ശാസ്ത്രം വെളിച്ചമാകുന്നു

Monday 3 December 2012

44. അനുഭവം കുരു !

ഇനിയുള്ളത് കുറച്ച് അനുഭവസാഹിത്യമാണ്. വായനക്കാര്‍ക്ക് സ്വന്തം യുക്തിക്കനുസരിച്ച് സൗകര്യംപോലെ സ്വീകരിക്കാം. ഇരട്ടത്താപ്പുകളും കാപട്യങ്ങളും മലയാളി സമൂഹത്തിന്റെ കൊടിയടയാളമാണെന്ന നിരീക്ഷണങ്ങളുടെ നിജസ്ഥിതി എന്തായിരുന്നാലും അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ ഈ അവസ്ഥ വളരെ പ്രകടമാണ്. വര്‍ദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തില്‍ കൂടുതല്‍ തമസ്സ് കൊണ്ടുവരുന്നമെന്ന് വാദിച്ച് പുരോഗമനാഭിമുഖ്യം അവകാശപ്പെടാന്‍ വെമ്പുന്നവരുടെ തിരക്ക് ഇക്കാലത്ത് ബിബറേജസ് ഔട്ട്‌ലെറ്റിന് മുന്നിലെ ക്യൂവിനേക്കാള്‍ വലുതാണ്. പക്ഷെ എന്തു പ്രയോജനം?! ആരെങ്കിലും അന്ധവിശ്വാസങ്ങളെ പൊളിച്ചുകാട്ടി നാലുവരി എഴുതുകയോ രണ്ട് വാക്ക് സംസാരിക്കുകയോ ചെയ്തുനോക്കൂ. അപ്പോള്‍ വരും ഇക്കൂട്ടരുടെ പുലിമട ഡയലോഗുകള്‍ : 

''നിങ്ങള്‍ എന്തിന് അവയൊക്കെ രൂക്ഷതയോടെ എതിര്‍ക്കണം? അത് ഒരു സംസ്‌ക്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമല്ലേ? അന്ധവിശ്വാസങ്ങളില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കില്ലേ? നിങ്ങള്‍ വേണമെങ്കില്‍ ഇതൊക്കെ ചെയ്യാതിരുന്നുകൊള്ളു. വിശ്വാസമുള്ളവര്‍ അതുമായി പോകട്ടെ, നിങ്ങളെ ഉപദ്രവിക്കുന്നില്ലല്ലോ.....

ഈ ഇനത്തില്‍പ്പെട്ട അറിയപ്പെടുന്ന ഒരു മാന്യവ്യക്തിയോട് ഈയിടെ തീവണ്ടി യാത്രയ്ക്കിടെ പറയേണ്ടിവന്നത്: ''സര്‍ , അന്ധവിശ്വാസങ്ങള്‍ സമൂഹത്തെ കൂടുതല്‍ ഇരുട്ടിലാഴ്ത്തുമെന്ന് അങ്ങ് തന്നെയല്ലേ പറയുന്നത്?! എന്നിട്ട് അതിനെ പരസ്യമായി പൊളിച്ചുകാണിക്കുന്നവരെ അധിക്ഷേപിച്ച് ആളാവാന്‍ ശ്രമിക്കുന്നതിന്റെ കാരണമെന്ത്? അങ്ങയെപ്പോലുള്ളവര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നതെങ്കില്‍ അയിത്തവും സതിയും ശൈശവവിവാഹവും കൈമുക്കും നരബലിയും അടക്കമുള്ള വിശ്വാസമാലിന്യങ്ങള്‍ എങ്ങനെ ഈ സമൂഹത്തില്‍ നിന്നും നീങ്ങിപ്പോകുമായിരുന്നു? പരസ്യമായി അനുകൂലിച്ചില്ലെങ്കിലും എതിര്‍ക്കാതിരിക്കാനുള്ള സൗമനസ്യമെങ്കിലും കാണിക്കണ്ടേ? അന്ധവിശ്വാസികള്‍ ആരുടേയും പ്രചരണമോ വിമര്‍ശനമോ കാണാതെ സ്വയം മനസ്സിലാക്കി ക്രമേണ അന്ധവിശ്വാസങ്ങളില്‍നിന്ന് പിന്‍മാറുമെന്ന് കരുതുന്ന മഹാനാണോ അങ്ങ്? അങ്ങനെ എവിടെയെങ്കിലും സംഭവിച്ചിട്ടുണ്ടോ?''

''ഏയ്, അങ്ങനെയല്ല. ഞങ്ങള്‍ നിങ്ങളെ എതിര്‍ക്കുന്നുവെന്നു ധരിക്കരുത്. പിന്നെ, പരസ്യമായി ഞങ്ങള്‍ക്ക് നിങ്ങളെ മാത്രമേ എതിര്‍ക്കാനാവൂ. പലതരം, പലവിധം പരിമിതികളുണ്ട്. എതിര്‍ക്ക്യാമ്പിനാണ് ഭൂരിപക്ഷം. നിങ്ങള്‍ പറയുന്നതൊക്കെ ശരി തന്നെ, സമ്മതിച്ചു. പക്ഷെ ഇവിടെ ശരിയല്ല മറിച്ച് ഭൂരിപക്ഷമാണ് കാര്യങ്ങള്‍ നിശ്ചയിക്കുക. കൂടുതല്‍പേരും അന്ധവിശ്വാസങ്ങളെ പുല്‍കിയാല്‍ അതിനെ എതിര്‍ത്തുകൊണ്ട് ഞങ്ങള്‍ക്ക് മുന്നോട്ടുപോകാനാവില്ല. അവസരങ്ങള്‍ ആവിയാകും, സ്വീകാര്യത കുറയും. അതുകൊണ്ട് നിങ്ങള്‍ സധൈര്യം മുന്നോട്ടുപോവുക. ഉളളിന്റെയുള്ളില്‍ ഞങ്ങള്‍ എപ്പോഴും നിങ്ങളോടൊപ്പമാണ്.''

എഴുത്തും സംഘടനാരാഷ്ട്രീയവും സമാസമം കൃഷിയിറക്കി മുന്നേറുന്ന ഒരു ഹൈ-വോള്‍ട്ടേജ് പുരോഗമന-മതേതരനാണ് തീവണ്ടി യാത്രയ്ക്കിടെ മനസ്സ്
തുറന്നത്. ഇത്തരം ചതഞ്ഞ നിരീക്ഷണങ്ങള്‍ മുമ്പ് പലയിടത്തും എഴുതിയും കേട്ടും പരിചിതമാണെങ്കിലും ആദ്യമായിട്ടാണ് ഒരാളില്‍നിന്ന് കുറ്റസമ്മതരൂപത്തില്‍ പുറത്തുവന്നതിന് സാക്ഷ്യംവഹിച്ചത്. 

'അനുഭവ'സാഹിത്യത്തിന് വസ്തുനിഷ്ഠമായ മൂല്യമൊന്നുമില്ല. ശാസ്ത്രദൃഷ്ടിയില്‍ അതിന് വലിയ പ്രാധാന്യവുമില്ല. "അനുഭവപ്രമാദം'' (anecdote fallacy)എന്നാണ് ഇത് തത്ത്വവിചാരത്തില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. തനിക്കുണ്ടായെന്ന് വിശ്വസിക്കുന്ന വ്യക്തിഗത'അനുഭവം' പൊതു സിദ്ധാന്തങ്ങളേയും സങ്കല്‍പ്പങ്ങളെയും ന്യായീകരിക്കാനായി ഉപയോഗിക്കുക എന്ന ഗുരുതരമായ പിഴവാണിത്. ഗത്യന്തരമില്ലാതെ വരുമ്പോള്‍ മതവിശ്വാസം ഉള്‍പ്പെടെയുള്ള എല്ലാ അന്ധവിശ്വാസങ്ങളും ന്യായീകരിക്കപ്പെടുന്നത്'അനുഭവ'ങ്ങളുടെ പേരിലാണ്. മിക്ക മതവിഭ്രാന്തികളും മായക്കാഴ്ചകളും ഈ ഗണത്തില്‍പ്പെടും. 'കൈപ്പുണ്ണിന് കണ്ണാടി വേണോ?!' എന്നാണ് എല്ലാ അന്ധവിശ്വാസികളും പൊതുവെ ചോദിക്കുക. തനിക്ക് അനുഭവമുണ്ട്, ഇനി നിങ്ങള്‍ എന്തു പറഞ്ഞിട്ടെന്താ? യുക്തിസഹമായി ആലോചിക്കുമ്പോള്‍ ഒക്കെ തെറ്റെന്ന് തോന്നാം പക്ഷെ അതിനപ്പുറം ചില കാര്യങ്ങളുണ്ട്.....എന്നൊക്കെയുള്ള സ്ഥിരംനമ്പരുകള്‍ ഉയര്‍ത്തി ചെവിപൊത്തി ഓടുന്നവരാണ് പൊതുവെ വിശ്വാസികള്‍ . ഭയവും അജ്ഞതയും സ്വന്തം ബുദ്ധിശൂന്യതയുമാണ് 'തോന്നലു'കള്‍ക്ക് ഹേതുവാകുന്നതെന്ന് ഒരു വിശ്വാസിയും ചിന്തിക്കില്ല. അങ്ങനെ ചിന്തിക്കാന്‍ പോലും അവരില്‍ പലരും ഭയപ്പെടുന്നു. എനിക്ക് ശരിയായി തോന്നുന്നെങ്കില്‍ ഞാനെന്തിന് അതിനെ കുറിച്ച് കൂടുതല്‍ പഠിക്കണം? ഇത്തരം അടഞ്ഞ മാനസിക അവസ്ഥകളാണ് നരബലി മുതല്‍ തൃപ്പൂത്ത് വരെയുള്ള വിശ്വാസങ്ങളുടടെ താത്ത്വിക അടിത്തറ. പക്ഷെ "തോന്നലുകള്‍ " തെളിവല്ലല്ലോ.

ഇത്തരം അനുഭവപ്രമാദം അന്ധവിശ്വാസങ്ങളുടെ അടിത്തറ തീര്‍ക്കുന്നതിനാല്‍ ആ വഴിയിലൂടെ കുറച്ച് സഞ്ചരിക്കാം. നാഡിജ്യോതിഷത്തിന്റെ ഉള്ളുകള്ളി അറിയാന്‍ ശ്രമിച്ച ഒരാള്‍ എഴുതിയ അനുഭവസാഹിത്യത്തിലൂടെ തന്നെ നമുക്ക് മുന്നോട്ടുപോകാം. മാംഗ്‌ളൂര്‍ സ്വദേശിയും അന്തരിച്ച ബി. പ്രേമാനന്ദിന്റെ ശിഷ്യനുമായ ഡോ.നരേന്ദ്ര നായിക്കാണ് ഞാനിവിടെ പരാമര്‍ശിക്കുന്ന വ്യക്തി. അദ്ദേഹവുമായി ഈ നേരിട്ട് സംസാരിച്ച അനുഭവവുമുണ്ട്. തെളിവ് കണ്ട് സ്വയം ബോധ്യപ്പെടാതെ അദ്ദേഹത്തിന്റെ വാദം സത്യമായി എടുക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്താണ് നാഡിജ്യോതിഷത്തില്‍, സംഭവിക്കുന്നതെന്ന് വിശകലനം ചെയ്യാനുള്ള ഒരു ശ്രമമായി ഈ അനുഭവസാഹിത്യം ഉപയോഗിക്കുന്നതായി കണ്ടാല്‍ മതി.

നിര്‍മുക്തയുടെ വെബ് സൈറ്റില്‍ ഡോ.നായക്ക് നാഡിജ്യോതിഷത്തെ കുറിച്ച് അറിയാനായി തമിഴ്‌നാട്ടിലെ വൈത്തീശ്വരന്‍ കോവിലില്‍ പോയ കഥ വിവരിക്കുന്ന രണ്ടു ലേഖനങ്ങളുണ്ട്(See http://nirmukta.com/2008/10/30/the-exact-science-of-nadi-jothidam/). നാഡിജ്യോതിഷത്തെ കുറിച്ച് ഗൗരവമായി പഠിക്കാനാഗ്രഹിക്കുന്ന ഏതൊരാളും ഈ ലേഖനങ്ങളിലൂടെ കടന്നുപോകുന്നത് പ്രയോജനപ്രദമായിരിക്കും. ഏതാണ്ട് അഞ്ചു വര്‍ഷത്തിന് മുമ്പാണ്(2008) ഡോ.നായിക് ആദ്യമവിടെ പോയത്. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും ജ്യോതിഷി പ്രവചനം നടത്തുന്നതിന്റെ ഓഡിയോ ടേപ്പും അവിടെ അടയ്‌ക്കേണ്ടി വന്ന തുകയുടെ രസീതിയുമൊക്കെ ലേഖനത്തിനൊപ്പം ഹാജരാക്കുന്നുണ്ട്. രണ്ടു പ്രാവശ്യം അദ്ദേഹമവിടെ പോയത് വ്യത്യസ്തമായ രണ്ട് വേഷങ്ങളിലാണ്. മേല്‍ സൂചിപ്പിച്ച ലേഖനത്തിലെ അനുഭവത്തെ ആസ്പദമാക്കി നമുക്ക് കാര്യത്തിലേക്ക് കടക്കാം.

ചിദംബരത്ത് വൈത്തീശ്വരന്‍ കോവിലിന് സമീപം നിരവധി ശിവസ്വാമിമാരെ ഡോ. നായിക്ക് കണ്ടു. പരസ്യബോര്‍ഡുകളും ചുമരെഴുത്തുകളും സമൃദ്ധം. എല്ലാവരും തങ്ങളാണ് അസ്സലെന്ന് പരസ്യം ചെയ്തിരിക്കുന്നു. ക്യാന്‍വാസ് ചെയ്യാന്‍ ഏജന്റുമാരും കറങ്ങി നടപ്പുണ്ട്. അവസാനം തെരഞ്ഞുപിടിച്ച് ഏറ്റവും മിടുക്കനും അസ്സലുമെന്ന് അറിയപ്പെടുന്ന ഒരാളുടെ അടുത്ത് തന്നെയാണ് ഡോ. നായിക്ക് എത്തിച്ചേര്‍ന്നത്. അയാളുടെ പേരും പതിവുപോലെ ശിവസ്വാമി എന്നുതന്നെ! ആദ്യമായി ഡോ.നായിക്കിന്റെ ജനനത്തീയതിയും രണ്ട് വിരലടയാളവും ജ്യോതിഷി ശേഖരിച്ചു. ശേഷം ചൂണ്ടിക്കാണിച്ച ഒരു നിശ്ചിത മുറിയില്‍ കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചു. നായിക്കിന്റെ ജീവിതവുമായി ബന്ധപ്പെട്ട പനയോല എടുക്കുന്ന കാലതാമസം കാരണമാണ് ഇങ്ങനെ വിശ്രമിക്കാന്‍ ആവശ്യപ്പെട്ടത്. പക്ഷെ ഡോ. നായിക്ക് അവിടെ ഇരുന്നില്ല, പകരം ചുറ്റും നടന്നു കണ്ടു. പത്ത് മിനിറ്റ് കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഭാഗ്യത്തിന് അദ്ദേഹത്തിന്റെ ജീവിതം സംബന്ധിച്ച പനയോല കിട്ടിയതായി ജ്യോതിഷി സന്തോഷത്തോടെ അറിയിച്ചു. ഓല കിട്ടിയെങ്കിലും പല കാരണങ്ങളാല്‍ ഓലയുടെ കാര്യത്തിലും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലും അങ്ങിങ്ങ് ലേശം പിഴവ് വരാനിടയുണ്ടെന്നും അതിനാല്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും ജ്യോതിഷി ആവശ്യപ്പെട്ടു. ഇവയൊക്കെ ശരിയായ പ്രവചനത്തിന് മുമ്പുള്ള പ്രാരംഭചോദ്യങ്ങളാണ്.

തന്റെ ലേഖനത്തില്‍ ഡോ. നായിക്ക് എഴുതുന്നു : ''എവിടെ നിന്ന് വരുന്നു എന്നാണ് ആദ്യം എന്നോട് ചോദിച്ചത്. ഉടുപ്പിയില്‍നിന്നാണെന്ന് മറുപടി പറഞ്ഞപ്പോള്‍ ഓലയിലും അതുതന്നെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നായി ജ്യോതിഷി. ബ്രാഹ്മണനാണോ അല്ലയോ എന്നതായിരുന്നു അടുത്ത ചോദ്യം. ഓലയില്‍ എന്തുപറയുന്നു എന്ന് ഞാന്‍ തിരിച്ചാരഞ്ഞപ്പോള്‍ 'അബ്രാഹ്മണന്‍ ' എന്ന് ഓല പറയുന്നതായി മറുപടി ലഭിച്ചു. ശരിയാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഭൂമി കുലുക്കുന്ന മറ്റൊരു പ്രഖ്യാപനമാണ് അയാള്‍ നടത്തിയത്. അതായത് ഞാന്‍ സസ്യാഹാരിയല്ല! മുന്നോട്ടുപോകാന്‍ ഞാനയാളോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് എന്റെ മാതാപിതാക്കള്‍ ഇരുവരും ജീവിച്ചിരിപ്പുണ്ടെന്ന് അയാള്‍ പ്രഖ്യാപിച്ചു. ഇരുവരും മരിച്ചുപോയെന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഭൂമിയില്‍ അവരുടെ ആത്മാക്കളുടെ സാന്നിധ്യം ഇപ്പോഴുമുണ്ട്. അതുകൊണ്ടാവണം ഇങ്ങനെയൊരു തെറ്റായ നിരീക്ഷണം വന്നതെന്നായി. ഞാനവരെ സ്വര്‍ഗ്ഗത്തേക്ക് വിടാന്‍ ആവശ്യമായ ആചാരിവിധികളൊന്നും യഥാവിധി ചെയ്യാത്തതാണ് കാരണം.

എന്റെ പിതാവ് സര്‍ക്കാര്‍ സര്‍വീസിലായിരുന്നുവെന്നും ഇപ്പോള്‍ വിരമിച്ചു വീട്ടിലാണെന്നുമായി അടുത്ത പ്രഖ്യാപനം. ജീവിച്ചിരുന്നുവെങ്കില്‍ ഈ വിവരം എന്റെ പിതാവിനെ സംബന്ധിച്ചിടത്തോളം ഒരു വാര്‍ത്ത തന്നെയാകുമായിരുന്നു. പിന്നെ പറഞ്ഞത് ഞാന്‍ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണെന്നും ഇപ്പോള്‍ റിട്ടയര്‍ ചെയ്തു കഴിഞ്ഞെന്നുമാണ്(ഇതില്‍ 'റിട്ടയര്‍ ചെയ്തു' എന്നു കണ്ടെത്തിയത് എന്റെ പ്രായം പരിഗണിക്കുന്നപോള്‍ വളരെ പ്രയാസമുള്ള ഒരു നിഗമനമല്ലല്ലോ). മണിപ്പാലിലെ പൈമാരാണ് മണിപ്പാല്‍ യൂണിവേഴിസിറ്റിയിലെ എന്റെ തൊഴില്‍ദാതാക്കള്‍. തങ്ങളുടെ പദവി ഒരു സമ്പന്നവും സ്വാധീനവുമുള്ള കുടുംബം എന്നതില്‍ നിന്ന് സര്‍ക്കാര്‍ തലത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ വളരെയധികം സന്തോഷിച്ചേനെ. അടുത്തത് എന്റെ ജനന തീയതിയെപ്പറ്റിയായിരുന്നു. മകരരാശിയില്‍ ഒരു തിങ്കളാഴ്ചയാണ് എന്റെ ജനനമെന്ന് പറഞ്ഞു. ശരിയോ തെറ്റോ ആണെന്ന് പറയാന്‍ അറിയില്ലെന്ന് ഞാന്‍ മറുപടി കൊടുത്തു. അങ്ങനെയെങ്കില്‍ ഞാനൊരു മുസ്‌ളീമാണെന്നായി അയാളുടെ തൊട്ടടുത്ത പ്രഖ്യപനം!''...ഡോ. നായിക്ക് എഴുതുന്നു.

ജ്യോതിഷിയുടെ സാഹസിക പ്രഖ്യാപനങ്ങളെ കുറിച്ച് ഡോ. നായിക്ക് തുടര്‍ന്നും സരസമായി പ്രതിപാദിക്കുന്നുണ്ട്. ഡോ.നായിക്കിന് സ്വന്തമായി ഒരു വീടുണ്ടെന്നും അവിടെയാണ് താമസിക്കുന്നതെന്നും ജ്യോതിഷി പറഞ്ഞു. പത്തറുപത് വയസ്സ് തോന്നിക്കുന്ന നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്ത ഒരാളെ കണ്ടിട്ട് സ്വന്തമായി വീടുണ്ട്, അവിടെയാണ് താമസിക്കുന്നത് എന്നൊക്കെ പറയുന്നത് ഒരു 'പ്രവചന'മാണെന്ന് ആരും പറയാനിടയില്ലല്ലോ. വീടുണ്ടെന്ന് പറഞ്ഞത് ശരിയാണെങ്കിലും ആ വീട്ടില്‍ തന്നെ അദ്ദേഹത്തിന്റെ പിതാവും വസിച്ചിരുന്നുവെന്ന തുടര്‍പ്രഖ്യാപനം അപ്പാടെ പാളി. ഡോ.നായിക്കിന് രണ്ടു ഭാര്യമാരുണ്ടായിട്ടുണ്ടെന്ന പ്രഖ്യാപനവും അതുപോലെ അബദ്ധമായി. അദ്ദേഹത്തിന് ഇന്നുവരെ ഭാര്യ ഒന്നേയുള്ളു.

എന്നാല്‍ മരിച്ചുപോയ ആദ്യ ഭാര്യയില്‍ രണ്ടു കുട്ടികളുണ്ട്; അവര്‍ക്ക് വേണ്ടിയാണ് വീണ്ടും വിവാഹിതനായത് എന്നൊക്കെ നാഡി ജ്യോതിഷി ഉളുപ്പില്ലാതെ തട്ടിവിട്ടുകൊണ്ടിരുന്നു. നായിക്ക് തടുക്കാന്‍ പോയില്ല പകരം അയാളെ തെറ്റിദ്ധരിപ്പിക്കാന്‍ തീരുമാനിച്ചു. ആദ്യ ഭാര്യ മരിച്ചതല്ല മറിച്ച് സന്താനങ്ങളെ നല്‍കാന്‍ ശേഷിയില്ലാത്തവളായതിനാല്‍ താന്‍ വിവാഹമോചനം നേടുകയായിരുന്നു എന്നും കുട്ടികളെല്ലാം രണ്ടാം ഭാര്യയില്‍ ഉള്ളതാണെന്നും അദ്ദേഹം ജ്യോതിഷിയെ അറിയിച്ചു. ഉടനടി ജ്യോതിഷി ആ വലയില്‍ കുരുങ്ങി നായക്ക് പറഞ്ഞത് അപ്പടി സമ്മതിച്ചു. മാത്രമല്ല തനിക്ക് ചെറിയ തെറ്റു പറ്റിയതായി സമ്മതിക്കുകയും ചെയ്തു!

ഡോ.നായിക്കിന് രണ്ടു സഹോദരന്‍മാരും ഒരു സഹോദരിയുമുണ്ടന്ന ജ്യോതിഷിയുടെ അടുത്ത പ്രവചനം ശരിയായിരുന്നു. പക്ഷെ ആ പ്രസ്താവം തെറ്റാണെന്ന് ഡോ.നായിക്ക് മന:പൂര്‍വം കളവ് പറഞ്ഞപ്പോള്‍ ഒരു സഹോദരനും ഒരു സഹോദരിയും മാത്രമേ ഉള്ളുവെന്ന് മാറ്റിപ്പറഞ്ഞ് ത്രിലോകജ്ഞാനിയായ ജ്യോതിഷി സ്വയം ഇളിഭ്യനായി. നാഡിജ്യോതിഷികള്‍ പിതാവിന്റെ പേര് നേരിട്ട് പറയുമെന്നൊക്കെയാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. പക്ഷെ നേരിട്ട് പറയാതെ പേരിന്റെ ആദ്യക്ഷരമായി പന്ത്രണ്ട് അക്ഷരങ്ങള്‍ അവതരിപ്പിച്ചിട്ട് അതിലേതെങ്കിലും ഒന്നാണ് പിതാവിന്റെ പേരിന്റെ ആദ്യാക്ഷരമെന്നാണ് ഡോ.നായക്ക് കണ്ട ജ്യോതിഷി പ്രഖ്യാപിച്ചത്. ശരിയായ അക്ഷരം പറഞ്ഞ അക്ഷരങ്ങളില്‍ ഇല്ലെന്ന് ഡോ.നായിക്ക് സൂചിപ്പിച്ചപ്പോള്‍ വേറെ പന്ത്രണ്ട് അക്ഷരങ്ങള്‍ അവതരിപ്പിച്ചിട്ട് അതിലേതെങ്കിലും ഒന്നാണോ എന്നായി. പിതാവിന്റെ പേരിന്റെ ആദ്യാക്ഷരം ആ പട്ടികയിലുമില്ലെന്ന് ഡോ.നായിക്ക് പറഞ്ഞതോടെ ജ്യോതിഷി ആകെ വിവശനായി. അര മണിക്കൂര്‍ ഇത്തരം ചോദ്യോത്തരം തുടര്‍ന്നു. അവസാനം ജ്യോതിഷി പറഞ്ഞതൊക്കെ വെറും മണ്ടത്തരങ്ങളാണെന്ന് ഡോ.നായിക്ക് അയാളോട് പറഞ്ഞു. സ്വഭാവികമായും അയാള്‍ക്ക് ദേഷ്യം വന്ന അയാള്‍ നായിക്കിന്റെ ഫലം പറയുന്നതില്‍ നിന്ന് ഈര്‍ഷ്യയോടെ പിന്‍മാറി.

അഞ്ചു വര്‍ഷത്തിന് ശേഷം 2011 ല്‍ നായിക് വീണ്ടും വൈത്തീശ്വര കോവിലില്‍ എത്തിയതിനെപ്പറ്റിയാണ്(See http://nirmukta.com/2011/06/13/the-fraud-of-nadi-jothida/)രണ്ടാമത്തെ ലേഖനം. ഇക്കുറി വേറൊരു ജ്യോതിഷിയുടെ അടുത്താണ് ചെന്നത്. ഒരു ടൂറിസ്റ്റ് ഗൈഡായി വേഷംകെട്ടിയാണ് മറ്റ് മൂന്നു പേരോടൊപ്പമാണ് അദ്ദേഹം ജ്യോതിഷിയെ സന്ദര്‍ശിച്ചത്. സംഘത്തിലെ നാലുപേരും ശരിയായ വ്യക്തിത്വം വ്യക്തമാക്കാതെ വ്യത്യസ്തങ്ങളായ വേഷംകെട്ടിയവരായിരുന്നു. മരിച്ചുപോയ സഹോദരിഭര്‍ത്താവായ മഞ്ചുനാഥിന്റെ പേരാണ് ഡോ.നായിക്ക് ഇപ്രാവശ്യം തന്റെ പേരായി പറഞ്ഞത്. ജ്യോതിഷികള്‍ ഇതെല്ലാം കണ്ണുമടച്ച് വിശ്വസിക്കുകയും അതിനനുസരണമായ ഫലങ്ങള്‍ തട്ടിവിടുകയും ചെയ്തു. അവിടെ നിന്ന് പിന്നീട് ചെന്നെയ്ക്കടുത്തുള്ള മറ്റൊരു പ്രതാപിയായ നാഡി ജ്യോതിഷിയെ കാണാന്‍ പോയതിനെക്കുറിച്ചും ഇതേ ലേഖനത്തില്‍ നായിക്ക് പരാമര്‍ശിക്കുന്നുണ്ട്. ഈ നാഡി ജ്യോതിഷി വലിയ എ.സി മുറിയില്‍ വെച്ചാണ് ഫലം പറഞ്ഞിരുന്നത്. മെച്ചപ്പെട്ട 'ബിസിനസ്സ്' നേടിയെടുത്ത കിടുവാണെന്നര്‍ത്ഥം. പൊതുവെ ഇടുങ്ങിയ, സൗകര്യം തീരെക്കുറഞ്ഞ മുറികളാണ് മിക്ക നാഡിജ്യോതിഷികളുടേയും ഓഫീസ്. നാഡിജ്യോതിഷികളെന്ന് കേട്ടാല്‍ ഏതോ ത്രിലോകജ്ഞാനിമാരായ ദിവ്യ സ്വാമിമാരാണെന്നായിരിക്കും പലരും ധരിക്കുക. വൈത്തീശ്വരന്‍ കോവിലിന് ചുറ്റും ശരിക്കും ഒരു കുടില്‍വ്യവസായം പോലെയാണ് നാഡിജ്യോതിഷം നടത്തിവരുന്നത്. പല ജ്യോതിഷികളും കേരളത്തിലെ ഫുട്പാത്തിലും തെരുവോരങ്ങളിലും കാണുന്ന ത്രിലോകജ്ഞാനികളായ കൈനോട്ടക്കാരെക്കാള്‍ കാഴ്ചയിലും നിലവാരത്തിലും ഒട്ടും ഭിന്നമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. അടിസ്ഥാന വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ഇത്തരത്തിലുള്ള പല 'സ്വാമി'മാരുടേയും മുന്നിലാണ് ഐ.എ.എസ്സു കാരും യു.ജി.സി ക്കാരുമൊക്കെ ചെന്ന് തൊഴുതു കൂപ്പി നില്‍ക്കുന്നത്.

2008 ലെ സന്ദര്‍ശനത്തിന്റെ ആദ്യഘട്ടത്തില്‍ ഓലയെടുക്കാന്‍ വേണ്ടിവരുന്ന ഇടവേളയില്‍ ഒരു നിശ്ചിത സ്ഥാനത്തിരിക്കാന്‍ ജ്യോതിഷി പറഞ്ഞുവല്ലോ. ഇത് പരമാവധി വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്താന്‍ വേണ്ടിയായിരുന്നുവെന്നാണ് പിന്നീട് ഡോ.നായിക്ക് കണ്ടെത്തിയത്. ഭക്തനും കൂടെ വരുന്നവര്‍ക്കും വിശ്രമിക്കാനായി ഒരുക്കിയിരിക്കുന്ന മുറിയില്‍ നടക്കുന്ന സംഭാഷണം ചോര്‍ത്തിയെടുക്കാനായി മുറിയുടെ പുറത്തേക്ക് ഒരു വയര്‍ ഘടിപ്പിച്ചിരുന്നുവത്രെ. ഭക്തനും സംഘവും ഏത് ഭാഷ സംസാരിക്കുന്നവരായാലും അത് മനസ്സിലാക്കി ജ്യോതിഷിയുടെ അടുത്തെത്തിക്കാന്‍ വൈദഗ്ധ്യം സിദ്ധിച്ചവര്‍ ഇത്തരം മഠങ്ങളിലുണ്ടത്രെ. ഭക്തന്റെയും സഹചാരിയുടേയും പ്രതികരണം, അവരുടെ ശരീരഭാഷ എന്നിവയൊക്കെ സസൂക്ഷ്മം വിലയിരുത്തിയ ശേഷം വളരെ സാവധാനമാണ് ജ്യോതിഷി പ്രവചനങ്ങള്‍ നടത്തിയിരുന്നത്. ചോദ്യങ്ങള്‍ മിക്കതും കൃത്യമായ വിവരത്തിലേക്ക് എത്തിക്കുന്ന രീതിയില്‍ ആസൂത്രണം ചെയ്തവയായിരുന്നു. ഉദാ-ജാതി, മതം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍. ജാതിയും മതവും സ്ഥലവും സംബന്ധിച്ച് ഏകദേശധാരണ കിട്ടിയാല്‍ വ്യക്തിപരമായും കുടുംബത്തെ സംബന്ധിച്ചും പൊതുവായ ചില കാര്യങ്ങള്‍ ഊഹിച്ച് പറയാനാവുമല്ലോ.

പൊതുവെ നാഡിജ്യോതിഷത്തില്‍ സ്ഥലനാമം, ഭക്തന്റെ പേര് തുടങ്ങിയവ കണ്ടെത്തുന്നത് പേരിന്റെ ആദ്യാക്ഷരമായി ഒരു കൂട്ടം അക്ഷരങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണല്ലോ. അതില്‍നിന്ന് ആവശ്യമില്ലാത്തവ ബുദ്ധിപരമായ ചോദ്യങ്ങളിലൂടെ പുറന്തള്ളി ക്രമേണ ശരിയായ അക്ഷരത്തിലെത്തിച്ചേരും. ആദ്യ അക്ഷരം ഇങ്ങനെ കണ്ടെത്തി കഴിഞ്ഞാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും അക്ഷരത്തിനും ഇതേ വിദ്യ പ്രയോഗിക്കും.ആദ്യത്തെ ഏതാനും അക്ഷരങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ മുന്‍കൂട്ടി അറിഞ്ഞുവെച്ചിരിക്കുന്ന ജാതി, മതം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ പേര് പറയുകയാണ് പതിവ്. ആന്ധ്രക്കാരനായ ബ്രാഹ്മണനാണെങ്കില്‍ 'വെങ്കിട്ട'യില്‍ തുടങ്ങുന്ന ഏതെങ്കിലും പേരിനായിരിക്കും ജ്യോതിഷി ചൂണ്ടയിടുക. അച്ഛന്‍ മുരുകഭക്തനാണെന്നറിഞ്ഞാല്‍ മുരുകന്റെ പര്യായങ്ങളിലേക്ക് അന്വേഷണം നീളും. ഇവിടെ ആദ്യം ചോദിക്കുന്ന അക്ഷരം തെറ്റാണെന്ന് വന്നാല്‍ ഉടനടി അടുത്ത അക്ഷരം ചോദിച്ച് റിവേഴ്‌സ് ക്വിസ് നടത്താന്‍ മിക്കപ്പോഴും നാഡി ജ്യോതിഷികള്‍ തയ്യാറാവില്ല. പകരം ഭക്തനെ കബളിപ്പിക്കാനായി ചില ലളിതമായ ചോദ്യങ്ങളിലേക്ക് തിരിച്ചുപോകും. ഉദാ-പിതാവ് പാന്റ് ധരിക്കുമായിരുന്നു? മാതാവ് സാരി ഉടുക്കുകമായിരുന്നോ? തുടങ്ങിയ ഇടചോദ്യങ്ങള്‍ക്ക് ശേഷമായിരിക്കും വീണ്ടും അക്ഷരചോദ്യത്തിലേക്ക് തിരിച്ചുവരിക! അപൂര്‍വവും അസാധാരണവുമായ പേരുകള്‍ നാഡിജ്യോതിഷികള്‍ക്ക് വിനയാകാറുണ്ട്. ആണിനും പെണ്ണിനും പൊതുവായി വരുന്ന ചില പേരുകളുടെ കാര്യത്തിലും കാര്യങ്ങള്‍ അത്ര പന്തിയല്ല.

ഭാവി പ്രവചിക്കുമെങ്കിലും ഭൂതകാലം ചികയലാണ് നാഡിജ്യോതിഷത്തിലെ മുഖ്യയിനം. ഒന്നോര്‍ത്താല്‍ ഒരാളുടെ പേരോ പിതാവിന്റെ ജോലിയോ കൃത്യമായി അറിയുന്നതുകൊണ്ട് പ്രസ്തുത വ്യക്തിക്ക് എന്താണ് ഗുണം? നാഡിജ്യോതിഷികളുടെ കൃത്യത സാധൂകരിക്കാനും ഭക്തനില്‍ അത്ഭുതം ഉളവാക്കാനും ഇത് കാര്യമായി പ്രയോജനപ്പെടുമെന്നത് നേരുതന്നെ. പക്ഷെ ഭൂതകാലത്ത് നടന്ന കാര്യങ്ങള്‍ അറിയുന്നത് കൊണ്ട് വഴിപാടും പരിഹാരവും ചെയ്ത് കീശ കാലിയാക്കാമെന്നല്ലാതെ വേറെ പ്രയോജനമൊന്നുമില്ല. ഭൂതകാലത്തെ സംബന്ധിച്ച പ്രഖ്യാപനം പ്രവചനമല്ല. മറിച്ച് നടന്ന കാര്യങ്ങള്‍ തിരിച്ചറിയുക മാത്രമാണ് ചെയ്യുന്നത്. സത്യമായാലും നുണയായാലും അതൊക്കെ സംഭവിച്ച് കഴിഞ്ഞവയാണ്. കൗതുകത്തിന് എത്തുന്നവരെക്കാള്‍ ജീവിതത്തില്‍ കാരണമറിയാതെ പ്രതിസന്ധികളില്‍ പെട്ട് ഉഴലുന്നവരാണ് വിശ്വാസികളാണ് ഭൂതകാലം ചികഞ്ഞുനോക്കാന്‍ വൈത്തീശ്വരന്‍ കോവിലില്‍ എത്തുന്നത്. അവരെയൊക്കെ ദോഷപരിഹാര വഴിപാടുപദ്ധതിയില്‍ അംഗമാക്കി ചൂഷണം ചെയ്യുക വളരെ എളുപ്പമാണ്.

ഡോ. നായിക്ക് പരാമര്‍ശിക്കുന്ന സംഭാഷണം ചോര്‍ത്തല്‍ എല്ലാ നാഡിജ്യോതിഷികളും ഒരു പോലെ അനുവര്‍ത്തിക്കുന്നുവെന്ന് പറയാനാവില്ല. വളരെ ലളിതമായ സൗകര്യങ്ങളുള്ള ജ്യോതിഷാലയങ്ങള്‍ മുതല്‍ എ.സി ജ്യോതിഷാലയങ്ങള്‍ വരെ വൈത്തീശ്വരന്‍ കോവിലിന് ചുറ്റുമുണ്ട്. ജ്യോതിഷിയുടെ നിരക്കിലും സമാനമായ വ്യത്യാസം കാണാനാവും. നായിക്കിന്റെ മാത്രമല്ല പല അനുഭവകഥകളും തട്ടിപ്പുകളിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. സാധാരണ നാഡിജ്യോതിഷം ഒറ്റയടിക്ക് കിറുകൃത്യമായി ഫലപ്രവചനം നടത്തുന്നുവെന്നാണ് വിശ്വാസികള്‍ പൊതുവെ കരുതിയിരിക്കുന്നത്. ചെല്ലുന്നുടനെ പേരും നാളും സ്ഥലവും ജോലിയുമൊക്കെ കൃത്യമായി താളിയോല നോക്കി വായിച്ചു പറയുമെന്നൊക്കെ കരുതുന്നുവെങ്കില്‍ അത് ശരിയല്ല. ശ്രമപ്പെട്ട് ശരീരഭാഷ പഠിച്ചും ശ്രദ്ധാപൂര്‍വം ചോദ്യങ്ങളെറിഞ്ഞും മനസ്സ് വായിച്ചുമാണ് മിക്ക ഫലപ്രവചനങ്ങളും നടത്തുന്നത്. ഇതില്‍ പല പ്രവചനങ്ങളും തെറ്റായിരിക്കുമെങ്കിലും ഭക്തികൊണ്ട് അന്ധനായ ഒരാള്‍ തെറ്റുകള്‍ ന്യൂനീകരിക്കുകയും ശരികള്‍ പര്‍വതീകരിക്കുകയും ചെയ്യും. നാഡി ഓലകളില്‍ എഴുതിയിരിക്കുന്നത് സംസ്‌കൃതത്തില്‍ നിന്ന് തമിഴേലേക്ക് തര്‍ജമ ചെയ്ത കാര്യങ്ങളാണെങ്കിലും അത് വട്ടെഴുത്ത് ലിപിയിലായതിനാല്‍ സാധാരണക്കാര്‍ക്ക് വായിച്ചുമനസ്സിലാക്കാനാവില്ല. ജ്യോതിഷി പറയുന്നത് ഓലയില്‍ എഴുതിയിരിക്കുന്നതാണെന്ന് മനസ്സിലാക്കാന്‍ മാര്‍ഗ്ഗമില്ലെന്നര്‍ത്ഥം. ഈ സൗകര്യം നിലനിറുത്താന്‍ വേണ്ടിയാണ് ഓലയിലുള്ള വിവരം പുതിയ തമിഴ് ലിപിയിലേക്ക് മാറ്റാത്തതെന്ന് കരുതാം. സംസ്‌കൃതം വട്ടെഴുത്തിലാക്കാമെങ്കില്‍ വട്ടെഴുത്ത് പുതിയ ലിപിയിലാക്കാന്‍ പ്രശ്‌നമുണ്ടാകേണ്ട കാര്യമില്ലല്ലോ.

ഏതെങ്കിലും പ്രവചനം തെറ്റുകയാണെങ്കില്‍ മൂന്നുനാല് കാര്യങ്ങളാണ് നാഡിജ്യോതിഷികള്‍ സ്ഥിരം ഉന്നയിക്കുക.

1 ശരിക്കും കൃത്യമായ ഓല കിട്ടിയിട്ടില്ല. ഇക്കാര്യം പലതവണ ആവര്‍ത്തിക്കും. ശരിയായ വിവരം തരാത്തതാണ് കാരണം. അതായത് കുറ്റം ഭക്തന്.

2. ചില സമയങ്ങളില്‍ ദൈവത്തിന് പോലും കൃത്യമായി പ്രവചനം നടത്താനാവില്ല. അതായത് വന്നവന്റെ 'സമയദോഷം'.

3. പറയുന്ന കാര്യം ഈ ജീവിതത്തതില്‍ സംഭവിച്ചിട്ടില്ലെന്നത് ശരിയായിരിക്കാം. പക്ഷെ അതൊക്കെ സംഭവിച്ചിട്ടുണ്ട്, മുന്‍ജന്മത്തിലാണെന്ന് മാത്രം. അതായത് ജ്യോതിഷിക്ക് തെറ്റിയിട്ടില്ല.

ഭക്തന്റെ പ്രതികരണമറിഞ്ഞ് ഫലം പറയുന്ന നാഡിജ്യോതിഷി ഫലത്തില്‍ സ്വന്തം ദയനീയത പരസ്യമാക്കുകയാണ. ജ്യോതിഷി നടത്തുന്ന അനുമാനങ്ങളെല്ലാം ശരിയാണെന്ന് സങ്കല്‍പ്പിക്കുക. പക്ഷെ അപ്പോഴും ജ്യോതിഷി പറഞ്ഞത് തന്നെയാണ് പനയോലയില്‍ എഴുതിയിരിക്കുന്നതെന്ന് തെളിയിക്കപ്പെടേണ്ടതില്ലേ? എന്താണ് ഈ ഓലകളില്‍ ശരിക്കും എഴുതിയിരിക്കുന്നത്? 350 വര്‍ഷം പഴക്കമുള്ള ഓലകളാണെന്ന് കാര്‍ബണ്‍-14 ടെസ്റ്റ് നടത്തി തെളിയിച്ചെന്നുള്ള പ്രചരണമൊക്കെയുണ്ടല്ലോ. ഈ പനയോലകള്‍ തയ്യാറാക്കുന്നതും അതില്‍ വികലമായ പഴംഭാഷയില്‍ എഴുതുന്നതും വൈത്തീശ്വരന്‍ കോവിലിന് ചുറ്റുമുള്ള കതിരമംഗലം(Kathiramangalam), പടഗസാലൈ (Padagasalai) തുടങ്ങിയ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ഗ്രാമീണരാണെന്നാണ് വാര്‍ത്തയുണ്ട്. ഇതിനെപ്പറ്റി ചില ഡോക്കുമെന്ററികളും ടി.വി.പ്രോഗ്രാമുകളും പുറത്തുവന്നിട്ടുണ്ട്. പച്ച പനയോലകള്‍ വെട്ടി ദീര്‍ഘചതുരാകൃതിയില്‍ മുറിച്ചശേഷം തിളച്ച വെള്ളത്തില്‍ പുഴുങ്ങിയെടുക്കുന്നു. പഴക്കം തോന്നിക്കാനായി കൂടെ ചില പദാര്‍ത്ഥങ്ങളും ചേര്‍ക്കുമത്രെ. ശേഷം അതില്‍ തൊഴിലാളികള്‍ തന്നെ എന്തൊക്കെയോ എഴുതുന്നു. 2010 ല്‍ സണ്‍.ടി.വി പ്രക്ഷേപണം ചെയ്ത പരിപാടിയിലും ഇത്തരം തട്ടിപ്പുകള്‍ തെളിവ് സഹിതം വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമമുണ്ട്(https://www.youtube.com/watch?v=-mrup498kbQ). ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ സണ്‍ ടി.വി ക്രിസ്ത്യാനികള്‍ നടത്തുന്ന ചാനലായതിനാല്‍ ഹിന്ദുക്കളെ അപമാനിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്ന ആരോപണമാണ് നാഡിഭക്തര്‍ ഉന്നയിച്ചത്. പഴയ ഓല ജീര്‍ണ്ണിച്ചതിനാല്‍ പകരം പകര്‍പ്പെടുക്കാനാണ് പുതിയ ഓലകളെന്ന ന്യായവും ഉന്നയിക്കപ്പെടുന്നുണ്ട്. പിന്നെയുള്ളത് സ്ഥിരമുള്ള ഒഴികഴിവും: ഗ്രാമീണരെകൊണ്ട് ഓല ഉണ്ടാക്കുന്നവരെല്ലാം വ്യാജ സ്വാമികളാണ്. അസ്സല്‍ സ്വാമികള്‍ക്ക് അതിന്റെ ആവശ്യമില്ല, അവരങ്ങനെ ചെയ്യുകയുമില്ല! നാഡി ജ്യോതിഷം സംബന്ധിച്ച് ചിത്രങ്ങളില്‍ കാണുന്ന ഓലകളെല്ലാം പഴമ തോന്നിപ്പിക്കുമെങ്കിലും യാതൊരു കേടുപാടും ഇല്ലാതെ ദൃഡമായിരിക്കുന്നവയാണ്. കാഴ്ചയ്ക്കുള്ള പഴക്കം മാത്രമല്ല ദൃഡതയും ജീര്‍ണ്ണതയുമൊക്കെ പരിഗണിക്കേണ്ടതുണ്ട്. പൊതുവെ നാഡിജ്യോതിഷികളുടെ പക്കലുള്ള ഓലകള്‍ അത്ര അവശനിലയില്‍ ഉള്ളവയല്ലെന്നതാണ് യാഥാര്‍ത്ഥ്യം. നൂറ് വര്‍ഷമൊക്കെ കഴിയുമ്പോഴേക്കും കൃത്യമായി സൂക്ഷിച്ചാല്‍പോലും പനയോല ഒരു പരുവമാകും.

4000 വര്‍ഷം മുമ്പ് എഴുതപ്പെട്ട ഓലകളാണെങ്കില്‍ എങ്ങനെയാണ് ആധുനികനാഗരികതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ ഓലകളിലുണ്ടാവുക? ഉദാഹരണമായി ഭക്തന് രണ്ട് മോട്ടോര്‍ വാഹനമുണ്ടെന്ന് നാഡി ജ്യോതിഷി പറയുന്നുവെന്നിരിക്കട്ടെ. വ്യക്തികള്‍ക്ക് സ്വന്തമായി യാത്രാവഹാനമൊക്കെ ഉണ്ടാകാന്‍ തുടങ്ങിയിട്ട് കഷ്ടിച്ച് നൂറ് വര്‍ഷമേ ആയുള്ളു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയതെന്ന് പറയുന്ന നാഡിജ്യോതിഷത്തിലും സാദാ ജ്യോതിഷത്തിലും കാര്‍ വാങ്ങുന്ന കാര്യവും തീവണ്ടിയില്‍ യാത്ര ചെയ്ത വിവരവുമൊക്കെ വരുന്നതെങ്ങനെ? നേരെമറിച്ച് കുതിരയുടെയോ കുതിരവണ്ടിയുടെയോ കാര്യമൊന്നും വരുന്നുമില്ല. നാല്‍പ്പത് വയസ്സില്‍ കാര്‍ വാങ്ങുമെന്നും നാല്‍പ്പത്തിയൊന്നില്‍ അപകടം ഉണ്ടാകുമെന്നൊക്കെ തട്ടിവിടുന്നതല്ലാതെ 30 വയസ്സില്‍ കുതിരയെ വാങ്ങുമെന്നോ 35 ല്‍ അതിന്റെ ചിവിട്ടുകൊണ്ട് മരിക്കുമെന്നോ ഒരു ജ്യോതിഷിയും പ്രവചിക്കാറില്ല. എങ്ങനെയാണ് പ്രാചീനഗ്രന്ഥങ്ങള്‍ക്ക് ഇങ്ങനെ ശാസ്ത്രപുരോഗതിയനുസരിച്ച് 'അപ്‌ഡേറ്റ്' ചെയ്യാന്‍ കഴിയുക? അങ്ങനെ സ്വയം പരിഷ്‌ക്കരിച്ചാല്‍ അവ പണ്ട് മഹാമനീഷകള്‍ തിരിച്ചറിഞ്ഞ സത്യങ്ങളാണെന്ന് പറയാനാവുമോ? ആധുനിക ജ്യോതിഷികള്‍ ചുറ്റുപാടുകള്‍ നിരീക്ഷിച്ച് നടത്തുന്ന 'വ്യാഖ്യാന'ങ്ങളാണ് അവയെന്ന് പറയുന്നതല്ലേ കൂടുതല്‍ ഉചിതം?! അങ്ങനെയെങ്കില്‍ പൂര്‍വസൂരികള്‍ എഴുതിവെച്ചത് എന്ന ലേബലില്‍ ഇതൊക്കെ വിറ്റഴിക്കുന്നതിന്റെ സാംഗത്യമെന്ത്?

ആധുനിക നാഗരികത സംബന്ധിയായ എന്തെങ്കിലും കാര്യങ്ങള്‍ (ഉദാ-കാര്‍, കമ്പ്യൂട്ടര്‍, വിമാനം) നാഡിയോലകളില്‍ ഉണ്ടെങ്കില്‍ രണ്ട് നിഗമനങ്ങള്‍ക്കേ സാധുതയുള്ളു. ഒന്നുകില്‍ ആ വാദം നുണയാണ്;ഓലകളില്‍ അങ്ങനെയൊന്നും എഴുതിയിട്ടില്ല. അല്ലെങ്കില്‍ കാറും തീവണ്ടിയുമൊക്കെ സര്‍വസാധാരണമായതിന് ശേഷം എഴുതപ്പെട്ടവയാണ് ഈ ഓലകള്‍. ഇനി അതല്ല ആയിരക്കണക്കിന് വര്‍ഷം മുമ്പ് തന്നെ മനുഷ്യന് കാറും തീവണ്ടിയുമൊക്കെ ഉണ്ടാകുമായിരുന്നു എന്ന പ്രവചനമാണ് ഈ ഓലകളില്‍ ഉള്ളതെങ്കില്‍ ബഹു കേമമായി!! എന്തെന്നാല്‍ ലോകം അവസാനിക്കുന്നതുവരെ, അത്രയും വേണ്ട, എ.ഡി. മൂവായിരത്തിലും നാലായിരത്തിലും മനുഷ്യന്‍ എന്തൊക്കെ ഉപയോഗിക്കുമെന്നും ഏത് ജീവിതശൈലിയായിരിക്കും പിന്തുടരുകയെന്നും ഇതേ ഓലകളില്‍ ഉണ്ടാകും?! അന്നത്തെ സാമൂഹികവ്യവസ്ഥയും ശാസ്ത്രപുരോഗതിയും ജ്ഞാനപദ്ധതികളും ഓലയിലുണ്ടാവും. നോക്കൂ, ഈ നാഡിജ്യോതിഷികള്‍ പരസ്യംകൊടുത്ത് ബോര്‍ഡുംവെച്ച് കേവലം കുടില്‍ വ്യവസായം നടത്തി ജീവിക്കേണ്ടവരാണോ?!

മുന്‍ എം.പി യും ഇപ്പോള്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ യുമായ അബ്ദുള്ളക്കുട്ടിയൊക്കെ നാഡിജ്യോതിഷത്തിന് മുന്നില്‍ മുട്ടുകുത്തിയ മലയാളി പ്രമുഖരുടെ നിരയിലുണ്ട്. ജ്യോതിഷം തട്ടിപ്പാണെന്ന് സമ്മതിക്കുന്നവര്‍ പോലും നാഡിജ്യോതിഷത്തില്‍ എന്തൊക്കെയോ നിഗൂഡത ഉണ്ടെന്ന് വാദിക്കുന്നത് കണ്ടിട്ടുണ്ട്. കേരളത്തിലെ അന്ധവിശ്വാസികള്‍ക്കിടയില്‍ നല്ല മാര്‍ക്കറ്റാണെങ്കിലും തമിഴ്‌നാട്ടില്‍ നാഡിജ്യാതിഷികള്‍ക്ക് പറയത്തക്ക ഖ്യാതിയില്ല. തമിഴ്‌നാട്ടിലെ പല മുഖ്യധാരാ ജ്യോതിഷികള്‍പോലും നാഡിജ്യോതിഷം തട്ടിപ്പാണെന്ന് പറയുന്നത് കാണാം. നാഡിജ്യോതിഷത്തെക്കുറിച്ച് പറയുമ്പോള്‍ പുറമെയുള്ളവര്‍ കാണിക്കുന്ന ആവേശവും തമിഴര്‍ക്കില്ലെന്ന് സാരം.

ഡോ. നായിക്ക് തെറ്റായ വിവരം നല്‍കി ജ്യോതിഷിയെ കുരുക്കിലാക്കിയെന്ന വാദം വിട്ടേക്കുക. തെറ്റായി സൂചനകള്‍ നല്‍കി വഴി മാറ്റിവിട്ടാല്‍ 'ശിവസ്വാമി'മാര്‍ അബദ്ധങ്ങളില്‍ ചെന്നു ചാടുമോ? ഒരു പരീക്ഷണത്തിന് അവര്‍ തയ്യാറാകാത്തിടത്തോളം കാലം അങ്ങനെതന്നെ എന്നു കരുതേണ്ടിവരും. വിരലടയാളത്തിന്റെ കോപ്പിയും ജനനത്തീയതിയും മാത്രം നല്‍കി ഇത്തരത്തില്‍ ആളു മാറി പറഞ്ഞ് നാഡിജ്യോതിഷികളെ കബളിപ്പിച്ച കഥകളുണ്ട്. സാധാരണ ജ്യോതിഷികള്‍ക്ക് മരിച്ചവരുടേയും ജീവിച്ചിരിക്കുന്നവരുടേയും ജാതകം തമ്മില്‍ തിരിച്ചറിയാനാവാത്തതുപോലെ നാഡിജ്യോതിഷികള്‍ക്കും മരിച്ചവരുടേയും ജീവിച്ചിരിക്കുന്നവരുടേയും വിരലടയാളങ്ങള്‍ തമ്മില്‍ തിരിച്ചറിയാനാവില്ല. കൊടികെട്ടിയ ഹസ്തരേഖാവിദഗ്ധര്‍ക്ക് പോലും അത് സാധിക്കില്ലെന്നത് വേറെ കാര്യം. ജനനത്തീയതി കൊടുത്താലും കഥയില്ല. കൈനോട്ടത്തിലെ 'ആയുര്‍രേഖ'(lifeline) നോക്കി മരിച്ചവരെയും ജീവിച്ചിരിക്കുന്നവരേയും പോലും കൃത്യമായി തിരിച്ചറിയാനാവില്ല. നിരന്തരം പോസ്റ്റുമാര്‍ട്ടം ചെയ്യുന്ന സര്‍ജന്‍മാര്‍ പലപ്പോഴും ഇത്തരം അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്(http://news.google.com/newspapers?nid=336&dat=19890618&id=gzspAAAAIBAJ&sjid=IoQDAAAAIBAJ&pg=2894,746246) 'ആയൂര്‍രേഖ'ശരിയാണെന്ന് തെളിയിക്കണമെന്ന് നിര്‍ബന്ധമുളളവര്‍ക്ക് വളരെ എളുപ്പമത് ചെയ്യാനാവും. സെമിത്തേരികളിലും ക്രിമറ്റോറിയങ്ങളിലും വന്നെത്തുന്ന മുഴുവന്‍ ശവങ്ങളുടെ കൈ പരിശോധിച്ച് അതിന്റെ കണക്കുമായി ലോകത്തെ ബോധ്യപ്പെടുത്തിയാല്‍ മതിയാകും. ചെലവില്ലാത്ത ഇത്തരമൊരു പരീക്ഷണത്തിന് ഇന്നുവരെ ഒരു ഹസ്തരേഖാവദഗ്ധനും തയ്യാറാകാത്തതിന്റെ കാരണം സുതാര്യമാണ്. ജ്യോതിഷവും കൈനോട്ടവും ഒരുപോലെ തട്ടിപ്പാണെങ്കില്‍ രണ്ടിന്റേയും വികല മിശ്രണമായ നാഡിജ്യോതിഷത്തിന്റെ ഗതിയെന്താകുമെന്ന് ചിന്തിക്കുക.

നാഡിജ്യോതിഷിയെ തെറ്റിദ്ധരിപ്പിക്കാനാകുന്നതിന്റെ കാരണം വ്യക്തമാണ്. അവര്‍ നിഗമനങ്ങള്‍ സ്വരൂപിക്കുന്നത് ഭക്തന്റെ പ്രതികരണവും ശരീരഭാഷയും മറ്റ് അനുബന്ധ വിശദാംശങ്ങളും ആധാരമാക്കിയാണ്. ട്രാഫിക്ക് പോലീസുകാരനെ നോക്കി വണ്ടിയോടിച്ചാല്‍ പോലീസുകാരന് പറ്റുന്ന അബദ്ധം ഡ്രൈവര്‍ക്കും സംഭവിക്കാം എന്നതുപോലെയാണിത്. ഓല വായിച്ച് അതിലുള്ള ഫലം പറയുകയാണെങ്കില്‍ ഇത്തരം തെറ്റിന് സാധ്യതയില്ല. നാഡി താളിയോലകളില്‍ ചില പൊതു നിരീക്ഷണങ്ങളും മംഗളശ്‌ളോകങ്ങളുമൊക്കെ എഴുതിവെച്ചിട്ടുണ്ടാവാം. പക്ഷെ അവകാശപ്പെടുന്നതുപോലെ ഓരോ വ്യക്തിയേയും സംബന്ധിച്ചുള്ള സൂക്ഷ്മമായ ജീവിതവിവരങ്ങള്‍ അതില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നുവെന്നതിന് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തെളിവില്ല.

(തുടരും.........)

8 comments:

Abhilash A.P said...

Very informative. All doubts cleared.
ഇനി ഒന്നും പറയാനില്ല..!!! :-)

Unknown said...

pinnallaaa...

manupalas said...

Sir,please post in freethinkers

manupalas said...

Sir,please post in freethinkers

പാര്‍ത്ഥന്‍ said...

രവിചന്ദ്രർ, താങ്കൾ നാഡിജ്യോതിഷിയുടെ അടുത്ത് പോയിട്ടുണ്ടോ? ഇതിൽ പറയുന്ന നായിക്ക് ഒരു നാഡിജ്യോതിഷിയുടെ അടുത്ത് പോയിട്ടില്ല. അഥവാ പോയിട്ടുണ്ടെങ്കിൽ അത് തട്ടിപ്പു വീരന്മാരുടെ അടുത്തായിരിക്കും. 1990ൽ ഈ ജ്യോതിഷരീതിയെക്കുറിച്ച് അറിഞ്ഞപ്പോൾ എന്റെ സുഹൃത്തിന്റെ നിർദ്ദേശം അനുസരിച്ച് ഞാനും ഒരിക്കൽ ഒരു നാഡിജ്യോതിഷിയുടെ അടുത്ത് പോയിരുന്നു. ഇവിടെ നായിക്ക് പറയുന്ന രീതിയിലുള്ള ചോദ്യങ്ങളായിരുന്നില്ല അവർ ചോദിച്ചിരുന്നത്. എന്റെ പേര് ഇത്തിരി വലിയതായതുകൊണ്ട് അത് കണ്ടു പിടിച്ചത് ഞാൻ പറഞ്ഞുകൊടുത്തിട്ടുതന്നെയാണെന്ന് എനിക്ക് മനസ്സിലാവുകയും ചെയ്തു. എന്റെ മറ്റു കാര്യങ്ങൾ പറഞ്ഞത് 90%വും തെറ്റായിരുന്നു. നമ്മൾ കല്ല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ കൃത്യ ജാതകം അവർ പറഞ്ഞു തരും എന്നൊക്കെ എനിക്കും വിവരം ലഭിച്ചിരുന്നു. പക്ഷെ എനിക്ക് അവിടന്ന് എഴുതി തന്ന ജാതകവും എന്റെ ഭാര്യയുടെ ജാതകവും തമ്മിൽ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പക്ഷെ ഞങ്ങളുടെ കൂട്ടത്തിൽ തന്നെ പലപ്പോഴായി പരീക്ഷണത്തിനുവേണ്ടി പോയിരുന്ന പലരുടെയും കുറെ വിവരങ്ങൾ കൃത്യമായിരുന്നു. ജ്യോതിഷത്തിൽ ചില നിരീക്ഷണങ്ങൾ നടത്തിയിരുന്ന എന്റെ സുഹൃത്ത് രണ്ടു വർഷം മുമ്പ് മരിക്കുന്നതുവരെ ഇത്തരം വീരന്മാരെ പരീക്ഷിക്കൽ ഞങ്ങളുടെ വിനോദമായിരുന്നു. അദ്ദേഹത്തിന്റ് ജോലി ശരിക്കും പറഞ്ഞിരുന്നു. വചനം ഉരുവിടുന്ന ജോലി ചെയ്യുന്നു എന്നാണ് പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് ചോദ്യങ്ങൾ ഇല്ലാതെ തന്നെ പറഞ്ഞിരുന്നു. വേറൊരു സുഹൃത്തിന്റെ പേര് “ഖപൂർ” (ഗഫൂർ) എന്നു പറഞ്ഞു. വേറൊരു സുഹൃത്തിന്റെ ജോലി പറഞ്ഞത്; ‘ഭൂമിക്കടിയിൽ കൃമികീടാണുക്കളാൽ ഉണ്ടാവുന്ന ദ്രാവകത്തിന്റെ ക്രയവിക്രയമാണെന്നായിരുന്നു’. എന്റെ സുഹൃത്തിന്റെ മകന്റെ ജാതകം ഒരു പ്രത്യേക ഫലം ഉള്ളതാണ്. അത് വായിക്കാൻ തുടങ്ങുമ്പോൾ പറഞ്ഞത്, ഈ ഓല വായിക്കുന്നതിനുമുമ്പ് അമ്പലത്തിൽ വിളക്കുവച്ച് പ്രാർത്ഥിച്ചതിനുശേഷമെ വായിക്കാൻ പാടുള്ളൂ എന്ന് ഗുരു എഴുതിവച്ചിട്ടുണ്ട് എന്നാണ്. അല്ലെങ്കിൽ വിവരം അറിയും എന്ന് സൂചനയുണ്ടായിരുന്നു. തട്ടിപ്പ് എല്ലായിടത്തും ഉണ്ട്. എന്റെ കാര്യത്തിലും ഞാൻ കബളിപ്പിക്കപ്പെടുകയായിരുന്നു. പക്ഷെ എല്ലാവരും ആ കൂട്ടത്തിൽ പെടുന്നില്ല. അതു മാത്രമല്ല, വ്യക്തമായി പരിശോധിച്ചാൽ മാറാരോഗങ്ങൾക്കുള്ള ചികിത്സ പോലും അതിൽ കുറിച്ചിട്ടുണ്ട്. അത് നോക്കാൻ വേണ്ടി മാത്രം പലരും അവിടെ വരുന്നത് കാണാൻ കഴിഞ്ഞു. വിമർശിക്കുമ്പോൾ ഒന്നുരണ്ടു പേർ ഇതെല്ലാം നിരീക്ഷിച്ചതിനുശേഷം തട്ടിപ്പാണെങ്കിൽ തട്ടിപ്പെന്നും എന്തെങ്കിലും ശരിയുണ്ടെങ്കിൽ അതും എഴുതാൻ ശ്രമിക്കൂ.

പാര്‍ത്ഥന്‍ said...

എന്റെ സുഹൃത്ത് ആദ്യം പഠിക്കാൻ തുടങ്ങിയത് കൈരേഖാശാസ്ത്രം ആയിരുന്നു. പക്ഷെ അതിലും അദ്ദേഹം നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നിരവധി നടത്തിയിരുന്നു. അദ്ദേഹത്തിന് എന്നും ആവേശം ഉണ്ടായിരുന്നത് മരണം അറിയാനായിരുന്നു. അതിനായി മോർച്ചറിയിൽ വരുന്ന മൃതദേഹത്തിന്റെ രണ്ടു കയ്യിന്റെയും രേഖകൾ മോർച്ചറി സൂക്ഷിപ്പുകാരന് കാശുകൊടുത്ത് മഷി തേച്ച് എടുപ്പിക്കുമായിരുന്നു. ഒരാളുടെ ജീവിതത്തിലെ 5-10 ശതമാനം കാര്യങ്ങൾ മാത്രമെ കൈരേഖയിൽ നിന്നും മനസ്സിലാക്കാൻ കഴിയൂ എന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

Mridhul Sivadas said...
This comment has been removed by the author.
രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട മി. പാര്‍ത്ഥന്‍ ,

തീര്‍ച്ചയായും ഞാന്‍ വൈത്തീശ്വരന്‍ കോവിലില്‍ പോയി നാഡിജ്യോതിഷം പരിശോധിപ്പിച്ചിട്ടില്ല. ഇതു സംബന്ധിച്ച് വായിക്കുകയും പലരുടേയും അനുഭവങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ പൂര്‍ണ്ണമായും വസ്തുനിഷ്ഠമാണെന്ന് അവകാശപ്പെടുന്നില്ല. അതെ പലരും പല ചോദ്യങ്ങളും രീതിശാസ്ത്രങ്ങളുമാണ് പിന്തുടരുന്നത്. നായിക്കിനോട് ഇടപെട്ട രീതിയില്‍ അല്ലാത്ത അനുഭവം പലരും വിവരിച്ച് കേട്ടിട്ടുണ്ട്. പക്ഷെ ഭൂരിപക്ഷവും പ്രവചനത്തില്‍ തൃപ്തരല്ലെന്നാണ് കണ്ടിട്ടുള്ളത്. കൃത്യമായ ഫലം ലഭിച്ചുവെന്ന് പറഞ്ഞ പല കേസുകളും തുടര്‍ ചോദ്യങ്ങളില്‍ വെറും സങ്കല്‍പ്പമാണെന്ന് തെളിയിക്കാനായിട്ടുണ്ട്. ഒരു ശരാശരി അന്ധവിശ്വാസിയുടെ മസ്തിഷ്‌ക്കപ്രക്രിയ മാത്രമായി അവയൊക്കെ തോന്നുകയും ചെയ്തു. പ്രവചനം എല്ലാം തെറ്റാണെന്ന് അഭിപ്രായമില്ല. എല്ലാം തെറ്റാക്കുവാന്‍ അസമാന്യശേഷി വേണമല്ലോ! കുറെയൊക്കെ സാമാന്യബുദ്ധി ആധാരമാക്കി ആര്‍ക്കും പറയാവുന്ന കാര്യങ്ങള്‍ തന്നെ. ശരികളെക്കാള്‍ കൂടുതല്‍ തെറ്റാണെന്നാണ് കണ്ടിട്ടുള്ളത്.

താത്ത്വികമായി തന്നെ ഇത് തട്ടിപ്പാണെന്ന ഉറച്ച നിലപാടാണുള്ളത്. പ്രചരിപ്പിക്കുന്നതുപോലെ പ്രവചനം നടത്താന്‍ കവിയണമെങ്കില്‍ വൈത്തീശ്വരന്‍ കോവിലിലെ നാഡി തൊഴിലാളികളൊക്കെ അത്ഭുതജന്മങ്ങളായിരിക്കണം. അവരില്‍ ചിലരെ നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട്. നാട്ടിലെ കൈ നോട്ടക്കാരെക്കാള്‍ ഒട്ടും ഭേദമല്ലെന്ന് മാത്രമേ തോന്നിയിട്ടുള്ളു. പരിചയപ്പെട്ട ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേര് ചോദിച്ചപ്പോള്‍ കരുണാനിധി എന്നാണ് എന്നോട് പറഞ്ഞത്. അത്രയ്ക്കുണ്ട് ഈ അതീന്ദ്രരിയജ്ഞാനികളുടെ ഇഹലോകവിവരം. പിന്നെ താങ്കള്‍ പറയുന്നതുപോലെ നല്ലവരും കെട്ടവരുമുണ്ട് എന്ന വാദമൊന്നും ഇവിടെ പ്രസക്തമല്ല. അത്തരത്തില്‍ സംസാരിച്ചാല്‍ ഏതൊരു ദുരാചാരവും നമുക്ക് സംരക്ഷിക്കാനാവും. കള്ള ശിവസ്വാമിമാരും നല്ല ശിവസ്വാമിമാരുമുണ്ടെന്ന് കരുതുന്നില്ല. അത് നല്ല ആള്‍ദൈവങ്ങളും മോശം ആള്‍ദൈവങ്ങളുമുണ്ടെന്ന് പറയുന്നതുപോലെയേ ഉള്ളൂ. ആള്‍ദൈവങ്ങള്‍ അസ്സലും വ്യാജവുമില്ല. പിടിക്കപ്പെട്
ടവരും പിടിക്കപ്പെടാത്തവരും. ശിവസ്വാമിമാരുടെ കഥയും സമാനം. വിശദമായ കമന്റിന് വളരെ നന്ദി. വിശദാംശങ്ങള്‍ ഉണ്ടെങ്കില്‍ തുടര്‍ന്നെഴുക.Welcome.
സസ്‌നേഹം
RC