ശാസ്ത്രം വെളിച്ചമാകുന്നു

Digital clock

Saturday, 6 October 2012

39. ജ്യോതിഷഗൈനക്കോളജി


ജ്യോതിഷ പ്രവചനങ്ങളില്‍ പലരേയും ഹരംകൊള്ളിക്കുന്ന ഒരിനമാണ് നവജാതശിശുക്കളുടെ ലിംഗനിര്‍ണ്ണയം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈയിനത്തില്‍ ജ്യോതിഷികള്‍ക്ക് നടവരവ് താരതമ്യേന കുറവായിരുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം സര്‍ക്കാര്‍ കര്‍ക്കശമാക്കിയതോടെയാണ് ജ്യോതിഷികള്‍ക്ക് പണി കൂടി. ലിംഗനിര്‍ണ്ണയത്തെപ്പറ്റി ജ്യോതിഷികള്‍ തന്നെ പരസ്പരം പറഞ്ഞു ചിരിക്കുന്ന ഒരു തമാശക്കഥയുണ്ട്. അത് ഏതാണ്ടിങ്ങനെ: 

രണ്ട് പെണ്‍കുട്ടികളുണ്ടായിരുന്ന ഒരു നാടുവാഴി തന്റെ അധികാരത്തിന് ഒരു പിന്തുടര്‍ച്ച കാംക്ഷിച്ച് ഒരു ആണ്‍കുഞ്ഞിന് വേണ്ടി പൂജാദികര്‍മ്മങ്ങളും ഹോമാദിപ്രദക്ഷണങ്ങളും നടത്തി അതികഠിനമായി യത്‌നിച്ചു. അനുഷ്ഠാനത്തിന്റെ കഠിന്യം കൊണ്ടാകണം അധികംവൈകാതെ ടിയാന്റെ ഭാര്യ ഗര്‍ഭിണിയായി. തുടര്‍ന്നങ്ങോട്ട് 24 X 7 പ്രാര്‍ത്ഥനയും വഴിപാടുമായി നായകന്‍ സ്വയം ഹോമിക്കുകയായിരുന്നുവത്രെ. അവസാനം മാനസികസമ്മര്‍ദ്ദം താങ്ങാനാവാതെ വന്നപ്പോള്‍ നാട്ടിലെ മുഖ്യജ്യോതിഷിയെ തന്നെ അഭയം പ്രാപിച്ചു. ജ്യോതിഷി കവടി നിരത്തി ഉഗ്രന്‍ ഭാവാഭിനയംതന്നെ കാഴ്ചവെച്ചു. പ്രപഞ്ചരഹസ്യം തിരിച്ചറിഞ്ഞവന്റെ വിഹ്വലത മുഖത്ത് കളിയാടി. ആദ്യമൊക്കെ വല്ലാത്ത ഗൗരവഭാവം- പിന്നെ മ്‌ളാനത- പിന്നെ നിസംഗത-മെല്ലെ പ്രസന്ന ഭാവം. കഥാനായകന്‍ പിരിമുറുക്കം കൊണ്ട് ഉരുകിയില്ലാതാകുമെന്ന അവസ്ഥ. അവസാനം പ്രഖ്യാപനം വന്നു- കുഞ്ഞ് ആണായിരിക്കും!

നാടുവാഴി ജ്യോതിഷിയെ അതിഗാഡമായി ആലിംഗനം ചെയ്തു. ഒരു ചാക്കു നിറയെ ധാന്യവും പ്രത്യകസമ്മാനവും നല്‍കി. സന്തോഷവാര്‍ത്ത കേട്ട് ഭാര്യയും മറ്റുള്ളവരും ആഹ്‌ളാദത്തിമിര്‍പ്പിലായി. പക്ഷെ ഭാര്യ പ്രസവിച്ചപ്പോള്‍ നാടുവാഴിക്ക് വീണ്ടും പെണ്‍കുഞ്ഞ്. അമര്‍ഷം അടക്കാനാവാതെ നാടുവാഴി ജ്യോതിഷിയെ കാണാന്‍ ചെന്നു. ജ്യോതിഷി പറഞ്ഞു:
''ദയവായി അങ്ങ് ഇവിടെക്കിടന്ന് ബഹളമുണ്ടാക്കരുത്. കുട്ടി പെണ്ണായിരിക്കുമെന്ന് എനിക്ക് അന്നുതന്നെ പിടി കിട്ടിയിരുന്നു. ജ്യോതിഷം സത്യമാണ്. പക്ഷെ സത്യംപറഞ്ഞാല്‍ ഉള്‍ക്കൊള്ളാനാവാത്ത നിലയിലായിരുന്നു അങ്ങപ്പോള്‍. സത്യമറിഞ്ഞാല്‍ ഒരുപക്ഷെ നിങ്ങള്‍ ഹൃദയംപൊട്ടി മരിച്ചുപോകുമായിരുന്നു. അതുകൊണ്ടാണ് സമാശ്വസിപ്പിക്കാനായി ആണ്‍കുട്ടിയായിരിക്കും എന്നു ഞാന്‍ പറഞ്ഞത്. ഞാന്‍ പറയുന്നതില്‍ സംശയമുണ്ടെങ്കില്‍ അങ്ങയുടെ വീടിന്റെ മുന്‍വശത്തെ ഉത്തരത്തിന്റെ വടക്ക് വശത്ത് ചെന്നു തപ്പിനോക്കുക. ഞാനവിടെ ഒരു തകിടില്‍ യഥാര്‍ത്ഥഫലം എഴുതിവെച്ചിട്ടുണ്ട്.''

നാടുവാഴി വീട്ടില്‍ച്ചെന്ന് ജ്യോതിഷി സൂചിപ്പിച്ച സ്ഥാനത്ത് തപ്പിനോക്കിയപ്പോള്‍ അവിടെ ഒരു തകിടുണ്ട്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.''പെണ്‍കുഞ്ഞ്. ദൈവത്തിന്റെ അനുഗ്രഹം''. ഇതോടെ നാടുവാഴിയുടെ ജ്യോതിഷവിശ്വാസം മൂന്നിരിട്ടിയും ജ്യോതിഷിയുടെ ഖ്യാതി നാലിരിട്ടിയുമായി എന്നാണ് കഥ.
സാമാന്യബുദ്ധിയുള്ള ആര്‍ക്കും ജ്യോതിഷി എന്താണിവിടെ ചെയ്യുന്നതെന്ന് മനസ്സിലാകും. തകിടില്‍ എഴുതിവെച്ചിരിക്കുന്ന വാചകം തന്ത്രപൂര്‍വം തയ്യാറാക്കിയതാണ്. ഒറ്റനോട്ടത്തില്‍ അതൊരു പ്രവചനമാണെന്ന് തോന്നില്ല. പക്ഷെ കുഞ്ഞിന്റെ ലിംഗനിര്‍ണ്ണയം തേടി നടക്കുന്ന ജ്യോതിഷവിശ്വാസിക്ക് അത് 100 ശതമാനം കൃത്യതയുള്ള പ്രവചനമായിരിക്കും! കുട്ടി ആണായാല്‍ അതിന്റെ പേരില്‍ സമ്മാനവും കീര്‍ത്തിയും ഉറപ്പ്; പെണ്ണായാലും അതുതന്നെ സംഭവിക്കുന്നു. കുട്ടി ആണായാല്‍ തകിട് സൗകര്യം കിട്ടുമ്പോള്‍ അയാള്‍ക്ക് തന്നെ എടുത്തുമാറ്റാം. മാറ്റിയില്ലെങ്കില്‍പ്പോലും അതയാളാണ് എഴുതിയതെന്നതിനോ നാടുവാഴിയുടെ ഭാര്യയുടെ മൂന്നാം പ്രസവത്തിനെക്കുറിച്ചാണെന്നതിനോ യാതൊരു തെളിവുമുണ്ടാകില്ല. പ്രസവത്തിന് മുമ്പ് നാടുവാഴി ഈ തകിട് കണ്ടുപിടിച്ച് എഴുതിയിരിക്കുന്നത് വായിച്ച് അത് ജ്യോതിഷിയുടെ തന്ത്രമല്ലേ എന്ന് ചിന്തിച്ച് അയാളെതന്നെ ചോദ്യം ചെയ്താലേ എന്തെങ്കിലും പ്രശ്‌നമുള്ളു. പക്ഷെ അത്രമാത്രം യുക്തിബോധവും ഭാവനാശേഷിയും നാടുവാഴിക്കുണ്ടെങ്കില്‍ അയാള്‍ ആ ജ്യോതിഷിയുടെ അടിമയായി ജീവിക്കില്ല. അതായത് എങ്ങനെവീണാലും ജ്യോതിഷി നാലുകാലില്‍ !

ലിംഗനിര്‍ണ്ണയപ്രവചനത്തിന് വില കല്‍പ്പിക്കുന്നവരെ നമിക്കണം. ഏറ്റവുംകുറഞ്ഞത് 50 ശതമാനം വിജയസാധ്യത അതില്‍ ആദ്യമേയുണ്ട്. കുടുംബപശ്ചാത്തലം, മുന്‍പ്രസവങ്ങളുടെ ചരിത്രം, ബന്ധുജനങ്ങളുടെ പൊതുചരിത്രം, കുട്ടിയുടെ ചലനം സംബന്ധിച്ച് അമ്മ നല്‍കുന്ന വിവരണങ്ങള്‍, സ്ഥിതിവിവരക്കണക്ക് പ്രകാരമുള്ള ഒരു പൊതു ശരാശരി- ഇവകൂടി പരിഗണിച്ചാല്‍ ഇത് നിസ്സാരമായി 60-65 ശതമാനമാക്കി മാറ്റാം. അതായത് നിങ്ങള്‍ 100 പ്രവചനം നടത്തുമ്പോള്‍ ഏറ്റവും കുറഞ്ഞത് 60 എണ്ണം ശരിയാകുന്നു. തെറ്റുന്ന പ്രവചനത്തിന് വ്യാഖ്യാനം പമ്പ് ചെയ്തുകൊടുത്താല്‍ മതി. വിശ്വാസിയായ ഘോരജീനിയസ് അതില്‍ തൃപ്തനായിക്കൊള്ളും.

''ആണാണെങ്കില്‍ മാത്രം ചോദിച്ചാല്‍ മതി''എന്നു പറഞ്ഞ് അടുത്തിടെ ഒരു സുഹൃത്തിനെ ഒരു ജ്യോതിഷി അനുഗ്രഹിച്ചതോര്‍ക്കുന്നു. അതായത് കുഞ്ഞ് പെണ്ണാകാനാണ് സാധ്യത, മറിച്ച് ആണാണെങ്കില്‍ മാത്രം തന്നെ വന്നുകണ്ടാല്‍ മതി എന്നു വിവക്ഷ. ഇന്ത്യയെ പോലൊരു അവികസിതസമൂഹത്തില്‍ ആണ്‍കുട്ടികള്‍ വേണമെന്ന് ഇഷ്ടദൈവത്തെ ധരിപ്പിക്കാനായിരിക്കും മിക്ക മാതാപിതാക്കളും തങ്ങളുടെ മതാരാധനയുടെ നല്ലൊരു പങ്ക് ഊര്‍ജ്ജവും ചെലവഴിക്കുക. കുഞ്ഞിനെ തരണെ എന്നുമാത്രമല്ല അത് ആണായിരിക്കണേ എന്നു കൂടിയായിരിക്കും 80 ശതമാനം സ്ത്രീകളും പ്രാര്‍ത്ഥിക്കുന്നത്. കാരണം നമ്മുടെ സമൂഹം ആവശ്യപ്പെടുന്നത് അതാണ്. ഇതില്‍ ഏതാണ്ട് പകുതി ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ ഒട്ടുമിക്ക ദൈവങ്ങള്‍ക്കും സാധിക്കാറുമുണ്ട്. ഉറപ്പില്ലാത്തതിനാല്‍''ആണായാലും പെണ്ണായാലും മതി''എന്ന പരസ്യനിലപാട് സ്വീകരിക്കാന്‍ ബുദ്ധി കാണികുമ്പോഴും പ്രാര്‍ത്ഥനസമ്മര്‍ദ്ദം ആണ്‍കുട്ടിക്ക് വേണ്ടിയായിരിക്കും. പെണ്ണാകുമെന്ന് പ്രവചിച്ചിട്ടുണ്ടെങ്കിലും ഇനി അഥവാ ആണ്‍കുട്ടിയാണ് പിറക്കുന്നതെങ്കില്‍ തന്നെ വന്നു കണ്ടാല്‍ ഉചിതമായ വ്യാഖ്യാന-വിശദീകരണങ്ങള്‍ ലഭ്യമാക്കാം എന്നാണ് ജ്യോതിഷിയുടെ വാഗ്ദാനം. ഗത്യന്തരമില്ലാതെ വന്നാല്‍ ഗണിച്ചത് തെറ്റിയെന്നോ അപഹാരം കണ്ടില്ലെന്നോ പറഞ്ഞ് തടയിയൂരാം. വിശ്വാസി അപ്പോഴും സംശയങ്ങളും ആരാധനയുമായി ശ്വാസംമുട്ടി നില്‍ക്കും.

ശിശുവിന്റെ ലിംഗം തീരുമാനിക്കപ്പെടുന്നത് ബീജസങ്കലനവേളയിലാണ്. മാസങ്ങള്‍ക്ക് ശേഷമായിരിക്കും മിക്കപ്പോഴും ജ്യോതിഷികള്‍ ഇത് കണ്ടെത്തുക. ആദ്യം ഗര്‍ഭം ഉണ്ടെന്നും അത് ഉറച്ചെന്നു ഉറപ്പിക്കണ്ടേ!! ശരീരശാസ്ത്രം പഠിക്കാതെ ഗര്‍ഭം ഉറപ്പിക്കാന്‍ ഗ്രഹങ്ങള്‍ക്കും സാധിക്കില്ലല്ലോ! പക്ഷെ ഒരിക്കല്‍ ഗര്‍ഭം സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ ലിംഗനിര്‍ണ്ണയം ജ്യോതിഷി ധൈര്യമായി ഏറ്റെടുക്കും. മാതാവിന്റെ ആരോഗ്യം അല്‍പ്പം മോശമാണെന്ന് തോന്നിയാല്‍.''ശരീരം ശ്രദ്ധിക്കണം, അങ്ങിങ്ങായി ചെറിയ ചില തടസ്സങ്ങള്‍ കാണുന്നുണ്ട്'' എന്ന് ജ്യോതിഷി പറഞ്ഞുകഴിഞ്ഞാല്‍ ഗര്‍ഭിണിയായ മാതാവ് ഇഷ്ടസീരിയലുകള്‍ പോലും നിര്‍ദ്ദയം ത്യജിച്ച് 'പരിഹാരക്രിയ'കളില്‍ വ്യാപൃതയാകും. കുഴപ്പമൊന്നുമില്ലാതെ പ്രസവിച്ചാലും സങ്കീര്‍ണ്ണതകളോടെ പ്രസവിച്ചാലും ജ്യോതിഷി ഹിറ്റാവും. ഭര്‍ത്താവിന്റെയും ഭാര്യയുടേയും തലയുടെ വലുപ്പവും ശരീരഭാരവും നിരീക്ഷിച്ച്''പ്രസവം സിസേറിയനായിരിക്കും''എന്ന് പ്രവചിച്ച് 90 ശതമാനം വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു ജ്യോതിഷിയെ നേരിട്ടറിയാം! ''പ്രസവം സിസേറിയനായിരിക്കും''എന്ന് ജ്യോതിഷി പറഞ്ഞുകഴിഞ്ഞാല്‍ സാധാരണപ്രസവത്തിന് 99 ശതമാനം ഗര്‍ഭിണികളും വിസമ്മതിക്കുമെന്നത് ഒരു 'ശാസ്ത്രസത്യം' മാത്രം! ഭയം വിശ്വാസത്തിന്റെ പെറ്റമ്മയാകുന്നു; അജ്ഞത പോറ്റമ്മയും. ഇതറിയുന്ന ജ്യോതിഷിക്ക് ഒരിക്കലും കാലിടറില്ല.

''ഭൂതവുംഭാവിയും വര്‍ത്തമാനവും പ്രവചിക്കും''എന്ന പരസ്യ വാചകത്തില്‍ ഭാവിയെ സംബന്ധിച്ച നിരീക്ഷണം മാത്രമേ സാങ്കേതികാര്‍ത്ഥത്തില്‍ 'പ്രവചന'മാകുന്നുള്ളു. ഭൂതകാലം അറിയാന്‍ ജ്യോതിഷിക്ക് കഴിയുമെങ്കില്‍ ജീവോത്പത്തി, പ്രപഞ്ചോത്പത്തി, യേശുവിന്റെ ജന്മരഹസ്യം തുടങ്ങിയവയൊക്കെ അയാള്‍ക്ക് കേവലം കുട്ടിക്കളിയായിരിക്കും. ജ്യോതിഷം ഒരുതരം 'ശാസ്ത്ര'മാണെന്ന് വാദിക്കുന്നവര്‍ ശാസ്ത്രസമസ്യങ്ങള്‍ നിര്‍ധാരണം ചെയ്യുന്നതിലേക്കും ആയതിന്റെ സേവനം വിട്ടുകൊടുക്കാന്‍ ദയ കാട്ടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്(തുടരും) 

12 comments:

Roshan PM said...

തെറ്റുന്ന പ്രവചനത്തിന് വ്യാഖ്യാനം പമ്പ് ചെയ്തുകൊടുത്താല്‍ മതി. വിശ്വാസിയായ ഘോരജീനിയസ് അതില്‍ തൃപ്തനായിക്കൊള്ളും. - :)

Mridhul Sivadas said...

ജ്യോതിഷം ശാസ്ത്രമാണെങ്കില്‍ എന്താണ് ശാസ്ത്രം അല്ലാത്തത്?

സുരേഷ് ബാബു വവ്വാക്കാവ് said...

സർ, എന്തിന് സാധാരണക്കാരെ പറയണം. മൂന്ന് ദിവസങ്ങൾക്ക് മുൻപ് ഒരു ഡോക്ടർ“സിസേറിയൻ വേണം, നല്ല നാൾ നോക്കി വരൂ” എന്ന് പറഞ്ഞതായി അറിഞ്ഞു. [താങ്കളുടെ സ്ഥലത്തെ(കൊട്ടാരക്കര) ഒരു സ്വകാര്യ ആശുപത്രിയിലെ വനിതാ ഗൈനക്കോളജിസ്റ്റാണ് പറഞ്ഞത്]പക്ഷെ നാള് നോക്കി ചെല്ലുന്നതിനു മുൻപെ തന്നെ സിസേറിയൻ ചെയ്യേണ്ടിവന്നു.

Abhinand said...

4000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുരാതന ബാബിലോണിയയിലെ നായാടി സമൂഹങ്ങളില്‍ നിലനിന്ന ജ്യോതിഷ ആശയങ്ങളില്‍ നിന്നും കടം കൊണ്ട് ഉണ്ടായതാണ് നമ്മുടെ ഭാരതീയ ജ്യോതിഷം. പ്രപഞ്ച പ്രതിഭാസങ്ങളെ പറ്റി ഒരു അന്തവും കുന്തവും ഇല്ലാതിരുന്ന ആ ഗോത്രങ്ങള്‍, വിചിത്ര സാങ്കല്പിക ജീവികളെ ആരാധിച്ചും, നരബലിയും മൃഗ ബലിയും പോലുള്ള സുന്ദര വിനോദങ്ങളില്‍ ഏര്‍പെട്ടും കഴിഞ്ഞിരുന്നത് മനസിലാക്കാം. പക്ഷെ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ നമ്മുടെ പ്രബുദ്ധ കേരളത്തില്‍ ഒരു വിവാഹമോ പേരിടല്‍കര്‍മ്മമോ നടക്കണമെങ്കില്‍ പുരാതന ബാബിലോണിയയിലെ ആദിവാസി മൂപ്പന്മാര്‍ കണ്ടെത്തിയ ജാതക പൊരുത്തവും നാള്‍പൊരുത്തവും കൂടിയേ തീരു എന്ന വിചിത്ര സത്യം തിരിച്ചറിയുമ്പോള്‍ ആണ് എന്ത് കൊണ്ട് നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തില്‍ ഉടനീളം ഒരു ആഗോള ചന്തയായി നിലനില്‍ക്കുന്നു എന്ന് നമ്മള്‍ തിരിച്ചറിയുകയുള്ളൂ.

ശ്രീജിത് കൊണ്ടോട്ടി. said...

മികച്ച പോസ്റ്റ്‌ രവിചന്ദ്രന്‍ സാര്‍..,.. ചര്‍ച്ച വീക്ഷിക്കുന്നു..

Biju V Krishnan said...

Abhinand said... ഭാരതീയ ജോതിഷ്യം 4000 വർഷങ്ങൾക്കും എത്രയോ മുമ്പുള്ളതാണെന്ന് നിങ്ങൾ അറിയുന്നത് നന്നായിരിക്കും

satheesh said...

Blogger Biju V Krishnan said...

Abhinand said... ഭാരതീയ ജോതിഷ്യം 4000 വർഷങ്ങൾക്കും എത്രയോ മുമ്പുള്ളതാണെന്ന് നിങ്ങൾ അറിയുന്നത് നന്നായിരിക്കും.........................ഈ ദിവ്യ ജ്ഞാനം എവിടുന്നു കിട്ടി എന്നു അറിഞ്ഞാല്‍ കൊള്ളാം സര്‍

Abhinand said...

അറിഞ്ഞതില്‍ സന്തോഷം...

രവിചന്ദ്രന്‍ സി said...

iju V Krishnan said...
Abhinand said... ഭാരതീയ ജോതിഷ്യം 4000 വർഷങ്ങൾക്കും എത്രയോ മുമ്പുള്ളതാണെന്ന് നിങ്ങൾ അറിയുന്നത് നന്നായിരിക്കും

>> വിശദീകരിക്കുമല്ലോ.

ശ്രീക്കുട്ടന്‍ said...

തകര്‍പ്പന്‍ ലേഖനം...

JayanKR said...

വളരെ നല്ല ലേഖനങ്ങള്‍
മനുഷ്യന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന ഒരുപാടു പ്രസ്ഥാനങ്ങളുണ്ട്. അതില്‍ പ്രധാനം ആണ് ദൈവം ഉണ്ട് എന്നുള്ള വിശ്വാസം. യഥാര്‍ഥത്തില്‍ ഈശ്വരവിശ്വാസത്തിന്റെ പോഷക നദികളാണ് ജ്യോതിഷം മഷിനോട്ടം, വാസ്തു, തുടങ്ങിയവ എല്ലാം. ദൈവ സങ്കല്പം ഇല്ലാതെ ജ്യോതിഷാദികള്‍ക്കൊന്നും ഇന്ന് പിടിച്ചു നില്‍ക്കാനാകില്ല. ഇതിന്റെ യുക്തിയില്ലായ്മയോ അശാസ്ത്രീയതയോ ഒന്നും ഇരുട്ട് കയറിയ വിശ്വാസിയുടെ മനസ്സിലേക്ക് കയറില്ല. ഇരുട്ട് നിറഞ്ഞ മനസ്സില്‍ ഇരുട്ട് മാത്രമേ അവര്‍ക്ക് പഥ്യമായിട്ടുള്ളൂ. വെളിച്ചം കയറണമെങ്കില്‍ "എന്ത് കൊണ്ടു" എന്നു ചിന്തിക്കാനുള്ള അതല്ല ചിന്തിച്ചു ബുദ്ധിമുട്ടാനുള്ള ഒരു മനസ്സ് വേണം. അന്ധവിശ്വാസിയാകാന്‍ ചിന്തിക്കാത്ത ഒരു മനസ്സ് മാത്രം മതിയാകും. ഇതിനു മാറ്റം വരാത്ത കാലത്തോളം സാര്‍ പണ്ടു പറഞ്ഞതുപോലെ പരമ്പരാഗതമായി കൈകളില്‍ എത്തിച്ചേരുന്ന ചട്ടിക്കുള്ളില്‍ എന്താണെന്ന് നോക്കാന്‍ തയ്യാറാകാത്തവരുടെ പക്ഷം എണ്ണത്തില്‍ വര്‍ദ്ധിച്ചു നില്‍ക്കുന്ന കാലത്തോളം ഈ ജ്യോത്സ്യകൃമികള്‍ സമൂഹത്തിന്റെ ഊര്‍ജം ഊറ്റിക്കുടിക്കുക തന്നെ ചെയ്യും. അവരുടെ വിശ്വാസത്തെ സമ്പുഷ്ടമാക്കുവാനുള്ളത് അല്ലാതെ ഇന്ന് മറിച്ചൊന്നും കേള്‍ക്കുവാണോ കാണുവാനോ ഒരു അവസരം സാധാരണക്കാരന് ഇല്ല. ഓഫീസിലായാലും വിദ്യാലയത്തില്‍ ആയാലും അയല്പക്കത്തായാലും ബന്ധുക്കാരന്റെ വീട്ടിലായാലും കല്യാണ
വീട്ടിലായാലും മരിച്ചവീട്ടിലായാലും എവിടെയും വിശ്വാസികളുടെ കൂട്ടായ്മ മാത്രമേ നടക്കുന്നുള്ളൂ. അവിശ്വാസികളുടെ ആശയങ്ങള്‍ നിര്‍ഭയം പ്രച്ചരിപ്പിക്കപെടുവാന്‍ ഇവിടെ വേദികള്‍ കുറവാണ്. സഹനത്തിന്റെ പ്രതിരൂപങ്ങള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിശ്വാസികള്‍ക്കാകട്ടെ എതിരായിട്ടുല്ലവരുടെ ആശയങ്ങള്‍ കൂടി അവതരിപ്പിക്കപ്പെടണമെന്നു പറയാനുള്ള ചങ്കൂറ്റവും ഇല്ല.


രവിചന്ദ്രന്‍ സി said...

41. പ്രാര്‍ത്ഥനത്തൊഴിലാളികള്‍ '

Loading...