''യാതൊരുവിധ അര്‍ഹതയോ യോഗ്യതയോ ഇല്ലാത്ത ഒരു ആവലാതിക്കാരനുവേണ്ടി പ്രപപഞ്ചനിയമങ്ങള്‍ റദ്ദാക്കാനുള്ള ആവശ്യമാണ് ഓരോ പ്രാര്‍ത്ഥനയിലും ഉന്നയിക്കപ്പെടുന്നത്''-പ്രസിദ്ധ അമേരിക്കന്‍ ചെറുകഥാകൃത്തായ ആംബ്രോസ് ബീഴ്സിയുടെ (24.6.1842-1914) പ്രശസ്തമായ വാക്കുകള്‍. പ്രപഞ്ചനിയമവും അതിന്റെ സ്വാഭാവിക പരിണതിയും വിശ്വാസിക്ക് തൃപ്തിനല്കില്ല. സ്വസുഖത്തിനായി അവനതൊക്കെ അട്ടിമറിക്കണം;'ദൈവതീരുമാനം'പരിഷ്ക്കരിക്കണം. ദൈവം 'തരുന്നതു'പോലെ സ്വീകരിക്കാന്‍ വേറെ ആളെ നോക്കണം. തന്റെ ആവശ്യാനുസരണമാണ് കാര്യങ്ങള്‍ നടക്കേണ്ടത്. എല്ലാം ദൈവത്തിന് സ്വന്തം. പ്രപഞ്ചവസ്തുക്കളും ഭക്തന്റെ സിദ്ധികളും ദൈവത്തിന്റെ വരദാനം. ദൈവത്തിന്റെ ഉദ്യാനത്തില്‍ നിന്നും അവന്റെ പൂവിറുത്തു അവനുതന്നെ കൊടുത്ത് തനിക്കനുകൂലമായി തീരുമാനമെടുക്കാന്‍ ആവശ്യപ്പെടുന്നവനാണ് ഭക്തന്. കാര്യസാധ്യത്തിനായി ചിലര്‍ ചാക്കുകണക്കിന് അരി ദൈവത്തെക്കൊണ്ട് തീറ്റിക്കുന്നു, ചിലര്‍ ദൈവത്തെ വെടിവെച്ച് പേടിപ്പിക്കുന്നു. 'ദൈവതീരുമാനം', 'ദൈവേച്ഛ' തുടങ്ങിയ കിടുപിടികളൊന്നും വിശ്വാസിക്ക് ബാധകമല്ല. കൈക്കൂലി കൊടുക്കുന്നതിനാല്‍ സദാ കാര്യങ്ങള്‍ തനിക്കനുകൂലമാകണമെന്നാണ് ഭക്തന്റെ മനോഗതി.
ദൈവം ചപ്പിയ മൂക്ക് 'കൊടുത്താല്‍'അവനത് പ്ളാസ്റ്റിക്ക് സര്‍ജറി ചെയ്ത് നേരെയാക്കും. ദൈവം ഭക്തന്റെ കാലൊടിച്ചാല് അവന് അസ്ഥിരോഗവിദ്ഗധന്റെ സഹായത്തോടെ ദൈവപദ്ധതി പൊളിക്കും. കുഞ്ഞിക്കാല് കാണിക്കില്ലെന്ന് ദൈവം വാശി പിടിച്ചാല്‍ ഭക്തന് വന്ധ്യതാ ക്ളിനിക്കില്‍ ചെന്ന് കഴുതക്കാല് പിടിച്ചായാലും ദൈവത്തെ തിരുത്തും. ദൈവവിധി സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ പ്രാര്‍ത്ഥന വേണ്ട. ത്രികാലജ്ഞാനിയായ അവന് എല്ലാം കണ്ടറിഞ്ഞ് തന്നിട്ടുണ്ട്. ഇവിടെ നാസ്തികനാണ് ഭേദം! ദൈവം തരുന്നതില്‍ അവന് പ്രതിഷേധിക്കാറില്ല. തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെടാറുമില്ല. അവന് വേണ്ടത് അവന് തിരുത്തും. രോഗബാധിതനായ നാസ്തികനും വിശ്വാസിയും ആശുപത്രിയിലെത്തും. സ്വഭാവികമായും നാസ്തികന് 'ദൈവതീരുമാന'മൊന്നും സ്വീകാര്യമല്ല. ദൈവതീരുമാനം മാനിക്കേണ്ട വിശ്വാസി ആശുപത്രിയില്‍ പോകുമെന്ന് മാത്രമല്ല അവിടെച്ചെന്ന് ദൈവത്തെ പ്രാര്‍ത്ഥിച്ച് പീഡിപ്പിക്കുകയും ചെയ്യൂ. ഓരോ മരുന്നും കഴിച്ചിട്ട് ''തീരുമാനം മാറ്റൂ ദൈവമേ''എന്നവന് സ്വയം അലറിവിളിക്കും. ഓരോ ആശുപത്രിയും നാസ്തികതയുടെ അമ്പലങ്ങളാണെന്ന് ദൈവംപോലും ചിന്തിക്കാന്‍ കാരണമതാണ്!!
മതഭക്തി പരമമായ ഭൗതികാസക്തിയാകുന്നു. മനുഷ്യമനസ്സിന്റെ ഏറ്റവും ജീര്‍ണ്ണഭാവമാണത്. മദ്യം, പുകവലി, മയക്കുമരുന്ന് തുടങ്ങിയവ പ്രദാനം ചെയ്യുന്നതിലും കനത്ത മിഥ്യാസുഖമത് പ്രദാനം ചെയ്യുന്നു. 24 X 7'ലോക സമസ്ത' എന്നൊക്കെ വിളിച്ചു കൂവുമെങ്കിലും ഹൂറിയായാലും കടലമിഠായിയായാലും'തനിക്ക് കിട്ടണം' എന്ന ഒറ്റ ഡിമാന്‍ഡേ മതവിശ്വാസിക്കുള്ളു. അതിനാണ് ആരാധനയും തീര്‍ത്ഥാടനവും കുറിയും ചരടും നെറ്റിത്തഴമ്പും. ആനുകൂല്യങ്ങള്‍ കൊണ്ടുവരാന്‍ ശേഷിയില്ലാത്ത ദൈവങ്ങള്‍ പരബ്രഹ്മം പോലെ അനാഥമാകും. ഒന്നാം സ്ഥാനത്തിനായി പ്രാര്ത്ഥിക്കുന്നവന് മറ്റുള്ളവര്‍ക്കത് നഷ്ടപ്പെടുന്നതില്‍ പരിഭവമില്ല. തനിക്ക് നേട്ടമുണ്ടാകാനായി മറ്റൊരാള്‍ക്ക് നിഷേധിക്കപ്പെടട്ടെ! എത്രപേര്‍ പ്രാര്‍ത്ഥിച്ചാലും ഒരാള്‍ക്കേ ഒന്നാമനാകാ സാധിക്കൂ. ആരും പ്രാര്‍ത്ഥിച്ചില്ലെങ്കിലും ഒരാള്‍ ഒന്നാമനായേ തീരൂ. മറ്റുള്ളവരെ പിന്തള്ളി തന്നെ ഒന്നാമതെത്തിക്കുന്നതാണ് ദൈവത്തിന്റെ പണിയെന്ന് ഭക്തന് വാദിക്കുന്നു. മറ്റുള്ളവരെ പട്ടിണിക്കിടുന്ന ദൈവം തന്നെ ധനികാനാക്കുമെന്നും അന്യരെ രോഗിയാക്കുന്ന ദൈവം തന്നെ സംരക്ഷിക്കുമെന്നും അവന് വ്യാമോഹിക്കുന്നു.
പ്രാര്‍ത്ഥനയുടെ അടിസ്ഥാനം കലര്‍പ്പില്ലാത്ത 'കച്ചവടയുക്തി' യാകുന്നു. ഇന്നത് കൊടുത്തല് ഇന്നത് ലഭിക്കും! നിക്ഷേപത്തിന് അനുസരിച്ച് ലാഭം. ഭക്തിനിക്ഷേപത്തിന് പലിശ കൊതിച്ച് സദാ ജീവിതം ഹോമിക്കുന്നവനാണ് മതവിശ്വാസി. കൂപ്പിയ കൈ സത്യത്തില്‍ ഒരു നീട്ടിയ കൈ തന്നെയാണ്. പണം പലിശയ്ക്ക് കൊടുക്കുന്നവന്റെ അതേ മനസ്ഥിതിയിവിടെയുണ്ട്. മതപുസ്തകത്തിലെ അനുശാസനങ്ങള്‍ അനുസരിച്ച് നിക്ഷേപം നടത്തിയാല്‍ ഒരു ആകാശപൗരന്‍ കനത്ത നേട്ടങ്ങള്‍ സമ്മാനിക്കും. അവനെ പ്രീണിപ്പിച്ചാല്‍ ഈ ജീവിതത്തിലും രണ്ടാമിന്നിംഗ്സിലും വമ്പന്‍ സമ്മാനങ്ങള്‍. പട്ടിണി കിടന്നും സക്കാത്തു കൊടുത്തും രക്തമൊഴുക്കിയും നെഞ്ചത്തടിച്ചും പരലോകത്ത് കൂടുതല്‍ ഹൂറിമാരെ നേടുക! മതാനുഷ്ഠാനം രൂക്ഷമാക്കിയാല്‍ കൂടുതല്‍ സ്വര്‍ഗ്ഗീയസുഖം ഈ ആകാശപൗരന്‍ കനിഞ്ഞരുളും! വാണിഭയുക്തിയുമായി നടക്കുന്നവന് ചാടിവീഴാതിരിക്കുന്നതെങ്ങനെ? ഒട്ടകത്തിന്റെ കഴുത്തറുത്താല്‍ ജീവിതം പൂത്തുലയും!
മതവാഗ്ദാനങ്ങള്‍ വിശ്വാസിയുടെ കച്ചവടയുക്തി പ്രോജ്ജ്വലിപ്പിക്കുന്നു. അതോടെ ഭൗതികാസക്തി ആളിക്കത്തുന്നു;ആസക്തി മൂത്ത് മതപ്പനി ബാധിച്ച് അവന് തുള്ളിവിറയ്ക്കുന്നു. ചെറിയ ആവശ്യത്തിന് ചെറിയ വഴിപാട്-വലിയ ആവശ്യത്തിന് വലിയ വഴിപാട് എന്ന 'ഗണിതസമവാക്യവും' അവന് വികസിപ്പിച്ചെടുക്കുന്നു. ഭിക്ഷാടനത്തെ വിമര്ശിക്കുന്നവന് സ്വന്തം മതവിശ്വാസത്തിന്റെ സിലബസ്സ് ഭിന്നമല്ലെന്ന് മനസ്സിലാക്കാറില്ല. ഭിക്ഷക്കാരന് ഒരുക്ഷെ വെയില് മൂക്കുമ്പോള്‍ തോര്‍ത്തുമെടുത്ത് എഴുന്നേറ്റ് പോയെന്നുവരാം. പക്ഷെ മതഭക്തി ആജീവനാന്ത ഭിക്ഷാടനമാണ്.
''ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം''എന്നാരെങ്കിലും പറഞ്ഞാല്‍ മനസ്സിലാക്കുക, അതൊരു വണ്ടിച്ചെക്കാണ്. ആത്മാര്‍ത്ഥത പൂജ്യത്തോടടുക്കുമ്പോഴാണ് ഇത്തരം വാഗ്ദാനങ്ങള്‍ നിര്‍ബാധം പൊഴിഞ്ഞുവീഴുന്നത്. ചെയ്യുന്ന വ്യക്തിക്ക് ചെലവില്ലാത്തതും ലഭിക്കുന്ന ആള്‍ക്ക് പ്രയോജനമില്ലാത്തതുമായ ഒന്ന് കൈമാറാമെന്നാണ് അവിടെ വാഗ്ദാനം ചെയ്യപ്പെടുന്നത്. പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകുമെങ്കില്‍ ആരെങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കരാറെടുക്കുമോ?! കൊച്ചുകുട്ടികളെയൊക്കെ മതഭക്തരായ മാതാപിതാക്കള്‍ വിലക്കും: ദേ അറിയാതെ പോലും അയല്ക്കാര്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കളയരുത്!! സഹപാഠികള്‍ക്ക് പേനയും പെന്‍സിലുമൊന്നും വെറുതെ കൊടുക്കരുതെന്ന് കുട്ടികളെ മാതാപിതാക്കള്‍ വിലക്കാറുണ്ട്. മറ്റുകുട്ടികള്‍ക്ക് തന്റെ കുട്ടിയെക്കാള്‍ മികച്ച റാങ്ക് കിട്ടുമ്പോള്‍ അവരുടെ മനസ്സ് വിങ്ങും. എന്നിട്ടും സഹപാഠികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കരുതെന്ന് ഒരിക്കലും അവര്‍ സ്വന്തം കുട്ടികളെ വിലക്കാറില്ല. ബുദ്ധിയില്ലായ്മയോ ഉദാരതയോ മൂലമല്ലിത്. പ്രാര്‍ത്ഥനയുടെ 'നടപ്പുവശ'ത്തെ കുറിച്ച് മതവിശ്വാസിക്ക് നല്ല ബോധ്യമുള്ളതാണ് ഇതിന് കാരണം
മതം 'ശാന്തിഗുളിക'യാണെങ്കില്‍ മതസമൂഹങ്ങളും മതാധിഷ്ഠരാജ്യങ്ങളും നിതാന്തമായ സമാധാനത്തിലും സമൃദ്ധിയിലും വര്‍ത്തിക്കേണ്ടതാണ്. പക്ഷെ നേര്‍വിപരീതമാണ് വസ്തുതകള്‍. മതം ശാന്തിയുടെ വിപരീതപദമാകുന്നു. അതേസമയം മതശല്യമില്ലാത്ത സ്ക്കാന്‍ഡിനേവിയന്‍-യൂറോപ്യന്‍ സമൂഹങ്ങള്‍ താരതമ്യേന ശാന്തവും സുഭിക്ഷവുമാണ്. ദിനവും അഞ്ചു പ്രാവശ്യം നിസ്ക്കരിക്കുകയും പത്ത് പ്രാവിശ്യം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന മതരാജ്യങ്ങള്‍ മനുഷ്യമന:സാക്ഷിയിലെ കരിയാവ്രണങ്ങളായി നീറിപ്പിടിക്കുകയാണ്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പാലസ്തീനും ഇറാഖുമടങ്ങുന്ന 'ഉറങ്ങാത്ത രാജ്യ'ങ്ങളുടെ പട്ടിക നീണ്ടതാണ്. കാലുഷ്യത്തിന്റേയും സ്പര്‍ദ്ധയുടേയും രക്തച്ചൊരിച്ചിലിന്റേയും പ്രഭാതങ്ങളിലേക്ക് ഉണര്‍ന്നെഴുക്കാന്‍ വിധിക്കപ്പെട്ട ജനതകളെ നാമവിടെ കാണുന്നു. മതങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കാത്ത ഏകമതാധിപത്യമുള്ള രാജ്യങ്ങളില്‍ ഉപവിഭാഗങ്ങള്‍ക്കിടയിലുള്ള ആഭ്യന്തരയുദ്ധങ്ങള്‍ പതഞ്ഞുപൊങ്ങുന്നു. സുന്നി ഷിയയെയേയും പ്രോട്ടസ്റ്റന്റ് കത്തോലിക്കനേയും വെട്ടിക്കീറുന്നു.
എണ്ണസമ്പത്തിന്റെ ബലത്തില്‍ അശാന്തിയും തേങ്ങലുകളും പരവതാനിക്കടിയിലേക്ക് തൂത്തുക്കൂട്ടാന്‍ ചില എണ്ണരാജ്യങ്ങള്‍ക്ക് സാധിക്കുന്നുണ്ടാവും. എണ്ണയുണ്ടെങ്കില്‍ മതം ഉണ്ടായാലും രക്ഷപെടാം എന്നര്‍ത്ഥം. മതം ഭക്ഷിച്ച് ജീവിക്കുന്ന എണ്ണരഹിത രാജ്യങ്ങള്‍ ഭൗമനരകങ്ങളായി കണ്മുമ്പിലുണ്ട്. സോമാലിയ ഉള്‍പ്പെടെയുള്ള ദരിദ്ര ആഫ്രിക്കന്‍രാജ്യങ്ങളും ബംഗ്ളാദേശിനെപ്പോലുള്ള പട്ടിണിസാമ്രാജ്യങ്ങളും എണ്ണയില്ലാത്ത മതം കൊണ്ടുവരുന്ന സമ്മാനങ്ങള്‍ ഏറ്റുവാങ്ങി വീര്‍പ്പു മുട്ടുകയാണ്.
മതപരമായ അനുഷ്ഠാനത്തിലൂടെ ആരെങ്കിലും മെച്ചപ്പെട്ട മാനസികനില കൈവരിക്കാറുണ്ടോ? ആഘാതങ്ങള്‍ നേരിടാന്‍ വിശ്വാസം നല്ലതാണെന്ന മതപ്രചരണം നോക്കാം. വെറുതെ മസ്തിഷ്ക്കത്തെ വിശ്വാസിപ്പിക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കില്ല. ഇനി അങ്ങനെ സാധിച്ചാലും അതുകൊണ്ട് പ്രയോജനമില്ല. അസ്ഥികള്‍ മരവിക്കുന്ന തണുപ്പുള്ളിടത്ത് ചെന്ന് നിന്നിട്ട് 'ഓ ഇവിടം എത്ര ഊഷ്മളമാണ് 'എന്നു സ്വയം പറഞ്ഞതുകൊണ്ട് തണുപ്പ് മാറില്ല. സിംഹത്തിന്റെ മുന്നില്‍ അകപ്പെടുമ്പോള്‍ 'ഇതൊരു സിംഹമല്ല, വെറും മുയലാണ്' എന്ന് ചിന്തിച്ചതുകൊണ്ട് അപകടം ഒഴിയുകയുമില്ല. യാഥാര്‍ത്ഥ്യം കിനാവ് കണ്ടകറ്റാകാനാകില്ല. ശൈത്യം ശൈത്യം തന്നെയാണ്, സിംഹം സിംഹവും. അവയൊക്കെ അങ്ങനെയല്ല എന്ന് സങ്കല്‍പ്പിക്കുന്നതുകൊണ്ട് വിശ്വാസിക്ക് വലിയ പ്രയോജനമുണ്ടാവില്ലെന്ന് മാത്രമല്ല തിരിച്ചടി ഉറപ്പുമാണ്. ആഘാതങ്ങള്‍ നേരിടാന്‍ നല്ലത് യാഥാര്‍ത്ഥ്യബോധം തന്നെയാണ്. ആഗ്രഹങ്ങളും മോഹവും കെട്ടഴിച്ചുവിടുന്നതു കൊണ്ട് യാഥാര്‍ത്ഥ്യത്തെ ആട്ടിപ്പായിക്കാനാവില്ല. മതം മുന്നോട്ടുവെക്കുന്ന മതം വിറ്റഴിക്കുന്ന വ്യാജവാഗ്ദാനങ്ങള്‍ അറിയാതെ മുക്കുപണ്ടം സൂക്ഷിക്കുന്നതു പോലെ അപകടകരമാണ്. തങ്കമാണെന്ന് കരുതി വറ്റഴിക്കാന്‍ ശ്രമിച്ചാല്‍ പണി പാലിന്‍വെള്ളത്തില്‍ കിട്ടും.
പ്രാര്‍ത്ഥിക്കുമ്പോള്‍ വിശ്വാസി സ്വയം സംസാരിക്കുന്നു. തന്റെ ആവശ്യങ്ങള്‍ തന്നോട് തന്നെ പറയുന്നു. മിക്കപ്പോഴും കുനിഞ്ഞുനിന്ന് പിറുപിറുക്കുന്നു, ചിലപ്പോള്‍ ഉറക്കെപറയുന്നു. സ്വയം ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടവ കാര്യങ്ങള്‍ 'ആജീവനാന്ത പ്രാര്‍ത്ഥന'യായി തുടരുന്നു. 'കുടുംബത്തിന് ഐശ്വര്യമുണ്ടാവണേ','ഗതി പിടിക്കണേ', 'അസുഖമൊന്നും വരുത്തരുതേ' തുടങ്ങിയവ ജനകീയ പ്രാര്‍ത്ഥനകള്‍ നിലയ്ക്കമെങ്കില്‍ പ്രാര്‍ത്ഥനത്തൊഴിലാളി മരിക്കണം. സ്വന്തംനിലയില്‍ നടപ്പിലാക്കാന്‍ കഴിയുന്നവയൊക്കെ വിശ്വാസി പ്രാര്‍ത്ഥിച്ച് നടപ്പാക്കും. ദൈവം കരുണാമയനാണ്. കാരണം പ്രാര്‍ത്ഥനയില്ലാതെ തന്നെ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ പ്രാര്‍ത്ഥിച്ചാലും നടത്തിക്കൊടുക്കും. തുലാവര്‍ഷക്കാലത്ത് വൈകിട്ട് ഒരു മഴ വേണമെന്ന് പ്രാര്‍ത്ഥിച്ചുനോക്കൂ: മിക്കവാറും അത് അനുവദിക്കപ്പെടും! ഇതേ ആവശ്യം ഫെബ്രുവരിയില്‍ ഉന്നയിച്ചാല്‍ ദൈവം പകച്ചുനില്ക്കും. ചികിത്സിച്ചുകൊണ്ട് രോഗം ഭേദമാകണേ എന്നാവശ്യപ്പെടുന്നതും ചികിത്സ തേടാതെ രോഗസൗഖ്യം ആവശ്യപ്പെടുന്നതും തമ്മില്‍ വമ്പന്‍ വ്യത്യാസമുണ്ടെന്ന് ദൈവം പറയുന്നു. ദൈവത്തിന്റെ പ്രയാസം കണ്ടറിയുന്നതിനാല്‍ അവസാനം ഭക്തന് യുക്തിവാദത്തില്‍ അഭയം തേടും. ഒരു ഭക്തന്റെ പ്രാര്‍ത്ഥനയ്ക്ക് കടകവിരുദ്ധമായി എതിരാളി പ്രാര്‍ത്ഥിച്ചാല്‍ ദൈവം ധര്‍മ്മസങ്കടത്തിലാവും. പലപ്പോഴും പ്രാര്‍ത്ഥനകളൊന്നും പൂവണിയാത്തതിന്റെ പ്രധാന കാരണം അയല്‍ക്കാരനും സമാനദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതാണെന്ന് മനസ്സിലാക്കുന്ന മതഭക്തന് മതം മാറാന്‍ തുനിഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല .
10 comments:
നമുക്കിനി പ്രാര്ഥിയ്ക്കുന്നവര്ക്ക് വേണ്ടി പ്രാര്ഥിയ്ക്കാം
പ്രാര്‍ഥനയും വഴിപാടെന്ന കൈക്കൂലിയും ഏറ്റവും
കൂടുതല്‍ ഉള്ളത് ഹിന്ദുമതത്തിലാണ്. വിഗ്രഹാരാധന
വിലക്കപ്പെട്ടത് കൊണ്ട് അനുഗ്രഹം കിട്ടാന്‍ വേണ്ടി
മുസ്ലിംങ്ങള്ക്ക് പണം വല്ലാതെ ചിലവാക്കേണ്ടി വരില്ല.
ആകെക്കൂടിയുള്ളത് ഹജ്ജാണ്.പക്ഷെ ഇന്ത്യയിലെ
മുസ്ലിങ്ങളുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം.
ഹിന്ദുക്കള്‍ ചെയ്യുന്ന ഒരു മാതിരി വഴിപാടുകളൊക്കെ
അവരില്‍ പലരും ചെയ്യാറുണ്ട്. അമ്പലത്തിലേക്ക്
നേര്‍ച്ച നേരുന്നവരും അവരുടെ കൂട്ടത്തി ലുണ്ട്.
തനിക്കു വന്നു ചേരുന്ന വിപര്യയങ്ങള്‍
ദൈവഹിതമാണെന്നിരിക്കെ അതിനു പരിഹാര
മാര്‍ഗ്ഗങ്ങള്‍ തേടുന്ന ഭക്തന് യഥാര്‍ഥത്തില്‍
ദൈവവിരോധിയാണ് എന്ന നിരീക്ഷണം
ശരിയാണ്. ഇതിനുള്ള ഭക്തന്റെ മറുപടിയാണ്
രസകരം. അയാള്‍ പറയും അതും (പരിഹാരമാര്‍ഗ്ഗം
തേടുന്നത്) ദൈവകല്പ്പനയാണ് എന്ന്. ദൈവത്തിന്റെ
ഓരോ ലീലാവിലാസങ്ങള്‍!!
മികച്ച നിരീക്ഷണങ്ങള്‍,.. വളരെ നല്ല പോസ്റ്റ്..., നന്ദി രവിചന്ദ്രന്‍ സാര്‍
Well said. Absolutely true. It is very unfortunate that more and more people succumb to prayers and unrealistic religious beliefs.
അന്യസംസ്ഥാന തൊഴിലാളികളെ പോലെ അസംഘടിതരൊന്നുമല്ല;പ്രാർത്ഥനാ തൊഴിലാളികൾ.ചോദിക്കാനും പറയാനും ആളോണ്ട്.
എന്നാലും മതങ്ങള്‍ ചെയ്യുന്നത് അങ്ങനെ അടച്ചക്ഷേബിക്കുന്നത് ശരിയല്ല മതങ്ങള്‍ ഒരുപാടു നല്ല കാര്യങ്ങളും ചെയ്യാറില്ലേ
സഹപാടികള്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്തിക്കുന്നത് കാര്യങ്ങള്‍ നടക്കുമെന്നോ ഇല്ലെന്നോ ഉള്ള സംഗതികൊണ്ടല്ല, കുട്ടികളെ നേര്‍വഴിക്കു നടത്താനുള്ള കഴിവില്ലായ്മ സ്വയം പ്രഖ്യാപിക്കുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത് .
ഇതൊക്കെ വായിക്കുമ്പോള്‍ കൈനോട്ടക്കാരന്റെ ജല്പ്പനങ്ങള് പോലെ തോന്നുന്നു....സത്യത്തിനോട് പുറം തിരിഞ്ഞു നില്ക്കുന്ന ഒരു മാതിരി വാചകങ്ങള്‍..യുക്തിവാധികള്‍ക്ക് ഒരു ആത്മരതി നല്‍കും...!
A friend of mine told me the chandanakkuri applied on his forehead as a ritual has the additional advantage of keeping away the headache.Big scope for marketting it like dantadhavana choornam.Another friend told his long beard shies away himself from looking at girls .I adviced him to wear cooling glasses instead of a beard so that he can b hygeinic.
Post a Comment