Emperor Asoka (304–232 B.C.E) |
ഭഗവദ് ഗീത
അഹിംസക്ക് എതിരെയുള്ള ബ്രാഹ്മണഗൂഡാലോചനയാണെന്ന വാദത്തിന് പഴക്കമേറെയുണ്ട്.
ബൗദ്ധദര്‍ശനങ്ങള്‍ക്കെതിരെയുള്ള ബ്രാഹ്മണമതത്തിന്റെ ആശയപ്രചരണത്തിന്റെ ഭാഗമായാണ്
ഗീത എന്ന രണഗീതം ആദ്യഘട്ടത്തില്‍ വായ്‌മൊഴിയായി രൂപം കൊള്ളുന്നത്. വന്‍തോതില്‍
വിപുലീകരിച്ച് ശേഷം പില്‍ക്കാലത്ത് അത് മഹാഭാരതത്തിലേക്ക്
കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു. പ്രാരംഭദശയില്‍ കേവലം 15000 ശ്‌ളോകം
മാത്രമുണ്ടായിരുന്ന ജയം എന്ന കുടുംബകലഹകഥ ലക്ഷത്തിലധികം ശ്‌ളോകങ്ങളുള്ള മഹാഭാരതമായി
വികസിച്ചപ്പോള്‍ സംഭവിച്ച കൂട്ടിച്ചേര്‍ക്കലുകളില്‍ ഒന്നുതന്നെയാണ് ഗീതയും.
ബൗദ്ധനായിരുന്ന മൗര്യ ചക്രവര്‍ത്തി അശോകന്റെ വിഷാദം തന്നെയാണ് അര്‍ജുനവിഷാദയോഗമായി
ഗീതയില്‍ പുനര്‍ജനിക്കുന്നത്. ഉപനിഷത്തുകളുടെ സത്താസംഗ്രഹമാണ് ഗീതയെന്ന വിഖ്യാതമായ
പശു-കറവക്കാരന്‍-കുട്ടി ഉപമ കേവലമായ ഒരു ചുരുക്കികാണലാണ്. വാസ്തവത്തില്‍
ബൗദ്ധദര്‍ശനമായ അഹിംസാധര്‍മ്മത്തെ ഇകഴ്ത്തിക്കാട്ടുകയാണ് ഗീതയുടെ ജന്മലക്ഷ്യം.
പരിത്യജിക്കാന്‍ (renounce) ആവശ്യപ്പെടുന്ന ബൗദ്ധദര്‍ശനങ്ങളേക്കാള്‍
വെട്ടിപ്പിടിക്കാനും കത്തിക്കരിക്കാനും ഉദ്ദീപിപ്പിക്കുന്ന ഹിംസാതത്വങ്ങള്‍ക്ക്
മതപ്രചരണമേഖലയില്‍ പ്രായോഗികമൂല്യം കൂടുതലാണെന്ന് ബ്രാഹ്മണമതം തെളിയിച്ചു.
ജയിച്ചാല്‍ രാജ്യം മരിച്ചാല്‍ സ്വര്‍ഗ്ഗം എന്ന ഗീതാവാഗ്ദാനം സാധാരണജനത്തെ
പെട്ടെന്ന് കീഴ്‌പ്പെടുത്തുമെന്ന തിരിച്ചറിവായിരുന്നുവത്. ഇതുതന്നെയാണ്
പില്‍ക്കാലത്ത് മുഹമ്മദും കത്തോലിക്കാമതവും അടിവരയിട്ട് തെളിയിച്ചത്. ഹിംസയും
കൊള്ളയും മുറുകെ പിടിക്കാത്ത മതങ്ങള്‍ കാലന്തരത്തില്‍ തളരുമെന്ന് ചരിത്രം
സാക്ഷ്യപ്പെടുത്തുന്നു; ഘോരമതങ്ങള്‍ അതിജീവിക്കുമെന്നും.
ജേതാവായിട്ടും യുദ്ധത്തിന്റെ ബീഭത്സമുഖം കണ്ട് കരള് തകര്‍ന്ന അശോകനെ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന അര്‍ജ്ജുനനിലൂടെ പുനര്‍സൃഷ്ടിച്ച ശേഷം അര്‍ജുനനില്‍ ഉറങ്ങിക്കിടന്ന മാനവികമൂല്യങ്ങളും തരളവികാരങ്ങളും പ്രായോഗികതയ്ക്ക് വിരുദ്ധമാണെന്ന് സ്ഥാപിച്ച് അതിനെ തല്ലിക്കെടുത്തുകയാണ് സാരഥിയായ കൃഷ്ണന്‍ ചെയ്യുന്നത്. മനുഷ്യനെപോലെ ചിന്തിക്കുന്നതാണ് അര്‍ജുനന്റെ കുറ്റം! മരണയന്ത്രം പോലെ ആഞ്ഞടിക്കാന്‍ പര്യാപ്തമായ രീതിയില്‍ അര്‍ജുനനെ അമാനവവല്‍ക്കരിക്കുകയാണ് (dehumanise)ഗീതകാരന്റെ ലക്ഷ്യം. കണ്ണില്‍ ചോരയില്ലാത്ത ജിഹാദിയെപ്പോലെ പാര്‍ത്ഥനെ മാറ്റിയെടുക്കുന്ന മതദൗത്യം കൃഷ്ണനും നിര്‍വഹിക്കുന്നു. ധര്‍മ്മസങ്കടത്തിനടിപ്പെട്ടാല്‍ സൈനികന് ഉദ്ദേശലക്ഷ്യം നേടാനാവില്ലെന്ന പ്രായോഗികസത്യമാണ് ഗീതയില്‍ ആഘോഷിക്കപ്പെടുന്നത്. ഗീത എന്ന രണഗീതം വിഷ്ണു അവതാരമായ കൃഷ്ണന്റെ വായില്‍ തിരുകിയതിലൂടെ ദൈവികത മറയാക്കി ഹിംസാസിദ്ധാന്തം ന്യായീകരിക്കുകയായിരുന്നു. കൃഷ്ണന്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ലെന്ന ലോജിക്കാണ് അതിനായി ബ്രാഹ്മണപ്രഭുക്കള്‍ മുറുകെ പിടിച്ചത്.
ബി.സി.ഇ 298 ലാണ് മൗര്യ ചക്രവര്‍ത്തിയായ ചന്ദ്രഗുപ്തന്‍ ബ്രാഹ്മണമതം ഉപേക്ഷിച്ച് ജൈനനായത്. ഇന്നത്തെ കര്‍ണ്ണാടക സംസ്ഥാനത്തെ ശ്രാവണ ബലഗോളയില്‍ പോയി അദ്ദേഹം മരണം വരെ ഉപവസിക്കുകയായിരുന്നു. ചന്ദ്രഗുപ്തന്റെ പുത്രനായ ബിന്ദുസാരനാകട്ടെ ബ്രാഹ്മണമതം ഉപേക്ഷിച്ച് അജിവാക സംഘത്തിനൊപ്പം (Ajivika sect) ചേര്‍ന്നു. ബിന്ദുസാരന്റെ പുത്രനാണ് വിഖ്യാതനായ അശോക ചക്രവര്‍ത്തി(BCE 304–232). 272 ബി.സി.ഇ യിലാണ് അശോകന്‍ മഗധയയുടെ അധികാരം ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തത്. മൂത്ത സഹോദരനായിരുന്ന സുസിമ (Susima) ആയിരുന്നു യഥാര്‍ത്ഥ കിരീടവകാശി. ചെറുപ്പകാലത്ത് തക്ഷശിലയിലും ഉജ്ജയിനിയിലും ഭരണാധികാരം കയ്യാളിയതിലൂടെ തനിക്ക് മെച്ചപ്പെട്ട ഭരണനിര്‍വഹണശേഷി സിദ്ധിച്ചിട്ടുണ്ടെന്നായിരുന്നു അധികാരം കയ്യടക്കാന്‍ അശോകന്‍ ചൂണ്ടിക്കാട്ടിയ ന്യായം. ഫലമാകട്ടെ ജേഷ്ഠനും അനുജനും തമ്മിലുള്ള അധികാര വടംവലിയും.
മഹാഭാരതത്തില്‍ കാണുന്ന സഹോദരര്‍ക്കിടയില്‍ അരങ്ങേറുന്ന അധികാരതര്‍ക്കവും കുടുംബകലഹവും പ്രചാരമുള്ള ഒരു സെമറ്റിക്ക് മിത്താണ്. അശോകന്റെ ജീവിതത്തിലും ഏറെക്കുറെ ഇതുതന്നെ സംഭവിച്ചു. രാജ്യഭരണം കയ്യടക്കിയതോടെ അശോകനും അദ്ദേഹത്തിന്റെ അര്‍ദ്ധസഹോദരരുമായി നിരന്തരമായ അവകാശതര്‍ക്കയുദ്ധങ്ങള്‍ നടന്നു. സംഘര്‍ഷം നേര്‍പ്പിക്കപ്പെടാതെ തുടര്‍ന്നതിനാല്‍ ബി.സി.ഇ 272 ല്‍ രാജ്യം കയ്യടക്കിയ അശോകന്റെ കിരീടധാരണം നടന്നത് ബി.സി.ഇ 269-68 ല്‍ മാത്രമാണ്. യുദ്ധാവസാനം ഏതാണ്ട് മുഴുവന്‍ അര്‍ദ്ധ സഹോദരന്‍മാരേയും അശോകന്‍ വധിച്ചുവെങ്കിലും ഒരു ഇളയ സഹോദരന്‍ ബാക്കിയുണ്ടായിരുന്നു. അയാളെ നാടു കടത്തിയാണ് ഉന്മൂലനം പൂര്‍ത്തിയാക്കുന്നത്. അശോകന്റെ വാള്‍ത്തലപ്പില്‍ നിന്നും രക്ഷപെട്ട മറ്റൊരു അര്‍ദ്ധ സഹോദരന്‍ സമീപത്തുള്ള കലിംഗ രാജ്യത്ത് അഭയം പ്രാപിച്ചു. ശ്രീലങ്കന്‍ ബുദ്ധകഥകളനുസരിച്ച് അശോകന്റെ അധികാരത്തിലേക്കുള്ള വഴി അദ്ദേഹത്തിന്റെ 100 അര്‍ദ്ധസഹോദരന്‍മാരുടെ രക്തത്താല്‍ പങ്കിലമായിരുന്നു. ഒരു ക്ഷത്രിയനെപ്പോലെ കൊന്നൊടുക്കിയും പ്രതിഷേധം അമര്‍ച്ച ചെയ്തുമാണ് അശോകന്‍ തന്റെ അധികാരം ഉറപ്പിച്ചത്. സമ്പത്തും അധികാരവും വെട്ടിപ്പിടിക്കാനായി എന്തും ചെയ്യാനും പിന്നീടത് ക്ഷത്രിയധര്‍മ്മമാണെന്ന് (Kshatriya Dharma)പറഞ്ഞ് ന്യായീകരിക്കാനും അശോകന്‍ മടിച്ചില്ല. കുരുക്ഷേത്രയുദ്ധം ശ്രദ്ധിക്കുക, വന്‍കെടുതി ഒഴിവാക്കാനായി പല ഘട്ടങ്ങളിലും യുദ്ധം നിറുത്താമായിരുന്നുവെങ്കിലും എതിര്‍പക്ഷ സഹോദരുടെ ഉന്മൂലനം ഉറപ്പാക്കിയിട്ടേ യുദ്ധം അവസാനിക്കുന്നുള്ളു.
മഗധയുടെ അധികാരം പിടിച്ചടക്കുന്നതിന് മുമ്പ് അശോകന്‍ രക്തരൂക്ഷിതമായ വന്‍യുദ്ധങ്ങള്‍ ചെയ്തതായി രേഖയില്ല. മഗധ കീഴടക്കി എട്ടുവര്‍ഷം കഴിഞ്ഞാണ് അദ്ദേഹം ഇന്നത്തെ ഒഡിഷ സംസ്ഥാനമെന്ന് പറയാവുന്ന കലിംഗരാജ്യം ആക്രമിക്കുന്നത്. ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. ഒരുപക്ഷെ ഏതാണ്ട് കലിംഗയായിരിക്കണം അദ്ദേഹത്തിന്റെ അധികാരപ്രഭാവത്തിന് മുന്നില്‍ മുട്ടുമടക്കാതിരുന്ന ഏക രാജ്യം. അശോകന്റെ വാള്‍മുനയില്‍ നിന്ന് രക്ഷപെട്ട ഒരു അര്‍ദ്ധ സഹോദരന്‍ അഭയം നല്‍കിയതും കലിംഗയായിരുന്നുവല്ലോ. മഗധയുടെ അധികാരമേല്‍ക്കുന്നതിന് മുമ്പ് രണ്ടുവര്‍ഷം കലിംഗയില്‍ വസിക്കുകയും അവിടെനിന്ന് മുക്കുവ യുവതിയായ കൗര്‍വാകിയെ (Kaurwaki)വിവാഹം ചെയ്യുകയും ചെയ്ത ചരിത്രവും അശോകനുണ്ട്. രാജാവ് മുക്കുവ യുവതിയെ പാണിഗ്രഹണം ചെയ്യുന്ന കഥ നാം മഹാഭാരത്തിലുമുണ്ടല്ലോ. താരതമ്യേന ദുര്‍ബലരായിരുന്നുവെങ്കിലും ആക്രമിക്കപ്പെട്ടപ്പോള്‍ കലിംഗ പെട്ടെന്ന് കീഴടങ്ങാന്‍ തയ്യാറായില്ല. അവര്‍ അശോകസൈന്യത്തിനെതിരെ സുധീരം പോരാടി. രണഭൂമിയില്‍ രക്തം നദിപോലെ വാര്‍ന്നൊഴുകി, കബന്ധങ്ങള്‍ മലപോലെ കുന്നുകൂടി. ബൗദ്ധകഥകളനുസരിച്ച് അശോകന്റെ ഭാര്യ ബൗദ്ധാശയങ്ങളോട് ആഭിമുഖ്യം ഉള്ള വനിതയായിരുന്നു. കലിംഗയുദ്ധത്തിന്റെ ഘോരദൃശ്യങ്ങള്‍ കണ്ട് അവര്‍ എന്നന്നേക്കുമായി അശോകനെ വിട്ടുപോയത്രെ. കലിംഗയുദ്ധത്തിന് കുറഞ്ഞത് രണ്ട് വര്‍ഷത്തിന് മുമ്പ് അശോകന്‍ ബുദ്ധമതം സ്വീകരിച്ചതായാണ് ബ്രഹ്മിലിപിയില്‍ (Brahmi script) എഴുതപ്പെട്ടതും ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളിലെ മുപ്പതിലധികം സ്ഥലങ്ങളിലായി വ്യപിച്ചു കിടക്കുന്നതുമായ അദ്ദേഹത്തിന്റെ ശിലാശാസനങ്ങള്‍ (Asoka's edicts) സൂചിപ്പിക്കുന്നത്. ആരംഭത്തില്‍ ബൗദ്ധദര്‍ശനങ്ങളോട് കാര്യമായ പ്രതിബന്ധതയൊന്നും അദ്ദേഹം കാട്ടിയിരുന്നില്ലെന്നതില്‍ നിന്നും രാഷ്ട്രീയലക്ഷ്യം മുന്നില്‍ കണ്ട് നടത്തിയ മതംമാറ്റമായിരുന്നു അതെന്ന് ഊഹിക്കുന്നതില്‍ തെറ്റില്ല. ശിലാശാസനങ്ങള്‍ അശോകന്‍ തന്നെ എഴുതിയ വ്യക്തിഗത കുറിപ്പുകളാണെന്ന് വിലയിരുത്തപ്പെടുന്നു. ഉന്നതമായ സാഹിത്യഗുണമോ ആഡ്യഭാഷാശൈലിയോ അവയില്‍ കാണാനാവില്ല.
ഭാര്യയാല്‍ പരിത്യജിക്കപ്പെട്ടത് അശോകനെ ഏറെ ദു:ഖിപ്പിച്ചു. തന്റെ സൈന്യത്തിന്റെ വിജയം നേരില്‍ കാണാനായി സമരഭൂമിയിലെത്തിയ അശോകന്‍ അവിടുത്തെ ദൃശ്യങ്ങള്‍ കണ്ട് നില വിട്ട് വിലപിക്കുകയായിരുന്നു. മഹാഭാരതത്തിലാകട്ടെ ഏതാണ്ട് സമാനമായ സന്ദര്‍ഭത്തിലൂയെ കടന്നുപോകുന്ന കഥാപാത്രം ഗാന്ധാരിയാണ്. ശോകം കൊണ്ട് യുദ്ധഭൂമിയില്‍ തളര്‍ന്നുവീണ അശോകന് അവിശ്വസനീയമായ ഹൃദയപരിവര്‍ത്തനമുണ്ടായി. ക്ഷത്രിയ ഹിംസാത്മകതയില്‍ നിന്നും ബൗദ്ധചിന്തയിലേക്ക് ആ മനം മാറി മറഞ്ഞു. യുദ്ധത്തിന്റെ ഭയാനകത അദ്ദേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞു. തന്റെ നിഷ്ഠൂര കൃത്യത്തെ ഓര്‍ത്തപ്പോള്‍ അശോകന്റെ ഹൃദയം തേങ്ങി. (“Beloved-of-the-Gods, King Piyadasi, conquered the Kalingas eight years after his coronation. One hundred and fifty thousand were deported, one hundred thousand were killed and many more died (from other causes). After the Kalingas had been conquered, Beloved-of-the-gods came to feel a strong inclination towards the Dhamma, a love for the Dhamma and for instruction in Dhamma. Now Beloved-of-the-Gods feels deep remorse for having conquered the Kalingas./Ashoka’s Rock Edict 13). ലോകത്ത് അന്നുവരെ ഒരു ഭരണാധികാരിയും വിധേയമായിട്ടില്ലാത്ത മനംമാറ്റത്തിനാണ് അശോകന്‍ അടിപ്പെട്ടത്. അറിയപ്പെടുന്ന മനുഷ്യചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവം. അധികാരം പിടിച്ചെടുത്ത ശേഷം കൊന്നും കൊലവിളിച്ചും സ്വന്തം സാമ്ര്യാജ്യവും മതവും പടര്‍ത്താനാണ് പില്‍ക്കാലത്തുള്ള എല്ലാ യുദ്ധപ്രഭുക്കളെല്ലാം തുനിഞ്ഞിട്ടുള്ളത്. പക്ഷെ വിജയിച്ച യുദ്ധത്തോടെ അശോകന്‍ യുദ്ധത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞ് ബുദ്ധമതം സ്വീകരിച്ചു. സമാധാനപരമായി ബുദ്ധസന്ദേശം പ്രചരിപ്പിക്കാനായി ബാക്കി ജീവിതം ഉഴിഞ്ഞുവെച്ച അശോകന്റെ തീരുമാനത്തെ ഖണ്ഡിക്കാനുള്ള ബ്രാഹ്മണ തീരുമാനമാണ് ഗീത എന്ന പടപ്പാട്ടില്‍ പ്രതിഫലിക്കുന്നത്.
ഇതെന്റെ ധര്‍മ്മമാണെങ്കില്‍ പിന്നെ എന്താണ് അധര്‍മ്മമെന്ന് അശോകന്റെ പ്രസിദ്ധമായ ആത്മഗതം ശിലാലിഖിതമാക്കപ്പെട്ടിട്ടുണ്ട്. ഞാനെന്താണ് ചെയ്തിരിക്കുന്നത്? ഇത് വിജയമാണെങ്കില്‍ എന്താണ് പരാജയം? ഇത് നീതിയോ അനീതിയോ? വീരത്വമോ സര്‍വനാശമോ? നിരപരാധികളായ സ്ത്രീകളേയും കുട്ടികളേയും കൊന്നൊടുക്കുന്നതാണോ ധീരത? എന്റെ സാമ്രാജ്യം വിപുലമാക്കാനാണോ മറ്റുള്ളവരുടെ രാജ്യവും സമ്പത്തും നശിപ്പിക്കാനാണോ ഞാനിത് ചെയ്തത്? ചിലര്‍ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു, ചിലര്‍ക്ക് കുട്ടികളെ, ചിലര്‍ക്ക് ഗര്‍ഭസ്ഥശിശുക്കളെ. ഈ ശവശരീരങ്ങളുടെ അവശിഷ്ടങ്ങള്‍ പറയുന്നതെന്ത്? ഇതൊക്കെയാണോ വിജയചിഹ്നങ്ങള്‍? ഈ കഴുകന്‍മാര്‍... ഈ കാക്കകള്‍...പരുന്തുകള്‍.. മരണത്തിന്റേയും തിന്മയുടേയും സന്ദേശവാഹകരല്ലേ ഇവര്‍? (“What have I done? If this is a victory, what’s a defeat then? Is this a victory or a defeat? Is this justice or injustice? Is it gallantry or a rout? Is it valor to kill innocent children and women? Do I do it to widen the empire and for prosperity or to destroy the other’s kingdom and splendor? One has lost her husband, someone else a father, someone a child, someone an unborn infant…. What’s this debris of the corpses? Are these marks of victory or defeat? Are these vultures, crows, eagles the messengers of death or evil?”). മഹാനായ ആ ചക്രവര്‍ത്തി വിതുമ്പി. ഇതേ വാചകങ്ങള്‍ വേറൊരു രൂപത്തില്‍ ഗീതാകാരന്‍ അര്‍ജുനന്റെ വായില്‍ തിരുകി കൊടുക്കുന്നതാണ് നാം ഗീതയില്‍ കാണുന്നു.
അശോകന്റെ ശാസനങ്ങളില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന ധമ്മ (Dhamma) എന്ന വാക്ക് തന്നെയാണ് ഗീതയില്‍ ക്ഷത്രിയധര്‍മ്മമായി മൊഴിമാറ്റം ചെയ്യപ്പെടുന്നത്. താനും തന്റെ പിന്‍ഗാമികളും ലോകാവസാനം വരെ നിറവേറ്റേണ്ട കര്‍ത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളുമാണ് അശോകന്‍ ഈ വാക്കിലൂടെ വിവക്ഷിക്കുന്നത് (“These and many other kinds of Dhamma practice have been encouraged by Beloved-of-the-Gods, King Piyadasi, and he will continue to promote Dhamma practice. And the sons, grandsons and great-grandsons of Beloved-of-the-Gods, King Piyadasi, too will continue to promote Dhamma practice until the end of time; living by Dhamma and virtue, they will instruct in Dhamma.”/4 th of the major 14 Rock edicts/http://www.cs.colostate.edu/~malaiya/ashoka.html). തന്റെ ശാസനങ്ങളിലുടനീളം ബ്രാഹ്മണസന്യാസിമാരോട് അങ്ങേയറ്റം കരുതലും ആദരവും വേണമെന്ന് നിര്‍ദ്ദേശിക്കുന്ന അശോകന്‍ തന്റെ മതം മാത്രമാണ് ശ്രേഷ്ഠമെന്ന് ഘോഷിക്കുകയും അപരമതങ്ങളെ ഇകഴ്ത്തുകയും ചെയ്യുന്നവന്‍ യഥാര്‍ത്ഥത്തില്‍ സ്വമതത്തെ തന്നെയാണ് നിന്ദിക്കുന്നതെന്ന് എഴുതിവെച്ചു(‘Whoever praises his own religion, due to excessive devotion, and condemns others with the thought 'Let me glorify my own religion,' only harms his own religion.’{12*}).
തന്നെ ആരാധിക്കാത്തവന്‍ മൂഡനാണെന്ന് വിളിച്ചോതുന്ന ഗീതാദൈവത്തിന് അന്യമായ മതസഹിഷ്ണുതയും(‘Beloved-of-the-Gods, King Piyadasi, desires that all religions should reside everywhere, for all of them desire self-control and purity of heart’{7}*)) ദേവപ്രീതിക്കായി മിണ്ടാപ്രാണികളെ കൂട്ടക്കൊല ചെയ്യുന്ന യജ്ഞസംസ്‌ക്കാരത്തെ അട്ടിമറിച്ചുകൊണ്ട് മൃഗങ്ങളൈ കൊന്നുതിന്നുന്നതും വേട്ടയാടുന്നതും അവസാനിപ്പിച്ചു കൊണ്ടുള്ള നിശ്ചയദാര്‍ഡ്യവുമാണ് അശോകന്‍ പ്രഖ്യാപിക്കുന്നത് (‘Formerly, in the kitchen of Beloved-of-the-Gods, King Piyadasi, hundreds of thousands of animals were killed every day to make curry. But now with the writing of this Dhamma edict only three creatures, two peacocks and a deer are killed, and the deer not always. And in time, not even these three creatures will be killed.’{1}*)
അശോകന്‍ ജനങ്ങളിലുണ്ടാക്കിയ ഈ അവബോധം തകര്‍ക്കാനായാണ് യജ്ഞസംസ്‌ക്കാരത്തേയും ഹിംസയേയും ന്യായീകരിച്ചുകൊണ്ട് ഗീത അവതരിക്കപ്പെട്ടത്. അശോകന്‍ മുന്നോട്ടുവെക്കുന്ന സഹിഷ്ണുതയിലെ അപകടം മനസ്സിലാക്കിയ ബ്രാഹ്മണമതം വിഷ്ണുവല്ലാത്ത ദൈവത്തെ ആരാധിക്കുന്നവരെ പരിഹസിക്കുന്ന ഗീതാദൈവത്തെയാണ് പരിചയപ്പെടുത്തുന്നത്:ബുദ്ധികുറഞ്ഞവര്‍ ഞാനല്ലാതെയുള്ള അര്‍ദ്ധ/വ്യാജ ദൈവങ്ങളെ ആരാധിക്കുന്നു. അവരുടെ ഫലം പരിമിതവും താല്‍ക്കാലികവുമാണ്. വ്യാജദൈവങ്ങളെ ആരാധിക്കുന്നവര്‍ വ്യാജദൈവങ്ങളുടെ ഗ്രഹത്തിലേക്ക് പോകുന്നു, എന്റെ ഭക്തരാകട്ടെ എന്റെ ആത്യന്തികമായ വാസസ്ഥലം പൂകുന്നു(“Men of small intelligence worship the demigods, and their fruits are limited and temporary. Those who worship the demigods go to the planets of the demigods, but My devotees ultimately reach My supreme planet.” (B.Gita 7.23).
ആധുനിക മനശാസ്ത്രജ്ഞന്‍മാര്‍ ദുരന്തഹേതുവായ മാനസികഭ്രശംനം (posttraumatic stress disorder)അനുഭവിക്കുന്ന വ്യക്തിയായി അശോകനെ വിശേഷിപ്പിച്ചേക്കും. പക്ഷെ അത് സംഭവിക്കണമെങ്കില്‍ ഹിംസ തെറ്റാണെന്ന ബോധം അശോകനിലുണ്ടായേ തീരു. അശോകന്‍ ഒരു ദാര്‍ശനികരാജാവാണ്. അഹിംസയായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. മഹാമാത്ര(Mahamatra), യുക്ത (Yukta), രജുക്ക (Rajjuka), പ്രാദേശിക(Pradesika) തുടങ്ങിയ പദവികള്‍ നല്‍കി അദ്ദേഹം ബുദ്ധമതപ്രചരണത്തിനായി ഉദ്യേഗസ്ഥരെ നിയമിച്ചു. ആവേശം മൂത്ത് വിദേശരാജ്യങ്ങളിലേക്ക് വരെ അശോകന്‍ ബുദ്ധമതം പ്രചരിപ്പിച്ചു. ശിലാലിഖിതങ്ങളുണ്ടാക്കി നാടിന്റെ നാനാഭാഗത്തും സ്ഥാപിച്ചു. തന്റെ ദര്‍ശനമെന്തെന്നും ജനങ്ങളില്‍ നിന്ന് താന്‍ പ്രതീക്ഷിക്കുന്നതെന്തെന്നും അദ്ദേഹം അതിലൂടെ വിശദീകരിച്ചു. മൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു ജീവിയേയും കൊല്ലരുതെന്നും നല്ല പ്രവര്‍ത്തിയും പെരുമാറ്റവുമാണ് യാഗത്തോക്കാളും ഹോമത്തേക്കാളും ഉത്കൃഷ്ടമെന്നും ജനത്തെ പഠിപ്പിച്ചു. അശോകന്‍ ജനങ്ങളോട് അവരുടെ ഭാഷയില്‍ തന്നെയാണ് സംവദിച്ചത്. യാഗവും ഹോമവും ഹിംസയും വഴി ഉപജീവനം നടത്തിവന്ന ബ്രാഹ്മണമതക്കാരെ അരിശം കൊള്ളിക്കുന്ന രീതിയില്‍ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ജനത്തെ കീഴടക്കി. പക്ഷെ പ്രതികാരം ചെയ്യാതിരിക്കാന്‍ ബ്രാഹ്മണര്‍ക്കാവുമായിരുന്നില്ല.
അശോകന്‍ നിലകൊണ്ട മിക്ക ആശയങ്ങളേയും ബ്രാഹ്മണര്‍ നിര്‍ലജ്ജം വെറുത്തു. കാരണം ഫലത്തില്‍ അവര്‍ക്കെതിരെയുള്ള കുറ്റപത്രമായിരുന്നു അവയൊക്കെ. ക്ഷത്രിയന്റെ യുദ്ധവിരുതിന്റെ ഫലം ഉണ്ണുന്നവനാണ് ബ്രാഹ്മണന്‍. യുദ്ധവിമുഖതയും സംശയവും ക്ഷത്രിയനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണെന്ന് അവര്‍ പ്രഖ്യാപിച്ചു. ക്ഷത്രിയധര്‍മ്മം കലര്‍പ്പില്ലാതെ നടപ്പിലാക്കപ്പെട്ടില്ലെങ്കില്‍ സ്വന്തം സുരക്ഷ തന്നെ അപകടത്തിലാകുമെന്ന് അവര്‍ ഭയന്നു. പെട്ടെന്ന് ഓര്‍ത്തിരിക്കാനും പാടാനും കഴിയുന്നവിധം മനോഹരമായ ഒരു ലഘുഗാനമായി ഗീതയെ ചിട്ടപ്പെടുത്തി നിരന്തരം വികസിച്ചുകൊണ്ടിരുന്ന ജനകീയകഥാസാഹിത്യമായ മഹാഭാരതത്തിലേക്കത് കൂട്ടിച്ചേര്‍ത്തു. അങ്ങാടിമധ്യത്തില്‍ കൊണ്ടുവെച്ച കാളത്തല പോലെ ഗീത ശ്രദ്ധിക്കപ്പെട്ടു. മഹാഭാരതം അക്ഷരാര്‍ത്ഥത്തില്‍ ഗീതയുടെ പരസ്യപ്പലകയായി മാറുകയായിരുന്നു. മഹാഭാരതയുദ്ധത്തില്‍ ഇന്നു നാം കാണുന്ന ഗീത പോലൊരു സുദീര്‍ഘ മതപ്രഭാഷണത്തിന് യാതൊരു പ്രസക്തിയുമില്ലെന്നതില്‍ രണ്ടു പക്ഷമുണ്ടാവാനിടയില്ല. തീര്‍ത്തും കഥാവിരുദ്ധവുമാണത്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ലക്ഷക്കണക്കിന് സൈനികര്‍ക്കിടയില്‍നിന്ന് രണ്ടു മനുഷ്യര്‍ 700 ശ്‌ളോകങ്ങള്‍ തമ്മില്‍ കൈമാറുകയെന്നത് അസംഭവ്യവും യുക്തിഹീനവുമാണെന്ന് പറയേണ്ടതില്ല. മഹഭാരതകഥയുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്ന ഭാഷയോ വിവരണരീതിയോ അല്ല ഗീതയുടേത്. മഹാഭാരതത്തില്‍ വേറെങ്ങും സമാനമായ താത്വികവിചിന്തനം വരുന്നുമില്ല. സഞ്ജയന്‍ ധൃതരാഷ്ട്രരോട് വര്‍ണ്ണിക്കുന്ന രൂപത്തിലാണ് ഗീതയും അവതരിപ്പിക്കപ്പെടുന്നതെങ്കിലും മഹാഭാരതകഥയില്‍ ഏച്ചുകെട്ടിയതിനാല്‍ മുഴച്ചുനില്‍ക്കുന്ന കഥാസന്ദര്‍ഭമാണ് ഗീതാഭാഷണമെന്ന കാര്യത്തില്‍ ഭക്തിത്തിമിരം ബാധിച്ചവരൊഴികെ ആരും തര്‍ക്കിക്കാറില്ല. അല്ലാത്തവര്‍ വ്യഖ്യാനഫാക്ടറി പ്രവര്‍ത്തിപ്പിച്ച് പുറപ്പെടുവിക്കുന്ന മതഫലിതങ്ങള്‍ വിട്ടുകളയുക. ഗീത തന്നെ പല തരമുണ്ടെന്നൊക്കെയുള്ള ആധുനിക വ്യാഖ്യാനങ്ങളും സമാന ജനുസ്സില്‍പ്പെട്ടതാണ്.
ഗീത മഹാഭാരതത്തില്‍ കൂട്ടിച്ചേര്‍ത്തതാണെങ്കിലും ഒരു സ്വതന്ത്ര സാഹിത്യകൃതിയെന്ന നിലയില്‍ അതിന് വ്യതിരിക്തമായ അസ്തിത്വമുണ്ട്. ഗീത ചേര്‍ത്താലും നീക്കം ചെയ്താലും മഹാഭാരതകഥയ്ക്ക് യാതൊരു മാറ്റവും സംഭവിക്കില്ല. വര്‍ണ്ണവ്യവസ്ഥയും ക്ഷത്രിയധര്‍മ്മവും ന്യായീകിരച്ച് സ്വന്തം അപ്രമാദിത്വം ഊട്ടിയുറപ്പിക്കാനുള്ള ബ്രാഹ്മണരുടെ ഗൂഡാലോചനയാണ് ഗീതയുടെ അടിത്തട്ട് സിലബസ്സ്. ബൗദ്ധദര്‍ശനങ്ങള്‍ക്കെതിരെയുള്ള ആസൂത്രിതമായ കടന്നാക്രമണമാണത്. കുറ്റബോധത്താല്‍ വെന്തെരിയുന്ന അശോകനെ അവര്‍ അര്‍ജുനനില്‍ പ്രതിഷ്ഠിച്ചു. അഹിംസാ ദര്‍ശനത്തെ തകര്‍ക്കാനായി അര്‍ജുനനെ യാഥാര്‍ത്ഥ്യബോധമില്ലാത്ത മഠയനായി ചിത്രീകരിക്കുന്നു. അശോകന്റെ ജീവിത ഇതിവൃത്തം ഗീതാസന്ദര്‍ഭത്തിലും പ്രകടമാണ്. അശോകന് 99 അര്‍ദ്ധസഹോദരന്‍മാരേയും ഒരു അസ്സല്‍ സഹോദരനേയും (ninety-nine half-brothers and one real brother) ഉള്‍പ്പെടെ നൂറു സഹോദരരെ മറികടക്കേണ്ടി വന്നപ്പോള്‍ പിതൃരാജ്യം സ്വന്തമാക്കാനായി 100 അര്‍ദ്ധസഹോദരന്‍മാരെ അര്‍ജുനനും നേരിടേണ്ടിവന്നു. ഒപ്പം ഒരു അസ്സല്‍ സഹോദരനേയും(കര്‍ണ്ണന്‍). രാജ്യാധികാരം പിടിച്ചടക്കുന്നതിന് മുമ്പ് അശോകന് 13 വര്‍ഷം രാജ്യത്തിന് പുറത്ത് കഴിയേണ്ടി വന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അര്‍ജുനന്‍ ഉള്‍പ്പെടെയുള്ള പാണ്ഡവരുടെ വനവാസവും 13 വര്‍ഷമായിരുന്നുവല്ലോ. അശോകന്‍ യുദ്ധഭൂമിയിലെ ദുരന്തമാണ് വീക്ഷിക്കുന്നതെങ്കില്‍ യുദ്ധം ചെയ്താല്‍ സംഭവിക്കാനിടയുള്ള ദുരന്തമാണ് അര്‍ജുനനെ തളര്‍ത്തുന്നത്.
ബന്ധുക്കളെയും ഗുരുജനങ്ങളേയും കൊലപ്പെടുത്തിയാല്‍ ലഭിച്ചേക്കാവുന്ന അവരുടെ കണ്ണീരിലും ജീവരക്തത്തിലും നനഞ്ഞു കുതിര്‍ന്ന രാജലാഭ്യം കൊണ്ടെന്തു നേട്ടമെന്ന് അര്‍ജുനന്‍ കൃഷ്ണനോട് ചോദിക്കുന്നുണ്ട്. ബന്ധുക്കളുടേയും നാനാജാതിയില്‍ പെട്ട ആബാലവൃത്തം ജനങ്ങളുടേയും ജീവിതം കടപുഴക്കുന്ന യുദ്ധവിജയം തന്റെ മനസ്സിനെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് അശോകന്‍ രേഖപ്പെടുത്തിയതില്‍ അര്‍ജുനദു:ഖത്തിന്റെ ജനിതകം കൃത്യമായി വായിച്ചെടുക്കാം (“Indeed, Beloved-of-the-Gods is deeply pained by the killing, dying and deportation that take place when an unconquered country is conquered. But Beloved-of-the-Gods is pained even more by this -- that Brahmans, ascetics, and householders of different religions who live in those countries, and who are respectful to superiors, to mother and father, to elders, and who behave properly and have strong loyalty towards friends, acquaintances, companions, relatives, servants and employees -- that they are injured, killed or separated from their loved ones. Even those who are not affected (by all this) suffer when they see friends, acquaintances, companions and relatives affected. These misfortunes befall all (as a result of war), and this pains Beloved-of-the-Gods.”{13}).
മഹാദുരന്തം മുന്നില്‍ തുറിച്ചുനോക്കവെ എന്തിന് യുദ്ധം ചെയ്യണമെന്ന് അര്‍ജുനന്റെ ചോദ്യം മഹാഭാരതത്തിന്റെ പൊതു കഥഗതിയുമായി പൊരുത്തപ്പെടാത്ത ഒന്നാണ്. അന്നുവരെ പ്രകടപ്പിക്കാത്ത അനിതരസാധാരണമായ വൈകാരികശൈഥില്യമാണ് പാര്‍ത്ഥന്‍ പ്രകടമാക്കുന്നത്. വനവാസത്തിന്റെ അന്ത്യഘട്ടത്തില്‍ വിരാട രാജാവിന് വേണ്ടിയുള്ള യുദ്ധത്തില്‍ ആളറിഞ്ഞുകൊണ്ടുതന്നെ ഭീഷ്മര്‍, ദ്രോണര്‍, ദുര്യാധനന്‍, ശകുനി, കര്‍ണ്ണന്‍ എന്നിവരെ നിഷ്പ്രയാസം പരാജയപ്പെടുത്തിയ വിശ്വവിജയിയാണയാള്‍. അന്നൊന്നും അര്‍ജുനന്‍ ആ ചോദ്യം ചോദിച്ചിരുന്നില്ല. സ്വന്തം ധനുര്‍ശേഷി കൊണ്ട് വിരാടരാജാവിനുവേണ്ടി യുദ്ധം ജയിച്ച വ്യക്തിക്കാണ് തനിക്ക് കൂടി അര്‍ഹതപ്പെട്ട രാജ്യം നേടാനായി അന്തിമയുദ്ധത്തിനിറങ്ങുമ്പോള്‍ അതേ എതിരാളികളെ മുന്നില്‍ കാണുമ്പോള്‍ ദേഹം വിറച്ച് തേര്‍തട്ടില്‍ തളര്‍ന്നിരിക്കേണ്ടി വരുന്നത്. കോടിക്കണക്കിന് വരുന്ന പാണ്ഡവ-കൗരവ പോരാളികളില്‍ ആര്‍ക്കും സമാനമായ മാനസികപ്രശ്‌നമില്ല. അശോകനെയും ബൗദ്ധദര്‍ശനത്തേയും മന:പൂര്‍വം കളിയാക്കാനായി പില്‍ക്കാലത്ത് കുത്തി തിരുകിയതാണ് ഈ രംഗമെന്ന് ഇവിടെ പകല്‍പോലെ വ്യക്തമാണ്. വമ്പന്‍ എതിരാളികളുടെ മുന്നില്‍ പോലും അര്‍ജുനന് കൈ വിറച്ചിട്ടില്ല. പിതാവായ ദേവേന്ദ്രനോടും ബന്ധുവും ആത്മമിത്രവുമായ കൃഷ്ണനോടും വരെ അചഞ്ചലനായി യുദ്ധം ചെയ്ത വ്യക്തിയാണദ്ദേഹം. ബലരാമന്റെ കുപ്രസിദ്ധമായ ക്രോധം സുഭദ്രയെ സ്വന്തമാക്കുന്നതില്‍ നിന്ന് അര്‍ജുനനെ തടഞ്ഞതുമില്ല. മഹാഭാരതകഥയിലുടനീളം എടുത്തുചാട്ടക്കാരനും അഹംഭാവിയുമായി പ്രത്യക്ഷപ്പെടുന്ന അര്‍ജുനന്‍ ഒരുഘട്ടത്തില്‍ ജേഷ്ഠനായ യുധിഷ്ഠിരന് നേരേപോലും ഊരിയ വാളുമായി ചാടിവീഴുന്നുണ്ട്. അത്തരമൊരു വ്യക്തിയാണ് കുരുക്ഷേത്ര ഭൂമിയില്‍ തത്വചിന്ത പറഞ്ഞ് മോഹാലസ്യപ്പെട്ട് വീഴുന്നത്! ജീവിതത്തില്‍ ആദ്യമായി അര്‍ജുനന് ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനും ആത്മവീര്യം പകരാനും ബ്രാഹ്മണപിന്തുണ ആവശ്യമായി വരുന്നു.
കലിംഗയുദ്ധം വരെ അശോകനും യുദ്ധം ഹരമായിരുന്നു. തന്റെ വിജയങ്ങളില്‍ അദ്ദേഹം വല്ലാതെ ഉന്‍മാദിച്ചിരുന്നു. ക്ഷത്രിയനായ അശോകനെ തന്റെ ചെയ്തികളുടെ കര്‍മ്മഫലമാണ് വിവശനാക്കുന്നതെങ്കില്‍ തന്റെ കര്‍മ്മഫലത്തിന്റെ ഭവിഷ്യത്തുകളാണ് അര്‍ജുനനെ ധര്‍മ്മസങ്കടത്തിലാക്കുന്നത്. ജീവിതത്തില്‍ പലപ്പോഴും ബന്ധുക്കളേയും നേരിടുകയും കൊല്ലുകയും ചെയ്ത അര്‍ജുനന് ബന്ധുജനങ്ങളെ കൊല്ലുന്നത് പാപമാണെന്ന തിരിച്ചറിവുണ്ടാകുന്നത് തികച്ചും നാടകീയമായാണ്. അശോകന്റെ കഥ കേട്ടിട്ടുള്ള ഒരാളാണ് ഗീതാകാരനെന്ന് സ്പഷ്ടം. തന്റെ ജീവിതത്തില്‍ അശോകന്‍ അക്രമവും ഹിംസയും ഉപേക്ഷിക്കുമ്പോള്‍ അങ്ങനെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ് അര്‍ജുനന്‍. ഇവിടെ കൃഷ്ണന്‍ ബുദ്ധന്റെ എതിര്‍ കഥാപാത്രമായി കടന്നുവരുന്നു. ബ്രാഹ്മണധര്‍മ്മത്തിന്റെയും വര്‍ണ്ണവ്യവസ്ഥയുടേയും വിട്ടുവീഴ്ചയില്ലാത്ത സംരക്ഷകനാണദ്ദേഹം.
ഗീതാരചന ബി.സി. ഇ രണ്ട് മുതല്‍ എ.ഡി നാലു വരെയുള്ള കാലഘട്ടത്തിനുള്ളിലാണ് സംഭവിച്ചിട്ടുള്ളതെന്ന നിരീക്ഷണത്തിന് പരക്കെ സ്വീകാര്യതയുണ്ട്. മഹാഭാരതത്തില്‍ കൃഷ്ണന്‍ എന്ന യാദവരാജന്‍ കേവലം ഒരു ഉപകഥാപാത്രം മാത്രമാണ്. ചന്ദ്രഗുപ്ത മൗര്യന്റെ ഗുരുവും കൗടില്യന്‍, വിഷ്ണുഗുപ്തന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ട ചാണക്യന്‍ (B.C.E 370–283) പ്രചരിപ്പിച്ച രാജ്യതന്ത്രവും യുദ്ധതന്ത്രവുമാണ് കൃഷ്ണന്‍ ഗീതയില്‍ അവതരിപ്പിക്കുന്നത്. ചന്ദ്രഗുപ്തനെ കരുത്തുറ്റ ഭരണാധികാരിയാക്കുന്നതില്‍ ബ്രാഹ്മണനായ ചാണക്യന്റെ ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിര്‍ണ്ണായക പങ്ക് വഹിക്കുകയുണ്ടായി. കുതന്ത്രങ്ങളും ചതികളും ന്യായീകരിക്കുകയും അവസരം കിട്ടുമ്പോള്‍ ധര്‍മ്മാധര്‍മ്മം നോക്കാതെ എതിരാളികളെ നിര്‍ദാക്ഷിണ്യം തകര്‍ക്കണമെന്ന് വാദിക്കുകയും ചെയ്യുന്ന ചാണക്യന്റെ ശരിയായ പിന്‍മുറക്കാരനായാണ് കൃഷ്ണന്‍ ഗീതയില്‍ വേഷമിടുന്നത്. ഭരണാധികാരിയേയും സൈനികനേയും മാനസികവും താത്വികവുമായി സജ്ജമാക്കുന്ന ബ്രാഹ്മണവേഷമാണ് ഇരുവര്‍ക്കും. ചാണക്യനെപ്പോലെ ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്ന നിലപാട് തന്നെയാണ് കൃഷ്ണനും പഥ്യം. ബുദ്ധന്റെ ബ്രാഹ്മണവിരുദ്ധപോരാട്ടത്തിന് എതിരെയുള്ള ആശയപരമായ പ്രതിരോധമാണ് ഗീതയുടെ അന്തസത്ത.
ക്ഷത്രിയന്‍ രക്തവും കബന്ധവും കണ്ട് ഭയന്ന് ഓടരുതെന്നും യുദ്ധംചെയ്യുകയാണ് അവന്റെ ധര്‍മ്മമെന്നും മറയില്ലാതെ വിശദീകരിക്കപ്പെടുന്നു. യുദ്ധത്തില്‍നിന്ന് പിന്‍മാറിയാല്‍ അത് അപഖ്യാതിയും അപമാനവുമുണ്ടാക്കും. ലക്ഷ്യപ്രാപ്തി മുന്നില്‍ കാണുന്ന ഏതൊരു സാധാരണക്കാരനും മുന്നോട്ടുവെക്കുന്ന പ്രായോഗികയുക്തിയാണിത്. ഒരിടത്ത് ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യാന്‍ പറയുന്ന ഗീത യുദ്ധം ചെയ്താല്‍ ഒന്നുകില്‍ രാജ്യം അല്ലെങ്കില്‍ വീരസ്വര്‍ഗ്ഗം (“Victorious you would inherit your kingdom; dead you would go to heaven (2:37)എന്ന സമ്മോഹന വാഗ്ദാനം അവതരിപ്പിച്ച് ഫലേച്ഛയെ പ്രോജ്ജ്വലിപ്പിക്കുന്നു. കൃഷ്ണനെ കൊണ്ട് ചാതുര്‍വര്‍ണ്യം സ്ഥിരീകരിക്കാനും സാധൂകരിക്കാനും ബ്രാഹ്മണമതത്തിന് സാധിച്ചു. മനുഷ്യകുലത്തെ വിഭജിക്കുന്നവനും ഏകോപിപ്പിക്കുന്നതും താനാണെന്ന് കൃഷ്ണന്‍ പറഞ്ഞുവെച്ചു. കൃഷ്ണന്‍ ഗീതയില്‍ പറയുന്ന ചാതുര്‍വര്‍ണ്യം ഗുണപരമായ ഭിന്നതയാണെന്നും വര്‍ണം കര്‍മ്മസിദ്ധമാണെന്നുമൊക്കെയുള്ള മണവും ഗുണവുമില്ലാത്ത ആധുനിക മതഫലിതങ്ങള്‍ തല്‍ക്കാലം വിട്ടുകളയുക. ചെയ്യേണ്ട കാര്യം ചെയ്യുക തന്നെ വേണമെന്ന ഗീതോപദേശത്തില്‍ മഹത്തരമോ അസാധാരണമോ ആയി യാതൊന്നുമില്ല. കേവലമായ പ്രായോഗികബുദ്ധിയുള്ള ഏതൊരാളും ഇതുതന്നെയാവും പറയുക. കൊന്നും കൊലവിളിച്ചും അറപ്പ് മാറിയ വിശ്വവിജയിയായ അര്‍ജുനന് അതൊന്നും അറിയില്ലായിരുന്നുവെന്ന് വരുത്തി തീര്‍ത്താണ് ഗീതഭാഷണം തരപ്പെടുത്തുന്നത്.
ഗീതാസന്ദര്‍ഭം മഹാഭാരതകഥയുമായി ഒത്തുപോകാത്തതിനാല്‍ അതിന്റെ പ്രസക്തി എക്കാലത്തും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഗീതയില്ലാത്ത മഹാഭാരതം സാഹിത്യപരമായി എന്തുകൊണ്ടും മികച്ചാതാണെന്ന കാര്യത്തില്‍ നിരൂപകര്‍ക്കിടയിലും രണ്ടഭിപ്രായമുണ്ടാകാന്‍ വഴിയില്ല. ഗീതാഭാഷണം തുടങ്ങുന്നതുവരെ കൃഷ്ണന് ഒപ്പം നില്‍ക്കുന്ന സഖാവാണ് അര്‍ജുനനെങ്കില്‍ ഗീതാഭാഷണവേളയില്‍ അദ്ദേഹം വെറുമൊരു നാലാംകിട ഭക്തനായി അധ:പതിക്കുന്നു. ജീവിതത്തില്‍ ഒരിക്കലും ശിശുപാലനെപോലുള്ള സാധാരണ ശത്രുക്കളെ പോലും പരാജയപ്പെടുത്താനാവാത്ത ശരാശരി യോദ്ധാവാണ് കൃഷ്ണന്‍. ശിശുപാലനാകട്ടെ പ്രപഞ്ചപരിപാലകനായ കൃഷ്ണനുമായുള്ള യുദ്ധംതന്നെ ഒരു ഹരമാണ്! എവിടെകണ്ടാലും അദ്ദേഹം കൃഷ്ണന്റെ പോരാട്ടവിമുഖതയേയും ഭീരുത്വത്തേയും കണക്കറ്റ് അപഹസിക്കും. അവസാനം സദ്ദസ്സില്‍ വെച്ച് ന്യായമായ കാര്യം പറഞ്ഞതിനാണ് അസഹിഷ്ണുത പൂണ്ട കൃഷ്ണന്‍ വിശേഷ ആയുധമായ ചക്രം കൊണ്ട് ശിശുപാലന്റെ തലയറുക്കുന്നത്. തനിക്കൊരിക്കലും കീഴ്‌പ്പെടുത്താനാവില്ലെന്ന് പൂര്‍ണ്ണബോധ്യമുണ്ടായിരുന്ന ജരാസന്ധനെ വധിക്കാന്‍ കൃഷ്ണനിലെ തന്ത്രശാലി കണ്ടെത്തിയത് ഭീമന്റെ കരുത്താണ്. ഭീഷ്മരെ കൊല്ലാനാവില്ലെന്ന് കാണുമ്പോള്‍ സാരഥിയാണെന്ന ബോധം പോലും നഷ്ടപ്പെട്ട ആ വന്ധ്യ വയോധികന്റെ നേരെ ഊരിയ വാളും ചോരക്കണ്ണുകളുമായി പാഞ്ഞടുക്കുന്ന കൃഷ്ണനെ കുരുക്ഷേത്രയുദ്ധത്തില്‍ നാം കാണുന്നു. ഗീത ചൊല്ലിക്കൊടുത്ത പുരുഷോത്തമനാണ് ഭീഷ്മര്‍ക്ക് മുന്നില്‍ വിളറേണ്ടിവരുന്നത്! കര്‍ണ്ണന്റെ മരണം കപടന്യായം പറഞ്ഞ് ന്യായീകരിക്കാനും അദ്ദേഹം മടിക്കുന്നില്ല. മിക്ക കൗരവനേതാക്കളെയും ചതിയും കുതന്ത്രവും വഴി കൊല്ലിക്കുന്ന കൃഷ്ണന്‍ പാണ്ഡവശകുനിയായാണ് മഹാഭാരതത്തിലുടനീളം പ്രത്യക്ഷപ്പെടുന്നത്. ഇത് കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാവണം കുടുംബഛിദ്രത്തിനും കൂട്ടക്കുരുതിക്കും പൂര്‍ണ്ണ ഉത്തരവാദിയായി ഗാന്ധാരി മറ്റാരെയും കാണാത്തത്. കൃഷ്ണനില്ലെങ്കില്‍ യുദ്ധമേ ഉണ്ടാകില്ലെന്ന് ചിന്തിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. കൃഷ്ണന് കൊല്ലിക്കലാണ് രസമെന്ന് ഗാന്ധാരി പറഞ്ഞതായി ഭക്തകവികള്‍ക്കുപോലും എഴുതേണ്ടിവന്നു. ഗാന്ധാരിയുടെ ക്രോധവും ദു:ഖവും ശമിപ്പിക്കാനായി വിശ്വപരിപാലകനായ കൃഷ്ണന് സാധുവായ ഒരൊറ്റ എതിര്‍വാദം പോലും ഉന്നയിക്കാനാവന്നില്ല. അര്‍ജുനനോട് വിളമ്പിയ ഭാരമേറി ദര്‍ശനസാഹിത്യം ഗാന്ധാരിയുടെ മുന്നില്‍ ചെലവാകുന്നില്ല. ആ മാതൃശാപമാണ് പിന്നീട് കൃഷ്ണന്റെ യാദവകുലം മുച്ചൂടും തകര്‍ത്തുകളയുന്നതായി മഹാഭാരതം പറയുന്നു. ഗീത ഉപദേശിച്ച കൃഷ്ണനും കേട്ട വിജയനും ജീവിതം കൊണ്ടു മുറിവേല്‍ക്കുന്നതാണ് നാം പിന്നീട് കാണുന്നത്. ജയിച്ചവര്‍ തോല്‍ക്കുകയും തോറ്റവന്‍ സ്വര്‍ഗം പൂകുകയും ചെയ്യുന്ന കുരുക്ഷേത്രയുദ്ധത്തില്‍ ഗീതാസന്ദര്‍ഭം തന്നെ അപ്രസ്‌കതമാണ്.
വിഷ്ണുവിന്റെ അവതാരമെന്ന പരിഗണനയില്‍ ലഭ്യമായ സുദര്‍ശനചക്രമാണ് കൃഷ്ണന്റെ പോരാട്ടവീര്യത്തിന്റെ ചിഹ്നം. ചക്രം ഉണ്ടെങ്കില്‍ ആര്‍ക്കും നേടാമെന്ന് കൃഷ്ണന്‍ തന്നെ സ്ഥാപിക്കുന്നുണ്ട്. കുരുക്ഷേത്രയുദ്ധത്തിന് മുമ്പ് തന്നെ സന്ദര്‍ശിക്കുന്ന ദ്രോണപുത്രനായ അശ്വത്ഥാമാവിനോട് എന്തുവേണമെങ്കിലും ചോദിച്ചുകൊള്ളാന്‍ അനുവദിച്ച ശേഷം ദ്രോണപുത്രന്‍ സുദര്‍ശനചക്രം തന്നെ ചോദിക്കുമ്പോള്‍ കൃഷ്ണന്‍ വിസമ്മതിക്കുന്നത് ചക്രമില്ലാത്ത താന്‍ വെറും വട്ടമാണെന്ന ബോധ്യം കാരണമാവണം. ഇതേ ബോധ്യം അശ്വത്ഥാമാവിനും ഉണ്ടായിരുന്നുവെന്ന് വ്യക്തം. തനിക്ക് മാത്രമേ ചക്രം ഉപയോഗിക്കാനാവൂ എന്നൊക്കെ ഒഴികഴിവ് പറയുകയാണ് കൃഷ്ണന്‍ ചെയ്യുന്നത്. ഗത്യന്തരമില്ലാതെ വന്നാല്‍ നേരിട്ട് യുദ്ധം, അല്ലെങ്കില്‍ കഴിവതും ഭീരുവിനെപ്പോലെ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് കുതന്ത്രങ്ങളും ചരടുവലികളും-അതാണ് മഹാഭാരതത്തിലെ കൃഷ്ണന്റെ പൊതുനിലപാട്. ചക്രായുധമെന്ന ബൂമറാങ് കയ്യിലുണ്ടെങ്കിലും ഗയന് വേണ്ടിയുള്ള യുദ്ധത്തില്‍ അര്‍ജുനനോട് പോലും ജയിക്കാനാവാത്ത കൃഷ്ണന്‍ തന്റെ സഹോദരിയെകൊണ്ട് യുദ്ധത്തില്‍ നിന്ന് പിന്‍മാറാന്‍ അര്‍ജുനന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സുഭദ്രയെ അര്‍ജുനന് ഭാര്യയായി നല്‍കിയതുതന്നെ ബന്ധുബലം കൂട്ടുന്നതിന്റെ ഭാഗമായിട്ടായിരുന്നു. കൃഷ്ണന്റെ ഒട്ടുമിക്ക വിവാഹങ്ങളുടെ പിന്നിലും സമാനമായ ലക്ഷ്യം കാണാനാവും. കൃഷ്ണനെ ഒരു താരമായി അംഗീകരിക്കാന്‍ കൗരവര്‍ എക്കാലത്തും മടിച്ചതാണ് ആ പക്ഷത്തോട് കൃഷ്ണന് അസഹിഷ്ണുത തോന്നാന്‍ മുഖ്യകാരണം. കൃഷ്ണന്‍ നിലവാരമില്ലാത്ത പോരാളിയും കുതന്ത്രശാലിയുമാണെന്ന ധാരണ കൗരവര്‍ക്കുണ്ടായിരുന്നു. യാദവസൈന്യത്തിന് കൃഷ്ണനെക്കാള്‍ മാര്‍ക്കിടാന്‍ ദുര്യോധനന്‍ തയ്യാറായതിന്റെ കാരണമതാണ്. ചതിപ്രയോഗങ്ങളുടെ കാര്യത്തില്‍ ശകുനി പോലും കൃഷ്ണന് മുന്നില്‍ ഒന്നുമല്ല. എന്നാല്‍ അതിനൊക്കെ ന്യായീകരണം പറഞ്ഞ് വായനക്കാരെ വെറുപ്പിക്കിന്നില്ലെന്നതാണ് ശകുനിയുടെ ഗുണം.
കേവലം 76 ശ്‌ളാകങ്ങളുണ്ടായിരുന്ന പടപ്പാട്ടാണ് പില്‍ക്കാലത്ത് 700 ശ്‌ളോകങ്ങളുള്ള ഭഗവദ്ഗീതയായി പരിണമിച്ചതെന്ന നിരീക്ഷണമുണ്ട്. 700 ശ്‌ളോകങ്ങളുള്ള(745?) ഒരു ഗാനം ഓര്‍ത്തിരിക്കാനോ കേട്ടിരിക്കാനോ എളുപ്പമല്ല, മഹാഭാരതം പോലെ ഗീതയും കാലാന്തരത്തില്‍ വണ്ണം വെക്കുകയായിരുന്നുവെന്ന് വേണം ഊഹിക്കാന്‍. മഹാഭാരതത്തില്‍ ഗീത കുത്തിതിരുകിയതുപോലെ ഗീതയിലും കുത്തിത്തിരിപ്പുകള്‍ അസംഖ്യമാണ്. നൂറ്റാണ്ടുകളായി സംഭവിച്ച സാമൂഹികമാറ്റങ്ങളും പ്രതിവിപ്‌ളവങ്ങളും ഗീതയെ നിരന്തരം പുതിക്കിപണിഞ്ഞിട്ടുണ്ട്. ബ്രാഹ്മണഭാഷയായ സംസ്‌കൃതത്തില്‍ സാമാന്യജനത്തിന് പാണ്ഡിത്യമില്ലാതിരുന്നതിനാല്‍ കൂട്ടിച്ചേര്‍ക്കലിന്റെ കുത്തക അവര്‍ക്ക് മാത്രമായിരുന്നു. വര്‍ണാധിപത്യം കാരണം അവരുടെ വ്യാഖ്യാനങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടതുമില്ല.
ഹിംസയും വര്‍ണധര്‍മ്മവും യാഗഹോമാദികളും ന്യായീകരിക്കാനായി ബ്രാഹ്മണര്‍ കൊണ്ടുവന്ന വരികളാണ് ഗീതയില്‍ ഏറെയും പ്രക്ഷിപ്തമായിട്ടുള്ളത്. ബ്രാഹ്മണമതത്തിന് വിരുദ്ധമായ വരികള്‍ ഗീതയില്‍ ഉണ്ടായിരുന്നുവെന്നു. പരസ്പരവിരുദ്ധമായ വാദങ്ങളും സൂചനകളും കൊണ്ട് സമ്പന്നമാണ് ഭഗവദ് ഗീതയെന്ന് നമുക്കറിയാം. സന്ദേശപരമായ ഐക്യമോ ഏകതാനതയോ അതില്‍ കാണാനാവില്ല. കൊല്ലാനും കൊല്ലാതിരിക്കാനും ഉതകുന്ന വ്യാഖ്യാനങ്ങള്‍ കണ്ടെത്താനാവുന്ന ഗീത ജാതകരചന പോലെയാണ്. നല്ലതും മോശവുമായ കാര്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യത ജാതകക്കുറിപ്പിലുണ്ടാവുമല്ലോ. ജാതകക്കാരന് ഏന്ത് സംഭവിച്ചാലും ജ്യോതിഷിക്ക് പൂച്ചയെ പോലെ നാലുകാലില്‍ തറതൊടാം. ഹെന്ദവവല്‍ക്കരണത്തിന്റെ മുഖ്യ പ്രചരണായുധമായ ഗീത ബുദ്ധനെയും അശോകനെയും പരിഹസിച്ച് ബ്രാഹ്മണമതത്തിന്റെ പ്രതിലോമകരമായ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നല്ല വിജയം നേടി. സെമറ്റിക് മതങ്ങളുടെ അധിനിവേശത്തെ ചെറുക്കാനുള്ള പടപ്പാട്ടായി ഹിന്ദുനേതൃത്വം പില്‍ക്കാലത്തതിനെ പ്രയോജനപ്പെടുത്തി. പില്‍ക്കാലത്ത് തിലകനും ഗാന്ധിജിയും അതിന്റെ സമരോത്സുകതയും രണവീര്യവും തിരിച്ചറിഞ്ഞ് കരുക്കള്‍ നീക്കി. ഗോഡ്‌സെകളും ഗാന്ധിമാരും അതില്‍നിന്ന് പുറത്തുവന്നു. ഒരിക്കല്‍ ബുദ്ധനെതിരെ വലിച്ചെറിഞ്ഞ ആ കല്ല് ഇന്നും ബൂമറാങ് പോലെ ഉപയോഗിക്കപ്പെടുകയാണ് ***