ശാസ്ത്രം വെളിച്ചമാകുന്നു

Saturday 26 November 2011

21. അന്ധവിശ്വാസം; അതല്ലേ എല്ലാം!?

രാവിലെ കോളേജിലേക്കുള്ള യാത്ര. മലബാര്‍ എക്‌സ്പ്രസ്സില്‍ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക്. തീവണ്ടിയിലാകട്ടെ, കയറാനാവാത്ത തിരക്ക്. കാരണം തൊട്ടടുത്ത ദിവസത്തെ ആറ്റുകാല്‍ പൊങ്കാല. ബദ്ധപ്പെട്ട് ഒരുവിധം അകത്തുകയറി ഒരു അപ്പര്‍ ബര്‍ത്തില്‍ കയറിയിരുന്നു. താഴെ തേനീച്ചകളെപ്പോലെ ഇരമ്പുന്ന ഭക്തജനം. മിക്കവരുടേയും കയ്യില്‍ ചൂട്ട്‌സ്-മടല്‍സ് ആന്‍ കൊതുമ്പ്‌സ്. തമ്മില്‍ ഘോരഘോരമായ ചര്‍ച്ചകള്‍. ആര്‍ക്കും നിന്നുതിരിയാന്‍ ഇടമില്ലാതെ പൂരപ്പറമ്പുപോലെ വണ്ടിക്കകം.


 ഒന്നര മണിക്കൂര്‍ കഴിഞ്ഞ് തിരുവനന്തപുരത്ത് ചെന്നതും ഇറങ്ങാനുള്ള തിരക്കായി. കുറെ അമ്മച്ചിമാര്‍ എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു. തമ്പാന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഗേറ്റിന് പുറത്ത് ഹോട്ടല്‍ ചൈത്രത്തിന് എതിര്‍വശത്തായി ഒരു ബസ് സ്റ്റാന്‍ഡുണ്ട്. ഈ അമ്മച്ചിമാര്‍ ഞങ്ങളെ മറികടന്ന് ഓടിക്കയറിയത് ഈ ബസ്റ്റാന്‍ഡിലേക്കായിരുന്നു. തങ്ങളുടെ സഞ്ചികള്‍ അവരവിടെ കൊണ്ടുവെച്ചു.

അടുത്ത് തന്നെ പൊങ്കാലയ്ക്ക് അടുപ്പ് കൂട്ടാനുള്ള ഇഷ്ടിക ഇറക്കി വെച്ചിരിപ്പുണ്ട്. സമയം പാഴാക്കിയില്ല, അമ്മച്ചിമാര്‍ ഓടിച്ചെന്ന് കുറെ കട്ടകള്‍ എടുത്തുകൊണ്ട് വന്ന് ബസ് സ്റ്റാന്‍ഡിനുള്ളില്‍ രാജകീയമായിതന്നെ അടുപ്പ് കൂട്ടി. വെയില്‍ കായാതെ ബസ്സ് സറ്റാന്‍ഡിനുള്ളില്‍ നിന്നിരുന്ന യാത്രക്കാരെല്ലാം പുറത്ത്! പൊങ്കാലയെ വാഴ്ത്തി(?) അവര്‍ ബസ്സു കാത്തുനിന്നു വെയില്‍ കാഞ്ഞു. ഇതിനിടയില്‍ മറ്റൊന്നുകൂടി സംഭവിച്ചു. റോഡരുകില്‍ കൂട്ടിയിട്ടിരുന്ന ഇഷ്ടികള്‍ തന്നിഷ്ടപ്രകാരം എടുക്കാന്‍ അവസാനമെത്തിയ അമ്മച്ചിയെ ഓടിവന്ന ഒരു തമിഴന്‍ വിലക്കി.

''ഏയ് അമ്മാ! കട്ടയവിടെ വെക്ക്, നാനത് വില്‍ക്കാന്‍ ഇറക്കി വെച്ചിരിക്ക്യാ''
അമ്മച്ചി അതു കേട്ടെങ്കിലും യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു:
'ഓ! പിന്നെ നിന്റെ ഒരു കട്ട! ഇതൊക്കെ അമ്മേടെ കട്ടയാ. അമ്മയുടെ കരുണ. ഇന്നത്തെ ദിവസം അമ്മേടേയാ, അത് പ്രത്യേകതയാ. ഒ! ഒരു കട്ടയിങ്ങോട്ട് എടുക്കുന്നതിനാ...?? ഞങ്ങളതിങ്ങും ചൊമന്നോണ്ട് പോകില്ല. ഇവിടെ തന്നെ വെച്ചേക്കാമേ...' -ഭക്ത നിലപാട് വ്യക്തമാക്കി.

''മര്യാദയ്ക്ക് കട്ട അവിടെ വെക്കാന്‍!! നിങ്ങക്ക് ഓശാരമടിക്കാനല്ല ഞാനിവിടെ കട്ടയെറക്കിയെ. വേണേ ചൊള വെക്കണം.
അമ്മച്ചി പഠിച്ച പണി പതിനെട്ടും പയറ്റി കട്ട എടുക്കാന്‍ ശ്രമിച്ചു. അവര്‍ തമ്മില്‍ തര്‍ക്കമായി. നെറ്റിയില്‍ ഒരു ഇലയപ്പത്തിന്റെ വിസ്തൃതിയില്‍ കുറിയിട്ട തമിഴന്‍ അമ്മച്ചിയുടെ കയ്യിലും കട്ടയിലും പിടിമുറുക്കി. അവസാനം, ''കട്ട മോട്ടിക്കുന്നോടി ഡാഷേ'' എന്ന കമന്റില്‍ അമ്മച്ചി വല്ലാതെ ചൂളിപ്പോയി. എന്തിനേറെ പറയുന്നു, മുഴുവന്‍ പണവും കൊടുത്തിട്ടേ അവര്‍ക്കത് സ്വന്തമാക്കാനായുള്ളു.
''ഇത്തരത്തില്‍ എത്രയെണ്ണത്തെ കണ്ടിരിക്കുന്നു, എന്നോടാ കളി?!''-തമിഴന്റെ ആത്മഗതം. പിന്നീട് അയാള്‍ ബസ് സ്റ്റാന്‍ഡിലെത്തി നേരത്തെ അടുപ്പ് കൂട്ടിവെച്ച അമ്മച്ചിമാരില്‍ നിന്ന് അതേ നിരക്കില്‍ പണം ഈടാക്കി.

ശ്രദ്ധിക്കുക, ഈ അമ്മച്ചിമാരെല്ലാം തീവണ്ടിയില്‍ യാത്ര ചെയ്തത് ടിക്കറ്റെടുക്കാതെയാണ്. അന്നത്തെ ദിവസം ടിക്കറ്റ് എടുക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിന്റെ തണല്‍ ബലപ്രയോഗത്തിലൂടെ സ്വന്തമാക്കിയത് പൊങ്കാലയിടുമ്പോള്‍ വെയിലേറ്റ് വാടാതിരിക്കാനാണ്. ഇത് കൊച്ചമ്മമ്മാരും സിനിമാതാരങ്ങളും മാത്രം കാണിക്കുന്ന ബുദ്ധിയാണെന്ന് കരുതരുത്. യാത്രക്കാര്‍ പെരുവഴിയിലായതൊന്നും ഭക്തകള്‍ക്ക് വിഷയമല്ല. പിന്നെ ശ്രമിച്ചത് പൊങ്കാലവ്യവസായം മുതലാക്കാനായി തമിഴന്‍ ഇറക്കിവെച്ചിരിക്കുന്ന ഇഷ്ടിക മോഷ്ടിക്കാനാണ്. ഓര്‍ക്കുക, പൊങ്കാല തുടങ്ങാന്‍ പിന്നെയും 24 മണിക്കൂര്‍ സമയം ബാക്കിയുണ്ട്. തീവണ്ടിയില്‍ ടിക്കറ്റെടുക്കാതെ-യാത്രക്കാരെ ആട്ടിയിറക്കി-ഇഷ്ടിക മോഷ്ടിച്ച് ഭക്തജനം പായസം തിളപ്പിക്കുകയാണ്. 'ആത്മസമര്‍പ്പണം' എന്നാണ് ഇതിനെ പത്രങ്ങളെല്ലാം വിശേഷിപ്പിക്കുന്നത്!

പായസം പതഞ്ഞുപൊങ്ങുമ്പോള്‍ ആഗ്രഹനിവൃത്തിയും മോഹസാഫല്യവും വരുമെന്നാണ് സങ്കല്‍പ്പം. 'സങ്കല്‍പ്പം'എന്ന വാക്കിന് മതസാഹിത്യത്തില്‍ വലിയ പ്രാധാന്യമുണ്ട്. കാരണം അതില്‍ മൊത്തം അതേയുള്ളു. ഭക്തി എന്നാല്‍ ഭൗതികാസക്തി ആണെന്ന് ഞാനെഴുതിയതിനെപ്പറ്റി ചില വായനക്കാര്‍ മെയിലിലൂടെ ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇവിടെ നോക്കുക, ഏതെല്ലാം അധമപ്രവര്‍ത്തിയിലൂടെ ആയാലും വേണ്ടില്ല പായസം തിളപ്പിച്ച് 'ആനമുട്ട' സ്വന്തമാക്കണമെന്ന ആസക്തി തന്നെയാണ് ഈ ഭക്തമാനസങ്ങള്‍ക്കുള്ളത്. ആര്‍ക്കെന്തു സംഭവിച്ചാലും തനിക്ക് കിട്ടണം, തനിക്ക് നേട്ടമുണ്ടാകണം. ഇങ്ങനെയൊക്കെ ചെയ്താല്‍ നേട്ടമുണ്ടാകുമെന്ന് പലരും പറയുന്നു. എന്നാല്‍ വിടണ്ട. എത്ര മലീമസമാണ് ഭക്തമാനസമെന്ന് നോക്കൂ. ഒറ്റപ്പെട്ട സംഭവമാണോ ഇത്? ഒരിക്കലുമല്ല. ഇതിലും മോശമായ എത്രയോ അനുഭങ്ങള്‍ തെളിവായി നമുക്ക് ചുറ്റുമുണ്ട്. ഒരു ശരാശരി ഭക്തന്റെ മനസ്സ് ആഗ്രഹങ്ങളുടെ മുതലക്കിടങ്ങാണ്. മുഖക്കുരു മുതല്‍ കാന്‍സര്‍ വരെ, കോഴിക്കാല് മുതല്‍ കുഞ്ഞിക്കാലു വരെ, തോട്ടിപ്പണി മുതല്‍ മന്ത്രിപ്പണി വരെ..അവിടെ മുതലകളായവിടെ പുളച്ചുമദിക്കുന്നു. എല്ലാം ഭക്തന്‍ പ്രാര്‍ത്ഥനയിലൂടെ വിളിച്ചുപറയുന്നു. പ്രാര്‍ത്ഥനയിലൂടെ തെളിയുന്നത് അത് കേള്‍ക്കാന്‍ ഒരാളുണ്ടെന്നല്ല മറിച്ച് ഭക്തന് ആഗ്രഹങ്ങളും ആവശ്യങ്ങളുമുണ്ടെന്ന് മാത്രമാണ്.

ഒരു വര്‍ഷം പൊങ്കാലയിടുന്നവര്‍ തീര്‍ച്ചയായും അടുത്ത തവണ തിരിച്ചുവരും. കാരണം ഒരു പൊങ്കാലയും പരാജയപ്പെടില്ല!! പൊങ്കാലയുടെ വിജയം സങ്കല്‍പ്പമാണ്. വിജയിച്ചതായി സങ്കല്‍പ്പിച്ചാല്‍ വിജയിച്ചു! പൊങ്കാലയ്ക്ക് ശേഷം തുടര്‍ന്ന് വരുന്ന വര്‍ഷം സംഭവിക്കുന്ന നല്ല അനുഭവങ്ങളെല്ലാം പൊങ്കാലയുടെ മഹത്വമായി 'സങ്കല്‍പ്പിച്ചാല്‍' മതി. പൊങ്കാല ഹിറ്റാവും. പക്ഷെ ഒരു നിബന്ധന, സങ്കല്‍പ്പിക്കണം. അല്ലെങ്കില്‍ സംഗതി പാളും. മോശം അനുഭവങ്ങളുണ്ടായാല്‍ അത് ഭക്തന്റെ ന്യൂനതകളായി കാണണം. ദേവിക്കതില്‍ പങ്കില്ല. ഏതൊരാളുടേയും ജീവിതം സുഖദു:ഖസമ്മിശ്രമായിരിക്കുമല്ലോ. നഷ്ടങ്ങളും നേട്ടങ്ങളുമുണ്ടാകും. അതുകൊണ്ട് തന്നെ പൊങ്കാല ഒരിക്കലും പരാജയപ്പെടില്ല! തിരുവന്തപുരത്ത് വര്‍ഷാവര്‍ഷം ഫിലിം ഫെസ്റ്റിവല്‍ കാണാനെത്തുന്നവര്‍ ഈ രീതിയില്‍ 'സങ്കല്‍പ്പിക്കാന്‍' തയ്യാറായാല്‍ ഉറപ്പായും ഫിലിം ഫെസ്റ്റിവലും ഫലം തരും. അതോടെ പല സഞ്ചിമൃഗങ്ങളുടേയും ജീവിതത്തില്‍ ഐശ്വര്യം ആളിക്കത്തും.

പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ സ്വയം സംസാരിക്കുന്നു. നിങ്ങള്‍ പറയുന്നു, നിങ്ങള്‍ കേള്‍ക്കുന്നു. ഒരുതരം ആത്മരതി. പ്രാര്‍ത്ഥനയുടെ അജണ്ട പലപ്പോഴും പുറത്തുപറയാന്‍ നാണക്കേട് തോന്നുന്നതിനാലാണ് പ്രാര്‍ത്ഥിക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ അടഞ്ഞുപോകുന്നത്. കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്ന നായികയുടെ മുന്നിലെ വിഗ്രഹം മാറിയിട്ട് സ്വയം കയറിനിന്ന നായകന്‍മാര്‍ മലയാള സിനിമയിലുണ്ട്. നാലുപേരോട് പറയാന്‍ അറപ്പു തോന്നുന്ന കാര്യങ്ങള്‍ പ്രാര്‍ത്ഥനയില്‍ അതിവിശാലമായി അവതരിപ്പിക്കാം. ആരെങ്കിലും കേള്‍ക്കുമെന്ന നാണക്കേട് വേണ്ട. ആഗ്രഹങ്ങളുടെ കെട്ടഴിക്കാം, മോഹങ്ങള്‍ക്ക് ചിറക് പിടിപ്പിക്കാം. സ്വയം സംസാരിക്കുക! ആഗ്രഹങ്ങളെ കെട്ടഴിച്ചുവിട്ട് മനോരാജ്യത്തില്‍ മുഴുകാനുള്ള അവസരമാണ് പ്രാര്‍ത്ഥന ഓരോ വിശ്വാസിക്കും നല്‍കുന്നത്. എങ്ങനെ വിട്ടുകളയും?! മദ്യവും മയക്കുമരുന്നുംപോലെ യാഥാര്‍ത്ഥ്യത്തിന്റെ തീഷ്ണതയില്‍ നിന്ന് പിന്‍വാങ്ങാനുള്ള ഒരവസരമാണതൊരുക്കുന്നത്.

സഫലമാകാതെ വരുമ്പോള്‍ വീണ്ടും അതേ ഇനങ്ങള്‍ വീണ്ടും ഉള്‍പ്പെടുത്തി പ്രാര്‍ത്ഥന പരിഷ്‌ക്കരിക്കണം. സ്വന്തം ആവശ്യങ്ങള്‍ ആര്‍ക്കും മറക്കാനാവില്ലല്ലോ. ഫലിക്കുന്നതു വരെ പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചാല്‍ ഏതു പ്രാര്‍ത്ഥനയും ഫലിക്കും! എപ്പോള്‍ ഫലിക്കും എന്നു മാത്രം ചോദിക്കരുത്. നിങ്ങള്‍ ചോദിക്കുന്ന ഉടനെ ഫലം തരാന്‍ ദൈവം നിങ്ങളുടെ വാല്യക്കാരനൊന്നുമല്ല. അതുകൊണ്ടാണ് ജീവിതത്തില്‍ ഫലംകിട്ടാത്ത ആവശ്യങ്ങളുടെ മേല്‍ 'മുകളില്‍'ചെല്ലുമ്പോള്‍ ഒരു തീരുമാനമുണ്ടാകുമെന്ന വ്യവസ്ഥ മതഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതാകുമ്പോള്‍ പിന്നെ ആരും തെളിവ് ചോദിക്കുകയുമില്ല, കിട്ടിയില്ലെന്ന് തിരിച്ചുവന്ന് ആരും പരാതിപ്പെടുകയുമില്ല. എങ്ങനെ വീണാലും മതദൈവം നാലുകാലില്‍!!!

പ്രാര്‍ത്ഥനയിലെ സംഭാഷണവും ശ്രവണവും നാം തന്നെ നിര്‍വഹിക്കുന്നതിനാലാണ് ആവശ്യങ്ങള്‍ക്കൊന്നും പരിഹാരമുണ്ടാകാത്തത്. നമുക്കറിയാവുന്ന, നമുക്ക് സാധിക്കാത്ത കാര്യങ്ങള്‍ നമ്മോട് തന്നെ പറഞ്ഞാല്‍ എങ്ങനെ പരിഹാരമുണ്ടാകാനാണ്?! അതേസമയം എല്ലാ പ്രാര്‍ത്ഥനകളും ഫലിക്കാതിരിക്കുക അസാധ്യമാണ്. യാഥാര്‍ത്ഥ്യവും സാധ്യതയുമായി പൊരുത്തപ്പെടുന്ന ആവശ്യങ്ങളും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പടാറുണ്ട്. ഉദാ-പെണ്ണുകാണലിന് ശേഷമുള്ള കല്യാണം നടക്കണേ എന്ന് പ്രാര്‍ത്ഥന അല്ലെങ്കില്‍ കല്യാണം കഴിഞ്ഞിട്ട് കുഞ്ഞുണ്ടാവണേ എന്ന പ്രാര്‍ത്ഥന. അവയൊക്കെ ഫലിക്കാനുള്ള നല്ല സാധ്യതയുണ്ട്. ചിലര്‍ വിശപ്പ് മാറണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ആഹാരം കഴിക്കും. അത്ഭുതം!! അതോടെ വിശപ്പ് മാറും. വെള്ളത്തില്‍ വീണാല്‍ നനയുന്നതും തീയില്‍ വീണാല്‍ കരിയുന്നതും ദൈവാധീനമായി പ്രഖ്യാപിച്ചാല്‍ മതി പ്രാര്‍ത്ഥന ജീവിതതാളമായി മാറും.

വെറുതെ പ്രാര്‍ത്ഥിച്ചതുകൊണ്ട് ഫലമില്ലെന്ന് തിരിച്ചറിയുന്നതോടെ പ്രാര്‍ത്ഥന ഫലിക്കാനായി സര്‍വ ഭക്തന്‍മാരും അവസാനം യുക്തിവാദികളാകും. ഒരു കാര്യം നടക്കാന്‍ വേണ്ടതെല്ലാം അവര്‍ ചെയ്യും. പരീക്ഷ ജയിക്കണമെങ്കില്‍ പഠിച്ച് ഹാജരായി നന്നായെഴുതും. ബാക്കിയൊക്കെ മതദൈവത്തിന്റെ കയ്യില്‍! നൂറ് പ്രാര്‍ത്ഥനകളില്‍ പത്തെണ്ണം ഫലിച്ചാല്‍ പിന്നെ അതുമതി ആയിരം പുതിയ ആവശ്യങ്ങളുന്നയിക്കാനുള്ള ഊര്‍ജ്ജം ലഭിക്കാന്‍. ഒരാള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് കടകവിരുദ്ധമായിരിക്കും തൊട്ടടുത്ത് നില്‍ക്കുന്നവന്റെ പ്രാര്‍ത്ഥന. ദൈവം കുഴങ്ങിപ്പോകില്ലേ? മഴപെയ്യാനും പെയ്യാതിരിക്കാനും രണ്ടുപേര്‍ ഒരേസമയം തേങ്ങയടിച്ചാല്‍ മഴയുടെ കാര്യം പോക്കാണ്. അങ്ങനെ സംഭവിക്കാത്തതിനാലാണ് നമുക്ക് മണ്‍സൂണില്‍ നല്ല മഴ ലഭിക്കുന്നതെന്ന് വേണം കാണാന്‍. പലപ്പോഴും നിങ്ങളുടെ പ്രാര്‍ത്ഥന ഫലിക്കാത്തതിന്റെ കാരണം നിങ്ങളുടെ അയല്‍ക്കാരനും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നതാണ്. അയല്‍ക്കാരനെ സ്‌നേഹിക്കണമെന്ന് വേദപുസ്തകം; ഒപ്പം ശത്രുവിനെ സ്‌നേഹിക്കണമെന്നും. രണ്ടും ഒന്നുതന്നെയെന്ന് എഴുതിപ്പിടിപ്പിച്ചവനറിയാമായിരുന്നുവെന്ന് സാരം.

സാഫല്യം കിട്ടാക്കനിയായതിനാല്‍ പൊതുവെ പ്രാര്‍ത്ഥന ഫലിച്ചില്ലെങ്കിലും ഭക്തന് വലിയ നിരാശയൊന്നുമുണ്ടാകില്ല. ''എല്ലാം ഒരു വഴിപാടുപോലെ'' എന്നവന്‍ സമാധാനിക്കും. മലകയറാനും കല്ലെറിയാനും പോകുമ്പോള്‍ രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മതസാഹിത്യത്തില്‍ ശിപാര്‍ശയുണ്ട്. ഗുളിക ശരണം ഗച്ഛാമി എന്നൊരു പുതിയ ശരണമന്ത്രം ജനിച്ചത് അങ്ങനെയാണ്. ഹാജിമാര്‍ എന്തുമറന്നാലും മെഡിക്കല്‍ കിറ്റ് മറക്കില്ല. പ്രാര്‍ത്ഥന ഫലിക്കാത്തതില്‍ ആദ്യമൊക്കെ വലിയ വിഷമവും നിരാശയുമൊക്കെ തോന്നുമെങ്കിലും ക്രമേണ ആഘാതം കുറഞ്ഞുവരുകയും അതൊരു 'ശീല'മാകുകയും ചെയ്യും. ഫലമില്ലാതെ പ്രാര്‍ത്ഥിക്കാന്‍ തയ്യാറാകുന്ന മാനസികാവസ്ഥയിലേക്ക് ഭക്തന്‍ മാറും. 'നിഷ്‌ക്കാമകര്‍മ്മം' എന്ന് മതസാഹിത്യത്തില്‍ വിശേഷിപ്പിക്കുന്നത് സത്യത്തില്‍ ഇതായിരിക്കണം!! അതല്ലാതെ, ഫലം പ്രതീക്ഷിക്കാതെ മനുഷ്യന്‍ യാതൊന്നും ചെയ്യാനാവില്ല, ചെയ്യുന്നുമില്ല.പ്രാര്‍ത്ഥന ഫലിക്കുന്നതിന് തെളിവ് ചോദിച്ചാല്‍ മതം കണ്ണുരുട്ടും. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ റോമന്‍ കത്തോലിക്കര്‍ സഫലമായ പ്രാര്‍ത്ഥനകള്‍ തെളിവ് സഹിതം സാധൂകരിക്കപ്പെട്ടാലേ പദവികള്‍ സമ്മാനിക്കൂ. ഒരാളെ പുണ്യവാളനോ വിശുദ്ധനോ ആയി പ്രഖ്യാപിക്കണമെങ്കില്‍ അയാള്‍ അത്ഭുതം പ്രവര്‍ത്തിച്ചുവെന്നതിന്റെ കൃത്യമായ 'തെളിവും' സാക്ഷ്യപ്പെടുത്തലും അത്യാവശ്യമാണ്. ഒരാളുടെ കാര്യം മറ്റൊരാള്‍ ദൈവത്തോട് ശിപാര്‍ശ ചെയ്യുന്ന മതവിനോദമാണ് 'മധ്യസ്ഥ പ്രാര്‍ത്ഥന'. യേശുവിന്റെ മാതാവായ മറിയം പോലും ചെയ്യുന്നത് ഇത്തരം ശിപാര്‍ശകളാണ്. 'കര്‍ത്താവിന്റെ അമ്മേ, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ' എന്നാണ് വിശ്വാസികള്‍ പറയുക. ഇവിടെ പ്രാര്‍ത്ഥിക്കുന്ന ആളും പ്രാര്‍ത്ഥന കേള്‍ക്കുന്ന ആളും പ്രാര്‍ത്ഥിക്കുകയാണ്. അതായത് പല കൈ മറിഞ്ഞാണ് പ്രാര്‍ത്ഥനകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.


മദര്‍തെരേസയുടെ മഹത്വം അംഗീകരിക്കാനും ഇത്തരം മാധ്യസ്ഥപ്രാര്‍ത്ഥനകള്‍ തെളിവായി സ്വീകരിച്ചിരുന്നു. എന്നാല്‍ അത്ഭുതം പ്രവര്‍ത്തിച്ചുവെന്നതിന് സാക്ഷിപത്രം നല്കിയ സ്ത്രീ(Monica Besra) 'കടമ' നിര്‍വഹിച്ചതിന് വാഗ്ദാനം ചെയ്ത പ്രതിഫലം ലഭിച്ചില്ലെന്ന പരാതിയുമായി പിന്നീട് രംഗത്ത് വന്നത് വിവാദമായി. (See http://www.hindu.com/fline/fl1922/stories/20021108007613400.htm,http://www.telegraph.co.uk/news/worldnews/asia/india/1443320/Medicine-cured-miracle-woman-not-Mother-Teresa-say-doctors.htmlhttp://www.rationalistinternational.net/article/se_en_14102002.htm)


Monica Besra
മദര്‍തെരേസ മധ്യസ്ഥപ്രാര്‍ത്ഥന നടത്തി തന്റെ ഉദരരോഗം ഭേദമാക്കിയെന്നായിരുന്നു പണ്ട് ഈ സ്ത്രീ സാക്ഷിപറഞ്ഞത്. ബല്‍ജിയത്തിലെ കാലം ചെയ്ത രാജാവും ഗര്‍ഭഛിദ്രത്തിനെതിരെയുള്ള നിലപാട് കാരണം വിശുദ്ധനാക്കപ്പെടാന്‍ അര്‍ഹതയുള്ളവനാണ്. മരണശേഷം അദ്ദേഹത്തോട് പ്രാര്‍ത്ഥന നടത്തി ദൈവകൃപയാല്‍ രോഗശാന്തി കിട്ടിയെന്നറിയിച്ച് ആരെങ്കിലും മുന്നോട്ടുവരണമെന്ന് മാത്രം. ഈ ദിശയിലുള്ള പര്യവേക്ഷണങ്ങള്‍ ഇപ്പോള്‍ തകൃതിയായി നടക്കുന്നുണ്ടത്രെ. മരിച്ചുപോയ ബല്‍ജിയന്‍ രാജാവ് മധ്യസ്ഥത വഹിച്ച് രോഗശാന്തി വാങ്ങിത്തന്നെന്ന കഥയുമായി ഏതെങ്കിലും 'സാക്ഷി' ഉടന്‍ രംഗത്ത് വന്നേക്കാം. പോപ്പ് കഥ സാക്ഷ്യപ്പെടുത്തി ബല്‍ജിയന്‍ രാജാവിനെ പുണ്യവാളനാക്കണം; അത്രയേ വേണ്ടൂ. സമയാനുബന്ധിയായി ഘട്ടം ഘട്ടമായാണ് പുണ്യവാളനാക്കാനുള്ള തെളിവുകള്‍ അംഗീകരിക്കുന്നത്. 

മദര്‍തെരേസ 'Beatification' ഘട്ടം കടന്നതേയുള്ളു. മലയാളിയായ സിസ്റ്റര്‍ അല്‍ഫോണ്‍സയെ പോലെ വിശുദ്ധയാകണമെങ്കില്‍ ഇനിയും ഒരു ഘട്ടം (Deification) ബാക്കിയുണ്ട്. അവസാനഘട്ടത്തിലെത്തിയ ശേഷവും 'തെളിവുകള്‍' വ്യാജമാണെന്നു കണ്ടെത്തി വിശുദ്ധ-പുണ്യാവാള പദവികള്‍ തിരിച്ചെടുത്ത ചരിത്രവും റോമന്‍കത്തോലിക്കാ സഭയ്ക്കുണ്ട്. ഇതൊന്നും തമാശയല്ല. ഈ തെളിവെടുപ്പ് പ്രഹസനം പലപ്പോഴും സഭാംഗങ്ങളെപ്പോലും ചിരിപ്പിക്കാറുണ്ട്. ശാസ്ത്രവും തെളിവും അസ്വീകാര്യമായി തള്ളുന്നവര്‍ വിശുദ്ധരെ നിര്‍മ്മിക്കാനായി 'തെളിവിനായി' സാക്ഷികളുടെ പിറകെപായുന്നത് ചിരിക്ക് വക നല്കുന്നുണ്ട്.

മതവിശ്വാസം മനോരോഗമാണെന്ന് ആദ്യമായി തുറന്നടിച്ചത് ഒരുപക്ഷെ സിഗ്മണ്ട് ഫ്രോയിറ്റ് ആയിരിക്കണം('Faith is a mental disorder'). മനോവിഭ്രാന്തി കാട്ടുന്ന വ്യക്തിയെ ഭ്രാന്തനെന്ന് വിളിക്കാന്‍ സമൂഹം മടിക്കുന്നില്ല. പക്ഷേ, ഒരു സമൂഹത്തിന് മുഴുവന്‍ മനോവിഭ്രാന്തിയുണ്ടാകുമ്പോള്‍ അതിനെ 'മതവിശ്വാസം' എന്ന ഓമനപ്പേരിട്ട് വിളിക്കുമെന്ന് അമേരിക്കന്‍ എഴുത്തുകാരനായ റോബര്‍ട്ട് എം പിര്‍സിഗ് പറയുന്നു('When one person suffers from a delusion, it is called insanity. When many people suffer from a delusion it is called Religion' - Robert M Pirsig; The author of - Zen and Art of Motor cycle Maintenance).


 മതവിശ്വാസമെന്നത് പരസ്പരധാരണയോടും സമ്മതത്തോടും കൂടി ഒരു ജനത മുഴുവന്‍ വിഭ്രാന്തിക്കടിമപ്പെടുന്നതാണ്.ഭ്രാന്താശുപത്രിയില്‍ ചെന്നാല്‍ നിര്‍ഭാഗ്യശാലികളായ അവിടുത്തെ അന്തേവാസികളുടെ പെരുമാറ്റവും വിക്രിയകളും കണ്ടിട്ട് നാമവരെ ഭ്രാന്തരെന്ന് വിധിയെഴുതുന്നു. എന്നാല്‍ ഇതിലും അപഹാസ്യമായ കോപ്രായങ്ങള്‍ ഒരു സമൂഹം മുഴുവന്‍ കാട്ടിക്കൂട്ടുമ്പോള്‍ അതിനെ 'മതവിശ്വാസ'മെന്ന് വിളിക്കുമെന്നാണ് പിര്‍സിഗ് പറഞ്ഞത്.


Yeh, If I am mad, tell me who are below


പ്രാര്‍ത്ഥന സഫലമാകുമെന്ന് വാദിക്കാനായി എത്ര അപഹാസ്യമായ ചപലയുക്തി അവതരിപ്പിക്കാനും മതം മടിക്കില്ല. അന്തരിച്ച് പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് യേശുവിന്റെ അമ്മയായ വിശുദ്ധമറിയത്തില്‍ ഗാഢമായ വിശ്വാസമുണ്ടായിരുന്നു; അതില്‍ത്തന്നെ പോര്‍ട്ടുഗലിലെ ഫാത്തിമാ എന്ന സ്ഥലത്തെ പ്രദേശികപ്രതിഷ്ഠയോട് പ്രത്യേക മമതയും. 1981-ലെ വധശ്രമത്തിന് ശേഷം അദ്ദേഹത്തിന്റെ ബഹുദൈവബോധത്തിന്റെ മൂര്‍ച്ച കൂടി. തലനാരിഴയ്ക്കാണ് ജോണ്‍ പോള്‍ രക്ഷപെട്ടത്. വെടിയേറ്റ് സുഖം പ്രാപിച്ചെത്തിയ പോപ്പ് പറഞ്ഞത് ഫാത്തിമ മാതാവ് (Our lady of Fatima) ഇടപെട്ട് വെടിയുണ്ടയുടെ ഗതിതിരിച്ചതിനാലാണ് താന്‍ രക്ഷപ്രാപിച്ചതെന്നാണ്('A maternal hand guided the bullet'). വെടിയുണ്ടയുടെ ഗതിമാറ്റിയത് കൃത്യമായും ഫാത്തിമാ മാതാവാണെന്ന് നിശ്ചയമുണ്ടായിരുന്ന ജോണ്‍പോള്‍ വെടിയുണ്ട നീക്കംചെയ്യാന്‍ 6 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ചെയ്ത സര്‍ജന്‍മാരുടെ ടീമിന് അല്‍പം പോലും ക്രെഡിറ്റ് കൊടുക്കാന്‍ തയ്യാറായില്ല!
ഒരുപക്ഷേ, അവരുടെ കൈകളേയും ഫാത്തിമാ മാതാവ് നിയന്ത്രിച്ചുകാണും.John Paul II
 വെടിയുണ്ടയുടെ ഗതിമാറ്റിയ മാതാവ് എന്തുകൊണ്ട് ലക്ഷ്യംതന്നെ മാറ്റിയില്ല എന്നാരും സംശയിച്ചു പോകും. ജോണ്‍ പോളിന് പകരം വെടിയുണ്ട് അടുത്തുള്ള ഭിത്തിയിലേക്കോ കാറിലേക്കോ മറ്റോ ഗതിമാറ്റി വിട്ടിരുന്നെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് ഇത്രയധികം കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു!! അങ്ങനെയായിരുന്നെങ്കില്‍ ഈ പ്രശ്‌നമൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ.കഷ്ടപ്പെട്ട് ഒരുപകാരം ചെയ്യുമ്പോള്‍ അത് കൃത്യമായി ചെയ്യേണ്ടേ?! മറിയത്തിന്റെ തന്നെ പ്രദേശികഭേദങ്ങളായ അകിതയിലെ മാതാവും (Our Lady of Akita), ഗ്വാഡ്‌ലോപ്പിലെ മാതാവും (Our lady of Gaudalupe) ഗാരബാന്‍ഡലിലെ മാതാവുമൊക്കെ (Our lady of Garabandal) മറ്റ് കാര്യങ്ങളില്‍ മുഴുകിയിരുന്നതിനാലാവണം ജോണ്‍പോളിന്റെ നേരെ വന്ന വെടിയുണ്ടയുടെ ഗതിമാറ്റാന്‍ ഫാത്തിമാ മാതാവ് തന്നെ ഇടപെടേണ്ടി വന്നതെന്നും കരുതാം.

ക്രിസ്മസ് കരോള്‍' എന്ന വിഖ്യാത കൃതിയിലെ ആലീസ് സ്വന്തം സഹോദരിയോട് പറയുന്നതുപോലെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാത്ത, പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാത്ത ദൈവത്തെ കൊണ്ടെന്ത് പ്രയോജനം?! അതുകൊണ്ടുതന്നെ,''ഈ ലോകത്തെ സംബന്ധിച്ച ഏറ്റവും വലിയ അത്ഭുതം അത്ഭുതങ്ങളില്ല'' എന്നതാണെന്ന് ('The only miracle in this world is that there are no miracles')പറഞ്ഞ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഏതൊരു മതവിശ്വാസിയേയും പ്രകോപിപ്പിക്കും. 

Ambrose Bearce
 അമേരിക്കന്‍ ചെറുകഥാകൃത്തായ ആബ്രോസ് ബീഴ്‌സി (24.6.1842-1914?) പ്രാര്‍ത്ഥനയെ നിര്‍വ്വചിക്കുന്നത് രസകരമാണ്: ''അര്‍ഹതയോ യോഗ്യതയോ ഇല്ലാത്ത ഒരു പരാതിക്കാരനുവേണ്ടി പ്രപപഞ്ചനിയമങ്ങള്‍ റദ്ദാക്കാനുള്ള ആവശ്യമാണ് ഓരോ പ്രാര്‍ത്ഥനയിലും ഉന്നയിക്കപ്പെടുന്നത്''. പ്രപഞ്ചനിയമവും അതിന്റെ സ്വാഭാവികപരിണതിയും വിശ്വാസിക്ക് തൃപ്തിനല്കില്ല. അവയൊക്കെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഓരോ പ്രാര്‍ത്ഥനയിലും നടക്കുന്നത്. കാര്യങ്ങള്‍ സ്വാഭാവികമായ രീതിയില്‍ നടന്നാല്‍പോരാ, തനിക്കനുകൂലമായി തന്നെ നടക്കണം എന്നാണ് ഭക്തന്റെ മനോഗതി. പ്രകൃതിനിയമവും ദൈവവിധിയും സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ലല്ലോ.

കാര്യങ്ങള്‍ തനിക്കനുകൂലമാക്കാനായി മറ്റൊരാള്‍ക്ക് അത് നിഷേധിക്കപ്പെടുന്നതില്‍ വിശ്വാസിക്ക് യാതൊരു ഖേദവുമില്ല. അങ്ങനെ നടത്തിക്കിട്ടാനാണ് ദിനവും ആരാധിക്കുന്നത്. അത്തരം ആനുകൂല്യങ്ങള്‍ കൊണ്ടുവരാന്‍ ശേഷിയില്ലാത്ത ദൈവങ്ങളില്‍ വിശ്വാസിക്ക് താല്പര്യവുമില്ല. ഒന്നാംസ്ഥാനത്തിനായി പ്രാര്‍ത്ഥിക്കുന്നവന് മറ്റുള്ളവര്‍ക്കത് നഷ്ടപ്പെടുന്നതില്‍ തെല്ലും പരിഭവമില്ല. മറ്റുള്ളവരെ പിന്തള്ളി ദൈവം തങ്ങളെ ഒന്നാമതെത്തിക്കുന്നുവെന്ന് വിശ്വസിക്കുന്ന മത്സാരാര്‍ഥികളുണ്ട്. പക്ഷേ, കൂടെ മത്സരിക്കുന്നവര്‍ക്കും ഇതേ ആനുകൂല്യത്തിന് അര്‍ഹതയില്ലേ? എത്രപേര്‍ പ്രാര്‍ത്ഥിച്ചാലും ഒരാള്‍ക്കേ ഒന്നാമനാകാന്‍ സാധിക്കൂ. ആരും പ്രാര്‍ത്ഥിച്ചില്ലെങ്കിലും ഒരാള്‍ ഒന്നാമനായേ തീരൂ. പ്രപഞ്ചസ്രഷ്ടാവിനെ വ്യക്തിതാല്പര്യത്തിനടിമയായ ഒരു പക്ഷപാതിയായി കാണുന്നതാണ് മതവിശ്വാസിക്കിഷ്ടം.

എല്ലാ പ്രാര്‍ത്ഥനയും ദൈവനിന്ദയാകുന്നു. ദൈവേച്ഛ അംഗീകരിക്കാനുള്ള വൈമനസ്യം. തനിക്ക് വേണ്ടതെന്തെന്ന് ദൈവത്തിനല്ല തനിക്കാണ് അറിയാവുന്നതെന്ന ദുശാഠ്യമാണ് പ്രാര്‍ത്ഥനയില്‍ നിഴലിക്കുന്നത്. ദൈവം അറിഞ്ഞ് തന്നിരിക്കുന്നത് വേണ്ട മറ്റുചിലത് മതി എന്ന് വാശിപിടിക്കുന്നവന്‍ ദൈവേച്ഛ അംഗീകരിക്കുന്നതെങ്ങനെ? ദുരാഗ്രഹങ്ങളും ചപലമോഹങ്ങളും പ്രാര്‍ത്ഥനാരൂപത്തില്‍ ബഹിര്‍ഗമിക്കുന്ന ഭക്തന്‍ കൂടുതല്‍ ചോദിച്ചാല്‍ ഫിലോസഫി വിളമ്പാന്‍ തുടങ്ങും. ദൈവത്തോട് നന്ദി പറയുകയാണെന്ന് അവന്‍ വാദിച്ചു കളയും. എന്തിനാണ് നന്ദിപ്രകടനം? നല്‍കിയ നേട്ടങ്ങള്‍ക്കാണത്രെ ഈ നന്ദിപ്രകടനം. അതായത് ഭക്തിയും ആത്മീയതയും ഒരുതരം വാലാട്ടലാകുന്നു. കിട്ടിയതിന്റെ സന്തോഷം അറിയിക്കുന്നു, തുടര്‍ന്ന് കിട്ടാന്‍ ആഗ്രഹിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് വാലാട്ടുക, ഉറക്കമെഴുന്നേറ്റിട്ട് വാലാട്ടുക. അവസാനം രണ്ടു കഷണം പഞ്ഞി മൂക്കില്‍ തിരുകപ്പെടുന്നതുവരെ വാലാട്ടുക. എങ്കിലേ മരണശേഷം പഞ്ഞി നീക്കം ചെയ്യുമ്പോള്‍ ശ്വസിക്കാനാവൂ!! നേട്ടത്തിന് നന്ദി പറയുന്നവര്‍ കോട്ടം വരുമ്പോള്‍ എന്തുചെയ്യും? അപ്പോഴും നന്ദി പറയും!? പരാതി പറയും?! കാരണം പ്രാര്‍ത്ഥിക്കുന്നത് മോഹപ്രകടനമാണെന്ന് പറയുന്നത് നാണക്കേടല്ലേ. ഈ നന്ദി മതദൈവം ആഗ്രിക്കുന്നുണ്ടോ?

തിരുവനന്തപുരത്ത് പഴവങ്ങാടിയില്‍ തേങ്ങയടിച്ചാല്‍ സര്‍വതടസ്സങ്ങളും മാറുമെന്നാണ് കോര്‍പ്പറേഷന്‍ നിയമം. കാറിലും ജീപ്പിലുമൊക്കെ ഗണപതിയുടെ ചെറിയ ശില്‍പ്പം പ്രതിഷ്ഠിച്ചാണ് തദ്ദേശിയരായ വിശ്വാസികള്‍ ട്രാഫിക്തടസ്സങ്ങളും പ്രതിബന്ധങ്ങളും നീക്കംചെയ്യുന്നത്. ശില്‍പ്പങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് ദിനംപ്രതി ട്രാഫിക്ക് തടസ്സം കുറഞ്ഞുവരുന്നുണ്ട്. അപകടത്തില്‍ പെടുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുക, അവയിലൊക്കെ കുറഞ്ഞത് മൂന്നിനം മതദൈവങ്ങളുടെ ചിത്രങ്ങളുണ്ടാകും. ഭിന്നദൈവങ്ങള്‍ക്കിടയിലുണ്ടാകുന്ന ആശയക്കുഴപ്പമാണ് ദുരന്തങ്ങളുണ്ടാക്കുന്നതെന്ന് വ്യക്തം. ഏതെങ്കിലും ഒരു ദൈവത്തിന്റെ മാത്രം ഫോട്ടോ വെക്കുന്ന വാഹനങ്ങള്‍ക്ക് ദുരന്തം സംഭവിക്കുന്നില്ലെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

അതിരാവിലെ ദിനകൃത്യങ്ങള്‍ക്ക് തടസ്സം അനുഭവപ്പെടുന്നുവോ? വിഷമിക്കേണ്ട, തിരുവനന്തപുരത്ത് അതിനും പരിഹാരമുണ്ട്. ഉടനെ ഒരു ചെറുതേങ്ങയുമെടുത്ത് പഴവങ്ങാടിയിലേക്ക് പോവുക. നടന്നും വണ്ടിപിടിച്ചും കോവിലില്‍ എത്തി തേങ്ങയടിച്ച് തിരിച്ച് വീട്ടിലെത്തുന്നതോടെ ശരീരത്തിന് മൊത്തത്തില്‍ നല്ല ഇളക്കവും വ്യായാമവും ലഭിക്കുന്നതോടെ തടസ്സങ്ങളൊക്കെ മാറി നല്ല ശോധന ഉറപ്പാക്കപ്പെടുന്നു. നിങ്ങള്‍ കരുതും ഇതൊക്കെ അര്‍ത്ഥശൂന്യമായ കോപ്രായങ്ങളാണെന്ന്. പക്ഷെ അറിയുക ഇതൊന്നും വെറും അന്ധവിശ്വാസമല്ല, മറിച്ച് ശാസ്ത്രമാണ്! 'അന്ധവിശ്വാസം' എന്നാല്‍ 'അന്യന്റെ വിശ്വാസം' എന്ന് കണ്ടാല്‍ മതി. ''ഞാനൊരു വിശ്വാസിയാണ്, അന്ധവിശ്വാസിയല്ല'' എന്ന് ചില മഹാത്മാക്കള്‍ മൊഴിയുന്നതിന്റെ ഗുട്ടന്‍സ് ഇതാണ്.

കുട്ടികള്‍ക്ക് സാന്റോ ക്‌ളോസ് പ്രിയങ്കരനാണ്. ദൈവമാണ് മുതിര്‍ന്നവരുടെ സാന്റോ ക്‌ളോസ്. പ്രാര്‍ത്ഥന 'വിശുദ്ധമായ' ഭിക്ഷാടനമാകുന്നു. വഴിയരികില്‍ തോര്‍ത്ത് വിരിച്ചിട്ട് ഭിക്ഷയെടുക്കുന്നവരെ പുച്ഛിക്കുന്നവരുണ്ട്. എന്നാല്‍ മതഭക്തി ജീവിതകാലം മുഴുവന്‍ നീട്ടിവിരിച്ചിട്ടിരിക്കുന്ന ഒരു തോര്‍ത്താണ്. വീഴുന്നതൊക്കെ വീഴട്ടെ എന്ന മനോഭാവത്തോടെ ഭക്തന്‍ പ്രാര്‍ത്ഥനാതൊഴിലാളിയായി കാലം കഴിക്കുന്നു. Bribing ഉം Begging ഉം തമ്മില്‍ നിഘണ്ടുവില്‍ വ്യത്യാസമുണ്ടാവാം. പക്ഷെ മതപ്രാര്‍ത്ഥനയില്‍ രണ്ടും തിരിച്ചറിയാനാവാത്തവിധം ചാലിച്ചുചേര്‍ക്കപ്പെട്ടിരിക്കുന്നു. മതവിശ്വാസിയുടെ ദൈവം കൈക്കൂലിയും മുഖസ്തുതിയിലും പ്രസാദിക്കുന്നവനാണ്. ഇങ്ങനെയൊരു സ്വഭാവമുള്ള മനുഷ്യനെ എത്ര തരംതാണവനായാണ് നാം കാണുകയെന്ന് ഓര്‍ത്തുനോക്കൂ.ഈ പ്രപഞ്ചം മുഴുവന്‍ 'സൃഷ്ടിച്ച' ശേഷം അവിടെ അവസാനമെത്തിയ മനുഷ്യന്‍ മാത്രം തന്നെ അനുനിമിഷം പുകഴ്ത്തണമെന്ന് ശാഠ്യംപിടിക്കുന്ന ഈ ശക്തി പ്രപഞ്ചത്തിന് അതീതമായത് എന്തുകൊണ്ടും നന്നായി. കാരണം ഈ പ്രപഞ്ചത്തില്‍ ഇത്തരമൊന്ന് അങ്ങേയറ്റം പരിതാപകരമായി ഗണിക്കപ്പെടും. ദിവസവും അഞ്ചു മുതല്‍ അമ്പതുനേരം വരെ തന്നെ വിളിച്ച് കേഴണമെന്ന് ആവശ്യപ്പെടുന്ന ദൈവം! മരിക്കുന്നതുവരെ പരാതികളും ആവശ്യങ്ങളുമായി യുക്തിക്കും പ്രപഞ്ചത്തിനും അതീതനായ അവനെ വിമ്മിഷ്ടപ്പെടുത്തുന്ന വിശ്വാസികള്‍! അവനോട് 'സംവദിക്കുമ്പോള്‍' വിശ്വാസി അറിയാതെ കണ്ണടയ്ക്കുന്നു;അവരെ കാണുമ്പോള്‍ അവനും!      ***

Saturday 19 November 2011

20. യുദ്ധക്കിടങ്ങിലെ നിരീശ്വരവാദി

Cor. Pat Tillman- 'The ultimate
Foxhole atheist'
''സര്‍, അങ്ങനെയല്ല അതുച്ചരിക്കേണ്ടത്. തെറ്റായി ഉച്ചരിക്കാന്‍ പാടില്ല. ഫലസിദ്ധിയുണ്ടാവില്ല.''
ബിരുദാന്തരബിരുദ ക്‌ളാസിലെ അനുഭവം. യഹോവ, കൃഷ്ണ്‍, അള്ളാഹു തുടങ്ങിയ ദൈവങ്ങള്‍....എന്നു തുടങ്ങുന്ന ഒരു വാചകം പാഠസംബന്ധിയായി പറഞ്ഞുവരികയായിരുന്നു. പെട്ടെന്ന് മുന്‍ബഞ്ചിലിരുന്ന ഒരു മുസ്‌ളീം പെണ്‍കുട്ടി വളരെ സൗഹാര്‍ദ്ദപരമായി പറഞ്ഞ കാര്യമാണ് മേലെഴുതിയത്. 'അള്ളാഹു' എന്ന് ഞാനുച്ചരിച്ചത് ശരിയായില്ലെന്നും നാക്ക് പ്രത്യേകരീതിയില്‍ മേല്‍പ്പോട്ട് വളച്ചാണത് പറയേണ്ടതെന്ന് അവള്‍ വിശദീകരിക്കുകയായിരുന്നു.

'ഒ.കെ എനിക്കതറിയില്ല, അറബിയൊന്നും അത്ര പിടിയില്ല. നിങ്ങള്‍ പറയുന്നതായിരിക്കാം ശരി'
''അല്ല ഞാന്‍ പറഞ്ഞെന്നേയുള്ളു. സാറിന് വേറൊന്നും തോന്നരുത്. ഞങ്ങള്‍ക്ക് അതൊക്കെ നിര്‍ബന്ധമാണ്. പലരും അത് തെറ്റായി ഉച്ചരിക്കുന്നത് കാണാം.''
'ഈ വാക്കിലൊക്കെ ഇങ്ങനെ കയറി പിടിക്കണോ? ഇത്ര നിര്‍ബന്ധബുദ്ധി വേണോ കുട്ടി?'
''പോര സര്‍, ഇതൊക്കെ ഞങ്ങളുടെ കരുതലില്‍ പെടും. ആചരിക്കുന്നവര്‍ക്കേ ഫലം കിട്ടൂ''

'ഒ.കെ ഡിയര്‍. ശരി ശരി. മതം ആചരിക്കുമ്പോള്‍ കൃത്യമായി ആചരിക്കണമെന്ന വാശി ചെയ്യുന്ന കാര്യത്തിലുള്ള അര്‍പ്പണബോധത്തിന്റെ അടയാളം തന്നെ. ആട്ടെ, എല്ലാ കാര്യത്തിലും ഈ നിര്‍ബന്ധബുദ്ധിയുണ്ടോ?'
''പഠിത്ത കാര്യമാണോ സാറുദ്ദേശിച്ചത്?''- ചെറു ചിരിയോടെ അവള്‍ പിന്നോട്ടടിച്ചു.
'അല്ല ഓരോ വാക്കുച്ചരിക്കുമ്പോഴും മതപരിശോധന നടത്താറുണ്ടോ?'
''അതൊക്കെ വേണം, തെറ്റ് നാഥന്‍ പൊറുക്കില്ല. മത കാര്യത്തില്‍ നമുക്ക് അശ്രദ്ധ പാടില്ല. ഇറ്റ് ഈസ് വെരി വെരി ഇംപോര്‍ട്ടന്റ്.''

വിഷയം വിട്ട് അടുത്ത പോയിന്റിലേക്ക് കടക്കാന്‍ തുനിയുകയായിരുന്നു ഞാന്‍. അപ്പോള്‍ അവള്‍ വീണ്ടും:
''സാറ് സ്വന്തം ദൈവത്തിന്റെ കാര്യത്തില്‍ തെറ്റ് വരുത്തുമോ?''
ഞാനവളെ നോക്കി മൃദുവായി മന്ദഹസിച്ചു.
''എന്നെ വിട്ടേക്കൂ, ഞാന്‍ ആ ചിട്ടിയില്‍ ചേര്‍ന്നിട്ടില്ല. എന്നാലും ചോദിച്ചോട്ടെ, ഒരു പാമ്പ് ഈ ക്‌ളാസ്സ് റൂമിലേക്ക് പെട്ടെന്ന് ഇഴഞ്ഞുവരുന്നതായി സങ്കല്‍പ്പിക്കു. നിങ്ങളപ്പോഴെന്തു പറയും?'
''എന്താ പറയാ, അയ്യോ പാമ്പ് എന്ന് വിളിച്ചിറങ്ങിയോടും,അത്രതന്നെ''

'ആപത്ഘട്ടമായിട്ടും പ്രാര്‍ത്ഥിക്കാതെ, അയ്യോ പാമ്പെന്ന് പറയുകയാണോ വേണ്ടത്?'
''അതൊക്കെ റിഫള്ക്‌സ് ആക്ഷനല്ലേ സാറേ? സാറായാലും അതേ പറയൂ.''
'തീര്‍ച്ചയായും ഞാനുമതേ പറയൂ, അങ്ങനെ പറയുന്നതില്‍ എനിക്ക് കുറ്റബോധമോ നാണക്കേടോ ഇല്ല'
''എന്നുവെച്ചാല്‍?''
'എന്നുവെച്ചാല്‍ സാങ്കേതികമായി ഞാനവിടെ ഒരു 'ദൈവ'ത്തെ വിളിക്കുകയാണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഞാനങ്ങനെ ഉദ്ദേശിച്ചിട്ടില്ല. അത് ഭാഷാപരമായ ഒരു ശീലം മാത്രം.'
''സാറെന്താ പറയുന്നേ? മനസ്സിലായില്ല''
'ഞാന്‍ പറഞ്ഞതിതാണ്, 'അയ്യോ പാമ്പ്' എന്ന് പറയുമ്പോള്‍ ഞാന്‍
'അയ്യനെ'വിളിച്ച് സഹായമഭ്യര്‍ത്ഥിക്കുകയാണ്.'അയ്യന്‍'എന്നാല്‍ ബുദ്ധന്‍ എന്നര്‍ത്ഥം. ചിലരതിന് വിഷ്ണു എന്ന മറ്റൊരര്‍ത്ഥവും കല്‍പ്പിക്കും. രണ്ടായാലും ഒരു അമുസ്‌ളീം ദൈവം. വിളിയിലും ഉച്ചാരണത്തിലുമൊക്കെ വലിയ ശാഠ്യമുള്ള കുട്ടി ഒരു അമുസ്‌ളീം ദൈവത്തെയാണ് ആദ്യം വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചതെന്ന് സാരം.'
''ങേ, അതിന്റെയൊക്കെ അര്‍ത്ഥം അങ്ങനെയാണോ? അയ്യോ!! എനിക്കതറിയില്ലായിരുന്നു''
അവളത് പറഞ്ഞതും ക്‌ളാസ്സില്‍ കൂട്ടച്ചിരിയുയര്‍ന്നു.

ഒരാള്‍ നാസ്തികനാണെന്ന് മനസ്സിലായാല്‍ തൊണ്ണൂറ് ശതമാനം മതവിശ്വാസികളും വിജയഭാവത്തില്‍ 'ഫിലോസഫി'യായി പറയുന്ന രണ്ടു കാര്യങ്ങളുണ്ട്.


(1) എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അപ്പോഴേ ഏത് നിരീശ്വരവാദിയും അറിയാതെ ദൈവത്തെ വിളിക്കും!
(2) നിരീശ്വരവാദം പറഞ്ഞുനടക്കുന്നവരൊക്കെ അവസാനകാലത്ത് ഭജന പാടി നടക്കും.

പറഞ്ഞുകേള്‍ക്കുമ്പോള്‍ അയ്യേ! എന്നുതോന്നും. വലിയ തത്വചിന്തകരും കിടു കാറ്റഗറിയില്‍പ്പെട്ട സൃഷ്ടിവാദികളുമൊന്നും ഈ കഥയില്ലാത്ത വാദം ഉയര്‍ത്തില്ല. പക്ഷെ മഹാഭൂരിപക്ഷം മതവിശ്വാസികളും ബ്രഹ്മാസ്ത്രമായി കാണുന്ന ഒരു പേച്ചാണിത്. എന്നുപറഞ്ഞാല്‍ ഞങ്ങളൊക്കെ ചിന്തിച്ചും പഠിച്ചും മറുകര താണ്ടി സവിശേഷമായ ഒരു ചിട്ടിയില്‍ ചേര്‍ന്നിരിക്കുന്നു. ചിട്ടി സവിശേഷമാണെന്ന് പറയാന്‍ കാരണം മറ്റൊന്നുമല്ല അതില്‍ 'അടവ്' മാത്രമേയുള്ളു. ചിട്ടിപിടുത്തവും ലോണെടുപ്പുമൊന്നും നടപ്പില്ല. ചിട്ടിത്തുക മരിച്ചുകഴിഞ്ഞാല്‍ മരിച്ചയാള്‍ക്ക് കിട്ടുമെന്നാണ് നിയമം. കാരണം ചിട്ടിനടത്തിപ്പുകാരന്‍ പ്രപഞ്ചാതീതനാണ്!

ദൈവച്ചിട്ടി എന്തോ ആയിക്കൊള്ളട്ടെ, ചിട്ടിയില്‍ ചേരാത്തവന്‍മാരെല്ലാം അവസാനം അനുഭവിക്കും. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ചിട്ടിക്കമ്പനിയുടെ പേര് വിളിച്ച് കേഴും.
''ദൈവമേ''എന്നുവിളിക്കുന്നതാണ് ദൈവമുണ്ടതിന്റെ ഏറ്റവും വലിയ തെളിവ് എന്ന് തട്ടിവിടുന്നവര്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? അങ്ങനെ ചോദിക്കരുത്. ഒരാള്‍ ''എന്റെ ദൈവമേ!'' എന്നുപറഞ്ഞാല്‍ ദൈവമുണ്ടെന്നതിന്റെ തെളിവാകുമ്പോള്‍ 'അയ്യോ', 'അമ്മേ' എന്നൊക്കെ പറഞ്ഞാല്‍ അവയുടേയും തെളിവായി!!
ഡി.സി ബുക്‌സിന്റെ ബ്‌ളോഗില്‍'നാസ്തികനായ ദൈവദൂതന്‍ സംസാരിക്കുന്നു' എന്ന അഭിമുഖത്തില്‍ ഇതേ ചോദ്യമുണ്ടായിരുന്നു:
ഓ, ഈ നിരീശ്വരവാദികളെ സമ്മതിക്കണം. നമുക്കൊക്കെ എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ 'ദൈവമേ!' എന്നെങ്കിലും വിളിക്കാം. അവരെന്തോ വിളിക്കും?(http://www.dcbooks.com/blog/?s=ravichandran+c) 

ഈ പരിഹാസത്തിലെ അന്തര്‍ധാരയും മേല്‍പ്പറഞ്ഞതുതന്നെ.
എന്റെ മറുപടിയുടെ സാരം ഇതായിരുന്നു: ഞങ്ങളുടെ നാട്ടില്‍ ഒരു കൊച്ചേട്ടനുണ്ട്. പത്തറുപത് വയസ്സ് പ്രായം കാണും. തനി നാട്ടുമ്പുറത്തുകാരനാണ്. ഒന്നു പറഞ്ഞ് രണ്ടിന് 'കോപ്പ്' എന്ന് പറയാതിരിക്കാന്‍ അദ്ദേഹത്തിനാവില്ല. സാധാരണ സംസാരിക്കുമ്പോള്‍ പോലും ഈ വാക്ക് കയറിവരും. ഇതൊന്ന് ഒഴിവാക്കി കൂടേ ചേട്ടാ? എന്നൊരിക്കല്‍ ഞാന്‍ ഈ കൊച്ചേട്ടനോട് ചോദിച്ചു. ''ഓ, ശീലമായിപ്പോയി, കുഞ്ഞേ. വേണ്ടെന്ന് വെച്ചാലും വന്നുപോകും. ഇനിയിപ്പം ഇതൊഴിവാക്കിയിട്ട് ഞാനെന്നാ കോപ്പ് പറയാനാ?'' കൊച്ചേട്ടന്‍ സ്വന്തം വിഷമം പറഞ്ഞു. തത്വത്തില്‍ ആ ചേട്ടന്‍ പറഞ്ഞതിതാണ്:''ഓ,ഒരു പ്രശ്‌നം വരുമ്പോള്‍ ഈ വാക്കില്ലായിരുന്നെങ്കില്‍ ഞാനെന്തോ ചെയ്യുമായിരുന്നു?

വൈകാരിക പ്രതിസന്ധി, അപകടം, രോഗം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ വന്നാല്‍ നാസ്തികര്‍ ദൈവത്തെ വിളിക്കാന്‍ തുടങ്ങുമെന്നാണ് മതപ്രചരണം. ''എന്റെ ദൈവമേ!'' എന്ന വാക്ക് മലയാളിയുടെ നാക്കില്‍ ആദ്യം വരുന്നതിന്റെ കാരണം മലയാളം മാതൃഭാഷയാണെന്നത് മാത്രമാണ്. ബാല്യത്തിലെ അത്തരത്തില്‍ കിട്ടിയ ഭാഷാപരമായ പരിശീലനമാണതിന് കാരണം. ഭിന്ന ഭാഷക്കാര്‍ വ്യത്യസ്തമായി ആ വാക്കുപയോഗിക്കും. മാതാവില്‍ നിന്ന് പഠിച്ചതും മാതൃഭാഷയും മറക്കാനാവില്ല. ''ദൈവമേ!'' എന്നോ ''അയ്യോ!'' എന്നോ എന്നേ വിളിക്കുന്നത് മതബോധനത്തിന്റെയും ഭാഷാപഠനത്തിന്റെയും ഫലമായാണ്. പില്‍ക്കാലത്ത് നാസ്തികനായി മാറിയാലും ചില നിമിഷങ്ങളില്‍ ഇതൊക്കെ അറിയാതെ നാക്കിന്‍തുമ്പത്ത് വന്നെന്നിരിക്കും. പഠിച്ച്  
ശീലമാക്കിയില്ലെങ്കില്‍

 ഇതൊന്നും ആരും പറയില്ല. പഠിച്ചത് പാടും. ചെന്നായ വളര്‍ത്തിയ കുട്ടി ഓരിയിടും, നായ വളര്‍ത്തിയ കുട്ടി ഓക്‌സാനെയെപ്പോലെ കുരയ്ക്കും(http://www.youtube.com/watch?v=ljVd6XS-J0s)

കടുംവിശ്വാസികളുടെ ചരിത്രം എഴുതുമ്പോള്‍ പൊലിപ്പും തൊങ്ങലുമെന്ന കൂട്ടാനായി ''താന്‍ പണ്ടൊരു നിരീശ്വരവാദിയായിരുന്നു''എന്ന വീമ്പിളക്കല്‍ സാധാരണമാണ്. അതായത് നിരീശ്വരവാദമൊക്കെ അരച്ചു കലക്കി കുടിച്ച എന്നോടാ കളി?! ഞാനൊരു മണ്ടനൊന്നുമല്ല, എല്ലാത്തിന്റെയും മറുകര കണ്ടിട്ടാ ഞാന്‍ പിന്നീട് വിശ്വാസിയായത് എന്നാണ് ഈ മഹാന്‍ നമ്മോട് പറയാന്‍ ശ്രമിക്കുന്നത്‌. മതപരമായി വലിയ അക്രമമൊന്നും കാണിക്കാതെ അടങ്ങിയൊതുങ്ങി കഴിഞ്ഞ ഒരു കാലം ഈ അന്ധവിശ്വാസിക്കുണ്ടായിരുന്നിരിക്കാം. അതായത് വലിയ മതപരാക്രമമൊന്നുമില്ലാത്ത ഒരു നിസംഗഘട്ടം. പിന്നീടെപ്പോഴോ എന്തോ ആനമുട്ട ലക്ഷ്യമാക്കി ചാടി വീണതായിരിക്കും ശരിക്കും സംഭവിച്ചിട്ടുണ്ടാവുക. സ്ഥിരം ഗുരുവായൂര്‍ സന്ദര്‍ശിക്കുകയും ആസ്തമ കാരണം ശബരിമല വിട്ടുകളയുകയും ചെയ്യുന്നവന്‍
ഒരു മകരജ്യോതി ദര്‍ശിക്കാന്‍ പോയാലും നിരീശ്വരവാദി മല ചവിട്ടിയതായി മതപ്രചരണം വരും! 
Gorbachev
അതേസമയം ലോകത്തെ 99 ശതമാനം നാസ്തികരും മുന്‍ മതവിശ്വാസികളാ(Ex-Religious people)ണെന്നതാണ് വസ്തുത. എന്നാല്‍ വിശ്വാസി അവിശ്വാസിയാകുന്നതിന് വലിയ വാര്‍ത്താപ്രധാന്യമില്ല. പക്ഷേ, പ്രശസ്തരായ അവിശ്വാസികളുടെ 'വിശ്വാസവ്യതിയാനം' മതം പ്രചരണായുധമാക്കും. 2008 മാര്‍ച്ച് 19-ന് ഇറ്റലിയിലെ സെന്റ് ഫ്രാന്‍സിസ് അസ്സീസിയുടെ ശവക്കല്ലറ സന്ദര്‍ശിച്ച മുന്‍ സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ കാര്യമെടുക്കുക. സെന്റ് ഫ്രാന്‍സിസ് 'അപരക്രിസ്തു' (The Other Christ) ആണെന്നും തന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ അദ്ദേഹത്തിന്റെ കല്ലറ സന്ദര്‍ശിക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്നും ഗോര്‍ബി പ്രസ്താവിച്ചിരുന്നു. 


ഒരു പഴയ കമ്മ്യൂണിസ്റ്റുകാരന്റെ ദാര്‍ശനിക അപചയമായി ഈ പ്രസ്താവന മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ടു. വര്‍ഗ്ഗശത്രുവായി ഗോര്‍ബിയെ പണ്ടേ എഴുതിത്തള്ളിയ കമ്മ്യൂണിസ്റ്റുകാരും യുക്തിവാദികളും ഈ വാര്‍ത്ത കണ്ടതായി നടിച്ചില്ല. ആധുനികയുഗത്തില്‍ മതത്തിന് തിരിച്ചുവരാന്‍ കളമൊരുക്കിക്കൊടുത്ത പിന്തിരിപ്പനാണ് അവരെ സംബന്ധിച്ചിടത്തോളം ഗോര്‍ബചേവ്.


പക്ഷേ, ദിവസങ്ങള്‍ക്കകം ഗോര്‍ബചേവ് തന്നെ ശക്തമായ ഭാഷയില്‍ തന്നെക്കുറിച്ചുള്ള മാധ്യമകഥള്‍ നിഷേധിച്ചു: ''കഴിഞ്ഞ കുറേ ദിവസങ്ങളായി ചില മാധ്യമങ്ങള്‍ എന്റെ കത്തോലിക്കാവിശ്വാസം സംബന്ധിച്ച് കെട്ടുകഥകള്‍ƒപ്രചരിപ്പിക്കുകയാണ്. കെട്ടുകഥയെന്ന വാക്കേ എനിക്ക് കിട്ടുന്നുള്ളു. എല്ലാത്തരം തെറ്റിദ്ധാരണകളും ഒഴിവാക്കാനായി പറയട്ടെ: ഞാന്‍ എക്കാലത്തും ഒരു നിരീശ്വരവാദിയായിരുന്നു; ഇന്നും അതങ്ങനെതന്നെ തുടരുന്നു.'' ('Over the last few days some media have been disseminating fantasies-I can’t use any other word-about my secret Catholicism,[...] To sum up and avoid any misunderstandings, let me say that I have been and remain an atheist.'). ടാസ് റിപ്പോര്‍ട്ട് ചെയ്ത ഈ നിഷേധക്കുറിപ്പിന് ഇന്റര്‍നെറ്റിന് പുറത്ത് വലിയ പ്രചാരമുണ്ടായില്ല. ഗോര്‍ബചേവ് നാസ്തികനായി തുടര്‍ന്നാലും മതവിശ്വാസിയായി മാറിയാലും ഒരു പ്രചരണായുധം എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും അതിനില്ല.


Anthony Flew
അമേരിക്കയില്‍ ഡാന്‍ ബാര്‍ക്കര്‍ എന്ന ക്രിസ്ത്യന്‍ പുരോഹിതന്‍ സജീവമായ മതപ്രചണത്തില്‍ നിന്ന് പുറത്തുവന്ന് അമേരിക്കന്‍ എത്തിയിസ്റ്റിന്റെ പ്രസിഡിന്റായി മാറി. ലോകത്ത് പതിനായിരക്കണക്കിന് പുരോഹിതന്‍മാര്‍ അവിശ്വാസിയായിരിക്കെ മതത്തിനൊപ്പം നിന്ന് ജീവിതം ഭദ്രമാക്കുന്നു. മദര്‍ തരേസ അവിശ്വാസിയായിട്ടും മതജീവിതം നയിച്ച് വാഴ്ത്തപ്പെട്ടവളായി തീര്‍ന്ന വ്യക്തിയാണ്. എന്നാല്‍ ആന്തണി ഫ്‌ളീ Anthony flew(1923-2010) എന്ന പ്രശസ്ത നിരീശ്വരവാദി എണ്‍പത്തിയഞ്ചു വയസ്സിനുശേഷം പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടാകാം (a sort of diluted Deism) എന്ന് സൂചിപ്പിച്ചുവെന്ന് വാദിച്ച് ചില ഇവാഞ്ചലിസ്റ്റുകള്‍ പുസ്തകപ്രചരണം നടത്തുകയുണ്ടായി. വാര്‍ദ്ധ്യക്യസഹജമായ പ്രശ്‌നങ്ങളും ഓര്‍മ്മക്കുറവുമുള്ള ഫ്‌ളീ ബൗദ്ധികമായി ശിഥിലമായികൊണ്ടിരിക്കുന്ന വിവരം മനസ്സിലാക്കിയവരാണ് അദ്ദേഹവുമായി അഭിമുഖം തട്ടിക്കൂട്ടിയതും പിന്നീട് പുസ്തകരചന നടത്തിയതും. പക്ഷെ അവിടെയും താനൊരിക്കലും മതവിശ്വാസിയല്ലെന്ന് ഫ്‌ളീ
തറപ്പിച്ച് പറയുന്നത് കാണാം. ബാക്കിയൊക്കെ ഇപ്പോഴും ദുരൂഹമായി നിലകൊള്ളുന്നു. 


ജവഹര്‍ലാല്‍ നെഹ്രു മരണസമയത്ത് ജ്യോത്സരെ വിളിച്ചെന്നും ഡാര്‍വിന്റെ മരണക്കിടക്കയ്ക്കടിയില്‍ ബൈബിള്‍ ഉണ്ടായിരുന്നുവെന്നുമൊക്ക തുടങ്ങി ഒട്ടുമിക്ക പ്രശ്‌സത നാസ്തകരെ ബന്ധപ്പെടുത്തി മനമാറ്റക്കഥകള്‍ സമൃദ്ധമാണ്.
ഏതെങ്കിലും ഒരു വ്യക്തിയുടെ വിശ്വാസപരമായ നിലപാട് വൈയക്തികമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. കേവലം വ്യക്തിനിഷ്ഠമായ തെളിവുകളെല്ലാം അസ്വീകാര്യമാണ്. തെളിവ് വസ്തുനിഷ്ഠവും നിഷ്പക്ഷവുമാവണം. വിശ്വാസം വിശ്വാസിക്കും അവിശ്വാസിക്കും അതീതമായി തെളിയിക്കപ്പെടേണ്ടതുണ്ട്. ദൈവമുണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാന്‍ ഒരാള്‍ വേണമെന്ന് വാദിക്കുന്നത് അപഹാസ്യമാണ്. പ്രപഞ്ചസത്യങ്ങള്‍ ആരുടേയും പിന്തുണയില്ലാതെ നിലനില്‍ക്കും. ആരെതിര്‍ത്താലും അത് അസാധുവാക്കാനുമാവില്ല. ഗുരുത്വാകര്‍ഷണബലം സത്യമായി അംഗീകരിക്കുന്നത് ഐസക് ന്യൂട്ടണ് അങ്ങനെ 'തോന്നി'യതുകൊണ്ടല്ല. ന്യൂട്ടണ്‍ തള്ളിപ്പറഞ്ഞാലും ഗുരുത്വബലം പ്രപഞ്ച യാഥാര്‍ത്ഥ്യമാണ്.


നിരീശ്വരവാദി ജീവിതസമ്മര്‍ദ്ദത്തിന് മുന്നില്‍ പതറിപ്പോകുമെന്ന് മതം കളിയാക്കാറുണ്ട്. പ്രതിസന്ധിഘട്ടത്തില്‍ മതവിശ്വാസി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്ന് ഇതിനര്‍ത്ഥമില്ല. മതവാദികള്‍ സ്ഥിരം ഉന്നയിക്കുന്ന ഒരു 'വിരട്ടുവാദ'മാണിത്. സത്യത്തില്‍ ''നരകിക്കുമ്പോള്‍ പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥിച്ച് നരകിക്കാം'' എന്നാണ് ജീവിതം നമ്മെ പഠിപ്പിക്കുന്നത്. ''യുദ്ധക്കിടങ്ങുകളില്‍ നിരീശ്വരവാദികളില്ല; സാമ്പത്തികപ്രതിസന്ധിയില്‍ ആദര്‍ശശാലികളും'' ('There is no atheist in foxholes and no ideologues in financial crises'). ഈ വാചകത്തിന് അമേരിക്കയില്‍ നല്ല പ്രചാരമുണ്ട്. ചിലയിടങ്ങളില്‍ പരസ്യമായി ഇങ്ങനെ എഴുതിവെച്ചിട്ടുകൂടിയുണ്ട്. യുദ്ധക്കിടങ്ങില്‍ നിരീശ്വരവാദിയില്ലെങ്കില്‍ അത് നിരീശ്വവാദിയുടെ കുഴപ്പമല്ല മറിച്ച് യുദ്ധക്കിടങ്ങിന്റെ ന്യൂനതയാണെന്ന മറുഫലിതവും പ്രചാരത്തിലുണ്ട്.

സത്യത്തില്‍ യുദ്ധക്കിടങ്ങില്‍ നാസ്തികരേ ഉള്ളുവെന്നാണ് പറയേണ്ടത്('There are only atheists in fox holes'). സര്‍വായുധവിഭൂഷിതരായി വയര്‍ലെസ് സെറ്റുമായി കിടങ്ങിലിറങ്ങി ശത്രുക്കളെ ഭയന്ന് മണിക്കൂറുകളോളം ഒളിച്ചിരിക്കുന്ന സൈനികര്‍ സര്‍വശക്തനും ഭക്തരക്ഷകനുമായ തങ്ങളുടെ ദൈവത്തിന്റെ സഹായശേഷിയില്‍ വിശ്വാസമുള്ളവരല്ലെന്ന് സ്വയം തെളിയിക്കുന്നുണ്ട്. അമേരിക്കന്‍ ഫുട്ബാളിലൂടെ ദശലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിച്ചിരുന്ന താരമായിരുന്നു പാട്രിക് ടില്‍മാന്‍ (Patrick Daniel Tillman (November 6, 1976 – April 22, 2004) . കായികരംഗത്ത് കത്തിനില്‍ക്കവെയാണ് രാജ്യത്തിന് വേണ്ടി പോരടിക്കാന്‍ ടില്‍മാന്‍ അഫ്ഗാനിസ്ഥാനില്‍ പോയത്. അവസാനപോരാട്ടത്താലില്‍ രക്ഷയ്ക്കായി ദൈവത്തെ വിളിച്ച് കേണുകൊണ്ടിരുന്ന സഹപ്രവര്‍ത്തകനോട് എന്തെങ്കിലും സ്വന്തം നിലയ്ക്ക് ചെയ്യാനും അതല്ലാതെ ദൈവമൊന്നും ചെയ്യാന്‍ പോകുന്നില്ലെന്നും ടില്‍മാന്‍ തുറന്നടിച്ചുവെന്ന് ('Would you shut your (expletive) mouth?' yelled Tillman. 'God's not going to help you. You need to do something for yourself, you sniveling...''(http://www.celebatheists.com/wiki/Pat_Tillman)- യുദ്ധാനന്തരം സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി.

''ഒരു പൂച്ച കടന്നുപോയെന്നുകരുതി പാലം സുരക്ഷിതമാണെന്ന് പറയാനാവില്ല. പക്ഷേ, ഒരുതീവണ്ടി കടന്നുപോയാല്‍ തീര്‍ച്ചയായും അതിന് ബലമുണ്ടെന്ന് ഉറപ്പിക്കാം. ഭാര്യയുമൊത്ത് ചായയും കേക്കും ആസ്വദിച്ചിരിക്കുന്ന സന്തോഷവാനായ ഒരാള്‍ താന്‍ നിരീശ്വരവാദിയാണെന്ന് അവകാശപ്പെട്ടാല്‍ അത് നിരീശ്വരവാദത്തിന്റെ കരുത്തായി കാണാനാവില്ല. സത്യവിശ്വാസത്തിനേ ശരിയായ സമ്മര്‍ദ്ദം താങ്ങാനാവൂ. നാസ്തികതയ്ക്ക് ആ ശേഷിയില്ല''.(If a cat crosses a bridge, it doesn’t mean the bridge is sound; but if a train crosses, then it surely is. So if a man calls himself an atheist as he sits with his wife over tea and cakes, that is no proof of atheism. A true conviction must survive enormous pressure, and atheism does not’’ ( In God’s Underground,Richard Wurmbrand, edited by Charles Foley, Hodder & Stoughton, 1968, 1969/ pp 75-6) മതവാദിയായ റിച്ചാഡ് റംബ്രാന്‍ഡിന്റെ‚ഈ വാക്കുകള്‍ അന്നുമിന്നും മതപ്രചാരകര്‍ക്ക് പ്രിയങ്കരമാണ്.

മാനസികമായി ശിഥിലീകരിക്കപ്പെട്ട ഹതാശനായ ഒരു വ്യക്തി ആദര്‍ശം മറക്കുന്നതോ അര്‍ത്ഥശൂന്യമായ കോപ്രായങ്ങള്‍ കാണിക്കുന്നതോ മതവിശ്വാസത്തിന്റെ മഹത്വമല്ലെന്ന മറുപടി റംബ്രാന്‍ഡിന് പണ്ടേ ലഭിച്ചിട്ടുള്ളതാണ്. ചില വിശ്വാസികളും അവിശ്വാസികളും ഈ ഘട്ടത്തില്‍ വൈകാരികമായി പ്രതികരിച്ചെന്നിരിക്കും. വാര്‍ദ്ധക്യത്തില്‍ ശേഷികള്‍ മങ്ങി ശരിക്കും കുട്ടികളെപോലെ പെരുമാറുന്നവര്‍ ധാരാളമുണ്ട്. രണ്ടാം ബാല്യമെന്നും വാര്‍ദ്ധക്യത്തെ വിശേഷിപ്പിക്കാറുണ്ടല്ലോ. മതപരമായി വിലപിക്കുന്നതുകൊണ്ട് മാത്രം പ്രതിസന്ധികള്‍ മാഞ്ഞുപോകുന്നതായോ ആപത്ത് ഓടിയൊളിക്കുന്നതായോ പറഞ്ഞുകേട്ടിട്ടില്ല. പ്രശ്‌നങ്ങള്‍ പ്രാര്‍ത്ഥിച്ച് പരിഹരിക്കുന്നതിനും തെളിവില്ല. തോന്നലുകള്‍ തെളിവല്ലല്ലോ.

പ്രാര്‍ത്ഥന പലപ്പോഴും നിരാശയും ആസക്തിയും ആളിക്കത്തിക്കുകയാണ് ചെയ്യുക. പ്രാര്‍ത്ഥന ഫലിക്കാതെ വരുമ്പോള്‍ ആദ്യമൊക്കെ ഇച്ഛാഭംഗമുണ്ടാകുമെങ്കിലും പിന്നീടത് ഒരു ശീലമായിക്കൊള്ളും. മതവിശ്വാസം മൃത്യുവിനെ നേരിടാനുള്ള ആത്മബലം നല്കുമെന്ന മതപ്രചരണമുണ്ടാവാം. പക്ഷെ നേരെ വിപരീതമായ കാര്യങ്ങളാവും മിക്കപ്പോഴും അരങ്ങേറുക. മരിക്കാന്‍ ധൈര്യവും ആത്മബലവുമൊന്നും ആവശ്യമില്ല. അതൊന്നുമില്ലാത്തവരാണ് ദിനവും മൃതിയടയുന്നത്. ജീവിക്കാനാണിതൊക്കെ ആവശ്യമായി വരിക.

ഭയന്നുവിറച്ചും അലറിക്കരഞ്ഞും മരിക്കാം. 
പ്രതിസന്ധിയില്‍ 'വിളിക്കാന്‍' ഒരു ദൈവം വേണമെന്ന നിര്‍ബന്ധം സ്വയം ശീലിപ്പിക്കുന്നതാണ്. ചിലര്‍ മദ്യപിച്ചും ലഹരിക്കടിമയായും സമാനമായ പ്രതിസന്ധികള്‍ മറികടക്കുന്നതായി സങ്കല്‍പ്പിക്കും. ചിലര്‍ക്ക് ഒരു ബീഡിയോ സിഗററ്റോ പുകയ്ക്കാതെ രാവിലെ ദിനകര്‍മ്മം പോലും നിര്‍വഹിക്കാനാവില്ല! ഒക്കെ ഒരു ശീലമാണ്. മതവും അങ്ങനെതന്നെ. കടം കയറുമ്പോള്‍ മോഷ്ടിക്കുകയോ മാനംവില്‍ക്കുകയോ ചെയ്യുന്ന വ്യക്തിയെ ന്യായീകരിക്കാനാവില്ല, അയാളുടെ പ്രവര്‍ത്തി അംഗീകരിക്കാനുമാവില്ല. സഹിക്കാനാവാതെ വരുമ്പോള്‍ വര്‍ജ്യവസ്തുക്കള്‍ ഭക്ഷിക്കുന്നതും ദാരിദ്ര്യം രൂക്ഷമാകുമ്പോള്‍ പരിഹാരമായി നരബലി നടത്തുന്നതോ മഹാരോഗം വരുമ്പോള്‍ മതകര്‍മ്മങ്ങള്‍ തീവ്രമായി അനുഷ്ഠിക്കുന്നതും മഹനീയമാണെന്ന് എങ്ങനെ പറയാനാവും? 

ഇതൊക്കെ ചെയ്യുന്നവര്‍ക്കും ചെയ്യാത്തവര്‍ക്കും അവസാനം സമാനഫലം സിദ്ധിക്കുന്നു. ഇരുകൂട്ടരും ഒരിടത്ത് തന്നെ എത്തിച്ചേരുന്നു. അവസാനകാലത്ത് മതം ആചരിക്കുന്ന അവിശ്വാസികളുണ്ടാകില്ലേ? ഉണ്ടാവാം. അന്ത്യഘട്ടത്തില്‍ നാസ്തികരായി വിടപറയുന്ന വിശ്വാസികളും നിരവധിയാണ്. ഇനി അഥവാ ഏതെങ്കിലും നാസ്തികര്‍ മതത്തോടടുത്ത് ശിഥിലീകരിക്കപ്പെടുന്നുവെന്നിരിക്കട്ടെ. പക്ഷെ അതും മതജീവിതം നയിക്കാനുള്ള ന്യായീകരണമല്ല. വ്യക്തിത്വം ശിഥിലമാകുന്ന വാര്‍ദ്ധക്യത്തില്‍ വിളിച്ച് കേഴാന്‍ ഒരു ദൈവമോ ശക്തിയോ വേണമെന്ന് ശാഠ്യമുള്ളവര്‍ക്ക് അതാകാം. പക്ഷെ അതിനായി ജീവിതകാലം മുഴുവന്‍ കെട്ടുകഥകള്‍ വെട്ടിവിഴുങ്ങി ഒരു അടഞ്ഞ ഗുഹയായി പരിമിതപ്പെടേണ്ട കാര്യമെന്ത്? വാര്‍ദ്ധക്യത്തില്‍ അര്‍ബുദം വരുമെന്ന് പേടിച്ച് കുഞ്ഞുനാളിലേ കീമോത്തെറാപ്പി തുടങ്ങിവെക്കേണ്ട കാര്യമില്ലല്ലോ.

മതാനുഷ്ഠാനങ്ങള്‍ അര്‍ത്ഥശൂന്യമായിത്തീരുകയും അനിവാര്യമായ ഫലം ഉണ്ടാവുകയും ചെയ്യുന്നതാണ് എല്ലായ്‌പ്പോഴും സംഭവിക്കുന്നത്. എന്നുകരുതി അത്തരം പ്രവര്‍ത്തികള്‍ നിലയ്ക്കാനും പോകുന്നില്ല. മുങ്ങിച്ചാകാന്‍ പോകുമ്പോള്‍ കച്ചിത്തുരുമ്പായാലും കാളസര്‍പ്പമായാലും കയറിപ്പിടിച്ചെന്നിരിക്കും. ജീവിക്കാനായി വിഷം കുടിക്കാന്‍പോലും തയ്യാറാണെന്ന് പറയുന്നവരുണ്ട്! വിഷം മഹത്തരമായിട്ടല്ല ഈ നിലപാട്. നിരാശയില്‍നിന്നുയരുന്ന ഈ നടപടികള്‍ (Acts of Frustration) പ്രയോജനപ്പെട്ടാലേ അവയെ ഗൗരവപൂര്‍വം പരിഗണിക്കാനാവൂ. അല്ലാത്തപക്ഷം മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളുടെ പട്ടികയിലാണവയെ പെടുത്തേണ്ടത്. നാസ്തികതയില്‍ ഇത്തരം നടപടിക്രമങ്ങള്‍ക്ക് പ്രസക്തിയില്ല. കാര്യങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ അംഗീകരിക്കുകയെന്നത് മാത്രമാണവിടെ ഏക പോംവഴി.

അന്തിമവിധി പ്രസ്താവിക്കുന്നതിന് മുമ്പ് പ്രതിക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ 
എന്ന്‌ കോടതി ചോദിക്കാറുണ്ട്. ദയ കാണിക്കണം, നിരപരാധിയാണ്, കുടുംബം അനാഥമാകും, പ്രായംചെന്ന മാതാപിതാക്കളുണ്ട്...തദവസരത്തില്‍ മിക്ക കുറ്റവാളികളും പറയുന്നത് ഇതൊക്കെയായിരിക്കും. ഇതുകേട്ട് ന്യായാധിപര്‍ വിധി മാറ്റിയെഴുതുന്നില്ല. ഇച്ഛാഭംഗവും കോപവും നിയന്ത്രണാതീതമാകുമ്പാള്‍ പൊട്ടിത്തെറിക്കുകയും പരിസരം മറന്ന് മലിനപദങ്ങളുച്ചരിക്കുകയും ചെയ്യുന്നവരുണ്ട്. മറ്റുചിലരാകട്ടെ ശാപവചനങ്ങളുരുവിടും. ഇവരൊക്കെ പിന്നീട് പശ്ചാത്തപിക്കുന്നത് കാണാം. അതിശയവും അങ്കലാപ്പും പ്രകടിപ്പിക്കുന്നവരുടെ വായില്‍നിന്നും 'എന്റമ്മോ!', 'അയ്യോ!' 'എന്റെ‚ ദൈവമേ!' തുടങ്ങിയ പദങ്ങളാവും പുറത്തുവരിക. ഓരോ വ്യക്തിയുടേയും പതിവുകളും ശീലങ്ങളുമാണവ. ബാല്യത്തിലെ മതബോധനമാണ് മതപരമായ വിലാപങ്ങളുടെ കാരണം. അതല്ലാതെ ദൈവത്തെ സാധൂകരിക്കുന്ന ഒന്നും അതിലില്ല. പഠിച്ചത് പാടുന്നു-അത്രതന്നെ. ആപത്ഘട്ടത്തില്‍ 'ദൈവത്തെ വിളിച്ച്' ആരെങ്കിലും രക്ഷപെട്ടതായി വസ്തുനിഷ്ഠമായി തെളിഞ്ഞാല്‍ പിന്നെ ഈ ലോകത്ത് അവിശ്വാസികളുണ്ടാകില്ല.


ഒരു നിരീശ്വരവാദി ഒരു പൊട്ടക്കിണറില്‍ വീണുപോയെന്ന് സങ്കല്‍പ്പിക്കുക. ദിവസങ്ങള്‍ കഴിയുന്തോറും ആരും രക്ഷയ്‌ക്കെത്തിയില്ലെങ്കില്‍ അയാള്‍ എന്തുചെയ്യും? ഒരു സാധ്യത നോക്കാം: അയാള്‍ƒ നിരന്തരം സഹായത്തിനായി വിളിച്ചുകേഴും. അലറിവിളിക്കുകയും പൊട്ടിക്കരയുകയും ചെയ്യും. യുക്തിസഹവും അല്ലാത്തതുമായ പലതും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ആശയറ്റ് തളരുന്നതോടെ തന്റെ സഹജീവികള്‍ ചെയ്യാറുള്ള പലതും അയാളും ആവര്‍ത്തിക്കാനിടയുണ്ട്. മതപരമായ പ്രാര്‍ത്ഥനയും അതിലുള്‍പ്പെട്ടെന്ന് വരാം. (അവിശ്വാസികളെല്ലാം അങ്ങനെ ചെയ്യുമെന്നല്ല ഇവിടെ പറഞ്ഞുവരുന്നത്). എന്തൊക്കെ ചെയ്താലും അന്തിമഫലം സമാനമായിരിക്കും. ഒന്നുകില്‍ അയാളവിടെക്കിടന്ന് മരിക്കും. അല്ലെങ്കില്‍ എങ്ങനെയെങ്കിലും രക്ഷപെടും. രക്ഷപെട്ടാല്‍ അപകടഘട്ടത്തില്‍ കാണിച്ചുകൂട്ടിയതൊക്കെ ഓര്‍ക്കാന്‍കൂടി അയാളിഷ്ടപ്പെടില്ല. യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ പ്രതിസന്ധിഘട്ടത്തിലെ ചെയ്തികളുടെ അര്‍ത്ഥശൂന്യത അയാള്‍ക്ക് മനസ്സിലാകും.


Bal Thackery
ഇത്തരമൊരവസ്ഥയില്‍ ഒരു മതവിശ്വാസി പ്രാര്‍ത്ഥനയും പൂജയുമൊക്കെ മറന്ന് ദൈവത്തെ പുലഭ്യം പറയാനുമിടയുണ്ട്. തന്റെ ഭാര്യ മരിച്ചപ്പോള്‍ ദി വീക്ക് മാഗസിന് അനുവദിച്ച ഒരു നീണ്ട അഭിമുഖത്തില്‍ ദൈവവും മതവും വര്‍ഗ്ഗീയതയേയും ആശ്രയിച്ച് ജീവിക്കുന്ന ശിവസേന ചീഫ് ബാല്‍താക്കറെ പറഞ്ഞത് ദൈവമില്ലെന്നാണ്! ഭാര്യ മരിച്ചതാണത്രെ ഈ നാസ്തികവെളിപാടിന്റെ കാരണം! സത്യത്തില്‍ ഇതൊക്കെ മാനസികമായി ശിഥിലീകരിക്കപ്പെടുമ്പോള്‍ മനുഷ്യര്‍ ഏര്‍പ്പെടുന്ന അതിവൈകാരിവും ചപലവുമായ നിരവധി പ്രവര്‍ത്തികളില്‍ ചിലവമാത്രമാണ്. എത്ര കടുത്ത മതവിശ്വാസികളായാലും നാസ്തികരെപ്പോലെ മരിക്കുന്നതാണ് നാം ചുറ്റും കാണുന്നത്. പ്രാര്‍ത്ഥനകളും മതകര്‍മ്മങ്ങളും വിട്ട് നിസ്സഹായരായി അവര്‍ കളമൊഴിയുമ്പോള്‍ മതം കേവലം വായ്ക്കരിയായി പരിമിതപ്പെടുന്നു.

പ്രശസ്ത പരിണാമശാസ്ത്രജ്ഞനായ റിച്ചാഡ് ഡോക്കിന്‍സ് ചെല്ലുന്നിടത്തെല്ലാം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മതനേതാക്കള്‍ അദ്ദേഹത്തെ ചെറുതാക്കാന്‍ ശ്രമിക്കാറുണ്ട്. ടെക്‌സസിലെ ഒരു ക്രിസ്ത്യന്‍ ഫോറം 'ഡോക്കിന്‍സ് മരണസമയത്ത് കുമ്പസരിക്കുന്നതെങ്ങനെ? എന്നവിഷയത്തെ ആസ്പദമാക്കി കുട്ടികള്‍ക്കിടയില്‍ ഒരു ഉപന്യാസമത്സരംപോലും സംഘടിപ്പിച്ചുകളഞ്ഞു! മതവിശ്വാസികള്‍ക്ക് ജീവിതസമ്മര്‍ദ്ദം താങ്ങാനുള്ള കഴിവ് കൂടുതലാണെന്ന പ്രചരണം ഒരു കഴമ്പില്ലാത്ത ഫലിതമാകുന്നു. നേരേവിപരീതമാണ് യാഥാര്‍ത്ഥ്യം. വലിയസമ്മര്‍ദ്ദങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ലഘുസമ്മര്‍ദ്ദങ്ങളുടെ കാര്യത്തില്‍പോലും മതവിശ്വാസിയുടെ പ്രകടനം പരമദയനീയമാണ്. മതവിശ്വാസംതന്നെ അടിസ്ഥാനപരമായി ഒരു മാനസികശൈഥില്യമാണെന്ന്(Faith is a sign of innate fragility) ചൂണ്ടിക്കാട്ടുന്ന ഡോക്കിന്‍സ് തന്റെ മരണവേളയില്‍ ഒരു ടേപ്പ് റിക്കാര്‍ഡര്‍ ഓണ്‍ ചെയ്ത് വെക്കണമെന്നും തന്റെ കുമ്പസാരം റെക്കോര്‍ഡ് ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു.

ഡോക്കിന്‍സിന്റെ 'ടേപ്പ് വെല്ലുവിളി' കൗതുകരമാണ്. പക്ഷേ, അദ്ദേഹം ഓഡിയോ ടേപ്പ് ഓണ്‍ ചെയ്തുവെച്ചതുകൊണ്ടോ മതനിഷേധിയായി മരിച്ചതുകൊണ്ടുമാത്രം നിരീശ്വരവാദം സാധൂകരിക്കപ്പെടില്ല. നിരീശ്വരവാദം ശരിയാണെങ്കില്‍ അതിനുള്ള തെളിവ് റിച്ചാര്‍ഡ് ഡോക്കിന്‍സിനും കാള്‍ മാര്‍ക്‌സിനും ഉപരിയായി ഉണ്ടാകണം. അത്തരം തെളിവുകള്‍ക്കേ നാസ്തികചിന്തയില്‍ സ്വീകാര്യതയുള്ളു. നാസ്തികതയിലേക്ക് ആളുവരുന്നതും പോകുന്നതുമല്ല അതിന്റെ വാസ്തവികതയുടെ തെളിവെന്നറിയണം. സത്യത്തിന് അടിയൊപ്പ് അനാവശ്യമാകുന്നു.****

Saturday 12 November 2011

19. അജ്ഞേയവാദികളെ ഇതിലേ ഇതിലേ

ലോകം കണ്ട പല പ്രമുഖ മതവിമര്‍ശകരും അജ്ഞേയവാദികളായിരുന്നു. നാസ്തികനായിരുന്ന ബുദ്ധനെപ്പോലും ആ ഗണത്തില്‍ കൂട്ടുന്നവരുണ്ട്. അജ്ഞേയവാദി (Agnostic or Agnostic atheist) ആയിരിക്കുന്നതാണ് എപ്പോഴും സുരക്ഷിതമെന്ന് പറയാറുണ്ട്. ദൈവമുണ്ടെന്ന് തെളിയിക്കേണ്ട ബാധ്യതയുമില്ല, നിഷേധിയാകുമ്പോഴുണ്ടാകുന്ന അസ്വീകാര്യതയും ഒഴിവാക്കാം. കൗശലപൂര്‍ണ്ണമായ ഒരു സമീപനമായി അജ്ഞേയവാദം വിലയിരുത്തപ്പെടാറുണ്ട്. ദൈവം ഉണ്ടാകാം-ഇല്ലായിരിക്കാം;രണ്ടിനും വേണ്ടത്ര തെളിവില്ല എന്ന നിലപാട് 'സുരക്ഷിതപാത'(safe route)യായി കാണുന്ന കോടിക്കണക്കിന് ആള്‍ക്കാരുണ്ട്.

ദൈവമുണ്ടോ 
എന്ന്‌ ചോദിച്ചാല്‍ 'അറിയില്ല' എന്ന് പറയുന്നവന്‍ അജ്ഞേയവാദി. 'ഇല്ല' എന്നു പറയുന്നവന്‍ നാസ്തികന്‍ എന്നൊരു ലളിത നിര്‍വചനം നിലവിലുണ്ട്. പക്ഷെ ഇത്തരത്തില്‍ വാചികാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ പരിമിതപ്പെടുത്തുന്നത് പ്രായോഗികമായി ശരിയായി കൊള്ളണമെന്നില്ല. ദൈവമുണ്ടാകാന്‍ സാധ്യത തീരെക്കുറവാണ് എന്നാണ് പൊതുവെ നാസ്തികര്‍ പറയുക. 'ദൈവമില്ല'എന്നുപറയുന്നത് അശാസ്ത്രീയമായ സമീപനമാണ്. ദൈവമെന്നല്ല സമാനമായ മനുഷ്യന്റെ മനോജന്യ സങ്കല്‍പ്പങ്ങളെല്ലാം ഇല്ലെന്ന് പറയാനോ ഇല്ലെന്ന് തെളിയിക്കാനോ മുതിരുന്നത് അശാസ്ത്രീയമായിരിക്കും. ഇവിടെ ദൈവവും 'കാക്രിപൂക്രി'യും സമാനം. രണ്ടും ഇല്ലെന്ന് തെളിയിക്കാന്‍ ആര്‍ക്കുമാവില്ല. അതിനായി എത്ര കഷ്ടപ്പെട്ടാലും എന്തു തെളിവ് കൊണ്ടുവന്നാലും സാധുവാകുകയുമില്ല. ഉള്ളതിനേ തെളിവ് ഹാജരാക്കാനാവൂ. ദൈവം ഉണ്ടെന്നതിന് തെളിവില്ല എന്നാണ് നാസ്തികര്‍ പറയുക. ദൈവം ഇല്ലെന്ന് വിശ്വസിക്കുകയല്ല മറിച്ച് ഉണ്ടെന്ന് വിശ്വസിക്കാതിരിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതായത് നാസ്തികത ഒരു വിശ്വാസമല്ല, മറിച്ച് അവിശ്വാസമാണ്.

''ദൈവം ഉണ്ടോ ഇല്ലയോ എന്നറിയില്ല'' എന്ന അജ്ഞേയവാദിയുടെ അടിസ്ഥാനപ്രസ്താവന പരിഗണിക്കാം. ഈ പ്രസ്താവമനുസരിച്ച് ദൈവം 'ഉണ്ട്' എന്നയാള്‍ക്ക് അറിയില്ലെന്ന് വ്യക്തമാണ്. ഉണ്ട് എന്നറിയാന്‍ അതനനുസാരിയായ തെളിവ് ആവശ്യമുണ്ട്. അത് ഇല്ലാത്തതിനാലാണല്ലോ ഉണ്ട് എന്ന് അറിയാനാവാത്തതും പറയാനാവാത്തതും. അതുകൊണ്ടുതന്നെ ഈ ഭാഗത്ത് അജ്ഞേയവാദിയും നാസ്തികനും തമ്മില്‍ ഭിന്നതയില്ല. തെളിവ് ഇല്ലാത്തതിനാല്‍ ദൈവം ഉണ്ട് എന്ന് പറയാനാവില്ലെന്ന് ഇരുകൂട്ടരും ഒരുപോലെ അംഗീകരിക്കുന്നു.

ഇനി പ്രസ്താവനയുടെ രണ്ടാംഭാഗം നോക്കാം.'ദൈവം ഇല്ല എന്നറിയില്ല': ശരിയാണ്. ദൈവം ഇല്ലെന്നറിയണമെങ്കില്‍ അതിനും ഉപോല്‍ബലകമായ തെളിവ് വേണം. അങ്ങനെയൊരു തെളിവില്ല. അതുകൊണ്ടുതന്നെ നല്‍കാനുമാവില്ല. ഇല്ലാത്തതിന് തെളിവില്ലെന്ന് നാസ്തികന്‍ പറയുന്നതും ഇതേ കാരണത്താലാണ്. അപ്പോള്‍ ദൈവം ഇല്ല എന്നുള്ളതിന് തെളിവില്ലെന്ന് അജ്ഞേയവാദിയും നാസ്തികനും ഒരുപോലെ സമ്മതിക്കുന്നു. അജ്ഞേയവാദപ്രസ്താവനയുടെ രണ്ടുഭാഗവും ഫലത്തില്‍ നാസ്തികപരമാണെന്നാണ് ഇതിലൂടെ തെളിയുന്നത്. അതായത് 
അജ്ഞേയവാദം നിരീശ്വരവാദപരവും നിരീശ്വരവാദം അജ്ഞേയവാദപരവുമാണ്(atheism is agnostic and agnosticism is atheist). 

ദൈവം മനോജന്യസങ്കല്‍പ്പ(mental delusion)മായതിനാല്‍ ഇല്ലെന്ന് തെളിയിക്കാനാവില്ലെന്ന് പറയുമ്പോള്‍ 'ദൈവം മനോജന്യസങ്കല്‍പ്പം അല്ലെങ്കില്‍ ഇല്ലെന്ന് തെളിയിക്കാനാവുമോ?' എന്നുചോദിച്ചാലും ഉത്തരം നിഷേധപരമായിരിക്കും. യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതിനാലാണ് അത് മനോജന്യമായ ഒരു അമൂര്‍ത്തമായ ഭവനയാണെന്ന് നാം പറയുന്നത്. അതിന് അമൂര്‍ത്തമോ മൂര്‍ത്തമോ ആയ തെളിവില്ല. തെളിവില്ലാതിരിക്കാന്‍ കാരണം അങ്ങനെയൊന്ന് ഇല്ലെന്നതാണ്. ഏതെങ്കിലും ഒന്ന് എങ്ങും ഇല്ലെന്ന് തെളിയിക്കുക അസാധ്യമായിരിക്കും. ദൈവം പ്രപഞ്ചത്തിന് അതീതമാണെന്ന മുട്ടാപ്പോക്ക് വാദം ചില അതിബുദ്ധികള്‍ പ്രയോഗിക്കുന്നതിന്റെ കാരണമിതു തന്നെ. ഉള്ളിടത്ത് തെളിവില്ലെങ്കില്‍ 'ഇല്ലാത്തിടത്തും' 'അറിയാത്തിടത്തും' ദൈവത്തിന് തെളിവ് ഉണ്ടെന്ന് അവകാശപ്പെട്ട് കാലം കഴിക്കാം. അതുമല്ലെങ്കില്‍ 'ഇല്ലാത്തിടത്തും' 'അറിയാത്തിടത്തും' ദൈവത്തിന് തെളിവില്ല എന്ന് ഇവിടെനിന്നുകൊണ്ട് നിങ്ങള്‍ക്കെങ്ങനെ പറയാനാവും? - എന്ന ചപലമായ ചോദ്യമുയര്‍ത്താം.

അജ്ഞേയവാദി ആ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതിന്റെ പ്രധാനകാരണം നാസ്തികതയക്ക് പരമ്പരാഗതസമൂഹങ്ങളില്‍ പൊതുവെയുള്ള സ്വീകാര്യതയില്ലായ്മയാണെന്ന് നമുക്കറിയാം. ''എന്താ പറഞ്ഞത്, ദൈവമില്ലെന്നോ!? നിനക്കെങ്ങനെയത് പറയാന്‍ സാധിക്കുന്നു?!!!''-അമ്പരന്നുകൊണ്ടുള്ള ഇത്തരമൊരു ചോദ്യം സ്വമാതാവില്‍ നിന്ന് ഒരിക്കലെങ്കിലും നേരിട്ടില്ലാത്ത നാസ്തികര്‍ കുറവായിരിക്കും. പരമ്പരാഗതസമൂഹങ്ങളില്‍ നാസ്തികത ജനകീയമാകാന്‍ സാധ്യതയില്ല. ജനത്തിന്റെ ആഗ്രഹചിന്തകളേയും ഭൗതികാസക്തിയേയും തൃപ്തിപ്പെടുത്തുന്ന യാതൊന്നും നാസ്തികതയിലില്ല എന്നതാണതിന്റെ കാരണം. ഭക്തി 'ഭൗതികാസക്തി' എന്ന വാക്കിന്റെ ചുരുക്കപ്പേരാണെങ്കില്‍ നാസ്തികത ആസക്തികളോട് നിസംഗമായി നിലകൊളളുന്നു. അതില്‍ കപടമായ വാഗ്ദാനങ്ങളില്ല. നിങ്ങള്‍ പറയുന്നതൊക്കെ ശരിയായിരിക്കാം പക്ഷെ എപ്പോഴും മനുഷ്യന് ''വീഴാതിരിക്കാന്‍ ഒരു താങ്ങ് വേണം-ചാരിനില്‍ക്കാന്‍ ഒരു തൂണുവേണം'' എന്നൊക്കെ ജനത്തെകൊണ്ട് ചിന്തിപ്പിക്കാനും പറയിപ്പിക്കാനും ബാല്യത്തിലെ മതബോധനം പ്രേരകമാകുന്നു. നാസ്തികത സൈദ്ധാന്തികമായി പലര്‍ക്കും അസ്വീകാര്യമാകാനുള്ള ഒരു കാരണമതാണ്. ''ദൈവം ഉണ്ടായിട്ട് ജീവിക്കാന്‍ വയ്യ, പിന്നെ ഇല്ലാതായാലുള്ള സ്ഥിതി ഒന്നാലോചിച്ച് നോക്കൂ''- എന്നായിരിക്കും ഇക്കൂട്ടര്‍ വിലപിക്കുക!


''ക്രിയ ചെയ്താല്‍ ഫലം ലഭിക്കും''എന്ന് പ്രചരിപ്പിച്ച ചാര്‍വകന്‍മാര്‍ക്കെതിരെ ''മോഹിച്ച് ഫലമുണ്ടാക്കാം-ആഗ്രഹിച്ച് അതിജീവിക്കാം'' എന്നീ കപട വാഗ്ദാനങ്ങള്‍ മതം മുന്നോട്ടുവെച്ചപ്പോള്‍ ഭൗതികാസക്തി കയ്യൊഴിയാന്‍ വിമുഖരായ ജനം അതിന്റെ പിന്നാലെയായി. പൊക്കംകൂട്ടാനും കഷണ്ടിക്കും മരുന്നുണ്ടെന്ന മോഹനവാഗ്ദാനം വിതറി നൂറ്റാണ്ടുകളായി ലോകമെമ്പാടും ജനം കബളിപ്പിക്കപ്പെടുന്നു. സഹസ്രകോടികളാണ് ഈ വ്യവസായത്തില്‍ കൈമറിഞ്ഞിട്ടുള്ളത്. നാളെയുമത് തുടരാനാണ് സാധ്യത. എന്നാല്‍ ഇന്നുവരെ ആരുടെയെങ്കിലും കഷണ്ടി ഭേദമാകുകയോ ഉയരം വര്‍ദ്ധിക്കുകയോ ചെയ്തിട്ടില്ല. പക്ഷെ അതുകൊണ്ട് മാത്രം ഈ മോഹനവാഗ്ദാനങ്ങള്‍ അസ്വീകാര്യമാകുമെന്നോ വ്യവസായം നിലയ്ക്കുമെന്ന് കരുതരുത്. കഷണ്ടി മാറാന്‍ മരുന്ന് കഴിക്കുന്നവര്‍ക്ക് അത് മാറിയില്ലെങ്കിലും വലിയ പരാതിയില്ല! ഫലമല്ല മറിച്ച് 'ഫലപ്രതീക്ഷ'യാണ് അവരുടെ മുഖ്യഇന്ധനം. മോഹബന്ധിതരായി അവര്‍ മറ്റു വഴികള്‍ ശ്രമിച്ചുനോക്കുന്നു. കഷണ്ടി മാറാനുള്ള മരുന്ന് കഴിച്ചിട്ട് ഫലമുണ്ടായില്ലെന്ന് വാദിച്ച് ഇന്നുവരെ ആരും കേസുകൊടുത്തതായോ ഫലമുണ്ടാക്കാത്തതിനാല്‍ ആ വ്യവസായം തളര്‍ന്നതായോ കേട്ടിട്ടില്ല.


മതം അത്തരമൊരു കഷണ്ടിവ്യവസായമാണ്. മതം മുന്നോട്ടുവെക്കുന്ന മോഹനവാഗ്ദാനങ്ങളുടെ കാര്യവും സമാനമാണ്. മനുഷ്യന്റെ മോഹചിന്തയേയും ഭൗതികാസക്തിയേയും ആധാരമാക്കിയാണ് ഈ വ്യവസായവും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നത്. മനുഷ്യനിലെ ഭൗതികാസക്തി നിയന്ത്രിക്കാന്‍ അത്ര എളുപ്പമല്ലാത്തതിനാല്‍ മതമെന്ന കപടവാഗ്ദാനം അവനെ പെട്ടെന്ന് കീഴ്‌പ്പെടുത്തുന്നു. അതല്ലാതെ പ്രപഞ്ചത്തിന് തുടക്കമുണ്ടെന്ന അറിവോ അസ്തിത്വത്തെ കുറിച്ചുള്ള ദാര്‍ശനികബോധ്യമോ ഒന്നുമല്ല വിശ്വാസിയെ അലട്ടുന്നത്. പ്രപഞ്ചം എന്നാല്‍ എന്താണെന്ന് പോലുമറിയാത്തവരാണ് 90% വിശ്വാസികളും. അസ്തിത്വം എന്നാല്‍ ചക്കയോ മാങ്ങയോ എന്നുപോലും തിരിച്ചറിയാത്തവരാണ് കൂറ്റന്‍ വിശ്വാസികളില്‍ മഹാഭൂരിപക്ഷവും. ദൈവം നേരിട്ട് ഹാജരായി താനില്ലെന്ന് പറഞ്ഞാലും അവര്‍ മോഹചിന്ത ഒലിപ്പിച്ചു കളയാന്‍ മറ്റൊരു 'ഓവുചാല്‍'(ventilation) സംഘടിപ്പിക്കും. ഒരു ദൈവം മരിച്ചാല്‍ മറ്റൊന്നിനെ വരിക്കും. 


അവികിസിത സമൂഹങ്ങളിലെ പൊതുസ്ഥിതി ഇതാണെന്നിരിക്കെ നാസ്തികത പരസ്യമായി പ്രകടിപ്പിക്കാന്‍ അവിശ്വാസികള്‍ മടിക്കുന്നതില്‍ അതിശയിക്കാനില്ല.
സമൂഹത്തിന്റെ താഴേത്തട്ടില്‍ നാസ്തികരെ ഏറെയൊന്നും കാണാനാവില്ല. എന്നുകരുതി നാസ്തികരെല്ലാം സമ്പന്നരും ചിന്തകരുമാണെന്ന് കരുതരുത്. കര്‍ഷകര്‍, തൊഴിലാളികള്‍, നിരക്ഷര്‍, തുടങ്ങിയവര്‍ക്കിടയില്‍ നാസ്തികതയ്ക്ക് വേരോട്ടമുണ്ടാകാന്‍ വിഷമമാണ്. കാരണം അവരെ ഉത്തേജിപ്പിക്കുന്നതൊന്നും നാസ്തികതയിലില്ല. അതേസമയം, മദ്യവും മതവുമൊക്കെ ആ കൃത്യം വെടിപ്പായി നിര്‍വഹിക്കും. നാസ്തികതയിലെത്താന്‍ കേവലം ജ്ഞാനവും തിരിച്ചറിവും മാത്രമല്ല കുറച്ച് ആത്മവിശ്വാസവും അത്യാവശ്യമാണ്. നാസ്തികത സാമൂഹികമായി ഒരു ''നഷ്ടക്കച്ചവട''മാണെന്ന തോന്നലാണ് 'പരസ്യനാസ്തികര്‍'(daylight atheists) ആകുന്നതില്‍ നിന്ന് അവിശ്വാസികളെ തടയുന്നത്. ലോകമെമ്പാടുമുള്ള നാസ്തികരില്‍ തൊണ്ണൂറ് ശതമാനവും 'കുളിമുറി നാസ്തികരാ'യി(closet athesits) തുടരുന്നതിന്റെ കാരണവുമിതുതന്നെ. പാമ്പിനെയൊക്കെ ഭയക്കുന്നതുപോലെ കുട്ടിക്കാലം മുതല്‍ സ്വാംശീകരിച്ചെടുക്കുന്ന മതഭയവും മറ്റൊരു ശക്തമായ കാരണമാണ്.

അജ്ഞേയവാദിയുടെ കാര്യം നോക്കുക, നാസ്തികനാണെന്ന് തുറന്നു പറയാത്തതിലൂടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തെ വെറുപ്പിക്കാതിരിക്കാം എന്നവന്‍ ചിന്തിക്കുന്നു. മതവിശ്വാസം വികാരപരമാണ്. 'അജ്ഞേയവാദി' 'നാസ്തികന്‍' എന്നീ പദങ്ങള്‍ മതവിശ്വാസിയില്‍ ഭിന്ന വികാരമായിരിക്കും ഉണ്ടാക്കുക എന്നയാള്‍ പ്രതീക്ഷിക്കുന്നുണ്ട്. അജ്ഞേയവാദിയെന്ന പദം അധികമാരും പരിചയപ്പെട്ടിട്ടില്ലാത്തതിനാല്‍ ഒരുപക്ഷെ മുന്‍വിധിയോടു കൂടിയ ശത്രുതാനിലപാടുകള്‍ ഒഴിവാക്കപ്പെട്ടേക്കാം. അജ്ഞേയവാദിയായാല്‍ മതവിമര്‍ശനമില്ലാതെ വിശ്വാസരഹിതജീവിതം നയിക്കാം എന്നു ചിന്തിക്കുന്നവരുമുണ്ട്. എന്നാല്‍ അജ്ഞേയവാദിക്ക് നാസ്തികനേക്കാള്‍ മതഭയം കൂടുതലാണെന്നതില്‍ രണ്ടുപക്ഷമില്ല.

പൊതുവില്‍ രണ്ടുരീതിയിലുള്ള അജ്ഞേയവാദമുണ്ട്. ഒന്ന് താല്‍ക്കാലികമായ സ്വഭാവമുള്ളതാണ് (TAP or Temporary Agnosticism in Practice). ദൈവം ഉണ്ടോ ഇല്ലയോ എന്നതിന് പൂര്‍ണ്ണമായ തെളിവുകള്‍ കണ്ടെത്താന്‍ മനുഷ്യനിതുവരെ കഴിഞ്ഞിട്ടില്ല. എന്നു കരുതി നാളെ കിട്ടിക്കൂടെന്നില്ല. ദൈവത്തിന്റെ അസ്തിത്വം ശാസ്ത്രീയമായി തെളിയിക്കേണ്ടതാണ്. അതിന് കഴിയുന്നതുവരെ ദൈവത്തെ നിഷേധിക്കുകയോ സ്വീകരിക്കുയോ ചെയ്യുന്നത് ഉചിതമല്ല - ഇതാണ് താല്‍ക്കാലികസ്വഭാവമുള്ള അജ്ഞേയവാദത്തില്‍ (TAP) ഉദ്ദേശിക്കുന്നത്.

ഈ വാദം യുക്തിസഹവുമല്ലെന്ന് പറയാനാവില്ല. ശാസ്ത്രത്തില്‍ തന്നെ പല സംഗതികളും താല്‍ക്കാലിക അജ്ഞേയവാദമെന്ന നിലയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. മനുഷ്യപരിണാമത്തിന്റെ കാര്യത്തില്‍ ശാസ്ത്രം തെളിവുകള്‍ കണ്ടെത്താന്‍ വിഷമിക്കുന്ന മേഖലകള്‍, ദിനോസറിന്റെ കൂട്ടനാശം സംബന്ധിച്ച കാരണങ്ങള്‍ തുടങ്ങി നിരവധി ശാസ്ത്രനിഗമനങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായും സാധൂകരിക്കപ്പെട്ടിട്ടില്ല. ദിനോസറുകള്‍ കൂട്ടമായി നശിച്ചതിന് ഉല്‍ക്കാപതനം ഉള്‍പ്പെടെ പല കാരണങ്ങള്‍ പരിഗണിക്കാം. അത്തരം കാരണങ്ങളെല്ലാം തന്നെ ശരിയാകാനും സാധ്യതയുണ്ട്. പക്ഷേ, കൃത്യമായി എന്തു കാരണത്താലാണ് ദിനോസറുകള്‍ നിശ്ശേഷം അപ്രത്യക്ഷമായതെന്ന് ഇന്നും കണ്ടെത്താനായിട്ടില്ല.

ഇനി മറ്റൊരു അജ്ഞേയവാദമുള്ളത് സ്ഥിരമായ അജ്ഞേയവാദമാണ് (PAP-Permanent Agnosticism in Principle). ദൈവത്തിന് തെളിവില്ലെന്ന് മാത്രമല്ല, തെളിവ് കണ്ടെത്താനുമാവില്ല. പക്ഷേ, തെളിവില്ലെന്നുകരുതി ദൈവമില്ലെന്ന് വരുന്നില്ല. കാരണം സാമാന്യമായ അര്‍ത്ഥത്തിലുള്ള തെളിവുകളുടെ മേഖലയ്ക്കുപരിയാണ് ദൈവാസ്തിത്വം... ഇതാണ് ഇക്കൂട്ടരുടെ അഭിപ്രായം. ദൈവം ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും തുല്യ സാധ്യതയാണ് ഇത്തരം അജ്ഞേയവാദത്തില്‍ പൊതുവെ കല്‍പ്പിക്കപ്പെടുന്നത്. പക്ഷേ, ഇവിടെ ഉണ്ടാവുക (Existent) എന്നതും ഇല്ലാതിരിക്കുക (Non-Existent) എന്നതും തുല്യമായി കാണാനാണ് ശ്രമിക്കുന്നത്. അത് താത്വികമായും നൈതികമായും ശരിയല്ല.  അജ്ഞേയവാദിയായി സ്വയം വിശേഷിപ്പിക്കുന്ന ബ്രര്‍ട്രാന്‍ഡ് റസ്സല്‍ PAP ന്റെ കഥയില്ലായ്മ വ്യക്തമാക്കുന്നത് പ്രസിദ്ധമായ 'സ്വര്‍ഗ്ഗീയ ചായകപ്പി'ന്റെ (Clestial teacup) ഉദാഹരണത്തിലൂടെയാണ്. ഭൂമിയുടേയും ചൊവ്വയുടേയും ഭ്രമണപഥത്തിനിടയിലൂടെ ഒരു ചെറിയ ചായകപ്പ് ചുറ്റിത്തിരിയുന്നുവെന്ന് ഒരാള്‍ അവകാശപ്പെടുന്നുവെന്നിരിക്കട്ടെ. ഭൂമിയില്‍നിന്നും കണ്ടുപിടിക്കാനാവാത്ത വിധം ചെറുതാണെതെന്നും കരുതുക. അങ്ങനെയെങ്കില്‍ അങ്ങനെയൊരു ചായക്കപ്പ് ഇല്ലെന്ന് ആര്‍ക്കും തെളിയിക്കാനാവില്ല. ഇല്ലാത്ത ഈ ചായക്കപ്പില്‍ 'വിശ്വസിക്കാന്‍' ചായക്കപ്പ് ഉണ്ടാകേണ്ടതില്ല. കാരണം അങ്ങനെയൊന്ന് ഇല്ലെന്ന് ആര്‍ക്കും തെളിയിക്കാനാവില്ലല്ലോ. അതായത് ചായക്കപ്പ് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാവില്ല. എന്നുകരുതി 'ഉണ്ടെന്നോ ഇല്ലെന്നോ' സങ്കല്‍പ്പിച്ച് ആരും ജീവിക്കുന്നില്ല. ദൈവവിശ്വാസം ഇത്തരത്തിലൊരു ചായക്കപ്പ് വിശ്വാസമാണെന്നാണ് റസ്സല്‍ പറഞ്ഞത്. 

ഈ നിലയില്‍ നോക്കിയാല്‍ 'ഇല്ല' എന്നു പറയാനാവുന്ന ഒന്നും ഈ പ്രപഞ്ചത്തിലുണ്ടാവില്ല. ഉദാഹരണമായി 'ക്ഷിബ്ബു' എന്നൊരു കണം പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളിലും അടങ്ങിയിട്ടുണ്ടെന്ന് ഒരാള്‍ അവകാശപ്പെട്ടാല്‍ ഇല്ലെന്ന് തെളിയിക്കാന്‍ ആര്‍ക്കുമാവില്ല. ആ വസ്തു ഉണ്ടെന്നതിന് തെളിവില്ലായിരിക്കാം. പക്ഷേ, അതുകൊണ്ടുമാത്രം ഇല്ലെന്നെങ്ങനെ പറയാനാവും? തീര്‍ച്ചയായും സാധ്യമല്ല. തെളിവുകള്‍ക്കതീതമാണ് അതിന്റെ അസ്തിത്വമെങ്കില്‍ പറയാനുമില്ല. ചുരുക്കത്തില്‍, ഏതൊരു വസ്തുവോ വസ്തുതയോ ആയിക്കൊള്ളട്ടെ, ഉണ്ടാകാനും ഇല്ലാതിരിക്കാനും എപ്പോഴും തുല്യസാധ്യതയാണുള്ളതെന്ന് പറഞ്ഞ് തര്‍ക്കം അവസാനിപ്പിക്കാം. ഈ വാദം കുറേക്കൂടി നീട്ടിയാല്‍ നിലവില്‍ തെളിവുള്ള ഒന്നിന്റെ അസ്തിത്വം തെളിവിന് 'അതീത'മാണെങ്കില്‍ ലഭ്യമായി തെളിവ് ആ വസ്തുവിന്റെ അസ്തിത്വം ഒരുതരത്തിലും സാധൂകരിക്കില്ലെന്ന വാദവും ഉയര്‍ത്താം! ചുരുക്കത്തില്‍ ഇത്തരം അജ്ഞേയവാദം ദുരൂഹവും യുക്തിഹീനവുമാണ്.

പ്രസിദ്ധ കത്തോലിക് ചരിത്രകാരനായ ഹ്യൂറോസ് വില്യംസണിന്റെ (Hugh Roses Williamson) അഭിപ്രായത്തില്‍ പ്രതിബദ്ധതയുള്ള ഒരു വിശ്വാസിയേയും പ്രതിബദ്ധതയുള്ള ഒരു നിരീശ്വരവാദിയേയും അംഗീകരിക്കാം; മാനിക്കാം. പക്ഷേ, അവിടെയും ഇവിടെയും തൊടാതെ നിന്ന് നിഷ്പക്ഷരെന്ന് അവകാശപ്പെടുന്ന കയ്യാലപ്പുറത്തെ തേങ്ങകളായ അജ്ഞേയവാദികളെ ഒരുതരത്തിലും സഹിക്കാനാവില്ല! നിഷ്പക്ഷം എന്നാല്‍ 'സ്വന്തംപക്ഷം' എന്ന സൂത്രവാക്യം സുവിദമാണല്ലോ. പക്ഷമില്ലാഞ്ഞിട്ടാല്ല മറിച്ച് പക്ഷം പിടിച്ചാല്‍ 'പരിക്കേല്‍ക്കുമെന്ന'ഭീദിയാണ് നിക്ഷ്പക്ഷരെ ജനിപ്പിക്കുന്നത്. ഭീരുത്വവും കാര്യങ്ങള്‍ തുറന്നുപറയാനുള്ള തന്റേടമില്ലായ്മയുമാണ് ഒരാളെ അജ്ഞേയവാദിയാക്കുന്നതെന്ന നിരീക്ഷണവുമുണ്ട്.

ആദ്യത്തെ അജ്ഞേയവാദമാണ്(TAP) ദൈവത്തെ സംബന്ധിച്ച അന്വേഷണത്തില്‍ കുറേക്കൂടി ഉചിതമായിട്ടുള്ളത്. ഏതൊരു നാസ്തികനും അജ്ഞേയവാദത്തില്‍ നിന്നും തുടങ്ങുന്നതായിരിക്കും ഉചിതം. അജ്ഞേയവാദം നാസ്തികതയും 'പ്യൂപ്പാഘട്ടമായും' 'ലാര്‍വാഘട്ട'മായും പരിഗണിക്കപ്പെടുന്നുണ്ട്. പക്ഷെ എന്നെന്നും ലാര്‍വാഘട്ടത്തില്‍ തുടര്‍ന്നാല്‍ 'വളര്‍ച്ച'യെക്കുറിച്ച് സന്ദേഹമുയരും. ദൈവത്തിന് തെളിവ് കണ്ടെത്താന്‍ ശാസ്ത്രത്തിന് ഒരിക്കലും കഴിയില്ലെന്ന വാദം തെറ്റാണ്. 1835-ല്‍ ഫ്രഞ്ച് തത്വചിന്തകനായ ഓഗസറ്റ് കോമ്‌റ്റെ (August Comte) എഴുതി: ''നക്ഷത്രങ്ങളുടെ രാസഘടനയും ധാതുവിശേഷവും ഏതു മാര്‍ഗ്ഗമുപയോഗിച്ചാലും നമുക്കൊരിക്കലും കണ്ടുപിടിക്കാനാവില്ല'' പക്ഷേ, ഇന്ന് സാധാരണ സ്‌പെക്‌ട്രോസ്‌കോപ്പ് ഉപയോഗിച്ച് മനുഷ്യന്‍ പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള നക്ഷത്രങ്ങളുടെ ഘടനാവിശേഷങ്ങള്‍ അവയുടെ സ്‌പെക്ട്രം പരിശോധിച്ച് നിര്‍ണ്ണയിക്കുന്നു. കോമ്‌റ്റെയുടെ ജോതിശാസ്ത്രപരമായ അജ്ഞേയവാദത്തിന്(Astronomical Agnosticism)അധികം ആയുസ്സുണ്ടായില്ലെന്നര്‍ത്ഥം. ഏതൊന്നിനെയായാലും ഒരിക്കലും ഒരു മാര്‍ഗ്ഗത്തിലും കണ്ടെത്താനാവില്ലെന്ന് പറയുന്നത് അശാസ്ത്രീയവും യുക്തിഹീനവുമാകുന്നു.

പണ്ടുമുതല്‍ക്കേ അജ്ഞേയവാദികളെ പല മതവാദികളും പരിഹസിക്കുമായിരുന്നു. ഗ്ലാസ് പകുതിയേ നിറഞ്ഞിട്ടുള്ളുവെന്ന് വാദിച്ച് യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഒളിച്ചോടുന്ന ഇക്കൂട്ടരെ 'ഭീരുക്കളായ അവിശ്വാസികളാ'യാണ് പരമ്പരാഗതമതം കണ്ടിട്ടുള്ളത്. റവറണ്ട് ഡോക്ടര്‍ വാസ് (Reverend Dr Wace, The Principal of King's College) തോമസ് ഹക്‌സിലിയുടെ (T.H Huxley) അജ്ഞേയവാദത്തെ കുറിച്ചെഴുതി: ''താന്‍ ഒരു അജ്ഞേയവാദിയെന്നറിയപ്പെടണം എന്നായിരിക്കും അദ്ദേഹമാഗ്രഹിക്കുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് മറ്റൊന്നാണ്. അത് 'അവിശ്വാസി' എന്ന പഴയപേര് തന്നെയാണ്. അവിശ്വാസിയെന്ന പേര് അസുഖകരമാണ്; അതങ്ങനെ വേണംതാനും. യേശുവില്‍ വിശ്വസിക്കുന്നില്ലെന്ന് തുറന്നടിക്കുന്നത് ഏതൊരു മനുഷ്യനെ സംബന്ധിച്ചും അസുഖകരമായിതന്നെ തോന്നണം''

ഈ അഭിപ്രായപ്രകടനത്തിന് പിന്നീട് ഹക്‌സിലി സുന്ദരമായി മറുപടി പറയുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അജ്ഞേയവാദമെന്നത് ഒരു വിശ്വാസമോ തത്വസംഹിതയോ അല്ല. അത് ചിന്താപരമായ ഒരു രീതിശാസ്ത്രമാണ്. അതിന്റെ യഥാര്‍ത്ഥസത്ത കുടികൊള്ളുന്നത് യുക്തിയുടെ ചരടുകളില്ലാത്ത പ്രവര്‍ത്തനത്തിലാണ്. അതായത് ബൗദ്ധികവിഷയങ്ങളില്‍ ബാഹ്യപരിഗണനകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി സ്വന്തം യുക്തിബോധത്തില്‍ കഴിയാവുന്നിടത്തോളം വിശ്വസിക്കുക. എപ്പോഴും നിഗമനങ്ങള്‍ ഏളുപ്പമായിരിക്കും എന്ന് കരുതരുത്.

അജ്ഞേയവാദിയായാലും നാസ്തികനായാലും മതത്തെ എത്രമാത്രം വിമര്‍ശിക്കുന്നു, എതിര്‍ക്കുന്നു എന്നതു മാത്രമാണ് മതം പരിഗണിക്കുക. മറിച്ചുള്ള ലേബലുകളില്‍ കാര്യമില്ല. ഫ്രാന്‍സിലൊക്കെ സര്‍വേ നടത്തുമ്പോള്‍ അജ്ഞേയവാദികളും നാസ്തികരും വെവ്വേറെ തങ്ങളുടെ വ്യക്തിത്വം രേഖപ്പെടുത്താനാവശ്യപ്പെടാറുണ്ട്. 2009 ലെ കണക്കനുസരിച്ച് 67% അവിശ്വാസികളുള്ള ഫ്രാന്‍സില്‍ 33% അജ്ഞേയവാദികളും 34% നാസ്തികരുമാണുള്ളത്. വികസിത രാജ്യങ്ങളിലെ ഈ ചേരിതിരിവ് വികസ്വരരാജ്യങ്ങളില്‍ അപ്രത്യക്ഷമാകുന്നു. അവിടെ എല്ലാത്തരം ലേബലുകളും 'അവിശ്വാസി'എന്ന ഒരൊറ്റ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെടുന്നു.


പലപ്പോഴും "മതഭയം" തന്നെയാണ് ഒരു നിരീശ്വരവാദിയാകുന്നതില്‍ നിന്ന് പലരേയും തടയുന്നത്. മതാധിഷ്ഠിത സമൂഹത്തില്‍ മറ്റുള്ളവര്‍ എന്തുപറയുമെന്ന് ചിന്തിക്കുന്നവന് മൃദു ലേബലികളില്‍ താല്‍പര്യമുദിക്കുക സ്വാഭാവികമാണ്. മാനവികതാവാദി, ഹ്യൂമനിസ്റ്റ്, സ്‌ക്കെപ്റ്റിക്, ശാസ്ത്രവാദി, അനാര്‍ക്കിസ്റ്റ്, കമ്മ്യൂണിസ്റ്റ്....തുടങ്ങി 'നിരീശ്വരവാദി' അല്ലാത്ത ലഭ്യമായ പല പദങ്ങളും സ്വയം വിശേഷിപ്പിക്കാന്‍ പലരും ഉപയോഗിക്കാറുണ്ട്. ഫലത്തില്‍ ഇവരെല്ലാം നാസ്തികരും മതനിഷേധികളുമായിരിക്കും. ഉപനിഷത്തുകളില്‍ വരുന്ന ''നേതി-നേതി'' ടീമില്‍ പെട്ടയാളാണ് താനെന്ന് സൂചിപ്പിക്കുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റൊന്നല്ല. 'തണല്‍തേടി'കളെന്ന് വിളിച്ച് അവരെ തള്ളാന്‍ വരട്ടെ. പലപ്പോഴും പ്രഖ്യാപിത നാസ്തികരേക്കാള്‍ വീറോടെ മതത്തെ എതിര്‍ക്കുന്നത് അവരായിരിക്കും.

അജ്ഞേയവാദികള്‍ക്കെതിരെ പല ആക്ഷേപങ്ങളും ഉന്നയിക്കാം. പക്ഷെ അയാള്‍ മതപരമായി തീര്‍ത്തും ഉദാസീനമാണെന്ന വസ്തുത കാണാതിരിക്കരുത്. മൃദു അജ്ഞേയവാദമെന്നും തീവ്ര അജ്ഞേയവാദമെന്നുമൊക്കെ തരംതിരിവുകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. അജ്ഞേയവാദികള്‍ക്കെതിരെ റിച്ചാഡ് ഡോക്കിന്‍സും മറ്റും സ്വീകരിക്കുന്ന കര്‍ക്കശമായ നിലപാടില്‍ തീര്‍ച്ചയായും സത്യസന്ധതയുടെ കനല്‍വെളിച്ചമുണ്ട്. പക്ഷെ അവരുടെ പരിമിതികള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു സമീപനമാണ് കൂടുതല്‍ യുക്തിഭദ്രമെന്ന് തോന്നുന്നു. ജനം രണ്ടു വിഭാഗം:പുഴയില്‍ കുളിക്കുന്നവരും-കുളിക്കാത്തവരും-വിശ്വാസികളും അവിശ്വാസികളുമാണവര്‍. പുഴയില്‍ മുതലയുള്ളതിനാല്‍ കുളിക്കുന്നില്ലെന്ന് ഒരു കൂട്ടര്‍ പറയുന്നു. മുതല ഉണ്ടാകാനിടയുള്ളതുകൊണ്ട് കുളിക്കുന്നില്ലെന്നാണ് 
വേറൊരു
കൂട്ടരുടെ സമീപനം. മുതല ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുള്ളതിനാല്‍ തങ്ങള്‍ പുഴയിലേക്കിറങ്ങുന്നില്ലെന്നാണ് മൂന്നാമത്തെ വിഭാഗത്തിന്റെ നിലപാട്. ശ്രദ്ധിക്കുക, ഇവരാരും പുഴയിലിറങ്ങുന്നില്ല. പരിഗണിക്കേണ്ട പ്രധാനകാര്യം അതാകുന്നു****