെയ്താലേ പ്രവചനസാധുത പരിഗണനവിഷയമാക്കേണ്ടതുള്ളു. അതല്ലാതെ പണിക്കാര്‍ നടത്തിയപോലുള്ള ഗീര്‍വാണമടി പെട്ടാഭാഗ്യത്തിന് ശരിയാകുന്നത് വരെ നോക്കിയിരിക്കുക എന്നാല്‍ അതിന് അനര്‍ഹമായി സാധുത കല്‍പ്പിക്കുക എന്നാണര്‍ത്ഥം. ഇത്തരം പ്രസ്താവനകളെ മുളയിലേ ചോദ്യംചെയ്ത് അവയുടെ പരിഹാസ്യത പുറത്തുകൊണ്ടുവരികയാണ് വേണ്ടത്. അതല്ലാതെ ഇത്ര വ്യാപകമായി വലയെറിഞ്ഞ് ചെറുമീനുകളെ പിടിച്ച് ആളാകാനുള്ള ജ്യോതിഷികളുടെ ശ്രമം അനുവദിച്ചുകൊടുക്കരുത്. അത്തരം പ്രസ്താവങ്ങള്‍ ശരിയാകുന്നോ എന്നറിയാനായി കാത്തിരിക്കുകയുമരുത്. എന്തെന്നാല്‍ അവര്‍ ഒരിക്കലും നിയമതമായ അര്‍ത്ഥത്തില്‍ പ്രവചനങ്ങള്‍ നടത്താറില്ല. അതുകൊണ്ടുതന്നെ സാധുതപരിശോധനയ്ക്ക് അര്‍ഹരുമല്ല.

അതായത് ഒന്നോ രണ്ടോ പ്രവചനം ശരിയാകുന്നു എന്നത് ജ്യോതിഷം ശരിയാണെന്നതിന്റെ തെളിവല്ല. ജ്യോതിഷമില്ലെങ്കിലും ഇതേ ഫലം ആര്‍ക്കുമുണ്ടാക്കാനാവും;ഒരുപക്ഷെ കുറേക്കൂടി മികച്ചവ. യാതൊരു കണ്‍കെട്ടു വിദ്യയുമില്ലാതെ ശരിയായി തീര്‍ന്ന നിരവധി പ്രവചനം പലരും നടത്തിയിട്ടുണ്ടാവും-സ്വന്തം കാര്യത്തില്‍ പ്രത്യേകിച്ചും. മറിച്ച് ആവര്‍ത്തനക്ഷമതയും അസത്യവല്‍ക്കരണക്ഷമതയും പ്രാപഞ്ചിക സ്വഭാവവുമുളള പ്രവചനം നടത്തണം. എങ്ങനെ പ്രവചിച്ചുവെന്നും എന്തുകൊണ്ട് സംഭവിച്ചെന്നും പറയാനാവണം.അതല്ലാതെയുള്ള ശാസ്ത്രീയത അവകാശപ്പെടെലൊക്കെ കഥയില്ലായ്മയാണ്.  
ഈയ്യിടെ ഫീസില്‍ പുതിയതായെത്തിയ കീഴ്ജീവനക്കാരനെ ആദ്യദിവസം മേലുദ്യോഗസ്ഥന്‍ 'ശശിയാക്കിയത്' ഇങ്ങനെ: ഉച്ചഭക്ഷണത്തിന് ശേഷം തമാശയായി ഗ്രഹനില ഒന്ന് കാണണമെന്ന് മേലുദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടുവത്രെ. 'എന്തിനാ?' എന്നായി കീഴ്ജീവനക്കാരനായ യുവാവ്. 'ഒ! വെറുതെ!'എന്ന് മേലുദ്യോഗസ്ഥനും. തുടര്‍ന്ന് അദ്ദേഹം കീഴ്ജീവനക്കാരനോട് കൈ കാണിക്കാന്‍ പറഞ്ഞു. കൈ കാണിച്ചതും 'എടേ നിനക്ക് ഒരു കുട്ടിയേ ഉള്ളുവെന്നല്ലേ പറഞ്ഞത്,മറ്റേ കുട്ടി എവിടെപ്പോയി?' എന്നു ചോദിച്ചു. അതുവരെ താല്‍പര്യരാഹിത്യവും സംശവും പ്രകടിപ്പിച്ച് ഇരുന്ന യുവാവിന്റെ ഭാവം പെട്ടെന്നു മാറി. അയാള്‍ അത്ഭുതപരതന്ത്രനായി മേലുദ്യോഗസ്ഥന്റെ മുഖത്ത് പകച്ചുനോക്കി.

രണ്ടാമതൊരു കുട്ടി കൂടി ഉണ്ടാകുമെന്ന് വെറുതെ ഊഹിച്ച് അയാളെ മോഹിപ്പിക്കുകയായിരുന്നു മേലുദ്യോഗസ്ഥന്‍ . ഊഹാപോഹപടുക്കളായ പ്രവചനക്കാര്‍ ഉപയോഗിക്കുന്ന ഒരു സ്ഥിരം വിദ്യയാണിത്. ഒരു കുട്ടി കൂടി ഉണ്ടാകുമെന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?! പക്ഷെ ഇവിടെ യുവാവ് വികാരവാനായി പറഞ്ഞ വിശേഷം കേട്ട് മേലുദ്യോഗസ്ഥനാണ് ശരിക്കും ഞെട്ടിയത്. 'സാര്‍ , സാറിത് എങ്ങനെയാണ് പറഞ്ഞത്?!! ഭാര്യയ്ക്ക് ആദ്യം ഒരു അബോര്‍ഷന്‍ ഉണ്ടായിരുന്നു. അതൊരു ആണ്‍കുട്ടിയായിരുന്നു. സത്യത്തില്‍ എനിക്കും ഭാര്യയ്ക്കും എന്റെ മാതാപിതാക്കള്‍ക്കുമല്ലാതെ അഞ്ചാമതൊരാള്‍ക്ക് ഈ വിവരം അറിയില്ല. ആദ്യമായി കാണുന്ന, നൂറ് കണക്കിന് കിലോമീറ്റര്‍ അകലെയുള്ള സാര്‍ എങ്ങനെയിത് കൃത്യമായി അറിഞ്ഞു? ഇതെനിക്ക് വിശ്വാസിക്കാനാവുന്നില്ല.... അതില്‍പ്പിന്നെ മേലുദ്യോഗസ്ഥന്റെ കടുത്ത ആരാധകനാണ് ഈ യുവാവ്. സാറിന്റെ മഹത്വവും ജ്ഞാനവും വാഴ്ത്തിപ്പാടിയില്ലെങ്കില്‍ ഉറക്കം വരാത്ത അവസ്ഥ. അയാള്‍ മൂലം ഓഫീസില്‍ മറ്റു പലര്‍ക്കും ഇപ്പോള്‍ ഹസ്തരേഖാ ശാസ്ത്രത്തിലും ജ്യോതിഷത്തിലും താല്‍പര്യം ജനിച്ചിരിക്കുന്നു. യുവാവിനെ ഗ്‌ളാസ്സ് മേറ്റായി കൂട്ടിയ മേലുദ്യോഗസ്ഥന്‍ ഇപ്പോള്‍ ഗ്രഹനില വ്യാഖ്യാനിച്ച് പറയുന്നതൊക്കെ 'അച്ചട്ടാ'ണെന്നാണ് ഓഫീസില്‍ പൊതുസംസാരം.

'ജ്യോതിഷികള്‍ പറയുന്നത് മുഴുവന്‍ തെറ്റല്ല, ചിലതൊക്കെ വളരെ കൃത്യമായിരിക്കും' എന്നാണ് ഈയിടെ ഒരു സിനിമാനടി ടെലിവിഷന്‍ സല്ലാപത്തില്‍ അഭിപ്രായപ്പെട്ടത്. തിരിച്ച് ജ്യോതിഷികളെപ്പറ്റി ഈ നടി പ്രവചിച്ചാലും ചിലതൊക്കെ ശരിയായിരിക്കില്ലേ എന്നായി ചോദ്യകര്‍ത്താവ്. 
 

'ശരിയാണ്, ഞാന്‍ പ്രവചിച്ചാലും കുറെയൊക്കെ തെറ്റുകയും ശരിയാവുകയുംചെയ്യും. പക്ഷെ പ്രശ്‌നം അതല്ലല്ലോ, ജ്യോതിഷികള്‍ക്ക് പ്രവചിക്കാനുള്ള കഴിവുണ്ട്, പക്ഷെ നിങ്ങള്‍ക്കോ എനിക്കോ അതില്ല.' -എന്നായിരുന്നു നടിയുടെ കിളികൊഞ്ചല്‍ മറുപടി! അതായത് തെറ്റോ ശരിയോ ആകട്ടെ ജ്യോതിഷികള്‍ പ്രവചിക്കുന്നില്ലേ? അതിന് കഴിവുള്ളവര്‍ എത്രപേരുണ്ട്?  നിങ്ങള്‍ക്ക് സാധിക്കുമോ? എനിക്ക് സാധിക്കുമോ? 'സിനിമാതാരം'എന്നൊക്കെ പറയുമ്പോള്‍ ഇത്രയൊക്കെ കൂര്‍മ്മബുദ്ധി ആരെങ്കിലും പ്രവചിക്കുമോ!!???

Thursday 3 January 2013

56. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള ഗ്രഹങ്ങള്‍ !

ഇന്നുച്ചയ്ക്ക് (2.1.13) കോളേജ് കാന്റീനില്‍ കേട്ട ചില തമാശകള്‍ ഇപ്രകാരം: ആഹാരം കാത്തിരിക്കവെ മുതിര്‍ന്ന അദ്ധ്യാപകര്‍ ആശയവിനിമയം നടത്തുന്നു. ഇന്നലെ, അതായത് ജനുവരി ഒന്നാം തീയതി കോളേജ് തുറന്നെങ്കിലും കുട്ടികള്‍ വളരെ കുറവായിരുന്നു. കുട്ടികള്‍ക്ക് അവധിയുടെ ആലസ്യമായിരിക്കുമെന്ന് ഒരാള്‍ . ഇന്നലെ ചൊവ്വാഴ്ച ആയതിനാലാണ് കുട്ടികള്‍ കുറഞ്ഞതെന്ന് അടുത്തിരുന്നയാള്‍ . ചൊവ്വാഴ്ച വിദ്യാരംഭമെന്നല്ല ഒരു ശുഭകാര്യവും തുടങ്ങാന്‍ പാടില്ലെന്ന് പല കുട്ടികളും ചിന്തിക്കുന്നുണ്ടത്രെ. കുട്ടികളെന്ന് പറഞ്ഞാല്‍ അവരുടെ മാതാപിതാക്കള്‍ എന്നാണര്‍ത്ഥമെന്ന് മൂന്നാമത്തെ അദ്ധ്യാപകന്‍ (17 വയസ്സാകാതെ ഒരാള്‍ കോളേജില്‍ പഠിക്കാനെത്തില്ലെന്നറിയുമ്പോള്‍ പഴി മാതാപിതാക്കളില്‍ മാത്രം ചാരുന്നതിലെ അഭംഗി വ്യക്തമാകും). ജനുവരി ഒന്നിന് തുറക്കേണ്ടിയിരുന്ന ചില ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌ക്കൂളുകള്‍ ചൊവ്വയെ പേടിച്ച് വിദ്യാരംഭം രണ്ടാം തീയതിയിലേക്ക് മാറ്റിയത്രെ. അന്ധവിശ്വാസത്തിന് അന്യമതപിന്തുണയുണ്ടെന്ന് അഭിമാനപുരസ്സരം അറിയിക്കുകയായിരുന്നു ടിയാന്‍ . ഒന്നാം തീയതി അധികമാരും ആശുപത്രിയില്‍ വരില്ലെന്ന് തന്റെ ഡോക്ടര്‍ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം തീയതി ആശുപത്രിയില്‍ പോയാല്‍ ആ മാസം മുഴുവന്‍ ആശുപത്രി നിരങ്ങേണ്ടി വരുമെന്നാണത്രെ ജനം പേടിക്കുന്നത്.

ഒന്നാം തീയതി അപകടമോ രോഗമോ സംഭവിച്ചാല്‍ രണ്ടാംതീയതി വരെ കാത്തിരിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്ന അവസ്ഥ! കൗതുകമെന്തെന്നാല്‍ സംഭാഷണത്തില്‍ പങ്കുകൊണ്ടവരാരും ചൊവ്വയുടെ അതിക്രമത്തില്‍ ഖിന്നരല്ല. കുട്ടികള്‍ ചെയ്യുന്നത് ശരിയെന്ന രൂപത്തിലായിരുന്നു പിന്നീട് കേട്ട ചില ഡയലോഗുകള്‍ . ചിലര്‍ക്ക് എല്ലാം തമാശ പോലെ; മറ്റു ചിലര്‍ക്ക് തികഞ്ഞ ഗൗരവം. ഉന്നതവിദ്യാഭ്യാസരംഗത്ത് നടമാടുന്ന ഈ കോപ്രായങ്ങളെപ്പറ്റി ഖിന്നതയുള്ള ആരേയും കാണാനായില്ലെന്നതാണ് ദു:ഖകരം.

ചൊവ്വയെ പേടിച്ച് ജീവിക്കുന്ന ജനത ചൊവ്വില്ലാതെയാകുന്നതില്‍ എന്തത്ഭുതം? 'ചൊവ്വ നിങ്ങളെ ഒരു ചുക്കും ചെയ്യില്ല' എന്ന് ജാതകവിധി ഓര്‍ത്ത് വിഷമിച്ച ഒരു വിദ്യാര്‍ത്ഥിനിയോട് കഴിഞ്ഞകൊല്ലം പറഞ്ഞത് ഓര്‍ത്തുപോകുന്നു. 'സാറിനതൊക്കെ പറയാം....ഇതിലൊന്നും വിശ്വാസമില്ലാത്തത് കൊണ്ട് സാറിന് കുഴപ്പമില്ല, അതല്ല വിശ്വസിക്കുന്നവരുടെ കാര്യം'എന്നായിരുന്നു ആ കുട്ടിയുടെ വികാരനിര്‍ഭരമായ മറുപടി. തുടര്‍ന്ന് ഒന്നുരണ്ട് അനുഭവ കഥകളെടുത്തിട്ട് അവള്‍ വിതുമ്പാന്‍ തുടങ്ങി. കഥ പുരോഗമിച്ചതും പിന്നെ കരച്ചിലായി. ബി.എസ്.സി ഫിസിക്‌സ് രണ്ടാം വര്‍ഷത്തിന് പഠിക്കുന്ന ആ വിദ്യാര്‍ത്ഥിനിയുടെ യുക്തി നോക്കൂ: വിശ്വാസിക്കുന്നവരെ ചൊവ്വ ആക്രമിക്കും, അവിശ്വാസികളെ വിട്ടു കളയും!

അടുത്തിടെ ഹിന്ദുമതത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് ചേക്കേറിയ അവളോട് 'ക്രിസ്ത്യാനികള്‍ക്ക് രാഹുവും കേതുവും ചൊവ്വയുമൊക്കെയുണ്ടോ?' എന്ന് തെല്ലൊരു തമാശയായി ചോദിച്ചപ്പോള്‍ ഉടന്‍ വന്നു മറുപടി: 'ചൊവ്വാഗ്രഹം കൃസ്ത്യാനിക്കും ഹിന്ദുവിനുമൊക്കെ ഒരുപോലെയല്ലേ സര്‍ ?' എന്താ പറയുക?! യഥാര്‍ത്ഥ ലോകത്താണോ ജീവിക്കുന്നതെന്നറിയാന്‍ സ്വയം നുള്ളിനോക്കേണ്ടി വന്നു. മുഹമ്മദിനെ ആരെങ്കിലും വിമര്‍ശിക്കുമ്പോള്‍ മുസ്‌ളീങ്ങള്‍ കാണിക്കുന്നതിന് സമാനമായ വെപ്രാളവും അസഹിഷ്ണുതാഭാവവുമാണ് ജ്യോതിഷവിശ്വാസികളായ സ്ത്രീകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രകടിപ്പിക്കുക. ജ്യോതിഷവിരുദ്ധമായ എന്തും അറിവില്ലായ്മയും വിവരക്കേടുമാണെന്ന് അവര്‍ വിധിയെഴുതും. പഠിച്ചിട്ടു വരാന്‍ സൗജന്യ ഉപേദശവും തരും!

എന്തുകൊണ്ട് എല്ലാവരും ചൊവ്വയ്‌ക്കെതിരെ?! നവജാതശിശുവിനെ ചൊവ്വ ആകര്‍ഷിക്കുന്നതെങ്ങനെ? ഈ പ്രപഞ്ചത്തില്‍ ദൂരവ്യാപകമായി അനുഭവപ്പെടുന്ന രണ്ട് ബലങ്ങള്‍ ഗുരുത്വബലവും വിദ്യുത് കാന്തികബലവുമാണെന്ന് (Gravitational force& Electro- magnetic forces0നമുക്കറിയാം. പക്ഷെ ഈ രണ്ടു ബലങ്ങളുടെ കാര്യം പരിഗണിച്ചാല്‍ പ്രസവസമയത്ത് അടുത്തുള്ള വസ്തുക്കള്‍ക്ക് ചെലുത്താനാവുന്ന സ്വാധീനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അങ്ങകലെ(പലപ്പോഴും സൂര്യനുമപ്പുറം) ദൃശ്യവിദൂരതയില്‍ നില്‍ക്കുന്ന ചൊവ്വയ്ക്ക് ഏതാണ്ട് സ്വധീനമേ ഇല്ലെന്ന് പറയേണ്ടിവരും. ചൊവ്വയ്ക്ക് അഭിമുഖമായല്ല ഭൂമി സ്ഥിതി ചെയ്യുന്നതെങ്കില്‍ ശരിക്കും ഭൂമി തുളച്ചു വേണം ചൊവ്വയ്ക്ക് കുഞ്ഞിനെ സ്വാധീനിക്കാന്‍ !! സൂര്യന് അപ്പുറമാണെങ്കില്‍ സൂര്യനേയും തുളയ്‌ക്കേണ്ടിവരും!

ഇനി അഭിമുഖമായി വരുന്ന അവസ്ഥ സങ്കല്‍പ്പിക്കുക. ചൊവ്വ ഭൂമിക്ക് ഏറ്റവുമടുത്ത് വരുമ്പോഴായിരിക്കുമല്ലോ ഏറ്റവുമധികം ഗുരുത്വസ്വാധീനം ഉണ്ടാവുക. ചൊവ്വയും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം 22.5 കോടി കിലോമീറ്ററാണ്. ഏറ്റവും കൂടിയ അകലം 40 കോടി കിലോമീറ്ററിലധികവും. എന്നാല്‍ ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്ത് വരുമ്പോള്‍ ഏകദേശം 5.6 കോടി കിലോമീറ്ററായിരിക്കും ദൂരം. വളരെ അപൂര്‍വമായേ ഇത് സംഭവിക്കാറുള്ളു. വളരെ പെട്ടെന്ന് തന്നെ ഇരു ഗ്രഹങ്ങള്‍ക്കും സ്ഥാനമാറ്റം സംഭവിക്കുകയും ഈ ദൂരം വര്‍ദ്ധിക്കുകയും ചെയ്യും. ഭൂമിയും ചൊവ്വയും സൂര്യനെ ചുറ്റുകയാണ്. ഭൂമി അകത്തെ ട്രാക്കിലൂടെ ഓടുമ്പോള്‍ ചൊവ്വ പുറത്തെ ട്രാക്കിലൂടെ ഓടുന്നു. ചൊവ്വയ്ക്ക് ദൂരം ഏറെ താണ്ടണമെന്ന് സാരം. അതുകൊണ്ടു തന്നെ ഏറിയ കാലവും അത് ഭൂമിയില്‍ നിന്ന് വളരെ അകലെ ആയിരിക്കും.

സാധാരണ ഗ്രഹങ്ങളെല്ലാം നക്ഷത്രങ്ങള്‍ക്കൊപ്പം കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു. അതാണ് അവയുടെ ദിനപരിപാടി. ഭൂമി പടിഞ്ഞാറുനിന്നും കിഴക്കോട്ട് സ്വയംഭ്രമണം ചെയ്യുന്നതാണ് ഇതിന് കാരണം. ഏതെങ്കിലും നക്ഷത്രത്തിന്റെ അടുത്താണ് ഗ്രഹം നില്‍ക്കുന്നുവെന്ന് കരുതുക. അവിടെനിന്നും കുറേക്കൂടി കിഴക്കോട്ട് മാറിയായിരിക്കും അടുത്ത ദിവസം അതിന്റെ സ്ഥാനം വരിക. ഇത് നക്ഷത്രവും ഗ്രഹത്തിനും ഇടയിലുള്ള സ്വകാര്യപ്രശ്‌നമാണ്( ആപേക്ഷികചലനം). ഇതാണ് ഗ്രഹത്തിന്റെ ക്രമചലനം. എന്നാല്‍ ഈ കുറേ കഴിയുമ്പോള്‍ ഈ ക്രമചലനം മന്ദീഭവിക്കുകയും ഒരു ഘട്ടമെത്തുമ്പോള്‍ ഗ്രഹം നക്ഷത്രത്തെ അപേക്ഷിച്ച് നിശ്ചലമായി കാണപ്പെടുകയും ചെയ്യും.

എന്നാല്‍ ഈ ഘട്ടം കഴിഞ്ഞാല്‍ നേരെ തിരിച്ചായിരിക്കും ഗ്രഹം നീങ്ങുക. അതായത് ഗ്രഹം നക്ഷത്രത്തിന്റെ പടിഞ്ഞാറേക്ക് മാറുന്നതായി കാണാം. ഗ്രഹവും നക്ഷത്രവും തമ്മിലുള്ള ഈ ആപേക്ഷികചലനം വക്രഗമനം അല്ലെങ്കില്‍ പശ്ചാത്ഗമനം(Retrograde motion) എന്നറിയപ്പെടുന്നു. പശ്ചാത്ഗമനം തുടങ്ങി കുറെ കഴിയുമ്പോള്‍ ക്രമഗമനം പഴയപടി പുന:സ്ഥാപിക്കപ്പെടും. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചൊവ്വ ഉള്‍പ്പെടെ പല ഗ്രഹങ്ങള്‍ക്കും ഈ സ്വഭാവമുണ്ട്. ചന്ദ്രനും സൂര്യനും പശ്ചാത്ഗമനമില്ല. എന്നാല്‍ രാഹുവിനും കേതുവിനും വക്രഗമനം മാത്രമേയുള്ളു! പല ഗ്രഹങ്ങള്‍ക്കും പശ്ചാത്ഗമനമുണ്ടെങ്കിലും ചൊവ്വയുടെ വക്രഗതിയാണ് ഭൂമിയിലുള്ളവര്‍ക്ക് കൂടുതല്‍ പ്രകടമാവുക.  ഭൂമിയും ചൊവ്വയും സൂര്യനെ ചുറ്റുന്ന വേഗതയിലുള്ള വ്യത്യാസം കാരണമാണ് ഇത് സംഭവിക്കുന്നതെന്ന് കാണാന്‍ വിഷമമില്ല. പക്ഷെ ഭൂമി സൂര്യനെ പ്രദക്ഷണം വെക്കുകയാണെന്ന് തിരിച്ചറിഞ്ഞാലേ ഇത് മനസ്സിലാക്കാനാവൂ.

ഭൂമി പ്രപഞ്ചകേന്ദ്രമാണെന്നും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഭൂമിയെ ചുറ്റുകയാണെന്നും തെറ്റിദ്ധരിച്ച പ്രാചീന പണ്ഡിതര്‍ക്ക് ഈ വക്രഗതിയുടെ രഹസ്യം പിടികിട്ടിയിരുന്നില്ല. വക്രഗതി ഗ്രഹത്തിന്റെ ഇച്ഛാശക്തിയുടേയും മനോഗതിയുടേയും സൂചനയായി അവര്‍ വിലയിരുത്തിക്കളഞ്ഞു. വക്രഗമനവേളയില്‍ ഗ്രഹത്തിന് ബലം അഥവാ ഫലദായകശേഷി വര്‍ദ്ധിക്കുമെന്നൊക്കെ അവര്‍ എഴുതിക്കൂട്ടി!

ചൊവ്വയുടെ ഗുരുത്വപ്രഭാവത്തിലേക്ക് വരാം. ചൊവ്വയുടെ ഭാരം

6.4 x 10^23 കിലോഗ്രാം(6.41693 × 1023 kilograms)
. അങ്ങനെ വരുമ്പോള്‍ ഏറ്റവും അടുത്തുവരുന്ന വേളയില്‍ ചൊവ്വ മൂലം ഭൂമിയില്‍ ഉണ്ടാകിനിടയുള്ള ഗുരുത്വസ്വാധീനം 1.4 x 10-8 meters per second per second ആയിരിക്കും. ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്ത്(5.6 കോടി കി. മീ) അഭിമുഖമായി വരുന്ന ഭൂഭാഗത്തേ ഈ കണക്കിന് സാധുതയുള്ളു. പലപ്പോഴും ചൊവ്വ സൂര്യന്റെ അപ്പുറത്തെ പകുതിയിലായിരിക്കുക്കും. അപ്പോള്‍ ഭൂമിയില്‍ നിന്ന് 40 കോടി കിലോമീറ്ററിലധികം വരെ ദൂരമുണ്ടാകും. അതായത് നാമിവിടെ കണക്ക് കൂട്ടിയതിന്റെ ഏതാണ്ട് എട്ടിരട്ടി ദൂരം. പക്ഷെ ജ്യോതിഷപ്രകാരം ചൊവ്വ എത്ര ദൂരത്ത് നില്‍ക്കുന്നു എന്നതൊന്നും പ്രശ്‌നമല്ല, മറിച്ച് ഏത് ഭാവത്തില്‍ (house) നില്‍ക്കുന്നു എന്നതാണ് വിഷയം! ചൊവ്വയും ഭൂമിയും തമ്മിലുള്ള ദൂരം മാറി മറിയുമെന്നോ രണ്ടു ഗ്രഹങ്ങളും സൂര്യനെ ചുറ്റുകയാണെന്നോ അറിയാത്ത പണ്ഡിതരാണ് ജ്യോതിഷനിര്‍മ്മാണം നടത്തിയത്.

ഇനി, ചൊവ്വയുടെ കാര്യം വിട്ട് ഭൂമിയിലെ തന്നെ വ്യത്യസ്ത ഉന്നതിയുള്ള(altitude) രണ്ട് സ്ഥലങ്ങളില്‍ രണ്ട് കുഞ്ഞുങ്ങള്‍ ജനിക്കുന്നതായി പരിഗണിക്കുക. 1000 മീറ്റര്‍ വ്യത്യാസമുള്ള രണ്ട് സ്ഥലങ്ങളിലാണ് കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. ഇത് സാധാരണ നടക്കാന്‍ സാധ്യതയുള്ള കാര്യമാണ്. ഉദാഹരണമായി മെക്‌സിക്കോ സിറ്റി പോലുള്ള സ്ഥലങ്ങള്‍ സമുദ്രനിരപ്പില്‍ നിന്നും 2240 മീറ്റര്‍ വരെ ഉയരത്തിലാണ്.
എല്ലാ വസ്തുക്കളെയും ഭൂമി അതിന്റെ കേന്ദ്രത്തിലേക്കാണ് ആകര്‍ഷിക്കുന്നത്. സമുദ്രനിരപ്പില്‍നിന്നും ഒരു കിലോമീറ്റര്‍ ഉയരവ്യത്യാസം ഭൂമിയുടെ ഗുരുത്വസ്വധീനത്തില്‍ സൃഷ്ടിക്കുന്ന ഗുരുത്വപ്രവേഗം(acceleration due to the Earth’s gravity) കൃത്യം 0.003 m s-2 ആയിരിക്കും. അതായത് ചൊവ്വയുടെ ഗുരുത്വബല സ്വധീനത്തിന്റെ രണ്ടു ലക്ഷം ഇരട്ടി. അപ്പോള്‍ ഗുരുത്വത്തിന്റെ കാര്യത്തില്‍ അങ്ങകലെ നില്‍ക്കുന്ന ചൊവ്വ എവിടെ കിടക്കുന്നു, ഭൂമിയിലെ തന്നെ ഉയരവ്യത്യാസമുള്ള രണ്ട് സ്ഥലങ്ങള്‍ എവിടെ കിടക്കുന്നു!?

ഇനി വിദ്യുത്കാന്തികബലമെടുത്താല്‍ നാല് രീതിയില്‍ സ്വാധീനമുണ്ടാവാം. 1. കാന്തികക്ഷേത്രം(magnetic field), 2. വിദ്യുത്പ്രവാഹം(electric current), 3. വിദ്യുത് ക്ഷേത്രം(electric field), 4.റേഡിയേഷന്‍ (radiation).

ഭൂമിക്കും ചൊവ്വയ്ക്കുമിടയില്‍ യാതൊരു വിധ വൈദ്യുതപ്രവാഹവുമില്ലെന്നതാണ് വാസ്തവം. സൗരവാതം(solar wind) പ്രവഹിക്കുന്നത് സൂര്യനില്‍ നിന്നാണ്. എപ്പോഴും സൂര്യനോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് ഭൂമിയാണ്. അതുകൊണ്ടുതന്നെ ഭൂമി കഴിഞ്ഞാണ് അത് ചൊവ്വയിലേക്ക് പ്രസരിക്കുക. അതല്ലാതെ ചൊവ്വയില്‍ നിന്ന് ഭൂമിയിലേക്ക് പ്രവാഹത്തിന് സാധ്യത തീരെക്കുറവാണ്. സൗരവാതം അടിസ്ഥാനപരമായി പ്‌ളാസ്മയാണ്. പ്‌ളാസ്മ ഇലക്‌ടോണുകളും അയോണുകളുമാണ്.
അവയ്ക്ക് എവിടെയും പറന്നു നടക്കാമെങ്കിലും പരമാവധി ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ മാത്രമേ സൗരവാതങ്ങളുടെ പ്രഭാവം അനുഭവപ്പെടുകയുള്ളു. സൗരവാതം മൂലം ഉണ്ടാകാനിടയുള്ള വൈദ്യുതക്ഷേത്രത്തിന് ഏതാനും നൂറു മീറ്ററുകള്‍ വരെ മാത്രമേ സ്വാധീനമുണ്ടാകൂ. വൈദ്യുതക്ഷേത്രം ഒരു കിലോമീറ്റര്‍ ദൂരത്തേക്ക് വരെ വ്യാപിക്കുമെന്ന് വളരെ ഉദാരപൂര്‍വം ചിന്തിച്ചാലും 5 കോടി കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന ചൊവ്വ എന്തുചെയ്യാനാണ്?!

ഇനി കാന്തികപ്രഭാവത്തിന്റെ കാര്യമെടുത്താല്‍ ചൊവ്വയ്ക്ക് വളരെ ദുര്‍ബലമായ ഒരു കാന്തികക്ഷേത്ര(magnetic field)മുണ്ടെങ്കിലും ആയത് മൂലം ഭൂമിയില്‍ യാതൊരു പ്രഭാവവും ഉണ്ടാവില്ല. കാരണമെന്തെന്നാല്‍ ഭൂമിക്ക് സ്വന്തമായി അതിശക്തമായ ഒരു കാന്തികക്ഷേത്രമുണ്ട്. ഉള്‍ക്കാമ്പിലെ അയണീകരിക്കപ്പെട്ട ഇരുമ്പിന്റെ സമൃദ്ധമായ സാന്നിധ്യമാണ് ഭൂമിയുടെ കാന്തികതയുടെ നിദാനം. ചൊവ്വയാകട്ടെ ഭൂമിയെക്കാള്‍ സാന്ദ്രത കുറഞ്ഞ ഗ്രഹമാണ്. ചൊവ്വയിലെ പാറകള്‍ നമ്മുടെ സമുദ്രജലത്തില്‍ പൊങ്ങിക്കിടക്കും. ഭൂമിയുടെ ശക്തമായ കാന്തികക്ഷേത്രം ബാഹ്യമായ സ്വാധീനങ്ങള്‍ക്കെതിരെ ഒരു പരിചയായി പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല സൗരവാതം സൂര്യനില്‍ നിന്ന് പുറത്തേക്ക് വീശുന്നതിനാല്‍ ഭൂമിയുടെ കാന്തികമണ്ഡലം ചൊവ്വയിലാണ് പ്രശ്‌നങ്ങളുണ്ടേക്കേണ്ടത്, തിരിച്ചല്ല. വാസ്തവത്തില്‍ ഭൂമിയില്‍ നിന്ന് തന്നെയാണ് ഈ വകുപ്പില്‍ കുട്ടിക്ക് സ്വാധീനം കുടുതലുണ്ടാകേണ്ടത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ജ്യോതിഷക്കാര്‍ക്ക് ഭൂമി ഒരു ഗ്രഹമല്ല, മറിച്ച് പ്രപഞ്ചകേന്ദ്രമാണ്!!

നാം കാണുന്ന നിറങ്ങള്‍ , കുറച്ച് അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാ റെഡ്, ഇക്‌ട്രോമാഗ്നറ്റിക് സെപ്ക്ട്രത്തില്‍ വരുന്ന മൈക്രോതരംഗങ്ങളും റേഡിയോ തരംഗങ്ങളും ഒഴിച്ചാല്‍ മറ്റെല്ലാത്തരം വിദ്യുത്-കാന്തിക വികിരണങ്ങളേയും ഭൗമാന്തരീക്ഷം തടഞ്ഞുനിറുത്തുന്നുണ്ട്. ചൊവ്വ റേഡിയോ-മൈക്രോ തരംഗ വികിരണങ്ങളുടെ(microwaves and radio waves) വളരെ ദുര്‍ബലമായ ഒരു സ്രോതസ്സാണെന്ന് പറയേണ്ടതില്ല. ഇനി അഥവാ എന്തെങ്കിലും അതീവ ദുര്‍ബലമായ വികിരണങ്ങള്‍ ചൊവ്വയില്‍ നിന്നും അഭിമുഖമായി നില്‍ക്കുന്ന ഭൂപകുതിയിലെത്തിയാല്‍ തന്നെ ഭൂമിയില്‍ തന്നെയുള്ള റേഡിയോ വികിരണങ്ങളുടെ മഹാസാഗരത്തില്‍ അവ മുങ്ങിമരിക്കും.

ഭൂമിയിലെ ഏത് പ്രദേശമെടുത്താലും, അത് ആമസോണ്‍ കാടുകളായിക്കൊള്ളട്ടെ, തൊട്ടടുത്ത റേഡിയോ സ്റ്റേഷനില്‍ നിന്നുള്ള വിദ്യുത്കാന്തിക വികിരണം, കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നുള്ള വികിരണം, മൊബൈല്‍ ഫോണ്‍ -മൊബൈല്‍ ടവര്‍ വികിരണം മുതലായവ ചെലുത്തുന്ന സ്വാധീനം ചൊവ്വയ്ക്ക് ചെലുത്താന്‍ സാധിച്ചേക്കാവുന്ന(?) സ്വാധീനത്തിന്റെ ആയിരക്കണക്കിന് ഇരട്ടിയാണ്. ചാന്ദ്രരഹിതമായ കറുത്ത ആകാശത്ത് ചൊവ്വ നല്ലപോലെ തിളങ്ങി നില്‍ക്കുന്നുണ്ടാവാം. പക്ഷെ നിങ്ങളുടെ കുട്ടി പിറന്നുവീഴുന്ന മുറിയിലെ സി.എഫ്.എല്‍ വിളക്കിന്റെ പ്രകാശത്തിന് മുന്നില്‍ ചൊവ്വ പൊഴിക്കുന്ന തിരിച്ചറിയാന്‍ പോലും കഴിയാത്ത ദുര്‍ബല പ്രതിഫലനപ്രകാശം ഒന്നുമല്ല.

ഇതൊക്കെയായിട്ടും എല്ലാ ദോഷങ്ങളും എന്തിന് ചൊവ്വയ്ക്ക് മാത്രം?! ചൊവ്വയ്ക്ക് രണ്ട് ഉപഗ്രഹങ്ങളുണ്ട്:ഫോബസും ഡെയ്മസും(Phobos&Deimos). അവയെക്കുറിച്ചൊന്നും ജ്യോതിഷപ്രഭുക്കള്‍ അറിയാത്തത് രക്ഷയായി! അല്ലെങ്കില്‍ ആ നിര്‍ജീവ പാറക്കഷണങ്ങളും പാപത്തില്‍ കുളിച്ചേനെ! ഭൂമിക്ക് ഏറ്റവും അടുത്തു വരുന്ന ഗ്രഹം ചൊവ്വയല്ല, ശുക്രനാണ്. ഏറ്റവും അടുത്ത ദൂരം 3.8 കോടി കിലോമീറ്റര്‍ . ഏറ്റവും ദൂരത്തെത്തുമ്പോള്‍ 26.1 കോടി കിലോമീറ്ററും. സന്ധ്യാകാശത്തെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ ഗോളമായ ശുക്രന് ശക്തമായ കാന്തികമണ്ഡലവുമുണ്ട്. ശുക്രന്റെ അന്തരീക്ഷത്തിലെ സമൃദ്ധമായ സള്‍ഫ്യൂറിക് ആസിഡ്
മേഘങ്ങളില്‍ (Sulfuric acid clouds) തട്ടി നല്ലൊരു പങ്ക് പ്രകാശം പുറത്തേക്ക് പ്രതിഫലിക്കുന്നത് കാരണമാണ് ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ അതിന് ഇത്രയേറെ പ്രകാശമാനം(albedo) ഉണ്ടാകാന്‍ കാരണം. മാത്രമല്ല സൗരവാതം ശുക്രനെ ചിലപ്പോഴൊക്കെ ശുക്രനെ മറി കടന്നാണ് ഭൂമിയിലെത്തുന്നത്. മറ്റ് മൈക്രോ വികിരണങ്ങളുടെ കാര്യവും അങ്ങനെ തന്നെ. ഈ നാല് വകുപ്പും പരിഗണിക്കുമ്പോള്‍ ഭൂമിയില്‍ സ്വാധീനം ചെലുത്തുന്ന കാര്യത്തില്‍ ചൊവ്വയെക്കാള്‍ എന്തുകൊണ്ടും ശക്തമായ അവകാശവാദമാണ് ശുക്രനുള്ളത്.

പക്ഷെ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ വെള്ളി പോലെ വെട്ടിത്തിളങ്ങുന്ന ശുക്രനെ നാശകാരിയായി ചിത്രീകരിക്കുന്നത് മോശമല്ലേ?! ജ്യോതിഷികളെ സംബന്ധിച്ചിടത്തോളം കാഴ്ചയും തോന്നലും ഭാവനയുമായിരുന്ന പ്രധാനം. യാഥാര്‍ത്ഥ്യം എക്കാലത്തും അവരുടെ കടുത്ത ശത്രുവായി നിലകൊണ്ടു. ഭാരതത്തിലെ വരാഹന്റെ ഫലഭാഗ സിദ്ധാന്തമനുസരിച്ച് അവന്തി എന്ന ഇന്ത്യന്‍ പ്രദേശത്ത് ജനിച്ച(!) ചൊവ്വ യുവാവും കൃശമധ്യനും പിത്ത പ്രകൃതിക്കാരനും ചഞ്ചലഹൃദയക്കാരനുമായ ഒരു പുരുഷനാണ്! ചുവപ്പും വെളുപ്പും ചേര്‍ന്ന കുള്ളനായ ഇയാള്‍ ജാതിയില്‍ ക്ഷത്രിയനുമാണ്. ചൊവ്വ മാത്രമല്ല ഇന്ത്യക്കാരന്‍ ! എല്ലാ ഗ്രഹങ്ങളും ഇന്ത്യയിലാണ് ജനിച്ചത്. സൂര്യന്‍ കലിംഗത്തിലും ചന്ദ്രന്‍ മഗധയിലും ജനിച്ചുവെന്നാണ് ഭാരതീയ ജ്യോതിഷം പ്രഖ്യാപിക്കുന്നത്! എന്നാല്‍ സ്ത്രീലിംഗത്തില്‍പ്പെട്ട ശുക്രനാകട്ടെ ഇരുനിറക്കാരിയും ബ്രാഹ്മണജാതിയില്‍ പെട്ടവളുമാണ്!

ഏഴില്‍ ചൊവ്വ വന്നാല്‍ ഭര്‍ത്താവിന് വിസ നേരത്തെ അടിച്ചുകിട്ടുമെങ്കില്‍ ഏഴില്‍ ശുക്രന്‍ വന്നാല്‍ നേരെ വിപരീതമാണ് കാര്യങ്ങള്‍ ! ജാതകക്കാരന് സൗന്ദര്യവും സമ്പത്തും മാത്രമല്ല സുന്ദരിയായ ഭാര്യയേയും ലഭിക്കും. ശുക്രന്‍ പന്ത്രണ്ടാം ഭാവത്തില്‍ വന്നാല്‍ മൃഷ്ടാന്ന ഭോജനസുഖവും സമ്പല്‍സമൃദ്ധിയും ശയനസുഖവും ഉണ്ടാകും. നോക്കണെ! വെള്ളി പോലെ വെളുത്ത ബ്രാഹ്മണസ്ത്രീ കൊണ്ടുവരുന്ന നേട്ടങ്ങള്‍  !!

ഇനി ഇതിലെല്ലാം കൗതുകരമായിട്ടുള്ളത് ചൊവ്വദോഷം ഉണ്ടാക്കുമ്പോള്‍ ചൊവ്വയുടെ സ്ഥാനമാണ്. കുഞ്ഞ് ജനിക്കുമ്പോള്‍ കിഴക്ക് ഉയര്‍ന്നുവരുന്ന രാശിയാണല്ലോ ലഗ്നരാശി. ഈ ലഗ്നരാശിയില്‍ നിന്ന് ഏഴും എട്ടും വരുന്ന ഭാവങ്ങളില്‍ (Mars in seventh and eight houses) ചൊവ്വ നില്‍ക്കുമ്പോഴാണ് വിവാഹഭീഷണി ഉയരുന്നത്. പുരുഷന് ഏഴും സ്ത്രീക്ക് എഴും എട്ടും ഭാവത്തില്‍ ചൊവ്വ വന്നാല്‍ അതിഭീകരമായിരിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. അല്ലെങ്കില്‍ എതിര്‍ലിംഗത്തില്‍പ്പെട്ട സമാനദോഷമുള്ളവര്‍ വിവാഹം കഴിക്കാന്‍ വരണം(അതിന്റെ ഗുട്ടന്‍സ് രഹസ്യമാണ്! കേട്ടിട്ട് ഒരു ഹോമിയോസിദ്ധാന്തം പോലുണ്ട്!). ആകാശനിരീക്ഷണം നടത്തുന്നവര്‍ക്കറിയാം, ഏഴ്, എട്ട് ഭാവങ്ങള്‍ എന്നുപറഞ്ഞാല്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ അസ്തമനത്തോട് അടുത്ത് വരുന്നവയാണ്. ഏഴില്‍ നില്‍ക്കുന്ന ചൊവ്വ ശരിക്കും
അസ്തമനത്തിലാണ്(ലഗ്നസ്ഫുടം ഗ്രഹസ്ഫുടത്തെക്കാള്‍ കൂടുതലാണെങ്കില്‍ ). എട്ടിലാകുമ്പോള്‍ അസ്തമനം പൂര്‍ത്തിയായിട്ടുണ്ടാവും.

ഫലത്തില്‍ ചൊവ്വാദോഷമുണ്ടാകുന്ന സമയത്ത് ചൊവ്വ സംഭവസ്ഥലത്തില്ലെന്ന് തന്നെ പറയാം! അതായത് അസ്തമിക്കുന്ന ഒരു ഗ്രഹം അതിന് മുമ്പെങ്ങും ചെലുത്താത്ത സ്വാധീനമായിരിക്കും നവജാതശിശുവില്‍ ചെലുത്തുക!! അസ്തമിച്ച സൂര്യന് ഉച്ചിയിലെ സൂര്യനെക്കാള്‍ പ്രഭാവമുണ്ടെന്ന് പറയുന്നതിന് തുല്യമാണിത്. കെട്ടുകഥ പറയുമ്പോഴും അതിലൊരു ലോജിക്ക് നാം പ്രതീക്ഷിക്കും. ജ്യോതിഷം ആ പ്രതീക്ഷയും നിര്‍ദ്ദയം തകര്‍ത്തു കളയുന്നു. (തുടരും)

Tuesday 1 January 2013

55. പൂവിനുള്ളില്‍ പൂവിരിയും...

പ്രാചീനകാലത്ത് സമയം ഗണിക്കാന്‍ ഉപയോഗിച്ച പ്രധാന ഉപാധി ആകാശമായിരുന്നു. നക്ഷത്രവും ആകാശവും ഫലപ്രവചനസാഹിത്യത്തില്‍ മുന്തിയ സ്ഥാനംപിടിക്കാന്‍ കാരണമതാണ്. നിരവധി സൂചികളുള്ള ഒരു വലിയ ഘടികാരമായി പ്രാചീനനിരീക്ഷകര്‍ ആകാശത്തെ കണ്ടു. സത്യത്തില്‍ ഉദാത്തമായൊരു ഭാവനയായിരുന്നു അത്. ഈ ഭാവനയ്ക്ക് ഭ്രാന്തു പിടിച്ചപ്പോഴാണ് ഫലഭാഗ ജ്യോതിശാസ്ത്രം   പിറന്നത്. ഇന്ന് ആകാശംനോക്കി സമയം പറയേണ്ട കാര്യമില്ല. ദിവസവും മാസവും കണക്കുകൂട്ടാന്‍ കലണ്ടറുകളുമുണ്ട്. 

ഫലഭാഗജ്യോതിശാസ്ത്രത്തിന്റെ പുസ്തകം കാണാപാഠം പഠിച്ച് കാര്യങ്ങള്‍ ഓര്‍ത്തുവെക്കുന്നുവെങ്കിലും ഇക്കാലത്തെ പല കിടിലന്‍ ജ്യോതിഷികള്‍ക്കും ആകാശനിരീക്ഷണത്തെ സംബന്ധിച്ച് വലിയ ധാരണയില്ലെന്നതാണ് വാസ്തവം. കാരണം വ്യക്തം: അവര്‍ക്കതിന്റെയൊന്നും കാര്യമില്ല, അത്ര തന്നെ! ഫലപ്രവചനം നടത്തി കസ്റ്റമര്‍മാരെ ചൂഷണം ചെയ്യാന്‍ ആകാശത്തേക്ക് നോക്കേണ്ട കാര്യമൊന്നുമില്ലെന്ന് അവര്‍ക്ക് നന്നായറിയാം. നല്ല തോതില്‍ വാനനിരീക്ഷണം നടത്തുന്നവര്‍ക്ക് ജ്യോതിഷം പോലുള്ള പ്രവചന തട്ടിപ്പുകളില്‍ വിശ്വാസം കുറയാനാണ് എല്ലാ സാധ്യതയും. നിഷ്പക്ഷബുദ്ധിയോടെ മതം പഠിക്കുന്നവന്‍ മതത്തിന് പുറത്തുപോകുമെന്ന്
പറയുന്നതുപോലെയാണിതും. ഫലം നിശ്ചയിക്കുന്ന ദേവന്‍മാര്‍ 'പരോക്ഷപ്രിയരാ'ണെന്നും എന്നും ചെന്ന് നോക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെടില്ലെന്നും പറയുന്ന ജ്യോതിഷികളുണ്ട് ! അന്ധവിശ്വാസത്തിനുള്ളിലെ അന്ധവിശ്വാസമാണത്. അതായത് പൂവിനുള്ളില്‍ വിരിയുന്ന പൂ! വാനനിരീക്ഷണം വേണ്ട, ഗണനം മാത്രം മതി. നിരീക്ഷണമൊക്കെ പണ്ടുള്ളവര്‍ നടത്തിയിട്ടുണ്ട്; ഇനിയതിന്റെ ആവശ്യമില്ല!! ജ്യോതിഷത്തിന്റെ ഒന്നുരണ്ട് പുസ്തകം വാങ്ങുക, പ്രവചിച്ച് തുടങ്ങുക, തീരെ മന്ദബുദ്ധിയല്ലെങ്കില്‍ വൈകാതെ ജ്യോതിഷിയായി മാറിക്കൊള്ളും.

വാസ്തവത്തില്‍ ഫലപ്രവചനത്തിന് ഗ്രഹങ്ങളും നക്ഷത്രങ്ങളും വേണമെന്ന് എന്തെങ്കിലും നിര്‍ബന്ധമുണ്ടോ? യാതൊരു നിര്‍ബന്ധവുമില്ലെന്ന് മാത്രമല്ല നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും വിട്ട് മനുഷ്യന് നിത്യജീവിതത്തില്‍ പരിചയപ്പെട്ട എന്തു കാര്യവുമായി താരതമ്യപ്പെടുത്തി മനുഷ്യജീവിതം സംബന്ധിച്ച് പ്രവചനം നടത്തിയാലും സമാനമായ വിജയം ഉറപ്പാണ്. ഇതൊന്നുമില്ലാതെയും പ്രവചനം നടത്താമെന്നത് വേറെ കാര്യം! ഫലം പറയാനുപയോഗിക്കുന്ന വ്യവസ്ഥ എന്തായിരുന്നാലും ഫലപ്രവചനം ശരിയാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത് യുക്തിരഹിതമായി അവയെ ആശ്രയിക്കുന്ന വിശ്വാസിയാണ്. മറ്റൊന്ന് ഫലപ്രവചനത്തിന്റെ സ്വഭാവമാണ്. അതായത് അനുഭവപരിചയവും സാമാന്യബുദ്ധിയും ആധാരമാക്കി കുറെ പ്രവചനം നടത്തുമ്പോള്‍ ചിലതൊക്കെ ശരിയാകാനുള്ള സാധ്യത നിസ്സാരമല്ല. വ്യക്തിഗത സാധൂകരണത്തിലൂടെ തെറ്റ് തള്ളിയും ശരി ആഘോഷിച്ചും ഏതൊരു ഫലപ്രവചന പദ്ധതിയേയും വിജയിപ്പിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കും.

കുറച്ച് ശീതവായനശേഷി(Cold reading skill), സാമാന്യബുദ്ധി(Common intelligence), മുന്‍പരിചയം (Experience) എന്നിവ ഉണ്ടെങ്കില്‍ ഏത് ഫലപ്രഖ്യാപനപദ്ധതിയും നല്ല വിളവ് നല്‍കും. ജ്യോതിഷത്തില്‍ ഫലപ്രവചനത്തിനായി മാനം വീക്ഷിക്കുന്നു, വാസ്തുവിന് തറയില്‍ തപ്പുന്നു, ഹസ്തരേഖാശാസ്ത്രത്തില്‍ കൈവെള്ള നോക്കുന്നു! ഇവയെല്ലാംതന്നെ വ്യക്തിയുടെ ജീവിതസംബന്ധിയായ കാര്യങ്ങളും ആകാരപ്രകാരാദികളും പ്രവചിക്കാനാണ് ഉപയോഗിക്കുന്നത്. അക്ഷരങ്ങളും സംഖ്യകളും വഴിയും ഇതേ ഫലപ്രവചനം നടത്താം! ഇതില്‍ നിന്ന് വ്യത്യസ്തമായി ഓല വായിച്ച് നാഡിജ്യോതിഷം വഴി വിജയം കൊയ്യുന്നവരും ധാരാളം. ഫലപ്രവചനത്തിനായി മറ്റു നിരവധി ഉപാധികള്‍ വേറെയുമുണ്ട്. പലതും ഇനിയും വരാനിരിക്കുന്നു!

ഇവിടെ, മതങ്ങളുടെ കാര്യത്തിലെന്നപോലെ, ഉയരുന്ന സാമാന്യചോദ്യമുണ്ട്. ഏതാണ് ശരി? ഏതാണ് അസ്സല്‍പ്രവചനം? രണ്ടായാലും ഗ്രഹങ്ങള്‍ മാനത്ത് നിന്ന് പറയുന്ന കാര്യങ്ങള്‍ കയ്യില്‍ നോക്കി കാണാമെങ്കില്‍ വെറുതെ മുകളിലോട്ട് നോക്കി കഴുത്തുളുക്കേണ്ട കാര്യമുണ്ടോ!? ഇനിയതല്ല, അക്ഷരവും അക്കവുമാണ് മനുഷ്യജീവിതത്തിന്റെ ഭാഗ്യദോഷങ്ങളും വിധികര്‍മ്മങ്ങളും നശ്ചയിക്കുന്നതെങ്കില്‍ വെറുതെ കവടി എറിഞ്ഞ് നാണംകെടേണ്ടതുമില്ല. ഒന്നുകില്‍ ഏതെങ്കിലും ഒന്ന് ശരി-ബാക്കിയെല്ലാം തെറ്റ്. അല്ലെങ്കില്‍ എല്ലാം ഒരുപോലെ തട്ടിപ്പ്. അതല്ലാതെ എല്ലാം ഒരുപോലെ ശരിയാകുന്ന വിഷയമേ ഉദിക്കുന്നില്ല.

മതവിശ്വാസത്തിന്റെ കാര്യത്തിലെന്നപോലെ ഏതില്‍ വിശ്വസിക്കുന്നോ അവര്‍ക്കെല്ലാം 'അച്ചട്ട് ഫലവും' സമാശ്വാസവും ലഭിക്കുന്നു! ജ്യോതിഷത്തിനും വാസ്തുവിനും സംഖ്യപ്രവചനത്തേക്കാള്‍ അനുയായികള്‍ കൂടുതലുണ്ട്; കുറഞ്ഞപക്ഷം ഭാരതത്തിലെങ്കിലും. ചിലര്‍ക്ക് ചില ഇനങ്ങളില്‍ കൂടുതല്‍ വിശ്വാസമാണ്. എല്ലാം ഒരുപോലെ കൊണ്ടുനടക്കുന്ന 'ബഹുദൈവവിശ്വാസി'കളും അപൂര്‍വമല്ല. സ്വന്തം പേരിന്റെ അക്ഷരങ്ങള്‍ ക്രമീകരിച്ച്( From 'Jayalalitha' to ‘Jayalalithaa’) ജീവിതവിജയം നേടാന്‍ ശ്രമിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ജ്യോതിഷ-വാസ്തു വിശ്വാസിയുമാണ്! അതായത് ഒരു അന്ധവിശ്വാസത്തിന് തുറന്നുകൊടുക്കുന്ന വാതിലിലൂടെ അനുബന്ധവിഹ്വലതകളും കയറി വരുന്നു.

അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമല്ലേ? ഏത് പ്രവചനത്തിലും വിശ്വാസി സ്വയം 'സത്യം' കണ്ടെത്തുന്നു. ഗ്രഹവും നക്ഷത്രവുമെടുക്കുന്നവര്‍ക്ക് അതാകാം. പകരം സംഖ്യകള്‍ എടുത്തുനോക്കൂ. പ്രവചനം അച്ചട്ടായിരിക്കും. അതല്ലെങ്കില്‍ അക്ഷരംവെച്ചും ഫലം പ്രവചിക്കാം. എന്തിനേറെ, വെറുതെ മുഖംനോക്കി വേണമെങ്കിലും അച്ചട്ട് ഫലപുസ്തകം എഴുതിയുണ്ടാക്കാം.

പ്രണയകാലത്ത് കടുത്ത ജ്യോതിഷവിശ്വാസിയായ ഒരു 'ഗംഗ'യെ സംഖ്യാശാസ്ത്രഫലം പറഞ്ഞ് പ്രീതിപ്പെടുത്തിക്കൊണ്ടിരുന്ന ഒരു സുഹൃത്തിനെ പരിചയമുണ്ട്. പക്ഷെ അവന്‍ എപ്പോഴും ഗംഗയ്ക്ക് കൊടുത്തിരുന്ന ധാരണ ജ്യോതിഷം അടിസ്ഥാനമാക്കിയ പ്രവചനമാണ് അവയെന്നായിരുന്നു. ജ്യോതിഷവിശ്വാസം കാരണം അവള്‍ക്ക് അവനിലുള്ള വിശ്വാസവും ഇരട്ടിച്ചു. ഒരു ദിവസം അവന്‍ തമാശയ്ക്ക് കാര്യം തുറന്ന് പറഞ്ഞതും അവര്‍ തമ്മില്‍ തെറ്റി. 'ചതിയന്‍ ' എന്നൊക്കെയാണ് അവളവനെ നിറുത്താതെ വിളിച്ചത്. തന്റെ ജനനത്തിന് നേര്‍സാക്ഷികളായി നിലകൊണ്ട പ്രിയപ്പെട്ട നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും പേരുപറഞ്ഞ് വെറും ജീവനില്ലാത്ത സംഖ്യകള്‍വെച്ച് തന്നെ കബളിപ്പിച്ചെന്നായിരുന്നു അവളുടെ പരാതി. പറഞ്ഞ ഫലങ്ങളൊക്കെ അച്ചട്ടായിരുന്നു! പക്ഷെ അതുകൊണ്ടായില്ലല്ലോ?!

നായികയുടെ വീട്ടിലെല്ലാവരും വിശ്വസിക്കുന്നത് ജ്യോതിഷമാണ്, വിശേഷിച്ചും കുടുംബജ്യോതിഷി ഒരു മിടുക്കന്‍
വിരുതന്‍ പണിക്കരെ . മറ്റ് കമിഴ്ത്തുവിദ്യകളൊക്കെ അവര്‍ക്ക് അന്ധവിശ്വാസമാണ്! ക്രമേണ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കിയ ഗംഗ ജ്യോതിഷഭ്രാന്തുള്‍പ്പെടെയുള്ള സകല ചിന്താമാലിന്യങ്ങളും കയ്യൊഴിഞ്ഞ് നായകനെ സ്വന്തമാക്കി. ഇത്യാദി വസ്തുക്കളുടെ ശല്യമില്ലാതെ അവരിപ്പോള്‍ സസുഖം ജീവിക്കുന്നു; കഴിഞ്ഞ 17 വര്‍ഷമായി. ഈ അനുഭവകഥ വിശ്വസിക്കേണ്ടതില്ല. പകരം പറഞ്ഞ കാര്യം ആര്‍ക്കും സ്വന്തം ജീവിതത്തില്‍ പരീക്ഷിച്ച് നോക്കാം. സത്യമാണെന്ന് കാണുകയാണെങ്കില്‍ കഥ തള്ളി കാര്യം മാത്രം എടുക്കാം.

ജ്യോതിഷത്തില്‍ പന്ത്രണ്ട് രാശി- 27 നക്ഷത്രങ്ങള്‍ -പിന്നെ സമയം. ഇതാണല്ലോ ജ്യോതിഷത്തിന്റെ കാതല്‍ . ആഴ്ചയില്‍ ഏഴു ദിവസമാകാന്‍ എന്താണ് കാരണം? ആറോ എട്ടോ ആയിരുന്നുവെങ്കിലും കുഴപ്പമില്ലായിരുന്നു. സൂര്യന്‍ (ഞായര്‍ ), ചന്ദ്രന്‍ (തിങ്കള്‍ ), ബുധന്‍ , ശുക്രന്‍ (വെള്ളി), ചൊവ്വ, വ്യാഴം, ശനി തുടങ്ങിയ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ഏഴ് ഖഗോളരൂപങ്ങളുടെ പേരാണ് ദിവസങ്ങള്‍ക്ക് കൊടുത്തത്. ഇത്രയും 'ഗ്രഹ'ങ്ങളുടെ കൊടുത്തപ്പോള്‍ ഏഴ് ദിവസത്തിന് പേരായി. അങ്ങനെ ഏഴ് ദിവസം നീളുന്ന ആഴ്ച ഉണ്ടായി. രാഹുവും കേതുവും പോലുള്ള അതീന്ദ്രിയഗ്രഹങ്ങള്‍ കസ്റ്റഡിയിലുണ്ടായിട്ടും അവയെ ആഴ്ചക്കണക്കില്‍ ഉള്‍പ്പെടുത്താന്‍ ഭാരതീയര്‍ക്കായില്ല.

ഭാരതീയരെ സംബന്ധിച്ചിടത്തോളം സമയഗണനാ സങ്കല്‍പ്പങ്ങള്‍ മിക്കതും ഇറക്കുമതിയാണ് എന്നതാണ് അതിന് കാരണം. യുറാനസും നെപ്ട്യൂണുമൊക്കെ നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കില്‍ നമുക്ക് 9 ദിവസമുള്ള ആഴ്ചയുണ്ടാകുമായിരുന്നുവെന്ന് കരുതുന്നതില്‍ തെറ്റില്ല. ആഴ്ചയില്‍ ദിവസം കൂടുന്നതുകൊണ്ടോ കുറയുന്നതുകൊണ്ടോ യാതൊന്നും പ്രപഞ്ചത്തിലോ ഭൂമിയിലോ വിശേഷിച്ച് യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ആഴ്ചയില്‍ 10 ദിവസമായിരുന്നെങ്കില്‍ ദശാംശം(നമ്മുടെ കൈ വിരലുകള്‍ മൊത്തം പത്താണ്. പത്തിനോടും പത്തിന്റെ ഗുണിതങ്ങളോടും നമുക്ക് ഇത്ര പ്രിയം വരാന്‍ കാരണവും മറ്റൊന്നല്ല) ഗണനയുടെ അടിസ്ഥാനമായി കാണുന്നതില്‍ അഭിരമിക്കുന്ന മനുഷ്യന്‍ കൂടുതല്‍ സഹായകരമായേനെ! മാസത്തില്‍ മൂന്നാഴ്ച, ചില മാസങ്ങളില്‍ ഒരു ദിവസം കൂടുതല്‍ - അങ്ങനെ ക്രമപ്പെടുത്താം. ഒരു മാസം നാലേകാല്‍ -നാലര ആഴ്ച എന്നൊക്കെയുള്ള കണക്ക് എത്ര ബുദ്ധിമുട്ടാണ്!

ആഴ്ചയില്‍ എത്ര ദിവസം വേണമെങ്കിലും ആകാം എന്നു പറഞ്ഞതിന് പിന്നില്‍ ഒരു കാരണമുണ്ട്. ജ്യോതിഷം സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളിലും ഇത് ബാധകമാണ്. ആയില്യം നാളുള്ളവര്‍ അയല്‍പക്കം മുടിക്കുമെന്ന പ്രവചനമുണ്ടല്ലോ! ആയില്യത്തിന്റെ ഈ ഗുണമെടുത്ത് പൂരത്തിനോ ഉത്രത്തിനോ അനിഴത്തിനോ കൈമാറാം. കാരണം അയല്‍പക്കം മുടിക്കുന്ന പൂരക്കാരും ഉത്രക്കാരും അനിഴക്കാരും കുറെയുണ്ടാവും. ഇനി അഥവാ അവര്‍ അങ്ങനെയല്ലെങ്കില്‍ പോലും ജ്യോതിഷത്തില്‍ ആ നാളുകള്‍ക്ക് അത്തരമൊരു അപഖ്യാതി കല്‍പ്പിച്ച് നല്‍കിയാല്‍ അയലത്തുകാര്‍ കണ്ടതിനും കേട്ടതിനുമൊക്കെ 'നാള്‍ മാഹാത്മ്യം' പറഞ്ഞ് അവരെ പരിഹസിച്ചുകൊള്ളും. ഏത് നാളിന് പറഞ്ഞിരിക്കുന്ന ഗുണവും മറ്റേതു നാളിനും വിജയകരമായി വെച്ചുമാറാം.

എല്ലാ ആയില്യക്കാരും അയല്‍ക്കാര്‍ക്ക് ശല്യമാകില്ല, പക്ഷെ അവരുടെ കാര്യം ആരും അത്രകണ്ട് ശ്രദ്ധിക്കില്ല. എന്നാല്‍ അയലത്തുകാര്‍ക്ക് ശല്യമായി ജീവിക്കുന്ന ചിലര്‍ക്ക് ആ നാളുണ്ടാകാം. ഇതു തന്നെയാണ് മറ്റെല്ലാ നാളുകാരുടേയും സ്ഥിതി. പൂരത്തില്‍ പുരുഷന്‍ ജനിക്കുമെന്ന പ്രവചനവും ഇതുപോലെ വിജയകരമായി വെച്ചുമാറാം. ഇത് തെളിയിക്കാന്‍ നാട്ടിലുള്ള ആയില്യക്കാരുടെ ഒരു സെന്‍സസ് എടുത്തുനോക്കായാല്‍ മതി. പക്ഷെ പണിയറിയുന്ന ഒരു ജ്യോതിഷിയും അത്തരമൊരു സാഹസത്തിന് മുതിരില്ല!! നാളിന്റെ കാര്യം വിട്ടുകള, മറ്റാരുടെയെങ്കിലും ജാതകഫലം എടുത്ത് നിങ്ങളുടേതെന്ന് സങ്കല്‍പ്പിച്ച് വായിച്ചുനോക്കുക- നിരവധി സത്യപ്രവചനങ്ങള്‍ അതില്‍ വായിച്ചെടുക്കാം. ഏതാണ്ട് അത്ര തന്നെ സത്യപ്രസ്താവങ്ങളേ ജാതകത്തിന്റെ യഥാര്‍ത്ഥ ഉടമയ്ക്കു പോലും ലഭിക്കുകയുള്ളു. ഇതാണ് ജ്യോതിഷം 'സത്യ'മാണ് എന്ന് പറയാന്‍ കാരണം!!

ജ്യോതിഷപ്രവചനങ്ങളുമായി പൊരുത്തപ്പെടുന്ന പ്രവചനങ്ങളാ
ണ് ഹസ്തരേഖ ശാസ്ത്രത്തിലും (Cheiromancy) വരുന്നതെങ്കില്‍ ജ്യോതിഷവിശ്വാസി കൈനോട്ടത്തിലും വിശ്വസിക്കാന്‍ തയ്യാറാവും. പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ?! പക്ഷെ അങ്ങനെ പൊരുത്തപ്പെടാറുണ്ടോ പ്രവചനങ്ങള്‍ ? ഒരിക്കലുമല്ല. ജ്യോതിഷംപോലെ നല്ല പ്രചാരമുള്ള പ്രവചനശാസ്ത്രമാണ് പലരും കേവലം 'പഞ്ചാരയടി' നമ്പരായി പരിഗണിക്കുന്ന ഹസ്തരേഖാശാസ്ത്രം. ലക്ഷങ്ങള്‍ അതിന്റെ പിന്നാലെയുണ്ട്. കൈ നീട്ടിക്കൊടുക്കാനും നോക്കാനും യുവ മനസ്സുകള്‍ക്ക് വല്ലാത്തൊരു ആസക്തി തന്നെയുണ്ടല്ലോ! പലരും അതീവ ഗൗരവത്തോടെയാണ് കൈനോട്ടം പ്രാക്ടീസ് ചെയ്യുന്നത്. കൈരേഖാശാസ്ത്രത്തിലും സംഖ്യാശാസ്ത്രത്തിലുമൊക്കെ വലിയ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്ന പലര്‍ക്കും ഗ്രഹനില പ്രകാരം വളരെ മോശം ഫലങ്ങളായിരിക്കും. സംശയമുള്ളവര്‍ വെറുതെ അത്തരം പുസ്തകങ്ങള്‍ വാങ്ങി വായിച്ചുനോക്കിയാല്‍ മതിയാകും.

ഹസ്തരേഖാശാസ്ത്രത്തില്‍ ആയുസ്സ് പ്രവചിക്കുന്ന'ആയുര്‍രേഖ'നീണ്ടതാണെങ്കില്‍ കയ്യുടമ ദീര്‍ഘനാള്‍ ജീവിച്ചിരിക്കും അല്ലെങ്കില്‍ ജീവിച്ചിരിക്കണം. ചൊവ്വാദോഷം കൊണ്ട് കഷ്ടപ്പെടുന്ന മിസ് ഗീതകുമാരിക്ക് വളരെ നീണ്ട ആയുര്‍രേഖയുള്ള മി.സുധാകരന്‍ വരനായി വന്നാല്‍ പ്രശ്‌നം തീര്‍ന്നില്ലേ?! ചൊവ്വ എത്ര കൊല്ലാന്‍ നോക്കിയാലും ആയുര്‍രേഖ നീണ്ടതായാല്‍ വരന് ദീര്‍ഘായുസ്സ് ഉറപ്പല്ലേ?!! നോക്കൂ, രണ്ട് അന്ധവിശ്വാസങ്ങള്‍ വിരുദ്ധഫലം മുന്നോട്ടുവെച്ചാല്‍ ഹിതകരമായതില്‍ അള്ളിപ്പിടിക്കാനുള്ള പ്രവണത ശക്തമായിരിക്കും. ശരിക്കും പൂവിനുള്ളിലെ പൂവ് തന്നെയാണിതും! ചൊവ്വാദോഷമുള്ള പെണ്‍കുട്ടികള്‍ക്ക് നീണ്ട ആയുര്‍രേഖയുള്ള പയ്യന്‍മാരെ കണ്ടുപിടിച്ച് ചൊവ്വാദോഷത്തിന് മൂക്കുകയറിടാം എന്ന നിര്‍ദ്ദേശത്തോട് ആര്‍ക്കാണ് എതിര്‍പ്പ്? ജ്യോതിഷത്തില്‍ മാത്രം വിശ്വസിക്കുകയും ബാക്കിയെല്ലാം അന്ധവിശ്വാസമായി തള്ളുകയും ചെയ്യുന്ന ഗ്രേഡ് കൂടിയ അന്ധവിശ്വാസികളെ ഒഴിവാക്കാം. പക്ഷെ രണ്ടിലും വിശ്വസിക്കുന്നവര്‍ ഈ നിര്‍ദ്ദേശം പരിഗണിക്കേണ്ടതല്ലേ? കുറഞ്ഞപക്ഷം രണ്ടിലും വിശ്വസിക്കാത്തവരെങ്കിലും?!

പക്ഷെ ആരും ഒന്നും ചെയ്ത് കാണുന്നില്ല. ഭയപ്പെടുത്തിയാല്‍ തൊണ്ണൂറ് ശതമാനവും ഭയപ്പെടും. ഭയപ്പെടാന്‍ പലര്‍ക്കും പ്രത്യേകിച്ച് കാരണമൊന്നും വേണ്ട, മറിച്ച് ഭയപ്പെട്ടുകൊള്ളു എന്ന നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രം മതിയാകും. കൂടുതല്‍ പേര്‍ ആ നിര്‍ദ്ദേശം നല്‍കാന്‍ തുടങ്ങിയാല്‍ അകാരണമായ ഭയം അഭിമാനകരമായി മാറും.
(തുടരും)****