ശാസ്ത്രം വെളിച്ചമാകുന്നു

Tuesday, 25 December 2012

53. ഗംഗേ.......!!

'ജ്യോതിഷത്തിലുള്ള വിശ്വാസം ജ്യോതിശാസ്ത്രത്തിലുള്ള അറിവിന് വിപരീത അനുപാതത്തിലായിരിക്കും' എന്നൊരു നിരീക്ഷണമുണ്ട്(‘One’s belief in Astrology is inversely proportional to one’s knowledge of Astronomy’) അതായത് വാനശാസ്ത്രത്തെ കുറിച്ച് കൂടുതല്‍ അറിയുന്തോറും ജ്യോതിഷത്തിലുള്ള വിശ്വാസം മന്ദീഭവിക്കും. എത്ര വലിയ അന്ധവിശ്വാസിയായാലും അതിനാണ് സാധ്യത. ജ്യോതിഷത്തില്‍ കമിഴ്ന്നടിച്ചു വീഴുന്ന മഹാഭൂരിപക്ഷത്തിനും വാനശാസ്ത്രത്തെ കുറിച്ചോ ബഹിരാകാശശാസ്ത്രത്തെ കുറിച്ചോ വലിയ ധാരണയുമില്ല. ധാരണ ഇല്ലെന്ന് മാത്രമല്ല ഉണ്ടാക്കാന്‍ അവര്‍ക്കൊട്ട് താല്‍പര്യവുമില്ല. അറിയാന്‍ ശ്രമിച്ചാല്‍ ജ്യോതിഷവിശ്വാസം ദുര്‍ബലപ്പെടുമെന്ന് ഭയക്കുന്ന അല്‍പ്പബുദ്ധികളുമുണ്ട്. എങ്കിലും ജ്യോതിഷം ശാസ്ത്രമാണെന്നും അതിന് ഖഗോളശാസ്ത്രവുമായി 'അറിയാനാവാത്ത'(can't be known) എന്തൊ ബന്ധമുണ്ടെന്നുമാണ് അവര്‍ പറഞ്ഞുനടക്കുക.

പ്രപഞ്ചത്തെ വിശദീകരിക്കുന്ന കാര്യത്തില്‍ യാതൊരു വിശദീകരണക്ഷമതയുമില്ലാത്ത കേവലമായ കപടശാസ്ത്രമായി(pseudoscience) ശാസ്ത്രലോകം ജ്യോതിഷത്തെ തള്ളിക്കളഞ്ഞിട്ടുണ്ടെന്ന് വികിപീഡിയയുടെ ജ്യോതിഷം സംബന്ധിച്ച ആമുഖ പേജില്‍ പച്ചയായി എഴുതിവെച്ചിട്ടുണ്ട്. മാത്രമല്ല, തെറ്റാണെന്ന് തെളിയിക്കാന്‍ സാധ്യമായ മേഖലകളിലെല്ലാം അത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്(“Astrology is a pseudoscience, and as such has been rejected by the scientific communities as having no explanatory power for describing the universe. Where astrology has been falsifiable, it has been falsified”-http://en.wikipedia.org/wiki/Astrology). ചില വിദ്വാന്‍മാര്‍ അപ്പോഴും ചോദിച്ചേക്കാം: വികിപിഡിയ പറയുന്നതാണോ ശരി?! ചില ന്യൂനതകളും അപവാദങ്ങളുമുണ്ടെങ്കിലും വികപിഡിയ പൊതുവെ പക്ഷംപിടിക്കാതെ കഴിവതും വസ്തുതകള്‍ മാത്രം അവതരിപ്പിക്കാനാണ് ശ്രമിക്കുക എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകേണ്ടതില്ല.

അസത്യവല്‍ക്കരണക്ഷമത(Falsifiability) ഒരു ശാസ്ത്രീയസിദ്ധാന്തത്തിന് അവശ്യം വേണ്ടുന്ന അടിസ്ഥാനഗുണമാണ്. ആവര്‍ത്തനക്ഷമത(Repeatability), പ്രാപഞ്ചികത്വം(Universality)എന്നിവയാണ് മറ്റു രണ്ട് അനുപേക്ഷണീയമായ മാനദണ്ഡങ്ങള്‍. ഏതൊരു സിദ്ധാന്തവും ശരിയെന്നോ തെറ്റെന്നോ തെളിയിക്കാന്‍ സാധിച്ചാല്‍ അതിന് അസത്യവല്‍ക്കരണക്ഷമത ഉണ്ടെന്ന് പറയാം. 'എന്റെ വീട്ടില്‍ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് തിരിച്ചറിയാനാവാത്ത ഒരു പറക്കുന്ന പന്നി ഉണ്ട്' എന്നൊരാള്‍ അവകാശപ്പെട്ടാല്‍ അത് ശരിയാണെന്നോ തെറ്റാണെന്നോ തെളിയിക്കാന്‍ ആര്‍ക്കും സാധിക്കില്ല! അതുകൊണ്ട് തന്നെ ആ സിദ്ധാന്തത്തിന് അസത്യവല്‍ക്കരണക്ഷമതയില്ല, അത് ശാസ്ത്രീയവുമല്ല. ആവര്‍ത്തനക്ഷമതയുള്ള ഒരു സിദ്ധാന്തത്തിന് അനുസൃതമായി ലഭിക്കുന്ന ഫലം ആവര്‍ത്തിച്ച് ഉറപ്പിക്കാന്‍ സാധിക്കും; ഏതു സമയത്തും, ഏതു സാഹചര്യത്തിലും. ജ്യോതിഷപ്രവചനത്തില്‍ കാര്യത്തില്‍ പല സാഹചര്യങ്ങളിലും പല ഫലം ലഭിക്കുന്നതിനാല്‍ അത്തരമൊരു ഗുണമില്ല. ഒരിക്കല്‍ ശരിയായതുകൊണ്ട് സമാനസാഹചര്യത്തില്‍ ജ്യോതിഷഫലം ആവര്‍ത്തിക്കുന്നുമില്ല. വന്‍ സാമ്പത്തികനേട്ടം ഉണ്ടാകുമെന്ന് പ്രവചിക്കുന്ന എല്ലാവര്‍ക്കും അങ്ങനെ സംഭവിക്കുന്നില്ല. ചിലര്‍ക്ക് ലഭിക്കുന്നു,ചിലര്‍ക്ക് ലഭിക്കുന്നില്ല. ലഭിക്കുന്നവര്‍ക്ക് തന്നെ എല്ലാ പ്രവചനവും എല്ലായ്‌പ്പോഴും ഒരുപോലെ ശരിയാകുന്നുമില്ല. ഒരു കാര്യത്തില്‍ ശരിയായ പ്രവചനം നടത്തുന്ന ജ്യോതിഷിക്ക് മറ്റനേക കാര്യങ്ങളില്‍ തെറ്റു സംഭവിക്കാം. അതായത് ജ്യോതിഷപ്രവചനത്തിന് ആവര്‍ത്തനക്ഷമതയില്ല. 


പ്രാപഞ്ചികത്വം വിവക്ഷിക്കുന്നത് ഏതൊരു സിദ്ധാന്തത്തിന്റെയും ഫലവും സ്വാധീനവും എല്ലായിടത്തും ഒരുപോലെ ബാധകമായിരിക്കണം എന്നാണ്. അമേരിക്കന്‍ രസതന്ത്രം, ചൈനീസ് ഫിസിക്‌സ്, റഷ്യന്‍ ബയോളജി എന്നൊന്നും പറയാനാവാത്തത് ശാസ്ത്രത്തിന് ഈ ഗുണമുള്ളതുകൊണ്ടാണ്. എന്നാല്‍ ചൈനീസ് ജ്യോതിഷവും ഇന്ത്യന്‍ ജ്യോതിഷവും പാശ്ചാത്യജ്യോതിഷവും നിലവിലുണ്ട്. പലപ്പോഴും പരസ്പരവിരുദ്ധമായ സങ്കല്‍പ്പങ്ങളെ ആധാരമാക്കിയാണ് അവ ഫലപ്രവചനം നടത്തുന്നത്. ഒരിടത്ത് ദോഷമാകുന്നത് മറ്റൊരിടത്ത് ഗുണമായി തീരുന്ന സന്ദര്‍ഭവുമുണ്ട്. ശാസ്ത്രീയവും യുക്തിസഹവുമായ വിശകലനരീതി അവലംബിക്കുന്നവര്‍ക്ക് അവിശ്വാസികള്‍ക്ക് ജ്യോതിഷം അടിമുടി തട്ടിപ്പാണെന്ന് ബോധ്യമുള്ളപ്പോള്‍ അന്ധവിശ്വാസികള്‍ അതില്‍ ചക്കര കണ്ടെത്തുന്നു. ചുരുക്കത്തില്‍ അസത്യവല്‍ക്കരണക്ഷമത, ആവര്‍ത്തനക്ഷമത, പ്രാപഞ്ചികത്വം തുടങ്ങിയ അടിസ്ഥാന ശാസ്ത്രമാനദണ്ഡങ്ങളുടെ കാര്യത്തില്‍ ജ്യോതിഷം വമ്പന്‍ പരാജയമാണ്. ബാക്കി വരുന്ന മാനദണ്ഡങ്ങളുടെ കാര്യത്തിലും ജ്യോതിഷത്തിന്റെ പ്രകടനം അതിലും മോശമാണ്. അതുകൊണ്ടുതന്നെ ഒരു കാര്യം ഉറപ്പിച്ച് പറയാം. ജ്യോതിഷം അശാസ്ത്രീയവും യുക്തിഹീനവും അയാഥാര്‍ത്ഥപരവുമാണ്. Astrology is unscientific, illogical and unrealistic. It is simply a pseudoscience or Quackery.

ജ്യോതിഷം ശാസ്ത്രീയമായി തെറ്റാണെന്ന് തെളിയിക്കാന്‍ (to falsify)ഒരു മാര്‍ഗ്ഗമേയുള്ളു, അത് അതിന്റെ ഫലപ്രവചനത്തിലെ തെറ്റ് സ്ഥാപിച്ചെടുക്കുക എന്നതാണ്. അതല്ലാതെ ഗ്രഹങ്ങള്‍ അതീന്ദ്രിയമായ ശക്തി ഉപയോഗിച്ച് മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നുവെന്ന ജ്യോതിഷകല്‍പ്പന പഞ്ചേന്ദ്രിയതീതമായ 'പറക്കുന്ന പന്നി'ക്ക് സമമാണ്. കാരണം ഗുരുത്വ-കാന്തിക പ്രഭാവമുള്‍പ്പെടെ നിലവിലുള്ള പ്രാപഞ്ചികബലങ്ങളോ സ്വാധീനശക്തികളോ ഇക്കാര്യത്തില്‍ പ്രസക്തമല്ലെന്ന് നാം മുമ്പ് കണ്ടതാണ്. 'ഞങ്ങള്‍ ജ്യോതിഷവിഹ്വലതയ്ക്ക് അടിപ്പെടുന്നതുകൊണ്ട് നിങ്ങള്‍ക്കെന്താ നഷ്ടം?' എന്ന വികലചോദ്യം ജ്യോതിഷവിശ്വാസികള്‍ പൊതുവെ ഉയര്‍ത്താറുണ്ട്. ഇത് ഒറ്റപ്പെട്ട പ്രശ്‌നമല്ല. എല്ലാത്തരം അന്ധവിശ്വാസികളുടേയും പൊതുനിലപാടാണിത്. ഇഷ്ടമില്ലാത്ത കാര്യം കേള്‍ക്കുമ്പോള്‍ അവര്‍ പൊടുന്നനെ 'മണിച്ചിത്രത്താഴിലെ ഗംഗ'യായി മാറുന്നു! കുരിശ് കണ്ട പ്രേതത്തെപ്പോലെ തിളച്ചുമറിയുന്നു. അന്ധവിശ്വാസങ്ങള്‍ സംരക്ഷിക്കാനുള്ള പ്രധാനമാര്‍ഗ്ഗം അതിനെ പരിശോധനയ്ക്കും വിമര്‍ശനത്തിനും വിധേയമാക്കാതിരിക്കുക എന്നതാകുന്നു. വ്യക്തിഗതസാധൂകരണത്തിന്റെ(subjective validation) ഫലമായി ജ്യോതിഷിയുടെ ഏതാനും പ്രവചനങ്ങള്‍ ശരിയായി അനുഭവപ്പെട്ടതോടെ ജ്യോതിഷം ഏതോ ആനമുട്ടയാണെന്ന് കരുതി ഈയ്യാംപാറ്റ അഗ്നിക്ക് പിന്നാലെയെന്ന പോലെ ലക്ഷ്യബോധമില്ലാതെ പായുന്ന വികാരജീവികളാണിവര്‍.

തന്റെ ചക്കരജ്യോതിഷി ദേശീയ-വിദേശ സര്‍വകലാശാലയില്‍ peer review ന് വിധേയമാക്കിയ 3600 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന് ഉന്മാദബോധത്തോടെ തട്ടിവിടുന്ന ഒരു വിദ്യാസമ്പന്നനായ ഒരു സഹപ്രവര്‍ത്തകനെ ഈയിടെ പരിചയപ്പെട്ടു. സത്യത്തില്‍ തിരിച്ചു ഒന്നും പറയാനായില്ല-അത്രയ്ക്ക് ഞെട്ടിപ്പിക്കുന്ന വിവരമായിരുന്നു അത്! മതവിശ്വാസിയല്ലാത്ത, ശാസ്ത്രത്തില്‍ ഗവേഷണബിരുദമുള്ള ഈ ജ്യോതിഷഅന്ധവിശ്വാസി താന്‍ വെളിവില്ലാതെ വിളിച്ചുപറയുന്ന കാര്യങ്ങളുടെ യുക്തിഹീനതയെ കുറിച്ച് ഒരു പ്രാവശ്യംപോലും ചിന്തിച്ചിട്ടുണ്ടാവില്ല. ടിയാന്‍ ഗന്ധര്‍വനായി കാണുന്ന പ്രസ്തുതജ്യോതിഷിക്ക് പ്രായം ഏറിയാല്‍ 55. പുള്ളിക്കാരന് 'പ്രബന്ധാവതരണശേഷി' കിട്ടിയിട്ട് 30 വര്‍ഷമായെന്ന് വെറുതെ കണക്കുക്കൂട്ടിയാലും വര്‍ഷം 120 അന്തര്‍ദേശീയ നിലവാരമുള്ള പ്രബന്ധം ടിയാന്‍ അവതരിപ്പിച്ചിട്ടുണ്ട്, അതായത് മാസം പത്തെണ്ണം വീതം!! ഗിന്നസ് ബുക്ക് കുളംതോണ്ടാന്‍ ശേഷിയുളള ഈ മാരകപ്രതിഭയാണ് വെറുതെ കവടിയുമായി നടന്ന് പേരുദോഷമുണ്ടാക്കുന്നത്! ജ്യോതിഷിയുടെ കഴിവിലുള്ള അന്ധമായ ആരാധനയും പറഞ്ഞുകേട്ട ഗന്ധര്‍വ കഥകളും 'പോട്ട' മാതൃകയിലുള്ള സാക്ഷ്യപത്രങ്ങളുമാണ് ഈ വികലധാരണ മേല്‍പ്പറഞ്ഞ സുഹൃത്തില്‍ സൃഷ്ടിച്ചത്. അയാളത് ഒരിക്കലും സമ്മതിച്ച് തരാന്‍പോകുന്നില്ലെന്ന് മാത്രം. പ്രബന്ധങ്ങളുടെ എണ്ണത്തെക്കുറിച്ച് കൂടുതല്‍ ചോദിച്ചപ്പോള്‍ എണ്ണം പകുതിയായി വരെ കുറയ്ക്കാന്‍ സുഹൃത്ത് ഔദാര്യം കാട്ടി. 


ഒരു മതവിശ്വാസി പോലുമല്ലാത്ത തന്നെയൊക്കെ മറിക്കണമെങ്കില്‍ ആ ജ്യോതിഷി ഒരു ഗന്ധര്‍വന്‍ തന്നെയാണെന്ന് സ്ഥാപിച്ചെടുക്കാനാണ് ആ പാവം പെടാപാട് പെട്ടത്. ഒരുപക്ഷെ മറ്റൊരു സാഹചര്യത്തില്‍ വേറൊരാളെക്കുറിച്ച് ഇത്തരമൊരു കാര്യം പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹമത് നിഷ്‌ക്കരുണം ചോദ്യം ചെയ്യുകയും ആധികാരികതയില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ അന്ധവിശ്വാസം ഒരു പ്രത്യേകതരം മാനസികാവസ്ഥയാണ്. ഏതൊരന്ധവിശ്വാസിയും അടിസ്ഥാനപരമായി 'മണിച്ചിത്രത്താഴിലെ ഗംഗ'യാകുന്നു;അവരുടെ മുന്നില്‍ യാതൊരു ന്യായവും വിലപ്പോവില്ല.

ജ്യോതിഷതിമിരം കൊണ്ട് വ്യക്തിക്കും സമൂഹത്തിനും ദൂഷ്യഫലങ്ങളുണ്ട്. അയാഥാര്‍ത്ഥപരവും വിഹ്വലതാത്മകവുമായ (unrealistic and delusionary)ഒരു ബോധതലം വളര്‍ത്തിയെടുക്കുന്ന വ്യക്തികള്‍ കുടുംബത്തിനും സമൂഹത്തിന് ബാധ്യതയായിരിക്കും. പരാശ്രയബോധവും ആത്മവിശ്വാസമില്ലായ്മയും കൊടിയടയാളമാക്കുന്ന ഇക്കൂട്ടര്‍ ക്രമേണ കൂടുതല്‍ കുഴപ്പത്തിലേക്ക് ചാടാനുള്ള സാധ്യതയും സമൃദ്ധമത്രെ. ഒരിക്കല്‍ ഒരാളുടെ മുന്നില്‍ പോയി ഫലപ്രവചനം ഇരക്കുന്ന ജ്യോതിഷവിശ്വാസി പിന്നെയത് വികലമായ ആസക്തിയോടെ ആവര്‍ത്തിക്കുന്നതായാണ് പൊതുവെ കണ്ടുവരുന്നത്. മയക്കുമരുന്ന്, മദ്യം, പുകവലി തുടങ്ങിയ ലഹരിവസ്തുക്കളെ പോലെ ഒരു ആകര്‍ഷണത്തിന്റെതായ രു ദൂഷ്യവലയം തീര്‍ക്കാന്‍ ഈ കപടശാസ്ത്രത്തിന് കഴിയും. മനുഷ്യന് ഏറ്റവും അമൂല്യമായ സമയം, ഊര്‍ജ്ജം, സമ്പത്ത് ഇവ നിര്‍ദാക്ഷിണ്യം ഊറ്റിക്കുടിക്കുന്ന ജ്യോതിഷമെന്ന കപടവിദ്യയെ ജ്യോതിശാസ്ത്രത്തിന്റെ കുലടയായ മകളെന്നാണ് സ്വാമി വിവേകാന്ദന്‍ വിശേഷിപ്പിച്ചത്. വിവേകാനന്ദനെപോലെ ഒരു മതവിശ്വാസിക്ക് പോലും സഹിക്കാനാവുന്നില്ലെന്ന് പറയുമ്പോള്‍ കൂടുതല്‍ വിശദീകരണമാവശ്യമില്ല.

ജ്യോതിഷികള്‍ സാധാരണ പരീക്ഷിച്ച് സാധൂകരിക്കാനാവാത്ത വിധം അവ്യക്തമായതും ഏതൊരാള്‍ക്കും ബാധകമായേക്കാവുന്നതുമായ പൊതുപ്രസ്താവങ്ങളാണല്ലോ നടത്തുക. 'പിടിക്കപ്പെടാന്‍ നിന്നുകൊടുക്കാതിരിക്കുക' എന്ന ഈ തന്ത്രം കാരണം ജ്യോതിഷം തെറ്റാണെന്ന് തെളിയിക്കുക എളുപ്പമല്ലെങ്കിലും അസത്യവല്‍ക്കരണം സാധ്യമായ ചില മേഖലകള്‍ അതിലില്ലാതില്ല. അത്തരം മേഖലകളിലെല്ലാം നടന്ന ശാസ്ത്രീയ രീതിശാസ്ത്രമനുസരിച്ചുള്ള പരീക്ഷണങ്ങളില്‍ ജ്യോതിഷം ദയനീയമായി തകര്‍ന്നടിഞ്ഞ ചരിത്രമാണുള്ളത്. സൂര്യന്‍ സൗരയൂഥത്തിന്റെ കേന്ദ്രമായതോടെ ജ്യോതിഷം തകര്‍ന്നടിഞ്ഞു എന്നാണ് വികിപിഡിയ സ്ഥിരീകരിക്കുന്നത്. ജ്യോതിഷവിമര്‍ശനം ലക്ഷ്യമിടുന്ന യുക്തിവാദ-സ്‌ക്കെപ്റ്റിക്ക് സൈറ്റുകളാണെങ്കില്‍ ഇത്തരം മൃദുലസമീപനം സ്വീകരിക്കാതെ തന്നെ ജ്യോതിഷത്തെ പൊളിച്ചടുക്കുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങളില്‍ പ്രസിദ്ധമായ ഏതാനുമെണ്ണം മാത്രം പരാമര്‍ശിക്കാം.

ജ്യോതിഷമനുസരിച്ച് ജനനസമയത്തിലുള്ള വ്യത്യാസമാണല്ലോ രണ്ട് വ്യക്തികള്‍ക്ക് ഭിന്ന ജീവിതാനുഭവം നല്‍കുന്നത്. ഈ വ്യത്യാസം വ്യക്തികളുടെ ജീവിതാനുഭവങ്ങളേയും ആകാരപ്രകാരങ്ങളെയും ഭിന്നവും വ്യതിരിക്തവുമാക്കുന്നുവത്രെ. അതായത് ഒരോരുത്തരുടേയും ഗ്രഹനില സവിശേഷമായ(unique) ഒന്നാണ്. സമാനമായി കൈനോട്ടക്കാര്‍ പറയുക രണ്ടു പേരുടെ കൈരേഖ ഒരിക്കലും ഒരുപോലെയാകില്ലെന്നാണ്. Every palm, every fingerprint is unique! എന്തുകൊണ്ട് ഓരോരുത്തര്‍ക്കും പ്രത്യേകം കൈരേഖ? എങ്കില്‍ അതിനെന്തോ അര്‍ത്ഥമുണ്ട്,അതിന്റെ പിന്നില്‍ എന്തോ ലക്ഷ്യമുണ്ട്!! അതുപോലെ തന്നെയാണ് ഗ്രഹനിലയും അനുബന്ധഫലവും. ഒരാളില്‍നിന്ന് മറ്റൊരാള്‍ക്ക് എന്തെങ്കിലുമൊക്കെ ഭിന്നതയുണ്ടാവും. ചിലപ്പോള്‍ 'സെക്കന്‍ഡുകളുടെ വ്യത്യാസം'-അതാവും ഫലത്തെ അട്ടിമറിക്കുന്നത്!! യാതൊരു കഥയുമില്ലാത്ത അബദ്ധവാദമാണിത്. കൈ മാത്രമല്ല ഒരാളുടെ ശരീരത്തിലുള്ള എല്ലാ അവയവവും സൂക്ഷ്മാര്‍ത്ഥത്തില്‍ അയാളുടേത് മാത്രമാണ്! മറ്റൊരാളുടെ സമാന അവയവവുമായി 100% സാമ്യമുളള ഒരവയവം പോയിട്ട് ഒരു കോശം പോലും നിങ്ങള്‍ക്കില്ല. നമ്മുടെ തന്നെ സഹസ്രകോടി കോശങ്ങളെടുത്താല്‍ അതിലൊന്നും മറ്റൊന്നിനോട് നൂറ് ശതമാനം സാമ്യം വഹിക്കുന്നവയല്ല. എല്ലാം ശരിയായാലും സ്ഥിതിചെയ്യുന്ന സ്ഥാനം, ധര്‍മ്മം, സ്പന്ദനനിരക്ക്, ചാര്‍ജ്..... തുടങ്ങിയവയുടെ കാര്യത്തിലെങ്കിലു സൂക്ഷ്മമായ ചില വ്യതിയാനങ്ങളുണ്ടാവും. എല്ലാ അര്‍ത്ഥത്തിലും സമാനമായ രണ്ട് കല്ലുകള്‍ നമുക്ക് കണ്ടെത്താനാകുമോ?

സര്‍വധാ സമാനമായ രണ്ട് ഇലക്‌ട്രോണുകളെ കണ്ടെത്താനാവില്ലെന്ന് ക്വാണ്ടം ഭൗതികം സ്ഥാപിക്കുന്നു. എല്ലാ കാര്യങ്ങളും സമാനമായാലും കുറഞ്ഞത് സ്ഥാനത്തിന്റെ കാര്യത്തില്‍ വൈജ്യാത്യമുണ്ടാകും. അതായത് പ്രാപഞ്ചികകണമായ ഇലക്‌ടോണിന്റെ പോലും ഓരോ യൂണിറ്റും സമാനതകളില്ലാത്തവിധം സവിശേഷമാണ്. So we can say every electron is unique! ഒരു നദിയില്‍ ആര്‍ക്കും രണ്ടുപ്രാവശ്യം കുളിക്കാനാവില്ലെന്ന് പറയുന്നതിന് പിന്നിലെ രഹസ്യവും ഇതുതന്നെ. അവിടെയാണ് ഒരാളുടെ കൈരേഖയോ ഗ്രഹനിലയോ വേറൊരാള്‍ക്കില്ലെന്ന ചപലവാദം അന്ധവിശ്വാസങ്ങള്‍ ന്യായീകരിക്കാനായി എഴുന്നെള്ളിക്കുന്നത്!!

തത്വജ്ഞാനപരമായ കാര്യങ്ങള്‍ അവിടെ നില്‍ക്കട്ടെ. പക്ഷെ യഥാര്‍ത്ഥ്യത്തിന്റെ തലത്തില്‍ നിന്ന് നോക്കിയാല്‍ ജ്യോതിഷക്കാരന്‍ ജനനസമയം വെച്ച് പയറ്റുന്ന ഈ തന്ത്രത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? രാവിലെ 10:30:22 എന്ന സമയത്ത് ഒരേ രേഖാംശത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലത്ത് അയല്‍വീടുകളില്‍ രണ്ട് കുഞ്ഞുങ്ങള്‍ പിറക്കുന്നതായി സങ്കല്‍പ്പിക്കുക. ഇവരെ നമുക്ക് ജന്മലഗ്ന ഇരട്ടകള്‍(astral twins or time twins) എന്നു വിളിക്കാം. ചൊവ്വാദോഷത്തിന്റെ ഉദാഹരണത്തിലെ ഗീതാകുമാരിയും സൂസന്‍ജോര്‍ജ്ജുംപോലെ. ഒരു പ്രസവത്തില്‍ ജനിക്കുന്ന ജൈവ ഇരട്ടകളെ(biological twins) പോലെയല്ല ഇവരെന്ന് മറക്കാതിരിക്കുക. ഒരു മാതാവിന് ജനിച്ച് ഏതാണ്ട് സമാനമായ ജനിതക-ഭൗതിക-ജീവിതസാഹചര്യങ്ങളില്‍ വളരുന്ന ജൈവഇരട്ടകളുടെ കാര്യത്തില്‍ പല കാര്യത്തിലും വലിയതോതില്‍ സാമ്യമുണ്ടാവുക സ്വഭാവികമാണല്ലോ. പക്ഷെ ജീവിതസാഹചര്യം പാടെ മാറിയാല്‍ ഈ ജൈവ-ജനിതക സാമ്യവും റദ്ദാവും.


'അഞ്ചടി-അഞ്ചു പാട്ട് 'മാതൃകയിലുള്ള പഴയ സിനിമകളില്‍ നായകന്റെ ഡബിള്‍ റോള്‍ കണ്ടിട്ടില്ലേ. ജൈവ ഇരട്ടകളായ ബാബുവും സാബുവും കുട്ടികാലത്ത് വേര്‍പിരിയപ്പെടുന്നു. ബാബുവിനെ പോലീസുകാരന്‍ വളര്‍ത്തി പോലീസുദ്യോഗസ്ഥനാകുന്നു. കൊള്ളക്കാരന്‍ വളര്‍ത്തിയ സാബു ഒരു മുടിഞ്ഞ കൊള്ളക്കാരനുമാകുന്നു. അവസാനം രണ്ടുപേരും കണ്ടുമുട്ടുന്നു,ഏറ്റുമുട്ടുന്നു,ബാബു സാബുവിനെ അറസ്റ്റുചെയ്യാന്‍ തുനിയുന്നു, സാബു കൊക്കയില്‍ ചാടി മരിക്കുന്നു.... ജ്യോതിഷത്തെ ഉപ്പുവെച്ച കലമാക്കുന്ന കഥാതന്തുവാണിത്! മതപരമായ കാരണങ്ങളാല്‍ ജ്യോതിഷത്തെ നിരാകരിച്ച മധ്യകാല ക്രൈസ്തവ പണ്ഡിതനായിരുന്ന സെന്റ് അഗസ്റ്റിന്‍ (St Augustine/AD 354 –430)തന്റെ എതിര്‍പ്പിന് ഉപോല്‍ബലകമായ ചൂണ്ടിക്കാട്ടിയത് ജൈവഇരട്ടകളുടെ ജീവിത-മനോവ്യാപാര-വ്യക്തിത്വ സവിശേഷതകളിലുള്ള പ്രകടമായ വ്യത്യാസമാണ്. ഒരേ സമയം ഗര്‍ഭംധരിക്കപ്പെടുകയും ഏതാണ്ട് ഒരേ സമയം ഒരേ ജന്മരാശിയില്‍ പിറന്നുവീഴുകയും ചെയ്യുന്ന ജൈവ ഇരട്ടകള്‍ എങ്ങനെ ഇത്രയധികം വ്യത്യസ്തരാകുന്നു എന്നാണ് സെന്റ് അഗസ്റ്റിന്‍ ചോദിച്ചത്. സരളമായ ചോദ്യം!! ജൈവ ഇരട്ടകള്‍ പോയിട്ട് ഒരേസമയം ക് ളോണ്‍ ചെയ്‌തെടുത്താലും ഇരട്ടകള്‍ക്കിടയില്‍ വൈജാത്യമുണ്ടാവും എന്നതാണ് വാസ്തവം. പക്ഷെ ജ്യോതിഷം ശരിയാണെങ്കില്‍ അങ്ങനെ വരാന്‍ പാടില്ലെന്നത് വേറെ കാര്യം. കാരണം അതൊരു വിധിവിശ്വാസമാണ്.

ജൈവ ഇരട്ടകളെ വിട്ട് നമുക്ക് ജന്മലഗ്ന ഇരട്ടകളിലേക്ക് വരാം. ഏതാണ്ട് ഒരേ സമയത്ത് ജനിക്കുന്ന കുട്ടികളുടെ ജീവിത-സ്വഭാവ-വ്യക്തിത്വ ഫലങ്ങള്‍ സമാനമായിരിക്കുമോ? ആയിരിക്കില്ല എന്നാണ് അനുഭവം. കാരണം അങ്ങനെ എല്ലാത്തരത്തിലും സമാനരായ രണ്ട് പേര്‍ ഇന്നുവരെ ഈ ലോകത്ത് ജീവിച്ചിരുന്നിട്ടില്ല, ഇനി ജീവിക്കുകയുമില്ല. രണ്ടുപേരെ മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസമില്ലാതെ ഒരേ സമയത്ത് ജനിപ്പിച്ച് ഇത് പരീക്ഷിച്ച് തെളിവ് സഹിതം തെളിയിക്കാനുള്ള കരളുറപ്പ് ഒരു ജ്യോതിഷക്കാരനും കാണിക്കുകയുമില്ല. അല്ലെങ്കില്‍ത്തന്നെ പരീക്ഷണവും തെളിവുമൊന്നും ജ്യോതിഷികള്‍ക്ക് പഥ്യമായ പദങ്ങളല്ല. 'അനുഭവം കുരു'എന്ന സിദ്ധാന്തം മാത്രമാണവര്‍ മുറുകെ പിടിക്കുക. ജന്മലഗ്ന ഇരട്ടകളുടെ ജീവിതസാമ്യം പരിശോധിക്കാന്‍ ആദ്യംതന്നെ ജാതകം എഴുതി സൂക്ഷിക്കേണ്ട കാര്യവുമില്ല. എഴുതിയപ്പോള്‍ തെറ്റിയാപ്പോയതാണ് എന്നൊക്കെ പിന്നെ ഒഴികഴിവ് പറയാനുള്ള സാധ്യതയും അതോടെ റദ്ദാക്കാം. ജന്മലഗ്ന ഇരട്ടകള്‍ ഭാവിയില്‍ എന്തായിത്തീരുന്നു എന്നുമാത്രം നോക്കിയാല്‍ മതിയല്ലോ. അവര്‍ എല്ലാത്തരത്തിലും സമാനരാകുന്നെങ്കില്‍ മാത്രം താരതമ്യപരിശോധനയ്ക്കായി ജാതകം എഴുതിച്ചാല്‍ മതിയല്ലോ! സമാനരാണെങ്കില്‍ ജാതകഫലം പരിശോധിക്കാതെ തന്നെ ജ്യോതിഷത്തില്‍ സത്യമുണ്ടെന്ന് വാദം സൈദ്ധാന്തികമായി പരിഗണിക്കാം. മറിച്ചാണെങ്കില്‍ ജാതകഫലമൊന്നും പരിശോധിക്കാതെ തന്നെ ജ്യോതിഷം തള്ളാം.

ജന്മലഗ്ന ഇരട്ടകളുടെ ജീവിതഫലം സംബന്ധിച്ച് മുന്‍ ജ്യോതിഷിയും ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനുമായ ജെഫ്രി ഡീനും മനശാസ്ത്രജ്ഞനായ ഇവാന്‍ കെല്ലിയും (Geoffrey Deans and Ivan Kelly)ചേര്‍ന്ന് നടത്തിയ വിശ്രുതമായ പരീക്ഷണഫലം പ്രസക്തമാകുന്നത് അവിടെയാണ്. 1958 ല്‍ മാര്‍ച്ച് ആദ്യത്തെ ആഴ്ചയില്‍(മാര്‍ച്ച് 3 മുതല്‍ 9 വരെ) ലണ്ടന്‍ നഗരത്തില്‍ (അതായത് ഒരേ രാശിയിലുളള) ജനിച്ചു വീണ 2100 ജന്മലഗ്ന ഇരട്ടകളെ തേടിപ്പിടിച്ച് കണ്ടെത്തി അവരെ 40 വര്‍ഷം പിന്തുടര്‍ന്നാണ് ജീനും കെല്ലിയും പഠനം നടത്തിയത്. ജനനസമയം കണ്ടെത്തിയത് ആധികാരികമായ ആശുപത്രി റെക്കോഡുകളെ ആസ്പദമാക്കിയാണ്. ഏഴ് പ്രൊഫഷണല്‍ ജ്യോതിഷികളെകൊണ്ട് 2100 പേരുടേയും ജാതകഫലം തയ്യാറാക്കി. ഈ ജന്മലഗ്നഇരട്ടകളില്‍ 70 ശതമാനവും പിറന്നത് പരമാവധി 5 മിനിറ്റ് (ശരാശരി 4.8 മിനിറ്റ്) വ്യത്യാസത്തിനുള്ളിലായിരുന്നു. ബാക്കി ഇരുപത്തിയാറ് ശതമാനത്തിന്റെ ജനനസമയത്തിന്റെ വ്യത്യാസം പരമാവധി 15 മിനിറ്റും. 15 മിനിറ്റില്‍ കൂടിയ ജനനസമയവ്യത്യാസം കാണിച്ചത് കേവലം 4% മാത്രം. ജ്യോതിഷനിയമമനുസരിച്ച് സമാനമായ തോതില്‍ രാശി-ഗ്രഹ സ്വാധീനം സംഭവിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന സമയവ്യത്യാസം മാത്രമേ സ്വീകരിച്ചുള്ളു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഉയരം, വണ്ണം, നിറം,തൂക്കം പോലുള്ള ശാരീരിക സവിശേഷതകള്‍, ബുദ്ധിശക്തി, IQ തുടങ്ങിയ മാനസിക സവിശേഷതകള്‍, വിവാഹം, വിദ്യാഭ്യാസം, തൊഴില്‍, സന്താനലബ്ധി, അപകടം തുടങ്ങിയ ജീവിതവിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെ ജ്യോതിഷത്തില്‍ സാധാരണ പരിഗണിക്കാത്ത ചില സൂക്ഷ്മ ഘടകങ്ങ
ള്‍ വരെ സാമ്യം നിര്‍ണ്ണയിക്കാനായി പരിഗണിച്ചു. മൊത്തം 110 മാനദണ്ഡങ്ങള്‍! ഈ 110 മാനദണ്ഡങ്ങളുടെ കാര്യത്തില്‍ ജന്മലഗ്ന ഇരട്ടകള്‍ക്കിടയില്‍ എന്തു സാമ്യമുണ്ടെന്നാണ് 40 വര്‍ഷം കൊണ്ട് അവര്‍ പഠിക്കാന്‍ ശ്രമിച്ചത്. ഇരട്ടകളുടെ 11, 16. 23 വയസ്സുകളിലുള്ള വിശദാംശങ്ങളാണ് താരതമ്യത്തിനായി സ്വീകരിച്ചത്.

സാമ്യം താരതമ്യം നടത്തിയപ്പോള്‍ ജീവിതരേഖയുടെ കാര്യത്തില്‍ ജന്മലഗ്ന ഇരട്ടകള്‍ അല്ലാത്ത ലണ്ടന്‍കാര്‍ക്കിടയില്‍ കാണപ്പെട്ട പരസ്പരസാമ്യവും(randomized correlation) ഈ ജന്മലഗ്ന ഇരട്ടകള്‍ക്കിടയില്‍ കാണപ്പെട്ട സാമ്യവും (original correlation) ഏതാണ്ട് തുല്യമാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രസ്തുത 110 മാനദണ്ഡങ്ങളുടെ കാര്യത്തില്‍ യാദൃശ്ചികമായി സംഭവിക്കാവുന്ന സാമ്യം മാത്രമേ ജന്മലഗ്ന ഇരട്ടകള്‍ക്കിടയിലുള്ളു എന്ന് വ്യക്തമാക്കപ്പെട്ടു. വമ്പന്‍ സാമ്പിളും അന്യൂനമായ രീതിയിലുള്ള ഡേറ്റാശേഖരണവും ശാസ്ത്രീയമായ വിശകലനവും ഉറപ്പു വരുത്തി 40 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ പരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ ജ്യോതിഷത്തിന്റെ ചീട്ട് കീറുന്നതായിരുന്നു. അതായത് ജ്യോതിഷം പറയുന്നതുപോലെ ജന്മലഗ്നവും ജനനസമയവുമൊക്കെ ഒരുപോലെയാകുന്നതു കൊണ്ട് വിശേഷിച്ച് യാതൊരു കഥയുമില്ല. ജനനസമയമോ അപ്പോഴത്തെ ഗ്രഹനിലയോ ഒന്നുമല്ല മനുഷ്യന്റെ ജീവിതസാഹചര്യങ്ങളേയും മനോവ്യാപരങ്ങളേയും നിയന്ത്രിക്കുന്നത്.

ഡീന്‍-കെല്ലി പരീക്ഷണഫലത്തിന്റെ ആദ്യവിവരങ്ങള്‍ 2003 ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. (Dean G; Kelly I.W, Journal of consciousness studies vol 10, p 175,2003). മലയാളിയായ ഡോ. മനോജ് കോമത്ത് (SCT Institute of Medical Science and technology, Tvpm)ഈ പരീക്ഷണം ഉള്‍പ്പെടെ ജ്യോതിഷത്തിന്റെ ഫലപ്രവചനക്ഷമത പരിശോധിച്ച പരീക്ഷണങ്ങളെ കുറിച്ച് ഒരു പ്രബന്ധം രചിച്ചിട്ടുണ്ട്. ആയത് 2009 ല്‍ കറന്റ് സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി(‘Testing Astrology’, Dr. Manoj Komath,Current Science , Vol 96, No 12, 25 June, 2009). ജ്യോതിഷസംബന്ധിയായ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങളെക്കുറിച്ചുള്ള വിവരം ഇന്റര്‍നെറ്റിലും ലഭ്യമാണ്. സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ രീതിശാസ്ത്രത്തെ അവലംബമാക്കി നടത്തിയ പരീക്ഷണങ്ങളാണ് അവയില്‍ മിക്കതും. ഡീന്‍-കെല്ലിയുടെ 44 വര്‍ഷം നീണ്ടുനിന്ന പരീക്ഷണം ജ്യോതിഷത്തിന്റെ ഉടയാടകള്‍ പിച്ചിച്ചീന്തിയെങ്കിലും ഈ പരീക്ഷണത്തിന് കേരളത്തില്‍ അധികം പ്രചാരം ലഭിച്ചിട്ടില്ലെന്ന കാര്യം പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ടെന്ന് ഡോ.കോമത്ത് എഴുതുന്നു.

ഡീന്‍-കെല്ലി പഠനത്തിലൂടെ പ്രശസ്തനായ ജെഫ്രി ഡീന്‍ സ്വന്തം നിലയില്‍ 1987 ല്‍ മറ്റൊരു ജ്യോതിഷപരീക്ഷണം കൂടി നടത്തുകയുണ്ടായി. ഫ്രഞ്ചുകാരനായി ഗോക്യുലന്‍ നടത്തിയത് സമാനമായി ജാതകമെഴുതിക്കാന്‍ വരുന്നവരുടെ ജോതിഷവിഹ്വലതകള്‍ സ്ഥിരീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കുറെപ്പേര്‍ക്ക് കൃത്യമായ ഗ്രഹനില അനുസരിച്ചും മറ്റു ചിലര്‍ക്ക് മന:പൂര്‍വം കീഴ്‌മേല്‍ മറിച്ച ഗ്രഹനില ആധാരമാക്കിയും അദ്ദേഹം ജാതകഫലം എഴുതി നല്‍കി. ജാതകഫലം വാങ്ങിപ്പോയ ഇരുകൂട്ടരും ഒരേ അഭിപ്രായമാണ് പിന്നീട് പറഞ്ഞത്: വളരെ തൃപ്തികരം, വളരെ ആശ്വാസദായകം!! എന്തെഴുതികൊടുത്താലും എന്തുപറഞ്ഞാലും അതില്‍ എന്തെങ്കിലുമൊക്കെ ശരികള്‍ കണ്ടെത്തി ആഘോഷിക്കാനുള്ള ജ്യോതിഷവിശ്വാസികളുടെ മാനസികവൈകല്യം ആര്‍ക്ക് മനസ്സിലായാലും അവര്‍ക്ക് മനസ്സിലാകില്ലെന്നതാണ് ദു:ഖകരമായ സത്യം. ആരുടെ ജാതകം പേരുമാറ്റി കൊടുത്താലും അതില്‍ തങ്ങള്‍ക്ക് കണ്ടെത്താനുള്ളതൊക്കെ അവര്‍ കണ്ടെത്തിയിരിക്കും!

പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഷോണ്‍ കാള്‍സന്റെ (Shawn Carlson)വിഖ്യാതമായ ജ്യോതിഷപരീക്ഷണമാണ് (1985) പരാമര്‍ശിക്കാനുദ്ദേശിക്കുന്ന രണ്ടാമത്തെ പഠനം. ഇവിടെയും ജ്യോതിഷം ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. കാള്‍സണ്‍ എന്താണ് ചെയ്തത്? വിപുലമായ തയ്യാറെടുപ്പുകളാണ് അദ്ദേഹം നടത്തിയത്. മന:ശാസ്ത്രപരമായ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ വ്യക്തികളുടെ സ്വഭാവത്തെ വര്‍ഗ്ഗീകരിച്ച കാലിഫോര്‍ണിയയിലെ പേഴ്‌സണാലിറ്റി ഇന്‍വെന്ററിയില്‍ നിന്നും (California Psychological Inventory (ഇജക))കാള്‍സണ്‍ വിശദാംശങ്ങള്‍ ശേഖരിച്ചു. CPI പൊതുവെ വ്യക്തികളെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ പതിനെട്ട് പട്ടികകളിലാണ് ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് ഈ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ജനനസമയവും മന:ശാസ്ത്രപരമായ സവിശേഷതകളും ശേഖരിച്ചു. പ്രൊഫഷണല്‍ ജ്യോതിഷികളുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ വഴി ഇവരുടെയെല്ലാം ജാതകവും ഉണ്ടാക്കി. ആരെങ്കിലുമൊക്കെ എഴുതിവെച്ച ജാതകം ശരിയാവണമെന്നില്ലല്ലോ. ജാതക്തതില്‍ ഇഷ്ടമനുസരിച്ച് എന്തുവേണമെങ്കിലും എഴുതിവെക്കാന്‍ ജ്യോതിഷികള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇതിനുപുറമെ, കാള്‍സണ്‍ പുറത്തുനിന്നും ധാരാളം ജാതകഫലം ശേഖരിച്ചു. അതും വളരെ കൃത്യതയോടെയാണ് നിര്‍വഹിച്ചത്. ജാതകവുമായി വരുന്നവര്‍ അവരുടെ അസ്സല്‍ ജനനസമയം 15 മിനിറ്റിന് വരെ കൃത്യതയോടെ വസ്തുനിഷ്ഠമായി തെളിയിക്കാന്‍ കഴിയുന്നവരായിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിരുന്നു.

അമേരിക്കയിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ജിയോ കോസ്മിക് റിസേര്‍ച്ച് (National Council for Geo cosmic Research) നിര്‍ദ്ദേശിച്ച് ജ്യോതിഷികള്‍ പഠനത്തിന്റെ മുഖ്യഉപദേശകരായി. ഒപ്പം പ്രഗത്ഭരായ ഫിസിയോളജിസ്റ്റുകളുടെ സേവനവും കാള്‍സണ്‍ ഉപയോഗപ്പെടുത്തി. ജ്യോതിഷഫലപ്രവചനം ശരിയാണെന്ന് തെളിയുന്നതില്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലാത്ത നിഷ്പക്ഷ വ്യക്തിയായിരുന്ന കാള്‍സണ്‍. പാസ്സ് മാര്‍ക്കായി വളരെ കുറഞ്ഞ സ്‌ക്കോറാണ് അദ്ദേഹം ഏര്‍പ്പെടുത്തിയിരുന്നത്. അതായത് ജ്യോതിഷികള്‍ നടത്തുന്ന ഫലപ്രവചനത്തിന്റെ നല്ലൊരു ശതമാനം തെറ്റിയാലും ജ്യോതിഷം തള്ളിക്കളയാനാവില്ല എന്ന നിലപാട്. മുന്‍വിധികളും ഇടപെടലുകളും ഒഴിവാക്കാനായി ദ്വിമുഖ-ആന്ധ്യ(Double blind test) രീതി കാള്‍സണ്‍ സ്വീകരിച്ചു. യൂറോപ്പിലേയും അമേരിക്കയിലേയും പ്രസിദ്ധ ജ്യോതിഷികള്‍ പരീക്ഷണത്തില്‍ പങ്കെടുക്കാനായെത്തി. പരീക്ഷണം ഇപ്രകാരമായിരുന്നു: ക്ഷണിക്കപ്പെട്ട 26 ജ്യോതിഷികളും സ്വയം മത്സരസജ്ജരായി പങ്കുകൊണ്ട 2 പേരുമടക്കം 28 പേര്‍ക്ക് ആദ്യം ഒരു വ്യക്തിയുടെ ജാതകഫലം(natal chart)നല്‍കും. പ്രസ്തുത വ്യക്തിയുടെ ജീവിതഫലവും സൂക്ഷ്മസ്വഭാവനിര്‍ധാരണവുമടങ്ങിയ മൂന്ന് വ്യക്തിഗത പ്രൊഫൈല്‍ (psychological profiles) CPIയില്‍ നിന്നും ലഭ്യമാക്കും. അതിലൊന്ന് ആ വ്യക്തിയുടെ അസ്സല്‍ പ്രൊഫൈലും മറ്റൊന്ന് ഡമ്മിയും മൂന്നാമത്തേത് മറ്റൊരാളുടേയുമായിരിക്കും. ജാതകഫലവും വ്യക്തിഗത പ്രൊഫൈലുകളുമായി താരതമ്യപ്പെടുത്തി കയ്യിലിരിക്കുന്ന മൂന്ന് പ്രൊഫൈലുകളില്‍ ഏതാണ് ജാതകവുമായി പൊരുത്തപ്പെടുന്ന അസ്സല്‍ എന്നു കണ്ടെത്തുക-അതാണ് 28 ജ്യോതിഷികള്‍ക്കും ചെയ്യാനുണ്ടായിരുന്നത്. വെറുതെ കറക്കികുത്തിയാലും കുറെയൊക്കെ ശരിയാകുമെന്നോര്‍ക്കണം. മൂന്നിലൊന്ന് വിജയം ഏത് പൊട്ടക്കണ്ണനും ലഭിക്കാനിടയുണ്ടെന്ന് സാരം.

116 വ്യക്തിഗത പ്രൊഫൈലുകളാണ് 28 പേരും താരതമ്യപ്പെടുത്തിയത്. പ്രതീക്ഷിച്ചതു പോലെ ഒരു ജ്യോതിഷിക്കും വെറും ഊഹപ്രവചനം നടത്തിയാല്‍ കിട്ടുന്നതിന് അപ്പുറമുള്ള സ്‌ക്കോര്‍ കണ്ടത്താനായില്ല. അമ്പത് ശതമാനത്തിനപ്പുറം സ്‌ക്കോര്‍ നേടുമെന്ന് ഉറപ്പിച്ചു വന്നവരായിരുന്നു ഭൂരിപക്ഷം ജ്യോതിഷികളും. പക്ഷെ ഫലം വന്നപ്പോള്‍ മിക്കവര്‍ക്കും മൂന്നിലൊന്ന് സ്‌ക്കോര്‍ പോലും ലഭിച്ചില്ല. ജ്യോതിഷികളുടെ മിണ്ടാട്ടം മുട്ടിച്ച ഈ പരീക്ഷണഫലം വിഖ്യാതമായ നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്(Vol.318. page 415-425).

അമേരിക്കയിലെ വിര്‍ജീനിയ യൂണിവേഴ്‌സിറ്റിയിലെ റോജര്‍ കള്‍വറും(Roger Culver) ഫിലിപ്പ് ഇയന്നയും (Philip Ianna) ചേര്‍ന്ന് സ്ഥലത്തെ പ്രശസ്ത ജോത്സ്യനായ ജോണ്‍ മെക്കാളിനെ പരീക്ഷിച്ചത് (1988)ജ്യോതിഷത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്ന മറ്റൊരു സംഭവമാണ്. പരീക്ഷണം ഇങ്ങനെയായിരുന്നു: ഒരു വ്യക്തിയുടെ വ്യക്തിത്വം പൂര്‍ണ്ണമായും വ്യക്തമാക്കികൊടുക്കുന്നു. ശേഷം അയാളുടെ ജാതകം മറ്റ് മൂന്നു ജാതകങ്ങളുമായി ഇടകലര്‍ത്തി വെക്കുന്നു. അതില്‍ നിന്ന് അസ്സല്‍ ജാതകം എടുത്ത് കൊടുക്കണം. തനിക്ക് എണ്‍പത് ശതമാനത്തിലധികം വിജയം ഉറപ്പാണെന്ന് വീമ്പിളക്കിയാണ് ജോണ്‍ മത്സരത്തില്‍ പങ്കെടുത്തത്. 28 പേരുടെ ജാതകമാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. പക്ഷെ കേവലം ഏഴുപേരുടെ ജാതകം മാത്രമേ അദ്ദേഹത്തിന് ശരിയായി തെരഞ്ഞെടുക്കാന്‍ സാധിച്ചുള്ളു. അതായത് 25% വിജയശതമാനം. സാധാരണരീതിയില്‍ ഊഹാപോഹം നടത്തുന്നവര്‍ക്ക് കൂടി ലഭിക്കാനിടയുള്ള വിജയസാധ്യതയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ ജ്യോതിഷപ്രഭുവിനെ കുറിച്ച് പറയുമ്പോള്‍ കൂമ്പിയ മിഴികളും അടഞ്ഞ കാതുകളും ആയിരം നാവുകളുമുള്ള ജ്യോതിഷ തിമിരം ബാധിച്ച എത്രയോ പേര്‍ വിര്‍ജീനിയയില്‍ ഉണ്ടാവും. ഇതുപോലെ നൂറു പരീക്ഷണം നടന്നാലും അവര്‍ക്കാര്‍ക്കും ഇതൊരു വിഷയമല്ല. കാരണം ഗംഗമാര്‍ ഒരിക്കലും ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാറില്ല;അവര്‍ സദാ മുങ്ങാംകുഴിയിടുന്നത് സ്വന്തം വൈകാരികമണ്ഡലത്തിലേക്ക് മാത്രം! (തുടരും)*****

2 comments:

ഷാജി said...

പലരും പറയുന്നതില്‍ അങ്ങ് വിശ്വസിച്ച മതി എല്ലാര്ക്കും.അത് ശരി ആണോ തെറ്റാണോ എന്നന്വേഷിക്കനോന്നും മെനക്കെടില്ല.
"ചന്തൂന്ട്ടി നായരുടെ മോള ജാതകം നോക്കിയാപ്പോ പറഞ്ഞതാ ആ ചെക്കന്‍ ചെരൂല്ല എന്ന്. എന്നാലും ആ പിള്ളേരുടെ വാശിക്കാ കെട്ടിച്ചു വിട്ടത്. ഇപ്പൊ എന്തായി. ഓള കുഞ്ഞി ചാപിള്ള ആയി പോയില്ലേ ."
എന്നോക്കൊയുള്ള ചെല നാട്ടിന്‍പുറ കമെന്റ്സ് കേട്ടാല്‍ ഭൂരിഭാഗം ആള്‍ക്കാരും രണ്ടു മനസാവാന്‍ തുടങ്ങും.


സാരമില്ല. കൊറേ ജ്യോത്സന്മാര് കഞ്ഞി കുടിക്കട്ടെ. തെറ്റായ വിസ്വാസികളൊക്കെ അട്ടകുണ്ടില്‍ വീഴട്ടെ !

Vimal Anand said...
This comment has been removed by the author.