ശാസ്ത്രം വെളിച്ചമാകുന്നു

Tuesday 22 May 2012

30. താരം കണ്ണീര്‍ കൊടുക്കുന്നു

ഒഞ്ചിയം രക്തസാക്ഷി സഖാവ്‌ T. P ചന്ദ്രശേഖരന്റെ അമ്മയേയും തന്റെ അമ്മയേയും താരതമ്യപ്പെടുത്തി സിനിമാതാരം മോഹന്‍ലാല്‍ ബ്ളോഗെഴുതിയരിക്കുന്നു. ഈ നാട് ജീവിക്കാന്‍ കൊള്ളില്ലെന്ന് കൊലപാതകത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഉറുമ്പിന് പോലും ജീവന്‍ കൊടുക്കാന്‍ കഴിയാത്തവര്‍ വെട്ടി കൊല്ലുന്നത് ശരിയാണോ എന്ന് ലാല്‍ ചോദിക്കുന്നു. വാര്‍ത്താമാധ്യമങ്ങള്‍ ലാലിനെ വാഴ്ത്തിപ്പാടി തുടങ്ങി. വളരെ നല്ലത് ! ലാലിനെപ്പോലൊരു കലാകാരന്‍ ഇങ്ങനെയൊക്കെ എഴുതുന്നത് നമ്മുടെ ഹൃദയതലങ്ങളെ കൂടുതല്‍ ആര്‍ദ്രമാക്കട്ടെ.

പക്ഷെ ഒന്നാലോചിക്കുക, അക്രമത്തിന്റെ ആള്‍രൂപങ്ങളാണ് മലയാളസിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച് നിരവധി കഥാപത്രങ്ങള്‍ . ഇത്തരം ചിത്രങ്ങളില്‍ വരച്ചു കാണിക്കുന്ന അളവിലുള്ള അക്രമം ഈ സമൂഹത്തിലുണ്ടെന്ന് പറയാനാവില്ല. മനുഷ്യനെ കത്തിക്കരിച്ചും വെട്ടിക്കീറിയും ചിന്നിചിതറിപ്പിച്ചും വെള്ളിത്തിരയില്‍ കൊലവിളിക്കുന്ന ലാല്‍ കഥാപാത്രങ്ങള്‍ ഈ നാടിന്റെ സഹനശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ടാവുമോ?! അത്തരം സിനിമകള്‍ കേരളത്തെ 'അധിവാസയോഗ്യ'മാക്കുന്നതിന് എത്രമാത്രം സഹായിച്ചിട്ടുണ്ടാവും? പണം നല്‍കിയാല്‍ എന്തും ചെയ്യുമെന്ന ആപ്തവാക്യം ക്വട്ടേഷന്‍ സംസ്‌ക്കാരത്തില്‍ നിന്ന് ഉരുത്തിരിയുന്നതാണ്. അത് സിനിമയിലായാലും രാഷ്ട്രീയത്തിലായാലും വ്യത്യാസമില്ല. 

സിനിമ കണ്ടിട്ട് ആരും അക്രമികളാകില്ലെന്ന് പൊതുതത്വമെന്ന നിലയില്‍ പറയാം. സിനിമ മൂലം നല്ലവരാകുന്നവരുടെ എണ്ണവും കുറവാണ്, ചീത്തയാകുന്നവരുടേയും. എങ്കിലും കൊലയേയും അക്രമത്തേയും മഹത്വപ്പെടുത്തുന്ന കലാരൂപങ്ങള്‍ സമൂഹമനസാക്ഷിയെ ഒട്ടും സ്വാധീനിക്കില്ലെന്ന് പറയാനാവില്ല. സ്വര്‍ണ്ണം വാങ്ങാനും മദ്യപിക്കാനും അച്ചാറ് കൂട്ടാനുമൊക്കെ മലയാളിയോട് കെഞ്ചുന്ന താരങ്ങളും അതിനവര്‍ക്ക് കൂലി കൊടുക്കുന്നവരും സാക്ഷ്യപ്പെടുത്തുന്നത് താരങ്ങള്‍ക്ക് സമൂഹത്തെ സ്വാധീനിക്കാനാവുമെന്ന് തന്നെയല്ലേ?  സത്യത്തില്‍ 'സാംസ്‌ക്കാരിക നായകര്‍ ' എന്ന പദത്തിന്റെ ഉത്പത്തി തന്നെ രസകരമാണ്. സാംസ്‌ക്കാരിക നായകര്‍ പ്രതികരിക്കണമെന്ന നിര്‍ബന്ധം എന്നു മുതലാണ് മലയാളിക്ക് ഉണ്ടായി തുടങ്ങിയത്? പ്രതികരിച്ചേ പറ്റൂ എന്ന് ചിലര്‍ വാശി പിടിക്കാന്‍ കാരണമെന്ത്? പ്രതികരിച്ചാല്‍ കുറ്റം, പ്രതികരിച്ചില്ലെങ്കില്‍ കുറ്റം എന്ന അവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നത്. 

പ്രതികരിക്കുന്ന വിഷയത്തെ കുറിച്ച് മിനിമം ബോധ്യം പോലുമില്ലാതെ ഒച്ചയുണ്ടാക്കി ജനശ്രദ്ധ ആകര്‍ഷിക്കുന്ന താരങ്ങളേയും സാഹിത്യകാരന്‍മാരേയും ഏറെ നാളായി മലയാളി വിശുദ്ധമായി സഹിക്കുകയാണ്. സുകുമാര്‍ അഴീക്കോട് മുതല്‍ ലക്ഷ്മി ഗോപാലസ്വാമി വരെയുള്ളവര്‍ ഇത്തരത്തില്‍ മലയാളിയുടെ ക്ഷമാശേഷി പരിശോധിച്ചിട്ടുണ്ട്. മൂല്യബോധം കൊണ്ട് ശ്വാസം മുട്ടി 'പ്രതികരിച്ച് കൊടുക്കപ്പെടും' എന്ന ബോര്‍ഡുമായി നടക്കുന്നവര്‍ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള ദൂരം പരമാവധി കുറയ്ക്കാന്‍ യജ്ഞിക്കേണ്ടതുണ്ട്. കേരളത്തിലെ സമൂഹത്തിലെ സര്‍വവിധ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കുട പിടിക്കുന്നതില്‍ അര്‍മാദിക്കുന്നവരാണ് മിക്ക താരങ്ങളും.  

പ്രതികരിക്കണം പ്രതികരിക്കണം എന്ന് പറയുമ്പോള്‍ ആര്‍ക്കെതിരെ എന്ന ചോദ്യം വരുന്നുണ്ട്. TP യുടെ അരുംകൊലയെ അപലപിക്കുന്ന കാര്യമാണെങ്കില്‍ കൊലയാളികള്‍ ഒഴികെയുള്ള മറ്റ് മലയാളികളൊക്കെ ഇതിനകം അത് ചെയ്തു കഴിഞ്ഞു. അക്കാര്യം ചെയ്യാന്‍ മോഹന്‍ലാല്‍ രണ്ടാഴ്ച എടുത്തു എന്നു മാത്രം. തനിക്കതിന് പിന്നിലുള്ളവരെക്കുറിച്ച് ഒന്നും പറയാനില്ലെന്നും എടുത്തുപറഞ്ഞാണ് ലാല്‍ പ്രതികരിച്ചിരിക്കുന്നത്. മറ്റാരും പ്രതികരിക്കാത്തിടത്ത് താരം ധൈര്യമായി പ്രതികരിച്ചു എന്നാണ് മാധ്യമ വിലയിരുത്തല്‍. ആര്‍ക്കെതിരിയാണ് പ്രതികരിച്ചതെന്ന് മാത്രം മനസ്സിലാകുന്നില്ല. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെയാണോ? 

ക്വട്ടേഷന്‍ സംഘങ്ങള്‍ ജീവന് വിലയിടുന്ന ഈ കാലത്ത്  ഇക്കാര്യത്തില്‍ മോഹന്‍ലാലിന് ഉണ്ടായ അസ്വസ്ഥത നമുക്കും പങ്കുവെക്കാം. ഒപ്പം പണ്ട് സംവിധായകന്‍ വിനയന്‍ (ഇദ്ദേഹത്തിന് ക്വട്ടേഷന്‍ സ്വഭാവമുണ്ടെന്ന് താരവാദികള്‍ തിരിച്ചും ആക്ഷേപിച്ചിരുന്നു) പറഞ്ഞതു മറക്കാതിരിക്കുക.. മലയാള സിനിമയിലെ രണ്ട് ക്വട്ടേഷന്‍ സംഘങ്ങളുടെ തലവന്‍മാരാണത്രെ മമ്മൂട്ടിയും ലാലും. ക്വട്ടേഷന്‍ സംസ്‌ക്കാരം മലയാള സിനിമയില്‍ കൊണ്ടുവന്നതും ഇവരാണത്രെ. സംവിധായകര്‍ തൊട്ട് തിയേറ്റര്‍ ഉടമകള്‍ വരെ ഇക്കൂട്ടരെ ഭയക്കുന്നു. സുകുമാര്‍ അഴിക്കോടിനെതിരെ ലാലിന്റെ ഫാന്‍സുകാര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ഉദാത്തവും ശ് ളാഘനീയവുമായിരുന്നു! അദ്ദേഹം മരിച്ചപ്പോള്‍പോലും സൈബര്‍ലോകത്ത് ലാല്‍ ഫാന്‍സുകാര്‍ അഴീക്കോടിനെ കൊത്തിക്കീറി, ശപിച്ചു.

ലാലിനേയോ മമ്മൂട്ടിയേയോ കാര്യമായി വിമര്‍ശിച്ച് എന്തെങ്കിലും പറയുന്നവരെ ഈ ക്വട്ടേഷന്‍ സംഘം നോട്ടപ്പുള്ളികളാക്കും, ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തും. കൈകാര്യം ചെയ്യേണ്ടിടത്ത് അതിനും മടിക്കാറില്ല. ഇവരുടെ ചിത്രം റിലീസ ചെയ്യുന്ന ആദ്യ ദിവസങ്ങളില്‍ താരങ്ങള്‍ ചെല്ലും ചെലവും കൊടുത്തു പോറ്റുന്ന ഈ ടീം ദിവസക്കുലിക്ക് തിയേറ്റര്‍ നിറയ്ക്കും. എതിര്‍ താരത്തിന്റെ സിനിമയ്ക്ക്‌ കയറി കൂകി വിളിക്കും. പോസ്റ്റര്‍ കീറും, ചാണകമെറിയും. രാഷ്ട്രീയ കക്ഷികള്‍ ഗുണ്ടകളെ കൊണ്ട് ചെയ്യിക്കുന്നത് തന്നെയാണ് താരങ്ങളും ഫാന്‍സുകാരെ കൊണ്ട് ചെയ്യിക്കുന്നതെന്ന് പറഞ്ഞാല്‍ അതിയോക്തിയാവില്ല. സിനിമ ഫാന്‍സുകാര്‍ ഇതുവരെ ആരേയും കൊന്നിട്ടില്ല. പക്ഷെ ഈ മേഖലയിലും കാര്യമായ റിസള്‍ട്ട് അത്ര വൈകിയേക്കില്ല. ക്വട്ടേഷന്‍ സംസ്‌ക്കാരത്തെ ഇന്ന് താരങ്ങള്‍ വെറുത്തു തുടങ്ങിയെങ്കില്‍ ഗുണകരമായ മാറ്റം ഫാന്‍സുകാര്‍ എന്ന പേരിലറിയപ്പെടുന്ന അര്‍ദ്ധ-ക്രിമിനല്‍ സംഘത്തിനും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
 

അക്ഷയ ത്രിതീയ ആയാലും വേണ്ടില്ല മത്സ്യത്രിതീയ ആയാലും വേണ്ടില്ല സ്വന്തം കീശ വീര്‍ത്താല്‍ മതിയെന്ന് ചിന്തിക്കുന്നവര്‍ ദാര്‍ശനിക താരപ്രഭുക്കള്‍ വിലപിക്കുന്നു- "ഈ നാട് ജീവിക്കാന്‍ കൊള്ളില്ല!" അക്രമം ആഘോഷമാക്കുന്ന സിനിമകള്‍ സമൂഹത്തിലേക്ക് വലിച്ചെറിയുന്നവര്‍ തന്നെ ചോര കണ്ട് വിറങ്ങലിച്ചതായി അറിയിക്കുന്നു. ക്വട്ടേഷന്‍ ഫാന്‍സുകളെ കൊണ്ട് സിനിമാലോകത്തെ മര്യാദ പഠിപ്പിക്കുന്നവര്‍ തന്നെ ക്വട്ടേഷന്‍ സംസ്‌ക്കാരത്തെ തള്ളിപ്പറയുന്നു. സഹപ്രവര്‍ത്തകനെ വിലക്കിയും അവനെ തൊഴില്‍രഹിതനാക്കിയും അര്‍മാദിക്കുന്നവരും ഈ നാടിനെ കുറ്റം പറയുകയാണ്. നോക്കൂ, അവര്‍ പലതിനും വേണ്ടിയും കണ്ണീര്‍ കൊടുക്കുന്നു. ഈ നാട് അങ്ങനെയെങ്കിലും രോഗവിമുക്തി നേടട്ടെ എന്ന കരുണയോടെ.***

31 comments:

Salim PM said...

മോഹന്‍ലാലിന് ഒരു തുറന്ന കത്ത്

Sajnabur said...

ഇലക്ഷന്‍ തിരുവനന്തപുരതായത്ത് കൊണ്ടാണ് മോഹന്‍ലാലിന്‍റെ പ്രതികരണം വന്നത്. മറിച്ചു ഇലക്ഷന്‍ മലപ്പുരത്തായിരുന്നെകില്‍ താന്‍ അമ്മയെ ഓര്‍ത്തിട്ടോന്നും ഒരു കാര്യവുമില്ല എന്നും ആദ്ദേഹത്തിന്നു നല്ല പോലെ അറിയാം.

Roshan PM said...

വൈകി വന്ന മോഹന്‍ലാലിന്‍റെ പ്രതികരണത്തില്‍ ആത്മാര്‍ത്ഥയില്ലെന്ന് തോന്നുന്നെങ്കില്‍ അത് അവഗണിക്കുകയല്ലേ വേണ്ടത്. മറിച്ച് ഇങ്ങിനെ ഒരു പോസ്റ്റ്‌ ഇടുമ്പോള്‍ അത് വ്യക്തിവിദ്വേഷം തീര്‍ക്കാന്‍ ചെയ്യുന്ന പോലെയേ കാണാനാവൂ. ലാലിന്‍റെ പല പ്രവൃത്തികളും തെറ്റായിരുന്നുവെന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്, പക്ഷെ അത് പറയാന്‍ ഇത്ര കാത്തിരുന്നത് എന്തിന്?

മോഹന്‍ലാല്‍ വ്യത്യസ്ഥ കഥാപാത്രങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്ന ഒരു നടന്‍ മാത്രമാണ്, ഒരു സാമൂഹ്യപരിഷ്കര്‍ത്താവോ സാംസ്കാരികനായകനോ അല്ല. ചെയ്യുന്ന സിനിമകള്‍ സമൂഹത്തെ ഉദ്ധരിക്കാന്‍ ഉദ്ദേശിച്ച ചിത്രങ്ങളാവണം എന്നൊക്കെ ശഠിക്കുന്നത്, തികച്ചും ബാലിശവും അപ്രായോഗികവും ആയ ആവശ്യങ്ങളായി തോന്നി. യാതൊരു സാമൂഹ്യപ്രതിബദ്ധതയും ഉള്ള ഒരാളായി തോന്നിയിട്ടില്ല അദ്ധേഹം അഭിനയിച്ച പല പരസ്യ ചിത്രങ്ങളും കണ്ടപ്പോള്‍, പക്ഷെ അത് കൊണ്ട് അങ്ങേര്‍ക്ക് പ്രതികരിക്കാനുള്ള അവകാശം ഇല്ലെന്നോ, വേദന തോന്നാന്‍ പാടില്ലെന്നോ ഉണ്ടോ? അദ്ധേഹത്തിന് ഇഷ്ട്ടമുള്ളപ്പോള്‍ തോന്നുന്നവിധത്തില്‍ പ്രതികരിക്കാന്‍ ഉള്ള അവകാശം ഉണ്ടെന്ന് വിശ്വസിച്ച് കൊണ്ട് സഹതാപപൂര്‍വ്വം***

ചെകുത്താന്‍ said...

ചുമ്മാ ഒരു തമാശ എഴുതിയതാ ... മംഗലശ്ശേരി നീലകണ്ഠന്റെയും മകന്റെയും ആരാധകമാര്‍ വായിച്ചറിയാന്‍ മുണ്ടയ്ക്കല്‍ ശേഖരന്‍ എഴുതുന്നത്
തെറി കമന്റ് മുക്കി മുക്കി എന്റെ മൌസ് കേടായി

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട റോഷന്‍ PM,

ഹ ഹ...വ്യക്തിവിദ്വേഷമോ?? എനിക്കോ? ആരോട് മോഹന്‍ലാലിനോടോ? നല്ല തമാശ തന്നെ!!

അദ്ദേഹത്തിന് സാമൂഹികപ്രതിബന്ധതയില്ലെന്ന് താങ്കള്‍ തന്നെ പറയുന്നു. സാമൂഹികപരിഷ്‌ക്കര്‍ത്താവല്ലെന്ന് താങ്കള്‍ തന്നെ പറയുന്നു. നല്ല സിനിമ ചെയ്യുന്നത് ബാലിശവും അപ്രായോഗികവുമാണ് പറയുന്നു.

പ്രതികരണം വൈകി വന്നുവെന്ന് പറയുന്നു. എന്റെയാണോ?

ഈ ബ്‌ളോഗില്‍ സിനിമ സംബന്ധിയായ പ്രതികരണങ്ങളൊന്നും ഇതുവരെ ഇട്ടിട്ടില്ല. ഇനി ഇടാനും ഉദ്ദേശിക്കുന്നില്ല. എനിക്കത്ര താല്‍പര്യമുള്ള ഏരിയ അല്ലത്. പത്ത് വര്‍ഷത്തിന് മുമ്പായിരുന്നെങ്കില്‍ വേണ്ടില്ലായിരുന്നു.

പക്ഷെ ഇതൊരു സവിശേഷ സന്ദര്‍ഭമാണ്. അമ്മമാരെ താരതമ്യപ്പെടുത്തിക്കൊണ്ട് (വിധവയായ ഭാര്യയും പിതാവിനെ നഷ്ടപ്പെട്ട മകനും അദ്ദേഹത്തിന്റെ ശ്രദ്ധയിപ്പെട്ടതുമില്ല) മി. ലാല്‍ എഴുതിയെന്ന രീതിയില്‍ മഹത്വവല്‍ക്കരിച്ച വാര്‍ത്ത കണ്ടപ്പോള്‍ അരോചകമായി തോന്നി. സിനിമയിലും ജീവിതത്തിലും ക്വട്ടേഷന്‍ സംസ്‌ക്കാരം പിന്തുടരുന്നത് വിജയകരവും പ്രായോഗികവുമായേക്കാം. പക്ഷെ അത്തരത്തിലുള്ളവര്‍ ഞെട്ടുമ്പോള്‍ ബാക്കിയുള്ളവര്‍ കൂടെ ഞെട്ടണമെന്ന വാശി പാടില്ല.

മി.ലാലിന് വേദന തോന്നാന്‍ പാടില്ലെന്ന് ആരു പറഞ്ഞു? എന്തായാലും ഞാന്‍ പറഞ്ഞില്ല. വേദനയും തോന്നാം, പ്രസ്താവനയുമിറക്കാം. എന്നാല്‍ താരം ചിലയ്ക്കുമ്പോഴോക്കെ സല്യൂട്ട് ചെയ്യേണ്ട ബാധ്യത ഏറ്റെടുക്കാനാവില്ല. എനിക്ക് തോന്നിയത് ഞാന്‍ എഴുതി. അദ്ദേഹത്തിന് തോന്നിയത് അദ്ദേഹവും ചെയ്തിട്ടുണ്ടാവാം. അതില്‍ ആത്മാര്‍ത്ഥതയുണ്ടോ എന്നതൊക്കെ ഓരോരുത്തര്‍ക്കും തോന്നേണ്ട കാര്യമാണ്. എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു, താങ്കള്‍ക്ക് തോന്നിയത് താങ്കള്‍ പറഞ്ഞു-അതു തന്നെയാണ് ഒരു ജനാധിപത്യസമൂഹത്തില്‍ സംഭവിക്കേണ്ടത്. അത്രയക്കേ ഞാനിത് കാണുന്നുള്ളു. Thanks for the comment.

പിന്നെ, എന്നോട് സഹതാപം തോന്നിയത് അങ്ങയുടെ മനസ്സിന്റെ വലുപ്പം. കാലുഷ്യമൊന്നും തോന്നിയില്ലല്ലോ. ഭാഗ്യം! മാഷ ഡിങ്കന്‍ :(

NARENDRAN said...

ഉണ്ടിരിക്കുന്ന നായര്‍ക്കു ഒരു വിളി തോന്നിയതുപോലെ, പൊടുന്നനെ ലാലിന് വേദനിക്കുന്നു. അദ്ദേഹത്തിന്റെ വേദന നാടിന്റെ മൊത്തം വേദനയായി മാറുന്നു. പിന്നെ അതൊരു ചുഴലി കാറ്റായി നെയ്യാറ്റിന്‍കരയില്‍ കേന്ദ്രീകരിക്കുന്നു. ആ അശനിപാതത്തില്‍ സെല്‍വരാജ് വന്‍ ഭൂരിപക്ഷത്തിനു ജയിക്കുന്നു. ഇത്രയൊക്കയെ അദ്ദേഹം പ്രതീഷിച്ചു കാണുകയുള്ളൂ. T.P. യെ കൊന്നവര്‍ ആരായാലും, മാര്‍ക്സിസ്റ്റ്‌കാരായാലും ശിഷ്ഷിക്കപെടണം. എന്നാല്‍ ലാലിന്റെ കരച്ചില്‍ കണ്ട്‌ കൂടെ കരയാന്‍ കേരളം എന്താ സിനിമ കൊട്ടകയാണോ ? അദ്ദേഹം അല്പബുദ്ധി ആണെന്ന് പറഞ്ഞു കേട്ടിട്ടൊണ്ട്. ഇപ്പം ബോധ്യം ആയി, ആളൊരു തരികിട ആണെന്ന്. ......

അനില്‍ഫില്‍ (തോമാ) said...

ആദായ നികുതിക്കാര്‍ പിടിച്ച ആനക്കൊമ്പ് കേസ് ഒതുക്കി തീര്‍ത്തതിന്റെ പ്രത്യുപകാര സ്മരണ പ്രകാശിപ്പിച്ചതിന് താരത്തെ കുറ്റം പറയാന്‍ പാടുണ്ടോ?

ഒരു മാസം മുന്‍പ് ഇടുക്കിയില്‍ കോണ്‍ഗ്രസ് കാപാലികരുടെ കൊലക്കത്തിമുനയില്‍ പൊലിഞ്ഞുപോയ അനീഷ് എന്നൊരു വെള്ളി നക്ഷത്രം, അനീഷിനും അമ്മയുണ്ട് ആ അമ്മയേ ലാല്‍ ഓര്‍ക്കാഞ്ഞതെന്തേ???

Ajith said...

"മോഹന്‍ലാല്‍ വ്യത്യസ്ഥ കഥാപാത്രങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്ന ഒരു നടന്‍ മാത്രമാണ്, ഒരു സാമൂഹ്യപരിഷ്കര്‍ത്താവോ സാംസ്കാരികനായകനോ അല്ല. ചെയ്യുന്ന സിനിമകള്‍ സമൂഹത്തെ ഉദ്ധരിക്കാന്‍ ഉദ്ദേശിച്ച ചിത്രങ്ങളാവണം എന്നൊക്കെ ശഠിക്കുന്നത്, തികച്ചും ബാലിശവും അപ്രായോഗികവും ആയ ആവശ്യങ്ങളായി തോന്നി" . I too feel the same

Roshan PM said...

രവിചന്ദ്രന്‍ സര്‍ -

ഒരു വ്യക്തിയോട് ദേഷ്യം തോന്നാന്‍ നേരിട്ടറിയണം എന്നില്ലല്ലോ.

പ്രതികരണം വൈകിയെന്നു പറഞ്ഞത് താങ്ങളുടെത് അല്ല, മറിച്ച് താങ്ങളുടെ പ്രതികരണം അര്‍ഹിക്കുന്നില്ലായിരുന്നു എന്നാണ് ഞാന്‍ ഉദേശിച്ചത്‌. എന്‍റെ വരികള്‍ ഒരിക്കല്‍ കൂടി ഇവിടെ ഇടുന്നു.
"വൈകി വന്ന മോഹന്‍ലാലിന്‍റെ പ്രതികരണത്തില്‍ ആത്മാര്‍ത്ഥയില്ലെന്ന് തോന്നുന്നെങ്കില്‍ അത് അവഗണിക്കുകയല്ലേ വേണ്ടത്."

സാറിന്‍റെ താഴത്തെ വരികള്‍ എനിക്ക് മനസിലായില്ല. എന്തായാലും ലാലിനോടൊപ്പം ഞെട്ടാനോ, അങ്ങേരെ സലൂട്ട് ചെയ്യാനോ ഞാന്‍ വാശി പിടിച്ചിട്ടില്ല. :)
"ലാല്‍ ഞെട്ടുമ്പോള്‍ ബാക്കിയുള്ളവര്‍ കൂടെ ഞെട്ടണമെന്ന വാശി പാടില്ല. "
"താരം ചിലയ്ക്കുമ്പോഴോക്കെ സല്യൂട്ട് ചെയ്യേണ്ട ബാധ്യത ഏറ്റെടുക്കാനാവില്ല"

മോഹന്‍ലാലിന്‍റെ പല മുന്‍കാല നിലപാടുകളും, നിലപാടില്ലായ്മയും കൊണ്ട് അങ്ങേരോട് എനിക്ക് വലിയ മതിപ്പില്ല. അതെ സമയം അദ്ദേഹം നല്ല ഒരു നടനാണ് എന്ന ബോധ്യവും ഉണ്ട്. ലാലിന്‍റെ ഈ കുറിപ്പ് കണ്ടപ്പോള്‍ സത്യത്തില്‍ ചിരിയാണ് വന്നത്, കമ്മുണിസ്റ്റ്കാരന്‍ അല്ലാത്തത് കൊണ്ടാവാം ദേഷ്യം തോന്നാതിരുന്നത്. അത് കൊണ്ട് തന്നെയാവാം ലാലിനെ ക്വട്ടേഷന്‍ സ്വഭാവമുണ്ടെന്ന് തോന്നാതിരുന്നതും. ഇവിടെ ഇങ്ങിനെ ഒരു കമന്‍റ് ഇടാന്‍ കാരണം, ഈ വിഷയത്തില്‍ ഇങ്ങിനെയൊരു പോസ്റ്റ്‌ താങ്ങളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കാത്തത് കൊണ്ട് മാത്രമാണ്.

ഇത്തരം കഥയില്ലാത്ത പോസ്റ്റ്‌ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ് തുടങ്ങിയ ഞാനാണല്ലോ ഡിങ്കാ, ഇപ്പോള്‍ ഇതില്‍ കമന്റ് ഇട്ട് നിറക്കുന്നത്. അനാവശ്യമായ തല്ല്കൂടല്‍ എന്‍റെയൊരു ലഹരിയാണ്, ഞാന്‍ ഇതോടെ ഒഴിവായേ. എന്‍റെ മണ്ടത്തരങ്ങള്‍ പറയാനുള്ള സ്വതന്ത്ര്യം ഈ ജനാധിപത്യബ്ലോഗിലും അനുവദിച്ച് തന്ന കാലുഷ്യമില്ലാത്ത ആ മനസിന് നന്ദി. "എന്‍റെ ബ്ലോഗില്‍, എനിക്ക് ഇഷ്ട്ടമുള്ള വിഷയത്തില്‍, എന്‍റെ ഇഷ്ട്ടം പോലെ എഴുതും. നീയൊക്കെ വേണമെങ്കില്‍ വായിച്ചാല്‍ മതി" എന്നൊന്നും പറഞ്ഞില്ലല്ലോ :)

നന്ദി

രവിചന്ദ്രന്‍ സി said...

പ്രിയ റോഷന്‍,

ഞാന്‍ സിനിമാരാഷ്ട്രീയത്തില്‍ തല്‍പ്പരനല്ല. ഇത്തരം വിഷയം ഈ ബ്ളോഗില്‍ വന്നിട്ടുമില്ല. എന്നെ ആകര്‍ഷിക്കുന്ന ഒരു സംഗതി ഇതിലുണ്ട്. അതാണ് ഞാന്‍ എഴുതാന്‍ കാരണം. ഇന്ന് കേരള സമൂഹം കറുപ്പിക്കുന്നതില്‍ പല സിനിമാതാരങ്ങള്‍ക്കും വലിയൊരു പങ്കുണ്ട്. സര്‍വ ജാതി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്ന് വാണിജ്യവല്‍ക്കരിക്കുന്നത് സിനിമാതാരങ്ങളിലൂടെയാണ്. സപ്താഹം-പൊങ്കാല-പെരുന്നാള്‍ -അക്ഷരത്രിതീയ-സ്വര്‍ണ്ണമോഹം-മദ്യാപനം- മന്ത്രവാദം തുടങ്ങി സര്‍വ മതകോപ്രായങ്ങളും അനാചാരങ്ങളും വിറ്റഴിക്കാന്‍ താരങ്ങള്‍ സ്വന്തം പ്രശസ്തി ഉപയോഗിക്കുന്നു. ദ്രവ്യലാഭവും പ്രശ്‌സ്തിയും മാത്രമാണവരുടെ ലക്ഷ്യം. ജനകീയതയും പ്രശസ്തിയും സമൂഹത്തെ പിന്നോട്ടടിക്കാന്‍ ഉപയോഗിക്കുന്ന ഇത്തരം വ്യക്തികളോട് എനിക്ക് മമത കുറവാണ്. ലാല്‍ ഈ മേഖലയില്‍ മുന്നിലാണ്. താരങ്ങള്‍ക്ക് സാമൂഹികപ്രതിബദ്ധത ഉണ്ടാവണമെന്ന വാശി എനിക്കില്ല. പക്ഷെ പിച്ച കൊടുത്തില്ലെങ്കിലും പട്ടിയെ വിട്ട് കടിപ്പിക്കാതിരിക്കാനുള്ള സന്മനസ്സ് അവര്‍ കാട്ടണമെന്ന് ആഗ്രഹിച്ചു പോകുന്നു.

നടന്‍ എന്ന നിലയില്‍ ഞാന്‍ മലയാളത്തില്‍ ഇഷ്ടപെടുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തികളില്‍ ഒരാളാണ് മോഹന്‍ലാല്‍ . ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങള്‍ പ്രൊഫൈലില്‍ കൊടുത്തിരിക്കുന്നത് നോക്കൂ. താഴ്വാരം, ചെങ്കോല്‍ , കിരീടം..... പലതും ലാല്‍ ചിത്രങ്ങളാണ്. പക്ഷെ വ്യക്തി എന്ന നിലയില്‍ എനിക്ക് റോഷനെപ്പോലെ തന്നെ പുള്ളിയോട് വലിയ മതിപ്പില്ല. പക്ഷെ അത് വ്യക്തിവിദ്വേഷമല്ല. ആശയപരമായ വിയോജിപ്പാണ്. ലാലിന്റെ കുറിപ്പ് കണ്ടപ്പോള്‍ താങ്കള്‍ക്കുണ്ടായ അതേ ചിരിയാണ് എനിക്കുമുണ്ടായത്. എന്റെ കോളേജില്‍ നിന്നും പിള്ളേരെ ഉത്ഘാടനദിവസം സിനിമാ ഫാന്‍സുകാര്‍ കൊണ്ടു പോകുന്നത് കണ്ടിട്ടുണ്ട്. പൊരിവെയിലത്ത് ദിവസക്കൂലി വാങ്ങിയാണ് അവരില്‍ പലരും തെരുവ് നിറയ്ക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ ഉള്ള ഒരു തരം അസ്വസ്ഥത. ഇത്തരം ആളുകള്‍ വിലാപകാവ്യങ്ങള്‍ ചമയക്കുമ്പോള്‍ അവരത്ര ശ്രേഷ്ഠ മാതൃകകളല്ല എന്നു പറയാന്‍ തന്നെയാണ് എനിക്ക് താല്‍പര്യം. ശാസ്ത്രബോധവും അന്വേഷണത്വരയും പോഷിപ്പിക്കാന്‍ യത്‌നിക്കുന്ന ഒരു നാസ്തികനെന്ന നിലയില്‍ സ്വഭാവികമായും ലാലിനെപ്പോലുള്ളവരുടെ മോശം സ്വാധീനത്തെ വിമര്‍ശിക്കേണ്ടി വരുന്നു.

nas said...

ഇതില്‍ രവിചന്ദ്രന്‍ സര്‍ മനപൂര്‍വമോ അല്ലാതെയോ പറയാന്‍ വിട്ടുപോയ ചില കാര്യങ്ങളും ഉണ്ട്.സിനിമ രംഗത്തെ ഗുണ്ടകളുടെ സാന്നിദ്ധ്യം, വഞ്ചന തുടങ്ങിയവ.അതിലേക്കൊക്കെ പോകാന്‍ തുനിഞ്ഞാല്‍ TP യുടെ കൊലപാതകം ഒരു സാദ കൊലപാതകം ആണ് എന്ന് തോന്നിയേക്കാം.സൂര്യന്‍ ഒരു ഇടത്തരം പ്രഭാത നക്ഷത്രം ആണെന്ന് പറയുന്നത് പോലെ.അതുപോലെ തന്നെ അനാവശ്യമായി മദ്യപാന രംഗങ്ങള്‍ നിറച്ചു കേരളത്തെ ഒരു മിനി ബാര്‍ ആക്കുന്നതില്‍ സിനിമാക്കാരും താരങ്ങളും വഹിക്കുന്ന പങ്കും വളരെ വലുതാണ്‌.ബിഗ്‌ ബജറ്റ് ഇംഗ്ലീഷ് ഹിന്ദി സിനിമകള്‍ എടുത്താല്‍ കാര്യം വ്യക്തമാകും.മദ്യത്തോട് യാതൊരു അലര്‍ജിയും ഇല്ലാത്ത അവര്‍ കഥയില്‍ ആവശ്യം ഉണ്ടെങ്കില്‍ മാത്രമേ അത്തരം രംഗങ്ങള്‍ ഉള്പെടുതൂ.എന്നാല്‍ മലയാള സിനിമയില്‍ ഒരു മദ്യപാന രംഗം ഇല്ലെങ്കില്‍ എന്തോ കുറവ് പോലെയാണ് ഇവര്‍ കാണുന്നത്.മാത്രമല്ല മോഹന്‍ലാല്‍ സ്റ്റേജില്‍ രണ്ടു കാലില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന സീനും യുടുബില്‍ ഉണ്ട്.അങ്ങനെ പല കാര്യത്തിനും മാതൃക ആയ കുട്ടികളുടെ "ലാലേട്ടന്‍" പോലുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് അവര്‍ നില്‍ക്കുന്ന ഇടം തന്നെ ഒന്ന് തൂത് വരാന്‍ ശ്രമിച്ചാല്‍ ആ ഫീല്‍ഡില്‍ എങ്കിലും നടക്കുന്ന ചതിക്കും വന്ച്ചനക്കും ഗുണ്ടായിസത്തിനും ഒരല്പം കുറവെങ്കിലും ഉണ്ടാക്കിക്കൂടെ? വല്ലവനെയും വിമര്‍ശിക്കാന്‍ എളുപ്പമാണല്ലോ അല്ലെ? മതങ്ങളെ പോലെ തന്നെ.......:)

thariq said...

///....മോഹന്‍ലാല്‍ വ്യത്യസ്ഥ കഥാപാത്രങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്ന ഒരു നടന്‍ മാത്രമാണ്, ഒരു സാമൂഹ്യപരിഷ്കര്‍ത്താവോ സാംസ്കാരികനായകനോ അല്ല. .../////

സിനിമ എന്നത് സമൂഹത്തെയും സംസ്കാരത്തെയും പരിവര്‍ത്തിപ്പിക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ്. നടന്മാര്‍ -പ്രത്യേകിച്ച് മുഖ്യ താരങ്ങള്‍- ആ അര്‍ത്ഥത്തില്‍ ഒരു സാമൂഹ്യ ഇടപെടല്‍ നടത്തുന്ന ആള്‍ കൂടിയാണ്. തന്റെ ആവിഷ്കാര മാധ്യമം ആയ സിനിമയിലൂടെ ആയാലും അതിന്റെ വിപണന രീതികളില്‍ ആയാലും സമൂഹത്തിനോ സംസ്കാരത്തിനോ ഗുണപരമായി ഭവിക്കുന്ന രീതിയില്‍ ഇടപെട്ടില്ലെങ്കിലും അതിനെ പരുക്കെല്‍പ്പിക്കുന്ന തരത്തില്‍ ഇടപെടാതിരിക്കാന്‍ ഉള്ള ബാധ്യത അവര്‍ക്കും ഉണ്ട്. ഇതൊന്നും ചെയ്യാതെ രാവിലെ സ്വര്‍ണ്ണം വാങ്ങാനും വൈകീട്ട് അത് പണയം വെക്കാനും പറയുന്നവന്‍ ഒരു സുപ്രഭാതത്തില്‍ ഇത്തരം വെളിപാടുകള്‍ ഇറക്കുമ്പോള്‍ അതിന്റെ ആത്മാര്‍ഥത സംശയിക്കപ്പെടും; ചോദ്യം ചെയ്യപ്പെടും.
അതില്‍ വ്യക്തിപരത ഒട്ടും ഇല്ല.

///...ചെയ്യുന്ന സിനിമകള്‍ സമൂഹത്തെ ഉദ്ധരിക്കാന്‍ ഉദ്ദേശിച്ച ചിത്രങ്ങളാവണം എന്നൊക്കെ ശഠിക്കുന്നത്, തികച്ചും ബാലിശവും അപ്രായോഗികവും ആയ ആവശ്യങ്ങളായി തോന്നി. .../////

സിനിമകള്‍ സമൂഹത്തെ ഉദ്ധരിക്കാന്‍ ഉദ്ദേശിക്കുന്നവ ആവണം എന്ന് ഒരാള്‍ ആഗ്രഹിച്ചാല്‍ അത് ബാലിശം ആവുന്നത് എങ്ങിനെ എന്ന് മനസ്സിലായില്ല. ഇത് ഒരു അപ്രായോഗികം ആയ ആവശ്യവും അല്ല. ലോക സിനിമയുടെ ഭൂതകാല ചരിത്രം അങ്ങിനെ അല്ല.

ഒരു കാര്യം ശഠിക്കേണ്ടത് തന്നെയാണ്; സിനിമ ഒരിക്കലും അക്രമത്തെയോ തിന്മാകളെയോ ജാതി-മത -വംശീയ മൂല്യങ്ങലെയോ ഒക്കെ ഉയര്‍ത്തി കാണിക്കുന്ന ഒന്നാവരുത്. ഈ പരിസരത്തില്‍ നിന്ന് കൊണ്ട് ലാല്‍ സിനിമകളെ നോക്കി കണ്ടു കൊണ്ട് തന്നെയാവണം രവിചന്ദ്രന്‍ മാഷ്‌ ഇത്തരം ഒരു പ്രതികരണം നടത്തിയത് എന്ന് വിചാരിക്കുന്നു. അതിനു പ്രസക്തിയും ഉണ്ട്.

thariq said...

///....മോഹന്‍ലാല്‍ വ്യത്യസ്ഥ കഥാപാത്രങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്ന ഒരു നടന്‍ മാത്രമാണ്, ഒരു സാമൂഹ്യപരിഷ്കര്‍ത്താവോ സാംസ്കാരികനായകനോ അല്ല. .../////

സിനിമ എന്നത് സമൂഹത്തെയും സംസ്കാരത്തെയും പരിവര്‍ത്തിപ്പിക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ്. നടന്മാര്‍ -പ്രത്യേകിച്ച് മുഖ്യ താരങ്ങള്‍- ആ അര്‍ത്ഥത്തില്‍ ഒരു സാമൂഹ്യ ഇടപെടല്‍ നടത്തുന്ന ആള്‍ കൂടിയാണ്. തന്റെ ആവിഷ്കാര മാധ്യമം ആയ സിനിമയിലൂടെ ആയാലും അതിന്റെ വിപണന രീതികളില്‍ ആയാലും സമൂഹത്തിനോ സംസ്കാരത്തിനോ ഗുണപരമായി ഭവിക്കുന്ന രീതിയില്‍ ഇടപെട്ടില്ലെങ്കിലും അതിനെ പരുക്കെല്‍പ്പിക്കുന്ന തരത്തില്‍ ഇടപെടാതിരിക്കാന്‍ ഉള്ള ബാധ്യത അവര്‍ക്കും ഉണ്ട്. ഇതൊന്നും ചെയ്യാതെ രാവിലെ സ്വര്‍ണ്ണം വാങ്ങാനും വൈകീട്ട് അത് പണയം വെക്കാനും പറയുന്നവന്‍ ഒരു സുപ്രഭാതത്തില്‍ ഇത്തരം വെളിപാടുകള്‍ ഇറക്കുമ്പോള്‍ അതിന്റെ ആത്മാര്‍ഥത സംശയിക്കപ്പെടും; ചോദ്യം ചെയ്യപ്പെടും.
അതില്‍ വ്യക്തിപരത ഒട്ടും ഇല്ല.

///...ചെയ്യുന്ന സിനിമകള്‍ സമൂഹത്തെ ഉദ്ധരിക്കാന്‍ ഉദ്ദേശിച്ച ചിത്രങ്ങളാവണം എന്നൊക്കെ ശഠിക്കുന്നത്, തികച്ചും ബാലിശവും അപ്രായോഗികവും ആയ ആവശ്യങ്ങളായി തോന്നി. .../////

സിനിമകള്‍ സമൂഹത്തെ ഉദ്ധരിക്കാന്‍ ഉദ്ദേശിക്കുന്നവ ആവണം എന്ന് ഒരാള്‍ ആഗ്രഹിച്ചാല്‍ അത് ബാലിശം ആവുന്നത് എങ്ങിനെ എന്ന് മനസ്സിലായില്ല. ഇത് ഒരു അപ്രായോഗികം ആയ ആവശ്യവും അല്ല. ലോക സിനിമയുടെ ഭൂതകാല ചരിത്രം അങ്ങിനെ അല്ല.

ഒരു കാര്യം ശഠിക്കേണ്ടത് തന്നെയാണ്; സിനിമ ഒരിക്കലും അക്രമത്തെയോ തിന്മാകളെയോ ജാതി-മത -വംശീയ മൂല്യങ്ങലെയോ ഒക്കെ ഉയര്‍ത്തി കാണിക്കുന്ന ഒന്നാവരുത്. ഈ പരിസരത്തില്‍ നിന്ന് കൊണ്ട് ലാല്‍ സിനിമകളെ നോക്കി കണ്ടു കൊണ്ട് തന്നെയാവണം രവിചന്ദ്രന്‍ മാഷ്‌ ഇത്തരം ഒരു പ്രതികരണം നടത്തിയത് എന്ന് വിചാരിക്കുന്നു. അതിനു പ്രസക്തിയും ഉണ്ട്.

jaikishan said...

പോസ്റ്റ്‌ വായിച്ചതില്‍ നിന്ന് എനിക്ക് മനസിലായ കാര്യങ്ങള്‍ കുറിക്കട്ടെ-1.സിനിമാക്കാര്‍ ബുദ്ധി ജീവികള്‍ ആവേണ്ട(കേരളത്തില്‍)മരം ചുറ്റിയും,പാട്ട് പാടിയും കേട്ടിപിടിച്ചുമൊക്കെ അങ്ങ് കഴിഞ്ഞാ മതി .ഈ വക കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ഞങ്ങളൊക്കെ ഉണ്ട് (;ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ കോളെജ് പ്രോഫെസ്സ്രെനമാര്‍,എഴുത്തുകാര്‍ പരിഷത്തുകാര്‍ സൊ കാള്‍ഡ് ബുദ്ധി ജീവികള്‍..).സിനിമാക്കാര്‍ മിണ്ടിയാല്‍ വിമര്‍ശിച്ചു മൂലയ്ക്ക് ഇരുത്തും...ഊളന്മാര്‍
2.ജനാധിപത്യം ജനാധിപത്യം എന്നൊക്കെ എല്ലാവരും പറയുന്നു,വ്യത്യസ്ഥ അഭിപ്രായം പറയുന്നവനെ സഹിക്കാന്‍ കഴിയുക ഒരു വല്യ കാര്യമാണ്.ഗുണകരമായ കാര്യം എന്‍ പുറം നീ ചൊറി;നിന്പുറം ഞാന്‍ ചൊറിയാം

രവിചന്ദ്രന്‍ സി said...

പ്രിയപ്പെട്ട ജയ്കൃഷ്ണന്‍,

താങ്കള്‍ക്ക് മനസ്സിലായ കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ല. അതൊക്കെ അവനവന്‍ സ്വയം എത്തിച്ചേരേണ്ട നിഗമനങ്ങളാണ്. ഈ രാജ്യത്ത് താരാരാധനയ്ക്ക് ആര്‍ക്കും സ്വതന്ത്ര്യമുണ്ട്. അഭിപ്രായം പറയുന്നതിനെ വിമര്‍ശിച്ചാല്‍ സഹിഷ്ണതയുള്ള ഉണ്ണികുട്ടന്‍മാര്‍ എന്താണ് ചെയ്യുക? വിമര്‍ശിക്കുന്നവരെല്ലാം സഹിഷ്ണുത ഇല്ലാത്തവരാണെന്ന് വന്നാല്‍ വിമര്‍ശനം എന്ന കല തന്നെ ലോകത്ത് നിന്ന് നീക്കേണ്ടതാണ്. താരം പറയുമ്പോള്‍ പഞ്ചപുച്ഛമടക്കി കേട്ടുകൊണ്ടിരിക്കുന്ന സുകുമാരകലയാണ് സഹിഷ്ണുത! താര ഫാന്‍സുകാരുടെ പക്കല്‍ മാത്രമാണ് ഈ വസ്തുവുള്ളത്. താരം ക്വട്ടേഷന്‍ സംസ്‌ക്കാരത്തെ പോഷിപ്പിക്കുന്നുവെന്ന് ബോധ്യപ്പട്ടാല്‍ അത് ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അത് മോഹന്‍ലാലകട്ടെ, ബാബുരാജാകട്ടെ, വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പറയാം.

ബുദ്ധിയില്ലാത്ത ആരുമില്ല. അതുപയോഗിക്കുന്നതില്‍ നാണക്കേടും വേണ്ട. സില്‍ക്ക് സ്മിതയായാലും മോഹന്‍ലാലായാലും ആരാധിക്കാനും ചാവേറാകാനും ജയ്കൃഷ്ണന് ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഞാനതിനെ മാനിക്കുന്നു. സിനിമക്കാര്‍ പറയുന്നത് മാത്രം താങ്കള്‍ പരിഗണിച്ചാല്‍ മതി . ബാക്കിയൊക്കെ വിട്ടേരെ.

താരത്തെ വിമര്‍ശിക്കാന്‍ ആരാധകവൃന്ദത്തിന് പുറത്തുള്ളവര്‍ക്ക് അവകാശമുണ്ട്. ഒപ്പം താരത്തെ വിമര്‍ശിക്കുന്നവരെ വിമര്‍ശിക്കാന്‍ താങ്കള്‍ക്കും അവകാശമുണ്ട്. അക്രമത്തെയും കൊലപാതകത്തേയും തള്ളിപ്പറയാന്‍ മോഹന്‍ലാലിനും മജ്ഞു വാര്യര്‍ക്കും പട്ടം സദനും തയ്യാറായാല്‍ മെരിറ്റ് നോക്കി കയ്യടിക്കും. അതേ അക്രമവും ഗുണ്ടായിസവും സിനിമയിലേക്ക് സന്നിവേശിപ്പിക്കാനും സിനിമ വഴി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കണമെന്ന് ഇക്കൂട്ടര്‍ തന്നെ വാശി പിടിച്ചാല്‍ എതിരഭിപ്രായവും ഉണ്ടാകും. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.

Unknown said...
This comment has been removed by the author.
Anonymous said...

നാട്ടില്‍ നടന്ന അതിനിഷ്ടൂരമായ കൊലപാതകത്തെ ലാല്‍ അപലപിച്ചു. അതിനു അദ്ദേഹത്തിന് അവകാശമുണ്ട്.ഇവിടെ രവിയെ ചൊടിപ്പിച്ചത്, ഈ നാട് ജീവിക്കാന്‍ കൊള്ളില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതാണ് കൂട്ടരേ.രാജാവ് നഗ്നന്‍ ആണെന്ന് കുട്ടി പറഞ്ഞത് പോലെ.ഒരു നഗ്ന സത്യം ലാല്‍ വിളിച്ചു പറഞ്ഞതില്‍ അദ്ദേഹത്തെ ക്രൂഷിക്കുന്നതെന്തിനു? ദൈവത്തിന്റെ സ്വന്തം നാടാണത്രേ ...ഇല്ലാത്ത കാര്യത്തില്‍ അഭിമാനം കൊണ്ടിട്ടെന്തിനു?.

ChethuVasu said...

ലാലേട്ടന്‍ എന്നാ നടന്റെസിനിമകള്‍ കണ്ടു വളര്‍ന്ന കുട്ടിക്കാലം എനിക്കുണ്ട് ... ഒരു പക്ഷെ എന്റെയും സുഹൃത്തുക്കളുടെയും വ്യക്ത്വിത്വ രൂപീകരണത്തില്‍ വരെ ആ സിനിമകള്‍ (മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട്, ശ്രീനി -പ്രിയന്‍ ) സ്വാധീനം ചോലുത്തിയിട്ടുന്ടെന്നു ഉറപ്പു ! എന്റെ ഭാഗ്യത്തിന് , അന്ന് ഇറങ്ങിയത്‌ താരതമ്യേന മനുഷ്യ സ്നേഹം ഊന്നിപ്പറയുന്ന ചിത്രങ്ങള്‍ ആയിരുന്നു .. എന്നാല്‍ പില്‍ക്കാലത്ത്‌ സവാരി ഗിരിയും ഗുണ്ടാ മോഡല്‍ സിനിമകളും ആണ് ഇറങ്ങിക്കണ്ടത് ..അത് കണ്ടു വളര്‍ന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ ഇരുപതും ഇരുപത്തഞ്ചും വയസ്സായിക്കാനും .. എങ്ങനെ ആണ് അവരെ സിനികള്‍ സ്വാധീനിചിട്ടുല്ലതെന്നു പറയേണ്ട കാര്യമില്ല .

ഇവിടെ സമൂഹത്തില്‍ പെട്ടെന്ന് കൈ വന്ന അതിരറ്റ പണം - അതിലൂടെ വളര്‍ന്ന അക്രമ പ്രവണതക്ക് സൈക്കോളജിക്കല്‍ ബാക്ക് അപ് കൊടുത്തത് തീര്‍ച്ചയായും സിനിമകള്‍ ആണ് .. കുടുംബ പ്രേക്ഷകരെ തിയ്യേറ്ററില്‍ നിന്ന് ഓടിച്ചു വിട്ടതും ഇവന്മാര്‍ തന്നെ .താന്‍ ചെയ്യുന്നതെന്താണ്‌ എന്ന് തനിക്കറിയില്ല എന്ന് പറഞ്ഞു ഒരാള്‍ക്ക്‌ കണ്ണടക്കാം.. ഞാന്‍ ഒന്നും അറിഞ്ഞതല്ല എന്ന് പറഞ്ഞു ..പക്ഷെ സമൂഹത്തില്‍ അതി സൃഷ്ടിച്ച മാറ്റങ്ങള്‍ - അത് എളുപ്പം പോകില്ല ..!

Anonymous said...

നാട്ടില്‍ നടന്ന അതിനിഷ്ടൂരമായ കൊലപാതകത്തെ ലാല്‍ അപലപിച്ചു. അതിനു അദ്ദേഹത്തിന് അവകാശമുണ്ട്.ഇവിടെ രവിയെ ചൊടിപ്പിച്ചത്, ഈ നാട് ജീവിക്കാന്‍ കൊള്ളില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതാണ് കൂട്ടരേ.രാജാവ് നഗ്നന്‍ ആണെന്ന് കുട്ടി പറഞ്ഞത് പോലെ.ഒരു നഗ്ന സത്യം ലാല്‍ വിളിച്ചു പറഞ്ഞതില്‍ അദ്ദേഹത്തെ ക്രൂഷിക്കുന്നതെന്തിനു? ദൈവത്തിന്റെ സ്വന്തം നാടാണത്രേ ....ഇല്ലാത്ത കാര്യത്തില്‍ അഭിമാനം കൊള്ളണോ?

സുരേഷ് ബാബു വവ്വാക്കാവ് said...

സിനിമയിൽ അഭിനയിക്കുന്നത് ആരെയും സ്വാധീനിക്കുവാനല്ല എന്ന് എല്ലാവർക്കുമറിയാം. പക്ഷെ പരസ്യങ്ങളിൽ അഭിനയിക്കുന്നത് സ്വാധീനിക്കുവാൻ തന്നെയാണ്. വൈകിട്ടെന്താ പരിപാടിയെന്ന് ചോദിക്കുന്നത് പരിപാടിയൊന്നുമില്ലെങ്കിൽ നാരങ്ങാവെള്ളം കുടിക്കാൻ പറയാനല്ല. രവിചന്ദ്രൻ മാഷ് എഴുതിയത് തെറ്റാണെന്ന് എങ്ങനെ പറയാനാവും.

Anonymous said...

സിനിമയിൽ അഭിനയിക്കുന്നതും പരസ്യങ്ങളിൽ അഭിനയിക്കുന്നതും കാശിനു വേണ്ടിയാണ് സുരേഷേ.അതിനപ്പുറം വേറെ ന്യായീകരണങ്ങള്‍ കണ്ടെത്തി സ്വയം ഇളിഭ്യരാകുന്ന നിങ്ങള്‍ മണ്ടന്മാര്‍.

Unknown said...

നാട്ടില്‍ നടക്കുന്ന സംഭവങ്ങളേപ്പറ്റി അഭിപ്രായങ്ങള്‍ എഴുതാനുള്ള യോഗ്യതാ പരീക്ഷ എവിടെയാണുള്ളത്. ഏത് യൂണിവേര്സിറ്റിയിലാണെന്നും ഏത് പ്രഫസറാണത് പഠിപ്പിക്കുന്നതെന്നും അറിയാവുന്നവര്‍ പറഞ്ഞു തരാമോ. യോഗ്യത ഇലാതെ അഭിപ്രായം എഴുതിയാല്‍ ഇനി ജയിലില്‍ പോകേണ്ടി വരുമോ. എന്റെ ഈശ്വരന്‍മാരേ.

രവിചന്ദ്രന്‍ സി said...

നാട്ടില്‍ നടക്കുന്ന സംഭവങ്ങളെപ്പറ്റി വരുന്ന അഭിപ്രായങ്ങളെ വിമര്‍ശിക്കാനുള്ള യോഗ്യതാപരീക്ഷ എവിടെയാണുള്ളത്? ഏത് യൂണിവേഴ്‌സിറ്റിയിലാണെന്നും ഏത് പ്രൊഫസറാണത് പഠിപ്പിക്കുന്നതെന്നും അറിയാവുന്നവര്‍ പറഞ്ഞുതരുമോ? യോഗ്യതയില്ലാതെ വിമര്‍ശനം എഴുതിയാല്‍ ഇനി ജയിലില്‍ പോകേണ്ടി വരുമോ? എന്റെ ഡിങ്കാ....

രവിചന്ദ്രന്‍ സി said...

' 31. ബുദ്ധന് നേരെ വലിച്ചറിഞ്ഞ കല്ല്‌'

പണ്ഡിറ്റ് said...

മോഹന്‍ ലാല്‍ അഭിനയത്തൊഴിലാളി മാത്രമാണെന്നറിയാത്ത പ്രൊഫസര്‍മാരുടെ കാലം. തിരക്കഥയെഴുതുന്ന ആളും സംവിധായകനും പറയുന്നതുപോലെ അഭിനയിക്കലണൊരഭിനേതാവിന്റെ കടമ എന്നറിയുന്ന ആരും സിനിമയിലെ പരാമര്‍ശങ്ങള്‍ക്കും ചിത്രീകരണങ്ങള്‍ക്കും അഭിനേതാവിനെ കുറ്റപ്പെടുത്തില്ല. പരസ്യ ചിത്രവും നിര്‍മ്മിക്കുന്നതോ സംവിധാനം ചെയ്യുന്നതോ അഭിനേതാവല്ല. ഇതൊന്നും അറിയാത്ത കിഴങ്ങന്‍മാരേ ഈ വിഷയത്തില്‍ അഭിനേതാക്കളെ കുറ്റം പറയൂ.

ഒരരും കൊല നടന്നിട്ട് അഴ്ചകളായി. ഇതുവരെ അതിനെതിരെ പ്രതികരിക്കാത്തവര്‍ ഇപ്പോള്‍ മോഹന്‍ ലാല്‍ പ്രതികരിച്ചതിനോട് പ്രതികരിക്കുന്നതിന്റെ അജണ്ട എന്താണ്. മോഹന്‍ ലാല്‍ അമ്മയുടെ ദുഖത്തിലേ പങ്കു ചേര്‍ന്നുള്ളൂ, മകന്റെയും ഭാര്യയുടെയും ദുഖത്തില്‍ പങ്കു ചേര്‍ന്നില്ല എന്ന രവിചന്ദ്രന്റെ അഭിപ്രായം പരിഗണന പോലുമര്‍ഹിക്കുന്നില്ല. എല്ലാവരുടെയും ദുഖത്തില്‍ പങ്കുചേര്‍ന്നാലേ ദുഖമാകൂ എന്ന വിചിത്ര നിര്‍ബന്ധമാണങ്ങോര്‍ക്ക്. ഈ കൊലപാതകം അദ്യം സി പി എം ആരോപിച്ച പോലെ മത തീവ്രവദികളായിരുന്നു നടത്തിയതെങ്കില്‍ ഇപ്പോള്‍ തന്നെ നാലു പോസ്റ്റുകള്‍ എഴുതുമായിരുന്നു. അതും എല്ലാ മതങ്ങളെയും അധിക്ഷേപിച്ചു കൊണ്ടും. യുക്തിവാദികളൊക്കെ മൌനത്തിലൊളിച്ചപ്പോള്‍ മോഹന്‍ ലാലെങ്കിലും അദ്ദേഹത്തിന്റേതായ രീതിയില്‍ പ്രതികരിച്ചല്ലോ.

രവിചന്ദ്രന്‍ സി said...

അതെയതെ പ്രതികരണം ബഹുകേമമായിട്ടുണ്ട്. സ്വന്തം നിലയില്‍ ഫാന്‍സ് ക്വട്ടേഷന്‍ ടീമുകളുമായി നടക്കുന്ന ഒരാള്‍ ക്വട്ടേഷന്‍ സംസ്‌ക്കാരത്തിനെതിരെ പ്രതികരിച്ചത് ക്വട്ടേഷന്‍ ടീമുകളെ മൊത്തത്തില്‍ നിരാശപ്പെടുത്തിയുണ്ടാവണം. മോഹന്‍ലാല്‍ പണം പറ്റി പ്രതിലോമ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതോ പണം പറ്റി മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതോ സ്വന്തം നിലയില്‍ പെണ്ണുപിടിക്കുന്നതോ ഒന്നും ഇവിടെ വിഷയമല്ല. ഒരു കാപട്യബോധനത്തിനെതിരെ എന്റെ അഭിപ്രായം പറഞ്ഞു അത്ര തന്നെ. അതൊക്കെ ഫാന്‍സ് അസ്സോസിയേഷന്‍ അറ്റസ്റ്റ് ചെയ്ത് തരണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പിന്നെ മുസ്‌ളീം മതതീവ്രവാദികള്‍ ഇത് ചെയ്തിരുന്നെങ്കിലും സമാനമായി അഭിപ്രായം പറയും. കാരണം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണത്.

ഒരാള്‍ ചെയ്യുന്നത് മറ്റൊരാളുടെ അധമപ്രവര്‍ത്തി ന്യായീകരിക്കാനായി ഉപയോഗിക്കാനാവില്ലതന്നെ. അക്രമവും ഗുണ്ടായിസവും ആര് ചെയ്താലും ഫലം ഒന്നുതന്നെ. കൈവെട്ടികളും മുഖം വെട്ടികളും തമ്മില്‍ അക്കാര്യത്തില്‍ ഭിന്നതയില്ല.

Anonymous said...
This comment has been removed by the author.
Anonymous said...
This comment has been removed by the author.
Anonymous said...

ലാലിന് സ്വന്തം നിലയില്‍ ഫാന്‍സ് ടീമുണ്ടാകാം. എന്ന് വെച്ച് അവര്‍ ക്വട്ടേഷന്‍ സംസ്‌ക്കാരമുള്ളവരാണെന്ന താങ്കളുടെ ആരോപണതിനു അടിസ്ഥാനമെന്ത്?
(((( മുസ്‌ളീം മതതീവ്രവാദികള്‍ ഇത് ചെയ്തിരുന്നെങ്കിലും സമാനമായി അഭിപ്രായം പറയും. കാരണം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണത്.))))

മുസ്‌ളീം മതതീവ്രവാദികള്‍ ഇത് ചെയ്തിരുന്നെങ്കിലേ അഭിപ്രായം പറയുമായിരുന്നുള്ളൂ എന്ന് പറ.അതാണ്‌ സത്യം. ലോകത്തു എവിടെ എന്ത് പ്രശ്നങ്ങലുണ്ടായാലും ആദ്യം തന്നെ ആരോപിക്കുന്നത് മുസ്ലിങ്ങളുടെ പേര്‍ക്കാണ്.അതാണ്‌ ഇന്ന് മുസ്‌ളീം ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. അമേരിക്ക ചര്ധിക്കുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്നവരോട് എന്ത് പറയാന്‍?ഇറാക്കിലും അഫ്ഗാനിസ്ഥാനിലും എന്ന് വേണ്ട, അമേരിക്കന്‍ ആക്രമണങ്ങളില്‍ ചാകുന്നവരെല്ലാം അമേരിക്കയ്ക്ക്‌ തീവ്രവാദികള്‍ മാത്രം.

പണ്ഡിറ്റ് said...

////////സ്വന്തം നിലയില്‍ ഫാന്‍സ് ക്വട്ടേഷന്‍ ടീമുകളുമായി നടക്കുന്ന ഒരാള്‍ ക്വട്ടേഷന്‍ സംസ്‌ക്കാരത്തിനെതിരെ പ്രതികരിച്ചത് ക്വട്ടേഷന്‍ ടീമുകളെ മൊത്തത്തില്‍ നിരാശപ്പെടുത്തിയുണ്ടാവണം.///////

നിങ്ങളെന്താണീ പറയുന്നത് മാഷേ? നിങ്ങള്‍ മോഹന്‍ ലാല്‍ എഴുതിയ കുറിപ്പു വായിച്ചോ? ഇല്ലെങ്കില്‍ ഇപ്പോഴെങ്കിലും ഒന്ന് വായിക്ക്. ഇതാണതിന്റെ ലിങ്ക് ഇതിലെവിടെയാണു ലാല്‍ ക്വട്ടേഷന്‍ സംസ്കാരത്തിനെതിരെ പ്രതികരിച്ചിരിക്കുന്നത്? കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ അമ്മയുടെ ദുഖവും തന്റെ അമ്മയുടെ അസുഖത്തില്‍ താന്‍ അനുഭവിക്കുന്ന ദുഖവും ഓര്‍ക്കുന്ന ആ കുറിപ്പില്‍ നിങ്ങളൊക്കെ എങ്ങനെയാണു ക്വട്ടേഷന്‍ സംസ്കാരമൊക്കെ വായിച്ചെടുത്തത്?

ചന്ദ്രശേഖരനെ വധിച്ച കൊടി സുനി നടത്തിയത് ജീവിക്കാനുള്ള അവകാശത്തിന്‍മേല്‍ കടന്നാക്രമിക്കുന്ന സമൂഹിക ഫാസിസം. നിങ്ങള്‍ ഇപ്പോള്‍ നടത്തുന്നത് പ്രതികരിക്കുന്നവരുടെ മേല്‍ കുതിര കയറുന്ന സാംസ്കാരിക ഫാസിസവും. ഒരു മാസം നിങ്ങള്‍ ഏത് മാളത്തിലൊളിച്ചിരിക്കുകയായിരുന്നു മാഷേ? നിങ്ങള്‍ക്കൊക്കെ ഇഷ്ടപ്പെടുന്ന രീതിയിലേ പ്രതികരിക്കാവൂ എന്നത് ഫാസിസമല്ലെങ്കില്‍ പിന്നെ എന്താണു മാഷേ?

venukdkkt said...

>>മോഹന്‍ലാല്‍ ഒരു നല്ല നടന്‍ തന്നെ. സംശയം ആര്‍ക്കാനുള്ളത്?...എന്നാല്‍ അതിലുപരിയായി കേരള സമൂഹത്തില്‍ ആരുമല്ല .അദ്ദേഹത്തിന്റെ അഭിനയ വൈഭവം അന്ഗീകരിച്ചുകൊണ്ട് തന്നെയാണ് ഇതുപറയുന്നത് .. ഈ രാജ്യം അര്‍ഹാതയില്ലാത്തത് പലതും മോഹന്‍ലാലിനു നല്‍കിയിട്ടുണ്ട്.അതിര്‍ത്തികളില്‍ കൊടും തണുപ്പില്‍ നരകയാതന അനുഭവിക്കുന്ന പട്ടാളക്കാര്‍ക്ക് കിട്ടുന്ന കേണല്‍ പദവി നല്‍കിയത് കേവലം ഒരു സിനിമയില്‍ അഭിനയിച്ചതിനാനെല്ലോ!!!!!!!!!!!!!!!!അതിനുള്ള പ്രതിഫലം അദ്ദേഹം വാങ്ങിക്കാനും എന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ..ഈ ലെഫ്ടനന്ടു കേണല്‍ മോഹന്‍ലാലിനെ ജ്വേല്ലരിയുടെ പരസ്യതിനുപയോഗിച്ചാല്‍ നല്ല പബ്ലിസിറ്റി ആകും എന്ന് തിരിച്ചറിയാന്‍ ഏതു കുട്ടിക്കും കഴിയും <<