ശാസ്ത്രം വെളിച്ചമാകുന്നു

Tuesday 1 January 2013

55. പൂവിനുള്ളില്‍ പൂവിരിയും...

പ്രാചീനകാലത്ത് സമയം ഗണിക്കാന്‍ ഉപയോഗിച്ച പ്രധാന ഉപാധി ആകാശമായിരുന്നു. നക്ഷത്രവും ആകാശവും ഫലപ്രവചനസാഹിത്യത്തില്‍ മുന്തിയ സ്ഥാനംപിടിക്കാന്‍ കാരണമതാണ്. നിരവധി സൂചികളുള്ള ഒരു വലിയ ഘടികാരമായി പ്രാചീനനിരീക്ഷകര്‍ ആകാശത്തെ കണ്ടു. സത്യത്തില്‍ ഉദാത്തമായൊരു ഭാവനയായിരുന്നു അത്. ഈ ഭാവനയ്ക്ക് ഭ്രാന്തു പിടിച്ചപ്പോഴാണ് ഫലഭാഗ ജ്യോതിശാസ്ത്രം   പിറന്നത്. ഇന്ന് ആകാശംനോക്കി സമയം പറയേണ്ട കാര്യമില്ല. ദിവസവും മാസവും കണക്കുകൂട്ടാന്‍ കലണ്ടറുകളുമുണ്ട്. 

ഫലഭാഗജ്യോതിശാസ്ത്രത്തിന്റെ പുസ്തകം കാണാപാഠം പഠിച്ച് കാര്യങ്ങള്‍ ഓര്‍ത്തുവെക്കുന്നുവെങ്കിലും ഇക്കാലത്തെ പല കിടിലന്‍ ജ്യോതിഷികള്‍ക്കും ആകാശനിരീക്ഷണത്തെ സംബന്ധിച്ച് വലിയ ധാരണയില്ലെന്നതാണ് വാസ്തവം. കാരണം വ്യക്തം: അവര്‍ക്കതിന്റെയൊന്നും കാര്യമില്ല, അത്ര തന്നെ! ഫലപ്രവചനം നടത്തി കസ്റ്റമര്‍മാരെ ചൂഷണം ചെയ്യാന്‍ ആകാശത്തേക്ക് നോക്കേണ്ട കാര്യമൊന്നുമില്ലെന്ന് അവര്‍ക്ക് നന്നായറിയാം. നല്ല തോതില്‍ വാനനിരീക്ഷണം നടത്തുന്നവര്‍ക്ക് ജ്യോതിഷം പോലുള്ള പ്രവചന തട്ടിപ്പുകളില്‍ വിശ്വാസം കുറയാനാണ് എല്ലാ സാധ്യതയും. നിഷ്പക്ഷബുദ്ധിയോടെ മതം പഠിക്കുന്നവന്‍ മതത്തിന് പുറത്തുപോകുമെന്ന്
പറയുന്നതുപോലെയാണിതും. ഫലം നിശ്ചയിക്കുന്ന ദേവന്‍മാര്‍ 'പരോക്ഷപ്രിയരാ'ണെന്നും എന്നും ചെന്ന് നോക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെടില്ലെന്നും പറയുന്ന ജ്യോതിഷികളുണ്ട് ! അന്ധവിശ്വാസത്തിനുള്ളിലെ അന്ധവിശ്വാസമാണത്. അതായത് പൂവിനുള്ളില്‍ വിരിയുന്ന പൂ! വാനനിരീക്ഷണം വേണ്ട, ഗണനം മാത്രം മതി. നിരീക്ഷണമൊക്കെ പണ്ടുള്ളവര്‍ നടത്തിയിട്ടുണ്ട്; ഇനിയതിന്റെ ആവശ്യമില്ല!! ജ്യോതിഷത്തിന്റെ ഒന്നുരണ്ട് പുസ്തകം വാങ്ങുക, പ്രവചിച്ച് തുടങ്ങുക, തീരെ മന്ദബുദ്ധിയല്ലെങ്കില്‍ വൈകാതെ ജ്യോതിഷിയായി മാറിക്കൊള്ളും.

വാസ്തവത്തില്‍ ഫലപ്രവചനത്തിന് ഗ്രഹങ്ങളും നക്ഷത്രങ്ങളും വേണമെന്ന് എന്തെങ്കിലും നിര്‍ബന്ധമുണ്ടോ? യാതൊരു നിര്‍ബന്ധവുമില്ലെന്ന് മാത്രമല്ല നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും വിട്ട് മനുഷ്യന് നിത്യജീവിതത്തില്‍ പരിചയപ്പെട്ട എന്തു കാര്യവുമായി താരതമ്യപ്പെടുത്തി മനുഷ്യജീവിതം സംബന്ധിച്ച് പ്രവചനം നടത്തിയാലും സമാനമായ വിജയം ഉറപ്പാണ്. ഇതൊന്നുമില്ലാതെയും പ്രവചനം നടത്താമെന്നത് വേറെ കാര്യം! ഫലം പറയാനുപയോഗിക്കുന്ന വ്യവസ്ഥ എന്തായിരുന്നാലും ഫലപ്രവചനം ശരിയാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത് യുക്തിരഹിതമായി അവയെ ആശ്രയിക്കുന്ന വിശ്വാസിയാണ്. മറ്റൊന്ന് ഫലപ്രവചനത്തിന്റെ സ്വഭാവമാണ്. അതായത് അനുഭവപരിചയവും സാമാന്യബുദ്ധിയും ആധാരമാക്കി കുറെ പ്രവചനം നടത്തുമ്പോള്‍ ചിലതൊക്കെ ശരിയാകാനുള്ള സാധ്യത നിസ്സാരമല്ല. വ്യക്തിഗത സാധൂകരണത്തിലൂടെ തെറ്റ് തള്ളിയും ശരി ആഘോഷിച്ചും ഏതൊരു ഫലപ്രവചന പദ്ധതിയേയും വിജയിപ്പിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കും.

കുറച്ച് ശീതവായനശേഷി(Cold reading skill), സാമാന്യബുദ്ധി(Common intelligence), മുന്‍പരിചയം (Experience) എന്നിവ ഉണ്ടെങ്കില്‍ ഏത് ഫലപ്രഖ്യാപനപദ്ധതിയും നല്ല വിളവ് നല്‍കും. ജ്യോതിഷത്തില്‍ ഫലപ്രവചനത്തിനായി മാനം വീക്ഷിക്കുന്നു, വാസ്തുവിന് തറയില്‍ തപ്പുന്നു, ഹസ്തരേഖാശാസ്ത്രത്തില്‍ കൈവെള്ള നോക്കുന്നു! ഇവയെല്ലാംതന്നെ വ്യക്തിയുടെ ജീവിതസംബന്ധിയായ കാര്യങ്ങളും ആകാരപ്രകാരാദികളും പ്രവചിക്കാനാണ് ഉപയോഗിക്കുന്നത്. അക്ഷരങ്ങളും സംഖ്യകളും വഴിയും ഇതേ ഫലപ്രവചനം നടത്താം! ഇതില്‍ നിന്ന് വ്യത്യസ്തമായി ഓല വായിച്ച് നാഡിജ്യോതിഷം വഴി വിജയം കൊയ്യുന്നവരും ധാരാളം. ഫലപ്രവചനത്തിനായി മറ്റു നിരവധി ഉപാധികള്‍ വേറെയുമുണ്ട്. പലതും ഇനിയും വരാനിരിക്കുന്നു!

ഇവിടെ, മതങ്ങളുടെ കാര്യത്തിലെന്നപോലെ, ഉയരുന്ന സാമാന്യചോദ്യമുണ്ട്. ഏതാണ് ശരി? ഏതാണ് അസ്സല്‍പ്രവചനം? രണ്ടായാലും ഗ്രഹങ്ങള്‍ മാനത്ത് നിന്ന് പറയുന്ന കാര്യങ്ങള്‍ കയ്യില്‍ നോക്കി കാണാമെങ്കില്‍ വെറുതെ മുകളിലോട്ട് നോക്കി കഴുത്തുളുക്കേണ്ട കാര്യമുണ്ടോ!? ഇനിയതല്ല, അക്ഷരവും അക്കവുമാണ് മനുഷ്യജീവിതത്തിന്റെ ഭാഗ്യദോഷങ്ങളും വിധികര്‍മ്മങ്ങളും നശ്ചയിക്കുന്നതെങ്കില്‍ വെറുതെ കവടി എറിഞ്ഞ് നാണംകെടേണ്ടതുമില്ല. ഒന്നുകില്‍ ഏതെങ്കിലും ഒന്ന് ശരി-ബാക്കിയെല്ലാം തെറ്റ്. അല്ലെങ്കില്‍ എല്ലാം ഒരുപോലെ തട്ടിപ്പ്. അതല്ലാതെ എല്ലാം ഒരുപോലെ ശരിയാകുന്ന വിഷയമേ ഉദിക്കുന്നില്ല.

മതവിശ്വാസത്തിന്റെ കാര്യത്തിലെന്നപോലെ ഏതില്‍ വിശ്വസിക്കുന്നോ അവര്‍ക്കെല്ലാം 'അച്ചട്ട് ഫലവും' സമാശ്വാസവും ലഭിക്കുന്നു! ജ്യോതിഷത്തിനും വാസ്തുവിനും സംഖ്യപ്രവചനത്തേക്കാള്‍ അനുയായികള്‍ കൂടുതലുണ്ട്; കുറഞ്ഞപക്ഷം ഭാരതത്തിലെങ്കിലും. ചിലര്‍ക്ക് ചില ഇനങ്ങളില്‍ കൂടുതല്‍ വിശ്വാസമാണ്. എല്ലാം ഒരുപോലെ കൊണ്ടുനടക്കുന്ന 'ബഹുദൈവവിശ്വാസി'കളും അപൂര്‍വമല്ല. സ്വന്തം പേരിന്റെ അക്ഷരങ്ങള്‍ ക്രമീകരിച്ച്( From 'Jayalalitha' to ‘Jayalalithaa’) ജീവിതവിജയം നേടാന്‍ ശ്രമിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ജ്യോതിഷ-വാസ്തു വിശ്വാസിയുമാണ്! അതായത് ഒരു അന്ധവിശ്വാസത്തിന് തുറന്നുകൊടുക്കുന്ന വാതിലിലൂടെ അനുബന്ധവിഹ്വലതകളും കയറി വരുന്നു.

അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമല്ലേ? ഏത് പ്രവചനത്തിലും വിശ്വാസി സ്വയം 'സത്യം' കണ്ടെത്തുന്നു. ഗ്രഹവും നക്ഷത്രവുമെടുക്കുന്നവര്‍ക്ക് അതാകാം. പകരം സംഖ്യകള്‍ എടുത്തുനോക്കൂ. പ്രവചനം അച്ചട്ടായിരിക്കും. അതല്ലെങ്കില്‍ അക്ഷരംവെച്ചും ഫലം പ്രവചിക്കാം. എന്തിനേറെ, വെറുതെ മുഖംനോക്കി വേണമെങ്കിലും അച്ചട്ട് ഫലപുസ്തകം എഴുതിയുണ്ടാക്കാം.

പ്രണയകാലത്ത് കടുത്ത ജ്യോതിഷവിശ്വാസിയായ ഒരു 'ഗംഗ'യെ സംഖ്യാശാസ്ത്രഫലം പറഞ്ഞ് പ്രീതിപ്പെടുത്തിക്കൊണ്ടിരുന്ന ഒരു സുഹൃത്തിനെ പരിചയമുണ്ട്. പക്ഷെ അവന്‍ എപ്പോഴും ഗംഗയ്ക്ക് കൊടുത്തിരുന്ന ധാരണ ജ്യോതിഷം അടിസ്ഥാനമാക്കിയ പ്രവചനമാണ് അവയെന്നായിരുന്നു. ജ്യോതിഷവിശ്വാസം കാരണം അവള്‍ക്ക് അവനിലുള്ള വിശ്വാസവും ഇരട്ടിച്ചു. ഒരു ദിവസം അവന്‍ തമാശയ്ക്ക് കാര്യം തുറന്ന് പറഞ്ഞതും അവര്‍ തമ്മില്‍ തെറ്റി. 'ചതിയന്‍ ' എന്നൊക്കെയാണ് അവളവനെ നിറുത്താതെ വിളിച്ചത്. തന്റെ ജനനത്തിന് നേര്‍സാക്ഷികളായി നിലകൊണ്ട പ്രിയപ്പെട്ട നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും പേരുപറഞ്ഞ് വെറും ജീവനില്ലാത്ത സംഖ്യകള്‍വെച്ച് തന്നെ കബളിപ്പിച്ചെന്നായിരുന്നു അവളുടെ പരാതി. പറഞ്ഞ ഫലങ്ങളൊക്കെ അച്ചട്ടായിരുന്നു! പക്ഷെ അതുകൊണ്ടായില്ലല്ലോ?!

നായികയുടെ വീട്ടിലെല്ലാവരും വിശ്വസിക്കുന്നത് ജ്യോതിഷമാണ്, വിശേഷിച്ചും കുടുംബജ്യോതിഷി ഒരു മിടുക്കന്‍
വിരുതന്‍ പണിക്കരെ . മറ്റ് കമിഴ്ത്തുവിദ്യകളൊക്കെ അവര്‍ക്ക് അന്ധവിശ്വാസമാണ്! ക്രമേണ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കിയ ഗംഗ ജ്യോതിഷഭ്രാന്തുള്‍പ്പെടെയുള്ള സകല ചിന്താമാലിന്യങ്ങളും കയ്യൊഴിഞ്ഞ് നായകനെ സ്വന്തമാക്കി. ഇത്യാദി വസ്തുക്കളുടെ ശല്യമില്ലാതെ അവരിപ്പോള്‍ സസുഖം ജീവിക്കുന്നു; കഴിഞ്ഞ 17 വര്‍ഷമായി. ഈ അനുഭവകഥ വിശ്വസിക്കേണ്ടതില്ല. പകരം പറഞ്ഞ കാര്യം ആര്‍ക്കും സ്വന്തം ജീവിതത്തില്‍ പരീക്ഷിച്ച് നോക്കാം. സത്യമാണെന്ന് കാണുകയാണെങ്കില്‍ കഥ തള്ളി കാര്യം മാത്രം എടുക്കാം.

ജ്യോതിഷത്തില്‍ പന്ത്രണ്ട് രാശി- 27 നക്ഷത്രങ്ങള്‍ -പിന്നെ സമയം. ഇതാണല്ലോ ജ്യോതിഷത്തിന്റെ കാതല്‍ . ആഴ്ചയില്‍ ഏഴു ദിവസമാകാന്‍ എന്താണ് കാരണം? ആറോ എട്ടോ ആയിരുന്നുവെങ്കിലും കുഴപ്പമില്ലായിരുന്നു. സൂര്യന്‍ (ഞായര്‍ ), ചന്ദ്രന്‍ (തിങ്കള്‍ ), ബുധന്‍ , ശുക്രന്‍ (വെള്ളി), ചൊവ്വ, വ്യാഴം, ശനി തുടങ്ങിയ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ഏഴ് ഖഗോളരൂപങ്ങളുടെ പേരാണ് ദിവസങ്ങള്‍ക്ക് കൊടുത്തത്. ഇത്രയും 'ഗ്രഹ'ങ്ങളുടെ കൊടുത്തപ്പോള്‍ ഏഴ് ദിവസത്തിന് പേരായി. അങ്ങനെ ഏഴ് ദിവസം നീളുന്ന ആഴ്ച ഉണ്ടായി. രാഹുവും കേതുവും പോലുള്ള അതീന്ദ്രിയഗ്രഹങ്ങള്‍ കസ്റ്റഡിയിലുണ്ടായിട്ടും അവയെ ആഴ്ചക്കണക്കില്‍ ഉള്‍പ്പെടുത്താന്‍ ഭാരതീയര്‍ക്കായില്ല.

ഭാരതീയരെ സംബന്ധിച്ചിടത്തോളം സമയഗണനാ സങ്കല്‍പ്പങ്ങള്‍ മിക്കതും ഇറക്കുമതിയാണ് എന്നതാണ് അതിന് കാരണം. യുറാനസും നെപ്ട്യൂണുമൊക്കെ നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കില്‍ നമുക്ക് 9 ദിവസമുള്ള ആഴ്ചയുണ്ടാകുമായിരുന്നുവെന്ന് കരുതുന്നതില്‍ തെറ്റില്ല. ആഴ്ചയില്‍ ദിവസം കൂടുന്നതുകൊണ്ടോ കുറയുന്നതുകൊണ്ടോ യാതൊന്നും പ്രപഞ്ചത്തിലോ ഭൂമിയിലോ വിശേഷിച്ച് യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ആഴ്ചയില്‍ 10 ദിവസമായിരുന്നെങ്കില്‍ ദശാംശം(നമ്മുടെ കൈ വിരലുകള്‍ മൊത്തം പത്താണ്. പത്തിനോടും പത്തിന്റെ ഗുണിതങ്ങളോടും നമുക്ക് ഇത്ര പ്രിയം വരാന്‍ കാരണവും മറ്റൊന്നല്ല) ഗണനയുടെ അടിസ്ഥാനമായി കാണുന്നതില്‍ അഭിരമിക്കുന്ന മനുഷ്യന്‍ കൂടുതല്‍ സഹായകരമായേനെ! മാസത്തില്‍ മൂന്നാഴ്ച, ചില മാസങ്ങളില്‍ ഒരു ദിവസം കൂടുതല്‍ - അങ്ങനെ ക്രമപ്പെടുത്താം. ഒരു മാസം നാലേകാല്‍ -നാലര ആഴ്ച എന്നൊക്കെയുള്ള കണക്ക് എത്ര ബുദ്ധിമുട്ടാണ്!

ആഴ്ചയില്‍ എത്ര ദിവസം വേണമെങ്കിലും ആകാം എന്നു പറഞ്ഞതിന് പിന്നില്‍ ഒരു കാരണമുണ്ട്. ജ്യോതിഷം സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളിലും ഇത് ബാധകമാണ്. ആയില്യം നാളുള്ളവര്‍ അയല്‍പക്കം മുടിക്കുമെന്ന പ്രവചനമുണ്ടല്ലോ! ആയില്യത്തിന്റെ ഈ ഗുണമെടുത്ത് പൂരത്തിനോ ഉത്രത്തിനോ അനിഴത്തിനോ കൈമാറാം. കാരണം അയല്‍പക്കം മുടിക്കുന്ന പൂരക്കാരും ഉത്രക്കാരും അനിഴക്കാരും കുറെയുണ്ടാവും. ഇനി അഥവാ അവര്‍ അങ്ങനെയല്ലെങ്കില്‍ പോലും ജ്യോതിഷത്തില്‍ ആ നാളുകള്‍ക്ക് അത്തരമൊരു അപഖ്യാതി കല്‍പ്പിച്ച് നല്‍കിയാല്‍ അയലത്തുകാര്‍ കണ്ടതിനും കേട്ടതിനുമൊക്കെ 'നാള്‍ മാഹാത്മ്യം' പറഞ്ഞ് അവരെ പരിഹസിച്ചുകൊള്ളും. ഏത് നാളിന് പറഞ്ഞിരിക്കുന്ന ഗുണവും മറ്റേതു നാളിനും വിജയകരമായി വെച്ചുമാറാം.

എല്ലാ ആയില്യക്കാരും അയല്‍ക്കാര്‍ക്ക് ശല്യമാകില്ല, പക്ഷെ അവരുടെ കാര്യം ആരും അത്രകണ്ട് ശ്രദ്ധിക്കില്ല. എന്നാല്‍ അയലത്തുകാര്‍ക്ക് ശല്യമായി ജീവിക്കുന്ന ചിലര്‍ക്ക് ആ നാളുണ്ടാകാം. ഇതു തന്നെയാണ് മറ്റെല്ലാ നാളുകാരുടേയും സ്ഥിതി. പൂരത്തില്‍ പുരുഷന്‍ ജനിക്കുമെന്ന പ്രവചനവും ഇതുപോലെ വിജയകരമായി വെച്ചുമാറാം. ഇത് തെളിയിക്കാന്‍ നാട്ടിലുള്ള ആയില്യക്കാരുടെ ഒരു സെന്‍സസ് എടുത്തുനോക്കായാല്‍ മതി. പക്ഷെ പണിയറിയുന്ന ഒരു ജ്യോതിഷിയും അത്തരമൊരു സാഹസത്തിന് മുതിരില്ല!! നാളിന്റെ കാര്യം വിട്ടുകള, മറ്റാരുടെയെങ്കിലും ജാതകഫലം എടുത്ത് നിങ്ങളുടേതെന്ന് സങ്കല്‍പ്പിച്ച് വായിച്ചുനോക്കുക- നിരവധി സത്യപ്രവചനങ്ങള്‍ അതില്‍ വായിച്ചെടുക്കാം. ഏതാണ്ട് അത്ര തന്നെ സത്യപ്രസ്താവങ്ങളേ ജാതകത്തിന്റെ യഥാര്‍ത്ഥ ഉടമയ്ക്കു പോലും ലഭിക്കുകയുള്ളു. ഇതാണ് ജ്യോതിഷം 'സത്യ'മാണ് എന്ന് പറയാന്‍ കാരണം!!

ജ്യോതിഷപ്രവചനങ്ങളുമായി പൊരുത്തപ്പെടുന്ന പ്രവചനങ്ങളാ
ണ് ഹസ്തരേഖ ശാസ്ത്രത്തിലും (Cheiromancy) വരുന്നതെങ്കില്‍ ജ്യോതിഷവിശ്വാസി കൈനോട്ടത്തിലും വിശ്വസിക്കാന്‍ തയ്യാറാവും. പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ?! പക്ഷെ അങ്ങനെ പൊരുത്തപ്പെടാറുണ്ടോ പ്രവചനങ്ങള്‍ ? ഒരിക്കലുമല്ല. ജ്യോതിഷംപോലെ നല്ല പ്രചാരമുള്ള പ്രവചനശാസ്ത്രമാണ് പലരും കേവലം 'പഞ്ചാരയടി' നമ്പരായി പരിഗണിക്കുന്ന ഹസ്തരേഖാശാസ്ത്രം. ലക്ഷങ്ങള്‍ അതിന്റെ പിന്നാലെയുണ്ട്. കൈ നീട്ടിക്കൊടുക്കാനും നോക്കാനും യുവ മനസ്സുകള്‍ക്ക് വല്ലാത്തൊരു ആസക്തി തന്നെയുണ്ടല്ലോ! പലരും അതീവ ഗൗരവത്തോടെയാണ് കൈനോട്ടം പ്രാക്ടീസ് ചെയ്യുന്നത്. കൈരേഖാശാസ്ത്രത്തിലും സംഖ്യാശാസ്ത്രത്തിലുമൊക്കെ വലിയ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്ന പലര്‍ക്കും ഗ്രഹനില പ്രകാരം വളരെ മോശം ഫലങ്ങളായിരിക്കും. സംശയമുള്ളവര്‍ വെറുതെ അത്തരം പുസ്തകങ്ങള്‍ വാങ്ങി വായിച്ചുനോക്കിയാല്‍ മതിയാകും.

ഹസ്തരേഖാശാസ്ത്രത്തില്‍ ആയുസ്സ് പ്രവചിക്കുന്ന'ആയുര്‍രേഖ'നീണ്ടതാണെങ്കില്‍ കയ്യുടമ ദീര്‍ഘനാള്‍ ജീവിച്ചിരിക്കും അല്ലെങ്കില്‍ ജീവിച്ചിരിക്കണം. ചൊവ്വാദോഷം കൊണ്ട് കഷ്ടപ്പെടുന്ന മിസ് ഗീതകുമാരിക്ക് വളരെ നീണ്ട ആയുര്‍രേഖയുള്ള മി.സുധാകരന്‍ വരനായി വന്നാല്‍ പ്രശ്‌നം തീര്‍ന്നില്ലേ?! ചൊവ്വ എത്ര കൊല്ലാന്‍ നോക്കിയാലും ആയുര്‍രേഖ നീണ്ടതായാല്‍ വരന് ദീര്‍ഘായുസ്സ് ഉറപ്പല്ലേ?!! നോക്കൂ, രണ്ട് അന്ധവിശ്വാസങ്ങള്‍ വിരുദ്ധഫലം മുന്നോട്ടുവെച്ചാല്‍ ഹിതകരമായതില്‍ അള്ളിപ്പിടിക്കാനുള്ള പ്രവണത ശക്തമായിരിക്കും. ശരിക്കും പൂവിനുള്ളിലെ പൂവ് തന്നെയാണിതും! ചൊവ്വാദോഷമുള്ള പെണ്‍കുട്ടികള്‍ക്ക് നീണ്ട ആയുര്‍രേഖയുള്ള പയ്യന്‍മാരെ കണ്ടുപിടിച്ച് ചൊവ്വാദോഷത്തിന് മൂക്കുകയറിടാം എന്ന നിര്‍ദ്ദേശത്തോട് ആര്‍ക്കാണ് എതിര്‍പ്പ്? ജ്യോതിഷത്തില്‍ മാത്രം വിശ്വസിക്കുകയും ബാക്കിയെല്ലാം അന്ധവിശ്വാസമായി തള്ളുകയും ചെയ്യുന്ന ഗ്രേഡ് കൂടിയ അന്ധവിശ്വാസികളെ ഒഴിവാക്കാം. പക്ഷെ രണ്ടിലും വിശ്വസിക്കുന്നവര്‍ ഈ നിര്‍ദ്ദേശം പരിഗണിക്കേണ്ടതല്ലേ? കുറഞ്ഞപക്ഷം രണ്ടിലും വിശ്വസിക്കാത്തവരെങ്കിലും?!

പക്ഷെ ആരും ഒന്നും ചെയ്ത് കാണുന്നില്ല. ഭയപ്പെടുത്തിയാല്‍ തൊണ്ണൂറ് ശതമാനവും ഭയപ്പെടും. ഭയപ്പെടാന്‍ പലര്‍ക്കും പ്രത്യേകിച്ച് കാരണമൊന്നും വേണ്ട, മറിച്ച് ഭയപ്പെട്ടുകൊള്ളു എന്ന നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രം മതിയാകും. കൂടുതല്‍ പേര്‍ ആ നിര്‍ദ്ദേശം നല്‍കാന്‍ തുടങ്ങിയാല്‍ അകാരണമായ ഭയം അഭിമാനകരമായി മാറും.
(തുടരും)****

4 comments:

ഷാജു അത്താണിക്കല്‍ said...

നന്നായി ചിന്തിക്കുന്നവർക്ക് ഈ ഭ്രാന്തിൽ നിന്നും രക്ഷപ്പെടാം, അന്തവിശ്വാസികളുടെ മനസ്, ക്യാൻസർ പിടിച്ച ശരീരം പോലെയാണ്

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

പുതുവത്സരാശംസകള്‍

Mridhul Sivadas said...

ചൊവ്വാദൊഷക്കാരിയ്ക്ക് ആയുര്‍രേഖക്കാരനെ കണ്ടുപിടിച്ചുകൊടുത്തത് കലക്കി സാറേ. എനിക്കത് ഒത്തിരി ഇഷ്ടപ്പെട്ടു.

Mridhul Sivadas said...

ചൊവ്വാദൊഷക്കാരിയ്ക്ക് ആയുര്‍രേഖക്കാരനെ കണ്ടുപിടിച്ചുകൊടുത്തത് കലക്കി സാറേ. എനിക്കത് ഒത്തിരി ഇഷ്ടപ്പെട്ടു.