ശാസ്ത്രം വെളിച്ചമാകുന്നു

Wednesday, 11 September 2013

70. പലായനചിന്തകളില്‍ കേശവന്‍നായര്‍ (Part-I)

ഒരേ സമയം ബഹിഷ്‌ക്കരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് ശ്രീ.പി കേശവന്‍നായര്‍. രണ്ടു ദശകത്തോളം സി.പി.ഐ(എം) ജില്ലാ നേതാവായിരുന്ന അദ്ദേഹം ഇന്ന് മതമണ്ഡലത്തിലും ആള്‍ദൈവസദസ്സുകളിലും താരമൂല്യമുള്ള സാന്നിധ്യമാകുന്നു. 1982 മുതല്‍ 2002 വരെ സി.പി.ഐ(എം) കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗവും സി.ഐ.ടി.യു കൊല്ലം ജില്ലാസെക്രട്ടറിയുമായി പ്രവര്‍ത്തിച്ച അദ്ദേഹം സി.ഐ.ടി.യു ദേശീയക്കമ്മറ്റി അംഗവുമായിരുന്നു. 1991 ല്‍ 'കാലത്തിന്റെ സംക്ഷിപ്തചരിത്രം'(ഡി.സി.ബുക്‌സ്, കോട്ടയം) എന്ന ബെസ്റ്റ് സെല്ലര്‍ കൃതിയിലൂടെ വിശ്രുത ഭൗതികശാസ്ത്രജ്ഞനായി സ്റ്റീഫന്‍ ഹോക്കിംഗിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് കേശവന്‍നായരിലെ എഴുത്തുകാരന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ശേഷം 1999 ല്‍ വന്ന 'പ്രപഞ്ചം'എന്ന കൃതിയും വായനാലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. തികച്ചും ഭൗതികശാസ്ത്രപരമായ അടിത്തറയിലൂന്നിയ നിരീക്ഷണങ്ങളാണ് ഈ കൃതികളില്‍ കാണാനാവുക. പക്ഷെ കേശവന്‍നായര്‍ ക്രമേണ ആത്മീയവാദത്തിലേക്ക് ചാഞ്ഞു. 

2002 ല്‍ 'ഭൗതികത്തിനപ്പുറം'പ്രപഞ്ചനൃത്തം തുടങ്ങിയ കൃതികളില്‍ കമ്മ്യൂണിസ്റ്റില്‍ നിന്നും വേദാന്തിയിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമം പ്രകടമായി. അപ്പോഴും വൈരുദ്ധ്യത്മികഭൗതികവാദവും നാസ്തികതയും മുറുകെപ്പിടിക്കുന്ന പാര്‍ട്ടിയില്‍ കേശവന്‍ നായരുണ്ടായിരുന്നു. മതവിശ്വാസികള്‍ പോലും പാര്‍ട്ടി അംഗങ്ങളായി തുടരുമ്പോള്‍ വേദാന്തിയായി തീര്‍ന്ന ഒരാളെ സഹിക്കാവുന്നതേയുള്ളൂ എന്ന് പാര്‍ട്ടിയും കരുതിയിട്ടുണ്ടാവാം. കേശവന്‍നായരുടെ ആത്മീയത പാര്‍ട്ടിപ്പുരയുടെ മേല്‍ക്കൂരയില്‍ നിന്നുകൊണ്ടുള്ള പരസ്യപ്രകടനമായിരുന്നു-പ്രത്യയശാസ്ത്രബോധമുള്ള ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒന്ന്. പക്ഷെ 2003 ല്‍ 'വിപരീതങ്ങള്‍ക്കപ്പുറം' എന്ന പുസ്തകത്തില്‍ അദ്ദേഹം ഒരിക്കല്‍ കൂടി തിരിച്ചുപോയി-മാര്‍ക്‌സിസത്തെ ന്യായീകരിച്ചു. അണയാന്‍ പോയ ദീപത്തിന്റെ ആളിക്കത്തലായിരുന്നുവത്. 2005 ജനുവരിയില്‍ കേശവന്‍നായര്‍ പാര്‍ട്ടിയില്‍ നിന്ന് നിഷ്‌ക്രമിച്ചു. മാര്‍ക്‌സിസത്തിന്റെ പ്രാണവായുവായ വൈരുദ്ധ്യാത്മക ഭൗതികവാദം ശാസ്ത്രവിരുദ്ധവും അന്ധവിശ്വാസപരവുമാണെന്ന് 'മാര്‍ക്‌സിസം ശാസ്ത്രമോ?'(2007)എന്ന പുസ്തകത്തിലൂടെ അദ്ദേഹം തുറന്നടിച്ചു. 

ഒരു മുന്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ പാര്‍ട്ടി രൂക്ഷമായി പ്രതികരിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി.ഫ്രിജോഫ് കാപ്രയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട കേശവന്‍നായരുടെ സ്യൂഡോ-സയന്റിഫ് പരികല്‍പ്പനകള്‍ കേവലം 'കോപ്രായ'ങ്ങളായി സഖാക്കള്‍ അവഗണിച്ചു. ഒരു പൂ വാടി വീഴുന്നതുപോലെ ശാന്തവും വിവാദരഹിതവുമായിരുന്നു പാര്‍ട്ടിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ തിരോധാനം. ഇന്നുവരെ പാര്‍ട്ടി അദ്ദേഹത്തിനെതിരെ തിരിഞ്ഞിട്ടില്ല എന്നതില്‍ ആ പിന്‍മാറ്റത്തിന്റെ വ്യാകരണം വായിച്ചെടുക്കാം. പ്രശ്‌നം ബൗദ്ധികവും പ്രത്യയശാസ്ത്രപരവും ആയിരുന്നതിനാലാവും ഇരുകൂട്ടരും പരസ്പര ശല്യമായില്ല! അദ്ദേഹത്തിന്റെ അനന്തരവന്‍ പ്രൊഫ. കൃഷ്ണാനന്ദ് എന്റെ സഹപ്രവര്‍ത്തകനായിരുന്നു. നേരില്‍ കാണണമെന്നത് കുറെക്കാലമായുള്ള ആഗ്രഹമായിരുന്നു. ജൂണ്‍ രണ്ടാം തീയതി രാവിലെ ബെന്‍ശ്രീയേയും റെന്‍സണേയും കൂട്ടി കൊല്ലത്ത് തേവള്ളിയിലെ വീട്ടിലെത്തിയപ്പോള്‍ കാലങ്ങളോളം കെട്ടിക്കിടന്ന ഒരു ജലധി പോലെ കേശവന്‍നായര്‍ പുറത്തേക്ക് ഒഴുകി. ഒരു നാസ്തികനും വേദാന്തിയും തമ്മില്‍ ഫലത്തില്‍ വലിയ അകലമില്ല. എങ്കിലും അവര്‍ക്കിടയിലെ ഭിന്നത അപരിഹാര്യവുമാണ്. ചോദ്യങ്ങള്‍ കടുത്ത സംവാദത്തിലേക്ക് നീണ്ടപ്പോഴും കേശവന്‍നായര്‍ ശാന്തനായിരുന്നു:


ചോദ്യം- 33 വര്‍ഷക്കാലം ഒരു മാര്‍ക്‌സിസ്റ്റായിരുന്നു, പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ഭൗതികശാസ്ത്രത്തില്‍ ബിരുദം, സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, തൊണ്ണൂറുകളുടെ ആരംഭത്തില്‍ സ്റ്റീഫന്‍ ഹോക്കിംഗിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി. ശേഷം താങ്കളില്‍ ക്രമേണ ചിന്താപരമായ ചില പരിവര്‍ത്തനങ്ങളുണ്ടായി, പാര്‍ട്ടിയില്‍ നിന്ന് തിരോഭവിച്ചു. ഈ മാറ്റത്തിന് ഹേതുവായ സാഹചര്യം ഒന്നു വ്യക്തമാക്കാമോ?
കേശവന്‍ നായര്‍---ചെറുപ്പകാലത്തേ മാര്‍ക്‌സിസത്തോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും ആഭിമുഖ്യമുണ്ടായിരുന്നു. സ്‌ക്കൂള്‍ കാലഘട്ടത്തില്‍ തന്നെ ഇടതുപക്ഷ സാഹിത്യം ധാരാളമായി വായിച്ചു. വിശിഷ്യ ടി. ദാമോദരന്‍, രാഹുസംകൃത്യായനന്‍ എന്നിവരുടെ പുസ്തകങ്ങള്‍. വായനയെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് അച്ഛനായിരുന്നു.
ചോദ്യം-അച്ഛന്‍ മാര്‍ക്‌സിസ്റ്റായിരുന്നോ?
കേശവന്‍ നായര്‍-- മാര്‍ക്‌സിസ്റ്റൊന്നുമായിരുന്നില്ല. പക്ഷെ ഞാന്‍ ധാരാളം വായിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി അദ്ദേഹം പഞ്ചായത്ത് തലത്തില്‍ ഒരു ലൈബ്രറി തന്നെ തുടങ്ങി. 

ചോദ്യം-എന്നാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്?
കേശവന്‍ നായര്‍-1971--  1971ല്‍... അടിയന്തരാവസ്ഥ കാലത്ത് സി.ഐ.ടി.യു വിന്റെ കൊല്ലം ജില്ലാ ആക്ടിംഗ് സെക്രട്ടറിയായിരുന്നു-18 മാസക്കാലം. വളരെ ക്‌ളേശകരമായിരുന്ന ഒരു കാലഘട്ടമായിരുന്നുവത്.
ചോദ്യം-സി.പി.ഐ(എം) ന്റെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ അംഗമാകുന്നത് എന്നാണ്?
കേശവന്‍ നായര്‍-1982 -പക്ഷെ കൂടൂതലും തൊഴിലാളിപ്രസ്ഥാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 24 വര്‍ഷം സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായിരുന്നു.
ചോദ്യം-പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന കാലത്ത് ഏതെങ്കിലും അധികാരസ്ഥാനം നേടിയിട്ടുണ്ടോ?
കേശവന്‍ നായര്‍-- യാതൊരു അധികാരസ്ഥാനവും നേടിയില്ല. വേണമെങ്കില്‍ പറയാവുന്ന ഒരെണ്ണം ചാത്തന്നൂര്‍ സ്പിന്നിംഗ് മില്ലിന്റെ ചെയര്‍മാന്‍ സ്ഥാനമാണ്. നാലു വര്‍ഷം അവിടെയുണ്ടായിരുന്നു.


ചോദ്യം- 1991 ല്‍ താങ്കള്‍ സ്റ്റീഫന്‍ ഹോക്കിംഗിനെക്കുറിച്ചെഴുതി. ദ്രവ്യത്തിന്റെ പരമപ്രാധാന്യം ഉറപ്പിച്ചുകൊണ്ട് എഴുതപ്പെട്ട പുസ്തകമായിരുന്നുവത്. 1999 ല്‍ പ്രപഞ്ചം പ്രസിദ്ധീകൃതമായി. ഈ രണ്ട് കൃതികള്‍ക്കിടയില്‍ താങ്കള്‍ക്കുണ്ടായ ചിന്താവ്യതിയാനം പരക്കെ ശ്രദ്ധിക്കപ്പെട്ടു. തൊണ്ണൂറിന് മുമ്പ് ചിന്താ പബ്‌ളിക്കേഷന്‍സ് താങ്കളുടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നുവല്ലോ. ഹോക്കിംഗിന്റെ പുസ്തകവും ചിന്തയാണോ പ്രസിദ്ധീകരിച്ചത്?
കേശവന്‍ നായര്‍-- അല്ല ഡി.സി യാണ്. ഞാന്‍ ചിന്തയില്‍ പബ്‌ളിഷ് ചെയ്യാനായി കൊണ്ടുകൊടുത്തിരുന്നു. പക്ഷെ അവര്‍ യാതൊരു റെസ്‌പോണ്‍സും നല്‍കിയില്ല. പിന്നീട് കൊല്ലം പബ്‌ളിക് ലൈബ്രറിയില്‍ വെച്ചൊരു പരിപാടിയുണ്ടായിരുന്നു. അവിടെ ഡി.സി കിഴക്കേമുറി വന്നിരുന്നു. ഞാനതിന്റെ മാനുസ്‌ക്രിപ്റ്റ് അദ്ദേഹത്തിന് കൊടുത്തു. നോക്കി കൊള്ളാമെങ്കില്‍ പ്രസിദ്ധീകരിക്കണം എന്നു പറഞ്ഞു. അദ്ദേഹമത് വാങ്ങി ബാഗില്‍ വെച്ചു. കോട്ടയത്തിന് തിരിച്ചുപോയി. ഒരാഴ്ച കഴിഞ്ഞ് പബ്‌ളിഷ് ചെയ്യാന്‍ പോകുന്നു എന്നു കാണിച്ച് കത്തയച്ചു. യഥാര്‍ത്ഥത്തില്‍ ഒരെഴുത്തുകാരനെന്ന നിലയില്‍ എന്നെ ഇന്‍ട്രൊഡ്യൂസ് ചെയതത് കിഴക്കെമുറിയാണ്. അത് പിന്നീട് ആമുഖത്തില്‍ ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒരുപക്ഷെ കിഴക്കേമുറി അന്നത് പ്രസിദ്ധീകരിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ പിന്നീട് പുസ്തകങ്ങളൊന്നും എഴുതില്ലായിരുന്നു!

ചോദ്യം- കാലത്തിന്റെ സംക്ഷിപ്തചരിത്രം എന്ന ഹോക്കിംഗ് കൃതി ബെസ്റ്റ് സെല്ലറായിരുന്നവല്ലോ. അതിന് ശേഷം പ്രപഞ്ചം. പ്രപഞ്ചത്തിലെത്തുമ്പോള്‍ ചിന്താവ്യതിയാനത്തിന്റെ സൂചനകള്‍ വന്നുതുടങ്ങി.
കേശവന്‍ നായര്‍-അതെയതെ, ഹോക്കിംഗിനെ കുറച്ചുള്ള കൃതി ബെസ്റ്റ് സെല്ലറായിരുന്നു. പ്രപഞ്ചത്തില്‍ താങ്കള്‍ പറഞ്ഞ രീതിയിലുള്ള വ്യതിയാനം പ്രകടമായിരുന്നു.
ചോദ്യം-ഈ വ്യതിയാനത്തോട് പാര്‍ട്ടി എങ്ങനെയാണ് പ്രതികരിച്ചത്?
കേശവന്‍ നായര്‍-- പ്രപഞ്ചത്തിന്റെ വലുപ്പം, ഉത്പത്തി, അനന്തത എന്നിവ എന്നെ അത്ഭുതപ്പെടുത്തി. സ്റ്റീഫന്‍ ഹോക്കിംഗിന്റെ പുസ്തകത്തെ പരിചയപ്പെടുത്തിയും പ്രശംസിച്ചും ഇം.എം.എസ് ദേശാഭിമാനിയിലെ തന്റെ ഡയറിക്കുറിപ്പുകളില്‍ എഴുതിയിരുന്നു.
ചോദ്യം-ഹോക്കിംഗിന്റെ നിരീക്ഷണങ്ങള്‍ മാര്‍ക്‌സിസത്തെ സാധൂകരിക്കുന്നതാണ് എന്ന നിലയില്‍....?
കേശവന്‍ നായര്‍-- അതെ, മാര്‍ക്‌സിസത്തെ സാധൂകരിക്കുന്നതാണെന്ന രീതിയിലാണ് അദ്ദേഹം എഴുതിയത്. പക്ഷെ പിന്നീട് പ്രപഞ്ചം പബ്‌ളിഷ് ചെയ്തപ്പോള്‍ ആരും റെസ്‌പോണ്ട് ചെയ്തില്ല. പാര്‍ട്ടി ലീഡേഴ്‌സോ പാര്‍ട്ടിയിലെ ബുദ്ധിജീവികളോ...ആരും.. ഇങ്ങനെയൊരു സാധനം പ്രസിദ്ധീകരിച്ചതായി കണ്ടതേയില്ല. ഇടപെട്ടതുമില്ല. പക്ഷെ സ്വകാര്യമായി എന്നോട് സംസാരിച്ചപ്പോള്‍ പി.ഗോവിന്ദപ്പിള്ള സാര്‍ പറഞ്ഞു..ഇത് മഹാത്തായ പുസ്തകമാണ് എന്ന്....

ചോദ്യം-പ്രപഞ്ചം...?
കേശവന്‍ നായര്‍-ഹ..ഹ അതെ, പ്രപഞ്ചം!
ചോദ്യം-ചുരുക്കത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ഒരു തണുപ്പന്‍ പ്രതികരണമായിരുന്നു അല്ലേ..?
കേശവന്‍ നായര്‍-- തണുപ്പന്‍ പോയിട്ട്....ഒരു പ്രതികരണവുമുണ്ടായില്ല
ചോദ്യം-അത് ഇം.എം.എസിന് ശേഷമുള്ള പാര്‍ട്ടിയുടെ ബൗദ്ധികപാപ്പരത്വം വെളിവാക്കുന്നതായിരുന്നില്ലേ?
കേശവന്‍ നായര്‍-- തീര്‍ച്ചയായും..തീര്‍ച്ചയായും...അല്ലെങ്കില്‍ കോസ്‌മോളജിയുമായി ബന്ധപ്പെട്ട ഇത്തരമൊരു പുസ്തകം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയറ്റ് മെമ്പറായിരുന്ന, സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായിരുന്ന ഒരാള്‍ എഴുതുമ്പോള്‍....അത് ശരിയായാലും തെറ്റായാലും പ്രതികരിക്കേണ്ടതായിരുന്നു.
ചോദ്യം-താങ്കള്‍ പാര്‍ട്ടി നടപടികള്‍ പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണ് ഇതെഴുതിയത്?
കേശവന്‍ നായര്‍-- തീര്‍ച്ചയായും
ചോദ്യം-പക്ഷെ വന്നില്ല...?!
കേശവന്‍ നായര്‍-- ഒന്നും വന്നില്ല
ചോദ്യം-പാര്‍ട്ടി സെക്രട്ടറി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നോ..?
കേശവന്‍ നായര്‍-- ഒരു സെക്രട്ടറിയും ബന്ധപ്പെടാന്‍ ശ്രമിച്ചില്ല. പ്രപഞ്ചം പ്രസിദ്ധീകരിക്കുന്ന സമയത്ത് ആരും ബന്ധപ്പെട്ടിട്ടില്ല.
ചോദ്യം-അതിന് ശേഷം..?
കേശവന്‍ നായര്‍-2001- ഭൗതികത്തിനപ്പുറം എഴുതി ഏതാണ്ട് 4-5 വര്‍ഷം കഴിഞ്ഞപ്പോഴാണ് ഈ പുസ്തകത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അതിനായി എ.കെ.ജി സെന്ററില്‍ വരണമെന്നും പിണറായി വിജയന്‍ എന്നോടാവശ്യപ്പെട്ടത്. സമയം പറഞ്ഞാല്‍ മതി എപ്പോള്‍ വേണമെങ്കിലും വരാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ പിന്നെ വിളിച്ചില്ല....
ചോദ്യം-ചര്‍ച്ച ചെയ്യാന്‍ വരണമെന്ന് പറഞ്ഞു പിന്നെ വിളിച്ചില്ല...എന്താവാം കാരണം?
കേശവന്‍ നായര്‍-- എനിക്കറിയില്ല, വിളിച്ചാല്‍ നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്നത് പോലെ വിജയനുമായി സംസാരിക്കണമെന്ന് കരുതിയിരുന്നതാണ്...പക്ഷെ വിളിച്ചില്ല. വിളിക്കാതെ നമ്മളെങ്ങനെ പോകും?

ചോദ്യം-പാര്‍ട്ടിയിലെ വിഭാഗീയത കൂടിയാണോ പാര്‍ട്ടിയെക്കുറിച്ച് ഒരു പുനര്‍വിചിന്തനത്തിന് എന്നെ പ്രേരിപ്പിച്ചത്?
കേശവന്‍ നായര്‍-- വിഭാഗീയത....പ്രത്യേയശാസ്ത്രപരമായും ദാര്‍ശനികമായും ഒക്കെ ചിന്തിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഒരു കാര്യവുമില്ലെങ്കിലും സി.ഐ.ടി.യു ഭാരവാഹി ആയതിനാലാവും എന്നെ സി.ഐ.ടി.യു ലോബിയില്‍ പെടുത്തി ബുദ്ധിമുട്ടിച്ചിട്ടുണ്ട്. യാഥാര്‍ത്ഥത്തില്‍ ഞാനങ്ങനെ ഒരു നിലപാട് സ്വീകരിച്ചിരുന്നില്ല....പക്ഷെ ഞാനും ബ്രാന്‍ഡ് ചെയ്യപ്പെട്ടു. പാര്‍ട്ടിയിലുള്ളപ്പോള്‍ മേല്‍ക്കമ്മറ്റിയിലേക്ക് പോകാനാവാതെ വരുമ്പോള്‍ വിഷമമുണ്ടായിരുന്നു. പക്ഷെ ഇന്ന് ആലോചിക്കുമ്പോള്‍ പി.ബി മെമ്പറാകുന്നതിലും ഒരു കഥയുമില്ലെന്ന് മനസ്സിലാകുന്നു.......ആരോടും ദേഷ്യമില്ല, ഒന്നിലും പരാതിയില്ല....പാര്‍ട്ടിയുടെ വിഭാഗീയതയില്‍ അതിന്റെ ഫിലസോഫിക്കല്‍ ക്രൈസിസിന്റെ തെളിവായിട്ടാണ് ഞാന്‍ കാണുന്നത്...ഫിലസോഫിക്കല്‍ ക്രൈസിസാണ് ഐഡിയോളജിക്കല്‍ ക്രൈസിസ് ഉണ്ടാക്കുന്നത്.....ഐഡിയോളജിക്കല്‍ ക്രൈസിസ് പൊളിറ്റിക്കല്‍ ക്രൈസിസ് സൃഷ്ടിക്കുന്നു....

ചോദ്യം-അങ്ങനെ വരുമ്പോള്‍ പാര്‍ട്ടി ദാര്‍ശനികപരമായി അവബോധം നിലനിര്‍ത്തുന്നുണ്ടാവുമല്ലോ..? അങ്ങനെയാണോ? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ മാര്‍ക്‌സിസം എത്രമാത്രം?
കേശവന്‍ നായര്‍-ദെയര്‍ ഫിലോസഫി ഇറ്റ്‌സെല്‍ഫ് ഈസ് ഇന്‍ ക്രൈസിസ്....അതാണ്....അതിന്റെ ഐഡിയോളജിക്കല്‍ അവ്യക്തത...ഐഡിയോളജിക്കല്‍ അവ്യക്തത കൊണ്ട് തന്നെയാണ് അതിന്റെ പൊളിറ്റിക്കല്‍ അവ്യക്തത ഉണ്ടാകുന്നത്.... ഫിലസോഫിക്കലായോ ഐഡിയോളജിക്കലായോ പൊളിറ്റിക്കലായോ അവബോധമില്ലാത്തതുകൊണ്ടാണ് സംഘടനാപരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടുന്നത്..
ചോദ്യം-മറ്റു പാര്‍ട്ടികള്‍ക്കൊന്നും ഇപ്പറഞ്ഞ പ്രശ്‌നങ്ങളില്ലേ...?
കേശവന്‍ നായര്‍- അങ്ങനെയല്ല.....എല്ലാ പാര്‍ട്ടിയിലും....ഓര്‍ഗനൈസേഷണല്‍ ക്രൈസിസ് ഉണ്ടാകുന്നത് അങ്ങനെയാണ്...

ചോദ്യം-അപ്പോള്‍ ഐഡിയോളജിക്കലി ശക്തമല്ലെങ്കില്‍ പാര്‍ട്ടി പ്രതിസന്ധിയില്‍ ആകുമെങ്കില്‍ വിഭാഗീയത ഉണ്ടായതും പ്രത്യയശാസ്ത്രപരമായ അടിസ്ഥാനത്തിലാവണ്ടേ? അങ്ങനെയാണോ....? സംഗതി വ്യക്തിപരമാണെന്ന നിരീക്ഷണമുണ്ടല്ലോ..?
കേശവന്‍ നായര്‍-- അതെ വ്യക്തിപരമാണ്.....പാര്‍ട്ടി വ്യക്തികളെ കൊണ്ടുണ്ടാക്കിയതല്ലേ...വ്യക്തികള്‍ക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തികള്‍ക്ക് ഐഡിയോളജിക്കല്‍ വ്യക്തതയില്ല. പ്രത്യയശാസ്ത്രവ്യക്തതയ്ക്ക് ആവശ്യമായ ദാര്‍ശനിക വ്യക്തതയില്ല...പിന്നെയെങ്ങനെ ശരിയാവും? അപ്പോള്‍പ്പിന്നെ തമ്മിലടി കൂടില്ലേ...?
ചോദ്യം-അടുത്തിടെ അങ്ങ് വി.എസി നെ വിമര്‍ശിച്ചുകൊണ്ടു എഴുതിയതായി വായിച്ചു...?നിലവിലുള്ള വിഭാഗങ്ങളില്‍ പിണറായി പക്ഷമാണ് കൂടുതല്‍ സ്വീകാര്യമെന്ന് തോന്നിയിട്ടുണ്ടോ...?
കേശവന്‍ നായര്‍-- അവര്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ച ചെയ്യുന്നതേ അര്‍ത്ഥരഹിതമാണ്....തര്‍ക്കത്തിന് കാരണം ഐഡിയോളജിക്കല്‍ ക്ലാരിറ്റിയും പൊളിറ്റക്കല്‍ ക്‌ളാരിറ്റിയും രണ്ടുപേര്‍ക്കും ഇല്ലാത്തതാണ്...അധികാരമാണ് വിഷയം.

ചോദ്യം- വികസനകാര്യത്തില്‍ പിണറായിയും കൂട്ടരും കൂടുതല്‍ സ്വീകാര്യമാണെന്ന് തോന്നിയിട്ടുണ്ടോ?
കേശവന്‍ നായര്‍--  വികസനത്തിന്റെ കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാരും മുതലാളിത്തവും. ഒരുപോലെയാണ് സാമ്രാജ്യത്തിന്റെ കാഴ്ചപ്പാട് തന്നെയാണ് കമ്മ്യൂണിസത്തിന്റെ വികസന കാഴ്ചപ്പാട്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍. സി.ഐ.ടി യുവില്‍ ഉളളപ്പോള്‍ നോക്കുക്കൂലിയെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം എനിക്കും നോക്കുകൂലിക്കാരുടെ പീഡനമുണ്ടായി!
ചോദ്യം-ഒ.വി വിജയന്‍ സ്വാധീനിച്ചിട്ടുണ്ടോ?
കേശവന്‍ നായര്‍-- വിജയന്‍ സ്വാധീനിച്ചിട്ടുണ്ട്. വിജയനെ വായിക്കാറുണ്ടായിരുന്നു...
ചോദ്യം-ഒ.വി.വിജയന്‍, ഗുരു നിത്യചൈതന്യയതി, താങ്കള്‍ തുടങ്ങിയവരൊക്കെ ഫ്രിജോഫ് കാപ്രയുടെ ആരാധകരായാണ് അറിയപ്പെട്ടിരുന്നത്. അതില്‍ താങ്കള്‍ ശാസ്ത്രത്തില്‍ കൂടി മെറ്റാഫിസിക്‌സിനെ സന്നിവേശിപ്പിക്കാന്‍ ശ്രമിച്ചു. കാപ്രായമെന്നും കോപ്രായമെന്നുമൊക്കെ ആ നിലപാട് അവഹേളിക്കപ്പെട്ടിട്ടുണ്ട്. കാപ്രയുടെ സ്വാധീനം എത്രത്തോളം?
കേശവന്‍ നായര്‍--  ശരിയാണ്, കാപ്ര സ്വാധീനിച്ചിട്ടുണ്ട്. ടാവോ ഓഫ് ഫിസിക്‌സ് സ്വാധീനിച്ചിട്ടുണ്ട്, ടേണിംഗ് പോയന്റ് സ്വാധീനിച്ചിട്ടുണ്ട്, വെബ് ഓഫ് ലൈഫ് സ്വാധീനിച്ചിട്ടുണ്ട്.....

ചോദ്യം- കാപ്രയുടെ പുസ്തകങ്ങള്‍ എഴുപതുകളില്‍ പുറത്തുവന്നവയാണ്. പക്ഷെ അന്നൊക്കെ താങ്കള്‍ പാര്‍ട്ടിയിലുണ്ട്...കാപ്ര കത്തി നില്‍ക്കുന്ന കാലഘട്ടത്തിലും താങ്കള്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയാണ്
കേശവന്‍ നായര്‍-- അതെ...അത്...ഞാന്‍ അന്നൊന്നും കാപ്രയെ വായിച്ചിരുന്നില്ല
ചോദ്യം-കാപ്രയുടെ ആശയലോകത്തെ എന്നാണ് പരിചയപ്പെടുന്നത്?
കേശവന്‍ നായര്‍-- കാപ്രയെ...യഥാര്‍ത്ഥത്തില്‍ തൊണ്ണൂറുകളിലാണ് ഞാന്‍ വായിക്കുന്നത്.
ചോദ്യം-താങ്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന കാലം തൊട്ടു പരിശോധിച്ചാല്‍ താങ്കളൊരിക്കലും ശരിയായ അര്‍ത്ഥത്തില്‍ ഒരു നാസ്തികനോ ഭൗതികവാദിയോ അല്ലായിരുന്നുവെന്നും നേരെമറിച്ച് അമിത സെന്‍സിറ്റീവായ ഒരു സോഫ്റ്റ് മെറ്റീരിയലിസ്റ്റായിരുന്നുവെന്നും പാര്‍ട്ടി അനുഭാവികള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. യു വേര്‍ നെവര്‍ ആന്‍ എത്തിയിസ്റ്റ്, റൈറ്റ്?
കേശവന്‍ നായര്‍-- യാഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയില്‍ ആയിരുന്ന കാലഘട്ടത്തില്‍ ഞാന്‍ നാസ്തികന്‍ ആയിരുന്നു.
ചോദ്യം-എന്നുവരെ?
കേശവന്‍ നായര്‍-- ഏതാണ്ട് തൊണ്ണൂറ് വരെ.

ചോദ്യം-അപ്പോള്‍ തൊണ്ണൂറിന് ശേഷം താങ്കള്‍ നാസ്തികനായിരുന്നില്ല...എന്നിട്ടും പിന്നെയും ഒരു ദശകത്തിലധികം ഒരു നാസ്തിക പാര്‍ട്ടിയുടെ സെക്രട്ടറിയേറ്റ് അംഗമായി തുടര്‍ന്നു! അതിരിക്കട്ടെ, താങ്കള്‍ നാസ്തികനായത് ''കമ്മ്യൂണിസ്റ്റായതുകൊണ്ട് നാസ്തികനാകണം''എന്ന നിലയിലിയാണോ അതോ സ്വയം ചിന്തിച്ച് എത്തിച്ചേര്‍ന്ന നിലപാടായിരുന്നോ...?
കേശവന്‍ നായര്‍-- ചിന്തിച്ച് തന്നെ... ഞാന്‍ പറഞ്ഞില്ലേ..ടി.ദാമോദരനും രാഹുല്‍സംകൃത്യായനുമൊക്കെയാണ് എന്നെ സ്വാധീനിച്ചത്...ദാമോദരന്റെ മനുഷ്യന്‍ എന്ന കൃതി, രാഹുലിന്റെ സാമൂഹ്യരേഖ..ദര്‍ശനരേഖ...ഇതെല്ലാം എന്നെ കുട്ടിക്കാലം മുതല്‍ സ്വാധീനിച്ചിരുന്നു. ഞാന്‍ ക്ഷേത്രത്തിലൊന്നും പോകുന്ന ആളായിരുന്നില്ല...എന്തിന് ഇപ്പോള്‍ പോലും ഞാന്‍ ക്ഷേത്രത്തില്‍ പോകാറില്ല...
ചോദ്യം-പോകുന്നുണ്ട്....പോയ പടങ്ങളൊക്കെ അടിച്ച് വന്നിട്ടുണ്ടല്ലോ...?! ഗീതാ ക്‌ളാസ്സ് ഉത്ഘാടനം ചെയ്തു...ആത്മീയപ്രഭാഷണം നടത്തി, അമൃതാന്ദമയിയുടെ സെമിനാറില്‍ പങ്കെടുത്തു, സപ്താഹത്തില്‍ പ്രസംഗിച്ചു എന്നൊക്കെ..
കേശവന്‍ നായര്‍-- ഉത്ഘാടനത്തിന് വിളിച്ചാല്‍ ആരെങ്കിലും പോകാതിരിക്കുമോ?
ചോദ്യം-പക്ഷെ വേറെങ്ങും കാണുന്നുമില്ല!....അവിടെയൊക്കെ ഭഗവത് ഗീതയേയും ശ്രീകൃഷ്ണനേയും വാഴ്ത്തിപ്പാടുന്നതായി കാണുന്നു...?!
കേശവന്‍ നായര്‍-- അത്......അത്..വേറെ അര്‍ത്ഥത്തിലാണ്....അതിന് ഫിലസോഫിക്കല്‍ ഇന്റര്‍പ്രെട്ടേഷന്‍സ് ഉണ്ട്
ചോദ്യം-ഒ.കെ

കേശവന്‍ നായര്‍-- ഈ വീട് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും...ഇവിടെ ഒരു ദൈവത്തിന്റെയും വിഗ്രഹമോ ചിത്രമോ ഇല്ല..ദൈവത്തിന്റെയില്ലെന്ന് മാത്രമല്ല മറ്റേതെങ്കിലും ആള്‍ദൈവങ്ങളുടേയും ഇല്ല

ചോദ്യം-വിളക്കും തിരിയുമൊക്കെ കാണുന്നല്ലോ...?
കേശവന്‍ നായര്‍-- ഭാര്യ വിളക്ക് വെയ്ക്കും. അത് തുടക്കം മുതലേ ഉണ്ട്...എനിക്കതുമായി ബന്ധമില്ല, തടഞ്ഞിട്ടുമില്ല
ചോദ്യം-ഇം.എം.എസ് ലൈന്‍..?! പറഞ്ഞു വരുന്നത് മതനിരാസപരമായ ഒരു ആത്മീയജീവിതമാണ് താങ്കള്‍ നയിക്കുന്നതെന്നാണ്...?
കേശവന്‍ നായര്‍--തീര്‍ച്ചയായും. കുട്ടിക്കാലത്ത് ഒരു വിശ്വാസിയായിരുന്നു. ക്ഷേത്രങ്ങളില്‍ അമ്മേം അച്ഛനുമൊക്കെ പറഞ്ഞുവിടുമ്പോള്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു...എട്ടു പത്തു വയസ്സുവരെ. മാതാപിതാക്കള്‍ വിശ്വാസികളായിരുന്നു...

ചോദ്യം-കമ്മ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിതിന് ശേഷമാണ് ''താന്‍ വിശ്വാസിയായിരിക്കാന്‍ പാടില്ല''എന്നൊരു ബോധ്യമുണ്ടായത്, അല്ലേ?
കേശവന്‍ നായര്‍-- അല്ല, കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ ഞാന്‍ ക്ഷേത്രദര്‍ശനമൊക്കെ നിറുത്തി...
ചോദ്യം-പക്ഷെ അന്നത്തെ കാലമതാണ്..വിഗ്രഹങ്ങളെടുത്ത് തോട്ടിലെറിയുന്ന കാലം...!
കേശവന്‍ നായര്‍-- യാഥാര്‍ത്ഥത്തില്‍ ഒരു രൂപാന്തരത്വം...മെറ്റമോര്‍ഫോസിസാണ് എന്നില്‍ സംഭവിച്ചത്... ഞാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കമ്മറ്റിക്ക് പോയിട്ടുണ്ട്. പക്ഷെ ഒരിക്കലും ക്ഷേത്രത്തിനുള്ളില്‍ കയറിയില്ല. മിനിമം വേജസ് ബോര്‍ഡ് കമ്മറ്റിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒട്ടുമിക്ക ത്‌ക്ഷേത്രങ്ങളിലും പോയിട്ടുണ്ട്. പക്ഷെ ഒരിക്കലും ആരാധന നടത്തിയിട്ടില്ല.

മാര്‍ക്‌സിസം ഒരു മതം
ചോദ്യം-'മാര്‍ക്‌സിസം ശാസ്ത്രീയമോ?' എന്ന പുസ്തകത്തില്‍ മാര്‍ക്‌സിസം അശാസ്ത്രീയവും മതാത്മകവുമാണെന്ന് താങ്കള്‍ ആരോപിക്കുന്നു. സത്യത്തില്‍ മാര്‍ക്‌സിസം ഒരു മതമാണോ...? എ ഗോഡ്‌ലെസ്സ് റിലീജിയന്‍...ദൈവരഹിതമതം?
കേശവന്‍ നായര്‍-- തീര്‍ച്ചയായും...മാര്‍ക്‌സിസം ഒരു മതമാണ്...എ മെറ്റീരിയലിസ്റ്റ് റിലീജിയന്‍! ശുദ്ധ അന്ധവിശ്വാസമാണത്....കാരണം ഡയലിറ്റിക്‌സ് എന്നൊരു പ്രതിഭാസം പ്രകൃതിയിലില്ല
ചോദ്യം-വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ മൂന്ന് അടിസ്ഥാന പ്രമാണങ്ങളേയും താങ്കള്‍ ചോദ്യം ചെയ്യുന്നുണ്ട്...വിപരീതങ്ങളുടെ ഐക്യവും സമരവും അബദ്ധമാണെന്ന് സ്ഥാപിക്കുന്നു...
കേശവന്‍ നായര്‍-- അതെ അബദ്ധമാണ്....അത് ഹെരാക്‌ളിറ്റസില്‍ നിന്ന് ഹെഗല്‍ വഴി ഇവര്‍ കടമെടുത്തതാണ്...പ്രകൃതിയില്‍ സഹപരിണാമവും സഹജീവിതവും മാത്രമേയുള്ളു.....കോ-ഇവല്യൂഷന്‍ ആന്‍ഡ് കോ-എക്‌സിസ്റ്റന്‍സ്..

ചോദ്യം-പക്ഷെ താങ്കള്‍ ആ പുസ്തകത്തില്‍ പറയുന്നത് വസ്തുനിഷ്ഠലോകത്ത് വിപരീതങ്ങളുടെ ഐക്യത്തിനും സമരത്തിനും ചില ഉദാഹരണങ്ങള്‍ കണ്ടെത്താനാവുമെങ്കിലും ക്വാണ്ടം ലോകത്തേക്ക് വരുമ്പോള്‍ ദ്വന്ദങ്ങളുടെ ഐക്യവും സമരവും അപ്രസക്തമാകുമെന്നല്ലേ...?
കേശവന്‍ നായര്‍-- ഏയ്....വസ്തുനിഷ്ഠലോകത്തും യഥാര്‍ത്ഥത്തില്‍ സംഘര്‍ഷമില്ല...
ചോദ്യം-സംഘര്‍ഷമില്ല....? പക്ഷെ ചില ഉദാഹരണങ്ങള്‍ മാര്‍ക്‌സിസ്റ്റുകള്‍ ചൂണ്ടിക്കാട്ടാറുണ്ട്...
കേശവന്‍ നായര്‍-- ഏയ്, അതൊന്നുമില്ല...ഞാന്‍ പറഞ്ഞില്ലേ സഹപരിണാമവും സഹജീവിതവും മാത്രമേയുള്ളു...പരിണാമം ശരിയാണ്....പരിണാമത്തില്‍ ഞാന്‍ വിശ്വസിക്കുന്നു..

ചോദ്യം-ഡാര്‍വിന്റെ പരിണാമസിദ്ധാന്തം താങ്കള്‍ ആഴത്തില്‍ പഠിച്ചിട്ടുണ്ടോ?
കേശവന്‍ നായര്‍- ഇല്ല, സാമാന്യേന മനസ്സിലാക്കിയിട്ടുണ്ട്...
ചോദ്യം-അപ്പോള്‍ വസ്തുനിഷ്ഠ ലോകത്ത് പോലും വൈരുദ്ധ്യാത്മിക വാദത്തിന്റെ ഒന്നാം പ്രമാണത്തിന് തെളിവില്ല...?
കേശവന്‍ നായര്‍--വസ്തുനിഷ്ഠലോകത്ത് വൈരുദ്ധ്യങ്ങളുട സമരവും ഐക്യവുമുണ്ട്....പക്ഷെ ആ സമരമെന്ന് പറയുന്നതും നിലനില്‍പ്പിന് വേണ്ടിയുള്ളതാണ്....
ചോദ്യം-അപ്പോള്‍ കാരണമെന്തായിരുന്നാലും വൈരുദ്ധ്യങ്ങളുടെ സമരം ഉണ്ട്....?
കേശവന്‍ നായര്‍--അല്ല...സമരമെന്ന് പറയുമ്പോള്‍ നമുക്ക് പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നും...പക്ഷെ യഥാര്‍ത്ഥത്തില്‍ സമരമില്ല....മാനിനെ പുലി കടിച്ചു തിന്നുന്നത് നമുക്ക് വേണമെങ്കില്‍ സമരമായിട്ട് വ്യാഖ്യാനിക്കാം...പക്ഷെ അത് നിലനില്‍പ്പിന്റെ ഭാഗമാണ്...
ചോദ്യം-നിലനില്‍പ്പ് അതിന്റെ കാരണം മാത്രം. അപ്പോള്‍ സമരമുണ്ട്...പ്രത്യക്ഷത്തിലെങ്കിലും അങ്ങനെ തോന്നും, അല്ലേ..? സൊ, മാര്‍ക്‌സ് ഈസ് നോട്ട് ദാറ്റ് ഓള്‍ റോങ്.....?

കേശവന്‍ നായര്‍--അല്ല അങ്ങനെയല്ല...ഞാനിത് പറയാന്‍ കാരണം...യൂണിവേഴ്‌സിലെ ഏറ്റവും പ്രധാനമായ ബലമാണ് ഗുരുത്വബലം. ഗുരുത്വബലം എല്ലായിടത്തും ആകര്‍ഷണമാണ്. ഗുരുത്വബലത്തിന് വിപരീതമില്ല...ഗുരുത്വം എല്ലായിടത്തും ആകര്‍ഷണമാണ്. സൂര്യനും ഭൂമിയും തമ്മില്‍ ആകര്‍ഷിക്കുകയാണ്. പ്രപഞ്ചത്തിലെ ഓരോ കണവും പരസ്പരം ആകര്‍ഷിക്കുകയാണ്...വികര്‍ഷണമില്ല...ആകര്‍ഷണമുള്ളത് കൊണ്ടാണ് ഭൂമി സൂര്യനിലേക്ക് വീഴാത്തത്..ചന്ദ്രന്‍ ഭൂമിയിലേക്ക് വീഴാത്തത്..
ചോദ്യം-അപകേന്ദ്രബലവും അഭികേന്ദ്ര ബലവും സമീകരക്കപ്പെടുന്നതുകൊണ്ടല്ലേ അങ്ങനെ സംഭവിക്കുന്നത്...? സൂര്യന്‍ പൊട്ടിത്തെറിക്കാത്തതിന്റെ കാരണം അതല്ലേ..? ഗുരുത്വാകര്‍ഷണം മാത്രമായിരുന്നെങ്കില്‍ സൂര്യന്‍ അനന്തസാന്ദ്രതയുള്ള ഒരു ബിന്ദുവായി മാറുമായിരുന്നില്ലേ...? വിപരീത ബലങ്ങള്‍ അവിടെ തത്വത്തില്‍ വരുന്നില്ലേ?

കേശവന്‍ നായര്‍--പക്ഷെ ആകര്‍ഷണത്തിന്റെ ഫലമായാണ് അപകേന്ദ്രബലവും അഭികേന്ദ്രബലവും ഉണ്ടാകുന്നത്.
ചോദ്യം-അപ്പോഴും വിപരീതങ്ങളായ രണ്ട് ബലങ്ങളുടെ ഐക്യമായിരുന്നു അതെന്ന് വരുന്നു...രണ്ടെണ്ണം പിന്നീടുണ്ടാകുന്നു...രണ്ടും വിരുദ്ധവും വിപരീതവുമാണ്....?
കേശവന്‍ നായര്‍--ഏയ്....അത് ഇടതുകൈയും വലതു കൈയും പോലെയേ ഉള്ളൂ....അപ്പോള്‍ സഹപരിണാമം..സഹജിവിതം...എന്നതാണ് എന്റെയൊരു കാഴ്ചപ്പാട്.....അളവിലുള്ള മാറ്റം .....ഗുണത്തില്‍ വരുമെന്ന് കാണിക്കാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ പഠിപ്പിക്കുന്നത് വെള്ളം തിളയ്ക്കുന്ന ഉദാഹരണമാണ്...ഹ ..ഹ! വെള്ളം തിളയ്ക്കുമ്പോള്‍ നൂറ് ഡിഗ്രി കഴിയുമ്പോള്‍ ഗുണപരമായ മാറ്റം ഉണ്ടാകുമെന്നാ അവര്‍ പറയുന്നത്...ഹ..ഹ..അപ്പോഴും വെള്ളം വെള്ളം തന്നെയാണ്...H2o അതേ സംയുക്തമാണത്...രൂപം മാത്രം മാറുന്നു.. മാറ്റം സര്‍വതലത്തിലും നടക്കുന്നുവെന്ന് ഞാനംഗീകരിക്കുന്നു. പക്ഷെ രൂപപരമായ മാറ്റം മാറ്റമല്ല

ചോദ്യം-രൂപം ഒരു ഗുണമല്ലേ...?
കേശവന്‍ നായര്‍-അങ്ങനെയല്ല....സത്താപരമായ മാറ്റം വേണം...അതുണ്ടാകുന്നില്ല
ചോദ്യം-ഒ.കെ. സത്താപരമായ മാറ്റമെന്ന് പറയുമ്പോള്‍ എത്ര ആഴത്തില്‍ പോകാന്‍ താങ്കള്‍ തയ്യാറാകും?...അണുതലം വരെ..? സബ് അറ്റോമിക് പാര്‍ട്ടിക്കിള്‍സ് വരെ...?. ക്വാണ്ടം ഫീല്‍ഡ് വരെ....?എവിടെ വരെ മാറേണ്ടിവരും?
കേശവന്‍ നായര്‍--സത്തയെന്ന് പറയുമ്പോള്‍ ഞാന്‍ ഫീല്‍ഡിനും അപ്പുറം പോകും....
ചോദ്യം-ഫീല്‍ഡിനപ്പുറം മാറ്റത്തെക്കുറിച്ച് താങ്കള്‍ക്കെന്തറിയാം...? അവിടെ മാറ്റമുണ്ടാകുന്നുവോ ഇല്ലയോ എന്ന് എങ്ങനെയറിയും?
കേശവന്‍ നായര്‍--അത്...ഫീല്‍ഡിന് മുമ്പുള്ളതാണല്ലോ ഫീല്‍ഡാകുന്നത്....? ഉപ ആണവകണങ്ങളുടെ ഹേതുവായ ക്വാണ്ടം സൂപ്പിന് പിന്നില്‍ സൂക്ഷ്മതലത്തില്‍ പ്രവര്‍ത്തിക്കുന്ന'എന്തോ ഒന്ന്' ഉണ്ട്....

ചോദ്യം-'എന്തോ ഒന്ന്' ....?! എന്തുകൊണ്ടത് 'രണ്ടോ'നൂറോ ആയിക്കൂടാ? ഒരു ഏജന്റിനെ കണ്ടെത്താനാണ് താങ്കള്‍ ശ്രമിക്കുന്നത്. ഇടിമിന്നലിനും മഴയ്ക്കും കാട്ടുതീയ്ക്കും പിന്നില്‍ 'ആരോ'അല്ലെങ്കില്‍ 'എന്തോ ഒന്ന്'ണ്ടെന്ന മതാത്മകമായ ഈ ഗോത്രവീക്ഷണം അനന്തമായ പശ്ചാത്ഗമനത്തില്‍ കലാശിക്കും. എന്തോ ഒന്നിന്റെ പിന്നിലെ എന്തോ ഒന്ന്...അതിന് പിന്നിലെ എന്തോ ഒന്ന്.... എന്ന രീതിയില്‍ കഥയില്ലാതെ സഞ്ചരിക്കേണ്ടിവരും.

Okay let us go back to Dialectical materialism again....വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ മൂന്നാം പ്രമാണമായ നിഷേധത്തിന്റെ നിഷേധവും താങ്കള്‍ തള്ളിക്കളയുന്നു. നിഷേധമല്ല തുടര്‍ച്ചയാണ് സത്യത്തില്‍ ഉണ്ടാകുന്നതെന്ന് താങ്കള്‍ എഴുതിയത്....വിത്തും മരവും സംബന്ധിച്ച ഉദാഹരണത്തില്‍....?
കേശവന്‍ നായര്‍--അതെ, അതുകൊണ്ടാണ് വൈരുദ്ധ്യാത്മകവാദം ഞാന്‍ അംഗീകരിക്കാത്തത്. പ്രകൃതിയില്‍ നിഷേധവും സമരവുമൊന്നുമില്ല...അവിടെ സ്‌നേഹമാണുള്ളത്...സഹപരിണാമമാണുള്ളത്......സത്യത്തില്‍ ഞാന്‍ വൈരുദ്ധ്യാത്മിക വാദം പഠിച്ചത് വളരെ ലേറ്റായാണ്...തൊണ്ണൂറുകള്‍ക്ക് ശേഷം...
ചോദ്യം-പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗമായി ഒരു ദശകം കഴിയുമ്പോഴാണ് താങ്കള്‍ക്ക് വൈരുദ്ധ്യാത്മിക ഭൗതികവാദത്തെക്കുറിച്ച് ബോധ്യം വരുന്നത്! ഇത്രയും വായനാശീലമുള്ള താങ്കളുടെ സ്ഥിതി ഇതായിരുന്നുവെങ്കില്‍.....
കേശവന്‍ നായര്‍--അതെ, അത് സത്യമാണ്...കല്‍ക്കട്ട പാര്‍ട്ടി കോണ്‍ഗ്രസ്സിന് പോയപ്പോള്‍ സമ്മേളനവേദിയിലെ ബുക്ക് സ്റ്റാളില്‍ നിന്ന് നോബല്‍ ലോറിയറ്റായ ഇല്യ പ്രിഗോഗിന്റെ ദി ഓര്‍ഡര്‍ ഓഫ് കയോസ്(Order of Chaos by Ilya Prigogine), ആനന്ദ് കൂമരസ്വാമിയുടെ ദി ഡാന്‍സ് ഓഫ് ശിവ(The dance of Siva by Ananda Coomaraswamy)എന്നീ പുസ്തകങ്ങള്‍ വാങ്ങുന്നത്. ഇവരുടെയൊക്കെ ആശയങ്ങള്‍ എന്റെ രചനാശൈലിയേയും വീക്ഷണത്തേയും ശക്തമായി സ്വാധീനിച്ചു.......

ചോദ്യം- സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് റഷ്യയിലുണ്ടായിരുന്ന ലൈസങ്കോയിസത്തെ കുറിച്ചും താങ്കള്‍ എഴുതിയിട്ടുണ്ടല്ലോ. മഹാ ശാസ്ത്രജ്ഞരായിരുന്ന ബയേവിനേയും വാവിലോവിനേയും പീഡിപ്പിച്ച സ്റ്റാലിനിസം റഷ്യയില്‍ ജനിതകശാസ്ത്രത്തെ കൊന്നു കുഴിച്ചു മൂടിയെന്നും ജനിതകശാസ്ത്രത്തില്‍ റഷ്യ ഇന്നും പിന്നിലാവാന്‍ കാരണമതാണെന്നുമൊക്കെ. ശാസ്ത്ര-വിരുദ്ധം കൂടിയാണോ സയന്റിഫിക് സോഷ്യലിസം എന്ന വിളിപ്പേരുള്ള മാര്‍ക്‌സിസം?
കേശവന്‍ നായര്‍--തീര്‍ച്ചയായും അതെ, ശാസ്ത്രം മാര്‍ക്‌സിസത്തെ അനുസരിക്കണമെന്ന് അവര്‍ വാശി പിടിച്ചു. മാര്‍ക്‌സിസം അബ്‌സൊലൂട്ടാണെന്ന് വിശ്വസിക്കുന്നവരാണവര്‍. സത്യമാണ് മാര്‍ക്‌സിസമെന്ന് പറഞ്ഞത് ലെനിനാണ്. ബ്രഹ്മത്തെ കുറിച്ചൊക്കെ പറയാറുള്ളതു പോലെ മാര്‍ക്‌സിസം അനശ്വരമാണ്, അമരമാണ്, അനിഷേധ്യമാണ് എന്നൊക്കെ അവര്‍ പഠിപ്പിക്കാന്‍ ശ്രമിച്ചു.
ചോദ്യം-അപ്പോള്‍ മാര്‍ക്‌സിസത്തെ കുറിച്ച് അങ്ങനെ പറയാന്‍ പാടില്ല, പക്ഷെ ബ്രഹ്മത്തെ കുറിച്ച് അങ്ങനെ പറയാം....!!

ബോധം പദാര്‍ത്ഥാതീതമോ?
ചോദ്യം-പുസ്തകം എന്ന പേരില്‍ കോഴിക്കോട്ട് നിന്നിറങ്ങുന്ന ത്രൈമാസികയുടെ ഈ മാസത്തെ വിശേഷാല്‍ പതിപ്പ് കാണാനിടയായി. അതില്‍ താങ്കളുടെ ഒരു ലേഖനമുണ്ട്. ഏറ്റവും പുതിയ നിലപാട് മനസ്സിലാക്കാന്‍ ഞാന്‍ ആ ലേഖനം ശ്രദ്ധിച്ചിരുന്നു.''പദാര്‍ത്ഥത്തിനും പ്രപഞ്ചത്തിനും അതീതമായ ബോധം''എന്നാണ് താങ്കള്‍ എഴുതിയിരിക്കുന്ന ഒരു വാചകം...ശരിക്കും ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുകയാണ്......തെളിവ് പൂജ്യവും.
കേശവന്‍ നായര്‍--അതെ, പദാര്‍ത്ഥത്തിന് അതീതമാണത്...കോസ്മിക് കോണ്‍ഷ്യസ്‌നെസ്സ്...! അത്തരം തലത്തിലേക്ക് ഉയര്‍ന്നവരുണ്ട്....എന്നാണ് പറയുന്നത്
ചോദ്യം-ഉണ്ടെന്ന് കരുതുക...പക്ഷെ അവരൊക്കെ പദാര്‍ത്ഥമല്ലേ....? ഈ പ്രപഞ്ചത്തിലുള്ളവരല്ലേ...? അപ്പോള്‍പ്പിന്നെ അവരറിഞ്ഞത് പദാര്‍ത്ഥാതീതവും പ്രപഞ്ചാതീതവും ആകുന്നതെങ്ങനെ? ''പദാര്‍ത്ഥാധീനവും പ്രപഞ്ചാധീനവുമായ'' എന്നല്ലേ പറയേണ്ടത്....?!
കേശവന്‍ നായര്‍--അത്.... ഈ സയന്‍സ് എന്നു പറയുന്നത് പദാര്‍ത്ഥത്തില്‍ അവസാനിക്കുകയാണ്. അതിനപ്പുറം പോകാന്‍ സയന്‍സിനാവില്ല....

ചോദ്യം-പൊതുവില്‍ ശാസ്ത്രത്തിന്റെ രീതിശാസ്ത്രമനുസരിച്ച് നാം പ്രതിഭാസങ്ങളില്‍ നിന്നും പ്രമാണങ്ങളിലേക്ക് വരികയാണ് ചെയ്യുന്നത്....തിരിച്ചല്ല. ഇവിടെ യാതൊരു തെളിവോ സാധ്യതയോ ഇല്ലാതെ ''പ്രപഞ്ചാതീതവും പദാര്‍ത്ഥാതീതവുമായ''ഒരു പ്രാപഞ്ചികബോധം ഉണ്ട് എന്ന് താങ്കള്‍ പറയുകയാണ്. വിത്തൗട്ട് ഈവന്‍ എ ഷ്രെഡ് ഓഫ് എവിഡന്‍സ്! തികഞ്ഞ അന്ധവിശ്വാസമല്ലേയിത്.....?
കേശവന്‍ നായര്‍--ഈ സയന്‍സ് എന്നു പറയുമ്പോള്‍ ഒരു സിദ്ധാന്തവും ആത്യന്തികമല്ല. നോ തിയറി ഈസ് ഫൈനല്‍...നോ തിയറി ഈസ് അബ്‌സല്യൂട്ട്..അതെപ്പോഴും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കും...ബോധം, ആത്മാവ് ...അതിന് പുറത്തുള്ള കാര്യങ്ങള്‍ മാത്രമേ സയന്‍സിന്റെ പരിധിയില്‍ വരൂ...

ചോദ്യം-ഫലത്തില്‍ നോമ പ്രിന്‍സിപ്പളാണ്(NOMA non magisteria overlapping)താങ്കള്‍ പറയുന്നത്. അന്ധവിശ്വാസങ്ങളെ കുറിച്ച് ശാസ്ത്രം അന്വേഷിക്കേണ്ടതില്ല....!!
കേശവന്‍ നായര്‍--ആത്മാവ് ഉള്ളത് കൊണ്ടാണ് നമ്മുടെ മനസ്സ് വര്‍ക്ക് ചെയ്യുന്നത്. മനസ്സ് വര്‍ക്ക് ചെയ്യുന്നത് കൊണ്ടാണ് കണ്ണ് വര്‍ക്ക് ചെയ്യുന്നത്... സയന്റിഫിക്ക് ഒബ്‌സര്‍വേഷനിലൂടെ മനസ്സിലാക്കാനാവില്ല. ഇത് ശരിയാണോ എന്ന് യുക്തിപരമായി സ്വയം ഒന്ന് ആലോചിക്കണം...അങ്ങനെ കിട്ടുന്ന ധാരണയാണത്. അത് തോന്നലല്ല, ധാരണ...അവബോധം...
ചോദ്യം-എന്റെ ചോദ്യം അപ്പോഴും താങ്കള്‍ പരിഗണിക്കുന്നില്ല...''പദാര്‍ത്ഥാതീതവും പ്രപഞ്ചാതീതവും'' ആയ ബോധം ഉണ്ടെന്ന് പദാര്‍ത്ഥം മാത്രമായ താങ്കള്‍ക്കോ മറ്റൊരാള്‍ക്കോ തീര്‍ച്ചമൂര്‍ച്ചയോടെ എങ്ങനെ പറയാനാവുന്നു..?
കേശവന്‍ നായര്‍--അത്....അത്..പദാര്‍ത്ഥമെന്നാല്‍ ആറ്റം...ആറ്റത്തിനുള്ളില്‍ സബ് അറ്റോമിക് പാര്‍ട്ടിക്കിള്‍സ്...അതിനപ്പുറം ഫീല്‍ഡ്...ആ ഫീല്‍ഡിനും അപ്പുറവുമുള്ള കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്...

ചോദ്യം-ഫീല്‍ഡിനുമപ്പുറമുള്ള കാര്യങ്ങള്‍ താങ്കളെങ്ങനെ പറയും? മാര്‍ക്‌സിസം ശാസ്ത്രീയമല്ലെന്ന് പറഞ്ഞു നിഷേധിക്കുന്ന ആളാണോ ഈ പറയുന്നത്. ഡയലെറ്റിക്‌സിലെ പല കാര്യങ്ങളും യുക്തിക്കും ശാസ്ത്രത്തിനും ഒക്കെ അപ്പുറമുള്ള കാര്യങ്ങളാണെന്ന് മാര്‍ക്‌സിസ്റ്റുകള്‍ വാദിച്ചാല്‍ താങ്കള്‍ സ്വീകരിക്കുമോ? ഫീല്‍ഡിന് അപ്പുറമെന്ന് പറയുമ്പോള്‍ അതൊരു അന്ധവിശ്വാസമല്ലേ...?
കേശവന്‍ നായര്‍--അത് ...അത് നമുക്കറിയില്ല..
ചോദ്യം-ദാറ്റ് ഈസ് ബ്‌ളൈന്‍ഡ് ഫെയ്ത്ത്! കേവലമായ ഒരന്ധവിശ്വാസത്തെക്കുറിച്ചാണ് താങ്കള്‍ ആവേശം കൊള്ളുന്നത്.
കേശവന്‍ നായര്‍--അതിന്റെ പ്രശ്‌നം എവിടെയാണെന്ന് വെച്ചുകഴിഞ്ഞാല്‍...ഭൗതികവാദികളും ആത്മീയവാദികളുമായുള്ള തര്‍ക്കത്തിന്റെ പ്രശ്‌നമാണത്...ഇവിടെ നമുക്ക് ഒരു നഗ്നയാഥാര്‍ത്ഥ്യമുണ്ട്, വേദാന്തത്തിന്റെ സൂക്ഷ്മതലത്തിലേക്ക് പോയി മനസ്സിലാക്കിയതാണ്....പ്രകൃതി ഈശ്വരന്റെ സ്ഥൂല ഭാവമാണ്. ഈശ്വരന്‍ പ്രകൃതിയുടെ സൂക്ഷ്മഭാവമാണ്. ബ്രഹ്മത്തിന്റെ സ്ഥൂലമാണ് പ്രപഞ്ചം, പ്രപഞ്ചത്തിന്റെ സൂക്ഷ്മമാണ് ബ്രഹ്മം..അതുതന്നെയാണ് പരമാത്മാവ്...പരബ്രഹ്മം.... സൂക്ഷ്മത്തില്‍ നിന്നാണ് സ്ഥൂലം..സ്ഥൂലത്തില്‍ നിന്നാണ് സൂക്ഷ്മം....സൂക്ഷ്മമാണ് അനശ്വരം...

ചോദ്യം-ഇതൊക്കെ യാതൊരു തെളിവുമില്ലാതെ വെറുതെ തട്ടിവിടുന്ന പരികല്‍പ്പനകളല്ലേ...? അന്ധമായി അങ്ങ് വിശ്വസിക്കുന്നു എന്നല്ലാതെ നമുക്കിത് എങ്ങനെ സത്യാപനം ചെയ്യാനാവും?
കേശവന്‍ നായര്‍-- അതാണ് പറയുന്നത് ഫീല്‍ഡിനപ്പുറം'എന്തോ'ഉണ്ട്....ഫീല്‍ഡ് ഒരു മെറ്റീരിയല്‍ അവസ്ഥയാണല്ലോ
ചോദ്യം-അതേ ഫീല്‍ഡ് മെറ്റീരിയലാണ്...മെറ്റീരിയലിന് പിന്നില്‍ വീണ്ടും മെറ്റീരിയല്‍ മാത്രം...താങ്കള്‍ തന്നെ അത് പറഞ്ഞു..!!

അജ്ഞേയമായതൊക്കെ ഉള്ളംകയ്യില്‍!
ചോദ്യം-അജ്ഞേയവും അജ്ഞാതവും അറിയാനാവാത്തതും പാദര്‍ത്ഥാതീതവും എന്ന് വിശേഷിപ്പിക്കുന്ന ഒന്നിനെ പറ്റി തീര്‍ച്ചമൂര്‍ച്ചയോടെ താങ്കള്‍ പ്രമാണങ്ങള്‍ തീര്‍ക്കുന്നു. മറുവശത്ത് മാര്‍ക്‌സിസം അശാസ്ത്രീയമാണെന്ന് പറയുന്നു...?! എന്തുകൊണ്ട് ഇതേ ആനുകൂല്യം മാര്‍ക്‌സിസത്തിന് കൊടുത്തു കൂടാ....? അജ്ഞാതവും അജ്ഞേയവുമായ ഒരു കാര്യത്തെ കുറിച്ച് പ്രമാണമുണ്ടാക്കുമ്പോള്‍ അവിടെ ശരിയാകാനുള്ള സാധ്യത ഉണ്ടെന്ന് തന്നെ സങ്കല്‍പ്പിക്കുക. അപ്പോഴും ആയത് തെറ്റാകാനുള്ള കുറഞ്ഞ സാധ്യത അമ്പത് ശതമാനമാണ്...you can be wrong also....?
കേശവന്‍ നായര്‍--ഏയ്, ഇതൊന്നും ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളല്ല. യുക്തിയും ലോജിക്കുമൊക്കെ അവിടെ അവസാനിക്കുകയാണ്....
ചോദ്യം-പറയാനെന്തെളുപ്പം....!!ഫീല്‍ഡിനപ്പുറം എന്തൊക്കെയോ ഉണ്ടെന്ന് അനുമാനിച്ചത് സ്വയം യുക്തിപരമായി ചിന്തിക്കുന്നത് കൊണ്ടാണെന്ന് പറഞ്ഞതും താങ്കളാണ്....?
കേശവന്‍ നായര്‍--The stuff that made up you is the stuff that made up the star. നിങ്ങളിലുള്ളത് തന്നെയാണ് നക്ഷത്രങ്ങളിലുമുള്ളത്...എന്റെ മനസ്സ് തന്നെയാണ് നക്ഷത്രമനസ്സ്.... 
ചോദ്യം-അതെ, അതാണ് നാം അഹം ദ്രവ്യാസ്മി എന്നു പറയുന്നത്! നല്ല സംശുദ്ധമായ ഭൗതികവാദം..!!
കേശവന്‍ നായര്‍-അഹം ദ്രവ്യാസ്മി?! I have no objection. ബോധം എപ്രകാരമാണോ അപ്രകാരമാണ് പ്രപഞ്ചം....
ചോദ്യം-ബോധം എന്നത് ദ്രവ്യഗുണമാണ്. അചേതനവസ്തുക്കളില്‍ ചേതനയും വികാരവും ആരോപിക്കുന്നത് ഒരു തരം ന്യായവൈകല്യമാണ്...it is a logical fallacy..സാഹിത്യത്തില്‍ ഇത് പഥറ്റിക്ക് ഫാലസി എന്നറിയപ്പെടുന്നു....


കേശവന്‍ നായര്‍-അങ്ങനെയൊക്കെ വിശ്വസിക്കാം...ഒരു കുഴപ്പവുമില്ല...അങ്ങനൊരു വിശ്വാസം കൊണ്ടുനടക്കാം....കുഴപ്പമില്ല....
ചോദ്യം-അപ്പോള്‍ അതൊരു അന്ധവിശ്വാസമാണെന്നാണ് താങ്കള്‍ പറയുന്നത്...?you say all such things are blind faith without any logic or evidence...?
കേശവന്‍ നായര്‍--ഹ ഹ ഹ അത് കുഴപ്പമില്ല.... അതിസൂക്ഷ്മതലമുണ്ടെന്ന് യുക്തിവിചാരത്തിലൂടെ മനസ്സിലാക്കാം.
ചോദ്യം- അങ്ങനെ എത്തിച്ചേരാനാവുമെന്ന് വെറുതെ സങ്കല്‍പ്പിക്കുക..still it is to be confirmed, verified and objectively ratified...right?
കേശവന്‍ നായര്‍--അതിന് എവിഡന്‍സൊന്നുമില്ല...അതൊരു യുക്തിയാണ്....
ചോദ്യം-യുക്തി കൊണ്ടാണ് സൂക്ഷ്മതലം സംബന്ധിച്ച നിഗമനത്തിലേക്ക് എത്തിച്ചേരുന്നതെന്ന് പറഞ്ഞല്ലോ. പക്ഷെ 'ഭൗതികത്തിനപ്പുറം'എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത് "എല്ലാ സായുക്തിക പഠനങ്ങളും പരിമിതങ്ങളാണ് "എന്നാണ്! ആ നിലയ്ക്ക് യുക്തി കൊണ്ട് എത്തിച്ചേര്‍ന്ന ഈ അവബോധവും പരിമിതമാണെന്ന് അംഗീകരിക്കുന്നുണ്ടോ?

കേശവന്‍ നായര്‍--അത്.....സയന്‍സിന്റെ കാര്യത്തിലാണ് അത് പറഞ്ഞത്....
ചോദ്യം-അപ്പോള്‍ ഈ നിയമങ്ങളൊക്കെ സയന്‍സിന് മാത്രമേ ബാധമായിട്ടുള്ളോ? താങ്കളുടെ ലോകത്ത് ഇതൊന്നും ബാധകമല്ലേ? അങ്ങനെ വരുമ്പോള്‍ ഏത് തരം ഭാവനാ വ്യായാമവും സാധുവാണെന്ന് അംഗീകരിക്കേണ്ടി വരില്ലേ...?

കാര്യം കാരണമാകുമ്പോള്‍ മൂലകാരണം എങ്ങനെ?
ചോദ്യം-ആധുനികശാസ്ത്രത്തില്‍ കാര്യ-കാരണ ബന്ധം ഇല്ലെന്ന് താങ്കള്‍ പറയുന്നു...താങ്കളുടെ പുസ്തകങ്ങളില്‍ രണ്ടുദാഹരണം പറഞ്ഞത് ഞാന്‍ വായിച്ചു. ത്വരണത്തിന്റെയും ബലത്തിന്റെയും കാര്യം ആദ്യത്തേത്. ഇവയില്‍ ഒന്ന് മറ്റൊന്നിന്റെ കാര്യവും കാരണവും ആയി നിലകൊള്ളുന്നു. രണ്ടാമത്തേത് ക്വാണ്ടം ലോകത്ത് കാര്യ-കാരണ ബന്ധം അപ്പാടെ തകിടം മറിയുന്നു എന്ന നിരീക്ഷണം. വസ്തുനിഷ്ഠപ്രപഞ്ചത്തിലും ഇതേ ഉദാഹരണമുണ്ട്. തോണിക്കാരന്‍ കരയിലേക്ക് ചാടുമ്പോള്‍ തോണി പിറകോട്ട് പോകുന്നു. ഏത് ഏതിന്റെ കാരണമാണെന്ന് അവിടെയും പറയാനാവില്ല-സമസ്ഥാനീയവും ഏകകാലികവുമായ കാര്യങ്ങളില്‍ കാര്യം തന്നെ കാരണമാകുന്നു...ഇതേ കേശവന്‍ നായര്‍ തന്നെ പറയുന്നു-മൂലകാരണം ഉണ്ട്...!!ഏക കാരണം ഉണ്ട്!! കാര്യകാരണബന്ധങ്ങള്‍ അപ്രസക്തമാണെന്ന് പറയുന്നയാള്‍ തന്നെ ഏക കാരണത്തെ കണ്ടെത്തി അവിടെ ദൈവത്തെ പ്രതിഷ്ഠിക്കുന്നു....!!
കേശവന്‍ നായര്‍-യഥാര്‍ത്ഥത്തില്‍ അത് നോക്കണ്ട...ഈ ബ്രഹ്മമെന്നത് നിര്‍ഗുണനിരാകാരമാണ്....അങ്ങനെയാണത് സങ്കല്‍പ്പിക്കപ്പെടുന്നത്..
ചോദ്യം-സര്‍..,എന്റെ ചോദ്യം ശ്രദ്ധിച്ചാലും. കാര്യകാരണബന്ധം തകരുന്നതിനെക്കുറിച്ച് പറയുന്ന ആള്‍, അതും അക്കാര്യം മാര്‍ക്‌സിസത്തെ വിമര്‍ശിക്കാന്‍ ഉപയോഗിച്ച ആള്‍,സാധാരണ മതവാദികളെപ്പോലെ ഏകകാരണം-മൂലകാരണം തുടങ്ങിയ അയുക്തിക വാദങ്ങള്‍ ഉന്നയിക്കുന്നു. ഇവിടെ വൈരുദ്ധ്യമില്ലേ സര്‍...?
കേശവന്‍ നായര്‍--അത് എവിടെയാണെന്ന് ഒന്ന് വ്യക്തമാക്കിയാട്ടെ....

ചോദ്യം- ഏപ്രില്‍-ജൂണ്‍ ലക്കത്തിലെ 'പുസ്തകം'എന്ന മാഗസിന്റെ(from Calicut) ധ്യാനത്തെ കുറിച്ചുള്ള പതിപ്പിലെഴുതിയ ലേഖനത്തില്‍ താങ്കള്‍ സൃഷ്ടി-സ്രഷ്ടാവ്...മൂലകാരണം-ഏക കാരണം എന്നൊക്കെ ആവേശത്തോടെ ആവര്‍ത്തിക്കുന്നു.....
കേശവന്‍ നായര്‍-- അത് ശരിയാണ്....ഏക കാരണമേയുള്ളൂ....
ചോദ്യം-ഇനി ഏകകാരണം എന്നൊക്കെ വെറുതെ തത്ത്വത്തിന് വേണ്ടി പറഞ്ഞാലും അവിടെ പശ്ചാത്ഗമനം അഥവാ റിഗ്രസിന്റെ(regress) പ്രശ്‌നം വരുന്നില്ലേ... ?ആ കാരണത്തിനും കാരണം അന്വേഷിക്കേണ്ടി വരില്ലേ......? അങ്ങനെ പിറകോട്ട് പോയാല്‍ എവിടെയെത്തും...?
കേശവന്‍ നായര്‍--ഏയ് അള്‍ട്ടിമേറ്റ് റിയാലിറ്റി ഒന്നേയുള്ളു..
ചോദ്യം-എന്തു കൊണ്ട് രണ്ടായിക്കൂടാ...? പത്തായിക്കൂടാ...? ദ്വന്ദങ്ങളുടെ ഐക്യവും സമരവുമായി എന്തിലും രണ്ട് കണ്ടെത്തുകയാണ് മാര്‍ക്‌സിസ്റ്റുകള്‍ ചെയ്യുന്നത്.... താങ്കളാകട്ടെ എല്ലാം ഒന്നാണെന്ന് പറയുന്നു....താങ്കള്‍ മാര്‍ക്‌സിസത്തെ കേവലമായ അന്ധവിശ്വാസമായി തള്ളുകയും ചെയ്യുന്നു.........
കേശവന്‍ നായര്‍--അള്‍ട്ടിമേറ്റ് റിയാലിറ്റി രണ്ടുണ്ടെന്ന് ആരും പറയുന്നില്ല. അള്‍ട്ടിമേറ്റ് റിയാലിറ്റി ദ്രവ്യമാണെന്നേ അവരും പറയുന്നുള്ളു...

ചോദ്യം-അവിടെ ഗുണപരമായ വ്യത്യാസമില്ലേ സര്‍...? ഭൗതികവാദി പറയുന്നത് ഉള്ളതും തെളിവുള്ളതും അനുഭവിച്ചറിയാവുന്നതും അറിയാന്‍ കഴിയുന്നതും നാശമില്ലാത്തതുമായ ഒന്നിനെക്കുറിച്ചാണ്...അതേസമയം ആത്മീയവാദികള്‍ പറയുന്നത് ഇല്ലാത്തതും അല്ലാത്തതും വല്ലാത്തതും തെളിവില്ലാത്തതും അജ്ഞേയവുമായ ഒരു ഭാവനാവ്യായമത്തെപ്പറ്റിയും...താങ്കള്‍ ഇത് രണ്ടും തുല്യപ്പെടുത്തുന്നത് എങ്ങനെയാണ്...?
കേശവന്‍ നായര്‍-സയന്‍സിന് എത്തിച്ചേരാനാവുന്നത് ദ്രവ്യത്തെക്കുറിച്ച് മാത്രമാണ്....അതിനപ്പുറമുള്ള ചേതനയെ കുറിച്ച് സയന്‍സിന് എത്തിച്ചേരാന്‍ കഴിയില്ല.....

ചോദ്യം-അതൊരു തരം മൗലികവാദമല്ലേ...? താങ്കള്‍ ഒരു നിയമവും അവിടെ അനുവദിക്കുന്നില്ല... 
കേശവന്‍ നായര്‍-ചേതന..ചലനം മാത്രമേയുള്ളു ഈ പ്രപഞ്ചത്തില്‍...അതിനാണ് ഈ കോണ്‍ഷ്യസ്‌നെസ്സ് എന്നൊക്കെ പറയുന്നത്.....ചേതന മൈക്രോസ്‌ക്കോപ്പിലൂടെയൊന്നും കണ്ടെത്താനാവില്ല...പക്ഷെ ഇത് നമുക്ക് യുക്തിചിന്തയിലൂടെ തന്നെ ബോദ്ധ്യപ്പെടുന്ന കാര്യമാണ്... 
ചോദ്യം-എന്നിട്ട്..താങ്കള്‍ തന്നെ പറയുന്നു എല്ലാ സായുക്തിക പഠനങ്ങളും പരിമിതങ്ങളാണെന്ന്....!!! 
കേശവന്‍ നായര്‍--ഇല്ല...യുക്തിചിന്തയ്ക്ക് എതിരായി ഞാനൊന്നും പറഞ്ഞിട്ടില്ലല്ലോ...?

ചോദ്യം-വ്യക്തമാക്കാനായി താങ്കളുടെ വാക്കുകള്‍ തന്നെ ഇവിടെ ഉദ്ധരിക്കാം: ഒന്ന്-തര്‍ക്കശാസ്ത്രങ്ങളുടേയും യുക്തിയുടേയും പരിധിയിലൊതുങ്ങാത്ത മിത്തുകള്‍! രണ്ട് എല്ലാ സായുക്തികപഠനങ്ങളും പരിമിതങ്ങളാണ്....രണ്ടും 'ഭൗതികത്തിനപ്പുറം'എന്ന പുസ്തകത്തില്‍ നിന്ന്...
കേശവന്‍ നായര്‍--ആയിരിക്കാം....ഞാനങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടാവാം... 'ഭൗതികത്തിനപ്പുറം'എഴുതിയ ഇടത്തുനിന്നും ഞാനൊരുപാട് മാറിയിട്ടുണ്ട്...ശ്രദ്ധിച്ചാലറിയാം....(To be continued....)
(This interview in brief was published in Pachakutira Magazine July 2013. Watch video @http://www.youtube.com/watch?v=LV_Ci0a7OrY)

Sunday, 8 September 2013

69. മസ്തിഷ്‌ക്കത്തില്‍ കൈലാസമുണ്ടോ?


മനുഷ്യചരിത്രം പരിശോധിച്ചാല്‍ സംഘടിതമതങ്ങളുടെ ആഭിര്‍ഭാവത്തിന് വളരെ മുമ്പുതന്നെ ലോകമെമ്പാടുമുള്ള മനുഷ്യഗോത്രങ്ങള്‍ ഒരുതരത്തിലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രകൃതിശക്തികളെയോ അഭൗമശക്തികളെയോ ആരാധിച്ചിരുന്നതായി കാണാം. ആത്മാവ്, പ്രേതം, ദൈവം, അദൃശ്യമായ പ്രകൃതിശക്തികള്‍ ഇവയൊക്കെ മനുഷ്യമസ്തിഷ്‌ക്കം സജീവമായ താലോലിച്ച സങ്കല്‍പ്പങ്ങളാണ്. കാരണവും പ്രഭവവുമറിയാത്ത എന്തിനേയും ഭയക്കാനും ആരാധിക്കാനുമുള്ള പ്രവണത മനുഷ്യമസ്തിഷ്‌ക്കത്തില്‍ പ്രബലമാണ്. അജ്ഞത ഭയം സൃഷ്ടിക്കും;ഭയം ആരാധനയും അനുബന്ധവിശ്വാസങ്ങളും. അതായത്, മനുഷ്യനെ സംബന്ധിച്ചിടത്തോളം മതാത്മകമായ പ്രപഞ്ചവീക്ഷണത്തിന് നല്ല പഴക്കമുണ്ടെന്ന് സാരം. ആധുനികലോകത്തെ ഏറ്റവും ജനകീയമായ അന്ധവിശ്വാസം ദൈവവിശ്വാസമാണെങ്കിലും പ്രാകൃത ഗോത്രങ്ങളില്‍ ഇന്നും പ്രേതം തന്നെയാണ് കൂടുതല്‍ പ്രബലന്‍. പല പ്രാകൃതസമൂഹങ്ങളിലും പ്രേതവിശ്വാസത്തിനുള്ള സ്വീകാര്യത ഏതാണ്ട് നൂറ് ശതമാനമാനമാണ്! 

മനുഷ്യമസ്തിഷ്‌ക്കത്തില്‍ ദൈവചിന്തയ്ക്കായി ഒരു പ്രത്യേക ഇരിപ്പിടം അഥവാ 'ദൈവകേന്ദ്രം'(god centre)ഉണ്ടെന്ന വാദം ഏതാനും ദശകങ്ങളായി മതശക്തികള്‍ ഉന്നയിക്കാറുണ്ടായിരുന്നു. ദൈവത്തിനായി പ്രത്യേകം പതിച്ചുകൊടുത്തിരിക്കുന്ന ഒരു സവിശേഷ മസ്തിഷ്‌ക്കമേഖല നമുക്കുണ്ടെന്നും ദൈവവിശ്വാസം സാമൂഹികപരമല്ല മറിച്ച് ശാരീരികപരമാണെന്നുമാണ് ആ വാദം സമര്‍ത്ഥിക്കുന്നത്. മനുഷ്യമസ്തിഷ്‌ക്കത്തില്‍ ഘടനാപരമായും സഹജമായും ദൈവമുണ്ട്. അത് കേവലമായ ഒരു സാമൂഹിക ഉത്പ്പന്നമല്ല. ദൈവം മനുഷ്യ മസ്തിഷ്‌ക്കത്തിന്റെ ഭാഗമാണെങ്കില്‍ എല്ലാത്തരം മതവിമര്‍ശനങ്ങളും സ്വാഭാവികമായി റദ്ദാക്കപ്പെടും. ദൈവകേന്ദ്ര വാദം ശ്രദ്ധാകേന്ദ്രമായതിന് അങ്ങനെയൊരു കാരണം കൂടിയുണ്ടായിരുന്നു.

നമ്മുടെ മസ്തിഷ്‌ക്കം നമ്മുടേതല്ല!

മനുഷ്യമസ്തിഷ്‌ക്കത്തില്‍ ദൈവകേന്ദ്രം ഉണ്ടോ എന്ന് ആരായുമ്പോള്‍ നമ്മുടെ മസ്തിഷ്‌ക്കത്തിന്റെ ജനിതകചരിത്രം തിട്ടപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. എന്താണ് നമ്മുടെ മസ്തിഷ്‌ക്കം? മനുഷ്യമസ്തിഷ്‌ക്കം മനുഷ്യന് വേണ്ടിയുള്ള സവിശേഷ നിര്‍മ്മിതിയോ ഇറക്കുമതിയോ അല്ല. മനുഷ്യന്‍ എന്നൊരു ജീവിയോ മനുഷ്യമസ്തിഷ്‌ക്കം എന്നൊരു അവയവമോ ആരംഭത്തില്‍ നിലവിലില്ല എന്നറിയണം. നാം ജീവികുലത്തിന്റെ ഭാഗവും തുടര്‍ച്ചയുമാണ്. ജീവികള്‍ അവയവങ്ങളുടെ സംഘാതമാകുന്നു. ന്യൂക്‌ളിക് ആസിഡുകളിലെ ക്രമവ്യതിയാനം കോശനിര്‍മ്മിതിയില്‍ വ്യതിയാനങ്ങളുണ്ടാക്കും. കോശങ്ങളിലെ വ്യതിയാനം കലകളേയും കലകളിലെ മാറ്റം അവയവങ്ങളെയും വ്യതിയാനപ്പെടുത്തുന്നു. ജീവികള്‍ പരിണമിക്കുന്നത് അവയവങ്ങള്‍ പരിണമിക്കുമ്പോഴാണ്. ജൈവപരിണാമത്തിന്റെ കൈവഴികള്‍ പരിശോധിച്ചാല്‍ ജീവികള്‍ക്ക് മാത്രമല്ല അവയവങ്ങള്‍ക്കും പരിണാമചരിത്രമുണ്ട്. കുതിരകള്‍ നമ്മെക്കാള്‍ പുരാതനജീവികളാണെങ്കിലും പരിണാമചരിത്രമനുസരിച്ച് അവയുടെ കാല്‍പ്പാദം(കുളമ്പ്) മനുഷ്യപാദത്തെക്കാള്‍ 'ആധുനിക'മാണ്. സയനോ ബാക്ടീരിയകളില്‍ തുടങ്ങിയ ജൈവപരിണാമത്തിന്റെ ഉപോത്പ്പന്നങ്ങള്‍ തന്നെയാണ് നാമും നമ്മുടെ അവയവങ്ങളും. 

മനുഷ്യന്റെ ഒട്ടുമിക്ക അവയവങ്ങളും മറ്റു ജീവികളില്‍ ഭിന്ന രൂപഭാവങ്ങളില്‍ കാണപ്പെടുന്നുണ്ട്. മനുഷ്യമസ്തിഷ്‌ക്കം രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഒരു ശൂന്യഫലകമായിട്ടല്ല നമ്മിലെത്തിയത്. അതില്‍ ആദിമമായ, നീക്കംചെയ്യപ്പെടാത്ത ഒട്ടനവധി അടയാളപ്പെടുത്തലുകളുണ്ട്. അവയാണ് നമ്മുടെ പല ചോദനകളുടേയും ശാരീരികപ്രക്രിയകളുടേയും ആധാരം. പൂര്‍വികരുടെ ജീവിതപ്രക്രിയയെ നിയന്ത്രിക്കുകയും നിര്‍ധരിക്കുകയും ചെയ്ത പലയിനം മസ്തിഷ്‌ക്കങ്ങളുണ്ട്. അതാത് ജീവിതപരിസ്ഥിതികള്‍ക്ക് അനുയോജ്യമായാണ് അവയൊക്കെ വര്‍ത്തിച്ചതും വികസിച്ചതും. അവയിലൊന്നിന്റെ പരിവര്‍ത്തനവിധേയമായ പരിഷ്‌കൃതപ്പതിപ്പാണ് നമ്മുടെ മസ്തിഷ്‌ക്കം. പരിണാമചരിത്രത്തിലെ ഒരു മഹായാനമാണവിടെ കാണാനാവുക. ആദിമ മസ്തിഷ്‌ക്കം നിരവധി കൈവഴികളും സന്ധികളും പിന്നിട്ട് നമ്മിലെത്തിച്ചേര്‍പ്പോള്‍, ആ സഞ്ചാരത്തിനിടയില്‍ ഒട്ടനവധി കൂട്ടിച്ചേര്‍ക്കലുകളുണ്ടായി; നീക്കംചെയ്യലുകളും.

ഇന്ന് നാം ആഡംബര കാറുകളില്‍ കാണുന്ന അത്യാധുനിക സ്റ്റിയറിംഗ്ചക്രത്തിന്റെ ആരംഭം ഒരിക്കല്‍ ഗുഹാമനുഷ്യന്‍ കയ്യില്‍ കരുതിയിരുന്ന നീണ്ട ദണ്ഡില്‍ നിന്നാണ്. തടസ്സം തട്ടിമാറ്റാനും കുത്തിയുയരാനും ആക്രമിക്കാനും പ്രതിരോധിക്കാനും അവന്‍ ആ ദണ്ഡ് ഉപയോഗിച്ചിട്ടുണ്ടാവും. ആ ദണ്ഡ് ഒരു കൈവഴിയിലൂടെ ആയുധങ്ങളിലേക്ക് പരിണമിച്ചു. മറ്റൊരു കൈവഴിയിലൂടെ കടത്തുകാരന്റെ തുഴയായും ബോട്ടിന്റെ സ്റ്റിയറിംഗായും അത് സഞ്ചരിച്ച് കരവാഹനങ്ങളുടെ സ്റ്റിയറിംഗ്ചക്രങ്ങളായി തീര്‍ന്നു. മസ്തിഷ്‌ക്കത്തിന്റെ കാര്യവും സമാനമാണ്. അത് ലളിതഘടനയുള്ള ചില ജീവികളില്‍ നിന്നാണ് പരിണാമയാത്ര ആരംഭിച്ചത്. ഇന്ന് നാം മസ്തിഷ്‌ക്കധര്‍മ്മം(function of brain) എന്നുവിളിക്കുന്ന ആവശ്യങ്ങള്‍ പ്രാഥമികതലത്തില്‍ നിറവേറ്റിയിരുന്ന ആദ്യ ഏകകോശജീവിയുടെ ആദ്യ കോശത്തില്‍ നിന്നാണതിന്റെ തുടക്കം. ആദിമജീവികളില്‍ മസ്തിഷ്‌ക്കത്തിന്റെ പ്രാഥമികധര്‍മ്മങ്ങള്‍ നിര്‍വഹിച്ചു പോന്ന സവിശേഷ കോശഭാഗങ്ങള്‍ ഒത്തുചേര്‍ന്നാണ് പിന്നീട് നാഡീകുഴലുകള്‍ (neural tubes) ഉണ്ടാകുന്നത്. ഇത്തരം നാഡീകുഴലുകളെ മസ്തിഷ്‌ക്കത്തിന്റെ മാതാവ് എന്നുവിളിക്കാം. നാഡീട്യൂബുകള്‍ അവയവല്‍ക്കരണത്തിന് വിധേയമായപ്പോള്‍ പ്രാകൃതമസ്തിഷ്‌ക്കമുണ്ടായി. പിന്നീട് ബഹുകോശജീവികളിലൂടെ, മത്സ്യങ്ങളിലൂടെ, ഉഭയജീവികളിലൂടെ, ഉരഗങ്ങളിലൂടെ, സസ്തനങ്ങളിലൂടെ, പ്രൈമേറ്റുകളിലൂടെ യാത്ര ചെയ്ത് ആ മസ്തിഷ്‌ക്കം ഒരു കൈവഴിയിലൂടെ ഹോമോ സാപ്പിയന്‍സ് സാപ്പിയന്‍സിലെത്തി. ഈ യാത്രയിലുടനീളം അതാത് ജീവികളുടെ ജീവിതപരിസ്ഥിതികള്‍ക്കും ആഭ്യന്തരസവിശേഷതകള്‍ക്കും അനുസൃതമായി പല ദിശകളില്‍ ഉടച്ചുവാര്‍ക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും സംഭവിച്ചിട്ടുണ്ട്. അതായത് എല്ലാ മസ്തിഷ്‌ക്കവും ഒരു മസ്തിഷ്‌ക്കമാകുന്നു, ഒരു മസ്തിഷ്‌ക്കത്തിന്റെ തുടര്‍ച്ചയും പരിഷ്‌ക്കരണവുമാകുന്നു.

മനുഷ്യമസ്തിഷ്‌ക്കത്തിന്റെ അടിസ്ഥാനമായ മസ്തിഷ്‌ക്ക കാണ്ഡം (brain stem) ആദിമനിര്‍മ്മിതിയാണ്. ഇത് ഉരഗമസ്തിഷ്‌ക്കവുമായി(reptile brain) സാമ്യപ്പെട്ടിരിക്കുന്നു. മസ്തിഷ്‌ക്ക കാണ്ഡം സ്‌പെനല്‍കോര്‍ഡിന്റെ തുടര്‍ച്ച കൂടിയാണ്. മിക്ക ജീവികളിലും ശരീരത്തിന്റെ അടിസ്ഥാനധര്‍മ്മങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മസ്തിഷ്‌ക്ക കാണ്ഡത്തിലാണ് ശേഖരിക്കപ്പെട്ടിരിക്കുന്നത്. ഹൃദയസ്പന്ദനം, ശ്വാസോച്ഛാസപ്രവര്‍ത്തനം, വൃക്കകളുടെ പ്രവര്‍ത്തനം, നിദ്രാചക്രം, ശരീരസംതുലനം, ചോദനകള്‍...തുടങ്ങിയവ നിയന്ത്രിക്കുന്നത് മസ്തിഷ്‌ക്കത്തണ്ടാണ്. മെഡുല ഒബ്‌ളാങ്കേറ്റ, പോണകള്‍, മധ്യമസ്തിഷ്‌ക്കം(medulla oblongata, pons and midbrain)എന്നിവ ഉള്‍പ്പെട്ട ഭാഗമാണ് പൊതുവെ മസ്തിഷ്‌ക്ക കാണ്ഡമായി അറിയപ്പെടുന്നത്.


നമ്മുടെ ആദിമ മുന്‍ഗാമികള്‍ ഉപയോഗിച്ചിരുന്നതും നാം ഉപയോഗിക്കാത്തതുമായ നിരവധി ശേഷികള്‍ സംബന്ധിച്ച വിവരതന്മാത്രകള്‍ നമ്മുടെ മസ്തിഷ്‌കത്തിലുണ്ടാകുമോ? കൗതുകമുണര്‍ത്തുന്ന ചോദ്യമാണിത്. ഉദാഹരണമായി, നമ്മുടെ പൂര്‍വികരില്‍ ചിലരെങ്കിലും കരയില്‍ നിന്നും ജലത്തില്‍നിന്നും ഓക്‌സിജന്‍ സ്വീകരിക്കാന്‍ ശേഷിയുള്ളവരായിരുന്നു. പക്ഷെ ഇന്ന് ആ ശേഷി നമുക്കില്ല. പക്ഷെ ആ ശേഷി നിര്‍വഹിക്കപ്പെട്ടപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചിരുന്ന മസ്തിഷ്‌ക്കത്തിന്റെ പരമ്പരയില്‍പെട്ടതാണ് നമ്മുടെ മസ്തിഷ്‌ക്കവും. അങ്ങനെയെങ്കില്‍ അതു സംബന്ധിച്ച എന്തെങ്കിലും വിവരഫോസിലുകള്‍ തന്മാത്രതലത്തില്‍ നമ്മുടെ മസ്തിഷക്കത്തില്‍ അവശേഷിക്കുന്നുണ്ടാകുമോ? പരിണാമപഠനത്തെ ആവേശകരമാക്കുന്ന ചില ചോദ്യങ്ങളില്‍ ഒന്നാണിത്.

മസ്തിഷ്‌ക്കകാണ്ഡത്തിന് ഉപരിയായ ധര്‍മ്മങ്ങളാണ് കോര്‍ട്ടക്‌സ് (cortex)എന്ന ഉപരിമസ്തിഷ്‌ക്കം നിര്‍വഹിക്കുന്നത്. കോര്‍ട്ടക്‌സിന്റെ വലുപ്പവും വളര്‍ച്ചയുമാണ് ജീവിയുടെ ബുദ്ധിശക്തിയുടെ അടിസ്ഥാനമെന്ന് പറയാം. ഉയര്‍ന്ന ജീവികളില്‍ കൂടുതല്‍ വിപുലമായ കോര്‍ട്ടക്‌സ് കാണാനാവും. നമ്മുടെ ഉപരിമസ്തിഷ്‌ക്കത്തിന് ഏതാനും ലക്ഷം വര്‍ഷങ്ങളുടെ പ്രായമേ ഉള്ളുവെങ്കില്‍ മസ്തിഷ്‌ക്കകാണ്ഡത്തിന് കോടിക്കണക്കിന് വര്‍ഷങ്ങളുടെ പരിണാമചരിത്രമുണ്ട്. മസ്തിഷ്‌ക്ക കാണ്ഡത്തില്‍ ദൈവമില്ല,അവിടെ കഥയോ കവിതയോ തത്വചിന്തയോ ഇല്ല. മനുഷ്യനൊഴികെ മറ്റ് ജീവികള്‍ക്കൊന്നും ദൈവസങ്കല്‍പ്പമില്ലെന്നത് ശ്രദ്ധിക്കുക. പക്ഷെ ദൈവത്തിനും പ്രേതത്തിനും ഇന്ധനമായി തീരുന്ന ഭയം പോലുള്ള ആദിമചോദനകളുടെ സ്രോതസ്സുകള്‍ അവിടെയുണ്ട്. ശരീരത്തിന്റെ കേവലം അഞ്ച് ശതമാനത്തില്‍ താഴെ മാത്രം ഭാരമുള്ളതും എന്നാല്‍ മൊത്തം ലഭ്യമായ ഊര്‍ജ്ജത്തിന്റെ കാല്‍ഭാഗത്തോളം വിനിയോഗിക്കുകയും ചെയ്യുന്ന മഹാ അവയവമാണ് മനുഷ്യമസ്തിഷ്‌ക്കം. ദൈവം എന്ന ആധുനികമിത്ത് അതിനുള്ളില്‍ ഘടനാപരമായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ടോ?- ഈ ചോദ്യം അന്വേഷണവിഷയമാക്കാന്‍ തക്ക ഗൗരവമുള്ളതാണോ എന്ന സന്ദേഹം പലരും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം പല അന്വേഷണങ്ങളും സമീപകാലത്ത് നടന്നിട്ടുണ്ട്

തല തെറിക്കാത്ത ശൗര്യം!
നമ്മുടെ മസ്തിഷ്‌ക്കം ഏകോപിതവും കേന്ദ്രീകൃതവുമായ ഒരൊറ്റ യൂണിറ്റായിട്ടാണോ പ്രവര്‍ത്തിക്കുന്നത്? അതോ ഭിന്ന വകുപ്പുകളായോ? മസ്തിഷ്‌ക്ക ഭാഗങ്ങള്‍ വകുപ്പുകളായി തിരിഞ്ഞ് വ്യത്യസ്ത ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതായാണ് ഒറ്റ നോട്ടത്തില്‍ തോന്നുക. വാസ്തവത്തില്‍ ഈ രണ്ട് പ്രവര്‍ത്തനരീതികളും മസ്തിഷ്‌ക്കം അനുവര്‍ത്തിക്കുന്നുണ്ട്. മസ്തിഷ്‌ക്കത്തിലെ പല മേഖലകളും വ്യത്യസ്ത ദൗത്യങ്ങളാണ് നിര്‍വഹിക്കുന്നത്. ദൃശ്യമേഖലയും ശ്രവ്യമേഖലയും അതാത് ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നു. ഈ മേഖലകള്‍ക്ക് സംഭവിക്കുന്ന ന്യൂനതകള്‍ അതാത് ശേഷികളെ ബാധിക്കുന്നു. വ്യതിരിക്തമായ മേഖലകള്‍ ഉണ്ടെങ്കിലും ചില പ്രവര്‍ത്തനങ്ങളില്‍ ഭിന്നമേഖലകളുടെ സമഗ്രമായ ഏകോപനം ആവശ്യമായി വരുന്നുണ്ട്. പക്ഷെ ഇതിനായി ഏതെങ്കിലും കേന്ദ്രശക്തി മസ്തിഷ്‌ക്കത്തില്‍ ഉണ്ടെന്ന് കരുതരുത്. അങ്ങനെ ഒരു ശക്തിയോ മേഖലയോ മസ്തിഷ്‌ക്കത്തില്‍ ഇല്ല. മസ്തിഷ്‌ക്ക കാണ്ഡം സ്‌പൈനല്‍ കോര്‍ഡിന്റെ തുടര്‍ച്ചയാണെങ്കില്‍ ഉപരിമസ്തിഷ്‌ക്കമായ കോര്‍ട്ടക്‌സ് മസ്തിഷ്‌ക്കകാണ്ഡത്തിന്റെ തുടര്‍ച്ചയാണ്. എല്ലാം ഒരു തുടര്‍ച്ചയും പരസ്പരപൂരകവുമാണെന്ന് തിരിച്ചറിയണം. മസ്തിഷ്‌ക്കകാണ്ഡം അതിപ്രാചീനമാണെന്ന് സൂചിപ്പിച്ചല്ലോ. മസ്തിഷ്‌ക്കകാണ്ഡം മാത്രമുണ്ടെങ്കില്‍ ഒരു ജീവിക്ക് അതിജീവിക്കാനാകുമോ? ഏറെക്കുറെ സാധിക്കും എന്നാണ് ഉത്തരം! 1945 ഏപ്രില്‍ മാസം അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തിലെ ഒരു കോഴി വളര്‍ത്ത് കേന്ദ്രത്തില്‍ ജനിച്ച മൈക്ക് എന്ന പൂവന്‍കോഴി ഈ ഉത്തരം ശരിവെക്കും.

'ശിരസ്സില്ലാത്ത മൈക്ക്'(‘Mike the Headless Chicken’/April 1945 – March 1947)എന്ന പേരിലാണ് വ്യാന്‍ഡോട്ട് ഇനത്തില്‍പ്പെട്ട(Wyandotte chicken)ഈ അമേരിക്കന്‍ കോഴി ലോകപ്രശസ്തനായത്. തല ഏതാണ്ട് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിട്ടും ഒരു തരി മസ്തിഷ്‌ക്കത്തിന്റെ, അതായത് മസ്തിഷ്‌ക്ക കാണ്ഡത്തിന്റെ സഹായത്തോടെ 18 മാസം ജീവിച്ചാണ് മൈക്ക് ലോകത്തെ അത്ഭുതപ്പെടുത്തിയത്. വീട്ടിലെത്തിയ അതിഥികളെ സല്‍ക്കരിക്കാന്‍ ഭാര്യയുടെ നിര്‍ദ്ദേശപ്രകാരം ഒരു പൂവനെ തേടിയാണ് മൈക്കിന്റെ ഉടമ ലോയിഡ് ഓള്‍സണ്‍ (Lloyd Olsen) തന്റെ കോഴിവളര്‍ത്തുകേന്ദ്രത്തില്‍ എത്തിയത്. ആദ്യം കയ്യില്‍ കിട്ടിയത് മൈക്കിനെ. ഒറ്റ വെട്ടിന് തല ദൂരെ തെറിച്ചുവീണു! പക്ഷെ എന്നിട്ടും ശിരസ്സില്ലാത്ത മൈക്ക് രണ്ട് കാലില്‍ തന്നെ നിന്നു. അവിടെ നിന്ന് ഉച്ചത്തില്‍ കൂവാനൊരു ശ്രമവും ആ സാധുജീവി നടത്തി. ഒരു വികലശബ്ദവും പുറത്തുവന്നു. ഈ കാഴ്ച ഉടമയെ അമ്പരപ്പിച്ചു. അയാള്‍ മൈക്കിനെ കുറെനേരം സാകൂതം വീക്ഷിച്ചു. തലയില്ലാക്കോഴി ഇടറിയ കാലടികളുമായി നടക്കുകയാണ്. പെട്ടെന്ന് എന്തോ ബുദ്ധി തോന്നിയ ഓള്‍സണ്‍ പിന്നെയതിനെ ഉപദ്രവിച്ചില്ല. അപ്പോഴത്തെ ആവശ്യത്തിനായി മറ്റൊരു കോഴിയെ കശാപ്പ് ചെയ്തു. ശേഷം മൈക്കിനെ പരിചരിക്കാന്‍ തുടങ്ങി.


മൈക്കിന്റെ അന്നനാളവും തലയും ചേരുന്ന ഭാഗത്തെ രക്തപ്രവാഹം പെട്ടെന്ന് നിലച്ചിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ അത്ഭുതകോഴി ജീവന്‍ വെടിഞ്ഞില്ലെന്ന് മാത്രമല്ല ഉടമയുടെ ശുശ്രൂഷയില്‍ കൂടുതല്‍ മെച്ചപ്പെട്ടുവരികയായിരുന്നു. ശരീരഭാരം കുറഞ്ഞ് ഗുരുത്വകേന്ദ്രം മാറിയതോടെ കൂടുതല്‍ ഉയരത്തിലേക്ക് പറന്ന് ഇരിക്കാനും അതിനായി! അന്നനാളത്തിന്റെ തുറന്ന ഭാഗത്തില്‍ക്കൂടി ചെറിയ ഫില്ലറുപയോഗിച്ച് പാലും വെള്ളവും ചെറിയ ധാന്യമണികളും എത്തിച്ചുകൊടുത്തപ്പോള്‍ മൈക്ക് അവയൊക്കെ അകത്തേക്ക് വലിച്ചെടുത്തു. പൂര്‍ണ്ണമായും സുഖംപ്രാപിച്ചതോടെ നാട്ടുകാര്‍ക്ക് മുന്നില്‍ ഈ അത്ഭുതക്കോഴിയെ പ്രദര്‍ശിപ്പിച്ച് ഓള്‍സണ്‍ പണം സമ്പാദിക്കാന്‍ തുടങ്ങി. പലരും ഇതൊരു തട്ടിപ്പായാണ് ആദ്യം കണ്ടതെങ്കിലും ഓള്‍സണ്‍ മൈക്കിനെ സാള്‍ട്ട ലേക്ക് സിറ്റിയിലെ ഉട്ടാ യൂണിവേഴ്‌സിറ്റിയില്‍(University of Utah in Salt Lake City)കൊണ്ടുപോയി വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ചതോടെ വസ്തുതകള്‍ ലോകത്തിന് ബോധ്യപ്പെട്ടു. പ്രശസ്തിയുടെ ഉന്നതിയില്‍ മാസം 4000 ഡോളറായിരുന്നു മൈക്കിനെകൊണ്ടുള്ള വരുമാനം!

മതഭാവനയുള്ളവര്‍ ഇവിടെ പെട്ടെന്ന് ചോദിക്കാനിടയുള്ള ചോദ്യമിതാണ്: ഇത്ര കൃത്യമായി, ഇത്ര സൂക്ഷ്മമായി ആരാണിങ്ങനെ വെട്ടിയത്?!! ഇവിടെയൊരു ബുദ്ധിപരമായ ആസൂത്രണം(intelligent design) മണക്കാതിരിക്കാന്‍ അവര്‍ക്കാവില്ലല്ലോ. ഓള്‍സന്റെ മഴു 'ദിവ്യമഴു' ആണെന്ന് വിലയിരുത്തി ആരാധിക്കാനും ചിലര്‍ തയ്യാറായെന്ന് വരാം! മൈക്കിനെ വെട്ടിയ അതേ മാതൃകയില്‍ കോഴികളുടെ തല വെട്ടി അത്ഭുതക്കോഴികളെ ഉണ്ടാക്കാന്‍ അക്കാലത്ത് പലരും ശ്രമിച്ചു. ചിലവ ഒന്നോ രണ്ടോ ദിവസം ജീവിച്ചെങ്കിലും മിക്ക ശ്രമങ്ങളും ദയനീയ പരാജയങ്ങളായിരുന്നു. 


ഓള്‍സണും വെറുതെയിരുന്നില്ല. പക്ഷെ അയാള്‍ക്കും തന്റെ വൈഭവം ആവര്‍ത്തിക്കാനായില്ല. പ്രദര്‍ശനവുമായി ബന്ധപ്പെട്ട് അമേരിക്കയിലുടനീളം സഞ്ചരിച്ച മൈക്ക് 18 മാസത്തിന് ശേഷം ഒരു ഹോട്ടലില്‍ വെച്ചാണ് മരണമടഞ്ഞത്. ശ്വാസംമുട്ടല്‍ സംബന്ധിയായ അസുഖമായിരുന്നു കാരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് കാരറ്റിഡ് ആര്‍ട്ടറി(carotid artery) മുറിയാതിരുന്നതും ഒരു ചെവി ബാക്കിയായതുമാണ് ശിരസ്സറ്റിട്ടും മൈക്ക് രക്ഷപെടാന്‍ കാരണമെന്ന് സ്ഥിരീകരിക്കപ്പെട്ടു. പെട്ടെന്നുണ്ടായ രക്തം കട്ടപിടിക്കല്‍ കാരണം പൊടുന്നനെ രക്തപ്രവാഹം നിലച്ചതും രക്ഷയായി. ശരീരസംതുലനം, ഹൃദയം, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയുടെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള അടിസ്ഥാന ഹോമിയോസ്റ്റാറ്റിക്ക് ധര്‍മ്മങ്ങള്‍(basic homeostatic functions)മസ്തിഷ്‌ക്കകാണ്ഡം നിര്‍വഹിക്കുകയായിരുന്നു-ഉപരിമസ്തിഷ്‌ക്കമായ സെറിബല്‍ കോര്‍ട്ടെക്‌സിന്റെ സഹായമില്ലാതെതന്നെ.

അല്‍സ്‌ഹെയ്മസ്(Alzheimer's disease) രോഗം ബാധിച്ചവരിലും ഏറെക്കുറെ സമാനമായ അവസ്ഥ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത്തരം രോഗികളുടെ മസ്തിഷ്‌ക്കകാണ്ഡം വലിയ കുഴപ്പമില്ലാതെ നിലനില്‍ക്കുമ്പോള്‍തന്നെ ഉപരിമസ്തിഷ്‌ക്കം(cortex) ക്രമേണ ക്ഷയിക്കുന്നു. സ്വയംബോധമില്ലാതെ, കാര്യമായ പ്രതികരണശേഷിയില്ലാതെ പരസഹായത്തോടെ ഏറെക്കാലം ജീവിക്കാന്‍ അല്‍സ്‌ഹെയ്മസ് രോഗികള്‍ക്ക് സാധിക്കും. ഉപരിമസ്തിഷ്‌ക്കം നമ്മുടെ ഉന്നതചിന്തകളും ശേഷികളും ഇല്ലാതാക്കുമ്പോഴും പുരാതനമായ മസ്തിഷ്‌ക്കകാണ്ഡം അത്യാവശ്യം ജീവന്‍ നിലനിര്‍ത്തികൊണ്ടുപോകാന്‍ വേണ്ടതെല്ലാം ചെയ്യുന്നതാണ് കാരണം. മസ്തിഷ്‌ക്കം ഒരേ സമയം ഒരൊറ്റ അവയവമായും മറ്റുചിലപ്പോള്‍ വിവിധ വകുപ്പുകളായും ജോലി ചെയ്യുമെന്ന് മൈക്ക് സാക്ഷ്യപ്പെടുത്തുന്നു. തല പോയ മൈക്കിന്റെ ചില ശേഷികള്‍ നശിച്ചെങ്കിലും കഷ്ടിച്ച് ജീവിക്കാനാവശ്യമായ ഒരല്‍പ്പം മസ്തിഷ്‌ക്കം അതിന് ലഭിച്ചു. അങ്ങനെയെങ്കില്‍ ദൈവചിന്തയ്ക്കും മസ്തിഷ്‌ക്കത്തില്‍ ഒരു ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം ന്യായമാണല്ലോ. പക്ഷെ ഈ ആഗ്രഹചിന്തയ്ക്ക് ശാസ്ത്രീയ പിന്തുണ ഒരിക്കലുമുണ്ടായിട്ടില്ല. മറ്റേത് ചിന്തയേയും പോലെയാണ് മസ്തിഷ്‌ക്കത്തെ സംബന്ധിച്ചിടത്തോളം മത-പ്രേതചിന്തകള്‍ എന്നതാണ് ശാസ്ത്രം സ്ഥിരീകരിക്കുന്ന യാഥാര്‍ത്ഥ്യം.

The Tell Tale Brain എന്ന വിശ്രുതഗ്രന്ഥത്തില്‍ ഡോ. വിളയന്നൂര്‍ എസ്. രാമചന്ദ്രന്‍ മസ്തിഷ്‌ക്കത്തില്‍ ദൃശ്യാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയില്‍(visual area) മുപ്പതിലധികം വ്യതിരിക്തഭാഗങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ട്. ആകൃതി, രൂപം, വലുപ്പം, കനം, നിറം, ചലനം ...തുടങ്ങി ദൃശ്യാനുഭവ(sight)ത്തിന്റെ ഭിന്ന തലങ്ങളാണ് ഈ മേഖലകളില്‍ ഓരോന്നും സൃഷ്ടിക്കുന്നത്. ഇവയില്‍ ഏതെങ്കിലും ഒരു ഭാഗത്തിന് ഏല്‍ക്കുന്ന ക്ഷതങ്ങള്‍ അത് നിര്‍ധരിക്കുന്ന മാനം(dimension) ഇല്ലാത്ത കാഴ്ചകളായിരിക്കും സമ്മാനിക്കുക. ചലനം(motion) നിര്‍ധരിക്കാന്‍ കഴിയാത്ത ഒരു രോഗിയെക്കുറിച്ച് ഡോ.രാമചന്ദ്രന്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രസ്തുത വനിതയ്ക്ക് സാധാരണ കാഴ്ച(noramal vision) തന്നെയാണുള്ളത്. പക്ഷെ വസ്തുക്കള്‍ ചലിക്കുന്നത് മാത്രം അവര്‍ക്ക് അനുഭവവേദ്യമാകില്ല. ഒരു റോഡ് മുറിച്ചുകടക്കുന്നത് പോലും അവര്‍ക്ക് പ്രയാസകരമാണ്. ദൂരെ നിന്ന് വരുന്ന ബസ്സിന്റെ മിഴിവാര്‍ന്ന നിശ്ചലചിത്രം അവര്‍ക്ക് ലഭിക്കും. പക്ഷെ ബസ്സ് ചലിക്കുന്നെന്നോ അത് എത്രമാത്രം സമീപം എത്തിയെന്നോ തിരിച്ചറിയാനാവില്ല. മറ്റൊരാളിന്റെ സഹായമില്ലാതെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചാല്‍ ബസ്സിനടിയില്‍ പെട്ടുപോകാമെന്ന് സാരം. കാപ്പി കുടിക്കാനായി കപ്പ് ചുണ്ടോട് അടുപ്പിക്കുമ്പോഴും ഇതേ പ്രശ്‌നമുണ്ട്. പലപ്പോഴും കപ്പ് ചുണ്ടില്‍ വന്നിടിച്ച് ശേഷമായിരിക്കും അവരതറിയുക. ചലനം പോലെ തന്നെയാണ് മറ്റ് മാനങ്ങളുടെ കാര്യമെന്നും ഡോ.രാമചന്ദ്രന്‍ പറയുന്നു. 


ന്യൂനതയുള്ള കാഴ്ച ദൃശ്യമേഖലയിലെ അതാത് ദൗത്യം നിര്‍വഹിക്കുന്ന ഭാഗങ്ങളുടെ ന്യൂനത മൂലമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. മസ്തിഷ്‌ക്കനാഡികളുടെ കെട്ടുപിണയല്‍(interlocking), ക്രമരഹിതബന്ധങ്ങള്‍ (crosswiring), വിവരചേര്‍ച്ചകള്‍(leakages) എന്നിവ മൂലം അപൂര്‍വമായി ഇത്തരം ദൗത്യങ്ങള്‍ മറ്റ് മസ്തിഷ്‌ക്ക ഭാഗങ്ങള്‍ ഏറ്റെടുക്കാറുണ്ടെങ്കിലും മിക്കപ്പോഴും ഇത്തരം ശേഷികള്‍ പിന്നീട് തിരികെ ലഭിക്കാറില്ല. ദൈവചിന്തയ്ക്കായി മനുഷ്യമസ്തിഷ്‌ക്കത്തില്‍ ഒരു മേഖല സംവരണം ചെയ്തിട്ടുണ്ടെങ്കില്‍ നാസ്തികര്‍ ദൈവ-പ്രേതാദികളെ നിരാകരിക്കുന്നത് 'ദൈവമേഖല'യ്ക്ക് സംഭവിച്ച ന്യൂനത മൂലമാണോ എന്ന ചോദ്യം സ്വഭാവികമായും ഉയരും. അങ്ങനെയെങ്കില്‍ നാസ്തികത ഒരു മസ്തിഷ്‌ക്കപരമായ ക്രമക്കേടാണ്!

മസ്തിഷ്‌ക്കത്തില്‍ ദൈവകേന്ദ്രം ഉണ്ടെങ്കിലെ മേല്‍പ്പറഞ്ഞ നിഗമനത്തിന് എന്തെങ്കിലും അടിസ്ഥാനമുള്ളു. പക്ഷെ ഇത് സംബന്ധിച്ച് ഇന്നുവരെ നടത്തിയ പഠനങ്ങള്‍ ദൈവകേന്ദ്രം കേവലം മതപരമായ ഒരാഗ്രഹചിന്ത മാത്രമാണെന്ന് സ്ഥിരീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. നാസ്തികരില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികളായ ശേഷം പില്‍ക്കാലത്ത് ചിന്താപരമായ പരിവര്‍ത്തനത്തിലൂടെ വിശ്വാസം ഉപേക്ഷിക്കുന്നവരാണ്. Most atheists are Ex-religious. ലോകത്തിലെ അഞ്ചിലൊന്ന് മനുഷ്യര്‍ക്ക് ക്രമേണ ഒരു മസ്തിഷ്‌ക്കശേഷി നഷ്ടപ്പെടുന്നുവെന്ന ചിന്ത അതിഭാവനയാണെന്നതില്‍ സംശയമില്ലല്ലോ. മാത്രമല്ല ശിശുക്കള്‍ നിരീശ്വരുമാണ്. 2009 ല്‍ അമേരിക്കയിലെ മേരിലാന്‍ഡ് സംസ്ഥാനത്തെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ന്യൂറോളജിക്കല്‍ ഡീസോര്‍ഡേഴ്‌സ് ആന്‍ഡ് സട്രോക്ക് എന്ന സ്ഥാപനത്തിലെ കോഗ്നിറ്റീവ് ന്യൂറോ സയന്റിസ്റ്റായ ജോര്‍ഡന്‍ ഗ്രാഫ്മാന്‍ (Jordan Grafman) ദൈവകേന്ദ്രം സംബന്ധിച്ച് ഒരു പഠനം സംഘടിപ്പിക്കുകയുണ്ടായി. മതപരമായ വിശ്വാസത്തെ നിയന്ത്രിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്ന ഏതെങ്കിലും മസ്തിഷ്‌ക്കഭാഗം ഉണ്ടോ എന്നറിയുകയായിരുന്നു ഗ്രാഫ്മാന്റെ ഉദ്ദേശം. ബുദ്ധമതം, ക്രിസ്തുമതം, ഇസ്‌ളാം, ജൂതമതം തുടങ്ങിയവയില്‍ വിശ്വസിക്കുന്ന 40 പേരുടെ മസ്തിഷ്‌ക്കത്തിന്റെ എം.ആര്‍.ഐ സ്‌ക്കാന്‍ (f MRI scan)പരിശോധിച്ചും ശാസ്ത്രീയവിശകലനം ചെയ്തുമാണ് അദ്ദേഹം അന്തിമനിഗമനത്തിലെത്തിയത്.


മനുഷ്യ മസ്തിഷ്‌ക്കത്തില്‍ ദൈവവിശ്വാസം കൈകാര്യം ചെയ്യാനായി മാത്രം യാതൊരു സവിശേഷഭാഗവും ഇല്ലെന്ന പഠനഫലമാണ് ഗ്രാഫ്മാന്‍ മുന്നോട്ടുവെച്ചത്. മേല്‍ സൂചിപ്പിച്ച 40 പേരോടും തങ്ങളുടെ മതം സംബന്ധിച്ച ചിന്തകളിലും ഭാവനകളിലും മുഴുകാന്‍ ആവശ്യപ്പെടുകയും ആ സമയത്ത് സക്രിയമാകുന്ന മസ്തിഷ്‌ക്ക ഭാഗങ്ങള്‍ സ്‌ക്കാനിംഗിലൂടെ നിരീക്ഷിക്കുകയുമാണ് ഗ്രാഫ്മാനും കൂട്ടരും ചെയ്തത്. സാധാരണ വികാരങ്ങളും ചിന്തകളും നിര്‍ധാരണം ചെയ്യുന്ന മസ്തിഷ്‌ക്കമേഖലകള്‍ തന്നെയാണ് ദൈവചിന്തയും കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം കണ്ടെത്തി. അതാകട്ടെ, വിവിധ മേഖലകളായിരുന്നു. ഭിന്ന മതചിന്തകള്‍ ഭിന്നമേഖലകളെ സക്രിയമാക്കി. 'ദൈവം ഈ ലോകത്ത് ഇടപെടുന്നുണ്ട്. അവന്‍ എന്റെ എല്ലാ പ്രവര്‍ത്തികളേയും നയിക്കുന്നുന്നു'എന്ന പ്രസ്താവന വിചിന്തനം ചെയ്യാന്‍ ഈ നാല്‍പത് പേരോടും ആവശ്യപ്പെട്ടപ്പോള്‍ അവരുടെ ലാറ്ററല്‍ ഫ്രണ്ടല്‍ ലോബാണ് (lateral frontal lobe regions)ഏറെ സക്രിയമായത്. മനുഷ്യര്‍ പരസ്പരം വൈകാരികമായി ഐക്യപ്പെടാന്‍ സഹായിക്കുന്ന വികാരങ്ങള്‍ നിര്‍മ്മിക്കുന്ന മസ്തിഷ്‌ക്കഭാഗമാണിത്.

'ദൈവം കോപിഷ്ഠനാണ്' എന്ന വാചകം വിചിന്തനം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇതേ വിശ്വാസികളുടെ മീഡിയല്‍ ടെമ്പറല്‍-ഫ്രണ്ടല്‍ ജൈറികള്‍ (medial temporal and frontal gyri) സജീവമായി കാണപ്പെട്ടു. മറ്റുള്ളവരുടെ വികാരങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ നമ്മെ സഹായിക്കുന്ന മസ്തിഷ്‌ക്കഭാഗങ്ങളണ് ഇവ രണ്ടും. അതേസമയം 'ഒരു ഉയര്‍ത്തെഴുന്നേല്‍ ഉണ്ടാകും'എന്ന പ്രതീക്ഷാനിര്‍ഭരമായ മതകല്‍പ്പനയോട് കൂടുതല്‍ പ്രതികരിച്ചത് വലത് ഇന്‍ഫീരിയര്‍ ടെമ്പറല്‍ ജൈറസായിരുന്നു(right inferior temporal gyrus). രൂപകങ്ങളുടെ(metaphors) അര്‍ത്ഥം കണ്ടെത്താന്‍ കൂടി സഹായിക്കുന്ന മസ്തിഷ്‌ക്ക ഭാഗമാണിതെന്നോര്‍ക്കുക. ഗ്രാഫ്മാന്‍ സംഘത്തിന്റെ പഠനഫലങ്ങള്‍ ദൈവകേന്ദ്രം സംബന്ധിച്ച് ശാസ്ത്രം ഇതുവരെ ശേഖരിച്ച വിവരങ്ങളേയും എത്തിച്ചേര്‍ന്ന നിഗമനങ്ങളേയും ശരിവെക്കുന്നവയാണെന്ന് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സ്പിരിച്വാലിറ്റി ആന്‍ഡ് മൈന്‍ഡിന്റെ ഡയറക്ടറായ ഡോ. ആന്‍ഡി ന്യൂബര്‍ഗ്(Dr Andrew Newberg)സാക്ഷ്യപ്പെടുത്തുന്നുണ്ട്. 


2011 ല്‍ ഗ്രാഫ്മാന്‍ പഠനത്തിന്റെ ചുവടു പിടിച്ച് പഠനം നടത്തിയ അമേരിക്കയിലെ തന്നെ മിസൗറി യൂണിവേഴ്‌സിറ്റിയിലെ ഡോ.ബ്രിക്ക് ജോണ്‍സ്റ്റണ്‍ (Dr. Brick Johnstone)ദൈവചിന്ത മനുഷ്യമസ്തിഷക്കത്തിന്റെ വിവിധഭാഗങ്ങളിലായാണ് വിചിന്തനം ചെയ്യപ്പെടുന്നതെന്ന കാര്യം ആവര്‍ത്തിച്ചു സ്ഥിരീകരിച്ചു. മാത്രമല്ല, മസ്തിഷ്‌ക്കത്തിന്റെ വലത് പരീയേറ്റല്‍ ലോബിന്റെ (right parietal lobe)കുറഞ്ഞപ്രവര്‍ത്തനമുള്ള അല്ലെങ്കില്‍ ആ ഭാഗത്ത് ക്ഷതമേല്‍ക്കുന്ന രോഗികളില്‍ ആത്മീയചിന്തകള്‍ താരതമ്യേന കൂടുതലാണെന്നും കണ്ടെത്തി. മസ്തിഷ്‌ക്കത്തിന് ചില ഭാഗങ്ങളുടെ ന്യൂനതകള്‍ ആത്മീയ-ദൈവചിന്ത വര്‍ദ്ധിപ്പിക്കുമെന്ന ജോണ്‍സ്റ്റന്റെ കണ്ടെത്തല്‍ ദൈവവിശ്വാസം അടിസ്ഥാനപരമായി ഒരു മസ്തിഷ്‌ക്ക അപഭ്രംശമാണെന്ന സിഗ്മണ്ട് ഫ്രോയിറ്റിന്റെ നിരീക്ഷണങ്ങളോട് ഏറെക്കുറെ പൊരുത്തപ്പെടുന്നുണ്ട്.

ദൈവകേന്ദ്രം എന്ന ആശയത്തെ ഡോ.വിളയന്നൂര്‍ രാമചന്ദ്രന്‍ പിന്താങ്ങിയിയെന്ന പ്രചരണമുണ്ടായിരുന്നു. 1998 ല്‍ പ്രസിദ്ധീകൃതമായ Phantoms in the Brain എന്ന കൃതിയില്‍ മസ്തിഷ്‌ക്കത്തില്‍ ദൈവസ്ഥാനം നിശ്ചയിക്കാനുള്ള ശ്രമം അദ്ദേഹം നടത്തിയിരുന്നുവെന്നത് വാസ്തവമാണ്. ടെമ്പറല്‍ ലോബക്ടമിയെ(temporal lobectomy) ദൈവ ലോബോക്ടമി (Godectomy) എന്ന് ഒരു പ്രഭാഷണത്തില്‍ രാമചന്ദ്രന്‍ വിശേഷിപ്പിക്കുന്നുണ്ട്. മസ്തിഷ്‌ക്കത്തിലെ ടെമ്പറല്‍ ലോബിനെ മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയുടെ പേരാണ് ടെമ്പറല്‍ ലോബക്ടമി. മനുഷ്യചരിത്രം പരിശോധിച്ചാല്‍ ഏതാണ്ട് എല്ലാ പ്രാക്തനസമൂഹങ്ങളിലും വ്യാപകമായ സാന്നിധ്യമറിയിക്കുന്ന അതിഭൗതിക ശക്തിയിലുള്ള വിശ്വാസത്തിന് എന്തെങ്കിലും ശാരീരികപരമായ അസ്തിത്വമുണ്ടോ എന്ന ചോദ്യം തികച്ചും സ്വഭാവികമാണെന്നാണ്(“the human belief in the supernatural is so widespread in all societies all over the world that it's tempting to ask whether the propensity for such beliefs might have a biological basis.”/The Phantoms in the Brain, Quill William Morrow, 1998)അദ്ദേഹം പറഞ്ഞത്.


കോര്‍ട്ടക്‌സിലെ ടെമ്പറല്‍ ലോബിന്റെ ഒരു ഭാഗം നീക്കം ചെയ്യുന്നത് മതാത്മകചിന്തകളെ സാരമായി ബാധിക്കുമെന്നും മസ്തിഷ്‌ക്കത്തിലെ മതമേഖലകള്‍ അപസ്മാരവേളയില്‍ അമിത തോതില്‍ സക്രിയമാകുമെന്നും അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി(“What would happen to the patient's personality-- especially his spiritual leanings-- if we removed a chunk of his temporal lobe? The one clear conclusion that emerges from all this is that there are circuits in the human brain that are involved in religious experience and these become hyperactive in some epileptics.’’). എന്നാല്‍ മനുഷ്യമസ്തിഷ്‌ക്കത്തില്‍ ദൈവകേന്ദ്രം ഉണ്ടെന്ന് താന്‍ പറഞ്ഞുവെന്ന അഭ്യൂഹങ്ങളെ അജ്ഞേയവാദിയായ അദ്ദേഹം പില്‍ക്കാലത്ത് തള്ളിപ്പറയുകയുണ്ടായി.

മസ്തിഷ്‌ക്കം അന്ധവിശ്വാസരൂപീകരണത്തിന് സഹായകരമോ?
അതെ എന്നുതന്നെ പറയണം. പക്ഷെ എന്താണതിനര്‍ത്ഥം? ദൈവവിശ്വാസം ഉണ്ടാകാന്‍ ദൈവകേന്ദ്രം ആവശ്യമില്ല എന്നതുതന്നെ. ദൈവവിശ്വാസം സാമൂഹികപരമാണോ ശാരീരികപരമാണോ(sociological or biological) എന്ന ചോദ്യത്തിന് ദൈവകേന്ദ്രം സംബന്ധിച്ച ശാസ്ത്രീയ അന്വേഷണങ്ങള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നുണ്ട്. മതവിശ്വാസം സഹജമല്ല മറിച്ച് ഒരു സാമൂഹികപരമായ അടിച്ചേല്‍പ്പിക്കലാണ്. Faith is an imposition not a composition. നിരീശ്വരനായ ശിശുവില്‍ മതവിശ്വാസം കുത്തിവെച്ചില്ലെങ്കില്‍ അവന്‍ അതേപടി തുടരും. ചെന്നായ, നായ, കുരങ്ങ് തുടങ്ങിയ മൃഗങ്ങള്‍ക്കൊപ്പം വന്യതയില്‍ വളര്‍ന്ന കുട്ടികള്‍ (feral children) സാക്ഷ്യപ്പെടുത്തുന്നതും മറ്റൊന്നല്ല. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നൂറ്റിയമ്പതില്‍പ്പരം കേസുകളില്‍ ഒന്നില്‍പ്പോലും കുട്ടികള്‍ക്ക് സഹജമായ മതപരത ഉള്ളതായി കണ്ടിട്ടില്ല. ചെറിയ പ്രായത്തില്‍, ചിന്താശേഷി ഉറയ്ക്കുന്നതിന് മുമ്പ് മതപരിശീലനവും ഉത്‌ബോധനവും നല്‍കി കുട്ടികളെ വിശ്വാസത്തിന് അടിപ്പെടുത്തിയില്ലെങ്കില്‍ മതവിശ്വാസം ക്രമേണ ലോകത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നതില്‍ തര്‍ക്കമില്ല. 


ബാല്യത്തിലെ മതബോധവത്ക്കരണം(childhood indoctrination) മതത്തിന്റെ ഓക്‌സിജനാകുന്നു. ചിന്താശേഷി ഉറച്ച, പ്രായപൂര്‍ത്തിയായ ഒരാളുടെ മുന്നില്‍ മതകഥകളും ശാസനങ്ങളും ആദ്യമായി അവതരിപ്പിച്ചാല്‍ ഒരുപക്ഷെ ഹാരിപോട്ടര്‍ കഥകള്‍ പോലെയാവും അയാള്‍ക്കത് തോന്നുക. മതം അതീവ ഗൗരവമുള്ളതായി കാണുന്ന പലതും കേവല തമാശകളായി അനുഭവപ്പെട്ടെന്നും വരാം. ഇത് മതം കൃത്യമായി മനസ്സിലാക്കുന്നതിനാലാണ് ബാല്യത്തിലേയുള്ള മസ്തിഷ്‌ക്കപ്രക്ഷാളനം അവര്‍ ഉറപ്പ് വരുത്തുന്നത്. തുടക്കത്തിലേ ചിറക് വെട്ടി വിട്ടാല്‍ പിന്നെ പറന്നുയരില്ലല്ലോ!

മതവിശ്വാസത്തെ സഹായിക്കുന്ന നിരവധി സഹജനിലപാടുകള്‍(default settings) മനുഷ്യമസ്തിഷ്‌ക്കം പരിണാമപരമായ അനുകൂലനത്തിലൂടെ (evolutionary adaptation) സ്വന്തമാക്കിയിട്ടുണ്ട്. 'പ്രതിരോധിക്കുക അല്ലെങ്കില്‍ പിന്തിരിയുക'(‘fight or flee’) തുടങ്ങിയ ചോദനപരമായ പ്രതികരണരീതികളും അവയില്‍പ്പെടുന്നു. അവയൊന്നും മതവിശ്വാസങ്ങള്‍ക്കോ അനുബന്ധ അന്ധവിശ്വാസങ്ങള്‍ക്ക് ആയി ഉരുവംകൊണ്ട നിലപാടുകളോ ചിന്താരീതികളോ അല്ല. നേരെമറിച്ച് ഹോമോ സാപിയന്‍സിന്റെ പരിണാമചരിത്രത്തില്‍ അതിന്റെ അതിജീവനത്തിന് സഹായകരമായിരുന്ന ഒരുപിടി അനുകൂലനങ്ങളുടെ ഉപോത്പ്പന്നമായാണ്(by product) മതവിശ്വാസമുള്‍പ്പെടെയുള്ള തെളിവുരഹിതവിശ്വാസങ്ങള്‍(beliefs without evidence) മനുഷ്യമസ്തിഷ്‌ക്കത്തില്‍ കുടിയേറിയത്. 


അന്ധവിശ്വാസത്തിന് അനുകൂലമായി നിര്‍മ്മിക്കപ്പെട്ട മസ്തിഷ്‌ക്കമാണ് നമ്മുടേത് എന്ന് പറയുമ്പോള്‍ അര്‍ത്ഥമാക്കപ്പെടുന്നത് മനുഷ്യമസ്തിഷ്‌ക്കത്തില്‍ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിര്‍ധരിക്കുകയും ചെയ്യുന്ന കോശസമൂഹങ്ങളോ മേഖലകളോ ഉണ്ടെന്നല്ല മറിച്ച് പരിണാമചരിത്രത്തില്‍ നമ്മുടെ മസ്തിഷ്‌ക്കം ചിന്താപരമായും വൈകാരികപരമായും അനുകൂലനം നേടിയ പല പ്രതികരണവ്യവസ്ഥകളും ചിന്താപദ്ധതികളും അത്തരം വിശ്വാസങ്ങളുടെ രൂപീകരണത്തെ പരോക്ഷമായി സഹായിക്കുന്നുണ്ടെന്നാണ്. ഹിന്ദുക്കള്‍ മഹാദേവന്റെ വാസസ്ഥലമായി കൈലാസത്തെ പരിഗണിക്കുന്നു. മനുഷ്യമസ്തിഷ്‌ക്കത്തില്‍ കൈലാസമുണ്ടോ എന്നത് ദശകങ്ങള്‍ക്ക് മുമ്പ് മതം ഉയര്‍ത്തിയ വ്യാജചോദ്യമായിരുന്നു. 'കൈലാസനാഥന്‍'ഉണ്ടാകാന്‍ കൈലാസം ഉണ്ടാകേണ്ട കാര്യമില്ലെന്ന് ശാസ്ത്രം മറുപടി പറഞ്ഞുകഴിഞ്ഞു. മാലാഖയേയും തീ തുപ്പുന്ന വ്യാളിയേയും സൃഷ്ടിക്കുന്ന മസ്തിഷ്‌ക്കത്തിന് ദൈവവും പ്രേതവുമൊക്കെ കേവലം കുട്ടിക്കളി മാത്രം!(This article was published in Sasthragathi Magazine Aug, 2013)

Thursday, 5 September 2013

68. സോപ്പു വില്‍ക്കുന്ന കടകള്‍

ഇക്കഴിഞ്ഞ ഞായറാഴ്ച(23.6.13) പാലക്കാട്ട് കെ.എസ്.ടി.എ ഹോളില്‍ വെച്ച് നടന്ന മതേതര കുടുംബസംഗമത്തില്‍ വെച്ച് യുക്തിവാദിസംഘം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീ മുഹമ്മദ് പാറക്കല്‍ ഒരു ശ്രദ്ധേയമായ നിരീക്ഷണം നടത്തുകയുണ്ടായി. പരാമര്‍ശത്തിന് ആധാരമായ സംഭവം നടന്നത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മലപ്പുറം ടൗണിലെ ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ഓഫീസിന് മുന്നില്‍ പര്‍ദ്ദയിട്ട സ്ത്രീകളുടെ വമ്പന്‍ തിരക്ക്. പലര്‍ക്കും അറിയേണ്ടത് സോപ്പ് കിട്ടുന്ന കടയെവിടെ എന്നാണ്! പരിഷത്ത് കുറഞ്ഞ ചെലവില്‍ സോപ്പും അടുപ്പും നിര്‍മ്മിച്ച് നല്‍കുന്നതാണ് ഈ മഹിളകളെ അങ്ങോട്ടാകര്‍ഷിച്ചത്. പരിഷത്തിന്റെ ഓഫീസാണോ ഉദ്ദേശിച്ചതെന്ന് ചോദിച്ചവരോട് ഏയ് അല്ല ആ സോപ്പും അടുപ്പുമൊക്കെ കുറഞ്ഞ വിലയ്ക്ക് കൊടുക്കുന്ന കട എവിടെയാണെന്ന് മാത്രമാണ് തങ്ങള്‍ക്കറിയേണ്ടത് എന്നാണ് ആ വനിതകള്‍ തീര്‍ത്തുപറഞ്ഞത്! വിലക്കുറവും ഗുണമേന്മയും തിരിച്ചറിഞ്ഞ് പരിഷത്തിന്റെ അടുപ്പും സോപ്പും വാങ്ങിപ്പോയവരാരും പരിഷത്തിന്റെ ആശയങ്ങള്‍ വാങ്ങിയില്ല, ദൗത്യം തിരിച്ചറിഞ്ഞതുമില്ല. 

സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടുന്നവര്‍ മിക്കപ്പോഴും ഓര്‍ക്കുന്നത് സമ്മാനങ്ങള്‍ മാത്രമായിരിക്കും. നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടാവില്ല. തങ്ങളുടെ വൈകാരികസത്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന എന്തിനോടും അന്ധമായി സമരംചെയ്യാന്‍ ബാല്യത്തിലേ പരിശീലനം കിട്ടിയവരാണ് മതവിശ്വാസികള്‍. അവരെ സമ്മാനംകൊടുത്ത് ആകര്‍ഷിക്കാനായേക്കും; പക്ഷെ അതേ മാതൃകയില്‍ നവീകരിക്കാം എന്നത് അമിതപ്രതീക്ഷയാണ്. സമ്മാനത്തിനന്റെ ചൂരടങ്ങുമ്പോള്‍ തനിക്കൊണം പുറത്തുവരുമെന്ന് തന്നെ പ്രതീക്ഷിക്കണം. കേരളസമൂഹത്തില്‍ ശാസ്ത്രജ്ഞാനവും യുക്തിബോധവും വളര്‍ത്തുന്നതില്‍ വലിയ സംഭാവന ചെയ്യുന്ന പ്രസ്ഥാനമാണ് പരിഷത്ത്. സോപ്പും അടുപ്പും നിര്‍മ്മിച്ച് ജനത്തെ മാറ്റിചിന്തിപ്പിക്കാമെന്ന എന്ന വ്യാമോഹവും അവര്‍ക്കുണ്ടാകാനിടയില്ല. എങ്കിലും മേല്‍പ്പറഞ്ഞ സംഭവം കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങള്‍ നേരിടുന്ന ഒരു പൊതു പ്രതിസന്ധിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. കാരണം ഇതേ പ്രശ്‌നം യുക്തിവാദി-സ്വതന്ത്രചിന്ത പ്രസ്ഥാനങ്ങളും അഭിമുഖീകരിക്കുന്നു.


ഭൗതികവാദികള്‍ ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ജനകീയരും സ്വീകാര്യരുമാകാന്‍ ശ്രമിക്കേണ്ടേ?-യുക്തിവാദികളുടേയും പരിഷത്തുകാരുടേയും സമ്മേളനങ്ങളില്‍ പലപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന ഒരു സന്ദേഹമാണിത്. 2013 മേയ് 5 ന് പന്തളത്ത് നടന്ന കെ.വൈ.എസിന്റെ പത്തനംതിട്ട ജില്ലാ പഠനക്യാമ്പില്‍ ഒരു കോളേജ് അദ്ധ്യാപകന്‍ ഏതാണ്ട് 25 മിനിറ്റ് നീണ്ട അതിദീര്‍ഘമായ ഒരു ചോദ്യം ഇത് സംബന്ധിച്ച് ഉന്നയിക്കുകയുണ്ടായി. പ്‌ളാച്ചിമടയിലും കൂടുംകുളത്തും വിളപ്പില്‍ശാലയിലും പോയി യുക്തിവാദികള്‍ സമരം ചെയ്ത് ജനശ്രദ്ധ ആകര്‍ഷിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ രത്‌നചുരുക്കം. രക്തദാനം, മാലിന്യനിര്‍മ്മാര്‍ജ്ജനം, സാമ്ര്യാജ്യത്വവിരുദ്ധസമരം, ജീവകാരുണ്യപ്രവര്‍ത്തനം തുടങ്ങിയവയും യുക്തിവാദികള്‍ ഏറ്റെടുക്കണം-അദ്ദേഹം നിര്‍ദ്ദേശിച്ചു. സാമാന്യം പഴക്കമുള്ള ആശയമാണ്. യുക്തിവാദികള്‍ എന്തു ചെയ്യണം എന്ന് പറയാന്‍ തീര്‍ച്ചയായും ഞാനാളല്ല. എങ്കിലും ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. 

ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരും ചെയ്യാത്തവരും എന്നതിനെക്കാളുപരി കൂടുതല്‍ ചെയ്യുന്നതാര് എന്നതാണ് ഇന്ന് സമൂഹത്തിന്റെ ഉപരിമണ്ഡലത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന ചോദ്യം. കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ മുതല്‍ സിനിമാ ഫാന്‍സ് അസ്സോസിയേഷനുകള്‍ വരെ ഈ രംഗത്ത് സജീവമാണ്. അധോലോക നായകനായ ഹാജി മസ്താനെ അറസ്റ്റ് ചെയ്താല്‍ മുംബൈ തെരുവുകളില്‍ ജനകീയലഹള പൊട്ടിപ്പുറപ്പെടുമെന്ന് മുംബൈ പോലീസ് ഭയന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു തെരുവിന്റെ മുഴുവന്‍ ക്ഷേമ-വിദ്യാഭ്യാസകാര്യങ്ങള്‍ കൊള്ളപ്പണം കൊണ്ട് സമര്‍ത്ഥമായി നിര്‍വഹിച്ചാണ് മസ്താന്‍ ഈ സ്ഥിതിവിശേഷം സംജാതമാക്കിയത്. തൊണ്ണൂറുകളില്‍ കേരളത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചന്ദ്രദാസ്(മണിച്ചന്‍) എന്ന സ്പിരിറ്റ് കടത്തുകാരന്‍ ചിറയിന്‍കീഴ് താലൂക്കില്‍ ചെയ്ത ക്ഷേമപ്രവര്‍ത്തനങ്ങള്‍ അയാളെ തദ്ദേശശിയരുടെ കണ്ണിലുണ്ണിയാക്കി മാറ്റി. രക്തദാനം മുതല്‍ ആനയെ നടയ്ക്കിരുത്തല്‍വരെ നടത്തി ജനപ്രിയനായകനായി വിളങ്ങിയ മണിച്ചനെ നിയമം കുരുക്കിയപ്പോള്‍ സ്വദേശം വിങ്ങിപ്പോയെന്നാണ് കഥ. ഈയിടെ കുപ്രസിദ്ധരായി തീര്‍ന്ന സോളാര്‍ തട്ടിപ്പുക്കാരും ചാരിറ്റിക്ക് പണം ചെലവഴിച്ചിരുന്നുവെന്നതില്‍ പിശുക്ക് കാട്ടിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നീട്ടിപ്പിടിക്കുന്ന കൈകളിലേക്ക് ചൂഷണസമ്പത്തില്‍ നിന്നും തുട്ടുകള്‍ വലിച്ചെറിഞ്ഞ് കോടികള്‍ തിരിച്ചാവാഹിക്കുന്ന ആള്‍ദൈവങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളുടെ ബ്രഹ്മാണ്ട സാധ്യതകള്‍ തിരിച്ചറിഞ്ഞവരാണ്. എതിരെയുള്ള എല്ലാത്തരം പരാതികളും തന്ത്രപൂര്‍വം റദ്ദാക്കാനും ജനദൃഷ്ടിയില്‍ നിന്നും തങ്ങളുടെ വികൃതമുഖം മറച്ചുവെക്കാനും സഹായിക്കുന്ന പ്രതിരോധതന്ത്രമായി അവരതിനെ പ്രയോജനപ്പെടുത്തുന്നു.

ചാരിറ്റി പലരും ദുരുപയോഗം ചെയ്യുന്നുവെന്നത് അതിനെ തിരസ്‌ക്കരിക്കാന്‍ പര്യാപ്തമായ വാദമല്ല. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന എല്ലാവരും ഇത്തരം ഹീന ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകുന്നവരല്ല. സഹജീവി സ്‌നേഹത്താല്‍ പ്രചോദിതരായി അന്യരെ സഹായിക്കാന്‍ ഉദ്യമിക്കുന്ന നിരവധി മനുഷ്യസ്‌നേഹികള്‍ നമുക്ക് ചുറ്റുമുണ്ട്. ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയാതിരിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയുള്ളവരാണവര്‍. സ്വര്‍ഗ്ഗസമ്മാനവും ഹൂറികളെയും പ്രതീക്ഷിച്ച് കാല്‍ക്കുലേറ്ററില്‍ ശതമാനം കൂട്ടി തുട്ടുകളെറിയുന്ന മാനസിക ജീര്‍ണ്ണതയും അവരെ ബാധിക്കുന്നില്ല. പരക്ഷേമത്തിനായി ശിഷ്ട വരുമാനം നീക്കിവെക്കുന്നവര്‍ പൊതുവെ മൂന്ന് വിഭാഗത്തില്‍പ്പെടുന്നു: മാനവിക മൂല്യങ്ങളാല്‍ പ്രചോദിതരായി പരസ്യരഹിതമായി ഈ ദൗത്യം സ്തുത്യര്‍ഹമായി നിര്‍വഹിക്കുന്നവരാണ് ആദ്യ വിഭാഗത്തില്‍. അവരത് ചെയ്യുന്നത് മിക്കപ്പോഴും സ്വകുടുംബം പോലും അറിയാറില്ല. വ്യക്തിഗത മുഖംമിനുക്ക് ലക്ഷ്യമിട്ട് പെരുമ്പറയടിച്ച് ഇതേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് രണ്ടാമത്തെ വിഭാഗം. പെരുമ്പറയടിച്ച് സ്വയം പരസ്യപ്പെടുത്തുന്നതിലും പ്രധാനമായി മറ്റുള്ളവരൊന്നും ക്ഷേമകാര്യങ്ങള്‍ ശ്രദ്ധിക്കില്ലെന്ന് സ്ഥാപിച്ച് സ്വയം മഹത്വപ്പെടുത്താനായി സദാ ആയാസപ്പെടുന്ന ജന്മങ്ങളാണ് മൂന്നാമത്തെ വിഭാഗത്തില്‍. ആദ്യത്തെ നിലപാട് ശ്‌ളാഘനീയവും രണ്ടാമത്തേത് സഹനീയവുമാണെങ്കില്‍ മൂന്നാമത്തേത് തികച്ചും ശോചനീയമായ ഒരുതരം മനോവൈകല്യമാണന്നേ പറയാവൂ.

മതം സമ്പത്തിന്റെ മഹാപര്‍വതങ്ങളാകുന്നു. ഭക്തജനത്തെ മോഹിപ്പിച്ചും പേടിപ്പിച്ചും അദ്ധ്വാനരഹിതമായി വാരിക്കൂട്ടുന്നചൂഷണസമ്പത്തില്‍ ഒരു പങ്ക് ചെലവിട്ട് ക്ഷമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ബുദ്ധിപരമായിരിക്കുമെന്ന് മതം തിരിച്ചറിഞ്ഞിട്ട് ഒരു നൂറ്റാണ്ടിലേറെയായി. മതത്തെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങളുടേയും ദിവ്യ ഇടപെടലുകളുടേയും കാലം കഴിഞ്ഞുവെന്ന പരസ്യപ്രഖ്യാപനം കൂടിയായിരുന്നുവത്. ഭൗതികമായ ഇടപെടലുകള്‍ മാത്രമാണ് ഫലദായകമെന്ന് അവസാനം മതവും സ്ഥിരീകരിക്കുകയായിരുന്നു. എങ്കിലും അതുവഴി മതസംസ്ഥാപനത്തിന് ശക്തമായ ഭൗതികഅടിത്തറ പടുത്തുയര്‍ത്താന്‍ അവര്‍ക്കായി. അരിയും തുണിയും ഔഷധവും നല്‍കുന്നത് പ്രാര്‍ത്ഥിപ്പിച്ച് ശ്വാസംമുട്ടിക്കുന്നതിലും ഫലപ്രദമാണെന്ന് മതതമ്പുരാക്കന്‍മാര്‍ക്ക് ബോധ്യപ്പെട്ടു. വിശ്വസിക്കാനും മതംമാറാനും അപരവിശ്വാസിയുടെ കഴുത്തറുക്കാനും സമ്മാനങ്ങള്‍ ഇരമ്പിനിന്നു. ശുദ്ധമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലൂടെ അധികാരകേന്ദ്രങ്ങളെ നിഷ്പ്രഭമാക്കാനും കൂടുതല്‍ അധികാരത്തിനായി വിലപേശാനും മതശക്തികള്‍ക്കായി. ഒന്നാംകിട സാമ്പത്തികപ്രവര്‍ത്തനമായി മാറിയതിലൂടെ മതം അതിന്റെ ശക്തിയും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കുന്നതിന് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടം സാക്ഷ്യംവഹിച്ചു. ആത്മീയത അതിഭൗതികതയായി, ദൈവസഹായം ഭൗതികപിന്തുണയായി.

ആര്‍ട്ടിക്കിള്‍ 51 എ(എച്ച്) വിഭാവനം ചെയ്യുന്ന ഭരണഘടനാ ദൗത്യം നിര്‍വഹിക്കാന്‍ ഉദ്യമിക്കുന്നവരാണ് സ്വതന്ത്രചിന്തകരും ശാസ്ത്രപ്രചാരകരും യുക്തിവാദികളുമൊക്കെ. ഫലേച്ഛയില്ലാതെ തികഞ്ഞ അര്‍പ്പണബോധത്തോടെയാണ് മിക്കവരും ഈ ദൗത്യം നിര്‍വഹിക്കുന്നത്. ഈ സവിശേഷമായ ഈ ആശയസമരം നിറവേറ്റാന്‍ വേറാരും തയ്യാറല്ലെന്നതാണ് ഇക്കൂട്ടരുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. സ്വതന്ത്രചിന്തകര്‍ക്ക് എല്ലാത്തരം സാമൂഹിക-ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്താനാവും. സ്വന്തം നിലയ്ക്കും ബന്ധപ്പെട്ട കൂട്ടായ്മകളുമായി സഹകരിച്ചും അവര്‍ക്കത് വിജയകരമായി നിര്‍വഹിക്കാം. പക്ഷെ സ്വതന്ത്രചിന്താപ്രസ്ഥാനങ്ങള്‍ മുഖ്യദൗത്യം പാര്‍ശ്വപ്പെടുത്തി മുഖംമിനുക്കലിനും തൊട്ടുതേക്കലിനും ഉദ്യമിച്ചാല്‍ അത് കുറേക്കൂടി വെളിച്ചത്തിന് അര്‍ഹതപ്പെട്ട ഭാവിതലമുറയോട് ചെയ്യുന്ന അന്യായമായിരിക്കും. ശാസ്ത്രവും സ്വതന്ത്രചിന്തയും പ്രചരിപ്പിക്കുന്നത് മതാധിഷ്ഠിത സമൂഹങ്ങളില്‍ വലിയൊരു വെല്ലുവിളി തന്നെയാണ്. ഭൂരിപക്ഷത്തിന്റെ പിന്തുണ അതിനുണ്ടാവില്ലെന്ന് മാത്രമല്ല ഒറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും പരിഹാസങ്ങളും ആദ്യാവസാനം കത്തിക്കാളുകയും ചെയ്യും. പക്ഷെ സ്വതന്ത്രചിന്തകര്‍ക്ക് യുക്തിരാഹിത്യത്തിന്റെയും ചൂഷണത്തിന്റെയും സൂപ്പര്‍മാര്‍ക്കറ്റായ മതത്തിനെതിരെ വിമര്‍ശനാത്മകമായ നിലപാട് സ്വീകരിക്കേണ്ടി വരും. ക്ഷിപ്രവിജയം അസാധ്യമെന്നുറപ്പുള്ളപ്പോഴും കയ്യൊഴിയാനാവാത്ത ഒരു പോരാട്ടമാണത്.

ജനകീയവിഷയങ്ങളില്‍ ഇടപെട്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വളര്‍ന്നതും ജമാ-അത്ത് ഇസ്‌ളാമി പോലുള്ള മതവെറിയന്‍മാര്‍ പരിസ്ഥിതിവാദവും സാമ്ര്യാജ്യത്വവിരുദ്ധ പ്രതിരോധവും കൂട്ടിക്കുഴച്ച് പൊതുജനമധ്യേ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന കാര്യവും പലരും താരതമ്യത്തിനായി ചൂണ്ടിക്കാണിക്കാറുണ്ട്. സ്വതന്ത്രചിന്തകര്‍ക്കും നാസ്തികര്‍ക്കും സ്വീകരിക്കാവുന്ന മാര്‍ഗ്ഗമാണോയിത്? മതമൗലികവാദത്തിന്റെ അസ്സല്‍ മുഖം മറച്ചുപിടിച്ച് ജനത്തെ കബളിപ്പിക്കാനാണ് മതസംഘടനകള്‍ ശരീരമാസകലം പുരോഗമാനാഭിമുഖ്യം വാരിപ്പൂശുന്നത്. നാസ്തികതയും മതവിമര്‍ശനവും കിറുകൃത്യമായി ഒഴിവാക്കിയും അനഭിലഷണീയമായ തോതില്‍ മതപ്രീണനം നടത്തിയുമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വേരൂന്നിയത്. ജനങ്ങള്‍ക്ക് ഹിതകരമായത് മാത്രം ചെയ്തും പറഞ്ഞും ജനകീയത വര്‍ദ്ധിപ്പിക്കാന്‍ പ്രയാസമില്ല. പോകുന്ന വഴിയേ അടിക്കുക എന്ന നിലപാട് സുഖകരവും സൗകര്യപ്രദവുമായേക്കാം. സമൂഹത്തെ സ്വാധീനിക്കാനാവാതെ വരികയും നിങ്ങള്‍ നിരന്തരം ഭൂരിപക്ഷഭീകരതയാല്‍ നിഷ്പ്രഭമാക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയാണവിടെ സംജാതമാകുന്നത്. 

സദസ്സറിഞ്ഞ് പ്രസംഗിക്കുന്നത് ബുദ്ധി മാത്രമല്ല ഗതികേടും ഭീരുത്വവും കൂടിയാണ്. ചിന്താപരമായി സമൂഹത്തെ കൂടുതല്‍ ജഡവല്‍ക്കരിക്കാന്‍ മാത്രമേ അത്തരം നിലപാടുകള്‍ സഹായകരമാവൂ. പലരും ചെയ്യാന്‍ ഭയപ്പെടുന്നതാണ് പലപ്പോഴും സ്വതന്ത്രചിന്തകര്‍ക്ക് ചെയ്യേണ്ടി വരുന്നത്. അഴിമതി വിരുദ്ധ സമരമോ സാമ്രാജ്യത്വവിരുദ്ധ റാലിയോ പരിസ്ഥിതി മാര്‍ച്ചോ നടത്തുന്നതു പോലെ അനായാസമായിരിക്കില്ല മതവിമര്‍ശനദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത്. കാരണം മതം നിര്‍ദ്ദയമായി നിങ്ങളെ വേട്ടയാടും. ജനകീയതയും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കുന്നതിനല്ല മറിച്ച് പറയേണ്ട കാര്യങ്ങള്‍ സത്യസന്ധമായി തുറന്ന് പറയുന്നതിനാണ് സ്വതന്ത്രചിന്ത പ്രസ്ഥാനങ്ങള്‍ പ്രാധാന്യം കൊടുക്കേണ്ടത്. ഒരേസമയം മതത്തെ വിമര്‍ശിക്കുകയും പൊതുസ്വീകാര്യത നിലനിറുത്തുകയും ചെയ്യുകയെന്നത് മതാധിഷ്ഠിത സമൂഹത്തില്‍ തികച്ചും ദുഷ്‌ക്കരമായിരിക്കും. പക്ഷെ തൊട്ടുതേക്കലുകളും മുഖംമിനിക്കലുകളും വഴി യുക്തിചിന്ത പടര്‍ത്താമെന്ന് ചിന്തിക്കുന്നവര്‍ മതത്തെക്കുറിച്ച് കുറച്ച് കൂടി മനസ്സിലാക്കേണ്ടി വരും. 


തങ്ങള്‍ ആടലോടകമായി നെഞ്ചേറ്റുന്ന ഒന്ന് വെറും ആട്ടിന്‍ക്കാട്ടമാണെന്ന് തുറന്നടിക്കുന്നവരെ വിശ്വാസി സമൂഹത്തിന് ഉള്‍ക്കൊള്ളനാവില്ല. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ ആ കൊച്ചുകുട്ടിയുടെ ഗതിയാണ് ഓരോ നാസ്തികനേയും കാത്തിരിക്കുന്നത്. വെറുതെ മതത്തെ എതിര്‍ത്ത് സമയം കളയാതെ കുറച്ച് കാശ് പിരിച്ച് ക്ഷേമപ്രവര്‍ത്തനം നടത്തി കയ്യടി നേടിക്കൂടേ എന്ന് ഉദാരമൂര്‍ത്തികളായ മതവാദികള്‍ അവരെ നോക്കി പരിഹസിച്ചേക്കും. നാസ്തികര്‍ക്ക് തൊഴിലുണ്ടാക്കി കൊടുക്കുന്നതില്‍ ആനന്ദിക്കുന്നവരാണ് ഈ അവതാരങ്ങള്‍. എല്ലാവരും ചെയ്യുന്നതു തന്നെ സ്വതന്ത്രചിന്തകരും ചെയ്യണമെന്ന മതശാഠ്യം പലതും പറയാതെ പറയുന്നുണ്ട്. മതവിമര്‍ശകരുടെ അജണ്ട അട്ടിമറിച്ചും ദിശാബോധം നഷ്ടപ്പെടുത്തിയും മതസംരക്ഷണം ഉറപ്പുവരുത്താമെന്നും ഈ ശക്തികള്‍ കണക്കുകൂട്ടുന്നു. മതവിമര്‍ശനമുന്നയിരിക്കുന്ന അവസാനത്തെ നാവിലും പട്ടി ബിസ്‌ക്കറ്റ് വെച്ചു കൊടുത്ത് മയക്കിയിടാനുള്ള മതശക്തികളുടെ ശ്രമം തിരിച്ചറിയപ്പെടണം. അവയവദാനം പോലുള്ള സത്കര്‍മ്മങ്ങള്‍ വഴി സമൂഹത്തിന് ആകെ മാതൃകയാകുന്നവരാണ് യുക്തിവാദികള്‍. സ്വയം മഹത്വപ്പെടുത്തലിനുപരിയായി വിഷംതീനികളായി നിലകൊള്ളേണ്ട ദൗത്യമാണ് ഓരോ സ്വതന്ത്രചിന്തകനുമുള്ളത്. വെകാരികത ഉദ്ദീപിച്ച് അവര്‍ക്ക് വിജയം വരിക്കാനാവില്ല. ചിന്തപരമായ മാറ്റങ്ങളാണ് അവര്‍ ലക്ഷ്യമിടേണ്ടത്. ജനകീയത കൊഴുപ്പിക്കാന്‍ സെന്റും പൗഡറുമിട്ട് പ്രത്യക്ഷപ്പെടേണ്ട ബാധ്യത അവര്‍ക്കില്ല. എന്തെന്നാല്‍ സുഗന്ധം പരത്തുന്ന ആശയങ്ങളാണ് അവര്‍ വിതരണം ചെയ്യുന്നത്.

പരിഷത്തും യുക്തിവാദി സംഘടനകളുമൊക്കെ കേരളസമൂഹത്തില്‍ ചെയ്യുന്ന സേവനം മഹത്തരമാണ്. പര്‍ദയിട്ട സ്ത്രീകള്‍ സോപ്പ് കിട്ടുന്ന കടയെവിടെ എന്ന് ചോദിക്കുമ്പോള്‍ അവിടെ ഉദ്ദേശിക്കപ്പെടുന്ന കുത്തകകള്‍ക്കും സാമ്ര്യാജ്യത്വത്തിനും എതിരെയുള്ള പോരാട്ടം ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. കുറഞ്ഞ വിലയ്ക്ക് ഉത്പ്പന്നം സ്വന്തമാക്കാനുള്ള വാണിഭബുദ്ധിയാണ് ഇവിടെ ഉപഭോക്തക്കളായ വനിതകള്‍ പ്രയോഗിക്കപ്പെടുന്നത്. അതിനവരെ തെറ്റു പറയാനുമാവില്ല. പരിഷത്തോ അമേരിക്കയോ അണ്ണാ ഡി.എം.കെ യോ മെച്ചപ്പെട്ട സോപ്പ് കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കിയാലും അതൊക്കെ വാങ്ങാന്‍ ഇതേ ചോദ്യവുമായി അവരെത്തും. ആര് കൊടുക്കുന്നു-എന്തിന് കൊടുക്കുന്നു എന്നതല്ല മറിച്ച് ഉത്പന്നം ലാഭകരമാണോ എന്നതാണ് അവരെ അലട്ടുന്ന വിഷയം. മതത്തില്‍ തൊട്ടു കളിക്കാതെയുള്ള ജനകീയ-വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ താരതമ്യേന എളുപ്പമാണ്. അതനപ്പുറം പോകാന്‍ ശ്രമിക്കുമ്പോഴാണ് യഥാര്‍ത്ഥ വെല്ലുവിളി. പരിഷത്തും യുക്തിവാദികളും പരാജയപ്പെടുന്നത് അവരുടെ എന്തെങ്കിലും ന്യൂനതയോ പാളിച്ചയോ കൊണ്ടാണെന്ന് കരുതാനാവില്ല. രോഗഗ്രസ്തമായ മതമന:സാക്ഷിയാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ തിരിസ്‌ക്കരിക്കപ്പെടാന്‍ പ്രധാന കാരണം. 

മതസംഘടനകള്‍ ചെയ്യുന്നു എന്നത് കൊണ്ടു മാത്രം ഒരു കാര്യം ശരിയോ തെറ്റോ ആകുന്നില്ല. മതത്തില്‍ നിറയെ തെറ്റുകള്‍ മാത്രമാണെന്ന് വിഭാവനം ചെയ്യുന്നതും യുക്തിഹീനമാണ്. മതവിശ്വാസികളും അവിശ്വാസികളും 99 ശതമാനം കാര്യങ്ങള്‍ ഏതാണ്ട് ഒരുപോലെ നിര്‍വഹിക്കുന്ന മനുഷ്യരാണ്. ആശയതലത്തില്‍ മാത്രമാണ് അവര്‍ അന്തരപ്പെടുന്നത്. ഗോത്രം ചെയ്യുന്നത് മതം ചെയ്യുന്നതോ മതം ചെയ്യുന്നത് യുക്തിവാദികള്‍ ചെയ്യുന്നതോ വിഷയമല്ല. ഇവിടെ വിഷയം മതം ഉള്‍പ്പെടെയുള്ള സാമ്പത്തികഭീമന്‍മാര്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ സമാനമായ തോതില്‍ ചെയ്യാനുള്ള സ്വതന്ത്രചിന്തകരുടെ പരിമിതികള്‍ ചൂണ്ടിക്കാണിക്കുകയാണ്. ഒരു സാമൂഹിക ഉത്പ്പന്നമെന്ന നിലയില്‍ മതത്തിന് പൂര്‍ണ്ണമായും തിന്മയാവുക അസാധ്യമാണ്. മനുഷ്യനില്‍ നന്മയും തിന്മയുമുണ്ട്. മനുഷ്യന്‍ നിര്‍മ്മിക്കുന്ന സാമൂഹിക ഉത്പ്പന്നങ്ങളിലും അവ ആനുപാതികമായി പ്രകടമാകും. മതം എതിര്‍ക്കപ്പെടുന്നത് അതില്‍ നന്മയുടെ അംശം കുറവും തിന്മയും ചൂഷണവും കൂടുതലുമാണ് എന്നത് കൊണ്ടാണ്. അഴിമതിയും അയിത്തവും അടിമത്തവും എതിര്‍ക്കപ്പെടുന്നതും അക്കാരണത്താലാണ്. അതല്ലാതെ അവയിലെങ്ങും യാതൊരു നന്മയുമില്ല എന്നതുകൊണ്ടല്ല. യുക്തിവാദം സംഘടനാതലത്തില്‍ സുവിശേഷവേലയാക്കി സ്വീകാര്യത വര്‍ദ്ധിപ്പിക്കാമെന്ന ചിന്താഗതിയോട് യോജിപ്പില്ലെന്നാണ് പറഞ്ഞുവരുന്നത്.

അതേസമയം പ്രായോഗികമായി വിജയകരമായി ചെയ്യാവുന്ന സേവനമാണ് ബില്‍ ഗേറ്റ്‌സിനെപ്പോലെയുള്ള അവിശ്വാസികളായ സമ്പന്നര്‍ ചെയ്യുന്നത്. വിശ്വാസിക്കും അവിശ്വാസിക്കും അത്തരം സേവനങ്ങള്‍ നിര്‍വഹിക്കാനാവും. ചെയ്യാന്‍ കഴിയുന്നവ ചെയ്യുകയും വേണം. യുക്തിവാദികള്‍ ചാരിറ്റി ചെയ്യുന്നതിനോട് എതിരഭിപ്രായമില്ല. വ്യക്തിഗത തലത്തിലും സംഘടനകളോട് ചേര്‍ന്നും അത് നിര്‍വഹിക്കുന്നവര്‍ ഏറെയുണ്ട്. പെരുമ്പറയിസം പിന്തുടരാത്തവരെല്ലാം ഒന്നും ചെയ്യാത്തവരാണെന്ന നിഗമനം ലളിതചിന്തയാണ്. ദാനം കൊടുക്കുന്ന ഞാന്‍ മെച്ചമാണ് എന്ന് സ്വയം കരുതുന്നതിലും മറ്റുള്ളവര്‍ അത്ര പോര എന്ന് പ്രചരിപ്പിക്കുന്നതിലും ഗുണപരമായ വ്യത്യാസമുണ്ട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സ്വതന്ത്രചിന്ത പ്രസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. സമ്പന്നര്‍, ക്രിമിനലുകള്‍, മതക്കാര്‍, കള്ളക്കടത്തുകാര്‍, കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ള വിഭാഗങ്ങള്‍ നിഷ്പ്രയാസം വന്‍തോതില്‍ പണമെറിഞ്ഞ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും അതുവഴി ജനപ്രീതി നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനാല്‍ സ്വതന്ത്രചിന്താ പ്രസ്ഥാനങ്ങളും ആ വഴിക്ക് പരിശ്രമിക്കണമെന്നതാണ് ആ നിര്‍ദ്ദേശം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെല്ലാം ചൂഷണസമ്പത്ത് പ്രദാനം ചെയ്യുന്ന കനത്ത സാമ്പത്തിക സ്രോതസ്സുകളുള്ളതിനാല്‍ പണമെറിഞ്ഞ് കളിക്കാന്‍ വിഷമമില്ലെന്നതാണ് വാസ്തവം. മാത്രമല്ല തങ്ങളുടെ വികൃതമുഖം ജനസാമാന്യത്തില്‍ നിന്ന് മറച്ചുവെക്കാന്‍ അത്തരം തൊട്ടുതേപ്പുകള്‍ സഹായകരമായിരുന്നു. 

പക്ഷെ ഒരു സംഘടിതവിഭാഗമെന്ന നിലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നതോടെ സ്വതന്ത്രചിന്തകര്‍ അവരുടെ മുഖ്യ അജണ്ടയില്‍ നിന്നും വ്യതിയാനപ്പെടുമെന്ന ആശങ്ക അസ്ഥാനത്തല്ല. അത് നിര്‍വഹിക്കാന്‍ മറ്റാരും തയ്യാറല്ലതാനും. വിഭവശേഷിയും പ്രഹരശേഷിയും പരിഗണിക്കുമ്പോള്‍ തുടങ്ങിവെച്ചാലും പിന്തള്ളപ്പെടുമെന്ന് ഉറപ്പുള്ള ഒരു മേഖലയ്ക്ക് മുന്‍ഗണന കൊടുക്കുന്നത് അഭികാമ്യമല്ല. കരുണയാണെന്ന ഫലിതപ്രസ്താവനയ്ക്ക് തുല്യം വെക്കാന്‍ ഇസ്‌ളാം സമാധാനമാണ് എന്ന അതിഘോര മതഫലിതത്തിന് പോലും സാധിക്കുമോ എന്നറിയില്ല. ചുട്ടുപൊള്ളിച്ച ശേഷം പൊട്ടിയടരുന്നിടത്ത് പച്ചവെള്ളം ഒഴിച്ച് കൊടുത്തിട്ട് ആളു കളിക്കുന്നത് മതജീര്‍ണ്ണതയുടെ മാത്രം അടയാളമാണ്. മതവും കരുണയുമായി യാതൊരു ബന്ധവുമില്ല-ഇല്ലാത്ത ഒന്ന് ഉണ്ടാക്കിയെടുക്കാനാണ് അവര്‍ ആയാസപ്പെടുന്നത്. മാനവികവാദികളെ സംബന്ധിച്ചിടത്തോളം അത്തരം തൊട്ടുതേപ്പുകളും ഒട്ടിച്ചുവെക്കലുകളും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മുഖ്യദൗത്യത്തെ പാര്‍ശ്വപ്പെടുത്തി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുന്നത് പരിമിതമായ വിഭവശേഷിയുള്ള വിഭാഗങ്ങള്‍ക്ക് ഗുണകരമാവില്ല തന്നെ. നിറവേറ്റാനുള്ള ദൗത്യം കൃത്യമായി വിജയിപ്പിച്ചിട്ടാണോ പുറംപണി സ്വീകരിക്കുന്നതെന്ന ലളിതമായ ചോദ്യം യുക്തിസമ്പന്നര്‍ക്ക് മുന്നിലുണ്ടാവുമെന്നറിയുക.

ജനിതക നന്മകള്‍
ഹിന്ദുമതത്തിലെ കര്‍മ്മസിദ്ധാന്തമനുസരിച്ച് ഭിക്ഷ കൊടുക്കുന്നതും അഗതിയെ സഹായിക്കുന്നതും സൈദ്ധാന്തികമായി കൊടിയ തെറ്റാണ്. മുജ്ജന്മത്തിന്റെ പാപഫലമായാണ് ഈ ജന്മത്തില്‍ പലരും ഭിക്ഷക്കാരും അഗതികളും രോഗികളുമായി തീരുന്നത്. കര്‍മ്മഫലം അനുഭവിച്ചേ മതിയാകൂ. കര്‍മ്മത്തിന്റെ കണക്കുപുസ്തകത്തില്‍ ജന്മജന്മാന്തരങ്ങളായി ഓരോ ജീവിതാനുഭവവും രേഖപ്പെടുത്തപ്പെടും. വിധിവിഹിതമനുസരിച്ച് അനുഭവിക്കേണ്ടത് അനുഭവിക്കേണ്ടതുപോലെ അനുഭവിച്ച് ഒക്കെ ഈ ജന്മത്തില്‍ തീര്‍പ്പാക്കിയാല്‍ പ്രസ്തുത ജീവാത്മാവിന് പുനര്‍ജന്മവും നരകയാതനകളുമില്ലാതെ പരമാത്മാവില്‍ വിലയം പ്രാപിക്കാം. പക്ഷെ നാമവരെ സഹായിച്ച് അവരുടെ യാതനകളും വേദനകളും കെടുതികളും നേര്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഈ ജന്മത്തില്‍ നിര്‍ദ്ദിഷ്ട പാപഫലം പൂര്‍ണ്ണമായും അനുഭവിച്ച് തീര്‍ക്കാനാവില്ല. അവര്‍ വീണ്ടും ഭൂമിയില്‍ ജനിക്കാന്‍ ഇത് കാരണമായിത്തീരും. നായയായോ കൂറയായോ അവര്‍ വീണ്ടും നരകിക്കേണ്ടി വരും. മനുഷ്യ ജന്മമാണെങ്കില്‍ പാപയോനിയില്‍ പിറന്ന് ദുരന്തമായി എരിഞ്ഞടങ്ങും. ഈ ജന്മത്തില്‍ നരകിക്കുന്നവന് വീണ്ടുമൊരു കെടുതി കൂടി സമ്മാനിക്കുന്നത് മനുഷ്യത്വമാണോ? അതൊഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആത്മാവിലും പുനര്‍ജന്മത്തിലും കര്‍മ്മസിദ്ധാന്തത്തിലുമൊക്കെ വിശ്വസിക്കുന്നുവെങ്കില്‍ നാമവരുടെ ദുരിതങ്ങളില്‍ ഇടപെട്ട് അവ ലഘൂകരിക്കാന്‍ തുനിയരുത്-ഭിക്ഷ കൊടുക്കരുത്, ധനസഹായം ചെയ്യരുത്.....ഹിന്ദുക്കളില്‍ ഭൂരിപക്ഷവും ഈ മതതത്വം തള്ളി തങ്ങളുടെ ജന്തുസഹജമായ ചോദനകളെ അടിസ്ഥാനമാക്കി ജീവിക്കുന്നവരായിരിക്കും. മതമനുസരിച്ച് ജീവിക്കുന്ന മതജീവികള്‍ ഈ ഭൂലോകത്തില്‍ നിന്നും അപ്രത്യക്ഷമായതിന്റെ ഒരു കാരണം മതബോധത്തിന് നശിപ്പിക്കാനാവാത്ത മനുഷ്യനിലെ ജനിതകനന്മയാണ്.

പരസഹായം ചെയ്യുക എന്നത് മനുഷ്യനുള്‍പ്പെടെ നിരവധി സ്പീഷിസുകളടുടെ ജൈവികചോദനയുടെ ഭാഗമാണ്. അതിജീവനത്തിന് സഹായകരമായ ഒരു നിലപാടെന്ന നിലയിലാണ് പരിണാമചരിത്രത്തില്‍ അതിന് അനുകൂലനം സിദ്ധിച്ചത്. സഹജീവിസ്‌നേഹം പ്രകടിപ്പിക്കാത്ത ജീവികള്‍ പ്രകൃതിയില്‍ അപൂര്‍വമാണ്. ഒരു ജീവിയുടെ അതിജീവനം അതുള്‍ക്കൊള്ളുന്ന ജീനുകളുടെ അതിജീവനത്തെ സഹായിക്കും. ബന്ധുക്കള്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്ന ജീന്‍ മിക്ക ജീവികളിലുമുണ്ട്. ഈ ജീന്‍ അതിന്റെ അനേകം പതിപ്പുകളുണ്ടാക്കി എണ്ണം വര്‍ദ്ധിപ്പിച്ചാല്‍ രക്തബന്ധുക്കളോടുള്ള ഉപകാരത്വര (Kin altruism) ജീവികളില്‍ ഒരു നിയമമാകും. സാഹചര്യങ്ങളുടെ സൃഷ്ടിയാണിത്. അതല്ലാതെ ജീനുകള്‍ സ്വാര്‍ത്ഥതകൊണ്ട് പരോപകാരപ്രദമായി പെരുമാറാന്‍ ജീവികളെ പ്രേരിപ്പിക്കുകയല്ല. പരോപകാരപ്രവണതയും രക്തബന്ധുക്കളോടുള്ള മൃദുലവികാരങ്ങളും പ്രകടമാക്കുന്ന ഏക ജീവിവര്‍ഗ്ഗം മനുഷ്യനാണോ? ഒരിക്കലുമല്ല. ഇത്തരം വികാരങ്ങളും പെരുമാറ്റരീതിയും മിക്കവാറും എല്ലാ ജീവിവര്‍ഗ്ഗങ്ങളിലുമുണ്ട്. മാതൃസ്‌നേഹം, ശിശുപരിപാലനം, മുലയൂട്ടല്‍, അപായസൂചനകള്‍, കൂട്ടത്തോടെയുള്ള പ്രതിരോധവും ആക്രമണവും, ആഹാരസമ്പാദനത്തിലെ പരസ്പരസഹകരണം...തുടങ്ങിയ സ്വഭാവസവിശേഷതകള്‍ ജീവിവര്‍ഗ്ഗങ്ങളില്‍ പൊതുവായി കാണപ്പെടുന്നവയാണ്. 

മനുഷ്യനുമാത്രം സ്വന്തമെന്ന് നാം തെറ്റിദ്ധരിക്കുന്ന മൃദുലവികാരങ്ങളും ബന്ധുജനസംരക്ഷണത്വരയും ക്രൂരമൃഗങ്ങള്‍ക്കിടയില്‍പോലുമുണ്ട്- ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍. പരസ്പരസഹായത്വര (Reciprocal altruism) അതിജീവനത്തിന്റെ കാര്യത്തില്‍ നിര്‍ണ്ണായകമാണ്. 'നീയെന്റെ പുറം ചൊറിയുക, ഞാന്‍ നിന്റെ പുറം ചൊറിയാം' (`You scratch my back and I scratch your back') എന്ന നിലപാടാണിത്. പരസ്പരസഹായത്വര ഭിന്നവര്‍ഗ്ഗങ്ങള്‍ക്കിടയിലും സാധ്യമാണ്. വേട്ടക്കാരന് കുന്തം വേണം, കൊല്ലന് വെടിയിറച്ചിയും. സ്വാഭാവികമായും പരസ്പരം സഹായിക്കുന്നത് ഇരുകൂട്ടര്‍ക്കും ഗുണകരമാണ്. ശലഭത്തിന് തേന്‍ ലഭിക്കുമ്പോള്‍ പൂവില്‍ പരാഗണം നടക്കുന്നു.

ഒരു വമ്പന്‍ പാറയ്ക്ക് അടിയില്‍ ഇരിക്കുന്ന ഭക്ഷണം പാറ ഇളക്കിമാറ്റി എടുക്കാന്‍ ഒരാള്‍ക്ക് മാത്രമായി സാധിക്കില്ല. അതിനാല്‍ അയാള്‍ കൂട്ടരെ സഹായത്തിന് വിളിക്കുന്നു. ഭക്ഷണം പങ്കുവെക്കാന്‍ അയാള്‍ക്ക് മടിയില്ല. കാരണം അപ്പോഴും അയാള്‍ക്ക് ലാഭമാണ്. പരസ്പരസഹകരണമില്ലെങ്കില്‍ ആര്‍ക്കും ഒന്നും കിട്ടില്ലല്ലോ. വേട്ടമൃഗങ്ങള്‍ ഈ സിദ്ധാന്തം അക്ഷരംപ്രതി പാലിക്കും. ഇരയെ കടിച്ചു കീറി തിന്നുമ്പോഴും ഒരു വിശുദ്ധനിയമത്തിന് അടിപ്പെട്ടതുപോലെയുള്ള ഒരു പരസ്പരധാരണ അവര്‍ക്കിടയില്‍ ദൃശ്യമാകും. ജീവികളെ സംബന്ധിച്ചിടത്തോളം ഭക്ഷണം എന്നത് വിട്ടുവീഴ്ച അസാധ്യമാക്കുന്ന ഒരു മേഖലയാണ്. അവിടെയാണ് ഹിംസ്രജീവികള്‍ക്കിടയില്‍പ്പോലും കൃത്യമായ പങ്കുവെക്കല്‍ ധാരണകളുണ്ടാക്കുന്നത്. പരസ്പരസഹായത്വര ഉണ്ടാകാന്‍ പ്രധാന കാരണങ്ങളിലൊന്ന് ജീവജാലങ്ങളുടെ വ്യക്തിപരമായ ശേഷിക്കുറവും അവരുടെ ആവശ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ്. ഒരു ജീവിക്കില്ലാത്ത കഴിവ് മറ്റൊന്നിനുണ്ടെന്ന് വരുമ്പോള്‍ തമ്മിലുള്ള പരസ്പരസഹായം ഗുണകരവും അനിവാര്യവുമാകുന്നു. ചുരുക്കത്തില്‍ ആവശ്യം, ശേഷി എന്നിവ തമ്മിലുള്ള അസമതയാണ് (Asymmetry) പരസ്പരസഹായത്വരയുടെ കാതല്‍. അസമത വര്‍ദ്ധിക്കുന്നതനുസരിച്ച് സഹായത്വരയും വര്‍ദ്ധിക്കുന്നു. 

രക്തം ശേഖരിച്ച് വെച്ച് പിന്നീട് കുഞ്ഞുങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ഛര്‍ദ്ദിച്ച് (Regurgitate) കൈമാറുന്ന അമേരിക്കയിലെ രക്തരക്ഷസ്സു(Vampire Bat)പോലുള്ള വാവലുകള്‍ പരസ്പരസ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും മകുടോദാഹരണങ്ങളാണ്. ആര്‍ക്കൊക്കെ രക്തം കടം കൊടുത്താല്‍ തിരിച്ച് കിട്ടും, ആര്‍ക്കൊക്കെ കൊടുത്താല്‍ ചതിക്കപ്പെടും എന്നകാര്യത്തില്‍ ഇവയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് ജീവശാസ്ത്രജ്ഞര്‍ പറയുന്നു. പ്രകൃതിനിര്‍ധാരണം ഏതൊക്കെ ജീവിയെ സഹായിക്കാം, സഹായിച്ചുകൂടാ എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അതാത് ജീനുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പരസ്പരസഹായത്വര ചതിയന്‍മാര്‍ക്കെതിരെയുള്ള ഒരു പ്രതിരോധതന്ത്രം കൂടിയാണ്. അജ്ഞാതമായ ഒരു സാഹചര്യത്തില്‍ തനിക്കുണ്ടാകാന്‍ ഇടയുള്ള നഷ്ടസാധ്യത ഒഴിവാക്കാന്‍ പരസ്പരസഹായവ്യവസ്ഥ രൂപീകരിക്കുന്നതിലൂടെ ജീവികള്‍ക്ക് സാധിക്കും. ഒരിക്കല്‍ ഈ വ്യവസ്ഥ രൂപീകരിച്ച് കഴിഞ്ഞാല്‍ അത് നിലനിറുത്തികൊണ്ട് പോകാന്‍ ജീനുകള്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. ലക്ഷക്കണക്കിന് വര്‍ഷം മുമ്പുള്ള ശലഭങ്ങള്‍ പൂവില്‍നിന്ന് തേന്‍ ശേഖരിച്ച പോലെയാണ് ഇന്നും ശലഭങ്ങള്‍ തേന്‍ ശേഖരിക്കുന്നത്. പ്രയോഗത്തിലൂടെ വിജയകരമാണെന്ന് കണ്ടെത്തിയ ഒരു വ്യവസ്ഥ ശലഭത്തിന്റെ മസ്തിഷ്‌ക്കത്തില്‍ ഒരു തള്ളവിരല്‍ നിയമമായി മാറുകയാണ്. 

നോര്‍വീജിയന്‍ സാമ്പത്തികശാസ്ത്രജ്ഞനായ തോര്‍സ്റ്റണ്‍ വെബ്ലന്‍ (Thorstein Veblen) ആധിപത്യഭാവം (Superiority) പ്രകടിപ്പിക്കുന്നതിനുള്ള ഒരുപാധിയായി ജന്തുലോകത്ത് പരോപകാര പ്രവണത ഉപയോഗിക്കപ്പെടുന്നുണ്ടെന്ന അഭിപ്രായമുള്ളയാളാണ്. ഇസ്രേലി ജീവശാസ്ത്രജ്ഞനായ അമോട്‌സ് ഷഹാബിയും (Amots Shahavi) സമാനമായ നിഗമനത്തിലെത്തി ചേര്‍ന്നിട്ടുണ്ട്. നരവംശശാസ്ത്രജ്ഞര്‍ 'പോട്‌ലാച്ച് പ്രഭാവം' (Potlatch Effect) എന്നറിയപ്പെടുന്ന ഗോത്രവര്‍ഗ്ഗവിരുന്നുകള്‍ ഇതേരീതിയിലാണ് വിശകലനം ചെയ്യാം. തങ്ങളുടെ വമ്പും പ്രതാപവും എതിര്‍ഗോത്രത്തെ ബോധ്യപ്പെടുത്താനായി അവരെ ക്ഷണിച്ച് വരുത്തി കൂറ്റന്‍വിരുന്നുകള്‍ കൊടുക്കുന്ന രീതി വടക്ക്പടിഞ്ഞാറ് പെസഫിക്‌മേഖലയിലെ ദ്വീപുകളില്‍ നിലവിലുണ്ട്. എതിര്‍ഗോത്രം തിരിച്ചും ഇപ്രകാരം പ്രവര്‍ത്തിക്കും. വിരുന്ന് കൊടുത്തുകൊടുത്ത് അവസാനം ഏതെങ്കിലും ഒരു ഗോത്രം കുത്തുപാളയെടുക്കുന്നു. അതോടെ പരാജിതര്‍ വിജയികളുടെ ആധിപത്യം അംഗീകരിക്കുന്നു. അതേസമയം 'വിരുന്ന് യുദ്ധ'ത്തില്‍ വിജയിക്കുന്ന ഗോത്രവും ക്ഷീണിച്ച് അവശരായിരിക്കുമെന്നതില്‍ സംശയമില്ല. വീട്ടില്‍ മൂന്ന് നേരം ആഹാരം കഴിക്കാനില്ലാത്തവനും ചാക്ക് കണക്കിന് അരി സപ്താഹത്തിന് സംഭാവന ചെയ്യുന്നത് കണ്ടിട്ടില്ലേ. വീട്ടില്‍ തീ പുകയാത്തപ്പോഴും പൂരം കെങ്കേമമാക്കണമെന്ന് ശാഠ്യം പിടിക്കുന്ന ആഡ്യപ്രഭുക്കളും ഈ വിശദീകരണത്തിന്റെ പരിധിയില്‍ വരും. ആധിപത്യത്തിനായി പരോപകാരവും ദാനശീലവും (Altruism and Charity) ഉപയോഗിക്കുന്നുവെന്ന വാദത്തിന് മനഃശാസ്ത്രപരമായ പിന്തുണയുമുണ്ട്. 

അറേബ്യന്‍ ബാബ്‌ളേഴ്‌സ് (Arabian Babblers) എന്നറിയപ്പെടുന്ന ചെറിയപക്ഷികള്‍ പരസ്പരസഹകരണത്തിന്റെ കാര്യത്തില്‍ അനന്യമായ സവിശേഷത കാണിക്കുന്നവയാണെന്ന് അമോട്‌സ് ഷഹാബി കണ്ടെത്തുകയുണ്ടായി. സാധാരണപക്ഷികളെപ്പോലെ തന്നെ അപായസൂചന നല്കുന്നതിലും ഭക്ഷണം പങ്കുവെക്കുന്നതിലും വലിയ താല്പര്യം കാണിക്കുന്ന കൂട്ടരാണിവ. ദാനംചെയ്യുന്ന ആഹാരം ഭാവിയില്‍ തിരികെകിട്ടുമെന്ന് കരുതിയാണോ ഈ ഉദാരത? അതോ സ്വന്തം രക്തബന്ധുക്കള്‍ നിലനിന്ന് കാണാനുള്ള വ്യഗ്രതയോ? പ്രബലരായ പക്ഷികള്‍ മറ്റംഗങ്ങള്‍ക്ക് ആഹാരം നല്കുന്നത് പക്ഷിക്കൂട്ടത്തില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനാണെന്ന് ഷഹാബി പറയുന്നു. ഭക്ഷണം കടംകൊള്ളുന്നവരൊക്കെ ഭാവിയില്‍ തന്നോട് വിധേയത്വം കാണിക്കുമെന്ന പ്രതീക്ഷ ഈ സഹായത്തിന് പിന്നിലുണ്ടത്രെ. ശക്തരായ പക്ഷികള്‍ തന്റെ കീഴില്‍ വരാന്‍ തയ്യാറാകുന്നവര്‍ക്ക് മാത്രമാണ് ഭക്ഷണം നല്കുന്നതെന്ന് ഷഹാബി സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്തി. ദാനശീലവും ധൂര്‍ത്തും മനുഷ്യസമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രഭാവത്തെക്കുറിച്ച് നമുക്കറിയാം. കൊടുക്കുന്നവന് ഉണ്ടാകുന്ന പരോക്ഷമായ ആധിപത്യബോധവും ഉന്നതിയും വാങ്ങുന്നവന് അനുഭവപ്പെടുന്ന ആത്മനിന്ദയും നാം ചര്‍ച്ച ചെയ്യാറുണ്ട്. മിക്കപ്പോഴും നാം സഹായിക്കുന്നത് നമുക്ക് വിധേയരാകുന്നവരെ മാത്രമാണ്. വെല്ലുവിളിക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്നവരെ സഹായിക്കുന്നത് സ്വന്തം അസ്തിത്വത്തിന് ഭീഷണിയായി കാണാനാവും ജീവികള്‍ പൊതുവെ തയ്യാറാവുക. പക്ഷേ, സമാനമായിത്തന്നെ കാര്യങ്ങള്‍ ജന്തുലോകത്തെവിടെയും നടക്കുന്നുവെന്നാണ് കാണേണ്ടത്.

ഡാര്‍വിനിസമനുസരിച്ച് പരോപകാരം, ദാനം, കാരുണ്യഭാവം തുടങ്ങിയവയ്ക്ക് നാല് പ്രധാന കാരണങ്ങളെങ്കിലും ചൂണ്ടിക്കാട്ടാനാവും. ജനിതകമായ രക്തബന്ധം സുദൃഢമാക്കല്‍ തന്നെയാണ് ആദ്യകാരണം. അപകടത്തില്‍പ്പെട്ട ഒരു കാട്ടുപോത്തിനെ രക്ഷിക്കുന്നതിലും താല്‍പര്യം നാം അപകടത്തിന് ഇരയായ മനുഷ്യന്റെ കാര്യത്തില്‍ പ്രകടിപ്പിക്കും. കാട്ടുപോത്തുകള്‍ സിംഹങ്ങളെ തുരത്തിയും തിരിച്ചാക്രമിച്ചും തങ്ങളിലെ ദുര്‍ബലരെ സംരക്ഷിക്കുന്നതിലും ജീന്‍പൂളിന്റെ സംരക്ഷണമാണ് ഉറപ്പ് വരുത്തുന്നത്. തിരിച്ചടിക്കാനും തിരിച്ചുകൊടുക്കാനുമുള്ള നൈസര്‍ഗ്ഗികമായ പ്രവണതയാണ് രണ്ടാമത്തേത്. ദാനംകിട്ടുന്നത് തിരിച്ച് നല്കണമെന്ന ചോദനയും ദാനം ചെയ്താല്‍ തിരികെ കിട്ടുമെന്ന പ്രതീക്ഷയും നിര്‍ണ്ണായകമാണ്. ദാനവും പരോപകാരവും ലഭ്യമാക്കുന്ന അന്തസ്സും യശസ്സും മൂന്നാമത്തെ കാരണമാണ്. സഹജീവികളെ സഹായിക്കുന്നതിലൂടെ ജീവിസമൂഹത്തില്‍ പ്രാമുഖ്യം നേടാനാവുമെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍. ഷഹാബി പറയുന്നതുപോലെ സ്വന്തം മേധാവിത്വം ഉദ്‌ഘോഷിക്കുന്ന പരസ്യപ്പലകയായി ദാനവും പരോപകാരവും മാറുമെന്ന കണ്ടെത്തലാണ് നാലാമത്തെ കാരണം. ചുരുക്കത്തിലെ മനുഷ്യനിലെ നന്മകള്‍ അവനെ വിജയകരമായി അതിജീവിപ്പിച്ച ജൈവചോദനകളുടെ പരിഷ്‌കൃതരൂപമാകുന്നു. അതവനില്‍ സഹജമാണ്. ഒട്ടിച്ചുവെപ്പും കുത്തിയിളക്കലും അസാധ്യമാണവിടെ. 

സോറി മദര്‍
ഭിക്ഷ കൊടുക്കാതിരിക്കാന്‍ നമുക്ക് ആയിരം ന്യായീകരണങ്ങളുണ്ട്. മിക്ക പൊതുസ്ഥലങ്ങളിലും ഭിക്ഷാടനം നിരോധിച്ചിരിക്കുന്നു. കൈ നീട്ടുന്നവരില്‍ തട്ടിപ്പുകാരും വേറെ ഗതിയില്ലാത്തവരുമുണ്ടാകും. ഒരാള്‍ക്ക് കൊടുക്കുമ്പോള്‍ ഒമ്പത് കൈകള്‍ നീണ്ടുവരും. ഭിക്ഷ കൊടുത്ത് ഭിക്ഷാടനം ഇല്ലാതാക്കാനാവില്ലെന്ന ഗുണപാഠം പൊതുസമൂഹം സ്വീകരിക്കുന്നത് അങ്ങനെയാണ്. നിരന്തരമായി സഹായിച്ച് സഹായമാവശ്യപ്പെടുന്ന സാഹചര്യവും നീക്കം ചെയ്യാനാവില്ല. രോഗത്തെ ചികിത്സിക്കാതെ രോഗലക്ഷണങ്ങളെ നീക്കിയതുകൊണ്ട് പ്രയോജനമില്ലല്ലോ. ഭിക്ഷയെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ പെട്ടുപോകുന്നവരാണ് പലപ്പോഴും ജീവകാരുണ്യത്തിന്റെ പരിധിയില്‍ വരിക. അവിടെയും സമാനമായ പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെടും. ഒന്നോ രണ്ടോ അര്‍ബുദരോഗികളെ കഴിയുന്ന രീതിയില്‍ സഹായിച്ച് കഴിയുമ്പോഴേക്കും ഉയര്‍ന്നുവരുന്ന നൂറ് കണക്കിന് സമാനമായ ആവശ്യങ്ങള്‍ നിങ്ങളെ മാനസികമായി തളര്‍ത്തിയേക്കും. കഴിയുന്നത്ര ചെയ്യാനേ ആര്‍ക്കും സാധിക്കൂ. ചെയ്യാനാവാത്തതിനെ കുറിച്ചുള്ള നീറ്റല്‍ ചെയ്തത് ലഭ്യമാക്കിയ സന്തോഷവും ആനന്ദവും റദ്ദാക്കുന്ന അവസ്ഥയുണ്ടാക്കാറുണ്ട്. വ്യക്തികള്‍ക്ക് പരിമിതികളുണ്ട്-സമ്പത്തില്ലാത്തവന് വിശേഷിച്ചും. സഹായിച്ചാല്‍ ആശ്വാസവും സന്തോഷവും ലഭിക്കുമെങ്കില്‍ അതിന് സാധിക്കാതെ വരുമ്പോള്‍ നിസ്സഹായതയും നിരാശയും ഉറപ്പാണ്. 

പൊതുസഹായ വ്യവസ്ഥകള്‍ ഉരുത്തിരിയേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍-പ്രാദേശിക അധികാരകേന്ദ്രങ്ങള്‍-സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ നിയമപരമായി തന്നെ ഈ ദൗത്യം ഏറ്റെടുക്കണം. ഓരോ വിഭാഗങ്ങളും തങ്ങളുടെ മതത്തിലെയോ ജാതിയിലെയോ അംഗങ്ങളെ മാത്രം സഹായിക്കുന്നത് പൊതുവെ മതപ്രചരണവും മതസംരക്ഷണവും ലക്ഷ്യമിട്ടായിരിക്കും. ജാതി-മത വ്യത്യാസമില്ലാതെ, വിശ്വാസി-അവിശ്വാസി വേര്‍തിരിവില്ലാതെ അടിയന്തര സഹായം ലഭ്യമാക്കാന്‍ പൊതുവ്യവസ്ഥകള്‍ സഹായിക്കും. എല്ലാ മേഖലകളിലും ഇന്‍ഷ്വറന്‍സ് പരിരക്ഷ സമഗ്രമായി നടപ്പിലാക്കുക എന്നത് ഇപ്പോള്‍ നടപ്പിലാക്കി വരുന്ന ഒരു പോംവഴിയാണ്. സമഗ്രവും വ്യാപകവുമായ തോതില്‍ അത് നടപ്പിലാക്കപ്പെടണം. 

ഉദാഹരണമായി റോഡപകടങ്ങളില്‍ പെടുന്ന ഏതൊരാള്‍ക്കും അടിയന്തരചികിത്സയും ധനസഹായവും ഇന്‍ഷ്വറന്‍സും നല്‍കുന്ന ഒരു സാമ്പത്തിക പരിരക്ഷ സര്‍ക്കാര്‍തലത്തിലും പഞ്ചായത്ത് തലത്തിലും ആസൂത്രണംചെയ്താല്‍ അത്തരം ദുരനുഭവങ്ങള്‍ കൂടുതല്‍ സഹനീയമായിത്തീരും. റോഡ് ടാക്‌സിലോ ഇന്ധനവിലയിലോ നാമമാത്രമായ വര്‍ദ്ധനവ് നടത്തി പരോക്ഷമായി ഇതിനാവശ്യമായ ഫണ്ട് സ്വരൂപിക്കാം. പരസ്പരം സഹായിക്കുന്ന മൈക്രോഫൈനാന്‍സിംഗ് പദ്ധതികളും കാരുണ്യം പറ്റി ജീവിക്കേണ്ടി വരുന്നതിലെ വല്ലായ്മ ആവശ്യക്കാരില്‍ നിന്നും നീക്കംചെയ്യും. മഹാരോഗങ്ങളുടെ കാര്യത്തിലും ഈ നയം അനുവര്‍ത്തിക്കാം. അങ്ങനെ വരുമ്പോള്‍ എല്ലാവര്‍ക്കും സഹായിച്ചുവെന്ന സന്തോഷവും ആശ്വാസവുമുണ്ടാകുമെന്ന് മാത്രമല്ല സമ്പത്തുള്ളവന്‍ സഹായിക്കുമ്പോള്‍ അതിന് കഴിയാതെ വരുന്ന ദരിദ്രനായ മനുഷ്യസ്‌നേഹിയുടെ നീറ്റലും അപമാനബോധവും ഇല്ലാതാകുകയും ചെയ്യും;കര്‍ണ്ണന്‍ സമ്പന്നായിരിക്കണമെന്ന അലിഖിത നിയമമാണ് അവിടെ കടപുഴക്കപ്പെടുന്നത്.


ദാനകര്‍മ്മത്തിലൂടെ സമൂഹത്തിന്റെ ഘടനാപരമായ ന്യൂനതകളും അസമത്വവും പരിഹരിക്കാനാവില്ലെന്ന് മാത്രമല്ല അത്തരം പരിതോവസ്ഥകളെ ശക്തിപ്പെടുത്താനും സ്ഥിരീകരിക്കാനും അത് കാരണമായിത്തീരാം. നിയാമകവും വ്യവസ്ഥാപിതവുമായ മാറ്റങ്ങള്‍ സമൂഹത്തിലുണ്ടാക്കുക മാത്രമാണ് അതിനുള്ള പരിഹാരം. ചാരിറ്റിയില്‍ നിന്ന് സമത്വമോ വികസനമോ മുളയ്ക്കില്ലെന്നതിന് ഏറ്റവും വലിയ തെളിവ് വന്‍തോതില്‍ ദാനം ഏറ്റുവാങ്ങി പരാജയപ്പെടുന്ന ആഫ്രിക്കന്‍ പട്ടിണി രാജ്യങ്ങളാണ്. ദാനത്തിന് മതപരവും രാഷ്ട്രീയവുമായ സുവ്യക്തമായ ലക്ഷ്യങ്ങളുണ്ട്. എക്കാലത്തും കൈ നീട്ടി നില്‍ക്കുന്ന ഒരു ജനതയെ കീഴ്‌പ്പെടുത്താനും നിയന്ത്രിക്കാനും എളുപ്പമാണ്. ദാനം സ്വീകരിച്ച് ഇതിനകം ഒരു പരുവമായിത്തീര്‍ന്ന ആഫ്രിക്കന്‍ പട്ടിണിരാജ്യങ്ങള്‍ ഇപ്പാള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം No Aid but Trade എന്നാണ്. കൈ കഴുകി കാന്‍സര്‍ ഇല്ലാതാക്കാനാവില്ലെന്ന് അവരും തിരിച്ചറിഞ്ഞിരിക്കുന്നു. ചാരിറ്റി അടിസ്ഥാനപരമായി ഒരു തരം തൊട്ടുതേപ്പാണ്. കേവലം ബാഹ്യശരീരത്തിലെ സൗന്ദര്യചികിത്സയാണതെന്ന് ചരിത്രം നമ്മോട് പറയുന്നു.

Charity, at best, is a cosmetic therapy. ലോകത്തെങ്ങും ദാരിദ്രനിര്‍മാര്‍ജ്ജനത്തിനോ തൊഴില്‍ ലഭ്യതയ്‌ക്കോ ചാരിറ്റി ഉതകിയിട്ടില്ല. ഒറ്റപ്പെട്ട സഹായങ്ങള്‍ അവിടെയുമിവിടെയും എത്തിക്കാനായേക്കാമെങ്കിലും അതുകൊണ്ട് മാത്രം അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലല്ലോ. ദുരിതം മികച്ച തോതില്‍ പരസ്യപ്പെടുത്തുന്നവര്‍ക്ക് മാത്രമെ സഹാനുഭൂതി പിടിച്ച് പറ്റാനാവൂ. സഹായം ആവശ്യമുള്ളവരെ അങ്ങോട്ടുചെന്ന് കണ്ടെത്താന്‍ ശ്രമിക്കുന്ന സമൂഹത്തില്‍ ഇത്തരമൊരു അവസ്ഥയുണ്ടാകില്ല. സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം സ്വീകരിക്കുന്നതും അയല്‍ക്കാരുടെയോ സഹപ്രവര്‍ത്തകരുടേയോ കരുണ പിടിച്ചു പറ്റുന്നതും തമ്മില്‍ ഗുണപരമായ വ്യത്യാസമുണ്ട്. ചുറ്റുമുള്ളവരുടെ സഹാനുഭൂതി ഭക്ഷിച്ച് ജീവിക്കുന്നവനില്‍ ആത്മനിന്ദ നിന്നു പുകയും. ജീവിതം ഒരു ഭിക്ഷയാകുമ്പോള്‍ തല താനെ കുനിഞ്ഞുപോകും. സഹായിച്ചതിനെക്കുറിച്ച് പ്രത്യക്ഷമായോ പരോക്ഷമായോ ഓര്‍മ്മിപ്പിക്കാതിരിക്കാന്‍ സഹായം ചെയ്തവര്‍ക്കാവില്ല. ഇത്തരം കാര്യങ്ങളില്‍ പൊതുവെ നിശബ്ദത പാലിക്കുന്നവര്‍പോലും വൈകാരികമായി പ്രകോപിപ്പിക്കപ്പെട്ടാല്‍ എല്ലാം പരസ്യമായി വിളിച്ചു പറയുന്നത് കാണാം. 


പൊതുവ്യവസ്ഥകളും ഘടനാപരമായ മാറ്റവും ഉരുത്തിരിയുന്നവരെ ആരെയും സഹായിക്കരുതെന്ന് വാദിക്കുന്നത് യുക്തിഹീനം തന്നെ. ഒരു റോഡപകടം സംഭവിച്ചാല്‍, മാരകരോഗത്തിന് അടിപ്പെട്ടാല്‍, കൈത്താങ്ങ് കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. സാമ്പത്തികശേഷി കുറഞ്ഞവരാണെങ്കില്‍ ചികിത്സച്ചെലവ് പ്രാണനെടുത്തുകളയും. അത്തരം സന്ദര്‍ഭങ്ങളില്‍ ഒഴുകിയെത്തുന്ന സഹായം ദുരിതബാധിതര്‍ക്ക് അമൂല്യമായി തോന്നും. ഇന്നലെ വരെ ദാനകര്‍മ്മങ്ങളോട് മുഖംതിരിഞ്ഞുനില്‍ക്കുന്നവരും സ്വന്തം കാര്യം വരുമ്പോള്‍ സഹായം സ്വീകരിക്കാന്‍ മടിക്കാറില്ല. കൊടുക്കുന്ന അത്ര പ്രയാസം വാങ്ങുന്നതിനില്ല എന്നതു തന്നെ കാരണം. അവയവദാനത്തെ മതപരമായ കാരണത്താല്‍ എതിര്‍ക്കുന്നവര്‍ അവയവങ്ങള്‍ക്കായി ക്യൂ നില്‍ക്കുന്നത് പോലെയാണിത്. ആരെങ്കിലും കൊടുത്താലേ തങ്ങള്‍ക്ക് വാങ്ങാനാവൂ എന്ന സാമാന്യതത്വമാണവര്‍ സൗകര്യപൂര്‍വം മറക്കുന്നത്. എന്നാല്‍ ദാനം ചെയ്യാതെ അവയവം ലഭ്യമാക്കാന്‍ ശാസ്ത്രത്തിനായാല്‍ ഇവിടെ പരിഹാരം ഉരുത്തിരിയും. അതാണ് ഈ പരിതോവസ്ഥയ്ക്കുള്ള സ്ഥായിയായ പരിഹാരവും. ശിഷ്ടവരുമാനമുണ്ടെങ്കിലേ ദാനം സാധ്യമാകൂ. രക്തദാനം, ചാരിറ്റി തുടങ്ങിയവ തങ്ങളുടെ ആരോഗ്യത്തെയും അതിജീവനശേഷിയേയും സാരമായി ബാധിക്കുമെന്ന ആശങ്കയും ദാനശീലംപോലെ മനുഷ്യസഹജമാണ്. ഒറ്റപ്പെട്ട സംഭവങ്ങളില്‍ വിജയകരമാകുന്ന ചാരിറ്റി പൊതുഫലമുണ്ടാക്കുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഒരു കാരണമിതാണ്.

ക്ഷേമപ്രവര്‍ത്തനം അതിജീവനതന്ത്രമായി ഉപയോഗിക്കുന്ന പ്രവണത ഇന്ന് ശക്തമായി വരികയാണ്. അന്യരെ സഹായിക്കുന്നതിലൂടെ സ്വയം സഹായിക്കുക എന്നതാണ് ആ മുദ്രാവാക്യം. മതവും ആള്‍ദൈവങ്ങളും ക്രിമിനലുകളും അക്കാര്യത്തില്‍ അതിവേഗം ബഹുദൂരം മുന്നേറിയിട്ടുണ്ട്. ഒരു തിരിച്ചുപോക്ക് അസാദ്ധ്യമാംവിധം കോര്‍പ്പറേറ്റ് അജണ്ടയിലെ മുഖ്യയിനമായി ക്ഷേമപ്രവര്‍ത്തനം മാറിക്കഴിഞ്ഞു. ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാനായി വാങ്ങുന്നവന്റെ ദാനശീലവും സഹാനുഭൂതിയും കൂടി ചൂഷണം ചെയ്യാമെന്ന് തല്‍പ്പരകക്ഷികള്‍ തിരിച്ചറിയുന്നു. കറിപൗഡറുകളും അനുബന്ധ ഉത്പ്പന്നങ്ങളും വാങ്ങുമ്പോള്‍ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ കൂടി നിങ്ങള്‍ പങ്കാളിയാകുകയാണ് എന്ന് പരസ്യം ചെയ്യുന്നവര്‍ വാസ്തവത്തില്‍ ഉപഭോക്താവിന്റെ ചെലവില്‍ നിര്‍ലജ്ജം കര്‍ണ്ണന്‍ കളിക്കുകയാണ്; ഒപ്പം സ്വന്തം കച്ചവടസാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും. ഞങ്ങളുടെ ഉത്പ്പന്നം വാങ്ങിയാല്‍ അതനുസരിച്ച് കൂടുതല്‍പ്പേര്‍ക്ക് കാരുണ്യസഹായം ലഭിക്കും, മറ്റ് കമ്പനിക്കാരന്റെ ഉത്പ്പന്നങ്ങള്‍ വാങ്ങിയാല്‍ അതുണ്ടാവില്ല എന്നാണ് ഇവിടെ കൈമാറപ്പെടുന്ന പരോക്ഷസന്ദേശം. 


കേരള സര്‍ക്കാര്‍ ലോട്ടറി വില്‍ക്കാന്‍ ഇതേ തന്ത്രം പയറ്റുന്നത് കാണുക. ലോട്ടറി വില്‍ക്കുകയല്ല രോഗികളെ സഹായിക്കുകയാണ് എന്നാണ് പരസ്യവാചകം. പൊരിച്ച മീന്‍ തിന്നുന്നത് പൂച്ചയ്ക്ക് മുള്ളു കൊടുക്കാനെണെന്ന് മേളം മസാലക്കാരും കാരുണ്യ ലോട്ടറിക്കാരും വാദിക്കുന്നത്. ചൂതാട്ടം തെറ്റായിരിക്കാം, പക്ഷെ ലാഭവിഹിതം ജീവകാരുണ്യത്തിനായി നീക്കിവെച്ചാല്‍ അത് സമൂഹത്തില്‍ നന്മ പ്രസരിപ്പിക്കില്ലേ?! മണിച്ചനും ഹാജിമസ്താനും ഇതേ ചോദ്യമാണ് നമ്മോട് ചോദിച്ചത്. ഭാവിയില്‍ മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെ ഏത് ഉത്പ്പന്നവും വില്‍ക്കാന്‍ ജീവകാരുണ്യപ്രവര്‍ത്തനം വാഗ്ദാനം ചെയ്യപ്പെട്ടുകൂടെന്നില്ല. ദരിദ്രരായ കരള്‍രോഗികളെ സഹായിക്കാന്‍ ചികിത്സാഫണ്ട് വാഗ്ദാനം ചെയ്യുന്ന മദ്യരാജാക്കന്‍മാരെ പ്രതീക്ഷിക്കേണ്ടിവരുമെന്ന് സാരം. നിയമാനുസരണമുള്ള ബിസിനസ്സ് മാത്രം ചെയ്യുന്നവരുടെ ഉറക്കം കെടുത്താന്‍ പര്യാപ്തമാണ് ഇത്തരം കാരുണ്യതന്ത്രങ്ങള്‍. കുറ്റകൃത്യങ്ങള്‍ മറയ്ക്കാനും കള്ളപ്പണം വെളുപ്പിക്കാനും സമ്പന്നര്‍ ദാനകര്‍മ്മങ്ങള്‍ മറയ്ക്കാമ്പോള്‍ ദരിദ്രകര്‍ണ്ണന്‍മാര്‍ സ്വയം ശപിച്ച് പോകുന്നു. 

ചാരിറ്റി ക്യൂന്‍ എന്നറിയപ്പെടുന്ന മദര്‍ തെരേസയെ പോലുള്ളവര്‍ ദാനകര്‍മ്മങ്ങളിലൂടെ മതപ്രചരണരംഗത്ത് കണ്ണഞ്ചിക്കുന്ന നേട്ടം കൊയ്തവരാണ്. ദരിദ്രരെക്കാള്‍ ദാരിദ്രത്തെ സ്‌നേഹിച്ചുവെന്ന വ്യാപകമായ ആരോപണം അവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങളെല്ലാം സ്ഥിരീകരിക്കുന്ന പ്രസ്താവനകള്‍ അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ക്രിസ്തുകൃപയാല്‍ ദാരിദ്ര്യം തങ്ങളുടെ വിധിയായി സ്വീകരിച്ച് ജീവിക്കുകയെന്നത് ദരിദ്രരെ സംബന്ധിച്ചിടത്തോളം അതിമനോഹരമായ ഒരു കാര്യമാണെന്നും നിസ്വരുടെ യാതനകള്‍ മൂലം ലോകത്തിന് വലിയ നേട്ടമുണ്ടാകുന്നുമെന്നാണ് 1981 ല്‍ അവര്‍ ഒരു പത്രസമ്മേളനത്തില്‍ സ്‌നേഹമസൃണമായി തട്ടിവിട്ടത്('I think it is very beautiful for the poor to accept their lot, to share it with the passion of Christ. I think the world is being much helped by the suffering of the poor people.'). തരംതാണ ചികിത്സയിലൂടെ രോഗങ്ങളെ മന:പൂര്‍വം മൂര്‍ച്ഛിപ്പിച്ച് കാട്ടി ലോകശ്രദ്ധയും പണവും പിടിച്ച് പറ്റാന്‍ ശ്രമിച്ചതിന് അനുഭവസാക്ഷ്യങ്ങളുണ്ട്. അവരുടെ ജന്മദേശമായ പഴയ യൂഗോസ്‌ളാവിയ ദരിദ്രരെ കൊണ്ട് അതിസമ്പന്നമായിരുന്നിട്ടും ഇന്ത്യയിലേക്ക് ചേക്കേറിയതിന്റെ പിന്നില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം മാത്രമല്ല ലക്ഷ്യമെന്ന് വ്യക്തമാണല്ലോ. 

ശതകോടികളുടെ സംഭാവന സ്വീകരിച്ചിരുന്ന മദര്‍ തെരേസ ഈ പണത്തിന് കൃത്യമായ രേഖകള്‍ സൂക്ഷിക്കുകയോ അക്കൗണ്ടിംഗിന് വിധേയമാക്കുകയോ ചെയ്തിട്ടില്ലെന്ന് ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് എഴുതുന്നുണ്ട്. 1991 ല്‍ ജര്‍മ്മന്‍ മാഗസിനായ സ്റ്റേണ്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ മദറിന്റെ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടന സ്വീകരിച്ച ഫണ്ടില്‍ കേവലം ഏഴ് ശതമാനം മാത്രമാണ് ചാരിറ്റിക്കായി ചെലവഴിച്ചതെന്ന് കണ്ടെത്തുകയുണ്ടായി. ഹെയ്തി സ്വച്ഛാതിപധി ഡ്യൂവലിയ(Jean-Claude 'Baby Doc' Duvalier) സ്വന്തം ജനതയെ നിഷ്ഠൂരമായി ചൂഷണംചെയ്തുണ്ടാക്കിയ സമ്പത്തില്‍ നിന്ന് സംഭാവന സ്വീകരിക്കാന്‍ മടിക്കാതിരുന്ന മദര്‍ തെരേസ സ്ഥാനഭ്രഷ്ടനായ ഡുവാലിയ രാജ്യത്തെ കൊള്ളയടിച്ച കാര്യമറിഞ്ഞപ്പോള്‍ സംഭാവന ആര് തന്നാലും സ്വീകാര്യമാണെന്ന നിലപാടാണെടുത്തത്. 


1990 കളില്‍ ചാള്‍സ് കീറ്റിംഗ്(Charles Keating) എന്ന കുപ്രസിദ്ധ അമേരിക്കന്‍ ബാങ്കറില്‍ നിന്നും മദര്‍ തെരേസ 75 ലക്ഷം രൂപ സംഭാവന വാങ്ങിയിരുന്നു. കീറ്റിംഗ് സാമ്പത്തിക കുറ്റവാളിയായാണെന്ന് പിന്നീട് കോടതി കണ്ടെത്തിയപ്പോള്‍ പണം തിരിച്ച് കൊടുക്കാന്‍ വ്യാപകമായ സമ്മര്‍ദ്ദമുണ്ടായിട്ടും അവര്‍ നിശബ്ദത പാലിച്ചുവെന്ന് മാത്രമല്ല തനിക്ക് സംഭാവന നല്‍കിയ കീറ്റിംഗിനെ കുറ്റവിമുക്തനാക്കാന്‍ കോടതിയോട് അപേക്ഷിക്കുകയാണ് ചെയ്തത്. തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് 450 ദശലക്ഷം പൗണ്ട് കൊള്ളയടിച്ച റോബര്‍ട്ട് മാക്‌സ് വെല്‍(Robert Max well) എന്ന ബ്രിട്ടീഷ് പ്രസാധകനില്‍ നിന്ന് വാങ്ങിയ കൂറ്റന്‍ സംഭാവനയും മദര്‍ തിരിച്ച് നല്‍കിയില്ല. അല്‍ബേനിയയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന എന്‍വര്‍ ഓജയുടെ മനുഷ്യാവകാശ ലംഘനവും മതത്തിനെതിരെയുള്ള അടിച്ചമര്‍ത്തലും വിമര്‍ശിക്കാന്‍ അവര്‍ തയ്യാറാകാതിരുന്നതും ഇതേ കാരണത്താലാണെന്ന നിരീക്ഷണമുണ്ട്. മിഷനറീസ് ഓഫ് ചാരിറ്റിക്ക് സംഭാവന നല്‍കിയവര്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ മദര്‍ തെരേസയ്ക്ക് നേരിട്ട് പങ്കില്ലായിരുന്നുവെങ്കിലും അത്തരം കുറ്റകൃത്യങ്ങളെ വിമര്‍ശിക്കാനോ സംഭാവന തിരിച്ച് നല്‍കാന്‍ തയ്യാറാകാതെ സംഭാവന ചെയ്തതിന്റെ പേരില്‍ ഇവരെ വെറുതെ വിടണമെന്ന വിചിത്രവാദമാണ് മദര്‍ തെരേസ ഉന്നയിച്ചത്. പണം വരുന്ന വഴി അവര്‍ക്ക് പ്രശ്‌നമായിരുന്നില്ല. 

ദാനശീലം എക്കാലത്തും രാഷ്ട്രീയശരി(political correctness) ആയി നിലകൊള്ളും. ജനത്തെ വൈകാരികമായി ചലിപ്പിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകരമാണ്. ദാനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതും വൈകാരികമായും സാമൂഹികപരമായും നമുക്ക് ഗുണകരമായി ഭവിച്ചേക്കും. അതിനെ വിമര്‍ശനാത്മകമായി വിശകലനം ചെയ്താല്‍ വില്ലനാക്കപ്പെടാനും സാധ്യതയേറെയാണ്. ദാനം ചെയ്യുന്നവന്‍ അതിനനുസരണമായ യശസ്സും കൃതജ്ഞതയും തിരിച്ച് പ്രതീക്ഷിക്കുന്നതില്‍ തെറ്റ് കണ്ടെത്താനാവില്ല. വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും സമൂഹത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുകയെന്നത് മനുഷ്യസഹജമാണ്. നിഷ്‌ക്കാമകര്‍മ്മം കേവലമായ മതഫലിതം മാത്രമാണ്. പരോപകാരവും സഹാനുഭൂതിയും പരസ്പരം വര്‍ഷിക്കുന്നത് ഫലത്തില്‍ ഒരു ജാലികപ്രവര്‍ത്തനമായി മാറാറുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കു പോലും പ്രതിഫലസാധ്യത ഏറെയാണ്. ദാനംചെയ്യാന്‍ ദാനബോധം ഉണ്ടാകേണ്ട കാര്യമില്ലെന്നും പ്രായോഗികബുദ്ധി പലപ്പോഴും നിങ്ങളെ അവിടെ എത്തിക്കും എന്നുമാണ് അപ്പറഞ്ഞതിന്റെ അര്‍ത്ഥം. 

പക്ഷെ ദാനകര്‍മ്മങ്ങള്‍ ഒരിക്കലും ക്ഷേമരാഷ്ട്രം നിര്‍മ്മിക്കുകയില്ല. കൊടുത്തും വാങ്ങിച്ചും മുമ്പോട്ടുപോകുമ്പോള്‍ അസമത്വങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടും. ദാനത്തിലൂടെ വികസിച്ച ഒരു സമൂഹത്തെയോ ജനവിഭാഗത്തെയോ ചൂണ്ടിക്കാണിക്കാനാവില്ല. ദാനം വിജയിയേയും പരാജിതനേയും ഉത്പ്പാദിപ്പിക്കുമെന്നറിയണം. കൊടുക്കുന്നവന് ഹര്‍ഷവും ഉന്നതിയുമുണ്ടാകുമ്പോള്‍ വാങ്ങുന്നവനും കൊടുക്കാനാവാത്തവനും ആത്മനിന്ദാബോധത്തിന് അടിപ്പെടുന്നു. കര്‍ണ്ണന്‍ കവചകുണ്ഡലങ്ങള്‍ ദാനമായി അറുത്തുനല്‍കി,ദ്രോണരാകട്ടെ പെരുവിരല്‍ വാങ്ങിയെടുത്തു. ദാനത്തിലൂടെ നിലവിലുള്ള അവസ്ഥകള്‍ നിലനിര്‍ത്തപ്പെട്ടു. പൊളിച്ചെഴുത്തിന്റെ സാധ്യതകള്‍ അട്ടിമറിക്കപ്പെട്ടു. കര്‍ണ്ണന്റെ ദാനശീലം അദ്ദേഹത്തെ കീര്‍ത്തിമാനാക്കി-പക്ഷെ നേട്ടം അതിലൊതുങ്ങി. എല്ലാവരും വിജയിക്കുന്ന, ആരും തോല്‍ക്കാത്ത പൊതു സാഹചര്യങ്ങളും അവസരങ്ങളും നിര്‍മ്മിച്ചാണ് ക്ഷേമരാഷ്ട്രം പടുത്തുയര്‍ത്തേണ്ടത്. അതിനാവശ്യമായ സാമൂഹിക ആസൂത്രണമുണ്ടാകണം. ആതുരതകള്‍ക്ക് സ്ഥായിയായ പരിഹാരം വരുന്നത് അപ്പോള്‍ മാത്രമാണ്. പണം കൊടുത്ത് സാമൂഹികരോഗങ്ങള്‍ ചികിത്സിക്കാമെന്ന് കരുതുന്നത് അബദ്ധമാണ്. ബാക്കിവരുന്ന മത്സ്യം ദാനമായി കൊടുക്കുകയല്ല മറിച്ച് മീന്‍ പിടിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടത്-അതിനുള്ള വലയും വള്ളവുമൊരുക്കണം.(This article was published in Yukthiyugam July, 2013)