ശാസ്ത്രം വെളിച്ചമാകുന്നു

Thursday, 3 April 2014

77. മഴ ഹോമത്തോട് പറയുന്നത്

Frits Staal
പ്രസിദ്ധ അമേരിക്കന്‍ ഇന്‍ഡോളജിസ്റ്റും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഫിലോസഫി പ്രൊഫസറുമായിരുന്ന ഫ്രിറ്റ്‌സ് സ്റ്റോള്‍((  (Johan Frederik (Frits) Staal/1930-2012) ഭാരതീയ വൈദികസാഹിത്യത്തില്‍ അതീവ തത്പരനായിരുന്നു. ആംസ്റ്റര്‍ഡാമില്‍ ജനിച്ച അദ്ദേഹം ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഭാരതീയ തത്വചിന്ത പഠിച്ചത്;മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗവേഷണബിരുദം സമ്പാദിക്കുകയും ചെയ്തു. 1956 ല്‍ തൃശൂര്‍ ജില്ലയിലെ പാഞ്ഞാളില്‍ ഒരു അതിരാത്രം നടന്നിരുന്നുവെങ്കിലും കേരളത്തിലെങ്ങും കുറെക്കാലം അതിന്റെ തുടര്‍ച്ചയില്ലാതെ വന്നു. 1957, 62, 71, 75 എന്നീ വര്‍ഷങ്ങളില്‍ സ്റ്റോള്‍ കേരളം സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത് ഒരു മലയാളി വനിതയെയാണ്. സന്ദര്‍ശന വേളകളിലൊക്കെ കേരളത്തിലെ വൈദിക നമ്പൂതിരിസമൂഹത്തെ നേരില്‍കണ്ട് അതിരാത്രം പോലുള്ള പുരാതന വൈദികചടങ്ങുകളെപ്പറ്റി ചോദിച്ച് മനസ്സിലാക്കാനും കഴിയുമെങ്കില്‍ അവയൊക്കെ നേരിട്ടു കാണാനും അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, സ്മിതിസോണിയന്‍ ഇന്‍സ്റ്റിട്ട്യൂട്ട്, റോക്ക് ഫൗണ്ടേഷന്‍ എന്നിവരെ കൊണ്ട് 1975 ല്‍ പാഞ്ഞാളില്‍ നടന്ന അതിരാത്രത്തിനുള്ള ഫണ്ട് അനുവദിപ്പിക്കുന്നതില്‍ ഫ്രിറ്റ്‌സ് സ്റ്റോള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. കൗതുകകരമെന്ന് പറയട്ടെ, കൃത്യമായും അമേരിക്കന്‍ ഫണ്ട് കൊണ്ട് നടത്തിയ ഈ യാഗത്തിനെതിരെ കേരളത്തിലാരും സാമ്ര്യാജ്യത്വവിരുദ്ധ സമരമൊന്നും നടത്തിയില്ല.

വൈദികചടങ്ങകളുടെ പ്രകൃതിയും പ്രഭാവവും നേരിട്ടു പഠിക്കുകയായിരുന്നു സ്റ്റോളിന്റെ ലക്ഷ്യം. അതിരാത്രത്തിന്റെ ഭാരിച്ച ചെലവായിരുന്നു പ്രാദേശിക വൈദികസമൂഹത്തെ പിന്നോട്ടടിച്ച ഒരു സംഗതി. പക്ഷിയുടെ ആകൃതിയിലുള്ള ഹോമകുണ്ഡം ഒരുക്കാന്‍ മാത്രം 1000 ഇഷ്ടികകള്‍ വേണമായിരുന്നു. അല്‍പ്പ വസ്ത്രധാരികളായ 17 പുരോഹിതന്‍മാരും സോമലത, കൃഷ്ണമാന്‍ തോല്‍ തുടങ്ങി ദുര്‍ലഭമായ പല ഹോമവസ്തുക്കളും ആവശ്യമുണ്ടായിരുന്നു. 1975 ലെ പാഞ്ഞാളിലെ അതിരാത്രം നേരിട്ട് കണ്ടുപഠിച്ച സ്റ്റോള്‍ അത് വീഡിയോയിലാക്കി(http://www.youtube.com/watch?v=2mYu_Ckh_K8). പിന്നീട് സ്റ്റോള്‍ ചെയ്തതെന്തെന്ന് ഇവിടുത്തെ അതിരാത്രസ്‌നേഹികള്‍ക്കും സംഘിജനതയ്ക്കും കൃത്യമായി അറിയില്ലെന്ന് തോന്നുന്നു. പ്രാകൃതവും പ്രാചീനവുമായ ഒരാചാരം നേരിട്ടു കണ്ട് പഠിക്കുകയായിരുന്ന സംസ്‌കൃതപണ്ഡിതന്‍ കൂടിയായിരുന്ന സ്റ്റോളിന്റെ ഉദ്ദേശം. കേവല വായനയിലൂടെ മന്ത്രാചാരങ്ങളുടെ അന്തസത്ത മനസ്സിലാക്കാനാവില്ലെന്നും ചെയ്തുകണ്ടു വേണം പ്രഭാവം വിലയിരുത്താനെന്നും അദ്ദേഹം കരുതി. ചെറുമുക്ക് വല്ലഭന്‍നമ്പൂതിരി, ഇട്ടിരവിനമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലുള്ള വൈദികരുടെ സഹായത്തോടെയാണ് 1975 ലെ പാഞ്ഞാള്‍ അതിരാത്രം നടന്നത്. പ്രസ്തുത അതിരാത്രത്തിന്റെ നടപടിക്രമങ്ങള്‍ സ്റ്റോള്‍ പിന്നീട് മൂന്ന് വ്യോള്യങ്ങളായി പ്രസിദ്ധീകരിക്കുകയുണ്ടായി. The Meaningless of Rituals എന്ന പ്രബന്ധവും(http://www.jstor.org/discover/10.2307/3269623?uid=2&uid=4&sid=21103230930991), അര്‍ത്ഥശൂന്യമായ നിയമങ്ങള്‍(Rules Without Meaning)എന്ന പേരില്‍ ഒരു ഗ്രന്ഥവും ഇതു സംബന്ധിച്ച് അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്(http://books.google.de/books/about/Rules_without_meaning.html?id=APcoAAAAYAAJ&redir_esc=y).http://www.jstor.org/discover/10.2307/3269623?uid=2&uid=4&sid=21103230930991 http://www.youtube.com/watch?v=2mYu_Ckh_K8)Staal witNityagnihothri Dr. Jayantha Kumar
പെന്തക്കോസ്തുകാര്‍ പോലെയുള്ള ഉന്മാദി മതസംഘങ്ങള്‍ നടത്തുന്ന ആട്ടവും തുള്ളലുകളുംപോലെ അര്‍ത്ഥശൂന്യവും പ്രാകൃതവുമാണ് വൈദികയാഗമെന്ന് സ്റ്റോള്‍ തിരിച്ചറിഞ്ഞു. മന്ത്രവാദം, ഗോത്രീയ ആഭിചാരങ്ങള്‍ എന്നിവയില്‍ കവിഞ്ഞ യാതൊരു പ്രസക്തിയും അവയ്ക്കില്ലെന്നും അദ്ദേഹം എഴുതി. അദ്ദേഹത്തിന്റെ രചനകളില്‍ പലയിടത്തും ആക്ഷേപഹാസം തുടിച്ചുനില്‍ക്കുന്നു. പക്ഷെ ഇതൊന്നും അദ്ദേഹത്തെ ഇവിടെ ആദരിച്ചാനയിച്ച വൈദികനേതൃത്വവും നമ്പൂതിരി സമൂഹവും ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നു-അതല്ലെങ്കില്‍ കണ്ടിട്ട് അവഗണിച്ചു. നരംവംശ-സാമൂഹിക ശാസ്ത്രജ്ഞര്‍ പ്രാദേശികവും പുരാതനവുമായ ഗോത്രാചാരങ്ങളും പ്രാകൃത ഉത്സവങ്ങളും നേരില്‍ കണ്ടുപഠിക്കുന്നത് സാധാരണമാണ്. തങ്ങളുടെ പ്രാകൃതാചാരങ്ങളോടുള്ള ബഹുമാനവും ആദരവുംകൊണ്ടാണ് പുറത്തുനിന്നും പണ്ഡിതരെത്തുന്നതെന്ന് ധരിച്ച് ഉന്മത്തരാകാന്‍ ആര്‍ക്കും അവകാശമുണ്ട്. അതാത് രാജ്യങ്ങളിലെ മത-പിന്തിരിപ്പന്‍ ശക്തികളെ സംബന്ധിച്ചിടത്തോളം ഇതൊക്കെ തികച്ചും സ്വഭാവികമായ കാര്യമാണുതാനും. മെക്‌സിക്കന്‍-ആഫ്രിക്കന്‍ ഗോത്രാചാരങ്ങലെക്കുറിച്ചും അവരുടെ പ്രവചന സാഹിത്യത്തെക്കുറിച്ചുമൊക്കെ ഇതുപോലെ പണം ചെലവ് ചെയ്ത് പഠിക്കാന്‍ തയ്യാറായ പാശ്ചാത്യരുണ്ട്. 

സത്യത്തില്‍ പണം കുറെ പൊടിച്ചെങ്കിലും ഫ്രിറ്റ്‌സ് സ്റ്റോള്‍ വലിയൊരു സേവനമാണ് ചെയ്തത്. പഠനത്തിലൂടെ യാഗങ്ങളുടെ അര്‍ത്ഥശൂന്യതയും പ്രാകൃതസ്വഭാവവും ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യാന്‍ അദ്ദേഹത്തിനായി. “How a psychoactive substance becomes a ritual:the case of Soma'എന്ന അദ്ദേഹത്തിന്റെ സാമാന്യം ദീര്‍ഘമായ ലേഖനം ഇതു സംബന്ധിച്ച ഒരു നല്ല പഠനരേഖയാണ്(/https://docs.google.com/file/d/0Bxcc8rfhHjOAWC1DejlBdzJCNGs/edit). കേരളത്തില്‍ യാഗസംസ്‌ക്കാരം പുനരുജ്ജീവിപ്പിക്കുന്നതില്‍ സ്റ്റോള്‍ ഒരു കാരണക്കാരനായി എന്നത് നിഷേധിക്കാനാവില്ല. പാഞ്ഞാളിലെ യാഗങ്ങള്‍ക്ക് ശേഷം പല കുറി പലതരം യാഗങ്ങള്‍ കേരളത്തില്‍ അരങ്ങേറിയിട്ടുണ്ട്. ബുദ്ധിജീവി സമൂഹം ഇന്ന് യാഗങ്ങളെക്കുറിച്ചും യജ്ഞങ്ങളെക്കുറിച്ചും ആവലാതിപ്പെട്ട് കാണാറില്ല. കോടിക്കണക്കിന് രൂപയും മനുഷ്യാദ്ധ്വാനവും സമയവും ചെലവിട്ട് നടത്തുന്ന ഈ പ്രാകൃത ചടങ്ങുകളില്‍ ഉന്മാദം കൊള്ളുകയും ചൊവ്വയിലേക്കോ ചന്ദ്രനിലേക്കോ ഒരു പേടകം വിട്ടാല്‍ അതിന്റെ നയാപൈസ കണക്ക് ചോദിച്ച് ആക്ഷേപഹാസ സാഹിത്യം രചിക്കുകയും ചെയ്യുന്ന തലത്തിലേക്ക് നമ്മുടെ ബൗദ്ധികസമൂഹം ചുവടുമാറ്റി.

സ്റ്റോളിന്റെയും മറ്റും പ്രവര്‍ത്തനത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് യാഗസംസ്‌ക്കാരം കേരളത്തില്‍ ശക്തിപ്പെട്ടുവെന്ന് മാത്രമല്ല സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുന്നതാണ് നാം പിന്നീട് കാണുന്നത്. 1950 ന് ശേഷം നടന്ന അതിരാത്രങ്ങളുടെ പട്ടിക താഴെ:
(1). പാഞ്ഞാള്‍(Panjal), തൃശൂര്‍, 1956.
(2). പാഞ്ഞാള്‍, തൃശൂര്‍, 1975.
(3). കുണ്ടൂര്‍(Kundoor), 1990.
(4)കിഴക്കാഞ്ചേരി(Kizhakkancherry), 2006.
(5) പാഞ്ഞാള്‍, തൃശൂര്‍, 2011 ഏപ്രില്‍ 4-15.
(6) മറ്റത്തൂര്‍ കുന്നു കൈമുക്ക് മന(Mattathoor Kunnu Kaimukku Mana), 23.3.12-03.4.12.
(7) ഭദ്രാചലം(Bhadrachalam), ഖമ്മം ജില്ല, ആന്ധ്രാപ്രദേശ്, 21.4.2012-2.5.2012.
(8) കീസരഗുട്ട(Keesaragutta), രംഗറെഡ്ഡി ജില്ല, ആന്ധ്രാപ്രദേശ്, 13.4.2013-24.4.2013.

ഈ യാഗങ്ങളൊക്കെ നടന്നിട്ടുള്ളത് മാര്‍ച്ച് അവസാന വാരം ഏതാണ്ട് 40 ദിവസത്തിനുള്ളിലാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മിക്കതും 'ഏപ്രില്‍യാഗ'ങ്ങളായിരുന്നു! അതായത് മഴയക്ക് സമൃദ്ധമായ സാധ്യതയുള്ള വേനലവസാനം. ആന്ധ്രയിലും കേരളത്തിലും മാത്രമേ ഈ പരീക്ഷണം നടന്നിട്ടുള്ളുവെന്നതും ശ്രദ്ധിക്കണം. ഫ്രിറ്റസ് സ്റ്റോള്‍ പീന്നീടും പാഞ്ഞാളിലെത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ഓരോ വരവും സംഭവമായി കൊണ്ടാടിയ ഹിന്ദുത്വശക്തികള്‍ക്ക് അതിരാത്രം സംബന്ധിച്ച അദ്ദേഹത്തിന്റെ പല നിരീക്ഷണങ്ങളും നിരാശയുണ്ടാക്കുമെന്നുറപ്പാണ്. മന്ത്രങ്ങള്‍ ഭാഷയുടെ ഉത്ഭവത്തിന് മുമ്പ് തന്നെ ഉണ്ടായതാണെന്നും പക്ഷികളുടെ കരച്ചിലും മറ്റു പ്രകൃതിശബ്ദങ്ങളും അനുകരിക്കാന്‍ മനുഷ്യന്‍ ശ്രമിച്ചതാണ് മന്ത്രങ്ങളുടെ ഉത്പത്തിക്ക് കാരണമായതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു('Mantras and Birdsong' by Frits Staal. http://www.jstor.org/discover/10.2307/601529?uid=4...). 


പാഞ്ഞാള്‍ അതിരാത്രത്തിന്റെ മൂന്നാം ദിവസം മഴയുണ്ടായപ്പോള്‍ അത് ഇന്ദ്രന്റെ ആഗമനമാണെന്ന് വിലയിരുത്തിയവരെ കുറിച്ച് ചെറിയ തോതില്‍ പുച്ഛംകലര്‍ന്ന ഭാഷയിലാണ് സ്റ്റോള്‍ വിവരിക്കുന്നത്(Staal and Mahadevan,Somayagam 2003). അതിരാത്രത്തിന് മൃഗബലി നിര്‍ബന്ധമാണെന്നും ആദ്യം പദ്ധതിയിട്ടപ്പോള്‍ പാഞ്ഞാളില്‍ അതുകൂടി യാഗത്തിന്റെ സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഗാന്ധിയന്‍മാര്‍, കമ്മ്യൂണിസ്റ്റുകാര്‍, ജൈനന്‍മാര്‍ എന്നിവരുടെ പ്രതിഷേധം രൂക്ഷമായപ്പോള്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയെന്ന നിലയില്‍ അജത്തിന് പകരം അട എന്ന പരിഹാര നിര്‍ദ്ദേശം സ്വീകരിക്കപ്പെടുകയായിരുന്നുവെന്നും സ്റ്റോള്‍ തുറന്നെഴുതുന്നു((Staal and Mahadevan , Somayagam, 2003 , Page 17). യാഗം ഒരു വൈദികചടങ്ങ് എന്നതിലുപരി ഒരു പ്രകടനമോ പ്രദര്‍ശനമോ ആയി അധപതിച്ചുവെന്ന് അഭിപ്രായപ്പെടുന്ന സ്റ്റോള്‍ ഹിന്ദുത്വശക്തികള്‍ ഇത്തരം ചടങ്ങുകള്‍ ഹൈജാക്ക് ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകളും പങ്കുവെക്കുന്നുണ്ട്('It would be unfortunate if the present government in Delhi were to obfuscate Vedic ritual with Hindutva’sideological strains '( Staal and Mahadevan , Somayagam, 2003 , Page 21).

സ്റ്റോള്‍ ഒരു നാസ്തികനോ വേദവിരോധിയോ അല്ലെന്ന് നമുക്കറിയാം. ഭാരതത്തിന്റെ വൈദിക പാരമ്പര്യത്തിലും സംസ്‌കൃതഭാഷയിലും അഗാധമായ താല്‍പര്യവും ഒരു പരിധിവരെ ആരാധനയും അദ്ദേഹത്തിനുണ്ടായിരുന്നു. വളരെ പ്രയാസപ്പെട്ട് പലകുറി ഇന്ത്യയിലെത്തി പുരാതന വൈദിക ചടങ്ങുകള്‍ നേരില്‍ കണ്ട് പഠിക്കാന്‍ തീരുമാനിച്ചതോടെ ഇത്തരം പ്രാകൃത ചടങ്ങുകളുടെ ഫലശൂന്യത സ്റ്റോളിന് അംഗീകരിക്കേണ്ടി വന്നു. ആചാരങ്ങള്‍ സങ്കീര്‍ണ്ണമാണെന്ന് മാത്രമല്ല തികച്ചും അര്‍ത്ഥശൂന്യം കൂടിയാണെന്നറിയുമ്പോള്‍ പല വായനക്കാരും ഞെട്ടാനും മറ്റു ചിലര്‍ക്ക് കോപമോ നിരാശയോ ഉണ്ടാകുമെന്നുറപ്പാണെങ്കിലും തനിക്കതില്‍ തീരെ വിഷമമില്ലെന്ന് കൂടി സ്റ്റോള്‍ തുറന്നെഴുതുമ്പോള്‍ അതിരാത്രമെന്ന പ്രാകൃതമതാചാരത്തിന്റെ ഏറ്റവും സത്യസന്ധവും പണ്ഡിതോചിതവുമായ സംഗ്രഹവാക്യം പിറക്കുകയാണ്('There must be readers who are shocked, angry or depressed at the though that ritual( not to mention religion and even language) is not only complex but also meaningless- I am not a bit sad about it...' ( Staal 1979, The meaninglessness of ritual Numen 26 1:2-22)

മഴമേഘങ്ങളെ മര്യാദ പഠിപ്പിക്കുന്ന ഹോമാഗ്നി!
കോടികള്‍ ചെലവിട്ട് 12 ദിവസം നീളുന്ന യാഗം കൊണ്ടുള്ള നേട്ടമെന്താണെന്ന്് ചോദിച്ചാല്‍ മതശക്തികള്‍ വെളുക്കെ ചിരിക്കും. ഇത്രയും കാലം യാഗം നടത്തിയിട്ട് ലഭിച്ച നേട്ടത്തെക്കുറച്ചും അവര്‍ തന്ത്രപരമായ നിശബ്ദത പാലിക്കും. സര്‍വാശൈ്വര്യം, ഭാഗ്യം, ലോകസമാധാനം, സുഖമരണം, സന്താനലബ്ധി...തുടങ്ങിയ സ്ഥിരം മതപാക്കേജുകളാണ് യാഗക്കാരും വാഗ്ദാനം ചെയ്യുന്നത്. ഇതൊക്കെ തന്നെയല്ലേ വഴിപാടു മുതല്‍ മഹാപൊങ്കാല വരെയുള്ള കര്‍മ്മങ്ങള്‍ക്കും സമ്മാനമായി വെച്ചുനീട്ടുന്നത്?! യാഗങ്ങളുടെ കാര്യത്തില്‍ നടക്കുന്ന ഭീമന്‍ ഫണ്ടുസമാഹണത്തിന് ദേശീയ-അന്തര്‍ദേശീയ മാനങ്ങളാണുള്ളത്. റോഡും പാലവും ഡാമുമൊക്കെ പണിയാന്‍ വിദേശസഹായം തേടുന്നതുപോലെയാണ് യാഗക്കാര്‍ വിദേശത്തേക്ക് കൈ നീട്ടുന്നത്. അടുത്തിടെ കണ്ണൂരിനടുത്ത് ഒരുള്‍ഗ്രാമത്തില്‍ നടത്തിയ യാഗത്തിന് ചെലവ് 12 കോടി രൂപയായിരുന്നുവത്രെ!

യാഗത്തിന്റെ കാര്യത്തില്‍ നടത്തുന്ന അധിക അവകാശവാദം അന്തരീക്ഷശുദ്ധീകരണം, അണുനശീകരണം, മഴ തുടങ്ങിയ മതഫലിതങ്ങളാണ്. മിക്കപ്പോഴും വേനല്‍ മഴയ്ക്ക് സാധ്യതയുള്ള കാലത്താണ് ഇത്തരം യാഗകോപ്രായങ്ങള്‍ നടത്തുന്നത്. അതും കേരളത്തിലാണെങ്കിലേ അത്രയ്ക്കങ്ങോട്ട് ക്‌ളച്ച് പിടിക്കൂ. മരുഭൂമിയിലോ മഴനിഴല്‍ പ്രദേശത്തോ യാഗം നടത്തിയാല്‍ പണി പാലിന്‍വെള്ളത്തില്‍ തന്നെ കിട്ടും! യാഗം നടത്തിയാല്‍ യാഗാവസാനം കൃത്യമായി മഴ പെയ്യുമെന്ന ഗ്യാരണ്ടി നല്‍കാന്‍ ചങ്കുറപ്പുള്ള ഒരു പുരോഹിതനുമില്ല. ഒത്താല്‍ ഒത്തു-മിക്കപ്പോഴും അതാണ് ലൈന്‍. അഥവാ മഴ വല്ലതും പെയ്താല്‍, അത് ചാറ്റലായാലും, രണ്ടു തുള്ളിയായാലും സംഗതി യാഗത്തിന്റെ വകുപ്പില്‍പ്പെടുത്തപ്പെടും. യാഗം നടത്തുമ്പോഴും നടത്താത്തപ്പോഴും മഴ പെയ്യുന്നു. യാഗത്തിന് മുമ്പും അതിനിടയ്ക്കും മഴ പെയ്‌തെന്നുമിരിക്കും. കാട്ടിലും കടലിലും മരുഭൂമിയിലും മഴ പെയ്യുന്നത് ശ്രദ്ധിക്കുക. യാഗം കഴിഞ്ഞ് പെയ്യുന്ന മഴ യാഗ സ്ഥലത്ത് മാത്രമായിരിക്കണമെന്നുമില്ല. ആ ജില്ലയിലും സമീപപ്രദേശങ്ങളിലും അകന്ന പ്രദേശങ്ങളിലും അടുത്ത സംസ്ഥാനത്തും അയല്‍ രാജ്യങ്ങളിലുമൊക്കെ അതേ സമയം മഴ പെയ്യുന്നുണ്ടാവാം. മഴയ്ക്ക് വേണ്ടി നടത്തിയ യാഗങ്ങളൊക്കെ ഫലിതങ്ങളായി അവസാനിച്ചിട്ടേയുള്ളൂ. 1975 ല്‍ പാഞ്ഞാളില്‍ നടന്ന അതിരാത്രത്തിന്റെ അവസാനം ദിവസം മഴയുണ്ടായില്ലെന്ന് ഫ്രിറ്റ്‌സ് സ്റ്റോള്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. മൂന്നാം ദിവസം മാത്രം ഇടയ്ക്കിടെ മഴ പെയ്തു. 


2012 ല്‍ ആന്ധ്രാപ്രദേശില്‍ വെച്ച് നടത്തിയ അതിരാത്രത്തിന്റെ അവസാന ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് സംഘാടകര്‍ അകാശപ്പെട്ടതും സംഭവിച്ചില്ല. യാഗത്തിനിടയിലുള്ള ചില ദിവസങ്ങളില്‍ മഴയും ഹിമപാതവും ഉണ്ടായി. ഇതാകട്ടെ, സംഘാടകര്‍ പ്രവചിച്ചതുമല്ല(http://www.youtube.com/watch?v=mZIboxQMXMY). മഴ പോയിട്ട് മാനം കറുത്ത് പോലും കാണാനാവാതെ ഈയിടെ കര്‍ണ്ണാടകത്തില്‍ സര്‍ക്കാര്‍ ചെലവിലുള്ള ഒരു യാഗം അവസാനിച്ചതേയുള്ളൂ.

യാഗമഴ മതസാഹിത്യത്തില്‍
യാഗ-യജ്ഞാദികള്‍ മഴ കൊണ്ടുവരുമെന്ന അന്ധവിശ്വാസം വേദകാലഘട്ടം മുതല്‍ നിലവിലുള്ള ഒന്നാണ്. സ്മൃതികളിലും ഇതിനെക്കുറിച്ചുള്ള പരാമര്‍ശം കാണാം. ഭഗവത് ഗീത സംശയലേശമന്യേ ഇക്കാര്യം സ്ഥിരീകരിക്കുന്നു:
അന്നാദ് ഭവന്തി ഭൂതാനി
പാര്‍ജ്ജന്യോതന്ന സംഭവ
യജ്ഞാത് ഭവതി പാര്‍ജ്ഞന്യോ
യജ്ഞം കര്‍മ്മസംഭവ:( ഗീത 3:14)
(അന്നത്തില്‍ നിന്ന് ജീവികള്‍/ഭൂതങ്ങള്‍ ഉണ്ടാകുന്നു. മഴയില്‍ നിന്നാണ് അന്നത്തിന്റെ ഉത്ഭവം. മഴ യജ്ഞം മൂലവും യജ്ഞം കര്‍മ്മം മൂലവും സംഭവിക്കുന്നു.

ആധുനികശാസ്ത്രത്തെ വരെ കുഴക്കുന്ന കാര്യങ്ങള്‍ക്കു വരെ എത്ര പെട്ടെന്നാണ് കൃഷ്ണന്‍ തീര്‍പ്പുകല്‍പ്പിക്കുന്നത്! അന്നത്തില്‍ നിന്നാണ് ജീവികളുണ്ടാകുന്നതെന്ന് കൃഷ്ണന്‍ പ്രഖ്യാപിക്കുന്നു. ജീവോത്പത്തി സിദ്ധാന്തങ്ങളുമായി കഷ്ടപ്പെടുന്ന ശാസ്ത്രജ്ഞര്‍ ശ്രദ്ധിക്കണം. പഴയ ആഹാരസാധനങ്ങള്‍, വിസര്‍ജ്ജ്യങ്ങള്‍ എന്നിവയില്‍ നിന്നൊക്കെ സൂക്ഷ്മജീവികളും പുഴുക്കളും നുരഞ്ഞിറങ്ങുന്ന കണ്ട പ്രാചീനമനുഷ്യര്‍ എത്തിച്ചേര്‍ന്ന നിഗമനമാണ് ഗീതാകാരനും തട്ടിവിടുന്നത്. ഈച്ചകളും മറ്റു പ്രാണികളും മുട്ടയിടുകയും ആ മുട്ടകള്‍ വിരഞ്ഞ് ലാര്‍വകള്‍ പുറത്തുവരുന്നതുമാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഗീതാകാരന് കഴിയാത്തതില്‍ അത്ഭുതമില്ലല്ലോ. ഇനി, അന്നം ഉണ്ടാകാന്‍ കാരണം മഴയാണെന്നും മഴയ്ക്ക് കാരണം യജ്ജമാണെന്നും കൃഷ്ണന്‍ സ്ഥാപിക്കുന്നു. ഇതൊന്നും തമാശയായി കാണരുത്. സംഗതി അക്ഷരംപ്രതി വിശ്വസിക്കുന്ന വിദ്വാന്‍മാര്‍ നമ്മുടെ നാട്ടിലുണ്ട്. പൈതൃകം എന്ന മലായാള ചലച്ചിത്രത്തിന്റെ ക്‌ളൈമാക്‌സ് ശ്രദ്ധിച്ചാല്‍ തിരകഥാകൃത്ത് ഗീത വായിച്ചിരുന്നോ എന്ന സംശയമുണ്ടാകാനിടയുണ്ട്. ചിത്രത്തിന്റെ അവസാനം യുക്തിവാദിയായ നായകനെ നാണംകെടുത്താനായി യാഗാവസാനം സംവിധായകന്‍ മോട്ടോര്‍പമ്പിന്റെ സഹായത്തോടെ മഴ പെയ്യിക്കുന്നുണ്ട്. തുടര്‍ന്ന് നായകനെ ജനം കൂക്കിവിളിക്കുകയും കല്ലെറിയുകയും ചെയ്യുന്നു.

യജ്ജം ചെയ്താല്‍ മഴ പെയ്യുമെങ്കില്‍ ഇന്ത്യയില്‍ വരള്‍ച്ചയും ജലദൗര്‍ലഭ്യവും എന്നന്നേക്കുമായി പരിഹരിക്കാനുള്ള വിദ്യ കൃഷ്ണന്‍ പറഞ്ഞുതന്നിരിക്കുന്നതായി കണക്കാക്കാം. അമേരിക്കപോലുള്ള മുന്‍നിര രാജ്യങ്ങള്‍ക്ക് യജ്ജ സാങ്കേതികവിദ്യ കയറ്റുമതി ചെയ്ത് നാല് ചക്രമുണ്ടാക്കാമെന്ന് സാരം. മരുഭൂമികള്‍ മലര്‍വാടികളാക്കിയും ഊഷരഭൂമികള്‍ കൃഷിസ്ഥലങ്ങളാക്കിയും ചരിത്രവും ഭൂമിശാസ്ത്രവും അട്ടിമറിക്കുകയും ചെയ്യാം. ഇന്ന് കേരളത്തിലും മറ്റും അരങ്ങേറുന്ന യോഗ-യജ്ജാഭാസങ്ങള്‍ക്ക് താത്വിക അടിത്തറയൊരുക്കുന്നത് ഗീത പോലുള്ള അന്ധവിശ്വാസപ്രചരണ സാഹിത്യങ്ങളാണെന്നതില്‍ സംശയമില്ല. എല്ലാമറിയുന്ന ഭഗവാനല്ലേ പറഞ്ഞത്! എങ്ങനെ തള്ളാനാവും?! ഭാഗവതത്തില്‍ (പത്താം സ്‌ക്കന്ദം, ഇന്ദ്രഹരണം)ഇതേ കൃഷ്ണന്‍ സ്വപിതാവ് മഴയ്ക്കായി ഇന്ദ്രനെ പ്രീതിപ്പെടുത്താനായി യാഗം നടത്തുന്നതിനെ എതിര്‍ക്കുന്നുണ്ട്. ഇന്ദ്രന്‍ കുലദേവതയല്ല മറിച്ച് അന്യദേവതയാണെന്നാണ് കൃഷ്ണന്‍ പറയുന്നത്. ഇന്ദ്രന് പകരം ഗോവര്‍ദ്ധനപര്‍വ്വതത്തെയാണ് ആരാധിക്കേണ്ടത്. മിക്ക യജ്ഞങ്ങളും ഇന്ദ്രാദിദേവതകളെ പ്രീതിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. പക്ഷെ ഭാഗവതത്തില്‍ യജ്ഞം മഴയുടെ കാരണമാണെന്ന് അംഗീകരിക്കാന്‍ എന്തുകൊണ്ടോ കൃഷ്ണന്‍ തന്നെ വിസമ്മതിക്കുന്നു. ഗീതയില്‍ പ്‌ളേറ്റ് മാറ്റുന്നു. വിചിത്രമെന്നല്ലാതെന്തു പറയാന്‍!

യാഗം മൂലം മഴ പെയ്‌തെന്ന് പ്രചരിപ്പിക്കുന്നതും സിനിമയില്‍ മോട്ടറടിച്ച് മഴയുണ്ടാക്കി യുക്തിവാദികളെ അപഹസിച്ചു കാണിക്കുന്നതും കഷ്ടമെന്നേ പറയാവൂ. പണ്ട് വെക്കേഷന് ഞങ്ങള്‍ ഫുട്‌ബോള്‍ കളിക്കാന്‍ തീരുമാനിക്കുന്ന പല ദിവസങ്ങളിലും മഴ പെയ്യുമായിരുന്നു. പക്ഷെ ക്രിക്കറ്റ് കളിക്കാന്‍ തീരുമാനിച്ചാല്‍ ആ പ്രശ്‌നമില്ലെന്നും കാണപ്പെട്ടു! എന്റെ ഒരു കസിന്‍ അതില്‍പ്പിന്നെ എല്ലാ ദിവസവും ക്രിക്കറ്റിന്റെ സ്റ്റമ്പും പാഡുമായിട്ടാവും കളിക്കളത്തിലെത്തുക. പക്ഷെ അവനും ഞങ്ങളും കളിക്കുന്നത് ഫുട്‌ബോള്‍ തന്നെയായിരിക്കും. കളിക്കാന്‍ പോകുന്നത് ക്രിക്കറ്റാണെന്ന് മഴദൈവത്തെ തെറ്റിദ്ധരിപ്പിക്കലായിരുന്നു അവന്റെ ലക്ഷ്യം! വീട്ടില്‍ മുതിര്‍ന്നവരാരോ പറഞ്ഞുകൊടുത്ത ആശയമായിരുന്നുവത്രെ അത്! മഴ പെയ്യാത്ത ദിവസങ്ങളിലൊക്കെ അവന്റെ തന്ത്രം വിജയിച്ചെന്ന് ഞങ്ങളില്‍ ഒരു വിഭാഗം പകുതി തമാശയായിട്ടും പകുതി ഗൗരവമായിട്ടും വിശ്വസിച്ചിരുന്നു. തന്റെ വിശ്വാസമാലിന്യങ്ങള്‍ക്ക് എന്തെങ്കിലും സാധുതയുണ്ടാക്കാനുള്ള അത്യാഗ്രഹം മതമനസ്സില്‍ ഒരിക്കലും അസ്തമിക്കുന്നില്ല. മഴയും കൊടുങ്കാറ്റുമൊക്കെ അവന്‍ വിശ്വാസത്തിന്റെ അക്കൗണ്ടില്‍ ഉദാരമായി എഴുതിച്ചേര്‍ക്കും. താനൊരു വിഡ്ഢിയല്ലെന്ന് സ്വയം ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണത്. അതിനായി ക്വാണ്ടം ഫിസിക്‌സു മുതല്‍ ചാറ്റല്‍ മഴ വരെ നിര്‍ദ്ദയമായി എടുത്തിട്ട് അലക്കാനും അവന്‍ മടിക്കില്ല. പക്ഷെ മഴ ഹോമത്തോട് പറയാനിടയുള്ളത് വ്യക്തമാണ്: ചൂഷണം എന്റെ ചെലവില്‍ വേണ്ട!

നീട്ടി വിരിച്ചിട്ടിരിക്കുന്ന തോര്‍ത്ത്
യാഗത്തിന് പണം പൊഴിക്കുന്ന വിദേശി-സ്വദേശി ഭക്തന്‍മാര്‍ യഥാര്‍ത്ഥത്തില്‍ മതം വാഗ്ദാനം ചെയ്യുന്ന ആനമുട്ടയ്ക്ക് വേണ്ടി തന്നെയാണ് പണമെറിയുന്നത്. അവര്‍ക്ക് ഇതൊക്കെ ഒരു 'പുണ്യ'കര്‍മ്മമാണ്! മതഭക്തിയും ആചാരങ്ങളും ഒരു തരം വികലമായ യുക്തിവാദമാണ്. വാണിഭയുക്തിയാണതിന്റെ അടിസ്ഥാനം. ചെറിയ കാര്യങ്ങള്‍ക്ക് ചെറിയ വഴിപാട് വലിയ കാര്യങ്ങള്‍ക്ക് വലിയ വഴിപാട് ആനുപാതിക ഗണിതബുദ്ധി പോലും നല്ല പോലെ ബോധ്യമില്ലാത്തവരും വിശ്വസിക്കുന്നു. ഒരു പക്ഷെ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന കണക്കുക്കൂട്ടലാണ് ഭൂരിഭാഗം വരുന്ന മതവിശ്വാസികളുടേയും വിശ്വാസത്തിനടിസ്ഥാനം. അജ്ഞതയുടെ ആഘോഷമാണത്. ഭയമാണതിന്റെ വളം, അറിവില്ലായ്മയാണതിന്റെ കരുത്ത്. മതഭക്തന് കുറെ കാര്യങ്ങള്‍ വേണം-സുഖം വേണം, ധനം വേണം, ആരോഗ്യം വേണം....അതിനായി ഏത് മാര്‍ഗ്ഗവും ഉപയോഗിക്കും. യാഗമെങ്കില്‍ യാഗം! ബലിയെങ്കില്‍ ബലി! എട്ടുനിലയില്‍ പൊട്ടിടാനും കൈ നിറയെ ചരടു കെട്ടാനും ദേഹം മുഴുവന്‍ ചാമ്പല് വാരിപ്പൂശാനും അവന്‍ റെഡി. അവന് ദൃഡീകരിച്ച ആനമുട്ടകള്‍ വേണം. ശിപായിപ്പണി മുതല്‍ മന്ത്രിപ്പണിവരെ, അരിമ്പാറവിടുതല്‍ മുതല്‍ അര്‍ബുദസൗഖ്യം വരെ, കോഴിക്കാല് മുതല്‍ കുഞ്ഞിക്കാല് വരെ...അവനിങ്ങനെ ആഗ്രഹിച്ചുകൊണ്ടിരിക്കും. ഭക്തിയെന്നാല്‍ വിരാമമില്ലാത്ത ഒരു തോര്‍ത്ത് വിരിക്കലാകുന്നു. യാഗസ്ഥലത്ത് ചെന്നടിയുന്ന ഭക്തജനത്തിന്റെ മന:ശാസ്ത്രവും സമാനമാണ്.

ഊര്‍ജ്ജ'തന്ത്രം'
ഇക്കാലത്ത് എല്ലാം മതവും 'ശാസ്ത്രീയ'മാകാന്‍ കൊതിക്കുന്നു! വൈദികമന്ത്രോച്ചാരണങ്ങളുടെയും യാഗഹോമാദികളുടെയും പിന്നിലുള്ള ശാസ്ത്രീയ രഹസ്യങ്ങള്‍ വേണമെങ്കില്‍ നാട്ടുകാര്‍ അന്വേഷിച്ചു കണ്ടെത്തിക്കൊള്ളണമെന്നാണ് തല്‍പ്പരകക്ഷികളുടെ ശാഠ്യം. മതാചാരങ്ങള്‍ നിരര്‍ത്ഥകമായ അനുഷ്ഠാനങ്ങളാണെന്ന് മനസ്സിലാക്കിയ മതവിശ്വാസികള്‍ മതത്തിന് പിന്നില്‍ 'ശാസ്ത്രീയത' ഉണ്ടെന്ന് വരുത്തി തീര്‍ക്കാനായി ഉന്നയിക്കുന്ന അവകാശവാദങ്ങളില്‍ ഒന്നാണിത്. 'പോസിറ്റീവ് എനര്‍ജി'വാദം അഥവാ 'ഊര്‍ജ്ജ-തന്ത്രം' ഇത്തരം തട്ടിപ്പിന് മറ്റൊരു ഉദാഹരണമാണ്. പട്ടാപ്പകല്‍ കണ്‍മുമ്പില്‍ ഒരു ആന വന്നു നിന്നാല്‍ അതെന്താണെന്ന് ആരായുന്നവരും വെടിക്കെട്ട് നടക്കുന്നിടത്ത് ചെന്ന് പുകയുടെ കാരണമന്വേഷിക്കുന്നവരും 'പോസീറ്റീവ് എനര്‍ജി-നെഗറ്റീവ് എനര്‍ജി'എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചാടിയെഴുന്നേല്‍ക്കുന്നത് കാണാം! അവര്‍ക്കെല്ലാം മനസ്സിലായി!! 


നമുക്ക് ഹിതകരവും ഉന്മേഷകരവുമായി തോന്നുന്ന സംഭവങ്ങളും അനുഭവങ്ങളും നിരവധിയുണ്ട്. പൂച്ചയ്ക്ക് പച്ച മീന്‍ കാണുന്നത് ആവേശകരമാണ്. ഭക്തന് ഭജനയും തീര്‍ത്ഥാടനവും ശയനപ്രദക്ഷിണവും സന്തോഷകരം. ഇഷ്ടവിഭവങ്ങളില്‍ 'പോസിറ്റീവ് എനര്‍ജി' ധാരാളമുണ്ട്. മലയാളിക്കത് കരിമീനാണെങ്കില്‍ ചൈനക്കാരന് പാമ്പോ നായയോ ആയെന്നുവരാം. 'സ്ത്രീസാന്നിധ്യം'പോസിറ്റീവ് എനര്‍ജിയുടെ അനുസ്യൂത സ്രോതസ്സാണെന്ന് ആണയിടുന്ന'ഗൈനക്കോളജിസ്റ്റുകളായ' പുരുഷന്‍മാരും നിരവധി. പുഞ്ചിരിയും ആശ്വാസവചനങ്ങളും സഹായവാഗ്ദാനങ്ങളും പൊതുവെ ആരിലും നല്ല പ്രതികരണമുണ്ടാക്കും. 

ശുഭവാര്‍ത്തകളും എതിരാളിയുടെ പതനവും മനുഷ്യനെ പൊതുവില്‍ സന്തോഷിപ്പിക്കാറുമുണ്ട്. ഹിതകരവും ആസ്വാദ്യകരവുമായ അനുഭവങ്ങളെ 'പോസിറ്റീവ് എനര്‍ജി'നല്‍കുന്നവയെന്നും മോശം അനുഭവം സമ്മാനിക്കുന്നവയെ നെഗറ്റീവ് എനര്‍ജിയെന്നും ആലങ്കാരികമായി വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. മതാചാരങ്ങളും യാഗാദികളും വിശ്വാസിക്ക് നല്‍കുന്ന പോസിറ്റീവ് എനര്‍ജി ഇതിനപ്പുറമൊന്നുമില്ല.

ഇത്തരം പദങ്ങള്‍ വിലക്ഷണമായ തോതില്‍ മതപ്രചരാണത്തിനായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നതാണ് വാസ്തവം. മതാചാരങ്ങള്‍ മറ്റ് ഫലങ്ങളൊന്നും നല്‍കിയില്ലെങ്കില്‍ പോലും 'പോസിറ്റീവ് എനര്‍ജി'തരുമെന്ന വികലവാദമാണത് ഒറ്റനോട്ടത്തില്‍ തട്ടിപ്പാണെന്ന് ബോധ്യപ്പെടുമെങ്കിലും സംഗതി സത്യമാണെന്ന് മനസ്സിലാക്കണം! കാരണം അന്ധവിശ്വാസികള്‍ക്ക് മതാചാരം അനുഷ്ഠിക്കുന്നത് ഹിതകരവും ആസ്വാദ്യകരവുമായിരിക്കും. മുമ്പ് പരാര്‍ശിച്ച കാര്യങ്ങളില്‍ നിന്ന് അക്കാര്യം പകല്‍പോലെ വ്യക്തമാണല്ലോ?! അതല്ലാതെ മറ്റെന്തെങ്കിലും ശാസ്ത്രപ്രതിഭാസമോ ഊര്‍ജ്ജനിയമോ അവിടെ കടന്നുവരുന്നതായി ധരിക്കരുത്. മതത്തിന് ശാസ്ത്രീയയുടെ ചായം പൂശാന്‍ കഴിഞ്ഞ ഒന്നുരണ്ട് ദശകമായി ആസൂത്രിതമായി നടത്തപ്പെടുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ കസര്‍ത്തൊക്കെ. പോസിറ്റീവ് എനര്‍ജിയെന്നാല്‍ തൃപ്തിയും സന്തോഷവുമാണെങ്കില്‍ അതങ്ങനെതന്നെ പറയുന്നതല്ലേ അഭികാമ്യം?!

പോസീറ്റീവ് എനര്‍ജി, നെഗറ്റീവ് എനര്‍ജി എന്നിങ്ങനെ രണ്ടു തരം എനര്‍ജിയെപ്പറ്റി ശാസ്ത്രത്തിന് അറിവില്ല. പ്രവര്‍ത്തി ചെയ്യാനുള്ള കഴിവാണ് ഊര്‍ജ്ജം. അതേസമയം മതവാദികള്‍ നെഗറ്റീവ് എനര്‍ജി എന്നാല്‍ പ്രവര്‍ത്തി ചെയ്യാത്ത ഊര്‍ജ്ജമാണ് എന്നൊക്കെ തട്ടിവിട്ടുകളയും. എന്നാല്‍ സംഗതി നേര തിരിച്ചാണ്. മനുഷ്യനില്‍ ഉരുത്തിരിയുന്ന മാനസികസമ്മര്‍ദ്ദം, ആശങ്ക, വെപ്രാളം, പിരിമുറുക്കം തുടങ്ങിയ വികാരങ്ങള്‍ അയാളുടെ സക്രിയത കൂട്ടുകയും പ്രവര്‍ത്തിയുടെ തോത് വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. അതായത് അത്തരം അസുഖകരമായ അവസ്ഥകളില്‍ പ്രവര്‍ത്തിയുടെ തോത് വര്‍ദ്ധിക്കാനാണ് സാധ്യത. വെപ്രാളം കൊണ്ട് ബ്രേക്കിന് പകരം ആക്‌സിലറേറ്ററില്‍ ആഞ്ഞുചവിട്ടി വണ്ടി പപ്പടമാക്കുന്ന സക്രിയതയാണത്. ഇത്തരം നെഗറ്റീവ് വികാരങ്ങളുടെ കാര്യത്തില്‍ മതവിശ്വാസിയുടെ സ്ഥിതി അവിശ്വാസിയെക്കാള്‍ വളരെ മോശമായിരിക്കുമെന്നത് വേറെ കാര്യം. കാരണം മതവിശ്വാസത്തിലൂടെ ഒരാള്‍ ചെയ്യുന്നത് തന്നെ അടിസ്ഥാനപരമായി സ്വയം ദുര്‍ബലപ്പെടുത്തലും സ്വന്തം ശേഷിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തലുമാണല്ലോ. 


പൈതൃകമാനിയ
ശ്രീകോവിലിലെ ദേവിവിഗ്രഹത്തിന്റെ ആര്‍ത്തവരക്തം പുരണ്ട തൃപ്പൂത്ത് തുണി സ്വന്തമാക്കുന്നത് ദുരാചാരമായി കാണുന്ന പുരോഗമനം അവകാശപ്പെടുന്ന മതവിശ്വാസി നിലവിളക്ക് കൊളുത്തുന്നതില്‍ അതിഭീകരമായ ശാസ്ത്രീയത കണ്ടെത്തും. സത്യത്തില്‍ നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നതും ദേവിയുടെ തൃപ്പൂത്ത് തുണി ലേലം പിടിക്കുന്നതും ഒരേയിനം അന്ധവിശ്വാസമാണ്. സൈദ്ധാന്തികമായി രണ്ടും സമാനം. ഒന്ന് തെറ്റാണെങ്കില്‍ മറ്റേതും തെറ്റുതന്നെ. പണ്ടൊക്കെ സന്ധ്യസമയത്ത് വീട്ടില്‍ ഒരു എണ്ണവിളക്ക് കൊളുത്തിവെക്കുന്നത് രാത്രിയില്‍ വീട്ടിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും വഴി കാട്ടാനായിരുന്നു. 


വീടിനുള്ളില്‍ പൊതുവിലുള്ള അന്ധകാരമകറ്റാനും അത് പ്രയോജനപ്രദമായിരുന്നു. വൈദ്യുതി വിളക്കുകള്‍ വന്നതോടെ ഇത്തരം എണ്ണവിളക്കുകള്‍ തീര്‍ത്തും അപ്രസക്തമായി. എന്നാല്‍ വൈദ്യുതഫാനിന്റെ കീഴിലിരുന്ന് വിശറി ഉപയോഗിക്കണമെന്ന ദുര്‍വാശിയോടെ പലരും ഇന്നും നിലവിളക്കിന് വേണ്ടി ശബ്ദമുയര്‍ത്തുന്നത് നിലവിളക്കിനോടുള്ള പ്രേമം കൊണ്ടല്ല. മറിച്ച് മതം സംരക്ഷിക്കാനാണ്. വിളക്കല്ലിവിടെ മതത്തിന് പ്രധാനം;വിളക്ക് കൊളുത്തി നടത്തുന്ന ആരാധനയാണ്. യാഗം നടത്തി ദീപാളി കുളിക്കുന്നതിന് പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല.

കേവലം സംസ്‌ക്കാരത്തിന്റെ അടയാളമെന്ന നിലിയില്‍ നിലവിളക്ക് കൊളുത്തിവെക്കാന്‍ പറഞ്ഞുനോക്കൂ, മതവിശ്വാസി അതിന് തയ്യാറാവില്ല. നിലവിളക്ക് സംരക്ഷിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംരക്ഷിക്കപ്പെടുന്നത് മതം തന്നെയാണ്. അല്ലെങ്കില്‍ അത് പണ്ടേ നിന്നുപോകുമായിരുന്നു. അതുകൊണ്ട് തന്നെയാണ് മറ്റുചില മതക്കാര്‍ക്ക് അതിനോട് എതിര്‍പ്പുണ്ടാകുന്നതെന്നും വ്യക്തമാണ്. 


നിലവിളക്കിന്റെ സ്ഥാനത്ത് മെഴുകിതിരി കൊളുത്തുന്നതില്‍ ശാസ്ത്രീയതയും പോസീറ്റീവ് എനര്‍ജിയും കണ്ടെത്താന്‍ മറ്റു ചില വിഭാഗക്കാര്‍ക്കും എളുപ്പമയിരിക്കും. പക്ഷെ ഓര്‍ക്കുക, വിശറി വീശുന്നത് ഒരു മതചാരമല്ല. പണ്ട് നാമത് ചെയ്തിരുന്നുവെങ്കിലും വൈദ്യുതി ഫാന്‍ വന്നതോടെ അതിന്റെ ആവശ്യവുമില്ലെന്നായി. അതുകൊണ്ടുതന്നെ ഇന്നതാരും ''സംസ്‌ക്കാരത്തിന്റെ ഭാഗ''മായി ഉയര്‍ത്തിക്കാട്ടാറില്ല. ആരുമതില്‍ നിന്ന് ഊര്‍ജ്ജം ഉത്പ്പാദിക്കുന്നുമില്ല!

ബാക്റ്റീരിയ വിരോധം
മനുഷ്യ ശരീരത്തിന്റെ ഭാരത്തിന്റെ ഏതാണ്ട് പത്ത് ശതമാനത്തിലധികം ശരിക്കും നമ്മില്‍ വസിക്കുന്ന ബാക്റ്റീരിയകളുടേതാണ്. എല്ലാ ജീവികളെ സംബന്ധിച്ചും ഏറെക്കുറെ ശരിയായ കാര്യമാണിത്. ഭൂമിയെ 'ബാക്റ്റീരിയകളുടെ ഗ്രഹം' എന്നാണ് നാം വിളിക്കുന്നത്. കാരണം അവരാണിവിടുത്തെ ആദിമജീവരൂപങ്ങള്‍. ഇന്നും അവയുടെ സാന്നിധ്യത്തോട് കിടപിടിക്കാന്‍ മറ്റൊരു ജൈവരൂപങ്ങള്‍ക്കുമാകില്ല. നിലവിളക്കിന്റെ പ്രകാശം അണുക്കളെ നശിപ്പിക്കുമെന്നും ബാക്ടീരിയയെ നീക്കം ചെയ്യുമെന്നൊക്കെ ശാസ്ത്രബോധം തൊട്ടു തീണ്ടിയില്ലാത്ത മതവാദികളെ പറഞ്ഞുപറ്റിക്കുന്നവരുണ്ട്. യാഗം പരിസരത്തെ ശുദ്ധീകരിക്കുമെന്നും ചെടികളൊക്കെ പെട്ടെന്ന് വളരുമെന്നും മതഭ്രമം ബാധിച്ച ചില ശാസ്ത്ര-സാങ്കേതിക വിദഗ്ധരെ കൊണ്ട് പറയിപ്പിക്കുന്നതും മറ്റൊരു മതഫലിതമാണ്. അന്തരീക്ഷത്തിലെ മുഴുവന്‍ ബാക്റ്റീരികളും അണുക്കളും മനുഷ്യന്റെ ശത്രുക്കളാണെന്ന് ഈ വിരുതന്‍മാര്‍ കരുതിയിട്ടുണ്ടാവും! 


സഹായകരമായ അണുക്കളും നശിക്കില്ലേ എന്ന ചോദ്യം ഒരിക്കലും മതവിശ്വാസി സ്വയം ചോദിക്കില്ല.ശസ്ത്രക്രിയ മുറികളില്‍ നിലവിളക്ക് കൊളുത്തിവെച്ച് ചുളുവില്‍ അണുബാധയെ ചെറുക്കുന്ന സാങ്കേതികതയും ഉടനെ കണ്ടുപിടിക്കപ്പെട്ടേക്കാം! ''പ്രതിരോധശേഷി കൂട്ടുന്നു'' എന്ന വാഗ്ദാനത്തോടെ ആഹാര-ഔഷധ വസ്തുക്കള്‍ വിറ്റഴിക്കുന്നതു പോലെയാണിതൊക്കെ. ഏതൊരു ജീവിയുടേയും പ്രതിരോധശേഷി കൂടിയാല്‍ അത് ഹാനികരമാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ഇല്ലാതാവുന്നിടത്താണ് ഇത്തരം പ്രചരണങ്ങള്‍ വിറ്റുപോകുന്നത്. 

നിലവിളക്കിന്റെ ചെറുവെട്ടത്തില്‍ ഇത്രയധികം 'അണുനാശം'ഉണ്ടാവുകയാണെങ്കില്‍ വീട്ടിന് മുന്നില്‍ കരിയില കൂട്ടിയിട്ട് തീയിട്ടാല്‍ വീടും പരിസരവും ഏതാണ്ട് പൂര്‍ണ്ണമായും അണുവിമുക്തമാകേണ്ടതാണ്! എങ്കില്‍പ്പിന്നെ അടുക്കളയൊക്കെ അണുവിന്റെ ശ്മശാനഭൂമിയായിരിക്കും! പാവം അണുക്കള്‍!! യാഗങ്ങള്‍ ഒരു പഞ്ചായത്തിലെ സര്‍വ അണുപ്രശ്‌നം പരിഹരിക്കപ്പെടേണ്ടതുമാണ്. യാഗാഗ്നി അന്തരീക്ഷത്തിലെ ഹൈഡ്രജന്റെ അളവ് കൂടുമെന്നതാണ് മറ്റൊരു അവകാശവാദം. അഥവാ ഹൈഡ്രജന്‍ കൂടുതലായി ഉണ്ടായാല്‍തന്നെ സാന്ദ്രത കുറഞ്ഞ മൂലകമെന്ന നിലയില്‍ അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് ഉയര്‍ന്നുപോകും.

മറ്റൊന്ന് നിലവിളക്കും യാഗവുമൊക്കെ 'സംസ്‌ക്കാരിക ഫോസിലുകളാ'ണെന്ന(cultural fossils)വാദമാണ്. അത് ഒരര്‍ത്ഥത്തില്‍ ശരി തന്നെ. കാരണം അവയൊക്കെ പഴയ ആചാരങ്ങള്‍ തന്നെയാണ്. പക്ഷെ ആ രീതിയില്‍ നോക്കിയാല്‍ എല്ലാ ആചാരനാചാരങ്ങളും നമ്മുടെ സാംസ്‌ക്കാരിക ചിഹ്നങ്ങളാകുന്നു! യാഗം മാത്രമല്ല സതിയും ശൈശവവിവാഹവും നരബലിയും അയിത്തവും അടിമത്തവും നമ്മുടെ സാംസ്‌ക്കാരത്തിന്റെ ഭാഗവും പൈതൃകസമ്പത്തുമായിരുന്നു. 


മരവുരിയില്‍ നിന്ന് ആധുനിക വസ്ത്രങ്ങളിലെത്തിയ മനുഷ്യന്‍ മരവുരിയിലേക്ക് തിരിച്ചുപോയി സംസ്‌ക്കാരം കാണിക്കണമെന്ന് വാശിപ്പിടിക്കാറില്ല. നഗ്നപാദരായി നടന്ന ചിരിത്രം ഇന്നത്തെ ചെരുപ്പുവില്‍പ്പനയ്ക്ക് തടസ്സവുമല്ല. സ്ത്രീകള്‍ മാറു മറക്കാതിരിക്കുക എന്ന വിശ്രുത സംസ്‌ക്കാരത്തിന്റെ ഭാഗമായ ആചാരത്തിലേക്ക് തിരിച്ചുപോകണമെന്ന് ഇന്ന് കടുത്ത മതവിശ്വാസിക്ക് പോലും ശാഠ്യമില്ല. 

മാറു മറയ്ക്കാതിരിക്കുമ്പോഴോ സതി അനുഷ്ഠിക്കുമ്പോഴോ പോസിറ്റീവ് എനര്‍ജി കിട്ടുമെന്ന വാദവും ആരുമുയര്‍ത്താറില്ല. അപ്പോള്‍ ആവശ്യമില്ലാത്തതൊക്കെ അനാചാരം, ആവശ്യമുള്ളത് സദാചാരം. പക്ഷെ 'ആവശ്യം' മതത്തിന്റെ ആവശ്യമാണെന്നതാണ് ഇവിടെ കൗതുകകരമായ കാര്യം. അതായത് മതത്തിന് ആവശ്യമുള്ള, മതപ്രചരണത്തിന് സഹായകരമായ പഴമകള്‍, അത് സദാചാരമായാലും ദുരാചാരമായാലും, മാത്രമാണ് ഇന്ന് ആഘോഷിക്കപ്പെടുന്നത്. ബാക്കിയൊക്കെ യുക്തിപൂര്‍വം തള്ളി പുതുമയെ വാരിപ്പുണരുന്നു. മതവിശ്വാസിക്ക് യുക്തി ഉപയോഗിക്കാന്‍ വിലക്കുള്ളത് മതവിഷയത്തില്‍ മാത്രമാണല്ലോ!

സംസ്‌ക്കാരസംരക്ഷണം സമം മതസംരക്ഷണം
കൃത്യമായും മതപ്രചരണവും മതസംരക്ഷണവും ലക്ഷ്യമിട്ടാണ് നിലവിളക്കിനും യാഗത്തിനും വേണ്ടിയുള്ള താളംചവിട്ടലൊക്കെ. നിരന്തരമായി സംസ്‌ക്കരിക്കുകയും അനുസ്യൂതം പരിഷ്‌ക്കരിക്കുകയും ചെയ്താണ് മനുഷ്യന്‍ സാംസ്‌ക്കാരികമായി മുന്നേറിയത്. അപ്രസക്തമായവ പ്രായോഗികബുദ്ധിയോടെ കയ്യൊഴിഞ്ഞിട്ടുണ്ട്. പഴമയോടും പട്ടിക്കാടിനോടും നിര്‍ദ്ദയം മുഖംതിരിക്കുന്ന മതവിശ്വാസി മതവുമായി ബന്ധപ്പെട്ട എല്ലാ പ്രാകൃതമാലിന്യങ്ങളും വിശിഷ്ടമായി ഉയര്‍ത്തികാട്ടുന്നതില്‍ അവന്റെ അന്ധവിശ്വാസത്വര തന്നെയാണ് പ്രകടമാക്കുന്നത്. 


മതാചാരങ്ങള്‍ സംരക്ഷിക്കാനായാണ് സാംസ്‌ക്കാരത്തിന്റെയും പൈതൃകത്തിന്റെയും പേരില്‍ ഈ മുതലക്കണ്ണീരൊഴുക്കല്‍. ഒരു മുന്നാചാരം അത് സംസ്‌ക്കാരത്തിന്റെ ഭാഗമായിക്കൊള്ളട്ടെ, ശാസ്ത്രീയമാകട്ടെ, മതത്തിന്റെ ഭാഗമല്ലെങ്കില്‍ ആയത് നിലനിറുത്താന്‍ മതവിശ്വാസി യത്‌നിക്കില്ലെന്ന് മാത്രമല്ല,മിക്കപ്പോഴും ആ വശത്തേക്ക് അവന്‍ തിരിഞ്ഞുപോലും നോക്കില്ല. മതാചാരമാണെങ്കില്‍ പൈതൃകബോധം പീലി വിരിച്ചാടും. അല്ലെങ്കില്‍ പ്രായോഗികത തന്നെ പഥ്യം.

പ്‌ളാവിലയില്‍ കഞ്ഞികുടിക്കാന്‍ പറഞ്ഞാല്‍ സ്പൂണുണ്ടല്ലോ എന്ന മതയുക്തി വരും, ഓണത്തിന് ഉപ്പേരി വീട്ടിലുണ്ടാക്കാന്‍ പറഞ്ഞാല്‍ മാര്‍ക്കറ്റില്‍ കിട്ടുമല്ലോ എന്നാവും തിരിച്ചടിക്കുക. ഒട്ടകത്തിന്റെ പാല് കുടിച്ച് ഒട്ടകപ്പുറത്ത് സഞ്ചരിച്ച് പനയോലയില്‍ കിടന്നുറങ്ങി സുന്നത്ത് പിടിച്ചൂടേ എന്നു ചോദിച്ചാല്‍ അതിലും എളുപ്പമല്ലേ താടി വളര്‍ത്തുന്നതും പാന്റ്‌സിന്റെ ഇറക്കം കുറയ്ക്കുന്നതും എന്ന മറുന്യായം മതവിശ്വാസി ഉന്നയിക്കുക. 


ചുരുക്കത്തില്‍ മതവിശ്വാസിയുടെ സംസ്‌ക്കാരപ്രണയവും പൈതൃകമാനിയയുമൊക്കെ 'മതവിശ്വാസത്തെ പോഷിപ്പിക്കാനായുള്ള ഒരു അടവുനയമാകുന്നു. സംസ്‌ക്കാരത്തിന് വേണ്ടിയുള്ള മുറവിളി മിക്കപ്പോഴും മതത്തിന് വേണ്ടിയുള്ള കൊലവിളിയായി മാറുന്നുണ്ട്. യാഗങ്ങളും അനുബന്ധമായ കോപ്രായങ്ങളും നാഗരികതയ്ക്കും മാനവികതയ്ക്കും നേരെ ഇതേ വകുപ്പില്‍ മതം ഉന്നയിക്കപ്പെടുന്ന ക്രമപ്രശ്‌നങ്ങള്‍ തന്നെയാകുന്നു***************(For further Comments-https://www.facebook.com/photo.php?fbid=620107764692615&set=a.337796342923760.70291.100000801901801&type=1&theater)

2 comments:

binu mayappallil said...

താങ്കള്‍ ഇവിടെ പറഞ്ഞിരിക്കുന്നത് മുഴുവനായും ശരിയല്ല.., എന്നാല്‍ ശരിയുണ്ട് താനും... കുറച്ചും കൂടി കാര്യങ്ങലെന്ക്കുരിച്ചു വിസദമായി പഠിക്കേണ്ടിയിരിക്കുന്നു., എന്നാണ് എന്റെ അഭിപ്രായം...

bhattathiri said...

1.അറിവിൽ അമരത്വവും അജ്ഞതയിൽ അടിമത്വവുമുണ്ട്.
2.ആശ ചലനതത്വമാണ്. ചലനം ശിവതത്വവും, ശിവതത്വം
മഹാതത്വവും.
3.ഉള്ളിൽ വിള്ളലുണ്ടായാൽ വിടപറയാൻസമയമായി
എന്നു കരുതണം.
4.ഉദിച്ചിടത്തെ അസ്തമിക്കുമോ?
5.ഉദയം കാണാം ഉത്ഭവം കാണാൻ പറ്റുമോ?
6.ഊതിയാല്വീതി കൂടുമോ?
7.ഉള്ളിലുള്ളതറിയാതെ ഊഴി ചുറ്റാമോ?
8.ഉള്ളിലെ ഉന്മയാണ് അയ്യപ്പന്!
9. ഉള്ളുറച്ചവന് ഉണങ്ങില്ല, ഉയരങ്ങളിൽ എത്തും!
10. ഉള്ളില് ഉണ്മയും എള്ളിൽ എണ്ണയും ഉണ്ട്.
11.എന്തു വിളമ്പണമെവിടെവിളമ്പണം എങ്ങനെ
വിളമ്പണം എന്നുകൂടി അറിയണം.
12.എന്റെ എന്ന ചിന്ത അന്ധകാരത്തിലേക്കും നിന്റെ
എന്ന ചിന്ത ചിന്താമണിയിലേക്കും നയിക്കും.
13.കാലത്തുവരുന്ന കാറ്റില്കാന്തമുണ്ട്.
14. കാണാതെ പഠിച്ചാൽ തോരാതെ പറയാം
കണ്ടുപഠിച്ചാൽ കവിത എഴുതാം.
15. കർക്കിടത്തിൽ(രാമായണം)കഥിച്ചാൽ
നിർഗുണത്വമുണ്ടാകും.
16.കൊടുത്താൽ അടുത്തിരിക്കാം
കൊടുക്കാതിരുന്നാൽ അകന്നും.
17.ഭജിച്ചാല്പാദത്തിലും ഭരിച്ചാൽ പടിപ്പുറത്തും സ്ഥാനം.
18.കുഴഞ്ഞാൽ കുഴപ്പമാകും വലഞ്ഞാൽ വലിപ്പമാകും.
19.ക്രിയ കാമബദ്ധമായാല് കർമ്മയോഗവും ക്രമബദ്ധമല്ലാതായാല് കാമ്യകർമവുമാകും.
20. കിളിമൊഴികേട്ടാല് കുളിരുണ്ടാവും കളമൊഴി
കേട്ടാല്കബളിതനാവും.
അഹന്തക്കതിരുണ്ട് അധികാരത്തിനു പരിധിയും.
അല്പന്മാർ ധരിക്കും എല്ലാവരും അവരുടെ
സ്തുതിപാതകനമാരാണ്എന്ന്.
അറിവിന്റെ അശത്രുവാണ് അഹന്ത, അവർ
ഒന്നിച്ചു വസിക്കുക സാധ്യമല്ല.
ആയൊധനത്തിനു ആയുധം വേണമെന്നില്ല
അറിവു മതിയാകും.
ദുബലന്റീഅയുധം ക്ഷമയാണ്.
അരണി കടഞ്ഞാൽ അഗ്നിയുണ്ടാകും,
അഗ്നികടഞ്ഞാൽ അറിവും.
അരണി തമസ്സാണ്(ജഡം) തമസ്സുകടഞ്ഞാൽരജസ്സും
രജസ്സു കടഞ്ഞാൽ സത്വവും ഉണ്ടാകും സത്വം
സദാനന്ദത്തിലേക്കുള്ള പാതയും.
ആഗ്രഹത്തിന്റെ അറുതിയിൽ അറിവിന്റെ അനുഭൂതിയുണ്ടാകും.
അനുഭൂതിതന്നന്ത്യമാണമരത്വം.
അറിവായെന്നരിഞ്ഞാൽ പിന്നെ വെറിയാകും.
അറിവില്ലെന്നറിഞ്ഞാൽ അറിവെന്റെ ആദിയാകും.
അധരത്തിൽ അധികാരമല്ല വേണ്ടത്മധുരമാണ്.
മനസ്സിനെ നിയന്ത്രിച്ചാൽ മാനവനാകാമ്മനസ്സു
നിയന്ത്രിച്ചാൽ ദാനവനാകാം.
മതം സഫലമാകുന്നത് എപ്പോഴാണ്?
മതം ഒരുവനെ മതത്തിനതീതനാക്കുമ്പോള്
മാത്രമാണു സഫലമാകുന്നത്.
ഗുരു പൂർണ്ണനാകുന്നത് എപ്പോൾ?
ശിഷ്യന് ഗുരുവിനേക്കൾ വളർന്നു കാനുമ്പോള്.
*
ശതത്തിലില്ല, പദത്തിലുണ്ട്
മതത്തിലാദി, പദത്തിലന്ത്യം
ഇവൻപിറന്നാൽ കടുത്തനാശം
പലർക്കുമിവിടെ കുറവില്ല സത്യം
*
ഇവൻ ആര്?