ശാസ്ത്രം വെളിച്ചമാകുന്നു

Friday, 9 March 2012

മതം ചുവപ്പ് കാണുന്നു-ഭാഗം-2

പിണറായി എന്ന ആണ്‍കുട്ടി
Kanthapuram AP Abubaker


മതത്തെ തൊടാന്‍ പാടില്ലെന്ന കാന്തപുരം എ.പി.അബുബക്കര്‍ മുസലിയാരുടെ പ്രസ്താവന പൊതുസമൂഹത്തിലേക്ക് വലിച്ചെറിഞ്ഞ ഒരു ഭീഷണിക്കത്താണ്. മതകാര്യത്തില്‍ വേഷമൊന്നുമില്ലെന്നും ഇസ്‌ളാമികമായ എന്തിലും മുസ്‌ളീങ്ങള്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നുമുള്ള താക്കീത് ഫലത്തില്‍ കേരളസമൂഹത്തിനെതിരെയുള്ള ഫത്‌വ തന്നെ. എന്നാല്‍ അതും സ്വത്വസംരക്ഷണപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് പ്രീണനവാദികള്‍ വിലയിരുത്തുന്നത്. ഇസ്‌ളാം മതസ്ഥാപകനായ മുഹമ്മദിന്റെ മുടിയുടെ പേരില്‍ കോഴിക്കോട്ട് ഒരു വാണിജ്യകേന്ദ്രവും ജലചികിത്സയും എ.പി സുന്നികള്‍ പ്രഖ്യാപിക്കുമ്പോള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത നിലാപാടാണതെന്ന ബോധ്യം കേരളത്തിലെ മഹാഭൂരിപക്ഷത്തിനുമുണ്ട്. ജനത്തെ മൊത്തമായും ചില്ലറയായും പ്രതിനിധീകരിക്കേണ്ട രാഷ്ട്രീയശക്തികള്‍ മതഭയം മൂലം നിശബ്ദത പാലിച്ചു പോന്നത് 'എന്തുമാകാം' എന്ന ചിന്ത മതനേതൃത്വങ്ങളില്‍ ജനിപ്പിച്ചിട്ടുണ്ട്. അധികാരവും സ്വാധീനവും വെട്ടിപ്പിടിക്കാന്‍ ഏതുതരം വിട്ടുവീഴ്ചയ്ക്കും അവര്‍ തയ്യാറാവുമെന്ന് സ്വഭാവികമായും കാന്തപുരം കരുതിയിട്ടുണ്ടാവാം.


Pinarayi Vijayan
 'മുടി ആരുടേതായാലും കത്തിച്ചാല്‍ കത്തും' എന്ന സി.പി.എം. ജനറല്‍ സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പ്രസ്താവനയാകുന്നു. അദ്ദേഹം പറഞ്ഞതില്‍ ചോദ്യം ചെയ്യപ്പെടേണ്ടതായി എന്തെങ്കിലുമുള്ളതായി സാമാന്യബുദ്ധിയുള്ള ആരും പറയില്ല. മകരജ്യോതി തട്ടിപ്പാണെന്ന് ചിലര്‍ക്ക് ബോധ്യപ്പെട്ടപ്പോഴേക്കും നൂറുകണക്കിന് ജീവനുകള്‍ പൊലിഞ്ഞിരുന്നു. ദുരന്തം നിര്‍മ്മിക്കാനും അതില്‍ ഇരയാകുന്നവരെ സഹായിക്കാനും നികുതിപ്പണം ചെലവിടുമ്പോള്‍ അത് സര്‍വരേയും ബാധിക്കുന്ന വിഷയമായി മാറുകയാണ്. മതപ്രശ്‌നങ്ങള്‍ മതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുമെന്ന ചിന്ത ചപലമാണ്. എല്ലാ മതകലഹങ്ങളും ആത്യന്തികമായി പൊതുസമൂഹത്തിലേക്ക് തന്നെ പൊട്ടിയൊലിക്കും.

കേശവിവാദം കേവലം എ.പി-ഇ.കെ വിഭാഗം സുന്നികള്‍ തമ്മിലുള്ള തര്‍ക്കമല്ല. അതിനുപരിയായി കേരള സമൂഹത്തിനാകാമാനം ലജ്ജിപ്പിക്കുന്ന പലതും ഈ വിവാദത്തിലുണ്ട്. കാന്തപുരത്തിന്റെ കേശവ്യവസായത്തെ എതിര്‍ക്കുന്ന ഇ.കെ വിഭാഗം സുന്നികള്‍ക്ക് കേശത്തിന്റെ സനതിന്റെ കാര്യത്തില്‍ മാത്രമേ സംശയമുള്ളു! ബാക്കിയൊക്കെ നൂറുശതമാനം സ്വീകാര്യം. സനത് മനുഷ്യനിര്‍മ്മിതരേഖയാണ്. അതുകൊണ്ടുതന്നെ പൊതുസമൂഹം ശ്രദ്ധിക്കേണ്ട യാതൊന്നും ഈ നിയമപ്രശ്‌നത്തിലില്ല. സാങ്കേതികതടസ്സങ്ങളല്ല മറിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യന് മുഖംപൊത്തി ചിരിക്കാതെ കേട്ടു നില്‍ക്കാനാവാത്ത ചില അസംബന്ധങ്ങള്‍ ഈ വ്യാപാരയുദ്ധത്തില്‍(business war) ഉണ്ടെന്നത് തന്നെയാണ് ഇവിടെ കാതലായ വിഷയം. ഒരു നാഗരികസമൂഹത്തിന് ഇത്രയും പിറകോട്ട് പോകാനാവുമോ? തങ്ങള്‍ക്കിടയില്‍ മാത്രമേ മുടിതര്‍ക്കം പാടുള്ളുവെന്ന് കാന്തപുരം പറയുന്നത് വെറുതെയല്ല. കളമറിഞ്ഞുള്ള കളിയാണത്. അതോടെ തര്‍ക്കം സ്വയമേ റദ്ദാക്കപ്പെടുമെന്ന് അദ്ദേഹത്തിനറിയാം. കാരണം മുടിപള്ളി നിര്‍മ്മിക്കുന്നതിനോ അതുപയോഗിച്ച് ഭക്തിവ്യാപാരം നടത്തുന്നതിനോ തത്വത്തില്‍ ഇ.കെ സുന്നികള്‍ എതിരല്ല. സ്വന്തം നിലയ്ക്ക് മുഹമ്മദിന്റെ മുടി മുക്കിയ വെള്ളം പണ്ട് ലേലം ചെയ്തുകൊടുത്ത ചരിത്രവും അവര്‍ക്കുണ്ട്. അതായത് മുഹമ്മദിന്റെ മുടി 1400 വര്‍ഷം അതിജീവിച്ചെന്നും, അതിന് നിഴല്‍ ഉണ്ടാവില്ലെന്നും, അതില്‍ ഈച്ച വന്നിരിക്കില്ലെന്നും, അതിനെ അഗ്നിക്കിരയാക്കാനാവില്ലെന്നും, അത് മുക്കിയ ജലം കുടിച്ചാല്‍ പുണ്യം ലഭിക്കുമെന്നും അവരും ആണയിടുന്നു. മുടി അസ്സല്‍ ആകണമെന്ന് മാത്രം! പണ്ട് ഇത്തരത്തില്‍ മുഹമ്മദിന്റെ മുടി കത്തിക്കാന്‍ ശ്രമിച്ചിട്ട് കത്തിയില്ലെന്ന് കൂടി അവര്‍ പ്രചരിപ്പിക്കുന്നു. ഭാഗ്യവശാല്‍ കാന്തപുരത്തിന് അത്തരം ദുര്‍വാശികളൊന്നുമില്ല. കേശം കത്തിച്ചാല്‍ കത്തില്ലെങ്കിലും വെറുതെ റിസ്‌ക്കെടുക്കുന്നത് അനിസ്‌ളാമികമാണെന്നാണ് അദ്ദേഹത്തിന്റെ മറുവാദം. 


സാമാന്യബുദ്ധിയെ പരിഹസിക്കുന്ന കേശപ്രകീര്‍ത്തനം അനായാസം വെട്ടിവിഴുങ്ങാമെങ്കില്‍ കാന്തപുരം ഹാജരാക്കുന്ന തെളിവുകള്‍ വിശ്വസിക്കാനാണോ പ്രയാസം?! തമ്മില്‍ ഭേദം കാന്തപുരമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റു പറയാനാവില്ല. വിശ്വാസകാര്യത്തില്‍ യുക്തിയും തെളിവുമൊന്നുമല്ല പ്രധാനമെന്ന് സദാ വീമ്പിളക്കുന്നവര്‍ കാന്തപുരത്തോട് മാത്രം തെളിവ് ആവശ്യപ്പെടുന്നത് ദയാശൂന്യമായ പ്രവര്‍ത്തിയാണ്. സനത് കൃത്രിമമായി ഉണ്ടാക്കുന്നതിലും പ്രയാസകരമല്ലേ  മുടിയുണ്ടാക്കാന്‍!? പറയണം സര്‍, അന്ധവിശ്വാസം; അതല്ലേ എല്ലാം?!


മുഹമ്മദ് എല്ലാ അര്‍ത്ഥത്തിലും ഒരു മനുഷ്യനായിരുന്നുവെന്നാണ് കുര്‍-ആന്‍ സാക്ഷ്യപ്പെടുത്തുന്നത്. അദ്ദേഹത്തിന് രോഗംകൊണ്ട് കഷ്ടപ്പെടേണ്ടി വന്നതും യുദ്ധത്തില്‍ പല്ലിന് പരിക്കേറ്റതുമൊക്കെ നാമവിടെ വായിക്കുന്നു. കേരളത്തിലെ പല മുസ്‌ളീം സംഘടനകളും മുഹമ്മദിന്റെ 'മനുഷ്യത്വം' അംഗീകരിക്കാന്‍ മടിക്കുന്നില്ലെങ്കിലും സുന്നികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ദിവ്യത്വം സംബന്ധിച്ച് അതിശയോക്തിപരമായ ചില വിശ്വാസങ്ങള്‍ നിലവിലുണ്ട്. ഹജ്ജ് കാലത്ത് മുഹമ്മദ് തന്നെ തന്റെ മുടി മുറിച്ച് സഹാബിമാര്‍ക്കിടയില്‍ വിതരണം ചെയ്തതായും ആ മുടി മുക്കിയ വെള്ളം കുടിച്ചാല്‍ പുണ്യകരമാണെന്ന് ഉദ്‌ബോധിപ്പിച്ചതായും ഹദീസുകളുണ്ട്(ബുഖാരി, ഹജ്ജ്-540). 


രക്തം പാനം ചെയ്യുന്ന കൊമ്പുചികിത്സയില്‍ ആഗാധമായ വിശ്വാസവും മുഹമ്മദിനുണ്ടായിരുന്നുവത്രെ(മുസ്‌ളീം റിവ്യൂ, പേജ് 49, 1999 ജൂണ്‍). ഒരിക്കല്‍ തനിക്ക് രോഗം വന്നത് ചീര്‍പ്പ് ഉപയോഗിച്ച് ആരോ തനിക്കെതിരെ കൂടോത്രം ചെയ്തതു കൊണ്ടാണെന്ന് മുഹമ്മദ് പരാതിപ്പെട്ടതായും ഹദീസുകള്‍ സാക്ഷ്യപ്പെടുത്തുന്നു(ബുഖാരി, തിബ്ബ്, 1345). അതായത് കാന്തപുരം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ആധികാരികമായ ഇസ്‌ളാമികവിശ്വാസങ്ങള്‍ തന്നെയാണ്. ഈ കഥകളെ 'അന്ധവിശ്വാസം' എന്ന ഗണത്തില്‍ പെടുത്തുന്ന മുസ്‌ളീങ്ങളുണ്ടാവാം. ഹദീസുകളെ അടിസ്ഥാനപ്രാമാണമായി അംഗീകരിക്കുന്നവരാണ് ഇ.കെ-മുജാഹിദ്-ജമാ അത്ത് വിഭാഗക്കാര്‍. ആ നിലയ്ക്ക് അവര്‍ ഇത്തരം ആചാരങ്ങള്‍ക്കെതിരെ പ്രചരണം നടത്തുന്നതില്‍ കഥയില്ല. ഒരുപക്ഷെ കൊല്ലപ്പെട്ടെ ചേകന്നൂര്‍ മൗലവിയുടെ ശിഷ്യരായ കുര്‍-ആന്‍ സുന്നത്ത് സൊസൈറ്റിക്കാര്‍ മാത്രമാണ് ഔദ്യോഗികമായി ഹദീസുകളെ തള്ളിപ്പറയുന്നത്. 


അധികാരത്തിന്റെ തുരുത്തുകള്‍

ജനാധിപത്യവ്യവസ്ഥയില്‍ രാഷ്ട്രീയകക്ഷികള്‍ സഹജവും അനിവാര്യവുമായ ഘടകമാണ്. മതമാകട്ടെ, അനിവാര്യമല്ലെന്ന് മാത്രമല്ല അത് പലപ്പോഴും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താറുമുണ്ട്. അധികാരവിഭജനം (separation of powers)എന്നതുകൊണ്ട് രാഷ്ട്രത്തേയും മതത്തേയും വേര്‍തിരിച്ചു നിര്‍ത്തുകയും രാഷ്ട്രീയത്തില്‍ നിന്ന് മതസ്വാധീനം നീക്കുകയും ചെയ്യുക എന്ന അര്‍ത്ഥമാണുള്ളത്. രാഷ്ട്രീയത്തില്‍ മതം നേരിട്ട് ഇടപെടരുതെന്ന് പറയുന്നതുപോലെ മതകാര്യങ്ങളില്‍ നിന്ന് രാഷ്ട്രവും മാറിനില്‍ക്കണമെന്ന വാദം നിലനില്‍ക്കുന്ന ഒന്നല്ല. രാഷ്ട്രീയം മതമുള്‍പ്പെടെ സര്‍വതും ഉള്‍ക്കൊള്ളുന്ന ഒരു പ്രക്രിയയാകുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയശക്തികള്‍ക്ക് എല്ലാത്തിലും ഇടപേടേണ്ടിവരും, നിലപാട് സ്വീകരിക്കേണ്ടി വരും. ശരിയാണ്, മതകോപം ഭയന്ന് മതം കാട്ടികൂട്ടുന്നതെന്തിനേയും വാഴ്ത്തിപ്പാടുകയോ അവയ്ക്കുനേരെ മൗനം അവലംബിക്കുകയോ ആണ് സാധാരണഗതിയില്‍ രാഷ്ട്രീയകക്ഷികള്‍ അവലംബിക്കുന്ന പ്രായോഗികതന്ത്രം. തങ്ങളുടെ അവകാശാധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയകക്ഷികള്‍ ഒളിച്ചോടാറുണ്ട് എന്നതുകൊണ്ടു മാത്രം ആ മേഖലകളില്‍ നിന്നൊക്കെ അവരെ ആട്ടിപ്പായിക്കുന്നത് ന്യായീകരിക്കാനാവില്ല. രാഷ്ട്രീയശക്തികള്‍ സ്വയം വരുത്തിവെച്ച വിനയാണിത്. മതപ്രീണനത്തിന്റെ കൊടുമുടികളില്‍ സ്വയം മറന്നുല്ലസിക്കവെ കാല്‍ച്ചുവട്ടില്‍ നിന്ന് മണ്ണ് ചോര്‍ന്ന് പോകുന്നത് ഒരുപക്ഷെ അവര്‍ അറിയുന്നുണ്ടായിരുന്നിരിക്കില്ല. ഭിക്ഷ കൊടുത്ത് ഭിക്ഷാടനം ഇല്ലാതാക്കാനാവില്ലെതുപോലെ മതത്തെ പ്രീണിപ്പിച്ച് അതിനെ മെരുക്കാനുമാവില്ല. പ്രീണനം കൊഴുക്കുന്നതനുസരിച്ച് മതശാഠ്യങ്ങളും നിര്‍ബന്ധങ്ങളും തിളച്ചുപൊന്തും.
ഛിന്നവല്‍ക്കരിക്കുന്ന സമൂഹത്തില്‍ പ്രാദേശികവും വംശീയവുമായ അധികാരതുരുത്തുകള്‍ സൃഷ്ടിച്ച് സ്വന്തം സ്വാധീനവും അധീശത്വവും ഊട്ടിയുറപ്പിക്കാനാണ് സ്വത്വസംരക്ഷകര്‍ അദ്ധ്വാനിക്കുന്നത്. രാഷ്ട്രബോധം, ദേശീയത, സാമൂഹികപ്രതിബന്ധത തുടങ്ങിയ വിശാലതാല്‍പര്യങ്ങളെ അട്ടിമറിക്കുന്ന സങ്കുചിതവും വര്‍ഗ്ഗീയവുമായ കൂട്ടായ്മബോധമാണവിടെ ലക്ഷ്യം. മണ്‍മറഞ്ഞ നാടുവാഴി-ഗോത്ര വ്യവസ്ഥയുടെ നവീനപതിപ്പുകള്‍ക്ക് വേണ്ടിയുള്ള നിലവിളിയാണിത്. നാഗരികമനുഷ്യരുടെ മസ്തിഷ്‌ക്കത്തിലേക്ക് വംശബോധവും ഗോത്രസംസ്‌കൃതിയും കുത്തിനിറയ്ക്കുന്നത് അവരെ രക്ഷിക്കാനുള്ള മോഹം കൊണ്ടല്ല. പ്രസ്തുത ജനതകളുടെ മേല്‍ അധികാരം സ്ഥാപിക്കുന്നതിന്റെ ബലത്തില്‍ പൊതുസമൂഹത്തെ വെല്ലുവിളിക്കാനുളള അമിത വ്യഗ്രതയാണിവിടെ പ്രകടമാകുന്നത്. ആഫ്രിക്കയിലെ പിന്നാക്ക രാജ്യങ്ങളില്‍ നിരന്തരം സ്വയം പരാജയപ്പെടുത്തുന്ന സ്വത്വബോധത്തില്‍ അധിഷ്ഠിതമായ സമൂഹങ്ങളെ കാണാനാവും. പാകിസ്ഥാനുകളും അഫ്ഗാനിസ്ഥാനുകളും രൂപപ്പെടുന്നതും ഇതേ മൂശയിലാണെന്നറിയണം. സ്വത്വബോധം കനക്കുമ്പോള്‍ സമൂഹം ശിഥിലമാകുകയും രാജ്യം ചെറുതാകുകയും ചെയ്യുന്നു. 'ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കികൊള്ളാം വേറാരും അതില്‍ അഭിപ്രായം പറയേണ്ടതില്ല' എന്ന കാന്തപുരം മാതൃകയിലുള്ള തീട്ടൂരം പരിധിയില്ലാത്ത അധികാരത്തിന്റെ സ്വകാര്യതുരുത്തുകള്‍ ഇവിടെയും സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
 

പൊതുസമൂഹം രാഷ്ട്രശരീരമാകുന്നു. മറ്റ് കൂട്ടായ്മകളും സ്വത്വങ്ങളും ഉപസത്വങ്ങളും ശരീരത്തിന്റെ ഭാഗമല്ലാതെ പ്രവര്‍ത്തിക്കില്ല. പൊതുസമൂഹം എന്നത് നീക്കംചെയ്യാനാവാത്ത യാഥാര്‍ത്ഥ്യമാണെന്ന് (undeletable reality)ബോധ്യമുള്ള വ്യക്തിയാണ് പിണറായി വിജയന്‍. പാര്‍ട്ടിയില്‍ സമഗ്രാധിപത്യം സ്ഥാപിച്ചിട്ട് വര്‍ഷങ്ങളായിട്ടും കൃത്യമായും താന്‍ ഉദ്ദേശിച്ച സ്ഥലത്ത് കാര്യങ്ങളെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെങ്കില്‍ അതിന് കാരണം പാര്‍ട്ടിക്ക് ബാഹ്യമായി നിലകൊള്ളുന്ന പൊതുസമൂഹം തന്നെയാണ്. 'പാര്‍ട്ടി പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി' മാത്രമല്ലാത്തതു പോലെ മതവും സ്വകാര്യസ്വത്തല്ല. രണ്ടും സമൂഹത്തില്‍ ജീവിക്കുന്നവയാണ്. രാഷ്ട്രീയത്തിലെ ദുഷ്പ്രവണതകളേയും അപചയങ്ങളേയും വിമര്‍ശിക്കാന്‍ ആവേശം കാണിക്കുന്ന മതം തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പാണ്. 

രാജ്യത്തേയും ഭരണാധികാരികളേയും ഭരണഘടനയേയും നിര്‍ദ്ദയം വിമര്‍ശിക്കാന്‍ അധികാരമുള്ള പൗരന് മതത്തെ മാത്രം വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് വരുന്നത് ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് ശവക്കുഴി തോണ്ടും.

മതപരിഷ്‌ക്കരണശ്രമങ്ങളില്‍ പലതും ആഭ്യന്തരസമ്മര്‍ദ്ദം കൊണ്ട് മാത്രം ഫലവത്തായേക്കില്ല. മിക്കപ്പോഴും അതിന് ബാഹ്യപിന്തുണ അത്യന്താപേക്ഷിതമായി വരാം. മതം സ്വയം പരിഷ്‌ക്കരിക്കുമെന്ന വാദം അസ്ഥാനത്താണ്. മതം മനുഷ്യനെ പരിഷ്‌ക്കരിക്കുകയല്ല മറിച്ച് മനുഷ്യന്‍ മതത്തെ പരിഷ്‌ക്കരിക്കുകയാണ് ചെയ്യുന്നതെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. മതം ഒരുകാലത്തും മാറ്റത്തെ സ്വാഗതം ചെയ്തിട്ടില്ല. മറ്റ് ഗത്യന്തരമില്ലാതെ വരുമ്പോള്‍ മാത്രമാണ് വൈമനസ്യത്തോടെ അത് പരിവര്‍ത്തനവിധേയമാകുന്നത്. മതവും പൊതുസമൂഹവുമായുള്ള അതിര്‍ത്തി നേര്‍ത്തതും സുതാര്യവുമാകുന്നു. ഇരുകൂട്ടരും പലതും പങ്കുവെക്കുകയും പരസ്പരം പോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. മതം ഒരു പരമാധികാര റിപബ്‌ളിക്കല്ല, അത് സമൂഹത്തിലേക്കാണ് തുറന്നിരിക്കുന്നത്. സമൂഹം മതത്തിലേക്കും തിരിച്ചും പരസ്പരം മാലിന്യങ്ങള്‍ വലിച്ചെറിയുന്നുണ്ട്. ആ നിലയ്ക്ക് മതകാര്യത്തില്‍ പൊതുസമൂഹത്തിനുള്ള അധികാരവും ഉത്തരവാദിത്വവും ബാധ്യതയും സുവ്യക്തമാണ്. മതമോചനവും മതബോധനവും ഉറപ്പു നല്‍കുന്ന ഭരണഘടനയാണ് രാജ്യത്ത് നിലവിലുള്ളത്. മതം രാഷ്ട്രത്തിനും രാഷ്ട്രീയത്തിനും വിധേയമായിരിക്കണം; മറിച്ചുള്ള വാദം ദേശവിരുദ്ധമാകുന്നു.  

അന്ധവിശ്വാസം എന്നാല്‍ അന്യന്റെ വിശ്വാസം


തങ്ങളുടെ കളരിയില്‍ മറ്റുള്ളവര്‍ കസര്‍ത്തു കാട്ടേണ്ടെന്ന് കാന്തപുരം പറയുമ്പോള്‍ ഫലത്തില്‍ അത് പൊതുസമൂഹത്തിനെതിരെ നീട്ടിയെറിയുന്ന ഫത്‌വയായി പരിണമിക്കുന്നു. അദ്ദേഹം പ്രകോപിതനാകുന്നതിന് കാരണങ്ങള്‍ പലതാണ്. തന്റെ അധികാരസീമയിലേക്ക് അന്യശക്തികള്‍ കടന്നുകയറിയതായി അദ്ദേഹം സങ്കല്‍പ്പിക്കുന്നു. പള്ളികള്‍ക്ക് ക്ഷാമമില്ലാത്ത കേരളത്തില്‍ മറ്റൊരു പള്ളി കൂടി നിര്‍മ്മിച്ചതുകൊണ്ട് കാര്യമില്ല. മുടിപ്പള്ളിയും ജലചികിത്സയുമൊക്കെ മുസ്‌ളീംങ്ങള്‍ക്കിടയില്‍ തുടങ്ങിവെച്ചത് കാന്തപുരമല്ല. കാശ്മീരിലെ ഹസ്രത്ത്ബല്‍ ഉള്‍പ്പെടെ മുഹമ്മദിന്റെ മുടി സൂക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന പള്ളികള്‍ വേറെയുണ്ട്. കേരളത്തിലെ മുഖ്യധാര മുസ്‌ളീങ്ങള്‍ക്കിടയില്‍ പണ്ടേ ജലചികിത്സയ്ക്ക് നല്ല പ്രചാരമുള്ളതാണ്. പല്ല്, നഖം, മുടി, അസ്ഥി തുടങ്ങിയ ശാരീരിക അവശിഷ്ടങ്ങളെ ആധാരമാക്കിയുള്ള ഭക്തിതട്ടിപ്പുകളുടെ കാര്യത്തില്‍ ഇസ്‌ളാമിതര മതങ്ങളും പിന്നാക്കമല്ല. ഈ വര്‍ഷം ശബരിമലയിലെ നടവരവും ആള്‍വരവും കുറയാനുള്ള പ്രധാന കാരണം കഴിഞ്ഞകൊല്ലമുണ്ടായ മകരജ്യോതി ദുരന്തമാണല്ലോ. അന്ന് ഭക്തരുടെ കൂട്ടക്കൊല അരങ്ങേറിയപ്പോള്‍ നാസ്തികരും മതേതരവാദികളും അടക്കമുള്ള മതബാഹ്യസമൂഹം അതിന് പിന്നിലെ നഗ്നമായ ചൂഷണത്തെ ശക്തിയുക്തം ചോദ്യം ചെയ്യുകയുണ്ടായി. അപ്പോഴും മറ്റ് പ്രബല സമുദായ സംഘടനകള്‍ വാചാലമായ നിശബ്ദത പാലിക്കുകയായിരുന്നു. പക്ഷെ ആ സമുദായങ്ങളില്‍ പെട്ടവര്‍ ഫേസ്ബുക്കും ബ്‌ളോഗും അടക്കമുള്ള സൈബര്‍ലോകത്ത് തങ്ങളുടെ പരിഹാസവും അമര്‍ഷവും പൊട്ടിച്ചൊഴുക്കുന്നതില്‍ പിശുക്ക് കാട്ടിയതുമില്ല. സ്വമതത്തില്‍ ഒട്ടനവധി അന്ധവിശ്വാസങ്ങള്‍ ആഘോഷിക്കുന്നവര്‍ക്ക് മുസ്‌ളീങ്ങളുടെ വിശ്വാസത്തെ കുറ്റം പറയാന്‍ അവകാശമില്ലെന്ന് തന്നെയാണ് കാന്തപുരം വാദിക്കുന്നത്. 'നിങ്ങള്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ മിണ്ടുന്നില്ല, എന്തുകൊണ്ട് ഞങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ ശബ്ദമുയര്‍ത്തുന്നു?' എന്ന ലളിതമായ ചോദ്യമാണ് അദ്ദേഹമുന്നയിക്കുന്നത്. 


പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ഈ ഉപദേശം രാജ്യം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് പെട്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മുടി കത്തുമോ ഇല്ലയോ എന്നു പറയാനുള്ള ജ്ഞാനം പോലും തനിക്കില്ലെന്ന് അദ്ദേഹം വിനയാനിത്വനായി വിലപിച്ചു. അപ്പോസ്തലന്‍മാരുടെ എല്ലും പല്ലും സൂക്ഷിക്കുന്നിടത്തേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന ഒരാള്‍ക്ക് മുടിപ്പള്ളിയെ വിമര്‍ശിക്കാന്‍ പ്രയാസമുണ്ടാവുക സ്വാഭാവികം മാത്രം. പക്ഷെ പൊതു സമൂഹത്തിന്, വിശേഷിച്ചും പിണറായി വിജയനെ പോലുള്ള ഒരു ശുദ്ധ മതേതരവാദിക്ക് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അര്‍ഹതയില്ലെന്ന നിലപാട് കലര്‍പ്പില്ലാത്ത ഫാഷിസമാണ്. 

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയിലെ സ്വത്വവാദം എന്നറിയപ്പെട്ട ഉത്തരാധുനിക മതപ്രേമത്തെ അര്‍ഹിക്കുന്ന സ്ഥാനത്ത് കുടിയിരുത്തുക വഴി കേരളത്തിലെ മതേതരബോധത്തിന് മികച്ച സംഭാവനയാണ് പിണറായി വിജയന്‍ നല്‍കിയത്. 2006-11 നിയമസഭയില്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത രണ്ട് സി.പി.എം എം.എല്‍.എ മാരെ കുറ്റപ്പെടുത്തിക്കൊണ്ട് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് സര്‍ക്കുലറയച്ചതും സഖാവ് മത്തായി ചാക്കോ Ex MLA യെ മരണവേളയില്‍ അപമാനിക്കാന്‍ ശ്രമിച്ച ക്രൈസ്തവ പുരോഹിതനെ സഭ്യതയുടെ സീമ ലംഘിച്ചുകൊണ്ട് തന്നെ ശകാരിച്ചതിലും മതധാര്‍ഷ്ട്യത്തിനെതിരെയുള്ള പിണറായിയുടെ കമ്മ്യൂണിസ്റ്റ് നിലപാട് നിഴലിച്ചിരുന്നു. ഇന്ന് 'മുടി ഏതായാലും കത്തിച്ചാല്‍ കത്തുമെന്ന്' തുറന്നടിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും വോട്ടുബാങ്ക് രാഷ്ട്രീയത്തിനുപരിയായി കാര്യങ്ങളെ സമീപിക്കാന്‍ സ്ഥൈര്യം കാണിക്കുന്ന അപൂര്‍വം രാഷ്ട്രീയക്കാരിലൊരാളായി സ്വയം അടയാളപ്പെടുത്തുകയാണദ്ദേഹം. പാര്‍ട്ടി സംസ്ഥാനസമ്മേളനം കഴിഞ്ഞുള്ള പത്രസമ്മേളനത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പോരാടുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വന്ന മുടിപ്പള്ളിചോദ്യത്തില്‍ നിന്ന് പിണറായി തന്ത്രപരമായി ഒഴിഞ്ഞുമാറിയിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ കേശപരാമര്‍ശം കാന്തപുരം ഭീഷണിപ്പെടുത്തിയപ്പോള്‍ വല്ലാതെ മയപ്പെടുത്തിയെന്നും ആരോപണവുമുണ്ട്. പക്ഷെ ഓര്‍ക്കുക, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ മതത്തെ മെരുക്കാന്‍ കഴിവുള്ള നേതാക്കളുടെ അഭാവം വര്‍ദ്ധിക്കുകയാണ്. മതത്തിന് മുന്നില്‍ നിരുപാധികമായി കീഴടങ്ങാനും അതിനെ വാഴ്ത്തി തളരാനും പരിശീലനം സിദ്ധിച്ച പ്രായോഗികമതികള്‍ പെരുകുമ്പോള്‍ പാര്‍ട്ടി ദുര്‍ബലപ്പെടുകയും മതം മദഭരിതമാകുകയും ചെയ്യുന്നതില്‍ അത്ഭുതമില്ല. 

C.Kesavan
'ഒരു ആരാധനാലയം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന്' പണ്ട് സി. കേശവന്‍ പറഞ്ഞതുപോലെ ഇന്നാര്‍ക്കെങ്കിലും പറയാനാകുമോ എന്നാണ് ചോദ്യം. എന്താണിവിടെ സംഭവിച്ചത്? മതം കണ്ണുരുട്ടുമ്പോള്‍ തുണി നനയ്ക്കുന്ന നിലയിലേക്ക് രാഷ്ട്രീയകക്ഷികള്‍ അധ:പതിച്ചു. ജനം പോകുന്ന വഴിക്ക് അടിക്കാനും നല്ലതും ചീത്തയും ഉള്‍പ്പെടെ അവര്‍ക്ക് താല്‍പര്യമുള്ള എന്തിനേയും അന്ധമായി പിന്തുണയ്ക്കാനുമുള്ള അതിബുദ്ധി കാട്ടിയതിന്റെ ഫലമാണിത്. തെരഞ്ഞെടുപ്പ് നഷ്ടം മുന്നില്‍ കാണുന്നതിനാല്‍ തിരുത്തല്‍ശക്തികളാകാന്‍ രാഷ്ട്രീയകക്ഷികള്‍ തയ്യാറല്ല.സ്വഭാവികമായും സി.കേശവന്‍മാര്‍ റദ്ദാക്കപ്പെട്ടു.  

ഇനി നമുക്ക് ഏതെങ്കിലും മതപരമായ അന്ധവിശ്വാസങ്ങളോ അനാചാരങ്ങളോ നീക്കം ചെയ്യാനാവുമോ? ചെയ്തതൊക്കെ ചെയ്തു-ഇനിയൊന്നും നടപ്പില്ല എന്ന അവസ്ഥ സംജാതമാകുകയാണോ? സതിയും നരബലിയും അയിത്തവുമുള്‍പ്പെടെയുള്ള മതമാലിന്യങ്ങള്‍ ഇന്നും നിലവിലുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ വിശുദ്ധമായി അവ സഹിക്കപ്പെടുമായിരുന്നു. എതിര്‍പ്പിന്റെ ദുര്‍ബലസ്വരങ്ങളെ കൈകാര്യം ചെയ്യാനായി സ്വത്വവാദികളും പ്രീണനപ്രഭുക്കളും ചാടിവീഴും. എന്തേ അനാചാരം നിലനിര്‍ത്താന്‍ ഒരു ജനതയന്ന നിലയില്‍ അവര്‍ക്ക് അവകാശമില്ലേ?! അവര്‍ അന്ധവിശ്വാസം ആചരിക്കുന്നെങ്കില്‍ നിങ്ങള്‍ക്കെന്ത് ചേതം?!.. ചപലമായ ഇത്തരം ചോദ്യങ്ങളുമായി അവര്‍ അരങ്ങു തകര്‍ക്കും.രാഷ്ട്രീയക്കാരനാവട്ടെ, എണ്ണം നോക്കി ഗുണം നിര്‍ണ്ണയിക്കും. മതത്തെ നോവിക്കാതിരിക്കുക എന്നത് രാഷ്ട്രീയവിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് നേതാക്കളും ഭരണാധികാരികളും ഗീര്‍വാണമടിക്കുമ്പോള്‍ ഏറെ കെട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ മതേതര രാഷ്ട്രീയത്തിന് ഉടയാടകള്‍ നഷ്ടപ്പെടുകയാണ്. പാകിസ്ഥാനുകളും റുവാണ്ടകളും ഉണ്ടാകുന്നത് എങ്ങനെയെന്ന് ഇനിയും തിരിച്ചറിയാന്‍ നമുക്ക് കഴിയില്ലെന്നോ?!  ഏവരും മതസേവയ്ക്കായി ഉഴറി നടക്കുമ്പോള്‍, മതത്തിന് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന 'നല്ലവശങ്ങള്‍' പര്‍വതീകരിച്ച് പ്രതിരോധം ചമയ്ക്കുമ്പോള്‍, പണയപ്പെടുത്താന്‍ ഏറെയൊന്നും ബാക്കിയില്ലാത്ത പൊതുസമൂഹവും ജനാധിപത്യവും നഷ്ടബോധം കൊണ്ട് വിതുമ്പുകയാണ്. 'മലപ്പുറം നമ്മുടേത്, കോട്ടയം അവരുടേത്' എന്ന നിലയില്‍ അധികാരവിഭജനവുമായി മതം പിടിമുറുക്കുമ്പോള്‍, സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും അഭിപ്രായം പറയാനും വിമര്‍ശിക്കാനും ജന്മാവകാശമുള്ള തങ്ങള്‍ മതം ഏര്‍പ്പെടുത്തുന്ന ഫത്‌വകള്‍ പരാതികളില്ലാതെ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണെന്ന് രാഷ്ട്രീയ ശക്തികള്‍ ഏറ്റുപറയുമ്പോള്‍ നമ്മുടെ ജനാധിപത്യം മതാധിപത്യം അക്ഷരതെറ്റോടെ പരിചയപ്പെടുത്തുന്ന ഒരു അനാചാരമായി പരിമിതപ്പെട്ടുപോകുന്നു.***

23 comments:

മനു - Manu said...

പാര്‌ട്ടിയിലെ മറ്റു പലരും ആണ്‌കുട്ടിയാണോ പെണ്‌കുട്ടിയാണോ എന്നു തിരിച്ചറിയാന് പറ്റാത്തവിധം പെരുമാറിയിട്ടുണ്ടെങ്കിലും, പിണറായി ആണ്‍കുട്ടിയാണെന്നതിന് രണ്ടു പക്ഷമില്ലതന്നെ.

nilamburan said...

സര്‍., അത്യുഗ്രന്‍... ആയി.
മത പ്രീണനം നടത്താതെ ഏതെന്കിലും രാഷ്ട്രീയ കക്ഷിക്ക് നില നില്‍ക്കാനാവുമോ? ഈ മുടിയിട്ട വെള്ളം പരിശുദ്ദമെന്നു ധരിക്കുന്ന ആളുകള്‍ തന്നെയാണ് മലപ്പുറത്ത് ലീഗിന്റെ ശക്തിയും, ഇവരുടെയൊക്കെ ഈ അഅന്ധവിശ്വാസത്തെ രാഷ്ട്രീയത്തിനായും ബിസിനെസ്സുനായും, ബുദ്ദിയുള്ളവര്‍ വിനിയോഗിക്കുന്നു. നല്ല ബുദ്ദിയുള്ളവര്‍ വിശ്വാസികല്‍ക്കിടയിലാണ് എന്നാണ് എനിക്ക് തോന്നുന്നത്.

nilamburan said...

സര്‍., അത്യുഗ്രന്‍... ആയി.
മത പ്രീണനം നടത്താതെ ഏതെന്കിലും രാഷ്ട്രീയ കക്ഷിക്ക് നില നില്‍ക്കാനാവുമോ? ഈ മുടിയിട്ട വെള്ളം പരിശുദ്ദമെന്നു ധരിക്കുന്ന ആളുകള്‍ തന്നെയാണ് മലപ്പുറത്ത് ലീഗിന്റെ ശക്തിയും, ഇവരുടെയൊക്കെ ഈ അഅന്ധവിശ്വാസത്തെ രാഷ്ട്രീയത്തിനായും ബിസിനെസ്സുനായും, ബുദ്ദിയുള്ളവര്‍ വിനിയോഗിക്കുന്നു. നല്ല ബുദ്ദിയുള്ളവര്‍ വിശ്വാസികല്‍ക്കിടയിലാണ് എന്നാണ് എനിക്ക് തോന്നുന്നത്.

രവിചന്ദ്രന്‍ സി said...

നന്ദി നിലമ്പൂരാന്‍. സി.പി.എം വിട്ട എം.എല്‍.എയ്ക്ക് നിമിഷങ്ങള്‍ക്കകം പിന്തുണയുമായെത്തിയത് അദ്ദേഹത്തിന്റെ ജാതിസംഘടനയായ ഹിന്ദു നാടാര്‍ സഭ. അതായത് അദ്ദേഹം അടിസ്ഥാനപരമായി നാടാര്‍ വര്‍ഗ്ഗീയപ്രവര്‍ത്തനം നടത്തി വരുകയായിരുന്നു. അതിനെ പിന്തുണച്ചു-അതിനാല്‍ പിന്തുണയ്ക്കപ്പെട്ടു. പാര്‍ട്ടി ഒരു ഓവര്‍കോട്ട് മാത്രം!

മിക്ക രാഷ്ട്രീയനേതാക്കളും അടിസ്ഥാന നിക്ഷേപമായി കാണുന്നത് അവരവരുടെ ജാതി-മത മണ്ഡലങ്ങളാണ്. പാര്‍ട്ടിയുടെ ബോര്‍ഡുംവെച്ച് തനി ജാതി-മത രാഷ്ട്രീയം. നാടാര്‍ നേതാവ്, യോഗക്ഷേമ നേതാവ്, സുറിയാനി നേതാവ് എന്നിങ്ങനെയാണ് എം.എല്‍ എ മാര്‍ വര്‍ഗ്ഗീകരിക്കപ്പെടുന്നത്. ഇത്തരം സ്വത്വ നിലവിളികള്‍ പാര്‍ട്ടിക്കെതിരെയുള്ള ആയുധമാണ്. ഒരു തരം ഇന്‍ഷ്വറന്‍സ്. നാളെ പാര്‍ട്ടി വെട്ടിയിട്ടാല്‍ ആര് നോക്കും എന്ന യുക്തിവാദ ചോദ്യമാണിവര്‍ ഉന്നയിക്കുന്നത്.

ഫലത്തില്‍ പാര്‍ട്ടി ക്ഷയിച്ച് ഒന്നുമല്ലാതാകുന്നു, ജാതിയും മതവും പുഷ്ടിപ്പെടുന്നു. ''മാര്‍ക്‌സിസ്റ്റുകാരനല്ലാതായേക്കാം പക്ഷെ നാടാരാവാതിരിക്കാനാവില്ല'' എന്നതാണ് ശെല്‍വരാജിന്റെ ലൈന്‍. പണ്ട് സുബാഷ് ചക്രവര്‍ത്തി ബംഗാളില്‍ തുറന്നടിച്ചതും മറ്റൊന്നല്ല.

കൊട്ടാരക്കര എം.എല്‍.എ ശ്രീമതി.അയിഷപോറ്റിയുടെ മുഖ്യവിനോദം സപ്താഹം, നവാഹം, ഉത്സവം, അഖണ്ഡനാമയജ്ഞം എന്നിവയുടെ ഉത്ഘാടനമാണ്. ഒന്നും വിട്ടുകളയുന്നില്ലെന്ന് മാത്രമല്ല വിളിച്ചില്ലെങ്കില്‍ പരിഭവം പറയുകകൂടി ചെയ്യുമത്രെ! കാരണം മത്സ്യം ജലത്തിലല്ലേ ജീവിക്കേണ്ടത്? അവിടെയൊക്കെയല്ലേ ജനം കൂടുന്നത്? ആള് കൂടുന്നിടത്ത് എം.എല്‍.എ വേണ്ടേ?!

നാളെ പാര്‍ട്ടിയെ ബ്‌ളാക്ക് മെയില്‍ ചെയ്യാനായി ഈ ഐറ്റം ലാവണ്യസുന്ദരമായി ഉപയോഗിക്കപ്പെടും. ''ഇത്രനാളും സഹിക്കുകയായിരുന്നു'' എന്ന ആവലാതികള്‍ പരത്തിവെക്കും. ആനുകൂല്യങ്ങള്‍ പരമാവധി ചൂഷണം ചെയ്തിട്ട് മനോജ് കളിക്കാന്‍ തയ്യാറെടുക്കുന്നവര്‍ നിരവധിയുണ്ട്. ഇത്തരക്കാരെ നിരന്തരമായി തൃപ്തിപ്പെടാന്‍ പാര്‍ട്ടി പരാജയപ്പെടുമ്പോഴാണ് റഹ്മത്തുള്ളമാര്‍ പിറക്കുന്നത്.

ഇന്നലെ ഒരു പത്രപരസ്യം കണ്ടു. ടി.കെ ഹംസയുടെ പുസ്തകം-ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ആത്മകഥയെന്നോ മറ്റോ ആണ് പേര്. നോക്കൂ, ടി.കെ.ഹംസയും കമ്മ്യൂണിസ്റ്റ്!! കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ കമ്മ്യൂണിസ്റ്റുകാരുണ്ടോ? എന്ന ചോദ്യം വരുന്നത് സത്യത്തില്‍ ഈ കാലഘട്ടത്തിന്റെ ദുരന്തമാണ്. AIt discriminates Ps

ChethuVasu said...

ആഹ ! കുഡോസ്‌ !

>>>>കമ്മ്യൂണിസ്റ്റ്!! കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍
കമ്മ്യൂണിസ്റ്റുകാരുണ്ടോ?<<<<

തീര്‍ച്ചയായും ! എപ്പോഴും അവര്‍ ഭൂരിഭാഗം അണികള്‍ മാത്രമായിരുന്നു ! കംയുനിസ്ടുകാര്‍ ആയും മനുഷ്യ സ്നേഹികളായും ജീവിച്ചു ആരും അധികം അറിയാതെ മരിച്ചു പോയവര്‍ ..! ആയിരങ്ങള്‍ വരും ! പക്ഷെ അവരെയൊന്നും ചരിത്രത്തിന്റെ പുസ്തകത്താളുകളില്‍ തിരഞ്ഞാല്‍ കാണുകയില്ല .. !

nas said...

പ്രിയ രവിചന്ദ്രന്‍ സര്‍

താങ്കള്‍ എന്റെ മത വികാരം വ്രണപ്പെടുത്തി.പിണറായിയും.നബിയുടെ മുടിയിട്ടു ബറക്കത്തു എടുക്കുവാനുള്ള അവകാശം ലോക മുസ്ലിങ്ങല്‍ക്കുണ്ട്.അങ്ങനെ ബറക്കത്തു എടുത്തു മുസ്ലിങ്ങള്‍ മറ്റു സമുദായങ്ങളെ മറികടന്നെക്കുമോ എന്നുള്ള വര്‍ഗീയ കുശുംബല്ലേ ഇതിന്റെ പിന്നില്‍ എന്നും സംശയം ഉണ്ട്.ജൂത-സിയോണിസ്റ്റ് പണം വാങ്ങി ഉള്ള കളിയാണോ ഇത് എന്നും ഞങ്ങള്‍ സംശയിക്കുന്നു.എന്തായാലും ജിബ്രീല്‍ ഒന്നര ദിവസത്തെ ലീവ്(രക്ഷിതാവിന്റെ ഒരു ദിവസം മനുഷ്യന്റെ 1000 വര്ഷം-22 :47 ,32 :5 )
കഴിഞ്ഞു തിരിച്ചെത്തിയാല്‍ ഇവിടെ പലതും സംഭവിക്കും.നിങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ടാകുമല്ലോ?

മുടിയില്‍ നിന്നും വിയര്‍പ്പില്‍ നിന്നും ഒക്കെ ബറക്കത്തു എടുക്കാന്‍ ഞങ്ങള്‍ക്ക് സ്വഹീഹായ ഹദീസുകള്‍ ഉണ്ട്.ജമഅത്,മുജാഹിദ് മുതലായ തിരുത്തല്‍ വാദികള്‍ തെളിവില്ല എന്ന് പറഞ്ഞാണ് ബഹുമാനപ്പെട്ട കാന്തപുരം ഉസ്താതിനോട് തര്കിച്ചു നരകം ഉറപ്പു വരുത്തുന്നത്.നബിയുടെ മുടിക്ക് നീളം അത്രയും ഇല്ല എന്നാണു ഒരു വാദം. സ്വഹീഹായ ഹദീസുകള്‍ ഇവര്‍ കാണാതെ ആണോ ഇങ്ങനെയൊക്കെ തട്ടി വിടുന്നത്?

ഓ.അബ്ദുള്ള എഴ്തുന്നത് നോക്കൂ-

"നബിതിരുമേനി
ഹജ്ജ്കര്‍മത്തിന്റെ ഭാഗമായി തല മുണ്ഡനം ചെയ്യവെ അദ്ദേഹത്തിന്റെ തലമുടി
വിശ്വാസികളില്‍ ചിലര്‍ വാരിയെടുത്തതായും അതു മറ്റുള്ളവര്‍ക്കിടയില്‍
വീതിച്ചുനല്‍കാന്‍ പ്രവാചകന്‍ അരുളിയതായും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
എന്നതു നേരാണ്. നബിതിരുമേനിയുടെ മലമോ മൂത്രമോ രക്തമോ നജസല്ലെന്നു പറഞ്ഞവരെ
അറബി-ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ ലേഖകന്‍ കണ്ടിട്ടുണ്ട്. അത്തരം വരികള്‍
കാണുമ്പോള്‍ ചാടിക്കടന്നുപോവലാണ് ഞങ്ങളെപ്പോലുള്ളവരുടെ പതിവ്."

അതായത് അത്തരം ഹദീസ് കാണുമ്പോള്‍ 12 അടി പുറകോട്ടു പോയി ഓടിവന്നു ഒറ്റ ചാട്ടം! തോബ.. തോബ... ഇങ്ങനെ ബുഖാരിയെ-മുസ്ലിമിനെ അപമാനിച്ച ഇയാള്‍ മുസ്ലിമാണോ? ശഹാദത് കലിമ ചൊല്ലട്ടെ ഇയാള്‍.

അബ്ദുള്ള-"ലേഖകനെ സംബന്ധിച്ചിടത്തോളം പ്രധാനം, പോരിശയാക്കപ്പെട്ട മര്‍കസിലെ തലമുടി
പ്രവാചകന്റേതാണ് എന്നുവന്നാല്‍ തന്നെയും പ്രവാചകന്മാരുടെ മുടിയോ നഖമോ എടുത്തു
സൂക്ഷിക്കാനും അതു നിക്ഷേപിച്ച പാനീയം ആണ്ടിലൊന്നോ രണ്േടാ തവണ പുറത്തെടുത്തു
കുടിക്കാനും വിശ്വാസി അനുശാസിക്കപ്പെട്ടിട്ടുണ്േടാ എന്നതാണ്."

വീണ്ടും ഹദീസ് നിഷേധം! സ്വഹീഹായ ഹദീസുകള്‍ പുചിച്ചു തള്ളുന്നു! കഷ്ടം!

അബ്ദുള്ള- "അശുദ്ധമല്ലെങ്കില്‍ പിന്നെ അവ രണ്ടും നിര്‍വഹിച്ച നബി ശൌച്യം ചെയ്യുകയോ
ശരീരഭാഗം കഴുകുകയോ ചെയ്യേണ്ടതുണ്ടായിരുന്നില്ല എന്നാണര്‍ഥം"

. ദേ പിന്നേം! ഇയാള്‍ ഹദീസ് കണ്ടിട്ടുണ്ടോ? ഇത് രണ്ടും നിര്‍വഹിച്ചു പുന്നാര നബി കല്ല്‌ കൊണ്ട് വരച്ചു സ്ഥലം കാലിയാക്കുന്ന സ്വഹീഹായ ഹദീസുകള്‍ പുല്ലു പോലെ തള്ളുന്ന ഇയാള്‍ക്ക് നല്ല ബുദ്ധി തോന്നിക്കുമാറ്‌ ആകട്ടെ .ആമീന്‍.

ഇത്രയും എഴുതിയതില്‍ നിന്നും മഹാനായ കാന്തപുരം അവര്‍കളുടെ മുടിയുടെ സനദ് അന്വേഷിച്ചു കുഴപ്പത്തില്‍ ചാടാതെ വിശ്വാസത്തോടെ മര്‍കസില്‍ വന്നു മുടിയിട്ട വെള്ളം പാനം ചെയ്തു ബറക്കത്തു എടുക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.ഇതിനിടയില്‍ ആരെങ്കിലും സനത് തെറ്റിചിട്ടുണ്ടെങ്കില്‍ ആരും ബേജാറ് ആവണ്ട അവരോടു അല്ലാഹു ചോദിച്ചോളും.

ChethuVasu said...

>>>>മതം സ്വയം പരിഷ്‌ക്കരിക്കുമെന്ന വാദം അസ്ഥാനത്താണ്. മതം മനുഷ്യനെ പരിഷ്‌ക്കരിക്കുകയല്ല മറിച്ച് മനുഷ്യന്‍ മതത്തെ പരിഷ്‌ക്കരിക്കുകയാണ് ചെയ്യുന്നതെന്ന് <<<<

ഈ സന്ദര്‍ഭത്തില്‍ പ്രസക്തമായ ഒരു വാചകം ശ്രീ നാരായണ ഗുരുവിന്റെതായുണ്ട് " സൂഷ്മമറിഞാവര്‍ക്ക് മതം പ്രമാണമല്ല , മറിച്ച് അവര്‍ മതത്തിനു അവര്‍ പ്രമാണം ആകണം ".
ആത്മീയ ചിന്തക്കുള്ളില്‍ നിന്ന് കൊണ്ട് ഒരാള്‍ക്ക്‌ മാക്സിമം ചിന്തിക്കാവുന്നത്‌ മതം അല്ലെങ്കില്‍ ആത്മീയ ബോധം എങ്ങനെയെങ്കിലും കൂടുതല്‍ പ്രായോഗികമായി , കഴിയുന്നത്ര പരിഷ്കരിക്കുക എന്നതായിരിക്കും .. അത് കൊണ്ട് തന്നെ , 'ചിന്തിക്കുന്നവന്‍ തന്റെ മതത്തിനു വിധേയം അല്ലെന്നും' മറിച്ച് 'മതം അവന്റെ ചിന്തകളെ ഉപയോഗപ്പെടുത്തി തുടര്‍ച്ചയായി പരിഷ്കരിക്കപ്പെടെണ്ട ഒന്നാണ് എന്നും ' പുള്ളി വ്യക്തമായി ഇവിടെ പറയുന്നു .. !

പറഞ്ഞിട്ടെന്താ കാര്യം.. ഇവിടെ ഇനി ഇപ്പൊ ..ആര് എന്ത് ....പരിഷ്കരിക്കാന്‍...! ഇന്റര്‍നെറ്റ്‌ ഹോമങ്ങളും പൂജ വിധികളും വരാനിരിക്കുന്നതെ ഉള്ളൂ.. !!!

ശിവന്‍ പണ്ട് ജീവിച്ചിരുന്ന .. രാജാവോ ഒരു നാട്ടു പ്രമാണിയോ മറ്റോ മാത്രം ആയിരിക്കാമെന്നു പറഞ്ഞതും അദ്ദേഹം തന്നെ ...! സന്യാസി ജീവിതത്തില്‍ ഇരുന്നു കൊണ്ട് ഇതിനപ്പുറം യുക്തി പറയാന്‍ ഒരു സന്യാസിക്കും പറ്റില്ല എന്ന് തോന്നുന്നു ..! ഈ അടുത്ത കാലത്താണ് പി കെ ബാലകൃഷ്ണന്റെ ആ കൃതി വായിക്കാന്‍ ഇടവന്നത് .. ഞെട്ടിപ്പോയി !! ഒരു നൂറു വര്ഷം മുന്‍പ് അദ്ദേഹം പറഞ്ഞ അതെ കാര്യം ഇന്ന് തുറന്നു പറയാന്‍ ആര്‍ക്കു ധൈര്യമുണ്ട് !!!!

ea jabbar said...

മുഹമ്മദിന്റെ മുടിയില്‍ ഈച്ചയിരിക്കില്ല, പക്ഷെ മുടിയില്‍ പേനുണ്ടായിരുന്നുവെന്നു ബുഖാരി !
മുടി കത്തില്ല, പക്ഷെ പല്ലു പൊട്ടും. ഉഹ്ദ് യുദ്ധത്തില്‍, പല്ലും മുഖവും പൊട്ടി !

ChethuVasu said...

ഒരു ആകാശ പ്രണയത്തിന്റെ കഥ !

വി ബി എന്‍ said...

Pinarayi is always stubborn to his stand.. Thanks for your article.. Well said..

Jyothis Narayanan said...

പൊങ്കാല ക്കാര്‍ക്ക് എതിരെ കേസ് എടുത്തതില്‍ പ്രതിഷേതിച്ചു DYFI ക്കാര്‍ പൊങ്കാല നടത്തുകയാണ് ..അവര്‍ക്കും ഫോക്കസ് നഷ്ടപടുകയാണോ....

Jyothis Narayanan said...

പൊങ്കാല ക്കാര്‍ക്ക് എതിരെ കേസ് എടുത്തതില്‍ പ്രതിഷേതിച്ചു DYFI ക്കാര്‍ പൊങ്കാല നടത്തുകയാണ് ..അവര്‍ക്കും ഫോക്കസ് നഷ്ടപടുകയാണോ....

രജീഷ് പാലവിള said...

ജാതി ചോദിക്കരുത്;പറയരുത്;ചിന്തിക്കരുത് " ശ്രീനാരായണഗുരുദേവന്‍
"ജാതി പറയുന്നത് തെറ്റല്ല ;അഭിമാനം " വെള്ളാപ്പള്ളി
???????????????????????
നിങ്ങള്‍ എന്ത് പറയുന്നു??

മതീലൂകളില്ലാത്ത ലോകത്തിനായ് said...
This comment has been removed by the author.
പൊട്ടന്‍ മാപ്ല said...

സര്‍,
>>>>>ആനുകൂല്യങ്ങള്‍ പരമാവധി ചൂഷണം ചെയ്തിട്ട് മനോജ് കളിക്കാന്‍ തയ്യാറെടുക്കുന്നവര്‍ നിരവധിയുണ്ട്<<<<<<<<
ആത്യന്തികമായി ഈ മനോജുമാരെ സൃഷ്ടിക്കുന്നിടത്ത് തന്നെയല്ലേ വിമര്‍ശനം ഉന്നം വെക്കേണ്ടത്? എണ്ണം നോക്കി ഗുണം നിര്‍ണ്ണയിച്ചപ്പോഴല്ലേ മനോജുമാരുണ്ടായത്? അപ്പോള്‍ പിന്നെ ആരാണ് സര്‍ ആണ്‍കുട്ടി? കാന്തപുരത്തിനെയും കൂട്ടരെയും ഏറ്റവും അധികം പ്രീണിപ്പിച്ചതും ഇതേ പിണറായി തന്നെയല്ലേ? സ്ത്രീകള്‍ക്കെതിരെയും ബഹുഭാര്യത്വത്തിനു അനുകൂലമായും കേട്ടാലറയ്ക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴെന്നും ഈ ആണ്‍കുട്ടീകളെയൊന്നും കണ്ടിരുന്നില്ല. ജലചികിത്സ നമുക്ക് അവഗണിക്കാം;എന്നാല്‍ ഈ മതമേലാളന്റെ (മതത്തിന്റെയും) സ്ത്രീവിരുദ്ധത എത്ര സഹോദരിമാരുടെ ജീവിതമാണ് നരകതുല്ല്യമാക്കി കൊണ്ടിരിക്കുന്നത്!

രവിചന്ദ്രന്‍ സി said...

കഴിഞ്ഞ ദിവസം(18.3.12) കൈരളി ചാനലില്‍ "കേള്‍ക്കൂ കേള്‍പ്പിക്കൂ" എന്ന പരിപാടിയില്‍ ആറ്റുകാല്‍ പൊങ്കല-പോലീസ് കേസ് എന്ന വിഷയസംബന്ധിയായ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായി. ഈ ബുധനാഴ്ച രാത്രി 9-10 വരെയാണ് സംപ്രേഷണമെന്ന് തോന്നുന്നു. പൊങ്കാലികളുടെ വാദം പ്രതിനിധീകരിക്കാമെന്ന് ഏറ്റിരുന്ന ഹിന്ദു ഐക്യവേദിയുടെ ശശികല ടീച്ചറെപ്പോലുള്ളവര്‍ എത്തിയില്ല.

തുടര്‍ന്ന് ഒരു ആറ്റുകാല്‍ ട്രസ്റ്റ് ജീവനക്കാരനും കുറെ ഭക്തകളായ കോളേജ് വിദ്യാര്‍ത്ഥിനികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അതില്‍ കുറെപ്പോര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്നവരായിരുന്നു! പൊങ്കാലയ്ക്ക് ഐതിഹ്യമുണ്ട്, അത് ആശ്വാസം തരുന്നു, ഞങ്ങളുടെ മതവികാരം വ്രണപ്പെടുത്തരുത്, പൊങ്കാല മൂലം ഗാതാഗതം തടസ്സപ്പെട്ടില്ല...എന്നൊക്കെ ഈ കുട്ടികള്‍ ആവര്‍ത്തന വിരസമായി വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ചര്‍ച്ച ആസ്വാദ്യകരമായി തോന്നിയില്ല;നിലവാരമുള്ളതായും.

ഷൂട്ടിന് മുമ്പ് ഇതേ പരിപാടിയുടെ മറ്റൊരു എപ്പിസോഡില്‍ (മൈദ ആരോഗ്യത്തിന് ഹാനികരമോ?)പങ്കെടുക്കാനെത്തിയ പ്രമുഖ ബ്‌ളോര്‍ ശ്രീ. കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടിയെ കാണാനിടയായി. ആഴവും പ്രായവും പക്വതയുമുള്ള അഭിപ്രായങ്ങളിലൂടെ ബൂലോകത്ത് ശ്രദ്ധേയനായ സുകുമാരന്‍ ചേട്ടന്‍ ഒരു കുട്ടിയെപ്പോലെ ഊര്‍ജ്ജസ്വലനും ആഹ്‌ളാദവാനുമായി കാണപ്പെട്ടു.

boban said...

bold politician........

abdulla ponnani said...

ലോകത്ത് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച് സൂക്ഷിക്കുന്ന ശവശരീരം ലെനിന്റേതാണ്.
. ശരീരത്തില്നിിന്ന് വേര്പെിടുന്നതോടെ നഖവും മുടിയുമൊക്കെ വേസ്റ്റായി മാറുന്നുവെന്നും ബോഡി വേസ്റ്റ് മാലിന്യമായാണ് കണക്കാക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. ശരിയാണ്. അപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട ശരീരമോ? അത് വേസ്റ്റ് ബോഡിയാണ്. പരിമിതമായ സമയത്തിലേറെ പുറത്തുവെച്ചാല്‍ ചീഞ്ഞുനാറും. അതിനാലാണല്ലോ അത് മറവുചെയ്യുകയോ കരിച്ചുകളയുകയോ ചെയ്യുന്നത്. എന്നിട്ടും വി.ഐ. ലെനിന്റെ ശവശരീരം എന്തിന് കോടികള്‍ ചെലവഴിച്ച് സൂക്ഷിക്കുന്നു? മറവുചെയ്യുന്നതിനെ എതിര്ക്കു ന്നു?

abdulla ponnani said...

എല്ലാ മനുഷ്യരിലും ആരാധനാ വികാരമുണ്ട്. അതിനെ തൃപ്തിപ്പെടുത്താന്‍ നിര്ബ ന്ധിതരുമാണ്. അതിനാല്‍, എവിടെയെങ്കിലും അതര്പ്പിേക്കുന്നു. യഥാര്ഥട ഏകദൈവവിശ്വാസികള്‍ അവനെ മാത്രം ആരാധിക്കുന്നു. മറ്റൊന്നിനെയും അതിരുവിട്ട് ആദരിക്കുകയോ ആരാധിക്കുകയോ ചെയ്യരുതെന്ന് ശഠിക്കുന്നു. ദൈവത്തെ ആരാധിക്കാന്‍ സാധിക്കാത്തവര്‍ കല്ലിനെയോ കല്ലറയെയോ മരത്തെയോ മരത്തൂണിനെയോ നേതാവിനെയോ നേതാവിന്റെ ചിത്രത്തെയോ പ്രതിമയെയോ ആരാധിക്കുന്നു. മറ്റൊന്നിനെയും ആരാധിക്കുന്നില്ലെങ്കില്‍ സ്വന്തം ദേഹേച്ഛയെയെങ്കിലും മഹത്വവത്കരിച്ച് തന്റെ ആരാധനാ വികാരത്തെ തൃപ്തിപ്പെടുത്തുന്നു. അതിനാലാണ് പ്രശസ്ത സോവിയറ്റ് സാഹിത്യകാരന്‍ ദസ്തയേവ്സ്കി ഇങ്ങനെ പറഞ്ഞത്: 'ദൈവത്തെ കൂടാതെ ജീവിക്കുക ദുഷ്കരംതന്നെ. ആരാധിക്കാതെ ജീവിക്കാന്‍ മനുഷ്യന് സാധ്യമല്ല. അതവന് അസഹനീയമായിരിക്കും...

രവിചന്ദ്രന്‍ സി said...

'അര്‍ദ്ധചാരിത്ര്യം ആഘോഷിക്കുമ്പോള്‍'

SANDEEP PALAKKAL said...

മുടി ബോഡിവേസ്റ്റാണെന്നും മറ്റും പറഞ്ഞതിനു ശേഷം, മുഹമ്മദ് നബിയെ ആദരിക്കുന്നവര്‍ അദ്ദേഹം പഠിപ്പിച്ച തത്വങ്ങളില്‍ ഊന്നി ജീവിക്കണം എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. അതായത്, നല്ല മുസ്ലീമാവണം എന്ന്. സി.പി.എമ്മ്മിന്റെ കൂടെ നില്‍ക്കുന്ന മുസ്ലീം വിഭാഗത്തെ സന്തോഷിപ്പിക്കാന്‍ വേണ്ടിയല്ലേ അദ്ദേഹം അങ്ങനെ പറഞ്ഞത് എന്നാണ് എന്റെ മനസ്സിലുദിച്ച സംശയം.

GULMOHAR said...

Hai Ravi Chandran Sir..
YouTube il koode njan thankalude kure videos kanarund...
Neritt parichayappedan thalparyam und

GULMOHAR said...

Blog vayichu thudangunne ullu...