ശാസ്ത്രം വെളിച്ചമാകുന്നു

Saturday, 29 December 2012

54. വഞ്ചനയിലെ ചതികള്‍

1. ലബോറട്ടറി വാദം
2. വിമാനാപകട വാദം
3. കുറിഞ്ഞി വാദം 
4. ഹ്യൂമന്‍ ജിനോം വാദം
 

'ജ്യോതിഷശാസ്ത്രം'എന്ന ഓമനപ്പേരില്‍ ശാസ്ത്രം എന്ന പദത്തിന് അര്‍ത്ഥം 'ശാസിക്കപ്പെട്ട'എന്നര്‍ത്ഥമേയുള്ളു. അതായത് മുതിര്‍ന്നവര്‍ ഉപദേശിക്കുന്ന, ശാസിക്കുന്ന എന്ത് കിടുപിടിയും ശാസ്ത്രമാണ്. തിങ്കളാഴ്ച ദിവസങ്ങളില്‍ പാതിരാത്രിയില്‍ പച്ചവെള്ളത്തില്‍ കുളിച്ചാല്‍ മൂക്ക് നീണ്ട വരനെ കിട്ടുമെന്ന് മുതിര്‍ന്നവര്‍ ശാസിച്ചിട്ടുണ്ടെങ്കില്‍ അതാണ് ശാസ്ത്രം. കാലന്‍ തെക്കുനിന്നും വരുന്നതിനാല്‍ വാതില്‍ തെക്കോട്ട് വെക്കരുതെന്ന് ഇന്ത്യക്കാരന്‍ പറഞ്ഞാലും തെക്കോട്ടേ വാതില്‍ വെക്കാവൂ എന്ന് ചൈനാക്കാരന്‍ പറഞ്ഞാലും അത് 'ശാസ്ത്ര'മാണെന്ന് കണ്ടുകൊള്ളണം. വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ ഒരു പ്രവചനപദ്ധതിയില്‍ ആര് നോക്കിയാലും ഒരു ഫലമല്ലേ ലഭിക്കാന്‍ പാടുള്ളു? ഇതിന് മറുപടിയായി ജ്യോതിഷത്തട്ടിപ്പുകാര്‍ക്ക് സ്ഥിരമുന്നയിക്കുന്ന ഒരു മറുന്യായമുണ്ട്. നിങ്ങളുടെ രക്തം പല ലാബുകളില്‍ പരിശോധിക്കാന്‍ കൊടുത്താല്‍ ഭിന്നഫലം കിട്ടില്ലേ? എന്നുകരുതി ലബോറട്ടറി പരിശോധന ശാസ്ത്രീയമല്ലെന്ന് പറയാനാവുമോ? പലരും കയ്യൊഴിഞ്ഞ രോഗം അവസാനം ഒരു മിടുക്കന്‍ ഡോക്ടര്‍ ചികിത്സിച്ച് ഭേദമാക്കുന്ന അനുഭവമില്ലേ? ഇതിനത്ഥം മെഡിക്കല്‍ സയന്‍സ് ആകെ അബദ്ധമാണെന്നാണോ? നല്ല നാണയങ്ങളും കള്ളനാണയങ്ങളും എവിടെയും കാണും.

ജ്യോതിഷം തട്ടിപ്പാണെന്ന് വെളിവാക്കുന്ന ചപലവാദമാണിത്. കാരണം ഈ തെറ്റായ താരതമ്യത്തില്‍ (False analogy) ജ്യോതിഷത്തെ ന്യായീകരിക്കുന്നതായി ഒന്നുമില്ല. ജ്യോതിഷം കള്ളനാണയമാണ്-അവിടെ 'നല്ല കള്ള നാണയം' 'മോശം കളളനാണയം' എന്നിങ്ങനെ രണ്ട് വകുപ്പേയുള്ളു. വിവിധ ലബോറട്ടികളിലെ രക്തപരിശോധന ഭിന്ന ഫലം കൊണ്ടുവന്നാലും അതുകൊണ്ട് ജ്യോതിഷം ശരിയാകില്ല. ലബോറട്ടറി പരിശോധന തെറ്റുന്നത് എങ്ങനെ ജ്യോതിഷം തെറ്റുന്നതിന് ന്യായീകരണമാകും? ഒരു ന്യൂനത ചൂണ്ടിക്കാട്ടി മറ്റൊരു ന്യൂനതയെ ന്യായീകരിക്കാനോ സാധൂകരിക്കാനോ സാധ്യമല്ലല്ലോ. പക്ഷെ ഇവിടെ താരതമ്യംതന്നെ വികലമാണെന്നതിനാല്‍ പിടിച്ചുനില്‍ക്കാനുള്ള ഒരു ഒഴികഴിവായി മാത്രമെ ഇതിനെ കാണാനാവൂ. ജ്യോതിഷത്തിലെ ഭിന്നഫലം എന്നു പറയുമ്പോള്‍ പലപ്പോഴും അത് ഉപരിതലസ്പര്‍ശിയായ ചെറിയ വ്യത്യാസമൊന്നുമായിരിക്കില്ല. മറിച്ച് ഫലം ചിലപ്പോള്‍ നേര്‍വിപരീതം തന്നെയായിരിക്കും. കല്യാണം കഴിച്ചാല്‍ ഭര്‍ത്താവ് മരിക്കുമെന്ന് ഒരാള്‍ പറയുമ്പോള്‍ മരിക്കില്ലെന്ന് മറ്റൊരാള്‍ ! കല്യാണത്തിന് മുമ്പ് ജോലി കിട്ടും എന്ന് ഒരാള്‍ പ്രവചിക്കുമ്പോള്‍ കല്യാണം കഴിച്ചാല്‍ 'ജോലി'യാകുമെന്ന ഭീഷണിയായുമായി മറ്റൊരാള്‍ ! ജ്യോതിഷം സത്യമാണെങ്കില്‍ ആരു പ്രവചിച്ചാലും ഇങ്ങനെ ഭിന്നഫലം കിട്ടാന്‍ പാടില്ല.

രക്തപരിശോധനാഫലം ലാബോറട്ടറികളില്‍ ചെയ്യുമ്പോള്‍ ലഘുവായ വ്യത്യാസം സംഭവിക്കാം. തെര്‍മോമീറ്റര്‍ വെച്ച് ഊഷ്മാവ് അളക്കുമ്പോഴും ഭിന്ന ത്രാസുകള്‍ വെച്ച് ഭാരം തൂക്കുമ്പോഴുമൊക്കെ ഇത്തരം ലഘുവ്യതിയാനങ്ങള്‍ സംഭവിക്കാറുണ്ട്. കൈകാര്യം ചെയ്യുന്ന വ്യക്തി, ഉപകരണം, പരിശോധനാരീതി...തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഈ മാറ്റം സംഭവിക്കുന്നത്. എല്ലാ ലബോറട്ടറിയിലും സാധാരണ ലഭിക്കുന്ന ഫലം സമാനമായിരിക്കും. അതിന്റെ സംഖ്യാപരമോ പരിമാണപരമോ അളവുകളുടെ സൂക്ഷ്മാംശത്തിലാണ് ചെറിയ വ്യതിയാനം കാണാനാവുക. ജ്യോതിഷി പെരുപ്പിച്ച് കാണിക്കുന്നതുപോലെ ഒരു വ്യതിയാനം അവിടെയില്ല. എല്ലായിടത്തും കിറുകൃത്യമായ സംഖ്യകള്‍ (exact figures) തന്നെ ലഭിച്ചാല്‍ അതൊരു ഒത്തുകളിയാണോ എന്നുപോലും നാം സംശയിക്കണം!

ലബോറട്ടറി ഫലങ്ങളില്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ ലഘുവ്യതിയാനം സംഭവ്യമാണെങ്കിലും അനുവദിക്കപ്പെട്ട പ്രമാദപരിധിക്ക് (Margin of error)ള്ളിലായിരിക്കും മിക്ക ഫലങ്ങളും നിലകൊള്ളുക. പൊതുവില്‍ ഇതിനെ മാനകവ്യതിയാനം (Standard deviation)എന്നുവിളിക്കാം. വൈദ്യശാസ്ത്രം തൃപ്തികരമായി പ്രവര്‍ത്തിക്കുന്നതും ഇത്തരം ഫലങ്ങളെ ആധാരമാക്കിയാണന്നതില്‍ നിന്നും അവയുടെ വിശ്വാസ്യത വളരെ ഉയര്‍ന്നതാണെന്ന് മനസ്സിലാക്കും. വിവിധ വാച്ചുകളിലെ സമയം നോക്കിയാല്‍ ഇത് ബോധ്യപ്പെടും. ഉച്ചയ്ക്ക് രണ്ടര എന്നു പറഞ്ഞാല്‍ ഭൂരിപക്ഷം ഘടികാരങ്ങളിലും 2.25 നും 2.35 നും ഇടയ്ക്കായിരിക്കും സമയം. ഈ 10 മിനിറ്റ് മാനകവ്യതിയാനമാണ്. അതനപ്പുറത്ത് പോകുന്ന വാച്ചുകളുമുണ്ട്. അവയൊക്കെ ക്രമപ്പെടുത്തല്‍ (correction) ആവശ്യപ്പെടുന്നുമുണ്ട്. പക്ഷെ ഭൂരിപക്ഷം ഘടികാരങ്ങളും ഒരു മാനകവ്യതിയാനത്തിനുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം വ്യത്യായനമേ മഹാഭൂരിപക്ഷം ലബോറട്ടറി ഫലത്തിലും സംഭവിക്കുന്നുള്ളു.

പിന്നെയുള്ളത് നിര്‍ധാരണപരീക്ഷണങ്ങളുടെ കാര്യമാണ്. അതായത് നെഗറ്റീവോ പോസിറ്റീവോ എന്നത് നിശ്ചയിക്കുന്നതും രോഗനിര്‍ണ്ണയവുമാണ് ഈ വിഭാഗത്തില്‍പ്പെടുക. പൂര്‍ണ്ണമായ ബോധ്യം വരാത്തിടത്തോളം ഇക്കാര്യത്തില്‍ ആവര്‍ത്തിച്ചുള്ള പരിശോധനകളാണ് വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്. പ്രാഥമികഘട്ടത്തില്‍ പോസിറ്റീവ് ഫലം വന്നാല്‍ സ്ഥിരീകരിക്കാനായി കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമായിവരും. ഉദാ-എയിഡ്‌സ് നിര്‍ണ്ണയം നടത്താനുള്ള എലിസ ടെസ്റ്റ്. ഏത് പരിശോധനകളിലും വിലയിരുത്തലുകളിലും വ്യക്തിഗതവും ഉപകരണപരവുമായ വ്യതിയാനം വരാം. പക്ഷെ ജ്യോതിഷത്തില്‍ ഉപകരണമില്ല, അതായത് ഭിന്നവും വ്യതിരിക്തവുമായ ഉപകരണങ്ങളില്ല. ജ്യോതിഷത്തില്‍ ഫലഭാഗം സംബന്ധിച്ച പുസ്തകങ്ങളാണ് ആധാരം. അപ്പോള്‍ സാധാരണഗതിയില്‍ ലബോറട്ടറി പരിശോധനയില്‍ വ്യതിയാനങ്ങളുണ്ടാക്കാന്‍ കാരണമാകുന്ന രണ്ട് കാര്യങ്ങള്‍ ജ്യോതിഷത്തിലില്ല. പിന്നെയുള്ള ജ്യോതിഷിയുടെ വ്യഖ്യനമാണ്. ഈ വ്യാഖ്യാനം പരിശോധനാഫലമല്ല. രക്തപരിശോധനാഫലവും അതിന്റെ വ്യാഖ്യാനവും രണ്ടാണ്. വധുവിന്റെ ഏഴില്‍ ചൊവ്വ അറിയന്‍ പരിശോധനയുടെ ആവശ്യമില്ല. ഗ്രഹനിലയെടുത്ത് ഏഴില്‍ ചൊവ്വയാണോ എന്ന് നോക്കിയാല്‍ മതി. ഇനി ഈ ദോഷം കുറയ്ക്കുകയോ പരിഹരിക്കുകയോ ചെയ്യാന്‍ വേണ്ട ഒഴികഴിവുകളും ഫലഭാഗജ്യോതിഷത്തില്‍ തന്നെയുണ്ടാവും. പ്രഗത്ഭരായ ജ്യോതിഷികള്‍ അഭിപ്രായസമന്വയത്തിലൂടെ ഫലഭാഗ ലക്ഷണങ്ങള്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്താല്‍ , അത് എല്ലാവരും പിന്തുടരാന്‍ തീരുമാനിച്ചാല്‍ ജാതകഫലം അണുവിട മാറേണ്ട കാര്യമില്ലല്ലോ? അതായത് രക്തപരിശോധനയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സങ്കീര്‍ണ്ണതയൊന്നും ജാതകഫലം നോക്കുന്ന കാര്യത്തില്‍ വേണ്ടതില്ല. പിന്നെ എവിടെയാണ് ഭിന്നത വരുന്നത്?

ഫലഭാഗം വായിച്ചു നോക്കി ജ്യോതിഷികള്‍ തരാതരം പോലെ വ്യാഖ്യാനിക്കുന്നത് കൊണ്ടാണോ? ആണെങ്കില്‍ തരാതരം പോലെ വ്യാഖ്യാനിക്കുന്ന ഒന്ന് ശാസ്ത്രീയമോ യുക്തിസഹമോ അല്ല എന്നു മാത്രമാണ് മനസ്സിലാക്കേണ്ടത്. ആള്  മരിക്കുമെന്ന് ഒരാളും മരിക്കില്ലെന്ന് മറ്റൊരാളും 'കുഴപ്പമുണ്ട് പക്ഷെ പരിഹാരമുണ്ട്' എന്ന് വേറൊരാളും പറഞ്ഞാല്‍ അത് തമാശ മാത്രമാണ്. ഇതിനിടയിലുള്ള പല സാധ്യതകള്‍ മറ്റുചിലര്‍ക്കും പറയാം. ഏത് നടന്നാലും ഏതെങ്കിലും ജ്യോതിഷി ഹിറ്റാവും. ഫലം ഫലിക്കാതിരുന്നാല്‍ 'ഇനിയും സമയം കിടക്കുകയല്ലേ' എന്ന ഭീഷണി വലിച്ചെറിഞ്ഞ് സുരക്ഷിതപാത വെട്ടി ജ്യോതിഷിക്ക് തടി തപ്പാം.
ഇതും ലബോറട്ടറി പരിശോധനയില്‍ വന്നേക്കാവുന്ന ലഘു വ്യതിയാനങ്ങളുമായുള്ള താരതമ്യം ആപ്പിളും ഓറഞ്ചും തമ്മിലുള്ള താരതമ്യത്തിന് സമാനമാണ്.  ലബോറട്ടറി പരിശോധനയില്‍ അടിസ്ഥാന കാര്യങ്ങളില്‍ തെറ്റുവരില്ല. ജീവനുള്ള കോശങ്ങളും മരിച്ച കോശങ്ങളും തമ്മില്‍ തെറ്റില്ല, നായയുടെ രക്തവും മനുഷ്യന്റെ രക്തവും തമ്മില്‍ തെറ്റില്ല, രക്തഗ്രൂപ്പുകള്‍ തമ്മിലും തെറ്റില്ല.

സൂക്ഷ്മമായ രോഗനിര്‍ണ്ണയങ്ങളുടെ കാര്യത്തില്‍ മാത്രമാണ് അവിടെ ലഘുവ്യതിയാനം വരിക. എന്നാല്‍ മരിച്ചയാളുടേയും ജീവിച്ചിരിക്കുന്ന ആളുടേയും ഗ്രഹനില തിരിച്ചറിയാന്‍ ജ്യോതിഷികള്‍ക്കാവില്ല. അത്തരം പരീക്ഷണങ്ങളിലെല്ലാം അവര്‍ തോറ്റമ്പിയ ചരിത്രമേയുള്ളു. ഗ്രഹനില കണ്ടിട്ട് ആണാണോ പെണ്ണാണോ എന്നോ പ്രശസ്തവ്യക്തിയുടെയാണോ കുപ്രസിദ്ധ കൊലപാതകിയുടെ ആണോ എന്നുപറയാന്‍ പോലും അവര്‍ക്കാവില്ലെന്ന് മാത്രമല്ല അവര്‍ക്കങ്ങനെ കഴിയാത്തതില്‍ അത്ഭുതവുമില്ല. മറിച്ചുള്ള അവകാശവാദങ്ങളൊക്കെ ദയനീയ പരാജയങ്ങളാണ് ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. ജ്യോതിഷികള്‍ പലരും ഭിന്നഫലം വ്യാഖ്യാനിക്കുന്നത് സത്യത്തില്‍ ഒരു പിഴവല്ല. 'ജ്യോതിഷ ഫലപ്രവചനത്തില്‍ പിഴവ് വന്നു' എന്നൊക്കെ പറയുന്നതില്‍ കഥയില്ല. ഫലങ്ങള്‍ ഭിന്നമായി വ്യഖ്യാനിച്ചാല്‍ എന്തു സംഭവിച്ചാലും ജ്യോതിഷം സാധൂകരിക്കപ്പെടുമെന്ന് മനസ്സിലാക്കിയ കേവലമായ അടവ് തന്ത്രം മാത്രമാണത്.

'പരിഹാരമുണ്ട് ' എന്നൊരാളും 'പരിഹാരമില്ല -അനുഭവിക്ക തന്നെ' എന്ന് മറ്റൊരാളും തട്ടിവിട്ടാല്‍ ഫലം വരുമ്പോള്‍ ജ്യോതിഷത്തിന് 100% മാര്‍ക്കായി. ഇനി ഭിന്നവ്യക്തികള്‍ നോക്കി വ്യാഖ്യാനിക്കുന്നതിന്റെ പ്രശ്‌നമാണെങ്കില്‍ മുഴുവന്‍ ഫലഭാഗ ശാസനങ്ങളും 'മഴവില്‍കുതന്ത്ര' മാതൃകയില്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി വെച്ചാല്‍ മതിയല്ലോ. അതായത് ജ്യോതിഷപ്രവചനം ഭിന്നമാകേണ്ട കാര്യം തന്നെയില്ല. അതേസമയം ലബോറട്ടറി പരിശോധനയില്‍ ചില സൂക്ഷ്മവ്യതിയാനങ്ങള്‍ ഒഴിവാക്കാനാവില്ല. അങ്ങനെ വരുമ്പോള്‍ ഏത് രീതിയില്‍ നോക്കിയാലും ഉപമ അപ്രസക്തവും അബദ്ധജഡിലവുമാണ്.

2. വിമാനാപകടം നടക്കുമ്പോള്‍ 750 പേര്‍ ഒറ്റയടിക്ക് കൊല്ലപ്പെടുമ്പോള്‍ അതില്‍ കൈക്കുഞ്ഞു മുതല്‍ പടുവൃദ്ധര്‍ വരെയുണ്ടാകാം. ഇവരുടെയെല്ലാം ജാതകത്തില്‍ 'വായുമാര്‍ഗ്ഗം യാത്ര ചെയ്യുമ്പോള്‍ കൊല്ലപ്പെടും' എന്നുണ്ടാവുമോ? അങ്ങനെയുണ്ടാവുമെന്നാണ് ഒരു ജ്യോതിഷി ഈയിടെ ഒരു ചാനലില്‍ പറഞ്ഞത്. എന്തു പറയുന്നു? ഫേസ് ബുക്കില്‍ ഇന്നലെ എഴുതിക്കിട്ടിയ ഒരു ചോദ്യമാണ്.

തമാശയായി ആണോ ഗൗരവത്തോടെയാണോ ജ്യോതിഷി ഈ പരാമര്‍ശം നടത്തിയതെന്ന് അറിയില്ല. ഗൗരവത്തോടെ കാണേണ്ട യാതൊന്നും ഇതിലില്ലാത്തതിനാല്‍ കേവലമായ ഒരു ജ്യോതിഷ തമാശയായി മാത്രം കാണാം. വിമാനം തകര്‍ന്നാല്‍ 750 പേര്‍ മരിച്ചാല്‍ കപ്പല്‍ മറിഞ്ഞാല്‍ 5000 പേര്‍ ഒറ്റയടിക്ക് മരിച്ചെന്ന് വരാം. ഭൂകമ്പമാകുമ്പോള്‍ മരണസംഖ്യ മുപ്പതിനായിരമോ നാല്‍പ്പതിനായിരമോ ആകും. ഒരു പ്രദേശത്തുള്ള സര്‍വവിധ 'യോഗ'മുള്ളവരും അനുഭവിക്കും. മാളികക്കാരന് നഷ്ടം കൂടുതലും പട്ടിണിക്കാരന് കുറവുമായിരിക്കും(അതുതന്നെ ജ്യോതിഷത്തിന് എതിരാണ്. കാരണം ഗ്രഹനില കാരണം ഐശ്വര്യസമൃദ്ധമായ ജീവിതം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഭൂകമ്പത്തിലൂടെ എല്ലാം നഷ്ടപ്പെടുന്നത് ഗ്രഹങ്ങളെ കൊച്ചാക്കലാണല്ലോ). സുനാമി വരുമ്പോള്‍ ഒറ്റയടിക്ക് ദശലക്ഷങ്ങളാണ് ഇല്ലാതാകുന്നത്. എന്തിനേറെ സോമാലിയയിലും സുഡാനിലുമൊക്കെ കോടിക്കണക്കിന് കുട്ടികളാണ് പട്ടിണിക്ക് ഇരയായി മരിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ കുപ്രസിദ്ധമായ പട്ടിണമരങ്ങളില്‍ ബംഗാളില്‍ മാത്രം പൊലിഞ്ഞത് ലക്ഷങ്ങള്‍ ! പ്രസവത്തോട് അനുബന്ധിച്ച് അമ്മ മരിക്കുന്നത് ഇന്ത്യയില്‍ അമ്പത് വര്‍ഷത്തിന് മുമ്പ് സര്‍വ സാധാരണമായിരുന്നു. ഇന്നത് ഗണ്യമായി കുറഞ്ഞത് ഗ്രഹങ്ങള്‍ ആ നിലയ്ക്ക് പ്രവര്‍ത്തിക്കുന്നതു കൊണ്ടാണോ? ആഫ്രിക്കന്‍ രാജ്യങ്ങളിലും ബംഗ്‌ളാദേശിലും ഇപ്പോഴും യാതൊരു കുറവുമില്ലാതെ തുടരാന്‍ കാരണം ഗ്രഹങ്ങള്‍ അക്രമാസക്തമായ നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണോ? എന്തുകൊണ്ട് പര്‍വതസാനുക്കളില്‍ ഉള്ളവര്‍ സുനാമിയിലും വേലിയേറ്റത്തിലും മരിക്കുന്നില്ല?! എന്തുകൊണ്ട് ചില സമൂഹങ്ങളില്‍ പെണ്‍കുഞ്ഞുങ്ങള്‍ ധാരാളമായി കൊല്ലപ്പെടുന്നു? ....ആയിരക്കണക്കിന് ചോദ്യങ്ങള്‍ ഇവിടെ എഴുതി നിറയ്ക്കാം. ഒരു ജ്യോതിഷിക്കും ഇതിനുത്തരം ഉണ്ടാവില്ല. ഉണ്ടാവില്ലെന്ന് മാത്രമല്ല എന്തെങ്കിലും തട്ടിക്കൂട്ട് വ്യാഖ്യാനങ്ങള്‍ ഉന്നയിച്ചാല്‍ സംഗതി കൂടുതല്‍ കുഴപ്പത്തിലാകുകയും ചെയ്യും.

വിമാന അപകടത്തിന്റെ കാര്യത്തിലേക്ക് വരാം. ഒരു കടലിന്റെ മുകളില്‍ വെച്ച് യാത്രവിമാനം തകര്‍ന്നു വീഴുന്നുവെന്ന് കരുതുക. ഉദാ-ഒരു ഇന്ത്യന്‍ വിമാനം അത്‌ലാന്റിക്ക് തീരത്തോട് അനുബന്ധിച്ച് തകരുന്നു. ചോദ്യമിതാണ്. ചോരക്കുഞ്ഞു മുതല്‍ വൃദ്ധര്‍ വരെയുള്ള അതിലെ യാത്രക്കാര്‍ (അതില്‍ അഹിന്ദുക്കളും രാഹുവും കേതുവുമൊന്നുമില്ലാത്ത ജ്യോതിഷം പിന്തുടരുന്നവരും ഉണ്ടായിരിക്കും)ആ സമയത്ത് പ്രസ്തുത കടലിന് മുകളില്‍ എത്തുമെന്നും മരിക്കുമെന്നും അവരുടെയെല്ലാം ജാതകത്തില്‍ ഉണ്ടാകുമോ? ഇല്ല എന്നത് 100% തീര്‍ച്ചയാണ്. അവരുടെ എല്ലാം ജാതകത്തില്‍ അങ്ങനെ ഉണ്ടാകില്ലെന്ന് മാത്രമല്ല, അവരില്‍ ഒരാളുടെ പോലും ജാതകത്തില്‍ അങ്ങനെയുണ്ടാവില്ല. കുറെക്കൂടി കൃത്യമായി പറഞ്ഞാല്‍ ലോകത്ത് ആരുടെ ജാതകത്തിലും അങ്ങനെയൊരു ഫലപ്രവചനം ഉണ്ടാവില്ല;ഭാവിയിലും ഉണ്ടാവുകയില്ല. കാരണമിതാണ് പൂര്‍ണ്ണകൃത്യതയോടെ സ്ഥലവും സമയവും രീതിയുമൊക്കെ കൃത്യമായി പ്രവചിക്കുന്ന ഒരു
പ്രസ്താവം  ജാതകപ്രവചനത്തില്‍ ഉണ്ടാവില്ലെന്ന് നാം മുമ്പ് കണ്ടതാണല്ലോ(ie there won’t be any specific statements in astrological predication. All of the are vague generel statements amenable to twisting and interpretations) അങ്ങനെ സംഭവിച്ചാല്‍ അതോടെ ജ്യോതിഷികളുടെ ആപ്പീസ് പൂട്ടി സീലു വെക്കാം.

പക്ഷെ ഈ തമാശയ്ക്കുള്ളില്‍ വേറൊരു തമാശയില്ലാതില്ല. അതായത് മ്യത്യു സംബന്ധിച്ച പ്രവചനം ജ്യോതിഷിക്ക് നല്ല വെടിപ്പായി നടത്താം. ഉദാഹരണമായി 'അപകടമൃത്യുവിന് സാധ്യതയുണ്ട്, വെള്ളം, വായു, അഗ്നി ഇതിലേതെങ്കിലും മൃത്യുകാരണമാവാം'(ഇതോ ഇതിന് സമാനമായതോ ആയ പ്രവചനങ്ങള്‍ പല ജാതകങ്ങളിലും കണ്ടിട്ടുണ്ട്) എന്ന ബര്‍നം പ്രസ്താവം ജാതകത്തില്‍ എഴുതുകയോ ഫലപ്രവചനമായി പറയുകയോ
ചെയ്യാം. ജാതകത്തിലാകുമ്പോള്‍ വ്യത്യസ്തഭാഗങ്ങളിലായി ഇത് പിരിച്ചെഴുതിയാല്‍ മതിയാകും. കാരണം ഈ മൂന്ന് രീതിയില്‍ മനുഷ്യര്‍ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് !! ബാക്കി സൂക്ഷ്മതലങ്ങളൊക്കെ പ്രവചനാനാര്‍ത്ഥിയുടെ വിശ്വാസികളായ ബന്ധുക്കള്‍ സൗകര്യംപോലെ ചികഞ്ഞു കണ്ടെത്തിക്കൊള്ളും. ജ്യോതിഷിക്ക് അമ്പതു പൈസ ചെലവില്ലാതെ ഖ്യാതി ലഭിക്കുകയും ചെയ്യും. ചുരുക്കത്തില്‍ അത്‌ലാന്റിക്കിന് മുകളില്‍ വിമാനം ചെന്ന് തകരുമെന്ന് മുന്‍കൂട്ടി കണ്ടവനാകും ഭക്തനെ സംബന്ധിച്ചിടത്തോളം ഈ ജ്യോതിഷി!!! കാരണം വിമാന അപകടം വേണ്ടവര്‍ക്ക് ജാതകത്തിലെ വായുമരണം എടുക്കാം(വായുമരണപ്രവചനം അച്ചട്ട്), വിമാനം കത്തി കരിഞ്ഞായിരിക്കും താഴോട്ട് വീഴുക, മിക്ക യാത്രക്കാരും കത്തിക്കരിഞ്ഞായിരിക്കും മരിക്കുക(അഗ്നിമരണപ്രവചനം അച്ചട്ട്), കടലില്‍ വീണാല്‍ വെള്ളം കുടിച്ചായിരിക്കും മരിക്കുക(ജലമരണപ്രവചനം അച്ചട്ട്). എന്താ ഇതില്‍ ഇല്ലാത്തത്?!!!എല്ലാത്തരം മരണങ്ങളും ജ്യോതിഷം പ്രവചിച്ചു കഴിഞ്ഞു. വേണ്ടത് സ്വീകരിക്കേണ്ട ബാധ്യതയേ ജാതകവിശ്വാസിക്കുള്ളു. ഇനി ജാതകക്കാരനെ ആരെങ്കിലും കഴുത്തു ഞെരിച്ച് കൊല്ലുകയാണെങ്കിലും ഈ ബര്‍നം പൊതു പ്രസ്താവത്തില്‍ അതിനും വകുപ്പുണ്ട്.

ജലമരണം-വെള്ളംകുടിച്ച് ശ്വാസംമുട്ടി മരിക്കുകയാണല്ലോ! 'എന്തായാലും ശ്വാസംമുട്ടി മരിക്കുമെന്ന് ജാതകത്തിലുണ്ടായിരുന്നു, അത് എങ്ങനെയാണെന്ന് പ്രവചനവേളയില്‍ വ്യക്തമായില്ല' എന്നുപറഞ്ഞാല്‍ ജ്യോതിഷിയെ വിശ്വാസി സ്വയം മറന്ന് കെട്ടിപ്പിടിച്ചു പോകും. മാത്രമല്ല 'അപകടമൃത്യുവിന് സാധ്യതയുണ്ട്' എന്ന് സൂചിപ്പിച്ചിട്ടുണ്ടല്ലോ! കറണ്ടടിച്ച് മരിച്ചാലും അഗ്നിമരണം എന്ന പ്രവചനം കൃത്യമായി. ഇനി കുത്തിക്കൊല്ലുകയോ വിഷം കഴിക്കുകയോ ചെയ്താല്‍ 'അപകടമൃത്യുവിന് സാധ്യതയുണ്ട്' എന്ന പ്രവചനം ശരിയായി. ഇനി എല്ലാവരുടേയും ജാതകത്തില്‍ അപകടമൃത്യുവിനെ കുറിച്ച് പരാമര്‍ശമില്ലാത്തതെന്താ എന്ന പൈങ്കിളി ചോദ്യമുന്നയിക്കണമെന്ന് തോന്നുന്നുവെങ്കില്‍ അറിഞ്ഞാലും: അതിന്റെ കാര്യമില്ല, അങ്ങനെ നിരത്തി പിടിച്ച് എഴുതിയാല്‍ സംഗതി പൊളിയും. ഒരു നിശ്ചിത ശതമാനം ജാതകങ്ങളില്‍ , അല്ലെങ്കില്‍ ഒരു പ്രത്യേക നാളുകാര്‍ക്ക്, ഗ്രഹനിലക്കാര്‍ക്ക് മാത്രം അതെഴുതി വിട്ടാല്‍ മതി. പത്തുപേര്‍ക്ക് പ്രവചിക്കുമ്പോള്‍ സമാനമായ എന്തെങ്കിലും കുറഞ്ഞത് ഒന്നുരണ്ടു പേരുടെ ജീവിതത്തിലെങ്കിലും സംഭവിച്ചിരിക്കും. സ്ഥിതിവിവരക്കണക്ക് പ്രകാരമുള്ള കേവല സാധ്യതയാണിത്. It is the statistical probability for any given ten people anywhere in the world. അതുമതി ജ്യോതിഷിക്ക് ആജീവനനാന്തം നിലനിന്നുപോകാന്‍ .

'അപകടമൃത്യുവിന് സാധ്യതയുണ്ട്' എന്ന പ്രസ്താവം ഇല്ലെങ്കിലും എല്ലാത്തരം മരണങ്ങളും ന്യായീകരിക്കാനുമുള്ള ചില പൊതു പ്രസ്താവങ്ങള്‍ ജാതകഫലത്തില്‍ ഒളിപ്പിച്ച് വെക്കുക പതിവാണ്. എണ്‍പതു വയസ്സു വരെ ജീവിക്കുമെന്ന് പ്രവചിച്ച് ജ്യോതിഷവിശ്വാസിയുടെ ആര്‍ത്തി ശമിപ്പിക്കുകയും മനസ്സ് കുളിര്‍പ്പിക്കുകയും ചെയ്യുന്ന പ്രവചനത്തില്‍ '9 ഉം 36 ഉം 51 ഉം തരണം ചെയ്താല്‍ 80 വരെ ജീവിക്കും' എന്നുകൂടി (അല്ലെങ്കില്‍ സമാനാര്‍ത്ഥത്തില്‍ മറ്റെന്തെങ്കിലും) എഴുതിയിട്ടുണ്ടാവും. ആദ്യത്തെ ഭീഷണി ബാല്യസഹജമായ അസുഖങ്ങള്‍ കൊണ്ട് കുട്ടി മരിച്ചു പോകാനുളള സാധ്യത മനസ്സില്‍ കണ്ടുകൊണ്ടാണ്. പണ്ടൊക്കെ ശൈശവത്തില്‍ പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വന്ന് മരിക്കാന്‍ സാധ്യത ഏറെയായിരുന്നുവല്ലോ. പക്ഷെ ഇത് വായിക്കുന്ന പ്രവചാനാര്‍ത്ഥി കരുതുക കൃത്യം ഒമ്പത് വയസ്സാകുമ്പോള്‍ താന്‍ മരിക്കുമെന്ന് ജാതകത്തില്‍ കൃത്യമായി എഴുതിയിരിക്കുന്നുവെന്നാണ്.

ഒമ്പതിലെങ്ങാനും മരിച്ചാല്‍ കാളക്കണ്ണില്‍ തന്നെ അസ്ത്രം തറയ്ക്കും!! പക്ഷെ അതിന്റെ വ്യാഖ്യാനം അങ്ങനെയല്ല. ഒമ്പത് തരണം ചെയ്താല്‍ എന്നുപറഞ്ഞാല്‍ ആദ്യത്തെ ഒമ്പത് വര്‍ഷത്തിനിടെ എപ്പോള്‍ വേണമെങ്കിലും ജാതകക്കാരന്‍ തട്ടിപ്പോകാം എന്നാണ് കാണേണ്ടത് ! ഒമ്പത് വയസ്സുവരെ രോഗപീഡയില്ലാതെ പോയാല്‍ പിന്നെ മുന്നോട്ടു പോകുമെന്ന് കരുതുന്നതാണ് സാമാന്യബുദ്ധി. പിന്നെയുള്ളത് മുപ്പത്തിയാറാം വയസ്സാണ്. പക്ഷെ അവിടെയും 36 ല്‍ മരിക്കുമെന്ന് പറഞ്ഞ് ജ്യോതിഷിയെ വിചാരണ ചെയ്യരുത്. 36 വയസ്സിന് മുമ്പ് എപ്പോള്‍ മരിച്ചാലും '36 ഉം തരണം ചെയ്താല്‍ 'എന്ന് ജ്യോതിഷി പറഞ്ഞത് ശരിയായി. ഇതു തന്നെ 51 ന്റെ കാര്യവും. 51 വയസ്സിന് മുമ്പ് എപ്പോള്‍ മരിച്ചാലും ജ്യോതിഷി വിജയിച്ചു. ശരിക്കും 'വഞ്ചനയിലെ ചതി' തന്നെയാണിത്! ഇനി 51 കഴിഞ്ഞാല്‍ 80 വരെ ജീവിക്കുമെന്ന പ്രവചനം ശരിക്കും ജ്യോതിഷി ഒരു റിസ്‌ക്ക് എടുക്കുന്നതാണ്. ആദ്യ 51 വര്‍ഷം ശരിയായി പ്രവചിച്ച ജ്യോതിഷത്തെ തള്ളിപ്പറയാന്‍ ഇതിനകം ജ്യോതിഷത്തിന് അടിമയായ പ്രവചനാര്‍ത്ഥിക്ക് സാധിക്കില്ലല്ലോ. ഇനി അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കിലും ജാതകക്കാരന്‍ പരാതിപ്പെടാന്‍ ചെല്ലില്ലല്ലോ!! ബന്ധുക്കള്‍ ചോദിക്കുകയാണെങ്കില്‍ നൂറ് ന്യായം ജാതകത്തില്‍നിന്ന് തന്നെ ചൂണ്ടിക്കാണിക്കാനുമാവും. ചുരുക്കത്തില്‍ 'വിമാനാപകടവാദം' പോലുള്ള തേമ്പിയ ന്യായങ്ങള്‍ ഉന്നയിക്കുന്നവരെ സൗമ്യമായി അവഗണിക്കുകയേ നിവര്‍ത്തിയുള്ളു. എന്തെന്നാല്‍ അന്ധവിശ്വാസപരമായി അവര്‍ മറ്റൊരു മേഖലയിലാണ്. They are in a different zone altogether!
പൂക്കാത്ത കുറിഞ്ഞികള്‍
മനുഷ്യന് ഉത്തരമില്ലാത്ത, അജ്ഞാതമായ നിരവധി പ്രതിഭാസങ്ങള്‍ ചുറ്റും നടക്കുന്നുണ്ട്. നീലക്കുറിഞ്ഞി കൃത്യം പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ പൂക്കുന്നു. പന്ത്രണ്ട് വര്‍ഷമെന്നത് വ്യാഴത്തിന് സൂര്യനെ ഒരു പ്രാവശ്യം ചുറ്റാന്‍ വേണ്ട സമയമാണ്. ഭൂമിയിലെ ജീവജാലങ്ങളും പ്രപഞ്ചവുമായുള്ള നിഗൂഡബന്ധം വ്യക്തമാക്കാന്‍ ഇതിലും മികച്ച ഉദാഹരണം വേണോ? എങ്ങനെയാണിത് സംഭവിക്കുന്നതെന്ന് ശാസ്ത്രീയ വീക്ഷണം അവകാശപ്പെടുന്നവര്‍ക്ക് പറയാമോ?

തീരെ ശാസ്ത്രജ്ഞാനമില്ലാത്ത ഗോത്രജനതയ്ക്കും നല്ല ശാസ്ത്രബോധമുളള നാഗരികജനതയ്ക്കും ഇത്തരം പ്രചരണങ്ങള്‍ ഒരു വിഷയമില്ല. പക്ഷെ ശാസ്ത്രബോധമില്ലാത്താത്ത നാഗരികജനതയെ, അത് വിദ്യാഭ്യാസമുള്ളവരാണെങ്കിലും ഇല്ലാത്തവരാണെങ്കിലും, തെറ്റിദ്ധരിപ്പിക്കാന്‍ ഇതു മതി. എന്തിന് പിന്നിലും മനുഷ്യന് ബോധ്യം വരുന്ന ഒരു കാരണം ആരോപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മനുഷ്യമസ്തിഷ്‌ക്കത്തിന് നിര്‍ധാരണം പ്രയാസകരമാണ്. നിര്‍ധരിക്കാന്‍ കഴിയാതെ വരുമ്പോള്‍ കഥ മെനഞ്ഞും ഭയപ്പെട്ട് അന്ധവിശ്വാസങ്ങല്‍ ആചരിച്ചും ആ ചിന്താപ്രതിസന്ധി ഒഴിവാക്കാനാണ് മസ്തിഷ്‌ക്കം ശ്രമിക്കുക. ലക്ഷ്യമില്ലാതെ(without purpose) വെറുതെ എന്തെങ്കിലും സംഭവിക്കുന്നതായി സങ്കല്‍പ്പിക്കാന്‍ നമുക്ക് അത്ര എളുപ്പമല്ല. ഈ മസ്തിഷ്‌ക്കപ്രവണത തന്നെയാണ് നീലക്കുറിഞ്ഞിയെ വ്യാഴവട്ടവുമായി ബന്ധപ്പെടുത്തുന്നത്.

വ്യാഴം സൂര്യനെ ചുറ്റുന്നത് 11.862 ഭൗമവര്‍ഷം കൊണ്ടാണ്. അതായത് പന്ത്രണ്ട് വര്‍ഷം തികയാന്‍ 0.14 വര്‍ഷം(50 ദിവസത്തിലധികം) കുറവ്. തല്‍ക്കാലം ഈ വ്യത്യാസം വിട്ടുകളയുക. ഇനി, നീലക്കുറിഞ്ഞി അഥവാ സ്‌ട്രോബിലാന്തസ് കുന്തിയാന(Strobilanthes kunthiana) എന്ന അക്കന്‍തേഷ്യ(Acanthaceae) കുടുംബത്തില്‍ പെട്ട ചെടികള്‍ കൃത്യമായും പന്ത്രണ്ടാം വര്‍ഷമാണോ പൂക്കുന്നത്? അല്ല എന്നാണ് ഉത്തരം. ഈ ജനുസ്സില്‍ ലോകമെമ്പാടുമായി ഏതാണ്ട് അഞ്ഞൂറിലധികം സ്പീഷിസുകളുണ്ട്. അതില്‍ 50 എണ്ണം മാത്രമേ ഇന്ത്യയിലുള്ളു. മൊത്തം ഇനങ്ങള്‍ പരിഗണിച്ചാല്‍ പുഷ്പ്പിക്കല്‍ കാലം ഒരു വര്‍ഷം മുതല്‍ 16 വര്‍ഷം വരെ വ്യത്യാസപ്പെടുന്നുണ്ട്.

അതായത് എല്ലായിനം നീലക്കുറിഞ്ഞിക്കും വ്യാഴത്തോട് പ്രേമമില്ല! ഒരു വര്‍ഷം കൊണ്ട് പൂക്കുന്ന നീലക്കുറിഞ്ഞിയും പതിനാറ് വര്‍ഷം കൊണ്ട് പൂക്കുന്ന നീലക്കുറിഞ്ഞിയുമുണ്ട്. 1826 മുതല്‍ നീലഗിരിയും മൂന്നാറും ഉള്‍പ്പെടെയുള്ള ചില സ്ഥലങ്ങളില്‍ കാണപ്പെടുന്ന കുറിഞ്ഞികള്‍ ഏതാണ്ട് 12 വര്‍ഷം ഇടവിട്ട് പൂക്കുന്നുണ്ട്. 1300 മുതല്‍ 2400 മീറ്റര്‍ വരെ ഉന്നതിയുള്ള സ്ഥലങ്ങളിലാണ് ഇവ വളരുന്നത്. അപ്പോള്‍ നീലക്കുറിഞ്ഞിയുടെ പുഷ്പ്പിക്കലും വ്യാഴവട്ടവും തമ്മിലുള്ള സാമ്യം വെറും ഒപ്പിക്കലാണ്. അതല്ലാതെയുള്ള യാതൊരു നിഗൂഡതയോ വ്യക്തിബന്ധമോ അതിലില്ല.

ഒരു സ്ഥലത്ത് കേന്ദ്രീകരിക്കപ്പെടുന്ന കുറിഞ്ഞി വിത്തുകളെല്ലാം ഒറ്റയടിക്ക് ഇരപിടിയന്‍മാരാല്‍ (seed/flower predators)നശിപ്പിക്കപ്പെട്ട് വംശം കുറ്റിയറ്റ് പോകാതിരിക്കാനായി ഇരയുടെ ആധിക്യം(abundance of `prey')സൃഷ്ടിക്കുന്നതിനെ പ്രകൃതിനിര്‍ധാരണം പിന്തുണയ്ക്കാന്‍ നല്ല സാധ്യതയുണ്ട്. കാട്ടുകിളികളും(Jungle fowl) ചിലയിനം ചെറിയ സസ്തനങ്ങളുമാണ്(small mammals)കുറിഞ്ഞിയെ പ്രധാനമായും ആഹരിക്കുന്നത്. എല്ലാം ഒറ്റയടിക്ക് ഓരോ സമയം പുഷ്പിച്ചാല്‍ സംഖ്യാപരമായ മുന്‍തൂക്കം മൂലം കുറെയെണ്ണമെങ്കിലും അതിജീവിക്കാനുള്ള സാധ്യതയാണവിടെ പ്രയോജനപ്പെടുത്തപ്പെടുന്നത്. കുറിഞ്ഞിയുടെ പുഷ്പിക്കല്‍ ക്രമത്തിന്റെ(flowering pattern)ഒരു വിശദീകരണമിതാണ്.

പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ പുഷ്പിണിയാകുക എന്നത് ആ ചെടിയുടെ ചില വകഭേദങ്ങളുടെ ജനിതകഘടനയില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ട ഒരു ജീന്‍ നിര്‍ദ്ദേശമാണ്. പ്രകൃതിനിര്‍ധാരണം വഴിയാണ് അത് ഉരുത്തിരിഞ്ഞിട്ടുള്ളത്. നീലക്കുറിഞ്ഞി എന്ന സസ്യം ഉരുവംകൊള്ളുന്നതിന് വളരെ മുമ്പ് തന്നെ വ്യാഴം സൂര്യനെ ഭ്രമണം ചെയ്യുന്നുണ്ട്. നീലക്കുറിഞ്ഞിക്ക് വംശനാശം സംഭവിച്ചാലും വ്യാഴം ഭ്രമണം തുടരും. നീലക്കുറിഞ്ഞി പുഷ്പ്പിക്കുന്നതിന്റെ കാലദൈര്‍ഘ്യം മാറിയാലും വ്യാഴഭ്രമണം തുടരുകയും ചെയ്യും. രണ്ടും യാദൃശ്ചികമായി ഒരുപോലെ വന്നതുകൊണ്ട അവ തമ്മില്‍ സാമ്യമുണ്ടെന്ന് അവകാശപ്പെടുന്നത് കേവലം ഒരു ന്യായവൈകല്യം(logical fallacy) മാത്രം. മറ്റ് ഗ്രഹങ്ങള്‍ക്കും ഇതുപോലെ പ്രദക്ഷണകാലമുണ്ട്. ശനിക്ക് 29.456 ഭൗമവര്‍ഷമാണത്. 30 വര്‍ഷംകൊണ്ട് പൂക്കുന്ന സസ്യം ഭൂമിയിലുണ്ടോ!? ഇല്ലെങ്കില്‍ എന്തുകൊണ്ട്!? യുറാനസ്(84.07 ഭൗമവര്‍ഷം), നെപ്ട്യൂണ്‍ (164.81 ഭൗമവര്‍ഷം), കുള്ളന്‍ഗ്രഹമായ പ്‌ളൂട്ടോ (247.7ഭൗമവര്‍ഷം) എന്നിവയ്‌ക്കൊക്കെ ശനിയേക്കാള്‍ നീണ്ട പ്രദക്ഷണകാലമാണുള്ളത്. ആ കാലദൈര്‍ഘ്യത്തിനൊക്കെ അനുസരിച്ച് പൂക്കുന്ന പൂക്കള്‍ ഭൂമിയിലുണ്ടോ?

ഇനി, വ്യാഴം കഴിഞ്ഞ് ഇങ്ങോട്ടുള്ള ഗ്രഹങ്ങളുടെ പ്രദക്ഷണകാലം പരിശോധിച്ചാല്‍ ബുധന്‍(58.7ഭൗമദിനം), ശുക്രന്‍ (224.68 ഭൗമദിനം), ചൊവ്വ (686.98 ഭൗമദിനം)എന്നിങ്ങനെയാണ്. ഈ കാലയളവിനൊക്കെ ആനുപാതികമായി പൂക്കുന്ന സസ്യങ്ങളുടെ പേര് വിളിച്ചു പറയാന്‍ നിഗൂഡതാവാദികള്‍ക്ക് ബാധ്യതയില്ലേ?! എന്തുകൊണ്ട് ഭൂരിഭാഗം സസ്യങ്ങളും ഭൂമിയുടെ പ്രദക്ഷണകാലവുമായി (365.26 ദിവസം) പൊരുത്തപ്പെട്ട് പുഷ്പ്പിക്കുന്നു? ചില നീലക്കുറിഞ്ഞികള്‍ വ്യാഴവട്ടക്കാലത്തിനുള്ളില്‍ പൂക്കുന്നത് കേവലം യാദൃശ്ചികം മാത്രമെന്ന ഉത്തരംകൊണ്ട് തൃപ്തിപ്പെടുന്നില്ലെങ്കില്‍ മറ്റ് ഗ്രഹങ്ങളുടെ പ്രദക്ഷണകാലമനുസരിച്ച് പുഷ്പ്പിക്കുന്ന ചെടികള്‍ ഉണ്ടാകാത്തതെന്ത് എന്ന ചോദ്യത്തിന് മറുപടി വേണം. എന്തിന് അങ്ങനെ സംഭവിക്കണം എന്നാണ് മറുചോദ്യമെങ്കില്‍ ചില നീലക്കുറിഞ്ഞികള്‍ 12 വര്‍ഷം കൂടുമ്പോള്‍ പുഷ്പിക്കാന്‍ പാടില്ലെന്ന നിയമം എന്തുകൊണ്ട്? ആര്‍ക്കാണ് അങ്ങനെ ഒരു നിര്‍ബന്ധം? അതിന്റെ കാരണമെന്ത്?...തുടങ്ങിയ കയറ്റുമതി ചോദ്യങ്ങള്‍ കുറച്ച് ഇറക്കുമതി ചെയ്യാനും തയ്യാറാവണം. അറിയുക, ഹോട്ടലുടമ സ്വന്തം ഹോട്ടലില്‍ നിന്ന് കഴിക്കുമ്പോഴാണ് ഹോട്ടലിന് ഖ്യാതി വര്‍ദ്ധിക്കുക!



ഹ്യുമന്‍ ജിനോം വാദം

ഹ്യൂമന്‍ ജിനോം പ്രോജക്റ്റ് (Human Genome project) വഴി മനുഷ്യനറെ ജീവിതത്തില്‍ സംഭവിക്കുന്ന മുഴുവന്‍ കാര്യങ്ങളും ഒരു ജിനോം മാപ്പില്‍(Genome map)രേഖപ്പെടുത്താനാവുമെന്ന് വ്യക്തമായി. മനുഷ്യജീവിതത്തെ സംബന്ധിച്ച ഒരു പ്രവചനരേഖയാണിത്. ഇതോടെ നമ്മുടെ ജീവിതം പ്രവചനത്തിന് വഴങ്ങുന്നതാണെന്ന് വസ്തുനിഷ്ഠമായി തെളിയിക്കപ്പെട്ടിരിക്കുന്നു. ഇക്കാര്യം മറ്റൊരു തരത്തില്‍ പ്രവചിക്കാനുള്ള ശേഷി ഭാരതത്തിലെ ഋഷിമാര്‍ കണ്ടെത്തി. ആ മാര്‍ഗ്ഗമാണ് ജ്യോതിഷപ്രവചനം. ജിനോം മാപ്പ് അംഗീകരിക്കുന്നുവെങ്കില്‍ ജ്യോതിഷവും അംഗീകരിക്കണം. രണ്ടും വ്യത്യസ്ത കൈവഴികളിലൂടെ ഒഴുകി ഒരിടത്താണ് എത്തുന്നത്.

ഭാവനശേഷി കുറഞ്ഞ ജ്യോതിഷവിശ്വാസികള്‍ എഴുന്നെള്ളിക്കുന്ന മറ്റൊരു ചപലവാദം തന്നെയാണിതും. ശാസ്ത്രത്തെ കൂട്ടുപിടിച്ച് കപടവിദ്യകള്‍ ചായം തേച്ച് അവതരിപ്പിക്കുന്ന സ്ഥിരം പരിപാടി. ആദ്യമായി പറയട്ടെ, ഇതൊരു ശുദ്ധമായ ന്യായവൈകല്യ(logical fallacy)മാണ്. ആപ്പിളും മുന്തിരിയും താരതമ്യപ്പെടുത്തുന്നതുപോലെ തെറ്റായ താരതമ്യപ്പെടുത്തല്‍(false analogy) ആണ് ഇവിടെയും വിഷയം. ജിനോം മാപ്പിംഗിന് ജ്യോതിഷവുമായി സമാനതയുള്ളത് രണ്ടും പ്രവചിക്കും എന്നതാണെങ്കില്‍ അവിടെയും സാരമായ പിശകുണ്ട്. ജിനോം മാപ്പിന് ഒരളവുവരെ പ്രവചനശേഷിയുണ്ട്. എന്നാല്‍ ജ്യോതിഷത്തെ സംബന്ധിച്ച് അതൊരു കപടമായ അവകാശവാദം മാത്രം. ജിനോം സമ്മാനിക്കുന്ന നിഗമനങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കാനും തെളിയിക്കാനുമാവും. ജ്യോതിഷത്തില്‍ അവ രണ്ടും സാധ്യമല്ല. അസത്യവല്‍ക്കരണ ക്ഷമതയും ആവര്‍ത്തനക്ഷമതയും പ്രയോജനക്ഷമതയുമില്ലാത്ത ജ്യോതിഷത്തെ താരതമ്യം ചെയ്യേണ്ടത് ഹസ്തരേഖശാസ്ത്രം, മഷിനോട്ടം, താംബൂലശാസ്ത്രം തുടങ്ങിയ മറ്റ് പ്രവചനവിദ്യകളുമായാണ്. അവയ്ക്കിടയിലാണ് താരതമ്യക്ഷമമായ സാമ്യങ്ങളുള്ളത്. അസമമായ വസ്തുക്കളും പ്രതിഭാസങ്ങളും വിലക്ഷണമായി താരതമ്യം ചെയ്യുന്നത് അപഹാസ്യമാണെന്ന് ചുരുക്കം.

ഹ്യൂമന്‍ ജിനോം പ്രോജക്റ്റ് ഒരു കെട്ടുകഥയോ പ്രവചനവിദ്യയോ അല്ല. ഭൗതികപദാര്‍ത്ഥത്തെ ഭൗതികമായി വിശകലനം ചെയ്യുന്ന ഒരു യഥാതഥ പ്രവര്‍ത്തനമാണത്. പരീക്ഷണനിരീക്ഷണങ്ങള്‍ കൊണ്ട് സ്ഫുടം ചെയ്ത ഫലങ്ങളാണ് അത് സമ്മാനിക്കുന്നത്. ജിനോംമാപ്പിംഗിലെ കണ്ടെത്തലുകള്‍ക്ക് ഊഹപോഹങ്ങളും യക്ഷിക്കഥകളുമായി യാതൊരു ബന്ധവുമില്ല. ഒരാളുടെ ശാരീരികവും(physiological) ഘടനാപരവുമായ(anatomical) വളര്‍ച്ചയും വികാസവും സംബന്ധിച്ച ചില സൂചനകളാണ് ജിനോം മാപ്പിംഗ് വഴി കണ്ടെത്താനാവുന്നത്. ഇവയില്‍ പലതും ജീവിതശൈലികൊണ്ടും ഔഷധംകൊണ്ടും ഭേദഗതി വരുത്താവുന്നതാണ്.രോഗങ്ങളും മറ്റ് പ്രതിസന്ധികളും അതുവഴി മുന്‍കൂട്ടി അറിഞ്ഞാല്‍ തടയാനാവുമെന്നും കരുതപ്പെടുന്നു. അതായത് അതൊരു വിധിവിശ്വാസമല്ല മറിച്ച് ശാസ്ത്രീയമായ ഒരു കണ്ടെത്തലാണ്;ഒരു ചികിത്സാക്രമമാണ്.

ഏത് പെണ്‍കുട്ടിയെ എപ്പോള്‍ കല്യാണം കഴിച്ചാല്‍ ഭാഗ്യവും ഐശ്വര്യവും കൈവരുമെന്ന് പ്രവചിക്കാന്‍ ജിനോം മാപ്പിംഗില്‍ വകുപ്പില്ല. നേട്ടങ്ങളും അപകടങ്ങളും മുന്‍കൂട്ടി അറിയാനാവുമെന്നോ തെരഞ്ഞെടുപ്പിലെ വിജയി, സുനാമിയുടെ ആഗമന എന്നിവ പ്രവചിക്കാനാവുമെന്നോ ജിനോം മാപ്പിംഗ് വിദഗ്ധര്‍ അവകാശപ്പെട്ടതായി കേട്ടിട്ടില്ല. നാം ഇന്ന് ജീവശാസ്ത്രം, ചികിത്സ എന്നിവയുടെ രംഗത്ത് ഭൗതികമായ തെളിവുകളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ക്ക് സമാനമാണ് ജിനോം സൂചനകളും. ഈ രംഗത്ത് മനുഷ്യന്‍ കരഗതമാക്കിയ നിര്‍ധാരണശേഷിയുടെ തുടര്‍ച്ച മാത്രമാണത്. It is only an extension of the achieved results. അമിതമദ്യപാനം കരള്‍ സംബന്ധിയായ രോഗങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്ന കഴിയുമെന്നത് വൈദ്യശാസ്ത്രപരമായ ഒരു പ്രവചനമാണ്. സ്ഥിരമായി പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ വായില്‍ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നതും ഒരു ചികിത്സാപ്രവചനം തന്നെ. ജിനോം മാപ്പിംഗില്‍ കുറേക്കൂടി ആന്തരികമായ വസ്തുതകള്‍ പ്രതിപാദിക്കപ്പെടുന്നുവെന്നേയുള്ളു.

ജിനോം മാപ്പിംഗ് ഭൗതികവും വസ്തുനിഷ്ഠവും ശാസ്ത്രീയവുമാണ്. അവിടെ അഭൗമവും അജ്ഞേയവുമായ അതീന്ദ്രിയശക്തികളുടെ വിളയാട്ടമൊന്നുമില്ല. ഒരാള്‍ എത്ര വയസ്സില്‍ വിവാഹം കഴിക്കുമെന്നോ ഏത് കലയില്‍ നിപുണനാകുമെന്നോ ഏത് ദൈവത്തില്‍ വിശ്വസിക്കുമെന്നോ പ്രവചിക്കാന്‍ ജിനോം മാംപ്പിംഗ് വഴി കഴിയില്ല. ചൊവ്വാദോഷം പോലുള്ള മരണഭീഷണികളോ ശുക്രദശ പോലുള്ള വാഗ്ദാനങ്ങളോ അതിലില്ല. പക്ഷെ ഇതെല്ലാം ജ്യോതിഷം കാല്‍ക്കാശിന്റെ മുടക്കില്ലാതെ അനായാസം നിര്‍വഹിക്കുന്നുണ്ട്!

രോഗസൂചന മുന്‍കൂട്ടിയറിഞ്ഞാല്‍ തടയാനാവുമെന്ന് ജിനോം മാപ്പിംഗ് വിഭാവനം ചെയ്യുമ്പോള്‍ വിധിയെ തടുക്കാന്‍ ആര്‍ക്കുമാകില്ലെന്നാണ് ജ്യോതിഷം സമര്‍ത്ഥിക്കുന്നത്. ആരോഗ്യവിദഗ്ധര്‍ ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ തന്നെ നടത്തിവരുന്ന പ്രവചനങ്ങളുടെ ഒരു വിപുലീകരണം മാത്രമാണ് ജിനോം മാപ്പിംഗ് കൊണ്ടുവരുന്നത്. അതുപോലെയാണ് കമിഴ്ത്തുവിദ്യകളായ മഷിനോട്ടവും ജ്യോതിഷവുമെന്ന പ്രചരണം തീര്‍ച്ചയായും സഹതാപമര്‍ഹിക്കുന്നു.
(തുടരും)
****

1 comment:

പ്രൊമിത്യുസ് said...

പേടി എന്ന സംഭവത്തെ ശ്വാശ്വതമായി മാറ്റാന്‍ എന്തെങ്ങിലും വഴി ഉണ്ടോ?
പേടി ഇല്ലെങ്കില്‍ ഇവിടെ ജ്യോതിഷവും,ദൈവത്തെ ഭയന്നു പലതും പ്രവര്‍ത്തിക്കാന്‍(ചിന്തിക്കാന്‍ പോലും ) ഭയക്കുന്നവരും ഒന്നും ഉണ്ടാവില്ല എന്ന് തോന്നുന്നു.

Darr Ke Aage Jeet Hai എന്നാണല്ലോ പറയുന്നത്.
അപ്പൊ പേടി ഉള്ളവര്‍ തോറ്റു ജീവിക്കട്ടെ.ധീരന്മാര്‍ വിജയിച്ചു ജീവിക്കട്ടെ.

പോത്തായിട്ട് ജീവിക്കുന്നവര്‍ അങ്ങേനെയും ജീവിക്കട്ടെ.



താങ്കള്‍ വേദമോതുന്നത് തുടരുക !