ശാസ്ത്രം വെളിച്ചമാകുന്നു

Wednesday, 5 December 2012

45. വിധിയെ തടുക്കുന്ന വില്ലേജ് ഓഫീസര്‍മാര്‍

ആധുനികതയ്ക്ക് ഒപ്പമോടാനുള്ള അമിതവ്യഗ്രത കാട്ടുന്ന ഒരു കൂട്ടം അന്ധവിശ്വാസികളുണ്ട്. 'പുരോഗമനവീക്ഷണമുള്ള' അന്ധവിശ്വാസികള്‍ എന്നാണിവരുടെ വിളിപ്പേര്. അന്ധവിശ്വാസം പേറുകയും വേണം പുരോഗമനാഭിമുഖ്യമുണ്ടെന്ന് വരുത്തുകയും വേണം എന്ന ദുശാഠ്യത്തില്‍ നിന്നാണ് ഈ വിചിത്രനിലപാട് ഉരുവംകൊള്ളുന്നത്. നായ അതിന്റെ വാല് കടിച്ചെടുക്കുന്നത് പോലെ ശ്രമകരമായ ഒരു ദൗത്യമാണിത്. എല്ലാ അര്‍ത്ഥത്തിലും ഒന്നാന്തരം 916 അന്ധവിശ്വാസികളായിരിക്കുമെങ്കിലും പരിഷ്‌കൃതവും സഹനീയവുമായ അന്ധവിശ്വാസങ്ങള്‍ മാത്രമേ ഇവര്‍ക്ക് സ്വീകാര്യമാകൂ. തൃപ്പൂത്തും മന്ത്രവാദവും തന്ത്രപൂര്‍വം തള്ളും, പക്ഷെ തുലാഭാരവും തേരുവലിക്കലും സസന്തോഷം സ്വീകരിക്കും. നഗ്നപൂജയും തൂക്കവും അവജ്ഞയോടെ നിരാകരിക്കും പക്ഷെ വ്രതവും പൊങ്കാലയും അര്‍പ്പണഭാത്തോടെ അനുഷ്ഠിക്കും. മത്സ്യക്കച്ചവടത്തില്‍ എന്നപോലെ തീരെ 'കെട്ട' അന്ധവിശ്വാസങ്ങള്‍ തള്ളി താരതമ്യേന പരിഷ്‌കൃതവും നവീനവുമായവ സ്വീകരിക്കുന്ന സുകുമാരകലയാണിത്. മതവിശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല മതജന്യ അന്ധവിശ്വാസങ്ങളായ ജ്യോതിഷം, നാഡിജ്യോതിഷം, വാസ്തു, ഹസ്തരേഖ തുടങ്ങിയ സര്‍വയിനങ്ങളിലും ഈയൊരു സമീപനമാണ് ഇക്കൂട്ടര്‍ പൊതുവെ സ്വീകരിക്കുക. അന്ധവിശ്വാസികളിലെ യുക്തിവാദികളാണിവര്‍ !

''പറ്റിക്കാം പക്ഷെ അങ്ങനെയങ്ങ് വെറുതെ പറ്റിക്കാനാവില്ല'' എന്നാണ് ഈ ബുദ്ധിമതികള്‍ വിളിച്ചുപറയുന്നത്. അന്ധവിശ്വാസികളായിരിക്കാം പക്ഷെ വെറും നാലാംകിട അന്ധവിശ്വാസികളായി കാണരുത് എന്ന് വിവക്ഷ.ഇവരുടെ ചപലന്യായങ്ങള്‍ കേട്ടുകൊണ്ടിരിക്കാന്‍ ബഹുരസമാണ്. 'തെരെഞ്ഞടുക്കപ്പെട്ടവരുമായി മാത്രം വ്യഭിചാരം' (selective prostitution) എന്നൊക്കെ പറയുന്നതുപോലെയാണ് കാര്യങ്ങള്‍. ഗ്രാമത്തിലെ കൃഷ്ണവിഗ്രഹത്തില്‍ തുളസിമാല ചാര്‍ത്താത്തവര്‍ വണ്ടിപിടിച്ചു പോയി ഗുരുവായൂരിലെ കൃഷ്ണന് തുലാഭാരം നടത്തും! നാട്ടിലെ കണിയാന്‍ പറയുന്നത് ജ്യോതിഷമായിരിക്കാം,പക്ഷെ അതിന്റെ പിന്നാലെ പായുന്നത് കുറച്ചിലാണ്. പകരം ഐ.എ.എസ്സു കാരന്‍ ജ്യോതിഷിയുടെ ആധുനിക ഉടായിപ്പുകള്‍ക്ക് മുന്നില്‍ സ്വയം സമര്‍പ്പിക്കും. ജ്യോതിഷം ഐ.എ.എസ് കാരന്‍ പ്രാക്ടീസ് ചെയ്താലും എല്‍.പി.എസ്സ് കാരന്‍ ചെയ്താലും അതില്‍ വിശേഷിച്ച് ശരിതെറ്റുകളൊന്നുമില്ല. ആര്‍ക്കുമത് ചെയ്യാനുള്ള അവകാശവുമുണ്ടെന്നതിലും തര്‍ക്കമില്ല. പക്ഷെ ജ്യോതിഷിയുടെ സ്റ്റാറ്റസ് നോക്കി അന്ധവിശ്വാസസംരക്ഷണം നടത്തുന്നതില്‍ വികലമായ ഒരുതരം യുക്തിവാദമുണ്ട്. തീയ്യന്റെ ജ്യോതിഷം ശരിയാവില്ല; ശരിയായ ഫലംകിട്ടാന്‍ നമ്പൂതിരി തന്നെവേണം;കുറഞ്ഞപക്ഷം ഒരു വര്‍മ്മയോ നായരോ എങ്കിലുമായിരിക്കണം. ദളിതനൊക്കെ എത്ര ശ്രമിച്ചാലും ജ്യോതിഷം വഴങ്ങില്ല. പഴയ ചോദ്യം അറിയാതെ വീണ്ടുമുയരുന്നു:കേരളത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട എത്ര ജ്യോതിഷികളുണ്ട്? ചൂഷണം ചെയ്യപ്പെട്ട വര്‍ഗ്ഗമാണത്,അവര്‍ക്ക് ചൂഷകനാകാന്‍ അവാകാശമില്ലല്ലോ!-ഇതാണ് ഭക്തിയിലെ യുക്തി!

ചില അന്ധവിശ്വാസങ്ങള്‍ തീരെ മോശം ചിലവ വിശിഷ്ടം,അര്‍ത്ഥസമ്പുഷ്ടം! ചിലവ കൃത്യം, സൂക്ഷ്മം-ചിലവ വ്യാജം, കപടം! ഒരന്ധവിശ്വാസി അനുഭവസഹിതം തട്ടിപ്പാണെന്ന് ആണയിടുന്ന കാര്യം വേറൊരു അന്ധവിശ്വാസി അച്ചട്ടാണെന്ന് അവകാശപ്പെടും! തന്റെ ജീവിതത്തതില്‍ ശരിയായി തോന്നിയാല്‍ ശരി, അത് മറ്റുള്ളവരുടെ കാര്യത്തില്‍ തെറ്റായാലും പ്രസക്തമല്ല. ഇതാണ് മിക്ക ജ്യോതിഷയുക്തിവാദികള്‍ക്കും പൊതുവെ പറയാനുള്ളത്. സത്യത്തില്‍ നാട്യങ്ങളില്ലാതെ അന്ധവിശ്വാസങ്ങളില്‍ അഭിരമിക്കുന്ന മുഴുനീള അന്ധവിശ്വാസികളെക്കാള്‍ ദയനീയമാണ് ഇവരുടെ കാര്യം. ജനം കയ്യടിച്ച് സ്വീകരിച്ച 'സദാനന്ദന്റെ സമയം' എന്ന മലയാള ചിത്രത്തില്‍ നേരംനോട്ടം, ശകുനം എന്നിവയില്‍ അമിതഭ്രമമുള്ള നായകനെ അന്ധവിശ്വാസിയായ നായിക അവസാനം ചെകിട്ടത്തടിച്ചാണ് നേര്‍വഴിക്ക് നടത്തുന്നത്. അതായത് ജ്യോതിഷമൊക്കെ ആയിക്കൊളളൂ, പക്ഷെ അമിതവിശ്വാസം ശരിയല്ല. കുളക്കരിയിലിരുന്ന് മേല് കഴുകുകയേ ചെയ്യാവൂ, ഇറങ്ങി കുളിക്കരുത്.

ഇതേ ചലച്ചിത്രത്തില്‍ ശകുനംനോട്ടവും നേരംനോട്ടവും ഒഴികെയുള്ള ജ്യോതിഷവൃത്തികള്‍ മികച്ച സാധനങ്ങളാണെന്ന് സ്ഥാപിക്കുന്ന സംഭാഷണങ്ങളും രംഗങ്ങളും ബുദ്ധിപൂര്‍വം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്(അന്ധവിശ്വാസങ്ങളെ എതിര്‍ക്കുകയും തെറ്റാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന ഒരു ചിത്രം കാണാന്‍ വിശ്വാസികള്‍ തയ്യാറാവില്ലല്ലോ!). അതായത് ജ്യോതിഷവുമായി ബന്ധപ്പെട്ട ചില ആചാരങ്ങളൊക്കെ വെറും ചവറാണെന്നു കരുതി അതിനെ അങ്ങനങ്ങ് എഴുതി തള്ളാനാവില്ല. ശുഭകാര്യം സംഭവിക്കുന്നതിനായി അഭിസാരികയെ എതിരെ നടത്തിക്കുന്നതും വീട്ടിലെ അനര്‍ത്ഥം മാറാനായി മാതാവിന്റെ ജഡം കല്ലറ പൊളിച്ച് കായലില്‍ തള്ളുന്നതുമൊക്കെ ഏത് കിടു ജോത്സ്യന്‍ പറഞ്ഞാലും അന്ധവിശ്വാസമാണ്. അന്ധവിശ്വാസമായാലും നോക്കീംകണ്ടും വേണം കാര്യങ്ങള്‍ നീക്കാന്‍ എന്നു സാരം!

ഇക്കാലത്ത് പല ജ്യോത്സ്യന്‍മാരും തനി യുക്തിവാദികളാണ്. ജ്യോതിഷം ഒഴികെയുള്ള മിക്കകാര്യങ്ങളിലും അവര്‍ ശാസ്ത്രീയസമീപനം കൈക്കൊള്ളും. അവസരത്തിനൊത്ത് ഉയരാന്‍ ശ്രദ്ധിക്കുന്നത് അവരുടെ കുറ്റമല്ലല്ലോ. ഭക്തരുടെ യുക്തിബോധവും പുരോഗമനാഭിമുഖ്യവും കൂടിവരുന്നതനുസരിച്ച നല്ല വോള്‍ട്ടേജുളള, നാലുപേര്‍ കേട്ടാല്‍ കുറ്റംപറയാത്ത ദോഷപരിഹാരക്രിയകളും ആചാരങ്ങളും മാത്രമെ ജോത്സ്യന്‍മാര്‍ നിര്‍ദ്ദേശക്കാറുള്ളു. ഭക്തന്റെ സ്റ്റാറ്റസ് നോക്കിയാണ് പല പരിഹാരക്രിയകളും നിര്‍ദ്ദേശിക്കുക. 'വിശ്വാസിയാണ് അന്ധവിശ്വാസിയല്ല' എന്ന് സ്വയം വീമ്പിളക്കി നടക്കുന്നവരുടെ ഈഗോ തൃപ്തിപ്പെടുത്താന്‍ ഇത് ഉത്തമ ഔഷധമാണെന്ന് ജ്യോതിഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ജ്യോതിഷികളെല്ലാം ജനത്തെ ചൂഷണം ചെയ്യാനായി ഈ പ്രൊഫഷനിലേക്ക് വന്നവരാണെന്ന് പറയാനാവില്ല. പലരും കൗതുകം കാരണമോ എന്തെന്നറിയാനോ ആകാംക്ഷകൊണ്ടോ രംഗത്തെത്തുന്നവരാണ്. ചിലര്‍ പേരുംപ്രശസ്തിയും സമ്പത്തും ലക്ഷ്യമിടുന്നു. രണ്ടായാലും ഒരു ഘട്ടം കഴിയുമ്പോള്‍ താന്‍ ശരിക്കും ജനത്തിന്റെ അജ്ഞതയും ഭയവും ചൂഷണം ചെയ്യുകയാണെന്ന് മിക്കവര്‍ക്കും പകല്‍പോലെ വ്യക്തമാകും. എന്നിട്ടും അവര്‍ ചൂഷണം തുടരുന്നു എന്നതാണ് ഖേദകരം.

സാമാന്യേന സാധ്യതയുള്ള കാര്യങ്ങ ള്‍ കവടി നിരത്തി പറഞ്ഞ് ആളെ പറ്റിക്കുന്ന ജ്യോതിഷികളൊക്കെ ജീവിതം മുഴുവന്‍ സാധാരണക്കാരെപോലെ ജീവിച്ച് മരിക്കുന്നത് കാണാം. റൂട്ട് കാണിച്ച് പത്ര പരസ്യം കൊടുക്കുകയും സവിശേഷജ്ഞാനവും അന്തര്‍ജ്ഞാനവും അവകാശപ്പെടുകയും ചെയ്യുന്ന ഈ വിരുതന്‍മാരില്‍ ഒരു ന്യൂനപക്ഷം മാത്രമേ നല്ല നിലയിലെത്തുന്നുള്ളു. ബാക്കിയൊക്കെ തെണ്ടിത്തിരിഞ്ഞും തട്ടിയുംമുട്ടിയും മുന്നോട്ടുപോകുന്നു. ഭക്തരുടെ കാര്യവും സമാനം. കവി എ.അയ്യപ്പന്‍ പാടിയപ്പോലെ ജ്യോതിഷത്തില്‍ രാജയോഗം കിട്ടിയാലും ജീവതത്തില്‍ ഇരന്നുതന്നെ വയറു നിറയ്‌ക്കേണ്ടിവരും. രാജയോഗക്കാരും ഗജകേസരിയോഗക്കാരും ആജീവനാന്തം തെരുവില്‍ കിടന്ന് നരകിക്കും. ദ്രരിദ്രലക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ചേരിയില്‍ ചെന്ന് ആയിരങ്ങളുടെ ഗ്രഹനില നോക്കിയാല്‍ എല്ലാ 'യോഗ'ക്കാരെയും അവിടെ കണ്ടെത്താനാവും. അവിടെ നിറയെ വാസ്തുവനുസരിച്ചും വീടുകളും നിര്‍മ്മിക്കാം. ജയിലിലെ അന്തേവാസികളുടെ ഗ്രഹനിലയിലും സമാനമായ ഫലം കാണാനാവും. പക്ഷെ ചേരി എന്നും ചേരിയായിരിക്കും,ജയില്‍ ജയിലും! അവിടെയൊക്കെയുള്ള രാജയോഗക്കാരന്റേയും അപഹാരം കയറിയവന്റേയും ജീവിതനദി ഏതാണ്ട് ഒരേ നിരക്കില്‍ ഒഴുകുന്നത് കാണാം. റീജിയണല്‍ കാന്‍സര്‍ സെറ്ററിന്റെ പടി ചവിട്ടുന്നവരുടെ ആയുര്‍രേഖ പരിശോധിച്ചാല്‍ നീണ്ടവരയും കുറിയ വരയും കാണാം. അവസാനം വെള്ളത്തുണിയില്‍ പൊതിഞ്ഞ് തിരിച്ചിറക്കുന്നവരുടെ കണക്കെടുത്താലും ആയുര്‍രേഖയുടെ നീളം കൂടിയും കുറഞ്ഞുമിരിക്കും.

വിശ്വാസിയെ സംബന്ധിച്ചിടത്തോളം ജ്യോതിഷം മദ്യമോ മയക്കുമരുന്നോ പോലെയാണ്. അടിപ്പെടുന്തോറും ആസക്തി ആളിക്കത്തും;അതനനുസരിച്ച് അന്ധതയും. ഒരാളുടെ സാമാന്യബുദ്ധിയില്‍ ഉദിക്കുന്ന കാര്യങ്ങള്‍ പോലും ദിവ്യവചനങ്ങളായി എന്തുകൊണ്ട് അന്ധവിശ്വാസി സ്വീകരിക്കുന്നു? അന്ധവിശ്വാസം അത് കനംകൂടിയതായാലും കുറഞ്ഞതായാലും തുള വീണ തോണിയാണ്. ഭാവിഭര്‍ത്താവ് കഷണ്ടിയായിരിക്കും വധു പ്രമേഹരോഗി ആയിരിക്കും കുട്ടികള്‍ക്ക് ചര്‍മ്മരോഗങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നൊക്കെ പ്രവചിച്ച് ബുദ്ധി കൂടിയ അന്ധവിശ്വാസികളുടെ മണ്ട മറിക്കുന്ന മിടുക്കന്‍മാരുണ്ട്. സാധാരണനിലയ്ക്ക് കുറഞ്ഞത് 50 ശതമാനത്തിലധികം വിജയ സാധ്യതയുള്ള നിര്‍ദ്ദോഷ പ്രവചനങ്ങളാണവ എന്ന കാര്യംപോലും പരിഗണിക്കാതെ ഇതൊക്കെ പാടിനടക്കാന്‍ ജ്യോതിഷഭ്രമക്കാര്‍ മടിക്കില്ല. ഫലിച്ചില്ലെങ്കില്‍ ലഗ്നത്തില്‍ വിഘ്‌നമടിച്ച് ജ്യോതിഷിക്ക് തടിയൂരാം.ഇപ്പോള്‍ കഷണ്ടി ആയിട്ടില്ലെങ്കില്‍ വൈകാതെ ആയിക്കൊള്ളുമെന്നോ പ്രമേഹം വരാനിരിക്കുന്നതേയുള്ളു എന്നോ ബോധവത്ക്കരിച്ച് വിശ്വാസം നിലനിറുത്താം. അപ്പോഴും ജ്യോതിഷിയുടെ പ്രചരണവാഹനമായി ഭക്തന്‍ നിലകൊള്ളും;തന്റെ 'അച്ചട്ട് അനുഭവങ്ങള്‍ ' സദാ അന്തരീക്ഷത്തില്‍ പ്രസരിപ്പിക്കും.

ഹൃദയാഘാതം, പ്രമേഹം, അതിറോസ്‌ക്കിളോറോസിസ് സാര്‍സ്, എയിഡ്‌സ്...തുടങ്ങിയ രോഗങ്ങളും ജ്യോതിഷികള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ(?) പുസ്തകങ്ങള്‍ വെച്ച് പ്രവചിക്കും. കറണ്ടടിച്ച് മരിക്കുമെന്ന് (Electrocution)കൃത്യമായി പ്രവചിച്ച ജ്യോതിഷികള്‍ വരെയുണ്ടത്രെ! പത്തും പതിനഞ്ചും നൂറ്റാണ്ടുകള്‍ക്ക് മുമ്പെഴുതി ഗ്രന്ഥങ്ങളില്‍ ഇതെങ്ങനെ വന്നുവെന്ന് ചോദിക്കരുത്. ആധുനികരോഗങ്ങളൊക്കെ ജ്യോതിഷി സ്വന്തംകയ്യില്‍ നിന്ന് ഇടുന്നവയാണെങ്കിലും ഭക്തനെക്കൊണ്ട് തന്റെ പടി നിരങ്ങിക്കാന്‍ അതൊക്കെ മതിയാകുമെന്ന് അയാള്‍ക്കറിയാം.

മിക്ക കൊടികെട്ടിയ ജ്യോതിഷികളും ദാമ്പത്യപ്രശ്‌നങ്ങളില്‍ സ്ഥിരം മധ്യസ്ഥനായിരിക്കും. സ്വകുടുംബത്തിലേതൊഴികെ ഒട്ടുമിക്ക ദാമ്പത്യപ്രശ്‌നങ്ങളും അവര്‍ കവടി നിരത്തി നിസ്സാരമായി പരിഹരിച്ചു കളയും. സാധാരണബുദ്ധിയില്‍ അധിഷ്ഠിതമായ ചില ഉപദേശങ്ങളും പണച്ചെലവുളള ചില പരിഹാരക്രിയകളും കൂട്ടിക്കുഴച്ച കുറിപ്പടിയിലൂടെയായിരിക്കും മരുന്ന് കുറിക്കുന്നത്. അല്ലെങ്കിലും അന്യരെ ഉപദേശിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ വാചികമായി പരിഹരിക്കാനും സ്വതവെ എളുപ്പമാണല്ലോ!

സ്വന്തംപ്രശ്‌നം പരിഹരിക്കാന്‍ തന്നെക്കാള്‍ മറ്റൊരാള്‍ക്ക് സാധിക്കുമെന്ന അന്ധവിശ്വാസം പരാശ്രയത്വബോധവും ആത്മവിശ്വാസമില്ലായ്മയും സൃഷ്ടിക്കുന്ന വികലബോധമാണ്. സ്വന്തം 'കയ്യിലിരിപ്പും വായിലിരിപ്പുമാണ്' ജീവിതപ്രശ്‌നങ്ങളുടെ മുഖ്യ ഹേതുവെന്ന് അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന അല്‍പ്പബുദ്ധികളാണ് പ്രശ്‌നപരിഹാരത്തിനായി സ്ഥിരം ജ്യോതിഷിയുടെ അടുത്തേക്കോടുന്നത്. തന്റെ പിഴവുകള്‍ക്കും വീഴ്ചകള്‍ക്കും കാരണം ഒന്നുകില്‍ അന്യരില്‍ അതല്ലെങ്കില്‍ ബുധന്‍ പോലുള്ള ചുട്ടുപഴുത്ത പാറക്കഷണങ്ങളിലോ വ്യാഴം പോലുള്ള വാതകഭീമന്‍മാരിലോ ആരോപിക്കുക എന്ന മിനിമം അജണ്ടയാണ് ഭക്തനുള്ളത്. എങ്ങനെയെങ്കിലും കുറ്റവിമുക്തനായി(to get exonerated) മന:സമാധാനം വീണ്ടെടുക്കണം. യഥാര്‍ത്ഥലോകത്ത് തനിക്കെതിരെ ആരോപണങ്ങളും ശകാരങ്ങളും ധാരാളമുണ്ടാവും. എന്നാല്‍ ജ്യോതിഷലോകത്ത് ആരോപണവിമുക്തനായി ആനന്ദിക്കാം. അവിടെ കുറ്റമെല്ലാം ഗ്രഹങ്ങള്‍ക്കും 'വിധി' ക്കുമായിരിക്കും. താനല്ല തന്റെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി എന്ന് മറ്റൊരാളില്‍നിന്ന് കേള്‍ക്കുമ്പോഴുണ്ടാകുന്ന മാനസിക സംതൃപ്തി നിസ്സാരമാണോ?! ഒരുതരത്തില്‍ പറഞ്ഞാല്‍ ടൈപ്പ്-2 പ്രമേഹരോഗിക്ക് പഞ്ചാരമിട്ടായി പോലെ മധുരതരമായ ഒരു അനുഭവമാണത്.

ഒന്നുകില്‍ 'വിധി' അല്ലെങ്കില്‍ ഗ്രഹങ്ങള്‍ അല്ലെങ്കില്‍ തമോഗര്‍ത്തങ്ങള്‍ അതുമല്ലെങ്കില്‍ മുജ്ജന്മപാപം.....തനിക്ക് ബാഹ്യമായ എന്തിലെങ്കിലും ഉത്തരവാദിത്വം ആരോപിച്ചുകഴിഞ്ഞാല്‍ മനുഷ്യമസ്തിഷ്‌ക്കത്തിന് വല്ലാത്ത ആശ്വാസം ലഭിക്കുമെന്ന് ശാസ്ത്രവും ശരിവെക്കുന്നുണ്ട്. പക്ഷെ ഇത്തരം ആശ്വാസംകണ്ടെത്തല്‍ പ്രശ്‌നപരിഹാരത്തിന് സഹായകരമാകില്ലെന്ന് മാത്രമല്ല പ്രശ്‌നങ്ങള്‍ പൂര്‍വാധികം ശക്തമായി തുടരുകയും ചെയ്യും. 'കുരയ്ക്കും പട്ടി കടിക്കില്ലെന്ന് പട്ടിക്ക് അറിയില്ലെ'ന്ന് പറയുന്നതുപോലെ പരാതിക്കാരന്റെ ഗ്രഹനില കാരണമാണ് പ്രശ്‌നമുണ്ടാകുന്നതെന്ന് പ്രശ്‌നവുമായി ബന്ധപ്പെട്ട മറ്റുളളവര്‍ അറിയാത്തതാണ് മുഖ്യതടസ്സം! ഇനി അഥവാ അറിഞ്ഞാലും അവരൊട്ട് അംഗീകരിക്കാനും പോകുന്നില്ല. അമ്മായിയമ്മയുടെ ഗ്രഹനിലയും 'വിധിനില'യും കാരണമാണ് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതെന്ന് പറഞ്ഞാല്‍ ജ്യോതിഷവിശ്വാസിയായ മരുമകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്ന് കരുതുന്നത് മൗഡ്യമായിരിക്കും.

ഇത്തരം കാര്യങ്ങള്‍ മുന്‍പരിചയത്തിലൂടെ നല്ലതുപോലെ മനസ്സിലാക്കിയവനായിരിക്കും ജ്യോതിഷി. അയാളുടെ മുന്നില്‍ വ്യക്തിഗതപരാതികളുടെ കെട്ടഴിക്കുന്നവരെല്ലാം പൊതുവെ സ്വയം നിര്‍ദ്ദേഷിയും മറ്റുള്ളവര്‍ കുറ്റക്കാരുമെന്ന് ചിന്തിക്കുന്ന കുട്ടിമനസ്സിന് ഉടമകളായിരിക്കുമെന്ന് അയാള്‍ക്കറിയാം. ഒന്നും ഭക്തന്റെ കുഴപ്പമല്ലെന്നും ജാതകത്തിലെ അപഹാരങ്ങളും ദോഷങ്ങളുമാണ് കാരണമെന്ന് ജ്യോതിഷി എല്ലാമറിയുന്നവനെ പോലെ തട്ടിവിടുന്നതോടെ ഭക്തന്‍ നിശ്വസിക്കുകയും വിശ്വസിക്കുകയും മാത്രമല്ല വല്ലാതെ ആശ്വസിക്കുകയും നല്ലൊരു തുക കൈമാറുകയും ചെയ്യും. ഈ വിശദീകരണം കേള്‍ക്കാനാണ് ഭക്തന്‍ അത്രയും ദൂരംതാണ്ടി ജ്യോതിഷിയെ തേടിയെത്തിയത്. കാര്യങ്ങളെ യുക്ത്യാധിഷ്ഠിതമായും വസ്തുനിഷ്ഠവുമായി വിശകലനം ചെയ്ത് വാക്കും പ്രവര്‍ത്തിയും മെച്ചപ്പെടുത്തിയാല്‍ യാഥാര്‍ത്ഥ്യബോധത്തോടെ ജീവിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിയുമെന്ന് ഭക്തനെ ഉപദേശിക്കുന്ന ജ്യോതിഷിയുടെ കച്ചവടം അധികം ഓടില്ല. കാരണം അയാള്‍ വെറും 'കൗണ്‍സിലിംഗു'കാരനായില്ലേ?! തങ്ങള്‍ക്കറിയുന്ന കാര്യങ്ങള്‍ തങ്ങളോട് തന്നെ പറയുന്നതുകൊണ്ടാണ് കൗണ്‍സിലിംഗുകാരെ ആര്‍ക്കുമത്ര പഥ്യമല്ലാത്തത്!

'വിധി'ന്യായങ്ങള്‍ കേള്‍ക്കുന്നതോടെ പരിഹാരോത്സവങ്ങള്‍ ഏര്‍പ്പാടാക്കി തന്റെ 'നിരപരാധിത്വം' ആഘോഷിക്കാനുള്ള ആവേശത്തിലായിരിക്കും ഭക്തന്‍. മറ്റുള്ള എല്ലാവരേയുംപോലെ താനാണ് പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന് ജ്യോതിഷി പറഞ്ഞില്ലല്ലോ! സത്യത്തില്‍ താന്‍ നിസ്സഹായനാണ്,കഴിവിനനുസരിച്ച് പരിശ്രമിക്കുന്നുണ്ട്..പക്ഷെ ഉപരിശക്തികളുടെ കളി മൂലം ഒന്നും നേരചൊവ്വെ പോകുന്നില്ല. ഇതൊക്കെയാണ് വേറൊരാളില്‍നിന്ന് ഭക്തന്‍ കേള്‍ക്കാനഗ്രഹിക്കുന്നത്. കേള്‍ക്കാനാഗ്രഹിച്ചതൊക്കെ കേട്ട ഭക്തന്‍ ആയുഷ്‌ക്കകാല ജ്യോതിഷരോഗിയായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളു. എന്തെന്നാല്‍ കേള്‍ക്കാനാഗ്രഹിക്കുന്നത് കേള്‍ക്കാനാണ് നമുക്ക് താല്‍പര്യം.We want to hear what we like to hear.
 

ജ്യോതിഷവിശ്വാസം ഒരുതരം വികലമായ സുഖാന്വേഷണമാണ്. പല കുടുംബങ്ങളിലും ഭര്‍ത്താവിന്റെ മദ്യപാനത്തേക്കാള്‍ വലിയ ദുരന്തങ്ങളാണ് ഭാര്യയുടെ ജ്യോതിഷഭ്രമം കൊണ്ടുവരുന്നത്. മക്കളുടെ താന്തോന്നിത്തരം തക്കസമയത്ത് തിരുത്താന്‍ ശ്രമിക്കാതെ ദശകളും അപഹാരങ്ങളും സന്ധികളും പറഞ്ഞ് ന്യായീകരിച്ച് അവസാനം അവരെ എന്നെന്നേക്കുമായി നശിപ്പിക്കുന്ന മാതാപിതാക്കളുമുണ്ട്. ജ്യോതിഷവിശ്വാസിക്ക് ദുര്‍വാശികള്‍ പലതാണ്. ചുറ്റും സഹജീവികളുടെ ജീവിതത്തില്‍ ദുരന്തങ്ങളും തിരിച്ചടികളും അനര്‍ത്ഥങ്ങളും അപകടങ്ങളും നിരന്തരം കാണുന്നു, കപടജ്യോതിഷികളേയും ആത്മീയ തട്ടിപ്പുകാരേയും സംബന്ധിച്ച വാര്‍ത്തകള്‍ നിറയുന്നു, മനുഷ്യര്‍ ദരിദ്രരായും അന്ധരായും വികലാംഗരായും ജനിക്കുന്നു, ജീവിതം വഴിമുട്ടി പലരും ക്രിമിനലുകളാകുന്നു, ചിലര്‍ ആത്മഹത്യ ചെയ്യുന്നു, പലരും കൊള്ളയടിക്കപ്പെടുന്നു, ചുറ്റുമുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കും നിരവധി മാനിസിക-ശാരീരിക പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത് നേരില്‍ കാണുന്നു- പലതും തീരെ 'അപ്രതീക്ഷിതമായ'രീതിയില്‍ ...പക്ഷെ ഇതൊന്നും തനിക്ക് ബാധകമല്ല, ഇതൊന്നും തന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ല എന്ന മൗഡ്യത്തിലാണയാള്‍. സംഭവിച്ചാല്‍ കാരണം ഗ്രഹം, നക്ഷത്രം, തമോഗര്‍ത്തം!

മിക്കപ്പോഴും ജ്യോതിഷവിദ്യാഭ്യാസം കിട്ടുന്നത് ജോലിസ്ഥലത്തുനിന്നോ അയല്‍പക്കത്തുനിന്നോ സുഹൃത്തുക്കളില്‍ നിന്നോ ആയിരിക്കും. അതില്‍പ്പിന്നെ അക്ഷരവിരോധികള്‍പോലും 'ജ്യോതിഷരത്‌ന'വും 'ജ്യോതിഷകാഹള'വും എടുത്തുവെച്ച് ഗവേഷണം നടത്തും. ആ മനോരോഗം മൂര്‍ച്ഛിച്ചാല്‍ പിന്നെ ശരിക്കും മയക്കുമരുന്നിന് അടിപ്പെട്ടതുപോലെയാണ്. യാഥാര്‍ത്ഥ്യബോധമില്ലാത്ത ജീവിതവീക്ഷണമാണിവര്‍ മുറുകെ പിടിക്കുക. They are allergic to reality and unwilling to enquire. തന്നിലേക്ക് മാത്രം പരിമിതപ്പെടുന്ന ഇവര്‍ തനിക്ക് ചുറ്റും നോക്കാന്‍ ഒരിക്കലും തയ്യാറാവില്ല. ജ്യോതിഷവിശ്വാസി പൊതുവെ അകാരണമായ സമ്മര്‍ദ്ദത്തിനും ഭീതിക്കും അടിപ്പെട്ടവനായിരിക്കും. ആത്മവിശ്വാസമില്ലായ്മ, പരാശ്രയബോധം, അതിവൈകാരികത, പക്വതയില്ലായ്മ, ചിന്താശൂന്യത തുടങ്ങിയവയൊക്കെ ജ്യോതിഷവിശ്വാസത്തിന്റെ സൗജന്യസമ്മാനങ്ങളാണ്. It weakens further people's ability to rationally look at the world.

ശരിയായ അപൂര്‍വം പ്രവചനങ്ങള്‍ അതീവകൃത്യതയോടെ ഓര്‍ത്തിരിക്കാനും തെറ്റായ ഭൂരിപക്ഷ പ്രവചനങ്ങള്‍ ഉദാരപൂര്‍വം മറക്കാനുമുള്ള ഭക്തന്റെ സ്വഭാവിക പ്രവണതയിലാണ് ജ്യോതിഷിയുടെ വിജയം കുടികൊള്ളുന്നത്. Astrologers tend to rely on customers' ability to remember 'hits' and forget 'misses'. ഏറ്റവും കൃത്യമെന്ന് തോന്നുന്ന പ്രവചനം പോലും ആവര്‍ത്തനക്ഷമതയില്ലാത്ത യാദൃശ്ചികതയായിരിക്കും. Even an accurate prediction may be simple chance. കാരണം ഒരെണ്ണം യാദൃശ്ചികമായി ശരിയായെന്ന് കരുതി ബാക്കി ശരിയാകണമെന്ന് നിര്‍ബന്ധമില്ലതന്നെ. ശരിയായ പ്രവചനങ്ങള്‍ ആവര്‍ത്തിക്കാന്‍ ഒരു ജ്യോതിഷിക്കും ഇന്നുവരെ സാധിച്ചിട്ടുമില്ല. എങ്ങനെയാണ് ഒരു ഗ്രഹം/നക്ഷത്രം നിങ്ങള്‍ക്ക് ചര്‍മ്മരോഗവും സാമ്പത്തികഞെരുക്കവും സമ്മാനിക്കുന്നത് എന്ന് ഇക്കൂട്ടരോട് ചോദിച്ചാല്‍ മിക്കപ്പോഴും ഉത്തരമിതായിരിക്കും:''അതറിയില്ല, ചിലപ്പോള്‍ സ്വാധീനിക്കുന്നില്ലായിരിക്കും, പക്ഷെ ജ്യോതിഷം പറയുന്നത് പലതും (എല്ലാമില്ല!)ശരിയാണ്, അത് നിങ്ങള്‍ക്കറിയില്ലല്ലോ. എനിക്കുമറിയില്ല!!'' There is a FORCE, known or unknown, that could possibly affect us here on Earth-they claim. ഏതോ ഒരു ശക്തിയുണ്ട്- പക്ഷെ ഏത് ശക്തി എന്നു ചോദിച്ചാല്‍ ശാസ്ത്രത്തിന് കണ്ടെത്താനാവില്ലെന്നാവും ഉത്തരം. അങ്ങനൊരു ശക്തിയെ തിരിച്ചറിഞ്ഞിട്ടില്ല എന്നതുകൊണ്ട് ഇല്ലെന്ന് തീര്‍ത്തുപറയാനാവുമോ എന്ന ഘോരയുക്തിയും ഉന്നയിക്കപ്പെടും. അതായത് ഇല്ലാത്തതുകൊണ്ട് 'ഉണ്ടെന്ന്' തീര്‍ച്ചപ്പെടുത്തുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം! കണ്ണടച്ച് കടലില്‍ ചാടിയാല്‍ മുങ്ങില്ലെന്ന ചപലന്യായം! 

സത്യത്തില്‍ എന്തിനാണ് ഒരാള്‍ ജ്യോതിഷിയെ സമീപിക്കുന്നത്? എന്തായാലും സംഭവിച്ച കാര്യങ്ങള്‍ തിരുത്താനാവില്ല. One can't revise the past. സംഭവിക്കാനുള്ളത് തടയാനുമാവില്ല. നടക്കാനുള്ള കാര്യങ്ങള്‍ ആരെന്തുചെയ്താലും സംഭവിക്കുമെന്നാണ് വിധിവിശ്വാസം. അതാണ് ഫലഭാഗജ്യോതിഷത്തിന്റെ അടിസ്ഥാനസങ്കല്‍പ്പവും. പിന്നെ ആകെ ചെയ്യാവുന്നത് സംഭവിച്ചതിന് പരിഹാരം ചെയ്ത് നടുവൊടിയാം എന്നതു മാത്രം. ജ്യോതിഷത്തില്‍ 'പരിഹാരം'പൊതുവെ ഒരു സാമ്പത്തികപ്രവര്‍ത്തനമാണ്. അമ്പതുപൈസയുടെ ചരടു മുതല്‍ ലക്ഷങ്ങളുടെ രത്‌നക്കല്ലു വരെ അവിടെ കടന്നുവരാം. വന്‍ച്ചെലവുള്ള പരിഹാരം ആദ്യമേ നിര്‍ദ്ദേശിച്ചാല്‍ ഭക്തന് സംശയമുണരാനിടയുണ്ട്. ഭക്തന്റെ വിശ്വാസമാര്‍ജ്ജിച്ചില്ലെങ്കില്‍ അയാള്‍ വേറെ ജ്യോതിഷിയെ തേടിപ്പോയെന്നുംവരാം. അതുകൊണ്ടുതന്നെ ബുദ്ധിപൂര്‍വം മാത്രമേ ഇക്കാര്യത്തില്‍ ജ്യോതിഷികള്‍ മുന്നോട്ടുപോകാറുള്ളു!

ഇനി, പരിഹാരക്രിയ എന്തായാലും സംഭവിക്കാനുള്ളതോ സംഭവിച്ചതോ റദ്ദാക്കപ്പെടില്ല. പിന്നെന്തിന് ജ്യോതിഷം വഴി ഫലമറിയണം? അറിയാതെ ജീവിക്കുന്നവരാണ് ലോകത്തെ ഭൂരിപക്ഷം ജനങ്ങളും. ജ്യോതിഷത്തെക്കുറിച്ച് കേട്ടിട്ടില്ലാത്ത ജനകോടികള്‍ സന്തോഷപൂര്‍വം ഈ ലോകത്ത് ജീവിക്കുന്നു. അതിനെ ഒന്നാന്തരം തട്ടിപ്പായി കണ്ട് തള്ളുന്നവരും കുഴപ്പമില്ലാതെ ജീവിച്ചുപോകുന്നു. വിവേകാന്ദനെപ്പോലുള്ള മതവിശ്വാസികള്‍ക്കു പോലും ആ ഗണത്തിലുള്‍പ്പെടുന്നു. പിന്നെ എന്തുകൊണ്ടാണ് ചില അന്ധവിശ്വാസികള്‍ക്ക് മാത്രം അത് സാധിക്കാത്തത്?

കടുത്ത ജ്യോതിഷവിശ്വാസികളില്‍ മിക്കവരും അതെന്താണന്ന് അറിയാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്തവരാണ്. They simply don't want to know. ചിലരില്‍ പകുതിവെന്ത ജ്ഞാനം അന്ധവിശ്വാസത്തിന്റെ പോഷകമായി വര്‍ത്തിക്കുന്നു. തങ്ങളുടെ ജീവിതത്തില്‍ ചില ജ്യോതിഷ പ്രവചനങ്ങള്‍ സാമാന്യേന പൊരുത്തപ്പെടുന്നത് മാത്രമാണ് അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ബാക്കിയൊക്കെ അവരുടെ മസ്തിഷ്‌ക്കം ഒപ്പിക്കുന്നതും. സാമാന്യബുദ്ധിയും ജീവിതാനുഭവവും മുന്‍പരിചയവും ആധാരമാക്കി സാഹചര്യമനുസരിച്ച് ഒരു ജ്യോതിഷി നടത്തുന്ന പ്രവചനങ്ങള്‍ 100 ശതമാനവും തെറ്റണമെങ്കില്‍ അയാളൊരു 'മഹാസംഭവ'മായിരിക്കണം. അങ്ങനെ ഒരിക്കലും സംഭവിക്കില്ല. ചത്തിരിക്കുന്ന ഒരു ഘടികാരംപോലും ഒരു ദിവസം രണ്ടുപ്രാവശ്യം ശരിയായ സമയം കാണിക്കുമെന്നറിയുക!

ഇനി, ജ്യോതിഷം അപ്പടി ശരിയാണെന്ന് വെറുതെ സങ്കല്‍പ്പിക്കുക. എന്നാലും ജ്യോതിഷിയുടെ തിണ്ണ നിരങ്ങുന്നതുകൊണ്ട് പ്രയോജനമില്ല. അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചേ മതിയാകൂ. ഒരുകാരണവശാലും ഭാവി മാറ്റാനാകില്ലെങ്കിലും മുന്‍കൂട്ടി അറിഞ്ഞിരുന്നാല്‍ ദോഷം കുറയ്ക്കാമെന്നേയുള്ളു എന്നാണ് ചില വിദ്വാന്‍മാര്‍ വാദിക്കുക. അതായത് ദോഷഫലം ചില്ലറയെറിഞ്ഞ് കുറച്ചൊക്കെ മയപ്പെടുത്താം. പരിഹാരക്രിയ കാരണം ഗ്രഹങ്ങള്‍ക്കൊക്കെ പനി പിടിച്ചുകൊള്ളും! അത്രയേ ഉള്ളൂ കാര്യങ്ങള്‍ !

നിങ്ങള്‍ക്ക് നാളെമുതല്‍ ഭക്ഷണം ലഭിക്കില്ലെന്ന് ഇന്നു മുന്‍കൂട്ടി അറിഞ്ഞതുകൊണ്ട് വിശേഷിച്ച് എന്തെങ്കിലും പ്രയോജനമുണ്ടോ? തയ്യാറെടുപ്പ് നടത്തി ആ വിധി മാറ്റാന്‍ സാധിക്കുമെങ്കില്‍ പ്രയോജനമുണ്ട്. പക്ഷെ ജ്യോതിഷപ്രകാരം അത് സാധ്യമല്ല. വരാനുള്ളത് വന്നുതന്നെപോകും, അല്ലെങ്കില്‍ പോകണം! നാളെ മുതല്‍ ഭക്ഷണം ലഭിക്കില്ലെന്ന് നൂറ് ശതമാനം ഉറപ്പാണെങ്കില്‍ ഇന്ന് മുന്‍കരുതലെടുത്തിട്ട് എന്തുഫലം? വെറുതെ തയ്യാറെടുപ്പിന്റെ പാഴ്‌ച്ചെലവ് മാത്രം മിച്ചം. നാളെവരെ അക്കാര്യമോര്‍ത്ത് ദു:ഖിക്കേണ്ടിയും വരും. അറിഞ്ഞില്ലെങ്കില്‍ നാളെ വരെയെങ്കിലും സ്വസ്ഥമായി കഴിയാമായിരുന്നു. മരിക്കുമെന്ന് ഉറപ്പുള്ളവരാണ് ഭൂമിയില്‍ ജീവിക്കുന്ന നാമോരോരുത്തരും. ഇന്ന ദിവസം മരിക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞാല്‍ പിന്നെ ജീവിതം പഴയതുപോലെ ആസ്വദിക്കാനാവുമോ? വിശേഷിച്ചും മരണദിവസം അടുത്തെങ്ങാനും ആണെങ്കില്‍ ?

ജ്യോതിഷത്തിന് പറയാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന ഭാവി 'നേട്ടങ്ങളുടെ' കാര്യവും തഥൈവ. എന്തായാലും നേട്ടം നേരിടാനായി വിശേഷിച്ചൊരു തയ്യാറെടുപ്പിന്റെ ആവശ്യമില്ല, മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ട കാര്യവുമില്ല. മുന്‍കൂട്ടി അറിഞ്ഞാല്‍ മിക്കവാറും അതിന്റെ ത്രില്ല് നഷ്ടപ്പെടുകയാവും ഫലം. ഭാവിയില്‍ നേട്ടങ്ങള്‍ സ്വപ്നംകണ്ട് കഴിയുന്ന ഒരാള്‍ക്ക് വര്‍ത്തമാനം ബാധ്യതയാകും. നേട്ടം കിനാവു കണ്ട് നടക്കുന്നവന്‍ അലസനും അധാര്‍മ്മികനുമാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുകയാണ്. ലോട്ടറിയെടുത്ത് സമ്മാനം കിട്ടുമെന്ന് ചിന്തിച്ച് വികാരജീവിയായി നടക്കുന്നതിനേക്കാള്‍ 'കിട്ടാനിടയില്ല-കിട്ടുന്നെങ്കില്‍ കിട്ടട്ടെ'എന്നുകരുതി ജീവിതം സാധാരണഗതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതല്ലേ കൂടുതല്‍ യുക്തിസഹം? വിശ്വാസികള്‍ പോലും ഈ മാര്‍ഗ്ഗമാണ് പൊതുവെ അവലംബിക്കുക. ആദ്യവഴി സ്വീകരിക്കുന്നവര്‍ മിക്കപ്പോഴും സ്വയം ഫലിതമായി മാറുന്നു.

ഭാവിയും ഭൂതവും മാറ്റാനാവില്ലെങ്കില്‍ നമുക്ക് മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്ന വര്‍ത്തമാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉത്തരവാദിത്വബോധത്തോടെ, യാഥാര്‍ത്ഥ്യബോധത്തോടെ കര്‍മ്മനിരതരായി മുന്നേറുകയല്ലേ വേണ്ടത്? ഭാവിയെക്കുറിച്ച് അത്രമാത്രം താല്‍പര്യമുണ്ടെങ്കില്‍ പുറത്തേക്കല്ല മറിച്ച് ഉള്ളിലേക്കാണ് നിങ്ങള്‍ നോക്കേണ്ടത്. സമ്പൂര്‍ണ്ണ വൈദ്യപരിശോധന നടക്കട്ടെ. ദേഹമാസകലം സ്‌ക്കാനിംഗ്,രക്തവും മൂത്ര പരിശോധന. ഇവയിലൂടെ പില്‍ക്കാലത്ത് മാരകമായി തീരാവുന്ന പല ക്രമക്കേടുകളുടേയും സാധ്യത കണ്ടെത്താനാവും. A stitch in time saves nine. അതിലൂടെ ജീവിതത്തെ അപായപ്പെടുത്താനിടയുളള ചില രോഗഭീഷണികള്‍ തടയാനോ നിയന്ത്രിക്കാനോ സാധിച്ചേക്കും. ഭാവിയെ ഭേദഗതി ചെയ്യാനുള്ള ലൈസന്‍സാണ് ശരിക്കും നിങ്ങള്‍ക്കവിടെ ലഭിക്കുന്നത്. ജ്യോതിഷിയുടെ പിന്നാലെ പാഞ്ഞ് കേവലം നിങ്ങളെപ്പോലൊരു മനുഷ്യനായ അയാളുടെ മുന്നറിയിപ്പുകള്‍ക്കും കൊതിപ്പിക്കലുകള്‍ക്കും മുന്നില്‍ ചിന്താശൂന്യരായി ജീവിതം ഹോമിക്കാതെ നമുക്ക് ചെയ്യാവുന്ന പ്രതിരോധങ്ങള്‍ സംഘടിപ്പിക്കാനല്ലേ ജീവിതത്തെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത്?

'കര്‍മാര്‍ജിതം പൂര്‍വ ഭവേ സദാദി യത്തസ്യപക്തിം വ്യനക്തി'എന്ന് വരാഹമിഹിരന്‍ പറയുന്നിടത്താണ് ജ്യോതിഷത്തിന്റെ ചെമ്പ് ശരിക്കും പുറത്താകുന്നത്. അതായത് കുട്ടി ജനിക്കുമ്പോള്‍ ഗ്രഹങ്ങള്‍ നിസ്സഹായരാണ്(സിസേറിയന്‍ ആസൂത്രണം ചെയ്ത് പ്രസവസമയം മാറ്റിമറിച്ചാല്‍ അവര്‍ നിസ്സഹായരല്ല മറിച്ച് അസ്തപ്രജ്ഞരായിപ്പോകും!). അവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല, മറിച്ച് മുജ്ജന്മത്തില്‍ ജീവാത്മാവ് ചെയ്തു കൂട്ടിയ സത്തും അസത്തുമായ കര്‍മങ്ങളിലൂടെ ആര്‍ജ്ജിച്ച വിധി സൂചിപ്പിക്കുന്നുവെന്നെയുള്ളു. അതായത് പുനര്‍ജന്മസിദ്ധാന്തം തന്നെയാണ് ജ്യോതിഷത്തിന്റെ കാതല്‍. പഴയ ജന്മങ്ങളിലെ ബാലന്‍സ് ഷീറ്റുമായാണ് ഓരോ കുട്ടിയും ജനിക്കുന്നത്. ജനനസമയത്തെ ഗ്രഹനില ആ വിധി വ്യക്തമാക്കി തരുക മാത്രം ചെയ്യുന്നു. കഥ അതായിരിക്കെ ജ്യോതിഷി കവടി നിരത്തി എന്താണാവോ ചെയ്യാന്‍ പോകുന്നത്? ചരടുകെട്ടിയും യന്ത്രം ധരിച്ചും ക്ഷേത്രസന്ദര്‍ശനവും നടത്തിയും എന്തു മാറ്റമാണാവോ നേടിയെടുക്കാനാവുന്നത്? വിധി അചഞ്ചലമാണ്. ഇംഗ്‌ളീഷില്‍ പറഞ്ഞാല്‍ , It doesn’t flinch an inch! വിധി അനുഭവിക്കാനാണ് ജന്മം സിദ്ധമായിട്ടുള്ളത്. പൂവും പായസവും രത്‌നവും കാണിച്ച് വിധി മാറ്റിയെടുക്കാമെന്ന് പ്രചരിപ്പിക്കുന്ന ജ്യോതിഷികളും അതിനായി അക്രമസക്തരാകുന്ന ഭക്തജനവും തങ്ങള്‍ തന്നെ വിശ്വസിക്കുന്ന പുനര്‍ജന്മസിദ്ധാന്തത്തിനെ നേരെ നോക്കി ഗോക്രി കാണിക്കുകയാണ് സത്യത്തില്‍ ചെയ്യുന്നത്. (തുടരും...)****

Monday, 3 December 2012

44. അനുഭവം കുരു !

ഇനിയുള്ളത് കുറച്ച് അനുഭവസാഹിത്യമാണ്. വായനക്കാര്‍ക്ക് സ്വന്തം യുക്തിക്കനുസരിച്ച് സൗകര്യംപോലെ സ്വീകരിക്കാം. ഇരട്ടത്താപ്പുകളും കാപട്യങ്ങളും മലയാളി സമൂഹത്തിന്റെ കൊടിയടയാളമാണെന്ന നിരീക്ഷണങ്ങളുടെ നിജസ്ഥിതി എന്തായിരുന്നാലും അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ ഈ അവസ്ഥ വളരെ പ്രകടമാണ്. വര്‍ദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തില്‍ കൂടുതല്‍ തമസ്സ് കൊണ്ടുവരുന്നമെന്ന് വാദിച്ച് പുരോഗമനാഭിമുഖ്യം അവകാശപ്പെടാന്‍ വെമ്പുന്നവരുടെ തിരക്ക് ഇക്കാലത്ത് ബിബറേജസ് ഔട്ട്‌ലെറ്റിന് മുന്നിലെ ക്യൂവിനേക്കാള്‍ വലുതാണ്. പക്ഷെ എന്തു പ്രയോജനം?! ആരെങ്കിലും അന്ധവിശ്വാസങ്ങളെ പൊളിച്ചുകാട്ടി നാലുവരി എഴുതുകയോ രണ്ട് വാക്ക് സംസാരിക്കുകയോ ചെയ്തുനോക്കൂ. അപ്പോള്‍ വരും ഇക്കൂട്ടരുടെ പുലിമട ഡയലോഗുകള്‍ : 

''നിങ്ങള്‍ എന്തിന് അവയൊക്കെ രൂക്ഷതയോടെ എതിര്‍ക്കണം? അത് ഒരു സംസ്‌ക്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമല്ലേ? അന്ധവിശ്വാസങ്ങളില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കില്ലേ? നിങ്ങള്‍ വേണമെങ്കില്‍ ഇതൊക്കെ ചെയ്യാതിരുന്നുകൊള്ളു. വിശ്വാസമുള്ളവര്‍ അതുമായി പോകട്ടെ, നിങ്ങളെ ഉപദ്രവിക്കുന്നില്ലല്ലോ.....

ഈ ഇനത്തില്‍പ്പെട്ട അറിയപ്പെടുന്ന ഒരു മാന്യവ്യക്തിയോട് ഈയിടെ തീവണ്ടി യാത്രയ്ക്കിടെ പറയേണ്ടിവന്നത്: ''സര്‍ , അന്ധവിശ്വാസങ്ങള്‍ സമൂഹത്തെ കൂടുതല്‍ ഇരുട്ടിലാഴ്ത്തുമെന്ന് അങ്ങ് തന്നെയല്ലേ പറയുന്നത്?! എന്നിട്ട് അതിനെ പരസ്യമായി പൊളിച്ചുകാണിക്കുന്നവരെ അധിക്ഷേപിച്ച് ആളാവാന്‍ ശ്രമിക്കുന്നതിന്റെ കാരണമെന്ത്? അങ്ങയെപ്പോലുള്ളവര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നതെങ്കില്‍ അയിത്തവും സതിയും ശൈശവവിവാഹവും കൈമുക്കും നരബലിയും അടക്കമുള്ള വിശ്വാസമാലിന്യങ്ങള്‍ എങ്ങനെ ഈ സമൂഹത്തില്‍ നിന്നും നീങ്ങിപ്പോകുമായിരുന്നു? പരസ്യമായി അനുകൂലിച്ചില്ലെങ്കിലും എതിര്‍ക്കാതിരിക്കാനുള്ള സൗമനസ്യമെങ്കിലും കാണിക്കണ്ടേ? അന്ധവിശ്വാസികള്‍ ആരുടേയും പ്രചരണമോ വിമര്‍ശനമോ കാണാതെ സ്വയം മനസ്സിലാക്കി ക്രമേണ അന്ധവിശ്വാസങ്ങളില്‍നിന്ന് പിന്‍മാറുമെന്ന് കരുതുന്ന മഹാനാണോ അങ്ങ്? അങ്ങനെ എവിടെയെങ്കിലും സംഭവിച്ചിട്ടുണ്ടോ?''

''ഏയ്, അങ്ങനെയല്ല. ഞങ്ങള്‍ നിങ്ങളെ എതിര്‍ക്കുന്നുവെന്നു ധരിക്കരുത്. പിന്നെ, പരസ്യമായി ഞങ്ങള്‍ക്ക് നിങ്ങളെ മാത്രമേ എതിര്‍ക്കാനാവൂ. പലതരം, പലവിധം പരിമിതികളുണ്ട്. എതിര്‍ക്ക്യാമ്പിനാണ് ഭൂരിപക്ഷം. നിങ്ങള്‍ പറയുന്നതൊക്കെ ശരി തന്നെ, സമ്മതിച്ചു. പക്ഷെ ഇവിടെ ശരിയല്ല മറിച്ച് ഭൂരിപക്ഷമാണ് കാര്യങ്ങള്‍ നിശ്ചയിക്കുക. കൂടുതല്‍പേരും അന്ധവിശ്വാസങ്ങളെ പുല്‍കിയാല്‍ അതിനെ എതിര്‍ത്തുകൊണ്ട് ഞങ്ങള്‍ക്ക് മുന്നോട്ടുപോകാനാവില്ല. അവസരങ്ങള്‍ ആവിയാകും, സ്വീകാര്യത കുറയും. അതുകൊണ്ട് നിങ്ങള്‍ സധൈര്യം മുന്നോട്ടുപോവുക. ഉളളിന്റെയുള്ളില്‍ ഞങ്ങള്‍ എപ്പോഴും നിങ്ങളോടൊപ്പമാണ്.''

എഴുത്തും സംഘടനാരാഷ്ട്രീയവും സമാസമം കൃഷിയിറക്കി മുന്നേറുന്ന ഒരു ഹൈ-വോള്‍ട്ടേജ് പുരോഗമന-മതേതരനാണ് തീവണ്ടി യാത്രയ്ക്കിടെ മനസ്സ്
തുറന്നത്. ഇത്തരം ചതഞ്ഞ നിരീക്ഷണങ്ങള്‍ മുമ്പ് പലയിടത്തും എഴുതിയും കേട്ടും പരിചിതമാണെങ്കിലും ആദ്യമായിട്ടാണ് ഒരാളില്‍നിന്ന് കുറ്റസമ്മതരൂപത്തില്‍ പുറത്തുവന്നതിന് സാക്ഷ്യംവഹിച്ചത്. 

'അനുഭവ'സാഹിത്യത്തിന് വസ്തുനിഷ്ഠമായ മൂല്യമൊന്നുമില്ല. ശാസ്ത്രദൃഷ്ടിയില്‍ അതിന് വലിയ പ്രാധാന്യവുമില്ല. "അനുഭവപ്രമാദം'' (anecdote fallacy)എന്നാണ് ഇത് തത്ത്വവിചാരത്തില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. തനിക്കുണ്ടായെന്ന് വിശ്വസിക്കുന്ന വ്യക്തിഗത'അനുഭവം' പൊതു സിദ്ധാന്തങ്ങളേയും സങ്കല്‍പ്പങ്ങളെയും ന്യായീകരിക്കാനായി ഉപയോഗിക്കുക എന്ന ഗുരുതരമായ പിഴവാണിത്. ഗത്യന്തരമില്ലാതെ വരുമ്പോള്‍ മതവിശ്വാസം ഉള്‍പ്പെടെയുള്ള എല്ലാ അന്ധവിശ്വാസങ്ങളും ന്യായീകരിക്കപ്പെടുന്നത്'അനുഭവ'ങ്ങളുടെ പേരിലാണ്. മിക്ക മതവിഭ്രാന്തികളും മായക്കാഴ്ചകളും ഈ ഗണത്തില്‍പ്പെടും. 'കൈപ്പുണ്ണിന് കണ്ണാടി വേണോ?!' എന്നാണ് എല്ലാ അന്ധവിശ്വാസികളും പൊതുവെ ചോദിക്കുക. തനിക്ക് അനുഭവമുണ്ട്, ഇനി നിങ്ങള്‍ എന്തു പറഞ്ഞിട്ടെന്താ? യുക്തിസഹമായി ആലോചിക്കുമ്പോള്‍ ഒക്കെ തെറ്റെന്ന് തോന്നാം പക്ഷെ അതിനപ്പുറം ചില കാര്യങ്ങളുണ്ട്.....എന്നൊക്കെയുള്ള സ്ഥിരംനമ്പരുകള്‍ ഉയര്‍ത്തി ചെവിപൊത്തി ഓടുന്നവരാണ് പൊതുവെ വിശ്വാസികള്‍ . ഭയവും അജ്ഞതയും സ്വന്തം ബുദ്ധിശൂന്യതയുമാണ് 'തോന്നലു'കള്‍ക്ക് ഹേതുവാകുന്നതെന്ന് ഒരു വിശ്വാസിയും ചിന്തിക്കില്ല. അങ്ങനെ ചിന്തിക്കാന്‍ പോലും അവരില്‍ പലരും ഭയപ്പെടുന്നു. എനിക്ക് ശരിയായി തോന്നുന്നെങ്കില്‍ ഞാനെന്തിന് അതിനെ കുറിച്ച് കൂടുതല്‍ പഠിക്കണം? ഇത്തരം അടഞ്ഞ മാനസിക അവസ്ഥകളാണ് നരബലി മുതല്‍ തൃപ്പൂത്ത് വരെയുള്ള വിശ്വാസങ്ങളുടടെ താത്ത്വിക അടിത്തറ. പക്ഷെ "തോന്നലുകള്‍ " തെളിവല്ലല്ലോ.

ഇത്തരം അനുഭവപ്രമാദം അന്ധവിശ്വാസങ്ങളുടെ അടിത്തറ തീര്‍ക്കുന്നതിനാല്‍ ആ വഴിയിലൂടെ കുറച്ച് സഞ്ചരിക്കാം. നാഡിജ്യോതിഷത്തിന്റെ ഉള്ളുകള്ളി അറിയാന്‍ ശ്രമിച്ച ഒരാള്‍ എഴുതിയ അനുഭവസാഹിത്യത്തിലൂടെ തന്നെ നമുക്ക് മുന്നോട്ടുപോകാം. മാംഗ്‌ളൂര്‍ സ്വദേശിയും അന്തരിച്ച ബി. പ്രേമാനന്ദിന്റെ ശിഷ്യനുമായ ഡോ.നരേന്ദ്ര നായിക്കാണ് ഞാനിവിടെ പരാമര്‍ശിക്കുന്ന വ്യക്തി. അദ്ദേഹവുമായി ഈ നേരിട്ട് സംസാരിച്ച അനുഭവവുമുണ്ട്. തെളിവ് കണ്ട് സ്വയം ബോധ്യപ്പെടാതെ അദ്ദേഹത്തിന്റെ വാദം സത്യമായി എടുക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്താണ് നാഡിജ്യോതിഷത്തില്‍, സംഭവിക്കുന്നതെന്ന് വിശകലനം ചെയ്യാനുള്ള ഒരു ശ്രമമായി ഈ അനുഭവസാഹിത്യം ഉപയോഗിക്കുന്നതായി കണ്ടാല്‍ മതി.

നിര്‍മുക്തയുടെ വെബ് സൈറ്റില്‍ ഡോ.നായക്ക് നാഡിജ്യോതിഷത്തെ കുറിച്ച് അറിയാനായി തമിഴ്‌നാട്ടിലെ വൈത്തീശ്വരന്‍ കോവിലില്‍ പോയ കഥ വിവരിക്കുന്ന രണ്ടു ലേഖനങ്ങളുണ്ട്(See http://nirmukta.com/2008/10/30/the-exact-science-of-nadi-jothidam/). നാഡിജ്യോതിഷത്തെ കുറിച്ച് ഗൗരവമായി പഠിക്കാനാഗ്രഹിക്കുന്ന ഏതൊരാളും ഈ ലേഖനങ്ങളിലൂടെ കടന്നുപോകുന്നത് പ്രയോജനപ്രദമായിരിക്കും. ഏതാണ്ട് അഞ്ചു വര്‍ഷത്തിന് മുമ്പാണ്(2008) ഡോ.നായിക് ആദ്യമവിടെ പോയത്. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും ജ്യോതിഷി പ്രവചനം നടത്തുന്നതിന്റെ ഓഡിയോ ടേപ്പും അവിടെ അടയ്‌ക്കേണ്ടി വന്ന തുകയുടെ രസീതിയുമൊക്കെ ലേഖനത്തിനൊപ്പം ഹാജരാക്കുന്നുണ്ട്. രണ്ടു പ്രാവശ്യം അദ്ദേഹമവിടെ പോയത് വ്യത്യസ്തമായ രണ്ട് വേഷങ്ങളിലാണ്. മേല്‍ സൂചിപ്പിച്ച ലേഖനത്തിലെ അനുഭവത്തെ ആസ്പദമാക്കി നമുക്ക് കാര്യത്തിലേക്ക് കടക്കാം.

ചിദംബരത്ത് വൈത്തീശ്വരന്‍ കോവിലിന് സമീപം നിരവധി ശിവസ്വാമിമാരെ ഡോ. നായിക്ക് കണ്ടു. പരസ്യബോര്‍ഡുകളും ചുമരെഴുത്തുകളും സമൃദ്ധം. എല്ലാവരും തങ്ങളാണ് അസ്സലെന്ന് പരസ്യം ചെയ്തിരിക്കുന്നു. ക്യാന്‍വാസ് ചെയ്യാന്‍ ഏജന്റുമാരും കറങ്ങി നടപ്പുണ്ട്. അവസാനം തെരഞ്ഞുപിടിച്ച് ഏറ്റവും മിടുക്കനും അസ്സലുമെന്ന് അറിയപ്പെടുന്ന ഒരാളുടെ അടുത്ത് തന്നെയാണ് ഡോ. നായിക്ക് എത്തിച്ചേര്‍ന്നത്. അയാളുടെ പേരും പതിവുപോലെ ശിവസ്വാമി എന്നുതന്നെ! ആദ്യമായി ഡോ.നായിക്കിന്റെ ജനനത്തീയതിയും രണ്ട് വിരലടയാളവും ജ്യോതിഷി ശേഖരിച്ചു. ശേഷം ചൂണ്ടിക്കാണിച്ച ഒരു നിശ്ചിത മുറിയില്‍ കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചു. നായിക്കിന്റെ ജീവിതവുമായി ബന്ധപ്പെട്ട പനയോല എടുക്കുന്ന കാലതാമസം കാരണമാണ് ഇങ്ങനെ വിശ്രമിക്കാന്‍ ആവശ്യപ്പെട്ടത്. പക്ഷെ ഡോ. നായിക്ക് അവിടെ ഇരുന്നില്ല, പകരം ചുറ്റും നടന്നു കണ്ടു. പത്ത് മിനിറ്റ് കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഭാഗ്യത്തിന് അദ്ദേഹത്തിന്റെ ജീവിതം സംബന്ധിച്ച പനയോല കിട്ടിയതായി ജ്യോതിഷി സന്തോഷത്തോടെ അറിയിച്ചു. ഓല കിട്ടിയെങ്കിലും പല കാരണങ്ങളാല്‍ ഓലയുടെ കാര്യത്തിലും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലും അങ്ങിങ്ങ് ലേശം പിഴവ് വരാനിടയുണ്ടെന്നും അതിനാല്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും ജ്യോതിഷി ആവശ്യപ്പെട്ടു. ഇവയൊക്കെ ശരിയായ പ്രവചനത്തിന് മുമ്പുള്ള പ്രാരംഭചോദ്യങ്ങളാണ്.

തന്റെ ലേഖനത്തില്‍ ഡോ. നായിക്ക് എഴുതുന്നു : ''എവിടെ നിന്ന് വരുന്നു എന്നാണ് ആദ്യം എന്നോട് ചോദിച്ചത്. ഉടുപ്പിയില്‍നിന്നാണെന്ന് മറുപടി പറഞ്ഞപ്പോള്‍ ഓലയിലും അതുതന്നെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നായി ജ്യോതിഷി. ബ്രാഹ്മണനാണോ അല്ലയോ എന്നതായിരുന്നു അടുത്ത ചോദ്യം. ഓലയില്‍ എന്തുപറയുന്നു എന്ന് ഞാന്‍ തിരിച്ചാരഞ്ഞപ്പോള്‍ 'അബ്രാഹ്മണന്‍ ' എന്ന് ഓല പറയുന്നതായി മറുപടി ലഭിച്ചു. ശരിയാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഭൂമി കുലുക്കുന്ന മറ്റൊരു പ്രഖ്യാപനമാണ് അയാള്‍ നടത്തിയത്. അതായത് ഞാന്‍ സസ്യാഹാരിയല്ല! മുന്നോട്ടുപോകാന്‍ ഞാനയാളോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് എന്റെ മാതാപിതാക്കള്‍ ഇരുവരും ജീവിച്ചിരിപ്പുണ്ടെന്ന് അയാള്‍ പ്രഖ്യാപിച്ചു. ഇരുവരും മരിച്ചുപോയെന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഭൂമിയില്‍ അവരുടെ ആത്മാക്കളുടെ സാന്നിധ്യം ഇപ്പോഴുമുണ്ട്. അതുകൊണ്ടാവണം ഇങ്ങനെയൊരു തെറ്റായ നിരീക്ഷണം വന്നതെന്നായി. ഞാനവരെ സ്വര്‍ഗ്ഗത്തേക്ക് വിടാന്‍ ആവശ്യമായ ആചാരിവിധികളൊന്നും യഥാവിധി ചെയ്യാത്തതാണ് കാരണം.

എന്റെ പിതാവ് സര്‍ക്കാര്‍ സര്‍വീസിലായിരുന്നുവെന്നും ഇപ്പോള്‍ വിരമിച്ചു വീട്ടിലാണെന്നുമായി അടുത്ത പ്രഖ്യാപനം. ജീവിച്ചിരുന്നുവെങ്കില്‍ ഈ വിവരം എന്റെ പിതാവിനെ സംബന്ധിച്ചിടത്തോളം ഒരു വാര്‍ത്ത തന്നെയാകുമായിരുന്നു. പിന്നെ പറഞ്ഞത് ഞാന്‍ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണെന്നും ഇപ്പോള്‍ റിട്ടയര്‍ ചെയ്തു കഴിഞ്ഞെന്നുമാണ്(ഇതില്‍ 'റിട്ടയര്‍ ചെയ്തു' എന്നു കണ്ടെത്തിയത് എന്റെ പ്രായം പരിഗണിക്കുന്നപോള്‍ വളരെ പ്രയാസമുള്ള ഒരു നിഗമനമല്ലല്ലോ). മണിപ്പാലിലെ പൈമാരാണ് മണിപ്പാല്‍ യൂണിവേഴിസിറ്റിയിലെ എന്റെ തൊഴില്‍ദാതാക്കള്‍. തങ്ങളുടെ പദവി ഒരു സമ്പന്നവും സ്വാധീനവുമുള്ള കുടുംബം എന്നതില്‍ നിന്ന് സര്‍ക്കാര്‍ തലത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ വളരെയധികം സന്തോഷിച്ചേനെ. അടുത്തത് എന്റെ ജനന തീയതിയെപ്പറ്റിയായിരുന്നു. മകരരാശിയില്‍ ഒരു തിങ്കളാഴ്ചയാണ് എന്റെ ജനനമെന്ന് പറഞ്ഞു. ശരിയോ തെറ്റോ ആണെന്ന് പറയാന്‍ അറിയില്ലെന്ന് ഞാന്‍ മറുപടി കൊടുത്തു. അങ്ങനെയെങ്കില്‍ ഞാനൊരു മുസ്‌ളീമാണെന്നായി അയാളുടെ തൊട്ടടുത്ത പ്രഖ്യപനം!''...ഡോ. നായിക്ക് എഴുതുന്നു.

ജ്യോതിഷിയുടെ സാഹസിക പ്രഖ്യാപനങ്ങളെ കുറിച്ച് ഡോ. നായിക്ക് തുടര്‍ന്നും സരസമായി പ്രതിപാദിക്കുന്നുണ്ട്. ഡോ.നായിക്കിന് സ്വന്തമായി ഒരു വീടുണ്ടെന്നും അവിടെയാണ് താമസിക്കുന്നതെന്നും ജ്യോതിഷി പറഞ്ഞു. പത്തറുപത് വയസ്സ് തോന്നിക്കുന്ന നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്ത ഒരാളെ കണ്ടിട്ട് സ്വന്തമായി വീടുണ്ട്, അവിടെയാണ് താമസിക്കുന്നത് എന്നൊക്കെ പറയുന്നത് ഒരു 'പ്രവചന'മാണെന്ന് ആരും പറയാനിടയില്ലല്ലോ. വീടുണ്ടെന്ന് പറഞ്ഞത് ശരിയാണെങ്കിലും ആ വീട്ടില്‍ തന്നെ അദ്ദേഹത്തിന്റെ പിതാവും വസിച്ചിരുന്നുവെന്ന തുടര്‍പ്രഖ്യാപനം അപ്പാടെ പാളി. ഡോ.നായിക്കിന് രണ്ടു ഭാര്യമാരുണ്ടായിട്ടുണ്ടെന്ന പ്രഖ്യാപനവും അതുപോലെ അബദ്ധമായി. അദ്ദേഹത്തിന് ഇന്നുവരെ ഭാര്യ ഒന്നേയുള്ളു.

എന്നാല്‍ മരിച്ചുപോയ ആദ്യ ഭാര്യയില്‍ രണ്ടു കുട്ടികളുണ്ട്; അവര്‍ക്ക് വേണ്ടിയാണ് വീണ്ടും വിവാഹിതനായത് എന്നൊക്കെ നാഡി ജ്യോതിഷി ഉളുപ്പില്ലാതെ തട്ടിവിട്ടുകൊണ്ടിരുന്നു. നായിക്ക് തടുക്കാന്‍ പോയില്ല പകരം അയാളെ തെറ്റിദ്ധരിപ്പിക്കാന്‍ തീരുമാനിച്ചു. ആദ്യ ഭാര്യ മരിച്ചതല്ല മറിച്ച് സന്താനങ്ങളെ നല്‍കാന്‍ ശേഷിയില്ലാത്തവളായതിനാല്‍ താന്‍ വിവാഹമോചനം നേടുകയായിരുന്നു എന്നും കുട്ടികളെല്ലാം രണ്ടാം ഭാര്യയില്‍ ഉള്ളതാണെന്നും അദ്ദേഹം ജ്യോതിഷിയെ അറിയിച്ചു. ഉടനടി ജ്യോതിഷി ആ വലയില്‍ കുരുങ്ങി നായക്ക് പറഞ്ഞത് അപ്പടി സമ്മതിച്ചു. മാത്രമല്ല തനിക്ക് ചെറിയ തെറ്റു പറ്റിയതായി സമ്മതിക്കുകയും ചെയ്തു!

ഡോ.നായിക്കിന് രണ്ടു സഹോദരന്‍മാരും ഒരു സഹോദരിയുമുണ്ടന്ന ജ്യോതിഷിയുടെ അടുത്ത പ്രവചനം ശരിയായിരുന്നു. പക്ഷെ ആ പ്രസ്താവം തെറ്റാണെന്ന് ഡോ.നായിക്ക് മന:പൂര്‍വം കളവ് പറഞ്ഞപ്പോള്‍ ഒരു സഹോദരനും ഒരു സഹോദരിയും മാത്രമേ ഉള്ളുവെന്ന് മാറ്റിപ്പറഞ്ഞ് ത്രിലോകജ്ഞാനിയായ ജ്യോതിഷി സ്വയം ഇളിഭ്യനായി. നാഡിജ്യോതിഷികള്‍ പിതാവിന്റെ പേര് നേരിട്ട് പറയുമെന്നൊക്കെയാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. പക്ഷെ നേരിട്ട് പറയാതെ പേരിന്റെ ആദ്യക്ഷരമായി പന്ത്രണ്ട് അക്ഷരങ്ങള്‍ അവതരിപ്പിച്ചിട്ട് അതിലേതെങ്കിലും ഒന്നാണ് പിതാവിന്റെ പേരിന്റെ ആദ്യാക്ഷരമെന്നാണ് ഡോ.നായക്ക് കണ്ട ജ്യോതിഷി പ്രഖ്യാപിച്ചത്. ശരിയായ അക്ഷരം പറഞ്ഞ അക്ഷരങ്ങളില്‍ ഇല്ലെന്ന് ഡോ.നായിക്ക് സൂചിപ്പിച്ചപ്പോള്‍ വേറെ പന്ത്രണ്ട് അക്ഷരങ്ങള്‍ അവതരിപ്പിച്ചിട്ട് അതിലേതെങ്കിലും ഒന്നാണോ എന്നായി. പിതാവിന്റെ പേരിന്റെ ആദ്യാക്ഷരം ആ പട്ടികയിലുമില്ലെന്ന് ഡോ.നായിക്ക് പറഞ്ഞതോടെ ജ്യോതിഷി ആകെ വിവശനായി. അര മണിക്കൂര്‍ ഇത്തരം ചോദ്യോത്തരം തുടര്‍ന്നു. അവസാനം ജ്യോതിഷി പറഞ്ഞതൊക്കെ വെറും മണ്ടത്തരങ്ങളാണെന്ന് ഡോ.നായിക്ക് അയാളോട് പറഞ്ഞു. സ്വഭാവികമായും അയാള്‍ക്ക് ദേഷ്യം വന്ന അയാള്‍ നായിക്കിന്റെ ഫലം പറയുന്നതില്‍ നിന്ന് ഈര്‍ഷ്യയോടെ പിന്‍മാറി.

അഞ്ചു വര്‍ഷത്തിന് ശേഷം 2011 ല്‍ നായിക് വീണ്ടും വൈത്തീശ്വര കോവിലില്‍ എത്തിയതിനെപ്പറ്റിയാണ്(See http://nirmukta.com/2011/06/13/the-fraud-of-nadi-jothida/)രണ്ടാമത്തെ ലേഖനം. ഇക്കുറി വേറൊരു ജ്യോതിഷിയുടെ അടുത്താണ് ചെന്നത്. ഒരു ടൂറിസ്റ്റ് ഗൈഡായി വേഷംകെട്ടിയാണ് മറ്റ് മൂന്നു പേരോടൊപ്പമാണ് അദ്ദേഹം ജ്യോതിഷിയെ സന്ദര്‍ശിച്ചത്. സംഘത്തിലെ നാലുപേരും ശരിയായ വ്യക്തിത്വം വ്യക്തമാക്കാതെ വ്യത്യസ്തങ്ങളായ വേഷംകെട്ടിയവരായിരുന്നു. മരിച്ചുപോയ സഹോദരിഭര്‍ത്താവായ മഞ്ചുനാഥിന്റെ പേരാണ് ഡോ.നായിക്ക് ഇപ്രാവശ്യം തന്റെ പേരായി പറഞ്ഞത്. ജ്യോതിഷികള്‍ ഇതെല്ലാം കണ്ണുമടച്ച് വിശ്വസിക്കുകയും അതിനനുസരണമായ ഫലങ്ങള്‍ തട്ടിവിടുകയും ചെയ്തു. അവിടെ നിന്ന് പിന്നീട് ചെന്നെയ്ക്കടുത്തുള്ള മറ്റൊരു പ്രതാപിയായ നാഡി ജ്യോതിഷിയെ കാണാന്‍ പോയതിനെക്കുറിച്ചും ഇതേ ലേഖനത്തില്‍ നായിക്ക് പരാമര്‍ശിക്കുന്നുണ്ട്. ഈ നാഡി ജ്യോതിഷി വലിയ എ.സി മുറിയില്‍ വെച്ചാണ് ഫലം പറഞ്ഞിരുന്നത്. മെച്ചപ്പെട്ട 'ബിസിനസ്സ്' നേടിയെടുത്ത കിടുവാണെന്നര്‍ത്ഥം. പൊതുവെ ഇടുങ്ങിയ, സൗകര്യം തീരെക്കുറഞ്ഞ മുറികളാണ് മിക്ക നാഡിജ്യോതിഷികളുടേയും ഓഫീസ്. നാഡിജ്യോതിഷികളെന്ന് കേട്ടാല്‍ ഏതോ ത്രിലോകജ്ഞാനിമാരായ ദിവ്യ സ്വാമിമാരാണെന്നായിരിക്കും പലരും ധരിക്കുക. വൈത്തീശ്വരന്‍ കോവിലിന് ചുറ്റും ശരിക്കും ഒരു കുടില്‍വ്യവസായം പോലെയാണ് നാഡിജ്യോതിഷം നടത്തിവരുന്നത്. പല ജ്യോതിഷികളും കേരളത്തിലെ ഫുട്പാത്തിലും തെരുവോരങ്ങളിലും കാണുന്ന ത്രിലോകജ്ഞാനികളായ കൈനോട്ടക്കാരെക്കാള്‍ കാഴ്ചയിലും നിലവാരത്തിലും ഒട്ടും ഭിന്നമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. അടിസ്ഥാന വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ഇത്തരത്തിലുള്ള പല 'സ്വാമി'മാരുടേയും മുന്നിലാണ് ഐ.എ.എസ്സു കാരും യു.ജി.സി ക്കാരുമൊക്കെ ചെന്ന് തൊഴുതു കൂപ്പി നില്‍ക്കുന്നത്.

2008 ലെ സന്ദര്‍ശനത്തിന്റെ ആദ്യഘട്ടത്തില്‍ ഓലയെടുക്കാന്‍ വേണ്ടിവരുന്ന ഇടവേളയില്‍ ഒരു നിശ്ചിത സ്ഥാനത്തിരിക്കാന്‍ ജ്യോതിഷി പറഞ്ഞുവല്ലോ. ഇത് പരമാവധി വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്താന്‍ വേണ്ടിയായിരുന്നുവെന്നാണ് പിന്നീട് ഡോ.നായിക്ക് കണ്ടെത്തിയത്. ഭക്തനും കൂടെ വരുന്നവര്‍ക്കും വിശ്രമിക്കാനായി ഒരുക്കിയിരിക്കുന്ന മുറിയില്‍ നടക്കുന്ന സംഭാഷണം ചോര്‍ത്തിയെടുക്കാനായി മുറിയുടെ പുറത്തേക്ക് ഒരു വയര്‍ ഘടിപ്പിച്ചിരുന്നുവത്രെ. ഭക്തനും സംഘവും ഏത് ഭാഷ സംസാരിക്കുന്നവരായാലും അത് മനസ്സിലാക്കി ജ്യോതിഷിയുടെ അടുത്തെത്തിക്കാന്‍ വൈദഗ്ധ്യം സിദ്ധിച്ചവര്‍ ഇത്തരം മഠങ്ങളിലുണ്ടത്രെ. ഭക്തന്റെയും സഹചാരിയുടേയും പ്രതികരണം, അവരുടെ ശരീരഭാഷ എന്നിവയൊക്കെ സസൂക്ഷ്മം വിലയിരുത്തിയ ശേഷം വളരെ സാവധാനമാണ് ജ്യോതിഷി പ്രവചനങ്ങള്‍ നടത്തിയിരുന്നത്. ചോദ്യങ്ങള്‍ മിക്കതും കൃത്യമായ വിവരത്തിലേക്ക് എത്തിക്കുന്ന രീതിയില്‍ ആസൂത്രണം ചെയ്തവയായിരുന്നു. ഉദാ-ജാതി, മതം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍. ജാതിയും മതവും സ്ഥലവും സംബന്ധിച്ച് ഏകദേശധാരണ കിട്ടിയാല്‍ വ്യക്തിപരമായും കുടുംബത്തെ സംബന്ധിച്ചും പൊതുവായ ചില കാര്യങ്ങള്‍ ഊഹിച്ച് പറയാനാവുമല്ലോ.

പൊതുവെ നാഡിജ്യോതിഷത്തില്‍ സ്ഥലനാമം, ഭക്തന്റെ പേര് തുടങ്ങിയവ കണ്ടെത്തുന്നത് പേരിന്റെ ആദ്യാക്ഷരമായി ഒരു കൂട്ടം അക്ഷരങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണല്ലോ. അതില്‍നിന്ന് ആവശ്യമില്ലാത്തവ ബുദ്ധിപരമായ ചോദ്യങ്ങളിലൂടെ പുറന്തള്ളി ക്രമേണ ശരിയായ അക്ഷരത്തിലെത്തിച്ചേരും. ആദ്യ അക്ഷരം ഇങ്ങനെ കണ്ടെത്തി കഴിഞ്ഞാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും അക്ഷരത്തിനും ഇതേ വിദ്യ പ്രയോഗിക്കും.ആദ്യത്തെ ഏതാനും അക്ഷരങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ മുന്‍കൂട്ടി അറിഞ്ഞുവെച്ചിരിക്കുന്ന ജാതി, മതം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ പേര് പറയുകയാണ് പതിവ്. ആന്ധ്രക്കാരനായ ബ്രാഹ്മണനാണെങ്കില്‍ 'വെങ്കിട്ട'യില്‍ തുടങ്ങുന്ന ഏതെങ്കിലും പേരിനായിരിക്കും ജ്യോതിഷി ചൂണ്ടയിടുക. അച്ഛന്‍ മുരുകഭക്തനാണെന്നറിഞ്ഞാല്‍ മുരുകന്റെ പര്യായങ്ങളിലേക്ക് അന്വേഷണം നീളും. ഇവിടെ ആദ്യം ചോദിക്കുന്ന അക്ഷരം തെറ്റാണെന്ന് വന്നാല്‍ ഉടനടി അടുത്ത അക്ഷരം ചോദിച്ച് റിവേഴ്‌സ് ക്വിസ് നടത്താന്‍ മിക്കപ്പോഴും നാഡി ജ്യോതിഷികള്‍ തയ്യാറാവില്ല. പകരം ഭക്തനെ കബളിപ്പിക്കാനായി ചില ലളിതമായ ചോദ്യങ്ങളിലേക്ക് തിരിച്ചുപോകും. ഉദാ-പിതാവ് പാന്റ് ധരിക്കുമായിരുന്നു? മാതാവ് സാരി ഉടുക്കുകമായിരുന്നോ? തുടങ്ങിയ ഇടചോദ്യങ്ങള്‍ക്ക് ശേഷമായിരിക്കും വീണ്ടും അക്ഷരചോദ്യത്തിലേക്ക് തിരിച്ചുവരിക! അപൂര്‍വവും അസാധാരണവുമായ പേരുകള്‍ നാഡിജ്യോതിഷികള്‍ക്ക് വിനയാകാറുണ്ട്. ആണിനും പെണ്ണിനും പൊതുവായി വരുന്ന ചില പേരുകളുടെ കാര്യത്തിലും കാര്യങ്ങള്‍ അത്ര പന്തിയല്ല.

ഭാവി പ്രവചിക്കുമെങ്കിലും ഭൂതകാലം ചികയലാണ് നാഡിജ്യോതിഷത്തിലെ മുഖ്യയിനം. ഒന്നോര്‍ത്താല്‍ ഒരാളുടെ പേരോ പിതാവിന്റെ ജോലിയോ കൃത്യമായി അറിയുന്നതുകൊണ്ട് പ്രസ്തുത വ്യക്തിക്ക് എന്താണ് ഗുണം? നാഡിജ്യോതിഷികളുടെ കൃത്യത സാധൂകരിക്കാനും ഭക്തനില്‍ അത്ഭുതം ഉളവാക്കാനും ഇത് കാര്യമായി പ്രയോജനപ്പെടുമെന്നത് നേരുതന്നെ. പക്ഷെ ഭൂതകാലത്ത് നടന്ന കാര്യങ്ങള്‍ അറിയുന്നത് കൊണ്ട് വഴിപാടും പരിഹാരവും ചെയ്ത് കീശ കാലിയാക്കാമെന്നല്ലാതെ വേറെ പ്രയോജനമൊന്നുമില്ല. ഭൂതകാലത്തെ സംബന്ധിച്ച പ്രഖ്യാപനം പ്രവചനമല്ല. മറിച്ച് നടന്ന കാര്യങ്ങള്‍ തിരിച്ചറിയുക മാത്രമാണ് ചെയ്യുന്നത്. സത്യമായാലും നുണയായാലും അതൊക്കെ സംഭവിച്ച് കഴിഞ്ഞവയാണ്. കൗതുകത്തിന് എത്തുന്നവരെക്കാള്‍ ജീവിതത്തില്‍ കാരണമറിയാതെ പ്രതിസന്ധികളില്‍ പെട്ട് ഉഴലുന്നവരാണ് വിശ്വാസികളാണ് ഭൂതകാലം ചികഞ്ഞുനോക്കാന്‍ വൈത്തീശ്വരന്‍ കോവിലില്‍ എത്തുന്നത്. അവരെയൊക്കെ ദോഷപരിഹാര വഴിപാടുപദ്ധതിയില്‍ അംഗമാക്കി ചൂഷണം ചെയ്യുക വളരെ എളുപ്പമാണ്.

ഡോ. നായിക്ക് പരാമര്‍ശിക്കുന്ന സംഭാഷണം ചോര്‍ത്തല്‍ എല്ലാ നാഡിജ്യോതിഷികളും ഒരു പോലെ അനുവര്‍ത്തിക്കുന്നുവെന്ന് പറയാനാവില്ല. വളരെ ലളിതമായ സൗകര്യങ്ങളുള്ള ജ്യോതിഷാലയങ്ങള്‍ മുതല്‍ എ.സി ജ്യോതിഷാലയങ്ങള്‍ വരെ വൈത്തീശ്വരന്‍ കോവിലിന് ചുറ്റുമുണ്ട്. ജ്യോതിഷിയുടെ നിരക്കിലും സമാനമായ വ്യത്യാസം കാണാനാവും. നായിക്കിന്റെ മാത്രമല്ല പല അനുഭവകഥകളും തട്ടിപ്പുകളിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. സാധാരണ നാഡിജ്യോതിഷം ഒറ്റയടിക്ക് കിറുകൃത്യമായി ഫലപ്രവചനം നടത്തുന്നുവെന്നാണ് വിശ്വാസികള്‍ പൊതുവെ കരുതിയിരിക്കുന്നത്. ചെല്ലുന്നുടനെ പേരും നാളും സ്ഥലവും ജോലിയുമൊക്കെ കൃത്യമായി താളിയോല നോക്കി വായിച്ചു പറയുമെന്നൊക്കെ കരുതുന്നുവെങ്കില്‍ അത് ശരിയല്ല. ശ്രമപ്പെട്ട് ശരീരഭാഷ പഠിച്ചും ശ്രദ്ധാപൂര്‍വം ചോദ്യങ്ങളെറിഞ്ഞും മനസ്സ് വായിച്ചുമാണ് മിക്ക ഫലപ്രവചനങ്ങളും നടത്തുന്നത്. ഇതില്‍ പല പ്രവചനങ്ങളും തെറ്റായിരിക്കുമെങ്കിലും ഭക്തികൊണ്ട് അന്ധനായ ഒരാള്‍ തെറ്റുകള്‍ ന്യൂനീകരിക്കുകയും ശരികള്‍ പര്‍വതീകരിക്കുകയും ചെയ്യും. നാഡി ഓലകളില്‍ എഴുതിയിരിക്കുന്നത് സംസ്‌കൃതത്തില്‍ നിന്ന് തമിഴേലേക്ക് തര്‍ജമ ചെയ്ത കാര്യങ്ങളാണെങ്കിലും അത് വട്ടെഴുത്ത് ലിപിയിലായതിനാല്‍ സാധാരണക്കാര്‍ക്ക് വായിച്ചുമനസ്സിലാക്കാനാവില്ല. ജ്യോതിഷി പറയുന്നത് ഓലയില്‍ എഴുതിയിരിക്കുന്നതാണെന്ന് മനസ്സിലാക്കാന്‍ മാര്‍ഗ്ഗമില്ലെന്നര്‍ത്ഥം. ഈ സൗകര്യം നിലനിറുത്താന്‍ വേണ്ടിയാണ് ഓലയിലുള്ള വിവരം പുതിയ തമിഴ് ലിപിയിലേക്ക് മാറ്റാത്തതെന്ന് കരുതാം. സംസ്‌കൃതം വട്ടെഴുത്തിലാക്കാമെങ്കില്‍ വട്ടെഴുത്ത് പുതിയ ലിപിയിലാക്കാന്‍ പ്രശ്‌നമുണ്ടാകേണ്ട കാര്യമില്ലല്ലോ.

ഏതെങ്കിലും പ്രവചനം തെറ്റുകയാണെങ്കില്‍ മൂന്നുനാല് കാര്യങ്ങളാണ് നാഡിജ്യോതിഷികള്‍ സ്ഥിരം ഉന്നയിക്കുക.

1 ശരിക്കും കൃത്യമായ ഓല കിട്ടിയിട്ടില്ല. ഇക്കാര്യം പലതവണ ആവര്‍ത്തിക്കും. ശരിയായ വിവരം തരാത്തതാണ് കാരണം. അതായത് കുറ്റം ഭക്തന്.

2. ചില സമയങ്ങളില്‍ ദൈവത്തിന് പോലും കൃത്യമായി പ്രവചനം നടത്താനാവില്ല. അതായത് വന്നവന്റെ 'സമയദോഷം'.

3. പറയുന്ന കാര്യം ഈ ജീവിതത്തതില്‍ സംഭവിച്ചിട്ടില്ലെന്നത് ശരിയായിരിക്കാം. പക്ഷെ അതൊക്കെ സംഭവിച്ചിട്ടുണ്ട്, മുന്‍ജന്മത്തിലാണെന്ന് മാത്രം. അതായത് ജ്യോതിഷിക്ക് തെറ്റിയിട്ടില്ല.

ഭക്തന്റെ പ്രതികരണമറിഞ്ഞ് ഫലം പറയുന്ന നാഡിജ്യോതിഷി ഫലത്തില്‍ സ്വന്തം ദയനീയത പരസ്യമാക്കുകയാണ. ജ്യോതിഷി നടത്തുന്ന അനുമാനങ്ങളെല്ലാം ശരിയാണെന്ന് സങ്കല്‍പ്പിക്കുക. പക്ഷെ അപ്പോഴും ജ്യോതിഷി പറഞ്ഞത് തന്നെയാണ് പനയോലയില്‍ എഴുതിയിരിക്കുന്നതെന്ന് തെളിയിക്കപ്പെടേണ്ടതില്ലേ? എന്താണ് ഈ ഓലകളില്‍ ശരിക്കും എഴുതിയിരിക്കുന്നത്? 350 വര്‍ഷം പഴക്കമുള്ള ഓലകളാണെന്ന് കാര്‍ബണ്‍-14 ടെസ്റ്റ് നടത്തി തെളിയിച്ചെന്നുള്ള പ്രചരണമൊക്കെയുണ്ടല്ലോ. ഈ പനയോലകള്‍ തയ്യാറാക്കുന്നതും അതില്‍ വികലമായ പഴംഭാഷയില്‍ എഴുതുന്നതും വൈത്തീശ്വരന്‍ കോവിലിന് ചുറ്റുമുള്ള കതിരമംഗലം(Kathiramangalam), പടഗസാലൈ (Padagasalai) തുടങ്ങിയ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ഗ്രാമീണരാണെന്നാണ് വാര്‍ത്തയുണ്ട്. ഇതിനെപ്പറ്റി ചില ഡോക്കുമെന്ററികളും ടി.വി.പ്രോഗ്രാമുകളും പുറത്തുവന്നിട്ടുണ്ട്. പച്ച പനയോലകള്‍ വെട്ടി ദീര്‍ഘചതുരാകൃതിയില്‍ മുറിച്ചശേഷം തിളച്ച വെള്ളത്തില്‍ പുഴുങ്ങിയെടുക്കുന്നു. പഴക്കം തോന്നിക്കാനായി കൂടെ ചില പദാര്‍ത്ഥങ്ങളും ചേര്‍ക്കുമത്രെ. ശേഷം അതില്‍ തൊഴിലാളികള്‍ തന്നെ എന്തൊക്കെയോ എഴുതുന്നു. 2010 ല്‍ സണ്‍.ടി.വി പ്രക്ഷേപണം ചെയ്ത പരിപാടിയിലും ഇത്തരം തട്ടിപ്പുകള്‍ തെളിവ് സഹിതം വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമമുണ്ട്(https://www.youtube.com/watch?v=-mrup498kbQ). ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ സണ്‍ ടി.വി ക്രിസ്ത്യാനികള്‍ നടത്തുന്ന ചാനലായതിനാല്‍ ഹിന്ദുക്കളെ അപമാനിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്ന ആരോപണമാണ് നാഡിഭക്തര്‍ ഉന്നയിച്ചത്. പഴയ ഓല ജീര്‍ണ്ണിച്ചതിനാല്‍ പകരം പകര്‍പ്പെടുക്കാനാണ് പുതിയ ഓലകളെന്ന ന്യായവും ഉന്നയിക്കപ്പെടുന്നുണ്ട്. പിന്നെയുള്ളത് സ്ഥിരമുള്ള ഒഴികഴിവും: ഗ്രാമീണരെകൊണ്ട് ഓല ഉണ്ടാക്കുന്നവരെല്ലാം വ്യാജ സ്വാമികളാണ്. അസ്സല്‍ സ്വാമികള്‍ക്ക് അതിന്റെ ആവശ്യമില്ല, അവരങ്ങനെ ചെയ്യുകയുമില്ല! നാഡി ജ്യോതിഷം സംബന്ധിച്ച് ചിത്രങ്ങളില്‍ കാണുന്ന ഓലകളെല്ലാം പഴമ തോന്നിപ്പിക്കുമെങ്കിലും യാതൊരു കേടുപാടും ഇല്ലാതെ ദൃഡമായിരിക്കുന്നവയാണ്. കാഴ്ചയ്ക്കുള്ള പഴക്കം മാത്രമല്ല ദൃഡതയും ജീര്‍ണ്ണതയുമൊക്കെ പരിഗണിക്കേണ്ടതുണ്ട്. പൊതുവെ നാഡിജ്യോതിഷികളുടെ പക്കലുള്ള ഓലകള്‍ അത്ര അവശനിലയില്‍ ഉള്ളവയല്ലെന്നതാണ് യാഥാര്‍ത്ഥ്യം. നൂറ് വര്‍ഷമൊക്കെ കഴിയുമ്പോഴേക്കും കൃത്യമായി സൂക്ഷിച്ചാല്‍പോലും പനയോല ഒരു പരുവമാകും.

4000 വര്‍ഷം മുമ്പ് എഴുതപ്പെട്ട ഓലകളാണെങ്കില്‍ എങ്ങനെയാണ് ആധുനികനാഗരികതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ ഓലകളിലുണ്ടാവുക? ഉദാഹരണമായി ഭക്തന് രണ്ട് മോട്ടോര്‍ വാഹനമുണ്ടെന്ന് നാഡി ജ്യോതിഷി പറയുന്നുവെന്നിരിക്കട്ടെ. വ്യക്തികള്‍ക്ക് സ്വന്തമായി യാത്രാവഹാനമൊക്കെ ഉണ്ടാകാന്‍ തുടങ്ങിയിട്ട് കഷ്ടിച്ച് നൂറ് വര്‍ഷമേ ആയുള്ളു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയതെന്ന് പറയുന്ന നാഡിജ്യോതിഷത്തിലും സാദാ ജ്യോതിഷത്തിലും കാര്‍ വാങ്ങുന്ന കാര്യവും തീവണ്ടിയില്‍ യാത്ര ചെയ്ത വിവരവുമൊക്കെ വരുന്നതെങ്ങനെ? നേരെമറിച്ച് കുതിരയുടെയോ കുതിരവണ്ടിയുടെയോ കാര്യമൊന്നും വരുന്നുമില്ല. നാല്‍പ്പത് വയസ്സില്‍ കാര്‍ വാങ്ങുമെന്നും നാല്‍പ്പത്തിയൊന്നില്‍ അപകടം ഉണ്ടാകുമെന്നൊക്കെ തട്ടിവിടുന്നതല്ലാതെ 30 വയസ്സില്‍ കുതിരയെ വാങ്ങുമെന്നോ 35 ല്‍ അതിന്റെ ചിവിട്ടുകൊണ്ട് മരിക്കുമെന്നോ ഒരു ജ്യോതിഷിയും പ്രവചിക്കാറില്ല. എങ്ങനെയാണ് പ്രാചീനഗ്രന്ഥങ്ങള്‍ക്ക് ഇങ്ങനെ ശാസ്ത്രപുരോഗതിയനുസരിച്ച് 'അപ്‌ഡേറ്റ്' ചെയ്യാന്‍ കഴിയുക? അങ്ങനെ സ്വയം പരിഷ്‌ക്കരിച്ചാല്‍ അവ പണ്ട് മഹാമനീഷകള്‍ തിരിച്ചറിഞ്ഞ സത്യങ്ങളാണെന്ന് പറയാനാവുമോ? ആധുനിക ജ്യോതിഷികള്‍ ചുറ്റുപാടുകള്‍ നിരീക്ഷിച്ച് നടത്തുന്ന 'വ്യാഖ്യാന'ങ്ങളാണ് അവയെന്ന് പറയുന്നതല്ലേ കൂടുതല്‍ ഉചിതം?! അങ്ങനെയെങ്കില്‍ പൂര്‍വസൂരികള്‍ എഴുതിവെച്ചത് എന്ന ലേബലില്‍ ഇതൊക്കെ വിറ്റഴിക്കുന്നതിന്റെ സാംഗത്യമെന്ത്?

ആധുനിക നാഗരികത സംബന്ധിയായ എന്തെങ്കിലും കാര്യങ്ങള്‍ (ഉദാ-കാര്‍, കമ്പ്യൂട്ടര്‍, വിമാനം) നാഡിയോലകളില്‍ ഉണ്ടെങ്കില്‍ രണ്ട് നിഗമനങ്ങള്‍ക്കേ സാധുതയുള്ളു. ഒന്നുകില്‍ ആ വാദം നുണയാണ്;ഓലകളില്‍ അങ്ങനെയൊന്നും എഴുതിയിട്ടില്ല. അല്ലെങ്കില്‍ കാറും തീവണ്ടിയുമൊക്കെ സര്‍വസാധാരണമായതിന് ശേഷം എഴുതപ്പെട്ടവയാണ് ഈ ഓലകള്‍. ഇനി അതല്ല ആയിരക്കണക്കിന് വര്‍ഷം മുമ്പ് തന്നെ മനുഷ്യന് കാറും തീവണ്ടിയുമൊക്കെ ഉണ്ടാകുമായിരുന്നു എന്ന പ്രവചനമാണ് ഈ ഓലകളില്‍ ഉള്ളതെങ്കില്‍ ബഹു കേമമായി!! എന്തെന്നാല്‍ ലോകം അവസാനിക്കുന്നതുവരെ, അത്രയും വേണ്ട, എ.ഡി. മൂവായിരത്തിലും നാലായിരത്തിലും മനുഷ്യന്‍ എന്തൊക്കെ ഉപയോഗിക്കുമെന്നും ഏത് ജീവിതശൈലിയായിരിക്കും പിന്തുടരുകയെന്നും ഇതേ ഓലകളില്‍ ഉണ്ടാകും?! അന്നത്തെ സാമൂഹികവ്യവസ്ഥയും ശാസ്ത്രപുരോഗതിയും ജ്ഞാനപദ്ധതികളും ഓലയിലുണ്ടാവും. നോക്കൂ, ഈ നാഡിജ്യോതിഷികള്‍ പരസ്യംകൊടുത്ത് ബോര്‍ഡുംവെച്ച് കേവലം കുടില്‍ വ്യവസായം നടത്തി ജീവിക്കേണ്ടവരാണോ?!

മുന്‍ എം.പി യും ഇപ്പോള്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ യുമായ അബ്ദുള്ളക്കുട്ടിയൊക്കെ നാഡിജ്യോതിഷത്തിന് മുന്നില്‍ മുട്ടുകുത്തിയ മലയാളി പ്രമുഖരുടെ നിരയിലുണ്ട്. ജ്യോതിഷം തട്ടിപ്പാണെന്ന് സമ്മതിക്കുന്നവര്‍ പോലും നാഡിജ്യോതിഷത്തില്‍ എന്തൊക്കെയോ നിഗൂഡത ഉണ്ടെന്ന് വാദിക്കുന്നത് കണ്ടിട്ടുണ്ട്. കേരളത്തിലെ അന്ധവിശ്വാസികള്‍ക്കിടയില്‍ നല്ല മാര്‍ക്കറ്റാണെങ്കിലും തമിഴ്‌നാട്ടില്‍ നാഡിജ്യാതിഷികള്‍ക്ക് പറയത്തക്ക ഖ്യാതിയില്ല. തമിഴ്‌നാട്ടിലെ പല മുഖ്യധാരാ ജ്യോതിഷികള്‍പോലും നാഡിജ്യോതിഷം തട്ടിപ്പാണെന്ന് പറയുന്നത് കാണാം. നാഡിജ്യോതിഷത്തെക്കുറിച്ച് പറയുമ്പോള്‍ പുറമെയുള്ളവര്‍ കാണിക്കുന്ന ആവേശവും തമിഴര്‍ക്കില്ലെന്ന് സാരം.

ഡോ. നായിക്ക് തെറ്റായ വിവരം നല്‍കി ജ്യോതിഷിയെ കുരുക്കിലാക്കിയെന്ന വാദം വിട്ടേക്കുക. തെറ്റായി സൂചനകള്‍ നല്‍കി വഴി മാറ്റിവിട്ടാല്‍ 'ശിവസ്വാമി'മാര്‍ അബദ്ധങ്ങളില്‍ ചെന്നു ചാടുമോ? ഒരു പരീക്ഷണത്തിന് അവര്‍ തയ്യാറാകാത്തിടത്തോളം കാലം അങ്ങനെതന്നെ എന്നു കരുതേണ്ടിവരും. വിരലടയാളത്തിന്റെ കോപ്പിയും ജനനത്തീയതിയും മാത്രം നല്‍കി ഇത്തരത്തില്‍ ആളു മാറി പറഞ്ഞ് നാഡിജ്യോതിഷികളെ കബളിപ്പിച്ച കഥകളുണ്ട്. സാധാരണ ജ്യോതിഷികള്‍ക്ക് മരിച്ചവരുടേയും ജീവിച്ചിരിക്കുന്നവരുടേയും ജാതകം തമ്മില്‍ തിരിച്ചറിയാനാവാത്തതുപോലെ നാഡിജ്യോതിഷികള്‍ക്കും മരിച്ചവരുടേയും ജീവിച്ചിരിക്കുന്നവരുടേയും വിരലടയാളങ്ങള്‍ തമ്മില്‍ തിരിച്ചറിയാനാവില്ല. കൊടികെട്ടിയ ഹസ്തരേഖാവിദഗ്ധര്‍ക്ക് പോലും അത് സാധിക്കില്ലെന്നത് വേറെ കാര്യം. ജനനത്തീയതി കൊടുത്താലും കഥയില്ല. കൈനോട്ടത്തിലെ 'ആയുര്‍രേഖ'(lifeline) നോക്കി മരിച്ചവരെയും ജീവിച്ചിരിക്കുന്നവരേയും പോലും കൃത്യമായി തിരിച്ചറിയാനാവില്ല. നിരന്തരം പോസ്റ്റുമാര്‍ട്ടം ചെയ്യുന്ന സര്‍ജന്‍മാര്‍ പലപ്പോഴും ഇത്തരം അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്(http://news.google.com/newspapers?nid=336&dat=19890618&id=gzspAAAAIBAJ&sjid=IoQDAAAAIBAJ&pg=2894,746246) 'ആയൂര്‍രേഖ'ശരിയാണെന്ന് തെളിയിക്കണമെന്ന് നിര്‍ബന്ധമുളളവര്‍ക്ക് വളരെ എളുപ്പമത് ചെയ്യാനാവും. സെമിത്തേരികളിലും ക്രിമറ്റോറിയങ്ങളിലും വന്നെത്തുന്ന മുഴുവന്‍ ശവങ്ങളുടെ കൈ പരിശോധിച്ച് അതിന്റെ കണക്കുമായി ലോകത്തെ ബോധ്യപ്പെടുത്തിയാല്‍ മതിയാകും. ചെലവില്ലാത്ത ഇത്തരമൊരു പരീക്ഷണത്തിന് ഇന്നുവരെ ഒരു ഹസ്തരേഖാവദഗ്ധനും തയ്യാറാകാത്തതിന്റെ കാരണം സുതാര്യമാണ്. ജ്യോതിഷവും കൈനോട്ടവും ഒരുപോലെ തട്ടിപ്പാണെങ്കില്‍ രണ്ടിന്റേയും വികല മിശ്രണമായ നാഡിജ്യോതിഷത്തിന്റെ ഗതിയെന്താകുമെന്ന് ചിന്തിക്കുക.

നാഡിജ്യോതിഷിയെ തെറ്റിദ്ധരിപ്പിക്കാനാകുന്നതിന്റെ കാരണം വ്യക്തമാണ്. അവര്‍ നിഗമനങ്ങള്‍ സ്വരൂപിക്കുന്നത് ഭക്തന്റെ പ്രതികരണവും ശരീരഭാഷയും മറ്റ് അനുബന്ധ വിശദാംശങ്ങളും ആധാരമാക്കിയാണ്. ട്രാഫിക്ക് പോലീസുകാരനെ നോക്കി വണ്ടിയോടിച്ചാല്‍ പോലീസുകാരന് പറ്റുന്ന അബദ്ധം ഡ്രൈവര്‍ക്കും സംഭവിക്കാം എന്നതുപോലെയാണിത്. ഓല വായിച്ച് അതിലുള്ള ഫലം പറയുകയാണെങ്കില്‍ ഇത്തരം തെറ്റിന് സാധ്യതയില്ല. നാഡി താളിയോലകളില്‍ ചില പൊതു നിരീക്ഷണങ്ങളും മംഗളശ്‌ളോകങ്ങളുമൊക്കെ എഴുതിവെച്ചിട്ടുണ്ടാവാം. പക്ഷെ അവകാശപ്പെടുന്നതുപോലെ ഓരോ വ്യക്തിയേയും സംബന്ധിച്ചുള്ള സൂക്ഷ്മമായ ജീവിതവിവരങ്ങള്‍ അതില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നുവെന്നതിന് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തെളിവില്ല.

(തുടരും.........)

Sunday, 2 December 2012

43.ഓല തേടി ഓടുമ്പോള്‍

'Nadi Astrology is a form of Hindu astrology practiced in Tamil Nadu, India. It is based on the belief that the past, present and the future lives of all humans were foreseen by Hindu sages in ancient time'- ദക്ഷിണേന്ത്യയില്‍ പ്രചാരം സിദ്ധിച്ചുവരുന്ന നാഡിജ്യോതിഷത്തിന് വികിപിഡിയ നല്‍കുന്നു നിര്‍വചനമാണിത്. പനയോലയില്‍ എഴുതപ്പെട്ട വിവരണം വായിച്ചുനോക്കി ഒരു വ്യക്തിയുടെ ജീവിതവിശേഷം വിശദീകരിക്കുന്ന ഗുപ്തവിദ്യയാണിത്. ഈ ഭൂമുഖത്തെ ഓരോ വ്യക്തിക്കും അയാളുടെ ജീവിതരഹസ്യം ആലേഖനം ചെയ്ത ഒരു ഓല ഉണ്ടായിരിക്കുമത്രെ. ജ്യോതിഷത്തിന്റെ ഉപശാഖയെന്നോ ജ്യോതിഷ-കൈരേഖാവിദ്യകളുടെ മിശ്രണമെന്നോ നാഡിജ്യോതിഷത്തെ വിളിക്കാം. ധാരാളം വിദ്യാസമ്പന്നര്‍ ഈ വിശ്വാസത്തിന് അടിമകളാണ്.

സമസ്ത ഭൂഖണ്ഡങ്ങളിലുംപെട്ട ജീവിച്ചതും ജീവിച്ചിരിക്കുന്നതും വരാനിരിക്കുന്നതുമായ മനുഷ്യരുടെ ജീവിതവിശേഷമാണ് ഭക്തര്‍ ചെല്ലുമ്പോള്‍ ജ്യോതിഷി അവരവരുടെ ഓലകള്‍ എടുത്ത് വായിച്ച് കേള്‍പ്പിക്കുന്നത്. ഏതാണ്ട് 4000 വര്‍ഷങ്ങള്‍ക്കു മുമ്പ് സംസ്‌കൃതത്തിലാണ് ഈ പ്രവചനങ്ങള്‍ നടത്തപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യമൊക്കെ വായ്‌മൊഴി രൂപത്തില്‍ കൈമാറപ്പെട്ട ഈ വിവരം പിന്നീട് ലിഖിത(സംസ്‌കൃതം) ഭാഷയിലാക്കപ്പെട്ടു. പില്‍ക്കാലത്ത് തമിഴ്, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്ക് ഇവ തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. മറാത്തയിലെ സരബോജി (Sarabhoji) രാജാവും ചോളരാജാക്കന്‍മാരും മൊഴിമാറ്റത്തെ നല്ലതോതില്‍ പിന്തുണച്ചിട്ടുണ്ട്.

ഹൈന്ദവപുരാണങ്ങളില്‍ പ്രതിപാദിപ്പിക്കപ്പെടുന്ന സപ്തര്‍ഷികളാണ് ഈ പ്രവചനങ്ങളൊക്കെ നടത്തിയതെന്നാണ് സങ്കല്‍പ്പം. അഗസ്ത്യന്‍ , കൗശികന്‍ , വ്യാസന്‍ , ബൊഹര്‍ , ഭ്രിഗു, വസിഷ്ഠന്‍ , വാത്മീകി(Agasthya, Kausika, Vyasa, Bohar, Bhrigu, Vasishtha and Valmiki)എന്നിവരാണ് ഈ മഹര്‍ഷിമാര്‍ . ഇവരാരും തന്നെ ചരിത്രപുരുഷന്‍മാരല്ല മറിച്ച് പുരാണകഥപാത്രങ്ങളാണ്. അതേസമയം രചയിതാവായി അഗസ്ത്യമുനി മാത്രമാണ് ചില ഐതിഹ്യകഥകളിലുള്ളത്. വിവരണ ശൈലിയിലാണ് (commentary form) നാഡിജ്യോതിഷത്തിലെ താളിയോലകളില്‍ വിവരങ്ങള്‍ പൊതുവെ എഴുതപ്പെട്ടിരിക്കുന്നത്. എന്നാല്‍ ശിവനും പാര്‍വതിയും തമ്മിലുള്ള സംഭാഷണ രൂപത്തിലുള്ള (dialogue form) പ്രവചനങ്ങളാണ് 'ശിവനാഡി'യിലുള്ളത്. അവിടെ തന്റെ ഭക്തരുടെ ജീവിതത്തെ കുറിച്ചുള്ള ആശങ്കകളാണ് ശിവന്‍ പാര്‍വതിയോട് പങ്കുവെക്കുന്നത്.

എ.ഡി. ഒമ്പതാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനുമിടയില്‍ തഞ്ചാവൂര്‍ വാണ രാജാക്കന്‍മാരാണ് നാഡിജ്യോതിഷ പ്രവചനങ്ങള്‍ സംസ്‌കൃതത്തില്‍നിന്നും തമിഴിലേക്ക് മൊഴിമാറ്റം നടത്താന്‍ മുന്‍കൈ എടുത്തതെന്ന് പറയപ്പെടുന്നു. ഇതിനിടയില്‍ ചില ഓലകള്‍ നഷ്ടപ്പെടുകയോ അപഹരിക്കപ്പെടുകയോ ചിതലരിക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് ഭൂമിയിലെ സര്‍വ മനുഷ്യരുടേയും ചരിത്രം താളിയോലകളില്‍ ഉണ്ടെന്ന് പറയുന്നുവെങ്കിലും പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമല്ലെന്നാണ് നാഡികഥകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഏറെക്കുറെ ശരിയായ വിവരങ്ങള്‍ (approximately accurate)മാത്രമേ ലഭിക്കൂ എന്ന് കണ്ടോളണം.

ആധുനികകാലത്ത് സംഭവിച്ച മറ്റുചില സംഭവങ്ങളെപ്പറ്റിയും നാഡിചരിത്രകഥകളുണ്ട്. അതായത് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടാനൊരുങ്ങിയ വേളയില്‍ ആയൂര്‍വേദം, രസായനം, ആല്‍ക്കെമി തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച അമൂല്യഗ്രന്ഥങ്ങള്‍ കൈക്കലാക്കിയെങ്കിലും ഗൂഡശാസ്ത്രങ്ങള്‍ സംബന്ധിച്ച ഗ്രന്ഥങ്ങളില്‍ അവര്‍ വലിയ താല്‍പര്യം കാണിച്ചില്ല. പകരം അതൊക്കെ അവര്‍ വാരിക്കൂട്ടിയിട്ട് തദ്ദേശിയര്‍ക്കിടയില്‍ ലേലംചെയ്തു. അന്ന് തമിഴ്‌നാട്ടില്‍ ജ്യോതിഷരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന വള്ളുവര്‍ സമുദായത്തിലെ ചില ജ്യോതിഷികള്‍ നാഡിജ്യോതിഷം സംബന്ധിച്ച പനയോലകള്‍ അങ്ങനെ ബ്രിട്ടീഷുകാരില്‍ നിന്നും ലേലത്തില്‍ പിടിച്ചു. പിന്നീട് ഇക്കൂട്ടര്‍ നാഡിജ്യോതിഷം തങ്ങളുടെ കുലത്തൊഴിലായി സ്വീകരിച്ചുവത്രെ.

തഞ്ചാവൂരിലെ സരസ്വതി മഹല്‍ ലൈബ്രററിയില്‍ (Saravasti Mahal library of Tanjore) ഈ അമൂല്യ താളിയോലകള്‍ സൂക്ഷിച്ചിരുന്നെന്നും ബ്രിട്ടീഷുകാര്‍ അതില്‍ വലിയ താല്‍പര്യം കാണിച്ചുവെങ്കിലും കൈമാറാന്‍ വൈത്തീശ്വരന്‍ കോവിലിന് ചുറ്റും തമ്പടിച്ചിരുന്ന ജ്യോതിഷി കുടുംബങ്ങള്‍ വിസമ്മതിച്ചുവെന്നുമാണ് വേറൊരു കഥ. അതായത് ബ്രിട്ടീഷുകാര്‍ക്ക് നാഡിജ്യോതിഷത്തില്‍ താല്‍പര്യമുണ്ടെന്നും ഇല്ലെന്നും വാദിക്കുന്ന കഥകളുണ്ട്. അതില്‍പ്പിന്നെ കുറെ ഓലകള്‍ നശിച്ചുപോയത്രെ. ബാക്കി ഈ ജ്യോതിഷി കുടുംബങ്ങള്‍ സംരക്ഷിച്ചുവരികയാണ്. ജര്‍മ്മിനിയിലെ അയണ്‍ റേഡിയേഷന്‍ ഇന്‍സ്റ്റിട്ട്യുട്ടില്‍ നടത്തിയ കാര്‍ബണ്‍ -14 പരിശോധനയില്‍ ഈ ഓലകള്‍ക്ക് 350 വര്‍ഷംവരെ പഴക്കമുണ്ടെന്ന് കണ്ടെത്തിയതായും പ്രചരണമുണ്ട്.

1930 കള്‍ വരെ നാഡിജ്യാതിഷം ഒരു പുരാതന ഗൂഡവിദ്യയായി നിലകൊണ്ടു. ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം ജ്യോതിഷികള്‍ക്ക് പോലും അതിനെക്കുറിച്ച് കൃത്യമായി വിവരമുണ്ടായിരുന്നില്ല. തമിഴ്‌നാട്ടിലെ ചിദംബരത്തുള്ള വൈത്തീശ്വരന്‍ കോവിലില്‍ ശിവന്‍ വൈദ്യനാഥനായി കുടികൊള്ളുന്നുവെന്നാണ് സങ്കല്‍പ്പം. പ്രസ്തുത കോവിലിന് സമീപത്ത് വസിക്കുന്ന ജ്യോതിഷികളുടെ പക്കലാണ് നാഡിജ്യോതിഷത്തിന്റെ അസ്സല്‍ താളിയോലകള്‍ ഇപ്പോള്‍ ഉള്ളതെന്നാണ് വിശ്വാസം. അസ്സലെന്ന് പറയുമ്പോള്‍ എല്ലാം അസ്സലിന്റെ പകര്‍ത്തിയെഴുതിയ കോപ്പികള്‍ തന്നെ. തങ്ങളുടെ പക്കലുള്ള കോപ്പികളാണ് അസ്സല്‍ എന്നും മറ്റുള്ളവരുടെ പക്കലുള്ളവ വ്യാജമാണെന്നും തുറന്നടിക്കാന്‍ പൊതുവെ നാഡിജ്യോതിഷികള്‍ മടിക്കാറില്ല. 'പിച്ചാണ്ടി' എന്നാണ് നാഡിജ്യോതിഷികളുടെ പൊതുനാമം. വൈത്തീശ്വരന്‍ കോവിലിന് ചുറ്റും കാണുന്ന ജ്യോതിഷികളില്‍ പലരുടേയും പേര് 'ശിവസ്വാമി' എന്നായിരിക്കും. ബ്രഹ്മാവിന്റെ പ്രതിപുരുഷന്‍മാരായ സിദ്ധന്‍മാരാണിവര്‍ . മതസങ്കല്‍പ്പനുസരിച്ച് ഏറെക്കുറെ ദേവതുല്യര്‍ . മുന്‍ജന്മം, പുനര്‍ജന്മം, കര്‍മ്മസിദ്ധാന്തം തുടങ്ങിയ ഹിന്ദുമത സങ്കല്‍പ്പങ്ങളെ ആധാരമാക്കിയാണ് നാഡീജ്യോതിഷത്തിന്റെ പ്രവചനങ്ങള്‍. ആത്മാവ് കൂടു വിട്ട് കൂടു മാറുന്നതും മുജ്ജന്മത്തില്‍ പാപം ചെയ്തതുമൊക്കെ അറിയുന്നവരാണ് ഈ സിദ്ധന്‍മാര്‍ . അതായത് നാഡിജ്യോതിഷം ഒരു കറയറ്റ മതജന്യവിശ്വാസമോ ആത്മീയസങ്കല്‍പ്പമോ തന്നെയാണ്.

അസ്സല്‍ ശിവസ്വാമിമാരും അതിലേറെ വ്യാജന്‍മാരും ഉണ്ടെന്നത് നാഡി ജ്യോതിഷികളുടെ മാത്രം പരാതിയല്ല. ഭക്തര്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. പ്രവചനത്തിലെ തെറ്റുകള്‍ ന്യായീകരിക്കാനായി ജ്യോതിഷികള്‍ സ്ഥിരംപയറ്റുന്ന മുന്‍കൂര്‍ ജാമ്യമായതിനാല്‍ വിട്ടേക്കുക. നാഡി ഓലകള്‍ രചിക്കപ്പെട്ട വട്ടെഴുത്ത് ഒരിനം പ്രാചീനലിപിയാണ്. എഴുതാനായി എഴുത്താണി ഉപയോഗിച്ചിരിക്കുന്നു. വട്ടെഴുത്ത് ഭാഷ ഇന്ന് മിക്കവര്‍ക്കും വഴങ്ങാത്തതിനാല്‍ നാഡിജ്യോതിഷി പറയുന്നത് ഓലയില്‍ എഴുതിയിരിക്കുന്നതാണോ എന്നത് സംബന്ധിച്ച് ഊഹിക്കുകയല്ലാതെ വേറെ നിവര്‍ത്തിയില്ല.

മഹാരാഷ്ട്രയിലെ പൂന സ്വദേശിയായി വിംങ് കമാന്‍ഡര്‍ ശശികാന്ത് ഓക്ക് (Wing Commander Retd. Shashikant Oak) ആണ് ആധുനിക കാലത്ത് നാഡിജ്യോതിഷത്തില്‍ ഗവേഷണം നടത്തിയതായി അവകാശപ്പെടുന്ന ഒരു ഇന്ത്യാക്കാരന്‍. 16 വര്‍ഷമായി ടിയാന്‍ ഇതു സംബന്ധിച്ച ഗവേഷണത്തിലാണത്രെ. ശാസ്ത്രീയമായി ഈ വിഷയം പഠിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഈ മുന്‍ സൈനികന്റെ അവകാശവാദം. ''നോസ്ട്രഡാമസും നാഡീഗ്രന്ഥങ്ങളും-ഒരു താരതമ്യപഠനം''('Comparative Study: Nostradamus and Naadi Granthas') ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ടത്രെ. നാഡീജ്യോതിഷത്തെ അന്തര്‍ദ്ദേശീയ രംഗത്ത് എത്തിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ഇദ്ദേഹം നാഡീ ഓലകളില്‍ പരാമര്‍ശിക്കപ്പെടുന്ന പ്രാചീന തമിഴ്‌വാക്കുകള്‍ നിര്‍വചിക്കുന്ന ഒരു നിഘണ്ടു തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ക്കും പിന്തുണയേകി.

ഫലമറിയാനെത്തുന്ന ഭക്തരുടെ കൈവിരല്‍ അടയാളം ഉപയോഗിച്ചാണ് നാഡിജ്യോതിഷം ഭാവി, ഭൂതം, വര്‍ത്തമാനം എന്നിവ സംബന്ധിച്ച ഫലം പറയുന്നത്. പുരുഷന്‍മാരുടെ വലതു തള്ളവിരലും സ്ത്രീകളുടെ ഇടതു തള്ളവിരലും പരിഗണിക്കുന്നു. ആദ്യമായി വിരലടയാളം നോക്കിയിട്ട് ജ്യോതിഷി അതിന് ചേര്‍ന്ന ഒരു കെട്ട് ഓല എടുക്കുന്നു. അതില്‍നിന്ന് ഒരെണ്ണമെടുത്ത് മുന്നിലിരിക്കുന്ന ഭക്തന്റെ പേരു വിവരവും ചില ജീവിത യാഥാര്‍ത്ഥ്യങ്ങളും പറയും. മിക്കപ്പോഴും പറയുന്നത് മുഴുവന്‍ ശരിയായിരിക്കില്ല. തുടര്‍ന്ന് അടുത്ത ഓല എടുക്കും. അതില്‍ നിന്ന് കുറെക്കൂടി വിവരങ്ങള്‍ കിട്ടും. അതിലും കുറെ കാര്യങ്ങള്‍ തെറ്റായിരിക്കും. പിന്നെയും ഇതുപോലെ മൂന്നു നാല് ഓലകള്‍. ഇതിനിടെ വേറെ കെട്ടുകള്‍ എടുക്കും. കുറെ ശരിയും തെറ്റും ഓരോ ഓലയിലുമുണ്ടാകും. വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാതെ വന്നാല്‍ വീണ്ടും ഓലയെടുക്കും. അവസാനം എടുക്കുന്ന താളിയോലയായിരിക്കും ഭക്തനെ സംബന്ധിച്ച മിക്കവാറും ശരിയായ ജീവിതവിശേഷങ്ങള്‍ പ്രതിപാദിക്കുന്ന ഓല. ചിലര്‍ക്ക് ഓല ഏറെയെണ്ണമൊന്നും വേണ്ടിവരില്ല ഫലം കിട്ടി തുടങ്ങാന്‍ !


വിരലടയാളം നോക്കിയ ശേഷമാണ് ഓരോ ഭക്തനുമായി ബന്ധപ്പെട്ട ഓല എടുക്കുന്നതെങ്കിലും ഗ്രഹനില, ജാതകം തുടങ്ങിയ കാര്യങ്ങളൊന്നും മുന്‍കൂര്‍ ചോദിക്കുന്ന പതിവില്ല. ആദ്യമായി ഒരു കെട്ട് പനയോല എടുത്ത് മുന്നിലിട്ട് തെരഞ്ഞുതുടങ്ങുന്ന ജ്യോതിഷി നിരന്തരം ഭക്തനോട് ചില ചോദ്യങ്ങള്‍ ചോദിക്കും. ഈ ചോദ്യങ്ങള്‍ക്കൊക്കെ ''അതെ'' അല്ലെങ്കില്‍ ''അല്ല'' (yes or no)എന്ന ഉത്തരമാണ് ഭക്തന്‍ നല്‍കേണ്ടത്. അതായത് ഒറ്റവാക്കില്‍ ഉത്തരം പറയുക. ഭക്തന്‍ ഉത്തരമൊന്നും നല്‍കിയില്ലെങ്കില്‍ കാര്യങ്ങള്‍ ജ്യോതിഷി സ്വയംതീരുമാനിക്കും. ജ്യോതിഷിക്ക് തോന്നുന്നത് പോലെ കാര്യങ്ങള്‍ ഓലനോക്കി തീരുമാനിക്കാമെങ്കില്‍ ഭക്തനോട് ചോദ്യങ്ങള്‍ ചോദിക്കേണ്ട കാര്യമില്ലല്ലോ എന്ന ചോദ്യമുയരും. കാരണം അങ്ങനെയെങ്കില്‍ ഭക്തനെ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കാതെതന്നെ അയാള്‍ക്കത് സ്വയം ചെയ്യാവുന്നതാണ്.

ഊമ(dumb) മുന്നില്‍ വന്നിരുന്നാല്‍ ജ്യോതിഷി കൂടെ വരുന്ന ആളിനോട് ചോദ്യങ്ങള്‍ ചോദിക്കുമെന്ന് അനുഭവസ്ഥര്‍ . അപ്പോഴും ആരും സഹായിക്കാനില്ലെങ്കില്‍ ജ്യോതിഷി സ്വയം സഹായിക്കും. പക്ഷെ അതിന്റെ ന്യായം വേറെയാണ്. ശരിയായ ഓല കണ്ടെത്താന്‍ സഹായം വേണം. ഓല കണ്ടെത്തി കഴിഞ്ഞാല്‍ പറയുന്നതൊക്കെ ശരിയായിരിക്കും. അപ്പോള്‍ പ്രവചനം വല്ലതും അല്‍പ്പം തെറ്റുകയാണെങ്കില്‍ ശരിയായ ഓല കിട്ടാഞ്ഞതുകൊണ്ടാണെന്ന വ്യഖ്യാനം പ്രതീക്ഷിക്കണം. ശരിയായ ഓല കിട്ടിയാല്‍ രക്ഷപ്പെട്ടു എന്നാണ് ഭക്തരുടെ പക്ഷം. തിരിച്ചു ചിന്തിച്ചാല്‍ പറയുന്ന കാര്യം ശരിയായി തോന്നിയാല്‍ ശരിയായ ഓല കിട്ടിയെന്നര്‍ത്ഥം. ശരിയായ ഓല കിട്ടാനായി വഴിപാട് നേര്‍ന്നിട്ട് നാഡിജ്യാതിഷിയെ കാണാനെത്തുന്ന ഭക്തരുണ്ടെന്ന് പറയുമ്പോള്‍ നാഡീജ്യോതിഷം ശരിയായി കാണാനായി ഏതറ്റംവരെ പോകാനും പല നാഡിഭക്തരും തയ്യാറാകുമെന്നാണ് കാണേണ്ടത്.

നാഡിജ്യോതിഷ പ്രവചനത്തില്‍ പ്രധാനപ്പെട്ട പന്ത്രണ്ടെണ്ണമുള്‍പ്പെടെ 16 കാണ്ഡങ്ങളാണുള്ളത്. ഒന്നാംകാണ്ഡം ഭക്തന്റെ ജാതകമനുസരിച്ചുള്ള പൊതുവായ ചില നിരീക്ഷണങ്ങള്‍ . രണ്ടാംകാണ്ഡം കുടുംബം, വിദ്യാഭ്യാസം, ധനം. സഹോദരരുടെ വിശേഷങ്ങളും അവരുമായുള്ള ബന്ധവും മൂന്നാം കാണ്ഡത്തില്‍ . നാലില്‍ മാതാവ്, വീട്, ഭൂമി, വാഹനം എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ . അഞ്ചില്‍ സന്താനങ്ങളുടെ വിശേഷങ്ങള്‍. ആറാം കാണ്ഡത്തില്‍ രോഗങ്ങള്‍ , ശത്രുക്കള്‍ , അവര്‍ മൂലമുണ്ടാകുന്ന കഷ്ടപ്പാടുകള്‍ . ഏഴില്‍ ഭാവി ജീവിതപങ്കാളിയുടെ പേര്, അവരുടെ സ്വഭാവസവിശേഷതകള്‍ , വിവാഹസമയം, വിവാഹസ്ഥലം എന്നിവ. എട്ടില്‍ ജീവിതദൈര്‍ഘ്യം, ജീവിതത്തില്‍ നടക്കാനിടയുള്ള വിഷമസന്ധികള്‍, കഷ്ടപ്പാടുകള്‍, ദുരിതങ്ങള്‍ . ഒന്‍പതില്‍ പിതാവ്, സന്ദര്‍ശിക്കാനിരിക്കുന്ന പുണ്യസ്ഥലങ്ങള്‍ , കാണാനിടയുള്ള പുണ്യപുരുഷന്‍മാര്‍ , സാമൂഹികജീവിതം തുടങ്ങിയവ വിശകലനം ചെയ്യുന്നു. പത്തില്‍ ഔദ്യോഗികജീവിതം, ബിസിനസ്സ്, അതിലെ അനുഭവങ്ങള്‍ , വിഷമതകള്‍ . പതിനൊന്നില്‍ രണ്ടാം വിവാഹം, ബിസിനസ്സിലെ ലാഭം. പന്ത്രണ്ടില്‍ പരലോകജീവിതം മോക്ഷം. ഈ പന്ത്രണ്ടിന് പുറമെ ശാന്തി, പരിഹാരം, ദീക്ഷകാണ്ഡം, ഔഷധകാണ്ഡം എന്നിവ സംബന്ധിച്ച നാല് കാണ്ഡങ്ങള്‍ കൂടിയുണ്ട്. ഈ കാണ്ഡങ്ങളിലൊക്കെ പേര് സൂചിപ്പിക്കുന്ന വിഷയങ്ങള്‍ തന്നെയാണ് പ്രതിപാദിക്കപ്പെടുക.

പൊതുലക്ഷണങ്ങള്‍ ആധാരമാക്കിയും, ശരിയാകുന്ന ഊഹങ്ങള്‍ സ്വീകരിച്ചും തെറ്റ് നിരാകരിച്ചും പരീക്ഷണാടിസ്ഥാനത്തില്‍ എത്തിച്ചേരുന്ന (trial and error method)നിഗമനങ്ങളാണ് നാഡിജ്യോതിഷി അവതരിപ്പിക്കുക. ജ്യോതിഷിയുടെ യുക്തിബോധം, അനുഭവപരിചയം, മനസ്സ് വായിക്കാനുള്ള കഴിവ് (mind reading) എന്നിവ നാഡിജ്യോതിഷത്തില്‍ നിര്‍ണ്ണായകമാണ്. മനസ്സുവായന എന്നു പറയുമ്പോള്‍ നാമൊക്കെ അനുഭവപരിചയത്തിന്റെയും സാമാന്യബുദ്ധിയുടേയും സഹായത്തോടെ നിത്യജീവിതത്തില്‍ നിര്‍വഹിക്കുന്ന പ്രക്രിയയുടെ വികസിതരൂപം തന്നെ. അതില്‍ ചിലതെങ്കിലും ഭക്തന്റെ മര്‍മ്മത്ത് തന്നെ കൊള്ളുന്നതോടെ അയാളുടെ വിശ്വാസവും ഭക്തിയും വന്യമായി ആളിക്കത്തുന്നു. 


ഉദാ- കുടുംബത്തില്‍ ചില ദുര്‍മ്മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പത്തുപേരോട് പറഞ്ഞാല്‍ ഏറ്റവും കുറഞ്ഞത് മൂന്നുനാല് പേര്‍ക്കെങ്കിലും കൃത്യമായും അങ്ങനെ അനുഭവം ഉണ്ടായിരിക്കും. ബാക്കി 2-3 പേര്‍ക്ക് വിദൂരഭൂതകാലത്തിലോ അടുത്ത ബന്ധത്തിലോ അങ്ങനെ ഉണ്ടാകാനിടയുണ്ട്. ബാക്കി 2-3 പേരുടെ കാര്യത്തില്‍ മാത്രമാണത് തീര്‍ത്തും തെറ്റാവുക. പക്ഷെ അവര്‍ക്കും അക്കാര്യത്തില്‍ പൂര്‍ണ്ണമായും ഉറപ്പുണ്ടാകില്ല. നിജസ്ഥിതിയറിയാനായി വീട്ടിലേക്ക് ഫോണ്‍ വിളിച്ച് ഉറപ്പുവരുത്തുന്നവരുമുണ്ട്. അതോടെ വീട്ടിലിരിക്കുന്നവര്‍ക്കും സംശയമായി! ഇനി അഥവാ തികഞ്ഞ ബോധ്യത്തോടെ പൂര്‍ണ്ണമായും നിഷേധിച്ചാല്‍ അവരുടെ കാര്യത്തില്‍ ഓല മാറിപ്പോയെന്ന് പറഞ്ഞൊഴിയാം. വയറു ചാടിയ സ്ത്രീയെ  കണ്ടിട്ട് ഒന്നിലധികം പ്രസവിച്ചെന്ന് തട്ടിവിടുന്നതും നരകയറിയ കണ്ണട ധരിച്ച പുരുഷനെ നോക്കി സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചെന്ന് പറയുന്നതും നടത്തയും ഇരിപ്പും പ്രയാസവുമൊക്കെ കണ്ടിട്ട് കാലങ്ങളായി ഏതോ മാറാരോഗങ്ങള്‍ വേട്ടയാടുന്നുണ്ടെന്നും പ്രവചിക്കുന്നതുമൊക്കെ അടക്കമുള്ള 'ശരീരലക്ഷണശാസ്ത്ര നമ്പരുകള്‍ ' നാഡിജ്യോതിഷികള്‍ സുലഭമായി പയറ്റാറുണ്ട്. ബുദ്ധിപരമായി നീങ്ങിയാല്‍ ഈ ഇനത്തിലും വലിയ പരാജയം സംഭവിക്കില്ല.

നാഡിജ്യോതിഷിയെ കാണാന്‍ പോയവരുടെ അനുഭവസാഹിത്യം വാചികമായും ലേഖനരൂപത്തിലും പരിചയപ്പെട്ടിട്ടുണ്ട്. ഈ നിരീക്ഷണബുദ്ധിയോടെ ഈ പ്രവചനവിദ്യയുടെ ഉള്ളുകള്ളി അറിയാന്‍ പോയ സംശയാലുക്കളാരും പൊതുവെ അതിനെക്കുറിച്ച് അനുകൂല അഭിപ്രായം പറഞ്ഞ് കേട്ടിട്ടില്ല. അരവിശ്വാസവും മുഴുവിശ്വാസവുമായി പോയവരാണ് പലതും ശരിയായി കണ്ടു എന്ന് പറയാറുള്ളത്. തനിക്ക് വിശ്വാസമുള്ള ഒരു വ്യക്തി അതല്ലെങ്കില്‍ താന്‍ ആദരിക്കുന്ന വ്യക്തികള്‍ പറയുന്ന കഥകള്‍ ഉപാധികളില്ലാതെ ഏറ്റുവാങ്ങിയായിട്ടാവും പല ഭക്തരും അവിടെയെത്തുക.അവരില്‍ തന്നെ നല്ലൊരു പങ്കു വളരെ നിരാശാജനകമായ ഫലമാണ് തങ്ങള്‍ക്കുണ്ടായതെന്ന് സമ്മതിക്കാറുണ്ട്. ''കുറച്ചൊക്കെ അച്ചട്ടായി തോന്നി'' എന്നതാണ് സ്ഥിരം പല്ലവി.

ജ്യോതിഷത്തിന്റെ കാര്യത്തിലെന്ന പോലെ നാഡിജ്യോതിഷി പറയുന്ന പലതും ശരിയാക്കുന്ന ജോലി ഭക്തന്റെ ഉദാരമായ ഭാവനയും ബുദ്ധിസാമര്‍ത്ഥ്യവും ഏറ്റെടുത്തുകൊള്ളും. കൂറ്റന്‍ ഫീസൊന്നും (Rs.250-1500)ഉണ്ടാകില്ലെങ്കിലും താളിയോല നോക്കിയ ശേഷം ചില ദോഷങ്ങളും അനര്‍ത്ഥങ്ങളും ചൂണ്ടിക്കാട്ടി അതിന് പരിഹാരം നിശ്ചയിക്കാതെ ഫലംപറച്ചില്‍ പൂര്‍ണ്ണമാകില്ല. ദോഷപരിഹാരം മിക്കപ്പോഴും കര്‍മ്മമോ വഴിപാടോ ആയിരിക്കും. രണ്ടും ഭക്തന് എളുപ്പം ചെയ്യാനാവുന്നവ ആയിരിക്കില്ല. മിക്കപ്പോഴും വഴിപാട് നിര്‍ദ്ദേശിക്കുക തമിഴ്‌നാട്ടിലോ കര്‍ണ്ണാടകത്തിലോ ദൂരെയുളള ക്ഷേത്രങ്ങളിലായിരിക്കും. ഭക്തന്‍ മലയാളിയാണെങ്കില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ പോയി വഴിപാട് നിര്‍ദ്ദേശിക്കാറില്ലെന്ന് അനുഭവസ്ഥര്‍ പറയുന്നു.

സ്വയം ചെയ്യാനാവാത്തതിനാല്‍ വഴിപാടിന് വേണ്ടിവരുന്ന ചെലവ് മിക്കപ്പോഴും ഭക്തന്‍ നാഡിജ്യോതിഷിയെ ഏല്‍പ്പിക്കാറാണ് പതിവ്. ഇത് പലപ്പോഴും പതിനായിരങ്ങളായിരിക്കും. സ്വയം ബുദ്ധിമുട്ടാതെ ജ്യോതിഷിയെ കൊണ്ട് തന്നെ പരിഹാരം ചെയ്യിച്ച് ആ വകയിലും ലാഭം നേടാനാവും ഭക്തമാനസം കൊതിക്കുക. ജ്യോതിഷി ശരിക്കും വഴിപാട് നടത്തിയോ എന്നറിയാന്‍ ഭക്തന് കവടി നിരത്തുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. ഫലത്തില്‍ ആ തുകയും ജ്യോതിഷിയുടെ പോക്കറ്റിലാകുന്നു. തമിഴ്‌നാട്ടിലെ പല ക്ഷേത്രപൂജാരികളും നാഡിജ്യോതിഷികളുമായി നല്ല ധാരണയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡോക്ടറും സ്‌ക്കാന്‍ സെന്ററും തമ്മിലുളളതിന് സമാനമായ ഒരു ദിവ്യബന്ധമാണിതും. വഴിപാട് സ്വയം അനുഷ്ഠിക്കാന്‍ ചെല്ലുന്നവരോട് ക്ഷേത്രപൂജാരികള്‍ സമാനമായ ദോഷം മൂലം മുമ്പ് അതേ ക്ഷേത്രത്തില്‍വന്ന് പാപപരിഹാരം ചെയ്ത് സൗഖ്യം നേടിയവരുടെ കഥ ഭക്തരോട് പറയും! വഴിപാടിന്റെ സ്വഭാവം മനസ്സിലാക്കുമ്പോഴെ ദോഷത്തിന്റെ സിലബസ്സ് കണ്ടെത്താന്‍ ക്ഷേത്രപൂജാരിക്ക് കഴിയുമെന്ന് സാരം!

നിലവിലുള്ള സ്ഥിതിവിവരക്കണക്കനുസരിച്ച് 1804 ല്‍ ലോകജനസംഖ്യ 100 കോടിയായിരുന്നു. 1927 ല്‍ അത് 200 കോടിയായി. അതായത് 123 വര്‍ഷം കൊണ്ട് ഇരട്ടിച്ചു. മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്ന 1969 ല്‍ ഏകദേശം 300 കോടിയാണ് ലോകജനസംഖ്യ. 2011 ല്‍ 700 കോടി കഴിഞ്ഞിരിക്കുന്നു. ലോകജനസംഖ്യ അമ്പരപ്പിക്കുന്ന തോതില്‍ വര്‍ദ്ധിക്കുകയാണെന്നര്‍ത്ഥം. ഈ കണക്കിലൊന്നും ആര്‍ക്കും തര്‍ക്കമുണ്ടാകേണ്ട കാര്യമില്ല. നാഡിജ്യോതിഷപ്രകാരമുള്ള താളിയോലകള്‍ ഓരോ മനുഷ്യര്‍ക്കും ഒന്ന് എന്ന തോതിലാണെങ്കില്‍ മൊത്തം ആയിരക്കണക്കിന് കോടി ഓലകള്‍ വേണ്ടിവരുമെന്നുറപ്പ്. അങ്ങനെയെങ്കില്‍ മരിച്ചവരും ജീവിക്കുന്നവരുമായ മനുഷ്യര്‍ക്ക് വേണ്ടി എത്ര ടണ്‍ ഓലകള്‍ ഓരോ പിച്ചാണ്ടിയും സൂക്ഷിക്കേണ്ടി വരും?

ദിനംപ്രതി ലക്ഷക്കണക്കിന് മനുഷ്യര്‍ ജനിക്കുന്നു. ഭാവിയില്‍ പിറക്കാനിരിക്കുന്നത് കോടികളാണ്. അങ്ങനെയെങ്കില്‍ ദിനംതോറും പുതുതായി ലക്ഷക്കണക്കിന് താളിലോലകള്‍ ശേഖരിക്കുക മാത്രമല്ല അവയിലൊക്കെ ഉടനടി എഴുത്താണികൊണ്ട് ജീവിതവിവരങ്ങള്‍ രേഖപ്പെടുത്തുകയും വേണം! എന്തുമാത്രം സ്ഥലവും ചെലവും ആള്‍ബലവും ഇവയൊക്കെ സംരക്ഷിക്കാനായി വേണ്ടിവരും?! ഓരോരുത്തരായി സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ ഓലകള്‍ എടുത്ത് മാറ്റി സൂക്ഷിക്കണം. ഇനി മനുഷ്യരെ കേവലം മനുഷ്യരായി എടുക്കാതെ 'ആത്മാവി'ന്റെ കണക്ക് പറഞ്ഞാല്‍ സംഖ്യ ഇതിലും കൂടും. കാരണം നായയായും നരിയായും പുലിയായും ആത്മാക്കള്‍ ഇപ്പോഴും ഭൂമിയില്‍ അലഞ്ഞുതിരിയുന്നുണ്ട്! ഭൂലോകത്തുള്ള മനുഷ്യരില്‍ ഇപ്പോള്‍ കയറിപ്പറ്റിയിട്ടുള്ള 700 കോടി ആത്മാക്കള്‍ക്ക് പുറമെയാണിത്. അങ്ങനെയെങ്കില്‍ എന്തുമാത്രം ജോലിയായിരിക്കും ദിനംപ്രതി ഓരോ നാഡിജ്യോതിഷിക്കും നിര്‍വഹിക്കേണ്ടിവരിക!...(തുടരും)