ശാസ്ത്രം വെളിച്ചമാകുന്നു

Thursday 30 June 2011

1.ഒരാള്‍കൂടി

ബൂലോകം കടലുപോലെ. ആര്‍ക്കുമവിടെ തോണിയിറക്കാം. അവിടെ ഒളിച്ചിരിക്കാനും പകര്‍ന്നാടാനും ഏവര്‍ക്കും അവസരമുണ്ട്. ഒരുപക്ഷെ ഇന്ത്യയിലെ ഭാഷാ ബ്‌ളോഗ്ഗുകളില്‍ ഏറ്റവും ഉന്നതനിലവാരം പുലര്‍ത്തുന്നവയാണ് മലയാളം ബ്‌ളോഗ്ഗുകള്‍. കഴിഞ്ഞ ആറേഴു മാസമായി ഞാനും ഒരു ബ്‌ളോഗ്ഗുവായനക്കാരനാണ്. മാത്രമല്ല, മലയാളബൂലോകത്തെ പല പ്രമുഖരും അടുത്ത മിത്രങ്ങളുമാണ്. ജബ്ബാര്‍മാഷ്, ഡോ.മനോജ്(ബ്രൈറ്റ്), പ്രാശാന്ത്(അപ്പൂട്ടന്‍),സജി(നിസ്സഹായന്‍), സുശീല്‍കുമാര്‍, മുഹമ്മദ് ഖാന്‍(യുക്തി), എന്‍.എം.ഹുസൈന്‍, വാവക്കാവ്,ടി.കെ.രവീന്ദ്രനാഥ്,അനില്‍സുഗതന്‍, പ്രശാന്ത് രണ്ടദത്ത്...അങ്ങനെ നീളുന്നു ആ പട്ടിക. അതുകൊണ്ടുതന്നെ അപരിചിതമായ ഒരിടത്തേക്ക് കയറിച്ചെല്ലുന്ന സങ്കോചമെനിക്കില്ല. ഇപ്പോള്‍ സമയം രാത്രി 11.10; ഔപചാരികതകളില്ലാതെ ഞാനും ഒപ്പം കൂടുകയാണ്.

''നാസ്തികനായ ദൈവ''ത്തിന് ഒന്നര വയസ്സായി. രണ്ടാം പതിപ്പ് 2010 ഓക്‌ടോബറിലാണ് പുറത്തിറങ്ങിയത്. ഈ വര്‍ഷംതന്നെ ഇറങ്ങാനിടയുള്ള മൂന്നാംപതിപ്പില്‍ പുസ്തകം സംബന്ധിച്ച് ഇതുവരെ ഉയര്‍ന്ന വിമര്‍ശനങ്ങളും സംശയങ്ങളും വിശകലനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പുസ്തകസംബന്ധിയായ നിരവധി പ്രഭാഷണങ്ങളും സെമിനാറുകളും സംവാദങ്ങളും ഇക്കാലയളവില്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. അച്ചടി-ദൃശ്യ മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകളും ആസ്വദനക്കുറിപ്പുകളും പ്രത്യക്ഷപ്പെട്ടിരുന്നു. 'നാസ്തികനായ ദൈവ'ത്തെ സ്വീകരിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ഹൃദയംഗമായ നന്ദി. പുസ്തകവുമായി ബന്ധപ്പെട്ട ചില സവിശേഷ അനുഭവങ്ങളും ചില പൊതുവിമര്‍ശനങ്ങളുമാണ് ഇവിടെ പരിഗണിക്കുന്നത്. ഇതില്‍ കുറെയേറെ വിഷയങ്ങള്‍ ശ്രീ.എന്‍.എം ഹുസൈന്‍ 'നാസ്തികനായ ദൈവ'ത്തിന് തയ്യാറാക്കിയ ഖണ്ഡനത്തില്‍ ('നവനാസ്തികത:റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തി'/ക്രിയേറ്റീവ്& ദാ'വ ബുക്‌സ്, കൊച്ചി, 2011 ജനുവരി) ഉന്നയിച്ചവയാണ്.
ശ്രീ.ഹുസൈനെ കുറി
ച്ചോര്‍ക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പ് എനിക്ക് ടിക്കറ്റെടുക്കാനായി അരമണിക്കൂറിലേറെ എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ ക്യൂ നിന്ന ആ കുഞ്ഞുമനുഷ്യനാണ് എന്റെ സ്മൃതിപഥത്തിലെത്തുന്നത്. ആദ്യമായി തമ്മില്‍ കാണുകയായിരുന്നുവെങ്കിലും അന്നദ്ദേഹം പ്രകടിപ്പിച്ച ലാളിത്യവും സ്‌നേഹവും എന്നെ സ്പര്‍ശിച്ചു. ആ ദിവസം എറണാകുളത്ത് ഒരു പബ്ലിക് ഓഡിറ്റോറിയത്തില്‍ 'നാസ്തികനായ ദൈവ'വുമായി ബന്ധപ്പെട്ട ഒരു പവര്‍പോയിന്റ് പ്രസന്റേഷന്‍ ഞാനവതരിപ്പിച്ചിരുന്നു. അതില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. പിന്നൊരിക്കല്‍ ചങ്ങനാശ്ശേരിയിലെ എന്റെ വീട്ടിലും വരുകയുണ്ടായി. വായന, പുസ്തകം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചൊറിച്ചിലും ശ്വാസംമുട്ടലും അനുഭവപ്പെടുന്നുവെന്ന് പരാതിപ്പെടുന്ന ഒരു സമൂഹത്തില്‍ വായിക്കാനും പഠിക്കാനും ഏറെ സമയം ചെലവഴിക്കുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തോട് തികഞ്ഞ ബഹുമാനമാണുള്ളത്. എന്നാല്‍ ശ്രീ.ഹുസൈന്‍ മുന്നോട്ടുവെക്കുന്ന ചിന്താധാരയോട് സമാനമായ ആഭിമുഖ്യമില്ല. കാഴ്ച മങ്ങിവരുന്ന ഒരു സമൂഹത്തിന്റെ കണ്ണുകള്‍കൂടി കുത്തിപ്പൊട്ടിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതായാണ് കണ്ടിട്ടുള്ളത്. 'നാസ്തികനായ ദൈവ'ത്തിന്റെ ഖണ്ഡനത്തില്‍ എനിക്കെതിരെ കടുത്ത പ്രയോഗങ്ങളും പരിഹാസങ്ങളും ധാരാളമുണ്ട്. എന്നെക്കാളും മുതിര്‍ന്ന ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന് അതിനുള്ള സ്വാതന്ത്ര്യവും അര്‍ഹതയുമുള്ളതായി ഞാന്‍ സങ്കല്‍പ്പിക്കുന്നു. അതുകൊണ്ടുതന്നെ അതിനോട് പ്രതികരിക്കാനില്ല. ആശയപരമായ സംവാദങ്ങള്‍ ആത്മനിഷ്ഠമായോ വ്യക്തിനിഷ്ഠമായോ കാണാന്‍ താല്‍പര്യമില്ല. ശ്രീ.ഹുസൈന്റെ അവതരണരീതിയും ഭാഷാശൈലിയുമൊന്നും വിലയിരുത്താന്‍ ഞാനാളല്ല. വിയോജിപ്പ് എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളെ കുറിച്ച് മാത്രം.


'നാസ്തികനായ ദൈവ'ത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഖണ്ഡനത്തില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങളെല്ലാം പ്രതികരണം അര്‍ഹിക്കുന്നവയാണെന്ന അഭിപ്രായമില്ല. ആവര്‍ത്തനദോഷം വളരെയധികമുള്ള ടി. ഖണ്ഡനത്തില്‍ പ്രസക്തമെന്ന് തോന്നിയ കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കാം. 'നാസ്തികനായ ദൈവ'ത്തില്‍ ചര്‍ച്ചചെയ്യുന്ന 75% വിഷയങ്ങളും അദ്ദേഹം അവഗണിക്കുകയോ വിട്ടുകളയുകയോ ചെയ്തിട്ടുണ്ട്. ആ നിലയ്ക്ക് പൂര്‍ണ്ണമായ ഒരു ഖണ്ഡനമായി(a complete rebuttal) അദ്ദേഹത്തിന്റെ ഗ്രന്ഥത്തെ വിലയിരുത്താനാവില്ല. ശ്രീ.ഹുസൈന് പഥ്യമെന്ന് തോന്നിയ മേഖലയില്‍ മാത്രമായി ഇടപെടല്‍ 
പരിമിതപ്പെടുകയാണ്. മാത്രമ
ല്ല ഖണ്ഡനത്തില്‍ 'നാസ്തികനായ ദൈവം'ഘടനപരമായും ക്രമനിബദ്ധമായും പിന്തുടരാനുള്ള ശ്രമവുമില്ല. ഉദ്ധരണികളും പരാമര്‍ശങ്ങളും കുഴഞ്ഞുമറിഞ്ഞും കയറിയിറങ്ങിയും വരുന്നത് കാണാം. ക്രമനിബദ്ധമായി വിഷയങ്ങള്‍ വിശകലനം ചെയ്യാത്തതിനാല്‍ ആ രീതിയിലും പ്രതിരോധിക്കേണ്ടതില്ലെന്ന് തോന്നുന്നു.


''നാസ്തികത എന്നൊക്കെ പറഞ്ഞുനടക്കുന്നത് വെറും 'ചീപ്' (cheap) പരിപാടിയല്ലേ?'' 2010 മാര്‍ച്ചില്‍ കോഴിക്കോട്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന സെമിനാര്‍ കഴിഞ്ഞിറങ്ങിയപ്പോള്‍ കംമ്പ്യൂട്ടര്‍ വിദഗ്ധനനെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു ശ്രോതാവാണ് ഈ ചോദ്യമെറിഞ്ഞത്.''സാറിനെപ്പോലെ വിദ്യാഭ്യാസവും അറിവുമുള്ളവര്‍ ഇത്തരം വിവരക്കേട് പറഞ്ഞുനടക്കുന്നതിലും 'ചീപ്പാ'യി മറ്റെന്താണുള്ളത്?''-പുള്ളിക്കാരന്‍ വിടാന്‍ ഭാവമില്ല.
'സുഹൃത്തേ താങ്കള്‍ ഒരു മതവിശ്വാസിയാണോ?' -ചിരിച്ചുകൊണ്ടാണ് ഞാന്‍ ചോദിച്ചത്.
''അതെ, എന്താ സംശയം? നല്ല ഒന്നാന്തരം വിശ്വാസി. അഭിമാനത്തോടെ എവിടെയും പറയും.''
'നല്ല കാര്യം! താങ്കളുടെ കുടുംബവും മതജീവിതം നയിക്കുന്നവരായിരിക്കുമല്ലോ. അതിരിക്കട്ടെ, ഒരു മാസം മതകാര്യങ്ങള്‍ക്കായി മാത്രമായി ശരാശരി എത്ര തുക താങ്കള്‍ ചെലവഴിക്കും?-ഞാന്‍ ചോദിച്ചു.
''എന്തു തുക?..അതൊക്കെ അറിയുന്നതെന്തിനാ?...എന്നാലും പറയാം, അതിപ്പോ....കണക്കൊന്നുമില്ല. ചെലപ്പം പെരുനാള്‍ സീസണൊക്കെ വരുമ്പോള്‍ പതിനായിരങ്ങള്‍ വേണ്ടിവരും. ചിലപ്പോള്‍ കാര്യമായിട്ടൊന്നുമാവില്ല. ഒക്കെ നമ്മുടെ ഒരു സന്തോഷമാണ്. ഒരു ചെലവായി ഞാനതിനെ കാണുന്നില്ല.''
'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'
''എന്താ നിങ്ങളെന്നെ 'ആക്കു'കയാണോ?''-ആ ചങ്ങാതിയുടെ അടുത്ത ചോദ്യം; അവസാനത്തേതും.

ദൈവം പ്രാര്‍ത്ഥിക്കുന്നു
ദൈവം നാസ്തികനോ? അതെന്താ അങ്ങനെ? ചിലരെങ്കിലും ചോദിച്ചു. ദൈവം നാസ്തികനാണെന്ന് പറയുന്നത് ദൈവം ഉണ്ടെന്ന് സമ്മതിക്കുന്നതിന് തുല്യമല്ലേ?-അതായിരുന്നു മലയാള ബൂലോകത്തെ ക്ഷുഭിതപണ്ഡിതനായ ശ്രീ.സി.കെ ബാബു ഉന്നയിച്ച ക്രമപ്രശ്‌നം. ശുദ്ധമായ ലോജിക് പിന്തുടര്‍ന്നാല്‍ ഒരവിശ്വാസിക്ക് 'ദൈവം' എന്ന വാക്കേ ഉച്ചരിക്കാനാവില്ല. കാരണം 'ദൈവം ഇല്ല' ('There is no God') എന്നൊരാള്‍ പറഞ്ഞാല്‍ താത്വികമായും സാങ്കേതികമായും 'ദൈവം ഉണ്ട്' എന്നു തെളിയുകയാണ്! എങ്ങനെയെന്നു നോക്കാം: 'ദൈവം ഇല്ല' എന്ന നിഗമനത്തിന്റെ(conclusion) അടിസ്ഥാനഅനുമാനങ്ങള്‍ (basic premises) ഇവയാണ്: (എ) ദൈവം ഉണ്ട്('There is God'). (ബി) അത് നിലനില്‍ക്കുന്നില്ല('It doesn't exist'). പക്ഷെ ഈ ഉപാധികള്‍ പരസ്പരം റദ്ദാക്കുന്നവയാണെന്ന് വ്യക്തമാണ്. ഇതുപോലെ തന്നെ 'ദൈവം ഉണ്ട്' എന്നൊരാള്‍ പറയുന്നതിലും ലോജിക്കിന്റെ തലത്തില്‍ ആവര്‍ത്തനദോഷമുണ്ട്. 'ദൈവമുണ്ട്' എന്ന നിഗമനത്തിന്റെ അടിസ്ഥാന ഉപാധികള്‍ (എ) ദൈവം ഉണ്ട്, (ബി) അത് നിലനില്‍ക്കുന്നു എന്നിവയാണല്ലോ. 'ഉണ്ട്' എന്നുപറഞ്ഞിട്ട് നിലനില്‍ക്കുന്നു എന്നുപറഞ്ഞാല്‍ 'നിലനില്‍ക്കാതെയും ഉണ്ടെന്ന് പറയാം' എന്ന സൂചന കടന്നുവരുന്നു. ആ നിലയ്ക്ക്, ദൈവം ഉണ്ടെന്ന് പറയാന്‍ അത് നിലനില്‍ക്കേണ്ട ആവശ്യമില്ല എന്നുപറയാം. അങ്ങനെവരുമ്പോള്‍ വിശ്വാസി ദൈവം നിലനില്‍ക്കുന്നില്ലെന്ന് വാദിക്കുകയാണെന്നും സോക്രട്ടീഷ്യന്‍ ഡയലോഗിലൂടെ സാങ്കേതികമായി തെളിയിക്കാം. അതുപോലെ തന്നെ അവിശ്വാസി ദൈവം ഉണ്ടെന്ന് സമ്മതിക്കുന്നതായും നിരീക്ഷിക്കാം.

പക്ഷെ വ്യാവഹാരികഭാഷയില്‍ നമുക്ക് ഇപ്രാകാരം ഭാഷാഗുസ്തി നടത്തി മുന്നോട്ടുപോകാനാവില്ല. 'തങ്കപ്പന്‍ മരിച്ചു' എന്നുപറയാന്‍ തങ്കപ്പന്‍ ഉണ്ടായിരിക്കണം എന്നതുപോലെ 'നാസ്തികനായ ദൈവം' എന്നുപറയാന്‍ 'ദൈവ'വും ഉണ്ടാകേണ്ടതുണ്ട്. അതേത് ദൈവം? എങ്ങനെ ആ ദൈവം നാസ്തികനായി?- എന്നീ ചോദ്യങ്ങളാണ് പിന്നീട് പ്രസക്തമാകുന്നത്. മതവിശ്വാസി 'ദൈവം'എന്നൊരു സങ്കല്‍പ്പകഥാപാത്രത്തെപ്പറ്റി സദാ സംസാരിക്കാറുണ്ട്. അവനതിനെ നിര്‍വചിക്കുകയും സവിശേഷതകള്‍ വര്‍ണ്ണിക്കുകയും ചെയ്യാറുണ്ട്. ഹാംലെറ്റിനെപ്പോലെ, ഒഥല്ലോയെപ്പോലെ ഒരു കഥാപാത്രമാണത്. അടിസ്ഥാനപരമായി മസ്തിഷ്‌ക്കത്തില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്ന ഒരു വ്യാജവിവര(false data)മാണ് ഈ കഥാപാത്രത്തെ രൂപപ്പെടുത്തുന്ന കുഴമണ്ണ്. ഈ സങ്കല്‍പ്പത്തെ അഭിസംബോധന ചെയ്യാന്‍ 'ദൈവം' എന്ന പദം വിശ്വാസി ഉപയോഗിക്കുന്നതിനാല്‍ അതുതന്നെ അവിശ്വാസിക്കും ഉപയോഗിക്കേണ്ടതുണ്ട്. മറിച്ചായാല്‍ ആശയസംവേദനം തകരാറിലാവും. അങ്ങനെ ഒരു പദം ഉപയോഗിക്കുന്നുവെന്നത് ആയത് യാഥാര്‍ത്ഥ്യമാണോ അല്ലയോ എന്നതിന്റെ മാനദണ്ഡമായി സ്വീകരിക്കാനാവില്ല. തീതുപ്പുന്ന വ്യാളി (fire spitting dragon) എന്നുപറയാന്‍ അങ്ങനെയൊരു ജീവി യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ട കാര്യമില്ലല്ലോ.

മതവിശ്വസികളുടെ മനോജന്യസങ്കല്‍പ്പമായ'ദൈവം'എന്ന കഥാപാത്രത്തെ, അതിന്റെ നിര്‍വചനത്തെ, യുക്തിസഹമായ വിശകലനത്തിന് വിധേയമാക്കിയാല്‍ ആ കഥാപാത്രം 100% നിരീശ്വരനാണെന്ന് വ്യക്തമാകും. ഇതാണ് 'നാസ്തികനായ ദൈവം'എന്ന തലക്കെട്ടിന്റെ പ്രചോദനം. മറ്റൊരു മതജന്യ മനോസങ്കല്‍പ്പമായ പ്രേതത്തിന്റെ (Ghost) കാര്യം അങ്ങനെയല്ല. ദൈവം എന്ന മതജന്യകഥാപാത്രം മറ്റേതെങ്കിലും ഉപരിശക്തിയെ അംഗീകരിക്കുന്നവനല്ല. ഏതെങ്കിലും അതീതശക്തിയെ പ്രീണിപ്പിക്കാനായി പൂജയോ ഹോമമോ പ്രാര്‍ത്ഥനയോ തീര്‍ത്ഥാടനമോ ബലിയും നടത്താത്താനും ആ കഥാപാത്രം തയ്യാറല്ല. ആ കഥാപാത്രത്തിന് സമസ്തമനുഷ്യരും സമാനരും പൊതുപൂര്‍വികനില്‍ നിന്ന് ഉരുത്തിരിഞ്ഞവരുമായിരിക്കും. സാധാരണനിലയില്‍ ഒരു നാസ്തികന്‍ എങ്ങനെയാണോ ഈ ലോകത്ത് ജീവിക്കുന്നത് അതേ ജീവിത-ദര്‍ശന ശൈലിയായിരിക്കും ആ കഥാപാത്രവും പിന്തുടരുക. ദൈവമില്ലാത്ത ആ കഥാപാത്രം നാസ്തികനായിരിക്കും. അതായത്, ദൈവത്തിന് ദൈവമില്ല. ദൈവം സ്വയം വിശ്വസിക്കുന്നില്ലേ എന്ന മറുചോദ്യമുണ്ടാവാം. സ്വയം വിശ്വസിക്കുക (self belief) എന്നത് ഏതൊരു നാസ്തികന്റെയും അടിസ്ഥാനയോഗ്യതയാണല്ലോ. മതരഹിതനും നിരീശ്വരവാദിയുമായി മാത്രമേ ദൈവം എന്ന കാഥാപാത്രത്തിന് താത്വികമായെങ്കിലും നിലനില്‍പ്പുള്ളു. പ്രാര്‍ത്ഥിക്കുകയും പരാതിപ്പെടുകയും ചെയ്യുന്ന ദൈവം 'ദൈവവിരുദ്ധ'വും മതവിരുദ്ധവുമാണ്. ഒരു പുസ്തകത്തിന്റെ അടയാളമെന്ന നിലയില്‍ കൗതുകം ഉണര്‍ത്തുന്നതും കുറച്ച് ആക്ഷേപഹാസ്യം സ്ഫുരിക്കുന്നതുമായ ഒരു തലക്കെട്ട് തെരഞ്ഞെടുത്തെന്നേയുള്ളു. അത് സഹായകരമായി എന്നാണ് മനസ്സിലാകുന്നത്.

'നാസ്തികത ഒരു മതമാണോ?'
ഇങ്ങനെ പറഞ്ഞുനടക്കുന്നത് പൊതുവെ മതപക്ഷപാതികള്‍ തന്നെയാണ്. തങ്ങള്‍ രണ്ടിടത്തുമില്ലാത്ത നിക്ഷ്പക്ഷരാണെന്ന വ്യാജസന്ദേശം നല്‍കാനായും ചിലര്‍ ഈ വാദമുന്നയിക്കാറുണ്ട്. തൊടുപുഴയില്‍ ഒരു സെമിനാറില്‍ ഒരു മുന്‍വൈദികന്‍ ഇക്കാര്യം ഉന്നയിച്ച 10 മിനിറ്റോളം സംസാരിക്കുകയുണ്ടായി. നിരീശ്വരവാദം ഒരു മതമാണെന്ന് ഞാന്‍ സമ്മതിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പ്രസ്തുത ആവശ്യം ഞാന്‍ നിരാകരിച്ചു. നിക്ഷ്പക്ഷം എന്നാല്‍ 'സ്വന്തം പക്ഷം'എന്നാണര്‍ത്ഥം. വാസ്തവത്തില്‍ ഏതുകാര്യത്തിലും നമുക്ക് പക്ഷമുണ്ട്. സ്വന്തം നിലപാട് വ്യക്തമാക്കുന്നതിലുള്ള ആശങ്കയാണ് നിക്ഷ്പക്ഷതയായി പരിണമിക്കുന്നത്. അത്തരം നിലപാടിന് വിശേഷിച്ച് മാഹാത്മ്യമൊന്നുമില്ല. മഹദ്‌വത്കരിക്കപ്പെട്ട ഭീരുത്വമാണത്(glorified timidity). സ്റ്റാമ്പ് ശേഖരിക്കാതിരിക്കുന്നതും ഒരു ഹോബിയായി അംഗീകരിക്കാമെങ്കില്‍ നിരീശ്വരവാദവും ഒരു മതമാണെന്ന് സമ്മതിക്കാം എന്നായിരിക്കും നാസ്തികര്‍ പൊതുവെ ഇതിനോട് പ്രതികരിക്കുക. അതല്ലെങ്കില്‍ ടെന്നീസ് കളിക്കാതിരിക്കുന്നതും ഒരു വ്യായാമമാണെങ്കില്‍ നിരീശ്വരത്വവും ഒരു മതമാകുന്നു. എന്നവര്‍ പറയും.

സ്റ്റാമ്പ് ശേഖരിക്കാത്തവര്‍ എവിടെയെങ്കിലും സംഘടനയുണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യമുന്നയിക്കുന്നവരുമുണ്ട്. ഉപമയിലെ അര്‍ത്ഥം മനസ്സിലാക്കിയാലും അപ്രകാരം ഒരു ഇളവ് നാസ്തികചിന്തയ്ക്ക് അനുവദിക്കാന്‍ തയ്യാറല്ലാത്ത മതപക്ഷപാതം തന്നെയാണ് ഇവിടെയും വ്യക്തമാകുന്നത്. മതനിഷേധികളിലെ ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് സംഘടിക്കുന്നത്. പലപ്പോഴുമത് ഒരു ശതമാനത്തിലും താഴെ മാത്രം. അവര്‍ക്ക് സംഘടിക്കേണ്ടി വരുന്നതാകട്ടെ മതം ഒരു ചൂഷകസംവിധാനമായി നിലകൊള്ളുമ്പോഴും. തെരുവില്‍ ഊരിപിടിച്ച ഒരു കൊലക്കത്തിയായി മതം പരിണമിക്കുമ്പോള്‍, പൊതുസമൂഹത്തെ സദാ ഭീതിയുടെ മുള്‍മുനയില്‍ നിറുത്താന്‍ അത് തുനിയുമ്പോള്‍ പ്രതിരോധം അനിവാര്യമായിത്തീരുന്നു. നേരെമറിച്ച് സ്റ്റാമ്പ് ശേഖരിക്കുന്നവരോ ടെന്നീസ് കളിക്കുന്നവരോ അത്തരമൊരു ഭീഷണി ഉയര്‍ത്തുന്നില്ല. അതുകൊണ്ടുതന്നെ എതിര്‍വശം സംഘടിക്കേണ്ട ആവശ്യവുമില്ല. മദ്യവിരുദ്ധത ഒരുതരം മദ്യപാനമാണെങ്കില്‍ നിരീശ്വരവാദവും ഒരു മതമാണ് എന്നനിലയില്‍ ഈ ഉപമ പരിഷ്‌ക്കരിച്ചാല്‍ കുറേക്കൂടി സഹായകരമാണ്. മദ്യപിക്കാത്തവര്‍ക്ക് പൊതുവില്‍ സംഘടയില്ല. എന്നാല്‍ മദ്യം ഒരു സാമൂഹികതിന്മയാണെന്ന് ചിന്തിക്കുന്ന അതിലെ ഒരു ചെറിയ ന്യൂനപക്ഷം മദ്യപാനത്തെ പരസ്യമായി എതിര്‍ക്കുകയും വിരുദ്ധപ്രചരണം സംഘടിപ്പിക്കുകയും ചെയ്യുന്നു. ചിലര്‍ക്ക് മദ്യമാണ് ലഹരിയെങ്കില്‍ മറ്റുചിലര്‍ക്ക് മദ്യവിരുദ്ധതയാണ് ലഹരി എന്ന് പറഞ്ഞ് ആളാകുന്നവര്‍ക്ക് ഇവിടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകേണ്ടതാണ്.

നിരീശ്വരവാദം ഒരു മതമാണെന്ന് വാദിക്കുന്നവര്‍ തീര്‍ച്ചയായും മതം ഏതോ 'മോശം സാധാന'മാണെന്ന സന്ദേശം തന്നെയാണ് കൈമാറുന്നത്.'മതം ആകുന്നത്' ഒരു കുറച്ചിലാണോ? സത്യത്തില്‍ ഇത് മതത്തെ ആക്ഷേപിക്കലല്ലേ? കോടതിഭാഷയില്‍ പറഞ്ഞാല്‍ നല്ല ഒന്നാന്തരം മതനിന്ദാക്കുറ്റം! മതം എന്ന വിശേഷണം തങ്ങളില്‍ ചാര്‍ത്തുന്നത് നാസ്തികര്‍ തീര്‍ച്ചയായും ഇഷ്ടപെടില്ല. 
അതിന് അതിന്റേയ കാരണവുമുണ്ട്. പക്ഷെ മതവിശ്വാസികളും മതപക്ഷപാതികളും അത്തരം പ്രസ്താവനകള്‍ നടത്തുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് സമാനമാണ്. മതമാണെന്നു പറഞ്ഞ് നാസ്തികതയെ താഴ്ത്തിക്കെട്ടാം എന്നതാണ് ഈ പ്രസ്താവനയുടെ ലക്ഷ്യം. 'മതവും മോശമാണ്, മതവിരുദ്ധതയും മോശമാണ്-ഞങ്ങളാണ് മിടുക്കര്‍'എന്ന വിലക്ഷണമായ സമീപനം സ്വീകരിക്കുന്നവരും ഇത്തരം അലക്ഷ്യപ്രസ്താവനകള്‍ ഒരു അത്താണിയായി കാണാറുണ്ട്. അപമാനകരമായ ഒന്നായി മതത്തെ കാണുകയും നാസ്തികതയെക്കൂടി ആ നിലയില്‍ ചിത്രീകരിക്കുകയും ചെയ്യുന്നവരില്‍ മഹാഭൂരിപക്ഷവും മതപക്ഷപാതികളാണെന്നത് വിരോധാഭാസമല്ലേ? ചിന്തിക്കുക, നാസ്തികത ഒരു മതമാണോ? ആണെങ്കില്‍ ഒരു മതം കൂടിയായി! മതമായാല്‍ മതത്തിന്റെ പരിഗണന ലഭിക്കണം. മതത്തിന് ലഭ്യമായ അനര്‍ഹമായ ബഹുമാനവും സ്വാധീനവും നാസ്തികതയ്ക്കും അനുവദിച്ചുകൊടുക്കേണ്ടതല്ലേ? രാജ്യസമ്പത്ത് കൈകാര്യം ചെയ്യാനും സംവരണാനുകൂല്യങ്ങള്‍ കൈപ്പറ്റാനും നിരീശ്വര്‍ക്കും അവസരമുണ്ടാകേണ്ടതല്ലേ? തെരുവു കത്തിക്കാനും ഗതാഗതം മുടക്കാനും തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ക്കെതിരെ വിലക്കുകള്‍ നീട്ടിയെറിയാനും നിരീശ്വരവാദികളേയും അനുവദിക്കണം-കാരണം അവരും ഒരു മതമാണല്ലോ! വാസ്തവത്തില്‍ ഒരു മതം അല്ലെന്നതാണ് നാസ്തികതയുടെ ഏറ്റവും വലിയ ശക്തിയും ദൗര്‍ബല്യവുമായി പരിഗണിക്കപ്പെടുന്നത്. 


ഇനി, ഒരു വസ്തു മതമല്ലാതാകാന്‍ നാമെന്തു ചെയ്യണം? യാതൊരു രക്ഷയുമില്ല! മതരാഹിത്യവും മതവിരുദ്ധതയുംപോലും മതമാണെങ്കില്‍ പിന്നെന്താണ് മതമല്ലാത്തത്?(If Irreligion is religion, what is not Religion?). നിക്ഷ്പക്ഷതയോ? മതാതീത ആത്മീയതയോ? നിഗൂഡതാവാദമോ? നിസ്സംഗതയോ? എതാണ് മതമല്ലാത്തത്? മതത്തിന് നേര്‍വിപരീതമായ ഒന്ന് മതമാണെങ്കില്‍ സൂര്യന് കീഴിലുള്ള എല്ലാം മതം തന്നെ. ആ നിലയില്‍ നോക്കിയാല്‍ മതവിശ്വാസത്തെ ഒരുതരം നിരീശ്വരവാദമെന്നും വിളിക്കാം. വെറുതെ നാക്കൊന്നു വളച്ചാല്‍ 
മതിയല്ലോ. യഥാര്‍ത്ഥത്തില്‍ മതവിശ്വാസം 'selective atheism' ആയി കാണേണ്ടിവരും. ഏതൊരു മതവിശ്വാസിയും തന്റെ മതദൈവമൊഴിച്ചുള്ള മറ്റെല്ലാ ദൈവങ്ങളോടും നിരീശ്വരവാദിയാണ്. അങ്ങനെവരുമ്പോള്‍ ഏതൊരു ശുദ്ധമതവിശ്വാസിയും 99% നിരീശ്വരവാദിയാണ്. നാസ്തികന്റെ കാര്യത്തില്‍ ഇത് ഒരുപടി കൂടി കടന്ന് നൂറ് ശതമാനമായി പോകുന്നു എന്ന വ്യത്യാസമേയുള്ളു. മതമല്ലാത്തതു കൊണ്ടുതന്നെയാണ് സംഘടിതഭാവം ആര്‍ജ്ജിക്കാനോ അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നേടാനോ നാസ്തികര്‍ക്ക് സാധിക്കാത്തത്. ലോകത്ത് 15-20% വരെ മതനിഷേധികളാണെന്നാണ് ബന്ധപ്പെട്ട സര്‍വെകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലെ 5-6 കോടി വരുന്ന അവിശ്വാസികള്‍ ആ രാജ്യത്തെ പൗരര്‍ പോലുമല്ലെന്നാണ് മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് (Sr) പരസ്യമായി പറഞ്ഞത്. 500 പേരുള്ള ഒരു ചെറു മതവിഭാഗത്തെപ്പോലും ഒരു രാഷ്ട്രത്തലവന്‍ ഇത്രയധികം അധിക്ഷേപിക്കില്ലെന്നുറപ്പാണ്. ഈ കൊച്ചുകേരളത്തില്‍ കഷ്ടിച്ച് 1000 പേര്‍ പോലുമില്ലാത്ത ഒരു മതവിഭാഗത്തിന്റെ സൗകര്യാര്‍ത്ഥം നാലരലക്ഷം കുട്ടികള്‍ പങ്കെടുക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ മാറ്റിവെച്ചുവെന്നതോര്‍ക്കുക. 

(തുടരും)
(അടുത്ത പോസ്റ്റ്-മൂര്‍ത്തവും അമൂര്‍ത്തവുമായ തെളിവുകളെപ്പറ്റി)