ജ്യോതിഷിയുടെ മുന്നറിയിപ്പ് കേട്ട് ഭയന്ന അമ്പലപ്പുഴ സ്വദേശി മധു 70
ദിവസം പ്രായമുണ്ടായിരുന്ന സ്വന്തം കുഞ്ഞിനെ തറയിലടിച്ച് കൊന്നതിന്റെ
(11.9.12)ഞെട്ടല്‍ മലായളിസമൂഹത്തെ ഇനിയും വിട്ടുമാറിയിട്ടില്ല. കുഞ്ഞിന്
പതിവിലും നേരത്തെ പല്ലു മുളച്ചതായിരുന്നു മധുവിനെ അലട്ടിയത്!
ഇതാ വരുന്നു, അടുത്ത ജ്യോതിഷസാഹസം: രണ്ടു ദിവസത്തിന് മുമ്പുള്ള പത്രങ്ങളില്‍ (11.12.12) ഇടുക്കി ജില്ലയിലെ
ചെറുതോണിയില്‍ ഒരു നവജാതശിശുവിന്റെ ജന്മനക്ഷത്രം(ശരിയായി പറഞ്ഞാല്‍
നക്ഷത്രസമൂഹം!) ശരിയല്ലാത്തതിനാല്‍ നിലത്തെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച്
പിടിയിലായ 'അന്ധവിശ്വാസികളായ' യുവദമ്പതികളെ സംബന്ധിച്ച സ്‌തോഭജനകമായ
വാര്‍ത്ത മുന്‍പേജിലുണ്ട്. ഈ വാര്‍ത്ത വായിച്ച് 'അന്ധവിശ്വാസികളല്ലാത്ത'
മാന്യ വായനക്കാരെല്ലാം സ്വഭവനത്തിലിരുന്ന് രൂക്ഷ വിമര്‍ശനം
ഉയര്‍ത്തുകയായിരിക്കും. രസമതല്ല, ക്രിസ്തുമതത്തില്‍ പെട്ടവരാണത്രെ
പ്രതികള്‍. അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ വിചിത്രമായ മതസൗഹാര്‍ദ്ദമുള്ള
കാര്യം പരസ്യമായ രഹസ്യമാണല്ലോ. ''യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും
ജ്യോതിഷം വിലക്കപ്പെട്ടിരിക്കുന്നു'' (4:19,ആവര്‍ത്തനപുസ്തകം,19:26,
ലേവ്യപുസ്തകം) എന്നും പ്രശ്‌നംവെക്കുന്നവനും ഏഷണി പറയുന്നവനും
അസൂയവെക്കുന്നവനും എന്നില്‍പെട്ടവനല്ല, ഞാന്‍ അവരില്‍ പെടുന്നവനുമല്ല എന്ന മുഹമ്മദിന്റെ വചനവും സൗകര്യപൂര്‍വം തള്ളി തങ്ങളുടെ വിശ്വാസമാലിന്യം
ചുമക്കാനെത്തുന്ന ക്രൈസ്തവ-മുസ്‌ളീം സഹോദരന്‍മാരെപ്പറ്റി
ജ്യോതിഷവിശ്വാസികളായി ഹിന്ദുക്കള്‍ക്ക് നൂറ് നാവാണ്.
''ദേ ക്രിസ്ത്യാനികളും
മുസ്‌ളീങ്ങളുംവരെ ജ്യോതിഷവും വാസ്തുവും നോക്കുന്നു''എന്നുപറയുമ്പോള്‍
'മണിച്ചിത്രത്താഴി'ലെ ഗംഗയുടെ കണ്ണിലെ തിളക്കമാണ് ഓരോ
ജ്യോതിഷവിശ്വാസിയിലും പ്രകടമാവുക!
'അന്ധവിശ്വാസം മൂലം കൊലപാതകശ്രമം നടത്തി' എന്നാണ് പത്രങ്ങളും മാധ്യമങ്ങളും ഏകസ്വരത്തില്‍ നിലവിളിക്കുന്നത്. ദിവസവും ജോതിഷപ്രവചനങ്ങളും രാശിവാദങ്ങളുമായി വായനക്കാരെ 'ഉദ്ധരിക്കാന്‍ ' പരസ്പരം മത്സരിക്കന്ന മാധ്യമങ്ങളാണ് ഈ സംഭവത്തില്‍ കുട്ടിക്കരണം മറിഞ്ഞ് 'അന്ധവിശ്വാസവിരോധി'കളാകുന്നത്!! ജ്യോതിഷം മൊത്തത്തില്‍ നല്ല സാധനമാണെങ്കില്‍ ജന്മനക്ഷത്രവുമായി, ബന്ധപ്പെട്ട ഈ വിശ്വാസത്തില്‍ എന്ത് തെറ്റാണുള്ളത്? പിന്നെയുള്ളത് കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതാണ്. ഈ കഥയിലെ നായകന്‍ താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കാന്‍ ശ്രമിച്ചു എന്ന ഒരൊറ്റ കുറ്റമേ ചെയ്തിട്ടുള്ളു;വില്ലനായ ജ്യോതിഷിയാകട്ടെ തനിക്കറിയാവുന്ന കാര്യം എഡിറ്റ് ചെയ്യാതെ പറഞ്ഞുവെന്നതും. കുട്ടിയെ കൊല്ലാനൊന്നും ജ്യോതിഷി പറഞ്ഞിട്ടുണ്ടാവില്ലെന്ന് വാദിക്കാം. പക്ഷെ ഒരാള്‍ അന്ധവിശ്വാസിയാകുകയും വേണം വിവേകത്തോടെ പെരുമാറുകയുംവേണം എന്ന് ശാഠ്യം പിടിക്കുന്നത് ശരിയാണോ?!
എങ്ങനെയാണ് ഇതു മാത്രം അന്ധവിശ്വാസമാകുന്നത്?! ദിനംപ്രതി സമാന സ്വഭാവമുള്ള എത്ര സംഭവങ്ങളാണ് നമുക്ക് ചുറ്റും അരങ്ങേറുന്നത്! ഇത് പവിത്രമായ പാരമ്പര്യത്തികവുള്ള വിശ്വാസമല്ലേ? കുഞ്ഞിന്റെ നക്ഷത്രം കാരണം പിതാവിന് നാശം വരുമെന്നല്ലേ പറഞ്ഞത്? ഇപ്പോഴത് യാഥാര്‍ത്ഥ്യമായില്ലേ?! പ്രവചനത്തില്‍ എവിടെയാണ് തെറ്റ്? ജ്യോതിഷം ശരിയാണെന്ന് തെളിഞ്ഞു എന്നല്ലേ മുഖ്യധാരജ്യോതിഷമാധ്യമങ്ങള്‍ വിലയിരുത്തേണ്ടിയിരുന്നത്?
പിതാവിന് ജീവഹാനിയൊന്നും ഉണ്ടായിട്ടില്ലെന്നത് ഒരു ന്യായമാണോ? പിതാവിനൊപ്പം മാതാവിനും ജയില്‍ശിക്ഷ കട്ടുന്നത് ഒരു 'ബോണസായി'കണ്ടാല്‍ പ്രശ്‌നം തീര്‍ന്നല്ലേ? മാത്രമല്ല പ്രതിയുടെ കുടംബത്തിനുണ്ടായ അപഖ്യാതിയും മാതാപിതാക്കളുടെ സ്‌നേഹം നിഷേധിക്കപ്പെട്ട കുഞ്ഞിന്റെ ദുര്യോഗവും ജന്മനക്ഷത്രപ്രവചനത്തിന്റെ കൃത്യതയല്ലേ തെളിയിക്കുന്നത്?!!!
പിതാവ് കുറെക്കഴിയുമ്പോള്‍ ജയിലില്‍ നിന്ന് ഇറങ്ങിയേക്കാം;പക്ഷെ ആ കുഞ്ഞിന്റെ കാര്യം!? ജന്മനക്ഷത്രം കാരണം പിതാവിന് നാശം വരുമെന്ന പ്രവചനത്തെക്കോള്‍ ശൈശവത്തില്‍ തന്നെ സ്വയം കെടുതികള്‍ ഉണ്ടാകുന്ന നാളാണെന്ന് ആ കുഞ്ഞിനെ അറിയിക്കാനുള്ള പോംവഴിയില്ലാതിരുന്നതു കൊണ്ടാണ് ജ്യോതിഷി അത് ചെയ്യാതിരുന്നത്! മാത്രമല്ല പ്രവചനത്തിന്റെ പേരില്‍ ഈ ജന്മനക്ഷത്രം പോലീസിന്റെ രൂപത്തില്‍ തന്റെ വീട്ടിലും എത്തിപ്പെടുമെന്ന് നിരൂപിക്കാനും ഈ ഐ.എ.എസ്സ് രഹിത ജ്യോതിഷിക്ക് കഴിഞ്ഞില്ല. പണ്ട് ഭാര്യ കാര്‍ ഡ്രൈവര്‍ക്കൊപ്പം പുതുപച്ചപ്പ് തേടുമെന്ന് 'ജ്യോതിഷശാസ്ത്രം'കൃത്യമായി അറിയിച്ചിട്ടും അതൊന്നും ഗൗനിക്കാതെ മുന്നോട്ടുപോവുകയും അവസാനം ഭാര്യ പൂര്‍ണ്ണസ്വരാജ് പ്രഖ്യാപിച്ചപ്പോള്‍ പോലീസിന്റെയും ചാനലിന്റേയും സഹായത്തോടെ പരിഹാരക്രിയ ചെയ്യുകയും ചെയ്ത ചാനല്‍ ജ്യോതിഷിയുടെ പിന്‍തലമുറക്കാരാനായി പോകാനായിരുന്നു അയാള്‍ക്കും വിധി! കുറച്ച് പിഴവ് ഏത് ജ്യോതിഷിക്കും പറ്റാമല്ലോ?! പിഴവ് പറ്റുന്നത് ജ്യോതിഷിക്കല്ലേ, ജ്യോതിഷത്തിനല്ലല്ലോ?!!!!
'ഏതോ ജ്യോതിഷി'യുടെ വാക്കുകേട്ട് ക്രൂരകൃത്യം ചെയ്തു എന്നൊക്കെയാണ് അന്ധവിശ്വാസപ്രചരണ ചക്രവര്‍ത്തിയായ 'മാതൃഭൂമി' ദിനപത്രത്തില്‍ ! ഈ ജ്യോതിഷിയും ചാനലുകളില്‍ നിര്‍ദ്ദിഷ്ട സമയത്ത് പതഞ്ഞൊഴുകുന്ന IAS ജ്യോതിഷിയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസമെന്തെന്ന് പറയാമോ സര്‍ ?! കുഞ്ഞിന്റെ ജന്മനക്ഷത്രം പിതാവിന് നാശം വിതയ്ക്കുമെന്ന ജ്യോതിഷപ്രവചനം ശരിയായി ഭവിച്ചതിനെപ്പറ്റി ഇവരെന്തേ ഒരക്ഷരം പറയുന്നില്ല?! ശരിയാകുന്നതാണ് അന്ധവിശ്വാസമെങ്കില്‍ തെറ്റാകുന്നതിന്റെ പേരെന്താണ്?!! ഇനി, ഈ ജന്മനക്ഷത്രം വന്നാല്‍ പിതാവിന് ഹാനി വരില്ലെന്നാണോ പത്രം പറയുന്നത്? അതായത് ജ്യോതിഷം തെറ്റാണെന്നോ!!?? എനിക്കുവയ്യ!! തെരെഞ്ഞെടുക്കപ്പെട്ട അന്ധവിശ്വാസങ്ങളെ തള്ളിപ്പറയുകയും ബാക്കിയുളളവയെ ലജ്ജാരഹിതമായി താലോലിക്കുകയും ഒപ്പം അപരന്റെ അന്ധവിശ്വാസങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്ന(be selectively superstitious) നാണംകെട്ട അവസ്ഥയാണിത്. ജ്യോതിഷികളും ആള്‍ദൈവങ്ങളും സമം. പിടിക്കപ്പെടുന്നതുവരെ വാഴ്ത്തിപ്പാടപ്പെടും; കുഴപ്പത്തില്‍ ചാടിയാല്‍ ആ നിമിഷം മുതല്‍ വ്യാജനായി, അന്ധവിശ്വാസിയായി, വൃത്തികെട്ടവനായി, ചൂഷകനായി... ഈ രംഗത്തെ മാധ്യമപരിലാളനയുടെ ഒരു പൊതുസ്വഭാവമാണിത്.
'ഘോരത' മാത്രമല്ല 'സ്റ്റാറ്റസും'നോക്കിയേ ജ്യോതിഷത്തില്‍ പരിഹാരക്രിയ അന്ധവിശ്വാസമാണോ അല്ലയോ എന്ന് തീരുമാനിക്കപ്പെടൂ! തമിഴ്‌നാട്ടിലെ ഏതെങ്കിലും ദരിദ്രനായ തൊഴിലാളി ദോഷം തീര്‍ക്കാന്‍ ലോക്കല്‍ ജ്യോതിഷിയുടെ ഉപദേശപ്രകാരം 'പട്ടിക്കല്യാണം' നടത്തിയാല്‍ അത് ജീര്‍ണ്ണജ്യോതിഷം!! ആ സ്ഥാനത്ത് സിനിമാനടി ഐശ്വര്യാറോയി ചൊവ്വാദോഷം മായ്ക്കാന്‍ മണ്‍കുടം, ആല്‍മരം, കഴുത എന്നിവയെ താല്‍ക്കാലികാടിസ്ഥാനത്തില്‍ വിവാഹം കഴിക്കുകയും പിന്നെ 'അസ്സല്‍ കല്യാണ'ത്തിന് മുമ്പ് കഴുതയെ ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്താല്‍ സംഗതി പൂര്‍ണ്ണജ്യോതിഷം!!!
വാദമിതാണ്:ജ്യോതിഷവിശ്വാസികളായാല്‍ കുറച്ചൊക്കെ യുക്തിബോധം വേണം. പ്രവചനവും പരിഹാരവുമൊക്കെ ആയിക്കോളൂ, നല്ല കാര്യം. പക്ഷെ കൈവിട്ട കളിക്ക് നില്‍ക്കരുത്! മിതത്വം വേണം! പുസ്തകത്തിലുള്ളതും ആചാരത്തിലുള്ളതും മുഴുവന്‍ അപ്പടി കണ്ണുമടച്ച് പാലിക്കാന്‍ ശ്രമിക്കരുത്. പണ്ട് പലരും പലതും ചെയ്തിട്ടുണ്ടാവാം. പക്ഷെ ഇക്കാലത്ത് ഇനിയവയൊന്നും പാടില്ല. അന്ധവിശ്വാസത്തെ കാലോചിതമായി പരിഷ്‌ക്കരിക്കണം! സാമാന്യനീതിക്കും യുക്തിക്കും നിരക്കാത്ത ഫലപ്രവചനം ഏത് ജ്യോതിഷി നടത്തിയാലും തള്ളണം, പകരം വേറൊരാളെ കാണണം! അപ്പോഴും ശരിയായില്ലെങ്കില്‍ വേറെ രണ്ടുമൂന്നുപേരെ കൂടി കാണുക. അവസാനമായി കാണുന്ന ആള്‍ മിക്കപ്പോഴും താരതമ്യേന സഹനീയമായ പ്രവചനവും പ്രിഹാരക്രിയയും നിര്‍ദ്ദേശിച്ചിരിക്കും, കട്ടായം!! തീര്‍ന്നില്ല, ഇത്തരം കൊലവെറി പ്രവചനങ്ങളും മുന്നറിയിപ്പുകളും നല്‍കാതിരിക്കാന്‍ ജ്യോതിഷികളും ശ്രദ്ധിക്കണം. മറിച്ചായാല്‍ ജ്യോതിഷം കടുത്ത 'അന്ധവിശ്വാസ'മായിപ്പോകും! ഇതാണ് 'ജ്യോതിഷയുക്തിവാദം'.
നക്ഷത്രഫലം മോശമായാല്‍ വല്ല ലുടുക്ക് വഴിപാടോ ഹോമമോ ക്ഷേത്രസന്ദര്‍ശനമോ രത്‌നം ധരിക്കലോ നടത്തി പ്രശ്‌നമൊതുക്കണം. അതിനപ്പുറമുള്ള കാര്യങ്ങള്‍ അചിന്ത്യം! അന്ധവിശ്വാസജഡിലം! എന്തിനുമേതിനും കുറച്ച് യുക്തിയൊക്കെ വേണ്ടേ?! തൊടുപുഴയില്‍ ജ്യോതിഷയുടെ വാക്ക് കേട്ട് സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച ദമ്പതികള്‍ കാര്യം മനസ്സിലായപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവത്രെ. ജ്യോതിഷം തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്താന്‍ ആരെങ്കിലും സംഭവത്തിന് തൊട്ടുതലേന്ന് ഈ ദമ്പതികളെ സമീപിച്ചിരുന്നെങ്കില്‍ അടി ഉറപ്പായിരുന്നു! കമഴ്ത്തുവിദ്യകളില്‍ വിശ്വസിക്കുന്നവരുടെ അന്ധത അത്രമാത്രം കടുത്തതായിരിക്കും.
'പുച്ഛിച്ചിട്ട് പഠിക്കൂ'
എത്രയൊക്കെ വിശദീകരിച്ചാലും, യുക്തിഹീനമാണെന്ന് സ്വയം ബോധ്യപ്പെട്ടാലും ജ്യോതിഷം പോലുള്ള തട്ടിപ്പുവിദ്യകളെ സംബന്ധിച്ച് സംശയം വിട്ടുകളയാത്തവരുണ്ട്.''ഇനി ചിലപ്പോള്‍ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ''എന്ന സംശയം വെച്ചുപുലര്‍ത്തുന്ന സന്ദേഹവീരന്‍മാരാണിവര്‍ .''ഞാനും പണ്ട് ഇതെല്ലാം തട്ടിപ്പാണെന്ന് പറഞ്ഞ് നടന്നതാണ്, പക്ഷെ സ്വജീവിതത്തില്‍ സത്യമായി ഭവിച്ചപ്പോള്‍ പിന്നെ വിശ്വസിക്കാതെ മാര്‍ഗ്ഗമില്ലെന്നായി. അതോടെ സംശയം തീരെ വറ്റി, പഠനം തുടങ്ങി''എന്ന മാതൃകയില്‍ ടി.വി പരസ്യംപോലെ ചവിട്ടിക്കുഴയ്ക്കുന്ന അല്‍പ്പബുദ്ധികളുണ്ട്. താന്‍ പണ്ട് ഒരു ''ഘോര നിരീശ്വരവാദി'' ആയിരുന്നുവെന്ന് കൂട്ടിച്ചേര്‍ക്കാനും ഇക്കൂട്ടര്‍ മറക്കാറില്ല. 'നിരീശ്വരവാദിയായിരുന്നു'എന്നുപറഞ്ഞാല്‍ കമിഴ്ത്തുവേലയൊക്കെ തിരിച്ചറിയാനുള്ള വോള്‍ട്ടേജ് ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ വിശ്വസിക്കുന്നു എന്നുകരുതി താന്‍ വെറും മന്ദബുദ്ധി ജനുസ്സല്ല എന്ന് മാലോകര്‍ ധരിച്ചുകൊള്ളണം എന്നുമാണ് ഈ പൂമാന്‍ പറയാതെ പറയുന്നത്! പണ്ടും മതവിശ്വാസിയാണെന്ന് വന്നാല്‍ ''ഓ ഇവന്‍ പണ്ടേ ചരടുകുറിപൊങ്കാല ടീമാണ്''എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാലോ?! അതായത് മതവിശ്വാസത്തെ പ്രത്യക്ഷത്തില്‍ ഇകഴ്ത്തുകയാണ് ഈ 'നിരീശ്വരവാദി'-പ്രഖ്യാപനത്തിലൂടെ അയാള്‍ ചെയ്യുന്നത്. ഐ.പി.സി 295 നെ അഗാധമായി പ്രണയിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ട ഒരു മതനിന്ദാ കേസാണിത്!
അല്‍പ്പബുദ്ധികള്‍ ഉള്ളിടത്തോളം കാലം കമിഴ്ത്തുവിദ്യകള്‍ക്ക് പൂക്കാലമായിരിക്കുമെന്ന് പറഞ്ഞാല്‍ വെറുതെ എഴുതുന്നവനെ അഹങ്കാരിയെന്ന് മുദ്രകുത്തി കൈ കഴുകരുത്. കുറെ ലേഖനങ്ങളെഴുതി ഇതൊക്കെ ഇല്ലാതാക്കാമെന്ന മോഹമൊന്നുമില്ല. എല്ലാ തട്ടിപ്പിനും ആവര്‍ത്തനമുണ്ടാകാറുണ്ട്. കുറെപ്പേര്‍ക്ക് മനസ്സിലാകുമ്പോള്‍ അവര്‍ നിര്‍ത്തും. പക്ഷെ ആ സ്ഥാനത്ത് കഥയറിയാത്ത പുതിയ കുറെയെണ്ണം പ്രത്യക്ഷപ്പെടും. കുറേക്കാലം ഈ പുത്തന്‍കൂറ്റുകാര്‍ ജ്യോതിഷിക്ക് പോഷകമെത്തിക്കും. മുച്ചീട്ടുകളി പോലെയാണിത്. കടം കയറി മുടിയുമ്പോള്‍ ഗത്യന്തരമില്ലാതെ കുറെയെണ്ണം കളി നിറുത്തും, അപ്പോഴേക്കും അവരുടെ സ്ഥാനത്ത് പുതിയ കുട്ടന്‍മാര്‍ കടന്നുവരും, അങ്ങനെ കളി മുന്നോട്ടുപോകും. തട്ടിപ്പുകാര്‍ക്ക് കച്ചവടത്തിന് ഒരിക്കലും മുടക്കമുണ്ടാവില്ല.
''പഠിച്ചിട്ട് പുച്ഛിക്കൂ''എന്നു പറഞ്ഞാണ് അന്ധവിശ്വാസികള്‍ അള മുട്ടുമ്പോള്‍ പ്രതിരോധിക്കുക. അതായത് നിങ്ങള്‍ എന്തുപറഞ്ഞാലും ശരിയല്ല;നിങ്ങള്‍ പഠിക്കാതെ പറയുകയാണ്. കാര്യങ്ങള്‍ പഠിച്ച് ക്രമപ്രകാരം വിശദീകരിച്ചുനോക്കൂ, അപ്പോള്‍ പ്‌ളേറ്റ് മാറ്റും. ഇങ്ങനെയല്ല പഠിക്കേണ്ടത്,വേറെ രീതിയില്‍ പഠിക്കണം! അതായത് 24 കാരറ്റ് അന്ധവിശ്വാസിയായ ഒരു 'ആചാര്യന്റെ'സവിധത്തില്‍ ഹാജരായി ഇതൊക്കെ ശരിയാണെന്ന് തന്നെ പഠിക്കണം. എങ്കിലേ ഗുണമുള്ളു. അല്ലാതെ പഠിക്കുന്നതൊന്നും പഠനമല്ല. അതായത് അന്ധവിശ്വാസങ്ങളും കമിഴ്ത്തുവേലകളും ഒരിക്കലും വസ്തുനിഷ്ഠമായി പഠിക്കാന്‍ പാടില്ല, മറിച്ച് വേദവാക്യംപോലെ അന്ധമായി വെട്ടി വിഴുങ്ങിക്കൊള്ളണം. എന്തായാലും അന്ധവിശ്വാസപ്രഭുവായ 'ആചാര്യന്‍'വയറ്റുപ്പിഴപ്പ് മറന്ന് പ്രവര്‍ത്തിക്കില്ലെന്നുറപ്പാണല്ലോ! മയക്കുമരുന്ന് മനോഹരമാണെന്ന് അത് വില്‍ക്കുന്നവന്റെ അരികില്‍ പോയി പഠിച്ചുവെച്ചാല്‍ പിന്നാരെങ്കിലും അതിനെ ഇകഴ്ത്തുമോ? അതാണ് പറയുന്നത്, 'വിധിപ്രകാരം'പഠിച്ചിട്ട് വേണം പുച്ഛിക്കാന്‍!!
എണ്ണമില്ലാത്ത ഓലകള്‍ !
നാഡിജ്യോതിഷ പ്രവചനത്തില്‍ പേരും പിതാവിന്റെ പേരുമൊക്കെ ഒറ്റയടിക്ക് പറയുന്നുവെന്ന് വിശ്വസിക്കുന്നവര്‍ സംശയാലുക്കളോട് പറയുന്നതും ഇത്തരം ഡയലോഗുകള്‍ തന്നെ: ''നിങ്ങള്‍ക്ക് അറിയാത്ത കാര്യം ഇല്ലെന്ന് പറയുന്നു, വേണ്ടത്ര പഠിച്ചിട്ടില്ല, അറ്റവും മുറിയും അറിഞ്ഞതുകൊണ്ടോ ചില വ്യാജന്‍മാരെ പരിചയപ്പെട്ടതുകൊണ്ടോ നാഡിജ്യോതിഷത്തെ അടുത്തറിയാനാവില്ല. പണ്ട് അതിന്ദ്രിയ മനസ്സുകള്‍ അറിഞ്ഞ നിഗൂഡ രഹസ്യമാണത്......''
സത്യത്തില്‍ ശിവസ്വാമിമാര്‍ പയറ്റുന്നത് കലര്‍പ്പില്ലാത്ത യുക്തിവാദവും മനസ്സുവായന(mind reading)യുമാണ്. മുന്നില്‍ ചെന്നിരിക്കുന്ന ഒരാളോട് ചോദ്യങ്ങള്‍ ചോദിച്ച് ആവശ്യമുള്ളത് മുഴുവന്‍ ഗ്രഹിക്കാനുള്ള അത്യാവശ്യം നിപുണത അവരില്‍ പലര്‍ക്കുണ്ട്. അവരെയാണ് 'അച്ചട്ട് സ്വമി'മാര്‍ എന്ന് വിശ്വാസിക്കൂട്ടം വാഴ്ത്തുന്നവര്‍. ഇവര്‍ക്ക് താരതമ്യേന കുറച്ചു പിഴവുകളേ സംഭവിക്കൂ. കൂടുതല്‍ പിഴവ് പറ്റുന്നവരൊക്കെ വ്യാജന്‍മാരാണ്! ലോകത്തെ സര്‍വ മനുഷ്യരുടേയും ജീവിതരഹസ്യം സൂക്ഷിക്കാനായി കോടിക്കണക്കിന് പനയോലകള്‍ ഓരോ മഠത്തിലും സൂക്ഷിക്കേണ്ടിവരുമെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. ഇക്കാര്യം ഒരു അച്ചട്ട്‌സ്വാമിയോട് ചോദിച്ചാല്‍ അയാള്‍ തമിഴ് കലര്‍ന്ന മലയാളത്തില്‍ നിങ്ങളെ കമഴ്ത്തിയടിക്കും:
''ഏയ് അപ്പടിയൊന്നുമില്ല ചാമി, ഇവിടെ യാരൊക്കെ വരുമെന്ന് കടവുള്‍ക്ക് താന്‍ തെരിയും. ഇന്ത ലോകത്തിലേ കോടിക്കണക്കിന് ആള്‍ക്കാരിരിക്ക്. അതില്‍ ആകെ എത്ര പേര്‍ ഇങ്ക വരും? മാക്‌സിമം പത്തോ ആയിരമോ,അല്ലയാ. അന്ത ആള്‍ടെ ഓലയെല്ലാം കടവുള്‍ താന്‍ ഇവിടെ കൊണ്ടു വെച്ചിരിക്കത്. എത്തനകാലം കഴിഞ്ഞാലും അതിവിടെയിരിക്കെ. അല്ലാതെ എല്ലാരെടേയും ഓല യെന്തിനാ ചാമീ? യിത് എതാവത് പടക്കക്കടയാ..?''
ലോകത്ത് കോടിക്കണക്കിന് ജനമുണ്ടെങ്കിലും നാഡിക്കാരനെ കാണാനെത്തുന്നത് കഷ്ടിച്ച് ഏതാനും ആയിരങ്ങളായിരിക്കും. അവരുടെ ഓല മാത്രമേ അവിടെ കാണൂ. ആരൊക്കെ വരുമെന്ന് ദൈവത്തിന് നേരത്തെ അറിയാം. അതുകൊണ്ട് ആവശ്യമില്ലാതെ ഓല സ്റ്റോക്ക് ചെയ്യാന്‍ കടവുള്‍ അനുവദിക്കില്ല. അതായത് ആരു ചെന്നാലും അവരുടെ നിര്‍ദ്ദിഷ്ട ഓല അവിടെയുണ്ടാകും. ഇനി ആരും ചെന്നില്ലെങ്കിലും ഓലകള്‍ അവിടെ കാത്തിരിക്കും..ദാ കിടക്കുന്നു ചട്ടീംകലോം! ഒരു മാതിരി യുക്തിവാദിയൊക്കെ വട്ടംകറങ്ങും!
പേരിന്റെ ആദ്യ അക്ഷരമറിയാന്‍ ഇംഗ്‌ളീഷ് അക്ഷരമാണ് ചോദിക്കുന്നതെങ്കിലും ശിവസ്വാമിമാരില്‍ മിക്കവര്‍ക്കും ഇംഗ്‌ളീഷ് നല്ലവണ്ണം അറിയില്ലെന്ന ഗുണമുണ്ട്. കൂടെ നില്‍ക്കുന്ന സഹായിയാണ് പലപ്പോഴും സ്വാമിക്ക് തുണയാവുക. പേരറിയാനുള്ള ചോദ്യങ്ങള്‍ നിരന്തരവും നിര്‍ഭയവുമായിരിക്കും. അവസാനം ഭക്തന്‍ ക്ഷീണിച്ച് അറിയാതെ ചില വിവരങ്ങളൊക്കെ വെളിപ്പെടുത്തിപ്പോവും. എന്നാലും പേര് അപ്പടി പറയുമെന്ന് ധരിക്കരുത്. സമാനമായ പേരിലൊക്കെ വന്ന് തട്ടിമുട്ടി നില്‍ക്കും. ചിലപ്പോള്‍ പേരിന്റെ പകുതിയോ മുക്കാലോ കിട്ടും,ചിലപ്പോള്‍ മുഴുവനും. അസാധാരണമായ പേരാണെങ്കില്‍, ഉദാഹരണമായി Aayan Hirsi Ali എന്നൊരു ആഫ്രിക്കന്‍ ഗോത്രനാമമോ Goran Ivaniševic' എന്നൊരു സെര്‍ബിയന്‍ പേരോ ഒക്കെ ആണെങ്കില്‍ ശിവസ്വാമി ശവസ്വാമിയായിപ്പോകും. ഒരിക്കലും അത്തരം പേരുകള്‍ ഇവര്‍ക്ക് പറയാനാവില്ലെന്ന ഒറ്റക്കാര്യം മതി നാഡിജ്യോതിഷം ശുദ്ധ തട്ടിപ്പാണെന്ന് മനസ്സിലാക്കാന്‍ . വിദേശഗോത്രഭാഷകള്‍ പോയിട്ട് ഇന്ത്യയിലെ പേരുകള്‍പോലും നേരെചൊവ്വെ പറയാന്‍ ഇവര്‍ക്ക് സാധിക്കില്ലെന്നതാണ് പരമാര്‍ത്ഥം.
വാസ്തവത്തില്‍ ഓല എടുത്തുവെച്ച് നാഡിജ്യോതിഷികള്‍ ശരിക്കും നടത്തുന്നത്'ശീതവായന'അഥവാ കോള്‍ഡ് റീഡിംഗാണ്(cold reading). ശീതവായന എന്നാല്‍ മുന്‍വിവരവുമില്ലാതെ ആദ്യമായി കാണുന്ന ഒരാളെക്കുറിച്ച് നടത്തുന്ന പ്രവചനങ്ങള്‍ എന്നര്‍ത്ഥം. ജ്യോതിഷം ഉള്‍പ്പെടെയുള്ള മിക്ക തട്ടിപ്പുകള്‍ക്കും പിന്നില്‍ സമാനമായ തോതില്‍ ശീതവായന ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതിന് നിരവധി ഉപായങ്ങളുണ്ട്. മനശാസ്ത്രജ്ഞര്‍, ഭാവിപ്രവചനക്കാര്‍ , കൈനോട്ടക്കാര്‍ , ജ്യോതിഷികള്‍ , കൗണ്‍സിലിംഗ് വിദഗ്ധര്‍ , മാജിക്കുകളും മായക്കാഴ്ചകളും അവതരിപ്പിക്കുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടെയുളളവര്‍ പൊതുവെ 'മനസ്സുവായന'യില്‍ പ്രവീണരായിരിക്കും. ശരിക്കും അറിയുന്നതിനേക്കാള്‍ വളരെ കൂടുതല്‍ കാര്യങ്ങള്‍ നമ്മെക്കുറിച്ച് അറിയാമെന്ന് നമ്മെ ധരിപ്പിക്കുന്നതില്‍ ഇക്കൂട്ടര്‍ വിജയിക്കാറുണ്ട്. ആദ്യം കാണുന്ന മാത്രയില്‍ അപരിചിതനായ ഒരാള്‍ നമ്മെക്കുറിച്ച് വളരെയധികം കാര്യങ്ങള്‍ പറയുകയും അതില്‍ പലതും ശരിയായി വരുകയും ചെയ്യുമ്പോള്‍ ആരായാലും ഒരു വേള സംശയിച്ചുപോകും.
പ്രവചനം അര്‍ത്ഥിച്ചെത്തുന്ന ആളിന്റെ പ്രായം, ശരീരഭാഷ, ലിംഗം, ഹെയര്‍സ്റ്റൈല്‍, വേഷവിധാനം, ഭാവഹാവാദികള്‍ , സംസാരരീതി, അക്ഷമ, മാനസികസമ്മര്‍ദ്ദം, ശാരീരികക്ഷമത, ചോദ്യങ്ങളോടുള്ള പ്രതികരണം എന്നിവയൊക്കെ മനസ്സുവായിക്കുന്ന ആള്‍ക്ക് നിര്‍ണ്ണായകമായ വിവരങ്ങളുടെ 'ചാകര'യൊരുക്കും. പ്രവചനാര്‍ത്ഥി എന്തൊക്കെ പറയുന്നു-ചെയ്യുന്നു എന്നതു മാത്രമല്ല വിദഗ്ധരായ മനസ്സുവായനക്കാര്‍ പരിഗണിക്കുക. മറിച്ച് എന്തൊക്കെ പറയുന്നില്ല-ചെയ്യുന്നില്ല എന്നതും വിലയിരുത്തപ്പെടും. മന:പൂര്‍വം കബളിപ്പിക്കിനായി ഒരാള്‍ വേഷംകെട്ടി മുന്നിലിരുന്ന് അഭിനയിച്ചാല്‍ അത് തിരിച്ചറിയാന്‍ മനസ്സുവായനക്കാരന് കഴിയണം. കഴിഞ്ഞില്ലെങ്കില്‍ എല്ലാം ചക്ക കുഴയുന്നതുപോലെ കുഴയും! അങ്ങനെവന്നാല്‍ പ്രവചിക്കുന്നയാള്‍ പിന്നെ പറയുന്നതൊക്കെ ശുദ്ധഫലിതമായിരിക്കും. അതേസമയം തന്നെ കബളിപ്പിക്കാന്‍ വന്നയാളാണ് മുന്നിലിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിച്ചാല്‍ മനസ്സുവായനക്കാരന് നല്ല സാധ്യതയുണ്ട്. കാരണം അയാള്‍ നല്‍കുന്ന സൂചനകളുടെ എതിര്‍ദിശയിലേക്ക് സഞ്ചരിച്ചാല്‍ നേട്ടത്തിന് നല്ല സാധ്യതയുണ്ട്.
'ഊഹാപോഹപടു'എന്നൊക്കെ വിളിക്കുന്നത് ഇഷ്ടപ്പെടാനിടയില്ലെങ്കിലും മനസ്സുവായനക്കാര്‍ ശരിക്കും ആശ്രയിക്കുന്നത് ഊഹങ്ങളേയും അനുമാനങ്ങളേയും തന്നെയാണ്. അതല്ലാതെ മുകളില്‍നിന്ന് ഇറക്കി കിട്ടുന്ന യാതൊരു വിവരവും അവര്‍ക്കില്ല. സ്വയം തീര്‍ച്ചയില്ലാത്ത കാര്യങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍ അവര്‍ പറയുക. പ്രവചനാര്‍ത്ഥി തലയാട്ടുകയോ സ്ഥിരീകരിക്കുകയോ ചെയ്യേണ്ടത് മുന്നോട്ടുള്ള പ്രയാണത്തിന് അത്യാവശ്യമാണ്. ഉത്തരം വാക്കാല്‍ പറയണമെന്ന് നിര്‍ബന്ധമില്ല. സമ്മതപൂര്‍വമുള്ള മൗനവും ബഹുമാനവും താല്‍പര്യവും സ്ഫുരിക്കുന്ന മുഖഭാവവുമൊക്കെ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പര്യാപ്തമാണ്. ഊഹാധിഷ്ഠിത വായന മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെടുന്നതായിരിക്കില്ല മറിച്ച് മിക്കതും അപ്പപ്പോഴെടുക്കുന്ന തീരുമാനങ്ങളായിരിക്കും(on the spot decisions).
പ്രവചനാര്‍ത്ഥിയുടെ പ്രതികരണത്തെ ആധാരമാക്കി തെറ്റുകള്‍ ഒഴിവാക്കി 'സുരക്ഷിതമേഖല'യിലേക്ക് മാറാന്‍ ഒരു നല്ല മനസ്സുവായനക്കാരന് സാധിക്കും. മനസ്സുവായന തുടങ്ങുന്നതിന് മുമ്പ് മുമ്പിലിരിക്കുന്ന ആളിന്റെ സഹകരണം ഉറപ്പുവരുത്താനുള്ള ശ്രമമുണ്ടാകും.''ഞാന്‍ പലതും അവ്യക്തമായി കാണുന്നുണ്ട്. ഒരുപക്ഷെ എന്നെക്കാള്‍ നിങ്ങള്‍ക്കാവാം അതിനെക്കുറിച്ച് കൂടുതല്‍ പറയാനാവുക. പലതും എനിക്കത്ര പ്രധാനമായി തോന്നുന്നില്ല. പക്ഷെ നിങ്ങള്‍ക്ക് അങ്ങനെയായി കൊള്ളണമെന്നില്ല. അതിനാല്‍ താങ്കള്‍കൂടി സഹകരിച്ചാല്‍ നമുക്ക് പലതും കണ്ടെത്താം...'' തുടങ്ങിയ വാചകങ്ങളോ ഇതിന് സമാനമായ നിര്‍ദ്ദേശങ്ങളോ തുടക്കത്തില്‍ സാധാരണയാണ്.
കാവിലെ വെളിച്ചപ്പാട് തുള്ളിക്കൊണ്ട് പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? അയാളുടെ മനസ്സിലുള്ളതൊക്കെ മന:പൂര്‍വം വിളിച്ചു പറയുന്നുവെന്നല്ലാതെ അവിടെ പ്രവചനമൊന്നുമില്ലെന്നത് ശരിതന്നെ. ദൈവം ആവേശിച്ചതുമൂലം ഉണ്ടായ വെളിപാടാണെന്ന് കരുതി ജനമത് ശ്രദ്ധിക്കും.''ഞാന്‍ കാണുന്നു, കേള്‍ക്കുന്നു,ദേവിക്കിഷ്ടമല്ല'' എന്നൊക്കെയായിരിക്കും വെളിച്ചപ്പാട് പറയുക. സ്വന്തംനിലയില്‍ പറയാനുള്ളതും അധികാരിവര്‍ഗ്ഗത്തിനും താല്‍പര്യവുമുള്ളതുമായ കാര്യങ്ങളാവും സാധാരണഗതിയില്‍ വെളിച്ചപ്പാടിന്റെ പ്രവചനത്തിലുണ്ടാവുക. അതുപോലെതന്നെ മുമ്പിലിരിക്കുന്ന ആള്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങളാവും ജ്യോതിഷികള്‍ പരാമര്‍ശിക്കുക. മിക്കപ്പോഴും പ്രവചനാര്‍ത്ഥിക്ക് ഇല്ലാത്ത ഗുണങ്ങളൊക്കെ ഉണ്ടെന്ന ചില സൂചനകള്‍ നല്‍കി അയാളുടെ പ്രീതി നേടിയിരിക്കും. അല്‍പ്പബുദ്ധിയായ പ്രവചനാര്‍ത്ഥിക്ക് പലപ്പോഴും ഇത് തിരിച്ചറിയാനുമാവില്ല. ഇതുകാരണം തന്റെ പക്ഷത്ത് നില്‍ക്കുന്ന, തന്നോട് സഹതാപമുള്ള, തനിക്കെന്തും വിശ്വാസത്തോടെ തുറന്നുപറയാന്‍ പറ്റിയ ആളാണ് മുന്നിലുള്ളത് എന്ന അബദ്ധധാരണയില്‍ വെളിവില്ലാതെ പലതും തുറന്നുപറയാന്‍ പ്രവചനാര്‍ത്ഥി തയ്യാറാവും.
മനസ്സുതുറക്കാനായി അവ്യക്തമായ പൊതുപ്രസ്താവനകള്‍ (vague general statements) നടത്തി ചൂണ്ടയെറിയുന്നതില്‍ മനസ്സുവായനക്കാര്‍ മിടുക്കരാണ്. ഇതു സംബന്ധിച്ച് ലഭിക്കുന്ന ഏത് പ്രതികരണവും കുറെക്കൂടി കൃത്യമായ പ്രവചനം നടത്താന്‍ അവരെ സഹായിക്കും. പൂരണം ആവശ്യപ്പെടുന്ന പല കഥകളും(outline stories) പ്രവചനാര്‍ത്ഥി അറിയാതെ പൂരിപ്പിച്ചുകൊടുക്കും. മനസ്സമാധാനം, ദു:ഖം, സാമ്പത്തികസ്ഥിതി, രോഗം, ജോലിസ്ഥലം, വാസസ്ഥലം, ഔദ്യോഗികജീവിതം, സന്താനങ്ങള്‍ തുടങ്ങിയവയെ പറ്റി നിരവധി സൂചനകള്‍ പ്രവചാനാര്‍ത്ഥി അറിയാതെ പറഞ്ഞുപോകാറുണ്ട്.
ഒരു വിഷയത്തില്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ ചിലപ്പോള്‍ കണിശമായ ഒരു പ്രവചനത്തിന് പര്യപ്തമായേക്കില്ല. പക്ഷെ ബന്ധപ്പെട്ട മറ്റുചില അനുബന്ധവിഷയങ്ങളില്‍ പ്രവചനം നടത്തുന്നതിന് അവ സഹായകരമായിത്തീരാം. പ്രവാചകനിലുള്ള വിശ്വാസം മൂക്കുന്നതോടെ പ്രവചനാര്‍ത്ഥി വേണ്ടതും വേണ്ടാത്തതുമായ നിരവധി കാര്യങ്ങള്‍ കുടഞ്ഞിടും. അയാള്‍ വിതുമ്പുകയോ കരയുകയോ ഏങ്ങലടിക്കുകയോ ചെയ്യാം. തന്റെ അടുത്ത ബന്ധുക്കള്‍ , ഭാര്യ, ഭര്‍ത്താവ്, മക്കള്‍ , അയല്‍ക്കാര്‍ തുടങ്ങിയവരെക്കുറിച്ചുള്ള പല അരമനരഹസ്യങ്ങളും സൂചനകളും വാചകങ്ങളും ശരീരഭാഷയും വഴി പ്രവചനാര്‍ത്ഥി പുറത്തേക്ക് പ്രസരിപ്പിക്കും. ഇതൊക്കെ പിടിച്ചെടുത്ത് കൂടുതല്‍ കൃത്യമായ പ്രവചനങ്ങള്‍ നടത്താന്‍ മനസ്സുവായനക്കാരന് കഴിയും. താന്‍ കബളിക്കപ്പെട്ടു എന്നതിന് പകരം തന്റെ മുഴുവന്‍ കാര്യങ്ങളും അത്ഭുതസിദ്ധിയിലൂടെ അല്ലെങ്കില്‍ മാന്ത്രികശാസ്ത്രത്തിന്റെ സഹായത്തോടെ(ഉദാ-ജ്യോതിഷം, കൈനോട്ടം.. മുതലായവ) അറിഞ്ഞ മഹാന്റെ മുന്നിലാണ് താനിരിക്കുന്നതെന്ന മിഥ്യാബോധമായിരിക്കും അപ്പോഴും പ്രവചനാര്‍ത്ഥിയെ ഭരിക്കുക.
ശീതവായന കുറെക്കഴിയുമ്പോള്‍ 'ഹോട്ട് റീഡിംഗ്'(hot reading)ആയി മാറും. അതായത് മുന്നോട്ടുപോകുന്തോറും പ്രവചനാര്‍ത്ഥിയെക്കുറിച്ച് നല്ലൊരു വസ്തുതാശേഖരം (data base) മനസ്സുവായനക്കാര്‍ സ്വന്തമാക്കിയിരിക്കും. തുടര്‍ന്ന് അന്വേഷണാത്മകമായ പ്രഖ്യാപനങ്ങള്‍ (probing statements) നിരവധിയുണ്ടാവും. ആംഗ്യ-വ്യംഗ്യ-ശരീരഭാഷാദികളിലൂടെ പ്രവചനാര്‍ത്ഥി പ്രകടമാക്കുന്ന സൂചനകള്‍ പരിഷ്‌ക്കരിച്ച് അവതരിപ്പിക്കുന്ന ചുമതലയേ മനസ്സുവായനക്കാരനുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം. പ്രവചനാര്‍ത്ഥികളെക്കൊണ്ട് ധാരാളം സംസാരിപ്പിക്കുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. എന്നാല്‍ എല്ലാവരും പ്രവചനാര്‍ത്ഥിയെ കൊണ്ട് അമിതഭാഷണം നടത്തിക്കാറില്ല-അതിന്റെ ആവശ്യവുമില്ല. ശരീരഭാഷയിലുള്ള ലഘു വ്യതിയാനങ്ങള്‍ ചില ചോദ്യങ്ങളുടെ പ്രസക്തിയും പ്രഹരശേഷിയും വളരെ പെട്ടെന്ന് വ്യക്തമാക്കും. മനസ്സ് വായനയ്‌ക്കൊപ്പം പരോക്ഷമായോ രഹസ്യമായോ സമ്പാദിക്കുന്ന വിവരവും കൂട്ടിയിണക്കിയാണ് അന്തിമപ്രവചനങ്ങള്‍ രൂപംകൊള്ളുക.
കൂടുതല്‍ പ്രവചിക്കുന്നതനുസരിച്ച് 'ഹിറ്റു'കളും(hits)'മിസ്സു'കളും (misses) വര്‍ദ്ധിക്കും. പക്ഷെ പ്രവചനാര്‍ത്ഥിയുടെ ജീവിതവുമായി പൊരുത്തപ്പെടുന്ന കൂടുതല്‍ കാര്യങ്ങള്‍ കടന്നുവരുന്നതിനാല്‍ തെരെഞ്ഞെടുക്കപ്പെട്ട സ്മരണയിലൂടെ(selective memory)ഹിറ്റുകള്‍ മാത്രമാവും പ്രവചനാര്‍ത്ഥി പരിഗണിക്കുക. പ്രവചനക്കാരന്‍ അറിയാത്ത പല പരിപ്രേഷ്യങ്ങളും തന്റെ ജീവിതാനുഭവവുമായി ബന്ധപ്പെടുത്തി നെയ്‌തെടുക്കാന്‍ പ്രവചനാര്‍ത്ഥിക്ക് സാധിക്കും. ഇത് വ്യക്തിഗതമായ വിലയിരുത്തലാണ്(subjective validation). ഭാവിപ്രവചനങ്ങള്‍ ഭാവിയിലേക്കുള്ള നിക്ഷേപവും വര്‍ത്തമാനകാലത്തെ ആദായവുമാണ്. ഭാവിപ്രവചനം തത്സമയംതന്നെ ശരിയാണെന്ന് തെളിയിക്കേണ്ടതില്ല. തൊഴിലും വരുമാനവുമൊക്കെ വിലയിരുത്തിയശേഷം നൂറ് പേരോട് നാല്‍പ്പത് വയസ്സു കഴിഞ്ഞേ സ്വന്തമായി വീട് വെക്കാനാവൂ അല്ലെങ്കില്‍ വാഹനം വാങ്ങാനാവൂ എന്നു പറഞ്ഞാല്‍ അത് ശരിയാകാനുള്ള സാധ്യത അമ്പത് ശതമാനത്തോളമാണ്. ചിലരാകട്ടെ പ്രവാചകനിലുള്ള വിശ്വാസം കാരണം ചിലപ്പോള്‍ നാല്‍പ്പത് കഴിഞ്ഞേ വീടും വാഹനവുമൊക്കെ സ്വന്തമാക്കാന്‍ ഗൗരവബുദ്ധ്യാ ശ്രമിക്കുകപോലുമുള്ളു. ഇക്കാര്യമൊക്കെ തന്റെ സവിശേഷ ഗ്രഹനില കണ്ട് തന്നോട് മാത്രമായി ജ്യോതിഷി പറഞ്ഞ മഹാകാര്യമാണെന്ന ധാരണയിലാണ് ഓരോ പ്രവചാനാര്‍ത്ഥിയും തിരികെപോവുക.
പലപ്പോഴും ഇതൊക്കെ പ്രവചാനാര്‍ത്ഥിയും പ്രവാചകനും മറന്നുപോകും. പിന്നീട് ഈ പ്രവചനം അനുഭവത്തിലൂടെ ശരിയായി തീരുമ്പോഴാവും പ്രവചനാര്‍ത്ഥി ഞെട്ടലോടെ തിരിച്ചെത്തുക. പക്ഷെ ഇത് കേട്ട് പ്രവാചകന്‍ ഞെട്ടില്ല-അഥവാ ഞെട്ടാന്‍ അയാള്‍ക്ക് സാധിക്കില്ല. കാരണം ഇരുട്ടിലേക്ക് താന്‍ തൊടുത്തുവിട്ട പല അസ്ത്രങ്ങളും ഇതുപോലെ ലക്ഷ്യസ്ഥാനത്ത് കൊണ്ട മുന്‍ അനുഭവം അയാള്‍ക്കുണ്ടായിരിക്കും. ഭാവിപ്രവചനങ്ങള്‍കൊണ്ട് വലിയ വിശ്വാസമില്ലാത്തവരേയും എളുപ്പത്തില്‍ കീഴ്‌പ്പെടുത്താം. നാല്‍പ്പത് വയസ്സുകഴിയുമ്പോള്‍ വലിയൊരു അപകടമുണ്ടാകുമെന്നും അതില്‍നിന്നും രക്ഷപെടുമെന്നും കണ്ണുമടച്ച് പ്രവചിക്കാം.'രക്ഷപെടും' എന്നു തന്നെയായിരിക്കും മിക്കപ്പോഴും പ്രവചനം. രക്ഷപെട്ടെങ്കിലല്ലേ അയാള്‍ ജ്യോതിഷിയുടെ അടുത്ത് തിരികെവരികയുള്ളു! മരിച്ചുപോയാല്‍ പ്രവചനം സാക്ഷ്യപ്പെടുത്താന്‍ ആരുമുണ്ടാകില്ലല്ലോ. അപകടം ഉണ്ടായിക്കഴിഞ്ഞായിരിക്കും പലരും ഇമ്മാതിരി പ്രവചനത്തെക്കുറിച്ച് ഓര്‍ക്കുന്നത്. സ്വഭാവികമായും അയാള്‍ വിശ്വാസം കൊണ്ട് ശ്വാസംമുട്ടും.
ഇവിടെ പ്രവാചകനെ സംബന്ധിച്ചിടത്തോളം പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ ഒരായുഷ്‌ക്കാല ഭക്തന്‍ ! നാല്‍പ്പത് കഴിഞ്ഞിട്ട് അപകടമൊന്നും ഉണ്ടായില്ലെങ്കില്‍ 'എന്താ എനിക്ക് അപകടമൊന്നും സംഭവിക്കാത്തത്?'' എന്നുചോദിച്ച് പ്രവചനാര്‍ത്ഥി ജ്യോതിഷിയുടെ നടയില്‍ സത്യാഗ്രഹമിരിക്കില്ലെന്നുറപ്പ്. മാത്രമല്ല, അപകടം ഒഴിവാക്കാനുള്ള പരിഹാരക്രിയയും അയാള്‍ മുമ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ടാവുമല്ലോ. അപകടം ഉണ്ടാകുന്നില്ലെങ്കില്‍ അതിന് കാരണം പരിഹാരക്രിയ, ഉണ്ടായാല്‍ വിധി, പ്രവചനകൃത്യത!-പറയൂ, ഇത്രയും സുരക്ഷിതമായ തൊഴില്‍ വേറെയുണ്ടോ?!!! പ്രവചനസമയത്ത് ഹിറ്റ്‌സ് അഥവാ ശരിയായ കാര്യങ്ങള്‍ പരത്തിപ്പറഞ്ഞ് (exaggerate)മുമ്പിലിരിക്കുന്ന ആളുടെ വിശ്വാസത്തെ ബലപ്പെടുത്താനുള്ള ശ്രമമുണ്ടാകും; തെറ്റുകള്‍ അധികം വിശദീകരിച്ച് കുളമാക്കാതിരിക്കാനും. തിരികെപോകുമ്പോള്‍ തെറ്റുകളെ കുറിച്ച് ദുര്‍ബലമായ ഓര്‍മ്മയും (weak memory) ശരിയായവയെ കുറിച്ച് ശക്തമായ ഓര്‍മ്മയും(strong memory) ആയിരിക്കുംപ്രവചനാര്‍ത്ഥിക്കുണ്ടാവുക. തെറ്റിപ്പോയവ മനുഷ്യസഹജമായ പിഴവാണെന്ന് ധരിക്കുന്ന വിശ്വാസി ശരിയായവ 'എങ്ങനെ ശരിയായി?' എന്ന് സ്വയം ചോദിച്ച് അന്ധാളിക്കുകയും അതേ ചോദ്യം ചോദിച്ച് മറ്റുള്ളവരെ വിരട്ടുകയും ചെയ്യും. എങ്ങുനിന്നും ഉത്തരം ലഭ്യമല്ലാതെ വരുമ്പോള്‍ അയാളുടെ ഭക്തിയും വിശ്വാസവും കരകവിഞ്ഞൊഴുകും. ഒട്ടും വിശ്വാസമില്ലാത്തവനും കുറെയൊക്കെ സംശയിച്ചുതുടങ്ങാന്‍ ഇത് മതിയാകും.
പരസ്യപ്രവചനങ്ങള്‍
പൊതുസദസ്സുകളില്‍ പ്രവചനം നടത്താനായി അടുത്തുനിന്നും ഉന്നംവെക്കുക(Shotgunning) എന്നൊരു രീതി അവലംബിക്കപ്പെടാറുണ്ട്. ഇവിടെ പ്രവചിക്കുന്നയാള്‍ ഭീമമായി അളവിലുള്ള പൊതു പ്രസ്താവങ്ങള്‍ അടങ്ങിയ വിവരശേഖരം(data) പ്രവചാനാര്‍ത്ഥികളുടെ മുന്നില്‍ വെക്കും. ചിലരെയെങ്കിലും സംബന്ധിച്ച് ഈ ഡേറ്റ പൂര്‍ണ്ണായും ശരിയായിരിക്കും. ചിലരെ സംബന്ധിച്ചിടത്തോളം ഏകദേശം ശരിയും. ഉദാഹരണമായി ഒരു 'പോട്ട ധ്യാനമോഡല്‍ ' ഓപ്പറേഷന്‍ നോക്കുക:
''പല ചികിത്സകള്‍ ചെയ്തിട്ടും ഭേദമാകാത്ത, കടുത്ത കാല്‍മുട്ട് വേദനയുമായി കഷ്ടപ്പെടുന്ന തെക്കുനിന്ന് വരുന്ന അറുപത് വയസ്സു കഴിഞ്ഞ ദൈവഭയമുള്ള ധവള വസ്ത്രധാരിണിയായ ഒരമ്മച്ചി വിഷണ്ണയായി ഈ സദസ്സിലിരിപ്പുണ്ടെന്ന് കര്‍ത്താവ് എന്നോട് പറയുന്നു. ആ അമ്മച്ചി എഴുന്നേറ്റ് ഈ സ്റ്റേജിലേക്ക് വരുമെന്നും അവന്‍ എന്നോട് കട്ടായം പറയുന്നു, ആമേന്‍ ''
ഇതു കേള്‍ക്കുമ്പോള്‍ സദസ്സില്‍ ആദ്യം അസുഖകരമായ ഒരു നിശബ്ദതയായിരിക്കും. ഇത് തന്നെക്കുറിച്ചാണ് പറഞ്ഞതെന്ന് പലര്‍ക്കും ബോധ്യപ്പെടും! പക്ഷെ ആദ്യം ഒരാള്‍ എഴുന്നേല്‍ക്കുന്നതോടെ മറ്റുള്ളവര്‍ പിന്‍വലിയും. ഒരുപക്ഷെ എഴുന്നേറ്റ സ്ത്രീയെ ആയിരിക്കും ശരിക്കും കര്‍ത്താവ് വിളിച്ചെതെന്ന് ഓരോരുത്തരും കരുതും. അതായത് കര്‍ത്താവ് തന്നെയാണ് വിളിച്ചെതെന്ന് കരുതാനും തന്നെയല്ല വിളിച്ചെതെന്ന് കരുതാനും അവിടിരിക്കുന്ന അറുപതി കഴിഞ്ഞ വെള്ളവസ്ത്രം ധരിച്ച എല്ലാ അമ്മച്ചിമാര്‍ക്കും നിഷ്പ്രയാസം സാധിക്കും! ആരും എഴുന്നേറ്റില്ലെങ്കില്‍ പറഞ്ഞത് ഏതാണ്ട് ശരിയാണെന്ന് തോന്നുന്നവര്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങും. അപ്പോഴും ഇത് തന്നെ സംഭവിക്കും. ആദ്യമെഴുന്നേറ്റയാള്‍ ദൈവവിളിക്കപ്പ് സ്വന്തമാക്കും! അറുപത് കഴിഞ്ഞ സ്ത്രീകള്‍ക്ക് മുട്ടുവേദനയും വെള്ള വസ്ത്രവും ദൈവഭയവും ഏതാണ്ട് ഉറപ്പായിരിക്കുമല്ലോ.തെക്കുനിന്നും വടക്കുനിന്നും വന്നവരുടെ പേരുവിവരം രജിസ്റ്റര്‍ നോക്കി മനസ്സിലാക്കുന്ന പ്രവാചകന്‍ ബാക്കിയുള്ളതൊക്കെ ശരിയാകാന്‍ വളരെ സാധ്യതയുള്ള (very likely to be correct)കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഈ പ്രഖ്യാപനം പൊതു സദസ്സിലേക്ക് വലിച്ചെറിയുന്നത്. ഒരുപിടി അമ്പുകള്‍ ഒരുമിച്ചെയ്താല്‍ ഒരെണ്ണം എങ്ങിനെയെങ്കിലും കൃത്യമായി ലക്ഷ്യസ്ഥാനത്ത് കൊള്ളുമെന്നര്‍ത്ഥം.
''ഇവിടെയിരിക്കുന്ന ഒരാളുടെ ബന്ധത്തില്‍പ്പെട്ട ജോണ്‍ എന്ന പേരുള്ള മുതിര്‍ന്ന സഹോദരന്‍ ഹൃദയസംബന്ധമായ ഗുരുതരമായ അസുഖത്താല്‍ കഷ്ടപ്പെടുകയാണെന്ന് കര്‍ത്താവ് കാണുന്നുണ്ട്'' എന്നു തട്ടിവിട്ടാലും ആരെങ്കിലും ചാടി എഴുന്നേല്‍ക്കാതിരിക്കില്ല. ആരും എഴുന്നേറ്റില്ലെങ്കിലും പ്രവചാകന് തെറ്റില്ല. എന്തെന്നാല്‍ പേരില്‍ 'ജോണ്‍'പലര്‍ക്കുമുണ്ടാവാം. പലരുടേയും മുഴുവന്‍ പേരും അടുത്ത ബന്ധുക്കള്‍ക്ക് പോലും അറിയണമെന്നില്ല. തന്റെ ബന്ധുകുലത്തില്‍ ഏതെങ്കിലും ജോണ്‍ മരണമടഞ്ഞിട്ടുണ്ടാവും ഒരുപക്ഷെ ആ വിവരം തനിക്കറിയാത്തതാവാം എന്ന് കരുതാനേ ചിന്തിക്കുന്നവര്‍ക്ക് സാധിക്കൂ. അതേസമയം മുതിര്‍ന്ന സഹോദരനായ ഒരു ജോണ്‍ മൃതിയടഞ്ഞു എന്നുറപ്പുള്ള കുറപ്പേരും അവിടെയുണ്ടാവും. അതായത് ഇത്തരം പ്രസ്താവനകള്‍ ശരിയാകുമെന്നല്ലാതെ തെറ്റാകില്ല! തെറ്റാണെന്നതിന് തെളിവുമില്ല! ഇതേ പ്രസ്താവന ഒരു സദസ്സില്‍ പറയാതെ ഒരാളെ ഒറ്റയ്ക്ക് വിളിച്ചുവരുത്തി സ്വകാര്യമായി പറഞ്ഞാലും മിക്കവാറും ഫലം സമാനമായിരിക്കും.
തന്റെ കുടുംബം എന്നത് തന്റെ ഭാര്യയും കുട്ടികളും മാത്രമടങ്ങുന്ന അണുകുടുംബമല്ലെന്നും അമ്മാവന്‍മരേയും ചിറ്റപ്പന്‍മാരേയും പിതാവിന്റെയും മാതാവിന്റെയും ബന്ധുക്കളെയുമൊക്കെ പരിഗണിച്ചാല്‍ അതിലാരെങ്കിലും കുറെനാളായി ഹൃദ്രോഗം കൊണ്ട് കഷ്ടപ്പെടുന്നുണ്ടാവാം എന്നായിരിക്കും അയാള്‍ ചിന്തിക്കുക. രോഗവിവരം താനറിയാത്തതാകാമല്ലോ? അങ്ങനെ വരുമ്പോള്‍ പ്രവചനം തെറ്റാണെന്ന് എങ്ങനെ പറയും?! പരമാവധി''എനിക്ക് കൃത്യമായും അറിയില്ല,അന്വേഷിക്കണം'' എന്നുമാത്രമേ യുക്തിവാദികള്‍ക്കുപോലും പറയാനാവൂ! ഇനി അഥവാ അയാള്‍ക്ക് നേരിട്ട് അറിയാവുന്ന അത്തരമൊരു കേസുണ്ടെന്നിരിക്കട്ടെ; ഒരുപക്ഷെ അയാളുടെ പിതാവ് തന്നെ. എങ്കില്‍പ്പിന്നെ സ്റ്റേജില്‍വെച്ച് പ്രവാചകന്റെ കാലില്‍ വീണ് നമസ്‌ക്കരിക്കുകയേ നിവൃത്തിയുള്ളു! ശേഷം അയാളായിരിക്കും പ്രവാചകന്റെ ദിവ്യജ്ഞാനത്തിന്റെ ഏറ്റവും വലിയ പരസ്യം!
സ്വന്തം മസ്തിഷ്‌ക്കത്തിന് വിശദീകരിക്കാനാവാത്ത കാര്യങ്ങളെക്കുറിച്ച് ആരാധാനപൂര്‍വം ഘോരഘോരം പറഞ്ഞുനടക്കുക എന്നത് മനുഷ്യരുടെ ഒരു പൊതുസ്വഭാവമാണ്. അന്വേഷിച്ചും പഠിച്ചും കാരണം കണ്ടെത്താനൊന്നും മിക്കവരും മെനക്കെടില്ല. കൂടുതല്‍ പേര്‍ തന്റെ അമളി പങ്കുവെച്ചാല്‍ അതയാള്‍ക്ക് വലിയ ആശ്വാസവും ആവേശവും സമ്മാനിക്കും. ചുരുക്കത്തില്‍ ഫലം എങ്ങനെ വന്നാലും നേട്ടം പ്രവാചകനാണ്. ഇത്തരം നിരവധി പ്രസ്താവനകള്‍ മനസ്സുവായനക്കാരുടെ ശേഖരത്തിലുണ്ടാവും. യാഥാര്‍ത്ഥത്തില്‍ അറിയുന്നതിലും എത്രയോ ഇരട്ടി കാര്യങ്ങള്‍ മുമ്പിലിരിക്കുന്ന ആളിനെപ്പറ്റി തനിക്കറിയാം എന്ന പ്രതീതി ജനിപ്പിക്കുന്നതിലാണ് ജ്യോതിഷി ഉള്‍പ്പെടെയുള്ള സര്‍വ മനസ്സുവായനക്കാരും വിജയിക്കുന്നത്, അത് തന്നെയാണ് 'ശീതവായന'യുടെ അടിത്തട്ട് പ്രമാണവും.
സമാനമായ ചില വാക്യങ്ങള്‍ നോക്കുക:
''നിങ്ങളുടെ കുടുംബത്തിലെ പ്രായംചെന്ന ഒരു വനിത, അല്ലെങ്കില്‍ അടുത്തബന്ധുവോ അയല്‍ക്കാരിയോ അമ്മയുടെ സുഹൃത്തോ അച്ഛന്റെ ബന്ധുവോ ആയ, നിങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന, ഒരു വനിത അര്‍ബുദം കൊണ്ട് കഷ്ടപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിലെ ചില കാര്യങ്ങളോട് ശക്തമായ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും എക്കാലത്തും അവര്‍ നിങ്ങളെ സ്‌നേഹിച്ചിരുന്നു. അങ്ങനെയൊരു ഒരു വ്യക്തിയെ ഞാന്‍ കാണുന്നു, ആരാണയാള്‍ ?''
ആരാണയാള്‍ ?!! ഇവിടെ ഉത്തരം പെട്ടെന്ന് കിട്ടിയില്ലെങ്കില്‍ തപ്പിപ്പിടിച്ചെടുക്കാനുള്ള വ്യഗ്രതയില്‍ മൗനം അവലംബിക്കാനാവും പ്രവചനാര്‍ത്ഥി ഉദ്യമിക്കുക. ഇത്ര കൃത്യമായി, ആത്മവിശ്വാസത്തോടെ ഒരാള്‍ പറയുമ്പോള്‍ അന്വേഷിക്കാതെ തള്ളുന്നതെങ്ങനെ? ശരിയായി തോന്നുന്നില്ലെങ്കിലും തെറ്റാണെന്ന് ഉറപ്പിച്ച് പറയാനാവാത്ത അവസ്ഥ. മനസ്സുവായനക്കാരന്‍ ചോദ്യം ആസൂത്രണം ചെയ്തിരിക്കുന്ന രീതിയാണ് ഈ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ''നിങ്ങള്‍ ഭാര്യയെ തല്ലുന്നത് നിറുത്തിയോ?''എന്ന് വക്കീല്‍ ചോദിച്ചാല്‍ ഇല്ലെന്നും ഉവ്വെന്നും പറയാനാവാതെ നട്ടം തിരിയുന്ന പ്രതിയുടെ അവസ്ഥയ്ക്ക് സമാനമാണിത്. ഇനി പ്രവചിച്ചയാള്‍ വിവരിച്ചതുപോലെ ഒരു മുതിര്‍ന്ന വനിത നിങ്ങളുടെ ഭാവനയില്‍ തെളിഞ്ഞാലുള്ള പുകില്‍ പറയുകയും വേണ്ട!സത്യത്തില്‍ ഭൂതകാലത്തെ കാര്യങ്ങള്‍ എന്ന രീതിയില്‍ എന്തവതരിപ്പിച്ചാലും ഒറ്റയടിക്ക് തള്ളാന്‍ ആര്‍ക്കായാലും ബുദ്ധിമുട്ടാണ്. മാതാപിതാക്കളോ മുതിര്‍ന്ന ബന്ധുക്കളോ സ്ഥിരീകരിക്കാനായി ജീവിച്ചിരിപ്പില്ലെങ്കില്‍ അക്ഷരാത്ഥത്തില്‍ നിസ്സഹയരായിരിക്കും.
അന്ധവിശ്വാസിയെന്നാല്‍ തിരിച്ച് ചോദ്യങ്ങള്‍ ചോദിക്കാത്ത വ്യക്തി എന്ന അര്‍ത്ഥമില്ല. മിക്കപ്പോഴും അയാള്‍ ചോദ്യംചോദിക്കലില്‍ ഹരം കണ്ടെത്തുന്ന ആളായിരിക്കും. നിരവധി ചോദ്യങ്ങള്‍ അയാള്‍ സ്വയം ചോദിക്കുന്നുണ്ട്. എങ്ങനെ അത് ഉണ്ടായി? എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു? എന്നൊക്കെ അയാളും ആരായുന്നുണ്ട്. പക്ഷെ ചോദ്യം ചോദിക്കുന്നിടത്ത് വെച്ച് കാര്യം തീരുന്നു. ഉത്തരംതേടി അലയാനോ തുടരന്വേഷണം നടത്താനോ അയാള്‍ക്ക് താല്‍പര്യമില്ല. കൗതുകമെന്തെന്നാല്‍ ഉത്തരംകിട്ടാത്ത ഈ ചോദ്യങ്ങള്‍ തന്നെയാണ് അയാളുടെ അന്ധവിശ്വാസങ്ങളുടെ അടിത്തറ! ചോദ്യം ചോദിച്ചു-ഉത്തരം കിട്ടിയില്ല-അങ്ങനെ അന്ധവിശ്വാസിയായി-ഇതാണ് പതിവു സമവാക്യം. എങ്ങനെയാണ് ശരിയാവുന്നതെന്നറിയില്ല, പക്ഷെ എല്ലാം സംഭവിക്കുന്നു. എങ്ങനെയാണിതൊക്കെ നിങ്ങള്‍ക്ക് പറയാനാവുമോ? എങ്കില്‍ നിങ്ങള്‍ പറയുന്നത് ഞാന്‍ അംഗീകരിക്കാം''- അന്ധവിശ്വാസികളുടെ പൊതുനിലപാടാണിത്. അതില്‍പ്പിന്നെ കണ്ണടയ്ക്കുക -ചെവിപൊത്തുക തുടങ്ങിയ മതാനുഷ്ഠാനങ്ങള്‍ അയാള്‍ക്ക് പ്രിയങ്കരമായി മാറുന്നു. അന്ധവിശ്വാസി എപ്പോഴും സ്വയംസംരക്ഷിക്കുന്നത് തന്റെ ചിന്താലോകം അടച്ചിട്ടാണ്, ചിന്തിക്കുന്നത് ആപല്‍ക്കരമാണെന്നും താനനുഭവിക്കുന്ന ബൗദ്ധിക അടിമത്തത്തിന്റെ ലാസ്യസുഖം ഇല്ലാതാക്കുമെന്നും അയാള്‍ സദാ ഭയപ്പെടുന്നുണ്ട്.തന്റെ അന്ധവിശ്വാസങ്ങളും വിചിത്രവിശ്വാസങ്ങളും പങ്കുവെക്കുന്നവര്‍ മാത്രമേ അതില്‍പ്പിന്നെ അയാള്‍ക്ക് സ്വീകാര്യരാവുകയുള്ളു.
വിഖ്യാത അമേരിക്കന്‍ ഷോമാനായ ബര്‍നമിന്റെ (P.T. Barnum, the American showman;see http://en.wikipedia.org/wiki/Forer_effect)പേരില്‍ അറിയപ്പെടുന്ന ബാര്‍നം പ്രസ്താവങ്ങള്‍ പ്രപചനസാഹിത്യത്തില്‍ ഏറെ പരാമര്‍ശിക്കപ്പെടാറുണ്ട്. അമേരിക്കയിലെ അറിയപ്പെടുന്ന ചെപ്പടിവിദ്യക്കാരനായ ബര്‍നാം ആളുകളുടെ മനസ്സിനെ സ്വാധീനിക്കുന്ന രീതിയില്‍ സംസാരിക്കുന്നതില്‍ കഴിവുള്ളയാളായിരുന്നു. വ്യക്തിപരമായി ഏതൊരാള്‍ക്കും ശരിയായി തോന്നുന്ന ചില പൊതുപ്രസ്താവങ്ങള്‍ തന്നെയാണ് ബര്‍നം ഇതിനായി ഉപയോഗിച്ചത്. ചിന്തിച്ച് നോക്കുന്നവര്‍ക്കെല്ലാം പറഞ്ഞത് തന്നെക്കുറിച്ചാണ്,തന്നെ കുറിച്ച് മാത്രമാണ് എന്ന 'ജഗതിസംശയം' തോന്നുന്ന പ്രസ്താവങ്ങള്‍. ഒറ്റനോട്ടത്തില്‍ ചിലവ അടഞ്ഞ പ്രസ്താവനയായി തോന്നാമെങ്കിലും ഊഹാപോഹ-അനുമാന ശേഷിയുണ്ടെങ്കില്‍ കൂടുതല്‍ സാമ്യങ്ങള്‍ കണ്ടെത്തുകയുമാവാം.***(To be continued)

4 comments:
How are we going to improve..? Imposiible. Kindly follow the link here.. Anyway great blog as usual from you sir, thank you.
http://nirmukta.com/2012/09/05/hall-of-shame-on-a-hindutva-apologists-recent-lectures-at-iit-madras/
If you follow the link above ,you will see one big idiot lecturing the best talents....What a pity...!
അപകടം ഉണ്ടാകുന്നില്ലെങ്കില്‍ അതിന് കാരണം പരിഹാരക്രിയ, ഉണ്ടായാല്‍ വിധി, പ്രവചനകൃത്യത!-പറയൂ, ഇത്രയും സുരക്ഷിതമായ തൊഴില്‍ വേറെയുണ്ടോ?!!!
അത് എനിക്ക് ഇഷ്ടമായി , വളരെ സുരക്ഷിതമായ തൊഴില്‍ , അല്പം പ്രസസ്തന്‍ ആയി കഴിഞ്ഞാല്‍ നിയമം പോലും തൊടാന്‍ പേടിക്കും . പിന്നെ ആരെങ്കിലും എതിര്‍ക്കാന്‍ വന്നാല്‍ ഭക്തന്മാര്‍ തന്നെ കയ്കാര്യം ചെയ്യും. നമ്മള്‍ വെറുതെ പ്രവചിച്ചു ഇരുന്നാല്‍ മാത്രം മതി . ഭക്തരുടെ എണ്ണവും പ്രശസ്തിയും പണവും കൂടിക്കൊണ്ടു ഇരിക്കും
ആഖ്യാനശൈലി അതിഗംഭീരം.. ഇതൊക്കെ വായിച്ചിട്ടും ആരെങ്കിലും അന്ധവിശ്വാസി ആയി തുടരുകയാണെങ്കില്‍ അതയാളുടെ പരിമിതി മാത്രമാണ്.. വളരെ "സരസ"മായി കാര്യങ്ങളെ വിശകലനം ചെയ്തിരിക്കുന്നു.. 1000 likes For This Post.
Cheers...!!!!
Well Said Sir,
ഒരാടില്‍ ഒതുക്കാമായിരുന്നു!
Post a Comment