ശാസ്ത്രം വെളിച്ചമാകുന്നു

Sunday 6 January 2013

57. എങ്ങാനും ശരിയായിരുന്നെങ്കില്‍ ......!!

India becomes free:
              1947 Aug 15, 00:00:00
          

ജ്യോതിഷികള്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ ചിരിക്കാതിരുന്ന് കാണുന്നവര്‍ക്ക് എത്ര വലിയ സമ്മാനം കൊടുക്കാമെന്ന് പറഞ്ഞാലും പണം കമ്പനിക്കായിരിക്കും. 2012 സെപ്റ്റംമ്പര്‍ 15ന് ല്‍ മഴവില്‍ മനോരമ ചാനലിലെ 'സമദൂരം' പരിപാടിയില്‍ ചില ജ്യോതിഷപ്രവചനങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു ആളെക്കൂട്ടിയത് (http://www.youtube.com/watch?v=wrGJw-wQpfA). ജ്യോതിഷമല്ല എന്തു അന്ധവിശ്വാസമായാലും ജനം വിശ്വസിക്കുന്നെങ്കില്‍ ഞങ്ങളത് വിറ്റു കാശാക്കും എന്ന സമീപനമാണ് കേരളത്തിലെ ചാനലുകള്‍ പൊതുവെ സ്വീകരിക്കാറുള്ളത്. കേരള ജ്യോതിശാസ്ത്രപരിഷത്ത് എന്ന മഹാസംഘടനയുടെ പേരില്‍ പ്രസിഡന്റ് മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ എന്ന ദിവ്യപുരുഷനാണ് പരസ്യപ്രവചനം നടത്തിയത്. ഇദ്ദേഹത്തിന്റെ പ്രകടനം കണ്ടാല്‍ ജഗതിയൊക്കെ അഭിനയരംഗത്തേക്ക് തിരിച്ചുവരേണ്ട വല്ല കാര്യവുമുണ്ടോ എന്ന് ആര്‍ക്കും തോന്നിപ്പോകും. സാമാന്യബുദ്ധിയുള്ള ആരെങ്കിലും പൊതുജനസമക്ഷം വന്ന് ഇങ്ങനെ വിഡ്ഢിവേഷം കെട്ടുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

ബര്‍നം പ്രസ്താവനകള്‍ , മഴവില്‍ കുതന്ത്രം തുടങ്ങിയവ ഇടകലര്‍ത്തി, രക്ഷപെടാനുള്ള മുഴുവന്‍ പഴുതുകളും തുറന്നിട്ടു കൊണ്ടുള്ള പരമ്പരാഗത പ്രവചനമായിരുന്നു ശ്രീ പണിക്കര്‍ നടത്തിയത്. 2012 ഡിസമ്പര്‍ മാസം കേരളത്തില്‍ ആലപ്പുഴ, പൊന്നാനി, കന്യാകുമാരി തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ സുനാമി ഉണ്ടാകുമെന്ന് ശ്രീ.പണിക്കര്‍ പത്രസമ്മേളനം നടത്തി പ്രവചിച്ച കാര്യമാണ് പരിപാടിയുടെ തുടക്കത്തില്‍ അവതാരകന്‍ ചൂണ്ടിക്കാട്ടിയത്.

ജ്യോതിഷപരിഷത്ത് ഈ പ്രവചനം ഒന്നിലധികം പത്രസമ്മേളനങ്ങളില്‍ നടത്തിയെന്ന് സ്ഥിരീകരിച്ച ശ്രീ.പണിക്കര്‍ പക്ഷെ സുനാമിക്ക് പകരം കടല്‍ക്ഷോഭം എന്നവാക്കാണ് താന്‍ ഉപയോഗിച്ചതെന്ന് തിരുത്തിപ്പറഞ്ഞു. (ജപ്പാനീസ് പദമായി അറിയപ്പെടുന്ന)'സുനാമി' ഗ്രീക്ക് ആയതുകൊണ്ടാണത്രെ അത് മാറ്റി കടല്‍ക്ഷോഭം എന്നാക്കിയതെന്നും ടിയാന്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് വന്‍ കടല്‍ക്ഷോഭം ഉണ്ടാകുന്ന ജില്ലകളുടെ കൂട്ടത്തില്‍ കടല്‍ത്തീരമില്ലാത്ത പത്തനംതിട്ട ജില്ലയും ഉള്‍പ്പെടുത്തിഈ ദിവ്യന്‍ സദസ്സിനെ ഞെട്ടിക്കുകയും ചെയ്തു. കേരളത്തിലെ ഒരു സംഘം പ്രൊഫഷണല്‍ ജ്യോതിഷികള്‍ ഉള്‍പ്പെട്ട സംഘടനയുടെ കൂട്ടപ്രവചനമായിരുന്നുവത്രെ ഇത്.

'ഒരു ജ്യോതിഷിക്ക് തെറ്റുപറ്റി എന്നതുകൊണ്ട് എല്ലാവരെയും അടച്ചാക്ഷേപിക്കാമോ?' എന്ന സ്ഥിരം നമ്പര്‍ ഇക്കാര്യത്തില്‍ ചെലവാകില്ലെന്ന് സാരം. മാത്രമല്ല പ്രവചനം ശരിയാണെന്ന് പരിപാടിയില്‍ പങ്കെടുത്ത മറ്റ് ജ്യോതിഷികളും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ജ്യോതിഷത്തില്‍ ഗവേഷണം നടത്തുന്നുവെന്ന് അവകാശപ്പെട്ട ദേവപുരം രാജേന്ദ്രന്‍ എന്നൊരു കോമഡി ആര്‍ട്ടിസ്റ്റായിരുന്നു അതില്‍ പ്രധാനി. രണ്ടായാലും പ്രവചനം പതിവുപോലെ ചാപ്പിള്ളയായി.

കടല്‍വിക്ഷോഭത്തിന് ആധാരമായ പ്രകമ്പനം റിക്റ്റര്‍ സ്‌കെയിലില്‍ എത്ര എന്നു അവതാരകന്‍ ചോദിച്ചപ്പോള്‍ റിക്‌റററും കിടുപിടിയുമൊന്നും നമുക്കറിയില്ല എന്നായിരുന്നു അന്ന് പണിക്കരുടെ മറുപടി. പ്രവചനം കൃത്യമായാല്‍ (specific and up to the point)ഏത് ജ്യോതിഷിയും കുഴപ്പത്തിലാകും. അറിയാതെയെങ്ങാനും ഒരു പ്രവചനം അല്‍പ്പം കൃത്യമായിപ്പോയാല്‍ അത് പിന്നെ 'പരത്തിപരത്തി'തടിതപ്പുകയേ മാര്‍ഗ്ഗമുള്ളു. അല്ലെങ്കില്‍ അന്ധവിശ്വാസികളുടെ കൈ കൊണ്ട് തന്നെ പലതും സംഭവിക്കും. സ്വഭാവികമായും ഡിസമ്പര്‍മാസം എന്ന് പഞ്ഞപോയ പണിക്കരും സാമ്പാറില്‍ വെള്ളമൊഴിച്ചു.

''കടുത്ത ഭകമ്പമായിരിക്കുമോ?'എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ 'അതെ കുറച്ച് ഗൗരവുമുള്ളതായിരിക്കും'(ജനം മരിക്കാം മരിക്കാതിരിക്കാം....)എന്ന ബര്‍നംപ്രസ്താവം മറുപടിയായി. പ്രവചനത്തെ ന്യായീകരിച്ച രാജേന്ദ്രനാണ് കൂടുതല്‍ ചിരിപ്പിച്ചത്. ശനിഗ്രഹം മൂലം ഇപ്പോള്‍ ഇന്ത്യക്ക് ആകെ പ്രശ്‌നമാണെന്നും ഇന്ത്യ 'ജനിച്ചത്' പൂയം നക്ഷത്രത്തിലായതിനാല്‍ ജലം മൂലമുള്ള കടലാക്രമണം, പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ വിപത്തുകളൊക്കെ വരുമെന്ന് ടിയാന്‍ കട്ടായം പറഞ്ഞു. എന്നാല്‍ ഇതൊക്കെ ഡിസമ്പറില്‍ തന്നെ നടക്കണമെന്ന് പുള്ളിക്കാരന് നിര്‍ബന്ധമില്ല-2012 സെപ്തമ്പര്‍ മുതല്‍ ഡിസമ്പര്‍വരെ സാവകാശമുണ്ട്! സുനാമി 2004 ലെ സുനാമിയില്‍ 142 പേര്‍ കേരളത്തില്‍ മരിച്ചപ്പോള്‍ അത് ഒരു ജ്യോതിഷിയും പ്രവചിച്ചില്ലെന്ന് 'വളരെ ആദരവോടെ' പരാതിപ്പെട്ട ഒരു പഞ്ചായത്ത് പ്രസിഡന്റും പരിപാടിയില്‍ പങ്കെടുത്തിരുന്നു!

ഇന്ത്യക്ക് ജനനമോ?! അത്ഭുതപ്പെടേണ്ടതില്ല,ജീവനില്ലാത്ത വസ്തുക്കള്‍ക്കും ജനിക്കാമല്ലോ! തല പുറത്തു കാണുന്നതാണോ ബീജസങ്കലനം നടക്കുന്നതാണോ ജനനസമയം എന്നൊക്കെയുള്ള തര്‍ക്കവും വേണ്ടിവരില്ല! രാജ്യത്തിന്റെയോ പാറക്കല്ലിന്റെയോ ചെളിക്കുണ്ടിന്റെയോ ചാണകക്കൂനയുടേയോ ജന്മനക്ഷത്രം നിശ്ചയിച്ച് ജീവിതമാര്‍ഗ്ഗം തേടാന്‍ നിയമം അനുവദിക്കുന്നുണ്ടല്ലോ. 'ഇന്ത്യ ജനിച്ചതായി സങ്കല്‍പ്പിച്ചാല്‍ '... എന്നാണ് രാജേന്ദ്രന്‍ മൊഴിഞ്ഞത്. അതായത് സങ്കല്‍പ്പിച്ചില്ലെങ്കില്‍ കുഴപ്പമില്ല!! ജനത്തിന് ജീവനുണ്ട്, രാജ്യം ജനത്തിന്റെ കൂട്ടായ്മയാണ്, അതുകൊണ്ടുതന്നെ രാജ്യത്തിന് ജീവനുണ്ട്! അപ്പോള്‍പ്പിന്നെ രാജ്യത്തിന് ജാതകമെഴുതുമ്പോള്‍ ക്ഷമിക്കുക !

രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം വ്യത്യസ്തമായ ജാതകവും ജന്മനക്ഷത്രവുമുണ്ടെങ്കില്‍ രാജ്യത്തിന് എങ്ങനെ ഒരു പൊതുജാതകം ഉണ്ടാകും? സൗമ്യയ്ക്കും ഗോവിന്ദച്ചാമിക്കും ഈ പൊതുജാതകം എങ്ങനെ ബാധകമാവും? ധനികര്‍ക്കും പട്ടിണിക്കാര്‍ക്കും ഇത് ഒരുപോലെ ആയിരിക്കുമോ?! പഞ്ചാബിനും ഹരിയാനയ്ക്കും ഒരേ ജാതകമായിരിക്കുമോ?! രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം ഭിന്ന ജാതകവും ജീവിതവിധിയും ആണെന്നിരിക്കെ രാജ്യത്തിന് ഏത് ഗ്രഹനില വന്നിട്ടും കാര്യമുണ്ടോ? കൂടുതല്‍പേര്‍ക്ക് ബാധകമായ ശരാശരി ജാതകഫലമാണോ രാജ്യത്തിന് ബാധകമാവുക? അതോ, രാജ്യത്തിന്റെ പ്രസിഡന്റ്, പ്രധാനമന്തി എന്നിവരുടെ ജാതകം പരിശോധിച്ചാല്‍ മതിയാകുമോ? ജ്യോതിഷകോമഡിയില്‍ ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും സ്ഥാനമില്ല.

പക്ഷെ ഇന്ത്യയുടെ ജന്മനക്ഷത്രം പൂയ്യമാണെന്ന് രാജേന്ദ്രന്‍ .
ഇതേ പരിപാടിയില്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ഒരാള്‍ ചോദിച്ചപ്പോള്‍ 'അകലം എന്നുപറയുമ്പോള്‍ ഉപരിതലത്തില്‍ നിന്നുള്ള അകലം വേണോ അതോ കുറച്ചുകൂടി താഴെ നിന്നുള്ള അകലം വേണോ' എന്നൊക്കെ ഒച്ചവെച്ച് അജ്ഞത മറച്ചുവെക്കാന്‍ പിടച്ചടിച്ചവനാണ് ഈ ഗവേഷണപടു! അപ്പോള്‍ പാകിസ്താന്റെ നക്ഷത്രവും പൂയ്യം തന്നെ. കാരണം ഒരു സ്വാതന്ത്ര്യകരാര്‍ പ്രകാരമാണ് ഇരു രാജ്യങ്ങളും റിപബ്‌ളിക്കായത്. പക്ഷെ പാകിസ്താന്‍ ഓഗസ്റ്റ് 14 നാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ജനനസമയം തിരുത്തിയാലും ജാതകവിധിയില്‍ നിന്നും രക്ഷനേടാനാവില്ലല്ലോ? ആ നിലയ്ക്ക് രാഷ്ട്രമെന്ന നിലയില്‍ പാകിസ്താനും ഇന്ത്യയ്ക്കും ഒരേ നിലയിലുള്ള ജീവിതം ഉണ്ടാകണം. സ്വതന്ത്യം കിട്ടിയിട്ട് ഇന്നുവരെ സ്വസ്ഥതയെന്തെന്നറിയാത്ത, ജനാധിപത്യമില്ലാത്ത പരാജയപ്പെട്ട ഒരു പട്ടിണിരാജ്യമാണ് പാകിസ്താന്‍ . താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ നില തുലോം മെച്ചമാണ്.

പാകിസ്താന്‍ ഉള്‍പ്പെട്ടെ കാശ്മീര്‍ നീചരാശിയിലാണ് -രാജേന്ദ്രന്‍ പറയുന്നത് കേട്ടു. കാശ്മീര്‍ മാത്രമല്ല, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ അയല്‍ സ്ഥലങ്ങളും പാകിസ്താനിലുണ്ട്. ഈ ഇന്ത്യന്‍ പ്രദേശങ്ങളിലുള്ള ജീവിത-സാമൂഹിക പുരോഗതി പാകിസ്താനില്‍ കാണാനില്ല. മാത്രമല്ല സ്വാതന്ത്ര്യാനന്തര പാകിസ്ഥാനില്‍ കിഴക്കന്‍ ബംഗാളും (ഇന്നത്തെ ബംഗ്‌ളാദേശ്)ഉള്‍പ്പെട്ടിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ വടക്കും ഗുജറാത്ത് പടിഞ്ഞാറും ബംഗ്‌ളാദേശ് കിഴക്കുമാണ്. അപ്പോള്‍ രാശി പറയുന്നതിലൊന്നും യാതൊരു കഥയുമില്ല.

ഇന്ത്യ ഒരു പൗരാണികരാജ്യമാണെന്നാണ്
പൈതൃകവാദികള്‍  പറയുക. ബ്രിട്ടണ്‍ ഉണ്ടാകുന്നതിന് മുമ്പ് ഇന്ത്യയുണ്ട്. ബ്രിട്ടണുമായി സ്വാതന്ത്ര്യകരാര്‍ ഉണ്ടായതിന് ശേഷമാണ് ഇന്ത്യ ഉണ്ടായതെന്ന് പറയുന്നത് ഒരിക്കല്‍ ജനിച്ച കുട്ടിക്ക് രണ്ടാമത് ജാതകം എഴുതുന്നതിന് തുല്യമല്ലേ? രോഗവസ്ഥ കഴിഞ്ഞ് ഒരാള്‍ ആശുപത്രി വിട്ടു കഴിഞ്ഞ് വീണ്ടും ജനിച്ചതായി കാണുമോ? വിദേശ അടിമത്തത്തില്‍ നിന്ന് മോചനം നേടുന്ന രാഷ്ട്രം വീണ്ടും ജനിച്ചതായി കാണുന്നതിലും സമാനമായ പരിഹാസ്യതയില്ലേ? ഭാരതം പണ്ടേ ഉണ്ട്, അത് കീഴടിക്കിയാണ് വിദേശരാജ്യങ്ങള്‍ ആധിപത്യം സ്ഥാപിച്ചത്. ഉള്ള ഒന്നിനെ വീണ്ടും ജനിപ്പിക്കേണ്ട കാര്യമെന്ത്? ഭാവിയില്‍ ഒരു പട്ടാളഭരണം വന്നാല്‍ വീണ്ടും നമ്മുടെ ജനനത്തീയതി മാറ്റേണ്ടി വരുമോ?

ഇന്ത്യ ഒരു ശിശുവല്ല. അതിന് ഒരു ശിശുവിനെപ്പോലെ ഒരു സമയം ജനിക്കാനോ ഉറങ്ങാനോ ഉണരാനോ സാധ്യമല്ല. ഔദ്യോഗിക കണക്കനുസരിച്ച് ഇന്ത്യ സ്വതന്ത്ര റിപബ്‌ളിക്കായത് നേടിയത് ഓഗസ്റ്റ് 14 രാത്രി അര്‍ദ്ധരാത്രിയിലാണ്. അതായത് ഓഗസ്റ്റ് 15, 00:00:00 ആണ് സമയം. ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് സമയമാണ് ഇവിടെ പിന്തുടരുന്നത്. ആ സമയത്ത് ഇന്ത്യയുടെ കിഴക്കെ അറ്റത്ത് ഓഗസ്റ്റ് 15 രാവിലെ ഒരു മണിയും പടിഞ്ഞാറെ അറ്റത്ത് ഓഗസറ്റ് 14 രാത്രി 11 മണിയുമാണ്. അതായത് നാം പറയുന്ന സമയത്ത് മുമ്പും പിമ്പുമാണ് ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും റിപബ്‌ളിക്കായത്- പകുതി സ്ഥലങ്ങളില്‍ ദിവസം തന്നെ മാറിയിരിക്കുന്നു. ഇന്ത്യയിലെല്ലായിടത്തും ഒരു സമയമാണ്( ie; Indian Standard Time or IST). പക്ഷെ ജ്യോതിഷപരമായി സമയം കൃത്യമായിരിക്കണം. അരുണാചല്‍ പ്രദേശില്‍ രാവിലെ 5.30 ന് സൂര്യനുദിക്കുന്ന നേരത്ത് ഗുജറാത്തുകാര്‍ക്ക് 3.30 മാത്രം. ദിവസവും മണിക്കൂറും മിനിറ്റും സെക്കന്‍ഡും തെറ്റാതെ ജനനസമയം വേണമെന്ന് വാശിപ്പിടിക്കുന്ന ജ്യോതിഷികള്‍ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്?

ശ്രീ. പണിക്കര്‍ പറഞ്ഞ മറ്റൊരു കാര്യം വളരെ ശ്രദ്ധേയമായി. പണ്ട് ഇന്ദിരാഗാന്ധി ചിക്കമംഗലൂരില്‍ ജയിക്കുമെന്നതും ഇപ്രാവശ്യം കേരളത്തില്‍ യു.ഡി. എഫ് ജയിക്കുമെന്നും അവര്‍ ശരിയായി പ്രവചിച്ചിരുന്നുവത്രെ. എന്താ കഴിവ്!! ഇന്ദിരാഗാന്ധി മുഖ്യ എതിരാളിയുമായി ഏറ്റുമുട്ടുമ്പോള്‍ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്തി അതില്‍ ഒരാള്‍ വിജയിക്കുമെന്ന് പറയുന്നതിന് പ്രത്യേകിച്ച് കഴിവിന്റെ ആവശ്യമൊന്നുമില്ല. ഇന്തോ-പാക് ക്രിക്കറ്റ് മത്സരത്തില്‍ അവരില്‍ ആരരെങ്കിലുമല്ലേ ജയിക്കൂ!? തെരഞ്ഞെടുപ്പാകുമ്പോള്‍ മത്സരിക്കുന്നവര്‍ വേറെയുമുണ്ടാകാം. അവരില്‍ പലരുടേയും ജാതകനില വിജയത്തിന് കൂടുതല്‍ അനുകൂലമായിരിക്കാനും സാധ്യതയുണ്ട്. പക്ഷെ ജ്യോതിഷികള്‍ അതൊന്നും പരിഗണിക്കില്ല. പകരം പത്രം വായിച്ച് ജയിക്കാന്‍ സാധ്യതയുള്ള പ്രബലരായ രണ്ടു സ്ഥാനാര്‍ത്ഥികളില്‍ ഒരാളെ വിജയിയായി പ്രഖ്യാപിക്കും.

കഴിഞ്ഞ 32 വര്‍ഷമായി കേരളത്തില്‍ എല്‍.ഡി.എഫും യുഡി.എഫും ജയിക്കന്നത് സംബന്ധിച്ച് സംസ്ഥാനത്തെ മഹാഭൂരിപക്ഷം ജനങ്ങളും വളരെ കൃത്യമായി പ്രവചിക്കുന്നു. സാധാരണജനവും മാധ്യമങ്ങളും ഇക്കാര്യത്തില്‍ വന്‍വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. അവിടെപ്പിന്നെ ജ്യോതിഷികള്‍ വെറുതെ ചാടിവീഴേണ്ട കാര്യമെന്ത്?! പണ്ട് തൃശൂര്‍ പാര്‍ലമെന്ററി മണ്ഡലത്തില്‍ സി.പി.ഐ യിലെ സ.വി.വി രാഘവന്‍ മുന്‍ മുഖ്യമന്ത്രി ശ്രീ.കെ കരുണാകരനെ തോല്‍പ്പിച്ചത് പ്രവചിച്ചതിലേ തനിക്ക് തെറ്റിയുള്ളു എന്ന് ശ്രീ പണിക്കര്‍ പറഞ്ഞത് അതിലും വലിയ തമാശയായി. ഇന്നുവരെ നടത്തിയിട്ടുള്ള പ്രവചനങ്ങളില്‍ നല്ലൊരു പങ്കും പരിഹാസ്യമായ രീതിയില്‍ തെറ്റിപ്പോയിട്ടുണ്ടെന്ന് ഏതൊരു ജ്യോതിഷിക്കും അറിയാം. ജനം ഓര്‍ത്തില്ലെങ്കിലും ശ്രീ പണിക്കര്‍ അതൊന്നും മറക്കാനിടയില്ല. വി.വി രാഘവന്‍ കരുണാകരനെ തോല്‍പ്പിക്കുമെന്ന് അന്ന് അത്രകണ്ട് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. പത്രം വായിച്ച പണിക്കര്‍ക്കും അങ്ങനെ തോന്നിയിട്ടുണ്ടാവില്ല. പൊതുവായ ഓളത്തിന് ഒപ്പിച്ച് അദ്ദേഹവും പോയി. ഫലം വന്നപ്പോള്‍ തെറ്റിപ്പോയി.

രണ്ടുപേരില്‍ ആരു ജയിക്കും, കുട്ടി ആണോ പെണ്ണോ എന്നതൊക്കെ സംബന്ധിച്ച് ആര് പ്രവചിച്ചാലും കുറഞ്ഞത് 50 ശതമാനവും ശരാശരി 65 ശതമാനവും വിജയസാധ്യതയുണ്ടെന്നിരിക്കെ ഇത്തരം പ്രവചനങ്ങള്‍ മഹാഭൂരിപക്ഷവും ശരിയാക്കാന്‍ കഴിയില്ലെങ്കില്‍ അതിനെ പ്രവചനം എന്നെങ്ങനെ വിളിക്കും? കവടി നിരത്താത്ത സാധാരണക്കാരും ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത്?! 


സത്യത്തില്‍ എല്ലാ ജ്യോതിഷികളും ആളെ പറ്റിക്കുന്ന ദുഷ്ടബുദ്ധികളാണോ? അല്ല എന്നാണ് തോന്നിയിട്ടുള്ളത്. നാം ജ്യോതിഷികളായി കണ്ടുമുട്ടുന്ന പലരും ശരിക്കും മന്ദബുദ്ധികളോ ഗ്രഹണശേഷി കുറഞ്ഞവരോ ആണ്. പലരും നിഷ്‌ക്കളങ്കമായ സ്വഭാവമുള്ളവര്‍. അവര്‍ പ്രവചനം നടത്തുന്നതും കട്ടായം പറയുന്നതുമൊക്കെ ആരെയെങ്കിലും പറ്റിക്കണമെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാവണമെന്നില്ല. വിശ്വാസികളാണ് അവരുടെ വിജയരഹസ്യം. തങ്ങള്‍ പുസ്തകം നോക്കിപറയുന്ന പല കാര്യങ്ങളും പ്രവചനാര്‍ത്ഥികള്‍ ശരിയാണെന്ന് കണ്ടെത്തുമ്പോഴാണ് പറയുന്നതിലൊക്കെ എന്തോ ദിവ്യത്വം ഉണ്ടെന്ന് അവരും സംശയിച്ചു തുടങ്ങുന്നത്.

സ്വന്തം കാര്യത്തിലും വ്യക്തിഗത സാധൂകരണം വഴി അവര്‍ നിരവധി ഫലങ്ങള്‍ ശരിയാക്കും. അതില്‍പ്പിന്നെ 'ഞാന്‍ ആള് മോശമല്ല'എന്ന് ഇക്കൂട്ടര്‍ അറിയാതെ ചിന്തിച്ചുപോകുന്നു. എന്നാല്‍ ഭൂരിഭാഗം ജ്യോതിഷികള്‍ക്കും ഹസ്തരേഖാവിദഗ്ധര്‍ക്കും തങ്ങള്‍ ജനത്തെ പറ്റിക്കുകയാണെന്ന് കൃത്യമായ ബോധ്യമുള്ളവരാണ്. അവര്‍ ഇക്കാര്യം പുറത്തുപറഞ്ഞ് പരസ്പരം തമാശകള്‍ പങ്കിടാറുമുണ്ട്. പല സവിശേഷബന്ധങ്ങളും ജ്യോതിഷം മുഖേന ഉണ്ടാക്കാം. പല വീടുകളിലേക്കും പ്രവേശനത്തിനുള്ള പാസ്‌പോര്‍ട്ട് പോലും 'അരമുക്കാല്‍ ജ്യോതിഷ'മാണത്രെ. സ്ത്രീ വശീകരണത്തിനും ജ്യോതിഷം ഉത്തമം എന്ന് പഴമക്കാര്‍ . വിശ്വാസികളായ സത്രീകളുടെ ശ്രദ്ധയും ആദരവും നേടാന്‍ ഇതിലും നല്ല മാര്‍ഗ്ഗമില്ലെന്ന നാടന്‍ ഫലിതം തന്നെ നിലവിലുണ്ട്. ജ്യോതിഷം തട്ടിപ്പാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നവരെ വിശ്വാസികളായ സ്ത്രീകള്‍ പൊതുവെ ദൂരെപായിക്കും. അതേസമയം കൈനോട്ടക്കാരേയും ജ്യോതിഷികളേയും സ്വീകരിച്ചിരുത്തുകയും ചെയ്യും. ഇത് സ്ത്രീകളുടെ മാത്രമല്ല പുരുഷന്‍മാരുടെ കാര്യത്തിലും ശരിയാണ്. ജീവിതാനുഭവവും ലോകപരിചയവും കുറഞ്ഞവര്‍ക്കിടയിലാണിത് രൂക്ഷം.

ശ്രീ.പണിക്കര്‍ പറഞ്ഞപോലെ വല്ലതും കേരളത്തില്‍ എവിടെയെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? പറയണോ പുകില്‍ !? ഭാഗികവിജയം പോലും ഉന്മാദപൂര്‍വം ആഘോഷിക്കപ്പെടുമായിരുന്നു. കടലായാല്‍ വിക്ഷോഭം പതിവാണ്. ഡിസമ്പര്‍ മാസം ഏതെങ്കിലും ചെറുകിട കടല്‍വിക്ഷോഭം കേരളത്തില്‍ എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പണിക്കര്‍ക്ക് കര കയറാമായിരുന്നു. സാധാരണനിലയില്‍പ്പോലും അതിന് നല്ല സാധ്യതയുണ്ടായിരുന്നു. പക്ഷെ പണിക്കരുടെ നിര്‍ഭാഗ്യത്തിന് അങ്ങനെയൊന്നും സംഭവിച്ചില്ല. പക്ഷെ അങ്ങനെയെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലും അത് ജ്യോതിഷം ശരിയാണെന്നതിന്റെ തെളിവാകുമായിരുന്നില്ല. ജ്യോതിഷത്തില്‍ അവതരിപ്പിക്കപ്പെടുന്ന പ്രവചനങ്ങളില്‍ നല്ലൊരു ശതമാനവും വ്യാഖ്യാനിച്ച് സാധൂകരിക്കാവുന്ന സാമാന്യപ്രസ്താവനകളാണ്. ജ്യോതിഷം തട്ടിപ്പാണെന്നതിന്റെ കൃത്യമായ തെളിവാണ് ഈ പ്രസ്താവനകള്‍ .

നേരെമറിച്ച് ദിവസവും സമയവും സ്ഥലവും പറഞ്ഞ് കേരളത്തില്‍ ഒരു കടല്‍വിക്ഷോഭമോ സുനാമിയോ പ്രവചിക്കുകയും അത്തരം പ്രവചനത്തിന് അസത്യവല്‍ക്കരണക്ഷമത(Falsifiability), പ്രാപഞ്ചികത്വം(Universality), ആവര്‍ത്തനക്ഷമത (Repeatability) തുടങ്ങിയ ഗുണങ്ങള്‍ ഉണ്ടെന്ന് വരികയും ചെയ്താലേ പ്രവചനസാധുത പരിഗണനവിഷയമാക്കേണ്ടതുള്ളു. അതല്ലാതെ പണിക്കാര്‍ നടത്തിയപോലുള്ള ഗീര്‍വാണമടി പെട്ടാഭാഗ്യത്തിന് ശരിയാകുന്നത് വരെ നോക്കിയിരിക്കുക എന്നാല്‍ അതിന് അനര്‍ഹമായി സാധുത കല്‍പ്പിക്കുക എന്നാണര്‍ത്ഥം. ഇത്തരം പ്രസ്താവനകളെ മുളയിലേ ചോദ്യംചെയ്ത് അവയുടെ പരിഹാസ്യത പുറത്തുകൊണ്ടുവരികയാണ് വേണ്ടത്. അതല്ലാതെ ഇത്ര വ്യാപകമായി വലയെറിഞ്ഞ് ചെറുമീനുകളെ പിടിച്ച് ആളാകാനുള്ള ജ്യോതിഷികളുടെ ശ്രമം അനുവദിച്ചുകൊടുക്കരുത്. അത്തരം പ്രസ്താവങ്ങള്‍ ശരിയാകുന്നോ എന്നറിയാനായി കാത്തിരിക്കുകയുമരുത്. എന്തെന്നാല്‍ അവര്‍ ഒരിക്കലും നിയമതമായ അര്‍ത്ഥത്തില്‍ പ്രവചനങ്ങള്‍ നടത്താറില്ല. അതുകൊണ്ടുതന്നെ സാധുതപരിശോധനയ്ക്ക് അര്‍ഹരുമല്ല.

അതായത് ഒന്നോ രണ്ടോ പ്രവചനം ശരിയാകുന്നു എന്നത് ജ്യോതിഷം ശരിയാണെന്നതിന്റെ തെളിവല്ല. ജ്യോതിഷമില്ലെങ്കിലും ഇതേ ഫലം ആര്‍ക്കുമുണ്ടാക്കാനാവും;ഒരുപക്ഷെ കുറേക്കൂടി മികച്ചവ. യാതൊരു കണ്‍കെട്ടു വിദ്യയുമില്ലാതെ ശരിയായി തീര്‍ന്ന നിരവധി പ്രവചനം പലരും നടത്തിയിട്ടുണ്ടാവും-സ്വന്തം കാര്യത്തില്‍ പ്രത്യേകിച്ചും. മറിച്ച് ആവര്‍ത്തനക്ഷമതയും അസത്യവല്‍ക്കരണക്ഷമതയും പ്രാപഞ്ചിക സ്വഭാവവുമുളള പ്രവചനം നടത്തണം. എങ്ങനെ പ്രവചിച്ചുവെന്നും എന്തുകൊണ്ട് സംഭവിച്ചെന്നും പറയാനാവണം.അതല്ലാതെയുള്ള ശാസ്ത്രീയത അവകാശപ്പെടെലൊക്കെ കഥയില്ലായ്മയാണ്.  
ഈയ്യിടെ ഫീസില്‍ പുതിയതായെത്തിയ കീഴ്ജീവനക്കാരനെ ആദ്യദിവസം മേലുദ്യോഗസ്ഥന്‍ 'ശശിയാക്കിയത്' ഇങ്ങനെ: ഉച്ചഭക്ഷണത്തിന് ശേഷം തമാശയായി ഗ്രഹനില ഒന്ന് കാണണമെന്ന് മേലുദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടുവത്രെ. 'എന്തിനാ?' എന്നായി കീഴ്ജീവനക്കാരനായ യുവാവ്. 'ഒ! വെറുതെ!'എന്ന് മേലുദ്യോഗസ്ഥനും. തുടര്‍ന്ന് അദ്ദേഹം കീഴ്ജീവനക്കാരനോട് കൈ കാണിക്കാന്‍ പറഞ്ഞു. കൈ കാണിച്ചതും 'എടേ നിനക്ക് ഒരു കുട്ടിയേ ഉള്ളുവെന്നല്ലേ പറഞ്ഞത്,മറ്റേ കുട്ടി എവിടെപ്പോയി?' എന്നു ചോദിച്ചു. അതുവരെ താല്‍പര്യരാഹിത്യവും സംശവും പ്രകടിപ്പിച്ച് ഇരുന്ന യുവാവിന്റെ ഭാവം പെട്ടെന്നു മാറി. അയാള്‍ അത്ഭുതപരതന്ത്രനായി മേലുദ്യോഗസ്ഥന്റെ മുഖത്ത് പകച്ചുനോക്കി.

രണ്ടാമതൊരു കുട്ടി കൂടി ഉണ്ടാകുമെന്ന് വെറുതെ ഊഹിച്ച് അയാളെ മോഹിപ്പിക്കുകയായിരുന്നു മേലുദ്യോഗസ്ഥന്‍ . ഊഹാപോഹപടുക്കളായ പ്രവചനക്കാര്‍ ഉപയോഗിക്കുന്ന ഒരു സ്ഥിരം വിദ്യയാണിത്. ഒരു കുട്ടി കൂടി ഉണ്ടാകുമെന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?! പക്ഷെ ഇവിടെ യുവാവ് വികാരവാനായി പറഞ്ഞ വിശേഷം കേട്ട് മേലുദ്യോഗസ്ഥനാണ് ശരിക്കും ഞെട്ടിയത്. 'സാര്‍ , സാറിത് എങ്ങനെയാണ് പറഞ്ഞത്?!! ഭാര്യയ്ക്ക് ആദ്യം ഒരു അബോര്‍ഷന്‍ ഉണ്ടായിരുന്നു. അതൊരു ആണ്‍കുട്ടിയായിരുന്നു. സത്യത്തില്‍ എനിക്കും ഭാര്യയ്ക്കും എന്റെ മാതാപിതാക്കള്‍ക്കുമല്ലാതെ അഞ്ചാമതൊരാള്‍ക്ക് ഈ വിവരം അറിയില്ല. ആദ്യമായി കാണുന്ന, നൂറ് കണക്കിന് കിലോമീറ്റര്‍ അകലെയുള്ള സാര്‍ എങ്ങനെയിത് കൃത്യമായി അറിഞ്ഞു? ഇതെനിക്ക് വിശ്വാസിക്കാനാവുന്നില്ല.... അതില്‍പ്പിന്നെ മേലുദ്യോഗസ്ഥന്റെ കടുത്ത ആരാധകനാണ് ഈ യുവാവ്. സാറിന്റെ മഹത്വവും ജ്ഞാനവും വാഴ്ത്തിപ്പാടിയില്ലെങ്കില്‍ ഉറക്കം വരാത്ത അവസ്ഥ. അയാള്‍ മൂലം ഓഫീസില്‍ മറ്റു പലര്‍ക്കും ഇപ്പോള്‍ ഹസ്തരേഖാ ശാസ്ത്രത്തിലും ജ്യോതിഷത്തിലും താല്‍പര്യം ജനിച്ചിരിക്കുന്നു. യുവാവിനെ ഗ്‌ളാസ്സ് മേറ്റായി കൂട്ടിയ മേലുദ്യോഗസ്ഥന്‍ ഇപ്പോള്‍ ഗ്രഹനില വ്യാഖ്യാനിച്ച് പറയുന്നതൊക്കെ 'അച്ചട്ടാ'ണെന്നാണ് ഓഫീസില്‍ പൊതുസംസാരം.

'ജ്യോതിഷികള്‍ പറയുന്നത് മുഴുവന്‍ തെറ്റല്ല, ചിലതൊക്കെ വളരെ കൃത്യമായിരിക്കും' എന്നാണ് ഈയിടെ ഒരു സിനിമാനടി ടെലിവിഷന്‍ സല്ലാപത്തില്‍ അഭിപ്രായപ്പെട്ടത്. തിരിച്ച് ജ്യോതിഷികളെപ്പറ്റി ഈ നടി പ്രവചിച്ചാലും ചിലതൊക്കെ ശരിയായിരിക്കില്ലേ എന്നായി ചോദ്യകര്‍ത്താവ്. 
 

'ശരിയാണ്, ഞാന്‍ പ്രവചിച്ചാലും കുറെയൊക്കെ തെറ്റുകയും ശരിയാവുകയുംചെയ്യും. പക്ഷെ പ്രശ്‌നം അതല്ലല്ലോ, ജ്യോതിഷികള്‍ക്ക് പ്രവചിക്കാനുള്ള കഴിവുണ്ട്, പക്ഷെ നിങ്ങള്‍ക്കോ എനിക്കോ അതില്ല.' -എന്നായിരുന്നു നടിയുടെ കിളികൊഞ്ചല്‍ മറുപടി! അതായത് തെറ്റോ ശരിയോ ആകട്ടെ ജ്യോതിഷികള്‍ പ്രവചിക്കുന്നില്ലേ? അതിന് കഴിവുള്ളവര്‍ എത്രപേരുണ്ട്?  നിങ്ങള്‍ക്ക് സാധിക്കുമോ? എനിക്ക് സാധിക്കുമോ? 'സിനിമാതാരം'എന്നൊക്കെ പറയുമ്പോള്‍ ഇത്രയൊക്കെ കൂര്‍മ്മബുദ്ധി ആരെങ്കിലും പ്രവചിക്കുമോ!!???

14 comments:

Mridhul Sivadas said...

'സിനിമാതാരം'എന്നൊക്കെ പറയുമ്പോള്‍ ഇത്രയൊക്കെ കൂര്‍മ്മബുദ്ധി ആരെങ്കിലും പ്രവചിക്കുമോ!!???>>>>>>>>>>>

ഐശ്വര്യാറായിയുടെ ചൊവ്വാദോഷം മാറിയോ?

chiku said...

well said sir,my post on this https://www.facebook.com/photo.php?fbid=10200142454145937

മുഹമ്മദ് ഖാന്‍(യുക്തി) said...

വളരെ പ്രചരണം നടത്തേണ്ട ഒരു കാര്യമാണിത്.മഴവില്ലിന്റെ ശ്രദ്ധയില്‍ പടുത്തിയാല്‍ പൂരം കാണാന്‍ സാധിക്കുമോ ആവോ.

സുരേഷ് ബാബു വവ്വാക്കാവ് said...

ഇപ്പോൾ പണിക്കർ കൂടുതൽ പ്രശസ്തനായി. കാണാനെത്തുന്ന ആളിന്റെ എണ്ണവും നടവരവും കൂടിക്കാണും.

Philip Verghese 'Ariel' said...

മഴവില്‍ മനോരമയില്‍ വന്ന ഈ കോപ്രായം കണ്ടിരുന്നു
എന്തെല്ലാം ഭോഷത്തരങ്ങള്‍ ആയിരുന്നു ഇക്കൂട്ടര്‍ തട്ടിവിട്ടത്
അതെല്ലാം പൊളിഞ്ഞു പോയല്ലോ, ഇത്തരക്കാരെ ഇനിയും
സഹിക്കുന്നവരെക്കുറിച്ചു എന്തു പറയാന്‍! ഇത്തരം ഒരു
കളിപ്പീരിനെപ്പറ്റി അടുത്തിടെ എഴുതിയ ഒരു ബ്ലോഗ്‌ ഇവിടെ
വായിക്കുക

നാം അന്ധവിശ്വാസത്തിന്റെ ഊരാക്കുടുക്കിലേക്കു വീണ്ടും വഴുതി വീഴുകയോ
/<

മാഷെ കുറിപ്പിനൊപ്പം കൊടുത്തിരിക്കുന്ന ഈ ചിത്രത്തിന്റെ യോജ്യത/ഔചിത്യം കുറിപ്പുമായുള്ള ബന്ധം എന്താണ് മനസ്സിലായില്ല

Madhusudanan P.V. said...

മനുഷ്യന്റെ ബലഹീനതയെയും, ആശങ്കകളെയും പ്രതീക്ഷകളെയും മുതലെടുക്കുന്ന പരിപാടി.

രവിചന്ദ്രന്‍ സി said...

'ഇന്ത്യയുടെ ജനനം!!'ഓഗസ്റ്റ് 14 രാത്രി 00:00:00. നെഹ്രുവും മൗണ്ട് ബാറ്റണും. ഈ വിഷയത്തെ ആസ്പദമാക്കി ഒരു ജ്യോതിഷി ഇന്ത്യയുടെ നാള്‍ പ്രവചിച്ചിരുന്നു. ഞാന്‍ ആ നിരീക്ഷണം വിലയിരുത്താന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് ഈ ചരിത്രമുഹൂര്‍ത്തത്തിന്റെ ചിത്രം കൊടുത്തത്.P V Ariel

Philip Verghese 'Ariel' said...

@ Ravi Chandran, Now I got it, nice, pl. give the pic. credit at the bottom of the pic. Thanks P V

prabi said...

ആടിനെ പട്ടിയാക്കുന്ന ഷോ ----

സെജില്‍ said...

കഴിഞ്ഞ ദിവസം ജ്യോതിഷരത്നം പ്രൊഫ: ദേശികം രഘുനാഥന്റെ വീട്ടില്‍ വെള്ളം കയറി വന്‍തോതില്‍ നഷ നഷ്ടങ്ങള്‍ ഉണ്ടായി. ജീവന്‍ പോലും കഷ്ടിച്ച് ആണ് രക്ഷപ്പെട്ടത് എന്നാണ് പത്രത്തില്‍ വായിച്ചത്.. ജലം മൂലം ഉണ്ടാകാന്‍ പോകുന്ന ഈ വന്‍ വിപത്ത് നേരത്തെ ഗണിച്ചു കണ്ടെത്താന്‍ കഴിഞ്ഞില്ലേ.. ഗണിച്ചു കണ്ടെത്തി ജലാധിപതിയായ വാട്ടര്‍ അതോരിടി എന്‍ജിനീയര്‍ക്ക് ഒരു "ഗാന്ധി"സ്തുതി അര്‍പ്പിച്ചിരുന്നെന്കില്‍ ജലം കൊണ്ടുള്ള എല്ലാ ദോഷങ്ങളും ഒഴിഞ്ഞെനെ..

നിസ്സഹായരായ ജനങ്ങളുടെ അജ്ഞത മുതലെടുത്തു സമ്പാദിച്ച സ്വത്ത് വെള്ളം കൊണ്ടുപോയി ..അത്ര തന്നെ..

പത്രങ്ങളിലൂടെ ഇങ്ങേരുടെ മണിക്കൂര്‍ ഫലവും, ദിവസഫലവും, വാരഫലവും, വായിച്ചു പരിഹാരക്രിയ ചെയ്തുകൊണ്ടിരുന്നവര്‍ ഇപ്പൊ ആരായി..

വാര്‍ത്ത താഴെ വായിക്കാം..

http://news.keralakaumudi.com/news.php?nid=396a6b7a8c14174394963dec0751a44c

രവിചന്ദ്രന്‍ സി said...

Sejil, Pl post this comment under the Kerala Kaumudi article too

Nandu said...

ഈ ഷോ കണ്ടിരുന്നു. പതിവ് പോലെ വിഡ്ഢിത്തങ്ങളുടെ ഘോഷയാത്ര. കേട്ടത് പലതും പ്രതീക്ഷിച്ചത് തന്നെ. എന്നാല്‍ ഇന്ത്യയുടെ ജനനവും നക്ഷത്രവും പറഞ്ഞ മഹാന്‍ ഞെട്ടിച്ചു കളഞ്ഞു. വിശ്വാസികള്‍ എന്ന നിഷ്കളംകരെ എന്തും പറഞ്ഞു പറ്റിക്കാം. ഒരുത്തനും മറുത്തു ഒരു ചോദ്യവും ചോദികില്ല. എത്ര വലിയ അബദ്ധം ആണ് ഇന്ത്യയുടെ ജനനം എന്ന അവകാശവാദം. ഇന്ത്യയുടെ നക്ഷത്രം പൂയം ആണത്രേ. ഭൂമിയിലെ അല്പം ഉയര്‍ന്നു നില്‍ക്കുന്ന പ്രദേശം. കടലില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന ഒരു കരപ്രദേശം. അതിന്റെ ഒരു അറ്റം. അതാണ്‌ ഈ ഇന്ത്യ. അത് ഭൂമി ഉണ്ടായ കാലം മുതല്‍ ഉണ്ട്. അത് ഭൂമിയില്‍ നിന്ന് വേറിട്ട ഒരു സാധനം അല്ല. Plate techtonics കാരണം അതിന്റെ സ്ഥാനം കാലക്രമത്തില്‍ മാറിയിട്ടുണ്ട്. അവിടെ കാലാകാലങ്ങളില്‍ പല മനുഷ്യ കുടിയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലരും വന്നു, പലരും പോയി. പല സാമ്രാജ്യങ്ങള്‍ വന്നു പോയി. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇന്ന് കാണുന്ന ഇന്ത്യ. അത് ഒരു രാഷ്ട്രീയ വ്യവസ്ഥ മാത്രം ആണ്. അല്ലാതെ അവിടെ ഒരു ജനനമോ മരണമോ നടനിട്ടില്ല. എന്ത് വിടുവായത്തവും വിളിച്ചു പറയാന്‍ ഉള്ള lisence ആണ് വിശ്വാസം. നാണവും മാനവും ഇല്ലാതെ അത് ഒരു ദേശീയ മാധ്യമം സംപ്രേക്ഷണം ചെയുകയും ചെയും.

Anonymous said...
This comment has been removed by the author.
Anonymous said...
This comment has been removed by the author.