ശാസ്ത്രം വെളിച്ചമാകുന്നു

Wednesday, 12 February 2014

76. നാസ്തികത സൂര്യപ്രകാശമാകുന്നു

(ഡി.സി ബുക്‌സ് എഡിറ്റര്‍ R രാമദാസുമായുള്ള അഭിമുഖസംഭാഷണം. ഡി.സി ബുള്ളറ്റിന്‍ 2014 ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചത്)
Text copied
പകിട 13: ജ്യോതിഷഭീകരതയുടെ മറുപുറം, നാസ്തികനായ ദൈവം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ രവിചന്ദ്രന്‍ സിയുമായി ആര്‍ രാമദാസ് നടത്തിയ അഭിമുഖം വായിക്കാം.(https://www.blogger.com/blogger.g?blogID=1970105762930260296#editor/target=post;postID=4566602407272120601)

Q കേരളത്തിന്റെ സമകാലിക സാമൂഹിക പശ്ചാത്തലത്തില്‍ സാഹസികത ആവശ്യമായ ജീവിതമാണ് താങ്കള്‍ ജീവിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. സംഘടിത മതജാതി പ്രസ്ഥാനങ്ങള്‍ അത്രത്തോളം ശക്തമാണിന്ന്. താങ്കളുടെ വിശ്വാസപരമായ, ആശയപരമായ ജീവിതത്തെക്കുറിച്ച് വിശദമാക്കാമോ?
മതമേധാവിത്വമുള്ള ഒരു സമൂഹത്തില്‍ നാസ്തികജീവിതം എളുപ്പമല്ല. നാസ്തികത സൂര്യപ്രകാശമാണ്. സൂര്യപ്രകാശം അസ്സല്‍ വെളിച്ചമാണ്. പക്ഷെ കേവലം പ്രതിഫലനമായ ചാന്ദ്രപ്രകാശം കൂടുതല്‍ സ്വീകാര്യമായി തോന്നും! മതത്തെ പേടിച്ച് എല്ലാവരും വാലു മടക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. സമൂഹത്തിന്റെ പൊതുബോധത്തെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടേയും അടിസ്ഥാനത്തില്‍ പരിഷ്‌ക്കരിക്കുക എന്ന ദൗത്യമാണ് നിറവേറ്റാന്‍ ശ്രമിക്കുന്നത്. ശാസ്ത്രസാഹിത്യപരിഷത്ത്, യുക്തിവാദി സംഘങ്ങള്‍ , സയന്‍സ് ട്രസ്റ്റ്, ഫ്രീ തിങ്കേഴ്‌സ്‌ഫോറം, സൈബര്‍ ഗ്രൂപ്പുകള്‍ തുടങ്ങി അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങളെയും പിന്തുണയ്ക്കുന്നു. സ്വഭാവികമായും വെല്ലുവിളികളുണ്ട്. കുടുംബം നല്‍കുന്ന പിന്തുണ സഹായകരമാണ്. പക്ഷെ ഈ രംഗത്തുവരുന്ന മിക്കവര്‍ക്കും അത്തരമൊരവസ്ഥ പ്രതീക്ഷിക്കാനാവില്ല. നോക്കൂ, എല്ലാവരും മതത്തിന് കീഴിലാണ്. എഴുതുമ്പോള്‍ പോലും മതം നിങ്ങളുടെ കയ്യില്‍ പിടിക്കുന്നില്ലേ?! പക്ഷെ…. ചില ചെറുത്തുനില്‍പ്പുകള്‍ അങ്ങനെയാണ്; വിജയം വിദൂരമെന്ന് തോന്നുമ്പോഴും പോരാട്ടം നിറുത്താന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കില്ല.
Q നാസ്തികനായ ദൈവം എന്ന പുസ്തകം പുരോഗമനചിന്തകരുടെ അടിസ്ഥാന റഫറന്‍സ് ഗ്രന്ഥമാണിന്ന്. പകിട 13 എന്ന ഗ്രന്ഥവും അതിന്റെ തുടര്‍ച്ചയാവുകയാണ്. ഈ രണ്ടു കൃതികളുടെയും രൂപീകരണചരിത്രം എങ്ങനെയായിരുന്നു?
മതനിരാസം ചെറുപ്പത്തിലേ ഉണ്ടായിരുന്നുവെങ്കിലും മത-മതേതര ഗോത്രീയചിന്തകള്‍ അസഹനീയമായി തോന്നി തുടങ്ങിയത് 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ സംഭവത്തോടെയാണ്. ഡോക്കിന്‍സിന്റെ ദി ഗോഡ് ഡെല്യൂഷന്‍ വായിക്കുന്നത് 2006ലാണ്. നാസ്തികനായ ദൈവം ഡോക്കിന്‍സിന്റെ ആശയപ്രപഞ്ചം കേരളത്തിന്റെ സാമൂഹികപശ്ചാത്തലത്തില്‍ അവലോകനം ചെയ്യാനുള്ള അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു. തുടര്‍ന്ന് ഡി.സി ബുക്‌സിന് വേണ്ടി ഡോക്കിന്‍സിന്റെ The Greatest Show on Earth:The Complete Evidence for Evolution എന്ന കൃതി ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം എന്ന പേരില്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തു. ജ്യോതിഷം സമൂഹത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദമാണെന്ന് മുമ്പുതന്നെ അറിയാമായിരുന്നു. എങ്കിലും കഴിഞ്ഞവര്‍ഷമാണ് അതിനെക്കുറിച്ച് ഗൗരവപരമായി ചിന്തിച്ചത്. ജ്യോതിഷവിശ്വാസം കാരണം മകനെ കൊല്ലാന്‍ ശ്രമിച്ച രണ്ടു പിതാക്കന്‍മാരുടെ ചിത്രം മനസ്സിനെ വല്ലാതെ മഥിച്ചു. ഫേസ്ബുക്കില്‍ വന്ന ചില ചര്‍ച്ചകളും ആ ദിശയില്‍ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചു. ജ്യോതിഷത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഒരു ഗ്രന്ഥം രചിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടതോടെ ആറു മാസത്തിനുള്ളില്‍ രചന പൂര്‍ത്തിയാക്കി. ഡി.സി ബുക്‌സിലെ പബ്‌ളിക്കേഷന്‍ മാനേജര്‍ ശ്രീ.എ.വി. ശ്രീകുമാറിന്റെ നിര്‍ദ്ദേശങ്ങള്‍ ഗ്രന്ഥരചനയില്‍ സഹായകരമായി.
Q ഭൂരിപക്ഷത്തിനൊപ്പം നില്‍ക്കലെന്നത് മറ്റൊരര്‍ത്ഥത്തില്‍ സാമൂഹ്യവിരുദ്ധനിലപാടുകൂടിയാണ്. എങ്കിലും ചോദിക്കട്ടെ, ഒരു സമൂഹത്തിന് ജ്യോതിഷം ആശ്വാസം പകരുന്നുണ്ടെങ്കില്‍ അത് എതിര്‍ക്കേണ്ടതുണ്ടോ? അതിലെ സാമ്പത്തിക ചൂഷണത്തെമാത്രം എതിര്‍ത്താല്‍ പോരെ? മനഃശാസ്ത്രത്തെ കൂടി പരിഗണിക്കാമല്ലൊ?
എല്ലാ ലഹരികളും അതിന്റെ ഉപഭോക്താക്കളെ ആശ്വസിപ്പിക്കുന്നുണ്ട്. 1956 ലെ ഡ്രഗ്ഗ്‌സ് ആന്‍ മാജിക്കല്‍ റെമഡീസ് പ്രൊഹിബിഷന്‍ ആക്റ്റ് പ്രകാരം ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ് മിക്ക ജ്യോതിഷികളും ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാ അന്ധവിശ്വാസങ്ങളും അടിസ്ഥാനപരമായി ലഹരിയാണ്. അത് മനുഷ്യന്റെ യാഥാര്‍ത്ഥ്യബോധവും ശാസ്ത്രീയവീക്ഷണവും നിര്‍ദ്ദയം റദ്ദാക്കി കളയുന്നു. മദ്യവും പുകവലിയും മയക്കുമരുന്നുകളും മന്ത്രവാദവുമൊക്കെ അവയുടെ അടിമകള്‍ക്ക് മിഥ്യാപരമായ ആശ്വാസം സമ്മാനിക്കുന്നുണ്ട്. ജ്യോതിഷം കേവലം കൗണ്‍സിലിംഗ് ആണെന്നത് ഒരു ന്യൂനീകരണമാണ്. എന്തുകൊണ്ട് മാനസികസംഘര്‍ഷത്തിനും വൈകാരികശൈഥില്യത്തിനും അടിപ്പെടുന്ന വ്യക്തികള്‍ മന:ശാസ്ത്രജ്ഞരെയോ കൗണ്‍സിലിംഗ് വിദഗ്ധരെയോ സന്ദര്‍ശിക്കാതെ നേരെ ജ്യോതിഷിയേയും വാസ്തുക്കാരനേയും സമീപിക്കുന്നു? അതിന്റെ ഉത്തരമാണ് പകിട 13 അന്വേഷിക്കുന്നത്.
Q പുതിയ ജ്യോതിഷരീതികള്‍ പകിട 13 എന്ന പുസ്തകത്തില്‍ താങ്കള്‍ അവതരിപ്പിക്കുന്നുണ്ട്. അവയെ തയ്യാറാക്കലിനെക്കുറിച്ചുള്ള ആലോചനകള്‍ പങ്കിടാമോ?
ജ്യോതിഷം തട്ടിപ്പും ചൂഷണവുമാണ്. Most of the astrologers cheat themselves to fool others. പലതരം ജ്യോതിഷങ്ങള്‍ നിലവിലുണ്ട്. എല്ലാം വിശ്വാസികള്‍ക്ക് ഹരമാണ്. ആകാശം, കൈത്തലം, വെറ്റില, സംഖ്യ, അക്ഷരം, പനയോല, ജലം….. തുടങ്ങി ഭാവി പ്രവചിക്കാന്‍ ഉപയോഗിക്കുന്ന ടൂളുകള്‍ എന്തുതന്നെ ആയിക്കൊള്ളട്ടെ, വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഫലം പലപ്പോഴും കൃത്യമായി തോന്നുന്നു. ജ്യോതിഷവിശ്വാസം വിശ്വാസിയുടെ മസ്തിഷ്‌ക്ക പ്രതിഭാസമാണ്. പ്രവചനത്തിന് ഉപയോഗിക്കുന്ന ടൂളുകള്‍ മാറിയാലും അവയൊന്നും ഇല്ലെങ്കിലും പ്രവചനം കൃത്യമായി തോന്നാമെന്ന് സാരം. ഇത്തരം തോന്നലുകളെക്കുറിച്ചുള്ള വിശകലനമാണ് ഈ വിശ്വാസാര്‍ബുദത്തില്‍ നിന്നും മോചനം നേടാനുള്ള ഏകമാര്‍ഗ്ഗം. പകിട 13 ല്‍ അവതരിപ്പിച്ചിരിക്കുന്ന കാരം ജ്യോതിഷത്തിന്റെ കാര്യവും അങ്ങനെതന്നെ! അത് തെറ്റാണെന്ന് തെളിയിക്കാന്‍ ആര്‍ക്കുമാകില്ല!! വിശ്വസിക്കുന്നവര്‍ക്ക് കൃത്യമായ ഫലം നല്‍കാനും അതിനാവും. സൗരയൂഥം തന്നെ അപ്രത്യക്ഷമായാലും ജ്യോതിഷി പണം പിടുങ്ങുമെന്ന് പറയാന്‍ കാരണമതാണ്. ജ്യോതിഷപ്രവചനവും വാനനിരീക്ഷണവുമായി എന്തോ ബന്ധമുണ്ടെന്ന ധാരണ കൃത്രിമമായി ഉണ്ടാക്കപ്പെട്ടതാണ്. ജ്യോതിഷം അശാസ്ത്രീയമാണെന്ന് തെളിയിച്ചതുകൊണ്ടോ അതിന് തെളിവില്ലെന്ന് തിരിച്ചറിഞ്ഞാലോ നേര്‍പ്പിക്കപ്പെടുന്ന ഒന്നല്ല ജ്യോതിഷവിശ്വാസം. കാരണം ശാസ്ത്രീയത ബോധ്യപ്പെട്ടോ തെളിവ് സമ്പാദിച്ചോ തുടങ്ങിവെക്കുന്ന ഒന്നല്ലത്. അശാസ്ത്രീയതയും തെളിവില്ലായ്മയും അതിനെ ദുര്‍ബലപ്പെടുത്തുകയുമില്ല. It is blind faith. Evidence and logic can’t counter it. തെളിവുരഹിതവിശ്വാസങ്ങളില്‍ ആഴത്തില്‍ അഭിരമിക്കാനുള്ള മസ്തിഷ്‌ക്ക സവിശേഷതകളാണവിടെ പ്രസക്തം. അത് തിരിച്ചറിഞ്ഞാല്‍ നിര്‍ണ്ണായകമായ മാറ്റമുണ്ടാകും. പകിട 13 മുന്‍തൂക്കം കൊടുക്കുന്നത് അത്തരമൊരു വിശകലനത്തിനാണ്.
Q ശാസ്ത്രശാഖകളുടെ വ്യാപനവും അവ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വളരെക്കുടുതലാണ. എന്നിട്ടും അവ നമ്മുടെ യുവതയുടെ ചിന്താരീതികളെ സ്വാധീനിക്കാത്തതെന്തുകൊണ്ടാണ്? പ്രശ്‌നം കരിക്കുലത്തിന്റേതാണോ, സമൂഹത്തിന്റെയോ?
മതവും അനുബന്ധ അന്ധവിശ്വാസങ്ങളും അതിജീവിക്കുന്നത് ബാല്യത്തിലേ കുട്ടികളെ കീഴടക്കിയാണ്. കേരളത്തില്‍ രണ്ടുതരം വിദ്യാഭ്യാസമാണുള്ളത്. മദ്രസാ മാതൃകയിലുള്ള അസ്സല്‍ മതവിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസമെന്ന പേരിലുള്ള വ്യാജമതവിദ്യാഭ്യാസവും. മതസങ്കല്‍പ്പങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണാന്‍ വിദ്യാര്‍ത്ഥിയെ അനുവദിക്കാത്ത, മതത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരെയുള്ള നേരിയ പരാമര്‍ശംപോലും അരിച്ചുമാറ്റിയ പാഠപുസ്തകളും അദ്ധ്യയനരീതിയുമാണ് നാം പൊതുവിദ്യാഭ്യാസത്തിലും കാണുന്നത്. അദ്ധ്യാപകര്‍ മതപ്രചാരകരായി ക്‌ളാസ്സുകളില്‍ പ്രസരിക്കുന്നു. ശാസ്ത്രബോധവും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കുന്ന അദ്ധ്യാപകരെ കുട്ടികളും സഹപ്രവര്‍ത്തകരും മതത്തിന് ഒറ്റുകൊടുക്കുന്നു. അവരുടെ കരചരണങ്ങള്‍ ഛേദിക്കപ്പെടുന്നു. ശാസ്ത്രബോധവും യുക്തിവിചാരവും അലര്‍ജിയോടെ കാണാന്‍ പരിശീലിപ്പിക്കപ്പെടുന്ന ഒരു ജനതയുടെ പുരോഗമനത്വര ചതഞ്ഞിരിക്കുന്നതെന്തെന്ന ചോദ്യം ചിറക് വെട്ടിയ പക്ഷികള്‍ പറക്കാത്തതെന്തെന്ന അന്വേഷത്തിന് സമാനമാണ്. നമ്മുടെ കുട്ടികള്‍ ശാസ്ത്രം പഠിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ശാസ്ത്രബോധമില്ല. ശാസ്ത്രബോധവും ശാസ്ത്രജ്ഞാനവും രണ്ടാണ്. ശാസ്ത്രബോധമുണ്ടാകാന്‍ ശാസ്ത്രജ്ഞാനം നിര്‍ബന്ധമല്ല; ശാസ്ത്രജ്ഞാനം ശാസ്ത്രബോധം നിര്‍മ്മിച്ച് കൊള്ളണമെന്നുമില്ല. തുമ്പയില്‍ റോക്കറ്റ് വിക്ഷേപിക്കുന്ന ദിവസം ചാല കമ്പോളത്തില്‍ ചെറിയ തേങ്ങ കിട്ടാനില്ലാത്ത അവസ്ഥയുണ്ടെങ്കില്‍ ശാസ്ത്രജ്ഞാനമല്ല മറിച്ച് ശാസ്ത്രബോധത്തിന്റെ അഭാവമാണ് പ്രശ്‌നമെന്ന് വ്യക്തമല്ലേ.
Q വളരെ സങ്കീര്‍ണ്ണവും പറഞ്ഞു ഫലിപ്പിക്കാന്‍ അത്യാധ്വാനം വേണ്ട വിഷയമാണ് നാസ്തികനായ ദൈവം, പകിട 13 എന്നീ പുസ്തങ്ങളില്‍ താങ്കള്‍ കൈകാര്യം ചെയ്യുന്നത്. അക്കാദമിക് സമീപനങ്ങളില്‍ നിന്നു വ്യത്യസ്തമായി ജനകീയമായ തലം ഇതിനുണ്ട്. സാധാരണക്കാരായ പൊതുസമൂഹത്തെയാണ് അത് ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് ബോധപൂര്‍വ്വമായ സമീപനമായിരുന്നോ?
വേദാന്തം മുതല്‍ മഷിനോട്ടം വരെയുള്ള അന്ധവിശ്വാസസാഹിത്യം അതിജീവിക്കുന്നത് സങ്കീര്‍ണ്ണവും ദുരുഹവുമായ പ്രയോഗങ്ങളും ശൈലികളും അവലംബിച്ചാണ്. നാസ്തികനായ ദൈവത്തിലും പകിട 13 ലുമൊക്കെ വിഷയത്തിന്റെ ഗൗരവം ചോര്‍ന്നുപോകാത്ത രീതിയില്‍ ലളിതഭാഷ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഏതൊരു പുസ്തകവും ആദരിക്കപ്പെടുന്നത് വായനയിലൂടെയാണ്. ഞാന്‍ പറയുന്നത് മറ്റൊരാള്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍ അതെന്റെ കുഴപ്പമാണ്.
Q യുക്തിവാദപ്രസ്ഥാനങ്ങളില്‍ താങ്കളുടെ കൃതികള്‍ ഉണ്ടാക്കിയ ഉണര്‍വ്വ് ശ്രദ്ധേയമാണ്. പൊതുവെ പുരോഗമന പ്രസ്ഥാനങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ആള്‍ആശയബലമില്ലായ്മ നേരിടുകയാണെന്ന് അറിയാമല്ലോ. ഇവയുടെ കാരണം എന്തൊക്കെയാവാം?
ശരിയാണ് കേരളത്തില്‍ ഇന്ന് നാസ്തികചിന്തയ്ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ട്, വിശേഷിച്ച് യുവജനങ്ങള്‍ക്കിടയില്‍. പക്ഷെ അതൊരു വലിയ മാറ്റമാണെന്ന് പറയാനാവില്ല. വിശ്വാസപ്രസ്ഥാനങ്ങള്‍ നമ്മുടെ സമൂഹത്തെ ഒരു ഗോത്രജനതയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഗോത്രബോധം, കുലബോധം തുടങ്ങിയ പദങ്ങള്‍ ആസുരമായി ആഘോഷിക്കപ്പെടുന്നു. ജ്ഞാനോദയം പൂര്‍ത്തിയാക്കപ്പെടാത്ത സമൂഹമാണ് നമ്മുടേത്. ബുദ്ധിജീവികളില്‍ പടര്‍ന്നുപിടിച്ച ഉത്തരാധുനികഭ്രമം മതേതരചിന്താരംഗത്തെ മതാത്മകമാക്കിയിട്ടുണ്ട്. എല്ലാവരും മതത്തിനുവേണ്ടി എന്ന അവസ്ഥ! ശാസ്ത്ര-യുക്തിവാദ പ്രസ്ഥാനങ്ങള്‍ സമൂഹത്തിന്റെ പുരോഗമനചിന്തയുടെ അടയാളങ്ങളാണ്. കുമിഞ്ഞുകൂടുന്ന അന്ധകാരത്തില്‍ കൊളുത്തിവെക്കുന്ന ചെറു ദീപങ്ങളായി അവയെ കാണണം. ശാസ്ത്രപ്രചരണത്തിലും യുക്തിവാദത്തിലും എത്തിച്ചേരുന്നത് സ്വയം തിരിച്ചറിവ് സമ്പാദിക്കുന്നവര്‍ മാത്രമാണ്. There is no social mechanism to promote such orientations. സമൂഹവും മുഖ്യധാരാ മാധ്യമങ്ങളും യുക്തിചിന്തയെ പാര്‍ശ്വവല്‍ക്കരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിനാല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ ആളുകള്‍ക്ക് താല്‍പര്യം കുറയുന്നു. ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ആയിരക്കണക്കിന് നാസ്തിക-ശാസ്ത്രചിന്തകരുടെ സാന്നിധ്യമുണ്ട്. ഇവരില്‍ അര ശതമാനത്തെ പോലും പുറത്ത് കാണാനാവില്ല. പരിസ്ഥിതി, അഴിമതിവിരുദ്ധത, യുക്തിവാദം, മദ്യവിരുദ്ധപ്രചരണം തുടങ്ങിയവയുടെ ഭാഗത്ത് ആളു കുറയാന്‍ കാരണം അത്തരം ആശയങ്ങളുടെ ന്യൂനതയല്ല മറിച്ച് സമൂഹത്തിന്റെ ജീര്‍ണ്ണതയാണ്. വിശ്വാസസംഘങ്ങള്‍ക്കും ജാതീയസംഘടനകള്‍ക്കും സിനിമാ ഫാന്‍സുകാര്‍ക്കും ആളെ കിട്ടുന്നുണ്ട്. ദര്‍ശനവൈശിഷ്ട്യമോ പ്രത്യയശാസ്ത്രമികവോ അല്ല കാരണമെന്ന് വ്യക്തമല്ലേ.
Q അന്ധവിശ്വാസങ്ങളെ ചെറുക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാനത്തിനു മാത്രമാണെന്ന് വിശ്വസിക്കുന്നുണ്ടോ? നിയമഭേദഗതികള്‍കൊണ്ട് ഇവയെ എങ്ങനെ ചെറുക്കാനാവും?
അന്ധവിശ്വാസനിര്‍മ്മാര്‍ജ്ജനം സ്റ്റേറ്റിന്റെ മാത്രം ജോലിയല്ലെന്ന് സ്പഷ്ടമാണ്. പക്ഷെ മതേതരത്വം കാത്തുരക്ഷിക്കാന്‍ ബാധ്യതപ്പെട്ട സ്റ്റേറ്റ് ഭൂരിപക്ഷത്തിന്റെ മതാചാരങ്ങള്‍ താലോലിക്കുന്ന സാഹചര്യമുണ്ട്. സര്‍ക്കാര്‍ ഭൂമിയില്‍ ഭൂമിപൂജ മുതല്‍ ISRO തലവന്‍ റോക്കറ്റ് മാതൃകയുമായി ആരാധനാലയങ്ങളുടെ തിണ്ണ നിരങ്ങുന്നതുവരെ ശ്രദ്ധിക്കുക. ഭരണഘടനാവിരുദ്ധം കൂടിയാണിതൊക്കെ. ആള്‍ദൈവങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാരുകളും രാഷ്ട്രീയശക്തികളും നിസ്സഹായരെപ്പോലെ കീഴ്‌പ്പെടുന്നു. സദാ മതം ഒലിപ്പിക്കുന്ന സര്‍ക്കാരുകള്‍ സമൂഹത്തിലെ ഇരുട്ട് മാറ്റാനുള്ള ശ്രമങ്ങളുടെ കൂടി മുനയൊടിക്കുന്നു. തീര്‍ച്ചയായും അന്ധവിശ്വാസ വിരുദ്ധനിയമങ്ങള്‍ സഹായകരമാണ്. പക്ഷെ ഡ്രഗ്ഗസ് ആന്‍ മാജിക്കല്‍ റെമഡീസ് ആക്റ്റിന് സംഭവിച്ചതെന്തെന്ന് ഞാന്‍ പകിട 13 ല്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
Q എഴുതുകമാത്രമല്ല, എഴുതിയ ആശയത്തെ പൊതുസംവാദ പരിസരങ്ങളിലേക്ക് നയിക്കുക കൂടി ചെയ്യുന്നുണ്ട് താങ്കള്‍ . നിരവധി സംവാദങ്ങള്‍ വ്യത്യസ്തമേഖലകളിലുള്ളവരുമായി നടത്തി. അവ വിശദമാക്കാമോ?
ശരിയാണ്. ഞാനൊക്കെ ഈ മേഖലയില്‍ വന്നത് വളരെ വൈകിയാണ്. കഴിഞ്ഞ 4-5 വര്‍ഷമായി കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്നു, പ്രസംഗിക്കുന്നു, സംവദിക്കുന്നു, ക്‌ളാസ്സുകള്‍ എടുക്കുന്നു. നാസ്തികനായ ദൈവം എന്ന പുസ്തകത്തെ കുറിച്ച് മാത്രം അമ്പതിലധികം പഠനക്‌ളാസ്സുകള്‍ എടുത്തിട്ടുണ്ട്. സ്വാമി ചിദാനന്ദപുരി, സന്ദീപനന്ദഗിരി, രാഹുല്‍ ഈശ്വര്‍ , പി. കേശവന്‍ നായര്‍ , ഡോ. കെ.പി ധര്‍മ്മരാജ അയ്യര്‍ , മുന്‍നിര ജ്യോതിഷികള്‍ തുടങ്ങിയ മതചിന്തകരുമായി സംവദിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് നിര്‍മുക്ത നടത്തിയ ഡിബേറ്റുകള്‍ക്ക് യു-ട്യൂബില്‍ പതിനായിരിക്കണക്കിന് പ്രേക്ഷകരുണ്ട്. സമൂഹത്തിന്റെ ചിന്താരീതി പരിഷ്‌ക്കരിക്കുന്നതില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകരമാകുമെന്ന് തോന്നിയിട്ടുണ്ട്.
Q ദൈവം, ജ്യോതിഷം. ഇനി അടുത്തതായി താങ്കളുടെ മനസ്സിലെന്താണ്?
എപ്പോഴും എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കുക എന്നതാണ് പ്രധാനം. When you cease to be a student, you are dead! ഭഗവത്ഗീതയെക്കുറിച്ച് ഒരു പഠനം തയ്യാറാക്കിയിട്ടുണ്ട്. അത് പ്രസിദ്ധീകരിക്കണം. വിളയന്നൂര്‍ രാമചന്ദ്രന്റെ The Tell Tale Brain എന്ന പുസ്തകത്തിന്റെ മലയാള തര്‍ജമ ഡി.സി ബുക്‌സിന് വേണ്ടി ചെയ്തുവരികയാണ്. അത് പൂര്‍ത്തിയാക്കണം. ഒപ്പം, പകിട-13 നെ ആസ്പദമാക്കി  ക്ള്ളാസ്സുകള്‍ അവതരിപ്പിക്കാന്‍ നിരവധി ക്ഷണങ്ങളുണ്ട്.