ശാസ്ത്രം വെളിച്ചമാകുന്നു

Monday 29 August 2011

12. 'അനാദിയായ ബാലചന്ദ്രമേനോന്‍'

 പരിചിതമായ ഒരു കഥ തന്നെയാകട്ടെ ആദ്യം. മോറല്‍ സയന്‍സ് 
അധ്യാപകന്‍ കുട്ടികളോട് മതാര്‍ത്ഥപ്രയോഗം നടത്തുന്നു:
''കുഞ്ഞുങ്ങളെ, ഈ ഡെസ്‌ക്ക് ആരാ ഉണ്ടാക്കിയത്?''
''ആശാരി!!!''-കുട്ടികളുടെ കോറസ്.
തുടര്‍ന്ന് 
ക്‌ളാസ്സില്‍ കണ്ടതും കാണാത്തതുമായി ഏഴെട്ടു വസ്തുക്കള്‍ ഉണ്ടാക്കിയതാര് എന്ന് വര്‍ദ്ധിച്ച ആവേശത്തോടെ അദ്ധ്യാപകന്‍ ചോദിക്കുന്നു. കുട്ടികള്‍ അവര്‍ക്കറിയാവുന്ന നിര്‍മ്മിതാക്കളുടെ പേര് പറയുന്നു. ഉടനെ തന്ത്രപരമായി അദ്ധ്യാപകന്‍ മതവിഷം കുത്തിവെക്കാന്‍ സിറിഞ്ച് കയ്യിലെടുക്കുന്നു.
''കുട്ടികളെ അങ്ങനെയെങ്കില്‍ ഈ കാണുന്ന പ്രപഞ്ചം മുഴുവന്‍, താരങ്ങളേയും സൂര്യനേയും ചന്ദ്രനേയും ആരെങ്കിലും ഉണ്ടാക്കേണ്ടേ?''
''തീര്‍ച്ചയായും സര്‍''-കുട്ടികള്‍ക്ക് ലവലേശമില്ല സംശയം. അടിസ്ഥാന നിയമം വ്യക്തമായി കഴിഞ്ഞാല്‍ പിന്നെ സംശയം ഉണ്ടാകേണ്ട കാര്യമില്ലല്ലോ?!
''അതൊക്കെ ഉണ്ടാക്കിയത് ആരാണെന്ന് നിങ്ങള്‍ക്കറിയാമോ?''
''അറിയില്ല സര്‍.''
''എനിക്കുമറിയില്ല. പക്ഷെ അങ്ങനെയൊരു ശക്തി ഉണ്ടെന്നത് തീര്‍ച്ചയല്ലേ? അല്ലാതെ ഇതൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പല്ലേ?''
''തീര്‍ച്ചയായും സര്‍''
''എന്റെ കുട്ടികളെ, നമുക്കറിയാന്‍ കഴിയാത്ത ആ ശക്തിയേയാണ് നാം ദൈവം എന്നുവിളിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ ദൈവവിശ്വാസിയാകണമെന്നോ ദൈവം ഉണ്ടെന്ന് സമ്മതിക്കണമെന്നോ ഞാന്‍ പറയുന്നില്ല. മറിച്ച് എല്ലാത്തിനും കാരണമായ ഒരു ശക്തിയുണ്ടെന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി. അതിനെ നിങ്ങള്‍ ദൈവമെന്നോ പ്രകൃതിയെന്നോ എന്തു വേണമെങ്കിലും വിളിച്ചുകൊള്ളു. നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും അതുണ്ട്.''
അദ്ധ്യാപകന്‍ ഇത്രയും പതപ്പിച്ച് വെച്ചിട്ട് കുട്ടികള്‍ക്ക് കണ്ണുകാണുന്നുണ്ടോ എന്നറിയാനായി ചുറ്റും നോക്കി. ഒരു കുഴപ്പവമില്ല, കുട്ടികള്‍ക്ക് പാല്‍പ്പായസം ലഭിച്ച സംതൃപ്തി. പക്ഷെ ഒരുത്തന്റെ മുഖത്ത് മാത്രം വലിയ വെളിച്ചമില്ല. അവന്‍ മെല്ലെ എഴുന്നേറ്റു.
''എന്താ മോനെ?''-അദ്ധ്യാപകന്‍ കഠിനമായി സ്‌നേഹം പ്രസരിപ്പിച്ചു.
''അല്ല സര്‍, ഞാനാലോചിക്കുകയായിരുന്നു. എല്ലാത്തിനുപിന്നിലും ഒരു കാരണമുണ്ടെന്നല്ലേ അങ്ങ് പറഞ്ഞത്. അങ്ങനെ നോക്കുമ്പോള്‍ ഈ പ്രപഞ്ചത്തിന് പിന്നില്‍ ഒരു ദൈവമുണ്ടെന്ന് വെക്കാം. പക്ഷെ കാര്യങ്ങള്‍ അവിടംകൊണ്ട് തീരുന്നില്ലല്ലോ? അങ്ങനെയെങ്കില്‍ ആ അപ്പൂപ്പനെ ആരാ ഉണ്ടാക്കിയത്?''
അദ്ധ്യാപകന്‍ ഈ ചോദ്യം കേള്‍ക്കുന്നത് ആദ്യമായിട്ടായിരുന്നില്ല. കാരണം ഇത് തുടങ്ങിയിട്ട് കാലമേറെയായി. എല്ലാത്തിനും കാരണമുണ്ട്, പക്ഷെ ദൈവത്തിന് കാരണമില്ല എന്ന മതതമാശ ആ കുട്ടിയോട് പറയാന്‍ എന്തുകൊണ്ടോ അദ്ദേഹത്തിന് മനസ്സുവന്നില്ല. കാരണം അത് പറഞ്ഞ് അത്രയ്ക്ക് മടുത്തുപോയിരുന്നു. അതുകൊണ്ടുതന്നെ ഉത്തരവും പഴഞ്ചനായിരുന്നു:


''കുഞ്ഞേ, നീ അധികം നെഗളിക്കരുത്. അത് ദൈവനിന്ദയാകുന്നു. ദൈവത്തിന്റെ കാരണം അന്വേഷിക്കാന്‍ നമ്മെക്കൊണ്ട് സാധ്യമല്ല. ദൈവമുണ്ടെന്നറിയുകയാണ് പ്രധാനം. ദൈവരഹസ്യങ്ങള്‍ നമുക്കറിയാന്‍ കഴിയുന്നതിനും അപ്പുറമാണ്.
''സര്‍, അങ്ങല്ലേ പറഞ്ഞത് എല്ലാത്തിന് പിന്നിലും ഒരു 'ശക്തി'യുണ്ടാവുമെന്ന്? എന്നിട്ടിപ്പോ?!'' പയ്യന്‍ വിടാന്‍ ഭാവമില്ല.
''ഇരിയെടാ അവിടെ, ധര്‍മ്മപ്രബോധനത്തിന്റെ ക്‌ളാസ്സില്‍ ദൈവദോഷം പറയുന്നോ. നീ ഈ ബാക്കിയിരിക്കുന്ന കുട്ടികളെ കൂടി വഴിതെറ്റിച്ചേ അടങ്ങൂ അല്ലേ, കുട്ടിപ്പിശാചേ.... ''
അദ്ധ്യാപകന്‍ കണ്ണുരുട്ടിയതോടെ അവന്റെ കണ്ണു നിറഞ്ഞു, മുഖം കുനിഞ്ഞു.
ഏറെ പരിചിതമായ ഈ കഥ പ്രപഞ്ചം 'ഉണ്ടാക്കാന്‍' ഒരാളെ ഏര്‍പ്പാടാക്കി പ്രപഞ്ചരഹസ്യം പരിഹരിക്കുന്ന മതയുക്തിയിലേക്കുള്ള ക്ഷണക്കത്താണ്. ഭൗതികലോകത്ത് 'എല്ലാത്തിന് പിന്നിലും ഒരു കാരണമുണ്ടാകും' എന്ന സരളമായ ഭൗതികനിയമം ചൂണ്ടിക്കാട്ടി അതിന്റെ ചെലവില്‍ ഭൗതികമല്ലെന്ന് നിര്‍വചിക്കപ്പെടുന്ന(സംഗതി ഇല്ലാത്തതായതുകൊണ്ട് അതാണ് സൗകര്യം!) ദൈവത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുക-തുടര്‍ന്ന് പ്രസ്തുത നിയമം ദൈവത്തിന് ബാധകമല്ലെന്നും പറഞ്ഞ് ഗോഷ്ടി കാണിക്കുക! തുടര്‍ന്ന് ആ ഗതികേടില്‍ വന്യമായി അഹങ്കരിക്കുക! ഈ വികലഭാവനയാണ് പൊതുവെ മതചിന്ത എന്നറിയപ്പെടുന്നത്. മതചിന്തയില്‍ മതം മാത്രമേയുള്ളൂ. മതചിന്തയിലെ 'ചിന്ത' പച്ചക്കുതിരയിലെ കുതിരയാകുന്നു.



ദൈവത്തെ കണ്ടെത്താന്‍ അവതരിപ്പിക്കുന്ന വ്യവസ്ഥ ദൈവത്തിന് ബാധകമല്ല! കൂരിരുട്ടത്ത് വീട്ടിലെത്താനായി ചൂട്ടുക്കറ്റയുടെ വെളിച്ചം വേണം. വീടെത്തിയാല്‍ വെളിച്ചം തല്ലിക്കെടുത്തുന്നു. വീട്ടിലെത്തിയില്ലേ? പിന്നെയെന്താ!? ചുറ്റും ഇരുട്ടാണെന്നും ആ ഇരുട്ടില്‍ പുതഞ്ഞുകിടക്കുന്ന വസ്തുക്കള്‍ നിരവധിയാണെന്നും തമസ്‌ക്കരിക്കപ്പെടുന്നു. അപഹാസ്യമായ ഈ അടവുനിയമം അക്വിനാസ് മുതലിങ്ങോട്ടുള്ളവര്‍ അവതരിപ്പിച്ചു കാണാറുണ്ട്. തത്ത്വവിചാരത്തില്‍ ഇത്തരം വികലപ്രസ്താവനകള്‍ക്കുള്ള മൂല്യം പൂജ്യത്തില്‍ നിന്ന് ഒട്ടും കൂടില്ല. അതുകൊണ്ടുതന്നെയാണ് അക്വിനാസിന്റെ വാദങ്ങളക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍പോലും ഇക്കാലത്ത് കാര്യബോധമുള്ള തയ്യാറാകാത്തത്. സാമാന്യബോധമുള്ള മതവാദികളാരും അവയുന്നയിച്ച് കണ്ടിട്ടുമില്ല. വല്ല പരന്നഭൂമിവാദക്കാരോ പെന്തക്കോസ്ത് ക്രിസ്ത്യാനികളോ ഇസ്‌ളാമിക് ജിഹാദികളോ അല്ലാതെ ആരെങ്കിലും അക്വിനാസിനെ ഉദ്ധരിക്കുന്നതായി കണ്ടിട്ടില്ല.


'നാസ്തികനായ ദൈവ'ത്തില്‍ നിന്നും:
''അക്വിനാസിന്റെ ദൈവസാധൂകരണ വാദങ്ങള്‍ പ്രധാനമായും അഞ്ചെണ്ണമാണ്. അഞ്ചെണ്ണത്തില്‍ ആദ്യ മൂന്നെണ്ണം ഒരേകാര്യം തന്നെയാണ് പറയുന്നത്. മൂന്ന് രീതിയില്‍ പറയുന്നുവെന്ന് മാത്രം. അതിനാല്‍ അവയെ ഒന്നായി പരിഗണിക്കാം. ഈ വാദങ്ങളിലെല്ലാം പശ്ചാത്ഗമനമുണ്ട്(Regress). ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല. ഓരോ വിശദീകരണവും സത്യത്തില്‍ മറ്റൊരു ചോദ്യം ഉന്നയിക്കുകയാണ് ചെയ്യുന്നത്. അതങ്ങനെ അനന്തമായി തുടരുകയും ചെയ്യുന്നു.


1. സ്വയം ചലിക്കാതെ എല്ലാം ചലിപ്പിക്കുന്നവന്‍(Unmoved mover)-ആദിയില്‍ ഒരു ശക്തി ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാവില്ല. ആ ശക്തിയാണ് ദൈവം(ഈ നിയമത്തില്‍നിന്ന് ഔദാര്യപൂര്‍വം ദൈവത്തെ ഒഴിവാക്കിയിരിക്കുന്നു).
2. എല്ലാത്തിന്റെയും കാരണമായ കാരണമില്ലാത്തവന്‍(Uncaused Cause)- കാരണമില്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. എല്ലാത്തിന്റെയും കാരണം ആരാണോ അവനാണ് ദൈവം. ഈ വാദവും പശ്ചാത്ഗമനം തന്നെയാണ്. എന്തെന്നാല്‍ നിയമം ദൈവത്തിന് ബാധകമല്ല. ദൈവത്തിന് പ്രത്യേക കാരണവും ആവശ്യമില്ല!
3. പ്രാപഞ്ചികവാദം(The Cosmological Argument)-ആദിയില്‍ മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല,പക്ഷെ ഇന്നുണ്ട്. ആ നിലയ്ക്ക് എല്ലാം ഉണ്ടാക്കിയതിന് പിന്നില്‍ അമൂര്‍ത്തമായ എന്തോ ഒന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടോ അതാണ് ദൈവം(ഒന്നുമില്ലാതിരുന്നപ്പോള്‍ ദൈവം എവിടെയായിരുന്നു? അമൂര്‍ത്തദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലാതിരുന്നു എന്നെങ്ങനെ പറയാനാവും?)
പ്രാരംഭനിരീക്ഷണത്തില്‍ യുക്തിസഹമെന്ന് തോന്നുന്ന നിയമങ്ങള്‍ അവതരിപ്പിക്കുകയും ആ നിയമങ്ങളൊന്നും ദൈവത്തിന് ബാധകമല്ലെന്നു പറയുകയും ചെയ്യുന്നതിലൂടെ സ്വയം റദ്ദാക്കപ്പെടുന്ന വാദങ്ങളാണിവയെല്ലാം. സൗകര്യത്തിനുവേണ്ടി ദൈവത്തെ നിയമപരിധിയില്‍ നിന്നൊഴിവാക്കിയാലും അക്വിനാസിന്റെ വാദങ്ങള്‍ സാധൂകരിക്കപ്പെടില്ല. 



സര്‍വ്വജ്ഞന്‍,സര്‍വ്വശക്തന്‍,പ്രീണനത്തിന് വഴങ്ങുന്നവന്‍,മനുഷ്യന്റെ ആരാധനയ്ക്ക് ദാഹിക്കുന്നവന്‍,സര്‍വ്വതും സൃഷ്ടിച്ച് നിയന്ത്രിക്കുന്നവന്‍,മനുഷ്യന്റെ കാര്യത്തില്‍ സവിശേഷ താല്പര്യമുള്ളയാള്‍,സാത്താനെന്ന പ്രതിനായകനുള്ളയാള്‍....തുടങ്ങിയ പരിവേഷങ്ങള്‍ മതം ദൈവത്തിന് ചാര്‍ത്തി കൊടുക്കുന്നിടത്ത് ഈ വാദങ്ങളൊക്കെ'അപവാദ'ങ്ങളായി മാറുന്നു. കാരണം അത്തരം ഗുണങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിനെ സാധൂകരിക്കുന്ന ഒന്നുംതന്നെ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളിലില്ല. അതിനാല്‍ അവയെല്ലാം സ്വേച്ഛാപരമാണ്(Arbitraray). മാത്രമല്ല ആരോപിക്കപ്പെടുന്ന ഗുണങ്ങളില്‍ പലതും പൊരുത്തപ്പെടാത്തതും പരസ്പരം റദ്ദ് ചെയ്യപ്പെടുന്നവയുമാണ്.''


എല്ലാ കാര്യത്തിനും (Effect) കാരണമുണ്ടെന്നും(Cause) പ്രപഞ്ചത്തിലെ സര്‍വവസ്തുക്കളും കാര്യ-കാരണബന്ധങ്ങളുടെ ചങ്ങലയില്‍ ബന്ധിതമാണെന്നതും ശരിയാണ്. ഈ കാര്യകാരണബന്ധനം പാരസ്പര്യത്തില്‍(mutuality) അധിഷ്ഠിതമാണ്. ഒരോ വസ്തുവും ഒരേസമയം കാര്യവും കാരണവുമാണ്. ഒരൊറ്റ പ്രോട്ടോണുള്ള അണകേന്ദ്രം ഹൈഡ്രജന്റെ കാരണമാണെങ്കില്‍ ഹൈഡ്രജന്‍ ജലത്തിന്റെ കാരണമാണ്. ജലം നീരാവിയുടെ കാരണമാണെങ്കില്‍ നീരാവി മഴയുടെ കാരണമാണ്. പ്രപഞ്ചത്തിലെ കാര്യ-കാരണശൃംഖല അങ്ങനെ നീളുന്നു. ഒരു വസ്തുവിനും ഏകകാരണമായ ഒന്ന് ചൂണ്ടിക്കാട്ടാനാവില്ല. ഏകകാരണം, മൂലകാരണം എന്നീ സങ്കല്‍പ്പങ്ങള്‍ തീര്‍ത്തും അസംഭവ്യവമാണ്. ബഹുകാരണനിമിത്തമാണ് പ്രപഞ്ചം; ഏകകാരണം പ്രപഞ്ചവിരുദ്ധവും. പ്രപഞ്ചവിരുദ്ധമായ ഒന്ന് പ്രപഞ്ചകാരണമാവില്ല. പ്രപഞ്ചത്തില്‍ 


ഏതെങ്കിലും വസ്തുവിന്റെ മൂലകാരണമായ (prime cause) ഒന്ന് ചൂണ്ടിക്കാട്ടാനായാല്‍ അന്നുമാത്രമേ മൂലകാരണമായ ദൈവപ്രതിഷ്ഠയെ കുറിച്ച് പര്യാലോചിക്കാനാവൂ.
പ്രപഞ്ചത്തിന് ഏകകാരണമായിരുന്നു ഉണ്ടായിരുന്നെതെങ്കില്‍ ഈ പ്രപഞ്ചംതന്നെ ഉണ്ടാകുമായിരുന്നില്ല. മറിച്ചായിരുന്നെങ്കില്‍, കുറഞ്ഞപക്ഷം പ്രപഞ്ചം ഇങ്ങനെ ആകുമായിരുന്നില്ല എന്നതുറപ്പാണ്. കാരണം നാം കാണുന്ന പ്രപഞ്ചം ബഹുവിധ കാര്യകാരണങ്ങളുടെ സംഘനൃത്തമാണ്. ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്നു. ഓരോ കണികയ്ക്കും ആ നിയമം ബാധകമാണ്. ഒന്നും ഒന്നിനേയും സഹായിക്കുന്നില്ല, അതേസമയം എല്ലാം പരസ്പരം സ്വാധീനിക്കുന്നു. പരസ്പരാശ്രയത്വത്തിലും പ്രസ്പരസ്വാധീനത്തിലും അധിഷ്ഠിതമായ വ്യവസ്ഥയില്‍ ഏകകാരണം അചിന്ത്യമാണ്. പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളുടേയും കാരണം പ്രപഞ്ചം തന്നെയായതിനാല്‍ പ്രപഞ്ചത്തിന്റെ കാരണവും പ്രപഞ്ചം തന്നെ. പ്രപഞ്ചകാരണം പ്രപഞ്ചമാകുന്നത് ഏകകാരണത്തില്‍ അവസാനിക്കില്ലേ? വേണമെങ്കില്‍ അദൈ്വതവാദികള്‍ക്ക് അത്തരത്തില്‍ വ്യാഖ്യാനിക്കാം. എന്നാല്‍ ഏകമായി തോന്നുന്ന പ്രപഞ്ചം ബഹുകാരണസങ്കുലമാണ്. പ്രപഞ്ചത്തെ സംബന്ധിച്ച് 'ഏകം' 'അനേകം' തുടങ്ങിയ സംഖ്യാശബ്ദങ്ങള്‍ പ്രസക്തമല്ല. കാരണം പ്രപഞ്ചം ഒരു സമുച്ചയനാമമാകുന്നു(It is collective noun). 



എന്താണോ ഉള്ളത് അതാണ് പ്രപഞ്ചം-ഉള്ളത് ദ്രവ്യമാണ്, ദ്രവ്യം ഊര്‍ജ്ജമാണ്-ദ്രവ്യം പ്രപഞ്ചമാണ്;'അഹം ദ്രവ്യാസ്മി, തത്വമസി'.
പ്രപഞ്ചം പ്രപഞ്ചത്തെ സ്വാധീനിക്കുന്നു, പ്രപഞ്ചം പ്രപഞ്ചത്തെ നിശ്ചയിക്കുന്നു. പ്രപഞ്ചം ബുഹകാരണസംബന്ധിയായതിനാല്‍ പ്രപഞ്ചകാരണവും ബഹുതലബന്ധി തന്നെ. പ്രപഞ്ചജന്യവും പ്രപഞ്ചപരവുമായ സര്‍വതിന്റേയും അസ്തിത്വം പ്രപഞ്ചംകൊണ്ട് വിശദീകരിക്കാവുന്നതിനാല്‍ സര്‍വതും ഉള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെ പ്രപഞ്ചം കൊണ്ടുതന്നെ വിശദീകരിക്കാം. കൃത്യമായി പറഞ്ഞാല്‍ പ്രപഞ്ചംകൊണ്ടേ വിശദീകരിക്കാനാവൂ എന്നുതന്നെ പറയണം. വൈക്കോല്‍ കെട്ടാനുള്ള പാശം വൈക്കോലില്‍ നിന്നുതന്നെ ഉണ്ടാകുന്നതുപോലെ പ്രപഞ്ചം പ്രാപഞ്ചികമായി വിശദീകരിക്കപ്പെടുന്നു. പ്രപഞ്ചബാഹ്യമായ ഒന്ന് അസംഭവ്യമാണ്, കാരണം ളള്ളതെന്തോ അതാണ് പ്രപഞ്ചം. പ്രപഞ്ചം ഒഴികെയുള്ളതെല്ലാം ഇല്ലാത്തതാണ്.


പ്രപഞ്ചം പ്രപഞ്ചത്തിന്റെ കാരണം മാത്രമല്ല തെളിവുകൂടിയാകുന്നു. തെളിയിക്കപ്പെടേണ്ടതിന്റെ ഏറ്റവും വലിയ തെളിവ് ആ വസ്തു അല്ലെങ്കില്‍ സംഭവം തന്നെയാകുന്നു. ഒരു കൊലപാതകത്തിന്റെ തെളിവായി കൊലയ്ക്കുപയോഗിച്ച ആയുധം, വസ്ത്രത്തിലെ രക്തക്കറ,നേര്‍സാക്ഷികള്‍ തുടങ്ങി സാഹചര്യത്തെളിവുകള്‍ വരെ ഉപയോഗപ്പെടുത്താം. എന്നാല്‍ ഏറ്റവും വലിയ തെളിവ് കൊല ന്യായാധിപസമിതിക്ക് മുന്നില്‍ സംഭവിക്കുന്നതാണ്. ദിനസോറിന്റെ അസ്ഥികൂടവും കാല്‍പ്പാടുകളും തെളിവുകളാവാം. പക്ഷെ ഒരു അസ്സല്‍ ദിനോസര്‍ തന്നെയാണ് ഏറ്റവും വസ്തുനിഷ്ഠവും ആധികാരികവുമായ തെളിവ്. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്!! തെളിവും തെളിയിക്കപ്പെടുന്ന വസ്തുവും ഭിന്നമാകുമ്പോള്‍ തെളിവ് ന്യൂനീകരിക്കപ്പെടുന്നു. വസ്തുവും വിശദീകരണവും ഭിന്നമായിരിക്കണമെന്ന ശാഠ്യം ഭേദചിന്തയില്‍ നിന്നുത്ഭവിക്കുന്നതാണ്.



പ്രപഞ്ചത്തിന് തുടക്കമുണ്ടെങ്കില്‍ ആരാണ് തുടങ്ങിയതെന്ന് പഴമക്കാര്‍ ചോദിക്കും. തുടക്കം ഉണ്ടാകണമെന്ന നിര്‍ബന്ധം എന്തിനാണെന്ന ചോദ്യം അവര്‍ പ്രതീക്ഷിക്കുന്നില്ല. എല്ലാത്തിനും ഒരു തുടക്കം വേണമെന്ന വാദമാണ് ദൈവം എന്ന കാഥാപാത്രത്തിന്റെ അത്താണി. പ്രപഞ്ചം തുടങ്ങുന്നതും അവസാനിക്കുന്നതും സ്വയംകൃതമാണ്. എങ്കിലേ ഈ പ്രപഞ്ചം നിലനില്‍ക്കുകയുള്ളു. തുടക്കവും അവസാനവും കേവലമായ ചാക്രികപരിണാമം മാത്രം. പ്രപഞ്ചഹേതുവായ ദ്രവ്യം അനാദിയാകുന്നു. തിരിച്ച് ദൈവം അനാദിയാണ്, ആദിമധ്യാന്തമില്ലാത്തവനാണ് എന്നൊക്കെയാണ് മതം ആരോപിക്കുന്നില്ലേ? ഭൗതികവാദികള്‍ ദ്രവ്യം അനാദിയാണെന്ന് പറയുന്നു ഞങ്ങള്‍ ദൈവം അനാദിയാണെന്ന് പറയുന്നു-രണ്ടും സമംഗുണം എന്ന് വാദിച്ച് ഊരിപ്പോകാന്‍ ശ്രമിക്കുന്ന വിരുതന്‍മാരുമുണ്ട്.
ദ്രവ്യപ്രപഞ്ചം അനാദിയാണെന്ന് പറയുമ്പോള്‍ നാ സംസാരിക്കുന്നത് ഒരു അനുഭവയാതാഥാര്‍ത്ഥ്യത്തെ കുറിച്ചാണ്. 



ഉള്ള ഒന്ന് എന്നുമുണ്ടായിരുന്നു എന്നു വാദിക്കുന്നതും തെളിവില്ലാത്ത ഒന്ന് എന്നുമുണ്ടായിരുന്നു എന്നുമുണ്ടായിരുന്നു എന്നു പറയുന്നതും തമ്മിലുള്ള വ്യത്യാസം അനന്തമാണ്. പ്രപഞ്ചം എന്നുമുണ്ട് എന്നതിന് തെളിവില്ലെന്ന് വാദിക്കാം. കുറഞ്ഞപക്ഷം പ്രപഞ്ചം ഇന്നുണ്ട്. പ്രപഞ്ചം ഇല്ലാത്ത അവസ്ഥ സങ്കല്‍പ്പിക്കാനുമാകില്ല. കാരണം സങ്കല്‍പ്പം പോലും പ്രപഞ്ചോത്പന്നമാണ്. അതിനാല്‍ പ്രപഞ്ചം എന്നുമുണ്ടായിരുന്നു എന്ന സങ്കല്‍പ്പം സാധുവായിത്തീരുന്നു. അതേസമയം ദൈവസങ്കല്‍പ്പം ദ്രവ്യജന്യമാണ്. പ്രപഞ്ചത്തിലെ മനുഷ്യന് മാത്രമേ ആ സങ്കല്‍പ്പമുള്ളു. മനുഷ്യനുണ്ടായതാകട്ടെ പ്രപഞ്ചം ഉണ്ടായി 99.99% ദൂരം പിന്നിട്ടശേഷവും. മനുഷ്യന്‍ ഉണ്ടായി 99.99% ദൂരം പിന്നിട്ട ശേഷമാണ് നാമിന്ന് പരിചയപ്പെടുന്ന ദൈവസങ്കല്‍പ്പത്തിന് അവന്‍ രൂപംകൊടുത്തത്.
പ്രപഞ്ചം എന്നുമുണ്ടായിരുന്നു-ദൈവം എന്നുമുണ്ടായിരുന്നു എന്നു പറയുന്നതിലെ വ്യത്യാസം ഇവിടെ അനുഭവവേദ്യമാകുന്നു. ആദ്യത്തേത് മൂര്‍ത്ത യാഥാര്‍ത്ഥ്യത്തെ ആധാരമാക്കിയുള്ള പരികല്‍പ്പന, രണ്ടാമത്തേത് മനോവിഭ്രാന്തിയെ ആസ്പദമാക്കിയുള്ള ഭാവനാവ്യായാമവും. വീട്ടുമുറ്റത്തെ പാരിജാതവും ആകാശലില്ലിയും തമ്മിലുള്ള വ്യത്യാസമാണത്.



പ്രപഞ്ചത്തിന്റെ സ്രഷ്ടാവായിട്ടാണ് (creator)മതം ദൈവത്തെ അവതരിപ്പിക്കുന്നത്. സ്രഷ്ടാവ് വേണമായിരുന്നെങ്കില്‍ പ്രപഞ്ചംതന്നെ ഉണ്ടാകുമായിരുന്നില്ല. കാരണം സൃഷ്ടി (creation)പ്രപഞ്ചവിരുദ്ധമാണ്. സൃഷ്ടി നൂറുശതമാനം അസംഭവ്യമാകുന്നു. ഈ പ്രപഞ്ചമുള്ളിടത്തോളം സൃഷ്ടി അസംഭവ്യമാണ്;പ്രപഞ്ചമില്ലെങ്കില്‍ അപ്രസക്തവും. സൃഷ്ടി ഇല്ലാത്തതിനാല്‍ സ്രഷ്ടാവുമില്ല. പ്രപഞ്ചമില്ലാത്ത അവസ്ഥ ഭാവനാതീതമെങ്കിലും അത്തരത്തിലൊന്ന് താത്വികമായി പരിഗണിച്ചാല്‍ പ്രപഞ്ചസൃഷ്ടി നടക്കുന്നത് ഇല്ലായ്മയില്‍(nothingness)(ശുദ്ധശൂന്യത) ആയിരിക്കണം. 'ശൂന്യത'എന്നൊരവസ്ഥ പ്രപഞ്ചം ഉണ്ടാകുന്ന നിമിഷം റദ്ദാക്കപ്പെടുമല്ലോ. പ്രപഞ്ചം ഉണ്ടാകുന്നതിന് മുമ്പ് ശൂന്യത ഉണ്ടായിരുന്നുവെങ്കില്‍ ഒരിക്കലും പ്രപഞ്ചം ഉണ്ടാകുമായിരുന്നില്ല. കാരണം ശൂന്യതയില്‍'നിന്ന്' ഒന്നുമുണ്ടാക്കാനാവില്ല. ഉണ്ടാക്കിയാല്‍ അത് ശൂന്യത ആയിരുന്നില്ലെന്ന് വ്യക്തം. കൂരിരിട്ടത്ത് കറുത്ത മുറിയില്‍ നിന്നും കറുത്ത പൂച്ചയെ പിടിച്ചാല്‍ പൂച്ച മുമ്പ് അവിടെ ഉണ്ടായിരുന്നുവെന്ന് കാണണം. ശൂന്യതയില്‍നിന്ന് പ്രപഞ്ചമോ പ്രപഞ്ചത്തില്‍ നിന്ന് ശൂന്യതയോ ഉണ്ടാകില്ല.
ആ നിലയ്ക്ക് 'ഇല്ലാത്തതിനെ ഉണ്ടാക്കുന്ന'സൃഷ്ടി എന്ന കര്‍മ്മം അസാധ്യവും അസംഭവ്യവുമാണ്. ഇനി മറ്റൊന്നുള്ളത് ഈ പ്രപഞ്ചവസ്തു ഇവിടെ ഉണ്ടായിരുന്നുവെന്നും ദൈവം അതിനെ 'പരുവപ്പെടുത്തു'കയായിരുന്നു എന്ന സാധ്യതയാണ്. നിലവിലുള്ള വസ്തു പരുവപ്പെടുത്തുന്നത് സൃഷ്ടിയല്ല, അത് കേവലം നിര്‍മ്മാണ(production)മാണ്.



നിര്‍മ്മാണം ദ്രവ്യത്തിന്റെ രൂപാന്തരത്വമാകുന്നു(metamprphosis).ദ്രവ്യപരിണാമം മാത്രമാണിവിടെ സംഭവിക്കുന്നത്. സൃഷ്ടി എന്ന പ്രക്രിയ താത്വികമായിപ്പോലും അസംഭവ്യമായതിനാല്‍ സ്രഷ്ടാവ് എന്ന പദത്തിന് നിലനില്‍പ്പില്ല. ചുരുക്കിപ്പറഞ്ഞാല്‍ ശൂന്യതയില്‍ സൃഷ്ടി അസംഭവ്യമാണ്, ഉണ്‍മയില്‍ അനാവശ്യവും.
 മനുഷ്യന്റെ നിര്‍മ്മാണപ്രക്രിയയെ പ്രപഞ്ചത്തിന്റ ഉത്പത്തിയുമായി ബന്ധപ്പെടുന്നത് പരമ അബദ്ധമാണ്. ഒരു കുശവന്‍ മണ്‍കലം ഉണ്ടാക്കുന്നു എന്നുപറയുമ്പോള്‍ അയാള്‍ കളിമണ്ണ് കുടത്തിന്റെ ആകൃതിയും സ്വഭാവവും കൈവരിക്കുന്നതിന് ഹേതുവാകുന്നു എന്ന അര്‍ത്ഥമേയുള്ളു. നിലിവിലുള്ള പദാര്‍ത്ഥങ്ങളുടെ സവിശേഷമായ ഒരു സംഘാടനമാണവിടെ(special assembly) നടക്കുന്നത്. മണ്‍കലത്തിനായി ആദ്യം ശിലപൊടിഞ്ഞ് കളിമണ്ണുണ്ടാകണം. ആ മണ്ണ് ജലത്തില്‍ കുഴയണം, പോട്ടര്‍വീലില്‍ കുടത്തിന്റെ ആകൃതി നേടണം, ചൂടില്‍ മൊരിയണം തുടങ്ങി നിരവധി അനുകൂല സാഹചര്യങ്ങള്‍ ഒത്തുവരണം(commissions). മഴ, കാറ്റ്, അന്യജീവി ആക്രണം തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങള്‍ സംഭവിക്കാതിരിക്കുകയും വേണം(omissions). ഈ ഘടകങ്ങളെല്ലാം തനിയെ കുടം ആകാതിരിക്കാനുള്ള സാധ്യത കൂടുതലും ആകാനുള്ള സാധ്യത കുറവുമാണ്. മണ്‍കുട നിര്‍മ്മാണത്തില്‍ ഏതെങ്കിലും ഘടകം ഒഴിവാക്കാനാവമെങ്കില്‍ അത് നിര്‍മ്മിതാവായ കുശവന്‍ മാത്രമാകുന്നു! മറ്റേതൊരു ഘടകം ഒഴിവാക്കിയാലും കുടം അസാധ്യമാണ്. ഓരോ അനുകൂല-പ്രതികൂല സാഹചര്യങ്ങള്‍ക്ക് പിറകിലും കാര്യകാരണങ്ങളുടെ ഒട്ടനവധി ശൃംഖലകളുണ്ടാകും. ഈ കാര്യകാരണങ്ങളുടെ സ്രോതസ്സ് തേടി പിറകോട്ട് പോകുന്തോറും നമുക്ക് പ്രപഞ്ചത്തിന്റെ അവസ്ഥാന്തരങ്ങളിലൂടെ പിറകോട്ട് പോകേണ്ടിവരും. അവിടെ കുശവനും മണ്ണുമൊന്നുമുണ്ടാകില്ല. അവസാനം മണ്‍കുടത്തിന്റെ കാരണം പ്രപഞ്ചമാണെന്ന തിരിച്ചറിവുണ്ടാകും.

കുശവന്‍ കലമുണ്ടാക്കുമ്പോള്‍ അയാള്‍ ദ്രവ്യപരിണാമത്തിന് സാക്ഷ്യം (witnessing evolution of matter)വഹിക്കുകയാണ്. കളിമണ്ണ് മണ്‍കുടമാകണമെങ്കില്‍ ഒന്നുകില്‍ കുശവന്‍ അതിന്റെ നിര്‍മ്മാണം നടത്തണം, അല്ലെങ്കില്‍ അത് തനിയെ ഉണ്ടാകണം. രണ്ടായാലും അവിടെ പുതുയതായി ഒന്നും സൃഷ്ടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല. കുടം തനിയെ ഉണ്ടാകാനുള്ള സാധ്യത താരതമ്യേന വിരളമാണ്. കാരണം അതൊരു മനുഷ്യനിര്‍മ്മിത വസ്തുവാണ്. നിങ്ങളുടെ സ്വപ്നം നിങ്ങള്‍ തന്നെ കാണേണ്ടതുണ്ട്. അത് മറ്റൊരാള്‍ക്ക് അനുഭവവേദ്യമാകില്ല. പക്ഷെ സ്വപ്നം സംഭ്യവ്യമാണെങ്കിലേ നിങ്ങള്‍ക്ക് സ്വപ്നമുണ്ടാകൂ. മനുഷ്യസ്വപ്നം സംഭവ്യമാക്കുന്നത് പ്രപഞ്ചമാണ്. അതിനാദ്യം മനുഷ്യനുണ്ടാകണം. മനുഷ്യനുണ്ടാകണമെങ്കില്‍ ജൈവപരിണാമം സംഭവിക്കണം, അതിനായി ഭൂമിയൊരുങ്ങണം, ഭൂമിയുണ്ടാകണം....അങ്ങനെ ഒരുപാട് പശ്ചാത്തല സാഹചര്യങ്ങള്‍ തൃപ്തികരമായി ഉരുത്തിരിഞ്ഞാലേ സ്വപ്നം സംഭവ്യമാകൂ.
നിങ്ങളുടെ സ്വപ്നത്തിന്റെ കാരണം നിങ്ങളല്ല. സ്വപ്നത്തില്‍ മനനം ചെയ്യുന്ന വിവരങ്ങളുടെ കാരണവും നിങ്ങളല്ല. നിങ്ങളുടെ കാരണവും നിങ്ങളല്ല. കാരണം നിങ്ങള്‍ പ്രപഞ്ചമാണ്. നിങ്ങളാകുന്ന കാര്യവും കാരണവും പ്രപഞ്ചം തന്നെ. മനുഷ്യ പ്രപഞ്ചവസ്തുവായതിനാല്‍ പ്രപഞ്ചം മനുഷ്യനെ വിശദീകരിക്കും. മനുഷ്യനിര്‍മ്മിതവസ്തുക്കളും മനുഷ്യന്റെ അനുഭവങ്ങള്‍ വഴി പ്രപഞ്ചവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പ്രപഞ്ചത്തിലുള്ളതെല്ലാം പ്രപഞ്ചമെന്ന മഹാവ്യവസ്ഥയിലെ ഉപവ്യവസ്ഥകളാകുന്നു. All happens in this universe are functions of innumerabale subsystems within the big system which regualtes itself. അതായത് നാം ഉണ്ടാക്കുന്നു എന്നുപറയുന്നത് അര്‍ത്ഥശൂന്യമാണ്. അതായത് മനുഷ്യനിര്‍മ്മിതമെന്ന് തോന്നുന്ന വസ്തുക്കളുടെ കാര്യത്തില്‍പ്പോലും ഇതൊരുതരം 'ഉണ്ടാക്കലാണ്'.


ഒരു കംമ്പ്യൂട്ടറിനെ കംമ്പ്യൂട്ടര്‍ കൊണ്ടുതന്നെ വിശദീകരിക്കാം. കാരണം കമ്പ്യൂട്ടര്‍ എന്നത് കേവലം ഒരു വസ്തുവല്ല. അതൊരു വ്യവസ്ഥയാകുന്നു(system). ആ വ്യവസ്ഥ നിരവധി ഉപവ്യവസ്ഥകളുടെ(sub systems) പരിണിതഫലമാണ്. കമ്പ്യൂട്ടറിനെ വസ്തുവായി വിലയിരുത്തുന്നവന്‍ ഒരിക്കലും കമ്പ്യൂട്ടറിനെ അറിയുന്നില്ല. അവന്‍ പുറത്തുള്ള 'ഒരാളെ' സങ്കല്‍പ്പിച്ച് കമ്പ്യൂട്ടറിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കും! സത്യത്തില്‍ കമ്പ്യൂട്ടര്‍ എന്ന വ്യവസ്ഥ കമ്പ്യൂട്ടര്‍ എന്ന കേവല വസ്തുവിന്റെ മുന്നിലേക്കും പിന്നിലേക്കും നീളുന്നതാണ്. കംമ്പ്യൂട്ടറിന്റെ കാരണം കണ്ടെത്താന്‍ കംമ്പ്യൂട്ടറിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കേണ്ടി വരുമെന്നര്‍ത്ഥം. അവിടെ നിരവധി ഉപവ്യവസ്ഥകള്‍ നാം കണ്ടെത്തും. പിറകോട്ടുപോകുമ്പോള്‍ സി.പി.യു ഒരു ഉപവ്യവസ്ഥയാണ്. എന്നാല്‍ സി.പി.യു കൊണ്ടത് പൂര്‍ണ്ണമാകില്ല. മൈക്രോപ്രോസസ്സറും മെമ്മറിയും കമ്പ്യൂട്ടറിന്റെ ഉപവ്യവസ്ഥകളാണ്. എന്നാല്‍ അപ്പോഴും പൂര്‍ണ്ണതയില്ല. മൈക്രോപ്രോസ്സസറിന്റെ കാരണം അതിന്റെ അണുവ്യവ്യസ്ഥയിലുണ്ട്. അണുവ്യവസ്ഥയുടെ കാരണം ക്വാര്‍ക്കുകളിലും. അങ്ങനെ പിറകോട്ടുചെല്ലുമ്പോള്‍ ദ്രവ്യത്തില്‍ അതിസൂക്ഷ്മാവസ്ഥയില്‍ എത്തിപ്പെടും. അതായത് കംമ്പ്യൂട്ടറിന്റെ കാരണം തേടുമ്പോള്‍ നാം സൂക്ഷ്മപ്രപഞ്ചത്തിലെത്തുന്നു. ഓര്‍ക്കുക, നാം കംമ്പ്യൂട്ടറിന്റെ കാരണമന്വേഷിക്കുകയാണ്!



ഇനി കമ്പ്യൂട്ടര്‍ എന്ന കേവലവസ്തുവിന് പുറത്തേക്ക് സഞ്ചരിക്കുമ്പോഴും ഇതേ അവസ്ഥയുണ്ട്. നിരവധി ഉപവ്യവസ്ഥകള്‍ അവിടെയും കടന്നുവരുന്നു. NTP(Normal temperature and pressure) ഇല്ലെങ്കില്‍ കമ്പ്യൂട്ടറില്ല. കമ്പ്യൂട്ടറിന് നിര്‍മ്മിതാവുണ്ടാകണം. പക്ഷെ നിര്‍മ്മിതാവ് കമ്പ്യൂട്ടറിന്റെ അസംഖ്യം കാരണങ്ങളില്‍ ഒന്നുമാത്രം. നിര്‍മ്മിതാവിനും കാരണമുണ്ട്.നിര്‍മ്മിതാവുണ്ടായതു കൊണ്ടു മാത്രം കമ്പ്യൂട്ടര്‍ ഉണ്ടാകില്ല. നിര്‍മ്മാണ സാഹചര്യങ്ങള്‍ ഉരുത്തിരിയണം. അവയ്ക്കും കാരണങ്ങളുണ്ടാവും. വീണ്ടും പുറത്തേക്ക് സഞ്ചരിക്കുമ്പോള്‍ അവസാനം നാം സ്ഥൂലപ്രപഞ്ചത്തില്‍ എത്തിപ്പെടുകയാണ്. അതായത് കമ്പ്യൂട്ടറിന്റെ കാരണം തേടി ഒരു ദിശയില്‍ സഞ്ചരിക്കുമ്പോള്‍ സൂക്ഷ്മപ്രപഞ്ചവും മറുദിശയില്‍ സ്ഥൂലപ്രപഞ്ചവും മുന്നില്‍ തെളിയും. കംമ്പ്യൂട്ടര്‍ എന്ന വ്യവസ്ഥ ഈ സ്ഥൂലാവസ്ഥയ്ക്കും സൂക്ഷ്മാവസ്ഥയ്ക്കും ഇടയിലുള്ള ദ്രവ്യത്തിന്റെ സവിശേഷമായ ഒരവസ്ഥയാകുന്നു. പ്രപഞ്ചത്തിലെ ചേതനയുള്ളതും അല്ലാത്തതുമായ ഏതൊരു വസ്തുവിന്റെയും കാര്യമെടുത്താലും സ്ഥിതി സമാനമാണ്. ഏതൊരു പ്രപഞ്ചവസ്തുവിനും സ്ഥൂലപ്രപഞ്ചവുമായും സൂക്ഷ്മപ്രപഞ്ചവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ഥൂലപ്രപഞ്ചവും സൂക്ഷ്മപ്രപഞ്ചവും പ്രപഞ്ചമാകുന്നു. കമ്പ്യൂട്ടറിന്റെ കാരണം പ്രപഞ്ചമാണ്. പ്രപഞ്ചമില്ലെങ്കില്‍ കമ്പ്യൂട്ടറില്ല.

ഒരു ഫലത്തെ അതിന്റെ തൊട്ടുമുന്നെയുള്ള കാരണം (immediate cause)കാണ്ട് വിശദീകരിക്കാനാവില്ല. ജലത്തിന്റെ തൊട്ടുമുമ്പുള്ള അവസ്ഥ ഹൈഡ്രജനും ഓക്‌സിജനുമാണ്. ഈ രണ്ടുമൂലകങ്ങളും ദ്രവ്യത്തിന്റെ രണ്ട് സവിശേഷ സംഘാടനങ്ങളാകുന്നു. ഹൈഡ്രജന്റെയും ഓക്‌സിജന്റേയും ഇലക്രട്രോണുകള്‍ ഒന്നുതന്നെ, ന്യൂക്ലിയോണുകളും സമാനം. ഈ പരമാണുകള്‍ക്ക് പിന്നിലെ ക്വാര്‍ക്ക് തത്വങ്ങളും സമാനം. ജലത്തിന്റെ കാരണം തേടി നാം പിന്നോട്ടുപോകുന്തോറും നാം ആത്യന്തികമായി പ്രപഞ്ചത്തിന്റെ കാരണത്തിലാണ് എത്തിച്ചേരുന്നത്. ഹൈഡ്രജനും ഓക്‌സിജനും ജലഹേതുവാണെങ്കിലും ഇവരണ്ടും സംയോജിക്കപ്പെടണമെങ്കില്‍ നിരവധി അനുകൂലസാഹചര്യങ്ങളും ഒരുങ്ങേണ്ടതായിട്ടുണ്ട്. ജലത്തിന്റെ തൊട്ടുമുന്നെയുള്ള കാരണം ഹൈഡ്രജനും ഓക്‌സിജനുമാണ്. പക്ഷെ ഹൈഡ്രജനും ഓക്‌സിജനും നിയമതമായ അര്‍ത്ഥത്തില്‍ ജലഹേതുവല്ല. ഹൈഡ്രജന്‍ ഹൈഡ്രജനായും ഓക്‌സിജന്‍ ഓക്‌സിജനായും നിലനിന്നാല്‍ ജലമുണ്ടാകില്ല. ഹൈഡ്രജന്‍ ഹൈഡ്രജനല്ലാതാകുമ്പോള്‍, ഓക്‌സിജന്‍ ഓക്‌സിജനല്ലാതാകുമ്പോള്‍ മാത്രമാണ്  
ജലം ജനിക്കുന്നത്!


ഇനി നാം നോക്കേണ്ടത് മനുഷ്യനിര്‍മ്മിതമല്ലെന്ന് തോന്നുന്നതും ശരിക്കും അങ്ങനെയായതുമായ വസ്തുക്കളെ കുറിച്ചാണ്. മനുഷ്യന്‍ പ്രപഞ്ചനിര്‍മ്മിതമാണ്;പക്ഷെ പ്രപഞ്ചം മനുഷ്യനിര്‍മ്മിതമല്ല. പ്രപഞ്ചത്തിലെ 99.99999% വസ്തുക്കളും മനുഷ്യനിര്‍മ്മിതമല്ല. അതുകൊണ്ടുതന്നെ അവയെ നോക്കി ആരാണ് ഉണ്ടാക്കിയത് എന്ന ചോദ്യം ഉയര്‍ത്തുന്നത് യുക്തിഹീനമായിരിക്കും. ഒരു മഴവില്ല് കാണുന്നവന്‍ 'ആരാണിതുണ്ടാക്കിയത്?' എന്നു ചോദിക്കാറില്ല. പക്ഷെ പണ്ട് ചോദിച്ചിരുന്നു. അന്നത് ദൈവത്തിന്റെ അടയാളവും കയ്യൊപ്പുമായിരുന്നു. സമുദ്രതീരത്ത് കാണപ്പെടുന്ന അഴകാര്‍ന്ന ഘടനയും വര്‍ണ്ണസവിശേഷതയുമുള്ള ഒരു വെള്ളാരം കല്ലിനെ നോക്കി ആരാണിതുണ്ടാക്കിയത് എന്നു നാം ചോദിക്കുന്നില്ല. ചുറ്റും കാണുന്ന 99.99999% വസ്തുക്കളും ആരാണുണ്ടാക്കിയത് എന്ന് നാം ചോദിക്കാറില്ല. ഉദായാസ്തമനങ്ങളും മഴയും കാറ്റുമൊക്കെ ആരാണ് ഉണ്ടാക്കുന്നത് എന്ന ചോദ്യമില്ല. പക്ഷെ ഓര്‍ക്കുക, ഒരിക്കല്‍ സമൃദ്ധമായി നാമത് ചോദിച്ചിരുന്നു. ഉത്തരമായി ദൈവം എന്ന വ്യാജസങ്കല്‍പ്പെത്തെ താലോലിക്കുകയും ചെയ്തിരുന്നു. ഉത്പത്തി അറിയാത്തതു കൊണ്ടുമാത്രം ആരോ ഉണ്ടാക്കിയതായിരിക്കും എന്ന വികലഭാവന ജനിച്ചാല്‍ അത് സത്യാന്വേഷണവിരുദ്ധമായിരിക്കും.

എല്ലാം 'ഒരാള്‍'ചെയ്തു എന്നുവിശ്വസിക്കുന്നതാണ് (agenticity) 'തനിയെ പരിണമിച്ചുണ്ടായി'(evolved)എന്നു കരുതുന്നതിനേക്കാള്‍ നമ്മുടെ മസ്തിഷ്‌ക്കത്തിന് സൗകര്യപ്രദ
യിരിക്കും. ബാഹ്യലോകത്തെ ഡേറ്റ വിശകലനം ചെയ്യാനുള്ള ഏറ്റവും എളുപ്പമായ വഴിയാണിത്. പ്രാഥമികയുക്തി ആധാരമാക്കിയുള്ള ദ്രുതനിഗമനമാണിത്.യാഥാര്‍ത്ഥ്യമതല്ലെങ്കിലും മനുഷ്യന് അതിജീവിക്കാന്‍ ഇത്തരം സങ്കല്‍പ്പങ്ങള്‍ മതിയായിരുന്നു. അങ്ങനെയാണ് കാട്ടുമനുഷ്യന്‍ മഴയ്ക്കും തിരമാലയ്ക്കും കാറ്റിനുമൊക്കെ ദൈവത്തെ ഉണ്ടാക്കിയത്. ആര്‍ത്തിരമ്പുന്ന കടലിനും കലങ്ങിമറിയുന്ന കരിമേഘങ്ങള്‍ക്കും പിന്നില്‍ 'ആരോ' ഉണ്ടെന്ന് സങ്കപ്പിക്കാനായിരുന്നു അവനിഷ്ടം. ഗോത്രസമൂഹങ്ങളില്‍ നാഗരികമനുഷ്യന്‍ ആദ്യമായി റേഡിയോ എത്തിച്ചപ്പോഴൊക്കെ അതുകണ്ട ഗോത്രമനുഷ്യര്‍ പറഞ്ഞത് അതിനകത്തിരുന്ന് 'ആരോ' പാടുന്നുണ്ടെന്നാണ്! കുറേക്കൂടി കഴിഞ്ഞപ്പോള്‍ ഭാവനാസമ്പന്നര്‍ 'ആരോ' മാറ്റിയിട്ട് 'ഏതോ ശക്തി' എന്നൊക്കെയാക്കി കാര്യങ്ങള്‍ പരിഷ്‌ക്കരിച്ചു. നിര്‍ധാരണവിധേയമില്ലാത്ത എന്തിനും 'ആരോ' അല്ലെങ്കില്‍ 'ഏതോ ശക്തി' എന്ന് സങ്കല്‍പ്പിക്കുന്ന ചിന്താവൈകല്യം മനുഷ്യമസ്തിഷ്‌ക്കത്തിന്റെ കൂടെപ്പിറപ്പാണ്. മനുഷ്യന്റ പരിണാമചരിത്രം പരിശോധിച്ചാല്‍ ഈ സങ്കല്‍പ്പത്തിന് അതിജീവനമൂല്യം ഉണ്ടായിരുന്നുവെന്നത് വേറെ കാര്യം. അതുകൊണ്ടുമാത്രം അത് ഗുണകരമാണെന്നോ ശരിയാണെന്നോ അര്‍ത്ഥമില്ല. ജലദോഷം സര്‍വസാധാരണമായതിനാല്‍ അത് മഹത്തരമാണെന്ന് ആരും വാദിക്കാറില്ലല്ലോ.

വഴിയില്‍ കളഞ്ഞുകിട്ടുന്ന ഒരു വാച്ച് കിട്ടിയാല്‍ അതിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത് ഏതെങ്കിലും മനുഷ്യനായിരിക്കുമെന്ന് ചിന്തിക്കുന്നത് പ്രാഥമികയുക്തിയാണ്. കാരണം വാച്ച് മനുഷ്യനിര്‍മ്മിത വസ്തുവാണ്. പ്രകൃതിദത്തമായി അത് കാണപ്പെടുന്നില്ല. ലോകത്ത് മറ്റൊരു ജീവിയും വാച്ചുണ്ടാക്കിയിട്ടില്ലെന്ന അറിവ് നമുക്കുണ്ട്. വാച്ചിനെ സംബന്ധിച്ച പശ്ചാത്തലവിവരങ്ങളും ലഭ്യമാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് നാം നിര്‍മ്മിതാവിനെ തെരയുന്നത്. കളഞ്ഞുകിട്ടിയ വാച്ചിന്റെ നിര്‍മ്മിതാവിനെ(സ്രഷ്ടാവിനയല്ല) തിരയുന്നതുപോലെയാണ് പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെ തിരയുന്നതെന്ന് വാദിക്കുന്നവര്‍ ശ്രോതാക്കളെ ചിരിപ്പിച്ചുതന്നെ കൊല്ലണമെന്ന് വാശിയുള്ളവരായിരിക്കും. മനുഷ്യനിര്‍മ്മിതമല്ലാത്ത ഒരു വസ്തു കളഞ്ഞുകിട്ടിയാല്‍ ആരും അത് ആരോ നിര്‍മ്മിച്ചുവെന്ന് ചിന്തിക്കാറില്ല. മനുഷ്യനിര്‍മ്മിത വസ്തുക്കളേയും അല്ലാത്തവയേയും തമ്മില്‍ തരിച്ചറിയാനാവാത്തവരില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികളാകുന്നതില്‍ അസ്വാഭാവികതയില്ലതന്നെ. പ്രകൃയിലെ 99.9999% വസ്തുക്കളും മനുഷ്യനിര്‍മ്മിതമല്ല. അതുകൊണ്ടുതന്നെ ഒരു വസ്തു കാണുമ്പോഴെ അത് ആരുണ്ടാക്കിയെന്ന് ചിന്തിച്ചുപോകുമെന്ന വാദം ആഗ്രഹപ്രകടനമായി പരിമിതപ്പെടും.

പ്രപഞ്ചത്തില്‍ സൃഷ്ടി അസംഭവ്യമായതിനാല്‍ സ്രഷ്ടാവ് അസാധ്യമാണെന്ന് കണ്ടല്ലോ. മതവാദികള്‍ അവതരിപ്പിക്കുന്ന മറ്റൊരു ഭാവനാസങ്കല്‍പ്പം ആസൂത്രകന്റേതാണ്(Designer).ആസൂത്രണവും(design) സൃഷ്ടിയും(ceration) ഭിന്നമാണെന്ന് അറിയാത്തവരില്ല. അതുകൊണ്ടുതന്നെ ആസൂത്രകനും സ്രഷ്ടാവും രണ്ടാണ്. സൃഷ്ടി നടന്നെങ്കിലേ ആസൂത്രണത്തിന് വകുപ്പുള്ളു. ദൈവം ആസൂത്രകനാണെങ്കില്‍ സൃഷ്ടിക്ക് വേറെ ആളെ വെക്കേണ്ടിവരും. ഈ ദുര്‍ഗതിക്ക് പരിഹാരമായാണ് മതം കണ്ണില്‍ കണ്ടതിന്റെയെല്ലാം പിതൃത്വത്വം ദൈവത്തില്‍ ആരോപിക്കുന്നത്. കഥയും തിരക്കഥയും സംവിധാനവും നിര്‍മ്മാണവും മാത്രമല്ല സംഭാഷണവും അഭിനയവുംവരെ ചെയ്യിച്ച് മതം ദൈവത്തെ ഒരു 'ബാലചന്ദ്രമേനോന്‍' ആക്കിമാറ്റുന്നു. മതസാഹിത്യമനുസരിച്ച് ദൈവം പ്രപഞ്ചത്തിലെ ആദ്യത്തെ ബാലചന്ദ്രമേനോനാണ്. അനാദിയായ ഒരുതരം ബാലചന്ദ്രമേനോന്‍! ആ ഒറ്റമൂലിയിലൂടെ സര്‍വപ്രശ്‌നങ്ങളും പരിഹരിച്ചതായി മതവാദി സ്വയം ആശ്വസിക്കുന്നു. എന്നാല്‍ സ്രഷ്ടാവും ആസൂത്രകനും ദൈവമാണെന്ന മതഫലിതം നിരര്‍ത്ഥകമാകുന്നു. എന്തെന്നാല്‍ ആദ്യഘട്ടമില്ലാതെ തുടര്‍ഘട്ടമില്ല. ആദ്യഘട്ടമായ സൃഷ്ടി അസംഭവ്യമായതിനാല്‍ ആസൂത്രകനായെങ്കിലും രക്ഷപെടാനുള്ള സാധ്യത മതദൈവത്തിന് നഷ്ടപ്പെടുന്നു.

ദൈവത്തിന് പകരം യാദൃശ്ചികത വെച്ചാണ് ഭൗതികവാദികള്‍ പ്രപഞ്ചരഹസ്യം നിര്‍ധാരണം ചെയ്യുന്നതെന്ന് മതവാദി ആരോപിക്കും. ഒന്നുകില്‍ യാദൃശ്ചികം അല്ലെങ്കില്‍ ആസൂത്രിതം('either design or by chance')-അല്ലാതെ മൂന്നാമതൊരു മാര്‍ഗ്ഗമില്ലെന്നും മതവാദി തട്ടിവിടും. ചപലവാദമാണിത്. ഒന്നാമതായി പ്രപഞ്ചം അനാദിയാണെന്നും അതിന് രൂപമാറ്റവും പരിണാമവും സംഭവിക്കുന്നുവെന്നല്ലാതെ അടിസ്ഥാനപരമായി അതിന്റെ അസ്തിത്വം മാറ്റങ്ങള്‍ക്കതീതമാണെന്നാണ് ഭൗതികവാദിയുടെ നിലപാട്. 'യാദൃശ്ചികമായാണോ'ഒരു കാര്യം സംഭവിക്കുന്നതെന്ന വിലയിരുത്തല്‍ നിരീക്ഷകന്റെ മുന്നറിവും പ്രതീക്ഷയും അടിസ്ഥാനമാക്കിയാണ്. പ്രതീക്ഷിത അതിഥിയും യാദൃശ്ചികസന്ദര്‍ശനവും തമ്മിലുള്ള വ്യത്യാസം മുന്നറിവാണ്. അതിനാല്‍ യാദൃശ്ചികം എന്ന വാക്ക് ആപേക്ഷികമാണ്. ഒരാള്‍ക്ക് യാദൃശ്ചികമായി തോന്നുന്ന കാര്യം മറ്റൊരാള്‍ക്ക് അങ്ങനെ തോന്നണമെന്നില്ല. പിന്നെ വരാവുന്ന പദങ്ങള്‍ തനിയെ സംഭവിക്കുന്നു-ആസൂത്രിതമായി സംഭവിക്കുന്നു എന്നിങ്ങനെയുള്ള ദ്വന്ദങ്ങളാണ്. എന്നാലിവയും ആപേക്ഷികം തന്നെ. എങ്കിലും ആസൂത്രിതവും യാദൃശ്ചികമായി സംഭവിക്കാത്ത എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടതല്ലേ? അത്ഭുതം! ഈ പ്രപഞ്ചത്തില്‍ സംഭവിക്കുന്നതെല്ലാം അങ്ങനെയുള്ള മൂന്നാം വകുപ്പില്‍ പെട്ടതാണ്. അതായത് പൂര്‍ണ്ണായും ആസൂത്രതമായി യാതൊന്നും സംഭവിക്കുന്നില്ല. എത്ര ആസൂത്രിതമായി രൂപപ്പെടുത്തിയെടുക്കുന്ന സംഭവങ്ങളിലും പലഘട്ടങ്ങളും തികച്ചും യാദൃശ്ചികമായി പലതും വന്നുകൂടുന്നത് കാണാം. 



ഉദാ-തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫ.ജോസഫിന്റെ കൈപ്പത്തി വെട്ടിയ സംഭവം പരിഗണിക്കുക. ഇവിടെ കൈപ്പത്തി വെട്ടാനായി സൗദി അറേബ്യ മുതല്‍ തൊടുപുഴ വരെ നീളുന്ന ഒരു ആസൂത്രണമുണ്ടായിരുന്നു. ആസൂത്രിതമായി നിരവധി കാര്യങ്ങള്‍ നടന്നു. എന്നാല്‍ ഇടയ്ക്ക് ആസൂത്രമല്ലാത്ത സംഭവങ്ങളുമുണ്ടായി. അതിലൊന്നാണ് പ്രൊഫസറുടെ മകനുമായുള്ള മല്‍പ്പിടുത്തത്തിനിടയ്ക്ക് പ്രതികളില്‍ ഒരാളുടെ കൈപ്പത്തി മുറിവേറ്റത്. പിന്നതിന് ചികിത്സ വേണ്ടിവന്നു. ചികിത്സ ചെയ്തവര്‍ വെട്ടിലായി. എത്ര ശ്രദ്ധപൂര്‍വം ആസൂത്രണം ചെയ്താലും ചില ഘട്ടങ്ങളില്‍ യാദൃശ്ചികമായ പലതും സംഭവിക്കും. ഇതുപോലെ തന്നെയാണ് തികിച്ചും യാദൃശ്ചികമെന്ന് തോന്നുന്ന കാര്യങ്ങളുടെ കാര്യവും. അവയിലെ പല ഘട്ടങ്ങളും ഘടകങ്ങളും ആസൂത്രിതമോ മന:പൂര്‍വമോ ആയിരിക്കും. ചുരുക്കത്തില്‍ പ്രപഞ്ചത്തില്‍ പൂര്‍ണ്ണമായും ആസൂത്രിതമോ യാദൃശ്ചികമായതുമായ ഒരു സംഭവവും ഒരിക്കലുമുണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല.****
(തുടരും)

Friday 19 August 2011

11. കൊന്നവരും തിന്നവരും

Adolf Hitler
''നാസ്തികരും കൊന്നിട്ടില്ലേ?'' ഇരുപതാം നൂറ്റാണ്ടുവരെ ഉന്നയിക്കപ്പെടാതിരുന്ന വിചിത്രമായ ഈ ആരോപണം ഇക്കാലത്ത്‌ മതം നാസ്തികതയ്‌ക്കെതിരെ ഉയര്‍ത്തുന്നതുകാണാം. ഭാവന കമ്മിയായ മതപണ്ഡിതരാണ് പ്രധാനമായും ദുര്‍ബലമായ ഈ ആയുധം ഉപയോഗിച്ചുകാണുന്നത്. വിഷയം ശ്രദ്ധിച്ചാല്‍ മനസ്സിലാകും, ഇരുപതാം നൂറ്റാണ്ടിലെ നാസ്തികതയുടെ മാത്രം പ്രശ്‌നമാണിത്. അതിനുമുമ്പ് നാസ്തികതയ്ക്ക് യാതൊരു പ്രശ്‌നവുമില്ല!! അതിന് മുമ്പും പ്രശ്‌നമില്ലെന്ന് മാത്രമല്ല-ശേഷവും കുഴപ്പമില്ല!! ആരോപണമിതാണ്: നാസ്തികരായ ചില സ്വേച്ഛാധിപതികള്‍ അധികാരം കയ്യില്‍ കിട്ടിയപ്പോള്‍ കൂട്ടക്കൊലകള്‍ നടത്തിയിട്ടുണ്ട്-ഇനിയുമത് സംഭവിച്ചേക്കാം, ജാഗ്രതൈ! ജോസഫ് സ്റ്റാലിനും ഹിറ്റ്‌ലറും പോള്‍പോട്ടുമൊക്കെയാണ് ഉദാഹരണം. ബുദ്ധിമാന്‍മാരായ മതചിന്തകരൊന്നും ഈ വാദം ഉന്നയിക്കാത്തത് ചരിത്രബോധമുള്ളതു കൊണ്ടാണ്. നാസ്തികരായ സ്വേച്ഛാധിപതികള്‍ ഉണ്ടായത് ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന് മുമ്പും ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ലോകമെമ്പാടും ആരാച്ചാരുടെ വേഷമണിഞ്ഞത് മതമാണെന്ന് അവര്‍ക്കറിയാം. 


മതമുണ്ടായതുമുതല്‍ ഹിംസയും രക്തച്ചൊരിച്ചിലും ആരംഭിച്ചു. കൊല്ലാത്ത മതങ്ങള്‍ കൊല്ലാക്കൊല ചെയ്യപ്പെട്ടപ്പോള്‍ ചുവപ്പന്‍ മതങ്ങള്‍ ആര്‍ത്തട്ടഹസിച്ച് വിശ്വവിജയം ആഘോഷിക്കുകയായിരുന്നു. മതം ഇതൊക്കെ നടപ്പിലാക്കിയത് വ്യക്തികളിലൂടെയാണ്. ഈ വ്യക്തികള്‍ ഒരേ സമയം മതനേതാക്കളും ഭരണനേതാക്കളുമായി മുന്നണിയിലുണ്ടായിരുന്നു. മതങ്ങള്‍ പരസ്പരം ഹിംസിക്കാന്‍ ഒരു കാലത്തും മടിച്ചിട്ടില്ല. പരസ്പര സംഘട്ടനം മറക്കുന്ന അപൂര്‍വം ഇടവേളകളില്‍ മതങ്ങള്‍ ആഭ്യന്തരകലഹത്തില്‍ ആകൃഷ്ടരാകുന്നു. പ്രോട്ടസ്റ്റന്റുകാരനും കത്തോലിക്കനും സുന്നിയും ഷിയയും പരസ്പരം വെട്ടിക്കീറുന്നു. രാജവെമ്പാല മൂര്‍ഖനെ തിന്നുന്നു. മൂര്‍ഖന്‍ ചേരയെ ആഹരിക്കുന്നു, ചേര എലിയെ വിഴുങ്ങുന്നു. ഇങ്ങനെ ലോകമെമ്പാടും രക്തക്കടലുകള്‍ തീര്‍ത്ത് വശംകെട്ട മതത്തിന്റെ അത്താണിയായിട്ടാണ് ഇരുപതാം നൂറ്റാണ്ടിലെ നാസ്തികഭരണാധികാരികളില്‍ ചിലരെ അവതരിക്കുന്നത്.
Joseph Stalin
ചരിത്രത്തിന്റെ ചക്രങ്ങള്‍ ഉരുളുമ്പോള്‍ മനുഷ്യസമൂഹം പുതുമയുടേയും പുരോഗതിയുടേയും പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുന്നു. പക്ഷേ, ഈ മുന്നേറ്റം ഒരു നേര്‍രേഖയിലല്ല. മറിച്ച് ഒരു അറക്കവാളിന്റെ വായ്ത്തലയുടെ ആകൃതിയാണതിനുള്ളത്. കയറിയുമിറങ്ങിയുമാണ് പ്രയാണം. ഇടയ്ക്കിടെ തിരിച്ചടികളുണ്ടെങ്കിലും സമൂഹമനഃസാക്ഷി നിരന്തരമായി നവീകരിക്കപ്പെടുന്നുണ്ട്. ഇത്തരം തിരിച്ചടികളില്‍ 99 ശതമാനവും സൃഷ്ടിച്ചിട്ടുള്ളത് മതവും സ്വേച്ഛാതിപതികളുമാണ്. ഹിറ്റ്‌ലറും സ്റ്റാലിനും പോള്‍പോട്ടുമൊക്കെ അത്തരം സ്വേച്ഛാധിപതികളാണ്. പക്ഷേ, ലോര്‍ഡ്‌സ് ഓഫ് 'ദ ഗോള്‍ഡന്‍ ഹോണ്‍' (`Lords of the Golden Horn' by Noel Barber) എന്നകൃതിയില്‍ നോയല്‍ബാര്‍ബര്‍ വിവരിക്കുന്നതുപോലെ ചെങ്കിസ്ഖാന്‍, ചില ഓട്ടോമന്‍ സുല്‍ത്താന്‍മാര്‍, കലിഗുളയേയും കോണ്‍സ്റ്റന്റൈനേയും പോലുള്ള റോമന്‍ചക്രവര്‍ത്തിമാര്‍, സ്വപിതാവിനെ കൊല്ലാക്കൊല ചെയ്യുകയും സഹോദരരുടെ ചോരച്ചാലുകളില്‍ നീന്തിത്തുടിക്കുകയും ചെയ്ത ഔറംഗസീബിനെപ്പോലുള്ള ഘോരഭക്തന്‍മാര്‍ എന്നിവരുമായൊക്കെ താരതമ്യം ചെയ്യുമ്പോള്‍ ഹിറ്റ്‌ലര്‍ അത്ര വലിയ തിന്മയാണെന്ന് പറയാനാവില്ല. തീര്‍ച്ചയായും ഹിറ്റ്‌ലര്‍ കൂടുതല്‍ പേരെ കൊന്നിട്ടുണ്ട്. 


ആധുനിക സാങ്കേതികവിദ്യയും നവീന ആയുധങ്ങളുമാണ് ഒരുപാടുപേരെ പെട്ടെന്ന് കൊല്ലാന്‍ ഹിറ്റ്‌ലറേയും പോള്‍പോട്ടിനേയുമൊക്കെ സഹായിച്ചത്. തല്ലിയും വെട്ടിയും ആളെക്കൊല്ലുന്നതിന് ഒരു പരിധിയുണ്ട്. തോക്കും ബോംബും കണ്ടുപിടിച്ചതിന് ശേഷം ഹിംസ വളരെ എളുപ്പമായി. സ്വഭാവികമായും മരണസംഖ്യയും വര്‍ദ്ധിച്ചു. പണ്ടത്തെ മതനേതാക്കളുടേയും സ്വേച്ഛാധിപതികളുടേയും പക്കല്‍ ഇന്നത്തെ മാരകായുധങ്ങള്‍ ഇല്ലാതിരുന്നത് മനുഷ്യരാശിയുടെ പുണ്യമെന്നേ പറയാവൂ! ഇന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന് ഹിറ്റ്‌ലറെക്കാള്‍ എളുപ്പത്തില്‍ ലോകം നശിപ്പിക്കാനാവും. പക്ഷേ, ഇന്നത്തെ മാനവസമൂഹം ഏറെ മാറിയിരിക്കുന്നു. നമ്മുടെ ധാര്‍മ്മികമനസാക്ഷി മതേതരമായി ഏറെ പരിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നു. ഇത്തരം കാടത്തരത്തിന് അത്ര പെട്ടെന്ന് നാം വഴങ്ങിക്കൊടുക്കില്ല. പണ്ട് യുദ്ധം ജയിക്കുന്നവനും വെട്ടിപ്പിടിക്കുന്നവനും വാഴ്ത്തപ്പെടുമായിരുന്നു. ഇന്ന് സ്ഥിതിയതല്ല.


Saddam Hussein
''ഹിറ്റ്‌ലറും സ്റ്റാലിനും നിരീശ്വരവാദികളായിരുന്നില്ലേ?''ഇന്നും ഭാവനാശൂന്യരായ ചില മതപ്രഭാഷകര്‍ ഈ ചോദ്യമുയര്‍ത്താറുണ്ട്. രണ്ടു നിഗമനങ്ങളാണ് ഈ ചോദ്യത്തിന് പിന്നിലുള്ളത്.(1) സ്റ്റാലിനും ഹിറ്റ്‌ലറും നിരീശ്വരവാദികളായിരുന്നു. (2) അവര്‍ നിരീശ്വരവാദികളായിരുന്നതുകൊണ്ടാണ് ക്രൂരതകള്‍ ചെയ്തുകൂട്ടിയത്. ഇതില്‍ ആദ്യ നിഗമനം പരിഗണിക്കാം: സ്റ്റാലിന്‍ നിരീശ്വരവാദിയായിരുന്നുവെന്നത് ശരിയാണ്. പക്ഷേ, ഹിറ്റ്‌ലറുടെ കാര്യത്തില്‍ അത്തരം യാതൊരുറപ്പും സാധ്യമല്ല. മരിക്കുന്നതുവരെ ഹിറ്റ്‌ലര്‍ റോമന്‍കത്തോലിക്കനായിരുന്നു. അനിഷേധ്യമായ വസ്തുതയാണത്. ആദ്യനിഗമനം അപ്രസക്തമാണ്, രണ്ടാമത്തേത് തെറ്റും. ഹിറ്റ്‌ലറും സ്റ്റാലിനും അവിശ്വാസികളായിരുന്നു എന്നിരിക്കട്ടെ. രണ്ടുപേര്‍ക്കും മീശ ഉണ്ടായിരുന്നുവെന്നുമിരിക്കട്ടെ; അതിനെന്ത്? സദാംഹുസ്സൈനും മീശയുണ്ടായിരുന്നു! ലക്ഷക്കണക്കിന് വരുന്ന സ്വജനതയെ ഹെലികോപ്റ്ററിലൂടെ വിഷം തളിച്ച് കൊന്നുവെന്ന ആരോപണം നേരിട്ട സദാം ഹുസൈന്‍ മരിച്ചത് ഖുര്‍-ആനും കയ്യില്‍ പിടിച്ചാണ്. ഇന്തോനേഷ്യയില്‍ 12 ലക്ഷം കമ്മ്യൂണിസ്റ്റുകളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സുഹാര്‍ത്തോയും ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ട അമേരിക്കന്‍ പ്രസിഡന്റും മതവിശ്വാസികളായിരുന്നു. ഇസ്‌ളാമികവിപ്‌ളവമെന്ന ഓമനപ്പേരില്‍ കമ്മ്യൂണിസ്റ്റുകളടക്കമുള്ള എതിരഭിപ്രായക്കാരെ അക്ഷരാര്‍ത്ഥത്തില്‍ 'ബാഷ്പീകരിച്ചു' കളഞ്ഞ അയത്തൊള്ള ഖൊമൈനിയും മതവിശ്വാസിയായിരുന്നു. ഒന്നാലോചിക്കുക, ഹിരോഷിമയിലും നാഗസാക്കിയിലും സെക്കന്‍ഡുകള്‍ കൊണ്ട് രണ്ടര ലക്ഷം പേരെ കാലപുരിയ്ക്കയയ്ക്കുകയും നിരവധി ലക്ഷങ്ങളെ കൊല്ലാക്കൊല ചെയ്യുകയും ചെയ്ത ഹാരി ട്രൂമാന്‍ ബോംബിട്ടെന്നത് തന്റെ മതവിശ്വാസം കൊണ്ടാണെന്ന് ആരെങ്കിലും വാദിക്കുമോ? ഇദി അമീന്‍ മനുഷ്യമാംസം തിന്നത് മതഭക്തി കാരണമാണെന്നും ആരും ആരോപിക്കുന്നില്ല. പിന്നെന്തുകൊണ്ട് ഹിറ്റ്‌ലറും സ്റ്റാലിനും?
Harry S Trueman
തിന്മ പ്രവര്‍ത്തിക്കുന്ന ഒരാള്‍ വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന ഒറ്റക്കാരണം മുന്‍നിറുത്തി തിന്മ വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ ചിഹ്നമാണെന്ന് അനുമാനിക്കാനാവില്ല. നേരെമറിച്ച് അയാളുടെ വിശ്വാസം അല്ലെങ്കില്‍ അവിശ്വാസം തിന്മ അഴിച്ചുവിടുന്നതില്‍ എന്തുപങ്കാണ് വഹിച്ചിട്ടുള്ളത് എന്നതാണ് പ്രസക്തമായ ചോദ്യം. നാസ്തികത പ്രകൃതിശാസ്ത്രപരമായ, ശാസ്ത്രീയമായ തെളിവുകള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന ഒരു ചിന്താധാരയും ജീവിതവീക്ഷണവുമാണ്. സഹജീവികളെ ഹിംസിക്കാന്‍ ആവശ്യപ്പെടുന്ന യാതൊന്നും അതിലില്ലെന്ന് മാത്രമല്ല എല്ലാ ജീവികളും ഒരു പൊതുപൂര്‍വികനില്‍ നിന്ന് ഉരുത്തിരിഞ്ഞുവെന്ന സഹജബോധവും മാനവികതയുമാണ് അതിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്.  ശുദ്ധമായ നാസ്തികനിലപാട് സ്വീകരിക്കുന്ന ഒരാള്‍ അഹിംസാവാദത്തെ പിന്തുയ്ക്കുന്നവനായിരിക്കും എന്നാല്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യുന്നവര്‍ നാസ്തകര്‍ക്കിടയിലുണ്ടാകാം. ഉത്തമ നാസ്തികരാവാന്‍ അവര്‍ പരാജയപ്പെടുകയും മതവിശ്വാസിയുടെ മാനസികാവസ്ഥയിലേക്ക് അധ:പതിക്കുകയും ചെയ്യും. 
മതത്തിന്റെ കാര്യം നേരെ തിരിച്ചാണ്. എതിരാളികളെ കൊല്ലാനും തിന്നാനുമുള്ള ശാസനങ്ങള്‍ കൊണ്ട് ശ്വാസം മുട്ടുന്നവയാണ് മതദര്‍ശനങ്ങള്‍. മതദൈവത്തിന് വേണ്ടി യുദ്ധം ചെയ്യാനും പരസ്പരസങ്കലനം ഒഴിവാക്കാനും അന്യനെ മാലിന്യമായി കാണാനും ശുദ്ധമതവിശ്വാസിക്ക് മേല്‍ താത്വികമായ സമ്മര്‍ദ്ദമുണ്ട്.


ജോസഫ് സ്റ്റാലിന്‍ ഒരു നിരീശ്വരവാദിയായിരുന്നു. റഷ്യയിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് നടത്തിയിരുന്ന ടിഫ്‌ളിസ് തിയോളജിക്കല്‍ സെമിനാരിയില്‍ (Tiflis Theological Seminary) നിന്നാണ് അദ്ദേഹത്തിന് വിദ്യാഭ്യാസം ലഭിച്ചത്. സ്റ്റാലിന്‍ ഒരു പാതിരിയാകുമെന്നായിരുന്നു അമ്മയുടെ പ്രതീക്ഷ. തന്റെ സ്വപ്നം പൂവണിയാത്തതില്‍ അമ്മയ്ക്ക് വലിയ നിരാശയായിരുന്നുവെന്ന് സ്റ്റാലിന്‍ തന്നെ പിന്നീട് തമാശരൂപത്തില്‍ പറഞ്ഞിട്ടുണ്ട്. പുരോഹിതനാവാന്‍ സെമിനാരിയില്‍ ചേര്‍ന്നുപഠിച്ചതുകൊണ്ടുതന്നെ ക്രിസ്തുമതം നന്നായി മനസ്സിലാക്കിയ സ്റ്റാലിന്റെ മതത്തിനെതിരെയുള്ള ആക്രമണം വളരെ രൂക്ഷവും നിശിതവുമായിരുന്നു. കൂടെക്കിടന്നവനല്ലേ രാപ്പനിയുടെ ചൂടറിയൂ! എന്നാല്‍ നിരീശ്വരവാദം കാരണമാണ് സ്റ്റാലിന്‍ ക്രൂരനായ ഭരണാധികാരിയായതെന്ന വാദം വിചിത്രമാണ്. വിദ്യാഭ്യാസകാലത്ത് ലഭിച്ച മതപരിശീലനമാണ് സ്റ്റാലിനെ ക്രൂരനാക്കിയതെന്ന മറുവാദവും അതുപോലെ ചപലമാണ്. പഴയനിയമത്തിലെ യഹോവയെയാണ് സ്റ്റാലിന്‍ തന്റെ ക്രൂരതകള്‍ക്ക് മാതൃകയാക്കിയതെന്ന വാദവും അതുപോലെതന്നെ ബാലിശമാണ്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിനെ തന്ത്രപരമായി കൂടെനിറുത്തുന്നതില്‍ വിജയിച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു ജോസഫ് സ്റ്റാലിന്‍.


ഹിറ്റ്‌ലര്‍ നിരീശ്വരവാദിയായിരുന്നവെന്ന വിശ്വാസം മിഥ്യയാണ്. ആസൂത്രിതമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു നുണ എന്നുവേണമെങ്കില്‍ പറയാം.
ഹിറ്റ്‌ലറുടെ മതവിശ്വാസം പൂര്‍ണ്ണമായും നിര്‍ധാരണം ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു സമസ്യയാകുന്നു. അദ്ദേഹം അവിശ്വാസിയായിരുന്നു എന്ന പ്രചരണവും ചോദ്യം ചെയ്യാതെ അത് വിശ്വസിക്കാനുള്ള ഉത്സാഹവും ലക്ഷ്യമിടുന്നത് മറ്റുചിലതാണ്. ഹിറ്റ്‌ലറെപ്പോലൊരു ഇതിഹാസനായകന്‍ നിരീശ്വരവാദിയായിരുന്നുവെങ്കില്‍ അതില്‍ ഭൗതികവാദികള്‍ക്ക് അപമാനം തോന്നേണ്ട കാര്യമൊന്നുമില്ല. അഭിമാനിക്കാനും അതില്‍ യാതൊന്നുമില്ല. എന്നാല്‍ ഹിറ്റ്‌ലറുടെ ക്രൂരതകള്‍ അവിശ്വാസത്തില്‍നിന്നുത്ഭവിച്ചതാണെന്ന് തെളിഞ്ഞാല്‍ ഭൗതികവാദത്തിന്റെ ന്യൂനതയായി അതിനെ വ്യാഖ്യാനിക്കാം. ഹിറ്റ്‌ലര്‍ ഏറ്റവും കൂടുതല്‍ കൊന്നൊടുക്കിയത് വിശ്വാസികളായ ജൂതരെയും നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകളെയുമായിരുന്നുവെന്ന് നമുക്കറിയാം. സത്യത്തില്‍ വിശ്വാസവും അവിശ്വാസവുമൊന്നും ഹിറ്റ്‌ലര്‍ക്കൊരു വിഷയമായിരുന്നില്ല. മതത്തോടും മതനേതാക്കളോടുമുള്ള കടുത്ത പുച്ഛവും രോഷവും അദ്ദേഹം പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. അത് മതത്തെ അടുത്തറിയാന്‍ കഴിഞ്ഞതുകൊണ്ട് മാത്രമാകാനാണ് സാധ്യത. വത്തിക്കാന് ഏറ്റവും കൂടുതല്‍ സാമ്പത്തികസഹായവും പിന്തുണയും നല്കിയത് ഹിറ്റ്‌ലര്‍-മുസ്സോളിനി അച്ചുതണ്ടായിരുന്നുവല്ലോ. മുസ്സോളിനി ദാനം ചെയ്ത 108 ഏക്കര്‍ഭൂമിയിലാണ് ഇന്നും വത്തിക്കാന്‍ സ്ഥിതിചെയ്യുന്നത്.


ഹിറ്റ്‌ലര്‍ ജനിച്ചത് ഒരു റോമന്‍ കത്തോലിക്കാ കുടുംബത്തിലായിരുന്നു. ബാല്യത്തില്‍ കത്തോലിക്കാസ്‌കൂളില്‍ പഠിച്ചു; കത്തോലിക്ക പള്ളികളില്‍ പോയി. പക്ഷേ, അതൊന്നും വലിയ പ്രാധാന്യമുള്ള സംഗതികളല്ല. 99% നിരീശ്വരവാദികളും മതപരമായിട്ട് തന്നെയാണ് ജീവിതം തുടങ്ങുക. സ്റ്റാലിന്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഉപേക്ഷിച്ചതുപോലെ ഹിറ്റ്‌ലര്‍ക്കും ചെയ്യാമായിരുന്നു. പക്ഷേ, ഒരിക്കലും അദ്ദേഹമത് ചെയ്തില്ല; മരിക്കുവോളം. മാത്രമല്ല ജീവിതത്തിലുടനീളം ഹിറ്റ്‌ലര്‍ മതവിശ്വാസിയായിരുന്നുവെന്നതിന് തെളിവുണ്ട്. ഒരുപക്ഷേ, നല്ല കത്തോലിക്കനായിരുന്നിരിക്കില്ല. അവസാനകാലത്ത് പൂര്‍ണ്ണമായും മതനിഷേധിയുമായിട്ടുണ്ടാവാം. എന്നിരുന്നാലും ഏതോ 'ദൈവികശക്തി'യില്‍ അല്ലെങ്കില്‍ പരമചൈതന്യത്തില്‍ വിശ്വസിച്ചിരുന്നതായി സൂചിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഹിറ്റ്‌ലറുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ചുരുക്കത്തില്‍ ഹിറ്റ്‌ലര്‍ ഒരുകാലത്തും നാസ്തികനായിരുന്നിട്ടില്ലെന്ന് മാത്രമല്ല അദ്ദേഹത്തിന് നാസ്തികത ഒരിക്കലും പഥ്യവുമായിരുന്നുമില്ല.



ആത്മകഥയായ 'മീന്‍കാംഫി'ല്‍ ('Mein Kamf') ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആ വേളയില്‍ ജീവിച്ച് പിതൃഭൂമിക്ക് വേണ്ടി യുദ്ധംചെയ്യാന്‍ അവസരം ലഭിച്ചതില്‍ മുട്ടുകുത്തി ആകാശത്തേക്ക് നോക്കി 'സ്വര്‍ഗ്ഗീയശക്തി'യോട് താന്‍ നന്ദിപറഞ്ഞതായി ഹിറ്റ്‌ലര്‍ രേഖപ്പെടുത്തിയിട്ടുണ്ട് ('I sank down on my knees and thanked Heaven out of fullness of my heart for the favour of having been permitted to live in such a time'). ഇത് 1916 ലാണ്; അന്നദ്ദേഹത്തിന് വയസ്സ് 26. ഇവിടെ `Heaven' എന്ന വാക്കുകൊണ്ട് ഹിറ്റ്‌ലര്‍ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമല്ല. രണ്ടായാലും ഒരു നിരീശ്വരവാദിയുടെ സ്വാഭാവിക പ്രതികരണമല്ലത്. 1916-നുശേഷം ഹിറ്റ്‌ലര്‍ മാറിയിട്ടുണ്ടാവില്ലേ?


Rudolph Hess
ഹിറ്റ്‌ലറുടെ ഉറ്റ അനുയായിയും ഡെപ്യൂട്ടി ഫ്യൂററുമായിരുന്ന(Deputy Fuhrer) റുഡോള്‍ഫ് ഹെസ്സ് (Rudolph Hess) ബബേറിയുടെ പ്രധാനമന്ത്രിക്ക് 1920-ല്‍ അയച്ച കത്തില്‍ ഇപ്രകാരം പറയുന്നു: ''എനിക്ക് ഫ്യൂററെ വ്യക്തിപരമായി വളരെ അടുത്തറിയാം; നല്ല അടുപ്പത്തിലുമാണ്. അനിതരസാധാരണമായ മാന്യതയും ആഴത്തിലുള്ള ദയാവായ്പുമുള്ള ഒരു കത്തോലിക്കനാണദ്ദേഹം''('I know Herr Hitler very well personally and am quite close to him. He has an unusually honourable character, full of profound kindness, is religious, a good catholic '(The God Delusion, Page-274) ഈ കത്തില്‍ ഹിറ്റ്‌ലറെ ദയാവായ്പിന്റെ വാരിധിയും മാന്യതയുടെ മൂര്‍ത്തിമദ്ഭാവവുമൊക്കെയായി ചിത്രീകരിച്ചിരിക്കുന്നതിനാല്‍ കത്തോലിക്കനാണെന്ന പരാമര്‍ശവും ആ രീതിയില്‍തന്നെ കണ്ടാല്‍ മതിയാകുമെന്ന് വാദിക്കുന്നവരുണ്ടാകും. അവരുടെ പ്രചരണം ഇങ്ങനെയാണ്. ക്രിസ്തുമതം പഠിപ്പിക്കുന്നത് മുഴുവന്‍ ഉത്കൃഷ്ടമായ കാര്യങ്ങളാണ്. ഹിറ്റ്‌ലര്‍ ചെയ്തതൊന്നും നല്ല കാര്യങ്ങളല്ല, അതിനാല്‍ ഹിറ്റ്‌ലര്‍ വിശ്വാസിയല്ല!!!
Herman Goring
ഹിറ്റ്‌ലറുടെ വലംകയ്യും നാസിസേനാപതിയുമായിരുന്ന ഹെര്‍മന്‍ഗോറിങ് (Hermen Goering) പറഞ്ഞു: ''ഒരു കത്തോലിക്കന് മാത്രമേ ജര്‍മ്മിനിയെ ഏകീകരിക്കാനാവൂ'' ('Only a Catholic could unite Germany').  'കത്തോലിക്കന്‍' എന്നതുകൊണ്ട് ഗോറിങ് ഉദ്ദേശിച്ചത് 'കത്തോലിക്കാ സ്‌ക്കൂളില്‍ പഠിച്ചവന്‍' എന്നായിരിക്കില്ലല്ലോ! 


1933-ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഹിറ്റ്‌ലര്‍ നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ തുറന്നടിച്ചു: ''ജനത്തിന് വിശ്വാസം വേണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് നാം നിരീശ്വരവാദപ്രസ്ഥാനത്തിനെതിരെയുള്ള പോരാട്ടം നടത്തിയത്. അത് വെറും ചില സൈദ്ധാന്തികമായ വാചാടോപം മാത്രമായിരുന്നില്ല. നാമവരെ പൂര്‍ണ്ണമായും തൂത്തെറിഞ്ഞുകഴിഞ്ഞു''('We are convinced that the people need and require this faith. We have therefore undertaken the fight against the atheistic movement, and that not merely with a few theoretical declarations:We have stamped it out' ('The God Delusion-page-274) ഈ പ്രഖ്യാപനം പലരേയും പോലെ ഹിറ്റ്‌ലറും 'വിശ്വസിക്കുന്നതില്‍ വിശ്വസിക്കുകയും' ജീവിതലക്ഷ്യം നേടാനായി മതം ഒരു പരിചയായി ഉപയോഗിക്കുകയും ചെയ്തതാണെന്ന വിമര്‍ശനമുയര്‍ത്താം.



എന്നാല്‍ 1941-ല്‍ ഹിറ്റ്‌ലര്‍ തന്റെ അഡ്ജുട്ടാന്റായ ജെറാര്‍ഡ് ഏന്‍ജലിനോട് (Jerard Engel) തറപ്പിച്ചുപറഞ്ഞു: ''ഞാന്‍ എന്നും ഒരു കത്തോലിക്കനായി നിലനില്‍ക്കും'' ('I Shall always remain a catholic for ever). ഇത് വായിക്കുന്ന ഒരാള്‍ ഹിറ്റ്‌ലര്‍ ഒരു നല്ല കത്തോലിക്കനായിരുന്നുവെന്ന് വിശ്വസിച്ചാല്‍ അത്ഭുതമില്ല. ക്രിസ്ത്യാനികളുടെ സ്ഥിരം ജൂതപുലയാട്ടുകളൊക്കെ ഹിറ്റ്‌ലറുടെ നാവില്‍നിന്നും പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. 'ക്രിസ്തുവിന്റെ കൊലയാളി'കളാണ്('Christ killers') ജൂതന്‍മാരെന്ന പരമ്പരാഗത ക്രൈസ്തവവിശ്വാസം അദ്ദേഹത്തിനുമുണ്ടായിരുന്നു. 60 ലക്ഷം ജൂതരെ ഹിറ്റ്‌ലര്‍ രണ്ടാം ലോകയുദ്ധത്തിനിടെ കൊന്നൊടുക്കിയെന്നാണ് കണക്ക്. 1923-ല്‍ മ്യൂണിക്കില്‍വെച്ച് നടത്തിയ അദ്ദേഹത്തിന്റെ ഒരു പ്രസംഗം ശ്രദ്ധിക്കുക:
''നമ്മുടെ രാജ്യത്തെ (ജര്‍മ്മനി) നശിപ്പിച്ചുകൊണ്ടിരിക്കുന്ന ജൂതരില്‍നിന്ന് അതിനെ രക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടതായിട്ടുള്ളത്. പണ്ടൊരാള്‍ കുരിശില്‍ക്കിടന്ന് അനുഭവിച്ചതുപോലൊരു യാതന ജര്‍മ്മിനി അനുഭവിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്.''



'അഡോള്‍ഫ് ഹിറ്റ്‌ലര്‍ ദി ഡെഫനറ്റീവ് ബയോഗ്രാഫി' (Adolf Hitler: the Definitive Biography by John Toland)എന്ന പുസ്തകത്തില്‍ ജോണ്‍ ടോളണ്ട് നടത്തുന്ന ചില നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ക്രിസ്ത്യന്‍ പുരോഹിതമേധാവിത്വത്തെ കഠിനമായി വെറുത്തിരുന്നപ്പോഴും തന്റെ മതവിശ്വാസം അചഞ്ചലമായി കാത്തുസൂക്ഷിച്ച വ്യക്തിയാണ് ഹിറ്റ്‌ലര്‍. ജൂതര്‍ ക്രിസ്തുവിന്റെ കൊലയാളികളാണെന്ന പരമ്പരാഗത ക്രൈസ്തവവിശ്വാസം അദ്ദേഹമെന്നും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു. അവരെ ഉന്മൂലനംചെയ്ത് പ്രതികാരം വീട്ടുന്നകാര്യത്തില്‍ 'ദൈവകര'മായി (divine hand) പ്രവര്‍ത്തിക്കുന്നതില്‍ യാതൊരു മനഃസാക്ഷിക്കുത്തും വേണ്ടെന്നും അദ്ദേഹം കരുതി - ജോണ്‍ ടോളണ്ട് എഴുതുന്നു. ക്രിസ്ത്യാനികള്‍ക്കിടയില്‍ റോമന്‍കത്തോലിക്കര്‍ മാത്രമല്ല കടുത്ത ജൂതവിരോധം വെച്ചുപുലര്‍ത്തിയിരുന്നത്. നവോത്ഥാനനായകനായ മാര്‍ട്ടിന്‍ ലൂഥറും (Martin Luther) കടുത്ത ജൂതവിരോധിയായിരുന്നു. ഒരുപക്ഷേ, പ്രോട്ടസ്റ്റന്റുകാര്‍ക്കും കത്തോലിക്കര്‍ക്കും ഒന്നിക്കാന്‍ കഴിഞ്ഞിരുന്ന അപൂര്‍വ്വ വിഷയങ്ങളിലൊന്നായിരുന്നു ജൂതവിരോധം.


 'ജൂതരേയും അവരുടെ നുണകളേയും പറ്റി' (On the Jews and their Lies) എന്ന വിശ്വ(കു)പ്രസിദ്ധമായ തന്റെ കൃതിയില്‍ 'അണലിയുടെ സന്തതികളെ' ('brood of vipers') എന്നാണ് മാര്‍ട്ടിന്‍ലൂഥര്‍ ജൂതരെ സംബോധന ചെയ്തിട്ടുളളത്. ഈ പ്രയോഗം പിന്നീട് ഹിറ്റ്‌ലറിന്റെ 'മാസ്റ്റര്‍പീസായി' തീര്‍ന്നു. ലൂഥറിന്റെ പക്കല്‍ നിന്നാണോ അതോ മത്തായിയുടെ സുവിശേഷത്തില്‍നിന്ന് (മത്തായി 3:7) നേരിട്ടാണോ ഹിറ്റ്‌ലര്‍ ഈ പദം കണ്ടെത്തിയതെന്ന് വ്യക്തമല്ല. എന്തായാലും പ്രസംഗങ്ങളിലും രചനകളിലും അദ്ദേഹം പലപ്പോഴുമിതാവര്‍ത്തിച്ചിട്ടുണ്ട്.



1922-ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ തന്റെ അചഞ്ചലമായ ക്രിസ്തുമതവിശ്വാസം ഹിറ്റ്‌ലര്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു: ''ക്രിസ്തുമതവിശ്വാസിയെന്ന നിലയിലുള്ള വികാരം എന്റെ പ്രഭുവിനെ ഒരു തികഞ്ഞ പോരാളിയും രക്ഷകനുമായി കാണാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഏകാന്തതയില്‍ ഒറ്റപ്പെട്ട് ഏതാനും ചില അനുയായികളാല്‍ മാത്രം ചുറ്റപ്പെട്ട് നിന്നപ്പോഴും ജൂതര്‍ ആരാണെന്നദ്ദേഹം തിരിച്ചറിഞ്ഞു. അവര്‍ക്കെതിരെ പൊരുതാന്‍ ജനത്തെ പ്രേരിപ്പിക്കുകയും ചെയ്തു. എന്റെ ദൈവം അവരുടെ പക്കല്‍നിന്നും ഏറെ അനുഭവിച്ചുവെങ്കിലും അദ്ദേഹം ഒരു തികഞ്ഞപോരാളിയായിരുന്നു. പ്രഭുവിനോടുള്ള അഗാധമായ സ്‌നേഹത്താല്‍ ഞാനാ ഭാഗം വായിക്കുമ്പോള്‍ പ്രഭു എങ്ങനെയാണ് അവസാനം തന്റെ യഥാര്‍ത്ഥശക്തി വെളിപ്പെടുത്തി, ചമ്മട്ടി കയ്യിലെടുത്ത് സര്‍പ്പസന്തതികളോട് പുറത്തുപോകാന്‍ പറഞ്ഞതെന്നോര്‍ക്കുമ്പോള്‍ എത്ര സമുജ്ജ്വലമായിരുന്നു ജൂതവിഷത്തിനെതിരെ അദ്ദേഹം നയിച്ച മഹത്തായ പോരാട്ടമെന്ന് ഞാനോര്‍ത്തുപോകുന്നു. ഇന്ന് രണ്ടായിരം വര്‍ഷത്തിനുശേഷം അഗാധമായി അനുതപിക്കുന്ന ഹൃദയത്തോടെ ഈ ഒരു (ജൂതരുടെ ചതി) കാരണത്താലാണ് അദ്ദേഹം കുരിശില്‍ക്കിടന്ന് രക്തം ചൊരിഞ്ഞതെന്ന് മറ്റെന്നത്തെക്കാളുപരി ഞാന്‍ തിരിച്ചറിയുന്നു. ഒരു ക്രിസ്ത്യാനിയെന്നനിലയില്‍ വീണ്ടും ചതിക്കപ്പെടാന്‍ നിന്നുകൊടുക്കാന്‍ എനിക്ക് ബാധ്യതയില്ല. സത്യത്തിനും നീതിക്കും വേണ്ടി പോരടിക്കാനുള്ള ബാധ്യതയാണെനിക്കുള്ളത്. നാം ശരിയായ ദിശയില്‍ തന്നെയാണ് നീങ്ങുന്നതെന്നതിന്റെ തെളിവാണ് ഓരോ ദിവസവും വളര്‍ന്നുവന്നുകൊണ്ടിരിക്കുന്ന കുഴപ്പങ്ങള്‍. ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ തീര്‍ച്ചയായും എനിക്കെന്റെ ജനത്തോട് കടപ്പാടുണ്ട്...''


ഇതിലും കടുത്തരീതിയില്‍ മതദ്വേഷമിളക്കിവിട്ട് പ്രസംഗിക്കാന്‍ സാക്ഷാല്‍ മഅ'ദനിക്കുപോലും കഴിയുമോ എന്നാരും സംശയിക്കും! പക്ഷേ, ഇത് 1921-ലെ പ്രസംഗമല്ലേ; വിട്ടുകളയാം. ജൂതവിരോധം തുള്ളിത്തുളുമ്പുന്ന നിരവധി വരികള്‍ 'മീന്‍കാംഫി'ലുമുണ്ട്: ''ദൈവേച്ഛയനുസരിച്ചാണ് ഞാന്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയുമെന്ന് ഇന്ന് ഞാന്‍ വിശ്വസിക്കുന്നു. ജൂതര്‍ക്കെതിരെ സ്വയം പ്രതിരോധിക്കുന്നതിലൂടെ ഞാന്‍ പ്രഭുവിന്റെ വേലയ്ക്കായി പോരടിക്കുകയാണ്''. 1925-ലാണ് ഈ വരികളെഴുതിയതെന്നതിനാല്‍ നമുക്കിതും തള്ളാം. പക്ഷേ, ഇതേകാര്യം 1938-ല്‍ റിച്ച്സ്റ്റാഗില്‍ നടന്ന പ്രസംഗത്തില്‍ അദ്ദേഹം വീണ്ടും പരാമര്‍ശിച്ചു. സമാനമായ കാര്യങ്ങള്‍ ജീവിതത്തിലുടനീളം ഹിറ്റ്‌ലര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഉദ്ധരണികള്‍ മാത്രം പോരാ; ഹിറ്റ്‌ലര്‍ മതത്തിനെതിരായി നടത്തിയ നിശിതവിമര്‍ശനങ്ങളും പരിശോധിക്കേണ്ടതുണ്ട്.



'ടേബിള്‍ടോക്കില്‍' ('Table Talk') അദ്ദേഹത്തിന്റെ സെക്രട്ടറി തന്നെ രേഖപ്പെടുത്തിയ നിരവധി ക്രൈസ്തവവിരുദ്ധ പരാമര്‍ശങ്ങളുണ്ട്. ഈ പരാമര്‍ശങ്ങളെല്ലാം തന്നെ 1941-ല്‍ നടത്തിയതായി സൂചിപ്പിക്കപ്പെട്ടവയാണ്. ചിലവ മാത്രം പരിശോധിക്കാം: (1)''മനുഷ്യരാശിയുടെ മുകളില്‍ പതിച്ച ഏറ്റവും മാരകമായ പ്രഹരം ക്രൈസ്തവമതത്തിന്റെ വരവ് തന്നെയാണ്. ബോള്‍ഷെവിസം സത്യത്തില്‍ ക്രൈസ്തവമതത്തിന്റെ ജാരസന്തതിയാണ്. രണ്ടും ജൂതരുടെ കണ്ടുപിടുത്തമാകുന്നു. മനഃപൂര്‍വ്വമായ നുണകള്‍ ക്രിസ്തുമതത്തിലേക്ക് കടത്തിവിടപ്പെട്ടു......''. (2) ''ക്രിസ്തുമതവും ചിക്കന്‍പോക്‌സും ഇല്ലാതിരുന്നതാണ് പ്രാചീനലോകം ഇത്രയധികം നിര്‍മലവും ശുദ്ധവും പ്രകാശമാനവുമായിരിക്കാനുള്ള പ്രധാന കാരണം''. (3) ''ഇതൊക്കെ പറയുമ്പോഴും ഇറ്റലിക്കാരും സ്‌പെയിന്‍കാരും ക്രിസ്തുമതമെന്ന മയക്കുമരുന്നിനടിപ്പെട്ട് കഴിയുന്നതില്‍നിന്ന് മോചിതരാവണം എന്നാഗ്രഹിക്കാന്‍ യാതൊരു യുക്തിയും കാണുന്നില്ല. ആ രോഗത്തിനെതിരെ പ്രതിരോധം തീര്‍ത്ത ഏക ജനതയായി നമുക്ക് മാറാം''.



'ടേബിള്‍ടോക്കില്‍' ഇതുപോലുള്ള നിരവധി അഭിപ്രായപ്രകടനങ്ങള്‍ കാണാം. ക്രൈസ്തവമതത്തെ ബോള്‍ഷെവിക്കുകളുമായി താരതമ്യം ചെയ്യുന്നവയാണ് മിക്ക പ്രസ്താവനകളും. കാള്‍ മാക്‌സിനെയും സെന്റ് പോളിനെയും താരതമ്യം ചെയ്ത് സംസാരിക്കുന്നത് ഹിറ്റ്‌ലറുടെ മുഖ്യ ഹോബിയായിരുന്നു. രണ്ടുപേരും ജൂതരാണെന്ന് ആരോപിച്ച ഹിറ്റ്‌ലര്‍ യേശു ഒരു ജൂതനാണെന്ന വസ്തുത അംഗീകരിക്കാന്‍ ഒരിക്കലും കൂട്ടാക്കിയതുമില്ല! ഒരുപക്ഷേ, 1941 ആയപ്പോഴേക്കും ഹിറ്റ്‌ലര്‍ മതനിഷേധിയായിട്ടുണ്ടാവണം. അതല്ലെങ്കില്‍ സന്ദര്‍ഭത്തിനനുസരിച്ച് അഭിപ്രായം മാറ്റുന്ന ഒരു കാപട്യക്കാരനായി മാത്രമെ ഹിറ്റ്‌ലറെ വിലയിരുത്താനാവൂ.
ഹിറ്റ്‌ലറുടെ സ്വന്തം വാക്കുകള്‍ വിട്ടുകളയുക. അദ്ദേഹത്തോട് അടുത്തബന്ധം പുലര്‍ത്തിയവര്‍ നല്കുന്ന വിവരങ്ങളും അവഗണിക്കാം. ഇതിനൊക്കെ വിരുദ്ധമായി മതത്തെ സ്വാര്‍ത്ഥതാല്പര്യത്തിനായി ചൂഷണം ചെയ്ത തികഞ്ഞ അവിശ്വാസിയായിരുന്നു ഹിറ്റ്‌ലറെന്ന് വാദിക്കാം. പക്ഷേ, എക്കാലത്തെയും പുരോഹിതരില്‍ എത്ര ശതമാനം പേര്‍ ശരിക്കും വിശ്വാസികളായിരുന്നുവെന്ന ചോദ്യം കൂടി ഒപ്പം പരിഗണിക്കേണ്ടി വരും. മതത്തിന്റെ കാപട്യം ഏറ്റവുമധികം തിരിച്ചറിഞ്ഞിട്ടുള്ളത് പുരോഹിതസമൂഹം തന്നെയാണെന്ന് പറയാറുണ്ട്. ''മനുഷ്യരെ ശാന്തരാക്കി നിറുത്താനുള്ള ഉഗ്രന്‍ സാധനമാണ് മതം''('Religion is excellent stuff for keeping people quiet'- Nepoleon)എന്ന നെപ്പോളിയന്റെ അഭിപ്രായവും ''മതം സത്യമാണെന്ന് സാധാരണജനവും കപടമെന്ന് വിവേകശാലികളും ഉപയോഗപ്രദമെന്ന് ഭരണാധികാരികളും കരുതുന്നു''('Religion is regarded by the common people as true,by the wise as false,and by rulers as useful'- Seneca)എന്ന സെനേക്കയുടെ വിഖ്യാതപ്രസ്താവനയും സത്യമെന്ന് വിശ്വസിച്ചിരുന്ന ഒരുവ്യക്തിയായിരുന്നു ഹിറ്റ്‌ലറെന്നും ഊഹിക്കാം. അത്തരത്തിലൊരു കപടനാടകം കളിക്കാനുള്ള കഴിവും മനസ്സും ഉള്ള വ്യക്തിയായിരുന്നു ഹിറ്റ്‌ലറെന്നതിലും തര്‍ക്കമുണ്ടാവില്ല. 



ആരോപിക്കപ്പെടുന്ന ക്രൂരതകളൊക്കെ ഹിറ്റ്‌ലര്‍ അഴിച്ചുവിട്ടത് ഒറ്റയ്ക്കല്ല. നിരവധി ഓഫീസര്‍മാരടക്കം ലക്ഷക്കണക്കിന് സൈനികര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അവരില്‍ ബഹുഭൂരിപക്ഷവും സത്യക്രിസ്ത്യാനികളുമായിരുന്നു. ജര്‍മ്മന്‍ജനതയെ വരുതിയിലാക്കാന്‍ ക്രിസ്തുമതത്തോട് സഹതാപം കാണിക്കണമെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ഹിറ്റ്‌ലര്‍ക്കുണ്ടായിരുന്നു എന്നതാണ് തിരിച്ചറിയേണ്ട വസ്തുത. വത്തിക്കാനുമായി പരമാവധി നല്ലബന്ധം പുലര്‍ത്താനും അവരെ സാമ്പത്തികമായും സൈനികമായും സഹായിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ഹിറ്റ്‌ലര്‍ നടത്തിയെന്ന് പറയപ്പെടുന്ന ഘോരകൃത്യങ്ങള്‍ക്കിടയിലും അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് പോപ്പ് പയസ് പന്ത്രണ്ടാമനെപ്പോലുള്ളവര്‍ ചെയ്തതെന്നോര്‍ക്കണം. അദ്ദേഹം നല്കിയ പിന്തുണ ക്രിസ്തുമതത്തിന് ഇന്നും തൃപ്തികരമായി 'വ്യാഖ്യാനിക്കാന്‍' കഴിഞ്ഞിട്ടില്ല. ലോകം മുഴുവന്‍ ആവശ്യപ്പെട്ടപ്പോഴും നാസികള്‍ക്കെതിരെ ഉറച്ച നിലപാടെടുക്കാന്‍ പയസ് പന്ത്രണ്ടാമന്‍ തയ്യാറായില്ല. ഹിറ്റ്‌ലര്‍ ജൂതരെ കൊന്നൊടുക്കുന്നതില്‍ നിഗൂഢമായ ആഹ്ലാദം അനുഭവിച്ചവര്‍ ക്രിസ്തുമത നേതൃത്വത്തില്‍ ധാരാളമുണ്ടായിരുന്നുവെന്നതും ചരിത്രം സാക്ഷ്യപ്പെടുത്തിയ തണുത്ത സത്യമാകുന്നു. മതവികാരവും അന്യമതവിരോധവും ഇളക്കിവിട്ട് ജനത്തെ യുദ്ധസജ്ജരാക്കുകയാണ് ഹിറ്റ്‌ലര്‍ ചെയ്തതെങ്കില്‍ കുരിശുയുദ്ധത്തിലടക്കം ക്രിസ്ത്യന്‍മതനേതൃത്വം കാണിച്ചുകൊടുത്തതും മറ്റൊന്നുമല്ല. മതചൂഷണത്തിന്റെ കാര്യത്തില്‍ ഹിറ്റ്‌ലര്‍ മാതൃക കണ്ടത് പോപ്പുമാരിലായിരിക്കണം. ക്രിസ്തുമതത്തിന് അന്യമായതൊന്നും ഹിറ്റ്‌ലര്‍ ചെയ്തിട്ടില്ലെന്ന വാദത്തിന് കനം വെക്കുന്നതങ്ങനെയാണ്. മെച്ചപ്പെട്ട ആയുധങ്ങളും സാങ്കേതികവിദ്യയും കൈവശമുണ്ടായിരുന്നതിനാല്‍ ഹിറ്റ്‌ലര്‍ കൂടുതല്‍പേരെ പെട്ടെന്ന് കൊന്നൊടുക്കി.



ക്രിസ്തുമതനേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തുമ്പോഴും ഹിറ്റ്‌ലര്‍ 'വിധി'യിലും നിഗൂഢമായ ഏതോ 'പ്രപഞ്ചശക്തി'യിലുമുള്ള വിശ്വാസം ഒരിക്കലും കൈവിട്ടില്ലെന്ന് രേഖകള്‍ തെളിയിക്കുന്നു. ഹിറ്റ്‌ലര്‍ അവസാനനാളുകളില്‍ ക്രിസ്ത്യാനിയല്ലാതായെന്ന് വാദിക്കുന്നവര്‍പോലും അദ്ദേഹം ജീവിതത്തിലുടനീളം ഏതോ 'പ്രപഞ്ചശക്തി'യിലും 'വിധി'യിലും വിശ്വസിച്ചിരുന്നുവെന്ന് സമ്മതിക്കുന്നുണ്ട്. ജര്‍മ്മിനിയെ താന്‍ നയിക്കുന്നത് ദൈവനിയോഗമാണെന്ന് ഹിറ്റ്‌ലര്‍ അവസാനനിമിഷം വരെ പറഞ്ഞിരുന്നു. ചില സമയത്ത് അദ്ദേഹം അതിനെ 'വിധി'യെന്നും (Providence) ചിലപ്പോള്‍ 'ദൈവ'മെന്നും (God) വിളിച്ചു. ക്രിസ്ത്യാനിയല്ലാത്തതുകൊണ്ട് ഒരാള്‍ ദൈവവിശ്വാസിയല്ലാതാകുന്നില്ല; ക്രിസ്ത്യാനിയാകുന്നതുകൊണ്ട് ദൈവവിശ്വാസിയുമാകുന്നില്ല. ആ നിലയ്ക്ക് ഹിറ്റ്‌ലറിന്റെ ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ അന്തിമതീര്‍പ്പ് കല്‍പ്പിക്കാന്‍ ക്രിസ്തുമതത്തിന് കുത്തകാവകാശമൊന്നുമില്ല.



1938-ല്‍ ആന്‍ഷ്‌ലസ്സ് (Anschluss) കീഴടക്കി വിജയശ്രീലാളിതനായി വിയന്നയില്‍ പ്രവേശിച്ച ഹിറ്റ്‌ലര്‍ പറഞ്ഞത് ദൈവമാണ് തന്റെ ജന്മദേശത്തെ ജര്‍മ്മന്‍ സാമ്രാജ്യത്തോട് (The Third Reich) കൂട്ടിച്ചേര്‍ക്കാന്‍ നിയോഗിച്ചതെന്നാണ്: ''ഇവിടെനിന്ന് ഒരു പയ്യനെ ജര്‍മന്‍ സാമ്രാജ്യത്തിലേക്ക് അയക്കാനും അവനവിടെ വളര്‍ന്നുവലുതായി ദേശത്തിന്റെ നേതാവായശേഷം സ്വന്തം ജന്മദേശത്തെ ജര്‍മന്‍ സാമ്രാജ്യത്തിലേക്ക് തിരിച്ച് ലയിപ്പിക്കാന്‍ അവന് വഴിയൊരുക്കിയത് ദൈവമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു''- ഹിറ്റ്‌ലര്‍ വികാരഭരിതനായി പ്രസംഗിച്ചു. രണ്ടാം ലോകയുദ്ധത്തിന്റെ ആരംഭഘട്ടത്തിലാണ് ഈ പ്രസംഗം. 1939-ല്‍ ഒരു വധശ്രമത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടപ്പോള്‍ എല്ലാ മതവിശ്വാസികളേയുംപോലെ ഹിറ്റ്‌ലറും അത് 'വിധിയുടെ വിളയാട്ടമായി' തിട്ടപ്പെടുത്തി. 'വിധി'യുടെ ഇടപെടല്‍ കാരണം ബര്‍ഗര്‍ബ്രാക്കുളര്‍ എന്ന സ്ഥലത്തുനിന്നും നിശ്ചയിച്ചിരുന്നതിലും നേരത്തെ തിരിച്ചതുകൊണ്ടാണ് താന്‍ വധശ്രമത്തില്‍നിന്നും രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. വധശ്രമത്തില്‍നിന്ന് ഹിറ്റ്‌ലര്‍ രക്ഷപ്പെട്ടതിന് ശേഷം മ്യൂണിക്ക് പള്ളിയില്‍ ഫ്യൂററെ രക്ഷിച്ചുകൊണ്ടുള്ള ദൈവവിധി അയച്ചതിന് ഒരു നന്ദിപ്രാര്‍ത്ഥന (Te Deum) നടത്തണമെന്ന് കാര്‍ഡിനല്‍ മൈക്കല്‍ ഫോള്‍ഹാബര്‍ (Cardinal Michael Faulhaber) ഉത്തരവിട്ടിരുന്നു. ഗീബല്‍സിനെപ്പോലുള്ള ഹിറ്റ്‌ലറിന്റെ പല അനുയായികളും നാസിസം ഒരു മതമായി വളര്‍ത്തിക്കൊണ്ടുവരുന്നതിനെപറ്റി കനത്ത പ്രചാരണം നടത്തിയിട്ടുണ്ട്. നാസികളുടെ കൂട്ടപ്രതിജ്ഞയ്ക്ക് പോലും ഒരു ക്രിസ്ത്യന്‍ പ്രാര്‍ത്ഥനയുടെ ചുവയുണ്ടായിരുന്നു.



താഴെപ്പറയുന്ന ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാരൂപത്തിലുള്ള പ്രതിജ്ഞ നാസി ട്രേഡ്‌യൂണിയനുകളുടെ മേധാവിയുടെ രചനയാണ്: ''അഡോള്‍ഫ് ഹിറ്റ്‌ലര്‍! ഞങ്ങള്‍ ഒന്നായിരിക്കുന്നത് നിന്റെ കൂടെ മാത്രമാകുന്നു. ഈ സമയത്ത് ഞങ്ങള്‍ പ്രതിജ്ഞ പുതുക്കുന്നു. എന്തെന്നാല്‍ ഭൂമിയില്‍ ഞങ്ങള്‍ അഡോള്‍ഫ് ഹിറ്റ്‌ലറില്‍ മാത്രം വിശ്വസിക്കുന്നു. നാഷണല്‍ സോഷ്യലിസം (നാസിസം) മാത്രമാണ് നമ്മുടെ ജനതയുടെ ഏക രക്ഷയെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. സ്വര്‍ഗ്ഗത്ത് ഒരു ദൈവമുണ്ടെന്നും അവനാണ് ഞങ്ങളെ സൃഷ്ടിച്ചതെന്നും അവന്‍ ഞങ്ങളെ നയിച്ച് പ്രത്യക്ഷമായിത്തന്നെ അനുഗ്രഹിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ജര്‍മനിയെ അനശ്വരതയുടെ അടയാളമാക്കാനായി അഡോള്‍ഫ് ഹിറ്റ്‌ലറെ ഞങ്ങളുടെ ഇടയിലേക്കയച്ചതും അവനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.'' രണ്ടായാലും ഇത്തരം പ്രാര്‍ത്ഥനകളും പ്രതിജ്ഞകളും ഹിറ്റ്‌ലറിന്റെ അനുമതിയും അംഗീകരവുമില്ലാതെ രചിക്കാനോ പ്രചരിപ്പിക്കാനോ സാധ്യമായിരുന്നില്ല.



സ്റ്റാലിന്‍ സ്തുതിഗീതങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നത് വാസ്തവമാണ്. പ്രതിജ്ഞകള്‍ എടുക്കാന്‍ അദ്ദേഹം അനുയായികളെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. പക്ഷേ, അവയിലൊക്കെ മതപരമായ അംശം കൃത്യമായി ഒഴിവാക്കിയിരുന്നു. സ്റ്റാലിന് വിധിയിലും ദൈവത്തിലും വിശ്വാസമുണ്ടായിരുന്നുമില്ല. പക്ഷേ, ഹിറ്റ്‌ലറെ സംബന്ധിച്ച എല്ലാറ്റിനും എക്കാലത്തും മതപരമായ ഒരു ചുവയുണ്ടായിരുന്നു. ആത്യന്തികമായി ഏതോ 'പ്രപഞ്ചശക്തി'യിലും വിധിയിലും അദ്ദേഹം വിശ്വസിച്ചിരുന്നുവെന്ന് കാണാം. ജര്‍മന്‍സാമ്രാജ്യം കെട്ടിപ്പടുക്കണമെന്ന തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കണമെന്നാണ് ദൈവവിധിയെന്ന് വിശ്വസിച്ചിരുന്ന ഹിറ്റ്‌ലര്‍ നിരീശ്വരവാദിയാണെന്ന വാദം അടിമുടി പൊരുത്തക്കേടുകള്‍ നിറഞ്ഞതാണ്. അവസാനകാലത്ത് ക്രിസ്തുമതത്തില്‍നിന്ന് പുറത്തുപോകാതെതന്നെ മതനേതൃത്വത്തെ അദ്ദേഹം അതിരൂക്ഷമായി വിമര്‍ശിച്ചു എന്ന കാര്യം മാത്രമേ വസ്തുനിഷ്ഠമായി തെളിയിക്കപ്പെടുന്നുള്ളു.


സ്വേച്ഛാധിപതികളും അതിക്രൂരരുമായ ഭരണാധികാരികളില്‍ തൊണ്ണൂറ് ശതമാനവും ഏതെങ്കിലും മതത്തിലോ മതദൈവത്തിലോ വിശ്വസിച്ചിരുന്നവരാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവരുടെ മതവിശ്വാസമാണ് ക്രൂരതയെ പ്രചോദിപ്പിച്ചതെന്ന് കണ്ണുമടച്ച് ആരോപിക്കുന്നത് ശരിയല്ല. വ്യക്തികള്‍ തിന്മ ചെയ്യാം. പക്ഷേ, അത് വിശ്വാസത്തിന്റേയും അവിശ്വാസത്തിന്റെയും പേരിലാണെന്ന നിഗമനം വസ്തുനിഷ്ഠമായി തെളിയിക്കപ്പെടേണ്ടുതുണ്ട്. 


നിരീശ്വരവാദത്തിന്റെ കാര്യം പരിശോധിച്ചാല്‍ ഹിംസയ്ക്കും കൂട്ടക്കൊലയ്ക്കും പ്രചോദനമേകുന്ന യാതൊന്നും അതിലില്ലെന്ന് ആരംഭത്തില്‍ സൂചിപ്പിക്കുകയുണ്ടായി. മാനവികബോധമുള്ള ഒരു നാസ്തികന്‍ അത്തരം ക്രൂരതകള്‍ക്കെതിരെ നിലകൊള്ളാന്‍ ബാധ്യസ്ഥനുമാണ്. ലെനിനും മാര്‍ക്‌സും എംഗല്‍സും നിരീശ്വരവാദികളായിരുന്നു. പക്ഷേ, സ്റ്റാലിനെതിരെയുള്ള ആരോപണങ്ങള്‍ അവര്‍ക്കെതിരെ ആരും ഉന്നയിക്കുന്നില്ല. സ്റ്റാലിനും ഹിറ്റ്‌ലറും ചെയ്തുകൂട്ടിയ തിന്മകള്‍ക്ക് വൈയക്തികമായ മാനങ്ങളുണ്ട്. പ്രത്യയശാസ്ത്രത്തെക്കാളുപരി വ്യക്തിപരമായ സവിശേഷതകളാണ് അവരുടെ ഭരണം ബീഭത്സമാക്കിയത്. അധികാരപ്രമത്തത അന്ധമാക്കിയ വികലവീക്ഷണങ്ങളും കൂട്ടിനുണ്ടായിരുന്നു. 9/11 പ്രതികളില്‍ നിന്നും മതം എടുത്തുമാറ്റിയില്‍ അവര്‍ ഭീകരത ഉപേക്ഷിച്ചേക്കും; ഹിറ്റ്‌ലറിന്റെ കാര്യത്തില്‍ ആ ഉറപ്പ് സാധ്യമല്ല.


കുരിശുയുദ്ധങ്ങളും മതലഹളകളും ഭീകരപ്രവര്‍ത്തനവും നടത്തപ്പെടുന്നത് മതവിശ്വാസത്തിന്റെ പേരിലാണ്. അത് ചരിത്രത്തില്‍ നിരന്തരമായി ആവര്‍ത്തിക്കുന്നുമുണ്ട്. നിരീശ്വരവാദത്തിന്റെ പേരില്‍ യുദ്ധം നടന്നതായി കേട്ടിട്ടില്ല. നിരീശ്വരവാദത്തിലേക്ക് ആളുകളെ മാറ്റാനായി കൊലക്കളങ്ങള്‍ തീര്‍ത്തതായും കേട്ടിട്ടില്ല. നിരീശ്വരവാദത്തിലേക്ക് വരുന്നവര്‍ക്ക് സമ്പത്തും സമ്മാനങ്ങളും അവസരങ്ങളും വാഗ്ദാനം ചെയ്യുന്നതായോ കേട്ടിട്ടില്ല. പിന്നെന്തിന് 'നാസ്തികയ്ക്ക് വേണ്ടി' ആരെങ്കിലും ക്രൂരത പ്രവര്‍ത്തിക്കണം? ക്രൂരത പ്രവര്‍ത്തിച്ച നാസ്തികരുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന് നാസ്തികേതരമായ കാരണം തന്നെയാണുണ്ടാവുക. കാരണം നാസ്തികതയില്‍ അതിനൊരു ന്യായീകരണവുമില്ല. വെള്ളമില്ലാത്തിടത്ത് മുങ്ങാനാവില്ലല്ലോ. പക്ഷെ മതത്തിന്റെ കാര്യമങ്ങനെയല്ല. എല്ലാത്തരം ക്രൂരതകളേയും പൈശാചികതകളേയും വാക്കിലും പ്രവര്‍ത്തിയിലും ന്യായീകരിക്കാന്‍ മതത്തിനാവും. എന്നാല്‍ സമൂഹത്തിലെ സര്‍വ തിന്മകള്‍ക്കും കാരണം മതമാണെന്ന് വാദിക്കുന്നതും ശരിയല്ല. സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങള്‍, സാമ്രാജ്യത്വമോഹം, പ്രതികാരം, വംശീയവികാരം എന്നിവയുടെ പേരില്‍ യുദ്ധവും സ്പര്‍ദ്ധയുമുണ്ടാകാം. പക്ഷെ ഇന്നും പല യുദ്ധങ്ങളുടേയും അടിസ്ഥാന ഇന്ധനം മതവിശ്വാസമാണ്. തന്റെ മതദൈവം മാത്രമാണ് സത്യമെന്നും അന്യമതക്കാര്‍ അവിശ്വാസികളും നരകത്തില്‍ വസിക്കേണ്ടവരുമാണെന്ന വിശ്വാസം മതമനസ്സുകളെ ചെറുതാക്കിക്കളയുന്നുണ്ട്. മതമുണ്ടാക്കുന്ന മുറിവുകള്‍ ഒരിക്കലും കരിയുകയുമില്ല. കാശ്മീരും പലസ്തീനും അയര്‍ലന്‍ഡിനും ജെറുസലേമുമൊക്കെ ഇന്നും അശാന്തിയുടെ തടവറയില്‍ നീറി പുകയേണ്ടി വരുന്നതിന്റെ അടിസ്ഥാനകാരണം അവയുടെയൊക്കെ അടിസ്ഥാനം മതപരമാണെന്നതാണ്. അതുകൊണ്ടുതന്നെ മതം നശിക്കുന്നതുവരെ അവ തുടരും. 


സാം ഹാരിസിന്റെ അഭിപ്രായത്തില്‍ മതവിശ്വാസത്തിന്റെ ഏറ്റവും വലിയ അപകടമെന്തെന്നാല്‍ സാധാരണ നാം ഭ്രാന്തെന്ന് ഗണിക്കുന്ന കാര്യങ്ങള്‍ ചെയ്ത് ഫലം നുകരാനും ശേഷം ഒക്കെ 'വിശുദ്ധ'മെന്ന് അവകാശപ്പെടാനും അത് മനുഷ്യരെ അനുവദിക്കുന്നുവെന്നതാണ്. മതവിശ്വാസം മറ്റ് കാര്യങ്ങള്‍ ന്യായീകരിക്കുന്നതുപോലെ ന്യായീകരിക്കുകയോ തെളിയിക്കുകയോ ചെയ്യേണ്ടതില്ല, ഏറ്റവും അരോചകമായ വിഡ്ഢിത്തങ്ങള്‍ പോലും മതപരമാണെങ്കല്‍'വിശുദ്ധ'മായിത്തീരും. പ്രാചീന സാഹിത്യങ്ങളുടെ പേരില്‍ പരസ്പരം കൊല്ലാനും കൊല്ലിക്കാനും മനുഷ്യന് മടിയില്ല. ഇത്തരം ആഭാസങ്ങള്‍ മതത്തിന്റെ പേരിലല്ലാതെ മറ്റൊരിടത്തും നടക്കില്ലെന്നും സാം ഹാരിസ് നിരീക്ഷിക്കുന്നുണ്ട്. 


ഹിറ്റ്‌ലറും സ്റ്റാലിനും നിരീശ്വരവാദികളായിരുന്നുവെന്ന് വാദിച്ച് അവിശ്വാസികളെ മുഴുവന്‍ ആക്ഷേപിക്കുന്നവര്‍ കല്ലെറിയുന്നത് കണ്ണാടിക്കൂട്ടിലിരുന്നാണെന്ന് വ്യക്തം. ഹിറ്റ്‌ലര്‍ ഒരു സസ്യഭുക്കായിരുന്നുവെന്നത് സസ്യഭുക്കുകളെ വിലയിരുത്തുന്നതില്‍ സഹായിക്കില്ലതന്നെ. ഹിറ്റ്‌ലര്‍ ഒരു പെയിന്ററായിരുന്നുവെന്നുമോര്‍ക്കുക. എല്ലാ വൈദികവിദ്യാര്‍ത്ഥികളും ഭാവിയില്‍ ജോസഫ് സ്റ്റാലിനെപ്പോലെയാകുമെന്ന് വിലയിരുത്തുന്നതും അപഹാസ്യമാണ്.സ്റ്റാലിന്‍ എത്ര മതവിരുദ്ധപ്രസംഗം നടത്തിയിട്ടുണ്ട്?! അദ്ദേഹത്തിന്റെ പ്രസംഗങ്ങളെല്ലാം തന്നെ ദേശീയബോധം ആളിക്കത്തിക്കുന്ന രീതിയിലുള്ളവയായിരുന്നു. ലോകം കണ്ട ഏറ്റവും തീഷ്ണമായ പ്രസംഗശൈലിയുടേയും ആജ്ഞാശക്തിയുടേയും ഉടമയായിരുന്ന ഹിറ്റ്‌ലര്‍ ജര്‍മ്മന്‍ ദേശീയബോധത്തെ ഇളക്കിമറിച്ച ശൈലി തന്നെയാണ് സ്റ്റാലിനേയും ചര്‍ച്ചിലിനേയുംപോലുള്ള യൂറോപ്യന്‍ നേതാക്കള്‍ക്ക് പ്രചോദനമായത്. ( Click Here) ഇവിടെയെങ്ങും നിരീശ്വരവാദം കടന്നുവരുന്നില്ല.ഇദി അമീന്‍ നരഭോജിയായിരുന്നുവെന്ന ആരോപണമുയര്‍ന്നിട്ടുണ്ടെന്നത് പോകട്ടെ, ലോകം കണ്ടിട്ടുള്ള നരഭോജികളില്‍ 99 ശതമാനവും മതവിശ്വാസികളായിരുന്നുവന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ മതവിശ്വാസം കാരണമാണ് മനുഷ്യര്‍ നരഭോജികളാകുന്നത് എന്നൊരു വാദമുയര്‍ത്താനാവുമോ?!


Idi Amin
തീരെ അപക്വവും ബാലിശവുമായ ഒരു വാദത്തെ നേരിടാന്‍ ഇത്രയധികം സമയവും ഊര്‍ജ്ജവും ചെലവഴിക്കേണ്ടിയിരുന്നോ? സംശയം അസ്ഥാനത്തല്ല. പക്ഷേ, ഇതൊക്കെയാണ് ഇപ്പോഴും മതവാദികളില്‍ ചിലര്‍ പറഞ്ഞ് നടക്കുന്നതെന്നോര്‍ക്കുക. അവര്‍ സ്വേച്ഛാധിപതികളുടെ പട്ടികയുണ്ടാക്കി വലതുവശത്ത് കൊല്ലപ്പെട്ടവരുടെ എണ്ണമെന്ന വ്യാജേന കുറേയധികം പൂജ്യങ്ങളുള്ള സംഖ്യയെഴുതി അതൊക്കെ നാസ്തികതയുടെ കുഴപ്പമാണെന്ന് വാദിച്ച് കുളംകലക്കും. മതം ഇന്നുവരെ നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തില്‍ ഒരു പങ്ക് നാസ്തികര്‍ക്കുമിരിക്കട്ടെ എന്ന ഉദാരതാബോധമാണിതിന് പിന്നില്‍. ചരിത്രത്തില്‍ കൂട്ടക്കൊല നടത്തിയ മതവിശ്വാസികളുടെ പട്ടിക ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ക്രൂരതയുടെ മലവെള്ളപ്പാച്ചിലില്‍ പട്ടികയുണ്ടാക്കുന്നവന്‍ തന്നെ മുങ്ങിപ്പോകാനിടയുണ്ട്.  


സമൂഹത്തിലെ അധമന്‍മാരുടേയും അഴിമതിക്കാരുടേയും ക്രിമിനലുകളുടേയും കണക്കെടുക്കുക, രോഗികളേയും വികലാംഗരേയും അന്ധരേയും ബധിരരേയും ദരിദ്രരേയും എണ്ണിത്തിട്ടപ്പെടുത്തുക, ബലാല്‍സംഗവീരന്‍മാരുടേയും വിവാഹത്തട്ടിപ്പുകാരുടേയും ലിസ്റ്റുണ്ടാക്കുക, അസാന്മാര്‍ഗ്ഗികളുടേയും ബാലപീഡകരുടേയും കണക്കെടുക്കുക...അതിലെത്ര നിരീശ്വരവാദികള്‍?! എത്ര മതവിശ്വാസികള്‍? ഈ കണക്കെടുപ്പിലെ അര്‍ത്ഥശൂന്യത ചിന്തിക്കുന്ന മതവാദികള്‍ക്ക് മനസ്സിലാകും. എന്നാല്‍ വിശ്വാസം പോലെതന്നെ ചില ചപലവാദങ്ങള്‍ ജീവിതാന്ത്യംവരെ അര്‍ത്ഥശൂന്യമായി ആഘോഷിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.


വിശ്വാസിയായാലും അവിശ്വാസിയായാലും ഒരാളുടെ വ്യക്തിത്വം സ്വയം തെളിയിക്കപ്പെടേണ്ടതാണ്. ഭക്തി വിശിഷ്ടഗുണമാണെന്നത് കേവലം 'മതപ്രചരണം' മാത്രമാണ്. ഭക്തിയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ നന്നാകുന്നുവെങ്കില്‍ അയാള്‍ അടിസ്ഥാനപരമായി നല്ലവനല്ലെന്ന ധ്വനിയാണ് വരുന്നത്. ഒരു ഭക്തന്‍ ഏറ്റവും കൂടുതല്‍ സംശയിക്കുന്നത് മറ്റൊരു ഭക്തനെയാണെന്നന്നത് ഒരു ജീവിതയാഥാര്‍ത്ഥ്യമാണ്. ശബരിമലയില്‍ പണമെണ്ണുന്നവര്‍ അടിവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന നിയമമുണ്ടായിരുന്നു. 'വിശ്വാസിക്ക് വിശ്വാസിയിലുള്ള വിശ്വാസ'മാണത് തെളിയിക്കുന്നത്. ജി.സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണിത് നിറുത്തലാക്കിയത്. മതവിശ്വാസിയായിരുന്നതുകൊണ്ട് മഹാത്മാഗാന്ധിയുടെ സംഭാവനകളെ വാനോളം പുകഴ്ത്തുന്നതിലും നിരീശ്വരവാദി ആയിരുന്നതുകൊണ്ടുമാത്രം ഭഗത്‌സിങ്ങിന്റെ രക്തസാക്ഷിത്വം അവഗണിക്കുന്നതിലും അഭംഗിയുണ്ട്. അദ്ധ്വാനം വെറുത്തും വിഷയസുഖം നുകര്‍ന്നും അലസരായിരുന്ന് ഭക്തിഗാനങ്ങള്‍ എഴുതിക്കൂട്ടിയ പരാദങ്ങളെ 'മഹാകവി'കളെന്ന് വാഴ്ത്തുന്നത് മനസ്സിലാക്കാം. പക്ഷേ, ആ വകുപ്പില്‍ അവരുടെ വ്യക്തിത്വത്തെകൂടി വിശുദ്ധവത്ക്കരിക്കുന്നതില്‍ വിലക്ഷണമായ ഉദാരതയുണ്ട്. യുക്തിബോധവും മാനവികതയുമാണ് നാസ്തികതയുടെ അടിത്തട്ട് മാനദണ്ഡങ്ങള്‍. അത് കയ്യൊഴിയുന്ന നാസ്തികന്‍ സമൂഹത്തിന് ഭീഷണിയായിത്തീരാം. എന്നാല്‍ കൊല്ലാനും കരിക്കാനും വെട്ടിപ്പിടിക്കാനും മുക്കിതാഴ്ത്താനും ആവോളം ശാസനങ്ങളും സൂചനകളും ഉള്‍ക്കൊള്ളുന്നവയാണ് അഹിംസാധിഷ്ഠതമല്ലാത്ത എല്ലാ മതദര്‍ശനങ്ങളും. മതവിശ്വാസി പ്രായോഗികബുദ്ധിയിലധിഷ്ഠിതമായി തന്റെ വിശ്വാസം കാലികമായി 'നേര്‍പ്പിക്കുമ്പോള്‍' അതയാള്‍ക്കും പൊതുസമൂഹത്തിനും ഗുണകരമാകുന്നു. എന്നാല്‍ മതപുസ്തകം നോക്കി അതേപടി ജീവിക്കുന്ന മതവിശ്വാസി പുറംതിരിഞ്ഞുനില്‍ക്കുന്ന മനുഷ്യനാണ്. സ്വഭാവികമായും പരിഷ്‌കൃതലോകത്ത് അവന്‍ ഏറ്റവും ഭയക്കപ്പെടേണ്ടവനായി തീരുന്നു. ശുദ്ധനാസ്തികന്‍ ഏറ്റവും വലിയ മാനവികതാവാദിയായിരിക്കും; ശുദ്ധമതവിശ്വാസി ഏറ്റവും വലിയ സാമൂഹികവിപത്തും. കൊന്നവരുടേയും തിന്നവരുടേയും പട്ടികയെടുക്കാന്‍ വെമ്പുന്നവര്‍ അവശ്യം തിരിച്ചറിയേണ്ട വസ്തുതയാണിത്. ****


*Ref-'The God delusion' (2006) by Prof. Richard Dawkins. 
(This article is a re-adaption based on chapter 29 of 'Nasthikanaya Daivam'.)

Wednesday 10 August 2011

10. സുധീരയായ പെണ്‍കുട്ടി

പ്രിയപ്പെട്ട മകളേ,
''നിനക്കിപ്പോള്‍ പത്തു വയസ്സു പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നിനക്കെഴുതാന്‍ ഞാനാഗ്രഹിക്കുന്നു. നാം അറിയുന്ന കാര്യങ്ങള്‍ നാമങ്ങനെയാണ് അറിയുന്നതെന്നോര്‍ത്ത് എന്നെങ്കിലും നീ അത്ഭുതപ്പെട്ടിട്ടുണ്ടോ? ഉദാഹരണമായി, ചെറിയ മൊട്ടുസൂചി വലുപ്പത്തില്‍ കാണപ്പെടുന്ന താരങ്ങള്‍ വാസ്തവത്തില്‍ വളരെ അകലത്ത് സ്ഥിതിചെയ്യുന്ന സൂര്യനെപ്പോലെ തീ തുപ്പുന്ന കൂറ്റന്‍ അഗ്നിഗോളങ്ങളാണെന്ന് നാമറിയുന്നതെങ്ങനെ? ഈ ചോദ്യത്തിന്റെ ഉത്തരമിതാണ്: തെളിവുകള്‍ മുഖേന. നമുക്കറിയാവുന്നതൊക്കെ നാമറിയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാകുന്നു.'' -തന്റെ മകള്‍ക്ക് പത്തുവയസ്സ് തികഞ്ഞ വേളയില്‍ ലോകപ്രശസ്ത പരിണാമശാസ്ത്രജ്ഞനും മുന്‍ ഓക്‌സ്‌ഫോഡ് പ്രൊഫസറുമായ റിച്ചാഡ് ഡോക്കിന്‍സ് അവള്‍ക്കയച്ച പ്രസിദ്ധമായ കത്ത് ആരംഭിക്കുന്നതിങ്ങനെയാണ്. ജീവിതസത്യങ്ങള്‍ അന്വേഷിക്കാന്‍ തുറന്ന മനസ്സോടെ തയ്യാറെടുക്കാന്‍ ഡോക്കിന്‍സ് മകളോട് നിര്‍ദ്ദേശിക്കുന്നു.


"Now that you are ten, I want to write to you about something that is important to me. Have you ever wondered how we know the things that we know? How do we know, for instance, that the stars, which look like tiny pinpricks in the sky, are really huge balls of fire like the Sun and very far away? And how do we know that the Earth is a smaller ball whirling round one of those stars, the Sun?" 


അധികാരകേന്ദ്രത്തെ (authority) അന്ധമായി വിശ്വസിക്കുന്നതിനുള്ള പ്രവണതയാണ് മതവിശ്വാസത്തിന് പിടിമുറുക്കാന്‍ സഹായിക്കുന്നതെന്ന് ഡോക്കിന്‍സ് മകളോട് പറയുന്നു. കുട്ടിയെ സംബന്ധിച്ചിടത്തോളം പ്രാഥമികമായ അധികാരകേന്ദ്രം മാതാപിതാക്കളാണ്. 2006 ല്‍ തന്നെ രചിച്ച The God delusion എന്ന ബെസ്റ്റ് സെല്ലര്‍ കൃതിയില്‍ അദ്ദേഹമിത് കൂടുതല്‍ വിശകലനം ചെയ്യുന്നുണ്ടെന്നോര്‍ക്കുക. എന്താണ് പറയുന്നതെന്നല്ല മറിച്ച് ആരാണ് പറയുന്നത് എന്നതിനാണ് വിശ്വാസലോകത്ത് പ്രാധാന്യം. പ്രമുഖനായ ഒരാളാണ് പറയുന്നതെങ്കില്‍ നിര്‍ബന്ധമായും അത് ശരിയായിരിക്കണമെന്ന് പരിശോധനകളില്ലാതെ അംഗീകരിക്കപ്പെടുന്നു. റോമന്‍ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വ്യക്തി പോപ്പാണ്. പോപ്പാണ് എന്ന ഒരൊറ്റ കാരണം കൊണ്ടുതന്നെ അദ്ദേഹം പറയുന്നതെന്തും ശരിയാണെന്ന് കത്തോലിക്കര്‍ കരുതുന്നു


''Authority, as a reason for believing something, means believing it because you are told to believe it by somebody important. In the Roman Catholic Church, the Pope is the most important person, and people believe he must be right just because he is the Pope.''


'അടുത്തപ്രാവശ്യം ഒരു കാര്യം ശരിയാണെന്ന് ആരെങ്കിലും നിന്നോടു പറയുകയാണെങ്കില്‍ അതിനെന്ത് തെളിവാണുള്ളതെന്ന് എന്തുകൊണ്ടു ചോദിച്ചുകൂടാ? ഇനി അവര്‍ക്ക് തൃപ്തികരമായ ഒരുത്തരം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെയവര്‍ പറയുന്നവ വിശ്വസിക്കുന്നതിന് മുമ്പ് നീ സസൂക്ഷ്മം ചിന്തിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു''' എന്നു പറഞ്ഞുകൊണ്ടാണ് ഡോക്കിന്‍സ്  2006 സെപ്റ്റംബര്‍ 10 തീയതിയിലെ ഈ കത്ത് അവസാനിപ്പിക്കുന്നത്:


'And, next time somebody tells you that something is true, why not say to them: ‘What kind of evidence is there for that?’ And if they can’t give you a good answer, I hope you’ll think very carefully before you believe a word they say.'

Your loving,
Daddy   
(<a href="/">https://docs.google.com/document/d/1nfWyRx2dLpeOeHjZ0IxepeFSIgVvA2eDMnrEvjQEWmU/edit?pli=1Richard Dawkins letter to his 10 year old daughter</a>)                                                                                          
തിരുവനന്തപുരം പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ഏഴാംക്‌ളാസ്സ് വിദ്യാര്‍ത്ഥിനിയായ അമ്മു എന്ന ഗായത്രി ഒരുപക്ഷെ അഞ്ചുപേജ് ദൈര്‍ഘ്യമുള്ള ഈ കത്ത് വായിച്ചിട്ടുണ്ടാവില്ല. പക്ഷെ ഡോക്കിന്‍സിന്റെ ചോദ്യങ്ങള്‍ ഏറ്റുപിടിച്ച് വിസ്മയമാകുകയാണ് ഈ കൊച്ചുമിടുക്കി. 'മരുന്നുപുരട്ടാന്‍വേണ്ടി മുറിവുണ്ടാക്കുന്നയാള്‍'(ചിന്താ പബ്‌ളിക്കേഷന്‍സ്, 2011 ഏപ്രില്‍) എന്നപേരില്‍ അമ്മു രചിച്ച കുഞ്ഞുപുസ്തകം ചിന്തിക്കാന്‍ ധൈര്യപ്പെടുന്ന ഒരു കൊച്ചുമിടുക്കിയെയാണ് പരിചയപ്പെടുത്തുന്നത്. എല്ലാവര്‍ക്കുമുള്ള സംശയങ്ങള്‍ തുറന്നുപറയുന്ന മണ്ടനാണ് നിരീശ്വരവാദിയെന്നൊരു നിര്‍വചനമുണ്ട്. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാന്‍ കുട്ടികള്‍ക്കുപോലും അവകാശമില്ലാത്ത ഒരു സമൂഹത്തിലാണോ നാമിന്ന് ജീവിക്കുന്നത്? സത്യം വിളിച്ചുപറയുന്നവന് കുരിശുകളൊരുക്കുന്ന സമൂഹം 42 പേജുകളുള്ള ഈ കൊച്ചുപുസ്തകത്തില്‍ വിചാരണ ചെയ്യപ്പെടുന്നു.


ജീവിതത്തിലുടനീളം എന്തിനുമേതിനും തെളിവ് ചോദിച്ച് കലമ്പലുണ്ടാക്കുന്ന ജീവിയാണ് മനുഷ്യന്‍. തെളിവ് എവിടെ? -ഞെട്ടിപ്പിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കടിപ്പെട്ടവര്‍പോലും നാഴികയ്ക്ക് നാല്‍പ്പതു വട്ടം ആവര്‍ത്തിക്കുന്ന ചോദ്യമാണിത്. ജീവിതത്തിലെ 99 ശതമാനം കാര്യങ്ങളിലും നമുക്കതാവശ്യമുണ്ട്. എന്നാല്‍ മതത്തെ സംബന്ധിച്ചിടത്തോളം തെളിവ് എന്നും ഒരു വിലകുറഞ്ഞ പദമായിരുന്നു. തെളിവില്ലാത്തതിന് തെളിവന്വേഷിക്കുന്നത് ആത്മഹത്യാപരമാണെന്ന സാമാന്യയുക്തിയാണ് ആ പദത്തെ അനാഥമാക്കിയത്. തെളിവുണ്ടെങ്കില്‍ വിശ്വസിക്കാന്‍ ആര്‍ക്കും സാധിക്കും. അതൊരു വലിയ കഴിവൊന്നുമല്ല. യാതൊരു തെളിവുമില്ലാതെ വിശ്വസിക്കണം-അതാണ് ശരിക്കും കഴിവ്! 
Prof. Richard Dawkins
ഡോക്കിന്‍സ് മകളോട് ക്രൈസ്തവ വിശ്വാസചരിത്രം പരിശോധിക്കാനാവശ്യപ്പെടുന്നുണ്ട്. യേശുവിന്റെ മാതാവായ മറിയം വിശുദ്ധയായിരുന്നുവെന്നും അവര്‍ മരണപ്പെടാതെ ഉടലോടെ സ്വര്‍ഗ്ഗം പൂകിയെന്നുമെന്നുമാണ് റോമന്‍ കത്തോലിക്കര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ക്രൈസ്തവര്‍ക്കിടയിലുള്ള മറ്റു വിഭാഗങ്ങള്‍ ഇതിനോട് യോജിക്കുന്നില്ല. ഏതൊരാളേയുംപോലെ മറിയവും മരണമടയുകയായിരുന്നവെന്ന് അവര്‍ കരുതുന്നു. മറ്റ് സെമറ്റിക് മതങ്ങളാകട്ടെ, മറിയത്തെപ്പറ്റി ഏറെയൊന്നും പരാമര്‍ശിക്കുന്നുമില്ല. മാത്രമല്ല റോമന്‍ കത്തോലിക്കരെപ്പോലെ മറിയത്തെ സ്വര്‍ഗ്ഗത്തിന്റെ മാതാവായി കാണാന്‍ അവരൊട്ടു തയ്യാറുമല്ല. യേശുവിന്റെ മാതാവ് ഉടലോടെ സ്വര്‍ഗ്ഗത്തു പോയെന്ന കഥയ്ക്ക് സത്യത്തില്‍ വലിയ പഴക്കമില്ല. മറിയം എപ്പോള്‍-എങ്ങനെ മരിച്ചുവന്നെതിനെപ്പറ്റി ബൈബിള്‍ നിശബ്ദമാണെന്നു മാത്രമല്ല അവരെക്കുറിച്ചുള്ള മറ്റു പരാമര്‍ശങ്ങള്‍ താരതമ്യേന വിരളവുമാണ്. 


ക്രിസ്തുവിന്റെ കാലത്തിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ്, അതായത് ആറാം നൂറ്റാണ്ടിലാണ് ഈ സ്വര്‍ഗ്ഗാരോഹണ കഥ പ്രചരിച്ചു തുടങ്ങുന്നത്. ആദ്യമാദ്യം ഡിങ്കന്റെയും മായാവിയുടേതും കഥ പോലെ മെനഞ്ഞെടുത്ത ഒന്നായിരുന്നു ഇതും. എന്നാല്‍ തലമുറകള്‍ കൈമറിഞ്ഞുവന്നു എന്നൊരൊറ്റ കാരണം മുന്‍നിറുത്തി പലരും പിന്നീടിത് ഗൗരവത്തോടെ കാണാന്‍ തുടങ്ങി. കഥ പഴകുന്തോറും ചരിത്രമാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുകയാണല്ലോ. ആറാം നൂറ്റാണ്ടില്‍ നിലവില്‍വന്നുവെങ്കിലും റോമന്‍ക്കത്തോലിക്കാ സഭാ അവരുടെ വിശ്വാസപ്രമാണങ്ങളുടെ ഭാഗമായി ഈ കഥ ഔദ്യോഗികമായി എഴുത്തിച്ചേര്‍ത്തത് 1950 ല്‍ മാത്രമാണ്. പഴകുന്തോറും കഥകളെ ചരിത്രമാക്കാനുള്ള അവകാശം മതത്തിന് മാത്രമുള്ളതാകുന്നു. മായാവിക്കും ഡിങ്കനുമൊക്കെ അത്തരമൊരു ഭാഗ്യമില്ലാതെ പോയത് മതപിന്തുണയുടെ അഭാവം മൂലമാണ്.


ക്രിസ്തുവും മറിയവുമൊക്കെ ജീവിച്ചിരുന്നുവെന്നതിനുള്ള ചരിത്രപരമായ തെളിവ് പൂജ്യമാണെന്നിരിക്കെയാണ് മതത്തിനുള്ളില്‍തന്നെ ഈ ഭിന്ന ധാരണകള്‍ നിലനില്‍ക്കുന്നതെന്നോര്‍ക്കണം. മതം അവതരിപ്പിക്കുന്ന തെളിവുകള്‍ മുഖ്യമായും കെട്ടുകഥകളാകുന്നു; അവയാകട്ടെ, പലതും പരസ്പരം റദ്ദാക്കുന്നവയും. ശാസ്ത്രം ജ്ഞാനത്തിന്റെ ഉത്സവമാണെങ്കില്‍ അജ്ഞതയുടെ ആഘോഷമാണ് മതം.


അമ്മുവിന് തീര്‍ച്ചയായും സംശയങ്ങളുണ്ട്. മതേതരത്വം എന്നാലെന്താണ്? 'സര്‍വമതപ്രീണന'മാണെന്ന് ഭരണാധികാരികളും 'നേര്‍പ്പിച്ച മതപരത'യെന്ന് സാധാരണജനവും കരുതുന്ന ആ വാക്കിന്റെ പൊരുള്‍ അവളന്വേഷിക്കുന്നു. മതം മദയാനയെപ്പോലെ മുന്നില്‍നിന്ന് ചിന്നംവിളിക്കുമ്പോള്‍ പകച്ചുനില്‍ക്കുന്ന പൊതുസമൂഹത്തിന് മുമ്പിലേക്കാണ് ഈ ചോദ്യങ്ങള്‍ എറിയപ്പെടുന്നത്. മനുഷ്യന്‍ സങ്കല്‍പ്പിക്കുന്നതുകൊണ്ടു മാത്രം അതിജീവിച്ചുപോന്ന ദൈവം എന്ന മതവിഭ്രാന്തി ചോദ്യങ്ങളില്ലാതെ അംഗീകരിക്കേണ്ട പ്രപഞ്ചസത്യമാണെന്ന് വാഴ്ത്തുന്ന അധ്യാപകര്‍ക്ക് ചിന്തിക്കുന്ന കുട്ടികള്‍ അസഹനീയമായി തീരുന്നതില്‍ അത്ഭുതമില്ല. മതാധിഷ്ഠിതവും അവികസിതവുമായ സമൂഹങ്ങളില്‍ മത-മാമൂലകളുടെ കാവലാളായാണ് പലപ്പോഴും അധ്യാപകര്‍ നിലകൊള്ളുക. എല്ലാത്തരം സാമൂഹികമാറ്റങ്ങളേയും മുളയിലേ നുള്ളേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നും, നിര്‍ഭാഗ്യവശാല്‍, അവര്‍ സങ്കല്‍പ്പിക്കുന്നു. വിദ്യാലയങ്ങള്‍ വിപ്‌ളവകാരികളുടെ ശവപ്പറമ്പായിത്തീരുന്നത് അങ്ങനെയാണ്. പ്രതിഭയെ നിരാകരിച്ച് പതിപ്പുകളെ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധയൂന്നുന്ന വിദ്യഭ്യാസം മതത്തിന്റെ പ്രാഥമിക ആവശ്യമാണ്. മതം മണക്കുന്ന ക്‌ളാസ്സ്  മുറികള്‍ ചിന്താസ്വാതന്ത്ര്യം നഷ്ടപ്പെട്ട കുട്ടികളുടെ നിശബ്ദമായ തേങ്ങലുകളാല്‍ മുഖരിതമാണ്. 


മതവും ദൈവവും ചര്‍ച്ചയ്ക്കതീതമാകുമ്പോള്‍, മതമില്ലാത്ത ജീവനല്ല, ജീവനില്ലാത്ത മതമാണ് പ്രപഞ്ചസത്യമെന്ന ശാഠ്യം മുറുകുമ്പോള്‍ കുട്ടി നിസ്സഹായനാണ്. പാഠ്യപുസ്തകങ്ങള്‍പോലും മതപ്രഭുക്കളുടെ കരുണ കാത്തുകിടക്കുമ്പോള്‍ മതമേവജയതേ എന്ന മുദ്രാവാക്യം അലിഖിതനിയമായി മാറുകയാണ്. യൂറോപ്പുള്‍പ്പെടെയുള്ള പരിഷ്‌കൃതലോകം നിശബ്ദം കയ്യൊഴിയുമ്പോഴും വികസ്വരസമൂഹങ്ങളില്‍ മാലിന്യത്തില്‍ കൊതുകെന്നപോലെ മതം ആര്‍ത്തിരമ്പുന്നത് നാമറിയുന്നു.


''മാഷ് ഒരു നിരീശ്വരവാദിയാണോ?'' അമ്മുവിന്റെ പുസ്തകത്തിന്റെ പതിമൂന്നാംപേജിലാണ്‌ ആ ചോദ്യം പ്രത്യക്ഷപ്പെടുന്നത്. ഒരു അധ്യാപകനെന്ന നിലയില്‍ ഇതേ ചോദ്യവുമായി മുന്നിലെത്തിയ കുട്ടികളെ ഓര്‍ത്തുപോകുന്നു. പക്ഷെ അവര്‍ക്കാര്‍ക്കും ഇത്രയും ഓമനത്വം തുളമ്പുന്ന മുഖമുണ്ടായിരുന്നില്ല. അരുതായ്മകളെപ്പറ്റി വേവലാതിപ്പെടാത്ത ബാല്യത്തിന്റെ അധികാരമാണ് അമ്മു പ്രയോഗിക്കുന്നത്. അന്വേഷിക്കാനും ആരായാനും അനുമതി നല്‍കുന്ന മാതാപിതാക്കള്‍ ഏതൊരു കുട്ടിയുടേയും പുണ്യമാണ്. അക്കാര്യത്തില്‍ ഈ കൊച്ചു കഥാകാരി ഭാഗ്യവതിയാണ്. നിര്‍ബന്ധിത മതപരിശീലനം ബാല്യത്തിനെതിരെയുള്ള രൂക്ഷമായ കടന്നാക്രമണമാണ്‌.
കുട്ടിയുടെ വ്യക്തിത്വത്തെ മതബോധമുള്ള മാതാപിതാക്കള്‍ അംഗീകരിക്കുന്നില്ല. മതവിഷയത്തില്‍ തങ്ങള്‍ക്ക് തെരഞ്ഞെടുപ്പിനോ ചോദ്യം ചെയ്യലിനോ അവകാശമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അത്തമൊരവകാശം കുട്ടികള്‍ക്കുമില്ലെന്ന് അവര്‍ കരുതുന്നു. 'പണം ചെലവാക്കി കുട്ടികളെ വളര്‍ത്തുന്നു' എന്നാതാണ് പലപ്പോഴും ഇതിനവര്‍ നല്‍കുന്ന ന്യായീകരണം. കുട്ടികള്‍ മാതാപിതാക്കളുടെ അടിമകളോ?! പ്രായോഗികമൂല്യമുള്ള മറ്റും പല കാര്യങ്ങളും കൈമാറുന്നതിനൊപ്പമാണ് യുക്തിരഹിതമായ അമ്മൂമ്മക്കഥകളും ഗോത്രശാസനങ്ങളും സനാതനസത്യമെന്ന വ്യാജേന കുട്ടിയുടെ പ്രജ്ജാമണ്ഡലത്തില്‍ നിക്ഷേപിക്കുന്നത്. ചിന്താശേഷി കൈവരിച്ച ശേഷം മതം അവതരിപ്പിച്ചാല്‍ കുട്ടിയത് നിരാകരിക്കുമെന്ന തിരിച്ചറിവാണ് ചോറൂണിന് മുമ്പ് മതസദ്യ വിളമ്പാനുള്ള പ്രേരണയൊരുക്കുന്നത്. ‘strike when iron is hot’ എന്ന തത്വം നടപ്പിലാക്കാന്‍ തങ്ങള്‍ക്കു മാത്രമേ അവകാശമുള്ളു എന്ന് മതം ശഠിക്കുന്നു. ഹിന്ദുകുട്ടിയും മുസ്‌ളീംകുട്ടിയും ക്രിസ്ത്യന്‍ കുട്ടിയുമുള്ള ഈ നാട്ടില്‍ കമ്മ്യൂണിസ്റ്റ് കുട്ടി, സോഷ്യലിസ്റ്റ് കുട്ടി, പോസ്റ്റ് മോഡേണിസ്റ്റ് കുട്ടി എന്നൊന്നും നാം കേള്‍ക്കാറില്ല, എന്തുകൊണ്ട്?- അമ്മു സ്വയം ചോദിക്കുന്നു. 


അന്വേഷിച്ചും ചോദ്യംചെയ്തും പ്രകൃതിയെ അറിയേണ്ട കുട്ടി മതപാഠശാലകളിലെ അമ്മൂമ്മക്കഥകളില്‍ അധിഷ്ഠിതമായ പ്രപഞ്ചവീക്ഷണവുമായി പരിമിതപ്പെടുമ്പോള്‍ നിഷേധിക്കപ്പെടുന്നത് ബാല്യത്തിന്റെ സൗന്ദര്യവും അധികാരങ്ങളുമാണ്. തുടര്‍ന്നെത്തുന്ന പൊതുവിദ്യാഭ്യാസവും മതബോധനത്തിന്റെ വ്യാകരണം പിന്തുടരുമ്പോള്‍ നമ്മുടെ വിദ്യാലയങ്ങള്‍ ചിന്തയ്ക്ക് ചിതയൊരുക്കുന്നു. ഭാര്യയ്ക്കും കുട്ടികള്‍ക്കും സ്വാതന്ത്ര്യം കൊടുക്കാറുണ്ടെന്ന ഔദാര്യം പ്രകടിപ്പിക്കുന്നവരുണ്ട്. വാസ്തവത്തില്‍ സ്വതന്ത്ര്യം ജന്മാവകാശമാണ്, അതാരുടേയും ദാനമല്ല. എന്നാല്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യം നിഷേധിക്കുകയാണ് നാം മിക്കപ്പോഴും ചെയ്യുന്നത്. മതം സമൂഹത്തിന് വെച്ചുനീട്ടുന്ന സ്വാതന്ത്ര്യങ്ങള്‍ വളരെ പരിമിതമാണ്-അതിലേറ്റവും പ്രധാനം അതിനെ വാഴ്ത്തിപ്പാടാനുള്ള സ്വാതന്ത്ര്യമാണ്.
Ammu at the  releasing ceremony
ശിശു നിരീശ്വരനാണ്. ബാല്യത്തില്‍ തികഞ്ഞ യുക്തിവാദിയായിരിക്കുകയും തുരുതുരെ ചോദ്യങ്ങള്‍ ഉതിര്‍ക്കുകയും ചെയ്യുന്ന കുട്ടികള്‍ മതബോധവത്കരണത്തിന്റെ ചുറ്റിക ബോധതലത്തില്‍ ആഞ്ഞുപതിക്കുന്നതോടെ നിശബ്ദരായിത്തീരുന്നു. ചോദ്യം ചോദിക്കാനുള്ള കുട്ടിയുടെ സ്വാതന്ത്ര്യം റദ്ദുചെയ്താണ് മതം അവനെ നന്നാക്കിയെടുക്കുന്നത്. മതം മുന്നോട്ടുവെക്കുന്ന കെട്ടുകഥകളിലും ഗോത്രശാസനങ്ങളിലും അന്ധമായി വിശ്വസിക്കുന്നത് മഹദ്ഗുണമാണെന്നും സംശയം ഒരു രോഗമാണെന്നും കുട്ടിയെ പഠിപ്പിക്കുന്നു. ഇതുമൂലം വിശ്വാസിയായാല്‍ മുതിര്‍ന്നവരുടെ പ്രീതി നേടാമെന്ന സന്ദേശമാണ് കുട്ടിക്ക് ലഭിക്കുന്നത്. തന്റെ സാമാന്യബുദ്ധിക്ക് സ്വീകാര്യമല്ലാത്ത കാര്യങ്ങളെക്കുറിച്ച് ക്‌ളാസ്സിന് ശേഷം അമ്മു അധ്യാപകരോടും മാതാപിതാക്കളോടും നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. മുതിര്‍ന്നവര്‍ പറയുന്നതെന്തും വെട്ടിവിഴുങ്ങുന്നത് അഭിമാനമായി കാണുന്ന സഹപാഠികള്‍ 'നിരീശ്വരവാദി' എന്നുവിളിച്ച് ഒറ്റപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ആ കുഞ്ഞുമനസ്സ് വല്ലാതെ തേങ്ങിപ്പോകുന്നു. കെട്ടുകഥകള്‍ വിഴുങ്ങാന്‍ മടിക്കുന്നത് എങ്ങനെ അപരാധമാകും? ചിന്തിക്കുന്നത് ഒരു കുറ്റമാണോ? -അവള്‍ക്കറിയില്ല. 


ലോകത്തിന് വെളിച്ചം പകര്‍ന്ന മഹാരഥികളില്‍ പലരും ഈ 'ചിന്താക്കുറ്റം' (Thought crime) പേറുന്നവരാണെന്ന് അവളറിയുന്നു. യഥാര്‍ത്ഥത്തില്‍ അമ്മുവിന്റെ കൂട്ടികാരികളല്ല, അവരുടെ മാതാപിതാക്കളാണ്  അവള്‍ക്കെതിരെ ഫത് വയിറക്കുന്നത്‌. കാരണം ഇത്ര സങ്കുചിതമായി ചിന്തിക്കാന്‍ കുട്ടികള്‍ക്കാവില്ലല്ലോ. ഷഹീദ് ഭഗത്‌സിംഗിന്റെ 'എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി' എന്ന ഗ്രന്ഥം അമ്മയുടെ ലൈബ്രറിയില്‍ നിന്നും തപ്പിയെടുത്ത് വായിക്കുന്ന അമ്മു പറഞ്ഞുകേട്ടതിലും ഭാവനാസമ്പന്നമായ ഒരു ലോകത്തിലേക്ക് ആനയിക്കപ്പെടുന്നു. ഭഗത്‌സിംഗിനേക്കാള്‍ ഹര്‍ഭജന്‍സിംഗിനെ പരിചയമുള്ള ഒരു സമൂഹത്തില്‍ അവള്‍ വേറിട്ടുനില്‍ക്കുന്നത് അങ്ങനെയാണ്. കണ്‍മുമ്പില്‍ വെച്ചുണ്ടായ വിശ്വാസിയായ സഹപാഠിയുടെ ദാരുണമായ അന്ത്യം ദൈവനീതിയെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നു.


ഈശ്വരചിന്തയുടെ ചരിത്രത്തിലേക്ക് കടന്നുചെല്ലുന്ന അമ്മു ഈജിപ്റ്റിലെ 'ര' എന്ന സൂര്യദേവനേയും തുടര്‍ന്ന് സെമറ്റിക് ദൈവസങ്കല്‍പ്പങ്ങളുടെ ഉത്പത്തിയും ലഘുവായ തോതില്‍ പരാമര്‍ശിക്കുന്നു. ചില ഭാഗങ്ങളില്‍ ഗ്രന്ഥകാരി നാടകീയ സ്വാഗതോഖ്യാനത്തിലൂടെയാണ് (dramatic monologue)തന്റെ ചിന്തകള്‍ പ്രസരിപ്പിക്കുന്നത്. കണ്ണും കാതുമില്ലാത്ത സമൂഹത്തെ നേരിടാന്‍ അവള്‍ സ്വയം തയ്യാറെടുക്കുന്നത് നോക്കൂ:


''എനിക്ക് പ്രസംഗിക്കാന്‍ അവസരം കിട്ടിയാല്‍ ഞാനിതെല്ലാം പറയും. അച്ഛനുമമ്മയും ഇല്ലാത്ത നേരം നോക്കി ഞാന്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് പറഞ്ഞുതുടങ്ങി, ഒരു പ്രാസംഗികയെപ്പോല: സുഹൃത്തുക്കളെ ഞാനൊന്നു ചോദിക്കട്ടെ. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ചക്കേലും മാങ്ങേലുമൊക്കെ ദൈവമുണ്ടെങ്കില്‍, ലോകത്തു നടക്കുന്ന, പ്രകൃതിയില്‍ നടക്കുന്ന ദുരന്തങ്ങള്‍ തടയാനുള്ള കരുത്തുപോലും അയാള്‍ക്കില്ലേ? അല്ലെങ്കില്‍ത്തന്നെ നിങ്ങള്‍ക്ക് മണ്ണിലും വിണ്ണിലുമൊക്കെ നോക്കി പ്രാര്‍ത്ഥിച്ചാല്‍പ്പോരെ? യാതനകള്‍ സഹിച്ച് എന്തിന് ശബരിമലയിലും മെക്കയിലും പോകണം? എത്രയധികം ആളുകളാണ് ശബരിമലയിലേയും മെക്കയിലേയും മറ്റ് തിരിക്കുകളില്‍പ്പെട്ട് മരിക്കുന്നത്? നമ്മെ കാണാന്‍ വരുന്ന അതിഥികളെ നാം കൊല്ലുകയാണോ ചെയ്യുന്നത്? അതുപോലെ തന്നെയല്ലേ ഈശ്വരനും ചെയ്യുന്നത്? തന്നെ കാണാന്‍ വരുന്ന ആളുകളെ വിഷമിപ്പിക്കുന്നത് ശരിയാണോ?നേരെമറിച്ച് അവരുടെ വിഷമതകള്‍ പരിഹരിക്കുകയല്ലേ വേണ്ടത്?......''(പേജ്-24,25)



അതേസമയം, അമ്മുവിന്റെ ആശയലോകത്തില്‍ യാഥാര്‍ത്ഥ്യബോധത്തിന്റെ കറുപ്പ് പുരട്ടാതിരിക്കാന്‍ ജീവിതം കൂടുതല്‍ അടുത്തറിഞ്ഞ സ്‌നേഹനിധിയായ മാതാവിനാവുന്നില്ല. മകളെ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഇവിടെയും:

''അമ്മേ എന്റെ ക് ളാസ്സിലെ കുറെ കുട്ടികള്‍ കയ്യില്‍ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട്. അപ്പുറത്തെ രാധയുടെ കയ്യിലും അതുണ്ട്. അതെന്തിനാ അമ്മേ? മോളെ അത് അവരുടെയൊക്കെ ഒരു വിശ്വാസമാണ്. ആ ചരടു കെട്ടിയാല്‍ അവര്‍ക്ക് അസുഖങ്ങളോ, ദു:ഖങ്ങളോ ഉണ്ടാകില്ലെന്ന വിശ്വാസം.
അത് വിശ്വാസമാണെന്നോ? അത് വെറും വിഡ്ഢിത്തമല്ലേ?...ചരട് കെട്ടിയ എത്രയോ പേരുണ്ട് അവര്‍ക്കൊന്നും ഒന്നും സംഭവിക്കുന്നില്ലേ? ദുഷിച്ചതൊന്നും? എന്റെ ക് ളാസ്സില്‍ എന്റെയടുത്തിരിക്കുന്ന സീത കഴിഞ്ഞതവണ പരീക്ഷയെഴുതിയില്ല. എന്താ കാരണം? അവള്‍ക്ക് ഒരാക്‌സിഡന്റ് പറ്റി. അവളുടെ സൈക്കിള്‍ ഒരു കാറുമായി കൂട്ടിയിടിച്ചു. അവളുടെ കയ്യിലും ഉണ്ടായിരുന്നില്ലേ ചരട്? അതും ഒന്നല്ല, രണ്ടെണ്ണം. ഒരു കറുപ്പും ഒരു ചുമപ്പും.
ശരിയാണ്, പക്ഷെ നമുക്കെന്തു ചെയ്യാനാകും?അതൊക്കെ ഓരോ ആളുകളുടെ വിശ്വാസമല്ലേ?
പക്ഷെ ആ വിശ്വാസം തെറ്റല്ലേ? എല്ലാ തെറ്റുകളും തിരുത്തപ്പെടണം. അതല്ലേ നല്ലത്?

പക്ഷെ നമ്മള്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ? നമ്മളെക്കൊണ്ട് അതിനെതിരെ ഒന്നും ചെയ്യാനാകില്ല. ഈ ലോകത്ത് തൊണ്ണൂറ് ശതമാനവും വിശ്വാസികളാണ്, ദൈവവിശ്വാസികള്‍''(പേജ്-38,39)


പാലക്കാട് ഗവ.ഗോഖലെ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ ഏഴാംക്‌ളാസ്സ് വിദ്യാര്‍ത്ഥിനിയായ മാളവിക എന്ന പതിനൊന്നു വയസ്സുകാരിയുടെ രേഖാചിത്രങ്ങള്‍ അമ്മുവിന്റെ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്. ദിവസവുമുള്ള പ്രഭാതപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് വയനാട് മാനന്തവാടി ജി.കെ.എം.എച്ച്.എസ്സിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥി എം അഷീദിനെ ഒറ്റപ്പെടുത്താനുള്ള സ്‌ക്കൂള്‍ അധികൃതരുടെ ശ്രമം അടുത്തിടെ വിവാദമായിരുന്നുവല്ലോ. എസ്.എസ്.എല്‍.സി ക്ക് എല്ലാ വിഷയങ്ങളിലും എ-പ്‌ളസ് വാങ്ങിയാണ് അഷീദ് ഈ ഉച്ചാടനശ്രമങ്ങളെ പ്രതിരോധിച്ചത്. വിശ്വാസസ്വാതന്ത്ര്യം എന്നപോലെ വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമാണ് അമ്മുവും അനീഷും ആവശ്യപ്പെടുന്നത്. അന്വേഷണത്വരയും ശാസ്ത്രബോധവും കുട്ടികളില്‍ വളര്‍ത്താന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള അധ്യാപകരുടെ മതശാഠ്യങ്ങള്‍ സമൂഹത്തില്‍ ഇരുള്‍ പരത്തുമെന്നതില്‍ സംശയമില്ല. ഈ ദിശയില്‍ ആരോഗ്യകരമായ ഒരു പൊതുബോധം നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധേയമായ കാല്‍വെയ്പ്പാണ് അമ്മുവിന്റെ രചന. 


രോഗവും അപകടവും വികലാംഗത്വവും സൃഷ്ടിക്കുന്ന ദൈവം, കൊലയാളികളേയും പിശാചിനേയും സൃഷ്ടിച്ചെന്നു വീമ്പിളക്കുന്ന ദൈവം-ആ ദൈവം മരുന്നു പുരട്ടാന്‍ വേണ്ടി മാത്രം മുറിവുകളുണ്ടാക്കി രസിക്കുന്ന ഒരാളാണോ? പ്രപഞ്ചം കൈവെള്ളയിലിട്ട് അമ്മാനമാടുമ്പോഴും വഴിയോരങ്ങളില്‍ ഭണ്ഡാരം തുറന്ന് ഭിക്ഷാടനം നടത്തുന്നവനാണോ ആ ദൈവം?... അമ്മുവിന്റെ സംശയങ്ങള്‍ നിരവധിയാണ്. ഇതൊക്കെ അദൈ്വതമാതൃകയില്‍ വാചകക്കസര്‍ത്തു നടത്തി ന്യായീകരിക്കാനാവുമെന്ന് കരുതുന്നവരുണ്ടാവും. എങ്കിലും ആ ചോദ്യങ്ങള്‍ ഒരിക്കലും റദ്ദാക്കപ്പെടുന്നില്ല. മതാന്ധതയുടെ തമോഗര്‍ത്തങ്ങളിലേക്ക് ഓടിയടുക്കുന്ന ഒരു ജനതയ്ക്ക് മുന്നില്‍ നേരിന്റെ വെള്ളിക്കീറുകള്‍ തീര്‍ക്കേണ്ട സമസ്യകളാണിവ. രാഷ്ട്രത്തിന്റെ സമസ്ത നാഡീഞരമ്പുകളിലും മതം ഭീതിദമായി പിടിമുറുക്കുമ്പോള്‍ അന്ധാളിച്ചുപോകുന്ന ബാല്യത്തെ നാം ഈ പുസ്തകത്തില്‍ നേരില്‍ക്കാണുന്നു. ഒരുപക്ഷെ പിന്നിട്ട ദിനങ്ങള്‍ താരതമ്യേന ഭേദപ്പെട്ടവയായിരുന്നുവെന്ന് പറയേണ്ട അവസ്ഥ വരികയാണ്. കുഴയുന്ന വര്‍ത്തമാനകാലം സുധീരയായ ഈ പെണ്‍കുട്ടി നിര്‍മലമായി അടയാളപ്പെടുത്തിവെച്ചിരിക്കുന്നു.****

ravichandran200055@gmail.com

Friday 5 August 2011

9.ലിങ്കുവിരോധികളുടെ അത്താഴം

ഇന്ന് ശ്രീ. എന്‍.എം. ഹുസൈന്‍ 'ഇറാനിലെ നിലവിളികള്‍' എന്ന പോസ്റ്റില്‍ ഇട്ട ലിങ്ക് പോസ്റ്റിനോടുള്ള പ്രതികരണം.
Dear Sir,


(1) സംവാദത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആവില്ലെന്ന നിരീക്ഷണം: വളരെ സന്തോഷം. തല്‍ക്കാലം 'പിടിച്ചു നില്‍ക്കേണ്ട' കാര്യമെനിക്കില്ല. അത്രയ്ക്ക്‌ അവശത രണ്ടായാലുമായിട്ടില്ല.താങ്കള്‍ ദയവായി അതുചെയ്താലും. താങ്കളുടെ 'തലയില്‍ തേങ്ങ വീണ്' ഇപ്പോഴുളള നിലയ്ക്ക്  കാര്യമായ മാറ്റമൊന്നുമുണ്ടാകുന്നില്ലെങ്കില്‍ എനിക്ക് താങ്കളുമായുള്ള സംവാദം ഒട്ടും ആയാസകരമല്ല.  You are 'painfully predictable and colourlessly repetitive' dear. It always makes my job easy.   


(2) 'യുക്തിയും വിവരവും ബോധവുമില്ലാത്ത എന്റെ കുഞ്ഞാടുകള്‍': കഷ്ടമായിപ്പോയി സര്‍. വളരെ വിഷമം ഉണ്ട്. എന്നെക്കുറിച്ച് പറഞ്ഞാല്‍പ്പോരെ. ഞാനതുകൊണ്ട് തിരിച്ചടിക്കുന്നു: 'അതിപ്രഭാവശാലികളും വിനയസമ്പുഷ്ടരും ഭാവനാലോലുപരും വിജ്ഞാന-വിവേകപ്രഭുക്കളുമായ താങ്കളുടെ പക്കമേളക്കാര്‍'. എനിക്കവരെ കുറിച്ച് ഒരൊറ്റ വാചകം പോലും മോശമായി പറയാനില്ല. അങ്ങ് സ്വര്‍ണ്ണമെങ്കില്‍ അവരൊക്കെ പ് ളാറ്റിനം! രണ്ടും ഫടാഫട്ട്!


ദേ അങ്ങവരെ 'നിഷ്പക്ഷരു'മാക്കി.... എന്റമ്മോ! ഇത്രയും ഉദാരതയുള്ള മനുഷ്യനാണ് താങ്കളെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. Mea Culpa, Mea culpa എന്റെ പിഴ, എന്റെ മാത്രം പിഴ. This is what is called 'the platinum neutrality'!!


(3)വായനക്കാര്‍ക്ക് ബോറടി വന്നുവെന്ന് എന്റെ വായനക്കാര്‍ എഴുതിയെന്നത്: അതവര്‍ എഴുതിയ കാര്യമല്ലേ സര്‍? ഞാനെന്തു പിഴച്ചു?അവര്‍ക്കെന്നെ മടുക്കുമ്പോള്‍ ഞാന്‍ നിറുത്തും. പക്ഷെ ഇന്നുവരെ കണക്കും പ്രതികരണങ്ങളും കൊണ്ടുവന്നിട്ടുള്ളത് താങ്കള്‍ ആരോപിക്കുന്നതിന് വിപരീതമായ സൂചനകളാണ്. താങ്കളുടെ കാര്യം താങ്കളുടെ സ്വകാര്യ വിഷയമായി കാണുന്നു. അതില്‍ ഞാന്‍ അഭിപ്രായം പറയുന്നില്ല. താങ്കളെ ബോറടിക്കുന്നുവെന്ന് വായനക്കാര്‍ പറഞ്ഞുവെന്ന് പറഞ്ഞത് 100% ശരിയാണ്. അതില്‍ മാറ്റമില്ല.

(4) ഇറാനിലെ പ്രതിപക്ഷം കേസു ഫയല്‍ ചെയ്തില്ലത്രെ: കഷ്ടമേ കഷ്ടം! അവര്‍ ഇറാനിലെ പ്രതിപക്ഷമാണ്. അവര്‍ക്കവിടെ ജീവിക്കേണ്ടേ? ചെയ്തവരുടെ വിശേഷമൊന്നും വായിച്ചിട്ടില്ലേ?! സാറിന് ഇവിടിരുന്ന് ഇതൊക്കെ പറയാം.....

(5) 
അമേരിക്കയുടെ കാര്യം വരുമ്പോള്‍ അവിടുത്തെ നിലവിളികള്‍ കേള്‍ക്കാന്‍ തയ്യാറാവും. അതിനൊരു മന:പ്രയാസവുമില്ല. ഇവിടിപ്പോള്‍ ഇറാനിലെ നിലവിളികളാണ് വിഷയം. അമേരിക്കയില്‍ ആരെങ്കിലും നിലവിട്ടെന്നു കരുതി ഇറാനില്‍ കിടന്ന് വിളി തുടങ്ങിയിട്ട് കാര്യമുണ്ടോ ചങ്ങാതി?! നിലവിളി ഇറാനിലാണ്, അതവസാനിക്കേണ്ടതും അവിടെ തന്നെയാണ്. അതല്ലാതെ ഇറാനില്‍ മഴ പെയ്യുന്നതിന് അമേരിക്കയില്‍ കുട പിടിച്ചിട്ട് കാര്യമില്ല. താങ്കളുടെ ഗതികേടുകൊണ്ടാണ് ഇങ്ങനെ പുലമ്പുന്നത്.


അമേരിക്ക ഇറാനുമായി 'മാനഭംഗ'ത്തില്‍ മത്സരിക്കണമെന്നാണോ താങ്കളുടെ കൊതി. എന്നാല്‍ നടക്കട്ടെ. പക്ഷെ ഒരു ചെറിയ പ്രശ്‌നമുണ്ടല്ലോ സര്‍. അമേരിക്കയുടെ കയ്യില്‍ ഇതിന്റെയൊക്ക കണക്കുണ്ട്. ഇറാന്റെ കയ്യില്‍ എന്തുണ്ട്? ഇറാനിയന്‍ ജയിലുകളിലും ഭവനങ്ങളിലും ദിനവും അരങ്ങേറുന്ന ബലാല്‍സംഗങ്ങളുടെ കണക്ക് ആര്‍ 'ഇറക്കിത്തരും'??? താങ്കളുടെ പക്കലുണ്ടോ? ഉണ്ടെങ്കില്‍ മാത്രം മത്സരത്തിന് വിസിലടിക്കൂ.

(6) അമേരിക്കാ...അമേരിക്കാ....അമേരിക്കാ.....

താങ്കള്‍ക്കു അമേരിക്കയോട് ഇത്രയും കലിപ്പ് വരാന്‍ കാരണമെന്താണ് സര്‍? അമേരിക്ക താങ്കള്‍ ഞങ്ങള്‍ക്ക് പതിച്ചു തന്നിരിക്കുകയാണോ? എന്തിനേക്കുറിച്ച് പറഞ്ഞാലും അമേരിക്കയിലേക്കോടുന്നു? ഇതൊരു രോഗമാണോ ഡോക്ടര്‍? അമേരിക്കയുടെ നേരെ നോക്കി സദാ 'പൊറുക്കില്ല ഞാന്‍..എന്നാക്രോശിക്കാന്‍ കാരണമെന്ത്? അമേരിക്കയും ഇസ്ളാമും എക്കാലത്തും ഉറ്റമിത്രങ്ങളായിരുന്നവല്ലോ. പിന്നെ എന്തുകൊണ്ട് താങ്കള്‍ക്കു മാത്രം ഈ പൊട്ടിത്തെറിപ്പ്??? രഹസ്യമാണെങ്കില്‍ പറയണ്ട.


അമേരിക്കയില്‍ നല്ലതും ചീത്തയുമായി പലതും നടക്കുന്നുണ്ടാവാം. പല കാര്യങ്ങളിലും അമേരിക്ക മുന്നിലാണ്. ലോകത്തേറ്റവും വലിയ കടക്കാരനും ഏറ്റവും കൂടുതല്‍ കടം കൊടുക്കുന്നതും ആ രാജ്യമാണ്. ഏറ്റവും കൂടുതല്‍ യുദ്ധം ചെയ്യുന്നതും ഏറ്റവും കൂടുതല്‍ യുദ്ധവിരുദ്ധറാലികള്‍ നടക്കുന്നതും അവിടെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ നശീകരണം നടത്തുന്ന അമേരിക്കയാണ്, അവര്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രക്ഷാപ്രവര്‍ത്തനവും ജീവകാരുണ്യപ്രവര്‍ത്തനവും നടത്തുന്നതും....അമേരിക്കയ്ക്ക് പല മാനങ്ങളുണ്ട്. ഇവിടെ വിഷയം സൗദിയും ഇറാനുമാണ്. സൗദിയെ സൗദികൊണ്ട് നേരിടണം. അല്ലാതെ സൗദിയുടെ കാര്യം പറയുമ്പോള്‍ അത് സോമലിയയേക്കാള്‍ വളക്കൂറുള്ള രാജ്യമാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. താങ്കള്‍ അമേരിക്കന്‍ ബലൂണ്‍ വീര്‍പ്പിച്ച് ആത്മഹത്യ ചെയ്യരുത്. എവിടെയോ ഒരു 'മുള്ള്' താങ്കളുടെ അമേരിക്കന്‍ ബലൂണിനെ കാത്തിരിക്കുന്നു. ബലൂണ്‍ മുള്ളിനോട് പറയുന്നതെന്താവാം??!1

(7) അമേരിക്ക അതിതീവ്ര മതപരതയുള്ള ഒരു രാജ്യമാണ്. അമേരിക്കയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിന് കാരണം അവിടുത്തെ തീവ്രമതപരതയാണ്. In God we trust എന്നു സ്വന്തം കറന്‍സിയില്‍ എഴുതിവെച്ച രാജ്യമാണത്. ആ ദൈവവും മതവുമൊക്കെ തന്നെയാണ് അമേരിക്കയുടെ മോശം വശത്തിന് കാരണം. അമേരിക്കയുടെ മുഴുവന്‍ നേട്ടങ്ങള്‍ക്കും കാരണമാകട്ടെ അവിടെയുണ്ടായിട്ടുള്ള ശാസ്ത്രീയ-മതേതര-ജനാധിപത്യ മുന്നേറ്റങ്ങളാണ്. നിരീശ്വരവാദികള്‍ അവിടുത്തെ പൗരന്‍മാര്‍ പോലുമല്ലെന്ന് പറഞ്ഞ പ്രസിഡിന്റുമാരാണ് അവിടെയുള്ളത്. താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന 
ഇസ്ളാമിക സാമ്രാജ്യത്തിന്റെ എക്കാലത്തേയും സന്തതസഹചാരിയും സുഹൃത്തുമായ അമേരിക്കയുടെ കാര്യങ്ങള്‍ നിങ്ങള്‍ പരസ്പരം പറഞ്ഞ് തീര്‍ത്താലും. ഈയിടെ രൂക്ഷമായ 'പൊട്ടിത്തെറി രാഷ്ട്രീയ'ത്തില്‍ ഉടക്കി ഇസ് ളാമിക സാമ്ര്യാജ്യത്വവും അവരുടെ യജമാനന്‍മാരായ അമേരിക്കന്‍ സാമ്രാജ്യത്വവും തമ്മിലുണ്ടായ സൗന്ദര്യപിണക്കങ്ങള്‍ക്ക് നാസ്തികരെന്തു പിഴച്ചു? ഞങ്ങളെ സംബന്ധിച്ചിടത്തോളം പല കാര്യത്തിലും നിങ്ങള്‍ രണ്ടുകൂട്ടരും ഒരുപോലെ. 


ഒരു നാഗരികസമൂഹമെന്ന നിലയില്‍ അമേരിക്ക ഇറാനേയും സൗദിയേയും അപേക്ഷിച്ച്‌ നൂറിരട്ടി മുന്നിലാണെങ്കില്‍ അത് മതേതരത്വവും ജനാധിപത്യവും ശാസ്ത്രനേട്ടങ്ങളും കൊണ്ടുവന്നതാണെന്ന് മനസ്സിലാക്കി വെക്കുക. ഇസ്ളാമിക രാജ്യങ്ങള്‍ അക്കാര്യത്തിലെല്ലാം ബഹുദൂരം പിന്നിലാണെങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണ്. സ്വയം വിലയിരുത്തുക. അമേരിക്കയേയും ഉഗാണ്ടയേയുമൊന്നും ഇറക്കിയാല്‍ ഇവിടെയിപ്പോള്‍ കെട്ടിക്കിടക്കുന്ന സൗദി, ഇറാന്‍ എന്നീ വിഴുപ്പ് ഭാണ്ഡങ്ങള്‍ ചുമന്ന് മാറ്റാന്‍ താങ്കള്‍ക്കാവില്ല. താങ്കളിവിടെ കിടന്ന് അമേരിക്കാ, അമേരിക്കാ എന്നലറി കസര്‍ത്തു നടത്തും, ഞങ്ങള്‍ നോക്കി നിന്ന് ചിരിക്കും. അത്രതന്നെ.

(8) ഇറാനിയന്‍ പ്രതിനിധി ബി.ബി.സി യോട് ഇറാനില്‍ സര്‍വം ഭദ്രമാണെന്ന് പറഞ്ഞത്രെ?-പിന്നെ അയാള്‍ എന്തുവേണം? അയാള്‍ക്കെന്തിനാണ് ഇറാനിയന്‍ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നത്? മറിച്ചെന്തെങ്കിലും പറഞ്ഞിട്ട് തിരിച്ച് അയാള്‍ ഇറാനിലേക്ക് ചെന്നാല്‍ എങ്ങനെയിരിക്കും? ഇത് 'കോണ്‍ഗ്രസ്സില്‍ അഴിമതിക്കാരില്ലെന്ന് പണ്ട് ജോസഫ് വാഴക്കന്‍ ജയ്ഹിന്ദ് ചാനലില്‍ പറഞ്ഞിട്ടുണ്ട്' എന്നുപറഞ്ഞതുപോലെയായി!! മറുവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ തീരെ കഥയില്ലാത്ത ഇത്തരം നനപടക്കങ്ങള്‍ സദയം ഒഴിവാക്കുക.

(9) സിനിമ സിനിമയാണ്, ജീവിതം ജീവിതവും. Stoning of Soraya M 
സംഭവകഥയെ ആധാരമാക്കിയ നിര്‍മ്മിച്ച് ചലച്ചിത്രമാണ്. ഒക്കെ നേരിട്ടനുഭവിച്ച ഇറാന്‍കാര്‍ തന്നെ കഥ പറയുന്നു. അണിയറയിലും കാമറയ്ക്ക് മുന്നിലും കൂടുതലും ഇറാന്‍കാര്‍ തന്നെ.സിനിമക്കഥയുടെ പശ്ചാത്തലത്തില്‍, അതിലെ സംഭവകഥയുടെ ഘടകങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മറ്റ് നിരവധി കേസുകള്‍ ആളും പേരും സഹിതം എഴുതിയിട്ടുള്ളത്. മിടുക്കനാണെങ്കില്‍ അതൊക്കെ തെറ്റാണെന്നു തെളിയിക്കൂ. എനിക്ക് വേണ്ടപ്പോള്‍ ഞാന്‍ സിനിമയും നാടകവും കഥയുമൊക്കെ ഉപയോഗിക്കും. അതെന്റെ ശൈലി.

(10) 'ജെറുസലേം പോസ്റ്റി'ലെ വാര്‍ത്ത-
ഒരു അനിഷ്ട ലിങ്കു കണ്ടാല്‍ അത്താഴമുപേക്ഷിക്കുന്നവര്‍ തൊട്ട് ജീവന്‍വെടിയുന്നവര്‍ വരെ താങ്കളുടെ 'പക്കമേള സംഘ'ത്തിലുണ്ടല്ലോ!! 'ലിങ്കുവിരോധ'മല്ല സര്‍ കറുത്ത വാര്‍ത്തകളോടുള്ള വിരോധമാണ് ആവശ്യമായിട്ടുള്ളത്. സംഭവങ്ങള്‍ നടക്കുമ്പോള്‍ എതിരാളികള്‍ (എന്നു താങ്കള്‍ വാദിക്കുന്ന) ആദ്യം റിപ്പോര്‍ട്ട് ചെയ്യും, ആവേശത്തോടെ അത് പ്രചരിപ്പിക്കും. അതൊക്കെ നാട്ടുനടപ്പാണ്. താങ്കളും ഇന്നേവരെ ചെയ്തിട്ടുള്ളത് അത് മാത്രമാണ്. താങ്കള്‍ക്കാവശ്യമുള്ളത് അവിടുന്നും ഇവിടുന്നും നുള്ളിപ്പെറുക്കി കാര്യകാരണബന്ധമില്ലാതെ ഫലിതബിന്ദുക്കളായി എഴുന്നെള്ളിച്ച്‌ സ്വയം കുഴപ്പത്തില്‍ ചാടുകയും നാട്ടുകാരെ ചിരിപ്പിക്കുകയും ചെയ്യുന്നു. അത്തരം കലാപരിപാടികളുടെ 'കോഴ്‌സ്' കേരളത്തില്‍ നടത്തുന്നത് ഒരു സവിശേഷ ഇഗ്നോ (Ignorance) യൂണിവേഴ്‌സിറ്റിയാണെന്നും അറിയിക്കട്ടെ.


 യൂ ട്യൂബും ട്വിറ്ററും ഫെയ്‌സ് ബുക്കുമടക്കും നൂറുകണക്കിന് ലിങ്കുകളില്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാണ്. ഗൂഗിള്‍ സേര്‍ച്ചില്‍ ആദ്യംവന്ന ലിങ്കു കൊടുത്തു അത്ര തന്നെ. അതല്ലാതെ താങ്കളുടെ കുലപിതാക്കന്‍മാരും പാരമ്പര്യ സഖാക്കളുമായി ജൂതന്‍മാരുമായി എനിക്കെന്തു ബന്ധം? ആരൊക്കെയോ എഴുതിയതാണെന്ന്!! പിന്നെ ആരെങ്കിലും എഴുതാതെ നാമിതൊക്കെ അറിയുന്നത് എങ്ങനെയാണ് സര്‍? ഇനി വേറെ ലിങ്കു വേണോ? വേണ്ടെന്നുള്ള മുന്‍കൂര്‍ ജാമ്യമുണ്ടല്ലോ??!! പിന്നെ ഇസ് ളാമിന്റെ ശത്രുക്കളല്ലല്ലോ നിതാന്ത സുഹൃത്തുക്കളല്ലേ ജൂതജനത?? ഇസ് ളാമിന് അങ്ങനെ ആരെയും വെറുക്കാനൊന്നുമാവില്ല. അതൊക്കെ താങ്കളുടെ ഇസ് ളാമിക വിരുദ്ധ വികലബുദ്ധിയില്‍ വിരിഞ്ഞ വിഭ്രാന്തികളാവാനേ തരമുള്ളു.
മുസ്‌ളീം രാജ്യങ്ങളിലൊക്കെ ജനാധിപത്യത്തിനും Free Speech നും പ്രാധാന്യം നല്‍കുന്ന മിക്ക സൈറ്റുകളും നിരോധിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ അവിടെ ഹുസൈന്‍മാരുടെ രോഷം ഇതുപോലെ തുടല്‍ പൊട്ടിക്കുന്നില്ല. പക്ഷെ ഇത് രാജ്യം വേറെയല്ലേ സര്‍?


(11) എന്റെ കര്‍ണ്ണം, ഹൃദയം, ബുദ്ധി എന്നിവയ്ക്കാണോ തകരാറ്: തീര്‍ച്ചയായും. എല്ലാത്തിനും കുറേശ്ശെ തകരാറുകളുണ്ട്. പ്രായമായി വരുകയല്ലേ? ഇന്നലെ ഉണ്ടായിരുന്ന ദൂരം ഇന്നില്ലല്ലോ ഭവാന്‍? എന്തായാലും താങ്കള്‍ക്ക് ഈയിനത്തിലൊക്കെ ഓരോ ദിവസം കഴിന്തോറും അടിക്കടി 'കയറ്റ'മാണെന്ന് താങ്കളുടെ രചനകളില്‍ നിന്ന് മനസ്സിലാക്കാനാവുന്നതില്‍ വലിയ സന്തോഷം.

(12) ഒരേ വാര്‍ത്ത വിവിധസൈറ്റുകളില്‍ വന്നാല്‍ നൂറുക്കണക്ക് ലിങ്കാകില്ലെന്ന്: മിടുക്കന്‍, മിടുമിടുക്കന്‍. അപ്പോള്‍ ഇനി ലിങ്ക് എഴുതി മെനക്കേണ്ടതില്ലെന്നര്‍ത്ഥം. ഞാന്‍ പത്തമ്പതെണ്ണം എഴുതാനൊരുങ്ങുകയായിരുന്നു. 
അതൊക്കെ ഞാന്‍ ഇവിടെ പട്ടികയായി നിരത്തിയിരുന്നുവെങ്കില്‍ ലിങ്കുവിരോധിയായ താങ്കളുടെ അത്താഴം മുടങ്ങുമായിരുന്നുവല്ലോ!!!


(12).a  'ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചെന്ന്‌ 'താങ്കള്‍ പറഞ്ഞതില്‍ 'പാമ്പാ'രാണെന്ന് മനസ്സിലായി. 'വെട്ടും' മനസ്സിലായി. 'ഇടി' എന്നുപറഞ്ഞത് മാത്രം മനസ്സിലായില്ല. ഇത്രയും നാള്‍ കിടന്ന് വാങ്ങിച്ചുകൂട്ടിയതാണോ?


ഇവിടെന്താ പ്രശ്‌നം? നൂറുക്കണക്കിന് ലിങ്കുണ്ട്-പക്ഷെ കുഴപ്പം അതെല്ലാം 'ഒരേ വാര്‍ത്ത'യാണെന്നതാണ്!! അതിനിപ്പോള്‍ ഞാന്‍ എന്താ ചെയ്ക?!! നൂറു കണക്കിന് ലിങ്കുകളില്‍ 'ഒരേ വാര്‍ത്ത'' വരുന്നതല്ലേ അതിന്റെ വിശസനീയതയുടേയും ആധികാരികതയുടേയും മാനദണ്ഡം?! ഒരേ വാര്‍ത്ത വിവിധരീതിയില്‍ ഭിന്ന സൈറ്റുകളില്‍ വരുന്നതല്ലേ ആ വാര്‍ത്തയെക്കുറിച്ച് സംശയമുയര്‍ത്തുന്നത്? 'അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമ ജയിച്ചു' എന്ന വാര്‍ത്ത് നൂറുകണക്കിന് സൈറ്റുകളില്‍ സമാനമായി വന്നാല്‍ അതിന്റെ അര്‍ത്ഥം ഒബാമ തോറ്റെന്നാണോ!?? ഒ! ഈ മനുഷ്യനെക്കൊണ്ടു തോറ്റു!!!

(13) കേരളത്തിലെ കാടന്‍മാരില്‍ എന്നെക്കാള്‍ വിദ്യാഭ്യാസമുള്ളവരുണ്ടാകും: ശരിയായിരിക്കാം. എനിക്കതിന്റെ വിശദാംശങ്ങള്‍ അറിയില്ല. 
ഉണ്ടായിക്കൂടെന്നില്ല. എന്തായാലും ഭവാനെക്കാള്‍ വിദ്യാഭ്യാസവും ബുദ്ധിയുമുള്ളവര്‍ ആമസോണ്‍ കാടുകളിലെന്നല്ല ഉഷ്ണമേഖലാവനങ്ങള്‍, മഴക്കാടുകള്‍, ധ്രൂവപ്രദേശങ്ങള്‍ , സൈബീരിയ, ഉഗാണ്ട, സോമാലിയ എന്നിവിടങ്ങളില്‍ പോലും കാണുമെന്ന് എനിക്ക് തോന്നുന്നില്ല.


(14) എന്നെക്കാള്‍ ബുദ്ധിയുള്ള ഭിക്ഷക്കാര്‍ ഉണ്ടാകാമെന്നത്: തീര്‍ച്ചയായും അതിനും സാധ്യതയുണ്ട്. നിഷേധിക്കാനുള്ള തെളിവുകളൊന്നും എന്റെ പക്കലില്ല. ബുദ്ധിശക്തിയുടെ കാര്യത്തില്‍ ഭിക്ഷക്കാരുടെ പിറകിലാകുന്നതില്‍ വലിയ അപമാനമൊന്നും തോന്നുന്നില്ല. ഭിക്ഷാടനം പൊതുവില്‍ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുടെ പരിണതിയാണ്. വേണ്ടത്ര സാഹചര്യങ്ങള്‍ ലഭിച്ചാല്‍ എന്നേക്കാള്‍ മുന്നോട്ടുപോകാന്‍ കഴിയുന്ന നിരവധി പ്രതിഭകള്‍ ഭിക്ഷക്കാര്‍ക്കിടയിലുണ്ടാവാം എന്ന് സങ്കല്‍പ്പിക്കുന്നതാണ് എന്റെ മാനവികതാബോധം. അങ്ങേയേപ്പോലൊരു 'പണ്ഡിതപര്‍വതം' എല്ലാ ഭിക്ഷക്കാര്‍ക്കും സ്വപ്‌നം കാണാനാവുന്നതിലും ഉയരത്തിലായി പോയത് എന്റെ കുറ്റമല്ലല്ലോ?!!


(15) ഭാര്യ മരിച്ച പുരുഷന് വേണ്ടി പാചകം ചെയ്യുന്ന സ്ത്രീകളെ ശിക്ഷിച്ചിരുന്നുവെങ്കില്‍ ഇസ് ളാമിലെ സ്ത്രീകളുടെ കുലമറ്റ് പോകുമായിരുന്നുവത്ര!!!: എന്റമ്മോ? എന്താ താങ്കളുടെ ലക്ഷ്യം? ഇസ്ളാമിലെ സ്ത്രീകളുടെയൊക്കെ പണി ഇതാണെന്നോ? ഇസ്ളാമിന്റെ വക്താവ് ചമഞ്ഞുകൊണ്ട് ആ സമുദായത്തിലെ മുഴുവന്‍ സ്ത്രീകളേയും അടച്ചധിക്ഷേപിക്കാന്‍ താങ്കള്‍ക്കെങ്ങനെ മനസ്സുവന്നു? ദയാശൂന്യമാണിത് സര്‍. തങ്ങളുടെ സ്ത്രീകളെ പുറംപാചകത്തിന് പറഞ്ഞു വിടുന്നവരല്ല മുസ്‌ളിം സമുദായത്തിലെ പുരുഷന്‍മാര്‍. താങ്കളെപ്പോലുള്ളവര്‍ ഇനിയെങ്കിലും ഇതൊക്കെ മനസ്സിലാക്കുന്നത് നന്ന്. എന്നിട്ട് എന്റെ തലയും യുക്തിയും ബുദ്ധിയും ഉപ്പിലിട്ട് വെക്കണമെന്ന നിര്‍ബന്ധവും!! എന്തിനാ, ഇദി അമീന്റെ പരിപാടിയുണ്ടോ?


(16) നാല് സാക്ഷി-എന്റെ പൊന്നു സാറേ, ഇത് വ്യഭിചാരം. VYBHICHARAM, മറ്റേത് മാനഭംഗം, MANABHANGAM. ഇപ്പോള്‍ പിടിക്കിട്ടിയോ? ലൈംഗികതയെപ്പറ്റി ഇസ്‌ളാം കുറ്റകരമായി മുന്നോട്ടുവെക്കുന്നത് പ്രധാന സങ്കല്‍പ്പങ്ങള്‍ ഇവയാണ്. 1. വ്യഭിചാരം 2. അടുത്തബന്ധുക്കളുമായുള്ളവ അഥവാ incest 3. പ്രകൃതിവിരുദ്ധം. ഇതില്‍ സ്വവര്‍ഗ്ഗലൈംഗികത ഇസ് ളാം ആദരോവോടെ കാണുന്നില്ലെന്നാണ് മതപ്രചരണം. പക്ഷെ അതിനുള്ള ശിക്ഷ എവിടെയും പറഞ്ഞുകാണുന്നുമില്ല. ഇറാനിലെ ഇസ് ളാമിക വിപ് ളവത്തിന്റെ നേതാവായിരുന്ന അയത്തൊള്ള ഖൊമൈനിയൊക്കെ അതിന്റെ ആളായിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ആ നിലയ്ക്ക് ശിക്ഷ വന്നാലും അധികനേരം 'ചാര്‍ജ്' നില്‍ക്കില്ലല്ലോ? എന്നാല്‍ ഇവിടെയെങ്ങും 'മാനഭംഗം' എന്നൊരു കുറ്റമില്ല. മാനഭംഗം പൊതുവില്‍ വ്യഭിചാരമായി (സന-zana) യില്‍പ്പെടുത്തി) 'കണ്‍വേര്‍ട്ട്'ചെയ്യപ്പെടുകയാണ് സംഭവിക്കുന്നത്. സ്വഭാവികമായും പരാതിക്കാരിക്ക് ചാട്ടവാറടി കിട്ടും. താങ്കള്‍ ആ ചിത്രം കണ്ടോ. ആദ്യമത് കണ്ടുനോക്ക്. സൊരയ 'വ്യഭിചാരിണി'യാണെന്ന് ഭര്‍ത്താവ് തെളിയിക്കുന്നതെങ്ങനെയെന്ന് അപ്പോള്‍ മനസ്സിലാകും. സാക്ഷികളെ അപ്പോള്‍ എണ്ണുകയും ചെയ്യാം. എന്താ പോരെ? വെറുതെ ഓരോ...

പ്രതികരണത്തിന് നന്ദി.