ശാസ്ത്രം വെളിച്ചമാകുന്നു

Friday 31 October 2014

86. ആറാമത്തെ പുസ്തകം


'ബുദ്ധനെ എറിഞ്ഞ കല്ല് '

(Published by DC Books, Kottayam on November 16, 2014 @Tvpm, Pages-560)


From the Blurb of the book:
''കൃഷ്ണന്റെ സ്ഥാനത്ത് ബുദ്ധനായിരുന്നു അര്‍ജ്ജുനന്റെ സാരഥിയെങ്കില്‍?! ഒരു പക്ഷെ കുരുക്ഷേത്രയുദ്ധം തന്നെ റദ്ദാക്കപ്പെടുമായിരുന്നു. ഗീതയെക്കുറിച്ച് ബുദ്ധനും ബുദ്ധനെക്കുറിച്ച് ഗീതയും നിശബ്ദമെങ്കിലും ഗീതയുടെ ആശയപരിസരം ബൗദ്ധവിരുദ്ധമാണെന്ന് രവിചന്ദ്രന്‍ സമര്‍ത്ഥിക്കുന്നു. ഗീതയിലെ ഹിംസാത്മകതയും ബുദ്ധന്റെ അഹിംസയും പരസ്പരം തള്ളിക്കളയും. താത്വികതലത്തില്‍'ബുദ്ധനെ എറിഞ്ഞ കല്ല്'ആയി ഭഗവദ്ഗീത വേഷംമാറുന്നത് അങ്ങനെയാണ്. എല്ലാ മതസ്ഥരും അവരവരുടെ മതസാഹിത്യം വായിച്ച് ഹരംകൊണ്ടാല്‍ പരിശോധിക്കപ്പെടേണ്ടത് ഗ്രന്ഥമല്ല മറിച്ച് അവനവന്റെ മസ്തിഷ്‌ക്ക നിലപാടുകളാണ്. എന്തെന്നാല്‍ എല്ലാ ലഹരികളും അതാത് ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുകയും ആവര്‍ത്തിച്ചുള്ള ഉപഭോഗം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്-ഗീതാഭക്തിയുടെ കാര്യവും ഭിന്നമല്ല.

മൂന്ന് ഭാഗങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ ആദ്യ ഭാഗമായ 'ഗീതയും മായയും' ഗീതാകേന്ദ്രീകൃതമായ സാഹിതീവിമര്‍ശനമാണ്. 'വ്യാഖ്യാനഫാക്ടറി'യിലൂടെ വീര്‍പ്പിച്ചെടുത്ത മതബലൂണാണ് ഭഗവദ്ഗീതയെന്നും ഗീതാഭക്തിയും കൂടോത്രവും തമ്മിലുള്ള വ്യത്യാസം പൂജ്യമാണെന്നും ഗ്രന്ഥകാരന്‍ വാദിക്കുന്നു. രണ്ടാംഭാഗം, 'വേദാന്തം എന്ന യക്ഷിക്കഥ' ഉപനിഷത്തുകളിലെ വേദാന്തദര്‍ശനത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. 'ബോധം'(Consciousness) സംബന്ധിച്ച മതവാദങ്ങള്‍ സയന്‍സിന്റെ ജ്ഞാനതലം പശ്ചാത്തലമാക്കി അവസാനഭാഗമായ 'ബോധത്തിന്റെ രസതന്ത്ര'ത്തില്‍ പരിശോധിക്കപ്പെടുന്നു.'നാസ്തികനായ ദൈവ'വും(2009) 'പകിട പതിമൂന്നും'(2013) നിറുത്തിയ ഇടത്ത് നിന്നാണ് 'ബുദ്ധനെ എറിഞ്ഞ കല്ല്'പ്രയാണമാരംഭിക്കുന്നത്. നര്‍മ്മകഥകളും അഭിമുഖങ്ങളും കോര്‍ത്തിണക്കിയ ലളിതമായ രചനാശൈലി ഇവിടെയും ശ്രദ്ധേയമാകുന്നു. മതവാദങ്ങളുടെ മഹത്വം പരിശോധിക്കപ്പെടേണ്ടത് മറുവാദങ്ങളുടെ ഉരകല്ലിലാണെന്നതില്‍ തര്‍ക്കമില്ല. തെളിവിനും സാമാന്യയുക്തിക്കും വില കല്‍പ്പിക്കാത്ത മതദര്‍ശനങ്ങള്‍ അനര്‍ഹമായ ആദരവിനായി മുറവിളി കൂട്ടുമ്പോള്‍ നിര്‍മലമായ പ്രതിഷേധവുമായി ഗ്രന്ഥകാരന്‍.'' 



From the Preface by the authour:
''..................2013 ഡിസമ്പറില്‍ 'ഭഗവത്ഗീത മാനവികമോ?'എന്ന വിഷയത്തില്‍ സ്വാമി സന്ദീപാനന്ദഗിരിയുമായി നടന്ന 'നിര്‍മുക്ത' സംവാദമാണ് ഈ പുസ്തകരചനയുടെ പ്രേരണകളിലൊന്ന്. എന്റെ ബ്‌ളോഗിലും (nasthikanayadaivam.blogspot.com) ഫേസ്ബുക്ക് പേജിലും ഇതു സംബന്ധിച്ച് തുടര്‍ സംവാദങ്ങളുണ്ടായി. ''പകിട 13'' പോലെ തന്നെ ഗൗരവമേറിയ ഫേസ് ബുക്ക് സംവാദങ്ങളില്‍ നിന്നാണ് 'ബുദ്ധനെ എറിഞ്ഞ കല്ല്'പിറന്നത് അഭിപ്രായസ്വാതന്ത്ര്യവും സ്വതന്ത്രചിന്തയും കനത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലത്താണ് ഈ പുസ്തകമിറങ്ങുന്നത്. ഫേസ്ബുക്കില്‍ ഒരു ലക്ഷത്തിലധികം അംഗങ്ങളുള്ള സ്വതന്ത്രചിന്താഗ്രൂപ്പായ ഫ്രീതിങ്കേഴ്‌സിനെ (https://www.facebook.com/groups/ftkerala5/) ഒരു വര്‍ഷത്തിനുള്ളില്‍ നാലു തവണ സംഘടിതമായി തകര്‍ത്ത മത-പ്രതിലോമശക്തികള്‍ സൈബര്‍ലോകത്തും സ്വതന്ത്രചിന്തയെ മുക്കികൊല്ലാനുള്ള ശ്രമത്തിലാണ്.
'ബുദ്ധനെ എറിഞ്ഞ കല്ല്'നിങ്ങളുടെ കയ്യിലെത്തുമ്പോള്‍ നന്ദി പറയേണ്ടവരുടെ പട്ടിക സാമാന്യം വലുതാണ്. നിര്‍മ്മിതി വേളയില്‍ തന്നെ രചനയോട് താല്‍പര്യം പ്രകടിപ്പിക്കുകയും കുറഞ്ഞ സമയത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ഡി.സി ബുക്‌സിനോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ. വിശേഷിച്ചും രവി.ഡി.സി, രതീമ ഡി.സി, പബ്‌ളിക്കേഷന്‍ മാനേജര്‍ എ.വി.ശ്രീകുമാര്‍, പച്ചക്കുതിര എഡിറ്റര്‍ കെ.വി. ജയദേവ്, സീനിയര്‍ എഡിറ്റര്‍മാരായ അനൂപ്, രാംദാസ് എന്നിവരുടെ പിന്തുണ വിലമതിക്കാനാവാത്തതാണ്. രചനയ്ക്ക് സഹായകരമായ പല ഗ്രന്ഥങ്ങളും തേടിപ്പിടിച്ച് എനിക്കെത്തിച്ച് തന്നത് പ്രിയമിത്രം ബന്‍ശ്രീയാണ്. ബന്‍ശ്രീയുടെയും റെന്‍സന്റെ സഹായത്തോടെയാണ് ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുള്ള അഭിമുഖങ്ങളില്‍ പലതും നിര്‍വഹിച്ചിട്ടുള്ളത്. ഊര്‍ജ്ജതന്ത്ര ഗവേഷണവിദ്യാര്‍ത്ഥികളായ രോഹിന്‍.ടി. നാരായണന്‍(ഹെയ്ഡല്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി, ജര്‍മ്മനി), വി.എസ് ശ്യാം(സസക്‌സ് യൂണിവേഴ്‌സിറ്റി, ഇംഗ്‌ളണ്ട്), കൗശിക്ക് ബാലസുബ്രമണ്യന്‍(ബ്രാന്‍ഡീസ് യൂണിവേഴ്‌സിറ്റി മസാച്ചുസെറ്റ്‌സ്) എന്നിവരുടെ പിന്തുണ സ്മരണീയമാണ്. 'ബോധത്തിന്റെ രസതന്ത്രം' എന്ന ഈ പുസ്തകത്തിന്റെ മൂന്നാം ഭാഗത്തന്റെ പ്രചോദനമായി വര്‍ത്തിച്ചത് അമേരിക്കയിലെ അലബാമയില്‍ ജോലി ചെയ്യുന്ന ഓങ്കോളജിസ്റ്റ് കൂടിയായ ഡോ. ഖലീല്‍ അഷ്‌റഫ് ആണ്.
ശ്രീ.സി.കെ.ബാബു, ഡോ.വിശ്വനാഥന്‍ ചാത്തോത്ത് തുടങ്ങിയവരുടെ രചനകളും സഹായകരമായി. അഭിമുഖസംവാദവുമായി സഹകരിച്ച സര്‍വശ്രീ. സി.രാധാകൃഷ്ണന്‍, പി. കേശവന്‍ നായര്‍, ടി.ആര്‍. സോമശേഖരന്‍, സ്വാമി സന്ദീപാനന്ദഗിരി, എം. കൃഷ്ണന്‍ നായര്‍, കെ.കുഞ്ഞനന്തന്‍ നായര്‍ എന്നിവരുടെ സഹകരണമനോഭാവത്തെ നന്ദിപൂര്‍വം സ്മരിക്കട്ടെ. സുഹൃത്തുക്കളായ അഭിനന്ദ് മുരളീധരന്‍, അനു.ജി.പ്രേം, സജീവന്‍ അന്തിക്കാട് എന്നിവരുടെ പിന്തുണയും മറക്കാനാവാത്തതാണ്. എന്റെ സഹപ്രവര്‍ത്തകരായ ഡോ.ആനന്ദ് ദിലീപ് രാജ്, ഡോ.ദീപ, ഡോ.ഭദ്ര, ഡോ. ഗിരീഷ് ജയരാജന്‍, ടി.ജി.ഹരികുമാര്‍, അനു, നിഷ എന്നിവരുടെ സഹായവും പിന്തുണയും മറക്കാവുന്നതല്ല. ഈ വിഷയം സംബന്ധിച്ച് എന്റെ ഫേസ്ബുക്ക് പേജിലും ബ്‌ളോഗിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ നൂറുകണക്കിന് സുഹൃത്തുകള്‍ ഈ പുസ്തകരചനയില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ഭഗവത്ഗീതയെ കുറിച്ച് ആഘോഷഭാവത്തിലും വ്യാഖ്യാനരൂപത്തിലും നൂറ് കണക്കിന് ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. മലയാളത്തിലും അത്തരം പുസ്തകങ്ങള്‍ക്ക് പഞ്ഞമില്ല. പ്രപഞ്ചഹേതുവും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തിന് ആരുടെയും വ്യാഖ്യാനമില്ലാതെ എല്ലാ മനുഷ്യര്‍ക്കു് മനസ്സിലാക്കാന്‍ കഴിയുന്നവിധത്തില്‍ ഉപദേശം നടത്താനാവാതെ പോയതുകൊണ്ടാവാം ഇത്രയധികം വ്യാഖ്യാനങ്ങളെന്ന് കരുതരുത്. ഗീതാഭക്തരെ സംബന്ധിച്ചിടത്തോളം ഗീത വ്യാഖ്യാനിക്കല്‍ മുകളില്‍ ചെന്നാല്‍ കൂലി കിട്ടുന്ന സുന്നത്താണ്. ഗീത മനുഷ്യജീവിതത്തിന്റെ കൈപ്പുസ്തകമാണെന്നൊക്കെ അവരവകാശപ്പെടും; ഗീതയെപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാതെ ജീവിച്ചവരും ജീവിക്കുന്നവരുമായ ഈ ദുനിയാവിലെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും അത് ബാധകമല്ലെങ്കിലും.
ഗീതയുടെ തത്വാചിന്താപരവും സാമൂഹികപരവുമായ മാനങ്ങളാണ് ഈ പുസ്തകത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ആത്മാവ്, ബോധം, പുനര്‍ജന്മം, ബ്രഹ്മസങ്കല്‍പ്പം തുടങ്ങിയ വിഷയങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്. ഈ പുസ്തകം വായിക്കുന്ന ഗീതാഭക്തരെല്ലാം ഉടനടി ഗീതാഭക്തിയും അനുബന്ധ അന്ധവിശ്വാസങ്ങളും മടക്കിക്കെട്ടുമെന്ന അവകാശവാദമൊന്നുമില്ല. തീര്‍ച്ചയായും മറുന്യായീകരണങ്ങള്‍ കണ്ടെത്താന്‍ അവര്‍ ആവേശപൂര്‍വം പരിശ്രമിക്കാതിരിക്കില്ല. മതഭക്തിയുടെ പൊതുസ്വഭാവമാണത്. അപ്പോഴും. യാഥാര്‍ത്ഥ്യവുമായി ഹസ്തദാനം നടത്താന്‍ കുറെപ്പേരെങ്കിലും മുന്നോട്ടുവരുമെന്ന ശുഭാപ്തിവിശ്വാസം അസ്തമിക്കുന്നില്ല.''
                                         

                                                  രവിചന്ദ്രന്‍ സി