![]() |
Justice V.R Krishna Iyer |
ശിക്ഷയും പിഴയും ഒഴിച്ചുനിറുത്തിയാല്‍ ഇതേ നയങ്ങളടങ്ങുന്ന ശിപാര്‍ശകള്‍ 2000 ല്‍ ദേശീയ ജനസംഖ്യാ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ആയവ കഴിഞ്ഞ ഒരു ദശകമായി കേന്ദ്രസര്‍ക്കാര്‍ കൃത്യതയോടെ പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിലും 'രണ്ടുകുട്ടികള്‍ മതി 'എന്നത് കൃഷ്ണയ്യരുടെ സ്വന്തം 'കണ്ടുപിടുത്ത'മെന്ന നിലയിലാണ് പലരും അഭിപ്രായം പറഞ്ഞത്. സത്യത്തില്‍ 1950 കള്‍ മുതല്‍ ഭാരതസര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ജനസംഖ്യാനയത്തിന്റെ കാതലും ജനനനിയന്ത്രണം തന്നെയാണെന്ന് നമുക്കറിയാം.
കെ.സി.ബി.സി നേതൃത്വത്തില്‍ കത്തോലിക്കാ ഭ്രൂണങ്ങളെ അഗാധമായി സ്‌നേഹിക്കുന്ന,'ജീവനുവേണ്ടി' നിലകൊള്ളുന്നു എന്നു വാദിക്കുന്ന ചില പ്രോ-ലൈഫ് പ്രവര്‍ത്തകരും(Pro-life activists),പത്ത് കുട്ടികളുള്ള മേരി-റോയ് ദമ്പതികളും (അവരുടെ 9 കുട്ടികള്‍ സഹിതം) തിരുവനന്തപുരത്തെ പുളിയറക്കോണത്തുള്ള ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ ചര്‍ച്ചയ്ക്കായി എത്തിയിരുന്നു. പുറമെ, ഒരു മുന്‍ എം.എല്‍.എ, ഒരു മുസ്‌ളീം പുരോഹിതന്‍, ഒരു നിയമജ്ഞന്‍, ഒരു എന്‍.ജി.ഒ യൂണിയന്‍ നേതാവ് എന്നിവരോടൊപ്പം കോഴിക്കോട് സയന്‍സ് ട്രസ്റ്റിന്റെ ജോയിന്റ് സെക്രട്ടറിയായ സിദ്ധിക്ക് തൊടുപുഴയും പരിപാടിയില്‍ പങ്കെടുത്തു. ഈ പരിപാടിയുടെ രണ്ടാം ഭാഗം അടുത്ത ശനിയാഴ്ച പ്രക്ഷേപണം ചെയ്യുന്നുണ്ട്.
എന്തൊക്കെ പറഞ്ഞാലും ഇക്കാര്യത്തില്‍ മതങ്ങള്‍ക്കെതിരെ മാത്രം ആരും ഒരക്ഷരം പറയരുതെന്ന് മരിക്കാത്ത രാഷ്ട്രീയമോഹങ്ങള്‍ ഇപ്പോഴും താലോലിക്കുന്ന മുന്‍ എം.എല്‍.എ വികാരാധീനയായി അഭ്യര്‍ത്ഥിച്ചു: 'പ്‌ളീസ് മതത്തെ മാത്രം ഒന്നും പറയരുത്...പ്‌ളീസ്...!!!' ഗര്‍ഭഛിദ്രത്തിന് വിധേയമാക്കപ്പെട്ടതായി അവകാശപ്പെട്ട ഒരു അസ്സല്‍ 'മനുഷ്യഭ്രൂണ'വുമായാണ് ഒരു 'ഭ്രൂണസ്‌നേഹി'ചര്‍ച്ചയ്ക്ക് വന്നത്. ഏതോ പരീക്ഷണശാലയില്‍നിന്ന് ടിയാനത് അടിച്ചുമാറ്റിയതാണത്രെ. മനുഷ്യശിശുവിന് 2 മാസം പ്രായമുള്ളപ്പോള്‍ ഇങ്ങനെയിരിക്കുമെന്നതിനാല്‍ അപ്പോള്‍ ഗര്‍ഭഛിദ്രം നടത്തിയാല്‍ ഭ്രൂണം വേദനകൊണ്ട് നിലവിളിക്കുമെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് താനിത് കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം എന്നോടു പറഞ്ഞു.
വാസ്തവത്തില്‍ അതൊരു അസ്സല്‍ ഭ്രൂണമായിരുന്നില്ല. മാത്രമല്ല, കുറഞ്ഞത് 6-7 മാസം പൂര്‍ത്തിയായ ഒരു ഭ്രൂണത്തിനുണ്ടാകാനിടയുള്ള വളര്‍ച്ചയും ആ മാതൃകയ്ക്കുണ്ടായിരുന്നു. കൊച്ചുകുട്ടികള്‍ക്ക് പോലും എളുപ്പം മസ്സിലാക്കാനാവുന്ന ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം അവിശ്വസനീയമായ ആത്മവിശ്വാസത്തോടെ നിഷേധിക്കുകയായിരുന്നു. പ്രോ-ലൈഫ് ആക്റ്റിവിസ്റ്റെന്ന നിലയില്‍ ഉപജീവനം നടത്തുന്ന ഒരു വ്യക്തിയായതിനാല്‍ കൂടുതല്‍ സംസാരിച്ചിട്ടും കാര്യമില്ലെന്ന് വ്യക്തമായിരുന്നു. നമുക്കറിയാം, ഒരു കോടിയിലേറെ പേര്‍ കാണുന്ന ഈ പരിപാടിയില്‍ ആഴത്തിലുള്ളതും ഗൗരവപൂര്‍ണ്ണവുമായ ചര്‍ച്ച ഏതാണ്ട് അസാധ്യമാണ്. ഗൗരവവും ആഴവും കൂടിക്കഴിഞ്ഞാല്‍ കാണാന്‍ ആളുണ്ടാവില്ലെന്നതാണ് മാധ്യമസത്യം.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഹിന്ദുമതത്തിന്റെ പ്രതിനിധികള്‍ ആരുമുണ്ടായിരുന്നില്ല. ആവേശത്തോടെ പങ്കെടുത്ത ക്രൈസ്തവ-മുസ്‌ളീം പ്രതിനിധികള്‍ പറഞ്ഞതിതാണ്: ഇന്ത്യയില്‍ 121 കോടി ജനങ്ങളുണ്ടാവാം, പക്ഷെ എത്ര ജനസംഖ്യ കൂടിയാലും പ്രശ്‌നമില്ല, ഇനിയും കൂടുതല്‍ കുട്ടികള്‍ വേണം, ജനസംഖ്യ വര്‍ദ്ധിക്കണം, ജനനനിയന്ത്രണം പാടില്ല, അല്ലെങ്കില്‍ രാജ്യത്തിന്റെ കാര്യം പോക്കാണ്. ജനസംഖ്യാനിയന്ത്രണം അമേരിക്കന്‍ ഗൂഡാലോചനയാകുന്നു... എണ്ണത്തില്‍ കൂടുതലുള്ള ബഹുശിശുവാദികള്‍ തങ്ങളുടെ പ്രസ്താവന കയ്യടിച്ച് സ്വയം പാസ്സാക്കാനും മറന്നില്ല.
ഇത്രയും വലിയ ജനസംഖ്യയുമായി ഇന്ത്യ പുരോഗമിക്കുന്നെങ്കില്‍ അതിന്റെ കാരണം ഇവിടുത്തെ ജനസംഖ്യ തന്നെയാണെന്ന തകര്‍പ്പന്‍ 'സാമ്പത്തികസിദ്ധാന്ത'മാണ് അവര്‍ മുന്നോട്ടുവെച്ചത്. ഗര്‍ഭിണി അതിവേഗം സഞ്ചരിച്ചാല്‍ അതിന് കാരണം ഗര്‍ഭമാണെന്ന് മനസ്സിലാക്കികൊള്ളണമെന്ന് സാരം. ജനസംഖ്യയെങ്ങാനും താഴോട്ടുപോയാല്‍ അമേരിക്ക ഇന്ത്യയെ(മാത്രമല്ല ചൈനയേയും!) അപ്പടി വിഴുങ്ങുമെന്നും അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഒറ്റനോട്ടത്തില്‍ സംഗതി വളരെ രസകരമാണ്. ദൈവമാണ് ഇവിടെയും മുഖ്യ കഥാപാത്രം. അതിനൊരു പ്രത്യേക കാരണമുണ്ട്. പൊതുവേദികളില്‍ നടക്കുന്ന പരസ്യമായ ഏതൊരു ചര്‍ച്ചയിലും 'ദൈവ'ത്തെ എടുത്തിട്ടാല്‍ എതിരാളികള്‍ക്ക് മിണ്ടാട്ടം മുട്ടുമെന്നാണ് പരമ്പരാഗത മതസങ്കല്‍പ്പം. ദൈവം നല്ലൊരു 'സംവാദസംഹാരി'(debate stopper) ആണെന്ന് മതവിശ്വാസി കണക്കുകൂട്ടുന്നു. കുട്ടികളെ തരുന്നത് ദൈവമാണ്! വിശ്വാസി സാഹചര്യമൊരുക്കി മാറിനില്‍ക്കുന്നവനാണ്. അവനതില്‍ വിശേഷിച്ച് പങ്കൊന്നുമില്ല. ദൈവം ദാനം തരുന്ന കുഞ്ഞുങ്ങളെ വേണ്ടെന്ന് പറയാന്‍ മനുഷ്യനാര്?
ലോകജനസംഖ്യ 1804 ല്‍ നൂറ് കോടി കടന്നു. 123 വര്‍ഷത്തിനുശേഷം 1927 ല്‍ അതിരട്ടിയായി. 1969 ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങുമ്പോള്‍ ലോകജനസംഖ്യ 300 കോടി. 2011 ല്‍ അത് 700 കോടി മറികടന്നു. ഈ നിരക്കില്‍ നാം ആയിരം കോടിയാകാന്‍ അധികകാലം വേണ്ടിവരില്ല. ജനസംഖ്യയെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയിലും അവശ്യം ഓര്‍ത്തുവെക്കേണ്ട ഒരു കണക്കാണിത്. മനുഷ്യപൂര്‍വികരായ ഓസ്ട്രലപിതിക്കസ് 25-28 വയസ്സുവരെയേ ജീവിച്ചിരുന്നുള്ളുവെന്ന് പരിണാമശാസ്ത്രജ്ഞര്‍. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55 ആയി നിജപ്പെടുത്താന്‍ കാരണം 1950 കളില്‍ മലയാളിയുടെ ശരാശരി
ആയുസ്സ് 40 ലും താഴെയായിരുന്നുവെന്നതാണ്. ഇപ്പോഴത് 75 വയസ്സിന് മുകളിലെത്തിയിരിക്കുന്നു. അതായത് ദൈവം' ദാനം ചെയ്ത' മരണനിരക്കും ആയുര്‍ദൈര്‍ഘ്യവും ശാസ്ത്രസഹായത്തോടെ നിയന്ത്രിക്കാവുന്നതാണ്. ജനിക്കുന്ന കുട്ടികളില്‍ പകുതിയും ജനനത്തിലേ മൃതിയടയുന്ന സാഹചര്യമായിരുന്നു 2 നൂറ്റാണ്ടിന് മുമ്പുവരെ. ഇന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. അതെ, ദൈവം തീരുമാനിച്ചുറപ്പിച്ച ശിശുമരണനിരക്കും നമുക്ക് നിയന്ത്രിക്കാം. ദൈവം രോഗം അയച്ചാല്‍ ആശുപത്രിയില്‍ വെച്ച് ചികിത്സയിലൂടെ അട്ടിമറിക്കാം. ഇവിടെയെല്ലാം ദൈവതീരുമാനം ശാസ്ത്രബുദ്ധ്യാ ഭേദഗതിചെയ്യാം, നമ്മുടെ ഇഷ്ടാനുസരണം ലംഘിക്കാം. പക്ഷെ ജനനനിയന്ത്രണം മാത്രം പാടില്ല!! അതുമാത്രം ദൈവത്തിന് ഇഷ്ടപെടില്ല!! കാരണം: മതത്തില്‍ ആളുകുറയും!!!!
കുട്ടികള്‍ കുറഞ്ഞാല്‍ പ്രേഷിതവേലയ്ക്കും ജിഹാദിപ്രവര്‍ത്തനത്തിനും ആളിനെ കിട്ടാതെയാവും, വോട്ടുബാങ്കുരാഷ്ട്രീയം ദുര്‍ബലപ്പെടും. അനാഥാലയങ്ങളും മതപാഠശാലകളും അസംസ്‌കൃതവസ്തുക്കളില്ലാതെ(inputs)
കഷ്ടപ്പെടും. കോടികള്‍ മുടക്കി സ്‌ക്കൂളും കോളേജുമൊക്കെ പണിത് വലിയ കലത്തില്‍ വെള്ളം പിടിച്ചുവെച്ചിട്ടുണ്ട് - അവിടെ പഠിക്കാന്‍ കുട്ടികള്‍ വേണം. 'മതകുട്ടികള്‍' തന്നെയാണ് ഉത്തമം! രാജ്യം മുടിഞ്ഞോട്ടെ, പട്ടിണി ഇരമ്പിക്കോട്ടെ, തൊഴിലില്ലായ്മ പെരുകികോട്ടെ, ഞങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂടണം!! ഇനി കുറയക്കണമെന്ന് അത്ര നിര്‍ബന്ധമുണ്ടെങ്കില്‍ മറ്റു മതക്കാര്‍ കുറച്ചോട്ടെ-No complaints. ഈ മതവാശി ജനസംഖ്യയുടെ കാര്യത്തിലേയുള്ളു എന്നറിയണം. വേറൊരു കാര്യത്തിലും ഇതേ പ്രശ്‌നമില്ല. റോഡ് വികസിക്കാതെ വാഹനങ്ങളുടെ എണ്ണം കൂടുന്നതു മുതല്‍ ഒരുമാതിരിയുള്ള 'പെരുക്ക'ങ്ങളെല്ലാം അസ്വസ്ഥതയോടെ കാണുന്നവരാണ് മിക്ക മതവിശ്വാസികളും. സൗകര്യങ്ങള്‍ കുറയുന്നതിനെക്കുറിച്ചും വിഭവദൗര്‍ലഭ്യത്തെക്കുറിച്ചുമൊക്കെ ഏറെ വാചാലരാകുന്നവരാണിവര്‍.
മറ്റു ചിലരാകട്ടെ, കൂടുതല്‍ കുട്ടികള്‍ വേണമെന്ന് പറയുന്നത് കരുതല്‍ നടപടിയെന്ന (precautionary measure) നിലയിലാണ്. അതായത് ഓന്നോ രണ്ടോ മരിച്ചാലും കുറച്ച് കുട്ടികള്‍ ബാക്കി കാണുമല്ലോ?! ഗാന്ധാരിക്ക് നൂറ് ആണ്‍കുട്ടികളുണ്ടായിരുന്നുവെന്നും അവസാനം ആരും അവശേഷിച്ചില്ലെന്നുമാണ് മഹാഭാരതകഥ. കെട്ടുകഥയാണെങ്കിലും അങ്ങനെയും സംഭവിക്കാമെന്നതില്‍ തര്‍ക്കമില്ല. എല്ലാ കുട്ടികളും കൊല്ലപ്പെടുന്ന രോഗമോ അപകടമോ കൊടുത്ത് മുന്‍കരുതല്‍വാദക്കാരുടെ പദ്ധതി അട്ടിമറിക്കാന്‍ ദൈവം 'തീരുമാനിച്ചാല്‍' ഇത്തരക്കാരുടെ 'സ്റ്റെപ്പിനി തന്ത്രം' തകര്‍ന്നടിയും. കുട്ടികളെ 'തരുന്ന' ദൈവം കുട്ടികളെ 'തിരിച്ചെടുത്താല്‍' അതിനെതിരെയുള്ള മുന്‍കരുതലായിട്ടാണ് ഈ 'ശിശുജനനയുക്തിവാദം'നടപ്പിലാക്കുന്നതാണത്രെ!
131 കോടി ജനങ്ങളുള്ള ചൈനയുടെ ഭൂവിസ്തൃതി ഇന്ത്യയുടേതിന് മൂന്നിരിട്ടിയായതിനാല്‍ ഏതുനിലയ്ക്കും ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തിലേറ്റവും കൂടുതല്‍ ദരിദ്രരുള്ളതും ഈ മഹദ്‌രാജ്യത്തിലാകുന്നു. അടുത്ത സെന്‍സസില്‍ സംഖ്യാപരമായും നാം ചെനയുടെ മുന്നില്‍ കയറുമെന്ന കാര്യത്തില്‍ അവര്‍ക്കോ നമുക്കോ സംശയമില്ല. ഇന്ത്യയുടെ മൂന്നിരട്ടി വലുപ്പമുള്ള അമേരിക്കയില്‍ ജനസംഖ്യ 31.14 കോടിയാണെങ്കില്‍ നമ്മുടെ ഏതാണ്ട് മൂന്നിരട്ടി വലുപ്പമുള്ള ഓസ്‌ട്രേലിയയില്‍ അത് കേവലം 2.15 കോടിയാണ്. ജനസാന്ദ്രതയുടെ കാര്യത്തിലും ഇരുനൂറ്റിയമ്പതോളം വരുന്ന ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ആദ്യത്തെ ഇരുപത്തിയഞ്ചിലാണ്. ഉത്തര്‍പ്രദേശിലെ മാത്രം ജസംഖ്യ മാത്രം 20 കോടിയാണ്. 20 കോടിജനങ്ങളുള്ള വിരലിലെണ്ണാവുന്ന രാജ്യങ്ങളേ ഈ ഭൂമുഖത്തുള്ളു. ജനസംഖ്യ കുറയുകയും ജനനനിരക്ക് താഴോട്ടുപോകുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്കും കുടിയേറ്റവും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. അതവിടങ്ങളിലെ സവിശേഷ സാഹചര്യം കാരണമാണ്. അത് ചൂണ്ടിക്കാട്ടി ജനപ്പെരുപ്പംമൂലം വീര്‍പ്പുമുട്ടുന്ന രാജ്യങ്ങളും 'അവര്‍ കൂട്ടുന്നതിനാല്‍ നമുക്കും കൂട്ടണം' എന്ന വാദമുയര്‍ത്തുന്നത് വിചിത്രമാണ്.
ജനനനിരക്ക് കൂട്ടുകയെന്നത് ഹ്രസ്വകാലത്തില്‍ സാധിതമാക്കാവുന്ന ഒന്നാണ്. ഒരു ദശകംകൊണ്ട് നല്ല മാറ്റമുണ്ടാക്കാനാവും. എന്നാല്‍ ഒരു കുട്ടി ജനിച്ചുകഴിഞ്ഞാല്‍ ശരാശരി 70 വര്‍ഷം അതൊരു സാമൂഹിക യാഥാര്‍ത്ഥ്യമായി നിലനില്‍ക്കും. മാതാപിതാക്കള്‍ക്ക് മാത്രമായി കുട്ടികളെ വളര്‍ത്താനാവില്ല. ജനിച്ചു വീഴുന്ന ഓരോ കുട്ടിയും രാജ്യത്തിനും സമൂഹത്തിനും ഒരുപിടി കടമകളും കര്‍ത്തവ്യങ്ങളും സമ്മാനിക്കുന്നെണ്ടെന്ന കാര്യം മറക്കരുത്. ലോകമെമ്പാടും ജനസംഖ്യ നിയന്ത്രിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടന്നുവരികയാണ്. കേരളത്തില്‍ ജനസംഖ്യയുടെ കുറഞ്ഞതായി ആര്‍ക്കെങ്കിലും തോന്നുന്നുവോ? അങ്ങനെയൊരു വിഭ്രാന്തി ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ നല്ല കാര്യം തന്നെ! ഒപ്പം മലയാളികളില്‍ നല്ലൊരു ശതമാനം ഇവിടെ ജീവിക്കുന്നില്ലെന്ന് കൂടി അറിഞ്ഞുവെക്കണം. എന്നിട്ടും പാര്‍പ്പിടം, കൃഷി, ഗതാഗതം പോലുള്ള മേഖലയില്‍ ശ്വാസംമുട്ടുന്ന അവസ്ഥയാണിവിടെ. കൃഷിഭൂമി അപ്രത്യക്ഷമാകുകയും വ്യവസായം പകല്‍ക്കിനാവുകയും ചെയ്യുന്ന ഈ നാട് ദിനംപ്രതി ഒരു വലിയ പാര്‍പ്പിടകോളനിയായി രൂപാന്തരപ്പെടുകയാണ്.
കൃഷ്ണയ്യര്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ അംഗങ്ങളില്‍ എല്ലാവരും ഒപ്പിട്ട് ഇറങ്ങിപ്പോന്നെങ്കിലും അവസാനം മതം കൊലവിളി നടത്തിയതോടെ ചില മതപ്രതിനിധികള്‍ പ്‌ളേറ്റ് തിരിച്ചുവെക്കുകയായിരുന്നു. ഞങ്ങളറിഞ്ഞില്ല, ഞങ്ങള്‍ എതിര്‍ത്തിരുന്നു, ഞങ്ങളോട് ചോദിച്ചില്ല എന്നിങ്ങനെ പ്രാസമൊപ്പിച്ച പദാവലികള്‍ നിരത്തി അവര്‍ പൊതുസമൂഹത്തിന് മുന്നില്‍ ഇളിഭ്യരായി. ബില്ലിലെ പിഴയും ജയില്‍ശിക്ഷയും കൃഷ്ണസ്വാമി അയ്യര്‍ ബുദ്ധിപൂര്‍വം ഉള്‍പ്പെടുത്തിയതാണെന്ന് വ്യക്തം. ബില്ലെന്ത്, നിയമമെന്ത് എന്ന് തിരിച്ചറിയുന്നവര്‍ ഈ സൃഗാലബുദ്ധി കാണാതിരിക്കില്ല. ഈ ഇനങ്ങള്‍ കാണുമ്പോള്‍ മതവാദികളിലെ ബുദ്ധിരാക്ഷസന്‍മാരും മതഭയം മൂത്ത നിക്ഷ്പക്ഷവാദികളും പിഴ,ശിക്ഷ-ശിക്ഷ,പിഴ എന്ന് നിലവിളിച്ച് ബഹളം വെക്കുമെന്ന് ഊഹിക്കാം. അതൊക്കെ കഴിഞ്ഞ് 'ബാക്കിയുള്ളതൊക്കെ എടുക്കാം'എന്ന് പൊതുസമൂഹം ചിന്തിക്കുന്ന അവസ്ഥ സംജാതമാകും. മാത്രമല്ല, ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ വ്യാപകമായ ചര്‍ച്ചയ്ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ പാത്രീഭിവിക്കുകയും ആയത് ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച ശക്തമായ അവബോധം ജനങ്ങളില്‍ വളര്‍ത്തുമെന്നും പ്രതീക്ഷിക്കാം. എന്നാല്‍ അപ്പോഴും 'രണ്ടു കുട്ടികള്‍' എന്ന നിബന്ധന മതമൗലികവാദികള്‍ക്ക് സ്വീകാര്യമാവില്ല. അവസാനം പിഴയും ശിക്ഷയുമൊക്കെ ഒഴിവാക്കി ബില്‍ നിയമസഭ പാസ്സാക്കുമ്പോള്‍ ജനസംഖ്യാനിയന്ത്രണമെന്നത് അനിവാര്യമായ യാഥാര്‍ത്ഥ്യമാണെന്ന ചിന്ത ജനങ്ങളില്‍ രൂഡമൂലമാകുമെന്ന് പ്രതീക്ഷിക്കാം.
2005 ല്‍ വര്‍ക്കി മാര്‍ വിതയത്തില്‍ എന്ന കത്തോലിക്കാ ബിഷപ്പ് കേരളത്തില്‍ ക്രൈസ്തവരുടെ ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് ഒരു വിലാപപ്രസ്താവന നടത്തുകയുണ്ടായി. ഭാവിയില്‍ കേരളം ഒരു മുസ്‌ളീം ഭൂരിപക്ഷപ്രദേശമായി മാറുമെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. കേരളീയരില്‍ 19.5% (1991) ഉണ്ടായിരുന്ന ക്രൈസ്തവര്‍ 2001 ആയപ്പോഴേക്കും 19% ആയി കുറഞ്ഞതാണ് ആ മതമനത്തില്‍ വിഷാദഛായ പടര്‍ത്തിയത്. മുഖ്യ എതിരാളികളായ മുസ്‌ളീങ്ങളാകട്ടെ 24-25% ലേക്ക് കുതിക്കുകയും ചെയ്തു. ജനസംഖ്യ കൂടിയതോടെ മുസ്‌ളീം മൗലികവാദി സംഘടനകള്‍ ജനസംഖ്യാനുപാതത്തില്‍ തൊഴില്‍സംവരണം ഉള്‍പ്പെടെയുള്ള 'പുതിയ നിരക്കുകള്‍' വേണെമെന്നാവശ്യപ്പെട്ട് കേരളത്തിലെമ്പാടും വ്യാപകമായ പോസ്റ്റര്‍ യുദ്ധം നടത്തിയതും കത്തോലിക്കരെ അസ്വസ്ഥരാക്കി. ക്രൈസ്തവ ജനസംഖ്യ എങ്ങനെയും വര്‍ദ്ധിപ്പിച്ചേതീരൂ എന്ന നിഗമനത്തില്‍ അവരെത്തിയത് അങ്ങനെയാണ്. അതായത് ഭ്രൂണത്തെ സ്‌നേഹിക്കുകയോ ദൈവം തരുന്നത് വാങ്ങിക്കുകയോ അല്ല മറിച്ച് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടു കൂടിയുള്ള സാമൂഹികആസൂത്രണമാണ് (social engineering) ജനസംഖ്യവര്‍ദ്ധനവിലുള്ളത്. കാരണം പണ്ടവര്‍ ജനനനിയന്ത്രണം നടപ്പില്‍ വരുത്തിയപ്പോള്‍ ദൈവത്തിന് പരാതിയൊന്നും ഇല്ലെന്ന് നന്നായി മനസ്സിലാക്കിയവരാണവര്‍. ദൈവവും ഭ്രൂണസ്‌നേഹവുമൊക്കെ ഈ മതപ്പൂതിക്ക് വെള്ളപൂശാനുള്ള അടവുകള്‍ മാത്രം.
ദളിതരുടെ ഇരട്ടിയിലധികം തൊഴില്‍ സംവരണത്തിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും അത് നിഷേധിച്ച് മുന്നോട്ടുപോകുന്നത് നഗ്നമായ നീതിനിഷേധവും ഹൈന്ദവപാക്ഷപാതിത്വവുമാണെന്ന് പരാതിപ്പെടുന്ന മുസ്‌ളീംസുഹൃത്തുക്കളെ ഈ ലേഖകനറിയാം. അതെ, ഒന്നും വെറുതെ സംഭവിക്കുന്നില്ല. പിടിച്ച് നില്‍ക്കാന്‍ ദളിതരും ആസൂത്രിതമായി ജനസംഖ്യ കൂട്ടണമെന്ന സന്ദേശം തന്നെയാണിവിടെ കടന്നുവരുന്നത്. പാകിസ്ഥാനില്‍ വിഭജനസമയത്ത് 14% ന്യൂനപക്ഷങ്ങളുണ്ടായിരുന്നു. സ്വഭാവികമായും അതില്‍ ദളിതരും ഉള്‍പ്പെട്ടിരുന്നു. മൊത്തത്തില്‍ ഹിന്ദുക്കളായി പരിഗണിച്ച് രണ്ടാംകിട പൗരന്‍മാരായി താറടിക്കുന്നതല്ലാതെ അവര്‍ക്കെന്തെങ്കിലും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ പാക്‌സര്‍ക്കാര്‍ ഇന്നുവരെ തയ്യാറായിട്ടില്ല. എന്തിനേറെ അവിടെ ദളിതന് പൊതുസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാന്‍ പോലും അവകാശമില്ല. തങ്ങള്‍ ഹിന്ദുക്കളല്ലെന്ന ദളിത് തീവ്രവാദവും അവരെ തുണയ്ക്കുന്നില്ല. മുസ്‌ളീങ്ങള്‍ക്കിടയിലെ അവാന്തര വിഭാഗമായ അഹമ്മദിയക്കാരെ രണ്ടാം കിട പൗരരായി കണ്ട് അവരെ കൊണ്ട് ജയിലുകള്‍ നിറയ്ക്കുന്ന പാകിസ്ഥാന്‍കാര്‍ക്കുണ്ടോ ഇതൊക്കെ ശ്രദ്ധിക്കാന്‍ നേരം?! ഹിന്ദുക്കളല്ലെങ്കില്‍ പിന്നെ ഇസ്‌ളാമാണോ? എന്ന ചോദ്യമുയര്‍ത്തപ്പെട്ടതോടെ സ്വമതം ശരിക്കും മറക്കാന്‍ അവരും പ്രേരിതരരാവുകയായിരുന്നു. കേവലം ഒരു ശതമാനമാണ് ഇന്ന് പാകിസ്ഥാനിലെ അമുസ്‌ളീംങ്ങളുടെ ജനസംഖ്യ. അതുകൊണ്ട് തന്നെ പാകിസ്ഥാനിലെ ജനസംഖ്യ നിയന്ത്രിക്കാനുള്ള തീവ്രശ്രമങ്ങളാണ് കഴിഞ്ഞ 20 വര്‍ഷമായി അവിടെ നടക്കുന്നത്;കൂടുതല്‍ ബോധവത്ക്കരണം ലഭിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കും.
വയനാട്ടിലെ രണ്ട് കത്തോലിക്ക ഇടവകകളില്‍ അഞ്ചാമത്തെ കുട്ടിക്ക് 225 അമേരിക്കന്‍ ഡോളര്‍ (ഇപ്പോള്‍ പതിനായിരം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്) സമ്മാനം നല്‍കുന്ന പദ്ധതി നിലവിലുണ്ട്. കല്‍പ്പറ്റയിലെ St Vincent De Paul Forane Church ആണ് അതിലൊന്ന്. നാലാമത്തെ കുട്ടി ആകുമ്പോഴേക്കും അമ്മയുടെ അനാരാഗ്യമോ പിതാവിന്റെ അവശതകളോ ചൂണ്ടിക്കാട്ടി സന്താനോത്പ്പാദനം നിറുത്തിയാല്‍ ഈ രാജ്യത്തിന്റെ ഗതിയെന്താകും?! ഒരു കുട്ടിക്ക് ഇതിനകം 225 ഡോളര്‍ നല്‍കി കഴിഞ്ഞുവത്രെ. കേരളത്തിലെമ്പാടും അഞ്ചും ആറും കുട്ടികളുള്ള അമ്മമാരെ ആദരിക്കുന്ന മതചടങ്ങുകള്‍ നടന്നുവരികയാണ്. തോര്‍ത്തും പൊന്നാടയും സോപ്പും 'മെഡലു'മൊക്കെയാണ് അമ്മമാര്‍ക്ക് സമ്മാനം! അതൊക്കെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ കുട്ടികളെ വളര്‍ത്താന്‍ വളരെ എളുപ്പമാണല്ലോ!? രാജ്യത്തിന്റെ അഭിമാനമായ 'ധീരവനിത'കളായി ഈ അമ്മമാരെ വാഴ്ത്തുന്ന ഇത്തരം ചടങ്ങുകളില്‍വെച്ച് കുറച്ച് കുട്ടികള്‍ മാത്രമുള്ള മാതാപിതാക്കള്‍ക്ക് കുറ്റബോധം തോന്നുന്നുവെങ്കില്‍ അതൊരു നല്ല കാര്യമല്ലേ?! പൊതുവെ ക്രൈസ്തവ-മുസ്‌ളീം സമുദായങ്ങളാണ് കേരളത്തില്‍ ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ജനസംഖ്യ കുറയുമെന്ന് ഏറ്റവുമധികം ആശങ്കപ്പെടുന്നത് അവരാണ്. എണ്ണംകൊണ്ടും വണ്ണംകൊണ്ടും ശരിയായ ന്യൂനപക്ഷവിഭാഗങ്ങളായ പാഴ്‌സികള്‍, ബുദ്ധര്‍, ജൈനര്‍ എന്നിവര്‍ക്ക് ഈ വേവലാതിയില്ലാത്തത് അവരുടെ രാജ്യസ്‌നേഹത്തിന്റെ കുറവുകൊണ്ടാകാനേ തരമുള്ളു.
രണ്ട് കുട്ടികളാകുമ്പോഴേക്കും സന്താനോത്പ്പാദനം നിറുത്ത കുടുംബങ്ങളെ മഹലില്‍ നിന്ന് അനൗദ്യോഗികമായി ബഹിഷ്‌ക്കരിക്കുന്ന ഏര്‍പ്പാട് കാസര്‍കോട്ട് പലയിടത്തും ശക്തമാണ്. 'സ്വസമുദായത്തെ വഞ്ചിക്കുക'യാണത്രെ ഇക്കൂട്ടര്‍ ചെയ്യുന്നത്. മാര്‍ പവ്വത്തില്‍ എന്നപേരില്‍ അറിയപ്പെടുന്ന ഒരു പുരോഹിതശ്രഷ്ഠന്‍ കത്തോലിക്കര്‍ തങ്ങളുടെ കുട്ടികളെ സ്വന്തം സ്‌ക്കൂളില്‍ തന്നെ പഠിപ്പിച്ച് മതതടവറ ശക്തിപ്പെടുത്തണമെന്ന അഭിപ്രായക്കാരനാണ്. ഒപ്പം ആധുനികലോകത്തില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് താനെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നു!!! ഭ്രൂണത്തെ സ്‌നേഹിക്കുന്നു, ജീവനെ സ്‌നേഹിക്കുന്നു, കുട്ടികളെ സ്‌നേഹിക്കുന്നു...എന്നൊക്കെ വിളിച്ചുകൂവുന്നവര്‍ സ്വമതത്തിലെ ഭ്രൂണങ്ങളെ മാത്രമേ സ്‌നേഹിക്കുന്നുള്ളു എന്നത് ആശ്വാസകരമല്ലേ! സ്വന്തം മതാംഗങ്ങള്‍ അഞ്ചുംആറും പ്രസവിക്കുമ്പോഴേ അവര്‍ വാഴ്ത്തിപ്പാടുന്നുള്ളു. അതായത് വെറുതെ ഭ്രൂണവും കുട്ടികളും ഉണ്ടായാല്‍ പോരാ സ്വമതത്തിലെ ഭ്രൂണം തന്നെ രക്ഷപെടണം!! എങ്കിലെ ഉദ്ദേശിച്ച കാര്യം നടക്കൂ. മുസ്‌ളീങ്ങള്‍ക്കിടയിലെ ഉയര്‍ന്ന ജനനനിരക്കിനെ പരിഹസിച്ച് നടന്ന ക്രൈസ്തവരും ഇന്ന് അതേ ശാഠ്യത്തിലേക്ക് നീങ്ങാനൊരുങ്ങുമ്പോള്‍ പൊതുസമൂഹം അക്ഷരാര്‍ത്ഥത്തില്‍ പകച്ച് നില്‍ക്കുകയാണ്. പക്ഷെ ഒരാശ്വാസമുണ്ട്, ഭ്രൂണസ്‌നേഹം മൂത്ത് അന്യസമുദായക്കാരും ജനനനിയന്ത്രണം നടത്താന്‍ പാടില്ലെന്ന് ഇവര്‍ ശാഠ്യംപിടിക്കുന്നില്ല. അങ്ങനെയെങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?!
കൂടുതല്‍ ഹിന്ദുകുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുമെന്ന് വിശ്വഹിന്ദു പരിഷത്തെന്ന ഹിന്ദുവര്‍ഗ്ഗീയ സംഘടന പ്രഖ്യാപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. കേരളത്തില്‍ ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്നവെന്ന് അവകാശപ്പെടന്ന കുമ്മനം രാജശേഖരന്‍ എന്നൊരു അനുപമപ്രതിഭ
പറഞ്ഞത് കേരളത്തില്‍ ഹിന്ദുക്കള്‍ ഇതിനകം 48 ശതമാനമായെന്നും പതിനാലില്‍ ആറ് ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായെന്നുമാണ്. ഇത് രസകരമായ ഒരു കണക്കാണ്. മുസ്‌ളീങ്ങള്‍ ഭൂരിപക്ഷമായ മലപ്പുറമുള്‍പ്പെടെയുള്ള ജില്ലകളില്‍ മുസ്‌ളീങ്ങള്‍ക്ക് 'ന്യൂനപക്ഷപദവി' ലഭിക്കുമ്പോള്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ജില്ലകളില്‍ അവര്‍ക്ക് 'ഭൂരിപക്ഷാവകാശം' ലഭിക്കുന്നു. മുസ്‌ളീംങ്ങള്‍ ഭൂരിപക്ഷമായ കാശ്മീരിലും അവര്‍ക്ക് 'ന്യൂനപക്ഷാവകാശ'മാണുള്ളത്. നാഗലാന്‍ഡിലും ഗോവയിലും ക്രൈസ്തവര്‍ക്കും ന്യൂനപക്ഷാവകാശം ലഭിക്കുന്നു. ഇന്ത്യ മൊത്തത്തില്‍ കണക്കെടുക്കുമ്പോഴാണ് ന്യൂനപക്ഷം എന്ന നിര്‍വചനം പൂത്തുലയുന്നത്. ലോകം മൊത്തമായി മാറിയാല്‍ ഹിന്ദുക്കള്‍ മൊത്തം ഒറ്റയടിക്ക് ന്യൂനപക്ഷമായി മാറും. എല്ലാമെല്ലാം ചിന്തോദ്ദീപകമായ മത കണക്കുകള്‍!!
ലോകമെമ്പാടും മുസ്‌ളീം സമുദായം പൊതുവെ കുടുംബാസൂത്രണ നിയമങ്ങളോട് താല്‍പര്യമില്ലാത്തവരാണെന്ന പ്രചരണം മറ്റ് സമുദായങ്ങള്‍ നടത്താറുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍ ഇത് ഏറെക്കുറെ ശരിയാണെങ്കിലും ലോകത്തെ മുസ്‌ളീം രാജ്യങ്ങള്‍ മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ഈ വാദത്തില്‍ കഥയില്ലെന്ന് കാണാം; വിശേഷിച്ചും കഴിഞ്ഞ 30 വര്‍ഷങ്ങളിലെ കണക്കനുസരിച്ച്. ഇന്ത്യയില്‍ മുസ്‌ളീങ്ങള്‍ക്കിടയിലെ Total Fertility Rate(TFR) 3.6 ആണെങ്കില്‍ ഹിന്ദുകളുടേത് 2.8 ഉം ക്രൈസ്തവരുടേത് 2.4 ഉം ആണ്. അതായത് ഇന്ത്യയിലെ ഒരു മുസ്‌ളീംമാതാവിന് ശരാശരി 3.6 കുട്ടികളുള്ളപ്പോള്‍ ക്രൈസ്തവ വനിതയ്ക്ക് 2.4 കുട്ടികളേയുള്ളു. 2.1 ആണ് സുസ്ഥിരവളര്‍ച്ചയുടെ നിരക്കായി പൊതുവെ കരുതപ്പെടുന്നത്. കൂടുതല്‍ പെണ്‍കുട്ടികളും കുറഞ്ഞ ആണ്‍കുട്ടികളുമാണ് ഈ നിരക്കില്‍ ഉണ്ടാകുകയെന്നും അനുമാനിക്കപ്പെടുന്നു. ഇന്ന് 23 കോടി ജനങ്ങളുള്ള ഇന്തോനേഷ്യയിലെ മതനേതൃത്വം ഒരിക്കല്‍ എല്ലാത്തരത്തിലുള്ള വന്ധ്യംകരണത്തേയും അന്ധമായി എതിര്‍ത്തിരുന്നു. ഇന്നവര്‍ വാസക്ടമി ഉള്‍പ്പെടെയുള്ള സ്വമേധയായുള്ള പുരുഷ വന്ധ്യംകരണശ്രമങ്ങളെ പ്രോത്സാഹിപ്പിക്കന്നു. പാകിസ്ഥാനിലെ മുസ്‌ളീം പുരോഹിതര്‍ പള്ളിപ്രസംഗത്തിന് ശേഷം കുടുംബാസൂത്രണത്തെക്കുറിച്ച് വാചാലരാകുന്നു, ഗര്‍ഭനിരോധന ഉറകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു(Indo-Asian News Service (12/18/2006). ഇന്ന് പാകിസ്ഥാനിലെ ജനസംഖ്യാവര്‍ദ്ധന നിരക്ക് അമ്പരപ്പിക്കുന്ന തോതില്‍ കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്(3.7%(1990)-1.6%(2006)-Xinhua General News Service dt 2/1/2007). ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ജനസംഖ്യ-സാമൂഹികസ്ഥിതിവിരക്കണക്കിന്റ യൂണിററ് (Demographic and Social Statistics unit of the U.N. Statistical Division of December 2007) നടത്തിയ പഠനമനുസരിച്ച് അറബ് രാജ്യങ്ങളിലെ ജനനനിരക്ക് കുറഞ്ഞുവരികയാണ്. മാത്രമല്ല 20 വയസ്സിന് താഴെയുള്ള അമ്മമാരുടെ കാര്യത്തില്‍ പ്രത്യേകിച്ചും.
ലോകമെമ്പാടും ജനനനിരക്ക് കുറഞ്ഞുവരികയാണെന്ന് ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. മറിച്ച് സംഭവിക്കുന്നത് ആഫ്രിക്കയിലെ ഉപസഹാറാ മേഖല, മധ്യഅമേരിക്ക, യെമന്‍, പാലസ്തീന്‍ ടെറിറ്ററി എന്നിവിടങ്ങളില്‍ മാത്രമാണ്. 1980-99 കാലഘട്ടത്തില്‍ ജനനനിരക്കില്‍ ഏറ്റവും വലിയ കുറവ് വരുത്തിയ പത്ത് രാജ്യങ്ങളില്‍ എട്ടും മുസ്‌ളീം രാജ്യങ്ങളാണെന്നതാണ്(ടൈംസ് ഓഫ് ഇന്ത്യ, 5/6/2001) മറ്റൊരു കൗതുകകരമായി വസ്തുത. കുവൈറ്റ്, ടുണീഷ്യ, യു.എ.ഇ, ലബനന്‍ തുടങ്ങി പല അറബ് രാജ്യങ്ങളിലേയും പ്രത്യുത്പ്പാദനനിരക്ക് (The Total Fertility Rates /TFR)സുസ്ഥിരനിരക്കായ 2.1 നോട് അടുത്ത് എത്തിയിട്ടുണ്ട്. തുര്‍ക്കി(2.1), ഇന്തോനേഷ്യ(2.2) എന്നിവയും ഏതാണ്ട് ആ നിരക്കിനോടുക്കുന്നു. അള്‍ജീരിയയില്‍ 2.4 ഉം മൊറോക്കയിലും 2.5 ഉം (5.6 in 1979, 2.5 in 2003) ആയിരുന്നുവെങ്കിലും വീണ്ടും കുറയുന്നതായി യു.എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അള്‍ജീരിയയില്‍ 1966-77 കാലയളവില്‍ ജനസംഖ്യാവര്‍ദ്ധനവ് 3.12% ആയിരുന്നുവെങ്കില്‍ 1987-1997 ല്‍ അത് 2.28% ആയി ഇടിയുകയുണ്ടായി(Xinhua, 7/6/1999). 1973 ല്‍ 3% ആയിരുന്ന ബംഗ്‌ളാദേശിലെ ജനസംഖ്യാവര്‍ദ്ധന നിരക്ക് 1999 ല്‍ കേവലം 1.6% ആയി കുറയുകയുണ്ടായി(Xinhua, 7/6/1999). അള്‍ജീരിയ സ്വന്തം അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച രാജ്യമാണ്. 1951 ല്‍ അള്‍ജീരിയയിലും അയല്‍രാജ്യമായ ടുണീഷ്യയിലും 40 ലക്ഷമായിരുന്നു ജനസംഖ്യ. ഇന്ന് ടുണീഷ്യന്‍ ജനസംഖ്യ 90 ലക്ഷമാണെങ്കില്‍ അള്‍ജീരിയയില്‍ 3 കോടിയാണ്. ആഫ്രിക്കയില്‍ ഏറ്റവുമധികം കുതിച്ചുകയറ്റം നടത്തുന്ന വികസ്വരരാജ്യമായി ടുണീഷ്യ മാറിയപ്പോള്‍ വന്‍ ജനസംഖ്യയുമായി ആഭ്യന്തരകലഹത്തിലും അരാജകത്വത്തിലും പട്ടിണിയിലും കിടന്ന് നട്ടംതിരിയുകയാണ് അള്‍ജീരിയ. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗ്‌ളാദേശി അമ്മമാര്‍ ശരാശരി 6-7 കുട്ടികള്‍ക്ക് ജന്മം കൊടുത്തിരുന്നുവെങ്കില്‍ ഇന്നത് മൂന്നായി ചുരുങ്ങിയിരിക്കുന്നു(Financial Express (5/17/2006). ജനസംഖ്യാനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉയര്‍ന്ന ജനനനിരക്കുണ്ടായിരുന്ന ജോര്‍ദ്ദാനിലും വന്‍കുറവാണ് ടി.എഫ്. ആര്‍ നിരക്കിലുണ്ടായിട്ടുള്ളത്(7.4(1977)-3.4(2002)/Associated Press (12/ 2002).
ലോകത്ത് ഏറ്റവും വലിയ തോതില്‍ ജനസംഖ്യാനിയന്ത്രണവും
ജനനനിരക്ക് വ്യതിയാനവും രേഖപ്പെടുത്തുന്ന രാജ്യം മതാധിഷ്ഠിത രാജ്യമായ ഇറാനാണ്. 1989-99 കാലഘട്ടത്തില്‍ ഇറാനിലെ ജനസംഖ്യാര്‍ദ്ധനനിരക്ക് അമ്പത് ശതമാനം കുറയുകയുണ്ടായി. അതയത് ഏതാണ്ട് 3 % ല്‍ നിന്ന് 1.47% ലേക്ക് വര്‍ദ്ധനനിരക്ക് താഴ്ന്നു(The Christian Science Monitor, 11/19/1999). 2001 ല്‍ ഇത് വീണ്ടും കുറഞ്ഞ് 1.2% ആയി. പ്രത്യുത്പ്പാദനനിരക്കാകട്ടെ, അമ്പതുകളില്‍ ഒരമ്മയ്ക്ക് 5 കുട്ടികള്‍ ആയിരുന്നത് 1989-99 കാലത്ത് മൂന്നായി. പക്ഷെ 2000 ല്‍ ഒരു വനിതയ്ക്ക് 2 എന്ന നിരക്കിലേക്ക് വന്നു. എന്നാല്‍ യു.എന്‍.സ്റ്റാറ്റിസ്റ്റിക്കല്‍ ഡിവിഷന് നടത്തിയ പുതിയ പഠനത്തില്‍ ഇത് 1.7 ആയി വീണ്ടും കുറഞ്ഞതായാണ് കാണിക്കുന്നത്.ലോകത്തേറ്റവും കൂടുതല്‍ ജനനനിരക്കുള്ള യെമനില്‍പോലും കഴിഞ്ഞ ദശകത്തില്‍ ജനന നിരക്കില്‍ നിര്‍ണ്ണായകമായ കുറവ് രേഖപ്പെടുത്തി.
സ്ത്രീകള്‍ വന്‍തോതില്‍ സാമൂഹികവും ലിംഗപരവുമായ വിവേചനം നേരിടുന്ന ഇറാനില്‍പോലും കുടുംബാസൂത്രണ ശ്രമങ്ങള്‍ വന്‍തോതിലുള്ള മാറ്റമാണ് കൊണ്ടുവന്നിട്ടുള്ളത്. 'ദൈവത്തിന്റെ സംഭാവന'ചൂണ്ടിക്കാട്ടി 'ജനസംഖ്യാബോംബു'ണ്ടാക്കാന്‍ അവര്‍ തയ്യാറല്ലെന്ന് സാരം. 7-8 കോടിയില്‍ തങ്ങളുടെ ജനസംഖ്യ ക്രമീകരിക്കാന്‍ ഇറാന് സാധിച്ചിരിക്കുന്നു. ലോകത്തേറ്റവും കൂടുതല്‍ ജനനനിരക്ക് റിപ്പോര്‍ട്ടു ചെയ്യുന്ന മറ്റൊരു പ്രദേശം പാലസ്തീന്‍ ടെറിറ്ററിയാണെന്ന് സൂചിപ്പച്ചല്ലോ. അവിടെ കുട്ടികളെ ഒരു സംരക്ഷണകവചമായാണ് അമ്മമാര്‍ കരുതുന്നത്. യുദ്ധവും പട്ടിണിയും തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും നടമാടുന്ന അത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ വര്‍ദ്ധിച്ച കുടുംബസുരക്ഷ കൊണ്ടുവരുമെന്ന് അവര്‍ വിശ്വാസിച്ചുപോകുന്നു. മാത്രമല്ല ഭാവിയില്‍ യുദ്ധം ചെയ്യാനും ധാരാളം കുട്ടികളെ ആവശ്യമുണ്ട്.
എന്തിനേറെ, സൗദി അറേബ്യയില്‍പ്പോലും ജനനനിരക്ക് കുറയുകയാണ്. ദശകങ്ങള്‍ക്ക് മുമ്പ് ഒരമ്മയ്ക്ക് 5-6 കുട്ടികള്‍ എന്ന സ്ഥിരംനിരക്കായിരുന്നു അവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിവിശേഷം മാറുകയാണ്. ചുരുക്കത്തില്‍ മുസ്‌ളീംരാഷ്ട്രങ്ങളില്‍ ജനനനിരക്ക് കുറയുകയാണ്;വളരെ ആസൂത്രിതമായി തന്നെ. മിക്ക മുസ്‌ളീം രാജ്യങ്ങളിലും ജനസംഖ്യാനിയന്ത്രണ ശ്രമങ്ങള്‍ സജീവവുമാണ്. ന്യൂനപക്ഷം വരുന്ന തീവ്രമതവാദികള്‍ എതിര്‍പ്പുയര്‍ത്തുന്നുവെന്നുവെങ്കിലും മുഖ്യധാരാ മതനേതൃത്വങ്ങളുടേയും സര്‍ക്കാരിന്റെയും പിന്തുണയും ഈ ഉദ്യമങ്ങളെ പോഷിപ്പിക്കുന്നുവെന്നതും ശ്രദ്ധിക്കണം. ഗര്‍ഭധാരണത്തിന് വേണ്ടിയല്ലാത്ത ലൈംഗീകബന്ധത്തെ( Coitus interruptus) മുഹമ്മദ് പിന്തുണച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കുര്‍-ആന്‍ ജനസംഖ്യാ നിയന്ത്രണത്തിന് എതിരല്ലെന്ന് സ്ഥാപിക്കാനും മതനേതാക്കള്‍ ശ്രദ്ധിക്കുന്നു.
അതേസമയം നിര്‍ണ്ണായക സ്വാധീനമില്ലാത്ത രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്ക് നിലനിറുത്താനും ഇസ്‌ളാം ശ്രദ്ധിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അവിടങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണവര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ കഴിഞ്ഞ ദശകത്തില്‍ കാര്യമായ ജസംഖ്യാവര്‍ദ്ധനവുണ്ടായത് മലപ്പുറം ജില്ലയിലാണ്. അതുമൂലം ആ ജില്ലയില്‍ നാല് നിയമസഭാമണ്ഡലങ്ങള്‍ അധികമായി വരുകയും കൃത്യമായും ആ നാലുമണ്ഡലങ്ങള്‍ പുതിയ UDF സര്‍ക്കാരിന്റെ ഭൂരിപക്ഷമായി തീരുകയും ചെയ്തു. ജനസംഖ്യാ വര്‍ദ്ധനവിന് വേണ്ടിയുള്ള മുറവിളിയുടെ രാഷ്ട്രീയവശമാണതില്‍ പ്രതിഫലിക്കുന്നത്.
യൂറോപ്പിലെ ക്രൈസ്തവരാജ്യങ്ങള്‍ പൊതുവെ ജനസംഖ്യാനിയന്ത്രണത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുമ്പോഴും കത്തോലിക്കാ വിഭാഗം എണ്ണം കൂട്ടുന്നതില്‍ വലിയതോതില്‍ ഉത്സുകരാണ്. കത്തോലിക്കര്‍ക്ക് ഗണ്യമായ സ്വാധീനമുള്ള ലാറ്റിന്‍ അമേരിക്കയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ രണ്ടിരട്ടിയായിട്ടാണ് വര്‍ദ്ധിച്ചത്. ജനസംഖ്യ കൂട്ടുക എന്നാല്‍ തങ്ങളുടെ 'മതസംഖ്യ' കൂട്ടുക എന്നതുതന്നെയാണ് മതങ്ങളുടെ ലക്ഷ്യം. 'എണ്ണം' പ്രധാനമായ ജനാധിപത്യത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന പ്രകടമായ ഈ ലക്ഷ്യത്തിന് മറയിടാനാണ് ഭ്രൂണസ്‌നേഹവും മനുഷ്യവിഭവശേഷിയോടുള്ള നിലയ്ക്കാത്ത പ്രണയവുമൊക്കെ എഴുതിക്കാണിക്കുന്നത്. കൊന്നും തിന്നും അറപ്പുതീരാത്ത, മനുഷ്യജീവന് പുല്ലുവില കല്‍പ്പിക്കാത്ത, ഒരു പള്ളിയുടെ നിയന്ത്രണാവകാശത്തെച്ചൊല്ലി പോലും പരസ്പരം ക്ഷമിക്കാനും പൊറുക്കാനും കഴിയാത്ത മതശക്തികള്‍ ഭ്രൂണസ്‌നേഹവുമായി വീര്‍പ്പുമുട്ടുന്നത് കാണുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ സമൂഹം സ്തംഭിച്ചു നില്‍ക്കുന്നു.
യന്ത്രവല്‍ക്കരണവും ആധുനിക സാങ്കേതികവിദ്യയും ഉള്ള മനുഷ്യശേഷി തന്നെ അധികപ്പറ്റാക്കി മാറ്റിയ ലോകത്ത് വര്‍ദ്ധിച്ച ജനസംഖ്യ 'നോട്ടക്കൂലി' സംസ്‌ക്കാരവും പരോക്ഷ തൊഴിലില്ലായ്മയും(disguised unemployment) കൊണ്ടുവരുന്നതാണ് നാം കാണുന്നത്. 'ജോലി ചെയ്യാന്‍ യന്ത്രവും കൂലി വാങ്ങാന്‍ മനുഷ്യരും' എന്ന സിദ്ധാന്തം ഇന്ന് ഏറെ വികസിച്ചിരിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ചതിലൂടെ ഇന്നുവരെ ഒരു രാജ്യവും പുരോഗമിച്ചിട്ടില്ല. ഇന്ന് നിലവിലുള്ള സുഭിക്ഷരാജ്യങ്ങളൊക്കെ കുറഞ്ഞ ജനസംഖ്യയും കുറഞ്ഞ ജനന നിരക്കുമാണ് കാണിക്കുന്നത്. അവരെയൊക്കെ മണ്ടരായി കാണാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ യാഥാര്‍ത്ഥ്യം അങ്ങനെയായി കൊള്ളണമെന്ന് ശഠിക്കുന്നതില്‍ കഥയില്ല.
ജസംഖ്യാവര്‍ദ്ധനവിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി നീണ്ട ഉപന്യാസങ്ങളെഴുതിയാണ് നാം പത്താംതരം പാസ്സാകുന്നത്. അതുകൊണ്ടുതന്നെ അതൊന്നും ഇവിടെ എഴുതിവെക്കുന്നില്ല. ഇന്ത്യയെ സംബന്ധിച്ച് ജനസംഖ്യാ 'വര്‍ദ്ധനനിരക്കില്‍' കുറവ് കാണിച്ചതുകൊണ്ടുമാത്രം ഇനിയങ്ങോട്ട് വലിയ കഥയില്ല. കാരണം 120 കോടിയുടെ 5 ശതമാനം 50 കോടിയുടെ 10 ശതമാനത്തേക്കാള്‍ കൂടുതലാണ്. ജനസംഖ്യ കുറയുന്നത് 'പാപ'മാണെന്ന് കരുതുന്നവര്‍ രാജ്യത്തിന് അതിനൊരവസരം നല്‍കുകയാണ് വേണ്ടത്. കഴിഞ്ഞ 30 വര്‍ഷമായി ജനസംഖ്യാനിയന്ത്രണത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളാണ് ചൈന കൈവരിച്ചത്. ഉയര്‍ന്ന ജനസംഖ്യയെന്നതിലുപരി മെച്ചപ്പെട്ട ജനസംഖ്യാനിയന്ത്രണമാണ് ആ രാജ്യത്തിന്റെ മുന്നേറ്റത്തിന് ഹേതുവായതെന്ന് കാണണം. കൂടിയ ജനസംഖ്യ രാജ്യപുരോഗതിക്ക് സഹായിക്കുമെങ്കില്‍ ലോകമെമ്പാടും എല്ലാവരും ആ 'എളുപ്പവഴി' സ്വീകരിക്കുമായിരുന്നു. രാജ്യതാല്‍പര്യം തൃണവല്‍ക്കരിച്ച് 'മതതാല്‍പര്യം'ഉയര്‍ത്തിപ്പിടിക്കുന്നവര്‍ അവശ്യം ശ്രദ്ധിക്കേണ്ട വസ്തുതയാണിത്.***
('ഭ്രൂണസ്‌നേഹം വാഴ്ത്തുവാന്‍ വാക്കുകള്‍ പോരാ'-അടുത്ത പോസ്റ്റില്‍)

541 comments:
«Oldest ‹Older 601 – 541 of 541Post a Comment