ശാസ്ത്രം വെളിച്ചമാകുന്നു

Saturday 29 September 2012

37. താരങ്ങളുടെ ഗ്രഹപ്പിഴ- Part 1

''ആദ്യത്തെ വിഡ്ഢിക്കും ആദ്യത്തെ ചതിയനും ഇടയില്‍ സംഭവിച്ചതെന്തോ അതാണ് മതം''എന്ന വിശ്രുതനിര്‍വചനം ജ്യോതിഷം എന്ന മതതട്ടിപ്പിനും സമ്പൂര്‍ണ്ണമായും ബാധകമാണ്. എല്ലാ മതവിശ്വാസികളും ജ്യോതിഷവിശ്വാസികളല്ല. പക്ഷെ എല്ലാ ജ്യോതിഷവിശ്വാസികളും അടിസ്ഥാനപരമായി മതവിശ്വാസികളാണ്,അല്ലെങ്കില്‍ മറ്റേതെങ്കിലും അന്ധവിശ്വാസം പേറുന്നവരാണ്. ജ്യോതിഷം നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും കുറിച്ച് സംസാരിക്കുന്നതിനാല്‍ അതേതോ ഉന്നതകുല ശാസ്ത്രമാണെന്ന ധാരണയാണ് പല ജ്യോതിഷവിശ്വാസികളും വെച്ചുപുലര്‍ത്തുന്നത്. ജ്യോതിഷവും മതവിശ്വാസവും അഭിന്നം. വിശ്വസിക്കുന്നവന് ഉണ്ട്, വിശ്വസിച്ചില്ലെങ്കില്‍ ഇല്ല. ജീവിതത്തിലെ സര്‍വ കാര്യങ്ങളും ദൈവത്തിന് ദൃഷ്ടാന്തവും തെളിവുമായി മതവിശ്വാസി എണ്ണുമ്പോള്‍ ജ്യോതിഷിയുടെ വാക്കുകളില്‍ സ്വാനുഭവങ്ങള്‍ നോക്കിക്കാണാന്‍ ജ്യോതിഷവിശ്വാസിക്കും നിഷ്പ്രയാസം സാധിക്കും. ജ്യോതിഷി 'തടസ്സ'ങ്ങളെക്കുറിച്ച് പരാമര്‍ശക്കുമ്പോള്‍ സ്വജീവിതത്തിലെ പ്രതിബന്ധങ്ങളും തടസ്സങ്ങളും ജ്യോതിഷി കിറുകൃത്യമായി മനസ്സിലാക്കി പ്രസ്താവനയിറക്കുകയാണെന്ന് വിശ്വസിക്കാന്‍ ജ്യോതിഷവിശ്വാസിക്ക് പ്രയാസമേതുമില്ല. മതവിശ്വാസത്തിന്റെ കാര്യത്തിലെന്നപോലെ ജ്യോതിഷത്തെ കുറിച്ച് സൂക്ഷ്മമായി അറിയാതിരിക്കുക എന്നതാണ് വിശ്വാസം ദൃഡമാകാന്‍ ഏറ്റവും സഹായകരം. ജ്യോതിഷം മനസ്സിലാക്കാന്‍ അസാമാന്യ ഭാവനയോ അനിതരസാധാരണമായ ബുദ്ധിശക്തിയോ ആവശ്യമില്ല. സാധരണനിലയില്‍ മന്ദബുദ്ധികള്‍ പോലും നല്ല പ്രകടനം കാഴ്ചവെക്കുന്ന ഏരിയ ആണത്. ജ്യോതിഷത്തിന്റെ അടിസ്ഥാനപരമായ ചില അവകാശവാദങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് തുടങ്ങാം. ജ്യോതിഷം ഗ്രഹങ്ങളെ കുറിച്ച് സംസാരിക്കുന്നു. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശിചക്രം തുടങ്ങിയ ചില സവിശേഷ പദാവലികള്‍ നാമവിടെ കണ്ടുമുട്ടുന്നു.

എന്താണ് ഗ്രഹങ്ങള്‍? ശിലയോ ഹിമമോ ലോഹമോ നിറഞ്ഞ ചേതനയില്ലാത്ത ഖഗോളപിണ്ഡങ്ങളാണ് ഗ്രഹങ്ങള്‍ എന്നുവിളിക്കപ്പെടുന്നത്. Planets are big balls of ice, rock, metal, and other stuff. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളില്‍ മിക്കവയും ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് കിലോമീറ്ററുകള്‍ അകലെ നില്‍ക്കുന്നു. ബുധന്‍-7.5 കോടി, ശുക്രന്‍-4 കോടി, ചൊവ്വ-5.5 കോടി, വ്യാഴം-59 കോടി, ശനി-74 കോടി കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഭൂമിയില്‍ നിന്നുള്ള ശരാശരി അകലം. ഇനിയുള്ളത് നക്ഷത്രങ്ങളാണ്. അതായത് ശരിക്കും ഹൈഡ്രജന്‍ബോംബ് നിര്‍മ്മാണ ഫാക്ടറികളായ സൂര്യന്‍മാര്‍. ഭൂമിയുടെ ഏറ്റവും അടുത്ത് നില്‍ക്കുന്ന നക്ഷത്രം സൂര്യനാണ്. ഏകദേശം 15 കോടി കിലോമീറ്ററാണ് സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം. അതായത് സൂര്യപ്രകാശം ഭൂമിയിലെത്താന്‍ ഏതാണ്ട് 8 മിനിറ്റ് വേണം. നാം ഇപ്പോള്‍ സൂര്യനെക്കാണുന്നത് 8 മിനിറ്റ് മുമ്പ് സൂര്യന്‍ എവിടെയായിരുന്നുവോ/എങ്ങനെയായിരുന്നുവോ അങ്ങനെയാണ് എന്നര്‍ത്ഥം. ജനനസമയത്ത് സൂര്യന്‍ ഇന്ന സ്ഥാനത്തായിരുന്നു എന്നൊക്കെ കിറുകൃത്യമായി ഗണിച്ച് പറയുന്നത് എത്രമാത്രം കൃത്യമാണെന്ന് ആലോചിക്കുക, വിശേഷിച്ചും സൂര്യന്റെ വലുപ്പത്തേയും ഭൂമിയില്‍ നിന്നുള്ള അകലത്തേയും പറ്റി യാതൊരു ധാരണയുമില്ലാതിരുന്ന ഭൂതകാലത്ത്. സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും അടുത്ത് നില്‍ക്കുന്ന നക്ഷത്രം പ്രോക്‌സിമാ സെന്റൗറി അഥവാ ആല്‍ഫ സെന്റൗറി എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. നമ്മില്‍നിന്ന് ഏതാണ്ട് 4 പ്രകാശവര്‍ഷം അകലെ നില്‍ക്കുന്ന ഈ നക്ഷത്രത്തെ ഭൂമിയില്‍ നിന്ന് വീക്ഷിച്ചാല്‍ നാല് വര്‍ഷം മുമ്പുള്ള സ്ഥാനത്തും സ്ഥിതിയിലുമായിരിക്കും അതിനെ കാണാനാവുക. ഇതാണ് ഏറ്റവും അടുത്ത് നില്‍ക്കുന്ന നക്ഷത്രങ്ങളുടെ കാര്യം. ഇതൊക്കെ പറയുമ്പോഴും, അകലം കൂടുതലായതുകൊണ്ടാകാം, പ്രോക്‌സിമ സെന്റൗറിയെ ജ്യോതിഷക്കാര്‍ ഗൗനിച്ചിട്ടില്ല! പകരം അതിനെക്കാള്‍ വളരെ അകലെ നില്‍ക്കുന്ന നക്ഷത്രങ്ങളെ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നവരുടെ രാശിപട്ടികയില്‍ പരാമര്‍ശിക്കുന്നുണ്ട്. അകലത്തെക്കാള്‍ വലുപ്പത്തിനും തിളക്കത്തിനുമാണ് പ്രാധാന്യം കൊടുത്തതെന്ന് വ്യക്തം.

ഭൂമിയുടെ ആകാശത്ത് ദൃശ്യമാകുന്ന ബാക്കി നക്ഷത്രങ്ങളൊക്കെ ഭൂമിയില്‍ നിന്നും നൂറുകണക്കിനും ആയിരകണക്കിനും പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്നതിനാല്‍ ഇന്നവ ഉണ്ടോ എന്നറിയാന്‍ പോലും ഇനിയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. ഈ ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും ഭൂമിയിലെ ജീവികളില്‍ താരതമ്യേന പുതുമക്കാരായ ഹോമോ സാപ്പിയന്‍സിന്റെ ജീവിതത്തെ സ്വാധീനിക്കുന്ന എന്തോ ഒന്നുണ്ടെന്നാണല്ലോ ജ്യോതിഷവിദ്വാന്‍മാരുടെ മതം. തമാശയായി തള്ളാന്‍ വരട്ടെ. എന്തായിരിക്കാം ഈ സ്വാധീനമെന്ന് പരിശോധിക്കാം. പെട്ടെന്ന് ആലോചിക്കുമ്പോള്‍ ഒന്നും കിട്ടാനില്ല. ജീവനില്ലാത്ത പാറക്കെട്ടുകള്‍ മനുഷ്യന്റെ ജനനവും വിദ്യാഭ്യാസവും രോഗവും ആര്‍ത്തവചക്രവും വിവാഹവും മരണവുമൊക്കെ നിശ്ചയിക്കുന്നു എന്നുവന്നാല്‍ അതിത്തിരി കടുപ്പം തന്നെയാവുമല്ലോ. ഇത് മനസ്സിലാക്കിയാവണം ജ്യോതിഷം എന്ന തട്ടിപ്പിലൂടെ ഉപജീവനം നിര്‍വഹിക്കുന്ന ഭാവനസമ്പന്നരായ ബുദ്ധിജീവികള്‍ അതിന്'ശാസ്ത്രീയ അടിത്തറ' നല്‍കാന്‍ സാഹസപ്പെടുന്നത്.

ജീര്‍ണ്ണിച്ച അന്ധവിശ്വാസമായും ഹിന്ദുമതത്തിന്റെ നാശഹേതുവായും സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ കണ്ടിരുന്ന ജ്യോതിഷം ഇന്ന് ശാസ്ത്രത്തിന്റ ചെലവില്‍ വിറ്റഴിക്കാനുള്ള ശ്രമം വ്യപകമാണ്('ASTROLOGY and all these mystical things are generally signs of a weak mind; therefore as soon as they are becoming prominent in our minds, we should see a physician, take good food, and rest'. How can we endure so many sick people?'-Swami Vivekananada) പറഞ്ഞുവരുമ്പോള്‍ വേദങ്ങള്‍ അപൗരുഷേയങ്ങളാണെന്ന് വാദിച്ച വിവേകാന്ദനും സാമാന്യം തരക്കേടില്ലാത്ത ഒരന്ധവിശ്വാസിതന്നെ. പക്ഷെ അദ്ദേഹത്തിന് പോലും ജ്യോതിഷം സഹിക്കാനായില്ല.'അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ്' എന്ന് വിശേഷിപ്പിക്കാവുന്ന ഇസ്‌ളാംപോലും കഥയില്ലാത്ത അന്ധവിശ്വാസമായി എണ്ണുന്നു. ഇങ്ങനെ ഒന്നിലാണ് ഇന്ന് പല ഐ.എ.എസ്സുകാരും ശാസ്ത്രജ്ഞരും അഭിമാനംകൊള്ളുന്നതായി അവകാശപ്പെടുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ അച്ഛനും മോനും ഒരുപോലെയാണെന്ന് പറയുന്നതുപോലെ അന്ധവിശ്വാസത്തിന്റെ കാര്യത്തില്‍ ഐ.എ.എസ്സു കാരനും കുശിനിക്കാരനും തമ്മില്‍ വ്യത്യാസമില്ല. കാരണം വിശ്വാസത്തിന്‍രെ കാര്യം വരുമ്പോള്‍ ഇരുവരുടേയും മസ്തിഷ്‌ക്കം ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഐ.എ.എസു കാരന്‍ തന്റെ അന്ധവിശ്വാസങ്ങള്‍ക്ക് 'ശാസ്ത്രീയ വിശദീകരണങ്ങള്‍'ചമച്ച് ജനത്തെ ചിരിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുമെങ്കില്‍ വിദ്യഹീനനായ വിശ്വസി അത്തരം സാഹസങ്ങള്‍ക്കൊന്നും മുതിരില്ലെന്ന ആശ്വാസമുണ്ട്.

ജ്യോതിഷം മദ്യപാനത്തെക്കാള്‍ വലിയ ലഹരിയും ആസക്തിയുമായി ഇന്ന് മാറിയിരിക്കുന്നു. കോടികളുടെ വിറ്റുവരവുള്ള മതവ്യവസായം കൂടിയാണത്. മതാന്ധത കൂടുന്നതനുസരിച്ച് വിശ്വാസത്തിന്റെ ദാര്‍ഡ്യവും വര്‍ദ്ധിക്കുന്നു. ഒരിക്കല്‍ ഈ വിചിത്രവിശ്വാസത്തിന് അടിപ്പെട്ടാല്‍ പിന്നെ മലബന്ധം വന്നാലും പ്രശ്‌നപരിഹാരത്തിനായി ജ്യോതിഷിയുടെ അടുത്തേക്ക് ഓടാതെ അവന് ഇരിക്കപ്പൊറുതിയില്ല. കണ്ണില്‍ കാണുന്നതൊക്കെ ജ്യോതിഷത്തിന്റെ കണ്ണിലൂടെ മാത്രമേ അവന് കാണാനാവൂ. ചുറ്റികയുമായി നടക്കുന്നവന് കണ്ണില്‍ കാണുന്നതൊക്കെ ആണിയായി തോന്നുന്നതുപോലെയാണിതും. ജ്യോതിഷിയെ സന്ദര്‍ശിക്കുമ്പോള്‍ തന്നെ അയാള്‍ക്ക് പകുതി ആശ്വാസം ലഭിക്കുന്നു. ജ്യോതിഷിയുടെ വാക്കുകള്‍ മസ്തിഷ്‌ക്കം കൊണ്ട് ന്യായീകരിച്ചും വ്യാഖ്യാനിച്ചും ശരിയാക്കി എടുക്കുന്ന ജോലിയും വിശ്വാസി സ്വമേധയാ ഏറ്റെടുത്തുകൊള്ളും.

സത്യത്തില്‍ ഒരാള്‍ ജ്യോതിഷം എന്ന അന്ധവിശ്വാസത്തിന് അടിപ്പെട്ടാല്‍പ്പിന്നെ ജ്യോതിഷിക്ക് പിന്നെ വലിയ പണിയൊന്നുമില്ല. സ്ഥിരം നമ്പരുകള്‍ എടുത്തുവീശിയാല്‍ മതി. എണ്‍പതു ശതമാനത്തിന്റെ കാര്യത്തിലും അവ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ശരിയായി വരും! അഥവാ ശരിയായില്ലെങ്കില്‍ വിശ്വാസി ചിന്തിച്ച് ശരിയാക്കിയെടുത്തുകൊള്ളും!ജ്യോതിഷഭക്തന് മുന്നില്‍ ജ്യോതിഷി ഇന്നാര് തന്നെ വേണമെന്ന് പോലുമില്ല. എന്നാലും ജ്യോതിഷിയുടെ പേരും പ്രശസ്തിയും നോക്കി വിശ്വസിക്കുന്ന വിഭാഗവുമുണ്ട്. നിരവധിപ്പേര്‍ കാട്ടിക്കൂട്ടുന്നതിന് പിന്നാലെ പാഞ്ഞാല്‍ റിസ്‌ക്ക് കുറയുമെന്നത് ലോകമെങ്ങും അന്ധവിശ്വാസത്തിലെ സ്ഥിരം പ്രമാണമാണല്ലോ. ജ്യോതിഷി ഒരു ശാസ്ത്രജ്ഞനോ അല്ലെങ്കില്‍ മറ്റെതെങ്കിലും രീതിയില്‍ പണ്ഡിതനോ ആണെങ്കില്‍ പറയാനുമില്ല.
ജ്യോതിഷത്തിന്റെ കപടമായ അവകാശവാദങ്ങള്‍ പലരും പലവുരു പൊളിച്ചു കാണിച്ചിട്ടുണ്ട്. വിശ്വാസി ഇത്തരം വിശദീകരണങ്ങള്‍ക്ക് മുമ്പില്‍ തികഞ്ഞ ജാഗ്രതയോടെ കാതുകള്‍ പൊത്തിപ്പിടിക്കും. മദ്യപാനിയുടെ കുടി വര്‍ദ്ധിക്കുന്തോറും ലഹരി കിട്ടാന്‍ വേണ്ട മദ്യത്തിന്റെ അളവ് കൂടി വരുന്നതുപോലെ ജ്യോതിഷവിശ്വാസം കനക്കുമ്പോള്‍ ജീവിതച്ചെലവും കൂടിവരും. കടുത്ത ജ്യോതിഷപുസ്തകങ്ങളും വാരികകളും ഇല്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയും പുറകെയെത്താം.

ഗ്രഹങ്ങളിലേക്ക് തിരികെയെത്താം. എങ്ങനെ ഗ്രഹങ്ങളും നക്ഷത്രങ്ങളും നമ്മെ സ്വാധീനിക്കുന്നു?

''എനിക്ക് അതൊന്നുമറിയില്ല. എന്റെ ജീവിതത്തതിലെ മിക്കവാറും എല്ലാ കാര്യങ്ങളും ജ്യോതിഷി കൃത്യമായി പറയുമ്പോള്‍ അത് കണ്ണുമടച്ച് തള്ളിക്കളയാന്‍ സാധ്യമല്ല. ഗ്രഹങ്ങള്‍ മനുഷ്യരെ എങ്ങനെ സ്വാധീനിക്കുമെന്നൊക്കെ നിങ്ങള്‍ വേണമെങ്കില്‍ ഗവേഷണം നടത്തി കണ്ടുപിടിച്ചോ. രണ്ടായാലും സ്വാധീനിക്കുന്നുണ്ടെന്ന് ഉറപ്പാണ്. ജ്യോതിഷി പറയുന്നത് അച്ചട്ട് ശരിയാണെന്ന് ഉത്തമ ബോധ്യവുമുണ്ട്. എങ്ങനെയാണത് പ്രവര്‍ത്തിക്കുന്നത് എന്ന എനിക്കറിയില്ല. അത്ര നിര്‍ബന്ധമാണെങ്കില്‍ നിങ്ങളന്വേഷിക്കൂ, ആരെതിര്‍ക്കുന്നു? ഇനി ഗ്രഹങ്ങളും നക്ഷത്രങ്ങളും ഒന്നുമില്ലെങ്കിലും ജ്യോതിഷം ശരിയാണ്. എന്റെ ജീവിതമാണതിന് തെളിവ്, അതിനപ്പുറം മറ്റൊന്നും എനിക്കാവശ്യമില്ല......''~ഒരു തരത്തിലും തന്റെ അന്ധവിശ്വാസം സാമാന്യബുദ്ധിക്കോ യുക്തിക്കോ നിരക്കുന്നല്ലെന്ന് ബോധ്യപ്പെടുന്ന ഓരോ ജ്യോതിഷവിശ്വാസിയും സ്വയം ന്യായീകരിക്കുന്നത് ഇങ്ങനെയാണ്. ആശയവിനിമയം അസാധ്യമാക്കുന്ന രീതിയില്‍ മിക്കപ്പോഴും അയാള്‍ സ്വയം അടച്ചിടും.

വിശ്വസിക്കുന്നു, അതിനാല്‍ ശരിയായി തോന്നുന്നു, അതിനാല്‍ വിശ്വാസം ശരിയാണ്. അതുകൊണ്ടുതന്നെ ഒരു പു:നപരിശോധനയ്‌ക്കോ അന്വേഷണത്തിനോ താല്‍പ്പര്യമില്ല. ഏതൊരു അന്ധവിശ്വാസിയും മിനിമം നടത്തുന്ന വൈകാരികപ്രതിരോധമാണിത്. അത്തരക്കാരെ ഒന്നും ബോധ്യപ്പെടുത്താനാവില്ല. ആളുകളെ വിഡ്ഢികളാക്കാന്‍ താരതമ്യേന എളുപ്പമാണ്, കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാകട്ടെ വളരെ പ്രയാസകരവും.It is rather easy to fool people and very difficult to convince them. ഗ്രഹവും നക്ഷത്രവും മനുഷ്യന്റെ മേല്‍ സ്വാധീനമുണ്ടാകണമെങ്കില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും 'ബലം'ചെലുത്തപ്പെടണം എന്ന് ഏത് അന്ധവിശ്വാസിയും സമ്മതിക്കും. പാരനോര്‍മല്‍ കഴിവ് ഉപയോഗിച്ച് സ്പൂണ്‍ വളയ്ക്കല്‍ തട്ടിപ്പ് നടത്തുന്നവരും സ്പൂണിനെ വളയ്ക്കാനാവശ്യമായ ബലം കണ്ണില്‍നിന്നോ മനസ്സില്‍നിന്നോ ഉത്പാദിപ്പിക്കപ്പെടുന്നു എന്നുതന്നെയാണ് വിശദീകരിക്കുന്നത്. അപ്പോള്‍ ഗ്രഹങ്ങള്‍ക്ക് നമ്മുടെ മേല്‍ ഒരു സ്വാധീനം/ബലം/പ്രഭാവം കൂടിയേ തീരൂ. അങ്ങനെയെങ്കില്‍ എന്തായിരിക്കുമത്?

പ്രധാനമായും നാല് പ്രാപഞ്ചികബലങ്ങളാണ് ഇന്നുവരെ ഭൗതികശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. ശക്തബലം (strong nucleur force), അശക്തബലം(weak nucleur force), ഗുരുത്വബലം(gravity), വൈദ്യുതകാന്തികബലം (electromagnetic force) എന്നിവയാണവയെന്ന് നാം ഹൈസ്‌ക്കൂളില്‍ പഠിക്കുന്നുണ്ട്. ഇതില്‍ ശക്തബലവും അശക്തബലവും ആറ്റത്തിന്റെ ന്യൂക്‌ളിയസ്സിന് ഉള്ളില്‍ പ്രസക്തമാകുന്ന ബലങ്ങളായതിനാല്‍ കോടിക്കണക്കിന് കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളും മനുഷ്യരാശിയെ സ്വാധീനിക്കുന്നത് ഈ ബലം കൊണ്ടാവാന്‍ യാതൊരു സാധ്യതയുമില്ല. ഈ ബലങ്ങള്‍ സ്വാധീനിക്കുന്നുവെന്ന് വന്നാല്‍ പുറത്തുനിന്നുള്ള സ്വാധീനത്തേക്കാള്‍ ഉളളില്‍ നിന്നുള്ള സ്വാധീനമായിരിക്കും കൂടുതല്‍ രൂക്ഷം. ശക്തബലവും അശക്തബലവും ആറ്റത്തിന്റെ ന്യൂക്ലിയസില്‍ ഒരു മില്ലി മീറ്ററിന്റെ കോടിയില്‍ ഒരംശം അകലത്തേക്ക് മാറിയാല്‍പ്പോലും അസാധുവാകും.

ഇനി ബാക്കിയുള്ള രണ്ടെണ്ണത്തില്‍ ഗുരുത്വബലം പരിഗണിക്കാം. മിക്ക ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭൂമിയില്‍ നിന്ന് വളരെ അകലത്തായതിനാല്‍ അവയ്ക്ക് ഭൂമിയിലെ ജീവജാലങ്ങളില്‍ ചെലുത്താന്‍ കഴിയുന്ന ഗുരുത്വപ്രഭാവം തുലോം നിസ്സാരമാണ്. വസ്തുക്കള്‍ക്കിടയിലുള്ള ഗുരുത്വബലം പ്രധാനമായും രണ്ടു മാനദണ്ഡങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. (1) വസ്തുക്കളുടെ പിണ്ഡം(mass) (2) അവതമ്മിലുള്ള അകലം (ie how far away). ഇവിടെ കാര്യങ്ങള്‍ വളരെ ലളിതമാണ്. വസ്തുക്കള്‍ക്കിടയിലുള്ള അകലം കുറയുമ്പോഴും അവയുടെ പിണ്ഡം കൂടുമ്പോഴും ഗുരുത്വബലം വര്‍ദ്ധിക്കുന്നു. ഭൂമിയും വ്യാഴവും വലുപ്പത്തില്‍ വലിയ വ്യത്യാസമുളള ഗ്രഹങ്ങളാണ്. അയോ വ്യാഴത്തിന്റെ ഉപഗ്രഹമാണ്, വലുപ്പമാകട്ടെ ഏതാണ്ട് ചന്ദ്രന് സമം. വ്യാഴം ഭൂമിയുടെ 25000 ഇരട്ടി വലുതാണ്. പക്ഷെ ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ 1500 മടങ്ങ് ദൂരത്താണ് വ്യാഴം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു ഗുരുത്വമത്സരം നടന്നാല്‍ വലിയൊരു വ്യത്യാസത്തില്‍ 'അകലം' വലുപ്പവ്യത്യാസത്തെ തോല്‍പ്പിക്കും.

കേവലം 3.75 ലക്ഷം കിലോമീറ്റര്‍ ശരാശരി ദൂരമുള്ള ചന്ദ്രന്‍ ഭൂമിയുടെ മേല്‍ ചെലുത്തുന്ന ഗുരുത്വവുമായി താരതമ്യപ്പെടുത്തിയാല്‍ മറ്റ് ഗ്രഹങ്ങളുടെ ബലം വളരെ നിസ്സാരമാണ്. മറ്റെല്ലാ ഗ്രഹങ്ങളും ചെലുത്തുന്ന ബലത്തിന്റെ ആകെത്തുകയേക്കാള്‍ കൂടുതലാണ് ചന്ദ്രന്റെ ഗുരുത്വബലം. ഭൂമിയില്‍ വേലിയേറ്റം ഉണ്ടാക്കുന്നത് കണ്ടിട്ടില്ലേ എന്നൊക്കെ ഭാവനാശൂന്യരായ ജ്യോതിഷികള്‍ തട്ടിവിടുന്നത് കേട്ടിട്ടില്ലേ. കുളത്തിലും കിണറിലും തടാകത്തിലും വേലിയേറ്റം ഉണ്ടാക്കാന്‍ ചന്ദ്രന് കഴിയാത്തതിന്റെ കാരണം അന്വേഷിക്കാത്തവരാണവര്‍. അപ്പോള്‍ കാര്യം വ്യക്തമാണ്: ഗുരുത്വബലമാണ് മാനദണ്ഡമെങ്കില്‍ ജ്യോതിഷത്തിലും ഗ്രഹനിലയിലും സമ്പൂര്‍ണ്ണ ആധിപത്യം ലഭിക്കേണ്ടത് ചന്ദ്രനാണ്. എന്നാല്‍ നവഗ്രഹങ്ങളില്‍ ചന്ദ്രന് അത്തൊരമൊരു അപ്രമാദിത്വം ഫലഭാഗജ്യോതിഷം കല്‍പ്പിക്കുന്നില്ല. അപ്പോള്‍ സ്വാധീനത്തിന്റെ മാനദണ്ഡം ഗുരുത്വമാകാന്‍ സാധ്യമല്ല.

ഇനി വൈദ്യുതകാന്തിക ബലം പരിഗണിക്കാം. ഇലക്ട്രിക്ക് ചാര്‍ജും അകലവുമാണ് വൈദ്യുതകാന്തികബലത്തിന്റെ മാനദണ്ഡം നിശ്ചയിക്കുന്ന ഘടകങ്ങള്‍. ഗ്രഹങ്ങള്‍ എന്നറിയപ്പെടുന്ന മിക്ക വമ്പന്‍ ഗോളങ്ങള്‍ക്കും ഇലക്ട്രിക്ക് ചാര്‍ജില്ല. ഇലട്രിക്ക് ചാര്‍ജ് വരുന്നത് ഇലക്‌ട്രോണിന്റെയും പ്രോട്ടോണിന്റെയും സാന്നിധ്യംകൊണ്ടാണ്. പക്ഷെ വിപരീതചാര്‍ജുള്ള കണങ്ങള്‍ അവയുടെ സാമീപ്യത്തിലൂടെ പരസ്പരം അസാധുവാക്കും. അങ്ങനെയാണ് ആറ്റം ചാര്‍ജില്ലാതെ ഉദാസീനമാകുന്നത്. അങ്ങനെ ആറ്റങ്ങള്‍കൊണ്ട് നിര്‍മ്മിതമായ ഗ്രഹത്തിനും ചാര്‍ജില്ലാതെയാവുന്നു. അതേസമയം ഭൂമിയുള്‍പ്പെടെ ചില ഗ്രഹങ്ങള്‍ക്ക് നല്ലതോതിലുള്ള കാന്തികക്ഷേത്രമുണ്ട്(magnetic fields). പക്ഷെ ഗ്രഹത്തോട് അടുത്തെത്തുമ്പോള്‍ മാത്രമാണ് ഈ ക്ഷേത്രം ശക്തമാവുക. ഉദാഹരണമായ വ്യാഴത്തിന്റെ കാന്തികക്ഷേത്രം അതിശക്തമാണ്. പക്ഷെ ഭൂമിയും വ്യാഴവുമായുള്ള അകലം കാരണം നമ്മുടെമേല്‍ ആ കാന്തികക്ഷേത്രത്തിന് യാതൊരു പ്രഭാവവുമില്ലെന്ന് തന്നെ പറയാം. പതിനഞ്ച് കോടി കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന സൂര്യന്‍ കാന്തികപ്രഭാവത്തിന്റെ നല്ല സ്രോതസ്സാണ്. വമ്പന്‍ സൗരജ്വാലകളും (gigantic sun flare) മറ്റ് സൗരവികിരണങ്ങളും വഴി പലപ്പോഴും വലിയതോതില്‍ ചാര്‍ജുള്ള കണങ്ങള്‍ (streams of charged particles)സൂര്യനില്‍ നിന്നും പുറത്തേക്ക് വമിക്കുന്നുണ്ട്. ഇത് ഭൂമിയുടെ സ്വന്തം കാന്തികക്ഷേത്രവുമായി പ്രതിപ്രവര്‍ത്തിക്കാനിടയുണ്ട്. 1989 ല്‍ കാനഡയിലെ ക്യുബെക്ക് മേഖലയില്‍ അനുഭവപ്പെട്ട വിക്ഷോഭവും (havoc in 1989)അനുബന്ധിയായ പ്രശ്‌നങ്ങളും ഇതിനുദാഹരണമാണ്. ആ നിലയ്ക്ക് കാന്തികപ്രഭാവമാണ് പരിഗണിക്കുന്നതെങ്കില്‍ സൂര്യന് മാത്രമായിരിക്കണം ജ്യോതിഷത്തില്‍ പ്രസക്തി. പക്ഷെ അതല്ല യാഥാര്‍ത്ഥ്യം.

നക്ഷത്രമായ സൂര്യന്‍ 'നവഗ്രഹ'ങ്ങളില്‍ ഒന്നുമാത്രം. സൂര്യന് വലിയ പ്രാധാന്യമൊന്നുമില്ലെന്ന് മാത്രമല്ല വളരെ വളരെ നിസ്സാരമായ വിദ്യുത്കാന്തിക പ്രഭാവമുള്ള ഗ്രഹങ്ങളാണ് മനുഷ്യരില്‍ കൂടുതലും സ്വാധീന ചെലുത്തുക. കാന്തികബലമോ കാന്തികപ്രഭാവമോ ആണ് മാനദണ്ഡമെങ്കില്‍ ഗ്രഹങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയാമെന്നാണ് ശാസ്ത്രം നമ്മോട് പറയുന്നത്. ഇനി,രാഹു, കേതു എന്നിങ്ങനെ പേരുകൊടുത്തിരിക്കുന്ന 'തമോഗ്രഹ'ങ്ങള്‍ക്ക് ഗുരുത്വമോ വിദ്യുത്കാന്തികപ്രഭാവമോ കാന്തികക്ഷേത്രമോ ഇല്ല. കാരണം മറ്റൊന്നുമില്ല അങ്ങനെ രണ്ട് ഗ്രഹങ്ങള്‍ കേവലം ജ്യോതിഷികളുടെ ഭാവനാസൃഷ്ടികളാകുന്നു. ഗ്രഹത്തെ സങ്കല്‍പ്പിച്ചുണ്ടാക്കുന്നത് പോലെ എളുപ്പമല്ല അതിന്റെ ഗുരുത്വബലവും കാന്തികക്ഷേത്രവുമൊക്കെ സങ്കല്‍പ്പിച്ചുണ്ടാക്കാന്‍. ഗുരുത്വം, വിദ്യുത്കാന്തികബലം, ശക്തബലം, അശക്തബലം...അങ്ങനെ നമുക്കറിയാവുന്ന നാല് ബലങ്ങളും തീര്‍ന്നു. പിന്നെ ഏതു രീതിയിലുള്ള സ്വാധീനമാണ് ഗ്രഹങ്ങളും സൂര്യനും നമ്മുടെ മേല്‍ ചെലുത്തുക? ഇനി നാമറിയാത്ത ബലമോ സ്വാധീനമോ ഉണ്ടോ? ഉണ്ടെന്നുതന്നെ വെക്കുക. പക്ഷെ ഏത് ബലവും ദൂരം കൂടുന്നതനുസരിച്ച് ദുര്‍ബലപ്പെടും. അതാണ് പ്രപഞ്ചനിയമം. പക്ഷെ ജ്യോതിഷത്തില്‍ 3.75 ലക്ഷം കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന ചന്ദ്രനും 7.7 കോടി കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന ബുധനും നമ്മുടെമേല്‍ ഒരേ സ്വാധീനമാണ്!

ആകാശത്ത് നക്ഷത്രംപോലെ കാണപ്പെടുന്ന വസ്തുക്കളൊക്കെ ഒരേ സ്ഥലത്ത് സ്ഥിതി ചെയ്യുന്നുവെന്ന് ചിന്തിച്ച ഗോത്രഭാവനയാണ് എല്ലാ ഗ്രഹങ്ങള്‍ക്കും തുല്യസ്വധീനം നല്‍കി ജ്യോതിഷസോഷ്യലിസം നടപ്പിലാക്കിയത്. അതായത് ഒരു പുതിയ ബലം നാളെ കണ്ടെത്തിയാല്‍ അത് ദൂരം കൂടുന്നതനുസരിച്ച് ദുര്‍ബലപ്പെടാത്തതായിരിക്കണം! ദൂരം മാത്രമല്ല ഭാരവും വലുപ്പവും ജ്യോതിഷിക്ക് പ്രശ്‌നമല്ല. ഭാരവും വലുപ്പവും പ്രസക്തമാണെങ്കില്‍ തീര്‍ച്ചയായും സൂര്യന് ജ്യോതിഷത്തില്‍ അപ്രമാദിത്വം ലഭിക്കണം;ഗ്രഹങ്ങള്‍ക്കിടയില്‍ വ്യാഴം എന്ന വാതകഭീമനും. എന്നാല്‍ വ്യാഴത്തിനും ബുധനും ചന്ദ്രനുമൊക്കെ താരതമ്യപ്പെടുത്താവുന്ന രീതിയില്‍ തുല്യ പ്രഭാവവും സ്വാധീനവുമാണ് ജ്യോതിഷം കല്‍പ്പിക്കുന്നത്. ആ നിലയില്‍ ഇനി കണ്ടുപിടിക്കാനുള്ള ബലം ഭാരവ്യത്യാസമനുസരിച്ചും ദൂരവ്യതാസമനുസരിച്ചും വ്യതിയാനപ്പെടാത്ത ഒന്നായിരിക്കണം. അതായത് ഒരു ചെറിയ പാറക്കഷണത്തിനും വ്യാഴത്തിനും ഒരേ അളവിലുള്ള സ്വാധീനം ചെലുത്താനാവുന്ന തരത്തില്‍ ഒരു അജ്ഞാതബലം!

സൂര്യന്‍ ഉരുണ്ട് ഗോളാകൃതിയില്‍ കാണപ്പെട്ടിരുന്നതിനാല്‍ അതും ഒരു ഗോളമാണെന്ന് പ്രാചീനകാലത്തെ ആകാശനിരീക്ഷകര്‍ വിധിയെഴുതി. നക്ഷത്രവും ഗോളവും തമ്മിലുള്ള അടിസ്ഥാനവ്യത്യാസമോ അവയുടെ ദൂരവ്യത്യാസമോ വലുപ്പവ്യത്യാസമോ ആദ്യകാല ജ്യോതിഷികള്‍ക്ക് അറിയില്ലായിരുന്നുവെന്ന് സാരം. ഇതെല്ലാം കഴിഞ്ഞാലും ഛിന്നഗ്രഹങ്ങളുടെ(asteroids)കാര്യം വിട്ടുകളയാനാവില്ല. ഛിന്നഗ്രഹങ്ങളില്‍ പലതിനും ചന്ദ്രന്റെ നാലിലൊന്നിലധികം വലുപ്പമുണ്ട്. മറ്റ് പല ഗ്രഹങ്ങളേക്കാളും ഭൂമിയുടെ അടുത്ത് നില്‍ക്കുന്നവയാണവ. പലതിനും കൃത്യമായ ഭ്രമണപഥവുമുണ്ട്. സൗരയൂഥത്തില്‍ കുറഞ്ഞത് 100 മീറ്റര്‍ വ്യാസമുള്ള നൂറ് കോടി ഛിന്നഗ്രഹങ്ങളെങ്കിലുമുണ്ട്. അതിലും ചെറിയവയുടെ എണ്ണം തിട്ടപ്പെടുത്താനാവില്ല. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ ഭൂമിയില്‍നിന്ന് ഏതാണ്ട് 44 കോടി കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന 950 കിലോമീറ്റര്‍ വ്യാസമുള്ള സെറസും(1 Ceres)വേണ്ടത്ര ഗോളാകൃതിയില്ലാത്ത പല്ലാസുമൊക്കെ(Pallas) ഗ്രഹമാകാന്‍ യോഗ്യതയുള്ളവയാണ്(ചന്ദ്രന്റെ വ്യാസം 3474 കിലോമീറ്ററാണ്).

പക്ഷെ ജ്യോതിഷപ്രകാരം ഇവയ്‌ക്കൊന്നും നമ്മുടെ മേല്‍ യാതൊരു സ്വാധീനവുമില്ല! മറ്റ് ഗ്രഹങ്ങള്‍ക്കുള്ളതും ഇവയ്ക്കില്ലാത്തതുമായ എന്ത് പ്രത്യേകതയിലാണ് ജ്യോതിഷികള്‍ മുറുകെ പിടിക്കുന്നത്?! കാണാനാവാത്തതും അറിയാനാവാത്തതും ഇല്ലെന്ന് പറയുന്ന സുകുമാരകലയുടെ മറുപേരാണോ ജ്യോതിഷം? കൃത്യമായ ഇവേളകളില്‍ ഭൂമിയുടെ ഭ്രമണപഥം മുറിച്ച് കടന്നുപോകുന്ന ഹാലിയുടെ ധൂമകേതു പോലുള്ളവയ്ക്കും ജ്യോതിഷത്തില്‍ സ്ഥാനമില്ല. ധൂമകേതുവിനെ ചുറ്റിപ്പറ്റി എടുത്താല്‍ പൊങ്ങാത്ത അന്ധവിശ്വാസങ്ങള്‍ വേറെ നിലവിലുള്ളപ്പോഴാണ് ജ്യോതിഷത്തില്‍ നിന്ന് അവ നിര്‍ദ്ദയം പുറത്താക്കപ്പെടുന്നത്. പക്ഷെ രാഹു, കേതു തുടങ്ങിയ എവിയെയാണെന്നോ എത്ര വലുപ്പമുണ്ടെന്നോ നിശ്ചയമില്ലാത്ത 'ഇല്ലാഗ്രഹ'ങ്ങള്‍ക്ക് (അത്യാഗ്രഹം എന്ന് തിരുത്തി വായിക്കാം) മനുഷ്യനെ ദിനംപ്രതി അക്ഷരാര്‍ത്ഥത്തില്‍ പീഡിപ്പിക്കുകയാണ്! ഉള്ളവ ഇല്ലെന്ന് തോന്നുന്നതും ഇല്ലാത്തവ ഉണ്ടെന്ന് പറയുന്നതും മനോവിഭ്രാന്തിയുടെ ഭാഗമാണെങ്കില്‍ ജ്യോതിഷത്തിന് മറ്റൊരു നിര്‍വചനം ആവശ്യമില്ല. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും സംബന്ധിച്ച പ്രാചീനരുടെ അജ്ഞതയാണ് രാഹുവിനും കേതുവിനും ജന്മമേകിയതെന്നൊക്കെ ന്യായീകരിക്കാം. പക്ഷെ ഓര്‍ക്കുക, അജ്ഞത ഒരു കുറ്റമല്ല, പക്ഷെ അതിന്റെ പേരില്‍ മനുഷ്യരെ വിരട്ടുന്നത് അങ്ങനെ കാണാനാവില്ലല്ലോ.

എന്തായാലും ആകാശഗോളങ്ങള്‍ മനുഷ്യജീവിതത്തെ സ്വാധീനിക്കുമെങ്കില്‍ നെപ്ട്ട്യൂണു യുറാനസ്സും പ്‌ളൂട്ടോയും ഛിന്നഗ്രഹങഅങളും അന്യഗ്രഹങ്ങളുമൊക്ക ആ ദൗത്യം നിര്‍വഹിക്കും. അല്ലെങ്കില്‍ പണ്ടേ അതവര്‍ നിര്‍വഹിച്ചുവരികയാണ്. തങ്ങളെ ജ്യോതിഷികള്‍ക്കറിയില്ലാത്തതിനാല്‍ തങ്ങളെ മനുഷ്യജീവിതത്തെ സ്വാധീനിക്കാന്‍ പാടില്ലെന്ന ബോധം ഈ പാവം ഗ്രഹങ്ങള്‍ക്കുണ്ടാവാന്‍ വഴിയില്ലല്ലോ! മിക്കപ്പോഴും ജ്യോതിഷപ്രപചനം 'പൊട്ടക്കണ്ണന്റെ മാവിലെറി' ആകാന്‍ കാരണം ഈ നഗ്നസത്യം തള്ളുന്നത് മൂലമാണോ?!

സൗരയൂഥത്തിന് പുറത്തുള്ള മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന കുറഞ്ഞത് 150 ഗ്രഹങ്ങളെയെങ്കിലും നാം പുതിയതായി കണ്ടെത്തിയിട്ടുണ്ട്. പലതും വ്യാഴത്തിനേക്കാള്‍ വലിയവ. ഇവയെല്ലാം ഭൂമിയില്‍നിന്നും വളരെ അകലത്തിലാണ്. പക്ഷെ അകലം ജ്യോതിഷിക്ക് ഒരു പ്രശ്‌നമല്ലല്ലോ?! ഇവയൊന്നും സൂര്യനെ ചുറ്റുന്നില്ലെന്നായിരിക്കും അടുത്ത സംശയം. ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുന്നുവെന്നും അല്ലെങ്കില്‍ ചുറ്റണമെന്നും ജ്യോതിഷത്തില്‍ എവിടെയും പറയുന്നില്ല. ജ്യോതിഷത്തില്‍ സൗരയൂഥമില്ല മറിച്ച് 'ഭൂമിയൂഥ'മാണുള്ളത്. മാനത്തു കാണുന്നതെല്ലാം ഭൂമിയെ ചുറ്റുന്നുവെന്നാണ് ജ്യോതിഷപടുക്കള്‍ ധരിച്ചുവെച്ചിരുന്നത്. ഗ്രഹമായി അംഗീകരിക്കപ്പെടാതിരുന്ന ഭൂമി പ്രപഞ്ചകേന്ദ്രമായ ഒരു പരന്ന പറമ്പാണെന്നും.

ഭാവിയില്‍ കണ്ടുപിടിക്കാനിരിക്കുന്ന കോടിക്കണക്കിന് ഗ്രഹങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതുവരെ കണ്ടെത്തിയ 150 പുതിയ ഗ്രഹങ്ങള്‍ ഒന്നുമല്ലെന്നത് വേറെ കാര്യം. അവയെ കൂടി പരിഗണിച്ചാല്‍ സൗരയൂഥവും അതിലെ ഗ്രഹങ്ങളുമൊക്കെ തീര്‍ത്തും അപ്രസക്തമാകും. യുറാനസ്, നെപ്ട്യൂണ്‍, പ്‌ളൂട്ടോ(?) തുടങ്ങിയ സൗരയൂഥഗ്രഹങ്ങളെ തിരിഞ്ഞുനോക്കാത്ത ജ്യോതിഷികള്‍ സൗരയൂഥത്തിനും ആകാശഗംഗയ്ക്കുതന്നെ പുറത്തുള്ള നക്ഷത്രങ്ങളെ രാശിക്രമത്തില്‍ പ്രാധാന്യത്തോടെ പരാമര്‍ശിക്കുന്നുണ്ട്. ദൂരെയുള്ള നക്ഷത്രങ്ങളുടെ ചലനത്തിലെ വിക്ഷോഭങ്ങളും വലിവുകളും നിരീക്ഷിച്ചാണ് നാം അവയുടെ ഗ്രഹങ്ങളെ കണ്ടെത്തുക. ഈ ഗ്രഹങ്ങള്‍ നമ്മെ ബാധിക്കുന്നുവെങ്കില്‍ ജ്യോതിഷികള്‍ക്ക് എന്തുകൊണ്ട് അവയുടെ സാന്നിധ്യം മുന്‍കൂട്ടി പ്രഖ്യാപിക്കാനാവുന്നില്ല? നല്ല ചോദ്യംതന്നെ! നക്ഷത്രം എന്നാല്‍ എന്താണെന്നോ നക്ഷത്രങ്ങള്‍ക്ക് ചുറ്റും ഗ്രഹങ്ങളുണ്ടാകുമെന്നോ ശാസ്ത്രം വിശദീകരിക്കുന്നത് വരെ ഒരു ജ്യോതിഷിയും അറിഞ്ഞിരുന്നില്ല. കാരണം മറ്റൊന്നുമല്ല, അവര്‍ക്കതിനാവില്ല. അവരുടെ ഡേറ്റ അത്രമാത്രം അര്‍ത്ഥശൂന്യമാണ്.

നമുക്കറിയാവുന്ന പ്രഞ്ചനിയമങ്ങള്‍ പ്രകാരമുള്ള 'ബല'ങ്ങളൊന്നും ജ്യോതിഷത്തില്‍ ശരിയാവില്ല. ഇനി നമുക്കറിയാത്തതും നിലവിലുള്ള പ്രാപഞ്ചികനിയമങ്ങള്‍ക്ക് അതീതവും വിരുദ്ധവുമായ ബലങ്ങളോ പ്രഭാവങ്ങളോ പരിഗണിച്ചാലും ജ്യോതിഷം പ്രവര്‍ത്തിക്കില്ല. പിന്നെ എന്തു തരം 'സ്വാധീന'ത്തെ കുറിച്ചാണ് പലപ്പോഴും സാമാന്യ വിദ്യാഭ്യാസമോ ലോകവിവരമോ പോലുമില്ലാത്ത ഈ ജ്യോതിഷികള്‍ ഗീര്‍വാണം മുഴക്കുന്നത്? (തുടരും)

38. താരങ്ങളുടെ ഗ്രഹപ്പിഴ-Part 2

ജ്യോതിഷപ്രവചനത്തിന്റെ ഉത്ഭവത്തെ കുറിച്ച് സ്വാമി വിവേകാന്ദന്‍ പറയുന്നത് ഇങ്ങനെയാണ്:''ദക്ഷിണഭാരതത്തില്‍ ഒരു ശക്തമായ രാജവംശമുണ്ടായിരുന്നു. കാലകാലങ്ങളില്‍ ഈ രാജവംശത്തില്‍ ജീവിച്ച് മരിച്ച പ്രധാനവ്യക്തികളുടെ ജാതകം രേഖപ്പെടുത്തുകയെന്നത് അവര്‍ ഒരു നിയമംപോലെ നടപ്പാക്കിപ്പോന്നു. അതാത് വ്യക്തികളുടെ ജന്മസമയം ഗണിച്ചാണ് അവരിത് ചെയ്തിരുന്നത്. ഇത്തരത്തില്‍ പ്രധാനപ്പെട്ട വസ്തുതകളുടേയും സംഭവങ്ങളുടേയും ഒരു വന്‍ശേഖരം അവര്‍ നിര്‍മ്മിച്ചു. ശേഷം ഈ വസ്തുതകളെ പിന്നീട് സംഭവിച്ചവയുമായി താരതമ്യപ്പെടുത്തി വിശകലനം ചെയ്യാനും തുടങ്ങി. ചില പാരസ്പര്യങ്ങളും പൊരുത്തങ്ങളും കണ്ടെത്തുന്നതുവരെ,ഏതാണ്ട് ആയിരം വര്‍ഷത്തോളം, അവരിത് തുടര്‍ന്നുവത്രെ. പിന്നീടവയൊക്കെ പൊതുനിരീക്ഷണങ്ങളായി അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥവും തയ്യാറാക്കി. പില്‍ക്കാലത്ത് രാജവംശം കുറ്റിയറ്റു പോയെങ്കിലും കൊട്ടരത്തിലെ കുടുംബജോത്സ്യന്‍മാര്‍ അതിജീവിക്കുകയും അവര്‍ തങ്ങളുടെ കൈവശം സൂക്ഷിച്ചിരുന്ന ഈ പുസ്തകം ഭാവി തലമുറകള്‍ക്ക് കൈമാറുകയും ചെയ്തു. ജ്യോതിഷം നിലവില്‍ വന്നത് ഇങ്ങനെയാവാന്‍ നല്ല സാധ്യതയുണ്ട്. ജ്യോതിഷത്തിന്റെ കഴമ്പില്ലാത്ത വിശദാംശങ്ങളിലുള്ള അന്ധമായ വിശ്വാസം ഹിന്ദുസമുദായത്തിന് വളരയേറെ ഹാനികരമായി തീര്‍ന്ന ഒന്നാണ്.''[The Complete Works of Swami Vivekananda Volume 9 [ Page : 254 ]

കേട്ടാല്‍ വാലുംചേലുമില്ലാത്ത ഒരു കഥയായി തോന്നാം. ഏതാണ് ഈ രാജവംശമെന്നോ മറ്റ് അനുബന്ധവിശദാംശങ്ങളോ അദ്ദേഹം വ്യക്തമാക്കുന്നില്ല. കഥ നടന്നത് ദക്ഷിണേന്ത്യയിലായിരുന്നുവെന്ന് മാത്രം പറയുന്നു. തുടര്‍ന്ന് ജ്യോതിഷം ഇന്ത്യയിലെത്തിച്ചത് ഗ്രീക്കുകാരാണെന്നും വിവേകാനന്ദന്‍ ഭംഗ്യന്തരേണ പറഞ്ഞുവെക്കുന്നുണ്ട്. വാനശാസ്ത്രത്തില്‍ (Astronomy)ഭാരതീയര്‍ ഏറെ മുന്നേറിയിരുന്നുവെന്നും യവനന്‍മാര്‍ ജ്യോതിഷവിശ്വാസം പ്രചരിപ്പിച്ച് ഇന്ത്യാക്കാരുടെ ശാസ്ത്രബോധത്തിന് പരിക്കേല്‍പ്പിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞതിന്റെ ധ്വനി. കുറ്റമൊക്കെ മറ്റുള്ളവര്‍ക്ക്! ഭാരതീയമായതെല്ലാം മഹത്തരം എന്ന സങ്കുചിതഭാവനയുടെ അസ്‌കിത ഉണ്ടായിരുന്ന വ്യക്തിയായിരുന്നു വിവേകാന്ദനും. ''നമ്മുടേതെല്ലാം നല്ലത്''എന്ന അന്ധനിലപാടില്‍ നിന്നും ''നല്ലതെല്ലാം നമ്മളുടേത്''എന്ന് ചിന്തിക്കാനുള്ള വിശാലഭാവന നിര്‍മ്മിക്കാന്‍ സ്വന്തം മതബോധം വിവേകാനന്ദനും തടസ്സമായെന്ന് കാണാം.

ജ്യോതിഷത്തിന്റെ ഉത്പത്തി സംബന്ധിച്ച വിവേകാന്ദന്റെ കഥ തല്‍ക്കാലം വിട്ടേക്കുക. എന്നിരുന്നാലും വിവരശേഖരണം(Data collection), വിവരവിശകലനം(Data analysis), മനസ്സ് വായന (Mind reading) എന്നിവയ്ക്ക് ജ്യോതിഷത്തിന്റെ കാര്യത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. വിവരശേഖരണം എന്നാല്‍ ശരിയായ വിവരങ്ങള്‍ ശേഖരിക്കുന്നു എന്നൊന്നും അര്‍ത്ഥമില്ല. The data can be spurious and imaginary. ശനി മദ്യാസ്‌കനും ചൊവ്വ മന്ദനും സൂര്യന്‍ ഉഗ്രകോപിയും ബുധന്‍ വിദ്യാഭ്യാസകാര്യപ്രധാനിയുമൊക്കെയാവാന്‍ കാരണം ഇത്തരം വിവരശേഖരണവും വിശകലനവും തന്നെയാണ്. മുഖ്യമായും രണ്ടു രീതിയിലാണിത് സംഭവിക്കുന്നത്. (1) ഈ ഗോളങ്ങളുടെ ഭൗതികസവിശേഷതകളും(ഉദാ- സൂര്യന്‍ ചൂടുംപ്രകാശവും പരത്തുന്നു)മായ പ്രത്യകതകളും മനുഷ്യരില്‍ ആരോപിക്കുന്നു. സാഹിത്യത്തില്‍ ഇതിന് 'പതറ്റിക്ക് ഫാലസി'(pathetic fallacy) എന്നു പറയും. അചേതനവസ്തുക്കള്‍ക്ക് മനുഷ്യഗുണം ആരോപിക്കുന്ന കലാസങ്കല്‍പ്പമാണത്. (2) ജന്മരാശിയില്‍ ഈ ഗ്രഹങ്ങളുടെ സാന്നിധ്യമുള്ളവരുടെ ജീവിതത്തില്‍ നിന്നും ശേഖരിച്ച പ്രത്യേകതകള്‍ പ്രവചനത്തിനായി ആസ്രയിക്കുന്നു. അതായത് ഗ്രഹങ്ങളില്‍ ഉണ്ടെന്നതായി തോന്നുന്ന ഗുണങ്ങള്‍ മനുഷ്യരില്‍ ആരോപിക്കുക തിരിച്ച് മനുഷ്യര്‍ക്ക് ഉള്ളതായി കാണപ്പെടുന്ന ഗുണങ്ങള്‍ ഗ്രഹത്തില്‍ ആരോപിക്കുക/അല്ലെങ്കില്‍ പ്രസ്തുതഗ്രഹത്തിന്റെ സാന്നിധ്യംകൊണ്ടാണെന്ന് ആരോപിക്കുക

ജ്യോതിഷപ്രവചനത്തിന് ചില സ്ഥിരം സ്വഭാവഗുണങ്ങളുണ്ടാവും.

(1) ഒരു കാര്യവും കൃത്യമായി പറയാതിരിക്കുക. Never be precise with your prediction. വ്യാഖ്യാനക്ഷമതയുള്ള പൊതുപ്രസ്താവനകള്‍ (general statements amenable for interpretation and vindication) മാത്രം നടത്തുക. ഉദാഹരണമായി പല''തടസ്സങ്ങള്‍ക്കും സാധ്യത കാണുന്നു'' ''ഇരുപത് കഴിഞ്ഞാല്‍ ശുഭമായിരിക്കും'',''അമ്പത്തിരണ്ട് പിന്നിട്ടാല്‍ സര്‍വ ഐശ്വര്യവും വന്നുചേരും'',''കൂടുതല്‍ എതിര്‍പ്പ് സ്വന്തം പാളയത്തില്‍ നിന്നായിരിക്കും''...തുടങ്ങിയ പ്രവചനങ്ങള്‍ അഥവാ ശരിയായില്ലെങ്കില്‍പ്പോലും തെറ്റാണെന്ന് തെളിയിക്കുക പ്രയാസമായിരിക്കും. മക്കളെക്കൊണ്ട് ദു:ഖം ഉണ്ടാകും, ഭാര്യയെക്കൊണ്ട് ശല്യമുണ്ടാകും, ദാമ്പത്യത്തില്‍ പരസ്പരധാരണയില്ലാത്തതിനാല്‍ പൊരുത്തക്കേടുകളുണ്ടാകും....എന്നൊക്കെയുള്ള പ്രവചനങ്ങള്‍ മുന്‍പിന്‍ നോക്കാതെ വിളിച്ചുപറയാവുന്നവയാണല്ലോ. വിധിവിശ്വാസപരമായ പ്രവചനങ്ങളാണെങ്കില്‍ വിജയത്തെക്കുറിച്ച് സംശയമേ വേണ്ട. ഉദാ- പ്രശ്‌നങ്ങള്‍ക്ക് കാരണം നിങ്ങള്‍ രണ്ട് കൂട്ടരുമല്ല. മറിച്ച് അങ്ങനെയാണ് ജാതകത്തില്‍ കാണുന്നത്. ഇനി വേറെ ആളായാലും നിങ്ങള്‍ക്ക് ഇതേ പ്രശ്‌നമുണ്ടാകും'',''ഇങ്ങനെ പെരുമാറുന്നത് മ:നപൂര്‍വമല്ല, 25 വരെ അവന് അപഹാരകാലമാണ്-അതു കഴിഞ്ഞ് എല്ലാം ശരിയായിക്കൊള്ളും.... മുതലായ കുറ്റവിമുക്തമാക്കലുകള്‍ ആരുടെ ജാതകത്തിലും കണ്ണുമടച്ച് എഴുതിച്ചേര്‍ക്കാം. കൃത്യമായ പ്രസ്താവങ്ങളും പ്രവചനങ്ങളും തെറ്റാനുള്ള സാധ്യത വളരെ വലുതാണെന്ന് സൂചിപ്പച്ചല്ലോ. അതേസമയം പൊതുവായതും അവ്യക്തമായതുമായ പ്രവചനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനായിരിക്കും ബുദ്ധിമുട്ട്. A specific prediction is rarely right, while a vague one is rarely wrong. 'vague' എന്ന പദത്തിന് കൃത്യമായ മലയാളം ബുദ്ധിമുട്ടാണ്. വേണമെങ്കില്‍ അവ്യക്തവും ഊഹാധിഷ്ഠിതവുമായ ഒരു പൊതു പ്രസ്താവനയെന്ന് പറയാം. ഇത്തരം നിഴല്‍പ്രസ്താവങ്ങളുടെ വ്യാഖ്യാനക്ഷമത അപാരമാണ്.

2. കൃത്യമായി ഒരു കാര്യം പറഞ്ഞാല്‍ പിടിക്കപ്പെടാനും വെളിവാക്കപ്പെടാനുമുള്ള സാധ്യത വലുതാണ്.''നാളെ രാവിലെ പത്ത് മണിക്ക് കൊല്ലം ടൗണ്‍ഹോളിന് സമീപത്തുകൂടെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ 90000 രൂപ അടക്കംചെയ്ത ഒരു പണപ്പൊതി കളഞ്ഞുകിട്ടും''എന്ന് പ്രവചിച്ചാല്‍ മിക്കവാറും ജ്യോതിഷി കുടുങ്ങും. എന്തെന്നാല്‍ തൊട്ടടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് പ്രപചിക്കാന്‍ ലോകത്ത് ഒരു മനുഷ്യനും, ഒരു ചിന്താരീതിക്കും സാധിക്കില്ലെന്നത് ഒരു തണുത്ത യാഥാര്‍ത്ഥ്യമാകുന്നു. അതുകൊണ്ടുതന്നെ, ഇതിനുപകരം''സമീപഭാവിയില്‍ സഞ്ചാരമധ്യേ സാമ്പത്തികനേട്ടത്തിന് സാധ്യതയുണ്ട്''എന്നാക്കിയില്‍ വിജയസാധ്യത ഏതാണ്ട് 90 ശതമാനമാണെന്ന് മാത്രമല്ല പരാജയപ്പെട്ടാല്‍ വിശ്വാസിപോലും അറിയുകയുമില്ല.

''സമീപഭാവി''യുടെ കാലയളവ് ഇവിടെ പറയുന്നില്ല-ഒരു ദിവസമാകാം, ഒരു മാസമാകാം, ഒരു വര്‍ഷമാകാം.''സാമ്പത്തികനേട്ടം''എന്നത് കളഞ്ഞുകിട്ടുന്നതാണോ ബോണസാണോ ശമ്പളമാണോ സംഭാവനയാണോ ബസ്സില്‍ ടിക്കറ്റ് എടുത്തിട്ട് പണം കൊടുക്കാത്തതാണോ എന്നൊന്നും വ്യക്തമാക്കപ്പെടുന്നില്ല. സഞ്ചാരം എന്നാല്‍ എന്താണ്? എന്തുമാകാം. ജ്യോതിഷവിശ്വാസിയാണെങ്കില്‍ ഈ മൂന്ന് കാര്യവും അവന്‍ കൃത്യമായി 'കണ്ടുപിടിച്ച്'ജ്യോതിഷിയുടെ അരികില്‍ തിരിച്ചെത്തി ''അങ്ങ് പറഞ്ഞത് എത്ര കൃത്യമായി സംഭവിച്ചിരിക്കുന്നു'' എന്ന് അഭിനന്ദിക്കുമ്പോള്‍ ആദ്യമൊക്കെ ജ്യോതിഷിമാര്‍ ഞെട്ടിപ്പോകും. പിന്നെ അവര്‍ക്കും ഇതൊക്കെ ഒരു ശീലമായി മാറും! അതായത് ജ്യോതിഷിയുടെ പൊതുപ്രസ്താവങ്ങള്‍ വിശ്വാസി സങ്കല്‍പ്പിച്ചും വ്യാഖ്യാനിച്ചും സ്വന്തം അനുഭവത്തിലൂടെ ശരിയാക്കിയെടുക്കും. തെറ്റിപ്പോകുന്നവയ്ക്ക് വിശ്വാസിയുടെ മസ്തിഷ്‌ക്കം അത്ര പ്രാധാന്യം കൊടുക്കുകയുമില്ല. ''അദ്ദേഹം പറയുന്ന എല്ലാം ശരിയായില്ലെങ്കിലും ചില കാര്യങ്ങള്‍ അച്ചട്ടാണ്'' എന്ന് പാടി നടക്കുകയും ചെയ്യു. ജ്യോതിഷിയും ഹാപ്പി, വിശ്വാസിയും ഹാപ്പി!

(3) കൃത്യമായി പറയാതിരിക്കുക എന്നതുപോലെ പ്രധാനമാണ് ഒന്നും തെളിച്ച് പറയാതിരിക്കുക എന്നതും. തെളിച്ചുപറഞ്ഞാല്‍ കുടുങ്ങിയത് തന്നെ. കാരണം പിന്നെ മാറ്റിപ്പറയാനാവില്ല. പകരം ഒക്കെ 'പരത്തി'പ്പറയണം. അതായത് വേണ്ടതും വേണ്ടാത്തതുമൊക്കെ അതിലുണ്ടാവണം. തനിക്കാവശ്യമുള്ള കാര്യങ്ങള്‍ ഹംസം വെള്ളത്തില്‍ നിന്ന് പാല്‍ വേര്‍തിരിക്കുന്ന സാമര്‍ത്ഥ്യത്തോടെ വിശ്വാസി സ്വയം കണ്ടെത്തിക്കൊള്ളും(ഹംസത്തിന്റെ ഈ 'കഴിവ്' കേവലം ഒരു കെട്ടുകഥയാണെന്നത് മറക്കരുത്!). പരത്തി പറയുമ്പോള്‍ ഒരു സംഗതി നടക്കാനും നടക്കാതിരിക്കാനുമുള്ള ഉപാധികള്‍ തന്ത്രപൂര്‍വം കുത്തിതിരുകാം. അതായത് സംഗതി നടന്നാലും ഇല്ലെങ്കിലും ജ്യോതിഷിക്ക് നാലുകാലില്‍ തന്നെ വീഴാം. താന്‍ കബളിപ്പിക്കപ്പെട്ടെന്ന ധാരണ വിശ്വാസിക്ക് ഉണ്ടാവുകയുമില്ല. വിശ്വാസിക്ക് സംശയം ജനിച്ചുതുടങ്ങിയാല്‍ ജ്യോതിഷി എത്ര കേമാനാണെങ്കിലും പിന്നെ രക്ഷയില്ല.

(3) പ്രവചനങ്ങള്‍ അസാധുവാകിനടയുള്ള ചില ഉപാധികള്‍ (conditions apply*) ആദ്യമേ വിവരിക്കണം. ഗ്രഹനില രചിക്കുമ്പോള്‍ ഉപയോഗിക്കുന്ന സ്ഥിരം നമ്പരാണിത്. നല്ല ആരോഗ്യമുണ്ടാകുമെന്നും രോഗഗ്രസ്തനായിരിക്കുമെന്നും അല്‍പ്പായുസ്സായിരിക്കുമെന്നും ഏറെക്കാലം ജീവിക്കുമെന്നുമൊക്കെ ജാതകത്തിന്റെ ഭിന്നഭാഗങ്ങളില്‍ തന്ത്രപൂര്‍വം എഴുതിച്ചേര്‍ത്തിട്ടുണ്ടാവും. നേട്ടമാണെങ്കില്‍ ''സാധ്യത കാണുന്നുണ്ട്, പക്ഷെ അങ്ങനങ്ങോട്ട് ഉണ്ടായിക്കൊള്ളണമെന്നില്ല'' എന്ന സ്ഥിരംനമ്പരോ ഹിതകരമല്ലാത്തവയാണെങ്കില്‍''കുഴപ്പം കാണുന്നുണ്ട് പക്ഷെ പരിഹാരങ്ങള്‍ തീരെയില്ലെന്നും പറയാനാവില്ല''എന്ന നമ്പരോ കാച്ചാം. നേട്ടം നടത്തിക്കൊടുക്കുന്ന ജ്യോതിഷിയേയും വിരട്ടി പണം പിടുങ്ങുന്ന ജ്യോതിഷിയേയും വിശ്വാസി സമം സ്‌നേഹിച്ചാരാധിക്കും!

(4) ഫലപ്രവചനത്തിന്റെ ക്രെഡിറ്റോ ഉത്തരവാദിത്വമോ സ്വയം അവകാശപ്പെടരുത്. തന്റെ മിടുക്കല്ലെന്നും പൂര്‍വസൂരികള്‍ ധ്യാനത്തിലൂടെ മനനം ചെയ്തു കണ്ടെത്തിയ കാര്യങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും മറ്റുമുള്ള എളിമപ്രസ്താവങ്ങള്‍ അനുസ്യൂതം വാരിവിതറണം. Argument to authority എന്നാണിതിന് പറയുക. താന്‍ പറയുന്നതാണെങ്കിലും തന്നെക്കാള്‍ കൂടിയ പുള്ളികളുടെ ജ്ഞാനമാണ് ആധാരമെന്ന് പറയുന്നതിലൂടെ ഫലപ്രവചനം തെറ്റിയാല്‍ ജ്യോതിഷിക്ക് ഉത്തരവാദിത്വത്തില്‍നിന്ന് പല രീതിയില്‍ ഒഴിഞ്ഞുമാറാനാവും.''ശാസ്ത്രം തെറ്റില്ല, ഒരുപക്ഷെ താന്‍ ഗണിച്ചതിലെ പിഴവായിരിക്കും, എന്തായാലും നമുക്ക് ഒന്നുകൂടി ശ്രമിക്കാം''എന്ന് കുറ്റസമ്മതം നടത്തേണ്ടി വന്നാലും ജ്യോതിഷിയും ജ്യോതിഷവും സമ്പൂര്‍ണ്ണ സുരക്ഷിതം.

(5) ജ്യോതിഷം എല്ലാ അര്‍ത്ഥത്തിലും ഒരു മാനസികപരമായ ചൂഷണം തന്നെയാണ്. അതിന് ആവശ്യമുള്ള ഏകനിക്ഷേപം ജ്യോതിഷി വിദ്വാനായിരിക്കുക എന്നതല്ല മറിച്ച് ദര്‍ശനത്തിനെത്തുന്നവര്‍ക്ക് 'വിശ്വാസം' ഉണ്ടായിരിക്കുക എന്നതാണ്. സന്ദര്‍ശകന്റെ അന്ധവിശ്വാസം കൂടുന്നതനുസരിച്ച് ജ്യോതിഷിയുടെ മഹിമ വെട്ടിത്തിളങ്ങും. ജ്യോതിഷി എത്ര കെങ്കേമനായാലും സന്ദര്‍ശകന്‍ പറയുന്നതൊക്കെ വെട്ടിവിഴുങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ജ്യോതിഷി നിസ്സഹായനായിരിക്കും. നേരെമറിച്ച് ജ്യോതിഷി ഐ.എ.എസ്സു കാരനല്ലെങ്കിലും വിശ്വാസിക്ക് അയാളെ 'താര'മാക്കാന്‍ സാധിക്കും. നാല്‍പ്പതുവയസ്സായാലേ വീടും കാറുമൊക്കെ ലഭിക്കൂ എന്ന് ജ്യോതിഷി പറഞ്ഞാല്‍ അതുവരെ ഭവനനിര്‍മ്മാണത്തിന് ഉദ്യമിക്കാതെ കൃത്യം നാല്‍പ്പത് കഴിഞ്ഞിട്ട് വീടുപണി തുടങ്ങി ഫലപ്രവചനത്തെ സാര്‍ത്ഥകമാക്കുന്ന വിശ്വാസികള്‍ ധാരാളമുണ്ട്. അതുവരെ വീടുപണി തുടങ്ങിയാല്‍ ശരിയാകില്ല എന്ന് വിശ്വാസി നിശ്ചയിച്ചുറപ്പിച്ചുകൊള്ളും. ഇതിന്നിടയില്‍ വാഹനം സ്വന്തമാക്കാന്‍ അവസരമുണ്ടായാലും അയാളത് 'ജ്യോതിഷപരമായി'ഒഴിവാക്കും.

വിശ്വാസിയുടെ മനസ്സിലുള്ളത് സാമാന്യേന മനസ്സിലാക്കുകയും അയാളെ സംബന്ധിച്ച ചരിത്രവസ്തുതകളും വിവരങ്ങളും വിശകലനം ചെയ്യേണ്ടതും അത്യന്താപേക്ഷിതമാണ്. ''ഇലക്‌ടോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങാന്‍ സാധ്യതയുണ്ട്''എന്ന വാരഫലം കണ്ടിട്ട് ഇലക്‌ട്രോണിക് ഉപകരണങ്ങളെക്കുറിച്ച് വനവാസികളായിരുന്ന പൂര്‍വസൂരികള്‍ എങ്ങനെ മനസ്സിലാക്കി എന്നൊന്നും ചോദിക്കുന്നതില്‍ കഴമ്പില്ല. ഒക്കെ ആധുനികലോകത്തെ അടിത്തട്ട് യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിച്ച് ജ്യോതിഷി വീശിയടിക്കുന്നതാണെന്ന് കണ്ടുകൊള്ളണം.

(6) ജ്യോതിഷത്തില്‍ ഓരോ നക്ഷത്രത്തിനും എഴുതിവെച്ചിരിക്കുന്ന ഫലങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കപ്പെട്ടവയാണെന്ന് വിവേകാന്ദന്‍ സൂചിപ്പിച്ചതില്‍ കാര്യമുണ്ട്. രാജകുടുംബത്തിലെ ചിലരുടെ കാര്യത്തില്‍ സംഭവിച്ചത് എല്ലാവരുടേയും കാര്യത്തില്‍ സംഭവിക്കാമെന്ന ഊഹം അവിടെ കടന്നുവരുന്നു. പൂരം പിറന്ന പുരുഷനും മകം പിറന്ന മങ്കയും പോലുള്ള ജ്യോതിഷസത്യങ്ങള്‍ അട വിരഞ്ഞിറങ്ങുന്നത് അങ്ങനെയാണ്. പൂരം നക്ഷത്രത്തില്‍ പിറന്ന ധീരരും വിക്രമശാലികളുമായ ചില രാജവംശ പുരുഷന്‍മാരുടെ ജീവിതം നിരീക്ഷിച്ചാണ് ഈ നിഗമനത്തിലെത്തുന്നത്. സത്യത്തില്‍ പൂരം നക്ഷത്രത്തില്‍ പിറന്ന പുരുഷന്‍മാരെ എടുത്തുനോക്കിയാല്‍ മഹാഭൂരിപക്ഷവും ഭീരുക്കളും ചപലരുമായി കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. അത് പൂരത്തിന്റെ കുഴപ്പമല്ല മറിച്ച് മനുഷ്യരില്‍ മഹാഭൂരിപക്ഷവും അങ്ങനെയാണെന്നതാണ് അതിന് കാരണം. മൊത്തം മനുഷ്യരെ 27 ആയി വിഭജിച്ച് അതില്‍ ഏത് വിഭാഗമെടുത്ത് നോക്കിയാലും എല്ലാത്തരത്തിലുമുള്ള മനുഷ്യരും അവിടെയുണ്ടാവും. പൂരം നക്ഷത്രത്തില്‍ ഉള്ള അത്രതന്നെ പൗരുഷമുള്ള പുരുഷന്‍മാര്‍ മകം നക്ഷത്രത്തിലുമുണ്ടായിരിക്കാനിടയുണ്ട്! പൂരക്കാര്‍ക്ക് നക്ഷത്രഗുണമാണ് തങ്ങളുടെ മേന്മയെന്ന് ധരിക്കാം. പൂരം ലഭിക്കാത്ത പുരുഷന്‍മാര്‍ക്കാകട്ടെ മഹത്വത്തിന് വേറെ കാരണങ്ങള്‍ കണ്ടെത്തിക്കൊടുക്കുന്നതില്‍ ജ്യോതിഷം ഒരിക്കലും പിശുക്ക് കാണിക്കാറില്ല. ഒക്കെ വ്യാഖ്യാനിച്ച് കുളിപ്പിച്ച് കിടത്താവുന്ന ക്രമക്കേടുകള്‍ മാത്രം.

(7) ജ്യോതിഷം വളരെ ഭൗതികവാദപരമായ ഒരു പ്രമാണമായി തോന്നാം. എന്തെന്നാല്‍ അവിടെ സംഭവ്യതയ്ക്ക് ഏകകാരണം (single reason) ഉണ്ടാവില്ല. ജ്യോതിഷഫലങ്ങള്‍ പൊതുവെ ബഹുകാരണസംബന്ധിയാണ്(of multiple reasons). ജന്മനക്ഷത്രം മാത്രം ശരിയായിട്ട് കാര്യമില്ല, ഗ്രഹനില മാത്രം സഹായകരമായിട്ടും കാര്യമില്ല, പൊരുത്തം ശരിയാകുന്നതുകൊണ്ട് മാത്രമോ പ്രഭാവവും അപഹാരവും അനുകൂലമാകുന്നതു കൊണ്ടു മാത്രമോ പ്രവചനം ഫലിക്കണമെന്നില്ല... ഒന്ന് അനുകൂലമായാല്‍ ചിലപ്പോള്‍ മറ്റേത് പ്രതികൂലമാകാം. ഫലത്തില്‍ എന്തു സംഭവിച്ചാലും ജ്യോതിഷം സൂപ്പര്‍ഹിറ്റാവും! അതായത് ചൊവ്വാദോഷം ഉള്ളതുകൊണ്ടു മാത്രം ഭര്‍ത്താവ് മരിച്ചുകൊള്ളണമെന്ന് നിര്‍ബന്ധമില്ല, മരിച്ചാലും പരാതിയില്ല!

(8)വിശ്വാസി ജ്യോതിഷിയുടെ മുന്നിലെത്തുന്നത് പ്രപഞ്ചരഹസ്യങ്ങള്‍ അടുത്തറിയാനോ അസ്തിത്വദു:ഖം പരിഹരിക്കാനോ അല്ല. തന്റെ ഭാവി എന്തായിരിക്കും എന്നറിയാനുള്ള, ആര്‍ക്കുമുണ്ടാകിനിടയുള്ള ആകാംക്ഷയും ഉത്കണ്ഠയുമാണയാളെ ഭരിക്കുന്നത്. അതായത് സ്വന്തം കാര്യം സിന്ദാബാദ്! After all, it is my life! മറ്റുള്ളവര്‍ പറയുന്നതൊന്നും ശ്രദ്ധിച്ച് ശീലമില്ലാത്തവര്‍പോലും ജ്യോതിഷിയുടെ മുന്നില്‍ പച്ചമീന്‍ വെട്ടുന്നിടത്ത് പൂച്ച ചെന്നിരിക്കുന്നത് പോലെ അതീവ ജാഗ്രതയോടെ മൊഴിക്കുത്തുകള്‍ക്കായി കാത്തിരിക്കും. ജ്യോതിഷിയുടെ മുന്നില്‍ വിശ്വാസി ഉറങ്ങുന്നില്ല എന്നു പറയാന്‍ കാരണമതാണ്. സ്വന്തം ജീവിതത്തെക്കുറിച്ച് ഒരാള്‍ മുന്നിലിരുന്ന് പറയാന്‍ തുടങ്ങിയാല്‍ ആരായാലും അറിയാതെ ശ്രദ്ധിച്ചുപോകും. നമ്മെക്കുറിച്ച് ആരെന്തു പറഞ്ഞാലും മസ്തിഷ്‌ക്കം അത് വളരെ ഗൗരവത്തോടെ നിര്‍ധാരണം ചെയ്യാന്‍ ശ്രമിക്കുമെന്നത് ഒരു വസ്തുതയാണ്. വ്യാജഭീഷണിയും അസ്സല്‍ഭീഷണിയും ആരംഭത്തില്‍ മസ്തിഷ്‌ക്കം ഒരുപോലെയായിരിക്കും കൈകാര്യം ചെയ്യുക.

(9) വിശ്വാസിയുടെ ഉത്കണ്ഠയകറ്റാനും അയാളെ ആശ്വസിപ്പിക്കാനുമാണ് ജ്യോതിഷി പൊതുവില്‍ ഉത്സാഹിക്കുക. ആശ്വാസം വെറുതെ നടത്തിയാല്‍ വിശ്വാസിക്ക് ബോധ്യംവരില്ല. അതുകൊണ്ടുതന്നെ കിടുപിടികള്‍ എടുത്ത് യൂണിഫോമൊക്കെ ഇട്ട് വേണം പെരുമാറാന്‍. മിക്കപ്പോഴും കക്കത്തോട് അഥവാ കവടിയാണ് പ്രധാന ആയുധം(പാവം കക്കാത്തോട്!). പരിഹാരക്രിയകള്‍ പറയാത്ത ജ്യോതിഷിക്ക് പണിയറിയില്ലെന്നേ വിശ്വാസി ധരിക്കൂ. മരുന്നെഴുതാത്ത ഡോക്ടറെപ്പോലെയാണയാള്‍. സമ്മാനിക്കാന്‍ ചരടോ ഏലസ്സോ യന്ത്രമോ ഉണ്ടെങ്കില്‍ ഉത്തമം. കൂടെ പക്കമേളമായി ഒരു പിടി ശ്‌ളോകങ്ങളും കൂടിയായാല്‍ വിശ്വാസിക്ക് ഫലം തെറ്റിയാലും വിശ്വാസം അസ്തമിക്കില്ല.

(10) നമ്മുടെ ജാതകം മറ്റൊരാളുടെ കയ്യില്‍ കൊടുത്തുവിട്ടാലും(ജാതകമേ കൊടുത്തുവിട്ടില്ലെങ്കിലും) നിങ്ങള്‍ക്ക് ബാധകമാകുന്ന നിരവധി കാര്യങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ സാമാന്യബുദ്ധിയുള്ള ഏതൊരു ജ്യോതിഷിക്കും സാധിക്കും. അതായത് കണ്ണാടിയില്‍ നോക്കന്നതുപോലിരിക്കും. ഒരുവിധം എല്ലാവര്‍ക്കും അതില്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പൂര്‍ണ്ണമായും ഭാഗികമായും കണ്ടെത്താം. മനുഷ്യരുടെ പൊതുവായ ജീവിതാനുഭവങ്ങള്‍ നിരവധിയുണ്ടെന്നതാണ് ഇവിടെ തുണയാകുന്നത്. ചില സാമ്പിളുകള്‍ ഇതാ:

(a) മോഹിച്ച പെണ്ണിനെ കിട്ടിയില്ല. കിട്ടിയ പെണ്ണിനെ സ്‌നേഹിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഇന്നും മറക്കാനാവാത്ത ഒരു പ്രണയപരാജയമുണ്ട്. ജീവിതത്തിലെന്നും അതിന്റെ ഓര്‍മ്മകള്‍ കൂടെയുണ്ടാവും
(b) വമ്പന്‍ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോഴും ഒറ്റയ്ക്കാണെന്ന ഒരു തോന്നല്‍ സദാ അലട്ടാറുണ്ട്.
(c) ആരും എന്നെ വേണ്ടത്ര മനസ്സിലാക്കുന്നില്ലല്ലോ എന്ന ദുഖം വല്ലാതെ അലട്ടുന്നുണ്ട്. താനുദ്ദേശിക്കുന്ന രീതിയില്ലല്ലോ മറ്റുള്ളവര്‍ തന്നെ മനസ്സിലാക്കുന്നതെന്ന വ്യഥ കൂടെപ്പിറപ്പാണ്.
(d) സ്‌നേഹം കൊതിക്കുന്ന ഒരു മനസ്സുണ്ട്, പക്ഷെ സ്‌നേഹിക്കപ്പെടാനുള്ള യോഗമില്ല. തന്നോട് മര്യാദയും സ്‌നേഹവും കാണിക്കുന്നവരോട് ഇരട്ടി നല്‍കാന്‍ സദാ തയ്യാറാണ്. പക്ഷെ പലപ്പോഴും പലരുമത് മനസ്സിലാക്കുന്നു.
(e) ഇപ്പോഴത്തെ അവസ്ഥയില്‍ അതൃപ്തിയുണ്ട്. തനിക്ക് അര്‍ഹിക്കുന്നത് കരഗതമാകുന്നില്ലല്ലോ എന്ന നിരാശ സദാ കൂടെയുണ്ട്. തന്റെയത്രെ മികവ് പോലുമില്ലാത്ത എത്രയെണ്ണമാണ് വലിയ നിലയില്‍ വിലസുന്നത്.
(f) എത്ര ചികിത്സ ചെയ്യിട്ടും ഇന്നും വേണ്ടത്ര സൗഖ്യം ലഭിക്കാതെ പിന്തുടരുന്ന ചില വ്യധികളുണ്ട്. മരണത്തോടെ അതിന് ശമനമുണ്ടാകൂ......

ഇതുപോലെ ആയിരക്കണക്കിന് വസ്തുതകള്‍ കൃത്യമായി ആര്‍ക്കും പ്രവചിക്കാം. ശരാശിര 70 ശതമാനം ഫലിക്കുമെന്നുറപ്പ്. കുറിപ്പ് കൊടുത്തുവിട്ടസുഹൃത്ത് തിരികെ വരുമ്പോള്‍ നിങ്ങള്‍ അറിയാതെ പറഞ്ഞുപോകും. സത്യം പറ, എല്ലാം ആ ജ്യോതിഷി പറഞ്ഞതാണോ? ഇതെങ്ങനെ ഇത്ര കൃത്യമായി അയാള്‍....!!?(തുടരും)

Monday 24 September 2012

36. പൈതൃക മാനിയ

എല്ലാം മതവും 'ശാസ്ത്രീയ'മാകാന്‍ കൊതിക്കുന്നു! മതചാരങ്ങളും ചടങ്ങുകളും നിരര്‍ത്ഥകമായ അനുഷ്ഠാനങ്ങളാണെന്ന് മനസ്സിലാക്കിയ മതചിന്തകര്‍ മതത്തിന് പിന്നില്‍ 'ശാസ്ത്രീയത' ഉണ്ടെന്ന് വരുത്തി തീര്‍ക്കാനായി ഉന്നയിക്കുന്ന അവകാശവാദങ്ങളില്‍ ഒന്നാണ് 'പോസിറ്റീവ് എനര്‍ജി'വാദം. പട്ടാപ്പകല്‍ കണ്‍മുമ്പില്‍ ഒരു ആന വന്നു നിന്നാല്‍ അതെന്താണെന്ന് ആരായുന്നവരും വെടിക്കെട്ട് നടക്കുന്നിടത്ത് ചെന്ന് പുകയുടെ കാരണമന്വേഷിക്കുന്നവരും 'പോസീറ്റീവ് എനര്‍ജി-നെഗറ്റീവ് എനര്‍ജി'എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചാടിയെഴുന്നേറ്റ് ചുറ്റും നോക്കും! അവര്‍ക്കെല്ലാം മനസ്സിലായി!!

നമുക്ക് ഹിതകരവും ഉന്മേഷകരവുമായി തോന്നുന്ന സംഭവങ്ങളും അനുഭവങ്ങളും നിരവധിയുണ്ട്. പൂച്ചയ്ക്ക് പച്ച മീന്‍ കാണുന്നത് ആവേശകരമാണ്. ഭക്തന് ഭജനയും തീര്‍ത്ഥാടനവും ശയനപ്രദക്ഷിണവും സന്തോഷകരം. ഇഷ്ടവിഭവങ്ങളില്‍ 'പോസിറ്റീവ് എനര്‍ജി' ധാരാളമുണ്ട്. മലയാളിക്കത് കരിമീനാണെങ്കില്‍ ചൈനക്കാരന് പാമ്പോ നായയോ ആയെന്നുവരാം. 'സ്ത്രീസാന്നിധ്യം'പോസിറ്റീവ് എനര്‍ജിയുടെ അനുസ്യൂത സ്രോതസ്സാണെന്ന് ആണയിടുന്ന'ഗൈനക്കോളജിസ്റ്റുകളായ' പുരുഷന്‍മാരും നിരവധി. പുഞ്ചിരിയും ആശ്വാസവചനങ്ങളും സഹായവാഗ്ദാനങ്ങളും പൊതുവെ ആരിലും നല്ല പ്രതികരണമുണ്ടാക്കും.ശുഭവാര്‍ത്തകളും എതിരാളിയുടെ പതനവും മനുഷ്യനെ പൊതുവില്‍ സന്തോഷിപ്പിക്കാറുമുണ്ട്. ഹിതകരവും ആസ്വാദ്യകരവുമായ അനുഭവങ്ങളെ 'പോസിറ്റീവ് എനര്‍ജി' നല്‍കുന്നവയെന്നും മോശം അനുഭവം സമ്മാനിക്കുന്നവയെ നെഗറ്റീവ് എനര്‍ജിയെന്നും ആലങ്കാരികമായി വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. 

പക്ഷെ മതം ഇത്തരം പദങ്ങള്‍ വിലക്ഷണമായ തോതില്‍ മതപ്രചരാണത്തിനായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നതാണ് വാസ്തവം. മതാചാരങ്ങള്‍ മറ്റ് ഫലങ്ങളൊന്നും നല്‍കിയില്ലെങ്കില്‍ പോലും 'പോസിറ്റീവ് എനര്‍ജി'തരുമെന്ന വികലവാദമാണ് മതവിശ്വാസി ഉയര്‍ത്തുന്നത്. ഒറ്റനോട്ടത്തില്‍ തട്ടിപ്പാണെന്ന് ബോധ്യപ്പെടുമെങ്കിലും സംഗതി സത്യമാണെന്ന് മനസ്സിലാക്കണം! കാരണം അന്ധവിശ്വാസികള്‍ക്ക് മതാചാരം അനുഷ്ഠിക്കുന്നത് ഹിതകരവും ആസ്വാദ്യകരവുമായിരിക്കും. മുമ്പ് പരാര്‍ശിച്ച കാര്യങ്ങളില്‍ നിന്ന് അക്കാര്യം പകല്‍പോലെ വ്യക്തമാണല്ലോ?! അതല്ലാതെ മറ്റെന്തെങ്കിലും ശാസ്ത്രപ്രതിഭാസമോ ഊര്‍ജ്ജനിയമോ അവിടെ കടന്നുവരുന്നതായി ധരിക്കരുത്. 'പോസിറ്റീവും നെഗറ്റീവു'മൊക്കെ കേട്ട് ആരും വിജൃംഭിതരാവുകയുമരുത്. മതത്തിന് ശാസ്ത്രീയയുടെ ചായം പൂശാന്‍ കഴിഞ്ഞ ഒന്നുരണ്ട് ദശകമായി ആസൂത്രിതമായി നടത്തപ്പെടുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ കസര്‍ത്തൊക്കെ. പോസിറ്റീവ് എനര്‍ജിയെന്നാല്‍ തൃപ്തിയും സന്തോഷവുമാണെങ്കില്‍ അതങ്ങനെതന്നെ പറയുന്നതല്ലേ അഭികാമ്യം?! ഏയ്, അങ്ങനെ സാധാരണവല്‍ക്കരിച്ചാല്‍ മതം വില്‍ക്കുന്നതെങ്ങനെ?! 

മിക്കപ്പോഴും മതാചാരം വ്യര്‍ത്ഥമാണെന്ന് വിശ്വാസിക്കറിയാം. അത് ''വെറും വഴിപാടുപോലെ ആയിപ്പോയി''എന്നു പരാതിപറയുന്ന പലരും നല്ല ഒന്നാന്തരം വഴിപാട് പ്രേമികളായിരിക്കും! ''ഇത് വലിയ കുരിശായല്ലോ?'' എന്നു പിറുപിറുക്കന്നവന്റെ മാറത്ത് ഒന്നിലധികം കുരിശ് ഉണ്ടാവുക സാധാരണയാണ്! ''അതങ്ങ് പള്ളിയില്‍പ്പോയി പറഞ്ഞാല്‍ മതി''(നടക്കാന്‍ സാധ്യതയില്ലെന്നര്‍ത്ഥം) എന്ന ഡയലോഗ് അമിതമായി ഉപയോഗിക്കുന്ന പലരും ഭക്തിമൂത്ത് പള്ളിയില്‍ നിന്നിറങ്ങാത്തവരായിരിക്കും. മതാചാരം പ്രഹസനമാണെന്ന് ബോധ്യം വന്നാലും അതില്‍നിന്ന് പിന്‍മാറുന്നതിനെ കുറിച്ച് മതവിശ്വാസിക്ക് ചിന്തിക്കാനാവില്ല. അവനെ സംബന്ധിച്ച് അതൊക്കെ ഒരു ശീലത്തിന്റെ ഭാഗം കൂടിയാണ്. ചെയ്യാതിരുന്നാല്‍ അസ്വസ്ഥത തോന്നും. മതേതരജീവിതം നയിക്കാനൊരുങ്ങിയാല്‍ പ്രത്യക്ഷമായും പരോക്ഷമായും മതവിശ്വാസികള്‍ കടുത്ത വെല്ലുവിളികളുയര്‍ത്തും. സ്വഭാവികമായും ആചാരങ്ങള്‍ തുടരാനാഗ്രഹിക്കുന്ന ദുര്‍ബലമനസ്സുകള്‍ 'തനിക്കത് നല്ലതായി തോന്നുന്നു, വിശ്വാസമല്ല മറിച്ച് ഒക്കെ നമ്മുടെ സംസ്‌ക്കാരത്തിന്റെ, പൈതൃകത്തിന്റെ ഭാഗമാണ്'എന്ന തൊടുന്യായം തട്ടിവിട്ട് തങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന മതഭയവും അന്ധവിശ്വാസത്വരയും പ്രകടമാക്കും.

പോസീറ്റീവ് എനര്‍ജി, നെഗറ്റീവ് എനര്‍ജി എന്നിങ്ങനെ രണ്ടു തരം എനര്‍ജിയെപ്പറ്റി ശാസ്ത്രത്തിന് അറിവില്ല. പ്രവര്‍ത്തി ചെയ്യാനുള്ള കഴിവാണ് ഊര്‍ജ്ജം. അതേസമയം മതവാദികള്‍ നെഗറ്റീവ് എനര്‍ജി എന്നാല്‍ പ്രവര്‍ത്തി ചെയ്യാത്ത ഊര്‍ജ്ജമാണ് എന്നൊക്കെ തട്ടിവിട്ടുകളയും. എന്നാല്‍ സംഗതി നേര തിരിച്ചാണ്. മനുഷ്യനില്‍ ഉരുത്തിരിയുന്ന മാനസികസമ്മര്‍ദ്ദം, ആശങ്ക, വെപ്രാളം, പിരിമുറുക്കം തുടങ്ങിയ വികാരങ്ങള്‍ അയാളുടെ സക്രിയത കൂട്ടുകയും പ്രവര്‍ത്തിയുടെ തോത് വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. അതായത് അത്തരം അസുഖകരമായ അവസ്ഥകളില്‍ പ്രവര്‍ത്തിയുടെ തോത് വര്‍ദ്ധിക്കാനാണ് സാധ്യത. വെപ്രാളം കൊണ്ട് ബ്രേക്കിന് പകരം ആക്‌സിലറേറ്ററില്‍ ആഞ്ഞുചവിട്ടി വണ്ടി പപ്പടമാക്കുന്ന സക്രിയതയാണത്. ഇത്തരം നെഗറ്റീവ് വികാരങ്ങളുടെ കാര്യത്തില്‍ മതവിശ്വാസിയുടെ സ്ഥിതി അവിശ്വാസിയെക്കാള്‍ വളരെ മോശമായിരിക്കുമെന്നത് വേറെ കാര്യം. കാരണം മതവിശ്വാസത്തിലൂടെ ഒരാള്‍ ചെയ്യുന്നത് തന്നെ അടിസ്ഥാനപരമായി സ്വയം ദുര്‍ബലപ്പെടുത്തലും സ്വന്തം ശേഷിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തലുമാണല്ലോ. 

ശിലയില്‍ തീര്‍ത്ത ദേവിയുടെ ആര്‍ത്തവരക്തം പുരണ്ട തൃപ്പൂത്ത് തുണി സ്വന്തമാക്കുന്നത് ദുരാചാരമായി കാണുന്ന പുരോഗമനം അവകാശപ്പെടുന്ന മതവിശ്വാസി നിലവിളക്ക് കൊളുത്തുന്നതില്‍ അതിഭീകരമായ ശാസ്ത്രീയത കണ്ടെത്തും. സത്യത്തില്‍ നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നതും ദേവിയുടെ തൃപ്പൂത്ത് തുണി ലേലം പിടിക്കുന്നതും ഒരേയിനം അന്ധവിശ്വാസമാണ്. സൈദ്ധാന്തികമായി രണ്ടും സമാനം. ഒന്ന് തെറ്റാണെങ്കില്‍ മറ്റേതും തെറ്റുതന്നെ. പണ്ടൊക്കെ സന്ധ്യസമയത്ത് വീട്ടില്‍ ഒരു എണ്ണവിളക്ക് കൊളുത്തിവെക്കുന്നത് രാത്രിയില്‍ വീട്ടിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും വഴി കാട്ടാനായിരുന്നു. വീടിനുള്ളില്‍ പൊതുവിലുള്ള അന്ധകാരമകറ്റാനും അത് പ്രയോജനപ്രദമായിരുന്നു. വൈദ്യുതി വിളക്കുകള്‍ വന്നതോടെ ഇത്തരം എണ്ണവിളക്കുകള്‍ തീര്‍ത്തും അപ്രസക്തമായി. എന്നാല്‍ വൈദ്യുതഫാനിന്റെ കീഴിലിരുന്ന് വിശറി ഉപയോഗിക്കണമെന്ന ദുര്‍വാശിയോടെ പലരും ഇന്നും നിലവിളക്കിന് വേണ്ടി ശബ്ദമുയര്‍ത്തുന്നത് നിലവിളക്കിനോടുള്ള പ്രേമം കൊണ്ടല്ല. മറിച്ച് മതം സംരക്ഷിക്കാനാണ്. വിളക്കല്ലിവിടെ മതത്തിന് പ്രധാനം;വിളക്ക് കൊളുത്തി നടത്തുന്ന ആരാധനയാണ്.

കേവലം സംസ്‌ക്കാരത്തിന്റെ അടയാളമെന്ന നിലിയില്‍ നിലവിളക്ക് കൊളുത്തിവെക്കാന്‍ പറഞ്ഞുനോക്കൂ, മതവിശ്വാസി അതിന് തയ്യാറാവില്ല. നിലവിളക്ക് സംരക്ഷിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംരക്ഷിക്കപ്പെടുന്നത് മതം തന്നെയാണ്. അല്ലെങ്കില്‍ അത് പണ്ടേ നിന്നുപോകുമായിരുന്നു. അതുകൊണ്ട് തന്നെയാണ് മറ്റുചില മതക്കാര്‍ക്ക് അതിനോട് എതിര്‍പ്പുണ്ടാകുന്നതെന്നും വ്യക്തമാണ്. ‌നിലവിളക്കിന്റെ സ്ഥാനത്ത് മെഴുകിതിരി കൊളുത്തുന്നതില്‍ ശാസ്ത്രീയതയും പോസീറ്റീവ് എനര്‍ജിയും കണ്ടെത്താന്‍ മറ്റു ചില വിഭാഗക്കാര്‍ക്കും എളുപ്പമയിരിക്കും. പക്ഷെ ഓര്‍ക്കുക, വിശറി വീശുന്നത് ഒരു മതചാരമല്ല. പണ്ട് നാമത് ചെയ്തിരുന്നുവെങ്കിലും വൈദ്യുതി ഫാന്‍ വന്നതോടെ അതിന്റെ ആവശ്യവുമില്ലെന്നായി. അതുകൊണ്ടുതന്നെ ഇന്നതാരും ''സംസ്‌ക്കാരത്തിന്റെ ഭാഗ''മായി ഉയര്‍ത്തിക്കാട്ടാറില്ല. ആരുമതില്‍ നിന്ന് ഊര്‍ജ്ജം ഉത്പ്പാദിക്കുന്നുമില്ല! 

‌നിലവിളക്കിന്റെ പ്രകാശം അണുക്കളെ നശിപ്പിക്കുമെന്നും ബാക്ടീരിയയെ നീക്കം ചെയ്യുമെന്നൊക്കെ ശാസ്ത്രബോധം തൊട്ടു തീണ്ടിയില്ലാത്ത മതവാദികളെ പറഞ്ഞുപറ്റിക്കുന്നവരുണ്ട്. അന്തരീക്ഷത്തിലെ മുഴുവന്‍ ബാക്റ്റീരികളും അണുക്കളും മനുഷ്യന്റെ ശത്രുക്കളാണെന്ന് ഈ വിരുതന്‍മാര്‍ കരുതിയിട്ടുണ്ടാവും! സഹായകരമായ അണുക്കളും നശിക്കില്ലേ എന്ന ചോദ്യം ഒരിക്കലും മതവിശ്വാസി സ്വയം ചോദിക്കില്ല. ശസ്ത്രക്രിയ മുറികളില്‍ നിലവിളക്ക് കൊളുത്തിവെച്ച് ചുളുവില്‍ അണുബാധയെ ചെറുക്കുന്ന സാങ്കേതികതയും ഉടനെ കണ്ടുപിടിക്കപ്പെട്ടേക്കാം! ''പ്രതിരോധശേഷി കൂട്ടുന്നു'' എന്ന വാഗ്ദാനത്തോടെ ആഹാര-ഔഷധ വസ്തുക്കള്‍ വിറ്റഴിക്കുന്നതു പോലെയാണിതൊക്കെ. ഏതൊരു ജീവിയുടേയും പ്രതിരോധശേഷി കൂടിയാല്‍ അത് ഹാനികരമാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ഇല്ലാതാവുന്നിടത്താണ് ഇത്തരം പ്രചരണങ്ങള്‍ വിറ്റുപോകുന്നത്. നിലവിളക്കിന്റെ ചെറുവെട്ടത്തില്‍ ഇത്രയധികം 'അണുനാശം'ഉണ്ടാവുകയാണെങ്കില്‍ വീട്ടിന് മുന്നില്‍ കരിയില കൂട്ടിയിട്ട് തീയിട്ടാല്‍ വീടും പരിസരവും ഏതാണ്ട് പൂര്‍ണ്ണമായും അണുവിമുക്തമാകേണ്ടതാണ്! എങ്കില്‍പ്പിന്നെ അടുക്കളയൊക്കെ അണുവിന്റെ ശ്മശാനഭൂമിയായിരിക്കും! പാവം അണുക്കള്‍!!

മറ്റൊന്ന് നിലവിളക്ക് 'സംസ്‌ക്കാരിക ഫോസിലാ'ണെന്ന(cultural fossil)വാദമാണ്. അത് ഒരര്‍ത്ഥത്തില്‍ ശരി തന്നെ. കാരണം അത് പഴയ ഒരാചാരം തന്നെയാണ്. പക്ഷെ ആ രീതിയില്‍ നോക്കിയാല്‍ എല്ലാ ആചാരനാചാരങ്ങളും സാംസ്‌ക്കാരിക ചിഹ്നങ്ങളാകുന്നു.സതിയും ശൈശവവിവാഹവും നരബലിയും അയിത്തവും അടിമത്തവും നമ്മുടെ സാംസ്‌ക്കാരത്തിന്റെ ഭാഗവും പൈതൃകസമ്പത്തുമായിരുന്നു. മരവുരിയില്‍ നിന്ന് ആധുനിക വസ്ത്രങ്ങളിലെത്തിയ മനുഷ്യന്‍ മരവുരിയിലേക്ക് തിരിച്ചുപോയി സംസ്‌ക്കാരം കാണിക്കണമെന്ന് വാശിപ്പിടിക്കാറില്ല. നഗ്നപാദരായി നടന്ന ചിരിത്രം ഇന്നത്തെ ചെരുപ്പുവില്‍പ്പനയ്ക്ക് തടസ്സവുമല്ല. സ്ത്രീകള്‍ മാറു മറക്കാതിരിക്കുക എന്ന വിശ്രുത സംസ്‌ക്കാരത്തിന്റെ ഭാഗമായ ആചാരത്തിലേക്ക് തിരിച്ചുപോകണമെന്ന് ഇന്ന് കടുത്ത മതവിശ്വാസിക്ക് പോലും ശാഠ്യമില്ല.

മാറു മറയ്ക്കാതിരിക്കുമ്പോഴോ സതി അനുഷ്ഠിക്കുമ്പോഴോ പോസിറ്റീവ് എനര്‍ജി കിട്ടുമെന്ന വാദവും ആരുമുയര്‍ത്താറില്ല. അപ്പോള്‍ ആവശ്യമില്ലാത്തതൊക്കെ അനാചാരം, ആവശ്യമുള്ളത് സദാചാരം. പക്ഷെ 'ആവശ്യം' മതത്തിന്റെ ആവശ്യമാണെന്നതാണ് ഇവിടെ കൗതുകകരമായ കാര്യം. അതായത് മതത്തിന് ആവശ്യമുള്ള, മതപ്രചരണത്തിന് സഹായകരമായ പഴമകള്‍, അത് സദാചാരമായാലും ദുരാചാരമായാലും, മാത്രമാണ് ഇന്ന് ആഘോഷിക്കപ്പെടുന്നത്.ബാക്കിയൊക്കെ യുക്തിപൂര്‍വം തള്ളി പുതുമയെ വാരിപ്പുണരുന്നു. മതവിശ്വാസിക്ക് യുക്തി ഉപയോഗിക്കാന്‍ വിലക്കുള്ളത് മതവിഷയത്തില്‍ മാത്രമാണല്ലോ! 

കൃത്യമായും മതപ്രചരണവും മതസംരക്ഷണവും ലക്ഷ്യമിട്ടാണ് നിലവിളക്കിന് വേണ്ടിയുള്ള താളംചവിട്ടലൊക്കെ. നിരന്തരമായി സംസ്‌ക്കരിക്കുകയും അനുസ്യൂതം പരിഷ്‌ക്കരിക്കുകയും ചെയ്താണ് മനുഷ്യന്‍ സാംസ്‌ക്കാരികമായി മുന്നേറുന്നത്. അപ്രസക്തമായവ പ്രായോഗികബുദ്ധിയോടെ കയ്യൊഴിയുകയും ചെയ്യുന്നു. പഴമയോടും പട്ടിക്കാടിനോടും നിര്‍ദ്ദയം മുഖംതിരിക്കുന്ന മതവിശ്വാസി മതവുമായി ബന്ധപ്പെട്ട എല്ലാ പ്രാകൃതമാലിന്യങ്ങളും വിശിഷ്ടമായി ഉയര്‍ത്തികാട്ടുന്നത് അവന്റെ അന്ധവിശ്വാസത്വര തന്നെയാണ് പ്രകടമാക്കുന്നത്. മതാചാരങ്ങള്‍ സംരക്ഷിക്കാനായാണ് സാംസ്‌ക്കാരത്തിന്റെയും പൈതൃകത്തിന്റെയും പേരില്‍ ഈ മുതലക്കണ്ണീരൊഴുക്കല്‍. ഒരു മുന്നാചാരം അത് സംസ്‌ക്കാരത്തിന്റെ ഭാഗമായിക്കൊള്ളട്ടെ, ശാസ്ത്രീയമാകട്ടെ, മതത്തിന്റെ ഭാഗമല്ലെങ്കില്‍ അത് നിലനിറുത്താന്‍ മതവിശ്വാസി യത്‌നിക്കില്ലെന്ന് മാത്രമല്ല,മിക്കപ്പോഴും ആ വശത്തേക്ക് അവന്‍ തിരിഞ്ഞുപോലും നോക്കില്ല. മതാചാരമാണെങ്കില്‍ പൈതൃകബോധം പീലി വിരിച്ചാടും. അല്ലെങ്കില്‍ പ്രായോഗികത തന്നെ പഥ്യം.

പ്‌ളാവിലയില്‍ കഞ്ഞികുടിക്കാന്‍ പറഞ്ഞാല്‍ സ്പൂണുണ്ടല്ലോ എന്ന മതയുക്തി വരും, ഓണത്തിന് ഉപ്പേരി വീട്ടിലുണ്ടാക്കാന്‍ പറഞ്ഞാല്‍ മാര്‍ക്കറ്റില്‍ കിട്ടുമല്ലോ എന്നാവും തിരിച്ചടിക്കുക. ഒട്ടകത്തിന്റെ പാല് കുടിച്ച് ഒട്ടകപ്പുറത്ത് സഞ്ചരിച്ച് പനയോലയില്‍ കിടന്നുറങ്ങി സുന്നത്ത് പിടിച്ചൂടേ എന്നു ചോദിച്ചാല്‍ അതിലും എളുപ്പമല്ലേ താടി വളര്‍ത്തുന്നതും പാന്റ്‌സിന്റെ ഇറക്കം കുറയ്ക്കുന്നതും എന്ന മറുന്യായം മതവിശ്വാസി ഉന്നയിക്കുക. ചുരുക്കത്തില്‍ മതവിശ്വാസിയുടെ സംസ്‌ക്കാരപ്രണയവും പൈതൃകമാനിയയുമൊക്കെ 'മതവിശ്വാസത്തെ പോഷിപ്പിക്കാനായുള്ള ഒരു അടവുനയമാകുന്നു. സംസ്‌ക്കാരത്തിന് വേണ്ടിയുള്ള മുറവിളി മിക്കപ്പോഴും മതത്തിന് വേണ്ടിയുള്ള കൊലവിളിയായി മാറുന്നുവെന്ന് സാരം.

Friday 21 September 2012

35. അക്വിനാസിന്റെ പഴംപുരാണം.

ഇറ്റലിയില്‍ ജനിച്ച ഡൊമനിക്കന്‍ സന്യാസിയായിരുന്ന തോമസ് അക്വിനാസ് (Thomas Aquinas /1225 – 7 March 1274) ദൈവത്തിന്റെ തെളിവുകള്‍ കണ്ടുപിടിക്കുന്നതില്‍ വിരുതനായിരുന്നു! അദ്ദേഹത്തിന്റെ (കു)പ്രസിദ്ധമായ 5 'എ പോസ്റ്റീരിയോറി' വാദങ്ങളാണ് ദൈവത്തിന്റെ തെളിവുകളായി ഭാവനശൂന്യരായ പല മതവാദികളും ഇപ്പോഴും ആഘോഷിക്കുന്നത്. 'എ പോസ്റ്റീരിയോറി' a posteriori എന്നാല്‍ ബാഹ്യലോകത്ത് വസ്തുനിഷ്ഠമായി കണ്ടെത്താവുന്ന തെളിവുകള്‍ എന്നര്‍ത്ഥം. ഇതിന് വിപരീതമായി വ്യക്തിയുടെ ബോധമണ്ഡലത്തില്‍ മാത്രം ഒതുങ്ങുന്ന വ്യക്ത്യാധിഷ്ഠിത അനുഭവങ്ങളാണ് 'എ പ്രയോറി' (a priori) തെളിവുകളുടെ ആധാരം.

വ്യക്തിക്ക് ആന്തരികമായി ലഭ്യമാകുന്ന അറിവുകള്‍, വെളിപാടുകള്‍, അനുഭൂതികള്‍ എന്നിവ എ പ്രയോറി എന്ന വിഭാഗത്തിലാണ് പെടും. അവയ്ക്കാകട്ടെ ശാസ്ത്രദൃഷ്ട്യ സാധുതയില്ല. സ്വപ്നദര്‍ശനം, രോഗം ആരോ ഭേദപ്പെടുത്തിയെന്ന തോന്നല്‍, ദൈവസാമീപ്യം മുതലായവയൊക്കെ ഈയിനം 'തെളിവു'കളില്‍ പെടും. ഇതൊക്കെ ധാരാളമായി വിശ്വാസികള്‍ക്ക് അനുഭവപ്പെടാറുണ്ട്. പക്ഷെ തോന്നലുകള്‍ തെളിവുകളല്ലെന്നറിയണം. എല്ലാത്തിലും ദൈവത്തെ കണ്ടെത്തുക മതഭക്തനെ സംബന്ധിച്ചിടത്തോളം കുട്ടിക്കളിയാണ്. കയ്യില്‍ ഒരു ചുറ്റികയുമായി നടക്കുമ്പോള്‍ കണ്ണില്‍ കാണുന്നതൊക്കെ ആണിയാണെന്ന് തോന്നുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ!

അതേസമയം, 'എ പോസ്റ്റീരിയോറി'ജ്ഞാനം ബാഹ്യലോകസംബന്ധിയാണ്. അക്വിനാസിന്റെ 5 'എ പോസ്റ്റീരിയോറി' തെളിവുകള്‍ താഴെപ്പറയുന്നവയാണ്:

1. The Unmoved Mover:
എല്ലാം ചലിക്കുന്നു, ചലിക്കാതെ നില്‍ക്കുന്ന ഒരു ശക്തി എല്ലാറ്റിനേയും ചലിപ്പിക്കുന്നു. സര്‍വതിനും ചലനമുണ്ട്. പദാര്‍ത്ഥം ജഡമാണ്, സ്വന്തമായി ചലിക്കാന്‍ ഒന്നിനുമാകില്ല. പക്ഷെ പ്രപഞ്ചം മുഴുവന്‍ നാം കാണുന്നത് ബഹുവിധ ചലനങ്ങളാണ് വസ്തുക്കള്‍ക്ക് ഈ ആദിചലനം എവിടെ നിന്ന് കിട്ടി? ആരാണ് ഈ ചലനം നല്‍കിയത്? ആരെന്നറിയില്ലേ? കുഴപ്പമില്ല. ആരെങ്കിലും അത് ചെയ്യാനുണ്ടാവണം- ആ ശക്തിയാണ് ദൈവം. അതിനാല്‍ ദൈവം ഉണ്ട്.

കോഴ വാങ്ങാതെ ഒരാളെ നിയമിച്ചാല്‍ ചെയ്താല്‍ പ്രപഞ്ചത്തിലെ സര്‍വ പ്രശ്‌നവും പരിഹരിച്ചു കളയാമെന്ന ലാഘവബുദ്ധിയാണ് ഈ വാദത്തിന്റെ അടിസ്ഥാനം.
 

1. 'എല്ലാം'ചലിക്കുന്നുവെങ്കില്‍ ചലിക്കാത്തതായി ഒന്നുമില്ലെന്ന് സ്പഷ്ടം. പിന്നെയെങ്ങനെ ദൈവം മാത്രം ചലനരഹിതമാകുന്നു? നിയമം രാജാവിന് ബാധകമല്ലെങ്കില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ നിയമരാഹിത്യമാണ്. ദൈവമൊഴികെ ബാക്കിയെല്ലാം ചലിക്കുന്നു പക്ഷെ ദൈവം മാത്രം ചലിക്കുന്നില്ല എന്ന് സങ്കല്‍പ്പിച്ചാല്‍ ദൈവം എവിടെ നിന്ന് എല്ലാറ്റിനേയും ചലിപ്പിക്കുന്നത് എന്ന ചോദ്യം വരും. ചലിക്കുന്നിടത്തോ ചലിക്കാത്തിടത്തോ ദൈവം സ്ഥിതി ചെയ്യുന്നത്? ദൈവം അല്ലാതെ ചലിക്കാത്തത് ആയ എതെങ്കിലും ഇടം/സ്ഥലം വേറെയുണ്ടോ? ദൈവത്തിന് സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമില്ലെങ്കില്‍ ദൈവം ചലിക്കുന്നില്ലെന്നോ ചലിക്കുന്നെന്നോ പറയാനാവില്ലല്ലോ.
സര്‍ ഐസക്ക് ന്യൂട്ടന്റെ ക്‌ളാസിക്കല്‍ ഭൗതികമനുസരിച്ചാണ് കുറച്ച് കാലം അക്വിനാസിനെ ഗൗരവമായെടുക്കാന്‍ പലരും തയ്യാറായത്. ചലനം ദ്രവ്യത്തിന് ബാഹ്യമാണെന്നായിരുന്നു ന്യൂട്ടന്‍ പറഞ്ഞത്. ചലനനിയമങ്ങളുടെ പിന്തുണയോടെ വസ്തുക്കള്‍ക്ക് 'ആദിചലനം' നല്‍കാന്‍ ഒരു 'തള്ള്'(push) ഉണ്ടാവണമെന്ന് ന്യൂട്ടന്‍ വിശ്വസിച്ചു. ചലനം നല്‍കിയ ശേഷം ഈ 'ശക്തി'പ്രപഞ്ചത്തില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം ഊഹിച്ചു. 


പക്ഷെ ആധുനിക ഭൗതികശാസ്ത്രം ഈ വാദം നിഷ്‌ക്കരുണം തള്ളുന്നു. ചലനം ദ്രവ്യബാഹ്യമല്ല, മറിച്ച് ദ്രവ്യസഹജമാണ്. വസ്തുവിന്റെ ചലനം അതിനുള്ളിലെ ക്വാണ്ടം അവസ്ഥയില്‍നിന്നും ജന്യമാണ്. പദാര്‍ത്ഥങ്ങള്‍ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതും ബാഹ്യപ്രേരണയാലല്ല. പ്രപഞ്ചത്തിലെ സകലവിധ രാസപ്രവര്‍ത്തനങ്ങളും വസ്തുക്കളുടെ തനത് ഗുണഫലഹേതുവാണ്. ആസിഡ് ജലം വലിച്ചെടുക്കുന്നതും പൊട്ടാസ്യം ജലത്തില്‍ ഓടി നടക്കുന്നതും പ്രസ്തുത പദാര്‍ത്ഥങ്ങളുടെ അണുവ്യവസ്ഥയുടെ ആഭ്യന്തര സവിശേഷതകള്‍ മൂലമാണ്. ആറ്റത്തിനുള്ളില്‍ ഫെര്‍മിയോണുകളും ഹാഡ്രോണുകളും ബോസോണുകളും കമ്പനം/സ്വയംഭ്രമണം/പ്രദക്ഷിണം ചെയ്യുന്നത് പലപ്പോഴും പ്രകാശവേഗത്തിന് സമാനമായ വേഗത്തിലാണ്. മൗലികകണങ്ങളെല്ലാം സദാ കമ്പനം ചെയ്യുന്നുവെന്ന് സാരം. വസ്തുക്കളുടെ ചലനം ആഭ്യന്തരമായി ഉത്പാദിപ്പിക്കപ്പെടുന്നു, അവ തമ്മിലുള്ള ആകര്‍ഷണ-വികര്‍ഷണങ്ങള്‍ക്ക് കാരണവും ആന്തരികമാണ്. എല്ലാം സഹജവും ആന്തരികവുമായിരിക്കെ ദ്രവ്യത്തെ പുറത്തുനിന്ന് ചലിപ്പിച്ചു വിടാന്‍ ഒരു 'ശക്തി' വേണമെന്ന നിര്‍ബന്ധബുദ്ധി അര്‍ത്ഥശൂന്യമാണ്. പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നില്ല. 'സൃഷ്ടി'കടലാസില്‍ പോലും അസംഭവ്യമാണ്. പ്രപഞ്ചം ദ്രവ്യജന്യം. അത് സ്വയം പരിമണിച്ച് ആയിത്തീരുകയാണ്. മറ്റൊന്നിനും സാക്ഷ്യമില്ല.
 

2.അക്വിനാസിന്റെ രണ്ടാം വാദം: The Uncaused Cause: പ്രപഞ്ചത്തില്‍ സര്‍വ കാര്യ(effect)ത്തിനും കാരണ(cause)മുണ്ട്. എല്ലാത്തിനും കാരണമായതെന്തോ അതാണ് ദൈവം. എന്നാല്‍ ദൈവത്തിന് കാരണമില്ല(ഇവിടെയും മുന്നോട്ടുവെക്കുന്ന ഉപാധിയില്‍ നിന്ന് ദൈവത്തെ ഉദാരപൂര്‍വം ഒഴിവാക്കിയിരിക്കുന്നു). വികലവാദം തന്നെയാണിതും. എന്തെന്നാല്‍:
 

1. 'എല്ലാ'ത്തിനും കാരണമുണ്ട് പക്ഷെ ഒന്നിന് മാത്രം കാരണമില്ല!അതെന്തു ന്യായം?! സാമാന്യയുക്തിയനുസരിച്ച് ഭാവനയില്‍ പോലും കാണാനാവാത്ത കാര്യമാണിത്. എല്ലാത്തിനും കാരണമായതിന് കാരണമില്ലാതാവാന്‍ കാരണമെന്ത്?
 

2. ദൈവത്തിന് കാരണമുണ്ടെന്ന് സമ്മതിച്ചാല്‍ അത് വലിയ കുറച്ചിലാവും. കാര്യ-കാരണവാദവുമായി വീണ്ടും പുറകോട്ട് പോകേണ്ടിവരും; അതോടെ ദൈവം അപ്രസക്തമാകും. അതുകൊണ്ട് കാര്യകാരണബന്ധത്തിന്റെ തിരക്കഥ ദൈവത്തില്‍ അവസാനിപ്പിച്ച് പടം മടക്കാം. നല്ല ആശയം!
 

3. പ്രപഞ്ചത്തില്‍ നിലവിലുള്ള സര്‍വതിനും കാരണം ചൂണ്ടിക്കാട്ടാമെന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ ദൈവത്തിന് കാരണം കണ്ടെത്താനായി ദൈവവും ഉണ്ടാകണം. പക്ഷെ ദൈവം ഉണ്ടെന്നതിന് തെളിവില്ല. അതുകൊണ്ടു തന്നെ ദൈവത്തിന് കാരണമുണ്ടാവുക അസാധ്യമാകുന്നു. ഇല്ലാത്ത ദൈവത്തിന് കാരണമില്ലെന്ന് പറയുന്ന മതവാദിയോട് അനുതപിക്കണം. അവന്‍ സത്യം പറയുന്നു!!
 

4. പ്രപഞ്ചത്തിലെ ഓരോ വസ്തുവും സംഭവവും(event) ബഹുകാരണസംബന്ധിയാണ്(of multiple causes). കാറ്റടിച്ചാല്‍ ദീപം അണയാം. തിരി തീര്‍ന്നാലും എണ്ണ തീര്‍ന്നാലും വിളക്ക് മറിഞ്ഞാലും ദീപം നശിക്കും. അതായത് ദീപം അണയലിന്റെ കാരണം ഇതിലേതെങ്കിലുമോ പലതോ ആകാം. ഒരു കാര്യത്തിന് തന്നെ പല കാരണങ്ങള്‍ ഉണ്ടാകാമെങ്കില്‍ ഏക കാരണം എന്ന മതഭാവന അപ്രസക്തമാണ്.

5. ഏതൊരു സംഭവത്തിന്റെയും കാരണം മറ്റൊന്നാണ്. പക്ഷെ ആ 'മറ്റൊന്ന്'ആ വസ്തുവുമായോ സംഭവവുമായോ ബന്ധപ്പെട്ട ഒന്നായിരിക്കും. ഗുരുത്വവലിവ് മൂലമാണ് ഭൂമി സൂര്യനിലേക്ക് വീഴുന്നത്. ഭൂമിയുടെ വീഴ്ചയാണ് ഭ്രമണത്തിന് കാരണം, ഭ്രമണം പ്രദക്ഷിണത്തിന് കാരണമാകുന്നു, ഭ്രമണവും പ്രദക്ഷിണവും ഭൂമിക്ക് ഗോളാകൃതി സമ്മാനിക്കുന്നു-ഗോളാകൃതി ഭ്രമണത്തേയും പ്രദക്ഷിണത്തേയും സൗകര്യപ്പെടുന്നു. പ്രപഞ്ചത്തിലെ സര്‍വ സംഭവങ്ങളും മറ്റൊന്നിന്റെ കാരണമാകുന്നു. ഒരിടത്തെ കാര്യം മറ്റൊരിടത്ത് കാരണമാകുന്നു. ഓരോ സംഭവവും പരസ്പരാശ്രിതമാകുമ്പോള്‍ (inter dependent) പ്രപഞ്ചം കാര്യ-കാരണ ബന്ധങ്ങളുടെ ശൃംഖലപ്രവര്‍ത്തനമായി നിലകൊള്ളുന്നു;ഒരു പുഷ്പഹാരംപോലെ. ഒന്നിന്റെ കാരണം മറ്റൊന്നാണെങ്കില്‍ എല്ലാത്തിനും ഹേതുവായ ഏക കാരണമെന്ന ആശയം യുക്തിരഹിതവും പ്രപഞ്ചവിരുദ്ധവുമാണ്.

6. കാരണത്തെ കാര്യത്തില്‍ നിന്ന് വേര്‍തിരിക്കുന്നതിന് ഒരു സമയ ഇടവേള (T)ആവശ്യമാണ്. മുട്ട തറയിലിട്ടാല്‍ പൊട്ടും. തറയിട്ടതിന് ശേഷമാണ് മുട്ട പൊട്ടുന്നത്. അപ്പോള്‍ വീഴ്ച മുട്ട പൊട്ടുന്നതിന്റെ കാരണമാകും. പക്ഷെ ഇത്തരത്തില്‍ സമയ ഇടവേളയില്ലാതെയാണ് പ്രപഞ്ചത്തില്‍ പല സംഭവങ്ങളും അരങ്ങേറുന്നത്. ഉദാഹരണമായി ഭൗതികത്തില്‍ ബലവും(F) ത്വരണവും(a) ആനുപാതികമാണെന്ന് പറയുമ്പോള്‍ ഒന്നിനെ മറ്റൊന്നിന്റെ കാരണമായി കാണാനാവില്ല. ഇവിടെ സമയം ഇടവേളയായി T ഇല്ലാത്തതിനാല്‍ ഏതാദ്യം സംഭവിക്കുന്നുവെന്ന് പറയാനാവില്ല. F ന്റെ കാരണമാണ് a എന്ന നിലയില്‍ F=ma എന്ന ഏകകാലികക്രിയ വിശദീകരിക്കാന്‍ തുനിഞ്ഞാല്‍ കുഴയും. അങ്ങനെയായാല്‍ കാര്യവും കാരണവും ഒന്നാണെന്നുതന്നെ പറയേണ്ടിവരും. തോണിയില്‍ നിന്ന് മുന്നോട്ട് ചാടുമ്പോള്‍ തോണി പിന്നോട്ടു പോകുന്ന ക്രിയ-പ്രതിക്രിയ സമവാക്യങ്ങളിലും കാര്യ-കാരണ ബന്ധം തകിടം മറിയും. നാം മുന്നോട്ടുപോകുന്നതു കൊണ്ടാണോ തോണി പിറകോട്ട് പോകുന്നത് ? അതോ തോണി പിറകോട്ട് പോകുന്നതുകൊണ്ടാണോ നാം മുന്നോട്ടുപോകുന്നത്? ഏകകാലികവും ഏകസ്ഥാനീയവുമായ ക്രിയകളിലും ഇത്തരം സംഭവങ്ങളില്‍ കാര്യം-കാരണം എന്നീ നിര്‍വചനങ്ങള്‍ അപ്രസക്തമാകുമെന്നര്‍ത്ഥം. ആറ്റത്തിനുള്ളിലെ ക്വാണ്ടം അവസ്ഥയില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ മിക്കതിന്റെയും അവസ്ഥയും ഇതുതന്നെ. അവിടെയൊക്കെ കാര്യ-കാരണബന്ധം സംബന്ധിച്ച പരമ്പരാഗത ധാരണകള്‍ അട്ടിമറിക്കപ്പെടുകയാണ്.'എല്ലാത്തിനും കാരണമായ കാരണമില്ലാത്ത ഏകകാരണം'എന്ന മതവാദം വിളറുന്നത് അങ്ങനെയാണ്.
 

7. കാര്യ-കാരണ തിരക്കഥയുടെ കാര്യത്തില്‍ പലപ്പോഴും ന്യൂനവല്‍ക്കരണം (reductionism) സാധാരണയാണ്. ഒരു സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം നിര്‍ധരിക്കുന്നത് തന്നെ പ്രയാസമാണ്. പലപ്പോഴും ഏറ്റവും അവസാനകാരണം മാത്രം പരിഗണിച്ച് കാര്യ-കാരണ ബന്ധം പരിഹാസ്യമാകുന്നത് കാണാം. ഉദാ- പൈപ്പിന്റെ ടാപ്പ് തുറക്കുമ്പോള്‍ ജലം ലഭിക്കുന്നു. പക്ഷെ ടാപ്പ് തുറക്കുന്നതാണോ ജലലഭ്യതയുടെ കാരണം? ടാപ്പ് തുറക്കുന്നതുകൊണ്ട് മാത്രം ജലം ലഭിക്കില്ല. ജലം ലഭിക്കണമെങ്കില്‍ ജലം മുന്‍കൂറായി ശേഖരിക്കപ്പെട്ടിരിക്കണം, ഒഴുകുന്ന താപനിലയിലായിരിക്കണം, ഗുരുത്വത്തിന് എതിരെ ശേഖരിക്കപ്പെടണം.... തുടങ്ങി ഓക്‌സിജനും ഹൈഡ്രജനും തമ്മില്‍ സംയോജിപ്പിക്കുന്നതിലേക്കും അതിന് പിന്നാമ്പുറത്തേക്കും നീളുന്ന കാരണങ്ങളില്‍ ഏതെങ്കിലും ഒന്ന് സംഭവിക്കാതിരുന്നാല്‍ ടാപ്പ് തുറന്നാല്‍ ജലം ലഭിക്കില്ല. തൊട്ടുമുമ്പുള്ള കാരണം (just the penultimate stage being considered) മാത്രം പരിഗണിച്ച് കാര്യ-കാരണബന്ധം തിട്ടപ്പെടുത്തുമ്പോള്‍ സംഭവിക്കുന്ന വിഷയമാണിത്. ഒരിക്കല്‍ കാരണം അന്വേഷിച്ച് തുടങ്ങിയാല്‍ പിന്നെ അതില്‍ നിന്ന് വിരമിക്കാനാവില്ല. ചുരുക്കി പറഞ്ഞാല്‍ കാരണം തേടിയുള്ള കസര്‍ത്തുകള്‍ അത്ര സുഖകരമല്ലതന്നെ. ഏകകാരണം, ആദികാരണം തുടങ്ങിയ മതസങ്കല്‍പ്പങ്ങള്‍ തീര്‍ത്തും അര്‍ത്ഥശൂന്യമാണെന്നാണിത് ആവര്‍ത്തിച്ച് വ്യക്തമാകുന്നത്.

അക്വിനാസിന്റെ മൂന്നാം വാദം : പ്രാപഞ്ചികവാദം(The Cosmological Argument):
ആദിയില്‍ മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല, പക്ഷേ, ഇന്നുണ്ട്. ആ നിലയ്ക്ക് എല്ലാം ഉണ്ടാക്കിയതിന് പിന്നില്‍ അമൂര്‍ത്തമായ എന്തോ ഒന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടോ അതാണ് ദൈവം!
തീര്‍ത്തും യുക്തിരഹിതവും അയഥാര്‍ത്ഥവുമായ വാദമിണിതും. ആഗ്രഹചിന്തയിലൂടെ അക്വിനാസ് ദൈവമുണ്ടെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണിവിടെ. എന്തുകൊണ്ടെന്നാല്‍:
 

1. 'ഒന്നുമില്ലായ്മ'യില്‍ നിന്ന് 'എല്ലാം' ഉണ്ടായി എന്നാണ് അദ്ദേഹം പറയുന്നത്. താത്ത്വികമായും പ്രായോഗികമായും ഇതിലും വലിയ അബദ്ധം വേറെയുണ്ടോ?! Nothing from nothing. ഒന്നുമില്ലായ്മയില്‍ നിന്ന് ഒന്നുമുണ്ടാകില്ല. 'ഒന്നുമില്ലായ്മ'യില്‍(Nothing) നിന്ന് എന്തെങ്കിലും ഉണ്ടായാല്‍ അതിന്റെ അര്‍ത്ഥം അത് 'ഒന്നുമില്ലായ്മ' ആയിരുന്നില്ല മറിച്ച് അങ്ങനെ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നു മാത്രമാണ്. അപ്പോള്‍ ആദ്യമായാലും അവസാനമായാലും 'എന്തെങ്കിലും'ഉണ്ടായേ പറ്റൂ.

2. ആദിയില്‍ ഒന്നുമില്ലായിരുന്നു എന്ന അറിവ് അക്വിനാസിന് എങ്ങനെ ലഭിച്ചു? ഒന്നുമില്ലാതിരുന്നപ്പോള്‍ ദൈവം എവിടെയായിരുന്നു?

3. അമൂര്‍ത്തദൈവം ഉണ്ടായിരുന്നെങ്കില്‍ 'ഒന്നുമില്ലായിരുന്നു' എന്നെങ്ങനെ പറയാനാവും?
 

4. ദൈവം ഒഴികെ ഒന്നുമുണ്ടായിരുന്നില്ല എന്നാണെങ്കില്‍ പ്രപഞ്ചഹേതുവായ ദ്രവ്യം എവിടെനിന്ന്, എങ്ങനെ? ഒന്നുകില്‍ ദൈവത്തിന് ഉള്ളില്‍നിന്ന് അല്ലെങ്കില്‍ പുറത്തുനിന്ന്. രണ്ടുരീതിയില്‍ നോക്കിയാലും ആദിയില്‍ ഒന്നുമില്ലായിരുന്നുവെന്ന വാദം പൊളിയും.

5. ദൈവം ഒരുതരം'പ്രാപഞ്ചികോര്‍ജ്ജ'മാണെന്നൊക്കെ (cosmic energy) കഥയറിയാതെ തട്ടിവിടുന്ന വിദ്വാന്‍മാരുണ്ട്. സത്യത്തില്‍ ശുദ്ധ ഭൗതികവാദമാണിത്. ഊര്‍ജ്ജവും ദ്രവ്യവും രണ്ടല്ല. അതായത് ദൈവം എന്നത് ദ്രവ്യത്തിന് തെറ്റിദ്ധാരണ കൊണ്ട് നല്‍കുന്ന മറുപേര് മാത്രം!

6. ദ്രവ്യം അനാദിയാണെന്നതാണ് നാസ്തികമതം. അപ്പറയുന്നതിന് മൂര്‍ത്തമായ തെളിവ് ഇതുവരെ ലഭ്യമല്ല. പക്ഷെ അത് സാധ്യമാണെന്നതില്‍ സംശയമില്ല. ദ്രവ്യം ഇന്നുണ്ട്, അതൊരു അനുഭവയാഥാര്‍ത്ഥ്യമാകുന്നു, അതിന് വസ്തുനിഷ്ഠ തെളിവുമുണ്ട്. അത് ബേരിയോണിക് ദ്രവ്യമായും പ്രതിദ്രവ്യമായും ശ്യാമോര്‍ജ്ജവുമായൊക്കെ നിലനില്‍ക്കുന്നുവെന്ന് 'ദ്രവ്യമായ'നാം അറിയുന്നുമുണ്ട്. ദ്രവ്യത്തെ നശിപ്പിക്കാനാവില്ലെന്നത് പ്രാപഞ്ചികനിയമം. ഉള്ള ഒന്ന് നശിപ്പിക്കാനാവില്ലെങ്കില്‍ അത് ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ലെന്നുറപ്പാണ്. ഇല്ലാത്ത അവസ്ഥ ഉള്ള ഒന്ന് ഉണ്ടാക്കേണ്ട കാര്യമില്ലതന്നെ. അതുകൊണ്ട് തന്നെ ദ്രവ്യം അനാദിയാണ്.

7. ദൈവം അനാദിയാണെന്ന് പറയുന്നതുപോലെയാണോ ഇത്? തീര്‍ച്ചയായുമല്ല. ദൈവം മനുഷ്യരുടെ മനോജന്യ സങ്കല്‍പ്പമാണ്. മനുഷ്യന്‍ സങ്കല്‍പ്പിച്ചാല്‍ അതുണ്ട് അല്ലെങ്കില്‍ ഇല്ല. ഭക്തന്‍ മരിക്കുമ്പോള്‍ ദൈവം നശിക്കുന്നു. ഇല്ലാത്തതും തെളിവില്ലാത്തതും അനുഭവേദ്യമല്ലാത്തതും നശിക്കുന്നതുമായ ഒന്ന് എന്നുമുണ്ടായിരുന്നു എന്ന് പറയുന്നത് യുക്തിഹീനമാണ്. ഇപ്പോള്‍ തന്നെ ഇല്ല, പിന്നല്ലേ എന്നുമുണ്ടായിരുന്നത്!? എന്നാല്‍ ദ്രവ്യത്തിന്റെ കാര്യം അങ്ങനെയല്ല. ദ്രവ്യം ഉള്ളതും തെളിവുള്ളതും അനുഭവവേദ്യവും നശിക്കാത്തതുമാണ്. അങ്ങനെയുള്ള ഒന്ന് അനാദിയാണെന്ന് പറയുന്നതും ദൈവം അനാദിയാണെന്ന് പറയുന്നതുമായി യാതൊരു താരതമ്യവുമില്ല.
 

8. സങ്കല്‍പ്പിക്കുന്നത് നിറുത്തിയാലും തുടരുന്നതെന്തോ അതാണ് യാഥാര്‍ത്ഥ്യം. Reality is what continues to exist even when you cease to believe. സൂര്യന്‍, ഓക്‌സിജന്‍, ഇലക്‌ട്രോണ്‍ ഇവയൊക്കെ നാം ഉണ്ടെന്ന് സങ്കല്‍പ്പാല്‍ ഉണ്ട്. സങ്കല്‍പ്പിച്ചില്ലെങ്കിലും ഉണ്ട്. ദൈവം/ഡിങ്കന്‍ വ്യത്യസ്തമാണ്. ദൈവം/ഡിങ്കന്‍ ഉണ്ടാകണമെങ്കില്‍ ഒരാള്‍ സദാ അങ്ങനെ സങ്കല്‍പ്പിച്ചുകൊണ്ടിരിക്കണം. ഭക്തന്റെ മനോവിഭ്രമം മരിച്ചാല്‍ ദൈവം നിലനില്‍ക്കില്ല. അതുകൊണ്ട് തന്നെ ദൈവമോ ഡിങ്കനോ നിലനില്‍ക്കുന്നതോ യാഥാര്‍ത്ഥ്യമോ അല്ല.

9. പശ്ചാത്ഗമനം (Regress) നടത്തി കാരണം കണ്ടെത്തുന്ന രീതിയും സാധുവല്ല. ബിഗ് ബാംഗ് സിദ്ധാന്തം (Big Bang Theory) പോലെ ഇത്തരം ചില സങ്കല്‍പ്പങ്ങള്‍ ഭൗതികശാസ്ത്രത്തിലുണ്ട്. പിറകോട്ടുപോയി ഒരവസ്ഥ സങ്കല്‍പ്പിച്ച ശേഷം ആ അവസ്ഥ ഇല്ലായ്മ ചെയ്യാനായിട്ടാണ് ദൈവത്തെ സങ്കല്‍പ്പിക്കുന്നത്. യുക്തിസഹമായ കാരണം കാണിക്കാതെയുള്ള ഈ പിറകോട്ടുപോകല്‍ ദൈവത്തില്‍ അവസാനിക്കുകയും ചെയ്യുന്നു. ഒരു കഷണം സ്വര്‍ണ്ണം പല ചെറിയ ഭാഗങ്ങളായി വിഭജിച്ചാല്‍ അവസാനം അതിന്റെ ആറ്റത്തിലെത്താം. 79 പ്രോട്ടോണുകളും അതിലും അല്പം കൂടുതല്‍ നൂട്രോണുകളും, ന്യൂക്ലിയസിന് ചുറ്റും കറങ്ങിത്തിരിയുന്ന 79 ഇലക്‌ട്രോണുകളുമാണ് സ്വര്‍ണ്ണത്തിന്റെ ആറ്റത്തിലുണ്ടാവുക. ഈ ആറ്റത്തെ വീണ്ടും വിഭജിച്ചാല്‍ ലഭിക്കുന്ന വസ്തു സ്വര്‍ണ്ണമായിരിക്കില്ല. സ്വര്‍ണ്ണത്തിന്റെ കാരണം അന്വേഷിച്ച് ആറ്റത്തിനും പിറകോട്ട് പോയാല്‍ കാര്യം (Effect) ഇല്ലാതെയാവുകയും (Terminated) കാരണം (Cause) അപ്രസക്തമാവുകയും ചെയ്യും. അനിശ്ചിതമായ പശ്ചാത്ഗമനത്തിന് (Infinite regress) അങ്ങനെയൊരു ന്യൂനതയുണ്ട്. പ്രപഞ്ചത്തിന്റെ കാരണമന്വേഷിച്ച് പിറകോട്ട് പോകുന്തോറും പ്രപഞ്ചമെന്ന സങ്കല്‍പ്പം തന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകുന്നു. ആ അവസ്ഥയുടെ കാരണം പ്രപഞ്ചത്തിന്റെ കാരണത്തിന് സമാനമായിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ല.
 

അക്വിനാസിന്റെ നാലാം വാദം: താരതമ്യത്തില്‍ അധിഷ്ഠിതമായ വാദം(Argument from degree): ഈ വാദമനുസരിച്ച് എല്ലാത്തിനും ഭിന്ന ഗുണനിലവാരമാണുള്ളത്. ഒന്ന് വേറൊന്നില്‍നിന്ന് വ്യത്യസ്തപ്പെടുന്നത് താരതമ്യം ചെയ്യപ്പെടുമ്പോഴാണ്. ഒരു വരയുടെ സമീപം കൂറേക്കൂടി വലിയൊരെണ്ണം വരയ്ക്കുമ്പോള്‍ ആദ്യവര ചെറുതാകുന്നു-ഇതുപോലെയാണ് താരതമ്യത്തിന്റെ പോക്ക്. പ്രപഞ്ചത്തിലുള്ള ഒന്നും പൂര്‍ണ്ണമല്ല. പൂര്‍ണ്ണമല്ലെന്ന് പറയുമ്പോള്‍ പൂര്‍ണ്ണത നിശ്ചയിക്കുന്ന എന്തോ 'ഒന്ന്' ഉണ്ടെന്ന് വരുന്നു. എങ്കിലേ പൂര്‍ണ്ണതയില്ലെന്നോ ഉണ്ടെന്നോ ആരോപിക്കാനാവൂ. അതിനാല്‍ എല്ലാംകൊണ്ടും പൂര്‍ണ്ണമായ ഒന്നുണ്ടായേ തീരൂ. അങ്ങനെയെന്നുണ്ട്-അതാണ് ദൈവം.

(1) 'പൂര്‍ണ്ണത'(Perfection) എന്നത് മനുഷ്യന്റെ കേവലമായ ഒരു മസ്തിഷ്‌ക്ക സങ്കല്‍പ്പം മാത്രമാണ്. ഒരു വൃത്തത്തിന് കുറേക്കൂടി വൃത്തമാകാനാകുമോ എന്നൊക്കെ മസ്തിഷ്‌ക്കം ആരായും. ചിറകില്ലാത്ത മനുഷ്യനേയും ചിറകുള്ള പറവയേയും ഫോട്ടോഷോപ്പിലൂടെ സംയോജിപ്പിച്ച് 'മാലാഖ'യെ നിര്‍മ്മിക്കുന്ന അതേ മസ്തിഷ്‌ക്കമാണ് പൂര്‍ണ്ണത സംബന്ധിച്ച നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കെല്ലാം ആധാരം. വസ്തുനിഷ്ഠലോകത്ത് അതൊക്കെ സാധുവാണെന്നതിന് യാതൊരു തെളിവുമില്ലാത്തതിനാല്‍ അക്വിനാസിന്റെ നാലം വാദം ഫലത്തില്‍ 'എ പ്രയോറി' ആണെന്ന് പറയേണ്ടി വരും.

(2) മനുഷ്യരിലും നന്മയും തിന്മയുമുണ്ട്. പരമാവധി നന്മയാണ് (Maximum good) ദൈവം. പരമാവധി സത്യവും പരമാവധി മികവും ദൈവമാകുന്നു... സത്യത്തില്‍ ഈ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? എല്ലാ മനുഷ്യര്‍ക്കും ചെറിയതോതിലെങ്കിലും ദുര്‍ഗന്ധമുണ്ട്. അത് ഏറിയും കുറഞ്ഞുമിരിക്കും. അതുകൊണ്ട് അങ്ങേയറ്റം ദുര്‍ഗന്ധമുള്ള എന്തോ ഒന്നുണ്ട്. അതുകൊണ്ടാണ് താരതമ്യം ചെയ്യാന്‍ സാധിക്കുന്നത്. അത്തരത്തില്‍ പരമാവധി ദുര്‍ഗന്ധമുള്ളതായി എന്തുണ്ടോ അതാണ് ദൈവം! മറ്റേതൊരു ഗുണമെടുത്താലും ഇങ്ങനെ വാദിക്കാം.

(3) ദൈവത്തെ പൂര്‍ണ്ണനാക്കാന്‍ വേണ്ടി കണ്ണില്‍ കണ്ട നാമവിശേഷണങ്ങളെല്ലാം അവന്റെമേല്‍ വാരിച്ചൊരിയുന്ന ക്രൂരവിനോദവും മതഭക്തനുണ്ട്. സര്‍വശക്തന്‍, സര്‍ജ്ഞാനി, സര്‍വവ്യാപി....എന്നു തുടങ്ങി വായില്‍ വരുന്നതൊക്കെ അവന്‍ വിളിച്ചുകൂവും. ദൈവം വലിയ കെങ്കേമനാണെന്ന് കാണിക്കാനാണ് ഭാവനാശേഷി ഇങ്ങനെ ചൂടാക്കുന്നത്. പക്ഷെ ഈ വിശേഷണങ്ങളില്‍ പലതും പരസ്പരം റദ്ദാക്കുന്നവയാണെന്നതാണ് വാസ്തവം. സര്‍വ്വജ്ഞന്‍, സര്‍വശക്തന്‍, സര്‍വവ്യാപി, പ്രീണനവിധേയന്‍, മനുഷ്യന്റെ ആരാധനയ്ക്ക് ദാഹിക്കുന്നവന്‍, സര്‍വതും സൃഷ്ടിച്ച് നിയന്ത്രിക്കുന്നവന്‍, മനുഷ്യന്റെ കാര്യത്തില്‍ സവിശേഷ താല്പര്യമുള്ളയാള്‍, സാത്താനെന്ന പ്രതിനായകനുള്ളയാള്‍....തുടങ്ങിയ പരിവേഷങ്ങള്‍ മതം ദൈവത്തിന് ചാര്‍ത്തി കൊടുക്കുന്നിടത്ത് ഈ വാദങ്ങളൊക്കെ 'അപവാദ'ങ്ങളായി മാറുന്നു. കാരണം അത്തരം ഗുണങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിനെ സാധൂകരിക്കുന്ന ഒന്നുംതന്നെ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളിലില്ല. അതിനാല്‍ അവയെല്ലാം സ്വേച്ഛാപരവും (Arbitrary) ആഗ്രഹചിന്തയില്‍ അധിഷ്ഠിതവുമാണ്.
 

(4) ഉദാഹരണമായി,സര്‍വശക്തിയും (Omnipotence) സര്‍വ്വജ്ഞതയും (Omniscience) പരസ്പരം റദ്ദാക്കുന്ന ഗുണങ്ങളാണ്. സര്‍വജ്ഞന് ഭാവി,ഭൂതം,വര്‍ത്തമാനം എന്നിവയെക്കുറിച്ച് പൂര്‍ണ്ണമായ അറിവുണ്ടായിരിക്കണം; സര്‍വശക്തന് വിചാരിക്കുന്ന എന്തും ചെയ്യാനുമാവണം. പ്രപഞ്ചത്തില്‍ ആദ്യാവസാനം താന്‍ എന്തുചെയ്യാന്‍ പോകുന്നുവെന്നതിനെപ്പറ്റി പരിപൂര്‍ണ്ണമായ മുന്നറിവ് (Prescience) ഉള്ളവനാണ് സര്‍വജ്ഞന്‍. ആ അറിവ് ഒരിക്കലും തെറ്റില്ല; അല്ലെങ്കില്‍ തെറ്റാന്‍ പാടില്ല. അങ്ങനെവരുമ്പോള്‍ ദൈവം പിന്നീട് നടത്തുന്ന ഇടപെടലുകളെല്ലാം നേരത്തെ നിശ്ചയിച്ചുറപ്പിച്ചതുപോലെയായിരിക്കും. തന്റെ ഇടപെടലുകളില്‍ സ്വന്തം ഇഷ്ടപ്രകാരം യാതൊരുവിധ മാറ്റവുമുണ്ടാക്കാന്‍ ദൈവത്തിനാവില്ല; വേണമെന്ന് കരുതിയാല്‍പോലും ദൈവം നിസ്സഹായനാണ്. സ്വമനസ്സ് മാറ്റാനോ പ്രപഞ്ചഗതിയില്‍ ഭേദഗതിവരുത്താനോ ദൈവത്തിന് സ്വാതന്ത്ര്യമില്ല. മാറ്റിയാല്‍ ദൈവത്തിന്റെ ജ്ഞാനം(മുന്നറിവ്) തെറ്റാണെന്ന് വരും. തെറ്റായ അറിവുള്ളയാള്‍ സര്‍വജ്ഞനല്ലല്ലോ!?

ഉദാ-ശ്രീമതി.ഇന്ദിരാഗാന്ധി വെടിയേറ്റ് മരിക്കുമെന്ന് ദൈവത്തിന് മുന്നറിവുണ്ട്. അവര്‍ രോഗം വന്ന് മരിച്ചാല്‍ ദൈവത്തിന്റെ മുന്നറിവ് അസാധുവാകും. അതിനാല്‍ അവര്‍ വെടിയേറ്റ് മരിച്ചേ മതിയാകൂ. ദൈവം മറിച്ച് ആഗ്രഹിച്ചാലും പ്രയോജനമില്ല; പ്രപഞ്ചഗതി അചഞ്ചലമായിരിക്കും. സ്വന്തം ഇടപെടലുകളിലൂടെ പ്രപഞ്ചഗതിയെ സ്വാധീനിക്കാനാവാത്ത ദൈവം 'സര്‍വശക്തന'ല്ല. ഒന്നുകില്‍ സര്‍വശക്തന്‍ അല്ലെങ്കില്‍ സര്‍വജ്ഞന്‍; രണ്ടും ഒരുമിച്ച് നടപ്പില്ല. ഉച്ചയാകുമ്പോഴേക്കും വിശക്കുമെന്ന് നിങ്ങള്‍ക്കറിയാം; പക്ഷേ, ഭക്ഷണത്തിന് യാതൊരു മാര്‍ഗ്ഗവുമില്ല. നിസ്സഹായനായ നിങ്ങള്‍ക്ക് ആ മുന്നറിവ് തന്നെ ഒരു ഭാരമാണ്.
എന്തിനേറെ 'സര്‍വശക്തന്‍' എന്ന സങ്കല്‍പ്പം പോലും യുക്തിരഹിതവും നിലനില്‍ക്കാത്തതുമാണ്. സര്‍വശക്തനായാല്‍ സ്വയം നിരാസത്തിനും(self abnegation) കഴിയേണ്ടതുണ്ട്! ''ദൈവത്തിന് സ്വയം ഉയര്‍ത്താനാവാത്ത ഒരു പാറ ഉണ്ടാക്കാമോ?'' എന്നുചോദിച്ചാല്‍ കെങ്കേമനായ ദൈവം പാറച്ചുമട്ട് തൊഴിലാളിയാണോ എന്നായിരിക്കും മതവാദിയുടെ വികാരത്തില്‍ കുഴഞ്ഞ മറുചോദ്യം!!
 

(5) സര്‍വവ്യാപിയായ ഒന്നിന് സര്‍വശക്തനാവാനും സാധ്യമല്ല. സര്‍വശക്തന് 'ശൂന്യത' സൃഷ്ടിക്കാന്‍ സാധിക്കണം. നമുക്ക് സാധിക്കില്ല-കാരണം നമുക്ക് അല്‍പ്പശക്തിയേ ഉള്ളൂ. ദൈവം ശൂന്യത സൃഷ്ടിച്ചാല്‍ അവിടെ ഒന്നുമുണ്ടാകാന്‍ പാടില്ല; ദൈവം പോലും. ശൂന്യതയില്‍ സാന്നിധ്യമില്ലാത്ത ഒന്ന് തീര്‍ച്ചയായും സര്‍വവ്യാപിയല്ല. സര്‍വശക്തനെ ആരാധനയിലൂടെ മെരുക്കുന്നതും ടിയാന്‍ മനുഷ്യന്റെ ഉപാസനയും അനുസരണയും ദാഹിച്ചുഴറുന്നതുമൊക്കെ മതം മുന്നോട്ടുവെക്കുന്ന തമാശസിദ്ധാന്തങ്ങളാണ്. ദൈവം 'സത്യ'മാണെന്നും 'സംഗീത'മാണെന്നും വാചകമടിക്കുന്നവര്‍ അസത്യത്തിനും അപശ്രുതിക്കും കാരണഭൂതന്‍ ആരാണെന്ന് പറയാറില്ല! 

(6) 'സര്‍വജ്ഞനായ' ദൈവം കാര്യമറിയാനായി മനുഷ്യരെ പരീക്ഷിക്കുമെന്നൊക്കെ അടിച്ചുവിടുന്ന മതവാദി ദൈവം എല്ലാം നിശ്ചയിച്ചുറപ്പിച്ച് (determined)വെച്ചിട്ട് മനുഷ്യന് സ്വതന്ത്രമായ ഇച്ഛാശക്തിയും(free will) സ്വയംനിര്‍ണ്ണയബോധവും നല്‍കിയിട്ടുണ്ടെന്നും തട്ടിവിടും. വിഖ്യാതമായൊരു മതഫലിതമാണിത്. അതായത് ഇന്ന നിമിഷം പ്രാണവായു ലഭിക്കാതെ ശ്വാസംകിട്ടാതെ കൊല്ലപ്പെടണം-അത് മാറ്റമില്ലാത്ത ദൈവവിധിയാണ്. പക്ഷെ മരണം ഓക്‌സിജനില്ലാതെ വേണോ അതോ നൈട്രജനില്ലാതെ വേണോ എന്ന് ഇരയക്ക് നിശ്ചയിക്കാം!! മതമൊഴികെ വേറെതെങ്കിലും കാര്യങ്ങള്‍ സമാന ലോജിക്കുമായി വിശദീകരിക്കാന്‍ ശ്രമിച്ചാല്‍ ഇതേ മതവാദി ചൂലെടുക്കും!

(7) ദൈവം മനുഷ്യന് ഉപരിയാണ്-പക്ഷെ മതവാദിക്ക് ഉപരിയല്ല! മനുഷ്യന്റെ അറിവിനുപരിയാണ്; പക്ഷെ മതവാദിയോട് കളി നടക്കില്ല. ദൈവം പറയുന്നത് എഴുതിയെടുക്കാനും(സ്റ്റെനോഗ്രാഫി)അവനെ പ്രീണിപ്പിച്ച് നിയന്ത്രിക്കാനും മതവാദിക്കാവും. മനുഷ്യഭാവനയ്ക്കും പ്രാപഞ്ചികമായ നിയമങ്ങള്‍ക്കും അതീതനായ ദൈവം മതക്കാരനുമായി ആശയവിനിമയം നടത്തും! മതവാദിക്ക് അവനരികിലെത്താനും വേണമെങ്കില്‍ വിലയം പ്രാപിക്കാനും സാധിക്കും. സംഗതി 'പ്രഞ്ചാതീത'മായാലും ചൂടോടെ രണ്ട് പ്‌ളേറ്റ് പോരട്ടെ'' എന്നാണവന്റെ സൗമ്യനിലപാട്! സോമാലിയയിലെ പട്ടിണിക്കോലങ്ങള്‍ക്കും ബംഗ്‌ളാദേശിലെ ദരിദ്രകോടികള്‍ക്കും ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മതവാദി! അവനാരാ മോന്‍? അവന്റെ മുന്നില്‍ 'പ്രപഞ്ചാതീതവും' 'മനുഷ്യാതീത'വുമൊക്കെ വെറും ശൂ!

അക്വിനാസിന്റെ അഞ്ചാം വാദം:അക്വിനാസിന്റെ അഞ്ചാമത്തതും അവസാനത്തതുമായ എ പോസ്റ്റീരിയോറി വാദം ആസൂത്രണം സംബന്ധിച്ച വാദം (The Teleological Argument from Design) എന്നറിയപ്പെടുന്നു. പ്രപഞ്ചത്തിലെ ഏത് വസ്തു നിരീക്ഷിച്ചാലും അവയുടെയൊക്കെ പിന്നില്‍ ആസൂത്രണബുദ്ധി (Designing intelligence) ഉണ്ടെന്ന് ബോധ്യപ്പെടും. അങ്ങനെവരുമ്പോള്‍ പ്രപഞ്ചത്തിന് ഒരു പൊതുസൂത്രധാരനുണ്ട്; അതാണ് ദൈവം. ലക്ഷ്യസ്ഥാനത്തേക്ക് പായുന്ന ഒരമ്പാണ് തോമസ്അക്വിനാസ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. കേംബ്രിഡ്ജില്‍ പഠിക്കുന്ന സമയത്ത് ചാള്‍സ് ഡാര്‍വിന്‍ ഒരുവേള ഈ വാദത്തില്‍ ആകൃഷ്ടനായിരുന്നുവത്രെ. വില്യം പാലിയുടെ'നാച്ചുറല്‍ തീയോളജി' (Natural Theology) എന്ന ഗ്രന്ഥത്തിലാണ് ഡാര്‍വിന്‍ ഇത് വായിച്ചത്. പക്ഷേ, മുതിര്‍ന്നപ്പോള്‍ ഈ സിദ്ധാന്തത്തോടുള്ള ബഹുമാനം അദ്ദേഹം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ആസൂത്രണവാദം അന്നുമിന്നും ഒരു ചിന്താവൈകല്യമാണ്. അതിന് ഹേതുവായതാകട്ടെ സത്താവാദവും:

 
(1) കാര്‍, വാച്ച്, ചീപ്പ്, നെയ്യപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടി ആ മാതൃകയില്‍ പ്രപഞ്ചത്തെ ഒരാള്‍ ഉണ്ടാക്കിവെച്ചു എന്ന് ഇന്ന് സാധാരണക്കാരായ മതവിശ്വാസികള്‍ പോലും പറയാറില്ല. മനുഷ്യനിര്‍മ്മിത വസ്തുക്കളുടെ നിര്‍മ്മാണവും പ്രാപഞ്ചിക വസ്തുക്കള്‍ ഉരുത്തിരിയുന്നത് തമ്മിലുള്ള വ്യത്യാസവും അവരിന്ന് തിരിച്ചറിയുന്നു.
 

(2) ''എല്ലാം ഉണ്ടാക്കിയേ തീരൂ''അല്ലെങ്കില്‍ എല്ലാത്തിനും ഒരു തുടക്കവും അന്ത്യവും ഉണ്ടാവണമെന്ന മതവാശി മനുഷ്യന്റെ പ്രൈമേറ്റ് മസ്തിഷ്‌ക്കത്തിലെ പരമ്പരാഗത ചിന്താഘടന അനുസരിച്ച് രൂപം കൊള്ളുന്നതാണ്. കഥ നിര്‍മ്മിക്കാനും പരിചിതഘടന കണ്ടെത്താനുമുള്ള (pattern-seeking and story telling) അഭിനിവേശം മനുഷ്യ മസ്തിഷ്‌ക്കത്തിന്റെ പ്രത്യേകതയോ ദൗര്‍ബല്യമോ ആണ്.

(3) അപരിചിതവും അജ്ഞേയവുമായവ പെട്ടെന്ന് പരിചിതവും ജ്ഞേയവുമായവുമായി താരതമ്യം ചെയ്ത് നിര്‍ധരിക്കാനായിരിക്കും മസ്തിഷ്‌ക്കം ശ്രമിക്കുക. പരിചിത ഘടനയിലേക്കോ യുക്തിയിലേക്കോ ഒതുക്കാതെ(reduce to known patterns or data) നമ്മുടെ മസ്തിഷ്‌ക്കത്തിന് പ്രവര്‍ത്തിക്കാനാവില്ല. ഇലക്‌ട്രോണ്‍ എന്നു പറയുമ്പോള്‍ അതിനെ ഒരു ചെറു ഗോളമോ തരിയോ(tiny ball or speck) ആക്കി മുന്നോട്ടുപോകാനായിരിക്കും മസ്തിഷ്‌ക്കത്തിന്റെ ശ്രമം. ക്വാണ്ടം സാധ്യത, സാന്നിധ്യം, തരംഗ-കണ ദിത്വം തുടങ്ങിയവയൊന്നും മസ്തിഷ്‌ക്കത്തിന് വഴങ്ങാത്തത് അനുസരണമായ ഡേറ്റകള്‍ മുമ്പ് ശേഖരിക്കപ്പെടാത്തത് മൂലമാണ്.
 

(4) എല്ലാത്തിന് പിന്നിലും ഒരു കാരണം/ ഒരു വ്യക്തി/~ഒരു ശക്തി ഉണ്ടെന്ന് 'മനസ്സിലാക്കാന്‍'മനുഷ്യമസ്തിഷ്‌ക്കം ശ്രമിക്കും. തെറ്റായ കാരണം (wrong reason)സങ്കല്‍പ്പിക്കുന്നതാണ് കാരണമറിയാതെ(no reason) ഉഴലുന്നതിനേക്കാള്‍ നല്ലത്. തൊട്ടടുത്ത് എന്തോ വീണ് ഒരു വലിയ ശബ്ദം കേട്ടാല്‍ മുന്‍പിന്‍ നോക്കാതെ പ്രാണനുംകൊണ്ട് അവിടെ നിന്ന് ഓടിലകലാനായിരിക്കും മനുഷ്യനുള്‍പ്പെടെ ഏത് ജീവിയും ശ്രമിക്കുക. എളുപ്പത്തിലും പെട്ടെന്നും കിട്ടുന്ന തെറ്റായ ഉത്തരങ്ങളെ പിന്തുണയ്ക്കുന്ന രീതിയിലാണ് നമ്മുടെ 'പോരാടുക-പിന്‍തിരിഞ്ഞോടുക'('fight or flee' mechanism) എന്ന സങ്കേതം രൂപപ്പെട്ടിരിക്കുന്നത്. കാട്ടുമാക്കാന്‍, ദൈവം, ഡിങ്കന്‍, അത്ഭുതജീവി മിത്തുകളെയൊക്കെ സഹായിക്കുന്നത് ചിന്തിക്കാനുള്ള ഈ വൈമനസ്യം തന്നെ.

5. മേശമേല്‍ തട്ടി വീണ് ചിണുങ്ങുന്ന കുട്ടി മേശയ്ക്ക് മുതിര്‍ന്നവര്‍ തമാശയായി ഒരു 'അടി' കൊടുത്താല്‍ പെട്ടെന്ന് കരച്ചില്‍ നിറുത്തുന്നത് കാണുക. മേശയിലെ ഏതോ ഒരു 'ശക്തി'യാണ് തന്നെ നോവിച്ചതെന്ന് കുട്ടിക്ക് പെട്ടെന്ന് 'മനസ്സിലായതു'കൊണ്ടാണിത്. യാതൊരു പരിശീലനവുമില്ലാതെ ഇത്തരമൊരു തെറ്റായ നിഗമനത്തില്‍ കുട്ടി എത്തിച്ചേരുന്നതിന്റെ തുടര്‍ച്ചയായാണ് മതവിശ്വാസവും പ്രേതവിശ്വാസവും ആസൂത്രണവാദവുമൊക്കെ വികസിക്കുന്നത്. ചിന്താപരമായി നോക്കിയാല്‍ മതവിശ്വാസം അജീവനാന്തശൈശവമാകുന്നു. ശരീരം വളരുന്നു, ചിന്ത തളംകെട്ടിക്കിടക്കുന്നു.

6. പാറക്കെട്ടുകള്‍ 'ഉണ്ടാക്കി'യിരിക്കുന്നത് മൃഗങ്ങള്‍ക്ക് ശരീരം ഉരസാനാണെന്നും വെള്ളിമേഘങ്ങള്‍ മനുഷ്യരെ നോക്കി ചിരിക്കുകയാണെന്നും കടല്‍ അലയുയര്‍ത്തി പ്രതിഷേധിക്കുകയാണെന്നും 'മനസ്സിലാക്കാന്‍' മസ്തിഷ്‌ക്കത്തിന് വളരെ എളുപ്പമാണ്. കാട്ടു തീ തുടക്കത്തില്‍ ആരെങ്കിലും കത്തിച്ചുവിട്ടതാണെന്ന് 'മനസ്സിലാക്കി'അതിന് പ്രത്യേക ദേവന്‍മാരെ ഏര്‍പ്പെടുത്തുകയായിരുന്നു പ്രാചീനമനുഷ്യര്‍. അങ്ങനെയവന്‍ മഴ പെയ്യിക്കുന്നതിന്റെയും ഇടിയും മിന്നലും ഉണ്ടാക്കുന്നതിന്റെയും ആസൂത്രകനെ കണ്ടെത്തി! നായ വല്ലാതെ കുറയ്ക്കുന്നത് പിശാചിനെ കണ്ടാണെന്ന് 'മനസ്സിലാക്കാനും'ഇതേ ആസൂത്രണവാദം അവനെ സഹായിച്ചു. നായ എന്തിനിങ്ങനെ പ്രത്യേക രീതിയില്‍ കുറയ്ക്കുന്നു? അപ്പോള്‍ അതിന് പിന്നില്‍ ഒരു കാരണക്കാരനുണ്ടായിരിക്കും!!

7. കാരണക്കാരനെ/ആസൂത്രകനെ ഏര്‍പ്പാടാക്കി കഴിഞ്ഞാല്‍ മസ്തിഷ്‌ക്കം ഒരു തരം'സ്വസ്ഥത'(comfort)അനുഭവിക്കുന്നുണ്ട്. കുഴയ്ക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നൊന്നായി ഇല്ലാതാകുന്നത് നാഡീപരമായും സുഖകരമാണ്. തെറ്റായ ഉത്തരമാണ് ഉത്തരമില്ലായ്മയേക്കാള്‍ നല്ലതെന്നും കളളനോട്ടാണ് പണം ഇല്ലാതിരിക്കുന്നതിനേക്കാല്‍ നല്ലതെന്നും ചിന്തിക്കുന്ന മാനസികാവസ്ഥയാണ് മതവിശ്വാസത്തെ പോഷിപ്പിക്കുന്നത്. 


പ്രപഞ്ചത്തിന് മൊത്തമായി ഒരു 'യജമാനനെ' വെച്ച് കാര്യങ്ങള്‍ നിഷ്പ്രയാസം പരിഹരിക്കുന്ന ഗോത്രഭാവനയ്ക്ക് വേരോട്ടമുണ്ടായത് അങ്ങനെയാണ്. അധികം ചൂടും തണുപ്പുമില്ലാതെ,ജീവന് അനുകൂലമായ രീതിയില്‍, സൂര്യനില്‍ നിന്ന് കൃത്യമായ അകലത്തില്‍ ഭൂമിയെ സ്ഥാപിച്ചതാര്? എന്നു ചോദിക്കുന്ന മതവാദി ഭൂമിയെ അങ്ങനെയൊരു സ്ഥാനത്ത് സ്ഥാപിക്കുന്നതില്‍ ആര്‍ക്കാണ് എതിര്‍പ്പുണ്ടായിരുന്നത് എന്ന മറുചോദ്യം ചോദിക്കാറില്ല. എന്തുകൊണ്ട് (Why?)എന്ന് ചോദിച്ച അക്വിനാസ് ഒരിക്കലും എന്തുകൊണ്ട് പാടില്ല?(Why not?) എന്ന് ഒരിക്കലും ചോദിച്ചിട്ടുണ്ടാവില്ല. കാരണം അദ്ദേഹം ഒരു കേവല മതവിശ്വാസിയായിരുന്നു; മതവിശ്വാസമാകട്ടെ അടഞ്ഞതും വികലവുമായ ഒരു ഗോത്രഭാവനയും.