ശാസ്ത്രം വെളിച്ചമാകുന്നു

Friday, 13 September 2013

71. പിന്‍വലിക്കപ്പെടുന്ന പുസ്തകങ്ങള്‍

പലായനചിന്തകളില്‍ കേശവന്‍നായര്‍ (Part-II)
ചോദ്യം-രണ്ട് പുസ്തകങ്ങള്‍ റീ-പ്രിന്റ് ചെയ്യരുത് എന്ന് ഡി.സി ബുക്‌സിനോട് അഭ്യര്‍ത്ഥിച്ചു-'കാലത്തിന്റെ സംക്ഷിപ്ത ചരിത്രവും''വിപരീതങ്ങള്‍ക്കപ്പുറവും'. 'വിപരീതങ്ങള്‍ക്കപ്പുറ'ത്തില്‍ താങ്കള്‍ ഒരിക്കല്‍ കൂടി മാര്‍ക്‌സിസത്തെ ന്യായീകരിച്ചു...!
കേശവന്‍ നായര്‍--അതെ ആ പുസ്തകത്തില്‍ ഞാന്‍ വീണ്ടും മാര്‍ക്‌സിസത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചു...അതുകൊണ്ടാണ് ഇനിയത് പ്രിന്റ് ചെയ്യരുതെന്ന് പറഞ്ഞത്.
ചോദ്യം-അങ്ങനെ എഴുതിയതില്‍ ഇപ്പോള്‍ ദു:ഖിക്കുന്നു...?
കേശവന്‍ നായര്‍--അതെ, ദു:ഖിക്കുകയാണ്....എഴുതിയത് എഴുതിയതല്ലേ....?

ചോദ്യം-അതുപോലെ തന്നെ വന്‍ വിജയമായിരുന്ന സ്റ്റീഫന്‍ ഹോക്കിംഗിനെ കുറിച്ചുള്ള പുസ്തകവും റീ-പ്രിന്റ് ചെയ്യേണ്ടെന്ന് തീരുമാനിച്ചു...
കേശവന്‍ നായര്‍--അതെ അത് കണ്‍ക്‌ളൂഡ് ചെയ്യുന്നത് ശുദ്ധ ഭൗതികവാദത്തിലാണ്.... അതുകൊണ്ടാണ്....
ചോദ്യം-ഇവിടെയൊക്കെ ഇവാഞ്ചലിക്കലായ ഒരു അമിതാവേശം പ്രകടിപ്പിക്കുന്നുണ്ടല്ലോ. ഇന്നത്തെ നിലപാടിന് വിരുദ്ധമായതൊന്നും പുറത്തറിയത് എന്ന വാശി വേണോ? എല്ലാ പുസ്തകങ്ങളും നിലനില്‍ക്കട്ടെ, ഒന്നും നീക്കേണ്ടതില്ല എന്നതല്ലേ അഭികാമ്യമായ നിലപാട്....?ഹോംക്കിംഗിന്റെ ഭൗതികവാദം തന്റെ ചെലവില്‍ ഇനി ആരും അറിയേണ്ട എന്ന ശാഠ്യമാണോ...?
കേശവന്‍ നായര്‍--തെറ്റിദ്ധരിച്ചിരിക്കുന്നു. എന്റെ ആത്മീയതയെന്നത് നിങ്ങള്‍ പറയുന്ന ആത്മീയതയല്ല....സൂക്ഷ്മമായ ഒന്ന് സ്ഥൂലമായി മാറുന്നു എന്നതാണ് സത്യം. അതില്‍ സൂക്ഷ്മമായതിനെ ഞാന്‍ ദൈവമെന്നും ബ്രഹ്മമെന്നും വിളിക്കുന്നു. നിങ്ങള്‍ ദൈവത്തെ ദൈവമെന്ന് വിളിക്കുന്നില്ല...അതാണ്... അങ്ങനെ ആ സൂക്ഷ്മത്തെ ദൈവമായി കാണുന്നു. അതുകൊണ്ട് എനിക്ക് ദ്രവ്യത്തെ ദൈവമായിട്ട് കാണാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അഹം ദ്രവ്യാസ്മി! അതെ,അഹം ബ്രഹ്മാസ്മി പോലെ. 

ചോദ്യം-ഫലത്തില്‍ താങ്കളും ഭൗതികവാദി തന്നെയാണ്? കാരണം ദ്രവ്യം ഉള്ളതാണല്ലോ?
കേശവന്‍ നായര്‍--അതെ ഭൗതികവാദിയെന്നും വേണമെങ്കിലും വിളിക്കാം. ഞാന്‍ ആരാധനക്രമങ്ങള്‍, വിഗ്രഹാരാധന.ഇവയെ ഒന്നും എതിര്‍ക്കാറില്ല. കാരണം സാധാരണക്കാരന് അനന്തമായ ഒന്നിനെ കുറിച്ച് ചിന്തിക്കാന്‍ പ്രയാസമാണ്. വിഗ്രഹമൊക്കെ അവരുടെ വ്യാഖ്യാനമാണ്. സഗുണ-സകാര ആരാധനയിലൂടെ നിര്‍ഗുണ-നിരാകാര ബ്രഹ്മത്തില്‍ എത്തുന്നുവെന്നാണ് അവര്‍ പറയുന്നത്....
ചോദ്യം-മിസ്റ്റിക്ക് മുദ്രാവാക്യങ്ങള്‍! സകാരം വഴി നിരാകാരത്തിലും സഗുണം വഴി നിര്‍ഗുണത്തിലും എത്താമെങ്കില്‍ നാസ്തികത വഴി ദൈവത്തിലും എത്താമല്ലോ....; തിരിച്ചും?!! എന്ത് ചെയ്യാനും അതിന്റെ വിപരീതം ചെയ്താലും കുഴപ്പമില്ല...?!

ശാസ്ത്രം കാണുന്നതിനെ മാത്രം അന്വേഷിക്കുന്നു
കേശവന്‍ നായര്‍--നിങ്ങള്‍ വിശ്വസിക്കുന്നത് കാണുന്നതില്‍ മാത്രമാണ്...അതിന്റെ ഉള്ളില്‍ നോക്കുന്നില്ല..പരമാത്മാവ് സൂക്ഷ്മമാണ്... ആത്മാവും പരമാത്മാവുമായാണ് ബന്ധം......
ചോദ്യം-താങ്കളെന്താണ് പറയുന്നത്? ബോസോണുകള്‍ക്കും അപ്പുറം ക്വാണ്ടം അലകളെ കുറിച്ച് വരെ ശാസ്ത്രം അന്വേഷിച്ച് കണ്ടെത്തുന്നു. ഇതൊന്നും'കണ്ട്'തീരുമാനിക്കുന്നവയല്ല. കാണുക എന്നത് ഒരു ജൈവശേഷിയാണ്. It is a token of our brain to process outer data.അത് പടിപടിയായി ഉരുത്തിരിഞ്ഞു വന്നതാണ്. ഒരു കാര്യം ഉണ്ടെന്ന് സ്ഥിരീകരിക്കാന്‍ കാണണം എന്ന വാശി ഭൗതികവാദികള്‍ക്കില്ല. കാണുന്നതെല്ലാം വിശ്വസിക്കുകയുമില്ല. സൂര്യന്‍ ഉദിക്കുന്നത് സൂര്യോദയത്തിന്റെ തെളിവോ ഭൗമപ്രതലം പരന്നതായി കാണപ്പെടുന്നത് പരന്ന ഭൂമിയുടെ തെളിവോ അല്ല. 'കാണുന്നത്'എപ്രകാരമാണോ അപ്രകാരം ഭൂമിയ പരന്നതായി പരിഗണിക്കുന്നത് മതങ്ങളാണ്. അവരാണ് കാണുന്നതില്‍ വിശ്വസിച്ച് ശീലമാക്കി അവസാനം കാണാത്തതിലും വിശ്വസിക്കുന്നത്. ഭൗതികവാദിക്ക് തെളിവാണ് മുഖ്യം. അതിരിക്കട്ടെ, സഗുണാരാധനയേയും ആത്മാവിനേയുമൊക്കെ അംഗീകരിക്കുന്നുവെങ്കില്‍ ഒരു ചോദ്യം: താങ്കള്‍ പ്രേതത്തില്‍ വിശ്വസിക്കുന്നുണ്ടോ?
കേശവന്‍ നായര്‍-ഏയ്..ഇല്ലില്ല...ഒരു പ്രേതത്തിലും ഞാന്‍ വിശ്വസിക്കുന്നില്ല...
ചോദ്യം-ആത്മാവുണ്ടെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് അലഞ്ഞുതിരിയുന്ന ആത്മാവുണ്ടെന്ന് വിശ്വസിക്കാന്‍ എന്താണ് പ്രയാസം..?!
കേശവന്‍ നായര്‍-അതൊക്കെ സെമറ്റിക്ക് കണ്‍സെപ്റ്റാണ്..ഡെവിളും ഗോഡുമൊക്കെ. വേദാന്തത്തില്‍ അതൊന്നുമില്ല.

അനിശ്ചിതത്വത്തെ പറ്റി
ചോദ്യം-ഒ.കെ, ഒ.കെ...ഇനി, ശാസ്ത്രത്തിലേക്ക് വന്നാല്‍ കപടവ്യാഖ്യാനങ്ങള്‍ നടത്തുന്നുവെന്നതാണ് താങ്കള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന മുഖ്യ ആരോപണം. ക്വാണ്ടം ഊര്‍ജ്ജതന്ത്രം വെച്ചാണ് ഇത്തരം എഴുത്തുകാരൊക്കെ കളിക്കുന്നത്. Quantum science is a dildo of metaphysical spirituality എന്നൊരു തമാശ തന്നെയുണ്ടല്ലോ..അനിശ്ചിതത്വ സിദ്ധാന്തത്തില്‍ ഒരു ഉപ ആണവകണത്തിന്റെ സ്ഥാനവും സംവേഗവും ഒരേ സമയം കൃത്യതയോടെ അളക്കാനാവില്ലെന്ന് പറയുന്നുണ്ട്. ഇത് ശാസ്ത്രത്തിലെ അനിശ്ചിതത്തിനും പ്രതിസന്ധിക്കും കാരണമായെന്നാണ് താങ്കള്‍ ആഹ്‌ളാദമനോഭാവത്തോടെ വാദിക്കുന്നത്. എന്നാല്‍ രണ്ട് രാശികള്‍ ഒരേസമയം അളക്കുമ്പോള്‍ ഒരെണ്ണം പൂര്‍ണ്ണമായ കൃത്യതയോടെയും മറ്റേത് ഒരു നിശ്ചിത നിരക്കില്‍ കൂടിയ അളവിലും മാത്രമേ അറിയാനാവൂ എന്നല്ലേ ഹൈസന്‍ബര്‍ഗ് സ്ഥാപിക്കുന്നത്. അനിശ്ചിതത്വത്തെക്കാളുപരി സുനിശ്ചിതത്വം കൂടിയല്ലേ ഇത്? ലേസര്‍, സൂപ്പര്‍ കണ്ടക്ടര്‍, സെമി കണ്ടക്ടര്‍ എന്നിവയുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും ഇതിനെ ആധാരമാക്കിയല്ലേ...? പക്ഷെ താങ്കള്‍ എഴുതിവിടുന്നത് അണ്‍സേര്‍ട്ടനിറ്റി പ്രിന്‍സിപ്പിള്‍ വന്നതോടെ ശാസ്ത്രം വേദാന്തമായെന്നാണ്...!!
കേശവന്‍ നായര്‍--അണ്‍സേര്‍ട്ടനിറ്റി പ്രിന്‍സിപ്പിള്‍ പ്രകാരം രണ്ടു രാശികള്‍ ഒരേ സമയം കൃത്യമായി അളക്കാനാവില്ല....അതാണ് കാര്യം.. 
ചോദ്യം-ക്വാണ്ടം ഫിസിക്‌സില്‍ മാത്രമല്ല വസ്തുനിഷ്ഠ ലോകത്തും ഒരേ സമയം രണ്ടു കാര്യങ്ങള്‍ ഒരുപോലെ കൃത്യമായി അളക്കാനാവില്ലല്ലോ...പക്ഷെ അതുകൊണ്ട് പ്രശ്‌നമൊന്നുമില്ല....നമ്മുടെ മസ്തിഷ്‌ക്കം ഒരേ സമയം പൂര്‍ണ്ണ കൃത്യതയില്ലാതെ ഒന്നിലധികം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു-കാണുന്നു-കേള്‍ക്കുന്നു...നോ പ്രോബ്‌ളം!We only need approximate accuracy.
കേശവന്‍ നായര്‍--ഇല്ല ഒരേ സമയം ഒന്നേ പ്രവര്‍ത്തിക്കുകയുള്ളു....

ചോദ്യം-മസ്തിഷ്‌ക്കം ഒരേസമയം ഒന്നിലധികം ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു...ഇറ്റ് ഈസ് മള്‍ട്ടി ഫങ്ഷണല്‍. അവയ്ക്കിടയില്‍ പ്രകാശ-ശബ്ദ തരംഗങ്ങളുടെ വേഗതയ്ക്ക് ആനുപാതികമായി നേരിയ സമയ വ്യത്യാസമുണ്ടാവാം...പക്ഷെ അതുകൊണ്ട് ഒരു വിഷയമില്ല...
കേശവന്‍ നായര്‍--കാണുക, കേള്‍ക്കുക എന്ന് പറയുന്നതില്‍ ഒരു സമയം ഏതെങ്കിലും ഒന്നേ നടക്കൂ..
ചോദ്യം-ഒരു ഡേറ്റ കാണുന്നതും കേള്‍ക്കുന്നതും തമ്മില്‍ സമയവ്യത്യാസമുണ്ടാവാം. പക്ഷെ ഒരേ സമയം കാണാനും കേള്‍ക്കാനും മസ്തിഷ്‌ക്കത്തിന് സാധിക്കില്ലേ..ഉദാഹരണമായി സിനിമ കാണുന്നത്..ഡയലോഗും സംഗീതവും കേള്‍ക്കാന്‍ കണ്ണടച്ചിരിക്കണമോ?
കേശവന്‍ നായര്‍--ഇന്ദ്രിയാനുഭവങ്ങള്‍ ഒരു സമയം ഒന്നേ നടക്കൂ....
ചോദ്യം-കാഴ്ചയും കേള്‍വിയുമൊക്കെ മസ്തിഷ്‌ക്കപ്രവര്‍ത്തനങ്ങളാണ്. They are brain activities. ഇന്ദ്രിയങ്ങള്‍ ഡേറ്റ ശേഖരിക്കുന്നുവെന്നെയുള്ളു. കണ്ണടച്ചാലും കാണാം. ഉറങ്ങുമ്പോള്‍ കാണുന്നതാണ് സ്വപ്നം... അന്ധര്‍ ചിത്രം വരയ്ക്കുന്നത് എന്ത് കണ്ടിട്ടാണ്..?
കേശവന്‍ നായര്‍--ഞാന്‍ പറയുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നതില്‍ ഒരു സമയം ഏതെങ്കിലും ഒന്നേ നടക്കുകയുള്ളുവെന്നാണ്.
ചോദ്യം-സര്‍, മസ്തിഷ്‌ക്കത്തിന്റെ വിവിധ ഭാഗങ്ങള്‍ ഒരേ സമയം ഉത്തേജിപ്പിക്കപ്പെടില്ലെന്നാണോ താങ്കള്‍ പറയുന്നത്..?
കേശവന്‍ നായര്‍-അങ്ങനെ തിയറികളുണ്ട്. നമ്മുടെ ബ്രെയിന്‍ ഒരു ട്രാന്‍സിസ്സര്‍ റേഡിയോ പോലെയാണ്...മനസ്സാണ് യാഥാര്‍ത്ഥത്തില്‍ ബ്രെയിനെ നിയന്ത്രിക്കുന്നത്

ചോദ്യം-Mind is what brain does...!
കേശവന്‍ നായര്‍--ഭൗതികവാദികളുടെ സങ്കല്‍പ്പമനുസരിച്ച് മസ്തിഷ്‌ക്കത്തിന്റെ ശേഷിയാണ് മനസ്സ്. മനസ്സ് ഒരു ഫീല്‍ഡാണെന്നാണ് വേദാന്തികള്‍ പറയുക...
ചോദ്യം-വേവ്-പാര്‍ട്ടിക്കിള്‍ സിദ്ധാന്തമനുസരിച്ച് പ്രകാശം ഒരേ സമയം കണമായും തരംഗമായും നിലകൊള്ളുന്നു. അതോടെ പഴയ ധാരണ തകിടം മറിഞ്ഞു, ശാസ്ത്രനിയമങ്ങള്‍ക്ക് ചാഞ്ചാട്ടമുണ്ടായി എന്നൊക്കെ താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അതേസമയം മാര്‍ക്‌സിസ്റ്റുകള്‍ കണ-തരംഗ ദ്വന്ദം തങ്ങളുടെ ഡോഗ്മയുടെ തെളിവായി ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ ഈ ദ്വന്ദം ശരിക്കും ദ്വന്ദമല്ല എന്ന് സ്ഥാപിച്ചു കൊണ്ടാണ് താങ്കള്‍ മാര്‍ക്‌സിസത്തെ ഖണ്ഡിക്കുന്നത്... horses for courses! ഇവിടെയും വൈരുദ്ധ്യമില്ലേ...?
കേശവന്‍ നായര്‍--നിരീക്ഷകനും നിരീക്ഷിതവസ്തുവും ഒന്നാണ്.. ക്വാണ്ടം ഫിസിക്‌സില്‍ അപ്രകാരമാണ്. രണ്ടിനേയും വേര്‍തിരിക്കാനാവില്ല.

ചോദ്യം- നിരീക്ഷണവസ്തു, നിരീക്ഷണം, നിരീക്ഷകന്‍ എന്നിവ മൂന്നാം ഒന്നാണെന്ന് കടലാസില്‍ എഴുതിവെച്ചാല്‍ ശരിയാണ്...
കേശവന്‍ നായര്‍-കടലാസിലല്ല, ക്വാണ്ടം ഫിസിക്‌സില്‍ അപ്രകാരമാണ്.
ചോദ്യം-പക്ഷെ ഇത് മൂന്നും ഒന്നായിരിക്കെ തന്നെ നിരീക്ഷണം നടക്കണമെങ്കില്‍ അവ ഏതെങ്കിലും ഒരു ബിന്ദുവില്‍ വ്യതിരിക്തമാക്കപ്പെടേണ്ടതുണ്ട്


 Joseph Bohm
കേശവന്‍ നായര്‍-അതാണ്...നീരീക്ഷകനും നിരീക്ഷിതവസ്തുവും ഒന്നാണെന്ന സങ്കല്‍പ്പം ക്വാണ്ടം ഫിസിക്‌സില്‍ ഉയര്‍ന്നു വന്നപ്പോഴാണ് ജിദ്ദു കൃഷ്ണമൂര്‍ത്തി ഡേവിഡ് ബോമുമായി(David Joseph Bohm/1917–1992)ബന്ധപ്പെടുന്നത്. 
ചോദ്യം-പക്ഷെ 'മാര്‍ക്‌സിസം ശാസ്ത്രീയമോ?' എന്ന താങ്കളുടെ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് നിരീക്ഷകന്‍ നിരീക്ഷണത്തില്‍ ഒരു'പങ്കാളി'ആയിരിക്കണമെന്നാണ്. 'പങ്കാളി' എന്നു പറയുമ്പോള്‍ തന്നെ അത് രണ്ടായി. അതാണ് അര്‍ത്ഥശാസ്ത്രപരമായും ഗണിതപരമായും 'പങ്കാളി'എന്ന പദത്തിന്റെ വിവക്ഷ

കേശവന്‍ നായര്‍-- 'പങ്കാളി' എന്ന് ഉപയോഗിക്കണമെന്ന് അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായ ജോണ്‍ വീലര്‍ പറഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്...
ചോദ്യം-അപ്പോള്‍ എടുത്തെഴുതിയെങ്കിലും താങ്കള്‍ക്കതിനോട് യോജിപ്പില്ല!
കേശവന്‍ നായര്‍- -എന്നു ചോദിച്ചാല്‍....വേറിട്ട് നില്‍ക്കുന്ന അര്‍ത്ഥത്തിലുള്ള പരാമര്‍ശത്തെക്കാള്‍ ഭേദം പങ്കാളിയാണ്.
ചോദ്യം-പക്ഷെ ഉദ്ധരണി നടത്തിയിരിക്കുന്നത് താങ്കളുടെ വാദത്തിന്റെ സ്ഥിരീകരണമെന്ന നിലയിലാണ്. എതിരഭിപ്രായം രേഖപ്പെടുത്തിയും കണ്ടില്ല. വായിച്ചു വന്നപ്പോള്‍ കല്ലുകടി തോന്നിയതാണ് ഞാനിതിവിടെ ചോദിക്കാന്‍ കാരണം. പ്രകാശത്തിന്റെ കണ-തരംഗ ദ്വന്ദപ്രഭാവം ശാസ്ത്രത്തില്‍ എന്തോ അഗാധമായ പ്രതിസന്ധിയുണ്ടായിരിക്കുന്നു, ശാസ്ത്രം വേദാന്തം പറഞ്ഞിടത്ത് വന്നെത്തി നില്‍ക്കുന്നു എന്നൊക്കെ താങ്കളെപ്പോലുള്ളവര്‍ പറയുന്നത് എന്തര്‍ത്ഥത്തിലാണ്...?!ഇലക്‌ട്രോണ്‍ മൈക്രോസ്‌ക്കോപ്പ് പോലുള്ള ഉപകരണങ്ങളില്‍ നാം രണ്ടു ഗുണങ്ങളും പ്രയോജനപ്പെടുത്തുന്നില്ലേ...? 
കേശവന്‍ നായര്‍-- അതിന് ഒരു കാരണമുണ്ട്. ആപേക്ഷികതാ സിദ്ധാന്തം വരുന്നതിന് മുമ്പ് ദ്രവ്യവും ഊര്‍ജ്ജവും രണ്ടാണെന്നായിരുന്നു ശാസ്ത്രം പറഞ്ഞത്. പിന്നീട് അത് രണ്ടും ഒന്നാണെന്ന് തിരിച്ചറിഞ്ഞു.
 
Niels Bohr

ചോദ്യം- നിരീക്ഷകന്‍ ഒരു ബോധമുള്ള നിരീക്ഷകനാകുമ്പോഴല്ലേ ആ പ്രശ്‌നമുദിക്കുന്നുള്ളൂ? അങ്ങനെയാകണ്ട ആവശ്യമില്ലെന്നല്ലേ നീല്‍സ് ബോറും ഹൈസന്‍ബര്‍ഗും ചേര്‍ന്ന് രൂപംകൊടുത്ത കോപ്പന്‍ഹേഗന്‍ വ്യാഖ്യാനം വിഭാവനം ചെയ്യുന്നത്. അതനുസരിച്ച് നിരീക്ഷകന്‍ കോണ്‍ഷ്യസ് ആകണമെന്ന് നിര്‍ബന്ധമില്ല. ഇലക്‌ട്രോണ്‍ റേഡിയേഷന്‍ മൂലം ലിവര്‍ ചലിച്ചപ്പോള്‍ തന്നെ വിഷമേറ്റ് ഷ്രോഡിഞ്ചറുടെ പൂച്ച മരിച്ചിട്ടുണ്ട്. അതറിയാന്‍ പെട്ടിയുടെ വാതില്‍ തുറക്കേണ്ട കാര്യമില്ല....ഇതാണ് ബോര്‍ പറയുന്നത്....
കേശവന്‍ നായര്‍--അതൊക്കെ അവര്‍ തമ്മിലുള്ള തര്‍ക്കമാണ്. പക്ഷെ ഈ കോണ്‍ഷ്യസ്‌നെസ്സ് സംബന്ധിച്ച് ബോറും ഹൈസന്‍ബര്‍ഗും ഷ്രോഡിഞ്ചറും തമ്മില്‍ തര്‍ക്കമില്ല കേട്ടോ.. കോപ്പന്‍ ഹേഗന്‍ സ്‌ക്കൂളുകാര്‍ പറയുന്നത് മാറ്റര്‍ എന്നൊരു സാധനമേ ഇല്ലെന്നാണ്. ഒരു വൈകുന്നേരത്ത് യാത്രയ്ക്കിടയില്‍ ഹൈസന്‍ബര്‍ഗിനോട് ബോര്‍ പറഞ്ഞത് ആറ്റം എന്നൊരു സാധനമേ ഇല്ലെന്നാണ്...
ചോദ്യം-അതവര്‍ ഒരുപക്ഷെ കളിയായിട്ട് പറഞ്ഞതാവാം....
കേശവന്‍ നായര്‍--ഹ ഹ...ആയിരിക്കാം....എഴുതിവെച്ച കാര്യമാണ് ഞാന്‍ പറയുന്നത്....

ബ്രഹ്മം സനാതനമോ?
ചോദ്യം-സ്ഥലകാലങ്ങള്‍ ആപേക്ഷികമാണ്. ആപേക്ഷികമായതൊന്നും സനാതനമല്ല-താങ്കളുടെ പ്രഖ്യാപനമാണിത്. സനാതനം എന്ന വാക്കിനോടുള്ള ആഭിമുഖ്യം മനസ്സിലാക്കാം. പക്ഷെ ചോദിക്കട്ടെ, സനാതനമായിട്ട് എന്താണുള്ളത്? ഈ പ്രപഞ്ചം പോലും സനാതനമല്ല
കേശവന്‍ നായര്‍--അതെ, അല്ല പ്രപഞ്ചം സനാതനമല്ല...
ചോദ്യം-പ്രപഞ്ചം സനാതനമല്ലെങ്കില്‍ അതിന്റെ മൂലകാരണം സനാതനമാകുമോ? സനാതനമായ ഒന്നില്‍ നിന്ന് സനാതനമല്ലാത്ത ഒന്ന് ഉണ്ടാകുമോ? പരമകാരണത്തിന്റെ പ്രകാശിതരൂപമാണ് അല്ലെങ്കില്‍ അതിന്റെ ഗുണമാണ് പ്രപഞ്ചമെന്നല്ലേ വേദാന്തികള്‍ പറയുന്നത്. സനാതനമായ ഒന്നിന്റെ ഗുണം സനാതനമില്ലായ്മയാവുന്നതെങ്ങനെ?
കേശവന്‍ നായര്‍--അതല്ലേ പറയുന്നത് പ്രപഞ്ചമെന്നത് മായയാണെന്ന്...
ചോദ്യം-അങ്ങനെ പറയുന്നത് കൊണ്ടായില്ലല്ലോ....പ്രപഞ്ചം ബോധത്തിന്റെ അല്ലെങ്കില്‍ പരബ്രഹ്മത്തിന്റെ സ്ഥൂലഭാവമാണെങ്കില്‍ അതെങ്ങനെ മായയാകും? ബ്രഹ്മത്തിന് ഇല്ലാത്ത ഒരു ഗുണമെങ്ങനെ പ്രപഞ്ചത്തിനുണ്ടാകും. അപ്പോള്‍ ബ്രഹ്മം മായയാണെന്ന് വന്നില്ലേ...?!

കേശവന്‍ നായര്‍-ഹ..ഹ.ഹ ഞാന്‍ പറയാം..ഉള്ളതില്‍ നിന്ന് ഉള്ളതുണ്ടാകില്ല, ഉള്ളതില്‍ നിന്ന് ഇല്ലാത്തതുണ്ടാകില്ല..ഇല്ലാത്തതില്‍ നിന്ന് ഉള്ളതുണ്ടാകില്ല, ഇല്ലാത്തതില്‍ നിന്ന് ഇല്ലാത്തതുമുണ്ടാകില്ല-അതാണ് വേദാന്തം. ഉള്ളത് ഒന്നേയൊന്ന്..അത് അനന്തവും അമരവും അജവുമാണ്. അങ്ങനെയാകണമെങ്കില്‍ അതില്‍ നിന്ന് മറ്റൊന്നുണ്ടാകാന്‍ പാടില്ല.
ചോദ്യം-അത് വേദാന്തത്തിന്റെ താര്‍ക്കികയുക്തിയാണ്. ഞാന്‍ ചോദിച്ചത് മായയെക്കുറിച്ചാണ്. ബ്രഹ്മത്തിന് മായാഗുണമില്ലാതെ അതിന്റെ സ്ഥൂലഭാവമായ പ്രപഞ്ചത്തിന് അതെങ്ങനെ സിദ്ധിക്കും എന്നു ചോദിച്ചതിന് താങ്കള്‍ മറുപടി പറഞ്ഞില്ല... തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ, ഉള്ളതില്‍ നിന്ന് ഇല്ലാത്തത് ഉണ്ടാകില്ല എന്നു താങ്കള്‍ പറഞ്ഞു. 'ഇല്ലാത്തത്'എങ്ങനെയാണ് സര്‍ 'ഉണ്ടാകുക'? ഉണ്ടായാല്‍ അത് ഇല്ലാത്തതാകുമോ?! ഇതൊക്കെ അര്‍ത്ഥശൂന്യവും കേവലവുമായ വാചാടോപമല്ലേ..?
കേശവന്‍ നായര്‍--ഇല്ലാത്തതില്‍ നിന്ന് ഉള്ളതുണ്ടാകില്ല, ഇല്ലാത്തതില്‍ നിന്ന് ഇല്ലാത്തതുമുണ്ടാകില്ല-അതാണ് വേദാന്തം. 
ചോദ്യം-അത് വേദാന്തത്തിന്റെ താര്‍ക്കികയുക്തിയാണ്. ഞാന്‍ ചോദിച്ചത് മായയെക്കുറിച്ചാണ്. ബ്രഹ്മത്തിന് മായാഗുണമില്ലാതെ അതിന്റെ സ്ഥൂലഭാവമായ പ്രപഞ്ചത്തിന് അതെങ്ങനെ സിദ്ധിക്കും എന്നു ചോദിച്ചതിന് താങ്കള്‍ മറുപടി പറഞ്ഞില്ല... തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ, ഉള്ളതില്‍ നിന്ന് ഇല്ലാത്തത് ഉണ്ടാകും എന്നു താങ്കള്‍ പറഞ്ഞു. 'ഇല്ലാത്തത്'എങ്ങനെയാണ് സര്‍ 'ഉണ്ടാകുക'? ഉണ്ടായാല്‍ അത് ഇല്ലാത്തതാകുമോ?! ഇതൊക്കെ അര്‍ത്ഥശൂന്യമായ വാചാടോപമല്ലേ..?

കേശവന്‍ നായര്‍--ഇല്ലാത്തതില്‍ നിന്ന് ഇല്ലാത്തതുണ്ടാകില്ല, ഉള്ളതില്‍ നിന്നും ഇല്ലാത്തതുമുണ്ടാകില്ല...അതാണ് വേദാന്തം പറയുന്നത്..ഉള്ളതില്‍ നിന്ന് ഉള്ളതുമുണ്ടാകില്ല...അതാണ് അദൈ്വതം.... ദ്രവ്യം അജവും അനന്തവും അവിനാശിയുമാണെങ്കില്‍ അതിനെ ദൈവമായി അംഗീകരിക്കുന്നതില്‍ എന്താ തെറ്റ്?
ചോദ്യം-അവിടെ എന്തിന് ദൈവം?
കേശവന്‍ നായര്‍--അല്ല, ദ്രവ്യത്തെ ആരാധിക്കുന്നതില്‍ എന്താണ് കുഴപ്പം..?
ചോദ്യം-എന്തിനാണ് സര്‍ ദ്രവ്യത്തേയും ബ്രഹ്മത്തേയുമൊക്കെ ആരാധിക്കുന്നത്? എന്തിനാണ് അങ്ങനെയൊരു ശാഠ്യം?
കേശവന്‍ നായര്‍--അല്ല...അതിന് പിന്നില്‍ സൈക്ക്‌ളോജിക്കലായ പല പ്രശ്‌നങ്ങളുമുണ്ട്...മനുഷ്യന്റെ ആവശ്യവുമായി ബന്ധപ്പെട്ട കാര്യമാണത്...
ചോദ്യം-അതെ അവിടെ ഞാനും യോജിക്കുന്നു. ആരാധന മാനസികമായ ഒരു വിഷയമാണ്. പലര്‍ക്കും വൈകാരികമായി അങ്ങനെയൊരു ആവശ്യം ഉണ്ടാകാറുണ്ട്...ഇതില്‍ നിന്നാണ് അന്ധവിശ്വാസങ്ങളെല്ലാം ഉണ്ടാകുന്നത്..?

കേശവന്‍ നായര്‍--അന്ധവിശ്വാസമല്ല.... അണ്‍മാനിഫെസ്റ്റായ ബ്രഹ്മമുണ്ടെന്നും അതിന്റെ മാനിഫെസ്റ്റായ പ്രപഞ്ചമുണ്ടെന്നും പറയുന്നത് അന്ധവിശ്വാസമല്ല...
ചോദ്യം-അപ്പോള്‍ ചാത്തന്‍ ഉണ്ടെന്നു പറയുന്നതും ബ്രഹ്മം ഉണ്ടെന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്?
കേശവന്‍ നായര്‍--ചാത്തനുണ്ടെന്ന് പറയുന്നതുപോലെയല്ലല്ലോ ഇത്! ചാത്തനുണ്ടെന്ന് പറയുന്നതാണല്ലോ അന്ധവിശ്വാസം? അതൊക്കെ ചുമ്മാതെ പറയുന്നതല്ലേ..ഹ..ഹ

ആപേക്ഷികതയും മാര്‍ക്‌സിസവും
ചോദ്യം-ആപേക്ഷികതാ സിദ്ധാന്തം എല്ലാം ആപേക്ഷികമാണെന്ന് പറയുന്ന സിദ്ധാന്തമല്ലെന്നും സ്ഥലകാലങ്ങള്‍ ആപേക്ഷികമാണെന്ന് പറയുമ്പോള്‍ തന്നെ പ്രകാശവേഗത പ്രപഞ്ചത്തിലെവിടെയും സ്ഥിരമാണെന്നും അത് സ്ഥാപിക്കുന്നു-മാര്‍ക്‌സിസത്തെ എതിര്‍ക്കാനായാണ് താങ്കള്‍ ഈ വാദമുന്നയിച്ചതാണെന്നാണ് ഏന്റെ ഓര്‍മ്മ. അതായത് സ്ഥിരമായ,അദൈ്വതമായ ഒന്നാണ് പ്രകാശവേഗത.!
കേശവന്‍ നായര്‍-പ്രകാശത്തിന്റെ സ്ഥിരവേഗതയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ തര്‍ക്കമുണ്ട്. ക്വാണ്ടം എന്റാംഗിള്‍മെന്റൊക്കെ വന്നല്ലോ. പ്രകാശത്തിന്റെ വേഗതയ്ക്കുപരിയായ വേഗത്തില്‍ കമ്മ്യൂണിക്കേഷന്‍ നടക്കുമെന്നാണ് അതില്‍ പറയുന്നത്. 
 Isaac Newton

ചോദ്യം-ഒ.കെ ഞാന്‍ ചോദിച്ചത് മറ്റൊന്നാണ്. പ്രകാശവേഗത സ്ഥിരമാണെന്ന് ആപേക്ഷികതാസിദ്ധാന്തം പറയുന്നു. പ്രകാശം ദ്രവ്യത്തിന്റെ അടിസ്ഥാന കണമാണ്. അതിന്റെ വേഗത സ്ഥിരമാണെങ്കില്‍ സ്ഥിരത എന്ന ഗുണം അതിനുണ്ട്. ദ്രവ്യം അതിന്റെ ഗുണത്താലാണ് അറിയപ്പെടുന്നത്. അപ്പോള്‍ പ്രകാശം/പ്രകാശവേഗത സനാതനമായി...!!ആപേക്ഷികതാ സിദ്ധാന്തത്തെ കൂട്ടു പിടിച്ചാണ് ന്യൂട്ടോണിയന്‍ ഭൗതികത്തിന്റെ കുറവുകള്‍ എണ്ണിപ്പറഞ്ഞ് താങ്കള്‍ മാര്‍ക്‌സിസത്തെ വിമര്‍ശിക്കുന്നത്.... നിരവധി പ്രകടമായ വൈരുദ്ധ്യങ്ങള്‍ തങ്ങളുടെ വാദങ്ങളിലുണ്ട്...


Werner Heizenberg
കേശവന്‍ നായര്‍--അത് കോണ്‍ട്രഡിക്ഷനല്ല സത്യത്തില്‍...ഞാന്‍ എഴുതി മുന്നോട്ടു പോകുമ്പോള്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്താണ് പോകുന്നത്. 'ഭൗതികത്തിനപ്പുറം'എഴുതുമ്പോള്‍ ഫിസിക്‌സിനെ കുറിച്ച് എനിക്കുണ്ടായിരുന്ന ധാരണയല്ല 'ബോധത്തിന്റെ ഭൗതികം'എഴുതിയപ്പോള്‍. ഇതൊരു പ്രോസസ്സാണ്. ഈ പ്രോസസ്സിന് ഇടയില്‍ ചില കോണ്‍ട്രഡിക്ഷന്‍സ് വന്നിട്ടുണ്ട്...വന്നിട്ടുണ്ടെന്നതില്‍ എനിക്ക് തര്‍ക്കമില്ല....
ചോദ്യം-കണ-തരംഗ ദ്വന്ദത്തെ കുറിച്ച് പറയുമ്പോള്‍ ഇവ വിപരീതങ്ങളോ ദ്വന്ദങ്ങളോ അല്ലെന്ന് തെളിയിച്ച് മാര്‍ക്‌സിസത്തെ തിരസ്‌ക്കരിക്കാനാണ് താങ്കള്‍ ശ്രമിക്കുന്നത്. എന്നിട്ടും തൊട്ടടുത്ത് തന്നെ താങ്കള്‍ തന്നെ സമ്മതിക്കുന്നു: കണാവസ്ഥയും തരംഗാവസ്ഥയും പരസ്പരം ഒഴിവാക്കുന്നു, അവ ഗണിതപരമായി തുല്യമാണ്, പരസ്പരം അനുപൂരകമാണ്. ദ്വന്ദമാണെന്നും വിപരീതമാണെന്നും തെളിയിക്കാന്‍ ഇത്രയും ഗുണങ്ങള്‍ പോരെ...?

കേശവന്‍ നായര്‍--അങ്ങനെ ഞാന്‍ എവിടെ പറഞ്ഞിരിക്കുന്നു......?
ചോദ്യം-താങ്കളത് എഴുതിയിരിക്കുന്നത്...മാര്‍ക്‌സിസം ശാസ്ത്രമോ? എന്ന പുസ്തകത്തിലാണ്, പേജ് നമ്പര്‍ 29....
കേശവന്‍ നായര്‍--അതിനകത്തോ....? അനുപൂരകമാണ് എന്ന് പറയുമ്പോള്‍ ഒന്നല്ലേ...വിപരീതമാകുന്നതെങ്ങനെ?
ചോദ്യം-അനുപൂരകമാണെങ്കില്‍ രണ്ടെണ്ണം വേണ്ടേ? രണ്ടാമതായി, പരസ്പരം ഒഴിവാക്കുന്നു എന്നും പറഞ്ഞിരിക്കുന്നു. ഏത് വിപരീതത്തിനും ഉണ്ടായിരിക്കുന്ന ഗുണങ്ങളും ഇതൊക്കെ തന്നെയല്ലേ....?
കേശവന്‍ നായര്‍--ദ്രവ്യമാണ് കണം, ദ്രവ്യമാണ് തരംഗം...ഇവിടെ യഥാര്‍ത്ഥത്തില്‍ വൈരുദ്ധ്യങ്ങളൊന്നുമില്ല.....
ചോദ്യം-വിപരീതങ്ങളുടെ ഐക്യവും സമരവുമാണ് മാര്‍ക്‌സിസം വിഭാവനം ചെയ്യുന്നത്
കേശവന്‍ നായര്‍--അതില്‍ സമരമാണ് മുഖ്യം...സമരം പ്രധാനവും ഐക്യം താല്‍ക്കാലികവുമാണ്...സമരമാണഖിലസാരമൂഴിയില്‍ എന്നാണ് മാര്‍ക്‌സിസം പറയുന്നത്...ഹ..ഹ

ചോദ്യം-മാര്‍ക്‌സിസ്റ്റ് വിമര്‍ശനത്തില്‍ താങ്കള്‍ പറയുന്നു-പാര്‍ട്ടിക്കിള്‍ ഫിസിക്‌സിലെ അന്വേഷണങ്ങള്‍ ദ്രവ്യാതീതമായ രഹസ്യങ്ങള്‍ നമുക്ക് വെളിവാക്കി തന്നു എന്ന്. താങ്കളുടെ ദ്രവ്യസങ്കല്‍പ്പം പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ അഞ്ചു ശതമാനം പോലും വരാത്ത ബേരിയോണിക്ക് മാറ്ററില്‍ ഒതുങ്ങി നില്‍ക്കുകയാണെന്ന് തോന്നുന്നു. ബോസോണുകളേയും മ്യൂവോണുകളേയും ശാസ്ത്രം അന്വേഷിച്ച് കണ്ടെത്തുന്നത് ദ്രവ്യത്തിന് ഉള്ളിലേക്ക് സഞ്ചരിച്ചാണ്, അല്ലാതെ അതിന് അതീതമായി പോയല്ല....
കേശവന്‍ നായര്‍--ശ്യാമോര്‍ജ്ജമൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല......
ചോദ്യം-ആയിക്കോട്ടെ, പക്ഷെ ബേരിയോണിക്ക് മാറ്ററിലേക്ക് വന്നാല്‍ ഉപ ആണവകണ തലത്തിലേക്ക് വന്നാല്‍ അതൊക്കെ ദ്രവ്യത്തിനുള്ളിലെ രഹസ്യങ്ങളാണ്. അവ ദ്രവ്യാതീതമല്ല മറിച്ച് ദ്രവ്യാധീനമാണ്....not beyond matter but within matter
കേശവന്‍ നായര്‍-രവി പറയുന്നതനുസരിച്ചാണെങ്കില്‍ ദ്രവ്യം അജമാണ്, അനന്തമാണ്, അമരമാണ്.. അങ്ങനെയെങ്കില്‍ എനിക്കും അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല....

ശാസ്ത്രം എന്തു ചെയ്യുന്നു?
ചോദ്യം-ദൃഷ്ടമായതിനെ അന്വേഷിക്കല്‍ മാത്രമാണ് ശാസ്ത്രത്തിന്റെ ജോലിയെന്ന് താങ്കള്‍ വാദിക്കുന്നു. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ ഹിഗ്ഗ്‌സ് ബോസോണിനെ കണ്ടെത്തി...അത് ആര്‍ക്ക് കാണാന്‍ കഴിയുന്ന കാര്യമാണ്...? ഇലക്‌ട്രോണിനെ കണ്ടിട്ടല്ല ആദ്യം അനുമാനിച്ചത്. അതിനും എത്രയോ ശേഷമാണ് ഇലക്‌ട്രോണിനെ സ്ഥിരീകരിക്കുന്നത്.....
കേശവന്‍ നായര്‍--ശരിയാണ് ഗ്‌ളൂവോണിനേയും ക്വാര്‍ക്കുകളേയുമൊന്നും കാണാനാവില്ല. എല്ലാ മാത്തമെറ്റിക്കലായാണ് തെളിയിക്കുന്നത്...

ചോദ്യം-എന്നിട്ടും അങ്ങ് പറയുന്നു കാണാനാവത്തതൊന്നും ശാസ്ത്രം അന്വേഷിക്കുന്നില്ലെന്ന്! അതുപോലെ താങ്കള്‍ പറയുന്നു: വസ്തുനിഷ്ഠ ലോകത്ത് വൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന മാര്‍ക്‌സിസം ക്വാണ്ടം ലോകത്ത് താര്‍ക്കികവിരോധാഭാസങ്ങള്‍ നടത്തുന്നുവെന്ന്.സ്വന്തം ചക്കരബ്രഹ്മത്തെ ന്യായീകരിക്കാനായി താര്‍ക്കിക വിരോധാഭാസങ്ങള്‍ നടത്തുന്നതില്‍ താങ്കളും ഒട്ടും പിന്നാക്കമല്ല. മാര്‍ക്‌സിസ്റ്റിന് ചെയ്യാന്‍ പാടില്ലാത്തത് വേദാന്തിക്ക് ആകാമെന്നാണോ...?
കേശവന്‍ നായര്‍- മാര്‍ക്‌സിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം തര്‍ക്കത്തിന് എന്താണ് പ്രസക്തി? മാര്‍ക്‌സിസം സത്യമാണെന്നാണ് അവര്‍ പറയുന്നത്. പിന്നെന്തിനാ തര്‍ക്കിക്കുന്നത്..?
ചോദ്യം-ബ്രഹ്മം സത്യമാണെന്ന് താങ്കളും പറയുന്നു....!!
കേശവന്‍ നായര്‍-ബ്രഹ്മത്തെ ആരാധിക്കുന്നത് നമ്മുടെ ആവശ്യമാണ്. മനസ്സിന് ശാന്തി കിട്ടാന്‍...മാനസികവും ആത്മീയവും ഭൗതികവുമായ ആവശ്യമാണത്...

ചോദ്യം-അങ്ങനെയെങ്കില്‍ ലോകത്ത് അഞ്ചിലൊന്ന് ആള്‍ക്കാര്‍ അതില്ലാതെ മുന്നോട്ട് പോകുന്നുണ്ടല്ലോ?
കേശവന്‍ നായര്‍-ഏയ് അങ്ങനെയല്ല. യഥാര്‍ത്ഥത്തില്‍ ലോകത്ത് ഒരു ഭൗതികവാദി പോലുമില്ല. ഈശ്വരനില്‍ വിശ്വസിക്കാത്ത, ദൈവത്തില്‍ വിശ്വസിക്കാത്ത ഒരൊറ്റ ആള്‍ പോലും ഈ ഭൂമിയില്‍ മനുഷ്യരായി ജീവിച്ചിരിപ്പില്ല.
ചോദ്യം-എന്തുകൊണ്ടാണ് താങ്കള്‍ക്കത് പറയാനാവുന്നത്...?
കേശവന്‍ നായര്‍-ഇതൊരു നഗ്നസത്യമാണ്...ദൈവമുണ്ടെന്നും ഇല്ലെന്നുമുള്ള തര്‍ക്കം നടത്താന്‍ കഴിയുന്നത് ദൈവം ഉള്ളത് കൊണ്ടാണ്....

ചോദ്യം-തിരിച്ചല്ലേ.?! ദൈവം ഉണ്ടെങ്കില്‍ എങ്ങനെ ഇല്ലെന്ന് പറയാനാവും? സൂര്യനും വായുവും ഇലക്‌ട്രോണും ഇല്ലെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? കാരണം അവയൊക്കെ ഉണ്ട്. പക്ഷെ ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് ഒരു കൂട്ടര്‍ക്ക് അവകാശപ്പെടാം. മറ്റൊരു കൂട്ടര്‍ക്ക് തെളിവില്ലാത്തതിനാല്‍ നിരസിക്കുകയും ചെയ്യാം. ദൈവത്തിന്റെയും പ്രേതത്തിന്റെയുമൊക്കെ കാര്യത്തില്‍ സംഭവിക്കുന്നത് അതാണ്.
കേശവന്‍ നായര്‍-സാര്‍, ദൈവമില്ലെന്ന് പറയുന്നത് ദൈവമെന്ന ഒരു സങ്കല്‍പ്പം സാര്‍ അംഗീകരിക്കുന്നത് കൊണ്ടാണ്...അല്ലെങ്കില്‍ അങ്ങനെ പറയാനാവില്ല. ഇപ്പോള്‍ ഉദാഹരണമായി കംമ്പ്യൂട്ടര്‍ എന്നൊരു വസ്തു ഉള്ളതുകൊണ്ടാണ് അത് ഉണ്ടെന്നും ഇല്ലെന്നും പറയാനാവുന്നത്.
ചോദ്യം-തെറ്റായ ഉദാഹരണം. കമ്പ്യൂട്ടര്‍ ഇല്ലെന്ന് ആരും പറയില്ല. തീ തുപ്പുന്ന വ്യാളിയെ കുറിച്ചും മാലാഖമാരെ കുറിച്ചും നാം പറയാറുണ്ട്. അവയൊക്കെ ഉള്ളതുകൊണ്ടാണോ അങ്ങനെ പറയാന്‍ സാധിക്കുന്നത്?


കേശവന്‍ നായര്‍--സാറേ, മേശ എന്നൊരു വസ്തു ഉണ്ടെങ്കിലേ മേശ ഉണ്ടെന്നും ഇല്ലെന്നും പറയാനാവൂ...
ചോദ്യം-മേശ ഇല്ലെന്ന് ആരും പറയില്ല. തീ തുപ്പുന്ന വ്യാളി ഉണ്ടോ? മാലാഖമാര്‍ ഉണ്ടോ...? ചാത്തനുണ്ടോ?
കേശവന്‍ നായര്‍--ഹ ഹ... തീ തുപ്പുന്ന വ്യാളി ഉണ്ടെങ്കില്‍ ഉണ്ട്...ഇല്ലെങ്കില്‍ ഇല്ല....എനിക്കറിഞ്ഞുകൂടാ...
ചോദ്യം-പക്ഷെ തീ തുപ്പുന്ന വ്യാളി എന്നു പറഞ്ഞുകഴിഞ്ഞാല്‍ താങ്കളുടെ വിചിത്രമായ ലോജിക്കനുസരിച്ച് അങ്ങനെയൊന്ന് ശരിക്കും ഉണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞു...!!

ബോധത്തിന്റെ വ്യാകരണം
ചോദ്യം-ഞാനൊരു കാര്യം ചോദിക്കട്ടെ, പ്രപഞ്ചത്തിന് ബോധമുണ്ട്. എന്താണ് ഈ ബോധം? നമുക്കറിയാവുന്ന ബോധം ഒരു അന്ത്രോപ്പോമോര്‍ഫിക്കായ(anthropomorphic) ആശയമാണ്. ജീവനും ചേതനയുമുള്ളവയുടെ ഗുണം
കേശവന്‍ നായര്‍--പ്രപഞ്ചത്തിന് ബോധമുണ്ട്. ഓരോ ആറ്റത്തിനും ബോധമുണ്ട്. ഓരോ ഇലക്‌ട്രോണിനും വേറൊരു ഇലക്‌ട്രോണ്‍ എവിടെയാണെന്ന് അറിയാം. അതിന്റെ അഡ്രസ്സ് അറിയാം. അതാണ് ക്രമത്തിന് ആധാരം. ഇല്ലെങ്കില്‍ ആറ്റം നിലനില്‍ക്കില്ല...ഇലക്‌ട്രോണുകള്‍ കൂട്ടിയിടിക്കുന്നില്ല.....അവയുടെ പാതയിലൂടെ കൃത്യമായി സഞ്ചരിക്കുന്നു....

ചോദ്യം-ബിഗ് ബാംഗ് പ്രകാരം ബേരിയോണിക് ദ്രവ്യം ഉണ്ടാകുന്നത് എത്രയോ കോടിക്കണക്കിന് ഭൗമവര്‍ഷങ്ങള്‍ക്ക് ശേഷമാണ്! അതുവരെ എന്തായിരുന്നു ക്രമം? ഇന്നും അസ്ഥിര ആറ്റങ്ങളും ന്യൂക്‌ളിയസ്സുകളും എങ്ങനെയുണ്ടാകുന്നു? റേഡിയോ ആക്റ്റീവ് ക്ഷയം കാരണം യുറേനിയത്തിന്റെയൊക്കെ ആറ്റങ്ങള്‍ ശിഥിലമായിപ്പോകുന്നത് എന്തുകൊണ്ട്? എന്താണവിടെ ക്രമം? പ്‌ളാസ്മ എങ്ങനെ ന്യായീകരിക്കും?പ്രോട്ടോണുകളും നൂട്രോണുകളുമൊക്കെ കൂട്ടിയിടിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്നതും ബോധമുണ്ടായിട്ടാണോ?...പ്രപഞ്ചത്തില്‍ ക്രമരാഹിത്യവും അസ്ഥിരതയും കയോസുമുണ്ട്. ഇവയൊക്കെ ബോധം മൂലമാണെന്ന് വാദിക്കുമോ?
കേശവന്‍ നായര്‍--മസ്തിഷ്‌ക്കത്തിന്റെ ഗുണമല്ല ബോധം. ബോധമുള്ളത് കൊണ്ടാണ് മനസ്സുണ്ടാകുന്നത്, മനസ്സുള്ളത് കൊണ്ടാണ് മസ്തിഷ്‌ക്കം പ്രവര്‍ത്തിക്കുന്നത്...

ചോദ്യം-ബോധത്തില്‍ നിന്ന് ദ്രവ്യമുണ്ടാകണമെങ്കില്‍ ദ്രവ്യരഹിതമായി ബോധം ഉണ്ടാവണം. ഈ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ദ്രവ്യരഹിതമായി ബോധം ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടാമോ?
കേശവന്‍ നായര്‍--സോഡിയത്തിന്റെ ഇലക്‌ട്രോണിനെ എടുക്കുക. അതിലെ ഓരോ ഇലക്‌ട്രോണിനും മറ്റൊരു ഇലക്‌ട്രോണ്‍ എവിടെയന്നറിയാം...ഇലക്‌ട്രോണിന് അറിവുണ്ട്.....
ചോദ്യം-സര്‍ പ്‌ളീസ് കം റ്റു ദ പോയിന്റ്. സോഡിയത്തിന്റെ പ്രോട്ടോണുകളും ഇലക്‌ട്രോണുകളുമൊക്കെ ചലിക്കുന്നത് അവയുടെ സഹജമായ ഗുണങ്ങളുടെ, ചാര്‍ജുകളുടെ അടിസ്ഥാനത്തിലാണ്. അവയ്ക്ക് അത്തരം ചലനങ്ങളേ സാധ്യമാകൂ. തേങ്ങ താഴോട്ട് വീഴുന്നത് തറയിലെത്തുക എന്ന ലക്ഷ്യ'ബോധ'മുള്ളതുകൊണ്ടാണോ? ബോധമില്ലെങ്കിലും അത് തറയില്‍ തന്നെ വീഴും. ഇവിടെയൊക്ക 'അറിയുന്നു' -'ബോധമുണ്ട്'എന്നൊക്കെ ആരോപിക്കുന്നത് ഒരു തരം പാറ്റേണ്‍ സീക്കിംഗാണ്....ഇങ്ങനെയാണ് പൊറോട്ടയില്‍ അള്ളാഹുവിനേയും ആല്‍മരത്തിന്റെ വേരില്‍ ഗണപതിയേയും മതമനസ്സുകള്‍ കണ്ടെത്തുന്നത്! ജീവജാലങ്ങളെ രക്ഷിക്കാനായി ഓക്‌സിജന്‍ അവതാരമെടുത്ത് ഓസോണ്‍ പാളിയായി വന്നു എന്നൊക്കെ പറയുന്നത് പോലെയാണത്....!!പക്ഷെ ഇവിടെ ചോദ്യമിതാണ്:ദ്രവ്യരഹിതമായി ബോധമുണ്ടാകുമോ?

കേശവന്‍ നായര്‍--ദ്രവ്യമില്ല....ബോധമേ ഉള്ളൂ. ബോധത്തില്‍ നിന്ന് വേറിട്ട് പദാര്‍ത്ഥവുമില്ല....പദാര്‍ത്ഥത്തില്‍ നിന്ന് വേറിട്ട ബോധവുമില്ല.... ഇതാണ് നമ്മള്‍ തമ്മിലുള്ള തര്‍ക്കം....നമ്മള്‍ രണ്ട് പാറകള്‍ തമ്മില്‍ സംസാരിക്കുകയല്ല. രണ്ട് ആശയങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണ്....ദ്രവ്യമില്ലെങ്കിലും ബോധത്തിന് നിലനില്‍ക്കാം...
ചോദ്യം-അവിടെയാണ് സാര്‍ ചോദ്യത്തിലേക്ക് വന്നത്..ദ്രവ്യമില്ലാത്ത ബോധം എവിടെയാണ്...?
കേശവന്‍ നായര്‍--അതാണ് നിര്‍ഗുണ നിരാകാര ബ്രഹ്മം..ഹ.ഹ.
ചോദ്യം-ശരി തമാശ ഞാനുമാസ്വദിച്ചു. നമുക്കത് അവിടെ വിടാം.... 

നിര്‍ഗുണം, നിഷ്‌ക്കാമ കാമം എന്നൊക്കെ താങ്കളുടെ ആത്മീയലേഖനത്തില്‍ ആവര്‍ത്തിക്കുന്നു. എങ്ങനെയാണ് നിഷ്‌ക്കാമമായി കര്‍മം ചെയ്യുക? എന്തെങ്കിലും ഇച്ഛയില്ലെങ്കില്‍ കര്‍മം ചെയ്യാനാവുമോ?
കേശവന്‍ നായര്‍--അതെ, അതങ്ങനെയാണ് സങ്കല്‍പ്പിക്കപ്പെടുന്നത്....
ചോദ്യം-ള്ള ഒന്ന് നിര്‍ഗുണമാകുന്നതെങ്ങനെ? കുറഞ്ഞപക്ഷം അതിന് ഉണ്ട് എന്ന ഗുണമെങ്കിലുമുണ്ട്. ഉണ്മ തന്നെ ഒരു ഗുണമല്ലേ? അസ്തിത്വം ഒരു ഗുണമല്ലേ. ഒരു ഗുണവുമില്ലാതെ എങ്ങനെയാണ് ഒന്ന് നിലനില്‍ക്കുക?
കേശവന്‍ നായര്‍-നിര്‍ഗുണമെന്ന് പറയുന്നത്.....അത് ബോധം.... ക്വാണ്ടം സൂപ്പ് പോലെ ശൂന്യതപോലെയാണെന്ന് പറയാം...
ചോദ്യം-നിര്‍ഗുണമായ ഒന്ന് നിലനില്‍ക്കുക അസാധ്യമാണ്....
കേശവന്‍ നായര്‍--ഞാനത് അധികം പഠിച്ചിട്ടില്ല. എനിക്ക് സംസ്‌കൃതം അറിയില്ല. ഗീതയൊക്കെ വായിച്ചാല്‍ അതിന്റെ മറുവശത്ത് കൊടുത്തിരിക്കുന്ന മലയാളം വായിച്ചാണ് ഞാന്‍ മനസ്സിലാക്കുന്നത്. അപ്പോള്‍ ഈ ഗുണമെന്നൊക്കെ പറയുന്നത് പ്രകൃതി ഗുണങ്ങളാണെന്നാണ് ഞാന്‍ വായിച്ചിരിക്കുന്നത്.....അതിനപ്പുറം എനിക്കറിയില്ല.

ചോദ്യം-ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം എന്നതിനെ കുറിച്ച് താങ്കളുടേതായി ചില പരാമര്‍ശങ്ങള്‍ കാണുന്നു.
കേശവന്‍ നായര്‍--അത് ഗുണുങ്ങളാണ്....അല്ലാതെ ജന്മമനുസരിച്ചല്ല. 
ചോദ്യം-ഗുണമോ കര്‍മ്മമോ അനുസരിച്ചാണെങ്കില്‍ ഒരാള്‍ക്ക് വര്‍ണം മാറാന്‍ സാധിക്കണം. അങ്ങനെയാര്‍ക്കെങ്കിലും സാധിച്ചിട്ടുണ്ടോ? പരശുരാമന്‍ ക്ഷത്രിയനെ പോലെ കൊന്നും കൊല വിളിച്ചും നടന്നിട്ട് ആരെങ്കിലും അദ്ദേഹത്തെ ക്ഷത്രിയനെന്ന് വിളിച്ചിട്ടുണ്ടോ? ബ്രാഹ്മണകര്‍മ്മം ചെയ്തിട്ട് വിശ്വാമിത്രന്‍ ബ്രാഹ്മണനായോ....? പിന്നെയെങ്ങനെയാണ് ഗുണവും കര്‍മ്മവുമനുസരിച്ച് വര്‍ണ്ണം മാറുന്നത്...? കര്‍മ്മമനുസരിച്ചാണ് ജാതിവിഭജനമെങ്കില്‍ ഒരാള്‍ക്ക് ജീവിതത്തില്‍ തൊഴില്‍ മാറ്റിക്കൊണ്ട് ജാതി മാറ്റരുതോ. മനുഷ്യനെ നാലായി വിഭജിക്കുന്ന അമാനവികമായ തന്ത്രമാണ് ചാതുര്‍വര്‍ണ്യം...

കേശവന്‍ നായര്‍--അതൊന്നും ഫിസിക്കലല്ല...അതൊക്കെ
ചോദ്യം-അതാണ് വിഷയം...ഒന്നും ഫിസിക്കലല്ല....!! പക്ഷെ ജാതിയും വര്‍ണ്ണവുമൊക്കെ സമൂഹത്തിലുണ്ട്, ഉച്ചനീചത്വങ്ങള്‍ കല്‍പ്പിച്ചിരിക്കുന്നു..പക്ഷെ സാറിന് ഒന്നും ഫിസിക്കലല്ല...!!
ചോദ്യം- താങ്കള്‍ മാര്‍ക്‌സിസ്റ്റ് വിമര്‍ശനം നടത്തിയ രീതിയില്‍ നോക്കിയാല്‍ ഈ മൂന്ന് ഗുണങ്ങള്‍ എന്നത് ഒരു അന്ധവിശ്വാസമല്ലേ...? അവര്‍ രണ്ടെന്ന് പറയുന്നു. താങ്കള്‍ മൂന്നെന്ന് പറയുന്നു. ത്രിദോഷമെന്നും ചതുര്‍ഭൂതമെന്നും പഞ്ചഭൂതമെന്നുമൊക്കെ പറയുന്നത് ഇങ്ങനെയാണ്.... ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസമാണ് പ്രിയപ്പെട്ടത്. അതല്ലാതെ ഇവയ്‌ക്കൊന്നും പ്രത്യേകിച്ച് തെളിവൊന്നുമില്ല....
കേശവന്‍ നായര്‍--ഗുണം...ആന്തരികമാണ്...അങ്ങനെയെങ്കില്‍ ശാസ്ത്രം നാല് ബലങ്ങളെ കുറിച്ച് പറയുന്നു... ഗുരുത്വബലം, ശക്തബലം, ക്ഷീണബലം, വൈദ്യുതകാന്തികബലം....അപ്പോഴോ...?
ചോദ്യം-സാര്‍ അതൊക്കെ ത്രിദോഷവും ത്രിഗുണവും പോലെ ഭാവനാവ്യായമമാണോ സര്‍ അവയൊക്കെ? ഈ നാല് ബലങ്ങള്‍ക്കും തെളിവുള്ളതല്ലേ... ഗുരുത്വമുള്ളതുകൊണ്ടാണല്ലോ ഭൂമി മണിക്കൂറില്‍ 1607 കി. മീ വേഗതയില്‍ കറങ്ങുമ്പോഴും ഞാനും സാറും സ്‌പേസിലേക്ക് തെറിച്ച് പോകാത്തത്?......ശരീരം മരിച്ചാലും ആത്മാവ് മരിക്കുന്നില്ലെന്നാണ് താങ്കളുടെ മറ്റൊരു വാചകം. സത്യത്തില്‍ ശരീരം മരിക്കുന്നില്ലെന്നതല്ലേ ശരി? ശരീരം എങ്ങനെയാണ് മരിക്കുന്നത്? ശരീരം എങ്ങും പോകുന്നില്ല....ദ്രവ്യം മറ്റൊരു ഭാവത്തില്‍-രൂപത്തില്‍ ഇവിടെ നിലനില്‍ക്കുന്നു...അതല്ലേ സത്യം...?
കേശവന്‍ നായര്‍-ശരിയാണ്, ദ്രവ്യം നശിക്കുന്നില്ല... ആത്മാവും നശിക്കുന്നില്ല....

ചോദ്യം-ഹ..ഹ..അപ്പോള്‍ ശരീരം നശിക്കുന്നില്ല എന്നല്ലേ പറയേണ്ടത്? ഉള്ളതിനെക്കുറിച്ച് സംസാരിക്കുന്നതല്ലോ മനസ്സിലാക്കാനും മനസ്സിലാക്കിപ്പിക്കാനും സൗകര്യപ്രദം...? ഒരോ ശരീരത്തിലും ഒരാത്മാവാണെന്നും അത് മുജ്ജന്മത്തിലെ കര്‍മ്മപാശത്തില്‍ ബന്ധിതമാണെന്നും സാര്‍ എഴുതിയിരിക്കുന്നത്. ഒരേ ഭ്രൂണമുണ്ടായ ശേഷം ആ ഭ്രൂണം വിഭജിച്ച് മൂന്ന് കുട്ടികളുണ്ടായാല്‍( (monozygotic triplets)അവര്‍ക്ക് മൂന്ന് പേര്‍ക്കും ആത്മാവ് വിഭജിക്കാതെ ലഭിക്കുമോ? 
കേശവന്‍ നായര്‍--ആത്മാവിനെ വിഭജിക്കാനാവില്ല..അതാണ്..

ചോദ്യം-അതെ ആ ഉത്തരമാണ് ഞാന്‍ പ്രതീക്ഷിച്ചത്! അങ്ങനെയെങ്കില്‍ ആ മൂന്ന് കുട്ടികള്‍ക്കും ഒരേ കര്‍മ്മഫലവും ജീവിതഫലവും ഉണ്ടാകണം. അങ്ങനെ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?
കേശവന്‍ നായര്‍-എനിക്ക് അത് കൃത്യമായി പറയാന്‍ അറിയില്ല. ജീവാത്മാവ് എന്ന സങ്കല്‍പ്പമുണ്ട്. നമ്മള്‍ ചെയ്യുന്നതിന്റെ ഫലമാണ് നമുക്ക് കിട്ടുന്നത്...അതാണ് കര്‍മ്മ സിദ്ധാന്തം. നിങ്ങള്‍ ഇന്നിവിടെ വന്നു. എന്തുകൊണ്ട്? ഇവര്‍ രണ്ട് പേരും കൂടെ വന്നു. പിന്നെ നമ്മുടെ കല്യാണം ഒരാളുമായിട്ടാണ് എന്തുകൊണ്ട്...? ഇതിനൊക്കെ ഒരു കാരണമുണ്ട്..അതാണ് കര്‍മ്മഫലം

ചോദ്യം-യാദൃശ്ചികതയും ആസൂത്രണവും അവിടെയുണ്ട്. ഞാനിപ്പോള്‍ സാറിനെ കാണാന്‍ വന്നത് അപ്രതീക്ഷിതമായിട്ടല്ല. അതിന്റെ സാധ്യതകള്‍ കുറെക്കാലമായി പെരുകി വരികയായിരുന്നു. വിവാഹത്തിന്റെ കാര്യമൊക്കെ പറഞ്ഞാല്‍, പ്രപഞ്ചം നിലവില്‍ വന്നിട്ട് ഒരു വര്‍ഷമായെന്ന് സങ്കല്‍പ്പിച്ചാല്‍ 365 ാം ദിവസം അവസാന മണിക്കൂര്‍ തീരാന്‍ കേവലം നാല് മിനിട്ട് ബാക്കിയുള്ളപ്പോഴാണ് ഹോമോ സാപിയന്‍സ് ഈ ലോകത്ത് പരിണമിച്ചുണ്ടാകുന്നത്. അതുവരെ ഈ പ്രാപഞ്ചികബോധവും കര്‍മ്മത്തിന്റെ കണക്കുപുസ്തകവുമൊക്കെ എവിടെയായിരുന്നു? കേവലം അമ്പതിനായിരം വര്‍ഷം പോലും പ്രായമില്ലാത്ത ഇന്നത്തെ മനുഷ്യന്‍ ഗുഹാമനുഷ്യനായിട്ടാണ് തുടങ്ങിയത്...അവിടെ ആരെയാണ് വിവാഹം കഴിച്ചിരുന്നത്...? ഏത് വീടാണ് സന്ദര്‍ശിച്ചിരുന്നത്....? കൃഷി പോലും വന്നിട്ട് പതിനായിരം വര്‍ഷമേ ആയുള്ളു. ഹോമോ ഹാബിലസിനും ഹോമോ ഇറക്ടസിനുമൊക്കെ കര്‍മ്മഫലം ഉണ്ടായിരുന്നോ? നാം വരുന്നത് ബാക്റ്റീരിയയില്‍ നിന്നാണ് ബാക്റ്റീരിയയുടെ കര്‍മ്മഫലം എന്തായിരുന്നു...?

കേശവന്‍ നായര്‍-ഭ്രൂണം മൂന്നായി മുറിയണമെങ്കില്‍ ഒരു ബോധപൂര്‍വമായ തീരുമാനം-കോണ്‍ഷ്യസ് വില്‍ വേണ്ടേ..ആരാണത് എടുത്തത്...?
ചോദ്യം-അവിടെയെന്തിനാണ് പുറംതീരുമാനം? ഭ്രൂണണം സ്വയമല്ലേ വിഭജിക്കുന്നത്? ദ്രവ്യത്തിന്റെ ചലനം ആന്തരികമല്ലേ? ബാഹ്യമാണെന്ന് കല്‍പ്പിച്ചതല്ലേ ന്യൂട്ടോണിയന്‍ ഫിസിക്‌സിലെ പാകപ്പിഴ? താങ്കള്‍ തന്നെ ഇതേ ലേഖനത്തില്‍ എഴുതിയിരിക്കുന്നു-ഒരു പൂവിനെ ആരും വിരിയിക്കേണ്ടതില്ല-അത് താനേ വിരിഞ്ഞുകൊള്ളുമെന്ന്! പിന്നെന്തിനാണ് പുറം തീരുമാനം? ഇതൊക്കെ പാറ്റേണ്‍ സീക്കിംഗാണ്....
കേശവന്‍ നായര്‍-എല്ലാത്തിനും സഹജമായ അവബോധമുണ്ട്. ഈ അമ്പതിനായിരം വര്‍ഷത്തിന് മുമ്പൊക്കെ സംഭവിച്ച കാര്യത്തിന് എന്താണ് തെളിവ്?
ചോദ്യം-തെളിവുകളുണ്ട്. പരിണാമസിദ്ധാന്തം ആ തെളിവുകള്‍ കൃത്യമായി വിശദീകരിക്കുന്നു..

പരിണാമം ഞാന്‍ വേണ്ടത്ര പഠിച്ചിട്ടില്ല
കേശവന്‍ നായര്‍-പരിണാമസിദ്ധാന്തം ഒരു ഹൈപ്പോതീസിസല്ലേ?
ചോദ്യം-അല്ല, മലയോളം തെളിവുകളുള്ള ഒരു ശാസ്ത്രസിദ്ധാന്തമാണത്.....ദിനോസറുകള്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നുവോ?
കേശവന്‍ നായര്‍--അങ്ങനെയൊക്കെ ചില അസ്ഥികൂടങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മള്‍ പറയുന്നു....പക്ഷെ കൃത്യമായി ഇന്നയിന്ന രീതിയില്‍ സംഭവിച്ചുവെന്ന് നമുക്ക് തെളിവില്ല...
ചോദ്യം-പരിണാമത്തിന്റെ തെളിവുകള്‍ ഫോസില്‍രേഖയില്‍ മാത്രമല്ല. അവ ഭ്രൂണശാസ്ത്രം, ഭൂമിശാസ്ത്രം, തന്മാത്രജീവശാസ്ത്രം, റേഡിയോ ആക്റ്റീവ് പരിശോധനകള്‍ ...തുടങ്ങി നിരവധി ശാസ്ത്രശാഖകളില്‍ വാരിവിതറപ്പെട്ടിരിക്കുന്നു. സാറിന്റെ ശരീരം തന്നെയാണ്, കൈ തന്നെയാണ് പരിണാമത്തിന്റെ തെളിവ്....ബ്രഹ്മത്തിലും മായയിലുമൊക്കെ വിശ്വസിക്കുന്നതിന്റെ പതിനായിരത്തിലൊന്ന് ശ്രമം നടത്തിയാല്‍ പരിണാമം വ്യക്തമാകും.
കേശവന്‍ നായര്‍--ഞാന്‍ പരിണാമത്തെ ചോദ്യം ചെയ്യുന്നില്ല പക്ഷെ അതില്‍ പറയുന്ന എല്ലാം സത്യമാണെന്ന് വിശ്വസിക്കുന്നില്ല...ഉദാഹരണമായി പറഞ്ഞാല്‍ സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്.. ശുദ്ധ അസംബന്ധമാണ്......

ചോദ്യം-എങ്ങനെയാണത് അസംബന്ധമാകുന്നത്...?
കേശവന്‍ നായര്‍--അങ്ങനെയായിരുന്നെങ്കില്‍ നമ്മേക്കാള്‍ കരുത്തരായ ജീവികള്‍ ഭൂമിയില്‍ ആധിപത്യം പുലര്‍ത്തിയേനെ...
ചോദ്യം-അവിടെ സാറിന് പിഴവ് പറ്റിയതെന്ന് ഞാന്‍ വിചാരിക്കുന്നു. സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് എന്നു പറഞ്ഞാല്‍ കൂടുതല്‍ ശക്തിയുള്ളവന്റെയോ ബുദ്ധിയുള്ളവന്റെയോ അതിജീവനം എന്നല്ല. മറിച്ച് നിര്‍ദ്ദിഷ്ട സാഹചര്യത്തില്‍ സ്വാഭാവികമായും അതിജീവിക്കാന്‍ ഏറ്റവുമധികം അനുയോജ്യതയാണ് അവിടെ ഫിറ്റ് ആകുക എന്നതിലൂടെ വിവക്ഷിക്കുന്നത്....ഒരു നീന്തല്‍ ടീം ഉള്‍പ്പെടെയുള്ളവര്‍ യാത്ര ചെയ്യുന്ന ഒരു തീവണ്ടി പാലം കടക്കുമ്പോള്‍ തടാകത്തില്‍ വീണ് യാത്രക്കാരെല്ലാം കൊല്ലപ്പെടുന്നു. മഴ കാരണം തീവണ്ടിയുടെ വാതിലുകളെല്ലാം അടച്ചിരുന്നു. ഒരു വാതില്‍ മാത്രം അല്‍പ്പം തുറന്നിരുന്നു. കരയുന്ന കുഞ്ഞിനെ സമാധാനിപ്പിക്കാനായി ഒരമ്മ വാതില്‍ അല്‍പ്പം പൊക്കി വെച്ചതാണ്....വെള്ളത്തില്‍ വീഴുന്നതിന് മുമ്പ് ആഘാതത്തില്‍ കുട്ടി ഈ വാതിലിലൂടെ തെറിച്ച് പുറത്ത് പോയി ഒരു വൈക്കോല്‍ കൂനിയില്‍ തുളച്ചു കയറി രക്ഷപെടുന്നു...

കേശവന്‍ നായര്‍--സമൂഹത്തില്‍ എല്ലാവരും ഫിറ്റസ്റ്റല്ല...
ചോദ്യം-ആ കമ്പാര്‍ട്ട് മെന്റിലെ മറ്റ് യാത്രക്കാരൊക്കെ കുട്ടിയെക്കാള്‍ ശക്തിയും ബുദ്ധിയു ഉള്ളവരായിരുന്നിട്ടും അവര്‍ക്ക് രക്ഷപെടാനായില്ല. കാരണം ആ വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീഴാന്‍ കുട്ടിക്ക് മാത്രമാണ് സ്വാഭാവിക സാധ്യത ഉണ്ടായിരുന്നത്...ആ കുട്ടിയാണ് അവിടെ ഫിറ്റസ്റ്റ്....you become fit when you become suitable
കേശവന്‍ നായര്‍--ഞാന്‍ പരിണാമം അത്രത്തോളം പഠിച്ചിട്ടില്ല. അതുകൊണ്ടാവാം എനിക്കത് പൂര്‍ണ്ണബോധ്യം വന്നിട്ടില്ല...

ജ്യോതിഷം അശാസ്ത്രീയം
ചോദ്യം-ജ്യോതിഷം കര്‍മ്മഫലത്തിലും മുജ്ജന്മ സിദ്ധാന്തത്തിലും അധിഷ്ഠിതമാണ്. താങ്കള്‍ ജ്യോതിഷവിശ്വാസിയാണോ?
കേശവന്‍ നായര്‍--എനിക്ക് ജ്യോതിഷത്തിലൊന്നും വിശ്വാസമില്ല..
ചോദ്യം-ഇല്ല..?
കേശവന്‍ നായര്‍-അത് തീര്‍ത്തും അണ്‍ സയന്റിഫിക്കാണ്...
ചോദ്യം-താങ്കള്‍ ഇതുവരെ പറഞ്ഞത് സയന്‍സല്ല എല്ലാത്തിനും തീര്‍പ്പ് കല്‍പ്പിക്കുന്നത് എന്നാണ്! ആത്യന്തികമായ കാര്യങ്ങള്‍ സയന്‍സിന് ഉപരിയാണെന്നൊക്കെ. ജ്യോതിഷത്തേയും അങ്ങനെ കണ്ടാല്‍പ്പോരെ...?
കേശവന്‍ നായര്‍-അത് ജിയോസെന്‍ട്രിക്കാണ്...സയന്‍സ് ഹീലിയോ സെന്‍ട്രിക്കായി...പിന്നെ ഗാലക്‌സി സെന്‍ട്രിക്കായി... ജ്യോതിഷത്തിലെ രാഹു-കേതു തുടങ്ങിയ ഗ്രഹങ്ങള്‍ സത്യത്തില്‍ ഇല്ല... മാത്രമല്ല ഈ ഗ്രഹങ്ങളൊക്കെ മനുഷ്യരെ സ്വാധീനിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല....
ചോദ്യം-സാര്‍ എന്തിനാണ് ഈ വിശ്വാസ വിഷയങ്ങളില്‍ സയന്‍സ് കൊണ്ടുവരുന്നത്. അവയൊന്നും ഫിസിക്കല്‍ അല്ലെന്നും സയന്‍സിന് അതീതമാണെന്നുമല്ലേ പറയേണ്ടത്..?!! ഇതുവരെ കണ്ടുപിടിക്കാത്ത സ്വാധീനങ്ങളുണ്ടാവാം എന്നല്ലേ പറയേണ്ടത്? എന്തിന് ഈ ഇരട്ടത്താപ്പ്...? സയന്‍സ് തെളിയിച്ച കാര്യമാണോ സാറിന്റെ ചക്കരബ്രഹ്മവും ആത്മാവുമൊക്കെ...?

കേശവന്‍ നായര്‍-രണ്ടും രണ്ടാണ്...
ചോദ്യം-ഒരിടത്ത് ശാസ്ത്രത്തെ കൂട്ടു പിടിക്കുന്നു, മറ്റൊരിടത്ത് എല്ലാം ശാസ്ത്രത്തിന് അതീതമാണെന്ന് പറയുന്നു!! ജ്യോതിഷത്തിനുള്ള തെളിവല്ലേ ബ്രഹ്മത്തിനുമുള്ളൂ?!
കേശവന്‍ നായര്‍--നമ്മുടെ അസ്തിത്വത്തിന് അനുപേക്ഷണീയമായ കാര്യമാണ് വേദാന്തം
ചോദ്യം-ജ്യോതിഷത്തെ കുറിച്ച് അതിന്റെ വിശ്വാസികള്‍ക്കും അതു തന്നെയാണ് പറയാനുണ്ടാവുക...വിശ്വാസികള്‍ക്ക് പലപ്പോഴും ഫലം അച്ചട്ടായി തോന്നുന്നത് എന്തുകൊണ്ടാണ്....?
കേശവന്‍ നായര്‍-ജ്യോതിഷമൊന്നും ശരിയല്ല, ഫലഭാഗം ഒട്ടും ശരിയല്ല...


ചോദ്യം-ശരി, അത് വിടാം. അങ്ങെഴുതിയ മറ്റൊരു വാചകം: ആത്മാവില്‍ സമ്പൂര്‍ണ്ണമായി കേന്ദ്രീകരിക്കുമ്പോള്‍ പ്രകൃതിനിയമങ്ങള്‍ വെളിപ്പെടുന്നു..... അങ്ങനെ പ്രകൃതിനിയമങ്ങള്‍ കണ്ടെത്തിയ ഒരു ആത്മീയവാദിയുടെ പേര് പറയാമോ?
കേശവന്‍ നായര്‍- -പല ശാസ്ത്രീയമായ സിദ്ധാന്തങ്ങളും വെളിപെട്ടവയാണ്...ഐന്‍സ്റ്റീനെ പോലുള്ളവര്‍ പറയുന്നതാണിത്...
ചോദ്യം-ആശയങ്ങളും വിദ്യകളും മനസ്സില്‍ വെളിപ്പെടുകയും അവയെ കുറിച്ച് സ്വപ്നം കാണുകയും ചെയ്യുന്നത് എല്ലാവരിലും സംഭവിക്കുന്ന കാര്യമല്ലേ..പ്രേമിക്കുന്നവര്‍ പരസ്പരം സ്വപ്നം കാണാറില്ലേ...?അത് ആത്മാവില്‍ സമ്പൂര്‍ണ്ണമായി കേന്ദ്രീകരിക്കുമ്പോഴാണോ....? അങ്ങനെയാണെങ്കില്‍ ഭാരതീയ മഹര്‍ഷിമാര്‍ മുഴുവന്‍ ഭൗതികനിയമങ്ങള്‍ കണ്ടുപിടിച്ച് മടുക്കേണ്ടതല്ലേ?! ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍പ്പിന്നെ മറ്റേ വശത്തുള്ളവര്‍ താഴോട്ട് വീഴാത്തതെന്ന് ചോദിച്ചവരല്ലേ ഈ ആത്മാവില്‍ ഫോക്കസ് ചെയ്തിരുന്ന പലരും...?

കേശവന്‍ നായര്‍--പല കണ്ടുപിടുത്തങ്ങളുടേയും പിറകില്‍ intuitive ആയ ഒരു തലം ഇല്ലെന്ന് പറയാനാവില്ല...
ചോദ്യം- ലഭ്യമായ ഡേറ്റകളുടെ undiluted, unregulated processing ആണ് സ്വപ്നങ്ങളും വെളിപാടുകളുമൊക്കെ. ചൊവ്വയിലെ മനുഷ്യരെ സാര്‍ സ്വപ്നം കണ്ടിട്ടുണ്ടോ?
കേശവന്‍ നായര്‍- ചിലപ്പോള്‍ കണ്ടിട്ടുണ്ടാവും....ഹ ഹ
ചോദ്യം-അതിന് ചൊവ്വയില്‍ മനുഷ്യരില്ലല്ലോ..!? സാര്‍ വഴുതിപ്പോകുകയാണ്. ഇല്ലാത്ത ഡേറ്റയില്‍നിന്ന് സ്വപ്നം ജനിക്കില്ല. 
കേശവന്‍ നായര്‍-ഞാനൊരു സന്യാസിയല്ല..ഞാന്‍ മെഡിറ്റേഷനൊന്നും പ്രാക്ടീസ് ചെയ്തിട്ടില്ല... ഞാനൊരു യോഗിവര്യനുമല്ല
ചോദ്യം-അങ്ങ് ഇപ്പറയുന്ന പല കാര്യങ്ങളെക്കുറിച്ചും ബോധ്യം വരാതെ ഇതൊക്കെ എഴുതിക്കൊണ്ടിരിക്കുന്നു...?
കേശവന്‍ നായര്‍-യുക്തചിന്തയിലൂടെ എത്തിച്ചേരുന്ന ചില നിഗമന അനുമാനങ്ങളാണ് ഞാന്‍ പറയുന്നത്...
ചോദ്യം-യുക്തിക്കൊന്നും യാതൊരു പ്രസക്തിയുമില്ലാത്ത തലത്തിലാണ് സാര്‍ വിഹരിക്കുന്നതെന്നാണ് ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്.?!
കേശവന്‍ നായര്‍--യുക്തിയെ ഒരിക്കലും ഞാന്‍ ഡിനൈ ചെയ്തിട്ടില്ല, യുക്തി കയ്യൊഴിയാനും സാധിക്കില്ല...

മതവും ധാര്‍മ്മികതയും
കേശവന്‍ നായര്‍- സന്യാസികളും മതങ്ങളും, അത് സെമറ്റിക്ക് മതമാകട്ടെ നമുക്ക് ചെയ്ത നേട്ടമെന്തെന്നാല്‍ മൂല്യബോധം കൊണ്ടുവന്നുവന്നാണ്. ഞാനും നിങ്ങളും ഇവിടിങ്ങനെയിരുന്ന് സംസാരിക്കാന്‍ കാരണം മതം നല്‍കിയ മൂല്യബോധമാണ്...
ചോദ്യം-മനുഷ്യന് സഹജമായി തന്നെ മൂല്യബോധവും ധാര്‍മ്മികതയുമുണ്ട്. Man is essentially moral. മനുഷ്യന് മാത്രമല്ല എല്ലാ ജീവിജാലങ്ങളിലും ധാര്‍മ്മികതയുടെ അടയാളങ്ങള്‍ കാണാനാവും. അതിജീവനത്തെ സഹായിക്കുന്ന സാങ്കേതികതകളുടെ ഉപോത്പ്പന്നമായാണ് മനുഷ്യനില്‍ ധാര്‍മ്മികത ഉരുവംകൊണ്ടത്...മതം മനുഷ്യനിലെ മൃഗീയതയും വിദ്വേഷഭാവവും ചൂഷണം ചെയ്യുന്നുമുണ്ട്....
കേശവന്‍ നായര്‍-മനുഷ്യനിലെ മൃഗീയവാസനകള്‍ കുറച്ചൊക്കെ പരിഹരിക്കുന്നതില്‍ മതം പോലുള്ള ഇന്‍സ്റ്റിറ്റിയൂഷന്‍സ് പങ്ക് വഹിച്ചിട്ടുണ്ട്. അല്ലാതെ ജിഹാദികളില്ലെന്നോ ഹിന്ദുഫാസിസ്റ്റുകള്‍ ഇല്ലെന്നോ ഞാന്‍ പറഞ്ഞില്ല.
ചോദ്യം-മതങ്ങള്‍ക്ക് ഏറിയാല്‍ 3500-4000 വര്‍ഷം പഴക്കം. മതം വരുന്നതിന് മുമ്പ് തന്നെ മനുഷ്യന് ധാര്‍മ്മികതയുണ്ട്. എല്ലാ മതവും അവ നിലനിന്ന സാഹചര്യങ്ങളില്‍ നിന്ന് മൂല്യങ്ങളും ആചാരനാചാരങ്ങളും കടംകൊണ്ടിട്ടുണ്ട്...മതം മാത്രമല്ല കൃഷി, മത്സ്യബന്ധനം, കുടുംബം, വിവാഹം, മദ്യപാനം...തുടങ്ങിയ നിരവധി സാമൂഹികസ്ഥാപനങ്ങളില്‍ മൂല്യശേഖരമുണ്ട്. അതല്ലാതെ മതത്തിന് പ്രത്യേകിച്ച് മൂല്യബോധമോ ധാര്‍മ്മികതയോ ഉണ്ടാക്കാനുളള ശേഷിയില്ല... Religion is not creative, it is basically exploitative. അതേസമയം മനുഷ്യനിലെ മൃഗത്തെ പുറത്തുകൊണ്ടു വരാന്‍ അതിന് നിഷ്പ്രയാസം കഴിയുകയും ചെയ്യും....

കേശവന്‍ നായര്‍--മതമില്ലായിരുന്നെങ്കില്‍...നമ്മുടെ മൂല്യബോധം എവിടെ നിന്ന് വന്നു....?
ചോദ്യം-സാര്‍ തെറ്റായ ചോദ്യം ആവര്‍ത്തിക്കുന്നു...Man is essentially moral. മനുഷ്യനില്‍ ഇല്ലാത്ത എന്തോ ഒന്ന് മതം കഴിഞ്ഞ 3500 വര്‍ഷം കൊണ്ട് വികസിപ്പിച്ചുവെന്ന ധാരണ ശരിയല്ല. മതബോധവും ആചാരങ്ങളും മതത്തിന് മുമ്പുള്ള മനുഷ്യസമൂഹം ക്രമേണ വികസിപ്പിച്ചുകൊണ്ടു വന്നവയാണ്. ധാര്‍മ്മികതയും മൂല്യബോധവും തുടങ്ങുന്നത് ഗുഹാമനുഷ്യനില്‍ നിന്നാണ്....മറിച്ചൊരു ഉദാഹരണം ചൂണ്ടിക്കാട്ടാന്‍ സാറിനാവില്ല.....കരുണയും ദയയും സഹകരണമനോഭാവവും ജീവിലോകത്ത് എമ്പാടും ഏറ്റക്കുറച്ചിലോടെ കാണാനാവും. ഒരു നായ അതിന്റെ കുട്ടിയെ സ്‌നേഹിക്കുന്നത്, കാക്കകള്‍ കൂട്ടം കൂടി അക്രമികളെ തിരിച്ചാക്രമിക്കുന്നത്, വാമ്പയര്‍ വവ്വാലുകള്‍ രക്തം കടംകൊടുക്കുന്നത്...ഇതിലെല്ലാം മനുഷ്യധാര്‍മ്മികതയുടെ പരിണാമപരമായ, പുരാതനമായ അടയാളങ്ങള്‍ കാണാനാവും....

കേശവന്‍ നായര്‍--നമ്മിലെന്തെങ്കിലും നന്മയും മൂല്യബോധമുണ്ടെങ്കില്‍ അത് മാതാപിതാക്കളില്‍ നിന്ന് കിട്ടിയതാണ്. മനുഷ്യനെപ്പോലെ സഹജീവിയെ കൊല്ലുന്ന ഒരു മൃഗം വേറെയില്ല...
ചോദ്യം-മാതാപിതാക്കളും കുടുംബവും മതത്തിന് വളരെ മുമ്പെയുള്ളു സ്ഥാപനങ്ങളാണെന്നെങ്കിലും സാര്‍ അംഗീകരിക്കണം. ജീവികള്‍ പരസ്പരം ആക്രമിക്കുകയും കൊല്ലുകയും മാത്രമല്ല തിന്നുക കൂടി ചെയ്യാറുണ്ട്. ചില ജീവിവര്‍ഗ്ഗങ്ങളില്‍ അമ്മമാര്‍ തന്നെ കുട്ടികളെ തിന്നുന്നു....പക്ഷെ മനുഷ്യന്‍ ഉയര്‍ന്ന ബുദ്ധിയുള്ള ജീവിയായതു കൊണ്ട് അവന്റെ തിന്മയും നന്മയും ഉയര്‍ന്നതാണ്...

ലോകം പണത്തിന് പിന്നാലെ
കേശവന്‍ നായര്‍--അമേരിക്കയേയും യൂറോപ്പിനെയും ഭൗതികവാദം ഗ്രസിച്ചിരിക്കുന്നു. എല്ലാവരും പണത്തിന് പുറമെ. വ്യക്തിപരമായി അവിയെയുള്ളവര്‍ വിശ്വാസികളായിരിക്കാം. പക്ഷെ അവര്‍ പറയുന്നത് ഭൗതികവാദമാണ്. ആത്മീയതയാണ് ലോകം കൈവരിക്കേണ്ടത്.....
ചോദ്യം-വിശ്വാസികളായിട്ടും അവരൊക്കെ ഭൗതികവാദമാണ് പയറ്റുന്നതെങ്കില്‍ അതിലെന്തോ ഗുണകരമായി ഉണ്ടെന്ന് തോന്നിയിട്ടുണ്ടാവുമോ..? സുഖത്തിനും പണത്തിനും പിന്നാലെ പായുന്നതില്‍ ഒന്നാംസ്ഥാനം വിശ്വാസികള്‍ക്കാണെന്നതില്‍ തര്‍ക്കമുണ്ടാവില്ലല്ലോ. മതവും മനുഷ്യദൈവങ്ങളും ചെയ്യുന്നതും അതാണല്ലോ....സമ്പത്ത് കുന്നുകൂട്ടുക, സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുക..കൂടുതല്‍ സമ്പത്തുണ്ടാക്കുക, നൂറ് രൂപ പിരിക്കുക-ഒരു രൂപ പിച്ച കൊടുത്ത് പരസ്യപ്പെടുത്തുക...വീണ്ടും പിരിക്കുക...വീണ്ടും വാരിക്കൂട്ടുക....ലോകത്തിലെ മൊത്തം കുറ്റംകൃത്യങ്ങളില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികളുടെ സംഭാവനയാണ്.....ലോകത്തെ ജയിലുകളെല്ലാം നിറച്ചിരിക്കുന്നതും അവര്‍ തന്നെ.....
കേശവന്‍ നായര്‍--ഞാന്‍ പറഞ്ഞല്ലോ കമ്മ്യൂണിസവും ക്യാപിറ്റലിസവും ഒന്നു തന്നെ. രണ്ടും ഭൗതികവാദമാണ്.....സുഖവും പണവുമാണ് പ്രധാനം
ചോദ്യം-മതം സമ്പത്തിനും സുഖത്തിനും പിന്നാലെയല്ലേ....അമേരിക്കയൊക്കെ വലിയ മതപരതയുള്ള രാജ്യമാണ്...
കേശവന്‍ നായര്‍--ഏയ് എവിടെ...?! അവിടെങ്ങും ഒരു റിലീജ്യനുമില്ല...

ചോദ്യം-അമേരിക്കയില്‍ റിലീജ്യനില്ലേ?! ബൈബിളില്‍ തൊട്ടാണ് അമേരിക്കന്‍ ഭരണാധികാരികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്...
കേശവന്‍ നായര്‍--അവിടെ കുറെ വിശ്വാസികളുള്ളത് കൊണ്ടാണ് ആ രാജ്യം അങ്ങനെയെങ്കിലും പോകുന്നത്...
ചോദ്യം-അമേരിക്കയില്‍ മതമില്ല...!! സൗദി അറേബ്യയിലുണ്ടോ...?
ചോദ്യം-ഏയ്...എവിടുന്ന്?!
ചോദ്യം-550 ല്‍ പരം റേപ്പ് കേസുകളാണ് സൗദിയില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥത്തിലുള്ള അതിന്റെ എത്രയോ ഇരട്ടി വരും. ചാട്ടവാറടികളും തലവെട്ടലുകളുമായി മുന്നോട്ടു പോകുന്ന ആ സമൂഹത്തിലെ സാമ്പത്തിക അസമത്വമറിയണമെങ്കില്‍ സക്കാത്തിന്റെ കണക്ക് പരിശോധിച്ചാല്‍ മതി...

കേശവന്‍ നായര്‍--സൗദിയിലെ രാജാവിനെ ഉദ്ദേശിച്ച് പറഞ്ഞതല്ല...ചരിത്രത്തില്‍ മതങ്ങള്‍ക്ക് പ്രാധാന്യമുണ്ട്..സദാചാര നിര്‍മ്മിതിയില്‍..
ചോദ്യം-മതത്തിന് ചരിത്രപ്രാധാന്യമില്ലെന്ന് ആരാ പറഞ്ഞത്? മോശയുടെ മൂല്യബോധം അന്നത്തെ പാലസ്തീന്‍ സംസ്‌ക്കാരത്തിന്റെയാണ്...മുഹമ്മദിന്റെ മൂല്യബോധം അന്നത്തെ അറബ് സമൂഹത്തിന്റെതാണ്... ഇവരൊന്നും മതം സ്ഥാപിച്ചില്ലെങ്കിലും അതാത് സമൂഹങ്ങളിലെ ആചാരരീതിയും സംസ്‌ക്കാരവും തുടരുമായിരുന്നു...കാരണം സംസ്‌ക്കാരം ഒരു തുടര്‍ച്ചയാണ്... മതമുണ്ടായാലും ഇല്ലെങ്കിലും അതുണ്ടാവും....തുടരും...
കേശവന്‍ നായര്‍--സത്യം പറഞ്ഞാല്‍ ദൈവം ഉണ്ടെന്ന് പറയുന്നത് പോലും മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. സാറിനോട് ഞാനൊരു കാര്യം പറയാം-you can not leave without god, but you can leave without Dawkins...

ചോദ്യം-ഇവയൊക്കെ ബ്‌ളാങ്കറ്റ് സ്റ്റേറ്റുമെന്റുകളല്ലേ. അങ്ങനെയെങ്കില്‍ എല്ലാ മതവിശ്വാസിയും ഫലത്തില്‍ നിരീശ്വരവാദിയല്ലേ? മുസ്‌ളീം അള്ളാ ഒഴികെ എല്ലാ ദൈവങ്ങളോടും നിരീശ്വരവാദിയാണ്. ക്രൈസ്തവന്‍ സ്വന്തം ദൈവം ഒഴികെ ബാക്കിയുള്ളവ മുഴുവന്‍ തള്ളുന്നു... സാര്‍ സ്വന്തം ചക്കര ബ്രഹ്മത്തെ മാത്രം ആരാധിക്കുന്നു..ബാക്കിയൊക്കെ തള്ളുന്നു... നാസ്തികന്‍ ഇവ മൊത്തം തള്ളുന്നു...അപ്പോള്‍ ഏറ്റക്കുറച്ചിലോടെ എല്ലാവരും നിരീശ്വരവാദികളാണ്...!!I can also say-you can leave without gods but you can not leave without reason. Without reason, you are doomed! ആ നിലയില്‍ സാറൊരു എത്തിയിസ്റ്റാണെന്ന് എനിക്കും പറയാം....

കേശവന്‍ നായര്‍- -ഞാനൊരു എത്തീസ്റ്റാണ്..അങ്ങനെ പറയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു. ഈ പറയുന്നതുപോലെ മതവിശ്വാസിയൊന്നുമല്ല ഞാന്‍. ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കില്ല, പൂജയും വഴിപാടുമില്ല....
ചോദ്യം-പക്ഷെ രാവിലെ എഴുന്നേറ്റ് പ്രാര്‍ത്ഥിക്കുമെന്നും ധ്യാനിക്കുമെന്നൊക്കെ പറഞ്ഞു...എന്തിനോടാണ് പ്രാര്‍ത്ഥിക്കുന്നത്-നിര്‍ഗുണ ബ്രഹ്മത്തോടാണോ?
കേശവന്‍ നായര്‍-എന്നോട് തന്നെ. ആവശ്യമൊന്നും പറയാറില്ല... മനസ്സിനെ പിടിച്ചു നിറുത്താനാണ്. പ്രകൃതിയുമായി കുറേനേരം രമിക്കുക...പരമസത്യത്തില്‍ അലിഞ്ഞു ചേരുക..
ചോദ്യം-ഇതൊന്നും ചെയ്യാത്തവരൊക്കെ മാനസികനില തെറ്റി ജീവിക്കുന്നവരാണോ? രാവിലെ കക്കൂസില്‍ ചെന്നിരുന്നാല്‍ ഒരു ബീഡി പുകച്ചില്ലെങ്കില്‍ ഒന്നും നടക്കുന്നില്ലെന്ന് പറയുന്നവരുണ്ട്. ഈ ബീഡി ഇല്ലാതെയും മനുഷ്യര്‍ ഇതൊക്കെ ചെയ്യുന്നില്ലേ? പ്രകൃതിയും നാമും ഒന്നാണെന്നിരിക്കെ 'രമിക്കുക','അലിഞ്ഞുചേരുക'തുടങ്ങിയ അവകാശവാദങ്ങള്‍ ഫലിതമല്ലേ സര്‍? ആദ്ധ്യാത്മിക ഭാഷാകസര്‍ത്തുകളുടെ കഥയില്ലായ്മ വീണ്ടും വെളിപ്പെടുകയാണിവിടെ..
കേശവന്‍ നായര്‍--അതെ, അതൊരു ശീലമാണ്...
ചോദ്യം-സര്‍ അങ്ങനൊരു പുതിയ ശീലം കണ്ടെത്തിയിരിക്കുന്നു..
കേശവന്‍ നായര്‍--ഹ ഹ ശരിയായിരിക്കാം...

ഏതാണ്ട് മൂന്ന് മണിക്കൂറിലധികമാണ് ശ്രീ. കേശവന്‍നായരോട് സംസാരിച്ചിരുന്നത്. ഇടയ്ക്ക് അദ്ദേഹത്തിന്റെ ഭാര്യ ചായയും പലഹാരങ്ങളും കൊണ്ടുവന്നു തന്നു. എളിയ ജീവിതസാഹചര്യങ്ങളില്‍ പുസ്തകങ്ങളും പ്രിയതമയുമായി ജീവിത സായാഹ്നം ചെലവിടുന്ന അദ്ദേഹം കേരളത്തില്‍ വൈജ്ഞാനികസാഹിത്യത്തിന് മേല്‍വിലാസമുണ്ടാക്കാന്‍ സഹായിച്ച വ്യക്തിയാണ്. കപടശാസ്ത്രത്തിന്റെയും നിഗൂഡതാവാദത്തിന്റെയും മുള്‍പ്പടര്‍പ്പുകള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്നു ശാസ്ത്രത്തിനെതിരെ ഒളിയമ്പുകള്‍ എയ്യുന്നതില്‍ ശ്രീ.കേശവന്‍ നായര്‍ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശകമായി കേരളത്തിലെ ബൗദ്ധികസമൂഹത്തിനുണ്ടായ ജീര്‍ണ്ണതയുടെ നേര്‍ചിത്രം ഇത്തരം നിലപാടുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ വായിച്ചെടുക്കാം. തങ്ങളുടെ സകലമാന ചക്കര അന്ധവിശ്വാസങ്ങളേയും സബ് അറ്റോമിക് തലവുമായി ബന്ധിപ്പിക്കുക വഴി സംഘപരിവാര്‍ ബുദ്ധിജീവികളുടെ മതവിഹ്വലതകള്‍ക്ക് നിറമേകാനും അദ്ദേഹത്തിനായി. സപ്താഹങ്ങളും പ്രതിഷ്‌ഠോത്സവങ്ങളും അമൃതാന്ദമയി സെമിനാറുകളമായി കളംനിറഞ്ഞു നില്‍ക്കുന്ന കേശവന്‍ നായര്‍ക്ക് മതപ്രീണനം ഒരു ഹരമാണ്. മുപ്പത് വര്‍ഷം നിലനിന്ന പാര്‍ട്ടി അദ്ദേഹത്തിന് മതമായിരുന്നു! ഇന്ന് പാര്‍ട്ടിവല്‍ക്കരിക്കാത്ത മതങ്ങള്‍ സമാനമായി ഉത്തേജിപ്പിക്കുന്നു-ഉപ്പോളം വരുമോ ഉപ്പിലിട്ടത്?!*
(This interview in brief was published in Pachakutira Magazine July 2013. Watch video @http://www.youtube.com/watch?v=LV_Ci0a7OrY)

No comments: