ശാസ്ത്രം വെളിച്ചമാകുന്നു

Sunday 17 March 2013

63. പ്രവചിക്കാത്ത കഥകള്‍

നമ്മുടെ സമൂഹത്തില്‍ വളരെയധികം വേരോട്ടമുള്ള പ്രവചനവിദ്യകളില്‍ ഒന്നാണല്ലോ ജ്യോതിഷം. ജ്യോതിഷത്തെ കുറിച്ചു പ്രതിപാദിക്കുമ്പോള്‍ പരക്കെ ഉദ്ധരിക്കപ്പെടുന്ന കഥയാണ് 'മന്ത്രിയും ജ്യോതിഷിയും'. സ്വാമി വിവേകാന്ദനും മറ്റും ഈ കഥ പരാമര്‍ശിച്ച് കണ്ടിട്ടുണ്ട്. ഈ കഥയ്ക്ക് നിരവധി വകഭേദങ്ങളും നിലവിലുണ്ട്. മൂലകഥയില്‍ കൊട്ടാരംജ്യോതിഷി, അന്ധവിശ്വാസിയായ രാജാവ്, ബുദ്ധിമാനായ ഒരു മന്ത്രി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള്‍. കഥയിങ്ങനെ: രാജാവിന് തന്റെ ജ്യോതിഷിയില്‍ വലിയ വിശ്വാസമാണ്. ജ്യോതിഷി നടത്തിയ പല പ്രവചനങ്ങളും അപ്പടി തന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളതായി രാജാവ് വിശ്വസിക്കുന്നു. അങ്ങനെയിരിക്കെ ഒരു നാള്‍ ജ്യോതിഷി ഒരു ഘോരപ്രവചനം നടത്തി രാജ്യത്തെ തന്നെ ഞെട്ടിച്ചുക്കളഞ്ഞു: രാജാവ് ഒരു മാസത്തിനുള്ളില്‍ മരിക്കും! പ്രവചനം കേട്ടതും രോഗമേതുമില്ലാതിരുന്ന രാജാവിന്റെ പകുതി പ്രാണന്‍ അപ്പോഴേ പോയി. രാജാവിനേക്കാള്‍ അന്ധവിശ്വാസികളായിരുന്ന ബന്ധുക്കളും കൊട്ടാരവാസികളും ജനങ്ങളും അമ്പരന്നു, ശോകാര്‍ത്തരായി വിലപിച്ചു.

ദു:ഖവും ഭയവും സഹിക്കാനാവാതെ രാജാവ് ദീനംപിടിച്ച് കിടപ്പിലായി. ആഹാരം വേണ്ട, കുളിയും ജപവുമില്ല, വിനോദങ്ങള്‍ ഒന്നുമില്ല, രാജ്യകാര്യങ്ങളില്‍ തീരെ ശ്രദ്ധയില്ലാതെയായി.... രാജ്ഞിയുള്‍പ്പെടെ പലരും സമാശ്വസിപ്പിക്കാന്‍ നോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനിടെ പലതവണ പ്രവചനം പുന: പരിശോധിക്കാന്‍ ജ്യോതിഷിയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായി. വീണ്ടും വീണ്ടും ഗണിച്ചിട്ടും ജ്യോതിഷി പഴയ പ്രവചനത്തില്‍ ഉറച്ചുനിന്നു. രാജാവ് ഏതാണ്ട് മരിച്ചവനെപോലെ ദിവസങ്ങള്‍ തള്ളിനീക്കി. ഈ അവസ്ഥയിലാണ് ബുദ്ധിമാനായ മന്ത്രി പ്രവേശിക്കുന്നത്. മന്ത്രി ജ്യോതിഷിയെ ഒരിക്കല്‍ക്കൂടി കൊട്ടാര സദസ്സിലേക്ക് ക്ഷണിച്ചു. അന്തിമമായി പ്രവചനം ഒന്നുകൂടി വിലയിരുത്താന്‍ രാജാവിനെകൊണ്ട് തന്നെ ആജ്ഞാപിപ്പിച്ചു. വീണ്ടും പഴയപടി കവടി നിരത്തിയ ജ്യോതിഷി ഫലത്തില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു: രാജാവിന് ഇനി ഏറെ നാളില്ല! ജ്യോതിഷിയും ദു:ഖിതനായി കാണപ്പെട്ടു. താന്‍ നിസ്സഹായനാണെന്നയാരുന്നു അയാളുടെ ഭാവം. വിധി ഒഴിവാക്കാന്‍ എന്തെങ്കിലും ഉപായമുണ്ടോ എന്ന് സഹികെട്ട മന്ത്രി ആരാഞ്ഞപ്പോള്‍ ജ്യോതിഷി നിഷേധഭാവത്തില്‍ ഉത്തരം നല്‍കി. ''വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ല, വിധിക്കപ്പെട്ടത് അനുഭവിക്കുക തന്നെ വേണം''.

ഇതുംകൂടി കേട്ടതോടെ മന്ത്രി ജ്യോതിഷിയോട് മറ്റൊരു ചോദ്യം ചോദിച്ചു: ''താങ്കള്‍ കീര്‍ത്തികേട്ട പ്രവാചകനാണല്ലോ? അങ്ങ് എത്ര വര്‍ഷം ജീവിച്ചിരിക്കുമെന്ന് ഒന്ന് പ്രവചിക്കാമോ?''

ജ്യോതിഷി വളരെ നിസ്സാരഭാവത്തില്‍ ഈ ആവശ്യത്തെ നേരിട്ടു: ''അതിനെന്താ പ്രയാസം?! എന്റെ ജാതകം ഞാന്‍ പലവുരു പഠിച്ച് തിട്ടപ്പെടുത്തിയിട്ടുള്ളതാണ്. വിധിപ്രകാരം ഞാന്‍ 77 വയസ്സുവരെ ജീവിക്കും, ബാക്കിയൊക്കെ ഈശ്വരകൃപ'
''ഉറപ്പാണോ?'' -മന്തിയുടെ ചോദ്യം.
''എന്റെ ജാതകം പറയുന്നത് അതാണ്. പിന്നെ ഞാനെന്തിന് സംശയിക്കണം?''
''താങ്കള്‍ക്ക് ഇപ്പോള്‍ പ്രായമെത്ര?''
''നാല്‍പത്തിയെട്ട്''
ജ്യോതിഷി സ്വന്തം പ്രായം വെളിപ്പെടുത്തിയതും നിമിഷ നേരത്തിനുള്ളില്‍ മന്ത്രി തന്റെ വാള്‍ പുറത്തെടുത്ത് ഒരൊറ്റ വെട്ടിന് ജ്യോതിഷിയുടെ ശിരസ്സ് വെട്ടി രാജാവിന്റെ മുമ്പിലിട്ടു! സദസ്സാകെ വിറങ്ങലിച്ചുപോയി.

''നോക്കൂ രാജാവേ, അങ്ങ് ഏതാനും ദിവസങ്ങള്‍ കൂടിയേ ജീവിച്ചിരിക്കൂ എന്ന് പറഞ്ഞവനാണ് ഈ ജ്യോതിഷി. പക്ഷെ ഇയാളൊരു ചതിയനാണ്. സ്വന്തം കാര്യത്തില്‍പോലും അയാള്‍ നടത്തിയ പ്രവചനംപോലും ഫലിച്ചില്ല. അങ്ങനെയൊരാളുടെ പാഴ് വാക്കുകള്‍ കേട്ട് അങ്ങ് സ്വയം ശിക്ഷിക്കുന്നത് സഹിക്കാന്‍ വയ്യാത്തതിനാലാണ് ഞാന്‍ ഈ അരുംകൊല നടത്തിയത്. ഞാനെന്റെ രാജാവിനേയും രാജ്യത്തേയും രക്ഷിക്കാനാണ് ശ്രമിച്ചത്. അതെന്റെ കര്‍ത്തവ്യമാണ്. സത്യാവസ്ഥ ബോധ്യമായെങ്കില്‍ അങ്ങ് സ്വയം ഉയര്‍ത്തെഴുന്നേല്‍ക്കുക, അല്ലെങ്കില്‍ എന്നെ ശിക്ഷിച്ചു കൊള്ളുക''
ആദ്യമൊന്നമ്പരന്നെങ്കിലും കാര്യം മനസ്സിലായ രാജാവ് പെട്ടെന്ന് മന്ത്രിയെ മാറോടണച്ച് ആശ്‌ളേഷിക്കുകയും പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്ന് രാജ്യം ഭരിക്കുകയും ചെയ്‌തെന്ന് പറയുന്നിടത്ത് കഥ സമാപിക്കുന്നു.

ജ്യോതിഷത്തിന്റെ പൊള്ളത്തരം വെളിവാക്കാന്‍ പറയുന്ന ഈ കഥ അവിടെ നില്‍ക്കട്ടെ. ഇതിന്റെ നിരവധി വകഭേദങ്ങള്‍ പ്രാചാരത്തിലുണ്ടെന്ന് സൂചിപ്പിച്ചല്ലോ. എല്ലാം സമാനമായ തിരക്കഥ തന്നെ. കഥാഗതിയിലും കഥാപാത്രങ്ങളില്‍ മാത്രം ചെറിയ വ്യത്യാസം മാത്രം. അതില്‍ ഒരു കഥയില്‍ ജ്യോതിഷിയെ കൊല്ലുന്നില്ല. പകരം ഒരേ സമയം വിരിഞ്ഞിറങ്ങിയ കൊട്ടാരത്തിലെ നാല് തത്തകളില്‍ ഒന്നിന്റെ ആയുസ്സ് പറയാനാണ് മന്ത്രി ആവശ്യപ്പെടുന്നത്. തത്ത ജനിച്ച ദിവസവും സമയവും പറഞ്ഞുകൊടുക്കുന്നു. ജ്യോതിഷി ഗണിച്ച് നോക്കിയശേഷം 3 വര്‍ഷം കൂടി തത്തയ്ക്ക് ആയുസ്സ് കല്‍പ്പിക്കുന്നു. ഇതുകേട്ടതും മന്ത്രി തത്തയെ പിടിച്ച് വെട്ടിക്കൊല്ലുന്നു. കണ്ടു നിന്ന ജ്യോതിഷി ഇളിഭ്യനായി തലതാഴ്ത്തുന്നു. രാജാവ് അവശതകളും ഭയാശങ്കകളും വിട്ട് പഴയപോലെ ഊര്‍ജ്ജസ്വലനായി പഴയപോലെ രാജ്യം ഭരിക്കുന്നു, ജ്യോതിഷിയെ നാടു കടത്തുന്നു. ഈ കഥയില്‍ നരഹത്യയില്ലാത്തതിനാല്‍ പലര്‍ക്കും ആശ്വാസം തോന്നുന്നുണ്ടാവും.

ഈ കഥയ്ക്ക് ജ്യോതിഷക്കാര്‍ ഒരു മറുകഥ ചമയ്ക്കാറുണ്ട്. അതിങ്ങനെ: തത്തയുടെ ആയുസ്സ് ജ്യോതിഷി ഗണിച്ചു പറഞ്ഞതും ജ്യോതിഷത്തെ പുച്ഛിച്ചിരുന്ന മന്ത്രി തത്തകളെ കൊണ്ടു വരാന്‍ ആജ്ഞാപിച്ചു. തത്തകളെ ഹാജരാക്കിയപ്പോള്‍ അതിനൊന്നിനെ കൊല്ലാനായി ഒരു കയ്യില്‍ തത്തയും മറുകയ്യില്‍ വാളുമായി മന്ത്രി രാജാവിന്റെ മുന്നിലെത്തി. രാജാവിനെ സാക്ഷിനിര്‍ത്തി ആ സാധുപ്രാണിയെ കൊല്ലാനായി മന്ത്രി വാളുയര്‍ത്തിയതും കയ്യിലിരുന്ന തത്ത പ്രാണഭയംകൊണ്ടു പിടച്ചു ചിറകടിച്ചു. ഒരുനിമിഷം അന്ധാളിച്ചുപോയ മന്ത്രിയുടെ കയ്യില്‍നിന്നും തത്ത വഴുതി നിലത്തുവീണു. വീണ്ടും അതിനെ പിടിക്കാനാഞ്ഞതും അത് ചിറകടിച്ച് പുറത്തേക്ക് പാഞ്ഞ് കൊടുംകാട്ടില്‍ മറഞ്ഞു. അപ്പോള്‍ വിജയശ്രീലാളിതനായ ജ്യോതിഷി പറഞ്ഞുവത്രെ: ''പ്രിയപ്പെട്ട രാജാവേ മന്ത്രി ഇപ്പോള്‍ വിധിയെ തടയാന്‍ ശ്രമിച്ച് സ്വയം പരിഹാസ്യനായത് കണ്ടാലും. ആ തത്ത കാനനത്തിലുണ്ടാവും, മൂന്ന് വര്‍ഷം കൂടി ജീവിക്കുകയും ചെയ്യും''

ജ്യോതിഷിയുടെ ഈ വാക്കുകള്‍ കേട്ടതും രാജാവ് സ്തബ്ധനായി നലംപതിച്ചു. പിന്നെ അദ്ദേഹം എഴുന്നേറ്റില്ല. രണ്ട് പ്രവചനങ്ങളും ശരിയാണെന്ന് വന്നതു കണ്ട് കോപ്രാകാന്തനായ മന്ത്രി തന്റെ വാള്‍ വീശി സത്യസന്ധനും അമൂല്യപ്രതിഭയുമായ ആ ജ്യോതിഷപണ്ഡിതനെ നിഷ്‌ക്കരുണം വധിച്ചു കളഞ്ഞുവത്രെ. എങ്ങനെയുണ്ട് പ്രതികഥ?!
സാധാരണ തട്ടിപ്പികാരനും ചൂഷകനുമായി വിലയിരുത്തപ്പെടുന്ന ജ്യോതിഷി ഇവിടെ സത്യംപറഞ്ഞതിന്റെ പേരില്‍ ബലിയാടായ മഹാത്മാവായി. നോക്കൂ ഒരു കഥയുടെ രണ്ട് വകഭേദങ്ങള്‍. ഈ കഥകള്‍ രണ്ട് പക്ഷങ്ങളില്‍ നിന്ന് വരുന്നവയാണ്. അവരവരുടെ ഭാഗം ന്യായീകരിക്കാനായാണ് ഈ കഥകള്‍ മെനഞ്ഞെടുത്തിരിക്കുന്നത്. അവിടെ വരെ കുഴപ്പമില്ല. പക്ഷെ നാം ഈ കഥകളെ യുക്തിസഹമായ ഒരു വിശകലനത്തിന് വിധേയമാക്കിയാല്‍ നെല്ലുംപതിരും ഇവിടെ വെച്ച് തന്നെ തിരിയാം.

ജ്യോതിഷി രക്തസാക്ഷിയാകുന്ന കഥയില്‍ ജ്യോതിഷി പറയുന്നതൊക്കെ അച്ചട്ടാണ്. പക്ഷെ അയാള്‍ തന്നെക്കുറിച്ചോ തന്റെ ആയുസ്സോ വ്യക്തമാക്കുന്നില്ല. അതിനാല്‍ അയാളെ വധിക്കുന്നതിലൂടെ മന്ത്രി ഒന്നും സ്ഥാപിക്കുന്നില്ല, ഒരു ഹീന കൃത്യം കൂടി ചെയ്യുന്നുവെന്നല്ലാതെ. തത്തയെ കുറിച്ച് അയാള്‍ നടത്തിയ പ്രവചനം മന്ത്രി കിണഞ്ഞു ശ്രമിച്ചിട്ടും ഒഴിവാക്കാനുമായില്ല. ആകെക്കൂടി ജ്യോതിഷി സൂപ്പര്‍മാന്‍! മന്ത്രി തീര്‍ത്തും വിവരംകെട്ടവന്‍!

എന്നാല്‍ ആദ്യകഥയിലാകട്ടെ, ജ്യോതിഷി വിഡ്ഢിയും നിസ്സഹായനുമാണ്. കാരണം അയാള്‍ തന്റെ ആയുസ്സിനെ സംബന്ധിച്ച് കൃത്യമായ ഒരു പ്രവചനം നടത്തി സ്വയം ശവമായി. സാമാന്യബോധമുള്ള ഒരാള്‍ ചെയ്യാന്‍ പാടില്ലാത്തതാണത്. പക്ഷെ അതിനെക്കാള്‍ വലിയ വിഡ്ഢിത്തരമായിരുന്നു രാജാവ് ഒരു മാസത്തിനകം മരണമടയുമെന്ന പ്രവചനം. കൊട്ടാരത്തില്‍ തങ്ങുന്ന ആരോഗ്യവാനായ രാജാവ് ആധി മൂത്ത് ഹൃദയസ്തംഭനമോ മറ്റോ വന്ന് മരിക്കുന്നതല്ലാതെ കൃത്യമായും ഒരു മാസത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത താരതമ്യേന കുറവാണ്. കാന്‍സര്‍ സെന്ററില്‍ മരണാസന്നരായി കിടക്കുന്ന രോഗി മരിക്കുമെന്ന് പറയാം. ചികിത്സയോട് നന്നായി പ്രതികരിച്ച് ക്രമേണ മെച്ചപപ്പെടുന്നതിന്റെ സൂചനകള്‍ കാണിക്കുന്ന രോഗി രക്ഷപെടുമെന്നും പ്രവചിക്കാം. പക്ഷെ അതേ ലാഘവത്തോടെ ഇവിടെ പ്രവചനം നടത്താനാവില്ല. ഇവിടെ ജ്യോതിഷി വിജയിക്കണമെങ്കില്‍ രാജാവ് കൂടി വിചാരിക്കണം എന്ന അവസ്ഥയാണ്!അല്ലെങ്കില്‍ ആരെ കൊണ്ടെങ്കിലും രാജാവിനെ കൊല്ലിക്കണം!

പക്ഷെ മറ്റൊരു രീതിയില്‍ ചിന്തിക്കുക, നിങ്ങള്‍ എത്ര വര്‍ഷം കൂടി ജീവിച്ചിരിക്കും എന്ന് ചോദിക്കുമ്പോള്‍ ജ്യോതിഷിക്ക് എന്ത് മറുപടിയാണ് നല്‍കാനാവുക? ഒരു മറുപടിയും നല്‍കാനാവില്ല എന്നതാണ് വാസ്തവം. അതായത് ജ്യോതിഷി ഏത് സമയം പറഞ്ഞാലും ആ സമയത്തില്‍ നിന്നും വ്യത്യാസപ്പെടുത്തി മന്ത്രിക്ക് അയാളെ കൊല്ലാം. ചുരുക്കത്തില്‍ ഇതു സംബന്ധിച്ച് ഒരു പ്രവചനം അസാധ്യമാണ്. പ്രവചനം നടത്താന്‍ വിസമ്മതിച്ചാല്‍ അത് കഴിവില്ലായ്മയുടെ സാക്ഷ്യപത്രമായി വിശേഷിപ്പിക്കപ്പെടുകയും ചെയ്യും. ഇനി തന്ത്രപരമായി നീങ്ങി, പണ്ട് ശ്രീരാമകൃഷ്ണപരമഹംസന്‍ നരേന്ദ്രനോട്(സ്വാമി വിവേകാന്ദന്‍) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന കഥയിലെന്നപോലെ ''എന്റെ ജീവന്‍ അങ്ങയുടെ കൈകളിലാണ്'' എന്നെങ്ങാനുമുള്ള യുക്തിവാദ വിശകലനം ജ്യോതിഷി തദവസരത്തില്‍ നടത്തിയാല്‍ അത് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമാകുകയുമില്ല.


''ഒഴിഞ്ഞുമാറാതെ ആയുസ്സ് പ്രവചിക്കൂ'' എന്ന് മന്ത്രിക്ക് ആവശ്യപ്പെടാം. മാത്രമല്ല ജ്യോതിഷമനുസരിച്ച് ജനനസമയത്ത് തന്നെ ഒരാളുടെ ജീവിതവിധി നിശ്ചയിക്കപ്പെടും. അത് മാറ്റിമറിക്കാന്‍ മനുഷ്യനാവില്ല. എന്നാലിവിടെ അചഞ്ചലം എന്നു വാഴ്ത്തപ്പെടുന്ന വിധി മാറ്റിമറിക്കാന്‍ മന്ത്രിക്ക് കഴിയുമെന്നു വരുന്നു. അതായത് ജ്യോതിഷി എപ്പോള്‍ മരിക്കണമെന്ന് തീരുമാനിക്കുന്നത് ജാതകഫലമോ ഗ്രഹനിലയോ അല്ല മറിച്ച് മന്ത്രിയാണ്. അയാള്‍ വിചാരിച്ചാല്‍ ജ്യോതിഷിയെ കൊല്ലാം-കൊല്ലാതിരിക്കാം. ഇത്രയേ ഉള്ളൂ അചഞ്ചലമായ വിധിയുടെ കാര്യം!

ഇനി, കുറേക്കൂടി ബുദ്ധിപരമായി ''ഭാവിയില്‍ ഞാനെപ്പോള്‍ മരിക്കണമെന്ന് മന്ത്രി തീരുമാനിക്കും എന്നാണെന്റെ ജാതകഫലം പ്രവചിക്കുന്നത്'' -എന്ന് ജ്യോതിഷി പറയുന്നുവെന്നിരിക്കട്ടെ. അങ്ങനെ വന്നാല്‍ മന്ത്രിക്ക് കാര്യങ്ങള്‍ എളുപ്പമായതായി തോന്നാം. കാരണം പ്രവചനം തെറ്റിക്കാനായി ജ്യോതിഷിയെ വെറുതെ വിട്ടാല്‍ മതിയല്ലോ. പക്ഷെ അവിടെയൊരു പിടിവള്ളി ജ്യോതിഷിക്ക് കിട്ടുന്നുണ്ട്. അതായത്, ആ സമയത്ത് കൊല്ലാതെ വിടുന്നുവെങ്കിലും 'ഭാവിയില്‍' തന്നെ കൊല്ലുന്നത് മന്ത്രി തന്നെയായിരിക്കും എന്ന് ജ്യോതിഷിക്ക് വാദിച്ചുനില്‍ക്കാം. ഭാവിയില്‍ എന്ന പദമാണ് ഇവിടെ ജ്യോതിഷിയെ രക്ഷിക്കുക. കാരണം ഭാവിയില്‍ എല്ലാവരും മരിക്കുമല്ലോ!! സത്യത്തില്‍ ഇത് തന്നെയാണ് ജ്യോതിഷത്തിലെ അടിസ്ഥാന ലുടുക്ക് വിദ്യ! ഭാവിയെന്നാല്‍ എപ്പോള്‍ വേണമെങ്കിലുമാകാം. മന്ത്രി ജ്യോതിഷിയെ എപ്പോള്‍ വധിച്ചാലും ജ്യോതിഷപ്രവചനം ശരിയായി. വധിച്ചില്ലെങ്കിലും ജ്യോതിഷി ജീവിച്ചിരിക്കുന്നിടത്തോളം പ്രവചനം തെറ്റാണെന്ന് തെളിയുന്നില്ല!

''ഒന്നുകില്‍ അങ്ങയെ വിവാഹം ചെയ്യും, അല്ലെന്നാകില്‍ ഞാന്‍ മരിക്കും''എന്നു ഘോരശപഥം ചെയ്ത് കാമുകനെ ഞെട്ടിച്ചശേഷം ശപഥം അക്ഷരംപ്രതി നടപ്പിലാക്കുന്ന കാമുകിമാരുണ്ട്. എന്നുകരുതി അവര്‍ ആ 'അങ്ങയെ' തന്നെ വിവാഹം ചെയ്ത് ജീവിതം കോഞ്ഞാട്ടയാക്കുമെന്ന് ധരിക്കരുത്;പകരം അവര്‍ എളുപ്പമുള്ള രണ്ടാമത്തെ തീരുമാനം നടപ്പിലാക്കും! പകരം വേറെ കൊള്ളാവുന്ന ആരെയെങ്കിലും വിവാഹം കഴിച്ച് ദാമ്പത്യത്തിന്റെ പ്‌ളാറ്റിനം ജൂബിലിയും ആഘോഷിച്ച് അവസാനം നരച്ചുകുരച്ച് മരിക്കും!

പക്ഷെ ഈ കുതന്ത്രം തിരിച്ചറിഞ്ഞ് ''അല്ലയോ ജ്യോതിഷീ, നിങ്ങള്‍ പറഞ്ഞത് രാജാവ് 30 ദിവസത്തിനുള്ളില്‍ മരിക്കുമെന്നാണ്. പക്ഷെ നിങ്ങളുടെ കാര്യത്തില്‍ മാത്രം എന്തുകൊണ്ട് താളംതുള്ളുന്നു? നിങ്ങള്‍ കൃത്യമായി എപ്പോള്‍ മരിക്കുമെന്ന് പറയൂ? ഭാവിയില്‍ മരിക്കുമെന്ന് ആര്‍ക്കും ആരെക്കുറിച്ചും എപ്പോള്‍ വേണമെങ്കിലും പറയാവുന്ന കാര്യമാണ്. അതൊരു പ്രവചനമല്ല''എന്ന് മന്ത്രി നിര്‍ബന്ധം പിടിച്ചാല്‍ ജ്യോതിഷി വീണ്ടും കഷ്ടത്തിലാകും. എപ്പോള്‍ അല്ലെങ്കില്‍ എത്ര ദിവസം എന്ന് പറഞ്ഞാല്‍ അതോടെ ജ്യോതിഷിയുടെ മരണവാറണ്ട് കൈപ്പറ്റുകയാണ്. മന്ത്രിയുടെ കൈകളിലാണ് ജീവനിരിക്കുന്നതെന്ന് പറഞ്ഞ സ്ഥിതിക്ക് വേറൊരാള്‍ ചാടി വീണ് കൊന്നാലും വിവേകമുദിച്ച് രാജാവ് തന്നെ കൊല്ലാന്‍ ഉത്തരവിട്ടാലും ജ്യോതിഷി റദ്ദാക്കപ്പെടും. ജ്യോതിഷി കൃത്യമായ ഒരു പ്രവചനം (specific statement)നടത്തിയതാണ് ഇതിന് കാരണമെന്ന് മറക്കാതിരിക്കുക. തൊഴിലറിയുന്ന ഒരു ജ്യോതിഷിയും ചെയ്യാന്‍ പാടില്ലാത്തതാണത്!

ഭാവിയില്‍ സംഭവിക്കുമെന്ന നിലയില്‍ ഒരു കാര്യം കൃത്യമായി പ്രവചനരൂപത്തില്‍ അവതരിപ്പിച്ചാല്‍ നാം കുരുക്കിലായി എന്നാണര്‍ത്ഥം. അല്ലെങ്കില്‍ അത് സ്വയമേ സംഭവിക്കുന്ന കാര്യങ്ങളായിരിക്കണം. ഉദാഹരണമായി പ്രകൃത്യ ഉള്ള സംഭവങ്ങള്‍: മഴ, വരള്‍ച്ച, പ്രളയം.....ഇത്യാദിയൊക്കെ. പക്ഷെ അക്കാര്യങ്ങളിലൊന്നും പ്രവചിക്കുന്ന ആള്‍ക്കും വലിയ ഉറപ്പുണ്ടാവില്ലെന്നത് വേറെ കാര്യം. കാലവര്‍ഷക്കാലത്ത് മഴ പ്രവചിക്കുന്നതോ വേനലില്‍ വരള്‍ച്ച പ്രവചിക്കുന്നതോ പ്രവചനമാകില്ല. ഒരു സംഭവ്യത(event)മായി ബന്ധപ്പെട്ട പശ്ചാത്തലവും സാഹചര്യങ്ങളും വസ്തുതകളും(background, conditions and facts
) സസൂക്ഷ്മം പഠിച്ച് നടത്തുന്ന ഊഹങ്ങള്‍/നിഗമനങ്ങള്‍( (guesstimations and conclusions) എന്നിവയൊന്നും പ്രവചനങ്ങളല്ല. അതൊക്കെ സാമാന്യബുദ്ധിയുള്ള ആര്‍ക്കും സാധിക്കുന്ന കാര്യങ്ങള്‍ മാത്രം. സാധാരണനിലയില്‍ ആര്‍ക്കും കണ്ടെത്താനാവാത്തതും നിലവിലുള്ള സംഭവഗതിയുമായി പൊരുത്തപ്പെടാത്തതുമായ കാര്യങ്ങള്‍ അവതരിപ്പിച്ചാലേ അതിനെ'പ്രവചനം'എന്നു വിളിക്കാനാവൂ.

അതുകൊണ്ടു തന്നെയാണ് കേവലം 'ഊഹാപോഹപടു' മാത്രമായ ജ്യോതിഷി ഒരു പ്രവചനവും നടത്താറില്ല എന്ന വാദമുയരുന്നത്. ഒരു ഉത്തമ പ്രവചനത്തിന് അവശ്യം വേണ്ട ഗുണങ്ങള്‍ പ്രാപഞ്ചികത്വം(Universality), അസത്യവല്‍ക്കരണക്ഷമത(Falsifiable), ആവര്‍ത്തനക്ഷമത(ഞലുലമമേയശഹശ്യേ), പ്രയോജനപരത(ഡശേഹശ്യേ) എന്നിവയാണ്. അതായത് അത് എല്ലാക്കാലത്തും എല്ലായിടത്തും സാധുവാകണം, ഏത് സാഹചര്യത്തിലും ആവര്‍ത്തിക്കാന്‍ കഴിയണം. പ്രവചനം തെറ്റാണെന്ന് തെളിയിക്കാന്‍ താല്‍പര്യമുളളവര്‍ക്ക് അതിനുള്ള അവസരമുണ്ടാകണം, അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകണം. പ്രയോജനം സംബന്ധിച്ച നിബന്ധന തല്‍ക്കാലം വിട്ടുകളഞ്ഞാലും ബാക്കി മൂന്നും നിര്‍ബന്ധമാണ്.

ഇന്ന് മഴ പെയ്യിക്കാനും മാറ്റി വെക്കാനുംവരെ മനുഷ്യന് കഴിയുന്നുണ്ട്. ബെയിജിംഗില്‍ നിന്നും രണ്ടാഴ്ചക്കാലം മഴമേഘങ്ങളെ തുരത്തിയാണ് ചൈന ഒളിമ്പിക്‌സ് നടത്തിയത്. തനിയെ സംഭവിക്കുന്നതും മനുഷ്യന് നിയന്ത്രണവുമില്ലാത്തതുമായ കാര്യങ്ങളിലൊന്നും പ്രവചനം സാധ്യമല്ല. ഞാന്‍ നാളെ കോഴിയിറച്ചി തിന്നുമെന്നോ അടുത്തമാസം വിദേശത്തേക്ക് പോകുമെന്നോ ഒരാള്‍ക്കും മുന്‍കൂട്ടി പ്രവചിക്കാനാവില്ല. കാരണം അങ്ങനെയൊരു പ്രവചനം ആരെങ്കിലും നടത്തിയെന്ന് അറിഞ്ഞാല്‍ എതിര്‍ദിശയില്‍ സഞ്ചരിച്ച് എനിക്കത് തകര്‍ക്കാനാവും. എന്നാല്‍ ഇതിന് നേരെ വിപരീതമായ കാര്യങ്ങള്‍ കൂടി അതേയാള്‍ സൂചിപ്പിച്ചാല്‍ ഞാന്‍ കുടുങ്ങിയത് തന്നെ. അതായത് ചില ഗ്രഹങ്ങളുടെ സ്വാധീനം കാരണം ഞാന്‍ നാളെ കോഴിയിറച്ചി കഴിക്കാതിരുന്നാലും അടുത്ത മാസം വിദേശത്ത് പോകാതിരുന്നാലും അത്ഭുതപ്പെടേണ്ടതില്ല എന്നു കൂടി ജ്യോതിഷി പറഞ്ഞാല്‍ എനിക്കെന്ത് ചെയ്യാനാവും? സാധ്യമായ എല്ലാ ഫലവും സമര്‍ത്ഥമായി കൂട്ടിക്കെട്ടി അവ്യക്തമായ രീതിയില്‍ പ്രസ്താവന അവതരിപ്പിക്കുന്നതിനെയാണ് നാം 'മഴവില്‍ കുതന്ത്രം'(ഠവല ഞമശിയീം ഞൗലെ) എന്നു പറയുന്നത്. ഏതൊരു സംഭവ്യതയുടേയും സാധ്യതയുള്ള പരിണിതഫലങ്ങളൊക്കെ തന്ത്രപൂര്‍വം ഒരു മഴവില്ലിലെ വര്‍ണ്ണങ്ങള്‍ പോലെ കൂട്ടിയിണക്കി അവതരിപ്പിക്കുന്ന രീതിയാണ് മഴവില്‍ കുതന്ത്രം. ജ്യോതിഷം ഉള്‍പ്പെടെയുള്ള എല്ലാ പ്രവചനവിദ്യകളുടേയും പ്രാണവായുമാണ് ഇത്തരം പ്രസ്താവനകള്‍.

അപ്പോള്‍ നാം തത്ത പറന്നുപോയ ജ്യോതിഷക്കാരന്റെ കഥ കൂടി പരിഗണിക്കണം. ജ്യോതിഷക്കാരന്‍ മുട്ടാപ്പോക്കായി ഉണ്ടാക്കിയ ഒന്നാണെങ്കിലും തീരെ മോശമല്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ സൂക്ഷ്മ വിശകലനത്തില്‍ ഉദ്ദേശിച്ച ലക്ഷ്യം നിറവേറ്റാന്‍ ഈ കഥ ദയനീയമായി പരാജയപ്പെടുമെന്ന് വ്യക്തമാകും. ആദ്യകഥയില്‍ ജ്യോതിഷിയുടെ തലയരിയുമ്പോള്‍ അത് നടക്കാന്‍ സാധ്യതയുള്ളതാണെന്ന് മാത്രമല്ല, സമാനമായ സാഹചര്യത്തില്‍ എവിടെ വെച്ചും എപ്പോള്‍ വേണമെങ്കിലും ആവര്‍ത്തിക്കാവുന്നതുമാണ്. ജ്യോതിഷി എന്തുത്തരം പറഞ്ഞാലും മരണം ഉറപ്പായതിനാല്‍ ഫലപ്രവചനം തട്ടിപ്പാണെന്ന് തെളിയുകയും ചെയ്യും. എന്നാല്‍ എന്നാല്‍ രക്ഷപെട്ട തത്തയുടെ കഥയില്‍ അങ്ങനെയൊരു സാധ്യതയില്ല. ശരിയാണ്, ഒരു തത്ത മന്ത്രിയുടെ കയ്യില്‍ നിന്ന് വഴുതി രക്ഷപെടാം. 


പക്ഷെ അതുകൊണ്ട് മാത്രം ജ്യോതിഷി രക്ഷപെടില്ല. വീണ്ടും വേറെ തത്തകളെ അപ്പോള്‍ തന്നെ ഹാജരാക്കി ആയുസ്സ് പ്രപചിക്കാന്‍ ആവശ്യപ്പെട്ടാല്‍ ജ്യോതിഷി അസ്തമിച്ചുപോകും. ആദ്യം തത്ത രക്ഷപെട്ടത് ഓര്‍ക്കാപ്പുറത്ത് സംഭവിച്ച ഒരു ഒറ്റപ്പെട്ട(one off event) സംഭവമായെന്നു വരാം. എല്ലായ്‌പ്പോഴും അത് ശരിയായി കൊള്ളണമെന്ന് നിര്‍ബന്ധമില്ല. അതിന് ആവര്‍ത്തനക്ഷമതയോ പ്രാപഞ്ചികസ്വഭാവമോ ഇല്ല. പിഴവ് ഒഴിവാക്കാനായി തത്തയെ കെട്ടിയിട്ട് കൊണ്ടുവന്നാലും ജ്യോതിഷി കുടുങ്ങും. വെട്ടികൊല്ലാന്‍ ശ്രമിക്കാതെ മറ്റു പല രീതിയിലും തത്തയെ കൊല്ലുകയുമാവാം. അതായത് കയ്യബദ്ധങ്ങള്‍ ജാഗ്രതാപൂര്‍വം ഒഴിവാക്കിയാല്‍ ഈ കഥ പ്രകാരം പ്രവചനം തെറ്റാണെന്ന് നിസ്സാരമായി തെളിയിക്കാം.

പക്ഷെ, കുറ്റം പറയരുതല്ലോ, അസത്യവല്‍ക്കരണക്ഷമത(എമഹശെളശമയശഹശ്യേ)യുണ്ട്. അതായത് തെറ്റാണെന്ന് തെളിയിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ശ്രമിച്ച് നോക്കാന്‍ അവസരമുണ്ട്. ശാസ്ത്രീയ അടിത്തറയുള്ള സിദ്ധാന്തങ്ങള്‍ക്കേ അസത്യവല്‍ക്കരണക്ഷമതകൊണ്ട് പ്രയോജനമുള്ളു. അല്ലാത്തവയ്ക്ക് അതൊരു ബാധ്യതയായിരിക്കും. തട്ടിപ്പുകളുടേയും കപടവിദ്യകളുടേയും കാര്യത്തില്‍ ഗുണത്തേക്കാളേറെ ദോഷം എന്ന് സാരം. അസത്യവല്‍ക്കരണക്ഷമതയുള്ള ഒരു പ്രവചനം നടത്താന്‍ തൊഴിലറിയുന്ന ഒരു ജ്യോതിഷിയും ഉദ്യമിക്കില്ല. ആ വകുപ്പിലും പ്രവചനം തെറ്റാകുന്നത് മാത്രമായിരിക്കും അതുകൊണ്ടുള്ള മെച്ചം! അപ്പോള്‍ ജ്യോതിഷക്കാരന്‍ അവതരിപ്പിച്ച പ്രതികഥ തികച്ചും ഭാവനാശൂന്യമെന്നേ പറയാവൂ. എല്ലാം മുന്‍പിന്‍ നോക്കാതെ വെട്ടിവിഴുങ്ങുന്നവര്‍ എല്ലാ കഥകളും ഉപ്പുകൂട്ടാതെ വിഴുങ്ങിക്കൊള്ളും. അത്തരക്കാര്‍ കഥയില്ലാത്തവരാകുമെന്നറിയുക;അല്ലാത്തവര്‍ക്ക് കാര്യമറിയാന്‍ കഥ തന്നെ ധാരാളം!


''2013 ല്‍ കേരളത്തില്‍ മഴ പെയ്യും''എന്ന് ഒരാള്‍ പറഞ്ഞാല്‍ വിജയസാധ്യത ഏതാണ്ട് 100%. പക്ഷെ അതൊരു പ്രവചനമാണോ എന്നു നാം തിരിച്ച് ചോദിക്കും. ''2013 ജൂണില്‍ കേരളത്തില്‍ മഴ പെയ്യും''എന്ന് പറഞ്ഞാലും വിജയസാധ്യത കനത്തതാണ്. എന്നാല്‍ ''2013 ജൂണ്‍ ആദ്യപകുതിയില്‍ കൊല്ലം ജില്ലയില്‍ മഴ പെയ്യും''എന്ന് പറഞ്ഞാല്‍ സാധ്യത മങ്ങിത്തുടങ്ങുന്നു. ''2013 ജൂണ്‍ ആദ്യവാരം കൊല്ലം താലൂക്കില്‍ മഴ പെയ്യും''എന്നു പറഞ്ഞാല്‍ സംഗതി മുറുകി. ''2013 ജൂണ്‍ ഒന്നാം തീയതി കൊല്ലം മുനിസിപ്പാലിറ്റി മേഖലയില്‍ മഴ പെയ്യും''എന്നായാല്‍ സാധ്യത തീരെ മങ്ങുകയാണ്. '''2013 ജൂണ്‍ ഒന്നാം തീയതി രാവിലെ ഒമ്പത് മണിക്ക് കൊല്ലം ടൗണില്‍ മഴ പെയ്യും''എന്ന് പ്രഖ്യാപിച്ചാല്‍ അതൊരു ഭേദപ്പെട്ട പ്രവചനമാണ്. പക്ഷെ നടക്കാനുള്ള സാധ്യത തീരെക്കുറവും. അടുത്തകാലത്തായി ജൂണില്‍ മഴ പിണങ്ങിനില്‍ക്കുന്നതിനാല്‍ പ്രത്യേകിച്ചും. പ്രവചനം കൃത്യമാകുന്തോറും സാധ്യത കുറഞ്ഞുവരുമെന്ന ജ്യോതിഷനിയമം തന്നെയാണ് ഇവിടെയും പ്രകടമാകുന്നത്. ദിവസവും സമയവും സ്ഥാനവും കൃത്യമായി പറഞ്ഞതാണ് പ്രവചനാര്‍ത്ഥിയെ കുടുക്കിലാക്കുന്നത്.

പക്ഷെ ഭേദപ്പെട്ടതെങ്കിലും ലക്ഷണമൊത്ത പ്രവചനമായി അപ്പോഴുമതിനെ കാണാനാവില്ല. കാരണം ജൂണില്‍ മഴ പെയ്യുക, ജൂണ്‍ ഒന്നിന് രാവിലെ സ്‌ക്കൂള്‍ തുറക്കുന്ന ദിവസം തന്നെ മഴയുണ്ടാകുക എന്നതൊക്കെ മുമ്പ് നിരവധി വര്‍ഷങ്ങളില്‍ സംഭവിച്ച കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ പശ്ചാത്തല സാധൂകരണങ്ങളും മുന്‍ അനുഭവങ്ങളുടേയും വെളിച്ചത്തില്‍ രൂപംകൊണ്ട ഒരു നിഗമനം മാത്രമാണത്. മഴ പെയ്യുമോ ഇല്ലയോ എന്ന് കൃത്യമായി പറയാന്‍ കാലവസ്ഥാ നിരീക്ഷകര്‍ ചിലപ്പോഴൊക്കെ പരാജയപ്പെടാറുണ്ട്. പലവിധ ഡേറ്റകള്‍ വിശകലനം ചെയ്താണ് അവര്‍ പ്രവചനം നടത്തുക. അയാള്‍ ഉപകരണങ്ങളുടെ സഹായത്തോടെ മനുഷ്യസഹജമായി ഗണിക്കുകയാണ്. അത് തന്നെയാണ് ജ്യോതിഷിയും ചെയ്യുന്നതെങ്കില്‍ അയാള്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളേയും വെച്ച് നടത്തുന്ന കര്‍മ്മം ദിവ്യശേഷിയുടെ സഹായത്തോടെയല്ല മറിച്ച് തട്ടിപ്പ് തന്നെയാണ്. തനിക്കില്ലാത്ത ശേഷിയും ജ്ഞാനവും ഉണ്ടെന്നാണ് അയാള്‍ അവകാശപ്പെടുന്നത്.

ചത്തിരിക്കുന്ന ഘടികാരം പോലും ഒരു ദിവസം രണ്ടു പ്രാവശ്യം ശരിയായ സമയം കാണിക്കും. ആ ക്‌ളോക്കുമായി ഭൂമിയുടെ ഭ്രമണവേഗത്തില്‍(മണിക്കൂറില്‍ 1670 കിലോമീറ്റര്‍)പടിഞ്ഞാറു നിന്നും കിഴക്കോട്ട് സഞ്ചരിച്ചാല്‍ സമയം എപ്പോഴും കൃത്യമായിരിക്കുകയും ചെയ്യും. ഒന്നു രണ്ട് ഫ്രഞ്ച് വാക്കുകള്‍ കൃത്യമായി പറഞ്ഞുവെന്ന് കരുതി ആര്‍ക്കും ഫ്രഞ്ച് പ്രൊഫസറായി ജോലി കിട്ടില്ലല്ലാ. 

Friday 8 March 2013

62. പൗര്‍ണ്ണമിയെക്കുറിച്ചുള്ള പരാതികള്‍

It is the cause, it is the cause, my soul,
Let me not name it to you, you chaste stars!
It is the cause 
(Othello, Act 5.2.1-3

ഷേക്‌സ്പിയറിന്റെ ദുരന്തനായകന്‍ തന്റെ പ്രാണപ്രേയസിയെ കൊലപ്പെടുത്തിയശേഷം ഭ്രാന്തനെപ്പോലെ സ്വയം പരിതപിക്കുന്നു. ആത്മനിന്ദയും ക്രോധവും പ്രതികാരവും ശോകവും നിര്‍ദ്ദയം വലിച്ചുമുറുക്കുമ്പോഴും അയാള്‍ സ്വന്തം ഭാഗം ന്യായീകരിക്കുകയാണ്.എനിക്കവളെ കൊല്ലേണ്ടിവന്നു. കാരണം അവള്‍ തന്നെ;അവളുടെ നീചപ്രവര്‍ത്തിയാണ്-It is the cause! ഒഥല്ലോ ചൂണ്ടുന്നത് ഡെസ്ഡമോണയിലേക്ക്. ശേഷം ഒഥല്ലോ മുകളിലേക്ക് കൈ ചൂണ്ടുന്നു- ചന്ദ്രനിലേക്കും താരങ്ങളിലേക്കും. അതെ അവരാണ് കാരണം-It is the cause! എന്റെ മനസ്സിന്റെ സമനില തെറ്റിച്ചത് അവരാണ്, അവരുടെ സ്വാധീനമില്ലെങ്കില്‍ ഒരിക്കലും ഞാന്‍ ഈ ഘോരപ്രവര്‍ത്തി ചെയ്യിലായിരുന്നു. മൂന്നാമത് ഒരിക്കല്‍ കൂടി ഒഥല്ലോ കൈ ചൂണ്ടുന്നു- അത് തന്റെ നേരെ. അതെ, താനാണ് കാരണം- It is the cause! തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റു.താന്‍ വഞ്ചിക്കപ്പെട്ടു,ആ അപമാനം താങ്ങാനാവുമായിരുന്നില്ല.....


തന്റെ ഘോരപ്രവര്‍ത്തിയുടെ ഒരു കാരണമായി ചന്ദ്രനെ കൂട്ടു പിടിച്ചതിലൂടെ പുരാതനകാലം മുതല്‍ വിവിധ സമൂഹങ്ങളില്‍ നിലവിലുണ്ടായിരുന്ന ഒരു വിശ്വാസം പതിനാറാം നൂറ്റാണ്ടിലെ കാണികളുമായി പങ്കുവെക്കുകയായിരുന്നു ഷേക്‌സ്പിയര്‍ ചെയ്തത്. ഭ്രാന്ത് പിടിപ്പിക്കാന്‍ ചന്ദ്രന്‍ ഒരു കാരണമാകുന്നു എന്ന് അവരൊക്കെ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു;ഒഥല്ലോയും. പൗര്‍ണ്ണമിദിവസം ചന്ദ്രന്‍ മനുഷ്യന്റെ മനസ്സിനേയും ശരീരത്തേയും വല്ലാതെ സ്വാധീനിക്കുകയും ഭ്രാന്ത്, ആസ്ത്മ, അമിതലൈംഗികാസക്തി, രോഗമൂര്‍ച്ഛ, അപകടം....തുടങ്ങി നിരവധി അസാധാരണമായ അനുഭവങ്ങള്‍ക്ക് ഹേതുവാകുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ജ്യോതിഷം അഭിമാനപൂര്‍വം അഭിരമിക്കുന്ന, ജ്യോതിഷവിശ്വാസികളല്ലാത്തവര്‍ പോലും സംശയിക്കുകയും ഏതാണ്ടൊക്കെ സമ്മതിക്കുകയും ചെയ്യുന്ന ഒരു കാര്യമാണിത്. ഈ വിശ്വാസത്തിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ?

മനുഷ്യശരീരത്തില്‍ എഴുപത്തിയഞ്ച് ശതമാനത്തിലധികം ജലമാണ്. അങ്ങനെയെങ്കില്‍ സമുദ്രജലം ആകര്‍ഷിക്കുന്ന ചന്ദ്രന് നമ്മില്‍ സ്വാധീനമില്ലെന്ന് പറയാനാവുമോ? ജ്യോതിഷപ്രഭുക്കള്‍ ശാസ്ത്രത്തിന്റെ ശീട്ടിറക്കി ജനത്തെ വിഡ്ഢികളാക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വികലചോദ്യം. ഒന്നമതായി, ഗ്രഹങ്ങളോ നക്ഷത്രങ്ങളോ ഭൂമിയില്‍ യാതൊരു സ്വാധീനവും ചെലുത്തുന്നില്ല എന്ന് സാമാന്യബോധമുള്ള ആരും പറയില്ല. ജ്യോതിഷഗ്രഹങ്ങള്‍ മാത്രമല്ല പ്രപഞ്ചത്തിലെ സര്‍വ വസ്തുക്കളും പരസ്പരം ആകര്‍ഷിക്കുന്നുണ്ട്. ഭൂമിയെ ചന്ദ്രനും സൂര്യനും മാത്രമല്ല പ്രപഞ്ചം മുഴുവന്‍ ആകര്‍ഷിക്കുകയാണ്;ഭൂമി തിരിച്ചും. പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള നക്ഷത്രസമൂഹങ്ങളും നെബുലകളും തമോഗര്‍ത്തങ്ങളും നമ്മെ സ്വാധീനിക്കുന്നു. ഈ പരസ്പരാകര്‍ഷണ വ്യവസ്ഥയ്ക്ക് പുറത്തുനില്‍ക്കുന്ന ഒരൊറ്റ ആറ്റംപോലും ഭൂമിയിലോ പുറത്തോ ഇല്ല. ബഹുവിധ ഗുരുത്വബലങ്ങള്‍ക്ക് വിധേയമായാണ് ബാക്ടീരിയകള്‍ പോലും നിലകൊള്ളുന്നത്. ജ്യോതിഷം ഗുരുത്വാകര്‍ഷണത്തെ, അതല്ല മറ്റേതെങ്കിലും അജ്ഞാത പ്രാപഞ്ചികബലത്തെ/ശക്തിയെ/രശ്മിയെ സ്‌നേഹിക്കുന്നുവെങ്കില്‍ ആദ്യം പ്രപഞ്ചത്തിലെ സര്‍വ ദ്രവ്യവും കണക്കിലെടുക്കാന്‍ തയ്യാറാവണം. രണ്ടാമതായി ഭൂമിയിലെ സര്‍വജീവികള്‍ക്കും, ഓരോ അണുവിനും അത് ഒരുപോലെ ബാധകമാണെന്നും സമ്മതിക്കണം.

രണ്ട് വസ്തുക്കള്‍ക്കിടയിലുള്ള ഗുരുത്വാകര്‍ഷണം അവയുടെ പിണ്ഡത്തേയും(mass) അവയ്ക്കിടയിലുള്ള ദൂരത്തേയും (distance)ആശ്രയിച്ചാണിരിക്കുന്നു(F=GXM1.M2/r2). അങ്ങനെയെങ്കില്‍ ഭൂമിയില്‍ പിറന്നുവീഴുന്ന ഒരു മനുഷ്യജീവിയുടെ മേല്‍ അനുഭവപ്പെടുന്ന ഏറ്റവും പരമമായ ആകര്‍ഷണം ഭൂമിയുടേതാണ്. അതാണവന്റെ ഭാരവും രക്തസമ്മര്‍ദ്ദവും ആകാരവും ജീവിതവ്യവസ്ഥയും ചിന്തയുമൊക്കെ നിര്‍ണ്ണയിക്കുന്നത്. പക്ഷെ ജ്യോതിഷത്തിന് ഭൂഗുരുത്വമില്ല! ഭൂമിയേയോ ഭൗമഗുരുത്വബലത്തേയോ പരിഗണിക്കാത്തവര്‍ക്ക് ഗുരുത്വം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ല.

ഭൂഗുരുത്വം എല്ലാവര്‍ക്കും സമാനമായതിനാല്‍ പരിഗണിക്കാത്തതാണ് എന്നൊക്കെ വാദിക്കാന്‍ വരട്ടെ. സമുദ്രത്തീരത്തും പര്‍വതശിഖരത്തിലും അനുഭവപ്പെടുന്ന ഗുരുത്വാകര്‍ഷത്തില്‍ വ്യത്യാസമുണ്ട്. അതായത് കുട്ടി ജനിക്കുന്ന പ്രദേശത്തിന്റെ ഉന്നതി(altitude) നിര്‍ണ്ണായകമാണ് എന്നര്‍ത്ഥം. ഭൂഗുരുത്വം ഏവര്‍ക്കും സമാനമാണെങ്കില്‍ മറ്റ് ആകാശവസ്തുക്കളുടെ കാര്യവും അങ്ങനെതന്നെ. ഭൂമി കഴിഞ്ഞാല്‍ സൂര്യനും ചന്ദ്രനുമാണ് ഭൂമിയില്‍ ഏറ്റവുമധികം ഗുരുത്വസ്വാധീനമുള്ളത്. സൂര്യന്‍ ചന്ദ്രനെപ്പോലെ ഭൂമിയില്‍ പ്രകടമായ തോതില്‍ വേലിയേറ്റപ്രഭാവം(Tidal effect) ഉണ്ടാക്കുന്നില്ല. പ്രപഞ്ചത്തിലെ മറ്റൊരു ഖഗോളരൂപവും ഭൂമിയിലെ ദ്രവ്യത്തെ ചന്ദ്രനെപ്പോലെ ചലിപ്പിക്കുന്നുമില്ല. വാസ്തവത്തില്‍ ചന്ദ്രന്‍ ഭൂമിയില്‍ പ്രയോഗിക്കുന്ന ഗുരുത്വബലത്തിന്റെ 179 ഇരട്ടി ബലം സൂര്യന്‍ നമുക്ക് മേല്‍ ചെലുത്തുന്നുണ്ട്. എങ്കിലും ചന്ദ്രന്‍ സൃഷ്ടിക്കുന്ന വേലിയേറ്റ പ്രഭാവത്തിന്റെ 46% സൃഷ്ടിക്കാനേ സൂര്യന് സാധിക്കുന്നുള്ളു. 15 കോടി കിലോമീറ്ററാണ് ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി ദൂരം. അതായത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ 389 ഇരട്ടി. ഗുരുത്വാകര്‍ഷണശക്തി മാത്രമല്ല മറ്റ് ചില ഘടകങ്ങളും ചന്ദ്രന്റെ കനത്ത സ്വാധീനത്തിന് ഹേതുവാകുന്നുണ്ട്. ഭൂമിയുടെ മേല്‍ ഗുരുത്വം കൂടുതലുള്ള അതിസ്വാധീനമേഖലയുടെ വ്യാപ്തി പരിഗണിച്ചാല്‍ ചന്ദ്രന് മുന്‍തൂക്കമുണ്ട്.

ചന്ദ്രന്‍ ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹമാണ്. ഭൂമിയും ചന്ദ്രനും ഒരു പ്രത്യേക പരസ്പരസംതുലനാവസ്ഥയെ ആധാരമാക്കി സൂര്യനെ പ്രദക്ഷണം ചെയ്യുകയാണ്. സദാ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നുവെങ്കിലും സൂര്യനില്‍ ഏതാണ്ട് തുല്യ അകലത്തിലാണ് രണ്ടും സ്ഥിതിചെയ്യുന്നത്. ഭൂമിയും ചന്ദ്രനും അനുനിമിഷം സൂര്യനിലേക്ക് വീണുകൊണ്ടിരിക്കുകയാണ് എന്നു പറയണം. അതായത്, സദാ വീഴുന്നു, പക്ഷെ ഇടിക്കുന്നില്ല! Constantly falling but not hitting. സെക്കന്‍ഡില്‍ 29.8 കിലോമീറ്റര്‍ വേഗതയിലുള്ള ഈ വീഴ്ചയുടെ ചലനപ്രവേഗം തിരശ്ചീനമാണ്(moving perpendicular to that acceleration). അതുമൂലം സൂര്യനിലേക്ക് ലംബദിശയില്‍ കൂപ്പുകുത്താതെ ഇരുഗ്രഹങ്ങളും തിരശ്ചീനദിശയില്‍ സൂര്യനെ പ്രദക്ഷണം ചെയ്യുന്നു. സൂര്യന്‍ അവിടെ ഉണ്ടായിരുന്നില്ലെങ്കില്‍ ഭൂമി ഋജുരേഖയില്‍ സഞ്ചരിക്കുമായിരുന്നു. ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന ചന്ദ്രനെ സംബന്ധിച്ചും മേല്‍പ്പറഞ്ഞതൊക്കെ അപ്പടി ശരിയാണ്.

ഭൂമി സൂര്യനിലേക്കും ചന്ദ്രന്‍ ഭൂമിയിലേക്കും ഇരുവരും സൂര്യനിലേക്കും സദാ വീണുകൊണ്ടിരിക്കുന്നു. വീഴുന്നു എന്നുപറഞ്ഞാല്‍ രണ്ടു ഗോളങ്ങളും ഇരുവര്‍ക്കുമിടയിലെ ഗുരുത്വമധ്യബിന്ദുവിലേക്ക് തിരശ്ചീനമായി അടുക്കുന്നു എന്നു കാണണം. സൂര്യനിലേക്ക് സദാ വീഴുന്നതോടൊപ്പം ഭൂമി സൂര്യനില്‍നിന്നും ചന്ദ്രന്‍ ഭൂമിയില്‍നിന്നും നിരന്തരം അകലുകയും ചെയ്യുന്നുണ്ട്. ഭാരവും പര്‌സപരദൂരവും പരിഗണിക്കുമ്പോള്‍ ഭൂമിക്കും സൂര്യനും ഇടയിലുള്ള ഈ പിണ്ഡ മധ്യബിന്ദു(barycentre) സൂര്യന് വളരെ ഉള്ളിലായിട്ടാവും സമീകരിക്കപ്പെടുക. ആയതിനാല്‍ ഭൂമി സൂര്യനെ ചുറ്റുന്നു; സൂര്യനത് വേണ്ടിവരുന്നില്ല. ഭൂമിയും ചന്ദ്രനും പൊതുവായ പിണ്ഡകേന്ദ്രം ഭൂകേന്ദ്രത്തില്‍നിന്നും ഏകദേശം 4600 കിലോമീറ്റര്‍ (4600 km from Earth's centre)അകലെയാണ്. ചന്ദ്രന്‍ ഭൂമിയെ ചുറ്റാന്‍ കാരണമതാകുന്നു. 

മനുഷ്യരെ ആകാശഗോളങ്ങള്‍ സ്വാധീനിക്കുന്നു എന്നു വാദിക്കുന്നവര്‍ ഭൂമിയും മനുഷ്യരും തിരിച്ച് ആകാശഗോളങ്ങളെയും സ്വാധീനിക്കുന്നുവെന്ന് കൂടി അംഗീകരിക്കേണ്ടതുണ്ട്. ദ്രവ്യത്തിന്റെ പരസ്പരസ്വധീനം ഒരു ഏകദിശാപ്രതിഭാസമല്ല. സ്വാധീനിക്കുന്നവരും സ്വാധീനിക്കപ്പെടുന്നവരും എന്ന ദ്വന്ദം നിലനില്‍ക്കുന്നില്ലെന്ന് സാരം. ചന്ദ്രന് മുകളിലുള്ള സൂര്യന്റെ ആകര്‍ഷണം ഭൂമിയുടെ ആകര്‍ഷണത്തിന്റെ 2.3 ഇരട്ടിയാണ്. എന്നിട്ടും ചന്ദ്രന്‍ സൂര്യനെ മാത്രം ചുറ്റാതെ ഭൂമിയെ കൂടി ചുറ്റാന്‍ കാരണം ഭൂമിക്ക് ചുറ്റുമുള്ള അതിന്റെ ഭ്രമണചലനമാണ്. ഹില്‍ റേഡിയസ് (Hill radius/named after an astronomer George William Hill)എന്നറിയപ്പെടുന്ന ഭൂമിയുടെ ആകര്‍ഷണപരിധിക്കുള്ളിലാണ് ചന്ദ്രനുള്ളത്. ഭൂമിയുടെ ഹില്‍സ് റേഡിയസ് 15 ലക്ഷം കിലോമീറ്ററാണ്. ഇപ്പോള്‍ ശരാശരി 3.80 ലക്ഷം കിലോമീറ്റര്‍ അകലത്ത് സ്ഥിതിചെയ്യുന്ന ചന്ദ്രന്‍ ഹില്‍സ് റേഡിയസിന് അപ്പുറം പോയാല്‍ ഭൂമിയുടെ പിടിവിട്ട് സൂര്യന്റെ മറ്റൊരു ഗ്രഹമാകും. 

ഭൂമി അതിന്റെ ശക്തമായ ഗുരുത്വബലംകൊണ്ട് ഭൂമിയിലുള്ള എല്ലാ വസ്തുക്കളേയും അമ്മ കുഞ്ഞിനെയെന്ന പോലെ ഒപ്പം പിടിച്ചു നിര്‍ത്തുന്നു. ഭൗമോപരിതലത്തിലെ സമുദ്രജലം സ്വതന്ത്രമായി ചലിക്കുന്ന ദ്രവ്യമാണ്. അതിന് മുകളിലുള്ള ഭൗമസ്വാധീനവും നിയന്ത്രണവും കുറവായിരിക്കും. അതായത് സമുദ്രജലത്തിന്റെ ചലനം നിയന്ത്രിക്കാന്‍ ഭൂമിക്ക് താരതമ്യേന പ്രയാസകരമാണ്; വിശേഷിച്ചും മുകള്‍ത്തട്ടില്‍. ചന്ദ്രന് സമുദ്രജലം ഉയര്‍ത്താന്‍ കഴിയുന്നത് അതുകൊണ്ടാണ്.എന്നാല്‍ ഖരരൂപത്തിലുള്ള കടല്‍ത്തട്ടും(sea bed)അടിത്തട്ടിലെ ജലവും അചഞ്ചലമായിരിക്കും. കാറ്റടിക്കുമ്പോള്‍ വലിയ പാറക്കല്ലും പൂഴിമണ്ണും വ്യത്യസ്തമായി പ്രതികരിക്കുന്നത് കണ്ടിട്ടില്ലേ. ഇതുതന്നെയാണ് സമുദ്രജലത്തിനും സംഭവിക്കുന്നത്. സമുദ്രജലം ഹിമമായി മാറിയാല്‍ ചന്ദ്രന് ഒന്നും ചെയ്യാനാവില്ല. സമുദ്രം പോലെ സ്വതന്ത്രവും ചലനാത്മകവുമായ വലിയൊരു ജലധിയെ മാത്രമേ ചന്ദ്രന് ആകര്‍ഷിക്കാന്‍ സാധിക്കൂ. കുളത്തിലോ ചെറുതടാകത്തിലോ കിണറിലോ ചന്ദ്രന് ജലമുയര്‍ത്താനാവില്ല.

ലോകത്തെ മഹാതടാകങ്ങളില്‍ പോലും കേവലം രണ്ട് ഇഞ്ചിന് മുകളില്‍ ജലം ഉയര്‍ത്താന്‍ ചന്ദ്രന് സാധിക്കില്ലെന്നാണ് നാഷണല്‍ ഓഷ്യാനിക് ആന്‍ അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്റെ പഠനത്തില്‍ തെളിഞ്ഞത്. ഈ ലഘുമാറ്റങ്ങള്‍ തടാകത്തിലെ ജലനിരപ്പില്‍ കാറ്റിലും മര്‍ദ്ദവ്യത്യാസത്തിലും മുങ്ങിപ്പോവുകയും ചെയ്യും{National Oceanic and Atmospheric Administration (NOAA/See http://www.livescience.com/7899-moon-myths-truth-lunar-effects.html)}  ജലശേഖരത്തിന്റെ വലുപ്പം കുറയുന്നതനുസരിച്ച്, ചലനാത്മകത കുറയുന്നതനുസരിച്ച് ചാന്ദ്രന്റെ പ്രഭാവവും കുറയും. ആ നിലയ്ക്ക് മനുഷ്യശരീരത്തിലെ ജലം ചന്ദ്രനാല്‍ ആകര്‍ഷിക്കപ്പെടുമെന്ന് ചിന്തിക്കുകയേ വേണ്ട. മനുഷ്യശരീരത്തില്‍ 75 ശതമാനത്തിലധികം ജലമാണെങ്കിലും ആ ജലം സമുദ്രജലംപോലെ വലുതോ സ്വതന്ത്രമോ ചലനാത്മകമോ അല്ല. അതിശക്തമായ തന്മാത്രബന്ധനങ്ങളില്‍ കുടുങ്ങിയ രീതിയിലാണ് നമ്മുടെ ശരീരത്തില്‍ ജലമുള്ളത്. കോശങ്ങള്‍ക്കുള്ളില്‍ തന്മാത്രാരൂപത്തില്‍ അവ തളയ്ക്കപ്പെട്ടിരിക്കുന്നു;ത്വക്ക് പോലുള്ള ഒരു ഖരാവരണം മുകളിലുണ്ടുതാനും. ശരീരത്തിനുള്ളിലെ രക്തം ചലനാത്മകമാണെങ്കിലും രക്തക്കുഴലുകള്‍ക്കു ഉള്ളിലൂടെയാണ് അതൊഴുകുന്നത്. താരതമ്യേന ഉയര്‍ന്ന മര്‍ദ്ദനിരക്കിലുള്ള(above 80 mm of mercury)ഈ രക്തപ്രവാഹത്തെ ഗുരുത്വത്തിന് സ്വാധീനിക്കാനാവില്ല. ചുരുക്കത്തില്‍ മനുഷ്യശരീരത്തിലെ ജലത്തെ ചന്ദ്രന്‍ ആകര്‍ഷിക്കുമെന്ന് പറയണമെങ്കില്‍ ഞെട്ടിപ്പിക്കുന്ന'ശാസ്ത്ര-അജ്ഞത' ആവശ്യമുണ്ട്. 

സമുദ്രജലത്തെ മാത്രമല്ല ഭൂമിയിലെ കരപ്രദേശത്തേയും ചന്ദ്രന്‍ വലിക്കുന്നുണ്ട്. ദിനം തോറും ചാന്ദ്രവലിവ് കാരണം ഭൂമിയിലെ കരഭാഗം ഏതാനും ഇഞ്ചുകള്‍ മുതല്‍ ഏതാനും അടികള്‍വരെ ചന്ദ്രന്റെ ഭാഗത്തേക്ക് ഉയരുകയും എതിര്‍ദിശയില്‍ താഴുകയും ചെയ്യുന്നുണ്ട്. പക്ഷെ വളരെ ക്രമേണ നടക്കുന്ന ഈ സൂക്ഷ്മവ്യതിയാനം തിരിച്ചറിയാനാവില്ല. ഭൂമിയുടെ സ്വയംഭ്രമണമാണ് വേലിയേറ്റ തംരഗങ്ങളുടെ മറ്റൊരു കാരണം. ഭൂമിയിലെ മുഴവന്‍ പദാര്‍ത്ഥങ്ങളുമായി 1670 കിലോമീറ്റര്‍ വേഗതയില്‍(1670 (167  (1670/km/hr) നാമും സമുദ്രജലവുമൊക്കെ സ്‌പേസിലൂടെ കറങ്ങുകയാണ്! ഗുരുത്വബലമില്ലായിരുന്നുവെങ്കില്‍ ഈ ഭ്രമണവേഗം കാരണം നാമെല്ലാം സ്‌പേസിന്റെ ആഴങ്ങളിലേക്ക് ചുഴറ്റി എറിയപ്പെടുമായിരുന്നു. വേലിയേറ്റ സമയത്ത് ഭൂമി മുഴുവനായി തന്നെ ഒരു മുട്ടയുടെ മൂലപോലെ ചന്ദ്രന് അഭിമുഖമായി വലിയുന്നുണ്ട്-ഒരു ച്യൂയിംഗം വലിച്ചുനീട്ടുന്നതുപോലെ. എന്നാല്‍ ഭൂമുഖത്തെ എല്ലാ വസ്തുക്കളും ഇങ്ങനെ നീളില്ല. ഭൗമവസ്തുക്കളുടെ സാന്ദ്രത, ഉറപ്പ്, ആകൃതി എന്നിവയിലുള്ള ഭിന്നതയാണതിന് കാരണം. ഭൂമിയിലെ ജലത്തെ ആകര്‍ഷിക്കാന്‍ ചന്ദ്രന് സാധിക്കുന്നുവെങ്കില്‍ ചന്ദ്രനില്‍ സമുദ്രങ്ങളുണ്ടായിരുന്നെങ്കില്‍ ചന്ദ്രന്റെ ജലമെല്ലാം നമുക്ക് നേരെ നീണ്ട് വരുന്നത് കാണേണ്ടി വന്നേനെ! ചന്ദ്രോപരിതലം മുഴവന്‍ കരിമ്പാറക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ ഭൂമി മൂലമുള്ള വേലിയേറ്റങ്ങളില്‍ നിന്ന് ചന്ദ്രന്‍ രക്ഷപെട്ടു. 

സൂക്ഷ്മാര്‍ത്ഥത്തില്‍ ഭൂമിയിലെ ജൈവവ്യവസ്ഥയേയും ചന്ദ്രന്‍ സ്വാധീനിക്കുന്നുണ്ട്. ആദ്യ ജീവന്‍ സമുദ്രജലത്തിലാണ് ഉരുവംകൊണ്ടതെന്നോര്‍ക്കുക. ചന്ദ്രന്റെ സ്വയംഭ്രമണവും ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണവും ഭൗമജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാവാം. മനുഷ്യസ്ത്രീകളിലെ ആര്‍ത്തവചക്രം 28 ദിവസമാണ്. ഭൂമിയെ ചുറ്റാന്‍ ചന്ദ്രന്‍ എടുക്കുന്ന ഏകദേശ സമയമാണിത് എന്നൊരു വാദമുണ്ട്. മനുഷ്യനുമായി ചന്ദ്രന് എന്തെങ്കിലും സവിശേഷ കരാര്‍?! സഞ്ചിമൃഗ ഇനത്തില്‍പ്പെട്ട ഒപ്പോസം(Opossum) എന്ന ജീവിയിലും സമാന ദൈര്‍ഘ്യമുള്ള ആര്‍ത്തവചക്രം കാണാനാവും. ഭൂമിയിലെ എല്ലാ ജീവികള്‍ക്കും ഭിന്നമായ ആര്‍ത്തവചക്രമാണുള്ളത്. എലി(5), പശു(21) ചിമ്പന്‍സി(37) എന്നിങ്ങനെ വളരെ വ്യത്യസ്തമാണ് ജീവികളിലെ ആര്‍ത്തവചക്രങ്ങള്‍. സ്ത്രീകളുടെ ആര്‍ത്തവചക്രം 24 ദിവസം മുതല്‍ 32 ദിവസം വരെ വ്യത്യസ്തപ്പെടാറുണ്ട്.

 28 ദിവസം എന്നത് ശരാശരി കണക്കാണ്. അതുപോലെ തന്നെ ചന്ദ്രന്റെ പ്രദക്ഷണസമയം പലതരത്തില്‍ കണക്കാക്കപ്പെടുന്നുണ്ട്. അച്ചുതണ്ടില്‍ ഒരു പ്രാവശ്യം കറങ്ങാന്‍ ചന്ദ്രന്‍ എടുക്കുന്ന സമയം 27.321 ദിവസം ആണ്. ഏകദേശം ഈ സമയം കൊണ്ടുതന്നെ ചന്ദ്രന്‍ ഭൂമിയെ ഒരു പ്രാവശ്യം വലംവെക്കും. സമീപസ്ഥമായ നക്ഷത്രത്തെ അവലംബിച്ച് കണക്കുകൂട്ടിയാല്‍ ചാന്ദ്രമാസം 27.321ദിവസമാണ്. നക്ഷത്ര ചന്ദ്രമാസം(sidereal month) എന്നാണിത് അറിയപ്പെടുന്നത്. എന്നാല്‍ ഭൂമിയുടെ സ്ഥാനം ആധാരമാക്കിയാല്‍ ഒരു പ്രദക്ഷണം പൂര്‍ത്തിയാക്കാന്‍ ശരാശരി 2.21 ദിവസം കൂടി വേണ്ടിവരും(29.18 29.93 ദിവസം/ശരാശരി29.530 ദിവസം). ഇതിന് പ്രധാന കാരണം സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ പ്രദക്ഷണമാണ്. 

ചന്ദ്രന്‍ ഭൂമിയെ ചുറ്റുമ്പോള്‍ ഭൂമി സൂര്യനെ ചുറ്റുകയാണല്ലോ. ഭൂമി ദിനംപ്രതി ഏതാണ്ട് 1 ഡിഗ്രി സൂര്യന് ചുറ്റും സഞ്ചരിക്കും. അതായത് ചന്ദ്രന്‍ പ്രദക്ഷണം നടത്തി ഭൂമിയെ അപേക്ഷിച്ച് പഴയസ്ഥാനത്ത് എത്തണമെങ്കില്‍ ശരാശരി 29.5 ദിവസം വേണ്ടിവരും. സംയുക്തിമാസം(Synodic month) എന്നറിയപ്പെടുന്ന ഈ കാലയളവാണ് രണ്ട് വാവുകള്‍ക്കിടയിലുള്ള വ്യത്യാസം. ചാന്ദ്രകലണ്ടറില്‍ പരിഗണിക്കുന്നതും സംയുക്തിമാസമാണ്. ആ നിലയ്ക്ക് സ്ത്രീകളുടെ ആര്‍ത്തവചക്രം ചാന്ദ്രപ്രദക്ഷണ ചക്രവുമായി ബന്ധപ്പെടുത്തുന്നതില്‍ കൃത്യതയില്ല. ചാന്ദ്രമാസമാണ് ലോകമെമ്പാടും പണ്ട് പൊതുവെ പിന്തുടര്‍ന്നിരുന്നത്. അതുകൊണ്ടുതന്നെ ജീവിത്രക്രമങ്ങള്‍ അതനുസരിച്ച് ക്രമീകരിക്കാനുള്ള പ്രവണത ഉരുത്തിരിയാന്‍ സാധ്യതയുണ്ട്. സാമൂഹികക്രമത്തിന് അനുസരിച്ച് നമ്മുടെ ജൈവഘടികാരം(biological clock)സമരസപ്പെടാറുണ്ട്.സൂര്യഗ്രഹണ സമയത്ത് പക്ഷികള്‍ അബദ്ധത്തില്‍ കൂടുകളിലേക്ക് ചേക്കേറുന്നതും ഗ്രഹണം കഴിഞ്ഞ് പുറത്തിറങ്ങുന്നതും ശരീരഘടികാരത്തിന്റെ തെളിവാണ്.അതില്‍ കവിഞ്ഞ എന്തെങ്കിലും പ്രാധാന്യം ആര്‍ത്തവചക്രത്തിന് കല്‍പ്പിക്കുന്നതില്‍ കഥയില്ല. അഥവാ അങ്ങനെയാണെങ്കില്‍പോലും എല്ലാ സ്ത്രീകളിലും ചാന്ദ്രപ്രഭാവം സമാനമാണ്. ജനനസമയത്തിന്റെ പ്രത്യേകതയനുസരിച്ച് ഗോളങ്ങളുടെ സ്വധീനം വ്യത്യാസപ്പെടുമെന്ന ജ്യോതിഷസങ്കല്‍പ്പത്തിന് കടകവിരുദ്ധമാണിത്.

പൗര്‍ണ്ണമിരാവിനെ(Full Moon night) ഉറക്കമില്ലായ്മ, ഭ്രാന്ത്, ആക്രമണത്വര, അപകടങ്ങള്‍, ഹൃദ്രോഗം, ആസ്ത്മ എന്നിവയുമായി ബന്ധപ്പെടുത്തുന്ന വിശ്വാസങ്ങളും അനുഭവവര്‍ണ്ണനകളും ധാരാളമായി പ്രചാരത്തിലുണ്ട്. മിത്തുകളും തോന്നലുകളും ശാസ്ത്രീയ സത്യങ്ങളായി പരിഗണിക്കാനാവില്ല. ഇത്തരം അന്ധവിശ്വാസങ്ങള്‍ വസ്തുതാപരമല്ലെന്നും ഇത്തരം അസാധാരണ അവസ്ഥകള്‍ സൃഷ്ടിക്കുന്നതില്‍ ചന്ദ്രന് യാതൊരു പങ്കുമില്ലെന്നുമാന്ന്(little or no connection) ഇതു സംബന്ധിച്ച പഠനങ്ങളെല്ലാം ആവര്‍ത്തിച്ച് സാക്ഷ്യപ്പെടുത്തുന്നത്. തീ കണ്ടുപിടിക്കുന്നതിന് മുമ്പ് രാത്രിയില്‍ ആകെയുണ്ടായിരുന്ന വെളിച്ചം ചന്ദ്രനും താരകളും മാത്രമായിരുന്നു. കൃത്രിമപ്രകാശസ്രോതസ്സുകള്‍ക്ക് മുമ്പ് പൗര്‍ണ്ണമിദിവസം വളരെ സവിശേഷമായിരുന്നു എന്നര്‍ത്ഥം. പൗര്‍ണ്ണമിരാത്രിയില്‍ മനുഷ്യര്‍ വൈകിയും പുറത്തിറങ്ങാനും ആഘോഷിക്കാനും സാധ്യത ഏറെയാണ്. വനത്തിലും പ്രാന്തപ്രദേശത്തുമൊക്കെ ജീവിച്ച മനുഷ്യന്‍ ആഘോഷങ്ങള്‍ക്കും മദ്യപാനത്തിനുമൊക്കെ പൗര്‍ണ്ണമി തെരെഞ്ഞെടുത്തിട്ടുണ്ടാവണം. അതുകൊണ്ടുതന്നെ പൗര്‍ണ്ണമിയില്‍ ചരിത്രപരമായിതന്നെ ഉറക്കമില്ലായ്മ, ആഘോഷപരമായ അമിതാവേശം തുടങ്ങിയവയ്ക്ക് സാധ്യത കൂടുതലുണ്ട്. പൂര്‍ണ്ണചന്ദ്രദിവസം കമിതാക്കളേയും ആകര്‍ഷിച്ചിട്ടുണ്ടാവും. പൗര്‍ണ്ണമിയും പ്രണയവുമായുള്ള ബന്ധം നമ്മുടെ സിനിമാക്കാരുടെ ഇഷ്ടപ്രമേയമാണല്ലോ. കൂടുതല്‍ കാമുകി-കാമുകന്‍മാര്‍ രാത്രിയില്‍ പ്രണയസല്ലാപം നടത്തുമ്പോള്‍ പാമ്പ് കടിയേല്‍ക്കുകയോ വല്ലതുംകണ്ട് പേടിക്കുകയോ ചെയ്താലും ഉത്തരവാദി ചന്ദ്രനായിരിക്കും! 

ആഘോഷത്തിനിടയ്ക്ക് മദ്യലഹരിയില്‍ അക്രമാസ്‌കതരാകുന്നവരുടെ കുറ്റവും ചന്ദ്രനില്‍ ചാര്‍ത്തപ്പെടാം. കനത്ത നിലാവ് കാരണം പക്ഷിമൃഗാദികള്‍ക്കും തെറ്റിദ്ധാരണ ഉണ്ടാകാറുണ്ട്. നിലാവത്ത് ചിലപ്പോള്‍ കോഴി ഇറങ്ങി നടക്കുന്നത് പരിചിതമാണല്ലോ. രണ്ടായാലും മറ്റു രാത്രികളെ അപേക്ഷിച്ച് പൂര്‍ണ്ണചന്ദ്രദിവസം ജീവിലോകത്ത് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍( (activities)നടക്കാനിടയുണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ല. മനുഷ്യര്‍ക്കിടയില്‍ മോഷണവും അപകടവും കൂടുതലാകുന്നതിന് പിന്നില്‍ അത്തരം കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കാം. 'നിലാവുണ്ടെന്ന് കരുതി വെളുക്കുംവരെ മോഷ്ടിക്കരുത്'എന്നൊരു ചൊല്ലുള്ളതോര്‍ക്കുക! നല്ല നിലാവ് ഇരപിടിയിന്‍മാര്‍ക്കും സൗകര്യമാണ്. പുലി പിടിക്കാനും നായ കടിക്കാനുമുള്ള സാധ്യത കൂടാമെന്ന് സാരം! ഇരുട്ടില്‍ സ്വഭാവികമായും മനുഷ്യരും മൃഗങ്ങളും പുറത്തിറങ്ങി സഞ്ചരിക്കുന്നത് കുറവായിരിക്കും. വെളുത്ത വാവിനോടനുബന്ധിച്ച് ചില പ്രത്യേക രോഗങ്ങള്‍ മൂര്‍ച്ഛിക്കുമെന്ന അന്ധവിശ്വാസം അത്തരം രോഗികളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. 'നാളെ വെളുത്ത വാവാണ് ആസ്ത്മയ്ക്കുള്ള മരുന്ന് കരുതിക്കൊള്ളൂ'എന്ന് പലരും പറയുമ്പോള്‍ രോഗിയില്‍ പൊലിപ്രഭാവം(placebo effect) മൂലം ആസ്തമ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. എന്തെന്നാല്‍ വാവിനെ കുറിച്ചുള്ള അന്ധവിശ്വാസങ്ങളെ പറ്റി വലിയ ധാരണയില്ലാത്ത ആസ്ത്മരോഗികളില്‍ ഇത്തരമൊരു പ്രവണത സാധരണമല്ല.

ഈപ്പറയുന്നതിനൊക്കെ പ്രാചീനകാലത്ത് ഉണ്ടായിരുന്ന പ്രസക്തി ഇന്നുണ്ടോ? പ്രകൃതിയുമായി ഇടപഴകി കഴിയുന്ന മനുഷ്യര്‍ക്ക് മാത്രം ബാധകമായ കാര്യങ്ങളാണിവയൊക്കെ. ഇന്ന് രാത്രിപ്രകാശത്തിന് നാം ചന്ദ്രനെയല്ല ആശ്രയിക്കുന്നത്. ഇന്നത്തെ തലമുറയില്‍പെട്ട എത്രപേര്‍ രാത്രിയില്‍ ആകാശം കാണുന്നുണ്ട്? സാധാരണജനത്തിന്റെ കാര്യം വിട്ടുകളയുക,എത്ര ജ്യോതിഷികള്‍ രാത്രിയില്‍ ആകാശനിരീക്ഷണം നടത്തുന്നുണ്ട്? വീടിനുള്ളില്‍ വൈദ്യുതപ്രകാശത്തില്‍ കുളിച്ച് ടെലിവിഷന്‍ സെറ്റുകള്‍ക്കും കമ്പ്യൂട്ടറിനും മുമ്പില്‍ തപസ്സിരിക്കുന്നവര്‍ക്ക് പൗര്‍ണ്ണമിയും അമാവാസിയും ഫലത്തില്‍ ഒന്നുതന്നെ. വാവുദിവസം മേല്‍സൂചിപ്പിച്ച മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍ നാഗരികജനതയില്‍ ഉണ്ടാകുന്നുവെന്നതിന് തെളിവുമില്ല.

കാനഡയിലെ യൂണിവേഴ്‌സിറ്റെ ലാവലിലെ (ഡിശ്‌ലൃശെണുേ ഘമ്മഹ) ഒരു പഠനസംഘം അടുത്തിടെ ക്യുബെക്ക് പ്രവിശ്യയില്‍ പൗര്‍ണ്ണമിയില്‍ ചാന്ദ്രപ്രഭാവം മൂലം ഉണ്ടാകുമെന്ന് പ്രചരിപ്പിക്കപ്പെടുന്ന രോഗമൂര്‍ച്ഛയെപ്പറ്റി ഒരു പഠനം നടത്തുകയുണ്ടായി. പഠനത്തിനായി അവര്‍ സന്ദര്‍ശിച്ച ക്‌ളിനിക്കുകളിലെ 80 ശതമാനം നഴ്‌സുമാരും 64 ശതമാനം ഡോക്ടര്‍മാരും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ രോഗമൂര്‍ച്ഛയെ സ്വാധീനിക്കുമെന്ന അഭിപ്രായക്കാരായിരുന്നു. പൗര്‍ണ്ണമിയില്‍ കൂടുതല്‍ പേര്‍ ചികിത്സയ്ക്കായി അടിയന്തരവിഭാഗത്തില്‍ എത്തുമത്രെ. ഡോക്ടര്‍മാര്‍ പറയുന്നത് ഇതാണെങ്കില്‍ രോഗികളുടെ അവസ്ഥ ഒന്നൂഹിച്ചുനോക്കൂ! അകാരണമായ ഭയം, നെഞ്ചുവേദന, വെപ്രാളം എന്നീ പരാതികളോടെ അടയന്തരശുശ്രൂഷ തേടിയെത്തുന്ന രോഗികളെ കുറിച്ചുള്ള പഠനം നടത്താനാണ് വാസ്തവത്തില്‍ പഠനസംഘം ക്യുബെക്കിലെ അയിന്തരശുശ്രൂഷ ക്‌ളിനിക്കുകളില്‍ എത്തിയത്. ചാന്ദ്രപ്രഭാവത്തെ കുറിച്ചുള്ള പഠനം നടത്തണമെന്ന ലക്ഷ്യമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ ചെന്നിടത്തൊക്കെ 'ഇന്ന് പൗര്‍ണ്ണമിയല്ലേ, നിങ്ങള്‍ക്ക് പഠനത്തിനായി ധാരാളം രോഗികളെ ലഭിക്കും'എന്നൊക്കെ നഴ്‌സുമാര്‍ സ്ഥിരം പറയുന്നത് കേട്ടപ്പോഴാണ് ജെനീവെ ബെല്‍വിലും (Geneviève Belleville) ഗ്യൂലിമെ ഫോള്‍ഡെ ബക്യുവും(Guillaume Foldes-Busque) അടങ്ങിയ സംഘത്തിന് എന്നാല്‍ അതൊന്ന് പരിശോധിച്ചാലെന്താ എന്ന കൗതുകം ജനിച്ചത്. 


ക്യുബെക്കിലെ എമര്‍ജന്‍സി ക്‌ളിനിക്കുകളിലെ രോഗികളെ സംബന്ധിച്ച മൂന്നു വര്‍ഷത്തെ സമ്പൂര്‍ണ്ണവിവരം കൈവശമുണ്ടായിരുന്ന അവര്‍ക്ക് അങ്ങനെയൊരു പഠനം എളുപ്പമായിരുന്നു. 2005 മുതല്‍ 2008 വരെയുള്ള കാലയളവില്‍ 771 രോഗികളെ അവര്‍ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. ഇവരില്‍ നല്ലൊരു പങ്കും ആത്മഹത്യാപ്രവണത, അക്രമസക്തമായ പൊരുമാറ്റം, വിഭ്രാന്തി, വിഷാദം തുടങ്ങിയ മാനസികപ്രശ്‌നങ്ങളുള്ളവരായിരുന്നു. പഠനത്തിന്റെ അവസാനം ’General Hospital Psychiatry’എന്ന ജേര്‍ണലില്‍ ഫലം പ്രസിദ്ധീകരിച്ചു. പൗര്‍ണ്ണമിയില്‍ രോഗികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ യാതൊരു വര്‍ദ്ധനയുമില്ലെന്നും പ്രചരിപ്പിക്കപ്പെടുന്ന പോലെ പൗര്‍ണ്ണമിക്ക് മാനസികപ്രശ്‌നങ്ങളുമായി വിശേഷിച്ച് ബന്ധവുമില്ലെന്നുമായിരുന്നു പഠനഫലം. പഠനഫലം ഇത്തരം തെറ്റുദ്ധാരണകള്‍ ഉപേക്ഷിക്കാന്‍ വിദഗ്ധര്‍ക്ക് പ്രേരണയാകുമെന്നാണ് പഠനസംഘത്തിലെ പ്രധാനിയായ ജെനീവെ ബെല്‍വില്‍ പ്രത്യാശ പ്രകടിപ്പിച്ചത്(http://news.nationalpost.com/2012/11/23/full-moon-does-not-affect-mental-health-emergency-room-study-suggests).

ചാന്ദ്രപ്രഭാവവും മനുഷ്യരിലെ ശാരീരിക-മാനസികമാറ്റങ്ങളും സംബന്ധിച്ച് മറ്റു ചില പഠനഫലങ്ങള്‍ കൂടി പരിഗണിക്കാം:
(1). 2004 ല്‍ പ്രശസ്തമായ 'Epilepsy & Behavior’ എന്ന മെഡിക്കല്‍ ജേര്‍ണലില്‍ ഇതു സംബനധിച്ച ഒരു പഠനറിപ്പോര്‍ട്ട് വരികയുണ്ടായി. പൗര്‍ണ്ണമിയും അപസ്മാരവുമായി(Epilepsy)യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു അതിലെ അന്തിമനിഗമനം. പണ്ടൊക്കെ അപസ്മാരത്തിന്റെ കാരണം ദുര്‍മന്ത്രവാദം, പിശാചുക്കള്‍, തുടങ്ങിയവയുടെ മുകളിലാണ് ആരോപിച്ചിരുന്നത്. ശാരീരിക അവസ്ഥകള്‍ക്ക് മിത്തിക്കലായ വിശദീകരണം(Mythical explanation)കണ്ടെത്താനുള്ള മസ്തിഷ്‌ക്കപ്രവണതയില്‍ നിന്നാണ് ചന്ദ്രനേയും അപസ്മാരത്തേയും തമ്മില്‍ ബന്ധിക്കുന്നതെന്ന് പഠനം പറയുന്നു. കാരണമറിയാത്ത കാര്യങ്ങള്‍ കഥകള്‍ നിര്‍മ്മിച്ച് പരിഹരിക്കാനുള്ള മതാത്മകവും ഭാവനാത്മകവുമായ നിലപാടാണ് അപസ്മാരകാരണം ചന്ദ്രനില്‍ ആരോപിക്കുന്നതില്‍ കലാശിക്കുന്നത്. ഇംഗ്‌ളീഷില്‍ ഭ്രാന്തിന് lunacy എന്ന വാക്ക് പ്രയോഗിക്കുന്നത് തന്നെ ഇത്തരം മിഥ്യാസങ്കല്‍പ്പങ്ങളുടെ ചുവട് പിടിച്ചാണല്ലോ. 

(2) 2005 ല്‍ കാനഡയിലെ വാന്‍കൂവറിലെ മയോ ക്‌ളിനിക്കിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തെ സംബന്ധിച്ച ഫലം Psychiatric Services എന്ന മെഡിക്കല്‍ ജേര്‍ണലിലുണ്ട്. വൈകിട്ട് 6 നും രാവിലെ ആറിനും ഇടയ്ക്ക് മനോരോഗ ക്‌ളിനിക്കിലെ എമര്‍ജന്‍സി വാര്‍ഡിലേക്ക് ആളുകള്‍ ചികിത്സ തേടിയത് സംബന്ധിച്ച സ്ഥിതിവിവരക്കണക്ക് പരിശോധിച്ചപ്പോള്‍ പൗര്‍ണ്ണമിരാത്രിയില്‍ എത്തിച്ചേര്‍ന്ന രോഗികളുടെ എണ്ണത്തില്‍ യാതൊരു പ്രത്യേകതയും കാണാനായില്ല. 

(3) 1996 ല്‍ അമേരിക്കയിലെ American Journal of Emergency Medicineല്‍ അത്യാസന്ന നിലയില്‍ ആശുപത്രിയിലെത്തുന്ന 150999 രോഗികളുടെ കേസുകള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടുണ്ട്. പൗര്‍ണ്ണമിരാത്രിയും മറ്റു രാത്രികളുമായി പ്രകടമായ യാതൊരുവിധ വ്യത്യാസവും കാണാനായില്ല. 

(4) ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പൗര്‍ണ്ണമിരാത്രിയില്‍ അസാധാരണമായ തോതില്‍ കൈപ്പിഴ വരാറുണ്ടോ? 2009 ല്‍ മെഡിക്കല്‍ ജേര്‍ണലായ ‘Anesthesiology’ യില്‍ വന്ന പഠനറിപ്പോര്‍ട്ട് പ്രകാരം ഇല്ല എന്നാണ് ഉത്തരം. ബൈപാസ് സര്‍ജറി ഏത് ദിവസം നിശ്ചയിച്ചാലും അപകടസാധ്യത ഒന്നുതന്നെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

(5) അതേസമയം കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൃഗരോഗ ചികിത്സാകേന്ദ്രത്തില്‍( ((((((  (Colorado State University Veterinary Medical Center)  നടത്തിയ ഒരു പഠനത്തില്‍ പൗര്‍ണ്ണമിരാത്രിയില്‍ പരിക്കുകള്‍ സംഭവിച്ച് ആശുപത്രിയില്‍ എത്തിക്കപ്പെടുന്ന പൂച്ചകകളുടെ എണ്ണത്തില്‍ സാധാരണ രാത്രികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 23% വര്‍ദ്ധനവുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. നായകളുടെ കാര്യത്തില്‍ വര്‍ദ്ധനവ് 28% ആയിരുന്നു. 11940 കേസുകള്‍ പരിശോധിച്ചാണ് ഈ നിഗമനം സ്വരൂപിച്ചത്. പൂര്‍ണ്ണനിലാവില്‍ തങ്ങളുടെ ഓമനമൃഗങ്ങളെ ഉടമസ്ഥര്‍ കൂടുതലായി പുറത്തേക്ക് വിടുന്നതുകൊണ്ടാവാം ഇതെന്ന് പഠനം പറയുന്നു. അതല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാവാം-എന്തായാലും കാരണം സംബന്ധിച്ച അന്തിമനിഗമനം ഈ റിപ്പോര്‍ട്ടിലില്ല. 

(6) (എ) പൗര്‍ണ്ണമിരാത്രിയില്‍ മൃഗങ്ങള്‍ അക്രമാസക്തമാകുന്നതിനെ കുറിച്ച് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍( ((British Medical Journal) 2000 ഡിസമ്പറില്‍ വന്ന പഠനറിപ്പോര്‍ട്ടനുസരിച്ച് മൃഗങ്ങളുടെ കടിയേറ്റ് സാധരണയുള്ളതിലും ഇരട്ടി ബ്രിട്ടീഷുകാര്‍ തീവ്രശുശ്രൂഷാ വാര്‍ഡിലേക്ക് എത്തിപ്പെട്ടതായി കാണുന്നു. Bradford Royal Infirmary ആണ് പഠനം നടത്തിയത്. അതേസമയം ഓസ്‌ട്രേലിയയില്‍ പബ്‌ളിക്ക് ആശുപത്രികളില്‍ ഇതേ പഠനം ആവര്‍ത്തിച്ചപ്പോള്‍ അത്തരം യാതൊരു വര്‍ദ്ധനവും കണ്ടെത്താനായില്ല(http://en.wikipedia.org/wiki/Full_moon)

(ബി) 2000 ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ചാപ്മാന്‍ മോറല്‍ (hapman S& Morrell S)എന്നിവര്‍ നായ കടിയേറ്റ 1671 പേരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് ചാന്ദ്രപക്ഷസ്വാധീനം വിലയിരുത്തിയിരുന്നു. പൗര്‍ണ്ണമിയും നായകടിയുമായി യാതൊരു സവിശേഷ ബന്ധവുമില്ലെന്നായിരുന്നു നിഗമനം(സി) ബാള്‍ട്ടിമോറിലെ ഫ്രാന്‍ഗാകിസും പെട്രിഡുവും (Frangakis CE& Petridou E)ഗ്രീസില്‍ 3 വര്‍ഷത്തിനിടെ നായ കടിച്ച 2642 കേസുകള്‍ പഠിച്ച ശേഷവും സമാനമായ നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്. പൂര്‍ണ്ണനിലാവില്‍ മൃഗങ്ങളെ കൂടുതല്‍ പുറത്തിറക്കാനും അല്ലെങ്കില്‍ അവ സ്വയം പുറത്തിറങ്ങനാനും സാധ്യതയുണ്ട്;അതുവഴി പ്രശ്‌നങ്ങളുണ്ടാകാനും. പക്ഷെ സ്ഥിതിവിവരക്കണക്കുകള്‍ ആ സാധ്യതപോലും സ്ഥിരീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

(7) സ്ത്രീകളിലെ ആര്‍ത്തവം സംബന്ധിച്ച വിശ്വാസമാണ് കൂടുതല്‍ കൗതുകരമായിട്ടുള്ളത്. 1980 ല്‍ വിന്നിഫ്രെഡ് ബി കട്‌ലര്‍  (American Journal of Obstetrics & Gynecology) ല്‍ ഇതു സംബന്ധിച്ച ഒരു പഠനഫലം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. 312 സ്ത്രീകളിലായിരുന്നു പഠനം. അവരില്‍ 40 ശതമാനത്തിന് പൗര്‍ണ്ണമി കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ ആര്‍ത്തവം(onset of menstruation within two weeks of the full moon) ഉണ്ടായതായി കണ്ടെത്തി. അതായത് 60 ശതമാനത്തിനം അങ്ങനെ സംഭവിച്ചില്ല! കഴിഞ്ഞ 33 വര്‍ഷമായി ശ്രീമതി കട്‌ലറിന്റെ പഠനത്തെ സാധൂകരിക്കുന്ന മറ്റ് പഠനങ്ങളൊന്നും വന്നിട്ടില്ല. ശ്രീമതി കട്‌ലറിന്റെ പഠനത്തിന്റെ സാമ്പിള്‍ ദുര്‍ബലമാണെന്ന് മാത്രമല്ല 'പൗര്‍ണ്ണമിക്ക് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍' എന്ന കണക്ക് വ്യക്തമായ ഫലം നല്‍കുന്നുമില്ല. 'പൗര്‍ണ്ണമിക്ക് ശേഷം മൂന്നാഴ്ചയ്ക്കുള്ളില്‍' എന്നായിരുന്നെങ്കില്‍ കുറഞ്ഞത് 80 ശതമാനത്തേയും ഉള്‍പ്പെടുത്താമായിരുന്നു!!

(8) ല്‍ 1999 ല്‍ ournal of Affective Disordersല്‍ വന്ന പഠനമനുസരിച്ച് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ പൂര്‍ണ്ണചന്ദ്രദിവസം പലര്‍ക്കും ഭാഗികമായ നിദ്രാവിഹീനത അനുഭവപ്പെടാറുണ്ടെന്ന് നിരീക്ഷിക്കുന്നുണ്ട്. കൃത്രിമപ്രകാശം വരുന്നതിന് ചന്ദ്രനായിരുന്നു മുഖ്യ പ്രകാശസ്രോതസ്സ്. സ്വഭാവികമായും ആനന്ദിക്കാനും കളിക്കാനും ആഘോഷിക്കാനുമൊക്കെ പൗര്‍ണ്ണമിരാത്രി തെരഞ്ഞെടുക്കുന്ന പ്രവണത കൂടിയതാവാം ഇതിന് കാരണമെന്ന യുക്തി മാത്രമേ ഈ റിപ്പോര്‍ട്ടും മുന്നോട്ടുവെക്കുന്നുള്ളു. ഉറക്കം കുറയുന്നത് മസ്തിഷ്‌ക്ക സംബന്ധമായ പ്രശ്‌നമുള്ള ചില രോഗികളില്‍ രോഗവസ്ഥ രൂക്ഷമാക്കാം. 

(9) 1994 ല്‍ അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് സംസ്ഥാനത്തെ ഗ്രോവിനും റോബര്‍ട്ട്‌സും(Gorvin JJ&Roberts MS) മാനസികരോഗങ്ങളും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുമായുള്ള ബന്ധം പരിശോധിക്കാനായി ബന്ധപ്പെട്ട നൂറ് കേസുകള്‍ വിലയിരുത്തിയപ്പോള്‍ ലഭിച്ച ഫലവും ഇംഗ്‌ളണ്ടിലെ ലിവര്‍പൂളിലെ വില്‍ക്കിന്‍സണും കൂട്ടരും(Wilkinson G and others) 782 വിഷാദരോഗികളെ 18 വര്‍ഷം തുടര്‍ച്ചയായി നിരീക്ഷിച്ച് പ്രസിദ്ധീകരിച്ച പഠനഫലവും(1997), സമാനവിഷയത്തില്‍ ഇറ്റലിയിലെ അമോഡിയയും സംഘവും(Ammeddeo F et al.) പ്രസിദ്ധീകരിച്ച പഠനഫലവും ചാന്ദ്രപ്രഭാവം മാനസികരോഗപ്രവണത വര്‍ദ്ധിപ്പിക്കുന്നവെന്ന ജനകീയവിശ്വാസം അസ്ഥിരപ്പെടുത്തുന്നതായിരുന്നു. 

(10) പൗര്‍ണ്ണമി ദിവസം ആത്മഹത്യപ്രവണത വര്‍ദ്ധിക്കുമെന്ന വിശ്വാസവും സ്ഥിതിവിവരക്കണക്കുകളുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നില്ലെന്ന് കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ വിവിധ ഗവേഷകര്‍ നടത്തിയ പഠനങ്ങളെല്ലാം തെളിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട മറ്റു ചില പഠനങ്ങള്‍ താഴെപ്പറയുന്നു.

(എ) അമേരിക്കയിലെ ഫ്‌ളോറിഡയിലെ ജേക്കബ്‌സണും(Jacobson D) സംഘവും 1980 ല്‍ നടത്തിയ പഠനം. 1187 ആത്മഹത്യകള്‍ സവിസ്തരം പരിശോധിച്ചുവെങ്കിലും പൗര്‍ണ്ണമിയില്‍ ആത്മഹത്യാ നിരക്ക് കൂടുന്നുവെന്നതിന് തെളിവൊന്നും കിട്ടിയില്ല. 

(ബി) 1991 ല്‍ ഇംഗ്‌ളണ്ടില്‍ നടന്ന 381 ആത്മഹത്യകള്‍ പഠിച്ച മാത്യു(Mathew VM) സംഘത്തിന്റെ റിപ്പോര്‍ട്ടും ചാന്ദ്രപ്രഭാവവും ആത്മഹത്യയും തമ്മിലുള്ള ബന്ധം കെട്ടുകഥയാണെന്ന് കണ്ടെത്തി.

(സി) അമേരിക്കയിലെ മിനസോട്ടയിലെ മല്‍ഡോണഡോയും ക്രോസും(Maldonodo and  Kraus) 1991 ല്‍ 58 വര്‍ഷം നീണ്ട കാലഘട്ടത്തില്‍ സംഭവിച്ച 4190 ആത്മഹത്യകള്‍ പഠിച്ച ശേഷം സമാനമായ നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. 

(ഡി) 1997 ല്‍ സ്‌പെയിനിലെ ഗാര്‍ഷ്യയും ടസ്സലും (Gutierrez Garcia and Tusell F)  3 വര്‍ഷം നീണ്ട കാലയളവിലെ 897 ആത്മഹത്യകള്‍ പഠിച്ചശേഷം സമാനഫലം പ്രഖ്യാപിച്ചു.

 (ഇ)1998-2003 കാലഘട്ടത്തില്‍ നടന്ന 3054 ആത്മഹത്യകള്‍ പരിശോധിച്ച ജര്‍മ്മനിയിലെ ബിയര്‍മാനും((Bierman T) സംഘവും ഇതേ കാര്യം സ്ഥിരീകരിച്ചു. 

(11) 1997 ല്‍ ടെക്‌സസിലെ തടവുകാരുമായി ബന്ധപ്പെട്ട 58527 അക്രമസംഭവങ്ങളും ബന്ധപ്പെട്ട പോലീസ് രേഖകളും പരിശോധിച്ച ഫോര്‍ബ്‌സും ലെബോയും (Forbes GB& Lebo GR Jr)അതേവര്‍ഷം ഇതേ വിഷയം പഠന വിധേയമാക്കിയ ഓസ്‌ട്രേലിയയിലെ ഓവനും(Owen C) കൂട്ടരും പ്രസിദ്ധീകരിച്ച ഫലങ്ങളും ചാന്ദ്രപക്ഷങ്ങളും അക്രമവാസനയുമായി ഏതെങ്കിലും ബന്ധമുണ്ടെന്ന വാദം നിരാകരിക്കുന്നവയായിരുന്നു. 

(12) 1989 ല്‍ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും റോഡപകടങ്ങളുമായുള്ള ബന്ധം പഠിച്ചവരാണ് പിറ്റ്‌സ്ബര്‍ഗിലെ കോട്‌സും കൂട്ടരും(Coats W and others). ഒരു വര്‍ഷം നടന്ന 1444 അപകടങ്ങളാണ് അവര്‍ പഠനത്തിന് വിധേയമാക്കിയത്. കാനഡയിലെ ലാവര്‍ട്ടിയും കെല്ലിയും(Laverty WH& Kelly IW) അവരുടെ നഗരത്തില്‍ 9 വര്‍ഷം നടന്ന അപകടങ്ങളുടെ ഡേറ്റയാണ് പഠനത്തിന്(1998) ഉപയോഗിച്ചത്. രണ്ടു പഠനങ്ങളിലും അപകടങ്ങളും ചാന്ദ്രപക്ഷങ്ങളുമായി പ്രകടമായ യാതൊരു ബന്ധവും കണ്ടെത്താനായില്ല. നേരെമറിച്ച്, അവധിദിവസങ്ങള്‍, ആഘോഷദിവസങ്ങള്‍ എന്നിവയിലാണ് റോഡപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇന്റര്‍നെറ്റ് പരതിയാല്‍ മേല്‍ സൂചിപ്പിച്ച ഫലങ്ങള്‍ക്ക് സമാനമായതോ ബന്ധപ്പെട്ടതോ ആയ മറ്റു പല പഠനഫലങ്ങളും കണ്ടെത്താനാവും. 

ചാന്ദ്രപ്രഭാവത്തെ സംബന്ധിച്ച് അന്നുവരെയുണ്ടായ 40 പഠനങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് 1985 ല്‍ ഇവാന്‍ കെല്ലി, ജയിംസ് റോട്ടണ്‍, റോജര്‍ കുള്‍ഡവര്‍ എന്നിവര്‍ ഒരു അവലോകനറിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ''The Moon was full and nothing happend:A Reviews on the studies on the Moon and human behaviour and lunar beliefs’’ എന്ന പേരില്‍ ഈ അവലോകനം സ്‌കെപ്റ്റിക്കല്‍ എന്‍ക്വയററില്‍( ((Skeptical Enquirer Vol 10, page 129, 1985)പ്രസിദ്ധീകരിച്ചിരുന്നു. മനുഷ്യന്റെ ശാരീരിക-മാനസികവ്യാപാരങ്ങള്‍ക്ക് മേല്‍ ചന്ദ്രനുണ്ടെന്ന് പ്രചരിപ്പിക്കപ്പെടുന്ന പ്രഭാവം കേവലം കെട്ടുകഥയാണെന്ന് അവലോകനം സമര്‍ത്ഥിക്കുന്നു. 1999 ല്‍ 100 പഠനങ്ങള്‍ ഉള്‍പ്പെടുത്തി ഈ അവലോകനം പരിഷ്‌ക്കരിച്ചപ്പോള്‍ മുന്‍ നിഗമനം ശക്തിപ്പെടുകയാണുണ്ടായത്. മലയാളത്തില്‍ 2007 ഏപ്രില്‍ മാസത്തിലെ 'ശാസ്ത്രഗതി'മാഗസിനില്‍ ഡോ. മനോജ് കോമത്ത് ഈ രംഗത്തെ പഠനങ്ങള്‍ സംഷിപ്തമായി അവതരിപ്പിച്ചിട്ടുണ്ട്. 

പഠനങ്ങളെല്ലാം വസ്തുനിഷ്ഠമായി സ്ഥിരീകരിക്കുന്ന കാര്യം ഒന്നുതന്നെ: ചന്ദ്രന്റെ വൃദ്ധക്ഷയങ്ങള്‍ മനുഷ്യന്റെ ശാരീരികവും മാനസികവുമായ സംതുലിതാവസ്ഥയില്‍ സവിശേഷകരമായ യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല. മറിച്ചുള്ള പ്രചരണമൊക്കെ നിലവിലുള്ള ഒരു അന്ധവിശ്വാസം ചൂഷണം ചെയ്യാനുള്ള ശ്രമമോ പ്രസ്തുത പ്രചരണം ബന്ധപ്പെട്ടവരില്‍ സൃഷ്ടിക്കുന്ന 'പൊലിപ്രഭാവമോ'ആണ്. പൗര്‍ണ്ണമിദിവസം അസാധാരണമായ പെരുമാറ്റം ഉണ്ടാകുമെന്ന കഥകള്‍ ബോധതലത്തില്‍ പേറുന്ന ക്രിമിനല്‍ സ്വഭാവമുള്ളവര്‍ അന്നത്തെ ദിവസം ഒരു കനകാവസരമായി കണ്ട് പെരുമാറുന്നുവോ എന്നും സംശയിക്കേണ്ടതുണ്ട്. കാരണം ലോകത്തെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും പൗര്‍ണ്ണമി നിരുദ്രവപരമായി കടന്നുപോകുന്നു. ഭൂരിപക്ഷവും രാത്രിയിലെ കഥകള്‍ അറിയുന്നുപോലുമില്ല!

ഭൂമി സൂര്യനും ചന്ദ്രനും മധ്യേ വരുമ്പോള്‍ ചന്ദ്രന് അഭിമുഖമായ ഭാഗത്താണല്ലോ പൂര്‍ണ്ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുക. ഭൂമിയും ചന്ദ്രനും ചലിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പൂര്‍ണ്ണചന്ദ്രന്‍ ക്രമേണ ഗ്രഹണത്തിന് വിധേയമാകും. ശക്തമായ വേലിയേറ്റപ്രഭാവം പൂര്‍ണ്ണചന്ദ്രദിവസം മാത്രമല്ല അമാവാസിയിലും(New moon) സംഭവിക്കുന്നുണ്ട്. അമാവാസിയില്‍ സൂര്യനും ചന്ദ്രനും ഭൂമിയും ഒരു നേര്‍രേഖയില്‍ വരുന്നതിനാല്‍ സൂര്യചന്ദ്രന്‍മാര്‍ക്ക് അഭിമുഖമായി വരുന്ന ഭൗമഗോളാര്‍ദ്ധത്തില്‍ ആകര്‍ഷണവലിവ് ഏറ്റവും കൂടുതലായിരിക്കും. അമാവാസിയില്‍ ഒരു അര്‍ദ്ധഗോളത്തില്‍ ചിലയിടങ്ങളില്‍ സൂര്യഗ്രഹണവും മറ്റേ അര്‍ദ്ധഗോളത്തില്‍ രാത്രിയുമായിരിക്കും. അതായത് ഇരുപകുതിയിലും ഇരുട്ട് അനുഭവപ്പെടുന്ന ദിവസമാണത്! അമവാസി പശ്ചാത്യര്‍ക്ക് പ്രശ്‌നക്കാരനല്ലെങ്കിലും നമ്മുടെ നാട്ടില്‍ ചില കിടിലന്‍ ധാരണകള്‍ അമാവാസിയെ വ്യതിരിക്തമാക്കുന്നുണ്ട്. അമാവാസിയോട് അനുബന്ധിച്ച് മരണവാര്‍ത്ത വരും, മുന്നാടിയായി'കാലന്‍ കോഴി' കൂവും...എന്നൊക്കെ പോകുന്നു കാര്യങ്ങള്‍. കാട്ടുമൂങ്ങയുടെ പ്രണയസന്ദേശമാണ് മിക്കപ്പോഴും കോഴിക്ക് മേല്‍ ചാര്‍ത്തപ്പെടുന്നത്! അമാവാസിയില്‍ നായ പ്രത്യേകരീതിയില്‍ മോങ്ങുമെന്ന് മറ്റൊരു വിശ്വാസവുമുണ്ട്. കാലനെ കാണുന്നതാണ് നായയുടെ സ്വരമാറ്റത്തിന് കാരണം! പൗര്‍ണ്ണമിയില്‍ ഏതാണ്ട് ഭൂമി മുഴുവന്‍ പ്രകാശിതമായിരിക്കും. അതായത് ഒരുവശത്ത് പകലും മറുവശത്ത് പൗര്‍ണ്ണമി നിലാവും. ഭൂമി ഇങ്ങനെ വെളിച്ചത്തില്‍ കുളിക്കുന്നതാണോ അധമവികാരങ്ങളേയും രോഗങ്ങളേയും ഇളക്കിവിടുന്നത്?! എങ്കില്‍ 'വെളിച്ചം ദു:ഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം' എന്ന വരിക്ക് മറ്റൊരര്‍ത്ഥം കൂടിയായി! 'സുഖം വന്നാലും ദു:ഖം വന്നാലും മദ്യപാനം' എന്നു പറയുന്നതുപോലെ വെളിച്ചം കൂടിയാലും ഇരുട്ടു കൂടിയാലും 'കഥകള്‍ 'ക്ക് ക്ഷാമമുണ്ടാകില്ല.

പൗര്‍ണ്ണമിയെ പ്രശ്‌നക്കാരിയാക്കുന്നത് പതിവില്‍ക്കവിഞ്ഞ നിലാവ് മാത്രമാണോ? ആണെന്ന് തോന്നുന്നില്ല. കാരണം പൗര്‍ണ്ണമിരാത്രിയില്‍ പൂര്‍ണ്ണചന്ദ്രഗ്രഹണവും സംഭവിക്കുന്നുണ്ട്. പ്രാചീനജനതയുടെ'ഗ്രഹണഭയ'വും(fear of eclipse) അനുബന്ധവിശ്വാസങ്ങളും പൗര്‍ണ്ണമിയേയും ബാധിച്ചിട്ടുണ്ടെന്ന് വ്യക്തം. ഗ്രഹണത്തിന്റെ കാരണവും സ്വഭാവവുമറിയാതെ കുഴങ്ങിയ ലോകമെമ്പാടുമുള്ള മനുഷ്യന്‍ കെട്ടുകഥകളുണ്ടാക്കിയാണ് പ്രതിസന്ധി തരണംചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്. സൂര്യചന്ദ്രന്‍മാര്‍ ആഹരിക്കപ്പെടുന്ന രാഹു-കേതു കഥയും ചൈനയിലെ ഡ്രാഗണ്‍ കഥയും ഇത്തരം വികല ധാരണകളില്‍ വിരിഞ്ഞതാണ്. ഗ്രഹണത്തെ കുറിച്ച് കുപ്രചരണങ്ങള്‍ അഴിച്ചുവിടാന്‍ ഇന്നും മതകേന്ദ്രങ്ങള്‍ ശ്രദ്ധിക്കാറുണ്ടല്ലോ. ഗ്രഹണസമയം ചില അജ്ഞാത'വിഷരശ്മികള്‍' സൂര്യനില്‍നിന്നും പ്രവഹിക്കും, യുദ്ധവും കെടുതികളുമുണ്ടാകും, ഗ്രഹണസമയത്ത് പുറത്തിറങ്ങുന്ന ഗര്‍ഭിണികളുടെ കുഞ്ഞുങ്ങള്‍ അന്ധരാവും, ആ ദിവസം ഗര്‍ഭിണികള്‍ ഉദരത്തില്‍ സ്പര്‍ശിച്ചാല്‍ നജാതശിശുവിന് മേല്‍ അടയാളങ്ങള്‍ വീഴും, ആഹാരം മലിനമാകും, ആ സമയം കിണര്‍ മൂടണം, വിശേഷാല്‍ പൂജ നടത്തണം.... അങ്ങനെ പോകുന്നു മതപരാക്രമങ്ങളുടെ പട്ടിക. സൂര്യന്‍ ഭീമാകാരമായ ഒരു 'ഹൈഡ്രജന്‍ബോംബ് ഫാക്ടറി'യാണെന്ന് നാം ചെറിയ ക്‌ളാസ്സില്‍ പഠിക്കുന്നുണ്ട്. രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങള്‍ ചേര്‍ന്ന് ഹീലിയം ആറ്റമുണ്ടാകുന്ന ഫ്യൂഷന്‍( പ്രക്രിയയാണ് അനുനിമിഷം സൂര്യനില്‍ നടക്കുന്നത്. ഭൂമിയിലെ ഏതെങ്കിലും പ്രദേശത്ത് ചന്ദ്രന്റെ നിഴല്‍ വീഴുമ്പോള്‍ സവിശേഷ വിഷരശ്മികള്‍ പായിക്കാനുള്ള ദുഷ്ടബുദ്ധി സൂര്യനുണ്ടെന്ന് വിശ്വസിക്കുന്നവരോട് അനുതപിക്കുകയേ തരമുള്ളു.

എന്നാല്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണസമയത്ത് സൂര്യനെ നേരിട്ട് നോക്കരുത്(with naked eyes)എന്നുപറയാന്‍ കാരണം മറ്റൊന്നാണ്. ഇവിടെ പ്രശ്‌നം ഗ്രഹണമല്ല, മറിച്ച് സൂര്യനാണ്! It is the Sun that is dangerous. All the time! നമ്മുടെ നേത്രങ്ങള്‍ക്ക് ഹാനികരമായ അദൃശ്യമായ അള്‍ട്രാ വയലറ്റ്, ഇന്‍ഫ്രറെഡ്(Ultra violet and Infra red) തുടങ്ങിയ വികിരണങ്ങള്‍ സൂര്യപ്രകാശത്തിലുണ്ട്. അള്‍ട്ര വയലറ്റിനെ ഭൗമാന്തരീക്ഷം ഏറെക്കുറെ തടയുമെങ്കിലും ഇന്‍ഫ്രാറെഡ് നേത്രത്തിലെ മൃദുകലകളില്‍( പൊള്ളലേല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. ഗ്രഹണത്തിന്റെ അന്ത്യത്തില്‍ അപ്രതീക്ഷിതമായി സൂര്യന്‍ ചാന്ദ്രനിഴലില്‍നിന്ന് പുറത്തുവരാനിടയുണ്ട്. ചന്ദ്രനിലെ വന്‍മലകള്‍ക്ക് ഇടയിലുള്ള താഴ്‌വരകള്‍ക്കിടയിലൂടെ പൊടുന്നനെ സൂര്യപ്രകാശം പുറത്തേക്ക് ചിതറിത്തെറിക്കും. 'വജ്രമോതിരം' (Diamond Ring Effect) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഗ്രഹണം വീക്ഷിക്കുന്നയാളുടെ റെറ്റിനയില്‍ സൗരപ്രകാശം നേരിട്ട് പതിക്കാന്‍ ഇടയാക്കാം. റെറ്റിന വേദനസംവേദനത്വം കുറഞ്ഞ കോശങ്ങളാല്‍ നിര്‍മ്മിതമായതിനാല്‍ ക്ഷതംസംഭവിക്കുന്നത് വീക്ഷിക്കുന്നയാള്‍ തല്‍സമയം അറിയണമെന്നില്ല. ഇതുമൂലം അന്ധത വരെ സംഭവിക്കാം. സാധാരണ നമുക്ക് സൂര്യനെ നേരിട്ട് തുറിച്ച് നോക്കാനാവില്ല; നോക്കാറുമില്ല. അഥവാ നോക്കിയാല്‍ ബോധപൂര്‍വം കൃഷ്ണമണി ചുരുക്കി റെറ്റിന സംരക്ഷിക്കും. എന്നാല്‍ സമ്പൂര്‍ണ്ണ ഗ്രഹണസമയത്ത് സൂര്യന്‍ മറയുന്നതിനാല്‍ നാം കരുതലില്ലാതെ നേത്രം തുറന്നുപിടിക്കാനിടയുണ്ട്. ഇതുമൂലം വജ്രമോതിരപ്രതിഭാസത്തിലൂടെ വെടിച്ചില്ല് പോലെ സൗരവികിരണം നേരിട്ട് റെറ്റിനയില്‍ പതിക്കുകയും അപകടമുണ്ടാവുകയും ചെയ്യാം. സമ്പൂര്‍ണ്ണഗ്രഹണത്തിന്റെ തുടക്കത്തിലും അന്ത്യത്തിലും ഈ ഭീഷണിയുണ്ട്.

ഗ്രഹണത്തിന് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെങ്കിലും ഗ്രഹണകഥകള്‍ കേട്ട് വളര്‍ന്നവര്‍ക്ക് ഭയാശങ്കകള്‍ ഉണ്ടാവുകയും തത്ഫലമായുണ്ടാകുന്ന മാനസികസമ്മര്‍ദ്ദം വിഷകരമായ ആന്തരികസ്രവങ്ങളുണ്ടാക്കി കഴിക്കുന്ന ആഹാരത്തെ വിഷമയമാക്കും എന്നൊക്കെ എഴുതിവിടുന്ന മതശാസ്ത്രജ്ഞരുണ്ട്. ഭയവും ആശങ്കയുമുള്ളപ്പോള്‍ കഴിക്കുന്ന ആഹാരം മുഴുവന്‍ വിഷമയമാകുമെങ്കില്‍ ഒരു മത്സരപരീക്ഷയ്ക്ക് മുമ്പ് ഒരു ഗ്‌ളാസ്സ് വെള്ളം കുടിക്കുന്നതിനെക്കുറിച്ച് പോലും പുനര്‍വിചിന്തനം വേണ്ടിവരും! സൂര്യന്‍(864,000 മൈല്‍)ചന്ദ്രന്റെ ഏതാണ്ട് 400 ഇരട്ടി വ്യാസമുള്ള ജ്യോതിര്‍ഗോളമാണ്. അതുകൊണ്ടുതന്നെ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അപൂര്‍വമാണ്;പരമാവധി ഏഴര മിനിറ്റിലധികം നീളില്ല. മിക്ക സൂര്യഗ്രഹണങ്ങള്‍ക്കും 1-2 മിനിറ്റ് മാത്രമേ ദൈര്‍ഘ്യമുണ്ടാകുകയുള്ളു. പരമാവധി 270 കിലോ മീറ്റര്‍ വ്യാപ്തിയുള്ള പ്രദേശത്ത് മാത്രമാണ് ചാന്ദ്രനിഴല്‍ ഇരുട്ടുണ്ടാക്കുക. സൂര്യനെ ചന്ദ്രന്‍ മറയ്ക്കുന്ന സമയത്ത് അന്തരീക്ഷം കലുഷിതമായി വിഷധൂളികള്‍ ഉത്പാദിപ്പിക്കപ്പെടുമെന്ന് തട്ടിവിടുന്ന ചില 'ഗ്രഹണശാസ്ത്രജ്ഞരും' ഈ കേരളത്തിലുണ്ട്! പരമാവധി ഏഴ് മിനിറ്റിനുള്ളിലാണ് ഈ സംഭവം അരങ്ങേറുന്നത്! ഏറ്റവും വലിയ സൂര്യഗ്രഹണം സംഭവിക്കുന്നത് രാത്രിയിലാണ്-എല്ലാ ദിവസവും ഏതാണ്ട് 12 മണിക്കൂര്‍. അപ്പോഴൊന്നും ഇല്ലാത്ത വിഷധൂളിയാണ് ഗ്രഹണസമയത്ത് ആഞ്ഞടിക്കുന്നത്. സൂര്യപ്രകാശം ഭൂമിയിലെത്താന്‍(ചന്ദ്രനിലും) തന്നെ 8 മിനിറ്റിലധികം വേണം. അതായത് ഗ്രഹണസമയത്ത് ചന്ദ്രന്‍ തടയുന്ന രശ്മികള്‍ എട്ടുമിനിറ്റ് മുമ്പ് പുറപ്പെട്ടവയാണ്. ഭൂമിയില്‍ ഗ്രഹണം സംഭവിക്കുമ്പോള്‍ സൂര്യന്‍ പ്രസരിപ്പിക്കുന്ന രശ്മികള്‍ ഗ്രഹണം കഴിഞ്ഞാണ് ഭൂമിയിലെത്തുന്നത്! 60 കോടി വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യനെ മറയ്ക്കാന്‍ കഴിയാത്ത രീതിയില്‍ ചന്ദ്രന്‍ ഭൂമിയില്‍നിന്ന് അകലുമെന്നും ഗ്രഹണങ്ങള്‍ നിലയ്ക്കുമെന്നുമാണ് ശാസ്ത്രലോകം കരുതുന്നത്.

മേഘശല്യമില്ലാതെ കത്തിനില്‍ക്കുന്ന സൂര്യന്‍ പെട്ടെന്ന് അപ്രത്യക്ഷമാകുകയും ഇരുട്ട് പരക്കുകയും ചെയ്യുന്നതിലെ അമ്പരപ്പും അതിന്റെ കാരണത്തെ കുറിച്ചുള്ള അജ്ഞതയുമാണ് ഗ്രഹണഭയത്തിന്റെ മുഖ്യ കാരണം. സത്യത്തില്‍ ഇതുതന്നെയല്ലേ പൗര്‍ണ്ണമിരാവിലും സംഭവിക്കുന്നത്?! ഏറ്റവും പ്രകാശമാനമായി നില്‍ക്കുന്ന അവസ്ഥയില്‍ പൂര്‍ണ്ണചന്ദ്രന് ഗ്രഹണം സംഭവിക്കുന്നു. ഉറക്കമിളച്ചിരിക്കുന്നവര്‍ക്ക് ഏതാണ്ട് ഒന്നര മണിക്കൂര്‍ നീളുന്ന വിസ്മയകരമായ ഈ ആകാശകാഴ്ച സസുഖം വീക്ഷിക്കാം. ഭൗമനിഴല്‍ വീണ് ചന്ദ്രന്‍ ക്രമേണ ഇരുളിലാകുന്നതാണ് നാം കാണുന്നത്. പക്ഷെ 'പരന്നഭൂമി'യില്‍ ജീവിച്ച ഒരു ഗോത്രമനുഷ്യന് അങ്ങനെ ചിന്തിക്കാനാവുമായിരുന്നില്ല. സ്വഭാവികമായും അവര്‍ കഥകള്‍ മെനഞ്ഞ് അജ്ഞതയെ എറിഞ്ഞോടിക്കാന്‍ ശ്രമിച്ചു. പൗര്‍ണ്ണമിരാവില്‍ മിക്കപ്പോഴും അര്‍ദ്ധരാത്രി കഴിഞ്ഞാവും ചന്ദ്രന്‍ ഭൂമിയുടെ നിഴലിന്റെ കേന്ദഭാഗത്ത്(Umbra) കുടുങ്ങുക. ചന്ദ്രഗ്രഹണം കാണാന്‍ പ്രാചീനമനുഷ്യര്‍ ഉറക്കമൊഴിഞ്ഞിട്ടുണ്ടാവാം. ആഘോഷവും മദ്യപാനവും അസാധാരണ സംഭവങ്ങളുമൊക്കെ ഈ കാത്തിരിപ്പിനെ സക്രിയമാക്കിയിട്ടുണ്ടാവാം.

വേലിയേറ്റത്തിന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് ജീവിതം ചാന്ദ്രചക്രത്തിന്(lunar cycle)അനുസരിച്ച് ക്രമപ്പെടുത്തിയ ഭൗമജീവികളെ ചന്ദ്രന്റെ ആകര്‍ഷണമില്ലാത്ത മറ്റേതെങ്കിലും ഗ്രഹത്തില്‍ കൊണ്ടുപോയാലും അതൊക്കെ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. പൗര്‍ണ്ണമി ദിവസങ്ങളില്‍ കന്നുകാലികള്‍ ഇണചേരാന്‍ കൂടുതല്‍ താല്‍പര്യം കാണിക്കുമെന്ന വാദം പരിശോധിക്കേണ്ടത് ഈ പശ്ചാത്തലത്തിലായിരിക്കണം. പക്ഷെ ഇക്കാര്യത്തിലൊക്കെ കൃത്യമായ പഠനങ്ങള്‍ ഇനിയും ആവശ്യമുണ്ട്. സൂര്യചന്ദ്രന്‍മാര്‍ ഉള്‍പ്പെട്ട പരിസ്ഥിതിഘടകങ്ങള്‍ക്ക് വിധേയമായി പ്രകൃതിനിര്‍ധാരണം വഴിയാണ് ഭൂമിയിലെ ജൈവവ്യവസ്ഥ രൂപം കൊണ്ടിട്ടുള്ളത്. അത് ജീവികള്‍ക്കും സസ്യങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്. സൂര്യപ്രകാശത്തില്‍ താമരയും നിലാവില്‍ ആമ്പലും വിരിയുന്നത് ശ്രദ്ധിച്ചിട്ടില്ലേ. വൃക്ഷങ്ങള്‍ സൂര്യപ്രകാശത്തിന് അഭിമുഖമായി വളരുന്നതും ഭൂമധ്യരേഖാപ്രദേശത്ത് ജീവിക്കുന്നവരുടെ മെലനോസൈറ്റ് കോശങ്ങള്‍ ഉത്തേജിതമായി ത്വക്കിന് കറുപ്പ് നിറം വരുന്നതും ഭൂമിയിലെ ജൈവവ്യവസ്ഥ സൂര്യ-ചന്ദ്രന്‍മാരുമായി ബന്ധപ്പെട്ടത് എങ്ങനെയാണെന്ന് തൃപ്തികരമായി വിവരിക്കുന്നുണ്ട്. ചുറ്റുമുള്ള വസ്തുക്കളെല്ലാം നമ്മെ സ്വാധീനിക്കുന്നുണ്ട്, നാം തിരിച്ചും. പക്ഷെ അതൊരിക്കലും ജ്യോതിഷി വിളമ്പുന്ന യക്ഷിക്കഥകള്‍ പ്രകാരമല്ല. പ്രപഞ്ചം എന്താണെന്നും അതിന്റെ വലുപ്പം എന്താണെന്നും അറിയാത്തവരുടെ വികലഭാവനയില്‍ വിരിഞ്ഞവയാണ് പൂര്‍ണ്ണചന്ദ്രന്റെ അതിക്രമകഥകള്‍.

100 കിലോഗ്രാം ഭാരമുള്ള ഒരു മനുഷ്യന് മേല്‍ ശരാശരി ദൂരത്തിലുള്ള(3.80 ലക്ഷം കിലോമീറ്റര്‍) ചന്ദ്രന്‍ പ്രയോഗിക്കുന്ന ഗുരുത്വവലിവ് 0.3384 ഗ്രാം ആണെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ഇന്ദ്രിയങ്ങള്‍കൊണ്ട് അറിയാനാവാത്തതും മസ്തിഷ്‌ക്കം കൊണ്ട് രേഖപ്പെടുത്താനാവാത്തതുമായ തോതില്‍ നിസ്സാരമായ ഒരു സ്വാധീനമാണത്. ഭാരം കുറയുന്നതനുസരിച്ച് വലിവും കുറയും. പക്ഷെ അത് ഏല്ലാവര്‍ക്കും ഒരുപോലെയാണ്. പ്രാപഞ്ചികബലങ്ങള്‍ പ്രാപഞ്ചികമാണ്-ആളുംതരവും നോക്കിയല്ല അവ പ്രവര്‍ത്തിക്കുന്നത്. നവജാതശിശുവിനെ സ്വാധീനിക്കുന്നത് പോലെ തൊണ്ണൂറ് കഴിഞ്ഞ കിളവനും സ്വാധീനിക്കപ്പെടും. ഒരു മാതാവ് സ്വന്തം കുഞ്ഞിനെ മാറോട് ചേര്‍ക്കുമ്പോള്‍ പ്രയോഗിക്കുന്ന ബലം ചന്ദ്രന്‍ ആ കുഞ്ഞില്‍ ചെലുത്തുന്ന ബലത്തിന്റെ 1.2 കോടി ഇരട്ടിയായിരിക്കും! ചന്ദ്രന് ഭൂമിയിലുള്ള പ്രഭാവം പഠിക്കാനാണെങ്കില്‍ അത് ആകാശത്ത് എവിടെ നില്‍ക്കുന്നുവെന്നതല്ല മറിച്ച് ഭൂമിയുമായി എത്ര അകലത്തിലാണ് എന്നതാണ് അന്വേഷിക്കേണ്ടത്. ഒരു ചാന്ദ്രമാസത്തില്‍ 3.62 ലക്ഷം മുതല്‍ 4.05 ലക്ഷം കിലോമീറ്റര്‍ വരെയാണ് ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം വ്യത്യാസപ്പെടുന്നത്. അതായത് 43000 കിലോമീറ്ററിന്റെ വ്യത്യാസം. സത്യത്തില്‍ ഗുരുത്വസ്വാധീനം അളക്കുമ്പോള്‍ പരിഗണിക്കേണ്ടതതാണ്;അതല്ലാതെ ചന്ദ്രന്‍ കാണപ്പെടുന്ന രാശിയും സമീപമുള്ള നക്ഷത്രഗണവുമല്ല. അറിയുക,പൗര്‍ണ്ണമിരാത്രിയില്‍ ചന്ദ്രന്‍ വിശേഷിച്ച് യാതൊന്നും ചെയ്യുന്നില്ല, ചന്ദ്രനെ ആരും വിഴുങ്ങുന്നുമില്ല. ചന്ദ്രനെ വിഴുങ്ങുന്ന കഥയുണ്ടാക്കി പ്രപഞ്ചം നിര്‍ധരിക്കുന്നവര്‍ മോചനം നേടേണ്ടത് അവരില്‍ നിന്ന് തന്നെയാണ്. ******(Published in Pachakkuthira , March, 2013)