ശാസ്ത്രം വെളിച്ചമാകുന്നു

Saturday 29 December 2012

54. വഞ്ചനയിലെ ചതികള്‍

1. ലബോറട്ടറി വാദം
2. വിമാനാപകട വാദം
3. കുറിഞ്ഞി വാദം 
4. ഹ്യൂമന്‍ ജിനോം വാദം
 

'ജ്യോതിഷശാസ്ത്രം'എന്ന ഓമനപ്പേരില്‍ ശാസ്ത്രം എന്ന പദത്തിന് അര്‍ത്ഥം 'ശാസിക്കപ്പെട്ട'എന്നര്‍ത്ഥമേയുള്ളു. അതായത് മുതിര്‍ന്നവര്‍ ഉപദേശിക്കുന്ന, ശാസിക്കുന്ന എന്ത് കിടുപിടിയും ശാസ്ത്രമാണ്. തിങ്കളാഴ്ച ദിവസങ്ങളില്‍ പാതിരാത്രിയില്‍ പച്ചവെള്ളത്തില്‍ കുളിച്ചാല്‍ മൂക്ക് നീണ്ട വരനെ കിട്ടുമെന്ന് മുതിര്‍ന്നവര്‍ ശാസിച്ചിട്ടുണ്ടെങ്കില്‍ അതാണ് ശാസ്ത്രം. കാലന്‍ തെക്കുനിന്നും വരുന്നതിനാല്‍ വാതില്‍ തെക്കോട്ട് വെക്കരുതെന്ന് ഇന്ത്യക്കാരന്‍ പറഞ്ഞാലും തെക്കോട്ടേ വാതില്‍ വെക്കാവൂ എന്ന് ചൈനാക്കാരന്‍ പറഞ്ഞാലും അത് 'ശാസ്ത്ര'മാണെന്ന് കണ്ടുകൊള്ളണം. വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ ഒരു പ്രവചനപദ്ധതിയില്‍ ആര് നോക്കിയാലും ഒരു ഫലമല്ലേ ലഭിക്കാന്‍ പാടുള്ളു? ഇതിന് മറുപടിയായി ജ്യോതിഷത്തട്ടിപ്പുകാര്‍ക്ക് സ്ഥിരമുന്നയിക്കുന്ന ഒരു മറുന്യായമുണ്ട്. നിങ്ങളുടെ രക്തം പല ലാബുകളില്‍ പരിശോധിക്കാന്‍ കൊടുത്താല്‍ ഭിന്നഫലം കിട്ടില്ലേ? എന്നുകരുതി ലബോറട്ടറി പരിശോധന ശാസ്ത്രീയമല്ലെന്ന് പറയാനാവുമോ? പലരും കയ്യൊഴിഞ്ഞ രോഗം അവസാനം ഒരു മിടുക്കന്‍ ഡോക്ടര്‍ ചികിത്സിച്ച് ഭേദമാക്കുന്ന അനുഭവമില്ലേ? ഇതിനത്ഥം മെഡിക്കല്‍ സയന്‍സ് ആകെ അബദ്ധമാണെന്നാണോ? നല്ല നാണയങ്ങളും കള്ളനാണയങ്ങളും എവിടെയും കാണും.

ജ്യോതിഷം തട്ടിപ്പാണെന്ന് വെളിവാക്കുന്ന ചപലവാദമാണിത്. കാരണം ഈ തെറ്റായ താരതമ്യത്തില്‍ (False analogy) ജ്യോതിഷത്തെ ന്യായീകരിക്കുന്നതായി ഒന്നുമില്ല. ജ്യോതിഷം കള്ളനാണയമാണ്-അവിടെ 'നല്ല കള്ള നാണയം' 'മോശം കളളനാണയം' എന്നിങ്ങനെ രണ്ട് വകുപ്പേയുള്ളു. വിവിധ ലബോറട്ടികളിലെ രക്തപരിശോധന ഭിന്ന ഫലം കൊണ്ടുവന്നാലും അതുകൊണ്ട് ജ്യോതിഷം ശരിയാകില്ല. ലബോറട്ടറി പരിശോധന തെറ്റുന്നത് എങ്ങനെ ജ്യോതിഷം തെറ്റുന്നതിന് ന്യായീകരണമാകും? ഒരു ന്യൂനത ചൂണ്ടിക്കാട്ടി മറ്റൊരു ന്യൂനതയെ ന്യായീകരിക്കാനോ സാധൂകരിക്കാനോ സാധ്യമല്ലല്ലോ. പക്ഷെ ഇവിടെ താരതമ്യംതന്നെ വികലമാണെന്നതിനാല്‍ പിടിച്ചുനില്‍ക്കാനുള്ള ഒരു ഒഴികഴിവായി മാത്രമെ ഇതിനെ കാണാനാവൂ. ജ്യോതിഷത്തിലെ ഭിന്നഫലം എന്നു പറയുമ്പോള്‍ പലപ്പോഴും അത് ഉപരിതലസ്പര്‍ശിയായ ചെറിയ വ്യത്യാസമൊന്നുമായിരിക്കില്ല. മറിച്ച് ഫലം ചിലപ്പോള്‍ നേര്‍വിപരീതം തന്നെയായിരിക്കും. കല്യാണം കഴിച്ചാല്‍ ഭര്‍ത്താവ് മരിക്കുമെന്ന് ഒരാള്‍ പറയുമ്പോള്‍ മരിക്കില്ലെന്ന് മറ്റൊരാള്‍ ! കല്യാണത്തിന് മുമ്പ് ജോലി കിട്ടും എന്ന് ഒരാള്‍ പ്രവചിക്കുമ്പോള്‍ കല്യാണം കഴിച്ചാല്‍ 'ജോലി'യാകുമെന്ന ഭീഷണിയായുമായി മറ്റൊരാള്‍ ! ജ്യോതിഷം സത്യമാണെങ്കില്‍ ആരു പ്രവചിച്ചാലും ഇങ്ങനെ ഭിന്നഫലം കിട്ടാന്‍ പാടില്ല.

രക്തപരിശോധനാഫലം ലാബോറട്ടറികളില്‍ ചെയ്യുമ്പോള്‍ ലഘുവായ വ്യത്യാസം സംഭവിക്കാം. തെര്‍മോമീറ്റര്‍ വെച്ച് ഊഷ്മാവ് അളക്കുമ്പോഴും ഭിന്ന ത്രാസുകള്‍ വെച്ച് ഭാരം തൂക്കുമ്പോഴുമൊക്കെ ഇത്തരം ലഘുവ്യതിയാനങ്ങള്‍ സംഭവിക്കാറുണ്ട്. കൈകാര്യം ചെയ്യുന്ന വ്യക്തി, ഉപകരണം, പരിശോധനാരീതി...തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഈ മാറ്റം സംഭവിക്കുന്നത്. എല്ലാ ലബോറട്ടറിയിലും സാധാരണ ലഭിക്കുന്ന ഫലം സമാനമായിരിക്കും. അതിന്റെ സംഖ്യാപരമോ പരിമാണപരമോ അളവുകളുടെ സൂക്ഷ്മാംശത്തിലാണ് ചെറിയ വ്യതിയാനം കാണാനാവുക. ജ്യോതിഷി പെരുപ്പിച്ച് കാണിക്കുന്നതുപോലെ ഒരു വ്യതിയാനം അവിടെയില്ല. എല്ലായിടത്തും കിറുകൃത്യമായ സംഖ്യകള്‍ (exact figures) തന്നെ ലഭിച്ചാല്‍ അതൊരു ഒത്തുകളിയാണോ എന്നുപോലും നാം സംശയിക്കണം!

ലബോറട്ടറി ഫലങ്ങളില്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ ലഘുവ്യതിയാനം സംഭവ്യമാണെങ്കിലും അനുവദിക്കപ്പെട്ട പ്രമാദപരിധിക്ക് (Margin of error)ള്ളിലായിരിക്കും മിക്ക ഫലങ്ങളും നിലകൊള്ളുക. പൊതുവില്‍ ഇതിനെ മാനകവ്യതിയാനം (Standard deviation)എന്നുവിളിക്കാം. വൈദ്യശാസ്ത്രം തൃപ്തികരമായി പ്രവര്‍ത്തിക്കുന്നതും ഇത്തരം ഫലങ്ങളെ ആധാരമാക്കിയാണന്നതില്‍ നിന്നും അവയുടെ വിശ്വാസ്യത വളരെ ഉയര്‍ന്നതാണെന്ന് മനസ്സിലാക്കും. വിവിധ വാച്ചുകളിലെ സമയം നോക്കിയാല്‍ ഇത് ബോധ്യപ്പെടും. ഉച്ചയ്ക്ക് രണ്ടര എന്നു പറഞ്ഞാല്‍ ഭൂരിപക്ഷം ഘടികാരങ്ങളിലും 2.25 നും 2.35 നും ഇടയ്ക്കായിരിക്കും സമയം. ഈ 10 മിനിറ്റ് മാനകവ്യതിയാനമാണ്. അതനപ്പുറത്ത് പോകുന്ന വാച്ചുകളുമുണ്ട്. അവയൊക്കെ ക്രമപ്പെടുത്തല്‍ (correction) ആവശ്യപ്പെടുന്നുമുണ്ട്. പക്ഷെ ഭൂരിപക്ഷം ഘടികാരങ്ങളും ഒരു മാനകവ്യതിയാനത്തിനുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം വ്യത്യായനമേ മഹാഭൂരിപക്ഷം ലബോറട്ടറി ഫലത്തിലും സംഭവിക്കുന്നുള്ളു.

പിന്നെയുള്ളത് നിര്‍ധാരണപരീക്ഷണങ്ങളുടെ കാര്യമാണ്. അതായത് നെഗറ്റീവോ പോസിറ്റീവോ എന്നത് നിശ്ചയിക്കുന്നതും രോഗനിര്‍ണ്ണയവുമാണ് ഈ വിഭാഗത്തില്‍പ്പെടുക. പൂര്‍ണ്ണമായ ബോധ്യം വരാത്തിടത്തോളം ഇക്കാര്യത്തില്‍ ആവര്‍ത്തിച്ചുള്ള പരിശോധനകളാണ് വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്. പ്രാഥമികഘട്ടത്തില്‍ പോസിറ്റീവ് ഫലം വന്നാല്‍ സ്ഥിരീകരിക്കാനായി കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമായിവരും. ഉദാ-എയിഡ്‌സ് നിര്‍ണ്ണയം നടത്താനുള്ള എലിസ ടെസ്റ്റ്. ഏത് പരിശോധനകളിലും വിലയിരുത്തലുകളിലും വ്യക്തിഗതവും ഉപകരണപരവുമായ വ്യതിയാനം വരാം. പക്ഷെ ജ്യോതിഷത്തില്‍ ഉപകരണമില്ല, അതായത് ഭിന്നവും വ്യതിരിക്തവുമായ ഉപകരണങ്ങളില്ല. ജ്യോതിഷത്തില്‍ ഫലഭാഗം സംബന്ധിച്ച പുസ്തകങ്ങളാണ് ആധാരം. അപ്പോള്‍ സാധാരണഗതിയില്‍ ലബോറട്ടറി പരിശോധനയില്‍ വ്യതിയാനങ്ങളുണ്ടാക്കാന്‍ കാരണമാകുന്ന രണ്ട് കാര്യങ്ങള്‍ ജ്യോതിഷത്തിലില്ല. പിന്നെയുള്ള ജ്യോതിഷിയുടെ വ്യഖ്യനമാണ്. ഈ വ്യാഖ്യാനം പരിശോധനാഫലമല്ല. രക്തപരിശോധനാഫലവും അതിന്റെ വ്യാഖ്യാനവും രണ്ടാണ്. വധുവിന്റെ ഏഴില്‍ ചൊവ്വ അറിയന്‍ പരിശോധനയുടെ ആവശ്യമില്ല. ഗ്രഹനിലയെടുത്ത് ഏഴില്‍ ചൊവ്വയാണോ എന്ന് നോക്കിയാല്‍ മതി. ഇനി ഈ ദോഷം കുറയ്ക്കുകയോ പരിഹരിക്കുകയോ ചെയ്യാന്‍ വേണ്ട ഒഴികഴിവുകളും ഫലഭാഗജ്യോതിഷത്തില്‍ തന്നെയുണ്ടാവും. പ്രഗത്ഭരായ ജ്യോതിഷികള്‍ അഭിപ്രായസമന്വയത്തിലൂടെ ഫലഭാഗ ലക്ഷണങ്ങള്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്താല്‍ , അത് എല്ലാവരും പിന്തുടരാന്‍ തീരുമാനിച്ചാല്‍ ജാതകഫലം അണുവിട മാറേണ്ട കാര്യമില്ലല്ലോ? അതായത് രക്തപരിശോധനയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സങ്കീര്‍ണ്ണതയൊന്നും ജാതകഫലം നോക്കുന്ന കാര്യത്തില്‍ വേണ്ടതില്ല. പിന്നെ എവിടെയാണ് ഭിന്നത വരുന്നത്?

ഫലഭാഗം വായിച്ചു നോക്കി ജ്യോതിഷികള്‍ തരാതരം പോലെ വ്യാഖ്യാനിക്കുന്നത് കൊണ്ടാണോ? ആണെങ്കില്‍ തരാതരം പോലെ വ്യാഖ്യാനിക്കുന്ന ഒന്ന് ശാസ്ത്രീയമോ യുക്തിസഹമോ അല്ല എന്നു മാത്രമാണ് മനസ്സിലാക്കേണ്ടത്. ആള്  മരിക്കുമെന്ന് ഒരാളും മരിക്കില്ലെന്ന് മറ്റൊരാളും 'കുഴപ്പമുണ്ട് പക്ഷെ പരിഹാരമുണ്ട്' എന്ന് വേറൊരാളും പറഞ്ഞാല്‍ അത് തമാശ മാത്രമാണ്. ഇതിനിടയിലുള്ള പല സാധ്യതകള്‍ മറ്റുചിലര്‍ക്കും പറയാം. ഏത് നടന്നാലും ഏതെങ്കിലും ജ്യോതിഷി ഹിറ്റാവും. ഫലം ഫലിക്കാതിരുന്നാല്‍ 'ഇനിയും സമയം കിടക്കുകയല്ലേ' എന്ന ഭീഷണി വലിച്ചെറിഞ്ഞ് സുരക്ഷിതപാത വെട്ടി ജ്യോതിഷിക്ക് തടി തപ്പാം.
ഇതും ലബോറട്ടറി പരിശോധനയില്‍ വന്നേക്കാവുന്ന ലഘു വ്യതിയാനങ്ങളുമായുള്ള താരതമ്യം ആപ്പിളും ഓറഞ്ചും തമ്മിലുള്ള താരതമ്യത്തിന് സമാനമാണ്.  ലബോറട്ടറി പരിശോധനയില്‍ അടിസ്ഥാന കാര്യങ്ങളില്‍ തെറ്റുവരില്ല. ജീവനുള്ള കോശങ്ങളും മരിച്ച കോശങ്ങളും തമ്മില്‍ തെറ്റില്ല, നായയുടെ രക്തവും മനുഷ്യന്റെ രക്തവും തമ്മില്‍ തെറ്റില്ല, രക്തഗ്രൂപ്പുകള്‍ തമ്മിലും തെറ്റില്ല.

സൂക്ഷ്മമായ രോഗനിര്‍ണ്ണയങ്ങളുടെ കാര്യത്തില്‍ മാത്രമാണ് അവിടെ ലഘുവ്യതിയാനം വരിക. എന്നാല്‍ മരിച്ചയാളുടേയും ജീവിച്ചിരിക്കുന്ന ആളുടേയും ഗ്രഹനില തിരിച്ചറിയാന്‍ ജ്യോതിഷികള്‍ക്കാവില്ല. അത്തരം പരീക്ഷണങ്ങളിലെല്ലാം അവര്‍ തോറ്റമ്പിയ ചരിത്രമേയുള്ളു. ഗ്രഹനില കണ്ടിട്ട് ആണാണോ പെണ്ണാണോ എന്നോ പ്രശസ്തവ്യക്തിയുടെയാണോ കുപ്രസിദ്ധ കൊലപാതകിയുടെ ആണോ എന്നുപറയാന്‍ പോലും അവര്‍ക്കാവില്ലെന്ന് മാത്രമല്ല അവര്‍ക്കങ്ങനെ കഴിയാത്തതില്‍ അത്ഭുതവുമില്ല. മറിച്ചുള്ള അവകാശവാദങ്ങളൊക്കെ ദയനീയ പരാജയങ്ങളാണ് ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. ജ്യോതിഷികള്‍ പലരും ഭിന്നഫലം വ്യാഖ്യാനിക്കുന്നത് സത്യത്തില്‍ ഒരു പിഴവല്ല. 'ജ്യോതിഷ ഫലപ്രവചനത്തില്‍ പിഴവ് വന്നു' എന്നൊക്കെ പറയുന്നതില്‍ കഥയില്ല. ഫലങ്ങള്‍ ഭിന്നമായി വ്യഖ്യാനിച്ചാല്‍ എന്തു സംഭവിച്ചാലും ജ്യോതിഷം സാധൂകരിക്കപ്പെടുമെന്ന് മനസ്സിലാക്കിയ കേവലമായ അടവ് തന്ത്രം മാത്രമാണത്.

'പരിഹാരമുണ്ട് ' എന്നൊരാളും 'പരിഹാരമില്ല -അനുഭവിക്ക തന്നെ' എന്ന് മറ്റൊരാളും തട്ടിവിട്ടാല്‍ ഫലം വരുമ്പോള്‍ ജ്യോതിഷത്തിന് 100% മാര്‍ക്കായി. ഇനി ഭിന്നവ്യക്തികള്‍ നോക്കി വ്യാഖ്യാനിക്കുന്നതിന്റെ പ്രശ്‌നമാണെങ്കില്‍ മുഴുവന്‍ ഫലഭാഗ ശാസനങ്ങളും 'മഴവില്‍കുതന്ത്ര' മാതൃകയില്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി വെച്ചാല്‍ മതിയല്ലോ. അതായത് ജ്യോതിഷപ്രവചനം ഭിന്നമാകേണ്ട കാര്യം തന്നെയില്ല. അതേസമയം ലബോറട്ടറി പരിശോധനയില്‍ ചില സൂക്ഷ്മവ്യതിയാനങ്ങള്‍ ഒഴിവാക്കാനാവില്ല. അങ്ങനെ വരുമ്പോള്‍ ഏത് രീതിയില്‍ നോക്കിയാലും ഉപമ അപ്രസക്തവും അബദ്ധജഡിലവുമാണ്.

2. വിമാനാപകടം നടക്കുമ്പോള്‍ 750 പേര്‍ ഒറ്റയടിക്ക് കൊല്ലപ്പെടുമ്പോള്‍ അതില്‍ കൈക്കുഞ്ഞു മുതല്‍ പടുവൃദ്ധര്‍ വരെയുണ്ടാകാം. ഇവരുടെയെല്ലാം ജാതകത്തില്‍ 'വായുമാര്‍ഗ്ഗം യാത്ര ചെയ്യുമ്പോള്‍ കൊല്ലപ്പെടും' എന്നുണ്ടാവുമോ? അങ്ങനെയുണ്ടാവുമെന്നാണ് ഒരു ജ്യോതിഷി ഈയിടെ ഒരു ചാനലില്‍ പറഞ്ഞത്. എന്തു പറയുന്നു? ഫേസ് ബുക്കില്‍ ഇന്നലെ എഴുതിക്കിട്ടിയ ഒരു ചോദ്യമാണ്.

തമാശയായി ആണോ ഗൗരവത്തോടെയാണോ ജ്യോതിഷി ഈ പരാമര്‍ശം നടത്തിയതെന്ന് അറിയില്ല. ഗൗരവത്തോടെ കാണേണ്ട യാതൊന്നും ഇതിലില്ലാത്തതിനാല്‍ കേവലമായ ഒരു ജ്യോതിഷ തമാശയായി മാത്രം കാണാം. വിമാനം തകര്‍ന്നാല്‍ 750 പേര്‍ മരിച്ചാല്‍ കപ്പല്‍ മറിഞ്ഞാല്‍ 5000 പേര്‍ ഒറ്റയടിക്ക് മരിച്ചെന്ന് വരാം. ഭൂകമ്പമാകുമ്പോള്‍ മരണസംഖ്യ മുപ്പതിനായിരമോ നാല്‍പ്പതിനായിരമോ ആകും. ഒരു പ്രദേശത്തുള്ള സര്‍വവിധ 'യോഗ'മുള്ളവരും അനുഭവിക്കും. മാളികക്കാരന് നഷ്ടം കൂടുതലും പട്ടിണിക്കാരന് കുറവുമായിരിക്കും(അതുതന്നെ ജ്യോതിഷത്തിന് എതിരാണ്. കാരണം ഗ്രഹനില കാരണം ഐശ്വര്യസമൃദ്ധമായ ജീവിതം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഭൂകമ്പത്തിലൂടെ എല്ലാം നഷ്ടപ്പെടുന്നത് ഗ്രഹങ്ങളെ കൊച്ചാക്കലാണല്ലോ). സുനാമി വരുമ്പോള്‍ ഒറ്റയടിക്ക് ദശലക്ഷങ്ങളാണ് ഇല്ലാതാകുന്നത്. എന്തിനേറെ സോമാലിയയിലും സുഡാനിലുമൊക്കെ കോടിക്കണക്കിന് കുട്ടികളാണ് പട്ടിണിക്ക് ഇരയായി മരിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ കുപ്രസിദ്ധമായ പട്ടിണമരങ്ങളില്‍ ബംഗാളില്‍ മാത്രം പൊലിഞ്ഞത് ലക്ഷങ്ങള്‍ ! പ്രസവത്തോട് അനുബന്ധിച്ച് അമ്മ മരിക്കുന്നത് ഇന്ത്യയില്‍ അമ്പത് വര്‍ഷത്തിന് മുമ്പ് സര്‍വ സാധാരണമായിരുന്നു. ഇന്നത് ഗണ്യമായി കുറഞ്ഞത് ഗ്രഹങ്ങള്‍ ആ നിലയ്ക്ക് പ്രവര്‍ത്തിക്കുന്നതു കൊണ്ടാണോ? ആഫ്രിക്കന്‍ രാജ്യങ്ങളിലും ബംഗ്‌ളാദേശിലും ഇപ്പോഴും യാതൊരു കുറവുമില്ലാതെ തുടരാന്‍ കാരണം ഗ്രഹങ്ങള്‍ അക്രമാസക്തമായ നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണോ? എന്തുകൊണ്ട് പര്‍വതസാനുക്കളില്‍ ഉള്ളവര്‍ സുനാമിയിലും വേലിയേറ്റത്തിലും മരിക്കുന്നില്ല?! എന്തുകൊണ്ട് ചില സമൂഹങ്ങളില്‍ പെണ്‍കുഞ്ഞുങ്ങള്‍ ധാരാളമായി കൊല്ലപ്പെടുന്നു? ....ആയിരക്കണക്കിന് ചോദ്യങ്ങള്‍ ഇവിടെ എഴുതി നിറയ്ക്കാം. ഒരു ജ്യോതിഷിക്കും ഇതിനുത്തരം ഉണ്ടാവില്ല. ഉണ്ടാവില്ലെന്ന് മാത്രമല്ല എന്തെങ്കിലും തട്ടിക്കൂട്ട് വ്യാഖ്യാനങ്ങള്‍ ഉന്നയിച്ചാല്‍ സംഗതി കൂടുതല്‍ കുഴപ്പത്തിലാകുകയും ചെയ്യും.

വിമാന അപകടത്തിന്റെ കാര്യത്തിലേക്ക് വരാം. ഒരു കടലിന്റെ മുകളില്‍ വെച്ച് യാത്രവിമാനം തകര്‍ന്നു വീഴുന്നുവെന്ന് കരുതുക. ഉദാ-ഒരു ഇന്ത്യന്‍ വിമാനം അത്‌ലാന്റിക്ക് തീരത്തോട് അനുബന്ധിച്ച് തകരുന്നു. ചോദ്യമിതാണ്. ചോരക്കുഞ്ഞു മുതല്‍ വൃദ്ധര്‍ വരെയുള്ള അതിലെ യാത്രക്കാര്‍ (അതില്‍ അഹിന്ദുക്കളും രാഹുവും കേതുവുമൊന്നുമില്ലാത്ത ജ്യോതിഷം പിന്തുടരുന്നവരും ഉണ്ടായിരിക്കും)ആ സമയത്ത് പ്രസ്തുത കടലിന് മുകളില്‍ എത്തുമെന്നും മരിക്കുമെന്നും അവരുടെയെല്ലാം ജാതകത്തില്‍ ഉണ്ടാകുമോ? ഇല്ല എന്നത് 100% തീര്‍ച്ചയാണ്. അവരുടെ എല്ലാം ജാതകത്തില്‍ അങ്ങനെ ഉണ്ടാകില്ലെന്ന് മാത്രമല്ല, അവരില്‍ ഒരാളുടെ പോലും ജാതകത്തില്‍ അങ്ങനെയുണ്ടാവില്ല. കുറെക്കൂടി കൃത്യമായി പറഞ്ഞാല്‍ ലോകത്ത് ആരുടെ ജാതകത്തിലും അങ്ങനെയൊരു ഫലപ്രവചനം ഉണ്ടാവില്ല;ഭാവിയിലും ഉണ്ടാവുകയില്ല. കാരണമിതാണ് പൂര്‍ണ്ണകൃത്യതയോടെ സ്ഥലവും സമയവും രീതിയുമൊക്കെ കൃത്യമായി പ്രവചിക്കുന്ന ഒരു
പ്രസ്താവം  ജാതകപ്രവചനത്തില്‍ ഉണ്ടാവില്ലെന്ന് നാം മുമ്പ് കണ്ടതാണല്ലോ(ie there won’t be any specific statements in astrological predication. All of the are vague generel statements amenable to twisting and interpretations) അങ്ങനെ സംഭവിച്ചാല്‍ അതോടെ ജ്യോതിഷികളുടെ ആപ്പീസ് പൂട്ടി സീലു വെക്കാം.

പക്ഷെ ഈ തമാശയ്ക്കുള്ളില്‍ വേറൊരു തമാശയില്ലാതില്ല. അതായത് മ്യത്യു സംബന്ധിച്ച പ്രവചനം ജ്യോതിഷിക്ക് നല്ല വെടിപ്പായി നടത്താം. ഉദാഹരണമായി 'അപകടമൃത്യുവിന് സാധ്യതയുണ്ട്, വെള്ളം, വായു, അഗ്നി ഇതിലേതെങ്കിലും മൃത്യുകാരണമാവാം'(ഇതോ ഇതിന് സമാനമായതോ ആയ പ്രവചനങ്ങള്‍ പല ജാതകങ്ങളിലും കണ്ടിട്ടുണ്ട്) എന്ന ബര്‍നം പ്രസ്താവം ജാതകത്തില്‍ എഴുതുകയോ ഫലപ്രവചനമായി പറയുകയോ
ചെയ്യാം. ജാതകത്തിലാകുമ്പോള്‍ വ്യത്യസ്തഭാഗങ്ങളിലായി ഇത് പിരിച്ചെഴുതിയാല്‍ മതിയാകും. കാരണം ഈ മൂന്ന് രീതിയില്‍ മനുഷ്യര്‍ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് !! ബാക്കി സൂക്ഷ്മതലങ്ങളൊക്കെ പ്രവചനാനാര്‍ത്ഥിയുടെ വിശ്വാസികളായ ബന്ധുക്കള്‍ സൗകര്യംപോലെ ചികഞ്ഞു കണ്ടെത്തിക്കൊള്ളും. ജ്യോതിഷിക്ക് അമ്പതു പൈസ ചെലവില്ലാതെ ഖ്യാതി ലഭിക്കുകയും ചെയ്യും. ചുരുക്കത്തില്‍ അത്‌ലാന്റിക്കിന് മുകളില്‍ വിമാനം ചെന്ന് തകരുമെന്ന് മുന്‍കൂട്ടി കണ്ടവനാകും ഭക്തനെ സംബന്ധിച്ചിടത്തോളം ഈ ജ്യോതിഷി!!! കാരണം വിമാന അപകടം വേണ്ടവര്‍ക്ക് ജാതകത്തിലെ വായുമരണം എടുക്കാം(വായുമരണപ്രവചനം അച്ചട്ട്), വിമാനം കത്തി കരിഞ്ഞായിരിക്കും താഴോട്ട് വീഴുക, മിക്ക യാത്രക്കാരും കത്തിക്കരിഞ്ഞായിരിക്കും മരിക്കുക(അഗ്നിമരണപ്രവചനം അച്ചട്ട്), കടലില്‍ വീണാല്‍ വെള്ളം കുടിച്ചായിരിക്കും മരിക്കുക(ജലമരണപ്രവചനം അച്ചട്ട്). എന്താ ഇതില്‍ ഇല്ലാത്തത്?!!!എല്ലാത്തരം മരണങ്ങളും ജ്യോതിഷം പ്രവചിച്ചു കഴിഞ്ഞു. വേണ്ടത് സ്വീകരിക്കേണ്ട ബാധ്യതയേ ജാതകവിശ്വാസിക്കുള്ളു. ഇനി ജാതകക്കാരനെ ആരെങ്കിലും കഴുത്തു ഞെരിച്ച് കൊല്ലുകയാണെങ്കിലും ഈ ബര്‍നം പൊതു പ്രസ്താവത്തില്‍ അതിനും വകുപ്പുണ്ട്.

ജലമരണം-വെള്ളംകുടിച്ച് ശ്വാസംമുട്ടി മരിക്കുകയാണല്ലോ! 'എന്തായാലും ശ്വാസംമുട്ടി മരിക്കുമെന്ന് ജാതകത്തിലുണ്ടായിരുന്നു, അത് എങ്ങനെയാണെന്ന് പ്രവചനവേളയില്‍ വ്യക്തമായില്ല' എന്നുപറഞ്ഞാല്‍ ജ്യോതിഷിയെ വിശ്വാസി സ്വയം മറന്ന് കെട്ടിപ്പിടിച്ചു പോകും. മാത്രമല്ല 'അപകടമൃത്യുവിന് സാധ്യതയുണ്ട്' എന്ന് സൂചിപ്പിച്ചിട്ടുണ്ടല്ലോ! കറണ്ടടിച്ച് മരിച്ചാലും അഗ്നിമരണം എന്ന പ്രവചനം കൃത്യമായി. ഇനി കുത്തിക്കൊല്ലുകയോ വിഷം കഴിക്കുകയോ ചെയ്താല്‍ 'അപകടമൃത്യുവിന് സാധ്യതയുണ്ട്' എന്ന പ്രവചനം ശരിയായി. ഇനി എല്ലാവരുടേയും ജാതകത്തില്‍ അപകടമൃത്യുവിനെ കുറിച്ച് പരാമര്‍ശമില്ലാത്തതെന്താ എന്ന പൈങ്കിളി ചോദ്യമുന്നയിക്കണമെന്ന് തോന്നുന്നുവെങ്കില്‍ അറിഞ്ഞാലും: അതിന്റെ കാര്യമില്ല, അങ്ങനെ നിരത്തി പിടിച്ച് എഴുതിയാല്‍ സംഗതി പൊളിയും. ഒരു നിശ്ചിത ശതമാനം ജാതകങ്ങളില്‍ , അല്ലെങ്കില്‍ ഒരു പ്രത്യേക നാളുകാര്‍ക്ക്, ഗ്രഹനിലക്കാര്‍ക്ക് മാത്രം അതെഴുതി വിട്ടാല്‍ മതി. പത്തുപേര്‍ക്ക് പ്രവചിക്കുമ്പോള്‍ സമാനമായ എന്തെങ്കിലും കുറഞ്ഞത് ഒന്നുരണ്ടു പേരുടെ ജീവിതത്തിലെങ്കിലും സംഭവിച്ചിരിക്കും. സ്ഥിതിവിവരക്കണക്ക് പ്രകാരമുള്ള കേവല സാധ്യതയാണിത്. It is the statistical probability for any given ten people anywhere in the world. അതുമതി ജ്യോതിഷിക്ക് ആജീവനനാന്തം നിലനിന്നുപോകാന്‍ .

'അപകടമൃത്യുവിന് സാധ്യതയുണ്ട്' എന്ന പ്രസ്താവം ഇല്ലെങ്കിലും എല്ലാത്തരം മരണങ്ങളും ന്യായീകരിക്കാനുമുള്ള ചില പൊതു പ്രസ്താവങ്ങള്‍ ജാതകഫലത്തില്‍ ഒളിപ്പിച്ച് വെക്കുക പതിവാണ്. എണ്‍പതു വയസ്സു വരെ ജീവിക്കുമെന്ന് പ്രവചിച്ച് ജ്യോതിഷവിശ്വാസിയുടെ ആര്‍ത്തി ശമിപ്പിക്കുകയും മനസ്സ് കുളിര്‍പ്പിക്കുകയും ചെയ്യുന്ന പ്രവചനത്തില്‍ '9 ഉം 36 ഉം 51 ഉം തരണം ചെയ്താല്‍ 80 വരെ ജീവിക്കും' എന്നുകൂടി (അല്ലെങ്കില്‍ സമാനാര്‍ത്ഥത്തില്‍ മറ്റെന്തെങ്കിലും) എഴുതിയിട്ടുണ്ടാവും. ആദ്യത്തെ ഭീഷണി ബാല്യസഹജമായ അസുഖങ്ങള്‍ കൊണ്ട് കുട്ടി മരിച്ചു പോകാനുളള സാധ്യത മനസ്സില്‍ കണ്ടുകൊണ്ടാണ്. പണ്ടൊക്കെ ശൈശവത്തില്‍ പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വന്ന് മരിക്കാന്‍ സാധ്യത ഏറെയായിരുന്നുവല്ലോ. പക്ഷെ ഇത് വായിക്കുന്ന പ്രവചാനാര്‍ത്ഥി കരുതുക കൃത്യം ഒമ്പത് വയസ്സാകുമ്പോള്‍ താന്‍ മരിക്കുമെന്ന് ജാതകത്തില്‍ കൃത്യമായി എഴുതിയിരിക്കുന്നുവെന്നാണ്.

ഒമ്പതിലെങ്ങാനും മരിച്ചാല്‍ കാളക്കണ്ണില്‍ തന്നെ അസ്ത്രം തറയ്ക്കും!! പക്ഷെ അതിന്റെ വ്യാഖ്യാനം അങ്ങനെയല്ല. ഒമ്പത് തരണം ചെയ്താല്‍ എന്നുപറഞ്ഞാല്‍ ആദ്യത്തെ ഒമ്പത് വര്‍ഷത്തിനിടെ എപ്പോള്‍ വേണമെങ്കിലും ജാതകക്കാരന്‍ തട്ടിപ്പോകാം എന്നാണ് കാണേണ്ടത് ! ഒമ്പത് വയസ്സുവരെ രോഗപീഡയില്ലാതെ പോയാല്‍ പിന്നെ മുന്നോട്ടു പോകുമെന്ന് കരുതുന്നതാണ് സാമാന്യബുദ്ധി. പിന്നെയുള്ളത് മുപ്പത്തിയാറാം വയസ്സാണ്. പക്ഷെ അവിടെയും 36 ല്‍ മരിക്കുമെന്ന് പറഞ്ഞ് ജ്യോതിഷിയെ വിചാരണ ചെയ്യരുത്. 36 വയസ്സിന് മുമ്പ് എപ്പോള്‍ മരിച്ചാലും '36 ഉം തരണം ചെയ്താല്‍ 'എന്ന് ജ്യോതിഷി പറഞ്ഞത് ശരിയായി. ഇതു തന്നെ 51 ന്റെ കാര്യവും. 51 വയസ്സിന് മുമ്പ് എപ്പോള്‍ മരിച്ചാലും ജ്യോതിഷി വിജയിച്ചു. ശരിക്കും 'വഞ്ചനയിലെ ചതി' തന്നെയാണിത്! ഇനി 51 കഴിഞ്ഞാല്‍ 80 വരെ ജീവിക്കുമെന്ന പ്രവചനം ശരിക്കും ജ്യോതിഷി ഒരു റിസ്‌ക്ക് എടുക്കുന്നതാണ്. ആദ്യ 51 വര്‍ഷം ശരിയായി പ്രവചിച്ച ജ്യോതിഷത്തെ തള്ളിപ്പറയാന്‍ ഇതിനകം ജ്യോതിഷത്തിന് അടിമയായ പ്രവചനാര്‍ത്ഥിക്ക് സാധിക്കില്ലല്ലോ. ഇനി അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കിലും ജാതകക്കാരന്‍ പരാതിപ്പെടാന്‍ ചെല്ലില്ലല്ലോ!! ബന്ധുക്കള്‍ ചോദിക്കുകയാണെങ്കില്‍ നൂറ് ന്യായം ജാതകത്തില്‍നിന്ന് തന്നെ ചൂണ്ടിക്കാണിക്കാനുമാവും. ചുരുക്കത്തില്‍ 'വിമാനാപകടവാദം' പോലുള്ള തേമ്പിയ ന്യായങ്ങള്‍ ഉന്നയിക്കുന്നവരെ സൗമ്യമായി അവഗണിക്കുകയേ നിവര്‍ത്തിയുള്ളു. എന്തെന്നാല്‍ അന്ധവിശ്വാസപരമായി അവര്‍ മറ്റൊരു മേഖലയിലാണ്. They are in a different zone altogether!
പൂക്കാത്ത കുറിഞ്ഞികള്‍
മനുഷ്യന് ഉത്തരമില്ലാത്ത, അജ്ഞാതമായ നിരവധി പ്രതിഭാസങ്ങള്‍ ചുറ്റും നടക്കുന്നുണ്ട്. നീലക്കുറിഞ്ഞി കൃത്യം പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ പൂക്കുന്നു. പന്ത്രണ്ട് വര്‍ഷമെന്നത് വ്യാഴത്തിന് സൂര്യനെ ഒരു പ്രാവശ്യം ചുറ്റാന്‍ വേണ്ട സമയമാണ്. ഭൂമിയിലെ ജീവജാലങ്ങളും പ്രപഞ്ചവുമായുള്ള നിഗൂഡബന്ധം വ്യക്തമാക്കാന്‍ ഇതിലും മികച്ച ഉദാഹരണം വേണോ? എങ്ങനെയാണിത് സംഭവിക്കുന്നതെന്ന് ശാസ്ത്രീയ വീക്ഷണം അവകാശപ്പെടുന്നവര്‍ക്ക് പറയാമോ?

തീരെ ശാസ്ത്രജ്ഞാനമില്ലാത്ത ഗോത്രജനതയ്ക്കും നല്ല ശാസ്ത്രബോധമുളള നാഗരികജനതയ്ക്കും ഇത്തരം പ്രചരണങ്ങള്‍ ഒരു വിഷയമില്ല. പക്ഷെ ശാസ്ത്രബോധമില്ലാത്താത്ത നാഗരികജനതയെ, അത് വിദ്യാഭ്യാസമുള്ളവരാണെങ്കിലും ഇല്ലാത്തവരാണെങ്കിലും, തെറ്റിദ്ധരിപ്പിക്കാന്‍ ഇതു മതി. എന്തിന് പിന്നിലും മനുഷ്യന് ബോധ്യം വരുന്ന ഒരു കാരണം ആരോപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മനുഷ്യമസ്തിഷ്‌ക്കത്തിന് നിര്‍ധാരണം പ്രയാസകരമാണ്. നിര്‍ധരിക്കാന്‍ കഴിയാതെ വരുമ്പോള്‍ കഥ മെനഞ്ഞും ഭയപ്പെട്ട് അന്ധവിശ്വാസങ്ങല്‍ ആചരിച്ചും ആ ചിന്താപ്രതിസന്ധി ഒഴിവാക്കാനാണ് മസ്തിഷ്‌ക്കം ശ്രമിക്കുക. ലക്ഷ്യമില്ലാതെ(without purpose) വെറുതെ എന്തെങ്കിലും സംഭവിക്കുന്നതായി സങ്കല്‍പ്പിക്കാന്‍ നമുക്ക് അത്ര എളുപ്പമല്ല. ഈ മസ്തിഷ്‌ക്കപ്രവണത തന്നെയാണ് നീലക്കുറിഞ്ഞിയെ വ്യാഴവട്ടവുമായി ബന്ധപ്പെടുത്തുന്നത്.

വ്യാഴം സൂര്യനെ ചുറ്റുന്നത് 11.862 ഭൗമവര്‍ഷം കൊണ്ടാണ്. അതായത് പന്ത്രണ്ട് വര്‍ഷം തികയാന്‍ 0.14 വര്‍ഷം(50 ദിവസത്തിലധികം) കുറവ്. തല്‍ക്കാലം ഈ വ്യത്യാസം വിട്ടുകളയുക. ഇനി, നീലക്കുറിഞ്ഞി അഥവാ സ്‌ട്രോബിലാന്തസ് കുന്തിയാന(Strobilanthes kunthiana) എന്ന അക്കന്‍തേഷ്യ(Acanthaceae) കുടുംബത്തില്‍ പെട്ട ചെടികള്‍ കൃത്യമായും പന്ത്രണ്ടാം വര്‍ഷമാണോ പൂക്കുന്നത്? അല്ല എന്നാണ് ഉത്തരം. ഈ ജനുസ്സില്‍ ലോകമെമ്പാടുമായി ഏതാണ്ട് അഞ്ഞൂറിലധികം സ്പീഷിസുകളുണ്ട്. അതില്‍ 50 എണ്ണം മാത്രമേ ഇന്ത്യയിലുള്ളു. മൊത്തം ഇനങ്ങള്‍ പരിഗണിച്ചാല്‍ പുഷ്പ്പിക്കല്‍ കാലം ഒരു വര്‍ഷം മുതല്‍ 16 വര്‍ഷം വരെ വ്യത്യാസപ്പെടുന്നുണ്ട്.

അതായത് എല്ലായിനം നീലക്കുറിഞ്ഞിക്കും വ്യാഴത്തോട് പ്രേമമില്ല! ഒരു വര്‍ഷം കൊണ്ട് പൂക്കുന്ന നീലക്കുറിഞ്ഞിയും പതിനാറ് വര്‍ഷം കൊണ്ട് പൂക്കുന്ന നീലക്കുറിഞ്ഞിയുമുണ്ട്. 1826 മുതല്‍ നീലഗിരിയും മൂന്നാറും ഉള്‍പ്പെടെയുള്ള ചില സ്ഥലങ്ങളില്‍ കാണപ്പെടുന്ന കുറിഞ്ഞികള്‍ ഏതാണ്ട് 12 വര്‍ഷം ഇടവിട്ട് പൂക്കുന്നുണ്ട്. 1300 മുതല്‍ 2400 മീറ്റര്‍ വരെ ഉന്നതിയുള്ള സ്ഥലങ്ങളിലാണ് ഇവ വളരുന്നത്. അപ്പോള്‍ നീലക്കുറിഞ്ഞിയുടെ പുഷ്പ്പിക്കലും വ്യാഴവട്ടവും തമ്മിലുള്ള സാമ്യം വെറും ഒപ്പിക്കലാണ്. അതല്ലാതെയുള്ള യാതൊരു നിഗൂഡതയോ വ്യക്തിബന്ധമോ അതിലില്ല.

ഒരു സ്ഥലത്ത് കേന്ദ്രീകരിക്കപ്പെടുന്ന കുറിഞ്ഞി വിത്തുകളെല്ലാം ഒറ്റയടിക്ക് ഇരപിടിയന്‍മാരാല്‍ (seed/flower predators)നശിപ്പിക്കപ്പെട്ട് വംശം കുറ്റിയറ്റ് പോകാതിരിക്കാനായി ഇരയുടെ ആധിക്യം(abundance of `prey')സൃഷ്ടിക്കുന്നതിനെ പ്രകൃതിനിര്‍ധാരണം പിന്തുണയ്ക്കാന്‍ നല്ല സാധ്യതയുണ്ട്. കാട്ടുകിളികളും(Jungle fowl) ചിലയിനം ചെറിയ സസ്തനങ്ങളുമാണ്(small mammals)കുറിഞ്ഞിയെ പ്രധാനമായും ആഹരിക്കുന്നത്. എല്ലാം ഒറ്റയടിക്ക് ഓരോ സമയം പുഷ്പിച്ചാല്‍ സംഖ്യാപരമായ മുന്‍തൂക്കം മൂലം കുറെയെണ്ണമെങ്കിലും അതിജീവിക്കാനുള്ള സാധ്യതയാണവിടെ പ്രയോജനപ്പെടുത്തപ്പെടുന്നത്. കുറിഞ്ഞിയുടെ പുഷ്പിക്കല്‍ ക്രമത്തിന്റെ(flowering pattern)ഒരു വിശദീകരണമിതാണ്.

പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ പുഷ്പിണിയാകുക എന്നത് ആ ചെടിയുടെ ചില വകഭേദങ്ങളുടെ ജനിതകഘടനയില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ട ഒരു ജീന്‍ നിര്‍ദ്ദേശമാണ്. പ്രകൃതിനിര്‍ധാരണം വഴിയാണ് അത് ഉരുത്തിരിഞ്ഞിട്ടുള്ളത്. നീലക്കുറിഞ്ഞി എന്ന സസ്യം ഉരുവംകൊള്ളുന്നതിന് വളരെ മുമ്പ് തന്നെ വ്യാഴം സൂര്യനെ ഭ്രമണം ചെയ്യുന്നുണ്ട്. നീലക്കുറിഞ്ഞിക്ക് വംശനാശം സംഭവിച്ചാലും വ്യാഴം ഭ്രമണം തുടരും. നീലക്കുറിഞ്ഞി പുഷ്പ്പിക്കുന്നതിന്റെ കാലദൈര്‍ഘ്യം മാറിയാലും വ്യാഴഭ്രമണം തുടരുകയും ചെയ്യും. രണ്ടും യാദൃശ്ചികമായി ഒരുപോലെ വന്നതുകൊണ്ട അവ തമ്മില്‍ സാമ്യമുണ്ടെന്ന് അവകാശപ്പെടുന്നത് കേവലം ഒരു ന്യായവൈകല്യം(logical fallacy) മാത്രം. മറ്റ് ഗ്രഹങ്ങള്‍ക്കും ഇതുപോലെ പ്രദക്ഷണകാലമുണ്ട്. ശനിക്ക് 29.456 ഭൗമവര്‍ഷമാണത്. 30 വര്‍ഷംകൊണ്ട് പൂക്കുന്ന സസ്യം ഭൂമിയിലുണ്ടോ!? ഇല്ലെങ്കില്‍ എന്തുകൊണ്ട്!? യുറാനസ്(84.07 ഭൗമവര്‍ഷം), നെപ്ട്യൂണ്‍ (164.81 ഭൗമവര്‍ഷം), കുള്ളന്‍ഗ്രഹമായ പ്‌ളൂട്ടോ (247.7ഭൗമവര്‍ഷം) എന്നിവയ്‌ക്കൊക്കെ ശനിയേക്കാള്‍ നീണ്ട പ്രദക്ഷണകാലമാണുള്ളത്. ആ കാലദൈര്‍ഘ്യത്തിനൊക്കെ അനുസരിച്ച് പൂക്കുന്ന പൂക്കള്‍ ഭൂമിയിലുണ്ടോ?

ഇനി, വ്യാഴം കഴിഞ്ഞ് ഇങ്ങോട്ടുള്ള ഗ്രഹങ്ങളുടെ പ്രദക്ഷണകാലം പരിശോധിച്ചാല്‍ ബുധന്‍(58.7ഭൗമദിനം), ശുക്രന്‍ (224.68 ഭൗമദിനം), ചൊവ്വ (686.98 ഭൗമദിനം)എന്നിങ്ങനെയാണ്. ഈ കാലയളവിനൊക്കെ ആനുപാതികമായി പൂക്കുന്ന സസ്യങ്ങളുടെ പേര് വിളിച്ചു പറയാന്‍ നിഗൂഡതാവാദികള്‍ക്ക് ബാധ്യതയില്ലേ?! എന്തുകൊണ്ട് ഭൂരിഭാഗം സസ്യങ്ങളും ഭൂമിയുടെ പ്രദക്ഷണകാലവുമായി (365.26 ദിവസം) പൊരുത്തപ്പെട്ട് പുഷ്പ്പിക്കുന്നു? ചില നീലക്കുറിഞ്ഞികള്‍ വ്യാഴവട്ടക്കാലത്തിനുള്ളില്‍ പൂക്കുന്നത് കേവലം യാദൃശ്ചികം മാത്രമെന്ന ഉത്തരംകൊണ്ട് തൃപ്തിപ്പെടുന്നില്ലെങ്കില്‍ മറ്റ് ഗ്രഹങ്ങളുടെ പ്രദക്ഷണകാലമനുസരിച്ച് പുഷ്പ്പിക്കുന്ന ചെടികള്‍ ഉണ്ടാകാത്തതെന്ത് എന്ന ചോദ്യത്തിന് മറുപടി വേണം. എന്തിന് അങ്ങനെ സംഭവിക്കണം എന്നാണ് മറുചോദ്യമെങ്കില്‍ ചില നീലക്കുറിഞ്ഞികള്‍ 12 വര്‍ഷം കൂടുമ്പോള്‍ പുഷ്പിക്കാന്‍ പാടില്ലെന്ന നിയമം എന്തുകൊണ്ട്? ആര്‍ക്കാണ് അങ്ങനെ ഒരു നിര്‍ബന്ധം? അതിന്റെ കാരണമെന്ത്?...തുടങ്ങിയ കയറ്റുമതി ചോദ്യങ്ങള്‍ കുറച്ച് ഇറക്കുമതി ചെയ്യാനും തയ്യാറാവണം. അറിയുക, ഹോട്ടലുടമ സ്വന്തം ഹോട്ടലില്‍ നിന്ന് കഴിക്കുമ്പോഴാണ് ഹോട്ടലിന് ഖ്യാതി വര്‍ദ്ധിക്കുക!ഹ്യുമന്‍ ജിനോം വാദം

ഹ്യൂമന്‍ ജിനോം പ്രോജക്റ്റ് (Human Genome project) വഴി മനുഷ്യനറെ ജീവിതത്തില്‍ സംഭവിക്കുന്ന മുഴുവന്‍ കാര്യങ്ങളും ഒരു ജിനോം മാപ്പില്‍(Genome map)രേഖപ്പെടുത്താനാവുമെന്ന് വ്യക്തമായി. മനുഷ്യജീവിതത്തെ സംബന്ധിച്ച ഒരു പ്രവചനരേഖയാണിത്. ഇതോടെ നമ്മുടെ ജീവിതം പ്രവചനത്തിന് വഴങ്ങുന്നതാണെന്ന് വസ്തുനിഷ്ഠമായി തെളിയിക്കപ്പെട്ടിരിക്കുന്നു. ഇക്കാര്യം മറ്റൊരു തരത്തില്‍ പ്രവചിക്കാനുള്ള ശേഷി ഭാരതത്തിലെ ഋഷിമാര്‍ കണ്ടെത്തി. ആ മാര്‍ഗ്ഗമാണ് ജ്യോതിഷപ്രവചനം. ജിനോം മാപ്പ് അംഗീകരിക്കുന്നുവെങ്കില്‍ ജ്യോതിഷവും അംഗീകരിക്കണം. രണ്ടും വ്യത്യസ്ത കൈവഴികളിലൂടെ ഒഴുകി ഒരിടത്താണ് എത്തുന്നത്.

ഭാവനശേഷി കുറഞ്ഞ ജ്യോതിഷവിശ്വാസികള്‍ എഴുന്നെള്ളിക്കുന്ന മറ്റൊരു ചപലവാദം തന്നെയാണിതും. ശാസ്ത്രത്തെ കൂട്ടുപിടിച്ച് കപടവിദ്യകള്‍ ചായം തേച്ച് അവതരിപ്പിക്കുന്ന സ്ഥിരം പരിപാടി. ആദ്യമായി പറയട്ടെ, ഇതൊരു ശുദ്ധമായ ന്യായവൈകല്യ(logical fallacy)മാണ്. ആപ്പിളും മുന്തിരിയും താരതമ്യപ്പെടുത്തുന്നതുപോലെ തെറ്റായ താരതമ്യപ്പെടുത്തല്‍(false analogy) ആണ് ഇവിടെയും വിഷയം. ജിനോം മാപ്പിംഗിന് ജ്യോതിഷവുമായി സമാനതയുള്ളത് രണ്ടും പ്രവചിക്കും എന്നതാണെങ്കില്‍ അവിടെയും സാരമായ പിശകുണ്ട്. ജിനോം മാപ്പിന് ഒരളവുവരെ പ്രവചനശേഷിയുണ്ട്. എന്നാല്‍ ജ്യോതിഷത്തെ സംബന്ധിച്ച് അതൊരു കപടമായ അവകാശവാദം മാത്രം. ജിനോം സമ്മാനിക്കുന്ന നിഗമനങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കാനും തെളിയിക്കാനുമാവും. ജ്യോതിഷത്തില്‍ അവ രണ്ടും സാധ്യമല്ല. അസത്യവല്‍ക്കരണ ക്ഷമതയും ആവര്‍ത്തനക്ഷമതയും പ്രയോജനക്ഷമതയുമില്ലാത്ത ജ്യോതിഷത്തെ താരതമ്യം ചെയ്യേണ്ടത് ഹസ്തരേഖശാസ്ത്രം, മഷിനോട്ടം, താംബൂലശാസ്ത്രം തുടങ്ങിയ മറ്റ് പ്രവചനവിദ്യകളുമായാണ്. അവയ്ക്കിടയിലാണ് താരതമ്യക്ഷമമായ സാമ്യങ്ങളുള്ളത്. അസമമായ വസ്തുക്കളും പ്രതിഭാസങ്ങളും വിലക്ഷണമായി താരതമ്യം ചെയ്യുന്നത് അപഹാസ്യമാണെന്ന് ചുരുക്കം.

ഹ്യൂമന്‍ ജിനോം പ്രോജക്റ്റ് ഒരു കെട്ടുകഥയോ പ്രവചനവിദ്യയോ അല്ല. ഭൗതികപദാര്‍ത്ഥത്തെ ഭൗതികമായി വിശകലനം ചെയ്യുന്ന ഒരു യഥാതഥ പ്രവര്‍ത്തനമാണത്. പരീക്ഷണനിരീക്ഷണങ്ങള്‍ കൊണ്ട് സ്ഫുടം ചെയ്ത ഫലങ്ങളാണ് അത് സമ്മാനിക്കുന്നത്. ജിനോംമാപ്പിംഗിലെ കണ്ടെത്തലുകള്‍ക്ക് ഊഹപോഹങ്ങളും യക്ഷിക്കഥകളുമായി യാതൊരു ബന്ധവുമില്ല. ഒരാളുടെ ശാരീരികവും(physiological) ഘടനാപരവുമായ(anatomical) വളര്‍ച്ചയും വികാസവും സംബന്ധിച്ച ചില സൂചനകളാണ് ജിനോം മാപ്പിംഗ് വഴി കണ്ടെത്താനാവുന്നത്. ഇവയില്‍ പലതും ജീവിതശൈലികൊണ്ടും ഔഷധംകൊണ്ടും ഭേദഗതി വരുത്താവുന്നതാണ്.രോഗങ്ങളും മറ്റ് പ്രതിസന്ധികളും അതുവഴി മുന്‍കൂട്ടി അറിഞ്ഞാല്‍ തടയാനാവുമെന്നും കരുതപ്പെടുന്നു. അതായത് അതൊരു വിധിവിശ്വാസമല്ല മറിച്ച് ശാസ്ത്രീയമായ ഒരു കണ്ടെത്തലാണ്;ഒരു ചികിത്സാക്രമമാണ്.

ഏത് പെണ്‍കുട്ടിയെ എപ്പോള്‍ കല്യാണം കഴിച്ചാല്‍ ഭാഗ്യവും ഐശ്വര്യവും കൈവരുമെന്ന് പ്രവചിക്കാന്‍ ജിനോം മാപ്പിംഗില്‍ വകുപ്പില്ല. നേട്ടങ്ങളും അപകടങ്ങളും മുന്‍കൂട്ടി അറിയാനാവുമെന്നോ തെരഞ്ഞെടുപ്പിലെ വിജയി, സുനാമിയുടെ ആഗമന എന്നിവ പ്രവചിക്കാനാവുമെന്നോ ജിനോം മാപ്പിംഗ് വിദഗ്ധര്‍ അവകാശപ്പെട്ടതായി കേട്ടിട്ടില്ല. നാം ഇന്ന് ജീവശാസ്ത്രം, ചികിത്സ എന്നിവയുടെ രംഗത്ത് ഭൗതികമായ തെളിവുകളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ക്ക് സമാനമാണ് ജിനോം സൂചനകളും. ഈ രംഗത്ത് മനുഷ്യന്‍ കരഗതമാക്കിയ നിര്‍ധാരണശേഷിയുടെ തുടര്‍ച്ച മാത്രമാണത്. It is only an extension of the achieved results. അമിതമദ്യപാനം കരള്‍ സംബന്ധിയായ രോഗങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്ന കഴിയുമെന്നത് വൈദ്യശാസ്ത്രപരമായ ഒരു പ്രവചനമാണ്. സ്ഥിരമായി പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ വായില്‍ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നതും ഒരു ചികിത്സാപ്രവചനം തന്നെ. ജിനോം മാപ്പിംഗില്‍ കുറേക്കൂടി ആന്തരികമായ വസ്തുതകള്‍ പ്രതിപാദിക്കപ്പെടുന്നുവെന്നേയുള്ളു.

ജിനോം മാപ്പിംഗ് ഭൗതികവും വസ്തുനിഷ്ഠവും ശാസ്ത്രീയവുമാണ്. അവിടെ അഭൗമവും അജ്ഞേയവുമായ അതീന്ദ്രിയശക്തികളുടെ വിളയാട്ടമൊന്നുമില്ല. ഒരാള്‍ എത്ര വയസ്സില്‍ വിവാഹം കഴിക്കുമെന്നോ ഏത് കലയില്‍ നിപുണനാകുമെന്നോ ഏത് ദൈവത്തില്‍ വിശ്വസിക്കുമെന്നോ പ്രവചിക്കാന്‍ ജിനോം മാംപ്പിംഗ് വഴി കഴിയില്ല. ചൊവ്വാദോഷം പോലുള്ള മരണഭീഷണികളോ ശുക്രദശ പോലുള്ള വാഗ്ദാനങ്ങളോ അതിലില്ല. പക്ഷെ ഇതെല്ലാം ജ്യോതിഷം കാല്‍ക്കാശിന്റെ മുടക്കില്ലാതെ അനായാസം നിര്‍വഹിക്കുന്നുണ്ട്!

രോഗസൂചന മുന്‍കൂട്ടിയറിഞ്ഞാല്‍ തടയാനാവുമെന്ന് ജിനോം മാപ്പിംഗ് വിഭാവനം ചെയ്യുമ്പോള്‍ വിധിയെ തടുക്കാന്‍ ആര്‍ക്കുമാകില്ലെന്നാണ് ജ്യോതിഷം സമര്‍ത്ഥിക്കുന്നത്. ആരോഗ്യവിദഗ്ധര്‍ ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ തന്നെ നടത്തിവരുന്ന പ്രവചനങ്ങളുടെ ഒരു വിപുലീകരണം മാത്രമാണ് ജിനോം മാപ്പിംഗ് കൊണ്ടുവരുന്നത്. അതുപോലെയാണ് കമിഴ്ത്തുവിദ്യകളായ മഷിനോട്ടവും ജ്യോതിഷവുമെന്ന പ്രചരണം തീര്‍ച്ചയായും സഹതാപമര്‍ഹിക്കുന്നു.
(തുടരും)
****

Tuesday 25 December 2012

53. ഗംഗേ.......!!

'ജ്യോതിഷത്തിലുള്ള വിശ്വാസം ജ്യോതിശാസ്ത്രത്തിലുള്ള അറിവിന് വിപരീത അനുപാതത്തിലായിരിക്കും' എന്നൊരു നിരീക്ഷണമുണ്ട്(‘One’s belief in Astrology is inversely proportional to one’s knowledge of Astronomy’) അതായത് വാനശാസ്ത്രത്തെ കുറിച്ച് കൂടുതല്‍ അറിയുന്തോറും ജ്യോതിഷത്തിലുള്ള വിശ്വാസം മന്ദീഭവിക്കും. എത്ര വലിയ അന്ധവിശ്വാസിയായാലും അതിനാണ് സാധ്യത. ജ്യോതിഷത്തില്‍ കമിഴ്ന്നടിച്ചു വീഴുന്ന മഹാഭൂരിപക്ഷത്തിനും വാനശാസ്ത്രത്തെ കുറിച്ചോ ബഹിരാകാശശാസ്ത്രത്തെ കുറിച്ചോ വലിയ ധാരണയുമില്ല. ധാരണ ഇല്ലെന്ന് മാത്രമല്ല ഉണ്ടാക്കാന്‍ അവര്‍ക്കൊട്ട് താല്‍പര്യവുമില്ല. അറിയാന്‍ ശ്രമിച്ചാല്‍ ജ്യോതിഷവിശ്വാസം ദുര്‍ബലപ്പെടുമെന്ന് ഭയക്കുന്ന അല്‍പ്പബുദ്ധികളുമുണ്ട്. എങ്കിലും ജ്യോതിഷം ശാസ്ത്രമാണെന്നും അതിന് ഖഗോളശാസ്ത്രവുമായി 'അറിയാനാവാത്ത'(can't be known) എന്തൊ ബന്ധമുണ്ടെന്നുമാണ് അവര്‍ പറഞ്ഞുനടക്കുക.

പ്രപഞ്ചത്തെ വിശദീകരിക്കുന്ന കാര്യത്തില്‍ യാതൊരു വിശദീകരണക്ഷമതയുമില്ലാത്ത കേവലമായ കപടശാസ്ത്രമായി(pseudoscience) ശാസ്ത്രലോകം ജ്യോതിഷത്തെ തള്ളിക്കളഞ്ഞിട്ടുണ്ടെന്ന് വികിപീഡിയയുടെ ജ്യോതിഷം സംബന്ധിച്ച ആമുഖ പേജില്‍ പച്ചയായി എഴുതിവെച്ചിട്ടുണ്ട്. മാത്രമല്ല, തെറ്റാണെന്ന് തെളിയിക്കാന്‍ സാധ്യമായ മേഖലകളിലെല്ലാം അത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്(“Astrology is a pseudoscience, and as such has been rejected by the scientific communities as having no explanatory power for describing the universe. Where astrology has been falsifiable, it has been falsified”-http://en.wikipedia.org/wiki/Astrology). ചില വിദ്വാന്‍മാര്‍ അപ്പോഴും ചോദിച്ചേക്കാം: വികിപിഡിയ പറയുന്നതാണോ ശരി?! ചില ന്യൂനതകളും അപവാദങ്ങളുമുണ്ടെങ്കിലും വികപിഡിയ പൊതുവെ പക്ഷംപിടിക്കാതെ കഴിവതും വസ്തുതകള്‍ മാത്രം അവതരിപ്പിക്കാനാണ് ശ്രമിക്കുക എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകേണ്ടതില്ല.

അസത്യവല്‍ക്കരണക്ഷമത(Falsifiability) ഒരു ശാസ്ത്രീയസിദ്ധാന്തത്തിന് അവശ്യം വേണ്ടുന്ന അടിസ്ഥാനഗുണമാണ്. ആവര്‍ത്തനക്ഷമത(Repeatability), പ്രാപഞ്ചികത്വം(Universality)എന്നിവയാണ് മറ്റു രണ്ട് അനുപേക്ഷണീയമായ മാനദണ്ഡങ്ങള്‍. ഏതൊരു സിദ്ധാന്തവും ശരിയെന്നോ തെറ്റെന്നോ തെളിയിക്കാന്‍ സാധിച്ചാല്‍ അതിന് അസത്യവല്‍ക്കരണക്ഷമത ഉണ്ടെന്ന് പറയാം. 'എന്റെ വീട്ടില്‍ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് തിരിച്ചറിയാനാവാത്ത ഒരു പറക്കുന്ന പന്നി ഉണ്ട്' എന്നൊരാള്‍ അവകാശപ്പെട്ടാല്‍ അത് ശരിയാണെന്നോ തെറ്റാണെന്നോ തെളിയിക്കാന്‍ ആര്‍ക്കും സാധിക്കില്ല! അതുകൊണ്ട് തന്നെ ആ സിദ്ധാന്തത്തിന് അസത്യവല്‍ക്കരണക്ഷമതയില്ല, അത് ശാസ്ത്രീയവുമല്ല. ആവര്‍ത്തനക്ഷമതയുള്ള ഒരു സിദ്ധാന്തത്തിന് അനുസൃതമായി ലഭിക്കുന്ന ഫലം ആവര്‍ത്തിച്ച് ഉറപ്പിക്കാന്‍ സാധിക്കും; ഏതു സമയത്തും, ഏതു സാഹചര്യത്തിലും. ജ്യോതിഷപ്രവചനത്തില്‍ കാര്യത്തില്‍ പല സാഹചര്യങ്ങളിലും പല ഫലം ലഭിക്കുന്നതിനാല്‍ അത്തരമൊരു ഗുണമില്ല. ഒരിക്കല്‍ ശരിയായതുകൊണ്ട് സമാനസാഹചര്യത്തില്‍ ജ്യോതിഷഫലം ആവര്‍ത്തിക്കുന്നുമില്ല. വന്‍ സാമ്പത്തികനേട്ടം ഉണ്ടാകുമെന്ന് പ്രവചിക്കുന്ന എല്ലാവര്‍ക്കും അങ്ങനെ സംഭവിക്കുന്നില്ല. ചിലര്‍ക്ക് ലഭിക്കുന്നു,ചിലര്‍ക്ക് ലഭിക്കുന്നില്ല. ലഭിക്കുന്നവര്‍ക്ക് തന്നെ എല്ലാ പ്രവചനവും എല്ലായ്‌പ്പോഴും ഒരുപോലെ ശരിയാകുന്നുമില്ല. ഒരു കാര്യത്തില്‍ ശരിയായ പ്രവചനം നടത്തുന്ന ജ്യോതിഷിക്ക് മറ്റനേക കാര്യങ്ങളില്‍ തെറ്റു സംഭവിക്കാം. അതായത് ജ്യോതിഷപ്രവചനത്തിന് ആവര്‍ത്തനക്ഷമതയില്ല. 


പ്രാപഞ്ചികത്വം വിവക്ഷിക്കുന്നത് ഏതൊരു സിദ്ധാന്തത്തിന്റെയും ഫലവും സ്വാധീനവും എല്ലായിടത്തും ഒരുപോലെ ബാധകമായിരിക്കണം എന്നാണ്. അമേരിക്കന്‍ രസതന്ത്രം, ചൈനീസ് ഫിസിക്‌സ്, റഷ്യന്‍ ബയോളജി എന്നൊന്നും പറയാനാവാത്തത് ശാസ്ത്രത്തിന് ഈ ഗുണമുള്ളതുകൊണ്ടാണ്. എന്നാല്‍ ചൈനീസ് ജ്യോതിഷവും ഇന്ത്യന്‍ ജ്യോതിഷവും പാശ്ചാത്യജ്യോതിഷവും നിലവിലുണ്ട്. പലപ്പോഴും പരസ്പരവിരുദ്ധമായ സങ്കല്‍പ്പങ്ങളെ ആധാരമാക്കിയാണ് അവ ഫലപ്രവചനം നടത്തുന്നത്. ഒരിടത്ത് ദോഷമാകുന്നത് മറ്റൊരിടത്ത് ഗുണമായി തീരുന്ന സന്ദര്‍ഭവുമുണ്ട്. ശാസ്ത്രീയവും യുക്തിസഹവുമായ വിശകലനരീതി അവലംബിക്കുന്നവര്‍ക്ക് അവിശ്വാസികള്‍ക്ക് ജ്യോതിഷം അടിമുടി തട്ടിപ്പാണെന്ന് ബോധ്യമുള്ളപ്പോള്‍ അന്ധവിശ്വാസികള്‍ അതില്‍ ചക്കര കണ്ടെത്തുന്നു. ചുരുക്കത്തില്‍ അസത്യവല്‍ക്കരണക്ഷമത, ആവര്‍ത്തനക്ഷമത, പ്രാപഞ്ചികത്വം തുടങ്ങിയ അടിസ്ഥാന ശാസ്ത്രമാനദണ്ഡങ്ങളുടെ കാര്യത്തില്‍ ജ്യോതിഷം വമ്പന്‍ പരാജയമാണ്. ബാക്കി വരുന്ന മാനദണ്ഡങ്ങളുടെ കാര്യത്തിലും ജ്യോതിഷത്തിന്റെ പ്രകടനം അതിലും മോശമാണ്. അതുകൊണ്ടുതന്നെ ഒരു കാര്യം ഉറപ്പിച്ച് പറയാം. ജ്യോതിഷം അശാസ്ത്രീയവും യുക്തിഹീനവും അയാഥാര്‍ത്ഥപരവുമാണ്. Astrology is unscientific, illogical and unrealistic. It is simply a pseudoscience or Quackery.

ജ്യോതിഷം ശാസ്ത്രീയമായി തെറ്റാണെന്ന് തെളിയിക്കാന്‍ (to falsify)ഒരു മാര്‍ഗ്ഗമേയുള്ളു, അത് അതിന്റെ ഫലപ്രവചനത്തിലെ തെറ്റ് സ്ഥാപിച്ചെടുക്കുക എന്നതാണ്. അതല്ലാതെ ഗ്രഹങ്ങള്‍ അതീന്ദ്രിയമായ ശക്തി ഉപയോഗിച്ച് മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നുവെന്ന ജ്യോതിഷകല്‍പ്പന പഞ്ചേന്ദ്രിയതീതമായ 'പറക്കുന്ന പന്നി'ക്ക് സമമാണ്. കാരണം ഗുരുത്വ-കാന്തിക പ്രഭാവമുള്‍പ്പെടെ നിലവിലുള്ള പ്രാപഞ്ചികബലങ്ങളോ സ്വാധീനശക്തികളോ ഇക്കാര്യത്തില്‍ പ്രസക്തമല്ലെന്ന് നാം മുമ്പ് കണ്ടതാണ്. 'ഞങ്ങള്‍ ജ്യോതിഷവിഹ്വലതയ്ക്ക് അടിപ്പെടുന്നതുകൊണ്ട് നിങ്ങള്‍ക്കെന്താ നഷ്ടം?' എന്ന വികലചോദ്യം ജ്യോതിഷവിശ്വാസികള്‍ പൊതുവെ ഉയര്‍ത്താറുണ്ട്. ഇത് ഒറ്റപ്പെട്ട പ്രശ്‌നമല്ല. എല്ലാത്തരം അന്ധവിശ്വാസികളുടേയും പൊതുനിലപാടാണിത്. ഇഷ്ടമില്ലാത്ത കാര്യം കേള്‍ക്കുമ്പോള്‍ അവര്‍ പൊടുന്നനെ 'മണിച്ചിത്രത്താഴിലെ ഗംഗ'യായി മാറുന്നു! കുരിശ് കണ്ട പ്രേതത്തെപ്പോലെ തിളച്ചുമറിയുന്നു. അന്ധവിശ്വാസങ്ങള്‍ സംരക്ഷിക്കാനുള്ള പ്രധാനമാര്‍ഗ്ഗം അതിനെ പരിശോധനയ്ക്കും വിമര്‍ശനത്തിനും വിധേയമാക്കാതിരിക്കുക എന്നതാകുന്നു. വ്യക്തിഗതസാധൂകരണത്തിന്റെ(subjective validation) ഫലമായി ജ്യോതിഷിയുടെ ഏതാനും പ്രവചനങ്ങള്‍ ശരിയായി അനുഭവപ്പെട്ടതോടെ ജ്യോതിഷം ഏതോ ആനമുട്ടയാണെന്ന് കരുതി ഈയ്യാംപാറ്റ അഗ്നിക്ക് പിന്നാലെയെന്ന പോലെ ലക്ഷ്യബോധമില്ലാതെ പായുന്ന വികാരജീവികളാണിവര്‍.

തന്റെ ചക്കരജ്യോതിഷി ദേശീയ-വിദേശ സര്‍വകലാശാലയില്‍ peer review ന് വിധേയമാക്കിയ 3600 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന് ഉന്മാദബോധത്തോടെ തട്ടിവിടുന്ന ഒരു വിദ്യാസമ്പന്നനായ ഒരു സഹപ്രവര്‍ത്തകനെ ഈയിടെ പരിചയപ്പെട്ടു. സത്യത്തില്‍ തിരിച്ചു ഒന്നും പറയാനായില്ല-അത്രയ്ക്ക് ഞെട്ടിപ്പിക്കുന്ന വിവരമായിരുന്നു അത്! മതവിശ്വാസിയല്ലാത്ത, ശാസ്ത്രത്തില്‍ ഗവേഷണബിരുദമുള്ള ഈ ജ്യോതിഷഅന്ധവിശ്വാസി താന്‍ വെളിവില്ലാതെ വിളിച്ചുപറയുന്ന കാര്യങ്ങളുടെ യുക്തിഹീനതയെ കുറിച്ച് ഒരു പ്രാവശ്യംപോലും ചിന്തിച്ചിട്ടുണ്ടാവില്ല. ടിയാന്‍ ഗന്ധര്‍വനായി കാണുന്ന പ്രസ്തുതജ്യോതിഷിക്ക് പ്രായം ഏറിയാല്‍ 55. പുള്ളിക്കാരന് 'പ്രബന്ധാവതരണശേഷി' കിട്ടിയിട്ട് 30 വര്‍ഷമായെന്ന് വെറുതെ കണക്കുക്കൂട്ടിയാലും വര്‍ഷം 120 അന്തര്‍ദേശീയ നിലവാരമുള്ള പ്രബന്ധം ടിയാന്‍ അവതരിപ്പിച്ചിട്ടുണ്ട്, അതായത് മാസം പത്തെണ്ണം വീതം!! ഗിന്നസ് ബുക്ക് കുളംതോണ്ടാന്‍ ശേഷിയുളള ഈ മാരകപ്രതിഭയാണ് വെറുതെ കവടിയുമായി നടന്ന് പേരുദോഷമുണ്ടാക്കുന്നത്! ജ്യോതിഷിയുടെ കഴിവിലുള്ള അന്ധമായ ആരാധനയും പറഞ്ഞുകേട്ട ഗന്ധര്‍വ കഥകളും 'പോട്ട' മാതൃകയിലുള്ള സാക്ഷ്യപത്രങ്ങളുമാണ് ഈ വികലധാരണ മേല്‍പ്പറഞ്ഞ സുഹൃത്തില്‍ സൃഷ്ടിച്ചത്. അയാളത് ഒരിക്കലും സമ്മതിച്ച് തരാന്‍പോകുന്നില്ലെന്ന് മാത്രം. പ്രബന്ധങ്ങളുടെ എണ്ണത്തെക്കുറിച്ച് കൂടുതല്‍ ചോദിച്ചപ്പോള്‍ എണ്ണം പകുതിയായി വരെ കുറയ്ക്കാന്‍ സുഹൃത്ത് ഔദാര്യം കാട്ടി. 


ഒരു മതവിശ്വാസി പോലുമല്ലാത്ത തന്നെയൊക്കെ മറിക്കണമെങ്കില്‍ ആ ജ്യോതിഷി ഒരു ഗന്ധര്‍വന്‍ തന്നെയാണെന്ന് സ്ഥാപിച്ചെടുക്കാനാണ് ആ പാവം പെടാപാട് പെട്ടത്. ഒരുപക്ഷെ മറ്റൊരു സാഹചര്യത്തില്‍ വേറൊരാളെക്കുറിച്ച് ഇത്തരമൊരു കാര്യം പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹമത് നിഷ്‌ക്കരുണം ചോദ്യം ചെയ്യുകയും ആധികാരികതയില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ അന്ധവിശ്വാസം ഒരു പ്രത്യേകതരം മാനസികാവസ്ഥയാണ്. ഏതൊരന്ധവിശ്വാസിയും അടിസ്ഥാനപരമായി 'മണിച്ചിത്രത്താഴിലെ ഗംഗ'യാകുന്നു;അവരുടെ മുന്നില്‍ യാതൊരു ന്യായവും വിലപ്പോവില്ല.

ജ്യോതിഷതിമിരം കൊണ്ട് വ്യക്തിക്കും സമൂഹത്തിനും ദൂഷ്യഫലങ്ങളുണ്ട്. അയാഥാര്‍ത്ഥപരവും വിഹ്വലതാത്മകവുമായ (unrealistic and delusionary)ഒരു ബോധതലം വളര്‍ത്തിയെടുക്കുന്ന വ്യക്തികള്‍ കുടുംബത്തിനും സമൂഹത്തിന് ബാധ്യതയായിരിക്കും. പരാശ്രയബോധവും ആത്മവിശ്വാസമില്ലായ്മയും കൊടിയടയാളമാക്കുന്ന ഇക്കൂട്ടര്‍ ക്രമേണ കൂടുതല്‍ കുഴപ്പത്തിലേക്ക് ചാടാനുള്ള സാധ്യതയും സമൃദ്ധമത്രെ. ഒരിക്കല്‍ ഒരാളുടെ മുന്നില്‍ പോയി ഫലപ്രവചനം ഇരക്കുന്ന ജ്യോതിഷവിശ്വാസി പിന്നെയത് വികലമായ ആസക്തിയോടെ ആവര്‍ത്തിക്കുന്നതായാണ് പൊതുവെ കണ്ടുവരുന്നത്. മയക്കുമരുന്ന്, മദ്യം, പുകവലി തുടങ്ങിയ ലഹരിവസ്തുക്കളെ പോലെ ഒരു ആകര്‍ഷണത്തിന്റെതായ രു ദൂഷ്യവലയം തീര്‍ക്കാന്‍ ഈ കപടശാസ്ത്രത്തിന് കഴിയും. മനുഷ്യന് ഏറ്റവും അമൂല്യമായ സമയം, ഊര്‍ജ്ജം, സമ്പത്ത് ഇവ നിര്‍ദാക്ഷിണ്യം ഊറ്റിക്കുടിക്കുന്ന ജ്യോതിഷമെന്ന കപടവിദ്യയെ ജ്യോതിശാസ്ത്രത്തിന്റെ കുലടയായ മകളെന്നാണ് സ്വാമി വിവേകാന്ദന്‍ വിശേഷിപ്പിച്ചത്. വിവേകാനന്ദനെപോലെ ഒരു മതവിശ്വാസിക്ക് പോലും സഹിക്കാനാവുന്നില്ലെന്ന് പറയുമ്പോള്‍ കൂടുതല്‍ വിശദീകരണമാവശ്യമില്ല.

ജ്യോതിഷികള്‍ സാധാരണ പരീക്ഷിച്ച് സാധൂകരിക്കാനാവാത്ത വിധം അവ്യക്തമായതും ഏതൊരാള്‍ക്കും ബാധകമായേക്കാവുന്നതുമായ പൊതുപ്രസ്താവങ്ങളാണല്ലോ നടത്തുക. 'പിടിക്കപ്പെടാന്‍ നിന്നുകൊടുക്കാതിരിക്കുക' എന്ന ഈ തന്ത്രം കാരണം ജ്യോതിഷം തെറ്റാണെന്ന് തെളിയിക്കുക എളുപ്പമല്ലെങ്കിലും അസത്യവല്‍ക്കരണം സാധ്യമായ ചില മേഖലകള്‍ അതിലില്ലാതില്ല. അത്തരം മേഖലകളിലെല്ലാം നടന്ന ശാസ്ത്രീയ രീതിശാസ്ത്രമനുസരിച്ചുള്ള പരീക്ഷണങ്ങളില്‍ ജ്യോതിഷം ദയനീയമായി തകര്‍ന്നടിഞ്ഞ ചരിത്രമാണുള്ളത്. സൂര്യന്‍ സൗരയൂഥത്തിന്റെ കേന്ദ്രമായതോടെ ജ്യോതിഷം തകര്‍ന്നടിഞ്ഞു എന്നാണ് വികിപിഡിയ സ്ഥിരീകരിക്കുന്നത്. ജ്യോതിഷവിമര്‍ശനം ലക്ഷ്യമിടുന്ന യുക്തിവാദ-സ്‌ക്കെപ്റ്റിക്ക് സൈറ്റുകളാണെങ്കില്‍ ഇത്തരം മൃദുലസമീപനം സ്വീകരിക്കാതെ തന്നെ ജ്യോതിഷത്തെ പൊളിച്ചടുക്കുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങളില്‍ പ്രസിദ്ധമായ ഏതാനുമെണ്ണം മാത്രം പരാമര്‍ശിക്കാം.

ജ്യോതിഷമനുസരിച്ച് ജനനസമയത്തിലുള്ള വ്യത്യാസമാണല്ലോ രണ്ട് വ്യക്തികള്‍ക്ക് ഭിന്ന ജീവിതാനുഭവം നല്‍കുന്നത്. ഈ വ്യത്യാസം വ്യക്തികളുടെ ജീവിതാനുഭവങ്ങളേയും ആകാരപ്രകാരങ്ങളെയും ഭിന്നവും വ്യതിരിക്തവുമാക്കുന്നുവത്രെ. അതായത് ഒരോരുത്തരുടേയും ഗ്രഹനില സവിശേഷമായ(unique) ഒന്നാണ്. സമാനമായി കൈനോട്ടക്കാര്‍ പറയുക രണ്ടു പേരുടെ കൈരേഖ ഒരിക്കലും ഒരുപോലെയാകില്ലെന്നാണ്. Every palm, every fingerprint is unique! എന്തുകൊണ്ട് ഓരോരുത്തര്‍ക്കും പ്രത്യേകം കൈരേഖ? എങ്കില്‍ അതിനെന്തോ അര്‍ത്ഥമുണ്ട്,അതിന്റെ പിന്നില്‍ എന്തോ ലക്ഷ്യമുണ്ട്!! അതുപോലെ തന്നെയാണ് ഗ്രഹനിലയും അനുബന്ധഫലവും. ഒരാളില്‍നിന്ന് മറ്റൊരാള്‍ക്ക് എന്തെങ്കിലുമൊക്കെ ഭിന്നതയുണ്ടാവും. ചിലപ്പോള്‍ 'സെക്കന്‍ഡുകളുടെ വ്യത്യാസം'-അതാവും ഫലത്തെ അട്ടിമറിക്കുന്നത്!! യാതൊരു കഥയുമില്ലാത്ത അബദ്ധവാദമാണിത്. കൈ മാത്രമല്ല ഒരാളുടെ ശരീരത്തിലുള്ള എല്ലാ അവയവവും സൂക്ഷ്മാര്‍ത്ഥത്തില്‍ അയാളുടേത് മാത്രമാണ്! മറ്റൊരാളുടെ സമാന അവയവവുമായി 100% സാമ്യമുളള ഒരവയവം പോയിട്ട് ഒരു കോശം പോലും നിങ്ങള്‍ക്കില്ല. നമ്മുടെ തന്നെ സഹസ്രകോടി കോശങ്ങളെടുത്താല്‍ അതിലൊന്നും മറ്റൊന്നിനോട് നൂറ് ശതമാനം സാമ്യം വഹിക്കുന്നവയല്ല. എല്ലാം ശരിയായാലും സ്ഥിതിചെയ്യുന്ന സ്ഥാനം, ധര്‍മ്മം, സ്പന്ദനനിരക്ക്, ചാര്‍ജ്..... തുടങ്ങിയവയുടെ കാര്യത്തിലെങ്കിലു സൂക്ഷ്മമായ ചില വ്യതിയാനങ്ങളുണ്ടാവും. എല്ലാ അര്‍ത്ഥത്തിലും സമാനമായ രണ്ട് കല്ലുകള്‍ നമുക്ക് കണ്ടെത്താനാകുമോ?

സര്‍വധാ സമാനമായ രണ്ട് ഇലക്‌ട്രോണുകളെ കണ്ടെത്താനാവില്ലെന്ന് ക്വാണ്ടം ഭൗതികം സ്ഥാപിക്കുന്നു. എല്ലാ കാര്യങ്ങളും സമാനമായാലും കുറഞ്ഞത് സ്ഥാനത്തിന്റെ കാര്യത്തില്‍ വൈജ്യാത്യമുണ്ടാകും. അതായത് പ്രാപഞ്ചികകണമായ ഇലക്‌ടോണിന്റെ പോലും ഓരോ യൂണിറ്റും സമാനതകളില്ലാത്തവിധം സവിശേഷമാണ്. So we can say every electron is unique! ഒരു നദിയില്‍ ആര്‍ക്കും രണ്ടുപ്രാവശ്യം കുളിക്കാനാവില്ലെന്ന് പറയുന്നതിന് പിന്നിലെ രഹസ്യവും ഇതുതന്നെ. അവിടെയാണ് ഒരാളുടെ കൈരേഖയോ ഗ്രഹനിലയോ വേറൊരാള്‍ക്കില്ലെന്ന ചപലവാദം അന്ധവിശ്വാസങ്ങള്‍ ന്യായീകരിക്കാനായി എഴുന്നെള്ളിക്കുന്നത്!!

തത്വജ്ഞാനപരമായ കാര്യങ്ങള്‍ അവിടെ നില്‍ക്കട്ടെ. പക്ഷെ യഥാര്‍ത്ഥ്യത്തിന്റെ തലത്തില്‍ നിന്ന് നോക്കിയാല്‍ ജ്യോതിഷക്കാരന്‍ ജനനസമയം വെച്ച് പയറ്റുന്ന ഈ തന്ത്രത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? രാവിലെ 10:30:22 എന്ന സമയത്ത് ഒരേ രേഖാംശത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലത്ത് അയല്‍വീടുകളില്‍ രണ്ട് കുഞ്ഞുങ്ങള്‍ പിറക്കുന്നതായി സങ്കല്‍പ്പിക്കുക. ഇവരെ നമുക്ക് ജന്മലഗ്ന ഇരട്ടകള്‍(astral twins or time twins) എന്നു വിളിക്കാം. ചൊവ്വാദോഷത്തിന്റെ ഉദാഹരണത്തിലെ ഗീതാകുമാരിയും സൂസന്‍ജോര്‍ജ്ജുംപോലെ. ഒരു പ്രസവത്തില്‍ ജനിക്കുന്ന ജൈവ ഇരട്ടകളെ(biological twins) പോലെയല്ല ഇവരെന്ന് മറക്കാതിരിക്കുക. ഒരു മാതാവിന് ജനിച്ച് ഏതാണ്ട് സമാനമായ ജനിതക-ഭൗതിക-ജീവിതസാഹചര്യങ്ങളില്‍ വളരുന്ന ജൈവഇരട്ടകളുടെ കാര്യത്തില്‍ പല കാര്യത്തിലും വലിയതോതില്‍ സാമ്യമുണ്ടാവുക സ്വഭാവികമാണല്ലോ. പക്ഷെ ജീവിതസാഹചര്യം പാടെ മാറിയാല്‍ ഈ ജൈവ-ജനിതക സാമ്യവും റദ്ദാവും.


'അഞ്ചടി-അഞ്ചു പാട്ട് 'മാതൃകയിലുള്ള പഴയ സിനിമകളില്‍ നായകന്റെ ഡബിള്‍ റോള്‍ കണ്ടിട്ടില്ലേ. ജൈവ ഇരട്ടകളായ ബാബുവും സാബുവും കുട്ടികാലത്ത് വേര്‍പിരിയപ്പെടുന്നു. ബാബുവിനെ പോലീസുകാരന്‍ വളര്‍ത്തി പോലീസുദ്യോഗസ്ഥനാകുന്നു. കൊള്ളക്കാരന്‍ വളര്‍ത്തിയ സാബു ഒരു മുടിഞ്ഞ കൊള്ളക്കാരനുമാകുന്നു. അവസാനം രണ്ടുപേരും കണ്ടുമുട്ടുന്നു,ഏറ്റുമുട്ടുന്നു,ബാബു സാബുവിനെ അറസ്റ്റുചെയ്യാന്‍ തുനിയുന്നു, സാബു കൊക്കയില്‍ ചാടി മരിക്കുന്നു.... ജ്യോതിഷത്തെ ഉപ്പുവെച്ച കലമാക്കുന്ന കഥാതന്തുവാണിത്! മതപരമായ കാരണങ്ങളാല്‍ ജ്യോതിഷത്തെ നിരാകരിച്ച മധ്യകാല ക്രൈസ്തവ പണ്ഡിതനായിരുന്ന സെന്റ് അഗസ്റ്റിന്‍ (St Augustine/AD 354 –430)തന്റെ എതിര്‍പ്പിന് ഉപോല്‍ബലകമായ ചൂണ്ടിക്കാട്ടിയത് ജൈവഇരട്ടകളുടെ ജീവിത-മനോവ്യാപാര-വ്യക്തിത്വ സവിശേഷതകളിലുള്ള പ്രകടമായ വ്യത്യാസമാണ്. ഒരേ സമയം ഗര്‍ഭംധരിക്കപ്പെടുകയും ഏതാണ്ട് ഒരേ സമയം ഒരേ ജന്മരാശിയില്‍ പിറന്നുവീഴുകയും ചെയ്യുന്ന ജൈവ ഇരട്ടകള്‍ എങ്ങനെ ഇത്രയധികം വ്യത്യസ്തരാകുന്നു എന്നാണ് സെന്റ് അഗസ്റ്റിന്‍ ചോദിച്ചത്. സരളമായ ചോദ്യം!! ജൈവ ഇരട്ടകള്‍ പോയിട്ട് ഒരേസമയം ക് ളോണ്‍ ചെയ്‌തെടുത്താലും ഇരട്ടകള്‍ക്കിടയില്‍ വൈജാത്യമുണ്ടാവും എന്നതാണ് വാസ്തവം. പക്ഷെ ജ്യോതിഷം ശരിയാണെങ്കില്‍ അങ്ങനെ വരാന്‍ പാടില്ലെന്നത് വേറെ കാര്യം. കാരണം അതൊരു വിധിവിശ്വാസമാണ്.

ജൈവ ഇരട്ടകളെ വിട്ട് നമുക്ക് ജന്മലഗ്ന ഇരട്ടകളിലേക്ക് വരാം. ഏതാണ്ട് ഒരേ സമയത്ത് ജനിക്കുന്ന കുട്ടികളുടെ ജീവിത-സ്വഭാവ-വ്യക്തിത്വ ഫലങ്ങള്‍ സമാനമായിരിക്കുമോ? ആയിരിക്കില്ല എന്നാണ് അനുഭവം. കാരണം അങ്ങനെ എല്ലാത്തരത്തിലും സമാനരായ രണ്ട് പേര്‍ ഇന്നുവരെ ഈ ലോകത്ത് ജീവിച്ചിരുന്നിട്ടില്ല, ഇനി ജീവിക്കുകയുമില്ല. രണ്ടുപേരെ മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസമില്ലാതെ ഒരേ സമയത്ത് ജനിപ്പിച്ച് ഇത് പരീക്ഷിച്ച് തെളിവ് സഹിതം തെളിയിക്കാനുള്ള കരളുറപ്പ് ഒരു ജ്യോതിഷക്കാരനും കാണിക്കുകയുമില്ല. അല്ലെങ്കില്‍ത്തന്നെ പരീക്ഷണവും തെളിവുമൊന്നും ജ്യോതിഷികള്‍ക്ക് പഥ്യമായ പദങ്ങളല്ല. 'അനുഭവം കുരു'എന്ന സിദ്ധാന്തം മാത്രമാണവര്‍ മുറുകെ പിടിക്കുക. ജന്മലഗ്ന ഇരട്ടകളുടെ ജീവിതസാമ്യം പരിശോധിക്കാന്‍ ആദ്യംതന്നെ ജാതകം എഴുതി സൂക്ഷിക്കേണ്ട കാര്യവുമില്ല. എഴുതിയപ്പോള്‍ തെറ്റിയാപ്പോയതാണ് എന്നൊക്കെ പിന്നെ ഒഴികഴിവ് പറയാനുള്ള സാധ്യതയും അതോടെ റദ്ദാക്കാം. ജന്മലഗ്ന ഇരട്ടകള്‍ ഭാവിയില്‍ എന്തായിത്തീരുന്നു എന്നുമാത്രം നോക്കിയാല്‍ മതിയല്ലോ. അവര്‍ എല്ലാത്തരത്തിലും സമാനരാകുന്നെങ്കില്‍ മാത്രം താരതമ്യപരിശോധനയ്ക്കായി ജാതകം എഴുതിച്ചാല്‍ മതിയല്ലോ! സമാനരാണെങ്കില്‍ ജാതകഫലം പരിശോധിക്കാതെ തന്നെ ജ്യോതിഷത്തില്‍ സത്യമുണ്ടെന്ന് വാദം സൈദ്ധാന്തികമായി പരിഗണിക്കാം. മറിച്ചാണെങ്കില്‍ ജാതകഫലമൊന്നും പരിശോധിക്കാതെ തന്നെ ജ്യോതിഷം തള്ളാം.

ജന്മലഗ്ന ഇരട്ടകളുടെ ജീവിതഫലം സംബന്ധിച്ച് മുന്‍ ജ്യോതിഷിയും ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനുമായ ജെഫ്രി ഡീനും മനശാസ്ത്രജ്ഞനായ ഇവാന്‍ കെല്ലിയും (Geoffrey Deans and Ivan Kelly)ചേര്‍ന്ന് നടത്തിയ വിശ്രുതമായ പരീക്ഷണഫലം പ്രസക്തമാകുന്നത് അവിടെയാണ്. 1958 ല്‍ മാര്‍ച്ച് ആദ്യത്തെ ആഴ്ചയില്‍(മാര്‍ച്ച് 3 മുതല്‍ 9 വരെ) ലണ്ടന്‍ നഗരത്തില്‍ (അതായത് ഒരേ രാശിയിലുളള) ജനിച്ചു വീണ 2100 ജന്മലഗ്ന ഇരട്ടകളെ തേടിപ്പിടിച്ച് കണ്ടെത്തി അവരെ 40 വര്‍ഷം പിന്തുടര്‍ന്നാണ് ജീനും കെല്ലിയും പഠനം നടത്തിയത്. ജനനസമയം കണ്ടെത്തിയത് ആധികാരികമായ ആശുപത്രി റെക്കോഡുകളെ ആസ്പദമാക്കിയാണ്. ഏഴ് പ്രൊഫഷണല്‍ ജ്യോതിഷികളെകൊണ്ട് 2100 പേരുടേയും ജാതകഫലം തയ്യാറാക്കി. ഈ ജന്മലഗ്നഇരട്ടകളില്‍ 70 ശതമാനവും പിറന്നത് പരമാവധി 5 മിനിറ്റ് (ശരാശരി 4.8 മിനിറ്റ്) വ്യത്യാസത്തിനുള്ളിലായിരുന്നു. ബാക്കി ഇരുപത്തിയാറ് ശതമാനത്തിന്റെ ജനനസമയത്തിന്റെ വ്യത്യാസം പരമാവധി 15 മിനിറ്റും. 15 മിനിറ്റില്‍ കൂടിയ ജനനസമയവ്യത്യാസം കാണിച്ചത് കേവലം 4% മാത്രം. ജ്യോതിഷനിയമമനുസരിച്ച് സമാനമായ തോതില്‍ രാശി-ഗ്രഹ സ്വാധീനം സംഭവിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന സമയവ്യത്യാസം മാത്രമേ സ്വീകരിച്ചുള്ളു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഉയരം, വണ്ണം, നിറം,തൂക്കം പോലുള്ള ശാരീരിക സവിശേഷതകള്‍, ബുദ്ധിശക്തി, IQ തുടങ്ങിയ മാനസിക സവിശേഷതകള്‍, വിവാഹം, വിദ്യാഭ്യാസം, തൊഴില്‍, സന്താനലബ്ധി, അപകടം തുടങ്ങിയ ജീവിതവിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെ ജ്യോതിഷത്തില്‍ സാധാരണ പരിഗണിക്കാത്ത ചില സൂക്ഷ്മ ഘടകങ്ങ
ള്‍ വരെ സാമ്യം നിര്‍ണ്ണയിക്കാനായി പരിഗണിച്ചു. മൊത്തം 110 മാനദണ്ഡങ്ങള്‍! ഈ 110 മാനദണ്ഡങ്ങളുടെ കാര്യത്തില്‍ ജന്മലഗ്ന ഇരട്ടകള്‍ക്കിടയില്‍ എന്തു സാമ്യമുണ്ടെന്നാണ് 40 വര്‍ഷം കൊണ്ട് അവര്‍ പഠിക്കാന്‍ ശ്രമിച്ചത്. ഇരട്ടകളുടെ 11, 16. 23 വയസ്സുകളിലുള്ള വിശദാംശങ്ങളാണ് താരതമ്യത്തിനായി സ്വീകരിച്ചത്.

സാമ്യം താരതമ്യം നടത്തിയപ്പോള്‍ ജീവിതരേഖയുടെ കാര്യത്തില്‍ ജന്മലഗ്ന ഇരട്ടകള്‍ അല്ലാത്ത ലണ്ടന്‍കാര്‍ക്കിടയില്‍ കാണപ്പെട്ട പരസ്പരസാമ്യവും(randomized correlation) ഈ ജന്മലഗ്ന ഇരട്ടകള്‍ക്കിടയില്‍ കാണപ്പെട്ട സാമ്യവും (original correlation) ഏതാണ്ട് തുല്യമാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രസ്തുത 110 മാനദണ്ഡങ്ങളുടെ കാര്യത്തില്‍ യാദൃശ്ചികമായി സംഭവിക്കാവുന്ന സാമ്യം മാത്രമേ ജന്മലഗ്ന ഇരട്ടകള്‍ക്കിടയിലുള്ളു എന്ന് വ്യക്തമാക്കപ്പെട്ടു. വമ്പന്‍ സാമ്പിളും അന്യൂനമായ രീതിയിലുള്ള ഡേറ്റാശേഖരണവും ശാസ്ത്രീയമായ വിശകലനവും ഉറപ്പു വരുത്തി 40 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ പരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ ജ്യോതിഷത്തിന്റെ ചീട്ട് കീറുന്നതായിരുന്നു. അതായത് ജ്യോതിഷം പറയുന്നതുപോലെ ജന്മലഗ്നവും ജനനസമയവുമൊക്കെ ഒരുപോലെയാകുന്നതു കൊണ്ട് വിശേഷിച്ച് യാതൊരു കഥയുമില്ല. ജനനസമയമോ അപ്പോഴത്തെ ഗ്രഹനിലയോ ഒന്നുമല്ല മനുഷ്യന്റെ ജീവിതസാഹചര്യങ്ങളേയും മനോവ്യാപരങ്ങളേയും നിയന്ത്രിക്കുന്നത്.

ഡീന്‍-കെല്ലി പരീക്ഷണഫലത്തിന്റെ ആദ്യവിവരങ്ങള്‍ 2003 ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. (Dean G; Kelly I.W, Journal of consciousness studies vol 10, p 175,2003). മലയാളിയായ ഡോ. മനോജ് കോമത്ത് (SCT Institute of Medical Science and technology, Tvpm)ഈ പരീക്ഷണം ഉള്‍പ്പെടെ ജ്യോതിഷത്തിന്റെ ഫലപ്രവചനക്ഷമത പരിശോധിച്ച പരീക്ഷണങ്ങളെ കുറിച്ച് ഒരു പ്രബന്ധം രചിച്ചിട്ടുണ്ട്. ആയത് 2009 ല്‍ കറന്റ് സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി(‘Testing Astrology’, Dr. Manoj Komath,Current Science , Vol 96, No 12, 25 June, 2009). ജ്യോതിഷസംബന്ധിയായ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങളെക്കുറിച്ചുള്ള വിവരം ഇന്റര്‍നെറ്റിലും ലഭ്യമാണ്. സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ രീതിശാസ്ത്രത്തെ അവലംബമാക്കി നടത്തിയ പരീക്ഷണങ്ങളാണ് അവയില്‍ മിക്കതും. ഡീന്‍-കെല്ലിയുടെ 44 വര്‍ഷം നീണ്ടുനിന്ന പരീക്ഷണം ജ്യോതിഷത്തിന്റെ ഉടയാടകള്‍ പിച്ചിച്ചീന്തിയെങ്കിലും ഈ പരീക്ഷണത്തിന് കേരളത്തില്‍ അധികം പ്രചാരം ലഭിച്ചിട്ടില്ലെന്ന കാര്യം പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ടെന്ന് ഡോ.കോമത്ത് എഴുതുന്നു.

ഡീന്‍-കെല്ലി പഠനത്തിലൂടെ പ്രശസ്തനായ ജെഫ്രി ഡീന്‍ സ്വന്തം നിലയില്‍ 1987 ല്‍ മറ്റൊരു ജ്യോതിഷപരീക്ഷണം കൂടി നടത്തുകയുണ്ടായി. ഫ്രഞ്ചുകാരനായി ഗോക്യുലന്‍ നടത്തിയത് സമാനമായി ജാതകമെഴുതിക്കാന്‍ വരുന്നവരുടെ ജോതിഷവിഹ്വലതകള്‍ സ്ഥിരീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കുറെപ്പേര്‍ക്ക് കൃത്യമായ ഗ്രഹനില അനുസരിച്ചും മറ്റു ചിലര്‍ക്ക് മന:പൂര്‍വം കീഴ്‌മേല്‍ മറിച്ച ഗ്രഹനില ആധാരമാക്കിയും അദ്ദേഹം ജാതകഫലം എഴുതി നല്‍കി. ജാതകഫലം വാങ്ങിപ്പോയ ഇരുകൂട്ടരും ഒരേ അഭിപ്രായമാണ് പിന്നീട് പറഞ്ഞത്: വളരെ തൃപ്തികരം, വളരെ ആശ്വാസദായകം!! എന്തെഴുതികൊടുത്താലും എന്തുപറഞ്ഞാലും അതില്‍ എന്തെങ്കിലുമൊക്കെ ശരികള്‍ കണ്ടെത്തി ആഘോഷിക്കാനുള്ള ജ്യോതിഷവിശ്വാസികളുടെ മാനസികവൈകല്യം ആര്‍ക്ക് മനസ്സിലായാലും അവര്‍ക്ക് മനസ്സിലാകില്ലെന്നതാണ് ദു:ഖകരമായ സത്യം. ആരുടെ ജാതകം പേരുമാറ്റി കൊടുത്താലും അതില്‍ തങ്ങള്‍ക്ക് കണ്ടെത്താനുള്ളതൊക്കെ അവര്‍ കണ്ടെത്തിയിരിക്കും!

പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഷോണ്‍ കാള്‍സന്റെ (Shawn Carlson)വിഖ്യാതമായ ജ്യോതിഷപരീക്ഷണമാണ് (1985) പരാമര്‍ശിക്കാനുദ്ദേശിക്കുന്ന രണ്ടാമത്തെ പഠനം. ഇവിടെയും ജ്യോതിഷം ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. കാള്‍സണ്‍ എന്താണ് ചെയ്തത്? വിപുലമായ തയ്യാറെടുപ്പുകളാണ് അദ്ദേഹം നടത്തിയത്. മന:ശാസ്ത്രപരമായ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ വ്യക്തികളുടെ സ്വഭാവത്തെ വര്‍ഗ്ഗീകരിച്ച കാലിഫോര്‍ണിയയിലെ പേഴ്‌സണാലിറ്റി ഇന്‍വെന്ററിയില്‍ നിന്നും (California Psychological Inventory (ഇജക))കാള്‍സണ്‍ വിശദാംശങ്ങള്‍ ശേഖരിച്ചു. CPI പൊതുവെ വ്യക്തികളെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ പതിനെട്ട് പട്ടികകളിലാണ് ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് ഈ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ജനനസമയവും മന:ശാസ്ത്രപരമായ സവിശേഷതകളും ശേഖരിച്ചു. പ്രൊഫഷണല്‍ ജ്യോതിഷികളുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ വഴി ഇവരുടെയെല്ലാം ജാതകവും ഉണ്ടാക്കി. ആരെങ്കിലുമൊക്കെ എഴുതിവെച്ച ജാതകം ശരിയാവണമെന്നില്ലല്ലോ. ജാതക്തതില്‍ ഇഷ്ടമനുസരിച്ച് എന്തുവേണമെങ്കിലും എഴുതിവെക്കാന്‍ ജ്യോതിഷികള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇതിനുപുറമെ, കാള്‍സണ്‍ പുറത്തുനിന്നും ധാരാളം ജാതകഫലം ശേഖരിച്ചു. അതും വളരെ കൃത്യതയോടെയാണ് നിര്‍വഹിച്ചത്. ജാതകവുമായി വരുന്നവര്‍ അവരുടെ അസ്സല്‍ ജനനസമയം 15 മിനിറ്റിന് വരെ കൃത്യതയോടെ വസ്തുനിഷ്ഠമായി തെളിയിക്കാന്‍ കഴിയുന്നവരായിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിരുന്നു.

അമേരിക്കയിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ജിയോ കോസ്മിക് റിസേര്‍ച്ച് (National Council for Geo cosmic Research) നിര്‍ദ്ദേശിച്ച് ജ്യോതിഷികള്‍ പഠനത്തിന്റെ മുഖ്യഉപദേശകരായി. ഒപ്പം പ്രഗത്ഭരായ ഫിസിയോളജിസ്റ്റുകളുടെ സേവനവും കാള്‍സണ്‍ ഉപയോഗപ്പെടുത്തി. ജ്യോതിഷഫലപ്രവചനം ശരിയാണെന്ന് തെളിയുന്നതില്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലാത്ത നിഷ്പക്ഷ വ്യക്തിയായിരുന്ന കാള്‍സണ്‍. പാസ്സ് മാര്‍ക്കായി വളരെ കുറഞ്ഞ സ്‌ക്കോറാണ് അദ്ദേഹം ഏര്‍പ്പെടുത്തിയിരുന്നത്. അതായത് ജ്യോതിഷികള്‍ നടത്തുന്ന ഫലപ്രവചനത്തിന്റെ നല്ലൊരു ശതമാനം തെറ്റിയാലും ജ്യോതിഷം തള്ളിക്കളയാനാവില്ല എന്ന നിലപാട്. മുന്‍വിധികളും ഇടപെടലുകളും ഒഴിവാക്കാനായി ദ്വിമുഖ-ആന്ധ്യ(Double blind test) രീതി കാള്‍സണ്‍ സ്വീകരിച്ചു. യൂറോപ്പിലേയും അമേരിക്കയിലേയും പ്രസിദ്ധ ജ്യോതിഷികള്‍ പരീക്ഷണത്തില്‍ പങ്കെടുക്കാനായെത്തി. പരീക്ഷണം ഇപ്രകാരമായിരുന്നു: ക്ഷണിക്കപ്പെട്ട 26 ജ്യോതിഷികളും സ്വയം മത്സരസജ്ജരായി പങ്കുകൊണ്ട 2 പേരുമടക്കം 28 പേര്‍ക്ക് ആദ്യം ഒരു വ്യക്തിയുടെ ജാതകഫലം(natal chart)നല്‍കും. പ്രസ്തുത വ്യക്തിയുടെ ജീവിതഫലവും സൂക്ഷ്മസ്വഭാവനിര്‍ധാരണവുമടങ്ങിയ മൂന്ന് വ്യക്തിഗത പ്രൊഫൈല്‍ (psychological profiles) CPIയില്‍ നിന്നും ലഭ്യമാക്കും. അതിലൊന്ന് ആ വ്യക്തിയുടെ അസ്സല്‍ പ്രൊഫൈലും മറ്റൊന്ന് ഡമ്മിയും മൂന്നാമത്തേത് മറ്റൊരാളുടേയുമായിരിക്കും. ജാതകഫലവും വ്യക്തിഗത പ്രൊഫൈലുകളുമായി താരതമ്യപ്പെടുത്തി കയ്യിലിരിക്കുന്ന മൂന്ന് പ്രൊഫൈലുകളില്‍ ഏതാണ് ജാതകവുമായി പൊരുത്തപ്പെടുന്ന അസ്സല്‍ എന്നു കണ്ടെത്തുക-അതാണ് 28 ജ്യോതിഷികള്‍ക്കും ചെയ്യാനുണ്ടായിരുന്നത്. വെറുതെ കറക്കികുത്തിയാലും കുറെയൊക്കെ ശരിയാകുമെന്നോര്‍ക്കണം. മൂന്നിലൊന്ന് വിജയം ഏത് പൊട്ടക്കണ്ണനും ലഭിക്കാനിടയുണ്ടെന്ന് സാരം.

116 വ്യക്തിഗത പ്രൊഫൈലുകളാണ് 28 പേരും താരതമ്യപ്പെടുത്തിയത്. പ്രതീക്ഷിച്ചതു പോലെ ഒരു ജ്യോതിഷിക്കും വെറും ഊഹപ്രവചനം നടത്തിയാല്‍ കിട്ടുന്നതിന് അപ്പുറമുള്ള സ്‌ക്കോര്‍ കണ്ടത്താനായില്ല. അമ്പത് ശതമാനത്തിനപ്പുറം സ്‌ക്കോര്‍ നേടുമെന്ന് ഉറപ്പിച്ചു വന്നവരായിരുന്നു ഭൂരിപക്ഷം ജ്യോതിഷികളും. പക്ഷെ ഫലം വന്നപ്പോള്‍ മിക്കവര്‍ക്കും മൂന്നിലൊന്ന് സ്‌ക്കോര്‍ പോലും ലഭിച്ചില്ല. ജ്യോതിഷികളുടെ മിണ്ടാട്ടം മുട്ടിച്ച ഈ പരീക്ഷണഫലം വിഖ്യാതമായ നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്(Vol.318. page 415-425).

അമേരിക്കയിലെ വിര്‍ജീനിയ യൂണിവേഴ്‌സിറ്റിയിലെ റോജര്‍ കള്‍വറും(Roger Culver) ഫിലിപ്പ് ഇയന്നയും (Philip Ianna) ചേര്‍ന്ന് സ്ഥലത്തെ പ്രശസ്ത ജോത്സ്യനായ ജോണ്‍ മെക്കാളിനെ പരീക്ഷിച്ചത് (1988)ജ്യോതിഷത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്ന മറ്റൊരു സംഭവമാണ്. പരീക്ഷണം ഇങ്ങനെയായിരുന്നു: ഒരു വ്യക്തിയുടെ വ്യക്തിത്വം പൂര്‍ണ്ണമായും വ്യക്തമാക്കികൊടുക്കുന്നു. ശേഷം അയാളുടെ ജാതകം മറ്റ് മൂന്നു ജാതകങ്ങളുമായി ഇടകലര്‍ത്തി വെക്കുന്നു. അതില്‍ നിന്ന് അസ്സല്‍ ജാതകം എടുത്ത് കൊടുക്കണം. തനിക്ക് എണ്‍പത് ശതമാനത്തിലധികം വിജയം ഉറപ്പാണെന്ന് വീമ്പിളക്കിയാണ് ജോണ്‍ മത്സരത്തില്‍ പങ്കെടുത്തത്. 28 പേരുടെ ജാതകമാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. പക്ഷെ കേവലം ഏഴുപേരുടെ ജാതകം മാത്രമേ അദ്ദേഹത്തിന് ശരിയായി തെരഞ്ഞെടുക്കാന്‍ സാധിച്ചുള്ളു. അതായത് 25% വിജയശതമാനം. സാധാരണരീതിയില്‍ ഊഹാപോഹം നടത്തുന്നവര്‍ക്ക് കൂടി ലഭിക്കാനിടയുള്ള വിജയസാധ്യതയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ ജ്യോതിഷപ്രഭുവിനെ കുറിച്ച് പറയുമ്പോള്‍ കൂമ്പിയ മിഴികളും അടഞ്ഞ കാതുകളും ആയിരം നാവുകളുമുള്ള ജ്യോതിഷ തിമിരം ബാധിച്ച എത്രയോ പേര്‍ വിര്‍ജീനിയയില്‍ ഉണ്ടാവും. ഇതുപോലെ നൂറു പരീക്ഷണം നടന്നാലും അവര്‍ക്കാര്‍ക്കും ഇതൊരു വിഷയമല്ല. കാരണം ഗംഗമാര്‍ ഒരിക്കലും ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാറില്ല;അവര്‍ സദാ മുങ്ങാംകുഴിയിടുന്നത് സ്വന്തം വൈകാരികമണ്ഡലത്തിലേക്ക് മാത്രം! (തുടരും)*****

Saturday 22 December 2012

52. കൊല്ലുന്ന പെണ്ണുങ്ങള്‍ !

ഒരു ഭിത്തിക്ക് അപ്പുറവുമിപ്പുറവും രണ്ട് പെണ്‍കുട്ടികള്‍ ജനിക്കുന്നു, ഉച്ചതിരിഞ്ഞ് കൃത്യം രണ്ട് മുപ്പതിന്. ജനനസമയത്തിന്റെ കാര്യത്തില്‍ ഒരു മിനിറ്റിന്റെ പോലും വ്യത്യാസമില്ല. ഒരാള്‍ സൂസന്‍ ജോര്‍ജ്ജ്, മറ്റേയാള്‍ ഗീതാകുമാരി. സൂസന് ഇപ്പോള്‍ വയസ്സ് 48. അമേരിക്കയില്‍ സ്ഥിരതാമസം. ഭര്‍ത്താവ് അവിടെ പ്രതിരോധവകുപ്പില്‍ ഉന്നതോദ്യഗസ്ഥന്‍ . മക്കള്‍ രണ്ടുപേര്‍ ; മൂത്തവന്‍ എഞ്ചിനീയര്‍ , ഇളയവന്‍ അഭിഭാഷകന്‍ . ഇരുവരും വിവാഹിതര്‍ , രണ്ടുപേര്‍ക്കും രണ്ടു കുട്ടികള്‍ വീതം. സന്തോഷകരമായ ജീവിതം. സൂസനും ഭര്‍ത്താവിനും ആരോഗ്യപ്രശ്‌നങ്ങളുമില്ലാത്ത സുഭിക്ഷജീവിതം. പക്ഷെ കൂടെ പ്പിറന്ന ഗീതാകുമാരിക്ക് കല്യാണം ഇതുവരെ ആയിട്ടില്ല. കാരണം മറ്റൊന്നുമല്ല-ചൊവ്വാദോഷം! 

ഇതൊരു തമാശകഥയായി തള്ളാന്‍ വരട്ടെ. വിവാഹം കഴിക്കാതെ ജീവിക്കുന്നതിന് ഗീതാകുമാരിക്ക് പ്രശ്‌നമില്ല. ആരെയെങ്കിലും വിവാഹം കഴിച്ചിരുന്നെങ്കില്‍ നിരവധി പുരുഷന്‍മാര്‍ അകാലചരമം അടയുമായിരുന്നു! ജ്യോതിഷംകൊണ്ട് ഗുണമില്ലെന്ന് പറയാനാവുമോ? ഗീതാകുമാരി മൂലം സംഭവിക്കാനിടയുണ്ടായിരുന്ന എത്ര മരണങ്ങളാണ് ഇതുവരെ ഒഴിവായിപ്പോയത്?! ഗീതാകുമാരിക്കും ഭയമുണ്ടാവും. തന്റെ ഭര്‍ത്താവ് ഏതെങ്കിലും രീതിയില്‍ മരിച്ചാല്‍ തന്റെ ചൊവ്വാദോഷം കൊണ്ടാണ് അതുണ്ടായെതെന്ന് ആരോപിക്കാന്‍ ജനം മടിക്കില്ല. ഇവിടെ ഗീതാകുമാരി വിശ്വസിച്ചാലെന്താ, വിശ്വസിച്ചില്ലെങ്കിലെന്താ? വേറാരുടെ ഭര്‍ത്താവ് മരിച്ചാലും അതവരുടെ കയ്യിലിരുപ്പ് അല്ലെങ്കില്‍ വിധി അല്ലെങ്കില്‍ അത്യാഹിതം എന്നൊക്കെ അംഗീകരിക്കാന്‍ തയ്യാറാവുന്ന അതേ സമൂഹമാണ് ഗീതകുമാരിക്ക് മാത്രം ശിക്ഷ വിധിക്കുന്നത്.

ചൊവ്വാദോഷം ശരിക്കും ഒരു പുരുഷാധിപത്യസമൂഹത്തിന്റെ സൃഷ്ടിയാണ്. ചൊവ്വാദോഷക്കാരിക്ക് അവസാനം ദോഷപ്പൊരുത്തമുള്ള ഏതെങ്കിലും 'തിരിവ് ' പയ്യനെക്കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. മതരഹിതവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നാട്ടില്‍ പെണ്ണു കിട്ടാന്‍ വലിയ പ്രയാസമാണെന്നാണ് നാം പറയുക. തീര്‍ച്ചായും അതില്‍ സത്യമുണ്ട്. എന്നാല്‍ മറിച്ചുള്ള വിവാഹങ്ങള്‍ നടന്നുകിട്ടുക അത്ര എളുപ്പമാണോ?! ഹിന്ദുക്കളുടെ കാര്യമെടുത്താല്‍ ആദ്യമായി വിവാഹപ്രായമായ,യോഗ്യരായ മുഴുവന്‍ അന്യമതസ്ഥരേയും തള്ളണം, പിന്നെ സ്വന്തം ജാതിയില്‍പ്പെട്ടവരൊഴികെ ബാക്കിയുള്ളവരെയെല്ലാം ഒഴിവാക്കണം. കല്യാണചെക്കന്
രജ്ജു ദോഷമുണ്ടെങ്കില്‍ മൊത്തമുള്ള 27 നാളുകളില്‍ 9 നാളില്‍ പെട്ടവരുമായി വിവാഹം പാടില്ല! (പിന്നെയും 1/3 പുറത്ത്) ഇനി അഥവാ ചെക്കന്‍ തയ്യാറായാലും പെണ്ണുവീട്ടുകാര്‍ തയ്യാറാകില്ല;തിരിച്ചുമാകാം. ബാക്കി വരുന്ന 18 നാളുകാരില്‍ ഉത്തമം-മധ്യമം-അധമം മാനദണ്ഡങ്ങളുടെ കണക്കെടുത്താല്‍ പിന്നെയും കുറെ നാളുകാര്‍ പുറത്താകും. അതായത് വീണ്ടും 1/3 ഒഴിവാക്കപ്പെടണം. പിന്നെ ബാക്കി വരുന്ന നാളില്‍പ്പെട്ടവരില്‍ നിന്നാണ് പരസ്പരമുള്ള ഇഷ്ടം, കുടുംബമഹിമ, പ്രായം, ജോലി, വിദ്യാഭ്യാസം,വരുമാനം, നിറം, ഉയരം, സൗന്ദര്യം, ദൂരം....തുടങ്ങിയ കാക്കത്തൊള്ളായിരം കാര്യങ്ങള്‍ പരിശോധിച്ച് വരനെ കണ്ടെത്തേണ്ടിവരിക. 'വിവാഹമെന്നാല്‍ പ്രധാനം പറ്റിയ ചെറുക്കനെ കണ്ടെത്തുകയാണ് ' എന്ന് ഒരു വിവാഹബ്യൂറോയുടെ ടി.വി പരസ്യത്തില്‍ പറയുന്നത് വെറുതെയല്ലെന്ന് സാരം.

പരമയോഗ്യരും ഇഷ്ടപ്പെടുന്നവരുമായ എത്ര പേരെയാണ് ജാതി-മത-ജ്യോതിഷക്കെണി കാരണം നഷ്ടപ്പെടുത്തേണ്ടി വരുന്നത്?? അവസാനം സര്‍വ പൊരുത്തവുമായി മുന്നില്‍ വന്നുനില്‍ക്കുന്നവന്‍ എല്ലാം കഴിഞ്ഞ് അവസാനം ബാക്കി വരുന്നതില്‍ ഏറ്റവും മെച്ചപ്പെട്ടതായിരിക്കുമെന്നും ഉറപ്പില്ല ! തുണിക്കടയില്‍ മുഴുവന്‍ മണിക്കൂറുകളോലം അരിച്ചുപെറുക്കി അവസാനം അവിടെയുളള ഏറ്റവും കൂറത്തുണിയുമായി പുറത്തുവരുന്നത് പോലെയാണ് പലര്‍ക്കും ഇക്കാര്യത്തിലുള്ള അനുഭവം! സത്യത്തില്‍ ഇതിലും ഭേദമല്ലേ മതരഹിതവിവാഹത്തിന്റെ സാധ്യതകള്‍ ?!! കാര്യങ്ങള്‍ എളുപ്പമല്ലെങ്കിലും, ഒന്നുമില്ലെങ്കിലും, അവര്‍ക്ക് കുറേക്കൂടി സ്വാതന്ത്ര്യമില്ലേ?! വിവാഹപ്പരസ്യത്തില്‍ 'ജാതിയും മതവും പ്രശ്‌നമല്ല' എന്ന് എഴുതിച്ചേര്‍ക്കുന്നവരെല്ലാം നാസ്തികരും മതരഹിതരുമാണെന്ന് ധരിച്ചേക്കരുത്. മറിച്ച് അവയൊക്കെ നോക്കാന്‍ ഒരുമ്പെട്ടാല്‍ വിവാഹം നടക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന തിരിച്ചറിവ് സമ്മാനിക്കുന്ന ഉദാരതയാണത്. അതല്ലാതെ 'വേറെ വഴിയില്ല' എന്ന് സാരം!

ചൊവ്വാദോഷക്കാരിയെ കെട്ടാന്‍ ആള് വരില്ലെന്നാണ് പെണ്ണിന്റെ വീട്ടുകാര്‍ പറയുക. പക്ഷെ കെട്ടാന്‍ തയ്യാറായി ആരെങ്കിലും ചെന്നുനോക്കൂ, അപ്പോള്‍ 'അവളെ ഒരു വിധവയായി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' എന്ന രാജകീയ ഡയലോഗ് കേള്‍ക്കേണ്ടിവരും. ഇവിടെ ശരിക്കും ആരാണ് കുറ്റക്കാര്‍? തീര്‍ച്ചയായും ഭയത്തിന് അടിപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരല്ല, വിവാഹം ചെയ്യാനായി മുന്നോട്ടു വരുന്ന ചെറുപ്പക്കാരുമല്ല-രണ്ടുപേരെയും ദയാരഹിതമായി ശിക്ഷിക്കുന്ന ജ്യോതിഷമാണ്. എന്നിട്ടും ജ്യോതിഷത്തില്‍ 'ചക്കര'യുണ്ടെന്നാണ് ഇരുകൂട്ടരും പറയുക!! ചൊവ്വാദോഷത്തിന് സമാനമായ ചില വിധിവിശ്വാസങ്ങള്‍ മത്സ്യബന്ധന തൊഴിലാളികളുടെ ഇടയിലുണ്ട്. സംഗതി പറഞ്ഞുവരുമ്പോള്‍ സ്ത്രീകളെ നിയന്ത്രിക്കാനുള്ള പുരുഷന്റെ ചില കറുത്ത അടവുകളാണ്. പക്ഷെ അവിടെ ഗ്രഹങ്ങളും ജ്യോതിഷവും നിരപരാധികളാണെന്ന് മാത്രം. 


'ചെമ്മീന്‍ ' എന്ന സിനിമയിലെ 'കടലിന്നക്കരെ പോണോരെ' എന്ന ഗാനത്തില്‍ ഈ നഗ്നചൂഷണത്തിന്റെയും സ്ത്രീവിരുദ്ധതയുടേയും തിരക്കഥ ഒളിഞ്ഞു കിടപ്പുണ്ട്. അരയന്‍ കടലില്‍ പോയി തിരിച്ചുവരാതിരുന്നാല്‍ അത് അരയത്തി പിഴച്ചതിന്റെ തെളിവാണ് എന്നാണ് പ്രസ്തുത ഗാനം സ്ഥാപിക്കുന്നത്. സത്യത്തില്‍ ഈ ഗാനം തന്നെ നിരോധിക്കാന്‍ സ്ത്രീസംഘടനകള്‍ ആവശ്യപ്പെടേണ്ടതല്ലേ?! പെണ്ണിന്റ ചാരിത്ര്യമാണ് പുരുഷന്റെ ജീവിതഗതിയും പ്രപഞ്ചഗതിയും നിയന്ത്രിക്കുകയെന്ന നുണയെറിഞ്ഞാണ് ഇവിടെ പുരുഷന്‍ അവളെ കുരുക്കിലാക്കുന്നത്. ഇത് തങ്ങള്‍ക്ക് ലഭിക്കുന്ന ഏതോ വലിയൊരു ബഹുമതിയായി കാണുന്ന സ്ത്രീകളുമുണ്ട്! അരയന്‍ പല രീതിയില്‍ അപായത്തില്‍പ്പെടാം. കാറ്റുകൊണ്ടോ സ്രാവിന്റെ ആക്രമണം കൊണ്ടോ തോണി മറിഞ്ഞോ കയ്യിലിരുപ്പുകൊണ്ടോ അല്ലെങ്കില്‍ ഇററാലിയന്‍ നാവികരുടെ വെടിയേറ്റോ...എങ്ങനെ വേണമെങ്കിലും അയാള്‍ കൊല്ലപ്പെടാം. പക്ഷെ അതിനൊക്കെ വീട്ടിലിരിക്കുന്ന ഭാര്യ എന്തു പിഴച്ചു? അവള്‍ സുചരിതയാകണമെന്ന് പുരുഷന്റെ ശാഠ്യബുദ്ധി മനസ്സിലാക്കാം. പക്ഷെ തനിക്ക് വരാനിരിക്കുന്ന അപകടങ്ങളും ഭീഷണികളും മറ്റൊരാളുമായി സാങ്കല്‍പ്പികമായി ബന്ധിച്ച് അയാളുടെ വ്യക്തിത്വത്തെ ക്രൂരമായി അപഹസിക്കുന്നത് മനുഷ്യത്വഹീനമാണ്. ഇനി കടലില്‍ ജീവന്‍ നഷ്ടപ്പെടാത്ത അരയന്‍മാരുടെ ഭാര്യമാരെല്ലാം സുചരിതകളാണെന്ന് വരുമോ?!! ചില പുരുഷന്‍മാര്‍ കടലില്‍ പോകാത്തത് സ്വന്തം ഭാര്യയുടെ ചാരിത്ര്യത്തിലുള്ള സംശയം മൂലമാണെന്ന് വരുമോ?!

ചൊവ്വാദോഷത്തിന്റെ ഉത്പത്തിപുരാണം വ്യക്തമല്ല. പണ്ട് ദേവദാസി സമ്പ്രദായം നിലനിറുത്താനായി അവതരിപ്പിക്കപ്പെട്ട ഒന്നാണ് ഇതെന്ന നിരീക്ഷണമുണ്ട്. ചൊവ്വാദോഷം ആരോപിച്ച് കുറെ കന്യകകളെ വിവാഹത്തിന് അയോഗ്യരാക്കിയാല്‍ ഗത്യന്തരമില്ലാതെ വീട്ടുകാര്‍ അവരെ ആജീവനാന്ത ക്ഷേത്രവേലയ്ക്കായി വിട്ടുകൊടുക്കുമെന്ന ധാരണയില്‍ പുരോഹിതവര്‍ഗ്ഗം ആവിഷ്‌ക്കരിച്ച ഗൂഡതന്ത്രമാണത്രെ ചൊവ്വാദോഷം. ഇങ്ങനെ ദേവദാസികളാക്കപ്പെടുന്ന കന്യകമാര്‍ക്ക് പുരോഹിതവര്‍ഗ്ഗത്തെ സുഖിപ്പിക്കുക എന്ന കര്‍ത്തവ്യമാണ് പ്രധാനമായുള്ളത്. പുരോഹിതര്‍ക്ക് ഇവരില്‍ ജനിക്കുന്ന കുട്ടികള്‍ പിതൃശൂന്യരായിരിക്കും. 'ഹരിജന്‍ ' അഥവാ വിഷ്ണുവിന്റെ മക്കള്‍ ആയിട്ടാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ഗുജറാത്തിലൊക്കെ കൃത്യമായും ഇത്തരം കുട്ടികളെ 'ഹരിജന്‍ 'എന്നുതന്നെയാണ് വിളിച്ചിരുന്നത്. മഹാത്മാഗാന്ധി ദളിതരെ ഹരിജനങ്ങളെന്ന് വിളിച്ച്പപോള്‍ അംബേദ്ക്കര്‍ രോഷത്തോട് പ്രതിഷേധിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ദളിതരെ ആദരിക്കാനായി അവരും ഈശ്വരന്റെ മക്കളാണെന്ന് (the children god) സൂചിപ്പിക്കുകയാണ് താന്‍ ചെയ്തതെന്ന് ഗാന്ധിജി മറുപടി നല്‍കിയെങ്കിലും ദളിതര്‍ ഈശ്വരന്റെ മക്കളാണെങ്കില്‍ ഗാന്ധിയും മറ്റും ആരുടെ മക്കളാണെന്ന മറുചോദ്യമാണ് അംബേദ്ക്കര്‍ ഉന്നയിച്ചത്.

വിവാഹപ്പൊരുത്തം നോക്കുന്നത് തന്നെ ജാതകവിധിപ്രകാരം ശരിയാണോ? എന്താണതിന്റെ യുക്തി? ജ്യോതിഷമനുസരിച്ച് (വിശേഷിച്ചും പാശ്ചാത്യസങ്കല്‍പ്പനുസരിച്ച്) ഒരാളുടെ ജന്മസമയത്ത് തന്നെ അയാളുടെ വിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. എല്ലാം അവിടെ തീരുമാനിക്കപ്പെടുന്നു. വിധി അണുവിടെ മാറാതെ ജീവിച്ചു തീര്‍ക്കുക എന്ന ദൗത്യമോ പിന്നെ ആ മനുഷ്യജന്മത്തിനുള്ളു! ഗ്രഹനിലയാണ് നിര്‍ണ്ണായകം-നല്ല നാള് നോക്കി കുഞ്ഞിനെ സിസേറിയന്‍ വഴി പുറത്തെടുക്കാനായി അന്ധവിശ്വാസികള്‍ പരക്കം പായുന്നതിന് പിന്നിലെ ന്യായം അതാണ്. പക്ഷെ തീരുമാനിക്കപ്പെട്ട ഈ വിധി പിന്നീട് മാറുമെന്നാണ് അടുത്ത ന്യായം. ശരിക്കും 'മഴവില്‍കുതന്ത്രം'! മറ്റൊരാളുമായി ചേര്‍ന്ന് കച്ചവടം ചെയ്താലോ ദാമ്പത്യം നയിച്ചാലോ അയാളുടെ സ്വാധീനം നമ്മുടെ ജീവിതത്തിലുണ്ടാവും-തര്‍ക്കമില്ല. പക്ഷെ അപ്പറയുന്നത് തനി യുക്തിവാദമാണ്. ജ്യോതിഷപ്രകാരം വിധിയും ജീവിതഫലവുമൊക്കെ ജന്മനാല്‍ തീരുമാനിച്ച് കഴിഞ്ഞതല്ലേ?! സമ്പന്നനും ബുദ്ധിമാനും ദീര്‍ഘായുസ്സും രാജയോഗക്കാരനുമാണെന്ന് ജാതകം വിധിയെഴുതുന്ന ഒരാള്‍ ആരെ വിവാഹം ചെയ്താലെന്താ?! അതോ വിവാഹം കഴിക്കാനെത്തുന്ന പെണ്‍കുട്ടിക്ക് ഈ ജാതകവിധിയും ഗ്രഹസ്വാധീനവുമൊക്കെ റദ്ദ് ചെയ്യാനാവുമോ?

അപ്പോള്‍ അത്രയേ ഉള്ളൂ കാര്യങ്ങള്‍ !! വിവാഹം ചെയ്യാതിരുന്നാല്‍ ജാതകവിധിപ്രകാരമുള്ള ജന്മഫലം. വിവാഹം കഴിച്ചാല്‍ വിധി പാക്കേജ് മാറും! മോശം ജാതകമുള്ളവന്‍ നല്ല വിവാഹം കഴിച്ചാലും മതി! നല്ല ജാതകമുള്ളവന്‍ മോശം വിവാഹം കഴിച്ചാല്‍ വെടി തീര്‍ന്നു! വിവാഹം മാത്രമല്ല, ജാതകവിധിയെ അപ്രസക്തമാക്കുന്നത്. വീട് പണിയുന്നത് വാസ്തുപ്രകാരമല്ലെങ്കില്‍ ജാതകനേട്ടമെല്ലാം ആവിയാകും. സര്‍വാണി പൊരുത്തവും യോഗത്തിന് മേല്‍ യോഗവുമായി വാസ്തു നോക്കാതെ വീട്ടില്‍ താമസം തുടങ്ങിയാല്‍ സര്‍വതും കട്ടപ്പൊക! ജോലിക്ക് ചെല്ലുന്നിടത്ത് കട്ടിലും കസേരയുമൊക്കെ ശരിയായിട്ടല്ല കിടക്കുന്നതെങ്കില്‍ ഗജകേസരിയോഗവും വിവാഹപ്പൊരുത്തത്തില്‍ പത്തില്‍ പത്തും വാസ്തുവീടും പഴംങ്കഥയാവും. ഇതെല്ലാം ഉണ്ടായാലും കയ്യിലെ രേഖകള്‍ പറയുന്ന കഥ മറ്റൊന്നായാല്‍ നാശം നിശ്ചയം! അതില്‍പ്പിന്നെ ന്യൂമറോളജിപ്രകാരം പേരിന്റെ ആദ്യാക്ഷരം നാലെഞ്ചണ്ണം ആവര്‍ത്തിക്കുകയോ ഒക്കെ ചെയ്യേണ്ടിവരും. എന്ത് പാപപരിഹാരമാണ് ചെയ്യേണ്ടതെന്നറിയാനായി മഷിയിട്ട് നോട്ടവും ദുഷ്ട് ഇറക്കാനായി വിഷമിറക്കും ഉള്ളതിനാല്‍ അന്ധവിശ്വാസിക്ക് എങ്ങനെയും രക്ഷപെട്ട് പോകാം. അന്ധവിശ്വാസികള്‍ പൊതുവെ മദ്യപാനികളെപ്പോലെയാണ്;ഒരു ഐറ്റം അടിച്ചുനോക്കുന്നവന് സര്‍വ ഐറ്റവും രുചിക്കാനുള്ള വെമ്പലുണ്ടാകും.

പക്ഷെ ജാതകവിധിയുടെ കാര്യമൊന്ന് ആലോചിച്ച് നോക്കൂ. എന്തൊക്കെ ശരിയായാല്‍ ജാതകവിധിക്കും ജ്യോതിഷഫലത്തിനും നേരാംവണ്ണം പിഴച്ചുപോകാനാവും? ജാതകഫലം റദ്ദാക്കുന്ന തുടര്‍സംഭവങ്ങള്‍ (വിവാഹം, ഭവനനിര്‍മ്മാണം, ജോലി, കൂട്ടുകച്ചവടം..) അപ്പാടെ ഒഴിവാക്കണം! വ്യക്തിയുടെ ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഗ്രഹങ്ങളുടെ പിടി അയയും! ജാതകഫലം ജന്മസമയത്ത് തന്നെ നിശ്ചയിച്ച ഗ്രഹങ്ങള്‍ അപ്പോള്‍ ആരായി?! അവര്‍ ഒരു ശിശുവിന്റെ ജീവിതം സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും നിശ്ചയിച്ചു, മനുഷ്യരാകട്ടെ, ജ്യോതിഷിയെ കണ്ട് പരിഹാരക്രിയയിലൂടെ ബഹിരാകാശത്ത് ചുറ്റിത്തിരിയുന്ന ഈ പാറക്കഷണങ്ങളേയും വാതകഭീമന്‍മാരേയും നിഷ്പ്രഭരാക്കി. പിന്നെ വിവാഹവും ഭവനനിര്‍മ്മാണവുമൊക്കെയായപ്പോള്‍ ആദ്യം നിശ്ചയിച്ചതൊക്കെ ജലരേഖയായി! മനുഷ്യന്‍ ജ്യോതിഷവും അനുബന്ധമായ ഗൂഡവിദ്യകളും കണ്ടുപിടിക്കുന്നത് വരെ ഇത്തരമൊരു ദുര്‍ഗതി ഗ്രഹങ്ങള്‍ക്കുണ്ടായിരുന്നില്ല!

ശാസ്ത്രദൃഷ്ടിയിലൂടെ നോക്കിയാല്‍ ജ്യോതിഷം ചില മതതമാശകളുടെ ആഘോഷമാണ്. ജ്യോതിഷവിമര്‍ശനത്തില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന കാര്യങ്ങളാണിവ. എങ്കിലും സംഗ്രഹരൂപത്തില്‍ പറഞ്ഞുപോകേണ്ടതുണ്ട്. ചലനരഹിതമായ പരന്ന ഭൂമി, ഭൂമിയെ ചുറ്റുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും, രാഹു, കേതു തുടങ്ങിയ രണ്ട് പ്രേതഗ്രഹങ്ങള്‍....അങ്ങനെ തുടങ്ങുന്നു ഫലിതഗാഥ. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും സംഭവിക്കുന്നത് രാഹു, കേതു തുടങ്ങിയ രണ്ട് തമോഗ്രഹങ്ങള്‍ സൂര്യചന്ദ്രന്‍മാരെ മറയ്ക്കുന്നത് മൂലമാണെന്ന വിചിത്രസങ്കല്‍പ്പത്തില്‍ നിന്നാണ് ഈ“രണ്ട് 'ഇല്ലാഗ്രഹങ്ങള്‍' ഉടലെടുത്തത്. ഗ്രഹങ്ങളില്ലെങ്കിലെന്താ ജ്യോതിഷഫലം ശരിയാണോ എന്നു നോക്കിയാല്‍ മതി എന്ന് അന്ധവിശ്വാസകേസരികള്‍ പറയും. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതു മൂലം ചന്ദ്രഗ്രഹണവും ചന്ദ്രന്റെ നിഴല്‍ മൂലം സൂര്യഗ്രഹണവും ഉണ്ടാകുന്നുവെന്ന് പ്രാചീനജനതയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നത് ഒരു കുറ്റമേയല്ല. പകരം ഗ്രഹണഹേതുവായി ഈ രണ്ട് ഗ്രഹങ്ങളെ അവിടെ സങ്കല്‍പ്പിച്ചതും ഭാവനാത്മകമാണ്. പക്ഷെ ആ ഗ്രഹങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യരുടെ ജീവിതവ്യകരണം നിര്‍വചിക്കാന്‍ ശ്രമിച്ചതാണ് ഘോരകൃത്യമായത്. 'നവഗ്രഹ'ങ്ങളില്‍ സൂര്യന്‍ ഗ്രഹമല്ലെന്നും ചന്ദ്രന്‍ ഉപഗ്രഹമാണെന്നതും വിട്ടുകളഞ്ഞേക്കുക. മനുഷ്യന് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാതിരുന്ന യുറാനസും നെപ്ട്യൂണും ജ്യോതിഷത്തില്‍ വരുന്നില്ല. പകരം വേണമെങ്കില്‍ രാഹു-കേതുക്കളെ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം. പക്ഷെ നെപ്റ്റിയൂണിനും യുറാനസിനും സൂര്യ-ചന്ദ്ര ഗ്രഹണങ്ങളില്‍ പങ്കില്ലെന്നതാണ് പ്രശ്‌നമുണ്ടാക്കുന്നത്! ചൊവ്വായ്ക്കും വ്യാഴത്തിനുമിടയ്ക്കുള്ള ഛിന്ന ഗ്രഹങ്ങള്‍ക്കോ പ്‌ളൂട്ടോ-ഷാരോണ്‍ ഇരട്ടഗ്രങ്ങള്‍ക്കോ(?) അവിടെ സ്ഥാനമില്ല. സൗരയൂഥത്തിന് പുറത്തുള്ള കോടിക്കണക്കിന് ഗ്രഹങ്ങള്‍ ജ്യോതിഷത്തിന് വേണ്ട. അവയൊക്കെ വളരെ ദൂരെയല്ലേ?!! പക്ഷെ ദൂരം കൂടുന്നതനുസരിച്ച് ഗ്രഹങ്ങളുടെ സ്വാധീനം കുറയുമെന്ന് അംഗീകരിക്കാന്‍ ജ്യോതിഷം തയ്യാറാവുകയുമില്ല! ജ്യോതിഷത്തില്‍ എല്ലാ നക്ഷത്രങ്ങളും കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു എന്ന് സങ്കല്‍പ്പിച്ചത് സ്ഥിരമായി നില്‍ക്കുന്ന ഭൂമിയെ ആസ്പദമാക്കിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സ്വയം ഭ്രമണം ചെയ്യുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയാത്തവരാണ് നക്ഷത്രങ്ങളുടെ ഉദയവും അസ്തമയവുമൊക്കെ സങ്കല്‍പ്പിച്ചത്.

ജന്മരാശിയില്‍ അഥവാ ലഗ്നരാശിയില്‍ ഏത് ഗ്രഹം വരുന്നുവെന്നത് ജാതകവിധിപ്രകാരം പ്രധാനപ്പെട്ട കാര്യമാണ്. ജനനസമയം ആധാരമാക്കിയാണത്രെ മുഴുവന്‍ ഗ്രഹനിലയും ഉരുത്തിരിയുന്നത്. അതായത് മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കുന്ന ഖഗോളീയമോ അതിന്ദ്രിയമോ ആയ ചില ശക്തികള്‍ കുട്ടി ജനിച്ചപ്പോള്‍ സ്ഥിതി ചെയ്തിരുന്ന 'സവിശേഷനില'യാണ് ആ കുഞ്ഞിന്റെ ജീവിതവിധി നിശ്ചയിക്കുന്നത്. അപ്പോള്‍ ഒരു കുട്ടി ജനിക്കുന്നത് എപ്പോള്‍ എന്ന പഴയ ചോദ്യം വീണ്ടുമുയരുന്നു. അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തെടുക്കുമ്പോഴാണോ അതോ പൊക്കിള്‍ മുറിച്ചതിന് ശേഷമാണോ അതോ തല പുറത്തുവന്നതിന് ശേഷമാണോ എന്നൊക്കെയാണ് ചിലരുടെ സംശയം. സമയത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് സെക്കന്‍ഡ് വരെ കൃത്യമായി കിട്ടണം എന്നൊക്കെയാണ് ജ്യോതിഷികള്‍ തട്ടിവിടുക. സത്യത്തില്‍ ഇതുമൊരു ജ്യോതിഷഫലിതമാണ്. മിനിറ്റും സെക്കന്‍ഡും വ്യത്യാസത്തില്‍ ഒരാളുടെ ഭാവി സാധ്യതകള്‍ മാറിമറിയുമെന്നു വാദിച്ച് അത്ര കൃത്യതയുള്ള സംഭവമാണ് ജ്യോതിഷമെന്ന പ്രതീതി ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. 2 മണി 30 മിനിറ്റ് 32 സെക്കന്‍ഡ് എന്നൊക്കെയാണ് സമയ കുറിപ്പടിയില്‍ ജനനസമയം എഴുതിവെക്കുക!! റോക്കറ്റ് വിടുന്നതിന് പോലും ഇത്ര സമയകൃത്യത വേണ്ടിവരില്ല! ഇത്ര കൃത്യമായി സമയം രേഖപ്പെടുത്തണമെങ്കില്‍ മനുഷ്യപ്രസവം എന്നത് സോഡാകുപ്പി പൊട്ടിത്തെറിക്കുന്നതുപോലെയുള്ള ഒരു വെടിച്ചില്ല് സംഭവമായിരിക്കണം. വാസ്തവത്തില്‍ തീര്‍ച്ചയായും അതങ്ങനെയല്ല. വളരെ സമയമെടുത്താണ് സ്വഭാവികപ്രസവം പൂര്‍ത്തിയാവുക.

ചിലപ്പോള്‍ പ്രസവം അര മണിക്കൂറിലധികം നീളാം. കുട്ടിയുടെ തല പുറത്തുകാണുന്നതും പൂര്‍ണ്ണമായും പുറത്തെടുക്കുന്നതും പൊക്കിള്‍ക്കൊടി മുറിക്കുന്നതുമൊക്കെ തമ്മില്‍ സമയവ്യത്യാസമുണ്ടാകും. സിസേറിയന്‍ പ്രസവമാണെങ്കില്‍ ജാതകവിധി മുഴുവന്‍ അപ്പാടെ വെള്ളത്തിലാക്കാന്‍ ഡോക്ടര്‍ക്ക് കഴിയും. ഡോക്ടറുടെ കൈ വിറച്ചാലും സമയം മാറും! മോശം നാളിലും സമയത്തും പിറക്കേണ്ടിയിരുന്ന ഒരാളെ നല്ല നാളിലും സമയത്തും ജനിപ്പിക്കുവാനും ഡോക്ടര്‍ക്ക് സാധിക്കും. ജീവിതഫലം നിശ്ചയിക്കാന്‍ പത്ത് മാസം തക്കംപാര്‍ത്തിരുന്ന ഗ്രഹങ്ങളും ജന്മാനുഭവങ്ങളുടെ കണക്ക് സൂക്ഷിക്കുന്ന ഈശ്വരനുമൊക്കെ ഡോക്ടറുടെ കത്തിക്ക് മുന്നില്‍ മുട്ടുമടക്കുകയാണ്. പക്ഷെ ഡോക്ടറുടെ മിടുക്ക് അവിടെ തീര്‍ന്നു! ശരിയായ സമയത്ത് കുട്ടിയെ പുറത്തെടുത്ത് ജീവിതസുരക്ഷയും സര്‍വമംഗളവും ഉറപ്പുവരുത്തിയാലും പിന്നെയും മാസംതോറും ജാതകഫലം നോക്കേണ്ടി വരും.

സത്യത്തില്‍ എപ്പോഴാണ് ഒരു കുട്ടി ജനിക്കുന്നത്? ബീജസങ്കലനം നടക്കുമ്പോഴാണ് ശരിക്കും ലൈംഗികകോശങ്ങളിലെ പകുതി ജനിതകപദാര്‍ത്ഥത്തിന്റെ (23 ക്രോമസോമുകള്‍ വീതം) പങ്കുവെക്കലിലൂടെ മൊത്തം ജനിതകപദാര്‍ത്ഥവുമുള്ള(46 ക്രോമസോം) ഒരു മുഴുവന്‍ കോശമുണ്ടാകുന്നത്. ഇവിടെ അണ്ഡത്തിനും ബീജത്തിനും ജീവനുണ്ട് രണ്ടും കൂടിച്ചേരുന്ന സിക്താണ്ഡത്തിനും(zygote) ജീവനുണ്ട്. അതായത് പുതിയതായി 'ജീവന്‍' ഉണ്ടാകുന്നില്ല. അണ്ഡത്തിനോ ബീജത്തിനോ ജീവനില്ലെങ്കില്‍ സിക്താണ്ഡമില്ല. ജനിതകപദാര്‍ത്ഥം കൂടിച്ചേരുന്ന വേളയാണ് കുട്ടിയുടെ ഭാവി നിര്‍ണ്ണയിക്കുന്നതെന്ന് പറഞ്ഞാല്‍ അതിന് ശാസ്ത്രീയമായ അടിസ്ഥാനമുണ്ട്. ഏതൊക്കെ ജീനുകള്‍ പ്രഭാവിതമാകണം, എതൊക്കെ ഉദാസീനമാകണം എന്ന് നിശ്ചയിക്കുന്നത് അപ്പോഴാണ്. അച്ഛന്റെ നിറമാണോ അമ്മയുടെ മൂക്കാണോ മുത്തച്ഛന്റെ ഉയരമാണോ ലഭിക്കുന്നതെന്ന് ആ വേളയില്‍ നിശ്ചയിക്കപ്പെടും. പക്ഷെ ബീജസങ്കലനമുഹൂര്‍ത്തത്തെ കുട്ടിയുടെ ജനനമായി അംഗീകരിക്കാന്‍ ജ്യോതിഷം തയ്യാറല്ല. ബീജസങ്കലനം കഴിഞ്ഞാല്‍ കുട്ടിയുടെ ശാരീരിക-ജനിതക അടിത്തറ രൂപപ്പെട്ടു കഴിഞ്ഞു. പിന്നെയതിന്റെ വളര്‍ച്ചയാണ് ഗര്‍ഭപാത്രത്തില്‍ നടക്കുന്നത്. ബാക്കി വളര്‍ച്ച ഗര്‍ഭപാത്രത്തിന് പുറത്തുവന്നതിന് ശേഷവും നടക്കുന്നു. കുഞ്ഞിന്റെ ഗര്‍ഭകാലത്തെ വളര്‍ച്ച ഗ്രഹങ്ങള്‍ പരിഗണിക്കാത്തതിന്റെ രഹസ്യം ജ്യോതിഷികള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല! 
'തലയില്‍ തറച്ച ആണി'ഊരിപ്പോകുമ്പോള്‍ ബീഭത്സമാകുന്ന 'പാലമരത്തിലെ യക്ഷി'യുടെ കഥ കേട്ടിട്ടില്ലേ. സമാനമാണ് ഗ്രഹങ്ങളുടെ കാര്യം!! ശിശു 9 മാസം മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വേരൂന്നി വളരുമ്പോള്‍ തലയില്‍ ആണി തറച്ചപോലെ ഗ്രഹങ്ങള്‍ നിസ്സഹായരായി നില്‍ക്കും. ഗ്രഹങ്ങളെല്ലാം ആകാംക്ഷാപൂര്‍വം പ്രസവം നോക്കിയിരിക്കുകയാണ് കുഞ്ഞിന്റെ മേല്‍ സ്വധീനം ചെലുത്താന്‍! എന്താ വകതിരിവ്!? ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ സംബന്ധിച്ച് അപ്രധാനമാണെന്ന പഴഞ്ചന്‍ ലോകവീക്ഷണവും ജ്ഞാനതലവുമാവാം ഈ വികലയുക്തിക്ക് പിന്നില്‍. എന്നാല്‍ വാസ്തവം നേരെ വിപരീതമാണ്. ഗര്‍ഭഘട്ടത്തിലാണ് മിക്കപ്പോഴും അന്ധന്‍ അന്ധനാകുന്നതും ബധിരനും വികലാംഗനുമൊക്കെ ഉരുവംകൊള്ളുന്നതും. സംസാരശേഷിയും ബുന്ധിശക്തിയും ഉള്‍പ്പെടെയുള്ള കുഞ്ഞിന്റെ ഒട്ടുമിക്ക ശേഷികളും ഉരുത്തിരിയുന്നതും ഈ 9 മാസത്തിനുളളിലാണ്. ഇത്തരം ശേഷികളില്‍ പലതും വേണ്ടത്ര വികസിക്കാതെ ഏത് സമയത്ത് പ്രസവിച്ചാലും, ഏത് കൊട്ടാരത്തില്‍ പിറന്നാലും ജീവിതം ദുഷ്‌ക്കരമായി. അന്ധനും ബധിരനും മൂകനുമായ ഒരു കുട്ടി രാജകീയ മുഹൂര്‍ത്തത്തില്‍ പിറന്നാലും നിലാവാരമുള്ള ജീവിതം അസാധ്യമായിരിക്കും. അപ്പോള്‍ പ്രസവം എന്നത് ഒരു വ്യക്തിയുടെ മിക്കവാറുമുള്ള ജനിതകവും ശാരീരികവുമായ നിര്‍ണ്ണയങ്ങള്‍ നടന്നതിന് ശേഷം നടക്കുന്ന ഒരു പ്രക്രിയയാണ്.

ദന്തം, ലൈംഗികശേഷി തുടങ്ങിയ ചില കാര്യങ്ങളുടെ കാര്യത്തില്‍ പ്രസവാനന്തരം തീരുമാനമുണ്ടാകുന്നുണ്ട്. പക്ഷെ അത്തരം വളര്‍ച്ച-വികാസങ്ങളുടേയും ജനിതകയടിത്തറ ഒരുക്കപ്പെടുന്നത് ബീജസങ്കലനവേളയിലും ഗര്‍ഭകാലഘട്ടത്തിലുമാണ്. ഗര്‍ഭസ്ഥശിശു അന്ധനായാല്‍ ഏത് മുഹൂര്‍ത്തത്തില്‍ പ്രസവിച്ചാലും ഫലം മാറില്ല. ഒരാളുടെ ആകാരപ്രകാരങ്ങളും മനോവ്യാപാരങ്ങളും നിര്‍ണ്ണയിക്കുന്നതില്‍ ഏറ്റവുമധികം പ്രാധാന്യമുള്ളത് ബീജസങ്കലനം, ഗര്‍ഭാവസ്ഥ എന്നീ ഘട്ടങ്ങള്‍ക്കാണ്. ഒക്കെ തീരുമാനിക്കപ്പെടുന്നത് പ്രസവസമയത്തിന്റെ പ്രത്യേകത മൂലമാണെന്ന വാദം ശരിയല്ലെന്നത് പോയിട്ട് തെറ്റ് പോലുമല്ല! ഭ്രൂണവികാസശാസ്ത്രത്തെ പറ്റി വലിയ ധാരണയില്ലെന്നതില്‍ ലജ്ജിക്കേണ്ട കാര്യമൊന്നുമില്ല. പക്ഷെ ആ അജ്ഞതയില്‍ അഹങ്കരിച്ച് അതിന്റെ പേരില്‍ ഭയയമെറിഞ്ഞ് ജനത്തെ ചൂഷണം ചെയ്ത് ജീവിക്കുന്നത് ലജ്ജാകരം തന്നെ. ഇനി പണം പറ്റാതെയായാലും ജനത്തെ വിരട്ടി ആളു കളിക്കുന്നതും ഇല്ലാത്ത ജ്ഞാനം ഉണ്ടെന്ന മട്ടില്‍ പെരുമാറുന്നതിലും മാനസികജീര്‍ണ്ണത അടയാളപ്പെടുത്തിയിട്ടുണ്ട്. മത്സര/പരീക്ഷഫലം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥി/മത്സരാര്‍ത്ഥി ഫലപ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പ് ഘോരമായ പ്രാര്‍ത്ഥന നടത്തുന്നത് കണ്ടിട്ടില്ലേ. യഥാര്‍ത്ഥത്തില്‍ അയാളുടെ ഫലം/മാര്‍ക്ക് മുമ്പ് തന്നെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതായത് ഫലം ആയിക്കഴിഞ്ഞു. അയാള്‍ അതറിയുന്നു എന്നേയുള്ളു. അവിടെ എത്ര പ്രാര്‍ത്ഥിച്ചാലും ഫലം മാറാന്‍ പോകുന്നില്ല. എങ്കിലും ശീലിച്ചതിനാല്‍ മതവിശ്വാസി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. വികലമായ ഈ മതയുക്തിയാണ് ജ്യോതിഷം പ്രസവത്തിന്റെ കാര്യത്തിലും പ്രയോഗിക്കുന്നത്. ശിശുവിനെ സംബന്ധിച്ച നിര്‍ണ്ണായ കാര്യങ്ങളില്‍ മിക്കതും പ്രസവത്തിന് മുമ്പ് തന്നെ നിശ്ചയിക്കപ്പെടുന്നുണ്ട്. ഗ്രഹം അനുഗ്രഹിച്ചാല്‍ അന്ധന്‍ കാണില്ല;നക്ഷത്രം കനിഞ്ഞാല്‍ ബധിരന്‍ കേള്‍ക്കുകയുമില്ല.
 


എന്തുകൊണ്ട് ജ്യോതിഷം ബീജസങ്കലനസമയം (time of fertilization)കുട്ടിയുടെ ജനനമായി അംഗീകരിക്കുന്നില്ല? ഉത്തരം ലളിതമാണ്: ഒന്നാമതായി, ബീജസങ്കലനം വഴിയാണ് കുട്ടിയുണ്ടാകുന്നതെന്നും ശരിക്കും അവിടെ നടക്കുന്ന പ്രക്രിയ എന്താണെന്നും പ്രാചീനകാലത്തെ ജ്യോതിഷികള്‍ക്ക് വ്യക്തമായി അറിയില്ലായിരുന്നു. അന്നത്തെ ജ്ഞാനനില അത്രമാത്രം. കുട്ടി ഗര്‍ഭപാത്രത്തിന് പുറത്തു വരുമ്പോഴാണ് എല്ലാ തുടങ്ങുന്നതെന്ന അബദ്ധസങ്കല്‍പ്പമാണ് പണ്ടുണ്ടായിരുന്നത്. ബീജസങ്കലനത്തെ ജനനസമയമായി അംഗീകരിച്ചാല്‍ 'ജനനം' എപ്പോള്‍ നടന്നു എന്നറിയാന്‍ എളുപ്പമല്ല. പിന്നെ പുതുതായി 'ജീവന്‍ ' ഉണ്ടാകുന്നുവെന്ന വാദവും ശരിയല്ല. അതറിയാന്‍ ഭ്രൂണശാസ്ത്രം മുഴുവന്‍ കുത്തിയിരുന്ന് പഠിക്കേണ്ട കാര്യമൊന്നുമില്ല. മതശാസ്ത്രപ്രകാരവും പുതിയതായി 'ജീവന്‍ ' ഉണ്ടാകുന്നില്ല! ജനനവും മരണവുമില്ലാത്ത ആത്മാവ് കൂടുവിട്ട് കൂടുമാറുക മാത്രമാണ് സംഭവിക്കുന്നത്!
പ്രസവസമയത്തെ ആധാരമാക്കി എഴുതപ്പെടുന്ന ജാതകത്തില്‍ ബര്‍നം പ്രസാതവങ്ങളും മഴവില്‍ കുതന്ത്രങ്ങളും അടക്കമുള്ള ചെപ്പടിവിദ്യകളുടെ ഘോഷയാത്രയാണുള്ളത്. ഇനി ജനനസമയം കുറിക്കുന്നതിലും രാശിനോട്ടത്തിലുമൊക്കെ എന്തെങ്കിലും കഥയുണ്ടോ?
ഇല്ല എന്നതാണ് സത്യം. 

പൗരസ്ത്യജ്യോതിഷത്തില്‍ നിന്നും വ്യത്യസ്തമായി 
പാശ്ചാത്യജ്യോതിഷം സ്ഥിരനക്ഷത്രത്തെ ആധാരമാക്കിയുള്ളതല്ല. ഭൂമിയുടെ സ്വന്തം സാങ്കല്‍പ്പിക അച്ചുതണ്ടിനെ ആധാരമാക്കി നടത്തുന്ന സ്വയംഭ്രമണത്തിനിടയില്‍ ചെറിയൊരു തള്ളല്‍ അഥവാ ഭ്രംശനം (wobbling of the Earth’s axis)സംഭവിക്കുന്നുണ്ട്. ഭൂമി പൂര്‍ണ്ണമായും ഗോളമല്ലാത്തതിനാലും അച്ചുതണ്ടിന് ഇരുപത്തിമൂന്നര ഡിഗ്രി ചെരിവുള്ളതു കൊണ്ടുമാണ് ഇതുണ്ടാകുന്നത്. ഇക്കാരണത്താല്‍ ഓരോ 72 വര്‍ഷം കൂടുമ്പോഴും ഭൂമിയെ അഭിമുഖീകരിക്കുന്ന ആകാശചക്രവാളത്തിലെ നക്ഷത്രസമൂഹങ്ങള്‍ (constellations) ഒരു ഡിഗ്രി തെന്നിമാറുന്നുണ്ട്. അതായത് കഴിഞ്ഞ 2000 വര്‍ഷത്തിനിടയില്‍ ഏതാണ്ട് 67 ഡിഗ്രിയുടെ ഭ്രംശം! ഇതുമൂലമാണ് ഭൂമിയില്‍ സമദിനങ്ങള്‍ മുന്നോട്ടാകുന്നത്(precession of the equinoxes). ജ്യോതിഷത്തില്‍ ആകാശത്തെ 12 രാശികളായി (ഒരു രാശി-30 ഡിഗ്രി)വിഭജിച്ചിരിക്കുന്നതിനാല്‍ കഴിഞ്ഞ് 2000 വര്‍ഷത്തിനുള്ളില്‍ ഇങ്ങനെയുള്ള മാറ്റം കാരണം ശരിക്കും ഒരു രാശി (30 ഡിഗ്രി)തന്നെ മാറിപ്പോയിട്ടുണ്ട്. കൃതമായി പറഞ്ഞാല്‍ 2,150 വര്‍ഷം കൊണ്ട് ഒരു രാശിയില്‍ നില്‍ക്കുന്ന നക്ഷത്രക്കൂട്ടം അടുത്ത രാശിയാലാകും. വസ്തുതാപരമായ ശാസ്ത്രസത്യമാണിത്, ഇനിയുമിത് തുടര്‍ന്നുകൊണ്ടിരിക്കും. പക്ഷെ നിശ്ചലമായ ഭൂമിയെ സങ്കല്‍പ്പിച്ച് ജ്യോതിഷികള്‍ക്ക് ഇതിനെക്കുറിച്ചൊന്നും യാതൊരു ധാരണയുമില്ലായിരുന്നു.

അതായത് നാം രണ്ടായിരം വര്‍ഷം മുമ്പ് കണ്ട് അടയാളപ്പെടുത്തിവെച്ചിരുന്ന സ്ഥാനത്തുനിന്നും നക്ഷത്രസമൂഹങ്ങള്‍ ഏതാണ്ട് 30 ഡിഗ്രിയോളം ഇന്ന് മാറിപ്പോയിട്ടുണ്ട്. ഏകദേശം രണ്ടായിരം വര്‍ഷത്തിന് മുമ്പാണ് ജ്യോതിഷത്തിലെ രാശികള്‍ നിര്‍വചിച്ചതെങ്കില്‍ ഇന്നത്തെ ജന്മനക്ഷത്ര നിര്‍ണ്ണയം അപ്പടി തെറ്റാണ്. The zodiacal constellations named in ancient times no longer correspond to the segments of the zodiac represented by their signs today. രണ്ടായിരം വര്‍ഷത്തിന് മുമ്പുള്ള കണക്ക് അനുസരിച്ച് ജന്മനക്ഷത്രം ലിയോ എന്നു കരുതി ജ്യോതിഷിയെ കണ്ട് ആശ്വാസം തേടുന്നവരുടെ ഇന്നത്തെ നിലയനുസരിച്ച് ശരിക്കുമുള്ള ജന്മനക്ഷത്രക്കൂട്ടം കാന്‍സറാണ്! i.e., a Leo is really a Cancer! പക്ഷെ അവരെല്ലാം ഇപ്പോഴും ലിയോകളാണെന്ന് ധരിച്ച് ജാതകമെഴുതിച്ച് 'അച്ചട്ട്'ഫലമനുഭവിക്കുന്നു! 

അതായത് ഇന്ന് നിങ്ങളുടെ ജന്മനക്ഷത്രമായി കരുതുന്നത് ശരിക്കും നിങ്ങളുടെ അസ്സല്‍ ജന്മനക്ഷത്രത്തിന് മുമ്പുള്ളതാണ്! 
ഒരു നക്ഷത്രത്തിന്റെ കാല് കുറച്ച് അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ടെന്നൊക്കെ പറഞ്ഞ് വലിയ വിപ്‌ളവം ഉണ്ടാക്കുന്നവരാണ് ഒരു നാള്‍ തന്നെ മാറിയത് പരിഗണിക്കാത്തത്! ജനനസമയത്തിന്റെ കൃത്യത ഉറപ്പ് വരുത്തണമെന്നൊക്കെ ജ്യോതിഷക്കാര്‍ ബഹളംകൂട്ടുന്നത് കേള്‍ക്കുമ്പോള്‍ ചിരി വരും. ജനനം എപ്പോഴെന്ന കാര്യത്തില്‍ മാത്രമല്ല ജന്മനക്ഷത്രം(star sign) ഏതെന്ന് കാര്യത്തില്‍പോലും ശാസ്ത്രീയമായ കൃത്യത അവര്‍ പരിഗണിക്കുന്നില്ല. അതായത് ഈ ഭാഗത്തും ആ ഭാഗത്തും കൃത്യതയില്ല!

ഇതിനി പാശ്ചാത്യ ജ്യോതിഷത്തിന്റെ മാത്രം ന്യൂനതയായി കണ്ടാല്‍, അവിടെ ജ്യോതിഷ ഫലപ്രവചനം അക്ഷരംപ്രതി ശരിയാണെന്ന് അവകാശപ്പെടുന്നവരോട് ഇന്ത്യന്‍ ജ്യോതിഷവിശ്വാസികള്‍ എന്തു സമാധാനം പറയും?! ഇന്ത്യാക്കാരുടെ രാഹു-കേതു(two non-existing planets) വിചിത്ര സങ്കല്‍പ്പമില്ലാതെയാണ് പാശ്ചാത്യര്‍ ഇക്കാലമത്രയും ജ്യോതിഷഫലപ്രവചനം നടത്തുന്നത്. എന്നിട്ടും അവര്‍ക്ക് ഫലം 'അച്ചട്ട് ', ഇന്ത്യാക്കാര്‍ രാഹു-കേതുവുമായി പ്രവചനം നടത്തുന്നു, അവര്‍ക്കും ഫലം 'അച്ചട്ട് ', ഇനി നാളെ നക്ഷത്രങ്ങളോ ഗ്രഹങ്ങളോ ഇല്ലാതെ പ്രവചനം നടത്തിയാലും ഫലം അച്ചട്ടായിരിക്കുമെന്നതില്‍ സംശയം വേണ്ട!!!

ജനനസമയങ്ങള്‍ തമ്മിലുള്ള വ്യത്യാസം


ഇക്കാലത്ത് ടി.വി ജ്യോതിഷികള്‍ ജനിച്ച സമയം മാത്രമ
ല്ല സ്ഥലം കൂടി ചോദിക്കാറുണ്ട്. ശാസ്ത്രവിവരത്തോടൊപ്പം നീങ്ങാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കുകയാണ് ലക്ഷ്യം. പഴയകാലത്തെ കൊടികെട്ടിയ ജ്യോതിഷികളൊന്നും ഇത് ചോദിച്ചിട്ടുണ്ടാവില്ല. എന്നുകരുതി അവര്‍ക്ക് ഫലപ്രവചനം നടത്താന്‍ എന്തെങ്കിലും തടസ്സമുണ്ടായിരുന്നു എന്നു കരുതരുത്. ഭൂമി സ്വയംഭ്രമണം ചെയ്യുന്ന ഗോളമാണെന്നും ഒരു പകുതിയില്‍ രാത്രിയും മറുപകുതിയില്‍ പകലുമായിരിക്കുമെന്നും അവര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ക്ക് രാത്രിയും പകലും ഒന്നേയുണ്ടായിരുന്നുള്ളു. അതായത് ഒരു ദിവസം 12 മണിക്കൂര്‍ രാത്രി-12 മണിക്കൂര്‍ പകല്‍ . എന്നാല്‍ ഭൂമി മൊത്തമായി എടുത്താല്‍ പകലിനും രാത്രിക്കും 24 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. ബഹിരാകാശത്ത് മാസങ്ങളോളം തങ്ങുന്ന യാത്രികര്‍ക്ക് പലപ്പോഴും 24 മണിക്കൂറിനുള്ളില്‍ പല തവണ(ഉദാ- 14 രാത്രിയും 14 പകലും) അനുഭവിക്കേണ്ടി വരാറുണ്ട്. കൃത്രിമോപഗ്രഹത്തിന്റെ ഭ്രമണവേഗതയനുസരിച്ച് ഇവയുടെ എണ്ണം വ്യത്യാസപ്പെടാം. 1492 ല്‍ കൊളമ്പസ് അമേരിക്ക കണ്ടുപിടിക്കുന്നതിന് മുമ്പ് അങ്ങനെയൊരു ഭൂവിഭാഗത്തെപ്പറ്റി ആര്‍ക്കും ധാരണയുണ്ടായിരുന്നില്ല, സ്വഭാവികമായും ജ്യോതിഷികളും അജ്ഞരായിരുന്നു. ലോകത്ത് ദിനംപ്രതി ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ ജനിക്കുന്നു. ഏറ്റക്കുറച്ചിലുണ്ടാവാമെങ്കിലും അതില്‍ പകുതി ഒരു വശത്തും മറുപകുതി മറ്റേ വശത്തുമാണെന്ന് സങ്കല്‍പ്പിക്കുന്നതില്‍ തെറ്റില്ല. 2012 ഡിസമ്പര്‍ 23 രാവിലെ കൃത്യം 10 മണിക്ക് ഒരു കുട്ടി ഇന്ത്യയില്‍ ജനിച്ചാല്‍ അതേ സമയം തന്നെ ഒരു കുട്ടി അമേരിക്കയിലും ജനിക്കാം. മറ്റേത് സമയമെടുത്താലും ഇതു തന്നെ സംഭവിക്കാം. അപ്പോള്‍ സാങ്കേതികമായി സമയം മാത്രം നോക്കിയാല്‍ ഫലം പരിഹാസ്യമായിരിക്കും. കാരണം ഇന്ത്യയില്‍ രാവിലെ 10 മണി എന്നുപറയുമ്പോള്‍ അമേരിക്കയില്‍ തലേന്ന് രാത്രി രാത്രി 10 മണിയാണ്. അതായത് സമയം സമാനമാണെങ്കിലും ദിവസം തന്നെ മാറിപ്പോയി.

മാത്രമല്ല ഒരു കുട്ടി പകല്‍ ജനിക്കുമ്പോള്‍ മറ്റേ കുട്ടിയുടെ ജനനം രാത്രിയിലാണ്. ഇനി, അമേരിക്കന്‍ കുട്ടി ഇന്ത്യന്‍ സമയം പകല്‍ 10 മണിക്ക് ജനിക്കുന്നതായി പരിഗണിച്ചാല്‍ പിന്നെയും പന്ത്രണ്ട് മണിക്കൂര്‍ കാത്തിരിക്കണം! അതായത് ഇന്ത്യയില്‍ ജനിച്ച കുട്ടി അതേ സമയത്ത് അമേരിക്കയില്‍ ജനിക്കുന്നത് അര ദിവസം കഴിഞ്ഞിട്ടാണ്. ഇവിടെ ആധുനിക ജ്യോതിഷികള്‍ അമേരിക്കന്‍സമയത്തെ ഇന്ത്യസമയമാക്കി മാറ്റി ജന്മനക്ഷത്രം കണ്ടെത്തും! അല്ലെങ്കില്‍ എട്ടാം ക് ളാസ്സില്‍ ജോഗ്രഫി പഠിച്ച ജനം പരാതിപ്പെട്ടാലോ?! അങ്ങനെ രാത്രി ജനിച്ച കുട്ടി പകല്‍ ജനിച്ചതായും തലേന്ന് ജനിച്ച കുട്ടി അടുത്തദിവസം ജനിച്ചതായും സങ്കല്‍പ്പിച്ച് ജാതകമെഴുതി ആളാവും! എന്നാല്‍ അമേരിക്കയിലെ ജ്യോതിഷിയാകട്ടെ അമേരിക്കന്‍ സമയം (രാത്രി 10 മണി) തന്നെ ആധാരമാക്കി ഫലം പ്രവചിക്കും. രണ്ടു ഫലവും ശരിയാണെന്നാണ് ഇരുവരുടേയും ദിവ്യസങ്കല്‍പ്പം! രണ്ടും വാങ്ങിക്കൊണ്ട് പോകുന്നവരാകട്ടെ ഫലം 'അച്ചട്ടാ'ണെന്ന് പറഞ്ഞ് ജ്യോതിഷിക്ക് കത്തയയ്ക്കും! രണ്ടായാലും സമയവ്യത്യാസം കണക്കിലെടുത്ത് ജ്യോതിഷഫലം പ്രവചിക്കുന്ന പരിപാടി തുടങ്ങിയിട്ട് ഏതാനും ദശകങ്ങള്‍ മാത്രമേ ആയിട്ടുള്ളു. എന്നുകരുതി ശാസ്ത്രീയമോ യുക്തിസഹമോ ആണെന്ന് ധരിക്കേണ്ടതില്ല


Michael Gauquelin
ഫ്രഞ്ച് സൈക്കോളജിസ്റ്റ് മൈക്കല്‍ ഗോക്യുലിന്‍(Michael Gauquelin/1928-1991) ജാതകക്കുറിപ്പിന്റെ പൊള്ളത്തരം പരീക്ഷണത്തിലൂടെ തന്നെ പുറത്തുകൊണ്ടു വന്നിട്ടുണ്ട്. 1928 ല്‍ ജനിച്ച ഇദ്ദേഹം പാരിസിലെ സോബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയത്. 1954 ല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടി. ശാസ്ത്രലേഖികയും സൈക്കോളജിസ്റ്റുമായിരുന്ന ഭാര്യ ഫ്രാങ്ക് ഷ്‌നീഡറുമായി Françoise Schneider ചേര്‍ന്ന് അദ്ദേഹം ജ്യോതിഷത്തെ ഗവേഷണവിധേയമാക്കുകയുണ്ടായി. ‘The Cosmic Clocks’(1967)എന്ന പുസ്തകത്തിലൂടെ 'ചൊവ്വയുടെ സ്വാധീനം'(‘The Mars Effect’) സംബന്ധിച്ച് സാധൂകരണപ്രഖ്യാപനം നടത്തി(ഇത് പിന്നീട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടത് വേറെ കാര്യം) ലോകമെമ്പാടുമുള്ള ജ്യോതിഷികളുടെ കണ്ണിലുണ്ണിയായി മാറിയ വ്യക്തി കൂടിയാണ് ഗോക്യുലന്‍. അദ്ദേഹം ചെയ്തത് ഇതാണ്: ‘Ici Paris’ എന്ന മാഗസന്റെ വായനക്കാര്‍ക്കെല്ലാം സൗജന്യമായി ജാതകക്കുറിപ്പ് എഴുതി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ഫെറര്‍ പരീക്ഷണത്തിലെന്നപോലെ ഇവിടെയും ആയിരക്കണക്കിന് വായനക്കാര്‍ക്കെല്ലാം അയച്ചുകൊടുത്തത് ഒരു ജാതകക്കുറിപ്പിന്റെ കോപ്പികളായിരുന്നു!

അത്ഭുതകരമെന്ന് പറയട്ടെ, ജാതകക്കുറിപ്പ് കയ്യില്‍ കിട്ടിയ 94 ശതമാനം വായനക്കാരും തങ്ങളുടെ ജാതകക്കുറിപ്പ് കൃത്യവും തൃപ്തികരവും യാഥാര്‍ത്ഥ്യത്തോട് വളരെയേറെ പൊരുത്തപ്പെടുന്നതുമാണെന്ന് സസന്തോഷം അദ്ദേഹത്തെ എഴുതിയറിയിച്ചു. ഒരുപക്ഷെ തങ്ങള്‍ക്ക് അയച്ചു കിട്ടിയ ജാതകക്കുറിപ്പ് കുപ്രസിദ്ധ പ്രാദേശികകുറ്റവാളിയായിരുന്ന പെറ്റിയുടേതായിരുന്നുവെന്ന് (Dr. Petiot) മുന്‍കൂട്ടി അറിഞ്ഞിരുന്നുവെങ്കില്‍ അവരത് ഗോക്യുലന്‍ മുഖത്തേക്ക് വലിച്ചെറിയുമായിരുന്നു! വിചാരണവേളയില്‍ താന്‍ ജീവിതത്തില്‍ 64 പേരെ കൊല ചെയ്‌തെന്ന് പരസ്യമായി ഏറ്റുപറഞ്ഞ കൊടുംകുറ്റവാളിയായിരുന്നു പെറ്റി!! തങ്ങളുടേതെന്ന് മുകളില്‍ രേഖപ്പെടുത്തിയ ഏത് ജാതകഫലം കിട്ടിയാലും അതില്‍ തങ്ങള്‍ക്ക് വേണ്ടുന്നതൊക്കെ സ്വയം ചികഞ്ഞെടുക്കാന്‍ ഏതൊരു പ്രവചനാര്‍ത്ഥിക്കും കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഗോക്യുലന്റെ പരീക്ഷണം.(See-http://www.relativelyinteresting.com/astrology-and-horoscopes-debunked/). മാത്രമല്ല ജാതകക്കുറിപ്പോ ജനനസമയമോ ഏതായിരുന്നാലും ഫലം ശരിയാകുന്നത് പ്രവചനാര്‍ത്ഥിയുടെ വ്യക്തിഗത സാധൂകരണവും(subjective validation) മസ്തിഷ്‌ക്കപ്രവണതകളും മൂലമാണെന്ന വസ്തുതയും ഇവിടെ സ്ഥിരീകരിക്കപ്പെടുന്നു.

അമേരിക്കയില്‍ പോലും 25 ശതമാനം പേര്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നു. ശാസ്ത്രീയമായും യുക്തിസഹമായും ശരിയാണെന്ന് തെളിയിച്ചതുകൊണ്ടോ ശാസ്ത്രീയമായും യുക്തിസഹമായും തെറ്റാണെന്ന് തെളിയിക്കപ്പെടാത്തതുകൊണ്ടോ അല്ല ജനം ജ്യോതിഷത്തിന്റെ പിന്നാലെ പായുന്നത്. ശാസ്ത്രീയ രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ലോകമെമ്പാടും നടത്തപ്പെട്ട നിരവധി പരീക്ഷണങ്ങളും സര്‍വെകളും(അവയെപ്പറ്റി പിന്നീട്) ജ്യോതിഷം പരമ അബദ്ധമാണെന്ന് തെളിയിച്ചിട്ടുണ്ട്. അനുകൂലമായ ഒരു പഠനഫലവും ചൂണ്ടിക്കാട്ടാനുമില്ല. പക്ഷെ ജ്യോതിഷവിശ്വാസികള്‍ക്ക് ഇതൊന്നും ഒരു വിഷയമേയല്ല. എല്ലാ അന്ധവിശ്വാസങ്ങളെയുംപോലെ തെളിവോ സാധൂകരണമോ തേടിയ ശേഷം തുടങ്ങിവെക്കുന്ന ഒരു വിശ്വാസമല്ലിതും. ജ്യോതിഷവിശ്വാസികളെല്ലാം പൊതുവെ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. They simply wanted to believe. അതിന് അവര്‍ക്ക് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. പ്രപഞ്ചത്തിലും തങ്ങളുടെ ജീവിതിത്തിലും ഓരോരോ കാര്യങ്ങള്‍ എങ്ങനെ സംഭവിക്കുന്നതെങ്ങനെ എന്ന് നിര്‍ധാരണം ചെയ്യാന്‍ മനുഷ്യമസ്തിഷ്‌ക്കം ശ്രമിക്കാറുണ്ട്. പലപ്പോഴും യുക്തിസഹമായ കാരണം പെട്ടെന്ന് കണ്ടെത്താനാവാതെ വരുമ്പോള്‍ മസ്തിഷ്‌ക്കം വിചിത്രമായ വിശദീകരണങ്ങളുടെ പിന്നാലെ പോകുന്നു. അത്തരത്തിലൊരു കുറുക്കുവഴിയാണ് ജ്യോതിഷവിശ്വാസവും. ഉറങ്ങിക്കിടക്കുന്ന ഒരാളുടെ ചുണ്ടിലേക്ക് ഉപ്പ് കൊണ്ട് ചെന്നാല്‍ ചുണ്ടുംനാക്കും കൊണ്ട് അയാളതിനെ പിന്തുടരുന്നതു കണ്ടിട്ടില്ലേ. ഉറങ്ങുന്ന മസ്തിഷ്‌ക്കങ്ങള്‍ മുന്‍പിന്‍ നോക്കാതെ അന്ധവിശ്വാസങ്ങള്‍ പിന്നാലെ പരതിയോടും. ഒരുപക്ഷെ ഉണരുമ്പോള്‍ ഈ ഉപ്പിന് പിന്നാലെ പോയതോര്‍ത്ത് അയാള്‍ സ്വയം ലജ്ജിക്കും; പക്ഷെ ഉണരണം.
(തുടരും)***

Thursday 20 December 2012

51. 'മഴവില്‍ കുതന്ത്രം'

Derren Brown
‘The rainbow ruse’ എന്ന് അറിയപ്പെടുന്ന മഴവില്‍കുതന്ത്രമാണ് 'ശീതവായന'യിലെ(Cold reading) മറ്റൊരു തുറുപ്പ് ശീട്ട്. ഇവിടെ, ഒരാളെ സംബന്ധിച്ച വ്യക്തിപരമായ ഒരു സ്വഭാവം/കാര്യം പ്രവചിക്കുന്നു. ഇത് ഒരു പൊതുപ്രസ്താവം(general statement) തന്നെയായിരിക്കണം. അതോടൊപ്പം ആദ്യം സൂചിപ്പിച്ചതിന് നേര്‍ വിപരീതമായതടക്കമുള്ള ചില സൂചനകളും പ്രസ്തുത പ്രസ്താവത്തില്‍ ഉള്‍ക്കൊള്ളിക്കുന്നു. പാലില്‍ വെള്ളമെന്ന പോലെ എല്ലാം തന്ത്രപൂര്‍വം കൂട്ടിക്കുഴച്ച് അവതരിപ്പിക്കുന്നു. അതായത് മഴവില്ലിലെ വര്‍ണ്ണവൈവിധ്യംപോലെ ഒരു വിഷയം സംബന്ധിച്ച എല്ലാ സാധ്യതകളും അവിടെയുണ്ടാകും. ആത്യന്തികഫലം എന്തായാലും പ്രവാചകന്‍ അല്ലെങ്കില്‍ ജ്യോതിഷി വീഴുക നാലുകാലില്‍ തന്നെയായിരിക്കും!

പ്രവചനാര്‍ത്ഥിക്ക് ഒഴിഞ്ഞുമാറാന്‍ യാതൊരു പഴുതും നല്‍കാത്ത (covering all possibilities) പ്രവചനരീതിയാണിത്. ജ്യോതിഷപ്രവചനത്തിന്റെ പ്രാണവായുവാണ് ഇത്തരം പ്രസ്താവങ്ങള്‍ . (The rainbow ruse is a crafted statement which simultaneously awards the subject with a specific personality trait, as well as the opposite of that trait. With such a phrase, a cold reader can 'cover all possibilities' and appear to have made an accurate deduction in the mind of the subject, despite the fact that a rainbow ruse statement is vague and contradictory.)

സ്വന്തം ജാതകപുസ്തകം വായിച്ച് നോക്കുന്ന ആര്‍ക്കുമിത് പെട്ടെന്ന് വ്യക്തമാകും. ഒരാള്‍ സന്താനഭാഗ്യം കുറഞ്ഞവനാണെന്നും കൂടിയവനാണെന്നും ധനവാനാകുമെന്നും സാമ്പത്തിക ക്‌ളേശമുണ്ടാകുമെന്നും മക്കളെക്കൊണ്ട് അഭിമാനമുണ്ടാകുമെന്നും സന്താനദു:ഖം അനുഭവിക്കുമെന്നും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കുമെന്നും ജാതകത്തില്‍ വ്യത്യസ്ത ഇടങ്ങളില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ടാകും. സമ്പൂര്‍ണ്ണജാതകത്തില്‍ വിശദാംശങ്ങള്‍ കുറെയുണ്ടാവും. വിരുദ്ധസാധ്യതകള്‍ വ്യത്യസ്ത ഭാഗങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഇവ ഇടകലര്‍ന്നു വരുന്ന കാര്യം അത്ര പ്രകടമായി തോന്നുകയില്ല. 'ജാതകവിധി' ഒരുവിധത്തിലും മാറ്റാനാവില്ലെന്ന് വാദിക്കുകയും അതേസമയം മറുവശത്തുകൂടി പരിഹാരക്രിയ നിര്‍ദ്ദേശിച്ച് വിധിയെ മെരുക്കി ദ്രവ്യം ഉണ്ടാക്കാമെന്ന് തെളിയിക്കുകയും ചെയ്യുന്നത് ഇപ്പറഞ്ഞതിന്റെ പ്രായോഗികരൂപമാണ്. കാരണം വിധിവാദവും പരിഹാരക്രിയവാദവും തമ്മില്‍ പൊരുത്തപ്പെടില്ല. പരിഹാരം സാധുവാണെങ്കില്‍ വിധി അട്ടിമറിക്കാം. വിധി തിരുത്താനാവില്ലെങ്കില്‍ പരിഹാരക്രിയ നൂറ് ശതമാനം വ്യര്‍ത്ഥമാണ്. ഇതില്‍ ഏതെങ്കിലും ഒന്നേ ശരിയാവാന്‍ വഴിയുള്ളു. പക്ഷെ ഇവ രണ്ടും ഉള്‍ക്കൊള്ളുന്ന ജ്യോതിഷം തന്നെ ഫലത്തില്‍ ഒരു 'മഴവില്‍കുതന്ത്രം'തന്നെയാണ് ! 'രണ്ടായാലും വിധിയെ തടുക്കാനാവില്ല, പിന്നെ ഞങ്ങള്‍ക്ക് എന്തെങ്കിലും ദ്രവ്യഗുണമുണ്ടാകുന്നെങ്കില്‍ നിങ്ങളായിട്ട് തടസ്സം നില്‍ക്കരുത് '-ഇതാണ് ജ്യോതിഷികളുടെ സരളസുന്ദര നിലപാട്!

'മഴവില്‍കുതന്ത്ര'ത്തില്‍ അവതരിപ്പിക്കുന്ന പ്രസ്താവം ഒറ്റനോട്ടത്തില്‍ കൃത്യമായ ഒരു പ്രവചനമായി തോന്നും. പക്ഷെ സൂക്ഷ്മപരിശോധനയില്‍ അതിലെ വൈരുദ്ധ്യങ്ങള്‍ പ്രകടമാകും. വ്യക്തിഗുണങ്ങള്‍ കൃത്യമായി അളക്കാനാവില്ലെന്നതാണ്(personality traits are not quantifiable) ഇവിടെ പ്രവാചകനെ തുണയ്ക്കുന്നത്. മിക്കാവാറും എല്ലാവരും ഒരു വികാരത്തിന്റെ/അനുഭവത്തിന്റെ രണ്ടു വശങ്ങളും ജീവിതത്തില്‍ എപ്പോഴെങ്കിലും അഭിമുഖികരിച്ചിട്ടുണ്ടാകും. അതുകൊണ്ട് തന്നെ മഴവില്‍പ്രസ്താവം അപ്രതിരോധ്യമായി മാറുന്നു.

ഉദാഹരമായി ചില പ്രസ്താവനകള്‍ :

1. മിക്കപ്പോഴും നിങ്ങള്‍ വളരെ പ്രസരിപ്പുള്ളവനും സന്തോഷവാനുമാണ്. പക്ഷെ ഇതൊന്നുമല്ലാതെ വല്ലാതെ തകര്‍ന്നുപോയ ചില സാഹചര്യങ്ങള്‍ /ഘട്ടങ്ങള്‍ പണ്ട് നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്.

2. ദയാലുവും മറ്റുള്ളവരോട് അനുകമ്പയുള്ളവനുമാണ് നിങ്ങള്‍ . പക്ഷെ ആരെങ്കിലും വിശ്വാസവഞ്ചന കാട്ടിയാല്‍ നിങ്ങള്‍ക്ക് നല്ല ആഴത്തിലുള്ള കോപവും വിദ്വേഷവും ഉണ്ടാകും.

3. നിങ്ങള്‍ ഒരു നാണംകുണുങ്ങിയും അന്തര്‍മുഖനുമാണെന്ന് ഞാന്‍ പറയുന്നു. പക്ഷെ യഥാര്‍ത്ഥ മൂഡിലെത്തിയാല്‍ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാകാന്‍ നിങ്ങള്‍ക്ക് എളുപ്പം സാധിക്കും.

4. ഇതാ എന്റെ വക ഒരു ഫേസ്ബുക്ക് മഴവില്‍ പ്രസ്താവം: ഉള്ളിന്റെ ഉള്ളില്‍ നിങ്ങള്‍ മതനിരപേക്ഷതയുള്ളവനാണ്. എന്നിരിക്കിലും ചില ചൊറിയുന്ന കമന്റുകള്‍ കാണുമ്പോള്‍ അറിയാതെ ചില വര്‍ഗ്ഗീയ മറുപടികള്‍ കൊടുക്കാന്‍ തോന്നിപ്പോകുന്നു.

ഇന്ന് (20.12.12) ഫേസ്ബുക്കില്‍ എന്റെ ഒരു പ്രിയസുഹൃത്ത് തനിക്ക് വളരെ ശരിയും ആവേശകരവുമായി തോന്നി എന്നവകാശപ്പെട്ട് അവതരിപ്പിച്ച രക്തഗ്രൂപ്പ്(blood group) ആധാരമാക്കിയ ചില പ്രവചനങ്ങളാണ് ഇവിടെ മഴവില്‍തന്ത്രത്തെ കുറിച്ച് എഴുതാനുള്ള പെട്ടെന്നുള്ള പ്രേരണ. അദ്ദേഹം പോസ്റ്റു ചെയ്ത രക്തഗ്രൂപ്പുകളുടെ ഫലപ്രവചന പട്ടിക ഇങ്ങനെയായിരുന്നു. ജപ്പാനിലെ ഏതോ ഗവേഷകരാണ്(?) ഇത് കണ്ടെത്തിയതെന്ന തെളിവില്ലാത്ത 'Appeal to vague authority' എന്ന ന്യായവൈകല്യവും(Logical fallacy) ചേരുവയായിട്ടുണ്ടായിരുന്നു.

ഗ്രൂപ്പ് ഒ : ഈ ഗ്രൂപ്പുകാര്‍ക്ക് എവിടെയും നേതാവാകാനാണിഷ്ടം. മനസ്സില്‍ ഒരു ലക്ഷ്യമുണ്ടെങ്കില്‍ അത് നേടുന്നതുവരെ എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കും. ഇവര്‍ ട്രെന്‍ഡ്‌സെറ്റര്‍ (Trend setters)മാരാണ്. ആരോടും കൂറുള്ളവരാണ്. കരുണയും സ്‌നേഹവും ആത്മവിശ്വാസവുമുള്ളവരാണ്. അല്‍പ്പം കുശുമ്പും കുന്നായ്മയുമുള്ള ഇവര്‍ക്ക് നല്ല മത്സരബുദ്ധിയുണ്ട്.

ഗ്രൂപ്പ് എ: സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നവരാണ്. മറ്റുള്ളവരോടൊപ്പം ജോലി ചെയ്യാനും ടീമിനൊപ്പം ജോലി ചെയ്യാനും എളുപ്പം കഴിയും. വളരെ ദുര്‍ബലചിത്തരാണ്, ക്ഷമയും സ്‌നേഹവുമുള്ളവര്‍. കടുംപിടുത്തവും അടങ്ങിയിരിക്കാനുള്ള കഴിവില്ലായ്മയുമാണ് ഇവരുടെ പോരായ്മകള്‍

ഗ്രൂപ്പ് ബി: 'നേരേ വാ നേരെ പോ'സ്വഭാവമുള്ളവര്‍ . എന്തും തങ്ങളുടെ രീതിക്കും ശൈലിക്കും അനുസരിച്ച് മാത്രമേ ഇവര്‍ ചെയ്യുകയുള്ളു. വളരെ സര്‍ഗ്ഗാത്മകതയുള്ളവരാണ്, എളുപ്പം വഴങ്ങുന്നവരും. ഏത് സാഹചര്യത്തിലും എളുപ്പം ഇണങ്ങിച്ചേരും. സ്വതന്ത്രചിന്തകരായി നടക്കാനാണിഷ്ടം.

ഗ്രൂപ്പ് എ.ബി: വളരെ ശാന്തശീലരാണ്. പെട്ടെന്ന് തന്നെ എല്ലവരോടും അടുക്കും. എല്ലാവരുടേയും പ്രിയം എളുപ്പം പിടിച്ചു പറ്റുകയും ചെയ്യും. കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഇക്കൂട്ടര്‍ക്ക് ബുദ്ധിമുട്ടായിരിക്കും.

ഈ ഫലപ്രവചനം വായിച്ച് പലരും 'Like' അടിച്ച് നട്ടം തിരിഞ്ഞു! തങ്ങളെ സംബന്ധിച്ചിടത്തോളം പറഞ്ഞിരിക്കുന്നത് മുഴുവന്‍ ശരിയാണെന്ന വാദവുമായി പലരും രംഗത്തെത്തി. ഇതെങ്ങനെ ഇത്ര കൃത്യമായി രക്തഗ്രൂപ്പില്‍ നിന്നറിയാനാകുന്നു എന്നായി ചിലരുടെ സംശയം. പക്ഷെ സാമാന്യബുദ്ധി ഉപയോഗിക്കാന്‍ മടിക്കാത്തവര്‍ക്ക് മേല്‍കൊടുത്തിരിക്കുന്നത് മുഴുവന്‍ ബര്‍നം പ്രസാതവങ്ങളുടേയും(Barnum statements)  'മഴവില്‍ കുതന്ത്ര'ത്തിന്റെയും ഒരു കൂട്ടുകറിയാണെന്ന് മനസ്സിലാക്കാം;അതും വേണ്ടത്ര നിലവാരമില്ലാത്ത ഒന്ന് !

മുകളിലെ പ്രചനചനത്തില്‍ മിക്ക ഗ്രൂപ്പുകളും ഏറെക്കുറെ പൊതുവായി പങ്കിടുന്ന ഗുണങ്ങള്‍ ശ്രദ്ധിക്കുക. കരുണയും സ്‌നേഹവുമുള്ളവരാണ്, എളുപ്പം വഴങ്ങുന്നവരാണ്, സ്വന്തം നിലയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് തുടങ്ങിയ ഗുണങ്ങളൊക്കെ ഉദാരപൂര്‍വം വാരി വിതറിയിരിക്കുകയാണ്. പൊതുവെ മനുഷ്യര്‍ പങ്കിടുന്ന സ്വഭാവവിശേഷങ്ങളാണിവയൊക്കെ. ഒരു ഗ്രൂപ്പിലും വൃത്തികെട്ടവുരം അടിമത്തവാസനയുള്ളവരും ക്രിമിനലുകളുമൊന്നുമില്ല! പ്രവചനാര്‍ത്ഥികളെ സുഖിപ്പിക്കുക(to appease the sitter) എന്ന ശീതവായനാതന്ത്രമാണ് ഇവിടെയും പ്രകടമാകുന്നത്. മഴവില്‍ സാധ്യതകളാണ് മിക്ക ഫലങ്ങളും.

ഉദാ- ഗ്രൂപ്പ് ബി പരിഗണിച്ചാല്‍ അവിടെയുള്ളവര്‍ ഒരേസമയം സ്വന്തം ശൈലിയിലും രീതിയിലും കാര്യങ്ങള്‍ ചെയ്യുന്നവരും മറ്റുള്ളവവര്‍ എളുപ്പം വഴങ്ങുന്നവരുമാണ്! രണ്ടും പൊരുത്തപ്പെടാത്ത വിരുദ്ധസ്വഭാവങ്ങള്‍ .

ഗ്രൂപ്പ് എ എടുത്താല്‍ അവര്‍ ഒരേസമയം മറ്റുള്ളവരോട് ഒപ്പം ജോലിചെയ്യാന്‍ കഴിയുന്നവരും ടീം വര്‍ക്കില്‍ തിളങ്ങുന്നവരുമാണ്-ഒപ്പം കടുംപിടുത്തക്കാരും!! കടുംപിടുത്തക്കാര്‍ക്ക് ആദ്യംപറഞ്ഞ കഴിവ് അത്ര എളുപ്പമാണോ?!

ഗ്രൂപ്പ് ഒ യില്‍പെട്ടവര്‍ നല്ല നേതൃഗുണമുള്ളവരാണ്, മത്സരബുദ്ധിയുള്ളവരാണ്. നേതാവാകാനാണവര്‍ക്കിഷ്ടം. കുഴപ്പമില്ല, നല്ലതുതന്നെ. പക്ഷെ അവര്‍ ആരോടും കൂറുള്ളവരുമാണ് ! അതായത് ഇക്കൂട്ടര്‍ക്ക് നേതാവാകാനോ അനുയായി ആകാനോ യാതൊരു വിഷമവുമില്ല. മത്സരബുദ്ധിയുള്ളവര്‍ക്ക് 'ആരോടും കൂറുള്ളവരായി' തുടരുക എളുപ്പമാണോ?!

ഇത് വായിക്കുന്നവര്‍ക്കൊക്കെ തങ്ങളുടെ ഗ്രൂപ്പിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെ കുറിച്ച് ശരിയാണെന്ന് തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളു?! കാരണം കാണാന്‍ ആഗ്രഹിക്കുന്നതെല്ലാം അവിടെയുണ്ട്. ശരിയാണോ തെറ്റാണോ എന്നതല്ല മറിച്ച് പ്രവചനാര്‍ത്ഥിയെ തൃപ്തിപ്പെടുത്തുക, അയാളില്‍ ബോധ്യംജനിപ്പിക്കുക എന്നതാണ് പ്രധാനം.

ശീതവായന നടത്തുന്ന എല്ലാവരും തട്ടിപ്പുകാരാണെന്ന് ധരിച്ചേക്കരുതേ. ശീതവായന നടത്തുന്ന പല പ്രൊഫഷണലുകളും പ്രവചനങ്ങളുമായി പ്രേക്ഷകരം അമ്പരപ്പിച്ച ശേഷം ഷോയുടെ അവസാനം തങ്ങള്‍ പ്രയോഗിച്ച രീതി പ്രേക്ഷകര്‍ക്ക് വ്യക്തമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ തയ്യാറാകുന്നവരാണ്. ഓസ്‌ട്രേലിയന്‍ സ്‌ക്കെപ്റ്റിക്കും എഴുത്തുകാരിയുമായ ലൈന്‍ കെല്ലി (Lynne Kelly), നടിയും ജയിംസ് റാന്‍ഡിയുടെ സഹപ്രവര്‍ത്തകയുമായ കാരി കോള്‍മാന്‍ (Kari Coleman), ഇംഗ്‌ളീഷ് ഷോമാനായ ഇയാന്‍ റൗലാന്‍ഡ്(Ian Rowland. He was featured in the 1996 Channel 4 documentary ‘Break The Science Barrier’ with Richard Dawkins), ബ്രിട്ടീഷ് ഇല്യൂഷനിസ്റ്റും ഹിപ്‌നോട്ടിസ്റ്റുമായ ഡെറന്‍ ബ്രൗണ്‍ (Derren Brown) എന്നിവരുടെ പേര് ഇവിടെ എടുത്ത് പറണ്ടേതുണ്ട്. മരിച്ചവരുമായി സംസാരിക്കുന്നതായി(‘talking with the dead’)അവകാശപ്പെടുന്ന പ്രവചനത്തട്ടിപ്പുകാരെ അനുകരിച്ച് ഇവര്‍ പൊതുവേദിയില്‍ ആളുകളെ വിളിച്ച് പ്രവചനങ്ങള്‍ നടത്തും. പ്രസ്താവങ്ങളുടെ കൃത്യത കണ്ട് അത്ഭുതപരതന്ത്രരാകുന്ന കാണികളുടെ നിറുത്താത്ത കയ്യടികള്‍ക്ക് ശേഷം തികഞ്ഞ സത്യസന്ധതയോടെ എങ്ങനെയാണ് മന:ശാസ്ത്രജ്ഞാനവും ശീതവായനയും അവലംബിച്ച് തങ്ങള്‍ പ്രവചനങ്ങള്‍ നടത്തിയതെന്ന് അവര്‍ സദസ്യരോട് വിവരിക്കും. 2006 മാര്‍ച്ചില്‍ ബ്രിട്ടീഷ് ടെലിവിഷന്‍ പരിപാടിയായ ‘Trick of the Mind’ (E4 in 2005 and Channel 4 later) പരമ്പരയിലെ ഒരു എപ്പിസോഡില്‍ ബര്‍നം പ്രസ്താവം, മഴവില്‍കുതന്ത്രം എന്നിവയിലൂടെ ശീതവായന, മന:ശാസ്ത്രതത്ത്വങ്ങള്‍ എന്നിവ ആധാരമാക്കി ജനത്തെ കബളിപ്പിക്കുന്നതെങ്ങനെയെന്ന് ഡെറന്‍ ബ്രൗണ്‍ പരസ്യമായി വിശദീകരിക്കുകയുണ്ടായി. ശീതവായന നടത്താന്‍ സ്‌ക്കൂളില്‍ പോയി പഠിക്കണമെന്ന് നിര്‍ബന്ധമില്ല. പൂര്‍ണ്ണരൂപത്തിലല്ലെങ്കിലും അറിയാതെ പലപ്പോഴും നാമത് ചെയ്യാറുണ്ട്. സാംസ്‌ക്കാരികപരമായ വിനിമയത്തിലൂടെയും(cultural osmosis) അനുഭവപരിചയത്തിലൂടെയും നാം ആ വിദ്യ സ്വന്തമാക്കി വെച്ചിട്ടുള്ളത്. അതൊക്കെ വ്യവസ്ഥാപിതമായ രീതിയില്‍ ഉപയോഗിക്കുക മാത്രമാണ് ജ്യോതിഷികള്‍ ഉള്‍പ്പെടെയുള്ള പ്രവചനത്തട്ടിപ്പുകാര്‍ മിക്കപ്പോഴും ചെയ്യുന്നത്.

ശീതവായന കേവലമായ മനസ്സുവായനയ്ക്ക് അപ്പുറം സഞ്ചരിക്കുന്ന സാഹചര്യങ്ങളുണ്ട്. പ്രവചനാര്‍ത്ഥിയെ പുകഴ്ത്തി സുഖിപ്പിക്കുക, അയാളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ പരിശ്രമിക്കുക, അയാളെ കുറ്റവിമുക്തനാക്കുക, അയാളുടെ പക്ഷം പിടിച്ച് ഹിതകരമായി സംസാരിക്കുക, അയാളോട് തനിക്ക് വല്ലാത്ത അനുകമ്പയും സഹതാപവും ഉണ്ടെന്നെന്ന് നടിക്കുക, ആത്മാര്‍ത്ഥമായും തനിക്ക് അയാളെ സഹായിക്കണമെന്ന പ്രതീതി സൃഷ്ടിക്കുക തുടങ്ങിയ സ്ഥിരം നമ്പരുകള്‍ മറക്കാന്‍ പാടില്ല. തന്നെ സഹായിക്കാനാണ് പ്രവചിക്കുന്നയാള്‍ ശ്രമിക്കുന്നതെന്ന ധാരണ പ്രവചനാര്‍ത്ഥിയില്‍ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.

ഏതൊരു ശീതവായനക്കാരനും ആശ്രയിക്കാവുന്ന മനശാസ്ത്രപരമായ ചില പൊതു വസ്തുതകള്‍ താഴെപ്പറയുന്നു. പ്രവചനാര്‍ത്ഥികള്‍ക്ക് മിക്കപ്പോഴും തങ്ങളെക്കുറിച്ച് വളരെ അയഥാര്‍ത്ഥമായ ധാരണകളായിരിക്കും ഉണ്ടാവുക. തന്നെക്കുറിച്ചും ലോകത്തെക്കുറിച്ചും വെച്ചുപുലര്‍ത്തുന്ന അബദ്ധ ധാരണകള്‍ പങ്കിടുന്നവരായിരിക്കും അവരുടെ ഉത്തമ സുഹൃത്തുക്കളില്‍ പലരും. അസഹിഷ്ണുതയുടേയും യുക്തിരാഹിത്യത്തിന്റെയും ആള്‍രൂപങ്ങളായിരിക്കും മിക്കവരും. സ്വന്തം കാര്യങ്ങള്‍ അറിയാന്‍ മുമ്പില്‍ വന്നിരിക്കുന്നവരില്‍ മഹാഭൂരിപക്ഷവും ഉയര്‍ന്ന തോതില്‍ ആത്മസ്‌നേഹികളായിരിക്കും(highly self-centered). അതായത് 24 മണിക്കൂറും തന്നെ കുറിച്ച് മാത്രം ചിന്തിച്ച് നട്ടംതിരിയുന്നവര്‍. സ്വന്തം കാര്യം, സ്വന്തം കുടുംബം, സ്വന്തം മക്കള്‍, സ്വന്തം സാധ്യതകള്‍ എന്നിവയക്ക് അമിതപ്രധാന്യം നല്‍കുന്നവരായിരിക്കുമവര്‍ . അവരോട് വെറുതെ ഇറാനിലെ ഭൂകമ്പത്തെക്കുറിച്ചോ വേള്‍ഡ് ട്രോഡ് സെന്റര്‍ ആക്രമണത്തെക്കുറിച്ചോ പറഞ്ഞ് സമയം കളയരുത് ! പ്രവചനാര്‍ത്ഥിക്ക് കേള്‍ക്കാന്‍ താല്‍പര്യമുള്ള കാര്യ
ങ്ങള്‍ മാത്രമേ സംസാരിക്കുക. അതിന് എളുപ്പവഴി ഇതാണ്-അവരെ കുറിച്ച് മാത്രം സംസാരിക്കുക. എത്ര സംസാരിച്ചാലും അവര്‍ക്ക് മുഷിയില്ല!

ഇനി പ്രവചിക്കുന്ന ആള്‍ എന്തൊക്കെ പറഞ്ഞാലും പ്രവചനാര്‍ത്ഥിക്ക് കേള്‍ക്കാന്‍ താല്‍പര്യമുള്ളത് മാത്രമേ അയാള്‍ കേള്‍ക്കുകയും ഓര്‍ത്തുവെക്കുകയുമുള്ളു(one hears what he wants to hear). Tell them what they want to hear. That will keep them coming back for more. പ്രവചനാര്‍ത്ഥികള്‍ പൊതുവെ അക്ഷമരും സഹിഷ്ണുതയില്ലാത്തവരുമാണെന്ന് സൂചിപ്പിച്ചല്ലോ. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഒരാളെ അയാള്‍ എത്ര വിദ്യാഭ്യാസം കുറഞ്ഞ ആളായാലും മലര്‍ത്തിയടിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. വ്യക്തിനിഷ്ഠമായും യുക്തിഹീനമായും കാര്യങ്ങള്‍ വിലയിരുത്തുന്ന സ്വഭാവക്കാരുടെ ജീവിതപരിചയവും വിദ്യാഭ്യാസയോഗതയുമൊന്നും പ്രവചിക്കുന്ന ആള്‍ക്ക് ഒരു വെല്ലുവിളിയേ അല്ല. കുടം കമിഴ്ന്നിരിക്കുന്നോ മലര്‍ന്നിരിക്കുന്നോ എന്നതാണ് ചോദ്യം, അതല്ലാതെ കുടം സ്വര്‍ണ്ണമാണോ പിച്ചളയാണോ എന്നതല്ല.

ശീതവായനക്കാരന് പത്ത് തെറ്റ് സംഭവിച്ചാലും ശരിയാവുന്ന അഞ്ചെണ്ണം മതിയാകും പ്രവചാനാര്‍ത്ഥിയുടെ വിശ്വാസം നേടാന്‍. അടുത്തടുത്ത് തെറ്റ് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. വിശ്വാസമാര്‍ജ്ജിച്ചു കഴിഞ്ഞാല്‍ തെറ്റാകുന്ന പ്രസ്താവങ്ങള്‍ ഓര്‍ക്കാന്‍ കൂടി പലപ്പോഴും പ്രവചനാര്‍ത്ഥി തയ്യാറായെന്ന് വരില്ല. The selectivity of the human mind is always at work. ക്ഷിപ്രവിശ്വാസിയോ പെട്ടെന്ന് വഴങ്ങുന്നവരോ (too gullible or suggestible) ആയതുകൊണ്ടാണ് എല്ലായ്‌പ്പോഴും പ്രവചനാര്‍ത്ഥികള്‍ കുടുങ്ങുന്നതെന്ന് കരുതരുത്. മറിച്ച് അവ്യക്തവും ദ്വയാര്‍ത്ഥപ്രധാനവുമായ(vague or ambiguous) പ്രസ്താവങ്ങളാണ് കൂടുതലും ആശയക്കുഴപ്പമുണ്ടാകുന്നത്. 'ഒന്നും തെളിച്ച് പറയാതിരിക്കുക'('never be specific or clear')എന്ന സുരക്ഷാതന്ത്രം തന്നെയാണ് ഇവിടെയും നിര്‍ണ്ണായകമാകുന്നത്. ഇത്തരത്തില്‍ തങ്ങളുടെ പ്രവചനങ്ങള്‍ ശരിയാകുമ്പോള്‍ പാരാനോര്‍മല്‍ കഴിവുണ്ടെന്ന് അവകാശപ്പെടുന്ന ചില വിദ്വാന്‍മാര്‍ ഇതൊക്കെ ശരിക്കും തങ്ങളുടെ അന്തര്‍ജ്ഞാന(insight)ത്തിന്റെ തെളിവാണെന്ന് ധരിച്ചുവശായി പോകാറുണ്ട്. വട്ടിന് ചികിത്സിച്ച് വട്ടു പിടിക്കുന്ന ഡോക്ടറെപ്പോലെയുള്ള ജന്മങ്ങളാണവ!

ശീതവായനയ്ക്ക് തയ്യാറാകുന്നവര്‍ ചില മുന്‍കരുതലുകള്‍ അവശ്യം നടത്തിയിരിക്കും. അതിലൊന്നാണ് വിശദാംശങ്ങള്‍ക്കായുള്ള ചൂണ്ടയിടല്‍ (fishing for details) ചില അവ്യക്തമായ സൂചനകള്‍ വളരെ പ്രാധാന്യമില്ലാത്തപോലെ ഉദാസീനമായി അവതരിപ്പിക്കുക. പ്രവചനം നടത്തുകയാണ് എന്ന ഭാവമേ പാടില്ല. ഉദാഹരണമായി പ്രവചനാര്‍ത്ഥിയുമായി ഇടപെട്ട് കുറച്ചു കഴിയുമ്പോള്‍ :
'എന്റെ മനസ്സില്‍ ഇപ്പോള്‍ വരുന്നത് ജൂലൈ മാസമാണ് ' -എന്നു പറയുന്നുവെന്നിരിക്കട്ടെ.

പെട്ടെന്ന് പ്രവചനാര്‍ത്ഥി അതിനോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാം, പ്രതികരിക്കാതിരിക്കാം.

'അതെ സര്‍ , അമ്മ മരിച്ചത് ജൂലൈ മാസത്തിലാണ്'-എന്ന് പ്രവചനാര്‍ത്ഥി പറയുന്നുവെന്നിരിക്കട്ടെ.

'അതെ അതെനിക്കറിയാം' എന്നായിരിക്കും ശീതവായനക്കാരന്റെ മറുപടി. അതായത് തനിക്ക് മനസ്സിലായ കാര്യം പ്രവചനാര്‍ത്ഥിയെകൊണ്ട് പറയിച്ചു എന്ന ഭാവം! ഇനി ജൂലൈ മാസത്തെ കുറിച്ച് സവിശേഷമായി താനൊന്നും ഓര്‍ക്കുന്നില്ലെന്ന് പ്രതികരിച്ചാല്‍ 'ശരിയാണ്, ഞാനത് മനസ്സിലാക്കുന്നു, നിങ്ങള്‍ ജൂലൈ മാസത്തെ കുറിച്ചള്ള ചില ഓര്‍മ്മകള്‍ അടിച്ചമര്‍ത്തിവെച്ചിരിക്കുകയാണ്, ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത എന്തോ ചിലത് ജൂലൈയില്‍ സംഭവിച്ചിട്ടുണ്ട്. അബോധമനസ്സിന്റെ പ്രേരണയാല്‍ നിങ്ങളത് അവഗണിക്കുന്നു അല്ലെങ്കില്‍ മറക്കാന്‍ ശീലിച്ചിരിക്കുന്നു' എന്നൊക്കെ പറഞ്ഞ് ഓളംതല്ലി നില്‍ക്കാം. പ്രവചനം തെറ്റുമ്പോള്‍ ആ ചളിപ്പ് മുഖത്ത് വരാതിരിക്കാന്‍ ഏതൊരു ശീതവായനക്കാരനും പ്രത്യേകം ശ്രദ്ധിക്കും.

പ്രവചനങ്ങള്‍ 'ചോദ്യരൂപത്തില്‍ അവതരിപ്പിക്കുക' എന്നതാണ് മറ്റൊരു ഉപായം. ചോദ്യം ചോദിക്കുന്നുവെന്ന നാട്യത്തിലാണ് ഇവിടെ വിവരം ചോര്‍ത്തുന്നത്. പറഞ്ഞത് തെറ്റിയാല്‍ വെറുതെ ഒരു കുശലപ്രശ്‌നം നടത്തിയതാണ്, അതല്ലാതെ പ്രവചനമൊന്നും നടത്തിയതല്ല എന്ന് വരുത്തിതീര്‍ക്കുകയും ചെയ്യാം.

ഉദാഹരണമായി 'കുറെ നാളായി പ്രതീക്ഷിച്ചതിലും വളരെ മോശമായിരുന്നു, അപ്രതീക്ഷിതമായ പല തിരിച്ചടികളും ഉണ്ടായി, പ്രത്യേകിച്ചും കഴിഞ്ഞ ഒരു മാസം, ശരിയല്ലേ?' -എന്നു ചോദിച്ചാല്‍ മിക്കവരും 'അതെ' എന്നു അറിയാതെ പറഞ്ഞുപോകും. ബാക്കി കാര്യങ്ങള്‍ ചോദിക്കാതെ തന്നെ തത്ത പറയുന്നതുപോലെ വെളിപ്പെടുത്തുകയും ചെയ്യും! ജ്യോതിഷി തന്റെ അന്തര്‍ജ്ഞാനവും 'കവടിമഹിമ'യും കാരണം കാര്യങ്ങളൊക്കെ നേരിട്ട് മനസ്സിലാക്കിയിരിക്കുന്നു ഇനി താന്‍ പറയാതിരുന്നിട്ടെന്താ എന്നാണ് പാവം പ്രവചനാര്‍ത്ഥി ചിന്തിക്കുക. മോശം അനുഭവങ്ങളുടെ വേലിയേറ്റത്തെ തുടര്‍ന്നായിരിക്കും മിക്കപ്പോഴും പ്രവചനാര്‍ത്ഥി ജ്യോതിഷിയുടെ പടി ചവിട്ടുക. ഒരുപിടി പ്രശ്‌നങ്ങളുടെ ഭാണ്ഡക്കെട്ടുമായി തന്നെ കാണാനെത്തുന്ന പ്രവചനാര്‍ത്ഥിയോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാനും അര്‍ത്ഥഗര്‍ഭമായി നിശ്വസിക്കാനും ഇരുത്തിമൂളാനുമൊക്കെ ഏത് മരമണ്ടന്‍ ജ്യോതിഷിയും മറക്കാറില്ല. സാധാരണ അവസ്ഥയിലും ഹിതകരമായ അനുഭവങ്ങള്‍ ധാരാളമുണ്ടാകുമ്പോഴും ആരും ജ്യോതിഷികളെയോ വാസ്തുക്കാരനെയോ സന്ദര്‍ശിക്കാറില്ല. അത്തരം സാഹചര്യങ്ങള്‍ മതപരമായി കൈകാര്യം ചെയ്യാനാണ് മിക്കവരും ശ്രമിക്കുക. അതായത് പ്രാര്‍ത്ഥനയുടേയും വഴിപാടിന്റെയും അളവ് കൂട്ടിയോ ദൈവത്തിനുള്ള കൈക്കൂലി വര്‍ദ്ധിപ്പിച്ചോ ലഭ്യമാകുന്ന'ഭൗതികനേട്ടം'നിലനിര്‍ത്താനാവും ഈ 'ആത്മീയവാദി'കള്‍ പരിശ്രമിക്കുക. ശരിക്കും 'പ്രശ്‌നം' വരുമ്പോഴാണ് പ്രശ്‌നക്കാരനെ തേടിയിറങ്ങുന്നത്;അതില്‍പ്പിന്നെ സര്‍വതും പ്രശ്‌നമാകും!ഒരിക്കല്‍ പ്രശ്‌നം വെച്ചതിന്റെ രുചിയറിഞ്ഞ പ്രവചനാര്‍ത്ഥികള്‍ മിക്കവാറും പിന്നീടതൊരു ശീലമാക്കുകയാണ് പതിവ്! ഇല്ലാത്തവര്‍ പ്രശ്‌നക്കാരനില്ലാത്ത ലോകത്ത് 'പ്രശ്‌നങ്ങളെ'കുറിച്ചറിയാതെ ജീവിക്കുന്നു.

മൂന്നാമത്തെ കാര്യം ശരീരഭാഷ, പെരുമാറ്റരീതി, വസ്ത്രധാരണശൈലി തുടങ്ങിയവ നന്നായി നിരീക്ഷിക്കുകയെന്നതാണ്. പണ്ടുള്ള ആള്‍ക്കാര്‍ 'മുഖലക്ഷണം' എന്നു പറയുന്ന സംഗതി വളരെ പ്രസക്തമാണെന്നറിയണം. ആവശ്യമുള്ള വിവരങ്ങളുടെ ഒരു അക്ഷയഖനിയും പ്രദര്‍ശിപ്പിച്ചാണ് ഓരോരുത്തരും മുന്നില്‍ നില്‍ക്കുന്നത്. മറയ്ക്കാനും ഒളിക്കാനും ശ്രമിക്കുന്നത് പോലും പെട്ടെന്ന് തിരിച്ചറിയാനാവും. പ്രവചനാര്‍ത്ഥി ഉപയോഗിച്ചിരിക്കുന്ന സുഗന്ധത്തിന്‍ വകഭേദത്തില്‍ നിന്ന് തന്നെ അയാളെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ മനസ്സിലാക്കാം. രൂക്ഷമായ സുഗന്ധം ഉപയോഗിക്കുന്ന ഒരാളോട് നിങ്ങള്‍ക്ക് ' നിങ്ങള്‍ക്ക് സ്വന്തം വിയര്‍പ്പ് നാറ്റത്തെക്കുറിച്ച് വലിയ ആശങ്കയുണ്ട്'എന്നു നിസ്സാരമട്ടില്‍ പറഞ്ഞാല്‍ അയാളത് പ്രത്യക്ഷത്തില്‍ സമ്മതിച്ചില്ലെങ്കില്‍ പോലും മനസ്സിനുള്ളില്‍ സമ്മതിക്കും. ഉള്ളില്‍ പ്രവാചകനോടുള്ള ബഹുമാനം വര്‍ദ്ധിക്കും. ആളിനെപ്പോലും കാണാതെ ബര്‍നം പ്രസ്താവങ്ങള്‍ നടത്തി സൃഷ്ടിക്കാവുന്ന ഫലത്തേക്കാള്‍ മികച്ചഫലം വ്യക്തി നല്‍കുന്ന സൂചകങ്ങളും ശരീരഭാഷയും പെരുമാറ്റരീതിയും കണ്ട് മനസ്സിലാക്കാനാവും. ഇവയെല്ലാം ബുദ്ധിപൂര്‍വം ഏകോപിപ്പിച്ചാല്‍ കൈകാര്യം ചെയ്യുന്നത് ജ്യോതിഷമായാലും കൈനോട്ടമായാലും ന്യൂമറോളജിയായാലും അതല്ല മറ്റേതെങ്കിലും പാരാനോര്‍മല്‍ വിദ്യയാണെങ്കിലും മിക്കവാറും പ്രവചനാര്‍ത്ഥികളുടെ അടപ്പു തെറിച്ചുപോകും!


കൂറുമാറ്റം അഥവാ 'കളി രാഹുവിനോട് വേണ്ട' !!

ബര്‍നം പ്രസ്താവങ്ങളും അതു സംബന്ധിച്ച ഫൊറര്‍ പരീക്ഷണവും മഴവില്‍ കുതന്ത്രവും ശീതവായനാതന്ത്രങ്ങളും പൊതുവായി പരിചയപ്പെട്ട നിലയ്ക്ക് നമുക്ക് ഇന്നലെ(21.12.12) മലയാളമനോരമയില്‍ (http://www.manoramaonline.com/cgi-bin/MMOnline.dll/porta/ep/malayalamContentView.do?contentId=13069475&tabId) പ്രസിദ്ധീകരിച്ച രാഹു-കേതു കൂറുമാറ്റ-ജാതകഫലം ഒന്നും നിരീക്ഷിക്കാം. 'രാഹുകേതു മാറ്റം: ഫലങ്ങള്‍ ' എന്ന തലക്കെട്ടോടെ പ്രൊഫ. ദേശികം രഘുനാഥന്‍ അവര്‍കള്‍ ഉവാച:

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്.)
(1) കളത്രസ്ഥാനത്തും ജന്മത്തിലും രാഹുകേതു ഭഗവാന്‍മാര്‍ സഞ്ചരിക്കുന്നു(ഗ്രഹനില നോക്കി മനസ്സിലാക്കാനാവുന്ന ഏതൊരാള്‍ക്കും ഇതെഴുതിവെക്കാം) (2) ശനി രാഹുവിനോട് ബന്ധപ്പെടുകയാല്‍ ചക്രവര്‍ത്തിയോഗം ഭവിക്കും(ഇതും ഫലഭാഗജ്യോതിഷത്തിലെ അന്ധവിശ്വാസപരമായ ഒരു സങ്കല്‍പ്പം പുസ്തകത്തില്‍നിന്ന് എടുത്തെഴുതിയത്) (3) ഉച്ചസ്ഥനായ ശനി തൊഴില്‍ അധിപനുമാകയാല്‍ സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധികലാഭം ലഭ്യമാകും.(സ്വന്തമായി എന്തെങ്കിലും തൊഴില്‍ ചെയ്താല്‍ അധികലാഭം കിട്ടുമെന്നതില്‍ സംശയമെന്ത്? സംരഭം സ്വന്തമായി നടത്തുമ്പോള്‍ അലസതയും കെടുകാര്യസ്ഥതയും മാറ്റിവെച്ച് നന്നായി അദ്ധ്വാനിക്കാനാണ് മിക്കവരും ശ്രമിക്കുക. ചുരുക്കം ചിലരേ തനിക്ക് തന്നെ പാര പണിഞ്ഞ് നഷ്ടം വരുത്തിവെക്കാറുള്ളു. 'അധികലാഭം' എന്ന പദപ്രയോഗം ശ്രദ്ധിക്കുക, അതായത് വേറെ മുഖ്യമായ വരുമാനമാര്‍ഗ്ഗമുണ്ടെങ്കില്‍ അത് കളയരുതെന്ന് സാരം! ഇവിടെ സ്വന്തമായ തൊഴില്‍ എന്നാല്‍ എന്താണെന്നില്ല.എന്തുമാകാം.'അധികലാഭം'എന്നതിനെക്കുറിച്ചും വ്യക്തതയില്ല. ഭാര്യ അയല്‍പക്കകാരന്റെ കൂടെ ഒളിച്ചോടിപ്പോയാലും അധികലാഭമായി കാണാമെന്ന് ചുരുക്കം) 


(4) സര്‍ക്കാര്‍ ജോലിക്കായി പരീക്ഷ എഴുതുന്നവര്‍ക്ക് ആഗ്രഹസാഫല്യത്തിന്റെ സമയാമാകുന്നു.(എന്താ ജ്യോതിഷി പറയുന്നത്,സര്‍ക്കാര്‍ ജോലി കിട്ടുമെന്നാണോ? അതോ അവരുടെ മറ്റേതെങ്കിലും ആഗ്രഹം(ഉദാ-പ്രണയസാഫല്യം,ഊട്ടിയില്‍ ടൂര്‍ പോവുക,ഒരു ചെറുകഥ പ്രസിദ്ധീകരിച്ച് കിട്ടുക) സഫലമാകുമെന്നാണോ? സാധാരണ ഒരു സര്‍ക്കാര്‍ ജോലി കിട്ടാന്‍ പരീക്ഷ എഴുതി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കാത്തിരിക്കണം. അങ്ങനെയെങ്കില്‍ എന്ത് ആഗ്രഹസഫലീകരണമാണ് അവര്‍ക്കുണ്ടാവുക?!) (5) സുഹൃത്തുക്കള്‍ ധനം നല്‍കി സഹായിക്കാന്‍ മുന്നോട്ടുവരുമെങ്കിലും രഹസ്യങ്ങള്‍ പങ്കുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക(ദേ കിടക്കുന്നു!! സുഹൃത്തുക്കള്‍ എത്ര ധനസഹായം നല്‍കും, എപ്പോള്‍? എങ്ങനെ? ബസ് കൂലിക്ക് പണമില്ലാതെ എ.ടി.എം സെന്റര്‍ ലക്ഷ്യമാക്കി ഓടുമ്പോള്‍ 'സാരമില്ലളിയാ നീ ഇത് വെച്ചോ നാളെ തന്നാല്‍ മതി' എന്നുപറഞ്ഞ് ഒരു അമ്പതേ നൂറോ കയ്യില്‍ വെച്ചു തന്നാലും ജ്യോതിഷിമാമന്റെ പ്രവചനം ശരിയായി! പിന്നെ രഹസ്യങ്ങള്‍ തുറന്നടിച്ച് പങ്കുവെക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നതെന്ന് ആരെങ്കിലും പ്രത്യേകം പറഞ്ഞുതരേണ്ടതുണ്ടോ!?) (6) പഴയ വാഹനം പോലുള്ളവ വാങ്ങാന്‍ ശ്രമിക്കുന്നത് നല്ലതല്ല.(നാം വാങ്ങുന്ന പഴയ സാധനത്തിനൊക്കെ എന്തെങ്കിലും ചെറിയ ന്യൂനതയെങ്കിലും കാണാതിരിക്കില്ല. എന്തെങ്കിലും കുഴപ്പമോ അതൃപ്തിയോ ഇല്ലാതെ ആരും വണ്ടി വില്‍ക്കില്ലല്ലോ!! ചുമ്മാ നീട്ടിവലിച്ച് ഒരടി അടിക്കുകയാണ്. ഇനി പഴയ വാഹനം വാങ്ങി നഷ്ടമുണ്ടാകുകയോ എവിടെങ്കിലും കൊണ്ടുചെന്ന് ഇടിക്കുകയോ ഇടയ്ക്ക് ബ്രേക്ക് ഡൗണായി വഴിയില്‍ കുടുങ്ങുകയോ ചെയ്താല്‍ ജ്യോതിഷപ്രവചനം സൂപ്പര്‍ഹിറ്റ്. ഇനി ഒന്നും സംഭവിച്ചില്ലെങ്കിലും ജ്യോതിഷിക്ക് ഒരു പുല്ലുമില്ല. നല്ലതല്ലെന്നല്ലേ പറഞ്ഞുള്ളു?! മോശമാണെന്ന് പറഞ്ഞില്ലല്ലോ? ഇടിക്കുമെന്ന് പറഞ്ഞില്ലല്ലോ?! ഇനി ഇതുവരെ ഒന്നും സംഭവിച്ചില്ലെങ്കിലും ഭാവിയില്‍ അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് എന്താണുറപ്പ് ?!)

(7) വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പുരോഗമിക്കും. (സാധാരണ ഒന്നും പഠിക്കാത്ത വിദ്യാര്‍ത്ഥികളുടെ പഠനംപോലും പുരോഗമിക്കുകയല്ലേ ചെയ്യുക!? ഒന്നാം ക്‌ളാസ്സ് കഴിഞ്ഞ് രണ്ട്, രണ്ട് കഴിഞ്ഞ് മൂന്ന്....ഓണം കഴിഞ്ഞ് ക്രിസ്മസ്, ക്രിസ്മസ് കഴിഞ്ഞ് ഫൈനല്‍ ടേം... കാര്യങ്ങള്‍ എപ്പോഴും മുമ്പോട്ടുതന്നെയല്ലേ?! അതും ഒരു പ്രവചനം!) (8) സഹോദരങ്ങളുമായി സ്‌നേഹബന്ധം പുലര്‍ത്തും(അതല്ലേ സാധാരണ നാട്ടുനടപ്പ്?! വ്യത്യസ്തത കുറവല്ലേ?). ജന്മത്തിലെ കേതു സൗഹൃദബന്ധം തകര്‍ക്കാന്‍ ഹേതുവാകുന്നു.(ദേ കിടക്കുന്നു! സ്‌നേഹബന്ധം പുലര്‍ത്തുമെന്ന്
ഒരിടത്ത്‌, തൊട്ടടുത്ത് മഴവില്‍ കുതന്ത്രമായി വിരുദ്ധപ്രസ്താവന. രണ്ടും ബാലന്‍സ് ചെയ്തുപോകും. ഇനി സഹോദരനുമായി തെറ്റിയാല്‍ അതിനും 'കേതു'വായി) (9) പല മേഖലകളിലും അല്‍പ്പം നഷ്ടം വരും(വീണ്ടും ദേ കിടക്കുന്നു! 'അധികലാഭം' വരുമെന്ന് മുമ്പ് പറഞ്ഞിട്ട് ഇപ്പോള്‍ പറയുന്നത് നഷ്ടത്തിന്റെ കാര്യം-വീണ്ടും മഴവില്‍ കുതന്ത്രം! അപ്പോള്‍ ലാഭം ഉണ്ടായാലും നഷ്ടം വന്നാലും ജ്യോതിഷി പതിവുപോലെ നാലുകാലില്‍ !!).

(10) മേടത്തിലെ കേതു ഭഗവാന്‍ ആശകള്‍ നിറവേറ്റും(ഇത് വെറും ഫലഭാഗപ്രവചനം. ഏത് ആശ? എന്തു ആശ? ദോശ തിന്നാനുള്ള ആശയോ? അതോ മന്ത്രിയാകാനുള്ള ആശയോ?) (11) സ്വന്തം മിടുക്കാല്‍ എന്തും സാധിക്കുമെന്ന മനോധര്‍മ്മക്കാരുമായി അകലുന്നത് നല്ലതാണ്(അതു പിന്നെ അങ്ങനല്ലേ പാടുള്ളു!? സ്വന്തം വ്യക്തിതത്തെ കുറിച്ച് അഭിമാനവും ആത്മവിശ്വസവും ഉള്ളവരുമായി ഏറെ അടുത്താല്‍ പിന്നെ ഈ ജ്യോതിഷിക്ക് തന്നെ പണി അവര്‍ കൊടുത്തിവിട്ടാല്‍ കുഴപ്പമാകില്ലേ? അത്തരക്കാരുമായി ഏറെ സഹവസിക്കാതിരിക്കുന്നതാണ് നല്ലത്!! എന്നാല്‍ സ്വന്തം കഴിവില്‍ വിശ്വസിക്കുന്നവനെ മറ്റൊരുത്തനെ സഹായിക്കാനാവൂ എന്ന് വിവരമുള്ളവര്‍ പറയും)

(12) തീര്‍ത്ഥാടനം സല്‍ക്കര്‍മ്മങ്ങള്‍ മുതലായവ ചെയ്യാനുള്ള സമയമാകുന്നു(സുരക്ഷിതപ്രവചനം! ഏത് സമയമാ അതിനൊക്കെ നല്ലതല്ലാത്തത്? കയ്യില്‍ കാശുള്ളവന് ഇതൊക്കെ എപ്പോള്‍ വേണമെങ്കിലും ചെയ്യാമല്ലോ? എന്തെങ്കിലും നേട്ടം ലഭിക്കുമെന്ന് പറഞ്ഞിട്ടില്ലല്ലോ!?) (13) സന്താനഭാഗ്യം കൈവരുന്നതിനായി പിള്ളിയാര്‍ പട്ടി വിനായകനെ പ്രാര്‍ത്ഥിക്കുക(ഹോ! വളരെ കൃത്യമായി ദേവന്റെ പേര് പറഞ്ഞിരിക്കുന്നു. അവിടെനിന്ന് ജ്യോതിഷിക്ക് വല്ലതും തടയുന്നുണ്ടോ ആവോ?! വേറെ ദേവന്‍മാര്‍ക്കൊന്നും ഈ കഴിവില്ലേ?! ശ്രദ്ധിക്കുക, സന്താനഭാഗ്യം കൈവരുന്നതിനായി പ്രാര്‍ത്ഥിക്കുക എന്നേ പറഞ്ഞിട്ടുള്ളു, 'കൈവന്നിരിക്കും' എന്ന ഭീഷണിയൊന്നുമില്ല!! കൈവന്നാലായി!! കൈവന്നാല്‍ കാരണം പ്രസ്തുത ദേവന്‍, ഇല്ലെങ്കില്‍ നിങ്ങളുടെ തച്ചുദോഷം!!) 

 ഇനി ഇടവക്കൂറ്...ഇതേ കോമഡി ആവര്‍ത്തിക്കുന്നു..... ഇത് വായിക്കുന്ന ഓരോ അന്ധവിശ്വാസിയും വ്യക്തിഗത സാധൂകരണത്തിലൂടെ (subjective validation) തന്റെ ജീവിതവുമായി ഈ പൊതുപ്രസ്താവങ്ങളേയും ഊഹാപോഹ-മഴവില്‍ കുതന്ത്രങ്ങളേയും സമര്‍ത്ഥമായി പൊരുത്തപ്പെടുത്തും. ജ്യോതിഷി ഇട്ടുകൊടുക്കുന്ന പൊതുപ്രധാന്യമുള്ള ഈ അപൂരിതകഥ (outline story) തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടത് കൊണ്ടും വളച്ചൊടിച്ചും വ്യാഖ്യാനിച്ചു തനിക്ക് ഹിതകരമായ രീതിയില്‍ അയാള്‍ പൂരിപ്പിച്ചുകൊളളും. പക്ഷെ ഒന്നോര്‍ക്കുക, ഭരണഘടനാപ്രകാരം വഞ്ചിക്കപ്പെടാനുള്ള അവകാശം ഏതൊരു ഇന്ത്യന്‍ പൗരനുമുണ്ട്.
(തുടരും) ****