ശാസ്ത്രം വെളിച്ചമാകുന്നു

Wednesday 7 March 2012

27.മതം ചുവപ്പ് കാണുന്നു

ഭാഗം-1: സ്വത്വവാദപ്രഘോഷണങ്ങള്‍
കേരളമാകെ വന്യമായ ഒരുതരം മതപൂജയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മതം ചിലര്‍ക്ക് ഓക്‌സിജനാണെങ്കില്‍ മറ്റ് ചിലര്‍ക്ക് അത് മൂല്യങ്ങളുടെ 'പ്രവഭവസ്ഥാന'മാണ്. ഒരു മനുഷ്യ നിര്‍മ്മിതസ്ഥാപനം(a man made social institution) എന്ന നിലയില്‍ പൂര്‍ണ്ണമായും മോശമാവുക (completely evil)എന്നത് മതത്തെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. മതം മൂല്യസാഗരമാണെന്ന അബദ്ധധാരണയുടെ പ്രഭവകേന്ദ്രം മനുഷ്യന്റെ സഹജധാര്‍മ്മികത(essential morality)യാണ്. ഏതൊരു മതവും അതിന്റെ നിര്‍മ്മിതികാലത്തെ പ്രതിനിധീകരിക്കുന്ന ഒരു സാംസ്‌ക്കാരിക ഫോസിലാകുന്നു. അതായത് ഇസ്‌ളാം ഏഴാംനൂറ്റാണ്ടിലെ അറേബ്യയിലേക്കുള്ള ഒരു ക്ഷണക്കത്താണ്. എല്ലാ മനുഷ്യനിര്‍മ്മിത സാമൂഹികസ്ഥാപനങ്ങളേയും പോലെ മതവും അതിന്റെ ഉത്പത്തികാലത്തെ സംസ്‌ക്കാരവും ധാര്‍മ്മികമൂല്യങ്ങളും കുറെയൊക്കെ ആഗിരണം ചെയ്തിട്ടുണ്ട്. നല്ലതും ചീത്തയും ആചാരവും അനാചാരവും മതമെന്ന ഓരുവലയില്‍ കുടുങ്ങിയിരിക്കുന്നു. നരബലിയും സതിയും മുതല്‍ അന്നദാനവും സക്കാത്തും വരെ അതില്‍ കടന്നുകൂടി. 

മതം മാത്രമല്ല മനുഷ്യനിര്‍മ്മിതമായ എല്ലാ സാമൂഹികസ്ഥാപനങ്ങളിലും അവയുടെ നിര്‍മ്മിതിപശ്ചാത്തലം പ്രതിഫലിക്കുന്നുണ്ട്. കുടുംബം, വിവാഹം, കൃഷി, കല എന്നിവയില്‍ മാത്രമല്ല മത്സ്യബന്ധനത്തിലും മദ്യപാനത്തിലും വരെ ആചാരങ്ങളും മൂല്യങ്ങളും സമ്മേളിച്ചിരിക്കുന്നു. നീണ്ടകാലം നിലനില്‍ക്കുന്ന എല്ലാ സാമൂഹികസ്ഥാപനങ്ങളിലും മനുഷ്യസംസ്‌ക്കാരത്തിന്റെയും അവന്റെ ധാര്‍മ്മികതയുടേയും കയ്യൊപ്പുണ്ടായിരിക്കുമെന്ന് സാരം. സാമൂഹികസ്ഥാപനങ്ങള്‍ എതിര്‍ക്കപ്പെടുന്നത് അവയില്‍ നന്മയുടെ അംശം കുറയുകയും തിന്മയുടെ അംശം കൂടുകയും ചെയ്യുമ്പോഴാണ്. മതം അടിസ്ഥാനപരമായി തിന്മയും അപൂര്‍വമായി നന്മയുമാണ്(Religion is essentially bad and occasionally good). ഈ ഗുണമാകട്ടെ ഏറ്റവും കിരാതമായ സാമൂഹികസ്ഥാപനങ്ങളില്‍ പോലും ആരോപിക്കാവുന്നതുമാണ്. മതത്തിന്റെ'നല്ല വശങ്ങള്‍' ചൂണ്ടിക്കാട്ടി അതിനെ അന്ധമായി പ്രതിരോധിക്കുന്ന മതപ്രേമികള്‍ നന്മയും തിന്മയും ഇടകലര്‍ന്ന മറ്റ് സ്ഥാപനങ്ങളെ സമാനമായ ശൈലിയില്‍ പ്രതിരോധിക്കാറില്ലെന്നതാണ് രസകരം. രാജഭരണത്തിനും യുദ്ധത്തിനും അഴിമതിക്കും സ്ത്രീധനത്തിനും 'നല്ല വശങ്ങള്‍' ചൂണ്ടിക്കാണിക്കാന്‍ പ്രായസമില്ലെന്നിരിക്കെ എന്തിനവയെ എതിര്‍ക്കുന്നു? അവയിലൊക്കെ നന്മ പരിമിതവും തിന്മ വിപുലവുമാണ് എന്നതാണ് കാരണം. എന്നാല്‍ മതത്തിന്റെ കാര്യത്തില്‍ ഈ തിരിച്ചറിവ് പലര്‍ക്കും സ്വീകാര്യമാകത്തിന്റെ കാരണം മതഭയം എന്ന ആഗോളരോഗമാകുന്നു.

മതത്തെ 'സംസ്‌ക്കാരത്തിന്റെ ജീവനുള്ള ഫോസില്‍'(‘Living cultural fossil’) എന്നു വിശേഷിപ്പിക്കുമ്പോഴും വിമര്‍ശനാതീതമായി സ്വീകരിക്കപ്പെടേണ്ട നന്മ മാത്രമാണ് അതിലുള്ളത് എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. വാച്യാര്‍ത്ഥപരമായി തെറ്റിദ്ധാരണയുണ്ടാക്കുമെങ്കിലും 'സംസ്‌ക്കാരം'എന്ന വാക്കിന് 'സംസ്‌ക്കരിക്കപ്പെട്ടത്' എന്ന ലളിതനിര്‍വചനം പാടില്ല. 'ശേഖരക്കപ്പെട്ടത്'എന്ന വിശേഷണമായിരിക്കും കൂടുതല്‍ ഉചിതം. സംസ്‌ക്കാരം അടിസ്ഥാനപരമായി ഒരു ശേഖരമാകുന്നു, അതില്‍ നല്ലതും ചീത്തയുമുണ്ടാകാം. മതത്തിന്റെ സാംസ്‌ക്കാരികപരതയ്ക്കും(culturality) അതിനപ്പുറമുള്ള പ്രാധാന്യമില്ല. ഒരിക്കല്‍ സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്ന തിന്മകളും ദുരാചാരങ്ങളും കയ്യൊഴിഞ്ഞുകൊണ്ടാണ് മനുഷ്യന്‍ മുന്നോട്ട് കുതിച്ചത്. എന്നാല്‍ ഇത്തരം പുഴുക്കുത്തുകള്‍ നീക്കം ചെയ്യുന്നതില്‍നിന്ന് മനുഷ്യനെ വിലക്കുന്ന സ്ഥാപനമായി മതം നിലകൊള്ളാറുണ്ട്. മനുഷ്യനിര്‍മ്മിതമായ മറ്റൊരു സാമൂഹികസ്ഥാപനത്തിലും സ്വാംശീകരിക്കപ്പെട്ട തിന്മ റദ്ദാക്കുന്നതിന് ഇത്രയധികം തടസ്സമില്ല. ഗതകാല തിന്മകളെ സ്ഥാപനവല്‍ക്കരിക്കുന്ന അധികാരകേന്ദ്രമായി മതം വര്‍ത്തിക്കുന്നുവെന്ന ആരോപണം വരുന്നത് അങ്ങനെയാണ്.

മതപ്രീണനം ജനാധിപത്യത്തിന്റെ ശൈശവസഹജമായ ദൗര്‍ബല്യമാകുന്നു. ഇന്ന് കേരളത്തില്‍ പ്രീണനഭീകരത (appeasement terrorism) അനുദിനം മൂര്‍ച്ഛിക്കുന്നത് കാണുക. മതേതരത്തോലണിഞ്ഞ് ബൗദ്ധികനാട്യങ്ങളിലൂടെ ഏതുവിധേനെയും മതാധിപത്യത്തെ ക്ഷണിച്ചുവരുത്തുക എന്നതാണ് പ്രീണനപ്രഭുക്കളുടെ പരോക്ഷ അജണ്ട. 

തൊടുപുഴ കോളേജിലെ പ്രൊഫ. ടി.ജെ.ജോസഫിനെ മതവെറിയന്‍മാര്‍ മതശിക്ഷയക്ക് വിധേയമാക്കിയപ്പോള്‍ കേരളം മരവിച്ചു നിന്നുപോയി. ഇരയുടെ സെക്കുലര്‍ തീവ്രവാദമാണ് അക്രമത്തിന്റെ കാരണമായതെന്നാണ് കേരളത്തിലെ അറിയപ്പെടുന്ന പ്രീണനവാദി എഴുതിവിട്ടത്. സെക്കുലറായ ഒരാളുടെ കൈ മതത്തിന് വെട്ടിയെടുക്കാം എന്ന് പച്ചയായി പറഞ്ഞില്ലെന്നേയുള്ളു. കമ്മ്യൂണിസ്റ്റും നാസ്തികനുമായതുകൊണ്ടാണ് പ്രൊഫ.ജോസഫ് വിവാദചോദ്യം തെരഞ്ഞെടുത്തതെന്നും ഇരസ്‌നേഹിയെന്ന് സ്വയം അവകാശപ്പെടുന്ന ഈ മാന്യദേഹം ജ്ഞാനദൃഷ്ടി കൊണ്ട് കണ്ടുപിടിച്ചുകളഞ്ഞു. എന്നാല്‍ വസ്തുതയെന്താണ്? പ്രൊഫ.ജോസഫിന് ഒരു നാസ്തികചരിത്രമില്ല. വേദപുസ്തകം തലയിണക്കീഴില്‍ വെച്ചുറങ്ങുന്ന ഒരു ശുദ്ധ ക്രിസ്തുമത വിശ്വാസിയാണദ്ദേഹം; സഹോദരിയാകട്ടെ കന്യാസ്ത്രീയും. മാതാവും സഹോദരിയുമൊത്ത് ഞായാറാഴ്ച പള്ളിയില്‍ പോയി തിരികെ വരുമ്പോഴാണ് മതശിക്ഷ അവതരിച്ചത്. വര്‍ദ്ധിതമാകുന്ന പ്രീണനഭീകരതയ്ക്ക് ഉത്തമ ഉദാഹരണമാണ് ഉത്തരവാദിത്വരഹിതമായ ഇത്തരം പ്രസ്താവനകള്‍.

ഒന്നുരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളിയെ വല്ലാതെ ഇക്കിളിപ്പെടുത്തിയ സ്വത്വവാദ മുറവിളികള്‍ക്ക് പിന്നിലും ശുദ്ധമായ മതപ്രീണനവും മതസംരക്ഷണവും തന്നെയായിരുന്നു നിഴലിച്ചിരുന്നത്. ബോധം, സ്വത്വം, സംസ്‌കൃതി...എന്നൊക്കെ നീട്ടിപ്പരത്തി പറഞ്ഞെങ്കിലും യാതൊരുവിധ ബാഹ്യ ഇടപെടലുകളും ശുദ്ധീകരണശ്രമങ്ങളുമില്ലാതെ മതം ധാതുരൂപത്തില്‍തന്നെ സദാ ആചരിക്കപ്പെടണമെന്നും ജനം സംഘടിക്കേണ്ടത് മത-ജാതി പരിഗണനകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും സ്വത്വവാദമതപ്രേമികള്‍ പറയാതെ പറഞ്ഞു. സ്വന്തം ജീവിതത്തില്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന പലതിനോടും മതപ്രീതി ലാക്കാക്കി ഇക്കൂട്ടര്‍ അനുഭാവം പ്രകടിപ്പിക്കും. ഇവരുടെ ആചാരാനുഷ്ഠാനപ്രേമം പലപ്പോഴും സ്‌തോഭജനകമാണ്.
The Mummy from Peru
സൂര്യദേവനെ (Sun God) ആരാധിക്കുന്ന പ്രാചീന മെക്‌സിക്കന്‍ ഗോത്രക്കാരാണ് ഇന്‍കകള്‍ (Inca Tribe). 1995-ല്‍ പെറുവിലെ പര്‍വ്വതനിരകളില്‍നിന്ന് 500 വര്‍ഷം പഴക്കം തോന്നിക്കുന്ന ഇന്‍ക പെണ്‍കുട്ടിയുടെ (Inca girl) അവശിഷ്ടം ഖനനം ചെയ്‌തെടുക്കുകയുണ്ടായി. നരബലി അനുഷ്ഠിച്ചതിന് വ്യക്തമായ തെളിവുകള്‍ അവശിഷ്ടത്തില്‍ പ്രകടമാണെന്ന് കണ്ടെത്തിയ നരവംശശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തെ ആധാരമാക്കി'ഹിമകന്യക' (Ice Maiden) എന്ന പേരില്‍ ഒരു ഡോക്കുമെന്ററി പല അമേരിക്കന്‍ ടെലിവിഷന്‍ചാനലുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ശരിക്കും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ദൃശ്യാനുഭവമായിരുന്നു അത്. ആത്മീയമായ സമര്‍പ്പണബോധത്തോടെ പുരോഹിതന്‍മാര്‍ പറഞ്ഞതനുസരിച്ച് ഭക്തിപൂര്‍വ്വം തന്റെ വിധി ഏറ്റുവാങ്ങുന്ന പെണ്‍കുട്ടിയെയാണ് 'ഹിമകന്യക'യില്‍ കാണാനാവുക. അവള്‍ക്ക് ഭയം അശേഷമില്ല. ഒരു ബഹുമതിയായാണ് അവള്‍ ബലിയെ നോക്കിക്കാണുന്നത്. ബലി ഒരു സാംസ്‌ക്കാരികവിപ്ലവമാണെന്നാണ് പരിപാടിയൂടെ നിര്‍മ്മിതാക്കള്‍ പറയാന്‍ ശ്രമിക്കുന്നത്. മനുഷ്യസംസ്‌കൃതിയുടെ മഹത്തായ കണ്ടുപിടുത്തമാണത്. ഒരാള്‍ സമൂഹത്തിന്റെ മുഴുവന്‍ ഐശ്വര്യത്തിനും വേണ്ടി അനുഷ്ഠിക്കുന്ന മഹാത്യാഗമാണ് ബലി!...ഈ രീതിയിലുള്ള ആശയപ്രചരണമായിരുന്നു 'ഹിമകന്യക'യുടെ പരോക്ഷ അജണ്ട. 
ശരിക്കും മതാധിഷ്ഠിതമായ ഒരു ആസൂത്രിതകൊലപാതകമാണ് നരബലി. മതത്തിന്റെ ഭീകരമുഖമാണ് പരിപാടിയില്‍ ദൃശ്യമാകുന്നത്. മുതിര്‍ന്നവരെ ആശ്രയിച്ച് ജീവിക്കുന്ന നിഷ്‌കളങ്കയും നിസ്സഹായയുമായ ഒരു പെണ്‍കുട്ടിയെ നരാധമന്‍മാരും അന്ധവിശ്വാസികളുമായ ഒരു കൂട്ടം മനുഷ്യര്‍ ചേര്‍ന്ന് തങ്ങളുടെ സാങ്കല്‍പ്പികമായ മൂഡവിശ്വാസങ്ങള്‍ക്കനുസരിച്ച് പൈശാചികമായി കൊലപ്പെടുത്തുകയാണ്. 

ഇത്തരമൊരു പരിപാടി പ്രക്ഷേപണം ചെയ്യുന്നതുപോലും ന്യായീകരിക്കാനാവില്ല. നമ്മുടെ ഇന്നത്തെ സാംസ്‌കാരിക നിലവാരമനുസരിച്ച് പെണ്‍കുട്ടിയുടെ ബലി പ്രാകൃതവും ഞെട്ടിപ്പിക്കുന്നതുമായിരിക്കാം. പക്ഷേ, ഇന്‍കകളുടെ നിലവാരമനുസരിച്ചോ? നമ്മുടെ 

നാഗരികവിശ്വാസപ്രമാണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്‍കാ പുരോഹിതരെ കൊലയാളികളെന്ന് വിളിക്കുന്നത് ശരിയാണോ? മതപ്രീണനവാദികള്‍ കുതിര്‍ന്നുതുടങ്ങും. ഒരുപക്ഷേ, ബലിവേളയില്‍ ഈ പെണ്‍കുട്ടി ഉന്മാദലഹരിയിലായിരുന്നിരിക്കണം. താനുടനെ നേരിട്ട് സൂര്യദേവന്റെ സ്വര്‍ഗ്ഗത്തേക്ക് പോകുമെന്നും അവള്‍ നിനച്ചിട്ടുണ്ടാവണം. മറ്റാര്‍ക്കുമില്ലാത്ത ഭാഗ്യം ലഭിച്ചതില്‍ അവള്‍ ആനന്ദിക്കുകയും അഭിമാനിക്കുകയും കൂടി ചെയ്തിരുന്നിരിക്കാം. എന്തിനേറെ, ബലി നടന്നതുപോലും അവളുടെ ആഗ്രഹപ്രകാരമായിരുന്നിരിക്കാം.

എന്നാല്‍ ഇവിടെ തിരിച്ചറിയേണ്ട കാര്യം മറ്റൊന്നാണ്. പെണ്‍കുട്ടി സ്വന്തം സമ്മതപ്രകാരമാണ് ബലിക്ക് തയ്യാറായതെന്ന് കരുതുക. എന്തുകൊണ്ടത് സംഭവിച്ചു? സൂര്യന്‍ എന്നത് ഹൈഡ്രജന്‍ നിറഞ്ഞ ഒരു ഗോളമാണെന്നും അതിന്റെ ഊഷ്മാവ് പതിനായിരക്കണക്കിന് ഡിഗ്രി സെല്‍ഷ്യസാണെന്നും ബലിയര്‍പ്പിക്കപ്പെട്ട കുട്ടിക്കറിയാമായിരുന്നു എന്ന് സങ്കല്‍പ്പിക്കുക. ന്യൂക്ലിയര്‍ഫ്യൂഷനിലൂടെ ഹൈഡ്രജന്‍ കത്തി ഹീലിയമാകുന്ന പ്രക്രിയയാണവിടെ നടക്കുന്നതെന്നും കുറെക്കഴിയുമ്പോള്‍ മുഴുവന്‍ ഇന്ധനവും കത്തിത്തീര്‍ന്ന് സൂര്യന്‍ ഇന്നത്തെ നിലയിലല്ലാതാകുമെന്നും ഈ കന്യകയ്ക്ക് അറിയാമായിരുന്നുവെന്ന് കരുതുക...അവള്‍ ബലിക്ക് സമ്മതിക്കുമോ? തിര്‍ച്ചയായുമില്ല. കേവലം ഒരു നക്ഷത്രമായ സൂര്യനെ ദൈവമായി ആരാധിക്കാനും അതിനെ പ്രീതിപ്പെടുത്താനായി സ്വയം ബലിയനുഷ്ഠിക്കാനും അവള്‍ തയ്യാറാവില്ല. 

മതപരമായ തുടര്‍ച്ചയും ബാല്യത്തിലേയുള്ള മതബോധവല്‍ക്കരണവും ജിഹാദ്ഫാക്ടറികളെ പോലെ നിരവധി ഇന്‍കാപെണ്‍കുട്ടികളെയും സൃഷ്ടിക്കുന്നു. ഇന്‍കാപുരോഹിതരെയും നമുക്ക് കുറ്റപ്പെടുത്താനാവില്ല. അവരുടെ അജ്ഞതയും അറിവില്ലായ്മയും പരിഗണിക്കണം. തങ്ങളേതോ മഹത്തായ സംരംഭത്തിന് സംവിധായകരും സാക്ഷികളുമാകുന്നുവെന്നായിരിക്കും അവര്‍ ചിന്തിച്ചിരിക്കുക. പക്ഷേ, സ്വന്തം അന്ധവിശ്വാസം നിഷ്‌കളങ്കയും നിരപരാധിയുമായ ഒരു പെണ്‍കുട്ടിയുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അതിന്റെ ഫലം നുകരാന്‍ കൊതിച്ച അവരുടെ ഹൃദയശൂന്യത മുഴച്ചുനില്‍ക്കുന്നു. ബലി എപ്പോഴും സ്വയം ചെയ്യുന്നതാണ് മര്യാദ. ശിശുവിനെ ബലിയര്‍പ്പിക്കണം, കന്യകയുടെ ചോര വേണം എന്നൊക്കെ പറയുന്നതല്ലാതെ അമ്പത് വയസ്സായ ഒരു പുരോഹിതനെ ബലിയര്‍പ്പിക്കണമെന്ന് എങ്ങുമിതുവരെ പറഞ്ഞ് കേട്ടിട്ടില്ല! എന്തുകൊണ്ട്? 

ഇന്നത്തെ പുരോഹിതര്‍ക്ക് കുറേക്കൂടി യുക്തിബോധമുണ്ടാവും. ഇല്ലെങ്കിലും ഇത്തരം നിഷ്ഠൂരകര്‍മ്മങ്ങള്‍ ചെയ്യാന്‍ പൊതുസമൂഹം അവരെയനുവദിക്കില്ല. പ്രാകൃതവും ബീഭത്സവുമായ മതാചാരങ്ങളില്‍പ്പോലും കാല്‍പ്പനികതയും സൗന്ദര്യവും കാണാന്‍ ശ്രമിക്കണമെന്ന സന്ദേശമാണ് ഇത്തരം ഡോക്കുമെന്ററികള്‍ നല്‍കുന്നത്. പഴമയെ വാരിപ്പുണരാന്‍ ആധുനികസമൂഹത്തിലെ ചില ലിബറല്‍ ബുദ്ധിജീവികള്‍ അമിതമായി ഉത്സാഹിക്കുന്നതും ഇതേ മതക്ഷേമപദ്ധതിയുടെ ഭാഗമായാണ്. ഒക്കെ നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ (cultural diversity)ഭാഗമല്ലേ?! പരമ്പരാഗതവിശ്വാസങ്ങളിലും ആചാരങ്ങളിലും സംസ്‌ക്കാരത്തിന്റെ സുഗന്ധമുണ്ട്. അതിനാല്‍ അവയെ നാം തൊട്ടുകളിക്കരുത്; ശുദ്ധീകരിക്കാനും ശ്രമിക്കരുത്. ബലിയെങ്കില്‍ ബലി! നടക്കാനുള്ളത് നടക്കട്ടെ. നമുക്ക് മാറിനിന്ന് വിലയിരുത്തി കളിക്കാം. 
ആസൂത്രിതശ്രമങ്ങളിലൂടെ കൊടുംക്രൂരതകളേയും പൈശാചിക സങ്കല്‍പ്പങ്ങളേയും വെള്ളപൂശുന്നത് മനുഷ്യത്വഹീനമാണ്. ഈ ഉദാരമനസ്‌ക്കരുടെ വിട്ടുവീഴ്ച വിചിത്രമാണ്. ഇന്‍കാ പെണ്‍കുട്ടിയുടെ ബലിയെ അവര്‍ സംസ്‌ക്കാരത്തിന്റെ സൗരഭ്യവും പാരമ്പര്യത്തിന്റെ സൗന്ദര്യവുമായി വാഴ്ത്തിപ്പാടും. ബലിയര്‍പ്പിക്കുന്നത് ഇന്‍കാ പെണ്‍കുട്ടിയെ അല്ല മറിച്ച് സ്വന്തം മകളെയാണെന്നിരിക്കട്ടെ; അവര്‍ ഉള്‍വലിയും. സംസ്‌ക്കാരത്തനിമയും പാരമ്പര്യത്തിന്റെ മണവുമൊക്കെ തല്‍ക്കാലം അവര്‍ മറക്കും. കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്! സ്വയം സഹിക്കാനാവാത്തത് അന്യരുടെ കാര്യത്തില്‍ സംഭവിക്കുമ്പോള്‍ വാഴ്ത്തിപ്പാടുന്നത് കാപട്യമല്ലാതെ മറ്റെന്താണ്? 

സ്ത്രീകളുടെ ചേലാകര്‍മം (Circumcision) അത്യന്തം വേദനാജനകവും സ്ത്രീലൈംഗികതയെ വളരെയധികം ദുര്‍ബലപ്പെടുത്തുന്നതുമാണ്. ഒരുപക്ഷേ, സ്ത്രീയുടെ ലൈംഗികസുഖം കുറയ്ക്കുകയെന്ന ദുരുദ്ദേശംവെച്ച് പ്രാകൃതാചാര്യന്‍മാര്‍ അവതരിപ്പിച്ച ഒരു സംഗതിയാവാനും വഴിയുണ്ട്. ഈജിപ്റ്റ് ഉള്‍പ്പെടെയുള്ള പല ആഫ്രിക്കന്‍-ഗള്‍ഫ് രാജ്യങ്ങളിലും സ്ത്രീകളുടെ ചേലാകര്‍മം ഇന്നും മതപരമായ ആചാരമാണ്. ബ്രിട്ടണില്‍പോലും മുസ്‌ളീം പെണ്‍കുട്ടികളെ ചേലാകര്‍മത്തിന് വിധേയമാക്കുന്നത് വര്‍ദ്ധിച്ചുവരികയാണത്രെ. നരബലിയുടെ ലോപിച്ച രൂപമായി കരുതപ്പെടുന്ന ചേലാകര്‍മം വാസ്തവത്തില്‍ ഒരു ജൂതാനുഷ്ഠാനമാണ്. ജൂതനായ യേശു അത് നിര്‍വഹിച്ചിട്ടുണ്ടത്രെ. എന്നാല്‍ മുഹമ്മദിന്റെ ചേലാകര്‍മത്തെക്കുറിച്ച് ഖുര്‍-ആന്‍ നിശബ്ദമാണ്. ശരിയാണ്, നമുക്ക് വാചാലരാകാം, ചേലാകര്‍മം ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്; അന്യസംസ്‌കാരങ്ങളെയും വംശീയവൈജാത്യങ്ങളേയും മാനിക്കാന്‍ നമുക്ക് കഴിയണം. അവര്‍ക്കവരുടെ പെണ്‍കുട്ടികളുടെ അവയവങ്ങളില്‍ കൈ വെയ്ക്കണമെങ്കില്‍ ആയിക്കൊള്ളട്ടെ, നാം ഇടപെടരുത്, അവരുടെ സ്വത്വബോധത്തില്‍ നാം കൈ വെക്കരുത്..എന്നുള്ള ന്യായവാദങ്ങളായിരിക്കും മതപ്രീണനവാദികളായ ഉദാരമനസ്‌ക്കര്‍ ഇവിടെയും ഉയര്‍ത്തുക.'അവരുടെ പെണ്‍കുട്ടികളെ' എന്തും ചെയ്‌തോട്ടെ 'നമ്മുടെ പെണ്‍കുട്ടികളുടെ' കാര്യം നാം നോക്കിയാല്‍ മതിയെന്നാണ് ഈ വാദത്തിന്റെ രത്‌നച്ചുരുക്കം. ചുരുക്കിപ്പറഞ്ഞാല്‍ സ്വന്തം കാര്യം സിന്ദാബാദ്! പോരാത്തതിന് മതപ്രീതി സമ്മാനവും. രാക്ഷസീയമായ സ്വാര്‍ത്ഥതയും നട്ടെല്ലില്ലായ്മയുമാണ് നിഷ്പക്ഷമതികളുടെ അടിത്തട്ട് വികാരമെന്ന വാദം ബലപ്പെടുന്നതിവിടെയാണ്. 
ചേലാകര്‍മം ചെയ്യാന്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു പെണ്‍കുട്ടി മുന്നോട്ട് വന്നാലോ? ഉത്തരം പറയുക വിഷമമാണ്. പക്ഷേ, ശരീരശാസ്ത്രം നന്നായി പഠിക്കുകയും മതാചാരങ്ങളുടെ നിഷ്ഫലത തിരിച്ചറിയുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയും അതിന് തയ്യാറാവില്ല. മതഭരിതമായ മനസ്സുകള്‍ക്ക് മാത്രമേ ഭ്രാന്തമായ തീരുമാനങ്ങള്‍ സ്വീകാര്യമാവൂ. വിശ്വാസിയുടെ ഹൃദയവിശാലത കൊണ്ടല്ല ഇത്തരം കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത്. അതിന്റെ പിന്നില്‍ സ്വര്‍ഗ്ഗം, പുണ്യം തുടങ്ങിയ ഭൗതികാസക്തികളും സ്വാര്‍ത്ഥലക്ഷ്യങ്ങളുണ്ട്. 

മതപ്രീണനവാദികള്‍ സന്തുഷ്ടരല്ല

പരിത്യജിക്കേണ്ട തിന്മകളെ സംരക്ഷിച്ചും കയ്യൊഴിഞ്ഞവയെ പുനരുദ്ധരിച്ചും വര്‍ത്തമാനത്തെ മലീമസപ്പെടുത്തുന്ന ദൗത്യം മതം ഇന്നും പൂര്‍വാധികം ഭംഗിയോടെ നിര്‍വഹിക്കുന്നുണ്ട്. നിലവിലുണ്ടായിരുന്ന സര്‍വതിന്റെയും പരിശോധയില്ലാത്ത തുടര്‍ച്ച വേണമെന്ന വാശിയില്ലെങ്കിലും മതസംരക്ഷണം ഉറപ്പാക്കുന്ന ഒന്നും ഉപേക്ഷിക്കാന്‍ പാടില്ലെന്ന സ്വാര്‍ത്ഥബുദ്ധിയും ദുര്‍വാശിയും മതത്തിനുണ്ട്. ഇസ്‌ളാമികവേഷമായ ബുര്‍ഖയുടെ (burqa or hijab: the full veil)കാര്യമെടുക്കാം. ഏറെ പറഞ്ഞ് പതപ്പിച്ച വിഷയമാണത്. ബുര്‍ഖ ഒരു ഇസ്‌ളാമികവസ്ത്രമാണെന്ന വാദത്തിന് വാസ്തവത്തില്‍ യാതൊരു ചരിത്ര പിന്‍ബലവുമില്ല. മതലഹരി മൂത്ത് 'ബുര്‍ഖ ധരിക്കാനും ധരിക്കാതിരിക്കാനുമുള്ള അവകാശവും' സംരക്ഷിക്കപ്പെടണമെന്ന വാദിച്ച് മിടുക്കരാവാന്‍ പ്രീണനവാദികള്‍ ശ്രദ്ധവെക്കാറുണ്ട്. എന്നുകരുതി ബുര്‍ഖ ധരിക്കാതിരിക്കാനുള്ള അവകാശത്തിനായി ഇക്കൂട്ടര്‍ ശബ്ദമുയര്‍ത്തിക്കളയുമെന്ന പേടി വേണ്ട. അത്തരം ഇടപെടലുകള്‍ ആവശ്യപ്പെടുന്ന അവസരങ്ങള്‍ കേരളത്തില്‍ പലപ്പോഴും മിന്നിമറഞ്ഞെങ്കിലും മതഭയം അവരുടെ ചുണ്ടുകളെ കൂട്ടിക്കെട്ടി. സ്‌ക്കാര്‍ഫ്, തട്ടം മുതലായ 99.99% ഇസ്‌ളാമിക വേഷവിധാനങ്ങളും വിമര്‍ശിക്കപ്പെടുന്നില്ല. മതാചാരപ്രകാരമുള്ള സ്ത്രീ-പുരുഷ വേഷങ്ങളിലും പൊതുസമൂഹം ഇടപെടുന്നില്ല. മുഖം പൂര്‍ണ്ണമായി മറയ്ക്കാത്ത ഹിജാബിനെക്കുറിച്ചും ആര്‍ക്കും പരാതിയില്ല. മതസ്വാതന്ത്ര്യത്തില്‍ പെടുന്ന കാര്യങ്ങളായ് പൊതുവെ അവ പരിഗണിക്കപ്പെടുന്നു. എന്നാല്‍ ബുര്‍ഖയുടെ കാര്യം ഇതില്‍ നിന്നെല്ലാം ഭിന്നമാണ്. 

മുസ്‌ളീങ്ങളുടെ സ്വത്വബോധത്തിന്റെ അടയാളമായ ബുര്‍ഖ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരോധിക്കുന്നത് ഇസ്‌ളാമിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പ്രീണനവാദികള്‍ വ്യാഖ്യാനിക്കുന്നുണ്ട്. തികച്ചും അതിശയോക്തി കലര്‍ന്ന കുപ്രചരണമാണിത്. ഒന്നാമതായി, ബുര്‍ഖ ഇസ്‌ളാമിക ശാസനമനുസരിച്ച് നിര്‍ബന്ധമാക്കിയിട്ടുള്ള ഒരു വേഷമല്ല. ലോകത്തെ മഹാഭൂരിപക്ഷം മുസ്‌ളീം വനിതകളും അത് ഉപയോഗിക്കുന്നുമില്ല. ഒരു ബുര്‍ഖാധാരിക്ക് മറ്റൊരു ബുര്‍ഖാധാരിയോട് സംവദിക്കേണ്ടി വരുമ്പോഴാണ് സ്വന്തം വേഷത്തിന്റെ പ്രത്യേകത ശരിക്കും മനസ്സിലാവുക. മെക്കയില്‍ ഹജ്ജിനെത്തുന്ന സ്ത്രീകള്‍ക്ക് ബുര്‍ഖ വിലക്കിയിട്ടുണ്ട്. മാന്യമായ വസ്ത്രധാരണം ബുര്‍ഖയാണെന്ന് വാദിക്കുന്നവര്‍ ബുര്‍ഖേതര വേഷങ്ങള്‍ ഉപയോഗിക്കുന്ന കോടിക്കണക്കിന് മുസ്‌ളീം സഹോദരിമാരിലും അന്യമതസ്ഥരിലും പരോക്ഷമായി കുറ്റം ആരോപിക്കുകയാണ്. 

വാസ്തവത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള മതഗൂഡാലോചനയുടേയും ലിംഗപരമായ വിവേചനത്തിന്റെയും കൊടിയടയാളമാണ് ബുര്‍ഖ. കേവലം ലൈംഗികഉപകരണമായോ അണ്‌ഡോല്‍പ്പാദന യൂണിറ്റായോ സ്ത്രീയെ പരിമിതപ്പെടുത്ത മാനസികജീര്‍ണ്ണതയിലാണ് ബുര്‍ഖ തുന്നപ്പെടുന്നത്.സ്ത്രീ ബുര്‍ഖയിട്ടില്ലെങ്കില്‍ പുരുഷന്‍മാര്‍ ഗോവിന്ദച്ചാമിമാരാകും എന്നൊരു മതഫലിതം നിലവിലുണ്ട്. 1400 വര്‍ഷം നീണ്ട മതബോധനത്തിന് ശേഷവും കുറഞ്ഞപക്ഷം ഇസ്‌ളാമിക രാജ്യങ്ങളിലെങ്കിലും പുരുഷന്‍മാര്‍ എന്തുകൊണ്ടങ്ങനെ പെരുമാറുന്നു എന്ന ഉപചോദ്യം മാത്രമാണ് ഈ പ്രാകൃത വിശകലനം കൊണ്ടുവരുന്നത്. 
Hi jab-Partial veil
ബുര്‍ഖാധാരി ആണോ പെണ്ണാ ആകാം. ക്രിമിനലാണോ വി.ഐ.പി ആണോ അതിനുള്ളിലെന്നും അറിയാനാവില്ല. വേഷം ഏതായാലും വ്യക്തിത്വത്തെ സമ്പൂര്‍ണ്ണമായും റദ്ദാക്കിയാല്‍ അത് അസ്വീകാര്യമായിത്തീരും. മാംസവും ശവവുമാണ് നാം സാധാരണ ആരും കാണാതെ കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോകുന്നത്. ജീവനുള്ള മനുഷ്യരെ അത്തരത്തില്‍ പരിഗണിക്കാന്‍ നാഗരികസമൂഹം വിസമ്മതിക്കും. ബുര്‍ഖയുടെ ഈ നിരാകരണഭാവം പരിഗണിക്കാത്തവരാണ് മതപ്രേമവുമായി ഉറഞ്ഞുതുള്ളുന്നത്. 'ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം' എന്ന വാദം ബുര്‍ഖയുടെ കാര്യത്തില്‍ അപ്രസക്തമാണ്. ആള്‍മാറാട്ടം നടത്താനും നടത്താതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലേ ഈ വാദത്തിന് പ്രസക്തിയുള്ളു.

ബുര്‍ഖ നിരോധിക്കാന്‍ തീരുമാനിച്ച ഫ്രഞ്ച് സര്‍ക്കാര്‍ 
അതൊരിക്കലും മുസ്‌ളീങ്ങള്‍ക്കെതിരെയുള്ള നീക്കമല്ലെന്ന് 
വിശദീകരിച്ചിട്ടുണ്ട്. സാംസ്‌ക്കാരിക വൈവിധ്യത്തിന് എക്കാലത്തും മുന്തിയ പ്രാധാന്യം കൊടുക്കുന്നവരാണ് തങ്ങളെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. ഫ്രാന്‍സിലെ 44 ലക്ഷം വരുന്ന മുസ്‌ളീങ്ങളില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുന്നു. കേവലം രണ്ടായിരത്തില്‍ താഴെ മുസ്‌ളീം സ്ത്രീകള്‍ക്കേ അവിടെ ബുര്‍ഖ വേണമെന്ന ശാഠ്യമുള്ളു. ഫ്രഞ്ച് നാഷണല്‍ അസംബ്‌ളിയിലെ ഭൂരിപക്ഷ വിഭാഗത്തിന്റെ നേതാവായ ഴാങ് ഫ്രാങ്ക് കോപയുടെ അഭിപ്രായത്തില്‍ സത്യത്തില്‍ 'ബുര്‍ഖ ഒരു വസ്ത്രമേയല്ല, മറിച്ച് ഒരു മുഖംമൂടിയാണ്. എല്ലായ്‌പ്പോഴും മുഖംമൂടി ഉപയോഗിച്ചാല്‍ തിരിച്ചറിയലും സാമ്പത്തിക-സാമൂഹിക രംഗങ്ങളിലുള്ള പങ്കാളിത്തവും ഏറെക്കുറെ അസാധ്യമായി തീരും' (“This is not an article of clothing — it is a mask, a mask worn at all times, making identification or participation in economic and social life virtually impossible”-Jean Francois Cope, majority leader in the French National Assembly and the mayor of Meaux wrote in the Newyork Times dt 4.5.2010) 
ഒരു വ്യക്തി എന്ന നിലയില്‍ നിലനില്‍ക്കാനുള്ള വൈമനസ്യത്തെയാണ് ബുര്‍ഖ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരു ബുര്‍ഖാധാരി 20 കിലോ സ്‌ഫോടകവസ്തു മറച്ചുവെച്ചാലും തിരിച്ചറിയാനാവില്ലത്രെ. ഡ്രൈവിംഗിനും ട്രാഫിക്ക് സിഗ്നലുകള്‍ മനസ്സിലാക്കുന്നതിനും അതൊരു തടസ്സവുമാണ്. പുരികം പോലുള്ള ജൈവഅടയാളങ്ങള്‍ നീക്കം ചെയ്തുകളയുന്നതുപോലും കുറ്റകരമാണെന്നിരിക്കെ കണ്ണുള്‍പ്പെടെ മുഴുവന്‍ ശരീരവും കെട്ടിമറച്ച് ഒരാള്‍ സദാ പൊതുസമൂഹത്തില്‍ പ്രത്യക്ഷപെടുന്നത് ന്യായീകരിക്കുന്നതെങ്ങനെ? 

ഫ്രാന്‍സും ബല്‍ജിയവും നെതര്‍ലന്‍ഡ്‌സും ഓസ്‌ട്രേലിയയുമൊക്കെ ബുര്‍ഖ നിരോധിക്കുന്നത് പൊതുസ്ഥലങ്ങളില്‍ മാത്രമാണെന്നറിയണം. സ്‌ക്കൂള്‍, യൂണിവേഴ്‌സിറ്റി, പോലീസ് സ്റ്റേഷന്‍,
തിരിച്ചറിയല്‍ കേന്ദ്രങ്ങള്‍, ബാങ്ക്‌,
കോടതി, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പൊതുഗതാഗതം തുടങ്ങിയ ഇടങ്ങളാണ് പൊതുസ്ഥലത്തിന്റെ പരിധിയില്‍ വരിക. എല്ലാവരും സ്വന്തം മുഖം പുറത്തുകാട്ടി ഉത്തരവാദിത്വബോധത്തോടെ ജീവിക്കുമ്പോള്‍ ഒരു വിഭാഗത്തിന് മാത്രം പ്രച്ഛന്നജീവിതം അനുവദിക്കുന്നതില്‍ ഇരട്ടനീതിയുടെ പ്രശ്‌നവുമുണ്ട്. വിവാഹമുള്‍പ്പെടെയുള്ള സ്വകാര്യചടങ്ങുകളിലും മതപരിപാടികളിലും ബുര്‍ഖ വിലക്കിയിട്ടില്ല. അതായത് മതമനസ്സുള്ള മുതിര്‍ന്ന ബന്ധുക്കളേയും പുരുഷന്‍മാരേയും ബുര്‍ഖ ധരിച്ച് പ്രസാദിപ്പിക്കണമെന്ന് നിര്‍ബന്ധമുള്ള വനിതകള്‍ക്ക് സ്വകാര്യജീവിതത്തില്‍ അതാകാമെന്ന് തന്നെയാണ് യൂറോപ്പിലെ മതേതര സര്‍ക്കാരുകള്‍ പറയുന്നത്. തുര്‍ക്കി, ടുണീഷ്യ പോലുള്ള മുസ്‌ളീം ഭൂരിപക്ഷരാജ്യങ്ങളിലും പൊതുഇടങ്ങളില്‍ ബുര്‍ഖനിരോധനം നിലവിലുണ്ട്. സിറിയ 2010 ല്‍ ബുര്‍ഖയുടെ സിറിയന്‍ പതിപ്പായ നിഖാബ് (Niqab) യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങളില്‍ വിലക്കുകയുണ്ടായി.കൃത്യമായി പറഞ്ഞാല്‍ ബുര്‍ഖ വേണമെന്ന മതശാഠ്യം സൗദി അറേബ്യയൊഴികെയുള്ള ഒരു ഇസ്‌ളാമികരാജ്യത്തും പ്രബലമല്ല.

സുന്ദരിയായ സ്ത്രീ ബുര്‍ഖ ഇഷ്ടപ്പെടുമോ എന്ന കാല്‍പ്പനികചോദ്യം തല്‍ക്കാലം വിട്ടുകളയാം. ചര്‍മ്മരോഗം പോലുള്ള ശാരീരിക ക്‌ളേശങ്ങള്‍ അനുഭവിക്കുന്നവര്‍ക്കത് സഹായകരമായി തോന്നാം. എങ്കിലും പൊതുവേഷമെന്ന നിലയില്‍ അതൊരു വികലമായ തെരഞ്ഞെടുപ്പാണ്. പ്രണയത്തിന്റെ വ്യാകരണം നേത്രങ്ങളില്‍ ഉറങ്ങുന്നുവെന്ന അഭിപ്രായമുണ്ടോ? എങ്കിലറിയുക, ബുര്‍ഖ ധരിച്ച സ്ത്രീ പ്രണയം വിലക്കപ്പെട്ടവളാണ്. അവള്‍ക്ക് മുഖമില്ല, വ്യക്തിത്വവും. പുരുഷന്റെ മതവേഷങ്ങളെ ബുര്‍ഖയുമായി താരതമ്യപ്പെടുത്താനുള്ള വിഫലശ്രമം സാധാരണയായി മതപ്രീണനവാദികളുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. ബുര്‍ഖയെ നിരുത്സാഹപ്പെടുത്തുന്നവര്‍ക്ക് പുരുഷന്റെ മതവേഷമായ തലപ്പാവും താടിയും സ്വീകാര്യമാകുന്നതെങ്ങനെ എന്നാണ് ചോദ്യം. എതിര്‍പ്പ് മതത്തിനോ മതവേഷത്തിനോ എതിരെയല്ലെന്നാണ് ഇവിടെ പ്രാഥമികമായി മനസ്സിലേക്കേണ്ടത്. ബുര്‍ഖ ഒരു മനുഷ്യജീവിയുടെ വ്യക്തിത്വത്തെ മുച്ചൂടും നിരാകരിക്കുന്നു എന്നതാണ് പ്രശ്‌നം. മതരഹിതര്‍ ഇത്തരം വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടാലും പ്രശ്‌നം സമാനമാണ്. 

ഓര്‍ക്കുക, തലപ്പാവും താടിയുമൊന്നും വ്യക്തിത്വത്തെ അസാധുവാക്കുന്ന മുഖംമൂടികളല്ല. തലപ്പാവും താടിയും പുരുഷസൗന്ദര്യം കൂട്ടുകയും വൈരൂപ്യങ്ങള്‍ മറയ്ക്കുകയും ചെയ്യുമെന്ന് വാദിക്കുന്ന രസികന്‍മാരുമുണ്ട്. കവിളൊട്ടിയവര്‍ക്ക് താടിമീശ അനുഗ്രഹമാണ്, കഷണ്ടി കയറിയവര്‍ക്ക് തലപ്പാവും! രണ്ടായാലും പൊതുസമൂഹത്തിന് ചില പ്രയാസങ്ങളുണ്ടെങ്കില്‍കൂടി ഇവയൊന്നും ആളെ 
തിരിച്ചറിയാനാവാത്ത 'ബഹിരാകാശവേഷ'ങ്ങളല്ല. 
അതേസമയം കൃപാണം കൊണ്ടുനടക്കണമെന്ന മതവാശി സമാന പട്ടികയില്‍ പെടില്ല. ഭൂരിഭാഗവും നിരായുധരായി വിഹരിക്കുന്ന ഒരു സമൂഹത്തില്‍ ഒരു കൂട്ടര്‍ മാത്രം അലാങ്കാരികമായെങ്കിലും ആയുധവുമായി നടക്കുന്നത് മറ്റുള്ളവര്‍ക്ക് അസുഖകരമായ അനുഭവം തന്നെയാണ്. പരസ്യമായി ആയുധം പ്രദര്‍ശിപ്പിക്കുന്ന ഒരാളോട് തമാശ പറയാന്‍പോലും ഒരുപക്ഷെ നിങ്ങള്‍ മടിച്ചേക്കാം! തലപ്പാവ് ധരിക്കുന്ന സിക്കുകാരായ മോട്ടോര്‍സൈക്കിള്‍ യാത്രികര്‍ക്ക് ഹെല്‍മെറ്റ് വേണ്ടെന്ന മതവാശിയും നമ്മെ ചിരിപ്പിച്ച് കൊന്നുകളയും. ഹെല്‍മെറ്റിന്റെ സ്ഥാനത്ത് തുണി ചുറ്റിയാല്‍ മതിയെന്ന വികലയുക്തിയും സ്വത്വസംരക്ഷണത്തിന്റെ ഭാഗമായി അനുവദിക്കണമെന്നാവും മതപ്രീണനവാദികളുടെ അലമുറ.

ആചാരങ്ങളും മൂല്യങ്ങളും മുറുകെ പിടിച്ചുകൊണ്ട് ജീവിക്കാനും സ്വത്വബോധം നിലനിര്‍ത്തി മുന്നോട്ട് പോകാനും ഏത് ജനതയ്ക്കും അവകാശമുണ്ടെന്ന ഉത്തരാധുനിക സങ്കല്‍പ്പങ്ങള്‍ ഒന്നാന്തരം മതസംരക്ഷണനിയമങ്ങളായി രൂപപ്പെട്ടുകഴിഞ്ഞു. മതപക്ഷപാതികള്‍ ഈ നിലപാടുമായി പതഞ്ഞൊഴുകുമ്പോള്‍ സാമൂഹികപരിഷ്‌ക്കരണം എന്ന പദം പോലും ബാഷ്പീകരിക്കപ്പെടുകയാണ്. പരിഷ്‌ക്കരിക്കാനും മോചനം നേടാനും ഒരു ജനതയ്ക്ക് അനുവാദമില്ലെന്ന വാദം വരുന്നു. പ്രാചീനവും പ്രാകൃതവുമായ ജീവിത-സാംസ്‌ക്കാരിക പരിസരങ്ങള്‍ പോലും കയ്യൊഴിയാന്‍ പാടില്ല. പൊതുസമൂഹം ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടാനും പാടില്ല. കാരണം? ആധുനികനാഗരികതയില്‍ മാറ്റങ്ങളായിക്കൊള്ളട്ടെ, പക്ഷെ നല്ലതാകട്ടെ മോശമാകട്ടെ, എല്ലാ പ്രാചീന സംസ്‌ക്കാരികസ്വത്വങ്ങളും സംരക്ഷിക്കപ്പെടണം. എലിയെ തിന്നുന്നവര്‍ തിന്നുകൊണ്ടിരിക്കണമെന്നര്‍ത്ഥം. എന്തിന് ഇത്തരം വികലമായ നിര്‍ബന്ധം? ഉത്തരം ലളിതം-ആധുനിക കാലത്ത് സ്വത്വസംരക്ഷണമെന്നാല്‍ ഭൂതകാലത്തോടുള്ള പ്രണയമല്ല മറിച്ച് മറയില്ലാത്ത മതസംരക്ഷണയജ്ഞമാകുന്നു. മതത്തെ അതിന്റെ സര്‍വ മാലിന്യങ്ങളോടും കൂടി നിലനിര്‍ത്തുക 

 എന്നാണതിന്റെ പിന്നിലെ അജണ്ട. 

സ്വത്വസംരക്ഷണവാദത്തില്‍ തൂങ്ങിക്കിടന്നിരുന്നുവെങ്കില്‍ സതിയും ശൈശവവിവാഹവും അയിത്തവും നരബലിയും നാമെങ്ങനെ വലിച്ചെറിയുമായിരുന്നു?! ആന്തരികസമ്മര്‍ദ്ദവും ബാഹ്യപിന്തുണയും മതത്തിന്റെ കരിനിയമങ്ങള്‍ മാറ്റിയെഴുതുന്നതില്‍ നിര്‍ണ്ണായകമാണ്. നരബലിയും സ്ത്രീകളുടെ ചേലാകര്‍മ്മവുമൊക്കെ സ്വത്വസംരക്ഷണത്തിന്റെ പേരില്‍ ന്യായീകരിക്കാനായേക്കും. പക്ഷെ ഓര്‍ക്കുക, ചരിത്രത്തിലെമ്പാടും ജനതകളുടെ സ്വത്വബോധത്തെ ഉടച്ചുവാര്‍ത്തും കാലികമായി പരിഷ്‌ക്കരിച്ചുമാണ് നവസ്വത്വങ്ങള്‍ ഉദയംകൊണ്ടത്. ഹിന്ദുമതതത്തിന്റെ പടയോട്ടം ബുദ്ധമതസ്വത്വത്തിന് ഗുരുതരമായ പരിക്കേല്‍പ്പിച്ചു. അവരുടെ സാംസ്‌ക്കാരികചിഹ്നങ്ങളും അസ്തിത്വവും ദയാശൂന്യമായി ചിതറിക്കപ്പെട്ടു. അമേരിക്കയിലും ഓസ്‌ട്രേലിയയിലും അധിനിവേശം നത്തിയ വെള്ളക്കാരന്‍ തദ്ദേശീയ നാഗരികതകളെ ഉന്മൂലനം ചെയ്യുകയായിരുന്നു. ഇസ്‌ളാം പടര്‍ന്നു കയറിയിടത്തൊക്കെ തദ്ദേശീയ ഗോത്രങ്ങളുടെ അവകാശാധാരികങ്ങളും മൂല്യവ്യവസ്ഥയും നിര്‍ദ്ദയം വെല്ലുവിളിക്കപ്പെട്ടു. മുഹമ്മദിന്റെ ആദ്യഭാര്യയായ ഖദീജയെ പോലൊരു സ്ത്രീയുടെ വളര്‍ച്ചയ്ക്ക് പോഷകമേകിയ ജാഹിലിയ യുഗത്തിന്റെ സാംസ്‌ക്കാരികപരിസരത്തെ അട്ടിമറിച്ചുകൊണ്ടാണ് ജന്മദേശത്തുപോലും ഇസ്‌ളാം കരുത്ത് കാട്ടിയത്. ജാഹിലിയ സംസ്‌ക്കാരം ഒട്ടുമുക്കാലും പകര്‍ത്തി സ്വന്തം പേരിലാക്കിയിട്ടുണ്ടെന്ന് വാദിച്ചാല്‍പോലും അവരുടെ സ്വതബോധത്തേയും മൂല്യവ്യവസ്ഥയേയും ഇസ്‌ളാം തൃണവല്‍ക്കരിച്ചുവെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാനിടയില്ല. 

സത്യത്തില്‍ നമ്മുടെ ആദിവാസികളോടും ഗോത്രജനതയോടും നാഗരികരാവാനാണ് ഇന്നും നാം ആവശ്യപ്പെടുന്നത്. ലോകമെമ്പാടും ഇത്തരം തിരുത്തലുകളും പരിഷ്‌ക്കാരങ്ങളും ഉടച്ചുവാര്‍ക്കലുകളും നടന്നിട്ടുണ്ട്. മനുഷ്യനാഗരികത മുന്നോട്ടു പായുന്ന ഒരു തീവണ്ടിയാണ്. അതില്‍ പുറംതിരിഞ്ഞിരിക്കുന്നവനും സഞ്ചരിക്കുന്നത് മുന്നോട്ടുതന്നെ. ഗുഹാമനുഷ്യനെ തിരുത്തിയാണ് ഗോത്രമനുഷ്യന്‍ വന്നത്. സ്വത്വങ്ങള്‍ ജഡമായി നിലനിറുത്തുകയല്ല കാലികമായി പരിഷ്‌ക്കരിച്ച് നവചൈതന്യം ആര്‍ജ്ജിക്കുകയാണ് വേണ്ടത്. അപരിഷ്‌കൃതവും അസഹനീയവുമായവ തിരസ്‌ക്കരിക്കുക എന്നത് കാലം നടത്തുന്ന തെരഞ്ഞെടുപ്പാണെന്നറിയണം.***

40 comments:

രജീഷ് പാലവിള said...

പ്രിയപ്പെട്ട രവിചന്ദ്രന്‍ സാര്‍ ,

ശാസ്ത്ര സാങ്കേതിക പരിജ്ഞാനവും മറ്റും ആധുനിക ലോകത്ത് വിപ്ലവ കരമായി വളര്‍ന്നെങ്കിലും മതം പറഞ്ഞു വച്ച അന്ധ വിശ്വാസത്തിന്റെ പുതപ്പ് വലിച്ചെറിയുവാനുള്ള ഉള്കരുത്ത് വലിയൊരു വിഭാഗത്തിനു ഇന്നും "പാപമാണ്".അതിലെ നന്മ തിന്മകളെ വേര്‍തിരിക്കുവാനുള്ള വിവേകം ആള്‍ക്കൂട്ടങ്ങള്‍ കുട്ടിക്കാലത്തെ തളര്‍ത്തുകയാണ്.അതിനെ അതി ജീവിച്ചു ഒഴുക്കിനു എതിരെ നീന്തുന്നവര്‍ വിരളം.സാറിന്റെ ലേഖനം കാലിക പ്രസക്തം

ChethuVasu said...

Welcome Back ! :)

ChethuVasu said...

ഡിങ്കന്റെ ഉപാസകനായ രവി സാര്‍ രണ്ടു മാസത്തെ വ്രതാനുഷ്ടാനങ്ങള്‍ കഴിഞ്ഞു , പൂജാതി കര്‍മ്മങ്ങളില്‍ വ്യാപ്രുതനായി ബ്ലോഗ്‌ പോസ്റ്റു തുടങ്ങിയ കാരയങ്ങില്‍ ബന്ധപ്പെടുകയില്ല എന്ന കഠിനമായ വ്രത നിഷ്ടകള്‍ പാലിച്ചു ,ഡിങ്കന്റെ പ്രസാദത്താല്‍ പൂര്‍വ്വാധികം എകാഗ്ര ചിത്തനായി തിരിച്ചെത്തിയതില്‍, ഈരേഴു പതിനാലു + ഒന്ന് സമം പതിഞ്ചു ആയ ഉലകങ്ങളില്‍ ഒന്നായ ഈ ബ്ലോഗുലകത്തിലേക്കു തിരിച്ചു വന്നതില്‍ സന്തോഷം രേഖപ്പെടുത്തുന്നു ... :


'സംസ്‌ക്കാരം'എന്ന വാക്കിന് 'സംസ്‌ക്കരിക്കപ്പെട്ടത്' എന്ന ലളിതനിര്‍വചനം പാടില്ല. "


ഈ വിഷയത്തില്‍ സമാനമായ ആശയം ഉള്‍ക്കൊള്ളുന്നു ഒരു കമന്സ്റ്റു വാസു മറ്റൊരു ബ്ലോഗില്‍ ഇട്ടിരുന്നു . അതിവിടെ കോപി പെയിസ്റ്റു ചെയ്യുന്നു :

ശുദ്ധി , ശുചിത്വതിനപ്പുറം ,ഭാന്തവും വികലുമായ ഒരു മാനസികാവസ്തയാകുമ്പോള്‍ , അതൊരു നീര്‍ക്കുമിള പോലെ പൊള്ളയായ പരിഹാസ്യമായ സാംസ്കാരിക നിര്മിതിയാകുന്നു .അത്തരം സാംസ്കാരിക മാനങ്ങലാല്‍ ബന്ധിതമാക്കപ്പെടുന്ന മന്സസ്സുകള്‍ക്ക് തന്റെ മാലിന്യങ്ങള്‍ അപരന്റെ വീട്ടുമുറ്റത്ത്‌ നിക്ഷേപിക്കാനെ കഴിയുകയുള്ളൂ. അത് കൊണ്ട് മലയാളി തന്റെ വീട്ടിലെ വെയിസ്ടിന്റെ ഉത്തരാവാടിട്ഗം ഏറ്റെടുക്കുന്നില്ല എന്ന് ചോദിച്ചാല്‍; അത് മലയാളിയുടെ മാത്രം പ്രശ്നമല്ല സാംസ്കാരിക മനശാസ്ത്രത്തിന്റെ - പൊതു പ്രശ്നമാണ് എന്ന് മനസ്സിലാക്കേണ്ടി വരും .

അന്യനെ അപഹസിച്ചും അവനെ വികലമാക്കി അവതരിപ്പിച്ചു ആത്മ നിര്‍വൃതിയും ആത്മ വിശ്വാസവും സ്വായത്തമാക്കാന്‍ ശീലിപ്പിക്കുന്ന സമൂഹ സാംസ്കാരിക മനശാസ്ത്രം മനുഷ്യനെ ക്കൊണ്ട് അത് ചെയ്യിപ്പിക്കും . . പ്രാക്രുതമായതിനെ " സാംസ്കാരികം " (സംസ്കരിക്കപ്പെട്ടത്‌ ) എന്ന് തെറ്റിദ്ധരിക്കുന്നതു , ഭാഷാ പരമായും യുക്തിപരമായും വിരോധാഭാസമാണ് എങ്കിലും പൊതുവില്‍ അങ്ങനെയാണ് ധരിച്ചു പോരുന്നത് - ഏറ്റവും "പഴക്കമുള്ള " -"പുരാതന -" സാമൂഹ്യ സംഞ്ഞകളില്‍ ഏറെ സംസ്കാരം അധികമായുണ്ട്ന്നു അഭിമാനം കൊള്ളുമ്പോള്‍ തങ്ങള്‍ പ്രാകൃതര്‍ ആണ് എന്നും സാംസ്കാരിക നവീകരണത്തിന് വിധേയമായിട്ടില്ല എന്നും തന്നെയല്ലേ സ്വയം വിളിച്ചറിയിക്കുന്നത് ..! ഹ ഹ !!

ശ്രീജിത് കൊണ്ടോട്ടി. said...

tracking..

മനു - Manu said...

Welcome back....

Soorya said...

വെള്ളക്കൊടി താഴ്തിക്കെട്ടിയോ?

രവിചന്ദ്രന്‍ സി said...

വെള്ളക്കൊടിയോട് അത്ര താല്‍പര്യമില്ലാത്തവരുണ്ടെന്നറിയാം. അത്തരക്കാരോട് ഒന്നേ പറയാനുള്ളു:എല്ലാ വര്‍ണ്ണങ്ങളും വെള്ളയില്‍ വീണുടയുന്നു.

രവിചന്ദ്രന്‍ സി said...

വാസു,

ഒരേ ഹോട്ടലില്‍ ഇരുന്ന് ആഹാരം കഴിച്ചാല്‍ ഒരേ മോര് കിട്ടും. ഒരേ പാട്ടും കേള്‍ക്കാം. ബില്ല് മാത്രം ഭിന്നമായെന്നിരിക്കും.

ചാർ‌വാകൻ‌ said...

വീക്ഷിക്കുന്നു.

ചാർ‌വാകൻ‌ said...

വീക്ഷിക്കുന്നു.

ChethuVasu said...

Off topic : on night skies and stars!

Taking liberty to paste a link here as we dont have many days left for the heavenly bodies to re arrange themselves.

So dont miss :

നക്ഷത്രങ്ങള്‍ക്ക് പിന്നാലെ ....മാര്‍ച് 7 !

AJESH K V said...

നിങ്ങളെന്നെ യുക്തിവാദിയാക്കി.i am waiting for your new book

nasthikan said...

മതം അടിസ്ഥാനപരമായി തിന്മയും അപൂര്‍വമായി നന്മയുമാണ്(Religion is essentially bad and occasionally good).>>>>>>>>>> മതത്തിന്റെ തിന്മകളെ കൊണ്ടാടുമ്പോഴും നന്മകളെ ആകാശവർക്കരിക്കുന്ന പ്രവണതയാണ് മതവാദികൾ എന്നും ചെയ്തുകൊണ്ടിരിക്കുന്നത്. അവർ പ്രസംഗിക്കുന്നത് മതത്തിന്റെ നന്മകളെയയിരിക്കും, എന്നാൽ അവർ ആഘോഷിക്കുന്നത് മതതിന്മകളെ തന്നെയാണ്.

രജീഷ് പാലവിള said...
This comment has been removed by the author.
രജീഷ് പാലവിള said...

തങ്ങളുടേതായ ഒരു ലോകം സൃഷ്ടിക്കുവാനുള്ള തത്രപ്പാടുകള്‍ മതത്തെ തിന്മയിലേക്ക് വലിച്ചെറിയുന്നു..എന്തുകൊണ്ടെന്നാല്‍ അതി ജീവനത്തിന് വേണ്ടിയുള്ള കലഹങ്ങള്‍ അപ്പോള്‍ അവിടെ ആരംഭിച്ചിട്ടുണ്ടാകും...

മുഹമ്മദ് ഖാന്‍(യുക്തി) said...

ഈ സംഭവത്തെ ആധാരമാക്കി'ഹിമകന്യക' (Ice Maiden) എന്ന പേരില്‍ ഒരു ഡോക്കുമെന്ററി പല അമേരിക്കന്‍ ടെലിവിഷന്‍ചാനലുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ശരിക്കും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ദൃശ്യാനുഭവമായിരുന്നു അത്. ..................
ഇത്തരമൊരു പരിപാടി പ്രക്ഷേപണം ചെയ്യുന്നതുപോലും ന്യായീകരിക്കാനാവില്ല>>>>>>>>>>>>>>>>>>>>>
----------------------------------
സര്‍.
നമ്മുടെ കേരളക്കരയില്‍ “സാംസ്കാരിക“ മേലാളന്മാരെ തട്ടാതെയും മുട്ടാതെയും നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
ഏഷ്യാനെറ്റിന്റെ ജനപ്രിയ പരിപാടിയാണ്
-വിശ്വസിച്ചാലും ഇല്ലെങ്കിലും-
ഇത് എന്തുകൊണ്ട് ജനപ്രിയ പരിപാടിയായി?
ഇതിനെതിരെ അഭിനവ സാംസ്കാരികര്‍ കമാ എന്നൊരക്ഷരം മിണ്ടാത്തതെന്തേ?

രവിചന്ദ്രന്‍ സി said...

'ഞങ്ങള്‍ നല്ല ഒരു ഒന്നാന്തരം അന്ധവിശ്വാസം അവതരിപ്പിച്ചു കഴിഞ്ഞു. ശരിയാണെന്നോ തെറ്റാണെന്നോ അഭിപ്രായപ്പെടുന്നില്ല. ഒക്കെ നിങ്ങള്‍ സ്വയം തീരുമാനിക്കുക. ഈ ഇനത്തില്‍പ്പെട്ട സംഗതികള്‍ നിങ്ങള്‍ക്ക് പരിചയമുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക. ഞങ്ങള്‍ അത് പൊതുജനസമക്ഷത്ത് കൊണ്ടു വരുന്നതാണ്.''

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തേടിപ്പിടിച്ച് ജനശ്രദ്ധയില്‍ കൊണ്ടുവന്ന് പരിപാടി വിജയിപ്പിക്കുക എന്ന ലളിതമായ അജണ്ട. ഇങ്ങനെയൊക്കയല്ലേ സമൂഹത്തെ സേവിക്കാനാവൂ. നല്ല നാളേയ്ക്കായി ഞങ്ങള്‍ക്കാവുന്നത് ചെയ്യുന്നു!

കേരള മറക്കാനാഗ്രഹിക്കുന്ന സാംസ്‌ക്കാരിക മാലിന്യങ്ങള്‍ നിര്‍ദാക്ഷിണ്യം സമൂഹമധ്യത്തിലേക്ക് വാരിവിതറുന്ന മൂന്നാംകിട നിലവാരമുള്ള ഇത്തരം പരിപാടികള്‍ ന്യായീകരിക്കപ്പെടുന്നത് 'കാണാന്‍ ആളുണ്ട്, ഉയര്‍ന്ന റേറ്റിംഗുണ്ട്' എന്ന ന്യായീകരണം കൊണ്ടാണ്. കാണാന്‍ ആളുണ്ടെങ്കില്‍ നമുക്ക് എന്തൊക്കെ കാണിക്കാം? എന്തൊക്കെ കാണാം?

'വിശ്വസിച്ചാലും ഇല്ലെങ്കിലും' മാത്രമല്ല ഇത്തരം ചാനലുകളിലെ ഒട്ടുമിക്ക പരിപാടികളും അന്ധവിശ്വാസപ്രചാരാണാര്‍ത്ഥം തന്നെ സംവിധാനം ചെയ്യപ്പെടുന്നവയാണ്. ഇതേ ചാനലുകാര്‍ തന്നെ ഇടയ്ക്കിടെ അന്ധവിശ്വാസങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് Talak showകള്‍ സംഘടിപ്പിച്ച് നമ്മെ അമ്പരിപ്പിച്ചുകളയും ചെയ്യും.

Asees babu said...

പ്രിയ രവിസാര്‍ അങ്ങയുടെ ഈ തിരിച്ചുവരവിന്നു സ്വാഗതം ആശംസകള്‍ .മത വിശ്വാസിയെ പിറന്ന നാള്‍മുതല്‍ ഓതിപഠിപ്പിച് വെച്ചിരിക്കുന്ന വിശ്വാസങ്ങള്‍ പലതും പുനര്ചിന്ടനതിനു വിധേയമാക്കും താങ്കളുടെ രജനകള്‍ കാലിക പ്രസക്തമായ പുതിയ എഴുത്തിനു നന്തി .ചര്‍ച്ചകള്‍ തുടരട്ടെ ...

രജീഷ് പാലവിള said...

ഓഷോരജനീഷിന്റെ ഒരു പുസ്തകം അടുത്തിടെ വായിച്ചു.വളരെ വെത്യസ്തമായ ഒന്ന്."ദൈവം മരിച്ചു" എന്നതാണ് അതിന്റെ ശിരോലിഖിതം .മതവിശ്വാസികളും യുക്തി വാദികളും അത്യാവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമായി തോന്നി.

ഒരു ഭാഗത്ത്‌ ഓഷോ ഇങ്ങനെ വെക്തമായി പറഞ്ഞു:"മതങ്ങളും ലോകമെമ്പാടുമുള്ള പുരോഹിതന്മാരും ,അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവര്‍ ആയിരുന്നാലും മനുഷ്യന്റെ ഭയത്തെ ചൂഷണം ചെയ്തിട്ടുണ്ട് .ഒരു കെട്ട് കഥയെ ,ഒരു നുണയെ,ദൈവത്തെ അവര്‍ മനുഷ്യനു നല്‍കി! "ഭയപെടെണ്ടതില്ല.ദൈവം നിങ്ങളെ കാത്തുകൊള്ളും.ഒരു ഭീതിയുടെയും ഉത്കണ്ഠയുടെയും ആവശ്യമില്ല ,ദൈവം എല്ലാം ശെരിയാക്കി കൊള്ളും!നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:ദൈവത്തില്‍ വിശ്വസിക്കുക !അവന്റെ പ്രതി പുരുഷന്മാരില്‍ ,പുരോഹിതന്മാരില്‍ വിശ്വസിക്കുക!ദൈവം ഭൂമിയിലേക്ക്‌ അയച്ചു തന്നിട്ടുള്ള തിരുഎഴുത്തുകളില്‍ വിശ്വസിക്കുക!!"--ഈ വിശ്വാസമാണ് നിങ്ങളുടെ ഭയങ്ങളെയും ഉത്കണ്ഠകളെയും മൂടി വച്ചിരിക്കുന്നത് .മൂടി വയ്ക്കപ്പെട്ട മുറിവ് ഉണങ്ങിയ മുറിവല്ല!!ആ മൂടിക്കുള്ളില്‍ ഇരുന്നു അത് അര്‍ബുദം ആയി മാറും!!"...വളരെ വിപ്ലവകരമായ നിരവധി ചിന്തകള്‍ ഈ പുസ്തകം പങ്കു വയ്ക്കുന്നു..ഓഷോയ്ക്ക് മാത്രം കഴിയുന്ന ഒരു ഒഴുക്കോടെ!!

രവിചന്ദ്രന്‍ സി said...

'പിണറായി എന്ന ആണ്‍കുട്ടി'

Anonymous said...

ഒരു സംശയം,താന്കള്‍ ബുര്‍ക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?മുഖ ആവരണത്തെയോ?

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വിമര്‍ശകന്‍,

ബുര്‍ഖ, ഹിജാബ്, പര്‍ദ എന്നിങ്ങനെയുള്ള വസ്ത്രങ്ങള്‍ക്ക് പ്രാദേശികമായി പലതരം വകഭേദങ്ങളുണ്ട്. അതുകൊണ്ട് തന്നെ Full veil എന്ന് കൃത്യമായി എടുത്ത് പറഞ്ഞത്. ചിത്രത്തിലൂടെ ആശയം വ്യക്തമാക്കാനും ശ്രമിച്ചിട്ടുണ്ട്. മുഖമൊഴികെയുള്ള ശരീരം മുഴുവന്‍ മറയ്ക്കുന്നതൊന്നും ഇവിടെ വിഷയമല്ല.

മുഖം മറച്ച് സ്വന്തം വ്യക്തിത്വം പൂര്‍ണ്ണമായും റദ്ദാക്കിക്കൊണ്ട് പൊതുജീവിതം നയിക്കുന്നതിനെ കുറിച്ചാണിവിടെ പ്രതിപാദ്യം.

Anonymous said...

വളരെ ശരി. മുഖം മൂടുന്ന ബുര്ഖ ധരിച്ചു പൊതു സ്ഥലങ്ങളില്‍ ഇടപെടുമ്പോള്‍ അനോണിമിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ട് അത് ആശാസ്യമല്ലാതെ കാണുന്ന രാജ്യങ്ങള് അത്തരം നിരോധനം ഏര്പ്പെടുത്തുന്നതില്‍ തെറ്റില്ല. അതോടൊപ്പം തന്നെ മുഖം മൂടാത്ത ബുര്ഖ ധരിക്കുന്നതിനെ വിമര്ശിക്കുന്നതു വെറും ബാലിശവും അര്ത്ഥ ശൂന്യവുമാണ്. അതില്‍ അനോണിമിറ്റി തുടങ്ങിയ പ്രശ്നങ്ങളില്ല. കുറേപേര്‍ സ്വന്തം ഇഷ്ടപ്രകാരം അത് ധരിക്കുന്നു. അതിനെ അങ്ങനെ കാണുക.അല്ലാതെ ബുര്ഖ ധരിച്ചതു കൊണ്ട്'അവള്‍ പുരുഷന്റെ അടിമയായിതീരുന്നു' 'അവളുടെ സ്വാതന്ത്ര്യം കുറയുന്നു' 'ചൂഷണോപാധിയായി മാറുന്നു' എന്നുള്ള വാദങ്ങളും താങ്കളുടെ തന്നെ ഭാഷയില്‍ 'സ്ത്രീകള്ക്കെതിരെയുള്ള മതഗൂഡാലോചനയുടേയും ലിംഗപരമായ വിവേചനത്തിന്റെയും കൊടിയടയാളമാണ് ബുര്‍ഖ' 'കേവലം ലൈംഗികഉപകരണമായോ അണ്‌ഡോല്പ്പാദന യൂണിറ്റായോ സ്ത്രീയെ പരിമിതപ്പെടുത്ത മാനസികജീര്ണ്ണയതയിലാണ് ബുര്ഖ തുന്നപ്പെടുന്നത്' 'ബുര്ഖ ധരിച്ച സ്ത്രീ പ്രണയം വിലക്കപ്പെട്ടവളാണ്. അവള്ക്ക് വ്യക്തിത്വവും, മുഖവുമില്ല ' തുടങ്ങിയ ആരോപണങ്ങള്ക്കൊന്നും യാതൊരു യുക്തിയുമില്ല എന്ന് ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട വിമര്‍ശകന്‍,
ഞാന്‍ പറഞ്ഞത് ശരിയാണെന്ന് ചൂണ്ടിക്കാണിച്ചിട്ട് അതില്‍ യുക്തിയില്ലെന്ന് വാദിക്കുന്നതിനെ മാനിക്കാന്‍ ശ്രമിക്കാം. വേഷപ്രച്ഛന്നത, ആള്‍മാറാട്ടം, Anonymity തുടങ്ങിയ കാര്യങ്ങള്‍ സുവ്യക്തമാക്കിയാണ് എഴുതിയിട്ടുള്ളത്. ഇവിടെ ബുര്‍ഖ എന്താണെന്നും വെടിപ്പായി മലയാളത്തിലും ഇംഗ് ളീഷിലും വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാനുപയോഗിച്ച വാചകങ്ങളൊക്കെ വ്യക്തിത്വം വെളിപ്പെടുത്താതെ പൊതുജീവിതം നയിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ബാധകമാണ്. പറഞ്ഞ കാര്യം അപ്പോള്‍ തന്നെ സ്വയം വിഴുങ്ങുന്ന തീരുമാനമെടുത്താല്‍ എനിക്കൊന്നും ചെയ്യാനില്ല.

ഒരാള്‍ ദേഹമാസകലം കറുത്ത തുണി ധരിക്കുന്നതിനെയോ അല്ലെങ്കില്‍ കൂടുതല്‍ അളവില്‍ തുണി ധരിക്കുന്നതിനെയോ ഇവിടെ വിലയിരുത്തിയിട്ടില്ല. അത് സ്വച്ഛപ്രകാരമാണോ പുരുഷനിശ്ചിതമാണോ എന്നും വിശകലനം ചെയ്യുന്നില്ല. അത് വേറെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. മുഖം മറയ്ക്കുമ്പോഴാണ് ഒരാള്‍ക്ക് വ്യക്തിത്വം സമ്പൂര്‍ണ്ണമായി നഷ്ടപ്പെടുന്നത്. Full veil ന്റെ പ്രശ്‌നമതാണ്. 2010 ല്‍ ഇറ്റലിയന്‍ പോലീസ് ടുണീഷ്യന്‍ യുവതിക്ക്(?) എതിരെ കേസെടുത്ത് 500 ലിറ പിഴയിട്ടതും മുഖംപടം മാറ്റി വ്യക്തിത്വം വെളിപ്പെടുത്താന്‍ വിസമ്മതിച്ചതുകൊണ്ടാണ്.

Anonymous said...

മുഖം മൂടുന്ന ബുര്‍ഖ നിരോധിക്കുന്ന കാര്യതെയാണ് വളരെ ശരി എന്ന് പറഞ്ഞത്.

Anonymous said...

ചിലര്‍ക്ക് ബുര്‍ഖ കണ്ടാല്‍ ചെകുത്താന്‍ കുരിശു കണ്ട പോലാണ്.

രവിചന്ദ്രന്‍ സി said...

കുരിശ് കണ്ടെന്ന് കരുതി ചെകുത്താന് വിശേഷിച്ചൊന്നും സംഭവിക്കാനില്ല. ഒരുപക്ഷെ സന്തോഷിച്ചേക്കാനുമിടയുണ്ട്.

Soorya said...

>>ചിലര്‍ക്ക് ബുര്‍ഖ കണ്ടാല്‍ ചെകുത്താന്‍ കുരിശു കണ്ട പോലാണ്.<<

അറിഞ്ഞിട്ട പേര് തന്നെയാണ് "ചെകുത്താന്റെ വചനങ്ങള്‍" എന്നത്.

Asees babu said...

രവിസാരിനു അര്യാഞ്ഞിട്ടാണ് ഈപര്ധയുടെ സൗകര്യം നല്ല സൌനര്യം ഉള്ളവര്‍ പര്ധshepe ആക്കി ശരീര വടിവ് കാണാന്‍ വേണ്ടിയും സൌന്നര്യം കുറവുള്ളവര്‍ ലൂസായും ചിലര്‍ സൌകര്യപ്രദമായി ശരീരകര്ടനായും ഉപയോകിക്കുന്നുണ്ട് .തികച്ചും മത വസ്ത്രമാനന്കിലും ഇതിനൊക്കെ ചില സൌകര്യങ്ങളും ഉണ്ട് ഇതൊന്നും അറിയാതെയാണോ .....?.....

pth said...

വീണ്ടും ബൂലോഗത്തിൽ............
അഭിവാദനങ്ങൾ.........

പ്രിജിത്ത് പി.കെ

pth said...

വീണ്ടും ...............
അഭിവാദനങ്ങൾ..........
മതം സമൂഹത്തെ നശിപ്പിക്കുകയാണ്.
എന്നാൽ നമ്മുടെ യുവത്വം ദൈവഭയത്തിൽ വായ് തുറക്കുന്നുമില്ല...
അഹോ കഷ്ടം............??

pth said...

പ്രിയപ്പെട്ട രവി സാർ,
താങ്കളുടെ മൗനം എന്നെ വിഷമിപ്പിച്ചു.
എന്തു പറ്റിയെന്ന് ആലോചിച്ചിട്ടും പിടികിട്ടിയില്ല...
വീണ്ടും ബ്ലൊഗ് കൻണ്ടതിൽ സന്തോഷം..

pth said...

now the "PART" APART

pth said...

മതം നമ്മുടെ പുസ്തകങ്ങളിൽ ഇടപെടുന്നു...
യൂറോപ്പിലെ ഭാഗങ്ങ്ൾ പടിക്ക് പുറത്ത്...
മതം എന്തിന് കരിക്കുലത്തിൽ.......
എങ്കിൽ സ്കൂളുകളിൽ ഗീതയും,കുർ- ആനും,ബൈബിളും എടുക്കട്ടെ........
മതമില്ലാത്ത ജീവനും മരിക്കട്ടെ....
നമ്മുടെ കുട്ടികൾ അസത്യങ്ങൾ മാത്രം മനസിലാക്കേണ്ടി വരും.........

Anonymous said...

pth said...(((പ്രിയപ്പെട്ട രവി സാർ,താങ്കളുടെ മൗനം എന്നെ വിഷമിപ്പിച്ചു.എന്തു പറ്റിയെന്ന് ആലോചിച്ചിട്ടും പിടികിട്ടിയില്ല...വീണ്ടും ബ്ലൊഗ് കൻണ്ടതിൽ സന്തോഷം..)))
ഹ ഹ ഹ ...Pthനു മനസ്സിലായില്ലേ? ബൂലോകത്ത് യുക്തിവാദികളായി സ്വയം അവതരിച്ചിട്ടുള്ള ഇദ്ദേഹമടക്കമുള്ള ചിലര്ക്ക് ഇസ്ലാം മതത്തെ കുറ്റം പറയുക, തല്ലുക എന്ന ഒറ്റ അജണ്ടയേ ഉള്ളു... ഇസ്ലാമിനെ വിമര്ശിുക്കുന്നതില്‍ മാത്രം ഇക്കൂട്ടരുടെ യുക്തിബോധം ഒതുങ്ങിപ്പോകുന്നു.സമൂഹത്തില്‍ നടമാടുന്ന മറ്റുള്ള അനാചാരങ്ങളും മറ്റും ഇവര്ക്കൊരു വിഷയമേ അല്ല.അഥവാ കണ്ടില്ലെന്നു നടിക്കും.ഇസ്ലാമിനെതിരെ എന്തെങ്കിലും കിട്ടിയാല്‍ നെടുനെടുങ്കന്‍ പോസ്റ്റുമായി വരവായി. അത് വരെ അവര്‍ മൗനം ഭജിക്കും.സ്വാഭാവികം.ഒരു ഇസ്ലാം വിമര്ശ്ന പോസ്റ്റുമായി അദ്ദേഹം ഇനിയും വരും.കാത്തിരിക്കുക.

nas said...
This comment has been removed by the author.
nas said...

ഇസ്ലാമിസ്റ്റുകളുടെ സ്ഥിരം നുണ പറച്ചില്‍ ഇവിടെ വിമര്‍ശകന്‍ ആവര്‍ത്തിക്കുന്നു എന്ന് മാത്രം.രവിചന്ദ്രന്‍ സാറിന്റെ മുഴുവന്‍ പോസ്റ്റുകളും വായിച്ചു നോക്കിയിട്ട് ഇങ്ങനെ ഒരാരോപണം ഉന്നയിക്കണം എങ്കില്‍ തൊലിക്കട്ടി കുറച്ചൊന്നും പോര.എന്തായാലും ഈ തൊലിക്കട്ടി സൂക്ഷിക്കുന്നത് നല്ലതാണ്.പരലോകത്ത് മദ്യത്തിന്റെ പുഴയില്‍ നീന്തുമ്പോള്‍ ഉപകാരപ്പെടും.ഇസ്ലാമിസ്റ്റുകള്‍ ആണ് യാതോരടിസ്ഥാനവും ഇല്ലാത്ത വികട വാദങ്ങളും നിരത്തി ഇവിടെ കിടന്നു തല്ലു വാങ്ങുന്നത്.അതുകൊണ്ട് കമന്റുകളില്‍ അവര്‍ക്കെതിരെ മറുപടിയും സ്വാഭാവികം.അതില്‍ കൂടുതല്‍ ഇവിടെ ഒന്നുമില്ല.

Abu Raniya said...

കാമ്പുണ്ടെന്ന് തോന്നിക്കുന്ന എന്നാല്‍ കാമ്പില്ലാത്ത ഒരു പോസ്റ്റ്‌ എന്നേ ഇതിനെ കുറിച്ച് പറയാനുള്ളൂ... ഇസ്ലാമിനെതിരില്‍ ഉന്നയിച്ച കാര്യങ്ങളൊക്കെ പഴയത്. മറുപടി നല്‍കപ്പെട്ടു കഴിഞ്ഞത്.
ചില സംശയങ്ങള്‍ ചോദിച്ചോട്ടെ:

1. ഇസ്ലാമിലെ ഏതു നിയമമാണ് ഈ നൂറ്റാണ്ടില്‍ പ്രസക്തമല്ലാത്തത്?
2. ഇസ്ലാമിലെ പര്‍ദ്ദ സമ്പ്രദായം (മുഖം മറക്കണമെന്ന് ഇസ്ലാം നിര്‍ബന്ധിക്കുന്നില്ല) നിങ്ങള്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നു കയറ്റം ആണെന്ന് പറയാനുള്ള കാരണം എന്താണ്? ലളിതമായി പറയാമോ?

satheesh said...

der mohamed ali please use your brain thats the only way to truth .................please swayam parihasyanaavaruth thangalkku oru 28 vayasundaavumennu karuthunnu athinte pakwatha kaanikanmennu apekshikkunnu..........

satheesh said...

der mohamed ali please use your brain thats the only way to truth .................please swayam parihasyanaavaruth thangalkku oru 28 vayasundaavumennu karuthunnu athinte pakwatha kaanikanmennu apekshikkunnu..........