ശാസ്ത്രം വെളിച്ചമാകുന്നു

Wednesday, 1 May 2013

65.കാരംജ്യോതിഷം

കാരംബോര്‍ഡ് ജ്യോതിഷത്തെ(Carrom Astrology) കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു നവനാഗരിക ജ്യോതിഷമാണിത്. അമ്പരപ്പിക്കുന്ന തോതില്‍ ശരിയായ ഫലപ്രവചനമാണ് (bewilderingly accurate) ഇതിന്റെ പ്രത്യേകത. കാരംബോര്‍ഡെന്നാല്‍ നാം കളിക്കുന്ന ബോര്‍ഡ് തന്നെ. സാധാരണ കളി തുടങ്ങുന്നതിന് മുമ്പെന്നവണ്ണം കാരംബോര്‍ഡില്‍ കറുപ്പും വെളുപ്പുമായ കോയിനുകള്‍  (Coins or points) ചുവപ്പ്(Red) സഹിതം മധ്യഭാഗത്ത് ക്രമീകരിക്കുക. പക്ഷെ മൊത്തം 17 കോയിനുകളേ(8 കറുപ്പ്, 8 വെളുപ്പ്, ഒരു ചുവപ്പ്)ഉപയോഗിക്കാവൂ. 

ഭാവി അറിയാന്‍ താല്‍പര്യപ്പെടുന്ന പ്രവചനാര്‍ത്ഥിയെക്കൊണ്ട് സ്‌ട്രൈക്കര്‍ ഉപയോഗിച്ച് ഇഷ്ടമുള്ള വശത്ത് നിന്ന് അടിപ്പിക്കുക(Strike). അടിക്കുമ്പോള്‍ കുറഞ്ഞത് മൂന്ന് കോയിനെങ്കിലും സ്ഥാനചലനം ഉണ്ടാകണം, അല്ലെങ്കില്‍ വീണ്ടും അടിക്കണം. കോയിനുകള്‍ ചിതറി തെറിച്ച് ഒരു പുതിയ വിന്യാസക്രമം ഉണ്ടാക്കും. ഈ പുതിയക്രമം പ്രവചനാര്‍ത്ഥിയുടെ ജീവിതത്തിന്റെ ആയുസ്സിന്റെ ആദ്യദശകത്തെ(First 10 years) പറ്റിയുള്ള സൂചനകളും വിശദാംശങ്ങളും വിവരിക്കുന്നു. കോയിനുകള്‍ക്ക് ഓരോന്നിനും സ്വന്തമായി വ്യക്തിത്വവും അസ്തിത്വവും കാരകത്വവുണ്ട്. ഉദാഹരണമായി കറുപ്പ്-ഒന്ന്, കറുപ്പ്-രണ്ട്, വെളുപ്പ്-ഒന്ന്, വെളുപ്പ് -രണ്ട് എന്നിങ്ങനെ(ഉദാ-ഒന്നാം കറുപ്പ് പ്രവചനാര്‍ത്ഥിയുടെ വിദ്യാഭ്യാസ സാധ്യകളാണ് പ്രവചിക്കുന്നത്). 

ഈ പതിനാറ് കോയിനുകളും പതിനേഴാമത്തെ ചുവപ്പ് കോയിനും നമ്മുടെ ജീവിതത്തിന്റെ ഓരോ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രഹജ്യോതിഷത്തില്‍ മൊത്തം പന്ത്രണ്ട് ഭാവങ്ങളില്‍ നമ്മുടെ ജീവിതകാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നിടത്ത് കാരം ബോര്‍ഡില്‍ 16 ഭാവങ്ങള്‍() അഥവാ വിഭജനങ്ങളുണ്ട്. അതായത് കുറേക്കൂടി വ്യക്തതയും സമഗ്രതയും അവിടെയുണ്ട്. ചുവന്ന കോയിന് ഫലപ്രവചനത്തില്‍ സവിശേഷമായ പങ്കാണുള്ളത്. കാരംബോര്‍ഡിനെ സ്ഥലപരമായി മൊത്തം പതിനാറ് മേഖലകളായി വിഭജിച്ചിരിക്കുന്നു. ഓരോ മേഖലയ്ക്കും ഫലപരമായി നിര്‍ണ്ണായക പ്രാധാന്യമുണ്ട്. 

കറുത്ത കോയിനുകള്‍ക്ക് വലത് അര്‍ദ്ധഗോളത്തിലും വെളുത്തവയക്ക് ഇടത് അര്‍ദ്ധഗോളത്തിലുമായിരിക്കും കൂടുതല്‍ പ്രഭാവമുണ്ടാകുക. എന്നാല്‍ ചുവപ്പിന് രണ്ട് അര്‍ദ്ധഗോളങ്ങളിലും തുല്യപ്രഭാവമാണുള്ളത്. കേന്ദ്രത്തില്‍ നിന്ന് അകലുന്നത് കോയിനുകളുടെ പ്രഭാവം കുറയ്ക്കും. പക്ഷെ മൂലകളോട് അടുക്കുമ്പോള്‍ ഗുണം ഉച്ചസ്ഥായിയിലാകും.

കാരംബോര്‍ഡിന്റെ പ്രതലത്തെ 16 ആയി വിഭജിക്കുമെന്ന് പറഞ്ഞല്ലോ. നക്ഷത്ര ജ്യോതിഷത്തിലെ 12 രാശികള്‍ക്ക്(zodiacs) സമാനമാണിത്. ഓരോ കോയിനും ഓരോ ഖണ്ഡങ്ങളില്‍ എത്തുമ്പോള്‍ അവയുടെ തനത് ഫലങ്ങള്‍ വ്യതിയാനപ്പെടുന്നു. കോയിനുകള്‍ തമ്മിലുള്ള ബന്ധം, കോണീയദൂരം, പരസ്പര സാമീപ്യം, കോയിനുകള്‍ക്ക് ചുവപ്പു കോയിനുമായുള്ള ബന്ധം , റീബൗണ്ടുകള്‍ (Rebounds), കുഴികളുമായുള്ള അകലം എന്നിവയൊക്കെ വിവധങ്ങളായ ഫലസൂചകങ്ങളാണ്. 


ബോര്‍ഡിന്റെ മൂലകളിലുള്ള നാല് കുഴികള്‍ക്കും പ്രത്യകതകളും ഫലപ്രവചന ശേഷിയുമുണ്ട്. സ്‌ട്രൈക്കര്‍ മൈനസ് വീഴുന്നതിനും കോയിനുകള്‍ ഫിനിഷ് ആകുന്നതിനും ഫലഭാഗ വിവക്ഷകളുണ്ട്. പ്രവചനാര്‍ത്ഥി രണ്ടാമത് സ്‌ട്രൈക്കര്‍ വെച്ചടിക്കുമ്പോള്‍ ആയുസ്സിന്റെ രണ്ടാം ദശകത്തിന്റെ ഫലം ബോര്‍ഡില്‍ തെളിയുന്നു. ഇതേ മാതൃകയില്‍ ആയുസ്സിന്റെ പിന്നീടുള്ള ഘട്ടങ്ങളെക്കുറിച്ചും അറിയാനാവും. 

ഇതിനിടയില്‍ സ്‌ട്രൈക്കറോ ചുവപ്പോ മൈനസ് വീഴുകയാണെങ്കില്‍ അത് തടസ്സം, അപകടം, രോഗം, മരണം തുടങ്ങിയ പലവിധ സൂചനകള്‍ കൊണ്ടുവരും. കുട്ടി ജനിച്ച് അഞ്ചു വയസ്സായിട്ടേ സ്വന്തംനിലയില്‍ കാരംജ്യോതിഷം പരീക്ഷിക്കാനാവൂ. എങ്കിലും കുട്ടിയുടെ മാതാവിന് ശിശു ജനിച്ച് മൂന്ന് ദിവസം കഴിഞ്ഞ് 16 ദിവസത്തിനുള്ളില്‍ എന്നുവേണമെങ്കിലും കാരംഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ധ്യാനനിമഗ്നമായ മനസ്സോടെ സ്‌ട്രൈക്കര്‍ അടിച്ച് നോക്കി ജീവിതഫലമറിയാം. ഭാവി മാത്രമല്ല മുന്‍ ജന്മത്തെ കാര്യങ്ങള്‍ കൂടി ഇതുവഴി അറിയാവുന്നതാണ്. കാരംജ്യോതിഷത്തില്‍ സ്‌ട്രൈക്കര്‍ നിസ്സംഗഫലദായകനാണ്.

കാരംജ്യോതിഷത്തിലൂടെ ഭാവി പ്രവചിച്ചാല്‍ ഗ്രഹജ്യോതിഷത്തിലെ അതേ പ്രവചനവിജയം ആവര്‍ത്തിക്കാനാവുമെന്ന് മാത്രമല്ല കുറേക്കൂടി മെച്ചപ്പെട്ട ഫലങ്ങള്‍ കണ്ടെത്താനുമാവും. ഒട്ടനവധിപ്പേരുടെ അനുഭവം തന്നെയാണ് ഇവിടെയും തെളിവ്. കാരംജ്യോതിഷം പറയുന്ന പല കാര്യങ്ങളും ജീവിതത്തില്‍ ഭാഗികമായോ പൂര്‍ണ്ണമായോ സംഭവിച്ചതായും സംഭവിച്ചുകൊണ്ടിരിക്കുന്നതായും ആണയിടുന്ന ഒട്ടനവധി വിശ്വാസികളുണ്ട്. രാശി വിഭജനം പന്ത്രണ്ടില്‍ നിന്ന് പതിനാറ് ആക്കുന്നതിലൂടെയാണ് കാരംഫലങ്ങള്‍ക്ക് സൂക്ഷ്മതയും കൃത്യതയും വര്‍ദ്ധിക്കുന്നത്. പക്ഷെ കാരംജ്യോതിഷത്തില്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളും കടന്നുവരുന്നില്ല. 360 ഡിഗ്രി 30 ന്റെ 12 ഖണ്ഡങ്ങളായി വിഭജിക്കേണ്ട കാര്യവുമില്ല. മാനം നോക്കാതെയും പഞ്ചാംഗം പഠിക്കാതെയും ഭാവി അറിയാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. 


പക്ഷെ ഓന്നോര്‍ക്കുക,വെറ്റിലയും കൈത്തലവും ഓലകളും സംഖ്യകളും കൊണ്ട് ജീവിതഫലം കൃത്യമായി പ്രവചിക്കാന്‍ സാധിക്കുമെന്നിരിക്കെ ഗ്രഹങ്ങളാണ് നമ്മുടെ ഭാവി നിശ്ചയിക്കുന്നതെന്ന് കരുതുന്നതില്‍ കാര്യമില്ലല്ലോ. ഫലപ്രവചനം വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നത് വിശ്വാസിയുടെ മസ്തിഷ്‌ക്കത്തിലാണ്. അതിന് ഉപയോഗിക്കുന്ന ടൂളുകള്‍(ഗ്രഹം, വെറ്റില, കൈ, ജലം, സംഖ്യ, ഓല, കാരംബോര്‍ഡ്.... മുതലായവ) എന്തുതന്നെയായിരുന്നാലും വിശ്വാസമുള്ളിടത്തോളം പല പ്രവചനങ്ങളും ശരിയായി വരുമല്ലോ.

ഒരാളുടെ ഫലം ഒന്നിലധികം തവണ അടിച്ച് നോക്കാന്‍ പാടുള്ളതല്ല. ആദ്യമായി അടിക്കുമ്പോള്‍ കോയിനുകള്‍ ചിതറി തെറിച്ച് വീഴുന്നതിന്റെ ചിത്രം എടുത്തു സൂക്ഷിക്കും. ഇതിനെ ജന്മചിത്രമെന്ന് (birth picture) വിളിക്കും. പിന്നീട് നടത്തുന്ന ഓരോ ശ്രമത്തിന്റെയും ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കണം. പരമാവധി 12 ചിത്രങ്ങള്‍ വരെ(അതായത് 120 വയസ്സ്) എടുക്കാം. പ്രമാണചിത്രങ്ങള്‍ (creed pictures) എന്നാണിവയുടെ വിളിപ്പേര്. 


ജീവിതഫലമറിയാനായി കാരംഫലനിര്‍ണ്ണയം ഒരിക്കലേ (once in a life time) നടത്താന്‍ പാടുള്ളുവെന്ന് മാത്രമല്ല വിശേഷാല്‍ പൂജകള്‍ ചെയ്ത് മന:ശുദ്ധിയും ശരീരശുദ്ധിയും വരുത്തിയ ശേഷം ജ്ഞാനിയായ ഒരു കാരംഗുരുവിന്റെ സാന്നിധ്യത്തിലും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരവും മാത്രമെ അത് ചെയ്യാവൂ. അല്ലാതെ വീട്ടിലിരുന്ന് വെറുതെ അടിച്ചു നോക്കാമെന്ന് കരുതരുത്. ഒരാളുടെ 12 ചിത്രങ്ങളാണ് അയാളുടെ ജീവിതഫലത്തിന്റെ പ്രമാണചിത്രങ്ങള്‍. ഈ വിധിചിത്രങ്ങള്‍ക്ക് ഒരിക്കലും മാറ്റം സംഭവിക്കുകയില്ല. പിന്നീട് വര്‍ഷാവര്‍ഷവും മാസം തോറും അടിച്ച് നോക്കി അപ്പപ്പോഴുള്ള ഫലം പറയാന്‍ കാരംജ്യോതിഷത്തില്‍ വ്യവസ്ഥയുണ്ട്. ഓരോ പുതിയ കര്‍മ്മം ചെയ്യുന്നതിന് മുമ്പും കാരംഫലം പരിശോധിക്കാം. പക്ഷെ അതെല്ലാം മേല്‍പ്പറഞ്ഞ 12 പ്രമാണചിത്രങ്ങളുടെ പരിധിയ്ക്കുള്ളില്‍ നിന്ന് വേണം വിലയിരുത്തി ഫലം പറയാന്‍.

ഇത്രയും പറഞ്ഞതില്‍ ആര്‍ക്കും ഒരു സംശയമുണ്ടാകാം. "ശരിക്കും കാരംജ്യോതിഷം എന്നൊരു സംഗതിയുണ്ടോ?" അതോ ജ്യോതിഷത്തെ പരിഹസിക്കാന്‍ ആസൂത്രിതമായ തട്ടിക്കൂട്ടിയ ഒന്നാണോ? ഇങ്ങനെയങ്കില്‍ സമാനമായ മറ്റ് പല കളികളിലും ജ്യോതിഷമായിക്കൂടേ? കാരംജ്യോതിഷം എന്നൊരു പ്രവചനവിദ്യ ഉണ്ടെന്നും അതിലൂടെ നിരവധി പേര്‍ക്ക് അച്ചട്ട് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും എഴുതിവെച്ചാല്‍ ഒരാളും അതിനെ ഖണ്ഡിക്കാന്‍ പോകുന്നില്ല. കാരണം അവിടെ വസ്തുനിഷ്ഠ ഖണ്ഡനം അസാധ്യമാണ്. കുറച്ച് പണമെറിഞ്ഞാല്‍ ടി.വി യില്‍ ഒരു സ്‌ളോട്ട് വാങ്ങി പരസ്യപരിപാടിയുംമാവാം. 


ഇനി അഥവാ ആരെങ്കിലും ഖണ്ഡിച്ചാലും വിശ്വാസികള്‍ അത് പരിഗണിക്കില്ല, അവര്‍ക്ക് അനുഭവങ്ങളാണ് മുഖ്യം. കാരംബോര്‍ഡിലെ കോയിനുകള്‍ ഏതോ അജ്ഞാതശക്തി/സ്വാധീനം/രശ്മി/കമ്പനം/തരംഗം വഴി നമ്മുടെ ശരീരത്തേയും ജീവിതവ്യാപാരങ്ങളെയും സ്വാധീനിക്കുന്നുവെന്ന് അവകാശപ്പെട്ടാല്‍ ഖണ്ഡനക്കാരന്‍ നിസ്സഹായനാവും.

"ഇങ്ങനെയൊരുപ്രവചനവിദ്യയില്ല മറിച്ച് ഞാന്‍ കൃത്രിമമായി ഉണ്ടാക്കിയതാണ്" എന്നെഴുതുന്നുവെന്നിരിക്കട്ടെ.''വായിച്ച് തുടങ്ങിയപ്പോഴേ മനസ്സിലായി കബളിപ്പിക്കാനാണെന്ന്''എന്ന പ്രതികരണമാവും പലരില്‍ നിന്നും വരിക. അതല്ല ഇങ്ങനെയൊരു വിദ്യയുണ്ട്, ആയിരങ്ങള്‍ അതിന്റെ ഗുണഫലം അനുഭവിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് ഞാന്‍ പറയുന്നതെങ്കില്‍ ''ശരിയാവാം ഞങ്ങള്‍ കേട്ടിട്ടില്ല''എന്ന ഉത്തരം മാത്രമേ സാധ്യമാകൂ.

"എന്നുമുതാലാണ് കാരംസിലെ കോയിനുകള്‍ ഭാവി പ്രവചിക്കാന്‍ തുടങ്ങിയത്?" ഇങ്ങനെയൊരു ചോദ്യം ചില നക്ഷത്രജ്യോതിഷ ഭക്തന്‍മാര്‍ ഉന്നയിച്ചേക്കാം. എന്നാല്‍ ഒരു ചോദ്യം തിരിച്ചാകട്ടെ, എന്നുമുതലാണ് ഗ്രഹങ്ങളും നക്ഷത്രങ്ങളും മനുഷ്യരുടെ ഭാവി നിശ്ചയിക്കാന്‍ തുടങ്ങിയത്? പ്രപഞ്ചം ഉണ്ടായിട്ട് 1382 കോടി വര്‍ഷങ്ങളായെന്ന് ശാസ്ത്രം സ്ഥിരികീരിക്കുന്നു. പക്ഷെ ഭൂമിയുടെ പ്രായം പരമാവധി 450-460 കോടി വര്‍ഷങ്ങള്‍. 350 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യത്തെ ജീവിയെന്ന് പറയാവുന്ന സയനോര ബാക്റ്റീരിയ ഉരുവംകൊള്ളുന്നത്. പിന്നെയും 200 കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്നത്തെ നിലയില്‍ ജീവി എന്നു വിളിക്കാവുന്ന ജൈവരൂപങ്ങള്‍ വരുന്നു. മനുഷ്യന്റെ പൂര്‍വികരായ പ്രൈമേറ്റുകളില്‍ നിന്ന് മനുഷ്യന്റെ മുന്‍ഗാമിയും ചിമ്പാന്‍സിയുടെ മുന്‍ഗാമിയും വേര്‍തിരിഞ്ഞത് 5-6 ലക്ഷം വര്‍ഷങ്ങള്‍ മാത്രം. ഹോമോഹാബിലസ്, ഹോമോ ഇറക്ടസ് വഴി ഹോമോ സാപിയന്‍സിലെത്തുന്നത് കഴിഞ്ഞ ഒന്നര ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്. 


പിന്നീട് അവിടെ നിന്നും പരിണാമവഴിത്താരകളിലൂടെ ഹോമോസാപിയന്‍ മുന്നോട്ടുപോയി. ഇന്നത്തെ മനുഷ്യന്റെ രൂപത്തിലും ഭാവത്തിലും നാമെത്തിയിട്ട് ഏറിയാല്‍ അരലക്ഷം വര്‍ഷങ്ങളായിട്ടുണ്ടാവാം. സംസ്‌ക്കാരം തുടങ്ങിയിട്ട് കഷ്ടിച്ച് പതിനയ്യായിരം വര്‍ഷം. കൃഷിക്ക് പഴക്കം പതിനായിരം-പതിനയ്യായിരം വര്‍ഷം മാത്രം. എഴുത്തുവിദ്യയുടെ പഴക്കം കഷ്ടിച്ച് 5000 വര്‍ഷം. 

ജ്യോതിശാസ്ത്രത്തിന്റെ പ്രായം ഏറിയാല്‍ 3000 വര്‍ഷം , ഫലഭാഗജ്യോതിഷത്തിന് പരമാവധി 2200 വര്‍ഷം പഴക്കം കാണും. അപ്പോള്‍ എന്നുമുതലാണ് ഭൂമിയിലെ ഏറ്റവും പുതിയ താമസക്കാരായ മനുഷ്യരുടെ ഭാവി നിശ്ചയിക്കാന്‍ 450-500 കോടി വര്‍ഷം വര്‍ഷക്കം പഴക്കമുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളും താല്‍പര്യം കാട്ടി തുടങ്ങിയത്. കഷ്ടിച്ച് പതിനയ്യായിരം വര്‍ഷം മുമ്പ്?

ഗുഹാമനുഷ്യനായി ജീവിച്ച മനുഷ്യരെല്ലാം ഗുഹാമനുഷ്യരായി മരിച്ചു. കൂട്ട ലൈംഗികതയും കൂട്ടയടികളും സംഘം ചേര്‍ന്ന വേട്ടയാടലുകളുമായി ഇരപിടിച്ചും ഇരയാക്കപ്പെട്ടും മനുഷ്യന്‍ ജീവിച്ച കാലത്ത് ഗ്രഹങ്ങള്‍ എങ്ങനെയാണ് നമ്മുടെ ജീവിതം നിയന്ത്രിച്ചത്? അതോ അക്കാലത്ത് അവര്‍ മാറിനിന്നോ? ഗുഹമനുഷ്യന്‍ ഏത് രാശിയില്‍ പിറന്നാലും, ഏത് യോഗം കൈവരിച്ചാലും ഗുഹാമനുഷ്യനായി തന്നെ ജീവിച്ച് മരിക്കുമെന്നോര്‍ക്കുക. അവന്റെ ഏഴിലും എട്ടിലും ചൊവ്വ വന്നാല്‍ വിവാഹം പ്രശ്‌നമാകില്ല-കാരണം അന്ന് വിവാഹമില്ല. പൂയ്യത്തില്‍ കുട്ടി ജനിച്ചാല്‍ പിതാവ് മരിക്കുകയുമില്ല. കാരണം അന്ന് ഭാര്യയും കുടുബവുമില്ല. എല്ലാം എല്ലാവര്‍ക്കുമുള്ള കാലഘട്ടമാണത്. 


ഇന്ന് വിദ്യാഭ്യാസവും വിവാഹവും സാമ്പത്തിക അഭിവൃദ്ധിയുമൊക്കെ സ്വാധീനിക്കുന്ന ഗ്രഹങ്ങള്‍ അന്ന് കാട്ടുമനുഷ്യരുടെ കാര്യത്തില്‍ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ഓര്‍മ്മയുണ്ടോ? അതോ ആധുനിക സാമൂഹിക-സമ്പദ് വ്യവസ്ഥയും ഉരുത്തിരിഞ്ഞിട്ട് മാത്രമാണോ ഗ്രഹങ്ങള്‍ സ്വാധീനിക്കാന്‍ തുടങ്ങിയത്? അതുവരെ അവര്‍ മനുഷ്യര്‍ വിവാഹവും കുടുംബവും മറ്റ് സാമൂഹിക-സാമ്പത്തിക സ്ഥാപനങ്ങള്‍ ഉണ്ടാക്കാനായി കാത്തിരിക്കുകയായിരുന്നുവോ? 

അതായത് കുറഞ്ഞത് ജ്യോതിഷസ്വധീനം തുടങ്ങാനായി 460 കോടി വര്‍ഷങ്ങള്‍ ഗ്രഹങ്ങള്‍ കാത്തിരിക്കുകയായിരുന്നുവോ? ഗ്രഹങ്ങള്‍ക്ക് അത്രയും കാലം കാത്തു നില്‍ക്കാമെങ്കില്‍ കാരംസിലെ കോയിനുകള്‍ക്ക് നാളെ മുതല്‍ സ്വാധീനം തുടങ്ങാന്‍ തീരുമാനിച്ചാല്‍ എങ്ങനെ തെറ്റുപറയാനാവും???? 

5 comments:

Salim PM said...

വാദ്ധ്യാരുപണി പോയാലും ജീവിച്ചു പോകാം ;)

sadananda naik said...

ഇവിടെ '' ചീട്ടു കോര '' എന്നാ ഒരാള്‍ ഉണ്ടായിരുന്നു പ്ലേ കാര്‍ടൂനിരത്തി ഭാവി പറയുമായിരുന്നു

Biju K.T said...

Dear Ravi Chandran Sir ,
While browsing the you-tube last week I stumbled upon one of your videos for the first time . It was a debate with Rahul Easwar. I was curious just to listen what Rahul had to say and didn't bother to know who his opponent was.But at the end I found your arguments and presentation more impressive and logical. Since then I have learnt quit a lot from your videos. What impressed me is the supple and witty language of yours, which sometimes evokes a sense of humour while a valid point is being made. I suppose, only a few people like you can make a talk on such a sombre subject like atheism listenable for an hour or more. During one your talks you hinted at homeopathy as pseudoscience or something like that, but did'nt eloborate. Please let me know where I can find the complete viewpoint of yours on this issue. Thank you once again for the the wits and wisdom. May God ( Oh sorry ! ) give you all peace and prosperity.

രവിചന്ദ്രന്‍ സി said...

Thanks for your kind words dear

Serge Z said...

You are an inspiration to all freethinkers..keep up the good work sir!