ശാസ്ത്രം വെളിച്ചമാകുന്നു

Wednesday 13 June 2012

32. ആമയെ ചുട്ടുതിന്നാനുള്ള എളുപ്പ മാര്‍ഗ്ഗങ്ങള്‍

"ചാതുർവർണ്യം മയാ സൃഷ്ടം
ഗുണകർമവിഭാഗശഃ
തസ്യ കർതാരമപി മാം
വിദ്ധ്യകർതാരമവ്യയം"
(Bhagavad Gita, Chapter 4, Shloka 13)


ഭഗവദ് ഗീതയില്‍ കൃഷ്ണന്‍ മുന്നോട്ടുവെക്കുന്ന ചാതുര്‍വര്‍ണ്യം ജന്മത്തെ ആധാരമാക്കിയല്ല മറിച്ച് ഗുണത്തേയും കര്‍മത്തേയും ആധാരമാക്കിയാണ് എന്ന് കാവിചിത്തരായ വ്യാഖ്യാനതൊഴിലാളികള്‍ തട്ടിവിടാറുണ്ടല്ലോ. ജന്മം, കര്‍മം, ഗുണം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളില്‍ ഏതിന്റെ അടിസ്ഥാനത്തിലായാലും മനുഷ്യരെ വിഭജിച്ച് ഭിന്ന പട്ടികകളിലാക്കി തലമുറകളോളം ചാപ്പയടിച്ച് നിറുത്തുന്നത് മനുഷ്യത്വഹീനമാണെന്ന് കാണാന്‍ ദിവ്യദൃഷ്ടിയുടെ ആവശ്യമൊന്നുമില്ല. വിഭജനം വിഭജനം തന്നെയാണ്. ഗുണത്തിന്റെയോ കര്‍മത്തിന്റെയോ പേരില്‍ വിഭജനം നടത്തയെന്നു കരുതി വിഭജനത്തിന്റെ ദൂഷ്യഫലമനുഭിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ആശ്വാസമൊന്നുമില്ല. അതിന്റെ നേട്ടം അനുഭവിക്കുന്നവര്‍ക്ക് ആശങ്കപ്പെടേണ്ടതുമില്ല. കടലാസില്‍ മാനദണ്ഡത്തിന്റെ കോളത്തില്‍ എന്തെഴുതിയാലും യഥാര്‍ത്ഥത്തില്‍ വര്‍ണസ്വത്വം ജന്മസിദ്ധം തന്നെയാണ്. ആമയെ മലര്‍ത്തിയിട്ടോ കമഴ്ത്തിയിട്ടോ തീയിലിട്ട് ചുട്ടുതിന്നാം. പക്ഷെ ആമയ്ക്ക് അതുകൊണ്ട് വിശേഷിച്ച് ഗുണമൊന്നുമില്ല. നേട്ടമെല്ലാം ആഹരിക്കുന്നവര്‍ക്കാണ്. കുറ്റകൃത്യം എന്തിന്റെ അടിസ്ഥാനത്തിലായാലും നിന്ദ്യമാണ്. എല്ലാ വ്യഖ്യാനഫാക്ടറികളും നിഷ്പ്രഭമായിപ്പോകുന്ന തണുത്ത യാഥാര്‍ത്ഥ്യമാണിത്.

മതം മനുഷ്യനെ വിഭജിക്കുന്നു. ആദ്യഘട്ടത്തില്‍ നമ്മളും(We) അവരുമായി(They) സമൂഹത്തെ വേര്‍തിരിക്കുന്ന മതം പിന്നീട് നമ്മളില്‍ തന്നെ ആഭ്യന്തരവിഭജനം നടത്തി അധികാരശ്രേണിയുണ്ടാക്കുന്നു. തത്ഫലമായി ശ്രേഷ്ഠരും പതിതരുമുണ്ടാക്കുന്നു, വര്‍ണവും കുലവും നിര്‍മ്മിക്കപ്പെടുന്നു. ശേഷം ഒക്കെ ദൈവസിദ്ധമാണെന്ന കെട്ടുകഥ നിര്‍മ്മിച്ച് ആളുകളെ ഭയപ്പെടുത്തി വിഭജനം സംരക്ഷിക്കാനും മതം ശ്രദ്ധിക്കുന്നു. ഉത്പത്തിപുരാണം എന്തു തന്നെയായാലും ചാതുര്‍വര്‍ണ്യം അതിക്രൂരവും മനുഷ്യത്വഹീനവുമായ ഒരു വിഭജനതന്ത്രമായിരുന്നു. മനുഷ്യസമൂഹത്തെ വിഭജിച്ചത് ഹിന്ദു ദൈവമായ കൃഷ്ണനാണെന്നാണ് ഗീത സാക്ഷ്യപ്പെടുത്തുന്നത്. അതായത് വിഭജനം മനുഷ്യരുടെ ഗൂഡാലോചനയല്ല മറിച്ച് ദൈവപ്രോക്തമാണ്. അതുകൊണ്ടുതന്നെ അതിനെ ധിക്കരിക്കാനോ ചോദ്യംചെയ്യാനോ പാടില്ല. വര്‍ണവിഭജനം ധാര്‍മ്മികമായി ന്യായീകരിക്കാന്‍ സാധിക്കാത്തതിനാലാണ് അത് ദൈവത്തില്‍ ആരോപിക്കുന്നത്. പിന്നീട് ദൈവത്തിന് പോലും അത് അപമാനകരമാണെന്ന് കാണുമ്പോള്‍ വ്യാഖ്യാനഫാക്ടറി പ്രവര്‍ത്തിപ്പിച്ച് കളിനിയമം മാറ്റാന്‍ ശ്രമിക്കുന്നു. ഇത്രയൊക്കയായിട്ടും ദൈവത്തെ വെളളയടിച്ചെടുക്കാന്‍ സാധ്യമല്ലെന്ന് വരുമ്പോള്‍ വിഭജനത്തിന്റെ 'കര്‍ത്താവും' 'അകര്‍ത്താവും' ദൈവം തന്നെയാണെന്ന മതഫലിതം ഹാജരാക്കുന്നു.

ചാതുര്‍വര്‍ണ്യം ഹോമോ സേപിയന്‍സിനിടയിലെ വിഭജനം തന്നെയാണ് ലക്ഷ്യമിടുന്നത്. തര്‍ക്കമറ്റ സംഗതിയാണത്. കാരണം സംഖ്യാപരമായി നോക്കിയാല്‍ ഒന്നല്ലത്തതെന്തും വിഭജിതമായ അവസ്ഥയെ ദ്യോതിപ്പിക്കുന്നു. അവിടെനിന്ന് തന്നെ തുടങ്ങാം. സമാന സ്പീഷിസാണെങ്കിലും മനുഷ്യന്‍ എല്ലാവരും ഒന്നല്ല. തൊഴില്‍പരമായ വിഭജനം യാഥാര്‍ത്ഥ്യമല്ലേ? ഗുണത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനം യാഥാര്‍ത്ഥ്യമല്ലേ? മനുഷ്യരില്‍  
സാത്വിക-രജോ-തമോ ഗുണങ്ങള്‍ എന്നിങ്ങനെ ത്രിഗുണങ്ങളുണ്ടെന്ന് ആരൊക്കെയോ കണ്ടെത്തിയിട്ടുണ്ട്. ഇവ എല്ലാവരിലും ഏറ്റക്കുറച്ചിലോടെ കാണപ്പെടുന്നുവെന്ന് മതവ്യഖ്യാനഫാക്ടറിക്കാര്‍ സമ്മതിച്ചു തരും. മുന്തിയ സാത്വികഗുണമുള്ളവന്‍ ബ്രാഹ്മണന്‍ , രജോഗുണപ്രധാനി ക്ഷത്രിയന്‍ . രജോതമോഗുണങ്ങള്‍ക്ക് മുന്‍തൂക്കം വന്നാല്‍ വൈശ്യന്‍. തമോഗുണവും പ്രാകൃത വാസനകളുമുള്ളവന്‍ ശൂദ്രന്‍ . ഈ 'ഗുണപരിശോധന' എങ്ങനെ നടത്തുന്നുവെന്നോ അതിന്റെ മാനദണ്ഡമെന്തെന്നോ ഉള്ള ബ്രഹ്മരഹസ്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. 'ഗുണോമീറ്റര്‍ 'ബ്രാഹ്മണന്റെ പക്കലാണെന്ന് മാത്രമേ മറ്റുള്ളവര്‍ക്കറിയൂ.

വക്രീകരിച്ച വിപരീതയുക്തിയിലൂടെ (reverse logic) ഗുണനിര്‍ണ്ണയം നടത്തുന്നതായാണ് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാനാവുക. അതായത് 
സാത്വികഗുണമുളളവരെല്ലാം ബ്രാഹ്മണര്‍ എന്ന യുക്തി നേരെ തിരിച്ചിട്ട് ബ്രാഹ്മണരെല്ലാം സ്വാത്വിക ഗുണമുള്ളവര്‍ എന്ന ശാസനം നിര്‍മ്മിതമാകുന്നു. മറ്റുള്ള വര്‍ണ്ണങ്ങളുടെ കാര്യവും അങ്ങനെതന്നെ. ബ്രാഹ്മണന് സ്വാത്വികഗുണവും സ്വാത്വിക കര്‍മ്മങ്ങളുമാണ് വിധിച്ചിട്ടുള്ളതെന്നാണ് വാസ്തവത്തില്‍ ഗീതാകാരന്‍ പറയുന്നത്. പക്ഷെ അതിനെ വക്രീകരിച്ച് പ്രസ്തുത ഗുണവും കര്‍മവും ആധാരമാക്കിയാണ് ബ്രാഹ്മണനെ നിര്‍ണ്ണയിക്കുന്നതെന്ന വ്യാഖ്യാനം വിറ്റഴിച്ച് മതത്തെ വെള്ളപൂശാന്‍ കാവിചിത്തര്‍ ബദ്ധപ്പെടുന്നു. അങ്ങനെയായിരുന്നെങ്കില്‍ ബ്രാഹ്മണര്‍ക്കിടയില്‍ സദാ 'അബ്രാഹ്മണരും' ഉണ്ടായിക്കൊണ്ടിരിക്കണം. എന്നാല്‍ ഒരിക്കലും അങ്ങനെ സംഭവിക്കുന്നില്ല.

"ഗുണ'വാദം എത്ര അസംബന്ധമാണെന്നറിയാന്‍ ഓരോ മനുഷ്യനും സ്വന്തം ജീവിത്തതില്‍ കടന്നുപോകുന്ന വികാര-വിചാര ക്രിയകളുടെ ആകത്തുക പരിശോധിച്ചാല്‍ മതിയാകും.
സാത്വിക-രജോ-തമോ ഗുണങ്ങള്‍ ഏവരിലുമുണ്ടല്ലോ. ഒരു ദിവസത്തില്‍ തന്നെ ചില സമയങ്ങളില്‍ ചിലവ പ്രകടമാകും. ചില സന്ദര്‍ഭങ്ങളില്‍ ഒരെണ്ണം സ്ഥായീഭാവം ആര്‍ജ്ജിക്കുമെങ്കില്‍ മറ്റൊരു അവസ്ഥയില്‍ മറ്റൊന്നിനായിരിക്കും മുന്‍തൂക്കം. ജീവന്‍ അപകടത്തിലാകുമ്പോള്‍ ഏതൊരു സാത്വികനും രജോഗുണവും തമോഗുണവുമൊക്കെ താനെ വരും.'തനിക്കൊണം' എന്നൊക്കെ നാട്ടുഭാഷയില്‍ പറയുന്നതും മറ്റൊന്നല്ല. മാനസികമാന്ദ്യം ബാധിച്ച ചിലരില്‍ രോഗവസ്ഥയായി പ്രത്യക്ഷപ്പെട്ടേക്കാമെങ്കിലും ജീവിതാവസാനം വരെ ഏതെങ്കിലും ഒരു ഗുണത്തിന് മാത്രം പ്രാമുഖ്യം എന്ന അവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യര്‍ ഏറെയുണ്ടാവില്ല. ഗുണം ബാഹ്യലോകവുമായുള്ള മനുഷ്യന്റെ പ്രതികരണത്തിന്റെ ഭാഗമായി സംജാതമാകുന്ന ഒന്നാണ്. സന്ദര്‍ഭവും സാഹചര്യവും മാറുമ്പോള്‍ ഗുണവും മാറും. അങ്ങനെ മാറിയെങ്കിലേ മനുഷ്യന്‍ എന്ന സ്പീഷിസിന് അതിജീവിക്കാനാവൂ. 

പുരാണകഥാപാത്രമായ പരശുരാമനില്‍ ഏത് ഗുണമാണ് പ്രകടം? ചിലപ്പോള്‍ അദ്ദേഹം സാത്വികനാണ്, ചിലപ്പോള്‍ രജോഗുണമയനാണ്, മറ്റുചിലപ്പോള്‍ തമോഗുണപ്രധാനിയും. വിശ്വാമിത്രനിലും വിഭാണ്ഡകനിലും ത്രിഗുണങ്ങളും മിന്നിമറയുന്നുണ്ട്. ഏവരുടേയും കാര്യമിതുതന്നെ. സംതുലിത മാനസികാവസ്ഥയുള്ള ഏതൊരു മനുഷ്യനിലും അതങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. സ്വാത്വികനില്‍ കാട്ടാളനും കാട്ടാളനില്‍ സാത്വികനുമുണ്ട്. അനുകൂല സാഹചര്യങ്ങളില്‍ മനുഷ്യഗുണങ്ങള്‍ ഓന്തിന് നിറമെന്നപോലെ പ്രത്യക്ഷമാകുന്നു.

'ഗുണനിര്‍ണ്ണയപരീക്ഷണം' നടത്തുമ്പോള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഭിന്നഫലം ലഭിക്കാനിടയുണ്ടെന്ന് സാരം. ഏവരിലും അടിസ്ഥാനഗുണങ്ങള്‍ സഹജമാണെന്നിരിക്കെ ഗുണത്തിന്റെ പേരില്‍ മനുഷ്യകുലത്തെയാകെ വ്യത്യസ്ത കള്ളികളിലായി വിഭജിച്ച് ഒരു കൂട്ടരെ തമ്പുരാന്‍മാരാക്കുന്നത് വാസ്തവത്തില്‍ തൊഴില്‍പരമായ വിഭജനത്തെക്കാള്‍ അധമമാണ്. മാത്രമല്ല സദാ മാറിമറിയുന്ന ഒരു മാനദണ്ഡത്തെ ആധാരമാക്കി നടത്തുന്ന വിഭജനത്തിന് ആയുസ്സേറെയില്ല. ഗുണനിര്‍ണ്ണയപരിശോധനയില്‍ അമ്പത് ശതമാനം
സാത്വികം-അമ്പത് ശതമാനം രജോഗുണം എന്നൊരു ഫലം എല്ലാ ലബോറട്ടറികളും കൊണ്ടുവന്നാല്‍ ആ വ്യക്തിക്ക് കൊടുക്കാന്‍ വര്‍ണമില്ലാതെയും വരാം!

തൊഴില്‍പരമായ വിഭജനത്തിന്റെ കാര്യമെടുത്താല്‍ അവിടെയും കാര്യങ്ങള്‍ സമാനമാണ്. സമത്വബോധത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തില്‍ ഇന്നയിന്ന വ്യക്തികള്‍ക്കും അവരുടെ അനന്തര അവകാശികള്‍ക്കുമേ ഇന്നയിന്ന തൊഴില്‍ ചെയ്യാനാവൂ എന്ന അവസ്ഥ വരുന്നത് നീതിനിഷേധമാണ്. ഡോക്ടറുടെ തൊഴില്‍ ചെയ്യുന്നവരെ ഡോക്ടറെന്ന് വിളച്ചാല്‍ പോരെ? അതോ ഡോകടര്‍ എന്നു 'വിളിക്കപ്പെടുന്നവര്‍ക്ക്' മാത്രമേ ഡോക്ടര്‍ജോലി ചെയ്യാവൂ എന്ന് ശാഠ്യം പിടിക്കണോ? ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ള മേഖലകളില്‍ വ്യാപരിക്കാനും തൊഴില്‍ ചെയ്യാനും അവകാശമുണ്ടെന്ന് അംഗീകരിക്കപ്പെടണം. അവിടെയെന്തിന് വര്‍ണഭേദ കല്‍പ്പന?
വിദ്യ അഭ്യസിപ്പിക്കുന്നവന്‍  അധ്യാപകന്‍ , ചികിത്സിക്കുന്നവന്‍ ഭിഷ്വഗ്വരന്‍ എന്നിങ്ങനെയല്ലേ കാണേണ്ടത്? എന്നാല്‍ അതാണോ ചാതുര്‍വര്‍ണ്യം?! ഒരിക്കലുമല്ല. ചാതുര്‍വര്‍ണ്യം ഇല്ലെങ്കിലേ മേല്‍പ്പറഞ്ഞ തൊഴില്‍ വിഭജനം സാധ്യമാകൂ. ഏതൊരു സമൂഹത്തില്‍ ലളിതമായും അനായാസമായും ചെയ്യാവുന്ന ജോലികളും കഠിനവും ശ്രമകരവുമായ ജോലികളുമുണ്ട്. ബൗദ്ധികജോലികളും കായികജോലികളുമുണ്ട്. ഉയര്‍ന്ന ജോലികള്‍ കുറച്ചുപേര്‍ക്ക് മാത്രമായി സംവരണം ചെയ്യുകയും മറ്റുള്ളവരെ അങ്ങോട്ട് അടുപ്പിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അത് തൊഴില്‍വിഭജനത്തിന്റെ പരിധിയില്‍ നിന്ന് പുറത്തുകടന്ന് വര്‍ണവിവേചനമായി അധ:പതിക്കുന്നു.

ഇനി, തൊഴില്‍പരമായി ആണെങ്കില്‍പോലും പരമ്പരാഗതമായി ജനങ്ങളെ ചാപ്പയടിച്ച് സങ്കലനം സാധ്യമല്ലാത്ത രീതിയില്‍ വേര്‍തിരിക്കുന്നത് അധമപ്രവര്‍ത്തി തന്നെ. തോട്ടിയുടെ തുടര്‍തലമുറകള്‍ തോട്ടിപ്പണി തന്നെ ചെയ്യണമെന്ന വാശി വെച്ചുപൊറുപ്പിക്കാവുന്നതല്ല. അദ്ധ്യാപകന്റെ തുടര്‍തലമുറകള്‍ മന്ദബുദ്ധികളായാലും അദ്ധ്യാപനവേലയേ സ്വീകരിക്കു എന്ന നിബന്ധനയാണിവിടെ വരുന്നത്. എന്തുകൊണ്ട് അവര്‍ക്ക് തോട്ടിപ്പണിയോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും ജോലിയോ ചെയ്തുകൂടാ?

ഗുണപരമായ വിഭജനമായാലും ഇതേ പ്രശ്‌നമുണ്ട്. ഗുണത്തിന്റെ അടിസ്ഥാനത്തില്‍ ഒരിക്കല്‍ വേര്‍തിരിക്കപ്പെട്ട ഒരു ജനതയില്‍ പില്‍ക്കാലത്ത് അവരില്‍ ആരോപിക്കപ്പെടുന്ന ഗുണത്തിന് പ്രാമുഖ്യമില്ലാത്ത നിരവധി പേരുണ്ടാവുക സ്വഭാവികമാണ്. സ്വാത്വികഗണത്തില്‍ തമോഗുണസമ്പന്നരും തമോഗുണപ്രാമുഖ്യമുള്ള വര്‍ഗ്ഗത്തില്‍ രജോഗുണവും സ്വാത്വികഭാവവും പേറി നടക്കുന്നവരും ധാരാളമുണ്ടാകാം. പക്ഷെ ഉത്തമഗുണം എത്ര അധികരിച്ചാലും തമോഗുണക്കാരന്‍ വര്‍ണവ്യതിയാനത്തിന് വിധേയനാകുന്നില്ല. അങ്ങനെയൊന്ന് ഒരിക്കലും എങ്ങും സംഭവിച്ചിട്ടില്ല. വര്‍ണനിര്‍ണ്ണയിത്തിന് 'ഗുണം' ഒരിക്കലും ആധാരമായി നിലകൊണ്ടിട്ടില്ല എന്നതാണതിന് കാരണം. യഥാര്‍ത്ഥ മാനദണ്ഡമായ ജനനം തമോഗുണക്കാരന് ഒരിക്കലും ആര്‍ജ്ജിക്കാനാവില്ല. പച്ചയായി പറഞ്ഞാല്‍ തമോഗുണക്കാരന്‍ എന്നും തമോഗുണക്കാരന്‍ തന്നെ. 'കര്‍മ്മ'വും 'ഗുണ'വുമൊന്നും അവന് ഗുണപ്രദമാകില്ല. കാരണം അവന്‍ 'തമോഗുണ ജീനു'കള്‍ മാത്രമാണ് ഭാവിതലമുറകളിലേക്ക് കൈമാറുന്നത്!!

ആദ്യത്തെ
സാത്വികഗുണസമ്പന്നന്റെ തുടര്‍ തലമുറകളെല്ലാം സ്വാത്വികപ്രധാനികളാണെന്ന് ഏത് ഭഗവാന്‍ വാദിച്ചാലും അത് ശുദ്ധ അസംബന്ധം തന്നെയാണ്. ബ്രാഹ്മണ ഗൂഡാലോചനയുടെ ഭാഗമായി അടിച്ചമര്‍ത്തപ്പെട്ട ജനതയ്‌ക്കെതിരെ നടത്തപ്പെടുന്ന തുടര്‍ഗൂഡാലോചന തന്നെയാണത്. തൊഴില്‍വിഭജനം മതേതരമായ കാരണങ്ങള്‍കൊണ്ടുതന്നെ ഏതൊരു സമൂഹത്തിലും അനിവാര്യമായി സംഭവിക്കുന്ന വിഭാഗീയതയാണ്. സമത്വബോധത്തില്‍ അധിഷ്ഠിതമായ ഏതൊരു സമൂഹത്തിലും തൊഴില്‍ വിഭജനമുണ്ടാകും. പക്ഷെ അവിടെ എല്ലാത്തരം തൊഴിലിനും അന്തസ്സും മാന്യതയുമുണ്ടാവും. തൊഴിലിന്റെ അടിസ്ഥാനത്തില്‍ സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ ഉണ്ടാകില്ല. തൊഴില്‍വിഭജനം ഒരിക്കലും ശ്വാശ്വതമാകാന്‍ പാടില്ല. ആര്‍ക്കും ഏത് ജോലി ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യമുണ്ടാകും. തൊഴിലാളിക്ക് തന്റെ പരിഗണകള്‍ ഇഷ്ടം പോലെ മാറ്റി മറിക്കാനാവണം. 


എന്നാല്‍ ചാതുര്‍വര്‍ണ്യത്തില്‍ അതിന് കഴിയില്ലെന്ന് മാത്രമല്ല അത് നിരോധിക്കാന്‍ തന്നെയാണ് ചാതുര്‍വര്‍ണ്യം നിര്‍മ്മിക്കപ്പെട്ടത്. അപവാദമായി മേല്‍ത്തട്ടില്‍ ചുരുക്കം ചില ബ്രാഹ്മണ-ക്ഷത്രിയ കൊടുക്കല്‍ വാങ്ങലുകള്‍ സംഭവിച്ചുണ്ടാകാമെങ്കിലും തൊഴില്‍മാറ്റം ചാതുര്‍വര്‍ണ്യം സമ്പൂര്‍ണ്ണമായും നിരാകരിക്കുകയാണ്. ശമം, ദമം, തപം തുടങ്ങിയ 'ലൊട്ടുലൊടുക്ക്‌ 'പണികളൊക്കെയാണ് ബ്രാഹ്മണന്. പാറപ്പണിയും തോട്ടിപ്പണിയും കൃഷിയുമൊന്നും അവന്‍ ചെയ്യില്ല, അവന്റെ ഭാവിതലമുറകളും ചെയ്യില്ല. ഈ ഗൂഡാലോചനയ്ക്ക് ദൈവം എന്ന അമാനുഷിക കഥാപാത്രത്തിന്റെ കയ്യൊപ്പ് വാങ്ങാനാണ് ഗീതാകാരന്‍ ലക്ഷ്യമിട്ടത്.

ചാതുര്‍വര്‍ണ്യം കേവലമായ ഒരു വിഭജനമല്ല. വിഭജിത വിഭാഗങ്ങള്‍ക്കിടയിലുള്ള വര്‍ണസങ്കലനം അനുവദിക്കുന്നില്ല എന്നതാണ് ചാതുര്‍വര്‍ണ്യത്തിന്റെ മര്‍മ്മം. അത് ഉറപ്പുവരുത്തുന്ന ദൗത്യമാണ് ഗീതാദൈവം നിര്‍വഹിക്കുന്നത്. തൊഴില്‍വിഭജനമോ കര്‍മ്മവിഭജനമോ രക്തഗ്രൂപ്പ് വഴിയുള്ള വിഭജനമോ എന്തുമായിക്കൊള്ളട്ടെ, വിഭജനശേഷം കര്‍മ്മംകൊണ്ടോ ഗുണം കൊണ്ടോ വര്‍ണ്ണം മാറാന്‍ അനുവദിച്ചാല്‍ ഇത്തരം വിഭജനങ്ങള്‍ പ്രയോഗികലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടായിരുന്നുവെന്ന് വാദിച്ചുനില്‍ക്കുകയെങ്കിലും ചെയ്യാം. പക്ഷെ ഗുണം, കര്‍മ്മം തുടങ്ങിയവ മാനദണ്ഡങ്ങളായി പരിഗണിച്ചാല്‍ വര്‍ണവിഭജനം അപ്പാടെ തകിടം മറിയുമെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതിയാകും. അങ്ങനെയായാല്‍ വര്‍ണവിഭജനം നിലവില്‍ വരാന്‍ പ്രയാസമില്ലെങ്കിലും പെട്ടെന്നുതന്നെ വര്‍ണസങ്കലനം അനിവാര്യമായും കടന്നുവരും. കുറഞ്ഞ കാലയളവിനിടയില്‍ വര്‍ണഭേദം തിരിച്ചറിയാനാവാത്തവിധം അപ്രത്യക്ഷമാകുകയും ചെയ്യും.

അപ്പോള്‍ വര്‍ണവ്യതിരിക്തത സംരക്ഷിക്കാന്‍ ഒരു മാര്‍ഗ്ഗം മാത്രമേയുള്ളുവെന്ന് തെളിയുന്നു. അത് ജനനം എന്ന മാനദണ്ഡം മാത്രമാണ്. അതുതന്നെയാണ് മാറാത്ത മാനദണ്ഡം;അതുതന്നെയാണ് കൃത്യമായും ഭാരതത്തില്‍ പിന്തുടരപ്പെട്ടതും;അതുതന്നെയാണ് മനുവും ഗീതയും ഉദ്‌ഘോഷിക്കുന്നതും. അവിടെയൊന്നും വ്യാഖ്യാനങ്ങള്‍ക്ക് യാതൊരു പഴുതുമില്ല. യാഥാര്‍ത്ഥ്യം എഴുതി ഇല്ലാതാക്കാനാവില്ല. ഗോള്‍പോസ്റ്റ് മാറികൊണ്ടിരുന്നാല്‍ കളി നടക്കില്ലല്ലോ. ഗുണവും കര്‍മ്മവും മാനദണ്ഡമാക്കിയാല്‍ ഗോള്‍പോസ്റ്റുകള്‍ മാറിമറിയും. 'ഗുണകര്‍മ വിഭാഗശ:'എന്നതിന് ഗുണവും കര്‍മ്മവും മാനദണ്ഡമാക്കിയിരിക്കുന്നു എന്ന കൃത്രിമമായ അര്‍ത്ഥം ആരോപിച്ചാല്‍ ഈ രണ്ട് മാനദണ്ഡങ്ങളില്‍ ഏതിനാണ് പ്രാമുഖ്യം എന്ന ചോദ്യമുയരും. ഗുണം ഉള്ളയാള്‍ കര്‍മ്മം അനുഷ്ഠിക്കണമെന്ന് നിര്‍ബന്ധമില്ലല്ലോ. ഗുണം ഉണ്ടായിരിക്കുകയും കര്‍മ്മം ചെയ്യാതിരിക്കുകയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ?! തിരിച്ചായാല്‍ എന്തു സംഭവിക്കും?! എത്ര ശതമാനം ഗുണം? എത്ര ശതമാനം കര്‍മ്മം? ഗുണകര്‍മ്മങ്ങളുടെ അനുപാതമെന്ത്? വ്യാഖ്യാനതൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്ന ചോദ്യങ്ങള്‍ നിരവധി. പക്ഷെ വര്‍ണഭേദത്തിന് ജനനം മാനദണ്ഡമാക്കിയാല്‍ ഈ വിഷമതകള്‍ അപ്രത്യക്ഷമാകും.

ഗുണം, കര്‍മ്മം തുടങ്ങിയവ സ്ഥായിഭാവമുള്ള മാനദണ്ഡങ്ങളല്ലെന്ന് സുവ്യക്തമാണെന്നിരിക്കെ ഇത്തരം ഉപാധികള്‍ മാനദണ്ഡമാക്കി ചാതുര്‍വര്‍ണ്യം സൃഷ്ടിച്ചുവെങ്കില്‍ പ്രായോഗികബുദ്ധി തീരെയില്ലാത്ത ദൈവമാണ് തങ്ങളുടേതെന്ന് വ്യഖ്യാനഫാക്ടറിക്കാര്‍ നിര്‍ലജ്ജം സമ്മതിക്കുകയാണ്. ഇത്തരം മാനദണ്ഡങ്ങള്‍ വഴിയുള്ള വിഭജനം സ്വീകരിക്കപ്പെട്ടാല്‍ വര്‍ണസങ്കലനം സുസാധ്യമാണെന്ന് നാം കണ്ടു. വര്‍ണം മാറാന്‍ ആര്‍ക്കും സാധിക്കുമെന്ന നില വന്നാല്‍ വര്‍ണവിഭജനം ജലരേഖയാകന്‍ അധികകാലം വേണ്ട. ഇത്ര വലിയ അബദ്ധം പറയുന്ന ആളാണോ സര്‍വജ്ഞനായ ഭഗവാന്‍? സോപ്പില്‍നിന്ന് മാലിന്യം നീക്കാനായി സോപ്പ് കഴുകി കഴുകി അവസാനം പത മാത്രം ബാക്കിയാക്കുന്നവരാണ് വ്യഖ്യാനക്കാരെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റം കണ്ടെത്താനാവില്ലതന്നെ.
മതം മുന്നോട്ടുവെക്കുന്ന മുത്തശ്ശിക്കഥകളൊക്കെ മുള്ളോടെ വെട്ടിവിഴുങ്ങുന്നവര്‍ക്ക് കപട വ്യാഖ്യാനങ്ങള്‍ പരാതികളില്ലാതെ ആഹരിക്കാന്‍ പ്രയാസമുണ്ടാകില്ലെന്ന തിരിച്ചറിവാണ് ഇക്കാലത്തും വ്യാഖ്യാനതൊഴിലാളികളെ ആവേശഭരിതരാക്കുന്നത്.

വര്‍ണവിഭജനത്തിന്റെ മതിലുകള്‍ മറികടക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുന്നതായി പുരാണങ്ങളില്‍ പോലും തെളിവില്ല. യഥാത്ഥലോകത്ത് അത് തീര്‍ത്തും അസാധ്യമായിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്. കൊന്നും കൊലവിളിച്ചും ചോരതുപ്പുന്ന നേത്രങ്ങളുമായി പ്രതികാരദാഹിയായി അലഞ്ഞുനടന്ന് 'ക്ഷത്രിയ ജീവിതം' നയിച്ച പരശുരാമന്‍ എന്ന പുരാണ കഥാപാത്രം എന്നും സ്വാത്വികഗുണപ്രധാനിയായ 'ബ്രാഹ്മണന്‍ ' ആയിതന്നെ അറിയപ്പെട്ടു. ക്ഷത്രിയഗുണം പ്രകടിപ്പിച്ചതുകൊണ്ടോ ക്ഷത്രിയ കര്‍മം അനുഷ്ഠിച്ചതുകൊണ്ടോ ആരും അദ്ദേഹത്തെ 'ക്ഷത്രിയന്‍ ' എന്ന് വിളിച്ചില്ല. വിശ്വാമിത്രന്‍ എന്ന പുരാണകഥാപാത്രം തപസ്സിന്റെ ഉത്തുംഗശൃംഖങ്ങള്‍ കീഴടക്കി
രാജര്‍ഷിയും ബ്രഹ്മര്‍ഷിയും ഒക്കെ ആയിട്ടുണ്ടാവാം. പക്ഷെ വിശ്വമിത്രന്‍ എന്നും ക്ഷത്രിനായിരുന്നു! ക്ഷത്രിയന് തപസ്സിലൂടെ നേട്ടമുണ്ടാക്കാനായിതിന്റെ അത്യപൂര്‍വ ഉദാഹരണമായി വിശ്വാമിത്രന്‍ പരിമിതപ്പെട്ടു. തമോഗുണങ്ങളും മൃഗീയചോദനകളും സദാ പ്രകടമാക്കുന്ന ദുര്‍വാസാവാകട്ടെ ജീവിതാവസാനം വരെ സാത്വികഗുണപ്രധാനിയായ ബ്രാഹ്മണനായിരുന്നു. ഇവിടെയെല്ലാം ജന്മം തന്നെയാണ് വിധി നിര്‍ണ്ണയിക്കുന്നതെന്ന് കാണാന്‍ വിഷമമില്ല. ഭാവനാകഥാപാത്രങ്ങള്‍ പോലും അതില്‍നിന്ന് മുക്തരല്ലെങ്കില്‍ സാമാന്യജനത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

വര്‍ണവിഭജനത്തിന്റെ കര്‍ത്താവ് മാത്രമല്ല 'അകര്‍ത്താവ്' കൂടിയാണ് താന്‍ എന്ന വിചിത്രവാദവും ഗീതാദൈവം ഉയര്‍ത്തുന്നുണ്ട്. അതായത് വെട്ടി മുറിച്ചിട്ട് കൂട്ടിച്ചേര്‍ക്കുന്ന പണി. പക്ഷെ ക്ഷമിക്കണം, ഈ കൂട്ടിച്ചേര്‍ക്കല്‍ സാങ്കല്‍പ്പികമാണ്. യാഥാര്‍ത്ഥമായിട്ടുള്ളത് വെട്ടിമുറിക്കല്‍ മാത്രമാണ്. അതുകൊണ്ട് ആര്‍ക്കെന്ത് ഫലം എന്ന ചോദ്യമരുത്. വര്‍ണവിഭജനം മാത്രമാണ് യഥാര്‍ത്ഥലോകത്ത് മനുഷ്യന്‍ അനുഭവിക്കേണ്ടത്. ബാക്കിയൊക്കെ യക്ഷിക്കഥകളാണ്. സ്വര്‍ഗ്ഗീയ ഹൂറിമാരുടെ എണ്ണമോര്‍ത്തല്ല മറിച്ച് അനിഷേധ്യമായ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ് മനുഷ്യമനസ്സിനെ പ്രയാസപ്പെടുത്തുന്നത്. അതിനാണ് പരിഹാരം വേണ്ടത്. ഒരു കൃത്യം ചെയ്യുന്നവന്‍ താനത് ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്‌തെന്ന് വാദിച്ചാല്‍ നിയമവ്യവസ്ഥയുടെ ഗതി എന്തായിരിക്കും?! കൊല ചെയ്തതും സംരക്ഷിച്ചതും താനാണെന്ന് പറയുന്ന ഒരാളെ നാമെങ്ങനെ കൈകാര്യം ചെയ്യും? സാമാന്യബുദ്ധിയെ പരിഹസിക്കാന്‍ ഭഗവാന് സവിശേഷ അധികാരമുണ്ടെന്ന മതനിലപാട് മറ്റുള്ളവര്‍ക്ക് ബാധകമല്ല. ദൈവത്തിന് എന്തും പറയാമെന്ന ഉദാരനിലപാട് സ്വീകരിക്കേണ്ട ബാധ്യത മതവാദികള്‍ക്ക് മാത്രം.

എല്ലാ വര്‍ണങ്ങളും ഭഗവല്‍പ്പാദം പൂകുന്നതോടെ വര്‍ണവ്യത്യാസങ്ങള്‍ റദ്ദ് ചെയ്യപ്പെട്ട് എല്ലാവരും ഒന്നായിത്തീരുന്നുവെന്ന് ഒരു വ്യാഖ്യാനമുണ്ട്. അതായത് മരിച്ചു കഴിഞ്ഞ് സിദ്ധിക്കുന്ന അപൂര്‍വ ഭാഗ്യത്തിനായി മര്‍ദ്ദിതന്‍ ജീവിതത്തില്‍ പരാതികളില്ലാതെ കാത്തിരിക്കണം. ജീവിതയാഥാര്‍ത്ഥ്യമായ വര്‍ണവിഭജനം മരിച്ച് കിട്ടിയാല്‍ രക്ഷപെടുത്തിത്തരാം എന്ന ഗീതദൈവത്തിന്റെ വാഗ്ദാനം അപഹാസ്യമാണ്. ഇതിനെയാണ് പൊതുവെ നാം സ്വര്‍ഗ്ഗീയസോഷ്യലിസമെന്ന് പറയുന്നത്.
 

പരമാത്മാവുമായുള്ളൊരാത്മബന്ധം


മറ്റൊരു വ്യാഖ്യാനം ആത്മാവ്-പരമാത്മാവ് സങ്കലനമാണ്. ഇതും ഫലത്തില്‍ സ്വര്‍ഗ്ഗീയസോഷ്യലിസം തന്നെ. കാരണം ഇവിടെയും 'വിളവെടുപ്പ്' നടത്താന്‍ മരിച്ചേ മതിയാകൂ. ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരിക്കലും അറിയാനാവാത്തതിനാലും മരണപ്പെട്ടവര്‍ തിരിച്ച് വന്ന് പരാതി പറയില്ലെന്ന് ഉറപ്പുള്ളതിനാലും മരണാനന്തര മതവാഗ്ദാനങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ കഥയില്ല. പരമാത്മസിദ്ധാന്തം എന്നൊക്കെ പറഞ്ഞുകേള്‍ക്കമ്പോള്‍ വലിയ ബൗദ്ധിക വ്യായാമമായി തോന്നാം. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതെന്തോ അതാണ് പരമാത്മാവ്. അതുതന്നെയാണ് ഫലത്തില്‍ ബ്രഹ്മം. അതല്ലാതെ മറ്റൊന്നുമില്ല. എല്ലാം അതില്‍ നിന്ന്...എല്ലാം അതിലേക്ക്...ഇങ്ങനെപ്പോകുന്നു പ്രഖ്യാപനങ്ങള്‍. ഈ പരമാത്മാവിന്റെ ഒരംശമാണ് നമ്മില്‍ വിളങ്ങുന്ന ജീവാത്മാവ്. അതാണത്രെ നമ്മിലെ ജീവന്‍ അഥവാ കര്‍മചൈതന്യം. ശരീരം നശിക്കുമ്പോള്‍ ഈ ജീവാത്മാവ് പരമാത്മാവിലേക്ക് മടങ്ങുന്നു. അതിന് മരണമില്ല, ജനനമില്ല, നനയ്ക്കാനാവില്ല, മുറിക്കാനാവില്ല, കരിക്കാനാവില്ല, ഉണക്കാനാവില്ല...അങ്ങനെ യാതൊരഭ്യാസവും സാധ്യമല്ല. ജീവാത്മാവും പരമാത്മാവും ഫലത്തില്‍ ഒന്നുതന്നെ. രണ്ടായി തോന്നുന്നത് മായ മൂലമാണ്. മായ ഉണ്ടാകുന്നത് അവിദ്യ മൂലവും.. ഇതൊക്കെയാണ് മരണാനന്തര ജീവിതം സംബന്ധിച്ച മതഭാവന.

പരമാത്മാവ് നമ്മുടെ അവിദ്യയില്‍ പ്രതിഫലിക്കുന്നതാണത്രെ ഈ പ്രപഞ്ചം. ശാസ്ത്രീയമായി തന്നെ ഇക്കാര്യം തെളിയിച്ചിട്ടുള്ളതാണ് എന്നൊന്നും മതം പറയുന്നില്ല. സംഗതി സത്യമാണ്, വേണമെന്നുള്ളവര്‍ വിശ്വസിച്ചാല്‍ മതി! പ്രപഞ്ചം തന്നെ ഒരു മായയാകുന്നു. തമോഗുണം, രജോഗുണം,
സാത്വികഗുണം എന്നിങ്ങനെ മൂന്ന് ഗുണങ്ങളാണ് അവിദ്യക്കുള്ളത്. പക്ഷെ പരമാത്മാവിന് ഈ ഗുണങ്ങളൊന്നുമില്ല. അതായത് സംഗതി നൂറ് ശതമാനം നിര്‍ഗുണമാണ്.'നിര്‍ഗുണ പരബ്രഹ്മം' എന്നൊക്കെ സിനിമാപ്പാട്ടില്‍ മുഴങ്ങുന്ന പ്രപഞ്ചസത്യം ഇതാണ്. പരമാത്മവ് നിര്‍ഗുണമാണെങ്കില്‍ ജീവിച്ചും ഭജിച്ചും അവസാനം നിര്‍ഗുണമായി തീരാനാണോ ഭക്തന്റെ വിധി എന്നൊന്നും ചോദിക്കരുത്.

എന്തിനാണ് ഗുണവും മണവുമൊക്കെ? ഇതൊന്നുമില്ലാത്ത അവസ്ഥ എത്ര സമ്മോഹനമായിരിക്കുമെന്ന് ഒന്നാലോചിച്ചുനോക്കൂ. ഗുണവുമില്ല മണവുമില്ല, സുഖവുമില്ല, ദു:ഖവുമില്ല, അല്ലലില്ല, അലച്ചിലില്ല...ആകെ മൊത്തെം അടിപൊളി ഓഫര്‍ ! 

പരമാത്മവിലെത്തിയാല്‍ കര്‍മബന്ധനത്തില്‍ നിന്ന് സമ്പൂര്‍ണ്ണ മോചനമായി. അതില്‍പ്പിന്നെ ജനിച്ചും മരിച്ചും ബുദ്ധിമുട്ടേണ്ടതില്ല. ജനിക്കുന്നതു കൊണ്ടാണല്ലോ മരിക്കുന്നത്! മരിക്കുന്നത് കാരണം പുനര്‍ജനിക്കുകയും ചെയ്യുന്നു! 


പരമാത്മാവ് നിര്‍ഗുണവും ജീവാത്മാവ് സഗുണവുമാണല്ലോ. സഗുണം എന്ന് പറയുന്നത് ത്രിഗുണം തന്നെ(സാത്വികഗുണം ബ്രാഹ്മണനും രജോഗുണം ക്ഷത്രിയനും തമേഗുണം ശൂദ്രനും രജോ-തമോഗുണ സങ്കലനം വൈശ്യനും). ജീവാത്മാവ് ആദ്യം പരമാത്മാവിന്റെ ഭാഗമായിരുന്നു-അപ്പോള്‍ അത് നിര്‍ഗുണമായിരുന്നു. ഭൂമിയില്‍ ജന്മമെടുക്കുന്നതോടെ അതില്‍ കലര്‍പ്പുണ്ടാകുന്നു, സഗുണമാകുന്നു. ഗുണത്തെ ആധാരമാക്കി ഭഗവാന്‍ വര്‍ണവ്യവസ്ഥയുണ്ടാക്കി. മരണശേഷം ജീവാത്മാവ് പരമാത്മാവുമായി ലയിക്കുമ്പോള്‍ വീണ്ടും ഗുണം നഷ്ടപ്പെട്ട് നിര്‍ഗുണമാകും. അവിടെപ്പിന്നെ വര്‍ണഭേദം ഇല്ല. ഇതാണ് ഗീതാകാരന്‍ പറഞ്ഞുവെക്കുന്നത്‌. പക്ഷെ അറിയുക, എല്ലാ ജീവാത്മാവും മരണശേഷം നേരിട്ട് പരമാത്മാവില്‍ ലയിക്കുന്നില്ല. മിക്കവയും കര്‍മപാശത്തില്‍ (The Law of Karma)കുരുങ്ങി നായായും നരിയായും ലക്ഷക്കണക്കിന് 'ജന്മങ്ങള്‍' (births) വീണ്ടും എടുക്കേണ്ടി വരുമത്രെ. അങ്ങനെയെങ്കില്‍ ഗുണവും വര്‍ണവും നീക്കം ചെയ്തുകിട്ടാന്‍ ലക്ഷക്കണക്കിന് ജന്മങ്ങള്‍ കാത്തിരിക്കേണ്ടി വരുമത്രെ. നോക്കണേ സിദ്ധാന്തത്തിന്റെ പോക്ക്!

'പാപയോനി'യില്‍ (അതായത് താഴ്ന്ന വര്‍ണക്കാര്‍ക്ക്) പിറക്കുന്നവര്‍ക്കാണ് ഈ ശിക്ഷയൊക്കെ. സിദ്ധാന്തമനുസരിച്ച് ദ്വിജരില്‍ ഭൂരിഭാഗവും വിഷമമില്ലാതെ പരമാത്മാവില്‍ വിലയം കൊള്ളും. ജീവിതകാലത്ത് മാത്രമല്ല മരണശേഷവും കീഴാളനെ കഠിനമായി ശിക്ഷിക്കുമെന്ന് വ്യവസ്ഥ ചെയ്തിട്ടുളള സിദ്ധാന്തമാണ് ചാതുര്‍വര്‍ണ്യമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ബ്രാഹ്മണന് ജീവിതത്തില്‍ മാത്രമല്ല മരണശേഷവും കാര്യങ്ങള്‍ എളുപ്പമാണ്. ഭൂമിയില്‍ നരകിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ മെച്ചപ്പെട്ട സ്ഥാനം കിട്ടുമെന്ന ക്രൈസ്തവ
നിലപാട് പോലും ഇതിലും മനുഷ്യത്വമുഖമുള്ള മതസിദ്ധാന്തമാണ്. ഭൂമിയിലും മരണാനന്തരവും(?) ബ്രാഹ്മണനാണ് തമ്പുരാന്‍ ! പരമാത്മാവില്‍ വിലയം പ്രാപിച്ച് മൊത്തത്തില്‍ നിര്‍ഗുണമായി കഴിഞ്ഞാല്‍ എല്ലാറ്റിനും ശാശ്വത പരിഹാരമായി. ജീവിതം അതിന് മുമ്പില്‍ ഒന്നുമല്ല. പക്ഷെ ഈ വാചകമടിക്കുന്ന ദാര്‍ശനികപ്രഭുവായ മതഭക്തന്‍ ഏറ്റവുമധികം ഭയക്കുന്നത് മൃത്യുവിനെയാണ്!! ജീവിതം വിട്ടൊഴിയുന്ന കാര്യം ചെറുതായൊന്ന് സൂചിപ്പിച്ച് നോക്കൂ, പരമാത്മാവില്‍ വിലയം പ്രാപിക്കാനായി മതാരാധന നടത്തുന്ന അവന്‍ ഭയക്രാന്തനായി അലറിവിളിക്കും. ഭഗവാന്‍ അങ്ങനെ പലതും പറയും, ഉയിര് വിട്ടൊരു കളിയില്ല!!!

വര്‍ണവിഭജനം നടത്തിയെങ്കിലും ജീവാത്മാക്കള്‍ ചെയ്യുന്ന വിക്രിയകള്‍ക്ക് പരമാത്മാവ് ഉത്തരവാദിയല്ലെന്ന് ചിന്മയാനന്ദ സ്വാമിയൊക്കെ വ്യാഖ്യാനിച്ചിട്ടുണ്ട്. പഴയ ഒരു വിശദീകരണം തന്നെയാണിത്. തീവണ്ടിയില്‍ സഞ്ചരിക്കുന്ന മനുഷ്യരെപ്പോലെയാണത്രെ പരമാത്മാവ്. തീവണ്ടി ഇരമ്പി പായുമ്പോഴും യാത്രക്കാരന്‍ ചലിക്കുന്നില്ല. അവന്‍ ചിലപ്പോള്‍ ചുരുണ്ടു കിടന്ന് ഉറങ്ങുകയായിരിക്കും. ജീവാത്മാവും ശരീരവുമൊക്കെ ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ക്ക് പരമാത്മാവ് ഉത്തരവാദിയല്ലെന്ന് സാരം. വെടിവെച്ചാല്‍ തോക്കിനെതിരെ കേസെടുത്തുകൊള്ളണമെന്നാണ് ഇവിടെ ഭഗവാന്റെ ലൈന്‍. കാരണം കൃത്യം നിര്‍വഹിക്കുന്നത് തോക്കാണ്. വേറാര്‍ക്കും അതില്‍ പങ്കില്ല! പക്ഷെ കൃത്യം ചെയ്യുന്നുവെന്നും അത് അസാധുവാക്കുന്നുവെന്നും ഒരേസമയം ആണയിടുന്ന ഭഗവാന്‍ പ്രസക്തമായ ഒരു കാര്യം തുറന്നുപറയുണ്ട്. അതായത് കൃത്യം 
ചെയ്തത് താന്‍ തന്നെയാണ്!
Alan Sokal


തീവണ്ടി ഇരമ്പിപ്പായുമ്പോള്‍ ശരീരത്തിന് ചലനമില്ലെന്ന് പറയാന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് സാധിക്കില്ല. അങ്ങനെയെങ്കില്‍ തീവണ്ടിക്കും ചലനമില്ലെന്ന് പറയേണ്ടിവരും. കാരണം ചക്രങ്ങള്‍ മാത്രമാണ് ചലിക്കുന്നത്! ഒരു തീവണ്ടി ചലിക്കുമ്പോള്‍ അതുമായി ബന്ധിതമായ ഓരോ കണത്തിനും സമാനമായ വേഗത തന്നെയാണുള്ളത്. തനിക്ക് ചലനമില്ലെന്ന് കരുതുന്നവനാണ് മായാബോധത്തിന് അടിപ്പെട്ടവന്‍. പരമാത്മാവിന് ജീവാത്മാവ് ചെയ്യുന്നതുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനായി ഉന്നയിക്കപ്പെടുന്ന ഇത്തരം കഥയില്ലാത്ത ഉപമകള്‍ ആരിലും ചിരി പടര്‍ത്തും. അതല്ല ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുള്ളവര്‍ക്ക് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഗണിതശാസ്ത്ര പ്രൊഫസറായ അലന്‍ സോക്കലിന്റെ (Alan David Sokal, born 1955)വെല്ലുവിളി സ്വീകരിക്കാവുന്നതാണ്. ശാസ്ത്രനിയമങ്ങള്‍ കേവലം ഒരു തലത്തില്‍ നിന്നുള്ള വിശദീകരണങ്ങള്‍ (narratives) മാത്രമാണെന്നും അതില്‍ക്കവിഞ്ഞ ആധികാരികതയൊന്നും അവയ്ക്ക് കല്‍പ്പക്കേണ്ടതല്ലെന്നും സിദ്ധാന്തിക്കുന്ന ശാസ്ത്രപരിഹാസവാദികളായ ഉത്തരാധുനികരെ (Post modernists) അലന്‍ സോക്കല്‍ താന്‍ വസിക്കുന്ന ബഹുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി സ്വന്തം സദ്ധാന്തം തെളിയിക്കാനായി  ആദരപൂര്‍വം ക്ഷണിക്കുന്നുണ്ട്. അതുവഴി ഗുരുത്വബലം സംബന്ധിച്ച ശാസ്ത്രനിയമം(Law of Gravitation) കേവലം ഒരു 'വിശദീകരണം' മാത്രമാണെന്ന് തെളിയാക്കാമല്ലോ! തീവണ്ടിയില്‍ യാത്ര ചെയ്യുന്ന ആള്‍ക്ക് സഞ്ചാരവേഗതയില്ലെന്ന് വിശ്വാസിക്കുന്ന ഗീതഭക്തര്‍ക്ക് ഇതുപോലെ ഒടുന്ന വണ്ടിയില്‍നിന്ന് പുറത്തേക്ക് ചാടി തങ്ങളുടെ വ്യാഖ്യാനം സ്ഥിരീകരിക്കാവുന്നതാണ്.

പൗരോഹിത്യവിരോധം

മതബുദ്ധിജീവകള്‍ പൊതുവില്‍ പൗരോഹിത്യത്തിനെതിരെ ആഞ്ഞടിക്കുന്നതില്‍ ദയ കാണിക്കാത്തവരാണ്. നാസ്തികരെക്കാള്‍ വലിയ ശത്രുക്കളായാണ് അവര്‍ പുരോഹിതരെ കാണുന്നത്! എല്ലാം പൗരോഹിത്യത്തിന്റെ കുഴപ്പമാണ്. തങ്കം പോലുള്ള മതത്തിലെ മൊത്തം കാര്യങ്ങള്‍ അവര്‍ സൗകര്യപൂര്‍വം വളച്ചൊടിച്ചതാണ്, അവരില്ലായിരുന്നുവെങ്കില്‍ മതം മഹത്തരമാകുമായിരുന്നു...എന്നിങ്ങനെയൊക്കെ എഴുതി തിമിര്‍ക്കുന്നവര്‍ ധാരാളം. മതഭക്തര്‍ സ്വകാര്യഭാഷണത്തില്‍ തങ്ങളുടെ പൗരോഹിത്യത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് പൊടിപറത്തും. അവര്‍ക്കില്ലാത്ത ദോഷങ്ങളൊന്നുമില്ല!! അല്‍മായക്കാര്‍ പലപ്പോഴും നാസ്തികരേക്കാള്‍ രൂക്ഷമായി പൗരോഹിത്യവിമര്‍ശനം നടത്താറുണ്ട്. പക്ഷെ പ്രത്യക്ഷത്തില്‍ ഇതേ പുരോഹിതവര്‍ഗ്ഗത്തോട് അവര്‍ കാണിക്കുന്ന കപട ബഹുമാനം വീക്ഷിച്ചാല്‍ തമ്മില്‍ ഭേദം പുരോഹിതരല്ലേ എന്ന് തോന്നിപ്പോകും. പൗരോഹിത്യമില്ലാതെ എന്തു മതം?-പൗരോഹിത്യം മതത്തിലെ മാലിന്യമാണെന്ന് വാദിച്ച് മേനി നടിക്കുന്ന 'അസ്സല്‍ വിശ്വാസികള്‍ ' മറുപടി പറയേണ്ട ലളിതമായ ചോദ്യമാണിത്. എല്ലാ മതവും പൗരോഹിത്യനിര്‍മ്മിതിയാണ്. മതം ആസൂത്രണം ചെയ്യുന്നതും സംരക്ഷിക്കുന്നതും അവരാണ്. മതവളര്‍ച്ചയുടെ ചാലകശക്തിയായ പൗരോഹിത്യം തന്നെയാണ് മതത്തിന് വേണ്ടി എഴുതിക്കൂട്ടുന്നതും വ്യാഖ്യാനിച്ച് മറിക്കുന്നതും. കരിനാഗങ്ങളെപ്പോലെ മതം എന്ന വിഷവസ്തുവിന് കാവല്‍ നില്‍ക്കുന്ന അവരെ അധിക്ഷേപിച്ചുകൊണ്ട് കേമത്തരം നടക്കുന്നവര്‍ അറിയുക, പുരോഹിതന്റെ വാക്കാണ് മതം.

മതത്തിനില്ലാത്ത ഒരു കുഴപ്പവും പൗരോഹിത്യത്തിനില്ല. പൗരോഹിത്യത്തെ തള്ളിപ്പറയുന്നത് പരിഷ്‌ക്കാരി ലേബലൊട്ടിച്ച പല വിശ്വാസികള്‍ക്കും ഹരമാണെങ്കിലും അതിലെ കഥയില്ലായ്മ വളരെ പ്രകടമാണ്. മതന്യൂനതകള്‍ മുഴുവന്‍ പൗരോഹിത്യത്തിന് മേല്‍ കെട്ടിവെച്ച് നല്ല പിള്ള ചമയാനുള്ള അത്യാഗ്രമായി മാത്രമേ അതിനെ കാണാനാവൂ. തുലോം ദുര്‍ലഭമായ മതനന്മകള്‍ സ്വയം അവകാശപ്പെടുകയും വ്യപകമായ മതതിന്മകള്‍ പൗരോഹിത്യത്തില്‍ ആരോപിക്കുകയും ചെയ്യുന്നത് നാണംകെട്ട ഏര്‍പ്പാടാണ്. മതമാലിന്യങ്ങള്‍ മതജന്യമാണ്. അത് പൗരോഹിത്യം മാത്രമായി ജനിപ്പിച്ചവയല്ല. അതിന്റെ വേരുകള്‍ മതത്തില്‍ തന്നെയുണ്ടെന്നറിയണം. പൗരോഹിത്യത്തിന്റെ ഉത്പത്തിയും പരിണാമവുമാണ് വാസ്തവത്തില്‍ മതചരിത്രം. മതം കൊളളാം, പൗരോഹിത്യമാണ് മോശം എന്ന വാദം മദ്യത്തെ അതിന്റെ ലഹരിയില്‍ നിന്ന് വേര്‍തിരിച്ച് വിശകലനം ചെയ്യുന്നതുപോലെ സാഹസികമായിരിക്കും. മതം പൗരോഹിത്യവും പൗരോഹിത്യം മതവുമാണ്. എന്തൊക്കെ വാചോടോപം നടത്തിയാലും വ്യഖ്യാനിച്ച് കൊലവിളിച്ചാലും ഈ വസ്തുതയ്ക്ക് പരിക്കേല്‍ക്കില്ല.

മതത്തെ അപകടത്തില്‍ നിന്ന് രക്ഷിക്കാനും കുളിപ്പിച്ചെടുക്കാനുമാണ് പൗരോഹിത്യം എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. ഗീതകാരനും വ്യത്യസ്തമല്ല. ഗുണവും കര്‍മ്മവുമൊക്കെ അതിനായുള്ള അടവുനയം മാത്രമാണ്. ഗീത എഴുതിയതും പ്രചരിപ്പിച്ചതും സംരക്ഷിച്ചതും പൗരോഹിത്യമാണ്.
വര്‍ണഭേദം അദ്ധ്വാനിക്കുന്ന ജനത്തെ എക്കാലത്തും അടിമകളായി വെച്ചുകൊണ്ടിരിക്കാനുള്ള ബ്രാഹ്മണ ഗൂഡാലോചനയുടെ ഫലമാണ്. യക്ഷിക്കഥ പോലുള്ള ഭാവനാസങ്കല്‍പ്പങ്ങള്‍ പറഞ്ഞ് ഭയപ്പെടുത്തിയാണ് ഇതവര്‍ സാധിച്ചെടുത്തത്. ദൈവമെന്ന ഭയജന്യ വിഭ്രാന്തിയെ തന്ത്രപരമായി ഇതിനായി ചൂഷണം ചെയ്യുകയും ചെയ്തു. ഈ ലക്ഷ്യം കൈവരിക്കാനായി അവര്‍ രൂപംകൊടുത്തതാണ് മതാചാരങ്ങളെല്ലാം. ചാതുര്‍വര്‍ണ്യം എന്ന ദുസ്സഹവും നിന്ദ്യവുമായ ചൂഷക സംവിധാനത്തെ സത്യസന്ധമായി വിശദീകരിക്കാന്‍ മനസ്സുണ്ടായിരുന്നുവെങ്കില്‍ അവര്‍ പറയേണ്ടിയിരുന്നത് ''ചാതുര്‍വര്‍ണ്യം ഭയാസൃഷ്ടം, ഗുണകര്‍മ്മ നിരര്‍ത്ഥക'' എന്നാണ്. ചാതുര്‍വര്‍ണ്യം ഭയപ്പെടുത്തി സൃഷ്ടിച്ച വിഭജനമാണ്, അവിടെ ഗുണവും കര്‍മ്മവുമൊക്കെ നിരര്‍ത്ഥകമാകുന്നു. പക്ഷെ ഒരിക്കലും അവരങ്ങനെ പറയില്ല. കാരണം സത്യസന്ധത എന്നത് പൗരോഹിത്യത്തിന്റെ വിപരീതപദമാകുന്നു.***