ശാസ്ത്രം വെളിച്ചമാകുന്നു

Wednesday, 24 October 2012

41. ഋഷിയോ സാപിയന്‍സ്

'സ്വാനുഭവ'മാണ് യഥാര്‍ത്ഥജ്ഞാനം! സ്വാനുഭവം യഥാര്‍ത്ഥജ്ഞാനമെന്ന ജ്ഞാനമാണ് പരമാര്‍ത്ഥജ്ഞാനം!! വിശ്വാസവിഭ്രാന്തിയില്‍ യേശുവിന്റെ മുഖകമലം സ്ഥിരം അനുഭവിച്ചറിയുന്ന പെന്തക്കോസ്തുകാരും ദേവി ആവേശിച്ചതറിഞ്ഞ് ഉറഞ്ഞുതുള്ളുന്ന ആര്‍ഷഭാരതസംസ്‌ക്കാരസമ്പന്നനും ഡിങ്കസാന്നിദ്ധ്യം കൊണ്ട് കോരിത്തരിക്കുന്ന ഡിങ്കോയിസ്റ്റും പരമാര്‍ത്ഥജ്ഞാനം നേടിക്കഴിഞ്ഞിരിക്കുന്നു! ഇനി പഠനം വേണ്ട, പുസ്തകങ്ങള്‍ വേണ്ട, പരീക്ഷണങ്ങള്‍ വേണ്ട, നിരീക്ഷണങ്ങള്‍ വേണ്ട. 'അനുഭവ'ത്തിലൂടെ അറിഞ്ഞത് അന്തിമമായ വാക്കാണ്.അതായത് എല്ലാ അറിവും 'അനുഭവ'ത്തില്‍ അവസാനിക്കുന്നു! അവിടെപ്പിന്നെ ആവര്‍ത്തനക്ഷമത(repeatability) ആവശ്യമില്ല, അസത്യവല്‍ക്കരണക്ഷമത(falsifiability)ബാധകമല്ല, വസ്തുനിഷ്ഠമായ മൂന്നാംകക്ഷി തെളിവ് (third party objective evidence) തീര്‍ത്തും അനാവശ്യം! കൈപ്പുണ്ണിന് കണ്ണാടി വേണ്ടല്ലോ!

ജ്ഞാനത്തിന്റെ നിറകുടം പൊട്ടിയൊലിച്ച് മുന്നില്‍ക്കിടക്കുമ്പോള്‍ അതിന്റെ നേര്‍ക്ക് കാര്‍ക്കിച്ച് തുപ്പരുത്. അനുഭവങ്ങള്‍, വിഭ്രാന്തികള്‍, ഉള്‍ക്കാഴ്ചകള്‍, വിഹ്വലതകള്‍.... അതു മതിയാകും ഹോമോ സോപിയന്‍സിന് അടുത്ത ഉപരിമേഖലയിലേക്ക് തുരീയബോധത്തോടെ കുതിച്ച് മുന്നേറാന്‍. കുത്തിയിരുന്ന് ധ്യാനിക്കുക, മനനം ചെയ്യുക, പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്തുക. ഹോമോ സാപിയന്‍സില്‍ നിന്നും ഋഷിയോ സേപിയന്‍സിലേക്ക് പരിണമിച്ച് പൂത്തുലയുക! സേണിലും (CERN)ഫെര്‍മി ലാബിലും കാര്‍പെറ്റ് ബോംബിംഗ് നടത്തുക....പരഹൃദയജ്ഞാനികളായ ചില 'സഞ്ചരിക്കുന്ന സംഭവങ്ങള്‍'ഇത്തരം സാഹസപ്രസ്താവങ്ങള്‍ നടത്തുന്ന കാര്യത്തില്‍ വന്‍തോതില്‍ ഉദാരതപ്രകടിപ്പിക്കും. പോക്കറ്റില്‍ ഏതെങ്കിലും ആള്‍ദൈവത്തിന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി നടക്കുന്ന, പരിതാപകരമായ ഭാവനാശേഷിയുടെ ഉടമകളായ കപട ആത്മീയക്കാരന്റേയും ബ്രഹ്മാണ്ഡമതക്കാരന്റെയും ആവര്‍ത്തനവിരസമായ സ്ഥിരം നമ്പരാണിത്.

1917, ഒക്‌ടോബര്‍ 17 ന് പോര്‍ട്ടുഗലിലെ ഫാത്തിമയില്‍ (Fatima) എഴുപതിനായിരം(മുപ്പതിനായിരത്തിനും ഒരുലക്ഷത്തിനും ഇടയ്‌ക്കെന്ന് റിപ്പോര്‍ട്ടുകള്‍) റോമന്‍ കത്തോലിക്കരായ തീര്‍ത്ഥാടകര്‍ക്ക് സൂര്യാരാധന നടത്തികൊണ്ടിരിക്കെ 10 മിനിറ്റ് നീണ്ടുനിന്ന ഒരു വിചിത്രമായ 'അനുഭവ'മുണ്ടായത്ര. അതായത് സൂര്യന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഭൂമിയിലേക്ക് ഭീതിദമായി ഇളകിവീഴുന്നു! (http://en.wikipedia.org/wiki/Miracle_of_the_Sun)എല്ലാവരും ഒരുപോലെയാണത് കണ്ടത്! അവര്‍ വിശ്വാസം വരാതെ പരസ്പരം നോക്കി;ലോകാവസാനമാണെന്ന് ഭയന്നു. ചിലര്‍ യേശുവിനേയും അതേ വേളയില്‍തന്നെ ഒരു 'ബോണസ്' എന്നനിലയില്‍ യേശുമാതാവിനേയും സെന്റ് ജോസഫിനെയുമൊക്കെ കറുത്ത സൂര്യനില്‍ തെളിഞ്ഞുകണ്ടു! ഇത്രയധികം പേര്‍ക്ക് ഒരേസമയം സമാനമായ അനുഭവമുണ്ടായെന്നത് ആരേയും ചിന്തിപ്പിക്കും. ഏഴോ എഴുപതോ ഏഴുനൂറോ പേര്‍ക്കല്ല ഈ കിടലന്‍ അനുഭവം ഉണ്ടായിരിക്കുന്നത്! തൊട്ടടുത്ത ദിവസത്തെ റോമന്‍ കത്തോലിക്ക പത്രങ്ങളൊക്കെ ആദരപൂര്‍വം ആഘോഷിച്ച ചരിത്രസംഭവമാണിത്. ഇതിന് ശാസ്ത്രീയവിശദീകരണം നല്കുക എളുപ്പമല്ല. ഈ സംഭവം ഫാത്തിമയിലൊഴികെ ലോകത്ത് മറ്റൊരിടത്തും ആരും കണ്ടില്ലെന്നത് വിശദീകരിക്കാനായിരിക്കും കൂടുതല്‍ പ്രയാസം! സംഗതി ചില്ലറയൊന്നുമല്ലല്ലോ. സൂര്യന്‍ ഇളകിവീഴുമ്പോള്‍ സൗരയൂഥം തന്നെയാണ് തകരുന്നത്! 


എഴുപതിനായിരം പേരെ ഒരേസമയം വിഭ്രാന്തിക്ക് അടിപ്പെടുത്താനോ ഒരേപോലെ കള്ളം പറയിക്കാനോ എളുപ്പമല്ല. ഒന്നുകില്‍ അങ്ങനെ സംഭവിച്ചിട്ടേയില്ല; അല്ലെങ്കില്‍ ഒരു വലിയ ആള്‍ക്കൂട്ടത്തിന്റെ മനോവിഹ്വലതയാണത്. കുറേനേരം സൂര്യനെ തുറിച്ച് നോക്കിയിരുന്നാല്‍ കണ്ണുകഴപ്പ്(eye strain) സ്വാഭാവികമാണ്. ഇത്തരം അസ്വസ്ഥത മൂലം ഭക്തിതിമിരം ജനത്തിന്റെ കണ്ണുകളില്‍ സൂര്യബിംബം സൃഷ്ടിച്ച മരുപ്പച്ച പോലുള്ള എന്തെങ്കിലും മായക്കാഴ്ചയാവാമിത്. എന്തായാലും ഒരു കാര്യം ഉറപ്പിക്കാം: 70000 പേര്‍ മത്സരിച്ച് 'അനുഭവി'ച്ചെങ്കിലും അങ്ങനെയൊന്ന് യാഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടില്ല. ഇവിടെ കാഴ്ചക്കാരുടെ സംഖ്യ 7 കോടിയായിട്ടും വിശേഷമില്ല. മറിച്ചായിരുന്നുവെങ്കില്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ പത്രങ്ങളോ 'അനുഭവം'സാക്ഷ്യപ്പെടുത്താന്‍ വിശ്വാസികളോ അതിനെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതാന്‍ ഞാനോ വായിക്കാന്‍ നിങ്ങളോ ഉണ്ടാകുമായിരുന്നില്ല. ഏതായാലും ദിവസങ്ങളോളം പണിയെടുക്കാതെ കുത്തിയിരുന്ന് മനനം ചെയ്തുകൊണ്ടിരുന്ന ഋഷിയോ സാപിയന്‍സ് ആകാശഗംഗ തന്നെ ഒടിയന്‍നൃത്തം അഥവാ ബ്രേക്ക് ഡാന്‍സ് ചെയ്യുന്നതായി 'അനുഭവിച്ചറിഞ്ഞു' എന്നു വാദിച്ചാലും ഞാനവരെ കുറ്റം പറയില്ല! ആരായാലും എന്തെങ്കിലുമൊരു പണി വേണ്ടേ?!

മണിക്കൂറില്‍ ശരാശരി 1600 കിലോമീറ്റര്‍ വേഗതയില്‍ ഭൂമി സ്വയം ഭ്രമണം ചെയ്യുന്നു. അതോടൊപ്പം സെക്കന്‍ഡില്‍ 29.8 കിലോമീറ്റര്‍ വേഗതയില്‍ സൂര്യനെ പ്രദക്ഷിണം വെക്കുകയും ചെയ്യുന്നു. സൗരയൂഥം ഒന്നാകെ ക്ഷീരപഥകേന്ദ്രത്തെ ചുറ്റുന്നു. അതിവേഗത്തിലുള്ള ബഹുവിധചലനങ്ങള്‍ക്ക് വിധേയമായി നില്‍ക്കുന്ന നമുക്ക് 'അനുഭവ'പ്പെടുന്നത് ചലനരാഹിത്യമാണ്. ഭൂമി പരന്നതാണെന്ന് നമുക്ക് 'അനുഭവ'പ്പെടുന്നു; മുകളില്‍ ഒരു തട്ടുപോലെ ആകാശം എന്നൊരു വിരിപ്പുള്ളതായും അനുഭവപ്പെടുന്നു. ഋഷിപദ്ധതിയിലെ പഞ്ചഭൂതങ്ങളില്‍ വായുവിന് പുറമെ 'ആകാശവും'വന്നുകയറിയത് ഈ പരമമായ 'അനുഭവം'മൂലമാണ്. അതിനപ്പുറം ചിന്തിക്കേണ്ട കാര്യം ഋഷിയോ സാപിയന്‍സിന് ഉണ്ടായിരുന്നുമില്ല. സൂര്യന്‍ ഉദിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. സൂര്യന്‍ ഉദിക്കുന്നില്ലെന്നും ഭൂമിയുടെ സ്വയംഭ്രമണം മൂലം നമുക്കനുഭവപ്പെടുന്ന മനോകല്‍പ്പനയാണതെന്നും നമുക്കിന്നറിയാം. മരുഭൂമിയില്‍ മരുപ്പച്ച അനുഭവപ്പെടുന്നതും സമുദ്രജലത്തിന് നീലനിറം തോന്നുന്നതും നമ്മുടെ മായക്കാഴ്ചകളാണ്. പക്ഷെ ഇതൊക്കെ ശുദ്ധ 'അനുഭവ'ങ്ങളാണ്;ഒക്കെ വസ്തുതാവിരുദ്ധവും. 


സ്വന്തം കണ്ണുകൊണ്ട് കണ്ടതും കാതുകൊണ്ട് കേട്ടതും ജീവിതംകൊണ്ട് അനുഭവിച്ചറിഞ്ഞവയും മാത്രമാണ് വസ്തുനിഷ്ഠയാഥാര്‍ത്ഥ്യമെന്ന് ഒരാള്‍ പറയുകയാണെങ്കില്‍ അയാളെ വെറുതെ വിട്ടേക്കുക. കാരണം അയാള്‍ തീര്‍ച്ചയായും നിങ്ങളുടെ സഹതാപം അര്‍ഹിക്കുന്നു. 'അനുഭവവര്‍ണ്ണന' സത്യപ്രസ്താവനയായി ഉയര്‍ത്തിക്കാട്ടുകയെന്നത് മതവിശ്വാസികളുടെ പൊതുദയനീയതയാണ്. തങ്ങളുടെ മനോവിഹ്വലത പരമാര്‍ത്ഥജ്ഞാനമായി അവതരിപ്പിക്കുന്ന അവരും തത്ത്വത്തില്‍ തങ്ങളും ഋഷിയോ സാപിയന്‍സാണെന്ന അവകാശവാദം പരോക്ഷമായി ഉന്നയിക്കുകയാണ് ചെയ്യുന്നത്.

നമ്മുടെ മസ്തിഷ്‌ക്കത്തിന് ദൈവത്തെ കാണാനോ തീതുപ്പുന്ന വ്യാളിയെ നിരൂപിക്കാനോ ഡിങ്കനെ അടുത്തറിയാനോ വിഷമമില്ല. അതിനായി യഥാര്‍ത്ഥലോകത്ത് ഇവയൊക്കെ ഉണ്ടാകണമെന്ന് യാതൊരു നിബന്ധനയുമില്ല. നക്ഷത്രക്കൂട്ടങ്ങളെ(constellation of stars) ഭരണിയായിട്ടും തേളായിട്ടും കാളക്കൊമ്പായിട്ടും തിരിച്ചറിയാനും നമുക്ക് നിഷ്പ്രയാസം സാധിക്കും. അപൂര്‍വരൂപങ്ങളും ഭാവങ്ങളും സൃഷ്ടിക്കുന്നതും അതൊക്കെ അനുഭവവേദ്യമാക്കുന്നതും മസ്തിഷ്‌ക്കത്തെ സംബന്ധിച്ചിടത്തോളം കുട്ടിക്കളിയാണന്നര്‍ത്ഥം. ഹോമാ സാപിയന്‍സിന്റെ 'മധ്യലോക' അനുഭവ മാതൃകകളുമായി('middle world' experience models) ഒത്തുപോകുന്നതും നമ്മുടെ അതിജീവനത്തെ സഹായിക്കുന്നതുമായ അനുഭവങ്ങളാണ് നാം സദാ അഭിമുഖീകരിക്കുന്നത്.

സ്ഥൂലലോകത്തും സൂക്ഷ്മലോകത്തും നമ്മുടെ 'മധ്യലോക'അനുഭവമാനദണ്ഡങ്ങള്‍ക്ക് സമാനമായ പ്രസക്തിയുണ്ടാകണമെന്നില്ല. പ്രകാശവേഗതയ്ക്ക് സമാനമായ നിരക്കില്‍ ത്രസിച്ചുകൊണ്ടിരിക്കുന്ന ഉപ ആണവകണങ്ങള്‍(sub atomic particles) കൊണ്ടാണ് നമ്മുടെ ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ടും നമുക്കത് അനുഭവിക്കാനാകുന്നില്ലെങ്കില്‍ 'മധ്യലോക'ത്ത് അതിജീവിക്കാന്‍ നമുക്കതിന്റെ ആവശ്യമില്ലെന്നാണ് മനസ്സിലാക്കേണ്ടത്. 

പണ്ട് ഋഷിയോ സാപിയന്‍സിന് ഉണ്ടായ അനുഭവങ്ങളൊക്കെ കെങ്കേമമായിരുന്നുവെന്നും അവര്‍ തുരീയോന്മാദത്തില്‍ ആരും കാണാത്തതൊക്കെ കണ്ടുവെന്ന് പറയുന്നത് ശരിയായിരിക്കാം. 1917 ല്‍ ഫാത്തിമയില്‍ സംഭവിച്ചതും മറ്റൊന്നല്ലല്ലോ. ഇന്ന് അതിലും മികച്ച പലതും ''കാണാനും കേള്‍ക്കാനും''നമ്മെ സഹായിക്കാന്‍ ആധുനിക ലഹരിപദാര്‍ത്ഥങ്ങള്‍ക്കാവും. ചിന്തകള്‍ വളഞ്ഞൊടിയുകയും ചതഞ്ഞുമുറുകുകയും ചെയ്യുമ്പോള്‍ സവേശേഷവും വിചിത്രവുമായ അനുഭവങ്ങള്‍ രേഖപ്പെടുത്തപ്പെടും. അനുഭവിക്കുന്നവനെ സംബന്ധിച്ചിടത്തോളം അതൊക്കെ 'അനിഷേധ്യയാഥാര്‍ത്ഥ്യ'മായി അനുഭവപ്പെടും. പക്ഷെ വസ്തുനിഷ്ഠമായ അവലോകനത്തിലും ശാസ്ത്രദൃഷ്ടിയിലും അതിന്റെ വില പൂജ്യമാണ്. കോളറിഡ്ജ് 'കുബ്‌ളാഖാന്‍' ('Kubla khan' by Samuel Taylor Coleridge) എഴുതിയത് സ്വപ്നാടനത്തിലൂടെ ആയിരുന്നുവെന്നും കാവ്യരചനയില്‍ ഏര്‍പ്പെട്ടിരിക്കെ പെട്ടെന്ന് ആരോ വാതിലില്‍ മുട്ടി സ്വപ്നത്തിന് ഭംഗം വരുത്തിയപ്പോള്‍ കവിത അവിടെവെച്ച് എന്നെന്നേക്കുമായി മുറിഞ്ഞുപോയെന്നും ഡിഗ്രി ക്‌ളാസ്സുകളില്‍ പഠിപ്പിച്ച അദ്ധ്യാപകരെ ഓര്‍മ്മയുണ്ട്. ഇക്കൂട്ടരെയൊക്കെ ഫാത്തിമയിലോ ശബരിമലയിലേക്കോ പറഞ്ഞയച്ച് പിറകെ പത്രക്കാരേയും വിട്ടാല്‍ ഒരുപക്ഷെ 'നവഫാത്തിമകള്‍' പിറക്കുന്നതിന് അധികം കാത്തിരിക്കേണ്ടി വരില്ല!!

Saturday, 20 October 2012

40. പ്രാര്‍ത്ഥനത്തൊഴിലാളികള്‍



''യാതൊരുവിധ അര്‍ഹതയോ യോഗ്യതയോ ഇല്ലാത്ത ഒരു ആവലാതിക്കാരനുവേണ്ടി പ്രപപഞ്ചനിയമങ്ങള്‍ റദ്ദാക്കാനുള്ള ആവശ്യമാണ് ഓരോ പ്രാര്‍ത്ഥനയിലും ഉന്നയിക്കപ്പെടുന്നത്''-പ്രസിദ്ധ അമേരിക്കന്‍ ചെറുകഥാകൃത്തായ ആംബ്രോസ് ബീഴ്‌സിയുടെ (24.6.1842-1914) പ്രശസ്തമായ വാക്കുകള്‍. പ്രപഞ്ചനിയമവും അതിന്റെ സ്വാഭാവിക പരിണതിയും വിശ്വാസിക്ക് തൃപ്തിനല്കില്ല. സ്വസുഖത്തിനായി അവനതൊക്കെ അട്ടിമറിക്കണം;'ദൈവതീരുമാനം'പരിഷ്‌ക്കരിക്കണം. ദൈവം 'തരുന്നതു'പോലെ സ്വീകരിക്കാന്‍ വേറെ ആളെ നോക്കണം. തന്റെ ആവശ്യാനുസരണമാണ് കാര്യങ്ങള്‍ നടക്കേണ്ടത്. എല്ലാം ദൈവത്തിന് സ്വന്തം. പ്രപഞ്ചവസ്തുക്കളും ഭക്തന്റെ സിദ്ധികളും ദൈവത്തിന്റെ വരദാനം. ദൈവത്തിന്റെ ഉദ്യാനത്തില്‍ നിന്നും അവന്റെ പൂവിറുത്തു അവനുതന്നെ കൊടുത്ത് തനിക്കനുകൂലമായി തീരുമാനമെടുക്കാന്‍ ആവശ്യപ്പെടുന്നവനാണ് ഭക്തന്‍. കാര്യസാധ്യത്തിനായി ചിലര്‍ ചാക്കുകണക്കിന് അരി ദൈവത്തെക്കൊണ്ട് തീറ്റിക്കുന്നു, ചിലര്‍ ദൈവത്തെ വെടിവെച്ച് പേടിപ്പിക്കുന്നു. 'ദൈവതീരുമാനം', 'ദൈവേച്ഛ' തുടങ്ങിയ കിടുപിടികളൊന്നും വിശ്വാസിക്ക് ബാധകമല്ല. കൈക്കൂലി കൊടുക്കുന്നതിനാല്‍ സദാ കാര്യങ്ങള്‍ തനിക്കനുകൂലമാകണമെന്നാണ് ഭക്തന്റെ മനോഗതി.


ദൈവം ചപ്പിയ മൂക്ക് 'കൊടുത്താല്‍'അവനത് പ്‌ളാസ്റ്റിക്ക് സര്‍ജറി ചെയ്ത് നേരെയാക്കും. ദൈവം ഭക്തന്റെ കാലൊടിച്ചാല്‍ അവന്‍ അസ്ഥിരോഗവിദ്ഗധന്റെ സഹായത്തോടെ ദൈവപദ്ധതി പൊളിക്കും. കുഞ്ഞിക്കാല് കാണിക്കില്ലെന്ന് ദൈവം വാശി പിടിച്ചാല്‍ ഭക്തന്‍ വന്ധ്യതാ ക്‌ളിനിക്കില്‍ ചെന്ന് കഴുതക്കാല് പിടിച്ചായാലും ദൈവത്തെ തിരുത്തും. ദൈവവിധി സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ പ്രാര്‍ത്ഥന വേണ്ട. ത്രികാലജ്ഞാനിയായ അവന്‍ എല്ലാം കണ്ടറിഞ്ഞ് തന്നിട്ടുണ്ട്. ഇവിടെ നാസ്തികനാണ് ഭേദം! ദൈവം തരുന്നതില്‍ അവന്‍ പ്രതിഷേധിക്കാറില്ല. തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെടാറുമില്ല. അവന് വേണ്ടത് അവന്‍ തിരുത്തും. രോഗബാധിതനായ നാസ്തികനും വിശ്വാസിയും ആശുപത്രിയിലെത്തും. സ്വഭാവികമായും നാസ്തികന് 'ദൈവതീരുമാന'മൊന്നും സ്വീകാര്യമല്ല. ദൈവതീരുമാനം മാനിക്കേണ്ട വിശ്വാസി ആശുപത്രിയില്‍ പോകുമെന്ന് മാത്രമല്ല അവിടെച്ചെന്ന് ദൈവത്തെ പ്രാര്‍ത്ഥിച്ച് പീഡിപ്പിക്കുകയും ചെയ്യൂ. ഓരോ മരുന്നും കഴിച്ചിട്ട് ''തീരുമാനം മാറ്റൂ ദൈവമേ''എന്നവന്‍ സ്വയം അലറിവിളിക്കും. ഓരോ ആശുപത്രിയും നാസ്തികതയുടെ അമ്പലങ്ങളാണെന്ന് ദൈവംപോലും ചിന്തിക്കാന്‍ കാരണമതാണ്!!

മതഭക്തി പരമമായ ഭൗതികാസക്തിയാകുന്നു. മനുഷ്യമനസ്സിന്റെ ഏറ്റവും ജീര്‍ണ്ണഭാവമാണത്. മദ്യം, പുകവലി, മയക്കുമരുന്ന് തുടങ്ങിയവ പ്രദാനം ചെയ്യുന്നതിലും കനത്ത മിഥ്യാസുഖമത് പ്രദാനം ചെയ്യുന്നു. 24 X 7'ലോക സമസ്ത' എന്നൊക്കെ വിളിച്ചു കൂവുമെങ്കിലും ഹൂറിയായാലും കടലമിഠായിയായാലും'തനിക്ക് കിട്ടണം' എന്ന ഒറ്റ ഡിമാന്‍ഡേ മതവിശ്വാസിക്കുള്ളു. അതിനാണ് ആരാധനയും തീര്‍ത്ഥാടനവും കുറിയും ചരടും നെറ്റിത്തഴമ്പും. ആനുകൂല്യങ്ങള്‍ കൊണ്ടുവരാന്‍ ശേഷിയില്ലാത്ത ദൈവങ്ങള്‍ പരബ്രഹ്മം പോലെ അനാഥമാകും. ഒന്നാം സ്ഥാനത്തിനായി പ്രാര്‍ത്ഥിക്കുന്നവന് മറ്റുള്ളവര്‍ക്കത് നഷ്ടപ്പെടുന്നതില്‍ പരിഭവമില്ല. തനിക്ക് നേട്ടമുണ്ടാകാനായി മറ്റൊരാള്‍ക്ക് നിഷേധിക്കപ്പെടട്ടെ! എത്രപേര്‍ പ്രാര്‍ത്ഥിച്ചാലും ഒരാള്‍ക്കേ ഒന്നാമനാകാ സാധിക്കൂ. ആരും പ്രാര്‍ത്ഥിച്ചില്ലെങ്കിലും ഒരാള്‍ ഒന്നാമനായേ തീരൂ. മറ്റുള്ളവരെ പിന്തള്ളി തന്നെ ഒന്നാമതെത്തിക്കുന്നതാണ് ദൈവത്തിന്റെ പണിയെന്ന് ഭക്തന്‍ വാദിക്കുന്നു. മറ്റുള്ളവരെ പട്ടിണിക്കിടുന്ന ദൈവം തന്നെ ധനികാനാക്കുമെന്നും അന്യരെ രോഗിയാക്കുന്ന ദൈവം തന്നെ സംരക്ഷിക്കുമെന്നും അവന്‍ വ്യാമോഹിക്കുന്നു.

പ്രാര്‍ത്ഥനയുടെ അടിസ്ഥാനം കലര്‍പ്പില്ലാത്ത 'കച്ചവടയുക്തി' യാകുന്നു. ഇന്നത് കൊടുത്തല്‍ ഇന്നത് ലഭിക്കും! നിക്ഷേപത്തിന് അനുസരിച്ച് ലാഭം. ഭക്തിനിക്ഷേപത്തിന് പലിശ കൊതിച്ച് സദാ ജീവിതം ഹോമിക്കുന്നവനാണ് മതവിശ്വാസി. കൂപ്പിയ കൈ സത്യത്തില്‍ ഒരു നീട്ടിയ കൈ തന്നെയാണ്. പണം പലിശയ്ക്ക് കൊടുക്കുന്നവന്റെ അതേ മനസ്ഥിതിയിവിടെയുണ്ട്. മതപുസ്തകത്തിലെ അനുശാസനങ്ങള്‍ അനുസരിച്ച് നിക്ഷേപം നടത്തിയാല്‍ ഒരു ആകാശപൗരന്‍ കനത്ത നേട്ടങ്ങള്‍ സമ്മാനിക്കും. അവനെ പ്രീണിപ്പിച്ചാല്‍ ഈ ജീവിതത്തിലും രണ്ടാമിന്നിംഗ്‌സിലും വമ്പന്‍ സമ്മാനങ്ങള്‍. പട്ടിണി കിടന്നും സക്കാത്തു കൊടുത്തും രക്തമൊഴുക്കിയും നെഞ്ചത്തടിച്ചും പരലോകത്ത് കൂടുതല്‍ ഹൂറിമാരെ നേടുക! മതാനുഷ്ഠാനം രൂക്ഷമാക്കിയാല്‍ കൂടുതല്‍ സ്വര്‍ഗ്ഗീയസുഖം ഈ ആകാശപൗരന്‍ കനിഞ്ഞരുളും! വാണിഭയുക്തിയുമായി നടക്കുന്നവന്‍ ചാടിവീഴാതിരിക്കുന്നതെങ്ങനെ? ഒട്ടകത്തിന്റെ കഴുത്തറുത്താല്‍ ജീവിതം പൂത്തുലയും! 


മതവാഗ്ദാനങ്ങള്‍ വിശ്വാസിയുടെ കച്ചവടയുക്തി പ്രോജ്ജ്വലിപ്പിക്കുന്നു. അതോടെ ഭൗതികാസക്തി ആളിക്കത്തുന്നു;ആസക്തി മൂത്ത് മതപ്പനി ബാധിച്ച് അവന്‍ തുള്ളിവിറയ്ക്കുന്നു. ചെറിയ ആവശ്യത്തിന് ചെറിയ വഴിപാട്-വലിയ ആവശ്യത്തിന് വലിയ വഴിപാട് എന്ന 'ഗണിതസമവാക്യവും' അവന്‍ വികസിപ്പിച്ചെടുക്കുന്നു. ഭിക്ഷാടനത്തെ വിമര്‍ശിക്കുന്നവന്‍ സ്വന്തം മതവിശ്വാസത്തിന്റെ സിലബസ്സ് ഭിന്നമല്ലെന്ന് മനസ്സിലാക്കാറില്ല. ഭിക്ഷക്കാരന്‍ ഒരുക്ഷെ വെയില്‍ മൂക്കുമ്പോള്‍ തോര്‍ത്തുമെടുത്ത് എഴുന്നേറ്റ് പോയെന്നുവരാം. പക്ഷെ മതഭക്തി ആജീവനാന്ത ഭിക്ഷാടനമാണ്.

''ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം''എന്നാരെങ്കിലും പറഞ്ഞാല്‍ മനസ്സിലാക്കുക, അതൊരു വണ്ടിച്ചെക്കാണ്. ആത്മാര്‍ത്ഥത പൂജ്യത്തോടടുക്കുമ്പോഴാണ് ഇത്തരം വാഗ്ദാനങ്ങള്‍ നിര്‍ബാധം പൊഴിഞ്ഞുവീഴുന്നത്. ചെയ്യുന്ന വ്യക്തിക്ക് ചെലവില്ലാത്തതും ലഭിക്കുന്ന ആള്‍ക്ക് പ്രയോജനമില്ലാത്തതുമായ ഒന്ന് കൈമാറാമെന്നാണ് അവിടെ വാഗ്ദാനം ചെയ്യപ്പെടുന്നത്. പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകുമെങ്കില്‍ ആരെങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കരാറെടുക്കുമോ?! കൊച്ചുകുട്ടികളെയൊക്കെ മതഭക്തരായ മാതാപിതാക്കള്‍ വിലക്കും: ദേ അറിയാതെ പോലും അയല്‍ക്കാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കളയരുത്!! സഹപാഠികള്‍ക്ക് പേനയും പെന്‍സിലുമൊന്നും വെറുതെ കൊടുക്കരുതെന്ന് കുട്ടികളെ മാതാപിതാക്കള്‍ വിലക്കാറുണ്ട്. മറ്റുകുട്ടികള്‍ക്ക് തന്റെ കുട്ടിയെക്കാള്‍ മികച്ച റാങ്ക് കിട്ടുമ്പോള്‍ അവരുടെ മനസ്സ് വിങ്ങും. എന്നിട്ടും സഹപാഠികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കരുതെന്ന് ഒരിക്കലും അവര്‍ സ്വന്തം കുട്ടികളെ വിലക്കാറില്ല. ബുദ്ധിയില്ലായ്മയോ ഉദാരതയോ മൂലമല്ലിത്. പ്രാര്‍ത്ഥനയുടെ 'നടപ്പുവശ'ത്തെ കുറിച്ച് മതവിശ്വാസിക്ക് നല്ല ബോധ്യമുള്ളതാണ് ഇതിന് കാരണം

മതം 'ശാന്തിഗുളിക'യാണെങ്കില്‍ മതസമൂഹങ്ങളും മതാധിഷ്ഠരാജ്യങ്ങളും നിതാന്തമായ സമാധാനത്തിലും സമൃദ്ധിയിലും വര്‍ത്തിക്കേണ്ടതാണ്. പക്ഷെ നേര്‍വിപരീതമാണ് വസ്തുതകള്‍. മതം ശാന്തിയുടെ വിപരീതപദമാകുന്നു. അതേസമയം മതശല്യമില്ലാത്ത സ്‌ക്കാന്‍ഡിനേവിയന്‍-യൂറോപ്യന്‍ സമൂഹങ്ങള്‍ താരതമ്യേന ശാന്തവും സുഭിക്ഷവുമാണ്. ദിനവും അഞ്ചു പ്രാവശ്യം നിസ്‌ക്കരിക്കുകയും പത്ത് പ്രാവിശ്യം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന മതരാജ്യങ്ങള്‍ മനുഷ്യമന:സാക്ഷിയിലെ കരിയാവ്രണങ്ങളായി നീറിപ്പിടിക്കുകയാണ്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പാലസ്തീനും ഇറാഖുമടങ്ങുന്ന 'ഉറങ്ങാത്ത രാജ്യ'ങ്ങളുടെ പട്ടിക നീണ്ടതാണ്. കാലുഷ്യത്തിന്റേയും സ്പര്‍ദ്ധയുടേയും രക്തച്ചൊരിച്ചിലിന്റേയും പ്രഭാതങ്ങളിലേക്ക് ഉണര്‍ന്നെഴുക്കാന്‍ വിധിക്കപ്പെട്ട ജനതകളെ നാമവിടെ കാണുന്നു. മതങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കാത്ത ഏകമതാധിപത്യമുള്ള രാജ്യങ്ങളില്‍ ഉപവിഭാഗങ്ങള്‍ക്കിടയിലുള്ള ആഭ്യന്തരയുദ്ധങ്ങള്‍ പതഞ്ഞുപൊങ്ങുന്നു. സുന്നി ഷിയയെയേയും പ്രോട്ടസ്റ്റന്റ് കത്തോലിക്കനേയും വെട്ടിക്കീറുന്നു.

എണ്ണസമ്പത്തിന്റെ ബലത്തില്‍ അശാന്തിയും തേങ്ങലുകളും പരവതാനിക്കടിയിലേക്ക് തൂത്തുക്കൂട്ടാന്‍ ചില എണ്ണരാജ്യങ്ങള്‍ക്ക് സാധിക്കുന്നുണ്ടാവും. എണ്ണയുണ്ടെങ്കില്‍ മതം ഉണ്ടായാലും രക്ഷപെടാം എന്നര്‍ത്ഥം. മതം ഭക്ഷിച്ച് ജീവിക്കുന്ന എണ്ണരഹിത രാജ്യങ്ങള്‍ ഭൗമനരകങ്ങളായി കണ്‍മുമ്പിലുണ്ട്. സോമാലിയ ഉള്‍പ്പെടെയുള്ള ദരിദ്ര ആഫ്രിക്കന്‍രാജ്യങ്ങളും ബംഗ്‌ളാദേശിനെപ്പോലുള്ള പട്ടിണിസാമ്രാജ്യങ്ങളും എണ്ണയില്ലാത്ത മതം കൊണ്ടുവരുന്ന സമ്മാനങ്ങള്‍ ഏറ്റുവാങ്ങി വീര്‍പ്പു മുട്ടുകയാണ്.


മതപരമായ അനുഷ്ഠാനത്തിലൂടെ ആരെങ്കിലും മെച്ചപ്പെട്ട മാനസികനില കൈവരിക്കാറുണ്ടോ? ആഘാതങ്ങള്‍ നേരിടാന്‍ വിശ്വാസം നല്ലതാണെന്ന മതപ്രചരണം നോക്കാം. വെറുതെ മസ്തിഷ്‌ക്കത്തെ വിശ്വാസിപ്പിക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കില്ല. ഇനി അങ്ങനെ സാധിച്ചാലും അതുകൊണ്ട് പ്രയോജനമില്ല. അസ്ഥികള്‍ മരവിക്കുന്ന തണുപ്പുള്ളിടത്ത് ചെന്ന് നിന്നിട്ട് 'ഓ ഇവിടം എത്ര ഊഷ്മളമാണ് 'എന്നു സ്വയം പറഞ്ഞതുകൊണ്ട് തണുപ്പ് മാറില്ല. സിംഹത്തിന്റെ മുന്നില്‍ അകപ്പെടുമ്പോള്‍ 'ഇതൊരു സിംഹമല്ല, വെറും മുയലാണ്' എന്ന് ചിന്തിച്ചതുകൊണ്ട് അപകടം ഒഴിയുകയുമില്ല. യാഥാര്‍ത്ഥ്യം കിനാവ് കണ്ടകറ്റാകാനാകില്ല. ശൈത്യം ശൈത്യം തന്നെയാണ്, സിംഹം സിംഹവും. അവയൊക്കെ അങ്ങനെയല്ല എന്ന് സങ്കല്‍പ്പിക്കുന്നതുകൊണ്ട് വിശ്വാസിക്ക് വലിയ പ്രയോജനമുണ്ടാവില്ലെന്ന് മാത്രമല്ല തിരിച്ചടി ഉറപ്പുമാണ്. ആഘാതങ്ങള്‍ നേരിടാന്‍ നല്ലത് യാഥാര്‍ത്ഥ്യബോധം തന്നെയാണ്. ആഗ്രഹങ്ങളും മോഹവും കെട്ടഴിച്ചുവിടുന്നതു കൊണ്ട് യാഥാര്‍ത്ഥ്യത്തെ ആട്ടിപ്പായിക്കാനാവില്ല. മതം മുന്നോട്ടുവെക്കുന്ന മതം വിറ്റഴിക്കുന്ന വ്യാജവാഗ്ദാനങ്ങള്‍ അറിയാതെ മുക്കുപണ്ടം സൂക്ഷിക്കുന്നതു പോലെ അപകടകരമാണ്. തങ്കമാണെന്ന് കരുതി വറ്റഴിക്കാന്‍ ശ്രമിച്ചാല്‍ പണി പാലിന്‍വെള്ളത്തില്‍ കിട്ടും.


പ്രാര്‍ത്ഥിക്കുമ്പോള്‍ വിശ്വാസി സ്വയം സംസാരിക്കുന്നു. തന്റെ ആവശ്യങ്ങള്‍ തന്നോട് തന്നെ പറയുന്നു. മിക്കപ്പോഴും കുനിഞ്ഞുനിന്ന് പിറുപിറുക്കുന്നു, ചിലപ്പോള്‍ ഉറക്കെപറയുന്നു. സ്വയം ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടവ കാര്യങ്ങള്‍ 'ആജീവനാന്ത പ്രാര്‍ത്ഥന'യായി തുടരുന്നു. 'കുടുംബത്തിന് ഐശ്വര്യമുണ്ടാവണേ','ഗതി പിടിക്കണേ', 'അസുഖമൊന്നും വരുത്തരുതേ' തുടങ്ങിയവ ജനകീയ പ്രാര്‍ത്ഥനകള്‍ നിലയ്ക്കമെങ്കില്‍ പ്രാര്‍ത്ഥനത്തൊഴിലാളി മരിക്കണം. സ്വന്തംനിലയില്‍ നടപ്പിലാക്കാന്‍ കഴിയുന്നവയൊക്കെ വിശ്വാസി പ്രാര്‍ത്ഥിച്ച് നടപ്പാക്കും. ദൈവം കരുണാമയനാണ്. കാരണം പ്രാര്‍ത്ഥനയില്ലാതെ തന്നെ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ പ്രാര്‍ത്ഥിച്ചാലും നടത്തിക്കൊടുക്കും. തുലാവര്‍ഷക്കാലത്ത് വൈകിട്ട് ഒരു മഴ വേണമെന്ന് പ്രാര്‍ത്ഥിച്ചുനോക്കൂ: മിക്കവാറും അത് അനുവദിക്കപ്പെടും! ഇതേ ആവശ്യം ഫെബ്രുവരിയില്‍ ഉന്നയിച്ചാല്‍ ദൈവം പകച്ചുനില്‍ക്കും. ചികിത്സിച്ചുകൊണ്ട് രോഗം ഭേദമാകണേ എന്നാവശ്യപ്പെടുന്നതും ചികിത്സ തേടാതെ രോഗസൗഖ്യം ആവശ്യപ്പെടുന്നതും തമ്മില്‍ വമ്പന്‍ വ്യത്യാസമുണ്ടെന്ന് ദൈവം പറയുന്നു. ദൈവത്തിന്റെ പ്രയാസം കണ്ടറിയുന്നതിനാല്‍ അവസാനം ഭക്തന്‍ യുക്തിവാദത്തില്‍ അഭയം തേടും. ഒരു ഭക്തന്റെ പ്രാര്‍ത്ഥനയ്ക്ക് കടകവിരുദ്ധമായി എതിരാളി പ്രാര്‍ത്ഥിച്ചാല്‍ ദൈവം ധര്‍മ്മസങ്കടത്തിലാവും. പലപ്പോഴും പ്രാര്‍ത്ഥനകളൊന്നും പൂവണിയാത്തതിന്റെ പ്രധാന കാരണം അയല്‍ക്കാരനും സമാനദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതാണെന്ന് മനസ്സിലാക്കുന്ന മതഭക്തന്‍ മതം മാറാന്‍ തുനിഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല .






Sunday, 7 October 2012

ബ്ലോഗിംഗ് തുടങ്ങിയിട്ട് കുറെ നാളായി. ശരിക്കും പറഞ്ഞാല്‍ 15 മാസം. ഇടയ്ക്ക് കുറെക്കാലം സജീവമായിരുന്നില്ല. പകരം 'safe mode'ല്‍ തുടര്‍ന്നു. ഇതിനിടെ 'നാസ്തികനായ ദൈവം' ബ്‌ളോഗ് ഒരു ലക്ഷം ഹിറ്റ് പിന്നിട്ടത് അറിഞ്ഞില്ല. ഒരു ലക്ഷം ഹിറ്റ് ഒരു നല്ല അനുഭവം തന്നെ. ഇവിടം സന്ദര്‍ശിച്ച എല്ലാ മാന്യവായനക്കാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. 

Saturday, 6 October 2012

39. ജ്യോതിഷഗൈനക്കോളജി


ജ്യോതിഷ പ്രവചനങ്ങളില്‍ പലരേയും ഹരംകൊള്ളിക്കുന്ന ഒരിനമാണ് നവജാതശിശുക്കളുടെ ലിംഗനിര്‍ണ്ണയം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈയിനത്തില്‍ ജ്യോതിഷികള്‍ക്ക് നടവരവ് താരതമ്യേന കുറവായിരുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം സര്‍ക്കാര്‍ കര്‍ക്കശമാക്കിയതോടെയാണ് ജ്യോതിഷികള്‍ക്ക് പണി കൂടി. ലിംഗനിര്‍ണ്ണയത്തെപ്പറ്റി ജ്യോതിഷികള്‍ തന്നെ പരസ്പരം പറഞ്ഞു ചിരിക്കുന്ന ഒരു തമാശക്കഥയുണ്ട്. അത് ഏതാണ്ടിങ്ങനെ: 

രണ്ട് പെണ്‍കുട്ടികളുണ്ടായിരുന്ന ഒരു നാടുവാഴി തന്റെ അധികാരത്തിന് ഒരു പിന്തുടര്‍ച്ച കാംക്ഷിച്ച് ഒരു ആണ്‍കുഞ്ഞിന് വേണ്ടി പൂജാദികര്‍മ്മങ്ങളും ഹോമാദിപ്രദക്ഷണങ്ങളും നടത്തി അതികഠിനമായി യത്‌നിച്ചു. അനുഷ്ഠാനത്തിന്റെ കഠിന്യം കൊണ്ടാകണം അധികംവൈകാതെ ടിയാന്റെ ഭാര്യ ഗര്‍ഭിണിയായി. തുടര്‍ന്നങ്ങോട്ട് 24 X 7 പ്രാര്‍ത്ഥനയും വഴിപാടുമായി നായകന്‍ സ്വയം ഹോമിക്കുകയായിരുന്നുവത്രെ. അവസാനം മാനസികസമ്മര്‍ദ്ദം താങ്ങാനാവാതെ വന്നപ്പോള്‍ നാട്ടിലെ മുഖ്യജ്യോതിഷിയെ തന്നെ അഭയം പ്രാപിച്ചു. ജ്യോതിഷി കവടി നിരത്തി ഉഗ്രന്‍ ഭാവാഭിനയംതന്നെ കാഴ്ചവെച്ചു. പ്രപഞ്ചരഹസ്യം തിരിച്ചറിഞ്ഞവന്റെ വിഹ്വലത മുഖത്ത് കളിയാടി. ആദ്യമൊക്കെ വല്ലാത്ത ഗൗരവഭാവം- പിന്നെ മ്‌ളാനത- പിന്നെ നിസംഗത-മെല്ലെ പ്രസന്ന ഭാവം. കഥാനായകന്‍ പിരിമുറുക്കം കൊണ്ട് ഉരുകിയില്ലാതാകുമെന്ന അവസ്ഥ. അവസാനം പ്രഖ്യാപനം വന്നു- കുഞ്ഞ് ആണായിരിക്കും!

നാടുവാഴി ജ്യോതിഷിയെ അതിഗാഡമായി ആലിംഗനം ചെയ്തു. ഒരു ചാക്കു നിറയെ ധാന്യവും പ്രത്യകസമ്മാനവും നല്‍കി. സന്തോഷവാര്‍ത്ത കേട്ട് ഭാര്യയും മറ്റുള്ളവരും ആഹ്‌ളാദത്തിമിര്‍പ്പിലായി. പക്ഷെ ഭാര്യ പ്രസവിച്ചപ്പോള്‍ നാടുവാഴിക്ക് വീണ്ടും പെണ്‍കുഞ്ഞ്. അമര്‍ഷം അടക്കാനാവാതെ നാടുവാഴി ജ്യോതിഷിയെ കാണാന്‍ ചെന്നു. ജ്യോതിഷി പറഞ്ഞു:
''ദയവായി അങ്ങ് ഇവിടെക്കിടന്ന് ബഹളമുണ്ടാക്കരുത്. കുട്ടി പെണ്ണായിരിക്കുമെന്ന് എനിക്ക് അന്നുതന്നെ പിടി കിട്ടിയിരുന്നു. ജ്യോതിഷം സത്യമാണ്. പക്ഷെ സത്യംപറഞ്ഞാല്‍ ഉള്‍ക്കൊള്ളാനാവാത്ത നിലയിലായിരുന്നു അങ്ങപ്പോള്‍. സത്യമറിഞ്ഞാല്‍ ഒരുപക്ഷെ നിങ്ങള്‍ ഹൃദയംപൊട്ടി മരിച്ചുപോകുമായിരുന്നു. അതുകൊണ്ടാണ് സമാശ്വസിപ്പിക്കാനായി ആണ്‍കുട്ടിയായിരിക്കും എന്നു ഞാന്‍ പറഞ്ഞത്. ഞാന്‍ പറയുന്നതില്‍ സംശയമുണ്ടെങ്കില്‍ അങ്ങയുടെ വീടിന്റെ മുന്‍വശത്തെ ഉത്തരത്തിന്റെ വടക്ക് വശത്ത് ചെന്നു തപ്പിനോക്കുക. ഞാനവിടെ ഒരു തകിടില്‍ യഥാര്‍ത്ഥഫലം എഴുതിവെച്ചിട്ടുണ്ട്.''

നാടുവാഴി വീട്ടില്‍ച്ചെന്ന് ജ്യോതിഷി സൂചിപ്പിച്ച സ്ഥാനത്ത് തപ്പിനോക്കിയപ്പോള്‍ അവിടെ ഒരു തകിടുണ്ട്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.''പെണ്‍കുഞ്ഞ്. ദൈവത്തിന്റെ അനുഗ്രഹം''. ഇതോടെ നാടുവാഴിയുടെ ജ്യോതിഷവിശ്വാസം മൂന്നിരിട്ടിയും ജ്യോതിഷിയുടെ ഖ്യാതി നാലിരിട്ടിയുമായി എന്നാണ് കഥ.
സാമാന്യബുദ്ധിയുള്ള ആര്‍ക്കും ജ്യോതിഷി എന്താണിവിടെ ചെയ്യുന്നതെന്ന് മനസ്സിലാകും. തകിടില്‍ എഴുതിവെച്ചിരിക്കുന്ന വാചകം തന്ത്രപൂര്‍വം തയ്യാറാക്കിയതാണ്. ഒറ്റനോട്ടത്തില്‍ അതൊരു പ്രവചനമാണെന്ന് തോന്നില്ല. പക്ഷെ കുഞ്ഞിന്റെ ലിംഗനിര്‍ണ്ണയം തേടി നടക്കുന്ന ജ്യോതിഷവിശ്വാസിക്ക് അത് 100 ശതമാനം കൃത്യതയുള്ള പ്രവചനമായിരിക്കും! കുട്ടി ആണായാല്‍ അതിന്റെ പേരില്‍ സമ്മാനവും കീര്‍ത്തിയും ഉറപ്പ്; പെണ്ണായാലും അതുതന്നെ സംഭവിക്കുന്നു. കുട്ടി ആണായാല്‍ തകിട് സൗകര്യം കിട്ടുമ്പോള്‍ അയാള്‍ക്ക് തന്നെ എടുത്തുമാറ്റാം. മാറ്റിയില്ലെങ്കില്‍പ്പോലും അതയാളാണ് എഴുതിയതെന്നതിനോ നാടുവാഴിയുടെ ഭാര്യയുടെ മൂന്നാം പ്രസവത്തിനെക്കുറിച്ചാണെന്നതിനോ യാതൊരു തെളിവുമുണ്ടാകില്ല. പ്രസവത്തിന് മുമ്പ് നാടുവാഴി ഈ തകിട് കണ്ടുപിടിച്ച് എഴുതിയിരിക്കുന്നത് വായിച്ച് അത് ജ്യോതിഷിയുടെ തന്ത്രമല്ലേ എന്ന് ചിന്തിച്ച് അയാളെതന്നെ ചോദ്യം ചെയ്താലേ എന്തെങ്കിലും പ്രശ്‌നമുള്ളു. പക്ഷെ അത്രമാത്രം യുക്തിബോധവും ഭാവനാശേഷിയും നാടുവാഴിക്കുണ്ടെങ്കില്‍ അയാള്‍ ആ ജ്യോതിഷിയുടെ അടിമയായി ജീവിക്കില്ല. അതായത് എങ്ങനെവീണാലും ജ്യോതിഷി നാലുകാലില്‍ !

ലിംഗനിര്‍ണ്ണയപ്രവചനത്തിന് വില കല്‍പ്പിക്കുന്നവരെ നമിക്കണം. ഏറ്റവുംകുറഞ്ഞത് 50 ശതമാനം വിജയസാധ്യത അതില്‍ ആദ്യമേയുണ്ട്. കുടുംബപശ്ചാത്തലം, മുന്‍പ്രസവങ്ങളുടെ ചരിത്രം, ബന്ധുജനങ്ങളുടെ പൊതുചരിത്രം, കുട്ടിയുടെ ചലനം സംബന്ധിച്ച് അമ്മ നല്‍കുന്ന വിവരണങ്ങള്‍, സ്ഥിതിവിവരക്കണക്ക് പ്രകാരമുള്ള ഒരു പൊതു ശരാശരി- ഇവകൂടി പരിഗണിച്ചാല്‍ ഇത് നിസ്സാരമായി 60-65 ശതമാനമാക്കി മാറ്റാം. അതായത് നിങ്ങള്‍ 100 പ്രവചനം നടത്തുമ്പോള്‍ ഏറ്റവും കുറഞ്ഞത് 60 എണ്ണം ശരിയാകുന്നു. തെറ്റുന്ന പ്രവചനത്തിന് വ്യാഖ്യാനം പമ്പ് ചെയ്തുകൊടുത്താല്‍ മതി. വിശ്വാസിയായ ഘോരജീനിയസ് അതില്‍ തൃപ്തനായിക്കൊള്ളും.

''ആണാണെങ്കില്‍ മാത്രം ചോദിച്ചാല്‍ മതി''എന്നു പറഞ്ഞ് അടുത്തിടെ ഒരു സുഹൃത്തിനെ ഒരു ജ്യോതിഷി അനുഗ്രഹിച്ചതോര്‍ക്കുന്നു. അതായത് കുഞ്ഞ് പെണ്ണാകാനാണ് സാധ്യത, മറിച്ച് ആണാണെങ്കില്‍ മാത്രം തന്നെ വന്നുകണ്ടാല്‍ മതി എന്നു വിവക്ഷ. ഇന്ത്യയെ പോലൊരു അവികസിതസമൂഹത്തില്‍ ആണ്‍കുട്ടികള്‍ വേണമെന്ന് ഇഷ്ടദൈവത്തെ ധരിപ്പിക്കാനായിരിക്കും മിക്ക മാതാപിതാക്കളും തങ്ങളുടെ മതാരാധനയുടെ നല്ലൊരു പങ്ക് ഊര്‍ജ്ജവും ചെലവഴിക്കുക. കുഞ്ഞിനെ തരണെ എന്നുമാത്രമല്ല അത് ആണായിരിക്കണേ എന്നു കൂടിയായിരിക്കും 80 ശതമാനം സ്ത്രീകളും പ്രാര്‍ത്ഥിക്കുന്നത്. കാരണം നമ്മുടെ സമൂഹം ആവശ്യപ്പെടുന്നത് അതാണ്. ഇതില്‍ ഏതാണ്ട് പകുതി ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ ഒട്ടുമിക്ക ദൈവങ്ങള്‍ക്കും സാധിക്കാറുമുണ്ട്. ഉറപ്പില്ലാത്തതിനാല്‍''ആണായാലും പെണ്ണായാലും മതി''എന്ന പരസ്യനിലപാട് സ്വീകരിക്കാന്‍ ബുദ്ധി കാണികുമ്പോഴും പ്രാര്‍ത്ഥനസമ്മര്‍ദ്ദം ആണ്‍കുട്ടിക്ക് വേണ്ടിയായിരിക്കും. പെണ്ണാകുമെന്ന് പ്രവചിച്ചിട്ടുണ്ടെങ്കിലും ഇനി അഥവാ ആണ്‍കുട്ടിയാണ് പിറക്കുന്നതെങ്കില്‍ തന്നെ വന്നു കണ്ടാല്‍ ഉചിതമായ വ്യാഖ്യാന-വിശദീകരണങ്ങള്‍ ലഭ്യമാക്കാം എന്നാണ് ജ്യോതിഷിയുടെ വാഗ്ദാനം. ഗത്യന്തരമില്ലാതെ വന്നാല്‍ ഗണിച്ചത് തെറ്റിയെന്നോ അപഹാരം കണ്ടില്ലെന്നോ പറഞ്ഞ് തടയിയൂരാം. വിശ്വാസി അപ്പോഴും സംശയങ്ങളും ആരാധനയുമായി ശ്വാസംമുട്ടി നില്‍ക്കും.

ശിശുവിന്റെ ലിംഗം തീരുമാനിക്കപ്പെടുന്നത് ബീജസങ്കലനവേളയിലാണ്. മാസങ്ങള്‍ക്ക് ശേഷമായിരിക്കും മിക്കപ്പോഴും ജ്യോതിഷികള്‍ ഇത് കണ്ടെത്തുക. ആദ്യം ഗര്‍ഭം ഉണ്ടെന്നും അത് ഉറച്ചെന്നു ഉറപ്പിക്കണ്ടേ!! ശരീരശാസ്ത്രം പഠിക്കാതെ ഗര്‍ഭം ഉറപ്പിക്കാന്‍ ഗ്രഹങ്ങള്‍ക്കും സാധിക്കില്ലല്ലോ! പക്ഷെ ഒരിക്കല്‍ ഗര്‍ഭം സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ ലിംഗനിര്‍ണ്ണയം ജ്യോതിഷി ധൈര്യമായി ഏറ്റെടുക്കും. മാതാവിന്റെ ആരോഗ്യം അല്‍പ്പം മോശമാണെന്ന് തോന്നിയാല്‍.''ശരീരം ശ്രദ്ധിക്കണം, അങ്ങിങ്ങായി ചെറിയ ചില തടസ്സങ്ങള്‍ കാണുന്നുണ്ട്'' എന്ന് ജ്യോതിഷി പറഞ്ഞുകഴിഞ്ഞാല്‍ ഗര്‍ഭിണിയായ മാതാവ് ഇഷ്ടസീരിയലുകള്‍ പോലും നിര്‍ദ്ദയം ത്യജിച്ച് 'പരിഹാരക്രിയ'കളില്‍ വ്യാപൃതയാകും. കുഴപ്പമൊന്നുമില്ലാതെ പ്രസവിച്ചാലും സങ്കീര്‍ണ്ണതകളോടെ പ്രസവിച്ചാലും ജ്യോതിഷി ഹിറ്റാവും. ഭര്‍ത്താവിന്റെയും ഭാര്യയുടേയും തലയുടെ വലുപ്പവും ശരീരഭാരവും നിരീക്ഷിച്ച്''പ്രസവം സിസേറിയനായിരിക്കും''എന്ന് പ്രവചിച്ച് 90 ശതമാനം വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു ജ്യോതിഷിയെ നേരിട്ടറിയാം! ''പ്രസവം സിസേറിയനായിരിക്കും''എന്ന് ജ്യോതിഷി പറഞ്ഞുകഴിഞ്ഞാല്‍ സാധാരണപ്രസവത്തിന് 99 ശതമാനം ഗര്‍ഭിണികളും വിസമ്മതിക്കുമെന്നത് ഒരു 'ശാസ്ത്രസത്യം' മാത്രം! ഭയം വിശ്വാസത്തിന്റെ പെറ്റമ്മയാകുന്നു; അജ്ഞത പോറ്റമ്മയും. ഇതറിയുന്ന ജ്യോതിഷിക്ക് ഒരിക്കലും കാലിടറില്ല.

''ഭൂതവുംഭാവിയും വര്‍ത്തമാനവും പ്രവചിക്കും''എന്ന പരസ്യ വാചകത്തില്‍ ഭാവിയെ സംബന്ധിച്ച നിരീക്ഷണം മാത്രമേ സാങ്കേതികാര്‍ത്ഥത്തില്‍ 'പ്രവചന'മാകുന്നുള്ളു. ഭൂതകാലം അറിയാന്‍ ജ്യോതിഷിക്ക് കഴിയുമെങ്കില്‍ ജീവോത്പത്തി, പ്രപഞ്ചോത്പത്തി, യേശുവിന്റെ ജന്മരഹസ്യം തുടങ്ങിയവയൊക്കെ അയാള്‍ക്ക് കേവലം കുട്ടിക്കളിയായിരിക്കും. ജ്യോതിഷം ഒരുതരം 'ശാസ്ത്ര'മാണെന്ന് വാദിക്കുന്നവര്‍ ശാസ്ത്രസമസ്യങ്ങള്‍ നിര്‍ധാരണം ചെയ്യുന്നതിലേക്കും ആയതിന്റെ സേവനം വിട്ടുകൊടുക്കാന്‍ ദയ കാട്ടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്(തുടരും)