ശാസ്ത്രം വെളിച്ചമാകുന്നു

Sunday 15 December 2013

75.ചിത കാണാത്ത വെളിപാടുകള്‍

Nostradamus
2011 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണത്തിന് ശേഷം പ്രസിദ്ധ(?) ഫ്രഞ്ച് പ്രവാചകനും ജ്യോതിഷിയുമായിരുന്ന മെക്കല്‍ ഡി നോസ്ട്രഡാമസിന്റെ (Mìchele de Notre-Dame (1503–1566)രചനകള്‍ amason.com എന്ന വിഖ്യാത ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറിലെ ബെസ്റ്റ് സെല്ലറുകളായി മാറിയെന്ന് റിപ്പോര്‍ട്ട് ചെയ്തത് ബി.ബി.സിയാണ്. ഇന്ന് പുസ്തകപ്രസാധകരംഗത്ത് നോസ്ട്രഡാമസ് നൂറ് കോടി രൂപയുടെ വമ്പന്‍ വ്യവസായമാകുന്നു. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈ ഫ്രഞ്ച് ജ്യോതിഷിയും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെടുന്നതെങ്ങനെ? ഗൂഗിളില്‍ Nostradamus Predictions 2012 എന്ന് ടൈപ്പ് ചെയ്ത് സേര്‍ച്ച് ചെയ്താല്‍ ലക്ഷക്കണക്കിന് ഫലങ്ങള്‍ ലഭിക്കും. 'നൂറ്റാണ്ടുകള്‍' (Centuries)എന്ന പുസ്തകത്തിലൂടെ ലോകത്തെ പിടിച്ചുകുലുക്കിയ നിരവധി സംഭവങ്ങളുടേയും വ്യക്തികളേയും സംബന്ധിച്ച പ്രവചനങ്ങള്‍ നടത്തിയ വ്യക്തിയാണ് ഇദ്ദേഹമെന്ന് വിശ്വസിക്കുന്നവര്‍ നിരവധി. ആയിരക്കണക്കിന് വെബ്‌സൈറ്റുകളും നൂറുകണക്കിന് പുസ്തകങ്ങളും നോസ്ട്രഡാമസിനെ കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. 
ഇങ്ങ് കൊച്ചുകേരളത്തില്‍ പോലും അദ്ദേഹത്തിന്റെ അപദാനപുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. നോസ്ട്രഡാമസിനെ ദേവതുല്യനായി അവതരിപ്പിക്കുന്ന കഥകള്‍ക്കും പഞ്ഞമില്ല. രാവിലെ അഭിവാദ്യം ചെയ്ത് കടന്നുപോയ'കന്യകയായ പെണ്‍കുട്ടിയെ'വൈകിട്ട് തിരിച്ചുവന്നപ്പോള്‍ നോസ്ട്രഡാമസ് 'സ്ത്രീ'എന്നു സംബോധന ചെയ്തതും അത് കേട്ട് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് അന്നേ ദിവസം തനിക്ക് വനത്തില്‍വെച്ച് കന്യകാത്വം നഷ്ടപ്പെട്ട സത്യം തുറന്നു സമ്മതിച്ചതുമൊക്കെ അവയില്‍ ചിലവ മാത്രം! സ്വന്തം മരണംവരെ പ്രവചിച്ചുവെന്ന് ആരാധകര്‍ അവകാശപ്പെടുന്ന ഈ മനുഷ്യന്‍ വാസ്തവത്തില്‍ ആരായിരുന്നു?

നോസ്ട്രഡാമസിന്റെ രചനകളില്‍ ഏതാനും ചില കത്തുകള്‍, ജ്യോതിഷ വ്യാഖ്യാനങ്ങള്‍, ജാം ഉണ്ടാക്കാനുള്ള പാചകക്കുറിപ്പുകള്‍ (jam recipes)എന്നിവയുടെ കൈയ്യെഴുത്തുകള്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. പിന്നെയുള്ളത് വൈദ്യശാസ്ത്ര സംബന്ധിയായ രണ്ട് പുസ്തകങ്ങളാണ്. അതില്‍ ഒരെണ്ണം സമ്പൂര്‍ണ്ണ മോഷണവും രണ്ടാമത്തേത് പ്‌ളേഗിനുള്ള പ്രതിവിധികള്‍ വിശദീകരിക്കുന്ന സ്വന്തം കൃതിയുമാണ്. ഈ പുസ്തകത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന പ്രതിവിധികളൊക്കെ പ്രയോജനരഹിതമാണെന്നത് വേറെ കാര്യം! സ്വയം ശിക്ഷിതനായ ഒരു ഫാര്‍മസിസ്റ്റായും അദ്ദേഹം കുറെക്കാലം ജോലി ചെയ്‌തെങ്കിലും ക്രമേണ വൈദ്യവൃത്തിയില്‍ നിന്ന് ബഹിഷ്‌കൃതനായി. ജ്യോതിഷി എന്ന നിലയില്‍ ജീവിതകാലത്ത് തന്നെ പ്രസിദ്ധി നേടിയെങ്കിലും അവിടെയും നോസ്ട്രഡാമസിന്റെ പ്രകടനം അത്ര മെച്ചമാണെന്ന് പറഞ്ഞുകൂടാ. മിക്ക പ്രവചനങ്ങളും അമ്പേ പാളി. എങ്കിലും വൈദ്യന്‍ എന്നതിനേക്കാള്‍ ജ്യോതിഷി എന്ന നിലയിലാണ് പില്‍ക്കാലത്ത് നോസ്ട്രഡാമസ് അറിയപ്പെട്ടതെന്ന കാര്യത്തില്‍ ചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ട്.

നോസ്ട്രഡാമസ് ആദ്യമായി ഒരു പഞ്ചാംഗം(almanac) പ്രസിദ്ധീകരിച്ചത് 1550 ലാണ്. മരിക്കുന്നതുവരെ(1566) മിക്ക വര്‍ഷങ്ങളിലും അത് പരിഷ്‌ക്കരിച്ച് പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയിടയ്ക്ക് 45 ദിവസത്തിന്റെ വ്യത്യാസത്തില്‍ ഫ്രാന്‍സില്‍ രണ്ടു തലയുള്ള ഒരു മനുഷ്യശിശുവും രണ്ടുതലയുള്ള കുതിരക്കുട്ടിയും പിറക്കുകയുണ്ടായി. ഈ സംഭവം അയല്‍രാജ്യങ്ങളില്‍ പോലും സംസാരവിഷയമായിരുന്നു. ഫ്രാന്‍സില്‍ വരാനിരിക്കുന്ന ആഭ്യന്തര സംഘര്‍ഷത്തിന്റെ സൂചനയായിട്ടാണ് നോസ്ട്രഡാമസ് ഈ സംഭവത്തെ വ്യാഖ്യാനിച്ചത്. തുടര്‍ന്ന് 1556 ല്‍ 'നൂറ്റാണ്ടുകള്‍'(centuries) പുറത്തിറങ്ങി. 'മൈക്കല്‍ ഡി നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍'(Les Prophéties de M. Michel Nostradamus)എന്ന പേരിലാണ് ഏതാണ്ട് രണ്ടായിരം വര്‍ഷത്തേക്കുള്ള പ്രവചനങ്ങള്‍ (ഏതാണ്ട് എ.ഡി 3797 വരെ) ഉള്‍ക്കൊള്ളുന്ന 942 ഖണ്ഡികകളുള്ള ഈ നിഗൂഡ കവിതാശേഖരം പ്രസിദ്ധീകരിക്കപ്പെട്ടത്. നാലു വരി ഖണ്ഡികളിലാണ് (quatrains) ഈ കൃതി ക്രമപ്പെടുത്തിയിട്ടുള്ളത്. 'നൂറ്റാണ്ടുകള്‍' നോസ്ട്രഡാമസിന്റെ സ്വന്തം രചനയായിരുന്നില്ലെന്ന ആരോപണത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഈ കൃതിയുടെ രചന പൂര്‍ത്തിയാക്കിയത് ആരോപണത്തിന് ബലംപകര്‍ന്നു. നോസ്ട്രഡാമസിന്റെ രചനാശൈലിയും ഭാഷയും അദ്ദഹത്തിന്റെ വൈദ്യശാസ്ത്ര സംബന്ധിയായ ഗ്രന്ഥങ്ങള്‍ വഴി നമുക്ക് പരിചിതമാണ്. എന്നാല്‍ ഇതുമായി പുലബന്ധം പോലുമില്ലാത്ത ശൈലിയും ഭാഷയുമാണ് പില്‍ക്കാലത്ത് വിഖ്യാതമായി തീര്‍ന്ന'നൂറ്റാണ്ടുകളി'ല്‍ കണ്ടെത്താനാവുക.


'നൂറ്റാണ്ടുകള്‍' 1556 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും ആരംഭത്തില്‍ പൊതുജന പ്രതികരണം ഒട്ടും ആവേശകരമായിരുന്നില്ല. എന്നാല്‍, ഫ്രഞ്ച് രാജാവായ ഹെന്റി രണ്ടാമന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ വിധവ കാതറീന്‍ ഡി മെഡിസിയുടെ(Catherine de' Medici) പ്രീതി പിടിച്ചുപറ്റാന്‍ നോസ്ട്രഡാമസിന് സാധിച്ചത് നിര്‍ണ്ണായകമായി. തന്റെ ഭര്‍ത്താവിന്റെ മരണം നോസ്ട്രഡാമസ് കൃത്യമായി പ്രവചിച്ചുവെന്നായിരിക്കണം കാതറീന്‍ വിശ്വസിച്ചിരുന്നത്. പാരീസില്‍ വെച്ച് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഒരു വീരനായകനെപ്പോലെയാണ് അദ്ദേഹം സ്വദേശത്ത് തിരിച്ചെത്തിയത്. ഭരണാധികാരി അംഗീകരിച്ച പ്രവാചകമഹത്വം മെല്ലെ ജനങ്ങളും ഏറ്റുപാടി. നോസ്ട്രഡാമസിന്റെ പ്രവചനശേഷി ദൈവത്തിന്റെ വരദാനമാണെന്നാണ് 1557 ല്‍ പ്രസിദ്ധ ഫ്രഞ്ചു കവി പിയറി ഡി റോണ്‍സാഡ് വിശേഷിപ്പച്ചത്. പിന്നീടങ്ങോട്ട് നോസ്ട്രാഡാമസിന്റെ വിജയകഥകളുടെ പെരുമഴ പെയ്തു. മിക്കവയും ആസൂത്രിതമായി പ്രചരിപ്പിക്കപ്പെട്ട അര്‍ദ്ധസത്യങ്ങളും നുണകളുമായിരുന്നു. കുറേക്കാലം സന്ധിവേദനയും മറ്റു ചില രോഗങ്ങളുമായി കഷ്ടപ്പെട്ട അദ്ദേഹം 1566 ല്‍ സ്വന്തം പണിശാലയിലെ ബെഞ്ചില്‍ കിടന്നാണ് മരിച്ചത്. മരണം മുന്‍കൂട്ടി പ്രവചിച്ചിട്ടാണ് അദ്ദേഹം മുറിയില്‍ പ്രവേശിച്ചതെന്ന അപദാനകഥ പിന്നാലെ വന്നു!

മഹാപ്രവാചകന്‍, അസ്സല്‍ കള്ളന്‍, അസ്ഥിരതയും നിഗൂഡതയുമുള്ള വ്യക്തി-ഇങ്ങനെ മൂന്ന് തരം വിലയിരുത്തലാണ് നോസ്ട്രഡാമസിനെ ചുറ്റിപ്പറ്റി പൊതുവില്‍ കാണാനാവുക. ഇംഗ്‌ളീഷ് ഭാഷയ്ക്ക് സ്വാധീനമുള്ളിടത്ത് നോസ്ട്രഡാമസ് പ്രസിദ്ധനാവുന്നത് ശരിക്കും പത്തൊമ്പതാം നൂറ്റാണ്ടിലാണ്. എ.വാര്‍ഡിന്റെ ‘Oracles of Nostradamus’(1891)ഉം ജെയിംസ് ലാവറിന്റെ(Nostradamus; or The Future Foretold) മാണ് അദ്ദേഹത്തെ ഇംഗ്‌ളീഷ്‌ലോകത്തിന് പരിചയപ്പെടുത്തിയ രണ്ട് പ്രധാനഗ്രന്ഥങ്ങള്‍. എഡ്ഗാര്‍ ലിയോണി(Edgar Leoni)യുടെ(Nostradamus: Life and Literature/1961)എന്ന താരതമ്യേന വലിയ പുസ്തകം ഒരുപക്ഷെ നോസ്ട്രഡാമസിനെക്കുറിച്ചുള്ള ഏറ്റവും സമീകൃതമായ നിരീക്ഷണങ്ങള്‍ സമ്മാനിക്കുന്നതാണ്. സന്ദേഹപരമായ നിലപാടാണ് ലിയോണി ഗ്രന്ഥത്തില്‍ സ്വീകരിക്കുന്നതെങ്കിലും നോസ്ട്രഡാമസ് മോഷ്ടാവ് തന്നെയെന്ന് തുറന്നടിക്കുന്ന ചില സ്‌ക്കെപ്റ്റിക്കുകളുടെ രീതി അദ്ദേഹം പിന്തുടരുന്നില്ല. 


വിഖ്യാത അമേരിക്കന്‍ മജീഷ്യനും സ്‌ക്കെപ്റ്റിക്കുമായ ജയിംസ് റാന്‍ഡി(James Randi) 1990 ല്‍ എഴുതിയ 'നോസ്ട്രഡാമസിന്റെ മുഖംമൂടി'(The Mask of Nostradamus) നോസ്ട്രഡാമിസിനെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ ശ്രമിക്കുന്നുണ്ട്. കുയുക്തികളും കപടശാസ്ത്രങ്ങളും പൊളിച്ചടുക്കി ശീലമുള്ള റാന്‍ഡിയെ നോസ്ട്രഡാമസ് ആകര്‍ഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളു!'ഏതൊരു കാലത്തും വിജയിക്കാന്‍ സാധ്യതയുള്ളയത്ര പ്രതിഭയുണ്ടായിരുന്ന വ്യക്തി' ആയാണ് റാന്‍ഡി നോസ്ട്രഡാമസിനെ കണ്ടത്. ശരിക്കും പഠിച്ച കള്ളന്‍! നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ മാത്രമല്ല അവയ്ക്ക് ആരാധകര്‍ നല്‍കുന്ന വ്യാഖ്യാനങ്ങളും കഥയില്ലാത്തതും പരസ്പരവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്ന് റാന്‍ഡി ഈ ഗ്രന്ഥത്തില്‍ സ്ഥാപിക്കുന്നു.

നോസ്ട്രഡാമസിന് യൂറോപ്പും ഈജിപ്ത് ഉള്‍പ്പെടെയുള്ള അറബ്-മധ്യേഷ്യയും ഒഴികെയുള്ള ലോകത്തെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ലെങ്കിലും ഇന്ന് അമേരിക്കയിലും ഇന്ത്യയിലുമൊക്കെ നടക്കുന്ന മിക്ക പ്രസിദ്ധ സംഭവങ്ങളും ആ പുസ്തകം പ്രവചിക്കുന്നുവെന്നതാണ് നോസ്ട്രഡാമസ് ആരാധകര്‍ പ്രചരിപ്പിക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും മുംബൈ ഭീകര ആക്രമണവുമൊക്കെ അവയില്‍പ്പെടും. സൂക്ഷ്മമായി പരിശോധിച്ചാല്‍ നോസ്ട്രഡാമസിന്റെ വിഖ്യാതമായ പ്രവചനങ്ങളില്‍ ഒട്ടുമിക്കവയും ഭാവനാസമ്പന്നമായ 'ഒപ്പിച്ചുവെക്കലു'കളാണെന്ന് മനസ്സിലാക്കാം. രണ്ടായാലും നോസ്ട്രഡാമസ് അല്ലെങ്കില്‍ 'നൂറ്റാണ്ടുകള്‍' വിഭാവനംചെയ്ത അസ്സല്‍ രചയിതാവ് ഈ വരികളൊക്കെ എഴുതിയപ്പോള്‍ ഉദ്ദേശിച്ചത് എന്തായിരുന്നു എന്ന കാര്യത്തില്‍ ധാരണയിലെത്തുക അത്ര എളുപ്പമല്ല.

'നൂറ്റാണ്ടുകള്‍' എവിടെ നിന്ന്? 
എന്തുകൊണ്ട് ഇങ്ങനെയൊരു ചോദ്യം? നോസ്ട്രഡാമസിന്റെ സ്വന്തം രചന എന്ന നിലയിലാണ് ഇന്നുമത് ചര്‍ച്ച ചെയ്യപ്പെടുന്നതെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ പേരില്‍ തന്നെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. പക്ഷെ ഇവയൊന്നും 'നൂറ്റാണ്ടുകള്‍' രചിച്ചത് നോസ്ട്രഡാമസ് തന്നെയാണോ എന്ന ചോദ്യം റദ്ദാക്കുന്നില്ല. നൂറ്റാണ്ടുകളുടെ കര്‍ത്താവ് നോസ്ട്രഡാമസ് അല്ല എന്ന വാദത്തിന് ചരിത്രകാരന്‍മാര്‍ക്കിടയില്‍ പ്രാമുഖ്യമുണ്ട്. ചരിത്രപരമായി നോക്കിയാല്‍ ഈ ഗ്രന്ഥത്തിന്റെ പിറവിക്ക് ഇന്നത്തെ ബല്‍ജിയവുമായി നല്ല ബന്ധമുണ്ട്. ഗ്രന്ഥരചനയുമായി ബന്ധപ്പെട്ടതെന്ന് കരുതപ്പെടുന്ന പ്രധാന സ്ഥലം ഇന്നത്തെ ബല്‍ജിയത്തിലാണ്. നോസ്ട്രഡാമസിനെ കാപട്യക്കാരനെന്ന് വിശേഷിപ്പിക്കേണ്ട പലതും ആ ജീവിതത്തിലുണ്ടായതായി ചിന്തകനും പ്രശസ്ത ഇന്‍ഡോളജിസ്റ്റുമായ കോന്റാഡ് എസ്റ്റ്(Dr. Koenraad Elst) ചൂണ്ടിക്കാണിക്കുന്നുണ്ട്. ബല്‍ജിയത്തിലെ ലീഗ് യൂണിവേഴ്‌സിറ്റിയിലെ റോമന്‍ ഫിലോളജി പ്രഫസറായിരുന്ന റൂഡി കാമ്പിയര്‍ (Rudy Cambier, a retired Romance Philology professor of Liège University, Belgium) 'നൂറ്റാണ്ടുകളു'ടെ ചരിത്രപശ്ചാത്തലം വിശകലനം ചെയ്ത് നടത്തിയ നിരീക്ഷണങ്ങളിലേക്കാ കോന്‍ റാഡ് ശ്രദ്ധ ക്ഷണിക്കുന്നത്(http://koenraadelst.blogspot.in/2010/03/nostradamus-debunked.html). ചെറുപ്പക്കാലത്ത് ഈജിപ്റ്റ്, പേര്‍ഷ്യ ഒഴികെയുള്ള റോമാന്‍സ്(Romance) സംസാരിക്കുന്ന ദേശങ്ങള്‍ സന്ദര്‍ശിച്ച നോസ്ട്രഡാമസ് 1545 ല്‍ കാംബ്രോണ്‍ ആശ്രമത്തില്‍(monastery in Cambron) തങ്ങിയിട്ടുണ്ട്. 


അന്നത്തെ പരിശുദ്ധ റോമാ സാമ്ര്യാജ്യത്തിന്റെ ഭാഗമായിരുന്ന ഹെയ്‌നോള്‍ട്ടിന്റെ പ്രവിശ്യയില്‍ സ്ഥിതിചെയ്തിരുന്ന ക്രൈസ്തവ സന്യാസിമാരുടെ ഈ ആശ്രമം ഫ്‌ളാണ്ടേഴ്‌സിലെ പ്രഭുവിന്റെ(Earldom of Flandres) അധികാര പരിധിയിലായിരുന്നു. ഈ പ്രദേശമാണ് ഇന്നത്തെ ബല്‍ജിയത്തിലുള്ളത്. അക്കാലത്തെ ഫ്രഞ്ച് സാമ്രാജ്യത്തില്‍ ഏറ്റവുമധികം സ്വാധീനമുള്ള സാമാന്തരാജാവായിരുന്നു ഫ്‌ളാണ്ടേഴ്‌സിലെ പ്രഭു. ഈ ആശ്രമത്തില്‍വെച്ചാണ് നോസ്ട്രഡാമസിന്റെ ജീവിതം മാറ്റി മറിച്ച സംഭവമുണ്ടായത്. ആയിടയ്ക്ക് ആശ്രമ മേധാവിയായിരുന്ന യെസ് ഡി ലെസ്സൈന്‍സ്(Abbot Yves de Lessines) 1323-28 കാലഘട്ടത്തില്‍ എഴുതിയ ചില കയ്യെഴുത്ത് രചനകള്‍ കാണാനിടയായി. വായിച്ചുനോക്കിയെങ്കിലും അദ്ദേഹത്തിന് അവ എന്തിനെക്കുറിച്ചാണെന്ന് മനസ്സിലായില്ല. പക്ഷെ അവ ഭദ്രമായി സൂക്ഷിച്ചുവെച്ചു. പില്‍ക്കാലത്ത് ആശ്രമത്തില്‍ താമസിക്കാനെത്തിയ ജ്യോതിഷി കൂടിയായ നോസ്ട്രഡാമസ് നിഗൂഡതകള്‍ അനാവരണം ചെയ്യാന്‍ ശേഷിയുള്ളവനാണെന്ന് സന്യാസിമാര്‍ കരുതിയിട്ടുണ്ടാവും. കാര്യമറിയാനായി അവര്‍ ഈ കയ്യെഴുത്ത് പ്രതികള്‍ നോസ്ട്രഡാമസിനെ കാണിച്ചു. തങ്ങള്‍ക്ക് ഒന്നും മനസ്സിലാകാത്ത ആ രചന സംബന്ധിച്ച് നോസ്ട്രഡാമസിന് എന്തെങ്കിലും പറയാന്‍ കഴിയുമോ എന്ന് ആരായുകയായിരുന്നിരിക്കണം അവരുടെ ലക്ഷ്യം.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തായാലും നോസ്ട്രഡാമസ് ഈ കയ്യെഴുത്ത് പ്രതികള്‍ കാണുകയും അതില്‍ ആകൃഷ്ടനാവുകയും ചെയ്തു. ശേഷം എങ്ങനെയോ അദ്ദേഹമത് കൈക്കലാക്കി 'നൂറ്റാണ്ടുകള്‍'(Les Centuries) എന്ന പേരില്‍ പില്‍ക്കാലത്ത് പ്രസിദ്ധീകരിച്ചു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മൊത്തം രചനയും ആദ്യംതന്നെ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. തുടക്കത്തില്‍ ഏതാനും ഭാഗങ്ങള്‍ മാത്രം പുറത്തുവിട്ടു. ചോരണം(plagiarism)സംബന്ധിച്ച് ആരെങ്കിലും പരാതി ഉന്നയിക്കുന്നോ എന്ന് പരിശോധിക്കുകയായിരുന്നു ഭാഗിക പ്രസിദ്ധീകരണത്തിന്റെ ഉദ്ദേശമെന്ന് കരുതപ്പെടുന്നു. പക്ഷെ ആദ്യപതിപ്പ് വളരെ സാവധാനമാണ് പ്രചരിച്ചത്. മതയുദ്ധങ്ങളുടെ ആ കാലഘട്ടത്തില്‍ സന്യാസിമാര്‍ക്ക് ശ്രദ്ധിക്കാന്‍ വേറെ പലതുമുണ്ടായിരുന്നു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് തീര്‍ച്ചപ്പെട്ടപ്പോള്‍ നോസ്ട്രഡാമസ് സധൈര്യം ബാക്കി ഭാഗം തുടര്‍ച്ചയായ മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു. ഖണ്ഡിക (quatrain) എണ്ണിയാണ് പ്രസാധകന്‍ പ്രതിഫലം നല്‍കിയത്. ആദ്യം പ്രസിദ്ധീകരിച്ച ഖണ്ഡികകള്‍ക്ക് പ്രതിഫലം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ സ്വന്തം നിലയില്‍ ചിലവ നോസ്ട്രഡാമസ് തന്നെ എഴുതിച്ചേര്‍ത്തു. നൂറ്റാണ്ടുകളില്‍ നോസ്ട്രഡാമസ് എഴുതിച്ചേര്‍ത്ത ഖണ്ഡികകള്‍ പരിശീലനം സിദ്ധിച്ച ഒരാള്‍ക്ക് അനായാസം തിരിച്ചറിയാനാവും. അവയൊന്നും ഗ്രന്ഥത്തിന്റെ പൊതുവായ വൃത്തഘടന പിന്തുടരുന്നില്ല. മാത്രമല്ല പതിനാലാം നൂറ്റാണ്ടിലെ ഫ്രാന്‍സിന്റെ വടക്കേ അറ്റത്തുള്ള പിക്കാഡിയന്‍ ഭാഷയും(Picardian or Northernmost French dialect) നോസ്ട്രഡാമസ് ഉപയോഗിച്ച പതിനാറാം നൂറ്റാണ്ടിലെ പാരീസില്‍ നിലവിലിരുന്ന പ്രൊവങ്കല്‍ ഫ്രഞ്ചും(Provençal or southeastern French) തമ്മില്‍ നല്ല വ്യത്യാസവുമുണ്ട്. അതായത് ഭാഷ അറിയുന്നവര്‍ക്ക് കാര്യം പെട്ടെന്ന് പിടി കിട്ടും!-കോന്റാഡ് എസ്റ്റ് വിശദീകരിക്കുന്നു.

മേല്‍ സൂചിപ്പിച്ച ആശ്രമം നിന്ന സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് ഉപയോഗത്തിലുണ്ടായിരുന്ന ഭാഷയാണ് പിക്കാഡിയന്‍ എന്നതും ശ്രദ്ധേയമാണ്. നോസ്ട്രഡാമസ് ജീവിച്ചിരുന്ന സ്ഥലത്തെയോ കാലത്തെയോ ഫ്രഞ്ച് ഭാഷയല്ല 'നൂറ്റാണ്ടുകളി'ല്‍ ഉള്ളതെന്ന കാര്യം സ്പഷ്ടമാണ്. 'നൂറ്റാണ്ടുകളി'ല്‍ കാണപ്പെടുന്ന പല പഴയ ഫ്രഞ്ച് പദങ്ങളും പതിനാറാം നൂറ്റാണ്ടിലെ സമാനമായ ഫ്രഞ്ച്പദങ്ങളുമായി ഇണങ്ങിപ്പോകുന്നില്ലെന്ന(didn't rhyme) പ്രശ്‌നവുമുണ്ട്. 'നൂറ്റാണ്ടുകളി'ലെ പല പദപ്രയോഗങ്ങളും പതിനാറാം നൂറ്റാണ്ടായപ്പോഴേക്കും കാലഹരണപ്പെട്ടതിനാല്‍ ഫ്‌ളാണ്ടേഴ്‌സ് ഭാഷയില്‍ നിന്നും പല പദങ്ങളും കടം കൊണ്ടതായും കാണാം. ഇങ്ങനെ കടംവാങ്ങിയ പദങ്ങളില്‍ പലതും പതിനാലാം നൂറ്റാണ്ടിലെ രാഷ്ട്രീയ-ചരിത്ര സംഭവങ്ങളെ പരാമര്‍ശിക്കുന്നവയുമാണ്.

ഉദാഹരണമായി, 'സാമ്ര്യാജ്യത്തിന്റെ ഭാഗമായിരുന്ന ഫ്‌ളാണ്ടേഴ്‌സ്'(imperial Flandres)എന്നൊരു പദപ്രയോഗം തന്നെ പരിഗണിക്കാം. പതിനാലാം നൂറ്റാണ്ടില്‍ ഫ്‌ളാണ്ടേഴ്‌സ് എന്ന ചെറുപ്രവിശ്യ ഫ്രാന്‍സിലില്ല. റോമാസാമ്ര്യാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. എന്നാല്‍ പതിനാറാം നൂറ്റാണ്ടായപ്പോഴേതക്കും പ്രവിശ്യകളൊക്കെ ബര്‍ഗുണ്ടിയുടേയും ഓസ്ട്രിയയിലെ ഹാപ്‌സ്ബര്‍ഗ് രാജാക്കന്‍മാരുടേയും(Burgunds and then the Austrian Habsburgs) കീഴില്‍ ഏകോപിക്കപ്പെട്ടെന്നത് ചിരിത്രമാണ്. അതോടെ ചെറു പ്രവിശ്യകള്‍ ഏറെക്കുറെ അപ്രത്യക്ഷമായി. അതുകൊണ്ട് തന്നെ നോസ്ട്രഡാമസാണ് 'നൂറ്റാണ്ടുകള്‍'രചിച്ചതെങ്കില്‍ സ്വന്തം നിലയ്ക്ക് ഫ്‌ളാണ്ടേഴ്‌സിനെ സാമ്രാജ്യഭാഗമായി വിശേഷിപ്പിക്കാനാവുമായിരുന്നില്ല എന്നത് സ്പഷ്ടമാണ്. 'നൂറ്റാണ്ടുകള്‍' എഴുതിയതെന്ന് എന്നത് സംബന്ധിച്ച് കൃത്യമായ നിരവധി സൂചനകള്‍ ഗ്രന്ഥത്തില്‍ തന്നെയുണ്ട്. ഭാഷാപരിചയമോ താല്‍പര്യമോ ഇല്ലാത്തവര്‍ ഇതൊക്കെ വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചുകൊള്ളണമെന്നില്ലല്ലോ. 


മകനായ സീസറിന്(César) എഴുതിയ ഒരു കത്തില്‍ താന്‍ ആശ്രമത്തില്‍ നിന്ന് കയ്യെഴുത്ത് രേഖ സ്വന്തമാക്കിയെന്നും പൈശാചികം('Satanic') എന്ന് ബോധ്യപ്പെട്ടതിനാല്‍ പിന്നീട് കത്തിച്ചുകളഞ്ഞതായും നോസ്ട്രഡാമസ് എഴുതുന്നുണ്ട്. പക്ഷെ കത്തിക്കുന്നതിന് മുന്‍പ് അത് പകര്‍ത്തിയെഴുതാന്‍ അദ്ദേഹം മറന്നിരിക്കില്ലെന്ന് ചിന്തിക്കുന്നത് തന്നെയാണ് യുക്തിസഹം. 'നൂറ്റാണ്ടുകളി'ലെ നിഗൂഡ ഖണ്ഡികകള്‍ വായിച്ച് നോക്കിയപ്പോള്‍ നോസ്ട്രഡാമസിന് കാര്യമായൊന്നും മനസ്സിലായില്ലെന്ന് വ്യക്തമാക്കുന്ന പരാമര്‍ശങ്ങള്‍ അദ്ദേഹം മകന് അയച്ച കത്തുകളിലുണ്ട്. പകര്‍ത്തിയെടുത്ത ഖണ്ഡികകള്‍ കൂട്ടിക്കുഴയ്ക്കുകയും ക്രമം മാറ്റുകയും ചെയ്തതായി കരുതപ്പെടുന്നു. മകന്‍ സീസറും മോശമായിരുന്നില്ലെത്ര. ഒരു പ്രാദേശിക പട്ടണത്തിന്റെ നാശം സംബന്ധിച്ച നോസ്ട്രാഡാമസിന്റെ നടത്തിയ പ്രവചനം ശരിയാക്കാനായി രാത്രിയില പട്ടണത്തിന് തീയിടാന്‍ ശ്രമിക്കവെ പിതാവും പുത്രനും കയ്യോടെ പിടിക്കപ്പെട്ടതും പിന്നാമ്പുറ കഥകളുടെ ഭാഗമാണ്!

'നൂറ്റാണ്ടുകള്‍'നോസ്ട്രഡാമസ് എഴുതിയതാണോ എന്ന ചോദ്യം തല്‍ക്കാലം മാറ്റിവെക്കാം. രചിച്ചതാരാണെങ്കിലും അതിലെ വരികള്‍ക്ക് എന്തെങ്കിലും പ്രവചകമൂല്യമുണ്ടോ(prophetic value) എന്നതാണല്ലോ പരിഗണിക്കപ്പെടേണ്ട യഥാര്‍ത്ഥ വിഷയം. 'നൂറ്റാണ്ടുകളു'ടെ രചന മാത്രമല്ല പ്രസിദ്ധീകരണം സംബന്ധിച്ചും സംശയങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ട്. 1555 മുതല്‍ ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം തുടങ്ങിയെന്നാണ് പൊതുവെ എന്‍സൈക്‌ളോപീഡിയകള്‍ സമര്‍ത്ഥിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വസ്തുനിഷ്ഠമായ തെളിവൊന്നുമില്ല. 1594 ല്‍ ഷാവിഗ്നി (Chavigny) എന്ന പേരുള്ള നോസ്ട്രഡാമസിന്റെ ഒരു ജീവചരിത്രകാരന്‍ സ്വന്തംനിലയില്‍ കുറെ വരികള്‍ 'നൂറ്റാണ്ടുകളി'ല്‍ കുത്തിത്തിരുകിയതായി സംശയിക്കപ്പെടുന്നുണ്ട്. 1568 ല്‍ മുഴുവന്‍ നോസ്ട്രഡാമസ് രചനകളുടേയും പ്രിന്റര്‍ ബെനോ റിഗോഡ് ആയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇദ്ദേഹം തന്നെ നോസ്ട്രഡാമസ് മരിച്ച് 30 വര്‍ഷം കഴിഞ്ഞ് 1596 ല്‍ നൂറ്റാണ്ടുകളുടെ രണ്ട് എഡിഷനുകള്‍ കൂടി പുറത്തിറക്കിയിരുന്നു. നോസ്ട്രഡാമസിന്റെ മരണത്തിന്(1566) ശേഷം 20 വര്‍ഷത്തോളം 'നൂറ്റാണ്ടുകളി'ലെ പ്രവചനങ്ങളെ കുറിച്ച ഫ്രാന്‍സില്‍ പോലും ഏറെയൊന്നും അറിയില്ലായിരുന്നു എന്നതാണ് വസ്തുത. നോസ്ട്രാഡാമസ് രചിച്ച പഞ്ചാംഗത്തെ കുറിച്ചൊക്കെ പരാമര്‍ശങ്ങളും രേഖകളും ഉണ്ടായിരുന്നുതാനും. നോസ്ട്രഡാമസിന്റെ കാലശേഷം ഫ്രാന്‍സില്‍ വലിയതോതിലുള്ള മതസംഘര്‍ഷത്തിന്റെ നാളുകളായിരുന്നു. സെന്റ് ബര്‍ത്തലോമിയോ ദിനത്തിലെ കൊലപാതകം(Bartholomew's Day massacre) അതില്‍ പ്രധാനമായിരുന്നു. നോസ്ട്രാഡാമസിന്റെ പ്രവചനം ലഭ്യമായിരുന്നുവെങ്കില്‍, ജനകീയമായിരുന്നുവെങ്കില്‍ പോരടിച്ചു നിന്ന ഇരു ഗ്രൂപ്പുകളും അതുപയോഗിക്കാന്‍ ശ്രമിക്കുമായിരുന്നു. പക്ഷെ ഇക്കാലയളവില്‍ ആരും അവയൊന്നും പരാമര്‍ശിച്ചു കാണുന്നില്ല.

വലിച്ചുനീട്ടലും വളച്ചൊടിക്കലും

വായനക്കാരനില്‍ 'അത് താനല്ലേ ഇത്' എന്ന മാതൃകയില്‍ ജനിപ്പിക്കപ്പെടുന്ന ഉത്‌പ്രേഷ വിഹ്വലതകളും മനോകല്‍പ്പനകളുമാണ്് നോസ്ട്രഡാമസ് സാഹിത്യത്തിന്റെ വിജയരഹസ്യം. ധ്വനിസാഹിത്യത്തിന്റ സഹജമായ വിപണന സാധ്യതകള്‍ നിര്‍ദ്ദയം ചൂഷണം ചെയ്യപ്പെടുകയാണിവിടെ. ബഹുവ്രീഹിയും അതിശയോക്തിയും രൂപാകാതിശയോക്തിയുമൊക്കെ പീലി വിരിച്ചാടുമ്പോള്‍ നോസ്ട്രഡാമസ് അതിമാനുഷനായി മാറുന്നു. ശകലിത ഡേറ്റകളില്‍ നിന്ന് പരിചിത ഘടനകളും ഹിതകരമായ സങ്കല്‍പ്പങ്ങളും നെയ്‌തെടുക്കാനുള്ള മസ്തിഷ്‌ക്കത്തിന്റെ സഹജ വാസനയാണ് ഇവിടെയും പ്രകടമാകുന്നത്. ബാരക്ക് ഒബാമയുടെ രണ്ടാമത്ത സത്യപ്രതിജ്ഞ വരെ പ്രവചിക്കുന്ന വരികള്‍ നോസ്ട്രഡാമസ് സാഹിത്യത്തില്‍ നിന്ന് കിളച്ചെടുക്കാന്‍ ഇന്ന് മത്സരമാണ്. പക്ഷെ വളരെ പ്രയാസപ്പെട്ട് വളച്ചൊടിച്ചാലേ നോസ്ട്രഡാമസിന്റെ വരികളെ പില്‍ക്കാലത്ത് നടന്ന സംഭവങ്ങളുമായി കൂട്ടിയിണക്കാനാവൂ. 'ഒന്നൊക്കുമ്പോള്‍ മറ്റൊന്ന് ഒക്കില്ല'എന്ന സ്ഥിതി ആഘോഷിക്കപ്പെടുന്ന വമ്പന്‍ പ്രവചനങ്ങള്‍ക്കുമുണ്ട്. ഏറ്റവും കൃത്യവും പ്രസിദ്ധവുമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ചിലവ പ്രാതിനിധ്യവിശകലനത്തിന് വേണ്ടി ഇവിടെ പരിശോധിക്കാം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം വ്യത്യസ്ത ഗ്രന്ഥകര്‍ത്താക്കളുടെ ഇംഗ്‌ളീഷ് പരിഭാഷ ഭിന്നമാണെന്നതാണ്. വരികളെല്ലാം നിഗൂഡവും കാവ്യാത്മകവുമായതിനാല്‍ അര്‍ത്ഥം ഇന്നത് തന്നെ ആയിക്കൊള്ളണമെന്ന് നിര്‍ബന്ധം പിടിക്കാനുമാവില്ല! ഓരോ രചയിതാവും അവരവര്‍ക്ക് ഹിതകരമായ രീതിയിലാണ് 'നൂറ്റാണ്ടുകള്‍' മധ്യകാല പ്രൊവങ്കല്‍ ഫ്രഞ്ചില്‍നിന്നും ഇംഗ്‌ളീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ പ്രതീക്ഷിതമായ മാനകവ്യതിയാനം(standard deviation) മാറ്റിനിര്‍ത്തിയാല്‍ മിക്ക പരിഭാഷകളും വിവക്ഷിക്കുന്നത് ഏതാണ്ട് ഒരേ കാര്യങ്ങളാണെന്നതാണ് ഏക ആശ്വാസം.

'നൂറ്റാണ്ടുകളി'ല്‍ പേര് വ്യക്തമാക്കാത്ത ഒരു രാജാവിനെക്കുറിച്ച് പരാമര്‍ശമുണ്ട.് യുദ്ധമുഖത്ത് വെച്ച് നടക്കുന്ന ദ്വന്ദ യുദ്ധത്തില്‍ യുവസിംഹം വയസ്സന്‍ സിംഹത്തെ വീഴ്ത്തുമെന്നാണ് അതില്‍ പറയുന്നത്. ഏത് യുവ സിംഹം, ഏതാണ് മറ്റേ സിംഹം എന്നൊന്നും വ്യക്തമല്ല. 'നൂറ്റാണ്ടുകളി'ല്‍ ഒരിടത്തും പരാമര്‍ശിക്കുന്നവരുടെ പേര് കൃത്യമായി പറയുന്നില്ലെന്നോര്‍ക്കണം. വരികളുടെ ഇംഗ്‌ളീഷ് പരിഭാഷ ഇങ്ങനെ:

'The young lion will overcome the old one
on the field of battle in single combat:
He will put out his eyes in a cage of gold:
Two fleets one, then to die a cruel death. (I .35)

(യുദ്ധരംഗത്തെ ദ്വന്ദ യുദ്ധത്തില്‍ യുവസിംഹം വയസ്സന്‍ സിംഹത്തെ വീഴ്ത്തും. സ്വര്‍ണ്ണക്കൂട്ടിലെ അവന്റെ നേത്രങ്ങള്‍ അണച്ചുകളയും. ഇത്(?)രണ്ട് സേനയും ഒന്നിക്കും. ശേഷം ക്രൂരമൃത്യുവിന് ഇരയാകും/‘He will put out his eyes’എന്നതിന് പകരം‘He will pull out his eyes’എന്നൊക്കെയുള്ള തര്‍ജമകളുമുണ്ട്.

ഈ ഖണ്ഡികയില്‍ പറയുന്ന രാജാവ് ഫ്രാന്‍സിലെ ഹെന്റി രണ്ടാമനും(King Henry II of France/ (31 March 1519 – 10 July 1559) യുവസിംഹം ക്യാപ്റ്റന്‍ മോണ്ട്‌ഗോമറിയും(Captain Montgomery) ആണെന്നാണ് നോസ്ട്രഡാമസ് ആരാധകരുടെ വാദം. യഥാര്‍ത്ഥ ജീവിതത്തില്‍ എതിരാളിയുമായുള്ള പോരാടവെ ഹെല്‍മെറ്റ് തുളച്ച് കുന്തം കണ്ണില്‍ തുളച്ചുകയറി രാജാവ് നിലംപതിക്കുകയായിരുന്നു. ഏതാനും ദിവസത്തെ കൊടിയ യാതനയ്ക്ക് ശേഷമാണ് ഹെന്റി മരണമടഞ്ഞത്. പ്രവചന ഖണ്ഡികയിലെ രാജാവ് ഫ്രാന്‍സിലെ ഹെന്റി രണ്ടാമനാണെന്ന അഭിപ്രായത്തിന് പ്രാമുഖ്യം കൈവന്നതോടെയാണ് നോസ്ട്രഡാമസ് അക്കാലത്ത് ശ്രദ്ധാകേന്ദ്രമായതെന്നാണ് വാദം.

ഹെന്റിയുടെ പതനവും'നൂറ്റാണ്ടുകളി'ലെ പേരില്ലാ രാജാവിന്റെ ദുരന്തവും തമ്മില്‍ സാമ്യം ഉണ്ടായിരുന്നുവെന്നത് ശരിയാണ്. അത് മനസ്സില്‍ വെച്ച് നോക്കുന്നവര്‍ക്ക് പെട്ടെന്ന് ഹെന്റിയെക്കുറിച്ചല്ലേ ഈ വരികള്‍ എന്നു തോന്നുകയും ചെയ്യും. 'നൂറ്റാണ്ടുകള്‍' പ്രസിദ്ധീകരിച്ച് 3-4 വര്‍ഷം കഴിഞ്ഞാണ് ഹെന്റിയുടെ ദുരന്തം. സ്വഭാവികമായും പലരുടേയും ഭാവന പത്തിവിരിച്ചാടിയിട്ടുണ്ടാവാം. പക്ഷെ വാസ്തവത്തില്‍ സംഭവിച്ചതെന്താണ്? ദുരന്തം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് നോസ്ട്രഡാമസ് തന്നെ ഇതേ രാജാവിന്റെ ഗ്രഹനില വിശദമായി പഠിച്ച് ദീര്‍ഘായുസ്സ് പ്രവചിച്ച് ഫലം എഴുതികൊടുത്തിരുന്നതിന് രേഖയുണ്ട്! ഹെന്റിയുടെ മരണശേഷം വിധവയായ കാതറീന്‍ ഡി മെഡിസിയെ സമാശ്വസിപ്പിക്കാനും രാജ്ഞിയുടെ പുത്രന് ദീര്‍ഘായുസ്സാണെന്ന് പ്രവചിക്കാനും അദ്ദേഹം തയ്യാറായി. പക്ഷെ ഈ മകന്‍ പിന്നീട് ഇരുപത്തിനാലാം വയസ്സില്‍ മരണമടഞ്ഞു. രാജ്ഞിയോട് നോസ്ട്രഡാമസ് പറഞ്ഞ മറ്റൊരു കാര്യം കൂടി സമാനമായ രീതിയില്‍ അബദ്ധമായി. സ്‌പെയിന്‍ രാജാവിന്റെ ഭാര്യയായിരുന്ന കാതറിന്റെ സഹോദരി ഗര്‍ഭിണിയാണെന്ന പ്രവചനമായിരുന്നു അത്. സന്തോഷവതിയായ രാജ്ഞി സഹോദരിക്ക് നിറയെ സമ്മാനങ്ങള്‍ അയച്ചുകൊടുത്തെങ്കിലും അവസാനം ഗര്‍ഭിണിയല്ലെന്ന വാര്‍ത്ത കേട്ട് നിരാശപ്പെടേണ്ടി വന്നു. നോസ്ട്രഡാമസ് ഇതൊക്കെ എങ്ങനെ ന്യായീകരിച്ചുവെന്നറിയില്ല. രാജാവിന് ദീര്‍ഘായുസ്സ് നേര്‍ന്നത് രാജ്ഞിയില്‍ നിന്ന് മറച്ചുവെച്ചിട്ടുണ്ടാകുമെന്ന് കരുതാം. രാജ്ഞിയുടെ മകന്റെ അകാലമരണത്തിന് മുമ്പ് നോസ്ട്രഡാമസ് മരിച്ചതുകൊണ്ട് ആ പ്രവചനം ന്യായീകരിക്കേണ്ട കാര്യവുമുണ്ടായിരുന്നില്ലതാനും.

ബാക്കിയൊക്കെ കാര്യവിവരമുള്ള ഒരു ജ്യോതിഷിക്ക് നിസ്സാരമായി ഒഴികഴിവുകള്‍ പറഞ്ഞ് രക്ഷപെടാവുന്നതേയുള്ളു. ജ്യോതിഷത്തില്‍ അതിനെല്ലാമുള്ള വകുപ്പുകളുണ്ടല്ലോ. അല്‍പ്പായുസ്സും ദീര്‍ഘായുസ്സും സുഖമരണവും ദുരന്തവും ഒരാളുടെതന്നെ ജാതകത്തില്‍ വ്യാഖ്യാനിച്ച് കണ്ടെത്തുകയെന്നത് ജ്യോതിഷികളെ സംബന്ധിച്ചിടത്തോളം കേവലം കുട്ടിക്കളി മാത്രം. രണ്ടായാലും ജ്യോതിഷലഹരിക്ക് അടിപ്പെട്ട കാതറീന് നോസ്ട്രഡാമസിന്റെ പ്രവചനപാളിച്ചകളൊന്നും ഒരു പ്രശ്‌നമായിരുന്നില്ലെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. എക്കാലത്തും ജ്യോതിഷിയുടെ കരുത്ത് വിശ്വാസികളാണ്. ഇവിടെയും കഥ ഭിന്നമായിരുന്നില്ല. ഹെന്റിയുടെ മരണം 'നൂറ്റാണ്ടുകളി'ലെ മേല്‍പ്പറഞ്ഞ വരികളുമായി താരതമ്യപ്പെടുത്തി പ്രചരണം വന്നപ്പോള്‍ നോസ്ട്രഡാമസ് അതിനെ കാര്യമായി പിന്തുണച്ചില്ലത്രെ. പകരം തന്നെ ഒരു പ്രവാചകനായി കാണരുതെന്ന് അപേക്ഷിച്ച് എളിമ നടിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചതെന്നും പറയപ്പെടുന്നു.

ചരിത്രം പരിശോധിച്ചാല്‍ മോണ്ട്‌ഗോമറിയുമായി ഹെന്റി നടത്തിയത് ഒരു ദ്വന്ദയുദ്ധമല്ല. ദ്വന്ദയുദ്ധം പോയിട്ട് അതൊരു യുദ്ധം പോലുമായിരുന്നില്ല. ഒരു സമാധാനക്കരാര്‍ ആഘോഷിക്കാന്‍ സംഘടിപ്പിച്ച സല്‍ക്കാരവേളയിലാണ് ഇവര്‍ ഏറ്റുമുട്ടിയത്. അതാകട്ടെ, വിനോദത്തിന്റെ ഭാഗമായുള്ള ഒരു അഭ്യാസപ്രകടനമായിരുന്നു. രാജാവിന് പരിക്കേറ്റത് അബദ്ധത്തില്‍ സംഭവിച്ചുപൊയതാണ്. അതുകൊണ്ടുതന്നെ അവിടെ യുദ്ധഭൂമി, പോരാട്ടം തുടങ്ങിയ പദങ്ങള്‍ക്കൊന്നും യാതൊരു സാംഗത്യവുമില്ല. ഈ പ്രവചനം നോസ്ട്രഡാമസിനെ ജീവിതകാലത്ത് തന്നെ പ്രശസ്തനാക്കിയെന്നാണ് പലരും എഴുതിവിടുന്നുവെങ്കിലും നോസ്ട്രഡാമസ് മരിച്ച് 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വരികള്‍ ആദ്യമായി പ്രിന്റ് ചെയ്യപ്പെടുന്നത്. എന്നാല്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ രാജ്ഞിയുള്‍പ്പെടെ പലര്‍ക്കും അതിന്റെ കയ്യെഴുത്ത്പ്രതി കണ്ടിട്ടുണ്ടെന്ന് ഊഹിക്കുന്നതില്‍ തെറ്റില്ല.

cage of gold, two fleets one, put out his eyes തുടങ്ങിയ പ്രയോഗങ്ങളൊന്നും ഹെന്റിയുടെ ദുരന്തവുമായി പൊരുത്തപ്പെടുന്ന പരാമര്‍ശങ്ങളല്ല. ഒന്നാമതായി, ഹെന്റിയുടെ ഹെല്‍മറ്റ് സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയതായിരുന്നില്ല. സ്വര്‍ണ്ണം മൃദുലതയുള്ള, വിലപിടിപ്പുള്ള ഒരു ലോഹമാണ്. കുന്തത്തെ തടുക്കാനുള്ള ശേഷിയില്ലാത്തതിനാല്‍ യുദ്ധങ്ങളില്‍ മുഖാവരണമായി സ്വര്‍ണ്ണം ഉപയോഗിക്കാറില്ലെന്ന് ആര്‍ക്കുമറിയാം. സ്വര്‍ണ്ണം പൂശിയതാവാനും വഴിയില്ല. കാരണം അക്കാലത്ത് സ്വര്‍ണ്ണംപൂശല്‍ വിദ്യ പ്രചാരത്തിലുണ്ടായിരുന്നുവെന്ന് വാദിക്കുന്നത് അതിഭാവനയായിരിക്കും. ‘eyes’എന്ന പ്രയോഗവും ശരിയല്ല. കാരണം രാജാവിന്റെ ഒരു കണ്ണില്‍ മാത്രമാണ് കുന്തം കുത്തിക്കയറിയത്. രണ്ട് സേനയും ഒന്നിച്ചു എന്നു പറയുന്നതിനും ഇവിടെ ന്യായീകരണമൊന്നുമില്ല. അവ്യക്തമായി എഴുതപ്പെട്ട ഈ പൊതുപ്രസ്താവങ്ങളില്‍ ഹെന്റിയുടെ അനുഭവത്തിന്റെ ഏകദേശ ഛായ ദര്‍ശിക്കാമെന്ന് മാത്രം. അതായത് വേണമെങ്കില്‍ പറഞ്ഞൊപ്പിക്കാം! ലോകമെമ്പാടും നടന്ന വേറെ പല സംഭവങ്ങള്‍ക്കും ഇതേ ഖണ്ഡിക ഉപയോഗിക്കാം. കാഴ്ചബംഗ്‌ളാവില്‍ കൂട്ടിനുള്ളില്‍ കിടക്കുന്ന രണ്ട് സിംഹങ്ങള്‍ തമ്മില്‍ നടക്കുന്ന പോരാട്ടമാണെന്ന് പോലും പറഞ്ഞ് സാധൂകരിക്കാം. ആര്‍ക്കും എളുപ്പം ഖണ്ഡിക്കാനാവില്ല-ജ്യോതിഷപ്രസ്താവങ്ങളുടെ പൊതുസ്വഭാവമാണിത്.

വിഖ്യാത ഫ്രഞ്ച് ശാസ്ത്രജ്ഞനായി ലൂയി പാസ്റ്ററെ(Louis Pasteur) കുറിച്ചാണെന്ന് അവകാശപ്പെടുന്ന പ്രവചനം പരിശോധിക്കാം.
Lost, found, hidden for so long a time,
the pastor will be honored as a demigod:
Before the Moon finishes its full period
he will be dishonored by other winds.(I-25)
്(നഷ്ടപ്പെട്ടു, കണ്ടെത്തി, ദീര്‍ഘകാലം ഒളിഞ്ഞിരുന്നു, പാസ്റ്റര്‍ അര്‍ദ്ധദൈവമായി ആരാധിക്കപ്പെടും. ചന്ദ്രന്‍ അതിന്റെ പൂര്‍ണ്ണചക്രം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മറ്റ് കാറ്റുകളാല്‍ അവന്‍ അപമാനിക്കപ്പെടും)
നോസ്ട്രാഡാമസ് ഭാവിയില്‍ നടക്കുന്ന ഒരു സംഭവത്തിലേയും വ്യക്തികളുടെ പേര് പറഞ്ഞിട്ടില്ലെന്ന് സൂചിപ്പിച്ചല്ലോ. pastor എന്നതിന്റെ ഫ്രഞ്ച് വാക്ക് Pasteur എന്നാണ്. അതായത് ഇതൊരു പൊതുനാമ(genric name)മാണ് മതപുരോഹിതന്‍ എന്നാണ് സാമാന്യേനയുള്ള അര്‍ത്ഥം. ലൂയി പാസ്റ്ററിന്റെ കാര്യത്തില്‍ മാത്രം പേര് സൂചിപ്പിച്ചെന്ന് പറയുന്നതില്‍ കഥയില്ല. അര്‍ദ്ധദൈവമായി മാറി എന്നൊക്കെ പറയുമ്പോള്‍ ഏതോ മതനേതാവിനെയാണ് ഉദ്ദേശിച്ചതെന്ന് കരുതുന്നതാണ് കൂടുതല്‍ യുക്തിസഹം. പത്തൊമ്പാതാം നൂറ്റാണ്ടില്‍ ലൂയി പാസ്റ്റര്‍ നടത്തിയ പ്രതിരോധ വാക്‌സിന്‍ കണ്ടുപിടുത്തവുമായി തട്ടിച്ചുനോക്കുമ്പോള്‍ ചാന്ദ്രചക്രത്തിന്റെ അവസാനം സംബന്ധിച്ച സമയസൂചന മാത്രമാണ് ഏകദേശം ശരിയായി വരുന്നത്. ബാക്കിയൊക്കെ സ്ഥിരം വളച്ചൊടിക്കലും ഒപ്പിക്കലും. ഇതില്‍ ലൂയി പാസ്റ്ററുമില്ല, പേപ്പട്ടിവിഷവുമില്ല, പ്രതിരോധവാക്‌സിനുമില്ല, ചികിത്സയുമില്ല. ആകെപ്പാടെ പാസ്റ്റര്‍ എന്നൊരു വാക്ക് മാത്രം!

2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ കുറിച്ച് നോസ്ട്രഡാമസ് പതിനാറാം നൂറ്റാണ്ടില്‍ പ്രവചിച്ചതായിരുന്നു നോസ്ട്രഡാമസ് ആരാധകര്‍ ഈയിടെ ഏറെ ആഘോഷിച്ചത്! ഇതാണ് വരികള്‍:
Volcanic fire from the center of the earth
will cause trembling around the new city:
Two great rocks will make war for a long time.
Then Arethusa will redden a new river.
(ഭൂമധ്യത്തില്‍ നിന്നും അഗ്നിപര്‍വതാഗ്നി പുതിയ നഗരത്തെ വിറപ്പിച്ചു കളയും. രണ്ടു മഹാശിലകള്‍ ദീര്‍ഘനേരം പൊരുതിനില്‍ക്കും. ശേഷം അരത്തൂസ ഒരു പുതിയ നദിയെ ചുവപ്പിക്കും)






ഇതാണ് 2001 ലെ ന്യൂയോര്‍ക്കിലെ ഭീകരാക്രമണം! അസ്സല്‍ ഫ്രഞ്ച് വരികളെ വല്ലാതെ വളച്ചൊടിച്ചാണ് ഈ ഖണ്ഡികയുടെ തര്‍ജമകള്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഇതില്‍ new city എന്നതിന് പകരം Newyork cityഎന്നെഴുതി വിടുന്ന മഹാനുഭാവരുമുണ്ട്. de cite neufue എന്നാണ് ഫ്രഞ്ച് വരികള്‍. ആ പദത്തിലെങ്ങും ന്യൂയോര്‍ക്ക് വരുന്നില്ലെന്ന് ഫ്രഞ്ച് അറിയാത്തവര്‍ക്കു പോലും പെട്ടെന്ന് മനസ്സിലാകും. ഇംഗ്‌ളണ്ടിലെ യോര്‍ക്ക്‌ഷെയറിലെ കുടിയേറ്റക്കാരാണ് പ്രധാനമായും അമേരിക്കയിലെ തങ്ങളുടെ അധിവാസകേന്ദ്രത്തിന് ന്യൂയോര്‍ക്ക് എന്ന് പേരിട്ടത്. നോസ്‌ട്രോഡാമസിന് വ്യാജവരികള്‍ കുത്തിതിരുകാമെങ്കില്‍ വളച്ചൊടിക്കുന്നതിന് ആരാധകരെന്തിന് മടിക്കണം?!! Newyork cityഎന്ന് കിട്ടി കഴിഞ്ഞാല്‍ പിന്നെ മുന്‍പിന്‍ നോക്കണ്ട കാര്യമില്ലല്ലോ!! ചില തര്‍ജമകളില്‍ അഗ്നിപര്‍വതാഗ്നിയുടെ സ്ഥാനത്ത് പറക്കുന്ന ലോഹയന്ത്രങ്ങള്‍(flying metal machines)എന്നൊക്കെയാണുള്ളത്. സംശയിക്കേണ്ടതില്ല, മതവെറിയന്‍മാര്‍ റാഞ്ചിയെടുത്ത് വേള്‍ഡ് ട്രേഡ് സെന്ററില്‍ കൊണ്ടിടിച്ച വിമാനങ്ങള്‍ വ്യാഖ്യാനിച്ചെടുക്കാനുള്ള ഭഗീരഥപ്രയത്‌നം തന്നെയാണിത്! നെപ്പോളിയന്‍, ഹിറ്റ്‌ലര്‍, ലോകയുദ്ധങ്ങള്‍ എന്നിവയെക്കുറിച്ച് മുന്നറിവ് ഉണ്ടായിരുന്ന നോസ്ട്രഡാമസിന് 2001 ലെ ഭീകരാക്രമണത്തെ കുറിച്ച് മുന്നറിവില്ലാതെ പോകുന്നത് മോശമല്ലേ!?

പുതിയ നദിയെ ചുവപ്പിക്കും(redden a new river),അരത്തൂസ (Arethusa)തുടങ്ങിയ പദങ്ങള്‍ക്കും ആരും സ്വപ്‌നേപി വിചാരിക്കാത്ത വ്യാഖ്യാനകസര്‍ത്തുകള്‍ ലഭ്യമാണ്. രണ്ടു മഹാശിലകള്‍(Two great rocks), ഭൂമധ്യത്തില്‍ നിന്നും വരുന്ന അഗ്നിപര്‍വതാഗ്നി(Volcanic fire from the center of the earth)എന്നത് മുഹമ്മദ് അത്ത ഉള്‍പ്പെടെയുള്ള ഈജ്പിറ്റുകാരായ വിമാന റാഞ്ചികളെ സൂചിപ്പിക്കുന്നതാണെന്നൊക്കെ വ്യാഖ്യാനമുണ്ട്. ഈജിപ്റ്റ് ആഫ്രിക്കയിലും ആഫ്രിക്ക ഭൂമധ്യരേഖയിലുമാണല്ലോ?! വേള്‍ഡ് സെന്റര്‍ തകര്‍ന്നപ്പോള്‍ കുംഭഗോപുരങ്ങളില്‍ വിമാനമിടിച്ചാണ് തീ പടര്‍ന്നത്. അപ്പോള്‍ തീ വരുന്നത് മുകളില്‍ നിന്നാണ്-അതായത് ആകാശത്തുനിന്നും താഴോട്ട്. ഒരു ചേര്‍ച്ചയുമില്ലാത്ത ആദ്യ വരി പോലും പരിഹാസ്യമാണ്. പക്ഷെ ഈ വരികളുടെയൊക്കെ തര്‍ജമകളില്‍ നിന്ന് ഭീകരാക്രമണം വ്യാഖ്യാനിച്ചെടുക്കുകയാണ് നോസ്ട്രഡാമസ് വ്യവസായികള്‍ ചെയ്യുന്നത്. മേല്‍പ്പറഞ്ഞ വരികള്‍ സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കപ്പെട്ട വരികള്‍ നോക്കൂ: 'In the year of the new century and nine months ... in the city of York there will be a great collapse, two twin brothers torn apart by chaos ... on the 11th day of the 9th month ... two metal birds would crash into two tall statues....'

നോക്കൂ, ഇതിലെന്താണ് ഇല്ലാത്തത്?! വിമാനങ്ങള്‍ കൊണ്ടിടിച്ച കാര്യം മാസവും തീയതിയുംവരെ വ്യക്തമാക്കി എഴുതിയിരിക്കുന്നു. നോസ്ട്രഡാമസ് ആരാധകര്‍ ഇത് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കില്‍ പേരില്‍ യോര്‍ക്ക് വരുന്ന (ഉദാ-ഇംഗ്‌ളണ്ടിലെ യോര്‍ക്ക്‌ഷെയറിലും അമേരിക്കയിലെ ന്യൂയോര്‍ക്കിലും) പട്ടണങ്ങളിലെല്ലാം ദുരന്തം ഒഴിവാക്കാനുള്ള തയ്യാറെടുപ്പ് നടത്താമായിരുന്നു. വേറൊന്നുംവേണ്ട, ആ തീയതി മാത്രം മതിയായിരുന്നു! 2001 സെപ്തംബര്‍ 11 ന് മുമ്പ് 'നൂറ്റാണ്ടുകളെ' അധികരിച്ച് നൂറ് കണക്കിന് വ്യാഖ്യാനഗ്രന്ഥങ്ങളും ഡോക്കുമെന്ററികളും ലോകമെമ്പാടും പുറത്തുവന്നിട്ടുണ്ട്. ഇത്ര കൃത്യമായി തീയതിയും സ്ഥലവും സൂചിപ്പിച്ചിട്ടും അവരാരും ഈ പ്രവചനം തിരിഞ്ഞു നോക്കിയതു പോലുമില്ല! പക്ഷെ ഇത്തരം വരികളൊക്കെ വ്യാജവും വളച്ചൊടിച്ചതുമാണെന്ന് അഞ്ചു വര്‍ഷത്തെ ഗവേഷണത്തിന് ശേഷം 'The Secrets of Nostradamus Exposed,' എന്ന പുസ്തകത്തിന്റെ രചിയിതാവായ റെ കംഫോര്‍ട്ട്(Ray Comfort) സ്ഥാപിക്കുന്നുണ്ട്. കംഫര്‍ട്ട് നാസ്തികനോ യുക്തിവാദിയോ അല്ല, മറിച്ച് അറിപ്പെടുന്ന മതസ്‌നേഹിയാണ്.
ഇനി,ഏറെ വാഴ്ത്തപ്പെടുന്ന ഹിറ്റ്‌ലറിനെക്കുറിച്ചുള്ള പ്രവചനം നോക്കാം:

The two greatest ones of Asia and of Africa,
From the Rhine and Hister they will be said to have come,
Cries, tears at Malta and the Ligurian side.(IV-68)
(വീനസില്‍ നിന്നും അത്ര അകലെയല്ലാത്ത സ്ഥലത്ത്, ഏഷ്യാ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും ഏറ്റവും മഹത്തായ രണ്ടെണ്ണം, റൈനില്‍ നിന്നും, ഹിസ്റ്ററില്‍ നിന്നും വന്നവയാണവയെന്ന് പറയപ്പെടുന്നു. നിലവിളികളും കണ്ണുനീരും മാള്‍ട്ടയുടേയും ലിഗൂറിയന്റെയും തീരത്ത്) ഈ നാലുവരികളില്‍ നിന്നും ഹിറ്റ്‌ലറിനെ സൃഷ്ടിച്ചെടുക്കാനായി നൂറുകണക്കിന് പേജുകള്‍ നോസ്ട്രഡാമസ് ആരാധകര്‍ എഴുതിക്കൂട്ടിയിട്ടുണ്ട്. ഹിറ്റ്‌ലറിന്റെ പേരുപോലും ഏതാണ്ട് അതുപോലെ (Hister) പറഞ്ഞുകളഞ്ഞു എന്നതായിരുന്ന പലരേയും ആവേശംകൊള്ളിച്ചത്. നോസ്‌ട്രോഡാമസ് ഈ വരികള്‍ പ്രസിദ്ധീകരിക്കുന്ന കാലത്തും അതിനുമുമ്പും ഹിസ്റ്റര്‍ എന്നാല്‍ ഡാന്യൂബ് നദിയുടെ (River Danube) പേരായിരുന്നു. അതിന് അഡോള്‍ഫ് ഹിറ്റ്‌ലറുമായി യാതൊരു ബന്ധവുമില്ല. ഹിസ്റ്ററില്‍ നിന്ന് വരുന്നുവെന്ന് പറയപ്പെടുന്നു(From the Rhine and Hister they will be said to have come) ഈ വരികളില്‍ പറയുന്നതെങ്കില്‍ ‘From Rhine Hister will come’ എന്നാണ് ചില പുസ്തകങ്ങളില്‍! എന്തൊക്കെ ചെയ്താലും 'ഹിസ്റ്റര്‍' എന്നുള്ളത് 'ഹിറ്റ്‌ലര്‍' ആക്കാന്‍ സാധിക്കില്ല. കാരണം മൂലകൃതിയില്‍ 'ഹില്‍റ്റര്‍'(Du Ryn& hilter, qu'on dira font venus) എന്നാണ് എഴുതിയിരിക്കുന്നത്. 


ഇംഗ്‌ളീഷില്‍ ഹിസ്റ്റര്‍ എന്ന് പറയുന്നതും ഫ്രഞ്ചില്‍ ഹില്‍റ്റര്‍ എന്ന് വിളിക്കുന്നതും ഡാന്യൂബ് നദിയെയാണ്. ഇനി അഥവാ നോസ്ട്രാമസ് അക്ഷരപ്പിശക് പറ്റി അറിയാതെ ‘Hitler’ എന്നെങ്ങാനും ഉപയോഗിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്‍? അഡോള്‍ഫ് ഹിറ്റ്‌ലറുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വരികള്‍ വെച്ച് നോസ്ട്രഡാമസ് ആരാധകര്‍ ഈ ലോകമെടുത്ത് തിരിച്ചുവെച്ചേനെ! ഏഷ്യയിലില്‍ നിന്നും രണ്ടെണ്ണം എന്നത് ഹിറ്റ്‌ലറും മുസ്സോളിനിയും തമ്മിലുള്ള കണ്ടുമുട്ടലാണെന്നാണ് പ്രവചനകുതുകികളുടെ വ്യഖ്യാനം. ജര്‍മ്മിനിയുമായി ബന്ധപ്പെട്ട ഒരു യുദ്ധത്തെ കുറിച്ച സൂചന വരികളിലുണ്ടെങ്കിലും എത്ര കുഴിച്ചുനോക്കിയാലും അഡോള്‍ഫ് ഹിറ്റ്‌ലറെയോ രണ്ടാം ലോകയുദ്ധത്തെ പറ്റിയോ യാതൊന്നും ഈ വരികളില്‍ കണ്ടെത്താനാവില്ല. രണ്ടാം ലോകയുദ്ധക്കാലത്ത് ആരെങ്കിലും ഇങ്ങനെയൊരു വ്യാഖ്യാനം നടത്തിയതായും അറിവില്ല.

ഒലിവര്‍ ക്രോംബെല്ലിനെ കുറിച്ചാണെന്ന് അവകാശപ്പെടുന്ന വിശ്രുതമായ ഖണ്ഡികയുടെ കാര്യവും സമാനമാണ്.
More of a butcher than a king in England,
born of obscure rank will gain empire through force.
Coward without faith, without law he will bleed the land;
His time approaches so close that I sigh( VIII-76).

ഇതാണ് വരികള്‍. തര്‍ജമ ഏതാണ്ടിങ്ങനെ: രാജാവെന്നതിനേക്കാള്‍ ഒരു ഇറച്ചിവെട്ടുകാരന്‍, അജ്ഞാതമായ, താഴ്ന്ന നിലയില്‍ നിന്നും കടന്നുവന്ന് ബലപ്രയോഗത്തിലൂടെ സാമ്രാജ്യം പിടിച്ചെടുത്തു. വിശ്വാസമില്ലാത്ത ഭീരു, നിയമരാഹിത്യത്തിലൂടെ നാട്ടില്‍ ചോര ചിന്തി. അയാളുടെ സമയം ഉടന്‍ അവസാനിക്കുമെന്ന് ഞാന്‍ കാണുന്നു/അവസാനിക്കുമെന്നതില്‍ ഞാന്‍ ആശ്വസിക്കുന്നു.

പതിനേഴാം നൂറ്റാണ്ടില്‍ ഒലിവര്‍ ക്രോംബെല്‍ (1599-1658)ഇംഗ്ലണ്ടിന്റെ അധികാരം കോമണ്‍വെല്‍ത്തില്‍ നിക്ഷിപ്തമാക്കി ബ്രിട്ടണ്‍ ഭരിച്ചതിനെ കുറിച്ചാണ് ഈ വരികളെന്ന വാദം കുറച്ച് അതിശയോക്തിപരം തന്നെയാണ്. ഇംഗ്‌ളണ്ടിലെ ഭരണാധികാരികള്‍ മുഴുവന്‍ എടുത്തുനോക്കുമ്പോള്‍ ക്രോബെല്ലിന്റെ പേരാണ് ഈ ഖണ്ഡികയുമായി കുറെയെങ്കിലും സാമ്യം തോന്നിക്കുക എന്നതു ശരിതന്നെ. താഴ്ന്ന റാങ്കില്‍ നിന്ന് ഉയര്‍ന്നുവന്ന ആളാണെന്ന് വേണമെങ്കില്‍ പറയാമെങ്കിലും കുലീന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു ഇറച്ചിവെട്ടുകാരനെപ്പോലെ ക്രൂരതകള്‍ കാട്ടിയെന്നും വാദിക്കാമെങ്കിലും അദ്ദേഹമോ കുടുംബമോ ഒരിക്കലും മാംസക്കച്ചവടക്കാരായിരുന്നില്ല. ഭീരുവായിരുന്നുവെന്നും ആരോപിക്കാം പക്ഷെ ക്രോംബെല്ലിന് വിശ്വാസമില്ലായിരുന്നുവെന്ന് ആര്‍ക്കും പറയാനാവില്ല. കടുത്ത പ്രോട്ടസ്റ്റന്റ് വിശ്വാസിയായിരുന്നു അദ്ദേഹം. Paradise Lost, Pardise regained തുടങ്ങിയ മതാധിഷ്ഠിതമായ ഇതിഹാസകാവ്യങ്ങള്‍ എഴുതിയ ജോണ്‍ മില്‍ട്ടണായിരുന്നു അദ്ദേഹത്തിന്റെ ലാറ്റിന്‍ സെക്രട്ടറി.

ഫ്രഞ്ച് വിപ്‌ളവത്തെക്കുറിച്ച് നോസ്ട്രാഡാമസ് പ്രവചിച്ചുവെന്ന് വാദിക്കുന്നവര്‍ പരക്കെ ഉന്നയിക്കുന്ന വരികളാവട്ടെ അടുത്തത്:

The single part afflicted will be mitred,
Return conflict to pass over the tile:
For five hundred one to betray will be titled
Narbonne and Salces we have oil for knives. IX-23
മുറിവേറ്റ/രോഗം ബാധിച്ച ഏക ഭാഗം അലങ്കരിക്കപ്പെടും. ടൈല്‍ കടക്കാനായി സംഘര്‍ഷം തിരിച്ചെത്തുന്നു. അഞ്ഞൂറ്/അഞ്ഞൂറ്റിയൊന്ന് ചതിയന്‍മാര്‍ ആദരിക്കപ്പെടും. നര്‍ബോണിലും സല്‍സസിലും കത്തിക്ക് മൂര്‍ച്ച കൂടും.

സത്യത്തില്‍ ഇവിടെയും ഫ്രഞ്ചില്‍ നിന്ന് ഇംഗ്‌ളീഷിസേക്ക് തര്‍ജമ ചെയ്യുന്നിടത്ത് കളികള്‍ ഏറെയും നടന്നിട്ടുളളത്. തങ്ങള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം ലഭിക്കത്തക്ക രീതിയില്‍ ഇഷ്ടപ്പെട്ട വാക്കുകള്‍ തിരുകി കയറ്റാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കാറുണ്ട്. ലൂയി പതിനാലമാന്റെ ഭാര്യയായ മേരി അന്റോണിറ്റയെ(Queen Marie Antoinette of France)കുറിച്ചും ഫ്രഞ്ച് വിപ്‌ളവത്തെ കുറിച്ചുമാണ് ഈ വരികളെന്നാണ് അവകാശം. ഫ്രഞ്ചില്‍ മേരിക്ക് Marie എന്നാണ് എഴുതുക. അതല്ലാതെ വേറെ സ്‌പെല്ലിംഗ് ഉപയോഗിക്കാറില്ല. അസ്സല്‍ വരികളില്‍ “Le part soluz mary fera mittre” എന്നാണുള്ളത്. അതില്‍ കാണുന്ന mary ക്ക് എന്ന Marie തര്‍ജമ കൊടുത്താണ് ഈ വരികള്‍ മേരി അന്റോണിറ്റയില്‍ കൊണ്ട് ചെന്ന് കെട്ടിയത്. മേരിയുടെ പേര് മാത്രം നോസ്ട്രഡാമസ് ഇംഗ്‌ളീഷില്‍ എഴുതിയെന്ന് വാദിക്കാമല്ലോ?! മേരിയെ കിട്ടിയാല്‍
മേരി അന്റോണിറ്റയെ കിട്ടും, മേരി അന്റോണിറ്റയെ കിട്ടിയാല്‍ ഫ്രഞ്ചുവിപ്‌ളവം കിട്ടും!! അതുപോലെ തന്നെ ഇതില്‍ thuille എന്ന പദത്തിന് ചില നോസ്ട്രഡാമസ് ആരാധകര്‍ Tuillerie garden എന്ന അര്‍ത്ഥം കൊടുത്തു. മേരി അന്റോണിറ്റ കൊട്ടാരത്തില്‍ നിന്നും പോയത് ഈ ഉദ്യാനത്തിലേക്കാണ്. പക്ഷെ സത്യത്തില്‍ ഫ്രഞ്ചിലെ tile ന് ഓട് എന്ന അര്‍ത്ഥമാണുള്ളത്. നര്‍ബോണി തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഒരു പട്ടണമാണ്. ഫ്രഞ്ച വിപ്‌ളവുമായി പ്രകടമായ യാതൊരു ബന്ധവും ഈ പട്ടണത്തിനില്ല(വേണമെങ്കില്‍ ഉണ്ടാക്കാം!).

നോസ്ട്രഡാമസിന്റെ വിഖ്യാത പ്രവചനങ്ങളില്‍ ഒന്നാണത്രെ രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്ക ജപ്പാനിലെ അണുബോംബിട്ട സംഭവം. അതിനായി പലരും കണ്ടുവെച്ചിരിക്കുന്ന വരികള്‍ താഴെക്കാണുന്നവയാണ്:

Near the gates and within the cities
there will be two scourges the like of which was never seen,
famine within plague, people put out by steel,
crying to the great immortal God for relief.(II-6)
വാതിലിനടുത്തും നഗരത്തിനുള്ളിലും മുമ്പ് കണ്ടിട്ടില്ലാത്തവിധം ഭീകരത ആഞ്ഞടിക്കും. പട്ടിണിക്കൊപ്പം പ്‌ളേഗ് വിരുന്നിനെത്തും. ജനങ്ങള്‍ ഉരുക്കുമൂലം നശിപ്പിക്കപ്പെടും. അനശ്വരനായ മഹാദൈവത്തോട് ആശ്വാസത്തിനായി നിലവിളിക്കും.

ഫ്രഞ്ചില്‍“Portes”എന്നാല്‍ വാതില്‍, ഇടനാഴി എന്നൊക്കെയാണ് അര്‍ത്ഥം. വരി കാണുമ്പോഴറിയാം, നോസ്ട്രഡാമസിന്റെ കാലത്തൊക്കെ സംഭവിക്കുന്നതു പോലെയുള്ള പകര്‍ച്ചവ്യാധിയും പട്ടിണിയുമൊക്കെയാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ലെത്തുമ്പോള്‍പ്‌ളേഗും പട്ടിണിയുമൊക്കെ യൂറോപ്പില്‍ പ്രസക്തമല്ല. ജപ്പാനില്‍ ആണവസ്‌ഫോടനത്തോട് അനുബന്ധിച്ച് പ്‌ളേഗ് പൊട്ടിപുറപ്പെട്ടതുമില്ല. രണ്ടാമത്തെ വരിക്ക് അവിശ്വസനീയമായ എണ്ണം മനുഷ്യര്‍ മരിച്ചുവീണു എന്നൊക്കെ തര്‍ജമ ചെയ്ത് ഒപ്പിക്കുന്നത് കാണാം. പിന്നെ ആധുനിക കാലവുമായി ബന്ധമുണ്ടെന്ന് പറയാവുന്ന പദം ഉരുക്കാണ്(steel). പക്ഷെ നോസ്ട്രഡാമസിന്റെ കാലത്ത് ഉരുക്ക് എന്നാല്‍ ആയുധങ്ങള്‍ എന്ന അര്‍ത്ഥമേ ഉണ്ടായിരുള്ളു. ഇതിലെങ്ങും രണ്ടാം ലോകയുദ്ധവും അമേരിക്കയും ജപ്പാനും ആകാശത്തുനിന്നുള്ള ബോംബ് വര്‍ഷമോ ഒന്നും കാണാനില്ല. പകുതി തര്‍ജമയിലെ കമിഴ്ത്തുവിദ്യയും ബാക്കി വ്യാഖ്യാനഫാക്ടറിയിലെ പണികളും ചേര്‍ത്താണ് ഇല്ലാത്ത അര്‍ത്ഥങ്ങള്‍ നോസ്ട്രഡാമസിന്റെ വരികള്‍ക്ക് കല്‍പ്പിച്ച് നല്‍കിയത്. ഇതൊക്കെയാണ് ഏറ്റവും പ്രശസ്തമായ പ്രവചനങ്ങളുടെ വിശേഷങ്ങള്‍. കൂടുതല്‍ ഉദാഹരണങ്ങള്‍ വിസ്താരഭയത്താല്‍ ഒഴിവാക്കുന്നു.

ഇനി, ഒരേ ഖണ്ഡിക തന്നെ പലരെ കുറിച്ചും പ്രചരിപ്പിക്കുന്നതാണ് അടുത്ത കൗതുകം. നെപ്പോളിയന്റെ ഉയര്‍ച്ച വര്‍ണ്ണിക്കുന്നതായി വിശേഷിപ്പിക്കപ്പെടുന്ന ഖണ്ഡിക മറ്റ് പലരുടേ കാര്യത്തിലും സാധുവാകുന്നുണ്ട്.

A ruler will be born near Italy,

Whose cost to the Empire shall be quite dear;

They will say from those whom he shall rally

That he is less a prince than a butcher.(I:60)

(ഇറ്റലിക്ക് സമീപത്ത് ഒരു നേതാവ് ജനിക്കും, സാമ്ര്യാജ്യം നേടാനുള്ള അയാളുടെ പ്രയാണം കുറച്ച് കടുപ്പമായിരുക്കും. അവന്റെ അനുയായികളില്‍ നിന്നും കേട്ടറിഞ്ഞവര്‍ പറയും. രാജകുമാരന്‍ എന്നതിനേക്കാള്‍ അയാളൊരു ഇറച്ചിവെട്ടുകാരനാണ്)

“near Italy” എന്ന വാക്ക് കുറെയധികം പ്രദേശങ്ങള്‍ക്ക് ബാധകമാണ്. ഓസ്ട്രിയ മുതല്‍ കോഴ്‌സിക്ക, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഗ്രീസ്, പഴയ യൂഗോസ്‌ളാവിയ... ഒക്കെ ഇറ്റലിക്ക് സമീപം വരും. അങ്ങനെ വരുമ്പോള്‍ നെപ്പോളിയന്‍(Napoleon/1769–1821) മാത്രമല്ല അഡോള്‍ഫ് ഹിറ്റ്‌ലറും(Adolph Hitler/1889–1945) റോമന്‍ ചക്രവര്‍ത്തിയായി ഫെര്‍ഡിനാന്‍ഡ് രണ്ടാമനും(Emperor Ferdinand II/1578–1637)ഈ ഖണ്ഡികയിലെ നേതാവിന് യോജിച്ചവര്‍ തന്നെ. ഇനി ഇതില്‍ പറയുന്നത് സ്വിററ്‌സര്‍ലന്‍ഡുകാരനായ ടെന്നീസ് ഇതിഹാസം റോജ്ര്‍ ഫെഡററിനെ കുറിച്ചാണെന്ന് വ്യാഖ്യാനിച്ചാലും കേട്ടുകൊണ്ടു നില്‍ക്കുകയേ നിവര്‍ത്തിയുള്ളു! പതിനാലാം നൂറ്റാണ്ടിലും ഫ്രഞ്ചും ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്‌ളീഷും തമ്മിലുള്ള പൊരുത്തക്കേടും തര്‍ജമയിലെ പ്രസരണനഷ്ടവുമാണ് സൂചനകള്‍ ദുരൂഹമാക്കുന്നത്. നടന്ന സംഭവങ്ങള്‍ക്ക് അനുസൃതമായി പരിഭാഷ പരുവപ്പെടുത്തിയെടുക്കുക എന്ന സുകുമാരകലയാണ് ആദ്യഘട്ടം. ലക്ഷ്യമിടുന്ന അര്‍ത്ഥം ലഭിക്കത്തക്ക രീതിയില്‍ വരികളെ തിരിച്ചു പാകപ്പെടുത്തിയ(retrofitting) ശേഷം ഭാവനാലോലുപരായി അവയൊക്കെ വ്യാഖ്യാനിക്കുന്നു!

നോസ്ട്രഡാമസ് പ്രവചിക്കാത്തതായി ഈ ലോകത്ത് യാതൊന്നുമില്ല. സാമ്പത്തികമാന്ദ്യം മുതല്‍ സദാം ഹുസൈന്‍ വരെ, കെന്നഡിയുടെ മരണം മുതല്‍ മനുഷ്യന്റെ ചാന്ദ്രയാത്ര വരെ,ഹൈഡ്രജന്‍ ബോംബു മുതല്‍ ബാരക്ക് ഒബാമ വരെ, ഇന്റര്‍നെറ്റു മുതല്‍ ഒസാമ ബിന്‍ ലാദന്‍ വരെ അദ്ദേഹത്തിന്റെ പിടലിക്ക് വെച്ചു കൊടുത്തിട്ടുണ്ട്. വ്യാഖ്യാനിച്ച വരികളേക്കാള്‍ സ്‌തോഭജനകമാണ് യാതൊരുവിധ വ്യാഖ്യാനത്തിനും വഴങ്ങാത്ത 'നൂറ്റാണ്ടുകളി'ലെ ഖണ്ഡികകള്‍! അവയൊക്കെ ഭാവിയിലേക്കുള്ള നേര്‍സൂചകങ്ങളാണത്രെ. എത്രയെത്ര രഹസ്യങ്ങളും നിഗൂഡതകളുമാണ് അവയിലൊക്കെ അടക്കം ചെയ്തിരിക്കുന്നതെന്ന് ആര്‍ക്കും പറയാനാവില്ലെന്ന് നോസ്ട്രഡാമസിന്റെ ആരാധകര്‍ ആവേശത്തോടെ ആണയിടുന്നു. ആദ്യം സംഭവം നടന്നുകിട്ടട്ടെ, അതിനെക്കുറിച്ച് നോസ്ട്രഡാമസ് എന്തു പറഞ്ഞുവെന്ന് പിന്നീട് പരിശോധിച്ച് പറയാം എന്ന നിലപാടാണ് ആരാധകര്‍ പൊതുവെ സ്വീകരിച്ചു കാണുന്നത്.

ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ നിര്‍ലജ്ജം ഏറ്റെടുത്ത് തങ്ങളുടെ മതപുസ്തകത്തിലെ വരികളെടുത്ത് വളച്ചൊടിച്ച് ഇതാണ് ശാസ്ത്രം കണ്ടെത്തിയത് എന്നൊക്കെ ആക്കിക്കൂട്ടുന്ന മതതന്ത്രം തന്നെയാണ് നോസ്ട്രഡാമസ് അനുകൂലികള്‍ സ്വീകരിക്കുന്നത്. സംഭവം നടന്നുകഴിഞ്ഞ് പറയുന്നതിനെ പ്രവചനം എന്നെങ്ങനെ വിളിക്കുമെന്ന സരളമായ ചോദ്യം അവിടെ ഉയരുന്നുണ്ട്. ഒരു കാര്യം സംഭവിച്ച് കഴിഞ്ഞ് അറിയുന്നത് കേവലം ചരിത്രപഠനം മാത്രമാണ്. നോസ്ട്രഡാമസ് എ.ഡി. 3056 വരെയുള്ള കാര്യങ്ങള്‍ പ്രവചിച്ചുവെന്ന് പറയുന്നു. എന്തൊക്കെയാണ് ആ സംഭവങ്ങള്‍? ഒരെണ്ണംപോലും കൃത്യമായി പറയാന്‍ ആര്‍ക്കും സാധിക്കുന്നില്ല. സംഭവിച്ചുകഴിഞ്ഞ് ഇല്ലാത്ത അര്‍ത്ഥമൊക്കെ കുത്തിത്തിരുകി 'അതാണ് ഇത്'എന്നൊക്കെ പറഞ്ഞ് ജനത്തെ കബളിപ്പിക്കുന്നത് ഉദാത്തമല്ല. ആവേശം പൂണ്ട നോസ്ട്രഡാമസ് അനുകൂലികളുടെ വെമ്പല്‍ കാരണം ഒരേ ഖണ്ഡിക പലര്‍ക്കും ഭിന്ന സംഭവങ്ങളായി മാറുന്നത് സാധാരണ കാഴ്ചയാണ്. തൊപ്പിക്കനുസരിച്ച് തല മുറിക്കാമെന്ന ആത്മവിശ്വാസത്തോടെ വരികളുമായി അനുയോജ്യ വ്യക്തികളേയും സംഭവങ്ങളേയും തേടി ഉഴറുകയാണവര്‍.

നോസ്ട്രാഡാമസിന്റെ പ്രവചനങ്ങളെക്കുറിച്ച് എഴുതുകയും ഗവേഷണം നടത്തുകയും ചെയ്യുന്നവരെല്ലാം അവരവരുടെ ശൈലിയിലും കാഴ്ചപ്പാടിലുമാണ് നോസ്ട്രഡാമസിന്റെ പ്രവാചകത്വത്തെ വാഴ്ത്തുന്നത്. 'നൂറ്റാണ്ടുകളി'ലെ വരികളുടെ പൊതു സ്വഭാവമാണ് ഏവരേയും തുണയ്ക്കുന്നതെന്നതില്‍ തര്‍ക്കമില്ല. അവ്യക്തവും ഭിന്ന അര്‍ത്ഥങ്ങള്‍ ആരോപിക്കാന്‍ സാധിക്കുന്നതുമായ കൃത്യതയില്ലാത്ത പൊതുപ്രസ്താവങ്ങളാണ് അവയെല്ലാം തന്നെ.They are all vague, ambiguous, non-specific general satements. പൊതുവില്‍ ഏതൊരു പ്രവചനവിദ്യക്കാരനും അനുവര്‍ത്തിക്കുന്ന തന്ത്രം മാത്രമാണിത്. ഇത്തരം പ്രസ്താവങ്ങള്‍ ശരിയാണെന്നോ തെറ്റാണെന്നോ തെളിയിക്കാനാവില്ല. എന്തിനെക്കുറിച്ചാണ് വിവരിക്കുന്നതെന്ന് പോലും അറിയാതെ ഒരു കാര്യം തെറ്റോ ശരിയോ എന്നെങ്ങനെ നിര്‍ണ്ണയിക്കാനാവും?! ഒരു ഉത്തമ പ്രവചനത്തിന് വേണ്ടുന്ന അസത്യവല്‍ക്കരണക്ഷമത(falsifiability), ആവര്‍ത്തക്ഷമത(Repeatability), പ്രാപഞ്ചികത്വം(universality) തുടങ്ങിയ മൂന്ന് ഗുണങ്ങളും അവയ്ക്കില്ല.

ഭാവനാവിനിമയത്തിന്റെ തോതനുസരിച്ച് പല പ്രവചനങ്ങളും കൃത്യമായി ഫലിച്ചതായി നമുക്ക് അനുഭവപ്പെടാം. പക്ഷെ കൃത്യമായ വിശദാംശങ്ങള്‍ സൂചിപ്പിച്ച് പ്രവചനങ്ങള്‍ നടത്തുന്നത് പ്രവാചകരെ സംബന്ധിച്ചിടത്തോളം ആപത്കരമാണ്. ഒന്നും കൃത്യമായോ വ്യക്തമായോ പറയാതിരിക്കുക എന്ന കാലാതിവര്‍ത്തിയായ പ്രപചനതന്ത്രം പയറ്റാന്‍ മറന്നവരെല്ലാം പരിഹാസ്യരായിട്ടുണ്ട്. അസത്യവല്‍ക്കരണക്ഷമത നേരിയ തോതില്‍ പ്രകടമാകുന്ന ചുരുക്കം ചില വരികളില്‍ നോസ്ട്രഡാമസ് പരാജയപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല. നോസ്ട്രഡാമസിന്റെ പ്രവചനവിജയത്തിന് വസ്തുനിഷ്ഠ തെളിവില്ലെന്ന് മാത്രമല്ല കൃത്യമായി ചില സംഭവങ്ങളോ വര്‍ഷങ്ങളോ ചൂണ്ടിക്കാട്ടിയപ്പോഴൊക്കെ അവ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെളിയിക്കാനായിട്ടുണ്ട്. കൃത്യമായ തീയതി (specific date of occurrence) ചൂണ്ടിക്കാട്ടിയെന്ന് കരുതപ്പെടുന്ന III:77 ലെ പേര്‍ഷ്യയെ കുറിച്ചുള്ള അമ്പേ പാളിപ്പോയ പ്രവചനം നല്ലൊരു ഉദാഹരണമാണ്:

The third climate, under Aries’ listing,

October, seventeen twenty-seven,

Those of Egypt capture the Persian King.

Conflict, death, loss: the Cross disgraced even.
(ഏരീസിന്റെ മൂന്നാം ഋതുവില്‍ 1727 ഒക്‌ടോബറില്‍ ഈജിപ്റ്റില്‍ നിന്നുള്ളവര്‍ പേര്‍ഷ്യന്‍ രാജാവിനെ കീഴടക്കും. സംഘര്‍ഷം, മരണം, നഷ്ടം, ക്രിസ്തുമതം വീണ്ടും അപമാനിക്കപ്പെടും)

ഇവിടെ രണ്ടാമത്തെ വരിയിലെ ജ്യോതിശാസ്ത്രക്കണക്കനുസരിച്ച് തീയതി “1727 in October” ആണ്(Leoni 1982, 213; Robb 1961, 59)-അതാണ് സാമാന്യബുദ്ധിക്ക് നിരക്കുന്ന വാദം. എന്നാല്‍ ലെ വെര്‍ട്ടിനെപ്പോലുള്ളവര്‍ (LeVert 1979, 181)വരിയിലെ മധ്യവിരാമം(caesura) ചൂണ്ടിക്കാട്ടി October 27, 1700 എന്ന് വായിക്കണമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. പക്ഷെ ഈ കണക്കുകൂട്ടല്‍ അതിഭാവനയാണ്. എന്തായാലും പതിനെട്ടാം നൂറ്റാണ്ടിലെ ഏത് വര്‍ഷം പരിഗണിച്ചാലും(1700,1727) ഈ പ്രവചനം തെറ്റാണ്. ചില നോസ്ട്രഡാമസ് ആരാധകര്‍ 1517 എന്നൊരു വര്‍ഷം വ്യാഖ്യാനിച്ച് അന്ന് തുര്‍ക്കി ഈജിപ്റ്റ് കീഴടക്കിയതിനെ കുറിച്ചാണെന്ന് വരിയെന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കാറുണ്ട്. ആര്‍ ആരെ കീഴടക്കിയെന്നതുപോലും തര്‍ക്കവിഷയമാണ്! 1550 ന് ശേഷം പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തില്‍ 1517 ന് നടന്ന സംഭവത്തെ കുറിച്ച് എഴുതിയാല്‍ അതെന്ത് പ്രവചനമാണ് എന്നുപോലും പരിഗണിക്കാതെയാണ് ഈ ബദ്ധപ്പാടൊക്കെ. ലിയോണിയുടെ അഭിപ്രായത്തില്‍ 1517 ല്‍ തുര്‍ക്കികള്‍ പേര്‍ഷ്യന്‍ രാജാവിനെ പരാജയപ്പെടുത്തുകയോ ബന്ധനസ്ഥനാക്കുകയോ ചെയ്തിട്ടില്ല. ക്രിസ്തുമതത്തിന് പ്രത്യേകിച്ചെന്തെങ്കിലും അപമാനം(‘the Cross disgraced’) സംഭവിച്ചതായും രേഖയില്ല. ഇനി, ഈജിപ്റ്റ് എന്ന വാക്ക് വാചികമായിതന്നെ എടുത്താലും രക്ഷയില്ല. 1555 ന് ശേഷം ഈജിപ്റ്റും പേര്‍ഷ്യയും തമ്മില്‍ യുദ്ധമുണ്ടായിട്ടില്ല,കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ ബി.സി ആറാം നൂറ്റാണ്ടിന് ശേഷം യുദ്ധങ്ങളൊന്നുമില്ല. അബദ്ധത്തില്‍ സമയവും തീയതിയും പറഞ്ഞ് പരാജയപ്പെടുന്ന ജ്യോതിഷികളുടെ സ്ഥിരം അനുഭവം തന്നെയാണ് ഇവിടെയും. തീയതി വ്യക്തമാക്കി കഴിഞ്ഞതിനാല്‍ ഭാവിയില്‍ ഈ വരികളുമായി പൊരുത്തപ്പെടുന്ന ചില സംഭവങ്ങള്‍ ലോകത്തെവിടെയെങ്കില്‍ നടന്നാല്‍ അതുമായി പൊരുത്തപ്പെടുത്തി കാണിക്കാനുമാവില്ല. 'തീയതി രേഖപ്പെടുത്തിയ പരാജയം'(“a well-dated failure”) എന്നാണ് എഡ്ഗാര്‍ ലിയോണി ഈ പ്രവചനത്തെ വിശേഷിപ്പിക്കുന്നത്.

നോസ്ട്രഡാമസും ബൈബിളും
മതപണ്ഡിതനായ റെ കംഫര്‍ട്ടിനെ (Rey Comfort) പോലുള്ളവര്‍ പറയുന്നതനുസരിച്ച് നോസ്ട്രാഡാമിസിന്റെ പ്രവചനം മുഴുവന്‍ ബൈബിള്‍ പ്രവചനങ്ങളുടെ ലജ്ജാകരമായ കോപ്പിയടിയാണ്. ബല്‍ജിയംകാരനായ പ്രൊഫ.റൂഡി കാമ്പിയര്‍ കാംബ്രോണ്‍ ആശ്രമത്തിന്റെ ചരിത്രത്തെ കുറിച്ച് നടത്തുന്ന പരാമര്‍ശങ്ങളെ സാധൂകരിക്കുന്ന വാദമാണത്. ഇസ്രയേലിന് സ്വന്തം രാജ്യം കിട്ടുന്നത്, അന്തിക്രിസ്തുവിന്റെ വരവ്, ഭാവിയില്‍ സൂര്യനില്‍ അടയാളങ്ങള്‍ സംഭവിക്കുമെന്നത്... തുടങ്ങിയ പ്രവചനങ്ങളൊക്കെ ബൈബിള്‍ വായിച്ച് മനസ്സിലാക്കിയ ശേഷം നിറംപൂശി മറ്റൊരു രീതിയില്‍ പകര്‍ത്തിവെച്ചതാണ് 'നൂറ്റാണ്ടുകള്‍' എന്നാണ് കംഫര്‍ട്ടിന്റെ അഭിപ്രായം. താനതിനെ കുറിച്ച് വിജയകരമായ ഒരു ഡോക്കുമെന്ററിയും ഒരു ഗ്രന്ഥവും ചെയ്തിട്ടുണ്ടെന്നും കംഫര്‍ട്ട് പറയുന്നു.(‘‘I found that he stole his 'prophecies' from the Bible (which he read in secret), revised them, and claimed them as his own. I even produced an award-winning documentary and wrote a book called Nostradamus, Attack on America’’(/http://www.worldviewweekend.com/worldview-times/article.php?articleid=3527).

തികഞ്ഞ മതസ്‌നേഹിയായ കംഫര്‍ട്ടിന്റെ വാദം അങ്ങനെ തന്നെ വിട്ടേക്കു, പക്ഷെ അദ്ദേഹം തുടര്‍ന്ന് നടത്തുന്ന ഒരു നിരീക്ഷണമാണ് ഏറെ കൗതുകകരം. അതായത് നോസ്ട്രഡാമസിന്റെ പ്രവചനങ്ങളൊക്കെ ജാതകമെഴുത്ത്, ടാരറ്റ് കാര്‍ഡുകള്‍ എന്നിവ പോലെ ആര്‍ക്കും ആവശ്യാനുസരണം എങ്ങനെ വേണമെങ്കിലും വളച്ചൊടിക്കാവുന്നവിധം അവിശ്വസനീയമായ തോതില്‍ പൊതുവായ പ്രസ്താവങ്ങളാണെന്നും(‘incredibly generic’) പക്ഷെ ബൈബിള്‍ അങ്ങനെയല്ലെന്നുമാണ് കംഫര്‍ട്ടിന്റെ വിധിനിര്‍ണ്ണയം. ബൈബിളിലെ പ്രവചനങ്ങള്‍ മുഴുവന്‍ വിശദവും കൃത്യവുമാണത്രെ!(‘’His 'predictions,' though, are incredibly generic (just as horoscopes and tarot cards are), and people can read into them any meaning they want to.That isn't true with biblical prophecies. They are extremely detailed and precise.’’) ഇവിടെ സത്യത്തില്‍ കംഫര്‍ട്ട് മലര്‍ന്നു കിടന്ന് മേല്‍പ്പോട്ട് തുപ്പുകയല്ലേ?! ബൈബിള്‍ പ്രവചനങ്ങള്‍ കൃത്യവും വിശദവുമാണെങ്കില്‍(‘detailed and precise’) അത് മോഷ്ടിച്ച് നോസ്ട്രഡാമസ് എഴുതിയപ്പോള്‍ എങ്ങനെ വെറും ജാതകമെഴുത്തിന്റെ നിലവാരത്തിലേക്ക് തരംതാണു?!

റേ കംഫര്‍ട്ടിനെ പോലെയുളള മതവക്താക്കള്‍ പോലും ആര്‍ക്കും എന്തും പറയാവുന്ന രീതിയില്‍ നിഗൂഡവും അജ്ഞേയവുമായ വരികളില്‍ നിന്ന് ശതകോടികള്‍ ഉണ്ടാക്കുന്ന വിദ്യയാണ് നോസ്ട്രഡാമസ് ആരാധകര്‍ പയറ്റുന്നതെന്ന് പറയുമ്പോള്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. ഭാവിയില്‍ തന്റെ രചനകള്‍ ഇത്രയും സമ്പത്ത് വാരിക്കൂട്ടുമെന്ന് ഒരു പക്ഷെ നോസ്ട്രാമസ് പോലും ഊഹിച്ചിട്ടുണ്ടാവില്ല. ലോകമെമ്പാടും നിലനില്‍ക്കുന്ന അന്ധവിശ്വാസ ത്വരയും യുക്തിഹീനതയുമാണ് നോസ്ട്രഡാമസുമാരെ സൃഷ്ടിക്കുന്നതെന്ന് സാമാന്യേന പറഞ്ഞുവെക്കാമെങ്കിലും അതു മാത്രമല്ല കാരണം. നോസ്ട്രഡാമസ് പ്രവചനങ്ങളുടെ വശ്യതയ്ക്ക് അടിപ്പെട്ടവരില്‍ അവിശ്വാസികളും ജ്യോതിഷവിരുദ്ധരുമുണ്ട്. മനുഷ്യമസ്തിഷ്‌ക്കത്തിന്റെ ഒരു പൊതു സ്വഭാവമാണിവിടെ നിര്‍ണ്ണായകമാകുന്നത്. അജ്ഞേയവും അജ്ഞാതവുമായി പ്രപഞ്ചപ്രതിഭാസങ്ങള്‍ നിര്‍ധാരണം ചെയ്യാനായി കഥകള്‍ നെയ്യാനും ഘടനകള്‍ കണ്ടെത്താനുമുള്ള (pattern seeking and story telling)ത്വരയാണത്. മിക്കപ്പോള്‍ ശൂന്യമായ മനസ്സോടെ 'നൂറ്റാണ്ടുകളി'ലെ വരികള്‍ വായിച്ചാല്‍ ഒരു വിവരവും കിട്ടിയെന്ന് വരില്ല. പക്ഷെ ഏതെങ്കിലും സംഭവമോ വ്യക്തിയേയോ മനസ്സില്‍ കരുതി വായിച്ചു തുടങ്ങിയാല്‍ കളി മാറും. ഇളകി മറിയുന്ന മേഘങ്ങളില്‍ ഇഷ്ടരൂപങ്ങളും ഘടനകളും കണ്ടെത്തുന്ന മസ്തിഷ്‌ക്കപ്രവണത തന്നെയാണ് ഇവിടെയും സക്രിയമാകുന്നത്. ഘടനകള്‍ കണ്ടെത്തുന്ന മസ്തിഷ്‌ക്കം ക്രമേണ അതിനെ സാധൂകരിക്കുന്ന കഥകളും വ്യാഖ്യാനങ്ങളും നിര്‍മ്മിക്കുന്നു.

നോസ്ട്രഡാമസിന്റെ പ്രസ്താവനകള്‍ മറ്റുള്ളവയേയും മറ്റുള്ളവരേയും(the other and the others) കുറിച്ചാണ്. ഇതിലും എളുപ്പമാണ് ജ്യോതിഷം, താംബൂലശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, മഷിനോട്ടം, നാഡിജ്യോതിഷം, പക്ഷിശാസ്ത്രം തുടങ്ങിയ വിദ്യകള്‍ പുറപ്പെടുവിക്കുന്ന പ്രവചനപ്രസ്താവങ്ങള്‍ സാധൂകരിച്ചെടുക്കാന്‍. കാരണം അവിടെ കാര്യങ്ങള്‍ വ്യക്തിപരമാണ്;പ്രവചനങ്ങളെല്ലാം വ്യാഖ്യേതാവിനെക്കുറിച്ച് തന്നെയാണ്. സ്വഭാവികമായും അവയില്‍ 'ശരി കണ്ടെത്തുക'താരതമ്യേന എളുപ്പമായിരിക്കും. വേണ്ടത്ര ബൗദ്ധിക അവബോധം സൃഷ്ടിക്കാനായില്ലെങ്കില്‍ ഒരുപക്ഷെ എഡി. 3056 വരെ നോസ്ട്രാഡാമസ് വ്യവസായം ഇരമ്പിയാര്‍ത്താലും അത്ഭുതപ്പെടാനില്ല. കാര്യമായ മുതല്‍മുടക്കൊന്നുമില്ലാതെ കോടികള്‍ കൊയ്‌തെടുക്കാമെങ്കില്‍ കുറഞ്ഞപക്ഷം സാഹിത്യരചനയെന്ന പേരിലെങ്കിലും വാണിഭം തീര്‍ച്ചപ്പെടുത്താം. വസ്തുനിഷ്ഠതയും ആധികാരികതയുമൊന്നും അവിടെ ഒരു വിഷയമേയല്ല. സമൂഹത്തിന്റെ അയുക്തിവല്‍ക്കരണം ലക്ഷ്യമിടുന്നവര്‍ കൂടെക്കൂടി നിറുത്താതെ കയ്യടിക്കുകയും തങ്ങളുടെ പങ്ക് നന്ദിപൂര്‍വം കൈപ്പറ്റുകയും ചെയ്യും. ജ്യോതിഷികളെ ആഘോഷിക്കേണ്ട ദൈന്യതയിലേക്ക് കൂപ്പുകുത്തുന്ന സമൂഹം ആതുരതകളുടെ താവളമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ വില്‍ക്കപ്പെടുന്നതൊന്നും എളുപ്പം വര്‍ജ്ജിക്കപ്പെടില്ല. ആധുനിക മാധ്യമസംസ്‌ക്കാരം അടിവരയിട്ട് കാണിക്കുന്ന അനാകര്‍ഷക സത്യമാണത്. വികിപീഡിയക്കാര്‍ തന്നെ നടത്തുന്ന അണ്‍സൈക്കളോപീഡിയ(http://uncyclopedia.wikia.com/wiki/Nostradamus) നോസ്ട്രാഡാമസിന്റെ ഒരു തിരുക്കുറലിനെ കുറിച്ച് നടത്തുന്ന ഒരു പാരഡിയോടെ അവസാനിപ്പിക്കാം.

ജോര്‍ജ്ജ് ബുഷ്(George W. Bush)അമേരിക്കന്‍ പ്രസിഡന്റായി ആ സ്ഥാനമേല്‍ക്കുന്നതിനെക്കുറിച്ചാണ് ഈ ഖണ്ഡികയെന്ന് അണ്‍സൈക്കളോപീഡിയ അവകാശപ്പെടുന്നു. വരി ഇങ്ങനെ:
When the cream bun strikes the ground
A fat hairy man will take power
short and stubby he is
and as dumb as a piece of shit.
ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ?! ഭാവന ചങ്ങലയ്ക്കിടാത്തവര്‍ക്കും അത്തരമൊരു വിഷമം ഉണ്ടാകാനിടയില്ലെന്ന് ന്യായമായും ആശിക്കാം..**

Saturday 9 November 2013

74. പകിട പതിമൂന്ന് : ജ്യോതിഷഭീകരതയുടെ മറുപുറം


ഒരു പിന്‍വിളി കൂടി

'ജാതകം പ്രശ്‌നമല്ല' എന്ന് മറുതലയ്ക്കലില്‍ നിന്നും കേള്‍ക്കുന്ന മാത്രയില്‍ ഫോണിന്റെ റിസീവര്‍ താഴെവെക്കുന്ന മാതാപിതാക്കള്‍! തിഥിയും പക്കവും നാളും നോക്കി ഉത്തമപൗരരെ കീറിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ദമ്പതികള്‍! പുത്രജനനം തങ്ങളുടെ മരണമായി കണ്ട് നവജാതശിശുവിനെ തറയിടലടിച്ച് കൊന്ന് ഭാവി സുരക്ഷിതമാക്കുന്ന പിതാക്കന്‍മാര്‍! വര്‍ഷങ്ങള്‍ പഴകിയ മാതാവിന്റെ ശവം മാന്തിയെടുത്ത് കായലില്‍ ഒഴുക്കി സൗഭാഗ്യം നേടാന്‍ കൊതിക്കുന്ന മക്കള്‍! പെട്ടിക്കട പോലെ മുക്കിലുംമൂലയിലും പൊട്ടിമുളയക്കുന്ന ജ്യോതിഷായലങ്ങള്‍! തട്ടിയിടിച്ചു വീഴാതെ നടക്കാനാവാത്ത തോതില്‍ വാസ്തുവിരുതന്മാരും മന്ത്രവാദികളും! സ്വര്‍ണ്ണംവാങ്ങി ഐശ്വര്യം നേടാന്‍ ആഭരണശാലകള്‍ക്ക് മുന്നില്‍ ബിവറേജസ് ക്യൂ തീര്‍ക്കുന്ന ദരിദ്രമഹിളകള്‍! പ്രഭാതകൃത്യം ചെയ്യാന്‍പോലും സമയം കുറിപ്പിച്ച് വാങ്ങുന്ന യു.ജി.സി ജന്മങ്ങള്‍! പ്രവചിച്ച് ജനത്തെ സേവിക്കണമെന്ന ആനക്കൊതി മൂത്ത് വി.ആര്‍.എസ് എടുത്തും കവടി നിരത്തുന്ന ഉദ്യോഗസ്ഥപ്രഭുക്കള്‍! പ്രവചനപുലയാട്ടുകളും അന്ധവിശ്വാസ പ്രഘോഷണങ്ങളുമായി 24 x7 പതഞ്ഞൊഴുകുന്ന മാധ്യമനദികള്‍!....''കേരളം അന്ധവിശ്വാസങ്ങളുടെ തമോഗര്‍ത്തം''എന്ന പരസ്യവാചകം നിങ്ങളെ തുറിച്ചു നോക്കുന്നതായി തോന്നുന്നുവോ? അറിയുക, പ്രശ്‌നം നിങ്ങളുടേതല്ല.

'യന്ത്രം'കയറ്റുമതി ചെയ്ത് രാജ്യത്തെ വ്യവസായവല്‍ക്കരിക്കാമെന്നും'ചക്രം' വിറ്റ് തങ്ങള്‍ക്ക് വേണ്ട ചക്രമുണ്ടാക്കാമെന്നും അന്ധവിശ്വാസിയുടെ 'അത്യാഗ്രഹ'ത്തില്‍ തങ്ങളുടെ ശുഭഗ്രഹമുണ്ടെന്നും തിരിച്ചറിയുന്ന ചൂഷകവര്‍ഗ്ഗം അവാര്‍ഡുകള്‍ നിര്‍മ്മിച്ച് സ്വന്തം തലവഴിയേ ഇട്ട് ജനത്തെ വീണ്ടും പരിഹസിക്കുകയാണ്. കേരളത്തെ ആസുരമാക്കുന്ന കാഴ്ചകളില്‍ ഇരുട്ടുംകറുപ്പും സമം ചാലിച്ചിരിക്കുന്നു. ആത്മവിശ്വാസവും ശാസ്ത്രബോധവും നഷ്ടപ്പെട്ട് ആരാധനാലയങ്ങളിലേക്കും ജ്യോതിഷഭവനങ്ങളിലേക്കും ബിവറേജസിന്റെ ക്യൂവിലേക്കും ലഹരികേന്ദ്രങ്ങളിലേക്കും ഒഴുകിപ്പോകുന്ന ഒരു ജനതയോട് നാമെന്താണ് പറയേണ്ടത്? അവര്‍ കാട്ടിക്കൂട്ടുന്നതൊക്കെ പ്രതിലോമകരവുമാണെന്നോ? നന്നായി! തീര്‍ച്ചയായും അവരത് ഇഷ്ടപ്പെടില്ല;നിങ്ങളെയും. സ്വന്തം പ്രേമഭാജനത്തെ ഇകഴ്ത്തുന്ന ഒരുവനെ നേരിടുന്ന വൈരാഗ്യബുദ്ധിയോടെ അവര്‍ നിങ്ങളെ താറടിക്കും. ''അച്ഛന് പറഞ്ഞാലും സഹിക്കാം, ചക്കര അന്ധവിശ്വാസങ്ങളെ തൊട്ടുകളിക്കരുത്''എന്ന ഭീഷണി വരും. ജീവിതത്തിലുടനീളം പഠനം അസഹ്യമായി കണ്ടവര്‍ അവരുടെ വിശ്വസമാലിന്യങ്ങളെക്കുറിച്ച്'ആഴത്തില്‍ പഠിക്കാന്‍'നിങ്ങളോടാവശ്യപ്പെടും.വിശ്വാസവിമര്‍ശനം തൊലിയുരിക്കുന്നത് പോലെയെന്ന് ആവലാതിപ്പെടുന്ന വിശ്വാസിവൃന്ദവും അവരുടെ കയ്യടിയും പരിലാളനയും മാത്രം ലക്ഷ്യമിടുന്ന പക്കമേളക്കാരും ഈ സമൂഹത്തില്‍ യുക്തിചിന്തയും ശാസ്ത്രബോധവും അനാവശ്യമാണെന്ന് തെളിയിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. ദിക്കുകള്‍ ഭീതിദമായി കറുത്തിരുളുമ്പോള്‍ ജീര്‍ണ്ണതയുടെ വേരുകള്‍ ആഴങ്ങളിലേക്ക് തുളച്ചുകയറുമ്പോള്‍ പരാജയസാധ്യത ചൂണ്ടിക്കാട്ടി പിന്‍മാറാനുള്ള അവസരം കൂടിയാണ് നമുക്ക് നഷ്ടപ്പെടുന്നത്. ചില യുദ്ധങ്ങള്‍ അങ്ങനെയാണ്, പോരാട്ടം ഉപേക്ഷിക്കാനുള്ള അവകാശം കൂടി നിങ്ങള്‍ക്കുണ്ടായിരിക്കില്ല. കട്ടപിടിച്ച തമസ്സിലും അപൂര്‍വമായി വിരുന്നെത്തുന്ന മിന്നലൊളികള്‍ സ്വന്തം നഗ്നതയെ കുറിച്ചുള്ള തിരിച്ചറിവാണ് സമ്മാനിക്കുക. നാഗരികതയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും ഗുഹാസംസ്‌ക്കരാത്തിന്റെ കൊടുംതമസ്സിലേക്ക് പുറംതിരിഞ്ഞോടുന്നവരോട് നടത്തുന്ന പിന്‍വിളികള്‍ സമൂഹ പുന:ര്‍നിര്‍മ്മിതികളില്‍ നിര്‍ണ്ണായകമാകുന്നത് അങ്ങനെയാണ്............
(From The introduction of "PAKIDA 13" published by DC Books

Tuesday 5 November 2013

73. ഭരണഘടനയില്‍ വെടിയേല്‍ക്കുമ്പോള്‍

Narendra Dhabholkkar
നരേന്ദ്ര ധഭോല്‍ക്കറിനെതിരെ പാഞ്ഞ നാല് വെടിയുണ്ടകള്‍ തുളച്ച് കയറിയത് രാജ്യത്തിന്റെ ഭരണഘടനയിലാണ്. 2013 ആഗസ്റ്റ് 19 രാവിലെ പൂനെയില്‍ പ്രഭാതസാവാരിക്കിടെയാണ് മഹാരാഷ്ട്രയിലെ പ്രസിദ്ധ യുക്തിവാദിയായ നരേന്ദ്ര ധഭോല്‍ക്കറെ(1945-2013) മോട്ടാര്‍സൈക്കിളില്‍ വന്ന അജ്ഞാതരായ രണ്ട് കൊലയാളികള്‍ വെടിവെച്ചുകൊന്നത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ധിറുതിയില്‍ മഹാരാഷ്ട്ര അന്ധവിശ്വാസ നിര്‍മാര്‍ജ്ജനബില്‍ (Anti-black magic and superstition ordinance) പാസ്സാക്കികൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ബി.ജെ.പി-യും ശിവസേനയും ഒഴികെയുള്ള പാര്‍ട്ടികള്‍ പിന്തുണച്ചിട്ടും ഈ ബില്ല് കഴിഞ്ഞ കഴിഞ്ഞ 18 വര്‍ഷമായി മാറിമാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ പാര്‍ശ്വവല്‍ക്കരിക്കുകയായിരുന്നു. അവസാനം ഒരു നരബലി തന്നെ വേണ്ടി വന്നു രാഷ്ട്രീയതമ്പുരാന്‍മാര്‍ക്ക് കാര്യം ബോധ്യപ്പെടാന്‍. മതവും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അധികാരകേന്ദ്രങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും അവലംബിക്കുന്ന നിസംഗമായ മൗനത്തിന്റെ ഭീതിതമായ ഒച്ച കൂടിയാണ് പൂനെ തെരുവീഥിയില്‍ മുഴങ്ങിയത്.

ശാസ്ത്രഅഭിരുചിയും അന്വേഷണത്വരയും മാനവികതയും പരിഷ്‌ക്കരണബോധവും വളര്‍ത്തുകഎന്നത് ഏതൊരു ഇന്ത്യന്‍ പൗരന്റെയും കര്‍ത്തവ്യമാണെന്ന് അനുശാസിക്കുന്ന ഭരണഘടനാ നിര്‍ദ്ദേശമാണ് (ആര്‍ട്ടിക്കിള്‍ 51 (എ) എച്ച്)ധഭോല്‍ക്കര്‍ എക്കാലവും മുറകെപ്പിടിച്ചത്. പല തവണ കായികമായി ആക്രമിക്കപ്പെട്ടിട്ടും പലകുറി ജീവന് ഭീഷണി ഉയര്‍ന്നിട്ടും അദ്ദേഹം പോലീസ് സംരക്ഷണം തിരസ്‌ക്കരിച്ചു.''എന്റെ രാജ്യത്ത് എന്റെ ജനങ്ങളില്‍ നിന്നും രക്ഷപെടാന്‍ പോലീസ് സംരക്ഷണം തേടുകയാണെങ്കില്‍ അതിനര്‍ത്ഥം എനിക്കെന്തോ കുഴപ്പമുണ്ടെന്നാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നാണ് ഞാന്‍ പൊരുതുന്നത്. അതാര്‍ക്കുമെതിരല്ല, മറിച്ച് എല്ലാവര്‍ക്കും വേണ്ടിയാണ്'' എന്നുപറഞ്ഞ ആ മനുഷ്യസ്‌നേഹിയെ മതം നിര്‍ദ്ദയം തിരുത്തി. 


രാജ്യം കേട്ട ഏറ്റവും ഭീതിദമായ വെടിയൊച്ച ഉതിര്‍ത്ത നാഥുറാം വിനായക് ഗോഡ്‌സെയും പൂനക്കാരനായിരുന്നു. 'ഗാന്ധിയെ ഓര്‍ക്കൂ, അയാളെ ഞങ്ങള്‍ ചെയ്തത് എന്താണെന്നും''-ധഭോല്‍ക്കറിന് കൈമാറപ്പെട്ട അവസാന ഭീഷണിയിലും ആ വെടിയൊച്ചയുടെ അലയൊലി ഉണ്ടായിരുന്നുവോ? ആരായിരുന്നു ഡോ.നരേന്ദ്ര അച്യുത് ധഭോല്‍ക്കര്‍? യുക്തിവാദി, ശാസ്ത്രപ്രചാരകന്‍, അന്ധവിശ്വാസവിരുദ്ധ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി മഹാരാഷ്ട്രയിലെ പൊതുരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണദ്ദേഹം. മിറാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.ബി.എസ്സ് പാസ്സായെയെങ്കിലും സാമൂഹികപരിഷ്‌ക്കരണപ്രവര്‍ത്തനങ്ങളിലാണ് കൂടുതലും ശ്രദ്ധയൂന്നിയത്. ശിവാജി യൂണിവേഴ്‌സിറ്റിയില്‍ കബഡി ടീമിന്റെ ക്യാപ്റ്റനും ദേശീയ കബഡി ടീമിലും അംഗമായിരുന്ന ഡോ.ധഭോല്‍ക്കര്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശിവ ചത്രപതി യുവ (Shiv Chhatrapati Yuva Award for Kabaddi) അവാര്‍ഡ് നേടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അന്ധവിശ്വാസ നിര്‍മ്മാര്‍ജന ബില്ല് പാസ്സാക്കാന്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി ഏറ്റവുമധികം ശബ്ദമുയര്‍ത്തിയ അദ്ദേഹം അന്ധശ്രാദ്ധ നിര്‍മൂലന്‍സമിതി (Maharashtra Andhashraddha Nirmoolan Samiti/MANS)എന്ന സംഘടനയുടെ സ്ഥാപകനും പ്രസിഡന്റും സാധ്‌ന(Sadhana) എന്ന മറാത്തി പത്രത്തിന്റെ എഡിറ്ററുമായിരുന്നു. ദളിതര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന ധഭോല്‍ക്കര്‍ അന്ധവിശ്വാസനിര്‍മ്മാര്‍ജനവും ശാസ്ത്രപ്രചരണവും ലക്ഷ്യമിട്ട് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ശാസ്ത്രബോധത്തെയും പുരോഗമനചിന്തയേയും ഞെക്കികൊല്ലുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന് ഡോ.ധഭോല്‍ക്കര്‍ ആരോപിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍ ധബോല്‍ക്കറെ വധിച്ച ദിവസം കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് തന്റെ രാഷ്ട്രീയബുദ്ധി പ്രകടമാക്കി. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെയും ഏര്‍പ്പെടുത്തിയ ചവാന്‍ പ്രസ്തുത ബില്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കി ബി.ജെ.പി യേയും ശിവസേനയേയും പ്രതിരോധത്തിലാക്കി. ഒരാളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇന്നും കൊലക്കേസില്‍ വഴിത്തിരിവുണ്ടായിട്ടില്ല. വധത്തിന് പിന്നിലെ പോലീസിന്റെ പങ്കും ചര്‍ച്ചാവിഷയമായിട്ടുണ്ട്. സത്താറ സ്വദേശിയായ ധഭോല്‍ക്കര്‍ തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളില്‍ മാത്രമാണ് പൂനെയില്‍ തങ്ങുന്നതെന്ന വിവരവും പ്രഭാതയാത്രയ്ക്ക് തെരഞ്ഞെടുക്കുന്ന വഴിയെ സംബന്ധിച്ച വിവരങ്ങളും കൃത്യമായി പോലീസിനെ അറിയിച്ചിരുന്നതാണ്. 

ധഭോല്‍ക്കറുടെ അരുംകൊലയില്‍ പ്രതിഷേധിച്ച് മഹാരാഷട്രയിലെമ്പാടും രോഷം ഇരമ്പി, പൂനെയില്‍ ജനം സ്വമേധയാ ബന്ദാചരിച്ചു. ജനവികാരം തിരിച്ചറിഞ്ഞ രാഷ്ട്രീയകക്ഷികളെല്ലാം മത്സരിച്ചാണ് ബന്ദാഹ്വാനം ചെയ്തത്. ദല്‍ഹിയില്‍ ഒരു പതിനാറുകാരിയെ പീഡിപ്പിച്ചതിന് ജയിലിലായ കോടീശ്വരനായ ആള്‍ഗുരു ആശാറാം ബാപ്പുവുമായും ഇടയേണ്ടി വന്ന ചരിത്രമുള്ള ധബോല്‍ക്കറുടെ കൊലയാളികള്‍ ആരെന്ന് തീര്‍ച്ചയില്ല. എങ്കിലും ഒന്നുറപ്പാണ്, രാജ്യത്ത് ഇരമ്പിത്തിമിര്‍ക്കുന്ന മതഫാസിസത്തിന്റെ ഇരയാണദ്ദേഹം. കാരണം ദശകങ്ങളായി അവരദ്ദേഹത്തിന്റെ പിന്നാലെയുണ്ടായിരുന്നു. ബില്‍ ഇപ്പോള്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കിയിട്ടുണ്ടെങ്കിലും നിയമനിര്‍മ്മാണസഭയുടെ അംഗീകാരം ലഭിക്കുമോ എന്ന് കണ്ടറിയണം. ധഭോല്‍ക്കറുടെ വധം അന്വേഷിക്കാനായി നിയമിതനായ പോലീസ് ഉദ്യോഗസ്ഥനെ തേടി ചെന്ന ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ കണ്ടത് ഗണേശപൂജ കൊണ്ട് അടിമുടി അലംകൃതമായ പോലീസ് സ്റ്റേഷനാണെന്നറിയുമ്പോള്‍ മതേതരഭാരതത്തില്‍ ഇത്തരം സംശയങ്ങള്‍ റദ്ദാക്കപ്പെടുന്നതെങ്ങനെ? താന്‍ പൊരുതുന്നത് അന്ധവിശ്വാസങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെയാണെന്നും സമൂഹത്തില്‍ ഭൂരിപക്ഷം വരുന്നവരുടെ മത-ദൈവ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നില്ലെന്നും ധബോല്‍ക്കര്‍ പലകുറി പ്രസ്താവിച്ചിട്ടുണ്ട്. ശാസ്ത്ര-യുക്തിവാദ പ്രചരണപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ ചെന്നപ്പോഴൊക്കെ ''നിങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചുകൊള്ളൂ, പക്ഷെ അന്ധവിശ്വാസികളാകരുത്''എന്ന ജനകീയ നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. അന്ധവിശ്വാസങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങളെല്ലാം ആത്യന്തികമായി മതത്തിനും ദൈവത്തിനും എതിരെയാകുമെന്ന പരമമായ സത്യം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. ജ്യോതിഷവും ദുര്‍മന്ത്രവാദവും ചാത്തന്‍സേവയും ബ്‌ളാക്ക് മാജിക്കുമൊക്കെ വേരുകള്‍ നീളുന്നത് മത-ദൈവ വിശ്വാസങ്ങളിലാണല്ലോ. ദൈവത്തിന് വേണ്ടി തുറക്കുന്ന വാതിലിലൂടെ തന്നെയാണ് അനുബന്ധ അന്ധവിശ്വാസങ്ങളും വിവേചനസങ്കല്‍പ്പങ്ങളും ഇരച്ചുകയറുന്നത്. അറിഞ്ഞോ അറിയാതെയോ ധഭോല്‍ക്കര്‍ അനിഷേധ്യമായ ഈ വസ്തുത അവഗണിച്ചു.

ഡോ.ധഭോല്‍ക്കറുടെ കൊലപാതകം ദേശീയമാധ്യമങ്ങള്‍ പ്രൈംടൈമില്‍ ദിവസങ്ങളോളം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്തപ്പോള്‍ പൊതുവെ പൊങ്കാല-പെരുന്നാള്‍-ആള്‍ദൈവ സുവിശേഷങ്ങളില്‍ അഭിരമിക്കുന്ന മലയാളചാനലുകള്‍ വാര്‍ത്ത കൃത്യമായി നിസ്സാരവല്‍ക്കരിച്ചു. സമൂഹത്തില്‍ സര്‍വവിധ വിശ്വാസമാലിന്യങ്ങളും ശാസ്ത്രവിരുദ്ധസമീപനങ്ങളും വാരിവിതറുന്ന ദൗത്യം നിര്‍ലജ്ജം ഏറ്റെടുത്തിരിക്കുന്ന മലയാള മാധ്യമങ്ങള്‍ അന്ധവിശ്വാസത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ ഒരു പൊതുപ്രവര്‍ത്തകനെ പാര്‍ശ്വവല്‍ക്കരിച്ചില്ലെങ്കിലാണ് അത്ഭുതപ്പെടേണ്ടത്. കൊലപാതകം കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം കൊലയെ അപലപിച്ചുകൊണ്ട് ഒരു എഡിറ്റോറിയല്‍ എഴുതിയതും കൗതുകകരമായി. എന്തിനെയൊക്കെയാണോ ധഭോല്‍ക്കര്‍ എതിര്‍ത്തത് അതേ ജനുസ്സില്‍പ്പെട്ട തട്ടിപ്പുകളുടെ കമനീയ പരസ്യങ്ങളുമായാണ് ആ ദിവസവും പ്രസ്തുത പത്രം പുറത്തിറങ്ങിയത്! ആള്‍ദൈവ സേവയാണ് പത്രധര്‍മ്മത്തിന്റെ ആണിക്കല്ലെന്ന് സ്ഥാപിക്കുന്നവരും ധഭോല്‍ക്കറിന് വേണ്ടി മുതലക്കണ്ണീരൊഴുക്കിയെങ്കില്‍ ആ മനുഷ്യന്‍ ശരിയായിരുന്നു എന്നു തെളിയുന്നു. 



Sanjay Salve
കുറെ നാളായി മഹാരാഷ്ട്ര ആപല്‍ക്കരമായ ഒരിനം മതവെറിയുടെ പേരില്‍ വാര്‍ത്തകളിലുണ്ട്. മഹാരാഷ്ട്രയിലെ തന്നെ നാസിക്കിലെ സാവിത്രി ഫൂലെ മെമ്മോറിയല്‍ സ്‌ക്കൂളിലെ (Savitribai Phule Secondary School)ഇംഗ്‌ളീഷ് അദ്ധ്യാപകനായ സഞ്ജയ് സാല്‍വെയെ(41) സ്‌ക്കൂള്‍ അധികൃതര്‍ പീഡിപ്പിച്ചതും ഭരണഘടനയെ മാപ്പുസാക്ഷിയാക്കിയാണ്. ദളിത് വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ സ്‌ക്കൂളിലെ ആദ്യത്തെ വനിത അദ്ധ്യാപികയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ സാമൂഹിക പരിഷ്‌ക്കര്‍ത്താവായിരുന്ന സാവിത്രി ഫൂലൈ. 1600 ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌ക്കൂളിലെ 60 ശതമാനം വിദ്യാര്‍ത്ഥികളും പിന്നാക്കവിഭാഗത്തില്‍ പെട്ടവരാണ്. അംബേദ്ക്കറുടെ ആശയങ്ങളില്‍ ആകൃഷ്ടനായി ബുദ്ധമതം സ്വീകരിച്ച ദളിതനാണ് സഞ്ജയ് സാല്‍വെ. മതപശ്ചത്തലം പരിഗണിച്ചാല്‍ നിസ്വരുടേയും ന്യൂനപക്ഷത്തിന്റെയും യഥാര്‍ത്ഥ പ്രതിനിധി. സര്‍ക്കാര്‍ എയിഡഡ് സ്‌ക്കൂളിലെ പ്രവര്‍ത്തനസമയത്ത് മതപരമായ പ്രാര്‍ത്ഥന അടിച്ചേല്‍പ്പിക്കുക എന്ന ഭരണഘടനാവിരുദ്ധ നടപടിയോട് സഞ്ജയ് നിര്‍മലമായി നിസ്സഹകരിച്ചതാണ് വിഷയമായത്. സ്‌ക്കൂളിലെ പ്രാര്‍ത്ഥനാവേളയില്‍ കണ്ണടച്ച് കൈകൂപ്പി നില്‍ക്കാതെ കൈകള്‍ പിന്നില്‍ കെട്ടി നിന്ന സാല്‍വെ കടുത്ത അച്ചടക്കലംഘനം നടത്തിയെന്ന് പ്രിന്‍സിപ്പല്‍ കണ്ടെത്തുകയായിരുന്നു. 

നാസ്തികനായ തനിക്ക് മതപരമായ പ്രാര്‍ത്ഥനയില്‍ താല്‍പര്യമില്ലെന്നും ദേശീയഗാനാലാപത്തോടെ വേണം സ്‌ക്കൂള്‍ തുടങ്ങാനെന്നുമുള്ള നിയമാനുസാരിയായ നിലപാടാണ് സഞ്ജയ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ സര്‍വീസ് രഹസ്യറിപ്പോര്‍ട്ടില്‍ (Confidential Report-2008-09) മോശം പരാമര്‍ശങ്ങള്‍ എഴുതിച്ചേര്‍ത്ത് ഗ്രേഡ് പ്രമോഷന്‍ നിഷേധിച്ചാണ് സ്‌ക്കൂള്‍ അധികൃതര്‍ തിരിച്ചടിച്ചത്. ഈ 'ഘോരപാപം' ചെയ്യുന്നതിന് മുമ്പുള്ള 12 വര്‍ഷങ്ങളിലെ(1996-2008) സാല്‍വെയുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകളില്‍ ‘Excellent’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്നോട് വളരെ സൗഹാര്‍ദ്ദപരമായി ഇടപെട്ടുകൊണ്ടിരുന്ന സഹാദ്ധ്യാപകരുടെ കൂട്ട ബഹിഷ്‌ക്കരണവും തുടര്‍ന്ന് ഈ അദ്ധ്യാപകന് നേരിടേണ്ടിവന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിരന്തരം നടത്തിപ്പോന്ന അപകീര്‍ത്തികരമായ പ്രചരണവും മുന്നറിയിപ്പുകളുമായിരുന്നു മറ്റൊരിനം. അദ്ധ്യാപകനെന്ന നിലയിലുള്ള ഏന്തെങ്കിലും ന്യൂനതയല്ല മറിച്ച് തങ്ങള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ സഞ്ജയ് കൈ കൂപ്പി നിന്നില്ലെന്നതാണ് സ്‌ക്കൂള്‍ അധികൃതരെ ചൊടിപ്പിച്ചതെന്ന് വ്യക്തം.

രാജ്യത്തെ പൊതു നിയമവ്യവസ്ഥ, ക്രമസമാധാനം, പൊതുജനാരോഗ്യം തുടങ്ങിയവയ്ക്ക് വിധേയമായി മാത്രമേ മതസ്വാതന്ത്ര്യം (ആര്‍ട്ടിക്കിള്‍ 25, 26,27) വിനിയോഗിക്കാനാവൂ എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. അതായത് അന്യന്റെ മൂക്ക് തുടങ്ങുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു. ധഭോല്‍ക്കറെപ്പോലെ തന്നെ സാല്‍വെയും കൂട്ടുപിടിക്കുന്നത് രാജ്യത്തെ ഭരണഘടനയെയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 28(3) ഇപ്രകാരം പറയുന്നു:സര്‍ക്കാര്‍ അംഗീകരിച്ചതോ സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കുന്നതോ ആയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പങ്കെടുക്കുന്ന യാതൊരാള്‍ക്കും അവിടെ നല്‍കപ്പെടാന്‍ ഇടയുള്ള മതപരമായ ഉദ്‌ബോധനം കൈക്കൊള്ളാന്‍ ബാധ്യതയില്ല. വിദ്യാലയങ്ങളിലോ അതിനോടനുബന്ധിച്ച പരിസരത്തോ സംഘടിപ്പിക്കപ്പെടുന്ന മതാരധനയിലോ ചടങ്ങിലോ പങ്കെടുക്കാന്‍ യാതൊരാളെയും, അയാളുടെയോ, മൈനറാണെങ്കില്‍ കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെയോ സമ്മതമില്ലാതെ നിര്‍ബന്ധിക്കാന്‍ പാടില്ല(“No person attending any educational institution recognised by the State or receiving aid out of State funds shall be required to take part in any religious instruction that may be imparted in such institution or to attend any religious worship that may be conducted in such institution or in any premises attached thereto unless such person or, if such person is a minor, his guardian has given his consent thereto.”/Article 28 (3) of the Constitution) 

ഇവിടെ ദുരൂഹമായി യാതൊന്നുമില്ല. മതസ്വാതന്ത്ര്യത്തില്‍ മതത്തിന്റെ സ്വാതന്ത്ര്യത്തോടൊപ്പം മതത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നുണ്ട്. Freedom of religion also involves freedom from religion. പൊതുവിദ്യാലയങ്ങളില്‍ മതപരമായ ആരാധനയും പ്രചരണവും കടന്നുവരാന്‍ ഇടയുണ്ടെന്ന് മുന്‍കൂട്ടി കണ്ട ഭരണഘടനാശില്പികള്‍ കാര്യങ്ങള്‍ കൃത്യമായി എഴുതിവെച്ചിരിക്കുന്നു. പക്ഷെ സാവിത്രി ഫൂലെ സ്‌ക്കൂള്‍ പ്രിന്‍സിപ്പള്‍ മധുകര്‍ ബച്ചവിന് ഭരണഘടന ഒരു പ്രശ്‌നമേ ആയിരുന്നില്ല. സഞ്ജയ് സാല്‍വെ ചെയ്തത് മറ്റാരെങ്കിലും അനുകരിച്ചാല്‍ സ്‌ക്കൂള്‍ മുന്നോട്ടുവെക്കുന്ന മൂല്യബോധം തകര്‍ന്നടിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. നിരവധി പരാതികള്‍ കൊടുത്തിട്ടും ഈ വിഷയത്തില്‍ സഞ്ജയിന് നീതി ലഭിച്ചില്ല. 2010 ല്‍ മുംബൈ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് സാല്‍വയുടെ പരാതി പരിഗണിച്ച് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നാസിക്ക് ജില്ലയിലെ എഡ്യുക്കേഷന്‍ ഓഫീസറോട് നിര്‍ദ്ദേശിച്ചിരുന്നതാണ്. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് രണ്ടു വര്‍ഷം തുടര്‍ച്ചയായി സ്‌ക്കൂള്‍ അധികൃതരോട് സാല്‍വെയുടെ കാര്യത്തിലെ തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അവസാനം സ്‌ക്കൂളിന്റെ ഫണ്ടിംഗ് റദ്ദാക്കുമെന്ന് നിയമപരമായ മുന്നറിയിപ്പ് കൊടുത്തിട്ടും അധികൃതര്‍ അനങ്ങിയില്ല.

സ്‌ക്കൂളിന്റെ പ്രവര്‍ത്തനം ദേശീയഗാനത്തിന്റെ ആലാപനത്തോടെ തുടങ്ങണമെന്നാണ് മഹരാഷ്ട്ര സെക്കന്‍ഡറി സ്‌ക്കൂള്‍ കോഡില്‍ (45:9)നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈശ്വരപ്രാര്‍ത്ഥന സംബന്ധിച്ച യാതൊരു പരാമര്‍ശവും അവിടെയില്ല. ഭരണഘടനയും വിദ്യാഭ്യാസനിയമവും സ്‌ക്കൂളിലെ ഈശ്വരപ്രാര്‍ത്ഥനയെ തള്ളുമ്പോഴാണ് പ്രാര്‍ത്ഥനാവേളയില്‍ കണ്ണടച്ച് കൈ കൂപ്പി നിന്നില്ലെന്ന കുറ്റംചുമത്തി നാസ്തികനാണെന്ന കാരണത്താല്‍ ഒരു ദളിതന്‍ പീഡിപ്പിക്കപ്പെടുന്നത്. മതവികാരം വ്രണപ്പെടുന്നു എന്നാരോപിച്ച് വന്ദേമാതരവും ജനഗണമനയുംവരെ ആലപിക്കാന്‍ പലരും വിസമ്മതിക്കുന്നവരുടെ മതേതരരാജ്യത്താണിതും അരങ്ങേറിയത്. 

ഇത് മഹാരാഷ്ട്രയിലെ മാത്രം പ്രശ്‌നമാണോ? കേരളത്തിലെ പൊതുവിദ്യാഭ്യാസം ഏറെക്കുറെ സര്‍ക്കാര്‍ സ്‌ക്കൂളുകളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. അവിടെയും സ്ഥിതിഗതികള്‍ അത്ര മെച്ചമല്ല. മത-ജാതി മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്‌ക്കൂളുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ മതവിദ്യാഭ്യാസം തന്നെയാണ് നടക്കുന്നത്. രാവിലെ സ്‌ക്കൂള്‍ ബസ്സില്‍ കയറുന്നത് മുതല്‍ കുട്ടികള്‍ മതപരമായ പ്രാര്‍ത്ഥന തുടങ്ങുന്നു. സ്‌കൂള്‍ബസ്സില്‍ നിന്നറിങ്ങുമ്പോള്‍, ക്‌ളാസ്സില്‍ കയറുമ്പോള്‍, ക്‌ളാസ്സ് തുടങ്ങുമ്പോള്‍, കളിക്കാന്‍ പോകുമ്പോള്‍, തിരിച്ചു വരുമ്പോള്‍, മൂത്രപ്പുരയില്‍ പോകുമ്പോള്‍...എന്നുവേണ്ട ശ്വാസോച്ഛാസം ഒഴികെ മറ്റെല്ലാം കാര്യത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച് തളരുന്ന കുട്ടികള്‍ക്ക് വാരാന്ത്യത്തില്‍ ധ്യാനം നിര്‍ബന്ധിതമാക്കിയിരിക്കുന്ന സ്‌ക്കൂളുകളും കേരളത്തില്‍ നിരവധിയാണ്. അന്യമതത്തില്‍ പെട്ടവര്‍ക്കും ഈ പീഡനം സമ്മാനിക്കാനും ചില മാനേജ്‌മെന്റുകള്‍ മടിക്കാറില്ല. ധ്യാനകേന്ദ്രങ്ങളില്‍ നിന്നും കരിഷ്മാറ്റിക്ക് സഭകളില്‍ നിന്നും എത്തുന്നവരാണ് ഇത്തരം സ്‌ക്കൂളുകളിലെ കുട്ടികളെ ധ്യാനം പരിശീലിപ്പിക്കുന്നത്. പറഞ്ഞുവരുമ്പോള്‍ മിക്കവര്‍ക്കും പരാതിയുണ്ട്-പക്ഷെ കുട്ടിയെ പുറത്താക്കുമെന്ന് ഭയന്നാവണം ആരും പ്രതികരിക്കുന്നില്ല. 

ഭരണഘടനയും വിദ്യാഭ്യാസനിയമവും പറഞ്ഞു ചെന്നാല്‍ മാനേജ്‌മെന്റ് കണ്ണുരുട്ടും. കാരണം അവരെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസപ്രവര്‍ത്തനം അടിസ്ഥാനപരമായി മതപ്രചരണത്തിന്റെ ഭാഗം തന്നെയാണ്. മുസ്‌ളീം വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചെത്തുന്നതിനെ തടയുകയും സ്‌ക്കൂള്‍ യൂണിഫോം സംബന്ധിച്ച ചട്ടങ്ങള്‍ നിര്‍ബന്ധമാക്കുകയും ചെയ്ത ക്രിസ്ത്യന്‍ മാനേജുമെന്റ് സ്‌ക്കൂളുകള്‍ കേരളത്തിലുണ്ട്. പ്രാര്‍ത്ഥനയുടെ പേരില്‍ അവിശ്വാസികളെ പീഡിപ്പിക്കുന്നതില്‍ ചട്ടങ്ങളൊന്നും അവര്‍ക്ക് തടസ്സമാകുന്നില്ല.

വിദ്യാലയങ്ങളിലെ ഈശ്വരപ്രാര്‍ത്ഥന മാത്രമല്ല പൊതുചടങ്ങുകളിലെ പ്രാര്‍ത്ഥനയ്ക്കും നിയമത്തിന്റെ പിന്‍ബലമില്ല. മതേതരത്വം വിഭാവനംചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും വിവേചനാധികാരത്തിന്റെയും നഗ്നമായ ലംഘനമാണവിടെയും സംഭവിക്കുന്നത്. ജീവിതത്തിലെ മറ്റ് ചില സ്വകാര്യകര്‍മ്മങ്ങള്‍ പരിഗണിച്ചാല്‍ ഈ മതശാഠ്യം പരിഹാസ്യമാണ്. പൊതുവേദിയാകട്ടെ-സ്വകാര്യതലമാകട്ടെ, പ്രാര്‍ത്ഥന വിശ്വാസിയുടെ,അയാളുടെ മാത്രം, ആവശ്യമാണ്. മതലഹരി വഴി മിഥ്യാസുഖം ആര്‍ജ്ജിക്കാനുള്ള ശ്രമമാണവിടെ നടക്കുന്നത്. മദ്യപിക്കുമ്പോഴും പുകവലിക്കുമ്പോഴും കണ്ടു നില്‍ക്കുന്നവരും കൂടെയുള്ളവമെല്ലാം അനുകരിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാവുമോ?! മതഭക്തി സ്വകാര്യമാണെങ്കില്‍ എന്തുകൊണ്ട് വ്യത്യസ്ത ആള്‍ക്കാര്‍ പങ്കെടുക്കുന്ന പൊതുചടങ്ങില്‍ അതടിച്ചേല്‍പ്പിക്കണം? ചടങ്ങിന് മുമ്പും ശേഷവും ഇഷ്ടദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ഭക്തന് ധാരാളം അവസരമുണ്ട്, അതിനുള്ള അവകാശവുമുണ്ട്. പൊതുചടങ്ങിലും പ്രാര്‍ത്ഥിച്ചേ തീരൂ എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ സ്വന്തം കാര്യത്തിലേക്കത് പരിമിതപ്പെടുത്താവുന്നതാണ്. 

സഞ്ജയ് സാല്‍വെ പ്രാര്‍ത്ഥനാ സമയത്ത് കൈ പിന്നില്‍ കെട്ടി അറ്റന്‍ഷനായി നിന്നത് താന്‍ കണ്ടെന്നാണ് സ്‌ക്കൂള്‍ പ്രിന്‍സിപ്പലിന്റെ ആരോപണം. ദൈവത്തില്‍ സര്‍വ ശ്രദ്ധയും കേന്ദ്രീകരിച്ച് പ്രാര്‍ത്ഥിക്കുന്നയാള്‍ സദസ്സിലുള്ള അവിശ്വാസി നില്‍ക്കുകയാണോ ഇരിക്കുകയാണോ എന്നെങ്ങനെ മനസ്സിലാക്കുന്നു?! പരിസരവീക്ഷണമാണോ പ്രാര്‍ത്ഥനയുടെ അന്തസത്ത?! നാസ്തികന്‍ പ്രാര്‍ത്ഥന തടസ്സപ്പെടുത്തുന്നില്ലെങ്കില്‍ അയാള്‍ കൈ കെട്ടി നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നതുകൊണ്ട് വിശ്വാസിക്ക് എന്തെങ്കിലും നഷ്ടം സംഭവിക്കുമെന്ന് കരുതാന്‍ ന്യായമില്ല.

നാസ്തികന്‍ പ്രാര്‍ത്ഥിക്കാറില്ല. പന്നെയെന്തിന് അയാള്‍ ഒരു മതചടങ്ങിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കണം? തിരിച്ച് ഒരു മതവിശ്വാസി നാസ്തിക ജീവിതരീതിയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുമോ? പൊതുപ്രാര്‍ത്ഥനയില്‍ എഴുന്നേറ്റുനിന്നാല്‍ നാസ്തികന്‍ പ്രാര്‍ത്ഥിച്ചെന്നും എഴുന്നേല്‍ക്കാതിരുന്നാല്‍ ഭൂരിപക്ഷത്തെ അപമാനിച്ചെന്നും പരിഹാസം വരാറുണ്ട്. ഇത് ഭയന്ന് ഭൂരിപക്ഷം അവിശ്വാസികളും പൊതുപ്രാര്‍ത്ഥനയോട് സഹകരിക്കുകയാണ് പതിവ്. പൊതുസദസ്സ് ആരാധനാലയമല്ല. അവിടെ വിശ്വാസികളും അര്‍ദ്ധവിശ്വാസികളും നാസ്തികരുമൊക്കെയുണ്ടാവാം. എല്ലാവരെയും നിര്‍ബന്ധപൂര്‍വം എഴുന്നേറ്റ് നിറുത്തിക്കുന്നത് ഫാസിസം തന്നെ.''ഞാന്‍ മതം അനുഷ്ഠിക്കുന്നു, നീയും കൂടെക്കൂടൂ''എന്ന പരസ്യശാസനമാണിവിടെ പ്രകടമാകുന്നത്. നൊയമ്പുകാലത്ത് ഭക്ഷണശാലകള്‍ അടച്ചിടുന്നതും വ്രതമനുഷ്ഠിക്കുന്നവന്റെ മുന്നില്‍ വെച്ച് ഒന്നും കഴിക്കരുതെന്ന് പരോക്ഷമായി ശാഠ്യം പിടിക്കുന്നതും ഫാസിസം തന്നെ. ''പ്രിയ സുഹൃത്തേ, നീ പട്ടിണികിടക്കുന്നത് എന്തോ പ്രതിഫലം പ്രതീക്ഷിച്ചായിരിക്കാം, പക്ഷെ അതിന് ഞാനെന്തു പിഴച്ചു?! നിന്റെ പ്രതിഫലം നീയെടുക്കുക, എന്നെ വെറുതെ വിടുക''-എന്ന് പറയുന്നത് അഹങ്കാരമാണോ? ഏവരും മതത്തെ ആദരിച്ചുകൊള്ളണം പക്ഷെ മതം ആരേയും ആദരിക്കില്ല''എന്ന മതവാശിയില്‍ നീതിയില്ല. 

മതഭക്തി സ്വകാര്യമായി കാണുന്ന ആര്‍ക്കും പൊതുസ്ഥലങ്ങളിലെ മതാനുഷ്ഠാനം ന്യായീകരിക്കാനാവില്ല. ഈ തെറ്റിനെതിരെ പ്രതികരിക്കുന്നതാണ് നാസ്തികന് 'അഹങ്കാരി'എന്ന ഓമനപ്പേര് സമ്മാനിക്കുന്നത്. ഒരു നാസ്തികപുസ്തകം വായിക്കാനോ നാസ്തികപ്രഭാഷണം ശ്രദ്ധിക്കാനോ ഒരു മതവിശ്വാസിയോട് കല്‍പ്പിച്ചാല്‍ അവനെന്ത് തോന്നും? സ്വയം ബുദ്ധിമുട്ട് തോന്നുന്നവ മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടായിരിക്കുമെന്ന് ചിന്തിക്കുന്നതല്ലേ ഉചിതം? അതോ എണ്ണത്തില്‍ കുറവുള്ളവരുടെ വികാരം ചവട്ടിയരയ്ക്കുന്നതില്‍ തെറ്റില്ലെന്ന് വരുമോ? 'ന്യൂനപക്ഷാവകാശങ്ങള്‍ക്ക്'വേണ്ടി സ്വജീവന്‍ ബലി കൊടുക്കാനും തയ്യാറാണെന്ന് പ്രചരിപ്പിക്കുന്ന പ്രതികരണത്തൊഴിലാളികള്‍ ഇപ്പറയുന്ന 'ന്യൂനപക്ഷം' മതനിഷേധികളാണെങ്കില്‍ മുഖംതിരിക്കും. ബഹുമതസ്ഥര്‍ പങ്കെടുക്കുന്ന സദസ്സില്‍ 'പൊതുദൈവ'ത്തെ അവതരിപ്പിച്ചാണ് പ്രാര്‍ത്ഥന നടത്തുന്നുവെന്നൊരു വാദമുണ്ട്. 'പൊതുദൈവം'എന്നൊന്നില്ല;അങ്ങനെയൊന്ന് ഒരു മതവും അംഗീകരിക്കുന്നുമില്ല. എല്ലാ ദൈവവും വിഭാഗീയവും പ്രാദേശികവും ഭിന്നവുമാണ്. 

ദൈവങ്ങളുടെ കാര്യത്തില്‍ മാത്രമല്ല 'പൊതുദൈവ'ങ്ങളുടെ കാര്യത്തിലും മതങ്ങള്‍ക്കിടയില്‍ ഐക്യമില്ല. 'സൃഷ്ടിയും സ്രഷ്ടാവും രണ്ടാണെന്ന് വാദിക്കുന്ന സെമറ്റിക്ക് മതക്കാരനും അവ രണ്ടും ഒന്നാണെന്ന് വാദിക്കുന്ന സനാതനധര്‍മ്മക്കാരനും ഏത് പൊതുദൈവത്തെയാണ് വാഴ്ത്തുന്നത്?! ചന്തമേറിയ പൂവിലും ശബളാഹമാം ശലഭത്തിലും വാഴുന്ന, തൂണിലും തുരുമ്പിലും ഒളിച്ചിരിക്കുന്ന 'ശക്തി'യെ ഒരു കൂട്ടര്‍ വാഴ്ത്തുമ്പോള്‍ പ്രപഞ്ചസൃഷ്ടി നടത്തി പ്രപഞ്ചത്തില്‍നിന്നും വ്യതിരിക്തമായി നിലകൊള്ളുന്ന ദൈവത്തെ ഉപാസിക്കുന്നവര്‍ക്ക് എങ്ങനെ കൈ കൂപ്പാനാവും?! ഏത് പ്രാര്‍ത്ഥനഗാനമെടുത്താലും ഇതേ പ്രശ്‌നമുണ്ടാവും. 

ധഭോല്‍ക്കറും സാല്‍വെയും ഭരണഘടനാവിരുദ്ധമായി ശിക്ഷിക്കപ്പെപ്പോള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മതനിന്ദ(blasphemy) സംബന്ധിച്ച 295 (എ) എന്ന കിരാത വകുപ്പാണ് ഇന്ത്യന്‍ റാഷണലിസ്റ്റ് അസ്സോസിയേഷന്‍ പ്രസിഡന്റും പ്രമുഖ യുക്തിവാദിയുമായ സനല്‍ ഇടമറുകിനെതിരെ പ്രയോഗിക്കപ്പെടുന്നത്. ഈ വകുപ്പനുസരിച്ച് മന:പൂര്‍വം മതവികാരം വ്രണപ്പെടുത്തുന്നതും മതവികാരം കുത്തിയിളക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതും ഒന്നാം ക്‌ളാസ്സ് മജിസ്‌ട്രേറ്റിന് മാത്രം വിധിപറയാന്‍ അധികാരമുള്ള, ജാമ്യമില്ലാത്ത, പരമാവധി മൂന്നുവര്‍ഷം വരെ തടവോ പിഴയോ രണ്ടുകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്('Whoever, with deliberate and malicious intention of outraging the religious feelings of any class of citizens of India, by words, either spoken or written, or by signs or by visible representations or otherwise, insults or attempts to insult the religion or the religious beliefs of that class, shall be punished with imprisonment of either description for a term which may extend to three years, or with fine, or with both’’). 

1860 ല്‍, പ്രധാനമായും,ഹിന്ദു-മുസ്‌ളീം ലഹള നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ പീനല്‍കോഡില്‍ കുത്തിതിരുകിയ നിയമമാണിത്. ഇവിടെ, deliberate and malicious intention എന്ന വാചകം ആര്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന രീതിയില്‍ അവ്യക്തവും ദുരൂഹവുമാണ്. വാക്ക്, എഴുത്ത്, സംസാരം, ആംഗ്യം, മറ്റെന്തെങ്കിലും ദൃശ്യരൂപങ്ങളിലൂടെയോ വ്യക്തമാക്കപ്പെടുന്ന വിമര്‍ശനം എന്നിവയൊക്കെ മതനിന്ദയുടെ പരിധിയില്‍ വരുമെന്നതിനാല്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യാപ്പെടാനുളള സാധ്യത അനന്തമാണ്. അഭിപ്രായസ്വാതന്ത്യം സംബന്ധിച്ച് ഭരണഘടനാപരമായി അവകാശങ്ങളുടെ(ആര്‍ട്ടിക്കിള്‍ 19) മുകളിലുള്ള വ്യക്തമായ കടന്നാക്രമണവുമാണിത്. ഏതെങ്കിലും നിയമമോ വ്യവസ്ഥയോ ഭരണഘടനയുമായി ഏറ്റുമുട്ടിയാല്‍ ഭരണഘടനയുടെ അപ്രമാദിത്വം സംരക്ഷിക്കപ്പെടേണ്ടതാണ്. 

അതേസമയം ഐ.പി.സി 296 വകുപ്പ് പ്രകാരം ഒരു മതസമ്മേളനമോ ആരാധനയോ തടസ്സപ്പെടുത്തുകയോ അലങ്കോലപ്പെടുത്തിയാല്‍ ലഭിക്കാവുന്ന ശിക്ഷ കേവലം ഒരു വര്‍ഷം മാത്രം! ഏത് മജിസ്‌ട്രേറ്റിനും വിധി പറയാം, ജാമ്യം ലഭിക്കുകയും ചെയ്യും. അതായത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ശക്തമായ കടന്നാക്രമണത്തിന് താരതമ്യേന ലഘുവായ ശിക്ഷ! എന്താണതിനര്‍ത്ഥം?! ഐ.പി.സി യിലെ 153 (എ) അനുസരിച്ച് മതവികാരം മാത്രമല്ല ഭാഷ, വംശം, വീട്, ജന്മസ്ഥലം തുടങ്ങിയവയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പോലും കുറ്റകരമാണ് (Whoever by words, either spoken or written, or by signs or by visible representations or otherwise, promotes or attempts to promote, on grounds of religion, race, place of birth, residence, language, caste or community or any other ground whatsoever, disharmony or feelings of enmity, hatred or ill-will between different religious, racial, language or regional groups or castes or communities.. /IPC Section-153A) ഇവിടെയും സമാനമായ തോതില്‍ അവ്യക്തതയുണ്ട്. നിന്റെ സ്ഥലം ഒരു പട്ടിക്കാടാണ്, അല്ലെങ്കില്‍ നിന്റെ ഭാഷ വെറും "കൂതറ"യാണ് എന്നൊക്കെ തമാശ പറയുന്നവര്‍ ശ്രദ്ധിക്കണമെന്ന് സാരം. എങ്കിലും മതവികാരം പോലെ സ്ഥലവികാരവും ഭാഷാവികാരവും വികസിച്ചിട്ടില്ലാത്തതിനാല്‍ ജനം കഷ്ടിച്ച് രക്ഷപെട്ട് പോകുന്നുവെന്ന് മാത്രം. 

2012 മാര്‍ച്ചില്‍ മുംബെയിലെ ഒരു കാത്തലിക്ക് ചര്‍ച്ചില്‍(Our Lady of Velankanni Church in Mumbai)ദിവ്യാത്ഭുതം നടക്കുന്നുവെന്ന പ്രചരണമുണ്ടായി. അവിടെ സ്ഥാപിച്ചിരിക്കുന്ന യേശുവിന്റെ പ്രതിമയില്‍ നിന്ന് ദിവ്യജലം വരുന്നതായിരുന്നു സംഭവം. മിറക്കിള്‍ കേട്ടറിഞ്ഞ വിശ്വാസികള്‍ പള്ളിയിലേക്ക് ഒഴുകി. ദിവ്യജലം കുപ്പിയില്‍ ശേഖരിക്കാനും വിറ്റഴിക്കാനും തുടങ്ങി. ഈ ജലം പലരും കുടിക്കുകയും കണ്ണിലൊഴിക്കുകയുമൊക്കെ ചെയ്തുഒരു ടി.വി ചര്‍ച്ചയില്‍ ഉയര്‍ന്ന വെല്ലുവിളി സ്വീകരിച്ചാണ് സനല്‍ ഇടമറുക് സംഭവസ്ഥലത്ത് എത്തിയത്. വാസ്തവത്തില്‍ സനലിനെ പരിശോധിക്കാന്‍ അനുവദിച്ചതായിരുന്നു ഏറ്റവും വലിയ മിറക്കിള്‍! പൊതുവെ ഭൂഗുരുത്വത്തെ ആധാരമാക്കി താഴോട്ട് ഒഴുകുമെങ്കിലും ചലനസ്വാതന്ത്ര്യം തടസ്സപ്പെട്ടാല്‍ താഴോട്ട് തന്നെ ഒഴുകണമെന്ന നിര്‍ബന്ധമൊന്നും ജലത്തിനില്ല. സൂക്ഷ്മരന്ധ്രപ്രവര്‍ത്തനം അഥവാ കാപ്പിലറി ആക്ഷന്‍(capillary action) എന്നാണ് നാമതിനെ വിളിക്കുക. തിരിയിലൂടെ മണ്ണെണ്ണ മുകളിലേക്ക് കയറി മണ്ണെണ്ണവിളക്ക് കത്തുമ്പോള്‍ സംഭവിക്കുന്നതും മറ്റൊന്നല്ല.

ചര്‍ച്ചിലെ യേശുവിന്റെ പ്രതിമയുടെ കാലുകളില്‍ നിന്നും ജലം ഇറ്റു വീഴുന്നുണ്ടായിരുന്നുവെന്നത് സത്യമായിരുന്നു. സമീപത്ത് കെട്ടികിടന്ന മലിനജലം ഭിത്തിയിലൂടെ മുകളിലേക്ക് അരിച്ചുകയറി പ്രതിമയുടെ കാലിലൂടെ ഒലിച്ചിറങ്ങിയതാണ് വിശ്വാസികള്‍ക്ക് ദിവ്യാത്ഭുതമായത്. ഈ സത്യം തുറന്ന് പറഞ്ഞതിനാണ് ഓര്‍ഗനൈസേഷന്‍ ഓഫ് കണ്‍സേണ്‍ഡ് കാത്തലിക്‌സ് (OCC), കാത്തലിക് സെക്കുലര്‍ ഫോറം (CSF)എന്നീ സംഘടനകള്‍ സനലിനെതിരെ ജൂഹു-അന്ധേരി പോലീസ് സ്റ്റേഷനുകളില്‍ 295 (എ) പ്രകാരം കേസു കൊടുത്തത്. 

2012 ജൂലെയില്‍ ദല്‍ഹി പോലീസ് സനലിനെ തേടി ദല്‍ഹിയിലെത്തി. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ടതോടെ ജയില്‍വാസം ഉറപ്പെന്ന് കണ്ട സനല്‍ രാജ്യംവിട്ടു. ഇപ്പോഴദ്ദേഹം ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലാണ് ഉള്ളതെന്നറിയുന്നു. ശാസ്ത്ര അഭിരുചിയും അന്വേഷണബോധവുമൊക്കെ വളര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടന നിര്‍ദ്ദേശത്തേക്കാള്‍ വലിയ പ്രഹരശേഷിയാണ് ബ്രിട്ടീഷുകാരന്റെ ഐ.പി.സി നിയമത്തിന് കല്‍പ്പിക്കപ്പെട്ടത്. ചെയ്ത 'തെറ്റിന്' മാപ്പിരന്നാല്‍ കേസ് പിന്‍വലിക്കാമെന്ന നിര്‍ദ്ദേശവും മുംബൈ കത്തോലിക്ക് ആര്‍ച്ച് ബിഷപ്പ് മുന്നോട്ടുവെച്ചിരുന്നു. അതായത് സംഗതി നിസ്സാരമാണ്,സനല്‍ ചെയ്തത് ക്ഷമിക്കാനാവാത്ത'കുറ്റ'മൊന്നുമല്ല. പക്ഷെ തങ്ങള്‍ ഭാവിയില്‍ സമാനമായ ദിവ്യാത്ഭുതത്തട്ടിപ്പുകള്‍ നടത്തുമ്പോള്‍ ആരും അഭിപ്രായം പറയാന്‍ പാടില്ല! ഹൈസ്‌ക്കൂള്‍ കുട്ടികള്‍ക്ക് പോലുമറിയാവുന്ന ഒരു ശാസ്ത്രവസ്തുതകള്‍ പോലും മതവിരുദ്ധമെങ്കില്‍ പരസ്യമാക്കരുത്! പതിനാറാം നൂറ്റാണ്ടില്‍ ഗലീലിയോട് പോപ്പ് (Pope Paul V) ആവശ്യപ്പെട്ടത് തന്നെയാണ് മുംബൈയിലെ കാത്തലിക്ക് ചര്‍ച്ച് സനലിനോടും പറഞ്ഞത്.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും ബംഗ്‌ളാദേശുമൊക്കെ സ്വീകരിച്ച 1860 ലെ മെക്കാളെ പ്രഭുവിന്റെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പല വകുപ്പുകളും വ്യവസ്ഥകളും നാം കാലോചിതമായി പരിഷ്‌ക്കരിച്ചിട്ടുണ്ട്. അന്തരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളിലും മാനദണ്ഡങ്ങളിലും വന്ന മാറ്റങ്ങള്‍ പലതും അതില്‍ പ്രതിഫലിച്ചിട്ടുണ്ട്. മൃഗങ്ങളുടേയും പക്ഷികളുടേയും കാര്യത്തില്‍ വരെ ഐ.പി.സി കാലികമായി പരിഷ്‌ക്കരിക്കപ്പെട്ടു. പക്ഷെ രാജ്യമൊരു മതേതര റിപ്പബ്‌ളിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടും കാലഹരണപ്പെട്ട മതനിന്ദ വകുപ്പില്‍ മാത്രം തൊട്ടില്ല. ഈ നിയമം ഇന്നുവരെ ഒരു വര്‍ഗ്ഗീയലഹള തടഞ്ഞതായി കേട്ടിട്ടില്ല, ഇനിയൊട്ട് തടയാനും പോകുന്നില്ല. 295(എ) ഉണ്ടായാലും ഇല്ലെങ്കിലും വര്‍ഗ്ഗീയലഹളകള്‍ കൃത്യമായ ഇടവേളകളില്‍ അരങ്ങേറുക തന്നെചെയ്യും. അഭിപ്രായസ്വാതന്ത്ര്യവും മതവിമര്‍ശനവും നിഷേധിക്കാം എന്നതുമാണ് ഈ കരിനിയമം കൊണ്ടുള്ള പ്രയോജനം. 

ആരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ജയിലില്‍ അടയ്ക്കാന്‍ മതങ്ങള്‍ക്ക് അധികാരം നല്‍കുകയാണിവിടെ. 295 എ കാലഹരണപ്പെട്ടതാണെന്ന് വാദിക്കുന്നവരെ കൂടി ഈ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞാല്‍ ചിരിക്കരുത്. പ്രസ്തുത നിയമത്തിനെതിരെയുള്ള വിമര്‍ശനം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ മതിയാകും. അവസാനം കോടതി വെറുതെ വിട്ടേക്കാം-പക്ഷെ ജാമ്യമില്ലാത്ത അറസ്സ് ഉറപ്പാണ്!

മാതൃരാജ്യം, ഭരണഘടന, ഭരണാധികാരികള്‍, രാഷ്ട്രീയക്കാര്‍...എന്തിനേറെ ദൈവത്തിന് എതിരെ വരെ വിമര്‍ശനമുയര്‍ത്താം, പരിഹസിക്കാം. പക്ഷെ മതത്തെ മാത്രം ദിവ്യമായി കണ്ടുകൊള്ളണം. അതല്ലെങ്കില്‍ മതത്തിലെ നല്ല വശം മാത്രം ചുരണ്ടിയെടുത്ത് പ്രദര്‍ശിപ്പിച്ച് സംതൃപ്തിയടഞ്ഞുകൊള്ളണം. മതനിന്ദ കുറ്റമാണെങ്കിലും ദൈവനിന്ദ കുറ്റമല്ല!! ദൈവം അന്ധനാണെന്നോ കോമാളിയാണെന്നോ പരിഹസിച്ചാല്‍ വിഷയമില്ല-പക്ഷെ അതും തന്റെ 'മതവികാര'ത്തെ മുറിപ്പെടുത്തുന്നതായി ഒരാള്‍ പരാതിപ്പെട്ടാല്‍ പ്രശ്‌നമാകും. കേരളത്തില്‍ കോഴിക്കോട്ടെ മുടിപ്പള്ളിയുടെ കാര്യത്തില്‍ പൊതുസമൂഹവും മുസ്‌ളീങ്ങളിലെ വിവിധവിഭാഗങ്ങളും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ തന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായി കാണിച്ച് കാന്തപുരം മുസലിയാര്‍ 295 (എ) വകുപ്പ് പ്രകാരം ഒരു കേസ് കൊടുക്കാത്തത് ടിയാന്റെ വിശാലമനസ്‌ക്കതയെന്നേ പറയാവൂ! 

മതവിമര്‍ശനവും മതനിന്ദയും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ നിര്‍ണ്ണായകമെന്ന് ആര്‍ക്കും തോന്നാം. മതവിമര്‍ശനം ആകാം-നിന്ദ പാടില്ല എന്ന സദുദ്ദേശ്യമാണിതിന്റെ പിന്നിലുളളതെന്നു വ്യാഖ്യാനിക്കാം. പക്ഷെ അപ്പറയുന്നതില്‍ യാതൊരു കഥയുമില്ല. മതനിന്ദയും മതവിമര്‍ശനവും തമ്മിലുള്ള വ്യത്യാസം തീരുമാനിക്കാനുള്ള അവകാശം ഇവിടെ പരാതിക്കാരനാണുള്ളത്. ജാമ്യമില്ലാതെ അറസ്റ്റ് ജയിലില്‍ ഇട്ട് കഴിഞ്ഞ ശേഷമേ വിസ്താരവും വിധി പറച്ചിലുമൊക്കെ വരുന്നുള്ളു. തന്റെ വികാരം 'വ്രണപ്പെട്ടു'എന്നൊരാള്‍ അവകാശവാദമുന്നയിച്ചാല്‍ അത് പ്രഥമദൃഷ്ട്യാ അസത്യവല്‍ക്കരിക്കാനാവില്ല((not falsifiable)-അതായത് മറിച്ച് തെളിയിക്കാനാവില്ല. വാക്ക്, നോക്ക്, ആംഗ്യഭാഷ തുടങ്ങിയ നിസ്സാര കാര്യങ്ങള്‍ പോലും ചൂണ്ടിക്കാട്ടാം. ബ്രിട്ടീഷുകാര്‍ പോയിട്ടും അവരുടെ നിയമം പോയില്ല-മതത്തിന് അമിതവും അനിയന്ത്രിതവുമായ ആനുകൂല്യം നല്‍കുന്നതിനാല്‍ തൊട്ടുകളിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും താല്‍പര്യമില്ല. തിരിച്ചായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു എന്നു കാണാന്‍ വിഷമമില്ല. 

സത്യത്തില്‍ ഈ നിയമത്തില്‍ അന്തസത്ത കുറ്റവിചാരണ(prosecution) തന്നെയാണ്. ഒന്നുരണ്ട് റാലികളും കുറച്ച് അക്രമവും നടത്തുന്നതോടെ മതസംഘടനകളുടെ ജോലി കഴിയും. പരാതി വ്യാജവും നിലനില്‍ക്കാത്തതുമാണെന്ന് തെളിഞ്ഞാലും പരാതിക്കാരന് നിസ്സാരമായി കൈ കഴുകാം. ഇത്തരം മിക്ക കേസുകളിലും ആരോപണം 'തോന്നലുകളെ' ആസ്പദമാക്കിയായതിനാല്‍ കോടതിയില്‍ നിലനില്‍ക്കില്ല. ജയില്‍വാസവും നീണ്ട വിചാരണയും കഴിഞ്ഞ് കോടതി വെറുതെവിട്ടാലും അനുഭവിച്ച പീഡനത്തിനും അപമാനത്തിനും ഒറ്റപ്പെടലിനും പരിഹാരമുണ്ടാവില്ലല്ലോ. ഇവിടെ, ആര്‍ക്കു വേണമെങ്കിലും പരാതിക്കാരനാവാം-ആരെ വേണമെങ്കിലും അകത്താക്കാം എന്നതാണവസ്ഥ. ഇതു സംബന്ധിച്ച് സനല്‍ ഇടമറുക് ബ്രിട്ടണിലെ ദി ഗാര്‍ഡിയന്‍ ദിനപത്രത്തിലെ ഹെന്റി മക്‌ഡൊണാള്‍ഡിനോട് പറഞ്ഞതില്‍ എല്ലാമുണ്ട്: പിന്തുണനല്‍കുന്നവരും സുഹൃത്തുകളുമായി പലരും യൂറോപ്പില്‍ ഉണ്ടായിരുന്നത് എന്റെ ഭാഗ്യമെന്നെ പറയാവൂ. ഞാന്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരാളാണ്. കുറഞ്ഞത് അഞ്ച് ഇന്ത്യന്‍ കാബിനറ്റ് മന്ത്രിമാരുമായി ടെലിഫോണ്‍ബന്ധവുമുണ്ട്. പക്ഷെ ഒരു സാധാരണക്കാരന്റെ മേല്‍ മതനിന്ദാക്കുറ്റം ചുമത്തിയാല്‍ എന്തായിരിക്കും അവസ്ഥ? അവരയാളെ അറസ്റ്റ് ചെയ്ത് നേരെ ജയിലിലിടും, ജാമ്യവും നിഷേധിക്കും''. ഭീകരവാദികള്‍ക്കെതിരെ ഉപയോഗിക്കുന്ന നിയമത്തിലും കഠിനമായവയാണ് ശാസ്ത്രബോധം വളര്‍ത്താനും അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതികരിക്കാനും തുനിയുന്നവരെ കാത്തിരിക്കുന്നതെന്നാണ് സനല്‍ പറഞ്ഞത്. 

ഈ കിരാതനിയമത്തിന്റെ താഡനം ഏറ്റുവാങ്ങിയവര്‍ നിരവധിയാണ്. അത്ഭുതകരമെന്ന് പറയട്ടെ, പരസ്പരം നിന്ദിക്കുന്ന മതനേതാക്കള്‍ അപൂര്‍വമായേ ഈ പട്ടികയില്‍ ഉള്‍പ്പെടാറുള്ളു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷണലിസ്റ്റിന്റെ ദേശീയ നിര്‍വാഹകസമിതി അംഗവും ആന്ധ്രപ്രദേശ് റാഷണലിസ്റ്റ് അസ്സോസിയേഷന്‍ പ്രസിഡന്റുമായിരുന്ന ക്രാന്തികര്‍ക്കും ഏതാണ്ട് മൂന്ന് വര്‍ഷത്തിന് മുമ്പ് സമാനമായ അനുഭവമുണ്ടായി. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകൃതമായ ബംഗ്‌ളാദേശ് നോവലിസ്റ്റ് തസ്ലിമ നസ്രീന്റെ ചില ലേഖനങ്ങള്‍ തെലുങ്കിലേക്ക് തര്‍ജമ ചെയ്ത് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചതായിരുന്നു അദ്ദേഹത്തില്‍ ആരോപിതമായ കുറ്റം. ഈ ലേഖനങ്ങളുടെ ഇംഗ്‌ളീഷ് തര്‍ജമ ഏതാണ്ട് ഒരു ദശകമായി പ്രചാരത്തിലുണ്ടെന്ന് മാത്രമല്ല ഇന്റര്‍നെറ്റില്‍ ലഭ്യമാണ് താനും. എന്നാല്‍ പ്രാദേശിക മുസ്‌ളീം സംഘടനകള്‍ അലറിത്തുള്ളിയപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ ക്രാന്തികറെ ജയിലില്‍ അടച്ച് തങ്ങളുടെ ന്യൂനപക്ഷവോട്ട് ബാങ്ക് ഭദ്രമാക്കാനാണ് ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ്സ് സര്‍ക്കാന്‍ തീരുമാനിച്ചത്. ക്രാന്തികര്‍ ജാമ്യത്തിന് അപേക്ഷിക്കാന്‍ പോലും വിസമ്മതിച്ചു. 

സനലിന്റെ കേസ് വാര്‍ത്തകളില്‍ നിറഞ്ഞ അതേ കാലയളവിലാണ് ഹൈദരബാദില്‍ കാര്‍ത്തിക്ക് എന്ന പേരുള്ള ഒരു വിദ്യാര്‍ത്ഥിയെ 295 എ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജാമ്യമില്ലാതെ ജയിലിലാക്കിയിരുന്നു. ഹനുമാന്‍ ജയന്തിക്ക് ആശംസ നേര്‍ന്ന സുഹൃത്തിനോട് 'ദൈവം ഇല്ല' എന്ന് തിരിച്ചുപറഞ്ഞതായിരുന്നു കാര്‍ത്തിക്കിന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. ഒരു നാസ്തികന് മതപരമായ ആശംസകള്‍ നേര്‍ന്നപ്പോള്‍ ഭരണഘടന പ്രദാനംചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ച് അയാള്‍ സ്വന്തം ചിന്താഗതി വ്യക്തമാക്കിയപ്പോള്‍ ജയില്‍ശിക്ഷ ലഭിക്കുന്ന മതേതരരാജ്യം ഇന്ത്യയല്ലാതെ വേറെ കാണുമെന്ന് തോന്നുന്നില്ല. 

295 (ഏ) വീശി ഭീതി വിതയ്ക്കുന്നതില്‍ വിദ്യാര്‍ത്ഥിസംഘടനകളും പിന്നിലല്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്ധ്രാപ്രദേശിലെ ഓസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ബീഫ് ഉത്സവത്തിന്റെ (‘Beef festival’)സംഘാടകര്‍ക്കും അതില്‍ പങ്കെടുത്തവര്‍ക്കുമെതിരെ കാവി വിദ്യാര്‍ത്ഥി സംഘടനകള്‍ കേസ് കൊടുത്തതും ഇതേ വകുപ്പ് പ്രകാരമാണ്. നിങ്ങളുടെ വിശ്വാസവും അവിശ്വാസവും മാത്രമല്ല ആഹാരശീലം കൂടി ഈ വകുപ്പിന് കീഴില്‍ പരിശോധിക്കപ്പെടുമെന്ന് സാരം. മാംസാഹാരം കഴിക്കുന്നത് ജൈനമതക്കാരെയും കാളയിറച്ചി കഴിക്കുന്നത് ഹിന്ദുക്കളെയും പന്നിയിറച്ചി കഴിക്കുന്നത് മുസ്‌ളീങ്ങളുടേയും മതവികാരം വ്രണമെടുത്തുമെന്ന് പറഞ്ഞാല്‍ കോടതിയില്‍ പോയി അല്ലെന്ന് തെളിയിക്കുന്നതു വരെ നിങ്ങള്‍ക്ക് കഷ്ടകാലമാണെന്ന് ഈ വകുപ്പ് സ്ഥാപിക്കുന്നു.

ഹുലിക്കല്‍ നട്‌രാജ് സ്റ്റേറ്റ് ഓഫ് കര്‍ണാടക കേസിലെ(Hulikal Nataraj vs Govt of Karnataka)വിധി ഇവിടെ പരാമര്‍ശമര്‍ഹിക്കുന്നു. കര്‍ണ്ണാടകത്തിലെ പ്രസിദ്ധ യുക്തിവാദിയും ദിവ്യാത്ഭുത അനാവരണവിദഗ്ധനുമാണ് ഹുലിക്കല്‍ നട്‌രാജ്. കൊടക് ജില്ലയിലെ മടിക്കേരി എന്ന സ്ഥലത്തുവെച്ച് നട്‌രാജ് നടത്തിയ ഒരു പ്രസംഗത്തില്‍ ശബരിമലയിലെ മകരജ്യോതി മനുഷ്യനിര്‍മ്മിതമാണെന്ന് പരാമര്‍ശിച്ചത് വലിയ പ്രശ്‌നമായി. കേരളത്തില്‍ ദേവസ്വംബോര്‍ഡും അയ്യപ്പഭക്തരും തലയില്‍ കൈ വെച്ച് സമ്മതിച്ച കാര്യമാണിതെങ്കിലും മതവെറി പൂണ്ട നാട്ടുകാരില്‍ ചിലര്‍ 295 (എ) ചൂണ്ടിക്കാട്ടി പ്രാദേശിക പോലീസ് സ്റ്റേഷനില്‍ നട്‌രാജിനെതിരെ പരാതിപ്പെട്ടു. പരാതി കിട്ടിയതും സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആവേശഭരിതനായി എഫ്.ഐ.ആറും തയ്യാറാക്കി നട്‌രാജിനെ അറസ്റ്റ് ചെയ്യാന്‍ തുനിഞ്ഞിറങ്ങി. ഗത്യന്തരമില്ലാതെ,എഫ്.ഐ.ആര്‍ റദ്ദാക്കി കിട്ടാന്‍ നട്‌രാജ് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചു. ഏതാണ്ട് രണ്ടു വര്‍ഷത്തിന് ശേഷമാണ് കേസില്‍ ഹൈക്കോടതി വിധി വന്നത്! എഫ്.ഐ.ആര്‍ റദ്ദാക്കുക മാത്രമല്ല സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറിയെ കോടതിയില്‍ നേരിട്ടു വിളിച്ചു വരുത്തുകയും ചെയ്ത ഹൈക്കോടതി നട്‌രാജിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച സബ് ഇന്‍സ്‌പെക്ടറുടെ ഇന്‍ക്രിമെന്റ് റദ്ദാക്കാനും ഉത്തരവിട്ടു. മഹാരാഷ്ട്രയില്‍ ധഭോല്‍ക്കര്‍ മതവും ദൈവവും ബുദ്ധിപൂര്‍വം ഒഴിവാക്കി അന്ധവിശ്വാസനിര്‍മാര്‍ജനത്തിന് ശ്രമിച്ചതിന്റെ രഹസ്യം ഇവിടെ വായിച്ചെടുക്കാം. 

ശിവസേനനേതാവ് ബാല്‍താക്കറെ മരിച്ചപ്പോള്‍ കടകളടച്ച് മുംബൈ നഗരം സ്തംഭിപ്പിച്ചതിനെതിരെ നിസ്സാരമായ ഒരു ഫേസ്ബുക്ക് കമന്റിലൂടെ പ്രതികരിച്ചതിനാണ് ഒരു പെണ്‍കുട്ടിയെ മതനിന്ദ ആരോപിച്ച് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ആ കമന്റിന് 'ലൈക്ക്'അടിച്ച കൂട്ടുകാരിയും അറസ്റ്റുചെയ്യപ്പെട്ടു. പിന്നീട് വിട്ടയച്ചെങ്കിലും അറസ്റ്റ് മൂലം പെണ്‍കുട്ടിയും കുടുംബവും സഹിച്ച പീഡനം കടുത്തതായിരുന്നു. ആ സംഭവം അവളുടെ ജീവിതം തന്നെ കീഴ്‌മേല്‍ മറിച്ചുകളഞ്ഞു. കേരളത്തില്‍, ആന്റണി സര്‍ക്കാരിന്റെ കാലത്ത്, അമൃതാനന്ദമയി എന്ന ആള്‍ദൈവത്തെ കുറിച്ച് അനിഷേധ്യവുമായ ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടി ഒരു പുസ്തകം എഴുതിയതിന് യുക്തിവാദി നേതാവായ ശ്രീനി പട്ടത്താനത്തിനെതിരെ കേസെടുക്കാന്‍ ആഭ്യന്തരവകുപ്പിന്റെ മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായതോര്‍ക്കുക. പ്രബുദ്ധരായ കേരളജനത ആ നീക്കം ജനാധിപത്യപരമായി പരാജയപ്പെടുത്തുകയാണുണ്ടായത്. 

രാഷ്ട്രീയക്കാരില്‍ ചിലരെങ്കിലും ഈ നിയമത്തെ പരോക്ഷമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയും ലഭിക്കുന്നുണ്ട്. മന്‍മോഹന്‍സിംഗ്, സോണിയഗാന്ധി എന്നിവരടക്കമുള്ള ഭരണനേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരുന്ന കടുത്ത വിമര്‍ശനങ്ങള്‍ക്ക് മൂക്ക് കയറിടാനായി ചില വിലക്കുകള്‍ കൊണ്ടുവരുന്ന കാര്യം അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിച്ചിരുന്നു. അതിനവര്‍ ഒഴികഴിവായി ചൂണ്ടിക്കാട്ടിയ പ്രധാന കാര്യം'മതവികാരം'വ്രണപ്പെടുത്തുന്ന കമന്റുകളാണ്. മതവികാരത്തിന്റെയും 295(എ) യുടെയും ചെലവില്‍ തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം കൂടി റദ്ദാക്കാന്‍ കിട്ടാന്‍ ഭരണാധികാരികള്‍ കൊതിക്കുന്നതില്‍ കുറ്റപ്പെടുത്താനാവില്ലല്ലോ.

നിന്ദയാണോ വിമര്‍ശനമാണോ മതവികാരികളുടെ മുഖ്യമായ പ്രശ്‌നം? ഉത്തരം കണ്ടെത്താന്‍ പ്രയാസമില്ല. പരമതനിന്ദയുടെ കാര്യത്തില്‍ അതിസമ്പന്നമാണ് മിക്ക മതഗ്രന്ഥങ്ങളും. ഓരോ മതപ്രഭാഷണവും സത്താപരമായി അന്യമതനിന്ദയുടെ ആഘോഷമാണ്. പരമതപുച്ഛമില്ലാത്ത ഏത്ര മതനേതാക്കളുണ്ട്? ചിലരത് ഒളിച്ചുവെച്ച് തന്ത്രപൂര്‍വം നീങ്ങുമ്പോള്‍ മറ്റുചിലര്‍ക്ക് പലപ്പോഴും അറിയാതെ നിയന്ത്രണം നഷ്ടപ്പെടുമെന്ന വ്യത്യാസമേയുള്ളൂ. അന്യമതനിന്ദയാണ് കുറ്റമെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് മതഗ്രന്ഥങ്ങളും അനുബന്ധ രചനകളുമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അമുസ്‌ളീങ്ങള്‍ക്ക് എതിരെ കുര്‍ആനിലും ഹദീസുകളിലുമുള്ള വരികള്‍ക്കെതിരെ ആരെങ്കിലും 295 (എ) പ്രയോഗിച്ചാല്‍ എങ്ങനെയുണ്ടാകും?! 

ഇതര മതഗ്രന്ഥങ്ങളുടെ കാര്യവും ഏറെ ഭിന്നമല്ല. മതങ്ങള്‍ പരസ്പരം പരാതിപ്പെടാത്തതിനാലും മതവിമര്‍ശകരെ പൊതുശത്രുവായി കാണുന്നതിനാലും മിക്കപ്പോഴും ഈ കരിനിയമത്തിന് ഇരയാകുന്നത് മതവിമര്‍ശകരാണ്. പരിഹാസ്യവും അപകടകരവുമായ ഈ കൊളോണിയല്‍ ശാസനത്തിനെതിരെ ശബ്ദിക്കാന്‍ ആരും തയ്യാറാകാത്തത് മതഭയം കൊണ്ടുതന്നെയാണ്. 'ന്യൂനപക്ഷ'ങ്ങള്‍ക്ക് വേണ്ടി സ്വനപേടകം പൊട്ടിച്ച് അലറിത്തിമിര്‍ക്കുന്നവര്‍ക്ക് നാസ്തികര്‍ 'ന്യൂനപക്ഷ'മാണെന്ന് മനസ്സിലാകാതിരിക്കാന്‍ ന്യായമില്ല. പക്ഷെ വെറും ന്യൂനപക്ഷമായതുകൊണ്ട് മാത്രമായില്ലല്ലോ. മറിച്ച് പ്രസ്തുത ന്യൂനപക്ഷം ഒരു മതമായിരിക്കണം, വോട്ട് ബാങ്കായിരിക്കണം, സമൂഹത്തെ മുള്‍മുനയില്‍ നിറുത്തുന്നതായിരിക്കണം. ജൈന-ബുദ്ധ മതക്കാരും പാഴ്‌സികളും ജൂതരുമൊക്കെ ഇന്ത്യയിലെ യഥാര്‍ത്ഥ 'മതന്യൂനപക്ഷ'മായിരിക്കാം. പക്ഷെ അവരുടെ കാര്യത്തിലും മേല്‍പ്പറഞ്ഞ ഗുണങ്ങളെല്ലാം ഒത്തുചേരാത്തതിനാല്‍ ആരാധകരുടെ എണ്ണം കുറവാണ്. 

പാകിസ്ഥാനില്‍ നിന്നും മതനിന്ദാക്കുറ്റത്തിന്റെയും കൊലകളുടെയും വാര്‍ത്തകള്‍ വരുമ്പോള്‍ നമുക്കതൊന്നും ബാധകമല്ലെന്ന് ആശ്വസിക്കാറുണ്ട്. വധശിക്ഷ ഒഴിച്ചു നിറുത്തിയാല്‍, ഇന്ത്യ താലിബാനിസത്തിലേക്കുള്ള ദൂരം ക്രമേണ നടന്നുതീര്‍ക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏകമതസര്‍വാധിപത്യമില്ലെങ്കിലും മതം രാഷ്ട്രശരീരത്തെ പെരുമ്പാമ്പിനെപ്പോലെ ചുറ്റി വരിഞ്ഞിരിക്കുന്നു. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പറയാന്‍ സ്വാതന്ത്ര്യമുള്ള രാജ്യത്ത് ജോസഫ് മാഷിനെപ്പോലുള്ളവര്‍ക്ക് മതക്കോടതിയുടെ വിധി പ്രകാരം കൈ നഷ്ടപ്പെടുകയാണ്. ജോസഫ് മാഷ് തെറ്റ് ചെയ്‌തെങ്കില്‍ എന്തുകൊണ്ട് 295(എ) പ്രകാരം പ്രോസിക്ക്യൂട്ട് ചെയ്യുന്നതില്‍ ഒതുങ്ങിയില്ലെന്ന ചോദ്യം ബാക്കിയാവുന്നു. നിയമം ചൂഷണം ചെയ്തും നിയമാതീതമായും മതം നിര്‍ബാധം പതഞ്ഞൊഴുകുകയാണെന്ന സൂചനയാണവിടെ കടന്നുവരുന്നത്. ഭരണാധികാരികളും രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും മതഭീതിയില്‍ ആഴ്ന്നിറങ്ങിയ, മതം അനുഭവിക്കുന്ന സ്വാതന്ത്ര്യം മതരഹിതര്‍ക്കും മതേതര്‍ക്കും നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ നാഗരികതയുണ്ടെന്ന് പറയാനാവുമോ? സമൂഹം ജീര്‍ണ്ണിക്കുമ്പോഴാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കരിനിയമങ്ങളും തഴച്ചുവളരുന്നത്. വിളക്കുമരങ്ങള്‍ തമോശക്തികള്‍ തച്ചുതകര്‍ക്കുമ്പോള്‍, ധഭോല്‍ക്കറും സഞ്ജയും സനലും ചോദ്യചിഹ്നങ്ങളായി മാറുമ്പോള്‍ മാനഭംഗം ചെയ്യപ്പെടുന്നത് രാജ്യത്തിന്റെ ഭരണഘടന തന്നെയാണ്. ***
(This article was published in Pachakutira Magazine Oct, 2013)

Friday 27 September 2013

72. ഇറങ്ങിപ്പോയ ഒരാള്‍

''എന്റെ ഓര്‍മ്മകള്‍ ചതഞ്ഞിരിക്കുന്നു. ഓര്‍ക്കാന്‍ കഴിയുന്നിടത്തോളം വേദനയും ഞെട്ടലും മാത്രം ബാക്കി. തീവണ്ടിയില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. ഞങ്ങളിരുന്ന ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ കുറെ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു. വണ്ടിക്ക് അധികം വേഗതയില്ല....എങ്കിലും, എനിക്ക് തോന്നിയതാണോ എന്നറിയില്ല,അസ്വസ്ഥജനകമായ ചില ചലനങ്ങള്‍ വായിച്ചെടുക്കാമായിരുന്നു. ആശുപത്രിയില്‍ വെച്ച് ബോധം വീണ്ടെടുത്തപ്പോഴാണ് റൂമിലെ ടെലിവിഷന്‍ സെറ്റില്‍ നിന്ന് ആറ് പേര്‍ മരണമടയുകയും നാല്‍പ്പതോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഒരു മഹാദുരന്തത്തിന്റെ ബാക്കിപത്രമായി ഞാനിവിടെയുണ്ടെന്ന് മനസ്സിലായത്. ഒന്നോര്‍ത്താല്‍ ഇതിലെന്തിരിക്കുന്നു?! ഇത്തരത്തില്‍ എത്രയോ വാര്‍ത്തകള്‍ നാം വായിച്ചു തള്ളിയിരിക്കുന്നു! ഒന്നിലും കണ്ണോ മനസ്സോ ഉടക്കിയിട്ടില്ല;നഷ്ടം കണക്കുകൂട്ടിയിട്ടുമില്ല.........ശരീരമാകെ എവിടെയൊക്കെയോ കൂട്ടിവെച്ചതുപോലത്തെ അവസ്ഥ. നഴ്‌സ് വീണ്ടും വേദനസംഹാരിക്കായി പോയിരിക്കുകയാണെന്ന് തോന്നുന്നു............ഞങ്ങള്‍ കൂട്ടുകാരികള്‍ എട്ടുപേര്‍ അടുത്തടുത്തുണ്ടായിരുന്നു, രാവിലെയുള്ള ക്‌ളാസ്സിന് സമയത്ത് എത്തണമെങ്കില്‍ ഈ വണ്ടിയേ ഉള്ളൂ........പക്ഷെ ഇപ്പോള്‍ അവരൊക്കെ എവിടെയെന്ന് എനിക്കറിയില്ല. ഓര്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്നു......''

'അവരൊക്കെ ഇവിടെ തന്നെയുണ്ട്. മൂന്ന് ബോഗികളെ പാളം തെറ്റിയിട്ടുള്ളു. കുറച്ച് പത്രക്കാര്‍ പുറത്തുണ്ട്...എന്തെങ്കിലും പറയാന്‍ സാധിക്കുമോ?''-പോലീസ് ഓഫിസറുടെ ചോദ്യം

''ശ്രമിക്കാം സര്‍. ...നല്ല വേദനയുണ്ട്.''

അകത്തേക്ക് വന്ന മാധ്യമക്കാര്‍ പലതും ചോദിച്ചു. വണ്ടിയുടെ വേഗത, കമ്പാര്‍ട്ടുമന്റിലെ അവസ്ഥ, തിരക്ക്, അസാധാരണമായ എന്തെങ്കിലും ദൃശ്യം, വ്യക്തികള്‍....എല്ലാം അറിയാവുന്നതുപോലെ പറഞ്ഞുവെച്ചു. തീവണ്ടി ദുരന്തത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആളെന്ന നിലയില്‍ കുറെനേരത്തേക്ക് കിട്ടുന്ന മാധ്യമശ്രദ്ധ. വേദന ഉണ്ടായിരുന്നെങ്കിലും ചെറിയൊരു ഉത്സാഹം തോന്നി...~ഒക്കെ ആസ്വദിക്കാന്‍ തുടങ്ങി.

എന്തെങ്കിലും അസാധാരണമായി ഓര്‍ക്കുന്നുണ്ടോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചവരോട് കൈമലര്‍ത്തി. സത്യത്തില്‍ അങ്ങനെയൊന്നും ഓര്‍ക്കുന്നില്ല. എങ്കിലും കൂടുതല്‍ ചിന്തിച്ചപ്പോള്‍ തീവണ്ടിയില്‍ വെച്ച് ഞങ്ങളെല്ലാം ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന ഒരു വിഷയം പെട്ടെന്ന് മനസ്സിലേക്ക് പൊന്തിവന്നു. തൊട്ടു മുമ്പത്തെ സ്റ്റേഷനില്‍ നിന്നും വിട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി സ്റ്റോപ്പില്ലാത്ത ഒരു സ്ഥലത്ത് വണ്ടി പിടിച്ചിട്ടിരുന്നു.....പത്ത് മിനിറ്റിലധികം അവിടെ കടന്നു........അതിനെക്കുറിച്ച് മാധ്യമക്കാരോട് സൂചിപ്പിച്ചു.

'ആഹാ...അതു കൊള്ളാമല്ലോ...എന്തിനായിരുന്നു അത്..? ~
''ഒരാള്‍ ചങ്ങല വലിച്ചതാണ്.... ''
'എന്തിന്?'
''അറിയില്ല... ''
''പക്ഷെ ഞങ്ങളുടെ കമ്പാര്‍ട്ടുമെന്റില്‍ നിന്നാണ് അയാളത് ചെയ്തത്. കാരണമൊന്നും പറഞ്ഞില്ല. യാത്ര മതിയാക്കുകയാണ് എന്ന് മാത്രം പറഞ്ഞ് ധിറുതിയില്‍ നടന്നു മറയുകയായിരുന്നു. റെയില്‍വെ പോലീസ് വന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇക്കാര്യം പറഞ്ഞു. അവര്‍ കണ്‍ട്രോള്‍ റൂമിലേക്ക് കാര്യമറിയിച്ചു കഴിഞ്ഞ് ഏതാണ്ട് പത്തുമിനിട്ട് കഴിഞ്ഞ് വണ്ടി മുന്നോട്ടെടുക്കുകയും ചെയ്തു. ഈ സംഭവം കഴിഞ്ഞ് ഇരുപത് മിനിറ്റ് കഴിഞ്ഞാണ് വണ്ടി പാളംതെറ്റിയതെന്ന് തോന്നുന്നു.''

അപകടത്തെ കുറിച്ച് കൂടുതലൊന്നും ഓര്‍ക്കുന്നില്ലെന്ന് സമ്മതിച്ചതോടെ മാധ്യമപ്രവര്‍ത്തകരും പോലീസും നിഷ്‌ക്രമിച്ചു. ഒരു മയക്കത്തിന് വട്ടംകൂട്ടവെ അപ്രതീക്ഷിതമായ ഒരു ചോദ്യം കൂടി:

'അയാള്‍ എന്തിനാണ് ഇറങ്ങിയതെന്ന് ഓര്‍ക്കുന്നുണ്ടോ?'

അപ്പോഴും പോകാതെ നിന്ന ഒരു ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ്.

''അറിയില്ല സര്‍. ഞാന്‍ നോക്കുമ്പോഴൊക്കെ അയാള്‍ സന്തോഷവാനായിരുന്നു. ചുറ്റുമുള്ളവരോട്, അതും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട്, തമാശയൊക്കെ പറഞ്ഞ് ചിരിക്കുന്നത് കാണാമായിരുന്നു. എന്താണ് പറഞ്ഞുകൊണ്ടിരുന്നതെന്ന് കേള്‍ക്കാനാവുമായിരുന്നില്ല. പക്ഷെ എന്തായാലും സംസാരിച്ചത് രസകരമായ കാര്യങ്ങളായിരിക്കണം. അങ്ങനെയൊരാള്‍ പെട്ടെന്ന് ചങ്ങല പിടിച്ചുനിറുത്തി ചാടിപ്പോയത് അത്ഭുതകരമായിരുന്നു.''

'ചുറ്റുമുള്ളവരോട് എന്താണ് സംസാരിച്ചതെന്നറിയില്ല. ഒ.കെ, സമ്മതിച്ചു. പക്ഷെ വേഷവും പ്രായവുമൊക്കെ ഓര്‍ക്കുന്നുണ്ടോ?

''വെള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്, പ്രായം ഏതാണ്ട് അമ്പത്...മുണ്ടും ജൂബയും....അങ്ങനെയാണ് ഓര്‍മ്മ....എന്തായാലും ചുറ്റുമുള്ളവര്‍ ശ്രദ്ധയോടെ എല്ലാം കേട്ടിരിക്കുന്നുണ്ടായിരുന്നു.''

'അപ്പോള്‍ ചുറ്റുമുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന എന്തോ ആണ് അയാള്‍ സംസാരിച്ചുണ്ടാവുക.....അയാളെ കണ്ടിട്ട് ഒരു ആത്മീയാചാര്യനെപ്പോലെ തോന്നിയോ....?

''ആണോ? ചിലപ്പോള്‍ ആയിരിക്കാം....ഏതാണ്ട് അങ്ങനെയാണ് തോന്നിയത്....''

'ഒരുപക്ഷെ ചുറ്റുമുള്ളവര്‍ക്ക് ഉപദേശം നല്‍കുകയായിരുന്നിരിക്കണം...ഒരുപക്ഷെ ത്രികാലജ്ഞാനിയായ അദ്ദേഹം ഭാവി പ്രവചിക്കുകയായിരുന്നിരിക്കണം...അല്ലെ?'

''എനിക്കറിയില്ല....സാര്‍ എന്തൊക്കെയാണ് പറയുന്നത്?''

'എന്നാല്‍ അതാണ് സത്യം. നിന്നെ കാണുന്നതിന് മുമ്പ് പരിക്കേറ്റ മറ്റുചിലരുമായി നേരില്‍ സംസാരിക്കുകയുണ്ടായി. അവര്‍ തുറന്നുപറഞ്ഞാതിണിതൊക്കെ. നിനക്കറിയാമോ, അദ്ദേഹം ഒരു അവധൂതനായിരുന്നു. അവിടെ ഒരു വനിതയുടെ ഭാവി പ്രവചിക്കവെയാണ് താന്‍ സഞ്ചരിക്കുന്ന തീവണ്ടി അത്യാപത്തില്‍ പെടുകയാണെന്ന് അദ്ദേഹം പെട്ടെന്ന് തിരിച്ചറിഞ്ഞത്. അത് പറഞ്ഞുകൊണ്ട് തന്നെയാണ് ഒരു സ്വപ്നാടകനെപ്പോലെ ചങ്ങല വലിച്ചത്. സ്വയംരക്ഷപെടാന്‍ അദ്ദേഹത്തിന് സാധിച്ചെങ്കിലും അപകടമൊഴിവാക്കാനായില്ല. വിധി അങ്ങനെയാണല്ലോ. പക്ഷെ ഓര്‍ക്കുക, അദ്ദേഹം ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചത് സ്വാര്‍ത്ഥത കൊണ്ടാണെന്നെ ഞാന്‍ പറയൂ. ഒരുപക്ഷെ മറ്റുള്ളവരോടും അദ്ദേഹമതിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ടാവാം. പക്ഷെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടാവില്ല......പാവം! ചുറ്റുമുള്ളവര്‍ക്ക് തിരിച്ചറിയാനാവാത്ത സത്യങ്ങള്‍ വിനിമയം ചെയ്യാനാവാതെ വരുമ്പോള്‍ അവധൂതരില്‍ ചിലര്‍ പുറത്തേക്കിറങ്ങി പോകുന്നു...കുഞ്ഞെ, നീയെങ്കിലുമത് മനസ്സിലാക്കണം....അനുഭവങ്ങള്‍ നമ്മുടെ അകക്കണ്ണ് തെളിയിക്കണം....

കൂടുതല്‍ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ വാക്കുകള്‍ ഉള്ളില്‍ തടഞ്ഞു. ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും ആ വെളിപ്പെടുത്തല്‍ ശല്യം ചെയ്തു. മാധ്യമക്കാരന്റെ വാക്കുകള്‍.... വിറയല്‍ ശരീരത്തിലുടനീളം. തീര്‍ച്ചയായും അവധൂതന്‍ അപകടം മണത്തറിഞ്ഞിട്ടുണ്ടാവും..... മനുഷ്യയുക്തിയുടെ അതിരുകള്‍ക്കുപരിയായി സഞ്ചരിക്കുന്ന ദിവ്യമനസ്സുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നതില്‍ അത്ഭുതമെന്ത്?! ഓര്‍ത്തുനോക്കുമ്പോള്‍ എല്ലാം ഒത്തുവെക്കാനാവുന്നു. അദ്ദേഹത്തെ ചുറ്റുമുള്ളവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍! തന്റെ ഉള്ളറിവ് കൊണ്ട് മറ്റുള്ളവരെ രക്ഷിക്കാന്‍ അദ്ദേഹം കൊതിച്ചുകാണും. പരിവ്രാജകമനസ്സില്‍ സദാ പരസേവത്വര തുടികെട്ടി നില്‍ക്കുമെന്ന് അമ്മ പറയാറുള്ളത് ഓര്‍ത്തു. എല്ലാ പ്രവാചകരും അല്‍പ്പബുദ്ധികളാല്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞുതന്നത് അമ്മയാണ്....

എപ്പഴോ നിദ്രയിലേക്ക് വഴുതി. ഉണര്‍ന്നപ്പോള്‍ അച്ഛനുമമ്മയും ചേട്ടനും അടുത്തുണ്ട്, കൂടെ നാട്ടുകാരില്‍ ചിലരും. എന്നെ ഡിസ്ചാര്‍ജ് ചെയ്യുകയാണ്. ആള്‍ത്തിരക്ക് കാരണം ഒന്നും നേരെചൊവ്വെ ചെയ്യാന്‍ ആളില്ല. മരുന്നും ഗുളികളും കെട്ടിപ്പൊതിഞ്ഞ് അമ്മ തയ്യാറാണ്.... ആഹാരം കഴിച്ച് മെല്ലെ എഴുന്നേറ്റിരുന്നു. കുഴപ്പമില്ല, സാവധാനം നടക്കാം....ജനറല്‍ വാര്‍ഡിലൂടെ മെല്ലെ നടന്നു. പലരുടെയും പരിക്ക് ഗുരുതരമാണ്..... വാര്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷന്‍ സെറ്റില്‍ അപകടദൃശ്യങ്ങള്‍ അപ്പോഴും മിന്നിമറിയുന്നുണ്ടായിരുന്നു. ചിലരൊടൊക്കെ അസുഖവിവരം അന്വേഷിച്ചു നടന്നു... എനിക്ക് പോകാനുള്ള വണ്ടി വരാന്‍ വൈകുമെന്ന് അറിയിപ്പുണ്ടായി.

ഇടതു മൂലയില്‍ കാലില്‍ പ്‌ളാസ്റ്റിറിട്ട് മലര്‍ന്ന് കിടന്ന് പത്രം വായിക്കുന്ന ഒരാള്‍.... പരിചിതമുഖം! നാട്ടില്‍ വെച്ച് കണ്ടിട്ടുണ്ട്... ചിലപ്പോള്‍ ആയിരിക്കില്ല.... വെറുതെ തോന്നിയതാവും. കുറെക്കൂടി മുന്നോട്ടു ചെന്നപ്പോള്‍ തീവണ്ടിയില്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരികള്‍... ഭയങ്കര സന്തോഷം തോന്നി..... മാധ്യമക്കാരന്‍ പറഞ്ഞ അവധൂതനെ കുറിച്ചായി ഞങ്ങളുടെ ചര്‍ച്ച.... അവര്‍ക്കെല്ലാം അത്ഭുതംകൊണ്ട് ശ്വാസം മുട്ടുമെന്ന അവസ്ഥ. ഞെട്ടിപ്പോയ സൂസന്‍ ഒറ്റയടിക്ക് പത്ത് പ്രാവശ്യം കുരിശു വരച്ചു. പെട്ടെന്ന്...വഴി നടത്തപ്പെട്ട കുഞ്ഞാടിനെപ്പോലെ ആ മുഖം എന്റെ മനസ്സിലേക്ക് തിരിച്ചുവന്നു......കാലില്‍ പ്‌ളാസ്റ്ററിട്ട് മലര്‍ന്ന് കിടന്ന് പത്രം വായിക്കുന്ന ആ മനുഷ്യന്‍!!........അദ്ദേഹത്തെയല്ലേ മുമ്പ് കണ്ടത്...? തീര്‍ച്ചയില്ല...! കൂട്ടുകാരോട് പറയണോ? ........വേണ്ട, ചിലപ്പോള്‍......

കൂട്ടത്തില്‍ നിന്ന് പിന്‍വലിഞ്ഞു....അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നപ്പോള്‍ അപ്പോഴും പത്രം വായിച്ചിരിക്കുകയാണ്. മുഖമുയര്‍ത്തി എന്നെ നോക്കി. അറിയാതെ കണ്ണുനിറഞ്ഞുപോയി. ഏതോ ശക്തി ആവേശിച്ചപോലെ ഓടിച്ചെന്ന് ആ കാലില്‍ തൊട്ടു തൊഴുതു....ഛെ! അത്രയും വേണ്ടായിരുന്നുവെന്ന് പിന്നെ തോന്നി.....പക്ഷെ...എന്തോ അങ്ങനെയാണപ്പോള്‍ തോന്നിയത്.........എന്നെതന്നെ നിയന്ത്രിക്കാനായില്ല. അമ്പരപ്പോടെ അദ്ദേഹമെന്നെ നോക്കി.

'എന്താ കുട്ടി, എന്തായീ കാണിക്കുന്നെ? നീയാരാ?'-പ്രതീക്ഷിത ചോദ്യം
''സ്വാമി ഞങ്ങള്‍ക്ക് തെറ്റ് പറ്റി ...ആ മനസ്സ് കാണാനായില്ല.....''
മുഴുവന്‍ കാര്യങ്ങളും വിവരിച്ചു. എല്ലാം കേട്ടിട്ട് ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു മറുപടി.
''എന്താ ഒന്നും പറയാത്തെ?''-എന്റെ ആകാംക്ഷ അടങ്ങുന്നില്ല.
''നീ പറഞ്ഞതൊക്കെ തെറ്റാണെന്ന് പറഞ്ഞാല്‍ എനിക്കെന്തോ കുഴപ്പമുണ്ടെന്നേ നീ വിശ്വസിക്കുകയുള്ളു.''
''...എന്നുവെച്ചാല്‍....?''
കുറെനേരം അദ്ദേഹം ഒന്നും പറഞ്ഞില്ല, എന്നെ അവഗണിക്കുന്നതുപോലെ....അവസാനം അദ്ദേഹം വീണ്ടും പുറത്തേക്കൊഴുകി:
'കുട്ടീ, എനിക്ക് പോലും അപകടത്തില്‍ നിന്ന് രക്ഷയില്ലെന്ന് കണ്ടില്ലേ. ഈ....കാല് നോക്കുക, പേശികള്‍ ഇഴതെറ്റിയെന്നാ ഡോക്ടര്‍ പറഞ്ഞത്.....നടക്കാന്‍ വയ്യ.....നീരും വേദനയുമുണ്ട്....'
''പക്ഷെ അതങ്ങെനെ സംഭവിച്ചു....അങ്ങ് അപകടത്തിന് എത്രയോ മുമ്പ് ഇറങ്ങിപ്പോയതല്ലേ?''...
'ശരിയാണ്....അപകടം വരാന്‍ ആ ട്രെയിനില്‍ ഉണ്ടാകേണ്ടതില്ലെന്നും ഉണ്ടായിരുന്ന മിക്കവര്‍ക്കും കുഴപ്പവുമില്ലെന്നും മനസ്സിലായില്ലേ...?..ഹ..ഹ...! ചങ്ങല വലിച്ച് വണ്ടിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ എനിക്ക് നേരെ ചുവടുറപ്പിക്കാനായില്ല...കാല് കുറച്ചു വഴുതി......വേദന കടിച്ചമര്‍ത്തി നടന്നെങ്കിലും പിന്നെ വയ്യാതായി.....തീവണ്ടി വിടുന്നതൊക്കെ ഞാന്‍ കാണുന്നുണ്ടായിരുന്നു. സത്യത്തില്‍ പോലിസ് അല്‍പ്പമൊന്ന് മെനക്കെട്ടിരുന്നെങ്കില്‍ കുറ്റിക്കാട്ടില്‍നിന്ന് അവര്‍ക്കെന്നെ തൂക്കിയെടുക്കാമായിരുന്നു...'
''...എനിക്കൊന്നും മനസ്സിലാകുന്നില്ല.........പിന്നെ, ഇവിടെയെത്തിച്ചതാര്....?''
'എത്തിച്ചതല്ല... എത്തിയതാണ്.... ഇങ്ങോട്ട് വരണമെന്ന് ഉദ്ദേശവുമുണ്ടായിരുന്നില്ല.....പക്ഷെ...യാത്രാടിക്കറ്റ് കൈവശമുള്ളവര്‍ക്ക് ഇവിടെ ചികിത്സ സൗജന്യമാണല്ലോ... ഹ...ഹ..ഹ....!! പോരാത്തതിന് പരിക്കേറ്റവര്‍ക്ക് 5000 രൂപ ധനസഹായവുമുണ്ട്.....'
''അപ്പോള്‍.... അപകടം മുന്‍കൂട്ടി മണത്തറിഞ്ഞ് ഇറങ്ങിപ്പോയതാണെന്നൊക്കെ ആ മാധ്യമക്കാരന്‍ ചേട്ടന്‍ പറഞ്ഞതോ?
'ഹ..ഹ...എനിക്കറിയില്ല. ദിവ്യജീവികളെ ഉത്പ്പാദിപ്പിക്കാന്‍ ടെന്‍ഡര്‍ പിടിച്ച ആരെങ്കിലുമായിരിക്കുമത്....അവര്‍ക്കത് ആദായകരമാണല്ലോ.....പക്ഷെ...അങ്ങനെയെങ്കില്‍ എനിക്ക് ആ ട്രെയിനില്‍ കയറാതിരുന്നാല്‍ പോരെ?.......'

''അത്..അതും ശരിയാണ്....അല്ല, കയറിക്കഴിഞ്ഞാണല്ലോ ദിവ്യദര്‍ശനം ലഭിച്ചത്.... അപ്പോള്‍പ്പിന്നെ?...''~

'ഒരിക്കലുമില്ല..... ഞാന്‍ കെട്ടവനാണ്...എന്നുവെച്ച് അത്രയും ജീര്‍ണ്ണിച്ചിട്ടില്ല. എനിക്ക് ദിവ്യജ്ഞാനം കിട്ടിയിരുന്നെങ്കില്‍ അതവിടെ വെച്ച് തുറന്നുപറഞ്ഞ് ഒരു വിസ്മയചൈതന്യമായി പിറ്റേന്ന് പത്രത്താളുകളിലേക്ക് ഒഴുകാമായിരുന്നില്ലേ?....എന്റെ കഷ്ടപ്പാടുകള്‍ക്കും ഒരറുതിയായെനെ......'

''ഒന്നും മനസ്സിലാകുന്നില്ല....''
'ഹ ഹ..കുട്ടീ, നീ പറയുന്നത് സത്യമെങ്കില്‍ എനിക്കത് അവിടെവെച്ച് തുറന്നുപറയാമായിരുന്നില്ലേ.....അങ്ങനെയെങ്കില്‍ മാധ്യമഭീമന്‍മാര്‍ എന്നെക്കുറിച്ച് സപ്‌ളിമിന്റിറക്കി കളിക്കില്ലേ...? അകത്ത് പോയാലും ഞാനൊരു പ്രതിഭാസമായേനെ...എനിക്ക് വേണ്ടി ഒലിപ്പിക്കാന്‍ മുറ്റിയ ഇനം ചിന്തകര്‍ ക്യൂ നിന്നെനെ.....പിറകിലെ മൂന്ന് ബോഗികളെ പാളം തെറ്റിയുളളു....അപകടം മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ എനിക്ക് ഇടനാഴിയിലൂടെ മുന്നോട്ട് പോകാമായിരുന്നല്ലോ....?.....'

''അതെ...പക്ഷെ പിന്നെന്തിന് ചങ്ങല വലിച്ചു.....?''

'അതോ? ....അത്....ഞാന്‍ ദേവസ്യയെ കണ്ടു. നമ്മുടെ കമ്പാര്‍ട്ട്‌മെന്ററിനും മുന്നിലുള്ള രണ്ടാമത്തെ കമ്പാര്‍ട്ട്‌മെന്റില്‍ അവനുണ്ടായിരുന്നു.....പരമചെറ്റയാണവന്‍......'
''ദേവസ്യ! ആരാണത്? പരിചയക്കാരനാണോ...?''
'അല്ല, ടിക്കറ്റ് ഓപ്പീസര്‍...''
''പക്ഷെ ചേട്ടന്റെ പക്കല്‍ ടിക്കറ്റുണ്ടായിരുന്നുവല്ലോ...പിന്നെന്ത് പ്രശ്‌നം?''
'അതെ, ടിക്കറ്റൊക്കെ ഉണ്ടായിരുന്നു....പക്ഷെ... പക്ഷെ....'~- ആദ്യമായി അയാള്‍ പരുങ്ങുന്നത് കണ്ടു.
''എന്തായാലും പറയൂ....''
''ഇക്കാര്യം നീയാരോടും പറയരുത്....'
''ഇല്ല....അമ്മ സത്യം പറയില്ല....''

'കറുത്ത ജീവിതമാണ് എന്റേത്. ദിവ്യവത്ക്കരിക്കപ്പെടാന്‍ അനുയോജ്യമെന്ന് കൂട്ടിക്കോളൂ ഹ..ഹ...! കഴിഞ്ഞമാസം തലസ്ഥാനത്തെ റെയില്‍വെസ്റ്റേഷനില്‍ വെച്ച് ഒരു മോഷണവുമായി ബന്ധപ്പെട്ട് ചില്ലറ പ്രശ്‌നമുണ്ടായി. യാത്രക്കാര്‍ ബഹളംവെച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ദേവസ്യ ഇടപെട്ടു. അയാളെന്റെ കഴുത്തില്‍ കുത്തിപിടിച്ച് തെറിവിളിച്ചു. ജനത്തിന് മുമ്പില്‍ ആളുകളിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. റെയില്‍പോലീസിന് കൈമാറാന്‍ ഒരുങ്ങവെ ഞാന്‍ കുതറിയോടാന്‍ ശ്രമിച്ചു. പക്ഷെ അയാള്‍ വീണ്ടും എന്നെ അടിച്ച് നിലത്തിട്ടു.....മറ്റ് മാര്‍ഗ്ഗമില്ലാതെ ഞാനയാളുടെ വയറ്റില്‍ ആഞ്ഞുതൊഴിച്ചു....ബോധരഹിതനായി അയാള്‍ പ്‌ളാറ്റ്‌ഫോമില്‍.......'

''അയ്യോ! എന്തൊക്കെയാണീ പറയുന്നത്....?'' ഞാനറിയാതെ വായ പൊത്തിപ്പോയി.

'പിന്നീട് ഇന്നാണ് ഞാനയാളെ കാണുന്നത്....അയാളെന്നെ തിരിച്ചറിഞ്ഞാല്‍......!! യാത്രക്കാര്‍ തീരെ കുറവായിരുന്നല്ലോ.....പിന്നെ എങ്ങോട്ട് പോകും...? അവന്‍ അടുത്തേക്ക് വരുന്നതാണ് ഞാന്‍ കണ്ടത്......പേടിച്ചുപോയി....പിടി വീണിരുന്നെങ്കില്‍......!വേറെ വഴിയൊന്നും അപ്പോള്‍ തോന്നിയില്ല...ഓടുന്ന വണ്ടിയില്‍ നിന്ന് ചാടാനും ഭയമുണ്ടായിരുന്നു....
''അയ്യോ...!''-അറിയാതെ വീണ്ടും എന്റെ ശബ്ദം
''ഇതൊക്കെ കേട്ടിട്ട് പേടിയാവുന്നുണ്ടോ...?'
''ഉം''
'എന്തിന്.....ആരെക്കുറിച്ച്......എന്നെയാണോ?'
''അല്ല......ആ മാധ്യമക്കാരനെക്കുറിച്ചോര്‍ത്ത്.....നിങ്ങള്‍ സ്വയം ഈ സമൂഹത്തെ രക്ഷിച്ചു, പക്ഷെ എല്ലായ്‌പ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ലല്ലോ''****