കേരളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ അവതരിപ്പിക്കുന്ന ടോക്ക് ഷോകളുടെയും സംവാദങ്ങളും മിക്കപ്പോഴും സമൂഹത്തില്‍ അവേശേഷിക്കുന്ന ശാസ്ത്രചിന്തയും യുക്തിബോധവുംകൂടി നേര്‍പ്പിക്കുന്നതില്‍ കലാശിക്കുന്നു.കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ടര്‍ ചാനല്‍ കുറെയധികം തട്ടിപ്പുവിദ്യകളുടെ പിന്നാമ്പുറങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോയ ഒരു പരിപാടി ചെയ്തിരുന്നു. അതൊഴിച്ചു നിറുത്തിയാല്‍ കൊപേകള്‍ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായി വിശകലനം ചെയ്യുന്ന ഒരു പരിപാടികള്‍ അപൂര്‍വമാണ്.
കൊപേക്കാര്‍ അവതരിപ്പിക്കുന്ന സ്‌പോണ്‍സേഡ് പരിപാടികള്‍ പൊതുപരിപാടികളില്‍ നിന്നും വ്യത്യസ്തമാണ്. ടെലി ബ്രാന്‍ഡ് പരസ്യങ്ങള്‍, ടെലി ഷോപ്പിംഗ് തുടങ്ങിയ കൈവിട്ട കളികളുടെ കാര്യം തല്‍ക്കാലം വിട്ടുകളയുക. കൊപേക്കാര്‍ അങ്ങോട്ടു പണം കൊടുത്തു സമയംവാങ്ങി നടത്തുന്ന സ്‌പോണ്‍സേഡ് പരിപാടികളിലൂടെയാണ് ഇന്നത്തെ അറിയപ്പെടുന്ന കൊപേ വിദ്വാന്‍മാരില്‍ പലരും ഉദിച്ചുയര്‍ന്നത്.
ഒരുപക്ഷെ വിപ്ലവചാനല്‍ മുതല്‍ ഗാന്ധിചാനല്‍ വരെ ഒരുമിക്കുന്ന ഏകമേഖല ഇതാണെന്നു തോന്നുന്നു. പല ക്രിമിനലുകളും തങ്ങളുടെ തട്ടിപ്പു തുടങ്ങിയത് ടെലിവിഷന്‍ പരസ്യങ്ങളിലൂടെയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശന്‍ സ്വകാര്യചാനലുകളെ നാണിപ്പിക്കുന്ന വൈഭവമാണ് ഇക്കാര്യത്തില്‍ പ്രകടിപ്പിക്കുന്നത്. വിറ്റുപോകുന്നു, സ്‌പോണ്‍സര്‍മാരെ കിട്ടാന്‍ എളുപ്പമാണ്, കാണാന്‍ ആളുണ്ട്....തുടങ്ങിയ സാമ്പത്തിക മാനദണ്ഡങ്ങള്‍പ്പുറം ചിന്തിക്കാനുള്ള ബാധ്യത തങ്ങള്‍ക്കില്ലെന്ന ശാഠ്യം അവിടെ പ്രകടമാണ്.
ഡോ. നരേന്ദ്ര ധബോല്‍ക്കറുടെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം എഡിറ്റോറിയല്‍ എഴുതിയിരുന്നു. ധബോല്‍ക്കര്‍ ആജീവനാന്തം എതിര്‍ത്തുപോന്ന കൊടിയ അന്ധവിശ്വാസങ്ങളുടെയും ചൂഷണങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങള്‍ കരകവിഞ്ഞൊഴുകിയ പത്രത്തിലാണ് വായനക്കാര്‍ക്ക് എഡിറ്റോറിയലും വായിക്കേണ്ടി വന്നത്! ഒരുവശത്തു പുരോഗമാനാഭിമുഖ്യം കൊണ്ടു ശ്വാസംമുട്ടുന്ന 'സാമൂഹികപ്രതിബദ്ധത നിറഞ്ഞുതുളുമ്പുന്ന എഡിറ്റോറിയല്‍'! മറുവശത്ത് പത്രംനിറയെ ചാത്തന്‍സേവ മുതല്‍ മന്ത്രവാദം വരെ അണിനിരക്കുന്ന കമനീയ പരസ്യങ്ങള്‍! രണ്ടു ജോലിയും ഒരേ പത്രം തന്നെ ചെയ്യുമ്പോള്‍ സമൂഹം പകച്ചുപോവുക സ്വഭാവികം!
ഇതു 'ബാലന്‍സ് കെ നായര്‍ തന്ത്ര'മായി കാണരുതേ.കാരണം ബാക്കി 364 ദിവസങ്ങളില്‍ പരസ്യങ്ങള്‍ മാത്രമേയുള്ളൂ!
കേരളത്തെ നടുക്കിയ ചില മന്ത്രവാദമരണങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ദൂരദര്‍ശന്‍ സംഘടിപ്പിച്ച ഒരു ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അവസാനം, പ്രതീക്ഷിച്ചപോലെ ''നല്ല മന്ത്രവാദം മോശമല്ല, മോശം മന്ത്രവാദം നല്ലതല്ല''എന്നൊക്കെ കുഴച്ചുരുട്ടി ആവണക്കെണ്ണ രൂപത്തില്‍ അവതാരകന്‍ ചര്‍ച്ച സംഗ്രഹിച്ചു. കൗതുകകരമായി തോന്നിയ കാര്യം മറ്റൊന്നായിരുന്നു. ഷൂട്ടിംഗിനു മുമ്പ് കേന്ദ്രം ഡയറക്ടര്‍ എന്നു സ്വയം പരിചയപ്പെടുത്തിയ ഒരു മാന്യവ്യക്തി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ മുന്നില്‍ വന്നു ഒരു ലഘുപ്രബോധനം നടത്തി. ''നമ്മുടെ ചാനല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരാണ്, അതുകൊണ്ട് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെല്ലാം കഴിവതും അന്ധവിശ്വാസങ്ങളെ അതിരൂക്ഷമായി വിമര്‍ശിക്കണം, നമുക്ക് ഇത്തരം കൊള്ളരുതായ്മകള്‍ അവസാനിപ്പിക്കണം.....''-ടിയാന്‍ ആവേശംകൊണ്ട് കിതയ്ക്കുന്നുണ്ടായിരുന്നു.
ചര്‍ച്ച എങ്ങനെ വേണം, എന്തുപറയണം എന്നൊക്കെ പങ്കെടുക്കുന്നവരോട് നിര്‍ദ്ദേശിക്കുന്നത് കാണുന്നത് ആദ്യമായിട്ടായിരുന്നു. കയ്യുംകലാശവും കാട്ടി വാതോരാതെ സംസാരിച്ചു കൊണ്ടിരുന്ന ഡയറക്ടറുടെ കൈകളിലേക്ക് അറിയാതെ നോക്കിപ്പോയി. ഇരു കൈകളിലും ജപിച്ചു കെട്ടിയ വര്‍ണ്ണാഭമായ നിരവധി മന്ത്രച്ചരടുകള്‍! ടിയാനു ഒരൊറ്റ നിര്‍ബന്ധമേയുള്ളൂ: അവിടിരിക്കുന്നവരെല്ലാം അന്ധവിശ്വാസങ്ങളെ അതിരൂക്ഷമായി എതിര്‍ക്കണം!!
2007 ല്‍ ഏഷ്യാനെറ്റ് ചാനലിലെ നമ്മള്‍ തമ്മില്‍ ടോക്ക് ഷോ യില്‍ വാസ്തുശാസ്ത്രത്തെ കുറിച്ച് ഒരു സംവാദം സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുത്ത ശാസ്ത്രപ്രചാരകനായ ഒരു സുഹൃത്തു പറഞ്ഞ കാര്യം ഇവിടെ പരാമര്‍ശിക്കാതെ വയ്യ. പരിപാടിയില്‍ കേരളത്തിലെ ഒരു പ്രമുഖ വാസ്തുകുലപതിയെ വിചാരണ ചെയ്തുകൊണ്ടും യുക്തിസഹമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും ബഹളക്കാരനായ അവതാരകന്‍ തന്റെ പുരോഗമന ദ്രംഷ്ടകള്‍ പുറത്തുകാട്ടി പ്രേക്ഷകരെ ഞെട്ടിച്ചു. പക്ഷെ ഷൂട്ടിംഗ് തീര്‍ന്നതും ടിയാന്‍ വാസ്തുകുലപതിക്കു സമീപംചെന്നു:''വീട്ടിലെ മുറികളുടെ സ്ഥാനം ഒന്നു നോക്കണം, ഓര്‍ഡിനറി ടീമുകളെ വിളിച്ചാല്‍ ശരിയാവുകയില്ല. തിരുമേനിക്ക് എപ്പാഴാണ് സമയംകിട്ടുന്നത്, വന്നു കൂട്ടിക്കൊണ്ട് പൊയ്‌ക്കൊള്ളാം''! പുരോഗമപ്രഭുവായി അഭിനയിച്ചുകൊണ്ടിരുന്ന അവതാരകന്റെ വായില്‍ നിന്നും ഉതിര്‍ന്നുവീണ ഈ വാക്കുകള്‍ അടുത്തു നിന്നു കേട്ട സംവാദകരായ വിശ്വാസികള്‍ക്കുപോലും അവിശ്വസനീയമായി തോന്നി!
അമൃതാ ചാനലില്‍ ഈ വര്‍ഷം
നടന്ന ഒരു ടോക്ക് ഷോയില്‍ പങ്കെടുത്ത മറ്റൊരു സുഹൃത്തിനോടു അവതാരകനായ ചലച്ചിത്രതാരം മണിയന്‍പിള്ള രാജൂ ചോദിച്ച ചോദ്യം ഞെട്ടിപ്പിക്കുന്നതായിരുന്നു: ''അന്തരിച്ച നടി മോനിഷയെ ഞാന്‍ പലപ്പോഴും കാണാറുണ്ട്, അതിന്റെ കാരണം വിശദീകരിക്കാനാവുന്നില്ലെങ്കില്‍ ഇതൊക്കെ മിഥ്യയാണെന്നു എങ്ങനെ പറയും?!'' സ്വന്തം ഭ്രമങ്ങളും മനോകല്‍പ്പനകളും മറ്റൊരാള്‍ക്ക് വിശദീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു വാസ്തവമല്ലെന്നു എങ്ങനെ പറയും എന്നാണ് രാജുവിന്റെ സംശയം! പണ്ടു ഇങ്ങനെ ''പലതും കാണുകയും കേള്‍ക്കുകയും'' ചെയ്ത മിടുക്കന്‍മാരുടെ മനോവിഭ്രാന്തികള്‍ ചോദ്യംചെയ്യാതെ വെട്ടിവിഴുങ്ങിയതിനുള്ള ശിക്ഷയാണ് ഇന്നും മനുഷ്യരാശി അനുഭവിക്കുന്നതെന്ന് അദ്ദേഹത്തിനു ആരു പറഞ്ഞുകൊടുക്കും?
പ്രശ്‌നം സാമ്പത്തികം മാത്രമാണോ? ചാനലധികാരികളുടെയും ജീവനക്കാരുടെയും അന്ധവിശ്വാസ പ്രവണതകള്‍അവിടെ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. വാസ്തുപ്രകാരം തയ്യാറാക്കിയ ചാനല്‍ സ്റ്റുഡിയോയില്‍ ഇരുന്നു വാസ്തുവിനെതിരെ സംസാരിച്ചാല്‍ അതിന്റെ സാധ്യതയെന്തായിരിക്കും?! ജ്യോതിഷികളുടെ/വാസ്തുക്കാരായ സ്ഥിരം കസ്റ്റമര്‍മാരായ അവതാരകര്‍ക്ക് എത്ര നിക്ഷപക്ഷവും വിശകലനാത്മവുമായി ചര്‍ച്ച നയിക്കാനാവും?
മിക്കപ്പോഴും ചര്‍ച്ചയുടെ അന്തിമനിഗമനം മുന്‍കൂട്ടി കാണാതെ പഠിച്ചായിരിക്കും അവതാരകര്‍ എത്തുക. ചര്‍ച്ചയില്‍ നിന്നുരുത്തിരിയുന്ന നിഗമനങ്ങളല്ല മറിച്ച് തങ്ങള്‍ കാലേക്കൂട്ടി കാണാതെ പഠിച്ചുവെച്ച വരികളായിരിക്കും ആരംഭത്തിലും അവസാനവും അവര്‍ കാമറ നോക്കി ഉരുവിടുക. 'ബാലന്‍സിംഗ്'ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതുണ്ട് എന്നാണവരുടെ വാദം. രാഷ്ട്രീയ വിഷയങ്ങളിലൊക്കെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാം. പക്ഷെ അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ നടത്തുന്ന സമതതുലനം അന്ധവിശ്വാസങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്തിനു സമതുലനം എന്നു ചോദിച്ചാല്‍ പ്രേക്ഷകര്‍ കൂടുതലും അന്ധവിശ്വാസികളാണ്, സ്‌പോണ്‍സര്‍മാര്‍ കോപിക്കും, കൊപേക്കാര്‍ മുകളിലേക്ക് വിളിച്ചു പരാതി പറയും.....തുടങ്ങിയ പ്രതീക്ഷിത വിശദീകരണങ്ങള്‍ കേള്‍ക്കാം. ഒപ്പം അവതാരകര്‍ ഒന്നുകൂടി പറയാതെ പറയും: തങ്ങളുടെ നിലപാടും മറ്റൊന്നല്ല!
പ്രതികൂല സാഹചര്യങ്ങള്‍ ഏറെയുണ്ടെങ്കിലും ഇത്തരം പരിപാടികളില്‍ പങ്കെടുത്തു ആശയപ്രചരണം നടത്താനുള്ള ബാധ്യത ശാസ്ത്രപ്രചാരകര്‍ക്കുണ്ട്.വൈക്കോല്‍ കെട്ടാനുള്ള കയറു ഉണ്ടാക്കുന്നത് വൈക്കോലില്‍ നിന്നും തന്നെയാണ്. സര്‍ക്കാരും പോലീസും ചാനല്‍ ജീവനക്കാരുമൊക്കെ വരുന്നത് ഈ സമൂഹത്തില്‍ നിന്നാണെന്നറിയണം. എല്ലാ സാമൂഹികരോഗങ്ങളും ജീര്‍ണ്ണതകളും വ്യക്തിയില്‍ ഏറിയുംകുറഞ്ഞും പ്രതിഫലിക്കും. കച്ചവട-സിനിമാരംഗങ്ങള്‍ പൊതുവെ അന്ധവിശ്വാസങ്ങളുടെ പൂരപ്പറമ്പുകളാണ്. റേറ്റിംഗ് ലക്ഷ്യമിട്ടു താരങ്ങളെക്കൊണ്ട് ചര്‍ച്ചകളും അഭിമുഖങ്ങളും സംഘടിപ്പിച്ചാല്‍ മിക്കപ്പോഴും അവര്‍ തങ്ങളുടെ അന്ധവിശ്വാസങ്ങളും ചപലധാരണകളും സമൂഹത്തിലേക്ക് ഒഴുക്കിവിടും. ജനത്തിനു ആവശ്യമുള്ളതു ലഭ്യമാക്കാനേ ചാനലുകള്‍ക്കു സാധിക്കൂ. സമൂഹത്തെ തിരുത്തിയും പരിഷ്‌ക്കരിച്ചു പിടിച്ചുനില്‍ക്കാനുള്ള സാമ്പത്തികഭദ്രത പലര്‍ക്കുമില്ല, അതിനുള്ള താല്‍പര്യവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
2 comments:
More over What I felt is, they (Anchors) don't give enough time to rationalists to talk.
But they give plenty of time to superstitious people...!
Respect sir
Post a Comment