Indian secularism:A miserable mockery |
Holyoake |
'മതമൈത്രി'യെ (communal amity) മതേതരത്വമായി തെറ്റിദ്ധരിക്കുന്നവരുണ്ട്. മതപരമായ സൗഹാര്‍ദ്ദം ബഹുമതസമൂഹങ്ങളില്‍ അനിവാര്യമായും സംഭവിക്കും. ഏതെങ്കിലും ഒരു മതത്തിന് മൃഗീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ മതമൈത്രിക്കും മതേതരത്വത്തിനും വേണ്ടിയുള്ള മുറവിളി പുറത്ത് കേള്‍ക്കാറില്ല. വെള്ളമില്ലാത്തിടത്ത് നീന്താന്‍ ശ്രമിക്കുന്നതില്‍ കഥയില്ലല്ലോ?! പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മതമൈത്രിയുണ്ട്; പക്ഷെ സിലബസ്സ് നിശ്ചയിക്കുന്നത് പ്രബലമതമാണെന്ന് മാത്രം. മതങ്ങള്‍ പരസ്പരം ബഹുമാനിച്ചും സഹകരിച്ചും മുന്നോട്ടുപോയാല്‍ അതിന്റെ നേട്ടം മതങ്ങള്‍ക്ക് തന്നെ ലഭിക്കും. മൈത്രിയുടെ അഭാവം കൂടുതല്‍ പരിക്കേല്‍പ്പിക്കുന്നതും മതങ്ങളെ തന്നെ. അതുകൊണ്ടുതന്നെ മതമൈത്രി മതത്തിന്റെ ഔദാര്യമല്ല. നാം പൊരിച്ച മീന്‍ തിന്നുന്നത് പൂച്ചയ്ക്ക് മുള്ളു കൊടുക്കാനാണെന്ന് ആരും വാദിക്കില്ലല്ലോ. എത്ര ശാഠ്യമതമായാലും ബഹുസ്വരസമൂഹങ്ങളില്‍ അതിജീവനത്തിനായി മതമൈത്രി തെരഞ്ഞെടുക്കുകയല്ലാതെ വേറെ പോംവഴിയില്ലെന്നതാണ് വസ്തുത. ആക്രമണോത്സുക നിലപാടുകള്‍ രംഗം കലുഷിതമാകും. ആര്‍ക്കും സ്വസ്ഥമായി ഉറങ്ങാനാവില്ലെന്ന അവസ്ഥയാണവിടെ സംജാതമാകുന്നത്. മതസാഹിത്യം സസൂക്ഷമം പരിശോധിച്ചാല്‍ അവിടെ മതമൈത്രിക്ക് വലിയ സ്ഥാനമൊന്നുമില്ലെന്ന് മനസ്സിലാക്കാം. എങ്കിലും പ്രായോഗികമായി മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ ‘Live and Let Live’ നിലപാടിലേക്ക് മതങ്ങള്‍ അനിവാര്യമായും തെന്നിവീഴും.
മതമൈത്രിയും മതേതരത്വവുമായി പൊക്കിള്‍ക്കൊടി ബന്ധമുണ്ട്. ബഹുമതസമൂഹങ്ങളില്‍ മതങ്ങള്‍ക്കിടയിലുള്ള പരസ്പരസൗഹാര്ദ്ദം സംരക്ഷിക്കാന്‍ ഭരണകൂടം മതേതരമായിരിക്കേണ്ടതുണ്ട്. അനുഭവത്തിലൂടെ ബോധ്യപ്പെട്ട യാഥാര്‍ത്ഥ്യമാണത്. സര്‍ക്കാര്‍ മതേതരകാഴ്ചപ്പാടിലൂടെ രാഷ്ട്രീയത്തില്‍ നിന്ന് മതത്തെ ശ്രദ്ധാപൂര്‍വം വേര്പെടുത്തിയില്ലെങ്കില് ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നതില്‍ തര്‍ക്കമില്ല. ഭരണകൂടത്തിന് ഒരു വിഭാഗത്തോടും രാഗമോ ദ്വേഷമോ പാടില്ലെന്ന് വരുമ്പോള്‍ രാഷ്ട്രം മതപരമായി ഉദാസീനമായേ(indifferent) മതിയാകൂ. അതല്ലെങ്കില്‍ എല്ലാ മതങ്ങളേയും ഏറ്റക്കുറച്ചിലില്ലാതെ തുല്യനിലയില്‍ പ്രീണിപ്പിക്കേണ്ടി വരും. ഇത് തീര്‍ത്തും അപ്രായോഗികമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. നികുതിപ്പണം ചെലവിട്ട് സര്‍ക്കാര്‍ മതസംരക്ഷണത്തിന് ഒരുമ്പെട്ടാല്‍ സ്വഭാവികമായും പ്രബലമതങ്ങള്ക്ക് മുന്തിയ പരിഗണന ലഭിക്കാനിടയുണ്ട്. സര്‍വമതപ്രീണനം മനുഷ്യസാധ്യമല്ലെന്ന കാര്യം പോകട്ടെ, അതില്‍ മതേതരപരമായി യാതൊന്നുമില്ലെന്നതാണ് കാണേണ്ടത്. സര്വമതപരിലാളന തത്വത്തില്‍ തീവ്രമതപരത (extreme religiosity)തന്നെയാകുന്നു. മതങ്ങളെ മാത്രം പോഷിപ്പിക്കുന്ന സര്‍ക്കാരിന് മതനിരാസപരമായ എന്തിനേയും എതിര്‍ക്കേണ്ട ഗതികേടുമുണ്ടാകും. ഫലത്തില്‍ മതസംരക്ഷണാര്ത്ഥമുള്ള കുരുശുയുദ്ധമായി രാജ്യഭരണം തരംതാഴുന്നു. മതപ്രീണനത്തെ ബഹുമതസമൂഹങ്ങളിലെ ജനാധിപത്യത്തിന്റെ ബാലാരിഷ്ടതയായി കാണാമെങ്കിലും മധ്യവര്ത്തിയാകേണ്ട സര്‍ക്കാര്‍ ഇറങ്ങിക്കളിച്ചാല്‍ കളി അപ്പാടെ കുഴയും. മതത്തോട് മാത്രമല്ല മതനിഷേധത്തോടും സമാനമായ നിലപാട് സ്വീകരിക്കാന്‍ മതേതര ഭരണകൂടം ബാധ്യസ്ഥമാണ്. ഭരണകൂടത്തിന് മതമില്ലെങ്കില്‍ മതമുള്ളവരും ഇല്ലാത്തവരും തുല്യനിലയില്‍ പരിഗണിക്കപ്പെടണം. അല്ലാത്തതെന്തും മതഭരണത്തിന്റെ (Theocracy) സിലബസ്സില്‍ മാത്രം വരുന്ന കാര്യങ്ങളാണ്.
മതേതരരാഷ്ട്രം മതവിമുക്തമാണ്. 'മതവിമുക്തം' എന്നാല്‍ 'മതരഹിതം' എന്ന അര്‍ത്ഥം കല്പ്പിക്കേണ്ടതില്ല. ഒരാള്‍ ജയില്വിമുക്തമാകുന്നതുകൊണ്ട് ജയിലുകള്‍ ഇല്ലാതാകുന്നില്ലെന്നോര്ക്കുക. മതേതരത്വത്തില്‍ മതമുണ്ട്. മതവിരുദ്ധമല്ലെന്ന് മാത്രമല്ല മതസ്വാതന്ത്ര്യം ഉറപ്പാക്കപ്പെടുന്ന രാഷ്ട്രീയവ്യവസ്ഥ കൂടിയാണത്. രാഷ്ട്രം മതവിമുക്തമെങ്കിലും വ്യക്തിക്ക് മതവിശ്വാസം നിലനിര്‍ത്താന്‍ യാതൊരു തടസ്സവുമില്ലെന്നതാണ് മതേതരവ്യവസ്ഥയുടെ കാതല്‍. മതസ്വാതന്ത്ര്യത്തില്‍ (Freedom of religion) മതത്തിനുള്ള സ്വാതന്ത്ര്യം (Freedom for religion) പോലെതന്നെ മതത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും (Freedom from Religion) പരമപ്രധാനമാണ്. മതേതരത്വത്തില്‍ മതത്തിന് സ്ഥാനമില്ലെന്ന പരാതി വ്യാജവും അടിസ്ഥാനരഹിതവുമാണ്. പലപ്പോഴും യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. മതേതരത്വത്തില്‍ മതത്തിനൊപ്പം മതനിരാസവും അംഗീകരിക്കപ്പെടുന്നതാണ് പലരേയും വിമ്മിട്ടപ്പെടുത്തുന്നത്. മതേതരരാഷ്ട്രമായ അമേരിക്കയിലെ അവിശ്വാസികളെ അവിടുത്തെ പൗരന്മാരായി പോലും കാണാനാവില്ലെന്ന് പറയാനുള്ള ധാര്‍ഷ്ട്യം
George Bush Sr |
ഇന്ത്യയില്‍ നാമിന്ന് കാണുന്ന മതേതരത്വവിചാരണയുടെ തിരക്കഥയുടെ ഉത്ഭവകേന്ദ്രവും മറ്റൊന്നല്ല. മതേതരത്വം 'മതപര'മാകണമെന്ന വാദം അരസികന്റെ സാഹസികഫലിതമാണ്. ജനാധിപത്യത്തെ കേവലം ഭൂരിപക്ഷ ഭീകരതയായി (tyranny of majority) പരിമിതപ്പെടുത്താനാവില്ല. എണ്ണം നോക്കി മാത്രം തീരുമാനിക്കാനാവാത്ത കാര്യങ്ങള്‍ നിരവധിയുണ്ട്. ധാര്‍മ്മികതയും നീതിന്യായവും അവയില്‍പ്പെടും. കൂടുതല്‍ പേര് ചേര്‍ന്നാല്‍ എപ്പോഴും ശരി നിര്‍മ്മിക്കാമെന്നത് അബദ്ധധാരണയാണ്. തുര്‍ക്കി പോലുള്ള പല മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങളും സെക്കുലര്‍ റിപ്പബ്ളിക്കുകളായി തുടരുന്നത് മതനിരപേക്ഷ ആധുനികനാഗരികതയുടെ പ്രാണവായുവായതിനാലാണ്.
സെക്കുലറിസം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത വേളയിലും അതിന് മുമ്പും ശേഷവും ഇന്ത്യയില്‍ മതശക്തികള്‍ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. അന്നൊന്നും സമൂഹത്തെ മതഭയം ഇത്രയധികം തീണ്ടിയിരുന്നില്ലെന്ന് മാത്രം. മതേതരത്വമെന്നാല്‍ സര്വമതപ്രീണനമാണെന്ന വാദവുമായി മതപ്രീണനവാദികള്‍ ഉറഞ്ഞുതുള്ളുന്നതില്‍ രാഷ്ട്രത്തെ മഹത്വം പുതപ്പിക്കുന്ന അവസാനത്തെ ഉടയാടകള്‍ കൂടി വലിച്ച് കീറാനുള്ള വെമ്പലുണ്ട്. 'മതത്തിന് അതീതമായ', 'മതത്തിന് ഉപരിയായ' നിലപാടാണ് മതേതരത്വമെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി തന്നെ ധാരാളം. കുട്ടികള്‍ക്ക് പോലും മനസ്സിലാകുന്ന ഈ ലളിതനിര്‍വചനം മതക്കലി പൂണ്ടവര്‍ക്ക് സ്വീകാര്യമല്ല. കെട്ടുകഥകള്‍ക്ക് ഭരണഘടനാസാധുത നല്കുന്ന സുകുമാരകലയാണ് 'ഇന്ത്യന്‍ സെക്കുലറിസ'മെന്നവര്‍ പ്രചരിപ്പിക്കുന്നു. 'മതേതരം' എന്നാല്‍ 'മതപരം' എന്ന് വ്യാഖ്യാനിക്കാമെങ്കില്‍ 'മദ്യേതരം' എന്നാല്‍ 'സര്‍വയിനം മദ്യപരേയും തുല്യനിലയില്‍ പരിലാളിക്കുന്ന മോഹനസംവിധാനം' എന്ന് പേര് മാറ്റിയെഴുതാം. മദ്യം കഴിക്കുന്നവര്‍ക്ക് സമൂഹത്തില്‍ നല്ല ഭൂരിപക്ഷമുള്ളതിനാല്‍ ചര്‍ച്ചകളും പുഷ്ടിപ്പെടും.
മതവിധേയമായ മതേതരത്വമെന്ന വൈരുധ്യോക്തിയില് മതശക്തികള്‍ മുറുകെ പിടിക്കുന്നതിനാലാവണം പാശ്ചാത്യലോകത്തും ഇന്ത്യന്‍ മതേതരത്വത്തെ കുറിച്ച് വലിയ മതിപ്പില്ല. സദാനന്ദ ധൂമിനെ (Sadanand Dhume) പോലുള്ള എഴുത്തുകാര്‍ ഇന്ത്യന്‍ മതേതരത്വം വ്യാജവും (fraud) പരാജയവുമാണെന്ന (failure) വാദക്കാരാണ്. സെക്കുലറിസം ഇന്ത്യയില്‍ മതപ്രീണനത്തിന്റെ മറുപേരാണെന്നും ഇക്കൂട്ടര്‍ തുറന്നടിക്കുന്നു (Dhume, Sadanand('The Trouble with Dr. Zakir Naik'. The Wall Street Journal,(June 20, 2010).
Sadanand Dhume |
Ronald Inden |
ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വം എന്ന പദം ആദ്യമായി കടന്നുവരുന്നത് ആര്‍ട്ടിക്കിള്‍ 25 ലാണ്. മതേതരത്വത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ ഭരണഘടനയിലേക്ക് സ്വാംശീകരിക്കുന്നതില്‍ മുഖ്യ ചാലകശക്തിയായത് അടിയുറച്ച മതേതരവാദിയായ ജവഹര്‍ലാല്‍ നെഹ്റുവാണ്. അവിശ്വാസിയായിരുന്നെങ്കിലും എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണനയെന്ന വാദം അംബേദ്ക്കര്‍ക്ക് സ്വീകാര്യമായിരുന്നില്ല. അധസ്ഥിതവിഭാഗത്തിന് അനുകൂലമായ നിലപാടുകള്‍ (preferential treatment) ഉണ്ടാകണമെന്ന് ശഠിച്ച അദ്ദേഹം ഇന്ത്യന്‍ ഭരണഘടന സെക്കുലര്‍ ആണെന്ന വാദം തത്വത്തില്‍ അംഗീകരിച്ചിരുന്നില്ല. മതേതരത്വം സംബന്ധിച്ച ആഗോളധാരണയ്ക്കും നെഹ്റുവിന്റ കാഴ്ച്ചപ്പാടിനും അനുസരണമായാണ് 1976 ലെ 42 ാം ഭരണഘടന ഭേദഗതിയിലൂടെ(Constitution (42nd Amendment) Act, 1976) ശ്രീമതി ഇന്ദിരാഗാന്ധി മതേതരത്വം എന്ന പദം ഭരണഘടനയുടെ ഭാഗമാക്കിയത്. 'Secular' എന്ന പദം ആമുഖത്തില്‍ ചേര്‍ത്തെങ്കിലും അതെന്താണെന്ന് നിര്‍വചിക്കപ്പെട്ടിരുന്നില്ല. മതേതരത്വം സാര്‍വത്രികമായ അംഗീകരിക്കപ്പെട്ട ഒന്നായതിനാല്‍ വിശേഷിച്ചൊരു നിര്‍വചനം ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ കരുതിയിട്ടുണ്ടാവില്ല. അടിയന്തരാവസ്ഥയില്‍ കാര്യങ്ങള്‍ കൃത്യമായി നിര്‍വചിക്കേണ്ട ബാധ്യത ഇന്ദിരാഗാന്ധിക്ക് ഉണ്ടായിരുന്നില്ലെന്നത് വേറെ കാര്യം. അതുകൊണ്ട് തന്നെ മതേതരത്വം സംബന്ധിച്ച ആഗോളധാരണ തന്നെയാണ് നമ്മുടെ ഭരണഘടന സ്വീകരിച്ചതെന്ന് കരുതുന്നതാണ് എന്തുകൊണ്ടും ന്യായയുക്തം.
റഷ്യന്‍ ഊര്‍ജ്ജതന്ത്രവും അമേരിക്കന്‍ ബയോളജിയും ഇല്ലാത്തതുപോലെ ഇന്ത്യയ്ക്ക് മാത്രമായൊരു മതേതരത്വവും യുക്തിഹീനമാണ്. പകരം മറ്റെന്തെങ്കിലും വാക്ക് കണ്ടെത്തുകയാണ് കൂടുതല്‍ അഭികാമ്യം. മതേതരത്വത്തിന് മതപക്ഷപാതിത്വമുളള ഒരു നിര്‍വചനവുമായാണ് 1978 ല്‍ ജനതാപാര്‍ട്ടി സര്‍ക്കാര്‍ 45 ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നത്. ഒരു മതത്തിനെതിരെയും വിവേചനം ഉണ്ടാകില്ല എന്ന പരമ്പരാഗത നിര്‍വചനത്തിന് പകരം എല്ലാ മതങ്ങളേയും 'തുല്യമായി ബഹുമാനിക്കും' (‘equal respect for all religions’)എന്നായിരുന്നു ഭേദഗതി. ബി.ജെ.പി-യുടേയും ഇടതുപക്ഷത്തിന്റെയും സഹായത്തോടെ ബില്‍ ലോക്സഭയില്‍ പാസ്സാക്കിയെങ്കിലും പ്രസ്തുത ബില്ലിനെ രാജ്യസഭയില്‍വെച്ച് കോണ്‍ഗ്രസ്സ് പരാജയപ്പെടുത്തി. നാമിന്നും പിന്തുടരുന്ന മതേതരത്വം അടിസ്ഥാനപരമായി ഹോളിയോക്കിന്റെ നിര്വചനാനുസാരിയാണെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. ‘equal respect for all religions’ എന്ന പരിപ്രേഷ്യം പുറമെ നിരുദ്രവപരമായി തോന്നാമെങ്കിലും എല്ലാ മതങ്ങള്‍ക്കും തുല്യബഹുമാനം സാമ്പത്തികവും സാമൂഹികവുമായി തര്‍ജമ ചെയ്യുമ്പോള്‍ അത് പ്രബലമതങ്ങള്ക്ക് അനുകൂലമായി തീരാനിടയുണ്ട്. കുംഭമേളയ്ക്ക് കൊടുക്കുന്ന അതേ തുക ഒരു ബുദ്ധപൂര്‍ണ്ണിമയ്ക്ക് നല്‍കാനാവില്ല. ഫലത്തില്‍ ചെറിയ മതങ്ങള്‍ക്ക് എതിരായിരിക്കും അത്തരം വ്യാഖ്യാനങ്ങള്‍. മാത്രമല്ല സംവരണവും ന്യൂനപക്ഷാവകാശവുമുള്പ്പെടയുള്ള ഭരണഘടനാ ശാസനങ്ങള്‍ക്ക് കടകവിരുദ്ധവുമാണത്.
എല്ലാ മതങ്ങളോടും തുല്യ ആദരവ് എന്ന നിര്‍വചനം പ്രബലമതത്തെ സഹായിക്കുമായിരുന്നുവെങ്കിലും ഇന്ത്യന്‍ ഭരണഘടനയിലെ പ്രകടമായ ന്യൂനപക്ഷ ചായ്വ് (pronounced pro-minority slant)മായിച്ചു കളയാന്‍ അതിനാവുമായിരുന്നില്ല. മാത്രമല്ല 'ആദരവ്'എന്നൊക്കെ പറയുന്നത് വ്യക്തിനിഷ്ഠമായ ഒരു മനോവികാരമാണ്. യാഥാര്‍ത്ഥ്യത്തിന്റെ തലത്തില്‍ തുല്യ അളവില്‍ അവകാശാധികാരങ്ങള് നല്‍കിയാലേ പ്രയോജനമുള്ളു. നിസ്വരായ പട്ടികജാതി-പട്ടികവര്‍ഗ്ഗത്തിന് പോലും അനുവദിക്കാത്ത അവകാശാധികാരങ്ങളാണ് ആര്‍ട്ടിക്കിള്‍ 29, 30 എന്നിവയിലൂടെ ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് കരഗതമായത്. ആര്‍ട്ടിക്കിള്‍ 29, 30 എന്നിവയുടെ മേല്‍ സുപ്രീംകോടതി പില്ക്കാലത്ത് നടത്തിയ വ്യാഖ്യാനങ്ങള്‍ ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 'ന്യൂനപക്ഷപ്രീണന'മാണ് ഇന്ത്യന്‍ മതേതരത്വമെന്ന പരാതി ഇതുമൂലം സംജാതമായി. ഇമാമുമാര്‍ക്കും മുസലിയാര്മാക്കും ശമ്പളം നല്കാന് സബ്സിഡി നല്കിയ സര്‍ക്കാര്‍ ഹിന്ദുക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരയിലെ ഗ്രന്ഥികള്‍ക്കും അത് നിഷേധിച്ചു. വര്‍ഷംതോറും കോടിക്കണക്കിന് രൂപ (600 കോടി രൂപയെന്ന് ശ്രീരാമജന്മഭൂമി ന്യായാസനത്തിന്റെ (Shri Ram Janmabhoomi Nyasa) ആരോപണം) ചെലവ് വരുന്ന ഈ സബ്സിഡി നിശ്ചയിച്ചതും സുപ്രീംകോടതി തന്നെയായിരുന്നു. ദേശീയ പൗരാണികസ്മാരക സമ്പത്തില്‍ ഉള്‍പ്പെടാതിരുന്നിട്ടും ഡല്‍ഹിയിലെ ജുമാ മസ്ജിദിന് മാത്രം 70 ലക്ഷം രൂപയാണ് ഇന്ദിര ഗാന്ധിയുടേയും വി.പി. സിംഗിന്റേയും സര്‍ക്കാരുകള്‍ ചെലവിട്ടത്. ആര്‍ക്കിയോളജിക്കല്‍ വകുപ്പാകട്ടെ 1990-96 കാലഘട്ടത്തില്‍ ഒരു കോടി രൂപ ഇതേ മന്ദിരത്തിനായി മാറ്റിവെച്ചിരുന്നു. പല ഹിന്ദു അമ്പലങ്ങളിലും സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയപ്പോഴും ഹസ്രത്ത്ബല്‍, ഷരാര്‍ ഇ ഷെരീഫ് പള്ളികള്‍ (Hazratbal and Charar-e-Sharif) എക്കാലത്തും അത്തരം നിയന്ത്രണങ്ങള്‍ക്ക് അതീതമായി നിലകൊണ്ടു. മുഹമ്മദിന്റെ ജന്മദിനം ഇന്ത്യയില്‍ പൊതു അവധിയായി പ്രഖ്യാപിച്ചത് വി.പി.സിംഗായിരുന്നു. ഇസ്ളാമികരാജ്യങ്ങള് പോലും സ്വന്തം പൗരന്മാര്ക്ക് ഇത്തരമൊരു ആനുകൂല്യം അനുവദിച്ചിട്ടില്ലെന്നതാണ് രസകരം.
കേരളത്തിലാകട്ടെ, ശബരിമലയിലും ആറ്റുകാലിലും നികുതിപ്പണം നല്കി അവിടങ്ങളിലെ ഭൂരിപക്ഷ സമുദായങ്ങളുടെ ഉത്സവനടത്തിപ്പിനെ സര്‍ക്കാര്‍ സഹായിക്കുന്നു. ഭാവിയില്‍ മറ്റ് മതോത്സവങ്ങളോടും ഇതേ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥവുമാവുകയാണ്. ഇതൊക്കെയായിട്ടും പാര്‍ലമെന്റിന് മാറ്റി മറിക്കാനാവാത്ത ഭരണഘടനയുടെ ശക്തിസ്തൂപങ്ങളില് ഒന്നായിട്ടാണ് 1973 ല്‍ (Kesavananda Bharati majority judgment ,1973) ഇനിയും നിര്വചിക്കപ്പെട്ടില്ലാത്ത ഇന്ത്യന്‍ സെക്കുലറസത്തെ സുപ്രീംകോടതി വാഴ്ത്തിപ്പാടിയത്. 1994 ല്‍ ബൊമ്മെ കേസിലെത്തുമ്പോള്‍ (S R Bommai v Union of India (1994)സെക്കുലറിസം ഇന്ത്യന്‍ ഭരണഘടയുടെ അടിസ്ഥാനഭാവമായി (“basic feature of our Constitution”) ഇതേ കോടതി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. 1994 ലെ ഭരണഘടനാ പരിഷ്ക്കാരസമിതി സെക്കുലര്‍ പദത്തിന്റെ നിര്‍വചിക്കുന്നതില്‍ നിന്ന് ഒളിച്ചോടിയത് രാഷ്ട്രത്തിന്റെയും ജുഡീഷ്യറിയുടേയും നിശ്ചയദാര്ഡ്യമില്ലായ്മ തന്നെയാണ് വെളിവാക്കിയത്. പകരം പരിഷ്ക്കരണ സമിതി തലവനായിരുന്ന ജസ്റ്റീസ് വെങ്കിടചെല്ലയ്യ (M N Venkatachaliah) ആ പദത്തിന്റെ ഇലാസ്തികതയെ കുറിച്ച് വാചാലനായി.
എന്തൊക്കെ പറഞ്ഞാലും സെക്കുലറിസം ഒരിക്കലും 'ഭൂരിപക്ഷവിരുദ്ധ'മാകില്ലെന്ന് 1994 ല്‍ പി.റ്റി.ഐ ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രസ്താവിച്ചത്(‘secularism cannot mean anti-majority’) ഗോധ്റ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്.
മതേതരത്വത്തിന്റെ അര്‍ത്ഥം ചുരുക്കി പറഞ്ഞാല്‍ സ്റ്റേറ്റിന് മതമില്ല എന്നത് തന്നെയാണെന്ന് (“The concept of secularism, to put into anutshell, that the state will have no religion”(Balpatil Vs Union of India, 6scc, 690(2005) 2005 ല്‍ വീണ്ടും വ്യക്തമാക്കിയ സുപ്രീം കോടതി നിര്‍വചനം ഇല്ലാത്തതല്ല യഥാര്‍ത്ഥപ്രശ്നമെന്ന് നമ്മെ ബോധ്യപ്പെടുത്തി. കേരളത്തില്‍ മുഹമ്മദിന്റെ കേശം സംബന്ധിച്ച വിവാദത്തോടനുബന്ധിച്ച് മതത്തിന്റെ കാര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടന്നും മതം തങ്ങള്‍ക്ക് മാത്രം കൈകാര്യം ചെയ്യാനുള്ള അധികാരകേന്ദ്രമാണെന്നും കാന്തപുരം അബുബക്കര്‍ മുസലിയാര്‍ക്ക് പറയാന്‍ കഴിയുന്നിടത്തേക്ക് മതേതരത്തിന്റെ ഇന്ത്യന്‍ പതിപ്പ് എത്തിപ്പെട്ടിട്ടുണ്ട്. പ്രീണിപ്പിച്ച് മതത്തെ മെരുക്കാനാവില്ല. പ്രീണിപ്പിക്കുന്നതനുസരിച്ച് കൂടുതല്‍ പരിലാളനയ്ക്കായത് ശാഠ്യം പിടിക്കും. പ്രീണിപ്പിക്കുകയും പോഷിപ്പിക്കുയും ചെയ്യുന്ന ധര്‍മ്മം മാത്രമാണ് ജനാധിപത്യസര്‍ക്കാരിന് മതം കല്പ്പിക്കുന്നുള്ളു. രാഷ്ട്രത്തിന് മതകാര്യത്തില്‍ ഇടപെടാനാവില്ലെന്ന് ശഠിക്കുന്നവരും ഉപോല്‍ബലകമായി മതേതരഭരണഘടന തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.
മതേതരത്വത്തിന്റെ മറവില്‍ ഇന്ത്യയില്‍ ഹിന്ദുമതത്തിന് അപ്രാമാദിത്വം കൈവരിക്കാനുള്ള വ്യഖ്യാനങ്ങളാണ് രാധാകൃഷ്ണനെപ്പോലുള്ളവര്‍ മുന്നോട്ടു വെച്ചതെങ്കിലും ഫലത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അനുഭവമാണ് തങ്ങള്‍ക്കുണ്ടായതെന്നാണ് ഹിന്ദുക്കളുടെ പരാതി. പക്ഷെ ഹിന്ദുമതമല്ലാതെ മറ്റാരും ബാബ്റി മസ്ജിദും ഗുജറാത്തും സൃഷ്ടിക്കാന്‍ ഉദ്യമിച്ചിട്ടില്ലെന്നത് ഭരണഘടനയുടെ പ്രകടമായ ന്യൂനപക്ഷ ചായ് വിനെ സാധൂകരിക്കുന്നുവെന്ന് വാദിക്കുന്നവരുമുണ്ട്. ബാബ്റി മസ്ജിദ് കേസ് അന്വേഷിച്ച ലിബ്ര്ഹാന് കമ്മീഷന് (Liberhann Commission) മതവും രാഷ്ട്രീയവും സമ്പൂര്‍ണ്ണമായും വിഭജിതമാകണമെന്ന പരമ്പരാഗത നിര്‍ദ്ദേശം ഊന്നിപ്പറഞ്ഞ് സായൂജ്യമടഞ്ഞു. ജാതി അടിസ്ഥാനത്തില്‍ വോട്ടു പിടിക്കുന്നതും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതും നിയമം മൂലം നിരോധിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. പില്ക്കാലത്ത് ആ വകുപ്പില്‍ സ്ഥാനം നഷ്ടപ്പെട്ടയാളാണ് മൂവാറ്റുപുഴ എം.പി ആയിരുന്ന ശ്രീ. പി.സി തോമസ്. സത്യത്തില്‍ ലിബ്ര്ഹാന് പറഞ്ഞത് തന്നെയല്ലേ മതേതരത്വം സംബന്ധിച്ച് ലോകം അംഗീകരിച്ചിട്ടുള്ളതും?! 'സെക്കുലറായ' രാജ്യത്തെ വീണ്ടും സെക്കുലറാന് തീരുമാനിക്കേണ്ട ഗതികേടാണ് നമുക്കുണ്ടായതെന്ന് സാരം. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ ഗതികേട് ഇനിയും തുടരും.
മതേതരത്വത്തെ 'മതപരത്വം' എന്ന് തിരുത്തി എഴുതാമെന്ന പൂതി ഭാരതത്തിലെ മതപ്രചാരകര്‍ ഇന്നും വെച്ചുപുലര്‍ത്തുന്നുണ്ട്. മതം ആനയെപ്പോലെ. സുഖിപ്പിക്കാന്‍ വലിയ ഭാവനയോ ബുദ്ധിയോ ആവശ്യമില്ല. കരിമ്പും വെള്ളവും കൊടുക്കുന്നവരാട് പെട്ടെന്ന് പ്രീതിപ്പെടും. എപ്പോഴുമത് കൊടുത്തുകൊണ്ടിരിക്കണമെന്ന് മാത്രം. മദമിളകിയാല്‍, ചെറിയ പിഴവ് വന്നാല്‍ കൊടുക്കുന്നവനെ കൊമ്പില്‍ കൊരുക്കാനുള്ള സാധ്യതയും സമൃദ്ധം. നല്ലതാകട്ടെ ചീത്തയാകട്ടെ, ജനം കൂടുതല്‍ അഭിരമിക്കുന്ന ചിന്തയെ വാഴ്ത്തിപ്പാടി സ്വന്തം അവസരങ്ങളും സാധ്യതകളും ഭദ്രമാക്കുക എന്ന പ്രായോഗികബുദ്ധി മാത്രമേ ആധുനികകാലത്തും മതപ്രീണനവാദികള്‍ പ്രകടിപ്പിക്കുന്നുള്ളു.
ഇക്കൂട്ടരുടെ മുന്‍ഗാമികള്‍ പണ്ട് ബ്രിട്ടീഷുകാരോട് ഇതേ വിധേയത്വം കാണിച്ച് നല്ല തോതില്‍ അറ്റാദായം ഉണ്ടാക്കിയിരുന്നു. 'ഭാരതഭാഗ്യവിധാതാ' എന്ന് ദേശീയകവി വാഴ്ത്തിയത് ബ്രിട്ടണിലെ ജോര്‍ജ്ജ് അഞ്ചാമനെ ആയിരുന്നുവെന്ന ആരോപണം പോലും പിറന്നത് ഇത്തരക്കാരുടെ തിക്കിത്തിരക്ക് കാരണമായിരുന്നു. യുക്തിവാദികളെക്കൂടി അതിശയിപ്പിക്കുന്ന ഒരിനം അതിയുക്തിയെന്നേ ഇതിനെ വിശേഷിപ്പിക്കാവൂ. സര്‍വതും മതത്തിന്റെ കയ്യില്‍, ആ കരങ്ങള്‍ എന്നെയും താങ്ങട്ടെ എന്നിവര്‍ സങ്കല്പ്പിച്ചു പോകുന്നു. മതത്തെ വാഴ്ത്തി മഹത്വം ഇരന്നുവാങ്ങാനുള്ള ഇത്തരം കുറുക്കുവഴി ദിക്കുകള്‍ കറുക്കുമ്പോള്‍ വിവസ്ത്രരായി അഴിഞ്ഞാടാനുള്ള ആസുരബോധത്തെയാണ് അടയാളപ്പെടുത്തുന്നത്.
P.J.Antony in 'Nirmalyam |
'നിര്‍മാല്യം'എന്ന മലയാള ചലച്ചിത്രത്തില്‍ (Starred by the Late PJ Antony) പരാജിതയായ ഭഗവതിയുടെ മുഖത്തേക്ക് ഭക്തന് ആട്ടിത്തുപ്പുന്ന രംഗമുണ്ട്. ആ സിനിമയുടെ നിര്‍മ്മാണഘട്ടത്തില്‍ നിലവിലിരുന്ന നവോത്ഥാനപരതയുടെ സാക്ഷ്യപത്രം തന്നെയാണ് ആ ദൃശ്യം. ഉത്പത്തിഘട്ടത്തിലെ വംശീയവും ചരി്രതപരവും സാംസ്ക്കാരികവുമായ മൂല്യധാരസമുച്ചയമാണ് ഏതൊരു കലാസൃഷ്ടിയുടേയും പേറെടുക്കുന്നതെന്ന് വിഭാവനം ചെയ്യാന്‍ ഫ്രഞ്ച് വിമര്‍ശകനായ ടെയ്ന്റെ വിമര്ശനപ്രതിഭയൊന്നും ആവശ്യമില്ല. ഇന്ന് കേരളം 'നിര്‍മാല്യത്തിന്' തയ്യാറല്ലെങ്കില്‍ അതിനെ പിന്തുണച്ച സാമൂഹിക-സാംസ്ക്കാരിക ഘടകങ്ങള്‍ അപ്രത്യക്ഷമായെന്ന് തീര്ച്ചയാക്കാം. എക്കാലത്തും മതഭക്തന് മതദൈവത്തോട് പരിഭവിക്കാറുണ്ട്. കയര്‍ക്കുന്നതും മാപ്പിരക്കുന്നതും സാധാരണം. അന്നുമിന്നും ഇതൊക്ക തന്നെയാണ് മതഭക്തിയുടെ അടിസ്ഥാന സിലബസ്സ്. സമൂഹം എല്ലാത്തരം ജീര്‍ണ്ണതകള്‍ക്കും വര്‍ദ്ധിതമായി അടിപ്പെടുന്നുവെന്ന ആവലാതി ഉയരുന്ന ഈ മതനവോത്ഥാന കാലത്ത് ഈയൊരു കാര്യത്തില്‍ മാത്രം മതഭക്തന് സ്തോഭജനകമായ തോതില്‍ ആത്മനിയന്ത്രണബോധം കൈവന്നുവെങ്കില്‍ അതിന് കാരണം 'മതഭയ'മല്ലാതെ മറ്റൊന്നുമല്ല. ഭക്തന് വിഗ്രഹത്തില്‍ തുപ്പി കാണാന്‍ മതേതരവാദി തപസ്സിരിക്കില്ല. ഭക്തന് ദേവിയുടെ ആര്‍ത്തവരക്തം പുരണ്ട ചേലയ്ക്കായി കടിപിടി കൂടുന്നത് കണ്ട് ആനന്ദിക്കണമെന്ന ദുര്‍വാശിയും അവനില്ല. ആട്ടിതുപ്പുന്നതും മുത്തി കറുപ്പിക്കുന്നതും മതഭക്തന്റെ സ്വാതന്ത്ര്യത്തില്‍ പെട്ടത്. എന്നാല്‍ ഭക്തന് 'ഭക്തിസ്വാതന്ത്ര്യം' പോലുമില്ലാത്ത കാലത്തിനെതിരെയുള്ള കലഹം അടയാളപ്പെടുത്താനാണ് മതേതരവാദി ഉദ്യമിക്കുന്നത്. ഇന്ന് മതഭക്തന് ദൈവത്തോട് കലഹിക്കാനുള്ള ഇച്ഛ അസ്തമിച്ചിട്ടുണ്ടാവുമെന്ന് സങ്കല്പ്പിക്കുന്നവരുണ്ടാകാം. മലബന്ധം ഒരു സൗകര്യമാണെന്ന് പ്രചരിപ്പിക്കുന്നവരും ഉപയോഗിക്കുന്നത് സമാനമായ വിശകലനബുദ്ധിയാണ്.
മതാനുഷ്ഠാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേണ്ടി നികുതി പിരിക്കരുതെന്ന ഭരണഘടനാശാസനം(ആര്‍ട്ടിക്കിള്‍ 27) മതേതരത്വം എഴുതിച്ചേര്‍ക്കുന്നതിനും മുമ്പുള്ളതാണ്. ഭരണകൂടം ഈ നിയമം ആസൂത്രിതമായി ലംഘിക്കുന്നത് നികുതി പിരിച്ച ശേഷം അത് മതകാര്യങ്ങള്‍ക്കായി വക മാറ്റി ചെലവിട്ടുകൊണ്ടാണ്. 1925 ലെ സിക്ക് ഗുരുദ്വാരാ ആക്റ്റ് (Sikh Gurdwara Act) നിലവില്‍ വന്നശേഷം അകാലി രാഷ്ട്രീയത്തിന്റെ നിയാമകശക്തിയായ ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയുടെ Shiromani Gurdwara Parbandhak Committe) ഭരണസമിതിയെ തെരഞ്ഞെടുക്കാനായും മറ്റും ദശലക്ഷക്കണിക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. 12 കോടി രൂപയാണത്രെ കേരളസര്‍ക്കാര്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് നല്‍കിയത്;അതും പൊങ്കാലയുടെ അവസാന ദിനങ്ങളില്‍. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളുമാണ് പൊങ്കാലപരിപാടികള് സ്പോണ്സര് ചെയ്യുന്നതെന്നാണ് നോട്ടീസ് വായിച്ചാല്‍ മനസ്സിലാവുക. കൂടാതെ കോടികള്‍ കവിയുന്ന അമ്പലത്തിലെ വരുമാനം വേറെയും. ഇതിനും പുറമെയാണ് ഈ 12 കോടിയെന്ന് പറയുമ്പോള്‍ മതപ്രീണനവാദികള്‍ പോലും അമ്പരക്കും. 12 കോടി ചെലവിട്ടാല്‍ വിളപ്പില്‍ശാല പ്രശ്നം ഒരളവു വരെ പരിഹരിക്കാമെന്ന് ഓര്‍ക്കുക.
വൈദ്യുതിക്ഷാമം മൂലം നരകിച്ചാലും ജലവൈദ്യുതി പദ്ധതിക്ക് ഒരിഞ്ച് വനം പോലും വിട്ടുകൊടുക്കാത്ത മതേതരസര്‍ക്കാര്‍ നൂറ് കണക്കിന് ഏക്കര്‍ വനഭൂമി ശബരിമല തീര്‍ത്ഥാടനത്തിന് തീറെഴുതുമ്പോള്‍ പരിസ്ഥിതിവാദികള്‍ പോലും മൗനം ഭജിക്കുന്നു. മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള ഏതൊരു പൗരനുമുള്ള അവകാശം പൊതുക്രമസമാധാനം, പൊതുധാര്‍മ്മികത, പൊതു ആരോഗ്യം എന്നിവയ്ക്ക് വിധേയമായിരിക്കണമെന്ന് (‘Subject to public order, morality and health’) നിഷ്ക്കര്‍ഷിക്കുന്ന ഭരണഘടനാശാസനം (ആര്‍ട്ടിക്കിള്‍ 25) നാം ചെറിയ ക്ളാസ്സുകളില്‍ പഠിക്കുന്നതാണ്. സഞ്ചാരസ്വാതന്ത്ര്യം മുടക്കി പാതകള്‍ക്ക് കേടുവരുത്തുന്ന രീതിയില്‍ അടുപ്പ് കൂട്ടി തീ കത്തിച്ച് നിര്‍വഹിക്കുന്ന പൊങ്കാല വ്യവസ്യായത്തിന് നിയമപരിരക്ഷയില്ലെന്ന് പകല്‍പോലെ വ്യക്തമാണ്. മതത്തിനെതിരെയുള്ള ചെറിയ കുറ്റങ്ങള്ക്കെതിരെപോലും വന്യമായി പ്രതികരിക്കുന്ന സര്‍ക്കാരുകള്‍ മതം നിയമം ലംഘിക്കുമ്പോള്‍ നാക്ക് വിഴുങ്ങി മിടുക്ക് കാട്ടുന്നു. ആംബുലന്‍സ് തടഞ്ഞിട്ടും പൊങ്കാലയിടണമെന്ന മതാസക്തിയെ രണ്ടു ദിവസം പൊതുഅവധി പ്രഖ്യാപിച്ച് പ്രതിരോധിക്കുന്നത് തികഞ്ഞ ഭാവനയില്ലായ്മ തന്നെ. നിയമം ലംഘിച്ച് നഗരം കയ്യേറി നഗരവീഥി അടുക്കളയാക്കാന്‍ മതമൊഴികെ മറ്റാര്‍ക്കും അനുവാദമില്ലെന്നോര്ക്കുക. കേസ് രജിസ്റ്റര്‍ ചെയ്യുകയല്ലാതെ മറ്റ് പോംവഴിയൊന്നും പോലീസിനില്ലായിരുന്നു. പൊതുനിരത്ത് കയ്യേറിയതിന്റെ പേരില്‍ സമാനമായ നൂറ് കണക്കിന് എഫ്.ഐ.ആറുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളപ്പോലീസ് കോടതികളില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ശരി ചെയ്ത ഉദ്യോഗസ്ഥനെ ശിക്ഷിച്ച് സര്‍ക്കാര്‍ മതഭയം പ്രദര്‍ശിപ്പിച്ചതു കൊണ്ട് മാത്രം ഒന്നും പരിഹരിക്കപ്പെടുന്നില്ല. മതം എല്ലാ നിയമത്തിനും അതീതമാണോ? ഒരു പക്ഷെ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും മാത്രമേ ഇതിലും ശോചനീയമായ അവസ്ഥയുള്ളു. നഗരം മുഴുവന്‍ പുക മൂടി, ടണ്‍ക്കണക്കിന് ഖരമാലിന്യങ്ങള്‍ ബാക്കിയാക്കുന്ന ഈ 'ആത്മസമര്‍പ്പണ'ത്തെ നിയന്ത്രിക്കുന്നതില്‍ (regulate) നിന്നും മതേതര സര്‍ക്കാര്‍ ഒളിച്ചോടിയപ്പോള്‍ വെട്ടേറ്റ് വീണത് സത്യത്തില്‍ രാജ്യത്തെ മതേതര ഭരണഘടന തന്നെയാണ്.
'പുഷ്പിക്കാത്ത സസ്യ'മെന്നോ 'രതിരഹിത വിവാഹമെന്നോ'(sexless marriage) ഇന്ത്യന്‍ മതേതരത്വത്തെ വിശേഷിപ്പിച്ചുകൊള്ളു. പക്ഷെ അപ്പോഴും അത് ഈ രാഷ്ട്രത്തിന്റ അതിജീവനത്തിന്റെ സൂത്രവാക്യം മാത്രമല്ല ഭാവിയുടെ പ്രതീക്ഷ കൂടിയാണെന്നത് മറക്കാന്‍ പാടില്ല. മതപ്രീണനലഹരിയില് മതേതരത്വത്തെ കുഴിച്ച് മൂടാന്‍ വെമ്പുന്നവര്‍ ഭാവിതലമുറയ്ക്ക് വേണ്ടി താലിബാന്കോട്ടകള് നിര്‍മ്മിക്കുകയാണ്. രാജ്യത്തെ മതവല്ക്കരിക്കാന് പ്രയാസമില്ല, പക്ഷെ പേസ്റ്റ് ട്യൂബിലേക്ക് തിരികെ കയറ്റാന്‍ പ്രയാസമായിരിക്കുമെന്ന് ലോകമെമ്പാടും തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണ്. പാകിസ്ഥാനികള്‍ക്ക് മതേതരത്വം അലര്‍ജിയാണെങ്കില്‍ ഇന്ത്യന്‍ മുസ്ളീമിനത് ആപ്ത്യവാക്യമാകുന്നതിന്റെ കാരണം അന്വേഷിക്കേണ്ടതുണ്ട്. കഴിക്കുന്ന ആഹാരവും ധരിക്കുന്ന വസ്ത്രവും പഠിക്കുന്ന പുസ്തകവും അതിരൂക്ഷമായ മതപ്രസരണത്തിന് വിധേയമാകുമ്പോള്‍ ഇന്ത്യന്‍ മതേതരത്വം തികഞ്ഞ ആഭിചാരമായി പരിണമിക്കുകയാണ്. മതേതരത്വം മാനവികമാണെന്നും കുത്തഴിഞ്ഞ മതേതതരത്വം മതഭരണത്തേക്കാള് മോശമായിരിക്കുമെന്നും തിരിച്ചറിയേണ്ടതുണ്ട്;മതേതരത്വത്തിലെ വികല പരീക്ഷണങ്ങള്‍ രാഷ്ട്രശരീരത്തിന് സമ്മാനിക്കുന്ന മുറിവുകള്‍ ഒരിക്കലും പൊറുക്കില്ലെന്നും.***
(*Article is published in Pachakkuthira Magazine dt March, 2012)
25 comments:
പൂര്‍ണ്ണമായി മതരഹിതം എന്ന് തന്നെ വേണം മതം ഇല്ല എന്ന് വേണം പറയാന്‍ ,,മതേതരം എന്നത് , വ്യാഖാനിച്ചു അനുകൂലം ആക്കാന്‍ എളുപ്പമാണ് ,,
പൂര്‍ണമായും യോജിക്കുന്നു !
ലോകമെമ്പാടും പൊതുവില്‍ അംഗീകരിച്ച 'മതേതരത്വം' കലര്‍പ്പില്ലാതെ ഇവിടെ നടപ്പിലാക്കിയാലും മതി.
കെ.പി.രാമനുണ്ണിയുടെ മതസഹിത മതേതരത്വത്തെക്കുറിച്ച് വായിച്ചു ബോധംകെട്ടുപോയ എനിക്ക് ബോധം തിരിച്ചു തന്നതിന് നന്നി സര്!
വ്യക്തിയും , സമൂഹത്തിന്റെ പ്രതി രൂപമായ സ്റ്റേറ്റും തമ്മില്‍ ഉള്ള ലളിതമായ കൊണ്ട്രാക്റ്റ് ആണ് ആധുനിക രാഷ്ട്രം. (it is simple two party contract between a state and an individual- called the citizen)അതിനിടക്ക് നുഴഞ്ഞു കയറി വ്യക്തിയെ സ്വാധീനിച്ചു ആ കൊണ്ട്രാക്റ്റ് ദുര്‍ബലപ്പെടുത്തുകയോ അട്ടിമറിക്കാന്‍ ചെയ്യുകയോ ചെയ്യുന്നത് രാഷ്ട്ര നിര്‍മിതിയെ തകര്‍ക്കുന്ന തികഞ്ഞ രാജ്യ ദ്രോഹമാണ് . ഇത്തരം രാജ്യ ദ്രോഹം /സ്വയമേയുള്ള അപചയം അനുവദിക്കില്ല എന്നതാണ് സെക്യുലര്‍ ആണ് എന്ന് പറയുന്നതിലൂടെ ഒരു രാഷ്ട്രം അല്ലെങ്കില്‍ അതിനെ അടിസ്ഥാന പ്രമാണം വ്യെക്തമാക്കുന്നത് . മറിച്ചുള്ള വ്യാഖ്യാനങ്ങള്‍ പൂര്‍ണമായും ആന്റി - സെക്യുലര്‍ ആണ് .
സെക്യുലര്‍ ആണ് എന്നതിലൂടെ വിവിധ മതങ്ങളോട് സര്‍ക്കാര്‍ എങ്ങനെ പെരുമാറുന്നു എന്നതല്ല നിര്‍വ്വചിക്കപ്പെടുന്നത് - യഥാര്‍ത്ഥത്തില്‍ രാഷ്ട്രവും മതവുമായി ഒരു ഇടപാടും ഇല്ല തന്നെ .(religion is not a stake holder of a modern state, the only two stake holders being one - the state and the other the citizen) രാഷ്ട്രം ഇടപാട് നടത്തുന്നത് പൌരനുമായാണ് . ഒരു പൌരന്റെയും മേല്‍ ,അയാളുടെ ജീവന് ,സ്വത്ത് , സ്വാതത്ര്യം , മറ്റു പൌരാവകാശങ്ങള്‍ ,സാമൂഹ്യ മൂലധനത്തിന്റെ ഓഹരി ഉടമസ്ഥത എന്നിങ്ങനെ അയാള്‍ക്ക് രാഷ്ട്രം കൊടുത്തിരിക്കുന്ന അവകാശങ്ങളുടെ മേല്‍ ഒരു മതത്തിനും അവകാശമോ അധികാരമോ ഇല്ല , ഉണ്ടാവാന്‍ രാഷ്ട്രം സമ്മതിക്കുക ഇല്ല എന്നാ തുറന്ന പ്രഖ്യാപനമാണ് സെക്യുലര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നതിലൂടെ ഒരു രാഷ്ട്രം വിളംബരം ചെയ്യുന്നത് . അതിനോട് നീതി പുലര്‍ത്തുക എന്നത് രാഷ്ടര്തോട് കാട്ടേണ്ട കേവല ധര്‍മമാണ് .!
തികച്ചും കാലികപ്രസക്തമായ വിലയിരുത്തലുകൾ. മതേതരത്വമെന്നാൽ സർവ്വമത പ്രീണനമാണെന്നും, മതവിമർശനം വധശിക്ഷയർഹിക്കുന്ന കുറ്റമാണെന്നും നാഴികയ്ക്ക് നാല്പതുവട്ടം പ്രസംഗിക്കുന്ന കെ പി രാമനുണ്ണിയെപ്പോലുള്ളവരുടെ നപുംസകനിലപാടുകൾ ഇവിടെ തൊലുയുരിച്ചുകാണിക്കപ്പെടുന്നു. മതങ്ങൾക്ക് ആവശ്യത്തിന് സ്വാതന്ത്ര്യമില്ലാത്തതല്ല മറിച്ച് മതങ്ങൾക്കു ലഭിക്കുന്ന സ്വാതന്ത്ര്യം മതരഹിതർക്കും ലഭിച്ചുപോകുമോ എന്നുള്ള കുശുമ്പാണ് മതവൈതാളികരെമാത്രമല്ല, രാമനുണ്ണിമാരെയും നയിക്കുന്നത്.
പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും മുസ്ലിംകൾക്ക് വേണ്ടാത്ത മതേതരത്വം ഇന്ത്യൻ മുസ്ലിംകൾക്കും, സ്വന്തം മാനസപുത്രരായ ജമാ അത്ത്-സോളിഡാരിറ്റിക്കാർക്കും എന്തുകൊണ്ട് സ്വീകാര്യമാകുന്നു എന്നും, ഇന്ത്യയിൽ അവർ വിഭാവനം ചെയ്യപ്പെടുന്ന മതരാഷ്ട്രം എന്നെങ്കിലും വന്നുചേരുമെങ്കിൽ; അങ്ങനെ വന്നുചേരാതിരിക്കട്ടെ; അവിടെ സർവ്വമതപ്രീണന മതേതരത്വം ഉണ്ടാകാനിടയുണ്ടോ എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാൻ ഈ സർവ്വമതപ്രീണനവാദികൾക്ക് കഴിയാതെ പോകുന്നത് മതവിധേയത്വം കൊൺ മാത്രമാണ്.
വളരെ സങ്കീര്‍ണമായ ഒരു വിഷയം, ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദിയുണ്ട് സര്.
താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു.
സാര്‍,
നമ്മുടെ സ്വന്തം മതേതരത്വം. വയ്ച്ചു മനസ്സിലാക്കേണ്ട നല്ല പോസ്റ്റ്.
പിന്നെ, താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു.
"സെക്കുലറിസം ഒരിക്കലും 'ഭൂരിപക്ഷവിരുദ്ധ'മാകില്ലെന്നാണ് 1994 ല്‍ പി.റ്റി.ഐ ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രസ്താവിച്ചത്(‘secularism cannot mean anti-majority’) ഗോധ്റ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു."
"'നിര്‍മാല്യം'എന്ന മലയാള ചലച്ചിത്രത്തില്‍ (Directed by the Late PJ Antony)"
ക്രോനോലജിക്കലും ഫാക്ച്വലുമായ തെറ്റുകള്‍ ആശയ സംവാദത്തെ ബാധിക്കുന്നു...
Dear തീരെ നന്നായിട്ടുണ്ട്,
വായനയ്ക്കും തെറ്റ് ചൂണ്ടിക്കാണിച്ചതിനും വളരെ നന്ദി
//ഇന്ത്യയിൽ അവർ വിഭാവനം ചെയ്യപ്പെടുന്ന മതരാഷ്ട്രം എന്നെങ്കിലും വന്നുചേരുമെങ്കിൽ; അങ്ങനെ വന്നുചേരാതിരിക്കട്ടെ;//
അങ്ങനെ വന്നുചേരാതിരിക്കട്ടെ... എന്ന് സുശീല്‍ ജി പറയുന്നത് ആരോടാണ്.? ആഗ്രഹിക്കുകയാണോ?/പ്രാര്തിക്കുകയാണോ?
എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരനെന്നു നമ്മള് ഉരുവിടുന്നു. എന്നിട്ടോ ഈ സഹോദരീ സഹോദരന്മാരെ തന്നെയല്ലേ നമ്മള് വിവാഹം കഴിക്കുന്നത്. മതേതരം എന്ന വാക്കിന്റെ കാര്യവും ഇതുപോലെ തന്നെയാണ്.
പച്ചകുതിരയിൽ വായിച്ചിരുന്നു.
വളരെ കാലിക പ്രസക്തിയുള്ള പോസ്റ്റ് . നന്നായി പറഞ്ഞു .
വളരെ കാലിക പ്രസക്തിയുള്ള പോസ്റ്റ് . നന്നായി പറഞ്ഞു .
പ്രിയപ്പെട്ട ഫിയോനിക്സ്,
ആദവും ഹവ്വയും. അവര്‍ക്ക് ആബേലും കയേനും പുത്രന്മാര്. കയേന്‍ ആബലിനെ കൊല്ലുന്നു. എന്നിട്ട് നോദ് എന്ന സ്ഥലത്തേക്ക് ഓടിപ്പോവുന്നു. പിന്നെ അവിടെവെച്ച് കായേന് സന്തതി പരമ്പരകളുണ്ടാകുന്നു. കാര്യം വ്യക്തമാണ്. പക്ഷെ ഇങ്ങനൊക്കെ പറയുമ്പോഴും പരിഷ്കൃതലോകത്തില്‍ മാതാവിന്റെയും സഹോദരിയുടേയും സ്ഥാനം അതല്ലല്ലോ?!!
<<<< മതേതരത്വം ഒരുതരം 'മതസംരക്ഷണനിയമം' ആണെന്ന വാദവുമായി മതപ്രീണനവാദികളും രംഗത്തുണ്ട്. 'ഇന്ത്യന്‍ മതേതരത്വം' എന്ന പേരില്‍ ഒരു സവിശേഷ ഇനമുണ്ടെന്നും അതിന്റെ അര്‍ത്ഥം 'സര്‍വമതപ്രീണനം' എന്നാണെന്നും ഇക്കൂട്ടര്‍ തട്ടിവിടുന്നു. വാസ്തവത്തില്‍ ലോകമെങ്ങും 'മതതേരതരത്വ'ത്തിന് അങ്ങനെയൊരു വിവക്ഷയില്ല. ഇന്ത്യന്‍ ഭരണഘടനയിലും അങ്ങനെയൊരു പരാമര്‍ശമില്ല. >>>>
===== 'ഇന്ത്യന്‍ മതേതരത്വം' ==== ഇത് എന്താണെന്നു എല്ലാവര്ക്കും അറിയാം ! പിന്നെ ആരും വായ തുറക്കുന്നില്ല ! കാരണം പലതാണ് ..ഓ ! ദൈവമേ ,മതേതരത്വം എന്താണ് ഒന്ന് പറഞ്ഞു തന്നാലും .....ദയവായീ പ്ളീസ് ... പറയുമ്പോള്‍ ----------------------------------------------------------------
----------------------------------------- " മതേതരത്വം ......... മാങ്ങകൊല............. നിന്നില്‍ അലിയുവത് എന്ത് സുഖം !!!!!!!!!!
സായിപ്പിന്റെ മതേതരത്തം മാത്രമേ അണ്ണന്മാര്ക്ക് ദഹിക്കൂ. ഇന്‍ഡ്യക്കാര്‍ക്ക് സ്വന്തമായ ഒരു മതേതരത്തം ഉണ്ടായാല്‍ എന്താണു കുഴപ്പം? സയിപ്പിനോടത്രക്ക് പെരുത്തിസ്ടമാണെങ്കില് സയിപ്പിന്റെ നാട്ടില്‍ തനെ അങ്ങ് ജീവിക്കാന്‍ മേലേ
നല്ല പോസ്റ്റ്.അഭിപ്രായത്തോട് യോജിക്കുന്നു.
ഇപ്പോഴാണ് കണ്ടത്. നന്നായിട്ടുണ്ട്
wish you all the best.
'
29. വിലങ്ങ് വീണ ദൈവം'
I WOULD BE HAPPY TO KNOW THE DEFINITION OF SECULARISM.KINDLY LET ME KNOW AT LEAST 10 SECULAR COUNTRIES DOMINATED BY MUSLIMS.IS U K A SECULAR COUNTRY ?
P RAJESH, KANNUR
Post a Comment