ശാസ്ത്രം വെളിച്ചമാകുന്നു

Sunday, 6 April 2014

83.'' ശ്രീരാമനും സീതയും പ്രാകൃത അറബികള്‍'' Part-2

ആര്‍.എസ്.എസും ആള്‍ദൈവങ്ങളും
ചോദ്യം-സാര്‍, ഇപ്പറഞ്ഞതുപോലെ ലളിതമല്ല കാര്യങ്ങള്‍. ഏത് ആള്‍ദൈവത്തെയോ ആദ്ധ്യാത്മികനേതാവിനെയോ എടുത്തുനോക്കിയാലും ഹിന്ദു-ആര്‍.എസ്.എസ്-സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ നിന്നാണ് പോഷകം ആഗിരണം ചെയ്യുന്നത്. ഏതൊരു ആള്‍ദൈവത്തിന്റെയും ഫോണ്‍ലിസ്റ്റ് എടുത്ത് നോക്കിയാലും മുകളില്‍ തന്നെ സംസ്ഥാനത്തെ പ്രധാനപ്പെട്ട ആര്‍.എസ്.എസ് സംഘപരിവാര്‍ നേതാക്കളുടെ നമ്പരായിക്കും ഉണ്ടാവുക...?
സോമശേഖരന്‍ - അത്തരക്കാരോട് താല്‍പര്യമുള്ളവര്‍ ആര്‍. എസ്.എസ് തലപ്പത്തുണ്ടാവാം. പക്ഷെ അത് ആര്‍.എസ്.എസിന്റെ നയമല്ല. ഞാന്‍ പണ്ടു മുതലേ അവര്‍ക്കെല്ലാം എതിരാണ്...
ചോദ്യം-താങ്കള്‍ ഒരുവിധപ്പെട്ട എല്ലാറ്റിനെയും എതിര്‍ക്കുന്നു....ഒറ്റപ്പെട്ട ഒരു വിചാരധാരയെ പ്രതിനിധാനം ചെയ്യുന്നു..
സോമശേഖരന്‍ - അല്ല, ഒറ്റപ്പെട്ട വിചാരധാരയല്ല...എല്ലാ സംഘടനകളിലും ഇവരെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്. പക്ഷെ 
അതൊക്കെ വ്യക്തിഗത ഇഷ്ടം എന്ന നിലയില്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നിസ്സാരവല്‍ക്കരിക്കുന്നു.

ചോദ്യം- ഞാനത് കൂടുതല്‍ വ്യക്തമാക്കാം. ഉദാഹണമായി സന്ദീപാനന്ദഗിരി കൊല്ലത്തുവെച്ച് മറ്റൊരു ആള്‍ദൈവത്തിനെതിരെ സംസാരിച്ചുവെന്ന് ആരോപിച്ച് പ്രാദേശിക ആര്‍.എസ്.എസ് കാര്‍ അദ്ദേഹത്തോട് തട്ടിക്കയറുകയും തെറി പറയുകയും ചെയ്തതായി വാര്‍ത്ത വന്നു. സന്ദീപാനന്ദഗിരി പറയുന്നത് താന്‍ എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്ക തനിക്ക് ആര്‍.എസ്.എസിന്റെ ശല്യമുണ്ടെന്നാണ്. ഒരു ആള്‍ദൈവത്തിനെതിരെ തിരിയുമ്പോള്‍ ആര്‍.എസ്.എസ് രംഗത്ത് എത്തുന്നുവെങ്കില്‍ അതിനര്‍ത്ഥം ആ ദൈവത്തിന് ആര്‍.എസ്.എസ് കുട പിടിച്ചു കൊടുക്കുന്നുവെന്നല്ലേ?
സോമശേഖരന്‍ -അങ്ങനെയൊന്നും ആവണമെന്നില്ല. ലോക്കലായിട്ടുള്ള കാര്യമാണത്. എതിര്‍ക്കുന്ന പ്രാദേശികരായ ആള്‍ക്കാര്‍ക്ക് മാത്രം ഈ ആള്‍ദൈവത്തില്‍ താല്‍പര്യം ഉള്ളതുകൊണ്ടാവാമല്ലോ... ഈ ദൈവത്തെ രക്ഷിച്ചുകൊള്ളണമെന്നത് 
ആര്‍.എസ്.എസിന്റെ ഔദ്യോഗികമായ നിലപാടല്ലല്ലോ. ഇവരെയാരെയും രക്ഷിക്കലല്ല ആര്‍.എസ്.എസിന്റെ ജോലി. അങ്ങനെയൊരു ദൗത്യം ഏറ്റെടുത്തിട്ടുണ്ടെന്നും തോന്നുന്നില്ല.
ചോദ്യം- താങ്കള്‍ പറയുന്നത് കേട്ടാല്‍ പ്രാദേശികനേതൃത്വവും സംസ്ഥാനനേതൃത്വവുമായി യാതൊരു ബന്ധമില്ലെന്ന് വരുന്നു. ആര്‍.എസ്.എസ് പോലുള്ള ഒരു കേഡര്‍ സംവിധാനത്തില്‍ അങ്ങനെ സാധ്യമാണോ?
സോമശേഖരന്‍ - ഇതെല്ലാം വ്യക്തിപരമാണ്. കേഡര്‍ സംഘടനയ്ക്കും വ്യക്തിയുടെ വികാരങ്ങളും വിചാരങ്ങളും മുഴുവന്‍ കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞെന്നു വരില്ല.


ചോദ്യം-ഒരിനം ജനതാദള്‍ പോലെയാണോ ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നത്.....?!
സോമശേഖരന്‍ - വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍, കൂറുകള്‍ അതൊന്നും ഒരു കാലത്തും ഇല്ലാതാക്കാനാവില്ല
ചോദ്യം- ഒ.കെ. അതൊക്കെ അങ്ങ് വ്യക്തിപരമായി ചുരുക്കികാണുന്നു. ഗോള്‍വാ
ള്‍ക്കറൊക്കെ പറഞ്ഞത് ജര്‍മ്മനിയിലേക്ക് നോക്കൂ, അവിടെ ദേശീയബോധത്താല്‍ ഉദ്ബുദ്ധരായ ജനത വസന്തം തീര്‍ക്കുന്നു, സെമറ്റിക്കുകാരായ ജൂതന്‍മാരെ നശിപ്പിക്കുന്നതില്‍ അവര്‍ വിജയം വരിച്ചിരിക്കുന്നു, ദേശീയത അവിടെ പതഞ്ഞൊഴുകുന്നു, അതില്‍നിന്നും നാം ആവേശം ഉള്‍ക്കൊള്ളണം.......എന്നൊക്കെയാണ്. പ്രതിലോമകരമായ ആശയങ്ങള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ വീ ആന്‍ഡ് ഔര്‍ നേഷന്‍ ഡിഫൈന്‍ഡ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ പോലും ഇന്ന് സംഘപരിവാര്‍ തയ്യാറാകുന്നില്ല. ചിന്ത പബ്‌ളിക്കേഷന്‍സ് അത് മലായാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. അവര്‍ പ്രസിദ്ധീകരിക്കാത്തതുകൊണ്ട് ഞങ്ങളത് ചെയ്യുന്നു എന്നായിരുന്നു ചിന്തയുടെ അവകാശവാദം.
സോമശേഖരന്‍ -ആ പുസ്തകമൊക്കെ സംഘവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്

ചോദ്യം-ഗോള്‍വാള്‍ക്കര്‍ 1940-മുതല്‍ 73 വരെ ആര്‍.എസ്.എസിന്റെ സമുന്നത നേതാവായിരുന്നു....?
സോമശേഖരന്‍ -അതിനെന്താ? ഞാന്‍ മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി ഫെഡറേഷനില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ചെയ്യുകയും പറയുകയും ചെയ്ത കാര്യങ്ങള്‍ സംഘം ഏറ്റെടുക്കുമോ?
ചോദ്യം-എസ്.എഫ് ആയിരുന്നപ്പോള്‍ പറഞ്ഞത് ഏറ്റെടുക്കേണ്ടതില്ല. പക്ഷെ 
ഗോള്‍വാള്‍ക്കര്‍ ആര്‍.എസ്.എസ് പ്രമുഖായിരുന്നു. ആ പുസ്തകത്തില്‍ ന്യൂനപക്ഷം അവകാശമോ പരാതിയോ ഉന്നയിക്കാതെ, എന്തിനേറെ പൗരാവകാശങ്ങള്‍ക്ക് പോലും അവകാശമുന്നയിക്കാതെ അടങ്ങിയൊതുങ്ങി കഴിയണമെന്ന് ഗോള്‍വാള്‍ക്കര്‍ പറയുന്നില്ലേ?
സോമശേഖരന്‍ - സെക്കുലര്‍ ആയ രാജ്യത്ത് മതപരമായഅവകാശങ്ങള്‍ പാടില്ലല്ലോ. രാജ്യം മതങ്ങള്‍ക്ക് വിഭജിച്ച് കൊടുത്താല്‍ ദേശീയതയെവിടെ?

ചോദ്യം-സെക്കുലര്‍ എന്ന ആശയം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതുപോലും ഇന്ദിരാഗാന്ധിയുടെ കാലത്താണ്.. അതല്ലാതെ വളരെ അവ്യക്തമായ ഒരു പരാമര്‍ശം മാത്രമേ അതിനു മുമ്പുള്ളു
സോമശേഖരന്‍ - പദം ഉള്‍പ്പെടുത്തിയോ എന്നുള്ളത് പ്രശ്‌നമല്ല. സെക്കുലര്‍ എന്ന സ്പിരിറ്റാണ് പ്രധാനം. മതം ഒരിക്കലും ദേശീയത ഉണ്ടാക്കില്ല. ന്യൂനപക്ഷാവകാശം എന്നൊന്ന് ലോകത്ത് ഇന്ത്യയിലല്ലാതെ മറ്റെവിടെയെങ്കിലും ഉള്ളതായി കേട്ടിട്ടുണ്ടോ?
ചോദ്യം-പാകിസ്താനിലും സൗദിയിലുമൊക്കെ മതം തന്ന ദേശീയതയായി രാഷ്ട്രത്തെ ഒരുമിച്ച് നിറുത്തുന്നതായി വാദമുണ്ടല്ലോ?
സോമശേഖരന്‍ - ഏയ് ഇല്ല മതത്തിന് ഒരിക്കലും ദേശീയതയെ പോഷിപ്പിക്കാനാവില്ല. അത് ദേശീയതയ്ക്ക് ഹാനികരമാണ്. പാകിസ്ഥാനില്‍ ദേശീയതയുണ്ടാകണമെങ്കില്‍ മറ്റ് മതങ്ങളെയും നാസ്തികരെയും തുല്യര്യായി കണ്ട് തുല്യ പരിഗണന നല്‍കാന്‍ തയ്യാറാകേണ്ടിവരും. അവിടെയൊക്കെ മതമേ ഉള്ളൂ ദേശീയത ഇല്ല അതല്ലേ അത് കാണിക്കുന്നത്?

ചോദ്യം-അപ്പോള്‍ അവരെക്കൂടി അക്കോമൊഡേറ്റ് ചെയ്യെണ്ടേ?
സോമശേഖരന്‍ -ചെയ്യണം, അക്കോമൊഡേറ്റ് ചെയ്യണം
ചോദ്യം-ന്യൂനപക്ഷങ്ങള്‍ പൗരാവകാശങ്ങള്‍ പോലും ത്യജിക്കാന്‍ തയ്യാറായിരിക്കണമെന്ന് 
ഗോള്‍വാള്‍ക്കര്‍ എഴുതിവെച്ചതോ?
സോമശേഖരന്‍ - ഏയ്, തുല്യപരിഗണനയില്ലെന്ന് ഗോള്‍വാള്‍ക്കറോ സംഘത്തിലുള്ള ആരെങ്കിലുമോ പറഞ്ഞിട്ടില്ല
തുല്യമേ ഉള്ളൂ, അതില്‍ കൂടുതല്‍ ഇല്ലെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ തുല്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഈ ന്യൂനപക്ഷാവകാശം എവിടെ നിന്ന് വന്നു?! ലോകത്തെവിടെയെങ്കിലും ഇങ്ങനെയൊന്ന് ഉള്ളതായി കേട്ടിട്ടുണ്ടോ?! ഇത് പൂര്‍ണ്ണമായും മതത്തിന്റെ അടിസ്ഥാനത്തിലാണ്. സെക്കുലറിസത്തിന്‌ പൂര്‍ണ്ണമായും വിരുദ്ധമാണത്. എണ്ണത്തില്‍ കുറവാണ് എന്ന പേരില്‍ പ്രത്യേക പദവി കൊടുക്കുക എന്നു പറഞ്ഞാല്‍ അവിടെ രാഷ്ട്രം ബലികഴിക്കപ്പെടുകയാണ്. തുറന്നുപറയട്ടെ, സെക്കുലറിസം എന്ന ആശയമാണ് യൂറോപ്പിനെ പ്രാകൃതത്വത്തില്‍ നിന്ന് രക്ഷിച്ചത്. അവിടെ സാധാരണപൗരനും സ്റ്റേറ്റും ഒരുപോലെ സെക്കുലറായി. അങ്ങനെയാണ് അന്ധകാരയുഗത്തില്‍ നിന്നും അവര്‍ ശാസ്ത്രയുഗത്തിലേക്ക് മുന്നേറിയത്. സെക്കുലറിസം ഒരു വലിയ രക്ഷാകവചമാണെന്നതില്‍ സംശയമില്ല. പക്ഷെ ഇന്ത്യയില്‍ ഇപ്പോഴും സെക്കുലറിസമെന്നാല്‍ മൈനോരിറ്റിസമാണ്...ഇതെങ്ങനെ ശരിയാവും?

ആര്‍.എസ്.എസും സെക്കുലറിസവും
ചോദ്യം-ആര്‍.എസ്.എസിന്റെ ഭരണഘടനയില്‍ സെക്കുലറിസം എന്ന ആശയമുണ്ടോ?
സോമശേഖരന്‍- ഉണ്ടല്ലോ, അത് പറയുമ്പോള്‍ ആര്‍.എസ്.എസിന് ഭരണഘടന എന്നൊരു സാധനം തന്നെയില്ല
ചോദ്യം-1949 ല്‍ ആര്‍.എസ്.എസിന് ഭരണഘടന ഉണ്ടായല്ലോ...?
സോമശേഖരന്‍- അതെ. പക്ഷെ രാഷ്ട്രീയപാര്‍ട്ടികളെപ്പോലെ ഭരണഘടന പ്രകാരമല്ല സംഘം പ്രവര്‍ത്തിക്കുക
ചോദ്യം-അപ്പോള്‍ ആര്‍.എസ്.എസ് ഭരണഘടനയില്‍ സെക്കുലര്‍ എന്ന പദമോ ആശയമോ ഇല്ല?
സോമശേഖരന്‍ -പദമുണ്ടാകില്ല. പക്ഷെ നാഷണല്‍ എന്നു പറയുമ്പോള്‍ തന്നെ സെക്കുലര്‍ എന്ന കാര്യം തീര്‍ച്ചപ്പെടുകയാണ്. സെക്കുലര്‍ അല്ലെങ്കില്‍ നാഷണല്‍ അല്ല.
ചോദ്യം- അത് താങ്കളുടെ ഒരു വ്യാഖ്യാനം...ഞാനത് മാനിക്കുന്നു. എന്നാല്‍ 1948 ല്‍ ഗാന്ധിവധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ടതിന് ശേഷം 49 ല്‍ വന്ന ആര്‍.എസ്.എസി ന്റെ ഭരണഘടനയില്‍ താങ്കള്‍ പറയുന്നതുപോലെ ഇത്തരത്തില്‍ ഉദാരപരമായ ഒരു സമീപനം കാണാനാവില്ല. നാസി മാതൃകയിലുള്ള അമിതദേശീയബോധമാണ് അവിടെ പിന്തുണയ്ക്കപ്പെട്ടു കാണുന്നത്.

സോമശേഖരന്‍ -ദേശീയതയ്ക്ക് ഒരിക്കലും അമിതമാകാന്‍ പറ്റില്ല. പക്ഷെ ചരിത്രാതീതം കാലം മുതലേ രാഷ്ട്രദ്രോഹം ഇന്ത്യയുടെ പൊതുസ്വഭാവമാണ്. ഏത് വിദേശി വന്നാലും എതിര്‍ക്കുന്നവരെക്കാളും കൂടുതല്‍ അനുകൂലിക്കുന്നവരായിരിക്കുമിവിടെ. ശിവജിയുടെ കാലത്ത് പോലും അദ്ദേഹത്തിന്റെ മുഗള്‍ ശത്രുക്കളെ അനുകൂലിക്കുന്നവര്‍ക്കായിരുന്ന മഹാരാഷ്ട്രയില്‍ പോലും പ്രാമുഖ്യം. വലിയ പ്രമാണിമാര്‍ പോലും മുഗള്‍സാമ്രാജ്യത്തിനൊപ്പമായിരുന്നു. ബംഗാളും മഹാരാഷ്ട്രയുമൊക്കെയാണ് ദേശീയതയുടെ ഹൃദയഭൂമിയായി നാം ഉയര്‍ത്തിക്കാട്ടുന്നത്. പക്ഷെ അതൊക്കെ വെറുതെയാണ്, അവിടെയൊക്കെ ദേശീയവിരുദ്ധശക്തികള്‍ക്കായിരുന്നു മേധാവിത്വം.
ചോദ്യം- വീര്‍സവാര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതികൊടുത്ത സംഭവം നോക്കൂ. സ്വാതന്ത്രസമരം എന്ന ഏറ്റവും വലിയ ദേശീയസമരത്തില്‍ നിന്നാണ് അദ്ദേഹം നിരുപാധികം പിന്‍വലിയുന്നത്
സോമശേഖരന്‍ -സവാര്‍ക്കര്‍ സംഘക്കാരനല്ല, അദ്ദേഹത്തിന് സംഘവുമായി യാതൊരു ബന്ധവുമില്ല. ഹിന്ദുമഹാസഭയും ആര്‍.എസ്.എസുമായി ബന്ധമില്ല

ചോദ്യം-ആ അര്‍ത്ഥത്തില്‍ സേവാഭാരതിക്കും ബജ്രറംഗദളിനും ആര്‍.എസ്.എസുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാമല്ലോ...?’
സോമശേഖരന്‍ -അങ്ങനെയല്ല, അതൊക്കെ സംഘം തന്നെ ഉണ്ടാക്കിയതാണ്.
അത്‌പോലെ ഹിന്ദുമഹാസഭ സംഘത്തെ ഉണ്ടാക്കിയിട്ടില്ല. പിന്നെ, സവര്‍ക്കറെ പോലുള്ളവര്‍ ആര്‍.എസ്.എസിന്റെ രൂപീകരണത്തെ സഹായിച്ചിട്ടുണ്ട്, പിന്തുണച്ചിട്ടുണ്ട്-അത്രമാത്രം.

ചോദ്യം-ഹിന്ദുമഹാസഭയുടെ കേഡര്‍ നല്ലൊരു പങ്ക് ആര്‍.എസ്.എസിലേക്ക് വന്നില്ലേ?
സോമശേഖരന്‍ -ഇല്ല
ചോദ്യം-അപ്പോള്‍ അതൊരു ചരിത്രപരമായ തുടര്‍ച്ചയല്ല...?
സോമശേഖരന്‍ -ചരിത്രപരമായും ആശപരമായും സംഘടനാപരമായും ആര്‍.എസ്.എസ് ഹിന്ദുമഹാസഭയുടെ തുടര്‍ച്ചയല്ല.

ചോദ്യം- സവര്‍ക്കറിന് ആര്‍.എസ്.എസിന്റെ ഐഡിയോളജിയുമായി ബന്ധമേയില്ല...?
സോമശേഖരന്‍ -സവര്‍ക്കാറിന് ആര്‍.എസ്.എസ് ഐഡിയോളജിയുമായി യാതൊരു ബന്ധവുമില്ല. പക്ഷെ ദേശീയദൃഷ്ടി ബോധത്തോടെ ചരിത്രമെഴുതാന്‍ ശ്രമിച്ച ഒരാള്‍ എന്ന നിലയില്‍ സവര്‍ക്കറെ അംഗീകരിക്കുന്നുണ്ട്. അങ്ങനെ ചരിത്രമെഴുതിയവര്‍ അധികമില്ല

ചോദ്യം- ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഏകാന്ത ജയില്‍വാസത്തിനിടെ ഹതാശനായി സവര്‍ക്കാര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് സമരത്തില്‍നിന്ന് പിന്‍വലിഞ്ഞു. ഇതിനെ താങ്കളെങ്ങനെ കാണുന്നു?
സോമശേഖരന്‍ - എന്ത് മാപ്പ്?
ചോദ്യം-ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ് അദ്ദേഹം അവര്‍ക്കെതിരെയുള്ള സമരത്തില്‍ നിന്ന് രാജിയായില്ലേ?
സോമശേഖരന്‍ - ഇല്ല എനിക്കറിയില്ലത്. അതില്‍ എത്രമാത്രം വാസ്തവം ഉണ്ടെന്ന് അന്വേഷിക്കണം. മാപ്പെഴുതി കൊടുത്തെങ്കില്‍ അത് തെറ്റാണ്..


ചോദ്യം- ഇനി, സമകാലിക രാഷ്ട്രീയത്തിലേക്ക് വന്നാല്‍ നരേന്ദ്രമോദി അടുത്ത പ്രധാനമന്ത്രിയാകാന്‍ തയ്യാറെടുക്കുകയാണ്.... അദ്ദേഹം ഏറ്റവും കൂടുതല്‍ ആക്ഷേപിക്കപ്പെടുന്നത് ഗുജറാത്ത് കലാപത്തിന്റെ പേരിലാണ്. ഗുജറാത്ത് കലാപത്തില്‍ മോദി കുറ്റക്കാരനാണെന്ന് കരുതുന്നുണ്ടോ?
സോമശേഖരന്‍ - ഇല്ല
ചോദ്യം-എന്തുകൊണ്ട്?
സോമശേഖരന്‍ -വര്‍ഗ്ഗീയലഹളകള്‍ ഇന്ത്യയില്‍ എല്ലായിടത്തും എല്ലാക്കാലത്തും ഉണ്ടാകുന്നുണ്ട്. പക്ഷെ അതിന് വര്‍ഗ്ഗീയലഹള എന്ന പേര് വരുന്നത് മുസ്‌ളീങ്ങള്‍ക്ക് തല്ലുകൊള്ളുമ്പോള്‍ മാത്രമാണ്. ഹിന്ദുക്കളെ കത്തിച്ചാലും കൊന്നാലും അത് വര്‍ഗ്ഗീയകലാപമാണെന്ന് അംഗീകരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും പ്രസ്ഥാനവും തയ്യാറല്ല. അങ്ങനെ ഹിന്ദുക്കള്‍ മാത്രമായി സഹിക്കേണ്ട കാര്യമൊന്നുമില്ല. അടിച്ചാല്‍ തിരിച്ചടിക്കണം. എനിക്ക് അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല


ചോദ്യം- അടിച്ചാല്‍ തിരിച്ചടിക്കണം...?
സോമശേഖരന്‍ -എന്താ സംശയം? അടി കൊള്ളാതെ ജീവിക്കാന്‍ തിരിച്ചടിക്കുന്നവര്‍ക്ക് മാത്രമെ സാധിക്കുള്ളു. തിരിച്ചടിക്കാത്തവര്‍ തല്ലുകൊണ്ട് കിടക്കുകയേ ഉള്ളൂ. ഹിന്ദുസമൂഹത്തിന് അതിന്റെ ആവശ്യമൊന്നുമില്ല.
ചോദ്യം- ആര്‍.എസ്.എസ് ഏറെ വിമര്‍ശിക്കപ്പെടുന്ന നിലപാടാണ് അങ്ങ് സൂചിപ്പിച്ചത്...?
സോമശേഖരന്‍ - പിന്നെ അടിച്ചാല്‍ തിരിച്ചടിക്കേണ്ടേ? അങ്ങനെയാണോ മറ്റ് സംഘടനകളൊക്കെ പ്രവര്‍ത്തിക്കുന്നത്?
ചോദ്യം- ഹിന്ദു ഉണരണം എന്ന് ചില തീവ്ര ജനകീയ നേതാക്കള്‍ പറയുന്നതായി കേള്‍ക്കാറുണ്ട്. ഹിന്ദു ഉണര്‍ന്നാല്‍, ഫേസ് ബുക്കിലൊക്കെ പറയുന്നതുപോലെ, പല്ല് തേച്ച് കുളിച്ച് കാപ്പി കുടിക്കും എന്നല്ലാതെ വേറെന്തെങ്കിലും ഗുണമുള്ളതായി കരുതുന്നുണ്ടോ?
സോമശേഖരന്‍ - ഉണ്ട്, ഹിന്ദു ഉണരുന്നതുകൊണ്ട് ഗുണമുണ്ട്. പക്ഷെ ഈ ഉണരല്‍ എന്താണ് ഏത് രീതിയിലാണ് എങ്ങോട്ടാണ് എന്നതാണ് വിഷയം. ഉണരുക എന്ന വാക്കിന് അര്‍ത്ഥം തനിക്ക് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളെ വേണ്ടപോലെ മനസ്സിലാക്കുക എന്നതാണ്.ഭാരതത്തില്‍ 85 ശതമാനം വിശാലാര്‍ത്ഥത്തില്‍ ഹിന്ദുക്കളാണ്. 85 ശതമാനം ഉണര്‍ന്ന് നേരാവണ്ണം ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഭാരതത്തിന്് ഗുണമുണ്ടാകും. അങ്ങനെ വന്നാല്‍ ബാക്കി 15 ശതമാനം എന്തുചെയ്താലും ഭാരതത്തിന് പ്രശ്‌നമില്ല.

ഹിന്ദുക്കള്‍ അരക്ഷിതരോ?
ചോദ്യം- ഇന്ത്യയില്‍ ഹിന്ദുക്കള്‍ അരക്ഷിതരാണെന്ന് കരുതുന്നുണ്ടോ?
സോമശേഖരന്‍ -അരക്ഷിതരാണ്, മിക്ക സ്ഥലങ്ങളിലും അരക്ഷതിരാണ്. അതുകൊണ്ടാണ്ടാണ് ഹിന്ദുക്കളെ കൊന്നാല്‍ ചോദ്യമില്ല. ഹിന്ദു മുസല്‍മാനെ കൊന്നാലേ വര്‍ഗ്ഗീയകലാപമാകൂ. മുസ്‌ളീം ഹിന്ദുവിനെ കൊന്നാല്‍ സെക്കുലറിസം, ഹിന്ദു മുസ്‌ളീമിനെ കൊന്നാല്‍ കമ്മ്യൂണലിസം. ...ഈ വാക്കുകളൊക്കെ നിലനില്‍ക്കുന്നത് ന്യൂനപക്ഷത്തെ ചുറ്റിപ്പറ്റിയാണ്....മുഗള്‍ഭരണത്തിന്റെ പിന്‍മുറക്കാരാണ് തങ്ങളെന്നാണ് ഇന്ത്യിലെ ശരാശരി മുസല്‍മാന്‍ ചിന്തിക്കുന്നത്. ഇന്ത്യ ഭരിച്ചത് ഞങ്ങളാണ് എന്നവര്‍ ചിന്തിക്കുന്നു.

ചോദ്യം- ഇന്ത്യ ഭരിക്കേണ്ടത് അവരാണെന്ന് മുസ്‌ളീങ്ങള്‍ ചിന്തിക്കുന്നു...അവരുടെ രാജ്യമാണിത്, അതാണോ പറഞ്ഞത്?
സോമശേഖരന്‍ -പിന്നല്ലാതെ? അല്ലെന്നാകില്‍ അവരിത്രയും അവകാശവാദങ്ങള്‍ ഉന്നയിക്കില്ലല്ലോ. എല്ലാവരെയും പോലെ തങ്ങളും എന്നല്ലേ കരുതൂ.
ചോദ്യം-അങ്ങനെയെങ്കില്‍ ക്രിസ്ത്യാനികളും ഈ രാജ്യത്ത് ന്യൂനപക്ഷമല്ലേ. അവരും തങ്ങളാണ് രാജ്യം ഭരിക്കേണ്ടതെന്ന് കരുതുണ്ടാവുമോ?
സോമശേഖരന്‍ -കരുതുന്നുണ്ടാവാം.

ചോദ്യം- ന്യൂനപക്ഷത്തെ കുറിച്ച് അങ്ങനെ പറഞ്ഞാല്‍ യഥാര്‍ത്ഥ ന്യൂനപക്ഷമായ ബുദ്ധ-ജൈന-പാഴ്‌സി വിഭാഗക്കാര്‍ ഇത്തരം അവകാശങ്ങളുണ്ടോ?
സോമശേഖരന്‍ -ഇല്ല, അവര്‍ക്കില്ല. അതെന്തെന്തുകൊണ്ടെന് ചോദിച്ചാല്‍ ഉത്തരം പറയേണ്ടത്, ഭരണഘടന ഉണ്ടാക്കിയവരാണ്. അതിന്റെ ഉത്തരം എനിക്കോ സാറിനോ മാത്രമായി കണ്ടുപിടിക്കാനാവില്ല. അതായത് സെക്കുലറിസം എന്നത് ഒരു വഞ്ചന ആയിരുന്നുവെന്ന് വരുന്നു. അത് ആക്രമാസക്തരായ വൈദേശിക മതങ്ങളെയും അവരുടെ വൈദേശികപിന്തുയേയും തൃപ്തിപ്പെടുത്താന്‍ മെനഞ്ഞ ഒരു രാഷ്ട്രീയ നാടകമായിരുന്നു എന്നതാണ് വാസ്തവം. അതല്ലായിരുന്നുവെങ്കില്‍ മറ്റ് യഥാര്‍ത്ഥ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശാധികാരങ്ങള്‍ കിട്ടുമായിരുന്നു. പക്ഷെ അധികാരം പങ്കിട്ടെടുക്കുന്ന സമയത്ത് ബുദ്ധ-ജൈന-സിക്കു മതസ്ഥരെ ഹിന്ദുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ബോധപൂര്‍വം മാറ്റി നിര്‍ത്തി.....അതാണ് സംഭവിച്ചത്. ചരിത്രപരവും ആചാരാനുഷ്ഠാനപരവുമായ വൈജാത്യങ്ങളും വൈരുദ്ധ്യങ്ങളും മാറ്റി നിര്‍ത്തി ഇവരെയൊക്കെ ഹിന്ദുക്കളായി കാണാമെങ്കില്‍ ക്രൈസ്തവ-മുസ്‌ളീം വിഭാഗങ്ങളെയും ഹിന്ദുവായി കാണുന്നതില്‍ യാതൊരു കുഴപ്പവുമില്ല. കാരണം ഹൈന്ദവതയെന്നാല്‍ ദേശീയതയാണ്. ഹിന്ദുവെന്നാല്‍ ഭാരതീയനെന്നേ അര്‍ത്ഥമുള്ളു. അതാണ് സംഘത്തിന്റെ കാഴ്ചപ്പാട്. അല്ലെങ്കില്‍ എന്നെയൊന്നും സംഘത്തില്‍ കയറ്റില്ലല്ലോ... കാരണം 1969 മുതല്‍ ഞാന്‍ മതവിദ്വേഷിയാണ്....


ചോദ്യം-മതവിദ്വേഷിയാണ്....?
സോമശേഖരന്‍ -മതവിദ്വേഷിയാണ്. ഒരു മതവുമായി എനിക്ക് പൊരുത്തപ്പെടാനാവില്ല. മതത്തോട് പൊരുത്തപ്പെടണമെന്ന് സംഘം എന്നോടൊരിക്കലും പറഞ്ഞിട്ടുമില്ല.
ചോദ്യം-അപ്പോള്‍ താങ്കളൊരു വിശ്വാസി അല്ലേ?
സോമശേഖരന്‍ -അല്ല. ഒരുകാലത്തും ആയിരുന്നില്ല. ആരാധനാലയങ്ങളിലൊന്നും പോയിട്ടുമില്ല. വിശ്വാസമുണ്ടാകണം എന്ന നിബന്ധന സംഘത്തിന് വെക്കാനുമാവില്ല. ദേശീയപ്രസ്ഥാനത്തിന് അതിലെ അംഗങ്ങള്‍ക്ക് വിശ്വാസമുണ്ടാകണമെന്ന് ശഠിക്കാനാവില്ല. ഹിന്ദുമതത്തില്‍ വിശ്വസിക്കണമെന്നോ കുറഞ്ഞപക്ഷം ഹിന്ദുമതത്തിന് എതിരാകാതെ ഇരിക്കണമെന്നോ സംഘത്തിന് നിര്‍ബന്ധിക്കാനാവില്ല. വിശ്വാസമുണ്ടാകേണ്ടത് സംഘത്തിന്റെ തത്വത്തിലാണ്. സംഘത്തിന് വിഷയം ദേശീയത മാത്രമാണ്. ഹിന്ദു എന്നാല്‍ അര്‍ത്ഥം ഭാരതീയന്‍ എന്നു മാത്രമാണ്.


ചോദ്യം- പറഞ്ഞു വരുമ്പോള്‍ താങ്കള്‍ ഒരു നാസ്തികനാണ്. പക്ഷെ താങ്കള്‍ ഉന്നയിക്കുന്നത് ഹിന്ദുത്വരാഷ്ട്രവാദമാണ്. അതിന്റെ അടിസ്ഥാനം ഹിന്ദുമതമാണ്. താങ്കള്‍ പറയുന്ന ഭാരതീയന്‍ എന്ന അര്‍ത്ഥമല്ല അതിനുള്ളത്. അതിന്റെ സാധ്യതകള്‍ ന്യൂനപക്ഷവിരുദ്ധമാണ്. എത്തിയിസ്റ്റും ഹ്യുമനിസ്റ്റുമായ ഒരാള്‍ക്ക് എങ്ങനെ ഇത്തരത്തില്‍ ചിന്തിക്കാനാവുന്നു?
സോമശേഖരന്‍ -എത്തിയിസ്റ്റും ഹ്യൂമനിസ്റ്റുമായ ഒരാള്‍ക്ക് അനീതിയെ എതിര്‍ക്കാന്‍ പാടില്ലേ? മതത്തിന്റെ പേരില്‍ ആനുകൂല്യം കൊടുക്കുന്നത് വിഡ്ഢിത്തമാണ്, അനീതിയാണ്, രാഷ്ട്രദ്രോഹമാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.... മതത്തിന്റെ പേരില്‍ ആനുകൂല്യം കൊടുക്കുന്നത് ഇന്ത്യയില്‍ മാത്രമല്ലേയുള്ളു. അവരെ ഈ രാജ്യത്തെ പൗരന്‍മാരല്ലെന്ന് ചിന്തിക്കാന്‍ ഭരണഘടന പോലും പ്രേരിപ്പിക്കുകയാണ്.

ചോദ്യം-ബ്രിട്ടണിലൊക്കെ ഏകമതവിശ്വാസം പിന്തുടരുന്ന മതങ്ങള്‍ക്ക് പ്രതക്യേക പരിഗണനയുണ്ട്. ഇസ്‌ളാമിക രാജ്യങ്ങളില്‍ ഇസ്‌ളാമിന് പ്രത്യേക പരിഗണനയുണ്ട്. മതത്തിന് പ്രത്യേക പരിഗണന കൊടുക്കുന്ന രീതി പല രാജ്യങ്ങളിലുമില്ലേ?
സോമശേഖരന്‍ - ഇസ്‌ളാമികരാജ്യങ്ങളില്‍ തിയോക്രസിയാണ്, ഇന്ത്യയില്‍ ഡമോക്രസിയാണ്. അങ്ങനെയൊരു രാജ്യത്ത് സവിശേഷ പൗരന്‍മാരുണ്ടാകാന്‍ പാടില്ല

ചോദ്യം-അത് ഭരണഘടനയുടെ പ്രീയാമ്പിളില്‍ വ്യക്തമാക്കുന്നുണ്ടല്ലോ...?
സോമശേഖരന്‍ -പ്രീയാമ്പിളില്‍ പറഞ്ഞതു കൊണ്ടായില്ല. അങ്ങനെയെങ്കില്‍ പിന്നെയെങ്ങനെ ന്യൂനപക്ഷാവകാശം വന്നു? കാശ്മീരിന് പ്രത്യേക പദവി വന്നു? നാഗലാന്‍ഡിന് പ്രത്യേക പദവി വേണമെന്ന് ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ വന്നു?


ചോദ്യം- ഇതൊക്കെ സംഘപരിവാര്‍ രാഷ്ട്രീയക്കാര്‍ പറയുന്ന കാര്യമാണ്. അവിടെയാണ് താങ്കള്‍ ഇപ്പോഴും നില്‍ക്കുന്നത്? ഹിന്ദു 'ദേശീയത'യാണെന്ന് പറയുന്നു. പക്ഷെ പറഞ്ഞു വരുമ്പോള്‍ അത് ശരിക്കും'ഹിന്ദുമത'ത്തിന്റെ കാര്യമാണ്. ഇതൊക്കെ തമ്മില്‍ പലയിടത്തും കൂട്ടിമുട്ടുന്നില്ല......
സോമശേഖരന്‍ -ഞാനൊരു പൂര്‍ണ്ണ മതനിഷേധിയാണ്. എന്നുകരുതി സംഘപരിവാര്‍ സത്യം പറഞ്ഞാല്‍ എനിക്കങ്ങനെ നിഷേധിക്കാനാവും? കമ്മ്യൂണിസത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ ശരിയാണെങ്കില്‍ കമ്മ്യൂണിസമാണെന്ന് കരുതി എതിര്‍ക്കാനാവില്ല.

വൈരുദ്ധ്യാത്മക ഭൗതികവാദവും സംഘരാഷ്ട്രീയവും



ചോദ്യം-കമ്മ്യൂണിസത്തില്‍ താങ്കള്‍ക്ക് സ്വീകാര്യമായതെന്താണ് ?
സോമശേഖരന്‍ -പ്രധാനമായും വര്‍ഗ്ഗസമരവാദം. ഇല്ലാത്തവന് കിട്ടണമെങ്കില്‍ ഉള്ളവന്റെ കയ്യില്‍ നിന്ന് ബലംപ്രയോഗിച്ച് എടുത്ത് കൊടുത്തേ മതിയാകൂ. ആദ്യം സമൂഹം ഉണ്ടാകുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനുമില്ല-അങ്ങനെ ആക്കിത്തീര്‍ത്തതാണ്
ചോദ്യം-സമൂഹത്തെ പരസ്പരം രമ്യതപ്പെടാത്ത രണ്ട് വിഭാഗങ്ങളായി തിരിച്ച് അവര്‍ക്കിടയിലുള്ള സംഘര്‍ഷമായി സാമൂഹികചലനത്തെ നിര്‍വചിക്കുകയാണവിടെ. ഉള്ളവര്‍ക്ക് എന്തെല്ലാം ഇല്ലാതെയുണ്ട്! ഇല്ലാത്തവര്‍ക്ക് എന്തെല്ലാം ഉള്ളതായിട്ടുണ്ട്! ഇല്ലാത്തവന് ഉണ്ടായെന്നും ഉള്ളവന് ഇല്ലാതായെന്നും വരാം. ഇത്തരം വിഭജനങ്ങള്‍ അശാസ്ത്രീയമല്ലേ...?
ടി.പി.സോമശേഖരന്‍ -രണ്ട് വര്‍ഗ്ഗങ്ങളായി മാര്‍ക്‌സ് വിഭജിച്ചിട്ടില്ല. നിലനിന്ന വിഭജനം നോക്കി കാര്യം പറയുകയാണ് മാര്‍ക്‌സ് ചെയ്തത്? ഇല്ലാത്തവന് ബുദ്ധിയുണ്ട്, കവിത്വമുണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. കാരണം അവന്‍ പട്ടിണിയിലാണ്...


ചോദ്യം-സാമ്പത്തികസമവാക്യങ്ങളിലേക്ക് എല്ലാം പരിമിതപ്പെടുത്തുകയാണവിടെ....
സോമശേഖരന്‍ -സാമ്പത്തികസമവാക്യം പരമപ്രധാനമാണ്
ചോദ്യം-ലോകത്തെവിടെയെങ്കിലും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനം അല്ലെങ്കില്‍ ഭരണം ഇല്ലാത്തവന് വേണ്ടിയായിരുന്നിട്ടുണ്ടോ? അങ്ങനെയൊരു നിലപാട് ഏതെങ്കിലും രാജ്യത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഉണ്ടായിരുന്നുവോ?
സോമശേഖരന്‍ -ഇല്ല, അങ്ങനെയെങ്ങും ഉണ്ടായിട്ടില്ല. ആദ്യകാല നേതാക്കള്‍ ആശയപ്രതിബന്ധതയുള്ളവരായിരിക്കും. അവര്‍ ജീവന്‍ ബലി കൊടുത്തിട്ടാണ് പ്രസ്ഥാനം ഉണ്ടാക്കുന്നത്. പക്ഷെ അവര്‍ക്ക് ശേഷം പ്രസ്ഥാനം ബാക്കിയാവുന്നു, ആശയം അനാഥമാകുന്നു, പ്രസ്ഥാനം വഴി തെറ്റുന്നു...


ചോദ്യം-മാര്‍ക്‌സിസം താത്വികമായി ശരിയാണെന്ന് താങ്കള്‍ സൂചിപ്പിക്കുന്നു. അപ്പോള്‍ അതിന്റെ താത്വിക അടിത്തറയായ വൈരുദ്ധ്യാത്മക ഭൗതികവാദം ശാസ്ത്രീയമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
സോമശേഖരന്‍ - ഇല്ല. വൈരുദ്ധ്യാത്മക ഭൗതികവാദം ശാസ്ത്രീയമല്ല.
ചോദ്യം-അശാസ്ത്രീയപരമായ അല്ലെങ്കില്‍ അന്ധവിശ്വാസപരമായ ഒരു ദര്‍ശനം അടിസ്ഥാനമാക്കിയ പ്രമാണം താത്വികമായി ശരിയാകുന്നതെങ്ങനെ?
സോമശേഖരന്‍ -ഡയലക്റ്റിക്‌സ് പരിണാമസിദ്ധാന്തത്തിന് വിരുദ്ധമാണ്.
ചോദ്യം- പരിണാമവിരുദ്ധമായതു കൊണ്ടാണോ താങ്കള്‍ വൈരുദ്ധ്യാത്മികവാദം അശാസ്ത്രീയമെന്ന് പറയുന്നത്?
സോമശേഖരന്‍-നമുക്ക് ഇപ്പോള്‍ മാര്‍ക്‌സിസം എന്ന പേരില്‍ കിട്ടുന്നതൊക്കെ മാര്‍ക്‌സിന്റയാണോ എന്നറിയാന്‍ മാര്‍ഗ്ഗമില്ല. മാര്‍ക്‌സും ഏംഗല്‍സും തമ്മില്‍ വ്യക്തിത്വത്തിലും കാഴ്ചപ്പാടിലും ഏറെ വ്യത്യാസമുണ്ട്. മാര്‍ക്‌സ് സമൂഹത്തിലെ ദരിദ്രന്റെ ഉന്നമനത്തിന് വേണ്ടിയിട്ടുള്ള വാദങ്ങളാണ് കൊണ്ടുവന്നത്, ഏംഗല്‍സിന്റെതാകട്ടെ മുഴുവന്‍ വരട്ടുവാദവും. ഡയലെക്റ്റിക്കല്‍ മെറ്റീരിലിയസം ഏംഗല്‍സിന്റെ അശാസ്ത്രീയമായ വരട്ടുവാദമാണെന്നാണ് ഞാന്‍ കരുതുന്നത്. മാര്‍ക്‌സ് അടിസ്ഥാനപരമായി ഇക്കണോമിക്കല്‍ ഫിലോസഫറാണ്.


ചോദ്യം-അതെങ്ങനെ?! ഡയലെക്റ്റിക്‌സ് എന്നുപറയുമ്പോള്‍ ഗ്രീക്കുകാരനായ ഹെറാക്‌ളിറ്റസില്‍ തുടങ്ങി ഹെഗല്‍ വഴി മാര്‍ക്‌സിലെത്തിയ സാധനമാണ്. അത് താത്വികമായി നിലനില്‍ക്കുന്നതല്ലെന്ന് താങ്കള്‍ പറയുന്നു. അതെങ്ങനെ ഏംഗല്‍സിന്റെ മാത്രമാകും?!
സോമശേഖരന്‍ -അതെ. വൈരുദ്ധ്യാത്മകവാദം തീര്‍ച്ചയായും അശാസ്ത്രീയവും നിലനില്‍ക്കാത്തതുമാണ്. അത് ശരിയായാല്‍ പരിണാമം മുഴുവന്‍ അസാധുവാകും. പക്ഷെ ഈ സ്യൂഡോ സയന്‍സ് സിദ്ധാന്തത്തില്‍ കൊണ്ടുവന്നത് ഏംഗല്‍സാണ്. മാര്‍ക്‌സിന്റെ സാമ്പത്തികസിദ്ധാന്തം മാത്രം പരിഗണിച്ചാല്‍ മതി. മാര്‍ക്‌സിനെപ്പോലെ ഇത്രയും വിവരമുള്ള ഒരാള്‍, അതും പരിണാമസിദ്ധാന്തം വന്നതിന് ശേഷം, ഇത്തരമൊരു സിദ്ധാന്തം തന്റെ എക്കണമിക്ക് തിയറിയുടെ കൂടെച്ചേര്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല


ചോദ്യം-മാര്‍കിസിസത്തിലെ പിഴവുകള്‍ മുഴുവന്‍ ഏംഗല്‍സിന്റെ പണി ആണെന്നാണോ താങ്കളുടെ വാദം?
സോമശേഖരന്‍ -അതെ.
ചോദ്യം-വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാന സമവാക്യങ്ങളായ വൈരുദ്ധ്യങ്ങളുടെ ഐക്യവും സമരവും,അളവിലുള്ള മാറ്റം ഗുണത്തിലുള്ള മാറ്റം, നിഷേധത്തിന്റെ നിഷേധം... ഇവയൊക്കെ ശാസ്ത്രീയമാണോ പ്രായോഗികമായ തെളിയിക്കപ്പെട്ടതാണോ താത്വികമായി ശരിയാണോ? ഇവല്യൂഷന് വിരുദ്ധമാണെന്നത് മാത്രമാണോ താങ്കളിതിലൊക്കെ കാണുന്ന ഏക ന്യൂനത?
സോമശേഖരന്‍ -ഇവല്യൂഷനെ അംഗീകരിക്കുകയും അതിനെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്ന ധാരാളം തത്വങ്ങള്‍ പ്രകൃതിയിലുണ്ട്. പക്ഷെ ഡയലക്റ്റിക്‌സ് അതിന് വിരുദ്ധമാണ്. ഡയലക്റ്റിക്കല്‍ മെറ്റീരിയലിസത്തിന് സയന്റിഫിക്കാക്ക യാതൊരു തെളിവുമില്ല, സാധൂകരണവുമില്ല.

ചോദ്യം-അപ്പോള്‍ ഡയലക്റ്റിക്കല്‍ മെറ്റീരിയലിസം അശാസ്ത്രീയമെന്ന് പറയുന്ന താങ്കള്‍ ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള വര്‍ഗ്ഗസമരത്തില്‍ വിശ്വസിക്കുന്നു. ഇല്ലാത്തവന്റെ കൂടെയാണ് മാര്‍ക്‌സ് എന്നാണല്ലോ അതിനര്‍ത്ഥം. അങ്ങനെയെങ്കില്‍ തൊഴിലാളിവര്‍ഗ്ഗ പക്ഷപാതം അവകാശപ്പെടുന്ന മാര്‍ക്‌സിസം എവിടെയങ്കിലും തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയുണ്ടാക്കിയിട്ടുണ്ടോ? അവര്‍ക്ക് വേണ്ടി ഭരിച്ചിട്ടുണ്ടോ?
സോമശേഖരന്‍ -ഇല്ല. വീണ്ടും പറയട്ടെ, എനിക്ക് കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയെ അംഗീകരിക്കാന്‍ സാധിക്കില്ല. വിദ്യാഭ്യാസകാലത്ത് ഞാന്‍ എസ്.എഫില്‍ 3 കൊല്ലം പ്രവര്‍ത്തിച്ചത് തന്നെ നീതിക്ക് വേണ്ടിയാണ്. ഞാന്‍ പഠിച്ചിരുന്ന കോളേജില്‍ കെ.എസ്.യു വളരെ ശക്തമായിരുന്നു. പഠിപ്പുമുടക്കുക, അലമ്പുണ്ടാക്കുക, കോളേജിനെ ഒരു കക്കൂസാക്കി മാറ്റുക എന്ന കാര്യപരിപാടി മാത്രമെ അവര്‍ക്കുണ്ടായിരുന്നുള്ളു. അതിന് അറുതിവരുത്തിയത് ഞങ്ങളാണ്.

ഗാന്ധിയും ഗോഡ്‌സെയും
ചോദ്യം-ഗാന്ധിവധത്തെ ചുറ്റിപ്പറ്റി സംഘത്തിന് പഴി കേള്‍ക്കേണ്ടി വന്നു. 1948 ല്‍ ഇക്കാരണത്താല്‍ സംഘം നിരോധിക്കപ്പെട്ടു. പിന്നീട് ആര്‍.എസ്.എസിനെ കോടതികള്‍ കുറ്റവിമുക്തമാക്കി. പില്‍ക്കാലത്ത് ആര്‍.എസ്.എസിനെ ഗാന്ധിവധവുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നത് കോടതിയലക്ഷ്യമാണെന്നും വ്യക്തമാക്കപ്പെട്ടു. പക്ഷെ ഇപ്പോഴും ആര്‍.എസ്.എസ് ഗാന്ധിയുടെ ഘാതകരാണെന്ന പൊതുധാരണ മായുന്നില്ല...?
സോമശേഖരന്‍ -നാഥുറാം ഗോഡ്‌സെ ഗാന്ധിവധത്തിന് വളരെ മുമ്പെതന്നെ ആര്‍.എസ്.എസില്‍ നിന്ന് വിട്ടുപോയ ആളാണ്. സംഘത്തിന്റെ പ്രവര്‍ത്തനം ഫലശൂന്യമാണെന്നും സായുധവിപ്‌ളവം വേണമെന്നും വാദിച്ച പക്ഷത്തായിരുന്നു ഗോഡ്‌സെ. സംഘമത് അംഗീകരിച്ചില്ല. കോണ്‍ഗ്രസ്സ് നേതാക്കളില്‍ ദേശീയബോധം ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്ന വ്യക്തികളില്‍ ഒരാളായിരുന്നു ഗാന്ധിജി. വധത്തെ തുടര്‍ന്ന് ആര്‍.എസ്.എസിന്റെ അന്നത്തെ അഖില ഭാരതീയ ബൗദ്ധിക പ്രമുഖായിരുന്ന ബാബാസാഹിബ് ആപ്‌തെ പറഞ്ഞത് ഗാന്ധിവധത്തോടെ രാഷ്ട്രവാദികള്‍ക്ക് കോണ്‍ഗ്രസ്സില്‍ ഉണ്ടായിരുന്ന ഒരേയൊരു മിത്രം ഇല്ലാതെയായി എന്നാണ്. ഗാന്ധിയുടെ വധം ഒരിക്കലും ആര്‍.എസ്.എസിന്റെ ആവശ്യമായിരുന്നില്ല. കോണ്‍ഗ്രസ്സിലെ ഹിന്ദുത്വത്തിന്റെ സുഹൃത്തായിരുന്നു ഗാന്ധി. ഗാന്ധി മുസ്‌ളീംപ്രീണനക്കാരനാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് രാഷ്ട്രം എന്നൊരു ഭാവന ഉണ്ടായിരുന്നു. ചരിത്രം പരിശോധിക്കുന്നവര്‍ ഗോഡ്‌സെയുടെ ചരിത്രം പരിശോധിക്കാറില്ല.


ചോദ്യം-അപ്പോള്‍ ഗോഡ്‌സെ ഒരു വ്യതിയാനമായിരുന്നു? എന്തിനാവാം ഗോഡ്‌സെ അത് ചെയ്തതെന്ന് താങ്കള്‍ വിചാരിക്കുന്നു. 
സോമശേഖരന്‍ -തീര്‍ച്ചയായും ഗോഡ്‌സെ ഒരു വ്യതിയാനമായിരുന്നു. ആര്‍.എസ്.എസില്‍ നിന്ന് വിട്ട് രാമരാജ്യപരിഷത്ത് എന്ന സംഘടനയും പത്രവുമൊക്കെ നടത്തി വരുന്ന കാലത്താണ് ഗാന്ധിവധം. ഗാന്ധി വധം ഒരു വ്യക്തിയുടെ കാഴ്ചപ്പാടാണ്. അതിന് സംഘത്തിന്റെ കാഴ്ചപ്പാടുമായി ബന്ധമില്ലെന്ന് മാത്രമല്ല വിരുദ്ധവുമാണ്. മാന്‍മേക്കിംഗ് എന്ന സംഘത്തിന്റെ അടിസ്ഥാന തത്വത്തെ അട്ടിമറിക്കാനായി സായുധവിപ്‌ളവമെന്ന ഉട്ടോപ്പിയന്‍ നിലപാട് സ്വീകരിച്ച ഗോഡ്‌സെ സംഘവിരുദ്ധനുമാണ്. അതായത് സംഘടനാബന്ധമില്ല, ആശയബന്ധവുമില്ല.

ചോദ്യം-പരസ്യമായിത് പറയുമ്പോഴും രഹസ്യമായി ഗാന്ധിവധത്തില്‍ ആര്‍.എസ്.എസ് അഭിമാനിക്കാറില്ലേ. ശാഖകളിലൊക്കെ ഇത് സംബന്ധിച്ച് നല്‍കുന്ന പ്രബോധനം രാഷ്ട്രത്തിനെതിരെ നിന്നതിനാല്‍ ഗാന്ധിയെപ്പോലും ഞങ്ങള്‍ നീക്കം ചെയ്തു എന്നൊക്കെയല്ലേ? രഹസ്യമായി അതില്‍ അഭിമാനിക്കുന്ന രീതി സംഘക്കാര്‍ക്കിടയിലില്ലേ...?
സോമശേഖരന്‍ -അറിയില്ല. അങ്ങനെയുണ്ടെങ്കില്‍ അത് തെറ്റാണ്. ഗാന്ധിവധത്തില്‍ സംഘത്തിന് അഭിമാനിക്കാനൊന്നുമല്ല, അഭിമാനിക്കാന്‍ പാടില്ല. അത് സംഘത്തിന്റെ ആവശ്യമല്ല, സംഘതാല്‍പര്യത്തിന് എതിരുമാണ്. അങ്ങനെ ആരെങ്കിലും ചെയ്യുന്നുവെങ്കില്‍ അത് രാഷ്ട്രവിരുദ്ധമാണ്. മുസ്‌ളീംപ്രീണനം ഉള്ളപ്പോള്‍ തന്നെ ഗാന്ധിജി രാജ്യത്തിന് വേണ്ടി പലതും ചെയ്ത വ്യക്തിയാണ്. ഗാന്ധിയേയും പട്ടേലിനെയും ശാസ്ത്രിയേയും അംഗീകരിക്കാും. പക്ഷെ നെഹ്രുവിനെയും ഇന്ദിരയേയും അംഗീകരിക്കാനാവില്ല. അത് കുടുംബവാഴ്ചയാണ്. അത് ഇന്ത്യയുടെ ശാപമാണ്.

ചോദ്യം-ഗാന്ധി മുസ്‌ളീംപ്രീണനവും രാജ്യതാല്‍പര്യവും ഒരുമിച്ചുകൊണ്ടു പോയെന്ന് താങ്കള്‍ പറഞ്ഞു. അങ്ങനെ ചെയ്യാന്‍ കോണ്‍ഗ്രസ്സിന് കഴിയുമെങ്കില്‍ ആര്‍.എസ്.എസ് എന്തിനാണ്?
സോമശേഖരന്‍ -മുസ്‌ളീം പ്രീണനം നടത്തിയ എത്രയോ നേതാക്കള്‍ യാതൊരു നേതൃത്വ-വ്യക്തി ഗുണവുമില്ലാതെ കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് എത്തിയിരിക്കുന്നു.

ബാബ്‌റി മസ്ജിതും ദേശീയഗാനവും
ചോദ്യം- ഒ.കെ. ബാബ്‌റി മസ്ജിദിലേക്ക് വന്നാല്‍ 1993 ല്‍ ഒന്നരലക്ഷം വരുന്ന കര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തത് ഒരു ഭൂരിപക്ഷ ഭീകരത തന്നെയല്ലേ?
സോമശേഖരന്‍ -ഞാനന്ന് രാമജന്മഭൂമി മോചനം, രാമന്റെ ജന്മഭൂമിയൊന്നുമല്ലത്, സംബന്ധിച്ച് വളരെ കര്‍മ്മനിരതനായിരുന്ന വ്യക്തിയാണ്
ചോദ്യം- താങ്കള്‍ അവിശ്വാസിയാണ്, താങ്കള്‍ക്കെന്ത് രാമന്‍!!? സീതയുടെ അടുക്കളയെക്കുറിച്ചൊക്കെ കഥയുണ്ട്. താങ്കള്‍ക്ക് ഇതിലൊക്കെയുള്ള താല്‍പര്യമെന്താണ്...
സോമശേഖരന്‍ -അത് ശരിയാണ്. സീതയുടെ അടുക്കളയൊന്നുമില്ല. സീത കഥാപാത്രമാണ്. പക്ഷെ ബാബറി മസ്ജിദ് ബാബര്‍ കയ്യടക്കിയെന്ന പേരിലാണ് അവിടെ അവകാശവാദം ഉയര്‍ന്നത്. അത് അധിനിവേശത്തിന്റെ സ്വരമാണ്... അത് ദേശീയദൃഷ്ടിയില്‍ അനുവദിക്കാന്‍ പറ്റില്ല...

ആര്യന്‍മാര്‍ പ്രാകൃത അറബികള്‍
ചോദ്യം-താങ്കള്‍ ഈ അധിനിവേശം എന്നൊക്കെ പറയുന്നത്, എത്ര പിന്നോട്ട് വരെ പോയാല്‍ താങ്കള്‍ ഒരു ജനവിഭാഗത്തെ സ്വഭാവികപൗരന്‍മാരായി സര്‍ട്ടിഫിക്കറ്റ് നല്‍കി അംഗീകരിക്കും? ഉദാഹരണമായി മുസ്‌ളീ കച്ചവടക്കാര്‍ എട്ടാം നൂറ്റാണ്ടില്‍ തന്നെ ഇന്ത്യയിലെത്തുന്നുണ്ട്...ഔട്ട് ഓഫ് ആഫ്രിക്ക സിദ്ധാന്തം വെച്ചു നോക്കിയാല്‍ ഇവിടെയുള്ള എല്ലാവരും പുറത്തു നിന്ന് വന്നവരാണ്... അധിനിവേശകര്‍-ഇവിടെയുണ്ടായിരുന്നവര്‍ എന്നിങ്ങനെയൊക്കെ വ്യാഖ്യാനിക്കുന്നതില്‍ കഥയുണ്ടോ?
സോമശേഖരന്‍ -അധിനിവേശം ഉണ്ടായിട്ടുണ്ട്. അതറിയാന്‍ കുറേശ്ശെ പിറകോട്ട് പോകണം. ഈ ആര്യന്‍മാര്‍ എന്നു പറയുന്ന പ്രാകൃതര്‍ മുഴുവന്‍ ഇന്ത്യയിലെത്തിയത് അറേബ്യയില്‍ നിന്നാണ്. പ്രാചീനഅറേബ്യക്കാരാണ് ആര്യന്‍മാര്‍.


ചോദ്യം-അപ്പോള്‍ ഈ സീതയും രാമനുമൊക്കെ പ്രാകൃതരാണോ?
സോമശേഖരന്‍ -സംശയമെന്താ? അറേബ്യന്‍ പ്രാകൃതരുടെ പിന്‍ തലമുറക്കാരാണ് സീതയും രാമനുമൊക്കെ. ഇന്‍ഡോളജിസ്റ്റുകളുടെ ഗവേഷണം അനുസരിച്ച് ഈ അറേബ്യന്‍ പ്രാകൃതര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്...
ചോദ്യം- രാമനും സീതയും അറേബ്യന്‍ പ്രാകൃതരായിരുന്നുവെന്ന് പറഞ്ഞാല്‍ ആര്‍.എസ്.എസുകാര്‍ അംഗീകരിക്കുമോ?
സോമശേഖരന്‍ -രാമനും സീതയും അറേബ്യന്‍ പ്രാകൃതരുടെ സന്തതിപരമ്പരയില്‍ പെട്ടവര്‍ തന്നെയാണ്. പക്ഷെ ഇവിടെ സീതയും രാമനും ഹനുമാനുമൊന്നുമല്ല പ്രശ്‌നം. പണ്ട് മുഗള്‍സാമ്രാജ്യം ഭരിച്ചതൊക്കെ മുസ്‌ളീങ്ങള്‍ക്കു ബ്രിട്ടീഷുകാര്‍ ഭരിച്ചതൊക്കെ ക്രിസ്ത്യാനികള്‍ക്കും കൊടുക്കണമെന്ന് പറഞ്ഞാലെങ്ങനെയാ? പറയുന്നതിനൊക്കെ എന്തെങ്കിലും യുക്തി വേണ്ടേ?


ചോദ്യം-1526 ലാണ് ബാബര്‍ ഇവിടെ വരുന്നത്. 1857 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നടക്കുമ്പോള്‍ ബഹദൂര്‍ഷാ ദല്‍ഹിയില്‍ ഭരണത്തിലാണ്.... പിന്നെയും പലരും...ഹൈദരാബാദിലെ നൈസാം..... ഇവരൊക്കെ ഇവിടെ ഉണ്ടായിരുന്നവരാണ്. രാമനും സീതയും പ്രകൃതരായ അറബികളാണെന്ന് താങ്കള്‍ പറയുന്നു...പിന്നെ, ആരാണ് ഇവിടുത്തെ യഥാര്‍ത്ഥ അവകാശികള്‍?
സോമശേഖരന്‍ -അതെ, യഥാര്‍ത്ഥ അവകാശികളെ കണ്ടുപിടിക്കണം. അത് പറയാനാണ് ഞാന്‍ ഇത്രയും പറഞ്ഞത്. പക്ഷെ അതിന് ആധുനികചരിത്രത്തില്‍ രേഖയൊന്നുമില്ല
ചോദ്യം-അപ്പോഴും താങ്കള്‍ക്ക് സംശയമില്ല, തെളിവും!
സോമശേഖരന്‍ -അങ്ങനെയൊരു വിഭാഗം ഉണ്ടെന്നുള്ളതിനു യാതൊരു സംശയവുമില്ല. എല്ലാ നാടുകളിലും ആ നാടിന്റെ ശരിയായ മണ്ണിന്റെ മക്കള്‍ ഉണ്ടായിരിക്കും. അവരെ അടിച്ചമര്‍ത്തി,നശിപ്പിച്ച്, അധകൃതരാക്കി മാറ്റിയ അധിനിവേശകരും എല്ലായിടത്തുമുണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ ഇതിനെക്കുറിച്ച് ഇത്രയും പഠനം നടക്കുന്നത് ഇന്‍ഡോളജിസ്റ്റുകള്‍ വന്നതിന് ശേഷമാണ്. ഇന്ത്യയില്‍ നടത്തിയ പോലെയുള്ള പഠനം യൂറോപ്പിലും ഓസ്‌ട്രേലിയയിലും അമേരിക്കയിലുമൊക്കെ നടത്തിയാല്‍ എല്ലാ രാജ്യങ്ങളിലും സംഭവിച്ചത് സമാനമാണെന്ന് മനസ്സിലാകും.


ചോദ്യം-ആഫ്രിക്കന്‍ രാജ്യങ്ങളുടെ ചരിത്രസാംസ്‌ക്കാരിക പാരമ്പര്യത്തെക്കുറിച്ച് ഇന്ത്യയെ പഠിക്കുന്നതുപോലെ തന്നെ പാശ്ചാത്യ നരംവശശാസ്ത്രജ്ഞരും സാംസ്‌ക്കാരികഗവേഷകരും പഠിക്കുന്നുണ്ട്. ഇന്ത്യയില്‍ അതിരാത്രം ഷൂട്ട് ചെയ്യാന്‍ മാത്രമല്ല പാശ്ചാത്യരെത്തുന്നത്. അവര്‍ ആഫ്രിക്കയിലും ഗോത്ര സമൂഹങ്ങളിലും പോകുന്നുണ്ട്.
സോമശേഖരന്‍ -ആഫ്രിക്കയിലെ ആര്യന്‍ ആക്രമണത്തെക്കുറിച്ച് ആരെങ്കിലും കാര്യമായി പഠിച്ചിട്ടുണ്ടോ?
ചോദ്യം-സാര്‍, അങ്ങു പറയുന്നതുപോലെ ഒരു പ്രാകൃഗോത്രം 

മറ്റുള്ള സമൂഹങ്ങളെയൊക്കെ നശിപ്പിപ്പിച്ച് തങ്ങളുടെ അധീശത്വം ഉറപ്പിക്കണമെന്ന കേന്ദ്രീകൃതലക്ഷ്യം മനസ്സില്‍ വെച്ച് മറ്റ് സ്ഥലങ്ങളിലേക്ക് അധിനിവേശം നടത്തിയെന്ന് പറയുന്നതൊക്കെ ഒരുതരം മതാത്മകമായ അതിഭാവനയല്ലേ... ഇത്തരം പാറ്റേണ്‍ സീക്കിംഗിലൂടെയാണോ ചരിത്രം വായിക്കേണ്ടത്? അങ്ങനെയാണോ മനുഷ്യന്‍ ലോകമെമ്പാടും വ്യാപിച്ചത്?
സോമശേഖരന്‍ -പാറ്റേണ്‍ സീക്കിംഗല്ല. ഭാഷാപരമായി, ആര്യന്‍ എന്ന പേരു തന്നെയുണ്ടായത് എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന എന്ന അര്‍ത്ഥത്തില്‍ നിന്നാണ്. ബാക്കി അര്‍ത്ഥമൊക്കെ പിന്നീട് ആരോപിക്കപ്പെട്ടതാണ്. വാക്കിന്റെ അര്‍ത്ഥം പറയുമ്പോള്‍ പഴയപ്രമാണം വെച്ച് പറയണം. അതല്ലാതെ അമരകോശം നോക്കി പറഞ്ഞാല്‍ പറ്റില്ല.


ചോദ്യം-തല്‍ക്കാലം ഭാഷ അവിടെ നില്‍ക്കട്ടെ, ഒരു രാജ്യം അവകാശപ്പെടാനുള്ള ഒരു ജനതയുടെ അവകാശം എങ്ങനെ ലഭിക്കുന്നു, എപ്പോള്‍ ലഭിക്കുന്നു എന്നതാണവിടെ പ്രശ്‌നം. മനുഷ്യവ്യാപനത്തിന്റെ ഉത്പത്തിയും ചരിത്രവും പരിശോധിച്ചാല്‍ ഹോമോ സ്പീഷിസും കടന്ന് ഓസ്ട്രലോപിത്തിക്കസിലേക്കൊക്കെ നമുക്ക് പോകേണ്ടിവരും! ചരിത്രത്തിലെ ഏതോ ഒരു ഘട്ടത്തില്‍ ഇവിടെയുണ്ടായിരുന്നവരാണ് രാജ്യത്തിന്റെ അവകാശികള്‍-ബാക്കിയുള്ളവരെല്ലാം പുറത്തുള്ളവരായിരുന്നു എന്നൊക്കെ വാദിക്കുന്നത് വളരെ സങ്കുചിതമായി തോന്നുന്നു....
സോമശേഖരന്‍ -പുറത്തുനിന്നുള്ള ആള്‍ക്കാര്‍ എന്നതല്ല. സാംസ്‌ക്കാരിക വൈരുദ്ധ്യം ഉണ്ടായിരിക്കുന്നു എന്നതാണ് പ്രശ്‌നം. അത് സമൂഹത്തില്‍ അശാന്തിയും സംഘര്‍ഷവും ജനിപ്പിക്കുന്നു. പുരോഗതിക്ക് തടസ്സം നില്‍ക്കുന്നു. ഇത്തരം പാരമ്പര്യങ്ങള്‍ കുഴിച്ച് മൂടിയാണ് യൂറോപ്പ് രക്ഷപെട്ടത്. ഇവിടെയും നവോത്ഥാനം ഉണ്ടാകണം. ഈ മതങ്ങളെയും പാരമ്പര്യത്തെയും മുഴുവന്‍ കുഴിച്ച് മൂടണം. വിശ്വയാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പുതിയ ജീവിതവീക്ഷണം ഉണ്ടാകണം.


ചോദ്യം-താങ്കള്‍ പറയുന്നത് നോക്കുക, ഏകതാനനതയുള്ള ഒരു സംസ്‌ക്കാരം വേണം. വൈരുദ്ധ്യങ്ങളെയും വൈവിധ്യങ്ങളെയും ഭയക്കുന്നു. ഇതു തന്നെയാണ് നാസിസവും ആവശ്യപ്പെട്ടത്...ലോകം മുഴുവന്‍ ഒരേ ചിന്താധാരയും സംസ്‌ക്കാരവും വംശശുദ്ധിയുമുള്ള ഒരൊറ്റ ജനതയാല്‍ നിബിഡമാക്കണമെന്നാണ് ഹിറ്റ്‌ലറും പറഞ്ഞത്....
സോമശേഖരന്‍ -ഹിറ്റ്‌ലര്‍ അതല്ല പറഞ്ഞത്, ഹിറ്റ്‌ലര്‍ പറഞ്ഞത് ആര്യന്‍ പാരമ്പര്യമാണ്......
ചോദ്യം-ഏകതാനതയുള്ള സംസ്‌ക്കാരം ആര്യന്‍ ആണെന്നത് മാത്രമാണ് അവിടെയുള്ള ഏക വ്യത്യാസം..
സോമശേഖരന്‍ -അല്ല ഞാന്‍ പറഞ്ഞത് ഒരു സംസ്‌ക്കാരമുണ്ടാകണമെന്നല്ല....യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കുന്ന പൊതുഹിതത്തെ കാംക്ഷിക്കുന്ന ഒരു ജീവിതരീതി ഉണ്ടാകണം എന്നാണ്...


ചോദ്യം-വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും അവിടെ എന്തുകൊണ്ട് പ്രശ്‌നമാകണം?
സോമശേഖരന്‍ -അതുണ്ടാകണമെങ്കില്‍ ചില വൈരുദ്ധ്യങ്ങളെ അടിച്ചമര്‍ത്തിയേ മതിയാകൂ. അതില്‍ ഏറ്റവും പ്രധാനാണ് മതം, മറ്റൊന്ന് ജാതിയാണ്. ജാതിയും മതവും കൊണ്ട് ആയിരക്കണക്കിന് കഷണങ്ങളായി മുറിഞ്ഞു കിടക്കുന്ന ഒരു സമൂഹത്തെ ചൂണ്ടിക്കാട്ടി ഇതൊരു രാഷ്ട്രമാണ്, ഇതിനൊരു ചരിത്രവും പാരമ്പര്യവുമുണ്ട് എന്നൊക്കെ പറയുന്നത് ശുദ്ധ ഭോഷ്‌ക്കാണ്....
ചോദ്യം-സര്‍, രാജ്യമെന്ന് പറയുമ്പോള്‍ വത്തിക്കാന്‍ രാഷ്ട്രമാണ്, മെക്‌സിക്കോ രാഷ്ട്രമാണ്, ഇന്ത്യ രാഷ്ട്രമാണ്. വംശീയവും സാംസ്‌ക്കാരികവുമായി ഏകതാനന്തയുള്ള, ഒന്നും വിട്ടുപോകാന്‍ പാടില്ലാത്ത,അധിനിവേശ സ്വഭാവമുള്ള ഒരു വമ്പന്‍ രാഷ്ട്രമാണ് താങ്കളുടെ മനസ്സിലുള്ളതെന്ന് തോന്നുന്നു. ഇതു തന്നെയല്ലേ സത്യത്തില്‍ സാമ്രാജ്യത്വവീക്ഷണമായി രൂപംപ്രാപിക്കുന്നത്? ഒരു പാന്‍ ഇന്ത്യന്‍ ഫീലിംഗ്, അല്ലെങ്കില്‍ ഒരു പാന്‍ ഹിന്ദു ഫീലിംഗ് ...അതൊക്കെയല്ലേ താങ്കള്‍ പറഞ്ഞുവെക്കുന്നത്...? ഇന്നത്തെ കാലത്ത് ഇതിനൊക്കെ എന്ത് സാംഗത്യമാണുള്ളത്? നാം എവിടെയൊക്കെ വിഹരിക്കുന്നു? എവിടെയൊക്കെ ജോലി നോക്കുന്നു...അമേരിക്കയിലുണ്ട്, യൂറോപ്പിലുണ്ട്, ഗള്‍ഫിലുണ്ട്...

സോമശേഖരന്‍ -ജോലി ചെയ്യുന്നുണ്ടാവും. ഒരു രാഷ്ട്രത്തിന്റെ അസ്തിത്വപ്രശ്‌നവും അവിടുത്തെ പൗരന്‍മാര്‍ പുറത്തുപോയി ജോലി ചെയ്യുന്നതുമായി കൂട്ടിക്കുഴക്കാനാവില്ല. ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ വിദേശികള്‍ ഇതുപോലെ ഇന്ത്യയിലേക്ക് വന്നേനെ. ബംഗാളിയും ബീഹാറിയും ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നു. തൊഴില്‍ ചെയ്ത് ജീവിക്കുന്നതും മതത്തിന്റെ പേരില്‍ അവകാശവാദം ഉന്നയിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. മതത്തിന്റെ പേരിലല്ലേ ഇന്ത്യ വിഭജിച്ചത്?

''ചായക്കച്ചവടക്കാരന്‍ പ്രധാനമന്ത്രി''
ചോദ്യം- നരേന്ദ്രമോദിക്ക് അമേരിക്ക പ്രവേശനാനുമതി നിഷേധിച്ച സംഭവമുണ്ടായി? എന്തുകൊണ്ട് താങ്കളെപ്പോലുള്ളവര്‍ക്ക് സ്വീകാര്യനായ മോദിയെ അമേരിക്കയിലെ പൊതുസമൂഹം നിരസിക്കുന്നു?
സോമശേഖരന്‍ -അമേരിക്കയല്ല അമേരിക്കയിലെ ക്രിസ്റ്റ്യന്‍ മതമൗലികവാദികളാണ് ആ തീരുമാനത്തിന് പിന്നില്‍. അമേരിക്ക പ്രകൃതവും സങ്കുചിതവുമായ സംസ്‌ക്കാരമുള്ള രാജ്യമാണ്. യൂറോപ്പിലുണ്ടായ നവോത്ഥാനമോചനം അമേരിക്കയിലുണ്ടായിട്ടില്ല. മതനിഷേധികളാണ് യൂറോപ്പില്‍ ആ ലിബറേഷന്‍ ഉണ്ടാക്കിയത്. അമേരിക്കയില്‍ അതൊന്നും ഉണ്ടായിട്ടില്ല. അമേരിക്കയില്‍ അതിലും വലിയ ഭീകരവാദം സമൂഹത്തില്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് അവിടുത്തെ മതഭീകരവാദം പുറത്തുകാണാത്തത്.

ചോദ്യം- അപ്പോള്‍ നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതില്‍ താങ്കള്‍ക്ക് താല്‍പര്യമുണ്ട്.?
ടി.പി.സോമശേഖരന്‍ -സംശയമെന്താ! ഒരു ചായക്കച്ചവടക്കാരന്റെ കയ്യിലേക്ക് വരണം ഇന്ത്യയുടെ ഭരണചക്രം

ചോദ്യം- ചായ വില്‍ക്കുകയും നിലംതുടയ്ക്കുകയുമൊക്കെ ചെയ്യുന്ന മറ്റാരുടെയോ പടത്തില്‍ മോദിയുടെ തല ഫോട്ടോഷോപ്പ് ചെയ്ത് കയറ്റിയ ചിത്രം ഫേസ് ബുക്കിലൊക്കെ വ്യാപകമായി അപഹസിക്കപ്പെടുന്നുണ്ട്.. ചായ വില്‍ക്കലാണ് പ്രധാനമന്ത്രിസ്ഥാനത്തിനുള്ള പരമമായ യോഗ്യത?
ടി.പി.സോമശേഖരന്‍ -യോഗ്യതയാണെന്നല്ല. ചായക്കടക്കാരനും കല്ലുവെട്ടുകാരനും മുടിവെട്ടുകാരനുമൊക്കെ പ്രധാനമന്ത്രിയാകാന്‍ കഴിയുന്ന ഒരു ഇന്ത്യയുണ്ടെങ്കിലേ അതിനെ ആധുനികമന്ന് വിളിക്കാനാവൂ, അല്ലാത്ത ഇന്ത്യ പ്രാകൃതമാണ്. ഒരു കുടുംബത്തില്‍ നിന്ന് മാത്രമേ പ്രധാനമന്ത്രിയുണ്ടാകാവൂ എന്ന നിര്‍ബന്ധം ശരിയല്ലല്ലോ

ചോദ്യം-നെഹ്രു കുടുംബത്തിന് പുറത്തു നിന്ന് കഴിഞ്ഞ രണ്ടര ദശകത്തിനുളളില്‍ നിരവധി പ്രധാനന്ത്രിമാരുണ്ടായി..വജ്‌പേയ്, വി.പി.സിംഗ്, ഗൗഡ, ഗുജ്‌റാള്‍, ചന്ദ്രശേഖര്‍, നരസിംഹറാവൂ, മന്‍മോഹന്‍ സിംഗ്......
ടി.പി.സോമശേഖരന്‍ -അതെല്ലാം വെറും സ്റ്റോപ്പ് ഗ്യാപ് അറേഞ്ച്‌മെന്റല്ലേ...അവസാനം അധികാരം നെഹ്രു കുടുംബത്തില്‍ ചെന്നു നില്‍ക്കുകയല്ലേ....സീതാറാം കേസരിയെയൊക്കെ കറിവേപ്പില വലിച്ചെറിയുന്നതു പോലെയല്ലേ സോണിയയ്ക്ക് വേണ്ടി പുറത്തെറിഞ്ഞത്....?!


ചോദ്യം- പറഞ്ഞു പഴയ ചോദ്യത്തിലേക്ക് തിരിച്ചു വെന്നാല്‍ ബാബ്‌റി മസ്ജിദ് പള്ളി പൊളിച്ചതിനെ കുറിച്ച് താങ്കളുടെ വീക്ഷണമെന്താണ്?
സോമശേഖരന്‍ -സംശയമില്ല അത് പൊളിക്കുക തന്നെ വേണമായിരുന്നു. ഇസ്‌ളാമിക ആധിപത്യത്തിന്റെ അവശിഷ്ടമായിരുന്നുവത്. അത് പൊളിക്കുക തന്നെ വേണമായിരുന്നു. ദേശീയ അപമാനമമാണത്. ഇന്ത്യാഗേറ്റിലെ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിമയെന്തിനാണ് 1947 ല്‍ അടിച്ചുപൊളിച്ച് കളഞ്ഞത്? ഒരു പ്രതിമയല്ലേ, അതിവിടെ നിന്നോട്ടെ എന്ന് കരുതിക്കൂടെ?

ചോദ്യം-ദേശീയ അപമാനം! ഇപ്പോഴത്തെ ദേശീയഗാനത്തില്‍ ആരെയാണ് പുകഴ്ത്തുന്നത്?
സോമശേഖരന്‍ -പുകഴ്ത്തുന്നത് ജോര്‍ജ്ജ് അഞ്ചാമനെ തന്നെയാണ്...
ചോദ്യം- അപ്പോള്‍ ആ ദേശീയഗാനം വാഴ്ത്തികൊണ്ടു നടക്കുന്നതിനാല്‍ പ്രശ്‌നമില്ലേ?
ടി.പി.സോമശേഖരന്‍ -അത് ദേശീയഗാനമായി തുടരുന്നിടത്തോളം മാനിക്കണം. ഭരണഘടനയുടെ കാര്യവും അങ്ങനെതന്നെ. ദേശീയഗാനത്തില്‍ എന്തൊക്കെ പാളിച്ചകളുണ്ടെങ്കിലും അത് നിലനില്‍ക്കുന്നിടത്തോളം കാലം ആ രീതിയില്‍ തന്നെ കാണണം. പക്ഷെ പാളിച്ചകള്‍ തിരുത്തപ്പെടേണ്ടതാണ്

ചോദ്യം-പക്ഷെ പള്ളിപൊളിക്കുന്ന ആര്‍.എസ്.എസ് എന്തുകൊണ്ട് അത്തരമൊരു ആവശ്യം ഉന്നയിക്കുന്നില്ല? ബി.ജെ.പി ഭരിച്ചപ്പോഴും അത് മാറ്റിയില്ല
സോമശേഖരന്‍ -ദേശീയഗാനം തിരുത്തണമെന്ന വാദം പണ്ടേയുണ്ട് ആര്‍.എസ്.എസില്‍...

ചോദ്യം-അടുത്തിടെയൊന്നും കേട്ടിട്ടില്ല...
സോമശേഖരന്‍ -അടുത്തിടെയൊന്നും ഉന്നയിച്ചിട്ടുണ്ടാവില്ല. ബി.ജെ.പി ക്ക് ദേശീയഗാനം മാറ്റാനുള്ള ഭൂരിപക്ഷം പാര്‍ലമെന്റിലുണ്ടായിരുന്നില്ല. ഇത്തരം വിഷയങ്ങളൊന്നും പട്ടിണി, വിദേശകടം, അധിനിവേശം തുടങ്ങിയവ പോലെ ചൂടുപിടിച്ച ചര്‍ച്ചയാവില്ലല്ലോ. അതിന് അടിയന്തര പ്രാധാന്യമില്ല. എന്നാല്‍ താത്വികമായി നോക്കിയാല്‍ പട്ടിണി പോലെ പ്രധാനമാണ് ദേശീയഗാനം മാറ്റുന്നത്. പക്ഷെ മാറ്റുന്നതുവരെ മാനിച്ചേ പറ്റൂ. പക്ഷെ ദേശീയഗാനമാക്കി വെച്ചുകൊണ്ട് അതിനെ അപമാനിക്കാന്‍ അനുവദിക്കരുത്.

ചോദ്യം-താങ്കള്‍ അവിടെയെത്തി.. ദേശീയഗാനം പിഴവു നിറഞ്ഞതെങ്കിലും നിലനിറുത്തുന്നതില്‍ കുഴപ്പമില്ല, അതിനെ അപമാനിക്കരുത്. എന്നാല്‍ ബാബ്‌റി മസ്ജിദ് ദേശീയ അപമാനമാണ്..എത്ര സാങ്കേതികമായ വാദമാണത്?
സോമശേഖരന്‍ -സാങ്കേതികമാണത്, തീര്‍ത്തും സാങ്കേതികമാണ്.....നിങ്ങള്‍ ആ പദവിയെ മാനിക്കണം. പദവിയെ മാനിച്ചില്ലെങ്കില്‍ നാളെ ആ പദവിയില്‍ എന്തു കൊണ്ടുവെച്ചിട്ടും കാര്യമില്ല....അതുപോലല്ല ആര്‍ട്ടിക്കിള്‍ 370 ഉം ബാബ്‌റി മസ്ജിദും പോലുള്ള കാര്യങ്ങള്‍...
ചോദ്യം- പാകിസ്ഥാന് അടുത്ത് കിടക്കുന്ന മുസ്‌ളീം ഭൂരിപക്ഷ പ്രദേശം ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുകയല്ലേ കാശ്മീരില്‍ സംഭവിച്ചത്.
സോമശേഖരന്‍ -അങ്ങനെ മുസ്‌ളീം ഭൂരിപക്ഷം-മുസ്‌ളീം ന്യൂനപക്ഷം എന്നൊന്നുമില്ല, ഭാരതീയരെന്ന ഒരു വിഭാഗമേയുള്ളു. മറിച്ചാണെങ്കില്‍ ന്യൂനപക്ഷവകാശം കിട്ടേണ്ടത് നാസ്തികര്‍ക്കും മതനിഷേധികളുമാണ്. എല്ലാവര്‍ക്കും മുറിച്ച് മുറിച്ച് കൊടുക്കാമെങ്കില്‍ ഞങ്ങള്‍ക്കും കിട്ടണം. അതോടെ എല്ലാവരും പുറത്തുവരും. ഈ നിലപാടിനോട് ഇവിടുത്തെ രാഷ്ട്രീയക്കാരും സര്‍ക്കാരും യുക്തിവാദികളുമൊക്കെ എന്ത് നിലപാടാണ് എടുക്കുന്നതെന്ന് അറിയാന്‍ താല്‍പര്യമുണ്ട്...ഞങ്ങള്‍ മതനിഷേധികള്‍ക്കും ന്യൂനപക്ഷാവകാശം വേണം...
ചോദ്യം- കുറഞ്ഞപക്ഷം കുറെ സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജുകളെങ്കിലും നടത്താനുള്ള അധികാരം വേണം, അല്ലേ...?
സോമശേഖരന്‍- അതെ...(ചിരിക്കുന്നു)..

ശ്രീ.ടി.ആര്‍ .സോമശേഖരനുമായ രാഷ്ട്രീയ ചര്‍ച്ച ഏതാണ്ടിങ്ങനെ അവസാനിച്ച ശേഷം ഉച്ച തിരിഞ്ഞ്, വേദാന്തം ഭഗവത് ഗീത തുടങ്ങിയ വിഷയങ്ങളിലേക്ക് സംഭാഷണം നീണ്ടു. കര്‍മ്മയോഗത്തെ സംബന്ധിച്ച 93 ശ്‌ളോകങ്ങള്‍ ഒഴിച്ചുനിറുത്തിയാല്‍ ഗീത പ്രതിലോമകരവും കഥയില്ലാത്തതുമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. വൈദികസാഹിത്യത്തെ മൊത്തത്തില്‍ ഇകഴ്ത്തി കെട്ടിയ അദ്ദേഹം ആത്മവിദ്യയുടെ പല തത്വങ്ങളും ഉപനിഷത്തുകളില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ടെന്ന് വാദിച്ചു. ഒരു വ്യാഴവട്ടക്കാലം താന്‍ ആത്മാര്‍ത്ഥമായി പഠിച്ച റെയ്ക്കി എന്ന ചികിത്സാവിദ്യ ശുദ്ധ തട്ടിപ്പാണെന്ന് തനിക്ക് അവസാനം ബോധ്യമായ കാര്യം അദ്ദേഹം തുറന്ന് സമ്മതിച്ചു. ശാസ്ത്രബോധവും അന്ധവിശ്വാസവിരുദ്ധതയും മുറുകെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ചില ആഭ്യന്തരവൈരുദ്ധ്യങ്ങള്‍ നിലപാടുകളില്‍ മുഴച്ചു നില്‍ക്കുന്നുണ്ടായിരുന്നു. സവര്‍ക്കാറിന്റെ ശബ്ദത്തില്‍ സംസാരിക്കുന്ന ഒരു നാസ്തികനെയാണ് ശ്രീ ടി.ആര്‍.. സോമശേഖരനില്‍ കണ്ടെത്താനായത്. *****

(The Third part on vedanta and gita will be posted later) 

82. ''ശ്രീരാമനും സീതയും പ്രാകൃത അറബികള്‍''- Part 1

(അഭിമുഖസംവാദം:ടി.ആര്‍.സോമശേഖരന്‍/രവിചന്ദ്രന്‍ സി/ Published in Pachakutira, March issue, 2014)
കഴിഞ്ഞ വര്‍ഷം ഡിസമ്പറില്‍(15.12.13) കോഴിക്കോട്ട് വെച്ച് നടന്ന നരേന്ദ്ര ധഭോല്‍ക്കര്‍ അനുസ്മരണ ചടങ്ങില്‍ വെച്ചാണ് ശ്രീ.ടി.ആര്‍.സോമശേഖരനെ നേരിട്ട് പരിചയപ്പെടുന്നത്. ആര്‍.എസ്.എസിന്റെ ബൗദ്ധികപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ് എന്ന പദവിയില്‍ ദീര്‍ഘകാലമുണ്ടായിരുന്ന സംസ്‌കൃത പണ്ഡിതനും വേദസാഹിത്യവിശാരദനുമായ ഇദ്ദേഹം കേരളത്തിലെ സംഘപരിവാര്‍ രംഗത്തെ ഒരു അതികായനാണ്. കോളേജ് വിദ്യാഭ്യാസകാലത്ത് കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി യൂണിയനായ എസ്.എഫിന്റെ പ്രവര്‍ത്തകനായിരുന്നു. 1969 ല്‍ ശാഖാപ്രവര്‍ത്തനം ആരംഭിച്ച സോമശേഖരന്‍ ആലുവ FACT ലെ ജീവനക്കാരനായിരുന്നുവെങ്കിലും മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി 1986 ല്‍ ജോലി രാജിവെച്ചു. 

1984 ല്‍ രൂപീകരിച്ച ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഏതാണ്ട് 25 വര്‍ഷവും കേസരി വാരികയുടെ പത്രാധിപരായി 12 വര്‍ഷവും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒരു വര്‍ഷത്തിലധികം ജയില്‍വാസമനുഷ്ഠിച്ച ഈ അവിവാഹിതന്‍ കഴിഞ്ഞ 3 വര്‍ഷമായി ആര്‍. എസ്.എസ് സംഘടനാ രാഷ്ട്രീയത്തില്‍ നിന്ന് അല്‍പ്പം പിന്‍വലിഞ്ഞ് ഭാരതീയ വിദ്യാപ്രതിഷ്ഠാനം എന്ന സംഘടനയുമായി മുന്നോട്ടുപോവുകയാണ്. പ്രതിഷ്ഠാനം രണ്ടു വര്‍ഷമായി ചിതഗ്നി എന്ന പേരിലുള്ള ഒരു ത്രൈമാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. മനസ്സിലാക്കിയിടത്തോളം ആര്‍.എസ്.എസിന്റെ ബൗദ്ധികനേതൃത്വത്തിലുള്ള പലരും പ്രതിഷ്ഠാനവുമായി സഹകരിക്കുന്നുണ്ട്. സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉച്ചാടനം ചെയ്യാന്‍ ഭഗീരഥപ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സോമശേഖരന്‍ അതേസമയം ഹിന്ദുദേശീയതയുടെ ശക്തനായ വക്താവായും നിലകൊള്ളുന്നു. 25.1.2014 രാവിലെ അദ്ദേഹത്തിന്റെ എറണാകുളത്ത് ഇടപ്പള്ളിയിലെ വസതിയില്‍ വെച്ച് നടത്തിയ അഭിമുഖത്തില്‍ നിന്നും:

ചോദ്യം-താങ്കള്‍ സര്‍വീസില്‍ നിന്നും വിരമിച്ചിട്ട് ഏറെക്കാലമായി. മാതാപിതാക്കള്‍ ഇരുവരും നേരത്തെതന്നെ നിര്യാതരായി. സുദീര്‍ഘമായ സംഘടനാപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ മറന്നുപോയ അല്ലെങ്കില്‍ അവശ്യം ചെയ്യേണ്ടിയിരുന്നതും സാധിക്കാതെ പോയതുമായ എന്തെങ്കിലും ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ?
സോമശേഖരന്‍-ഇല്ല, അങ്ങനെയൊന്നുമില്ല. ഞാന്‍ FACT ലെ ഫാക്ടിലെ ജോലി രാജിവെക്കുകയായിരുന്നു.
ചോദ്യം-ഒരു വിവാഹം?
സോമശേഖരന്‍-(ചിരിക്കുന്നു)...അതിനെ ഒരു മറവി എന്നു പറയാന്‍ സാധിക്കില്ലല്ലോ..
ചോദ്യം-ഒരു ഘട്ടത്തിലും അങ്ങനെയൊരു താല്‍പര്യം തോന്നിയിട്ടില്ല....?
സോമശേഖരന്‍-ഇല്ല. വലിയ ഏകാഗ്രത ആവശ്യപ്പെടുന്ന വിഷയമാണ് സംഘടനാപ്രവര്‍ത്തനം. അതുകൊണ്ട് മറ്റൊന്നും ചിന്തിക്കാന്‍ സമയം കിട്ടിയിട്ടില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആര്‍.എസ്.എസ് സംഘടനാ പ്രവര്‍ത്തനവുമായി സജീവമായി ബന്ധപ്പെടുന്നില്ല.

ആര്‍.എസ്.എസും കര്‍മ്മയോഗി നിര്‍മ്മാണവും
ചോദ്യം-1969 മുതല്‍ തുടങ്ങിയ ആര്‍.എസ്.എസ് രാഷ്ട്രീയത്തില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉള്‍വലിയണമെങ്കില്‍ അതിന് വ്യക്തമായ എന്തെങ്കിലും കാരണമുണ്ടാകുമല്ലോ?
സോമശേഖരന്‍- കാരണം പ്രധാനമായും എന്റെ വീക്ഷണത്തില്‍ വന്ന മാറ്റമാണ്. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആത്മീയതലത്തിലുള്ള ഗവേഷണം, പഠനം, പാഠനം...അതിനൊക്കെ വളരെയേറെ സമയം ആവശ്യമുണ്ട്. ഭാരതീയ വിദ്യാപ്രതിഷ്ഠാനം ഞാന്‍ മുന്‍കയ്യെടുത്ത് സ്ഥാപിച്ചതാണ്. ഫലത്തില്‍ വേറൊന്നും ശ്രദ്ധിക്കാന്‍ നേരമില്ലാതെ വന്നു....അങ്ങനെയാണ് സജീവമായ സംഘരാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയത്.
ചോദ്യം-ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അനുഗ്രഹാശ്ശിസുകളോടെയാണോ ഭാരതീയവിദ്യാപ്രതിഷ്ഠാനം ആരംഭിച്ചത്?
സോമശേഖരന്‍-അങ്ങനെ പറയാന്‍ സാധിക്കില്ല. ആ തലത്തില്‍ ഒരു ചര്‍ച്ച ഉണ്ടായിട്ടില്ല. എന്റെ ജന്മഗുണത്തിന് അനുരൂപമായ കാര്യമാണിപ്പോള്‍ ചെയ്യുന്നത്. കുട്ടിക്കാലത്തേ ഉപനിഷത്തുകള്‍, വേദങ്ങള്‍, ന്യായം, വൈശേഷികം..തുടങ്ങിയ ചിന്താപദ്ധതികളില്‍ താല്‍പര്യമുണ്ടായിരുന്നു. ജയിലില്‍ വെച്ചാണ് സംസ്‌കൃതം പഠിച്ചത്.
ചോദ്യം-സംസ്ഥാനത്തെ ആര്‍.എസ്സ്.എസ്സു മായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടോ?
സോമശേഖരന്‍-ബന്ധമുണ്ട്. പക്ഷെ എന്റെ ആദ്ധ്യാത്മികപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ചര്‍ച്ച ഉണ്ടായിട്ടില്ല. സംഘപ്രവര്‍ത്തനം അതിന്റെ ഏകാഗ്രതയോടെ ചെയ്യേണ്ട ഒന്നാണ്. പണ്ട് സംഘപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്ന പലരും ഇന്ന് ഭാരതീയ വിദ്യാപ്രതിഷ്ഠാനത്തിന് ഒപ്പമുണ്ട്. അതുകൊണ്ട് ആര്‍ക്കുമൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല....
ചോദ്യം-ആര്‍.എസ്സ്.എസ്സ് നേതൃത്വത്തിന് താങ്കള്‍ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് യോജിപ്പില്ലെന്ന് പറഞ്ഞാല്‍...?
TR.സോമശേഖരന്‍-യോജിപ്പില്ലെന്ന് പറയാന്‍ പറ്റില്ല. യോജിപ്പുള്ളവരും ഇല്ലാത്തവരും കാണും. ഒരു വലിയ പ്രസ്ഥാനത്തില്‍ എല്ലാവരും ഒരു വിദ്യയുടെ താത്വിക അടിത്തറ മനസ്സിലാക്കിയവരാണെന്ന് പറയാനാവില്ലല്ലോ.
ചോദ്യം- അവിടെ,വാക്കുകളില്‍ ഒരു അസ്വാരസ്യം നിഴലിക്കുന്നുണ്ടല്ലോ....?
സോമശേഖരന്‍ -അല്ല, ആര്‍. എസ്സ്.എസ്സിന്റെ പ്രവര്‍ത്തനം മുഴുവന്‍ ദേശീയതയുടെ അടിസ്ഥാനത്തിലാണ്. ആത്മവിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലല്ല. പക്ഷെ ഭാരതത്തിന്റെ ദേശീയത ആത്മിവിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് നാം എക്കാലത്തും വിശദീകരിച്ച് പോന്നിട്ടുള്ളത്. ദേശീയപ്രസ്ഥാനത്തിലുള്ള മുഴുവന്‍ പ്രവര്‍ത്തകരും ആത്മവിദ്യയുടെ മഹത്വം മനസ്സിലാക്കിയിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല. പിന്നെ, സംഘത്തിന്റെ പ്രവര്‍ത്തനം നോക്കിയാല്‍ അത് കര്‍മ്മയോഗികളെ നിര്‍മ്മിക്കുന്നതിലാണ് ശ്രദ്ധയൂന്നിയിട്ടുള്ളത്. അതായത് Manmaking-അതാണ് ആര്‍.എസ്.എസ്സി ന്റെ ദൗത്യം. നിസ്വാര്‍ത്ഥമായി പൊതുഹിതമനുസരിച്ച് സേവനം നടത്തുക. അതിനായാണ് ഡോ.ഹെഡ്‌ഗെവാര്‍ സംഘം ആരംഭിക്കുന്നത്...
ചോദ്യം-നിലവിലുള്ള ആര്‍.എസ്.എസ് നേതൃത്വത്തെ കുറിച്ച് എന്താണഭിപ്രായം? അവരവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടോ?
സോമശേഖരന്‍-അവരവരുടെ ജോലി ചെയ്യുന്നുണ്ട്. സംഘത്തിന് വേണ്ട കര്‍മ്മയോഗികളെ അഥവാ കേഡറിനെ നിര്‍മ്മിക്കുക, ദൈനംദിന പരിപാടികള്‍ നടത്തുക..അതൊക്കെ അവര്‍ ചെയ്യുന്നുണ്ട്...
ചോദ്യം-കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ആര്‍.എസ്.എസി ന്റെ കേഡര്‍ നിര്‍മ്മാണത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്,പല ശാഖകളും പ്രവര്‍ത്തനരഹിതമായി....?
സോമശേഖരന്‍-- വലുതല്ലെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ട്;അതിന് കാരണവുമുണ്ട്. സംഘടനയില്‍ ഒരു ഡൈല്യൂഷന്‍ വന്നിട്ടുണ്ട്. അത് മാന്‍മേക്കിംഗില്‍ വന്ന പിഴവാണ്. എന്തുതരം കര്‍മ്മയോഗികളെ പിരശീലനത്തിലൂടെ നിര്‍മ്മിക്കാനാണ് ഡോക്ടര്‍ജി ഉദ്ദേശിച്ചത് എന്നത് പ്രധാനമാണ്...

സംഘപ്രവര്‍ത്തനവും മതവും
ചോദ്യം-അപ്പോഴും ഉന്നയിച്ച വിഷയത്തിലേക്ക് വന്നില്ല. ഞാന്‍ ചോദിച്ചത് ആര്‍.എസ്. എസ് എന്താണോ ചെയ്യേണ്ടത് ആ രീതിയിലുള്ള ഒരു പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അവര്‍ക്കിപ്പോള്‍ സാധിക്കുന്നുണ്ടോ?
സോമശേഖരന്‍- ആത്മവിജ്ഞാനമാണ് ഭാരതീയസംസ്‌ക്കാരത്തിന്റെ അന്തസത്ത. ആര്‍.എസ്സ്.എസ്സിന്റെ ലക്ഷ്യം കര്‍മ്മയോഗികളെ ഉണ്ടാക്കുകയും. കര്‍മ്മയോഗി എന്നു പറയുമ്പോള്‍ മതചിന്ത പാടില്ല. ഒരു തരത്തിലുള്ള മതവുമായും അയാള്‍ ബന്ധപ്പെടാന്‍ പാടില്ല.
ചോദ്യം-പക്ഷെ മതപരമായ ചിന്ത ആര്‍.എസ്.എസ് അണികളിലുണ്ട്.....
സോമശേഖരന്‍- ഉണ്ട്. വ്യക്തികളിലുണ്ട്. പക്ഷെ സംഘടനയെന്ന നിലയില്‍ ആര്‍.എസ്.എസിന് മതമില്ല. മതമുള്ള ആള്‍ക്കാര്‍ക്ക് ബാക്കിയുള്ളവരും മതത്തെ അനുകൂലിച്ചാല്‍ കൊള്ളാം എന്നുണ്ടാവും. ഇങ്ങനെ മതപരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞാല്‍, അതല്ലെങ്കില്‍ രാഷ്ട്രീയപരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞാല്‍ അടിസ്ഥാനപരമായ കര്‍ത്തവ്യനിര്‍വഹണത്തില്‍ വീഴ്ചയുണ്ടാവും. ശ്രദ്ധ വ്യതിചലിച്ച് പോയതിനാലുണ്ടായ ഒരു പ്രശ്‌നം ആര്‍.എസ്.എസില്‍ ഉണ്ടായിട്ടുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു.

ചോദ്യം-കേരളത്തിലെ ആര്‍.എസ്. എസിന്റെ ചരിത്രം പരിശോധിച്ചാല്‍ അമ്പലങ്ങളെ കേന്ദ്രീകരിച്ചാണ് ആ സംഘടന വളര്‍ന്നത്. അമ്പലത്തിലെ ശാഖാപ്രവര്‍ത്തനങ്ങള്‍, ഉത്സവനടത്തിപ്പ്, മതചടങ്ങുകളിലെ സജീവമായ പങ്കാളിത്തം...അങ്ങനെ മതത്തെ ചാരി നിന്നാണ് ഈ പ്രസ്ഥാനമിവിടെ വളരുന്നത്. അങ്ങുണ്ടായിരുന്ന കാലത്തും അതങ്ങനെയായിരുന്നു........
സോമശേഖരന്‍- അതൊരു തെറ്റിദ്ധാരണയാണ്. അമ്പലങ്ങളില്‍ മിക്കയിടത്തും വലിയ മൈതാനങ്ങളുണ്ടാകും. ഉത്സവകാലത്ത് മാത്രമേ അതിനുപയോഗമുള്ളു. അല്ലാത്തപ്പോഴൊക്കെ ഒഴിഞ്ഞ് കിടക്കും

ചോദ്യം-മൈതാനങ്ങളുള്ളത് ക്ഷേത്രങ്ങള്‍ക്ക് മാത്രമല്ലല്ലോ?! ചര്‍ച്ചിനും മോസ്‌ക്കിനും മൈതാനങ്ങളുണ്ട്. പൊതു സ്ഥലങ്ങളും കളിസ്ഥലങ്ങളും സ്റ്റേഡിയങ്ങളുമുണ്ട്.....?
സോമശേഖരന്‍-അതെ, വേറെയും മൈതാനങ്ങളുണ്ട്. പക്ഷെ കാര്യമെന്താണെന്നു വെച്ചാല്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ വരെ ക്ഷേത്രങ്ങള്‍ ധാരാളമുണ്ട്. അതിനുംപുറമെ കുടുംബ ക്ഷേത്രങ്ങളുണ്ട്. അവിടെയൊക്കെയുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ ഉപയോഗിച്ചുവെന്നല്ലാതെ RSSപ്രവര്‍ത്തനം മതപരമേയല്ല. മതപരമല്ലെന്ന് മാത്രമല്ല, കുറച്ച് കാലം മുമ്പ് വരെയുള്ള അനുഭവം കണക്കിലെടുത്താല്‍ ശാഖാപ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും ക്ഷേത്രകാര്യങ്ങളിലോ കര്‍മ്മങ്ങളിലോ താല്‍പര്യമുള്ളതായും കണ്ടിട്ടില്ല. അമ്പലത്തില്‍വെച്ച് തൊഴുന്നവര്‍ വരെ കുറവായിരുന്നു. ശാഖ നടത്തുക, തിരിച്ചുപോകുക-അതില്‍ക്കവിഞ്ഞൊന്നുമുണ്ടായിരുന്നില്ല-അതാണ് എന്റെ അനുഭവം.
ചോദ്യം-അതത്ര നിസ്സാരമായി പറയാന്‍ പറ്റുമോ? ഒഴിഞ്ഞ സ്ഥലം വേറെ പലയിടത്തുമുണ്ട്. എന്നിട്ടും ആര്‍.എസ്.എസ് ക്ഷേത്രത്തിലെത്തുന്നു...മതത്തെ ചാരി നിന്ന് വളരുന്നു...
സോമശേഖരന്‍- -മതത്തെ ചാരി നിന്ന് വളരാന്‍ ശ്രമിച്ചിട്ടില്ല. ശ്രമിച്ചാലൊട്ട് നടക്കുകയുമില്ല....ക്ഷേത്രങ്ങള്‍ പ്രാദേശിക നേതൃത്വത്തിന് കീഴിലായിരിക്കും. ശാഖാപ്രവര്‍ത്തകര്‍ പലരും ഇത്തരം ക്ഷേത്ര സമിതികളിലുണ്ടാകാം. വേറെതെങ്കിലും മതസ്ഥാപനത്തിന്റെയോ സര്‍ക്കാരിന്റെയോ മൈതാനങ്ങള്‍ സ്ഥിരമായി വിട്ടുകിട്ടാന്‍ സാങ്കേതികമായി പ്രയാസമായിരിക്കും.
ചോദ്യം-അപ്പോള്‍ ആര്‍.എസ്.എസുകാര്‍ ക്ഷേത്രഭരണസമിതിയില്‍ മാത്രമാണുള്ളത്! ഒ.കെ, അതങ്ങനെയിരിക്കട്ടെ. മതപരമായ എല്ലാ ബന്ധവും സംഘം ഉപേക്ഷിക്കുകയാണല്ലേ....?
സോമശേഖരന്‍-തീര്‍ച്ചയായും. സംഘത്തില്‍ മതമില്ല. സംഘത്തിലെ മതം ദേശീയതയാണ്.
ചോദ്യം-ആര്‍.എസ്.എസി ലെ ഏതെങ്കിലും നേതാവ് മതപ്രീണനം നടത്തുകയോ മതപരമായി ഉദ്ദീപിപ്പിക്കുന്ന വൈകാരികപ്രസംഗം നടത്തുകയോ ചെയ്താല്‍ അത് തെറ്റാണ്.............?
സോമശേഖരന്‍-തെറ്റാണ്...നേതൃത്വത്തില്‍ മതപരമായ കാഴ്ചപ്പാട് വന്നാല്‍ അതിന്റെയര്‍ത്ഥം അതിന്റെ ദേശീയ വീക്ഷണം ക്ഷയിച്ചുവെന്നാണ്.....
ചോദ്യം-അങ്ങനെയൊരു ക്ഷയം സംഭവിച്ചിട്ടില്ലെന്നാണോ അങ്ങ് വാദിക്കുന്നത്?
സോമശേഖരന്‍-വന്നിട്ടുണ്ട്.....അതിന്റെയൊരു ഫലമാണ് ഇപ്പോള്‍ ശാഖകള്‍ കുറഞ്ഞു എന്നൊക്കെയുള്ള പരാതികള്‍ ഉയരാന്‍ കാരണം...മതവീക്ഷണമുള്ളയാള്‍ തലപ്പത്ത് വന്നാല്‍ അയാള്‍ മറ്റുള്ളവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.

ചോദ്യം-അപ്പോള്‍ അതൊരു കുറ്റസമ്മതമാണ്...അതാവാം അങ്ങ് സജീവപ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിയാന്‍ കാരണം?
സോമശേഖരന്‍-എനിക്ക് മതത്തോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ശക്തമായ അഭിപ്രായവ്യത്യാസമുണ്ട്. പക്ഷെ പിന്തിരിയാന്‍ കാരണമതല്ല. മതചായ്‌വ് ഉള്ളവര്‍ സംഘത്തിന്റെ ഉന്നതങ്ങളില്‍ വരാന്‍ പാടില്ല
ചോദ്യം-പക്ഷെ വന്നിട്ടുണ്ട്?
സോമശേഖരന്‍-വന്നിട്ടുണ്ട്. അതാണ് നേരത്തെ പറഞ്ഞ ഡയല്യൂഷന്റെ കാരണം. ഞാനാണ് ഇന്ന് സംഘത്തിന്റെ ബൗദ്ധിക് പ്രമുഖ് എന്നുകരുതുക. ശുദ്ധമായ ആത്മവിദ്യയില്‍ ഊന്നിക്കൊണ്ടുള്ള കാര്യങ്ങള്‍ മാത്രമാവും പറയുക, നടപ്പിലാക്കുക. മതത്തിന് അവിടെ യാതൊരു സ്ഥാനവുമില്ല. മുമ്പുണ്ടായിരുന്ന വേദാന്തം മുതലായ ദര്‍ശനങ്ങള്‍ ശരിയായ ആത്മീയതയാണെന്ന് ഇന്ന് എനിക്ക് അഭിപ്രായമില്ല. എല്ലാവരും ശുദ്ധമായ ആത്മീയതയിലേക്ക് വരണമെന്നാണ് എന്റെ അഭിപ്രായം. വേദാന്തം പോലുള്ള ആത്മീയ ആഭാസങ്ങള്‍ വര്‍ജ്ജിക്കണം.
ചോദ്യം-ആര്‍.എസ്.എസില്‍ ഒരു ആന്തരികപരിഷ്‌ക്കരണം താങ്കള്‍ ലക്ഷ്യമിട്ടു...പക്ഷെ നടന്നില്ല
സോമശേഖരന്‍- ഇല്ല....ഈ പരിഷ്‌ക്കരണം വേണമെന്ന തോന്നല്‍ ശരിക്കും ഇപ്പോഴാണ് വന്നിരിക്കുന്നത്. മതപരമായി ആഭിമുഖ്യമുള്ളവര്‍ സംഘത്തിലേക്ക് വരിക, മതമാണ് ദേശീയത എന്ന തോന്നലുണ്ടാവുക...ഒക്കെ ഇപ്പോഴാണ്.....ഇത് മുമ്പുണ്ടായിരുന്നില്ല. മതം എന്നുമുണ്ടായിരുന്നു. പക്ഷെ അത് ദേശീയതയുടെ ഭാഗമാണെന്ന് സംഘത്തിലാരും ധരിച്ചിരുന്നില്ല. എല്ലാ മതക്കാരും ചേരുന്നതാണ് രാഷ്ട്രം. രാഷ്ട്രവാദിക്ക് ഒരു മതത്തോടും ചായ്‌വുണ്ടാകാന്‍ സാധ്യമല്ല. ഒരു മതത്തിന്റെയും അനുയായി ആകാന്‍ പറ്റില്ല. അയാള്‍ സെക്കുലര്‍ ആയിരിക്കണം.
ചോദ്യം- ഒ.കെ. 1925 ലാണ് ആര്‍.എസ്.,എസിന് സംഘടനാ രൂപം വരുന്നത്. അതിന്മുമ്പ് ഹിന്ദുമഹാസഭയൊക്കെ ഉണ്ടായിരുന്നു. ഡോ. മോഞ്ചി, ഹെഡ്‌ഗേവാര്‍, പിന്നെ ഗോല്‍ക്കോവാര്‍. 1940 വരെ ഹെഡ്‌ഗെവാറും അവിടുന്നങ്ങോട്ട് 73 വരെ ഗോല്‍ക്കെവാറും സംഘത്തെ നയിച്ചു. ഏതാനും ബ്രാഹ്മണരുടെ ഒരു സഭയായി പൂനെയില്‍ തുടങ്ങിയ ആര്‍.എസ്.എസ് ഇന്ത്യയിലെങ്ങും പടര്‍ന്ന് പന്തലിച്ചത് മതേതര രാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ടായിരുന്നു എന്ന് അങ്ങേയ്ക്ക് നെഞ്ചില്‍ കൈവെച്ച് പറയാന്‍ സാധിക്കുമോ?
സോമശേഖരന്‍-ബ്രാഹ്മണരുടെ സഭയായിട്ടല്ല ആര്‍.എസ്.എസ് തുടങ്ങിയത്.
ചോദ്യം-അതില്‍ ആദ്യം ബ്രാഹ്മണര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു....
സോമശേഖരന്‍-ഡോ. ഹെഡ്‌ഗെവാര്‍ തുടങ്ങിയ സംഘം ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ കൂട്ടായ്മ ആയിരുന്നില്ല. ഡോക്ടര്‍ജി സ്വയം ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. ജീവിതകാലം മുഴുവന്‍ അദ്ദേഹം അങ്ങനെയായിരുന്നു. മതവിശ്വാസം ഉണ്ടാകണമെന്നോ മതത്തെ മാനിക്കണമെന്നോ അദ്ദേഹം ആരോടും പറഞ്ഞിട്ടുമില്ല...നാസ്തികന്‍മാരും ആസ്തികന്‍മാരുമായ ഭാരതീയര്‍ക്ക് മാതൃരാജ്യത്തോട് ഒരു ഭാവനയുണ്ടാവുക-രാഷ്ടത്തിന് വേണ്ടി ചിന്തിക്കുക, രാഷ്ട്രത്തിന് വേണ്ടി ജീവിക്കുക-ഇതു മാത്രമാണ് ഡോക്ടര്‍ജി പറഞ്ഞത്...
ചോദ്യം- ഡോ.മോഞ്ചിയെപ്പോലുള്ളവര്‍ യൂറോപ്പ്, വിശേഷിച്ചും ഇറ്റലി സന്ദര്‍ശിക്കുകയും മുസ്സോളിനിയുടെ ഫാസിസ്റ്റ് സംഘടനയുടെ ഡ്രില്ലിംഗ്, പരേഡ്, തൊപ്പി, വടി, സായുധചട്ടക്കൂട്...അതൊക്കെ പഠിച്ച് മനസ്സിലാക്കി ഇന്ത്യയില്‍ തിരിച്ചെത്തി അത് ആര്‍.എസ്.എസില്‍ ആരോപിക്കുകയുമല്ലോ ചെയ്തത്...?
സോമശേഖരന്‍- ഡോ. മോഞ്ചി ഒരിക്കലും സംഘത്തിലുണ്ടായിരുന്നിട്ടേയില്ല
ചോദ്യം-ഉണ്ടായിരുന്നിട്ടില്ല. പക്ഷെ അദ്ദേഹം സംഘടനയുടെ ഇന്നത്തെ നില കൈവരിക്കാന്‍ ബൗദ്ധിക ഉപദേശം നല്‍കിയിട്ടുണ്ട്....
സോമശേഖരന്‍- പിന്നെ വടി മനുഷ്യന്‍ ആദ്യമായെടുത്ത ഉപകരണമായിരുന്നു
ചോദ്യം-എന്തിന് വടി?
സോമശേഖരന്‍- വടി പ്രധാനമായും വ്യായാമത്തിനും ആത്മരക്ഷയ്ക്കുമാണ്.വടി ഉപയോഗിച്ച് ചെയ്യാവുന്ന നിരവധി വ്യായാമമുറകളുണ്ട്....
ചോദ്യം-വടി ഒരു പ്രതീകമല്ലേ സര്‍? വടി ഒരായുധം കൂടിയാണ്...?
സോമശേഖരന്‍-വടി ആത്മരക്ഷാര്‍ത്ഥം കൂടിയാണ്. ബാക്കിയുള്ളവര്‍ക്ക് എ.കെ 47 നും ആര്‍.ഡി.എക്‌സും കൊണ്ടു നടക്കാമെങ്കില്‍ ഹിന്ദുക്കള്‍ക്ക് വടി കൊണ്ടു നടന്നുകൂടെ? മുസ്‌ളീങ്ങള്‍ എ.കെ 47 കൊണ്ടു നടന്നാല്‍ ഒരു പ്രശ്‌നവുമില്ല. ഹിന്ദു വടി കൊണ്ടു നടന്നാല്‍ അത് ദോഷം. അതെന്ത് സെക്കുലറിസമാണ്? അതെന്ത് സ്വതന്ത്രവീക്ഷണമാണ്...?
ചോദ്യം- ങും..അതുശരി....അങ്ങനെ..!
സോമശേഖരന്‍- എ.കെ 47 കാരാണ് ഇന്ന് രാഷ്ട്രീയം നിയന്ത്രിക്കുന്നത്. അവരടുത്ത് ഈ വടിയും കൊണ്ടുപോയിട്ട് കാര്യമില്ലെന്നറിയുക....
ചോദ്യം-പക്ഷെ 1925 മുതല്‍ ഈ വടിയുണ്ടായിരുന്നവല്ലോ....?
സോമശേഖരന്‍-വടി മാത്രമല്ല, തോക്കുമുണ്ടായിരുന്നു... 1925 ല്‍ തുടങ്ങുന്ന കാലത്ത് റൈഫിള്‍ ഉണ്ടായിരുന്നു. ബ്രീട്ടീഷുകാരുടെ കാലമാണത്. അന്ന് പറഞ്ഞിരുന്ന പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാമത്തേത് ഭാരതത്തിന്റെ സ്വാതന്ത്ര്യം ആയിരുന്നു. റൈഫിളുണ്ടായിരുന്നു, വാളുണ്ടായിരുന്നു, ശൂലമുണ്ടായിരുന്നു.... റൈഫിള്‍ ട്രെയിനിംഗ് പിന്നീടാണ് ഉപേക്ഷിക്കുന്നത്.

സെമറ്റിക് മതങ്ങളും സംഘവും
ചോദ്യം- സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ് പങ്കെടുത്തു എന്നു പറയുമ്പോള്‍ സമരങ്ങളില്‍ ഇഷ്ടമുള്ളവ തെരഞ്ഞെടുക്കുക, ഉദാ-ഉപ്പുസത്യാഗ്രഹവുമായി സഹകരിക്കുക, അല്ലാത്തവ തള്ളുക എന്നതായിരുന്നില്ലേ ലൈന്‍? പിന്നെ, ഗാന്ധിയില്‍ ആര്‍.എസ്.എസ് ആരോപിച്ചിരുന്ന അമിതമുസ്‌ളീംപ്രീണനനയത്തെ എതിര്‍ക്കുക...ഒരു തരം പിക്ക് ആന്‍ഡ് ചൂസ്...?
സോമശേഖരന്‍- അങ്ങനെയല്ല. ഭാരതത്തിലെ ഹിന്ദുക്കളെയും മുസ്‌ളീംങ്ങളെയും കൂട്ടിയാല്‍ ലഭിക്കുന്ന തുകയാണ് ഇന്ത്യന്‍ ദേശീയത എന്നൊരു ധാരണ പ്രബലമായിരുന്നു. ഈ ആശയത്തെ ഡോക്ടര്‍ജി താത്വികമായി എതിര്‍ത്തു... ഹിന്ദു-മുസ്‌ളീം ഐക്യം എന്ന വാക്ക് തന്നെ വിനാശകരമാണ്. അതിന്റയര്‍ത്ഥം ഭാരതം എന്നൊരു വസ്തുവില്ലെന്നാണ്. ഭാരതത്തിന്റെ ഏകത്വത്തിന് മുന്നില്‍ മതപരമായ ഭിന്നത ഇല്ലാതാവണം
ചോദ്യം-ഹിന്ദു-മുസ്‌ളീം ഐക്യം എന്നു പറയുമ്പോള്‍ ഇസ്‌ളാം സെമറ്റിക് റിലീജിയനാണ്, ഹിന്ദുമതത്തിന്റെ ചട്ടക്കൂട് വേറെയാണ്
സോമശേഖരന്‍- അത് വലിയൊരു തെറ്റിദ്ധാരണയാണ്. സെമറ്റിക്ക് നോണ്‍സെമറ്റിക്ക് എന്നു പറയുന്നതേ ശരിയല്ല. മതം എന്നു പറയുന്ന സാധനമേ സെമറ്റിക്കാണ്. ആര്യന്‍-സെമറ്റിക്ക് വിഭജനം തന്നെ അബദ്ധമാണ്. ഷെം എന്ന വ്യക്തിയുടെ വംശക്കാരാണ് സെമറ്റിക്കുകള്‍. ഷെം നൂഹിന്റെ മകനാണ്. സെമറ്റിക്ക് സംസ്‌ക്കാരം തന്നെയാണ് സത്യത്തില്‍ ആര്യന്‍ സംസ്‌ക്കാരം. നൂഹ് ആര്യനാണ്, ഷെം ആര്യനാണ്, ആര്യന്‍മാരും സെമറ്റിക്കുകളും രണ്ടല്ല.
ചോദ്യം- മതം സെമറ്റിക്കാണ്, തത്വത്തില്‍ അംഗീകരിച്ചു. പക്ഷെ ആധുനികയുഗത്തില്‍ മുസ്‌ളീം-ഹിന്ദു-ക്രിസ്ത്യന്‍ തുടങ്ങിയ വ്യതിരിക്തമായ ഐഡന്റിറ്റികള്‍ യാഥാര്‍ത്ഥ്യമാണ്. അവര്‍ക്കിടയിലുള്ള ഐക്യമല്ലാതെ മറ്റെന്താണ് നമുക്ക് ആഗ്രഹിക്കാനാവുക?
സോമശേഖരന്‍-മതമല്ല, മതരാഷ്ട്രീയമാണ് പ്രശ്‌നം. ക്രിസ്ത്യാനിറ്റി-ഇസ്‌ളാം എന്നൊക്കെ പറയുമ്പോള്‍ ഒരു സോഷ്യോ-പൊളിറ്റിക്കല്‍ സ്വത്വമായിട്ടാണ് നലകൊള്ളുന്നത്...സംഘടിക്ക് ശക്തരാവുക, വിലപേശുക, ബലാല്‍ക്കാരത്തിലൂടെ വേണ്ടത് എന്നിങ്ങനെ.....അങ്ങനെയാണത് നിലനില്‍ക്കുന്നത്. അല്ലാതെ വിശ്വാസത്തിലൂടെയും ആചാരത്തിലൂടെയും അല്ല.
ചോദ്യം- രാഷ്ട്രീയമെന്നാല്‍ അധികാരമാണ്. അധികാരം എല്ലാവരും ഇഷ്ടപ്പെടുന്നു. അപ്പോള്‍ രാഷ്ട്രീയത്തിലേക്ക് മതം പ്രവേശിക്കുന്നത് താറാവ് വെള്ളത്തിലേക്ക് പോകുന്നതിന് സമമല്ലേ?
സോമശേഖരന്‍- എന്നാല്‍പ്പിന്നെ എന്തിനാണ് സെക്കുലറിസം എന്നൊക്കെ പറയുന്നത്? രാഷ്ട്രീയത്തിലേക്ക് മതം വരാന്‍ പാടില്ലെന്ന് പറയുന്നതല്ലേ സെക്കുലറിസം...?
ചോദ്യം-ഇപ്പോള്‍ ആര്‍. എസ്.എസിന്റെ ചരിത്രം നോക്കിയാല്‍ തുടക്കംമുതല്‍ രാഷ്ട്രീയത്തില്‍ ഒളിഞ്ഞുംതെളിഞ്ഞും അവര്‍ ഇടപെട്ടിട്ടില്ലേ? കഴിഞ്ഞ 85 വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ നേരിട്ടും പോഷകസംഘടനകളും വഴി ആര്‍.എസ്.എസ് നിരന്തരമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടെപെട്ടുകൊണ്ടിരിക്കുകയാണ്......
സോമശേഖരന്‍-ഉണ്ട്.. ഇടെപെടേണ്ടിവരും
ചോദ്യം-രണ്ടും സാറാണ് പറയുന്നത്!
സോമശേഖരന്‍- ...അത്...ഈ ഹിന്ദു എന്നു പറയുന്ന ഒരു മതമില്ല. ഹിന്ദു എന്നു പറയുന്ന ഒരു മതമാകന്‍ സാധിക്കുകയുമില്ല. ഹിന്ദുമതമാകണമെങ്കില്‍ ഇസ്‌ളാം എന്നു പറയുന്നതുപോലെ അതിന് ഒരു ഐഡന്റിറ്റി ഉണ്ടാകണം. പക്ഷെ അതില്ല. പരസ്പരം കലഹിക്കുന്ന ഡസന്‍ കണക്കിന് മതങ്ങള്‍ ചേര്‍ന്നതാണ് ഹിന്ദു എന്ന സങ്കല്‍പ്പം. ആചാര്യന്‍മാര്‍ എന്നു പറയുന്ന ചില സാമൂഹികവിരുദ്ധന്‍മാരുണ്ട്. ഇവര്‍ കയ്യടക്കിവെച്ചിരിക്കുന്ന ചില കൂട്ടങ്ങള്‍ അഥവാ ഗാംങുകള്‍ ഉണ്ട്. ഓരോരുത്തരും അവരുടെ സ്വാര്‍ത്ഥത്തിന് വേണ്ടി പൊരുതിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, മതപരമായ ഒരു അസ്തിത്വം ഹിന്ദു എന്ന വാക്കിന് ഇല്ലെന്ന് മനസ്സിലാക്കണം.
ചോദ്യം- ഹിന്ദു മതമല്ലെന്ന് പറഞ്ഞു, ആര്‍.എസ്.എസ് രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന് പറഞ്ഞു...അതെല്ലാം അവിടെ നില്‍ക്കട്ടെ. ദേശീയത എന്ന പരികല്‍പ്പന പരിഗണിക്കാം. രണ്ടാം മഹായുദ്ധത്തിന്റെ കാരണങ്ങളില്‍ പ്രധാനമായി ചൂണ്ടക്കാട്ടപ്പെടുന്നത് അമിതമായ ദേശീയതാവാദമാണ്. സങ്കുചിതവും തീവ്രവുമായ ദേശീയബോധം നിലനിന്ന രാഷ്ട്രങ്ങളൊക്കെ അനുഭവിച്ചിട്ടുണ്ട് എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യയിലും അത്തരമൊരു പരീക്ഷണത്തിനാണ് ആര്‍.എസ്.എസ് മുതിരുന്നതെങ്കില്‍ അത് എത്രമാത്രം ശരിയായിരിക്കും?
സോമശേഖരന്‍-ദേശീയതയാണ് യുദ്ധമുണ്ടാക്കിയതെന്നത് അബദ്ധവിശകലനമാണ്. യുദ്ധമുണ്ടാക്കിയത് ദേശീയതയല്ല...
ചോദ്യം-അമിതദേശീയത യുദ്ധഹേതുവായി എന്നത് ചരിത്രപണ്ഡിതരുടെ വിശകലനമാണ്.
സോമശേഖരന്‍-സത്യത്തില്‍ ചരിത്രാതീത കാലം മുതലേയുള്ള ആര്യന്‍മാര്‍ എന്നറിയപ്പെടുന്ന ബാര്‍ബേറിയന്‍മാരുടെ അധിനിവേശ ശ്രമങ്ങളാണ് യുദ്ധം കൊണ്ടുവന്നത്. ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ പറഞ്ഞത് തങ്ങള്‍ ആര്യന്‍മാരാണെന്നാണ്...
ചോദ്യം-ഗോള്‍വാള്‍ക്കര്‍ക്കൊക്കെ അത് വലിയ അഭിമാനമായിരുന്നല്ലോ?
സോമശേഖരന്‍-ആര്യന്‍ എന്ന വാക്കിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണത്. ആര്യന്‍ എന്ന വാക്കിന് നോമാഡിക് അഥവാ അലഞ്ഞുതിരിഞ്ഞു നടക്കുന്നവന്‍ എന്നാണര്‍ത്ഥം. മനുഷ്യന്‍ കൃഷി ആരംഭിച്ച് ആവാസവ്യവസ്ഥയുണ്ടാക്കിയപ്പോഴും ആര്യന്‍മാര്‍ അലഞ്ഞുതിരിഞ്ഞ് തന്നെ നടക്കുകയാണ്. കൃഷി ചെയ്ത് സത്യസന്ധരായി ജീവിച്ചിരുന്ന ആള്‍ക്കാരെ പോയി ആക്രമിക്കുക, കൊള്ളയടിക്കുക, തീയിടുക ഇതൊക്കെയാണ് അവര്‍ ചെയ്തത്. ജന്മോദ്ദേശംതന്നെ വിധ്വംസനമായിട്ടുള്ള ഒരു വര്‍ഗ്ഗമായിരുന്നു ആര്യന്‍മാര്‍. ആര്യന്‍മാരുടെ അവശിഷ്ടങ്ങളാണ് ഈ ലോകത്തെ യുദ്ധങ്ങളൊക്കെ ഉണ്ടാക്കിയുട്ടള്ളത്. മുതലാളിത്തം, നാടുവാഴിത്തം, കൊളോണിയലിസം, അടിമത്തം ഇവയൊക്കെ ഇക്കൂട്ടരുടെ വംശപാരമ്പര്യമാണ്.
ചോദ്യം-സീത ഭര്‍ത്താവിനെ വിളിക്കുന്നത് ആര്യപുത്രാ എന്നാണ്..!
സോമശേഖരന്‍- അതെ അക്രമികളുടെ മറ്റൊരു പേരാണത്.

സേവനം ചെയ്യാന്‍ ആയുധമെന്തിന്?!
ചോദ്യം-മുമ്പ് സൂചിപ്പിച്ച രാഷ്ട്രസേവനത്തിലേക്ക് തിരിച്ചുവന്നാല്‍ വിടി, റൈഫിള്‍, വാള്‍ എന്നിവയുടെ ഉപയോഗം പരിഗണിക്കുക. നിസ്വാര്‍ത്ഥമായ രാഷ്ട്രസേവനത്തില്‍ ഇത്തരം ആയുധങ്ങളുടെ പങ്കെന്താണ്?
സോമശേഖരന്‍-മനുഷ്യന്റെ ഭീരുത്വമാണ് ഏറ്റവും വലിയ പ്രശ്‌നം. ആയുധമെടുക്കുന്നത് ഭീരുത്വത്തില്‍ നിന്നാണ്
ചോദ്യം-ഭീരുത്വപ്രകടനമാണോ ആര്‍.എസ്.എസ് കാഴ്ച്ചവെക്കുന്നത്?
സോമശേഖരന്‍ -ആയുധമെടുക്കുന്നത് നമുക്ക് നമ്മെ സംരക്ഷിക്കാന്‍ പറ്റുന്നില്ലെന്ന തോന്നലുണ്ടാകുമ്പോഴാണ്. എനിക്കെന്റെ ശരീരത്തെ പ്രതിരോധിക്കാനാവില്ല, രാഷ്ട്രത്തെ പ്രതിരോധിക്കാനാവില്ല...എന്നൊക്കെ തോന്നലുണ്ടാകുമ്പോവാണ് പ്രശ്‌നം
ചോദ്യം-അത്തരമൊരു പ്രശ്‌നം ആര്‍.എസ്.എസിന് ഉണ്ടോ?
സോമശേഖരന്‍- ഞാന്‍ എന്തുവന്നാലും നേരിടും എന്ന തരത്തില്‍ ഒരു താന്‍പോരിമയുടെ ബോധം വ്യക്തിയില്‍ ഉണ്ടാക്കിയെടുത്തെങ്കിലേ അവനെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളു.
ചോദ്യം-ആര്‍.എസ്.എസിന്റെ ആയുധീകരണത്തോട് താങ്കള്‍ക്ക് യോജിപ്പില്ലെന്നാണോ?
സോമശേഖരന്‍-ആയുധീകരണം എന്നൊന്നും അതിനെക്കുറിച്ച് പറയാനാവില്ല. വടിയൊന്നും ഒരായുധമല്ല
ചോദ്യം-റൈഫിളുകളെക്കുറിച്ചൊക്കെ താങ്കള്‍ സൂചിപ്പിച്ചു...
സോമശേഖരന്‍-റൈഫിളൊക്കെ ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്നതാണ്....
സോമശേഖരന്‍-എന്തിനായിരുന്നവത്?
സോമശേഖരന്‍-എന്‍.സി.സി യിലൊക്കെ എന്തിനാണ് റൈഫിള്‍ ഉപയോഗിക്കുന്നത്?
ചോദ്യം- അത് ശരിക്കും യുദ്ധപരിശീലനമാണ്. യുദ്ധം വിഷ്വലൈസ് ചെയ്താണ് ഓരോ കേഡറ്റും ആയുധപരിശീനം നടത്തുന്നത്
സോമശേഖരന്‍- അതെ യുദ്ധം തന്നെ. യുദ്ധമുണ്ടാകും. യുദ്ധമുണ്ടാകില്ലെന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ?
ചോദ്യം-ആരുമായിട്ടാണ് ആര്‍.എസ്.എസിന് യുദ്ധം ചെയ്യാനുള്ളത്?
സോമശേഖരന്‍ -യുദ്ധം ആരുമായിട്ടും ഉണ്ടാകാം. ചിലപ്പോള്‍ അയല്‍-ശത്രുരാജ്യങ്ങളുമായിട്ടുണ്ടാവാം
ചോദ്യം-ശത്രുരാജ്യങ്ങളുമായി യുദ്ധം ചെയ്യാന്‍ ആര്‍മിയുണ്ട്..
സോമശേഖരന്‍- രാജ്യത്തിന്റെ ആവശ്യമാണ് സിവില്‍ ഡിഫന്‍സ്. സിവില്‍ ഡിഫന്‍സിന്റെ ചുമതല സര്‍ക്കാര്‍ തന്നെ നിര്‍വഹിക്കേണ്ടതാണ്. ഫലത്തില്‍ അതിനാണ് എന്‍.സി.സി, സ്‌ക്കൗട്ട് എന്നിവയൊക്കെ
ചോദ്യം-എന്‍.സി.സിയും ആര്‍മിയുമൊക്കെ ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറെടുക്കുന്നവരാണ്. സിവില്‍ഡിഫന്‍സ് എന്നതുകൂടി അങ്ങ് കൃത്യമായി എന്താണ് ഉദ്ദേശിക്കുന്നത്? ആര്‍ക്കെതിരെയാണ് ഡിഫന്‍ഡ് ചെയ്യേണ്ടത്?
സോമശേഖരന്‍-ആര്‍ക്കെതിരെയും
ചോദ്യം-അപ്പോള്‍ ഒരു ശത്രുവിനെ മുന്നില്‍ കാണുന്നുണ്ട്....
സോമശേഖരന്‍- ശത്രുവുണ്ട്..എന്താ സംശയം...?
ചോദ്യം-ആരാണത്....
സോമശേഖരന്‍ -പാകിസ്ഥാനികളും ബംഗ്‌ളാദേശികളും കേരളത്തിന്റെ പല ഭാഗങ്ങളിലും സ്ഥിരതാമസം നടത്തുന്നുണ്ട്. അവര്‍ക്ക് വിസയുമില്ല....കടലാസുമില്ല...അവര്‍ക്കെതിരെ ചോദിക്കാനുമാരുമില്ല. സി.ഐ.ഐ ക്കാര്‍ വരുന്നുണ്ട്. ആദ്ധ്യാത്മികകച്ചവടത്തിന്റെ മറവില്‍ വിദേശചാരന്‍മാര്‍ ഇവിടെ വന്ന് തമ്പടിക്കുന്നു. ആദ്ധ്യാത്മികേന്ദ്രങ്ങളൊക്കെ സി.ഐ.ഐ ക്കാരുടെ കൈകളിലാണ്. ഏത് ആദ്ധ്യാത്മികക്കാരന്റെ ആശ്രമത്തിലാണ് സി.ഐ.ഐ ക്കാര്‍ വന്ന് പാര്‍ക്കാത്തത്? ഇക്കൂട്ടര്‍ വന്ന് പോകുന്നതിന് വല്ല രേഖയുമുണ്ടോ? നാളെ ഇതുപോലെ സമൂഹത്തിന് നേരെ ഒരാക്രമണമുണ്ടായാല്‍ സമൂഹം ഡിഫന്‍ഡ് ചെയ്യണം. അതിന് പട്ടാളത്തെ വിളിക്കാന്‍ പറ്റില്ല
ചോദ്യം-കേരളത്തിലെ ആദ്ധ്യാത്മികകേന്ദ്രങ്ങളിലൊക്കെ അമേരിക്കന്‍ ചാരന്‍മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്? 
സോമശേഖരന്‍-സംശയമെന്താ? ഈ വിദേശികളൊക്കെ വന്നുമറിയുന്നത് ആദ്ധ്യാത്മികത പഠിക്കാനാണോ?
ചോദ്യം-എനിക്കറിയില്ല...താങ്കള്‍ക്കതിന് വസ്തുനിഷ്ഠമായ തെളിവ് വല്ലതുമുണ്ടോ?
സോമശേഖരന്‍- ആദ്ധ്യാത്മികതയെ നിലനിറുത്തുന്നത് വിദേശപ്പണം കൊണ്ടാണ്. വന്‍കുത്തകകളുടേയും മള്‍ട്ടിനാഷണലിസ്റ്റുകളുടേയും പണം കൊണ്ടാണ് ആദ്ധ്യാത്മികം എന്ന് തെറ്റായി വിളിക്കപ്പെടുന്ന പ്രസ്ഥാനങ്ങളെല്ലാം നിലനില്‍ക്കുന്നത്. ഇവര്‍ പണംകൊടുക്കുന്നത് വെറുതെയല്ല. പണത്തിന് പിന്നാലെ ഒരു പിടിയുണ്ട്
ചോദ്യം-അപ്പോള്‍ ശത്രു അകത്തു തന്നെയാണ്....?
സോമശേഖരന്‍- ഒരു വിദേശി വന്ന് ഹോട്ടലില്‍ താമസിച്ചാല്‍ പോലീസ് അന്വേഷിക്കും. അതല്ലെങ്കില്‍ ഹോട്ടലുടമ തന്നെ പരിശോധിക്കും. പക്ഷെ ആദ്ധ്യാത്മികക്കാരനെന്ന് പറഞ്ഞ് ഒരു സി.ഐ.ഐ ക്കാരന്‍ ഒരു ആശ്രമത്തില്‍ വന്ന് താമസിച്ചാല്‍ പോലീസിനെ അറിയിക്കേണ്ടതില്ല. അയാള്‍ സുഖമായി താമസിക്കും, സുഖമായിട്ട് തിരിച്ചുപോകും.
ചോദ്യം-ഇത്തരം ആദ്ധ്യാത്മിക ആചാര്യന്‍മാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും ശക്തമായ പിന്തുണ കൊടുത്തുവരുന്നത് ഇവിടുത്തെ ആര്‍.എസ്.എസ് രാഷ്ട്രീയമല്ലേ?
സോമശേഖരന്‍- അല്ല അതിനവര്‍ക്ക് സ്വന്തമായി ആളുകളുണ്ട്, സ്വന്തമായി പിടികളും ഉണ്ട്. ആര്‍.എസ്.എസ് അത് ചെയ്യുന്നില്ല. ആര്‍.എസ്.എസ് ഇല്ലെങ്കിലും അവര്‍ നിലനില്‍ക്കും. ആര്‍.എസ്. എസ് ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഇക്കൂട്ടര്‍ ഇവിടെയുണ്ടായിരുന്നു, അവര്‍ സമൂഹത്തെ സ്വാധീനിച്ചിരുന്നു, വഴി തെറ്റിച്ചിരുന്നു. സ്വന്തം കാര്യം നേടാനായി സമൂഹത്തിന്റെ അധികാരത്തിന്റെ തങ്ങളുടേതായ തുരുത്തുകള്‍ ഉണ്ടാക്കുകയാണ് ആദ്ധ്യാത്മികനേതാക്കള്‍ ചെയ്യുന്നത്. ഈ ആദ്ധ്യാത്മികപ്രസ്ഥാനങ്ങളൊന്നും ഹിന്ദു താല്‍പര്യങ്ങളെയോ ഐക്യത്തേയോ പ്രതിനിധാനം ചെയ്യുന്നില്ല.*******
(to be continued)

Friday, 4 April 2014

81. പുഴുത്തു തൂങ്ങുന്ന കറുത്ത പഴങ്ങള്‍


മലയാളി മതത്തിന് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു. മതത്തിന്റെ പേരിലുള്ള എന്തിനേയും അവന്‍ നിര്‍ലജ്ജം പേടിക്കുന്നു. ആത്മീയം എന്ന ഓമനപ്പേരില്‍ മുഖ്യധാരമാഫിയ സമൂഹത്തില്‍ പിടി മുറുക്കികഴിഞ്ഞു. പണ്ട് കുട്ടികളെ മാമുണ്ണിക്കാനായി ഉക്കൂക്കി വരുന്നു എന്ന് ഭീഷണിപ്പെടുത്തിയിരുന്നിടത്ത് ഇന്ന് എണ്ണപ്പെട്ട മത-ആത്മീയ മാഫിയകളുടെ പേര് പറഞ്ഞാല്‍ മതി എന്നായിരിക്കുന്നു! എല്ലാത്തരം മതതമോശക്തികളും അക്രമവും ഭീഷണിയും സര്‍വാധിപത്യത്തിന്റെ മാര്‍ഗ്ഗമായി തിരഞ്ഞെടുത്തിരിക്കുന്നു. 

പ്രൊഫ. ടി.ജെ.ജോസഫിന്റെ ഭാര്യ ആത്മഹത്യ ചെയ്തപ്പോള്‍ മധുരം വിതരണം ചെയ്ത മനുഷ്യമൃഗങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടി വരുന്നത് അക്ഷരാര്‍ത്ഥത്തില്‍ നമ്മെ ഭീതിപ്പെടുത്തുന്നില്ലേ?! ഇത് കേരളമാണ് എന്ന വിശ്വാസത്തില്‍ ഒരു ചാനല്‍ അഭിമുഖത്തിന്റെ ശബ്ദരേഖ പുസ്തകരൂപത്തിലിറക്കിയ പ്രസാധകനെതിരെ മതനിന്ദാക്കുറ്റത്തിന്റെ വാള്‍ വീശാന്‍ ആത്മീയമാഫിയ തയ്യാറെടുക്കുന്നുവത്രെ. ചിന്തിച്ചു നോക്കൂ, എത്ര വര്‍ഷമാണ് നാം പിറകോട്ട് നടന്നിരിക്കുന്നത്? കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി മതനവോത്ഥാനം എന്ന ഓമനപ്പേരില്‍ ഇവിടെ അരങ്ങേറിയ പ്രാകൃതമായ കോപ്രായവല്‍ക്കരണത്തിന്റെ കറുത്ത പഴങ്ങള്‍ പാകമായി മലയാളിയുടെ തലയ്ക്ക് മേല്‍ പുഴുത്തു തൂങ്ങുകയാണ്.

നിങ്ങള്‍ പറയുന്നതിനോട് വിയോജിക്കുന്നു, പക്ഷെ അത് പറയാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ജീവന്‍ ത്യജിക്കാന്‍ പോലും ഞാന്‍ തയ്യാറാണെന്ന്('I disapprove of what you say, but I will defend to the death your right to say it') വോള്‍ട്ടയറിന്റെ ജീവചരിത്രത്തില്‍ അദ്ദേഹത്തിന്റെ ബൗദ്ധിക നിലപാടുകള്‍ സംഗ്രഹിച്ചുകൊണ്ട് ഇവ്‌ലിന്‍ ബിയാട്രീസ് ഹോള്‍ (Evelyn Beatrice Hall)എഴുതുകയുണ്ടായി. ബാലഗംഗാധര തിലകന്റെ പ്രിയപ്പെട്ട വരികളായിരുന്നു ഇവ. അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണം മനുഷ്യരാശിക്ക് നേരെയുള്ള പരമമായ അധിക്ഷേപമാകുന്നു. 


ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മതനിന്ദ(blasphemy) സംബന്ധിച്ച 295 (എ) എന്ന കിരാത വകുപ്പ് മതശക്തികളും ആത്മീയവ്യാപരികളും ഇന്ന് ആസുരമായി ആഘോഷിക്കുകയാണ്. ഐ.പി.സി 295 (എ) അനുസരിച്ച് മന:പൂര്‍വം മതവികാരം വ്രണപ്പെടുത്തുന്നതും മതവികാരം കുത്തിയിളക്കി ബോധപൂര്‍വം മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും ഒന്നാം ക്‌ളാസ്സ് മജിസ്‌ട്രേറ്റിന് മാത്രം വിധിപറയാന്‍ അധികാരമുള്ള, ജാമ്യമില്ലാത്ത, പരമാവധി മൂന്നുവര്‍ഷം വരെ തടവോ പിഴയോ രണ്ടുകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്('Whoever, with deliberate and malicious intention of outraging the religious feelings of any class of citizens of India, by words, either spoken or written, or by signs or by visible representations or otherwise, insults or attempts to insult the religion or the religious beliefs of that class, shall be punished with imprisonment of either description for a term which may extend to three years, or with fine, or with both’’). 

1860 ല്‍, പ്രധാനമായും,ഹിന്ദു-മുസ്‌ളീം ലഹള നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ പീനല്‍കോഡില്‍ കുത്തിതിരുകിയ കരിനിയമമാണിത്. ഇവിടെ, deliberate and malicious intention എന്ന വാചകം ആര്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന രീതിയില്‍ അവ്യക്തവും ദുരൂഹവുമാണ്. വാക്ക്, എഴുത്ത്, സംസാരം, ആംഗ്യം, മറ്റെന്തെങ്കിലും ദൃശ്യരൂപങ്ങളിലൂടെയോ വ്യക്തമാക്കപ്പെടുന്ന വിമര്‍ശനം എന്നിവയൊക്കെ മതനിന്ദയുടെ പരിധിയില്‍ വരുമെന്നതിനാല്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യാപ്പെടാനുളള സാധ്യത അനന്തമാണ്. അഭിപ്രായസ്വാതന്ത്യം സംബന്ധിച്ച് ഭരണഘടനാപരമായി അവകാശങ്ങളുടെ(ആര്‍ട്ടിക്കിള്‍ 19/(a)All citizens shall have the right to freedom of speech and expression) നഗ്നമായ നിഷേധമാണിത്. 


ശിക്ഷാനിയമത്തിലെ ഏതെങ്കിലും നിയമമോ വ്യവസ്ഥയോ ഭരണഘടനയുമായി ഏറ്റുമുട്ടിയാല്‍ ഭരണഘടനയുടെ അപ്രമാദിത്വം സംരക്ഷിക്കപ്പെടേണ്ടതാണ്. ആ നിലയ്ക്ക് ആര്‍ട്ടിക്കിള്‍ 19 പ്രകാരം അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പരിശ്രമിക്കുന്ന ഒരാള്‍ക്ക് 295 (എ) യുടെ മുകളില്‍ വിജയം തീര്‍ച്ചായായും ലഭിക്കേണ്ടതാണ്. പക്ഷെ ആ വിജയം ജാമ്യമില്ലാത്ത ജയില്‍വാസവും നീണ്ടകാലത്തെ നിയമപ്രക്രിയയും കഴിഞ്ഞു മാത്രമേ ലഭിക്കൂ എന്നു വരുന്നത് എത്ര അപഹാസ്യമാണ്?!

അതേസമയം, ഐ.പി.സി 296 വകുപ്പ് പ്രകാരം ഒരു മതസമ്മേളനമോ ആരാധനയോ തടസ്സപ്പെടുത്തുകയോ അലങ്കോലപ്പെടുത്തുകയോ ചെയ്താല്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷ കേവലം ഒരു വര്‍ഷം മാത്രം! ഏത് മജിസ്‌ട്രേറ്റിനും വിധി പറയാം, ജാമ്യം ലഭിക്കുകയും ചെയ്യും. അതായത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ശക്തമായ കടന്നാക്രമണത്തിന് താരതമ്യേന ലഘുവായ ശിക്ഷ! എന്താണതിനര്‍ത്ഥം?! ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ശവമടക്കാണ് 295(എ) ലക്ഷ്യമിടുന്നത്. എഴുത്തുകാരെയും പ്രസാധകരെയും പ്രാസംഗികരെയും നിശബ്ദരാക്കാന്‍ മതശക്തികള്‍ക്ക് പരിമിതിയില്ലാത്ത അവകാശം നല്‍കുന്ന താലിബാന്‍ നിയമമാണിതെന്ന് വ്യക്തം.

ഐ.പി.സി യിലെ 153 (എ) അനുസരിച്ച് മതവികാരം മാത്രമല്ല ഭാഷ, വംശം, വീട്, ജന്മസ്ഥലം തുടങ്ങിയവയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പോലും കുറ്റകരമാണ് (Whoever by words, either spoken or written, or by signs or by visible representations or otherwise, promotes or attempts to promote, on grounds of religion, race, place of birth, residence, language, caste or community or any other ground whatsoever, disharmony or feelings of enmity, hatred or ill-will between different religious, racial, language or regional groups or castes or communities.. /IPC Section-153A).


ഇവിടെയും സമാനമായ തോതില്‍ അവ്യക്തതയുണ്ട്. നിന്റെ സ്ഥലം ഒരു പട്ടിക്കാടാണ്, അല്ലെങ്കില്‍ നിന്റെ ഭാഷ വെറും കൂതറയാണ് എന്നൊക്കെ തമാശ പറയുന്നവര്‍ ശ്രദ്ധിക്കണമെന്ന് സാരം. എങ്കിലും മതവികാരം പോലെ സ്ഥലവികാരവും ഭാഷാവികാരവും വികസിച്ചിട്ടില്ലാത്തതിനാല്‍ ജനം കഷ്ടിച്ച് രക്ഷപെട്ട് പോകുന്നുവെന്ന് മാത്രം.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും ബംഗ്‌ളാദേശുമൊക്കെ പൊതുവായി സ്വീകരിച്ച 1860 ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പല വകുപ്പുകളും വ്യവസ്ഥകളും നാം കാലോചിതമായി പരിഷ്‌ക്കരിച്ചിട്ടുണ്ട്. അന്തരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളിലും മാനദണ്ഡങ്ങളിലും വന്ന മാറ്റങ്ങള്‍ പലതും അതില്‍ പ്രതിഫലിച്ചിട്ടുണ്ട്. മൃഗങ്ങളുടേയും പക്ഷികളുടേയും കാര്യത്തില്‍ വരെ ഐ.പി.സി കാലികമായി പരിഷ്‌ക്കരിക്കപ്പെട്ടു. പക്ഷെ രാജ്യമൊരു മതേതര റിപ്പബ്‌ളിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടും കാലഹരണപ്പെട്ട മതനിന്ദ വകുപ്പില്‍ മാത്രം തൊട്ടില്ല.

ഈ നിയമം ഇന്നുവരെ ഒരു വര്‍ഗ്ഗീയലഹള തടഞ്ഞതായി കേട്ടിട്ടില്ല, ഇനിയൊട്ട് തടയാനും പോകുന്നില്ല. 295(എ) ഉണ്ടായാലും ഇല്ലെങ്കിലും വര്‍ഗ്ഗീയലഹളകള്‍ കൃത്യമായ ഇടവേളകളില്‍ അരങ്ങേറുക തന്നെചെയ്യും. ആരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ജയിലില്‍ അടയ്ക്കാന്‍ മതശക്തികള്‍ക്ക് അധികാരം നല്‍കുകയാണിവിടെ. 295 എ കാലഹരണപ്പെട്ടതാണെന്ന് വാദിക്കുന്നവരെ കൂടി ഈ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞാല്‍ ചിരിക്കരുത്. പ്രസ്തുത നിയമത്തിനെതിരെയുള്ള വിമര്‍ശനം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ മതിയാകും. അവസാനം കോടതി വെറുതെ വിട്ടേക്കാം-പക്ഷെ ജാമ്യമില്ലാത്ത അറസ്സ് ഉറപ്പാണ്!

മാതൃരാജ്യം, ഭരണഘടന, ഭരണാധികാരികള്‍, രാഷ്ട്രീയക്കാര്‍...എന്തിനേറെ ദൈവത്തിന് എതിരെ വരെ വിമര്‍ശനമുയര്‍ത്താം, പരിഹസിക്കാം. പക്ഷെ മതത്തെ മാത്രം ദിവ്യമായി കണ്ടുകൊള്ളണം. അതല്ലെങ്കില്‍ മതത്തിലെ നല്ല വശം മാത്രം ചുരണ്ടിയെടുത്ത് പ്രദര്‍ശിപ്പിച്ച് സംതൃപ്തിയടഞ്ഞുകൊള്ളണം. മതനിന്ദ കുറ്റമാണെങ്കിലും ദൈവനിന്ദ കുറ്റമല്ല!! ദൈവം അന്ധനാണെന്നോ കോമാളിയാണെന്നോ പരിഹസിച്ചാല്‍ വിഷയമില്ല-പക്ഷെ അതും തന്റെ 'മതവികാര'ത്തെ മുറിപ്പെടുത്തുന്നതായി ഒരാള്‍ പരാതിപ്പെട്ടാല്‍ മാത്രം പ്രശ്‌നമാകും!!

മതവിമര്‍ശനവും മതനിന്ദയും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ നിര്‍ണ്ണായകമെന്ന് ആര്‍ക്കും തോന്നാം. മതവിമര്‍ശനം ആകാം-നിന്ദ പാടില്ല എന്ന സദുദ്ദേശ്യമാണ് പിന്നിലുളളതെന്നു വ്യാഖ്യാനിക്കാം. പക്ഷെ അപ്പറയുന്നതില്‍ യാതൊരു കഥയുമില്ല. മതനിന്ദയും മതവിമര്‍ശനവും തമ്മിലുള്ള വ്യത്യാസം തീരുമാനിക്കാനുള്ള അവകാശം ഇവിടെ പരാതിക്കാരന് മാത്രമാണുള്ളത്!! ജാമ്യമില്ലാതെ അറസ്റ്റ് ജയിലില്‍ ഇട്ട് കഴിഞ്ഞ ശേഷമേ വിസ്താരവും വിധി പറച്ചിലുമൊക്കെ വരുന്നുള്ളു. തന്റെ വികാരം 'വ്രണപ്പെട്ടു'എന്നൊരാള്‍ അവകാശവാദമുന്നയിച്ചാല്‍ അത് പ്രഥമദൃഷ്ട്യാ അസത്യവല്‍ക്കരിക്കാനാവില്ല((not falsifiable)-അതായത് മറിച്ച് തെളിയിക്കാനാവില്ല. വാക്ക്, നോക്ക്, ആംഗ്യഭാഷ തുടങ്ങിയ നിസ്സാര കാര്യങ്ങള്‍ പോലും ചൂണ്ടിക്കാട്ടാം. ബ്രിട്ടീഷുകാര്‍ പോയിട്ടും അവരുടെ നിയമം പോയില്ല-മതത്തിന് അമിതവും അനിയന്ത്രിതവുമായ ആനുകൂല്യം നല്‍കുന്നതിനാല്‍ തൊട്ടുകളിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും താല്‍പര്യമില്ല. തിരിച്ചായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു എന്നു കാണാന്‍ വിഷമമില്ല.

നിന്ദയാണോ വിമര്‍ശനമാണോ മതവികാരികളുടെ മുഖ്യ പ്രശ്‌നം? ഉത്തരം കണ്ടെത്താന്‍ പ്രയാസമില്ല: നിന്ദയല്ല വിമര്‍ശനമാണ് പ്രശ്‌നം!! പരമതനിന്ദയുടെ കാര്യത്തില്‍ അതിസമ്പന്നമാണ് മിക്ക മതഗ്രന്ഥങ്ങളും. ഓരോ മതപ്രഭാഷണവും സത്താപരമായി അന്യമതനിന്ദയുടെ ആഘോഷമാണ്. പരമതപുച്ഛമില്ലാത്ത ഏത്ര മതനേതാക്കളുണ്ട്? ചിലരത് ഒളിച്ചുവെച്ച് തന്ത്രപൂര്‍വം നീങ്ങുമ്പോള്‍ മറ്റുചിലര്‍ക്ക് പലപ്പോഴും അറിയാതെ നിയന്ത്രണം നഷ്ടപ്പെടുമെന്ന വ്യത്യാസമേയുള്ളൂ. 


അന്യമതനിന്ദയാണ് കുറ്റമെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് മതഗ്രന്ഥങ്ങളും അനുബന്ധ രചനകളുമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അമുസ്‌ളീങ്ങള്‍ക്ക് എതിരെ കുര്‍ആനിലും ഹദീസുകളിലുമുള്ള വരികള്‍ക്കെതിരെ ആരെങ്കിലും 295 (എ) പ്രയോഗിച്ചാല്‍ എങ്ങനെയുണ്ടാകും?! ഇതര മതഗ്രന്ഥങ്ങളുടെ കാര്യവും ഏറെ ഭിന്നമല്ല. മതങ്ങള്‍ പരസ്പരം പരാതിപ്പെടാത്തതിനാലും മതവിമര്‍ശകരെ പൊതുശത്രുവായി കാണുന്നതിനാലും മിക്കപ്പോഴും ഈ കരിനിയമത്തിന് ഇരയാകുന്നത് മതവിമര്‍ശകരാണ്.

പരിഹാസ്യവും അപകടകരവുമായ ഈ കൊളോണിയല്‍ ശാസനത്തിനെതിരെ ശബ്ദിക്കാന്‍ ആരും തയ്യാറാകാത്തത് മതഭയം കൊണ്ടുതന്നെയാണ്. 'ന്യൂനപക്ഷ'ങ്ങള്‍ക്ക് വേണ്ടി സ്വനപേടകം പൊട്ടിച്ച് അലറിത്തിമിര്‍ക്കുന്നവര്‍ക്ക് നാസ്തികര്‍ 'ന്യൂനപക്ഷ'മാണെന്ന് മനസ്സിലാകാതിരിക്കാന്‍ ന്യായമില്ല. പക്ഷെ വെറും ന്യൂനപക്ഷമായതുകൊണ്ട് മാത്രമായില്ലല്ലോ. മറിച്ച് പ്രസ്തുത ന്യൂനപക്ഷം ഒരു മതമായിരിക്കണം, വോട്ട് ബാങ്കായിരിക്കണം, സമൂഹത്തെ മുള്‍മുനയില്‍ നിറുത്തുന്നതായിരിക്കണം. ജൈന-ബുദ്ധ മതക്കാരും പാഴ്‌സികളും ജൂതരുമൊക്കെ ഇന്ത്യയിലെ യഥാര്‍ത്ഥ 'മതന്യൂനപക്ഷ'മായിരിക്കാം. പക്ഷെ അവരുടെ കാര്യത്തിലും മേല്‍പ്പറഞ്ഞ ഗുണങ്ങളെല്ലാം ഒത്തുചേരാത്തതിനാല്‍ ആരാധകരുടെ എണ്ണം കുറവാണ്.

സത്യത്തില്‍ ഈ നിയമം വാഗ്ദാനം ചെയ്യുന്ന പ്രധാന ശിക്ഷ കുറ്റവിചാരണ(prosecution)യാണ്. ഒന്നുരണ്ട് റാലികളും കുറച്ച് അക്രമവും നടത്തുന്നതോടെ മതസംഘടനകളുടെ ജോലി കഴിയും. പരാതി വ്യാജവും നിലനില്‍ക്കാത്തതുമാണെന്ന് പിന്നീട് തെളിഞ്ഞാലും പരാതിക്കാരന് നിസ്സാരമായി കൈ കഴുകാം. ഇത്തരം മിക്ക കേസുകളിലും ആരോപണം 'തോന്നലുകളെ' ആസ്പദമാക്കിയായതിനാല്‍ കോടതിയില്‍ നിലനില്‍ക്കില്ല. ജയില്‍വാസവും നീണ്ട വിചാരണയും കഴിഞ്ഞ് കോടതി വെറുതെവിട്ടാലും അനുഭവിച്ച പീഡനത്തിനും അപമാനത്തിനും ഒറ്റപ്പെടലിനും പരിഹാരമുണ്ടാവില്ലല്ലോ.

ഡി.സി ബുക്‌സ് പ്രസാധകനെ നിയമക്കുരുക്കില്‍ പെടുത്താന്‍ ശ്രമിക്കുന്നത് ആക്രമിച്ച് വശം കെടുത്തിയ ശേഷമാണ്. എന്നാല്‍ ഇതേ ആത്മീയ മാഫിയയ്ക്ക് അഭിപ്രായസ്വാതന്ത്ര്യം പ്രാണവായുവാണ്. സ്വന്തം തെറ്റിനെ ന്യായീകരിക്കാനായി ഭക്തജനത്തെ വണ്ടിയില്‍ അടിച്ചിറക്കി നഗരഗതാഗതം തടസ്സപ്പെടുത്താനും മിഥ്യാലോകത്ത് ജീവിക്കുന്ന പൗരപ്രമുഖരെ കെട്ടുകാഴ്ചയാക്കി ഇറക്കി പിന്തുണയുറപ്പിക്കാനും ചിന്താശേഷിയില്ലാത്ത ഭക്തജനത്തിന്റെ ആസക്തി ഊതികത്തിക്കാനും മാധ്യമങ്ങളെ ഒന്നടങ്കം പര്‍ച്ചേസ് ചെയ്ത് വരുതിയാലാക്കാനും സ്വന്തം മാധ്യമങ്ങളിലൂടെ അനുസ്യൂതമായി വിലക്ഷണമായ പ്രകീര്‍ത്തനസാഹിത്യം വിളമ്പി സായൂജ്യമടയാനും സൈബര്‍ലോകത്തും മാധ്യമലോകത്തും എതിരാളികള്‍ക്കെതിരെ വന്‍തോതില്‍ വ്യക്തിഹത്യാശ്രമങ്ങള്‍ അഴിച്ചുവിടാനും...എന്തിനേറെ ഐ.പി.സി 295 (എ) വിലക്കുന്ന, മതസ്പര്‍ദ്ധയും മതഭിന്നതയും ഉളവാക്കുന്ന രീതിയില്‍ മതംതിരിഞ്ഞും ജാതിതിരിഞ്ഞും പ്രചരണങ്ങള്‍ സംഘടിപ്പിച്ച് തങ്ങളുടെ ചക്കരദൈവങ്ങളെ സംരക്ഷിക്കാനും അവര്‍ക്ക് അവകാശമുണ്ടാകണം, അവസരമുണ്ടാകണം........ പക്ഷെ അവര്‍ക്കെതിരെ ആരുമൊന്നും ശബ്ദിക്കരുത്!! തങ്ങള്‍ക്കെതിരെയുള്ള ഏതൊരു ആരോപണത്തെയും മതവല്‍ക്കരിച്ചും ജാതിവല്‍ക്കരിച്ചും നിര്‍വീര്യമാക്കാന്‍ മത-ആത്മീയ ശക്തികള്‍ തുനിഞ്ഞിറങ്ങുമ്പോള്‍ 295(എ) ചെളിയില്‍ കുത്തിയ വടിയായി മാറുന്നു.

ശ്രീ.സന്ദീപാനന്ദഗിരി അറിയപ്പെടുന്ന ഒരു ഗീതാപ്രഭാഷകനാണ്. മതഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാനും ഭക്തരെ ബോധവത്ക്കരിക്കാനും രാജ്യത്തെ ഭരണഘടന അദ്ദേഹത്തിന് അവകാശം നല്‍കുന്നുണ്ട്(ആര്‍ട്ടിക്കിള്‍ 25-27). പൊതുക്രമസമാധാനത്തിനും പൊതു ആരോഗ്യത്തിനും രാജ്യതാല്‍പര്യത്തിനും വിരുദ്ധമല്ലാതിരിക്കുന്നിടത്തോളം ഏതുതരം മതപ്രചരണത്തിനും അദ്ദേഹത്തിനും അവകാശമുണ്ട്(25-a gives every person the freedom of conscience and right to profess, practice and propagate religion. This right is however, subjected to public order, morality and health and to the other provisions of Part III of constitution). അത്തരം ദൗത്യങ്ങളില്‍ മുഴുകിയിരിക്കെ ഈയിടെ അദ്ദേഹത്തിനെതിരെ പലതവണ പരസ്യമായ അധിക്ഷേപപ്രകടനങ്ങളുണ്ടായി, വേദി അലങ്കോലപ്പെടുത്തപ്പെട്ടു, പ്രഭാഷണപരിപാടി തടസ്സപ്പെടുത്തപ്പെട്ടു....ഇപ്പോള്‍ അദ്ദേഹത്തിന്റെ മേല്‍ ശാരീരികമായ ആക്രമണവുമുണ്ടായിരിക്കുന്നു. മതത്തിന്റെ പേരില്‍ ആത്മീയഭീരുക്കള്‍ നടത്തുന്ന ഈ ആക്രമണം അങ്ങേയറ്റം നിന്ദ്യവും അപലപനീയവുമാണ്. ഇത്തരമൊരവസരത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാനുള്ള ബാധ്യത അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്ന നിയമബോധമുള്ള എല്ലാ മലയാളികള്‍ക്കുമുണ്ട്. കേവലം വലിയദൈവവും ചെറിയദൈവവുമായുള്ള കിടമത്സരമായോ അമ്മയും മകനും തമ്മിലുള്ള സൗന്ദര്യപ്പിണക്കമായോ ഇത് പരിമിതപ്പെടുത്താനാവില്ല. സന്ദീപാനന്ദഗിരിക്കും രവി ഡി.സി ക്കും എതിരെ ഉയരുന്ന കരങ്ങള്‍ സത്യത്തില്‍ ഓങ്ങി നില്‍ക്കുന്നത് ഈ സമൂഹത്തിനെതിരെയാണ്. വിരുദ്ധമായ അഭിപ്രായങ്ങള്‍ പറയുന്നവരെ കായികമായി ആക്രമിക്കുന്നവര്‍ സ്വയം ലജ്ജിക്കാന്‍ പോലും ശേഷിയില്ലാത്ത അധമജന്മങ്ങളാണ്. അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥ ഇവിടെ പുലര്‍ന്നു കാണാന്‍ അവരാഗ്രഹിക്കുന്നു.**


(For comments-https://www.facebook.com/photo.php?fbid=656366247733433&set=a.337796342923760.70291.100000801901801&type=1&theater)

80.ജീവനോടെ വെട്ടി മൂടുന്നവര്‍

മതവെറിയര്‍ ജോസഫ് മാഷിന്റെ കൈ വെട്ടി മാറ്റിയപ്പോള്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് അധികാരികള്‍ ആ മുറിവ് വെച്ചു കെട്ടാന്‍ പോലും അനുവദിക്കാതെ അദ്ദേഹത്തെ ജീവനോടെ കുഴിച്ചു മൂടിക്കളഞ്ഞു. പൗരോഹിത്യത്തില്‍ നിന്നും അതിലധികം മാന്യത സാമാന്യബുദ്ധിയുള്ളവരാരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പക്ഷെ ജോസഫ് മാഷിന്റെ ഭാര്യ സലോമി അത്തരമൊരു പ്രതീക്ഷ താലോലിച്ചിരുന്നതായി തോന്നുന്നു. മതപ്രഭുക്കന്‍മാര്‍ക്ക് എപ്പോഴെങ്കിലും കനിവുണ്ടായേക്കാമെന്ന് അവര്‍ വൃഥാ സങ്കല്‍പ്പിച്ചു! നികൃഷ്ടജീവികള്‍ എന്നൊക്കെ ഇക്കൂട്ടര്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് അതൊക്കെ ഒരു അലങ്കാരമാണെന്ന നിലപാടാണ് അവരില്‍ പലര്‍ക്കുമുള്ളത്. കൂട്ടത്തില്‍ പെട്ട ഒരുവനെ മതരോഗികള്‍ വാഴത്തട പോലെ വെട്ടിക്കൂട്ടിയപ്പോഴും പറയാനുള്ളത് പോലും കേള്‍ക്കാന്‍ തയ്യാറാകാതെ ഇരയുടെ ജീവിതം തന്നെ വെട്ടി പിളര്‍ക്കാനാണ് ഈ മഹിതജന്മങ്ങള്‍ ഉന്മാദം കാട്ടിയത്.

ഭ്രാന്തുപിടിച്ച മതവെറിയന്‍മാരെ തൃപ്തിപ്പെടുത്താന്‍ മാത്രമല്ല സ്വമനസ്സിലെ വിഷം പുറത്തേക്ക് വമിപ്പിക്കാനും അവര്‍ക്കത് അത്യാവശ്യമായിരുന്നിരിക്കണം. ജോസഫ് മാഷിനെ മൃഗീയമായി ഒറ്റുകൊടുത്തവര്‍ ഇന്നും ജീവിക്കുന്നത് യൂദാസിന്റെ കഥ പറഞ്ഞാണെന്നതാണ് കൗതുകകരം. ഒരു നിരപരാധിയെ നിയമവിരുദ്ധമായി ജോലിയില്‍ നിന്ന് പുറത്താക്കിയവര്‍ കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ഒരു ദിവസമെങ്കിലും ജോലി ചെയ്യാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. ശമ്പളവും ആനുകൂല്യങ്ങളും നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനാണെന്നിരിക്കെ ഇത്ര കൊടിയ വിഷം പേറുന്ന ഒരു കൂട്ടം വ്യക്തികള്‍ നമുക്കൊപ്പം ജീവിക്കുന്നുവെന്ന അറിവ് തന്നെ ഞെട്ടിപ്പിക്കുന്നതല്ലേ! ജോസഫ് മാഷിന്റെ ഭാര്യയുടെ മരണം ഈ മഹത്വപ്പെട്ടവരെ ആഴത്തില്‍ സന്തോഷിപ്പിക്കുന്നുണ്ടാവും. ആ ശവം ആര്‍ത്തിയോടെ തിന്നാന്‍ വട്ടം കൂടുന്നവരില്‍ ഒടുങ്ങാത്ത പകയുമായി നിലവിളിക്കുന്ന മതവെറിയന്‍മാരൊപ്പം ഈ സവിശേഷജന്മങ്ങളുമുണ്ടാവും.

2011 ഫെബ്രുവരിയില്‍ ഏതാനും സുഹൃത്തുക്കളുമായി പ്രൊഫ.ടി.ജെ ജോസഫിനെ അദ്ദേഹത്തിന്റെ മൂവാറ്റുപുഴയിലെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തെ സഹായിക്കാനായി ശേഖരിച്ച ഒരു തുക നേരിട്ട് കൈമാറുകയായിരുന്നു ലക്ഷ്യം. ഭാര്യ സലോമിയും സഹോദരിയും അദ്ദേഹത്തിനൊപ്പം വീട്ടിലുണ്ടായിരുന്നു. എന്ന് മതം മാറ്റി വെച്ച് മനുഷ്യന്‍ ജീവിക്കാന്‍ തുടങ്ങുന്നുവോ അന്നേ മനുഷ്യസമൂഹത്തിന് സ്വസ്ഥതയുണ്ടാവൂ എന്നൊക്കെ സലോമി ദേശാഭിമാനി പത്രത്തിന് നല്‍കിയ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ശരിക്കും അവര്‍ പറഞ്ഞതാണോ എന്നാരാഞ്ഞപ്പോള്‍ താന്‍ നന്നായി ആലോചിച്ച് തന്നെയാണത് പറഞ്ഞതെന്നാണ് മതവിശ്വാസിയായ സലോമി സ്ഥിരീകരിച്ചത്. ആത്മവിശ്വാസമുള്ള വ്യക്തിയായി കാണപ്പെട്ട അവര്‍ ഞങ്ങളോട് കാര്യമായി സംസാരിച്ചു. കൈ വെട്ടിയ മതവെറിയരെക്കാള്‍ തങ്ങളുടെ ജീവിതം തന്നെ തകര്‍ത്ത സ്വന്തം മതനേതൃത്വത്തെ കുറിച്ചുള്ള അമര്‍ഷമായിരുന്നു ആ വാക്കുകളില്‍ കൂടുതലും പ്രകടമായത്.

പ്രൊഫ.ജോസഫ് ആ സംഭവത്തെ കുറിച്ച് ഞങ്ങളോട് വിവരിച്ചത് മറക്കാനാവില്ല: കുടുംബത്തോടൊപ്പം പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുന്ന സമയം. പടക്കം പൊട്ടിച്ച് ഭീതിദമായ അന്തരീക്ഷം സൃഷ്ടിച്ചാണ് അവരെത്തിയത്. ജോസഫിനെ കണ്ടതും കാര്‍ തടഞ്ഞ് വലിച്ച് പുറത്തിട്ടു. ശേഷം പിടിച്ച് വലിച്ച് സമീപത്തുള്ള പറമ്പില്‍ കൊണ്ടുപോയി വെട്ടാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ഉച്ചത്തിലുള്ള യാചനയും നിലവിളികളും അവരെ തെല്ലും സ്വാധീനിച്ചില്ല. ''നബിയെ നിന്ദിച്ച കൈ വെച്ച് നീ ഇനി ഒരിക്കലും എഴുതരുത്''എന്നതായിരുന്നു ആക്രോശം. തടുക്കാന്‍ ശ്രമിച്ച മകനെ രണ്ടു തവണ അക്രമികള്‍ പൊക്കിയെടുത്ത് അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. വൃദ്ധ മാതാവ് തനിക്ക് കഴിയുംവിധം കുട കൊണ്ട് അക്രമികളെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. പിന്നീട് അവരും മോഹാലസ്യപ്പെട്ടു വീണു. കന്യാസ്ത്രീയായ സഹോദരിയാകട്ടെ, ആക്രമണം തീരുന്നതുവരെ സംസാരശേഷി വീണ്ടെടുക്കാനാവാത്ത വിധം വിറങ്ങലിച്ചുനിന്നു. മതവെറിയര്‍ ആദ്യം ജോസഫ് മാഷിന്റെ വലതു കൈ വെട്ടി മാറ്റി. പിന്നീടവര്‍ മതദൗത്യം നിര്‍വഹിക്കാനായി കാല്‍ വെട്ടാനൊരുങ്ങി.

കൈ മുറിഞ്ഞു പോയിട്ടും ഇടയ്ക്കിടെ ബോധം വന്നുപോയുമിരുന്ന ജോസഫ് മാഷ് അക്രമികളോട് അരുതേ എന്ന് യാചിച്ചുകൊണ്ടിരുന്നു. അതു കേള്‍ക്കാതെ അക്രമികളില്‍ ഒരുവന്‍ ആദ്യം വലതു കാലില്‍ മഴു കൊണ്ട് ആഞ്ഞുവെട്ടി. എന്നാല്‍ കൂടെയുണ്ടായിരുന്ന മറ്റൊരു മതജീവി അവനെ കുറ്റപ്പെടുത്തി. ''ആ കാലല്ലെടാ മറ്റേതാണ് വെട്ടേണ്ടത്'' എന്നായിരുന്നു അയാള്‍ അറിയിച്ചത്. അള്ളാഹുവിനെയും മുഹമ്മദിനെയും എതിര്‍ക്കുന്നവന്റെ വിപരീതദിശകളിലുള്ള കരചരണങ്ങള്‍ മുറിച്ച് കളയണമെന്ന കുര്‍-ആന്‍ വചനം കൃത്യമായി പാലിച്ച് മതസ്വര്‍ഗ്ഗത്തില്‍ പ്രവേശനം ഉറപ്പാക്കാത്തതിനായിരുന്നു ശകാരം. (5:33: Those who make war with Allah and his messenger will be killed or crucified, or have their hands and feet on alternate sides cut off, or will be expelled out of the land. That is how they will be treated in this world, and in the next they will have an awful doom). തെറ്റ് മനസ്സിലായ അയാള്‍ വീണ്ടും ഇടതു കാലില്‍ വെട്ടാന്‍ തുടങ്ങി. ആയുധത്തിന് മൂര്‍ച്ചയില്ലാതിരുന്നതിനാല്‍ കാല്‍ വേര്‍പെട്ടില്ല. അങ്ങനെ നന്നായി മതശാസനം പഠിക്കാത്തതു കൊണ്ട് ജോസഫ് മാഷിന് വലതുകാലില്‍ ഒരു വെട്ട് ബോണസ്സായി കിട്ടി. ഇനി പറയൂ, മതം ശരിക്കും പഠിച്ച് മനസ്സിലാക്കത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറയുന്നതില്‍ കാര്യമില്ലേ?! മതം ശരിക്കും പഠിച്ചിരുന്നെങ്കില്‍ അയാള്‍ വലതുകൈയ്യും ഇടതു കാലും മാത്രമെ വെട്ടുമായിരുന്നുള്ളു!

ഈ ഹീനകൃത്യം ചെയ്തവര്‍ ഇന്നും മുഖ്യധാരമതവിശ്വാസികള്‍ക്ക് വീരനായകരാണെന്നതാണ് ദു:ഖകരമായ സത്യം. അവര്‍ മതത്തിന് വേണ്ടി പോരാടി ജയിലില്‍ പോയവരാണ്. വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ ഒരു നിസ്സഹായന്റെ കൈവെട്ടി കരുത്ത് കാട്ടിയത് മനുഷ്യത്വഹീനവും കിരാതവുമാണെന്ന് കരുതുന്നുള്ളു. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും അതിനെക്കുറിച്ച് സംസാരിക്കാന്‍ പോലും താല്‍പര്യം കാണിക്കാത്തവരാണ്. പുറമെ അപലപിക്കുകയും ഉള്ളില്‍ അഭിമാനിക്കുകയും ചെയ്യുന്നവരാണ് മറ്റൊരു വിഭാഗം. അപലപിച്ച് ആളുകളിക്കുന്നവരെ തട്ടി നടക്കാനാവാത്ത അവസ്ഥ ഈ സംഭവത്തിന് ശേഷമുണ്ടായി. അതിബുദ്ധികളായ മതജീവികളായിരുന്നു ഇത്തരം അധരവ്യായാമപ്രകടനങ്ങളുടെ മുന്‍പന്തിയില്‍.

മതവെറിയര്‍ക്ക് മതമനസ്സുകളില്‍ സ്ഥാനമില്ലെന്ന വാദം അസാധുവമാണ്. ഒരു മതത്തിലെ എല്ലാവരും കൊല്ലുകയും വെട്ടുകയും കത്തിക്കുകയും ചെയ്യുന്നുണ്ടാവില്ല. അത് സാധ്യമല്ലെന്ന് മാത്രമല്ല അതിന്റെ ആവശ്യവുമില്ല. തീവ്രവാദികളെയും പൗരോഹിത്യത്തെയുമാണ് ശരാശരി മതവിശ്വാസി പിന്‍പറ്റുന്നത്. മതത്തില്‍ വോട്ടെടുപ്പില്ല. അതൊരു സംരചനയല്ല മറിച്ച് അടിച്ചേല്‍പ്പിക്കലാണ്. Religion is an imposition, not a composition. 


മതത്തില്‍ ആചരിക്കപ്പെടുന്നത് ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല. മറിച്ച് ഭയം വിതയ്ക്കാനും സമ്പത്ത് വാരിക്കൂട്ടാനും ശേഷിയുള്ള മതവെറിയരും പൗരോഹിത്യവും അടങ്ങുന്ന ചെറു ന്യൂനപക്ഷമാണ്. അവരാണ് മതത്തെ നിര്‍മ്മിക്കുന്നതും നയിക്കുന്നതും. അവര്‍ പറയുന്നതാണ് മതം; അവരാണ് മതം. ന്യൂനപക്ഷം മാത്രം ആഗ്രഹിക്കുന്ന പര്‍ദ പൊതു മതവസ്ത്രമായി മാറുന്നത് അങ്ങനെയാണ്. യഥാര്‍ത്ഥ മതം പേടിപെടുത്ത ഒന്നാണ്;യഥാര്‍ത്ഥ മതവിശ്വാസി കലര്‍പ്പില്ലാത്ത ഭീഷണിയും. മതകാര്യങ്ങളില്‍ വെള്ളംചേര്‍ക്കുന്ന പ്രായോഗികമതികളായ ഭൂരിപക്ഷമാണ് സമൂഹത്തിന് അല്‍പ്പമെങ്കിലും ആശ്വാസം കൊണ്ടുവരുന്നത്.

മിതവാദികള്‍ എന്ന് നെറ്റിയിലൊട്ടിച്ച് നടക്കുന്ന പലരും ''മുഹമ്മദിനെ പറഞ്ഞാല്‍ ഇങ്ങനെയിരിക്കും''എന്ന രീതിയില്‍ രഹസ്യമായി ഗൂഡാഹ്‌ളാദം പ്രകടമാക്കുന്നത് കാണാം. കൈവെട്ട് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ തൊട്ടടുത്ത പ്രാദേശിക തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത് ഇതേ മതവാദികളാണ്. അതല്ലാതെ തീവ്രവാദികള്‍ക്ക് തെരഞ്ഞെടുപ്പ് വിജയം വെട്ടിപ്പിടിക്കാനുള്ള അംഗസംഖ്യയുണ്ടാവില്ലല്ലോ. എതിരാളികളെ പാഠം പഠിപ്പിക്കുന്നവര്‍ക്ക് മതം പകര്‍ന്നേകുന്ന സവിശേഷ സമ്മാനങ്ങളാണ് ഇത്തരത്തില്‍ മോദി വിജയങ്ങളായി മാറുന്നത്. ഓര്‍ക്കുക, മതവെറിയര്‍ മതത്തിന്റെ സവിശേഷമായ ഉത്പ്പന്നമാണ്. സൗദി അറേബ്യ വരെ നീളുന്ന ഗൂഡാലോചയുടെ തിരക്കഥയാണ് കൈവെട്ടിനുള്ളത്. മതവെറിയര്‍ എന്ന തീവ്ര ന്യൂനപക്ഷം വെറും കോടാലിക്കൈ മാത്രമാണ്. കോടാലി മതം തന്നെയാകുന്നു. ജോസഫ് മാഷിന്റെ കൈ വേര്‍പെട്ടപ്പോള്‍ ഒരുപാട് മനസ്സുകളില്‍ ലഡ്ഡു പൊട്ടിയിട്ടുണ്ടാവണം. സലോമിയുടെ ശവം ഇക്കൂട്ടരുടെ കണ്ണിന് കര്‍പ്പൂരമായി മാറുന്നുണ്ടാവാം.

ജോസഫ് സര്‍ വിശ്വാസിയാണോ അവിശ്വാസിയാണോ എന്നത് പ്രസക്തമല്ല. മതത്തിന്റെ കിരാതമായ തെരുവ് നീതിക്ക് മുന്നില്‍ നിസ്സഹായനായ ഒരു മനുഷ്യനെയാണ് നാം അദ്ദേഹത്തില്‍ കാണുന്നത്. നാസ്തികനായത് കൊണ്ടാണ് അങ്ങനെയൊരു ചോദ്യമിട്ടതെന്നും അത് മതേതര ഭീകരവാദമാണെന്നും വിവരിച്ച് അക്കാലത്ത് ലേഖനം എഴുതിയ പൗരാണിക നക്‌സലൈറ്റുകളുണ്ട്. പ്രൊഫ.ജോസഫ് ഇന്നുവരെ നാസ്തികപരമായ നിലപാട് എടുത്തതായി അറിയില്ല. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ അങ്ങനെ തോന്നിയിട്ടുമില്ല. ഇടതുപക്ഷ അദ്ധ്യാപക സംഘടനയില്‍ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നുണ്ട്. പക്ഷെ ഇടതുപക്ഷ നേതൃത്വത്തില്‍ പോലും നാസ്തികത അത്ര സാധാരണമല്ലെന്നോര്‍ക്കണം. 


2011 ല്‍ അദ്ദേഹത്തെ നേരില്‍ സന്ദര്‍ശിച്ച വേളയില്‍ തന്റെ കിടക്കയ്ക്ക് അരികില്‍ സദാ ബൈബിള്‍ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. സമ്മാനം കിട്ടുന്നതിന് മുമ്പ്, പണ്ട് മുഹമ്മദിനെ പൊക്കിയടിച്ച് ലേഖനം എഴുതിയ ചരിത്രവും അദ്ദേഹത്തിനുണ്ട്! അദ്ദേഹത്തിന്റെ കുടുംബം മൊത്തത്തില്‍ മതവിശ്വാസികളാണ്. പള്ളിയില്‍ പോയി തിരികെ വരുന്ന സമയത്താണ് ആക്രമണം നടന്നത്. സഹോദരി ഒരു കന്യാസ്ത്രീയാണ്. വീട്ടില്‍ കുടുംബപ്രാര്‍ത്ഥനകളും മറ്റും നടന്നിട്ടുണ്ട്. കൈ ഒരു വിധം നേരെ ആയതിന് ശേഷം ജോസഫ് സാര്‍ ആദ്യം പോയത് ദൈവത്തിന് നന്ദി രേഖപ്പെടുത്താനായി പള്ളിയിലേക്കാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. പിന്നെ, വെള്ളയടിച്ച കുഴിമാടങ്ങളുമായി, മാനേജ്‌മെന്റുമായി അദ്ദേഹത്തിന് പ്രശ്‌നങ്ങളുണ്ടായിരുന്നിരിക്കാം. പക്ഷെ അതൊരു പൊതു പ്രവണത മാത്രമാണ്. 

നല്ലൊരു ശതമാനം മതവിശ്വാസികളും അവരവരുടെ പൗരോഹിത്യവുമായി അത്ര നല്ല രസത്തിലല്ല. മതം ചക്കര-പൗരോഹിത്യം മോശം എന്നത് അതിബുദ്ധികളായ മതജീവികളുടെ പൊതുനിലപാടാണ്. പൗരോഹിത്യത്തെ താറടിക്കുന്ന, അവരുമായി സംഘര്‍ഷത്തില്‍ നിലകൊള്ളുന്ന മതവിശ്വാസികള്‍ നിരവധിയുണ്ട്. സ്വന്തം സുരക്ഷയും നഷ്ടബോധവും കാരണം മിക്കവരും പരസ്യമായി രംഗത്ത് വരുന്നില്ലെന്നേയുള്ളു. സത്യമിതാണ്: പൗരോഹിത്യത്തെ പൊതുവില്‍ വിശ്വാസികള്‍ക്ക് ഇഷ്ടമല്ല, വിശ്വാസകളെക്കുറിച്ച് പൗരോഹിത്യത്തിന് വലിയ മതിപ്പുമില്ല. ജോസഫ് സാറിനെ നാസ്തികനാക്കുന്നില്ല. അദ്ദേഹം ഉള്ളിന്റെയുള്ളില്‍ അവിശ്വാസിയാണോ എന്നൊന്നും അറിയില്ല. അങ്ങനെ നോക്കാനാണെങ്കില്‍ ആ പരിശോധന പുരോഹിതരില്‍ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.

മതഭീകരവാദം കേവലം വ്യതിയാനമാണെന്നും അസ്സല്‍ മതം തനിത്തങ്കമാണെന്നുമുള്ള വ്യാജവിശകലനങ്ങള്‍ കണ്ണടച്ചിരുട്ടാക്കലാണ്. മതഭീകരത മതത്തില്‍ നിന്നുള്ള വ്യതിയാനമല്ല-മറിച്ച് അതാണ് ശരിയായ മതം. മതഭീകരത അഴിച്ചുവിടാനുള്ള സമ്പത്തും പോഷകവും ആള്‍ബലവും കണ്ടെത്തുന്നത് മതവെറിയരല്ല. രാജ്യാന്തര ഗൂഡാലോചന നടത്താനും വിമാനങ്ങള്‍ റാഞ്ചാനുമുള്ള സമ്പത്ത് മതവെറിയര്‍ പാറപ്പണി ചെയ്ത് ഉണ്ടാക്കുന്നതല്ലെന്നറിയുക. അവര്‍ കേവലം മതത്തിന്റെ ക്വൊട്ടേഷന്‍ ടീമാണ്. അവരുടെ പെറ്റമ്മയും പോറ്റമ്മയും മതം തന്നെ. 


മതത്തില്‍ ഇല്ലാത്തതൊന്നും അവരിലില്ല. മതവിശ്വാസികളില്‍ ഭൂരിപക്ഷവും മതതീവ്രവാദികളുമായി അഗാധമായ രമ്യതയിലാണ്. അവരുമായി മാനസികമായി ഐക്യപ്പെടുകയും ഗൂഡമായി ആരാധിക്കുകയും ചെയ്യുന്നു. തങ്ങള്‍ സദാ മനസ്സില്‍ ആഗ്രഹിക്കുന്ന, അതേസമയം ജീവിതസുരക്ഷ ഓര്‍ത്ത് സ്വയം ചെയ്യാന്‍ മടിക്കുന്നതുമായ കാര്യങ്ങളാണ് മതവെറിയര്‍ നടപ്പിലാക്കുന്നത് എന്നവര്‍ ചിന്തിക്കുന്നു. ഇരുകൂട്ടര്‍ക്കും ഇക്കാര്യം ബോധ്യമുണ്ട്. മതാചാരം തെറ്റിച്ച് വിവാഹം ചെയ്യുന്നവരെപ്പോലും ദയാശൂന്യമായി ഒറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ മതഭീകരത അഴിച്ചുവിടുന്നവര്‍ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചതായി കേട്ടിട്ടുണ്ടോ?!

ഏതെങ്കിലും ഭീകരവാദിയെ മതം ബഹിഷ്‌ക്കരിച്ചിട്ടുണ്ടോ? അങ്ങനെ സംഭവിക്കില്ലെന്ന് മാത്രമല്ല മതഹൃദയമാണവന്റെ വാസസ്ഥാനം. വിശ്വാസിയുടെ കണ്ണില്‍ പുലിജന്മങ്ങളാണവര്‍. ജോസഫ് മാഷിനെ വെട്ടി നുറുക്കിയ അതേ ജില്ലയിലാണ് രാജ്യത്തെ നശിപ്പിക്കാനെത്തിയ കസബിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടന്നത്. അഫ്ഗാനിസ്ഥാനില്‍ ബെല്‍റ്റ് ബോംബ് പൊട്ടുമ്പോഴും യൂറോപ്യന്‍ തെരുവുകളില്‍ കഴുത്തറുക്കുമ്പോഴും ടെലിവിഷന്‍ സെറ്റിന് മുന്നിലിരിക്കുന്ന മുഖ്യധാരാവിശ്വാസി അനുഭവിക്കുന്ന നീചവും ഗൂഡവുമായ സംതൃപ്തി മതവിശ്വാസം എന്ന കറുത്ത രോഗത്തിന്റെ അനിഷേധ്യമായ സംഭാവനയാണ്. 


മതവിശ്വാസിയുടെ മനം മതവെറിയന്റെ ക്ഷേമത്തിനായി അനുസ്യൂതമായി തുടിച്ചുകൊണ്ടിരിക്കും. തന്റെ മതത്തിലെ ഒരു തീവ്രവാദി പോലും നശിക്കുന്നത് അവനിഷ്ടപ്പെടുന്നില്ല. ഭീകരവാദിക്ക് മേല്‍ പതിക്കുന്ന ഓരോ ബോംബും അവന് ഇടിത്തീയായി അനുഭവപ്പെടുന്നു. മാനവികബോധം അന്യം നിന്നിട്ടില്ലാത്ത മതവാദികളില്ലെന്ന് പറയാനാവില്ല. തീര്‍ച്ചയായും അത്തരക്കാരുണ്ട്. പക്ഷെ അവരുടെ എണ്ണം തള്ളിക്കളയാവുന്നത്ര നിസ്സാരമാണ്. എണ്ണം കൂടിയാല്‍ മതം അവരെയും കൃത്യമായി കൈകാര്യം ചെയ്യും-അതവര്‍ക്കുമറിയാം.

ഭീകരവാദികള്‍ക്ക് മതമില്ല(‘Terrorists have no religion’) എന്ന വിലക്ഷണമായ കാട്ടുഫലിതം അനുസ്യൂതം വിളമ്പുന്നവര്‍ സത്യത്തില്‍ സ്വയം വഞ്ചിക്കുന്നവരാണ്. മതമാറ്റത്തിനായി നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനം പോലും മതമാഹാത്മ്യമായി കൊണ്ടാടപ്പെടുമ്പോള്‍ മതത്തിന്റെ പേരില്‍ പൊട്ടിത്തെറിപ്പിക്കുകയും വെട്ടിക്കീറുകയും ചെയ്യുന്നവരെ മതം സമൂഹത്തിന്റെ തലയില്‍ വെച്ചുകെട്ടി കൈ കഴുകുന്നു! മികച്ചതും നല്ലതും മതം, അതേസമയം, മതം സമൂഹമധ്യത്തിലേക്ക് വലിച്ചെറിയുന്ന മാലിന്യത്തിന് മതം ഉത്തരവാദിയല്ല! ഇത്തരം മതപ്രീണനവാദങ്ങള്‍ നിസ്സഹായമായി ചുമന്ന് നടക്കുന്നവരുടെ കൊടിയുടെ നിറം എന്തു തന്നെ ആയിക്കൊള്ളട്ടെ, അവര്‍ മനുഷ്യന്റെ എതിര്‍ചേരിയിലാണ്. തങ്ങളുടെ മാത്രം ഉത്ക്കര്‍ഷം ഇച്ഛിക്കുന്ന ആത്മവഞ്ചകരാണവര്‍.

ബാഹ്യസമ്മര്‍ദ്ദം ഏറിയതു കൊണ്ടോ ശവം തിന്ന് വിശപ്പ് മാറ്റിയതുകൊണ്ടോ എന്നറിയില്ല, വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്ന് യേശു വിളിച്ച പൗരോഹിത്യം ജോസഫ് മാഷിനെ ഏതാനും ദിവസത്തേക്ക് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചുവത്രെ. കലിയടക്കി, വിഷമൊതുക്കി അവരങ്ങനെ ദൈവത്തിന്റെ പ്രതിപുരുഷന്‍മാരായി!!! നീതിപീഠം പോലും നിരപരാധിയാണെന്ന് പ്രഖ്യാപിച്ച ഒരു സാധുവിനെ തിരിച്ചെടുക്കാന്‍ സന്‍മനസ്സ് കാട്ടിയെന്ന് അവകാശപ്പെടുന്ന ഈക്കൂട്ടര്‍ അദ്ദേഹത്തിന്റെ ഭാര്യയെ കൂടി തിരിച്ചെടുക്കാന്‍ കനിവ് കാണിക്കുമോ?!! കഴിയുമോ അവര്‍ക്കതിന്?! സ്വന്തം സര്‍ക്കാര്‍ നല്‍കുന്ന ശമ്പളവും ആനുകൂല്യങ്ങളും നിലനിറുത്താന്‍ അക്കാര്യത്തില്‍ നയാപൈസയുടെ ബാധ്യതയോ ഉത്തരവാദിത്വമോ ഇല്ലാത്ത പരാദജീവികളായ മതനേതൃത്വത്തോട് യാചിക്കേണ്ടി വരുന്ന പൗരന്റെ നിസ്സഹായതയാണ് നാമിവിടെ കാണുന്നത്.


യഥാര്‍ത്ഥ മതം സ്‌നേഹസമൃദ്ധമാണെന്നും ഉമ്മവെച്ച് തളരാനാണ് അതാവശ്യപ്പെടുന്നതെന്നും വാദിക്കുന്നവര്‍ വിജയകരമായി സ്വയം വഞ്ചിക്കാന്‍ ശീലിച്ചവരാണ്. മലയാളിയുടെ നിസംഗതയക്ക് മുകളിലൂടെ മതഭീകരതയുടെ കരിഞ്ചേര ഇഴഞ്ഞുകയറുകയാണ്. വെട്ട് വീഴുന്നത് മനുഷ്യന്റെ നേരെയാണ്;അവന്റെ പിടച്ചിലാണ് കാണപ്പെടാതെ പോകുന്നത്. സഹജീവിയുടെ മേല്‍ വീഴുന്ന ഓരോ വെട്ടും തനിക്ക് വേണ്ടി ഉപയോഗിക്കുന്നവനല്ല ഓരോ വെട്ടും തനിക്ക് നേരെയാണെന്ന് തിരിച്ചറിയുന്നവനാണ് മനുഷ്യനൊപ്പം നടക്കുന്നത്. ***(For Comments-https://www.facebook.com/photo.php?fbid=650382151665176&set=a.337796342923760.70291.100000801901801&type=1&theater)