ശാസ്ത്രം വെളിച്ചമാകുന്നു

Sunday 17 February 2013

61. നക്ഷത്രപ്രസവങ്ങള്‍

Nalappattu Narayana Menon
''2013 ല്‍ കേരളത്തില്‍ മഴ പെയ്യും''എന്ന് ഒരാള്‍ പറഞ്ഞാല്‍ വിജയസാധ്യത ഏതാണ്ട് 100%. പക്ഷെ അതൊരു പ്രവചനമാണോ എന്നു നാം തിരിച്ച് ചോദിക്കും. ''2013 ജൂണില്‍ കേരളത്തില്‍ മഴ പെയ്യും''എന്ന് പറഞ്ഞാലും വിജയസാധ്യത കനത്തതാണ്. എന്നാല്‍ ''2013 ജൂണ്‍ ആദ്യപകുതിയില്‍ കൊല്ലം ജില്ലയില്‍ മഴ പെയ്യും''എന്ന് പറഞ്ഞാല്‍ സാധ്യത മങ്ങിത്തുടങ്ങുന്നു. ''2013 ജൂണ്‍ ആദ്യവാരം കൊല്ലം താലൂക്കില്‍ മഴ പെയ്യും''എന്നു പറഞ്ഞാല്‍ സംഗതി മുറുകി. ''2013 ജൂണ്‍ ഒന്നാം തീയതി കൊല്ലം മുനിസിപ്പാലിറ്റി മേഖലയില്‍ മഴ പെയ്യും''എന്നായാല്‍ സാധ്യത തീരെ മങ്ങുകയാണ്. '''2013 ജൂണ്‍ ഒന്നാം തീയതി രാവിലെ ഒമ്പത് മണിക്ക് കൊല്ലം ടൗണില്‍ മഴ പെയ്യും''എന്ന് പ്രഖ്യാപിച്ചാല്‍ അതൊരു ഭേദപ്പെട്ട പ്രവചനമാണ്. പക്ഷെ നടക്കാനുള്ള സാധ്യത തീരെക്കുറവും. അടുത്തകാലത്തായി ജൂണില്‍ മഴ പിണങ്ങിനില്‍ക്കുന്നതിനാല്‍ പ്രത്യേകിച്ചും. പ്രവചനം കൃത്യമാകുന്തോറും സാധ്യത കുറഞ്ഞുവരുമെന്ന ജ്യോതിഷനിയമം തന്നെയാണ് ഇവിടെയും പ്രകടമാകുന്നത്. ദിവസവും സമയവും സ്ഥാനവും കൃത്യമായി പറഞ്ഞതാണ് പ്രവചനാര്‍ത്ഥിയെ കുടുക്കിലാക്കുന്നത്.

പക്ഷെ ഭേദപ്പെട്ടതെങ്കിലും ലക്ഷണമൊത്ത പ്രവചനമായി അപ്പോഴുമതിനെ കാണാനാവില്ല. കാരണം ജൂണില്‍ മഴ പെയ്യുക, ജൂണ്‍ ഒന്നിന് രാവിലെ സ്‌ക്കൂള്‍ തുറക്കുന്ന ദിവസം തന്നെ മഴയുണ്ടാകുക എന്നതൊക്കെ മുമ്പ് നിരവധി വര്‍ഷങ്ങളില്‍ സംഭവിച്ച കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ പശ്ചാത്തല സാധൂകരണങ്ങളും മുന്‍ അനുഭവങ്ങളുടേയും വെളിച്ചത്തില്‍ രൂപംകൊണ്ട ഒരു നിഗമനം മാത്രമാണത്. മഴ പെയ്യുമോ ഇല്ലയോ എന്ന് കൃത്യമായി പറയാന്‍ കാലവസ്ഥാ നിരീക്ഷകര്‍ ചിലപ്പോഴൊക്കെ പരാജയപ്പെടാറുണ്ട്. പലവിധ ഡേറ്റകള്‍ വിശകലനം ചെയ്താണ് അവര്‍ പ്രവചനം നടത്തുക. അയാള്‍ ഉപകരണങ്ങളുടെ സഹായത്തോടെ മനുഷ്യസഹജമായി ഗണിക്കുകയാണ്. അത് തന്നെയാണ് ജ്യോതിഷിയും ചെയ്യുന്നതെങ്കില്‍ അയാള്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളേയും വെച്ച് നടത്തുന്നത് ദിവ്യശേഷിയുടെ സഹായത്തോടെയല്ല മറിച്ച് തട്ടിപ്പ് തന്നെയാണ്. തനിക്കില്ലാത്ത ശേഷിയും ജ്ഞാനവും ഉണ്ടെന്നാണ് അയാള്‍ അവകാശപ്പെടുന്നത്.

ഇനി, കേരളത്തിലെ ഒരു സൂപ്പര്‍ ജ്യോതിഷിയായി അറിയപ്പെടുന്ന ദിവഗംതനായ ശ്രീമാന്‍ ശൂലപാണിവാര്യരെ കുറിച്ച്. 1117 ചിങ്ങമാസം ഒന്നാം തീയതിയാണ്(ഏതാണ്ട് 71 വര്‍ഷങ്ങള്‍ക്ക് മുമ്പ്) താന്‍ ആദ്യമായി നാലപ്പാട്ട് കുടുംബത്തിലേക്ക് കവി ഇടശ്ശേരിയുമൊത്ത് പോകുന്നതെന്ന് വാര്യര്‍ കൃത്യമായി ഓര്‍ക്കുന്നു. നാലപ്പാട്ട് നാരായണമേനോനൊപ്പം(1888-1954) കൂടിയാണ് താന്‍ പ്രാഗത്ഭ്യം നേടിയതെന്ന് പറയുന്ന വാര്യര്‍ ആ കുടുംബത്തെ കുറിച്ച് നിരവധി വിജയകരമായ പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ടത്രെ. ആദ്യം ചെന്ന ദിവസം തന്നെ രാത്രിയത്താഴത്തിന് ശേഷം അവിടയിരുന്ന ''പത്തായത്തിനുള്ളില്‍ എന്ത്?'' എന്ന് നാലപ്പാടന്‍ ചോദിച്ചപ്പോള്‍ ശരിയുത്തരം അപ്പോഴത്തെ സമയം ഗണിച്ച് പറഞ്ഞിവെന്നാണ് വാര്യരുടെ അവകാശവാദം. പില്‍ക്കാലത്ത് ശ്രീമതി സുവര്‍ണ്ണാ നാലപ്പാടിന്റെ പ്രസവം മേടമാസം 21 രാവിലെ 10 നും 12 നും ഇടയ്ക്കായിരിക്കുമെന്ന് താന്‍ പ്രവചിച്ചെന്നും സുവര്‍ണ്ണ 11.55 തന്നെ പിറന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. ഈ പ്രവചനവിജയം ശ്രീമതി സുവര്‍ണ്ണയുള്‍പ്പെടെയുള്ള പലരേയും കടുത്ത ജ്യോതിഷവിശ്വാസികളായി മാറ്റിയെന്നും പറയപ്പെടുന്നു. ഈ സംഭവത്തെ കുറിച്ച് പലപ്പോഴും പലയിടത്തും ശ്രീ. വാര്യര്‍ വാചാലമായിട്ടുണ്ട്:

''ഭര്‍ത്തൃമതിയായ സ്ത്രീയുടെ ജാതകത്തിലൂടെ ഗര്‍ഭാര്‍ത്തവനക്ഷത്രം, ഗര്‍ഭധാനക്ഷത്രം, പ്രസവനക്ഷത്രം, പ്രസവലഗ്നം എന്നിവയുണ്ട്. ഇതില്‍നിന്നും കുട്ടിയെപ്പറ്റി അറിയാം. ഇത് അമ്മയുടെ ജാതകത്തില്‍ നിന്നറിയാന്‍ ഒരു കണക്കുകൂട്ടുണ്ട്. അതുവെച്ച് മേടം 21 ന് പ്രസവിക്കുമെന്ന് ഞാന്‍ പറഞ്ഞു. ഇടവമാസം പ്രസവിച്ച അമ്മ മേടമാസം പ്രസവിക്കുമെന്നാണ് പറയുന്നത്. പത്ത് മാസമേ വരൂ. മേടം 21 ന് മുമ്പേ എന്ന് പറഞ്ഞാല്‍ പോരെ വാര്യരെ എന്നായി നാലപ്പാടന്‍ . അതുപോര മേടം 21 ന് പകല്‍ എന്നായി ഞാന്‍ . കുറച്ചൂകൂടെ ശരിയായിക്കോട്ടെ എന്നുപറഞ്ഞിട്ട് പറഞ്ഞു: അന്ന് പത്തിനും പന്ത്രണ്ടിനും ഇടയ്ക്ക് പ്രസവിക്കും.
നാലപ്പാടന്‍ : ഇല്ലെങ്കില്‍?
ഇത് വികസിപ്പിച്ചെടുത്താല്‍ ഗര്‍ഭസ്ഥശിശുവിന്റെ ജാതകമെഴുതാം. അത് ചെയ്യാം.
അപ്പോള്‍ 21-ാം തീയതി ഊണ് കഴിഞ്ഞാല്‍ എന്റെ ആദ്യത്തെ പണി വാര്യര്‍ക്ക് കത്തെഴുതുകയായിരിക്കും അല്ലേ?
അതെ എന്ന് ഞാന്‍ . ജ്യോതിഷത്തിന്റെ മഹത്വം കൊണ്ടാവാം 11.55 ന് അവര്‍ പ്രസവിച്ചു.''
(ഒരു ജ്യോത്സ്യന്റെ അനുഭവങ്ങള്‍ : ഫലശ്രുതി/മലയാളമനോരമ-വിഷുക്കണി, 2004 തയ്യാറാക്കിയത് ശ്രീ.കെ.മോഹന്‍ലാല്‍ )

പ്രിയ സുഹൃത്ത് ഡോ.മനോജ് കോമത്താണ് 2004 ലെ ഈ അഭിമുഖം അയച്ചുതന്നത്. നോക്കൂ, കണ്ണടിച്ച് പോകുന്ന പ്രവചനം! ഇതിന് സാക്ഷ്യം വഹിക്കുന്നവര്‍ തലമുറകളോളം ഈയൊരൊറ്റ അച്ചട്ട് പ്രവചനത്തില്‍ മുങ്ങി ജ്യോതിഷതമസ്സിലാണ്ട് പോകും. ഇതിന്റെ അടുത്തെങ്ങും വരാത്ത കാര്യങ്ങള്‍ ആലോചിച്ച് ശരിയാക്കിയെടുത്ത് ജ്യോതിഷിയുടെ തിണ്ണനിരങ്ങുന്നവരാണ് വിശ്വാസികളില്‍ ഭൂരിപക്ഷവും. എന്തുപറഞ്ഞാലും ബോധ്യപ്പെടാത്ത മാനസികാവസ്ഥയായിരിക്കും അവര്‍ക്കുണ്ടാവുക. ഈ അഭിമുഖത്തില്‍ ശരിക്കും വാര്യര്‍ മാത്രമേ സംസാരിക്കുന്നുള്ളു. മറുചോദ്യമോ വിശദീകരണമോ ഇല്ല. തന്റെ കേമത്തരത്തെക്കുറിച്ചും ജ്യോതിഷത്തിന്റെ മഹത്വത്തെക്കുറിച്ചുമാണ് അദ്ദേഹത്തിന് പറയാനുള്ളത്.

''ജ്യോതിഷം ഒരു ശാസ്ത്രവും ജ്യോതിഷി ഒരു കള്ളനും, എന്താ വാര്യരുടെ അഭിപ്രായം?'' എന്ന് ആദ്യം കണ്ട വേളയില്‍ നാലപ്പാടന്‍ വാര്യരോട് ചോദിച്ചുവത്രെ. ''കളവ് പറഞ്ഞേ തീരൂ എന്ന് ശാഠ്യം പിടിക്കുന്ന ചില ആളുകളുണ്ട്. അവരുടെ മുന്നില്‍ വിശന്ന് വയറുമായി നില്‍ക്കുന്ന ജ്യോതിഷി കുറച്ച് കളവ് പറഞ്ഞാലെന്താ?'' എന്നായിരുന്നു വാര്യരുടെ മറുപടി. ഈ റിപ്പോര്‍ട്ടിന്റെ വേറൊരുഭാഗത്ത് വാര്യര്‍ ഇങ്ങനെയും പറയുന്നു: ''ആണ് എന്നോ അല്ല എന്നോ അല്ലാതെ ആകാം എന്നൊരു വാക്ക് ഞാന്‍ ഉപയോഗിക്കാറില്ല.തെറ്റാത്ത സംഭവങ്ങളില്ല എന്നല്ല അര്‍ത്ഥം.''

ചതുരനായ വാര്യരുടെ മറ്റൊരു പ്രസ്താവം കൂടി കേട്ടുകൊള്ളുക: ''നിങ്ങള്‍ക്ക് കിണറ്റില്‍ വീഴാന്‍ വിധിയുണ്ടെന്ന് കരുതുക, ഏത് കിണറ്റില്‍ എപ്പോള്‍ വീഴുമെന്ന് ചോദിക്കും. പറഞ്ഞുകൊടുക്കണം. ആ സമയമാകുമ്പോഴേക്കും കിണര്‍ തട്ടിത്തൂര്‍ത്തിട്ടിട്ട് അതിന്റെ മീതെക്കൂടി നടന്നുപോകാനാണ്.''

നാലപ്പാടന്‍ ''ജ്യോതിഷി കള്ളനാണ്'' എന്ന് പറയുന്നത് അദ്ദേഹത്തിന് ജ്യോതിഷക്കാരന്റെ സൂത്രപ്പണി മനസ്സിലായാതുകൊണ്ടാണ് എന്നു ധരിക്കരുത്. ജ്യോതിഷിക്ക് ജ്യോതിഷത്തെ കൊണ്ട് നേട്ടമുണ്ട്, പക്ഷെ ജ്യോതിഷത്തിന് ജ്യോതിഷിയെകൊണ്ട് നേട്ടമില്ല, ആ നിലയ്ക്ക് ജ്യോതിഷി ജ്യോതിഷത്തെ ചൂഷണംചെയ്യുന്ന കള്ളനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് കുറെക്കൂടി ഫലഭാഗവിശേഷം കൂട്ടിച്ചേര്‍ത്ത് ജ്യോതിഷത്തെ കൊഴുപ്പിക്കാന്‍ ജ്യോതിഷികള്‍ ഉത്സാഹിക്കണം. ഇംഗര്‍സോളിനെ വായിച്ച് അവിശ്വാസിയായി തീരുകയും പിന്നീട് വിവേകാന്ദനിലൂടെ ആസ്തിക്യവാദിയാവുകയും ചെയ്ത ഈ പണ്ഡിതശ്രേഷ്ഠന്‍ ജീവിതത്തിലുടനീളം വൈകാരികമായും ബൗദ്ധികമായും ആടിയുലഞ്ഞ വ്യക്തിയാണ്. ജീവിതത്തില്‍ താങ്ങേണ്ടിവന്ന കടുത്ത യാതനകള്‍ വികാരജീവിയായ അദ്ദേഹത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹം ഒരിക്കല്‍ നാടുവിടുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പ്രേയസി മരിച്ചപ്പോള്‍ നാലപ്പാടന്‍ എഴുതിയ 'കണ്ണുനീര്‍ത്തുള്ളി' എന്ന വിലാപകാവ്യം ആ ജനുസ്സില്‍ മലയാളത്തിലെ ഒരു ക്‌ളാസ്സിക്കാണ്. വിഗ്രഹാരാധനയെ എതിര്‍ത്ത അദ്ദേഹത്തിന് ജ്യോതിഷത്തിലും വിധിയിലും വിശ്വാസമുണ്ടായിരുന്നു. ശൂലപാണി വാര്യര്‍ നാലപ്പാടന്റെ സഹചാരിയായി കുറെക്കൊല്ലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സുവര്‍ണ്ണ നാലാപ്പാടിന്റെ ജനനസമയം കൃത്യമായി പറയാന്‍ ശൂലപാണി വാര്യര്‍ക്ക് സാധിച്ചുവെങ്കില്‍ അതിന് അദ്ദേഹത്തെ സഹായിക്കുന്ന ഒരു ഗണിതക്രിയയോ അത്ഭുതസിദ്ധിയോ ഉണ്ടാകണം. അത് സുവര്‍ണ്ണയുടെ കാര്യത്തില്‍ മാത്രം പ്രയോഗസാധുത ഉള്ളതാവില്ല. അങ്ങനെയെങ്കില്‍ ജനനസമയം കൃത്യമായി പ്രവചിച്ച ആയിരക്കണക്കിന് സംഭവങ്ങള്‍ വാര്യരുടെ ജീവിതത്തിലുണ്ടാകണം. അല്ലെങ്കില്‍ ഇത് വെറും പൊട്ടക്കണ്ണന്റെ മാവേലെറി മാത്രം. അതല്ലെങ്കില്‍ വാര്യര്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ വെച്ച് പുതിയതായി ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജനനസമയം കൃത്യമായി പ്രവചിക്കാന്‍ ഇന്നത്തെ ജോത്സ്യന്‍മാര്‍ക്കും കഴിയണം. ഒരൊറ്റ ജ്യോതിഷിയും ഈ വെല്ലുവിളി ഏറ്റെടുക്കില്ലെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ശ്രീ. വാര്യര്‍ക്ക് മാത്രം പ്രയോഗിക്കാവുന്ന ഗാണ്ഡീവമൊന്നുമല്ല ജ്യോതിഷമെന്ന് ആരും സമ്മതിക്കും. അങ്ങനെയാണെങ്കില്‍ വേറെയാരും ആ പണിയെടുത്തിട്ട് കാര്യമില്ല. അപ്പോള്‍ ആ നിര്‍ദ്ദിഷ്ട ഗണനക്രിയ പഠിച്ചാല്‍ അവിശ്വാസിക്ക് പോലും വിജയമുണ്ടാകണം. ഇനി അവിശ്വാസിക്ക് സാധിച്ചില്ലെങ്കിലും ഒരു വിശ്വാസിക്കെങ്കിലും സാധിക്കണം. കുറഞ്ഞപക്ഷം ശ്രീ വാര്യര്‍ക്കെങ്കിലും സ്ഥിരമായി ഈ പ്രവചനവിജയം ആവര്‍ത്തിക്കാനാവണം. എന്തെന്നാല്‍ അതൊരു 'ശാസ്ത്ര'മാണെന്നാണല്ലോ ജ്യോതിഷികളുടെ അവകാശവാദം. ഒരിക്കല്‍ മാത്രമായോ ഓര്‍ക്കാപ്പുറത്തോ സംഭവിക്കുന്ന വിജയങ്ങള്‍ക്ക്(one off event) ആധികാരിക കല്‍പ്പിക്കാനാവില്ല. എല്ലായിടത്തും(Universality) എല്ലായ്‌പ്പോഴും എല്ലാവരുടേയും കാര്യത്തില്‍ ഈ വിജയം ആവര്‍ത്തിക്കാന്‍ (Repeatability) കഴിയില്ലെങ്കില്‍ അവിടെ യാതൊന്നും തെളിയിക്കപ്പെടുന്നില്ല. അത്തരം പ്രവചനങ്ങള്‍ക്ക് അസത്യവല്‍ക്കരണക്ഷമതയും(Falsifiability) ഉണ്ടാവണം. മനുഷ്യസഹജമായ പിഴവുകള്‍ മൂലമെന്ന് വ്യാഖ്യാനിച്ച് കുറെയേറെ പരാജയങ്ങള്‍ തള്ളിക്കളയാം. പക്ഷെ അപ്പോഴും ഭൂരിഭാഗം പ്രവചനങ്ങളും വിജയിച്ചിരിക്കണം. എന്തായാലും ശ്രീ. വാര്യര്‍ക്ക് അത്തരത്തിലൊന്നും പറയാനില്ല.

നാലപ്പാട്ട് അമ്മിണിയമ്മയുടെയുടേയും കെ.ജി കരുണകരമേനോന്റെയും വിവാഹം വൈകിയായാണ് നടന്നത്. ഇവരുടെ മൂത്തകുട്ടിയുടെ ജാതകം എഴുതിയത് താനാണെന്ന് ശ്രീ.വാര്യര്‍ പറയുന്നുണ്ട്. മൂത്തകുട്ടിയുടെ ജാതകം കൊണ്ടുചെന്നപ്പോള്‍ കുട്ടിയുടെ ''സഹോദരഭാവം എങ്ങനെ?''എന്ന് നാലപ്പാടാന്‍ ചോദിച്ചുവത്രെ. തരക്കേടില്ല എന്നായിരുന്ന വാര്യരുടെ മറുപടി. എത്രാം മാസം ഗര്‍ഭം എന്നുചോദിച്ചപ്പോള്‍ ആറ്,ഏഴ് എന്ന് താന്‍ മറുപടി പറഞ്ഞുവെന്നും അപ്പോള്‍ തെറ്റിപ്പോയെന്ന് നാലപ്പാടന്‍ വെറുതെ പറയുകയും പ്രായശ്ചിത്തമായി കുട്ടിയുടെ ജനനദിനം പ്രവചിക്കുവാന്‍ ആവശ്യപ്പെട്ടുമെന്നാണ് വാര്യര്‍ പറയുന്നത്. ഈ ഗര്‍ഭസ്ഥശിശുവിന്റെ ജനനമാണ് വാര്യര്‍ കൃത്യമായി പ്രവചിച്ചത്. ജനനം മാത്രമല്ല ഗര്‍ഭംപോലും താന്‍ പ്രവചിച്ചുവെന്ന മട്ടിലാണ് വാര്യര്‍ മുന്നോട്ടുപോകുന്നത്. സാധാരണഗതിയില്‍ ഗര്‍ഭം സ്ഥിരീകരിച്ച ശേഷമേ ജ്യോതിഷികള്‍ കുട്ടിയുടെ ലിംഗം കൂടി പ്രവചിക്കാറുള്ളു.

വൈകി നടന്ന വിവാഹത്തില്‍ രണ്ടാമത്തെ കുട്ടി വൈകില്ലെന്ന സാമാന്യധാരണയുടെ അടിസ്ഥാനത്തിലാവാം 6-7 മാസം ഗര്‍ഭം എന്നു പറഞ്ഞതാണെന്ന് കരുതാം. എന്തായാലും മകള്‍ക്ക് ഗര്‍ഭം ഉണ്ടെന്ന് നാലപ്പാടന്റെ ചോദ്യത്തില്‍ തന്നെ വ്യക്തമാണ്. പക്ഷെ ഏതൊരാളെപ്പോലെയും അതിന്റെ പ്രായം ഊഹിച്ച് പറയാനേ വാര്യര്‍ക്കും സാധിക്കുന്നുള്ളു. ആറ്-ഏഴു മാസം എന്നു പറയുമ്പോള്‍ 60 ദിവസത്തെ അനിശ്ചിതത്വമുണ്ട്. കൗതുകകരമായ കാര്യമെന്തെന്നാല്‍ ഗര്‍ഭത്തിന്റെ കാര്യത്തില്‍ നിശ്ചയമില്ലാത്ത വാര്യര്‍ പ്രസവസമയം കൃത്യമായി പറയുന്നവെന്നതാണ്. അതിലേക്ക് താന്‍ എത്തിച്ചേര്‍ന്നത് ഗര്‍ഭാര്‍ത്തവനക്ഷത്രം, ഗര്‍ഭധാനനക്ഷത്രം എന്നിവയൊക്കെ പരിശോധിച്ച് ഗണിച്ചാണെന്നും പറയുന്നു. പക്ഷെ അപ്പോഴും ഗര്‍ഭത്തെ കുറിച്ച് നിശ്ചയം 6-7 മാസം എന്നു മാത്രം! കൃത്യമായ കണക്കില്‍നിന്നല്ലേ കൃത്യമായ ഫലം ലഭിക്കാവൂ. ജ്യോതിഷത്തില്‍ ഇങ്ങനെയുള്ള ചില ബഹുകേമമായ കണക്കുകളാണ് തന്നെക്കൊണ്ട് ജനനസമയം കൃത്യമായി പ്രവചിപ്പിച്ചതെന്ന് പറയുന്ന ആള്‍ക്ക് ഏകദേശ ഡേറ്റ കൃത്യമായ ഫലം തന്നുവെന്ന് പറയാന്‍ കഴിയുന്നതെങ്ങനെ?

ഇനി, സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുക്കാമെന്നിരിക്കെ വാര്യര്‍ ഈ പറയുന്ന കണക്കുകൂട്ടലുകള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ലെന്ന് വ്യക്തമാണ്. സിസേറിയന്‍ വന്നതോടെ ഗര്‍ഭാര്‍ത്തവനക്ഷത്രവും ഗര്‍ഭധാനനക്ഷത്രവും അവരുടെ പണി നിര്‍ത്തിപ്പോയെന്ന് കാണേണ്ടിവരും.

വാര്യരുടെ ജ്യോതിഷത്തിന് ജനനസമയം കൃത്യമായി പറയാന്‍ സാധിക്കുമെങ്കില്‍ ശ്രീമതി.സുവര്‍ണ്ണ നാലപ്പാടിന്റെ കാര്യം മാത്രം എടുത്ത് പറയേണ്ട കാര്യമെന്ത്? അത്തരമൊരു പ്രവചനവിജയം ജ്യോതിഷിയെ സംബന്ധിച്ചിടത്തോളം അപൂര്‍മായ മഹാത്ഭുതമാണോ? അതോ സുവര്‍ണ്ണ നാലപ്പാട് മാത്രമാണോ ശ്രീ വാര്യര്‍ക്ക് ജനനസമയം പ്രവചിക്കേണ്ടിവന്ന ഉയര്‍ന്ന് കുടുബത്തില്‍പെട്ട ഏക വ്യക്തി? എന്തുകൊണ്ട് സമാനമായ നേട്ടങ്ങള്‍ മറ്റ് ജ്യോതിഷികള്‍ അവകാശപ്പെടുന്നില്ല. ഉത്തരം വ്യക്തമാണ്. ജ്യോതിഷികളെ സംബന്ധിച്ചിടത്തോളം അത്യപൂര്‍വമായ വിജയമാണ് ശ്രീ. വാര്യര്‍ക്കുണ്ടായിരിക്കുന്നത്. അതദ്ദേഹത്തിനുമറിയാം. അതുകൊണ്ട് തന്നെ മരണം വരെ പറഞ്ഞുനടക്കുകയും ചെയ്തു. തീര്‍ച്ചയായും ശ്രീ. വാര്യര്‍ ഇതേ സാങ്കേതികവിദ്യ മറ്റു പലരുടേയും കാര്യത്തില്‍ പയറ്റിയിട്ടുണ്ടാവും. ഒറ്റ വിജയത്തില്‍ എല്ലാം അവസാനിപ്പിക്കാന്‍ മാത്രം ഉദാരശീലനായിരുന്നു അദ്ദേഹമെന്ന് വെറുതെ സങ്കല്‍പ്പിച്ചാലും ഇത്ര കൃത്യമായി പ്രവചിക്കുന്ന ആളെ വെറുതെവിടാന്‍ ജ്യോതിഷവിശ്വാസികള്‍ തയ്യാറാവില്ലല്ലോ. കള്ളം പറയണമെന്ന് നിര്‍ബന്ധിക്കുന്നവരാണ് ജ്യോതിഷ വിശ്വാസികളില്‍ പലരുമെന്ന് അദ്ദേഹം തന്നെ പറയുന്നുമുണ്ട്.

ഇക്കാലത്ത് ആര്‍ത്തവമുറ നിലച്ചതു മുതലുള്ള കാലയളവിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭധാരണസമയവും പ്രസവസമയവും പ്രവചിക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. സാധാരണപ്രസവത്തിന്റെ കാര്യത്തിലേ ഇത് പ്രസക്തമാകുന്നുള്ളു. സിസേറിയന്‍ വന്നതോടെ കുട്ടിയുടെ ജനനസമയം മൈക്രോ സെക്കന്‍ഡിന്റെ വ്യത്യാസമില്ലാതെ ആര്‍ക്കും പ്രവചിക്കാമെന്ന് വന്നിട്ടുണ്ട്. ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്ന പ്രസവതീയതിയിലോ അതിന് അടുത്ത ഏതെങ്കിലും ദിവസങ്ങളിലോ ആണ് മിക്ക പ്രവസവങ്ങളും നടക്കുക. പ്രസവദിവസം ഡോക്ടര്‍ പറഞ്ഞുകഴിഞ്ഞാല്‍ ഗര്‍ഭിണി ആ ദിവസം മനസ്സിലില്‍ താലോലിക്കാനും ആ ദിവസം തന്നെ പ്രസവിക്കണമെന്ന ബോധത്തോടെ മനസ്സിനേയും ശരീരത്തേയും തയ്യാറാക്കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത്തരം പൊലിപ്രഭാവം(Placebo Effect)എല്ലാവരുടേയും കാര്യത്തില്‍ പ്രസക്തമാണെന്ന് വാദമില്ല. പക്ഷെ ചിലരുടെയെങ്കിലും കാര്യത്തില്‍ അങ്ങനെ സംഭവിക്കാം. ശ്രീ.നാലപ്പാടനും കുടുംബവം കടുത്ത ജ്യോതിഷവിശ്വാസികളായിരുന്നതിനാലും അവര്‍ക്ക് വാര്യരില്‍ വലിയ വിശ്വാസമുണ്ടായിരുന്നതിനാലും അദ്ദേഹം അറുത്ത് മുറിച്ച് പറഞ്ഞപ്പോള്‍ അത്തരമൊരു തയ്യാറെടുപ്പ് അമ്മിണിക്കുട്ടിയമ്മയുടെ മനസ്സില്‍ ഉണ്ടാകാനിടയുണ്ട്. ഇന്നും ഡോക്ടര്‍ നിര്‍ണ്ണിയിക്കുന്ന അതേ ദിവസം, അതേ സമയംതന്നെ നടക്കുന്ന പ്രസവങ്ങളുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ആധികാരിക പഠനങ്ങളൊന്നും നടന്നതായി അറിവില്ലെങ്കിലും 5-10% വരെ കേസുകളില്‍ ഡോക്ടര്‍ പറയുന്ന അതേ ദിവസത്തില്‍ തന്നെ പ്രസവം നടക്കാറുണ്ടെന്നാണ്
വൈദ്യലോകം  പൊതുവെ വിലയിരുത്തുന്നത്. ശ്രീ. വാര്യര്‍ക്ക് 5-10% പോയിട്ട് ഒരു ശതമാനമെങ്കിലും ശരിയാക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. ചരിത്രപരമായി അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാണ്. അദ്ദേഹം അങ്ങനെ അവകാശപ്പെടുന്നുമില്ല. ജ്യോതിഷവിശ്വാസി മാത്രമല്ല ജ്യോതിഷിയും തന്റ വിജയങ്ങള്‍ ഓര്‍ത്തിരിക്കുകയും പരാജയങ്ങള്‍ മറക്കുകയു ചെയ്യും.

പ്രസവം സംബന്ധിച്ച പ്രവചനങ്ങളില്‍ വളരെയധികം ജ്ഞേയമായ ഘടകങ്ങളുണ്ട്(Known variables). ആര്‍ത്തവചക്രം നിലച്ചത്, മുന്‍പ്രസവങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍, കുടുംബത്തിലെ മറ്റ് സ്ത്രീകളുടെ പ്രസവചരിത്രം, ഗര്‍ഭിണിയുടെ ശരീരപ്രകൃതി, ആരോഗ്യാവസ്ഥ എന്നിവയൊക്കെ പ്രവചനത്തെ സഹായിക്കുന്ന കാര്യങ്ങളാണ്.

തനിക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് പറയുന്നതല്ലാതെ എന്തൊക്കെയാണ് അവയെന്ന് ഉദാഹരണസഹിതം ഒന്നെങ്കിലും പറയാന്‍ ശ്രീ. വാര്യര്‍ ഈ അഭിമുഖത്തില്‍ തയ്യാറാവുന്നില്ല. സ്വന്തം പരസ്യം ലക്ഷ്യമിടുന്ന ഒരു ലേഖനത്തില്‍ അത്തരമൊരു സമീപനം പ്രതീക്ഷിക്കാനുമാവില്ല. പരേതനായ ശ്രീ. വി.ടി. ഭട്ടതിരിപ്പാടിന്റെ മരണം പ്രവചിച്ച് തെറ്റുകയും വി.ടി യുടെ ബന്ധുക്കളുടെ അതൃപ്തിക്ക് പാത്രമാകുകയും ചെയ്ത ചരിത്രം വാര്യര്‍ക്ക് ഉണ്ടെന്ന് കേട്ടിട്ടുണ്ട്. സുവര്‍ണ്ണ നാലപ്പാടിന്റെ കാര്യത്തില്‍ സംഭവിച്ചതു പോലെ മറ്റേതെങ്കിലും കാര്യത്തില്‍ ഇങ്ങനെ സംഭവിച്ചതായും അദ്ദേഹം പറയുന്നില്ല. സഖാവ് ഇമ്പിച്ചി ബാവ ലോക്‌സഭ ഇലക്ഷന് ജയിക്കുമെന്ന് താന്‍ പ്രവചിച്ചത് ഫലിച്ചുവെന്നൊക്കെ വരെ അദ്ദേഹം ഇതേ അഭിമുഖത്തില്‍ പറയുന്നുണ്ട്. നിയമസഭാ തെരഞ്ഞടുപ്പാണെങ്കില്‍ പോകട്ടെ എന്നുവെക്കാം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു മുന്നണിയുടെ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് പ്രവചിക്കുന്നത് ഒരു കഴിവാണെങ്കില്‍ ആ മണണ്ഡലത്തിലെ പതിനായിരക്കണക്കിന് പേര്‍ക്ക് അത്തരം പ്രവചന വിജയമുണ്ടായിട്ടുണ്ടാവും. മറ്റൊന്ന് 1970 ല്‍ സഖാവ് ഇം.എം.എസ് മുഖ്യമന്ത്രിയാവില്ലെന്ന് പ്രവചിച്ചതാണ്! ഇം.എം.എസ്സിന് രണ്ട് സാധ്യതയാണ് ആ ഇലക്ഷന് ശേഷം ഉണ്ടായിരുന്നത്: മുഖ്യമന്ത്രി ആകാനും ആകാതിരിക്കാനും. ഏതാണ്ട് 50:50 സാഹചര്യം. അതിലൊന്ന് ശൂലപാണി പറഞ്ഞുവെന്ന് കരുതിയാല്‍മതി. കിണറില്‍ വീഴുമെന്ന് ജ്യോതിഷി പ്രവചിച്ചാല്‍ ജനം കിണറു മൂടി ജ്യോതിഷത്തെ തോല്‍പ്പിക്കുമെന്ന നഗ്നസത്യം പറയുന്ന ഇദ്ദേഹം വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ലെന്ന ജ്യോതിഷപ്രമാണം അംഗീകരിക്കുന്ന ആള്‍ തന്നെയാണ്! (തുടരും)

1 comment:

തഴക്കര said...

എനിക്ക് ഇഷ്ടമായ്