ശാസ്ത്രം വെളിച്ചമാകുന്നു

Saturday 9 November 2013

74. പകിട പതിമൂന്ന് : ജ്യോതിഷഭീകരതയുടെ മറുപുറം


ഒരു പിന്‍വിളി കൂടി

'ജാതകം പ്രശ്‌നമല്ല' എന്ന് മറുതലയ്ക്കലില്‍ നിന്നും കേള്‍ക്കുന്ന മാത്രയില്‍ ഫോണിന്റെ റിസീവര്‍ താഴെവെക്കുന്ന മാതാപിതാക്കള്‍! തിഥിയും പക്കവും നാളും നോക്കി ഉത്തമപൗരരെ കീറിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ദമ്പതികള്‍! പുത്രജനനം തങ്ങളുടെ മരണമായി കണ്ട് നവജാതശിശുവിനെ തറയിടലടിച്ച് കൊന്ന് ഭാവി സുരക്ഷിതമാക്കുന്ന പിതാക്കന്‍മാര്‍! വര്‍ഷങ്ങള്‍ പഴകിയ മാതാവിന്റെ ശവം മാന്തിയെടുത്ത് കായലില്‍ ഒഴുക്കി സൗഭാഗ്യം നേടാന്‍ കൊതിക്കുന്ന മക്കള്‍! പെട്ടിക്കട പോലെ മുക്കിലുംമൂലയിലും പൊട്ടിമുളയക്കുന്ന ജ്യോതിഷായലങ്ങള്‍! തട്ടിയിടിച്ചു വീഴാതെ നടക്കാനാവാത്ത തോതില്‍ വാസ്തുവിരുതന്മാരും മന്ത്രവാദികളും! സ്വര്‍ണ്ണംവാങ്ങി ഐശ്വര്യം നേടാന്‍ ആഭരണശാലകള്‍ക്ക് മുന്നില്‍ ബിവറേജസ് ക്യൂ തീര്‍ക്കുന്ന ദരിദ്രമഹിളകള്‍! പ്രഭാതകൃത്യം ചെയ്യാന്‍പോലും സമയം കുറിപ്പിച്ച് വാങ്ങുന്ന യു.ജി.സി ജന്മങ്ങള്‍! പ്രവചിച്ച് ജനത്തെ സേവിക്കണമെന്ന ആനക്കൊതി മൂത്ത് വി.ആര്‍.എസ് എടുത്തും കവടി നിരത്തുന്ന ഉദ്യോഗസ്ഥപ്രഭുക്കള്‍! പ്രവചനപുലയാട്ടുകളും അന്ധവിശ്വാസ പ്രഘോഷണങ്ങളുമായി 24 x7 പതഞ്ഞൊഴുകുന്ന മാധ്യമനദികള്‍!....''കേരളം അന്ധവിശ്വാസങ്ങളുടെ തമോഗര്‍ത്തം''എന്ന പരസ്യവാചകം നിങ്ങളെ തുറിച്ചു നോക്കുന്നതായി തോന്നുന്നുവോ? അറിയുക, പ്രശ്‌നം നിങ്ങളുടേതല്ല.

'യന്ത്രം'കയറ്റുമതി ചെയ്ത് രാജ്യത്തെ വ്യവസായവല്‍ക്കരിക്കാമെന്നും'ചക്രം' വിറ്റ് തങ്ങള്‍ക്ക് വേണ്ട ചക്രമുണ്ടാക്കാമെന്നും അന്ധവിശ്വാസിയുടെ 'അത്യാഗ്രഹ'ത്തില്‍ തങ്ങളുടെ ശുഭഗ്രഹമുണ്ടെന്നും തിരിച്ചറിയുന്ന ചൂഷകവര്‍ഗ്ഗം അവാര്‍ഡുകള്‍ നിര്‍മ്മിച്ച് സ്വന്തം തലവഴിയേ ഇട്ട് ജനത്തെ വീണ്ടും പരിഹസിക്കുകയാണ്. കേരളത്തെ ആസുരമാക്കുന്ന കാഴ്ചകളില്‍ ഇരുട്ടുംകറുപ്പും സമം ചാലിച്ചിരിക്കുന്നു. ആത്മവിശ്വാസവും ശാസ്ത്രബോധവും നഷ്ടപ്പെട്ട് ആരാധനാലയങ്ങളിലേക്കും ജ്യോതിഷഭവനങ്ങളിലേക്കും ബിവറേജസിന്റെ ക്യൂവിലേക്കും ലഹരികേന്ദ്രങ്ങളിലേക്കും ഒഴുകിപ്പോകുന്ന ഒരു ജനതയോട് നാമെന്താണ് പറയേണ്ടത്? അവര്‍ കാട്ടിക്കൂട്ടുന്നതൊക്കെ പ്രതിലോമകരവുമാണെന്നോ? നന്നായി! തീര്‍ച്ചയായും അവരത് ഇഷ്ടപ്പെടില്ല;നിങ്ങളെയും. സ്വന്തം പ്രേമഭാജനത്തെ ഇകഴ്ത്തുന്ന ഒരുവനെ നേരിടുന്ന വൈരാഗ്യബുദ്ധിയോടെ അവര്‍ നിങ്ങളെ താറടിക്കും. ''അച്ഛന് പറഞ്ഞാലും സഹിക്കാം, ചക്കര അന്ധവിശ്വാസങ്ങളെ തൊട്ടുകളിക്കരുത്''എന്ന ഭീഷണി വരും. ജീവിതത്തിലുടനീളം പഠനം അസഹ്യമായി കണ്ടവര്‍ അവരുടെ വിശ്വസമാലിന്യങ്ങളെക്കുറിച്ച്'ആഴത്തില്‍ പഠിക്കാന്‍'നിങ്ങളോടാവശ്യപ്പെടും.വിശ്വാസവിമര്‍ശനം തൊലിയുരിക്കുന്നത് പോലെയെന്ന് ആവലാതിപ്പെടുന്ന വിശ്വാസിവൃന്ദവും അവരുടെ കയ്യടിയും പരിലാളനയും മാത്രം ലക്ഷ്യമിടുന്ന പക്കമേളക്കാരും ഈ സമൂഹത്തില്‍ യുക്തിചിന്തയും ശാസ്ത്രബോധവും അനാവശ്യമാണെന്ന് തെളിയിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. ദിക്കുകള്‍ ഭീതിദമായി കറുത്തിരുളുമ്പോള്‍ ജീര്‍ണ്ണതയുടെ വേരുകള്‍ ആഴങ്ങളിലേക്ക് തുളച്ചുകയറുമ്പോള്‍ പരാജയസാധ്യത ചൂണ്ടിക്കാട്ടി പിന്‍മാറാനുള്ള അവസരം കൂടിയാണ് നമുക്ക് നഷ്ടപ്പെടുന്നത്. ചില യുദ്ധങ്ങള്‍ അങ്ങനെയാണ്, പോരാട്ടം ഉപേക്ഷിക്കാനുള്ള അവകാശം കൂടി നിങ്ങള്‍ക്കുണ്ടായിരിക്കില്ല. കട്ടപിടിച്ച തമസ്സിലും അപൂര്‍വമായി വിരുന്നെത്തുന്ന മിന്നലൊളികള്‍ സ്വന്തം നഗ്നതയെ കുറിച്ചുള്ള തിരിച്ചറിവാണ് സമ്മാനിക്കുക. നാഗരികതയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും ഗുഹാസംസ്‌ക്കരാത്തിന്റെ കൊടുംതമസ്സിലേക്ക് പുറംതിരിഞ്ഞോടുന്നവരോട് നടത്തുന്ന പിന്‍വിളികള്‍ സമൂഹ പുന:ര്‍നിര്‍മ്മിതികളില്‍ നിര്‍ണ്ണായകമാകുന്നത് അങ്ങനെയാണ്............
(From The introduction of "PAKIDA 13" published by DC Books

Tuesday 5 November 2013

73. ഭരണഘടനയില്‍ വെടിയേല്‍ക്കുമ്പോള്‍

Narendra Dhabholkkar
നരേന്ദ്ര ധഭോല്‍ക്കറിനെതിരെ പാഞ്ഞ നാല് വെടിയുണ്ടകള്‍ തുളച്ച് കയറിയത് രാജ്യത്തിന്റെ ഭരണഘടനയിലാണ്. 2013 ആഗസ്റ്റ് 19 രാവിലെ പൂനെയില്‍ പ്രഭാതസാവാരിക്കിടെയാണ് മഹാരാഷ്ട്രയിലെ പ്രസിദ്ധ യുക്തിവാദിയായ നരേന്ദ്ര ധഭോല്‍ക്കറെ(1945-2013) മോട്ടാര്‍സൈക്കിളില്‍ വന്ന അജ്ഞാതരായ രണ്ട് കൊലയാളികള്‍ വെടിവെച്ചുകൊന്നത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ധിറുതിയില്‍ മഹാരാഷ്ട്ര അന്ധവിശ്വാസ നിര്‍മാര്‍ജ്ജനബില്‍ (Anti-black magic and superstition ordinance) പാസ്സാക്കികൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ബി.ജെ.പി-യും ശിവസേനയും ഒഴികെയുള്ള പാര്‍ട്ടികള്‍ പിന്തുണച്ചിട്ടും ഈ ബില്ല് കഴിഞ്ഞ കഴിഞ്ഞ 18 വര്‍ഷമായി മാറിമാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ പാര്‍ശ്വവല്‍ക്കരിക്കുകയായിരുന്നു. അവസാനം ഒരു നരബലി തന്നെ വേണ്ടി വന്നു രാഷ്ട്രീയതമ്പുരാന്‍മാര്‍ക്ക് കാര്യം ബോധ്യപ്പെടാന്‍. മതവും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അധികാരകേന്ദ്രങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും അവലംബിക്കുന്ന നിസംഗമായ മൗനത്തിന്റെ ഭീതിതമായ ഒച്ച കൂടിയാണ് പൂനെ തെരുവീഥിയില്‍ മുഴങ്ങിയത്.

ശാസ്ത്രഅഭിരുചിയും അന്വേഷണത്വരയും മാനവികതയും പരിഷ്‌ക്കരണബോധവും വളര്‍ത്തുകഎന്നത് ഏതൊരു ഇന്ത്യന്‍ പൗരന്റെയും കര്‍ത്തവ്യമാണെന്ന് അനുശാസിക്കുന്ന ഭരണഘടനാ നിര്‍ദ്ദേശമാണ് (ആര്‍ട്ടിക്കിള്‍ 51 (എ) എച്ച്)ധഭോല്‍ക്കര്‍ എക്കാലവും മുറകെപ്പിടിച്ചത്. പല തവണ കായികമായി ആക്രമിക്കപ്പെട്ടിട്ടും പലകുറി ജീവന് ഭീഷണി ഉയര്‍ന്നിട്ടും അദ്ദേഹം പോലീസ് സംരക്ഷണം തിരസ്‌ക്കരിച്ചു.''എന്റെ രാജ്യത്ത് എന്റെ ജനങ്ങളില്‍ നിന്നും രക്ഷപെടാന്‍ പോലീസ് സംരക്ഷണം തേടുകയാണെങ്കില്‍ അതിനര്‍ത്ഥം എനിക്കെന്തോ കുഴപ്പമുണ്ടെന്നാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നാണ് ഞാന്‍ പൊരുതുന്നത്. അതാര്‍ക്കുമെതിരല്ല, മറിച്ച് എല്ലാവര്‍ക്കും വേണ്ടിയാണ്'' എന്നുപറഞ്ഞ ആ മനുഷ്യസ്‌നേഹിയെ മതം നിര്‍ദ്ദയം തിരുത്തി. 


രാജ്യം കേട്ട ഏറ്റവും ഭീതിദമായ വെടിയൊച്ച ഉതിര്‍ത്ത നാഥുറാം വിനായക് ഗോഡ്‌സെയും പൂനക്കാരനായിരുന്നു. 'ഗാന്ധിയെ ഓര്‍ക്കൂ, അയാളെ ഞങ്ങള്‍ ചെയ്തത് എന്താണെന്നും''-ധഭോല്‍ക്കറിന് കൈമാറപ്പെട്ട അവസാന ഭീഷണിയിലും ആ വെടിയൊച്ചയുടെ അലയൊലി ഉണ്ടായിരുന്നുവോ? ആരായിരുന്നു ഡോ.നരേന്ദ്ര അച്യുത് ധഭോല്‍ക്കര്‍? യുക്തിവാദി, ശാസ്ത്രപ്രചാരകന്‍, അന്ധവിശ്വാസവിരുദ്ധ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി മഹാരാഷ്ട്രയിലെ പൊതുരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണദ്ദേഹം. മിറാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.ബി.എസ്സ് പാസ്സായെയെങ്കിലും സാമൂഹികപരിഷ്‌ക്കരണപ്രവര്‍ത്തനങ്ങളിലാണ് കൂടുതലും ശ്രദ്ധയൂന്നിയത്. ശിവാജി യൂണിവേഴ്‌സിറ്റിയില്‍ കബഡി ടീമിന്റെ ക്യാപ്റ്റനും ദേശീയ കബഡി ടീമിലും അംഗമായിരുന്ന ഡോ.ധഭോല്‍ക്കര്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശിവ ചത്രപതി യുവ (Shiv Chhatrapati Yuva Award for Kabaddi) അവാര്‍ഡ് നേടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അന്ധവിശ്വാസ നിര്‍മ്മാര്‍ജന ബില്ല് പാസ്സാക്കാന്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി ഏറ്റവുമധികം ശബ്ദമുയര്‍ത്തിയ അദ്ദേഹം അന്ധശ്രാദ്ധ നിര്‍മൂലന്‍സമിതി (Maharashtra Andhashraddha Nirmoolan Samiti/MANS)എന്ന സംഘടനയുടെ സ്ഥാപകനും പ്രസിഡന്റും സാധ്‌ന(Sadhana) എന്ന മറാത്തി പത്രത്തിന്റെ എഡിറ്ററുമായിരുന്നു. ദളിതര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന ധഭോല്‍ക്കര്‍ അന്ധവിശ്വാസനിര്‍മ്മാര്‍ജനവും ശാസ്ത്രപ്രചരണവും ലക്ഷ്യമിട്ട് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ശാസ്ത്രബോധത്തെയും പുരോഗമനചിന്തയേയും ഞെക്കികൊല്ലുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന് ഡോ.ധഭോല്‍ക്കര്‍ ആരോപിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍ ധബോല്‍ക്കറെ വധിച്ച ദിവസം കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് തന്റെ രാഷ്ട്രീയബുദ്ധി പ്രകടമാക്കി. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെയും ഏര്‍പ്പെടുത്തിയ ചവാന്‍ പ്രസ്തുത ബില്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കി ബി.ജെ.പി യേയും ശിവസേനയേയും പ്രതിരോധത്തിലാക്കി. ഒരാളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇന്നും കൊലക്കേസില്‍ വഴിത്തിരിവുണ്ടായിട്ടില്ല. വധത്തിന് പിന്നിലെ പോലീസിന്റെ പങ്കും ചര്‍ച്ചാവിഷയമായിട്ടുണ്ട്. സത്താറ സ്വദേശിയായ ധഭോല്‍ക്കര്‍ തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളില്‍ മാത്രമാണ് പൂനെയില്‍ തങ്ങുന്നതെന്ന വിവരവും പ്രഭാതയാത്രയ്ക്ക് തെരഞ്ഞെടുക്കുന്ന വഴിയെ സംബന്ധിച്ച വിവരങ്ങളും കൃത്യമായി പോലീസിനെ അറിയിച്ചിരുന്നതാണ്. 

ധഭോല്‍ക്കറുടെ അരുംകൊലയില്‍ പ്രതിഷേധിച്ച് മഹാരാഷട്രയിലെമ്പാടും രോഷം ഇരമ്പി, പൂനെയില്‍ ജനം സ്വമേധയാ ബന്ദാചരിച്ചു. ജനവികാരം തിരിച്ചറിഞ്ഞ രാഷ്ട്രീയകക്ഷികളെല്ലാം മത്സരിച്ചാണ് ബന്ദാഹ്വാനം ചെയ്തത്. ദല്‍ഹിയില്‍ ഒരു പതിനാറുകാരിയെ പീഡിപ്പിച്ചതിന് ജയിലിലായ കോടീശ്വരനായ ആള്‍ഗുരു ആശാറാം ബാപ്പുവുമായും ഇടയേണ്ടി വന്ന ചരിത്രമുള്ള ധബോല്‍ക്കറുടെ കൊലയാളികള്‍ ആരെന്ന് തീര്‍ച്ചയില്ല. എങ്കിലും ഒന്നുറപ്പാണ്, രാജ്യത്ത് ഇരമ്പിത്തിമിര്‍ക്കുന്ന മതഫാസിസത്തിന്റെ ഇരയാണദ്ദേഹം. കാരണം ദശകങ്ങളായി അവരദ്ദേഹത്തിന്റെ പിന്നാലെയുണ്ടായിരുന്നു. ബില്‍ ഇപ്പോള്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കിയിട്ടുണ്ടെങ്കിലും നിയമനിര്‍മ്മാണസഭയുടെ അംഗീകാരം ലഭിക്കുമോ എന്ന് കണ്ടറിയണം. ധഭോല്‍ക്കറുടെ വധം അന്വേഷിക്കാനായി നിയമിതനായ പോലീസ് ഉദ്യോഗസ്ഥനെ തേടി ചെന്ന ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ കണ്ടത് ഗണേശപൂജ കൊണ്ട് അടിമുടി അലംകൃതമായ പോലീസ് സ്റ്റേഷനാണെന്നറിയുമ്പോള്‍ മതേതരഭാരതത്തില്‍ ഇത്തരം സംശയങ്ങള്‍ റദ്ദാക്കപ്പെടുന്നതെങ്ങനെ? താന്‍ പൊരുതുന്നത് അന്ധവിശ്വാസങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെയാണെന്നും സമൂഹത്തില്‍ ഭൂരിപക്ഷം വരുന്നവരുടെ മത-ദൈവ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നില്ലെന്നും ധബോല്‍ക്കര്‍ പലകുറി പ്രസ്താവിച്ചിട്ടുണ്ട്. ശാസ്ത്ര-യുക്തിവാദ പ്രചരണപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ ചെന്നപ്പോഴൊക്കെ ''നിങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചുകൊള്ളൂ, പക്ഷെ അന്ധവിശ്വാസികളാകരുത്''എന്ന ജനകീയ നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. അന്ധവിശ്വാസങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങളെല്ലാം ആത്യന്തികമായി മതത്തിനും ദൈവത്തിനും എതിരെയാകുമെന്ന പരമമായ സത്യം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. ജ്യോതിഷവും ദുര്‍മന്ത്രവാദവും ചാത്തന്‍സേവയും ബ്‌ളാക്ക് മാജിക്കുമൊക്കെ വേരുകള്‍ നീളുന്നത് മത-ദൈവ വിശ്വാസങ്ങളിലാണല്ലോ. ദൈവത്തിന് വേണ്ടി തുറക്കുന്ന വാതിലിലൂടെ തന്നെയാണ് അനുബന്ധ അന്ധവിശ്വാസങ്ങളും വിവേചനസങ്കല്‍പ്പങ്ങളും ഇരച്ചുകയറുന്നത്. അറിഞ്ഞോ അറിയാതെയോ ധഭോല്‍ക്കര്‍ അനിഷേധ്യമായ ഈ വസ്തുത അവഗണിച്ചു.

ഡോ.ധഭോല്‍ക്കറുടെ കൊലപാതകം ദേശീയമാധ്യമങ്ങള്‍ പ്രൈംടൈമില്‍ ദിവസങ്ങളോളം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്തപ്പോള്‍ പൊതുവെ പൊങ്കാല-പെരുന്നാള്‍-ആള്‍ദൈവ സുവിശേഷങ്ങളില്‍ അഭിരമിക്കുന്ന മലയാളചാനലുകള്‍ വാര്‍ത്ത കൃത്യമായി നിസ്സാരവല്‍ക്കരിച്ചു. സമൂഹത്തില്‍ സര്‍വവിധ വിശ്വാസമാലിന്യങ്ങളും ശാസ്ത്രവിരുദ്ധസമീപനങ്ങളും വാരിവിതറുന്ന ദൗത്യം നിര്‍ലജ്ജം ഏറ്റെടുത്തിരിക്കുന്ന മലയാള മാധ്യമങ്ങള്‍ അന്ധവിശ്വാസത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ ഒരു പൊതുപ്രവര്‍ത്തകനെ പാര്‍ശ്വവല്‍ക്കരിച്ചില്ലെങ്കിലാണ് അത്ഭുതപ്പെടേണ്ടത്. കൊലപാതകം കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം കൊലയെ അപലപിച്ചുകൊണ്ട് ഒരു എഡിറ്റോറിയല്‍ എഴുതിയതും കൗതുകകരമായി. എന്തിനെയൊക്കെയാണോ ധഭോല്‍ക്കര്‍ എതിര്‍ത്തത് അതേ ജനുസ്സില്‍പ്പെട്ട തട്ടിപ്പുകളുടെ കമനീയ പരസ്യങ്ങളുമായാണ് ആ ദിവസവും പ്രസ്തുത പത്രം പുറത്തിറങ്ങിയത്! ആള്‍ദൈവ സേവയാണ് പത്രധര്‍മ്മത്തിന്റെ ആണിക്കല്ലെന്ന് സ്ഥാപിക്കുന്നവരും ധഭോല്‍ക്കറിന് വേണ്ടി മുതലക്കണ്ണീരൊഴുക്കിയെങ്കില്‍ ആ മനുഷ്യന്‍ ശരിയായിരുന്നു എന്നു തെളിയുന്നു. 



Sanjay Salve
കുറെ നാളായി മഹാരാഷ്ട്ര ആപല്‍ക്കരമായ ഒരിനം മതവെറിയുടെ പേരില്‍ വാര്‍ത്തകളിലുണ്ട്. മഹാരാഷ്ട്രയിലെ തന്നെ നാസിക്കിലെ സാവിത്രി ഫൂലെ മെമ്മോറിയല്‍ സ്‌ക്കൂളിലെ (Savitribai Phule Secondary School)ഇംഗ്‌ളീഷ് അദ്ധ്യാപകനായ സഞ്ജയ് സാല്‍വെയെ(41) സ്‌ക്കൂള്‍ അധികൃതര്‍ പീഡിപ്പിച്ചതും ഭരണഘടനയെ മാപ്പുസാക്ഷിയാക്കിയാണ്. ദളിത് വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ സ്‌ക്കൂളിലെ ആദ്യത്തെ വനിത അദ്ധ്യാപികയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ സാമൂഹിക പരിഷ്‌ക്കര്‍ത്താവായിരുന്ന സാവിത്രി ഫൂലൈ. 1600 ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌ക്കൂളിലെ 60 ശതമാനം വിദ്യാര്‍ത്ഥികളും പിന്നാക്കവിഭാഗത്തില്‍ പെട്ടവരാണ്. അംബേദ്ക്കറുടെ ആശയങ്ങളില്‍ ആകൃഷ്ടനായി ബുദ്ധമതം സ്വീകരിച്ച ദളിതനാണ് സഞ്ജയ് സാല്‍വെ. മതപശ്ചത്തലം പരിഗണിച്ചാല്‍ നിസ്വരുടേയും ന്യൂനപക്ഷത്തിന്റെയും യഥാര്‍ത്ഥ പ്രതിനിധി. സര്‍ക്കാര്‍ എയിഡഡ് സ്‌ക്കൂളിലെ പ്രവര്‍ത്തനസമയത്ത് മതപരമായ പ്രാര്‍ത്ഥന അടിച്ചേല്‍പ്പിക്കുക എന്ന ഭരണഘടനാവിരുദ്ധ നടപടിയോട് സഞ്ജയ് നിര്‍മലമായി നിസ്സഹകരിച്ചതാണ് വിഷയമായത്. സ്‌ക്കൂളിലെ പ്രാര്‍ത്ഥനാവേളയില്‍ കണ്ണടച്ച് കൈകൂപ്പി നില്‍ക്കാതെ കൈകള്‍ പിന്നില്‍ കെട്ടി നിന്ന സാല്‍വെ കടുത്ത അച്ചടക്കലംഘനം നടത്തിയെന്ന് പ്രിന്‍സിപ്പല്‍ കണ്ടെത്തുകയായിരുന്നു. 

നാസ്തികനായ തനിക്ക് മതപരമായ പ്രാര്‍ത്ഥനയില്‍ താല്‍പര്യമില്ലെന്നും ദേശീയഗാനാലാപത്തോടെ വേണം സ്‌ക്കൂള്‍ തുടങ്ങാനെന്നുമുള്ള നിയമാനുസാരിയായ നിലപാടാണ് സഞ്ജയ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ സര്‍വീസ് രഹസ്യറിപ്പോര്‍ട്ടില്‍ (Confidential Report-2008-09) മോശം പരാമര്‍ശങ്ങള്‍ എഴുതിച്ചേര്‍ത്ത് ഗ്രേഡ് പ്രമോഷന്‍ നിഷേധിച്ചാണ് സ്‌ക്കൂള്‍ അധികൃതര്‍ തിരിച്ചടിച്ചത്. ഈ 'ഘോരപാപം' ചെയ്യുന്നതിന് മുമ്പുള്ള 12 വര്‍ഷങ്ങളിലെ(1996-2008) സാല്‍വെയുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകളില്‍ ‘Excellent’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്നോട് വളരെ സൗഹാര്‍ദ്ദപരമായി ഇടപെട്ടുകൊണ്ടിരുന്ന സഹാദ്ധ്യാപകരുടെ കൂട്ട ബഹിഷ്‌ക്കരണവും തുടര്‍ന്ന് ഈ അദ്ധ്യാപകന് നേരിടേണ്ടിവന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിരന്തരം നടത്തിപ്പോന്ന അപകീര്‍ത്തികരമായ പ്രചരണവും മുന്നറിയിപ്പുകളുമായിരുന്നു മറ്റൊരിനം. അദ്ധ്യാപകനെന്ന നിലയിലുള്ള ഏന്തെങ്കിലും ന്യൂനതയല്ല മറിച്ച് തങ്ങള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ സഞ്ജയ് കൈ കൂപ്പി നിന്നില്ലെന്നതാണ് സ്‌ക്കൂള്‍ അധികൃതരെ ചൊടിപ്പിച്ചതെന്ന് വ്യക്തം.

രാജ്യത്തെ പൊതു നിയമവ്യവസ്ഥ, ക്രമസമാധാനം, പൊതുജനാരോഗ്യം തുടങ്ങിയവയ്ക്ക് വിധേയമായി മാത്രമേ മതസ്വാതന്ത്ര്യം (ആര്‍ട്ടിക്കിള്‍ 25, 26,27) വിനിയോഗിക്കാനാവൂ എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. അതായത് അന്യന്റെ മൂക്ക് തുടങ്ങുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു. ധഭോല്‍ക്കറെപ്പോലെ തന്നെ സാല്‍വെയും കൂട്ടുപിടിക്കുന്നത് രാജ്യത്തെ ഭരണഘടനയെയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 28(3) ഇപ്രകാരം പറയുന്നു:സര്‍ക്കാര്‍ അംഗീകരിച്ചതോ സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കുന്നതോ ആയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പങ്കെടുക്കുന്ന യാതൊരാള്‍ക്കും അവിടെ നല്‍കപ്പെടാന്‍ ഇടയുള്ള മതപരമായ ഉദ്‌ബോധനം കൈക്കൊള്ളാന്‍ ബാധ്യതയില്ല. വിദ്യാലയങ്ങളിലോ അതിനോടനുബന്ധിച്ച പരിസരത്തോ സംഘടിപ്പിക്കപ്പെടുന്ന മതാരധനയിലോ ചടങ്ങിലോ പങ്കെടുക്കാന്‍ യാതൊരാളെയും, അയാളുടെയോ, മൈനറാണെങ്കില്‍ കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെയോ സമ്മതമില്ലാതെ നിര്‍ബന്ധിക്കാന്‍ പാടില്ല(“No person attending any educational institution recognised by the State or receiving aid out of State funds shall be required to take part in any religious instruction that may be imparted in such institution or to attend any religious worship that may be conducted in such institution or in any premises attached thereto unless such person or, if such person is a minor, his guardian has given his consent thereto.”/Article 28 (3) of the Constitution) 

ഇവിടെ ദുരൂഹമായി യാതൊന്നുമില്ല. മതസ്വാതന്ത്ര്യത്തില്‍ മതത്തിന്റെ സ്വാതന്ത്ര്യത്തോടൊപ്പം മതത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നുണ്ട്. Freedom of religion also involves freedom from religion. പൊതുവിദ്യാലയങ്ങളില്‍ മതപരമായ ആരാധനയും പ്രചരണവും കടന്നുവരാന്‍ ഇടയുണ്ടെന്ന് മുന്‍കൂട്ടി കണ്ട ഭരണഘടനാശില്പികള്‍ കാര്യങ്ങള്‍ കൃത്യമായി എഴുതിവെച്ചിരിക്കുന്നു. പക്ഷെ സാവിത്രി ഫൂലെ സ്‌ക്കൂള്‍ പ്രിന്‍സിപ്പള്‍ മധുകര്‍ ബച്ചവിന് ഭരണഘടന ഒരു പ്രശ്‌നമേ ആയിരുന്നില്ല. സഞ്ജയ് സാല്‍വെ ചെയ്തത് മറ്റാരെങ്കിലും അനുകരിച്ചാല്‍ സ്‌ക്കൂള്‍ മുന്നോട്ടുവെക്കുന്ന മൂല്യബോധം തകര്‍ന്നടിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. നിരവധി പരാതികള്‍ കൊടുത്തിട്ടും ഈ വിഷയത്തില്‍ സഞ്ജയിന് നീതി ലഭിച്ചില്ല. 2010 ല്‍ മുംബൈ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് സാല്‍വയുടെ പരാതി പരിഗണിച്ച് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നാസിക്ക് ജില്ലയിലെ എഡ്യുക്കേഷന്‍ ഓഫീസറോട് നിര്‍ദ്ദേശിച്ചിരുന്നതാണ്. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് രണ്ടു വര്‍ഷം തുടര്‍ച്ചയായി സ്‌ക്കൂള്‍ അധികൃതരോട് സാല്‍വെയുടെ കാര്യത്തിലെ തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അവസാനം സ്‌ക്കൂളിന്റെ ഫണ്ടിംഗ് റദ്ദാക്കുമെന്ന് നിയമപരമായ മുന്നറിയിപ്പ് കൊടുത്തിട്ടും അധികൃതര്‍ അനങ്ങിയില്ല.

സ്‌ക്കൂളിന്റെ പ്രവര്‍ത്തനം ദേശീയഗാനത്തിന്റെ ആലാപനത്തോടെ തുടങ്ങണമെന്നാണ് മഹരാഷ്ട്ര സെക്കന്‍ഡറി സ്‌ക്കൂള്‍ കോഡില്‍ (45:9)നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈശ്വരപ്രാര്‍ത്ഥന സംബന്ധിച്ച യാതൊരു പരാമര്‍ശവും അവിടെയില്ല. ഭരണഘടനയും വിദ്യാഭ്യാസനിയമവും സ്‌ക്കൂളിലെ ഈശ്വരപ്രാര്‍ത്ഥനയെ തള്ളുമ്പോഴാണ് പ്രാര്‍ത്ഥനാവേളയില്‍ കണ്ണടച്ച് കൈ കൂപ്പി നിന്നില്ലെന്ന കുറ്റംചുമത്തി നാസ്തികനാണെന്ന കാരണത്താല്‍ ഒരു ദളിതന്‍ പീഡിപ്പിക്കപ്പെടുന്നത്. മതവികാരം വ്രണപ്പെടുന്നു എന്നാരോപിച്ച് വന്ദേമാതരവും ജനഗണമനയുംവരെ ആലപിക്കാന്‍ പലരും വിസമ്മതിക്കുന്നവരുടെ മതേതരരാജ്യത്താണിതും അരങ്ങേറിയത്. 

ഇത് മഹാരാഷ്ട്രയിലെ മാത്രം പ്രശ്‌നമാണോ? കേരളത്തിലെ പൊതുവിദ്യാഭ്യാസം ഏറെക്കുറെ സര്‍ക്കാര്‍ സ്‌ക്കൂളുകളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. അവിടെയും സ്ഥിതിഗതികള്‍ അത്ര മെച്ചമല്ല. മത-ജാതി മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്‌ക്കൂളുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ മതവിദ്യാഭ്യാസം തന്നെയാണ് നടക്കുന്നത്. രാവിലെ സ്‌ക്കൂള്‍ ബസ്സില്‍ കയറുന്നത് മുതല്‍ കുട്ടികള്‍ മതപരമായ പ്രാര്‍ത്ഥന തുടങ്ങുന്നു. സ്‌കൂള്‍ബസ്സില്‍ നിന്നറിങ്ങുമ്പോള്‍, ക്‌ളാസ്സില്‍ കയറുമ്പോള്‍, ക്‌ളാസ്സ് തുടങ്ങുമ്പോള്‍, കളിക്കാന്‍ പോകുമ്പോള്‍, തിരിച്ചു വരുമ്പോള്‍, മൂത്രപ്പുരയില്‍ പോകുമ്പോള്‍...എന്നുവേണ്ട ശ്വാസോച്ഛാസം ഒഴികെ മറ്റെല്ലാം കാര്യത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച് തളരുന്ന കുട്ടികള്‍ക്ക് വാരാന്ത്യത്തില്‍ ധ്യാനം നിര്‍ബന്ധിതമാക്കിയിരിക്കുന്ന സ്‌ക്കൂളുകളും കേരളത്തില്‍ നിരവധിയാണ്. അന്യമതത്തില്‍ പെട്ടവര്‍ക്കും ഈ പീഡനം സമ്മാനിക്കാനും ചില മാനേജ്‌മെന്റുകള്‍ മടിക്കാറില്ല. ധ്യാനകേന്ദ്രങ്ങളില്‍ നിന്നും കരിഷ്മാറ്റിക്ക് സഭകളില്‍ നിന്നും എത്തുന്നവരാണ് ഇത്തരം സ്‌ക്കൂളുകളിലെ കുട്ടികളെ ധ്യാനം പരിശീലിപ്പിക്കുന്നത്. പറഞ്ഞുവരുമ്പോള്‍ മിക്കവര്‍ക്കും പരാതിയുണ്ട്-പക്ഷെ കുട്ടിയെ പുറത്താക്കുമെന്ന് ഭയന്നാവണം ആരും പ്രതികരിക്കുന്നില്ല. 

ഭരണഘടനയും വിദ്യാഭ്യാസനിയമവും പറഞ്ഞു ചെന്നാല്‍ മാനേജ്‌മെന്റ് കണ്ണുരുട്ടും. കാരണം അവരെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസപ്രവര്‍ത്തനം അടിസ്ഥാനപരമായി മതപ്രചരണത്തിന്റെ ഭാഗം തന്നെയാണ്. മുസ്‌ളീം വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചെത്തുന്നതിനെ തടയുകയും സ്‌ക്കൂള്‍ യൂണിഫോം സംബന്ധിച്ച ചട്ടങ്ങള്‍ നിര്‍ബന്ധമാക്കുകയും ചെയ്ത ക്രിസ്ത്യന്‍ മാനേജുമെന്റ് സ്‌ക്കൂളുകള്‍ കേരളത്തിലുണ്ട്. പ്രാര്‍ത്ഥനയുടെ പേരില്‍ അവിശ്വാസികളെ പീഡിപ്പിക്കുന്നതില്‍ ചട്ടങ്ങളൊന്നും അവര്‍ക്ക് തടസ്സമാകുന്നില്ല.

വിദ്യാലയങ്ങളിലെ ഈശ്വരപ്രാര്‍ത്ഥന മാത്രമല്ല പൊതുചടങ്ങുകളിലെ പ്രാര്‍ത്ഥനയ്ക്കും നിയമത്തിന്റെ പിന്‍ബലമില്ല. മതേതരത്വം വിഭാവനംചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും വിവേചനാധികാരത്തിന്റെയും നഗ്നമായ ലംഘനമാണവിടെയും സംഭവിക്കുന്നത്. ജീവിതത്തിലെ മറ്റ് ചില സ്വകാര്യകര്‍മ്മങ്ങള്‍ പരിഗണിച്ചാല്‍ ഈ മതശാഠ്യം പരിഹാസ്യമാണ്. പൊതുവേദിയാകട്ടെ-സ്വകാര്യതലമാകട്ടെ, പ്രാര്‍ത്ഥന വിശ്വാസിയുടെ,അയാളുടെ മാത്രം, ആവശ്യമാണ്. മതലഹരി വഴി മിഥ്യാസുഖം ആര്‍ജ്ജിക്കാനുള്ള ശ്രമമാണവിടെ നടക്കുന്നത്. മദ്യപിക്കുമ്പോഴും പുകവലിക്കുമ്പോഴും കണ്ടു നില്‍ക്കുന്നവരും കൂടെയുള്ളവമെല്ലാം അനുകരിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാവുമോ?! മതഭക്തി സ്വകാര്യമാണെങ്കില്‍ എന്തുകൊണ്ട് വ്യത്യസ്ത ആള്‍ക്കാര്‍ പങ്കെടുക്കുന്ന പൊതുചടങ്ങില്‍ അതടിച്ചേല്‍പ്പിക്കണം? ചടങ്ങിന് മുമ്പും ശേഷവും ഇഷ്ടദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ഭക്തന് ധാരാളം അവസരമുണ്ട്, അതിനുള്ള അവകാശവുമുണ്ട്. പൊതുചടങ്ങിലും പ്രാര്‍ത്ഥിച്ചേ തീരൂ എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ സ്വന്തം കാര്യത്തിലേക്കത് പരിമിതപ്പെടുത്താവുന്നതാണ്. 

സഞ്ജയ് സാല്‍വെ പ്രാര്‍ത്ഥനാ സമയത്ത് കൈ പിന്നില്‍ കെട്ടി അറ്റന്‍ഷനായി നിന്നത് താന്‍ കണ്ടെന്നാണ് സ്‌ക്കൂള്‍ പ്രിന്‍സിപ്പലിന്റെ ആരോപണം. ദൈവത്തില്‍ സര്‍വ ശ്രദ്ധയും കേന്ദ്രീകരിച്ച് പ്രാര്‍ത്ഥിക്കുന്നയാള്‍ സദസ്സിലുള്ള അവിശ്വാസി നില്‍ക്കുകയാണോ ഇരിക്കുകയാണോ എന്നെങ്ങനെ മനസ്സിലാക്കുന്നു?! പരിസരവീക്ഷണമാണോ പ്രാര്‍ത്ഥനയുടെ അന്തസത്ത?! നാസ്തികന്‍ പ്രാര്‍ത്ഥന തടസ്സപ്പെടുത്തുന്നില്ലെങ്കില്‍ അയാള്‍ കൈ കെട്ടി നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നതുകൊണ്ട് വിശ്വാസിക്ക് എന്തെങ്കിലും നഷ്ടം സംഭവിക്കുമെന്ന് കരുതാന്‍ ന്യായമില്ല.

നാസ്തികന്‍ പ്രാര്‍ത്ഥിക്കാറില്ല. പന്നെയെന്തിന് അയാള്‍ ഒരു മതചടങ്ങിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കണം? തിരിച്ച് ഒരു മതവിശ്വാസി നാസ്തിക ജീവിതരീതിയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുമോ? പൊതുപ്രാര്‍ത്ഥനയില്‍ എഴുന്നേറ്റുനിന്നാല്‍ നാസ്തികന്‍ പ്രാര്‍ത്ഥിച്ചെന്നും എഴുന്നേല്‍ക്കാതിരുന്നാല്‍ ഭൂരിപക്ഷത്തെ അപമാനിച്ചെന്നും പരിഹാസം വരാറുണ്ട്. ഇത് ഭയന്ന് ഭൂരിപക്ഷം അവിശ്വാസികളും പൊതുപ്രാര്‍ത്ഥനയോട് സഹകരിക്കുകയാണ് പതിവ്. പൊതുസദസ്സ് ആരാധനാലയമല്ല. അവിടെ വിശ്വാസികളും അര്‍ദ്ധവിശ്വാസികളും നാസ്തികരുമൊക്കെയുണ്ടാവാം. എല്ലാവരെയും നിര്‍ബന്ധപൂര്‍വം എഴുന്നേറ്റ് നിറുത്തിക്കുന്നത് ഫാസിസം തന്നെ.''ഞാന്‍ മതം അനുഷ്ഠിക്കുന്നു, നീയും കൂടെക്കൂടൂ''എന്ന പരസ്യശാസനമാണിവിടെ പ്രകടമാകുന്നത്. നൊയമ്പുകാലത്ത് ഭക്ഷണശാലകള്‍ അടച്ചിടുന്നതും വ്രതമനുഷ്ഠിക്കുന്നവന്റെ മുന്നില്‍ വെച്ച് ഒന്നും കഴിക്കരുതെന്ന് പരോക്ഷമായി ശാഠ്യം പിടിക്കുന്നതും ഫാസിസം തന്നെ. ''പ്രിയ സുഹൃത്തേ, നീ പട്ടിണികിടക്കുന്നത് എന്തോ പ്രതിഫലം പ്രതീക്ഷിച്ചായിരിക്കാം, പക്ഷെ അതിന് ഞാനെന്തു പിഴച്ചു?! നിന്റെ പ്രതിഫലം നീയെടുക്കുക, എന്നെ വെറുതെ വിടുക''-എന്ന് പറയുന്നത് അഹങ്കാരമാണോ? ഏവരും മതത്തെ ആദരിച്ചുകൊള്ളണം പക്ഷെ മതം ആരേയും ആദരിക്കില്ല''എന്ന മതവാശിയില്‍ നീതിയില്ല. 

മതഭക്തി സ്വകാര്യമായി കാണുന്ന ആര്‍ക്കും പൊതുസ്ഥലങ്ങളിലെ മതാനുഷ്ഠാനം ന്യായീകരിക്കാനാവില്ല. ഈ തെറ്റിനെതിരെ പ്രതികരിക്കുന്നതാണ് നാസ്തികന് 'അഹങ്കാരി'എന്ന ഓമനപ്പേര് സമ്മാനിക്കുന്നത്. ഒരു നാസ്തികപുസ്തകം വായിക്കാനോ നാസ്തികപ്രഭാഷണം ശ്രദ്ധിക്കാനോ ഒരു മതവിശ്വാസിയോട് കല്‍പ്പിച്ചാല്‍ അവനെന്ത് തോന്നും? സ്വയം ബുദ്ധിമുട്ട് തോന്നുന്നവ മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടായിരിക്കുമെന്ന് ചിന്തിക്കുന്നതല്ലേ ഉചിതം? അതോ എണ്ണത്തില്‍ കുറവുള്ളവരുടെ വികാരം ചവട്ടിയരയ്ക്കുന്നതില്‍ തെറ്റില്ലെന്ന് വരുമോ? 'ന്യൂനപക്ഷാവകാശങ്ങള്‍ക്ക്'വേണ്ടി സ്വജീവന്‍ ബലി കൊടുക്കാനും തയ്യാറാണെന്ന് പ്രചരിപ്പിക്കുന്ന പ്രതികരണത്തൊഴിലാളികള്‍ ഇപ്പറയുന്ന 'ന്യൂനപക്ഷം' മതനിഷേധികളാണെങ്കില്‍ മുഖംതിരിക്കും. ബഹുമതസ്ഥര്‍ പങ്കെടുക്കുന്ന സദസ്സില്‍ 'പൊതുദൈവ'ത്തെ അവതരിപ്പിച്ചാണ് പ്രാര്‍ത്ഥന നടത്തുന്നുവെന്നൊരു വാദമുണ്ട്. 'പൊതുദൈവം'എന്നൊന്നില്ല;അങ്ങനെയൊന്ന് ഒരു മതവും അംഗീകരിക്കുന്നുമില്ല. എല്ലാ ദൈവവും വിഭാഗീയവും പ്രാദേശികവും ഭിന്നവുമാണ്. 

ദൈവങ്ങളുടെ കാര്യത്തില്‍ മാത്രമല്ല 'പൊതുദൈവ'ങ്ങളുടെ കാര്യത്തിലും മതങ്ങള്‍ക്കിടയില്‍ ഐക്യമില്ല. 'സൃഷ്ടിയും സ്രഷ്ടാവും രണ്ടാണെന്ന് വാദിക്കുന്ന സെമറ്റിക്ക് മതക്കാരനും അവ രണ്ടും ഒന്നാണെന്ന് വാദിക്കുന്ന സനാതനധര്‍മ്മക്കാരനും ഏത് പൊതുദൈവത്തെയാണ് വാഴ്ത്തുന്നത്?! ചന്തമേറിയ പൂവിലും ശബളാഹമാം ശലഭത്തിലും വാഴുന്ന, തൂണിലും തുരുമ്പിലും ഒളിച്ചിരിക്കുന്ന 'ശക്തി'യെ ഒരു കൂട്ടര്‍ വാഴ്ത്തുമ്പോള്‍ പ്രപഞ്ചസൃഷ്ടി നടത്തി പ്രപഞ്ചത്തില്‍നിന്നും വ്യതിരിക്തമായി നിലകൊള്ളുന്ന ദൈവത്തെ ഉപാസിക്കുന്നവര്‍ക്ക് എങ്ങനെ കൈ കൂപ്പാനാവും?! ഏത് പ്രാര്‍ത്ഥനഗാനമെടുത്താലും ഇതേ പ്രശ്‌നമുണ്ടാവും. 

ധഭോല്‍ക്കറും സാല്‍വെയും ഭരണഘടനാവിരുദ്ധമായി ശിക്ഷിക്കപ്പെപ്പോള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മതനിന്ദ(blasphemy) സംബന്ധിച്ച 295 (എ) എന്ന കിരാത വകുപ്പാണ് ഇന്ത്യന്‍ റാഷണലിസ്റ്റ് അസ്സോസിയേഷന്‍ പ്രസിഡന്റും പ്രമുഖ യുക്തിവാദിയുമായ സനല്‍ ഇടമറുകിനെതിരെ പ്രയോഗിക്കപ്പെടുന്നത്. ഈ വകുപ്പനുസരിച്ച് മന:പൂര്‍വം മതവികാരം വ്രണപ്പെടുത്തുന്നതും മതവികാരം കുത്തിയിളക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതും ഒന്നാം ക്‌ളാസ്സ് മജിസ്‌ട്രേറ്റിന് മാത്രം വിധിപറയാന്‍ അധികാരമുള്ള, ജാമ്യമില്ലാത്ത, പരമാവധി മൂന്നുവര്‍ഷം വരെ തടവോ പിഴയോ രണ്ടുകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്('Whoever, with deliberate and malicious intention of outraging the religious feelings of any class of citizens of India, by words, either spoken or written, or by signs or by visible representations or otherwise, insults or attempts to insult the religion or the religious beliefs of that class, shall be punished with imprisonment of either description for a term which may extend to three years, or with fine, or with both’’). 

1860 ല്‍, പ്രധാനമായും,ഹിന്ദു-മുസ്‌ളീം ലഹള നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ പീനല്‍കോഡില്‍ കുത്തിതിരുകിയ നിയമമാണിത്. ഇവിടെ, deliberate and malicious intention എന്ന വാചകം ആര്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന രീതിയില്‍ അവ്യക്തവും ദുരൂഹവുമാണ്. വാക്ക്, എഴുത്ത്, സംസാരം, ആംഗ്യം, മറ്റെന്തെങ്കിലും ദൃശ്യരൂപങ്ങളിലൂടെയോ വ്യക്തമാക്കപ്പെടുന്ന വിമര്‍ശനം എന്നിവയൊക്കെ മതനിന്ദയുടെ പരിധിയില്‍ വരുമെന്നതിനാല്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യാപ്പെടാനുളള സാധ്യത അനന്തമാണ്. അഭിപ്രായസ്വാതന്ത്യം സംബന്ധിച്ച് ഭരണഘടനാപരമായി അവകാശങ്ങളുടെ(ആര്‍ട്ടിക്കിള്‍ 19) മുകളിലുള്ള വ്യക്തമായ കടന്നാക്രമണവുമാണിത്. ഏതെങ്കിലും നിയമമോ വ്യവസ്ഥയോ ഭരണഘടനയുമായി ഏറ്റുമുട്ടിയാല്‍ ഭരണഘടനയുടെ അപ്രമാദിത്വം സംരക്ഷിക്കപ്പെടേണ്ടതാണ്. 

അതേസമയം ഐ.പി.സി 296 വകുപ്പ് പ്രകാരം ഒരു മതസമ്മേളനമോ ആരാധനയോ തടസ്സപ്പെടുത്തുകയോ അലങ്കോലപ്പെടുത്തിയാല്‍ ലഭിക്കാവുന്ന ശിക്ഷ കേവലം ഒരു വര്‍ഷം മാത്രം! ഏത് മജിസ്‌ട്രേറ്റിനും വിധി പറയാം, ജാമ്യം ലഭിക്കുകയും ചെയ്യും. അതായത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ശക്തമായ കടന്നാക്രമണത്തിന് താരതമ്യേന ലഘുവായ ശിക്ഷ! എന്താണതിനര്‍ത്ഥം?! ഐ.പി.സി യിലെ 153 (എ) അനുസരിച്ച് മതവികാരം മാത്രമല്ല ഭാഷ, വംശം, വീട്, ജന്മസ്ഥലം തുടങ്ങിയവയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പോലും കുറ്റകരമാണ് (Whoever by words, either spoken or written, or by signs or by visible representations or otherwise, promotes or attempts to promote, on grounds of religion, race, place of birth, residence, language, caste or community or any other ground whatsoever, disharmony or feelings of enmity, hatred or ill-will between different religious, racial, language or regional groups or castes or communities.. /IPC Section-153A) ഇവിടെയും സമാനമായ തോതില്‍ അവ്യക്തതയുണ്ട്. നിന്റെ സ്ഥലം ഒരു പട്ടിക്കാടാണ്, അല്ലെങ്കില്‍ നിന്റെ ഭാഷ വെറും "കൂതറ"യാണ് എന്നൊക്കെ തമാശ പറയുന്നവര്‍ ശ്രദ്ധിക്കണമെന്ന് സാരം. എങ്കിലും മതവികാരം പോലെ സ്ഥലവികാരവും ഭാഷാവികാരവും വികസിച്ചിട്ടില്ലാത്തതിനാല്‍ ജനം കഷ്ടിച്ച് രക്ഷപെട്ട് പോകുന്നുവെന്ന് മാത്രം. 

2012 മാര്‍ച്ചില്‍ മുംബെയിലെ ഒരു കാത്തലിക്ക് ചര്‍ച്ചില്‍(Our Lady of Velankanni Church in Mumbai)ദിവ്യാത്ഭുതം നടക്കുന്നുവെന്ന പ്രചരണമുണ്ടായി. അവിടെ സ്ഥാപിച്ചിരിക്കുന്ന യേശുവിന്റെ പ്രതിമയില്‍ നിന്ന് ദിവ്യജലം വരുന്നതായിരുന്നു സംഭവം. മിറക്കിള്‍ കേട്ടറിഞ്ഞ വിശ്വാസികള്‍ പള്ളിയിലേക്ക് ഒഴുകി. ദിവ്യജലം കുപ്പിയില്‍ ശേഖരിക്കാനും വിറ്റഴിക്കാനും തുടങ്ങി. ഈ ജലം പലരും കുടിക്കുകയും കണ്ണിലൊഴിക്കുകയുമൊക്കെ ചെയ്തുഒരു ടി.വി ചര്‍ച്ചയില്‍ ഉയര്‍ന്ന വെല്ലുവിളി സ്വീകരിച്ചാണ് സനല്‍ ഇടമറുക് സംഭവസ്ഥലത്ത് എത്തിയത്. വാസ്തവത്തില്‍ സനലിനെ പരിശോധിക്കാന്‍ അനുവദിച്ചതായിരുന്നു ഏറ്റവും വലിയ മിറക്കിള്‍! പൊതുവെ ഭൂഗുരുത്വത്തെ ആധാരമാക്കി താഴോട്ട് ഒഴുകുമെങ്കിലും ചലനസ്വാതന്ത്ര്യം തടസ്സപ്പെട്ടാല്‍ താഴോട്ട് തന്നെ ഒഴുകണമെന്ന നിര്‍ബന്ധമൊന്നും ജലത്തിനില്ല. സൂക്ഷ്മരന്ധ്രപ്രവര്‍ത്തനം അഥവാ കാപ്പിലറി ആക്ഷന്‍(capillary action) എന്നാണ് നാമതിനെ വിളിക്കുക. തിരിയിലൂടെ മണ്ണെണ്ണ മുകളിലേക്ക് കയറി മണ്ണെണ്ണവിളക്ക് കത്തുമ്പോള്‍ സംഭവിക്കുന്നതും മറ്റൊന്നല്ല.

ചര്‍ച്ചിലെ യേശുവിന്റെ പ്രതിമയുടെ കാലുകളില്‍ നിന്നും ജലം ഇറ്റു വീഴുന്നുണ്ടായിരുന്നുവെന്നത് സത്യമായിരുന്നു. സമീപത്ത് കെട്ടികിടന്ന മലിനജലം ഭിത്തിയിലൂടെ മുകളിലേക്ക് അരിച്ചുകയറി പ്രതിമയുടെ കാലിലൂടെ ഒലിച്ചിറങ്ങിയതാണ് വിശ്വാസികള്‍ക്ക് ദിവ്യാത്ഭുതമായത്. ഈ സത്യം തുറന്ന് പറഞ്ഞതിനാണ് ഓര്‍ഗനൈസേഷന്‍ ഓഫ് കണ്‍സേണ്‍ഡ് കാത്തലിക്‌സ് (OCC), കാത്തലിക് സെക്കുലര്‍ ഫോറം (CSF)എന്നീ സംഘടനകള്‍ സനലിനെതിരെ ജൂഹു-അന്ധേരി പോലീസ് സ്റ്റേഷനുകളില്‍ 295 (എ) പ്രകാരം കേസു കൊടുത്തത്. 

2012 ജൂലെയില്‍ ദല്‍ഹി പോലീസ് സനലിനെ തേടി ദല്‍ഹിയിലെത്തി. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ടതോടെ ജയില്‍വാസം ഉറപ്പെന്ന് കണ്ട സനല്‍ രാജ്യംവിട്ടു. ഇപ്പോഴദ്ദേഹം ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലാണ് ഉള്ളതെന്നറിയുന്നു. ശാസ്ത്ര അഭിരുചിയും അന്വേഷണബോധവുമൊക്കെ വളര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടന നിര്‍ദ്ദേശത്തേക്കാള്‍ വലിയ പ്രഹരശേഷിയാണ് ബ്രിട്ടീഷുകാരന്റെ ഐ.പി.സി നിയമത്തിന് കല്‍പ്പിക്കപ്പെട്ടത്. ചെയ്ത 'തെറ്റിന്' മാപ്പിരന്നാല്‍ കേസ് പിന്‍വലിക്കാമെന്ന നിര്‍ദ്ദേശവും മുംബൈ കത്തോലിക്ക് ആര്‍ച്ച് ബിഷപ്പ് മുന്നോട്ടുവെച്ചിരുന്നു. അതായത് സംഗതി നിസ്സാരമാണ്,സനല്‍ ചെയ്തത് ക്ഷമിക്കാനാവാത്ത'കുറ്റ'മൊന്നുമല്ല. പക്ഷെ തങ്ങള്‍ ഭാവിയില്‍ സമാനമായ ദിവ്യാത്ഭുതത്തട്ടിപ്പുകള്‍ നടത്തുമ്പോള്‍ ആരും അഭിപ്രായം പറയാന്‍ പാടില്ല! ഹൈസ്‌ക്കൂള്‍ കുട്ടികള്‍ക്ക് പോലുമറിയാവുന്ന ഒരു ശാസ്ത്രവസ്തുതകള്‍ പോലും മതവിരുദ്ധമെങ്കില്‍ പരസ്യമാക്കരുത്! പതിനാറാം നൂറ്റാണ്ടില്‍ ഗലീലിയോട് പോപ്പ് (Pope Paul V) ആവശ്യപ്പെട്ടത് തന്നെയാണ് മുംബൈയിലെ കാത്തലിക്ക് ചര്‍ച്ച് സനലിനോടും പറഞ്ഞത്.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും ബംഗ്‌ളാദേശുമൊക്കെ സ്വീകരിച്ച 1860 ലെ മെക്കാളെ പ്രഭുവിന്റെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പല വകുപ്പുകളും വ്യവസ്ഥകളും നാം കാലോചിതമായി പരിഷ്‌ക്കരിച്ചിട്ടുണ്ട്. അന്തരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളിലും മാനദണ്ഡങ്ങളിലും വന്ന മാറ്റങ്ങള്‍ പലതും അതില്‍ പ്രതിഫലിച്ചിട്ടുണ്ട്. മൃഗങ്ങളുടേയും പക്ഷികളുടേയും കാര്യത്തില്‍ വരെ ഐ.പി.സി കാലികമായി പരിഷ്‌ക്കരിക്കപ്പെട്ടു. പക്ഷെ രാജ്യമൊരു മതേതര റിപ്പബ്‌ളിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടും കാലഹരണപ്പെട്ട മതനിന്ദ വകുപ്പില്‍ മാത്രം തൊട്ടില്ല. ഈ നിയമം ഇന്നുവരെ ഒരു വര്‍ഗ്ഗീയലഹള തടഞ്ഞതായി കേട്ടിട്ടില്ല, ഇനിയൊട്ട് തടയാനും പോകുന്നില്ല. 295(എ) ഉണ്ടായാലും ഇല്ലെങ്കിലും വര്‍ഗ്ഗീയലഹളകള്‍ കൃത്യമായ ഇടവേളകളില്‍ അരങ്ങേറുക തന്നെചെയ്യും. അഭിപ്രായസ്വാതന്ത്ര്യവും മതവിമര്‍ശനവും നിഷേധിക്കാം എന്നതുമാണ് ഈ കരിനിയമം കൊണ്ടുള്ള പ്രയോജനം. 

ആരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ജയിലില്‍ അടയ്ക്കാന്‍ മതങ്ങള്‍ക്ക് അധികാരം നല്‍കുകയാണിവിടെ. 295 എ കാലഹരണപ്പെട്ടതാണെന്ന് വാദിക്കുന്നവരെ കൂടി ഈ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞാല്‍ ചിരിക്കരുത്. പ്രസ്തുത നിയമത്തിനെതിരെയുള്ള വിമര്‍ശനം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ മതിയാകും. അവസാനം കോടതി വെറുതെ വിട്ടേക്കാം-പക്ഷെ ജാമ്യമില്ലാത്ത അറസ്സ് ഉറപ്പാണ്!

മാതൃരാജ്യം, ഭരണഘടന, ഭരണാധികാരികള്‍, രാഷ്ട്രീയക്കാര്‍...എന്തിനേറെ ദൈവത്തിന് എതിരെ വരെ വിമര്‍ശനമുയര്‍ത്താം, പരിഹസിക്കാം. പക്ഷെ മതത്തെ മാത്രം ദിവ്യമായി കണ്ടുകൊള്ളണം. അതല്ലെങ്കില്‍ മതത്തിലെ നല്ല വശം മാത്രം ചുരണ്ടിയെടുത്ത് പ്രദര്‍ശിപ്പിച്ച് സംതൃപ്തിയടഞ്ഞുകൊള്ളണം. മതനിന്ദ കുറ്റമാണെങ്കിലും ദൈവനിന്ദ കുറ്റമല്ല!! ദൈവം അന്ധനാണെന്നോ കോമാളിയാണെന്നോ പരിഹസിച്ചാല്‍ വിഷയമില്ല-പക്ഷെ അതും തന്റെ 'മതവികാര'ത്തെ മുറിപ്പെടുത്തുന്നതായി ഒരാള്‍ പരാതിപ്പെട്ടാല്‍ പ്രശ്‌നമാകും. കേരളത്തില്‍ കോഴിക്കോട്ടെ മുടിപ്പള്ളിയുടെ കാര്യത്തില്‍ പൊതുസമൂഹവും മുസ്‌ളീങ്ങളിലെ വിവിധവിഭാഗങ്ങളും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ തന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായി കാണിച്ച് കാന്തപുരം മുസലിയാര്‍ 295 (എ) വകുപ്പ് പ്രകാരം ഒരു കേസ് കൊടുക്കാത്തത് ടിയാന്റെ വിശാലമനസ്‌ക്കതയെന്നേ പറയാവൂ! 

മതവിമര്‍ശനവും മതനിന്ദയും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ നിര്‍ണ്ണായകമെന്ന് ആര്‍ക്കും തോന്നാം. മതവിമര്‍ശനം ആകാം-നിന്ദ പാടില്ല എന്ന സദുദ്ദേശ്യമാണിതിന്റെ പിന്നിലുളളതെന്നു വ്യാഖ്യാനിക്കാം. പക്ഷെ അപ്പറയുന്നതില്‍ യാതൊരു കഥയുമില്ല. മതനിന്ദയും മതവിമര്‍ശനവും തമ്മിലുള്ള വ്യത്യാസം തീരുമാനിക്കാനുള്ള അവകാശം ഇവിടെ പരാതിക്കാരനാണുള്ളത്. ജാമ്യമില്ലാതെ അറസ്റ്റ് ജയിലില്‍ ഇട്ട് കഴിഞ്ഞ ശേഷമേ വിസ്താരവും വിധി പറച്ചിലുമൊക്കെ വരുന്നുള്ളു. തന്റെ വികാരം 'വ്രണപ്പെട്ടു'എന്നൊരാള്‍ അവകാശവാദമുന്നയിച്ചാല്‍ അത് പ്രഥമദൃഷ്ട്യാ അസത്യവല്‍ക്കരിക്കാനാവില്ല((not falsifiable)-അതായത് മറിച്ച് തെളിയിക്കാനാവില്ല. വാക്ക്, നോക്ക്, ആംഗ്യഭാഷ തുടങ്ങിയ നിസ്സാര കാര്യങ്ങള്‍ പോലും ചൂണ്ടിക്കാട്ടാം. ബ്രിട്ടീഷുകാര്‍ പോയിട്ടും അവരുടെ നിയമം പോയില്ല-മതത്തിന് അമിതവും അനിയന്ത്രിതവുമായ ആനുകൂല്യം നല്‍കുന്നതിനാല്‍ തൊട്ടുകളിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും താല്‍പര്യമില്ല. തിരിച്ചായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു എന്നു കാണാന്‍ വിഷമമില്ല. 

സത്യത്തില്‍ ഈ നിയമത്തില്‍ അന്തസത്ത കുറ്റവിചാരണ(prosecution) തന്നെയാണ്. ഒന്നുരണ്ട് റാലികളും കുറച്ച് അക്രമവും നടത്തുന്നതോടെ മതസംഘടനകളുടെ ജോലി കഴിയും. പരാതി വ്യാജവും നിലനില്‍ക്കാത്തതുമാണെന്ന് തെളിഞ്ഞാലും പരാതിക്കാരന് നിസ്സാരമായി കൈ കഴുകാം. ഇത്തരം മിക്ക കേസുകളിലും ആരോപണം 'തോന്നലുകളെ' ആസ്പദമാക്കിയായതിനാല്‍ കോടതിയില്‍ നിലനില്‍ക്കില്ല. ജയില്‍വാസവും നീണ്ട വിചാരണയും കഴിഞ്ഞ് കോടതി വെറുതെവിട്ടാലും അനുഭവിച്ച പീഡനത്തിനും അപമാനത്തിനും ഒറ്റപ്പെടലിനും പരിഹാരമുണ്ടാവില്ലല്ലോ. ഇവിടെ, ആര്‍ക്കു വേണമെങ്കിലും പരാതിക്കാരനാവാം-ആരെ വേണമെങ്കിലും അകത്താക്കാം എന്നതാണവസ്ഥ. ഇതു സംബന്ധിച്ച് സനല്‍ ഇടമറുക് ബ്രിട്ടണിലെ ദി ഗാര്‍ഡിയന്‍ ദിനപത്രത്തിലെ ഹെന്റി മക്‌ഡൊണാള്‍ഡിനോട് പറഞ്ഞതില്‍ എല്ലാമുണ്ട്: പിന്തുണനല്‍കുന്നവരും സുഹൃത്തുകളുമായി പലരും യൂറോപ്പില്‍ ഉണ്ടായിരുന്നത് എന്റെ ഭാഗ്യമെന്നെ പറയാവൂ. ഞാന്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരാളാണ്. കുറഞ്ഞത് അഞ്ച് ഇന്ത്യന്‍ കാബിനറ്റ് മന്ത്രിമാരുമായി ടെലിഫോണ്‍ബന്ധവുമുണ്ട്. പക്ഷെ ഒരു സാധാരണക്കാരന്റെ മേല്‍ മതനിന്ദാക്കുറ്റം ചുമത്തിയാല്‍ എന്തായിരിക്കും അവസ്ഥ? അവരയാളെ അറസ്റ്റ് ചെയ്ത് നേരെ ജയിലിലിടും, ജാമ്യവും നിഷേധിക്കും''. ഭീകരവാദികള്‍ക്കെതിരെ ഉപയോഗിക്കുന്ന നിയമത്തിലും കഠിനമായവയാണ് ശാസ്ത്രബോധം വളര്‍ത്താനും അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതികരിക്കാനും തുനിയുന്നവരെ കാത്തിരിക്കുന്നതെന്നാണ് സനല്‍ പറഞ്ഞത്. 

ഈ കിരാതനിയമത്തിന്റെ താഡനം ഏറ്റുവാങ്ങിയവര്‍ നിരവധിയാണ്. അത്ഭുതകരമെന്ന് പറയട്ടെ, പരസ്പരം നിന്ദിക്കുന്ന മതനേതാക്കള്‍ അപൂര്‍വമായേ ഈ പട്ടികയില്‍ ഉള്‍പ്പെടാറുള്ളു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷണലിസ്റ്റിന്റെ ദേശീയ നിര്‍വാഹകസമിതി അംഗവും ആന്ധ്രപ്രദേശ് റാഷണലിസ്റ്റ് അസ്സോസിയേഷന്‍ പ്രസിഡന്റുമായിരുന്ന ക്രാന്തികര്‍ക്കും ഏതാണ്ട് മൂന്ന് വര്‍ഷത്തിന് മുമ്പ് സമാനമായ അനുഭവമുണ്ടായി. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകൃതമായ ബംഗ്‌ളാദേശ് നോവലിസ്റ്റ് തസ്ലിമ നസ്രീന്റെ ചില ലേഖനങ്ങള്‍ തെലുങ്കിലേക്ക് തര്‍ജമ ചെയ്ത് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചതായിരുന്നു അദ്ദേഹത്തില്‍ ആരോപിതമായ കുറ്റം. ഈ ലേഖനങ്ങളുടെ ഇംഗ്‌ളീഷ് തര്‍ജമ ഏതാണ്ട് ഒരു ദശകമായി പ്രചാരത്തിലുണ്ടെന്ന് മാത്രമല്ല ഇന്റര്‍നെറ്റില്‍ ലഭ്യമാണ് താനും. എന്നാല്‍ പ്രാദേശിക മുസ്‌ളീം സംഘടനകള്‍ അലറിത്തുള്ളിയപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ ക്രാന്തികറെ ജയിലില്‍ അടച്ച് തങ്ങളുടെ ന്യൂനപക്ഷവോട്ട് ബാങ്ക് ഭദ്രമാക്കാനാണ് ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ്സ് സര്‍ക്കാന്‍ തീരുമാനിച്ചത്. ക്രാന്തികര്‍ ജാമ്യത്തിന് അപേക്ഷിക്കാന്‍ പോലും വിസമ്മതിച്ചു. 

സനലിന്റെ കേസ് വാര്‍ത്തകളില്‍ നിറഞ്ഞ അതേ കാലയളവിലാണ് ഹൈദരബാദില്‍ കാര്‍ത്തിക്ക് എന്ന പേരുള്ള ഒരു വിദ്യാര്‍ത്ഥിയെ 295 എ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജാമ്യമില്ലാതെ ജയിലിലാക്കിയിരുന്നു. ഹനുമാന്‍ ജയന്തിക്ക് ആശംസ നേര്‍ന്ന സുഹൃത്തിനോട് 'ദൈവം ഇല്ല' എന്ന് തിരിച്ചുപറഞ്ഞതായിരുന്നു കാര്‍ത്തിക്കിന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. ഒരു നാസ്തികന് മതപരമായ ആശംസകള്‍ നേര്‍ന്നപ്പോള്‍ ഭരണഘടന പ്രദാനംചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ച് അയാള്‍ സ്വന്തം ചിന്താഗതി വ്യക്തമാക്കിയപ്പോള്‍ ജയില്‍ശിക്ഷ ലഭിക്കുന്ന മതേതരരാജ്യം ഇന്ത്യയല്ലാതെ വേറെ കാണുമെന്ന് തോന്നുന്നില്ല. 

295 (ഏ) വീശി ഭീതി വിതയ്ക്കുന്നതില്‍ വിദ്യാര്‍ത്ഥിസംഘടനകളും പിന്നിലല്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്ധ്രാപ്രദേശിലെ ഓസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ബീഫ് ഉത്സവത്തിന്റെ (‘Beef festival’)സംഘാടകര്‍ക്കും അതില്‍ പങ്കെടുത്തവര്‍ക്കുമെതിരെ കാവി വിദ്യാര്‍ത്ഥി സംഘടനകള്‍ കേസ് കൊടുത്തതും ഇതേ വകുപ്പ് പ്രകാരമാണ്. നിങ്ങളുടെ വിശ്വാസവും അവിശ്വാസവും മാത്രമല്ല ആഹാരശീലം കൂടി ഈ വകുപ്പിന് കീഴില്‍ പരിശോധിക്കപ്പെടുമെന്ന് സാരം. മാംസാഹാരം കഴിക്കുന്നത് ജൈനമതക്കാരെയും കാളയിറച്ചി കഴിക്കുന്നത് ഹിന്ദുക്കളെയും പന്നിയിറച്ചി കഴിക്കുന്നത് മുസ്‌ളീങ്ങളുടേയും മതവികാരം വ്രണമെടുത്തുമെന്ന് പറഞ്ഞാല്‍ കോടതിയില്‍ പോയി അല്ലെന്ന് തെളിയിക്കുന്നതു വരെ നിങ്ങള്‍ക്ക് കഷ്ടകാലമാണെന്ന് ഈ വകുപ്പ് സ്ഥാപിക്കുന്നു.

ഹുലിക്കല്‍ നട്‌രാജ് സ്റ്റേറ്റ് ഓഫ് കര്‍ണാടക കേസിലെ(Hulikal Nataraj vs Govt of Karnataka)വിധി ഇവിടെ പരാമര്‍ശമര്‍ഹിക്കുന്നു. കര്‍ണ്ണാടകത്തിലെ പ്രസിദ്ധ യുക്തിവാദിയും ദിവ്യാത്ഭുത അനാവരണവിദഗ്ധനുമാണ് ഹുലിക്കല്‍ നട്‌രാജ്. കൊടക് ജില്ലയിലെ മടിക്കേരി എന്ന സ്ഥലത്തുവെച്ച് നട്‌രാജ് നടത്തിയ ഒരു പ്രസംഗത്തില്‍ ശബരിമലയിലെ മകരജ്യോതി മനുഷ്യനിര്‍മ്മിതമാണെന്ന് പരാമര്‍ശിച്ചത് വലിയ പ്രശ്‌നമായി. കേരളത്തില്‍ ദേവസ്വംബോര്‍ഡും അയ്യപ്പഭക്തരും തലയില്‍ കൈ വെച്ച് സമ്മതിച്ച കാര്യമാണിതെങ്കിലും മതവെറി പൂണ്ട നാട്ടുകാരില്‍ ചിലര്‍ 295 (എ) ചൂണ്ടിക്കാട്ടി പ്രാദേശിക പോലീസ് സ്റ്റേഷനില്‍ നട്‌രാജിനെതിരെ പരാതിപ്പെട്ടു. പരാതി കിട്ടിയതും സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആവേശഭരിതനായി എഫ്.ഐ.ആറും തയ്യാറാക്കി നട്‌രാജിനെ അറസ്റ്റ് ചെയ്യാന്‍ തുനിഞ്ഞിറങ്ങി. ഗത്യന്തരമില്ലാതെ,എഫ്.ഐ.ആര്‍ റദ്ദാക്കി കിട്ടാന്‍ നട്‌രാജ് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചു. ഏതാണ്ട് രണ്ടു വര്‍ഷത്തിന് ശേഷമാണ് കേസില്‍ ഹൈക്കോടതി വിധി വന്നത്! എഫ്.ഐ.ആര്‍ റദ്ദാക്കുക മാത്രമല്ല സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറിയെ കോടതിയില്‍ നേരിട്ടു വിളിച്ചു വരുത്തുകയും ചെയ്ത ഹൈക്കോടതി നട്‌രാജിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച സബ് ഇന്‍സ്‌പെക്ടറുടെ ഇന്‍ക്രിമെന്റ് റദ്ദാക്കാനും ഉത്തരവിട്ടു. മഹാരാഷ്ട്രയില്‍ ധഭോല്‍ക്കര്‍ മതവും ദൈവവും ബുദ്ധിപൂര്‍വം ഒഴിവാക്കി അന്ധവിശ്വാസനിര്‍മാര്‍ജനത്തിന് ശ്രമിച്ചതിന്റെ രഹസ്യം ഇവിടെ വായിച്ചെടുക്കാം. 

ശിവസേനനേതാവ് ബാല്‍താക്കറെ മരിച്ചപ്പോള്‍ കടകളടച്ച് മുംബൈ നഗരം സ്തംഭിപ്പിച്ചതിനെതിരെ നിസ്സാരമായ ഒരു ഫേസ്ബുക്ക് കമന്റിലൂടെ പ്രതികരിച്ചതിനാണ് ഒരു പെണ്‍കുട്ടിയെ മതനിന്ദ ആരോപിച്ച് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ആ കമന്റിന് 'ലൈക്ക്'അടിച്ച കൂട്ടുകാരിയും അറസ്റ്റുചെയ്യപ്പെട്ടു. പിന്നീട് വിട്ടയച്ചെങ്കിലും അറസ്റ്റ് മൂലം പെണ്‍കുട്ടിയും കുടുംബവും സഹിച്ച പീഡനം കടുത്തതായിരുന്നു. ആ സംഭവം അവളുടെ ജീവിതം തന്നെ കീഴ്‌മേല്‍ മറിച്ചുകളഞ്ഞു. കേരളത്തില്‍, ആന്റണി സര്‍ക്കാരിന്റെ കാലത്ത്, അമൃതാനന്ദമയി എന്ന ആള്‍ദൈവത്തെ കുറിച്ച് അനിഷേധ്യവുമായ ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടി ഒരു പുസ്തകം എഴുതിയതിന് യുക്തിവാദി നേതാവായ ശ്രീനി പട്ടത്താനത്തിനെതിരെ കേസെടുക്കാന്‍ ആഭ്യന്തരവകുപ്പിന്റെ മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായതോര്‍ക്കുക. പ്രബുദ്ധരായ കേരളജനത ആ നീക്കം ജനാധിപത്യപരമായി പരാജയപ്പെടുത്തുകയാണുണ്ടായത്. 

രാഷ്ട്രീയക്കാരില്‍ ചിലരെങ്കിലും ഈ നിയമത്തെ പരോക്ഷമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയും ലഭിക്കുന്നുണ്ട്. മന്‍മോഹന്‍സിംഗ്, സോണിയഗാന്ധി എന്നിവരടക്കമുള്ള ഭരണനേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരുന്ന കടുത്ത വിമര്‍ശനങ്ങള്‍ക്ക് മൂക്ക് കയറിടാനായി ചില വിലക്കുകള്‍ കൊണ്ടുവരുന്ന കാര്യം അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിച്ചിരുന്നു. അതിനവര്‍ ഒഴികഴിവായി ചൂണ്ടിക്കാട്ടിയ പ്രധാന കാര്യം'മതവികാരം'വ്രണപ്പെടുത്തുന്ന കമന്റുകളാണ്. മതവികാരത്തിന്റെയും 295(എ) യുടെയും ചെലവില്‍ തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം കൂടി റദ്ദാക്കാന്‍ കിട്ടാന്‍ ഭരണാധികാരികള്‍ കൊതിക്കുന്നതില്‍ കുറ്റപ്പെടുത്താനാവില്ലല്ലോ.

നിന്ദയാണോ വിമര്‍ശനമാണോ മതവികാരികളുടെ മുഖ്യമായ പ്രശ്‌നം? ഉത്തരം കണ്ടെത്താന്‍ പ്രയാസമില്ല. പരമതനിന്ദയുടെ കാര്യത്തില്‍ അതിസമ്പന്നമാണ് മിക്ക മതഗ്രന്ഥങ്ങളും. ഓരോ മതപ്രഭാഷണവും സത്താപരമായി അന്യമതനിന്ദയുടെ ആഘോഷമാണ്. പരമതപുച്ഛമില്ലാത്ത ഏത്ര മതനേതാക്കളുണ്ട്? ചിലരത് ഒളിച്ചുവെച്ച് തന്ത്രപൂര്‍വം നീങ്ങുമ്പോള്‍ മറ്റുചിലര്‍ക്ക് പലപ്പോഴും അറിയാതെ നിയന്ത്രണം നഷ്ടപ്പെടുമെന്ന വ്യത്യാസമേയുള്ളൂ. അന്യമതനിന്ദയാണ് കുറ്റമെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് മതഗ്രന്ഥങ്ങളും അനുബന്ധ രചനകളുമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അമുസ്‌ളീങ്ങള്‍ക്ക് എതിരെ കുര്‍ആനിലും ഹദീസുകളിലുമുള്ള വരികള്‍ക്കെതിരെ ആരെങ്കിലും 295 (എ) പ്രയോഗിച്ചാല്‍ എങ്ങനെയുണ്ടാകും?! 

ഇതര മതഗ്രന്ഥങ്ങളുടെ കാര്യവും ഏറെ ഭിന്നമല്ല. മതങ്ങള്‍ പരസ്പരം പരാതിപ്പെടാത്തതിനാലും മതവിമര്‍ശകരെ പൊതുശത്രുവായി കാണുന്നതിനാലും മിക്കപ്പോഴും ഈ കരിനിയമത്തിന് ഇരയാകുന്നത് മതവിമര്‍ശകരാണ്. പരിഹാസ്യവും അപകടകരവുമായ ഈ കൊളോണിയല്‍ ശാസനത്തിനെതിരെ ശബ്ദിക്കാന്‍ ആരും തയ്യാറാകാത്തത് മതഭയം കൊണ്ടുതന്നെയാണ്. 'ന്യൂനപക്ഷ'ങ്ങള്‍ക്ക് വേണ്ടി സ്വനപേടകം പൊട്ടിച്ച് അലറിത്തിമിര്‍ക്കുന്നവര്‍ക്ക് നാസ്തികര്‍ 'ന്യൂനപക്ഷ'മാണെന്ന് മനസ്സിലാകാതിരിക്കാന്‍ ന്യായമില്ല. പക്ഷെ വെറും ന്യൂനപക്ഷമായതുകൊണ്ട് മാത്രമായില്ലല്ലോ. മറിച്ച് പ്രസ്തുത ന്യൂനപക്ഷം ഒരു മതമായിരിക്കണം, വോട്ട് ബാങ്കായിരിക്കണം, സമൂഹത്തെ മുള്‍മുനയില്‍ നിറുത്തുന്നതായിരിക്കണം. ജൈന-ബുദ്ധ മതക്കാരും പാഴ്‌സികളും ജൂതരുമൊക്കെ ഇന്ത്യയിലെ യഥാര്‍ത്ഥ 'മതന്യൂനപക്ഷ'മായിരിക്കാം. പക്ഷെ അവരുടെ കാര്യത്തിലും മേല്‍പ്പറഞ്ഞ ഗുണങ്ങളെല്ലാം ഒത്തുചേരാത്തതിനാല്‍ ആരാധകരുടെ എണ്ണം കുറവാണ്. 

പാകിസ്ഥാനില്‍ നിന്നും മതനിന്ദാക്കുറ്റത്തിന്റെയും കൊലകളുടെയും വാര്‍ത്തകള്‍ വരുമ്പോള്‍ നമുക്കതൊന്നും ബാധകമല്ലെന്ന് ആശ്വസിക്കാറുണ്ട്. വധശിക്ഷ ഒഴിച്ചു നിറുത്തിയാല്‍, ഇന്ത്യ താലിബാനിസത്തിലേക്കുള്ള ദൂരം ക്രമേണ നടന്നുതീര്‍ക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏകമതസര്‍വാധിപത്യമില്ലെങ്കിലും മതം രാഷ്ട്രശരീരത്തെ പെരുമ്പാമ്പിനെപ്പോലെ ചുറ്റി വരിഞ്ഞിരിക്കുന്നു. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പറയാന്‍ സ്വാതന്ത്ര്യമുള്ള രാജ്യത്ത് ജോസഫ് മാഷിനെപ്പോലുള്ളവര്‍ക്ക് മതക്കോടതിയുടെ വിധി പ്രകാരം കൈ നഷ്ടപ്പെടുകയാണ്. ജോസഫ് മാഷ് തെറ്റ് ചെയ്‌തെങ്കില്‍ എന്തുകൊണ്ട് 295(എ) പ്രകാരം പ്രോസിക്ക്യൂട്ട് ചെയ്യുന്നതില്‍ ഒതുങ്ങിയില്ലെന്ന ചോദ്യം ബാക്കിയാവുന്നു. നിയമം ചൂഷണം ചെയ്തും നിയമാതീതമായും മതം നിര്‍ബാധം പതഞ്ഞൊഴുകുകയാണെന്ന സൂചനയാണവിടെ കടന്നുവരുന്നത്. ഭരണാധികാരികളും രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും മതഭീതിയില്‍ ആഴ്ന്നിറങ്ങിയ, മതം അനുഭവിക്കുന്ന സ്വാതന്ത്ര്യം മതരഹിതര്‍ക്കും മതേതര്‍ക്കും നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ നാഗരികതയുണ്ടെന്ന് പറയാനാവുമോ? സമൂഹം ജീര്‍ണ്ണിക്കുമ്പോഴാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കരിനിയമങ്ങളും തഴച്ചുവളരുന്നത്. വിളക്കുമരങ്ങള്‍ തമോശക്തികള്‍ തച്ചുതകര്‍ക്കുമ്പോള്‍, ധഭോല്‍ക്കറും സഞ്ജയും സനലും ചോദ്യചിഹ്നങ്ങളായി മാറുമ്പോള്‍ മാനഭംഗം ചെയ്യപ്പെടുന്നത് രാജ്യത്തിന്റെ ഭരണഘടന തന്നെയാണ്. ***
(This article was published in Pachakutira Magazine Oct, 2013)