ശാസ്ത്രം വെളിച്ചമാകുന്നു

Thursday, 3 January 2013

56. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള ഗ്രഹങ്ങള്‍ !

ഇന്നുച്ചയ്ക്ക് (2.1.13) കോളേജ് കാന്റീനില്‍ കേട്ട ചില തമാശകള്‍ ഇപ്രകാരം: ആഹാരം കാത്തിരിക്കവെ മുതിര്‍ന്ന അദ്ധ്യാപകര്‍ ആശയവിനിമയം നടത്തുന്നു. ഇന്നലെ, അതായത് ജനുവരി ഒന്നാം തീയതി കോളേജ് തുറന്നെങ്കിലും കുട്ടികള്‍ വളരെ കുറവായിരുന്നു. കുട്ടികള്‍ക്ക് അവധിയുടെ ആലസ്യമായിരിക്കുമെന്ന് ഒരാള്‍ . ഇന്നലെ ചൊവ്വാഴ്ച ആയതിനാലാണ് കുട്ടികള്‍ കുറഞ്ഞതെന്ന് അടുത്തിരുന്നയാള്‍ . ചൊവ്വാഴ്ച വിദ്യാരംഭമെന്നല്ല ഒരു ശുഭകാര്യവും തുടങ്ങാന്‍ പാടില്ലെന്ന് പല കുട്ടികളും ചിന്തിക്കുന്നുണ്ടത്രെ. കുട്ടികളെന്ന് പറഞ്ഞാല്‍ അവരുടെ മാതാപിതാക്കള്‍ എന്നാണര്‍ത്ഥമെന്ന് മൂന്നാമത്തെ അദ്ധ്യാപകന്‍ (17 വയസ്സാകാതെ ഒരാള്‍ കോളേജില്‍ പഠിക്കാനെത്തില്ലെന്നറിയുമ്പോള്‍ പഴി മാതാപിതാക്കളില്‍ മാത്രം ചാരുന്നതിലെ അഭംഗി വ്യക്തമാകും). ജനുവരി ഒന്നിന് തുറക്കേണ്ടിയിരുന്ന ചില ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌ക്കൂളുകള്‍ ചൊവ്വയെ പേടിച്ച് വിദ്യാരംഭം രണ്ടാം തീയതിയിലേക്ക് മാറ്റിയത്രെ. അന്ധവിശ്വാസത്തിന് അന്യമതപിന്തുണയുണ്ടെന്ന് അഭിമാനപുരസ്സരം അറിയിക്കുകയായിരുന്നു ടിയാന്‍ . ഒന്നാം തീയതി അധികമാരും ആശുപത്രിയില്‍ വരില്ലെന്ന് തന്റെ ഡോക്ടര്‍ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം തീയതി ആശുപത്രിയില്‍ പോയാല്‍ ആ മാസം മുഴുവന്‍ ആശുപത്രി നിരങ്ങേണ്ടി വരുമെന്നാണത്രെ ജനം പേടിക്കുന്നത്.

ഒന്നാം തീയതി അപകടമോ രോഗമോ സംഭവിച്ചാല്‍ രണ്ടാംതീയതി വരെ കാത്തിരിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്ന അവസ്ഥ! കൗതുകമെന്തെന്നാല്‍ സംഭാഷണത്തില്‍ പങ്കുകൊണ്ടവരാരും ചൊവ്വയുടെ അതിക്രമത്തില്‍ ഖിന്നരല്ല. കുട്ടികള്‍ ചെയ്യുന്നത് ശരിയെന്ന രൂപത്തിലായിരുന്നു പിന്നീട് കേട്ട ചില ഡയലോഗുകള്‍ . ചിലര്‍ക്ക് എല്ലാം തമാശ പോലെ; മറ്റു ചിലര്‍ക്ക് തികഞ്ഞ ഗൗരവം. ഉന്നതവിദ്യാഭ്യാസരംഗത്ത് നടമാടുന്ന ഈ കോപ്രായങ്ങളെപ്പറ്റി ഖിന്നതയുള്ള ആരേയും കാണാനായില്ലെന്നതാണ് ദു:ഖകരം.

ചൊവ്വയെ പേടിച്ച് ജീവിക്കുന്ന ജനത ചൊവ്വില്ലാതെയാകുന്നതില്‍ എന്തത്ഭുതം? 'ചൊവ്വ നിങ്ങളെ ഒരു ചുക്കും ചെയ്യില്ല' എന്ന് ജാതകവിധി ഓര്‍ത്ത് വിഷമിച്ച ഒരു വിദ്യാര്‍ത്ഥിനിയോട് കഴിഞ്ഞകൊല്ലം പറഞ്ഞത് ഓര്‍ത്തുപോകുന്നു. 'സാറിനതൊക്കെ പറയാം....ഇതിലൊന്നും വിശ്വാസമില്ലാത്തത് കൊണ്ട് സാറിന് കുഴപ്പമില്ല, അതല്ല വിശ്വസിക്കുന്നവരുടെ കാര്യം'എന്നായിരുന്നു ആ കുട്ടിയുടെ വികാരനിര്‍ഭരമായ മറുപടി. തുടര്‍ന്ന് ഒന്നുരണ്ട് അനുഭവ കഥകളെടുത്തിട്ട് അവള്‍ വിതുമ്പാന്‍ തുടങ്ങി. കഥ പുരോഗമിച്ചതും പിന്നെ കരച്ചിലായി. ബി.എസ്.സി ഫിസിക്‌സ് രണ്ടാം വര്‍ഷത്തിന് പഠിക്കുന്ന ആ വിദ്യാര്‍ത്ഥിനിയുടെ യുക്തി നോക്കൂ: വിശ്വാസിക്കുന്നവരെ ചൊവ്വ ആക്രമിക്കും, അവിശ്വാസികളെ വിട്ടു കളയും!

അടുത്തിടെ ഹിന്ദുമതത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് ചേക്കേറിയ അവളോട് 'ക്രിസ്ത്യാനികള്‍ക്ക് രാഹുവും കേതുവും ചൊവ്വയുമൊക്കെയുണ്ടോ?' എന്ന് തെല്ലൊരു തമാശയായി ചോദിച്ചപ്പോള്‍ ഉടന്‍ വന്നു മറുപടി: 'ചൊവ്വാഗ്രഹം കൃസ്ത്യാനിക്കും ഹിന്ദുവിനുമൊക്കെ ഒരുപോലെയല്ലേ സര്‍ ?' എന്താ പറയുക?! യഥാര്‍ത്ഥ ലോകത്താണോ ജീവിക്കുന്നതെന്നറിയാന്‍ സ്വയം നുള്ളിനോക്കേണ്ടി വന്നു. മുഹമ്മദിനെ ആരെങ്കിലും വിമര്‍ശിക്കുമ്പോള്‍ മുസ്‌ളീങ്ങള്‍ കാണിക്കുന്നതിന് സമാനമായ വെപ്രാളവും അസഹിഷ്ണുതാഭാവവുമാണ് ജ്യോതിഷവിശ്വാസികളായ സ്ത്രീകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രകടിപ്പിക്കുക. ജ്യോതിഷവിരുദ്ധമായ എന്തും അറിവില്ലായ്മയും വിവരക്കേടുമാണെന്ന് അവര്‍ വിധിയെഴുതും. പഠിച്ചിട്ടു വരാന്‍ സൗജന്യ ഉപേദശവും തരും!

എന്തുകൊണ്ട് എല്ലാവരും ചൊവ്വയ്‌ക്കെതിരെ?! നവജാതശിശുവിനെ ചൊവ്വ ആകര്‍ഷിക്കുന്നതെങ്ങനെ? ഈ പ്രപഞ്ചത്തില്‍ ദൂരവ്യാപകമായി അനുഭവപ്പെടുന്ന രണ്ട് ബലങ്ങള്‍ ഗുരുത്വബലവും വിദ്യുത് കാന്തികബലവുമാണെന്ന് (Gravitational force& Electro- magnetic forces0നമുക്കറിയാം. പക്ഷെ ഈ രണ്ടു ബലങ്ങളുടെ കാര്യം പരിഗണിച്ചാല്‍ പ്രസവസമയത്ത് അടുത്തുള്ള വസ്തുക്കള്‍ക്ക് ചെലുത്താനാവുന്ന സ്വാധീനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അങ്ങകലെ(പലപ്പോഴും സൂര്യനുമപ്പുറം) ദൃശ്യവിദൂരതയില്‍ നില്‍ക്കുന്ന ചൊവ്വയ്ക്ക് ഏതാണ്ട് സ്വധീനമേ ഇല്ലെന്ന് പറയേണ്ടിവരും. ചൊവ്വയ്ക്ക് അഭിമുഖമായല്ല ഭൂമി സ്ഥിതി ചെയ്യുന്നതെങ്കില്‍ ശരിക്കും ഭൂമി തുളച്ചു വേണം ചൊവ്വയ്ക്ക് കുഞ്ഞിനെ സ്വാധീനിക്കാന്‍ !! സൂര്യന് അപ്പുറമാണെങ്കില്‍ സൂര്യനേയും തുളയ്‌ക്കേണ്ടിവരും!

ഇനി അഭിമുഖമായി വരുന്ന അവസ്ഥ സങ്കല്‍പ്പിക്കുക. ചൊവ്വ ഭൂമിക്ക് ഏറ്റവുമടുത്ത് വരുമ്പോഴായിരിക്കുമല്ലോ ഏറ്റവുമധികം ഗുരുത്വസ്വാധീനം ഉണ്ടാവുക. ചൊവ്വയും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം 22.5 കോടി കിലോമീറ്ററാണ്. ഏറ്റവും കൂടിയ അകലം 40 കോടി കിലോമീറ്ററിലധികവും. എന്നാല്‍ ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്ത് വരുമ്പോള്‍ ഏകദേശം 5.6 കോടി കിലോമീറ്ററായിരിക്കും ദൂരം. വളരെ അപൂര്‍വമായേ ഇത് സംഭവിക്കാറുള്ളു. വളരെ പെട്ടെന്ന് തന്നെ ഇരു ഗ്രഹങ്ങള്‍ക്കും സ്ഥാനമാറ്റം സംഭവിക്കുകയും ഈ ദൂരം വര്‍ദ്ധിക്കുകയും ചെയ്യും. ഭൂമിയും ചൊവ്വയും സൂര്യനെ ചുറ്റുകയാണ്. ഭൂമി അകത്തെ ട്രാക്കിലൂടെ ഓടുമ്പോള്‍ ചൊവ്വ പുറത്തെ ട്രാക്കിലൂടെ ഓടുന്നു. ചൊവ്വയ്ക്ക് ദൂരം ഏറെ താണ്ടണമെന്ന് സാരം. അതുകൊണ്ടു തന്നെ ഏറിയ കാലവും അത് ഭൂമിയില്‍ നിന്ന് വളരെ അകലെ ആയിരിക്കും.

സാധാരണ ഗ്രഹങ്ങളെല്ലാം നക്ഷത്രങ്ങള്‍ക്കൊപ്പം കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു. അതാണ് അവയുടെ ദിനപരിപാടി. ഭൂമി പടിഞ്ഞാറുനിന്നും കിഴക്കോട്ട് സ്വയംഭ്രമണം ചെയ്യുന്നതാണ് ഇതിന് കാരണം. ഏതെങ്കിലും നക്ഷത്രത്തിന്റെ അടുത്താണ് ഗ്രഹം നില്‍ക്കുന്നുവെന്ന് കരുതുക. അവിടെനിന്നും കുറേക്കൂടി കിഴക്കോട്ട് മാറിയായിരിക്കും അടുത്ത ദിവസം അതിന്റെ സ്ഥാനം വരിക. ഇത് നക്ഷത്രവും ഗ്രഹത്തിനും ഇടയിലുള്ള സ്വകാര്യപ്രശ്‌നമാണ്( ആപേക്ഷികചലനം). ഇതാണ് ഗ്രഹത്തിന്റെ ക്രമചലനം. എന്നാല്‍ ഈ കുറേ കഴിയുമ്പോള്‍ ഈ ക്രമചലനം മന്ദീഭവിക്കുകയും ഒരു ഘട്ടമെത്തുമ്പോള്‍ ഗ്രഹം നക്ഷത്രത്തെ അപേക്ഷിച്ച് നിശ്ചലമായി കാണപ്പെടുകയും ചെയ്യും.

എന്നാല്‍ ഈ ഘട്ടം കഴിഞ്ഞാല്‍ നേരെ തിരിച്ചായിരിക്കും ഗ്രഹം നീങ്ങുക. അതായത് ഗ്രഹം നക്ഷത്രത്തിന്റെ പടിഞ്ഞാറേക്ക് മാറുന്നതായി കാണാം. ഗ്രഹവും നക്ഷത്രവും തമ്മിലുള്ള ഈ ആപേക്ഷികചലനം വക്രഗമനം അല്ലെങ്കില്‍ പശ്ചാത്ഗമനം(Retrograde motion) എന്നറിയപ്പെടുന്നു. പശ്ചാത്ഗമനം തുടങ്ങി കുറെ കഴിയുമ്പോള്‍ ക്രമഗമനം പഴയപടി പുന:സ്ഥാപിക്കപ്പെടും. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചൊവ്വ ഉള്‍പ്പെടെ പല ഗ്രഹങ്ങള്‍ക്കും ഈ സ്വഭാവമുണ്ട്. ചന്ദ്രനും സൂര്യനും പശ്ചാത്ഗമനമില്ല. എന്നാല്‍ രാഹുവിനും കേതുവിനും വക്രഗമനം മാത്രമേയുള്ളു! പല ഗ്രഹങ്ങള്‍ക്കും പശ്ചാത്ഗമനമുണ്ടെങ്കിലും ചൊവ്വയുടെ വക്രഗതിയാണ് ഭൂമിയിലുള്ളവര്‍ക്ക് കൂടുതല്‍ പ്രകടമാവുക.  ഭൂമിയും ചൊവ്വയും സൂര്യനെ ചുറ്റുന്ന വേഗതയിലുള്ള വ്യത്യാസം കാരണമാണ് ഇത് സംഭവിക്കുന്നതെന്ന് കാണാന്‍ വിഷമമില്ല. പക്ഷെ ഭൂമി സൂര്യനെ പ്രദക്ഷണം വെക്കുകയാണെന്ന് തിരിച്ചറിഞ്ഞാലേ ഇത് മനസ്സിലാക്കാനാവൂ.

ഭൂമി പ്രപഞ്ചകേന്ദ്രമാണെന്നും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഭൂമിയെ ചുറ്റുകയാണെന്നും തെറ്റിദ്ധരിച്ച പ്രാചീന പണ്ഡിതര്‍ക്ക് ഈ വക്രഗതിയുടെ രഹസ്യം പിടികിട്ടിയിരുന്നില്ല. വക്രഗതി ഗ്രഹത്തിന്റെ ഇച്ഛാശക്തിയുടേയും മനോഗതിയുടേയും സൂചനയായി അവര്‍ വിലയിരുത്തിക്കളഞ്ഞു. വക്രഗമനവേളയില്‍ ഗ്രഹത്തിന് ബലം അഥവാ ഫലദായകശേഷി വര്‍ദ്ധിക്കുമെന്നൊക്കെ അവര്‍ എഴുതിക്കൂട്ടി!

ചൊവ്വയുടെ ഗുരുത്വപ്രഭാവത്തിലേക്ക് വരാം. ചൊവ്വയുടെ ഭാരം

6.4 x 10^23 കിലോഗ്രാം(6.41693 × 1023 kilograms)
. അങ്ങനെ വരുമ്പോള്‍ ഏറ്റവും അടുത്തുവരുന്ന വേളയില്‍ ചൊവ്വ മൂലം ഭൂമിയില്‍ ഉണ്ടാകിനിടയുള്ള ഗുരുത്വസ്വാധീനം 1.4 x 10-8 meters per second per second ആയിരിക്കും. ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്ത്(5.6 കോടി കി. മീ) അഭിമുഖമായി വരുന്ന ഭൂഭാഗത്തേ ഈ കണക്കിന് സാധുതയുള്ളു. പലപ്പോഴും ചൊവ്വ സൂര്യന്റെ അപ്പുറത്തെ പകുതിയിലായിരിക്കുക്കും. അപ്പോള്‍ ഭൂമിയില്‍ നിന്ന് 40 കോടി കിലോമീറ്ററിലധികം വരെ ദൂരമുണ്ടാകും. അതായത് നാമിവിടെ കണക്ക് കൂട്ടിയതിന്റെ ഏതാണ്ട് എട്ടിരട്ടി ദൂരം. പക്ഷെ ജ്യോതിഷപ്രകാരം ചൊവ്വ എത്ര ദൂരത്ത് നില്‍ക്കുന്നു എന്നതൊന്നും പ്രശ്‌നമല്ല, മറിച്ച് ഏത് ഭാവത്തില്‍ (house) നില്‍ക്കുന്നു എന്നതാണ് വിഷയം! ചൊവ്വയും ഭൂമിയും തമ്മിലുള്ള ദൂരം മാറി മറിയുമെന്നോ രണ്ടു ഗ്രഹങ്ങളും സൂര്യനെ ചുറ്റുകയാണെന്നോ അറിയാത്ത പണ്ഡിതരാണ് ജ്യോതിഷനിര്‍മ്മാണം നടത്തിയത്.

ഇനി, ചൊവ്വയുടെ കാര്യം വിട്ട് ഭൂമിയിലെ തന്നെ വ്യത്യസ്ത ഉന്നതിയുള്ള(altitude) രണ്ട് സ്ഥലങ്ങളില്‍ രണ്ട് കുഞ്ഞുങ്ങള്‍ ജനിക്കുന്നതായി പരിഗണിക്കുക. 1000 മീറ്റര്‍ വ്യത്യാസമുള്ള രണ്ട് സ്ഥലങ്ങളിലാണ് കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. ഇത് സാധാരണ നടക്കാന്‍ സാധ്യതയുള്ള കാര്യമാണ്. ഉദാഹരണമായി മെക്‌സിക്കോ സിറ്റി പോലുള്ള സ്ഥലങ്ങള്‍ സമുദ്രനിരപ്പില്‍ നിന്നും 2240 മീറ്റര്‍ വരെ ഉയരത്തിലാണ്.
എല്ലാ വസ്തുക്കളെയും ഭൂമി അതിന്റെ കേന്ദ്രത്തിലേക്കാണ് ആകര്‍ഷിക്കുന്നത്. സമുദ്രനിരപ്പില്‍നിന്നും ഒരു കിലോമീറ്റര്‍ ഉയരവ്യത്യാസം ഭൂമിയുടെ ഗുരുത്വസ്വധീനത്തില്‍ സൃഷ്ടിക്കുന്ന ഗുരുത്വപ്രവേഗം(acceleration due to the Earth’s gravity) കൃത്യം 0.003 m s-2 ആയിരിക്കും. അതായത് ചൊവ്വയുടെ ഗുരുത്വബല സ്വധീനത്തിന്റെ രണ്ടു ലക്ഷം ഇരട്ടി. അപ്പോള്‍ ഗുരുത്വത്തിന്റെ കാര്യത്തില്‍ അങ്ങകലെ നില്‍ക്കുന്ന ചൊവ്വ എവിടെ കിടക്കുന്നു, ഭൂമിയിലെ തന്നെ ഉയരവ്യത്യാസമുള്ള രണ്ട് സ്ഥലങ്ങള്‍ എവിടെ കിടക്കുന്നു!?

ഇനി വിദ്യുത്കാന്തികബലമെടുത്താല്‍ നാല് രീതിയില്‍ സ്വാധീനമുണ്ടാവാം. 1. കാന്തികക്ഷേത്രം(magnetic field), 2. വിദ്യുത്പ്രവാഹം(electric current), 3. വിദ്യുത് ക്ഷേത്രം(electric field), 4.റേഡിയേഷന്‍ (radiation).

ഭൂമിക്കും ചൊവ്വയ്ക്കുമിടയില്‍ യാതൊരു വിധ വൈദ്യുതപ്രവാഹവുമില്ലെന്നതാണ് വാസ്തവം. സൗരവാതം(solar wind) പ്രവഹിക്കുന്നത് സൂര്യനില്‍ നിന്നാണ്. എപ്പോഴും സൂര്യനോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് ഭൂമിയാണ്. അതുകൊണ്ടുതന്നെ ഭൂമി കഴിഞ്ഞാണ് അത് ചൊവ്വയിലേക്ക് പ്രസരിക്കുക. അതല്ലാതെ ചൊവ്വയില്‍ നിന്ന് ഭൂമിയിലേക്ക് പ്രവാഹത്തിന് സാധ്യത തീരെക്കുറവാണ്. സൗരവാതം അടിസ്ഥാനപരമായി പ്‌ളാസ്മയാണ്. പ്‌ളാസ്മ ഇലക്‌ടോണുകളും അയോണുകളുമാണ്.
അവയ്ക്ക് എവിടെയും പറന്നു നടക്കാമെങ്കിലും പരമാവധി ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ മാത്രമേ സൗരവാതങ്ങളുടെ പ്രഭാവം അനുഭവപ്പെടുകയുള്ളു. സൗരവാതം മൂലം ഉണ്ടാകാനിടയുള്ള വൈദ്യുതക്ഷേത്രത്തിന് ഏതാനും നൂറു മീറ്ററുകള്‍ വരെ മാത്രമേ സ്വാധീനമുണ്ടാകൂ. വൈദ്യുതക്ഷേത്രം ഒരു കിലോമീറ്റര്‍ ദൂരത്തേക്ക് വരെ വ്യാപിക്കുമെന്ന് വളരെ ഉദാരപൂര്‍വം ചിന്തിച്ചാലും 5 കോടി കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന ചൊവ്വ എന്തുചെയ്യാനാണ്?!

ഇനി കാന്തികപ്രഭാവത്തിന്റെ കാര്യമെടുത്താല്‍ ചൊവ്വയ്ക്ക് വളരെ ദുര്‍ബലമായ ഒരു കാന്തികക്ഷേത്ര(magnetic field)മുണ്ടെങ്കിലും ആയത് മൂലം ഭൂമിയില്‍ യാതൊരു പ്രഭാവവും ഉണ്ടാവില്ല. കാരണമെന്തെന്നാല്‍ ഭൂമിക്ക് സ്വന്തമായി അതിശക്തമായ ഒരു കാന്തികക്ഷേത്രമുണ്ട്. ഉള്‍ക്കാമ്പിലെ അയണീകരിക്കപ്പെട്ട ഇരുമ്പിന്റെ സമൃദ്ധമായ സാന്നിധ്യമാണ് ഭൂമിയുടെ കാന്തികതയുടെ നിദാനം. ചൊവ്വയാകട്ടെ ഭൂമിയെക്കാള്‍ സാന്ദ്രത കുറഞ്ഞ ഗ്രഹമാണ്. ചൊവ്വയിലെ പാറകള്‍ നമ്മുടെ സമുദ്രജലത്തില്‍ പൊങ്ങിക്കിടക്കും. ഭൂമിയുടെ ശക്തമായ കാന്തികക്ഷേത്രം ബാഹ്യമായ സ്വാധീനങ്ങള്‍ക്കെതിരെ ഒരു പരിചയായി പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല സൗരവാതം സൂര്യനില്‍ നിന്ന് പുറത്തേക്ക് വീശുന്നതിനാല്‍ ഭൂമിയുടെ കാന്തികമണ്ഡലം ചൊവ്വയിലാണ് പ്രശ്‌നങ്ങളുണ്ടേക്കേണ്ടത്, തിരിച്ചല്ല. വാസ്തവത്തില്‍ ഭൂമിയില്‍ നിന്ന് തന്നെയാണ് ഈ വകുപ്പില്‍ കുട്ടിക്ക് സ്വാധീനം കുടുതലുണ്ടാകേണ്ടത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ജ്യോതിഷക്കാര്‍ക്ക് ഭൂമി ഒരു ഗ്രഹമല്ല, മറിച്ച് പ്രപഞ്ചകേന്ദ്രമാണ്!!

നാം കാണുന്ന നിറങ്ങള്‍ , കുറച്ച് അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാ റെഡ്, ഇക്‌ട്രോമാഗ്നറ്റിക് സെപ്ക്ട്രത്തില്‍ വരുന്ന മൈക്രോതരംഗങ്ങളും റേഡിയോ തരംഗങ്ങളും ഒഴിച്ചാല്‍ മറ്റെല്ലാത്തരം വിദ്യുത്-കാന്തിക വികിരണങ്ങളേയും ഭൗമാന്തരീക്ഷം തടഞ്ഞുനിറുത്തുന്നുണ്ട്. ചൊവ്വ റേഡിയോ-മൈക്രോ തരംഗ വികിരണങ്ങളുടെ(microwaves and radio waves) വളരെ ദുര്‍ബലമായ ഒരു സ്രോതസ്സാണെന്ന് പറയേണ്ടതില്ല. ഇനി അഥവാ എന്തെങ്കിലും അതീവ ദുര്‍ബലമായ വികിരണങ്ങള്‍ ചൊവ്വയില്‍ നിന്നും അഭിമുഖമായി നില്‍ക്കുന്ന ഭൂപകുതിയിലെത്തിയാല്‍ തന്നെ ഭൂമിയില്‍ തന്നെയുള്ള റേഡിയോ വികിരണങ്ങളുടെ മഹാസാഗരത്തില്‍ അവ മുങ്ങിമരിക്കും.

ഭൂമിയിലെ ഏത് പ്രദേശമെടുത്താലും, അത് ആമസോണ്‍ കാടുകളായിക്കൊള്ളട്ടെ, തൊട്ടടുത്ത റേഡിയോ സ്റ്റേഷനില്‍ നിന്നുള്ള വിദ്യുത്കാന്തിക വികിരണം, കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നുള്ള വികിരണം, മൊബൈല്‍ ഫോണ്‍ -മൊബൈല്‍ ടവര്‍ വികിരണം മുതലായവ ചെലുത്തുന്ന സ്വാധീനം ചൊവ്വയ്ക്ക് ചെലുത്താന്‍ സാധിച്ചേക്കാവുന്ന(?) സ്വാധീനത്തിന്റെ ആയിരക്കണക്കിന് ഇരട്ടിയാണ്. ചാന്ദ്രരഹിതമായ കറുത്ത ആകാശത്ത് ചൊവ്വ നല്ലപോലെ തിളങ്ങി നില്‍ക്കുന്നുണ്ടാവാം. പക്ഷെ നിങ്ങളുടെ കുട്ടി പിറന്നുവീഴുന്ന മുറിയിലെ സി.എഫ്.എല്‍ വിളക്കിന്റെ പ്രകാശത്തിന് മുന്നില്‍ ചൊവ്വ പൊഴിക്കുന്ന തിരിച്ചറിയാന്‍ പോലും കഴിയാത്ത ദുര്‍ബല പ്രതിഫലനപ്രകാശം ഒന്നുമല്ല.

ഇതൊക്കെയായിട്ടും എല്ലാ ദോഷങ്ങളും എന്തിന് ചൊവ്വയ്ക്ക് മാത്രം?! ചൊവ്വയ്ക്ക് രണ്ട് ഉപഗ്രഹങ്ങളുണ്ട്:ഫോബസും ഡെയ്മസും(Phobos&Deimos). അവയെക്കുറിച്ചൊന്നും ജ്യോതിഷപ്രഭുക്കള്‍ അറിയാത്തത് രക്ഷയായി! അല്ലെങ്കില്‍ ആ നിര്‍ജീവ പാറക്കഷണങ്ങളും പാപത്തില്‍ കുളിച്ചേനെ! ഭൂമിക്ക് ഏറ്റവും അടുത്തു വരുന്ന ഗ്രഹം ചൊവ്വയല്ല, ശുക്രനാണ്. ഏറ്റവും അടുത്ത ദൂരം 3.8 കോടി കിലോമീറ്റര്‍ . ഏറ്റവും ദൂരത്തെത്തുമ്പോള്‍ 26.1 കോടി കിലോമീറ്ററും. സന്ധ്യാകാശത്തെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ ഗോളമായ ശുക്രന് ശക്തമായ കാന്തികമണ്ഡലവുമുണ്ട്. ശുക്രന്റെ അന്തരീക്ഷത്തിലെ സമൃദ്ധമായ സള്‍ഫ്യൂറിക് ആസിഡ്
മേഘങ്ങളില്‍ (Sulfuric acid clouds) തട്ടി നല്ലൊരു പങ്ക് പ്രകാശം പുറത്തേക്ക് പ്രതിഫലിക്കുന്നത് കാരണമാണ് ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ അതിന് ഇത്രയേറെ പ്രകാശമാനം(albedo) ഉണ്ടാകാന്‍ കാരണം. മാത്രമല്ല സൗരവാതം ശുക്രനെ ചിലപ്പോഴൊക്കെ ശുക്രനെ മറി കടന്നാണ് ഭൂമിയിലെത്തുന്നത്. മറ്റ് മൈക്രോ വികിരണങ്ങളുടെ കാര്യവും അങ്ങനെ തന്നെ. ഈ നാല് വകുപ്പും പരിഗണിക്കുമ്പോള്‍ ഭൂമിയില്‍ സ്വാധീനം ചെലുത്തുന്ന കാര്യത്തില്‍ ചൊവ്വയെക്കാള്‍ എന്തുകൊണ്ടും ശക്തമായ അവകാശവാദമാണ് ശുക്രനുള്ളത്.

പക്ഷെ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ വെള്ളി പോലെ വെട്ടിത്തിളങ്ങുന്ന ശുക്രനെ നാശകാരിയായി ചിത്രീകരിക്കുന്നത് മോശമല്ലേ?! ജ്യോതിഷികളെ സംബന്ധിച്ചിടത്തോളം കാഴ്ചയും തോന്നലും ഭാവനയുമായിരുന്ന പ്രധാനം. യാഥാര്‍ത്ഥ്യം എക്കാലത്തും അവരുടെ കടുത്ത ശത്രുവായി നിലകൊണ്ടു. ഭാരതത്തിലെ വരാഹന്റെ ഫലഭാഗ സിദ്ധാന്തമനുസരിച്ച് അവന്തി എന്ന ഇന്ത്യന്‍ പ്രദേശത്ത് ജനിച്ച(!) ചൊവ്വ യുവാവും കൃശമധ്യനും പിത്ത പ്രകൃതിക്കാരനും ചഞ്ചലഹൃദയക്കാരനുമായ ഒരു പുരുഷനാണ്! ചുവപ്പും വെളുപ്പും ചേര്‍ന്ന കുള്ളനായ ഇയാള്‍ ജാതിയില്‍ ക്ഷത്രിയനുമാണ്. ചൊവ്വ മാത്രമല്ല ഇന്ത്യക്കാരന്‍ ! എല്ലാ ഗ്രഹങ്ങളും ഇന്ത്യയിലാണ് ജനിച്ചത്. സൂര്യന്‍ കലിംഗത്തിലും ചന്ദ്രന്‍ മഗധയിലും ജനിച്ചുവെന്നാണ് ഭാരതീയ ജ്യോതിഷം പ്രഖ്യാപിക്കുന്നത്! എന്നാല്‍ സ്ത്രീലിംഗത്തില്‍പ്പെട്ട ശുക്രനാകട്ടെ ഇരുനിറക്കാരിയും ബ്രാഹ്മണജാതിയില്‍ പെട്ടവളുമാണ്!

ഏഴില്‍ ചൊവ്വ വന്നാല്‍ ഭര്‍ത്താവിന് വിസ നേരത്തെ അടിച്ചുകിട്ടുമെങ്കില്‍ ഏഴില്‍ ശുക്രന്‍ വന്നാല്‍ നേരെ വിപരീതമാണ് കാര്യങ്ങള്‍ ! ജാതകക്കാരന് സൗന്ദര്യവും സമ്പത്തും മാത്രമല്ല സുന്ദരിയായ ഭാര്യയേയും ലഭിക്കും. ശുക്രന്‍ പന്ത്രണ്ടാം ഭാവത്തില്‍ വന്നാല്‍ മൃഷ്ടാന്ന ഭോജനസുഖവും സമ്പല്‍സമൃദ്ധിയും ശയനസുഖവും ഉണ്ടാകും. നോക്കണെ! വെള്ളി പോലെ വെളുത്ത ബ്രാഹ്മണസ്ത്രീ കൊണ്ടുവരുന്ന നേട്ടങ്ങള്‍  !!

ഇനി ഇതിലെല്ലാം കൗതുകരമായിട്ടുള്ളത് ചൊവ്വദോഷം ഉണ്ടാക്കുമ്പോള്‍ ചൊവ്വയുടെ സ്ഥാനമാണ്. കുഞ്ഞ് ജനിക്കുമ്പോള്‍ കിഴക്ക് ഉയര്‍ന്നുവരുന്ന രാശിയാണല്ലോ ലഗ്നരാശി. ഈ ലഗ്നരാശിയില്‍ നിന്ന് ഏഴും എട്ടും വരുന്ന ഭാവങ്ങളില്‍ (Mars in seventh and eight houses) ചൊവ്വ നില്‍ക്കുമ്പോഴാണ് വിവാഹഭീഷണി ഉയരുന്നത്. പുരുഷന് ഏഴും സ്ത്രീക്ക് എഴും എട്ടും ഭാവത്തില്‍ ചൊവ്വ വന്നാല്‍ അതിഭീകരമായിരിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. അല്ലെങ്കില്‍ എതിര്‍ലിംഗത്തില്‍പ്പെട്ട സമാനദോഷമുള്ളവര്‍ വിവാഹം കഴിക്കാന്‍ വരണം(അതിന്റെ ഗുട്ടന്‍സ് രഹസ്യമാണ്! കേട്ടിട്ട് ഒരു ഹോമിയോസിദ്ധാന്തം പോലുണ്ട്!). ആകാശനിരീക്ഷണം നടത്തുന്നവര്‍ക്കറിയാം, ഏഴ്, എട്ട് ഭാവങ്ങള്‍ എന്നുപറഞ്ഞാല്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ അസ്തമനത്തോട് അടുത്ത് വരുന്നവയാണ്. ഏഴില്‍ നില്‍ക്കുന്ന ചൊവ്വ ശരിക്കും
അസ്തമനത്തിലാണ്(ലഗ്നസ്ഫുടം ഗ്രഹസ്ഫുടത്തെക്കാള്‍ കൂടുതലാണെങ്കില്‍ ). എട്ടിലാകുമ്പോള്‍ അസ്തമനം പൂര്‍ത്തിയായിട്ടുണ്ടാവും.

ഫലത്തില്‍ ചൊവ്വാദോഷമുണ്ടാകുന്ന സമയത്ത് ചൊവ്വ സംഭവസ്ഥലത്തില്ലെന്ന് തന്നെ പറയാം! അതായത് അസ്തമിക്കുന്ന ഒരു ഗ്രഹം അതിന് മുമ്പെങ്ങും ചെലുത്താത്ത സ്വാധീനമായിരിക്കും നവജാതശിശുവില്‍ ചെലുത്തുക!! അസ്തമിച്ച സൂര്യന് ഉച്ചിയിലെ സൂര്യനെക്കാള്‍ പ്രഭാവമുണ്ടെന്ന് പറയുന്നതിന് തുല്യമാണിത്. കെട്ടുകഥ പറയുമ്പോഴും അതിലൊരു ലോജിക്ക് നാം പ്രതീക്ഷിക്കും. ജ്യോതിഷം ആ പ്രതീക്ഷയും നിര്‍ദ്ദയം തകര്‍ത്തു കളയുന്നു. (തുടരും)

7 comments:

Suveesh pariyakath said...

ചൊവ്വയെ കുറിച്ചുള്ള ഈ പഠനം നനായിരിക്കുനു ...

jayaharig said...

എന്തുകൊണ്ടാണ് ഈ രണ്ടുതരം ഫോഴ്സ് മാത്രം ഉള്ളത് അതും വ്യക്തമായ ദിശ യോട് കൂടിയത് . ഗ്രാവിറ്റെഷ ണല്‍ ഫോഴ്സ് ഒരുതരത്തില്‍ മഗ്നെടിക് ഫോഴ്സ് അല്ലേ
എന്തുകൊണ്ടാണ് മൂന്ന് അല്ലെങ്കില്‍ നാല്‌ ഡയ മെന്‍ഷന്‍ മാത്രം ഉള്ളത് . കൂടുതല്‍ ഡയ മെന്‍ഷനുകള്‍ യന്ത്ര സഹായത്താല്‍ എങ്കിലും കണ്ടെത്താന്‍ പറ്റുമോ
"ഭൂമി പ്രപഞ്ചകേന്ദ്രമാണെന്നും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഭൂമിയെ ചുറ്റുകയാണെന്നും തെറ്റിദ്ധരിച്ച പ്രാചീന പണ്ഡിതര്‍ക്ക് ഈ വക്രഗതിയുടെ രഹസ്യം പിടികിട്ടിയിരുന്നില്ല." സത്യമാണോ
കാര്യമുള്ള വസ്തുത ആണോ
ബസില്‍ പോകുമ്പോള്‍ വെളിയിലെ ചെടിയില്‍ കൈ തട്ടിയാലും വഴി അരികില്‍ നില്‍ക്കുമ്പോള്‍ ബസില്‍ തൂങ്ങി കിടക്കുന്ന ഒരു ചെടി ( ഉദാഹരണത്തിനായി മാത്രം - തുല്യത ഉറപ്പു വരുത്താന്‍ ) കൈയില്‍ തട്ടിയാലും ഒരേ വേദന അല്ലേ ഉണ്ടാവുക ( തുല്യ ഫോഴ്സ് അല്ലേ )കൂടുതല്‍ പറയണം എന്നുണ്ട് സമയം ഇപ്പോള്‍ അനുവദിക്കുന്നില്ല വാദിക്കുവാന്‍ ഇല്ലെങ്കിലും മറുപടി പ്രതീക്ഷിക്കുന്നു

രവിചന്ദ്രന്‍ സി said...

ഗ്രാവിറ്റെഷ ണല്‍ ഫോഴ്സ് ഒരുതരത്തില്‍ മഗ്നെടിക് ഫോഴ്സ് അല്ലേb>>>Would you kindly clarify your stance?

Abhinand said...

Even if the planet is very near to earth and exerts maximum gravitational force on us, how is it going to affect our lives? What has gravity to do with our married life??? I've heard people citing the example of moon's gravitational force causing tides, to justify the effect of celestial bodies in our life. How are moon's effect on water bodies and stars affecting the life of humans related? How can people be so stupid. Someone once said, "Little knowledge is a dangerous thing."

WELCOME TO ALL WHO LOVES HUMANITY said...

വളരെ നല്ല ലേഖനം. സാധാരണ രവി സര്‍ എഴുതാറുള്ള ശൈലിയില്‍ നിന്നും അല്‍പ്പം വ്യത്യസ്തമായി നര്‍മ്മം കലര്‍ത്തി എഴുതിയത്
വളരെ ആസ്വാദ്യകരമായി തോന്നി. ഈ വിഷയത്തില്‍ നല്ല ഒരു ചര്‍ച്ച പ്രതീക്ഷിക്കുന്നു..!

Haryjith said...

വളരെ നല്ല ലേഖനം. സാധാരണ രവി സര്‍ എഴുതാറുള്ള ശൈലിയില്‍ നിന്നും അല്‍പ്പം വ്യത്യസ്തമായി നര്‍മ്മം കലര്‍ത്തി എഴുതിയത്
വളരെ ആസ്വാദ്യകരമായി തോന്നി. ഈ വിഷയത്തില്‍ നല്ല ഒരു ചര്‍ച്ച പ്രതീക്ഷിക്കുന്നു..!

Haryjith said...
This comment has been removed by the author.