ശാസ്ത്രം വെളിച്ചമാകുന്നു

Friday, 4 April 2014

79.പേ പിടച്ച ചങ്ങലകള്‍

സരൂപിയും അരൂപിയും വിരൂപിയുമായ എല്ലാ ദൈവവും ഫലത്തില്‍ മനുഷ്യദൈവമാകുന്നു. എങ്കിലും ജീവിച്ചിരിക്കുന്ന മനുഷ്യദൈവങ്ങളെയാണ് നാം പൊതുവില്‍ ആള്‍ദൈവം എന്ന ഓമനപ്പേരില്‍ സംബോധന ചെയ്യുക. ഭൗതികമായ തെളിവുണ്ട്, ഭക്തരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു, അവരെ സാമ്പത്തികമായിപ്പോലും സഹായിക്കാന്‍ സാധിക്കുന്നു തുടങ്ങിയ ഗുണങ്ങള്‍ ആള്‍ദൈവഭക്തിയെ കൂടുതല്‍ ആകര്‍ഷണീയമാക്കും. ആള്‍ദൈവങ്ങള്‍ രണ്ടിനം: പിടിക്കപ്പെട്ടവരും പിടിക്കപ്പെടാത്തവരും. ഈ സമവാക്യത്തെ അസ്ഥിരപ്പെടുത്തി പിടിക്കപ്പെട്ടാലും പുനര്‍ജനിക്കുന്നവര്‍ എന്നൊരു മൂന്നാം വിഭാഗം കൂടി ഉയര്‍ന്നു വരികയാണോ? തീര്‍ച്ചയായും അല്ല. മിക്കപ്പോഴും പിടിക്കപ്പെട്ടു എന്നത് കേവലമായ ഒരു ആഗ്രഹസങ്കല്‍പ്പമാണ്. യാഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നും സംഭവിക്കുന്നില്ല. ഫലവത്താകാത്ത കീമോതെറാപ്പിയുടെ ചരിത്രമാണവിടെ പ്രസക്തമാകുന്നത്.

ആര്‍ ആരെ പിടിച്ചു എന്നതാണ് പ്രസക്തമായ ചോദ്യം. ആള്‍ദൈവങ്ങള്‍ മാധ്യമപ്രഭുക്കളെയും രാഷ്ട്രീയതമ്പുരാന്‍മാരെയും മൂടോടെ വിഴുങ്ങിയെങ്കില്‍ ആരാണ് പിടിക്കപ്പെട്ടതെന്ന് വ്യക്തമാണ്. ആള്‍ദൈവം എന്ന അധോലോക മാഫിയയ്‌ക്കെതിരെ ജനം എന്തു ചെയ്യും? നിയമസഹായം തേടിയാല്‍ ആള്‍ദൈവസേവ മാനവസേവയായി കാണുന്നവര്‍ പോലീസ് സ്‌റ്റേഷനിലും കോടതിയിലും അക്രമാസക്തരായി പാഞ്ഞെത്തി തങ്ങളെ തിരിച്ചു പീഡിപ്പിക്കുന്നമെന്നവര്‍ ഭയപ്പെടുന്നു. പക്ഷെ ഒന്നോര്‍ക്കുക, ആള്‍ദൈവങ്ങള്‍ ഇക്കാലമത്രയും നമ്മുടെ കണ്‍മുന്നില്‍ വളരുകയായിരുന്നു. 


ഈ സാമ്പത്തികനേട്ടവും സ്വാധീനവും അവര്‍ ഒരു സുപ്രഭാതത്തില്‍ ഉണ്ടാക്കിയെടുത്തതല്ല. മറിച്ച് ക്രമേണ, വ്യവസ്ഥാപിതമായി ആര്‍ജ്ജിച്ചതാണ്. അപ്പോഴൊക്കെ ഏവരും ഇവിടെയുണ്ടായിരുന്നു. ആള്‍ദൈവങ്ങള്‍ അധികാരകേന്ദ്രങ്ങളെയും മാധ്യമങ്ങളെയും പര്‍ച്ചേസ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു എന്ന അസ്വസ്ഥജനകമായ ഒരു ചോദ്യമുണ്ട്. ആള്‍ദൈവസാമ്ര്യാജ്യങ്ങള്‍ വളര്‍ന്ന് പന്തലിക്കാന്‍ നിലമൊരുക്കുന്ന ഒരു സമൂഹത്തിന് പിന്നീട് അവരുടെ സഹജഗുണം കണ്ട് അമ്പരക്കാന്‍ അവകാശമുണ്ടോ?

സ്വന്തം പെറ്റമ്മയെ അമ്മേ എന്നു വിളിക്കുന്നതുപോലും കുറച്ചിലായി കാണുന്നവര്‍വരെ നിതാന്തവും അവിരാമവുമായ ശൈശവം കടംകൊണ്ട് മതം പടച്ചുവിടുന്ന അമ്മപ്രതിമകളില്‍ വികാരമൂര്‍ച്ഛയോടെ ഏങ്ങലടിച്ച് വിതുമ്പോള്‍ അമ്മ എന്നത് മലയാളത്തിലെ ഏറ്റവും അപമാനവല്‍ക്കരിക്കപ്പെടുന്ന പദമായി മാറുകയാണ്. അമ്മ എന്ന മഹനീയ ആശയത്തിന്റെ ചരമക്കുറിപ്പെഴുതുന്ന ആസുരത സമൂഹത്തിന്റെ സര്‍വ നാഡികളിലും ത്രസിച്ചുനില്‍ക്കുന്നു. വളര്‍ച്ചയെത്തുന്നതോടെ മാതാവില്‍ നിന്ന് ക്രമേണ വേര്‍പെട്ട് സ്വന്തംനിലയില്‍ വളരുകയും സ്വതന്ത്രമായി ചിന്തിക്കുകയും ചെയ്യുകയെന്നത് ഏതൊരു മനുഷ്യന്റെയും വൈകാരികവും ബൗദ്ധികവുമായ വളര്‍ച്ചയുടെ അടയാളമാണ്. പല ജീവിവര്‍ഗ്ഗങ്ങളിലും വളര്‍ച്ചയെത്തിയ കുഞ്ഞുകളെ മാതാവ് മന:പൂര്‍വം വേര്‍പിരിക്കുന്നതും ഇതേ ലക്ഷ്യമിട്ടാവണം. 


ശമനമില്ലാത്ത ഭൗതികാസക്തിയും ആത്മവിശ്വാസമില്ലായ്മയും അന്ധതയും സമം ചാലിക്കപ്പെടുമ്പോള്‍ വയോവൃദ്ധര്‍ മക്കളുടെ പ്രായമുളളവരില്‍ അഭയം കണ്ടെത്തിയതായി പ്രഖ്യാപിച്ച് സ്വയം അഭിമാനിക്കുന്നു. എല്ലാവരെയും രക്ഷിക്കാന്‍ ചിലര്‍ അവതരിച്ചിട്ടുണ്ടെന്ന വാര്‍ത്തയാണ് ഇക്കൂട്ടരെ വല്ലാതെ ഇക്കിളി കൊള്ളിക്കുന്നത്. ഇത്തരം വികാരജന്മങ്ങള്‍ വളരെ അനായാസം സ്പര്‍ശചികിത്സയില്‍ ജീവിതത്തിന്റെ സമ്പൂര്‍ണ്ണമായ അര്‍ത്ഥം കണ്ടെത്തിക്കളയും! വിയര്‍ക്കുകയും വിസര്‍ജ്ജിക്കുകയും ചെയ്യുന്ന, രോഗവും ചപലതകളും നിരന്തരം പ്രകടമാക്കുന്ന, ഒരു ശരാശരി മനുഷ്യനിലും താണ ബുദ്ധിശക്തിയും ജ്ഞാനതലവും മറവില്ലാതെ പ്രകടമാക്കുന്ന മറ്റൊരു മനുഷ്യജന്മമാണ് തന്റെ ജീവിതത്തിന്റെ അര്‍ത്ഥം നിര്‍വചിക്കുന്നതെന്ന് വിശ്വസിക്കുന്ന ഒരാള്‍ സത്യത്തില്‍ സഹജീവികളുടെ കലര്‍പ്പില്ലാത്ത സഹതാപമര്‍ഹിക്കുന്നു.

ഓരോ ദിവസവും മുട്ട വിരിഞ്ഞ് പുറത്തിറങ്ങുന്ന ആള്‍ദൈവങ്ങള്‍ക്കെതിരെ എന്തുചെയ്യുന്നു എന്ന ചോദ്യവും ബാക്കിയുണ്ട്. എല്ലാ ആള്‍ദൈവവും ആല്‍മരം പോലെ പടര്‍ന്ന് പന്തലിക്കുന്നില്ല എന്നത് ശരി തന്നെ. ചിലതൊക്കെ തുടക്കത്തില്‍ സ്വയം നശിക്കുന്നുണ്ടെങ്കിലും പലതും വളര്‍ന്ന് കരിമൂര്‍ഖനാകുന്നതിന് തടസ്സമില്ല. അറിയുക, ആള്‍ദൈവങ്ങള്‍ നശിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം ആത്മഹത്യകളായിരുന്നു. ബുദ്ധിശൂന്യമായ പ്രവര്‍ത്തികളിലൂടെ അവരൊക്കെ സ്വയം കുഴിച്ചു മൂടുകയായിരുന്നു. ആള്‍ദൈവങ്ങളെ പ്രതിരോധിക്കാനോ നശിപ്പിക്കാനോ ഉള്ള ശേഷി യുക്തിഹീനതയില്‍ ആഴത്തില്‍ അഭിരമിക്കുന്ന നമ്മുടെ സമൂഹത്തിനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 


ഇനി വരാനിരിക്കുന്ന ആള്‍ദൈവങ്ങളും ഇത് തിരിച്ചറിയുന്നുണ്ട്. ആര്‍ക്കും തുടങ്ങാവുന്ന ഒരു കൂട്ടുകച്ചവടമായി ആള്‍ദൈവവ്യവസായം മാറിയിരിക്കുന്നു. ഭവനഭേദനവും വിസാത്തട്ടിപ്പും നടത്തി നിയമത്തെ പേടിച്ച് ജീവിക്കുന്നതിനേക്കാള്‍ എത്രയോ ആദായകരമാണ് നിയമസംവിധാനത്തെ വരെ കൈവിരല്‍ തുമ്പിലിട്ട് കറക്കി ആള്‍ദൈവമായി പടന്നുപന്തലിക്കുന്നത്! വിത്തിറക്കാനും വളമിടാനും അനുമതി നല്‍കിയിട്ട് വളര്‍ന്ന് വടവൃക്ഷമാകുമ്പോള്‍ ആസനംകൊണ്ട് തള്ളിയിട്ടു കളയാം എന്ന വ്യാമോഹം കേവലമായ അത്യാഗ്രഹം മാത്രമല്ലേ?

ദൈവജന്മങ്ങള്‍ക്കെതിരെ വ്യാപകവും വ്യവസ്ഥാപിതവുമായ പ്രചരണവും ബോധവല്‍ക്കരണവും സംഘടിപ്പിക്കുക എന്നത് ഒരു പരിഷ്‌കൃത സമൂഹം പുലര്‍ത്തേണ്ട നിതാന്ത ജാഗ്രതയുടെ ഭാഗമാണ്. അശാസ്ത്രീയവും യുക്തിഹീനവുമായ പ്രയാണരീതികള്‍ നിരന്തരം ചോദ്യം ചെയ്യപ്പെടണം, തിരുത്തപ്പെടണം. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇന്ന് ശാസ്ത്രപ്രചാരകരും യുക്തിവാദികളും സ്വതന്ത്രചിന്തകരുമായ വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമാണ് ഇത്തരം ആശയപ്രചരണത്തിലും പ്രതിരോധത്തിലും ഏര്‍പ്പെട്ടിരിക്കുന്നത്. മതം വലിച്ചെറിയുന്ന മാലിന്യങ്ങള്‍ തൂത്തുമാറ്റേണ്ടത് ഈ ന്യൂനപക്ഷത്തിന്റെ ജോലിയാണെന്ന് ധരിച്ച് ജീവിക്കുകയും ആള്‍ദൈവങ്ങള്‍ കെണികളില്‍ പെടുമ്പോള്‍ ആഘോഷപൂര്‍വം കൊട്ടിപ്പാടുകയും ചെയ്യുന്നവരാണ് ഭൂരിപക്ഷവും. വല പിഞ്ചുമ്പോള്‍ ആള്‍ദൈവം കെണി പൊട്ടിച്ചെറിയുമെന്ന കാര്യം ഇവര്‍ സൗകര്യപൂര്‍വം വിട്ടുകളയുകയും ചെയ്യും. നിതാന്തവും അനുസ്യൂതവുമായ ജാഗ്രതയില്ലാത്ത ഒരു സമൂഹത്തെ മൊത്തത്തില്‍ പര്‍ച്ചേസ് ചെയ്യാമെന്ന് ആള്‍ദൈവങ്ങളോളം മനസ്സിലാക്കിയവര്‍ വേറെയുണ്ടാകില്ല.

സമൂഹത്തിന്റെ ചിന്താരീതി ശാസ്ത്രീയമായി പരിഷ്‌ക്കരിച്ച് യുക്തിസഹമായ ഒരു ജീവിതവീക്ഷണം രൂപപ്പെടുത്താനും യത്‌നിക്കണമെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ(എച്ച്) കൃത്യമായും ഓരോ പൗരനോടും ആവശ്യപ്പെടുന്നു. ആള്‍ദൈവങ്ങള്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍ കാണുമ്പോള്‍ മാത്രം അലമുറയിടുന്ന ശീലം ഉപേക്ഷിച്ച് പിടിക്കപ്പെട്ടവരും നിലനില്‍ക്കുന്നതുമായ സമാന ദൈവജന്മങ്ങളും പ്രസ്ഥാനങ്ങളും സമൂഹത്തെ ബാധിച്ചിരിക്കുന്ന മഹാര്‍ബുദങ്ങളാണെന്ന തിരിച്ചറിവ് സമൂഹത്തില്‍ ജനിപ്പിക്കാനാണ് ശ്രമമുണ്ടാകേണ്ടണ്ടത്.


ആള്‍ദൈവങ്ങളും വിശ്വാസപ്രസ്ഥാനങ്ങളും കഴുകിക്കളയേണ്ട മാലിന്യമാകുന്നു. അദ്ധ്വാനരഹിതമായും അന്യായമായും കുന്നുകൂട്ടുന്ന കള്ളപ്പണത്തില്‍ നിന്നും ചാരിറ്റിയെന്ന പേരില്‍ വലിച്ചെറിയുന്ന തുട്ടുകള്‍ കണ്ട് കണ്ണു മഞ്ഞളിച്ച് കൂടിയ മാര്‍ക്കിടുന്ന സ്വഭാവം ഉപേക്ഷിക്കാന്‍ പൊതുസമൂഹത്തെ പരിശീലിപ്പിക്കണം.

അറിയപ്പെടുന്ന ആള്‍ദൈവമായ അമൃതാനന്ദമയിയുടെ സന്തതസഹായിയായി രണ്ടു ദശകത്തോളം സേവനമനുഷ്ഠിച്ച ഒരു വിദേശവനിത എഴുതിയ പുസ്തകം((ഗെയില്‍ ട്രേഡ്വെല്‍: വിശുദ്ധനരകം-മെമയിര്‍ ഓഫ് ഓഫ് ദ ഫേക് ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്സ് /Holy Hell: A Memoir of Faith, Devotion, and Pure Madness by Gail Tredwell ) ഇന്നലെ(19.2.14) സൈബര്‍ലോകത്ത് പ്രത്യക്ഷപ്പെട്ടു. ആ വനിത എഴുതിയ കാര്യങ്ങളില്‍ സത്യത്തില്‍ ഒരു ശരാശരി മലയാളിക്ക് അറിയാവുന്നതില്‍ കൂടുതല്‍ എന്തെങ്കിലുമുണ്ടോ? ഇതിലും എത്രയോ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ തൃശൂര്‍കാരനായ നാരായണന്‍കുട്ടിയുടേയും ബീഹാറിയായ സത്‌നാംസിംഗിന്റെയും നിഷ്ഠൂര കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ശരാശരി മലയാളി തിരിച്ചറിഞ്ഞതാണ്! 51 വെട്ടുകളുടെ പിന്നിലെ നരാധമത്വം നിഷ്‌ക്കരുണം ചോദ്യം ചെയ്ത സമൂഹമന:സാക്ഷി സത്‌നാംസിംഗിന്റെ ശരീരത്തില്‍ കാണപ്പെട്ട 77 മുറിവുകളുടെ കാരണമാരായാന്‍ സൗകര്യപൂര്‍വം മറന്നു.

ഗെയില്‍ ട്രേഡ്വേല്‍ എന്ന വിദേശ വനിതയോട് സഹതപിക്കുന്നുവരുണ്ടാകാം. ആത്മീയത എന്ന അര്‍ത്ഥശൂന്യമായ കെണിയില്‍ അടി തെറ്റിവീണ അവര്‍ ഇതൊക്കെ അര്‍ഹിക്കുന്നുണ്ടെന്നും പറയുന്നവരുമുണ്ടായേക്കാം. പക്ഷെ എക്കാലത്തും കഥ ഇതുതന്നെയായിരുന്നില്ലേ? കൊലപാതകങ്ങള്‍, കള്ളപ്പണം, ലഹരിയുടെ ഉപയോഗം, ലൈംഗികവൈകൃതങ്ങള്‍, കൂട്ടമാനഭംഗങ്ങള്‍, നിലയ്ക്കാത്ത പീഡനങ്ങള്‍ തുടങ്ങിയവയുടെ സ്‌തോഭജനകമായ കഥകളും അനുഭവസാക്ഷ്യങ്ങളും പുറത്തേക്ക് വാരി വിതറാത്ത എത്ര ആള്‍ദൈവസാമ്രാജ്യങ്ങളുണ്ട്?! എല്ലായിടത്തും എല്ലാക്കാലത്തും ഇതൊക്കെ തന്നെ സംഭവിച്ചിട്ടുണ്ട്-ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. 


നവഭക്തജന്മങ്ങള്‍ മതമുട്ട വിരിഞ്ഞ് വീണ്ടും പുറത്തുവരുന്നത് കാണുക. പു.ക.സ മുതല്‍ വിപ്‌ളവപ്രസ്ഥാനങ്ങള്‍ വരെ ആള്‍ദൈവ ലഹരിയില്‍ ആഴ്ന്നിറങ്ങാനും വഞ്ചിക്കപ്പെടാന്‍ തങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് തിരിച്ചറിയുക. ആള്‍ദൈവമഹത്വത്തിന്റെ തനിനിറം മനസ്സിലാക്കാന്‍ പലര്‍ക്കും വിശുദ്ധനരകം എന്ന പുസ്തകം വേണ്ടിവന്നു എന്നതില്‍ എല്ലാമുണ്ട്.

ആള്‍ദൈവങ്ങളോടുള്ള സമൂഹത്തിന്റെ പൊതുനിലപാട് എത്ര വികലവും അപകടകരവുമാണെന്ന് ഇത് വെളിവാക്കുന്നു. പോലീസ്, കോടതി, അധികാരകേന്ദ്രം എന്നിവ മാത്രമല്ല ആള്‍ദൈവരക്ഷ ജീവിത്രവ്രതമാക്കിയിട്ടുള്ളത്. കാവല്‍ക്കാരന്‍, കാവല്‍ നായ, വീട്ടുകാര്‍ തുടങ്ങിയവര്‍ക്കെല്ലാം മയക്ക് ബിസ്‌ക്കറ്റ് കൊടുത്താല്‍ ഭവനഭേദനവും കവര്‍ച്ചയും അനായാസമായിരിക്കും. ശബ്ദം കേട്ടാലും ആരും ഒന്നും മിണ്ടില്ല. അധികാരികള്‍, രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍, പോലീസ്-കോടതി സംവിധാനങ്ങള്‍ തുടങ്ങിയവയെ വ്യവസ്ഥാപിതമായി പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് അതിക്രമങ്ങളും ചൂഷണങ്ങളുമായി സൈ്വരവിഹാരം നടത്താനാവും. സമൂഹത്തിനും മാനവികതയ്ക്കും എതിരെയുള്ള അതിക്രമങ്ങള്‍ റദ്ദായിപ്പോകുന്നത് അങ്ങനെയാണ്. അഭിനവ ആള്‍ദൈവങ്ങള്‍ സ്തത്യര്‍ഹമായി ഇക്കാര്യം നിര്‍വഹിക്കുന്നുണ്ട്.

ഗെയിലിന്റെ പുസ്തകം സൈബര്‍ലോകത്ത് കത്തി പടര്‍ന്നതിന്റെ അടുത്ത ദിവസം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊക്കെ പ്രസ്തുതവാര്‍ത്ത മത്സരിച്ച് തമസ്‌ക്കരിക്കുക മാത്രമല്ല പ്രകീര്‍ത്തനസാഹിത്യവും ഫോട്ടോയും മുന്‍ പേജില്‍ തന്നെ പ്രസിദ്ധീകരിച്ചാണ് ജനത്തിന്റെ സാമാന്യബുദ്ധിയെ പരിഹസിച്ചത്. ജനം എത്ര നിലവിളിച്ചാലും ഞങ്ങള്‍ ആള്‍ദൈവത്തിനൊപ്പം എന്നാണവര്‍ സുധീരം പ്രഖ്യാപിച്ചത്. ആള്‍ദൈവത്തിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചവരെ വിരട്ടുന്ന വാര്‍ത്തകള്‍ പ്രാധാന്യത്തോടെ ഉള്‍പേജിലും ആള്‍ദൈവത്തിന്റെ സചിത്രവിവരങ്ങള്‍ ആദ്യപേജിലും പതഞ്ഞൊഴുകി. ആള്‍ദൈവസേവയാണ് പത്രധര്‍മ്മത്തിന്റെ ആണിക്കല്ലെന്ന സുധീരപ്രഖ്യാപനം കൂടിയായിരുന്നുവത്. എല്ല് കടിച്ചു പിടിക്കുന്ന നായയ്ക്ക് കുരയ്ക്കാനാവില്ലെന്ന സ്ഥിരം അവസ്ഥക്ക് ഇക്കുറി പാഠഭേദമുണ്ടായി. മൗനം ഭജിക്കുകയല്ല മറിച്ച് സ്വന്തം പ്രാണന്‍ ആള്‍ദൈവത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന ബോധ്യത്തോടെയുള്ള ജീവന്മരണ പോരാട്ടമാണ് മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയശക്തികളും കാഴ്ചവെച്ചത്.

ഗെയിലിന്റെ വെളിപ്പെടുത്തലുകള്‍ അര്‍പ്പണബോധത്തോടെ തമസ്‌ക്കരിച്ച ഒരു പ്രമുഖചാനല്‍ ആള്‍ദൈവവിമര്‍ശനം നടത്തിയവര്‍ക്കെതിരെ മഠം കേസ് കൊടുത്തത് വലിയ വാര്‍ത്തയായി നല്‍കി! നേരോടെ, നിര്‍ഭയം, നിരന്തരം എന്നു തുടര്‍ന്നും സ്വയം പരസ്യപ്പെടുത്താനും അവര്‍ മടിച്ചില്ല. കൊണ്ടും കൊടുത്തും കയ്യറപ്പ് മാറിയ കണ്ണൂര്‍രാഷ്ട്രീയത്തിലെ അതികായനായ സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്‍ ഗെയില്‍ ട്രെഡ്വലിനെ അഭിനന്ദിച്ച് ഫേസ് ബുക്കില്‍ രേഖപ്പെടുത്തിയ പോസ്റ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കംചെയ്ത് പേടിച്ചോടിയപ്പോള്‍ മലയാളി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ജയരാജനൊക്കെ ഇങ്ങനെ പേടിക്കണമെങ്കില്‍ എന്തായിരിക്കും ഈ ദൈവത്തിന്റെ പര്‍ച്ചേസിംഗ് പവറും മസില്‍പവറും!!

ഫേസ് ബുക്ക് പോലുള്ള നവമാധ്യമങ്ങള്‍ ഗെയിലിന്റെ പുസ്തകം സജീവമായി ചര്‍ച്ച ചെയ്തു തുടങ്ങിയതോടെ ആദ്യ ദിവസം പനിപിടിച്ചു കിടന്ന ചില ചാനലുകള്‍ അവസരത്തിനൊത്തുയര്‍ന്നതും ശ്രദ്ധേയമായി. എന്തിനേറെ, വിപ്‌ളവപത്രം പോലും ഇതു സംബന്ധിച്ച വാര്‍ത്ത ഉള്‍പേജില്‍ കൊടുത്തുകളഞ്ഞു! സ്വകാര്യവ്യക്തികള്‍, വനിതകള്‍, അധികാരികള്‍, അമേരിക്കന്‍ സര്‍ക്കാര്‍....തുടങ്ങിയവര്‍ക്കെതിരെ വിരുദ്ധവാര്‍ത്ത കൊടുത്താല്‍ പോലും ക്രോസ് ചെക്ക് ചെയ്ത് ആധികാരികത ഉറപ്പുവരുത്താന്‍ താല്‍പര്യപ്പെടാത്തവര്‍ ശ്രദ്ധാപൂര്‍വം സവിനയം ആശ്രമപ്രതികരണവും കൂട്ടിച്ചേര്‍ത്താണ് വാര്‍ത്താവഴിപാട് നടത്തി ആരതി ഉഴിഞ്ഞത്: അമ്മേ ലാല്‍ സലാം, ദേവി ലാല്‍ സലാം! അറിയുക, ഇത്തരം ആഭാസങ്ങളെ തളയ്ക്കാന്‍ സമൂഹം കരുതിവെച്ച ചങ്ങലകള്‍ക്കെല്ലാം പേ പിടിച്ചിരിക്കുന്നു. ഇതിലും വലിയൊരു ദുര്യോഗം ഒരു സമൂഹത്തിന് വരാനുണ്ടോ?! ജനം ഭയക്കുന്നവര്‍ പോലും ആള്‍ദൈവങ്ങളെ ഭയക്കുന്നു!

ആള്‍ദൈവസംരക്ഷണസേന മാധ്യമപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. സൈബര്‍ലോകത്ത് അവര്‍ ആസൂത്രിതമായി എതിര്‍ കഥകള്‍ ഒഴുക്കിവിടുന്നുണ്ട്. ഗെയിലിനെ അധിക്ഷേപിച്ചുകൊണ്ട് ആശ്രമശിങ്കിടികളെ കൊണ്ട് നെടുങ്കന്‍ ലേഖന പരമ്പര തന്നെ വന്നുകഴിഞ്ഞു. ആള്‍ദൈവത്തിന് ഗെയില്‍ വിഷക്കൂണ്‍ പാചകം ചെയ്ത് നല്‍കിയെന്നും അത് കഴിച്ച് ദൈവം ദിവസങ്ങളോളം വയറിളകി അവശയായി കിടന്നുവെന്നുമൊക്കെയാണ് ആരോപണങ്ങള്‍. ആള്‍ദൈവത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന പോലീസിന് ഗെയിലിന്റെ മാനാഭിമാനം ഒരു പ്രശ്‌നമാകാന്‍ വഴിയില്ലല്ലോ. ആസൂത്രിതമായ ഒരു ബലാബലം സൃഷ്ടിച്ച് അവര്‍ ലക്ഷ്യംനേടാനാണ് ശ്രമം-ഫേസ് ബുക്കെങ്കില്‍ ഫേസ് ബുക്ക്, വയലന്‍സെങ്കില്‍ അങ്ങനെ!

ആള്‍ദൈവങ്ങള്‍ ആഭാസവും സാമൂഹികവൈകൃതവുമാണെന്ന് നിരന്തരം വിളിച്ചു പറയേണ്ടതുണ്ട്. ഓര്‍ക്കുക, അവര്‍ വലിച്ചെറിയുന്ന എല്ല് കടിച്ചുപിടിച്ചിരിക്കുന്നവര്‍ക്ക് മൗനം ഭജിക്കാനും സംരക്ഷണപ്രവര്‍ത്തനം നടത്താനും ബാധ്യതയുണ്ട്. രാഷ്ട്രീയനേട്ടം മുതല്‍ കച്ചവടതാല്‍പര്യങ്ങള്‍ വരെ ഇവര്‍ക്ക് പരിചയായി തീരും. ഒറ്റയടിക്ക്, ഒന്നൊന്നായി ആള്‍ദൈവങ്ങളെ നീക്കം ചെയ്യാനാവില്ല. ആള്‍ദൈവങ്ങള്‍ അതിരില്ലാത്ത ആഭാസമാണെന്ന വസ്തുത പടര്‍ത്തണം;ഒപ്പം കിട്ടുന്ന ഓരോ അവസരവും കൃത്യമായി ഉപയോഗപ്പെടുത്തുകയും. ഇടയ്ക്കുള്ള ഒച്ചവെക്കലുകള്‍ മാത്രമായാല്‍ അത് കുടുംബകലഹത്തിന്റെ ഭാഗമായുള്ളതാണെന്ന് കള്ളന് പെട്ടെന്ന് മനസ്സിലാകും. നിലയ്ക്കാത്ത പ്രതിരോധം മാത്രമാണ് ഏക പോംവഴി.
(For Comments-https://www.facebook.com/photo.php?fbid=636728553030536&set=a.337796342923760.70291.100000801901801&type=1&theater)