ശാസ്ത്രം വെളിച്ചമാകുന്നു

Friday 24 May 2013

66. ജ്യോതിഷം പരിഷ്‌ക്കരിക്കാനാവുമോ?

മതപരിഷ്‌കര്‍ത്താക്കളെപ്പോലെ ജ്യോതിഷപരിഷ്‌ക്കര്‍ത്താക്കള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ? ജ്യോതിഷ പരിഷ്‌ക്കരണം സാധ്യമോ? ജ്യോതിഷം ഒരു ദൈവിക വിദ്യയാണെന്നും അതില്‍ ധാരാളം മാലിന്യങ്ങളും ചൂഷണങ്ങളും അടിഞ്ഞുകൂടിയിട്ടുണ്ടെന്നും തുറന്ന് സമ്മതിക്കുന്നവര്‍ നിരവധിയുണ്ട്. അവരെല്ലാം ജ്യോതിഷവിശ്വാസികളാണ്. തങ്ങളുടെ യുക്തിബോധവും ജ്ഞാനശേഖരവും മൂലം ജ്യോതിഷത്തിലെ അപഹാസ്യമായ ഘടകങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. ജ്യോതിഷിത്തിന്റെ പേരില്‍ ഇന്ന് നടമാടുന്ന മിക്ക ദുരാചാരങ്ങളും വിധിപ്രകാരം സാധുവല്ലെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. തിരുവനന്തപുരത്ത് ശ്രീകണ്‌ഠേശ്വരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുന്നൂറിലധികം അംഗങ്ങളുള്ള വേദവേദാംഗ ഗവേഷണപരിഷത്ത് അത്തരത്തില്‍പ്പെട്ട ഒരു ജ്യോതിഷ സംഘടനയാണ്.

 ദ്വിവല്‍സര ജ്യോതിഷ കോഴ്‌സുകള്‍, സ്റ്റഡി ക്‌ളാസ്സുകള്‍, വേദഗവേഷണം, സെമിനാറുകള്‍ എന്നിവ ഇവര്‍ സംഘടിപ്പിക്കുന്നു. പ്രശ്‌നംവെപ്പ്, കൈനോട്ടം, വാസ്തു എന്നിവയിലും ഈ സ്ഥാപനം കോഴ്‌സുകള്‍ നടത്തുന്നുണ്ട്. പരിഷത്ത് സംഘടിപ്പിച്ച ചില ജ്യോതിഷ ക്‌ളാസ്സുകളുടെ വീഡിയോ യു.ട്യൂബിലുണ്ട്. ''അന്ധവിശ്വാസമില്ലാത്ത ശാസ്ത്രീയ ജ്യോതിഷമാണ്'' തങ്ങള്‍ പഠിപ്പിക്കുന്നതെന്ന് ഇവര്‍ തങ്ങളുടെ നോട്ടീസില്‍ പറഞ്ഞിരിക്കുന്നു. പരിഷത്തിന്റെ മുഖ്യ ആചാര്യനും അമരക്കാരനുമായ ഡോ. കെ.പി. ധര്‍മ്മരാജ അയ്യരുമായി ഞാന്‍ 17.5.13 ന് കൈരളി-പീപ്പിള്‍ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടിയിലേക്കായി ഒരഭിമുഖം നടത്തുകയുണ്ടായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കേളേജിലെ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് വകുപ്പ് തലവനായി വിരമിച്ച വ്യക്തിയാണ് ഇദ്ദേഹം. ഒരു മണിക്കൂര്‍ നീണ്ട ഈ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ വായനക്കാരുമായി പങ്കുവെക്കട്ടെ. ചോദ്യോത്തരപരിപാടി എന്നതിനെക്കാള്‍ വളരെ തുറന്ന ഒരു ചര്‍ച്ചയായിരുന്നുവത്. തികച്ചും ആസ്വാദ്യകരമായിരുന്ന അഭിമുഖത്തിന്റെ അവസാനഘട്ടത്തില്‍ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ കൗതുകം ഉളവാക്കുന്നതായിരുന്നു. സ്ഥലപരിമിതി മൂലം പല ചോദ്യങ്ങളും ഉത്തരങ്ങളും സംഗ്രഹരൂപത്തിലാക്കിയിട്ടുണ്ട്.

ചോദ്യകര്‍ത്താവ്- സര്‍, നമസ്‌ക്കാരം. ഈ വേദവേദാംഗ ഗവേഷണ പരിഷത്തിന്റെ പ്രവര്‍ത്തനലക്ഷ്യം എന്താണ്?
ഡോ.അയ്യര്‍- സത്യം കണ്ടെത്തുക.....എന്ന ലക്ഷ്യമാണ്.....അതിന്റെ മോട്ടോ അതാണ്... തത് സത്
ചോദ്യകര്‍ത്താവ്- ജ്യോതിഷവുമായി ബന്ധപ്പെട്ടാണല്ലോ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ജ്യോതിഷം ഒരു ശാസ്ത്രമാണെന്ന നിലപാടാണോ വേദ വേദാംഗപരിഷത്തിനുള്ളത്?
ഡോ.അയ്യര്‍-അങ്ങനെ കാണാനാണ് പരിഷത്ത് ആഗ്രഹിക്കുന്നത്. പൂര്‍ണ്ണമായൊരു ശാസ്ത്രമല്ല. പക്ഷെ അതിനകത്ത് ശാസ്ത്രീയത ധാരാളമുണ്ട്. പില്‍ക്കാലത്ത് അത്...മറ്റു പലതും അതിനകത്ത് കടന്നുവന്നു.
ചോദ്യകര്‍ത്താവ്- ജ്യോതിഷത്തില്‍ കുറെ മാലിന്യങ്ങള്‍ കടന്നുവന്നുവെന്നും അതിനെ ശുദ്ധീകരിക്കുകയാണ് ഉദ്ദേശമെന്നും...
ഡോ.അയ്യര്‍-തീര്‍ച്ചയായും
ചോദ്യകര്‍ത്താവ്-ജ്യോതിഷം താരതമ്യേന പോപ്പുലറായ ഒരു പ്രവചനവിദ്യയാണ്....
ഡോ.അയ്യര്‍-പോപ്പുലറാണ്.....
ചോദ്യകര്‍ത്താവ്-പക്ഷെ അതില്‍ അങ്ങ് പറയുന്നതുപോലെ ഒരുപാട് മാലിന്യങ്ങളുണ്ട്.....
ഡോ.അയ്യര്‍-അതെ

ചോദ്യകര്‍ത്താവ്-ശരി, ജ്യോതിഷത്തിന്റെ ശാസ്ത്രീയതയേയും സ്വാധീനത്തേയും കുറിച്ച് രണ്ടഭിപ്രായങ്ങളാണ് പൊതുവെ കാണാനാവുക. ഒന്ന് ആകാശഗോളങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുന്നുവെന്നും. രണ്ട് അവ സ്വാധീനിക്കുന്നില്ലെന്നും വിധി സൂചകമായി ആകാശത്ത് വന്നു നില്‍ക്കുന്നു എന്നേ ഉള്ളുവെന്നും. അങ്ങ് ഏത് അഭിപ്രായത്തെയാണ് പിന്തുണയ്ക്കുന്നത്?
ഡോ.അയ്യര്‍-തീര്‍ച്ചയായും അവര്‍ ഇന്‍ഫ്‌ളൂവന്‍സ് ചെയ്യുന്നില്ല.
ചോദ്യകര്‍ത്താവ്-ഗ്രഹങ്ങള്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നില്ല!
ഡോ.അയ്യര്‍- ഇല്ല, അത് ..തെറ്റായ ഒരു..ഇതാണ്. ഗ്രഹങ്ങള്‍ വന്നത് തന്നെ.... സമയത്തിന്റെ ഒരു ഫംങ്ക്ഷനാണ് ഗ്രഹങ്ങള്‍ എന്നു പറയുന്നത് തന്നെ. നമ്മുടെ ഏക്‌സ്പീരിയന്‍സും അങ്ങനെ തന്നെ. അങ്ങനെയെങ്കില്‍ ഗണിതപരമായും നിയമമുണ്ട്. നമുക്കുണ്ടാകുന്ന ചില അനുഭവങ്ങളും ഗ്രഹനിലയുമായി ബന്ധമുണ്ട്....ഒന്നറിഞ്ഞാല്‍ മറ്റേത് അറിയാം..എന്ന നില
ചോദ്യകര്‍ത്താവ്-ഗ്രഹങ്ങള്‍ സ്വന്തംനിലയില്‍ യാതൊന്നും ചെയ്യുന്നില്ല. സമയസൂചകമായി നിലകൊള്ളുന്നു. അപ്പോള്‍ അവിടെ സമയത്തിനാണ് പ്രാധാന്യം?
ഡോ.അയ്യര്‍-അതെ

ചോദ്യകര്‍ത്താവ്- സമയമെന്നത് ആപേക്ഷികമായ ഒന്നല്ലേ? പ്രപഞ്ചത്തില്‍ ഏതൊരു സംഭവവും രണ്ടു സ്ഥലങ്ങളില്‍ രണ്ടു സമയത്താവും നടക്കുക. അപ്പോള്‍ ആപേക്ഷികമായ ഒന്നിനെ വെച്ചുകൊണ്ട് നാമെങ്ങനെയാണ് സര്‍വാശ്‌ളേഷിയായ ഒരു സിദ്ധാന്തമുണ്ടാക്കുക?
ഡോ.അയ്യര്‍-അതെ, പക്ഷെ, ആപേക്ഷികമല്ലാതെ വല്ലതുമുണ്ടോ ഈ പ്രപഞ്ചത്തില്‍...എന്നൊരു സംശയമുണ്ട്.
ചോദ്യകര്‍ത്താവ്-അപ്പോള്‍ ആപേക്ഷികമായതുകൊണ്ട് കുഴപ്പമില്ല
ഡോ.അയ്യര്‍-ഇല്ല
ചോദ്യകര്‍ത്താവ്-ഉദാഹരണം പറഞ്ഞാല്‍ ഇന്ത്യയില്‍ പകല്‍ പന്ത്രണ്ട് മണിയാകുമ്പോള്‍ അമേരിക്കയില്‍ രാത്രി പന്ത്രണ്ട് മണി. രണ്ടും ഒരൊറ്റ പ്രാപഞ്ചികസമയം. പക്ഷെ ലഗ്നരാശിയും ഉദയരാശിയുമൊക്കെ മാറിവരും. ഇവിടെ ഗ്രഹനില പ്രാദേശികമായിട്ടാണോ നാം എടുക്കേണ്ടത്..അതോ?
ഡോ.അയ്യര്‍-പ്രാദേശികമായാണ്. പ്രാദേശികമായി മാത്രമല്ല..ഭൂമിയില്‍ നിന്ന് ഓരോരോ ഗ്രഹങ്ങളും ഏതേത് ദിശയില്‍ നില്‍ക്കുന്നു എന്നതാണ് നോക്കേണ്ടത്. അതിന്... നാം പന്ത്രണ്ട് രാശികളെന്നാണ്.... ഈ രാശികള്‍ പന്ത്രണ്ട് ദിശകളെ സൂചിപ്പിക്കുന്നവയാണ്. ആ ദിശയില്‍ കാണുന്ന ഒരു നക്ഷത്രക്കൂട്ടത്തിന്റെ രൂപമാണതിന് കൊടുത്തിരിക്കുന്നത്. പക്ഷെ ഇന്ന് പ്രവചനത്തില്‍ അങ്ങനെയല്ലല്ലോ..!! സിംഹരാശി എന്നാല്‍ സിംഹമാണതിന്റെ രൂപം. ഇതിനെക്കാള്‍ വിഡ്ഢിത്തരം വേറെയില്ല... അങ്ങനെ ചില കുഴപ്പങ്ങള്‍....ഈ പ്രവചന സമ്പ്രദായത്തിലുണ്ട്. അത് വിവരമില്ലാത്തതുകൊണ്ടാണ്.

ചോദ്യകര്‍ത്താവ്-മറ്റൊരു വിഷയത്തിലേക്ക് പോയാല്‍, ഈ ചൊവ്വാദോഷം ഒരു ടെറര്‍ ആയി പലരും കാണുന്നു. ഏഴാം ഭാവത്തില്‍ ചൊവ്വ നില്‍ക്കുമ്പോഴാണ് ചൊവ്വാദോഷം. ഏഴാം ഭാവമെന്ന് പറയുമ്പോള്‍ ചക്രവാളത്തില്‍ ചൊവ്വ അസ്തമിക്കുകയോ കാണാതാവുകയോ ചെയ്യുന്ന ചൊവ്വയാണ്.....ജ്യോതിഷത്തിലെല്ലാം നമ്മുടെ ദൃശ്യകാഴ്ചകളെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്. ചക്രവാളത്തില്‍ ചൊവ്വ ഇല്ലാതിരിക്കുമ്പോഴാണ് വിവാഹത്തിന് ഇത്രയും വിഷയം വരുന്നതെന്നത് വിരോധാഭാസമല്ലേ?
ഡോ.അയ്യര്‍- പ്രവചനസമ്പ്രദായങ്ങളെ പറ്റിയുള്ള ഒരുപാട് അബദ്ധങ്ങളാണ് ഇപ്പോള്‍ കേട്ടത്. അങ്ങനെയൊന്നുമല്ല. ഗ്രഹനില എന്നു പറയുമ്പോള്‍ എല്ലാ ഗ്രഹങ്ങളുടേയും സ്ഥാനങ്ങളാണ്. അതനുസരിച്ച് ചില ഫലങ്ങളെ സൂചിപ്പിക്കുന്നു. ചൊവ്വാദോഷമെന്ന് പറഞ്ഞ് വെറുതെ ആവശ്യമില്ലാത്ത കോലാഹലമുണ്ടാക്കുന്നുണ്ട്. പക്ഷെ അതങ്ങനെ അനുഭവത്തില്‍ കാണുന്നില്ല എന്നൊരു വാസ്തവമുണ്ട്.
ചോദ്യകര്‍ത്താവ്- ചൊവ്വാദോഷം ഒരബദ്ധമാണ് എന്നാണങ്ങ് പറയുന്നത്?
ഡോ.അയ്യര്‍- അല്ല അങ്ങനെയല്ല...ചൊവ്വയ്ക്ക് ദോഷമുണ്ട്. ദോഷം സൂചിപ്പിക്കുന്നതാണ്. ഇപ്പോള്‍, ചൊവ്വാദോഷം മാത്രമല്ല...എല്ലാ ഗ്രഹങ്ങള്‍ക്കുമുണ്ട്....ഗുണവും ദോഷവും
ചോദ്യകര്‍ത്താവ്-അല്ല വൈധവ്യം സംബന്ധിച്ച്...
ഡോ.അയ്യര്‍- അതെ...അതാണ് ...ഇപ്പം പറയാം..വൈധവ്യം.....അതാണ്! ഒരു ജാതകം കാണുമ്പോള്‍ ഒരു ജ്യോതിഷി പറയുന്നു-ഇതില്‍ വൈധവ്യയോഗമുണ്ട്! ഉണ്ട് സമ്മതിച്ചു. പക്ഷെ എന്നാണെന്ന് അത് പറയുന്നില്ല....
ചോദ്യകര്‍ത്താവ്-തൊണ്ണൂറ് വയസ്സ് കഴിഞ്ഞായാലും ആവാം അല്ലേ...?
ഡോ.അയ്യര്‍- ജനിച്ച കുട്ടി വിധവയായിട്ടാണോ ജനിക്കുന്നത്? അല്ലല്ലോ? അപ്പോഴും ഉണ്ടായിരുന്നു ഈ ചൊവ്വ! അപ്പോ ഇത്തരം അബദ്ധങ്ങളൊക്കെ...അല്‍പ്പം കൂടി ചിന്തിച്ച്......അല്‍പ്പം വിവരമുള്ളവരുടെ കയ്യിലേക്ക് കൊടുത്താല്‍ നന്നായിരുന്നു....നമുക്ക് പറ്റിയ അബദ്ധമെന്തെന്നുവെച്ചാല്‍... ഭാഷാ പണ്ഡിതന്‍മാരുടെ കയ്യിലേക്ക് ശാസ്ത്രം കൊടുത്തു എന്നുള്ളതാണ്.

ചോദ്യകര്‍ത്താവ്-ഒ.കെ, ഈയ്യിടെ രണ്ടു മൂന്ന് പത്രവാര്‍ത്തകള്‍... അമ്പലപ്പുഴയില്‍ ഒരു പിതാവ് കുഞ്ഞിനെ തറയില്‍ അടിച്ചുകൊന്നു, തൊടുപുഴയില്‍ അങ്ങനെ ശ്രമം നടത്തി...കൊല്ലത്ത് വൃദ്ധമാതാവിന്റെ ജഡം വര്‍ഷങ്ങള്‍ക്ക് ശേഷം കുത്തിയിളക്കി കായലില്‍ ഒഴുക്കി. ഇതെല്ലാം പ്രാദേശിക ജ്യോതിഷികളുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് സമ്മതിക്കുന്നുണ്ട്. പക്ഷെ പൊതുവില്‍ നാം പറയുക ഇത്തരം കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നവര്‍ വ്യാജന്‍മാരാണ്...പഠിപ്പില്ലാത്തവരാണ്... എന്നൊക്കെയാണ്. പക്ഷെ ഇതേ ജ്യോതിഷികള്‍ പ്രാദേശികമായി വളരെ വിജയകരമായ,പോപ്പുലറായ പല പ്രവചനങ്ങളും നടത്തിയ ചരിത്രമുള്ളവരുമായിരിക്കും....ഈ ഇരട്ടത്താപ്പ് നമുക്ക് എങ്ങനെ ന്യായീകരിക്കാനാവും?

ഡോ.അയ്യര്‍-ഇത് ന്യായീകരിക്കേണ്ട കാര്യമൊന്നുമില്ല...ഇത് അഡ്വര്‍ടൈ്വസ്‌മെന്റാണ്. പത്രം നോക്കിക്കഴിഞ്ഞാല്‍ പ്രസിദ്ധ പത്രങ്ങളില്‍ തന്നെ കാണാവുന്ന അഡ്വര്‍ടൈ്വസ്‌മെന്റാണ്...എന്നും ഞാന്‍ കാണുന്നതാണ്...എതിര്‍ലിംഗത്തില്‍ പെട്ടവരെ വശീകരിക്കാന്‍...എന്തോന്നാ അത്...മദനകാമ....എന്നോ മറ്റോ....ഒരു യന്ത്രമാണ്. ..ഇത് ഭാര്യയും മക്കളുമുള്ള ഒരു മഠത്തില്‍ നിന്നാണ് വരുന്നത്...എന്തോ ഒരു പേര്...പാലക്കാടാണ്... ഇത്... നമ്മുടെ ഗവണ്‍മെന്റെ എങ്ങനെയാണിത് സമ്മതിക്കുക? ഇത് നടക്കുവോ?...അങ്ങനെയാണെങ്കില്‍ ഇത് മതിയല്ലോ...!ഈ മഷിനോട്ടം മതിയല്ലോ...ഇവിടെ പോലീസ് സ്റ്റേഷനൊക്കെ അടച്ച് പൂട്ടാമല്ലോ...അപ്പോ....ജ്യോതിഷപ്രവചനത്തിന് അതിന്റേതായ പരിമിതിയുണ്ട്....അതാദ്യം മനസ്സിലാക്കണം. അതിവര്‍ക്കറിയില്ല..ഇവര് കുറെ കാണാതെ പഠിച്ചിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കുഴപ്പമാണ്..അനുഭവത്തില്‍ കൂടി വേണം അതില്ലാതെ...ഒരുത്തന്‍ പറഞ്ഞു...നമ്മളത് ഏറ്റു പറഞ്ഞു..

ചോദ്യകര്‍ത്താവ്- ഇപ്പോള്‍, ഈ ബൃഹത് സംഹിതയിലൊക്കെ പറയുന്ന കാര്യം തന്നെയല്ലേ ഇവര്‍ ശരിക്കും പ്രവചിക്കുന്നത്? ഉദാഹരണമായി ഈ പൂയ്യത്തിന്റെ കാലുകളെ കുറിച്ചൊക്കെ ബൃഹത്സംഹിതയില്‍ പരാമര്‍ശമുള്ളതല്ലേ?
ഡോ.അയ്യര്‍- ഈ കാലൊന്നൊക്കെ പറഞ്ഞാല്‍ സാധാരണ കാലല്ല...വണ്‍ ഫോര്‍ത്ത്...അതിന്റെ ആദ്യത്തെ പാദമാണ് രണ്ടാമത്തെ പാദമാണ്..അത്രയേ ഉള്ളൂ. അത് പറഞ്ഞ് പറഞ്ഞ് കാലുള്ള നക്ഷത്രം...അയ്യോ! അച്ഛന് കുഴപ്പമാണ്...
ചോദ്യകര്‍ത്താവ്- അല്ല നമ്മളങ്ങനെയല്ല ഉദ്ദേശിച്ചത്... അതിന്റെ നാലിലൊന്ന് ഭാഗം എന്നു തന്നെയാണ് ഉദ്ദേശിച്ചത്.
ഡോ.അയ്യര്‍-അത്രയേ ഉള്ളൂ....അതങ്ങനെ കണ്ടിന്യൂസായിട്ട് കിടക്കുകയാണ്...അതിപ്പോള്‍ എക്‌സാക്റ്റ് പാര്‍ട്ടായിട്ട കിട്ടുമല്ലോ നമുക്കിപ്പോള്‍...
ചോദ്യകര്‍ത്താവ്-പക്ഷെ ഫലഭാഗത്തില്‍ ആ ശാസനം ഉണ്ട്....പ്രാമാണികഗ്രന്ഥങ്ങളില്‍ അതുണ്ട്....?
ഡോ.അയ്യര്‍-ഉണ്ട്....ഉണ്ടുണ്ട്
ചോദ്യകര്‍ത്താവ്- (എന്നാല്‍)അതു പറയുന്ന ഒരാളെ പബ്‌ളിക്കായി പരിഹസിക്കുകയും ചെയ്യുന്നു...?!
ഡോ.അയ്യര്‍- ആഹ്.... അവിടെയാണ് കുഴപ്പം. ഇത്...പൊതുജനങ്ങള്‍ക്ക് വേണ്ടത് അന്ധവിശ്വാസമാണ്. അതാണ്...പലര്‍ക്കുമതാണ് വേണ്ടത്. നമ്മളെന്തു ചെയ്യും? പതുക്കയെ മാറുകയുള്ളു.
ചോദ്യകര്‍ത്താവ്-(അപ്പോള്‍)അത് ശരിയല്ലെന്നാണോ അങ്ങ് പറയുന്നത്? യു സേ വരാഹമിഹിരന്‍ ഈസ് റോങ്
ഡോ.അയ്യര്‍- നോ നോട്ട് റോങ്....നോട്ട് റോംങ് കംപ്‌ളീറ്റ്‌ലി.
ചോദ്യകര്‍ത്താവ്-നോബഡി ഈസ്...നോബഡി ഈസ് കംപ്‌ളീറ്റ്‌ലി റോങ്!
ഡോ.അയ്യര്‍-അതെ....അതാണ്....പണ്ടൊരു തെറ്റു പറഞ്ഞു...നമ്മളിപ്പോള്‍ തിരുത്തണം. തിരുത്തിയിട്ട് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കണം.

ചോദ്യകര്‍ത്താവ്- ങും....ഫലഭാഗജ്യോതിഷം ആദ്യം വരുമ്പോള്‍ നമുക്ക്...ഉദാഹരണമായി ജന്മനക്ഷത്രങ്ങള്‍ അഥര്‍വവേദത്തില്‍ തുടങ്ങുന്നത് കാര്‍ത്തികയിലാണ്, വേദാംഗജ്യോതിഷത്തില്‍ വരുമ്പോള്‍ ഭരണി...ഇപ്പോള്‍ അശ്വതിയില്‍ തുടങ്ങുന്നു....ഒരു കാലത്ത് കൃത്യമായി ആകാശനിരീക്ഷണം നടത്തി പുരസ്സരണത്തിന് അനുസരിച്ച് ജന്മനക്ഷത്രങ്ങള്‍ ക്രമീകരിച്ചിരുന്ന ഒരു സംസ്‌ക്കാരവും ക്രിയാവിശേഷവും നമുക്കുണ്ടായിരുന്നു. പക്ഷെ നമ്മള്‍ ഇപ്പോള്‍ വിഷുഒക്കെ വരുമ്പോള്‍ വല്ലാതെ ബുദ്ധിമുട്ടുകയാണ്....വിഷുവൊക്കെ ഒരു പ്രഹസനമായി മാറുകയാണ്......സമരാത്രദിനമൊക്കെ മാറിയിരിക്കുന്നു. വൈ ഡോണ്ട് യു ലുക്ക് അറ്റ് ദ സ്‌കൈ?
ഡോ.അയ്യര്‍- തീര്‍ച്ചയായും അതാണാവശ്യം. അതിന്റെ ഒരു സത്യാവസ്ഥയെക്കാള്‍ കൂടുതല്‍ നമ്മള്‍ ഈ ആചാരങ്ങളില്‍ കൂടുതല്‍ വിശ്വസിച്ച് തുടങ്ങുന്നു-ഒന്ന്. രണ്ട്, ജ്യോതിഷത്തെ, ഇത് എല്ലാ കാലത്തും ഉണ്ടായിട്ടുള്ളതാണ്..അതാത് കാലത്തെ പുരോഹിതന്‍മാര്‍...കയ്യടക്കി.എന്നിട്ട് അവരുടെ ആധിപത്യം സ്ഥാപിക്കാനായി ഇതിനെ ഉപയോഗിച്ചു...അതാണവസ്ഥ
ചോദ്യകര്‍ത്താവ്-പുരോഹിതരുടെ കാര്യം പറയുമ്പോള്‍... വരാഹമിഹിരനും ബ്രഹ്മഗുപ്തനുമൊക്കെ....അവര്‍ പുരേഹിതരുടെ വാഴ്ചയ്ക്ക് വശംവദരായി തെറ്റിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ലേ? ആര്യഭടനെയൊക്കെ വളരെ മോശമായി ചിത്രീകരിക്കുന്നുണ്ട് ബ്രഹ്മഗുപ്തന്‍...
ഡോ.അയ്യര്‍-അതെ ഉണ്ട്...അതുപോലെ കോണ്ട്രവേഴ്‌സിയലായിട്ടുള്ള..ഒരുപാട്...ഇത്...വന്നിട്ടുണ്ട്. അതില്‍ വരാഹമിഹിരന്‍ ഒരല്‍പ്പം വ്യത്യസ്തനാണെന്ന് തോന്നുന്നു. അദ്ദേഹം ഇത്തരം കാര്യങ്ങള്‍ യാതൊന്നും അതിനകത്ത് പറഞ്ഞിട്ടില്ല..ഹോര!... അതിനാണ്... അങ്ങേരെ അപ്രീഷിയേറ്റ് ചെയ്യണ്ടത്....സയന്റിഫിക്കായിട്ടാണ് അത് പോയിട്ടുള്ളത്.

ചോദ്യകര്‍ത്താവ്-പക്ഷെ... ഉദാഹരണമായി.. ഹോരയില്‍ ഒരുപാട് തെറ്റുകള്‍ കടന്നുകൂടിയിട്ടില്ലേ? സൂര്യനില്‍ നിന്നും മൂന്ന് രാശി വരെ ബുധന്‍ അകലെയാവുന്ന ഒരു ഗ്രഹനില അദ്ദേഹം കൊടുത്തിട്ടില്ലേ?...അത് തെറ്റല്ലേ? ഇറ്റ് ഈസ് അണ്‍ സയന്റിഫിക്ക്!
ഡോ.അയ്യര്‍-തെറ്റാണ്...അങ്ങേര്‍ തന്നെ പറഞ്ഞിട്ടുണ്ട്...ഇത് തെറ്റല്ലേ? ഇതെങ്ങനെ വരും? എന്നു തന്നെ അങ്ങേര്‍ ചോദിച്ചിട്ടുണ്ട്
ചോദ്യകര്‍ത്താവ്-പക്ഷെ ആ ഗ്രഹനിലയ്ക്ക് അദ്ദേഹം ഫലഭാഗം എഴുതുന്നുണ്ടല്ലോ?!!
ഡോ.അയ്യര്‍-അതെ ...എഴുതുന്നുണ്ട്....അതിന്റെ കാര്യവും അങ്ങേര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ മുന്‍ഹോരകളില്‍ പറയുന്നതുകൊണ്ട് ഞാന്‍ പറയുന്നുവെന്നെയുള്ളൂ....എന്നും. ഞാന്‍ വജ്രാദി യോഗങ്ങള്‍ ക്രിയേറ്റ് ചെയ്തത് ഇതുകൊണ്ടാണ്. പക്ഷെ ഇങ്ങനെ വരാന്‍ ഒക്കുകില്ല....എന്നുവെച്ചാല്‍ അബദ്ധമാണെന്നല്ലേ...?
ചോദ്യകര്‍ത്താവ്-അപ്പോള്‍ ശരി...സാധാരണ അന്ധവിശ്വാസങ്ങളുടെ പ്രചരണാര്‍ത്ഥം ആളുകള്‍ പറയുന്നത്....ഇത് ഞാന്‍ പറഞ്ഞതല്ല. പൂര്‍വ സൂരികള്‍ പറഞ്ഞതാണ്....എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ഞാനല്ല...അവര്‍ക്കാണ് ഉത്തരവാദം...അപ്പോള്‍...അങ്ങനെ ഒരു അടവ് വരാഹമിഹിരനും പുലര്‍ത്തിയതായാണ് എനിക്ക് മനസ്സിലാകുന്നത്.
ഡോ.അയ്യര്‍-കുറച്ചൊക്കെയുണ്ട്....പിന്നെ അതില്‍ നിന്നൊക്കെ ഒരുപാട് മാറ്റി....അതു പറയുമ്പോള്‍ കുറെക്കൂടി പറയണം. അതിന്റെ തുടക്കത്തില്‍ അദ്ദേഹം പറയുന്നുണ്ട്...ഗ്രന്ഥം രചിക്കാനുള്ള കാരണം....ശബ്ദന്യായസമന്വയങ്ങളായ അനവധി ഗ്രന്ഥങ്ങള്‍ വായിച്ചിട്ടും...പാരാതന്ത്രത്തില്‍ കൂടി മുമ്പോട്ടുപോകാന്‍ പറ്റാതെ...ഭഗ്നോഗ്നതന്‍മാര്‍ക്കായി ഒരു ചെറിയഗ്രന്ഥം തരാം...അതിലങ്ങേര്‍ പറഞ്ഞിരിക്കുന്നത്.....മണ്ടന്‍ ന്യായങ്ങളൊന്നുമല്ല.... സ്വല്‍പ്പം വൃത്തവിചിത്രം...അര്‍ത്ഥബഹുലം...ഇതിനെക്കാള്‍ കൂടുതലിനി പറയണോ? അപ്പോ ഇതിനകത്തൊന്നും അര്‍ത്ഥമില്ല...ദാ..ഞാന്‍ തരുന്ന ഈ കൊച്ചുപുസ്തകത്തിനകത്താണ് അര്‍ത്ഥമുള്ളത്...

ചോദ്യകര്‍ത്താവ്-വരാഹമിഹിരന്റെ കാര്യം പറയുമ്പോള്‍....അദ്ദേഹം കുറെക്കൂടി ലളിതമായ മറ്റൊരു ഗ്രന്ഥം രചിച്ചെന്നു പറയുമ്പോള്‍ തന്നെ,....അദ്ദേഹം ഗ്രഹണത്തിന് കാരണം രാഹുവും കേതുവുമാണെന്ന പുരോഹിതരുടെ അഭിപ്രായത്തെ പിന്തുണയ്ക്കുകയും...പക്ഷെ അതേസമയം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ ഗ്രഹണം വിശദീകരിക്കാനായി...ചന്ദ്രന്റെ നിഴലും ചന്ദ്രന്റെ വ്യാസവുമൊക്കെ പരിഗണിക്കുകയും ചെയ്യുന്നു. ഇത് ബ്രഹ്മഗുപ്തനും വരാഹമിഹിരനും ചെയ്തിട്ടുണ്ട്....ഇത് വലിയ ഇരട്ടത്താപ്പല്ലേ? അല്‍ ബിറൂണിയൊക്കെ അതിനെക്കുറിച്ച് വളരെ....!
ഡോ.അയ്യര്‍-അത് ശരിയാണ്....അതെ..അതേസമയം ഈ രാഹുവും കേതുവുമൊക്കെ രണ്ട് മാത്തമാറ്റിക്കല്‍ പോയിന്റുകളാണ്...ഗ്രഹണം കണക്കാക്കാന്‍....എന്നും പറഞ്ഞിട്ടുണ്ട്.....അതല്ലേ വാസ്തവം?
ചോദ്യകര്‍ത്താവ്-ഗ്രഹണം കണക്കാക്കുമ്പോള്‍ സൗരയൂഥത്തില്‍ തന്നെ നൂറ് കണക്കിന് ഗ്രഹണങ്ങളുണ്ട്. ഇപ്പോള്‍... ഉദാഹരണത്തിന് 67 ഉപഗ്രഹങ്ങളുള്ള വ്യാഴത്തില്‍....ദിവസം എത്ര ഗ്രഹണം നടക്കുമെന്ന് നമുക്കറിയില്ല. അപ്പോള്‍ ഈ.. ഭൂമി..സൂര്യന്റെയു ചന്ദ്രന്റെയും മാത്രം ഗ്രഹണമേ ജ്യോതിഷത്തിലെടുക്കുന്നുള്ളു
ഡോ.അയ്യര്‍-അതെ..സൂര്യചന്ദ്രന്‍മാര്‍ക്കുണ്ടാകുന്ന ഒരവസ്ഥയെപ്പറ്റി മാത്രമേ ജ്യോതിഷത്തിലുള്ളു...
ചോദ്യകര്‍ത്താവ്-ശരി...ഒരു വാദമുള്ളത് ഒരോ അണുവും മറ്റൊരണുവിനെ സ്വാധീനിക്കുന്നു...പ്രപഞ്ചം മൊത്തം പരസ്പരം ബന്ധിതമായിട്ടുള്ള ഒരു ജാലികയാണെന്ന അഭിപ്രായം ഉണ്ട്... അപ്പോള്‍ സൂര്യനിലും ചന്ദ്രനിലും മാത്രം ഒതുക്കിയാല്‍ അത് ശരിയാവുമോ...നാം ചൊവ്വയെ പരിഗണിക്കുന്നു...അവിടെയും ഗ്രഹണമുണ്ട്.....
ഡോ.അയ്യര്‍-അല്ല...അങ്ങനെയല്ല ഭൂമിയെ സംബന്ധിച്ചിടത്തോളം സൂര്യനും ചന്ദ്രനുമാണ് ഏറ്റവും പ്രധാനം. അങ്ങനെയൊരു പ്രത്യേകത വെച്ചിട്ടുണ്ടതിന്....

ചോദ്യകര്‍ത്താവ്- ശരി, ആണ്...അങ്ങനെയെങ്കില്‍....ബുധന്‍ നില്‍ക്കുന്നതിനേക്കാള്‍ അടുത്താണ് ചൊവ്വ നില്‍ക്കുന്നത്.....
ഡോ.അയ്യര്‍-(ഇടപെടുന്നു)...ഏയ് അടുത്ത് നില്‍ക്കുന്നതുകൊണ്ട് മാത്രം അതിന്റെ ഇന്‍ഫ്‌ളുന്‍സ് ഉണ്ടെന്ന് പറയാനാവില്ല....
ചോദ്യകര്‍ത്താവ്-അപ്പോള്‍ അടുപ്പം പ്രശ്‌നമല്ല..വലുപ്പവും ഒരു പ്രശ്‌നമല്ല...അടുപ്പം പ്രശ്‌നമല്ല..വലുപ്പം പ്രശ്‌നമല്ല
ഡോ.അയ്യര്‍-ദിശയാണ് പ്രശ്‌നം
ചോദ്യകര്‍ത്താവ്-ദിശയാണ് പ്രശ്‌നം! ദിശയെന്ന് പറയുന്നത് ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ നമ്മുടെ കാഴ്ചയാണ്...അതായത് കാഴ്ചയുടെ കോണ്‍....! കാഴ്ചയുടെ കോണ്‍ താങ്കളുടെ അഭിപ്രായത്തില്‍ എങ്ങനെയാണ് മനുഷ്യന്റെ ജീവിതഗതികളെ നിശ്ചയിക്കുക?
ഡോ.അയ്യര്‍- ഏയ് മനുഷ്യന്റെ ജീവിതഗതികളെ നിയന്ത്രിക്കുന്നത് ഈ ഗ്രഹങ്ങളാണെന്ന് ആരും പറഞ്ഞിട്ടില്ല
ചോദ്യകര്‍ത്താവ്-അല്ല...അങ്ങനൊരു വാദമുണ്ട്...ശക്തമായൊരു വാദം....ഈ രശ്മികളക്കുറിച്ചും വൈബ്രേഷന്‍സിനെക്കുറിച്ചുമൊക്കെ ആളുകള്‍ സംസാരിക്കുന്നു.....താങ്കളുടെ അഭിപ്രായം വ്യത്യസ്തമാണെന്നേയുള്ളു.
ഡോ.അയ്യര്‍-അതെ, അത് സമയത്തിന്റെ ട്രാന്‍സ്ഫര്‍മേഷന്‍ സൂചിപ്പിക്കുന്നുവെന്നാണ്....

ചോദ്യകര്‍ത്താവ്- അത് താങ്കളുടെ അഭിപ്രായം. പക്ഷെ പൊതുവില്‍ ഞാന്‍ കണ്ടിട്ടുള്ളത്...അവര്‍ പറയുന്നു... പ്‌ളാനറ്റ്‌സ് ഹാവ് നോട്ട് ഒണ്‍ലി മോഷന്‍ ബട്ട് ഓള്‍സോ ഇമോഷന്‍....വരാഹമിഹിരന്‍ തന്നെ സൂര്യന്റെ ആകൃതിയും ജന്മസ്ഥലവും പറയുന്നു..... തീഷ്ണത, സ്വഭാവം..അങ്ങനെ ഒരുപാട് ഗുണങ്ങള്‍ ആരോപിക്കുന്നു... യു സെഡ് ദാറ്റ് വരാഹമിഹിരന്‍ ഈസ് നോട്ട് ഓള്‍ ദാറ്റ് റോംങ്..?
ഡോ.അയ്യര്‍-അതെ, വരാഹമിഹിരന്‍ പറയുന്നത് ഹോരാശാസ്ത്രമാണ്. അതിനെ സംബന്ധിച്ചാണ് പറയുന്നത്... ഇപ്പോള്‍ ബൃഹത് സംഹിതയിലൊക്കെ അബദ്ധങ്ങള്‍ ധാരാളം കാണാം.....ഇല്ലെന്ന് പറയുന്നില്ല...അതല്ല ഏറ്റവും പ്രചാരത്തില്‍ വന്നിട്ടുള്ളത്...ഈ ബൃഹത് ജാതകമാണ്. അതാണ് ഏറ്റവും യുക്തിസഹമായിട്ട് തോന്നുന്നത്.
ചോദ്യകര്‍ത്താവ്-യുക്തിസഹമാണെന്ന് പറയുന്നു...അപ്പോ യുക്തിസഹമായ (സംസാരിക്കുന്ന) വരാഹമിഹിരന്‍ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഗര്‍ഭത്തെക്കുറിച്ചും പന്ത്രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗര്‍ഭത്തെക്കുറിച്ചും പാമ്പിനെ പ്രസവിക്കുന്നതിനെക്കുറിച്ചുമൊക്കെ പറയുന്നു...സവിശേഷ ഗ്രഹനിലകള്‍ അവതരിപ്പിക്കുന്നു...!!
ഡോ.അയ്യര്‍-യുക്തിഹീനമായി പറയുന്നു...അതേ പറയുന്നു..
ചോദ്യകര്‍ത്താവ്-ഇത് അബദ്ധമല്ലേ സര്‍?
ഡോ.അയ്യര്‍-അതെ, അബദ്ധമാണ്....
ചോദ്യകര്‍ത്താവ്-അപ്പോള്‍ അദ്ദേഹം യുക്തിസഹമായി പറയുന്നുവെന്ന പറയുന്നത്...? റിലേറ്റീവ് ആയി..അല്ലേ?
ഡോ.അയ്യര്‍-അതെ....പക്ഷെ ഈയൊരു ശ്‌ളാകം മാത്രമെടുത്ത് വരാഹമിഹിരനെ ചെക്ക് ചെയ്യരുത്...മറ്റനേകം നൂറ് കണക്കിന് ശ്‌ളോകങ്ങള്‍ വേറെയുണ്ട്...അതിനകത്തൊക്കെ തത്ത്വങ്ങളുണ്ട്...

ചോദ്യകര്‍ത്താവ്-പക്ഷെ ഏറ്റവും പ്രധാനമായ ഗ്രഹണത്തിന്റെ കാര്യത്തില്‍ അദ്ദേഹം രാഹുവിനേം കേതുവിനേയും ന്യായീകരിക്കുന്നു..?
ഡോ.അയ്യര്‍- ഇല്ല അദ്ദേഹം രാഹുകേതുക്കളെ ഉപയോഗിച്ചിട്ടേയില്ല
ചോദ്യകര്‍ത്താവ്-ഇല്ല?! പക്ഷെ അദ്ദേഹം പറയുന്നുണ്ടല്ലോ. അങ്ങനെയാണെങ്കില്‍(രാഹുകേതിക്കളില്ലെങ്കില്‍) ബ്രാഹ്മണര്‍ ചെയ്യുന്ന കര്‍മ്മങ്ങളൊക്കെ വ്യര്‍ത്ഥമാകും..സ്‌നാനം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലാതാവും...അത് ആചാരവിരുദ്ധമാണ്....എന്നൊക്കെ...പറയുന്നല്ലോ..?

ഡോ.അയ്യര്‍-ഉം പറയുന്നു...അത് ബൃഹത്‌സംഹിത...അതികത്താണ് അതിനെപ്പറ്റിയൊക്കെ പറയുന്നത്....
ചോദ്യകര്‍ത്താവ്- അപ്പോ ഗ്രന്ഥങ്ങള്‍ മാറ്റിയും മറിച്ചും പറഞ്ഞ് നമുക്ക് ന്യായീകരിച്ചെടുക്കാം
ഡോ.അയ്യര്‍- അങ്ങനെയല്ല..ഈ വിഴുങ്ങുന്നു എന്നൊരു കണ്‍സെപ്റ്റ് അതിലില്ല...സത്യത്തില്‍ ഗ്രസിക്കുന്നു എന്നാണ്....അത് ഈ നിഴലിനെ പറ്റി തന്നെയാണ് സൂചിപ്പിക്കുന്നത്...അതിനകത്ത് പാമ്പ് എന്നൊരു സങ്കല്‍പ്പമില്ല..
ചോദ്യകര്‍ത്താവ്- അവിടെക്കാണുന്ന ഒരശാസ്ത്രീയത..സെമാന്റിക്കലായി ന്യായീകരിക്കാമെന്നാണ് അങ്ങ് പറയുന്നത്..?
ഡോ.അയ്യര്‍-ന്യായീകരിക്കുകയല്ല..തെറ്റിനെ തെറ്റായി തന്നെ പറയണം

ചോദ്യകര്‍ത്താവ്- വെരി ഗുഡ്. ഇനി, നമ്മുടെ ഇന്ത്യയില്‍ നിരയനവര്‍ഷമാണ് ഫോളോ ചെയ്യുന്നത്. അവിടെ പുരസ്സരണം മൂലമുള്ള വര്‍ഷത്തില്‍ 50 സെക്കന്‍ഡിന്റെ വ്യത്യാസം വരുന്നു. അത് ശാസ്ത്രീയമായി ശരിയാക്കാവുന്ന ഒരു കാര്യമാണ്....എന്നിട്ടും നാം തെറ്റായി നാം കണ്ടിന്യൂ ചെയ്യുകയല്ലേ...?
ഡോ.അയ്യര്‍- അല്ല അതും മാത്തമാറ്റീഷ്യന്‍സ് തന്നെ അംഗീകരിക്കുന്നുണ്ട്..
ചോദ്യകര്‍ത്താവ്-365.242 ആണ് വാര്‍ഷ ദൈര്‍ഘ്യമായി (അന്താരാഷ്ട്ര)അസ്‌ട്രോണമിക്കല്‍ യൂണിയന്‍ അംഗീകരിക്കുന്നത്... നമുക്കത് 365.259 ആണ്. ഇതൊരു നല്ല വ്യതായസമാണ്. വീ കാന്‍ കറക്ട് ഇറ്റ് ഈസിലി...ബട്ട് വീ ഡോണ്ട് ഡു ഇറ്റ്....
ഡോ.അയ്യര്‍-അതെ....ഇതിനകത്ത്...ഇതിലെ പല ശാസ്ത്രജ്ഞര്‍ തമ്മിലും വ്യത്യാസമുണ്ട്..അത് ഡിസൈഡ് ചെയ്തിട്ടില്ല. പ്രിസിഷണല്‍ മോഷന്‍....അയാനാംശം എന്നു പറയുന്നതിനകത്തും ഇതുമാതിരിയാണ്....അത് നമുക്ക് അങ്ങനെ തന്നെ വെച്ചേക്കുകയേ പറ്റുകയുള്ളു
ചോദ്യകര്‍ത്താവ്-മാത്രമല്ല അയനാംശത്തിന്റെ കാര്യം പറഞ്ഞാല്‍....നമ്മള്‍ എടുക്കുന്നത് 23.50 സെക്കന്‍ഡാണെന്ന് തോന്നുന്നു.. എ.ഡി. രണ്ടായിരത്തില്‍. പക്ഷെ അത് തന്നെ ബി.സി 238 വെച്ച് എടുക്കുന്നവരുണ്ട് ബി .സി 532 വെച്ചെടുക്കുന്നവരുണ്ട്...അങ്ങനെ ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളിലും ചെന്നു കഴിഞ്ഞാല്‍ കലണ്ടറില്‍ ഓരോ വിശേഷദിവസം മാറി വരുന്നു...?
ഡോ.അയ്യര്‍-ങാ..ചെറിയ വ്യത്യാസം വരുന്നുണ്ട്
ചോദ്യകര്‍ത്താവ്-എന്തുകൊണ്ട്?
ഡോ.അയ്യര്‍-ഏകീകരണം സംഭവിച്ചിട്ടില്ല..ഇതുവരെ വന്നിട്ടില്ല
ചോദ്യകര്‍ത്താവ്-അപ്പോള്‍ അത് ചെയ്യാവുന്നിടത്ത് പോലും തെറ്റാണെന്നാണോ അങ്ങ് സൂചിപ്പിക്കുന്നത്?
ഡോ.അയ്യര്‍-അല്ല തെറ്റാണെന്ന് പറയാനാവില്ല. ഇതില്‍ ഏത് ശരിയാണെന്ന് എങ്ങനെ തീരുമാനിക്കും?
ചോദ്യകര്‍ത്താവ്-ഇല്ല തെറ്റാണെന്ന് പറയാനാവില്ല...ശരി. അപ്പോള്‍ അവിടെ അബദ്ധങ്ങള്‍ കണ്ടിന്യു ചെയ്തുപോകും?
ഡോ.അയ്യര്‍-അബദ്ധങ്ങള്‍ എന്നു പറയാനാവില്ല...ഭിന്നാഭിപ്രായങ്ങള്‍ തുടരും....ങും.

ചോദ്യകര്‍ത്താവ്-ഭിന്നാഭിപ്രായങ്ങള്‍ തുടരും....ഒ.കെ ഇനി, സമയത്തെ കുറിച്ച് ആണ്. അങ്ങ് ആദ്യം പറഞ്ഞത്. സമയം റിലേറ്റീവ് ആണെന്ന് പറഞ്ഞു...സാധാരണയായി ടി.വി ജ്യോതിഷികള്‍...ജനനസമയം ചോദിക്കും...അക്ഷാംശരേഖാശം ചോദിക്കും. സമയം കിട്ടായില്‍ ഉടനെയവര്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് ടൈമിലോട്ട് കണ്‍വേര്‍ട്ട് ചെയ്യും. ഇത് ശരിയാണോ?
ഡോ.അയ്യര്‍- ശരിയാണ്...എന്തിന്? ആ സമയത്ത് ഇന്ത്യന്‍സമയം എത്രയാണെന്നറിയുന്നതിന് അങ്ങനെയല്ലേ ചെയ്യാനൊക്കൂ?
ചോദ്യകര്‍ത്താവ്-അല്ല കുട്ടി ജനിച്ചത് ഗള്‍ഫിലാണ്..
ഡോ.അയ്യര്‍-നില്‍ക്ക്, പറയാം. കുട്ടി ഗള്‍ഫില്‍ ജനിച്ചവര്‍ ഇത് മാത്രം ചെയ്താല്‍ പോരാ. ഗ്രഹനില നമ്മുടെ പുസ്തകത്തില്‍ ഇന്ത്യന്‍ ടൈമിലാണ് കൊടുത്തിരിക്കുന്നത്...അതുകൊണ്ട്...അതറിയണം..ഇതിന് ചില കീ പോയന്റ്‌സ് ഉണ്ട്. നേരെ മറിച്ച് ലഗ്നം കണക്കാക്കുമ്പോഴാണ് അവിടുത്തെ ലോക്കല്‍ ടൈമിന്റെ ആവശ്യം വരുന്നത്.
ചോദ്യകര്‍ത്താവ്-അങ്ങനെ എടുക്കുന്നുണ്ടോ?
ഡോ.അയ്യര്‍-എടുക്കണമെന്നാണ് നിയമം
ചോദ്യകര്‍ത്താവ്- നിയമം! പക്ഷെ ദൈ കണ്‍വേര്‍ട്ട് എവരിതിംഗ് ഇന്റു ഇന്ത്യന്‍ സ്റ്റാന്‍ ഡേഡ് ടൈം ആന്‍ഡ്.....
ഡോ.അയ്യര്‍-അതെ എന്നിട്ട് ഇവിടെ ജനിച്ച കുട്ടിയായി ജാതകം എഴുതികൊടുക്കുന്നവരുണ്ട്
ചോദ്യകര്‍ത്താവ്-ഉണ്ട്, അത് ഞാന്‍ കണ്ടിട്ടുണ്ട്
ഡോ.അയ്യര്‍-അങ്ങനെയുണ്ട്...അത് വിവരക്കേടാണ്......
ചോദ്യകര്‍ത്താവ്- അത് അറിവില്ലായ്മയാണ് ശരി... (തുടരും)

7 comments:

Unknown said...
This comment has been removed by the author.
Unknown said...

Uski tho 'watt' laga di!

Unknown said...

darmarajan sir vallam kudichu... Pavam.

Umesh::ഉമേഷ് said...
This comment has been removed by the author.
Umesh::ഉമേഷ് said...

ഉരുളൽ എന്നു പറഞ്ഞാൽ ഇതാണ് ഉരുളൽ. ഗുരുവായൂരിൽ ശയനപ്രദക്ഷിണം നടത്തുന്നവർ തോറ്റു പോകും!

ഇങ്ങേർക്കു ജ്യോതിഷം ഒരു വടിയും അറിഞ്ഞുകൂടാ. (രവിചന്ദ്രന് അങ്ങേരെക്കാളും അറിയാം). ശാസ്ത്രം അത്ര പോലും അറിയില്ല.

Sreekumar B said...

the questions and answers are not formatted properly with gaps between lines etc; so it is difficult to read. I suggest to remove the formatting from the copy paste contents and then put it in the blog and format it; that is better

Suju said...
This comment has been removed by the author.